ബുദ്ധി മാത്രമുപയോഗിച്ച് അല്ലാഹുവിനെ അറിയാൻ കഴിയുമോ?

/ബുദ്ധി മാത്രമുപയോഗിച്ച് അല്ലാഹുവിനെ അറിയാൻ കഴിയുമോ?
/ബുദ്ധി മാത്രമുപയോഗിച്ച് അല്ലാഹുവിനെ അറിയാൻ കഴിയുമോ?

ബുദ്ധി മാത്രമുപയോഗിച്ച് അല്ലാഹുവിനെ അറിയാൻ കഴിയുമോ?

Print Now

പ്രപഞ്ചസ്രഷ്ടാവിന്റെ അസ്തിത്വത്തെക്കുറിച്ച് മനസ്സിലാക്കാൻ ബുദ്ധി മാത്രം മതി. ചെറുതും വലുതുമായ സകല പ്രാപഞ്ചിക പ്രതിഭാസങ്ങളും അവയ്ക്കു പിന്നിൽ ഒരു സ്രഷ്ടാവുണ്ടെന്ന സത്യം നമ്മോട് വിളിച്ച് പറയുന്നുണ്ട്. ചിന്തിക്കുന്ന ആർക്കും മനസ്സിലാക്കാവുന്ന സരളമായ ഒരു സത്യമാണ് ദൈവാസ്തിത്വമെന്ന് പറയുന്നത് അത് കൊണ്ടാണ്. എന്നാൽ സ്രഷ്ടാവ് എങ്ങനെയുളവനാണെന്നോ അവനോടുള്ള മനുഷ്യരുടെ ബന്ധമെങ്ങനെയുള്ളതാകണമെന്നോ മനസ്സിലാക്കാൻ കേവലബുദ്ധി മാത്രംമതിയാവുകയില്ല. പദാർത്ഥലോകത്തിന്റെ സ്രഷ്ടാവായ അല്ലാഹു പദാർഥാതീതനാകുമെന്നതു കൊണ്ട് തന്നെ അവനെക്കുറിച്ച് അറിയാൻ പ്രാപഞ്ചികപ്രതിഭാസങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ ഉപയോഗിക്കുന്ന മാര്ഗങ്ങളൊന്നും പര്യാപ്തമാവുകയില്ല. അതിന് അവനിൽ നിന്നുള്ള അറിവ് തന്നെ നമുക്ക് ലഭിക്കണം.

അല്ലാഹുവിനെക്കുറിച്ചും ഇന്ദ്രിയങ്ങൾകൊണ്ടോ മസ്തിഷ്‌കം കൊണ്ടോ മനുഷ്യർക്ക് ചെന്നെത്താൻ കഴിയാത്ത മറ്റു മേഖലകളെക്കുറിച്ചുമുള്ള അറിവാണ് ആധ്യാത്മിക ജ്ഞാനം. ആത്യന്തികമായ ഈ അറിവിന്റെ സ്രോതസ്സായി ഇസ്‌ലാം അവതരിപ്പിക്കുന്നത് ഖുര്‍ആനിനെയും സുന്നത്തിനെയുമാണ്. ദൈവികമായ ഈ സ്രോതസ്സുകൾ പരീക്ഷണാത്മകമാണ്. ഖുര്‍ആനിനെ ഒരാള്‍ക്ക് പരിശോ ധിച്ച് അത് ദൈവികമാണെന്ന് ഉറപ്പുവരുത്താം. ഒരു സ്രോതസ്സിന്റെ ദൈവികത അളക്കുവാനായി ഉപയോഗിക്കാവുന്ന ഏതു മാനദണ്ഡം ഉപയോഗിച്ച് പരിശോധിച്ചാലും ഖുര്‍ആന്‍ ദൈവികമാണെന്ന വസ്തുത സുതരാം ബോധ്യമാകും. സുന്നത്തിന്റെ സ്ഥിതിയും ഇതുതന്നെയാണ്. മുഹമ്മദ് നബി (സ) പ്രവാചകനായിരുന്നോയെന്ന് ഏതൊരാള്‍ക്കും പരിശോധിച്ച് ഉറപ്പുവരുത്താന്‍ കഴിയും. അദ്ദേഹ ത്തിന്‍േറതായി ഉദ്ധരിക്കപ്പെടുന്ന വചനങ്ങളും ജീവിതചര്യയുമെല്ലാം അദ്ദേഹത്തില്‍നിന്നുള്ളതാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുവാനും ശാസ്ത്രീയമായ മാര്‍ഗങ്ങളുണ്ട്. ഖുര്‍ആനും സുന്നത്തുമാകുന്ന ഇസ്‌ലാമിക പ്രമാണങ്ങള്‍ പരിശോധനാത്മകമാണെന്നര്‍ഥം. ഇവ പരിശോധിച്ച് ദൈവികമാണെന്ന് പൂര്‍ണബോധ്യം വരുത്തുകയും ശേഷം ആധ്യാത്മികജ്ഞാനത്തിന് ഇവയെ പ്രമാണങ്ങളായി സ്വീകരിക്കുകയും ചെയ്യാനാണ് ഇസ്‌ലാമിന്റെ അനുശാസന.

സ്രഷ്ടാവും നിയന്താവുമായ ഏകഉണ്‍മയെയാണ് ഇസ്‌ലാം അല്ലാഹു എന്ന് വിളിക്കുന്നത്. അല്ലാഹു അവന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്വിതീയനാണെന്ന അറിവ് പ്രത്യക്ഷജ്ഞാനത്തിന്റെ പരിധിക്കുള്ളില്‍ വരുന്നതാണ്. എന്നാല്‍, അവന്റെ സത്തയുടെ സ്വഭാവമെന്തെന്ന് മനസ്സിലാക്കുന്നതെങ്ങനെ? പദാര്‍ഥലോകത്തിന്റെ സ്രഷ്ടാവായ അല്ലാഹു പദാര്‍ഥാതീതനാകണമെന്നത് സാമാന്യബുദ്ധിയുടെ വിധിയാണ്. പദാര്‍ഥാതീതമായ ഒരു സത്തയെ ഇന്ദ്രിയങ്ങള്‍ കൊണ്ട് അനുഭവിക്കുക അസാധ്യമാണ്.

ഇന്ദ്രിയങ്ങള്‍ നല്‍കുന്ന അറിവാണല്ലോ പ്രത്യക്ഷജ്ഞാനം. അതുമാത്രമാണ് മനുഷ്യന് നേടിയെടുക്കാന്‍ കഴിയുന്ന അറിവ്. ഇന്ദ്രിയങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ വെച്ച് ചിന്തിച്ച് സ്വന്തമായ നിഗമനങ്ങള്‍ നെയ്‌തെടുക്കുവാനുള്ള കഴിവാണ് മനുഷ്യനെ മൃഗങ്ങളില്‍ നിന്ന് വ്യതിരിക്തനും ഉല്‍കൃഷ്ടനുമാക്കുന്നത് ഇന്ദ്രിയക്ഷമതയുടെ കാര്യത്തില്‍ നാം മറ്റു ചില ജീവികളെക്കാളും പിന്നിലാണ്. നായയുടെ ഘ്രാണശക്തിയും പരുന്തിന്റെ കാഴ്ചശക്തിയും വവ്വാലിന്റെ ശ്രവണശേഷിയുമെല്ലാം മനുഷ്യരുടേതുമായി താരതമ്യം ചെ യ്യുമ്പോള്‍ വളരെ ഉയര്‍ന്നതാണ്. എന്നാല്‍, ഇവയ്‌ക്കൊന്നുംതന്നെ തങ്ങളുടെ ഇന്ദ്രിയങ്ങള്‍ നല്‍കുന്ന വിവരങ്ങളെ ജന്മനാലഭിച്ച കഴിവുകള്‍ക്കനുസരിച്ചല്ലാതെ ഉപയോഗിക്കുവാനോ ഉപഭോഗിക്കുവാനോ കഴിയില്ല. ഇവിടെയാണ് മനുഷ്യന്റെ ഉല്‍കൃഷ്ടത. അവന്റെ ചിന്താശേഷിയുടെ മഹത്വം. അവന് ഇന്ദ്രിയങ്ങള്‍ നല്‍കുന്ന നേരിട്ടുള്ള വിവരങ്ങളില്‍നിന്ന് കുറേയേറെ മുന്നിലേക്ക് കടന്ന് ചിന്തിക്കാന്‍ കഴിയും. പക്ഷേ, മനുഷ്യന്റെ ചിന്താശേഷിക്കും പരിമിതികളില്ലേ? ഉണ്ട്; തീര്‍ച്ചയായും ഉണ്ടാവണം. ഇന്ദ്രിയങ്ങള്‍ നല്‍കുന്ന അറിവുതന്നെയാണ് മനുഷ്യമസ്തിഷ്‌കത്തിന്റെ അസംസ്‌കൃത പദാര്‍ഥം. പദാര്‍ഥലോകമാണ് ഇന്ദ്രിയങ്ങളുടെ മേഖല. പദാര്‍ഥാതീതമായ ഒരു സത്തയെ സംബന്ധിച്ച് മനുഷ്യചിന്തക്ക് സ്വന്തമായി ഒരു തീരുമാനത്തിലോ നിഗമനത്തിലോ എത്തുക സാധ്യമല്ല. ഇതാണ് ചിന്തയുടെ പരിമിതി. അല്ലാഹുവിന്റെ സത്തയെ സംബന്ധിച്ച് ചിന്തിച്ച് സ്വന്തമായ ഒരു നിഗമനത്തിലെത്താന്‍ മനുഷ്യന് കഴിയില്ലെന്ന് പറയുന്നത് അതുകൊണ്ടാണ്.

അതുകൊണ്ടുതന്നെ ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം അല്ലാഹുവെക്കുറിച്ച ഏതുതരം അറിവിന്റെയും സ്രോതസ്സ് ഖുര്‍ആനും സുന്നത്തുമാണ്. അവ ദൈവികമാണെന്ന് പൂര്‍ണബോധ്യമുള്ള തിനാല്‍ സ്രഷ്ടാവിനെ സംബന്ധിച്ച തെറ്റുപറ്റാത്ത അറിവ് നല്‍കുന്ന പ്രമാണങ്ങളായി അവയെയാണ് മുസ്‌ലിംകള്‍ സ്വീകരിക്കുന്നത്. അല്ലാഹുവിനെ സംബന്ധിച്ച് ഖുര്‍ആനും സുന്നത്തും പറഞ്ഞുതരു ന്നതെന്താണോ അത് അപ്പടി സ്വീകരിക്കുകയും അതിനെ മാനുഷിക തലത്തിലേക്ക് കൊണ്ടുവന്ന് വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാക്കാതിരിക്കുകയും ചെയ്യുകയാണ് മുസ്‌ലിമിന്റെ രീതി. സര്‍വശക്തനെക്കു റിച്ച് അവന്‍ സ്വയം പറഞ്ഞതെന്തോ അതും അവന്റെ ബോധനപ്രകാരം സംസാരിക്കുകയും ജീവിക്കുകയും ചെയ്ത പ്രവാചകന്‍ വിശദീകരിച്ചതെന്തോ അതും അപ്പടി സ്വീകരിച്ചുകൊണ്ട് അവനെ അറിയുകയല്ലാതെ മറ്റൊരു മാര്‍ഗവും മനുഷ്യര്‍ക്കു മുന്നിലില്ല. അതല്ലാത്ത മാര്‍ഗങ്ങളെല്ലാം ഊഹാധിഷ്ഠിതമാണ്; അതുകൊണ്ടുതന്നെ തെറ്റുപറ്റാന്‍ ഏറെ സാധ്യതയുള്ളതുമാണ്.