ക്രോഡീകരണം

//ക്രോഡീകരണം

ഹദീസ് മേഖലയിൽ ഇമാം ബുഖാരി അർപ്പിച്ച സേവനങ്ങളെ പരിഹസിച്ചു കൊണ്ട് ഒരു ഇസ്‌ലാം വിമർശകന്റെ നിരൂപണം ഇപ്രകാരമാണ്:

അദ്ദേഹം ജീവിച്ചത് 60 വർഷം. 20 വയസിൽ ഹദീസ് ശേഖരണം തുടങ്ങി. 36 വയസിൽ ഹദീസ് ശേഖരണം പൂർത്തിയാക്കി. ഈ 16 വർഷത്തിൽ 16×365 = 5840 ദിവസം 5840×24 = 140160 മണിക്കൂർ 140160 ×60 =84,09,600 മിനിറ്റ്

8409600 മിനിറ്റു കൊണ്ട് 300000 ഹദീസ് ശേഖരിച്ചു. എങ്കിൽ ഒരു ഹദീസിന് 28 മിനിറ്റു ചെലവഴിക്കേണ്ടി വന്നിട്ടുണ്ട് (8,409,600÷300,000) കണക്ക് ശരിയല്ലേ. റിപ്പോർട്ടർമാരെ അന്വേഷിച്ചു കണ്ടെത്തണം അതിനൊരു സാക്ഷ്യം വേണം വുളു എടുക്കണം 2 റക്അത്ത് നമസ്കരിക്കണം. കണക്കങ്ങോട്ട് എത്തുന്നില്ലല്ലോ. ന്നാ ശരി മ്മക്ക് LP സ്‌കൂളിലെ കണക്കെടുക്കാം. 300000 ഹദീസ് 5840 ദിവസം കൊണ്ട് ശേഖരിക്കുമ്പോൾ ഒരു ദിവസം ശരാശരി 51 ഹദീസ്. റിപ്പോർട്ടറെയും സാക്ഷിയെയും അന്വേഷിച്ചു കണ്ടെത്താൻ ഒരു 20 മിനിറ്റ് വുളു എടുക്കാനും, നമസ്കരിക്കാനും, കേൾക്കാനും, എഴുതാനും ഒരു 15 മിനിറ്റ് അപ്പൊ 35 മിനിറ്റ്. അതായത് 51×35 = 1785 മിനിറ്റ് പക്ഷെ ഒരുദിവസം 1440 മിനിറ്റല്ലേ ഉള്ളൂ

…………. മറുപടി :

ഇസ്‌ലാമിക പണ്ഡിതന്മാർക്കിടയിൽ ഒരു ചൊല്ലുണ്ട്:

من تكلم في غير فنه أتى بالعجائب

തന്റേതല്ലാത്ത ശാസ്ത്രത്തിൽ ഒരാൾ സംസാരിക്കാൻ ശ്രമിച്ചാൽ അമ്പരപ്പിക്കുന്ന വിഡ്ഢിത്തങ്ങൾ അയാൾ കൊണ്ടുവരും. (ഫത്ഹുൽ ബാരി: 3/466)

വിവരമില്ലാത്ത വിഷയത്തിൽ ആളാവാൻ നോക്കിയാൽ ഇത്തരത്തിലുള്ള അമ്പരപ്പിക്കുന്ന വിഡ്‌ഢിത്തങ്ങൾ വിളമ്പുമെന്ന് പണ്ട് മുതലേ ഹദീസ് പണ്ഡിതന്മാർ പറയാറുണ്ടെന്നർത്ഥം.

ഇമാം ബുഖാരി ഇരുപതാം വയസ്സിൽ ആരംഭിച്ചതും 16 വർഷം കൊണ്ട് പൂർത്തീകരിച്ചതും സ്വഹീഹുൽ ബുഖാരി എന്ന് ഇന്ന് അറിയപ്പെടുന്ന അൽജാമിഅ് അസ്സ്വഹീഹ് എന്ന ഗ്രന്ഥത്തിന്റെ രചനയാണ്. അല്ലാതെ ഇരുപത് വയസ്സിന് ശേഷം ഹദീസുകൾ പഠിക്കാൻ ആരംഭിക്കുകയും 16 വർഷം കൊണ്ട് പൂർത്തീകരിക്കുകയും ചെയ്തുവെന്നല്ല. ഹദീസ് നിവേദകന്മാരെ സംബന്ധിച്ച് 18 വസ്സുള്ളപ്പോൾ അത്താരീഖുൽ കബീർ എന്ന ഒരു ഗ്രന്ഥം ഇമാം ബുഖാരി രചിക്കുകയുണ്ടായി. (സിയറു അഅ്ലാമിന്നുബലാഅ്: 12:400)

എന്നു പറഞ്ഞാൽ ചെറുപ്പം മുതൽക്കു തന്നെ അദ്ദേഹം ഹദീസ് പഠനം ആരംഭിച്ചിരുന്നു. പത്താം വയസ്സിൽ ഇബ്നുൽ മുബാറക്, വകീഅ് എന്നിവരുടെ സർവ ഹദീസ് ഗ്രന്ഥങ്ങളും അദ്ദേഹം മനപാഠമാക്കി. (സിയറു അഅ്ലാമിന്നുബലാഅ്: 12:407)

പതിനൊന്ന് വയസ്സായപ്പോഴേക്കും പഠിപ്പിക്കുന്ന ഗുരുവിന് ഒരു ഹദീസിന്റെ പരമ്പരയിൽ വീഴ്ച്ച സംഭവിച്ചാൽ ഇമാം ബുഖാരി അങ്ങോട്ട് തിരുത്തി കൊടുക്കാൻ തുടങ്ങി. (സിയറു അഅ്ലാമിന്നുബലാഅ്: 12:392)

ഇങ്ങനെ ചെറുപ്പം മുതൽ 36 വയസ്സു വരെ വായിക്കുകയും പഠിക്കുകയും ചെയ്ത ലക്ഷക്കണക്കിന് ഹദീസുകളിൽ നിന്ന് ഏറ്റവും പ്രബലമായ നിവേദക പരമ്പരയുള്ളവ മാത്രമെടുത്താണ് സ്വഹീഹുൽ ബുഖാരി എന്ന് ഇന്ന് അറിയപ്പെടുന്ന അൽജാമിഅ് അസ്സ്വഹീഹ് എന്ന ഗ്രന്ഥം രചിക്കുന്നത്.

അഥവാ, 3 ലക്ഷം ഹദീസ് 16 വർഷം കൊണ്ട് റിപ്പോർട്ടർമാരെ അന്വേഷിച്ചും അവരിൽ നിന്നും നേരിട്ട് കേട്ടും സ്വഹീഹാണെന്ന് ഉറപ്പു വരുത്തിയും പഠിച്ചു എന്ന് ഇമാം ബുഖാരി സ്വയമോ അദ്ദേഹത്തെ സംബന്ധിച്ച് മറ്റു ഹദീസ് പണ്ഡിതരോ പറഞ്ഞിട്ടില്ല. താൻ ജീവിതത്തിൽ വായിക്കുകയും പഠിക്കുകയും ചെയ്ത ലക്ഷക്കണക്കിന് ഹദീസുകളിൽ നിന്ന് തെരെഞ്ഞെടുത്ത (അത് എത്ര ലക്ഷമായാലും ശരി) ഏഴായിരത്തോളം ഹദീസുകൾ കൊണ്ട് സ്വഹീഹുൽ ബുഖാരി എന്ന ഗ്രന്ഥം രചിച്ചു എന്നാണ് പറഞ്ഞത്. റിപ്പോർട്ടർമാരെ അന്വേഷിച്ചതും അവരിൽ നിന്നും നേരിട്ട് കേട്ടതും സ്വഹീഹാണെന്ന് ഉറപ്പു വരുത്തിയതുമൊക്കെ ഈ ഏഴായിരത്തോളം വരുന്ന ഹദീസുകളുടെ കാര്യത്തിൽ മാത്രമാണ് എന്നർത്ഥം. ഈ ഉദ്യമത്തിനാണ് 16 വർഷം എടുത്തത്.

ഇനി, 3 ലക്ഷം ഹദീസ് പഠിച്ചു എന്ന് പറഞ്ഞാൽ അതിന്റെ പരമ്പരകളുടെ എണ്ണമാണ് സൂചിപ്പിക്കുന്നത്. ഒരു ഹദീസിന് തന്നെ നൂറുക്കണക്കിന് നിവേദക പരമ്പരകളുണ്ടാകാം. അപ്പോൾ ആ നൂറ് പരമ്പര പഠിച്ചാൽ നൂറ് ഹദീസ് പഠിച്ചു എന്നാണ് ഹദീസ് പണ്ഡിതന്മാരുടെ സാങ്കേതിക ഭാഷയിൽ പറയുക. ഇത് ഇമാം നവവിയും, ഇമാം ഇബ്നു സ്വലാഹും, ഹാഫിദ് അൽ ഇറാകിയുമെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. (തദ്‌രീബുറാവി: 1:99)

സ്വഹീഹുൽ ബുഖാരിയിൽ തന്നെ ‘കർമ്മങ്ങളെല്ലാം ഉദ്ദേശങ്ങൾക്ക് അനുസൃതമായി മാത്രമാണ് സ്വീകരിക്കപ്പെടുക’ (إنما الأعمال بالنيات) എന്ന ഒരു ഹദീസ് 7 തവണ ആവർത്തിച്ചിട്ടുണ്ട്. ഈ ഒരു ഹദീസ് തന്നെ (ഹുമൈദി, ഇബ്നു മസ്‌ലമ, മുഹമ്മദിബ്നുകസീർ, മുസദ്ദിദ്, യഹ്‌യബ്നു കസഅ, കുതൈബത്തിബ്നു സഈദ്‌, അബുന്നുഅ്മാൻ എന്നീ) വ്യത്യസ്ഥരായ ഏഴു നിവേദകന്മാരിൽ നിന്നാണ് ഉദ്ധരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ സ്വഹീഹുൽ ബുഖാരിയിലെ ഏഴായിത്തോളം വരുന്ന ഹദീസുകളുടെ എണ്ണത്തിൽ ‘കർമ്മങ്ങളെല്ലാം ഉദ്ദേശങ്ങൾക്ക് അനുസൃതമായി മാത്രമാണ് സ്വീകരിക്കപ്പെടുക’ എന്ന ഒരൊറ്റ ഹദീസ് ഏഴെണ്ണമായാണ് പരിഗണിക്കപ്പെട്ടിരിക്കുന്നത്. ഈ കണക്കിന് ഒരു നാട്ടിലെ ഒരു റിപ്പോർട്ടറിൽ നിന്ന് തന്നെ ആയിരക്കണക്കിന് ഹദീസുകൾ പഠിക്കാം.

“എങ്കിൽ ഒരു ഹദീസിന് 28 മിനിറ്റു ചെലവഴിക്കേണ്ടി വന്നിട്ടുണ്ട് (8,409,600÷300,000) കണക്ക് ശരിയല്ലേ.” (വിമർശകൻ)

ഒരു ഹദീസ് പഠിക്കാൻ 28 മിനുറ്റ് എന്ന കണക്കു കൊണ്ട് തെളിയിച്ച ആ അപാരതക്ക് മുമ്പിൽ നമിക്കുന്നു !

من طريق الدراوردي عن عمرو بن يحيى المازني عن أبيه عن أبي سعيد عن النبي صلى الله عليه وسلم قال: لا ضرر ولا ضرار

അറബി പഠിച്ച, മലയാളിയായ ഞാൻ മുകളിൽ കൊടുത്തിരിക്കുന്ന ഈ ഹദീസ് സനദു സഹിതം പഠിച്ചത് 38 സെക്കന്റും 37 മൈക്രോ സെക്കന്റിലുമാണ്. സ്റ്റോപ് വാച്ച് വെച്ച് നോക്കിയിട്ടുണ്ട്. അപ്പോൾ ഒരാളുടെ അടുത്ത് നിന്ന് ഇതുപോലെയുള്ള നൂറ് ഹദീസ് പഠിക്കാൻ എത്ര സമയമെടുക്കും മാഷേ…? 3837 സെക്കന്റ്. അഥവാ 63 മിനുറ്റ്. അഥവാ 1 മണിക്കൂർ 3 മിനുറ്റ്. അപ്പോൾ ഒരു ദിവസം ഏകദേശം പത്തര മണിക്കൂർ പഠിച്ചാൽ ഏകദേശം 1000 ഹദീസുകൾ പഠിക്കാം. അപ്പോൾ ഒരു വർഷത്തിലെ 300 ദിവസം ഏകദേശം പത്തര മണിക്കൂർ പഠിച്ചാൽ തന്നെ 3 ലക്ഷം ഹദീസ് പഠിക്കാം. ഇനി ദീർഘമായ ഹദീസുകൾ ഉൾപ്പെടുത്തി പഠിക്കാനെടുക്കുന്ന സമയ ദൈർഘ്യം നീളുമെന്ന് സമ്മതിച്ചാൽ തന്നെ കുറച്ച് വർഷങ്ങളുടെ എണ്ണം കൂട്ടണമെന്നല്ലാതെ അസംഭവ്യമായ ഒന്നും ഈ കണക്കിൽ വന്നു ചേരാനില്ല. പക്ഷെ ഇതൊക്കെയുണ്ടോ കണക്കു മാഷിന് അറിയുന്നു. വിവരമില്ലാത്ത വിഷയത്തിൽ ആളാവാൻ കുറച്ചു കണക്കുമായി ഇറങ്ങിയതാണ് ടിയാൻ.

ഒരു പരമ്പര ഒരു വട്ടം കേട്ട് മനപാഠമാക്കാൻ മാത്രം കഴിവൊക്കെ ഉണ്ടായിരുന്നു എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിച്ച ഇമാം ബുഖാരിക്കുണ്ടൊ ഈ എൽ.പി സ്കൂൾ അദ്ധ്യാപകന്റെ കണക്കനുസരിച്ച് ഹദീസ് പഠിക്കാൻ സമയം !

“ഒരു ദിവസം ശരാശരി 51 ഹദീസ്. റിപ്പോർട്ടറെയും സാക്ഷിയെയും അന്വേഷിച്ചു കണ്ടെത്താൻ ഒരു 20 മിനിറ്റ്…” (വിമർശകൻ)

കണക്കു മാഷിന്റെ ഈ അമ്പരപ്പിക്കുന്ന കണ്ടെത്തൽ പ്രകാരം ഓരോ ഹദീസും വ്യത്യസ്ഥരായ റിപ്പോർറർമാരിൽ നിന്നാവണം. എങ്കിലല്ലെ അവരെ കണ്ടെത്താനുള്ള 20 മിനുട്ട് ഓരോ ഹദീസിലും കൂട്ടാൻ മാഷിന് കഴിയു. ഒരു റിപ്പോർട്ടറിൽ നിന്ന് 51 ഹദീസ് പഠിച്ചാലെന്താ…? എന്ന് പിള്ളേര് ചോദിക്കരുത്.

ബുഖാരി, അബ്ദുല്ലാഹിബ്നു യൂസുഫ് അത്തുനൈസിയിൽ നിന്ന് മുന്നൂറിലേറെ ഹദീസുകളും അലിയ്യിബ്നുൽ മദീനിയിൽ നിന്ന് ഇരുന്നൂറിലേറെ ഹദീസുകളും സ്വഹീഹുൽ ബുഖാരിയിൽ എഴുതിയിട്ടുണ്ടെന്നൊന്നും മാഷിനറിയില്ലല്ലൊ. അഥവാ ഒരൊറ്റ റിപ്പോർട്ടറിൽ നിന്ന് മാത്രം മൂന്നുറിലേറെയും ഇരുന്നൂറിലേറെയും ഹദീസുകൾ ബുഖാരി തന്റെ സ്വഹീഹിൽ രേഖപ്പെടുത്തി എന്ന് തെളിയുന്നതോടെ മാഷിന്റെ മറ്റൊരു കണക്ക് ചമ്മന്തി പരിവത്തിലാവുന്നു. വിവരമില്ലാത്ത വിഷയത്തിൽ ആളാവാൻ കുറച്ചു കണക്കുമായി ഇറങ്ങിയതാണ് ടിയാൻ.

ഇമാം ബുഖാരി ചെറുപ്പം മുതൽ ഹദീസ് പഠനമാരംഭിച്ചിട്ടുണ്ട് എന്ന് നാം സൂചിപ്പിച്ചുവല്ലൊ. അതിൽ ഒരുപാട് ഹദീസുകൾ ഹദീസ് പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിൽ നിന്ന് വായിച്ച് പഠിച്ചതാണ് എന്നും നിവേദകന്മാരെ കണ്ടെത്തി പഠിച്ചതല്ലെന്നും നാം സൂചിപ്പിച്ചു. അപ്പോൾ 3 ലക്ഷം ഹദീസുകളോട് ഗുണിക്കാനായി നീക്കിവെക്കുന്ന -റിപ്പോർട്ടർമാരെ കണ്ടെത്താൻ എടുക്കുന്ന – 20 മിനുറ്റ്, ഗ്രന്ഥങ്ങളിൽ നിന്ന് വായിച്ച് പഠിച്ച ഹദീസുകളുടെ കാര്യത്തിൽ ഒഴിവാക്കേണ്ടതല്ലെ ?. അത്തരം ഹദീസുകൾ എത്രയാണെന്ന് കണക്കുകൂട്ടി 3 ലക്ഷത്തിൽ നിന്ന് കുറക്കാത്തിടത്തോളം മാഷിന്റെ കണക്കുകൾ ചീട്ടു കൊട്ടാരം പോലെ നിലം പതിക്കുന്നു.

തന്റെ ഗുരുക്കളിൽ നിന്ന് പഠിക്കുന്നതിനും ഹദീസ് ശേഖരിക്കുന്നതിനും പല മാർഗങ്ങളും ഇമാം ബുഖാരി അവലംബിച്ചിട്ടുണ്ടെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയതായി അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ കാണാം. അതിലൊന്ന് ഗുരു ശേകരിച്ച ഗ്രന്ഥങ്ങളിൽ നിന്ന് വായിച്ച് അദ്ദേഹത്തിന്റെ സമ്മഞ്ഞോടെ തന്റെ ഹദീസ് ശേഖരത്തിൽ ഉൾപ്പെടുത്തുക എന്നതാണ്.

.سمعت محمد بن إسماعيل يقول : كان إسماعيل بن أبي أويس إذا انتخبت من كتابه نسخ تلك الأحاديث

ബുഖാരി പറഞ്ഞു: ഞാൻ എന്റെ ഗുരുവായ ഇസ്മാഈൽ ഇബ്നു അബീ ഉവൈസിന്റെ ഗ്രന്ഥത്തിൽ നിന്ന് അദ്ദേഹത്തിന്റെ സമ്മതത്തോടെ ഹദീസുകൾ തിരഞ്ഞെടുക്കുമായിരുന്നു… (സിയറു അഅ്ലാമിന്നുബലാഅ്: 12:408)

ഗുരുക്കന്മാരിൽ നിന്ന് ഹദീസ് സ്വീകരിക്കുന്നതിലെ മറ്റൊരു മാർഗമാണ് അവരുടെ ഗ്രന്ഥത്തിലെ ഹദീസ് അവർക്കു തന്നെ വായിച്ച് കൊടുത്ത് അവർ അത് അംഗീകരിക്കുമ്പോൾ, അവരിൽ നിന്നും ഹദീസുകൾ (ആ ഗ്രന്ഥത്തിലുള്ള) പഠിച്ചതായി പരിഗണിക്കൽ. ഇതിനെ ഹദീസ്- കർമ്മശാസ്ത്ര സാങ്കേതിക ഭാഷയിൽ ഇംലാഅ്, ഇക്റാഅ് എന്നൊക്കെയാണ് പറയുക. ഇമാം ബുഖാരി തന്നെ ഇംലാഇലൂടെയും ഇക്റാഇലൂടെയും ഹദീസുകൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രത്തിലുണ്ട്. ثم خرجت من الكتاب بعد العشر ، فجعلت أختلف إلى الداخلي وغيره . فقال يوما فيما كان يقرأ للناس (സിയറു അഅ്ലാമിന്നുബലാഅ്: 12:392)

ഇമാം ബുഖാരിയുടെ ഗുരുക്കളായിരുന്നു ഹുമൈദി, ഇബ്നു റാഹൂയ, അഹ്മദിബ്നു ഹമ്പൽ എന്നിവർ. ഇവർക്ക് ഓരോരുത്തർക്കും മുസ്നദ് എന്ന പേരിൽ ഹദീസ് ഗ്രന്ഥങ്ങളുണ്ട്. അഹ്മദിബ്നു ഹമ്പലിന്റെ മുസ്നദിൽ മാത്രം 40000 ഹദീസുകൾ നമുക്ക് കാണാം. ഈ മൂന്ന് ഗുരുക്കന്മാരുടേയും മുസ്നദുകളിലെ 40000 ഹദീസുകൾ വീതം വായിച്ചു പഠിച്ചാൽ തന്നെ അദ്ദേഹത്തിന് ഒരു ലക്ഷത്തി ഇരുപതിനായിരം ഹദീസുകൾ പഠിക്കാം. റിപ്പോർട്ടർമാരെ അന്വേഷിച്ച് കണ്ടെത്താനുള്ള സമയം ചെലവഴിക്കേണ്ടി വരുന്നില്ല.

മാഷിന്റെ അമ്പരപ്പിക്കുന്ന മറ്റൊരു കണ്ടെത്തൽ: “300000 ഹദീസ് 5840 ദിവസം കൊണ്ട് ശേഖരിക്കുമ്പോൾ ഒരു ദിവസം ശരാശരി 51 ഹദീസ്… വുളു എടുക്കാനും, നമസ്കരിക്കാനും, കേൾക്കാനും, എഴുതാനും ഒരു 15 മിനിറ്റ്… ” (വിമർശകൻ)

പക്ഷെ താൻ പഠിച്ച 3 ലക്ഷം ഹദീസുകൾ പഠിക്കുമ്പോഴും “വുളു എടുക്കാനും, നമസ്കരിക്കാനും, കേൾക്കാനും, എഴുതാനും” നിൽക്കുമായിരുന്നു എന്നത് നുണയല്ലെ മാഷേ ? സ്വഹീഹുൽ ബുഖാരിയിൽ ഒരോ ഹദീസും എഴുതി ചേർക്കുമ്പോൾ താൻ നമസ്ക്കരിച്ചിരുന്നു എന്നല്ലെ ബുഖാരി പറഞ്ഞിട്ടുള്ളു. (ഉംദത്തുൽകാരി: 1:5, ശർഹുൽ കസ്തല്ലാനി: 1:29, തഗ്‌ലീക്കു തഅ്ലീക്: 5:5554, അതവ്ളീഹ് ഫി ശർഹിൽ ജാമിഉ സ്വഹീഹ് : 2:28, ഇശ്റൂന ഹദീസ്: 1:14, തഹ്ദീബുൽ അസ്മാഅ്: നവവി: 1:74)

ബുഖാരിയിൽ ആവർത്തനങ്ങൾ ഉൾപ്പെടെ ഏഴായിരത്തോളം ഹദീസും ആവർത്തനം ഒഴിവാക്കിയിൽ 2602 ഹദീസുകളുമാണുള്ളത്. (മുഖദ്ദിമത്തു ഫത്ഹുൽ ബാരി) 2602 ഹദീസുകളിൽ ഓരോന്നിനും വേണ്ടി വുളു എടുക്കാനും, നമസ്കരിക്കാനും, കേൾക്കാനും, എഴുതാനും 15 മിനിറ്റ് എടുത്താൽ ആകെ വരുന്നത് 39030 മിനുറ്റ് അഥവാ 650.5 മണിക്കൂറാണ്. രണ്ട് വർഷത്തിൽ 730 ദിവസം കൂട്ടിയാൽ, വർഷത്തിലെ ഓരോ ദിവസവും ഒരു മണിക്കൂർ ഈ വുളു എടുക്കാനും നമസ്കരിക്കാനും, കേൾക്കാനും, എഴുതാനും വേണ്ടി ഉപയോഗിച്ചാൽ തന്നെ 2 വർഷം തികയുന്നതിന് മുമ്പ് തന്നെ സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് മൊത്തം ഇമാം ബുഖാരിക്ക് എഴുതി തീർക്കാം. !

സ്നാദ് പരിശോധനയും നിവേദകന്മാരെക്കുറിച്ച നിഷ്‌കൃഷ്ടമായ അപഗ്രഥനവും കഴിഞ്ഞാൽ,നിവേദകപരമ്പരയെ ബലപ്പെടുത്തുന്ന മറ്റു തെളിവുകൾ കണ്ടെത്തുന്നതിനു വേണ്ടിയുള്ള പരിശ്രമമാണ് നടക്കുന്നത്.നിവേദകപരമ്പരയെ ബലപ്പെടുത്തുന്ന മറ്റു തെളിവുകള്‍ കണ്ടെത്തുന്നതിന് ദൃഢീകരണം (ഇഅ്തിബാര്‍) എന്നാണ് പറയുക.

ഇസ്‌നാദിലു ള്ള ഓരോ നിവേദകനെയും ബലപ്പെടുത്തുന്ന തെളിവുകളുണ്ടോയെന്ന അന്വേഷണമാണിത്. ഒരു ഗുരുവില്‍ നിന്ന് ഒരേയൊരു ശിഷ്യന്‍ മാത്രം ഒരു ഹദീഥ് നിവേദനം ചെയ്യുകയും പ്രസ്തുത ഹദീഥ് പറഞ്ഞു കൊടുത്തിട്ടുണ്ടെങ്കില്‍, അങ്ങനെ ചെയ്യുമ്പോള്‍ സദസ്സിലുണ്ടായിരു ന്നിരിക്കേണ്ട മറ്റൊരാളും അത് നിവേദനം ചെയ്യാതിരിക്കുകയും പ്രസ്തുത ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം കണ്ടെത്താന്‍ കഴി ഞ്ഞിട്ടില്ലെങ്കില്‍ നിവേദകന്റെ വിശ്വാസ്യതയാണ് തകരുന്നത്; ഒപ്പം ഹദീഥ് ദുര്‍ബലമായി വിലയിരുത്തപ്പെടുകയും ചെയ്യുന്നു.

ഇസ്‌നാദിലെ നിവേദകന്‍മാരെ ദൃഢീകരിക്കുന്നത് രണ്ടു രൂപത്തിലാണ്. ഒരു സ്വഹാബിയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു ഹദീഥിന്റെ നിവേ ദക പരമ്പരയില്‍ എവിടെയെങ്കിലും ഒന്നിലധികം നിവേദകന്‍മാരുണ്ടെങ്കില്‍ അവരിലൂടെ മറ്റൊരു ഇസ്‌നാദില്‍ അതേ ഹദീഥ് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണമാണ് ഒന്നാമത്തേത്. അങ്ങനെയുണ്ടെങ്കില്‍ അതിന് പൊരുത്തം (മുതാബഅ) എന്നു പറയുന്നു. ഒരു സ്വഹാബിയില്‍ നിന്ന് ഒരു പ്രത്യേകമായ ഇസ്‌നാദോടുകൂടി നിവേദനം ചെയ്തിട്ടുള്ള ഹദീഥ് മറ്റൊരു സ്വഹാബിയില്‍ നിന്ന് മറ്റൊരു ഇസ്‌ നാദോടുകൂടി നിവേദനം ചെയ്തിട്ടുണ്ടോയെന്ന അന്വേഷണമാണ് രണ്ടാമത്തേത്. അങ്ങനെയുണ്ടെങ്കില്‍ ഒന്നാമത്തെ ഹദീഥിന്റെ സാക്ഷി (ശാഹിദ്) ആണ് രണ്ടാമത്തെ ഹദീഥ് എന്ന് പറയാവുന്നതാണ്. മുതാബഅ നിവേദക പരമ്പരയെയും ശാഹിദ് ഹദീഥിനെയും ബലപ്പെടു ത്തുന്നുവെന്നാണ് ഹദീഥ് നിദാനശാസ്ത്രജ്ഞര്‍ പറയുക. ഇസ്‌നാദിന്റെ ന്യൂനതകള്‍ പരിഹരിക്കാവുന്ന യാതൊരു തെളിവുകളുമില്ലെ ങ്കില്‍ അത്തരം ഹദീഥുകളെ അസ്വീകാര്യമായാണ് ആദ്യകാല ഹദീഥ് പണ്ഡിതന്‍മാര്‍ കണ്ടിരുന്നത്. 'സ്വീകരിക്കാന്‍ പറ്റാത്തത്' എന്ന അര്‍ഥ ത്തില്‍ അവര്‍ അവയെ 'മുന്‍കര്‍' എന്നു വിളിച്ചു മാറ്റിവെച്ചു. ദൃഢീകരിക്കുന്ന തെളിവുകളൊന്നുമില്ലെങ്കിലും ഒരു ഹദീഥ് സ്വീകാര്യമായ മറ്റു നിവേദകന്‍മാരുടെ ഹദീഥിലെ ആശയവുമായി പൊരുത്തപ്പെടുന്നുണ്ടെങ്കില്‍ അത് സ്വീകാര്യമാണെന്നാണ് പണ്ഡിതന്‍മാര്‍ വിധിച്ചത്. എന്നാല്‍ പ്രസിദ്ധനല്ലാത്ത ഒരു നിവേദകന്‍ ഇമാം സുഹ്‌രിയെപ്പോലെയുള്ള പ്രസിദ്ധനും പ്രഗല്‍ഭനുമായ ഒരു ഹദീഥ് പണ്ഡിതനില്‍ നിന്ന് ഒരു ഹദീഥ് നിവേദനം ചെയ്യുകയും അത് ധാരാളം വരുന്ന അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളൊന്നും അറിയാതെ പോവുകയും ചെയ്തിട്ടു ണ്ടെങ്കില്‍ അത് മുന്‍കറിന്റെ ഗണത്തിലാണ് ഉള്‍പ്പെടുക.(സ്വഹീഹു മുസ്‌ലിം, മുഖദ്ദിമ)

ഒരു നിവേദകനിലൂടെ നിരവധി ഹദീഥുകള്‍ ഉദ്ധരിക്കപ്പെടുകയും അവയിലധികവും ദൃഢീകരിക്കപ്പെടുന്ന തെളിവുകളാല്‍ സമൃദ്ധവുമാ ണെങ്കില്‍ അയാളിലൂടെയുള്ള ദൃഢീകരിക്കപ്പെടാത്ത ഹദീഥുകളും സ്വീകരിക്കാമെന്നാണ് പണ്ഡിതാഭിപ്രായം. ഇമാമുമാര്‍ സുഹ്‌രി, മാലിക്ക്, ഇബ്‌നുല്‍ മുബാറക്, ഖുതൈബതുബ്‌നു സഈദ് എന്നിവരിലൂടെ നിവേദനം ചെയ്യപ്പെട്ട ഹദീഥുകളെ ഇമാം ബുഖാരിയെയും ഇബ്‌നു ആമിയെയും പോലെയുള്ള പണ്ഡിതന്‍മാര്‍ അവഗാഢമായ അപഗ്രഥനത്തിന് വിധേയമാക്കുകയും അവരിലൂടെയുള്ള ദൃഢീകരി ക്കപ്പെടാത്ത ഹദീഥുകളും സ്വീകാര്യമാണെന്ന തീരുമാനത്തിലെത്തിച്ചേരുകയും ചെയ്തിട്ടുണ്ട്. നിഷേധിക്കാനാവാത്ത തെളിവുകളാല്‍ സ്വീകാര്യമെന്ന് നിദേവകന്‍മാരിലൂടെ ഉദ്ധരിക്കപ്പെട്ട ദൃഢീകരിക്കപ്പെടാത്ത ഹദീഥുകളെ 'സ്വീകാര്യമായ അപൂര്‍വ' (സ്വഹീഹ് ഗരീബ്) ഹദീഥുകള്‍ എന്നാണ് വിളിക്കുന്നത്. നിവേദക പരമ്പരയില്‍ മുഴുവന്‍ ഘട്ടങ്ങളിലോ ചിലതിലോ ഒരാള്‍ മാത്രമായിപ്പോകുന്ന ഹദീഥുകള്‍ ക്കാണ് 'ഗരീബ്' എന്നു പറയുക. ദൈവദൂതന്‍ ശിരോകവചം ധരിച്ച് മക്കയില്‍ പ്രവേശിക്കുകയും മുസ്‌ലിംകളുടെ ഗൂഢശത്രുവായിരുന്ന ഇബ്‌നുഖത്താലിനെ വധിക്കുവാന്‍ കല്‍പിക്കുകയും ചെയ്തു(ജാമിഉത്തിര്‍മിദി, കിതാബുല്‍ ജിഹാദ്, ബാബ് മാജാഅ ഫില്‍ മിഗ്ഫാര്‍) വെന്ന ഹദീഥ് ഉദാഹരണം. ഇതിന് അനസ്ബ്‌നു മാലിക് aസുഹ്‌രി aമാലിക് ബ്‌നുഅനസ് എന്ന ഒരേയൊരു ഇസ്‌നാദ് മാത്രമെയുള്ളുവെ ങ്കിലും ഈ ശൃംഖലയിലുള്ള മൂന്നുപേരും ദൃഢീകരണം ആവശ്യമില്ലാത്ത വിധം പ്രസിദ്ധരായതിനാല്‍ അത് സ്വീകാര്യമാണെന്നാണ് പണ്ഡി തമതം. എന്നാല്‍ ഹദീഥുകള്‍ നിവേദനം ചെയ്യുന്ന കാര്യത്തില്‍ സൂക്ഷമതയില്ലാത്തവരായ ഒരാളെങ്കിലും ഇസ്‌നാദിലുണ്ടാവുകയും അതിന് ദൃഢീകരിക്കാനാവുന്ന മറ്റു തെളിവുകള്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ ഹദീഥ് അസ്വീകാര്യമാണെന്നാണ് (മുന്‍കര്‍) വിധി.

സംശയം ജനിപ്പിക്കാത്ത ഇസ്‌നാദോടുകൂടി നിവേദനം ചെയ്യപ്പെട്ട ഹദീഥുകളെപ്പോലും നിഷ്‌കൃഷ്ടമായ അപഗ്രഥനത്തിന് വിധേയമാക്കു വാന്‍ ഹദീഥ് നിദാനശാസ്ത്രജ്ഞര്‍ സന്നദ്ധമായിട്ടുണ്ട്. ഒരേ ഹദീഥിന്റെ വ്യത്യസ്ത നിവേദനങ്ങളെ താരതമ്യം ചെയ്ത് നിവേദകര്‍ക്ക് സംഭവിച്ച സ്വാഭാവികവും മാനുഷികവുമായ പാളിച്ചകളെപ്പോലും പുറത്തുകൊണ്ടുവരുവാനുള്ള അവരുടെ കഠിനാധ്വാനം വിലമതി ക്കാനാവാത്തതാണ്. ഇത്തരം പാളിച്ചകളെയാണ് 'ഇലല്‍'(ന്യൂനതകള്‍) എന്നു പറയുക. ഹിജ്‌റ 385ല്‍ അന്തരിച്ച ഇമാം അബുല്‍ ഹസന്‍ അലിയ്യിബിന്‍ ഉമര്‍ അല്‍ ദാറഖുത്‌നിയുടെ പതിനൊന്ന് വാല്യങ്ങളുള്ള ഇലല്‍ ഗ്രന്ഥമാണ് ഇലലുകളെക്കുറിച്ച് വിശദമായി അപഗ്രഥിക്കു ന്നവയില്‍ ഏറ്റവും പ്രസിദ്ധമായത്.

നബി(സ)യിൽ നിന്ന് നാലും അഞ്ചും പേരിലൂടെ കടന്നു വന്ന് ബുഖാരിയുടെയും മുസ്ലിമിന്റെയുമെല്ലാം അടുത്തെത്തുന്ന ഹദീഥുകൾ, ഈ നിവേദകരെല്ലാം സത്യസന്ധരാണെങ്കിലും, ഇവ സംപ്രേക്ഷണം ചെയ്യുന്നതിൽ അബദ്ധങ്ങൾ വരാനുള്ള സാധ്യത നിഷേധിക്കാനാവുമോ? ഇവരെല്ലാം പരസ്പരം കേട്ടതിനു ശേഷമാണ് ഹദീഥുകൾ നിവേദനം ചെയ്തതെന്ന് ഉറപ്പു വരുത്തുന്നതെങ്ങനെ?

നിവേദകന്‍മാരെക്കുറിച്ച അപഗ്രഥനമാണ് ഹദീഥ്പരിശോധനയുടെ ഒന്നാം പടി. നബിയിൽ നിന്ന് സൂക്ഷ്മവും സത്യസന്ധവുമായി നിവേദനം ചെയ്യപ്പെട്ടതാണോ ഹദീഥ് എന്ന അന്വേഷണമാണത്. നിവേദകരെല്ലാം സത്യസന്ധരും സ്വീകാര്യരുമാണെന്ന് മനസ്സിലാക്കിയാലും ഒരു ഹദീഥിന്റെ സ്വീകാര്യത ആത്യന്തികമായി തീരുമാനിക്കപ്പെടുന്നില്ല. അതിന് നിവേദനത്തിന്റെ നൈരന്തര്യം (അല്‍ ഇത്തിസാല്‍) കൂടി പരിശോധിക്കപ്പെ ടേണ്ടതുണ്ട്. മുഹമ്മദ് നബി(സ)യില്‍ നിന്ന് തുടങ്ങി ഹദീഥ് ശേഖരിക്കുന്നയാള്‍വരെ ഇസ്‌നാദിലുള്ള വ്യക്തികളെല്ലാം പരസ്പരം കാണുക യോ ഹദീഥ് കേള്‍ക്കുകയോ ചെയ്തിട്ടുണ്ടോയെന്ന അന്വേഷണമാണിത്. ഈ അന്വേഷണത്തിന്, ഇസ്‌നാദിന്റെ ശൃംഖലയിലുള്ള ആരെങ്കി ലും പരസ്പരം കണ്ടുമുട്ടുകയോ ഹദീഥ് കൈമാറുകയോ ചെയ്തിട്ടില്ലെന്ന് മനസ്സിലായാല്‍ ആ ഇസ്‌നാദ് പരമ്പരമുറിഞ്ഞതാണെന്ന് (മുന്‍ ക്വത്വിഅ്) വിധിക്കുകയും അസ്വീകാര്യമാണെന്ന് തീരുമാനിക്കുകയും ചെയ്യുന്നു. ഒരു ഹദീഥിന്റെ ഇസ്‌നാദ് നബി(സ)  →A  →B  →C  →D എന്നിങ്ങനെയാണെങ്കില്‍ നബി(സ)യെ Aയും Aയെ Bയും Bയെ Cയും Cയെ Dയും കാണുകയോ സമകാലികരാണെന്ന് സ്ഥാപിക്കപ്പെടു കയോ ചെയ്യുകയും അവര്‍ ഹദീഥ് കൈമാറിയിട്ടുണ്ടെന്ന് ഉറപ്പാവുകയും ചെയ്യുമ്പോള്‍ മാത്രമെ പ്രസ്തുത ഇസ്‌നാദ് അവിച്ഛിന്നമാണെന്ന് (മുത്തസ്വില്‍) തീരുമാനിക്കുകയും ഹദീഥ് സ്വീകരിക്കപ്പെടുകയും ചെയ്യുകയുള്ളൂ.

കളവ് പറയുകയില്ലെന്ന് അദാലത്ത് പരിശോധന വഴി ബോധ്യപ്പെട്ട നിവേദകന്‍മാരുടെ നൈരന്തര്യം തീരുമാനിക്കാന്‍ അവരുടെ പദപ്ര  യോഗങ്ങളെയാണ് പ്രാഥമികമായി പഠനവിധേയമാക്കുന്നത്. നിവേദകന്‍മാര്‍ പൊതുവായി തങ്ങള്‍ക്ക് ഹദീഥ് ലഭിച്ചതിനെ സൂചിപ്പിക്കു മ്പോള്‍ പറയാറുള്ളത് 'ഇന്നയാള്‍ എന്നോട് നിവേദനം ചെയ്തു' (ഹദ്ദഥനീ) വെന്നോ 'ഇന്നയാള്‍ എന്നെ അറിയിച്ചു' (അഖ്ബറനീ) യെന്നോ 'ഇന്നയാളില്‍നിന്ന് ഞാന്‍ കേട്ടു' (സമിഅ്ത്തുമിന്‍)വെന്നോ 'ഇന്നയാള്‍ പ്രകാരം' (അന്‍) എന്നോ ആണ്. ഇതിലെ ആദ്യത്തെ മൂന്നു പ്രയോഗ ങ്ങളും നേര്‍ക്കുനേരെയുള്ള സംപ്രേഷണത്തെയാണ് കുറിക്കുന്നത്. ഒരാളുടെ പേരുപറഞ്ഞുകൊണ്ട് ഹദ്ദഥനീയെന്നോ, അഖ്ബറനീയെന്നോ, സമിഅ്ത്തുമിന്‍ എന്നോ സത്യസന്ധനായ ഒരു നിവേദകന്‍ പറയുകയാണെങ്കില്‍ അയാളില്‍നിന്ന് നേര്‍ക്കുനേരെ നിവേദനകന്‍ ഈ ഹദീഥ് കേള്‍ക്കുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് അതിനര്‍ഥം.

എന്നാല്‍ നാലാമത്തെ പ്രയോഗമായ 'അന്‍' നേര്‍ക്കു നേരെയുള്ള സംപ്രേക്ഷണം ഉറപ്പുവരുത്തുന്നില്ല. ഒരാള്‍ പറഞ്ഞതായി മറ്റൊരാളില്‍നിന്ന് അറിഞ്ഞാലും 'അന്‍' എന്ന് പ്രയോഗിക്കാവുന്നതാണ്. അത്തരം പ്രയോഗങ്ങളുള്ള ഇസ്‌നാദുകളുള്‍ക്കൊള്ളുന്ന ഹദീഥുകള്‍ മുത്തസ്വിലാണെന്ന് ഉറപ്പിക്കുവാനാവുകയില്ല. അങ്ങനെ പറഞ്ഞ നിവേദകനും (ശിഷ്യന്‍) അയാള്‍ ആരില്‍നിന്നാണോ അത് ഉദ്ധരിക്കുന്നത് അയാളും (ഗുരു) പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്തിട്ടുേണ്ടായെന്നുകൂടി പരിശോധിച്ചതിനുശേഷമാണ് അത്തരം ഹദീഥുകളുടെ സ്വീകാര്യത നിര്‍ണയിക്കുക. അതിനായി അവര്‍ രണ്ടു പേരുടെയും ജീവിതകാലവും ജനന-മരണത്തീയതികളും ജീവിച്ച സ്ഥലങ്ങളും പഠനസമ്പ്രദായങ്ങളുമെല്ലാം അപഗ്രഥിക്കപ്പെടുന്നു. ഗുരു വും ശിഷ്യനും സമകാലികരാണെങ്കില്‍ ഒരാളില്‍നിന്ന് മറ്റേയാള്‍ കേട്ടിരിക്കുവാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി, അവരുടെ സത്യസന്ധ തകൂടി കണക്കിലെടുത്ത് അവയെ മുത്തസ്വിലായി പരിഗണിക്കുകയും അല്ലെങ്കില്‍ മുന്‍ക്വത്വിഅ് ആയി മാറ്റിനിര്‍ത്തപ്പെടുകയുമാണ് ചെയ്യുന്നത്.

ഒരാള്‍ മറ്റൊരാളില്‍ നിന്ന് കേട്ടുവെന്ന് പറയുമ്പോള്‍ രണ്ടു പേരും അല്‍പകാലമെങ്കിലും ഒന്നിച്ചുണ്ടാവണമെന്നതുകൊണ്ടാണ് പരസ്പരം കണ്ടുമുട്ടിയിട്ടില്ലെന്ന് ഉറപ്പുള്ളവര്‍ ഒരു ഹദീഥ് സനദിന്റെ ശൃംഖലയില്‍ അടുത്ത കണ്ണികളായുണ്ടെങ്കില്‍ അത്തരം ഹദീഥുകളെ മുറിഞ്ഞ ഇസ്‌നാദോടുകൂടിയുള്ളതായി പരിഗണിച്ച് മാറ്റിനിര്‍ത്തപ്പെടുന്നത്. നിവേദകന്‍മാര്‍ ജീവിച്ചിരുന്ന കാലവും ബന്ധപ്പെടാനുള്ള സാധ്യതയും മാത്രമല്ല, അവര്‍ യഥാര്‍ഥത്തില്‍ ഹദീഥ് കൈമാറിയിട്ടുണ്ടോ എന്നു കൂടി സൂക്ഷ്മമായി പരിശോധിക്കുവാന്‍ പണ്ഡിതന്‍മാര്‍ പരിശ്രമിച്ചി ട്ടുണ്ട്. ഇതിന്റെ ഫലമായിട്ടാണ് 'തമസ്‌കരണ'ത്തെ (തദ്‌ലീസ്)ക്കുറിച്ച ചര്‍ച്ചകളുണ്ടായത്. ഒരു നിവേദകന്‍ ഇന്നയാള്‍ പറഞ്ഞു(ക്വാല)വെ ന്നോ ഇന്നയാളിന്‍ പ്രകാരം (അന്‍) എന്നോ പറഞ്ഞുകൊണ്ട് പറഞ്ഞ വ്യക്തിയില്‍ നിന്ന് താന്‍ അത് കേട്ടിട്ടുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയും യഥാര്‍ഥത്തില്‍ അയാള്‍ പറഞ്ഞത് മറ്റൊരാള്‍ ഉദ്ധരിച്ചതാണ് താന്‍ കേട്ടതെന്ന വസ്തുത മറച്ചുവെക്കുകയും ചെയ്യുന്നതിനാണ് 'തദ്‌ലീസ്' എന്നു പറയുക. C  നിവേദനം ചെയ്യുന്നത് A പറഞ്ഞുവെന്നാണ്; പക്ഷേ, C കേട്ടിരിക്കുന്നത് Aയില്‍ നിന്ന് നേരിട്ടല്ല; പ്രത്യുത A പറഞ്ഞതായി B യില്‍നിന്നാണ്. Bയുടെ പേര് മറച്ചുവെച്ചുകൊണ്ട് A യില്‍നിന്ന് താന്‍ കേട്ടുവെന്ന രീതിയില്‍ C പറയുമ്പോള്‍ അത് തദ്‌ലീസായിത്തീരുന്നു. തദ്‌ലീസ് ചെയ്യുന്നവരെ മുദല്ലിസ് എന്നാണ് വിളിക്കുന്നത്. പൊതുവെ വെറുക്കപ്പെട്ടതാണ് തദ്‌ലീസ്. താന്‍ നേരിട്ട് കേട്ട വ്യക്തിയുടെ പേര് മറച്ചുവെക്കുന്നത് അയാള്‍ക്ക് എന്തെങ്കിലും ന്യൂനതയുള്ളതുകൊണ്ടായിരിക്കുമല്ലോ. ന്യൂനത മറച്ചുവെച്ചുകൊണ്ട് ഹദീഥിനെ സ്വീകരി പ്പിക്കുവാനുള്ള ശ്രമമുള്ളതിനാലാണ് തദ്‌ലീസ് വെറുക്കപ്പെട്ടതാവുന്നത്.

എന്നാല്‍ തെറ്റായ ലക്ഷ്യങ്ങളോടെയല്ലാതെയും തദ്‌ലീസ് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ മുദല്ലിസുകളെയെല്ലാം അസ്വീകാര്യരായ നിവേദകരുടെ ഗണത്തില്‍ പണ്ഡിതന്‍മാര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഗുരുവിന് കീഴില്‍ ഹദീഥ് അഭ്യസിച്ചുകൊണ്ടിരിക്കെ പ്രാഥമിക ആവശ്യത്തിനായി പോയ ഒരു ശിഷ്യന് ആ ഗുരു പറഞ്ഞുകൊടുത്ത ഹദീഥ് നേര്‍ക്കു നേരെ കേള്‍ക്കാള്‍ കഴിഞ്ഞിട്ടില്ലെങ്കിലും തന്റെ സഹപാഠികളുടെ സാക്ഷ്യത്തില്‍നിന്ന് അത് ഗുരു പറഞ്ഞുവെന്ന് അയാള്‍ മനസ്സിലാക്കു കയും ഗുരുവില്‍നിന്നാണെന്ന രൂപത്തില്‍ തന്നെ അയാള്‍ നിവേദനം ചെയ്യുന്ന അവസ്ഥയുണ്ടാവാം. തെറ്റായ ലക്ഷ്യത്തിനുവേണ്ടിയല്ലാതെ യുള്ള തദ്‌ലീസിനുള്ള ഉദാഹരണമാണിത്. അതുകൊണ്ടുതന്നെ തദ്‌ലീസ് ചെയ്യുന്ന വ്യക്തിയെയും സന്ദര്‍ഭത്തെയും അപഗ്രഥിച്ചുകൊണ്ടു മാത്രമെ മുദല്ലിസ് സ്വീകാര്യനാണോ അല്ലേയെന്ന് തീരുമാനിക്കപ്പെടുകയുള്ളൂ.

ഹദീഥുകൾ നബിയിൽ നിന്നുള്ളത് തന്നെയാണെന്ന് ഉറപ്പു വരുത്തുന്നതിന് വേണ്ടി എത്രത്തോളം നിഷ്‌കൃഷ്ടമായ പരിശോധനകളാണ് പണ്ഡിതന്മാർ നടത്തിയതെന്ന ഇതിൽ നിന്ന് മനസ്സിലാക്കാം. ഈ പരിശോധനകൾ കഴിഞ്ഞ സ്വീകാര്യമെന്ന തീരുമാനിക്കപ്പെട്ട ഹദീഥുകൾ നബിയിൽ നിന്നുള്ളത് തന്നെയാണെന്ന് ഉറപ്പിച്ച് പറയാൻ കഴിയും.

ഹദീഥ്ഗ്രൻഥങ്ങൾ ക്രോഡീകരിക്കപ്പെട്ടത് നബിക്കു ശേഷമുള്ള നാലാം തലമുറയിലും അതിനു ശേഷവുമാണല്ലോ. ഓരോ ഹദീഥുകളും ഗ്രന്ഥകർത്താക്കളുടെ അടുത്തെത്തുന്നത് നിരവധി നിവേദകരിലൂടെയാണ്. ഈ നിവേദകരെല്ലാം സത്യസന്ധരായാൽ മാത്രമാണ് പ്രസ്തുത ഹദീഥ് നബിയിൽ നിന്നുള്ളതാണെന്ന് ഉറപ്പിച്ച് പറയാൻ കഴിയുക. നിവേദകരുടെ സത്യസന്ധതയെക്കുറിച്ച കേവലം ഊഹങ്ങളല്ലാതെ ശാസ്ത്രീയമായ വല്ല തെളിവും ഹദീഥ് നിദാനശാസ്ത്രം നൽകുന്നുണ്ടോ?

ദീഥ് നിവേദനങ്ങൾ സത്യസന്ധം തന്നെയാണെന്ന് ഉറപ്പിക്കുവാൻ തികച്ചും ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ രീതി തന്നെ ഹദീഥ് നിദാനശാസ്ത്രജ്ഞന്മാർ വികസിപ്പിച്ചിട്ടുണ്ട്. ആ രീതിക്കാണ് അൽജർഹു വ ത്തഅദീൽ എന്ന് പറയുക.

പ്രവാചകൻ മുതല്‍ ഹദീഥുകള്‍ ശേഖരിക്കുന്ന വ്യക്തിവരെ ആരിലൂടെയൊക്കെയാണ് ഒരു ഹദീഥ് കടന്നുവന്നിട്ടുള്ളതെന്ന് മനസ്സിലാക്കുകയാണ് ഹദീഥ് നിദാനശാസ്ത്രത്തിലെ ഇസ്നാദ് പരിശോധനയെന്ന ഒന്നാം ഘട്ടം. അത് മനസ്സിലാക്കിക്കഴിഞ്ഞാല്‍ പിന്നെ ആ കടന്നുവന്ന വ്യക്തികളുടെ വിശ്വാസ്യതയെക്കുറിച്ച് പഠിക്കുകയും അവരിലോരോരുത്തര്‍ക്കും അതിനു നേരെ മുമ്പു ള്ള വ്യക്തിയില്‍ നിന്നു തന്നെയാണോ പ്രസ്തുത ഹദീഥ് കിട്ടിയതെന്ന് പരിശോധിക്കുകയും ചെയ്യുകയാണ് ഉസ്വൂലുല്‍ ഹദീഥിന്റെ രണ്ടാ മത്തെ അപഗ്രഥനഘട്ടം. ഇസ്‌നാദിലുള്ള ഓരോരുത്തരെയും കൃത്യമായി അപഗ്രഥിക്കുകയും അവര്‍ വിശ്വസ്തരാണോയെന്ന് പരിശോധി ക്കുകയും ചെയ്യുക മാത്രമല്ല, നിവേദനത്തില്‍ എവിടെയെങ്കിലും വിശ്വസ്തരല്ലാത്ത ആരുടെയെങ്കിലും പങ്കാളിത്തമുണ്ടോ എന്നുകൂടി ഈ ഘട്ടത്തില്‍ വിലയിരുത്തപ്പെടുന്നു. നിവേദകനെക്കുറിച്ച അപഗ്രഥനവും നിവേദനത്തിന്റെ നൈരന്തര്യവും ഈ ഘട്ടത്തില്‍ പരിശോധിക്ക പ്പെടേണ്ടതുണ്ട്. പ്രസ്തുത പരിശോധനയ്ക്ക് ശേഷം മാത്രമെ ഹദീഥ് സ്വീകാര്യമാണോയെന്ന് തീരുമാനിക്കുകയുള്ളൂ. ഇസ്‌നാദുകളുടെ പരിശോധനവഴി ഹദീഥ് പണ്ഡിതന്‍മാര്‍ നിര്‍വഹിച്ച ദൗത്യമിതാണ്.

ഹദീഥ് നിവേദകന്‍മാരെക്കുറിച്ച അപഗ്രഥിച്ചുള്ള പഠനം 'വിമര്‍ശനവും അംഗീകാരവും' (അല്‍ജര്‍ ഹു വ ത്തഅ്ദീല്‍) എന്ന സാങ്കേതികശബ്ദം കൊണ്ടാണ് പരിചയപ്പെടുത്തപ്പെടാറുള്ളത്. നിവേദകന്റെ വ്യക്തിത്വത്തിന്റെ വിവിധ വശ ങ്ങളെക്കുറിച്ച്, ഒരു കുറ്റാന്വേഷകന്റെ സൂക്ഷ്മതയോടെ ചോദ്യം ചെയ്യുകയും അംഗീകരിക്കാനാവുന്നവരെ മാത്രം സ്വീകരിക്കുകയും ചെയ്യുന്ന ഉസ്വൂലുല്‍ ഹദീഥിലെ സുപ്രധാനമായ ഒരു ഘട്ടമാണിത്. നിവേദകന്റെ വ്യക്തിത്വത്തിന്റെ പൂര്‍ണമായ അപഗ്രഥനമാണിത്; അയാള്‍ എത്രത്തോളം സ്വീകാര്യമായ വ്യക്തിത്വത്തിന്റെ ഉടമയാണ് (അദാലത്ത്) എന്നും അദ്ദേഹത്തിലൂടെയുള്ള നിവേദനങ്ങള്‍ എത്ര ത്തോളം കൃത്യമാണ് (ദ്വബ്ത്) എന്നുമുള്ള അന്വേഷണം.

സ്വഹാബികള്‍ക്കു ശേഷമുള്ള തലമുറയായ താബിഉകളുടെ കാലത്ത് വിശദമായ രീതിയിലല്ലെങ്കിലും ഹദീഥുകളിലെ നെല്ലും പതിരും വേര്‍ തിരിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടിരുന്നു. അടുത്ത തലമുറകളിലും ഈ ശ്രമം തുടർന്നു. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനുമിടയിൽ ഹദീഥ് പഠന-ഗവേഷണ രംഗത്തെ സുവര്‍ണകാലമായി അറിയപ്പെടുന്ന കാലത്ത് ഹദീഥ് നിദാനശാസ്ത്രത്തിന് മഹത്തായ സംഭാവനകളര്‍പ്പിച്ച നിരവധി മഹാപ്രതിഭകൽ ജീവിച്ചിരുന്നിട്ടുണ്ട്. . എങ്ങനെയാണ് ഈ മഹാപ്രതിഭകള്‍ ഹദീഥ് നിവേദകന്‍മാരുടെ സ്വീകാര്യത പരിശോധിച്ചതെന്ന് മനസ്സിലാക്കുമ്പോള്‍ ആധുനിക കുറ്റാന്വേ ഷകരുടേതിനെക്കാള്‍ കുറ്റമറ്റ രീതിയിലായിരുന്നു അവരുടേത് എന്ന വസ്തുത ആര്‍ക്കും അംഗീകരിക്കേണ്ടിവരും.

ഒരു ഹദീഥിന്റെ നിവേ ദകന്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കുകയും അവരെക്കുറിച്ച് ലഭ്യമായ അറിവുകളെല്ലാം ശേഖരിക്കുകയുമാണ് ഒന്നാമതായി ചെയ്യുന്നത്. നിവേദകന്‍മാരായി അറിയപ്പെടുന്നവരില്‍ എല്ലാവരും ജീവിച്ചിരുന്നുവെന്നും അവര്‍ ഹദീഥുകള്‍ നിവേദനം ചെയ്തിട്ടുണ്ടെ ന്നും ഉറപ്പുവരുത്തുകയാണ് അടുത്തപടി. അവരില്‍ ഓരോരുത്തരെയും പ്രസിദ്ധരായ ഹദീഥ് നിവേദകര്‍ക്ക് പരിചയമുണ്ടെങ്കില്‍ മാത്രമെ അവരിലൂടെയുള്ള ഹദീഥുകള്‍ പരിശോധനക്കായി പരിഗണിക്കുകയുള്ളൂ. അങ്ങനെയല്ലെങ്കില്‍ നിവേദകന്‍ അജ്ഞാതനാണെന്ന് (മജ്ഹൂല്‍) പറഞ്ഞ് പ്രസ്തുത ഹദീഥ് മാറ്റിവെക്കുകയാണ് ചെയ്യുക. ഓരോ നിവേദകനെയും ഈ തലത്തില്‍ പരിശോധിച്ച ശേഷമാണ് അടു ത്തഘട്ടത്തിലേക്ക് കടക്കുക.

ഓരോ നിവേദകനും വ്യത്യസ്ത ഗുരുക്കന്‍മാരില്‍നിന്ന് നിവേദനം ചെയ്ത ഹദീഥുകളെ താരതമ്യത്തിന് വിധേ യമാക്കുകയാണ് അടുത്ത ഘട്ടം. തന്റെ ഗുരുവില്‍നിന്ന് ഹദീഥ് നിവേദനം ചെയ്ത ഒരാള്‍ എത്രമാത്രം പരിഗണനാര്‍ഹമാണെന്ന് തീരുമാനി ക്കുന്നതിന് അയാളല്ലാത്ത അതേ ഗുരുവിന്റെ മറ്റു ശിഷ്യന്‍മാരില്‍ എത്രപേര്‍ പ്രസ്തുത ഹദീഥ് നിവേദനം ചെയ്തിട്ടുണ്ടെന്നാണ് പ്രധാന മായും പരിശോധിക്കുക. ഗുരുവിന്റെ ശിഷ്യന്‍മാരില്‍ നല്ലൊരുശതമാനമാളുകള്‍ പ്രസ്തുത ഹദീഥ് നിവേദനം ചെയ്തിട്ടുണ്ടെങ്കില്‍ മാത്ര മെ അയാള്‍ സ്വീകാര്യനായി വിലയിരുത്തപ്പെടുകയുള്ളൂ. 'ഒരാള്‍ നിവേദനം ചെയ്ത ഹദീഥുകളില്‍ ഭൂരിഭാഗവും സത്യസന്ധരും സൂക്ഷ്മാ ലുക്കളുമെന്ന് തെളിയിക്കപ്പെട്ട നിവേദനകന്‍മാരുടെ ഹദീഥുകളുമായി യോജിക്കുന്നവയല്ലെങ്കില്‍ അയാളെ ദുര്‍ബലനായി (ദ്വഈഫ്) പരിഗ ണിക്കപ്പെടു'മെന്നാണ്(സ്വഹീഹു മുസ്‌ലിം, മുഖദ്ദിമ.) ഇമാം മുസ്‌ലിം തന്റെ ഹദീഥ് സമാഹാരത്തിന്റെ മുഖവുരയില്‍ വ്യക്തമാക്കുന്നത്.

അറിയപ്പെടുന്നവനും പരിഗണാര്‍ഹനുമായ നിവേദകനാണെങ്കിലും അയാളുടെ ഹദീഥുകള്‍ സ്വീകാര്യമാകണമെങ്കില്‍ വളരെ പ്രധാനപ്പെട്ട അടുത്ത ഘട്ടം കൂടി കടന്നുപോകേണ്ടതുണ്ട്. അയാളുടെ വ്യക്തിത്വം എത്രത്തോളം സ്വീകാര്യമാണെന്ന പരിശോധനയാണത്. ഋജുത്വ (അദാലത്ത്) പരിശോധനയെന്ന് ഈ ഘട്ടത്തെ വിളിക്കാം.

ഈ ഘട്ടത്തില്‍ നിവേദകനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി അന്വേഷകന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ ഇവയാണ്.

(1) നബി(സ)യുടെ പേരില്‍ കളവു പറയുന്നവനാണോ?

(2) സാധാരണ സംസാരങ്ങളില്‍ കളവു പറയുന്നവനാണോ?

(3) മതത്തില്‍നിന്ന് പുറത്തു പോകുന്നതരത്തിലുള്ള അനാചാരങ്ങളുടെ(ബിദ്അത്ത്) വക്താവാണോ?

(4) കക്ഷിത്വത്തിനനുകൂലമായി ഹദീഥ് നിവേദനം ചെയ്യുന്നയാളാണോ?

(5) മതവിരോധിയാണോ?

(6) ദുര്‍നടപ്പുകാരനാണോ?

(7) കാര്യബോധവും മര്യാദയും മാന്യതയുമില്ലാത്തവനാണോ?

(8) താന്‍ പറയുന്നതെന്തെന്ന് ഗ്രഹിക്കാനാവാത്ത ഭോഷനാണോ?

ഈ ചോദ്യങ്ങള്‍ക്കെല്ലാം 'അല്ല'യെന്ന ഉത്തരമുണ്ടെങ്കില്‍ മാത്രമെ അയാളിലൂടെയുള്ള നിവേദനം ഋജുത്വ പരിശോധനയുടെ അരിപ്പയിലൂടെ കടന്നുപോവുകയുള്ളൂ. അങ്ങനെ കടന്നുപോയ ഹദീഥുകള്‍ മാത്രമാണ് അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നത്. നിവേദകന്‍മാരുടെ വ്യക്തിത്വ വിമര്‍ശനത്തിന് (അദാലത്ത്) ശേഷം നടക്കുന്നത് ഹദീഥിന്റെ കൃത്യതാ പരിശോധനയാണ് (ദ്വബ്ത്ത്). ഋജുവും സത്യസന്ധനുമാണെങ്കിലും നിവേദകന് ഹദീഥ് നിവേദനത്തില്‍ കൃത്യത പാലിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന അന്വേഷണമാണത്. ഈ ഘട്ടത്തിലും നിവേദകന്‍മാര്‍ അന്വേഷകന്റെ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടിവരും. അയാള്‍ നേരിടേണ്ട ചോദ്യങ്ങള്‍ ഇവയാണ്.

(1) നിവേദനത്തില്‍ അബദ്ധം പിണയാറുള്ളയാളാണോ?

(2) മറവി അധികമായുള്ളയാളാണോ?

(3) വാര്‍ധ്യക്യത്താല്‍ ഓര്‍മശക്തി കുറഞ്ഞ് തെറ്റു സംഭവിക്കാന്‍ സാധ്യതയുള്ളപ്പോഴാണോ ഹദീഥ് നിവേദനം ചെയ്തത്?

(4) ഹൃദിസ്ഥമാക്കുവാനുള്ള കഴിവ് കുറഞ്ഞയാളാണോ?

(5) വിശ്വസ്തരായ നിവേദകരിലൂടെ വന്ന ഹദീഥുകളിലെ ആശയങ്ങള്‍ക്കെതിരെയുള്ള ഹദീഥുകള്‍ നിവേദനം ചെയ്യുന്നയാളാണോ?

(6) ബലപ്പെട്ടവരെന്നോ അല്ലാത്തവരെന്നോ പരിശോധിക്കാതെ എല്ലാവരില്‍നിന്നുമായി ഹദീഥുകള്‍ നിവേദനം ചെയ്യുന്നയാളാണോ?

(7) തന്റെ ആശയങ്ങള്‍ക്കനുകൂലമായി ഹദീഥുകള്‍ വളച്ചൊടിക്കുന്നയാളാണോ?

ഇവയ്‌ക്കെല്ലാം 'അല്ല'യെന്ന ഉത്തരമാണ് കൃത്യതാ പരിശോധകന് ലഭിക്കുന്നതെങ്കില്‍ മാത്രമെ 'ദ്വബ്ത്തു'ള്ള(കൃത്യതയുള്ള) ഹദീഥായി അതിനെ പരിഗണിക്കുകയുള്ളൂ. ഈ പരിശോധന കൂടി കഴിഞ്ഞാല്‍ നിവേദകന്‍ സ്വീകാര്യനാണെന്ന് സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു. ഇനി അയാളിലൂടെയുള്ള ഹദീഥുകള്‍ സ്വീകരിക്കാവുന്നതാണ്. നിവേദകരുടെ സ്വീകാര്യത നിര്‍ണയിക്കുന്നതിനു വേണ്ടി പണ്ഡിതന്‍മാര്‍ക്ക് ആയിരക്കണക്കിന് നിവേദകരുടെ ജീവിതത്തെ നിഷ്‌കൃഷ്ടമായി അപഗ്രഥിക്കേണ്ടിവന്നിട്ടുണ്ട്. 'വിമര്‍ശനവും അംഗീകാരവും' (അല്‍ജര്‍ഹു വത്തഅ്ദീല്‍) എന്ന പദത്തിന്റെ ഏതു മാനത്തിലൂടെ നോക്കിയാലും അതിനെ അന്വര്‍ഥമാക്കുന്ന രീതിയിലുള്ളതായിരുന്നു പണ്ഡിതന്‍മാ രുടെ ഈ രംഗത്തെ പരിശ്രമങ്ങളെന്ന് കാണാം. ശാസ്ത്രീയതയുടെ ഏതു മാനദണ്ഡമുപയോഗിച്ചാണ് അല്‍ജര്‍ഹുവത്തഅ്ദീല്‍ അശാസ്ത്രീ യമാണെന്നു പറയാനാവുക? ഭൂതകാലത്ത് ജീവിച്ച ഒരാളുടെ ജീവിതത്തില്‍ ആരോപിക്കപ്പെടുന്ന കാര്യങ്ങളിലെ മിഥ്യയും യാഥാര്‍ഥ്യവും വേര്‍തിരിക്കുവാന്‍ ഇതിനെക്കാള്‍ ശാസ്ത്രീയമായ രീതികളെന്തെങ്കിലും നിര്‍ദേശിക്കുവാന്‍ വിമര്‍ശകര്‍ക്കു കഴിയുമോ?

ഹദീഥ് നിവേദകരെ വിമര്‍ശിക്കുകയും അംഗീകരിക്കാനാവുന്നവരെ അംഗീകരിക്കുകയും (അല്‍ജര്‍ഹു വത്തഅ്ദീല്‍) ചെയ്യുന്നതിനു വേണ്ടി ഒരു വിജ്ഞാനീയം തന്നെ ഹദീഥ് നിദാനശാസ്ത്രത്തിന്റെ ശാഖയായി വളര്‍ന്നു വികസിക്കുകയുണ്ടായി. വ്യക്തി വിജ്ഞാനീയം (ഇല്‍മുര്‍രിജാല്‍) എന്നാണ് പ്രസ്തുത വൈജ്ഞാനികശാഖ അറിയപ്പെടുന്നത്. കേവലമായ ഊഹങ്ങളുടെ അടിസ്ഥാനത്തിലല്ല, വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു ഹദീഥ് സ്വീകാര്യമാണോയെന്ന് നിശ്ചയിക്കുന്നത് എന്നർത്ഥം.

ഇസ്നാദ് പരിശോധന വഴി ഹദീഥുകൾ മുഹമ്മദ് നബി(സ)യിൽ നിന്നുള്ളതാണോയെന്ന് ഉറപ്പു വരുത്തുന്ന സമ്പ്രദായം എത്രത്തോളം ശാസ്ത്രീയമാണ് ?

മുഹമ്മദ് നബി(സ)യില്‍ നിന്നുള്ളതാണെന്ന രൂപത്തില്‍ ഉദ്ധരിക്കപ്പെടുന്ന വര്‍ത്തമാനങ്ങള്‍ അപഗ്രഥിച്ച് അതിലെ നേരും നുണയും ചികയു ന്നതിന് ഏറ്റവും അനുയോജ്യമായ രീതിയാണ് യഥാർത്ഥത്തിൽ ഇസ്നാദ് പരിശോധന. പ്രവാചകചര്യയെ സംരക്ഷിക്കുന്നതിനും വരും തലമുറകൾക്കു വേണ്ടി കൈമാറുന്നതിനുമായി മൂന്ന് ഘട്ടങ്ങളായുള്ള ഒരു അരിപ്പ സമ്പ്രദായമാണ് ഉസ്വൂലുല്‍ ഹദീഥിന്റെ പണ്ഡിതന്‍മാര്‍ വികസിപ്പിച്ചെടുത്തത്. അവ ഇങ്ങനെയാണ്:

1) നബിക്കുറിച്ച് ഉള്ളതാണെന്ന രൂപത്തിൽ നിവേദനം ചെയ്യപ്പെടുന്ന വൃത്താന്തങ്ങളുടെ സ്രോതസ്സ് ആവശ്യപ്പെടുക.

2) സ്രോതസ്സിനെ അപഗ്രഥിച്ച് അത് എത്രത്തോളം വിശ്വാസ്യയോഗ്യമാണെന്ന് കണ്ടെത്തുകയും അതിന്റെ നൈരന്തര്യം ഉറപ്പുവരുത്തുക യും ചെയ്യുക.

3) സ്രോതസ്സിനെ ബലപ്പെടുത്തുന്നതിന് ഉപോല്‍ബലകമായ മറ്റു തെളിവുകള്‍ കണ്ടെത്തുകയും അതിനെ ദൃഢീകരിക്കുകയും ചെയ്യുക.

ഇതിൽ നബി വൃത്താന്തങ്ങളുടെ സ്രോതസ്സ് ആവശ്യപ്പെടുകയെന്ന ഒന്നാം ഘട്ടമാണ് ഇസ്നാദ് പരിശോധന.

ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാം. ആ പറയലിന് ആധികാരികതയുണ്ടാവണമെങ്കില്‍ അതിന്റെ വിശ്വാസ്യത പരിശോധിക്കു കയും ബോധ്യപ്പെടുകയും വേണം. ഒരാള്‍ പറഞ്ഞുവെന്നോ ചെയ്തുവെന്നോ മറ്റൊരാള്‍ പറയുമ്പോള്‍ അതിന്റെ വിശ്വാസ്യത ഉറപ്പിക്കു ന്നതിന്റെ ഒന്നാമത്തെ പടി അതിന്റെ സ്രോതസ്സ് ആവശ്യപ്പെടുകയാണ്. ആരെക്കുറിച്ചാണോ പറഞ്ഞത് അയാളോടുതന്നെ ചോദിച്ചു മനസ്സിലാക്കുകയോ അല്ലെങ്കില്‍ അയാളുമായി അടുത്ത ബന്ധമുള്ളവരില്‍നിന്ന് കാര്യത്തിന്റെ യാഥാര്‍ഥ്യമറിയുകയോ ചെയ്യാവുന്നതാണ്. അയാള്‍ ജീവിച്ചിരിക്കുന്നില്ലെങ്കില്‍ രണ്ടാമത്തെ മാര്‍ഗം മാത്രമെ അന്വേഷകന്റെ മുന്നില്‍ അവശേഷിക്കുന്നുള്ളൂ. അയാളുമായി ബന്ധപ്പെട്ട ആളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ പ്രസ്തുത വിവരങ്ങള്‍ സത്യസന്ധമാണോയെന്ന് പരിശോധിക്കേണ്ട ബാധ്യത അന്വേഷക നുണ്ട്. തനിക്ക് വിവരം നല്‍കുന്നയാള്‍ക്ക് നടേ പറഞ്ഞ വ്യക്തിയുമായുള്ള ബന്ധം അന്വേഷിക്കുകയും അയാള്‍ ചെയ്തതോ പറഞ്ഞതോ ആയി നിവേദനം ചെയ്യപ്പെടുന്ന കാര്യം അയാള്‍ അറിഞ്ഞതെങ്ങനെയെന്ന് പരിശോധിക്കുകയും ചെയ്യുകയാണ് വാര്‍ത്തയുടെ സത്യതയെ അറിയാന്‍ ശ്രമിക്കുന്നവര്‍ ഒന്നാമതായി ചെയ്യേണ്ടത്. ഇത് തന്നെയാണ് ഇസ്നാദ് പരിശോധന വഴി ഹദീഥ് പണ്ഡിതന്മാർ നിർവഹിച്ചത്.

നബി(സ)യെക്കുറിച്ച് പറയപ്പെടുന്ന വിവരം അത് പറയുന്ന വ്യക്തിയില്‍ എത്തിച്ചേ ര്‍ന്നതെങ്ങനെയെന്നാണ് ഇസ്‌നാദുകളെക്കുറിച്ച പഠനം പരിശോധിക്കുന്നത്. ''പ്രവര്‍ത്തനങ്ങള്‍ക്ക് അവയുടെ ഉദ്ദേശമനുസരിച്ചാണ് പ്രതി ഫലം ലഭിക്കുക''യെന്ന സ്വഹീഹുല്‍ ബുഖാരിയിലെ ഒന്നാമത്തെ ഹദീഥ് ഉദാഹരണമായെടുക്കുക. 'ദൈവദൂതന്‍ ഇങ്ങനെ പറഞ്ഞതായി ഞാന്‍ കേട്ടു' (സമിഅ്ത്തു റസൂലല്ലാഹി(സ) യക്വൂലു)വെന്ന് പറഞ്ഞുകൊണ്ടാണ് ഉമര്‍(സ) പ്രസ്തുത ഹദീഥ് ഉദ്ധരിച്ചിരിക്കുന്നത്. പ്രവാച കന്‍(സ) ഇതു പറയുന്നത് ഉമര്‍(റ) നേരിട്ടു കേട്ടതാണെന്നര്‍ഥം. പ്രമുഖ സ്വഹാബിയായിരുന്ന ഉമറുബ്‌നുല്‍ ഖത്ത്വാബില്‍നിന്ന് അല്‍ക്വമതു ബ്‌നുവക്വാസും അദ്ദേഹത്തില്‍ നിന്ന് മുഹമ്മദ്ബ്‌നു ഇബ്‌റാഹീമത്തമീമിയും അദ്ദേഹത്തില്‍നിന്ന് യഹ്‌യബ്‌നു സഈദില്‍ അന്‍സ്വാരി യും അദ്ദേഹത്തില്‍ നിന്ന് സുഫ്‌യാനുബ്‌നു ഉയയ്‌നയും അദ്ദേഹത്തില്‍നിന്ന് അബ്ദുല്ലാഹിബ്‌നു സുബൈര്‍ അല്‍ഹുമൈദിയും അദ്ദേഹത്തി ല്‍ നിന്ന് ഞാനും കേട്ടുവെന്ന് പറഞ്ഞുകൊണ്ടാണ് ഇമാം മുഹമ്മദ്ബ്‌നു ഇസ്മായില്‍ അല്‍ ബുഖാരി ഈ ഹദീഥ് ഉദ്ധരിക്കുന്നത്. മുഹമ്മദ് നബി → ഉമറുബ്‌നുല്‍ ഖത്ത്വാബ് → അല്‍ക്വമത്തുബ്‌നു വക്വാസ് → മുഹമ്മദ്ബ്‌നു ഇബ്‌റാഹീമത്തമീമി → യഹ്‌യബ്‌നുസഈദ് അല്‍ അന്‍ സ്വാരി മസുഫ്‌യാനുബ്‌നു ഉയയ്‌ന മഅബ്ദുല്ലാഹിബ്‌നു സുബൈര്‍ അല്‍ഹൂമൈദി എന്നതാണ് ഈ ഹദീഥിന്റെ ഇസ്‌നാദ്. ഈ ശൃംഖല കൃത്യമായുണ്ടോയെന്ന് പരിശോധിക്കുകയാണ് ഒരു ഹദീഥ് സ്വീകാര്യമാണോയെന്ന പരിശോധനയുടെ പ്രാഥമിക നടപടി.

എത്ര നല്ല ആശയമാണെങ്കിലും അത് നബി(സ)യോട് ചേര്‍ത്ത് വ്യവഹരിക്കണമെങ്കില്‍ ഇസ്‌നാദോടു കൂടിത്തന്നെ അത് നിവേദനം ചെയ്യപ്പെ ട്ടതാകണമെന്ന് പണ്ഡിതന്‍മാര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇമാം ശാഫിഈയുടെ ഗുരുവര്യന്‍മാരിലൊരാളായ അബ്ദുല്ലാഹിബ്‌നുല്‍ മുബാറക്‌ (റ)പറയുന്നതായി ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നു: ''മതത്തില്‍പെട്ടതാണ് ഇസ്‌നാദ്. അത് ഇല്ലായിരുന്നുവെങ്കില്‍ ഹദീഥില്‍ വേണ്ട വര്‍ക്ക് വേണ്ടതെന്തും പറയാന്‍ പറ്റുന്ന അവസ്ഥയുണ്ടാകുമായിരുന്നു.'' പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതനായിരുന്ന ഇമാം ശാഫി പറഞ്ഞ തിങ്ങനെയാണ്: ''ഇത് എവിടെനിന്നു ലഭിച്ചുവെന്ന് ചോദിച്ച് ഇസ്‌നാദ് മനസ്സിലാക്കാതെ വിജ്ഞാനം സമ്പാദിക്കുന്നവന്‍ രാത്രിയില്‍ വിറകു മരത്തടികള്‍ ശേഖരിക്കുന്നവനെപ്പോലെയാണ്. തന്റെ ചുമലില്‍ ശേഖരിച്ചുവെച്ച് താങ്ങി നടക്കുന്ന മരത്തടിക്കെട്ടിനകത്ത് അണലി ഒളി ഞ്ഞു കിടക്കുന്നുണ്ടാവാം. അത് അവനെത്തന്നെ കടിക്കുകയും ചെയ്യാം.'' പ്രമുഖ ഹദീഥ് നിവേദന ശാസ്ത്രജ്ഞനായ ശുഅ്ബത്തുബ്‌നുല്‍ ഹജ്ജാജ് പറഞ്ഞതിങ്ങനെയാണ്: 'അദ്ദേഹം എന്നോട് പറഞ്ഞുവെന്നോ അദ്ദേഹം എന്നോട് നിവേദനം ചെയ്തുവെന്നോ ഉള്ള (ഇസ്‌നാദി ന്റെ മൂലകങ്ങളായ) പരാമര്‍ശങ്ങളുള്‍ക്കൊള്ളാത്ത എല്ലാ മതവിജ്ഞാനങ്ങളും വാലറ്റവയാണ്'.

ഹദീഥ് പരിശോധനയ്ക്ക് വേണ്ടി രൂപപ്പെട്ട ഇസ്‌നാദ് പരിശോധനാരീതി അറബി സാഹിത്യത്തെയും ചരിത്രത്തെയും ഭൂമിശാസ്ത്രത്തെ യുമെല്ലാം കുറിച്ച പഠനങ്ങള്‍ക്ക് പില്‍ക്കാലത്ത് പ്രയോജനീഭവിച്ചതായി വ്യക്തമാക്കുന്ന രേഖകളുണ്ട്. പ്രവാചക ശിഷ്യന്‍മാരുടെ കാലം മുതലുള്ള മുറിയാത്ത ശൃംഖലയോടുകൂടി നിവേദനം ചെയ്യപ്പെട്ട ഹദീഥുകളിലൂടെ സ്ഥിരീകരിക്കപ്പെട്ടതാണ് മുഹമ്മദ് നബി(സ)യുടെ ജീവിതവൃത്താന്തങ്ങളെന്ന വസ്തുത അംഗീകരിക്കാതിരിക്കുവാന്‍ ഇസ്‌നാദുകളെപ്പറ്റി അല്‍പമെങ്കിലും പഠിച്ചവര്‍ക്കൊന്നും സാധ്യമല്ല. നബി(സ)ചര്യയുടെ ചരിത്രപരതയ്ക്ക് തെളിവുകള്‍ അന്വേഷിക്കുന്നവര്‍ക്ക്, അവരുപയോഗിക്കുന്ന മാനദണ്ഡങ്ങളെ തൃപ്തമാക്കുവാന്‍ മുറി യാത്ത ശൃംഖലയുള്ള ഹദീഥുകളുടെ ഇസ്‌നാദുകള്‍ മാത്രം മതി. നബി(സ) ജീവിച്ചത് കണ്ടവരുടെയും അടുത്തതും അതിനടുത്തതുമായ തല മുറകളിലെ നൂറുകണക്കിന് സത്യസന്ധരായ വ്യക്തികളുടെയും സാക്ഷ്യം പോരേ, അദ്ദേഹത്തിന്റെ ചര്യയുടെ ചരിത്രപരത തെളിയിക്കുവാൻ? എന്നാല്‍ ഹദീഥ് നിദാന ശാസ്ത്രം ഇവിടെ നിര്‍ത്തുന്നില്ല. മുഹമ്മദ് നബി(സ) യെന്ന ഒരാള്‍ ജീവിച്ചിരുന്നുവെന്ന് തെളിയിക്കുകയല്ല ഹദീഥുക ളുടെ ദൗത്യമെന്നതിനാല്‍ ഇസ്‌നാദ് സമര്‍പ്പിച്ചുകൊണ്ട് നിര്‍ത്തുന്നതിന് പകരം ആ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചിട്ടുണ്ടെന്ന സൂക്ഷ്മ വും കൃത്യവും സത്യസന്ധവുമായ അപഗ്രഥനം കൂടി ഹദീഥ് നിവേദന ശാസ്ത്രജ്ഞന്‍മാര്‍ നടത്തുന്നുണ്ട്.

ഭൂതകാല സംഭവാഖ്യാനത്തിലെ നെല്ലും പതിരും വേർതിരിക്കുന്നതിനു വേണ്ടി ഓറിയന്റലിസ്റ്റുകൾ വികസിപ്പിച്ചെടുത്ത ചരിത്രവിമർശനരീതിയനുസരിച്ച് ഹദീഥ് നിദാനശാസ്ത്രം തികച്ചും അശാസ്ത്രീയമായ ഒരു രീതിയാണ്. ഇങ്ങനെ അശാസ്ത്രീയമായ രീതിയനുസരിച്ച് നബിയുടെ ജീവിതത്തെക്കുറിച്ച് മനസിലാക്കാമെന്ന് കരുതുന്നത്    അബദ്ധമല്ല ?

യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള അപഗ്രഥനം മാത്രമെ ശാസ്ത്രീയമാവൂയെന്ന യൂറോ കേന്ദ്രീകൃത ലോകവീക്ഷണത്തിന്റെ (eurocentrism) വക്താക്കള്‍ക്ക് ഹദീഥ് നിദാനശാസ്ത്രത്തിന്റെ രീതി ഉള്‍ക്കൊള്ളാന്‍ കഴിയുക പ്രയാസകരമാണ്. ബുദ്ധി മുഴുവന്‍ യൂറോപ്പി ന്റേതാണെന്ന വെളുത്ത അഹങ്കാരത്തിന്റെ കണ്ണിലൂടെ നോക്കുന്നവര്‍ക്ക് ഹദീഥ് നിദാനശാസ്ത്രം മൊത്തത്തില്‍ തന്നെ അസംബന്ധമായി ത്തോന്നാനും സാധ്യതയുണ്ട്. ഭൂതകാല രചനകളിലെ നെല്ലും പതിരും വേര്‍തിരിക്കുവാന്‍ യൂറോപ്പ് ആവിഷ്‌കരിച്ച ചരിത്രാഖ്യാനശാ സ്ത്രം (historiography), ചരിത്ര വിമര്‍ശനരീതി (histori-cal critical method) അഥവാ ഉന്നത വിമര്‍ശനം (higher criticism) എന്നിവയെക്കാള്‍ എന്തു കൊണ്ടും ഉത്തമമാണ് ഉസ്വൂലുല്‍ ഹദീഥ് അഥവാ ഹദീഥ് നിദാനശാസ്ത്രം എന്നതാണ് വസ്തുത.

യൂറോപ്യന്‍ അഹങ്കാരം മസ്തിഷ്‌കത്തെ കീഴ്‌പ്പെടുത്തിയിട്ടില്ലാത്ത ചില ഓറിയന്റലിസ്റ്റുകളെങ്കിലും ഇക്കാര്യം തുറന്നു സമ്മതിച്ചിട്ടുണ്ട്. വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഇസ്‌ലാമിക പഠന വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഓക്‌സ്‌ഫോര്‍ഡ് എന്‍സൈക്ലോപീഡിയ ഓഫ് ഇസ്‌ലാമിക് ലോയുടെ മുഖ്യപത്രാധി പരുമായ ഡോ: ജോനാഥന്‍ എ.സി. ബ്രൗണ്‍ ഒരു പ്രഭാഷണത്തില്‍ പറയുന്നത് ഇങ്ങനെയാണ്. ''ചരിത്രത്തിലുള്ള മറ്റാരുടെയും ജീവിതം, മുസ്‌ലിം ഹദീഥ് പണ്ഡിതന്‍മാരുടെ ജീവിതത്തോളം എന്റെ മനസ്സിനെ സ്വാധീനിച്ചിട്ടില്ല. ഹദീഥുകളെക്കുറിച്ച് പഠിക്കാനാരംഭിച്ചപ്പോള്‍ അവയെല്ലാം വെറുതെ എഴുതിയുണ്ടാക്കിയ ചവറുകളാണെന്നും കൃത്രിമമാണെന്നുമായിരുന്നു എന്റെ വിചാരം. എന്നാല്‍ കൂടുതലായി പഠിക്കാന്‍ ശ്രമിക്കുന്തോറും അവരുടെ ബുദ്ധിസാമര്‍ഥ്യത്തെ ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങി. ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ ഹൃദിസ്ഥമാക്കു വാനും ആവശ്യമുള്ളപ്പോള്‍ അവ ഓര്‍മയില്‍നിന്ന് ചികഞ്ഞെടുക്കുവാനും വിഷയാധിഷ്ഠിതമായി അവ ക്രമീകരിച്ചശേഷം അവയുടെ സ്വീകാര്യത പരിശോധിക്കുവാനും അവയുടെ അടിസ്ഥാനത്തില്‍ വിധികള്‍ നിര്‍ണയിക്കുവാനും അവര്‍ക്ക് സാധിച്ചുവെന്നതാണ് ഞാന്‍ അര്‍ഥമാക്കുന്നത്. ഇലക്‌ട്രോണിക് പദസഞ്ചയവും കംപ്യൂട്ടറുകളുമെല്ലാം ഉപലബ്ധമായ ഇന്ന് ഹദീഥുകളെക്കുറിച്ച് അവര്‍ നിര്‍വഹിച്ച ദൗത്യം പരതിയെടുക്കുവാന്‍ തന്നെ ഞാന്‍ പ്രയാസപ്പെടുകയാണ്. ഇത്  അവിശ്വസീയം തന്നെയാണ്; ഇത് അവിശ്വസനീയം തന്നെയാണ്; അവര്‍ എഴുതിവെച്ച ഗ്രന്ഥങ്ങള്‍ നമ്മുടെ മുന്നിലില്ലായിരുന്നുവെങ്കില്‍ ഞാന്‍ തീര്‍ച്ചയായും അവര്‍ക്കിതിന് സാധിച്ചുവെന്ന് വിശ്വസിക്കുക യില്ലാരുന്നു.''(Dr. Jonathan AC Brown: A Brief history of Hadith Collection and Criticism (www.youtube.com/watch?v=cxuebxgixhs)

ചരിത്രാഖ്യാന ശാസ്ത്രത്തിന്റെയും ചരിത്രവിമര്‍ശന രീതിയുടെയും മാനദണ്ഡങ്ങള്‍ ഹദീഥ് നിദാന ശാസ്ത്രത്തെ പരിശോധിക്കുവാന്‍ തീരെ അപര്യാപ്തമാണ്. രണ്ടും തികച്ചും വിരുദ്ധമായ രണ്ട് രീതി ശാസ്ത്രങ്ങളിലുള്ള അപഗ്രഥനരീതികളാണ് എന്നതുകൊണ്ടാണത്. നിലവിലുള്ള ഒരു ചരിത്രസ്രോതസ്സിനെ സംശയിച്ചുകൊണ്ടാണ് ചരിത്രവിമര്‍ശന രീതിയുടെ തുടക്കം. പ്രസ്തുത സ്രോതസ്സ് യഥാര്‍ഥത്തില്‍ അത് എഴുതിയതെന്ന് വിശ്വസിക്കപ്പെടുന്നയാളുടെ രചനതന്നെയാണോയെന്നാണ് അത് അന്വേഷിക്കുന്നത്. അല്ലയെന്ന് സ്ഥാപിക്കുന്നതില്‍ മാത്രമെ ചരിത്ര വിമര്‍ശകര്‍ക്ക് താല്‍പര്യമുള്ളൂ. അയാളുടേതല്ലെങ്കില്‍ പിന്നെയാരുടേത് എന്ന ചോദ്യത്തിന് അവരുടെ പക്കല്‍ ഉത്തരമില്ല. പരമ്പരാഗത ധാരണകളെ തകര്‍ക്കുന്നതില്‍ മാത്രമാണവരുടെ താല്‍പര്യം. ഉസ്വൂലുല്‍ഹദീഥിന്റെ പണ്ഡിതന്‍മാര്‍ പരമ്പരാഗത ധാരണകളെ തകര്‍ക്കുകയല്ല, പ്രത്യുത പരിശോധിച്ച് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. മുഹമ്മദ് നബി(സ)യില്‍ നിന്നുള്ളതാണ് എന്ന രൂപ ത്തില്‍ സമൂഹത്തില്‍ പ്രചാരത്തിലുള്ള ഹദീഥുകള്‍ അദ്ദേഹത്തില്‍ നിന്നുള്ളവ തന്നെയാണോയെന്ന് പരിശോധിക്കുകയും ഉറപ്പുവരുത്തു കയും ചെയ്യുകയാണ് അവരുടെ ദൗത്യം. ഈ പരിശോധനയില്‍ നബി(സ)യില്‍ നിന്നുള്ളതല്ലെന്ന് ഉറപ്പുള്ളവ വേര്‍തിരിക്കപ്പെടുകയും മാറ്റി നിര്‍ത്തപ്പെടുകയും ചെയ്യുമെന്നത് ശരിയാണ്. പക്ഷേ, അങ്ങനെ മാറ്റി നിര്‍ത്തുകയല്ല അവരുടെ ലക്ഷ്യം. പ്രത്യുത നബി(സ)യില്‍ നിന്നുതന്നെ യാണെന്ന് ഉറപ്പുവരുത്തി സ്വീകരിക്കുവാന്‍ കഴിയുന്നവയെല്ലാം സ്വീകരിക്കുകയാണ്. ചരിത്രവിമര്‍ശനരീതി നിഷേധത്തില്‍നിന്നു തുടങ്ങു മ്പോള്‍ ഉസ്വൂലുല്‍ ഹദീഥ് അംഗീകാരത്തില്‍ നിന്നാണ് ആരംഭിക്കുന്നത്.

ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്ന മുറയ്ക്ക് എഴുതി സൂക്ഷിക്കാറുണ്ടായിരുന്നതുപോലെ നബി വചനങ്ങളോ കര്‍മങ്ങളോ എഴുതി സൂക്ഷിക്കുന്ന പതിവ് മുഹമ്മദ് നബി(സ)യുടെ ജീവിതകാലത്ത് ഉണ്ടായിരുന്നില്ല എന്നത് ശരിയാണ്. എന്നാല്‍ ചില സ്വഹാബികള്‍ നബി(സ)യുടെ വചനങ്ങള്‍ എഴുതിവെക്കുകയും സൂക്ഷിക്കുകയും ചെയ്തിരുന്നതായി രേഖകളുണ്ട്. ഖുര്‍ആന്‍ വചനങ്ങളും ഹദീഥുകളും തമ്മില്‍ കൂടിക്കലരരുതെ ന്ന് നിര്‍ബന്ധമുള്ളതിനാല്‍ 'ക്വുര്‍ആനല്ലാത്ത മറ്റൊന്നുംതന്നെ തന്നില്‍നിന്ന് എഴുതി സൂക്ഷിക്കരുതെന്ന് ആദ്യകാലത്ത് നബി(സ) വിലക്കിയി രുന്നു'(അബൂസഈദുല്‍ ഖുദ്‌രിയില്‍ നിന്ന് മുസ്‌ലിം ഉദ്ധരിച്ചത്) വെങ്കിലും പ്രത്യേക സന്ദര്‍ഭങ്ങളില്‍ അങ്ങനെ ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നതായും കാണാന്‍ കഴിയും. മക്കാവിജയകാലത്ത് മക്കയുടെ പവിത്രതയെക്കുറിച്ച് നബി(സ) നടത്തിയ ഒരു പ്രഭാഷണം കഴിഞ്ഞപ്പോള്‍ അത് തനിക്ക് എഴുതിത്തരണമെന്ന് യമന്‍കാരനായ അബൂശാഹ് ആവശ്യപ്പെട്ടതായും അദ്ദേഹത്തിന് അത് എഴുതിക്കൊടുക്കുവാന്‍ പ്രവാചകന്‍ല നിര്‍ദേശിച്ചതായും ബുഖാരിയും മുസ്‌ലിമും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവാചകശിഷ്യനായിരുന്ന അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ്(റ) , ഹദീഥുകള്‍ എഴുതി സൂക്ഷി ച്ചിരുന്നതായി അബൂ ഹുറൈറ സാക്ഷ്യപ്പെടുത്തുന്ന ഹദീഥ് ബുഖാരിയിലുണ്ട്. തനിക്ക് ഹദീഥുകള്‍ എഴുതി സൂക്ഷിക്കുവാന്‍ പ്രവാച കന്‍(സ) അനുവാദം നല്‍കിയതായി അബ്ദുല്ലാഹിബ്‌നു അംറ്‌ (റ) അവകാശപ്പെട്ടതായി അഹ്മദും അബൂദാവൂദും ഉദ്ധരിച്ചിട്ടുണ്ട്.

നബി ജീവിതത്തെക്കുറിച്ച് തങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ സ്വഹാബിമാരില്‍ ചിലര്‍ എഴുതി സൂക്ഷിച്ചിരുന്നുവെങ്കിലും അത് വ്യാപകമായി രുന്നില്ല. തങ്ങള്‍ നേര്‍ക്കുനേരെ കണ്ട നബിജീവിതത്തിന്റെ വ്യത്യസ്ത വശങ്ങളെപ്പറ്റി അവര്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്ന രീതിയാ യിരുന്നു വ്യാപകമായി നിലനിന്നിരുന്നത്. വാമൊഴിയായാണ് പ്രധാനമായും നബിജീവിതത്തെ കുറിച്ച വര്‍ത്തമാനങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടതെന്ന് സാരം.

രാഷ്ട്രീയവും സൈദ്ധാന്തികവുമായ ആവശ്യങ്ങള്‍ക്കുവേണ്ടി വ്യാജഹദീഥുകള്‍ നിര്‍മിക്കപ്പെടുന്ന അവസ്ഥയുണ്ടായപ്പോള്‍ അതിനെതിരെ വിശ്വാസീസമൂഹം ജാഗരൂകരായി. രണ്ടാം ഖലീഫ ഉമര്‍ (റ) തന്റെ ഭരണകാലത്ത് ഹദീഥുകള്‍ ശേഖരിച്ച് ക്രോഡീകരിക്കുവാന്‍ ആഗ്രഹി ച്ചെങ്കിലും ക്വുര്‍ആന്‍ വചനങ്ങളും ഹദീഥുകളും തമ്മില്‍ കൂടിക്കലര്‍ന്നു പോകുമോയെന്ന ഭയം കാരണം അത് ഉപേക്ഷിച്ചതായി മുഹമ്മദ് ബ്‌നു സഅദ് രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഈ രംഗത്ത് ക്രിയാത്മകമായ ഒരു ഇടപെടല്‍ നടത്തിയത് രണ്ടാം ഉമര്‍ എന്നറിയപ്പെടുന്ന ഉമറുബ്‌നു അബ്ദുല്‍ അസീസ്‌ (റ) ആണ്. താബിഉകളില്‍പ്പെട്ട സുപ്രസിദ്ധനായ ഭരണാധികാരിയായിരുന്ന അദ്ദേഹത്തിന്റെ കാലമായപ്പോ ഴേക്ക് വ്യാജ ഹദീഥുകളുടെ നിര്‍മാണം വ്യാപകമായിക്കഴിഞ്ഞിരുന്നു. മദീനയിലെ അദ്ദേഹത്തിന്റെ ന്യായാധിപനായിരുന്ന അബൂബക്കര്‍ ബിനു ഹസമിന് അദ്ദേഹം എഴുതി: 'ദൈവദൂതരില്‍നിന്നുള്ള ഹദീഥുകള്‍ താങ്കള്‍ നോക്കുകയും എഴുതി രേഖപ്പെടുത്തുകയും ചെയ്യണം. കാരണം അറിവ് തേഞ്ഞുമാഞ്ഞു പോകുന്നതും ജ്ഞാനികള്‍ കാലംകഴിഞ്ഞു പോകുന്നതും ഞാന്‍ ഭയപ്പെടുന്നു. അല്ലാഹുവിന്റെ ദൂതരില്‍ നിന്നുള്ള ഹദീഥുകളല്ലാതെ മറ്റൊന്നും സ്വീകരിക്കരുത്. അറിവ് പകര്‍ന്നുകൊടുക്കുകയും അറിവില്ലാത്തവരെ പഠിപ്പിക്കുകയും ചെയ്യുക; ജ്ഞാനം എല്ലാവരും രഹസ്യമാക്കുമ്പോഴല്ലാതെ നശിക്കുകയില്ല'. ഉമര്‍ ബ്‌നു അബ്ദുല്‍ അസീസ്‌ന്റെ നിര്‍ദേശപ്രകാരം മദീനയിലെ സ്വഹാ ബികളില്‍ നിന്നും താബിഉകളില്‍നിന്നും അബൂബക്കര്‍ ബ്‌നു ഹസം (റഹ്) ഹദീഥുകള്‍ ശേഖരിച്ചു. അന്നു ജീവിച്ചിരുന്ന മഹാപണ്ഡിതനാ യിരുന്ന മുഹമ്മദ്ബ്‌നു മുസ്‌ലിബിനു ശിഹാബ് അസ്‌സുഹ്‌രിയും രണ്ടാം ഉമറിന്റെ ഭരണകാലത്ത് ഹദീഥുകള്‍ ശേഖരിക്കുകയും ക്രോഡീ കരിക്കുകയും ചെയ്യുവാന്‍ മുന്നോട്ടുവന്നു. ഇതോടൊപ്പം തന്നെ, ഇസ്‌ലാമികരാഷ്ട്രത്തിന്റെ വ്യത്യസ്ത കോണുകളിലേക്ക് ഹദീഥുകള്‍ ശേഖരിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഉമറുബ്‌നു അബ്ദുല്‍ അസീസ് കത്തുകളയിച്ചിരുന്നുവെന്ന് അബൂനുഐമിന്റെ താരിഖുല്‍ ഇസ്ബ ഹാനില്‍ നിന്ന് ഇബ്‌നുഹജറുല്‍ അസ്ഖലാനി ഉദ്ധരിക്കുന്നുണ്ട്.(ഫത്ഹുല്‍ബാരി, വാല്യം 1, കിത്താബുല്‍ ഇല്‍മ്) ഇങ്ങനെ ശേഖരിക്കപ്പെട്ട ഹദീഥുകള്‍ ക്രോഡീകരിച്ചു രേഖപ്പെടുത്തിയത് ഇമാം സുഹ്‌രിയായിരുന്നു. അതിനുശേഷം വ്യത്യസ്ത ദേശക്കാരായ പല താബിഉകളും ഹദീഥുകള്‍ ശേഖരിക്കുവാന്‍ തുടങ്ങി. ഹിജ്‌റ 150ല്‍ അന്തരിച്ച അബ്ദുല്‍ മലിക്കു ബ്‌നു അബ്ദുല്‍ അസീസ് ബ്‌നു ജുറൈജ് മക്കയിലും ഹിജ്‌റ 157ല്‍ അന്തരിച്ച സഈദ്ബിനു അബിഅറൂബ മെസപ്പെട്ടോമിയയിലും ഹിജ്‌റ 159ല്‍ അന്തരിച്ച അബൂഅംറില്‍ ഔസാഈ സിറിയയിലും ഹിജ്‌റ 159ല്‍ തന്നെ അന്തരിച്ച മുഹമ്മദ് ബ്‌നു അബ്ദിര്‍ റഹ്മാന്‍ മദീനയിലും ഹിജ്‌റ 160ല്‍ അന്തരിച്ച സൈദ് ബ്‌നുക്വുദാമയും സുഫ്‌യാനുഥൗരിയും കൂഫയിലും ഹിജ്‌റ 165ല്‍ അന്തരിച്ച ഹമ്മാദ് ബ്‌നു സലമ ബസറയിലും വെച്ച് ഹദീഥുകള്‍ ശേഖരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തതായി രേഖകളുണ്ട്.(ഇബ്‌നുല്‍ നദീമിന്റെ അല്‍ ഫിഹിരിസ്തില്‍ നിന്ന് )

സ്വഹാബിമാരും താബിഉകളുമെല്ലാം ഹദീഥുകൾ രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നുവെന്ന് ഇവ വ്യക്തമാക്കുന്നുണ്ട്. എന്നാൽ അവർക്കു ശേഷം മൂന്നാം തലമുറ മുതൽക്കാണ് ഹദീഥ് രേഖീകരണം വ്യാപകമായി ആരംഭിച്ചത് . ഹദീഥ് നിദാനശാസ്ത്രം വളർച്ച പ്രാപിച്ചതും അക്കാലത്ത് തന്നെയായിരുന്നു

മുഹമ്മദ് നബി(സ)യിലൂടെ പൂര്‍ത്തീകരിച്ച മതത്തില്‍ അദ്ദേഹത്തിന് ശേഷം യാതൊന്നും കടന്നുകൂടി മലീമസമാകാതിരിക്കുവാന്‍ സ്വഹാ ബിമാര്‍ ശ്രദ്ധിക്കുകയും സൂക്ഷിക്കുകയും ചെയ്തുപോന്നു. പ്രവാചകചര്യയെക്കുറിച്ച് തങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ മറ്റുള്ളവരി ലേക്ക് അവര്‍ പകര്‍ന്നുനല്‍കിയത് അതീവ സൂക്ഷ്മതയോടു കൂടിയായിരുന്നു. നബി(സ) പറയാത്തതെന്തെങ്കിലും അദ്ദേഹത്തിന്റെ പേരില്‍ അബദ്ധവശാല്‍ തങ്ങളുടെ നാവുകളില്‍നിന്ന് ഉതിര്‍ന്നുവീഴുമോയെന്ന് ഭയപ്പെട്ട അവര്‍ നബിചര്യയെക്കുറിച്ച് മറ്റുള്ളവരോട് പറയാന്‍ വിസമ്മതിക്കുന്ന സ്ഥിതി വരെയുണ്ടായി. നാവില്‍ വന്നു പോയേക്കാവുന്ന ചെറിയ പിഴവുകള്‍ പോലും അവര്‍ സൂക്ഷിക്കു കയും ശ്രദ്ധിക്കുകയും ചെയ്തു. ഓര്‍മപ്പിശകുമൂലം തെറ്റുകള്‍ വന്നുപോകുമോയെന്ന് ഭയപ്പെട്ടവര്‍ നിശ്ശബ്ദത പാലിച്ചു. വാര്‍ധക്യത്തി ലെത്തിയവര്‍ മറവിയെ പേടിച്ച് നബിവചനങ്ങള്‍ പറഞ്ഞുകൊടുക്കാത്ത അവസ്ഥ വരെയുണ്ടായി. ചില സംഭവങ്ങള്‍ കാണുക.

''അബ്ദുല്ലാഹിബ്‌നു സുബൈര്‍ (റ) തന്റെ പിതാവി (സുബൈറി)നോടു ചോദിച്ചു: ഇന്ന ആളും ഇന്ന ആളും ചെയ്യുന്നതു പോലെ, നിങ്ങള്‍ റസൂൽ(സ) തിരുമേനിയില്‍നിന്ന് ഹദീഥ് പറയുന്നതായി കേള്‍ക്കുന്നില്ലല്ലോ? അപ്പോള്‍ സുബൈര്‍ (റ) പറഞ്ഞു: എന്നാല്‍, ഞാന്‍ തിരുമേ നിയെ വേര്‍പിരിയാറില്ലായിരുന്നു. എങ്കിലും അവിടുന്നു ഇപ്രകാരം പറയുന്നതു ഞാന്‍ കേട്ടിരിക്കുന്നു: ''എന്റെ പേരില്‍ ആരെങ്കിലും കല്‍പിച്ചുകൂട്ടി കളവു പറഞ്ഞാല്‍, അവന്‍ തന്റെ ഇരിപ്പിടം നരകത്തില്‍ ഒരുക്കിക്കൊള്ളട്ടെ!''(സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ഇല്‍മ്.)

സൈദുബ്‌നു അര്‍ക്വം(റ) (റ) നാടു ഞങ്ങള്‍ക്കു ഹദീഥ് പറഞ്ഞുതരണമെന്നു ആവശ്യപ്പെടുമ്പോള്‍ അദ്ദേഹം ഇങ്ങനെ പറയുമായിരുന്നു? ''ഞങ്ങള്‍ക്കു വയസ്സു ചെല്ലുകയും മറവി ബാധിക്കുകയും ചെയ്തിരിക്കുന്നു. റസൂൽ(സ) തിരുമേനിയില്‍നിന്നു ഹദീഥ് പറയുന്നതാകട്ടെ, ഗൗരവപ്പെട്ട കാര്യവുമാണ്.'' സാഇബ് ബ്‌നു യസീദ്‌ (റ) പറയുന്നു: മദീനയില്‍നിന്നു മക്ക വരെ ഞാന്‍ സഅ്ദ്ബ്‌നു മാലികിന്റെ ഒന്നിച്ചു സഹവസിക്കുകയുണ്ടായി. അദ്ദേഹം നബി(സ)യെക്കുറിച്ചു ഒരു ഹദീഥും പറയുകയുണ്ടായില്ല. നബി(സ)യെക്കുറിച്ചു ഹദീഥ്  പറയുമ്പോ ള്‍ അതില്‍ കളവു വന്നുപെട്ടേക്കുന്നതിനെ സൂക്ഷിച്ചുകൊണ്ട് ''അല്ലെങ്കില്‍ അവിടുന്നു പറഞ്ഞപ്രകാരം'' എന്നു കൂടി അദ്ദേഹം തുടര്‍ന്നു പറയുമായിരുന്നു(സുനനു ഇബ്‌നുമാജ, കിതാബുസ്സുന്ന).

ഓര്‍മപ്പിശകോ അബദ്ധമോ വന്നുഭവിക്കുകയില്ലെന്ന് സ്വയംബോധ്യമുള്ള സ്വഹാബിമാര്‍ മാത്രമാണ് ഹദീഥ് സംപ്രേഷണത്തിന് ഔല്‍സു ക്യം കാണിച്ചത്. തങ്ങള്‍ പ്രവാചകനില്‍ നിന്ന് കണ്ടതും കേട്ടതുമെല്ലാം അവര്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കി. വിശുദ്ധ ക്വുര്‍ആനിലെ നിര്‍ദേശങ്ങളും പ്രവാചകന്‍ലന്റെ ഉപദേശങ്ങളുമാണ് അവര്‍ക്കതിന് പ്രചോദനമായത്. ഏറ്റവുമധികം ഹദീഥുകള്‍ നിവേദനം ചെയ്ത അബൂഹൂറൈറ (റ) പറഞ്ഞതായി ബുഖാരി ഉദ്ധരിക്കുന്നു: അബൂഹുറൈറ നബിതിരുമേനിയുടെ നടപടികള്‍ കൂടുതലായി ഉദ്ധരിക്കുന്നു വെന്നു ജനങ്ങളതാ പറയുന്നു: അല്ലാഹുവിന്റെ കിതാബില്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഒരൊറ്റ വാര്‍ത്തയും ഞാനുദ്ധരി ക്കുകയില്ലായിരുന്നു. അതുപറഞ്ഞിട്ട്, ''വേദഗ്രന്ഥത്തില്‍ മനുഷ്യര്‍ക്ക് നാം വെളിപ്പെടുത്തിക്കൊടുത്ത ശേഷം നാം അവതരിപ്പിച്ച മാര്‍ഗദര്‍ശനത്തെയും വ്യക്ത മായ ദൃഷ്ടാന്തങ്ങളേയും മറച്ച് വെക്കുന്നതാരോ അവരെ അല്ലാഹു ശപിക്കും. ശപിക്കുന്നവരെല്ലാവരും ശപിക്കും.'' (2:159) എന്ന് തുടങ്ങുന്ന രണ്ട് ക്വുര്‍ആന്‍ വാക്യങ്ങള്‍ അബൂഹുറൈറ പാരായണം ചെയ്തു കൊണ്ട് പറഞ്ഞു: മുഹാജിറുകളായ സഹോദരന്മാര്‍ ചന്തയില്‍ വ്യാപാരവിഷയങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. അന്‍സാരി സഹോദരന്മാരോ, അവരുടെ കൃഷിയിലും. അതേയവസരത്തില്‍ അബൂഹുറൈറ വിശപ്പടക്കിയിട്ട്, വിട്ടുപിരിയാതെ തിരുമേനിയോടൊപ്പം ഇരിക്കുകയും മറ്റുള്ളവര്‍ ഹൃദിസ്ഥമാക്കാത്തത് ഹൃദിസ്ഥമാ ക്കുകയുമാണ് ചെയ്തിരുന്നത്.(സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ഇല്‍മ്)

മുഹമ്മദ് നബി(സ)യോടൊപ്പം ഏറെനാള്‍ ജീവിക്കുവാന്‍ അവസരം ലഭിച്ച സ്വഹാബിമാരില്‍ പലരെയും കാണുവാനോ അവരില്‍നിന്ന് ഹദീഥുകള്‍ മനസ്സിലാക്കുവാനോ നബി(സ)യെ കാണുവാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത അടുത്ത തലമുറക്കു സാധിച്ചില്ല. അവര്‍  ഇസ്‌ലാമി ലെത്തിയപ്പോഴേക്ക് മുതിര്‍ന്ന സ്വഹാബിമാരില്‍ പലരും മരണപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ നബി(സ)യോടൊപ്പമുണ്ടായിരുന്നപ്പോള്‍ യുവാക്കളായിരുന്ന സ്വഹാബിമാര്‍ക്കാണ് അടുത്ത തലമുറക്ക് ഹദീഥുകള്‍ പറഞ്ഞുകൊടുക്കുവാന്‍ കൂടുതല്‍ അവസരമുണ്ടായത്. തന്റെ മുപ്പതാമത്തെ വയസ്സില്‍ ഇസ്‌ലാം സ്വീകരിക്കുകയും അതിനുശേഷമുള്ള മൂന്നുവര്‍ഷം നബി(സ)യുടെ മരണംവരെ അദ്ദേഹത്തോടൊപ്പം വിട്ടുപിരിയാതെ ജീവിച്ച് നബിജീവിതവും മൊഴികളും നേരില്‍ മനസ്സിലാക്കുവാന്‍ അവസരം ലഭിക്കുകയും നബിവിയോഗത്തിനുശേഷം ഏകദേശം നാല്‍പത്തിയഞ്ച് വര്‍ഷക്കാലം സഹാബിമാരോടൊപ്പം ജീവിക്കുകയും നബിവിയോഗത്തിനുശേഷം ജനിച്ച നിരവധി പേര്‍ക്ക് നബിചര്യകളെക്കുറിച്ച് വിശദീകരിച്ചു കൊടുക്കാന്‍ സാധിക്കുകയും ചെയ്ത അബൂഹുറൈറേയാണ് രേഖപ്പെടുത്തപ്പെട്ടവയില്‍ ഏറ്റവു മധികം ഹദീഥുകള്‍ നിവേദനം ചെയ്ത സ്വഹാബി. മറ്റൊരു പ്രധാന ഹദീഥ് നിവേദകന്‍, നബി(സ) മരണപ്പെടുമ്പോള്‍ ഇരുപത്തിമൂന്ന് വയ സ്സ് പ്രായമായിരുന്ന അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) ആണ്. പ്രധാനപ്പെട്ട പ്രവാചകശിഷ്യരിലൊരാളും ഉമര്‍(റ) ന്റ പുത്രനും അതുകൊണ്ടു തന്നെ ചെറുപ്പം മുതലേ പ്രവാചകസന്നിധിയില്‍ ജീവിക്കുവാന്‍ അവസരം ലഭിച്ച് നബിജീവിതത്തിന്റെ വ്യത്യസ്തങ്ങളായ വശങ്ങളെപ്പറ്റി കൃത്യമായി അറിയാന്‍ കഴിഞ്ഞിരുന്നയാളുമായ ഇബ്‌നു ഉമര്‍ (റ) മരണപ്പെടുന്നത് നബിവിയോഗത്തിന് ശേഷം ആറു പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ്. അടുത്തതലമുറയിലെ താബിഉകളില്‍(4) മിക്കയാളുകളെയും കാണുവാനോ അറിയുവാനോ അവസരമുണ്ടായിരുന്ന അദ്ദേഹ ത്തിന്, അതുകൊണ്ടുതന്നെ വളരെയേറെ ഹദീഥുകള്‍ തന്റെ പിന്‍ഗാമികള്‍ക്ക് പകര്‍ന്നുകൊടുക്കുവാനുള്ള ഭാഗ്യമുണ്ടായി. നബിവി യോഗം നടക്കുമ്പോള്‍ പതിനാല് വയസ്സുമാത്രം പ്രായമുള്ളയാളും അതിനുശേഷം അര നൂറ്റാണ്ടിലേറെക്കാലം ജീവിക്കുവാന്‍ അവസരമു ണ്ടാവുകയും ചെയ്ത അബ്ദുല്ലാഹിബ്‌നു അബ്ബാസ്‌ (റ) ആണ് സ്വഹാബികളില്‍ നിന്നുള്ള മറ്റൊരു പ്രധാന ഹദീഥ് നിവേദകന്‍. മദീനയിലെ ത്തിയ നബി(സ)യെ സേവിക്കുവാന്‍ സ്വന്തം മാതാവിനാല്‍ പത്താമത്തെ വയസ്സില്‍ നിയോഗിക്കപ്പെടുകയും അതിന് ശേഷം ഏറെക്കാലം സേവകനും സഹായിയുമായി നബി(സ)യോടൊപ്പം ജീവിക്കുകയും നബിവിയോഗത്തിന്‌ശേഷം എട്ടുപതിറ്റാണ്ടുകള്‍ക്കുശേഷം തന്റെ നൂറ്റി മൂന്നാമത്തെ വയസ്സില്‍ മരണപ്പെടുകയും ചെയ്ത അനസ്ബ്‌നു മാലിക്ക്‌ (റ) ആണ് മറ്റൊരു പ്രധാനപ്പെട്ട ഹദീഥ് നിവേദകന്‍. താബിഉകളില്‍പ്പെട്ട മധ്യവയസ്‌കര്‍ക്കും വൃദ്ധര്‍ക്കുമെല്ലാം ഹദീഥുകള്‍ എത്തിക്കുവാന്‍ തന്റെ ദീര്‍ഘായുസ്സ് കാരണം അദ്ദേഹത്തിന് സാധിച്ചു. തന്റെ ഒന്‍പതാമത്തെ വയസ്സില്‍ പ്രവാചകപത്‌നിയാകുവാന്‍ ഭാഗ്യം ലഭിക്കുകയും, എട്ടുവര്‍ഷത്തിലധികം അദ്ദേഹത്തോ ടൊപ്പം ദാമ്പത്യജീവിതം നയിക്കുകയും പ്രവാചകവിയോഗത്തിനുശേഷം അരനൂറ്റാണ്ടിലധികം ജീവിച്ചിരിക്കുകയും ചെയ്ത ആയിശ (റ) യാണ് ഹദീഥുകള്‍ നിവേദനം ചെയ്ത മറ്റൊരു പ്രമുഖ വ്യക്തിത്വം. നബി(സ)യുടെ കുടുംബ-ലൈംഗിക ജീവിതത്തെക്കുറിച്ച് സമകാലിക രായ സ്വഹാബികള്‍ക്ക് പറഞ്ഞുകൊടുത്തതും അടുത്ത തലമുറയില്‍പ്പെട്ട താബിഉകളെ പഠിപ്പിച്ചതും ആയിശയായിരുന്നു.

അബൂബക്ക റിനെയും (റ) ഉമറിനെയും (റ) പോലെ നബി(സ)യോടൊപ്പം മക്കയിലും മദീനയിലുമുണ്ടായിരുന്ന സ്വഹാബിമാര്‍ ഏതാനും ഹദീഥുകള്‍ മാത്രം നിവേദനം ചെയ്തപ്പോള്‍ നബിവിയോഗത്തിന്റെ സന്ദര്‍ഭത്തില്‍ യുവാക്കളായിരുന്നവര്‍ക്ക് നൂറുക്കണക്കിന് ഹദീഥുകള്‍ നിവേദനം ചെയ്യാന്‍ കഴിഞ്ഞത്, അവര്‍ക്ക് നബി(സ)യില്‍ നിന്ന് ഹദീഥുകള്‍ നേര്‍ക്കുനേരെ കേള്‍ക്കാന്‍ കഴിഞ്ഞവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുവാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചതിനാലായിരുന്നു.

ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്ന മുറയ്ക്ക് എഴുതി സൂക്ഷിക്കാറുണ്ടായിരുന്നതുപോലെ നബി വചനങ്ങളോ കര്‍മങ്ങളോ എഴുതി സൂക്ഷിക്കുന്ന പതിവ് മുഹമ്മദ് നബി(സ)യുടെ ജീവിതകാലത്ത് ഉണ്ടായിരുന്നില്ല. എന്നാല്‍ ചില സ്വഹാബികള്‍ നബി(സ)യുടെ വചനങ്ങള്‍ എഴുതിവെക്കുകയും സൂക്ഷിക്കുകയും ചെയ്തിരുന്നതായി രേഖകളുണ്ട്. ഖുര്‍ആന്‍ വചനങ്ങളും ഹദീഥുകളും തമ്മില്‍ കൂടിക്കലരരുതെന്ന് നിര്‍ബന്ധമുള്ളതിനാല്‍ ക്വുര്‍ആനല്ലാത്ത മറ്റൊന്നുംതന്നെ തന്നില്‍നിന്ന് എഴുതി സൂക്ഷിക്കരുതെന്ന് ആദ്യകാലത്ത് നബി(സ) വിലക്കിയിരുന്നുവെവെങ്കിലും പ്രത്യേക സന്ദര്‍ഭങ്ങളില്‍ അങ്ങനെ ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നതായും കാണാന്‍ കഴിയും. മക്കാവിജയകാലത്ത് മക്കയുടെ പവിത്രതയെക്കുറിച്ച് നബില നടത്തിയ ഒരു പ്രഭാഷണം കഴിഞ്ഞപ്പോള്‍ അത് തനിക്ക് എഴുതിത്തരണമെന്ന് യമന്‍കാരനായ അബൂശാഹ് ആവശ്യപ്പെട്ടതായും അദ്ദേഹത്തിന് അത് എഴുതിക്കൊടുക്കുവാന്‍ പ്രവാചകന്‍(സ) നിര്‍ദേശിച്ചതായും ബുഖാരിയും മുസ്‌ലിമും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവാചകശിഷ്യനായിരുന്ന അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ്(റ) , ഹദീഥുകള്‍ എഴുതി സൂക്ഷിച്ചിരുന്നതായി അബൂ ഹുറൈറ സാക്ഷ്യപ്പെടുത്തുന്ന ഹദീഥ് ബുഖാരിയിലുണ്ട്. തനിക്ക് ഹദീഥുകള്‍ എഴുതി സൂക്ഷിക്കുവാന്‍ പ്രവാചകന്‍(സ)അനുവാദം നല്‍കിയതായി അബ്ദുല്ലാഹിബ്‌നു അംറ്‌(റ)അവകാശപ്പെട്ടതായി അഹ്മദും അബൂദാവൂദും ഉദ്ധരിച്ചിട്ടുണ്ട്.

നബിജീവിതത്തെക്കുറിച്ച് തങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ സ്വഹാബിമാരില്‍ ചിലര്‍ എഴുതി സൂക്ഷിച്ചിരുന്നുവെങ്കിലും അത് വ്യാപകമായിരുന്നില്ല. തങ്ങള്‍ നേര്‍ക്കുനേരെ കണ്ട നബിജീവിതത്തിന്റെ വ്യത്യസ്ത വശങ്ങളെപ്പറ്റി അവര്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്ന രീതിയായിരുന്നു വ്യാപകമായി നിലനിന്നിരുന്നത്. വാമൊഴിയായാണ് പ്രധാനമായും നബിജീവിതത്തെ കുറിച്ച വര്‍ത്തമാനങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടതെന്ന് സാരം.

രാഷ്ട്രീയവും സൈദ്ധാന്തികവുമായ ആവശ്യങ്ങള്‍ക്കുവേണ്ടി വ്യാജഹദീഥുകള്‍ നിര്‍മിക്കപ്പെടുന്ന അവസ്ഥയുണ്ടായപ്പോള്‍ അതിനെതിരെ വിശ്വാസീസമൂഹം ജാഗരൂകരായി. രണ്ടാം ഖലീഫ ഉമര്‍(റ)തന്റെ ഭരണകാലത്ത് ഹദീഥുകള്‍ ശേഖരിച്ച് ക്രോഡീകരിക്കുവാന്‍ ആഗ്രഹിച്ചെങ്കിലും ക്വുര്‍ആന്‍ വചനങ്ങളും ഹദീഥുകളും തമ്മില്‍ കൂടിക്കലര്‍ന്നു പോകുമോയെന്ന ഭയം കാരണം അത് ഉപേക്ഷിച്ചതായി മുഹമ്മദ് ബ്‌നു സഅദ് രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഈ രംഗത്ത് ക്രിയാത്മകമായ ഒരു ഇടപെടല്‍ നടത്തിയത് രണ്ടാം ഉമര്‍ എന്നറിയപ്പെടുന്ന ഉമറുബ്‌നു അബ്ദുല്‍ അസീസ്‌(റ)ആണ്. താബിഉകളില്‍പ്പെട്ട സുപ്രസിദ്ധനായ ഭരണാധികാരിയായിരുന്ന അദ്ദേഹത്തിന്റെ കാലമായപ്പോഴേക്ക് വ്യാജ ഹദീഥുകളുടെ നിര്‍മാണം വ്യാപകമായിക്കഴിഞ്ഞിരുന്നു. ഇതുമൂലമുള്ള കുഴപ്പങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കുവാൻ മദീനയിലെ അദ്ദേഹത്തിന്റെ ന്യായാധിപനായിരുന്ന അബൂബക്കര്‍ ബിനു ഹസമിനെ അദ്ദേഹം ചുമതലപ്പെടുത്തി. ഉമര്‍ ബ്‌നു അബ്ദുല്‍ അസീസ്‌ന്റെ നിര്‍ദേശപ്രകാരം മദീനയിലെ സ്വഹാബികളില്‍ നിന്നും താബിഉകളില്‍നിന്നും അബൂബക്കര്‍ ബ്‌നു ഹസം ഹദീഥുകള്‍ ശേഖരിച്ചു. അന്നു ജീവിച്ചിരുന്ന മഹാപണ്ഡിതനായിരുന്ന മുഹമ്മദ്ബ്‌നു മുസ്‌ലിബിനു ശിഹാബ് അസ്‌സുഹ്‌രിയും രണ്ടാം ഉമറിന്റെ ഭരണകാലത്ത് ഹദീഥുകള്‍ ശേഖരിക്കുകയും ക്രോഡീകരിക്കുകയും ചെയ്യുവാന്‍ മുന്നോട്ടുവന്നു. ഇതോടൊപ്പം തന്നെ, ഇസ്‌ലാമികരാഷ്ട്രത്തിന്റെ വ്യത്യസ്ത കോണുകളിലേക്ക് ഹദീഥുകള്‍ ശേഖരിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഉമറുബ്‌നു അബ്ദുല്‍ അസീസ് കത്തുകളയിച്ചിരുന്നുവെന്ന് അബൂനുഐമിന്റെ താരിഖുല്‍ ഇസ്ബഹാനില്‍ നിന്ന് ഇബ്‌നുഹജറുല്‍ അസ്ഖലാനി ഉദ്ധരിക്കുന്നുണ്ട്. ഇങ്ങനെ ശേഖരിക്കപ്പെട്ട ഹദീഥുകള്‍ ക്രോഡീകരിച്ചു രേഖപ്പെടുത്തിയത് ഇമാം സുഹ്‌രിയായിരുന്നു.

അതിനുശേഷം വ്യത്യസ്ത ദേശക്കാരായ പല താബിഉകളും ഹദീഥുകള്‍ ശേഖരിക്കുവാന്‍ തുടങ്ങി. പ്രവാകാനുചരന്‍മാരില്‍ നിന്ന് മതം പഠിച്ച താബിഉകള്‍ക്കുശേഷം, അവരില്‍ നിന്ന് ഇസ്‌ലാമിക വിഷയങ്ങളെക്കുറിച്ച് മനസ്സിലാക്കിയ താബിഉത്താബിഉകളുടെ തലമുറയില്‍ ഹദീഥ് പഠന-ശേഖരണ രംഗത്ത് വമ്പിച്ച മുന്നേറ്റം തന്നെയുണ്ടായി. അതിനായി ജീവിതം ഉഴിഞ്ഞുവെച്ച ത്യാഗികളുടെ കാലമായിരുന്നു അത്. ഇസ്‌ലാമിക കര്‍മശാസ്ത്രവിഷയങ്ങള്‍ ക്രമരൂപത്തില്‍ നല്‍കികൊണ്ട് ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥങ്ങളാണ് അന്നത്തെ പണ്ഡിതന്‍മാര്‍ രചിച്ചത്. ഓരോ വിഷയത്തെയും സംബന്ധിച്ച ഹദീഥുകള്‍ ആ വിഷയത്തെക്കുറിച്ച് പറയുന്നതിനിടക്ക് ഉദ്ധരിക്കുകയായിരുന്നു അവര്‍ പൊതുവെ ചെയ്തിരുന്നത്. ഇത്തരം ഹദീഥ് ശേഖരങ്ങളെ മുസ്വന്നഫ് എന്നോ മുവത്വഅ് എന്നോ ആണ് വിളിക്കുന്നത്.

കുഴപ്പങ്ങളില്‍നിന്നും വ്യതിയാനങ്ങളില്‍നിന്നും മുസ്‌ലിം ബഹുജനങ്ങളെ സംരക്ഷിച്ച് വിശുദ്ധ ക്വുര്‍ആനിലൂടെയും പ്രവാചകചര്യയിലൂടെയും അവരെ നയിക്കുന്നതിനു വേണ്ടി വ്യാജ ഹദീഥുകളെയും യഥാര്‍ഥ നബിചര്യകളെയും വേര്‍തിരിച്ച് മനസ്സിലാക്കുവാനും രേഖപ്പെടുത്തുവാനുമുള്ള ത്യാഗപൂര്‍ണമായ പണ്ഡിത പരിശ്രമത്തോടൊപ്പം തന്നെ, വാമൊഴിയായി ലഭിച്ച ഹദീഥുകളുടെ വെളിച്ചത്തില്‍ ദൈവികമാര്‍ഗദര്‍ശനത്തിലൂടെ ജനങ്ങളെ നയിക്കുന്നതിനുവേണ്ടി അവര്‍ക്ക് മതവിധികള്‍ പറഞ്ഞുകൊടുക്കുന്നതിന്നായുള്ളപരിശ്രമങ്ങളുമുണ്ടായി. ഇതിന്‌വേണ്ടി പരിശ്രമിച്ച പ്രധാനപ്പെട്ട പണ്ഡിതമാരുടെ പേരില്‍ സ്ഥാപിക്കപ്പെട്ടതാണ് നാല് കര്‍മശാസ്ത്രധാരകളായ മദ്ഹബുകള്‍.

മുസ്‌നദുകള്‍ എന്ന പേരില്‍ ഹദീഥുകള്‍ ക്രോഡീകരിക്കുന്ന രീതി ഇമാം ഷാഫി (ര)യുടെ കാലം മുതലാണ് ആരംഭിച്ചത്. പ്രവാചകനില്‍നിന്ന് ഹദീഥുകള്‍ നിവേദനം ചെയ്ത സ്വഹാബിമാരുടെ അടിസ്ഥാനത്തില്‍ ക്രോഡീകരിക്കപ്പെട്ട ഹദീഥ് ഗ്രന്ഥങ്ങളാണ് മുസ്‌നദുകള്‍ എന്നറിയപ്പെട്ടത്. ഓരോ പ്രത്യേക സ്വഹാബിയില്‍നിന്നും നിവേദനം ചെയ്യപ്പെട്ട ഹദീഥുകള്‍ പ്രത്യേക അധ്യായമായാണ് മുസ്‌നദുകളില്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്. ഇമാം ശാഫിഈയുടെ ശിഷ്യനും നാലാമത്തെ മദ്ഹബിന്റെ ഇമാമുമായ ഇമാം അഹ്മദ് ബ്ന്‍ ഹന്‍ബലിന്റെ ഹദീഥ് ശേഖരമാണ് മുസ്‌നദുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി അറിയപ്പെടുന്നത്. വ്യാജ ഹദീഥുകള്‍ക്ക് ഹദീഥ് ഗ്രന്ഥങ്ങളില്‍ സ്ഥാനം കുറയാന്‍ മുസ്‌നദുകള്‍ നിമിത്തമായി. ഒരാള്‍ പ്രവാചകന്റെ പേരില്‍ വല്ലതും പറയുകയും അയാള്‍ക്ക് നബിയില്‍നിന്ന് അയാള്‍വരെയുള്ള നിവേദകന്‍മാരുടെ ശൃംഖല അവതരിപ്പിക്കാന്‍ കഴിയാതിരിക്കുകയും ചെയ്താല്‍ അതിന്റെ സ്ഥാനം മുസ്‌നദുകളില്‍നിന്ന് സ്വാഭാവികമായും പുറത്തായിരിക്കും.

വിഷയക്രമത്തില്‍ ഹദീഥുകളും സഹാബിമാരുടെയും താബിഉകളുടെയും അഭിപ്രായങ്ങളും ക്രോഡീകരിച്ചുകൊണ്ടുള്ള മുസന്നഫുകള്‍ക്കും പ്രവാചകരില്‍ നിന്നുള്ള പൂര്‍ണമായ ഇസ്‌നാദിന്റെ അടിസ്ഥാനത്തില്‍ ക്രോഡീകരിക്കപ്പെട്ട മുസ്‌നദുകളുടെയും നന്‍മകള്‍ സ്വാംശീകരിച്ചുകൊണ്ട് ഹിജ്‌റ മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രചിക്കപ്പെട്ട ഹദീഥ് സമാഹാരങ്ങളാണ് 'സുനന്‍'എന്ന് അറിയപ്പെടുന്നത്. വിഷയക്രമത്തില്‍ ക്രോഡീകരിക്കപ്പെട്ടതും പൂര്‍ണമായ ഇസ്‌നാദോടുകൂടി ഉദ്ധരിക്കപ്പെട്ടതുമായ ഹദീഥുകളാണ് സുനന്‍ ഗ്രന്ഥങ്ങളില്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്.

ഹദീഥ് പഠനരംഗത്തെ നെല്ലും പതിരും വേര്‍തിരിച്ച് സംസ്‌കരിക്കുകയും പ്രവാചകനില്‍ നിന്നുള്ളതാണെന്ന് ഉറപ്പുള്ള ഹദീഥുകള്‍ മാത്രം ശേഖരിച്ച് മുസ്‌ലിംലോകത്തിന് നല്‍കുകയും ചെയ്ത മഹാ പ്രതിഭാശാലിയാണ് മുഹമ്മദ് ബ്ന്‍ ഇസ്മായീല്‍ അല്‍ ബുഖാരി. ഇമാം അഹ്മദ് ബ്ന്‍ ഹന്‍ബലിന്റെ ശിഷ്യനാകുവാന്‍ അവസരം ലഭിച്ച ഇമാം ബുഖാരി, തന്റെ പതിനാറാമത്തെ വയസ്സില്‍ ഹജ്ജ് നിര്‍വഹിച്ചശേഷം തുടങ്ങിയ ത്യാഗപൂര്‍ണമായ പരിശ്രമങ്ങളുടെ ഫലമായാണ് സ്വഹീഹായ ഹദീഥുകളുടെ മാത്രമായുള്ള ഒന്നാമത്തെ സമാഹാരമായ സ്വഹീഹുല്‍ ബുഖാരി(26) മുസ്‌ലിംലോകത്തിന് ലഭിച്ചത്. പതിനാറ് വര്‍ഷങ്ങള്‍ നീണ്ടുനിന്ന നിരന്തരമായ യാത്രകളിലൂടെ ഹദീഥുകളറിയാവുന്ന ആയിരത്തിലധികം പേരുമായി ആശയക്കൈമാറ്റം നടത്തിക്കൊണ്ട് അദ്ദേഹം ശേഖരിച്ച ഏഴു ലക്ഷത്തോളം ഹദീഥുകളില്‍നിന്ന് ഇസ്‌നാദ് പരിശോധിച്ച് ഉറപ്പു വരുത്തിയശേഷം 7397 ഹദീഥുകളെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ബുഖാരി തന്റെ അല്‍ജാമിഉ സ്‌സ്വഹീഹ് രചിച്ചത്. ഇതില്‍ തന്നെ പല ഹദീഥുകളും ഒരേ പ്രവാചകചര്യയുടെ തന്നെ വ്യത്യസ്ത രൂപത്തിലുള്ള ആവര്‍ത്തനങ്ങളാണ്. ആകെ 2602 പ്രവാചകവചനങ്ങള്‍ വ്യത്യസ്ത നിവേദകരിലൂടെ കടന്നുവന്നവയാണ് ബുഖാരിയിലുള്ള ഹദീഥുകളെന്ന് അതിന്റെ വ്യാഖ്യാതാവായ ഇബ്‌നു ഹജറുല്‍ അസ്ഖലാനി വ്യക്തമായിട്ടുണ്ട്.

ഇമാം അഹ്മദ് ബ്ന്‍ ഹന്‍ബലിന്റെയും ഇമാം ബുഖാരിയുടെയും ശിഷ്യനാകുവാന്‍ ഭാഗ്യം ലഭിച്ച അബുല്‍ ഹുസൈന്‍ മുസ്‌ലിമിബ്‌നുല്‍ ഹജ്ജാജ് അല്‍ നൈസാപൂരി (ഹി 202-261) ആണ് സ്വഹീഹായ ഹദീഥുകളെ മാത്രം ക്രോഡീകരിച്ചുകൊണ്ട് ഗ്രന്ഥരചന നടത്തിയ മറ്റൊരു മഹാവ്യക്തിത്വം. നാല്‍പത്തിമൂന്ന് അധ്യായങ്ങളിലായി 7563 ഹദീഥുകളാണ് അദ്ദേഹത്തിന്റെ സ്വഹീഹു മുസ്‌ലിമിലുള്ളത്;(29) ആവര്‍ത്തനങ്ങള്‍ ഒഴിവാക്കിയാല്‍ 2200 ഹദീഥുകളാണ് സ്വഹീഹു മുസ്‌ലിമിലുള്ളതെന്ന് പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനുശേഷം പലരും ഹദീഥുകള്‍ ക്രോഡീകരിച്ച് ഗ്രന്ഥങ്ങളെഴുതിയെങ്കിലും മുസ്‌ലിം ലോകത്ത് പരക്കെ അറിയപ്പെട്ടത് ഇവയിലുള്ള പ്രധാനപ്പെട്ട നാല് ഹദീഥ് സമാഹാരങ്ങളാണ്. സുനനു അബീദാവൂദ്, അല്‍ജാമിഉത്തിര്‍മിദി, സുനനുന്നസാഈ, സുനനു ഇബ്‌നിമാജ എന്നിവയാണീ ഗ്രന്ഥങ്ങള്‍. സുനനു അബൂദാവൂദില്‍ 4800 ഹദീഥുകളും ജാമിഉത്തിര്‍മിദിയില്‍ 3950 ഹദീഥുകളും സുനനുന്നസാഇയില്‍ 5750 ഹദീഥുകളും സുനനു ഇബ്‌നുമാജയില്‍ 4485 ഹദീഥുകളുമാണുള്ളത്. കൃത്യമായി പ്രവാചകനിലല്‍ നിന്ന് തുടങ്ങി ഗ്രന്ഥം ക്രോഡീകരിച്ചവരില്‍ അവസാനിക്കുന്ന വിശ്വസ്തരുടെ ശൃംഖലയായ ഇസ്‌നാദുള്ളവയല്ല ഈ നാല് ഹദീഥ് സമാഹാരങ്ങളിലെയും ചില ഹദീഥുകളെന്ന വസ്തുത അവയുടെ സമാഹര്‍ത്താക്കള്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. സഹീഹുല്‍ ബുഖാരിയിലെയും സഹീഹു മുസ്‌ലിമിലെയും ഹദീഥുകള്‍ മുസ്‌ലിംലോകം ചോദ്യം ചെയ്യാതെ സ്വീകരിക്കുമ്പോള്‍ മറ്റ് നാല് ഗ്രന്ഥങ്ങളിലെയും ഹദീഥുകള്‍ അവയുടെ ഇസ്‌നാദ് പരിശോധിച്ച ശേഷം അവ സ്വീകാര്യമാണെന്ന് ബോധ്യപ്പെട്ടതിനുശേഷം മാത്രമെ സ്വീകരിക്കപ്പെടുകയുള്ളൂ.

മുഹമ്മദ് നബി(സ)യുടെ ജീവിതത്തെക്കുറിച്ച് നമുക്ക് അറിവു നല്‍കുന്ന രണ്ടാമത്തെ സ്രോതസ്സായ ഹദീഥുകള്‍ എത്രത്തോളം കൃത്യവും സൂക്ഷ്മവുമായാണ് രേഖപ്പെടുത്തപ്പെട്ടതെന്ന് ഹദീഥ് നിദാനശാസ്ത്രത്തിന്റെ ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ ബോധ്യമാകും. പ്രവാചകന്‍(സ)യോടൊപ്പം സഹവസിച്ചവര്‍, തെറ്റുകളൊന്നും വരുത്താതെ, സൂക്ഷ്മവും കൃത്യവുമായി അടുത്ത തലമുറക്ക് പറഞ്ഞുകൊടുത്തതെന്ന് ഉറപ്പുള്ള നിവേദനം മാത്രമെ സ്വഹീഹായ ഹദീഥായി പരിഗണിക്കപ്പെടുകയുള്ളൂ. ഇത്രയ്ക്കും കൃത്യവും സൂക്ഷ്മവുമായി രേഖപ്പെടുത്തപ്പെട്ട മറ്റൊരു ജീവചരിത്രവുമില്ലെന്നതാണ് വാസ്തവം. ആധുനിക കാലത്തെ ചരിത്രരചനയില്‍ പോലും രചയിതാവിന്റെവ്യക്തിത്വത്തെ വിമര്‍ശനവിധേയമാക്കി പറയുന്ന കാര്യങ്ങളുടെ യാഥാര്‍ഥ്യം മനസ്സിലാക്കുന്നതിനു വേണ്ടിയുള്ള സങ്കേതങ്ങള്‍ വേണ്ടവിധം വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരേ വ്യക്തിയുടെ ജീവിതത്തെ രണ്ടു രൂപത്തില്‍ നോക്കിക്കാണുന്നവര്‍ എഴുതിയ ചരിത്ര ഗ്രന്ഥങ്ങളിലെ പരാമര്‍ശങ്ങളുടെ സത്യത പരിശോധിക്കുവാന്‍ നമ്മുടെ പക്കല്‍ കാര്യമാത്രപ്രസക്തമായ മാനദണ്ഡങ്ങളൊന്നുമില്ല. സ്വഹീഹായ ഹദീഥുകളില്‍നിന്ന് നിര്‍ധരിക്കപ്പെടുന്ന നബിചരിത്രത്തിന്റെ സ്ഥിതിയതല്ല. . നബി(സ)യോടൊപ്പം ജീവിക്കുകയും അദ്ദേഹത്തിന്റെ ജീവിതം നേര്‍ക്കുനേരെ മനസ്സിലാക്കുകയും അത് രേഖപ്പെടുത്തുകയോ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുകയോ ചെയ്യുമ്പോള്‍ അബദ്ധങ്ങളോ അസത്യങ്ങളോ കടന്നുകൂടാതിരിക്കുവാന്‍ സൂക്ഷ്മത പ്രകടിപ്പിക്കുകയും ചെയ്തവരില്‍നിന്ന് നിവേദനം ചെയ്യപ്പെട്ട നബിചരിത്രമാണത്; നബി(സ)യുടെ അകവും പുറവും മനസ്സിലാക്കിയവരുടെ നേര്‍ക്കുനേരെയുള്ള ചിത്രീകരണം. ആ രൂപത്തില്‍ ഒരാളുടെയും ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ആത്മകഥയ്ക്ക്‌പോലും ഇത്രയ്ക്ക് സൂക്ഷ്മമായ ഒരു ജീവിതാഖ്യാനം നടത്താന്‍ കഴിയില്ല. സ്വന്തത്തിന്റെ കുറവുകള്‍ കാണാന്‍ ആത്മകഥാകാരന് കഴിയില്ലല്ലോ. ഒരു ലക്ഷത്തിലധികം പേരുടെ ദൃക്‌സാക്ഷി വിവരണത്തിന്റെ സാക്ഷ്യമാണ് സ്വഹീഹായ ഹദീഥുകള്‍ക്കുള്ളത്. നബി(സ) മരണപ്പെടുമ്പോള്‍ ജീവിച്ചിരുന്ന സ്വഹാബിമാരുടെ എണ്ണം ഒരു ലക്ഷത്തിലധികമായിരുന്നല്ലോ.