പുരുഷാധിപത്യപരമല്ലേ ഇസ്‌ലാമിക നിയമങ്ങൾ?

/പുരുഷാധിപത്യപരമല്ലേ ഇസ്‌ലാമിക നിയമങ്ങൾ?
/പുരുഷാധിപത്യപരമല്ലേ ഇസ്‌ലാമിക നിയമങ്ങൾ?

പുരുഷാധിപത്യപരമല്ലേ ഇസ്‌ലാമിക നിയമങ്ങൾ?

Print Now

പുരുഷാധിപത്യപരമാണ് ഇസ്‌ലാമികനിയമങ്ങളെന്നത് അടിസ്ഥാനരഹിതമായ ഒരു ആരോപണമാണ്.. പുരുഷന്റെയും സ്ത്രീയുടെയും സ്രഷ്ടാവിനാണല്ലോ അവരുടെ പ്രകൃതിയെക്കുറിച്ച് നന്നായറിയുക. പടച്ചവൻ നിര്‍ദേശിക്കുന്ന ധാര്‍മിക വ്യവസ്ഥ ഒരിക്കലും തന്നെ ഒരു വിഭാഗത്തിന്റെ ആധിപത്യത്തിനും മറ്റേ വിഭാഗത്തിന്റെ അധഃസ്ഥിതത്വത്തിനും നിമിത്തമാവുകയില്ല . ഇസ്‌ലാമികനിയമങ്ങൾ സൂക്ഷ്മമായി അപഗ്രഥിച്ചാൽ അവയൊന്നും തന്നെ പുരുഷയാധിപത്യപരമോ പെണ്ണാധിപത്യപരമോ അല്ലെന്ന വസ്തുത മനസ്സിലാവും. പെണ്ണിന്റെ ശരീരത്തെ മാത്രം പരിഗണിക്കുന്ന ഭൗതികവാദത്തിന്റെ കണ്ണിലൂടെ നോക്കുന്നത് കൊണ്ടാണ് ചിലർക്ക് ഇസ്‌ലാം ആണ്കോയ്മയിലധിഷ്ഠിതമാണെന്ന് തോന്നുന്നത്.. പ്രശ്‌നം ഇസ്‌ലാമിക ധാര്‍മിക വ്യവസ്ഥയുടേതല്ല. മറിച്ച്, അതിനെ അളക്കാനുപയോഗിക്കുന്ന അളവുകോലിന്‍േറതാണ് എന്നർത്ഥം.

പുരുഷന്റെയും സ്ത്രീയുടെയും സഹകരണവും പാരസ്പര്യവുമാണ് കുടുംബമെന്ന സ്ഥാപനത്തിന്റെ നിലനില്‍പിന് ആധാരമെന്നാണ്  ഇസ്‌ലാം പഠിപ്പിക്കുന്നത്. ധാര്‍മിക വ്യവസ്ഥ നിലനില്‍ക്കണമെങ്കില്‍ കുടുംബ മെന്ന സ്ഥാപനം കെട്ടുറപ്പോടുകൂടി നിലനില്‍ക്കണമെന്ന അടിത്തറയില്‍നിന്നുകൊണ്ടാണ് ഇസ്‌ലാം നിയമങ്ങളാവിഷ്‌കരിച്ചിരിക്കുന്നത്. കുടുംബംതന്നെ തകരേണ്ടതാണെന്ന തത്ത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇസ്‌ലാമിക നിയമങ്ങള്‍ അസ്വീകാര്യമായി അനുഭവപ്പെട്ടേക്കാം. എന്നാല്‍, ധാര്‍മികതയില്‍ അധിഷ്ഠിതമായ മനുഷ്യ സമൂഹത്തിന്റെ നിലനില്‍പിനെ ക്കുറിച്ച് ചിന്തിക്കുന്നവര്‍ക്കൊന്നും തന്നെ ഏതെങ്കിലുമൊരു ഇസ്‌ലാമിക നിയമം പുരുഷാധിപത്യത്തില്‍ അധിഷ്ഠിതമാണെന്ന് പറയാന്‍ കഴിയില്ല.

കുടുംബമെന്ന സ്ഥാപനത്തിന്റെ കെട്ടുറപ്പും ഭദ്രതയും ഉറപ്പുവരുത്തുന്നതിന് സ്ത്രീക്കും പുരുഷനും അവരുടേതായ പങ്കുവഹിക്കാനുണ്ടെ ന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അവരുടെ അവകാശങ്ങളെയും ഉത്തരവാ ദിത്തങ്ങളെയും ബാധ്യതകളെയും കുറിച്ച ഇസ്‌ലാമിക നിയമങ്ങള്‍ ഈ അടിത്തറയില്‍നിന്നുകൊണ്ടുള്ളതാണ്. സ്ത്രീയെയും പുരുഷനെയും സംബന്ധിച്ച ഇസ്‌ലാമികവീക്ഷണത്തെ ഇങ്ങനെ സംഗ്രഹിക്കാം:

ഒന്ന്: സ്ത്രീയും പുരുഷനും ഒരേ ആത്മാവില്‍നിന്നുണ്ടായവരാണ്. ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍പോലെയാണവര്‍. രണ്ടുപേരും സ്വത ന്ത്രരാണെങ്കിലും ഇരുവരുടെയും പാരസ്പര്യമാണ് രണ്ടുപേര്‍ക്കും പൂര്‍ണത നല്‍കുന്നത്.

രണ്ട്: സ്ത്രീ പുരുഷനോ പുരുഷന്‍ സ്ത്രീയോ അല്ല. ഇരുവര്‍ക്കും തികച്ചും വ്യത്യസ്തവും അതേസമയം പരസ്പര പൂരകവുമായ അസ്തിത്വമാണുള്ളത്.

മൂന്ന്: സ്ത്രീക്കും പുരുഷനും അവകാശങ്ങളുണ്ട്. ഈ അവകാശങ്ങള്‍ നേടിയെടുക്കേണ്ടത് സംഘട്ടനത്തിലൂടെയല്ല, പാരസ്പര്യത്തിലൂടെയാണ്.

നാല്: രണ്ടു കൂട്ടര്‍ക്കും ബാധ്യതകളുണ്ട്. ഈ ബാധ്യതകള്‍ നിര്‍വഹി ക്കുന്നതിലൂടെ മാത്രമേ വ്യഷ്ടിക്കും സമഷ്ടിക്കും നിലനില്‍ക്കാന്‍ കഴിയൂ.

അഞ്ച്: സ്ത്രീ പുരുഷധര്‍മം നിര്‍വഹിക്കുന്നതും പുരുഷന്‍ സ്ത്രീ ധര്‍മം നിര്‍വഹിക്കുന്നതും പ്രകൃതിയുടെ താല്‍പര്യത്തിനെതിരാണ്. ഓരോരുത്ത രും അവരവരുടെ ധര്‍മങ്ങള്‍ നിര്‍വഹിക്കുകയാണ് വേണ്ടത്.
ആറ്: ഓരോരുത്തരും അവരവരുടെ ധര്‍മം നിര്‍വഹിക്കുന്നതും അവകാശ ങ്ങള്‍ അനുഭവിക്കുന്നതും അപരന്റെ അവകാശങ്ങളെ ഹനിച്ചുകൊണ്ടായിക്കൂടാ.

പാരസ്പര്യത്തിന്റേതായ ഈ ഇസ്‌ലാമിക നിയമങ്ങളെല്ലാം തന്നെ പുരുഷനെയും സ്ത്രീയെയും തുല്യമായി പരിഗണിക്കുന്നവയാണ്. ഇവയിലൊന്നും തന്നെ ആണ്കോയ്മയോ പെണ്കോയ്മയോ ആർക്കും കാണാൻ കഴിയില്ല.