അമുസ്‌ലിം നാടുകളിൽ ജീവിക്കാൻ പാടില്ലെന്നല്ലേ ഹിജ്റ പഠിപ്പിക്കുന്നത്?

/അമുസ്‌ലിം നാടുകളിൽ ജീവിക്കാൻ പാടില്ലെന്നല്ലേ ഹിജ്റ പഠിപ്പിക്കുന്നത്?
/അമുസ്‌ലിം നാടുകളിൽ ജീവിക്കാൻ പാടില്ലെന്നല്ലേ ഹിജ്റ പഠിപ്പിക്കുന്നത്?

അമുസ്‌ലിം നാടുകളിൽ ജീവിക്കാൻ പാടില്ലെന്നല്ലേ ഹിജ്റ പഠിപ്പിക്കുന്നത്?

Print Now

ല്ല. പ്രവാചകാനുചരന്മാരുടെ ഒന്നാമത്തെ ഹിജ്റ തന്നെ അമുസ്‌ലിം നാട്ടിലേക്കായിരുന്നു. മദീനയിലേക്കുള്ള ഹിജ്റയും അബ്സീനിയയിലേക്കുള്ള ഹിജ്റയും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് പ്രവാചകൻ (സ) പഠിപ്പിച്ചിട്ടില്ല.

ആദര്‍ശമനുസരിച്ച് ജീവിക്കാനാവാത്ത സാഹചര്യമാണ് ജനിച്ചുവളര്‍ന്ന നാട്ടില്‍ നിലനില്‍ക്കുന്നതെങ്കില്‍ അതിന് സ്വാതന്ത്ര്യമുള്ള നാട്ടിലേക്ക്, അത് ആര് ഭരിക്കുന്നുവെന്നോ അവിടെ നിലനില്‍ക്കുന്ന വ്യവസ്ഥിതിയോ നോക്കാതെ പലായനം ചെയ്യുകയാണ് മുസ്‌ലിം ചെയ്യേണ്ടതെന്ന പാഠമാണ് ഹിജ്രകളെല്ലാം നൽകുന്നത്.. അബ്‌സീനിയ ക്രൈസ്തവ രാജ്യമാണെന്നതോ അവിടുത്തെ രാജാവ് ക്രിസ്തുമതക്കാരനാണെന്നതോ ഹിജ്‌റയില്‍നിന്ന് അനുചരന്മാരെ പിന്തിരിപ്പിക്കുവാനുള്ള കാരണമായി പ്രവാചകൻ (സ) കരുതിയില്ല. ത്രിത്വദൈവത്തില്‍ വിശ്വസിക്കുകയും യേശുക്രിസ്തുവിനെ ദൈവപുത്രനായി പരിഗണിച്ച് ആരാധിക്കുകയും ചെയ്തവര്‍തന്നെയായിരുന്നു അബ്‌സീനിയയിലെ ക്രിസ്ത്യാനികള്‍. വിശുദ്ധ ക്വുര്‍ആന്‍ ശക്തമായി വിമര്‍ശിക്കുകയും ശാസിക്കുകയും ചെയ്ത വിശ്വാസാചാരങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരുടെ നാടാണെങ്കിലും സത്യമതമനുസരിച്ച് ജീവിക്കുവാനും അത് പ്രബോധനം ചെയ്യുന്നതിനുമുള്ള സ്വാതന്ത്ര്യം ലഭിക്കുകയാണെങ്കില്‍ അവിടെ സമാധാനപൂര്‍വം ജീവിക്കുകയാണ് മുസ്‌ലിംകള്‍ ചെയ്യേണ്ടതെന്ന പാഠവും അബ്‌സീനിയന്‍ ഹിജ്‌റ നല്‍കുന്നുണ്ട്.  ജീവിക്കുന്ന നാട്ടിലെ വ്യവസ്ഥിതിയേതാണെങ്കിലും അത് ഇസ്‌ലാം വിരുദ്ധമോ മതവിരുദ്ധമോ ആണെങ്കില്‍പോലും അവിടെ മതസ്വാതന്ത്ര്യമുണ്ടെങ്കില്‍ പൂര്‍ണ മുസ്‌ലിംകളും നല്ല പൗരന്‍മാരുമായി ജീവിക്കുവാന്‍ സത്യവിശ്വാസികള്‍ക്ക് കഴിയുമെന്ന് പാഠം.

മക്കയിലെ പീഡനങ്ങളില്‍നിന്ന് രക്ഷപ്പെട്ട്, സ്വസ്ഥതയോടെ മുസ്‌ലിംകളായി ജീവിക്കുവാനാഗ്രഹിച്ച് അബ്‌സീനിയയിലേക്ക് ഹിജ്‌റ പോയവരെ പ്രശംസിച്ചുകൊണ്ട് അവതരിപ്പിക്കപ്പെട്ട ക്വുര്‍ആന്‍ വചനങ്ങളും അവര്‍ക്ക് ഉയര്‍ന്ന പ്രതിഫലമുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള പ്രവാചക മൊഴികളും ആദര്‍ശ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഹിജ്‌റ, പോകുന്ന പ്രദേശത്തിലെ വ്യവസ്ഥിതി പരിഗണിക്കാതെതന്നെ, മഹത്തരവും ഉജ്ജ്വലവുമാണെന്ന വസ്തുത വ്യക്തമാക്കുന്നവയാണ്. അബ്‌സീനിയയിലേക്ക് പലായനം ചെയ്തവരെക്കുറിച്ച് അവതരിപ്പിക്കപ്പെട്ടതാണെന്ന് വ്യാഖ്യാതാക്കളില്‍ ചിലര്‍ വ്യക്തമാക്കിയ ചില ക്വുര്‍ആന്‍ വചനങ്ങള്‍ നോക്കുക.

”അക്രമത്തിന് വിധേയരായതിന് ശേഷം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞ് പോയവരാരോ അവര്‍ക്ക് ഇഹലോകത്ത് നാം നല്ല താമസസൗകര്യം ഏര്‍പെടുത്തികൊടുക്കുകതന്നെ ചെയ്യും. എന്നാല്‍, പരലോകത്തെ പ്രതിഫലം തന്നെയാകുന്നു ഏറ്റവും മഹത്തായത്. അവര്‍ (അത്) അറിഞ്ഞിരുന്നുവെങ്കില്‍!” (16:41)

”പറയുക: വിശ്വസിച്ചവരായ എന്റെ ദാസന്‍മാരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഈ ഐഹികജീവിതത്തില്‍ നന്‍മ പ്രവര്‍ത്തിച്ചവര്‍ക്കാണ് സല്‍ഫലമുള്ളത്. അല്ലാഹുവിന്റെ ഭൂമിയാകട്ടെ വിശാലമാകുന്നു. ക്ഷമാശീലര്‍ക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റികൊടുക്കപ്പെടുന്നത്.” (39:10)

അബ്‌സീനിയയിലേക്ക് ഹിജ്‌റ പോവുകയും പിന്നീട് അവിടെനിന്ന് മദീനയിലെത്തി പ്രവാചകനോടൊപ്പം ചേരുകയും ചെയ്തവര്‍ക്ക് രണ്ട് ഹിജ്‌റയുടെ പ്രതിഫലമുണ്ടെന്നാണ് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഒരു ദീര്‍ഘമായ ഹദീഥിൽ നബി (സ) വ്യക്തമാക്കിയിട്ടുള്ളത്.

അബ്‌സീനിയയിലെത്തി സമാധാന ജീവിതം നയിച്ചുവന്ന മുസ്‌ലിംകളില്‍ പലരും നബി (സ) മദീനയിലെത്തി അവിടെ ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിച്ചുകഴിഞ്ഞ ശേഷവും അവിടെതന്നെ തങ്ങളുടെ ജീവിതം തുടര്‍ന്നുവെന്നും മദീനയിലേക്ക് വന്ന് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ പ്രജയാകുവാന്‍ തിടുക്കം കാട്ടിയില്ലെന്നുമുള്ള വസ്തുതകള്‍ ശ്രദ്ധേയമാണ്. മദീനാ രാഷ്ട്രത്തിലേക്ക് അവരില്‍ ചിലര്‍ മാത്രമാണ് രാഷ്ട്ര നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ മടങ്ങിയെത്തിയത്. മക്കയിലേക്ക് മടങ്ങിയെത്തിയത് മുപ്പത്തിമൂന്ന് പുരുഷന്‍മാരും എട്ട് സ്ത്രീകളുമായിരുന്നുവെന്നും അതില്‍ രണ്ടുപേര്‍ മക്കയില്‍വെച്ചുതന്നെ മരണപ്പെട്ടുവെന്നും ഏഴുപേരെ മക്കക്കാര്‍ ബന്ധനസ്ഥരാക്കിയെന്നും ഇരുപത്തിനാലുപേര്‍ ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്തുവെന്നും ഇബ്‌നുസഅദ് രേഖപ്പെടുത്തുന്നുണ്ട്. അബ്സീനിയാഹിജ്‌റയിലെ നേതാവായിരുന്ന ജഅ്ഫര്‍ ബ്ന്‍ അബീത്വാലിബും ബാക്കിയുള്ളവരുമെല്ലാം മദീനയിലെത്തിയത് ഖൈബര്‍ ജയിച്ചടക്കിയതിന് ശേഷമാണെന്ന് ബുഖാരിയും മുസ്ലിമും നിവേദനം ചെയ്ത ഹദീഥിലുണ്ട്. അവര്‍ മദീനയിലെത്തിയപ്പോള്‍ പ്രവാചകൻ (സ) ഒട്ടകത്തിന്മേല്‍നിന്ന് ചാടിയിറങ്ങുകയും അദ്ദേഹത്തിന്റെ പിതൃവ്യപുത്രനായ ജഅ്ഫര്‍ ബിന്‍ അബീത്വാലിബിനെ ആശ്ലേഷിക്കുകയും ചെയ്തുകൊണ്ട് പറഞ്ഞതിങ്ങനെയാണ്: ‘ഖൈബര്‍ വിജയമാണോ ജഅ്ഫറിന്റെ തിരിച്ചുവരവാണോ എന്നെ കൂടുതല്‍ സന്തോഷിപ്പിച്ചതെന്ന് എനിക്കറിയില്ല’.( ഇമാം ഇബ്‌നുല്‍ ഖയ്യിം അല്‍ ജൗസിയ്യയുടെ സാദുല്‍മആദില്‍ നിന്ന്)

മദീനാ രാഷ്ട്രത്തിന്റെ നിര്‍മാണം കഴിഞ്ഞ് നീണ്ട ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജഅ്ഫര്‍ ബ്ന്‍ അബീതാലിബിന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം സംഘം അബ്‌സീനിയയിലേക്ക് മടങ്ങിയതെന്ന വസ്തുതയും അങ്ങനെ മടങ്ങിയെത്തിയപ്പോള്‍ പൂര്‍ണമനസ്സോടെ പ്രവാചകൻ (സ) അവരെ സ്വീകരിക്കുകയും അവര്‍ക്ക് രണ്ട് ഹിജ്‌റയുടെ പ്രതിഫലമുണ്ടെന്ന സന്തോഷവാര്‍ത്ത അറിയിക്കുകയുമാണ് ചെയ്തതെന്ന യാഥാര്‍ഥ്യവും പഠിപ്പിക്കുന്നത് ഇസ്‌ലാമികേതര രാഷ്ട്ര സംവിധാനത്തിലാണെങ്കിലും മുസ്‌ലിമായി ജീവിക്കുവാന് സ്വാതന്ത്ര്യവും അവസരവുമുണ്ടെങ്കില്‍ ജീവിക്കുന്നതിന് വിരോധമില്ലെന്നും അങ്ങനെ ജീവിക്കുന്നവരുടെ മതത്തെ പ്രസ്തുത ജീവിതം ഒരുതരത്തിലും പ്രതികൂലമായി ബാധിക്കുകയില്ലെന്നുംതന്നെയാണ്. അബ്‌സീനിയയില്‍വെച്ച് മരണപ്പെട്ട നിരവധി മുസ്‌ലിംകളുടെ പട്ടിക ഇബ്‌നു ഇസ്ഹാഖ് രേഖപ്പെടുത്തുന്നുണ്ട്.

ഇസ്‌ലാമിക രാഷ്ട്രമുണ്ടായിരിക്കെതന്നെ ഒരു ഇസ്‌ലാമികേതര രാഷ്ട്രത്തില്‍ ജീവിച്ച് മരണപ്പെട്ടതിനാല്‍ അവരുടെ മതത്തിന് എന്തെങ്കിലും ഗ്ലാനി സംഭവിച്ചുവെന്നോ അവരുടെ മതം അപൂര്‍ണമായിരുന്നുവെന്നോ പ്രവാചകൻ (സ) സൂചിപ്പിച്ചതായി രേഖകളൊന്നുംതന്നെയില്ല. പ്രവാചകന്റെ ഹിജ്‌റയെക്കുറിച്ചറിഞ്ഞപ്പോള്‍ യമനിലായിരുന്ന അബൂമൂസല്‍ അശ്അരിയും (റ)അമ്പതിലധികം പേരുമടങ്ങുന്ന സംഘം മദീനയിലെത്തണമെന്ന ആഗ്രഹത്തോടെ യാത്രതിരിക്കുകയും വഴിമധ്യെ അവര്‍ അബ്‌സീനിയയിലെത്തുകയും ജഅ്ഫര്‍ ബ്ന്‍ അബീത്വാലിബിനെ (റ)കണ്ടുമുട്ടുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം അവര്‍ അവിടെ ഏറെക്കാലം തങ്ങുകയും അവര്‍ ഒന്നിച്ച് മദീനയിലേക്ക് യാത്രയാവുകയും ഖൈബര്‍ വിജയ സന്ദര്‍ഭത്തില്‍ പ്രവാചകനുമായി സന്ധിക്കുകയും ചെയ്തതായി വ്യക്തമാക്കുന്ന ഹദീഥ് സ്വഹീഹുല്‍ ബുഖാരിയിലുണ്ട്. ഇസ്‌ലാമിക രാഷ്ട്രമായ മദീനയിലേക്ക് പോകാതെ ഇസ്‌ലാമികേതര രാഷ്ട്രമായ അബ്‌സീനിയയില്‍ തങ്ങുവാനുള്ള കാരണമായി ജഅ്ഫര്‍ ബിന്‍ അബീത്വാലിബ് പറഞ്ഞത് ഇങ്ങനെയാണ്: ‘ഇവിടേക്ക് ഞങ്ങളെ പറഞ്ഞയച്ചതും ഇവിടെ താമസിക്കുവാന്‍ ആവശ്യപ്പെട്ടതും അല്ലാഹുവിന്റെ ദൂതനാണ്; അതിനാല്‍ നിങ്ങളും ഞങ്ങളോടൊപ്പം താമസിക്കുക’.( സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍മഗാസി)  ഇസ്‌ലാമിക രാഷ്ട്രത്തില്‍ മാത്രമെ മുസ്‌ലിമിന് പൂര്‍ണ മുസ്‌ലിമായി ജീവിക്കുവാനാകൂവെന്നതിനാല്‍ ലോകത്ത് എവിടെ ജീവിക്കുന്ന മുസ്‌ലിമും ആ പ്രദേശം ഇസ്‌ലാമിക രാഷ്ട്രമാക്കുവാനോ അതല്ലെങ്കില്‍ നിലവിലുള്ള ഏതെങ്കിലും ഇസ്‌ലാമിക രാഷ്ട്രത്തിന് കീഴിലാക്കുകയോ ശ്രമിച്ചുകൊണ്ടിരിക്കുമെന്നും അതുകൊണ്ടാണ് മുസ്‌ലിംകള്‍ കലാപകാരികളായിത്തീരുന്നതെന്നും വിമര്‍ശിക്കുന്നവര്‍ കാണാതെ പോകുന്ന ചരിത്ര സംഭവങ്ങളാണിവ. രാഷ്ട്രം ഇസ്‌ലാമികമാണോ അല്ലേയെന്നതല്ല, മുസ്‌ലിമായി ജീവിക്കുവാന്‍ അനുവദിക്കുന്നതാണോ അല്ലേയെന്നതാണ് ഒരു രാഷ്ട്ര സംവിധാനത്തോടുള്ള മുസ്‌ലിമിന്റെ സമീപനമെന്തായിരിക്കണമെന്ന് നിശ്ചയിക്കുന്ന സൂചികയെന്ന് ഈ സംഭവങ്ങള്‍ സുതരാം വ്യക്തമാക്കുന്നു.