ചവച്ച മാംസത്തിൽ നിന്നാണ് മനുഷ്യനെ പടച്ചതെന്ന ക്വുർആൻ പരാമർശം തെറ്റല്ലേ ?

/ചവച്ച മാംസത്തിൽ നിന്നാണ് മനുഷ്യനെ പടച്ചതെന്ന ക്വുർആൻ പരാമർശം തെറ്റല്ലേ ?
/ചവച്ച മാംസത്തിൽ നിന്നാണ് മനുഷ്യനെ പടച്ചതെന്ന ക്വുർആൻ പരാമർശം തെറ്റല്ലേ ?

ചവച്ച മാംസത്തിൽ നിന്നാണ് മനുഷ്യനെ പടച്ചതെന്ന ക്വുർആൻ പരാമർശം തെറ്റല്ലേ ?

Print Now

‘മുദ്വ്അ’യെന്ന ഒരു ഘട്ടം ഭ്രൂണത്തിനുണ്ടെന്ന് ക്വുർആൻ പറയുന്നുണ്ടെന്നത് ശരിയാണ്. നുത്വഫ, അലഖ എന്നീ ഘട്ടങ്ങക്കു ശേഷമുള്ള മൂന്നാം ഘട്ടത്തെയാണ് ക്വുര്‍ആന്‍ ‘മുദ്വ്അ’യെന്ന് വിളിക്കുന്നത്. അലഖയില്‍ നിന്നാണ് മുദ്വ്അയുണ്ടായതെന്ന് ക്വുര്‍ആന്‍ രണ്ടുതവണ പ്രസ്താവിക്കുന്നുണ്ട്. അവ ഇങ്ങനെയാണ്.

”പിന്നെ ആ ബീജത്തെ (നുത്വഫ) നാം ഒരു ഭ്രൂണമായി (അലഖ) രൂപപ്പെടുത്തി. ശേഷം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി (മുദ്വ്അ) രൂപപ്പെടുത്തി. (ക്വുര്‍ആന്‍ 23:14)

മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച് നോക്കുക:) തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍ നിന്നും, പിന്നീട് ബീജത്തില്‍ നിന്നും, പിന്നീട് ഭ്രൂണത്തില്‍ നിന്നും, അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍(മുദ്വ്അ) നിന്നും സൃഷ്ടിച്ചത്. (ക്വുര്‍ആന്‍ 22:5)

മീം, ദ്വ, ഗൊയ്‌ന് എന്നീ അക്ഷരത്രയങ്ങളില്‍ നിന്നാണ് ‘മുദ്വ്അ’യെന്ന പദമുണ്ടായിരിക്കുന്നത്. ഈ അക്ഷരത്രയങ്ങളില്‍ നിന്നുണ്ടാകുന്ന പദങ്ങള്‍ക്കെല്ലാം വായിലിട്ട് ചവയ്ക്കുകയെന്ന ക്രിയയുമായി എന്തെങ്കിലും ബന്ധമുണ്ടായിരിക്കും. ‘മുദ്വ്അ’യെന്നാല്‍ ചവയ്ക്കുകയെന്നര്‍ത്ഥം. ചവയ്ക്കപ്പെട്ടത് എന്ന അര്‍ത്ഥത്തില്‍ ‘യുമ്ദുഅ്’ എന്നും ‘മംദൂഅ്വ്’ എന്നും പ്രയോഗിക്കും. ചവയ്ക്കുന്നവന് മാദ്വിഅ് എന്നാണ് പറയുക. മുകളില്‍ പറഞ്ഞ അക്ഷരത്രയത്തില്‍ നിന്നുണ്ടായ ഒരു സവിശേഷനാമമാണ് ‘മുദ്വ്അ’. ‘ചവയ്ക്കാനുള്ളത്’ എന്ന അര്‍ത്ഥത്തിലും ‘ചവയ്ക്കപ്പെട്ടത്’ എന്ന അര്‍ത്ഥത്തിലുമുപയോഗിക്കുന്ന നാമം. ചെറിയൊരു മാംസപിണ്ഡത്തിനും ഹൃദയത്തെയും നാവിനെയും പോലെയുള്ള ചവച്ചുതിന്നാന്‍ പറ്റുന്ന അവയവങ്ങളെയും മൃദുലമാംസത്തെയും ചവയ്ക്കാനുള്ള ച്യൂയിംഗം പോലുള്ള വസ്തുക്കളെയുമെല്ലാം ‘മുദ്വ്അ’യെന്നു പറയും.

ഭ്രൂണത്തിന്റെ ഇരുപത് മുതല്‍ നാല്‍പതു വരെ ദിവസങ്ങളിലെ രൂപത്തെക്കുറിക്കുവാന്‍ ‘മുദ്വ്അ’യെന്ന പദം വളരെ കൃത്യമാണെന്ന വസ്തുത അത്ഭുതകരമാണ്. ഏതാനും മില്ലീമീറ്റര്‍ മാത്രം നീളമുള്ള മൃദുലമായ ഒരു മാംസപിണ്ഡം. എല്ലില്ലാത്ത കടിച്ചു ചവയ്ക്കാന്‍ പാകത്തിലുള്ള ഒരു മുദ്വ്അ. ഇരുപതാം ദിവസം അതിന്മേല്‍ കടിച്ചതു പോലെയുള്ള അടയാളങ്ങളെപ്പോലെ തോന്നിക്കുന്ന ഒന്നാമത്തെ ജോഡി സോമൈറ്റുകള്‍ പ്രത്യക്ഷപ്പെടുന്നു. മുദ്വ്അയില്‍ ആദ്യത്തെ കടി വീണുവെന്ന് പറയാം. പിന്നെ ദിവസേന രണ്ടും മൂന്നും സോമൈറ്റുകള്‍ ഉണ്ടായിക്കൊണ്ടിരിക്കും. മുദ്വ്അയില്‍ രണ്ടും മൂന്നും നാലും കടികള്‍ വീണുകൊണ്ടിരിക്കും എന്നര്‍ത്ഥം. ചവയ്ക്കാനുള്ളത് എന്നും ചവയ്ക്കപ്പെട്ടത് എന്നും അര്‍ത്ഥം പറയാന്‍ കഴിയുന്ന ‘മുദ്വ്അ’യെക്കാള്‍ കൃത്യമായ പദമേതാണുളളത്, ഈ ഘട്ടത്തെക്കുറിയ്ക്കുവാന്‍?

അലഖയില്‍ നിന്ന് മുദ്വ്അയുണ്ടാകുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന സൂറത്തുല്‍ ഹജ്ജിലെ അഞ്ചാമത്തെ വചനത്തില്‍ മുദ്വ്അയെ രണ്ടാക്കിത്തിരിച്ചത് പ്രത്യേകം ശ്രദ്ധേയമാണ്. മുദ്വ്അത്തിന് മുഖല്ലഖ വ ഗൊയ്‌റി മുഖല്ലഖയെന്നാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മുദ്വ്അയെന്നാണ് ഇതിനെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. മുഅല്ലഖ വഗൊയ്‌റി മുഅല്ലഖയെന്ന മുദ്വ്അക്കു നല്‍കിയ വിശേഷണങ്ങള്‍ ഭ്രൂണപരിണാമത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിക്കുന്നുവെന്ന് ഇബ്‌നു അബ്ബാസും ഖതാദ(റ)യും വിശദീകരിച്ചതായി ഇമാം തബ്‌രിയും ബഗാവിയും തങ്ങളുടെ ക്വുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. മുദ്വ്അയുടെ വിശേഷണങ്ങളായി മുഖല്ലഖയെന്നും ഗ്വൊയ്‌റു മുഖല്ലഖയെന്നും ഉപയോഗിച്ചതില്‍നിന്ന് ഇവരണ്ടും തന്നെ ആ ഘട്ടത്തിലെ രണ്ട് അവസ്ഥകളെയാണ് കുറിക്കുന്നതെന്ന് മനസ്സിലാകുന്നുണ്ട്.

മൂന്നാമത്തെ ആഴ്ച മുതല്‍ ആറാമത്തെ ആഴ്ച വരെയുള്ള കാലയളവില്‍ സോമൈറ്റുകളുടെ ഉല്‍പത്തിയോടൊപ്പം ഭ്രൂണത്തില്‍ നടക്കുന്ന മറ്റു മാറ്റങ്ങളെന്തൊക്കെയാണെന്ന് പരിശോധിക്കുമ്പോഴാണ് രൂപം നല്‍കപ്പെടാത്തതും രൂപം നല്‍കപ്പെട്ടതുമായ മുദ്വ്അയെന്ന പ്രയോഗത്തിന്റെ സൗന്ദര്യം മനസ്സിലാവുക. സോമൈറ്റുകളുണ്ടാക്കുവാന്‍ തുടങ്ങുന്ന ഇരുപതാം ദിവസം ഭ്രൂണം ഒരു കോശക്കൂട്ടം മാത്രമാണ്. സോമൈറ്റുകളുടെ ഉല്‍പത്തിയോടൊപ്പം തന്നെ ഭ്രൂണത്തിന്റെ രൂപം മാറാന്‍ തുടങ്ങുന്നു. ഇരുപത്തിമൂന്നാമത്തെ ദിവസം പത്ത് സോമൈറ്റ് ജോഡികള്‍ ഉണ്ടായതിനുശേഷവും ഗര്‍ഭാശയഭിത്തിയില്‍ പറ്റിക്കിടക്കുന്ന ഒരു ചെറിയ അട്ടയില്‍നിന്ന് കാര്യമായ രൂപവ്യത്യാസങ്ങളൊന്നും തന്നെ ഭ്രൂണത്തിനുണ്ടാവുകയില്ല. ഇരുപത്തിനാലാമത്തെ ദിവസം മുതല്‍ക്കാണ് പ്രകടമായ രൂപവ്യത്യാസം തുടങ്ങുന്നത്. അട്ടയുടെ തലയ്ക്കു കീഴിലായി മാംസകമാനങ്ങള്‍ പ്രത്യക്ഷപ്പെടുന്നതോടെയാണ് ഈ മാറ്റം പ്രകടമാവുക. ഫാരിന്‍ജിയല്‍ കമാനങ്ങള്‍ (pharyngeal arches) എന്നാണ് ഈ കമാനങ്ങളുടെ പേര്. ഒന്നാമത്തെയും രണ്ടാമത്തെയും കമാനങ്ങള്‍ പ്രകടമാവുന്നത് ഇരുപത്തിനാലാം ദിവസമാണ്. ഇരുപത്തിയഞ്ചാം ദിവസമാകുമ്പോള്‍ തലയും വാലും അല്‍പം മുന്നിലേക്കുവളഞ്ഞ് ഏകദേശം അര്‍ദ്ധവൃത്താകൃതിയിലേക്ക് പതിനാറ് സോമൈറ്റുകളുള്ള ഭ്രൂണം പരിണമിക്കുന്നു. ഇരുപത്തിയേഴാം ദിവസമാകുമ്പോഴേക്ക് മൂന്നാമത്തെ ഫാരന്‍ജിയല്‍ കമാനമുണ്ടാവുകയും അതിനുമുകളിലായി ആന്തരിക കര്‍ണമായിത്തീരാനുള്ള കര്‍ണദ്വാരം (oticpit) വ്യക്തമായി കാണാന്‍ തുടങ്ങുകയും ചെയ്യുന്നു. C ആകൃതിയിലുള്ള ഭ്രൂണത്തിനു മധ്യത്തില്‍ കൈമുകുളങ്ങളും (arm buds) കാണാന്‍ തുടങ്ങുന്നത് അന്നുതന്നെയാണ് ഇരുപത്തിയെട്ടാം ദിവസത്തില്‍ നാലാമത്തെ ആഴ്ചയുടെ അവസാനത്തിലാണ് ഫാരിന്‍ജിയല്‍ കമാനങ്ങളുടെ നാലാമത്തെ ജോഡിയും കാല്‍മുകുളങ്ങളും (leg buds)പ്രത്യക്ഷപ്പെടുന്നത്. തലച്ചോറിന്റെ വര്‍ദ്ധനവുകാരണമുള്ള തലയുടെ വളര്‍ച്ചയാണ് അഞ്ചാം ആഴ്ചയില്‍ പ്രധാനമായും നടക്കുന്നത്. തല വളര്‍ന്ന് അതിന്റെ മുഖം ഹൃദയഭാഗത്തെ സ്പര്‍ശിക്കുന്ന അവസ്ഥയിലെത്തുന്നു. ആറാമത്തെ ആഴ്ചയിലാകുമ്പോഴേക്ക് കൈപ്പത്തിയുടെയും കൈമുട്ടുകളുടെയും കൈവിരലുകളുടെയുമെല്ലാം പ്രാഗ്‌രൂപങ്ങള്‍ കാണാന്‍ കഴിയും. നാല്‍പതാമത്തെ ദിവസമാകുമ്പോള്‍ തല കുറേക്കൂടി വലുതാവുകയും ചെവിയായിത്തീരുവാനുള്ള കര്‍ണഅറയും (otic vesicle) കണ്ണിന്റെ ഭാഗത്ത് റെറ്റിനല്‍ വര്‍ണവും (retinal pigment) പ്രത്യക്ഷപ്പെടുകയും ചെയ്യും. സോമൈറ്റുകളെല്ലാം ഉത്ഭവിച്ചു കഴിയുമ്പോഴേക്ക് രൂപം നല്‍കെപ്പട്ട മുദ്വ്അയുടെ പൂര്‍ണരൂപം നമുക്ക് കാണാനാകുമെന്നര്‍ത്ഥം. അപ്പോഴുള്ള മുദ്വ്അക്ക് കണ്ണും കാതും തലയും കൈകാലുകളുമെല്ലാം ഉണ്ടായിരിക്കും.

ഇരുപതാം ദിവസം മുതല്‍ നാല്‍പതാം ദിവസം വരെയുള്ള ചെറിയ കാലയളവില്‍ ഭ്രൂണത്തിനകത്തും പുറത്തുമുണ്ടാകുന്നതുപോലെയുള്ള മാറ്റങ്ങള്‍ മറ്റൊരു ഭ്രൂണഘട്ടത്തിലുമുണ്ടാകുന്നില്ല. കേവലമൊരു കോശക്കൂട്ടമായി ഗര്‍ഭാശയഭിത്തിയില്‍ അള്ളിപ്പിടിച്ച് കിടക്കുകയായിരുന്ന കാര്യമാത്ര പ്രസക്തമായ രൂപങ്ങളൊന്നുമില്ലാതിരുന്ന ഭ്രൂണത്തിന് കൈകാലുകളും തലയും കണ്ണും കാതുമെല്ലാം കാണാന്‍ കഴിയുന്ന രീതിയിലായിത്തീരുന്നത് ഈ ഘട്ടത്തിലാണ്. രൂപം നല്‍കപ്പെട്ടതും (മുഖല്ലഖ) രൂപം നല്‍കപ്പെടാത്തതുമായ (ഗയ്‌റു മുഖല്ലഖ) ചവയ്ച്ച മാംസപിണ്ഡം (മുദ്വ്അ) എന്ന ക്വുര്‍ആനിക പ്രയോഗം എത്രമാത്രം കൃത്യമാണെന്ന് ഇത് മനസ്സിലാക്കിത്തരുന്നു.

മുദ്വ്അയെന്ന പദത്തിന് ചവയ്ക്കപ്പെട്ടത് എന്ന് അര്‍ത്ഥമില്ലെന്നും സോമൈറ്റുകളെക്കുറിച്ച് മനസ്സിലാക്കിയശേഷം ഇസ്‌ലാമിക പ്രബോധകര്‍ പടച്ചുണ്ടാക്കിയതാണ് പ്രസ്തുത അര്‍ത്ഥമെന്നും വാദിക്കുന്നവര്‍ക്ക് ആദ്യകാല ക്രൈസ്തവരേഖകള്‍ തന്നെ മറുപടി പറയുന്നുണ്ട്. ബൈസന്റൈന്‍കാരുടെ ഭരണപ്രദേശത്ത് ഇസ്‌ലാമില്‍നിന്ന് ക്രിസ്തുമതം സ്വീകരിപ്പിക്കുവാന്‍ ഉപയോഗിച്ചിരുന്ന ക്രിസ്താബ്ദം ഒന്‍പതാം നൂറ്റാണ്ടിലെ ഒരു ശാഖാ വര്‍ത്തമാനം ഇങ്ങനെയാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ”മനുഷ്യസൃഷ്ടിയെക്കുറിച്ച മുഹമ്മദിന്റെ പരികല്‍പനകളെ ഞാന്‍ തള്ളിക്കളയുന്നു. മനുഷ്യന്‍ പൊടിയില്‍ നിന്നും ദ്രാവകത്തുള്ളിയില്‍നിന്നും അട്ടകളില്‍നിന്നും ചവയ്ക്കപ്പെട്ടതുപോലുള്ള വസ്തുവില്‍ നിന്നുമാണ് സൃഷ്ടിക്കപ്പെട്ടത് എന്നാണ് അയാള്‍ പറയുന്നത്.”(A Byzantine anathema recorded during Muslim conversions to Christianity reads: I anathematize Muhammad’s teaching about the creation of man, where he says that man was created from dust and a drop of fluid , and leeches and chewed-like substance )

പരിശുദ്ധ ക്വുര്‍ആനിന് ഇസ്‌ലാം വിമര്‍ശകര്‍ നല്‍കിയ പരിഭാഷകളില്‍ പോലും അലഖിന് അട്ടയെന്നും മുദ്വ്അക്ക് ചവച്ചരയ്ക്കപ്പെട്ടത് എന്നുമാണ് അര്‍ത്ഥം നല്‍കിയിരുന്നത് എന്ന് ഇതില്‍നിന്ന് വ്യക്തമാണ്. മുസ്‌ലിംകള്‍ ക്വുര്‍ആന്‍ പരിഭാഷകള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതിനു നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ഗ്രീക്കുഭാഷയിലേക്ക് ക്വുര്‍ആന്‍ ഭാഷാന്തരം ചെയ്ത ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക് അലഖയുടെ അര്‍ത്ഥം അട്ടയെന്നാണെന്നും മുദ്വ്അയുടെ അര്‍ത്ഥം ചവയ്ക്കപ്പെട്ടത് എന്നാണെന്നും മനസ്സിലായിയെന്നാണ ല്ലോ ഇതു മനസ്സിലാക്കിത്തരുന്നത്. ശാസ്ത്രവസ്തുതകള്‍ക്കനുസരിച്ച് ക്വുര്‍ആന്‍ വ്യാഖ്യാനിക്കുകയല്ല, ക്വുര്‍ആന്‍ പ്രയോഗങ്ങളുടെ സത്യതയിലേക്ക് ശാസ്ത്രം തെളിക്കുന്ന വെളിച്ചത്തെക്കുറിച്ച് ബോധ്യപ്പെടുത്തുക മാത്രമാണ് ഇസ്‌ലാമിക പ്രബോധകര്‍ ചെയ്യുന്നതെന്ന യാഥാര്‍ത്ഥ്യമാണ് ഇവിടെ അനാവൃതമാകുന്നത്.