ഖുർആൻ പരിണാമവാദത്തെ അംഗീകരിക്കുന്നുണ്ടോ?

/ഖുർആൻ പരിണാമവാദത്തെ അംഗീകരിക്കുന്നുണ്ടോ?
/ഖുർആൻ പരിണാമവാദത്തെ അംഗീകരിക്കുന്നുണ്ടോ?

ഖുർആൻ പരിണാമവാദത്തെ അംഗീകരിക്കുന്നുണ്ടോ?

Print Now
അല്‍ബഖറ സൂറത്തിലെ 164-ാം ആയത്തില്‍ ”ആകാശത്തുനിന്നും അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട് നിര്‍ജീവാവസ്ഥക്കുശേഷം ഭൂമിക്ക് അത് മുഖേന ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളേയും വ്യാപിപ്പിച്ചതിലും….. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളും നിശ്ചയമായും ഉണ്ട്” എന്ന് പറയുന്നുണ്ട്.
മനുഷ്യന്റെ ഉല്‍പത്തിയെ കുറിച്ച് നമുക്ക് നിശ്ചയമായും യാതൊരു സംശയവുമില്ല. എന്നാല്‍ മറ്റ് ജന്തുവര്‍ഗങ്ങളെ സംബന്ധിച്ച് ഖുര്‍ആനിലെ ഈ ആയത്ത് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ സാധൂകരിക്കുന്നതാണോ?

  • ഇന്ന് ഭൂമുഖത്തുള്ള ജീവജാതികളെല്ലാം രാസ-ജൈവ പ്രേരണകളാല്‍ സ്വയം പരിണമിച്ചുണ്ടായതാണെന്നത്രെ ഡാര്‍വിന്റെയും സമാനമനസ്‌കരുടെയും അഭിപ്രായം. അമീബ എന്ന ഏകകോശ ജീവിമുതല്‍ മനുഷ്യന്‍ എന്ന മഹാവിസ്മയംവരെയുള്ള വൈവിധ്യമാര്‍ന്ന ജീവിവര്‍ഗങ്ങളൊക്കെ ഒന്നില്‍നിന്ന് മറ്റൊന്നായി പരിണമിച്ചത് ആകസ്മിക പരിവര്‍ത്തനങ്ങളുടെ ഫലമായിട്ടായിരുന്നുവെന്നും അതിന്റെ പിന്നില്‍ ആരുടെയും ആശയമോ ആസൂത്രണമോ ഉണ്ടായിട്ടില്ലെന്നും പരിണാമ സിദ്ധാന്തക്കാര്‍ വാദിക്കുന്നു. ഇത്തരം പരിണാമത്തെ സംബന്ധിച്ച് പ്രത്യക്ഷമോ പരോക്ഷമോ ആയ യാതൊരു പരാമര്‍ശവും വിശുദ്ധ ഖുര്‍ആനിലില്ല.
    സസ്യ-ജന്തുവര്‍ഗങ്ങളെ സൃഷ്ടിച്ചതിനെ സംബന്ധിച്ച് പരാമര്‍ശിക്കുന്ന ചില ഖുര്‍ആന്‍ സൂക്തങ്ങളില്‍ അവയൊക്കെ ഇണകളായിട്ടാണ് അഥവാ പരസ്പര പൂരകമായി വര്‍ത്തിക്കുന്ന നിലയിലാണ് സൃഷ്ടിച്ചതെന്ന് ഊന്നിപ്പറഞ്ഞിട്ടുണ്ട്. ”ഭൂമി വരണ്ട് നിര്‍ജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിന്മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത് ഇളകുകയും വികസിക്കുകയും കൗതുകമുള്ള എല്ലാ സസ്യജോടികളെയും അത് മുളപ്പിക്കുകയും ചെയ്യുന്നു”(22:5). ”ഭൂമിയിലേക്ക് അവര്‍ നോക്കിയില്ലേ? എല്ലാ മികച്ച സസ്യജോടികളില്‍ നിന്നും എത്രയാണ് നാം അതില്‍ മുളപ്പിച്ചിരിക്കുന്നത്!”(26:7). ”കന്നുകാലികളില്‍നിന്ന് എട്ട് ജോടികളെയും അവന്‍ നിങ്ങള്‍ക്ക് ഇറക്കിത്തന്നു” (39:6). ”ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും അവരുടെ സ്വന്തം വര്‍ഗങ്ങളിലും അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍!” (36:36).
    പരിസ്ഥിതിശാസ്ത്രം, ജൈവകൃഷി വിജ്ഞാനീയം എന്നിവയിലെ സൂക്ഷ്മ പഠനങ്ങള്‍ വെളിപ്പെടുത്തുന്നതും ഖുര്‍ആനിക പരാമര്‍ശങ്ങളോട് യോജിക്കുന്ന വസ്തുതകളാകുന്നു. സസ്യങ്ങള്‍ പരസ്പരവും ജീവികള്‍ പരസ്പരവും സസ്യങ്ങളും ജീവികളും തമ്മിലും പരസ്പരപൂരകമായ ബന്ധമാണുള്ളതെന്നും ഇതൊന്നും ആകസ്മികമായി ഉരുത്തിരിയാവുന്നതല്ലെന്നും ഈ വിജ്ഞാനശാഖകളിലെ പുതിയ കണ്ടെത്തലുകള്‍ തെളിയിക്കുന്നു.
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ