ഹദീഥ്ഗ്രൻഥങ്ങൾ ക്രോഡീകരിക്കപ്പെട്ടത് നബിക്കു ശേഷമുള്ള നാലാം തലമുറയിലും അതിനു ശേഷവുമാണല്ലോ. ഓരോ ഹദീഥുകളും ഗ്രന്ഥകർത്താക്കളുടെ അടുത്തെത്തുന്നത് നിരവധി നിവേദകരിലൂടെയാണ്. ഈ നിവേദകരെല്ലാം സത്യസന്ധരായാൽ മാത്രമാണ് പ്രസ്തുത ഹദീഥ് നബിയിൽ നിന്നുള്ളതാണെന്ന് ഉറപ്പിച്ച് പറയാൻ കഴിയുക. നിവേദകരുടെ സത്യസന്ധതയെക്കുറിച്ച കേവലം ഊഹങ്ങളല്ലാതെ ശാസ്ത്രീയമായ വല്ല തെളിവും ഹദീഥ് നിദാനശാസ്ത്രം നൽകുന്നുണ്ടോ?
ഹദീഥ് നിവേദനങ്ങൾ സത്യസന്ധം തന്നെയാണെന്ന് ഉറപ്പിക്കുവാൻ തികച്ചും ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ രീതി തന്നെ ഹദീഥ് നിദാനശാസ്ത്രജ്ഞന്മാർ വികസിപ്പിച്ചിട്ടുണ്ട്. ആ രീതിക്കാണ് അൽജർഹു വ ത്തഅദീൽ എന്ന് പറയുക.
പ്രവാചകൻ മുതല്‍ ഹദീഥുകള്‍ ശേഖരിക്കുന്ന വ്യക്തിവരെ ആരിലൂടെയൊക്കെയാണ് ഒരു ഹദീഥ് കടന്നുവന്നിട്ടുള്ളതെന്ന് മനസ്സിലാക്കുകയാണ് ഹദീഥ് നിദാനശാസ്ത്രത്തിലെ ഇസ്നാദ് പരിശോധനയെന്ന ഒന്നാം ഘട്ടം. അത് മനസ്സിലാക്കിക്കഴിഞ്ഞാല്‍ പിന്നെ ആ കടന്നുവന്ന വ്യക്തികളുടെ വിശ്വാസ്യതയെക്കുറിച്ച് പഠിക്കുകയും അവരിലോരോരുത്തര്‍ക്കും അതിനു നേരെ മുമ്പു ള്ള വ്യക്തിയില്‍ നിന്നു തന്നെയാണോ പ്രസ്തുത ഹദീഥ് കിട്ടിയതെന്ന് പരിശോധിക്കുകയും ചെയ്യുകയാണ് ഉസ്വൂലുല്‍ ഹദീഥിന്റെ രണ്ടാ മത്തെ അപഗ്രഥനഘട്ടം. ഇസ്നാദിലുള്ള ഓരോരുത്തരെയും കൃത്യമായി അപഗ്രഥിക്കുകയും അവര്‍ വിശ്വസ്തരാണോയെന്ന് പരിശോധി ക്കുകയും ചെയ്യുക മാത്രമല്ല, നിവേദനത്തില്‍ എവിടെയെങ്കിലും വിശ്വസ്തരല്ലാത്ത ആരുടെയെങ്കിലും പങ്കാളിത്തമുണ്ടോ എന്നുകൂടി ഈ ഘട്ടത്തില്‍ വിലയിരുത്തപ്പെടുന്നു. നിവേദകനെക്കുറിച്ച അപഗ്രഥനവും നിവേദനത്തിന്റെ നൈരന്തര്യവും ഈ ഘട്ടത്തില്‍ പരിശോധിക്ക പ്പെടേണ്ടതുണ്ട്. പ്രസ്തുത പരിശോധനയ്ക്ക് ശേഷം മാത്രമെ ഹദീഥ് സ്വീകാര്യമാണോയെന്ന് തീരുമാനിക്കുകയുള്ളൂ. ഇസ്നാദുകളുടെ പരിശോധനവഴി ഹദീഥ് പണ്ഡിതന്മാര് നിര്‍വഹിച്ച ദൗത്യമിതാണ്.
ഹദീഥ് നിവേദകന്മാരെക്കുറിച്ച അപഗ്രഥിച്ചുള്ള പഠനം ‘വിമര്‍ശനവും അംഗീകാരവും’ (അല്‍ജര്‍ ഹു വ ത്തഅ്ദീല്‍) എന്ന സാങ്കേതികശബ്ദം കൊണ്ടാണ് പരിചയപ്പെടുത്തപ്പെടാറുള്ളത്. നിവേദകന്റെ വ്യക്തിത്വത്തിന്റെ വിവിധ വശ ങ്ങളെക്കുറിച്ച്, ഒരു കുറ്റാന്വേഷകന്റെ സൂക്ഷ്മതയോടെ ചോദ്യം ചെയ്യുകയും അംഗീകരിക്കാനാവുന്നവരെ മാത്രം സ്വീകരിക്കുകയും ചെയ്യുന്ന ഉസ്വൂലുല്‍ ഹദീഥിലെ സുപ്രധാനമായ ഒരു ഘട്ടമാണിത്. നിവേദകന്റെ വ്യക്തിത്വത്തിന്റെ പൂര്‍ണമായ അപഗ്രഥനമാണിത്; അയാള്‍ എത്രത്തോളം സ്വീകാര്യമായ വ്യക്തിത്വത്തിന്റെ ഉടമയാണ് (അദാലത്ത്) എന്നും അദ്ദേഹത്തിലൂടെയുള്ള നിവേദനങ്ങള്‍ എത്ര ത്തോളം കൃത്യമാണ് (ദ്വബ്ത്) എന്നുമുള്ള അന്വേഷണം.
സ്വഹാബികള്‍ക്കു ശേഷമുള്ള തലമുറയായ താബിഉകളുടെ കാലത്ത് വിശദമായ രീതിയിലല്ലെങ്കിലും ഹദീഥുകളിലെ നെല്ലും പതിരും വേര് തിരിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടിരുന്നു. അടുത്ത തലമുറകളിലും ഈ ശ്രമം തുടർന്നു.
ഹിജ്റ രണ്ടാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനുമിടയിൽ ഹദീഥ് പഠന-ഗവേഷണ രംഗത്തെ സുവര്‍ണകാലമായി അറിയപ്പെടുന്ന കാലത്ത് ഹദീഥ് നിദാനശാസ്ത്രത്തിന് മഹത്തായ സംഭാവനകളര്‍പ്പിച്ച നിരവധി മഹാപ്രതിഭകൽ ജീവിച്ചിരുന്നിട്ടുണ്ട്. . എങ്ങനെയാണ് ഈ മഹാപ്രതിഭകള്‍ ഹദീഥ് നിവേദകന്മാരുടെ സ്വീകാര്യത പരിശോധിച്ചതെന്ന് മനസ്സിലാക്കുമ്പോള്‍ ആധുനിക കുറ്റാന്വേ ഷകരുടേതിനെക്കാള്‍ കുറ്റമറ്റ രീതിയിലായിരുന്നു അവരുടേത് എന്ന വസ്തുത ആര്‍ക്കും അംഗീകരിക്കേണ്ടിവരും.
ഒരു ഹദീഥിന്റെ നിവേ ദകന്മാര് ആരൊക്കെയാണെന്ന് പരിശോധിക്കുകയും അവരെക്കുറിച്ച് ലഭ്യമായ അറിവുകളെല്ലാം ശേഖരിക്കുകയുമാണ് ഒന്നാമതായി ചെയ്യുന്നത്. നിവേദകന്‍മാരായി അറിയപ്പെടുന്നവരില്‍ എല്ലാവരും ജീവിച്ചിരുന്നുവെന്നും അവര്‍ ഹദീഥുകള്‍ നിവേദനം ചെയ്തിട്ടുണ്ടെ ന്നും ഉറപ്പുവരുത്തുകയാണ് അടുത്തപടി. അവരില്‍ ഓരോരുത്തരെയും പ്രസിദ്ധരായ ഹദീഥ് നിവേദകര്‍ക്ക് പരിചയമുണ്ടെങ്കില്‍ മാത്രമെ അവരിലൂടെയുള്ള ഹദീഥുകള്‍ പരിശോധനക്കായി പരിഗണിക്കുകയുള്ളൂ. അങ്ങനെയല്ലെങ്കില്‍ നിവേദകന് അജ്ഞാതനാണെന്ന് (മജ്ഹൂല്‍) പറഞ്ഞ് പ്രസ്തുത ഹദീഥ് മാറ്റിവെക്കുകയാണ് ചെയ്യുക. ഓരോ നിവേദകനെയും ഈ തലത്തില്‍ പരിശോധിച്ച ശേഷമാണ് അടു ത്തഘട്ടത്തിലേക്ക് കടക്കുക.
ഓരോ നിവേദകനും വ്യത്യസ്ത ഗുരുക്കന്മാരില്നിന്ന് നിവേദനം ചെയ്ത ഹദീഥുകളെ താരതമ്യത്തിന് വിധേ യമാക്കുകയാണ് അടുത്ത ഘട്ടം. തന്റെ ഗുരുവില്‍നിന്ന് ഹദീഥ് നിവേദനം ചെയ്ത ഒരാള്‍ എത്രമാത്രം പരിഗണനാര്‍ഹമാണെന്ന് തീരുമാനി ക്കുന്നതിന് അയാളല്ലാത്ത അതേ ഗുരുവിന്റെ മറ്റു ശിഷ്യന്മാരില് എത്രപേര്‍ പ്രസ്തുത ഹദീഥ് നിവേദനം ചെയ്തിട്ടുണ്ടെന്നാണ് പ്രധാന മായും പരിശോധിക്കുക. ഗുരുവിന്റെ ശിഷ്യന്മാരില് നല്ലൊരുശതമാനമാളുകള്‍ പ്രസ്തുത ഹദീഥ് നിവേദനം ചെയ്തിട്ടുണ്ടെങ്കില്‍ മാത്ര മെ അയാള്‍ സ്വീകാര്യനായി വിലയിരുത്തപ്പെടുകയുള്ളൂ. ‘ഒരാള്‍ നിവേദനം ചെയ്ത ഹദീഥുകളില്‍ ഭൂരിഭാഗവും സത്യസന്ധരും സൂക്ഷ്മാ ലുക്കളുമെന്ന് തെളിയിക്കപ്പെട്ട നിവേദനകന്‍മാരുടെ ഹദീഥുകളുമായി യോജിക്കുന്നവയല്ലെങ്കില്‍ അയാളെ ദുര്‍ബലനായി (ദ്വഈഫ്) പരിഗ ണിക്കപ്പെടു’മെന്നാണ്(സ്വഹീഹു മുസ്ലിം, മുഖദ്ദിമ.) ഇമാം മുസ്ലിം തന്റെ ഹദീഥ് സമാഹാരത്തിന്റെ മുഖവുരയില്‍ വ്യക്തമാക്കുന്നത്.
അറിയപ്പെടുന്നവനും പരിഗണാര്‍ഹനുമായ നിവേദകനാണെങ്കിലും അയാളുടെ ഹദീഥുകള്‍ സ്വീകാര്യമാകണമെങ്കില്‍ വളരെ പ്രധാനപ്പെട്ട അടുത്ത ഘട്ടം കൂടി കടന്നുപോകേണ്ടതുണ്ട്. അയാളുടെ വ്യക്തിത്വം എത്രത്തോളം സ്വീകാര്യമാണെന്ന പരിശോധനയാണത്. ഋജുത്വ (അദാലത്ത്) പരിശോധനയെന്ന് ഈ ഘട്ടത്തെ വിളിക്കാം.
ഈ ഘട്ടത്തില്‍ നിവേദകനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി അന്വേഷകന് ചോദിക്കുന്ന ചോദ്യങ്ങള്‍ ഇവയാണ്.
(1) നബി(സ)യുടെ പേരില്‍ കളവു പറയുന്നവനാണോ?
(2) സാധാരണ സംസാരങ്ങളില്‍ കളവു പറയുന്നവനാണോ?
(3) മതത്തില്‍നിന്ന് പുറത്തു പോകുന്നതരത്തിലുള്ള അനാചാരങ്ങളുടെ(ബിദ്അത്ത്) വക്താവാണോ?
(4) കക്ഷിത്വത്തിനനുകൂലമായി ഹദീഥ് നിവേദനം ചെയ്യുന്നയാളാണോ?
(5) മതവിരോധിയാണോ?
(6) ദുര്‍നടപ്പുകാരനാണോ?
(7) കാര്യബോധവും മര്യാദയും മാന്യതയുമില്ലാത്തവനാണോ?
(8) താന്‍ പറയുന്നതെന്തെന്ന് ഗ്രഹിക്കാനാവാത്ത ഭോഷനാണോ?
ഈ ചോദ്യങ്ങള്‍ക്കെല്ലാം ‘അല്ല’യെന്ന ഉത്തരമുണ്ടെങ്കില്‍ മാത്രമെ അയാളിലൂടെയുള്ള നിവേദനം ഋജുത്വ പരിശോധനയുടെ അരിപ്പയിലൂടെ കടന്നുപോവുകയുള്ളൂ. അങ്ങനെ കടന്നുപോയ ഹദീഥുകള്‍ മാത്രമാണ് അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നത്. നിവേദകന്മാരുടെ വ്യക്തിത്വ വിമര്‍ശനത്തിന് (അദാലത്ത്) ശേഷം നടക്കുന്നത് ഹദീഥിന്റെ കൃത്യതാ പരിശോധനയാണ് (ദ്വബ്ത്ത്). ഋജുവും സത്യസന്ധനുമാണെങ്കിലും നിവേദകന് ഹദീഥ് നിവേദനത്തില്‍ കൃത്യത പാലിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന അന്വേഷണമാണത്. ഈ ഘട്ടത്തിലും നിവേദകന്മാര് അന്വേഷകന്റെ പ്രതിക്കൂട്ടില്‍ നില്ക്കേണ്ടിവരും. അയാള്‍ നേരിടേണ്ട ചോദ്യങ്ങള്‍ ഇവയാണ്.
(1) നിവേദനത്തില്‍ അബദ്ധം പിണയാറുള്ളയാളാണോ?
(2) മറവി അധികമായുള്ളയാളാണോ?
(3) വാര്‍ധ്യക്യത്താല്‍ ഓര്‍മശക്തി കുറഞ്ഞ് തെറ്റു സംഭവിക്കാന്‍ സാധ്യതയുള്ളപ്പോഴാണോ ഹദീഥ് നിവേദനം ചെയ്തത്?
(4) ഹൃദിസ്ഥമാക്കുവാനുള്ള കഴിവ് കുറഞ്ഞയാളാണോ?
(5) വിശ്വസ്തരായ നിവേദകരിലൂടെ വന്ന ഹദീഥുകളിലെ ആശയങ്ങള്‍ക്കെതിരെയുള്ള ഹദീഥുകള്‍ നിവേദനം ചെയ്യുന്നയാളാണോ?
(6) ബലപ്പെട്ടവരെന്നോ അല്ലാത്തവരെന്നോ പരിശോധിക്കാതെ എല്ലാവരില്‍നിന്നുമായി ഹദീഥുകള്‍ നിവേദനം ചെയ്യുന്നയാളാണോ?
(7) തന്റെ ആശയങ്ങള്‍ക്കനുകൂലമായി ഹദീഥുകള്‍ വളച്ചൊടിക്കുന്നയാളാണോ?
ഇവയ്ക്കെല്ലാം ‘അല്ല’യെന്ന ഉത്തരമാണ് കൃത്യതാ പരിശോധകന് ലഭിക്കുന്നതെങ്കില്‍ മാത്രമെ ‘ദ്വബ്ത്തു’ള്ള(കൃത്യതയുള്ള) ഹദീഥായി അതിനെ പരിഗണിക്കുകയുള്ളൂ. ഈ പരിശോധന കൂടി കഴിഞ്ഞാല്‍ നിവേദകന് സ്വീകാര്യനാണെന്ന് സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു. ഇനി അയാളിലൂടെയുള്ള ഹദീഥുകള്‍ സ്വീകരിക്കാവുന്നതാണ്. നിവേദകരുടെ സ്വീകാര്യത നിര്‍ണയിക്കുന്നതിനു വേണ്ടി പണ്ഡിതന്മാര്ക്ക് ആയിരക്കണക്കിന് നിവേദകരുടെ ജീവിതത്തെ നിഷ്കൃഷ്ടമായി അപഗ്രഥിക്കേണ്ടിവന്നിട്ടുണ്ട്. ‘വിമര്‍ശനവും അംഗീകാരവും’ (അല്‍ജര്‍ഹു വത്തഅ്ദീല്‍) എന്ന പദത്തിന്റെ ഏതു മാനത്തിലൂടെ നോക്കിയാലും അതിനെ അന്വര്‍ഥമാക്കുന്ന രീതിയിലുള്ളതായിരുന്നു പണ്ഡിതന്മാ രുടെ ഈ രംഗത്തെ പരിശ്രമങ്ങളെന്ന് കാണാം. ശാസ്ത്രീയതയുടെ ഏതു മാനദണ്ഡമുപയോഗിച്ചാണ് അല്‍ജര്‍ഹുവത്തഅ്ദീല്‍ അശാസ്ത്രീ യമാണെന്നു പറയാനാവുക? ഭൂതകാലത്ത് ജീവിച്ച ഒരാളുടെ ജീവിതത്തില്‍ ആരോപിക്കപ്പെടുന്ന കാര്യങ്ങളിലെ മിഥ്യയും യാഥാര്‍ഥ്യവും വേര്‍തിരിക്കുവാന്‍ ഇതിനെക്കാള്‍ ശാസ്ത്രീയമായ രീതികളെന്തെങ്കിലും നിര്ദേശിക്കുവാന് വിമര്‍ശകര്‍ക്കു കഴിയുമോ?
ഹദീഥ് നിവേദകരെ വിമര്‍ശിക്കുകയും അംഗീകരിക്കാനാവുന്നവരെ അംഗീകരിക്കുകയും (അല്‍ജര്‍ഹു വത്തഅ്ദീല്‍) ചെയ്യുന്നതിനു വേണ്ടി ഒരു വിജ്ഞാനീയം തന്നെ ഹദീഥ് നിദാനശാസ്ത്രത്തിന്റെ ശാഖയായി വളര്‍ന്നു വികസിക്കുകയുണ്ടായി. വ്യക്തി വിജ്ഞാനീയം (ഇല്‍മുര്‍രിജാല്‍) എന്നാണ് പ്രസ്തുത വൈജ്ഞാനികശാഖ അറിയപ്പെടുന്നത്. കേവലമായ ഊഹങ്ങളുടെ അടിസ്ഥാനത്തിലല്ല, വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു ഹദീഥ് സ്വീകാര്യമാണോയെന്ന് നിശ്ചയിക്കുന്നത് എന്നർത്ഥം.