നിർബന്ധ മതപരിവർത്തനം ഇസ്ലാമികമോ?

/നിർബന്ധ മതപരിവർത്തനം ഇസ്ലാമികമോ?
/നിർബന്ധ മതപരിവർത്തനം ഇസ്ലാമികമോ?

നിർബന്ധ മതപരിവർത്തനം ഇസ്ലാമികമോ?

Print Now

 അമുസ്‌ലിംകളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യിക്കണമെന്ന് അനുശാസിക്കുന്ന ഒരു വചനം പോലും ഖുര്‍ആനിലില്ല. നിര്‍ബന്ധ മതപരിവര്‍ത്തനം എന്ന ആശയത്തോടുതന്നെ ഖുര്‍ആന്‍ യോജിക്കുന്നില്ല.

ഇസ്‌ലാം എന്നാല്‍ സമര്‍പ്പണം, സമാധാനം എന്നിങ്ങനെയാണര്‍ഥം. സര്‍വശക്തന് സ്വന്തം ജീവിതത്തെ സമര്‍പ്പിക്കുന്നതുവഴി ഒരാള്‍ നേടിയെടുക്കുന്ന സമാധാനമാണ് ഇസ്‌ലാം എന്ന് പറയാം. സ്രഷ്ടാവിന് സ്വന്തത്തെ സമര്‍പ്പിച്ചവനാണ് മുസ്‌ലിം. ഒരാള്‍ മുസ്‌ലിമാവുകയെന്നാല്‍ ദൈവിക മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച് ജീവിതത്തെ പരിവര്‍ത്തിപ്പിക്കുകയെന്നാണര്‍ഥം. ഈ പരിവര്‍ത്തനത്തിന്റെ മുളപൊട്ടേണ്ടത് മനസ്സിലാണ്. മനുഷ്യമനസ്സുകളില്‍ മാറ്റമുണ്ടാകാതെ മൗലികമായ യാതൊരു പരിവര്‍ത്തനവും സാധ്യമല്ലെന്നതാണ് ഖുര്‍ആനിന്റെ വീക്ഷണം. അതുകൊണ്ടുത ന്നെ നിര്‍ബന്ധിച്ച് ഒരാളെയും മതത്തില്‍ കൂട്ടുന്നതിനോട് അത് യോജിക്കുന്നില്ല. സത്യവിശ്വാസത്തിലേക്ക്  കടന്നുവരുന്നതിനായി സ്വന്തം സമുദായത്തെ ഉല്‍ബോധിപ്പിക്കുന്നതിനുവേണ്ടി കഠിനാധ്വാനം ചെയ്ത പ്രവാചകന് (ﷺ) സത്യനിഷേധികളുടെ നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് മനസ്സിലായപ്പോള്‍ ഉണ്ടായ മനോവ്യഥയെ ചോദ്യം ചെയ്തുകൊണ്ട്ഖുര്‍ആന്‍ പറയുന്നത് കാണുക: ”നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച് വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ? (10:99).

സത്യമതപ്രബോധനത്തിനായി നിയുക്തരായ പ്രവാചകന്മാരില്‍ നിക്ഷിപ്തമായിരുന്ന ബാധ്യത മതപ്രചാരണം മാത്രമായിരുന്നുവെന്നും നിര്‍ബന്ധിച്ച് മതം മാറ്റുകയായിരുന്നില്ലെന്നുമുള്ള വസ്തുത ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്: ”എന്നാല്‍ ദൈവദൂതന്മാരുടെ മേല്‍ സ്പഷ്ടമായ പ്രബോധനമല്ലതെ വല്ല ബാധ്യതയുമുണ്ടോ?” (16:36).

”ഇനി അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍ (നബിയേ) നിന്നെ നാം അവരുടെ മേല്‍ കാവല്‍ക്കാരനായി അയച്ചിട്ടില്ല. നിന്റെ മേല്‍ പ്രബോധനബാധ്യത മാത്രമേയുള്ളൂ‘ (വി.ഖു 42:48).

സത്യമതത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുകയല്ലാതെ അവരെ നിര്‍ബന്ധിച്ച് മാറ്റുന്നതിനുവേണ്ടി പ്രവാചകന്‍ പരിശ്രമിക്കേണ്ടതില്ലെന്ന് ഖുര്‍ആന്‍ അദ്ദേഹത്തോട് ആവര്‍ത്തിച്ചു പറയുന്നുണ്ട്”. പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ളതാവുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ” (18:29).

”അതിനാല്‍ (നബിയേ) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു. നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല” (88:21,22)

ചുരുക്കത്തില്‍ പ്രവാചകന്മാരെല്ലാം സത്യമതപ്രബോധകര്‍ മാത്രമായിരുന്നു. അന്തിമ പ്രവാചകനും തഥൈവ. ജനങ്ങളുടെ മുമ്പില്‍ സത്യമേതെന്ന് തുറന്നു കാണിക്കേണ്ട ഉത്തരവാദിത്തം  മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. അന്തിമ പ്രവാചകനിലൂടെ പൂര്‍ത്തീകരിക്കപ്പെട്ട സത്യമതത്തിന്റെ പ്രചാരണം ഉത്തരവാദിത്തമായി ഏല്‍പിക്കപ്പെട്ട സത്യവിശ്വാസികളുടെ ബാധ്യതയും ഇതുമാത്രമാണ്. അസത്യത്തില്‍നിന്ന് സത്യത്തെ വേര്‍തിരിച്ച് മനസ്സിലാക്കിക്കൊടുക്കുകയെന്ന ബാധ്യത മാത്രം. മതത്തില്‍ നിര്‍ബന്ധിച്ച് ആളെ ചേര്‍ക്കുന്നതിന് ഖുര്‍ആന്‍ ആരോടും ആവശ്യപ്പെടുന്നില്ലെന്നു മാത്രമല്ല, നിര്‍ബന്ധ മതപരിവര്‍ത്തനം ശരിയല്ലെന്ന നിലപാട് അത് പ്രഖ്യാപിക്കുകയും ചെയ്യുന്നു.

 ”മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേയില്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു” (2:256).