ഇസ്നാദുകള്‍ പരിശോധിച്ചതോടൊപ്പം തന്നെ ഹദീഥിന്റെ ആശയപ്രധാന ഭാഗമായ മത്നും ഹദീഥ് പണ്ഡിതന്മാരുടെ അപഗ്രഥനത്തിന് വിധേയമായിട്ടുണ്ട്.
ഭാഷാസാഹിത്യത്തിന് യോജിക്കാത്തവിധം താഴ്ന്ന നിലവാരത്തിലുള്ള പദപ്രയോഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതോ വ്യാഖ്യാനത്തിന് സാധ്യമല്ലാത്ത വിധം പ്രാഥമികബുദ്ധിക്ക് ഉള്‍ക്കൊള്ളാനാവാത്തതോ അനുഭവത്തിനും സാക്ഷ്യത്തിനും എതിരായതോ നിയമങ്ങളിലും സ്വഭാവഗുണങ്ങളിലുമുള്ള പൊതുതത്ത്വങ്ങള്‍ക്ക് വിരുദ്ധമായതോ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സ്പഷ്ടമായ കാര്യ ങ്ങളോട് യോജിക്കാത്തതോ ഇസ്ലാമിക നിയമ വ്യവസ്ഥയുടെ ആത്മാവിന് നിരയ്ക്കാത്തവിധം നീചമായ കാര്യങ്ങള്‍ക്ക് പ്രേരണനല്‍കു ന്നതോ അല്ലാഹുവിന്റ നടപടിക്രമങ്ങള്‍ക്ക് എതിരായ പരാമര്‍ശങ്ങളുള്‍ക്കൊള്ളുന്നതോ മാന്യന്മാര്ക്ക് ചെയ്യാന്‍ മടിയുള്ള നികൃഷ്ട ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്നതോ ക്വുര്‍ആനിനോടോ സ്ഥിരീകരിക്കപ്പെട്ട സുന്നത്തിനോടോ പണ്ഡിതന്മാരുടെ ഐകകണ്ഠേനയുള്ള അഭിപ്രാ യമായ ഇജ്മാഇനോടോ വ്യാഖ്യാനത്തിന് സാധ്യമല്ലാത്തവിധം എതിരായതോ നബി(സ)യുടെ കാലത്തെ ചരിത്രത്തിന് വിരുദ്ധമായതോ ചെറുതും നിസ്സാരവുമായ കര്‍മങ്ങള്‍ക്ക് വളരെ വലിയ പ്രതിഫലമോ കഠിനശിക്ഷയോ ഉണ്ടെന്ന് വിളംബരം ചെയ്യുന്നതോ ആയ ഹദീഥുക ളെ അസ്വീകാര്യമായവയുടെ ഗണത്തിലാണ് ആദ്യകാലം മുതല്‍ തന്നെ പണ്ഡിതന്മാര് ഉള്‍പ്പെടുത്തിപ്പോന്നിട്ടുള്ളത്. അഥവാ ഇവയൊക്കെ വ്യാജ ഹദീഥുകളുടെ ലക്ഷണങ്ങളായി കണ്ടിരുന്നുവെന്ന് സാരം.
എന്നാല്‍ കേവലബുദ്ധിയുടെയോ യുക്തിയിടെയോ മാത്രം അടിസ്ഥാനത്തി ലുള്ള നടപടിയായിരുന്നില്ല ഇത്. നബി(സ)ക്ക് ദിവ്യബോധനമായി ലഭിക്കുന്ന അറിവുകളെ മനുഷ്യയുക്തിയുടെ ചട്ടകള്‍ക്കുള്ളില്‍ ഒതു ക്കാന്‍ കഴിയില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ ‘മത്ന്’ അപഗ്രഥിച്ചുകൊണ്ട് ഹദീഥുകളുടെ സ്വീകാര്യതയെപ്പറ്റി അഭിപ്രായം പറയുന്നതിന് മുമ്പ് തങ്ങള്‍ മനസ്സിലാക്കിയതല്ലാത്ത അര്‍ഥങ്ങളെന്തെങ്കിലും അതിനുണ്ടോയെന്നും വ്യാഖ്യാനിക്കുവാന്‍ പഴുതുകളെന്തെങ്കിലും അവശേഷിക്കുന്നുണ്ടോയെന്നും വിശദമായി അവര്‍ പരിശോധിച്ചിരുന്നു. മത്ന് വിമര്‍ശനത്തിലൂടെ മാത്രമായി ഹദീഥുകള്‍ തള്ളിക്കളയുകയെന്നതിലുപരിയായി അവയുടെ ഇസ്നാദുകള്‍ കൂടി പരിശോധിക്കുകയും അവ അസ്വീകാര്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്തശേഷം മാത്രമാണ് അത്തരം ഹദീഥുകള്‍ സ്വീകരിക്കാതെ മാറ്റിനിര്‍ത്തപ്പെട്ടത്. മത്നില്‍ തകരാറുള്ളതുകൊണ്ട് സ്വീകരിക്കാതിരുന്ന ഹദീഥുകള്‍ക്കുള്ള ഉദാഹരണമായി പറയപ്പെടുന്നവയെല്ലാം ദുര്‍ബലമായ ഇസ്നാദോടുകൂടിയവയാണ്. പ്രബലമായ ഇസ്നാദോടെ നിവേദനം ചെയ്യപ്പെട്ട ഹദീഥുകളിലൊന്നിലും തള്ളപ്പെടേണ്ട തരത്തിലുള്ള മത്നുകളുള്ളതായി ഹദീഥ് പണ്ഡിതന്മാര് കരുതിയിരുന്നില്ലന്നര്‍ഥം.