അല്ലാഹുവിനെ മനസ്സിലാക്കുന്നതെങ്ങനെ?

/അല്ലാഹുവിനെ മനസ്സിലാക്കുന്നതെങ്ങനെ?
/അല്ലാഹുവിനെ മനസ്സിലാക്കുന്നതെങ്ങനെ?

അല്ലാഹുവിനെ മനസ്സിലാക്കുന്നതെങ്ങനെ?

‘അവന്നു തുല്യമായിട്ട് ആരും തന്നെയില്ല’യെന്ന അല്ലാഹുവിനെക്കുറിച്ച പരിശുദ്ധ ഖുർആനിലെ പരാമർശം (112:4) ദൈവികസത്തയെക്കുറിച്ച് മനുഷ്യന് അവന്റെ അപഗ്രഥന രീതിയുപയോഗിച്ച് സൂക്ഷ്മമായി അറിയാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്നു. . വസ്തുക്കളെക്കുറിച്ച പഠനത്തിന് സാധാരണയായി ഉപയോഗിക്കുന്ന ഒരു മാര്‍ഗമാണ് അവക്ക് തുല്യമായ മറ്റു വസ്തുക്കളെക്കുറിച്ച് പഠിക്കുകയെന്നത്.”അല്ലാഹുവിന് തുല്യനായി ആരുംതന്നെയില്ല” യെന്ന നിഷേധത്തിലൂടെ പ്രസ്തുത സാധ്യത തള്ളിക്കളയുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്.”അവന് സദൃശമായി ഒന്നുംതന്നെയില്ല”(42:11)യെന്ന ഖുര്‍ആനിക പരാമര്‍ശവും സ്രഷ്ടാവിന്റെ സത്തയെ സൃഷ്ടികളുടേതുമായി താരതമ്യം ചെയ്ത് മനസ്സിലാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുന്നു.ദൈവികസത്ത മനുഷ്യവിശദീകരണങ്ങൾക്ക് വഴങ്ങുന്നതല്ലെന്ന വസ്തുതയാണ് ഇതെല്ലാം മനസ്സിലാക്കിത്തരുന്നത്.

ദൈവികസത്ത മാനുഷിക വിശദീകരണത്തിന്നതീതമാണെങ്കില്‍ പിന്നെയെങ്ങനെയാണ് മനുഷ്യര്‍ അല്ലാഹുവിനെക്കുറിച്ച് മനസ്സിലാക്കുക? അല്ലാഹുവിന്റെ അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിച്ചും അവന്റെ ഗുണവിശേഷങ്ങള്‍ മനസ്സിലാക്കിയും നാഥനെ അറിയുവാനാണ് വിശുദ്ധ ഖുര്‍ആനിന്റെ അനുശാസന. അല്ലാഹുവിന്റെ സവിശേഷതകളെ ദ്യോതിപ്പിക്കുന്ന നാമവിശേഷണങ്ങളിലൂടെയാണ് ഖുര്‍ആന്‍ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത് എന്നു പറയുന്നതാവും ശരി. ഈ നാമവിശേഷണങ്ങളിലൂടെ അല്ലാഹുവിനെക്കുറിച്ച് മനസ്സിലാക്കുവാന്‍, തന്റെ ബുദ്ധിയുടെ പരിധിക്കുള്ളില്‍നിന്നു കൊണ്ട് ഏതൊരാള്‍ക്കും സാധിക്കും. യഥാര്‍ഥത്തില്‍, ‘അല്ലാഹുവിനെ അറിയുക’യെന്നാല്‍ അവന്റെ ഗുണങ്ങളെ അറിയുകയാണ്. വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന രൂപത്തില്‍ നാഥനെ അറിഞ്ഞ ഒരാള്‍ പിന്നെ ‘അല്ലാഹുവിനല്ലാതെ ആരാധനകളര്‍പ്പിക്കുകയില്ല. എല്ലാ അര്‍ഥത്തിലും ആരാധനകളര്‍ഹിക്കുന്ന ഏക അസ്തിത്വം അല്ലാഹുവാണെന്ന് വ്യക്തമാക്കുന്നതാണ് നാമ-ഗുണ വിശേഷണങ്ങൾ എന്നർത്ഥം.

”അല്ലാഹുവിന് ഏറ്റവും വിശിഷ്ടമായ നാമങ്ങളുണ്ട്. അതിനാല്‍ ആ നാമങ്ങളില്‍ നിങ്ങള്‍ അവനെ വിളിച്ചുകൊള്ളുക. അവന്റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തുവരുന്നതിന്റെ ഫലം അവര്‍ക്ക് വഴിയെ നല്‍കപ്പെടും” (7:180).

ദൈവം നിര്‍ഗുണനാണെന്ന വീക്ഷണം ഖുര്‍ആനികാധ്യാപനങ്ങള്‍ക്ക് വിരുദ്ധമാണ്. ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന അല്ലാഹു സഗുണസമ്പൂര്‍ണനാണ്. പക്ഷേ, ദൈവികഗുണങ്ങള്‍ മാനുഷികഗുണ ങ്ങളുമായി താരതമ്യം ചെയ്യാവതല്ല. മനുഷ്യന്‍ സൃഷ്ടിയായതുകൊണ്ടുതന്നെ അവന്റെ ഗുണങ്ങള്‍ പരിമിതങ്ങളും സ്ഥലകാലബന്ധനത്തിന്നധീനവുമാണ്. ഇതില്‍നിന്നു വ്യത്യസ്തമായി സ്ഥല-കാലങ്ങളെ സൃഷ്ടിച്ച അല്ലാഹുവിന്റെ ഗുണങ്ങള്‍ പരിമിതികള്‍ക്കതീതമാണ്.

”അവന്ന് തുല്യനായി ആരും തന്നെയില്ല”(112:4)യെന്നും ”അവന്ന് സദൃശ്യമായി യാതൊന്നുമില്ല” (42:11)യെന്നുമുള്ള ഖുര്‍ആനിക പരാമര്‍ശങ്ങള്‍ സ്രഷ്ടാവിന്റെ സത്തയെക്കുറിച്ചു മാത്രമല്ല, ഗുണങ്ങളെക്കുറിച്ചുകൂടിയുള്ളതാണ്. അല്ലാഹുവിന്റെ ഗുണങ്ങള്‍ക്കു തുല്യമായ ഗുണങ്ങള്‍ സൃഷ്ടികള്‍ക്കൊന്നിനുമുണ്ടാവില്ല; തീര്‍ച്ച!

print