കൊലയ്ക്ക് കൊല,അപരിഷ്കൃത നിയമമല്ലേ?

/കൊലയ്ക്ക് കൊല,അപരിഷ്കൃത നിയമമല്ലേ?
/കൊലയ്ക്ക് കൊല,അപരിഷ്കൃത നിയമമല്ലേ?

കൊലയ്ക്ക് കൊല,അപരിഷ്കൃത നിയമമല്ലേ?

Print Now

അകാരണമായി കൊല്ലപ്പെടുന്നവന്റെ പ്രയാസങ്ങളോ പ്രസ്തുത കൊല മൂലം അനാഥമാകുന്ന കുടുംബത്തിന്റെ പ്രശ്‌നങ്ങളോ സമൂഹത്തിലുണ്ടാവുന്ന വിടവോ ഒന്നും പരിഗണിക്കാതെ കൊലയാളിയില്‍ കാരുണ്യവര്‍ഷം നടത്തുകയും അവനെ സംസ്‌കരിക്കുവാന്‍ സാധിക്കുമെന്ന മിഥ്യാബോധത്തിന്റെ അടിത്തറയില്‍ സിദ്ധാന്തങ്ങള്‍ മെനയുകയും ചെയ്യുന്നവര്‍ക്ക് ഖുര്‍ആനിലെ നിയമങ്ങള്‍ അപ്രായോഗികവും അപരിഷ്‌കൃതവുമായി തോന്നുക സ്വാഭാവികമാണ്. എന്നാല്‍, അനുഭവങ്ങള്‍ കാണിക്കുന്നത്, ഇവരുടെ ഗവേഷണഫലത്തിന് എതിരായ വസ്തുതകളാണെന്ന സത്യം നാം മനസ്സിലാക്കണം.

കൊലക്കുറ്റത്തിന് ആധുനിക കോടതികള്‍ വിധിക്കുന്നത് പരമാവധി ജീവപര്യന്തം തടവാണ്. ഏതാനും വര്‍ഷങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ജയില്‍വാസമായിട്ടാണ് ജീവപര്യന്തതടവ് മാറാറുള്ളത്. ഇതുതന്നെ ശിക്ഷിക്കപ്പെടാറുള്ളവര്‍ക്കു മാത്രം. പണവും സ്വാധീനവുമുള്ളവര്‍ എത്ര പേരെ കൊന്നാലും സുഖമായി രക്ഷപ്പെടുന്നുവെന്ന വസ്തുതയാണല്ലോ നാം ദിനേന അറിഞ്ഞുകൊണ്ടിരിക്കുന്നത്.

ആരെ കൊന്നാലും ഒന്നുമുണ്ടാകാന്‍ പോകുന്നില്ലെന്ന സ്ഥിതിയുടെ പരിണിത ഫലമെന്താണ്? കൊലപാതകക്കുറ്റങ്ങളുടെ അഭൂതപൂര്‍വമായ വളര്‍ച്ച! കൊലപാതകക്കുറ്റങ്ങള്‍ ചെയ്യാന്‍ യുവാക്കള്‍ കൂടുതല്‍ കൂടുതല്‍ തയാറാകുന്ന അവസ്ഥ!ഇന്ത്യയില്‍ നടക്കു ന്ന പൈശാചിക കൊലപാതകങ്ങളില്‍ തൊണ്ണൂറ്റിമൂന്ന് ശതമാനവും ഈ രംഗത്തെ പുതുമുഖങ്ങളായ യുവാക്കള്‍ ചെയ്യുന്നതാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.   പണത്തിനും സുഖസൗകര്യങ്ങള്‍ക്കും വേണ്ടി ആരെയും കൊല്ലാന്‍ മടിയില്ലാത്ത ഒരു തലമുറ വളര്‍ന്നുകൊണ്ടിരിക്കുന്നു.

ഇരുപത്തിനാലുകാരായ ശ്യാമിന്റെയും രവിയുടെയും കഥ നോക്കുക: ഇരുപത്തിനാല് വയസ്സ് പ്രായമുള്ള രവിയും ശ്യാമും മോട്ടോര്‍ ബൈക്കില്‍ നഗരം (ബാംഗ്ലൂര്‍) ചുറ്റുന്നു. ഒഴിഞ്ഞ ഇരുണ്ട തെരുവുകളില്‍ ഒറ്റയ്ക്ക് ഇരുചക്രവാഹനം ഓടിച്ചുപോകുന്ന സ്ത്രീകളെയാണ് അവര്‍ ലക്ഷ്യം വെക്കുന്നത്. ഒമ്പതു മാസങ്ങള്‍ക്കുള്ളില്‍ ഇരുപത്തിമൂന്ന് പേരെ ഇങ്ങനെ കൊലപ്പെടുത്തിയിട്ടുള്ള അവര്‍ക്ക് പലപ്പോഴും അമ്പത് രൂപയൊക്കെയായിരിക്കും ലഭിക്കുക (Ibid). അമ്പതു രൂപക്കുവേണ്ടി ഒരു ജീവന്‍ നഷ്ടപ്പെടുത്തുവാന്‍ യാതൊരു വൈമനസ്യവുമില്ലാത്ത യുവാക്കള്‍!

പണത്തില്‍ മുങ്ങിക്കുളിച്ച സഞ്ജീവ് നന്ദിയുടെ കഥ മറ്റൊന്നാണ്: അമേരിക്കയിലെ മികച്ച ബിസിനസ് സ്‌കൂളിലൊന്നില്‍ അയച്ച് മാതാപിതാക്കള്‍ അവനെ പഠിപ്പിച്ചു. അറുപത് ലക്ഷം രൂപ വില വരുന്ന ബി.എം.ഡബ്ലിയു ഏഴാം പരമ്പരയില്‍പെട്ട കാര്‍ ഇന്ത്യയില്‍ അവധിക്കാലം ചെലവഴിക്കുമ്പോള്‍ ഉപയോഗിക്കാനായി അവര്‍ അവനു മാത്രമായി നല്‍കി. ഇങ്ങനെ എല്ലാവിധ സുഖസൗകര്യങ്ങളുണ്ടായിട്ടും ആ ജീവിതം തകര്‍ക്കാന്‍ നന്ദി എന്തേ വഴിയൊരുക്കി? എന്തുകൊണ്ടാണ് മദ്യലഹരിയില്‍ തന്റെ ബി.എം.ഡബ്ലിയു. ഇടിച്ച് അഞ്ചുപേരെ കൊന്ന ശേഷം നിര്‍ത്താതെ ഓടിച്ചുപോയത്? പരിക്കേറ്റവരെ സഹായിക്കാനായി ഒരു നിമിഷം നിര്‍ത്തുകപോലും ചെയ്യാതെ കാറുമായി തന്റെ സുഹൃത്തിന്റെ വസതിയിലെത്തി. കാറിലെ തെളിവുകളെല്ലാം എന്തിനാണ് അയാള്‍ കഴുകിക്കളഞ്ഞത്?

അഞ്ചു നിരപരാധികളെ കൊന്ന് കാറുമായി കടന്നുപോകുവാന്‍ യാതൊരു മടിയുമില്ലാത്ത തലമുറ!

സുഖത്തിലേക്കുള്ള തങ്ങളുടെ പ്രയാണത്തില്‍ കാറിന്റെ ചക്രങ്ങള്‍ക്കിടയില്‍ കിടന്ന് ചതഞ്ഞരഞ്ഞവരുടെ നേര്‍ക്ക് ഒന്ന് ദയയോടുകൂടി നോക്കുവാന്‍ പോലും തയാറാവാത്ത യുവാക്കള്‍!

കുറ്റവാളികളെ ജയിലിലടച്ച് സംസ്‌കരിച്ചു കളയാമെന്ന ക്രിമിനോളജിസ്റ്റ് വാദത്തിനെതിരെയുള്ള ജീവിക്കുന്ന തെളിവുകളാണിവ! കൂടുതല്‍ പേരെ കുറ്റവാളികളാക്കുവാന്‍ മാത്രമേ കുറ്റവാളികളോടുള്ള ദാക്ഷിണ്യത്തോടെയുള്ള പെരുമാറ്റം നിമിത്തമാവുകയുള്ളൂ. കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുവാനാവശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും എന്നിട്ട് കുറ്റം ചെയ്യാന്‍ വാസന പ്രകടിപ്പിക്കുന്നവരെ കഠിനമായി ശിക്ഷിക്കുകയും ചെയ്താല്‍ മാത്രമേ സമാധാനപൂര്‍ണമായ സാമൂഹിക ജീവിതം സാധ്യമാകൂ എന്ന വസ്തുത കണക്കിലെടുത്തുകൊണ്ടാണ് കൊലക്കുറ്റത്തിന് കൊലയെന്ന ശിക്ഷ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നത്.

”സത്യവിശ്വാസികളേ, കൊല ചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുകയെന്നത് നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും അടിമക്കു പകരം അടിമയും സ്ത്രീക്കു പകരം സ്ത്രീയും (കൊല്ലപ്പെടേണ്ടതാണ്)” (ഖുര്‍ആന്‍ 2:178).

ഗോത്ര വഴക്കുകള്‍ കാരണം പരസ്പരം രക്തം ചിന്തിക്കൊണ്ടിരുന്ന അറേബ്യന്‍ സമൂഹത്തില്‍ നിലവിലുണ്ടായിരുന്ന അതിക്രൂരമായ പ്രതികാര നടപടികളുടെ കടയ്ക്ക് കത്തിവെച്ചുകൊണ്ടാണ് ഈ സൂക്തം അവതരിപ്പിക്കപ്പെട്ടത്. ഒരു ഗോത്രത്തില്‍നിന്ന് ആരെങ്കിലും വധിക്കപ്പെട്ടാല്‍ പകരം കൊന്നവനെ കൊല്ലുകയെന്ന സമ്പ്രദായമായിരുന്നില്ല അവിടെ നിലനിന്നിരുന്നത്. പ്രത്യുത, കൊല്ലപ്പെട്ട വ്യക്തിക്ക് എത്ര വിലമതിച്ചിരുന്നുവോ അതു കണക്കാക്കി അതിനു പകരമായി ഘാതകന്റെ ഗോത്രത്തില്‍നിന്ന് ആളുകളെ കൊന്നൊടുക്കുകയായിരുന്നു അവരുടെ രീതി. ഒരാള്‍ക്ക് പകരം പത്തും നൂറും ആളുകളെ കൊന്നൊടുക്കുവാന്‍ അവര്‍ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. തിരിച്ചും ഇതുതന്നെയായിരുന്നു അവസ്ഥ. ഒരു ഉന്നതന്‍ മറ്റൊരു ഗോത്രത്തിലെ നിസ്സാരനെ വധിച്ചാല്‍ കൊന്നവനെ കൊല്ലുകയെന്ന നിയമം നടപ്പാക്കാന്‍ അവര്‍ക്ക് വൈമനസ്യമായിരുന്നു.‘ഒരു പാവപ്പെട്ടവനു പകരം ഉന്നതനോ?’ എന്നായിരുന്നു അവരുടെ ചോദ്യം. ഈ സമ്പ്രദായങ്ങള്‍ക്ക് അറുതി വരുത്തിയ ഖുര്‍ആന്‍ പ്രതിക്രിയ നടപ്പാക്കേണ്ടത് പ്രതിയുടെ മേല്‍ മാത്രമാണെന്നു വ്യക്തമാക്കുകയാണ് ഉദ്ധരിക്കപ്പെട്ട സൂക്തത്തില്‍ ചെയ്യുന്നത്.

മനുഷ്യജീവന് ഉന്നതമായ വിലയാണ് ഇസ്‌ലാം കല്‍പിക്കുന്നത്. ഗോത്ര വഴക്കിന്റെയോ വിരോധത്തിന്റെയോ പ്രതികാരത്തിന്റെയോ പേരില്‍ നശിപ്പിക്കപ്പെടാനുള്ളതല്ല ഒരാളുടെ ജീവന്‍. ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ”മറ്റൊരാളെ കൊന്നതിന് പകരമായോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍ അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു” (5:32).

എന്നാല്‍, വധശിക്ഷ ശരിയല്ലെന്ന വാദം അടിസ്ഥാന രഹിതമാണ്. കൊലക്കുറ്റത്തിന് പ്രതികാരം ചെയ്യാന്‍ സന്നദ്ധമല്ലാത്ത ഒരു സമൂഹത്തില്‍ കൊലപാതകങ്ങളുടെ പരമ്പരകളുണ്ടാവും.ആര്‍ക്കും ഭയരഹിതമായി ജീവിക്കുവാന്‍ സാധ്യമല്ലാത്ത അവസ്ഥ സംജാതമാകും. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ പറഞ്ഞു: ”ബുദ്ധിമാന്മാരെ, (കൊലക്കു കൊലയെന്ന) തുല്യ ശിക്ഷ നല്‍കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിന്റെ നിലനില്‍പ് (2:179)..