ആകാശഭൂമികൾ ഒന്നിച്ചത് വേർപെട്ടുവോ? വേർപെട്ടത് ഒന്നിപ്പിച്ചുവോ?

/ആകാശഭൂമികൾ ഒന്നിച്ചത് വേർപെട്ടുവോ? വേർപെട്ടത് ഒന്നിപ്പിച്ചുവോ?
/ആകാശഭൂമികൾ ഒന്നിച്ചത് വേർപെട്ടുവോ? വേർപെട്ടത് ഒന്നിപ്പിച്ചുവോ?

ആകാശഭൂമികൾ ഒന്നിച്ചത് വേർപെട്ടുവോ? വേർപെട്ടത് ഒന്നിപ്പിച്ചുവോ?

ആകാശഭൂമികൾ ഒന്നായിരുന്നുവെന്നും പിന്നീട് അവ വേര്‍പെടുത്തപ്പെട്ടതാണെന്നുമുള്ള 21:30 ലെ പരാമര്‍ശത്തിന് വിരുദ്ധമായി അവ രണ്ടും വേര്‍പ്പെട്ടവയായിരുന്നുവെന്നും പിന്നീട് ഒന്നിച്ച് വരികയാണ് ചെയ്തതെന്നുമാണ് 41:11 ല്‍ പറയുന്നത്. ഇതെങ്ങനെ വിശദീകരിക്കാനാവും?
ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജൈവ വസ്തുക്കളെയും നാം ഉണ്ടാക്കുകയുംചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലോ? (21:30)

അതിനു പുറമെ അവന്‍ ആകാശത്തിന്റെ നേര്‍ക്ക് തിരിഞ്ഞു. അത് ഒരുപുകയായിരുന്നു. എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു. നിങ്ങള്‍ രണ്ടും അനുസരണ പൂര്‍വമോ നിര്‍ബന്ധിതമായോ വരിക. അവരണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ള വരായി വന്നിരിക്കുന്നു. (41:11)

വൈരുധ്യമാരോപിക്കപ്പെട്ട സൂക്തങ്ങളാണിവ. സത്യത്തില്‍ പ്രപഞ്ചോല്‍പത്തിയുടെ രണ്ടു ഘട്ടങ്ങളാണ് ഈ സൂക്തങ്ങളില്‍ വിശദീകരിക്കപ്പെട്ടിരിക്കുന്നത്. ആധുനിക ശാസ്ത്രത്തിന്റെ നിഗമനങ്ങള്‍ ഖുര്‍ആനില്‍ സൂചിപ്പിക്കപ്പെട്ട രണ്ടു ഘട്ടങ്ങളും കൃത്യമായി സംഭവിച്ചതു തന്നെയാണെന്നാണ് മനസ്സിലാക്കി തന്നിരിക്കുന്നത്. ഏകദേശം രണ്ടായിരം കോടി കൊല്ലങ്ങള്‍ക്കു മുമ്പ് പ്രപഞ്ചം ആദിമ ഭ്രൂണാവസ്ഥയിലായിരുന്നുവെന്നും ഒരു ഉഗ്രസ്‌ഫോടനത്തോടെയാണ് പ്രപഞ്ചം നിലവില്‍ വന്നതെന്നുമാണ് ഇന്ന് ഏറ്റവുമധികം അംഗീകരിക്കപ്പെട്ടിട്ടുള്ള മഹാവിസ്‌ഫോടന സിദ്ധാന്തം പറയുന്നത്. ഈസിദ്ധാന്തം അംഗീകരിച്ചാലും ഇല്ലെങ്കിലും പ്രാപഞ്ചിക വസ്തുക്കളെല്ലാം ഒന്നിച്ച് ഒരൊറ്റ ആദിപദാര്‍ഥത്തിന്റെ ഭാഗമായിരുന്നുവെന്ന വസ്തുത ഇന്ന്ശാസ്ത്ര ലോകത്ത് ഏതാണ്ട് തര്‍ക്കമറ്റ സംഗതിയാണ്. ഈ ആദിപദാര്‍ഥത്തില്‍ നിന്ന് വേര്‍പ്പെട്ടാണ് ആകാശ ഗോളങ്ങളും ഭൂമിയുമെല്ലാം ഉണ്ടായത്. പ്രപഞ്ചോല്‍പത്തിയുടെ ആദ്യ നിമിഷത്തില്‍ സംഭവിച്ചതാണ് ഈവേര്‍പെടല്‍. ശക്തമായ ഒരു പൊട്ടിത്തെറിയിലൂടെ നടന്ന ഈ വേര്‍പെടലിനാണ് സാങ്കേതികമായി മഹാവിസ്‌ഫോടനം എന്ന് പറയുന്നത്. സൂറത്തുല്‍ അമ്പിയാഇലെ സൂചിത സൂക്തത്തില്‍(21:30) പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത് ഈ വേര്‍പ്പെടുത്തലാണ്. ആകാശവും ഭൂമിയും ഒട്ടിച്ചേര്‍ന്ന് ഒരു ആദിമ പിണ്ഡാവസ്ഥയിലായിരുന്നുവെന്നും പിന്നീട് അല്ലാഹു അവയെ വേര്‍പെടുത്തിയെന്നുമുള്ള ഖുര്‍ആനിക പരാമര്‍ശങ്ങള്‍ പ്രപഞ്ചോല്‍പത്തിയുടെ ആദ്യ ഘട്ടത്തെയാണ്കുറിക്കുന്നതെന്നര്‍ഥം.

എന്നാല്‍, മഹാ വിസ്‌ഫോടനത്തോടെ പ്രാപഞ്ചിക വസ്തുക്കളെല്ലാം ഇന്നു നിലനില്‍ക്കുന്ന രീതിയില്‍ ആയിക്കഴിയുകയല്ല ചെയ്തത്. അതിന് വീണ്ടും പരിണാമദശകള്‍ കഴിയേണ്ടതായി ഉണ്ടായിരുന്നു. ആകാശവസ്തുക്കളുടെ രൂപീകരണത്തില്‍ പ്രധാനം നക്ഷത്രരൂപീകരണത്തിനാണല്ലോ. ഒരു നക്ഷത്രം ഉണ്ടാകുന്നത് എങ്ങനെയെന്ന് ഏകദേശം കൃത്യമായിത്തന്നെ ഇന്ന് നമുക്ക് പറയാന്‍ കഴിയും. ഉപരിലോകത്തുള്ള ധൂളി വാതകപടലങ്ങളായ നെബുലകളില്‍ നിന്നാണ് നക്ഷത്രങ്ങള്‍ പിറവിയെടുക്കുന്നത്. നെബുലകളിലെ പൊടിപടലങ്ങള്‍ക്കകത്ത് പെട്ടെന്നുണ്ടാകുന്ന ആഘാതത്തിന്റെ ഫലമായി അവ ഘനീഭവിച്ച് സാന്ദ്രമാവുകയും നക്ഷത്രഭ്രൂണമായിത്തീരുകയും ചെയ്യുന്നു. ഈഭ്രൂണം ചുറ്റുമുള്ള വാതകപടലത്തില്‍നിന്ന്
കണികകളെ ആകര്‍ഷിച്ചുകൊണ്ട് വലുപ്പം വര്‍ധിപ്പിച്ച് പ്രാഗ് നക്ഷത്രമായിത്തീരുന്നു. ഈ പ്രാഗ് നക്ഷത്രം സ്വന്തം ഗുരുത്വാകര്‍ഷണംമൂലം ചുരുങ്ങികൊണ്ടാണ് നക്ഷത്രങ്ങളുണ്ടാകുന്നത്. 1100 പ്രകാശവര്‍ഷങ്ങള്‍അകലെയുള്ള എം ജി സി 1333 എന്ന നെബുലയിലെ നക്ഷത്രാന്തരീയ പുകപടലങ്ങളില്‍ നിന്ന് ഒരു പ്രാഗ് നക്ഷത്രം പിറവിയെടുക്കുന്നത് ഹാവായിലെ മാക്‌സ്വെല്‍ ദൂരദര്‍ശിനിയിലൂടെ കാണാന്‍ ശാസ്ത്രജ്ഞന്‍മാര്‍ക്ക് കഴിഞ്ഞതോടെ നക്ഷത്ര രൂപീകരണത്തെ കുറിച്ച ഈസിദ്ധാന്തം ഏതാണ്ട്
സര്‍വ്വാംഗീകൃതമായിട്ടുണ്ട്. പ്രപഞ്ചോല്‍പത്തിയുടെ രണ്ടാം ഘട്ടത്തിലുള്ള നക്ഷത്രങ്ങളുടെ സൃഷ്ടിയെ കുറിച്ചായിരിക്കാം സൂറത്തുഫുസ്സിലത്തിലുള്ള 11-ാം വചനത്തില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. പുകപടലങ്ങളില്‍ നിന്നുള്ള ആകാശഗോളങ്ങളുടെ സൃഷ്ടിയാണല്ലോ ഈവചനത്തിലെ പ്രതിപാദ്യവിഷയം. ഇത്
മഹാവിസ്‌ഫോടനത്തിനു ശേഷം സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ശാസ്ത്രം പറയുന്ന നെബുലകളില്‍ നിന്നുള്ള നക്ഷത്ര രൂപികരണത്തെ കുറിച്ചു തന്നെയാകാനാണ് സാധ്യത.

ഖുര്‍ആനില്‍ രണ്ടു സ്ഥലങ്ങളില്‍ പറയുന്ന പ്രപഞ്ചസൃഷ്ടിയുടെ ക്രമം രണ്ടും ശരിയാണെന്ന വസ്തുതയാണ് നമുക്ക് ഇവിടെ ബോധ്യമാകുന്നത്. പ്രത്യക്ഷത്തില്‍ വൈരുധ്യമുള്ളതെന്ന് തോന്നുന്ന ഖുര്‍ആനിക പരാമര്‍ശങ്ങള്‍ പോലും പരസ്പരപൂരകങ്ങളും വസ്തുതകള്‍ മാത്രം വിവരിക്കുന്നവയുമാണെന്ന വസ്തുതയാണ് ആധുനിക ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നതെന്ന കാര്യം എന്തു മാത്രം വലിയ അത്ഭുതമാണ്!. ഖുര്‍ആനിന്റെ അമാനുഷികതയും ദൈവികതയും വ്യക്തമാക്കുന്നവയാണ് ഈ വചനങ്ങളെന്നുള്ളതാണ് വാസ്തവം.

print