അല്ലാഹുവിന് പ്രപഞ്ച സൃഷ്ടിക്ക് ആറു ദിവസം വേണോ?

/അല്ലാഹുവിന് പ്രപഞ്ച സൃഷ്ടിക്ക് ആറു ദിവസം വേണോ?
/അല്ലാഹുവിന് പ്രപഞ്ച സൃഷ്ടിക്ക് ആറു ദിവസം വേണോ?

അല്ലാഹുവിന് പ്രപഞ്ച സൃഷ്ടിക്ക് ആറു ദിവസം വേണോ?

Print Now
ആകാശഭൂമികൾ സൃഷ്ടിക്കപ്പെട്ടത് ആറു ദിവസങ്ങളിലായിട്ടാണെന്ന് പല സ്ഥലങ്ങളിലും പറയുന്ന ഖുർആനിൽ തന്നെ അല്ലാഹു ഒരു കാര്യം സൃഷ്ടിക്കാൻ തീരുമാനിച്ചാൽ ഉണ്ടാകൂ എന്ന് പറയുമ്പോഴേക്ക് അതുണ്ടാകുമെന്നും പ്രസ്താവിക്കുന്നു. ഇത് വൈരുദ്ധ്യമല്ലേ?

വൈരുദ്ധ്യം ആരോപിക്കപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണുക:

തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആകാശങ്ങളേയും ഭൂമിയേയും ആറ് ദശകളിലായി സൃഷ്ടിക്കുകയും, പിന്നീട് കാര്യങ്ങള്‍ നിയന്ത്രിച്ചുകൊണ്ട് സിംഹാസനസ്ഥനാവുകയും ചെയ്ത അല്ലാഹുവാകുന്നു. (10:3)

ആകാശങ്ങളുടേയും ഭൂമിയുടേയും നിര്‍മ്മാതാവത്രെ അവന്‍. അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ ഉണ്ടാകൂ എന്ന് പറയുക മാത്രമേ വേണ്ടതുള്ളു. ഉടനെ അതുണ്ടാകുന്നു. (2:117)

ആകാശ ഭൂമികള്‍ ആറു ഘട്ടങ്ങളിലായിട്ടാണ് സൃഷ്ടിക്കപ്പെട്ടതെന്ന് പ്രസ്താവിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ അവന്റെ സൃഷ്ടി വൈഭവം വ്യക്തമാക്കുന്ന സൂറത്തുല്‍ ബഖറയിലെ വചനവുമായി (2:117) യാതൊരു വിധത്തിലും വൈരുധ്യം പുലര്‍ത്തുന്നില്ല. ദൈവപുത്രവാദമുന്നയിക്കുന്ന ക്രൈസ്തവരെ വിമര്‍ശിച്ചുകൊണ്ടാണ് സൂറത്തുല്‍ബഖറയില്‍ ഇക്കാര്യം പ്രസ്താവിക്കുന്നത്. അവര്‍ പറയുന്നു, അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നുവെന്ന്. അവനത്രെ പരിശുദ്ധന്‍! അങ്ങനെയല്ല, ആകാശഭൂമികളിലുള്ളതെല്ലാം തന്നെ അവന്റെതാകുന്നു. എല്ലാവരും അവന് കീഴ്‌പ്പെട്ടിരിക്കുന്നവരാകുന്നു (2:116) എന്ന് പറഞ്ഞ ശേഷമാണ് സൂറത്തുല്‍ ബഖറയിലെ നടേ പറഞ്ഞ വചനമുള്ളത്. ആകാശ ഭൂമികളിലുള്ള ചെറുതും വലുതുമായ വസ്തുക്കളെല്ലാം പടച്ചവന്റെ കല്‍പ്പന പ്രകാരംഉണ്ടാവുകയെന്ന അവന്റെ വചനപ്രകാരം ഉണ്ടായതാണെന്നിരിക്കെ, ദൈവത്തിന്റെ വചനപ്രകാരം അത്ഭുതകരമായി ജനിച്ച യേശുക്രിസ്തുമാത്രം ദൈവപുത്രനാണെന്നു പറയുന്നതില്‍ യാതൊരു ന്യായവുമില്ലെന്ന വസ്തുത വ്യക്തമാക്കുകയാണ് ഈ സൂക്തങ്ങള്‍ ചെയ്യുന്നത്.

സൂറത്തുല്‍ ബഖറയിലെ സൂക്തം (2:117), അല്ലാഹുവിന്റെ സൃഷ്ടിവൈഭവം വ്യക്തമാക്കുക മാത്രമാണ് ചെയ്യുന്നത്. യാതൊരു മുന്‍മാതൃകയുമില്ലാതെ സൃഷ്ടി നിര്‍വഹിക്കുന്നവനാണ് അല്ലാഹു. അവന്റെ സൃഷ്ടി ഒന്നുമില്ലായ്മയില്‍ നിന്നാണ്. ശൂന്യതയില്‍ നിന്നു ള്ള സൃഷ്ടിപ്പ് അവന്നു മാത്രം കഴിയുന്ന കാര്യമാണ്. ഒരു വസ്തു ഉണ്ടാക്കണമെന്ന് അവന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ അവന്ന് ഉണ്ടാവുക എന്ന് പറയേണ്ടതേയുള്ളൂ, ആ വസ്തു ഉണ്ടാവും. ഉണ്ടാവുക എന്ന ദൈവവചനത്തില്‍ തന്നെ പ്രസ്തുത വസ്തു എത്രകാലം കൊണ്ടാണ് ഉണ്ടാവേണ്ടത് എന്നും എത്ര ഘട്ടങ്ങളായാണ് ഉണ്ടാവേണ്ടത് എന്നുമുള്ള ദൈവിക തീരുമാനങ്ങളും ഉള്‍ക്കൊണ്ടിരിക്കും. പ്രസ്തുത തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ വസ്തു ഉണ്ടാകുന്നു. ആകാശഭൂമികള്‍ ഉണ്ടായിരിക്കുന്നതും അല്ലാഹുവിന്റെ ഉണ്ടാവുകയെന്ന വചനപ്രകാരം തന്നെയാണ്. പ്രസ്തുത വചനത്തില്‍ തന്നെ അത് ആറുഘട്ടങ്ങളായാണ് ഉണ്ടാവേണ്ടതെന്നും പ്രസ്തുത സൃഷ്ടി പ്രക്രിയക്ക്ആവശ്യമായ കാലയളവ് ഇത്രയാണെന്നും എങ്ങനെയാണ് അത് ഉണ്ടാകേണ്ടതെന്നുമുള്ള ദൈവിക തീരുമാനങ്ങള്‍ കൂടി ഉള്‍ക്കൊണ്ടിരിക്കും. അതനുസരിച്ചാണ് അവന്‍ നിശ്ചയിച്ച കാലയളവിനുള്ളില്‍ ആറു ഘട്ടങ്ങളായിഅവ സൃഷ്ടിക്കപ്പെട്ടത്.

ചുരുക്കത്തില്‍, ആറു ഘട്ടങ്ങളിലായാണ് ആല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ചത് എന്ന പരാമര്‍ശവും അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ ഉണ്ടാവുക എന്ന വചനപ്രകാരം അതുണ്ടാവുന്നതാണെന്ന പ്രസ്താവനയും തമ്മില്‍ യാതൊരുവിധ വൈരുധ്യങ്ങളുമില്ല. ഒന്ന് ആകാശ ഭൂമികളുടെ സൃഷ്ടിക്രമം വ്യക്തമാക്കുന്നു, മറ്റേതാകട്ടെ അല്ലാഹുവിന്റെ സൃഷ്ടിവൈഭവമാണ് വിശദീകരിക്കുന്നത്.