നബി (സ) യുടെ അനുയായികള്‍ ഉപയോഗിച്ച ക്വുർആൻ കോപ്പികള്‍ ഇന്നു ലഭ്യമാണോ?

/നബി (സ) യുടെ അനുയായികള്‍ ഉപയോഗിച്ച ക്വുർആൻ കോപ്പികള്‍ ഇന്നു ലഭ്യമാണോ?
/നബി (സ) യുടെ അനുയായികള്‍ ഉപയോഗിച്ച ക്വുർആൻ കോപ്പികള്‍ ഇന്നു ലഭ്യമാണോ?

നബി (സ) യുടെ അനുയായികള്‍ ഉപയോഗിച്ച ക്വുർആൻ കോപ്പികള്‍ ഇന്നു ലഭ്യമാണോ?

Print Now

ണ്ട്. മുഹമ്മദ് നബി(സ)യുടെ അനുയായികള്‍ ഉപയോഗിച്ച ക്വുര്‍ആന്‍ കോപികൾ സംരക്ഷിക്കപെട്ടിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള മ്യൂസിയങ്ങളിൽ അവ കാണാൻ കഴിയും.

സ്വഹാബിമാരുടെ മുസ്ഹഫുകളോ അവയുടെ ഭാഗങ്ങളോ ഇന്ന് ഉപലബ്ധമല്ലെന്ന ഓറിയന്റലിസ്റ്റുകളില്‍ ചിലരുടെയും അവരുടെ വാദങ്ങള്‍ കോപ്പിയടിച്ച് ഇസ്‌ലാം  വിമര്‍ശനം നടത്തുന്ന ക്രൈസ്തവ മിഷനറിമാരുടെയും വാദം അടിസ്ഥാന രഹിതമാണെന്ന് പ്രമുഖ ഓറിയന്റലിസ്റ്റായ നബിയ എബൊട്ട് തന്റെ ക്വുര്‍ആന്‍ കയ്യെഴുത്ത് രേഖകളെക്കുറിച്ച പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. (Nabia Abbott: The Rise of the North Arabic Script and its Kur’anic Development, with a full description of the Kura’n manuscripts in the Oriental Institute, Chicago, 1939)

ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ രചിക്കപ്പെട്ടതു മുതല്‍ക്കുള്ള ക്വുര്‍ ആന്‍ കയ്യെഴുത്തു പ്രതികളെക്കുറിച്ച വിവരങ്ങള്‍ അവരുടെ പഠനത്തിലുണ്ട്. പ്രസ്തുത നൂറ്റാണ്ടിന്റെ അവസാനംവരെ അറേബ്യന്‍ ഉപദ്വീപിന്റെ വിവിധ ഭാഗങ്ങളിലായി പ്രവാചകാനുചരന്‍മാര്‍ ജീവിച്ചിരുന്നിട്ടുണ്ട്. ഹിജ്‌റ 96-ാം വര്‍ഷത്തില്‍ തന്റെ നൂറാമത്തെ വയസ്സില്‍ മരണപ്പെട്ട സഹലുബ്‌നു സഅദിനെ മദീനയില്‍ ജീവിച്ച അവസാനത്തെ സഹാബിയായും ഹിജ്‌റ 93-ല്‍ തന്റെ 103-ാമത്തെ വയസ്സില്‍ മരണപ്പെട്ട അനസുബ്‌നു മാലിക്കിനെ ബസ്വറയില്‍ ജീവിച്ച അവസാനത്തെ സ്വഹാബിയായും ഹിജ്‌റ 110-ല്‍ മരണപ്പെട്ട അബൂ തുഫൈല്‍ അമിറുബിനു വാഥിലയ്യെ മക്കയില്‍ ജീവിച്ച അവസാനത്തെ സ്വഹാബിയായും കണക്കാക്കപ്പെടുന്നു. ഒന്നാം നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ മുസ്‌ലിം ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ജീവിച്ച സ്വഹാബിമാര്‍ പഠന-പാരായണങ്ങള്‍ക്ക് ഉപയോഗിച്ച താവണം നബിയ എബൊട്ട് രേഖപ്പെടുത്തുന്ന കയ്യെഴുത്ത് പ്രതികളെന്ന് മനസ്സിലാക്കാവുന്നതാണ്.

a) ഉഥ്മാനിന്റെ (റ)കാലത്തെ കയ്യെഴുത്ത് പ്രതികള്‍:

തന്റെ ഭരണകാലത്ത് ഉഥ്മാനിന്റെ (റ) നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയതെന്ന് കരുതപ്പെടുന്ന ആറ് കയ്യെഴുത്തു പ്രതികള്‍ പൂര്‍ണമായോ ഭാഗികമായോ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി ഇന്ന് സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇവ ഉഥ്മാനിന്റെ  (റ)കാലത്ത് പകര്‍ത്തിയെ ഴുതപ്പെട്ട ഏഴു പ്രതികളില്‍പ്പെട്ടവ തന്നെയാണോയെന്ന കാര്യത്തില്‍ വിദഗ്ധര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഉഥ്മാനീ കയ്യെഴുത്ത് പ്രതികളായി അറിയപ്പെടുന്നവ താഴെ പറയുന്നവയാണ്.

1) ഉസ്‌ബെക്കിസ്താനിലെ താഷ്‌കന്റിലുള്ള കയ്യെഴുത്ത് പ്രതി:

ആകെ 360 പുറങ്ങളുള്ളതില്‍ 69 എണ്ണം പൂര്‍ണമായിത്തന്നെ കീറിപ്പോയ രീതിയിലാണ് ഈ പ്രതി ഇപ്പോഴുള്ളത്. താഷ്‌കന്റിലെ തെല്യാ ശൈഖ് മസ്ജിദിലുള്ള ഹസ്ത് ഇമാം ഗ്രന്ഥാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഇതില്‍ കാര്യമായ കേടുപാടുകളൊന്നുമില്ലാത്ത പതിനഞ്ച് പുറങ്ങളൊഴിച്ച് ബാക്കിയെല്ലാം കീറിയതോ പേജിന്റെ കുറച്ചുഭാഗംമാത്രം അവശേഷിക്കുന്നതോ ആയ രൂപത്തിലാണുള്ളത്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന എഴുത്ത് രീതിയെക്കുറിച്ച് പഠിച്ച ഗവേഷകന്‍മാര്‍ ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലായിരിക്കണം ഇതിന്റെ രചന നടന്നതെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. (A. Jeffery & I. Mandelsohn: `The Orthography of the Samarqand Qu’ran codex’, Journal of the American Oriental Society 1942, Volume 7,  P.65.) എന്നാല്‍ ഓക്‌സ്‌ഫോര്‍ഡില്‍ വെച്ചു നടന്ന കാര്‍ബണ്‍ ഡേറ്റിംഗ് പരീക്ഷണത്തില്‍ ഇത് നേരത്തെ രചിച്ചതാകാന്‍ സാധ്യതയുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്. ക്രിസ്താബ്ദം 595നും 855നുമിടയില്‍ രചിക്കപ്പെട്ടതാകാന്‍ 95% സാധ്യതയും ക്രിസ്താബ്ദം 640 നും 765നുമിടയില്‍ രചിക്കപ്പെട്ടതാകാന്‍ 68% സാധ്യതയുമുണ്ടെന്നാണ് കാര്‍ബണ്‍ ഡേറ്റിംഗ് പരീക്ഷണം വ്യക്തമാക്കിയത്. (F. Deroehe: ‘Mannscripts of the Qu’ran’ in J.D. Mc Auliffel (Ed.)Encyclopaedia of the Qu’ran; Leiden & Boston, 2003, volume 3, page 261) ഉഥ്മാനി്യന്റെ കാലത്ത് നിര്‍മിക്കപ്പെട്ട കോപ്പികളിലൊന്നാണ് ഇതെന്ന പാരമ്പര്യം ശരിയാവാന്‍ സാധ്യതയുണ്ടെന്നാണ് കാര്‍ബണ്‍ഡേറ്റിംഗ് പരീക്ഷണം വ്യക്തമാക്കുന്നതെന്നര്‍ഥം.

2) തൂര്‍ക്കിയില്‍ ഇസ്തംബൂളിലെ തോപ്കാപി മ്യൂസിയത്തിലുള്ള കയ്യെഴുത്ത് പ്രതി:

408 പുറങ്ങളിലായി നിലനില്‍ക്കുന്ന ഈ കയ്യെഴുത്ത് പ്രതിയില്‍ ക്വുര്‍ആനിന്റെ 93 ശതമാനവും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. രണ്ട് പുറങ്ങള്‍ മാത്രമെ നഷ്ടപ്പെട്ടിട്ടുള്ളൂ. ഉഥ്മാന്റെ (റ) കാലത്ത് രചിക്കപ്പെട്ടതാണ് ഇത് എന്ന പാരമ്പര്യത്തിനെതിരാണ് ഇതിലുപയോഗിച്ച രചനാരീതി യെന്നാണ് ഗവേഷകന്‍മാരുടെ പക്ഷം. എന്നാല്‍ ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലോ രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ ഇത് രചിക്കപ്പെട്ടിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. (T. Altikulac: Al Mushaf Alsharif: Attribured Uthman Bin Affan. (The copy at the Topkapi Palace Meuseum), Isthambul, 2007)

3) തുര്‍ക്കിയിലെ ഇസ്താംബൂളിലുള്ള തുര്‍ക്കിഷ് ആന്റ് ഇസ്‌ലാമിക് ആര്‍ട്ട് മ്യൂസിയത്തിലുള്ള കയ്യെഴുത്ത് പ്രതി:

439 പുറങ്ങളുള്ള ഈ കയ്യെഴുത്തു പ്രതിയുടെ 17 പുറങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇങ്ങനെ നഷ്ടപ്പെട്ടവയില്‍ മൂന്നെണ്ണമൊഴിച്ച് ബാക്കിയെല്ലാം പില്‍ക്കാലത്ത് കണ്ടെടുക്കപ്പെടുകയും സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അവസാനത്തെ പുറത്തില്‍ ‘കത്തബഹു ഉഥ്മാനുബ്‌നു അഫ്ഫാന്‍ ഫീ  സനത്ത് ഥലാഥീന്‍” (ഉഥ്മാനുബ്‌നു അഫ്ഫാന്‍ മുപ്പതാം വര്‍ഷത്തില്‍ എഴുതിയത്) എന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും അത് വ്യാജമാണെന്നും ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലോ രണ്ടാം നൂറ്റാണ്ടിന്റെ ആദ്യത്തിലോ ആയിരിക്കണം ഇത് എഴുതപ്പെട്ടതെന്നുമാണ് ഗവേഷകന്‍മാരുടെ പക്ഷം. (S. Sahin: The Meuseum of Turkish and Islamic Arts. Thirteen centuries of Glory from the Umayyads to the Ottomans, New York, 2009 page 23-25)

4) റഷ്യയിലെ സെന്റ്പീറ്റേഴ്‌സ് ബര്‍ഗിലും കട്ടാലന്‍ഗാറിലും ബുഖാറയിലും താഷ്‌കന്റിലുമായി സൂക്ഷിക്കപ്പെട്ടിരിക്കുന്ന കയ്യെഴുത്ത് പ്രതി:

ആകെ 97 പുറങ്ങളുള്ളതില്‍ 81 എണ്ണം സെന്റ് പിറ്റേഴ്‌സ് ബര്‍ഗിലെ ഓറിയന്റല്‍ സ്റ്റഡീസിലും ഒരെണ്ണം താഷ്‌കന്റിലെ ബിദുനി ഇന്‍സ്റ്റി റ്റ്യൂട്ട് ഓഫ് ഓറിയന്റല്‍ സ്റ്റഡീസിലും പന്ത്രെണ്ടണ്ണം ഉസ്‌ബെക്കിസ്താനിലുള്ള കട്ടാലന്‍ഗാറിലെ ഇഷ്ഖിയ്യാ സില്‍സിലയിലുള്ള ശൈഖു മാരുടെ മഖ്ബറകള്‍ക്കനുബന്ധമായും രണ്ടെണ്ണം ബുഖാറയിലുള്ള ഇബ്‌നുസീന ബുഖാറ റീജ്യനല്‍ ലൈബ്രറിയിലും ഒരെണ്ണം താഷ്‌കന്റി ലുള്ള ലൈബ്രറി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് മുസ്‌ലിം അഫയേഴ്‌സിലുമായാണ് ഈ കയ്യെഴുത്ത് പ്രതി സൂക്ഷിച്ചിട്ടുള്ളത്. ഇത് ഉഥ്മാ നിന്റെ കയ്യെഴുത്തുപ്രതിയാണെന്ന പാരമ്പര്യത്തിന് അടിത്തറയില്ലെന്നും ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരിക്കണം ഇത് രചിക്കപ്പെട്ടത് എന്നുമാണ് ഗവേഷകന്‍മാരുടെ അഭിപ്രായം. (E.A. Rezvan: The Qur’an of Uthman (Stopete-rsburg, Katta-langar Bukhara, Tashk-ant), St. Petersburg, 2004, Vol-1; page 69-70)  ഇതിന്റെ കാര്‍ബണ്‍ ഡേറ്റിംഗ് പരീക്ഷണവും ഇക്കാര്യം തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.

5) ഈജിപ്തില്‍ കൈറോയിലെ അല്‍ഹുസൈന്‍ മസ്ജിദിലുള്ള കയ്യെഴുത്ത് പ്രതി:

1087 പുറങ്ങളുള്ള ഈ കയ്യെഴുത്തു പ്രതിയിലെ നാല് പുറങ്ങള്‍ മാത്രമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ക്വുര്‍ആനിന്റെ 99 ശതമാനവും അതേപോ ലെത്തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഈ 1087 പുറങ്ങളുടെ മൊത്തം ഉയരം 40 സെന്റീമീറ്ററും ഭാരം 80 കിലോഗ്രാമുമാണ്. ഉഥ്മാന്‍(റ) ന്റെ കാലത്ത് മദീനയില്‍ നിന്ന് സിറിയയിലേക്ക് കൊടുത്തയച്ച മുസ്ഹഫ് ആണ് ഇതെന്ന പരമ്പരാഗത വിശ്വാസം ശരിയല്ലെന്ന് അഭിപ്രായപ്പെട്ട ഗവേഷകന്‍മാരുണ്ട്. അമവീ ഖലീഫയായിരുന്ന അബ്ദുല്‍ മലിക്കിബ്‌നു മര്‍വാനിന്റെ സഹോദരനും ഈജിപ്തിലെ ഗവര്‍ണറുമായിരുന്ന അബ്ദുല്‍ അസീസിബ്‌നു മര്‍വാനിന്റെ നിര്‍ദേശപ്രകാരം രചിക്കപ്പെട്ടതാണ് ഇതെന്നാണ് അവരുടെ അഭിപ്രായം. (B. Moritz (Ed): Arabic Paleography: A collection of Arabic texts from the first century of  Hijra till the ye-ar 1000, Khedivial library, Cairo, 1905, plates 13-16.) ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തിലോ രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ ആയിരിക്കും ഇത് നിര്‍മിക്കപ്പെട്ടതെന്ന് സാരം. (സലാഹുദ് ദീന്‍ അല്‍ മുനജ്ജിദ്: ദിറാസത്ത് ഫീ താരീഖല്‍ ഖത്തല്‍ അറബീ മുന്‍ദു ബിദായത്തി ഇലാ നിഹായത്തല്‍ അസ്ര്‍ അല്‍ ഉമവി, ബെയ്‌റൂത്ത്, 1972, പുറം 53-54)

6) കൈറോയിലെ ഈജിപ്ഷ്യന്‍ നാഷണല്‍ ലൈബ്രറി (ദാറുല്‍ കുത്തുബില്‍ മിസ്‌രിയ്യ) യിലുള്ള കയ്യെഴുത്ത് പ്രതി.

അറുന്നൂറോളം പുറങ്ങളുണ്ടായിരുന്ന ഈ മുസ്ഹഫിന്റെ 306 പുറങ്ങളാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. ഇതില്‍ 248 എണ്ണം ഈജിപ്ഷ്യന്‍ നാഷണല്‍ ലൈബ്രറിയിലും 46 എണ്ണം പാരീസിലെ ബിബ്‌ളിയോണിക് നാഷണേലിലും പന്ത്രണ്ടെണ്ണം ജര്‍മനിയിലെ ഗോഥയിലുള്ള മ്യൂസിയ ത്തിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഉഥ്മാനി്യന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ടതാണെന്ന പരമ്പരാഗത വിശ്വാസത്തിന്  ഉപോല്‍ബലകമായ തെളിവുകളില്ലെങ്കിലും ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ തന്നെയായിരിക്കണം ഇത് രചിക്കപ്പെട്ടതെന്നാണ് ഗവേഷകന്‍മാരുടെ പൊതുവായ അഭി പ്രായം (M.H. Hussein (Trans: D. Jaeschke & D. Sharp): Origins of the Book: Egypt’s contribution to the development of the book from papyrus to codex, Green wich, 1972 page 91-130) ഇതോടൊപ്പമുള്ള ഒരു കയ്യെഴുത്ത് പുറത്തെ കാര്‍ബണ്‍ഡേറ്റിംഗ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ക്രി സ്താബ്ദം 609നും 694നുമിടയില്‍ രചിക്കപ്പെട്ടതായിരിക്കുവാന്‍ 95.2% സാധ്യതയുണ്ടെന്നാണ് മനസ്സിലായത്. (Yasin Dutton: “An Umayyad Fragment of the Qu’ran and its Dating”, Journal of Qur’anic studies, Vol. 9, No: 2, 2007, Page 76)ഉഥ്മാന്‍്യ പ്രവിശ്യാതലസ്ഥാനങ്ങളിലേക്ക് അയച്ച തോ അതല്ലെങ്കില്‍ അതിനടുത്തകാലത്തെപ്പോഴോ രചിക്കപ്പെട്ടതോ ആയ മുസ്ഹഫിന്റെ ഭാഗങ്ങളാണ് ഇവയെന്ന് ഇത് വ്യക്തമാക്കുന്നു.

b) പുതുതായി സന്‍ആഇല്‍ നിന്ന് കണ്ടെത്തിയ കയ്യെഴുത്തു പ്രതികള്‍:

1972-ല്‍ യമനിന്റെ തലസ്ഥാനമായ സന്‍ആഇലെ പുരാതനമായ പള്ളി പുതുക്കി പണിയുന്നതിനിടയ്ക്ക് പുരാതനമായ ചില കയ്യെഴുത്തു രേഖകള്‍ കണ്ടെത്തുകയുണ്ടായി. ഹിജ്‌റ ആറാം വര്‍ഷത്തില്‍ പ്രവാചകന്റെ നിര്‍ദേശമനുസരിച്ച് അദ്ദേഹത്തിന്റെ അനുചരന്‍മാരില്‍ ഒരാള്‍ നിര്‍മിച്ചതാണ് ഈ പള്ളി. അവിടെ നിന്ന് കണ്ടെടുത്ത കയ്യെഴുത്തു രേഖകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് യുനെസ്‌കോ ഒരു സി.ഡി. പുറത്തിറക്കിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ ശാഖയായ യുനെസ്‌കോയുടെ ‘ലോകസ്മരണകള്‍’ (Memory of the World) എന്ന പ്രോഗ്രാമി ന്റെ ഭാഗമായാണ് ഈ സി.ഡി. റോം പുറത്തിറക്കിയിരിക്കുന്നത്. (www. unesco.org/webworld/mdn/visite/sanaa/en/present.html)

ഈ കയ്യെഴുത്തു രേഖകളില്‍ ചിലതില്‍ ക്വുര്‍ആനാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഈ ക്വുര്‍ആന്‍ കയ്യെഴുത്ത് രേഖകളില്‍ മിക്കതും ഹിജ്‌റ ഒന്നാം നൂറ്റാണ്ടിലേതാണെന്ന് അതിലെ എഴുത്തുരീതി വ്യക്തമാക്കുന്നുണ്ട്. (Abdul Thaher: “Quering the Qu’ran” The Guardian, 08-08-2000) കാര്‍ബര്‍ ഡേറ്റിംഗ് പരീക്ഷണങ്ങള്‍ കയ്യെഴുത്ത് രേഖകളില്‍ ചിലതെല്ലാം ക്രിസ്താബ്ദം 645 നും 690 നുമിടയില്‍  രചിക്കപ്പെട്ടതാണെന്നാണ് മനസ്സിലാക്കിത്തരുന്നത്. (Carole Hillenbrand: The New Cambridge Medieval History, Cambridge, 2005, vol. 1 Page 330) ഈ രേഖകളിലുള്ള ക്വുര്‍ആന്‍ വചനങ്ങള്‍ സാമ്പ്രദായിക രീതിയിലുള്ളവയല്ലെന്നും ഉഥ്മാന്‍്യകോപ്പിയെടുത്ത് പ്രവിശ്യാതലസ്ഥാനങ്ങളിലേക്ക് അയച്ച മുസ്ഹഫുകളില്‍നിന്ന് ഒരു മാറ്റവും ക്വുര്‍ആനിലുണ്ടായിട്ടില്ലെന്ന മുസ്‌ലിം അവകാശവാദത്തെ ഈ രേഖകളെക്കുറിച്ച പഠനം കടപുഴക്കു മെന്നുമുള്ള അവകാശവാദങ്ങള്‍ ഈ കയ്യെഴുത്ത് രേഖകള്‍ കണ്ടെടുത്ത കാലം മുതല്‍ തന്നെ ആരംഭിച്ചിരുന്നു. (Toby Lester: “What is Qu’ran”, The Atlantic Monthly, January 1999)അങ്ങനെ ആഗ്രഹിച്ചു കൊണ്ടുതന്നെയായിരിക്കണം ജര്‍മനിയിലെ അറബി കാലിഗ്രഫി-ക്വുര്‍ആനിക് പാലിയോഗ്രഫി വിദഗ്ധനായ ജെര്‍ഡ് ആര്‍ വുയിനിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഈ കയ്യെഴുത്തു രേഖകള്‍ പരിശോധിക്കുവാന്‍ മുന്നോട്ടു വന്നത്. എന്നാല്‍ പുരാതനമായ പല കയ്യെഴുത്തു രേഖകളിലും ഉപയോഗിക്കപ്പെട്ടിരിക്കുന്ന കൂഫി എഴുത്ത് രീതിയിലല്ല, അതിനേക്കാള്‍ പഴയ ഹിജാസീ എഴുത്ത് രീതിയിലാണ് ഇതിലെ ക്വുര്‍ആന്‍ വചനങ്ങള്‍ എഴുതിയത് എന്നതല്ലാതെ നിലവില്‍ പ്രചാരത്തി ലുള്ള ക്വുര്‍ആനില്‍നിന്ന് യാതൊരു വ്യത്യാസവും കണ്ടെത്താന്‍ ഇതുവരെയുള്ള ഗവേഷണങ്ങള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. (“Sana’a Manuscrips: Uncovering a Treasure of words” Unesco courier, 02-12-2008)

ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ  ആദ്യ പകുതിയില്‍ നിര്‍മിക്കപ്പെട്ട മുസ്ഹഫിന്റെ ഭാഗങ്ങളാണ് സന്‍ആയില്‍നിന്ന് ലഭിച്ചതെന്ന കാര്‍ബണ്‍  ഡേറ്റിംഗ് പരിശോധനാ ഫലത്തിന്റെ വെളിച്ചത്തില്‍ ഇന്ന് നിലവിലുള്ള ക്വുര്‍ആന്‍ കയ്യെഴുത്തു പ്രതികളില്‍ ഏറ്റവും പഴയതാണിതെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. (Abdul Taher: “Quareling the Qu’ran”, The Guardian, 8-8-2000 )ചില ഗവേഷകന്‍മാരുടെ അഭിപ്രായത്തില്‍ ക്വുര്‍ആനിന്റെ ഈ കയ്യെഴുത്ത് രേഖകളില്‍ ചിലത് മുഹമ്മദ് നബി(സ)യുടെ മരണത്തിനുശേഷം പതിനഞ്ച് വര്‍ഷങ്ങള്‍ക്കകം രചിക്കപ്പെട്ടവയാണ്. ഏതായിരുന്നാലും സ്വഹാബിമാരില്‍ ആരുടെയെ ങ്കിലും കൈവശമുണ്ടായിരുന്ന കയ്യെഴുത്ത് പ്രതിയുടെ അവശിഷ്ടങ്ങളാണ് ഇവയില്‍ ചിലതെന്ന കാര്യത്തില്‍ ഗവേഷകന്‍മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. (B. Sadeghi & U. Bergmann: “The Codex of a Companion of the Prophet and the Qu’ran of the Prophet”,  Arabica, 2010, Volume 57 page 344-354)

സ്വഹാബിമാരുടെ കാലം മുതല്‍തന്നെ ക്വുര്‍ആന്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്ന സമ്പ്രദായം നിലനിന്നിരുന്നുവെന്ന വസ്തുത ഈ രേഖകള്‍ അര്‍തഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നുണ്ട്. സ്വഹാബിമാർ ഉപയോഗിച്ച ഖുർആൻ പ്രതികളൊന്നും ഇന്ന് നിലവിലില്ലെന്ന വാദത്തെ തകർക്കുന്നതാണ് ഈ കയ്യെഴുത്ത് രേഖകൾ.