ജൂതന്മാരുമായി യുദ്ധം ചെയ്യാൻ ഇസ്‌ലാമിൽ നിയമമോ ?!!

/ജൂതന്മാരുമായി യുദ്ധം ചെയ്യാൻ ഇസ്‌ലാമിൽ നിയമമോ ?!!
/ജൂതന്മാരുമായി യുദ്ധം ചെയ്യാൻ ഇസ്‌ലാമിൽ നിയമമോ ?!!

ജൂതന്മാരുമായി യുദ്ധം ചെയ്യാൻ ഇസ്‌ലാമിൽ നിയമമോ ?!!

Print Now

” …അയാൾ അയാളുടെ പ്രിയതമയായ ക്ലാര പെറ്റാച്ചിയേയും കൊണ്ട്, സ്വിസ് അതിർത്തി കടന്നു ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനായി ഒളിച്ചോടി. സ്വിസ് അതിർത്തി കടന്നാൽ ഒളിവിൽ ജീവിക്കാം എന്ന് ആ ഇണകൾ സ്വപ്നം കണ്ടു. ശത്രുക്കൾ തിരിച്ചറിയാതിരിക്കാൻ അയാൾ വേഷപ്രച്ഛന്നനായി. പക്ഷെ പടയാളികൾ അയാളെ തിരിച്ചറിഞ്ഞപ്പോൾ ഒരു കളപ്പുരയിൽ അവർ രണ്ടു പേരും അഭയം തേടി. പക്ഷെ പടയാളികൾ അവരെ വെറുതെ വിട്ടില്ല. അവർ അവരെ കളപ്പുരയിൽ നിന്ന് നിർബന്ധിച്ച് പുറത്തു കൊണ്ട് വന്നു. വില്ല ബെൽ‌മോണ്ടിന്റെ പ്രവേശന കവാടത്തിനടുത്തുള്ള ഒരു ഇഷ്ടിക മതിലിനു നേരെ നിൽക്കാൻ ഇണകളോട് ആവശ്യപ്പെട്ടു. അവിടെ വെച്ച് പടയാളികൾ അവർക്കു നേരെ നിറയൊഴിച്ചു. വെടിയുതിർക്കുമ്പോൾ അയാൾ കേണപേക്ഷിച്ചു “അരുതേ! അരുതേ!” അതായിരുന്നു അയാളുടെ അവസാന വാക്കുകൾ. ശേഷം അയാളുടെ കൂട്ടാളികളിൽ നിന്ന് പിടിക്കപ്പെട്ട പതിനഞ്ചു പേരെയും അവർ വലിച്ചിഴച്ച് കൊണ്ട് വന്ന് അതേ സ്ഥലത്ത് വെച്ച് വെടി വെച്ച് കൊന്നു…”
രണ്ടാം ലോക മഹായുദ്ധത്തിലെ ഒരു രംഗമാണിത്. ഈ രംഗം മാത്രം വായിക്കുന്നവർക്ക് കൊല്ലപ്പെട്ട വ്യക്തിയോടും അയാളുടെ ഇണയോടും അയാളുടെ കൂട്ടാളികളോടും സഹതാപം തോന്നിയേക്കാം. ഈ ദാരുണമായ കൂട്ടക്കൊലയെ സംബന്ധിച്ച വാർത്തയുടെ തലക്കെട്ടായി ‘ന്യൂയോർക്ക് ടൈംസ്’ (the New York Times) ദിനപത്രത്തിൽ വന്നത് “നികൃഷ്‌ടമായ ഒരു ജീവിതത്തിന് ലഭിച്ച ഒരു ഉചിതമായ അന്ത്യം” (A fitting end to a wretched life) എന്നായിരുന്നു എന്നു കൂടി പറഞ്ഞാൽ ആ പത്രത്തോട് തന്നെ നമുക്ക് ഭീതിയും വെറുപ്പും ജനിച്ചേക്കും.

പക്ഷെ ഈ കൊല്ലപ്പെട്ടവർ ഫാഷിസത്തിന്റെ പിതാവും ഏകാധിപതിയുമായ മുസോളനിയും കിങ്കരന്മാരായ ഫാഷിസ്റ്റുകളുമാണ് എന്ന് തിരിച്ചറിയുമ്പോൾ നമ്മളുടെ വൈകാരികത എതിർ ദിശയിലേക്കാണ് പ്രവഹിക്കുക. രണ്ടാം ലോകമഹായുദ്ധത്തിൽ 400,000 ത്തിലധികം പേരുടേയും ഇറ്റാലിയൻ എത്യോപ്യ ആക്രമണത്തിൽ 30,000 പേരുടേയും കൊലപാതകത്തിന് അധ്യക്ഷത വഹിച്ച മുസ്സോളിനിയുടെ ദാരുണാന്ത്യമാണ് മുകളിൽ നാം വായിച്ചത്. !

ചില യുദ്ധങ്ങളെ പറ്റി ക്വുർആനിലും ഹദീസുകളിലും വന്നിട്ടുള്ള ചില വിശേഷണങ്ങളും, യുദ്ധരംഗങ്ങളും, സാഹചര്യത്തിൽ നിന്നും ചരിത്ര പശ്ചാത്തലത്തിൽ നിന്നും അടർത്തിയെടുത്ത് അവതരിപ്പിക്കുന്ന ഇസ്‌ലാം വിമർശകരുടെ സ്ഥിരം വേല ഇതിനോട് സമാനമാണ്. പ്രസ്തുത യുദ്ധ പ്രസ്ഥാവനകളുടേയും രംഗങ്ങളുടേയും പിന്നാമ്പുറവും കാരണങ്ങളും ‘ബാക്ക് സ്റ്റോറിയു’മൊക്കെ അറിയാത്തവരിൽ അതുപയോഗിച്ച് ഇസ്‌ലാം ഭീതിയും വെറുപ്പും സൃഷ്ടിക്കുകയാണ് ഈ കുബുദ്ധികളുടെ ലക്ഷ്യം. ഒരു ദീർഘകാല യുദ്ധങ്ങളുടെ വിവരണങ്ങളിലെ ഒരു അടര് മാത്രം ചുവപ്പ് പൂശി പ്രദർശിപ്പിച്ച് നായകന്മാരെ വില്ലന്മാരായി ചിത്രീകരിക്കുകയും വില്ലന്മാരെ നായകന്മാരായി ദുവ്യാഖ്യാനിക്കുകയും ചെയ്യുന്ന സ്ഥിരം കുതന്ത്രം !!

അതിനായി സാധാരണ ഗതിയിൽ ദുർവ്യാഖ്യാതാക്കൾ ഉപയോഗിക്കാറുള്ള ഹദീസുകളിലെ ഒരു യുദ്ധരംഗം ഇപ്രകാരമാണ്:

لَا تَقُومُ السَّاعَةُ حَتَّى يُقَاتِلَ الْمُسْلِمُونَ الْيَهُودَ ، فَيَقْتُلُهُمُ الْمُسْلِمُونَ حَتَّى يَخْتَبِئَ الْيَهُودِيُّ مِنْ وَرَاءِ الْحَجَرِ وَالشَّجَرِ، فَيَقُولُ الْحَجَرُ أَوِ الشَّجَرُ: يَا مُسْلِمُ يَا عَبْدَ اللهِ هَذَا يَهُودِيٌّ خَلْفِي ، فَتَعَالَ فَاقْتُلْهُ ، إِلَّا الْغَرْقَدَ، فَإِنَّهُ مِنْ شَجَرِ الْيَهُودِ.

“അന്ത്യദിനം സംഭവിക്കുകയില്ല; മുസ്‌ലിംകൾ ജൂതന്മാരോട് യുദ്ധം ചെയ്യുന്നത് വരെ. അങ്ങനെ ആ യുദ്ധത്തിൽ മരത്തിന്റേയും കല്ലിന്റേയും പിറകിൽ ജൂതൻ ഒളിച്ചിരിക്കുവോളം മുസ്‌ലിംകൾ ജൂതന്മാരെ വധിക്കും. അപ്പോൾ ആ മരം അല്ലെങ്കിൽ കല്ല് വിളിച്ചു പറയും: അല്ലയോ മുസ്‌ലിം, അല്ലാഹുവിന്റെ ദാസാ, ഇതാ എന്റെ പിറകിൽ ഒരു ജൂതൻ. അപ്പോൾ ആ മുസ്‌ലിം വന്ന് അയാളെ വധിക്കും. ഗിർകദ് വൃക്ഷമൊഴികെ; അത് ജൂതരുടെ വൃക്ഷമാണ്.”
(സ്വഹീഹു മുസ്‌ലിം: 2922)

ഈ രംഗം മാത്രമാണ് വിമർശകർ ഉദ്ധരിക്കുക. ഈ യുദ്ധം ഏതാണെന്നോ യുദ്ധത്തിന്റെ പശ്ചാത്തലം എന്താണെന്നോ ആരാണ് വൃക്ഷത്തിനു പിന്നിൽ ഒളിച്ചിരിക്കുന്ന ജൂതനെ കൊല്ലുന്ന ആ ‘മുസ്‌ലിം’ എന്നോ, മരം ആ മുസ്‌ലിമിനോട് എങ്ങനെയാണ് സംസാരിക്കുക എന്നോ വിമർശകർ വിശദീകരിക്കില്ല.!! കാരണം അതൊക്കെ വിവരിച്ചാൽ വിമർശനം താനെ അസാധുവാകും. അതുകൊണ്ട് തന്നെ ആ യുദ്ധത്തിലെ ഒരു സീൻ മാത്രം അവതരിപ്പിച്ച് ഭീതി പടർത്തുകയാണ് ദുർവ്യാഖ്യാതാക്കളുടെ ലക്ഷ്യം.

അന്ത്യദിനത്തോട് അടുത്തായി നടക്കുന്ന ഒരു യുദ്ധത്തിലെ (ഒരു സ്വാതന്ത്ര്യ സമരത്തിലെ) രംഗമെടുത്ത് ജൂതന്മാരോട് യുദ്ധം ചെയ്യലും അവരെ വധിക്കലും ഇസ്‌ലാമിലെ ഒരു നിയമമോ പാഠമോ ആയി ദുർവ്യാഖ്യാനിക്കുകയാണ് വിമർശകർ. എന്നാൽ സമാധാന ചിത്തരായി ജീവിക്കുന്ന സാധാരണ അമുസ്‌ലിംകളോട് എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത് എന്നതുമായി ബന്ധപ്പെട്ട ഇസ്‌ലാമിക നിയമവും പ്രവാചക പാഠവും മറ്റു ഹദീസുകളിൽ വ്യക്തമായി വായിക്കാൻ സാധിക്കും:

അല്ലാഹു പറഞ്ഞു: “മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചു മാത്രമാണ് -അവരോട് മൈത്രികാണിക്കുന്നത് – അല്ലാഹു നിരോധിക്കുന്നത്‌. വല്ലവരും അവരോട് മൈത്രീ ബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍.” (ക്വുർആൻ 60: 8, 9)

പ്രവാചകൻ മുഹമ്മദ് (സ) പറഞ്ഞു:
مَنْ قَتَلَ مُعَاهَدًا لَمْ يَرَحْ رَائِحَةَ الْجَنَّةِ، وَإِنَّ رِيحَهَا لَيُوجَد مِنْ مَسِيرَةِ أَرْبَعِينَ عَامًا

“സമാധാന സന്ധിയിലുള്ള ഒരു അമുസ്‌ലിമിനെ ആരെങ്കിലും കൊന്നാൽ അവന് സ്വർഗത്തിന്റെ സുഗന്ധം പോലും ലഭിക്കില്ല.” (സ്വഹീഹുൽ ബുഖാരി: ഹദീസ് നമ്പർ: 3166)

عَنْ صَفْوَانَ بْنَ سُلَيْمٍ عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ ‏ “‏ أَلاَ مَنْ ظَلَمَ مُعَاهِدًا أَوِ انْتَقَصَهُ أَوْ كَلَّفَهُ فَوْقَ طَاقَتِهِ أَوْ أَخَذَ مِنْهُ شَيْئًا بِغَيْرِ طِيبِ نَفْسٍ فَأَنَا حَجِيجُهُ يَوْمَ الْقِيَامَةِ

സ്വഫ്‌വാനു ബ്‌നു സുലൈമില്‍(റ) നിന്ന് നിവേദനം: പ്രവാചകൻ (സ) പറഞ്ഞു: ‘അറിയണം, ആരെങ്കിലും സമാധാന സന്ധിയിലുള്ള അമുസ്‌ലിമിനെ ഉപദ്രവിക്കുകയോ, അവന് കിട്ടേണ്ട അവകാശങ്ങളില്‍ കുറവ് വരുത്തുകയോ, സാധ്യമാകുന്നതിലുപരി വഹിക്കാന്‍ അവനെ നിര്‍ബന്ധിക്കുകയോ, മനപ്പൊരുത്തമില്ലാതെ അവനില്‍ നിന്നും വല്ലതും കവര്‍ന്നെടുക്കുകയോ ചെയ്താൽ ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍ ഞാന്‍ അവനുമായി (ആ അമുസ്‌ലിമിന്റെ അവകാശങ്ങളുടെ കാര്യത്തിൽ) തര്‍ക്കത്തിലേര്‍പെടും. (അബൂദാവൂദ്: 3052)

ഇതാണ് സമാധാന ചിത്തരായി ജീവിക്കുന്ന സാധാരണ അമുസ്‌ലിംകളോട് സ്വീകരിക്കേണ്ട നിലപാടായി ഇസ്‌ലാം പഠിപ്പിച്ച നിയമവും ശാസനയും. എത്ര തവണ വ്യക്തമാക്കിയാലും ഈ ആയത്തുകളും ഹദീസുകളും വിമർശകർ കാണാത്ത മട്ടാണ് !!

ഹദീസിൽ പ്രസ്ഥാവിക്കപ്പെട്ടിട്ടുള്ള യുദ്ധരംഗമാകട്ടെ ഒരു നിയമമോ അനുശാസയോ അല്ല. മറിച്ച് അന്ത്യദിനത്തിൽ നടക്കാനിരിക്കുന്ന ഒരു മഹായുദ്ധത്തിൽ നിന്ന് അല്ലെങ്കിൽ ഒരു സ്വതന്ത്ര്യ സമരത്തിൽ നിന്നുള്ള ഒരു രംഗത്തിന്റെ വിവരണമാണ്.

എപ്പോഴാണ് ഈ യുദ്ധം നടക്കുക ?

فالمراد بقتال اليهود : وقوع ذلك إذا خرج الدجال ونزل عيسى

“ജൂതന്മാരോടുള്ള യുദ്ധം നടക്കുക (അന്ത്യ ദിനത്തോടടുത്ത്) ദജ്ജാൽ പുറപ്പെടുകയും ഈസാ നബി (യേശു) ഇറങ്ങുകയും ചെയ്യുന്ന സന്ദർഭത്തിലാണ്.”
(ഫത്ഹുൽ ബാരി: 6: 610)

المراد بقوله (تقاتلون اليهود) إذا نزل عيسى ، فإن المسلمين معه ، واليهود مع الدجال.

ഇബ്നുൽ മുലക്കിൻ പറഞ്ഞു: “മുസ്‌ലിംകൾ ജൂതന്മാരോട് യുദ്ധം ചെയ്യും എന്ന് ഹദീസിൽ ഉദ്ദേശിച്ചിരിക്കുന്നത് പ്രവാചകൻ ഈസാ (ഭൂമിയിൽ) ഇറങ്ങുന്ന സന്ദർഭത്തിലാണ്. മുസ്‌ലിംകൾ പ്രവാചകൻ ഈസായോടൊപ്പവും ജൂതന്മാർ ദജ്ജാലിനോടൊപ്പവുമായിരിക്കും.”
(അത്തൗദീഹു ലി ശർഹിൽ ജാമിഅ്: 17:663)

ഇക്കാര്യം ഒട്ടനവധി പണ്ഡിതന്മാർ ഹദീസിന്റെ വ്യാഖ്യാനത്തിൽ വിശദീകരിച്ചിട്ടുണ്ട് എന്ന് മാത്രമല്ല ഇമാം തുർമുദി, ചർച്ചാ വിഷയകമായ ഹദീസ് (സുനനു തുർമുദി: 2236) ഉദ്ധരിച്ചിരിക്കുന്നതു തന്നെ “ദജ്ജാലിന്റെ അടയാളങ്ങളായി ഹദീസിൽ വന്ന കാര്യങ്ങൾ” (باب ما جاء في علامة الدجال) എന്ന അധ്യായത്തിലാണ്.

ഇക്കാര്യം ഹദീസിലും അർത്ഥ ശങ്കക്കിടയില്ലാത്ത വിധം സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്:

വിവാദ വിഷയകമായ ഹദീസ് ആരംഭിക്കുന്നതു തന്നെ “അന്ത്യദിനം സംഭവിക്കുകയില്ല; മുസ്‌ലിമുകൾ ജൂതന്മാരോട് യുദ്ധം ചെയ്യുന്നത് വരെ….” എന്ന് പറഞ്ഞു കൊണ്ടാണ്.
(സ്വഹീഹു മുസ്‌ലിം: 2922)

മറ്റൊരു ഹദീസ് കാണുക:

قَالَ فَحِينَ يَرَى الْكَذَّابُ يَنْمَاثُ كَمَا يَنْمَاثُ الْمِلْحُ فِي الْمَاءِ فَيَمْشِي إِلَيْهِ فَيَقْتُلُهُ حَتَّى إِنَّ الشَّجَرَةَ وَالْحَجَرَ يُنَادِي يَا رُوحَ اللَّهِ هَذَا يَهُودِيٌّ فَلا يَتْرُكُ مِمَّنْ كَانَ يَتْبَعُهُ أَحَدًا إِلا قَتَلَهُ

“പ്രവാചകൻ ഈസായെ(അ) ആ പെരും നുണയൻ (ദജ്ജാൽ) കാണുമ്പോൾ ഉപ്പ്, വെള്ളത്തിൽ അലിയുന്നതു പോലെ അവൻ അലിയും. അപ്പോൾ അദ്ദേഹം (ഈസാ നബി (അ) അവന്റെ അടുത്തേക്ക് നടന്നു ചെന്ന് അവനെ വധിക്കും. എത്രത്തോളമെന്നാൽ പാറയും മരവും വിളിച്ചു പറയും: (അല്ലയോ മുസ്‌ലിം,) അല്ലാഹുവിന്റെ അടുക്കലുള്ള ആത്മാവിനാൽ സൃഷ്ടിക്കപ്പെട്ടവനേ, എന്റെ (പിറകിൽ) അതാ ഒരു ജൂതൻ. അങ്ങനെ ദജ്ജാലിനെ പിൻപറ്റിയവരിൽ പെട്ട ഒരാളെയും വധിക്കാതെ അദ്ദേഹം വിടില്ല.”
(മുസ്നദു അഹ്മദ്: 14426)

ഹദീസ് പ്രവചിക്കുന്ന ‘സ്വാതന്ത്ര്യ സമര’ത്തെ സംബന്ധിച്ച പല കാര്യങ്ങളും ഈ ഹദീസിൽ നിന്നും മനസ്സിലാക്കാം:

1. ജൂതന്മാരോടുള്ള ഈ യുദ്ധം ഒരു മതനിയമമായിട്ടല്ല ഹദീസിൽ വന്നിട്ടുള്ളത്. അന്ത്യദിനത്തോടടുത്ത് ഭാവിയിൽ സംഭവിക്കാനിരിക്കുന്ന ഒരു യുദ്ധത്തെ സംബന്ധിച്ച് വിവരണം മാത്രമാണിത്. ദജ്ജാലെന്ന ഏകാധിപതിയുടെ നേതൃത്വത്തിലുള്ള ശത്രു പക്ഷത്തോട് ഈസാ നബിയുടെ(അ) നേതൃത്വത്തിൽ മുസ്‌ലിംകൾ സ്വാതന്ത്ര്യത്തിനായി നടത്തുന്ന ഒരു പോരാട്ടമാണ് ഹദീസുകളുടെ ഉള്ളടക്കം.

2. “അങ്ങനെ ദജ്ജാലിനെ പിൻപറ്റിയവരിൽ പെട്ട ഒരാളെയും വധിക്കാതെ അദ്ദേഹം വിടില്ല.” എന്ന വാചകത്തിൽ നിന്നും ദജ്ജാലെന്ന ഏകാധിപതിയുടെ ആരാധകരും ഭടൻമാരുമായ ജൂതന്മാരെയാണ് മുസ്‌ലിംകൾ വധിക്കുക എന്ന് മനസ്സിലാക്കാം. സമാധാന ചിത്തരായ സാധാരണ അമുസ്‌ലിംകളെയല്ല.

3. കല്ലും മരവും “അല്ലയോ മുസ്‌ലിമേ, എന്റെ പിറകിൽ ഒരു ജൂതനുണ്ട്” എന്ന് വിളിച്ചു പറയുന്ന ആ ‘വിളിക്കപ്പെടുന്ന മുസ്‌ലിം’ പ്രവാചകനായ ഈസായാണ് (അ) എന്നാണ് ഹദീസ് സൂചിപ്പിക്കുന്നത്. ഈ അത്ഭുത പ്രതിഭാസം ഈസായുടെ (അ) ‘മുഅ്ജിസത്തെ’ന്ന (അല്ലാഹുവിൽ നിന്നുള്ള അമാനുഷിക ദൃഷ്ടാന്തം) നിലയിൽ നടക്കുന്നതാകുവാനാണ് സാധ്യത.

ആരാണ് യുദ്ധം ആരംഭിക്കുന്നത്?

മുസ്‌ലിംകൾ ജൂതരുമായി യുദ്ധം നടത്തുമെന്ന് പല ഹദീസുകളിലും പൊതുവായി പ്രസ്ഥാവിക്കപ്പെട്ടതിൽ നിന്നും മുസ്‌ലിംകൾ അങ്ങോട്ടാണ് യുദ്ധം ആരംഭിക്കുക എന്ന ഒരു തെറ്റുദ്ധാരണയുണ്ടാകാം. എന്നാൽ യുദ്ധത്തിന് ആരംഭം കുറിക്കുന്നത് ദജ്ജാലിന്റെ ആർമിയാണെന്ന് വ്യക്തമായി സൂചിപ്പിക്കുന്ന ചില ഹദീസുകളും സ്വഹീഹുൽ ബുഖാരിയിൽ തന്നെ നമുക്ക് കാണാവുന്നതാണ്:

تُقَاتِلُكُمُ اليَهُودُ فَتُسَلَّطُونَ عَلَيْهِمْ ، ثُمَّ يَقُولُ الحَجَرُ : يَا مُسْلِمُ هَذَا يَهُودِيٌّ وَرَائِي، فَاقْتُلْهُ.

“ജുതന്മാർ നിങ്ങളോട് യുദ്ധം ചെയ്യും അപ്പോൾ അവർക്കുമേൽ അല്ലാഹു നിങ്ങൾക്ക് വിജയം നൽകും. ശേഷം പാറക്കല്ല് പറയും: മുസ്‌ലിമേ, ഇതാ എന്റെ പിറകിൽ ഒരു ജൂതൻ. അവനെ വധിക്കൂ.” (സ്വഹീഹുൽ ബുഖാരി: 3593, സ്വഹീഹു മുസ്‌ലിം: 2921)

ആരാണ് മസീഹുദ്ദജ്ജാൽ ?

അന്ത്യനാളിനോടടുത്ത് പ്രത്യക്ഷനാകുമെന്ന് പല മത ഗ്രന്ഥങ്ങളും പ്രവചിച്ച, അന്തിക്രിസ്‌തു (antichrist) എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഭാവി വ്യക്തിത്വമാണ് ‘മസീഹു ദ്ദജ്ജാൽ’. ലോകത്ത് ജീവിച്ചിരുന്നതും ജീവിച്ചിരിക്കുന്നവരുമായ ഏകാധിപതികളേക്കാൾ ഏറ്റവും കിരാതനും ക്രൂരനുമായ ഏകാധിപതിയായിരിക്കും (dictator) മസീഹു ദ്ദജ്ജാൽ എന്നാണ് ഹദീസുകൾ പഠിപ്പിക്കുന്നത്. മനുഷ്യരെ ഭൗതീകവും ആത്മീയവുമായ പാരതന്ത്ര്യത്തിലേക്ക് വലിച്ചിഴക്കുന്ന ഈ ദജ്ജാലിന്റെ ഉപദ്രവങ്ങളിൽ നിന്ന് രക്ഷ തേടാൻ പ്രവാചകൻ (സ) തന്റെ അനുചരന്മാരോട് പ്രത്യേകം ഉപദേശിക്കുക കൂടി ചെയ്തതായി കാണാം.
(സ്വഹീഹു മുസ്‌ലിം: 924)

ദജ്ജാലിനാൽ ഭാവിയിൽ, ലോകത്ത് വിതക്കപ്പെടാനിരിക്കുന്ന കുഴപ്പങ്ങളും ഛിദ്രതകളും സമാനതകൾ ഇല്ലാത്തതായിരിക്കും.

مَا بَيْنَ خَلْقِ آدَمَ إِلَى أَنْ تَقُومَ السَّاعَةُ فِتْنَةٌ أَكْبَرُ مِنْ فِتْنَةِ الدَّجَّالِ .

പ്രവാചകൻ (സ) പറഞ്ഞു: “(ആദ്യ മനുഷ്യൻ) ആദമിനെ സൃഷ്ടിച്ചതു മുതൽ അന്ത്യദിനം സംഭവിക്കുന്നു വരെ ദജ്ജാലിന്റെ കുഴപ്പത്തേക്കാൾ വലിയ ഒരു ആപത്തും ഇല്ലതന്നെ.”
(മുസ്നദു അഹ്മദ്: 15831)

ലോക രാജ്യങ്ങൾ മുഴുവൻ വെട്ടിപ്പിടിച്ച് തന്റെ അധികാരത്തിനും ആജ്ഞാപനത്തിനും കീഴിലാക്കുന്ന ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതിയായിരിക്കും ‘മസീഹു ദ്ദജ്ജാൽ’.

ليس من بلد إلا سيطؤه الدجال إلا مكة والمدينة ليس له من نقابها نقب إلا عليه الملائكة صافين يحرسونها

ദജ്ജാൽ കാലു കുത്താത്ത ഒരു നാടും അവശേഷിക്കില്ല; മക്കയും മദീനയും ഒഴികെ. ആ രണ്ട് നാടുകളെയും സംരക്ഷിച്ചു കൊണ്ട് മലക്കുകൾ വലയം ചെയ്യുന്നുണ്ടാകും.
(സ്വഹീഹുൽ ബുഖാരി: 1881, സ്വഹീഹു മുസ്‌ലിം: 2943)

നാടുകളിൽ കാലുകുത്തുക എന്നതുകൊണ്ടുദ്ദേശം പടയോട്ടത്തിലൂടെ അധികാരത്തിന് കീഴിലാക്കുക എന്നാണ്.

فلا يبقى له موضع إلا ويأخذه غير مكة والمدينة

“മക്കയും മദീനയും തുടങ്ങിയ സ്ഥലങ്ങളല്ലാതെ ഒരു സ്ഥലവും അവൻ പിടിച്ചടക്കാത്തതായി അവശേഷിക്കില്ല” എന്ന് ചില നിവേദനങ്ങളിൽ കാണാം.
(ഉംദത്തുൽ കാരി: 10:244)

“എല്ലാ ജല തടത്തിലും അവന്റെ അധികാരമെത്തും” (يبلغ سلطانه كل منهل) എന്ന് മറ്റു ചില നിവേദനങ്ങളിലും വന്നിരിക്കുന്നു. (മുസ്നദു അഹ്മദ്: 23139)

ദജ്ജാലിന്റെ സാമ്രാജ്യത്വ അധിനിവേശത്തിനു കീഴിൽ മനുഷ്യ ജീവിതങ്ങൾ ഞെരിഞ്ഞമരും. അങ്ങനെ ലോകം മുഴുവൻ അക്രമവും അനീതിയും അടിച്ചമർത്തലുകളും നിറയുന്ന ഘട്ടത്തിൽ മഹ്ദി എന്ന സ്ഥാനപേരിലുള്ള ഒരു ഭരണാധികാരിയുടേയും പ്രവാചകനായ ഈസാ(അ)യുടേയും നേതൃത്വത്തിൽ അന്ത്യദിനത്തോടടുത്ത് നടക്കുന്ന സ്വാതന്ത്ര്യ സമരമാണ് ഹദീസുകളുടെ ഇതിവൃത്തം.

أبشركم بالمهدي يبعث على اختلاف من الناس وزلازل فيملأ الأرض قسطاً وعدلاً كما ملئت جوراً وظلماً

“ലോകം മുഴുവൻ അക്രമങ്ങളും സ്വേച്ഛാധിപത്യവും കൊണ്ട് നിറഞ്ഞ സന്ദർഭത്തിൽ ലോകത്തെ നീതിയും ന്യായവും കൊണ്ട് മഹ്ദി നിറക്കുമെന്ന്” ഹദീസിൽ പ്രസ്ഥാവിക്കുന്നുണ്ട്. (മുസ്നദു അഹ്മദ്: 11344, അൽ അഹ്കാമുശറഇയ്യ അൽ കുബ്റാ: അബ്ദുൽ ഹക്ക് അൽ ഇശ്ബീലി: 4/532, മജ്മഉസ്സവാഇദ്: 7/316)

അത്ഭുത സിദ്ധികൾ പലതും പ്രദർശിപ്പിച്ച് ജനങ്ങളെ വശീകരിക്കുന്നതിന് പുറമെ, ദജ്ജാലെന്ന ഏകശസനാധികാരി ആളുകളെ ചതിയിലൂടെ അവരെ അഗ്നിയിലേക്ക് നയിക്കുമെന്ന സൂചനകൾ ഹദീസുകളിൽ കാണാം.

‘അയാളുടെ കൂടെ രണ്ട് ജല തടങ്ങളുണ്ടാകും. ഒന്ന് പ്രത്യക്ഷ ദൃഷ്ട്യാ വെള്ളമായിരിക്കും. മറ്റൊന്ന് ദൃഷ്ട്യാൽ അഗ്നിയായിരിക്കും. എന്നാൽ വെള്ളമെന്ന് തോന്നിപ്പിക്കപ്പെടുന്ന തടങ്ങൾ യഥാർത്ഥത്തിൽ അഗ്നിയായിരിക്കും എന്നും’ ഹദീസുകൾ സൂചിപ്പിക്കുന്നുണ്ട്.
(സ്വഹീഹു മുസ്‌ലിം: 5223)

അത്ഭുത പ്രവർത്തനങ്ങൾ പ്രദർശിപ്പിച്ച് ദിവ്യത്വം വാദിക്കുക കൂടി ചെയ്യും. അധികാരത്തിലൂടെ തന്റെ ദിവ്യത്വം ജനങ്ങളിൽ അടിച്ചേൽപ്പിക്കുക എന്നത് ദജ്ജാലിന്റെ പദ്ധതികളിൽ ഒന്നായിരിക്കും.

“ദജ്ജാൽ ജനങ്ങളോട്‌ പറയും: ഈ വ്യക്തിയെ (ഒരു മുസ്‌ലിം) ഞാൻ കൊല്ലുകയും പിന്നീട് ജീവിപ്പിക്കുകയും ചെയ്താൽ (ഞാൻ നിങ്ങളുടെ ദൈവമാണെന്നതിൽ) നിങ്ങൾ സംശയിക്കുമോ? ജനങ്ങൾ പറയും: ഇല്ല. അപ്പോൾ ദജ്ജാൽ അയാളെ കൊല്ലുകയും ജീവിപ്പിക്കുകയും ചെയ്യും. അപ്പോൾ ജീവൻ തിരിച്ചു കിട്ടിയ വ്യക്തി പറയും: “അല്ലാഹുവാണേ, മുമ്പൊരിക്കലും നിന്നെക്കുറിച്ച്‌ എനിക്കില്ലാതിരുന്ന വ്യക്തമായ തിരിച്ചറിവ് ഇന്നെനിക്ക് ലഭിച്ചു.” (അഥവാ നബി പറഞ്ഞ ദജ്ജാൽ നീ തന്നെയാണു എന്ന് എനിക്കിപ്പോൾ ഉറപ്പായി എന്നയാൾ ആണയിടും. കാരണം ഇപ്രകാരം ഒരു സംഭവമുണ്ടാകുമെന്ന പ്രവാചകന്റെ ഹദീസിന് ജീവിക്കുന്ന തെളിവായി അയാൾ മാറുമല്ലൊ) അപ്പോൾ ദജ്ജാൽ അയാളെ വീണ്ടും കൊല്ലാൻ ശ്രമിക്കും. പക്ഷെ അതിന് ദജ്ജാലിനെ അല്ലാഹു അനുവദിക്കില്ല.” (സ്വഹീഹുൽ ബുഖാരി: 6599)

തന്റെ ദിവ്യത്വത്തിൽ ജനങ്ങളെ നിർബന്ധിച്ച് വിശ്വസിപ്പിക്കാനായി അധികാരവും മായാജാലവുമൊക്കെ ദജ്ജാൽ ഉപയോഗിക്കും. എന്നിട്ടും വിശ്വസിക്കാത്തവർക്ക് വധശിക്ഷയാണ് ദജ്ജാലിന്റെ ഭരണകൂടം വിധിക്കുക. വിശ്വാസ സ്വാതന്ത്ര്യം നിശ്ശേഷം നിഷേധിക്കപ്പെടുന്ന ഈ സാമ്രാജ്യത്വ സ്വേച്ഛാധിപത്യത്തോടാണ് മുസ്‌ലിംകൾ പടക്കിറങ്ങുന്നത് എന്നർത്ഥം.

സ്വന്തം മതത്തിന്റെ ശാസനകളും പാഠങ്ങളും വലിച്ചെറിഞ്ഞ ഒരു കൂട്ടം ജൂതന്മാർ ഈ ഏകാധിപതിയിൽ ആകൃഷ്ടരാവുകയും അയാളുടെ ആജ്ഞാധികാരവും ദിവ്യത്വവും സ്വീകരിക്കുകയും ചെയ്യും. “എഴുപതിനായിരത്തോളം ജൂതന്മാർ ദജ്ജാലിന്റെ അനുയായികളായി മാറും” എന്ന് ഹദീസുകളിൽ കാണാം.
(മുസ്നദു അഹ്മദ്: 12865)

ഈ സ്വേച്ഛാധിപതിയുടെ കിങ്കരന്മാരും പടയാളികളുമായ ജൂതന്മാരോടാണ് മുസ്‌ലിംകൾ അന്ത്യ നാളിനോടടുത്ത് യുദ്ധം ചെയ്യുന്നത്. അല്ലാതെ സമാധാനത്തോടെ ജീവിക്കുന്ന അമുസ്‌ലീംകളോടല്ല.

عن أنس بن مالك رضي الله عنه : أن رسول الله صلى الله عليه وسلم قال : ” يَتْبَعُ الدَّجَّالَ مِنْ يَهُودِ أَصْبَهَانَ سَبْعُونَ أَلْفًا عَلَيْهِمْ الطَّيَالِسَةُ ” والطيالسة : كساء غليظ مخطط . وفي رواية للإمام أحمد : ” سَبْعُونَ أَلْفًا مِنْ الْيَهُودِ عَلَيْهِمْ التِّيجَانُ”

എഴുപതിനായിരത്തോളം വരുന്ന ദജ്ജാലിന്റെ അനുയായികളായ ജൂതന്മാർ ‘ത്വയാലിസ’ (الطَّيَالِسَةُ) എന്ന ഒരു തരം പരുപരുത്ത ദൃഢമായ വസ്ത്രം ധരിക്കുന്നവരായിരിക്കും എന്ന് ഹദീസുകളിൽ കാണാം. (സ്വഹീഹു മുസ്‌ലിം: 5237)

“അവർ മകുടം അണിഞ്ഞവരായിരിക്കും” എന്ന് മറ്റു ചില ഹദീസുകളിലും പ്രസ്ഥാവിച്ചിട്ടുണ്ട്.
(മുസ്നദു അഹ്മദ്: 12865)

ഏകരൂപമായ ഈ വസ്ത്രം അഥവാ യൂനിഫോമും ഹെൽമെറ്റും സൂചിപ്പിക്കുന്നത് അവർ ആർമി ഭടന്മാരാണ് എന്നാണ്. അല്ലാതെ സാധാരണ പൗരന്മാരല്ല.

(فَلا يَتْرُكُ مِمَّنْ كَانَ يَتْبَعُهُ أَحَدًا إِلا قَتَلَهُ)

“അങ്ങനെ ദജ്ജാലിനെ പിൻപറ്റിയവരിൽ പെട്ട ഒരാളെയും വധിക്കാതെ അദ്ദേഹം വിടില്ല.” (മുസ്നദു അഹ്മദ്: 14426 )

ഹദീസിൽ പ്രസ്ഥാവിക്കപ്പെട്ടിട്ടുള്ളതിൽ നിന്നും ദജ്ജാലിന്റെ ഭടന്മാർ അല്ലാത്ത അമുസ്‌ലിംകളോടല്ല യുദ്ധം എന്ന് വ്യക്തമാണ്.

ഈ വസ്തുതകളും പശ്ചാത്തലവുമെല്ലാം മറച്ചുവെച്ച് കൊണ്ട് യുദ്ധത്തിലെ ഒരു രംഗം മാത്രം അടർത്തിയെടുത്ത് അവതരിപ്പിക്കുന്ന സെലക്റ്റീവ് നെറേഷനും (Selective narrative) സെലക്റ്റീവ് എമ്പതിയും (selective empathy) എത്രമാത്രം വഞ്ചനാത്മകമാണ്!!