കരഛേദം ക്രൂരമല്ലേ?

/കരഛേദം ക്രൂരമല്ലേ?
/കരഛേദം ക്രൂരമല്ലേ?

കരഛേദം ക്രൂരമല്ലേ?

Print Now

ളവിനുള്ള ഖുര്‍ആനിലെ ശിക്ഷാനിയമത്തിന്റെ ലക്ഷ്യം കുറേ അംഗവൈകല്യമുള്ളവരെ സൃഷ്ടിക്കുകയല്ല, പ്രത്യുത കളവുചെയ്യപ്പെടാത്ത അവസ്ഥ സംജാതമാക്കുയാണ്. കവര്‍ച്ച ഇല്ലാതെയാകണമെങ്കില്‍ ആദ്യം പാവപ്പെട്ടവന്റെ പട്ടിണിക്ക് പരിഹാരം കാണണമെന്ന് അറിയാവുന്ന പടച്ചതമ്പുരാനാണ് ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പട്ടിണിക്കുള്ള പരിഹാര നിര്‍ദേശങ്ങള്‍ നല്‍കിയ ശേഷമാണ് ഖുര്‍ആന്‍ ശിക്ഷാനിയമങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നതുതന്നെ.

ഇസ്‌ലാമിലെ സകാത്ത് വ്യവസ്ഥ പാവപ്പെട്ടവരുടെ പ്രയാസങ്ങള്‍ പരിഹരിക്കുവാന്‍ വേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്. സമ്പത്തിന്റെ ഒരു നിശ്ചിത വിഹിതം പണക്കാരനില്‍നിന്ന് പിടിച്ചെടുത്ത് അതിന്റെ അവകാശികള്‍ക്ക് വിതരണം ചെയ്യണമെന്നാണ് ഇസ്‌ലാമിന്റെ അനുശാസന. സകാത്ത് പണക്കാരന്റെ ഔദാര്യമല്ല, പ്രത്യുത പാവപ്പെട്ടവന്റെ അവകാശമാണ് എന്നാണ് പ്രവാചകന്‍ (ﷺ)പഠിപ്പിച്ചിരിക്കുന്നത്. ഇസ്‌ലാമിലെ സകാത്ത് സമ്പ്രദായം ഫലപ്രദമായി നടപ്പാക്കിയാല്‍തന്നെ സമൂഹത്തിലെ പാവപ്പെട്ടവരുടെ അടിസ്ഥാനാവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ചരിത്രം നല്‍കുന്ന പാഠമതാണ്. സകാത്ത് വ്യവസ്ഥ യഥാക്രമം പ്രയോഗവത്കരിച്ചിരുന്ന സമൂഹങ്ങളില്‍ ദാനധര്‍മങ്ങള്‍ വാങ്ങുവാന്‍ ആരുമില്ലാത്ത അവസ്ഥ സംജാതമായിരുന്നുവെന്നതിന് ഇസ്‌ലാമിക ചരിത്രം നിരവധി ഉദാഹരണങ്ങള്‍ നിരത്തുന്നുണ്ട്. സകാത്ത് വ്യവസ്ഥ നടപ്പാക്കിയിട്ടും പാവപ്പെട്ടവന്റെ പട്ടിണി പരിഹരിക്കുവാനായില്ലെങ്കില്‍ അതിനു മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തുവാന്‍ രാഷ്ട്രം ബാധ്യസ്ഥമാണെന്നതാണ് ഇസ്‌ലാമിന്റെ വീക്ഷണം. ‘അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറുനിറച്ച് ഉണ്ണുന്നവര്‍ നമ്മില്‍പെട്ടവരല്ല‘ (ത്വബ്‌റാനി, ഹാക്കിം) എന്ന് പഠിപ്പിച്ച പ്രവാചകന്റെ ജീവിതക്രമത്തെ ആധാരമാക്കി നടക്കുന്ന ഇസ്‌ലാമിക രാഷ്ട്രത്തില്‍ പട്ടിണിക്കുള്ള പരിഹാരം കാണുവാന്‍ ഭരണാധികാരികള്‍ക്ക് ബാധ്യതയുണ്ട്.

ഇങ്ങനെ, പട്ടിണി നിര്‍മാര്‍ജനം ചെയ്യാനാവശ്യമായ നിയമങ്ങള്‍ ആവിഷ്‌കരിക്കുകയും അത് നടപ്പാക്കി ലോകത്തിന് മാതൃകയാവുകയും ചെയ്ത മതം ഇസ്‌ലാം മാത്രമാണ്. അങ്ങനെ കുറ്റം ചെയ്യല്‍ അനിവാര്യമാക്കിത്തീര്‍ക്കുന്ന സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്തതിനുശേഷമാണ് ശിക്ഷാ നിയമങ്ങളെപ്പറ്റി ഖുര്‍ആന്‍ സംസാരിക്കുന്നത്. തൊഴിലില്ലായ്മയും ദാരിദ്ര്യവും നടമാടുന്ന ഒരു സമൂഹത്തിലല്ല ഇസ്‌ലാം ശിക്ഷാനിയമങ്ങള്‍ നടപ്പാക്കാന്‍ ആവശ്യപ്പെടുന്നത്. ആഹാരത്തിനോ അടിസ്ഥാനാവശ്യങ്ങള്‍ക്കോ വേണ്ടി മോഷണമോ കൊള്ളയോ നടത്തേണ്ടതില്ലാത്ത സാഹചര്യം സൃഷ്ടിച്ചതിനു ശേഷവും ജനങ്ങളുടെ സൈ്വര്യജീവിതത്തെ തടസ്സപ്പെടുത്തുന്ന മോഷ്ടാക്കളുണ്ടെങ്കില്‍ അവരുടെ കരം ഛേദിക്കണമെന്നുതന്നെയാണ് ഇസ്‌ലാമിന്റെ അനുശാസന.

ഇന്ന് ഇന്ത്യയില്‍ നടക്കുന്ന കൊള്ളകള്‍തന്നെ നോക്കുക. അവ പട്ടിണി മാറുന്നതിനു വേണ്ടിയുള്ളതാണോ? ഇന്ത്യയില്‍ നടക്കുന്ന കവര്‍ച്ചകളില്‍ തൊണ്ണൂറ്റിഒമ്പത് ശതമാനവും സുഖിക്കാന്‍ വേണ്ടിയുള്ള യുവാക്കളുടെ എളുപ്പവഴിയായിക്കൊണ്ടുള്ളതാണെന്നതത്രേ യാഥാര്‍ഥ്യം. പുതിയ കാറുകളും ആഢംബര ഹോട്ടലുകളിലെ താമസവും കാമുകിമാരുടെ നീണ്ട നിരയും നേടിയെടുക്കുന്നതിനുവേണ്ടി കൊള്ളയും കൊലയും നടത്തുന്നവര്‍. അവരില്‍ കുറ്റം തെളിയിക്കപ്പെടുന്ന കുറച്ചുപേരുടെ കരം ഛേദിക്കാന്‍ സന്നദ്ധമായാല്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ തൊണ്ണൂറു ശതമാനവും ഇല്ലാതെയാകുമെന്നുറപ്പാണ്. അതിനു നാം തയാറാകുമോയെന്നതാണ് പ്രശ്‌നം.

ഇസ്‌ലാമിക രാഷ്ട്രത്തില്‍തന്നെ ചിലപ്പോള്‍ ക്ഷാമവും വറുതിയുമുണ്ടാകാം. അത്തരം അവസരങ്ങളില്‍ പട്ടിണി മാറ്റുന്നതിനുവേണ്ടി ഒരാള്‍ മോഷ്ടിച്ചാല്‍ അയാളുടെ കരം ഛേദിക്കുവാന്‍ ഇസ്‌ലാം കല്‍പിക്കുന്നില്ല. ഖലീഫ ഉമറി(റ)ന്റെ ഭരണകാലത്ത്, രാജ്യത്ത് ക്ഷാമം പടര്‍ന്നുപിടിച്ച സമയത്ത് ഒരു മോഷ്ടാവിനെ പിടികൂടിയപ്പോള്‍ പട്ടിണിമൂലം മോഷണത്തിന് അയാള്‍ നിര്‍ബന്ധിതനായതായിരിക്കാമെന്ന സംശയത്തിന്റെ ആനുകൂല്യം നല്‍കി അയാളെ വെറുതെ വിടുകയുണ്ടായി. കുറ്റവാളികളെ ഇല്ലാതെയാക്കുകയെന്ന ലക്ഷ്യത്തോടെ ശിക്ഷാവിധികള്‍ വിധിക്കുകയും അത് പ്രായോഗികമാണെന്ന് തെളിയിക്കുകയും ചെയ്ത ഇസ്‌ലാമിന്റെ മാനവിക മുഖമാണ് ഇവിടെ നമുക്ക് കാണാന്‍ കഴിയുന്നത്.