നിരാശനാവുകയും കോപിക്കുകയും ചെയ്യുന്നവനാണോ ദൈവം ?

/നിരാശനാവുകയും കോപിക്കുകയും ചെയ്യുന്നവനാണോ ദൈവം ?
/നിരാശനാവുകയും കോപിക്കുകയും ചെയ്യുന്നവനാണോ ദൈവം ?

നിരാശനാവുകയും കോപിക്കുകയും ചെയ്യുന്നവനാണോ ദൈവം ?

നിരാശരാവുകയും കോപിക്കുന്നവരുമാണ് ദൈവങ്ങളെല്ലാം; ഇച്ഛാഭംഗത്താൽ വലയുന്നവർ! മാനുഷികമായ ഇത്തരം വികാരങ്ങളുള്ള ദൈവങ്ങളെ മനുഷ്യർ തന്നെ സൃഷ്ടിച്ചതല്ലേ?

ബിജുകുമാർ

അല്ല. മനുഷ്യരടക്കമുള്ള മുഴുവൻ സൃഷ്ടികളെയും പടച്ചു പരിപാലിക്കുന്നവനാണ് യഥാർത്ഥ ദൈവം. ദൈവങ്ങളെയാവട്ടെ, മനുഷ്യരുണ്ടാക്കിയതാണ്. മനുഷ്യരുണ്ടാക്കിയ ദൈവങ്ങളുടെ മേൽ മാനുഷികമായ പരിമിതികൾ ആരോപിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ മനുഷ്യരെ സൃഷിടിച്ചവൻ മാനുഷികമായ പരിമിതികളിൽ നിന്നെല്ലാം മുക്തനാണ്. അല്ലാഹുവെ പരിചയപ്പെടുത്തുന്ന ഒരു ഖുർആൻ സൂക്തം കാണുക: “അല്ലാഹു; അവനല്ലാതെ ആരാധ്യനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ‌ആകാശങ്ങളിലുള്ളതും ഭൂമികളിലുള്ളതുമെല്ലാം അവന്‍റെതാണ്. അവന്‍റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്‌? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക്‌ പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്‍റെ അറിവില്‍ നിന്ന്‌ അവന്‍ ഇച്ഛിക്കുന്നതല്ലാതെ യാതൊന്നും അറിയാന്‍ അവർക്ക് കഴിയില്ല. ആകാശങ്ങളേയും ഭൂമിയെയും ഉള്‍കൊള്ളുന്നതാണ് അവന്‍റെ പാദപീഠം. അവയുടെ സംരക്ഷണം അവന്ന്‌ ഒട്ടും ഭാരമുള്ളതല്ല. അത്യുന്നതനും മഹാനുമാണവൻ.” (2:255)

എല്ലാറ്റിനെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നവന് എന്ത് പരിമിതിയുണ്ടാവാനാണ്? അതുകൊണ്ട് തന്നെ ഇച്ഛാഭംഗത്തിൽ വലയുകയും തന്റെ ചെയ്തികളിൽ ദുഃഖിക്കുകയും നിരാശനാവുകയും ചെയ്യുന്ന ദൈവത്തെ ഇസ്‌ലാമിന് പരിചയമില്ല. അങ്ങനെ ദൈവത്തെ പരിചയപ്പെടുത്തുന്ന ചില ഗ്രന്ഥങ്ങളുണ്ടെന്നത് ശരിയാണ്. വേദഗ്രന്ഥങ്ങളിൽ മാനുഷികമായ കരവിരുതുകൾ നടന്നതു കൊണ്ടുണ്ടായ അബദ്ധങ്ങളിൽ ചിലതാണിവ. മാനുഷികമായ യാതൊരു കൈ കടത്തലുകളും നടന്നിട്ടില്ലാത്ത ഖുർആനിൽ ഇത്തരം പരാമർശങ്ങളൊന്നും കാണാൻ കഴിയില്ല. താൻ ഉദ്ദേശിക്കുന്നത് വൈകല്യങ്ങളില്ലാതെ നടപ്പാക്കുന്നവനാണ് ഖുർആൻ പരിചയപ്പെടുത്തുന്ന അല്ലാഹു. ” തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത്‌ പ്രവര്‍ത്തിക്കുന്നു” (22: 14)

എന്നാൽ ദൈവം നിര്‍ഗുണനാണെന്ന വീക്ഷണം ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന അല്ലാഹു സഗുണസമ്പൂര്‍ണനാണ്. പക്ഷേ, ദൈവികഗുണങ്ങള്‍ മാനുഷിക ഗുണങ്ങളുമായി താരതമ്യം ചെയ്യാവതല്ല. മനുഷ്യന്‍ സൃഷ്ടിയായതുകൊണ്ടുതന്നെ അവന്റെ ഗുണങ്ങള്‍ പരിമിതങ്ങളും സ്ഥലകാലബന്ധനത്തിന്നധീനവുമാണ്. ഇതില്‍നിന്നു വ്യത്യസ്തമായി സ്ഥല-കാലങ്ങളെ സൃഷ്ടിച്ച അല്ലാഹുവിന്റെ ഗുണങ്ങള്‍ പരിമിതികള്‍ക്കതീതമാണ്. ”അവന്ന് തുല്യനായി ആരും തന്നെയില്ല”(112:4)യെന്നും ”അവന്ന് സദൃശ്യമായി യാതൊന്നുമില്ല”(42:11)യെന്നുമുള്ള ഖുര്‍ആനിക പരാമര്‍ശങ്ങള്‍ സ്രഷ്ടാവിന്റെ സത്തയെക്കുറിച്ചു മാത്രമല്ല, ഗുണങ്ങളെക്കുറിച്ചുകൂടിയുള്ളതാണ്. അല്ലാഹുവിന്റെ ഗുണങ്ങള്‍ക്കു തുല്യമായ ഗുണങ്ങള്‍ സൃഷ്ടികള്‍ക്കൊന്നിനുമുണ്ടാവില്ല.

അല്ലാഹു ഇഷ്ടപ്പെടുന്നതായും സ്നേഹിക്കുന്നതായും കാരുണ്യം കാണിക്കുന്നതായുമെല്ലാം പറയുന്നത് പോലെത്തന്നെ അവൻ കോപിക്കുന്നതായും വെറുക്കുന്നതായുമെല്ലാം ഖുർആൻ പരാമർശിക്കുന്നുണ്ട്. ഇവയൊന്നും തന്നെ മനുഷ്യരുടേതുപോലെയുള്ള വികാരങ്ങളല്ല. മനുഷ്യരുടെ കോപവുമായോ വെറുപ്പുമായോ ഇവയെ താരതമ്യം ചെയ്യാനാവില്ല. എന്നാൽ ഇവയൊന്നും അല്ലാഹുവിന്റെ ദുർഗുണങ്ങളായല്ല ഖുർആനും നബിവചനങ്ങളും പരിചയപ്പെടുത്തുന്നത്; കോപവും വെറുപ്പുമെല്ലാം മാനുഷികമായ തലത്തിൽ പോലും അനിവാര്യമായ വികാരങ്ങളായിത്തീരുന്ന അവസ്ഥയുണ്ടാവാറുണ്ട് എന്ന വാസ്തവം എല്ലാവരും അംഗീകരിക്കുന്നതാണ്. തിന്മകളെ വെറുക്കാനും ക്രൂരന്മാരോട് കോപിക്കാനും കഴിയുന്നവരാകണം നല്ല മനുഷ്യർ. അല്ലാഹു തിന്മകളെ വെറുക്കുന്നുവെന്നും പൈശാചികജീവിതം നയിച്ചവരോട് കോപിക്കുമെന്നുമെല്ലാം ഖുർആൻ പഠിപ്പിക്കുന്നുണ്ട്. അവന്റെ കാരുണ്യത്തിന്റെയും നീതിയുടെയും പ്രകാശനങ്ങളാണവ, ആരെങ്കിലും അവനിൽ ആരോപിച്ചവയല്ല.

print