ഇബ്നു മസ്ഊദിന്റെ വ്യത്യസ്തമായ ഖുർആൻ !

/ഇബ്നു മസ്ഊദിന്റെ വ്യത്യസ്തമായ ഖുർആൻ !
/ഇബ്നു മസ്ഊദിന്റെ വ്യത്യസ്തമായ ഖുർആൻ !

ഇബ്നു മസ്ഊദിന്റെ വ്യത്യസ്തമായ ഖുർആൻ !

Print Now

പ്രമുഖ സ്വഹാബിയായിരുന്ന ഇബ്നു മസ്ഊദിന്റെ മുസ്ഹഫിൽ സൂറത്തുകളുടെ എണ്ണം പോലും വ്യത്യസ്തമായിരുന്നുവെന്നത് സ്വഹാബിമാർക്ക് പോലും ഖുർആനിന്റെ വിഷയത്തിൽ ഏകാഭിപ്രായമുണ്ടായിരുന്നില്ലെന്നല്ലേ മനസ്സിലാക്കിത്തരുന്നത്. അദ്ദേഹം സൂറത്തുൽ ഫാതിഹയും സൂറത്തുൽ ഫലഖും സൂറത്തുന്നാസും തന്റെ മുസ്ഹഫിൽ നിന്ന് നീക്കം ചെയ്തതായി ചില നിവേദനങ്ങളുണ്ടല്ലോ. ഇതിന്റെ യാഥാർഥ്യമെന്താണ്?

ഇബ്നു മസ് ഊദിന്റെ(റ) മുസ്ഹഫിൽ ഇന്നുള്ള മുസ്ഹഫിലുള്ള ചില സൂറത്തുകൾ ഉണ്ടായിരുന്നില്ലെന്നുള്ള നിവേദനങ്ങളുണ്ട്. സൂറഃ ഫാത്വിഹ, ഫലഖ്, നാസ് എന്നിവ അദ്ദേഹത്തിന്റെ മുസ്ഹഫിൽ ഉണ്ടായിരുന്നില്ലെന്നാണ് ചില അഥ്റുകളിലുള്ളത്. ഇമാം സുയൂഥ്വി തന്റെ ഇത്ഖാൻ ഫീ ഉലൂമിൽ ഖുർആനിൽ ഈ നിവേദനങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്. ഇബ്നു മസ്ഊദിന്റെ മുസ്ഹഫിൽ ഫാത്തിഹയും ഫലഖ്, നാസ് സൂറത്തുകളും ഇല്ലായിരുന്നുവെന്നതാണ് ഒന്നാമത്തെ നിവേദനം. ഇവയിൽ ഫാത്തിഹ ഇല്ലായിരുന്നുവെന്നതും ഫലഖ്, നാസ് എന്നീ സൂറത്തുകൾ ഇല്ലായിരുന്നുവെന്നതും രണ്ട് വിഷയങ്ങളാണ്. ഓരോന്നിനെയും വേറെ വേറെ പരിശോധിക്കാം:

ഒന്ന്) ഫാത്തിഹ ഇല്ലായിരുന്നുവെന്ന വിമർശനം:

ഫാതിഹ ഖുർആനിന്റെ ഭാഗമാണെന്ന വസ്തുത ഖുർആൻ തന്നെ സാക്ഷ്യപ്പെടുത്തുന്നതാണ്. “ആവര്‍ത്തിച്ചു പാരായണം ചെയ്യപ്പെടുന്ന ഏഴ്‌ വചനങ്ങളും മഹത്തായ ഖുര്‍ആനും തീര്‍ച്ചയായും നിനക്ക്‌ നാം നല്‍കിയിട്ടുണ്ട്‌” (15: 87) എന്ന ഖുർആൻ വചനത്തിലെ “ആവർത്തിച്ച് പാരയണം ചെയ്യപ്പെടുന്ന ഏഴു വചനങ്ങൾ കൊണ്ടുള്ള വിവക്ഷ ഫാത്തിഹത്തുൽ കിതാബാണെന്ന്”(عن ابن مسعود في قوله: {ولقد آتيناك سبعا من المثاني} قال: فاتحة الكتاب) ഇബ്നു മസ്ഊദ് (റ) പറഞ്ഞതായി ഇമാം ത്വബ്‌രി തന്റെ തഫ്സീറിൽ ഉദ്ധരിക്കുന്നുണ്ട്. ഫാത്തിഹത്തുൽ കിതാബെന്നാൽ ‘ഗ്രന്ഥത്തിന്റെ ആമുഖം’ എന്നാണർത്ഥം. ഏതൊരു അധ്യായത്തെയാണോ ഗ്രന്ഥത്തിന്റെ ആമുഖം എന്ന് ഇബ് മസ്ഊദ് (റ) വിശേഷിപ്പിച്ചത് ആ അദ്ധ്യായം ഖുർആനിലുള്ളതല്ലെന്ന് അദ്ദേഹം കരുതിയെന്നു പറയുന്നത് അടിസ്ഥാനരഹിതമാണ്.

ഫാത്തിഹ ഖുർആനിലെ പ്രാരംഭാദ്ധ്യായമായി അംഗീകരിച്ചിരുന്ന ഇബ്നു മസ്ഊദ് (റ) പിന്നെയെന്തുകൊണ്ടാണ് തന്റെ കൈവശമുള്ള ഖുർആൻ കയ്യെഴുത്തുരേഖയിൽ അത് എഴുതാതിരുന്നത് എന്നതിന് അദ്ദേഹം തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. അത് ഇങ്ങനെയാണ്: “അബൂബക്കർ അൽ അൻബരിയിൽ (റ) നിന്ന് ഇമാം ഖുർതുബി (റ) ഉദ്ധരിക്കുന്നു: എന്തുകൊണ്ടാണ് താങ്കളുടെ ഖുർആനിൽ ഫാത്തിഹ എഴുതാത്തത് എന്ന് ചോദിച്ചപ്പോൾ അബ്ദുല്ലാഹിബ്നു മസ്ഊദിന്റെ (റ) മറുപടി ഇങ്ങനെയായിരുന്നു. “ഞാൻ അഥവാ അത് എഴുതുകയായിരുന്നുവെങ്കിൽ എല്ലാ സൂറത്തുകളുടെയും തുടക്കത്തിൽ അത് എഴുതുമായിരുന്നു.” നമസ്കാരത്തിലെ ഓരോ റക്അത്തിലും സൂറത്തുകൾ പാരായണം ചെയ്യുന്നതിന് മുൻപ് ഫാത്തിഹ ഓതുന്നതുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത് എന്ന് അബൂബക്കർ അൽ അൻബരി (റ) വിശദീകരിക്കുന്നുണ്ട്. ഇബ്ൻ മസ്ഊദ് (റ) തന്നെ ഇങ്ങനെ പറഞ്ഞതായി നിവേദനങ്ങളുണ്ട്. “ഹൃസ്വമായി എഴുതുന്നതിനു വേണ്ടിയാണ് ഞാൻ അത് ഉപേക്ഷിച്ചത്. മുസ്‌ലിംകൾ അത് സംരക്ഷിക്കുമെന്ന് ഞാൻ വിശ്വസിക്കുകയും ചെയ്തു” (ഇമാം ഖുർത്തുബി: അൽ ജാമിഉൽ അഹകാമിൽ ഖുർആൻ, വാല്യം 1, പുറം 115, കൈറോ, 1964)

രണ്ട്) ഫലഖ്, നാസ് സൂറത്തുകളെക്കുറിച്ച വിമർശനം

ഇവ്വിഷയകമായ നിവേദനങ്ങൾ ഇങ്ങനെയാണ്:

ആസിം (റ) സിർറിൽ (റ) നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം ഉബയ്യിനോട് (റ) പറഞ്ഞു: ഇബ്നു മസ്ഊദ് (റ) അദ്ദേഹത്തിന്റെ മുസ്ഹഫിൽ മുഅവ്വദതൈൻ (ഫലഖ്, നാസ് സൂറത്തുകൾ) രേഖപ്പെടുത്തിയിട്ടില്ല” (മുസ്നദ് അഹ് മദ്, ഹദീഥ് 21186)

അൽ അഅ്മഷ് അബൂ ഇസ്ഹാഖിൽ നിന്നും അദ്ദേഹം അബ്ദുർ റഹ്‌മാനു ബ്നു യസീദിൽ(റ) നിന്നും നിവേദനം ചെയ്യുന്നു: ഇബ്നു മസ്ഊദ് (റ) അദ്ദേഹത്തിന്റെ മസാഹിഫിൽ നിന്ന് മുഅവ്വദതൈൻ മായ്ച്ചു കളയുകയും അവ ഖുർആനിന്റെ ഭാഗമല്ലെന്ന് പറയുകയും ചെയ്തു.” (മുസ്നദ് അഹ് മദ്, ഹദീഥ് 21226)

ഇബ്നു ഉയയ്ന അബ്ദയിൽ(റ) നിന്നും ആസിമിൽ നിന്നും(റ) അവർ സിർറിൽ(റ) നിന്നും നിവേദനം ചെയ്യുന്നു: ഞാൻ ഉബയ്യിനോട് ചോദിച്ചു: “താങ്കളുടെ സഹോദരൻ അവയെ (ഫലഖ്, നാസ് സൂറത്തുകളെ) അദ്ദേഹത്തിന്റെ മുസ്ഹഫിൽ നിന്ന് മായ്ച്ച് കളഞ്ഞിട്ടുണ്ടല്ലോ” അപ്പോൾ അദ്ദേഹം അത് എതിർത്തില്ല. ഇത് ഇബ്നു മസ്ഊദിനെക്കുറിച്ചാണോയെന്ന ചോദ്യത്തിന് ഇബ്നു ഉയയ്ന അതേയെന്ന മറുപടിയാണ് നൽകിയത്. (മുസ്നദ് അഹ്‌മദ്‌, ഹദീഥ് 21189)

എന്തുകൊണ്ടാണ് ഇബ്നു മസ്ഊദ് (റ) തന്റെ മുസ്ഹഫിൽ ഖുർആനിലെ അവസാനത്തെ രണ്ട് അധ്യായങ്ങൾ ചേർക്കാതിരുന്നത്? അവ അല്ലാഹു അവതരിപ്പിച്ചതല്ല എന്ന് അദ്ദേഹത്തിന് അഭിപ്രായം ഉണ്ടായിരുന്നുവോ? അവ ഖുർആനിൽ പെട്ടതല്ല എന്നായിരുന്നുവോ അദ്ദേഹത്തിന്റെ അഭിപ്രായം? താഴെ പറയുന്ന വസ്തുതകൾ ശ്രദ്ധിക്കുക:

ഒന്ന്) ഇബ്നു മസ്ഊദിൽ നിന്ന് ഈ നിവേദനങ്ങൾ ഉദ്ധരിച്ച ആസ്വിമിൽ നിന്ന് സിർറിലൂടെ തന്നെ നിവേദനം ചെയ്യപ്പെട്ട മുതവാത്തിറായ ഖിറാഅത്തുകളിലെല്ലാം ഫലഖ്, നാസ് സൂറത്തുകളുണ്ട്. അസ്സിർറിനെ കൂടാതെ ഇബ്നു മസ്ഊദിൽ നിന്ന് ഖുർആൻ പാരായണം നിവേദനം ചെയ്ത അൽഖമ, അൽ അസ്‌വദ്, മസ്‌റൂഖ്‌, അസ്സുലമി, അബൂവാഇൽ, അസ്ശൈബാനി, അൽഹമദാനി എന്നിവരും നൂറ്റിപ്പതിനാല് സൂറത്തുകളും പൂർണമായി നിവേദനം ചെയ്തിട്ടുണ്ട്. ആസിം, ഹംസ, അൽ കിസായ്, അൽ ഖലഫ് എന്നീ നാല് പേരുടെ പേരിലും അറിയപ്പെടുന്ന പാരായണങ്ങൾ ഇബ്നു മസ്ഊദിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടവയാണ്. ഇവയിലെല്ലാം ഇന്നുള്ള ഖുർആനിലെ മുഴുവൻ അധ്യായങ്ങളുമുണ്ട്. ഇതിനർത്ഥം ഇബ്നു മസ്‌ഊദ്‌ (റ) തന്റെ ശിഷ്യന്മാർക്ക് ഖുർആനിലെ നൂറ്റിപതിനാല് സൂറത്തുകളും ഖുർആനിന്റെ ഭാഗമായിത്തന്നെ പഠിപ്പിച്ചുവെന്നാണ്. അവസാനത്തെ രണ്ട് അധ്യായങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വല്ല സംശയങ്ങളുമുണ്ടായിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ ശിഷ്യന്മാർക്ക് അവ ഖുർആനിന്റെ ഭാഗമായി അദ്ദേഹം പഠിപ്പിക്കുകയില്ലായിരുന്നു.

രണ്ട്) സൂറത്തുൽ ഫലഖിനെയും സൂറത്തുന്നാസിനെയും ഇബ്നു മസ്ഊദ് (റ) ഖുർആനിന്റെ ഭാഗമായിത്തന്നെയായിരുന്നു മനസ്സിലാക്കിയിരുന്നത് എന്ന തെളിയിക്കുന്ന വേറെയും നിവേദനങ്ങളുണ്ട്. ദൈലമിയിൽ നിന്ന് അലി അൽമുത്തഖി ഉദ്ധരിക്കുന്ന നിവേദനം ഉദാഹരണം: അത് ഇങ്ങനെയാണ്: ” ഇബ്നു മസ്ഊദ് (റ) പറഞ്ഞു: രണ്ട് സൂറത്തുകൾ നിങ്ങൾ ധാരാളമായി പാരായണം ചെയ്യുക. ഇഹലോകത്തെയും പരലോകത്തെയും ഉയർന്ന സ്ഥാനങ്ങളിൽ അത് വഴി അല്ലാഹു നിങ്ങളെ എത്തിക്കും. മുഅവ്വദത്തൈൻ ആണവ” (അലി അൽ മുത്തഖി: കൻസുൽ ഉമ്മാൽ, ബെയ്റുത്ത്, 1981, ഹദീഥ് 2743)

മൂന്ന്) ഇബ്നു മസ്ഊദ് (റ) ഖുർആനിലെ അവസാനത്തെ രണ്ട് സൂറത്തുകൾ തന്റെ മുസ്ഹഫിൽ നിന്ന് മായ്ച്ചു കളഞ്ഞുവെന്നും അത് കണ്ടിട്ടും ഉബയ്യ് (റ) അതിനെ എതിർത്തില്ലെന്നും വ്യക്തമാക്കുന്ന ഹദീഥ് നൽകുന്ന വിവരം വളരെ പ്രസക്തമാണ്. അവ രണ്ടും ഖുർആനിന്റെ ഭാഗമാണെന്ന് തന്നെയായിരുന്നു ഉബയ്യ് (റ) അടക്കമുള്ള സ്വഹാബിമാരുടെ മുഴുവൻ അഭിപ്രായമെന്ന് ഈ നിവേദനത്തിൽ നിന്ന് തന്നെ വ്യക്തമാണ്. ഖുർആനിൽ നിന്ന് രണ്ട് സൂറത്തുകൾ നിഷേധിക്കുകയെന്നാൽ ഇസ്‌ലാമിൽ നിന്ന് പുറത്തുപോകുന്ന കൊടിയ പാപമാണെന്ന കാര്യത്തിൽ സംശയമില്ല. “ആരെങ്കിലും ഖുർആനിലെ ഒരു അക്ഷരമെങ്കിലും നിഷേധിച്ചാൽ അയാൾ ഖുർആൻ മുഴുവൻ നിഷേധിച്ചവനെപ്പോലെയാണ്” എന്ന് ഇബ്നു മസ്ഊദ് (റ) പറഞ്ഞതായി ഇമാം അബ്ദുർറസാഖ് തന്റെ ‘മുസന്നഫി’ൽ (ഹദീഥ് നമ്പർ 15946) നിവേദനം ചെയ്തത് ശ്രദ്ധേയമാണ്. തന്റെ മുസ്ഹഫിൽ നിന്ന് ഇബ്നു മസ്ഊദ് (റ) ഈ രണ്ട് സൂറത്തുകൾ മായ്ച്ചു കളയുക വഴി ഉദ്ദേശിച്ചത് അവയെ നിഷേധിക്കുകയായിരുന്നുവെങ്കിൽ അത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമായിരുന്നു. അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നത് തന്നെ അദ്ദേഹം അവയെ നിഷേധിക്കുകയല്ല, എഴുതിവെക്കുന്നത് ശരിയല്ലെന്ന് കരുതുകയാണ് ചെയ്തതെന്ന് വ്യക്തമാണ്.

ഷെയ്ഖ് അബൂ ബക്കർ ബാക്വിലാനി പറഞ്ഞത് ശ്രദ്ധേയമാണ്: “ഈ രണ്ട് സൂറത്തുകൾ ഖുർആനിലുള്ളതല്ലെന്ന വാദം അദ്ദേഹത്തിനുള്ളതായി സ്ഥാപിക്കപ്പെട്ടിട്ടില്ല. അവ അദ്ദേഹം മായ്ച്ചു കളയുകയും തന്റെ മുസ്ഹഫിൽ ഉൾപ്പെടുത്താതിരിക്കുകയും ചെയ്തത് അവ ഖുർആനിന്റെ ഭാഗമാണെന്ന വസ്തുത അദ്ദേഹം നിഷേധിക്കുന്നത് കൊണ്ടായിരുന്നില്ല. പ്രവാചകൻ (സ) എഴുതാനായി പറഞ്ഞതല്ലാതെ യാതൊന്നും തന്നെ മുസ്ഹഫിൽ എഴുതാൻ പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. പ്രവാചകൻ (സ) അവ എഴുതിപ്പിച്ചതായോ എഴുതിവെക്കാൻ ആവശ്യപ്പെട്ടതായോ അദ്ദേഹം കണ്ടിട്ടുണ്ടായിരുന്നില്ല. (ഇമാം സുയൂഥ്വി: അൽ ഇത്ഖാൻ 1/ 271)

നാല്) മുഅവ്വദതൈൻ ഖുർആനിലുള്ളതാണെന്ന് വ്യക്തമാക്കുന്ന നബി(സ)യിൽ നിന്ന് സ്ഥിരപ്പെട്ട നിവേദനങ്ങളുണ്ട്.

അബുല്‍ അളാഅ് (റ) പറയുന്നു. നബി (സ) ഒരു സ്വഹാബിക്ക് സൂറഃ ഫലഖും നാസും പഠിപ്പിച്ചു കൊടുത്തു. തങ്ങള്‍ പറഞ്ഞു: നീ ഈ സൂറത്തുകള്‍ ഓതി നമസ്‌കരിക്കുക. (മുസ്നദ് അഹ്‌മദ്- ഹദീഥ് സ്വഹീഹാണെന്ന് ഇമാം ഇബ്‌നു ഹജര്‍ ഫതഹുല്‍ ബാരി 8/615ലും ഇമാം ഖാരി ഉംദ 2/16ലും പറയുന്നു)

ഉഖ്ബ(റ)യിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: ഈ രാത്രിയില്‍ എനിക്ക് ചില ആയത്തുകള്‍ അവതീര്‍ണമായി. സമാനമായവ തീരെ കാണപ്പെട്ടിട്ടില്ല. അത് സൂറത്തുൽ ഫലഖും നാസുമാണ്. (സ്വഹീഹ് മുസ്‌ലിം കിതാബ് സ്വലാത്ത്, ബാബുൽ ഫദാഇലി മുഅവ്വദതൈൻ). ഇതേപോലെയുള്ള നിരവധി ഹദീഥുകള്‍ ഇമാം ഇബ്‌നു കഥീർ (റ) തന്റെ തഫ്‌സീറില്‍ ഉദ്ധരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവ ഖുർആനിലുള്ളതല്ലെന്ന് പ്രവാചകശിഷ്യന്മാരിൽ പ്രമുഖനായ ഇബ്നു മസ്ഊദ് (റ) കരുതുമെന്ന് വിചാരിക്കാൻ യാതൊരു ന്യായവുമില്ല.

അഞ്ച്) ഇബ്നു മസ്ഊദിന്റെ(റ) ശിഷ്യന്മാരെല്ലാം ഈ രണ്ട് സൂറത്തുകളും ഖുർആനിൽ പെട്ടത് തന്നെയാണെന്ന് സാക്ഷ്യം വഹിച്ചതിനുള്ള തെളിവാണ് അവരിലൂടെ നിവേദനം ചെയ്യപ്പെട്ട ഖിറാഅത്തുകളിലൊന്നും അവ വിട്ടുകളഞ്ഞിട്ടില്ല എന്നത്. ഈ സൂറത്തുകൾ ഖുർആനിൽ പെട്ടതല്ലെന്ന് ഗുരു പറഞ്ഞിരുന്നെങ്കിൽ ശിഷ്യന്മാർ ആരെങ്കിലും ആ രൂപത്തിൽ ഖുർആൻ പാരായണം പഠിക്കുമായിരുന്നു. അതുണ്ടായിട്ടില്ലെന്ന് മാത്രമല്ല, ഇബ്‌നു മസ്ഊദിന്റെ(റ) ശിഷ്യന്‍മാരില്‍ പ്രമുഖനായ അസ്‌വദ് ബിന്‍ യസീദി(റ)നോട് ആ രണ്ടു സൂറത്തുകള്‍ ഖുര്‍ആനില്‍ പെട്ടതാണോ എന്നു ചോദിച്ചപ്പോള്‍ “അതെ, അവ രണ്ടും ഖുര്‍ആനില്‍പെട്ടതു തന്നെയാണ്” എന്ന് മറുപടി പറഞ്ഞതായി ഇബ്നു അബീശൈബ ഉദ്ധരിക്കുന്നുമുണ്ട്. (ഇബ്‌നു അബീ ശൈബ 30206)

ആറ്) അബ്ദുർ റഹ്‌മാനു ബ്നു യസീദിൽ (റ) നിന്ന് ഇമാം അഹ്‌മദ്‌ തന്റെ മുസ്നദിൽ നിവേദനം ചെയ്ത അഥറിൽ (ഹദീഥ് 21226) ഈ സൂറത്തുകൾ ഖുർആനിലുള്ളതല്ലെന്ന് ഇബ്നു മസ്ഊദ് (റ) പറഞ്ഞതായി ഉണ്ടെന്നത് ശരിയാണ്. ഇത് ഇമാം ത്വബ്റാനിയും തന്റെ മുജമ്മഉൽ കബീറിൽ നിവേദനം ചെയ്യുന്നുണ്ട്. (മുജമ്മഉൽ കബീർ 9150). എന്നാൽ ഈ നിവേദനം സ്വീകാര്യമല്ലെന്ന് ഇമാം നവവിയടക്കമുള്ള നിരവധി പണ്ഡിതന്മാർ വ്യക്തമാക്കിയതായി ഇമാം സുയൂഥ്വി വിശദീകരിക്കുന്നുണ്ട്. (അൽ ഇത്ഖാൻ 1/ 271) നിരവധി എതിർ തെളിവുകളുള്ളതിനാൽ ഈ നിവേദനം മുഅല്ലലും മുതവാത്തിറായ നിവേദനങ്ങൾക്ക് വിരുദ്ധമായതിനാൽ ശാദ്ദുമാണെന്നാണ് പണ്ഡിതാഭിപ്രായം.

ഇബ്നു മസ്ഊദ് (റ) തന്റെ മുസ്ഹഫിൽ ഫാതിഹയും സൂറത്തുൽ ഫലഖും സൂറത്തുന്നാസും എഴുതാതിരുന്നത് അവ ഖുർആനിൽ ഉള്ളതല്ലെന്ന് അദ്ദേഹം കരുതിയതുകൊണ്ടല്ലെന്നും പ്രത്യുത അദ്ദേഹത്തിന്റെതായ വ്യക്തിപരമായ ചില കാരണങ്ങളാലാണെന്നും ഇവയിൽ നിന്ന് വ്യക്തമാണ്. ഖുർആനിൽ ഇന്നുള്ള ഏതെങ്കിലും സൂറത്തുകൾ ഖുർആനിന്റെ ഭാഗമല്ലെന്ന് കരുതിയിരുന്ന സ്വഹാബിമാരാരും ഉണ്ടായിരുന്നിട്ടില്ല. ഖുർആനിൽ കളങ്കമാരോപിക്കുന്നവർക്ക്, അതുകൊണ്ട് തന്നെ, ഇബ്നു മസ്‌ഊദിന്റെ(റ) നടപടിയെ എങ്ങനെ അപഗ്രഥിച്ചാലും തെളിവുകൾ ഒന്നും ലഭിക്കുകയില്ല; അവർ നിരാശപ്പെടുകയേയുള്ളൂ.