അബൂബക്കറി(റ)ന്റെ കാലത്തെ ഖുർആൻ ക്രോഡീകരണത്തെ അലി (റ) വിമർശിച്ചുവോ ?

/അബൂബക്കറി(റ)ന്റെ കാലത്തെ ഖുർആൻ ക്രോഡീകരണത്തെ അലി (റ) വിമർശിച്ചുവോ ?
/അബൂബക്കറി(റ)ന്റെ കാലത്തെ ഖുർആൻ ക്രോഡീകരണത്തെ അലി (റ) വിമർശിച്ചുവോ ?

അബൂബക്കറി(റ)ന്റെ കാലത്തെ ഖുർആൻ ക്രോഡീകരണത്തെ അലി (റ) വിമർശിച്ചുവോ ?

Print Now
അബൂബക്കറി(റ)ന്റെ കാലത്തെ ഖുർആൻ ക്രോഡീകരണത്തെ അലി (റ) വിമർശിച്ചതായുള്ള നിവേദനവും അബൂബക്കറല്ല ഖുർആൻ ആദ്യമായി ക്രോഡീകരിച്ചത് എന്നുള്ള നിവേദനവുമെല്ലാം ഈ രംഗത്ത് അവ്യക്തതകളുണ്ടെന്നല്ലേ വ്യക്തമാക്കുന്നത്?

യഥാർത്ഥത്തിൽ അബൂബക്കറി(റ)ന്റെ കാലത്തെ ഖുർആൻ ക്രോഡീകരണത്തെ അനുകൂലിക്കുകയും അദ്ദേഹം ചെയ്തത് വലിയ പുണ്യമാണെന്ന് പ്രശംസിക്കുകയും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയുമാണ് അലി (റ) ചെയ്തത്.

അലി (റ) പറഞ്ഞു: മുസ്ഹഫിന്റെ വിഷയത്തില്‍ ഏറ്റവും ഉത്തമമായ പ്രതിഫലം അബൂബക്കറി(റ)നാണ്. അല്ലാഹുവിന്റെ കാരുണ്യം അബൂബക്കറി(റ)ന് ഉണ്ടാകട്ടെ. കാരണം അല്ലാഹുവിന്റെ ഗ്രന്ഥം ആദ്യമായി ഒരുമിച്ച് കൂട്ടിയത് അദ്ദേഹമാണ്. (ഇബ്‌നു അബീ ദാവൂദ് പേജ് 153)

അലി (റ) പറഞ്ഞു: അല്ലാഹു അബൂബക്കറി(റ)ന് കരുണ ചെയ്യട്ടെ. കാരണം അദ്ദേഹമാണ് രണ്ടു ചട്ടകള്‍ക്കുള്ളിലായി ഖുര്‍ആനിനെ ഒരുമിച്ചു കൂട്ടിയത്. (ഇബ്‌നു അബീദാവൂദ്, ഇബ്‌നു അബീ ശൈഖ 6/148, ഇബ്‌നു സഅദ് ത്വബമാതില്‍ 3/193. ഈ ഹദീഥ് സ്വഹീഹാണെന്ന് ഇമാം സുയൂത്വി)

ഇതിനു വിരുദ്ധമായ ചില നിവേദനങ്ങളുണ്ടെന്നത് ശരിയാണ്. അവ ബലഹീനവും തെളിവിന് കൊള്ളാത്തതുമാണെന്ന് പണ്ഡിതന്മാർ സമർത്ഥിച്ചിട്ടുണ്ട്. നിവേദനങ്ങൾ ഇവയാണ്: –

ഇഖ്‌രിമ (റ) യിൽ നിന്ന്: അബൂബക്കറി(റ)നുള്ള ബൈഅത്തിനുശേഷം അലി (റ) വീട്ടില്‍ തന്നെയിരുന്നു. കാരണം തിരക്കിയ ഖലീഫയോട് അലി (റ) പറഞ്ഞു. അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ വര്‍ധിക്കപ്പെടുമോ എന്ന് എനിക്ക് തോന്നുന്നു. ആയതിനാല്‍ ഖുര്‍ആന്‍ ഒരുമിച്ച് കൂട്ടുന്നതു വരെ നമസ്‌കാരത്തിനല്ലാതെ ഞാന്‍ മേല്‍വസ്ത്രം ധരിക്കുന്നതല്ല. (ഇബ്‌നു ളരീസ് -അല്‍ ഇത്ഖാന്‍ 1/59)

ഈ ഹദീഥിന്റെ നിവേദക പരമ്പര പൂർണമല്ല. നിവേദകശൃംഖലയിൽ കണ്ണികൾ വിട്ടു പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് ദുർബലാണ്; തെളിവിന് കൊള്ളുകയില്ല. ഇമാം ഇബ്‌നു ഹജര്‍ (റ) തന്റെ ഫതഹുൽ ബാരി 9/12 ഗ്രൻഥത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഇതേപോലെത്തന്നെയാണ് സാലിമാണ് ഖുർആൻ ആദ്യമായി ക്രോഡീകരിച്ചതെന്നും അതല്ല ഉമറാണെന്നുമെല്ലാമുള്ള നിവേദനങ്ങൾ. എല്ലാം ദുർബലവും തെളിവിന് കൊള്ളാത്തവയുമാണ്.

ഇബ്‌നു ബുറൈദ (റ) പറയുന്നു: ഒരു ഏടില്‍ ആദ്യമായി ക്വുര്‍ആന്‍ ഒരുമിച്ച് കൂട്ടിയത് സാലിം (റ) ആണ്. (ഇത്ഖാന്‍- 1/166)

ഈ അഥറും പരമ്പര മുറിഞ്ഞതിനാല്‍ ദുര്‍ബലമാണെന്ന് ഇമാം സുയൂത്വി (റ) പറയുന്നു. (അല്‍ ഇത്ഖാന്‍ പേജ് 382)

ഹസന്‍ (റ) പറയുന്നു: ഒരു ആയത്തിനെ സംബന്ധിച്ച് അന്വേഷിച്ചു. അത് യമാമയില്‍ വധിക്കപ്പെട്ട ഒരു സ്വഹാബിയുടെ കൈവശമുണ്ടായിരുന്നു എന്നു പറയപ്പെട്ടു. അപ്പോള്‍ ഉമര്‍ (റ) ഇന്നാലില്ലാഹ്… എന്നുപറഞ്ഞു. ക്വുര്‍ആന്‍ ഒരുമിച്ചു കൂട്ടാല്‍ കല്‍പിച്ചു. അദ്ദേഹമാണ് ആദ്യമായി ക്വുര്‍ആന്‍ മുസ്ഹഫില്‍ ഏകോപിപ്പിച്ചത്. (ഇബ്‌നു അബീദാവൂദ് അല്‍മസാഹിഫ് 1/181)

അഥര്‍ മുന്‍ഖതി ആണെന്ന് ഇബ്‌നു ബസീര്‍ ഫളഇളുല്‍ ക്വുര്‍ആന്‍ പേജ് 27ലും ഇബ്‌നു ഹജര്‍ ഫതഹുല്‍ ബാരി 9/13ലും ഇമാം സുയൂത്വി (റ) അല്‍ ഇത്ഖാന്‍ പേജ് 382ലും വ്യക്തമാക്കുന്നു. ഈ അഥറും അസ്വീകാര്യമാണ് എന്നർത്ഥം.