ഉഥ്മാനിന്റെ(റ) കാലത്തെ ഖുർആൻ ക്രോഡീകരണവുമായി ബന്ധപ്പെട്ട് ഇബ്നു മസ്‌ഊദ്‌ (റ) നിരവധി വിമർശനങ്ങളുന്നയിച്ചതായി രേഖകളിലുണ്ടല്ലോ ?

/ഉഥ്മാനിന്റെ(റ) കാലത്തെ ഖുർആൻ ക്രോഡീകരണവുമായി ബന്ധപ്പെട്ട് ഇബ്നു മസ്‌ഊദ്‌ (റ) നിരവധി വിമർശനങ്ങളുന്നയിച്ചതായി രേഖകളിലുണ്ടല്ലോ ?
/ഉഥ്മാനിന്റെ(റ) കാലത്തെ ഖുർആൻ ക്രോഡീകരണവുമായി ബന്ധപ്പെട്ട് ഇബ്നു മസ്‌ഊദ്‌ (റ) നിരവധി വിമർശനങ്ങളുന്നയിച്ചതായി രേഖകളിലുണ്ടല്ലോ ?

ഉഥ്മാനിന്റെ(റ) കാലത്തെ ഖുർആൻ ക്രോഡീകരണവുമായി ബന്ധപ്പെട്ട് ഇബ്നു മസ്‌ഊദ്‌ (റ) നിരവധി വിമർശനങ്ങളുന്നയിച്ചതായി രേഖകളിലുണ്ടല്ലോ ?

Print Now

ഉഥ്മാനിന്റെ(റ) കാലത്തെ ഖുർആൻ ക്രോഡീകരണവുമായി ബന്ധപ്പെട്ട് ഇബ്നു മസ്‌ഊദ്‌ (റ) നിരവധി വിമർശനങ്ങളുന്നയിച്ചതായി രേഖകളിലുണ്ടല്ലോ. പ്രവാചകശിഷ്യന്മാരിൽ പ്രമുഖനായ അദ്ദേഹം ഇത്തരം വിമർശനങ്ങളുന്നയിച്ചുവെന്നത് ഉഥ്മാൻ (റ) ക്രോഡീകരിച്ച ഖുർആനിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നില്ലേ?

ഓറിയന്റലിസ്റ്റുകളും അവരിൽ നിന്ന് ഊർജ്ജമുൾക്കൊള്ളുന്ന ക്രൈസ്തവ മിഷനറിമാരും ഉന്നയിക്കുന്ന പ്രധാനപ്പെട്ട ആരോപണങ്ങളിലൊന്നാണിത്. ഉഥ്മാനിന്റെ കാലത്ത് നടന്ന ഖുർആൻ ക്രോഡീകരണത്തിൽ അബ്ദുല്ലാഹി ബിൻ മസ്ഊദ് സംതൃപ്തനായിരുന്നില്ലെന്നും അന്നുണ്ടാക്കിയ മുസ്ഹഫ് അദ്ദേഹം അംഗീകരിച്ചില്ലെന്നും അതിന് കാരണം മുഹമ്മദ് നബി പഠിപ്പിച്ച ഖുർആനുമായി ഉഥ്മാൻ (റ) ക്രോഡീകരിച്ച ഖുർആനിന് കാര്യമായ അന്തരമുള്ളതിനാലാണെന്നുമെല്ലാമാണ് വിമർശനം. അവർ ഉന്നയിക്കുന്ന പ്രമാണങ്ങൾ പരിധോധിക്കുക:

1) ആസ്സുഹ്‌രി ഉബൈദുല്ലാഹി ബ്നു അബ്ദുല്ലാഹിൽ നിന്ന് നിവേദനം ചെയ്യുന്നു: സൈദ് ബിൻ ഥാബിത്ത് മുസ്ഹഫ് പകർത്തിയെഴുതുന്നത് അബ്ദുല്ലാഹി ബിൻ മസ്ഊദ് വെറുത്തിരുന്നു. സൈദ് ബ്നു ഥാബിത്തിനെപ്പറ്റി അദ്ദേഹം പറഞ്ഞു: ‘മുസ്‌ലിം ജനങ്ങളേ, ഈ മനുഷ്യനിൽ നിന്നുള്ള മുസ്ഹഫും പാരായണവും സ്വീകരിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. അല്ലാഹുവാണെ! ഞാൻ ഇസ്‌ലാം സ്വീകരിക്കുന്ന കാലത്ത് അയാൾ അവിശ്വാസിയുടെ മുതുകത്തായിരുന്നു.’ വീണ്ടുമൊരിക്കൽ അദ്ദേഹം പറഞ്ഞു: ‘ഇറാഖിലെ ജനങ്ങളേ, നിങ്ങളുടെ കയ്യിലുള്ള മുസ്ഹഫുകൾ നിങ്ങൾ സൂക്ഷിച്ചു വെക്കുക; അതിന്നായി അവ നിങ്ങൾ ഒളിപ്പിച്ച് വെക്കുക. തീർച്ചയായും അല്ലാഹു പറഞ്ഞിരിക്കുന്നു; ആരെങ്കിലും എന്തെങ്കിലും ഒളിപ്പിച്ചുവെച്ചാൽ അയാൾ അതുമായി വിചാരണനാളിൽ വരും. അതിനാൽ നിങ്ങൾ മുസ്ഹഫുമായി അല്ലാഹുവിനെ കണ്ടുമുട്ടുക” (ജാമിഉ ത്തിർമിദിയിൽ സ്വഹീഹായ സനദോടെ നിവേദനം ചെയ്തത്, അബ്‌വാബു തഫ്സീറുൽ ഖുർആൻ ഹദീഥ് 3104)

2) അബ്ദുല്ലാഹി ബിൻ മസ്ഊദ് പറഞ്ഞു: ‘അതിനാൽ കയ്യെഴുത്ത് രേഖകൾ ഒളിപ്പിച്ച് വെക്കുക. സൈദ് ബ്നു ഥാബിത്തിന്റെതിനേക്കാൾ ഞാൻ ഏറ്റവുമധികം സ്നേഹിക്കുന്നയാളുടെ (പ്രവാചകന്റെ) പാരായണപ്രകാരം പാരായണം ചെയ്യാനാണ് ഞാനിഷ്ടപ്പെടുന്നത്. ആരാധനക്കർഹനായുള്ള ഒരേയൊരുവനാണെ! സൈദ് കുട്ടിയായി മറ്റു കുട്ടികളോടൊപ്പം മുടിയും നീട്ടി കളിച്ചുനടന്നിരുന്ന കാലത്ത് അല്ലാഹുവിന്റെ ദൂതന്റെ ചുണ്ടിൽ നിന്ന് എഴുപതിലധികം സൂറത്തുകൾ ഞാൻ പഠിച്ചിട്ടുണ്ട്.” (ഇബ്നു സഅദ്: കിതാബ് ത്വബഖാത്തുൽ കബീർ, ഭാഗം 2, പുറം 444; ഇബ്‌നു അബീ ദാവൂദ്: അൽമസാഹിഫ് പുറം 60)

3) അല്ലാഹുവാണെ! ഞാൻ ഈ കയ്യെഴുത്തുരേഖ അവർക്ക് കൊടുക്കുകയില്ല. അല്ലാഹുവിന്റെ ദൂതൻ വ്യക്തിപരമായി എഴുപതിലധികം സൂറത്തുകൾ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഞാനീ കയ്യെഴുത്തുരേഖകൾ അവർക്ക് നൽകണമെന്നോ? അല്ലാഹുവാണെ! ഞാൻ അത് അവർക്ക് നൽകുകയില്ല.” (മുസ്തദ് റക് അൽ ഹാക്കിം: ഹദീഥ് 2896 ഇമാമുമാർ ഹാകിമും ദഹബിയും ഇത് സ്വീകാര്യമായ പരമ്പരയോട് കൂടിയുള്ളതാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്)

ഈ വിഷയത്തിൽ സമാനമായ ആശയങ്ങളുൾക്കൊള്ളുന്ന വേറെയും നിവേദനങ്ങളുണ്ട്. ഉഥ്മാനിന്റെ കാലത്ത് സൈദു ബിൻ ഥാബിത്തിന്റെ നേതൃത്വത്തിൽ ക്രോഡീകരിച്ച മുസ്ഹഫുകൾ മാത്രം നിലനിർത്തി മറ്റുള്ളവയെല്ലാം നശിപ്പിക്കണമെന്ന കല്പനയിൽ നീരസം പ്രകടിപ്പിച്ചുകൊണ്ടുള്ള അബ്ദുല്ലാഹിബ്നു മസ്ഊദിന്റെ പ്രതികരണങ്ങൾ വ്യത്യസ്തമായ വാക്കുകളിൽ രേഖപ്പെടുത്തപ്പെട്ട നിവേദനങ്ങൾ. അവയിൽ ചിലവ ദുർബലമായ പാരമ്പരയോട് കൂടിയുള്ളവയാണെങ്കിലും പൊതുവെയുള്ള ആശയം പ്രബലമായ പരമ്പരയോടു കൂടി സ്ഥാപിക്കപ്പെട്ടതാണ്. എന്താണ് ഈ ഹദീഥുകളിൽ നിന്നും നാം മനസ്സിലാക്കേണ്ടത്? സൈദ് ബിൻ ഥാബിത്തിന്റെ നേതൃത്വത്തിൽ ക്രോഡീകരിക്കപ്പെട്ട ഖുർആൻ കയ്യെഴുത്തുരേഖകളിൽ സാരമായ എന്തെങ്കിലും അബദ്ധങ്ങളുണ്ടെന്ന് ഇബ്നു മസ്ഊദിന് അഭിപ്രായമുണ്ടായിരുന്നുവെന്നാണോ? വിമർശകർ തെറ്റിദ്ധരിപ്പിക്കുന്ന ഇബ്നു മസ്ഊദിന്റെ വചനങ്ങളുടെ യഥാർത്ഥ പൊരുളെന്താണ്? താഴെ പറയുന്ന വസ്തുതകൾ ശ്രദ്ധിക്കുക:

ഒന്ന്) ഇവ്വിഷയകമായ ഇബ്നു മസ്ഊദിന്റെ അഭിപ്രായങ്ങളെയും പ്രതിഷേധപ്രകടനങ്ങളെയുമെല്ലാം മൊത്തമായി പരിശോധനാവിധേയമാക്കിയാൽ രണ്ട് പ്രശ്നങ്ങളിലാണ് അദ്ദേഹത്തിന് വിയോജിപ്പുണ്ടായിരുന്നത് എന്ന കാണാനാവും. ഖുർആൻ വിജ്ഞാനീയങ്ങളിൽ അഗ്രഗണ്യനും പ്രവാചകനോടൊപ്പം ജീവിക്കുവാൻ കൂടുതൽ അവസരമുണ്ടായിരുന്നയാളുമായ തന്നെ പരിഗണിക്കാതെ തന്നെക്കാൾ ഏറെ പ്രായം കുറഞ്ഞ സൈദുബ്നു ഥാബിത്തിനെ അതിമഹത്തായ ഖുർആൻ ക്രോഡീകരണദൗത്യത്തിന്റെ നേതൃത്വം ഏൽപിച്ചതിലുള്ള പ്രതിഷേധമാണ് ഒന്നാമത്തേത്. പ്രവാചകനിൽ നിന്ന് നേർക്കുനേരെ കേട്ട് താൻ എഴുതിത്തയ്യാറാക്കിയ തന്റെ ഖുർആൻ കയ്യെഴുത്തുതരേഖ നശിപ്പിക്കുവാനും പകരം സൈദ് ബിൻ ഥാബിത്തിന്റെ നേതൃത്വത്തിലുള്ള സംഘം തയാറാക്കിയ മുസ്ഹഫ് സ്വീകരിക്കുവാനും ആവശ്യപ്പെട്ടതിലുള്ള അമർഷമാണ് രണ്ടാമത്തേത്. ഇതല്ലാതെ ഉഥ്മാനിന്റെ കാലത്ത് നടന്ന ഖുർആൻ സമാഹരണത്തിലോ ക്രോഡീകരണത്തിലോ എന്തെങ്കിലും സാരമായ അപകടങ്ങളുണ്ടായതായോ പ്രവാചകൻ പഠിപ്പിക്കാത്ത എന്തെങ്കിലും ഖുർആനിൽ കടന്നുകൂടിയതായോ പഠിപ്പിച്ച എന്തെകിലും നഷ്ടപ്പെട്ടതായോ അദ്ദേഹം തന്റെ അമർഷപ്രകടനങ്ങളിലൊന്നും സൂചിപ്പിക്കുന്നേയില്ല. ഖുർആനിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുവാനുതകുന്ന തെളിവുകളന്വേഷിച്ച് ഇസ്‌ലാമികഗ്രൻഥശേഖരങ്ങളിൽ മുങ്ങിത്തപ്പുന്നവർക്ക് ഇബ്നു മസ്ഊദിന്റെ പ്രതിഷേധപ്രകടനങ്ങളിൽ നിന്ന് ലഭിക്കുക യാതൊരു ഉപകാരവുമില്ലാത്ത വെറും പായലുകൾ മാത്രമായിരിക്കും.

രണ്ട്) “അല്ലാഹുവിന്റെ ഗ്രന്ഥത്തെ സംബന്ധിച്ച് ഞാനാണ് ഏറ്റവുമധികം അറിവുള്ളവനെന്ന് പ്രവാചകാനുചരന്മാർക്ക് അറിയാവുന്ന കാര്യമാണ്. എന്നേക്കാള്‍ ഈ വിഷയത്തില്‍ അറിവുള്ളവരുണ്ടെങ്കിൽ അവന്റെയടുത്തേക്ക് യാത്രചെയ്തെത്തുവാൻ ഞാൻ സന്നദ്ധനാണ്.” (ഇബ്‌നു അബീ ദാവൂദ് 58) എന്ന ഇബ്നു മസ്ഊദിന്റെ സ്വയംസാക്ഷ്യം നൂറുശതമാനം സത്യസന്ധമാണെന്ന് ഇസ്‌ലാമികപ്രമാണങ്ങളും ചരിത്രവും പഠിക്കുന്ന ആർക്കും മനസ്സിലാവും. “ഞാനും എന്റെ സഹോദരനും യമനില്‍ നിന്നും നബി(സ)യുടെ സമീപം വന്ന സമയത്ത് ഇബ്‌നു മസ്ഊദും(റ) അദ്ദേഹത്തിന്റെ മാതാവും നബി(സ)യുടെ വീട്ടിലെ സ്ഥിരമായ സന്ദർശനങ്ങൾ വഴിയും അവരോടുള്ള നബിയുടെ ബന്ധം വഴിയും അവർ നബിഗൃഹത്തിലെ അംഗങ്ങളാണെന്ന് ഞങ്ങള്‍ ധരിച്ചിരുന്നു”വെന്ന അബൂമൂസൽ അശ്അരിയുടെ വർത്തമാനത്തിൽ (സ്വഹീഹുൽ ബുഖാരി, കിതാബുൽ മഗാസി; സ്വഹീഹു മുസ്‌ലിം, കിതാബ് ഫദാഇലു സ്സ്വഹാബ) നിന്ന് നബിയുമായുള്ള ഇബ്നു മസ്ഊദിന്റെ ബന്ധത്തിന്റെ വലിപ്പം നമുക്ക് മനസ്സിലാക്കാൻ കഴിയും.” അബ്ദുല്ലാഹിബ്നു മസ്ഊദ്, മുആദ് ബിൻ ജബൽ, ഉബയ്യു ബ്നു കഅബ്, അബൂ ഹുദൈഫയുടെ സ്വാതന്ത്രനാക്കിയ അടിമ സാലിം എന്നീ നാലു പേരിൽ നിന്ന് നിങ്ങൾ ഖുർആൻ പഠിക്കുക”യെന്ന അബ്ദുല്ലാഹി ബ്നു അംറ് നിവേദനം ചെയ്ത പ്രവാചകനിർദേശം(സ്വഹീഹുൽ ബുഖാരി, കിതാബു ഫദാഇലിൽ ഖുർആൻ; ജാമിഉ ത്തിർമിദി, കിതാബുൽ മനാഖിബ്) ഇബ്നു മസ്ഊദിന്റെ ഖുർആൻ വിജ്ഞാനത്തിനുള്ള മഹാസാക്ഷ്യമായി നിലകൊള്ളുന്നുമുണ്ട്. അതുകൊണ്ട് തന്നെ ഖുർആനികവിജ്ഞാനീയങ്ങളിലും വ്യാഖ്യാനത്തിലുമെല്ലാം ഇബ്നു അബ്ബാസ് കഴിഞ്ഞാൽ ഏറ്റവുമധികം പരിഗണിക്കപ്പെടുന്നത് ഇബ്നു മസ്ഊദിന്റെ അഭിപ്രായങ്ങളെയാണ്.

പ്രവാചകാനുചാരന്മാരിലെ മഹാപണ്ഡിതനായിരുന്ന ഇബ്നു മസ്ഊദിന് ഖുർആൻ ക്രോഡീകരണത്തിന് നേതൃത്വം വഹിക്കുവാൻ തീർച്ചയായും അവകാശമുണ്ട്. അവിടെ താൻ പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് തോന്നിയാൽ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. തന്നെ അവഗണിച്ചുകൊണ്ട് തന്നെക്കാളും ഏറെ പ്രായം കുറഞ്ഞ ഒരാളെ ഖുർആൻ പ്രതികളുണ്ടാക്കുകയെന്ന മഹാദൗത്യം ഏൽപിച്ചപ്പോൾ അതിനേക്കാൾ അക്കാര്യത്തിൽ പരിഗണിക്കപ്പെടേണ്ടിയിരുന്നത്‌ താനായിരുന്നുവെന്ന് ആ മഹാപണ്ഡിതൻ വിചാരിച്ചത് സ്വാഭാവികമാണ്. പ്രസ്തുത സ്വാഭാവികതയിൽ കവിഞ്ഞ യാതൊന്നും തന്നെ അദ്ദേഹത്തിന്റെ പ്രതിഷേധപ്രതികരണത്തിൽ കാണാൻ കഴിയില്ല.

മൂന്ന്) എന്തുകൊണ്ടാണ് ഉഥ്മാൻ ഖുർആൻ ക്രോഡീകരണത്തിന്റെ ചുമതല ഇബ്നു മസ്ഊദിനെ ഏൽപ്പിക്കാതെ സൈദു ബ്നു ഥാബിത്തിനെ ഏൽപിച്ചത്? ഉഥ്മാനിന്റെ ന്യായീകരണങ്ങൾ ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി തന്റെ ഫത്ഹുൽ ബാരിയിൽ വിശദീകരിക്കുന്നുണ്ട്. അവ ഇങ്ങനെയാണ്: ഖുർആൻ സമാഹരണത്തിനും ക്രോഡീകരണത്തിനും മദീനയിൽ വെച്ച് ഉഥ്മാൻ തീരുമാനിച്ച സന്ദർഭത്തിൽ ഇബ്നു മസ്ഊദ് ഇറാഖിലുള്ള കൂഫയിലാണ് ഉണ്ടായിരുന്നത്. അബൂബക്കറിന്റെ കാലത്തെ സുഹ്‌ഫിൽ നിന്ന് എല്ലാവർക്കും പാരായണം ചെയ്യാൻ കഴിയുന്ന രീതിയിലുള്ള പകർപ്പെടുക്കുകയായിരുന്നു ഉഥ്മാനിന്റെ ഉദ്ദേശ്യം. സൈദു ബ്നു ഥാബിത്തായിരുന്നു അബൂബക്കറിന്റെ കാലത്തെ ഖുർആൻ ക്രോഡീകരണത്തിന് നേതൃത്വം വഹിച്ചത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിനും ഏറ്റവും അനുയോജ്യം അദ്ദേഹം തന്നെയാണെന്ന് ഉഥ്മാൻ കരുതിയത് സ്വാഭാവികമാണ്. പ്രവാചകന്റെ വഹ്‌യ് എഴുത്തുകാരനായിരുന്നുവെന്ന യോഗ്യത കൂടിയുണ്ട് സൈദിന്. (ഫതഹുല്‍ ബാരി 9/19-20)

അബൂബക്കറിന്റെ കാലത്ത് വ്യത്യസ്തങ്ങളായ വസ്തുക്കളിൽ രേഖീകരിക്കപ്പെട്ടിരുന്ന ഖുർആൻ കയ്യെഴുത്തുകളെയെല്ലാം ഒരുമിച്ച് കൂട്ടി ഒരൊറ്റ ഗ്രൻഥമാക്കുകയെന്ന ദുഷ്കരമായ ജോലി ഏൽപിക്കുമ്പോൾ അബൂബക്കറും ഉമറും കൂടി സൈദിനോട് പറഞ്ഞ കാര്യങ്ങൾ ഇവിടെയും ബാധകമാണ്. “നീ ബുദ്ധിമാനായ യുവാവാണ്. നിന്നെ ഞങ്ങള്‍ തെറ്റിദ്ധരിക്കുകയില്ല. നീ നബി(സ)ക്കായി ദിവ്യസന്ദേശങ്ങള്‍ എഴുതിയിരുന്നു. ആയതിനാല്‍ ക്വുര്‍ആന്‍ രേഖകള്‍ അന്വേഷിച്ചു കണ്ടെത്തി ഒരുമിച്ചു കൂട്ടുക” (സ്വഹീഹുൽ ബുഖാരി, കിതാബുൽ അഹ്‌കാം, ബാബു യൂസ്തഹബ്ബു് ലിൽ കാത്തിബി അൻ യക്കൂന അമീനൻ ആഖിലൻ; ജാമിഉത്തിർമിദി, കിതാബു ത്തഫ്സീർ). ഖുർആൻ സമാഹരണവിഷയത്തിൽ ബുദ്ധിയും കൂർമ്മതയും ഉള്ളയാളെന്ന് തന്റെ മുൻഗാമികൾ സാക്ഷീകരിച്ച വ്യക്തിയെത്തന്നെ അതിന്റെ അടുത്ത ഘട്ടവും ഏൽപിക്കുന്നതാവും ഉത്തമമെന്ന് ഉഥ്മാൻ(റ) കരുതിയിരിക്കണം. ഇബ്നു മസ്ഊദ് (റ) അടക്കമുള്ള സ്വഹാബിമാരൊന്നും തന്നെ അബൂബക്കറി(റ)ന്റെ കാലത്തെ ക്രോഡീകരണത്തിന്റെ നേതൃത്വം സൈദിനെ ഏൽപിച്ചത് ശരിയായില്ല എന്ന് പറഞ്ഞിട്ടുമില്ലെന്ന സത്യം അക്കാര്യത്തിൽ രണ്ടാമത് ഒരു ആലോചന വേണ്ടതില്ലെന്ന തീരുമാനത്തിന് ഉഥ്മാനെ പ്രേരിപ്പിച്ചിരിക്കണം. പ്രവാചകനിൽ നിന്ന് അവസാനമായി ഖുർആൻ കേട്ടവരിൽ ഒരാളായ സൈദിനെ ഈ ഉത്തരവാദിത്തം ഏൽപിച്ചതിൽ ഇബ്നു മസ്ഊദ് ഒഴിച്ച് മറ്റൊരു സ്വഹാബിയും എതിരഭിപ്രായങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നതു തന്നെ ഉഥ്മാനിന്റെ തീരുമാനം തന്നെയായിരുന്നു ശരിയെന്ന യാഥാർഥ്യം ബോധ്യപ്പെടുത്തുന്നുണ്ട്.

ഖുർആൻ ലിഖിതങ്ങളുടെ ശേഖരണത്തിനും പകർത്തിയെഴുത്തിനും ആവശ്യം ഖുർആനികവിജ്ഞാനീയങ്ങളിലുള്ള വിവരത്തെക്കാൾ ഭാഷാജ്ഞാനവും കയ്യെഴുത്തിനുള്ള കഴിവുമാണ്. ഇക്കാര്യത്തിൽ സൈദ് അഗ്രഗണ്യനായിരുന്നുവെന്ന് പ്രവാചകന്റെ വചനങ്ങളും ചെയ്തികളുമെല്ലാം സാക്ഷ്യം വഹിക്കുന്നുണ്ട്. സൈദ് ബിന്‍ ഥാബിതിൽ നിന്ന് തന്നെയുള്ള രണ്ട് നിവേദനങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
1) നബി (സ) എന്നോട് ചോദിച്ചു. നിനക്ക് സുറിയാനി ഭാഷ അറിയുമോ? ഞാന്‍ പറഞ്ഞു, ഇല്ല. നബി (സ) പറഞ്ഞു: നീ അത് പഠിക്കുക, എനിക്ക് ആ ഭാഷയില്‍ ചില കത്തുകള്‍ വരാറുണ്ട്. ഞാന്‍ പതിനേഴ് ദിവസങ്ങൾ കൊണ്ട് അത് പഠിച്ചു. (ഇബ്‌നു ഹിബ്ബാന്‍; സ്വഹീഹാണെന്ന് ശുഐബുല്‍ അര്‍നാഊഥ് 7136).
2) “അല്ലാഹുവിന്റെ ദൂതൻ ജൂതന്മാർ അദ്ദേഹത്തിനെഴുതിയ എഴുത്തുകളിലെ ചില പ്രസ്താവനകൾ പഠിക്കാൻ എന്നോടാവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു: അല്ലാഹുവാണെ! എന്റെ കത്തുകളുടെ കാര്യത്തിൽ ഞാൻ ജൂതന്മാരെ വിശ്വസിക്കുന്നില്ല.’ അര മാസം കഴിയുന്നതിന് മുൻപ് ഞാൻ അവ പഠിച്ചെടുത്തു. പിന്നീട് ജൂതന്മാർക്കായി എന്തെങ്കിലും എഴുതേണ്ടതുണ്ടെങ്കിൽ പ്രവാചകനിർദേശപ്രകാരം ഞാൻ അവർക്ക് അത് എഴുതും; അദ്ദേഹത്തിന് അവർ എന്തെങ്കിലും എഴുതിയാൽ ഞാൻ അത് വായിച്ച് കൊടുക്കും” (ജാമിഉ ത്തിർമിദി; കിതാബുൽ ഇസ്‌തിഅദാൻ; ഹസൻ ആയ സനദോടെയുള്ളത്). ഖുർആൻ അവതരിക്കപ്പെടുന്ന സന്ദർഭങ്ങളിൽ പ്രവാചകൻ പ്രത്യേകമായി ആരെയെങ്കിലും വിളിച്ച് അവ എഴുതാൻ ആവശ്യപ്പെടുമ്പോഴെല്ലാം അദ്ദേഹം വിളിച്ചിരുന്നത് സൈദിനെയായിരുന്നുവെന്നതിൽ നിന്ന് (സ്വഹീഹുൽ ബുഖാരി, കിതാബ് ഫദാഇലിൽ ഖുർആൻ, ബാബു നുസൂലുൽ വഹ്‌യി വ അവ്വ ലു മാ നസല) അദ്ദേഹത്തിന്റെ കയ്യെഴുത്ത് സാമർഥ്യം എത്രത്തോളമായിരുന്നുവെന്ന് നമുക്ക് വായിച്ചെടുക്കാൻ കഴിയും. ഖുർആൻ പകർത്തിയെഴുത്തിന് തികച്ചും അനുയോജ്യനായ വ്യക്തിയെത്തന്നെയാണ് ഉഥ്മാൻ (റ) തെരെഞ്ഞെടുത്തതെന്ന സത്യമാണ് ഇവിടെയും വെളിപ്പെടുന്നത്.

ഭാഷയിലും കയ്യെഴുത്തിലും മാത്രമല്ല മതത്തിലും അഗാധമായ പാണ്ഡിത്യമുള്ളയാളായിരുന്നു സൈദു ബിൻ ഥാബിത്ത്‌. “ഈ സമുദായത്തിലെ അഗാധ പണ്ഡിതന്‍ മരണപ്പെട്ടിരിക്കുന്നു” വെന്ന സൈദുബ്നു ഥാബിത്തിന്റെ മരണസന്ദർഭത്തിലുള്ള അബൂ ഹുറൈറയുടെ(റ) പ്രതികരണം (സിയറു അഅ്‌ലാമി നുബലാഅ് 2/439) മാത്രം മതി അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ ആഴം മനസ്സിലാക്കുവാൻ. ഈ ഉമ്മത്തിലെ പ്രധാനപ്പെട്ട പണ്ഡിതരില്‍ സൈദ് ബിന്‍ സാബിത്തി(റ)നെ എണ്ണിയതായി കാണാം. (മജ്മഉല്‍ ഇമാം ഹൈസമി 9/163)ജനങ്ങള്‍ മതപരമായ പ്രശ്‌നപരിഹാരം തേടി സൈദി(റ)നെ സമീപിച്ചതായി കാണാം. (സ്വഹീഹ് ഇബ്‌നു മാജ 62) ഉമര്‍ (റ) യാത്ര പോകുമ്പോള്‍ ധാരാളമായി സൈദ് ബിന്‍ സാബിത്തി(റ)നെ പ്രതിനിധിയായി നിയമിച്ചിരുന്നു. (സിയറു അഅ്‌ലാമി നുബലാഅ് 2/434)

ഖസ്‌റജ് ഗോത്രക്കാര്‍ അഭിമാനത്തോടെ പറഞ്ഞു: നബി(സ)യുടെ കാലഘട്ടത്തില്‍ ക്വുര്‍ആന്‍ സമ്പൂര്‍ണമായി ഒരുമിച്ച് കൂട്ടിയത് ഞങ്ങളില്‍പ്പെട്ട നാലു പേരാണ്. ഇത് മറ്റാര്‍ക്കുമില്ല. അഥവാ സൈദു ബിന്‍ സാബിത്ത്, അബൂ സൈദ്, ഉബയ്യബിന്‍ കഅ്ബ്, മുആദ് ബിന്‍ ജബല്‍ (ബസാര്‍ 7090, ത്വഹാവി 10/374, ത്വബ്‌റാനി 3488) നബി (സ) പറഞ്ഞു: അനന്തരാവകാശ വിഷയവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഏറ്റവും പ്രാവിണ്യമുള്ളയാള്‍ സൈദ് ബിന്‍ സാബിത്ത് (റ) ആണ്. (മുശ്കിലുല്‍ ആഥാർ 810. സ്വഹീഹാണ്)

സാഖിത് ബിന്‍ ഉബൈദ് (റ) പറയുന്നു. ഒരു സദസ്സില്‍ ഏറ്റവും മാന്യതയുള്ളവരും ഒരു ഭവനത്തില്‍ ഏറ്റവും പാണ്ഡിത്യം ഉള്ളവരുമായി സൈദ് ബിന്‍ സാബിത്തി(റ)നെ പോലെ ഞാനൊരാളെയും ദര്‍ശിച്ചിട്ടില്ല. (അല്‍ അദബുല്‍ മുഫ്‌റദ് 219. സ്വഹീഹാണ്).

ഇബ്‌നു മസ്ഊദി(റ)ന്റെ ശിഷ്യനായ മസ്‌റൂക് (റ) മദീനയില്‍ വന്നു. സൈദി(റ)ന്റെ പാണ്ഡിത്യത്തില്‍ അത്ഭുതപ്പെട്ടു. ശിഷ്യന്‍മാര്‍ ചോദിച്ചു. താങ്കള്‍ ഇബ്‌നു മസ്ഊദി(റ)ന്റെ അഭിപ്രായം ഒഴിവാക്കുന്നോ? മസ്‌റൂക് പറഞ്ഞു. സൈദി(റ)ന് അറിവില്‍ അവഗാഹമുള്ളതായി ഞാന്‍ ഗണിക്കുന്നു. (സിയറു അഅ്‌ലാമി നിബലാഅ് 2/437. സ്വഹീഹാണ്). ഭാഷയിലുള്ള കഴിവും എഴുത്തിനുള്ള പാടവവും മതത്തിലുള്ള അഗാധ ജ്ഞാനവുമുള്ള ആളെത്തന്നെയാണ് ഖുർആൻ ക്രോഡീകരണത്തിന്റെ നേതൃത്വത്തിന് ഉഥ്മാൻ തെരഞ്ഞെടുത്തതെന്ന് ഇതിൽ നിന്ന് സുതരാം വ്യക്തമാകുന്നുണ്ട്.

നാല്) യഥാർത്ഥത്തിൽ തന്റെ കൈവശമുള്ള ഖുർആനിന്റെ സ്വകാര്യകോപ്പി നശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതാണ് മറ്റെന്തിനേക്കാളുമധികം ഇബ്നു മസ്ഊദിനെ ചൊടിപ്പിച്ചതെന്ന് നടേ സൂചിപ്പിച്ച ഹദീഥുകളുടെ വരികൾക്കിടയിലൂടെ വായിച്ചാൽ ബോധ്യമാവും. അബൂബക്കറിന്റെ കാലത്തെ ക്രോഡീകരണത്തിനും നേതൃത്വം നൽകിയത് സൈദു ബിൻ ഥാബിത്ത് തന്നെയായിരുന്നുവല്ലോ. അപ്പോഴൊന്നും തന്നെ അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും ഒരു ആക്ഷേപം ഇബ്നു മസ്ഊദ് ഉന്നയിച്ചതായി യാതൊരു രേഖയുമില്ല. അതിനർത്ഥം സൈദിന്റെ നേതൃത്വത്തിനല്ല ഇബ്നു മസ്ഊദ് കുഴപ്പം കണ്ടത് എന്നാണ്. സൈദിനെക്കുറിച്ച വിമർശനവാക്കുകൾ അദ്ദേഹം പറയുന്നത് സൈദ് തന്റെ ദൗത്യം പൂർത്തിയാക്കിയതിന് ശേഷമാണ്; അക്കാര്യം ഏല്പിച്ച ഉടനെയല്ല. സൈദിന്റെ ദൗത്യം പൂർത്തിയാക്കിയതിനു ശേഷമാണ് സ്വകാര്യകോപ്പികൾ നശിപ്പിക്കുവാനുള്ള ഖലീഫയുടെ ഉത്തരവുണ്ടാവുന്നത്. അപ്പോൾ തീർച്ചയായും ഇബ്നു മസ്ഊദിന് ദേഷ്യം പിടിച്ചിട്ടുണ്ടാവണം. പ്രവാചകസന്നിധിയിൽ വെച്ച് താൻ കേട്ട് എഴുതിയെടുത്ത, തന്റെ സ്വകാര്യപാരായണത്തിനും പഠനത്തിനും താൻ ഉപയോഗിക്കുന്ന ഖുർആൻ കയ്യെഴുത്തുരേഖയാണ് ഖലീഫ നശിപ്പിക്കുവാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തെ അത് വേദനിപ്പിച്ചിരിക്കണം. പ്രവാചകനോടൊപ്പം ദീർഘകാലം ജീവിച്ച തന്റെ കൈവശമുള്ള കോപ്പി നശിപ്പിച്ച് പകരം തന്റെ മകനാകാൻ മാത്രം പ്രായമുള്ള സൈദിന്റെ നേതൃത്വത്തിൽ നിർമ്മിച്ച മുസ്ഹഫ് താൻ പാരായണം ചെയ്യണമെന്ന ഖലീഫാനിർദേശം ആ വന്ദ്യവയോധികനായ പ്രവാചകാനുചരനെ ചൊടിപ്പിച്ചതിൽ നിന്നാണ് സൈദിനെതിരെയുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളെല്ലാമുണ്ടായതെന്നാണ് മനസ്സിലാകുന്നത്. ആ പ്രതികരണം പ്രവാചകനോടും അദ്ദേഹത്തിൽ നിന്ന് താൻ കേട്ടെഴുതിയ ഖുർആൻപ്രതിയോടുമുള്ള സ്നേഹത്തിൽ നിന്നുണ്ടായതാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ വിമർശിക്കുകയല്ല, അനുനയിപ്പിക്കുകയാണ് മറ്റു സ്വഹാബിമാർ ചെയ്തത്.

തന്റെ കയ്യെഴുത്ത് പ്രതി നശിപ്പിക്കാതെ സൂക്ഷിച്ചുവെക്കാൻ തീരുമാനിച്ചതിനോടൊപ്പം, സ്വകാര്യകയ്യെഴുത്തുരേഖകൾ കൈവശമുള്ളവരോടെല്ലാം അവ മറച്ചുവെക്കുകയും സൂക്ഷിച്ചുവെക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയുമാണ് ഇബ്നു മസ്ഊദ് ചെയ്തത്. അതല്ലാതെ സൈദ് ബ്നു ഥാബിത്തിന്റെ നേതൃത്വത്തിൽ ക്രോഡീകരിക്കപ്പെടുകയും കോപ്പികളെടുക്കുകയും ചെയ്ത മുസ്ഹഫിൽ ഗുരുതരമായ എന്തെങ്കിലും സ്ഖലിതങ്ങളുള്ളതായി അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല; അങ്ങനെയുള്ള സൂചനകൾ പോലും നൽകിയിട്ടില്ല.

അഞ്ച്) തന്റെ കയ്യിലുള്ള സ്വകാര്യകയ്യെഴുത്തുപ്രതി നശിപ്പിക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയും അങ്ങനെ ചെയ്യേണ്ടതില്ലെന്ന് മറ്റുള്ളവരോട് ആഹ്വാനം നടത്തുകയും ചെയ്ത ഇബ്നു മസ്ഊദിന്റെ നടപടി ശരിയായില്ലെന്നായിരുന്നു സ്വഹാബിമാരിൽ മിക്കവരുടെയും അഭിപ്രായം. ഇക്കാര്യം ഇബ്നു മസ്ഊദിന്റെ പ്രതിസ്വരം രേഖപ്പെടുത്തിയ ഇമാം സുഹ്‌രി തന്നെ വ്യക്തമാക്കുന്നുണ്ട്. “അല്ലാഹുവിന്റെ ദൂതന്റെ അനുചരന്മാരിൽ ഉന്നതമായ നിലവാരത്തിലുള്ള പലരും ഇബ്നു മസ്ഊദിന്റെ ഈ വീക്ഷണത്തെ ഇഷ്ടപ്പെട്ടിരുന്നില്ല” (ജാമിഉ ത്തിർമിദി, അബ് വാബു തഫ്സീറുൽ ഖുർആൻ ഹദീഥ് 3104). ഖുർആനിന്റെ ഉള്ളടക്കത്തിൽ എന്തെങ്കിലും കൈകടത്തലുകളുണ്ടായിയെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണമെങ്കിൽ സ്വഹാബിമാർ ഒന്നുകിൽ അദ്ദേഹത്തോടോപ്പമുണ്ടാകുമായിരുന്നു; അതല്ലെങ്കിൽ അദ്ദേഹത്തിനെതിരെ കടുത്ത വിമർശങ്ങൾ ഉന്നയിക്കുമായിരുന്നു. ഖുർആനിന്റെ ഉള്ളടക്കത്തിൽ സംശയിക്കുകയെന്നത് മുസ്‌ലിംസമൂഹം മതത്തിൽ നിന്ന് പുറത്താകുന്ന പ്രവർത്തനമായാണ് അന്നും ഇന്നും കരുതിപ്പോന്നിട്ടുള്ളത്.

ആറ്) കയ്യെഴുത്തുരേഖകൾ കൈവശമുള്ളവർ അവ നശിപ്പിക്കേണ്ടതില്ലയെന്ന തന്റെ നിലപാടിൽ നിന്ന് ഇബ്നു മസ്ഊദ് തന്നെ പിൽക്കാലത്ത് പിൻവലിയുകയും മുസ്‌ലിംസമൂഹത്തിന്റെ പൊതുനിലപാട് തന്നെയാണ് ശരിയെന്ന് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം ഇബ്നു കഥീർ തന്റെ ‘അൽ ബിദായ വ ന്നിഹായ’യിൽ രേഖപ്പെടുത്തിയിട്ടുണ്ട്. “ഉഥ്മാൻ (റ) അദ്ദേഹത്തിന് (ഇബ്നു മസ്ഊദ്) മറ്റു പ്രവാചകാനുചരന്മാരെ താങ്കളും അനുധാവനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഴുതി. സ്വഹാബിമാരെല്ലാം എന്തുകൊണ്ടാണ് പ്രസ്തുത തീരുമാനത്തിലെത്തിയതെന്നും അതുകൊണ്ടുണ്ടാവുന്ന നേട്ടങ്ങളും വിരുദ്ധാഭിപ്രായങ്ങളില്ലാതെയാക്കി ഖുർആനിന്റെ വിഷയത്തിൽ ഒരേ അഭിപ്രായത്തിലേക്ക് എല്ലാവരും എത്തേണ്ടതിന്റെ ആവശ്യകതയുമെല്ലാം എഴുത്തിൽ പരാമർശിച്ചിരുന്നു. അദ്ദേഹത്തിന് കാര്യങ്ങൾ മനസ്സിലാവുകയും എതിർപ്പുകൾ വെടിഞ്ഞ് ഐക്യപ്പെടാൻ അദ്ദേഹം അങ്ങനെ തീരുമാനിക്കുകയും ചെയ്തു.”(7/217)

ശരിയാണ്; പ്രവാചകനിൽ നിന്ന് നേരിട്ട് കേട്ട് താൻ എഴുതിയ ഖുർആനിന്റെ സ്വന്തം കയ്യെഴുത്തുപ്രതി നശിപ്പിക്കാൻ ഇബ്നു മസ്ഊദിന് സമ്മതമുണ്ടായിരുന്നില്ല; തന്റെ മകന്റെ മാത്രം പ്രായമുള്ള സൈദ് ക്രോഡീകരിച്ച പ്രതി സ്വീകരിച്ച് പകരം തന്റെ സ്വന്തം പ്രതി നശിപ്പിക്കില്ലെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുകയും കയ്യെഴുത്ത് പ്രതികൾ കൈവശമുള്ളവരൊന്നും അവ നശിപ്പിക്കരുതെന്ന് ആഹ്വാനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ സൈദ് ക്രോഡീകരിച്ച ഖുർആൻ കൈയ്യെഴുത്ത് രേഖയിൽ ഗുരുതമായ എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി അദ്ദേഹം ആരോപിച്ചിട്ടില്ല. പ്രവാചകാനുചരന്മാർ മൊത്തത്തിലെടുത്ത തീരുമാനത്തിനെതിരെയുള്ള തന്റെ പ്രതിസ്വരം ശരിയല്ലെന്ന് ബോധ്യപ്പെട്ടതോടെ അദ്ദേഹം അത് തിരുത്തുകയും ചെയ്തിട്ടുണ്ട്. മൂർഖനനെ ലഭിക്കുമെന്ന് കരുതി ഇസ്‌ലാമികഗ്രൻഥങ്ങളുടെ മാളങ്ങളിലെല്ലാം തപ്പി നോക്കിയിട്ട് വിമർശകർക്ക് ലഭിച്ചത് കേവലമൊരു ഞാഞ്ഞൂൽ മാത്രമാണെന്ന സത്യം ഖുർആനിന്റെ അബദ്ധങ്ങളില്ലാതെയുള്ള സംപ്രേഷണത്തെക്കുറിച്ച മതിപ്പ് വർധിപ്പിക്കാൻ മാത്രമേ നിമിത്തമാവുകയുള്ളൂ.

1 Comment

  • very good explanation

    Muhammad basheer 23.10.2021