അല്ലാഹു കാരുണ്യവാനെങ്കില്‍ ദുരിതങ്ങള്‍ എന്തുകൊണ്ട്?

/അല്ലാഹു കാരുണ്യവാനെങ്കില്‍ ദുരിതങ്ങള്‍ എന്തുകൊണ്ട്?
/അല്ലാഹു കാരുണ്യവാനെങ്കില്‍ ദുരിതങ്ങള്‍ എന്തുകൊണ്ട്?

അല്ലാഹു കാരുണ്യവാനെങ്കില്‍ ദുരിതങ്ങള്‍ എന്തുകൊണ്ട്?

അല്ലാഹുവിന്റെ സത്തയുടെ സവിശേഷതയാണ് കാരുണ്യമെന്നും അവന്‍തന്നെ കാരുണ്യത്തെ തന്റെമേല്‍  ഒരു ബാധ്യതയാക്കി  നിശ്ചയിക്കുകയും ചെയ്തിരിക്കുന്നുവെന്നുമാണ് ഖുർആൻ പഠിപ്പിക്കുന്നത്. . അവനില്‍ നിന്നുണ്ടാവുന്നതെല്ലാം കാരുണ്യമായിരിക്കുമെന്നർത്ഥം.. ദുഷ്ടതയോ ക്രൂരതയോ അവനില്‍ നിന്നുണ്ടാവുകയില്ല. ദിവ്യകാരുണ്യത്തിന്റെ ഭാഗമായി അവന്‍ സംവിധാനിച്ച വ്യവസ്ഥകള്‍ ചിലപ്പോള്‍ വ്യക്തികള്‍ക്ക് പ്രയാസകരമായി തോന്നിയേക്കാം. എന്നാല്‍ അവപോലും ആത്യന്തികമായി നന്മയും കാരുണ്യവുമായിരിക്കും.

നാം അനുഭവിക്കുന്ന വേദനയുടെ കാര്യമെടുക്കുക. പ്രതിസന്ധികളെ അതിജീവിക്കുന്നതിന് മനുഷ്യശരീരത്തില്‍ അല്ലാഹു സംവിധാനിച്ച അതിസൂക്ഷ്മമായ സംവിധാന ങ്ങളിലൊന്നാണ് വേദന. ദിവ്യകാരുണ്യത്തിന്റെ ഉത്തമ നിദര്‍ശനമാണത്. ശരീരത്തിന്റെ ഭാഗങ്ങളിലേതിലെങ്കിലും ഏതെങ്കിലും തരത്തിലുള്ള മുറിവോ പ്രയാസങ്ങളോ ഉണ്ടായാല്‍ അത് ഉടനെ അറിയുകയും ആവശ്യമായ രക്ഷാമാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യാനായി അല്ലാഹു നിശ്ചയിച്ച വാര്‍ത്താവിനിമയ സംവിധാനത്തിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ് വേദന. മുറിവ് പറ്റിയിടത്ത് നന്നാ ക്കാനാവശ്യമായ സംവിധാനങ്ങള്‍ക്കുള്ള സന്ദേശങ്ങള്‍ കേന്ദ്രനാഡീവ്യൂഹത്തില്‍ നിന്ന് വരണം. അതിന് ഇന്ന സ്ഥലത്ത് മുറിവ് പറ്റിയിട്ടുണ്ടെന്ന് കേന്ദ്രനാഡീവ്യൂഹം അറിയണം. വേദനയെന്ന ദൂതന്‍ ഈ അറിയിപ്പാണ് നിര്‍വഹിക്കുന്നത്. പ്രയാസമനുഭവിക്കുന്ന സ്ഥലത്തെക്കുറിച്ച് ജാഗ്രതയില്‍ കഴിയുവാനും നിതാന്തശ്രദ്ധ  ചെലുത്തുവാനും മനുഷ്യനെ സജ്ജമാക്കുന്നതും വേദന തന്നെ! ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴുമുള്ള നമ്മുടെ ശരീരത്തിന്റെ കാവല്‍ക്കാരനാണ് വേദനയെന്നര്‍ഥം. പരമകാരുണികനായ അല്ലാഹു നമ്മുടെ ശരീരത്തില്‍ സംവിധാനിച്ച പ്രതിരോധ സന്നാഹങ്ങളിലൊന്ന്. വേദന അനുഭവിക്കുന്നവന് അത് പ്രയാസകരമായി ഭവിക്കുന്നുവെന്നത് നേരാണ്. എന്നാല്‍ സൂക്ഷ്മമായി ചിന്തിച്ചാല്‍ വേദനയും പ്രയാസങ്ങളുമെല്ലാം ആത്യന്തികമായി ദിവ്യകാരുണ്യത്തെ തന്നെയാണ് വെളിപ്പെടുത്തുന്നതെന്ന് കാണാന്‍ കഴിയും.

രോഗങ്ങളുടെയും ദുരിതങ്ങളുടെയും അവസ്ഥയും ഇതില്‍ നിന്ന് ഭിന്നമല്ല. പ്രതിസന്ധികളെ അതിജീവിക്കുന്നതിന്നും വിശുദ്ധജീവിതം നയിക്കുന്നതിന്നുമായി മനുഷ്യശരീരത്തെയും മനസ്സിനെയും പര്യാപ്തമാക്കുന്ന സംവിധാനങ്ങളുടെ ഭാഗം തന്നെയാണ് നാം ദുരിതമെന്നും രോഗമെന്നും വിളിക്കുന്ന കാര്യങ്ങളെല്ലാമെന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ കാണാന്‍ കഴിയും. അന്തരീക്ഷത്തിലെ ഊഷ്മവ്യതിയാനങ്ങളോട് പൊരുത്തപ്പെടുവാനുള്ള ശരീരത്തിലെ സംവിധാനങ്ങളും തെറ്റായ ആഹാരപാനീയങ്ങളുടെ ദുഷ്ഫലങ്ങളില്‍ നിന്ന് രക്ഷിക്കുവാനുള്ള സന്നാഹങ്ങളും രോഗാണുക്കളെയും മറ്റും പ്രതിരോധിക്കുവാനാവശ്യമായ നടപടികളുമാണ് രോഗമായി നമുക്കനുഭവപ്പെടുന്നത് എന്നതല്ലേ യാഥാര്‍ഥ്യം? ഈ യാഥാര്‍ഥ്യം മനസ്സിലാക്കുവാനും ഉള്‍ക്കൊള്ളാനും സന്നദ്ധമാവാതെ പ്രതിരോധ സംവിധാനങ്ങളായ രോഗങ്ങളോട് പ്രതികാരാത്മകമായി പ്രതികരിക്കുന്നതാണ് മാരകമായ രോഗങ്ങള്‍ക്ക് നിമിത്തമാവുന്നത് എന്നാണല്ലോ വൈദ്യശാസ്ത്ര രംഗത്തെ പുതിയ പഠനങ്ങള്‍ വ്യക്ത മാക്കുന്നത്. ഏത് പ്രതിസന്ധിയെയും തരണംചെയ്യാന്‍ നമ്മെ പര്യാപ്തമാക്കുവാനായുള്ള പരമകാരുണികന്റെ സംവിധാനങ്ങളാണ് നമുക്ക് പ്രയാസകരമായിത്തോന്നുന്ന കാര്യങ്ങള്‍പോലുമെന്ന വസ്തുതയാണ് ഇവിടെയെല്ലാം അനാവൃതമാവുന്നത്.

ദിവ്യകാരുണ്യത്തിന്റെ ഭാഗമായി നമ്മുടെ ശരീരത്തില്‍ സംവിധാനിച്ച ചില കാര്യങ്ങളെങ്കിലും വ്യക്തിപരമായ അനുഭവത്തില്‍ പ്രയാസകരമായി ഭവിക്കുന്നുവെന്ന വസ്തുത നാം മനസ്സിലാക്കി. ഇതേപോലെത്തന്നെയാണ് ഇവിടെയുള്ള കാര്യങ്ങളെല്ലാം എന്ന് ഉള്‍ക്കൊള്ളുവാന്‍ നമുക്ക് കഴിയണം.  ദുരിതവും  പ്രയാസവുമായി വ്യക്തികള്‍ക്കോ സമൂഹങ്ങള്‍ക്കോ തോന്നുന്ന കാര്യങ്ങള്‍ ആത്യന്തികമായി നന്മയും മനുഷ്യരാശിയെ മൊത്തമായെടുത്താല്‍ ദിവ്യ കാരുണ്യത്തിന്റെ പ്രകടനവുമാണെന്ന വസ്തുത ശരിയാംവണ്ണം ഉള്‍ക്കൊണ്ട ഒരാള്‍ക്ക് പിന്നെ നിരാശാബോധമുണ്ടാവുകയില്ല; അയാള്‍ നിഷേധാത്മക നിലപാടുകളെടുക്കുകയുമില്ല. പരമകാരുണികനില്‍ നിന്ന് ഉണ്ടാവുന്നതെല്ലാം അവന്റെ കാരുണ്യത്തിന്റെ പ്രകടനമാണെന്നും അത് തനിക്ക് തിന്മയായി ഭവിക്കുന്നത് ചിലപ്പോള്‍ തന്റെ വര്‍ത്തനങ്ങളിലുള്ള തകരാറുകൊണ്ടാണെന്നും മനസ്സിലാക്കുന്നവന്‍, തന്റെ പ്രവര്‍ത്തനങ്ങളിലുള്ള വീഴ്ചകളെപ്പറ്റി സദാ ബോധവാനായിരിക്കും; എന്തെങ്കിലും വീഴ്ച സംഭവിച്ചാല്‍ തന്നെ അത് ഉടനടി തിരുത്തുവാന്‍ അവന്‍ സന്നദ്ധനുമായിരിക്കും; എന്നിട്ടും താന്‍ പ്രയാസത്തില്‍ തന്നെയാണെങ്കില്‍ അത് ദിവ്യകാരുണ്യത്തിന്റെ ഭാഗമാണെന്നും തനിക്ക് ആത്യന്തികമായ നന്മയാണത് പ്രദാനം ചെയ്യുകയെന്നും മനസ്സിലാക്കി ക്ഷമിക്കുവാനും സഹിക്കുവാനും അവന്ന് സാധിക്കും. അല്ലാഹുവിനെ പരമകാരുണികനായി മനസ്സിലാക്കാത്തതാണ് നിരാശാബോധത്തിന്റെയും ആത്മഹത്യാ പ്രവണതയുടെയുമെല്ലാം അടിസ്ഥാന കാരണം, ദൈവിക കാരുണ്യത്തെക്കുറിച്ച് നിരാശരാകുന്നവര്‍ വഴിപിഴച്ചവര്‍ മാത്രമാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.

”അദ്ദേഹം (ഇബ്രാഹീം) പറഞ്ഞു: തന്റെ രക്ഷിതാവിന്റെ കാരു ണ്യത്തെപ്പറ്റി ആരാണ് നിരാശപ്പെടുക? വഴിപിഴച്ചവരല്ലാതെ” (15:56).

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ