വ്യത്യസ്ത ഖുർആനുകൾ

//വ്യത്യസ്ത ഖുർആനുകൾ

മുഹമ്മദ് നബിയുടെ അനുയായികളുടേതായി പല തരം ഖുർആനുകൾ നിലവിലുണ്ടായിരുന്നുവെന്നും അവ തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും വാദിക്കപ്പെടുന്നുണ്ടല്ലോ. വാസ്തവമെന്താണ്?

പല പ്രവാചകാനുചരന്മാരും അവരവുടെ പാരായണാവശ്യങ്ങൾക്കുവേണ്ടി തങ്ങളുടേതായ ഖുർആൻ രേഖകളുണ്ടാക്കിയിരുന്നുവെന്നത് ശരിയാണ്. അവ അവരുടെ സ്വകാര്യപ്രതികളായിരുന്നു. തങ്ങളുടെ വൈയക്തികമായ പഠന-പാരായണങ്ങൾക്കായി തങ്ങൾക്ക് ലഭിച്ച സൂറത്തുകൾ തങ്ങൾക്ക് ലഭിച്ച ക്രമത്തിൽ എഴുതിവെച്ചവയാരിരുന്നു അവ. ഇത്തരം ഖുർആൻ കയ്യെഴുത്തുരേഖകൾ പല സ്വഹാബിമാർക്കും ഉണ്ടായിരുന്നുവെന്ന് ഹദീഥുകളിൽ നിന്ന് മനസ്സിലാവുന്നുണ്ട്. (ഇമാം സുയൂഥ്വി: അൽ ഇത്ഖാൻ 1/ 62). ഹിജ്‌റ നാലാം നൂറ്റാണ്ടിൽ ജീവിച്ച ബാഗ്ദാദിയൻ ചരിത്രകാരനായ അബൂ ഫറാജ് മുഹമ്മദ് ബിൻ ഇസ്‌ഹാഖ്‌ അന്നദീം തന്റെ പ്രസിദ്ധമായ ‘കിത്താബൽ ഫിഹിരിസ്തി’ൽ ഇബ്നു മസ്ഊദിന്റെയും ഉബയ്യു ബ്നു കഅബിന്റെയും സൈദ് ബ്നു ഥാബിത്തിന്റെയും (റ) മുസ്ഹഫുകളുണ്ടായിരുന്നുവെന്നും അവയിൽ ചിലത് താൻ കണ്ടിട്ടുണ്ടെന്നും പറയുന്നുണ്ട്. (Bayard Dodge: The Fihrist of al-Nadim; A tenth Century Survey of Muslim Culture, New York, 1970, Page 53-63)

ഇബ്നു മസ്ഊദിനും ഉബയ്യു ബ്നു കഅബിനും സൈദ് ബ്നു ഥാബിത്തിനും കൂടാതെ അലി, ഇബ്നു അബ്ബാസ്, അബൂ മൂസൽ അശ്അരി, ഹഫ്സ, അനസ് ബ്നു മാലിക്ക്, ഉമർ ഫാറൂഖ്, ഇബ്നു സുബൈർ, അബ്ദുല്ലാഹി ബ്നു അംറ്, ആയിശ, സാലിം, ഉമ്മു സൽ‍മ, ഉബൈദ് ബ്നു ഉമർ (റ) എന്നിവരുടെ കൈകളിലും സ്വന്തമായ ഖുർആൻ കയ്യെഴുത്ത് രേഖകൾ ഉണ്ടായിരുന്നതായി ഇബ്നു അബീദാവൂദ് തന്റെ മസാഹിഫിൽ വ്യക്തമാക്കുന്നുണ്ട്. (പുറം 14). ഇവയെ കൂടാതെ അബൂബക്കർ, ഉഥ്മാൻ, മുആദ് ബിൻ ജബൽ, അബൂ ദർദാഅ, അബൂ അയൂബ് അൽ അൻസാരി, ഉബാദ ബിൻ അൽ സാമിത്, തമീമുദ്ദാരി (റ) എന്നിവർക്കും പ്രവാചകാലത്ത് തന്നെ സ്വന്തമായി ഖുർആൻ കയ്യെഴുത്ത് രേഖകളുണ്ടായിരുന്നതായി വ്യക്തമാക്കുന്ന രേഖകളുണ്ട്. (Dr. Mohammed Fazalu Rahman Ansari, The Qura’nic Foundations and Structure of Muslim Society, Karachi, 1973, Volume 1,Page 76, Note 2)

ഇബ്നു മസ്ഊദിന്റേതായി അറിയപ്പെടുന്ന ഒരു ഖുർആൻ രേഖയിൽ ഇന്നുള്ള മുസ്ഹഫിലെ ക്രമത്തിലല്ല സൂറത്തുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് താൻ കണ്ടതായി സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഇബ്‌നു ന്നദീം രേഖപ്പെടുത്തുന്നുണ്ട്. അദ്ദേഹം കണ്ട ഇബ്നു മസ്ഊദിന്റെ മുസ്ഹഫിലെ ക്രമം ഇങ്ങനെയാണ്:

2, 4, 3, 7, 6, 5, 10, 9, 16, 11, 12, 17, 21, 23, 26, 37, 33, 28, 24, 8, 19, 29, 30, 36, 25, 22, 13, 34, 35, 14, 38, 47, 31, 35, 40, 43, 41, 46, 45, 44, 48, 57, 59, 32, 50, 65, 49, 67, 64, 63, 62, 61, 72, 71, 58, 60, 66, 55, 53, 51, 52, 54, 69, 56, 68, 79, 70, 73, 74, 83, 80, 76, 75, 77, 78, 81, 82, 88, 87, 92, 89, 85, 84, 96, 90, 93, 94, 86, 100, 107, 101, 98, 91, 95, 104, 105, 106, 102, 97, 110, 108, 109, 111, 112. (The Fihrist, Page 53-57)

ഇതിൽ ആകെയുള്ളത് 106 സൂറത്തുകൾ മാത്രമാണ്. അവയാകട്ടെ ലോകത്തെങ്ങും പ്രചാരത്തിലുള്ള ഉഥ്മാനീ മുസ്ഹഫിലെ ക്രമത്തിലല്ല ക്രോഡീകരിച്ചിരിക്കുന്നത് താനും.

ഉബയ്യുബ്നു കഅബിന്റെ മുസ്ഹഫാണ് താൻ കണ്ടതായി ഇബ്‌നു ന്നദീം രേഖപ്പെടുത്തുന്ന, സ്വഹാബിമാരുടേതായി അറിയപ്പെടുന്ന മറ്റൊരു കയ്യെഴുത്ത് രേഖ. അതിലെ സൂറത്തുകളുടെ ക്രമം ഇങ്ങനെയാണ്: 1, 2, 4, 3, 6, 7, 5, 10, 8, 9, 11, 19, 26, 22, 12, 18, 16, 33, 17, 39, 45, 20, 21, 24, 23, 40, 13, 28, 27, 37, 38, 36, 15, 42, 30, 43, 41, 14, 35, 48, 47, 57, 52, 25, 32, 71, 46, 50, 55, 56, 72, 53, 68, 69, 59, 60, 77, 78, 76, 75, 81, 79, 80, 83, 84, 95, 96, 49, 63, 62, 66, 89, 67, 92, 82, 91, 85, 86, 87, 88, 74, 98, 61, 93, 94, 101, 102, 65, 104, 99, 100, 105, 108, 97, 109, 110, 111, 106, 112, 113, 114. (The Fihrist, Page 58- 60)

ഇതിലുള്ള നൂറ്റിയൊന്ന് സൂറത്തുകളിൽ പലതും ക്രമം തെറ്റിയാണ് ക്രോഡീകരിച്ചിരിക്കുന്നത്.

ഉഥ്മാനീ മുസ്ഹഫിലെ ക്രമത്തിൽ നിന്ന് ഭിന്നമായാണ് ഈ മുസ്ഹഫുകളിൽ സൂറത്തുകൾ ക്രോഡീകരിച്ചിരിക്കുന്നത് എന്ന വസ്തുത ഖുർആനിലെ സൂറത്തുകളുടെ ക്രമത്തിൽ പോലും സ്വഹാബിമാർക്കിടയിൽ ഏകസ്വരമുണ്ടായിരുന്നില്ല എന്നതിനുള്ള തെളിവായാണ് വിമർശകർ എടുത്തുന്നയിക്കാറുള്ളത്. എന്നാൽ എന്താണ് യഥാർത്ഥത്തിലുള്ള വസ്തുത?

സ്വഹാബിമാരുടെ സ്വകാര്യ കയ്യെഴുത്തുപ്രതികൾ അവർ സ്വന്തം പാരായണത്തിനും പഠനത്തിനും വേണ്ടി എഴുതി വെച്ചവയായിരുന്നു. അവർക്ക് ലഭിച്ച സൂറത്തുകൾ അവർക്ക് ലഭിച്ച മുറയിൽ അവർ എഴുതി വെക്കുകയും പിന്നീട് അവർ അവയെ ക്രോഡീകരിക്കുകയും ചെയ്തു. പ്രവാചകൻ (സ) ഇഹലോകവാസം വെടിയുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് വരെ ഖുർആൻ സൂക്തങ്ങൾ അവതരിപ്പിക്കപ്പെടുകയും അവ പല സ്വഹാബിമാരും (റ) എഴുതിവെക്കുകയും മനഃപാഠമാക്കുകയും ചെയ്തു. സ്വകാര്യമായ ഖുർആൻ കയ്യെഴുത്ത് പ്രതികൾ കൈവശമുള്ള സ്വഹാബിമാർ (റ) ജീവിച്ചിരിക്കുമ്പോഴാണ് അബൂബക്കറിന്റെ ഭരണകാലത്ത് ആദ്യമായി കൃത്യമായ ക്രമത്തിലുള്ള ഖുർആൻ ക്രോഡീകരണം നടന്നത്. അതായിരുന്നു ഔദ്യോഗികമായ ആദ്യത്തെ ക്രോഡീകരണം. പ്രസ്തുത മുസ്ഹഫിൽ പ്രവാചകൻ (സ) പറഞ്ഞുകൊടുത്ത ക്രമത്തിൽ തന്നെയാണ് സൂറത്തുകളെ വിന്യസിച്ചിരിക്കുന്നത്. തങ്ങളുടെ സ്വകാര്യലിഖിതങ്ങളിൽ വ്യത്യസ്തമായ ക്രമത്തിലെഴുതിയ സ്വഹാബിമാരിൽ ആരെങ്കിലും അബൂബിക്കറിന്റെ(റ) കാലത്ത് സൂറത്തുകളെ വിന്യസിച്ച് ക്രമം ശരിയല്ലെന്ന് പറഞ്ഞതായി യാതൊരു രേഖയുമില്ല. തങ്ങളുടെ സ്വകാര്യകോപ്പികളിൽ എഴുതിയതിൽ നിന്ന് വ്യത്യസ്തമാണെങ്കിലും അബൂബക്കറിന്റെ(റ) നിർദേശപ്രകാരം തയ്യാറാക്കിയ ഔദ്യോഗികമുസ്ഹഫിലെ സൂറത്തുകളുടെ ക്രമം തന്നെയാണ് അംഗീകരിച്ചുവെന്നാണ് ഇതിൽ നിന്ന് മനസ്സിലാവുന്നത്.

ഉഥ്മാനിന്റെ(റ) ഭരണകാലത്ത് അബൂബക്കറിന്റെ(റ) കാലത്തുണ്ടാക്കിയ ഖുർആൻപ്രതിയെ ആധാരമാക്കി കൂടുതൽ സൂക്ഷ്മവും ക്രത്യവുമായ രീതിയിൽ നിർമിച്ച മുസ്ഹഫുകളിലും അതേ ക്രമം തന്നെയാണ് സ്വീകരിച്ചിരുന്നത്. സ്വകാര്യപ്രതികൾ കൈവശമുണ്ടായിരുന്ന സ്വഹാബിമാരിൽ പലരും മരണപ്പെട്ടിരുന്നില്ല. അവരാരും ഉഥ്മാൻ (റ) സ്വീകരിച്ച സൂറത്തുകളുടെ വിന്യാസക്രമം ശരിയല്ലെന്ന് വാദിച്ചതായി രേഖകളൊന്നുമില്ല. തങ്ങളുടെ സ്വകാര്യപ്രതികളിൽ തങ്ങൾക്ക് ലഭിച്ചതും തങ്ങൾ ഇച്ഛിച്ചതുമായ ക്രമത്തിലാണ് തങ്ങൾ സൂറത്തുകൾ രേഖപ്പെടുത്തിയതെന്നും അങ്ങനെയല്ല പ്രവാചകൻ (സ) പഠിപ്പിച്ച സൂറത്തുകളുടെ ക്രമമെന്നും കൃത്യമായി അറിയാവുന്നവരായിരുന്നു അവർ എന്നതുകൊണ്ടാണ് ഉഥ്മാൻ (റ) സ്വീകരിച്ച സൂറത്തുകളുടെ വിന്യാസക്രമത്തിൽ അഭിപ്രായവ്യത്യാസങ്ങളൊന്നും രേഖപ്പെടുത്താതിരുന്നത്. രണ്ട് ക്രോഡീകരണസന്ദർഭങ്ങളിലുമുള്ള സ്വകാര്യപ്രതികൾ കൈവശമുണ്ടായിരുന്ന സ്വഹാബിമാരുടെ മൗനം സൂറത്തുകളുടെ ക്രമത്തിന്റെ വിഷയത്തിൽ ആർക്കും യാതൊരു വിരുദ്ധാഭിപ്രായങ്ങളും ഉണ്ടായിരുന്നില്ല എന്ന വസ്തുത വ്യക്തമാക്കുന്നതാണ്.

'ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ പാരായണം ചെയ്യപ്പെടുന്ന ഖുർആനുകൾ തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. മൊറോക്കോയിലെ ഖുർആൻ അല്ല സൗദി അറേബിയയിലേത്. മുഹമ്മദ് നബി പഠിപ്പിച്ച ഖുർആൻ പുള്ളിയും കുത്തുകളുമില്ലാതെയാണ് ഏഴുതിയത്. ആ ഖുർആൻ വ്യത്യസ്ത ദേശത്തുള്ളവർ ഇസ്‌ലാമിലേക്ക് വന്നപ്പോൾ അവർ അവർക്ക് തോന്നിയതനുസരിച്ച് ഓതിയതിനാലാണ് ഈ വ്യത്യാസമുണ്ടായത്. ഖുർആനിൽ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന മുസ്‌ലിംകളുടെ വാദം കള്ളമാണെന്നാണ് ഇത് കാണിക്കുന്നത്.'ഒരു യുക്തിവാദിയുടെ പ്രസംഗത്തിൽ നിന്ന്.എന്താണ് മറുപടി ?

ജബ്ബാർ, കുന്നുമ്മൽ, മലപ്പുറം.

ഖുർആൻ പാരായങ്ങൾ തമ്മിലുള്ള വ്യത്യാസം യുക്തിവാദികളോ ഇസ്‌ലാം വിരോധികളോ ഗവേഷണം ചെയ്തു കണ്ട് പിടിച്ചതല്ല. വ്യത്യസ്ത ഖിറാഅത്തുകളിലെ വ്യത്യസ്ത പാരായണ രീതികളെക്കുറിച്ച് വിവരിക്കുന്ന നിരവധി ഗ്രന്ഥങ്ങൾ മുസ്‌ലിം ലോകത്തുണ്ട്. പാരായണ വ്യത്യാസങ്ങളെക്കുറിച്ച അറിവ് സാധാരണക്കാരന് ആവശ്യമില്ലാത്തതു കൊണ്ടാണ് പണ്ഡിതന്മാർ അത് എല്ലാവരെയും പഠിപ്പിക്കാത്തത്. സാധാരണക്കാരുടെ അറിവില്ലായ്മ മുതലെടുത്തതുകൊണ്ട് ഖുർആനിന്റെ അഖണ്ഡതയിൽ സംശയം ജനിപ്പിക്കാനാണ് പാരായണ വ്യത്യാസത്തെ ഇസ്‌ലാമിന്റെ ശത്രുക്കൾ ചർച്ചക്കെടുക്കുന്നത്. ഖുർആനിന്റെ പാരായണ വ്യത്യാസങ്ങൾ അതിന്റെ ദൈവികതയെ ഉജ്ജ്വലമായി വെളുപ്പെടുത്തുന്നവയാണെന്ന് അൽപം ചിന്തിച്ചാൽ ബോധ്യപ്പെടും.

മനുഷ്യസമൂഹത്തിന് മുന്നിൽ പാരായണം ചെയ്തു കേൾപ്പിച്ച മുഹമ്മദ് നബി (സ) തന്നെ ഖുർആൻ ഏഴ് ശൈലികളിൽ അവതരിക്കപ്പെട്ടതാണെന്ന് പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹു ജിബ്‌രീലിലൂടെ (അ) നബി (സ)ക്ക് ഏഴു ശൈലികളിൽ (ഹർഫുകൾ) ഖുർആൻ അവതരിപ്പിച്ചതായി സ്വഹീഹായ നിരവധി ഹദീഥുകളാൽ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഏഴ് വ്യത്യസ്ത ശൈലികളിൽ ഖുർആൻ അവതരിക്കപ്പെട്ടതിനാൽ തന്നെ പലരും പാരായണം ചെയ്തിരുന്നത് പലശൈലികളിലായിരുന്നുവെന്ന് കാണാൻ കഴിയും. ഏഴു ഹർഫുകളിലായാണ് അവസാനത്തെ ദൈവിക ഗ്രന്ഥം അവതരിക്കപ്പെട്ടത് എന്നറിയാതെ ചില സ്വഹാബിമാർ തമ്മിൽ ഇവ്വിഷയകമായി നടന്ന തർക്കങ്ങളെക്കുറിച്ച വിവരണങ്ങളിൽ നിന്ന് ഇവയെല്ലാം അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ടതാണെന്നും അവന്റെ നിർദ്ദേശമാണ് ഇവയിലെല്ലാം ഖുർആൻ പാരായണം ചെയ്യാമെന്നും ഇവയിലേതിലെങ്കിലും ഒന്നിൽ പാരായണം ചെയ്താൽ മതിയെന്നും ഒന്ന് മറ്റേതിൽ നിന്ന് ഉത്തമമോ അധമമോ അല്ലെന്നുമുള്ള വസ്തുതകൾ മനസ്സിലാവും.

ഉമറുബ്നുൽ ഖത്ത്വാബിൽ (റ) നിന്ന്: 'റസൂലിന്റെ കാലത്ത് ഹിശാമുബ്നു ഹകീം ഒരിക്കൽ 'സൂറത്തുൽ ഫുർഖാൻ' ഓതുന്നത് ഞാൻ കേട്ടു. ഞാൻ അദ്ദേഹത്തിന്റെ പാരായണം ശ്രദ്ധിച്ചു. എനിക്ക് റസൂൽ ഓതിത്തന്നിട്ടില്ലാത്ത പലവിധ ശൈലികളിലും അദ്ദേഹം ഓതുന്നു. നമസ്കാരത്തിലായിരിക്കെത്തന്നെ, അദ്ദേഹവുമായി വഴക്കിടാൻ എനിക്ക് തോന്നി. നമസ്കാരം കഴിയുംവരെ ഞാൻ ക്ഷമിച്ചു. നമസ്കാരത്തിൽ നിന്ന് വിരമിച്ചയുടനെ, അദ്ദേഹത്തിന്റെ തട്ടം കഴുത്തിന് ചുറ്റിപ്പിടിച്ച് ഞാൻ ചോദിച്ചു: 'നിങ്ങളിപ്പോൾ ഓതുന്നതായി ഞാൻ കേട്ട സൂറത്ത് നിങ്ങൾക്കാരാണ് ഓതിത്തന്നത്?' അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലാണ് എന്നെയത് ഓതിപ്പഠിപ്പിച്ചത്.' ഞാൻ പറഞ്ഞു: ''കള്ളം. റസൂൽ എനിക്ക് പഠിപ്പിച്ചുതന്നത് നിങ്ങൾ ഓതിയ രൂപത്തിലല്ല.' അദ്ദേഹത്തെയും പിടിച്ച് ഞാൻ റസൂലിന്റെ അടുത്തേക്ക്പുറപ്പെട്ടു. ഞാൻ റസൂലിനോട് പറഞ്ഞു: 'നിങ്ങൾ എനിക്ക് ഓതിത്തരാത്ത വിധം സൂറത്തുൽ ഫുർഖാൻ ഇദ്ദേഹം ഓതുന്നത് ഞാൻ കേട്ടു.' റസൂൽ പറഞ്ഞു: 'അദ്ദേഹത്തെ വിട്ടേക്കൂ. ഹിശാം, നിങ്ങൾ ഓതൂ.' ഹിശാം ഞാൻ കേട്ട അതേപ്രകാരം തന്നെ ഓതി. അപ്പോൾ റസൂൽ പറഞ്ഞു: 'ഇപ്രകാരം തന്നെയാണ് ഇത് അവതരിപ്പിക്കപ്പെട്ടത്.' തുടർന്ന് അവിടുന്ന് പറഞ്ഞു: 'ഉമറേ, നിങ്ങളൊന്ന് ഓതൂ.' റസൂൽ എന്നെ പഠിപ്പിച്ച പോലെ ഞാൻ ഓതി. അപ്പോൾ റസൂൽ പറഞ്ഞു: 'ഇങ്ങനെയും ഇത്  അതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ ഖുർആൻ ഏഴ് വ്യത്യസ്ത ശൈലികളിൽ (ഹർഫുകൾ) അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. നിങ്ങൾക്ക് എളുപ്പമായ വിധം അത് ഓതിക്കൊള്ളുക.' (സ്വഹീഹുൽ ബുഖാരി, കിതാബു ഫദാഇലിൽ ഖുർആൻ; സ്വഹീഹു മുസ്‌ലിം, കിതാബു ഫദാഇലിൽ ഖുർആൻ വമായത അല്ലഖു ബിഹി)

ഇതേ പോലെ നിരവധി ഹദീഥുകൾ വ്യത്യസ്ത ഹദീഥ് ഗ്രന്ഥങ്ങളിൽ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. മുഹമ്മദ് നബി (സ) യുടെ ആവശ്യപ്രകാരം അല്ലാഹു അവതരിപ്പിച്ചതാണ് ഖുർആനിന്റെ ഈ ഏഴ് ശൈലികളുമെന്ന് നബി (സ) തന്നെ വ്യക്തമാക്കിയതായും സ്വഹീഹായ ഹദീഥുകളിലുണ്ട്.

എഴുത്ത് വ്യാപകമായി നിലനിന്നിരുന്നിട്ടില്ലാത്ത കാലത്ത്, വ്യത്യസ്ത നിലവാരത്തിലുള്ളവർക്ക് ഒരേ ശൈലിയിൽ പാരായണം പ്രയാസകരമാണെന്നതിനാൽ അല്ലാഹുതന്നെ അവതരിപ്പിച്ച ഏഴ് ഹർഫുകളിലായുള്ള ഖുർആൻ പാരായണം നബി (സ) യുടെ കാലത്ത് തന്നെ നിലനിന്നിരുന്നുവെന്ന വസ്തുത മനസ്സിലാക്കാത്തതുകൊണ്ടാണ് വ്യത്യസ്ത ശൈലികളിലുള്ള ഖുർആനുകൾ തമ്മിൽ വ്യത്യാസമുണ്ടെന്നും അത് പിൽക്കാലത്ത് പകർത്തിയെഴുതിയപ്പോൾ സംഭവിച്ച പിഴവാണെന്നും വിമർശകന്മാർ ആരോപിക്കുന്നത്. അല്ലാഹു അവതരിപ്പിച്ച ഏഴ് ശൈലികളിലുമുള്ള ഖുർആൻ പാരായണം നബി (സ) തന്റെ അനുയായികളെ പഠിപ്പിച്ചിരുന്നുവെന്ന വസ്തുത നടേ ഉദ്ധരിച്ച നിവേദനങ്ങൾ വ്യക്തമാക്കുന്നു. നബി (സ) പഠിപ്പിച്ച ഏഴ് ഹർഫുകളിലുള്ള ഖുർആൻ വചനങ്ങൾ തമ്മിൽ ചില പാരായണ വ്യത്യാസങ്ങളുണ്ട്. ഈപാരായണ വ്യത്യാസങ്ങളിൽ ചിലവ അർത്ഥ വ്യത്യാസങ്ങളുമുള്ളവയാണ്. നിസ്സാരവും വൈരുധ്യങ്ങളൊന്നുമില്ലാത്തതുമായ ഈ അർത്ഥ വ്യത്യാസങ്ങൾ പോലും ഖുർആനിന്റെ അമാനുഷികതയെ സ്ഥിരീകരിക്കുന്നതാണ് എന്നതാണ് അത്ഭുതം.

സൂറത്തുൽ ഫാത്തിഹയിലെ ഒരു പാരായണ വ്യത്യാസം ഉദാഹരണമായെടുക്കുക. മൂന്നാമത്തെ ആയത്തിന് 'മാലിക്കി യൗമിദ്ദീൻ' എന്നും 'മലിക്കി യൗമിദ്ധീൻ' എന്നും രണ്ട് പാരായണകളുണ്ട്. പ്രതിഫലനാളിന്റെ ഉടമസ്ഥൻ എന്നാണ് ഒന്നാമത്തെ പാരായണത്തിന്റെ അർഥം. 'പ്രതിഫലനാളിന്റെ രാജാവ്' എന്ന് രണ്ടാമത്തെ പാരായണത്തിന്റെയും. അല്ലാഹുവാണ് പ്രതിഫലനാളിന്റെ രാജാവും ഉടമസ്ഥനും. അത് കൊണ്ട് തന്നെ രണ്ട് പാരായങ്ങളും തമ്മിൽ യാതൊരു വൈരുധ്യവുമില്ല. രണ്ടും നബി (സ) പഠിപ്പിച്ചതും അക്കാലം മുതൽ ഇന്ന് വരെ നിരവധി പരമ്പരകളിലൂടെ നിവേദനം ചെയ്യപ്പെട്ടവയുമാണ്. ഒരു അർഥം മറ്റേ അർത്ഥത്തിന് ഉപോൽബലകമാണെന്നർത്ഥം. ഇതേപോലെയുള്ളതാണ് വ്യത്യസ്ത ഖിറാഅത്തുകളിലുള്ള പാരായണവ്യത്യാസങ്ങൾ. അവയെല്ലാം നബി പഠിപ്പിച്ചതാണ്. ആരും യാതൊന്നും ഖുർആനിൽ കൂട്ടിച്ചേർക്കുകയോ എടുത്ത് മാറ്റുകയോ ചെയ്തിട്ടില്ല.

ഏഴ് ശൈലികളിൽ അവതരിക്കപ്പെട്ടിട്ടും ഖുർആനിൽ യാതൊരു വൈരുധ്യവുമില്ലെന്നത് അത്ഭുതകരമാണ്. ''അവർ ഖുർആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നുള്ളതായിരുന്നെങ്കിൽ അവരതിൽ ധാരാളം വൈരുധ്യം കണ്ടെത്തുമായിരുന്നു.''(4:82) വെന്ന ഖുർആൻ” വചനത്തിലെ പരാമർശം ഏഴ് ഹർഫുകൾക്കും ഒരേപോലെ ബാധകമാണ്. ഒരേ ഹർഫിലുള്ള ഖുർആനിലെ വചനങ്ങൾ തമ്മിലോ വ്യത്യസ്ത ഹർഫുകൾ തമ്മിലോ വൈരുധ്യങ്ങളൊന്നുമില്ല. വ്യത്യസ്ത നിലവാരത്തിലുള്ളവരെ പരിഗണിച്ചുകൊണ്ട് വ്യത്യസ്ത ശൈലികളിൽ അവതരിക്കപ്പെട്ടിട്ടുപോലും ഖുർആനിൽ വൈരുധ്യങ്ങളൊന്നുമില്ലെന്ന അത്ഭുതകരമായ വസ്തുത അതിന്റെ ദൈവികത വ്യക്തമാക്കുന്ന പല തെളിവുകളിലൊന്നാണ്. ഖുർആനിനെതിരെ ഉന്നയിക്കപ്പെട്ട ഒരു വിമർശനം ഖുർആനിന്റെ സത്യതയെ വെളിപ്പെടുത്തുന്നതാണ് നാം ഇവിടെ കാണുന്നത്.

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

ല്ല. പാരായണ വ്യത്യാസത്തിനനുസരിച്ച് ചില ആശയവ്യത്യാസങ്ങളുണ്ടാകാമെങ്കിലും അവ ഖുർആനിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നവയല്ല. ഏറെ പ്രചാരത്തിലുള്ള രണ്ട് ക്വിറാഅത്തുകളിലുള്ള പാരായണ വ്യത്യാസങ്ങള്‍ പരിശോധിച്ചാല്‍ അവ എത്രമാത്രം ക്വുര്‍ആനിന്റെ അഖണ്ഡതയെ ബാധിക്കാത്തതാണെന്ന് മനസ്സിലാവും.

സൂറത്തുല്‍ ബക്വറയിലെ 85-ാമത്തെ വചനത്തിന്റെ ഹഫ്‌സ് ഖിറാഅത്ത് (അല്‍ ക്വുര്‍ആനില്‍ കരീം ബി രിവായത്തി ഹഫ്‌സ്വ് അന്‍ ആസ്വിം, മുജമ്മ ഉല്‍ മലിക് ഫഹദ്, അല്‍ മദീനതുല്‍ മുനവ്വറ, 2002) പ്രകാരം 'തഅ്മലൂന്‍'’(നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്) എന്നതിനു പകരം വര്‍ശ് ഖിറാഅത്തിലുള്ളത് (അല്‍ ക്വുര്‍ആനില്‍ കരീം ബി രിവായത്തി വര്‍ഷ് അന്‍ നാഫിഅ്, ദാറുല്‍ മഅ്‌രിഫത്, ദിമശ്ഖ്, 2003) യഅ്മലൂന്‍’ (അവര്‍ പ്രവര്‍ത്തിക്കുന്നത്) എന്നാണ്. സൂറത്തുല്‍ ഹിജ്‌റിലെ 8ാം വചനത്തിന്റെ ഹഫ്‌സ് ഖിറാഅത്തില്‍ ‘മാ നുനസ്സിലു (നാം ഇറക്കുന്നതല്ല) എന്നാണെങ്കില്‍ വര്‍ശ് ഖിറാഅത്തില്‍ 'മാ തുനസ്സിലു' (നീ ഇറക്കുന്നതല്ല) എന്നാണുള്ളത്. സൂറത്തുല്‍ അമ്പിയാഇലെ നാലാമത്തെ വചനത്തിന്റെ തുടക്കം ഹഫ്‌സ് പ്രകാരം 'ഖാല'’(അദ്ദേഹം പറഞ്ഞു) എന്നാണെങ്കില്‍ വര്‍ശ് പ്രകാരം 'ഖുല്‍'’(നീ പറയുക) എന്നാണ്. സൂറത്തുല്‍ അഹ്‌സാബിന്റെ 68-ാം വചനം ഹഫ്‌സ് ക്വിറാഅത്തു പ്രകാരം അവസാനിക്കുന്നത് 'ലഅ്‌നന്‍ കബീറാ' (വമ്പിച്ച ശാപം) എന്ന പാരായണത്തോടെയാണെങ്കില്‍ വര്‍ശ് പ്രകാരം അത് 'ലഅ്‌നന്‍ കഥീറാ'’(വര്‍ധിച്ച ശാപം) എന്നാണ്. സൂറത്തുല്‍ ഫത്ഹിലെ 17ാമത്തെ വചനത്തില്‍‘'യുദ്ഖില്‍ഹു'’(അവന്‍ അവനെ പ്രവേശിപ്പിക്കും) എന്നാണ് ഹഫ്‌സ് ക്വിറാഅത്തിലുള്ളതെങ്കില്‍ അതിന്റെ വര്‍ശ് ഖിറാഅത്ത് 'നുദ്ഖില്‍ഹു' (നാം അവനെ പ്രവേശിപ്പിക്കും) എന്നാണ്.

ക്വുര്‍ആനിന്റെ സാരത്തെയോ പദവിന്യാസത്തെയോ യാതൊരു തരത്തിലും ബാധിക്കാത്ത ഇത്തരം പാരായണ വ്യത്യാസങ്ങള്‍ പോലും വളരെ പരിമിതമാണെന്ന വസ്തുത അതില്‍ കൂട്ടിച്ചേര്‍ക്കലുകളോ എടുത്തുമാറ്റലുകളോ നടന്നിട്ടില്ലെന്നാണ് വ്യക്തമാക്കുന്നതെന്ന് ഇവ്വിഷയകമായ വസ്തുനിഷ്ഠപഠനം നടത്തിയവരെല്ലാം ഉറക്കെ പറഞ്ഞിട്ടുണ്ട്. ഹഫ്‌സ്-വര്‍ശ് പാരായണഭേദങ്ങളെക്കുറിച്ച ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ച ഡോക്ടര്‍ ആഡ്രയന്‍ ബ്രോക്കറ്റ് പറയുന്നത് 'ഇത്തരം പാരായണ വ്യത്യാസങ്ങളുടെ എണ്ണം പരിമിതമാണെന്ന വസ്തുത വ്യക്തമാക്കുന്നത് അതിന് ഒരേയൊരു പാഠമേയുള്ളുവെന്ന സത്യമാണ്' (Adrian Brockett: "The Value of Hafs and Warsh Transmissions for the Textual History of The Qur'an'' in Andrew RÆpin (Ed.), Opt. Cit. Page 33.) എന്നാണ്.

അദ്ദേഹം എഴുതുന്നത് കാണുക:‘'ക്വുര്‍ആന്‍ വാചികമായി മാത്രമായിരുന്നു ആദ്യനൂറ്റാണ്ടുകളില്‍ സംപ്രേഷണം ചെയ്തിരുന്നതെങ്കില്‍ ഹദീഥ് സാഹിത്യങ്ങളിലും ഇസ്‌ലാംപൂര്‍വകവിതകളിലും കാണപ്പെടുന്നതുപോലെ പാഠങ്ങള്‍ (text) തമ്മില്‍ കാര്യമാത്രപ്രസക്തമായ വ്യത്യാസങ്ങള്‍ അതില്‍ കാണപ്പെടുമായിരുന്നു. എഴുത്തുരൂപത്തില്‍ മാത്രമാണ് അത് സംപ്രേഷണം ചെയ്യപ്പെട്ടിരുന്നതെങ്കില്‍ മദീനാഭരണഘടനയുടെ ഒറിജിനല്‍ രേഖകളിലുള്ളതുപോലെ പരിഗണനക്കര്‍ഹമായ വ്യത്യാസങ്ങള്‍ രേഖകളിലും ഉണ്ടാകുമായിരുന്നു. എന്നാല്‍ ക്വുര്‍ആനിന്റെ കാര്യം ഇതു രണ്ടുമല്ല. ഒരേ സമയം തന്നെ വാചികമായ സംപ്രേഷണവും സമാന്തരമായി രേഖകളിലൂടെയുള്ള സംപ്രേഷണവും നിലനിന്നതിനാല്‍ അവ പരസ്പരം സംരക്ഷിക്കുകയും എല്ലാ തരത്തിലുമുള്ള കൈകടത്തലുകളില്‍ നിന്നും ക്വുര്‍ആനിനെ മുക്തമാക്കുകയും ചെയ്തു'.  (Ibid, Page 44.)

‘''മുഹമ്മദിനു ശേഷമുള്ള ക്വുര്‍ആനിന്റെ സംപ്രേഷണം മാറ്റങ്ങളൊന്നുമില്ലാത്ത രീതിയില്‍ തികച്ചും അദ്ദേഹം പറഞ്ഞുകൊടുത്ത പോലെത്തന്നെയായിരുന്നു. ഒരേയൊരു പാഠം മാത്രമേ അതിനുണ്ടായിരുന്നുള്ളൂ. ദുര്‍ബലപ്പെടുത്തപ്പെട്ടതായി ആരോപിക്കപ്പെടുന്ന വചനങ്ങളടക്കം യാതൊന്നും തന്നെ അതില്‍ നിന്ന് എടുത്തു മാറ്റപ്പെട്ടിട്ടില്ല; ഒന്നും കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുമില്ല''.  (Ibid, Page 44.)

അതെ! അവതരിപ്പിക്കപ്പെട്ട രൂപത്തില്‍ മാറ്റങ്ങളൊന്നുമില്ലാതെ നിലനില്‍ക്കുന്ന ഗ്രന്ഥമാണ് ക്വുര്‍ആന്‍. വ്യത്യസ്ത ഖിറാഅത്തുകളിലുള്ള സൂക്ഷമമായ വ്യത്യാസങ്ങള്‍ക്കുപോലും ദൈവികബോധനത്തിന്റെ പിന്‍ബലമുണ്ട്. കഴിഞ്ഞ പതിനാലുനൂറ്റാണ്ടുകളായി മാറ്റമൊന്നുമില്ലാതെ നിലനില്‍ക്കുന്ന ഒരേയൊരു ഗ്രന്ഥമാണ് ക്വുര്‍ആന്‍. മാറ്റമൊന്നുമില്ലാതെ അതിനെ സംരക്ഷിക്കുമെന്ന ദൈവിക വാഗ്ദാനം പാലിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നതിനുള്ള തെളിവാണ് നടേ സമര്‍ഥിച്ച വസ്തുതകള്‍. അല്ലാഹുവിന്റെ വാഗ്ദാനം എത്ര സത്യമാണ്!

''തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്.''

ല്ലാഹു ജിബ്‌രീലിലൂടെ (അ) നബി (സ)ക്ക് ഏഴു ശൈലികളിൽ (ഹർഫുകൾ) ക്വുർആൻ അവതരിപ്പിച്ചതായി സ്വഹീഹായ നിരവധി ഹദീഥുകളാൽ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഏഴ് ശൈലികളിൽ അവതരിപ്പിക്കപ്പട്ട ക്വുര്‍ആന്‍ വചനങ്ങള്‍ പാരായണം ചെയ്യേണ്ട വ്യത്യസ്ത രീതികളും (ഖിറാഅത്ത്) പ്രവാചകന്‍(സ) തന്നെ പഠിപ്പിച്ചിരുന്നു. പ്രവാചകനില്‍(സ) നിന്ന് വ്യത്യസ്തരീതികളിലുള്ള ക്വുര്‍ആന്‍ പാരായണം പഠിച്ച സ്വാഹാബിമാര്‍ ആ രീതികളെല്ലാം അടുത്ത തലമുറയ്ക്കും പഠിപ്പിച്ചു കൊടുത്തതായി കാണാനാവും. ഒരേ ഉഥ്മാനീമുസ്ഹഫ് തന്നെ വ്യത്യസ്ത രീതികളില്‍ പാരായണം ചെയ്യുന്ന സമ്പ്രദായങ്ങള്‍ വളര്‍ന്നുവന്നത് അങ്ങനെയാണ്. പ്രസിദ്ധരും പാരായണ രീതികളെപ്പറ്റി കൃത്യമായി അറിയാവുന്നവരുമായ പാരായണ വിദഗ്ധരിലൂടെയും അതല്ലാത്ത അറിയപ്പെടുന്ന പാരായണക്കാരിലൂടെയുമാണ് പ്രവാചകനില്‍ നിന്ന് നേരിട്ട് ക്വുര്‍ആന്‍ പഠിച്ചിട്ടില്ലാത്തവര്‍ അതിന്റെ പാരായണ രീതി അഭ്യസിച്ചത്. വ്യത്യസ്ത തരം പാരായണ രീതികളില്‍ നിന്ന്,  പ്രവാചകനില്‍ നിന്ന് നിരവധി പേരുള്‍ക്കൊള്ളുന്ന ശൃംഖലകളിലൂടെ നിവേദനം ചെയ്യപ്പെട്ട മുതവാത്തിറായ(നിവേദക ശൃംഖലയിലെ ഓരോ കണ്ണിയിലും നിരവധി പേര്‍ ഉള്‍ക്കൊള്ളുന്ന, അബദ്ധങ്ങള്‍ കടന്നു വരാന്‍ യാതൊരു സാധ്യതയുമില്ലാത്ത നിവേദകന്മാരുടെ പരമ്പരകള്‍ക്കാണ് മുതവാതിര്‍ എന്നു പറയുന്നത്.) രീതികള്‍ മാത്രമാണ് അംഗീകരിക്കപ്പെടുന്നത്. ഇങ്ങനെ അംഗീകരിക്കപ്പെട്ട പത്ത് പാരായണ രീതികളാണുള്ളത്.

മുതവാത്തിറായ പത്ത് തരം പാരായണ രീതികളെക്കുറിച്ചും സമഗ്രമായി വിവരിക്കുന്ന ഗ്രന്ഥമാണ് ഹിജ്‌റ 833-ാം വര്‍ഷം അന്തരിച്ച ഇബ്‌നുല്‍ ജസരിയെന്ന് അറിയപ്പെടുന്ന അല്‍ഹാഫിദ് അബുല്‍ഖൈറ് മുഹമ്മദ് ബ്‌നു മുഹമ്മദ് അല്‍ ദിമശ്ഖിയുടെ അന്നശ്‌റ് ഫില്‍ ക്വിറാആത്തില്‍ അശ്ര്‍ എന്ന ബൃഹത്തായ ഗ്രന്ഥം.(അല്‍ ഹാഫിദ് അബുല്‍ ഖൈര്‍ മുഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ദിമഷ്ഖി ഇബ്‌നുല്‍ ജസരി: അന്നശ്ര്‍ ഫില്‍ ഖിറാആത്തില്‍ അശര്‍, ബൈറൂത്ത്, ലബനാന്‍.) ഇവ്വിഷയകമായി നിരവധി രചനകള്‍ മുസ്‌ലിം ലോകത്തുണ്ടായിട്ടുണ്ട്; പ്രവാചകന്‍(സ) പഠിപ്പിച്ച എല്ലാ രീതികളിലുമുള്ള പാരായണരീതികളില്‍ ക്വുര്‍ആന്‍ അവസാനനാളുവരെ പാരായണം ചെയ്യപ്പെടുന്ന അവസ്ഥ നിലനില്‍ക്കണമെന്ന് മുസ്‌ലിം സമൂഹം കരുതുന്നതിനാലാണ് ഇത്തരം ഗ്രന്ഥങ്ങളുണ്ടാവുന്നത്. 1994ല്‍ സിറിയയിലെ ദാറുല്‍ മുഹാജിര്‍ പ്രസാധനാലയം പ്രസിദ്ധീകരിച്ച അലവി ബിന്‍ മുഹമ്മദ് ബിന്‍ അഹ്മദ് അല്‍ ഫഖീഹ് യുടെ അല്‍ ക്വിറാഅത്ത് അല്‍ അശറല്‍ മുതവാത്തിറ’എന്ന ഗ്രന്ഥം ഇവ്വിഷയകമായി പുറത്തിറങ്ങിയ താരതമ്യേന പുതിയ ഗ്രന്ഥങ്ങളിലൊന്നാണ്.(അലവി ബിന്‍ മുഹമ്മദ് ബിന്‍ അഹ്മദ് ബില്‍ഫഖീഹ്: അല്‍ ഖിറാആത്തുല്‍ അശ്‌റുല്‍ മുതവാതിറ, ദാറുല്‍ മുഹാജിര്‍, 1994)

നിലനില്‍ക്കുന്ന വ്യത്യസ്ത ഖിറാഅത്തുകള്‍ ക്വുര്‍ആനിന്റെ അഖണ്ഡതയെയും ബാധിക്കുമെന്ന് വിചാരിച്ച് അവയെക്കുറിച്ച അറിവുകള്‍ പൂഴ്ത്തിവെക്കുകയല്ല, അടുത്ത തലുമുറകള്‍ക്ക് പകര്‍ന്നു കൊടുക്കുകയാണ് പ്രസ്തുത വിഷയത്തില്‍ വിവരമുള്ള പണ്ഡിതന്മാര്‍ ചെയ്തുവന്നിട്ടുള്ളതെന്ന് ഈ രചനകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

മദീനയില്‍ നാഫിഅ്ബ്‌നു അബ്ദിര്‍റഹ്മാന്‍, മക്കയില്‍ നിന്നുള്ള അബ്ദുല്ലാ ഇബ്‌നു കഥീര്‍ അദ്ദാരി, ദമാസ്‌കസില്‍ നിന്നുള്ള അബ്ദുല്ലാഹിബ്‌നു ആമിര്‍, ബസ്വറയില്‍ നിന്നുള്ള അബൂഅംറിബ്‌നു അലാഅ്, യഅ്ഖൂബ് ബ്‌നു ഇസ്ഹാഖ് അല്‍ ഹദ്‌റമി, കൂഫയില്‍ നിന്നുള്ള ആസ്വിം ബിന്‍ അബി അന്നജൂദ് അല്‍ അസദി, ഹംസബിന്‍ ഹബീബ് അത്തൈമി, അലിബിന്‍ ഹംസ അല്‍ അസദി അല്‍ കിസാഇ, ബസ്വറയില്‍ നിന്നുള്ള അബൂ ജാഫര്‍ യസീദുബ്‌നു അല്‍ഖാഖാ അല്‍ മഖ്‌സൂമി, ബാഗ്ദാദില്‍ നിന്നുള്ള അബൂമുഹമ്മദ് അല്‍ അസദി ഖലഫ് എന്നിവ രാണ് പ്രവാചകനില്‍ നിന്ന് മുതവാത്തിറായി പാരായണരീതികള്‍ നിവേദനം ചെയ്ത പണ്ഡിതന്മാര്‍. ഇവരിലൂടെ അറിയപ്പെടുന്ന പാരായണരീതികള്‍ മുഹമ്മദ് നബി(സ)യില്‍ നിന്ന് നിരവധി അനുചരന്മാരിലൂടെ നിവേദനം ചെയ്യപ്പെടുകയും അവരിലൂടെ നിരവധിപേര്‍ പഠിക്കുകയും അങ്ങനെ ഈ പണ്ഡിതന്മാര്‍ക്കടുത്ത് എത്തിപ്പെടുകയും ചെയ്തതാണ് എന്നര്‍ഥം.

ഉദാഹരണത്തിന് ഏറെ പ്രസിദ്ധമായ വര്‍ഷ്, ഖാലൂന്‍ എന്നീ പാരായണരീതികള്‍ പഠിപ്പിച്ച മദീനക്കാരനായ നാഫിഅ്ബ്‌നു അബ്ദുര്‍റഹ്മാനിന്റെ കാര്യമെടുക്കുക. പ്രവാചകനില്‍(സ) നിന്ന് ഉബയ്യുബ്‌നു കഅ്ബും അദ്ദേഹത്തില്‍ നിന്ന് സ്വഹാബിമാരായ അബൂഹുറയ്‌റ,(റ) ഇബ്‌നുഅബ്ബാസ്‌,(റ) എന്നിവരും പഠിച്ചെടുത്തതാണ് ഈ രീതികള്‍. അവരില്‍ നിന്ന് അബ്ദുല്ലാഹിബ്‌നു അയ്യാശ്ബ്‌നു അബീറബീഅത്ത് അല്‍ മഖ്‌സൂമി, യസീദ്ബ്‌നു അല്‍ ഖഅ്ഖാഅ്, അബ്ദുര്‍റഹ്മാനു ബ്‌നു ഹുര്‍മുസ് അല്‍ അഅ്‌റജ്, മുസ്‌ലിമുബ്‌നു ജുന്‍ദുബ് അല്‍ ഹുദലി, യസീദ്ബ്‌നു റുമാന്‍, ശൈബാബ്ന്‍ നിസ്വാഹ് എന്നീ താബിഉകള്‍ ഈ പാരായണരീതികള്‍ പഠിച്ചിട്ടുണ്ട്. അവരില്‍ നിന്നാണ് ഹിജ്‌റ 70ല്‍ ജനിക്കുകയും 117ല്‍ മരണപ്പെടുകയും ചെയ്ത നാഫിഅ് അല്‍ മദനി ഇത് പഠിച്ചെടുത്തത് (Abu Muhammad Ali Ibn Ahmad Ibn Said Ibn Hazm al-Andalusi(384-456 H):  Ar-Rasa'il al-Khamsah (A Booklet In Magazi-ne Al-Azhar), 1993, p. 7. Quoted by M S M Saifullah: “Versions Of  the Qur'an?”  http://www.islamic-awareness.org)

ഇമാം നാഫിഅ് എഴുപതോളം താബിഉകളില്‍ നിന്ന് പാരായണം നേരിട്ട് പഠിച്ച മഹദ് വ്യക്തിയാണ്.(അന്നശ്‌റ് ഫില്‍ ഖിറാആത്തില്‍ അശ്‌റ് (1/112))

അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുകയും അദ്ദേഹത്തിലൂടെ നിരവധി പഠിതാക്കള്‍ പഠിച്ചെടുക്കുകയും ചെയ്ത വര്‍ഷ്, ഖാലൂന്‍ പാരായണരീതികള്‍ പ്രവാചകന്‍(സ) തന്നെ പഠിപ്പിച്ചുകൊടുത്തതാണെന്ന വസ്തുത സംശയാതീതമായി തെളിയിക്കാനാവുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇതേ പോലെത്തന്നെയാണ് മുതവാത്തിറായ പത്ത് പാരായണ രീതികളുടെയും സ്ഥിതി.

വ്യത്യസ്ത പാരായണ ശൈലികളെയും (ഹര്‍ഫ്) പാരായണ രീതികളെയും (ക്വിറാഅത്ത്) കുറിച്ച തെറ്റുധാരണകൊണ്ടാണ് ചിലര്‍ ക്വുര്‍ആനിന് പാഠഭേദങ്ങളുണ്ടെന്ന് വാദിക്കുന്നത്. ഹര്‍ഫും ക്വിറാഅത്തും ഒന്നു തന്നെയാണെന്നാണ് അവര്‍ തെറ്റുധരിച്ചിരിക്കുന്നത്. ക്വുര്‍ആനിന്റെ വ്യത്യസ്ത ശൈലികളാണ് ഏഴു ഹര്‍ഫുകള്‍. ക്വുര്‍ആന്‍ അവതരിക്കപ്പെട്ടത് ഖുറൈശികളുടെ ഹര്‍ഫിലായിരുന്നുവെന്നും തന്റെ സമുദായത്തിലെ വ്യത്യസ്ത വിഭാഗക്കാര്‍ക്ക് എളുപ്പത്തില്‍ പാരായണം ചെയ്യുന്നതിനുവേണ്ടി, നബി(സ) ആവശ്യപ്പെട്ട് നേടിയെടുത്തതാണ് ഏഴു ഹര്‍ഫുകളിലുള്ള പാരായണമെന്നും സ്വഹീഹായ ഹദീഥുകള്‍ വ്യക്തമാക്കുന്നുണ്ട്.(സ്വഹീഹുല്‍ ബുഖാരി, കിതാബു ഫദാഇലില്‍ ക്വുര്‍ആന്‍; സ്വഹീഹു മുസ്‌ലിം, കിതാബു ഫദാഇലില്‍ ക്വുര്‍ആന്‍ വ മാ യതഅല്ലഖ ബിഹി; സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ഖുസ്വൂമാത്; സ്വഹീഹുല്‍ ബുഖാരി, കിതാബു ബദ്ഉല്‍ ഖല്‍ഖ്; ജാമിഉ ത്തിര്‍മിദി, കിതാബുല്‍ ക്വിറാആത്; മുസ്‌നദ് ഇമാം അഹ്മദ്, 5/132 ഹദീഥ്: 21523)

വ്യത്യസ്ത ഗോത്രങ്ങളില്‍ നിന്ന് ഇസ്‌ലാം സ്വീകരിച്ച വ്യത്യസ്ത നിലവാരത്തിലുള്ളവര്‍ക്കെല്ലാം ക്വുര്‍ആന്‍ പാരായണത്തിനും മനഃപാഠമാക്കുന്നതിനും എളുപ്പത്തില്‍ സാധിച്ചു. അതോടൊപ്പം തന്നെ ക്വുര്‍ആനിലെ ഒരു അധ്യായത്തിന് തുല്യമായ ഒരു അധ്യായമെങ്കിലും കൊണ്ടുവരാന്‍ സത്യനിഷേധികളെ വെല്ലുവിളിക്കുന്ന ക്വുര്‍ആന്‍ വചനങ്ങളുടെ(ക്വുര്‍ആന്‍ 2:23,24) അര്‍ഥവ്യാപ്തി എല്ലാവര്‍ക്കും മനസ്സിലാക്കുവാനും എല്ലാ ഗോത്രങ്ങളെയും പ്രസ്തുത വെല്ലുവിളിക്ക് വിധേയമാക്കുവാനും അതുവഴി കഴിയുകയും ചെയ്തു. ഒരൊറ്റ ശൈലിയില്‍ മാത്രമായിരുന്നു ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടതെങ്കില്‍ ചിലര്‍ക്കെങ്കിലും തങ്ങള്‍ക്ക് ഈ വെല്ലുവിളി ബാധകമല്ലെന്നും ഒരൊറ്റ ശൈലിയില്‍ മാത്രമാണ് ക്വുര്‍ആന്‍ സംസാരിക്കുന്നതെന്നും പറഞ്ഞ് രക്ഷപ്പെടാമായിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന ഗോത്രങ്ങള്‍ക്കൊന്നിനും ഈ വെല്ലുവിളിയുടെ പരിധിയില്‍ നിന്ന് മാറുവാന്‍ കഴിയാത്തവിധം അവരിലെ സത്യനിഷേധികളെ കുരുക്കുന്നതാണ് ഏഴു ഹര്‍ഫുകളിലായുള്ള ക്വുര്‍ആനിന്റെ അവതരണമെന്നര്‍ഥം.

ഉഥ്മാനി(റ)ന്റ ഭരണകാലത്ത് നടന്നത് ഈ ഏഴുഹര്‍ഫുകളെയും ഉള്‍ക്കൊണ്ടുകൊണ്ട്, ഖുറൈശീഭാഷയിലുള്ള മുസ്വ്ഹഫ് പകര്‍ത്തിയെ ഴുത്തായിരുന്നുവെന്നാണ് ഹദീഥുകള്‍ വ്യക്തമാക്കുന്നത്. ഏതെങ്കിലും കാര്യത്തില്‍ നിങ്ങള്‍ വിയോജിക്കുന്നുവെങ്കില്‍ അത് ഖുറൈശീ രീതിപ്രകാരം എഴുതുക; ക്വുര്‍ആന്‍ അവതരിക്കപ്പെട്ടത് ഖുറൈശീ രീതിയിലാണ് (സ്വഹീഹുല്‍ ബുഖാരി, കിതാബു ഫദാഇലില്‍ ക്വുര്‍ആന്‍) എന്ന ഉഥ്മാനുബ്‌നു അഫ്ഫാനി(റ)ന്റ നിര്‍ദേശത്തില്‍ നിന്ന് അതാണ് മനസ്സിലാവുന്നത്. അറബി ആധാര ഭാഷയായ ഖുറൈശീഭാഷയി ലുള്ള മുസ്വ്ഹഫിന്റെ പകര്‍ത്തിയെഴുത്തിനു ശേഷം വ്യത്യസ്ത ഹര്‍ഫുകള്‍ സ്വാഭാവികമായും നിലനിന്നിരുന്നില്ല. വ്യത്യസ്ത ഹര്‍ഫു കളില്‍ ക്വുര്‍ആന്‍ പാരായണം ചെയ്തുവരികയും മനഃപാഠമാക്കുകയും പഠിപ്പിക്കുകയുമെല്ലാം ചെയ്തുവന്നിരുന്ന സ്വഹാബകളിലാരും തന്നെ ഇത്തരമൊരു ഏകീകരണത്തിന് എതിരെ നിന്നിട്ടില്ലെന്ന വസ്തുത ശ്രദ്ധേയമാണ്.. ഖുറൈശീഭാഷയിലുള്ള ഹര്‍ഫുകളുടെ ഏകീക രണം വഴി ക്വുര്‍ആനിലെ ആശയങ്ങള്‍ക്കോ പദവിന്യാസത്തിനോ മാറ്റങ്ങളെന്തെങ്കിലുമുണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ അതിനു സമ്മതിക്കില്ലാ യിരുന്നു. സ്വഹാബിമാരുടെ ഐകകണ്ഠമായ അംഗീകാരത്തോടെ പകര്‍ത്തിയെഴുതിയ മുസ്വ്ഹഫുകളാണ് ഉഥ്മാനി(റ)ന്റ കാലം മുതല്‍ ഇന്നുവരെ ലോകത്തെല്ലായിടത്തും ഉപയോഗിച്ചുവന്നിട്ടുള്ളത്.

ഖുറൈശീഭാഷയില്‍ രേഖീകരിക്കപ്പെട്ട വിശുദ്ധ ക്വുര്‍ആനിന്റെ വ്യത്യസ്ത പാരായണങ്ങളാണ് ക്വിറാഅത്തുകള്‍. നടേ സൂചിപ്പിച്ച മുതവാത്തിറായ പത്തു ക്വിറാഅത്തുകളില്‍ ഏഴെണ്ണമാണ് ഏറെ പ്രസിദ്ധമായവ. നാഫിഅ് അല്‍ മദനി, ഇബ്‌നുകഥീര്‍ അല്‍മക്കി, അബൂ അംറുബ്‌നുല്‍ അലാഅ് അല്‍ ബസ്വ്‌രി, ഇബ്‌നു ആമിര്‍ അദ്ദിമശ്ക്കി, ആസിം അല്‍ കൂഫി, ഹംസാ അല്‍ കൂഫി, അല്‍ കിസാഈ അല്‍ കൂഫി എന്നിവരുടേതാണ് അവ. പ്രസിദ്ധമായ ക്വിറാഅത്തുകളുടെ എണ്ണവും ഹര്‍ഫുകളുടെ എണ്ണവും ഏഴ് ആയതുകൊണ്ടാണെന്ന് തോന്നുന്നു, ഹര്‍ഫും ഖിറാഅത്തും ഒന്നു തന്നെയാണെന്ന് ചിലരെല്ലാം തെറ്റുധരിച്ചിട്ടുണ്ട്. വ്യത്യസ്ത ഹര്‍ഫുകളെ ഉള്‍ക്കൊണ്ടുകൊണ്ട് ഖുറൈശീഭാഷയില്‍ ഉഥ്മാന്‍ (റ)ക്രോഡീകരിച്ച ക്വുര്‍ആനിന്റെ വ്യത്യസ്തങ്ങളായ പാരായണ രീതികളാണ് ക്വിറാഅത്തുകള്‍.

നബി(സ)യില്‍ നിന്ന് മുതവാത്തിറായി നിവേദനം ചെയ്യപ്പെട്ട പത്ത് ഖിറാഅത്തുകളില്‍ കാണപ്പെടുന്ന സൂക്ഷ്മമായ വ്യതിരിക്തതകള്‍, വ്യത്യസ്ത ഹര്‍ഫുകളിലുള്ള അടിസ്ഥാന വ്യത്യാസങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടു തന്നെയാണ് ഉഥ്മാനി(റ)ന്റ മുസ്ഹഫ് പകര്‍ത്തിയെ ഴുത്ത് നടന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. ഹര്‍ഫുകളിലെ ഗോത്രഭാഷാപ്രയോഗങ്ങളെ ഏകീകരിച്ച് ഖുറൈശീഭാഷയില്‍ ക്വുര്‍ആന്‍ ക്രോഡീകരിച്ച് ഗ്രന്ഥരൂപത്തിലാക്കിയപ്പോള്‍ തന്നെ വ്യത്യസ്തങ്ങളായ ക്വിറാഅത്തുകളിലൂടെ ഹര്‍ഫുകളിലുള്ള ആശയ വ്യത്യാസമുള്ള പ്രയോഗങ്ങളുടെ ആശയങ്ങള്‍ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ടെന്നാണ് ഇതില്‍ നിന്ന് മനസ്സിലാവുന്നത്. ക്വുര്‍ആനിലെ പ്രഥമാധ്യായമായ സൂറത്തുല്‍ ഫാത്തിഹയിലെ നാലാം വചനത്തിലെ വ്യത്യസ്ത പാരായണങ്ങള്‍ ഉദാഹരണമായെടുക്കുക. 'മാലിക്കി യൗമിദ്ദീന്‍' എന്നും 'മലിക്കി യൗമിദ്ദീന്‍' എന്നും രണ്ടു പാരായണഭേദങ്ങളുണ്ട് ഈ വചനത്തിന്. 'പ്രതിഫല നാളിന്റെ ഉടമസ്ഥന്‍' എന്ന് ആദ്യത്തേതിനും, 'പ്രതിഫലനാളിന്റെ രാജാവ്' എന്ന് രണ്ടാമത്തേതിനും യഥാക്രമം അര്‍ഥം പറയാം. ഈ രണ്ടു രൂപത്തിലുമുള്ള പാരായണത്തിന് പ്രവാചകന്റെ (സ) അംഗീകാരമുണ്ട് എന്നതിനാല്‍ ഇവ രണ്ടും ദൈവിക വെളിപാടുകളാണെന്ന് വ്യക്തമാണ്. വ്യത്യസ്ത ഖിറാഅത്തു കളിലുള്ള ഇത്തരം വ്യത്യാസങ്ങള്‍ വ്യതിരിക്തമായ ഹര്‍ഫുകളിലുണ്ടായിരുന്ന വ്യത്യാസത്തെക്കൂടി ഉള്‍ക്കൊള്ളുന്നതാണ്.

വ്യത്യസ്ത ക്വിറാഅത്തുകളിലുള്ള സൂക്ഷ്മമായ വ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിച്ച് ക്വുര്‍ആനിന് പാഠഭേദങ്ങളുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ഹര്‍ഫും ഖിറാഅത്തും അല്ലാഹു തന്നെ അവതരിപ്പിച്ചതാണെന്ന ഇസ്‌ലാമിക പാഠത്തെക്കുറിച്ച് മനസ്സിലാക്കാത്തതു കൊണ്ടാണ്. മനുഷ്യരുടെ കരവിരുതുകളാല്‍ പാഠഭേദങ്ങളുണ്ടായ ബൈബിള്‍ പുസ്തകങ്ങളുടെ അവസ്ഥയല്ല ക്വുര്‍ആനിന്റേത്. അത് അവതരിക്കപ്പെട്ട രൂപത്തില്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. വ്യത്യസ്ത പാരായണങ്ങളിലൂടെ പടച്ചവന്‍ അവതരിപ്പിച്ച വ്യതിരിക്തതകള്‍ പോലും ഇന്നും നിലനില്‍ക്കുന്നു; ക്വുര്‍ആനിലുള്ള പാരായണ വ്യത്യാസങ്ങളാവട്ടെ വളരെ പരിമിതവും അതിന്റെ അര്‍ഥഘടനയെ ഒരുതരത്തിലും ബാധിക്കാത്തതുമാണെന്ന് തദ്‌വിഷയകമായി പഠനം നടത്തിയിട്ടുള്ള ഓറിയന്റലിസ്റ്റ് പണ്ഡിതന്മാര്‍ പോലും സമ്മതിച്ചിട്ടുള്ളതുമാണ്. അതാണ് ഓറിയന്റലിസത്തിന്റെ പിതാക്കളിലൊരാളായ സര്‍ വില്യം മ്യൂറിന്റെ വാക്കുകളില്‍ നാം കണ്ടത്. (William Muir: Opt. Cit., Pages xxii-xxiii.)

ഏറ്റവുമധികം പ്രചാരത്തിലിരിക്കുന്ന രണ്ട് ക്വുര്‍ആന്‍ ക്വിറാഅത്തുകളായ ഹഫ്‌സിനെയും വര്‍ഷിനെയും കുറിച്ച് ഗവേഷണം നടത്തിയ യോര്‍ക്ക് സെന്റ് ജോണ്‍ യൂനിവേഴ്‌സിറ്റിയിലെ ഫാക്കല്‍ടി ഓഫ് എഡ്യുക്കേഷന്‍ ആന്റ് തിയോളിജിയുടെ പ്രിന്‍സിപള്‍ ലക്ചറും പ്രസിദ്ധ ഓറിയന്റലിസ്റ്റുമായ ഡോക്ടര്‍ ആഡ്രിയന്‍ ബ്രോക്കറ്റ് എഴുതുന്നു. 'ഹഫ്‌സ് നിവേദനത്തിലും വര്‍ഷ് നിവേദനത്തിലുമുള്ള വ്യത്യാസങ്ങള്‍, പാരായണത്തിലുള്ളതാണെങ്കിലും രേഖീകരണത്തിലുള്ളതാണെങ്കിലും വചനങ്ങളുടെ അര്‍ഥത്തെ സാരമായി ബാധിക്കുന്നില്ല എന്നത് ഒരു ലളിതമായ യാഥാര്‍ഥ്യമാണ്. പല വ്യതിരിക്തതകളും അതിന്റെ അര്‍ഥത്തില്‍ യാതൊരുവിധ മാറ്റവുമുണ്ടാക്കുന്നില്ല. രേഖകളുടെ പശ്ചാത്തലത്തില്‍ മാത്രം ചെറിയ അര്‍ഥവ്യത്യാസമുണ്ടാക്കുന്ന മറ്റു ചില വ്യതിരിക്തതകളാവട്ടെ മുസ്‌ലിം ചിന്തയെ ഏതെങ്കിലും തരത്തില്‍ ബാധിക്കാവുന്ന തരത്തില്‍ സ്വാധീനമുണ്ടാക്കുന്നവയല്ല താനും.'(Adrian Brockett: "The Extent To Which The Differences Affect The Sense'', in Andrew RÆpin (Ed.): Approaches Of The History of Interpretation Of The Qur'an, Oxford, 1988, Page 37.)

വ്യത്യസ്ത സ്ഥലങ്ങളില്‍ രൂപാന്തരപ്പെട്ട വ്യത്യസ്ത ക്വുര്‍ആനുകള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്ന മട്ടിലാണ് ഇസ്‌ലാം വിമര്‍ശകര്‍ വ്യത്യസ്ത ക്വിറാഅത്തുകളെക്കുറിച്ച് പരാമര്‍ശിക്കാറുള്ളത്. മുസ്‌ലിം ലോകത്ത് ആദ്യകാലം മുതല്‍ തന്നെ വ്യത്യസ്ത പാരായണങ്ങളെക്കുറിച്ചറി യാവുന്നവരുണ്ടായിരുന്നു. നടേ പറഞ്ഞ നാടുകളില്‍ പ്രചാരത്തിലിരിക്കുന്ന വര്‍ശ് പാരായണ രീതിയുടെയും ലിബിയ, ടുണീഷ്യ, ഖത്തര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിലനില്‍ക്കുന്ന ഖാലൂന്‍ പാരായണരീതിയുടെയും ഗുരുവായി അറിയപ്പെടുന്നത് നാഫിഅ് അല്‍ മദനി തന്നെയാണ്. മുസ്‌ലിം ലോകത്ത് പൊതുവെ പ്രചാരത്തിലിരിക്കുന്ന ഹഫ്‌സ് പാരായണ രീതിയുടെ ഗുരുനാഥനായ ആസ്വിം അല്‍ കൂഫി തന്നെയാണ് ശുഅ്ബയെന്ന് അറിയപ്പെടുന്ന പാരായണരീതിയുടെയും ഗുരു. പത്തു ഖിറാഅത്തുകളെയും വിശദീകരിക്കുന്ന അല്‍ഖിറാആത്തുല്‍ അശറല്‍ മുതവാത്തിറഃയെന്ന ഗ്രന്ഥത്തില്‍ അതു തയാറാക്കുവാന്‍ സഹായിച്ച, പത്ത് ക്വിറാഅത്തുകളിലും പ്രാവീണ്യവും അവയിലെല്ലാം ക്വുര്‍ആന്‍ മനഃപാഠവുമുള്ള മുഹമ്മദ് ഫഹദ് ഖറൂഫിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട് (അലവി ബിന്‍ മുഹമ്മദ് ബിന്‍ അഹ്മദ് ബല്‍ഫഖീഹ്: അല്‍ ഖിറാആത്തുല്‍ അശ്‌റുല്‍ മുതവാതിറ, പുറം ചട്ടയുടെ പിന്‍ഭാഗം) എല്ലാ ക്വിറാഅത്തുകളിലും പ്രാവീണ്യമുള്ളവര്‍ എക്കാലത്തും മുസ്‌ലിം ലോകത്ത് ജീവിച്ചിരുന്നുവെന്ന വസ്തുത വ്യക്തമാക്കുന്നതാണ്, പത്തു ക്വിറാഅത്തുകളിലും പ്രാവീണ്യമുള്ളവര്‍ പതിനാലു നൂറ്റാണ്ടുകള്‍ കഴിഞ്ഞും ജീവിച്ചിരിക്കുന്നുവെന്ന യാഥാര്‍ഥ്യമെന്നതില്‍ സംശയമില്ല.

ല്ല. ക്വുർആൻ മനുഷ്യസമൂഹത്തിന് മുന്നിൽ പാരായണം ചെയ്തു കേൾപ്പിച്ച മുഹമ്മദ് നബി (സ) തന്നെ അത് ഏഴ് ശൈലികളിൽ അവതരിക്കപ്പെട്ടതാണെന്ന് പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹു ജിബ്‌രീലിലൂടെ (അ) നബി (സ)ക്ക് ഏഴു ശൈലികളിൽ (ഹർഫുകൾ) ക്വുർആൻ അവതരിപ്പിച്ചതായി സ്വഹീഹായ നിരവധി ഹദീഥുകളാൽ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഏഴ് വ്യത്യസ്ത ശൈലികളില്‍ ക്വുര്‍ആന്‍ അവതരിക്കപ്പെട്ടതിനാല്‍ തന്നെ പലരും പാരായണം ചെയ്തിരുന്നത് പല ശൈലികളിലായിരുന്നുവെന്ന് കാണാന്‍ കഴിയും. ഏഴു ഹര്‍ഫുകളിലായാണ് അവസാനത്തെ ദൈവിക ഗ്രന്ഥം അവതരിക്കപ്പെട്ടത് എന്നറിയാതെ ചില സ്വഹാബിമാര്‍ തമ്മില്‍ ഇവ്വിഷ യക മായി നടന്ന തര്‍ക്കങ്ങളെക്കുറിച്ച വിവരണങ്ങളില്‍ നിന്ന് ഇവയെല്ലാം അല്ലാഹുവില്‍ നിന്ന് അവതരിക്കപ്പെട്ടതാണെന്നും അവന്റെ നിര്‍ദേ ശമാണ് ഇവയില്‍ ക്വുര്‍ആന്‍ പാരായണം ചെയ്യാനെന്നും ഇവയിലേതിലെങ്കിലും ഒന്നില്‍ പാരായണം ചെയ്താല്‍ മതിയെന്നും ഒന്ന് മറ്റേതി ല്‍ നിന്ന് ഉത്തമമോ അധമമോ അല്ലെന്നുമുള്ള വസ്തുതകള്‍ മനസ്സിലാവും. രണ്ട് ഹദീഥുകള്‍ കാണുക.

ഉമറുബ്‌നുല്‍ ഖത്ത്വാബില്‍ (റ) നിന്ന്: 'റസൂലിന്റെ കാലത്ത് ഹിശാമുബ്‌നു ഹകീം ഒരിക്കല്‍ 'സൂറത്തുല്‍ ഫുര്‍ഖാന്‍' ഓതുന്നത് ഞാന്‍ കേട്ടു. ഞാന്‍ അദ്ദേഹത്തിന്റെ പാരായണം ശ്രദ്ധിച്ചു. എനിക്ക് റസൂല്‍ ഓതിത്തന്നിട്ടില്ലാത്ത പലവിധ ശൈലികളിലും അദ്ദേഹം ഓതുന്നു. നമസ്‌ കാരത്തിലായിരിക്കെത്തന്നെ, അദ്ദേഹവുമായി വഴക്കിടാന്‍ എനിക്ക് തോന്നി. നമസ്‌കാരം കഴിയുംവരെ ഞാന്‍ ക്ഷമിച്ചു. നമസ്‌കാരത്തി ല്‍നിന്ന് വിരമിച്ചയുടനെ, അദ്ദേഹത്തിന്റെ തട്ടം കഴുത്തിന് ചുറ്റിപ്പിടിച്ച് ഞാന്‍ ചോദിച്ചു: 'നിങ്ങളിപ്പോള്‍ ഓതുന്നതായി ഞാന്‍ കേട്ട സൂറത്ത് നിങ്ങള്‍ക്കാരാണ് ഓതിത്തന്നത്?' അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലാണ് എന്നെയത് ഓതിപ്പഠിപ്പിച്ചത്.' ഞാന്‍ പറഞ്ഞു: ''കള്ളം. റസൂല്‍ എനിക്ക് പഠിപ്പിച്ചുതന്നത് നിങ്ങള്‍ ഓതിയ രൂപത്തിലല്ല.' അദ്ദേഹത്തെയും പിടിച്ച് ഞാന്‍ റസൂലിന്റെ അടുത്തേക്ക് പുറപ്പെട്ടു. ഞാന്‍ റസൂലിനോട് പറഞ്ഞു: 'നിങ്ങള്‍ എനിക്ക് ഓതിത്തരാത്തവിധം സൂറത്തുല്‍ ഫുര്‍ഖാന്‍ ഇദ്ദേഹം ഓതുന്നത് ഞാന്‍ കേട്ടു.' റസൂല്‍ പറഞ്ഞു: 'അദ്ദേഹത്തെ വിട്ടേക്കൂ. ഹിശാം, നിങ്ങള്‍ ഓതൂ.' ഹിശാം ഞാന്‍ കേട്ട അതേപ്രകാരം തന്നെ ഓതി. അപ്പോള്‍ റസൂല്‍ പറഞ്ഞു: 'ഇപ്രകാരം തന്നെയാണ് ഇത് അവതരിപ്പിക്കപ്പെട്ടത്.' തുടര്‍ന്ന് അവിടുന്ന് പറഞ്ഞു: 'ഉമറേ, നിങ്ങളൊന്ന് ഓതൂ.' റസൂല്‍ എന്നെ പഠിപ്പിച്ചപോലെ ഞാന്‍ ഓതി. അപ്പോള്‍ റസൂല്‍ പറഞ്ഞു: 'ഇങ്ങനെയും ഇത് അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ ക്വുര്‍ആന്‍ ഏഴ് വ്യത്യസ്ത ശൈലികളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ക്ക് എളുപ്പമായ വിധം അത് ഓതിക്കൊള്ളുക.'(സ്വഹീഹുല്‍ ബുഖാരി, കിതാബു ഫദാഇലില്‍ ക്വുര്‍ആന്‍; സ്വഹീഹു മുസ്‌ലിം, കിതാബു ഫദാഇലില്‍ ക്വുര്‍ആന്‍ വ മാ യതഅല്ലഖു ബിഹി)

അബ്ദുല്ലാഹിബ്‌നു മസ്ഊദില്‍ (റ) നിന്ന്: 'നബി പാരായണം ചെയ്തതില്‍നിന്ന് വ്യത്യസ്തമായി ഒരാള്‍ ഒരു സൂക്തം പാരായണം ചെയ്തത് ഞാന്‍ കേട്ടു. ഞാന്‍ അയാളുടെ കൈക്ക് പിടിച്ച് നബിയുടെ അടുത്ത് കൊണ്ടുവന്ന് കാര്യം ബോധിപ്പിച്ചു. അപ്പോള്‍ നബി പറഞ്ഞു: നിങ്ങളി രുവരും (പാരായണം ചെയ്തത്) ശരിയാണ്. നിങ്ങള്‍ ഭിന്നിക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ ഭിന്നിച്ചു; അങ്ങനെ അവര്‍ നശിച്ചു.' (സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ഖുസ്വൂമാത്)

മുഹമ്മദ് നബി(സ) യുടെ ആവശ്യപ്രകാരം അല്ലാഹു അവതരിപ്പിച്ചതാണ് ക്വുര്‍ആനിന്റെ ഈ ഏഴ് ശൈലികളുമെന്ന് നബി(സ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഇബ്‌നു അബ്ബാസില്‍നിന്ന്: നബി പറഞ്ഞു: ജിബ്‌രീല്‍ ഭാഷയിലെ, ഒരു ശൈലിയിലാണ് ക്വുര്‍ആന്‍ എനിക്ക് ഓതിത്തന്നത്. ഒന്നിലധികം (ശൈലികളില്‍) വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അങ്ങനെ അത് ഏഴു ഹര്‍ഫുകളില്‍ എത്തിനിന്നു. (സ്വഹീഹുല്‍ ബുഖാരി, കിതാബു ബദ്ഉല്‍ ഖല്‍ഖ്)

ഉബയ്യ്ബ്‌നു കഅ്ബില്‍ (റ) നിന്ന്: അല്ലാഹുവിന്റെ ദൂതന്‍ ജിബ്‌രീലിനോട്(റ) പറഞ്ഞു: ''ഓ, ജിബ്‌രീല്‍! പ്രായമായ സ്ത്രീകളും പുരുഷന്‍മാരും ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന ഒരു നിരക്ഷര സമുദായത്തിലേക്കാണ് ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. അവര്‍ക്കെല്ലാവര്‍ക്കും ഒരേ ഗ്രന്ഥം പാരായണം ചെയ്യാന്‍ കഴിയില്ല. അപ്പോള്‍ ജിബ്‌രീല്‍(റ) പറഞ്ഞു: ഓ, മുഹമ്മദ്! ക്വുര്‍ആന്‍ ഏഴു ഹര്‍ഫുകളിലാണ് (ശൈലികള്‍) അവതരിക്കപ്പെട്ടിട്ടുള്ളത്, തീര്‍ച്ച''. (ജാമിഉ ത്തിര്‍മിദി, കിതാബുല്‍ ക്വിറാആത്; മുസ്‌നദ് ഇമാം അഹ്മദ്, 5/132 ഹദീഥ്: 21523: ഇബ്‌നു ഹിബ്ബാന്‍ (ഹദീഥ് 736) ഉദ്ധരിച്ചിട്ടുള്ള ഈ ഹദീഥ് (Abu Khaliyl: Opt. Cit., page 269) ശൈഖ് ശുഐബ് അല്‍ അര്‍നാഊത്ത്വ് ഹസനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇമാം അല്‍ബാനി ഈ ഹദീഥ് ഹസനും സ്വഹീഹുമാണെന്നാണ്പറഞ്ഞിട്ടുള്ളത്:ജാമിഉത്തിര്‍മിദി, ഹദീഥ് 2942

ഉബയ്യുബ്‌നു കഅ്ബില്‍(റ) നിന്ന്: ബനൂ ഗിഫാറുകാരുടെ തടാകത്തിനരികിലിരിക്കുമ്പോള്‍ പ്രവാചകൻ(സ) ജിബ്‌രീല്‍ സന്ദര്‍ശിച്ചുകൊണ്ട് പറഞ്ഞു: താങ്കളുടെ ജനതയ്ക്ക് ക്വുര്‍ആന്‍ ഒരു പാരായണശൈലി (ഹര്‍ഫ്) യില്‍ പഠിപ്പിക്കുവാന്‍ അല്ലാഹു കല്‍പിച്ചിരിക്കുന്നു.’നബി(സ) പറഞ്ഞു: ഞാന്‍ അല്ലാഹുവിനോട് ക്ഷമ യാചിക്കുകയും പാപമോചനം തേടുകയും ചെയ്യുന്നു. എന്റെ ജനതയ്ക്ക് അതിന് കഴിയില്ല . ജിബ്‌രീല്‍ അദ്ദേഹത്തിന്റെയടുക്കല്‍ രണ്ടാമത് വന്നുകൊണ്ട് പറഞ്ഞു: താങ്കളുടെ ജനതയ്ക്ക് ക്വുര്‍ആന്‍ രണ്ടു ഹര്‍ഫുകളില്‍ പഠിപ്പിക്കു വാന്‍ അല്ലാഹു കല്‍പിച്ചിരിക്കുന്നു.’നബി(സ) പറഞ്ഞു: 'ഞാന്‍ അല്ലാഹുവിനോട് ക്ഷമ യാചിക്കുകയും പാപമോചനം തേടുകയും ചെയ്യുന്നു. എന്റെ ജനതയ്ക്ക് അതിന് കഴിയില്ല.' ജിബ്‌രീല്‍ അദ്ദേഹത്തിന്റെയടുക്കല്‍ മൂന്നാമത് വന്നുകൊണ്ട് പറഞ്ഞു: താങ്കളുടെ ജനതയ്ക്ക് ക്വുര്‍ആന്‍ മൂന്നു ഹര്‍ഫുകളില്‍ പഠിപ്പിക്കുവാന്‍ അല്ലാഹു കല്‍പിച്ചിരിക്കുന്നു. നബി(സ) പറഞ്ഞു: 'ഞാന്‍ അല്ലാഹുവിനോട് ക്ഷമ യാചിക്കുകയും പാപമോചനം തേടുകയും ചെയ്യുന്നു. എന്റെ ജനതയ്ക്ക് അതിന് കഴിയില്ല. ജിബ്‌രീല്‍ അദ്ദേഹത്തിന്റെയടുക്കല്‍ നാലാം തവണ വന്നുകൊണ്ട് പറഞ്ഞു: താങ്കളുടെ ജനതയ്ക്ക് ക്വുര്‍ആന്‍ ഏഴ് ഹര്‍ഫുകളില്‍ പഠിപ്പിക്കുവാന്‍ അല്ലാഹു കല്‍പിച്ചിരിക്കു ന്നു. ഇതില്‍ ഏതുതരം പാരായണശൈലിയില്‍ അവര്‍ പാരായണം ചെയ്താലും അത് ശരിയായിരിക്കും.'' (സ്വഹീഹു മുസ്‌ലിം, കിതാബു സ്‌സ്വലാത്ത്)

എഴുത്ത് വ്യാപകമായി നിലനിന്നിരുന്നിട്ടില്ലാത്ത കാലത്ത്, വ്യത്യസ്ത നിലവാരത്തിലുള്ളവര്‍ക്ക് ഒരേ ശൈലിയില്‍ പാരായണം പ്രയാസ കരമാണെന്നതിനാല്‍ അല്ലാഹു തന്നെ അവതരിപ്പിച്ച ഏഴ് ഹര്‍ഫുകളിലായുള്ള ക്വുര്‍ആന്‍ പാരായണം നബി(സ)യുടെ കാലത്ത് തന്നെ നിലനിന്നിരുന്നുവെന്ന വസ്തുത മനസ്സിലാക്കാത്തതുകൊണ്ടാണ് വ്യത്യസ്ത ശൈലികളിലുള്ള ക്വുര്‍ആനുകള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്ന് ചില വിമര്‍ശകന്മാര്‍ ആരോപിക്കുന്നത്. അല്ലാഹു അവതരിപ്പിച്ച ഏഴ് ശൈലികളിലുമുള്ള ക്വുര്‍ആന്‍ പാരായണം നബി(സ) തന്റെ അനുയായികളെ പഠിപ്പിച്ചിരുന്നുവെന്ന വസ്തുത നടേ ഉദ്ധരിച്ച നിവേദനങ്ങള്‍ വ്യക്തമാക്കുന്നു. ഏഴ് ശൈലികളില്‍ അവതരിക്കപ്പെട്ടിട്ടും ക്വുര്‍ആനില്‍ യാതൊരു വൈരുധ്യവുമില്ലെന്നത് അത്ഭുതകരമാണ്. ''അവര്‍ ക്വുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യം കണ്ടെത്തുമായിരുന്നു.'' (4:82) വെന്ന ക്വുര്‍ആന്‍” വചനത്തിലെ പരാമര്‍ശം ഏഴ് ഹര്‍ഫുകള്‍ക്കും ഒരേപോലെ ബാധകമാണ്. ഒരേ ഹര്‍ഫിലുള്ള ക്വുര്‍ആനിലെ വചനങ്ങള്‍ തമ്മിലോ വ്യത്യസ്ത ഹര്‍ഫുകള്‍ തമ്മിലോ വൈരുധ്യങ്ങളൊന്നുമില്ല. വ്യത്യസ്ത നിലവാരത്തിലുള്ളവരെ പരിഗണിച്ചുകൊണ്ട് വ്യത്യസ്ത ശൈലികളില്‍ അവതരിക്കപ്പെട്ടിട്ടുപോലും ക്വുര്‍ആനില്‍ വൈരുധ്യങ്ങളൊന്നുമില്ലെന്ന അത്ഭുതകരമായ വസ്തുത അതിന്റെ ദൈവികത വ്യക്തമാക്കുന്ന പല തെളിവുകളിലൊന്നാണ്.

''ഖുര്‍ആന്‍ വചനങ്ങള്‍ ക്രോഡീകരിച്ചത് ദൈവിക നിര്‍ദേശം അനുസരിച്ചല്ലെന്ന് വിവിധ ഖുര്‍ആനുകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്നതാണ്. ഖുര്‍ആന്‍ വചനങ്ങള്‍ ചേര്‍ത്തത് മാത്രമല്ല അതിലെ അധ്യായങ്ങള്‍ ചേര്‍ത്തതിലും ക്രമം തെറ്റിയതായി കാണാം. ഖലീഫ ഉസ്മാന്‍ ക്രോഡീകരിച്ച ഖുര്‍ആന്റെ ഘടനയും ഖലീഫ അലിയുടെ ഖുര്‍ ആന്റെ ഘടനയും തമ്മില്‍ അന്തരമുണ്ട്. അലിയുടെ ഖുര്‍ആനില്‍ അല്‍ അലഖ് ഒന്നാമത്തെ അധ്യായമാണെങ്കില്‍ ഉസ്മാന്റെ ഖുര്‍ആനില്‍ 96-ാം അധ്യായമാണ്. 74ല്‍ കാണുന്ന മുദ്ദസ്സിര്‍ രണ്ടാമത്തേതും 50ല്‍ കാണുന്ന ക്വാഫ് മൂന്നാമത്തേതും 73ല്‍ കാണുന്ന മുസമ്മില്‍ നാലാമത്തേതുമാണ്. അതുപോലെ ഉബയ്യിബ്‌നു കഅ്ബിന്റെ ഖുര്‍ആനില്‍ ഉസ്മാന്റെ ഖുര്‍ആനിലെ നാലാം അധ്യായമായ അന്നിസാഅ് മൂന്നാം അധ്യായമാണ്. ഇബ്‌നു മസ്ഊദിന്റെ ഖുര്‍ആനില്‍ ഉസ്മാന്റെ ഖുര്‍ആനിലെ 2-ാം അധ്യായമായ അല്‍ബഖറയാണ് ഒന്നാം അധ്യായം. അതില്‍ രണ്ടാം അധ്യായമായി വരുന്നത് ഉസ്മാന്റെ 4-ാം അധ്യായമായ അന്നിസാഅ് ആണ്. ഇവയില്‍ ആരുടെ ഖുര്‍ആനാണ് യാഥാര്‍ത്ഥ്യം'' എന്ന ഒരു യുക്തിവാദിയുടെ വിമർശനത്തിന് എന്താണ് മറുപടി ?

വിശുദ്ധ ഖുര്‍ആനിന്റെ ക്രോഡീകരണം അല്ലാഹു ഏറ്റെടുത്ത ബാധ്യതയാണെന്ന് ഖുര്‍ആനില്‍തന്നെ (75:17) പറഞ്ഞിട്ടുണ്ട്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ദിവ്യവചനത്തെക്കാള്‍ വലിയ പ്ര മാണമൊന്നുമില്ല. 'വിവിധ ഖുര്‍ആനുകള്‍' എന്ന യുക്തിവാദിയുടെ പ്രയോഗംതന്നെ വലിയ തട്ടിപ്പാണ്. ലോകത്ത് ഒരു ഖുര്‍ആനേയുള്ളൂ. നബി (സ)യുടെ അനുചരന്മാരുടെ കാലം മുതല്‍ ഇന്നുവരെ അനിഷേധ്യമായി അംഗീകരിക്കപ്പെട്ടുവരുന്ന യാഥാര്‍ഥ്യമാണ് മുസ്‌ലിംകള്‍ക്ക് വിഭിന്ന ഖുര്‍ആനുകള്‍ ഇല്ലെന്നത്. ഖലീഫ ഉസ്മാന്‍ ഖുര്‍ആന്‍ ക്രോഡീകരിച്ചു എന്ന പരാമര്‍ശം യുക്തിവാദിയുടെ മറ്റൊ രു കള്ളത്തരമാണ്. നബി (സ)യുടെ വിയോഗത്തെ തുടര്‍ന്ന് ഒന്നാം ഖലീഫ അബൂബക്കറിന്റെ നേതൃത്വത്തില്‍ നബി (സ) പഠിപ്പിച്ച ക്രമത്തില്‍ തയ്യാറാക്കിയ ഖുര്‍ആന്‍പ്രതിയുടെ കുറെ തനിപ്പകര്‍പ്പുകളെടുത്ത് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ പ്രവിശ്യാതലസ്ഥാനങ്ങളിലേക്ക് കൊടുത്തയക്കുകയാണ് മുന്നാം ഖലീഫ ഉസ്മാന്‍ (റ) ചെയ്തത്. അദ്ദേഹം സ്വന്തമായി ഖുര്‍ആന്‍ ക്രോഡീകരിച്ചിട്ടില്ല.

നാലാം ഖലീഫ അലി (റ), ഉബയ്യിബ്‌നുകഅ്ബ്, ഇബ്‌നു മസ്ഊദ് (റ) എന്നിവരാരും ഒന്നാം ഖലീഫയുടെ നേതൃത്വത്തില്‍ സൂക്ഷ്മ പരിശോധന നടത്തി തയാറാക്കിയതില്‍നിന്ന് വ്യത്യസ്തമായ ഖുര്‍ആന്‍ ക്രോഡീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല. നബി (സ)ക്ക് ദിവ്യസന്ദേശങ്ങള്‍ അവതരിക്കാന്‍ തുടങ്ങിയകാലംമുതല്‍തന്നെ സാക്ഷരരായ അനുചരന്മാര്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ എഴുതിസൂക്ഷിച്ചിരുന്നു. ഓരോ സന്ദര്‍ഭത്തിലും അവതരിപ്പിക്കപ്പെടുന്ന വചനങ്ങളും അധ്യായങ്ങളും ഒന്നിന് പുറകെ മറ്റൊന്നായി രേഖപ്പെടുത്തുമ്പോള്‍ അതിന്റെക്രമം അവതരണക്രമംതന്നെയായിരിക്കുക സ്വാഭാവികമാകുന്നു. അധ്യായങ്ങളുടെയും വചനങ്ങളുടെയും ക്രമം അല്ലാഹു നിര്‍ദേശിച്ചതനുസരിച്ച് നബി (സ) അറിയിച്ചുകൊടുക്കുന്നതിന് മുമ്പ് ശിഷ്യന്മാര്‍ എഴുതിവെച്ച പകര്‍പ്പുകളെല്ലാം അവ തരണ ക്രമപ്രകാരമുള്ളതായിരുന്നു. ആ കാര്യമാണ് ചില ഗ്രന്ഥ ങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഖുര്‍ആനിന്റെ ആമുഖമായ ഫാതിഹയെ ആദ്യകാലത്ത് ചിലസഹാബികള്‍ ഒരു അധ്യായമെന്നനിലയില്‍ എണ്ണാത്തതുകൊണ്ടാണ് അവര്‍ അല്‍ബഖറയെ ഒന്നാമ ത്തെ അധ്യായമായി ഗണിച്ചത്. എന്നാല്‍ ഫാതിഹ ഖുര്‍ആനില്‍ പെട്ടതല്ലെന്ന് സത്യവിശ്വാസികളാരും ഒരിക്കലും പറഞ്ഞിട്ടില്ല. 96, 74, 73, 4, 3, 2,1 എന്നീ അധ്യായങ്ങളോ അവയിലെ ഏതെങ്കിലും വചനങ്ങളോ ഖുര്‍ആനില്‍ പെട്ടതല്ലെന്ന് യുക്തിവാദി ചൂണ്ടിക്കാണിച്ച സഹാബികള്‍ ഒരിക്കലും അഭിപ്രായപ്പെട്ടിട്ടേയില്ല. എങ്കിലേ ഇവര്‍ക്കെല്ലാം വ്യത്യസ്തമായ ഖുര്‍ആന്‍ ഉണ്ടായിരുന്നുവെന്ന് പറയുന്ന തിന് ന്യായമുള്ളൂ. അല്ലാഹുവും റസൂലും (സ) നിര്‍ദേശിച്ചപ്രകാരം ക്രോഡീകരിക്കുന്നതിന് മുമ്പ് വിവിധ സഹാബികള്‍ എഴുതിവെച്ചിരുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഖുര്‍ആനിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യാന്‍ തെളിവാക്കുന്നത് യുക്തിവാദമല്ല; ദുരാരോപണമാകുന്നു.