അല്ലാഹുവെ മാത്രം ആരാധിക്കണമെന്ന് പറയുന്നതെന്തുകൊണ്ടാണ്?

/അല്ലാഹുവെ മാത്രം ആരാധിക്കണമെന്ന് പറയുന്നതെന്തുകൊണ്ടാണ്?
/അല്ലാഹുവെ മാത്രം ആരാധിക്കണമെന്ന് പറയുന്നതെന്തുകൊണ്ടാണ്?

അല്ലാഹുവെ മാത്രം ആരാധിക്കണമെന്ന് പറയുന്നതെന്തുകൊണ്ടാണ്?

മനുഷ്യനെക്കാള്‍ ഉന്നതമായ മറ്റൊരു സൃഷ്ടിയും ഭൂമിയിലില്ലെന്ന് നമുക്കറിയാം. അവനെക്കാള്‍ ഉന്നതമായ ഒരുവന്‍ മാത്രമേയുള്ളൂ- അതാണ് സ്രഷ്ടാവ്. മനുഷ്യകഴിവില്‍ പെടാത്ത ഒട്ടനവധി കാര്യങ്ങള്‍ തനിക്കു ചുറ്റും തന്റെ സ്വന്തം ശരീരത്തിലും മനുഷ്യന് കാണാന്‍ കഴിയുന്നു. സ്വജീവന്‍ നിലനിര്‍ത്തുന്ന ഹൃദയമിടിപ്പോ രക്തചംക്രമണമോ മറ്റു ജീവികളില്‍നിന്ന് വ്യതിരിക്തമാക്കുന്ന ബൗദ്ധിക പ്രവര്‍ത്തനങ്ങളോ ഒന്നുംതന്നെ തന്റെ കഴിവിലോ നിയന്ത്രണ പരിധിയിലോ അല്ലെന്ന് അവന്‍ അറിയുന്നു.  ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്താന്‍ പര്യാപ്തമായ രീതിയിലുള്ള സൂര്യന്റെ നിലനില്‍പോ ഭൂമിയുടെ പരിക്രമണമോ അന്തരീക്ഷത്തിന്റെ സംവിധാനമോ ഒന്നുംതന്നെ തന്റെ നിയന്ത്രണത്തിന്റെ വരുതിയിലല്ലെന്ന് അവന്‍ മനസ്സിലാക്കുന്നു. ഈ അറിവ് തന്നേക്കാള്‍ ശക്തിയുള്ള ഒന്നിനോട് സഹായമഭ്യര്‍ഥിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നു. ഈ സഹായാഭ്യര്‍ഥനയാണ് പ്രാര്‍ഥന. ഭിഷഗ്വരനോട് രോഗി സഹായമഭ്യര്‍ഥിക്കുന്നതോ പണക്കാരനോട് പണിക്കാരന്‍ സാമ്പത്തിക സഹായം ചോദിക്കുന്നതോ പ്രാര്‍ഥനയുടെ പരിധിയില്‍ വരുന്നില്ല. അവ ലൗകികമായ കാര്യകാരണബന്ധങ്ങളുടെ അടിസ്ഥാനത്തിലുള്ള അര്‍ഥനയാകുന്നു. കാര്യകാരണബന്ധങ്ങള്‍ക്കതീതമായ രീതിയിലുള്ള സഹായാഭ്യര്‍ഥനയാണ് പ്രാര്‍ഥന. പ്രാര്‍ഥനയില്ലാത്ത ആരാധനകള്‍ വെറും ആചാരങ്ങള്‍ മാത്രമായി അവശേഷിക്കുന്നു.

സര്‍വലോകത്തിന്റെയും സ്രഷ്ടാവും സംരക്ഷകനും അല്ലാഹുവാണ്. മനുഷ്യരെ പടക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് അവനാണ്. അവന്‍ പരമകാരുണികനും കരുണാനിധിയുമാണ്. നീതിമാനും പ്രതാപവാനുമാണ്. സര്‍വജ്ഞനും സര്‍വഗ്രാഹിയുമാണ്. സ്‌നേഹസമ്പന്നനും കൃപാനിധിയുമാണ്. അദൃശ്യകാര്യങ്ങള്‍ അറിയുന്നവനായ അല്ലാഹുവിനു മാത്രമേ മനുഷ്യമനസ്സിനകത്തുള്ളതെന്താണെന്ന് വ്യക്തമായി അറിയാന്‍ കഴിയൂ.

”നിശ്ചയം, അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമത്രേ” (31:34).

മനുഷ്യകഴിവിന്നതീതമായ കാര്യങ്ങള്‍ അത്തരത്തിലുള്ള കഴിവുകളുണ്ടെന്നോ അത്തരം കഴിവുകള്‍ ഉള്ളവരില്‍ നിന്ന് നേടിത്തരാന്‍ കഴിയുമെന്നോ  കരുതുന്നവരോട് ചോദിക്കുന്നതിനാണല്ലോ പ്രാര്‍ഥനയെന്നു പറയുന്നത്. അഭൗതികമായ സഹായാഭ്യര്‍ഥനയാണ് പ്രാര്‍ഥനയെന്ന് പറയാം. പ്രാര്‍ഥനയുടെ ആത്മാവ് സ്ഥിതി ചെയ്യുന്നത് പ്രാര്‍ഥിക്കുന്നവന്റെ മനസ്സിനകത്താണ്. എത്ര സുന്ദരമായ പ്രാര്‍ഥ നാഗീതമായിരുന്നാലും അത് ഹൃദയത്തില്‍നിന്നു പുറത്തുവരുന്നതല്ലെങ്കില്‍  കേവലം വാചാടോപമായി പരിണമിക്കുന്നു. അതിന്ന് അധരങ്ങളുമായി മാത്രമേ ബന്ധം കാണൂ. പ്രാര്‍ഥിക്കുന്നവന്റെ ഹൃദയം പ്രാര്‍ഥിക്കപ്പെടുന്നവന്റെ സഹായം കാംക്ഷിക്കുമ്പോള്‍ മാത്രമാണ് പ്രാര്‍ഥനയെന്ന പദം അന്വര്‍ഥമാകുന്നത്. യഥാര്‍ഥത്തില്‍ പ്രാര്‍ഥനയാണ് എല്ലാവിധ ആരാധനകളുടെയും മജ്ജ. ആരാധനകളിലെ കര്‍മങ്ങള്‍ക്ക് ജീവനുണ്ടാകണമെങ്കില്‍ പ്രാര്‍ഥനയുണ്ടായിരിക്കണമെന്നര്‍ഥം. ഇതാണ് പ്രവാചകന്‍ പഠിപ്പിച്ചത്.

”നുഅ്മാനുബ്‌നു ബശീര്‍ (റ)നിവേദനം: നബി  (സ) പറഞ്ഞു പ്രാര്‍ഥന തന്നെയാകുന്നു ആരാധന. പിന്നീട് ഇങ്ങനെ ഓതി ‘നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍

നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച’ (40:60)” (ജാമിഉത്തിര്‍മിദി: ഹദീഥ്: 4294).

പ്രാര്‍ഥനയുള്‍ക്കൊള്ളുന്ന കര്‍മങ്ങളെല്ലാം ആരാധനയാണ്. ദിവ്യനായി കരുതപ്പെടുന്ന ഒരാള്‍ അനുസരിക്കപ്പെടുന്നത് പ്രാര്‍ഥനാനിര്‍ഭരമായ മനസ്സോടുകൂടിയാണ്. അയാളില്‍നിന്ന് കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതമായ ഗുണമോ ദോഷമോ പ്രതീക്ഷിച്ചുകൊണ്ടാണ് പ്രസ്തുത അനുസരണം. അതുകൊണ്ടുതന്നെ ആ അനുസരണം ആരാധനയായിത്തീരുന്നു. ദൈവങ്ങള്‍ക്ക് സമര്‍പ്പിക്കപ്പെട്ട ഭക്ഷണം കഴിക്കുന്നത് പ്രാര്‍ഥനാനിര്‍ഭരമായ മനസ്സോടെയാണ്. അപ്പോള്‍ അത് കഴിക്കുന്നത് ആരാധനയാണ്. ശവകുടീരങ്ങളെ പ്രദക്ഷിണംവെക്കുന്നത് പ്രാര്‍ഥനയുള്‍ക്കൊള്ളുന്ന മനസ്സോടെയാവുമ്പോള്‍ ആ പ്രദക്ഷിണം ആരാധനയായിത്തീരുന്നു. ഇങ്ങനെ പ്രാര്‍ഥനയുള്‍ക്കൊള്ളുന്ന കര്‍മങ്ങളെല്ലാം ആരാധനയാണ്. ആരാധന അല്ലാഹുവിന് മാത്രമെ സമര്‍പ്പിക്കാവൂയെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. പ്രാര്‍ഥനയുള്‍ക്കൊള്ളുന്ന ഒരു കര്‍മവും അല്ലാഹുവിന്നല്ലാതെ സമര്‍പ്പിച്ചുകൂടെന്നര്‍ഥം. പ്രാര്‍ഥനയാണ് ആരാധനയുടെ മജ്ജയെന്ന് വ്യക്തമാക്കുന്ന ഏതാനും ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണുക:

”പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ഥിക്കരുത്” (72:18).

”നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച” (40:60).

”അവനാകുന്നു എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. അവനല്ലാതെ യാതൊരു ആരാധ്യനുമില്ല. അതിനാല്‍ കീഴ്‌വണക്കം അവന് നിഷ്‌ക്കളങ്കമാക്കിക്കൊണ്ട് നിങ്ങള്‍ അവനോട് പ്രാര്‍ഥിക്കുക. ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന് സ്തുതി” (40:65).

”വല്ലവനും അല്ലാഹുവോടൊപ്പം മറ്റുവല്ല ആരാധ്യരെയും വിളിച്ച് പ്രാര്‍ഥിക്കുന്നപക്ഷം -അതിന് അവന്റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ലതന്നെ- അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കല്‍വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച” (23:117).

”അല്ലാഹുവിന് പുറമെ, ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ച് പ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ച് കൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും” (46:5,6).

മുകളില്‍ സൂചിപ്പിച്ച ഖുര്‍ആന്‍ വാക്യങ്ങളില്‍ ‘പ്രാര്‍ഥന’യും ‘ആരാധന’യും തത്തുല്യ പദങ്ങള്‍ എന്ന നിലയ്ക്കാണ് പ്രയോഗിച്ചിരിക്കുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ഉദാഹരണത്തിന് അവസാനം ഉദ്ധരിച്ച സൂറത്തുല്‍ അഹ്ഖാഫിലെ അഞ്ചും ആറും വചനങ്ങള്‍ പരിശോധിക്കുക. അഞ്ചാമത്തെ വചനത്തില്‍ അല്ലാഹു വല്ലാത്തവരോടുള്ള പ്രാര്‍ഥനയെ ഏറ്റവും വലിയ വഴികേടായി ചിത്രീകരിച്ചിരിക്കുന്നു. ഇങ്ങനെ പ്രാര്‍ഥിക്കപ്പെട്ടവര്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവരെ ആരാധിച്ചതിനെ നിഷേധിക്കുമെന്നാണ് അടുത്ത വചനത്തില്‍ പറഞ്ഞിരിക്കുന്നത്. പ്രാര്‍ഥനതന്നെയാണ് ആരാധനയെന്ന വസ്തുത ഈ സൂക്തങ്ങള്‍ സുതരാം വ്യക്തമാക്കുന്നു.

അപ്പോള്‍, മനുഷ്യര്‍ ആരാധനകള്‍ അര്‍പ്പിക്കേണ്ടത് ആര്‍ക്കാണ്? ആരോടാണവന്‍ പ്രാര്‍ഥിക്കേണ്ടത്? സകലമാന കഴിവുകളുടെയും ഉടമസ്ഥാവകാശം ആര്‍ക്കാണോ, രഹസ്യങ്ങളും പരസ്യങ്ങളുമറിയു ന്നവനാരാണോ, ഹൃദയത്തിനകത്തുള്ളത് വ്യക്തമായി അറിയുന്നവന്‍ ആരാണോ അവന്നാണ്; അവന്നു മാത്രമാണ് ആരാധനകളര്‍പ്പിക്കേണ്ടതെന്ന് സാമാന്യബുദ്ധി പറയുന്നു. ഈ സാമാന്യബുദ്ധിയുടെ വിധിതന്നെയാണ് ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വം. സ്രഷ്ടാവും പരിപാലകനുമായ അല്ലാഹുവിന് മാത്രമേ ആരാധനകളര്‍പ്പിക്കാവൂ എന്നാണ് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്. പ്രാര്‍ഥനാവഴിപാടുകള്‍ അര്‍പ്പിക്കപ്പെടാന്‍ അര്‍ഹന്‍ അല്ലാഹു മാത്രമാണെന്ന് വിശ്വസിക്കുമ്പോള്‍ മാത്രമാണ് അല്ലാഹുവിലുള്ള വിശ്വാസം പൂര്‍ണമാകുന്നത്. സത്തയിലും സ്വഭാവങ്ങളിലും കഴിവുകളിലും അദ്വിതീയനായ ഒരു അസ്തിത്വത്തിലുള്ള വിശ്വാസം കൊണ്ട് ഇസ്‌ലാം വിവക്ഷിക്കുന്ന ഏകദൈവവിശ്വാസം (തൗഹീദ്) പൂര്‍ണമാകുന്നില്ല. ആ ഏകാസ്തിത്വത്തിനു മാത്രം ആരാധനകളര്‍പ്പിക്കപ്പെടുമ്പോഴാണ് അത് പൂര്‍ണ മാകുന്നത്. ഇസ്‌ലാമിക വീക്ഷണത്തില്‍, ഏകദൈവവിശ്വാസി (മുവഹ്ഹിദ്) എന്നു വിളിക്കപ്പെടണമെങ്കില്‍ അല്ലാഹു ഏകനാണെന്ന് വിശ്വസിച്ചാല്‍ മാത്രം പോരാ; അവന്നുമാത്രം അര്‍ഹതയുള്ള കാര്യങ്ങള്‍ അവന്നു മാത്രം അര്‍പ്പിക്കുകകൂടി വേണം. അല്ലാഹു മാത്രമാണ് ആരാധനകളര്‍ഹിക്കുന്നതെന്ന് പ്രഖ്യാപിച്ചു കൊണ്ടാണല്ലോ ഒരാള്‍ മുസ്‌ലിമാകുന്നത്. ആരാധനകളഖിലവും അല്ലാഹുവിന് മാത്രം അര്‍പ്പിക്കുന്നവനാണ് മുസ്‌ലിമെന്നര്‍ഥം.

print