ഇണകളെ കുറിച്ച ഖുര്‍ആന്‍ വചനങ്ങളിൽ എല്ലാ വസ്തുക്കളും ഇണകളായാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് പറയുന്നുണ്ടല്ലോ. ജീവനുള്ളവയും ഇല്ലാത്തവയുമെല്ലാം എലാ വസ്തുക്കളെയും എന്ന് പറഞ്ഞതിൽ ഉൾപ്പെടെണ്ടതാണ്. അജൈവവസ്തുക്കളിൽ എങ്ങനെയാണ് ഇണകളുണ്ടാവുക? സസ്യങ്ങളെല്ലാം ഇണകളായാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് പറയുന്ന ക്വുർആനിന് അലൈംഗിക പ്രത്യുത്പാദനം നടക്കുന്ന സസ്യങ്ങളെക്കുറിച്ചറിയില്ലെന്ന് വ്യക്തമാണ്. പിന്നെയെങ്ങനെ ഖുർആൻ സസ്യങ്ങളെയെല്ലാം സൃഷ്ടിച്ച ദൈവത്തിൽ നിന്നുള്ളതാവും ?
ഇണകളായാണ് എല്ലാം സൃഷ്ടിക്കപ്പെട്ടതെന്ന് ക്വുർആൻ പറയുന്നുണ്ട്; എന്നാൽ എല്ലാം ഉണ്ടാകുന്നത് ഇണകൾ തമ്മിലുള്ള ബന്ധം വഴിയാണെന്ന് ഖുർആനിലെവിടെയും പറയുന്നില്ല. ഇണകൾ എന്ന് പറയുമ്പോഴേക്ക് അത് പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട പരാമര്‍ശമാണെന്ന് തെറ്റിദ്ധരിക്കുന്നതു കൊണ്ടാണ് ഈ വിമര്ശനമുണ്ടാവുന്നത്.
ഇണകളെക്കുറിച്ച് പറയുന്ന ഒരു ക്വുർആൻ സൂക്തം നോക്കുക:
”എല്ലാ വസ്തുക്കളില്‍ നിന്നും ഈരണ്ട് ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി.” (51:49)
എല്ലാവസ്തുക്കളിലും ഇണകളുണ്ട് എന്ന വചനത്തെ ബാഹ്യമായി അപഗ്രഥിച്ചാല്‍ ജീവിവര്‍ഗങ്ങളിലും സസ്യജാലങ്ങളിലും പെട്ട ഇണകളെകുറിച്ചാകാം ഇതെന്ന് ആര്‍ക്കും മനസ്സിലാവും. മനുഷ്യരിലും സസ്യവര്‍ഗങ്ങളിലും എല്ലാം പെട്ട ഇണകളെകുറിച്ച് ഖുര്‍ആന്‍ പ്രത്യേകം എടുത്ത് പറയുന്നുമുണ്ട്.
”നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും, ആകാശത്ത് നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്. അങ്ങനെ അത് വഴി വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ഇണകൾ നാം (അല്ലാഹു) ഉല്പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു.” (20:53)
”നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.” (30:21)
മനുഷ്യരില്‍ നിന്നുള്ള ഇണകളെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഖുര്‍ആന്‍ വളരെ കൃത്യമായ ചില പ്രയോഗങ്ങള്‍ നടത്തുന്നുണ്ട്. ആണിനെയും പെണ്ണിനെയും വ്യവഛേദിക്കുന്നത് സ്രവിക്കപ്പെടുന്ന ബീജമാണെന്ന വസ്തുത ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
”ആണ്, പെണ് എന്നീ രണ്ട് ഇണകളെ അവനാണ് സൃഷ്ടിച്ചതെന്നും ഒരു ബീജം സ്രവിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന്…” (53:45,46)
പുരുഷ ബീജത്തിലെ ക്രോമോസോമുകളാണ് കുഞ്ഞിന്റെ ലിംഗനിര്‍ണയം നടത്തുന്നതിന്റെ അടിത്തറയായി വര്‍ത്തിക്കുന്നതെന്ന വസ്തുത ഇന്ന് നമുക്കറിയാം. പെണ്‍കോശങ്ങളില്‍ ലിംഗക്രോമോസോമായ x മാത്രമെ കാണൂ; ഒരേ തരത്തിലുള്ള രണ്ട് ക്രോമസോമുകള്‍. അതിന് ഊനഭംഗം നടന്നുണ്ടാവുന്ന ലിംഗ കോശത്തില്‍-അണ്ഡം-ഒരേയൊരു x ക്രോമസോം മാത്രമെയുണ്ടാവൂ. എന്നാല്‍ ആണ് കോശങ്ങളില്‍ XY എന്നീ രണ്ട് ലിംഗ ക്രോമസോമുകളുമുണ്ടാവൂം. ഊനഭംഗത്തിലൂടെ പുംബീജങ്ങളുണ്ടാവുമ്പോള്‍ അതില്‍ പകുതി x ക്രോമസോം ഉള്‍ക്കൊള്ളുന്നതും പകുതി Y ക്രോമസോം ഉള്‍ക്കൊള്ളുന്നതുമായിരിക്കും. x ഉള്‍ക്കൊള്ളുന്ന ബീജമാണ് അണ്ഡവുമായി യോജിക്കുന്നതെങ്കില്‍ അതുമൂലമുണ്ടാകുന്ന സിക്താണ്ഡം വളര്‍ന്ന് പെണ്‍കുട്ടിയും Y ക്രോമസോം ഉള്‍ക്കൊള്ളുന്ന ബീജവുമായാണ് അണ്ഡവുമായി സങ്കലിക്കുന്നതെങ്കില്‍ അത് ആണ്‍കുട്ടിയുമായിത്തീരുമെന്നതാണ് പൊതുവായ അവസ്ഥ. സ്രവിക്കപ്പെടുന്ന ബീജത്തില്‍ നിന്നാണ് ആണ്, പെണ് തുടങ്ങിയ ഇണകളുണ്ടായിത്തീരുന്നതെന്ന ഖുര്‍ആനിക പരാമര്‍ശം എത്ര കൃത്യം! സൂക്ഷ്മം! ”ആണ്, പെണ് എന്നീ രണ്ട് ഇണകളെ അവനാണ് സൃഷ്ടിച്ചതെന്നും ഒരു ബീജം സ്രവിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന്…” (53:45,46)
കൂറേക്കൂടി സൂക്ഷ്മമായ പരിശോധനയില്‍ ഓരോ തവണ സ്രവിക്കപ്പെടുന്ന ബീജങ്ങളെയും നമുക്ക് ആണ് ബീജങ്ങളായും പെണ്‍ബീജങ്ങളായും വിഭജിക്കുവാനാകുമെന്ന് ബോധ്യപ്പെടുന്നു. x ക്രോമസോം ഉള്‍ക്കൊള്ളുന്നവ പെണ്‍ബീജങ്ങള്‍; Y ക്രോമസോം ഉള്‍കൊള്ളുന്നവ ആണ്‍ബീജങ്ങള്‍. സ്രവിക്കപ്പെടുന്ന ബീജത്തില്‍ തന്നെ ആണ്, പെണ് എന്നീ രണ്ടു തരം ഇണകളുമുണ്ടെന്ന ഖുര്‍ആനിക പരാമര്‍ശം വളരെ കൃത്യമാണെന്ന് സൂക്ഷ്മ പരിശോധനയില്‍ തെളിയുന്നു.
നടേ ഉദ്ധരിച്ച ഇണകളെ കുറിച്ച് പരാമര്‍ശിക്കുന്ന ഖുര്‍ആന്‍ സൂക്തം പരിശോധിക്കുക. ”എല്ലാ വസ്തുക്കളില്‍ നിന്നും ഈരണ്ട് ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി.” (51:49).
എല്ലാ വസ്തുക്കളില്‍ നിന്നും ഈരണ്ട് ഇണകളെ സൃഷ്ടിച്ചിരിക്കുന്നുവെന്നാണ് ഖുര്‍ആന്‍ ഇവിടെ പറയുന്നത്. വസ്തുകളെല്ലാം നിര്‍മിക്കപ്പെട്ടിരിക്കുന്നത് ആറ്റങ്ങളെ കൊണ്ടാണെന്ന് ഇന്ന് നമുക്കറിയാം. എന്തുകൊണ്ടാണ് ആറ്റങ്ങള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്? പോസിറ്റീവ് ചാര്‍ജുള്ള ന്യൂക്ലിയസിന് പുറത്ത് പിടികൊടുക്കാതെ തെന്നിമാറിക്കൊണ്ടിരിക്കുന്ന ഇലക്ട്രോണ്‍ മേഘപടലമാണ് ആറ്റമെന്ന ചിത്രമാണ് ക്വാണ്ടം ബലതന്ത്രത്തിന്റേത്. പോസിറ്റീവ് ചാര്‍ജുള്ള പ്രോട്ടോണുകളും അതിനു തുല്യമായ എണ്ണം നെഗറ്റീവ് ചാര്‍ജുള്ള ഇലക്ട്രോണുകളും ചേര്‍ന്നാണ് ആറ്റത്തിന്റെ ഘടനയും സ്വഭാവങ്ങളുമെല്ലാം നിര്‍ണയിക്കുന്നത്. ഇലക്ട്രോണുകളും പ്രോട്ടോണുകളുമാകുന്ന ഇണകളുടെ പാരസ്പര്യമാണ് ആറ്റോമികലോകത്ത് നടക്കുന്നത്. ഖുര്‍ആന്‍ പറഞ്ഞതാണ് ശരി. എല്ലാ വസ്തുക്കളിലും പെട്ട ഇണകളെ സൃഷ്ടിച്ചവന് എത്ര പരിശുദ്ധന്!
നമുക്ക് അറിയുന്നതും അറിയാത്തതുമായ വസ്തുകളെല്ലാം നിലനില്‍ക്കുന്നത് ഇണകളുടെ പാരസ്പര്യത്താലാണെന്നാണ് ഖുര്‍ആന്‍ നല്കുന്ന സൂചന. സൂറത്തു യാസീനിലെ ശ്രദ്ധേയമായ ഒരു വചനം ശ്രദ്ധിക്കുക. ”ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും, അവരുടെ സ്വന്തം വര്‍ഗങ്ങളിലും, അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന് എത്ര പരിശുദ്ധന്!” (36:36)
ഈ വചനത്തിലെ ‘അവര്‍ക്കറിയാന്‍ പറ്റാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്’ എന്ന പരാമര്‍ശം ഏറെ ശ്രദ്ധേയമാണ്.
നമുക്ക് അറിയാവുന്നതും അല്ലാത്തതുമായ വസ്തുക്കളെല്ലാം സൃഷ്ടിക്കപ്പട്ടിട്ടുള്ളത് ഇണകളായിട്ടാണ് എന്ന വസ്തുതയാണ് ആറ്റോമിക് ഭൗതികം നമുക്ക് നല്കിക്കൊണ്ടിരിക്കുന്ന അറിവുകളിലൊന്ന്. ഇലക്ട്രോണ്‍, പ്രോട്ടോണ്‍ എന്നീ ഇണകളുടെ പാരസ്പര്യത്താലാണ് ആറ്റത്തിന്റെ നിലനില്പെന്ന് പറഞ്ഞുവല്ലോ. ന്യൂട്രോണുകളും പ്രോട്ടോണുകളും നിര്‍മിക്കപ്പെട്ടിരിക്കുന്നത് ആറു തരം ക്വാര്‍ക്കുകളെ കൊണ്ടാണ്. ഈ ക്വാര്‍ക്കുകളെ വേര്‍പിരിക്കുവാന്‍ സാധ്യമല്ല. ന്യൂട്രോണുകള്‍ക്കും പ്രോട്ടോണുകള്‍ക്കുമകത്തുള്ള ഓരോ ക്വാര്‍ക്കും അതിന്റെ ആന്റിക്വാര്‍ക്കുമായി പരസ്പരം ഇണചേര്‍ന്നു കിടക്കുകയാണ്. അവയെ വേര്‍പിരിക്കുവാനേ സാധ്യമല്ല. ഒരിക്കലും വേര്‍പിരിക്കാനാവാത്ത ഈ ഇണചേരലിനെയാണ് ‘ഇന്‍ഫ്രാറെഡ് അടിമത്തം’ (infrared slavery) അല്ലെങ്കില്‍ ‘വര്‍ണപരിമിതപ്പെടുത്തല്‍’ (colour confinement) എന്നു വിളിക്കുന്നത്. ക്വാര്‍ക്കുകള്‍ തമ്മിലുള്ള അതിശക്തമായ ഇണചേരലിനെ കുറിച്ച പഠനശാഖയാണ് ക്വാണ്ടം ക്രോമോഡൈനാമിക്സ് (quantum chromodynamics). അത് പഠിക്കുമ്പോൾ ഖുര്‍ആനിനോടൊപ്പം നമ്മളും പറഞ്ഞു പോകുന്നു, നമുക്കറിയാത്ത വസ്തുക്കളില്‍ പോലും ഇണകളെ സൃഷ്ടിച്ചവന് എത്ര പരിശുദ്ധന്!
ഇങ്ങനെ, അറിയും തോറും എല്ലാ വസ്തുകളിലുമുള്ള ഇണകളെ പറ്റി നമുക്ക് കൂടുതല്‍ കൂടുതല്‍ മനസ്സിലാവുന്നു! ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലാര്‍ജ് ഹൈഡ്രോണ് കൊളൈഡര്‍ പരീക്ഷണം ഇത്തരമൊരു ഇണയെക്കൂടി തിരഞ്ഞുകൊണ്ടുള്ളതാണല്ലോ. പ്രപഞ്ചത്തെ വിശദീകരിക്കുവാന്‍ ഇന്ന് ഉപയോഗിക്കുന്ന സ്റ്റാന്റേര്‍ഡ് മോഡല്‍ പ്രകാരം, ശ്യാമഊര്‍ജത്തെയും ശ്യാമദ്രവ്യത്തെയും കുറിച്ച് കൃത്യമായി അറിയുവാന്‍ ഉപയോഗിക്കുന്ന സൂപ്പര്‍ സിമ്മട്രിയിലെ ഓരോ കണത്തിനുമുള്ള സൂപ്പര്‍ പങ്കാളികളെ (super partners) കണ്ടെത്തുകയാണല്ലോ ആയിരം കോടി ഡോളര്‍ ചെലവു ചെയ്തു നിര്‍മിച്ച എല്‍.എച്ച്.സി യുടെ ലക്ഷ്യങ്ങളിലൊന്ന്. വസ്തുക്കള്‍ നിര്‍മിക്കാനുപയോഗിക്കപ്പെട്ട കൂടുതല്‍ സൂക്ഷ്മമായ ഇണകളെ കുറിച്ച് ലോകം അറിഞ്ഞുകൊണ്ടിരിക്കുകയാണ്. അഗാധതകളിലേക്ക് പോകുമ്പോള്‍ ഇണകളുടെ പാരസ്പര്യമാണ് സൃഷ്ടിപ്രപഞ്ചത്തിലെ എല്ലാത്തിനും നിദാനമെന്ന് മാനവരാശി മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു; ഒപ്പം തന്നെ ഒരിക്കലും തെറ്റുപറ്റാത്ത വചനങ്ങളാണ് ഖുര്‍ആനിലുള്ളതെന്നും.
എല്ലാ സസ്യങ്ങളെയും ഇണകളായി സൃഷ്ടിച്ചുവെന്ന ഖുര്‍ആനിക പരാമര്‍ശം കാണ്ഡം മുറിച്ച് നടുന്ന സസ്യങ്ങളുണ്ടെന്ന വസ്തുതയുടെ വെളിച്ചത്തില്‍ അബദ്ധമാണെന്നാണ് മറ്റൊരു വിമർശനം.
സസ്യങ്ങള്‍ക്കിടയില്‍ ഇണകളുണ്ടെന്ന് വ്യക്തമാക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ സാരം ഇങ്ങനെയാണ്. ”നിങ്ങള്‍ക്ക് വേണ്ട ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും, ആകാശത്ത് നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്. അങ്ങനെ അത് (വെള്ളം) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ നാം (അല്ലാഹു) ഉല്പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു.” (20:53)
”ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും, അവരുടെ സ്വന്തം വര്‍ഗങ്ങളിലും, അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന് എത്ര പരിശുദ്ധന്!” (36:36)
ഈ സൂക്തങ്ങളിലൊന്നും തന്നെ സസ്യങ്ങളിലെല്ലാം പ്രത്യുല്പാദനം നടക്കുന്നത് ഇണകള്‍ തമ്മിലുള്ള ലൈംഗികബന്ധം വഴിയാണെന്ന സൂചനകളൊന്നും തന്നെയില്ല. സസ്യങ്ങള്‍ക്കിടയില്‍ ഇണകളുണ്ടെന്ന് മാത്രമാണ് ഈ സൂക്തങ്ങള്‍ വ്യക്തമാക്കുന്നത്. ലൈംഗിക പ്രത്യുല്പാദനവും അലൈംഗിക പ്രത്യുല്പാദനവും സസ്യങ്ങള്‍ക്കിടയില്‍ നടക്കുന്നുണ്ടെന്ന വസ്തുതയെ ഈ വചനങ്ങള്‍ നിഷേധിക്കുന്നില്ല.
പൂക്കളാണ് സസ്യങ്ങളിലെ പ്രത്യുല്പാദന കേന്ദ്രം. രണ്ടുതരം പൂക്കളുണ്ട്. ഏകലിംഗികളും (unisexual) ദ്വിലിംഗികളും (bisexual). ആണ് ലൈംഗികാവയവമായ കേസരങ്ങളോ (androecium) പെണ്‍ലൈംഗികാവയവമായ ജനിയോ (gynoecium) മാത്രമുള്ള പുഷ്പങ്ങളാണ് ഏകലിംഗികള്‍. ഒരേ പുഷ്പത്തില്‍ തന്നെ ഇവ രണ്ടുമുണ്ടെങ്കില്‍ അവയെ ദ്വിലിംഗികള്‍ എന്നും വിളിക്കുന്നു. കേസരങ്ങളിലെ പരാഗികളില്‍ (anther) നിന്ന് പരാഗം ജനിയില്‍ പതിക്കുമ്പോഴാണ് ബീജസങ്കലനം നടക്കുന്നത്. പരാഗം ജനിയില്‍ പതിക്കുന്ന പ്രക്രിയക്കാണ് പരാഗണം (pollination) എന്നു പറയുന്നത്. ഒരു പുഷ്പത്തിലെ പരാഗം അതേ പുഷ്പത്തിലെ ജനിയില്‍ പതിക്കുന്നതിന് സ്വയംപരാഗണം എന്നും മറ്റൊരു പുഷ്പത്തിലെ ജനിയില്‍ പതിക്കുന്നതിന് പരപരാഗണം എന്നും പറയുന്നു. ചില ചെടികള്‍ സ്വയം പരാഗണം നടത്തുന്നു; മറ്റു ചിലവ പരപരാഗണവും. ഇങ്ങനെ പരാഗണം നടത്തുന്ന ചെടികളില്‍ ചിലതിനെ കാണ്ഡത്തില്‍ നിന്ന് മാത്രമായി വളര്‍ത്തിയെടുക്കാന്‍ കഴിയും. മരച്ചീനിയും ചെമ്പരത്തിയും റോസാചെടിയുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഇവയില്‍ പുഷ്പങ്ങളും അതില്‍ ലൈംഗികാവയവങ്ങളുമുണ്ട്. അവ തമ്മില്‍ പരാഗണം നടക്കുന്നുണ്ടെങ്കിലും കായുണ്ടാകുന്നതിന് അത് നിമിത്തമാകുന്നില്ല; അതിന് മറ്റുചില ധര്‍മങ്ങളാണുള്ളത്. മുറിച്ച് നട്ടുകൊണ്ട്, കാണ്ഡത്തില്‍ നിന്നാണ് പുതിയ ചെടിയുണ്ടാവുന്നത്. ചെടിയുണ്ടാവുന്നത് ലൈംഗിക പ്രത്യുല്പാദനം വഴിയല്ലെങ്കിലും ഇവയിലും പൂക്കളുണ്ട്, അവയില്‍ ആണവയവങ്ങളും പെണ്ണവയവങ്ങളുമുണ്ട്. അവയും ഇണകളായാണ് സ്ഥിതി ചെയ്യുന്നത് എന്ന് സാരം.
അലൈംഗിക പ്രത്യുല്പാദനം മാത്രം നടത്തിവരുന്ന ജീവികളായി വ്യവഹരിക്കപ്പെട്ടു പോന്നിരുന്ന അമീബയെപ്പോലുള്ള ജീവികളില്‍ പോലും ചില ലൈംഗിക പെരുമാറ്റങ്ങളുണ്ടെന്ന് ഈയിടെയായി ശാസ്ത്രജ്ഞന്മാര് നിരീക്ഷിച്ചിട്ടുണ്ട്. ചില അമീബകള്‍ മറ്റു ചിലവയുടെ ഇണകളായി വര്‍ത്തിക്കുന്നുണ്ടത്രെ! എഡിന് ബര്‍ഗ് സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് (www.ed.ac.uk) ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചത് കാണാം. എല്ലാം ഇണകളായാണ് സൃഷ്ടിക്കപ്പെട്ടത് എന്ന ഖുര്‍ആനിക പരാമര്‍ശത്തിന്റെ കൃത്യതയിലേക്കാണ് ഈ ഗവേഷണങ്ങളെല്ലാം വിരല്‍ചൂണ്ടുന്നത്.