അവിഹിത ബന്ധങ്ങളെ ഇസ്‌ലാം അനുകൂലിക്കുന്നു?!!

/അവിഹിത ബന്ധങ്ങളെ ഇസ്‌ലാം അനുകൂലിക്കുന്നു?!!
/അവിഹിത ബന്ധങ്ങളെ ഇസ്‌ലാം അനുകൂലിക്കുന്നു?!!

അവിഹിത ബന്ധങ്ങളെ ഇസ്‌ലാം അനുകൂലിക്കുന്നു?!!

Print Now

വിമർശനം:

(സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്ന വിമർശനം വിമർശകരുടെ അശ്ലീലചുവയുള്ള വരികൾ – തെറികൾ ഒഴിവാക്കി – ഇവിടെ എടുത്തു ചേർക്കുന്നു:)

“ഇസ്‌ലാമിക പ്രമാണം അനുസരിച്ചു ഒരു പുരുഷന് സ്വന്തം ഭാര്യയുടെ അനുജത്തിയെയും ലൈംഗികമായി ബന്ധപ്പെടാം. ആൺ കുട്ടികളുമായി പ്രകൃതി വിരുദ്ധ പീഡനം നടത്താം. അമ്മായിയമ്മയെ ഭോഗിക്കാം…നിങ്ങൾ ഈ വായിക്കുന്നത് ഇസ്‌ലാമിന്റെ രണ്ടാം പ്രമാണം ആയ സ്വഹീഹ് ബുഖാരിയുടെ ഹദീസിൽ നിന്നാണ്. ഓരോ മുസ്‌ലിമും നിർബന്ധമായും അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യേണ്ട ഇസ്‌ലാമിക പ്രമാണം. സ്വഹീഹ് ബുഖാരിയെ തള്ളിപ്പറയുന്നവൻ മുസ്‌ലിമല്ല – എന്നാണു മതപണ്ഡിതരുടെ ഫത്‌വ.”

മറുപടി:

സ്വഹീഹുൽ ബുഖാരിയിലെ വിമർശന വിധേയമായ കർമ്മശാസ്ത്ര ചർച്ച നേരിട്ട് കാണുക:

“ഇക്‌രിമ പറഞ്ഞു: ഇബ്നു അബ്ബാസിൽ നിന്ന്: ഒരാൾ തന്റെ ഭാര്യയുടെ സഹോദരിയെ ‘വ്യഭിചരിച്ചാൽ’ ഭാര്യയുമായുള്ള വിവാഹ ബന്ധം നിഷിദ്ധമായി മാറുന്നില്ല.

യഹ്‌യൽ കിന്ദിയിൽ നിന്ന് ഉദ്ധരിക്കപ്പെടുന്നു, അദ്ദേഹം ശുഅ്ബിയിൽ നിന്നും അബൂജഅ്ഫറിൽ നിന്നു ഉദ്ധരിക്കുന്നു: ഒരാൾ ഒരു കുട്ടിയുമായി (ലൈംഗിക) വിനോദത്തിൽ ഏർപ്പെടുകയും അവനുമായി ബന്ധപ്പെടുകയും ചെയ്താൽ അയാൾക്ക് കുട്ടിയുടെ മാതാവിനെ ഒരിക്കലും വിവാഹം ‘ചെയ്യാവതല്ല’…

ഇക്‌രിമ പറഞ്ഞു: ഇബ്നു അബ്ബാസിൽ നിന്ന്: ഒരാൾ തന്റെ ഭാര്യയുടെ മാതാവിനെ ‘വ്യഭിചരിച്ചാൽ’ ഭാര്യയുമായുള്ള വിവാഹ ബന്ധം നിഷിദ്ധമായി മാറുന്നില്ല.”
(സ്വഹീഹുൽ ബുഖാരി)

1. ഇസ്‌ലാമിലെ പ്രമാണങ്ങൾ കുർആനും സ്വഹീഹായ ഹദീസുകളുമാണ്. അല്ലാതെ കുർആനും സ്വഹീഹുൽ ബുഖാരിയുമല്ല. സ്വഹീഹുൽ ബുഖാരി ഹദീസുകൾ ശേഖരിക്കപ്പെട്ട ഒരു ഗ്രന്ഥം മാത്രമാണ്. ആ ഗ്രന്ഥത്തിൽ ഹദീസുകളുണ്ട്, ഫിക്ഹ് (കർമ്മശാസ്ത്രമുണ്ട്), കുർആൻ വ്യാഖ്യാനമുണ്ട്, ഭാഷാ ചർച്ചകളുണ്ട്… അങ്ങനെ പല അറിവുകളും ഉൾകൊള്ളുന്ന ഒരു ഗ്രന്ഥമാണത്. അതിലെ ഹദീസുകളാണ് മുസലിംകൾ പ്രമാണമായി കാണുന്നത്. ആ ഹദീസുകളെ തള്ളി പറയുന്നവനാണ് ഇസ്‌ലാമിന് പുറത്ത്, അല്ലാതെ സ്വഹീഹുൽ ബുഖാരി എന്ന ഗ്രന്ഥത്തിലെ ഏത് കുറിപ്പുകളേയും തള്ളിപ്പറയുന്നവനല്ല. ബുഖാരിയിൽ നിന്ന് എന്ന് മാത്രമല്ല, വേറെ ഏത് ഹദീസ് ഗ്രന്ഥത്തിലേയും സ്വഹീഹായ ഹദീസുകളെ നിഷേധിക്കുന്നവൻ ഇസ്‌ലാമിൽ നിന്ന് പുറത്താണ്. ഇക്കാര്യത്തിൽ സ്വഹീഹുൽ ബുഖാരിക്ക് മാത്രം ഒരു പ്രത്യേകതയും ഇല്ല.

2. പ്രവാചകന്റെ(സ) വാക്കുകളുടേയും പ്രവർത്തനങ്ങളുടേയും ക്രോഡീകരണമാണ് ഹദീസ്.
(നുസ്ഹത്തുന്നദ്ർ: 1:36 ,മുഖദ്ദിമ ഫീ ഉസൂലുൽ ഹദീസ്: 1:33, അൽഫദ്‌ലുൽ മുബീൻ അലാ അക്ദി ജൗഹരി സ്സമീൻ: 61)

ഇവിടെ, ഇസ്‌ലാം അവിഹിത ബന്ധങ്ങൾക്ക് അനുവാദം നൽകുന്നു എന്നതിന് തെളിവായി വിമർശകർ സ്വഹീഹുൽ ബുഖാരിയിൽ നിന്ന് എടുത്തുദ്ധരിച്ചിരിക്കുന്നത് ഇബ്നു അബ്ബാസ്, ശുഅ്ബി, അബൂ ജഅ്ഫർ എന്നീ പണ്ഡിതന്മാരുടെ വാക്കുകളാണ്. ഇത്തരം പണ്ഡിതാഭിപ്രായങ്ങൾ ഇസ്‌ലാമിൽ പ്രമാണങ്ങളല്ല. അവ ഫിക്ഹ് (കർമ്മശാസ്ത്രം) ആകുന്നു. ഫിക്ഹ് എന്നത് ഒരു പഠനശാഖയാണ് എന്ന് ഏവർക്കുമറിയാം. അതിൽ പ്രമാണങ്ങളോട് യോജിക്കുന്നവ മുസ്‌ലിംകൾ സ്വീകരിക്കുകയും പ്രമാണങ്ങളോട് യോജിക്കാത്തവ തിരസ്കരിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള ഫിക്‌ഹും – ഹദീസുകൾക്ക് പുറമെ – സ്വഹീഹുൽ ബുഖാരിയിലുണ്ട്. ആ ഫിക്ഹുകൾ മുസ്‌ലിംകളുടെ അടുക്കലൊ ഇസ്‌ലാമിലൊ അലംഘനീയമായ പ്രമാണങ്ങൾ അല്ല. (ഉലൂമുൽ ഹദീസ്: ഇബ്നു സ്വലാഹ്: 22,23)

3. ഇസ്‌ലാമിക പ്രമാണങ്ങൾ അവിഹിത ബന്ധങ്ങളെ എങ്ങനെ കാണുന്നു എന്ന് തിരിച്ചറിയാൻ കുർആനിലൂടെയും സ്വഹീഹായ ഹദീസുകളിലൂടെയും ഒന്ന് കണ്ണോടിച്ചാൽ പോരെ ?! ഫിക്ഹിന്റെ അന്തരാളങ്ങളിൽ ഊളയിടണമെന്നുണ്ടോ ?!!

വ്യഭിചാരത്തെ വൻപാപങ്ങളിൽ ഒന്നായാണ് ഇസ്‌ലാം പഠിപ്പിച്ചത്.

“നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ചു പോകരുത്‌. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു.” (കുർആൻ: 17:32)

അവിവാഹിതർ വ്യഭിചരിച്ചാൽ അവർക്ക് ഒരു ഇസ്‌ലാമിക രാഷ്ട്രത്തിൽ ലഭിക്കുന്ന ശിക്ഷയെ പറ്റി കുർആൻ പറയുന്നു:

“വ്യഭിചരിക്കുന്ന സ്ത്രീ പുരുഷന്‍മാരില്‍ ഓരോരുത്തരെയും നിങ്ങള്‍ നൂറ് അടി അടിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ അല്ലാഹുവിന്‍റെ മതനിയമത്തില്‍ (അത് നടപ്പാക്കുന്ന വിഷയത്തില്‍) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ.” (കുർആൻ: 24:2)

വിവാഹിതരായവർ വ്യഭിചരിച്ചാൽ, അവിഹിത ബന്ധങ്ങളിൽ ഏർപ്പെട്ടാൽ അവർക്ക് ഒരു ഇസ്‌ലാമിക രാഷ്ട്രത്തിൽ ലഭിക്കുന്ന ശിക്ഷയെപറ്റി പ്രവാചകൻ (സ) പഠിപ്പിച്ചത് ഇപ്രകാരമാണ്: “എന്നിൽ നിന്ന് നിങ്ങൾ പഠിക്കു… എന്നിൽ നിന്ന് നിങ്ങൾ പഠിക്കു… വിവാഹിതർ പരസ്പരം വ്യഭിചരിച്ചാൽ നൂറ് അടിയും കല്ലെറിഞ്ഞ് വധശിക്ഷ നടപ്പാക്കലുമാണ് (വിധി).” (സ്വഹീഹു മുസ്‌ലിം: 1690)

ഉമർ (റ) പറയുന്നു: (വിവാഹിതനായ വ്യഭിചാരിക്ക് ശിക്ഷയായി) അല്ലാഹുവിന്റെ ദൂതൻ (സ) കല്ലെറിഞ്ഞ് വധശിക്ഷ നടപ്പാക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ വിയോഗാനന്തരം ഞങ്ങളും വിവാഹിതനായ വ്യഭിചാരിക്ക് കല്ലെറിഞ്ഞ് വധശിക്ഷ നടപ്പാക്കി… വിവാഹിതരായ സ്ത്രീകളോ പുരുഷന്മാരോ വ്യഭിചരിച്ചുവെന്ന് തെളിവ് സ്ഥിരപ്പെട്ടാൽ കല്ലെറിഞ്ഞുള്ള വധശിക്ഷയാണുള്ളത്…
(സ്വഹീഹുൽ ബുഖാരി: 6442,സ്വഹീഹുൽ മുസ്‌ലിം: 169)

വ്യഭിചരിക്കുക പോയിട്ട് ഒരു അന്യ സ്ത്രീയെ വികാരത്തോടെ സ്പർശിക്കുന്നതും അവരുമായി ഒരു മുറിയിൽ തനിച്ചാകുന്നതും പോലും ഇസ്‌ലാമിൽ നിഷിദ്ധമാണ്.

പ്രവാചകൻ (സ) പറഞ്ഞു: “നിന്റെ തലയിൽ ഒരു ഇരുമ്പാണി കൊണ്ട് കുത്തി തറക്കുന്നതാണ് അനുവദനീയയല്ലാത്ത ഒരു സ്ത്രീയെ സ്പർശിക്കുന്നതിനേക്കാൾ നിനക്ക് നല്ലത്.” പ്രവാചകൻ (സ) പറഞ്ഞിട്ടുണ്ട്. (അൽ മുഅ്ജമുൽ കബീർ: ത്വബ്റാനി: 20:211)

പ്രവാചകൻ (സ) പറഞ്ഞു: ഒരു പുരുഷനും ഒരു സ്ത്രീയുമായി തനിച്ചാവുകയെ അരുത്…
(സ്വഹീഹുൽ ബുഖാരി: 2844, സ്വഹീഹു മുസ്‌ലിം: 1341)

പ്രവാചകൻ (സ) പറഞ്ഞു: “സ്ത്രീകളുടെ അടുക്കൽ (അവർ തനിച്ചായിരിക്കെ) ചെല്ലുന്നത് നിങ്ങൾ സൂക്ഷിക്കുക. “അപ്പോൾ അൻസ്വാരികളിൽ നിന്ന് ഒരാൾ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഒരാളുടെ ഭാര്യയുടെ അടുക്കൽ (അവർ തനിച്ചായിരിക്കെ) ഭർതൃ സഹോദരൻ പ്രവേശിക്കുന്നതോ ? ‘അതും നാശമാണെന്ന്’ പ്രഖ്യാപിച്ച് അവിഹിത ബന്ധങ്ങൾക്കുള്ള പഴുതുകളെല്ലാം പ്രവാചകൻ (സ) നിഷിദ്ധമാക്കി. (സ്വഹീഹുൽ ബുഖാരി: 4934)

ഇവയെല്ലാം സ്വഹീഹുൽ ബുഖാരിയിൽ തന്നെ ഹദീസുകളായി നിലനിൽക്കുന്നുവെന്നതും വിമർശകർ ബോധപൂർവ്വം അവ അവഗണിച്ചു എന്നതും പ്രത്യേകം ശ്രദ്ധ അർഹിക്കുന്ന കാര്യമാണ്.

ഭാര്യാ സഹോദരിയെ വ്യഭിചരിക്കുക പോയി വിവാഹം ചെയ്യൽ പോലും ഇസ്‌ലാമിൽ നിഷിദ്ധമാണ്.

തന്റെ സഹോദരിയെയും കൂടി വിവാഹം ചെയ്തു കൂടെ, എങ്കിൽ ഞാൻ നിലകൊള്ളുന്ന നന്മയിൽ എന്റെ സഹോദരിക്കും പങ്കാളിയാകാമായിരുന്നു എന്ന് ആഗ്രഹം പറഞ്ഞ ഭാര്യ ഉമ്മു ഹബീബയോട് പ്രവാചകൻ (സ) പറഞ്ഞു: അതെനിക്ക് അനുവദനീയമല്ല.
(സ്വഹീഹുൽ ബുഖാരി: 5101അബൂദാവൂദ്: 2056)

ഇസ്‌ലാം ആശ്ലേഷണത്തിന് മുമ്പ് രണ്ട് സഹോദരിമാരെ വിവാഹം ചെയ്ത ഒരാൾ എന്തു ചെയ്യണമെന്ന് പ്രവാചകനോട് ആരാഞ്ഞപ്പോൾ ഒരാളെ വിവാഹ മോചനം ചെയ്യാൻ പ്രവാചകൻ (സ) നിർദേശം നൽകി. (അബൂദാവൂദ്: 2243, തുർമുദി: 1129)

ഇനി, സ്വവർഗരതിയുടെ കാര്യമെടുക്കാം. ഒരു മനുഷ്യന് പ്രവർത്തിക്കാൻ കഴിയുന്നതിൽ വെച്ച് ഏറ്റവും വലിയ പാതകമായി സ്വവർഗരതിയെ പഠിപ്പിച്ച വ്യക്തിയാണ് പ്രവാചകൻ (സ). സ്വവർഗരതിയിൽ കൂട്ടായി നിർലജ്ജം അഭിരമിച്ച ലൂത്ത് നബിയുടെ ജനതയെ അല്ലാഹു ശിക്ഷിച്ച ചരിത്രം പ്രവാചകൻ (സ) ഈ ലോകത്തെ പഠിപ്പിച്ചു:
“അങ്ങനെ സൂര്യോദയത്തോടെ ആ ഘോരശബ്ദം അവരെ പിടികൂടി.അങ്ങനെ ആ രാജ്യത്തെ നാം തലകീഴായി മറിക്കുകയും, ചുട്ടുപഴുത്ത ഇഷ്ടികക്കല്ലുകള്‍ അവരുടെ മേല്‍ നാം വര്‍ഷിക്കുകയും ചെയ്തു.” (കുർആൻ 15: 73,74)

പ്രവാചകൻ (സ) പറഞ്ഞു: ആരെങ്കിലും ലൂത്ത് നബിയുടെ ജനതയുടെ പ്രവർത്തനം (സ്വവർഗരതി) പ്രവർത്തിച്ചാൽ ആ പ്രവർത്തനത്തിൽ ഏർപ്പെട്ടവന്റെയും അതിന് വിധേയനായി നിന്നു കൊടുത്തവന്റെയും മേൽ വധശിക്ഷ നടപ്പാക്കണം.
(തുർമുദി: 1456, അബൂദാവൂദ്: 4462, ഇബ്നുമാജ: 2561)

പ്രവാചകൻ (സ) പറഞ്ഞു: ലൂത്ത് നബിയുടെ ജനതയുടെ പ്രവർത്തനം (സ്വവർഗരതി) പ്രവർത്തിച്ചവനെ അല്ലാഹു ശപിച്ചിരിക്കുന്നു. പ്രവാചകൻ (സ) മൂന്ന് തവണ ഇത് ആവർത്തിച്ചു പറഞ്ഞു. (മുസ്നദു അഹ്മദ്: 2915)

ചുരുക്കത്തിൽ അവിഹിത ബന്ധങ്ങൾ, വ്യഭിചാരം, സ്വവർഗരതി തുടങ്ങിയവ ഇസ്‌ലാമിൽ നിഷിദ്ധമാണെന്ന് ഇസ്‌ലാമിക പ്രമാണങ്ങൾ തന്നെ വ്യക്തമായി പ്രസ്ഥാവിക്കുന്നു. ഇവയെല്ലാം സ്വഹീഹുൽ ബുഖാരിയിൽ തന്നെ ഹദീസുകളായി നിലനിൽക്കുകയും ചെയ്യുന്നു.

3. പ്രവാചകാനുചരന്മാരുടെ കാലഘട്ടത്തിലെ അവസാന സന്ധിയിൽ ഇസ്‌ലാമിന്റെ വളർച്ച ദ്രുതഗതിയിലാവുകയും ലക്ഷോപലക്ഷങ്ങൾ ഇസ്‌ലാമിലേക്ക് കടന്നുവരികയും ചെയ്യാൻ തുടങ്ങിയപ്പോൾ ദുർബല വിശ്വാസികളും കപട വിശ്വാസികളും ഇസ്‌ലാമിക സമൂഹത്തിൽ സ്ഥാനം പിടിച്ചു. വളർച്ച പ്രാപിച്ച മറ്റേത് സമുദായങ്ങളിലേതുമെന്ന പോലെ മുസ്‌ലിംകൾക്കിടയിലും ജീർണതകളും അധാർമികതകളും വർദ്ധിച്ചു. മദ്യം, വ്യഭിചാരം, കളവ്, മോഷണം, കൊള്ള, കൊല തുടങ്ങിയ സാമൂഹിക- വൈയക്തിക തിന്മകൾ എല്ലാ സമൂഹങ്ങളിലും ഇടതടവില്ലാതെ നടക്കുന്നുണ്ട്. മുസ്‌ലിം സമൂഹത്തിൽ ദുർബല വിശ്വാസികളും കപട വിശ്വാസികളും സ്ഥാനം പിടിച്ചതോടെ അവരിലും ഇത്തരം ദൂഷ്യങ്ങൾ പെരുകുക സ്വഭാവികം മാത്രം. അതുകൊണ്ട് തന്നെ ഈ സാമൂഹിക ഭൂമികയെ പരിഗണിച്ച് കർമ്മശാസ്ത്ര ചർച്ചകളെ വാർത്തെടുക്കാൻ കർമശാസ്ത്ര പണ്ഡിതർ നിർബന്ധിതരായി. അല്ലാതെ സമൂഹിക യഥാർത്ഥ്യങ്ങളെ അവഗണിച്ച് എങ്ങനെ ഫിക്ഹ് (കർമ്മശാസ്ത്ര) ചർച്ച ചെയ്യും? അധാർമിക പ്രവണതകളെയും ആ പ്രവണതകളുടെ അനന്തരഫലമായുണ്ടാകുന്ന സാമൂഹിക- കുടുംബ- വൈയക്തിക പ്രശ്നങ്ങളെയെല്ലാം കർമ്മശാസ്ത്ര പണ്ഡിതർ ചർച്ച ചെയ്തിട്ടുണ്ട്. അതിൽ ഒരു വിഷയവും അറപ്പു കൊണ്ട് മാറ്റി വെച്ചിട്ടില്ല. ഒരു കൈപ്പുറ്റ യാഥാർത്ഥ്യത്തെയും അവഗണിച്ച് ഫിക്ഹിനെ (കർമ്മശാസ്ത്ര) വാർത്തെടുക്കാൻ ശ്രമിച്ചിട്ടുമില്ല, ശ്രമിക്കാനും പാടില്ല. സ്വാഭാവികമായും അവിഹിതങ്ങൾ നടക്കുകയും അവ മൂലം കുടുംബ – സാമൂഹിക പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്തപ്പോൾ അത്തരം പ്രശ്നങ്ങളിലെ കർമ്മശാസ്ത്ര വിധികളെ പറ്റി ചർച്ച ചെയ്തിട്ടുണ്ട്. അതിനർത്ഥം അത്തരം അവിഹിതങ്ങളെ ഇസ്‌ലാമിക കർമ്മശാസ്ത്രമോ, കർമ്മശാസ്ത്ര ചർച്ചകളുടെ ആധാരമായ ഇസ്‌ലാമിക പ്രമാണങ്ങളൊ അംഗീകരിക്കുന്നു എന്നല്ല. ഒരു രാജ്യത്ത് കൊലപാതകവും കലാപവും ബലാത്സംഗവുമെല്ലാം നടന്നാലുള്ള അനന്തര നടപടികളെ സംബന്ധിച്ച നിയമങ്ങൾ ഉണ്ടെന്നതും ഭരണഘടന അത് ചർച്ച ചെയ്യുന്നുണ്ട് എന്നതും ആ രാജ്യവും ഭരണഘടനയും ഈ ദ്രോഹങ്ങൾക്ക് അംഗീകാരം നൽകുന്നു എന്നതിന് തെളിവാണോ ? അല്ലല്ലൊ. ഈ വസ്തുത മനസ്സിലാക്കിയതിന് ശേഷമാവണം സ്വഹീഹുൽ ബുഖാരിയിലെ കർമ്മശാസ്ത്ര ചർച്ചയെ നാം സമീപിക്കേണ്ടത്.

ബലാൽസംഗങ്ങളുടേയും അവിഹിത ബന്ധങ്ങളുടേയും അനന്തര നടപടികൾ ചർച്ച ചെയ്യുകയാണ് ബുഖാരി ഇവിടെ ചെയ്യുന്നത്. അല്ലാതെ അവിഹിതങ്ങളെ ഒരു വരിയിൽ പോലും അംഗീകരിക്കുന്നില്ല. അവിഹിത ബന്ധങ്ങൾ നിഷിദ്ധമാണെന്നും അവ ഇഹ-പര ലോകങ്ങളിലെ ശിക്ഷക്ക് അർഹമാണെന്നും ഹദീസുകളിലൂടെ ബുഖാരി തന്നെ വ്യക്തമാക്കിയതും നാം കണ്ടു. എന്നാൽ ഇതൊന്നും വില വെക്കാത്ത ഒരു പുരുഷൻ അവിഹിത ബന്ധങ്ങളിൽ ഏർപ്പെട്ടാൽ തുടർന്ന് ബന്ധങ്ങളിൽ എന്തൊക്കെ സംഭവിക്കും എന്ന് മാത്രമാണ് ചർച്ച. അത് അവിഹിതങ്ങൾ നടത്താൻ തെളിവാണെന്ന് ദുർവ്യാഖ്യാനിച്ച് അവതരിപ്പിക്കുന്നതിന് ബുഖാരി എന്ത് പിഴച്ചു ?

ഒരു പുരുഷൻ ഭാര്യയുടെ സഹോദരിയുമായും അല്ലെങ്കിൽ ഭാര്യയുടെ മാതാവുമായും അവിഹിത ബന്ധത്തിൽ ഏർപ്പെട്ടാൽ ഭാര്യയുമായുള്ള വിവാഹ ബന്ധം നിഷിദ്ധമാകുമോ അഥവാ വിവാഹ ബന്ധം വേർപ്പെടുമോ എന്നത് പ്രസക്തമായ ഒരു ചോദ്യമല്ലെ ? അവിഹിത വീരന്റെ പക്ഷത്ത് നിന്ന് ചിന്തിക്കാതെ ഇരയായ ഭാര്യയുടെയും മക്കളുടേയും പക്ഷത്ത് നിന്ന് ചിന്തിക്കുക. ഒരു വിശ്വാസിയായ മുസ്‌ലിം സ്ത്രീ, മുസ്‌ലിം നാമധാരിയായ ഒരു എക്സ് മുസ്‌ലിമിനെ (അയാളുടെ ഭൗതീക വാദത്തെ പറ്റി അറിയാതെ) വിവാഹം ചെയ്തുവെന്ന് കരുതുക; ആ ബന്ധത്തിൽ മക്കളുമുണ്ടായി. ഭൗതീക വാദിയായ ഇയാൾക്ക് അവിഹിത ബന്ധങ്ങൾ ലൈംഗിക സ്വാതന്ത്ര്യത്തിന്റെ ഭാഗമാണല്ലൊ. അതുകൊണ്ട് തന്നെ അയാൾ ഭാര്യയുടെ സഹോദരിയെ വ്യഭിചരിച്ചു. അതോടെ അയാൾക്ക് ഭാര്യയുമായുള്ള വിവാഹ ബന്ധം നിഷിദ്ധമാവുമോ? വിവാഹ ബന്ധം വേർപ്പെടുമോ? എന്നത് ചർച്ച ചെയ്യേണ്ടതില്ലെ?! ഇല്ലെങ്കിൽ ഇരയായ ഭാര്യയുടെയും മക്കളുടേയും അവകാശങ്ങളുടെ കാര്യമോ? അവിഹിത ബന്ധത്തിൽ അഥവാ വ്യഭിചാരത്തിൽ ഏർപ്പെട്ട ഭർത്താവിന് ഇസ്‌ലാമിക ഭരണകൂടം വധശിക്ഷ നടപ്പിലാക്കും. പക്ഷെ അയാൾ വ്യഭിചരിച്ചു എന്നതിനാൽ അയാളുടെ ഭാര്യ അയാൾക്ക് ഭാര്യ അല്ലാതായി എന്ന് പറഞ്ഞാൽ ഭാര്യക്കും കുട്ടികൾക്കും അയാളുടെ സ്വത്തിൽ നിന്ന് കിട്ടേണ്ട അനന്തരാവകാശങ്ങളും മറ്റു സാമൂഹിക-സാമ്പത്തിക അവകാശങ്ങളും നിഷേധിക്കപ്പെടില്ലെ? പുരുഷൻ അവിഹിതത്തിൽ ഏർപ്പെട്ടു എന്നത് കൊണ്ട് ഭാര്യ എന്ത് പിഴച്ചു ?! അപ്പോൾ, ഭാര്യ സഹോദരിയുമായി അല്ലെങ്കിൽ ഭാര്യാമാതാവുമായി പുരുഷൻ അവിഹിതത്തിൽ ഏർപ്പെട്ടാൽ അവളുമായുള്ള വിവാഹ ബന്ധം നിഷിദ്ധമായി എന്ന് പറഞ്ഞാൽ അത് ഇരക്ക് അനുകൂലമായാണോ പ്രതികൂലമായാണോ ഭവിക്കുക എന്നത് ചർച്ച ചെയ്യേണ്ടതില്ലെ?!! “അയ്യേ അവിഹിതം ചർച്ച ചെയ്യുന്നു” എന്ന് പറഞ്ഞ് മാറി നിൽക്കുന്നതാണോ ധാർമികത!?

ഇനി, “ഒരാൾ ഒരു കുട്ടിയുമായി (ലൈംഗിക) വിനോദത്തിൽ ഏർപ്പെടുകയും അവനുമായി ബന്ധപ്പെടുകയും ചെയ്താൽ അയാൾക്ക് കുട്ടിയുടെ മാതാവിനെ ഒരിക്കലും വിവാഹം ‘ചെയ്യാവതല്ല’… ” എന്ന ശുഅ്ബി, അബൂജഅ്ഫർ എന്നീ പണ്ഡിതന്മാരുടെ കർമ്മശാസ്ത്ര (ഹദീസ് അല്ലെന്ന് പ്രത്യേകം ഓർക്കുക) അഭിപ്രായം എടുക്കുക.

ഒന്ന്, കുട്ടിയുമായുള്ള ലൈംഗിക ബന്ധം അനുവദനീയമാണെന്ന സൂചന പോലും അതിലില്ല. എന്ന് മാത്രമല്ല സ്വവർഗരതി നിഷിദ്ധമാണെന്നും അവ ഇഹ-പര ലോകങ്ങളിലെ ശിക്ഷക്ക് അർഹമാണെന്നും ഹദീസുകളിലൂടെ ബുഖാരി തന്നെ വ്യക്തമാക്കിയതും നാം കണ്ടു.

രണ്ട്, കുട്ടിയുടെ മാതാവിനെ ഒരിക്കലും വിവാഹം ‘ചെയ്യാവതല്ല’ എന്നാണ് ശുഅ്ബി, അബൂജഅ്ഫർ എന്നീ പണ്ഡിതന്മാർ പറഞ്ഞത്; അല്ലാതെ വിവാഹം ചെയ്യാം എന്നല്ല. അങ്ങനെ ഒരു വൻ പാപമായ നിഷിദ്ധ ബന്ധം സംഭവിക്കുകയും അയാൾ കുട്ടിയെ ലൈംഗിക പീഢനത്തിന് ഇരയാക്കിയെന്ന് കോടതിയിൽ തെളിവൊന്നും ഹാജരാക്കാൻ കഴിയാതിരിക്കുകയും ചെയ്താൽ അയാൾക്ക് മാതാവിനെ വിവാഹം ചെയ്യാനുള്ള അവകാശമെ നൽകരുത് എന്നെ പറഞ്ഞിട്ടുള്ളു. ലൈംഗിക പീഢനത്തിന് ഇരയാക്കിയെന്നതിന് തെളിവ് ഹാജരാക്കപ്പെട്ടാൽ അയാൾക്ക് ശിക്ഷയും വിധിക്കണം. ഈ അതി പ്രസക്തമായ ചർച്ചകളെ ദുർവ്യാഖ്യാനിച്ച് ഇസ്‌ലാം വൻപാപങ്ങളിൽ ഒന്നായി കാണുന്ന, വധശിക്ഷക്ക് അർഹമായി പഠിപ്പിച്ച സ്വവർഗരതി ഇസ്‌ലാം തന്നെ അംഗീകരിക്കുന്നു എന്ന് ചിത്രീകരിക്കുന്ന ഭോഷത്തത്തെ പുച്ഛത്തോടെ വലിച്ചെറിയുക.

ഇത്തരം കയ്പുറ്റ, സമാനമായ വേറേയും വിഷയങ്ങളിലും കർമശാസ്ത്ര ചർച്ചകൾ മുസ്‌ലിം പണ്ഡിതരുടെ ഗ്രന്ഥങ്ങളിൽ നടന്നിട്ടുണ്ട്.

ഒന്ന്, ഭാര്യാ ഭർത്താക്കന്മാരിൽ ഒരാൾ ഇസ്‌ലാം മതം ഉപേക്ഷിച്ച് ‘മുർത്തദ്ദാ’യാൽ തുടർന്നുള്ള അനന്തരഫലങ്ങൾ കർമ്മശാസ്ത്ര പണ്ഡിതർ ചർച്ച ചെയ്തിട്ടുണ്ട്. അതിനർത്ഥം മുർത്തദ്ദ് (മത പരിത്യാഗി) ആവൽ ഇസ്‌ലാം അനുവദിച്ചു എന്നാണോ ?!!

ഇബ്നു കുദാമ പറഞ്ഞു: ഭാര്യാ ഭർത്താക്കന്മാരിൽ ഒരാൾ മുർത്തദ്ദായാൽ – അത് പരസ്പര ലൈംഗീകബന്ധത്തിന് മുമ്പാണെങ്കിൽ വിവാഹ ബന്ധം വേർപ്പെടും… ദാവൂദിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിരിക്കുന്നത് മത പരിത്യാഗം മൂലം വിവാഹ ബന്ധം വേർപ്പെടില്ല; അത് അവശേഷിക്കുമെന്നാണ്…
(മുഗ്നി: 7:133)

പരസ്പര ലൈംഗീകബന്ധത്തിന് ശേഷമാണെങ്കിലും ഭാര്യാ ഭർത്താക്കന്മാരിൽ ഒരാൾ മുർത്തദ്ദായാൽ വിവാഹ ബന്ധം വേർപ്പെടും എന്നാണ് ഹനഫി മാലികി മദ്ഹബിലെ അഭിപ്രായം…
(അൽ മൗസൂഅത്തുൽ ഫിക്ഹിയ്യ:22/198, തുഹ്‌ഫത്തുൽ മുഹ്താജ്: 7:328 )

ഈ ചർച്ചകളൊക്കെ തെളിയിക്കുന്നത് ദമ്പതിമാരിൽ ഒരാൾക്ക് മുർത്തദ്ദ് ആവൽ ഇസ്‌ലാം അനുവദിക്കുന്നു എന്നാണോ ?!!
(ഇതിൽ ഏത് അഭിപ്രായമാണ് ഇസ്‌ലാമിക പ്രമാണങ്ങളുടെ പിൻബലമുള്ളത് എന്നത് മറ്റൊരു വിഷയമാണ്. അത് ഇവിടെ ചർച്ച ചെയ്യുന്നത് ഉചിതമല്ലല്ലൊ)

രണ്ട്, ഭാര്യാ ഭർത്താക്കന്മാരിൽ ഒരാൾ മറ്റൊരാളെ കൊലപ്പെടുത്തിയാൽ മക്കൾക്ക് പ്രതിക്രിയയിൽ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട് എന്ന് തുടങ്ങി… കൊലയെ തുടർന്നുള്ള അനന്തര നടപടികൾ കർമ്മശാസ്ത്ര പണ്ഡിതർ ചർച്ച ചെയ്തിട്ടുണ്ട്. (മുഗ്നി: 8/287, കശ്ശാഫുൽ കനാഅ്:5:529, അൽ മൗസൂഅത്തുൽ ഫിക്ഹിയ്യ അൽകുവൈത്തിയ്യ: 21:56)

അതിനർത്ഥം ദമ്പതികളിൽ ഒരാൾക്ക് മറ്റൊരാളെ കൊലപ്പെടുത്താൻ ഇസ്‌ലാം അനുവാദം നൽകുന്നു എന്നാണോ ?!!