ഉസൂലുൽ ഹദീഥ്

//ഉസൂലുൽ ഹദീഥ്

ല്ല. മുഹമ്മദ് നബിക്കു (സ) ശേഷം രചിക്കപ്പെട്ടതാണെന്ന് വ്യക്തമാക്കുന്ന പരാമർശങ്ങളും ശാസ്ത്രീയമായ അബദ്ധങ്ങളും ഹദീഥുകളിലുണ്ടെന്ന് സ്ഥാപിക്കുവാൻ വേണ്ടിയുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട് എന്നത് ശരിയാണ്. അങ്ങനെ ഉണ്ടെന്നത് അടിസ്ഥാനരഹിതമായ ഒരു ആരോപണമാണ്.

ചരിത്രവിമര്‍ശന രീതിയില്‍ മത്‌നിനെ അപഗ്രഥിച്ച് അത് നബി(സ) പറഞ്ഞതല്ലെന്ന് സ്ഥാപിക്കണമെങ്കില്‍ അതില്‍ കാലാനുക്രമ പ്രമാദ (anarchonism) ങ്ങളെന്തെങ്കിലുമുണ്ടാവണം. നബി(സ)ക്കുശേഷം നിലവില്‍ വന്ന എന്തെങ്കി ലും കാര്യങ്ങളെക്കുറിച്ച പരാമര്‍ശങ്ങളുണ്ടാവുകയും പ്രസ്തുത പരാമര്‍ശങ്ങള്‍ നബി(സ)ക്കു ശേഷം രചിക്കപ്പെട്ടവയാണ് അതെന്ന് വ്യക്തമാക്കുകയും ചെയ്യുമ്പോഴാണ് അവയെ കാലാനുക്രമ പ്രമാദങ്ങളായി പരിഗണിക്കുന്നത്. അങ്ങനെയുള്ള എന്തെങ്കിലും സ്വഹീഹായ ഹദീഥുകളിലുള്ളതായി തെളിയിക്കുവാന്‍ വിമര്‍ശകര്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. അത്തരം വല്ല പരാമര്‍ശങ്ങളും മത്‌ന് ഉള്‍ക്കൊള്ളുന്നു ണ്ടോയെന്ന പരിശോധന കൂടി കഴിഞ്ഞ ശേഷമാണ് ഒരു ഹദീഥ് സ്വഹീഹാണെന്ന് തീരുമാനിക്കുന്നത് എന്നതിനാലാണിത്. കാലാനുക്രമ പ്രമാദങ്ങളെ പരതിപ്പരിശോധിച്ച് ബൈബിളിനെപ്പോലെയുള്ള രചനകളുടെ ചരിത്രപരതയെ ചോദ്യം ചെയ്യുന്നതു പോലെ ഹദീഥുകളുടെ ചരിത്രപരതയെ നിഷേധിക്കുവാന്‍ ചരിത്ര വിമര്‍ശകര്‍ക്ക് കഴിയില്ല. ചരിത്ര വിമര്‍ശന രീതിയുടെ വക്താക്കള്‍ കാലാനുക്രമപ്രമാദങ്ങളെ പഠനവിധേയമാക്കി ഏതെങ്കിലുമൊരു പുരാതന സ്രോതസ്സിന്റെ ചരിത്രപരത നിര്‍ണയിക്കുവാനുള്ള സങ്കേതങ്ങള്‍ കണ്ടെത്തുന്നതിന് നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ പ്രസ്തുത സങ്കേതങ്ങള്‍ക്ക് പിടികൊടുക്കാത്തവണ്ണം ഹദീഥുകളെ അന്യൂനമാക്കുവാന്‍ ഹദീഥ് നിദാന ശാസ്ത്ര ജ്ഞര്‍ക്ക് കഴിഞ്ഞിരുന്നുവെന്നര്‍ഥം.

നബി(സ)യില്‍ നിന്നുള്ളതാണെന്ന രീതിയില്‍ നിവേദനം ചെയ്യപ്പെട്ട ഹദീഥുകളിലൊന്നും കാലാനുക്രമ പ്രമാദങ്ങളുണ്ടായിരുന്നില്ല എന്ന് ഇതിനര്‍ഥമില്ല. അന്തിമ പ്രവാചകന്റെ പേരില്‍ ആരോപിക്കപ്പെട്ടിരുന്ന വ്യാജ ഹദീഥുകളുടെ മത്‌നുകളില്‍ അത്തരം പ്രമാദങ്ങളുണ്ടാ യിരുന്നു. നബി(സ)ക്ക് പതിറ്റാണ്ടുകള്‍ക്കു ശേഷം രചിക്കപ്പെടുകയും നബി(സ)യുടെ പേരില്‍ ആരോപിക്കപ്പെടുകയും ചെയ്യുന്ന വൃത്താന്തങ്ങളില്‍ അത് സ്വാഭാവികമാണ്. വ്യാജഹദീഥുകള്‍ നിര്‍മിച്ചയാളുടെ ചരിത്രപരമായ അജ്ഞതയുടെ തോതനുസരിച്ച് അത്തരം പ്രമാദ ങ്ങളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുമെന്നേയുള്ളൂ. 'ഇരുനൂറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ലോകാവസാനത്തിന്റെ അടയാള ങ്ങള്‍ പ്രത്യക്ഷപ്പെടുക' എന്ന ഹദീഥ് തള്ളുന്നതിന് ഇരുനൂറു വര്‍ഷം കഴിഞ്ഞിട്ടും അത്തരം ലക്ഷണങ്ങളൊന്നും കണ്ടിട്ടില്ല എന്ന കാരണം കൂടി ഇമാം ബുഖാരി പറഞ്ഞതായി ഇമാം ദഹബി വ്യക്തമാക്കുന്നുണ്ട്.(അദ്ദഹബി: മീസാനുല്‍ ഇഅ്തിദാല്‍, വാല്യം 3, പുറം 306) 'പ്രചാരത്തിലിരിക്കുന്ന മുസ്‌ലിം നാണയങ്ങളെ പൊട്ടിക്കുന്നത് പ്രവാചകന്‍(സ) വിലക്കിയിരിക്കുന്നു' വെന്ന ഹദീഥ് നിവേദനം ചെയ്ത മുഹമ്മദ് ബിന്‍ ഫദാ സ്വീകരിക്കുവാന്‍ കൊള്ളാത്തവനാണെന്ന് വിധിക്കുവാനുള്ള കാരണങ്ങളിലൊന്നായി അമവിയ്യാക്കളുടെ കാലത്ത് മാത്രമാണ് മുസ്‌ലിംകള്‍ നാണയങ്ങള്‍ അടിച്ചിറക്കാനാരംഭിച്ചത് എന്ന വസ്തുത എടുത്തുപറയുകയും നബി(സ)യുടെ കാലത്ത് നാണയം നിലനിന്നിരുന്നില്ലെന്നതിനാല്‍ അദ്ദേഹം അസ്വീകാര്യനാണെന്ന് ഇമാം ബുഖാരി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.(ഇമാം ബുഖാരിയുടെ അത്താരീഖുല്‍ ഔസത്തില്‍ നിന്ന് (വാല്യം 2, പുറം 110 -119) ഖൈബറിലെ യഹൂദന്‍മാരോട് നികുതിവാങ്ങിയതിന് സാക്ഷി സഅദ് ബ്‌നു മുആദും (റ)കരാര്‍ എഴുതിയത് മുആവിയയേുമായിരുന്നു' എന്ന ഹദീഥ് തള്ളിക്കളയുന്നതിനു ള്ള കാരണമായി ഖൈബര്‍ യുദ്ധകാലത്ത് കപ്പം വാങ്ങുന്ന സമ്പ്രദായമുണ്ടായിരുന്നില്ലെന്നും സഅദ്ബ്‌നു മുആദ്‌ (റ)പ്രസ്തുത യുദ്ധത്തിന് മുമ്പു തന്നെ മരണപ്പെട്ടിട്ടുണ്ടെന്നും മുആവിയ (റ)മുസ്‌ലിമായത് യുദ്ധത്തിന് ശേഷവുമാണെന്ന വസ്തുതകള്‍ കൂടി പണ്ഡിതന്മാര്‍ എടുത്തു പറഞ്ഞതായി നടേ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പ്രമാദങ്ങള്‍ കണ്ടെത്തുകയും അവയെ അപഗ്രഥിച്ച് മാറ്റിവെക്കുകയും ചെയ്ത ശേഷ മാണ് ഹദീഥ് നിദാന ശാസ്ത്രജ്ഞന്‍മാര്‍ സ്വഹീഹായ ഹദീഥുകളെ വേര്‍തിരിച്ച് രേഖപ്പെടുത്തിയത്. സ്വഹീഹായ ഹദീഥുകളുടെ മത്‌നില്‍ ഇനിയുമൊരു ചരിത്ര വിമര്‍ശനാപഗ്രഥനം ആവശ്യമില്ലെന്നര്‍ഥം.

സ്വഹീഹായ ഹദീഥുകളില്‍ ആരോപിക്കപ്പെടുന്ന ശാസ്ത്രാബദ്ധങ്ങളുടെ സ്ഥിതിയും ഇതുതന്നെയാണ്. ഖണ്ഡിതമായി തെളിയിക്കപ്പെട്ട ശാസ്ത്രവസ്തുതകളൊന്നും സ്വഹീഹായ ഹദീഥുകള്‍ നിഷേധിക്കുന്നില്ല. എന്നാല്‍ ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത കാര്യങ്ങളെക്കു റിച്ച പരാമര്‍ശങ്ങള്‍ അവയിലുണ്ടാവാം. നിലനില്‍ക്കുന്ന അറിവിന്റെ മാത്രം അടിസ്ഥാനത്തില്‍ അത്തരം പരാമര്‍ശങ്ങളെ അബദ്ധമായി ഗണിച്ച് ഹദീഥുകള്‍ അസ്വീകാര്യമാണെന്ന് വിധിക്കുന്നത് അപകടകരമാണ്. മനുഷ്യന്റെ വൈജ്ഞാനിക മണ്ഡലം ഇനിയെത്ര വളരാനിരി ക്കുന്നു?! പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ച അറിവിന്റെ ചുരുളുകള്‍ ഇനിയുമെത്ര നിവരാനിരിക്കുന്നു?! വിജ്ഞാനമഹാസാഗര ത്തിലെ തുള്ളികള്‍ മാത്രം ആസ്വദിക്കാന്‍ അവസരം ലഭിച്ച മനുഷ്യര്‍ക്കെങ്ങനെയാണ് പ്രസ്തുത സാഗരത്തിന്റെ ഉടമസ്ഥനായ അല്ലാഹു വിന്റെ ബോധനത്തെ തനിക്കു ലഭിച്ച ചെറിയ അറിവിന്റെ വെളിച്ചത്തില്‍ തള്ളിക്കളയാനാവുക? നമുക്ക് മനസ്സിലായിക്കഴിഞ്ഞിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ച് സ്വഹീഹായ ഹദീഥുകള്‍ എന്തെങ്കിലും പറയുന്നുവെങ്കില്‍, നമ്മുടെ വൈജ്ഞാനിക മണ്ഡലം അവിടെയെത്തിക്കഴി ഞ്ഞിട്ടില്ലെന്ന് കരുതി കാത്തിരിക്കുന്നതല്ലേ ശരി?! സ്വഹീഹായ ഹദീഥുകളില്‍ അശാസ്ത്രീയത പരതുന്നവര്‍ക്ക്, അറിയാനുള്ളതെല്ലാം അറിഞ്ഞുകഴിഞ്ഞവരാണ് തങ്ങളെന്ന് അഭിപ്രായമുണ്ടോ? ഇല്ലെങ്കില്‍, എങ്ങനെയാണ് ഹദീഥുകളെ തള്ളിക്കളയാന്‍ ശാസ്ത്രത്തിന്റെ ഉപകരണങ്ങള്‍ ഉപയുക്തമാവുക?

ഹദീഥുകളിലെ ആശയപ്രധാനമായ ഭാഗമായ മത് നിനെ ഉസൂലുൽ ഹദീഥിന്റെ പണ്ഡിതന്മാർ വിമർശിക്കുകയും യുക്തിക്ക് വിരുദ്ധമായവ തള്ളിക്കളയുകയും ചെയ്തിട്ടുണ്ടല്ലോ. നബിയിൽ നിന്ന് സ്വീകാര്യമായ പരമ്പര(സനദ്)യോടെ നിവേദനം ചെയ്യപ്പെട്ട ഹദീഥുകളിൽ തന്നെ യുക്തിവിരുദ്ധമായ കാര്യങ്ങളുണ്ടെന്ന് പറയുമ്പോൾ അത് ഹദീഥുകളുടെ സ്വീകാര്യതയെ സംശയാസ്പദമാക്കുന്നില്ലേ ?

ദീഥ് നിദാനശാസ്ത്രജ്ഞന്‍മാര്‍ മത്‌ന് വിമര്‍ശനം നടത്തിയെന്ന് പറയുമ്പോള്‍ തങ്ങളുടെ ബുദ്ധിക്കോ യുക്തിക്കോ യോജിക്കാത്തവയും ക്വുര്‍ആനിനെതിരാണെന്ന് തങ്ങള്‍ക്ക് തോന്നുന്നതുമായ ഹദീഥുകളെല്ലാം തള്ളിക്കളയണമെന്ന് ധരിച്ചു കൂടാത്തതാണ്. യുക്തിക്കോ ബുദ്ധി ക്കോ എതിരാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന ഹദീഥുകളില്‍ പലതിനെയും അവഗാഢമായി അപഗ്രഥിച്ചാല്‍ അതില്‍ യുക്തിവിരുദ്ധമായി യാതൊന്നുമില്ലെന്ന് കാണാനാവും. ക്വുര്‍ആനിക തത്ത്വങ്ങള്‍ക്കെതിരാണെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന ചില ഹദീഥുകളുടെ സ്ഥിതിയും ഇതു തന്നെയാണ്. ആയത്ത് അവതരിപ്പിക്കപ്പെട്ട സന്ദര്‍ഭവും ഹദീഥിലെ സംഭവത്തിന്റെ പശ്ചാത്തലവും മനസ്സിലാക്കി വ്യാഖ്യാനിച്ചാല്‍ ഇങ്ങനെ ആരോപിക്കപ്പെട്ട പല ഹദീഥുകളിലുമുള്ളത് ക്വുര്‍ആനിന് പൂരകമായ കാര്യങ്ങളാണെന്ന് ബോധ്യപ്പെടും. അതുകൊണ്ടു തന്നെ പണ്ഡിതന്‍മാര്‍ക്ക് മത്‌ന് വിമര്‍ശനം വഴി മാത്രമായി ഹദീഥുകളൊന്നും തള്ളിക്കളയേണ്ടി വന്നിട്ടില്ല. ഇസ്‌നാദ് സ്വഹീഹാണെങ്കില്‍ മത്‌നും സ്വീകാര്യമാണെന്ന നിലപാടിനെ ചോദ്യം ചെയ്യാനാകുന്ന തരത്തിലുള്ള മത്‌നകളൊന്നും തന്നെ സ്വഹീഹായ ഹദീഥുകള്‍ ഉള്‍ക്കൊള്ളുന്നില്ല.

തങ്ങള്‍ക്ക് ഗ്രഹിക്കാന്‍ കഴിയാത്ത കാര്യങ്ങളേതെങ്കിലും ഹദീഥുകളിലുണ്ടെങ്കില്‍ കണ്ണടച്ച് അത് യുക്തിക്കെതിരാണെന്നും തള്ളിക്കളയേണ്ട താണെന്നും പറയുന്നവരായിരുന്നില്ല ഹദീഥ് നിദാനശാസ്ത്രജ്ഞര്‍ എന്നതാണ് ശരി. നബി(സ)യുടെ വ്യക്തിത്വത്തെയും ദൗത്യത്തെയും കുറിച്ച് കൃത്യമായ അവബോധം അവര്‍ക്കുണ്ടായിരുന്നു എന്നതുകൊണ്ടായിരുന്നു ഇത്. ദൈവികബോധനത്തിന്റെ അടിസ്ഥാനത്തിലുള്ള നബിമൊഴികളില്‍ യുക്തിക്ക് വിരുദ്ധമായ വല്ലതുമുണ്ടെന്ന് തങ്ങള്‍ക്ക് തോന്നിയാല്‍ അത് തങ്ങളുടെ യുക്തിയുടെ കുഴപ്പമായിക്കൂടേയെ ന്നായിരിക്കും അവര്‍ ആദ്യം പരിശോധിക്കുക. സാമാന്യയുക്തിയുമായി ഒരര്‍ഥത്തിലും പൊരുത്തപ്പെടാത്തതാണെങ്കില്‍ മാത്രമായിരിക്കും അവരത് തള്ളിക്കളയുക. അറിയപ്പെടുന്ന യാഥാര്‍ഥ്യങ്ങള്‍ക്കെതിരാണ് നബിമൊഴികളെന്ന് അവര്‍ക്ക് തോന്നിയാല്‍ അതിലെ പരാമര്‍ശ ങ്ങള്‍ ഇന്ന് മനസ്സിലാക്കാന്‍ സാധ്യതയില്ലാത്തതും ഭാവിയില്‍ അറിയാന്‍ കഴിയുന്നതുമാണോയെന്നായിരിക്കും അവര്‍ പരിശോ ധിക്കുക; ക്വുര്‍ആനിനോ അറിയപ്പെടുന്ന ഹദീഥുകള്‍ക്കോ എതിരാണെന്ന് തോന്നുന്ന പരാമര്‍ശങ്ങളുള്ള ഒരു ഹദീഥ് ലഭിച്ചാല്‍ എതിരാണെന്നത് പരിമിതമായ അറിവുപയോഗിച്ചുള്ള തന്റെ വിലയിരുത്തല്‍ മാത്രമാണോ അതല്ല യാഥാര്‍ഥ്യം തന്നെയാണോയെന്നായിരിക്കും അവര്‍ അപഗ്രഥിക്കുക. മത്‌ന് വിമര്‍ശനത്തിന്റെ വെളിച്ചത്തില്‍ മാത്രമായി ഹദീഥുകള്‍ തള്ളിക്കളയാറുണ്ടായിരുന്നില്ലെന്ന് സാരം.

സ്വീകാര്യമായ സനദോടു കൂടിയുള്ളവയാണെങ്കില്‍ മത്‌നിലെ അസ്വീകാര്യമെന്നു തോന്നുന്ന കാര്യങ്ങള്‍ വ്യാഖ്യാനിച്ച് യോജിപ്പിക്കാന്‍ ശ്രമിക്കുന്ന ഹദീഥ് നിദാനശാസ്ത്രജ്ഞരുടെ പരിശ്രമങ്ങള്‍ അവരുടെ ആത്മാര്‍ഥതയില്‍നിന്നുല്‍ഭൂതമായവയായിരുന്നു. ബുദ്ധിയുടെയും യുക്തിയുടെയും ഉന്നതവിതാനത്തിലാണ് തങ്ങളെന്ന അഹങ്കാരം അവര്‍ക്കുണ്ടായിരുന്നില്ല. അല്ലാഹുവിന്റെ തീരുമാനത്തിനു മുമ്പില്‍ തങ്ങളുടെ യുക്തിബോധത്തെ സമര്‍പ്പിക്കുവാന്‍ സന്നദ്ധരായിരുന്നു അവര്‍. പ്രവാചകനില്‍നിന്നുള്ളവയാണെന്ന് ബാഹ്യമായ തെളിവുക ളാല്‍ സ്ഥാപിക്കപ്പെട്ട വചനങ്ങളിലെ പരാമര്‍ശങ്ങള്‍ തങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ലെങ്കില്‍ അത് തങ്ങളുടെ പരിമിതിയാണെന്ന് മനസ്സിലാക്കുവാനുള്ള വിനയം അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മത്‌ന് വിമര്‍ശനത്തെക്കാള്‍ അവര്‍ പ്രാധാന്യം നല്‍കിയത് സനദ് അപഗ്രഥനത്തിനാണ്. തങ്ങളുടെ രീതി മാത്രമാണ് ശരിയെന്ന് അഹങ്കരിക്കുന്നവര്‍ക്ക് സമര്‍പ്പണത്തില്‍ നിന്നുല്‍ഭൂതമായ യുക്തിയുടെ സാഷ്ടാംഗ പ്രണാമം മനസ്സിലായിക്കൊള്ളണമെന്നില്ല. അത്യുന്നതനായ നാഥനെക്കുറിച്ച അറിവില്‍ നിന്ന് ഉല്‍ഭൂതമാകുന്ന വിനയം ജീവിത സപര്യയാക്കാന്‍ കഴിയുമ്പോള്‍ മാത്രമെ മനുഷ്യയുക്തി സ്രഷ്ടാവിനു മുന്നില്‍ പ്രണാമം ചെയ്യുന്നതിന്റെ യുക്തിയെയും സമര്‍പ്പണത്തിന്റെ സൗന്ദര്യത്തെയും ആസ്വദിക്കാനാവൂ. അതിന്നുള്ള ഭാഗ്യം ഹദീഥ് നിഷേധികള്‍ക്ക് ഉണ്ടായിട്ടില്ലെന്ന് കരുതുന്നുതാവും ശരി!

തെറ്റായ ഒരു ആരോപണമാണിത്. തങ്ങളുടെ ദൗത്യത്തിന് മത്‌ന് വിമര്‍ശനം കൊണ്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയവരായിരുന്നു ഹദീഥ് നിദാനശാസ്ത്രജ്ഞര്‍ എന്നതിനാല്‍ തങ്ങളുടെ പ്രധാനപ്പെട്ട മേഖലയായി അവര്‍ കണ്ടത് സനദിന്റെ അപഗ്രഥനമായിരുന്നുവെന്നത് ശരി യാണ്. എന്നാല്‍ നബി(സ)യില്‍ നിന്നുള്ളതല്ലെന്ന് ഉറപ്പു നല്‍കുന്ന രിതിയിലുള്ള മത്‌നുകളുള്ള ഹദീഥുകള്‍ അവര്‍ അസ്വീകാര്യമായി വിലയിരുത്തിയിരുന്നുവെന്ന വസ്തുത നിഷേധിക്കാനാവാത്തതാണ്. തങ്ങളുടെ ദൗത്യത്തില്‍ മത്‌ന് വിമര്‍ശനത്തിന് ചെറിയൊരു ധര്‍മം മാത്രമെ നിര്‍വഹിക്കാനാവൂയെന്നതിനാല്‍ ഇസ്‌നാദുകള്‍ പരിശോധിക്കുവാനും അതിന്റെ സത്യതയും നൈരന്തര്യവും ഉറപ്പുവരുത്തു വാനും അവരുപയോഗിച്ച സമയവും ഊര്‍ജവുമായി താരതമ്യം ചെയ്യുമ്പോള്‍ മത്‌ന് വിമര്‍ശനത്തിന് വളരെ കുറച്ച് സമയവും ഊര്‍ജവും മാത്രമെ അവര്‍ ചെലവഴിച്ചിരുന്നുള്ളൂ. അതിന്റെ അടിസ്ഥാനത്തില്‍ ഹദീഥ് നിദാന ശാസ്ത്രജ്ഞന്‍മാര്‍ മത്‌ന് വിമര്‍ശനത്തെ അവഗണിച്ചു വെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണ്. ദുര്‍ബല ഹദീഥുകളുടെ കൂട്ടത്തിലുള്ള ശാദ്ദ്, മുദ്‌റജ് എന്നീ ഇനങ്ങളും വ്യാജ ഹദീഥുകളെ നിരീ ക്ഷിക്കാനുള്ള അടയാളങ്ങളായി പണ്ഡിതന്മാര്‍ വിശദീകരിച്ച കാര്യങ്ങളും മത്‌നിനെ അടിസ്ഥാനമാക്കിയുള്ള നിരൂപണത്തിന്റെ ഭാഗമാണ്

മത്‌ന് വിമര്‍ശനത്തില്‍ ഉസൂലുല്‍ ഹദീഥിന്റെ പണ്ഡിതന്‍മാര്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ താഴെ പറയുന്നവയാണ്.

 1. സാഹിത്യത്തിലും വാചകശുദ്ധിയിലും ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന നബി(സ)യില്‍ നിന്നുള്ളതാണെന്ന് ഉറപ്പു നല്‍കുന്ന വാചക ഘടനയിലുള്ളതും നിലവാരം കുറഞ്ഞ പദപ്രയോഗങ്ങള്‍ ഉള്‍ക്കാള്ളാത്തതുമാവുക.
 2. വ്യാഖ്യാനിക്കാന്‍ പറ്റാത്തവിധം പ്രാഥമിക ബുദ്ധിക്കോ തെളിയിക്കപ്പെട്ട വസ്തുതകള്‍ക്കോ അംഗീകരിക്കപ്പെട്ട സ്വഭാവ മൂല്യങ്ങള്‍ ക്കോ എതിരായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളാത്തതാവുക.
 3. ക്വുര്‍ആനോ സ്വീകരിക്കപ്പെട്ട ഹദീഥോ പണ്ഡിതന്‍മാരുടെ ഏകകണ്ഠമായ അഭിപ്രായമായ ഇജ്മാഓ ഉള്ള കാര്യത്തിനെതിരായി വ്യഖ്യാനിച്ച് യോജിപ്പിക്കാന്‍ കഴിയാത്ത പരാമര്‍ശങ്ങളില്ലാത്തതാവുക.
 4. നബി(സ)യുടെ കാലത്തെ അറിയപ്പെട്ട ചരിത്രയാഥാര്‍ഥ്യങ്ങള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ ഇല്ലാതിരിക്കുക.
 5. തര്‍ക്കമുള്ള കാര്യങ്ങളില്‍ നിവേദകന്റെ പക്ഷത്തെ ന്യായീകരിക്കുന്ന പ്രസ്താവനകളില്‍ നിന്ന് മുക്തമാവുക.
 6. ജനക്കൂട്ടത്തില്‍ വെച്ചു പരസ്യമായി നടന്ന ഒരു കാര്യമാണെങ്കില്‍ ധാരാളം പേര്‍ നിവേദനം ചെയ്യാന്‍ സാധ്യതയുണ്ടായിട്ടും ഒരാള്‍ മാത്രം നിവേദനം ചെയ്തത് അല്ലാതിരിക്കുക.
 7. തുച്ഛമായ കര്‍മങ്ങള്‍ക്ക് അതിരു കവിഞ്ഞ പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്യുന്നതോ ഭയങ്കരമായ ശിക്ഷകളെക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്നതോ ആയ പരാമര്‍ശങ്ങള്‍ ഇല്ലാതിരിക്കുക.
 8. ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് വിരുദ്ധമായ നീചമായ കാര്യങ്ങള്‍ക്ക് പ്രേരണയോ പ്രോല്‍സാഹനമോ നല്‍ കുന്ന പരാമര്‍ശങ്ങള്‍ ഇല്ലാതിരിക്കുക.

നബി(സ)യില്‍ നിന്നുള്ളതല്ലെന്ന് ഉറപ്പിക്കാനാവുന്ന മത്‌ന് ഉള്‍ക്കൊള്ളുന്ന ഹദീഥുകള്‍ അസ്വീകാര്യമായവയാണെന്ന് വിധിക്കുകയും അതി നെതിരെ ബോധവല്‍ക്കരിക്കുകയും ചെയ്ത നിരവധി സംഭവങ്ങളുണ്ട്. 'നൂഹ് നബി(അ)യുടെ കപ്പല്‍ കഅ്ബയെ ഏഴു തവണ പ്രദക്ഷിണം ചെയ്യുകയും മഖാമു ഇബ്‌റാഹീമില്‍ നമസ്‌കരിക്കുകയും ചെയ്തു', 'സുന്ദരമായ മുഖത്തേക്ക് നോക്കുന്നത് കണ്ണിന് കാഴ്ച തെളിയിക്കും', 'ഉനജ്ബ്‌നു ഉനുബ് എന്ന ഒരാളുടെ നീളം മൂവായിരം മുഴമായിരുന്നു; നൂഹ് നബിയുടെ കാലത്തെ പ്രളയം അയാളുടെ ഞെരിയാണിവ രെയേ എത്തിയിരുന്നുള്ളൂ', 'പൂവന്‍ കോഴി എന്റെ സുഹൃത്താണ്; എന്റെ സുഹൃത്തിന്റെ സുഹൃത്ത് ജിബ്‌രീലാണ്' തുടങ്ങിയ പരാമ ര്‍ശങ്ങളുള്ള ഹദീഥുകള്‍ പ്രാഥമിക ബുദ്ധിക്കും അംഗീകരിക്കപ്പെട്ട സ്വഭാവമൂല്യങ്ങള്‍ക്കുമെതിരാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കി യിട്ടുണ്ട്. 'വ്യഭിചാരത്തില്‍ ജനിച്ച സന്താനം ഏഴു മക്കള്‍വരേക്കും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല' എന്ന ഹദീഥ് ഒരാളുടെ കുറ്റം മറ്റൊ രാള്‍ വഹിക്കുകയില്ലെന്ന ക്വുര്‍ആനിന്റെ സ്പഷ്ടമായ ആശയത്തിനെതിരാണെന്നും 'സത്യവുമായി പൊരുത്തപ്പെടുന്ന ഒരു വചനം എന്നെപ്പറ്റി പറയപ്പെട്ടാല്‍, ഞാന്‍ അത് പറഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങളത് പിന്‍പറ്റുക'യെന്ന ഹദീഥ് നബി(സ)യെപ്പറ്റി കളവു പറയരുതെന്ന് വിലക്കുന്ന സുപ്രസിദ്ധമായ ഹദീഥിന് വിരുദ്ധമാണെന്നും 'സന്താനത്തിന് മുഹമ്മദ് എന്നു പേരിട്ടാല്‍ അവനും അവന്റെ സന്താനവും സ്വര്‍ഗത്തിലായിരിക്കും' എന്ന ഹദീഥ് നാമമല്ല കര്‍മമാണ് സ്വര്‍ഗപ്രാപ്തിക്ക് നിദാനമെന്ന സ്ഥിരപ്പെട്ട ഇസ്‌ലാമിക തത്ത്വ ത്തിന് എതിരാണെന്നും ഖൈബറിലെ യഹൂദന്‍മാരില്‍നിന്ന് നികുതിവാങ്ങി, അതിന് സാക്ഷി നിന്നത് സഅദ്ബ്‌നു മുആദും (റ) കരാര്‍ എഴുതിയത് മുആവിയയേുമായിരുന്നുവെന്ന ഹദീഥ്, കപ്പം വാങ്ങുന്ന സമ്പ്രദായം അന്ന് നിലവിലുണ്ടായിരുന്നില്ല, ഖൈബറിന് മുന്‍പ് ഖന്‍ദഖ് യുദ്ധം കഴിഞ്ഞ ഉടനെ മരണപ്പെട്ടയാളാണ് സഅദ്, മുആവിയ ഇസ്‌ലാം സ്വീകരിച്ചത് ഖൈബറിന് മാസങ്ങള്‍ക്ക് ശേഷം നടന്ന മക്കാവിജയത്തിനു ശേഷമാണ് എന്നീ കാരണങ്ങളാല്‍ മാത്രമായിത്തന്നെ അസ്വീകാര്യമായി ഗണിക്കാവുന്നതാണെന്നും നബി(സ)യെ കുളി മുറിയില്‍ വെച്ച് കണ്ടതായി അനസ്‌ (റ) നിവേദനം ചെയ്ത ഹദീഥ് അക്കാലത്ത് ഹിജാസില്‍ കുളിമുറിയുണ്ടാക്കുന്ന സമ്പ്രദായമില്ലെന്ന കാരണത്താല്‍ തന്നെ തള്ളിക്കളയാവുന്നതാണെന്നും ഹദീഥ് നിദാനശാസ്ത്രജ്ഞന്മാര്‍ എടുത്തു പറഞ്ഞിട്ടുണ്ട്.   (ഡോക്ടര്‍ മുസ്തഫ സ്‌സ ബാഇയുടെ സുന്നത്തും ഇസ്‌ലാം ശരീഅത്തില്‍ അതിന്റെ സ്ഥാനവും എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കപ്പെട്ടവയാണീ ഹദീഥുകള്‍.)

എന്നാല്‍ ഇവയൊന്നും തന്നെ മത്‌ന് വിമര്‍ശനം വഴി മാത്രം മാറ്റിനിര്‍ത്തപ്പെട്ടവയല്ല. പ്രത്യുത, അവയുടെ ഇസ്‌നാദുകള്‍ കൂടി പരിശോധിച്ച ശേഷം അവ ദുര്‍ബലമാണെന്ന് ബോധ്യപ്പെട്ട ശേഷം മാത്രം തള്ളപ്പെട്ട ഹദീഥുകളാണ്. ഇസ്‌നാദുകള്‍ പ്രബലമായ ഹദീഥുകളെയൊന്നും മത്‌ന് വിമര്‍ശനം വഴി പണ്ഡിതന്‍മാര്‍ക്ക് തള്ളിക്കളയേണ്ടിവന്നിരുന്നില്ല എന്ന് പറയുന്നതാവും ശരി; നിഷ്‌കൃഷ്ടമായ ഇസ്‌നാദ് പരിശോധന യുടെ അരിപ്പയിലൂടെ നബി(സ)യില്‍ നിന്നുള്ളതാണെന്ന് ഉറപ്പുള്ള ഹദീഥുകള്‍ മാത്രമേ പുറത്ത്‌വന്നിരുന്നുള്ളു. അവയുടെ മത്‌നിന് കുഴ പ്പങ്ങളെന്തെങ്കിലുമുള്ളതായി പണ്ഡിതന്‍മാര്‍ക്ക് തോന്നിയിരുന്നില്ല. സ്വഹീഹായ സനദോടുകൂടി നിവേദനം ചെയ്യപ്പെട്ട ഹദീഥുകളുടെ മത്‌നുകളിലേതിലെങ്കിലും നടേ പറഞ്ഞ തകരാറുകള്‍ കണ്ടെത്തുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നിരുന്നില്ല എന്നര്‍ഥം.

ദീഥുകളുടെ ധര്‍മത്തെയും ദൗത്യത്തെയും പറ്റി വേണ്ടത്ര മനസ്സിലാക്കാത്തതുകൊണ്ട് ഉയര്‍ന്നുവരുന്നതാണീ അഭിപ്രായം. ചരിത്രപരമെന്നതിലേറെ ധാര്‍മികമായ ദൗത്യമാണ് ഹദീഥുകള്‍ നിര്‍വഹിക്കുന്നത്. മുഹമ്മദ് നബി(സ) ഒരു ചരിത്രപുരുഷനായിരുന്നുവെന്ന് സ്ഥാപിക്കുകയല്ല ഹദീഥുകളുടെ ധര്‍മം. ആ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കി അദ്ദേഹത്തെ അനുധാവനം ചെയ്യാന്‍ മുസ്‌ലിംകളെ പര്യാപ്തരാക്കിത്തീര്‍ക്കുകയാണ് ഹദീഥുകള്‍ ചെയ്യുന്നത്. കേവലമൊരു ചരിത്രപുരുഷനോ ആത്മീയാചാര്യനോ ഭരണാ ധികാരിയോ അല്ല മുഹമ്മദ് നബി(സ). സര്‍വശക്തനില്‍നിന്ന് ബോധനം ലഭിച്ചുകൊണ്ടിരുന്ന പ്രവാചകനാണ്; ആ ബോധനപ്രകാരം സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും അനുവദിക്കുകയും ചെയ്ത ദൈവദൂതനാണ്. വാക്കും പ്രവൃത്തിയും അനുവാദവുമെല്ലാം ദൈവികബോധന പ്രകാരം ചിട്ടപ്പെടുത്തിയ അന്തിമപ്രവാചകന്റെ ജീവിതത്തില്‍ സംഭവിച്ചതും അദ്ദേഹം പറഞ്ഞതും ചെയ്തതും അനുവദിച്ചതുമായ കാര്യങ്ങളുടെ രേഖീകരണമാണല്ലോ ഹദീഥ്. ദൈവിക ബോധനങ്ങളാല്‍ സ്ഥിരപ്പടുത്തപ്പെടുന്ന കാര്യങ്ങള്‍ ശാസ്ത്രീയ മായ അപഗ്രഥനത്തിനതീതമാണ് എന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെയാകുമ്പോള്‍ നബി(സ)യുടെ ജീവിതത്തിന്റെ രേഖീകരണമായ ഹദീഥുകളെ ശാസ്ത്രീയ വിശകലനത്തിന് വിധേയമാക്കുന്നതെങ്ങനെയാണ്?

നബിജീവിതത്തിലെ അമാനുഷിക സംഭവങ്ങള്‍ ഉദാഹരണമായെടുക്കുക. ഒരു അത്ഭുതം കാണിക്കാനാവശ്യപ്പെട്ട മക്കാമുശ്‌രിക്കുകളുടെ മുന്നില്‍ വെച്ച് ചന്ദ്രന്‍ പിളര്‍ന്നതായി വ്യക്തമാക്കുന്ന സ്വഹീഹായ ഹദീഥുകളുണ്ട്.( സ്വഹീഹുല്‍ ബുഖാരി, കിതാബു മനാക്വിബില്‍ അന്‍സ്വാര്‍; സ്വഹീഹു മുസ്‌ലിം, കിതാബു സ്വിഫാത്തില്‍ ക്വിയാമഃ വല്‍ജന്നഃ വന്നാര്‍;  കിതാബുല്‍ ഈമാന്‍.) ക്വുര്‍ആനിലും ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. (54:1,2). ഒരൊറ്റ രാത്രികൊണ്ട് നബി(സ) മക്കയിലുള്ള മസ്ജിദുല്‍ ഹറമില്‍ നിന്ന് ഫലസ്തീനിലുള്ള മസ്ജിദുല്‍ അഖ്‌സയിലേക്കും അവിടെനിന്ന് ആകാശലോകങ്ങളിലേക്കും യാത്രചെയ്തതായി സ്ഥിരികരിക്കപ്പെട്ട ഹദീഥുകള്‍ വ്യക്തമാക്കുന്നു.( സ്വഹീ ഹുല്‍ ബുഖാരി, കിതാബു മനാഖിബുല്‍ അന്‍സ്വാര്‍; സ്വഹീഹു മുസ്‌ലിം, കിതാബുസ്‌സ്വഹാബ.) മസ്ജിദുല്‍ ഹറമില്‍നിന്ന് അഖ്‌സയിലേക്കുള്ള നിശാപ്രയാണം ക്വുര്‍ആനും ശരിവെക്കുന്നുണ്ട്. (17:1)

ഇങ്ങനെ നിരവധി അത്ഭുതസംഭവങ്ങള്‍ നബിജീവിതത്തിലുണ്ടായിട്ടുണ്ട്. ഇവ അത്ഭുതങ്ങളാവുന്നതു തന്നെ ശാസ്ത്രത്തിന് വിശദീകരിക്കു വാന്‍ കഴിയാത്തതുകൊണ്ടാണ്. ഇവയുള്‍ക്കൊള്ളുന്ന ഹദീഥുകളെ ചരിത്രവിമര്‍ശന രീതിയില്‍ അപഗ്രഥിക്കുന്നതെങ്ങനെയാണ്? അത്തരമൊരു അപഗ്രഥനത്തിന് വിധേയമാക്കിയാല്‍ ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്ന് പറയാനേ ചരിത്രവിമര്‍ശകര്‍ക്ക് കഴിയൂ. അവരുടെ പരിശോധനാ സങ്കേതങ്ങളുടെ വരുതിയിലൊതുങ്ങുന്നതല്ല ഈ സംഭവങ്ങള്‍ എന്നു പറയുന്നതാവും ശരി. ചരിത്രവിമര്‍ശന ത്തിന്റെ പരീക്ഷണനാളിക്ക് ഉള്‍ക്കൊള്ളാനാവാത്ത വിധം ബൃഹത്തായ വിഷയങ്ങളാണ് ഹദീഥുകള്‍ കൈകാര്യം ചെയ്യുന്നതെന്നര്‍ഥം.

നബി(സ) പറയുകയോ ചെയ്യുകയോ അനുവദിക്കുകയോ ചെയ്തുവെന്ന് ഉറപ്പുള്ള കാര്യങ്ങള്‍ ചോദ്യം ചെയ്യാതെ അനുധാവനം ചെയ്യു ന്നവനാണ് മുസ്‌ലിം. അത് ഉറപ്പിക്കുകയാണ് ഹദീഥ് നിദാനശാസ്ത്രത്തിന്റെ ധര്‍മം. മത്‌നിനെ ചരിത്രവിമര്‍ശനത്തിന്റെ രീതിയില്‍ അപഗ്രഥിച്ചാല്‍ പരമാവധി പറയാന്‍ കഴിയുക നബി(സ) അത് ചെയ്തിട്ടില്ലെന്നോ ചെയ്തിരിക്കാന്‍ സാധ്യതയുണ്ടെന്നോ മാത്രമാണ്. ചെയ്തിട്ടില്ലെന്ന് ഉറപ്പിക്കുവാനല്ലാതെ ചെയ്തിട്ടുണ്ടെന്ന് ഉറപ്പിക്കാനാവശ്യമായ സങ്കേതങ്ങള്‍ ചരിത്രവിമര്‍ശകന്‍മാര്‍ക്ക് വികസിപ്പിച്ചെ ടുക്കുവാന്‍ കഴിഞ്ഞിട്ടില്ല. ഹദീഥ് നിദാനശാസ്ത്രത്തിന്റെ ദൗത്യം നബി(സ) ചെയ്യുകയോ പറയുകയോ അനുവദിക്കുകയോ ചെയ്തിട്ടു ണ്ടെന്ന് ഉറപ്പിക്കുകയാണ്. അതിന് മത്‌ന് വിമര്‍ശനം തീരെ അപര്യാപ്തമാണ്. നബി(സ)യില്‍ നിന്നുണ്ടായതല്ലെന്ന് ഉറപ്പുള്ള കാര്യങ്ങള്‍ മത്‌നില്‍ ഉണ്ടെങ്കില്‍ അത് അസ്വീകാര്യമാണെന്ന് ഹദീഥ് നിദാനശാസ്ത്രജ്ഞര്‍ വിധിച്ചിട്ടുമുണ്ട്.

വിശ്വാസം, കര്‍മം, സ്വഭാവം, മര്യാദ, നിയമം തുടങ്ങിയ കാര്യങ്ങളാണ് ഹദീഥുകള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍. ദൈവിക ബോധ നപ്രകാരമുള്ള നബി നിര്‍ദേശങ്ങള്‍ അപ്പടി സ്വീകരിക്കുകയാണ് ഇത്തരം വിഷയങ്ങളില്‍ മുസ്‌ലിം ചെയ്യേണ്ടതെന്നാണ് പഠിപ്പിക്കപ്പെട്ടി രിക്കുന്നത്. തന്നിഷ്ട പ്രകാരമല്ല, ദൈവികബോധനത്തിന്റെ അടിസ്ഥാനത്തിലാണ് നബി(സ) സംസാരിച്ചതെന്ന് ഖുര്‍ആന്‍ (53:3,4) വ്യക്തമാ ക്കുന്നുണ്ട്. ഒരു പ്രത്യേക കര്‍മം മുഹമ്മദ് നബി(സ) പഠിപ്പിച്ചിട്ടുണ്ടോ ഇല്ലേയെന്ന് മനസ്സിലാക്കാന്‍ ചരിത്രവിമര്‍ശന രീതിയില്‍ മത്‌നിനെ അപഗ്രഥന വിധേയമാക്കിയാല്‍ കഴിയുമോ? വുദുവെടുക്കുമ്പോള്‍ ഏതെല്ലാം അവയവങ്ങള്‍ എത്ര തവണ വീതമാണ് നബി(സ) കഴുകിയ തെന്ന് പഠിപ്പിക്കുന്ന ഹദീഥിനെ അപഗ്രഥിച്ച് അത് നബി(സ)യില്‍ നിന്നുള്ളതാണോ അല്ലേയെന്ന് വ്യക്തമാക്കുവാന്‍ ചരിത്രവിമര്‍ശന രീതി യുടെ അപ്രമാദിത്വത്തില്‍ അഹങ്കരിക്കുന്നവര്‍ക്ക് കഴിയുമോ? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം 'ഇല്ല'യെന്നാണ്. മത്‌ന് വിമര്‍ശനം വഴി ഹദീഥ് നിദാനശാസ്ത്രത്തിന് അതിന്റെ ദൗത്യം നിര്‍വഹിക്കാനാവില്ലെന്നര്‍ഥം.

നബിജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്‌കാരമാണ് തങ്ങള്‍ക്ക് ലഭിക്കേണ്ടത് എന്നതിനാല്‍ അതിന് ഉപയുക്തമായ ഏറ്റവും ശാസ്ത്രീ യമായ രീതിയാണ് ഹദീഥ് നിദാനശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തത്. മത്‌ന് വിമര്‍ശനം വഴി തങ്ങള്‍ക്കാവശ്യമായത് ലഭിക്കില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. സ്വീകാര്യമായ മത്‌നുകള്‍ ഏതൊക്കെയാണെന്നായിരുന്നു അവര്‍ അന്വേഷിച്ചത്. അപഗ്രഥിക്കുവാനാകാത്ത വിവരങ്ങളുള്‍ക്കൊള്ളുന്നതും തങ്ങള്‍ നിര്‍ബന്ധമായും പിന്തുടരേണ്ടതുമായ മത്‌നുകള്‍ വേര്‍തിരിച്ചു മനസ്സിലാക്കുവാനാണ് അവര്‍ സനദിനെ നിഷ്‌കൃഷ്ടമായി അപഗ്രഥിച്ചത്. അവര്‍ക്കാവശ്യമായത് അതില്‍ നിന്ന് അവര്‍ക്ക് ലഭിക്കുകയും ചെയ്തു. ഹദീഥ് നിദാനശാ സ്ത്രത്തിന്റെ ധര്‍മത്തെയും ദൗത്യത്തെയും കുറിച്ച് മനസ്സിലാകാത്തുകൊണ്ടാണ് സനദ് അപഗ്രഥനമല്ല മത്‌ന് വിമര്‍ശനമാണ് ശാസ്ത്രീയം എന്ന് ചിലര്‍ കരുതാനുള്ള കാരണമെന്ന് പറയുന്നത് അതുകൊണ്ടാണ്.

ദീഥുകളുടെ സ്വീകാര്യതയെ കുറിക്കുന്ന പ്രയോഗങ്ങളാണ് സ്വഹീഹ്, ദ്വഈഫ്, ഹസൻ എന്നിവ. അസ്വീകാര്യമായ ഹദീഥുകളെ കുറിക്കുവാന്‍ ആദ്യകാലത്ത് ഉപയോഗിക്കപ്പെട്ട രണ്ടു പ്രയോഗങ്ങളായിരുന്നു 'മുന്‍കര്‍' (അസ്വീകാര്യം), 'ലയ്‌സ ലഹു അസ്‌ല്' (അതിന് അടിത്തറയൊന്നുമില്ല) എന്നിവ. ഇമാം മാലിക്കിന്റെ കാലം മുതല്‍ തന്നെ സ്വഹീഹ് (പ്രാമാണികം), ദ്വഈഫ് (ദുര്‍ബലം) എന്നീ ശബ്ദങ്ങളുപയോഗിച്ച് ഹദീഥുകളെ വര്‍ഗീകരിക്കാനാരംഭിച്ചിരുന്നു. ഹദീഥുകളുടെ ദൃഢീകരണത്തിന്റെ അടിസ്ഥാനത്തില്‍ മശ്ഹൂര്‍ (സുപ്രസിദ്ധം) എന്നും മുന്‍കര്‍ (അസ്വീകാര്യം) എന്നും തിരിച്ചു കൊണ്ടുള്ള വര്‍ഗീകരണവും അക്കാലത്തു തന്നെ നിലവിലുണ്ടായിരുന്നു.

സ്വഹീഹ്, മശ്ഹൂര്‍ എന്നീ പ്രയോഗങ്ങള്‍ സ്വീകാര്യതയെയും ദ്വഈഫ്, മുന്‍കര്‍ എന്നിവ അസ്വീകാര്യത യെയും കുറിക്കുന്നു. ഒരു ഋജുവായ (ആദില്‍) നിവേദകന്‍ അതേപോലെത്തന്നെ സത്യസന്ധനായ നിവേദകനില്‍ നിന്ന് എന്ന രൂപത്തില്‍ പ്രവാചകന്‍ വരെ നീളുന്ന മുറിയാത്ത സനദോടു കൂടിയത് എന്നാണ് സ്വഹീഹായ ഹദീഥിന് ഇമാം ഇബ്‌നു ഖുസൈമ തന്റെ സ്വഹീ ഹില്‍ നല്‍കിയിട്ടുള്ള നിര്‍വചനം. സ്വഹീഹായ ഹദീഥിനെക്കുറിച്ച് ഇമാം ശാഫി പറയുന്നത് ഇങ്ങനെയാണ്: ''ഓരോ നിവേദകനും അയാളുടെ മതത്തില്‍ ആത്മാര്‍ഥതയുള്ളവനാകണം; നിവേദനത്തില്‍ സത്യസന്ധനും. എന്താണ് നിവേദനം ചെയ്യുന്നതെന്ന് വ്യക്തമായി അറിയുന്നവനും വ്യത്യസ്ത പ്രയോഗങ്ങള്‍ വഴി ഭാഷയിലുണ്ടാകുന്ന അര്‍ഥവ്യത്യാസത്തെക്കുറിച്ച് ബോധവാനും അക്ഷരം പ്രതി ഉദ്ധരി ക്കുന്നവനുമായിരിക്കണം അയാള്‍. വ്യത്യസ്ത പ്രയോഗങ്ങള്‍വഴി ഭാഷയിലുണ്ടാകുന്ന അര്‍ഥവ്യത്യാസത്തെക്കുറിച്ച് മനസ്സിലാകാത്തയാ ളാണെങ്കില്‍ തന്റെ പ്രയോഗങ്ങള്‍ വഴി താന്‍ അനുവദനീയമായതിനെ വിരോധിക്കുന്നുണ്ടോയെന്നോ നിഷിദ്ധമായതിനെ അനുവദനീയമാ ക്കുന്നുണ്ടോയെന്നോ അറിയാന്‍ അയാള്‍ക്ക് കഴിയില്ലെന്നതു കൊണ്ടാണിത്. ഹദീഥില്‍ നിന്ന് താന്‍ മനസ്സിലാക്കിയതെന്തോ അതല്ല, താന്‍ എന്ത് കേട്ടോ അത് അയാള്‍ നിവേദനം ചെയ്യുമ്പോള്‍ ഹദീഥില്‍ അര്‍ഥവ്യത്യാസമുണ്ടാവുകയില്ല. തന്റെ ഓര്‍മയില്‍ നിന്നെടുത്ത് നിവേദനം ചെയ്യുന്നയാളാണെങ്കില്‍ നല്ല ഓര്‍മശക്തിയുള്ളയാളും രേഖകളില്‍ നിന്ന് ഉദ്ധരിക്കുന്നയാളാണെങ്കില്‍ രേഖാസംരക്ഷണത്തില്‍ അതീവശ്രദ്ധ യുള്ളയാളുമാകണം അയാള്‍. അറിയപ്പെട്ട ഹദീഥ് നിവേദകന്‍മാരുടെ നിവേദനത്തില്‍ പരാമര്‍ശിക്കപ്പെട്ട വിഷയമാണ് അയാള്‍ നിവേദനം ചെയ്ത ഹദീഥിലുള്ളതെങ്കില്‍ അതുമായി വൈരുധ്യം പുലര്‍ത്താത്ത വിധം യോജിപ്പുള്ളതാവണം. താന്‍ നേര്‍ക്കു നേരെ കേട്ടിട്ടില്ലാത്തത് കേട്ടുവെന്ന് വരുത്തിത്തീര്‍ത്ത് നിവേദനം ചെയ്യുന്ന മുദല്ലിസോ പ്രവാചകനില്‍ നിന്ന് വിശ്വസ്തമായ പരമ്പരയോടു കൂടി നിവേദനം ചെയ്യ പ്പെട്ട വചനങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ നിവേദനം ചെയ്യുന്നയാളോ ആകരുത് അയാള്‍. ഇവിടെ പറഞ്ഞ രീതിയിലുള്ള നിവേദകന്‍ മാര്‍ മാത്രമുള്ള നബി(സ) വരെയെത്തുന്ന മുറിയാത്ത ശൃംഖലയോടു കൂടിയ ഇസ്‌നാദുള്ള ഹദീഥുകളാണ് സ്വഹീഹ്''

ആദ്യകാലത്തെ ഹദീഥ് വിഭജനത്തില്‍ സ്വഹീഹ്, ദ്വഈഫ് എന്നിങ്ങനെ മാത്രമെയുണ്ടായിരുന്നുള്ളൂ. നടേപറഞ്ഞ ഗുണഗണങ്ങളുള്ളവ സ്വഹീഹും അല്ലാത്തവ ദ്വഈഫും എന്ന രൂപത്തിലായിരുന്നു വര്‍ഗീകരിക്കപ്പെട്ടിരുന്നത്. ഇസ്‌നാദിന്റെ നിഷ്‌കൃഷ്ടമായ പരിശോധനയില്‍ ചെറിയ പ്രശ്‌നങ്ങളുള്ളവ പോലും ദ്വഈഫായാണ് വിലയിരുത്തപ്പെട്ടിരുന്നത്. അതുകൊണ്ടാണ് പ്രബലമായ മറ്റു തെളിവുകള്‍ ലഭ്യമല്ലെ ങ്കില്‍ ദ്വഈഫായ ഹദീഥുകളുടെ അടിസ്ഥാനത്തില്‍ മതവിധി നിര്‍ണയിക്കാമെന്ന് ഇമാം അഹ്മദ് ബിന്‍ ഹന്‍ബല്‍ അഭിപ്രായപ്പെട്ടത്. സ്വഹീ ഹായ ഇസ്‌നാദില്ലെങ്കിലും മതവിധി നിര്‍ണയിക്കാന്‍ ഉപയുക്തമായ വിധം വിശ്വസനീയമായത്, പൂര്‍ണമായും അസ്വീകാര്യമായതും ഒഴിവാക്കപ്പെടേണ്ടതുമായത് എന്നിങ്ങനെ രണ്ടുതരം ദ്വഈഫുകളുണ്ടായിരുന്നുവെന്ന് ഇമാം ഇബ്‌നു തൈമിയ വ്യക്തമാക്കുന്നുണ്ട്.

ഹിജ്‌റ 279ല്‍ അന്തരിച്ച, ഇമാം ബുഖാരിയുടെ ശിഷ്യനും പ്രസിദ്ധമായ ആറ് ഹദീഥ് ഗ്രന്ഥങ്ങളിലൊന്നിന്റെ കര്‍ത്താവുമായ അബൂഈസാ മുഹമ്മദ്ബിനു ഈസാ അത്തിര്‍മിദിയാണ് സ്വഹീഹിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കിലും മതവിധി നിര്‍ണയിക്കുവാനായി ഉപയോഗിക്കാനാവുന്ന ഹദീഥുകളെ ഹസന്‍ (കുഴപ്പമില്ലാത്തത്) എന്ന പേരില്‍ ആദ്യമായി വിളിച്ചത്. തന്റെ ഹദീഥ് സമാഹാരത്തിന്റെ ആമുഖത്തില്‍ എന്താണ് ഹസനെന്നും എങ്ങനെയുള്ള ഹദീഥുകളെയാണ് ഹസനായി പരിഗണിക്കാനാവുകയെന്നും അദ്ദേഹം വിശദമായി വിവരിക്കുന്നുണ്ട്.‘കളവോ വ്യാജനിര്‍മിതിയോ ആരോപിക്കപ്പെടാത്തവര്‍ മാത്രം ഉള്‍ക്കൊള്ളുന്ന സനദോടു കൂടിയതും യോഗ്യതയു ള്ളവരുടെ നിവേദനത്തിന് വിരുദ്ധമായത് (ശാദ്ദ്) അല്ലാത്തതും ഒന്നിലധികം ശൃംഖലയോടെ നിവേദനം ചെയ്യപ്പെട്ടതുമായ ഹദീഥാണ് 'ഹസന്‍'എന്നാണ് അദ്ദേഹത്തിന്റെ നിര്‍വചനം. ഹസനായ ഹദീഥുകള്‍ രണ്ടുതരമാണെന്നും അശ്രദ്ധരും അമിതമായി അബദ്ധങ്ങള്‍ പിണയുന്നവരും കളവു പറഞ്ഞേക്കാമെന്ന് സംശയിക്കപ്പെടുന്നവരുമല്ലെങ്കിലും അര്‍ഹതയെക്കുറിച്ച് ശരിക്കും അറിയപ്പെട്ടിട്ടില്ലാത്ത ഒരാള്‍ സനദില്‍ ഉള്‍പെട്ടിരിക്കുവാന്‍ സാധ്യതയുള്ളതും അതേപ്രകാരമോ അതിനോട് സമാനമായ രീതിയിലോ വേറെവഴിക്ക് നിവേദനം ചെയ്യപ്പെട്ടതുമായ ഹദീഥുകളും സത്യസന്ധതയിലും വിശ്വസ്തതയിലും പ്രസിദ്ധനാണെങ്കിലും മനഃപാഠത്തിലും സൂക്ഷ്മതയിലും സ്വഹീ ഹിന്റെ സ്ഥാനം കൈവരിച്ചിട്ടില്ലാത്ത നിവേദകനിലൂടെ കടന്നുവന്നതും ആക്ഷേപവിധേയമാകാത്ത ഇസ്‌നാദോടുകൂടിയതും വിശാസ യോഗ്യ നിവേദനങ്ങള്‍ക്ക് വിരുദ്ധമാകാത്തതും കേടുപാടുകളില്ലാത്തതുമായ 'മത്‌ന്' ഉള്‍ക്കൊള്ളുന്ന ഹദീഥുകളുമാണ് 'ഹസന്‍' ആയി പരിഗണിക്കപ്പെടുന്ന രണ്ട് വിഭാഗങ്ങളെന്ന് ഹദീഥ് പണ്ഡിതനായ ഇബ്‌നുസ്‌സ്വലാഹ് വിശദീകരിച്ചിട്ടുണ്ട്.

സ്‌നാദുകള്‍ പരിശോധിച്ചതോടൊപ്പം തന്നെ ഹദീഥിന്റെ ആശയപ്രധാന ഭാഗമായ മത്‌നും ഹദീഥ് പണ്ഡിതന്‍മാരുടെ അപഗ്രഥനത്തിന് വിധേയമായിട്ടുണ്ട്.

ഭാഷാസാഹിത്യത്തിന് യോജിക്കാത്തവിധം താഴ്ന്ന നിലവാരത്തിലുള്ള പദപ്രയോഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതോ വ്യാഖ്യാനത്തിന് സാധ്യമല്ലാത്ത വിധം പ്രാഥമികബുദ്ധിക്ക് ഉള്‍ക്കൊള്ളാനാവാത്തതോ അനുഭവത്തിനും സാക്ഷ്യത്തിനും എതിരായതോ നിയമങ്ങളിലും സ്വഭാവഗുണങ്ങളിലുമുള്ള പൊതുതത്ത്വങ്ങള്‍ക്ക് വിരുദ്ധമായതോ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സ്പഷ്ടമായ കാര്യ ങ്ങളോട് യോജിക്കാത്തതോ ഇസ്‌ലാമിക നിയമ വ്യവസ്ഥയുടെ ആത്മാവിന് നിരയ്ക്കാത്തവിധം നീചമായ കാര്യങ്ങള്‍ക്ക് പ്രേരണനല്‍കു ന്നതോ അല്ലാഹുവിന്റ നടപടിക്രമങ്ങള്‍ക്ക് എതിരായ പരാമര്‍ശങ്ങളുള്‍ക്കൊള്ളുന്നതോ മാന്യന്‍മാര്‍ക്ക് ചെയ്യാന്‍ മടിയുള്ള നികൃഷ്ട ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്നതോ ക്വുര്‍ആനിനോടോ സ്ഥിരീകരിക്കപ്പെട്ട സുന്നത്തിനോടോ പണ്ഡിതന്‍മാരുടെ ഐകകണ്‌ഠേനയുള്ള അഭിപ്രാ യമായ ഇജ്മാഇനോടോ വ്യാഖ്യാനത്തിന് സാധ്യമല്ലാത്തവിധം എതിരായതോ നബി(സ)യുടെ കാലത്തെ ചരിത്രത്തിന് വിരുദ്ധമായതോ ചെറുതും നിസ്സാരവുമായ കര്‍മങ്ങള്‍ക്ക് വളരെ വലിയ പ്രതിഫലമോ കഠിനശിക്ഷയോ ഉണ്ടെന്ന് വിളംബരം ചെയ്യുന്നതോ ആയ ഹദീഥുക ളെ അസ്വീകാര്യമായവയുടെ ഗണത്തിലാണ് ആദ്യകാലം മുതല്‍ തന്നെ പണ്ഡിതന്‍മാര്‍ ഉള്‍പ്പെടുത്തിപ്പോന്നിട്ടുള്ളത്. അഥവാ ഇവയൊക്കെ വ്യാജ ഹദീഥുകളുടെ ലക്ഷണങ്ങളായി കണ്ടിരുന്നുവെന്ന് സാരം.

എന്നാല്‍ കേവലബുദ്ധിയുടെയോ യുക്തിയിടെയോ മാത്രം അടിസ്ഥാനത്തി ലുള്ള നടപടിയായിരുന്നില്ല ഇത്. നബി(സ)ക്ക് ദിവ്യബോധനമായി ലഭിക്കുന്ന അറിവുകളെ മനുഷ്യയുക്തിയുടെ ചട്ടകള്‍ക്കുള്ളില്‍ ഒതു ക്കാന്‍ കഴിയില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ 'മത്‌ന്' അപഗ്രഥിച്ചുകൊണ്ട് ഹദീഥുകളുടെ സ്വീകാര്യതയെപ്പറ്റി അഭിപ്രായം പറയുന്നതിന് മുമ്പ് തങ്ങള്‍ മനസ്സിലാക്കിയതല്ലാത്ത അര്‍ഥങ്ങളെന്തെങ്കിലും അതിനുണ്ടോയെന്നും വ്യാഖ്യാനിക്കുവാന്‍ പഴുതുകളെന്തെങ്കിലും അവശേഷിക്കുന്നുണ്ടോയെന്നും വിശദമായി അവര്‍ പരിശോധിച്ചിരുന്നു. മത്‌ന് വിമര്‍ശനത്തിലൂടെ മാത്രമായി ഹദീഥുകള്‍ തള്ളിക്കളയുകയെന്നതിലുപരിയായി അവയുടെ ഇസ്‌നാദുകള്‍ കൂടി പരിശോധിക്കുകയും അവ അസ്വീകാര്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്തശേഷം മാത്രമാണ് അത്തരം ഹദീഥുകള്‍ സ്വീകരിക്കാതെ മാറ്റിനിര്‍ത്തപ്പെട്ടത്. മത്‌നില്‍ തകരാറുള്ളതുകൊണ്ട് സ്വീകരിക്കാതിരുന്ന ഹദീഥുകള്‍ക്കുള്ള ഉദാഹരണമായി പറയപ്പെടുന്നവയെല്ലാം ദുര്‍ബലമായ ഇസ്‌നാദോടുകൂടിയവയാണ്. പ്രബലമായ ഇസ്‌നാദോടെ നിവേദനം ചെയ്യപ്പെട്ട ഹദീഥുകളിലൊന്നിലും തള്ളപ്പെടേണ്ട തരത്തിലുള്ള മത്‌നുകളുള്ളതായി ഹദീഥ് പണ്ഡിതന്‍മാര്‍ കരുതിയിരുന്നില്ലന്നര്‍ഥം.

സ്നാദ് പരിശോധനയും നിവേദകന്മാരെക്കുറിച്ച നിഷ്‌കൃഷ്ടമായ അപഗ്രഥനവും കഴിഞ്ഞാൽ,നിവേദകപരമ്പരയെ ബലപ്പെടുത്തുന്ന മറ്റു തെളിവുകൾ കണ്ടെത്തുന്നതിനു വേണ്ടിയുള്ള പരിശ്രമമാണ് നടക്കുന്നത്.നിവേദകപരമ്പരയെ ബലപ്പെടുത്തുന്ന മറ്റു തെളിവുകള്‍ കണ്ടെത്തുന്നതിന് ദൃഢീകരണം (ഇഅ്തിബാര്‍) എന്നാണ് പറയുക.

ഇസ്‌നാദിലു ള്ള ഓരോ നിവേദകനെയും ബലപ്പെടുത്തുന്ന തെളിവുകളുണ്ടോയെന്ന അന്വേഷണമാണിത്. ഒരു ഗുരുവില്‍ നിന്ന് ഒരേയൊരു ശിഷ്യന്‍ മാത്രം ഒരു ഹദീഥ് നിവേദനം ചെയ്യുകയും പ്രസ്തുത ഹദീഥ് പറഞ്ഞു കൊടുത്തിട്ടുണ്ടെങ്കില്‍, അങ്ങനെ ചെയ്യുമ്പോള്‍ സദസ്സിലുണ്ടായിരു ന്നിരിക്കേണ്ട മറ്റൊരാളും അത് നിവേദനം ചെയ്യാതിരിക്കുകയും പ്രസ്തുത ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം കണ്ടെത്താന്‍ കഴി ഞ്ഞിട്ടില്ലെങ്കില്‍ നിവേദകന്റെ വിശ്വാസ്യതയാണ് തകരുന്നത്; ഒപ്പം ഹദീഥ് ദുര്‍ബലമായി വിലയിരുത്തപ്പെടുകയും ചെയ്യുന്നു.

ഇസ്‌നാദിലെ നിവേദകന്‍മാരെ ദൃഢീകരിക്കുന്നത് രണ്ടു രൂപത്തിലാണ്. ഒരു സ്വഹാബിയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു ഹദീഥിന്റെ നിവേ ദക പരമ്പരയില്‍ എവിടെയെങ്കിലും ഒന്നിലധികം നിവേദകന്‍മാരുണ്ടെങ്കില്‍ അവരിലൂടെ മറ്റൊരു ഇസ്‌നാദില്‍ അതേ ഹദീഥ് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണമാണ് ഒന്നാമത്തേത്. അങ്ങനെയുണ്ടെങ്കില്‍ അതിന് പൊരുത്തം (മുതാബഅ) എന്നു പറയുന്നു. ഒരു സ്വഹാബിയില്‍ നിന്ന് ഒരു പ്രത്യേകമായ ഇസ്‌നാദോടുകൂടി നിവേദനം ചെയ്തിട്ടുള്ള ഹദീഥ് മറ്റൊരു സ്വഹാബിയില്‍ നിന്ന് മറ്റൊരു ഇസ്‌ നാദോടുകൂടി നിവേദനം ചെയ്തിട്ടുണ്ടോയെന്ന അന്വേഷണമാണ് രണ്ടാമത്തേത്. അങ്ങനെയുണ്ടെങ്കില്‍ ഒന്നാമത്തെ ഹദീഥിന്റെ സാക്ഷി (ശാഹിദ്) ആണ് രണ്ടാമത്തെ ഹദീഥ് എന്ന് പറയാവുന്നതാണ്. മുതാബഅ നിവേദക പരമ്പരയെയും ശാഹിദ് ഹദീഥിനെയും ബലപ്പെടു ത്തുന്നുവെന്നാണ് ഹദീഥ് നിദാനശാസ്ത്രജ്ഞര്‍ പറയുക. ഇസ്‌നാദിന്റെ ന്യൂനതകള്‍ പരിഹരിക്കാവുന്ന യാതൊരു തെളിവുകളുമില്ലെ ങ്കില്‍ അത്തരം ഹദീഥുകളെ അസ്വീകാര്യമായാണ് ആദ്യകാല ഹദീഥ് പണ്ഡിതന്‍മാര്‍ കണ്ടിരുന്നത്. 'സ്വീകരിക്കാന്‍ പറ്റാത്തത്' എന്ന അര്‍ഥ ത്തില്‍ അവര്‍ അവയെ 'മുന്‍കര്‍' എന്നു വിളിച്ചു മാറ്റിവെച്ചു. ദൃഢീകരിക്കുന്ന തെളിവുകളൊന്നുമില്ലെങ്കിലും ഒരു ഹദീഥ് സ്വീകാര്യമായ മറ്റു നിവേദകന്‍മാരുടെ ഹദീഥിലെ ആശയവുമായി പൊരുത്തപ്പെടുന്നുണ്ടെങ്കില്‍ അത് സ്വീകാര്യമാണെന്നാണ് പണ്ഡിതന്‍മാര്‍ വിധിച്ചത്. എന്നാല്‍ പ്രസിദ്ധനല്ലാത്ത ഒരു നിവേദകന്‍ ഇമാം സുഹ്‌രിയെപ്പോലെയുള്ള പ്രസിദ്ധനും പ്രഗല്‍ഭനുമായ ഒരു ഹദീഥ് പണ്ഡിതനില്‍ നിന്ന് ഒരു ഹദീഥ് നിവേദനം ചെയ്യുകയും അത് ധാരാളം വരുന്ന അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളൊന്നും അറിയാതെ പോവുകയും ചെയ്തിട്ടു ണ്ടെങ്കില്‍ അത് മുന്‍കറിന്റെ ഗണത്തിലാണ് ഉള്‍പ്പെടുക.(സ്വഹീഹു മുസ്‌ലിം, മുഖദ്ദിമ)

ഒരു നിവേദകനിലൂടെ നിരവധി ഹദീഥുകള്‍ ഉദ്ധരിക്കപ്പെടുകയും അവയിലധികവും ദൃഢീകരിക്കപ്പെടുന്ന തെളിവുകളാല്‍ സമൃദ്ധവുമാ ണെങ്കില്‍ അയാളിലൂടെയുള്ള ദൃഢീകരിക്കപ്പെടാത്ത ഹദീഥുകളും സ്വീകരിക്കാമെന്നാണ് പണ്ഡിതാഭിപ്രായം. ഇമാമുമാര്‍ സുഹ്‌രി, മാലിക്ക്, ഇബ്‌നുല്‍ മുബാറക്, ഖുതൈബതുബ്‌നു സഈദ് എന്നിവരിലൂടെ നിവേദനം ചെയ്യപ്പെട്ട ഹദീഥുകളെ ഇമാം ബുഖാരിയെയും ഇബ്‌നു ആമിയെയും പോലെയുള്ള പണ്ഡിതന്‍മാര്‍ അവഗാഢമായ അപഗ്രഥനത്തിന് വിധേയമാക്കുകയും അവരിലൂടെയുള്ള ദൃഢീകരി ക്കപ്പെടാത്ത ഹദീഥുകളും സ്വീകാര്യമാണെന്ന തീരുമാനത്തിലെത്തിച്ചേരുകയും ചെയ്തിട്ടുണ്ട്. നിഷേധിക്കാനാവാത്ത തെളിവുകളാല്‍ സ്വീകാര്യമെന്ന് നിദേവകന്‍മാരിലൂടെ ഉദ്ധരിക്കപ്പെട്ട ദൃഢീകരിക്കപ്പെടാത്ത ഹദീഥുകളെ 'സ്വീകാര്യമായ അപൂര്‍വ' (സ്വഹീഹ് ഗരീബ്) ഹദീഥുകള്‍ എന്നാണ് വിളിക്കുന്നത്. നിവേദക പരമ്പരയില്‍ മുഴുവന്‍ ഘട്ടങ്ങളിലോ ചിലതിലോ ഒരാള്‍ മാത്രമായിപ്പോകുന്ന ഹദീഥുകള്‍ ക്കാണ് 'ഗരീബ്' എന്നു പറയുക. ദൈവദൂതന്‍ ശിരോകവചം ധരിച്ച് മക്കയില്‍ പ്രവേശിക്കുകയും മുസ്‌ലിംകളുടെ ഗൂഢശത്രുവായിരുന്ന ഇബ്‌നുഖത്താലിനെ വധിക്കുവാന്‍ കല്‍പിക്കുകയും ചെയ്തു(ജാമിഉത്തിര്‍മിദി, കിതാബുല്‍ ജിഹാദ്, ബാബ് മാജാഅ ഫില്‍ മിഗ്ഫാര്‍) വെന്ന ഹദീഥ് ഉദാഹരണം. ഇതിന് അനസ്ബ്‌നു മാലിക് aസുഹ്‌രി aമാലിക് ബ്‌നുഅനസ് എന്ന ഒരേയൊരു ഇസ്‌നാദ് മാത്രമെയുള്ളുവെ ങ്കിലും ഈ ശൃംഖലയിലുള്ള മൂന്നുപേരും ദൃഢീകരണം ആവശ്യമില്ലാത്ത വിധം പ്രസിദ്ധരായതിനാല്‍ അത് സ്വീകാര്യമാണെന്നാണ് പണ്ഡി തമതം. എന്നാല്‍ ഹദീഥുകള്‍ നിവേദനം ചെയ്യുന്ന കാര്യത്തില്‍ സൂക്ഷമതയില്ലാത്തവരായ ഒരാളെങ്കിലും ഇസ്‌നാദിലുണ്ടാവുകയും അതിന് ദൃഢീകരിക്കാനാവുന്ന മറ്റു തെളിവുകള്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ ഹദീഥ് അസ്വീകാര്യമാണെന്നാണ് (മുന്‍കര്‍) വിധി.

സംശയം ജനിപ്പിക്കാത്ത ഇസ്‌നാദോടുകൂടി നിവേദനം ചെയ്യപ്പെട്ട ഹദീഥുകളെപ്പോലും നിഷ്‌കൃഷ്ടമായ അപഗ്രഥനത്തിന് വിധേയമാക്കു വാന്‍ ഹദീഥ് നിദാനശാസ്ത്രജ്ഞര്‍ സന്നദ്ധമായിട്ടുണ്ട്. ഒരേ ഹദീഥിന്റെ വ്യത്യസ്ത നിവേദനങ്ങളെ താരതമ്യം ചെയ്ത് നിവേദകര്‍ക്ക് സംഭവിച്ച സ്വാഭാവികവും മാനുഷികവുമായ പാളിച്ചകളെപ്പോലും പുറത്തുകൊണ്ടുവരുവാനുള്ള അവരുടെ കഠിനാധ്വാനം വിലമതി ക്കാനാവാത്തതാണ്. ഇത്തരം പാളിച്ചകളെയാണ് 'ഇലല്‍'(ന്യൂനതകള്‍) എന്നു പറയുക. ഹിജ്‌റ 385ല്‍ അന്തരിച്ച ഇമാം അബുല്‍ ഹസന്‍ അലിയ്യിബിന്‍ ഉമര്‍ അല്‍ ദാറഖുത്‌നിയുടെ പതിനൊന്ന് വാല്യങ്ങളുള്ള ഇലല്‍ ഗ്രന്ഥമാണ് ഇലലുകളെക്കുറിച്ച് വിശദമായി അപഗ്രഥിക്കു ന്നവയില്‍ ഏറ്റവും പ്രസിദ്ധമായത്.

നബി(സ)യിൽ നിന്ന് നാലും അഞ്ചും പേരിലൂടെ കടന്നു വന്ന് ബുഖാരിയുടെയും മുസ്ലിമിന്റെയുമെല്ലാം അടുത്തെത്തുന്ന ഹദീഥുകൾ, ഈ നിവേദകരെല്ലാം സത്യസന്ധരാണെങ്കിലും, ഇവ സംപ്രേക്ഷണം ചെയ്യുന്നതിൽ അബദ്ധങ്ങൾ വരാനുള്ള സാധ്യത നിഷേധിക്കാനാവുമോ? ഇവരെല്ലാം പരസ്പരം കേട്ടതിനു ശേഷമാണ് ഹദീഥുകൾ നിവേദനം ചെയ്തതെന്ന് ഉറപ്പു വരുത്തുന്നതെങ്ങനെ?

നിവേദകന്‍മാരെക്കുറിച്ച അപഗ്രഥനമാണ് ഹദീഥ്പരിശോധനയുടെ ഒന്നാം പടി. നബിയിൽ നിന്ന് സൂക്ഷ്മവും സത്യസന്ധവുമായി നിവേദനം ചെയ്യപ്പെട്ടതാണോ ഹദീഥ് എന്ന അന്വേഷണമാണത്. നിവേദകരെല്ലാം സത്യസന്ധരും സ്വീകാര്യരുമാണെന്ന് മനസ്സിലാക്കിയാലും ഒരു ഹദീഥിന്റെ സ്വീകാര്യത ആത്യന്തികമായി തീരുമാനിക്കപ്പെടുന്നില്ല. അതിന് നിവേദനത്തിന്റെ നൈരന്തര്യം (അല്‍ ഇത്തിസാല്‍) കൂടി പരിശോധിക്കപ്പെ ടേണ്ടതുണ്ട്. മുഹമ്മദ് നബി(സ)യില്‍ നിന്ന് തുടങ്ങി ഹദീഥ് ശേഖരിക്കുന്നയാള്‍വരെ ഇസ്‌നാദിലുള്ള വ്യക്തികളെല്ലാം പരസ്പരം കാണുക യോ ഹദീഥ് കേള്‍ക്കുകയോ ചെയ്തിട്ടുണ്ടോയെന്ന അന്വേഷണമാണിത്. ഈ അന്വേഷണത്തിന്, ഇസ്‌നാദിന്റെ ശൃംഖലയിലുള്ള ആരെങ്കി ലും പരസ്പരം കണ്ടുമുട്ടുകയോ ഹദീഥ് കൈമാറുകയോ ചെയ്തിട്ടില്ലെന്ന് മനസ്സിലായാല്‍ ആ ഇസ്‌നാദ് പരമ്പരമുറിഞ്ഞതാണെന്ന് (മുന്‍ ക്വത്വിഅ്) വിധിക്കുകയും അസ്വീകാര്യമാണെന്ന് തീരുമാനിക്കുകയും ചെയ്യുന്നു. ഒരു ഹദീഥിന്റെ ഇസ്‌നാദ് നബി(സ)  →A  →B  →C  →D എന്നിങ്ങനെയാണെങ്കില്‍ നബി(സ)യെ Aയും Aയെ Bയും Bയെ Cയും Cയെ Dയും കാണുകയോ സമകാലികരാണെന്ന് സ്ഥാപിക്കപ്പെടു കയോ ചെയ്യുകയും അവര്‍ ഹദീഥ് കൈമാറിയിട്ടുണ്ടെന്ന് ഉറപ്പാവുകയും ചെയ്യുമ്പോള്‍ മാത്രമെ പ്രസ്തുത ഇസ്‌നാദ് അവിച്ഛിന്നമാണെന്ന് (മുത്തസ്വില്‍) തീരുമാനിക്കുകയും ഹദീഥ് സ്വീകരിക്കപ്പെടുകയും ചെയ്യുകയുള്ളൂ.

കളവ് പറയുകയില്ലെന്ന് അദാലത്ത് പരിശോധന വഴി ബോധ്യപ്പെട്ട നിവേദകന്‍മാരുടെ നൈരന്തര്യം തീരുമാനിക്കാന്‍ അവരുടെ പദപ്ര  യോഗങ്ങളെയാണ് പ്രാഥമികമായി പഠനവിധേയമാക്കുന്നത്. നിവേദകന്‍മാര്‍ പൊതുവായി തങ്ങള്‍ക്ക് ഹദീഥ് ലഭിച്ചതിനെ സൂചിപ്പിക്കു മ്പോള്‍ പറയാറുള്ളത് 'ഇന്നയാള്‍ എന്നോട് നിവേദനം ചെയ്തു' (ഹദ്ദഥനീ) വെന്നോ 'ഇന്നയാള്‍ എന്നെ അറിയിച്ചു' (അഖ്ബറനീ) യെന്നോ 'ഇന്നയാളില്‍നിന്ന് ഞാന്‍ കേട്ടു' (സമിഅ്ത്തുമിന്‍)വെന്നോ 'ഇന്നയാള്‍ പ്രകാരം' (അന്‍) എന്നോ ആണ്. ഇതിലെ ആദ്യത്തെ മൂന്നു പ്രയോഗ ങ്ങളും നേര്‍ക്കുനേരെയുള്ള സംപ്രേഷണത്തെയാണ് കുറിക്കുന്നത്. ഒരാളുടെ പേരുപറഞ്ഞുകൊണ്ട് ഹദ്ദഥനീയെന്നോ, അഖ്ബറനീയെന്നോ, സമിഅ്ത്തുമിന്‍ എന്നോ സത്യസന്ധനായ ഒരു നിവേദകന്‍ പറയുകയാണെങ്കില്‍ അയാളില്‍നിന്ന് നേര്‍ക്കുനേരെ നിവേദനകന്‍ ഈ ഹദീഥ് കേള്‍ക്കുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് അതിനര്‍ഥം.

എന്നാല്‍ നാലാമത്തെ പ്രയോഗമായ 'അന്‍' നേര്‍ക്കു നേരെയുള്ള സംപ്രേക്ഷണം ഉറപ്പുവരുത്തുന്നില്ല. ഒരാള്‍ പറഞ്ഞതായി മറ്റൊരാളില്‍നിന്ന് അറിഞ്ഞാലും 'അന്‍' എന്ന് പ്രയോഗിക്കാവുന്നതാണ്. അത്തരം പ്രയോഗങ്ങളുള്ള ഇസ്‌നാദുകളുള്‍ക്കൊള്ളുന്ന ഹദീഥുകള്‍ മുത്തസ്വിലാണെന്ന് ഉറപ്പിക്കുവാനാവുകയില്ല. അങ്ങനെ പറഞ്ഞ നിവേദകനും (ശിഷ്യന്‍) അയാള്‍ ആരില്‍നിന്നാണോ അത് ഉദ്ധരിക്കുന്നത് അയാളും (ഗുരു) പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്തിട്ടുേണ്ടായെന്നുകൂടി പരിശോധിച്ചതിനുശേഷമാണ് അത്തരം ഹദീഥുകളുടെ സ്വീകാര്യത നിര്‍ണയിക്കുക. അതിനായി അവര്‍ രണ്ടു പേരുടെയും ജീവിതകാലവും ജനന-മരണത്തീയതികളും ജീവിച്ച സ്ഥലങ്ങളും പഠനസമ്പ്രദായങ്ങളുമെല്ലാം അപഗ്രഥിക്കപ്പെടുന്നു. ഗുരു വും ശിഷ്യനും സമകാലികരാണെങ്കില്‍ ഒരാളില്‍നിന്ന് മറ്റേയാള്‍ കേട്ടിരിക്കുവാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി, അവരുടെ സത്യസന്ധ തകൂടി കണക്കിലെടുത്ത് അവയെ മുത്തസ്വിലായി പരിഗണിക്കുകയും അല്ലെങ്കില്‍ മുന്‍ക്വത്വിഅ് ആയി മാറ്റിനിര്‍ത്തപ്പെടുകയുമാണ് ചെയ്യുന്നത്.

ഒരാള്‍ മറ്റൊരാളില്‍ നിന്ന് കേട്ടുവെന്ന് പറയുമ്പോള്‍ രണ്ടു പേരും അല്‍പകാലമെങ്കിലും ഒന്നിച്ചുണ്ടാവണമെന്നതുകൊണ്ടാണ് പരസ്പരം കണ്ടുമുട്ടിയിട്ടില്ലെന്ന് ഉറപ്പുള്ളവര്‍ ഒരു ഹദീഥ് സനദിന്റെ ശൃംഖലയില്‍ അടുത്ത കണ്ണികളായുണ്ടെങ്കില്‍ അത്തരം ഹദീഥുകളെ മുറിഞ്ഞ ഇസ്‌നാദോടുകൂടിയുള്ളതായി പരിഗണിച്ച് മാറ്റിനിര്‍ത്തപ്പെടുന്നത്. നിവേദകന്‍മാര്‍ ജീവിച്ചിരുന്ന കാലവും ബന്ധപ്പെടാനുള്ള സാധ്യതയും മാത്രമല്ല, അവര്‍ യഥാര്‍ഥത്തില്‍ ഹദീഥ് കൈമാറിയിട്ടുണ്ടോ എന്നു കൂടി സൂക്ഷ്മമായി പരിശോധിക്കുവാന്‍ പണ്ഡിതന്‍മാര്‍ പരിശ്രമിച്ചി ട്ടുണ്ട്. ഇതിന്റെ ഫലമായിട്ടാണ് 'തമസ്‌കരണ'ത്തെ (തദ്‌ലീസ്)ക്കുറിച്ച ചര്‍ച്ചകളുണ്ടായത്. ഒരു നിവേദകന്‍ ഇന്നയാള്‍ പറഞ്ഞു(ക്വാല)വെ ന്നോ ഇന്നയാളിന്‍ പ്രകാരം (അന്‍) എന്നോ പറഞ്ഞുകൊണ്ട് പറഞ്ഞ വ്യക്തിയില്‍ നിന്ന് താന്‍ അത് കേട്ടിട്ടുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയും യഥാര്‍ഥത്തില്‍ അയാള്‍ പറഞ്ഞത് മറ്റൊരാള്‍ ഉദ്ധരിച്ചതാണ് താന്‍ കേട്ടതെന്ന വസ്തുത മറച്ചുവെക്കുകയും ചെയ്യുന്നതിനാണ് 'തദ്‌ലീസ്' എന്നു പറയുക. C  നിവേദനം ചെയ്യുന്നത് A പറഞ്ഞുവെന്നാണ്; പക്ഷേ, C കേട്ടിരിക്കുന്നത് Aയില്‍ നിന്ന് നേരിട്ടല്ല; പ്രത്യുത A പറഞ്ഞതായി B യില്‍നിന്നാണ്. Bയുടെ പേര് മറച്ചുവെച്ചുകൊണ്ട് A യില്‍നിന്ന് താന്‍ കേട്ടുവെന്ന രീതിയില്‍ C പറയുമ്പോള്‍ അത് തദ്‌ലീസായിത്തീരുന്നു. തദ്‌ലീസ് ചെയ്യുന്നവരെ മുദല്ലിസ് എന്നാണ് വിളിക്കുന്നത്. പൊതുവെ വെറുക്കപ്പെട്ടതാണ് തദ്‌ലീസ്. താന്‍ നേരിട്ട് കേട്ട വ്യക്തിയുടെ പേര് മറച്ചുവെക്കുന്നത് അയാള്‍ക്ക് എന്തെങ്കിലും ന്യൂനതയുള്ളതുകൊണ്ടായിരിക്കുമല്ലോ. ന്യൂനത മറച്ചുവെച്ചുകൊണ്ട് ഹദീഥിനെ സ്വീകരി പ്പിക്കുവാനുള്ള ശ്രമമുള്ളതിനാലാണ് തദ്‌ലീസ് വെറുക്കപ്പെട്ടതാവുന്നത്.

എന്നാല്‍ തെറ്റായ ലക്ഷ്യങ്ങളോടെയല്ലാതെയും തദ്‌ലീസ് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ മുദല്ലിസുകളെയെല്ലാം അസ്വീകാര്യരായ നിവേദകരുടെ ഗണത്തില്‍ പണ്ഡിതന്‍മാര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഗുരുവിന് കീഴില്‍ ഹദീഥ് അഭ്യസിച്ചുകൊണ്ടിരിക്കെ പ്രാഥമിക ആവശ്യത്തിനായി പോയ ഒരു ശിഷ്യന് ആ ഗുരു പറഞ്ഞുകൊടുത്ത ഹദീഥ് നേര്‍ക്കു നേരെ കേള്‍ക്കാള്‍ കഴിഞ്ഞിട്ടില്ലെങ്കിലും തന്റെ സഹപാഠികളുടെ സാക്ഷ്യത്തില്‍നിന്ന് അത് ഗുരു പറഞ്ഞുവെന്ന് അയാള്‍ മനസ്സിലാക്കു കയും ഗുരുവില്‍നിന്നാണെന്ന രൂപത്തില്‍ തന്നെ അയാള്‍ നിവേദനം ചെയ്യുന്ന അവസ്ഥയുണ്ടാവാം. തെറ്റായ ലക്ഷ്യത്തിനുവേണ്ടിയല്ലാതെ യുള്ള തദ്‌ലീസിനുള്ള ഉദാഹരണമാണിത്. അതുകൊണ്ടുതന്നെ തദ്‌ലീസ് ചെയ്യുന്ന വ്യക്തിയെയും സന്ദര്‍ഭത്തെയും അപഗ്രഥിച്ചുകൊണ്ടു മാത്രമെ മുദല്ലിസ് സ്വീകാര്യനാണോ അല്ലേയെന്ന് തീരുമാനിക്കപ്പെടുകയുള്ളൂ.

ഹദീഥുകൾ നബിയിൽ നിന്നുള്ളത് തന്നെയാണെന്ന് ഉറപ്പു വരുത്തുന്നതിന് വേണ്ടി എത്രത്തോളം നിഷ്‌കൃഷ്ടമായ പരിശോധനകളാണ് പണ്ഡിതന്മാർ നടത്തിയതെന്ന ഇതിൽ നിന്ന് മനസ്സിലാക്കാം. ഈ പരിശോധനകൾ കഴിഞ്ഞ സ്വീകാര്യമെന്ന തീരുമാനിക്കപ്പെട്ട ഹദീഥുകൾ നബിയിൽ നിന്നുള്ളത് തന്നെയാണെന്ന് ഉറപ്പിച്ച് പറയാൻ കഴിയും.

ഹദീഥ്ഗ്രൻഥങ്ങൾ ക്രോഡീകരിക്കപ്പെട്ടത് നബിക്കു ശേഷമുള്ള നാലാം തലമുറയിലും അതിനു ശേഷവുമാണല്ലോ. ഓരോ ഹദീഥുകളും ഗ്രന്ഥകർത്താക്കളുടെ അടുത്തെത്തുന്നത് നിരവധി നിവേദകരിലൂടെയാണ്. ഈ നിവേദകരെല്ലാം സത്യസന്ധരായാൽ മാത്രമാണ് പ്രസ്തുത ഹദീഥ് നബിയിൽ നിന്നുള്ളതാണെന്ന് ഉറപ്പിച്ച് പറയാൻ കഴിയുക. നിവേദകരുടെ സത്യസന്ധതയെക്കുറിച്ച കേവലം ഊഹങ്ങളല്ലാതെ ശാസ്ത്രീയമായ വല്ല തെളിവും ഹദീഥ് നിദാനശാസ്ത്രം നൽകുന്നുണ്ടോ?

ദീഥ് നിവേദനങ്ങൾ സത്യസന്ധം തന്നെയാണെന്ന് ഉറപ്പിക്കുവാൻ തികച്ചും ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ രീതി തന്നെ ഹദീഥ് നിദാനശാസ്ത്രജ്ഞന്മാർ വികസിപ്പിച്ചിട്ടുണ്ട്. ആ രീതിക്കാണ് അൽജർഹു വ ത്തഅദീൽ എന്ന് പറയുക.

പ്രവാചകൻ മുതല്‍ ഹദീഥുകള്‍ ശേഖരിക്കുന്ന വ്യക്തിവരെ ആരിലൂടെയൊക്കെയാണ് ഒരു ഹദീഥ് കടന്നുവന്നിട്ടുള്ളതെന്ന് മനസ്സിലാക്കുകയാണ് ഹദീഥ് നിദാനശാസ്ത്രത്തിലെ ഇസ്നാദ് പരിശോധനയെന്ന ഒന്നാം ഘട്ടം. അത് മനസ്സിലാക്കിക്കഴിഞ്ഞാല്‍ പിന്നെ ആ കടന്നുവന്ന വ്യക്തികളുടെ വിശ്വാസ്യതയെക്കുറിച്ച് പഠിക്കുകയും അവരിലോരോരുത്തര്‍ക്കും അതിനു നേരെ മുമ്പു ള്ള വ്യക്തിയില്‍ നിന്നു തന്നെയാണോ പ്രസ്തുത ഹദീഥ് കിട്ടിയതെന്ന് പരിശോധിക്കുകയും ചെയ്യുകയാണ് ഉസ്വൂലുല്‍ ഹദീഥിന്റെ രണ്ടാ മത്തെ അപഗ്രഥനഘട്ടം. ഇസ്‌നാദിലുള്ള ഓരോരുത്തരെയും കൃത്യമായി അപഗ്രഥിക്കുകയും അവര്‍ വിശ്വസ്തരാണോയെന്ന് പരിശോധി ക്കുകയും ചെയ്യുക മാത്രമല്ല, നിവേദനത്തില്‍ എവിടെയെങ്കിലും വിശ്വസ്തരല്ലാത്ത ആരുടെയെങ്കിലും പങ്കാളിത്തമുണ്ടോ എന്നുകൂടി ഈ ഘട്ടത്തില്‍ വിലയിരുത്തപ്പെടുന്നു. നിവേദകനെക്കുറിച്ച അപഗ്രഥനവും നിവേദനത്തിന്റെ നൈരന്തര്യവും ഈ ഘട്ടത്തില്‍ പരിശോധിക്ക പ്പെടേണ്ടതുണ്ട്. പ്രസ്തുത പരിശോധനയ്ക്ക് ശേഷം മാത്രമെ ഹദീഥ് സ്വീകാര്യമാണോയെന്ന് തീരുമാനിക്കുകയുള്ളൂ. ഇസ്‌നാദുകളുടെ പരിശോധനവഴി ഹദീഥ് പണ്ഡിതന്‍മാര്‍ നിര്‍വഹിച്ച ദൗത്യമിതാണ്.

ഹദീഥ് നിവേദകന്‍മാരെക്കുറിച്ച അപഗ്രഥിച്ചുള്ള പഠനം 'വിമര്‍ശനവും അംഗീകാരവും' (അല്‍ജര്‍ ഹു വ ത്തഅ്ദീല്‍) എന്ന സാങ്കേതികശബ്ദം കൊണ്ടാണ് പരിചയപ്പെടുത്തപ്പെടാറുള്ളത്. നിവേദകന്റെ വ്യക്തിത്വത്തിന്റെ വിവിധ വശ ങ്ങളെക്കുറിച്ച്, ഒരു കുറ്റാന്വേഷകന്റെ സൂക്ഷ്മതയോടെ ചോദ്യം ചെയ്യുകയും അംഗീകരിക്കാനാവുന്നവരെ മാത്രം സ്വീകരിക്കുകയും ചെയ്യുന്ന ഉസ്വൂലുല്‍ ഹദീഥിലെ സുപ്രധാനമായ ഒരു ഘട്ടമാണിത്. നിവേദകന്റെ വ്യക്തിത്വത്തിന്റെ പൂര്‍ണമായ അപഗ്രഥനമാണിത്; അയാള്‍ എത്രത്തോളം സ്വീകാര്യമായ വ്യക്തിത്വത്തിന്റെ ഉടമയാണ് (അദാലത്ത്) എന്നും അദ്ദേഹത്തിലൂടെയുള്ള നിവേദനങ്ങള്‍ എത്ര ത്തോളം കൃത്യമാണ് (ദ്വബ്ത്) എന്നുമുള്ള അന്വേഷണം.

സ്വഹാബികള്‍ക്കു ശേഷമുള്ള തലമുറയായ താബിഉകളുടെ കാലത്ത് വിശദമായ രീതിയിലല്ലെങ്കിലും ഹദീഥുകളിലെ നെല്ലും പതിരും വേര്‍ തിരിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടിരുന്നു. അടുത്ത തലമുറകളിലും ഈ ശ്രമം തുടർന്നു. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനുമിടയിൽ ഹദീഥ് പഠന-ഗവേഷണ രംഗത്തെ സുവര്‍ണകാലമായി അറിയപ്പെടുന്ന കാലത്ത് ഹദീഥ് നിദാനശാസ്ത്രത്തിന് മഹത്തായ സംഭാവനകളര്‍പ്പിച്ച നിരവധി മഹാപ്രതിഭകൽ ജീവിച്ചിരുന്നിട്ടുണ്ട്. . എങ്ങനെയാണ് ഈ മഹാപ്രതിഭകള്‍ ഹദീഥ് നിവേദകന്‍മാരുടെ സ്വീകാര്യത പരിശോധിച്ചതെന്ന് മനസ്സിലാക്കുമ്പോള്‍ ആധുനിക കുറ്റാന്വേ ഷകരുടേതിനെക്കാള്‍ കുറ്റമറ്റ രീതിയിലായിരുന്നു അവരുടേത് എന്ന വസ്തുത ആര്‍ക്കും അംഗീകരിക്കേണ്ടിവരും.

ഒരു ഹദീഥിന്റെ നിവേ ദകന്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കുകയും അവരെക്കുറിച്ച് ലഭ്യമായ അറിവുകളെല്ലാം ശേഖരിക്കുകയുമാണ് ഒന്നാമതായി ചെയ്യുന്നത്. നിവേദകന്‍മാരായി അറിയപ്പെടുന്നവരില്‍ എല്ലാവരും ജീവിച്ചിരുന്നുവെന്നും അവര്‍ ഹദീഥുകള്‍ നിവേദനം ചെയ്തിട്ടുണ്ടെ ന്നും ഉറപ്പുവരുത്തുകയാണ് അടുത്തപടി. അവരില്‍ ഓരോരുത്തരെയും പ്രസിദ്ധരായ ഹദീഥ് നിവേദകര്‍ക്ക് പരിചയമുണ്ടെങ്കില്‍ മാത്രമെ അവരിലൂടെയുള്ള ഹദീഥുകള്‍ പരിശോധനക്കായി പരിഗണിക്കുകയുള്ളൂ. അങ്ങനെയല്ലെങ്കില്‍ നിവേദകന്‍ അജ്ഞാതനാണെന്ന് (മജ്ഹൂല്‍) പറഞ്ഞ് പ്രസ്തുത ഹദീഥ് മാറ്റിവെക്കുകയാണ് ചെയ്യുക. ഓരോ നിവേദകനെയും ഈ തലത്തില്‍ പരിശോധിച്ച ശേഷമാണ് അടു ത്തഘട്ടത്തിലേക്ക് കടക്കുക.

ഓരോ നിവേദകനും വ്യത്യസ്ത ഗുരുക്കന്‍മാരില്‍നിന്ന് നിവേദനം ചെയ്ത ഹദീഥുകളെ താരതമ്യത്തിന് വിധേ യമാക്കുകയാണ് അടുത്ത ഘട്ടം. തന്റെ ഗുരുവില്‍നിന്ന് ഹദീഥ് നിവേദനം ചെയ്ത ഒരാള്‍ എത്രമാത്രം പരിഗണനാര്‍ഹമാണെന്ന് തീരുമാനി ക്കുന്നതിന് അയാളല്ലാത്ത അതേ ഗുരുവിന്റെ മറ്റു ശിഷ്യന്‍മാരില്‍ എത്രപേര്‍ പ്രസ്തുത ഹദീഥ് നിവേദനം ചെയ്തിട്ടുണ്ടെന്നാണ് പ്രധാന മായും പരിശോധിക്കുക. ഗുരുവിന്റെ ശിഷ്യന്‍മാരില്‍ നല്ലൊരുശതമാനമാളുകള്‍ പ്രസ്തുത ഹദീഥ് നിവേദനം ചെയ്തിട്ടുണ്ടെങ്കില്‍ മാത്ര മെ അയാള്‍ സ്വീകാര്യനായി വിലയിരുത്തപ്പെടുകയുള്ളൂ. 'ഒരാള്‍ നിവേദനം ചെയ്ത ഹദീഥുകളില്‍ ഭൂരിഭാഗവും സത്യസന്ധരും സൂക്ഷ്മാ ലുക്കളുമെന്ന് തെളിയിക്കപ്പെട്ട നിവേദനകന്‍മാരുടെ ഹദീഥുകളുമായി യോജിക്കുന്നവയല്ലെങ്കില്‍ അയാളെ ദുര്‍ബലനായി (ദ്വഈഫ്) പരിഗ ണിക്കപ്പെടു'മെന്നാണ്(സ്വഹീഹു മുസ്‌ലിം, മുഖദ്ദിമ.) ഇമാം മുസ്‌ലിം തന്റെ ഹദീഥ് സമാഹാരത്തിന്റെ മുഖവുരയില്‍ വ്യക്തമാക്കുന്നത്.

അറിയപ്പെടുന്നവനും പരിഗണാര്‍ഹനുമായ നിവേദകനാണെങ്കിലും അയാളുടെ ഹദീഥുകള്‍ സ്വീകാര്യമാകണമെങ്കില്‍ വളരെ പ്രധാനപ്പെട്ട അടുത്ത ഘട്ടം കൂടി കടന്നുപോകേണ്ടതുണ്ട്. അയാളുടെ വ്യക്തിത്വം എത്രത്തോളം സ്വീകാര്യമാണെന്ന പരിശോധനയാണത്. ഋജുത്വ (അദാലത്ത്) പരിശോധനയെന്ന് ഈ ഘട്ടത്തെ വിളിക്കാം.

ഈ ഘട്ടത്തില്‍ നിവേദകനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി അന്വേഷകന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ ഇവയാണ്.

(1) നബി(സ)യുടെ പേരില്‍ കളവു പറയുന്നവനാണോ?

(2) സാധാരണ സംസാരങ്ങളില്‍ കളവു പറയുന്നവനാണോ?

(3) മതത്തില്‍നിന്ന് പുറത്തു പോകുന്നതരത്തിലുള്ള അനാചാരങ്ങളുടെ(ബിദ്അത്ത്) വക്താവാണോ?

(4) കക്ഷിത്വത്തിനനുകൂലമായി ഹദീഥ് നിവേദനം ചെയ്യുന്നയാളാണോ?

(5) മതവിരോധിയാണോ?

(6) ദുര്‍നടപ്പുകാരനാണോ?

(7) കാര്യബോധവും മര്യാദയും മാന്യതയുമില്ലാത്തവനാണോ?

(8) താന്‍ പറയുന്നതെന്തെന്ന് ഗ്രഹിക്കാനാവാത്ത ഭോഷനാണോ?

ഈ ചോദ്യങ്ങള്‍ക്കെല്ലാം 'അല്ല'യെന്ന ഉത്തരമുണ്ടെങ്കില്‍ മാത്രമെ അയാളിലൂടെയുള്ള നിവേദനം ഋജുത്വ പരിശോധനയുടെ അരിപ്പയിലൂടെ കടന്നുപോവുകയുള്ളൂ. അങ്ങനെ കടന്നുപോയ ഹദീഥുകള്‍ മാത്രമാണ് അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നത്. നിവേദകന്‍മാരുടെ വ്യക്തിത്വ വിമര്‍ശനത്തിന് (അദാലത്ത്) ശേഷം നടക്കുന്നത് ഹദീഥിന്റെ കൃത്യതാ പരിശോധനയാണ് (ദ്വബ്ത്ത്). ഋജുവും സത്യസന്ധനുമാണെങ്കിലും നിവേദകന് ഹദീഥ് നിവേദനത്തില്‍ കൃത്യത പാലിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന അന്വേഷണമാണത്. ഈ ഘട്ടത്തിലും നിവേദകന്‍മാര്‍ അന്വേഷകന്റെ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടിവരും. അയാള്‍ നേരിടേണ്ട ചോദ്യങ്ങള്‍ ഇവയാണ്.

(1) നിവേദനത്തില്‍ അബദ്ധം പിണയാറുള്ളയാളാണോ?

(2) മറവി അധികമായുള്ളയാളാണോ?

(3) വാര്‍ധ്യക്യത്താല്‍ ഓര്‍മശക്തി കുറഞ്ഞ് തെറ്റു സംഭവിക്കാന്‍ സാധ്യതയുള്ളപ്പോഴാണോ ഹദീഥ് നിവേദനം ചെയ്തത്?

(4) ഹൃദിസ്ഥമാക്കുവാനുള്ള കഴിവ് കുറഞ്ഞയാളാണോ?

(5) വിശ്വസ്തരായ നിവേദകരിലൂടെ വന്ന ഹദീഥുകളിലെ ആശയങ്ങള്‍ക്കെതിരെയുള്ള ഹദീഥുകള്‍ നിവേദനം ചെയ്യുന്നയാളാണോ?

(6) ബലപ്പെട്ടവരെന്നോ അല്ലാത്തവരെന്നോ പരിശോധിക്കാതെ എല്ലാവരില്‍നിന്നുമായി ഹദീഥുകള്‍ നിവേദനം ചെയ്യുന്നയാളാണോ?

(7) തന്റെ ആശയങ്ങള്‍ക്കനുകൂലമായി ഹദീഥുകള്‍ വളച്ചൊടിക്കുന്നയാളാണോ?

ഇവയ്‌ക്കെല്ലാം 'അല്ല'യെന്ന ഉത്തരമാണ് കൃത്യതാ പരിശോധകന് ലഭിക്കുന്നതെങ്കില്‍ മാത്രമെ 'ദ്വബ്ത്തു'ള്ള(കൃത്യതയുള്ള) ഹദീഥായി അതിനെ പരിഗണിക്കുകയുള്ളൂ. ഈ പരിശോധന കൂടി കഴിഞ്ഞാല്‍ നിവേദകന്‍ സ്വീകാര്യനാണെന്ന് സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു. ഇനി അയാളിലൂടെയുള്ള ഹദീഥുകള്‍ സ്വീകരിക്കാവുന്നതാണ്. നിവേദകരുടെ സ്വീകാര്യത നിര്‍ണയിക്കുന്നതിനു വേണ്ടി പണ്ഡിതന്‍മാര്‍ക്ക് ആയിരക്കണക്കിന് നിവേദകരുടെ ജീവിതത്തെ നിഷ്‌കൃഷ്ടമായി അപഗ്രഥിക്കേണ്ടിവന്നിട്ടുണ്ട്. 'വിമര്‍ശനവും അംഗീകാരവും' (അല്‍ജര്‍ഹു വത്തഅ്ദീല്‍) എന്ന പദത്തിന്റെ ഏതു മാനത്തിലൂടെ നോക്കിയാലും അതിനെ അന്വര്‍ഥമാക്കുന്ന രീതിയിലുള്ളതായിരുന്നു പണ്ഡിതന്‍മാ രുടെ ഈ രംഗത്തെ പരിശ്രമങ്ങളെന്ന് കാണാം. ശാസ്ത്രീയതയുടെ ഏതു മാനദണ്ഡമുപയോഗിച്ചാണ് അല്‍ജര്‍ഹുവത്തഅ്ദീല്‍ അശാസ്ത്രീ യമാണെന്നു പറയാനാവുക? ഭൂതകാലത്ത് ജീവിച്ച ഒരാളുടെ ജീവിതത്തില്‍ ആരോപിക്കപ്പെടുന്ന കാര്യങ്ങളിലെ മിഥ്യയും യാഥാര്‍ഥ്യവും വേര്‍തിരിക്കുവാന്‍ ഇതിനെക്കാള്‍ ശാസ്ത്രീയമായ രീതികളെന്തെങ്കിലും നിര്‍ദേശിക്കുവാന്‍ വിമര്‍ശകര്‍ക്കു കഴിയുമോ?

ഹദീഥ് നിവേദകരെ വിമര്‍ശിക്കുകയും അംഗീകരിക്കാനാവുന്നവരെ അംഗീകരിക്കുകയും (അല്‍ജര്‍ഹു വത്തഅ്ദീല്‍) ചെയ്യുന്നതിനു വേണ്ടി ഒരു വിജ്ഞാനീയം തന്നെ ഹദീഥ് നിദാനശാസ്ത്രത്തിന്റെ ശാഖയായി വളര്‍ന്നു വികസിക്കുകയുണ്ടായി. വ്യക്തി വിജ്ഞാനീയം (ഇല്‍മുര്‍രിജാല്‍) എന്നാണ് പ്രസ്തുത വൈജ്ഞാനികശാഖ അറിയപ്പെടുന്നത്. കേവലമായ ഊഹങ്ങളുടെ അടിസ്ഥാനത്തിലല്ല, വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു ഹദീഥ് സ്വീകാര്യമാണോയെന്ന് നിശ്ചയിക്കുന്നത് എന്നർത്ഥം.

ഇസ്നാദ് പരിശോധന വഴി ഹദീഥുകൾ മുഹമ്മദ് നബി(സ)യിൽ നിന്നുള്ളതാണോയെന്ന് ഉറപ്പു വരുത്തുന്ന സമ്പ്രദായം എത്രത്തോളം ശാസ്ത്രീയമാണ് ?

മുഹമ്മദ് നബി(സ)യില്‍ നിന്നുള്ളതാണെന്ന രൂപത്തില്‍ ഉദ്ധരിക്കപ്പെടുന്ന വര്‍ത്തമാനങ്ങള്‍ അപഗ്രഥിച്ച് അതിലെ നേരും നുണയും ചികയു ന്നതിന് ഏറ്റവും അനുയോജ്യമായ രീതിയാണ് യഥാർത്ഥത്തിൽ ഇസ്നാദ് പരിശോധന. പ്രവാചകചര്യയെ സംരക്ഷിക്കുന്നതിനും വരും തലമുറകൾക്കു വേണ്ടി കൈമാറുന്നതിനുമായി മൂന്ന് ഘട്ടങ്ങളായുള്ള ഒരു അരിപ്പ സമ്പ്രദായമാണ് ഉസ്വൂലുല്‍ ഹദീഥിന്റെ പണ്ഡിതന്‍മാര്‍ വികസിപ്പിച്ചെടുത്തത്. അവ ഇങ്ങനെയാണ്:

1) നബിക്കുറിച്ച് ഉള്ളതാണെന്ന രൂപത്തിൽ നിവേദനം ചെയ്യപ്പെടുന്ന വൃത്താന്തങ്ങളുടെ സ്രോതസ്സ് ആവശ്യപ്പെടുക.

2) സ്രോതസ്സിനെ അപഗ്രഥിച്ച് അത് എത്രത്തോളം വിശ്വാസ്യയോഗ്യമാണെന്ന് കണ്ടെത്തുകയും അതിന്റെ നൈരന്തര്യം ഉറപ്പുവരുത്തുക യും ചെയ്യുക.

3) സ്രോതസ്സിനെ ബലപ്പെടുത്തുന്നതിന് ഉപോല്‍ബലകമായ മറ്റു തെളിവുകള്‍ കണ്ടെത്തുകയും അതിനെ ദൃഢീകരിക്കുകയും ചെയ്യുക.

ഇതിൽ നബി വൃത്താന്തങ്ങളുടെ സ്രോതസ്സ് ആവശ്യപ്പെടുകയെന്ന ഒന്നാം ഘട്ടമാണ് ഇസ്നാദ് പരിശോധന.

ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാം. ആ പറയലിന് ആധികാരികതയുണ്ടാവണമെങ്കില്‍ അതിന്റെ വിശ്വാസ്യത പരിശോധിക്കു കയും ബോധ്യപ്പെടുകയും വേണം. ഒരാള്‍ പറഞ്ഞുവെന്നോ ചെയ്തുവെന്നോ മറ്റൊരാള്‍ പറയുമ്പോള്‍ അതിന്റെ വിശ്വാസ്യത ഉറപ്പിക്കു ന്നതിന്റെ ഒന്നാമത്തെ പടി അതിന്റെ സ്രോതസ്സ് ആവശ്യപ്പെടുകയാണ്. ആരെക്കുറിച്ചാണോ പറഞ്ഞത് അയാളോടുതന്നെ ചോദിച്ചു മനസ്സിലാക്കുകയോ അല്ലെങ്കില്‍ അയാളുമായി അടുത്ത ബന്ധമുള്ളവരില്‍നിന്ന് കാര്യത്തിന്റെ യാഥാര്‍ഥ്യമറിയുകയോ ചെയ്യാവുന്നതാണ്. അയാള്‍ ജീവിച്ചിരിക്കുന്നില്ലെങ്കില്‍ രണ്ടാമത്തെ മാര്‍ഗം മാത്രമെ അന്വേഷകന്റെ മുന്നില്‍ അവശേഷിക്കുന്നുള്ളൂ. അയാളുമായി ബന്ധപ്പെട്ട ആളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ പ്രസ്തുത വിവരങ്ങള്‍ സത്യസന്ധമാണോയെന്ന് പരിശോധിക്കേണ്ട ബാധ്യത അന്വേഷക നുണ്ട്. തനിക്ക് വിവരം നല്‍കുന്നയാള്‍ക്ക് നടേ പറഞ്ഞ വ്യക്തിയുമായുള്ള ബന്ധം അന്വേഷിക്കുകയും അയാള്‍ ചെയ്തതോ പറഞ്ഞതോ ആയി നിവേദനം ചെയ്യപ്പെടുന്ന കാര്യം അയാള്‍ അറിഞ്ഞതെങ്ങനെയെന്ന് പരിശോധിക്കുകയും ചെയ്യുകയാണ് വാര്‍ത്തയുടെ സത്യതയെ അറിയാന്‍ ശ്രമിക്കുന്നവര്‍ ഒന്നാമതായി ചെയ്യേണ്ടത്. ഇത് തന്നെയാണ് ഇസ്നാദ് പരിശോധന വഴി ഹദീഥ് പണ്ഡിതന്മാർ നിർവഹിച്ചത്.

നബി(സ)യെക്കുറിച്ച് പറയപ്പെടുന്ന വിവരം അത് പറയുന്ന വ്യക്തിയില്‍ എത്തിച്ചേ ര്‍ന്നതെങ്ങനെയെന്നാണ് ഇസ്‌നാദുകളെക്കുറിച്ച പഠനം പരിശോധിക്കുന്നത്. ''പ്രവര്‍ത്തനങ്ങള്‍ക്ക് അവയുടെ ഉദ്ദേശമനുസരിച്ചാണ് പ്രതി ഫലം ലഭിക്കുക''യെന്ന സ്വഹീഹുല്‍ ബുഖാരിയിലെ ഒന്നാമത്തെ ഹദീഥ് ഉദാഹരണമായെടുക്കുക. 'ദൈവദൂതന്‍ ഇങ്ങനെ പറഞ്ഞതായി ഞാന്‍ കേട്ടു' (സമിഅ്ത്തു റസൂലല്ലാഹി(സ) യക്വൂലു)വെന്ന് പറഞ്ഞുകൊണ്ടാണ് ഉമര്‍(സ) പ്രസ്തുത ഹദീഥ് ഉദ്ധരിച്ചിരിക്കുന്നത്. പ്രവാച കന്‍(സ) ഇതു പറയുന്നത് ഉമര്‍(റ) നേരിട്ടു കേട്ടതാണെന്നര്‍ഥം. പ്രമുഖ സ്വഹാബിയായിരുന്ന ഉമറുബ്‌നുല്‍ ഖത്ത്വാബില്‍നിന്ന് അല്‍ക്വമതു ബ്‌നുവക്വാസും അദ്ദേഹത്തില്‍ നിന്ന് മുഹമ്മദ്ബ്‌നു ഇബ്‌റാഹീമത്തമീമിയും അദ്ദേഹത്തില്‍നിന്ന് യഹ്‌യബ്‌നു സഈദില്‍ അന്‍സ്വാരി യും അദ്ദേഹത്തില്‍ നിന്ന് സുഫ്‌യാനുബ്‌നു ഉയയ്‌നയും അദ്ദേഹത്തില്‍നിന്ന് അബ്ദുല്ലാഹിബ്‌നു സുബൈര്‍ അല്‍ഹുമൈദിയും അദ്ദേഹത്തി ല്‍ നിന്ന് ഞാനും കേട്ടുവെന്ന് പറഞ്ഞുകൊണ്ടാണ് ഇമാം മുഹമ്മദ്ബ്‌നു ഇസ്മായില്‍ അല്‍ ബുഖാരി ഈ ഹദീഥ് ഉദ്ധരിക്കുന്നത്. മുഹമ്മദ് നബി → ഉമറുബ്‌നുല്‍ ഖത്ത്വാബ് → അല്‍ക്വമത്തുബ്‌നു വക്വാസ് → മുഹമ്മദ്ബ്‌നു ഇബ്‌റാഹീമത്തമീമി → യഹ്‌യബ്‌നുസഈദ് അല്‍ അന്‍ സ്വാരി മസുഫ്‌യാനുബ്‌നു ഉയയ്‌ന മഅബ്ദുല്ലാഹിബ്‌നു സുബൈര്‍ അല്‍ഹൂമൈദി എന്നതാണ് ഈ ഹദീഥിന്റെ ഇസ്‌നാദ്. ഈ ശൃംഖല കൃത്യമായുണ്ടോയെന്ന് പരിശോധിക്കുകയാണ് ഒരു ഹദീഥ് സ്വീകാര്യമാണോയെന്ന പരിശോധനയുടെ പ്രാഥമിക നടപടി.

എത്ര നല്ല ആശയമാണെങ്കിലും അത് നബി(സ)യോട് ചേര്‍ത്ത് വ്യവഹരിക്കണമെങ്കില്‍ ഇസ്‌നാദോടു കൂടിത്തന്നെ അത് നിവേദനം ചെയ്യപ്പെ ട്ടതാകണമെന്ന് പണ്ഡിതന്‍മാര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇമാം ശാഫിഈയുടെ ഗുരുവര്യന്‍മാരിലൊരാളായ അബ്ദുല്ലാഹിബ്‌നുല്‍ മുബാറക്‌ (റ)പറയുന്നതായി ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നു: ''മതത്തില്‍പെട്ടതാണ് ഇസ്‌നാദ്. അത് ഇല്ലായിരുന്നുവെങ്കില്‍ ഹദീഥില്‍ വേണ്ട വര്‍ക്ക് വേണ്ടതെന്തും പറയാന്‍ പറ്റുന്ന അവസ്ഥയുണ്ടാകുമായിരുന്നു.'' പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതനായിരുന്ന ഇമാം ശാഫി പറഞ്ഞ തിങ്ങനെയാണ്: ''ഇത് എവിടെനിന്നു ലഭിച്ചുവെന്ന് ചോദിച്ച് ഇസ്‌നാദ് മനസ്സിലാക്കാതെ വിജ്ഞാനം സമ്പാദിക്കുന്നവന്‍ രാത്രിയില്‍ വിറകു മരത്തടികള്‍ ശേഖരിക്കുന്നവനെപ്പോലെയാണ്. തന്റെ ചുമലില്‍ ശേഖരിച്ചുവെച്ച് താങ്ങി നടക്കുന്ന മരത്തടിക്കെട്ടിനകത്ത് അണലി ഒളി ഞ്ഞു കിടക്കുന്നുണ്ടാവാം. അത് അവനെത്തന്നെ കടിക്കുകയും ചെയ്യാം.'' പ്രമുഖ ഹദീഥ് നിവേദന ശാസ്ത്രജ്ഞനായ ശുഅ്ബത്തുബ്‌നുല്‍ ഹജ്ജാജ് പറഞ്ഞതിങ്ങനെയാണ്: 'അദ്ദേഹം എന്നോട് പറഞ്ഞുവെന്നോ അദ്ദേഹം എന്നോട് നിവേദനം ചെയ്തുവെന്നോ ഉള്ള (ഇസ്‌നാദി ന്റെ മൂലകങ്ങളായ) പരാമര്‍ശങ്ങളുള്‍ക്കൊള്ളാത്ത എല്ലാ മതവിജ്ഞാനങ്ങളും വാലറ്റവയാണ്'.

ഹദീഥ് പരിശോധനയ്ക്ക് വേണ്ടി രൂപപ്പെട്ട ഇസ്‌നാദ് പരിശോധനാരീതി അറബി സാഹിത്യത്തെയും ചരിത്രത്തെയും ഭൂമിശാസ്ത്രത്തെ യുമെല്ലാം കുറിച്ച പഠനങ്ങള്‍ക്ക് പില്‍ക്കാലത്ത് പ്രയോജനീഭവിച്ചതായി വ്യക്തമാക്കുന്ന രേഖകളുണ്ട്. പ്രവാചക ശിഷ്യന്‍മാരുടെ കാലം മുതലുള്ള മുറിയാത്ത ശൃംഖലയോടുകൂടി നിവേദനം ചെയ്യപ്പെട്ട ഹദീഥുകളിലൂടെ സ്ഥിരീകരിക്കപ്പെട്ടതാണ് മുഹമ്മദ് നബി(സ)യുടെ ജീവിതവൃത്താന്തങ്ങളെന്ന വസ്തുത അംഗീകരിക്കാതിരിക്കുവാന്‍ ഇസ്‌നാദുകളെപ്പറ്റി അല്‍പമെങ്കിലും പഠിച്ചവര്‍ക്കൊന്നും സാധ്യമല്ല. നബി(സ)ചര്യയുടെ ചരിത്രപരതയ്ക്ക് തെളിവുകള്‍ അന്വേഷിക്കുന്നവര്‍ക്ക്, അവരുപയോഗിക്കുന്ന മാനദണ്ഡങ്ങളെ തൃപ്തമാക്കുവാന്‍ മുറി യാത്ത ശൃംഖലയുള്ള ഹദീഥുകളുടെ ഇസ്‌നാദുകള്‍ മാത്രം മതി. നബി(സ) ജീവിച്ചത് കണ്ടവരുടെയും അടുത്തതും അതിനടുത്തതുമായ തല മുറകളിലെ നൂറുകണക്കിന് സത്യസന്ധരായ വ്യക്തികളുടെയും സാക്ഷ്യം പോരേ, അദ്ദേഹത്തിന്റെ ചര്യയുടെ ചരിത്രപരത തെളിയിക്കുവാൻ? എന്നാല്‍ ഹദീഥ് നിദാന ശാസ്ത്രം ഇവിടെ നിര്‍ത്തുന്നില്ല. മുഹമ്മദ് നബി(സ) യെന്ന ഒരാള്‍ ജീവിച്ചിരുന്നുവെന്ന് തെളിയിക്കുകയല്ല ഹദീഥുക ളുടെ ദൗത്യമെന്നതിനാല്‍ ഇസ്‌നാദ് സമര്‍പ്പിച്ചുകൊണ്ട് നിര്‍ത്തുന്നതിന് പകരം ആ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചിട്ടുണ്ടെന്ന സൂക്ഷ്മ വും കൃത്യവും സത്യസന്ധവുമായ അപഗ്രഥനം കൂടി ഹദീഥ് നിവേദന ശാസ്ത്രജ്ഞന്‍മാര്‍ നടത്തുന്നുണ്ട്.

ഭൂതകാല സംഭവാഖ്യാനത്തിലെ നെല്ലും പതിരും വേർതിരിക്കുന്നതിനു വേണ്ടി ഓറിയന്റലിസ്റ്റുകൾ വികസിപ്പിച്ചെടുത്ത ചരിത്രവിമർശനരീതിയനുസരിച്ച് ഹദീഥ് നിദാനശാസ്ത്രം തികച്ചും അശാസ്ത്രീയമായ ഒരു രീതിയാണ്. ഇങ്ങനെ അശാസ്ത്രീയമായ രീതിയനുസരിച്ച് നബിയുടെ ജീവിതത്തെക്കുറിച്ച് മനസിലാക്കാമെന്ന് കരുതുന്നത്    അബദ്ധമല്ല ?

യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള അപഗ്രഥനം മാത്രമെ ശാസ്ത്രീയമാവൂയെന്ന യൂറോ കേന്ദ്രീകൃത ലോകവീക്ഷണത്തിന്റെ (eurocentrism) വക്താക്കള്‍ക്ക് ഹദീഥ് നിദാനശാസ്ത്രത്തിന്റെ രീതി ഉള്‍ക്കൊള്ളാന്‍ കഴിയുക പ്രയാസകരമാണ്. ബുദ്ധി മുഴുവന്‍ യൂറോപ്പി ന്റേതാണെന്ന വെളുത്ത അഹങ്കാരത്തിന്റെ കണ്ണിലൂടെ നോക്കുന്നവര്‍ക്ക് ഹദീഥ് നിദാനശാസ്ത്രം മൊത്തത്തില്‍ തന്നെ അസംബന്ധമായി ത്തോന്നാനും സാധ്യതയുണ്ട്. ഭൂതകാല രചനകളിലെ നെല്ലും പതിരും വേര്‍തിരിക്കുവാന്‍ യൂറോപ്പ് ആവിഷ്‌കരിച്ച ചരിത്രാഖ്യാനശാ സ്ത്രം (historiography), ചരിത്ര വിമര്‍ശനരീതി (histori-cal critical method) അഥവാ ഉന്നത വിമര്‍ശനം (higher criticism) എന്നിവയെക്കാള്‍ എന്തു കൊണ്ടും ഉത്തമമാണ് ഉസ്വൂലുല്‍ ഹദീഥ് അഥവാ ഹദീഥ് നിദാനശാസ്ത്രം എന്നതാണ് വസ്തുത.

യൂറോപ്യന്‍ അഹങ്കാരം മസ്തിഷ്‌കത്തെ കീഴ്‌പ്പെടുത്തിയിട്ടില്ലാത്ത ചില ഓറിയന്റലിസ്റ്റുകളെങ്കിലും ഇക്കാര്യം തുറന്നു സമ്മതിച്ചിട്ടുണ്ട്. വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഇസ്‌ലാമിക പഠന വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഓക്‌സ്‌ഫോര്‍ഡ് എന്‍സൈക്ലോപീഡിയ ഓഫ് ഇസ്‌ലാമിക് ലോയുടെ മുഖ്യപത്രാധി പരുമായ ഡോ: ജോനാഥന്‍ എ.സി. ബ്രൗണ്‍ ഒരു പ്രഭാഷണത്തില്‍ പറയുന്നത് ഇങ്ങനെയാണ്. ''ചരിത്രത്തിലുള്ള മറ്റാരുടെയും ജീവിതം, മുസ്‌ലിം ഹദീഥ് പണ്ഡിതന്‍മാരുടെ ജീവിതത്തോളം എന്റെ മനസ്സിനെ സ്വാധീനിച്ചിട്ടില്ല. ഹദീഥുകളെക്കുറിച്ച് പഠിക്കാനാരംഭിച്ചപ്പോള്‍ അവയെല്ലാം വെറുതെ എഴുതിയുണ്ടാക്കിയ ചവറുകളാണെന്നും കൃത്രിമമാണെന്നുമായിരുന്നു എന്റെ വിചാരം. എന്നാല്‍ കൂടുതലായി പഠിക്കാന്‍ ശ്രമിക്കുന്തോറും അവരുടെ ബുദ്ധിസാമര്‍ഥ്യത്തെ ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങി. ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ ഹൃദിസ്ഥമാക്കു വാനും ആവശ്യമുള്ളപ്പോള്‍ അവ ഓര്‍മയില്‍നിന്ന് ചികഞ്ഞെടുക്കുവാനും വിഷയാധിഷ്ഠിതമായി അവ ക്രമീകരിച്ചശേഷം അവയുടെ സ്വീകാര്യത പരിശോധിക്കുവാനും അവയുടെ അടിസ്ഥാനത്തില്‍ വിധികള്‍ നിര്‍ണയിക്കുവാനും അവര്‍ക്ക് സാധിച്ചുവെന്നതാണ് ഞാന്‍ അര്‍ഥമാക്കുന്നത്. ഇലക്‌ട്രോണിക് പദസഞ്ചയവും കംപ്യൂട്ടറുകളുമെല്ലാം ഉപലബ്ധമായ ഇന്ന് ഹദീഥുകളെക്കുറിച്ച് അവര്‍ നിര്‍വഹിച്ച ദൗത്യം പരതിയെടുക്കുവാന്‍ തന്നെ ഞാന്‍ പ്രയാസപ്പെടുകയാണ്. ഇത്  അവിശ്വസീയം തന്നെയാണ്; ഇത് അവിശ്വസനീയം തന്നെയാണ്; അവര്‍ എഴുതിവെച്ച ഗ്രന്ഥങ്ങള്‍ നമ്മുടെ മുന്നിലില്ലായിരുന്നുവെങ്കില്‍ ഞാന്‍ തീര്‍ച്ചയായും അവര്‍ക്കിതിന് സാധിച്ചുവെന്ന് വിശ്വസിക്കുക യില്ലാരുന്നു.''(Dr. Jonathan AC Brown: A Brief history of Hadith Collection and Criticism (www.youtube.com/watch?v=cxuebxgixhs)

ചരിത്രാഖ്യാന ശാസ്ത്രത്തിന്റെയും ചരിത്രവിമര്‍ശന രീതിയുടെയും മാനദണ്ഡങ്ങള്‍ ഹദീഥ് നിദാന ശാസ്ത്രത്തെ പരിശോധിക്കുവാന്‍ തീരെ അപര്യാപ്തമാണ്. രണ്ടും തികച്ചും വിരുദ്ധമായ രണ്ട് രീതി ശാസ്ത്രങ്ങളിലുള്ള അപഗ്രഥനരീതികളാണ് എന്നതുകൊണ്ടാണത്. നിലവിലുള്ള ഒരു ചരിത്രസ്രോതസ്സിനെ സംശയിച്ചുകൊണ്ടാണ് ചരിത്രവിമര്‍ശന രീതിയുടെ തുടക്കം. പ്രസ്തുത സ്രോതസ്സ് യഥാര്‍ഥത്തില്‍ അത് എഴുതിയതെന്ന് വിശ്വസിക്കപ്പെടുന്നയാളുടെ രചനതന്നെയാണോയെന്നാണ് അത് അന്വേഷിക്കുന്നത്. അല്ലയെന്ന് സ്ഥാപിക്കുന്നതില്‍ മാത്രമെ ചരിത്ര വിമര്‍ശകര്‍ക്ക് താല്‍പര്യമുള്ളൂ. അയാളുടേതല്ലെങ്കില്‍ പിന്നെയാരുടേത് എന്ന ചോദ്യത്തിന് അവരുടെ പക്കല്‍ ഉത്തരമില്ല. പരമ്പരാഗത ധാരണകളെ തകര്‍ക്കുന്നതില്‍ മാത്രമാണവരുടെ താല്‍പര്യം. ഉസ്വൂലുല്‍ഹദീഥിന്റെ പണ്ഡിതന്‍മാര്‍ പരമ്പരാഗത ധാരണകളെ തകര്‍ക്കുകയല്ല, പ്രത്യുത പരിശോധിച്ച് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. മുഹമ്മദ് നബി(സ)യില്‍ നിന്നുള്ളതാണ് എന്ന രൂപ ത്തില്‍ സമൂഹത്തില്‍ പ്രചാരത്തിലുള്ള ഹദീഥുകള്‍ അദ്ദേഹത്തില്‍ നിന്നുള്ളവ തന്നെയാണോയെന്ന് പരിശോധിക്കുകയും ഉറപ്പുവരുത്തു കയും ചെയ്യുകയാണ് അവരുടെ ദൗത്യം. ഈ പരിശോധനയില്‍ നബി(സ)യില്‍ നിന്നുള്ളതല്ലെന്ന് ഉറപ്പുള്ളവ വേര്‍തിരിക്കപ്പെടുകയും മാറ്റി നിര്‍ത്തപ്പെടുകയും ചെയ്യുമെന്നത് ശരിയാണ്. പക്ഷേ, അങ്ങനെ മാറ്റി നിര്‍ത്തുകയല്ല അവരുടെ ലക്ഷ്യം. പ്രത്യുത നബി(സ)യില്‍ നിന്നുതന്നെ യാണെന്ന് ഉറപ്പുവരുത്തി സ്വീകരിക്കുവാന്‍ കഴിയുന്നവയെല്ലാം സ്വീകരിക്കുകയാണ്. ചരിത്രവിമര്‍ശനരീതി നിഷേധത്തില്‍നിന്നു തുടങ്ങു മ്പോള്‍ ഉസ്വൂലുല്‍ ഹദീഥ് അംഗീകാരത്തില്‍ നിന്നാണ് ആരംഭിക്കുന്നത്.

അബൂഹുറൈറ(റ) യുടെ യഥാർത്ഥ പേരെന്താണെന്നറിയില്ല; ഇസ്‌ലാം സ്വീകരണത്തിന് മുമ്പുള്ള അദ്ദേഹത്തിന്റെ ചരിത്രവും അറിയില്ല. അങ്ങനെയുള്ള ഒരാളുടെ ഇസ്‌ലാം ആശ്ലേഷം സത്യസന്ധമായിരുന്നുവെന്ന് എങ്ങനെ കരുത്താനാവും? സ്വഹാബിമാരിൽ പലരും അദ്ദേഹത്തെ വിമർശച്ചതായി കാണാനും കഴിയും. അക്ഷരജ്ഞാനം പോലുമില്ലാത്ത ഒരാളെ ഒരാളെ വിശ്വസിച്ചുകൊണ്ട് അയാൾ പറഞ്ഞതെല്ലാം നബി(സ)യിൽ നിന്നുള്ളവയാണെന്ന് എങ്ങനെ കരുതാനാവും ?

ബൂഹുറയ്‌റയുടെ(റ) യഥാര്‍ഥ നാമത്തെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളും ഇസ്‌ലാം സ്വീകരണത്തിനുമുമ്പുള്ള അദ്ദേഹത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയും അദ്ദേഹത്തിന്റെ സ്വീകാര്യതയെക്കുറിച്ച് സംശയങ്ങളുണ്ടാക്കുന്ന കാര്യങ്ങളായി എടുത്തുപറയുന്ന വിമർശിക്കുന്നവർക്ക് മറ്റു സ്വഹാബിമാരുടെ യഥാര്‍ഥനാമവും ചരിത്രവും എത്രത്തോളം അറിയാമെന്നാണ് തിരിച്ചു ചോദിക്കാനുള്ളത്. നബി(സ)യുടെ സന്തതസഹചാരിയും ആദ്യ ഖലീഫയുമായിരുന്ന അബൂബക്കര്‍െ(റ)ന്റ യഥാര്‍ഥ പേരിനെക്കുറിച്ച് ചരിത്രകാരന്‍മാ ര്‍ക്കിടയില്‍ അഭിപ്രായാന്തരങ്ങളുണ്ടെന്നത് അദ്ദേഹത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ഏതെങ്കിലും അബൂഹൂറയ്‌റാ വിമര്‍ശകന്‍ മാര്‍ വാദിച്ചുകണ്ടിട്ടില്ല. അബൂഉബൈദ(റ), അബൂദുജാന(റ), അബൂദര്‍റുല്‍ ഗിഫ്ഫാരി(റ), അബൂദര്‍ദാഅ്‌ (റ)തുടങ്ങിയ നാമങ്ങളില്‍ അറി യപ്പെടുന്ന പ്രമുഖരായ സ്വഹാബികളുടെ യഥാര്‍ഥ പേരെന്തായിരുന്നുവെന്ന് ചരിത്രകാരന്‍മാരില്‍ പലര്‍ക്കും അജ്ഞാതമാണ്.സ്വഹാബി മാരില്‍ പലരുടെയും ഇസ്‌ലാം സ്വീകരണത്തിന് മുമ്പുള്ള ചരിത്രത്തെക്കുറിച്ചും കൂടുതല്‍ അറിവൊന്നുമില്ല. അറബികള്‍ക്കിടയില്‍ പ്രശ സ്തമായിരുന്ന ബനൂദൗസ് ഗോത്രക്കാരനായ അബൂഹുറയ്‌റയേുടെ ചരിത്രവും കുടുംബ വേരുകളും മറ്റു പല സ്വഹാബികളുടേതിലുമ പേക്ഷിച്ച് അറിയപ്പെടുന്നവയാണ്.

അദ്ദേഹത്തിന്റെ ചരിത്രം തീരെ അജ്ഞാതമാണെന്ന് വന്നാല്‍പോലും അതിന്റെ അടിസ്ഥാനത്തില്‍ അബൂഹുറയ്‌റ(റ)യുടെ സത്യസന്ധതയെ ചോദ്യം ചെയ്യാന്‍ എങ്ങനെ സാധിക്കും? ജാഹിലിയ്യാ ചരിത്രം അജ്ഞാതമാണെന്ന കാരണത്താല്‍ അസ്വീകാര്യമായി വിലയിരുത്തുകയാണെങ്കില്‍ സ്വഹാബിമാരില്‍ മിക്കവരും അസ്വീകാര്യരായിത്തീരുമെന്നതാണ് വസ്തുത. അബൂഹുറ യ്‌റെ(റ)യെ തകര്‍ത്ത് അതിലൂടെ സ്വഹാബിമാരെയും ഹദീഥുകളെയുമെല്ലാം അസ്വീകാര്യമായി മുദ്രകുത്തി നബി(സ)യുടെ ചരിത്രപരത യെത്തന്നെ നിഷേധിക്കുന്നതിനുള്ള പാതയൊരുക്കിയവര്‍ നല്‍കിയ 'തെളിവുകളു' പയോഗിക്കുന്നവര്‍ യഥാര്‍ഥത്തില്‍ തകര്‍ക്കുവാന്‍ ശ്രമി ക്കുന്നത് ഇസ്‌ലാമിനെത്തന്നെയാണെന്ന വസ്തുതയാണിവിടെ അനാവൃതമാവുന്നത്.

ഓറിയന്റലിസ്റ്റുകള്‍ നല്‍കിയ 'തെളിവുകളു'പയോഗിച്ച് അബൂഹുറയ്‌റ(റ)യുടെ ഇസ്‌ലാം ആശ്ലേഷണം ആത്മാര്‍ഥമായിരുന്നില്ലെന്ന് വാദിക്കുന്നവരുടെ പക്കല്‍ ആത്മാര്‍ഥതയെ അളക്കുന്നതിനുള്ള മാനദണ്ഡമെന്താണ്? നബി(സ)യുടെ കൂടെ അദ്ദേഹത്തോടൊപ്പം നാലു വര്‍ ഷത്തിലധികം ജീവിച്ചിട്ട് അബൂഹുറയ്റയുടെ (റ)ആത്മാര്‍ഥതയില്‍ എന്തെങ്കിലുമൊരു സംശയം നബി(സ) പ്രകടിപ്പിച്ചതായി തെളിയി ക്കുന്ന ഒരു സംഭവം പോലും ഉദ്ധരിക്കുവാന്‍ അബൂഹുറയ്‌റാവിമര്‍ശകര്‍ക്ക് കഴിഞ്ഞിട്ടില്ല. വിദൂര ദേശത്തുനിന്ന് നബി(സ) ജീവിതത്തെ ക്കുറിച്ച് പഠിക്കുവാനായി മദീനയിലേക്ക് പലായനം ചെയ്‌തെത്തിയ അദ്ദേഹത്തിന്റെ ആത്മാര്‍ഥതയില്‍ മുഹാജിറുകളിലോ അന്‍സ്വാരി കളിലോ പെട്ട ആരെങ്കിലും സംശയം പ്രകടിപ്പിച്ചതായി യാതൊരു രേഖയുമില്ല. സകാത്തിന്റെ സ്വത്തു സൂക്ഷിക്കാന്‍ നബി(സ)ഏല്‍പ്പിച്ചി രുന്നത് അബൂഹുറയ്‌റെ(റ)യെ ആയിരുന്നു.(സ്വഹീഹുല്‍ ബുഖാരി, കിതാബു സ്‌സകാത്ത്) നബിജീവിതത്തെ നിരീക്ഷിക്കുന്നതിനായി പള്ളിവരാന്തയില്‍ കഴിഞ്ഞിരുന്നവരെ ക്വുര്‍ ആന്‍ പ്രശംസിക്കുകയാണ് ചെയ്തിട്ടുള്ളത് (2:273). അവരില്‍ കപട വിശ്വാസികളുള്ളതായി ക്വുര്‍ആന്‍ യാതൊരു സൂചനയും നല്‍കുന്നില്ല. അല്ലാഹുവിനോ റസൂലിനോല സ്വഹാബികള്‍ക്കോ മനസ്സിലാകാതിരുന്ന അബൂഹുറയ്‌റ(റ)യുടെ 'കാപട്യം' തങ്ങള്‍ക്കാണ് തിരിച്ചറിയാന്‍ കഴിഞ്ഞതെന്ന് ഗര്‍വ് നടിക്കുന്നവര്‍, ഓറിയന്റലിസ്റ്റുകള്‍ വെട്ടിവെടിപ്പാക്കിയ വഴിയിലൂടെ പോയി ക്വുര്‍ആനിനെയും നബി(സ)യെയു മാണ് യഥാര്‍ഥത്തില്‍ തള്ളിപ്പറയുന്നത്.

അക്ഷരജ്ഞാനമില്ലാതിരുന്ന അബൂഹുറയ്‌റെ(റ)ക്കെങ്ങനെയാണ് ഇത്രയധികം നബിചര്യകള്‍ ഓര്‍മിച്ചുവെക്കാനായതെന്ന് ആശ്ചര്യപ്പെട്ട് അദ്ദേഹത്തെ കളിയാക്കാനൊരുമ്പെടുന്നവര്‍ യഥാര്‍ഥത്തില്‍ പരിഹസിക്കുന്നത് നബി(സ)യെയും ക്വുര്‍ആനിനെയുമാണ്. വിശുദ്ധ ക്വുര്‍ ആന്‍ അവതരിപ്പിക്കപ്പെട്ടത് അക്ഷരാഭ്യാസമില്ലാത്ത മുഹമ്മദ് നബി(സ)ക്കായിരുന്നു. അദ്ദേഹവും അനുചരന്‍മാരില്‍ ചിലരും ക്വുര്‍ആന്‍ പൂര്‍ണമായും ഹൃദിസ്ഥമാക്കിയിരുെന്നന്ന വസ്തുത വിമര്‍ശകര്‍പോലും അംഗീകരിക്കുന്നതാണ്. മനഃപാഠമാക്കുവാനുള്ള, അറബിക ളുടെ ശേഷിയെക്കുറിച്ച് ഓറിയന്റലിസ്റ്റുകളില്‍ പലരും വാചാലരായിട്ടുണ്ട്. നബി(സ)യില്‍ നിന്ന് പഠിച്ച കാര്യങ്ങള്‍ പരസ്പരം പറ ഞ്ഞ് പരിശോധിച്ച് ഹൃദിസ്ഥമാക്കിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുന്ന പതിവ് സ്വഹാബിമാര്‍ക്കുണ്ടായിരുന്നുവെന്ന് ഡോ: മുഹമ്മദ് മുസ്തഫ അല്‍ അഅ്ദമി തെളിവുകളുദ്ധരിച്ചുകൊണ്ട് സമര്‍ഥിക്കുന്നുണ്ട്. നിവേദക പരമ്പരകളോടെ ഇമാം ബുഖാരി മൂന്ന് ലക്ഷവും ഇമാം അഹ്മദ് ആറ് ലക്ഷവും ഹദീഥുകള്‍ മനഃപാഠമാക്കിയിരുന്നുവെന്ന വസ്തുത ഹൃദിസ്ഥമാക്കുവാനുള്ള അറബികളുടെ കഴിവ് വ്യക്ത മാക്കുന്ന തെളിവുകളാണ്. പ്രവാചകനില്‍നിന്ന് താന്‍ പഠിച്ച മൂവായിരത്തോളം വസ്തുതകള്‍ മനസ്സില്‍ സൂക്ഷിക്കുകയും പില്‍കാലക്കാ ര്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്ത അബൂഹുറയ്‌റ(റ)യുടെയും മനഃപാഠമാക്കുവാനുള്ള കഴിവ് മികച്ചതായിരുന്നു; അറബികള്‍ക്ക് അതൊരിക്കലും അസാധ്യമായിരുന്നില്ല.

മറ്റു സ്വഹാബിമാരെക്കാള്‍ നബി(സ)യുടെ ഹദീഥുകള്‍ മനഃപാഠമാക്കിയിരുന്നത് അബൂഹുറയ്‌റ യോണെന്ന് അബൂദുല്ലാഹിബ്‌നു അംറ്‌ (റ)പറഞ്ഞതായി ഇമാം ഇബ്‌നുകഥീര്‍ രേഖപ്പെടുത്തുന്നുണ്ട്. അമവീ ഖലീഫയായിരുന്ന മര്‍വാനു ബ്‌നുല്‍ ഹകം അബൂഹുറയ്‌റയേുടെ ഓര്‍മശക്തി പരിശോധിച്ച് ഉറപ്പുവരുത്തിയതായും അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. അക്ഷരാഭ്യാസമില്ലെങ്കിലും ഹൃദിസ്ഥമാക്കുന്നതില്‍ സമര്‍ഥനായിരുന്ന അബൂഹുറയ്‌റ (റ)നബിജീവിതത്തെപ്പറ്റി താന്‍ അറിഞ്ഞ കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുകയും അടുത്ത തലമുറക്ക് പകര്‍ന്നു നല്‍കുകയുമാണ് ചെയ്തതെന്ന് സാരം.

സ്വഹാബീപ്രമുഖരായ ഉമര്‍(റ), ഉഥ്മാന്‍(റ), അലി(റ), ആയിശ(റ) തുടങ്ങിയവര്‍ അബൂഹുറയ്‌റെ(റ)യെ വിമര്‍ശിക്കുകയും നിഷേധിക്കു കയും അദ്ദേഹത്തിന്റെ സത്യസന്ധതയില്‍ സംശയിക്കുകയും ചെയ്തിരുന്നുവെന്ന് സ്ഥാപിക്കാനായി വിമര്‍ശകര്‍ ഉദ്ധരിക്കുന്ന സംഭവ ങ്ങള്‍ വ്യാജമായി നിര്‍മിക്കപ്പെട്ടവയോ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തി മാറ്റി തെറ്റായി വ്യാഖ്യാനിക്കപ്പെട്ടവയോ ആണെന്ന് തെളിവുകളുദ്ധ രിച്ചുകൊണ്ട് പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രവാചകന്റെല നിര്‍ദേശാനുസരണം ഇസ്‌ലാമിലെ ആദ്യത്തെ ഹജ്ജിന് നേതൃത്വം നല്‍കിയ അബൂബക്കര്‍ (റ)തന്നോടൊപ്പമുണ്ടായിരുന്ന അബൂഹുറയ്‌റ(റ)യെയാണ് അടുത്ത വര്‍ഷം മുതല്‍ ബഹുദൈവാരാധകര്‍ക്ക് ഹജ്ജിന് വരാന്‍ അനുവാദമുണ്ടാവുകയില്ലെന്ന് പ്രഖ്യാപിക്കുവാന്‍ ചുമതലപ്പെടുത്തിയതെന്ന വസ്തുത അബൂബക്കര്‍ (റ)അബൂഹുറ യ്‌റെ(റ)യെ അംഗീകരിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നു.പച്ചകുത്തലുമായി ബന്ധപ്പെട്ട് നബി(സ) എന്തെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന ഉമറിന്റെ (റ)ചോദ്യത്തിന് അബൂഹുറയ്‌റ (റ)നല്‍കിയ മറുപടി ചോദ്യം ചെയ്യാതെ അദ്ദേഹം സ്വീകരിച്ചതുംഹസ്സാനുബ്‌നു സാബിത്തി ന്റെ കവിതകളെ നബി(സ) പുകഴ്ത്തിയതായുള്ള അബൂഹുറയ്‌റയുടെ സാക്ഷ്യം ഉമര്‍ (റ)അപ്പടി സ്വീകരിച്ചതുമായ സംഭവങ്ങള്‍ ഉമര്‍ (റ)അദ്ദേഹത്തെ അംഗീകരിച്ചിരുന്നുവെന്നതിനുള്ള വ്യക്തമായ തെളിവുകളാണ്. ഉഥ്മാനോ (റ)അലിയോ (റ)ആയിശയോ അബൂഹുറയ്‌ റെ(റ)യെ സംശയിക്കുകയോ വിമര്‍ശിക്കുകയോ ചെയ്തതായി വിശ്വാസയോഗ്യമായ തെളിവുകളെന്തെങ്കിലും ഉദ്ധരിക്കുവാന്‍ വിമര്‍ശക ര്‍ക്ക് കഴിഞ്ഞിട്ടില്ല. ഹദീഥുകള്‍ നിവേദനം ചെയ്യുമ്പോള്‍ അബൂഹുറയ്‌റ(റ)യോടൊപ്പമുണ്ടായിരുന്ന പ്രസിദ്ധ സ്വഹാബിയായ അബൂസ ഈദില്‍ ഖുദ്‌രി (റ)അദ്ദേഹത്തെ ശരിവെക്കുകയും സത്യപ്പെടുത്തുകയും ചെയ്തതായി ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നുണ്ട്. അബൂഹു റയ്‌റ (റ)നിവേദനം ചെയ്ത ഹദീഥുകളെ നിരവധി സന്ദര്‍ഭങ്ങളില്‍ പ്രസിദ്ധ സ്വഹാബിയായ ജാബിറുബ്‌നു അബ്ദില്ല അനുകൂലി ക്കുകയും സത്യപ്പെടുത്തുകയും ചെയ്തതായി കാണാനാവും. സ്വഹാബിമാരെല്ലാം അബൂഹുറയ്‌റ(റ)യുടെ സത്യസന്ധത അംഗീകരിച്ചിരുന്നു വെന്ന് ഇവ വ്യക്തമാക്കുന്നു.

മക്കയിലും മദീനയിലുമെല്ലാംനബി(സ)യോടൊപ്പമുണ്ടായിരുന്ന അബൂബക്കറും(റ ) ഉമറും(റ) ഉഥ്മാനുമെല്ലാം (റ) ഏതാനും ഹദീഥുകൾ മാത്രം നിവേദനം ചെയ്തപ്പോൾ അബൂഹുറയ്‌റ(റ) ആയിരക്കണക്കിന് ഹദീഥുകൾ നിവേശനം ചെയ്തിട്ടുണ്ട്. ഇത് ഹദീഥുണ്ടാക്കുന്നതിൽ അബൂ ഹുറയ്റ(റ)അതിരുവിട്ട് ആവേശം കാണിച്ചിട്ടുണ്ടെന്നല്ലേ വ്യക്തമാക്കുന്നത്?

ആദ്യകാലത്തുതന്നെ ഇസ്‌ലാം സ്വീകരിക്കുകയും മക്കയിലും മദീനയിലുമെല്ലാംനബി(സ)യോടൊപ്പമുണ്ടാവുകയും ചെയ്ത അബൂബക്ക റും(റ) ഉമറും(റ)ഉഥ്മാനുമൊന്നും(റ)അബൂഹുറയ്‌റ(റ)നിവേദനം ചെയ്തതു പോലെ ധാരാളം ഹദീഥുകള്‍ നിവേദനം ചെയ്തിട്ടില്ലെന്നത് അബൂ ഹുറയ്റ(റ)ഇക്കാര്യത്തില്‍ അതിരുവിട്ട് ആവേശം കാണിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നുണ്ടെന്നും അത് അദ്ദേഹത്തിന്റെ വിശ്വാസ്യ തയെ തകര്‍ക്കുന്നുണ്ടെന്നും വാദിക്കുന്നത് ഹദീഥ് ശേഖരണത്തിന്റെ ചരിത്രത്തെക്കുറിച്ച അജ്ഞതകൊണ്ടോ അജ്ഞത നടിച്ച് നിഷ്‌കളങ്കരെ തെറ്റു ധരിപ്പിക്കുവാനുള്ള വ്യഗ്രതകൊണ്ടോ ആണെന്ന് വ്യക്തമാണ്.

അബൂക്കറില്‍(റ)നിന്ന് 142ഉം ഉമറില്‍(റ)നിന്ന് 537ഉം ഉഥ്മാനിൽ(റ) നിന്ന് 146 ഉം അലിയില്‍(റ)നിന്ന് 586ഉം ഹദീഥുകള്‍ ഉദ്ധരിക്കപ്പട്ടപ്പോള്‍ അബൂഹുറയ്‌റേയില്‍നിന്ന് 5347ഉം അബ്ദുല്ലാഹിബ്‌നു ഉമറില്‍നിന്ന് 2630ഉം അനസ്ബ്‌നു മാലിക്കില്‍നിന്ന്(റ) 2300ഉം ആയിശയില്‍(റ) നിന്ന് 2200ഉം അബ്ദുല്ലാഹിബ്‌നു അബ്ബാസില്‍(റ)നിന്ന് 1665ഉം ജാബിറുബ്‌നു അബ്ദില്ല(റ) യില്‍നിന്ന് 1500ഉം ഹദീഥുകള്‍ ഉദ്ധരിക്കപ്പെടാനുള്ള കാരണം, രണ്ടാമത് പറഞ്ഞവര്‍ക്കാണ് അടുത്ത തലമുറയുമായി സമ്പര്‍ക്ക ത്തിലാവാന്‍ കൂടുതല്‍ അവസരമുണ്ടായത് എന്നതാണ്.

ഹദീഥുകളുടെ നിവേദനവും സംപ്രേക്ഷണവും നടന്നതെങ്ങനെയെന്ന് മനസ്സിലാ യാല്‍ ഇത്തരമൊ രു വിമര്‍ശനം തന്നെ അപ്രസക്തമാവുമെന്നുറപ്പാണ്. മുഹമ്മദ്നബി(സ)യില്‍നിന്ന് ഏതെങ്കിലുമൊരു കാര്യം മനസ്സിലാ ക്കിയ ഒരാള്‍ അത് മനസ്സി ലാക്കാത്ത മറ്റൊരാള്‍ക്ക് പറഞ്ഞുകൊടുക്കുമ്പോഴാണ് അത് ഹദീഥ് ആയിത്തീരുന്നത്. മനസ്സിലാകാത്തവരുടെ എണ്ണവര്‍ധനവിനനുസരിച്ച് ഈ പറഞ്ഞുകൊടുക്കല്‍ പ്രക്രിയയുടെ എണ്ണവും വര്‍ധിക്കുക സ്വാഭാവികമാണ്. പ്രവാചകവിയോഗത്തിന് 27 മാസങ്ങള്‍ കഴിഞ്ഞ്, ഹിജ്‌റ 13 ജുമാദുല്‍ ആഖിര്‍ 13 തിങ്കളാഴ്ച മരണപ്പെട്ട അബൂബക്കറിന്റെ(റ)ജീവിതകാലത്ത്നബി(സ)യില്‍ നിന്ന് കാര്യങ്ങള്‍ നേര്‍ക്കുനേരെ മനസ്സിലാ ക്കിയവരുടെ എണ്ണം അങ്ങനെ മനസ്സിലാക്കാത്തവരുടെ എണ്ണത്തേക്കാള്‍ വളരെ കൂടുതലായതിനാല്‍ അദ്ദേഹത്തിലൂടെ നിവേദനം ചെയ്യ പ്പെട്ട ഹദീഥുകളുടെ എണ്ണവും കുറവാണെന്നത് സ്വാഭാവികം മാത്രം. ഹിജ്‌റ 23 ദുല്‍ഹിജ്ജ 26ന് മരണ പ്പെട്ട ഉമറും(റ)ഹിജ്‌റ 36 മുഹര്‍റം 16ന് മരണപ്പെട്ട ഉഥ്മാനും(റ)ഹിജ്‌റ 40 ശവ്വാല്‍ 20ന് മരണപ്പെട്ട അലിയും(റ) ജീവിച്ചത് ധാരാളം സ്വഹാ ബിമാര്‍ ജീവിച്ചിരുന്ന കാലത്തായി രുന്നതിനാലും അവര്‍ ഭരണാധികാരികളും രാഷ്ട്രവ്യവഹാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടവരും ആയതിനാലുമാണ് അവരിലൂടെ നിവേദ നം ചെയ്യപ്പെട്ട ഹദീഥുകളുടെ എണ്ണം താരതമ്യേന കുറവായത്. ഇവരെല്ലാം പ്രവാചകവിയോഗം കഴിഞ്ഞ് ആദ്യത്തെ നാലു പതിറ്റാണ്ടുകള്‍ ക്കകം ജീവിച്ചവരാണ്. ധാരാളം സ്വഹാബിമാര്‍ ജീവിച്ചിരുന്ന അക്കാലത്ത്,നബി(സ)യില്‍ നിന്ന് നേര്‍ക്കുനേരെ കാര്യങ്ങള്‍ മനസ്സിലാക്കിയവ ര്‍ക്ക് ഇവര്‍ അതേ കാര്യത്തെക്കുറിച്ച് പറഞ്ഞു കൊടുക്കേണ്ടതില്ലായിരുന്നു.

എന്നാല്‍ ഹിജ്‌റ നാലാമത്തെ പതിറ്റാണ്ടു കഴിഞ്ഞപ്പോഴേക്ക് സ്ഥിതിമാറി.നബി(സ)യില്‍നിന്ന് നേര്‍ക്കുനേരെ കാര്യങ്ങള്‍ മനസ്സിലാക്കിയവരുടെ എണ്ണം കുറഞ്ഞുവന്നു. പുതിയ തലമുറക്ക് തങ്ങള്‍നബി(സ)യില്‍ നിന്ന് മനസ്സിലാക്കിയ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കേണ്ടത് അന്നു ജീവിച്ചിരുന്ന സ്വഹാബിമാരുടെ ബാധ്യതയായിത്തീര്‍ന്നു. ഹിജ്‌റ 57ല്‍  ത ന്റെ 78ാമത്തെ വയസ്സില്‍ മരണപ്പെട്ട അബൂഹുറയ്‌റയും(റ)ഹിജ്‌റ 73ല്‍ തന്റെ 80ാമത്തെ വയസ്സില്‍ മരണപ്പെട്ട അബ്ദുല്ലാഹിബ്‌നു ഉമറും (റ)ഹിജ്‌റ 93ല്‍ തന്റെ 103ാമത്തെ വയസ്സില്‍ മരണപ്പെട്ട അനസ്ബ്‌നു മാലിക്കും (റ)ഹിജ്‌റ 58ല്‍ തന്റെ 65ാമത്തെ വയസ്സില്‍ മരണപ്പെട്ട പ്രവാചകപത്‌നി ആയിശയും ഹിജ്‌റ 68ല്‍ തന്റെ 71ാമത്തെ വയസ്സില്‍ മരണപ്പെട്ട അബ്ദുല്ലാഹിബ്‌നു അബ്ബാസും(റ)ഹിജ്‌റ 78ല്‍ തന്റെ 94ാമത്തെ വയസ്സില്‍ മരണപ്പെട്ട ജാബിറുബ്‌നു അബ്ദുല്ലയേും കൂടുതല്‍ ഹദീഥുകള്‍ നിവേദനം ചെയ്തത് തങ്ങളുടെ കാലത്ത്നബി(സ)യെ നേരില്‍ കാണുകയോ കേള്‍ക്കുകയോ ചെയ്ത ആളുകള്‍ താരതമ്യേന കുറവായതു കൊണ്ടായിരുന്നു.നബി(സ)യുടെ ജീവിതചര്യയെക്കുറിച്ച് പഠിപ്പി  ക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തെ നേരില്‍ അനുഭവിച്ചിട്ടില്ലാത്ത വരുടെ കാലത്ത് കൂടുതലായിരിക്കുമെന്ന സരളമായ വസ്തുത പോലും പരിഗണിക്കാതെയാണ് ഹദീഥ് നിവേദനത്തില്‍ അത്യാവേശം കാണിച്ച് അബദ്ധങ്ങളെഴുന്നള്ളിച്ചയാളായി അബൂഹുറയ്‌റ(റ)യെ അവതരിപ്പിക്കുവാന്‍ വിമര്‍ശകര്‍ ധാര്‍ഷ്ട്യം കാണിക്കുന്നത്.

ല്ല. അബൂഹുറൈറ (റ) ഹദീഥുകളൊന്നും കെട്ടിയുണ്ടാക്കിയിട്ടില്ല. നബിജീവിതത്തിന്റെ അവസാനത്തെ നാല് വർഷങ്ങളിൽ നബിയോടൊപ്പം അദ്ദേഹത്തിന്റെ സ്വകാര്യനിമിഷങ്ങളിലൊഴിച്ച് മുഴുസമയവും ജീവിച്ച ആ മഹാത്യാഗിയുടെ ശ്രമഫലമായാണ് ഏറ്റവുമധികം ഹദീഥുകൾ അടുത്ത തലമുറക്ക് ലഭിച്ചത് എന്നതാണ് സത്യം . ഏറ്റവുമധികം ഹദീഥുകള്‍ നിവേദനം ചെയ്ത അബൂഹുറയ്‌റ(റ) തന്നെയാണ് ഓറിയന്റലിസ്റ്റുകളുടെയും അവരുടെ ആശയങ്ങള്‍ക്ക്      മുസ്‌ലിം സമുദായത്തില്‍ വിലാസമുണ്ടാക്കുവാന്‍ ശ്രമിക്കുന്നവരുടെയും ആക്ഷേപങ്ങള്‍ക്ക് വിധേയനായ പ്രധാനപ്പെട്ട സ്വഹാബി. ഹദീഥ് അപഗ്രഥനത്തില്‍ അഗ്രഗണ്യരായി അറിയപ്പെടുന്ന ഇഗ്‌നാസ് ഗോള്‍ഡ് സീഹറും ഹരാള്‍ഡ് മോട്‌സ്കിയും ജോസഫ് സ്‌കാച്ച്ട്ടും ആല്‍ഫ്രഡ് ഗ്യുല്ല്യൂമുമൊന്നും അബൂഹുറയ്‌റ(റ)യെ വെറുതെ വിട്ടിട്ടില്ല. 'ഹദീഥുകള്‍  ബോധപൂര്‍വം കെട്ടിയുണ്ടാ ക്കുന്നയാളായിരുന്നു അബൂഹുറയ്‌റ' യെന്ന് പറഞ്ഞത് ഇബ്‌നു ഹിശാമിന്റെ നബിചരിത്രം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ആല്‍ഫ്രഡ് ഗ്യുല്ല്യൂം ആണ്. ഓറിയന്റലിസ്റ്റുകള്‍ നല്‍കിയ ആയുധങ്ങളുപയോഗിച്ച് അബൂഹുറയ്‌റ(റ)യെ കണ്ണും മൂക്കും നോക്കാതെ ആക്രമിക്കുകയാണ് മോഡേണിസ്റ്റുകൾ ചെയ്തത്.

ഓറിയന്റലിസ്റ്റുകള്‍ നല്‍കിയ ആയുധങ്ങളുപയോഗിച്ച് തത്ത്വദീക്ഷയില്ലാതെ അബൂഹുറയ്‌റയുടെ നേരെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന വര്‍ തങ്ങള്‍ ചെയ്യുന്നത് ആ മഹാസ്വഹാബിയെ തെറിപറയുക മാത്രമല്ല, നബി(സ)യുടെ ചരിത്രപരതയെ നിഷേധിക്കാനായി ഇസ്‌ലാമി ന്റെ ശത്രുക്കളുണ്ടാക്കിയ ആയുധത്തെ രാകി മൂര്‍ച്ചപ്പെടുത്തുകകൂടിയാണെന്ന വസ്തുത പലപ്പോഴും മനസ്സിലാക്കുന്നില്ല. നബിയോടൊപ്പം ജീവിച്ച് നബിജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്ത് നബി(സ)യുടെ പ്രശംസയ്ക്ക് പാത്രീഭൂതനായ(ഫത്ഹുല്‍ബാരി) ഒരു അനുചരനെ ജൂതനും ജൂതചാരനുമെല്ലാമായി ചിത്രീകരിച്ച് ഹദീഥ്‌നിഷേധത്തിന് സൈദ്ധാന്തികമായ അടിത്തറയുണ്ടാക്കുവാന്‍ ശ്രമിക്കുന്ന വര്‍ യഥാര്‍ഥത്തില്‍ വീണിരിക്കുന്നത് മുഹമ്മദ് നബി(സ) ഒരു ചരിത്രപുരുഷനല്ലെന്നും ഒരു മിത്തു മാത്രമാണെന്നും വരുത്തിത്തീര്‍ക്കുന്നതിന് ഇസ്‌ലാമിന്റെ ശത്രുക്കൾ കുഴിച്ച കുഴിയിലാണ്.

കേവലം മൂന്നുകൊല്ലം മാത്രം നബി(സ)യോടൊപ്പം സഹവസിച്ച അബൂഹുറയ്‌റ(റ)യാണ് ഏറ്റവുമധികം ഹദീഥുകള്‍ നിവേദനം ചെയ്ത തെന്ന വസ്തുതയാണ് അദ്ദേഹത്തിന്റെ സത്യസന്ധതയില്‍ സംശയിക്കുന്നവര്‍ പ്രധാനമായി മുന്നോട്ടുവെക്കുന്ന ആക്ഷേപം. അബൂഹുറയ്‌ റയില്‍(റ)നിന്ന് 5374 ഹദീഥുകള്‍ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ടെന്നതും അദ്ദേഹമാണ് ഏറ്റവുമധികം ഹദീഥുകള്‍ നിവേദനം ചെയ്ത സ്വഹാ ബിയെന്നതും ശരിയാണ്. അബൂഹുറയ്‌റ(റ)യില്‍നിന്ന് എന്ന രൂപത്തില്‍ നിവേദനം ചെയ്യപ്പെട്ട ഹദീഥുകളില്‍ കെട്ടിയുണ്ടാക്കപ്പെട്ടവയാണെന്ന് ഉറപ്പുള്ളവയും ദുര്‍ബലമായ ഇസ്‌നാദോടു കൂടി ഉദ്ധരിക്കപ്പെട്ട അസ്വീകാര്യമായവയുമുണ്ടെന്നതും സത്യമാണ്. പക്ഷേ, അതെങ്ങനെയാണ് അബൂഹുറയ്‌റ(റ)യുടെ വിശ്വാസ്യതയെ ബാധിക്കുന്നത്? ഹദീഥ് നിവേദനത്തില്‍ നിപുണനും സത്യസന്ധനെന്ന് സമൂഹം അംഗീകരിച്ചയാളുമായ അബൂഹുറയ്‌റ(റ)യുടെ പേരില്‍ പില്‍ക്കാലത്തുള്ളവര്‍ കെട്ടിയുണ്ടാക്കിയ ഹദീഥുകള്‍ അദ്ദേഹത്തിന്റെ സത്യസന്ധതയെ ബാധിക്കുന്നതെങ്ങനെയാണെന്ന് വ്യക്തമാക്കു വാന്‍ വിമര്‍ശകര്‍ക്ക് കഴിഞ്ഞിട്ടില്ല. യഥാര്‍ഥത്തില്‍, അബൂഹുറയ്‌റ(റ)യുടെ പേരിലാണ് ഏറ്റവുമധികം വ്യാജഹദീഥുകള്‍ പ്രചരിച്ചിട്ടു ള്ളതെന്ന കാര്യം അദ്ദേഹത്തിന്റെ സത്യസന്ധതയെയും സ്വഹാബിമാര്‍ക്കും താബിഉകള്‍ക്കുമിടയിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ സ്വീകാര്യതയുമല്ലേ വ്യക്തമാക്കുന്നത്? വ്യാജ ഹദീഥ് നിര്‍മാതാക്കള്‍ തങ്ങളുടെ ഉല്‍പന്നം ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യമാവുന്നതിനായി സമൂഹത്തില്‍ ഏറ്റവുമധികം ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന നിവേദകരിലേക്കായിരിക്കും ചേര്‍ത്തിപ്പറയുക യെന്നുറപ്പാണ്. അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം ചെയ്യപ്പെട്ടതാണെങ്കില്‍ അത് സമൂഹത്തില്‍ വേഗം അംഗീകരിക്കപ്പെടുമെന്നതിനാ ലാണല്ലോ വ്യാജ ഹദീഥ് നിര്‍മാതാക്കള്‍ അത് അദ്ദേഹത്തില്‍നിന്നാണെന്ന മട്ടില്‍ ഉദ്ധരിക്കുന്നത്. അബൂഹുറയ്‌റ(റ)യുടെ പേരില്‍ വര്‍ധമാന മായ തോതില്‍ പ്രചരിപ്പിക്കപ്പെട്ട വ്യാജഹദീഥുകള്‍ അദ്ദേഹത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുകയല്ല, പ്രത്യുത സ്വീകാര്യതയെ ഉറപ്പിക്കുകയാണ് ചെയ്യുന്നതെന്ന് സാരം.

യമനിലെ ബനൂദൗസ് ഗോത്രക്കാരനായിരുന്ന അബൂഹുറയ്‌റ(റ) തന്റെ ഗോത്രക്കാരനും നബി(സ)യുടെ അടുത്തെത്തി ഇസ്‌ലാം സ്വീകരിച്ച യാളുമായ തുഫൈലുബ്‌നു അംറിന്റെ പ്രബോധനം വഴി ഹിജ്‌റക്ക് മുമ്പുതന്നെ ഇസ്‌ലാം സ്വീകരിച്ചിരുന്നുവെങ്കിലും ഹിജ്‌റ ഏഴാം വര്‍ ഷം നടന്ന ഖൈബര്‍ യുദ്ധത്തിന്റെ സന്ദര്‍ഭത്തിലാണ് നബി(സ)യുമായി സന്ധിച്ചത്. അന്നുമുതല്‍ നബി(സ)യുടെ മരണം വരെ അദ്ദേഹം പൂര്‍ണമായും നബി(സ)യോടൊപ്പമായിരുന്നു. നബി(സ)യെ വിട്ടുപിരിയാതെ പള്ളിയുടെ തിണ്ണയില്‍ കഴിഞ്ഞിരുന്നവരായ അസ്ഹാ ബു സ്‌സ്വുഫ്ഫയുടെ നേതാവായ അദ്ദേഹം പലപ്പോഴും ഭക്ഷണം കഴിച്ചിരുന്നത് പോലും നബി(സ)യോടൊപ്പമായിരുന്നു. എപ്പോഴെ ങ്കിലും കാണാതിരുന്നാല്‍ നബി(സ) അദ്ദേഹത്തെ അന്വേഷിച്ചിരുന്നുവെന്നും അബൂഹുറയ്‌റെയെയും അദ്ദേഹത്തിന്റെ ഗോത്രത്തെയും നബി(സ) പുകഴ്ത്തിപ്പറഞ്ഞിരുന്നുവെന്നുമെല്ലാം ഹദീഥുകളില്‍ നിന്ന് മനസ്സിലാവുന്നുണ്ട്. ഹിജ്‌റ ഏഴാം വര്‍ഷം സ്വഫര്‍ മാസത്തില്‍ ഖൈബറില്‍ വെച്ച് നബി(സ)യോടൊപ്പം കൂടിയതിനുശേഷം പതിനൊന്നാം വര്‍ഷം റബീഉല്‍ അവ്വല്‍ മാസത്തില്‍ നബി(സ) മരണപ്പെടുന്നതു വരെ യാത്രാസന്ദര്‍ഭങ്ങളൊഴിച്ച് ബാക്കി പൂര്‍ണമായും നബി(സ)യോടൊപ്പം തന്നെയായിരുന്ന അദ്ദേഹത്തിന് നബിജീവിതത്തെ കുറിച്ച് നന്നായി മനസ്സിലാക്കാന്‍ കഴിഞ്ഞിരിക്കുമെന്നുറപ്പാണ്. ഈ നാല് വര്‍ഷങ്ങള്‍ക്കിടയില്‍ യാത്രാ സമയത്തും മറ്റും വിട്ടുനിന്നതൊഴിച്ചാല്‍ താന്‍ നബി(സ)യുമായി പൂര്‍ണമായും ഒന്നിച്ചുനിന്നത് മൂന്നു വര്‍ഷമാണെന്ന് അബൂഹുറയ്‌റ(റ) തന്നെ വ്യക്തമാ ക്കിയിട്ടുണ്ട്. ഈ മൂന്നു വര്‍ഷം നബിജീവിതത്തിന്റെ അവസാനനാളുകളായിരുന്നുവെന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. കര്‍മകാ ര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുവാന്‍ നബി(സ) ഏറെ സമയം കണ്ടെത്തിയിരുന്ന നാളുകളാണവ.

മക്കാവിജയവും ഖൈബര്‍ യുദ്ധവും കഴിഞ്ഞതോടെ എതിരാളികളുടെ ശക്തി ക്ഷയിക്കുകയും ഇസ്‌ലാമിലേക്ക് ആളുകള്‍ കൂട്ടം കൂട്ടമായി വന്നുകൊണ്ടിരിക്കുകയും ചെയ്തപ്പോള്‍ മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിെനക്കുറിച്ച് പറഞ്ഞുകൊടുക്കുന്നതിലും കര്‍മകാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കുന്നതിലും നബി(സ) കൂടുതല്‍ ബദ്ധശ്രദ്ധനായി. തിണ്ണവാസിയായി നബി(സ)യോടൊപ്പമുണ്ടായിരുന്ന അബൂഹുറൈറ(റ) ഈ അവസരങ്ങള്‍ക്കെല്ലാം ദൃക്‌സാക്ഷിയായി. ഇസ്‌ലാമിക ജീവിതക്രമത്തെപ്പറ്റി നബി(സ)യില്‍നിന്ന് നേരിട്ടു പഠിക്കുവാന്‍ അവസരം ലഭിച്ച അബൂഹുറയ്‌റ(റ) അത് ഓര്‍ത്തുവെക്കുവാനും അടുത്ത തലമുറക്ക് പറഞ്ഞുകൊടുക്കുവാനും ശ്രദ്ധിച്ചതിനാലാണ് അദ്ദേഹത്തിലൂടെ കൂടുതല്‍ ഹദീഥുകള്‍ നിവേ ദനം ചെയ്യപ്പെട്ടത്. നീണ്ട മൂന്നു വര്‍ഷക്കാലം നബി(സ)യുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും പെരുമാറ്റങ്ങളും നിരന്തരമായി ശ്രദ്ധിക്കു കയും സൂക്ഷ്മമായി ഓര്‍ത്തുവെക്കുകയും ചെയ്ത ഒരാള്‍ക്ക് നിവേദനം ചെയ്യാനാവുന്നതിലും കൂടുതല്‍ ഹദീഥുകള്‍ അബൂഹുറയ്‌റ(റ) നിവേദനം ചെയ്തിട്ടില്ലെന്നതാണ് വാസ്തവം.

അബൂഹുറൈറ(റ)യിലൂടെ നിവേദനം ചെയ്യപ്പെട്ട ഹദീഥുകളില്‍നിന്ന് വ്യാജമെന്ന് ഉറപ്പുള്ളവ ഒഴിവാക്കി ഇമാം അഹ്മദ്‌(റഹ്) രേഖപ്പെടുത്തിയിട്ടുള്ളത് 3848 ഹദീഥുകളാണ്. അവയില്‍ പലതും അബൂഹുറയ്‌റയില്‍ നിന്ന് വ്യത്യ സ്ത ഇസ്‌നാദുകളില്‍ നിവേദനം ചെയ്യപ്പെട്ട ഒരേ മത്‌നിന്റെ ആവര്‍ത്തനങ്ങളാണ്. ഇവയെയെല്ലാം സ്വതന്ത്ര ഹദീഥുകളായി പരിഗണി ച്ചാല്‍ പോലും നബിജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിച്ച ഒരാള്‍ക്ക് ഇത്രയും ഹദീഥുകള്‍ നിവേദനം ചെയ്യാന്‍ കഴിയില്ലെന്ന് പറയാന്‍ എങ്ങനെ പറ്റും? മൂന്നു വര്‍ഷങ്ങളിലുള്ള ആയിരത്തിലധികം ദിവസവും നബി(സ)യെ നിരീക്ഷിച്ച ഒരാള്‍ക്ക് ഒരു ദിവസത്തില്‍ നബി(സ) യില്‍ നിന്ന് ശരാശരി നാല് കാര്യങ്ങളില്‍ പഠിക്കാന്‍ കഴിഞ്ഞുവെന്നത് വലിയൊരു അത്ഭുതമൊന്നുമല്ല. സംഭവബഹുലമായ നബിജീവി തത്തിന്റെ അവസാനനാളുകളില്‍ നബി(സ)യുടെ സന്തതസഹചാരിയായി അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് ആ ജീവിതത്തില്‍ നിന്ന് ഒരു ദിവസം ശരാശരി നാലു കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞത് അസംഭവ്യമാണെന്ന് പറയാന്‍ ഓറിയന്റലിസമുപ യോഗിക്കുന്ന മാനദണ്ഡമെന്താണ്? ശാസ്ത്രീയാപഗ്രഥനത്തിന്റെ അകമ്പടിയൊന്നുമില്ലാതെത്തന്നെ ആര്‍ക്കും സംഭവ്യമെന്ന് ബോധ്യപ്പെടുന്ന കാര്യങ്ങളെ പ്പോലും നിഷേധിക്കുവാന്‍ ബുദ്ധിജീവനത്തിന്റെ മൊത്തക്കുത്തക അവകാശപ്പെടുന്നവരെ പ്രേരിപ്പിക്കുന്നതിന് പിന്നില്‍ സത്യമതത്തോടു ള്ള അന്ധമായ വിരോധമല്ലാതെ മറ്റെന്താണ്?

അബൂഹുറൈറ(റ)യെ ഹദീഥ് നിര്മാതാവായി പരിചചയപ്പെടുത്തതാൻ ശ്രമിക്കുന്നവർ ചരിത്രത്തോടോ സത്യങ്ങളോടോ നീതി പുലർത്താത്തവരാണെന്ന് സാരം.

ടുന്ന ഇഗ്‌നാസ് ഗോള്‍ഡ് സീഹറും(1) ഹരാള്‍ഡ് മോട്‌സ്കി(2) യും ജോ സഫ് സ്‌കാച്ച്ട്ടും(3) ആല്‍ഫ്രഡ് ഗ്യുല്ല്യൂമുമൊന്നും(4) അബൂഹുറയ്‌റ(റ)യെ വെറുതെ വിട്ടിട്ടില്ല. 'ഹദീഥുകള്‍  ബോധപൂര്‍വം കെട്ടിയുണ്ടാ ക്കുന്നയാളായിരുന്നു അബൂഹുറയ്‌റ'(5) യെന്നാണ് ഇബ്‌നു ഹിശാമിന്റെ നബിചരിത്രം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തുകൊണ്ട് മുസ്‌ലിം ലോകത്തിന് ഏറെ വിലപ്പെട്ട സംഭാവന നല്‍കിയ വ്യക്തിത്വമായി കൊട്ടിഘോഷിക്കപ്പെടുന്ന ആല്‍ഫ്രഡ് ഗ്യുല്ല്യൂം എഴുതുന്നത്. ഓറിയന്റലിസ്റ്റുകള്‍ നല്‍കിയ ആയുധങ്ങളുപയോഗിച്ച് അബൂഹുറയ്‌റ(റ)യെ കണ്ണും മൂക്കും നോക്കാതെ ആക്രമിച്ചത് യഥാര്‍ഥത്തില്‍ മുസ്‌ലിം മോഡേണിസ്റ്റുകളായിരുന്നു. അബൂഹുറയ്‌റയെ തെറി വിളിക്കുന്ന കാര്യത്തിലും അദ്ദേഹത്തിനെതിരെ 'തെളിവുകള്‍' കണ്ടെത്തു ന്ന കാര്യത്തിലും അവര്‍ ഓറിയന്റലിസ്റ്റുകളെ തോല്‍പിച്ചുവെന്ന് വേണമെങ്കില്‍ പറയാം. തന്റെ മാസ്റ്റര്‍ പീസായി അറിയപ്പെടുന്ന അദ്വ്‌ വാഉന്‍ അലാസുന്നത്തില്‍ മുഹമ്മദിയ്യഃയെക്കൂടാതെ അബൂഹുറയ്‌റ(റ)യെ തെറിപറയാന്‍ വേണ്ടിമാത്രം 'ശൈഖുല്‍ മദീറ അബൂഹുറയ്‌റ' യെന്ന ഒരു ഗ്രന്ഥം കൂടി രചിച്ചിട്ടുണ്ട് ആധുനിക മുസ്‌ലിം ഹദീഥ് നിഷേധികളില്‍ അഗ്രേസരനായി അറിയപ്പെടുന്ന മഹ്മൂദ് അബൂ റയ്യ(6). അദ്ദേഹത്തെ പിന്‍തുടര്‍ന്ന്, മോഡേണിസ്റ്റ് ചിന്തകള്‍ക്ക് അറബ്‌നാടുകളില്‍ പ്രചാരം സിദ്ധിക്കുന്നതിനായി പരിശ്രമിച്ച മുഹമ്മദ് അമീനി ന്റെ ഫജ്‌റുല്‍ ഇസ്‌ലാമിലും അബൂഹുറയ്‌റ(റ)യെ അതിരുകള്‍ ലംഘിച്ച് വിമര്‍ശിക്കുകയും കളിയാക്കുകയും ചെയ്യുന്നുണ്ട്.(7)

ഓറിയന്റലിസ്റ്റുകള്‍ നല്‍കിയ ആയുധങ്ങളുപയോഗിച്ച് തത്ത്വദീക്ഷയില്ലാതെ അബൂഹുറയ്‌റയുടെ നേരെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന വര്‍ തങ്ങള്‍ ചെയ്യുന്നത് ആ മഹാസ്വഹാബിയെ തെറിപറയുക മാത്രമല്ല, നബി(സ)യുടെ ചരിത്രപരതയെ നിഷേധിക്കാനായി ഇസ്‌ലാമി ന്റെ ശത്രുക്കളുണ്ടാക്കിയ ആയുധത്തെ രാകി മൂര്‍ച്ചപ്പെടുത്തുകകൂടിയാണെന്ന വസ്തുത പലപ്പോഴും മനസ്സിലാക്കുന്നില്ല. നബിയോടൊപ്പം ജീവിച്ച് നബിജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്ത് നബി(സ)യുടെ പ്രശംസയ്ക്ക് പാത്രീഭൂതനായ(8) ഒരു അനുചരനെ ജൂതനും ജൂതചാരനുമെല്ലാമായി ചിത്രീകരിച്ച് ഹദീഥ്‌നിഷേധത്തിന് സൈദ്ധാന്തികമായ അടിത്തറയുണ്ടാക്കുവാന്‍ ശ്രമിക്കുന്ന വര്‍ യഥാര്‍ഥത്തില്‍ വീണിരിക്കുന്നത് ഇഗ്‌നാസ് ഗോള്‍ഡ് സീഹര്‍ എന്ന യഥാര്‍ഥ ജൂതനും അദ്ദേഹത്തിന്റെ പിന്‍ഗാമികളുംകൂടി കുഴിച്ച കുഴിയിലാണ്. മുഹമ്മദ് നബി(സ) ഒരു ചരിത്രപുരുഷനല്ലെന്നും ഒരു മിത്തു മാത്രമാണെന്നും വരുത്തിത്തീര്‍ക്കുന്നതിന് ഇസ്‌ലാമിന്റെ ശത്രുക്കള്‍ കുഴിച്ച കുഴിയില്‍ വീണുകിടക്കുമ്പോഴും തങ്ങള്‍ ഇസ്‌ലാമിനും മുഹമ്മദ് നബി(സ)ക്കും സേവനം ചെയ്യുകയാണെന്നാണ് ഇവര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത് എന്നതാണ് കഷ്ടം.

കേവലം മൂന്നുകൊല്ലം മാത്രം നബി(സ)യോടൊപ്പം സഹവസിച്ച അബൂഹുറയ്‌റ(റ)യാണ് ഏറ്റവുമധികം ഹദീഥുകള്‍ നിവേദനം ചെയ്ത തെന്ന വസ്തുതയാണ് അദ്ദേഹത്തിന്റെ സത്യസന്ധതയില്‍ സംശയിക്കുന്നവര്‍ പ്രധാനമായി മുന്നോട്ടുവെക്കുന്ന ആക്ഷേപം. അബൂഹുറയ്‌ റയില്‍(റ)നിന്ന് 5374 ഹദീഥുകള്‍ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ടെന്നതും(9) അദ്ദേഹമാണ് ഏറ്റവുമധികം ഹദീഥുകള്‍ നിവേദനം ചെയ്ത സ്വഹാ ബിയെന്നതും ശരിയാണ്. ബുഖാരിയില്‍ മാത്രം അബൂഹുറയ്‌റ(റ) നിവേദനം ചെയ്ത 446 ഹദീഥുകളുണ്ട്.(10) ബുഖാരിയും മുസ്‌ലിമും കൂടി ആകെ 609 ഹദീഥുകളും രണ്ടു ഗ്രന്ഥങ്ങളിലും ഒരേപോലെ 326 ഹദീഥുകളും അദ്ദേഹത്തില്‍നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇമാം അഹ്മ ദ്ബ്‌നു ഹന്‍ബലിന്റെ മുസ്‌നദില്‍ അബൂഹുറയ്‌റയില്‍ നിന്ന് 3848 ഹദീഥുകള്‍ നിവേദനം ചെയ്തിട്ടുണ്ട്.(11) അബൂഹുറയ്‌റ(റ)യില്‍നിന്ന് എന്ന രൂപത്തില്‍ നിവേദനം ചെയ്യപ്പെട്ട 5374 ഹദീഥുകളില്‍ കെട്ടിയുണ്ടാക്കപ്പെട്ടവയാണെന്ന് ഉറപ്പുള്ളവയും ദുര്‍ബലമായ ഇസ്‌നാദോടു കൂടി ഉദ്ധരിക്കപ്പെട്ട അസ്വീകാര്യമായവയുമുണ്ടെന്നത് ശരിയാണ്. പക്ഷേ, അതെങ്ങനെയാണ് അബൂഹുറയ്‌റ(റ)യുടെ വിശ്വാസ്യതയെ ബാധിക്കുന്നത്? ഹദീഥ് നിവേദനത്തില്‍ നിപുണനും സത്യസന്ധനെന്ന് സമൂഹം അംഗീകരിച്ചയാളുമായ അബൂഹുറയ്‌റ(റ)യുടെ പേരില്‍ പില്‍ക്കാലത്തുള്ളവര്‍ കെട്ടിയുണ്ടാക്കിയ ഹദീഥുകള്‍ അദ്ദേഹത്തിന്റെ സത്യസന്ധതയെ ബാധിക്കുന്നതെങ്ങനെയാണെന്ന് വ്യക്തമാക്കു വാന്‍ വിമര്‍ശകര്‍ക്ക് കഴിഞ്ഞിട്ടില്ല. യഥാര്‍ഥത്തില്‍, അബൂഹുറയ്‌റ(റ)യുടെ പേരിലാണ് ഏറ്റവുമധികം വ്യാജഹദീഥുകള്‍ പ്രചരിച്ചിട്ടു ള്ളതെന്ന കാര്യം അദ്ദേഹത്തിന്റെ സത്യസന്ധതയെയും സ്വഹാബിമാര്‍ക്കും താബിഉകള്‍ക്കുമിടയിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ സ്വീകാര്യതയുമല്ലേ വ്യക്തമാക്കുന്നത്? വ്യാജ ഹദീഥ് നിര്‍മാതാക്കള്‍ തങ്ങളുടെ ഉല്‍പന്നം ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യമാവുന്നതിനായി സമൂഹത്തില്‍ ഏറ്റവുമധികം ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന നിവേദകരിലേക്കായിരിക്കും ചേര്‍ത്തിപ്പറയുക യെന്നുറപ്പാണ്. അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം ചെയ്യപ്പെട്ടതാണെങ്കില്‍ അത് സമൂഹത്തില്‍ വേഗം അംഗീകരിക്കപ്പെടുമെന്നതിനാ ലാണല്ലോ വ്യാജ ഹദീഥ് നിര്‍മാതാക്കള്‍ അത് അദ്ദേഹത്തില്‍നിന്നാണെന്ന മട്ടില്‍ ഉദ്ധരിക്കുന്നത്. അബൂഹുറയ്‌റ(റ)യുടെ പേരില്‍ വര്‍ധമാന മായ തോതില്‍ പ്രചരിപ്പിക്കപ്പെട്ട വ്യാജഹദീഥുകള്‍ അദ്ദേഹത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുകയല്ല, പ്രത്യുത സ്വീകാര്യതയെ ഉറപ്പിക്കുകയാണ് ചെയ്യുന്നതെന്ന് സാരം.

യമനിലെ ബനൂദൗസ് ഗോത്രക്കാരനായിരുന്ന അബൂഹുറയ്‌റ(റ) തന്റെ ഗോത്രക്കാരനും നബി(സ)യുടെ അടുത്തെത്തി ഇസ്‌ലാം സ്വീകരിച്ച യാളുമായ തുഫൈലുബ്‌നു അംറിന്റെ പ്രബോധനം വഴി ഹിജ്‌റക്ക് മുമ്പുതന്നെ ഇസ്‌ലാം സ്വീകരിച്ചിരുന്നുവെങ്കിലും ഹിജ്‌റ ഏഴാം വര്‍ ഷം നടന്ന ഖൈബര്‍ യുദ്ധത്തിന്റെ സന്ദര്‍ഭത്തിലാണ് നബി(സ)യുമായി സന്ധിച്ചത്. അന്നുമുതല്‍ നബി(സ)യുടെ മരണം വരെ അദ്ദേഹം പൂര്‍ണമായും നബി(സ)യോടൊപ്പമായിരുന്നു.(12) നബി(സ)യെ വിട്ടുപിരിയാതെ പള്ളിയുടെ തിണ്ണയില്‍ കഴിഞ്ഞിരുന്നവരായ അസ്ഹാ ബു സ്‌സ്വുഫ്ഫ(13)യുടെ നേതാവായ അദ്ദേഹം പലപ്പോഴും ഭക്ഷണം കഴിച്ചിരുന്നത് പോലും നബി(സ)യോടൊപ്പമായിരുന്നു. എപ്പോഴെ ങ്കിലും കാണാതിരുന്നാല്‍ നബി(സ) അദ്ദേഹത്തെ അന്വേഷിച്ചിരുന്നുവെന്നും(14) അബൂഹുറയ്‌റെയെയും അദ്ദേഹത്തിന്റെ ഗോത്രത്തെയും നബി(സ) പുകഴ്ത്തിപ്പറഞ്ഞിരുന്നുവെന്നുമെല്ലാം(15) ഹദീഥുകളില്‍ നിന്ന് മനസ്സിലാവുന്നുണ്ട്. ഹിജ്‌റ ഏഴാം വര്‍ഷം സ്വഫര്‍ മാസത്തില്‍ ഖൈബറില്‍ വെച്ച് നബി(സ)യോടൊപ്പം കൂടിയതിനുശേഷം പതിനൊന്നാം വര്‍ഷം റബീഉല്‍ അവ്വല്‍ മാസത്തില്‍ നബി(സ) മരണപ്പെടുന്നതു വരെ യാത്രാസന്ദര്‍ഭങ്ങളൊഴിച്ച് ബാക്കി പൂര്‍ണമായും നബി(സ)യോടൊപ്പം തന്നെയായിരുന്ന അദ്ദേഹത്തിന് നബിജീവിതത്തെ കുറിച്ച് നന്നായി മനസ്സിലാക്കാന്‍ കഴിഞ്ഞിരിക്കുമെന്നുറപ്പാണ്. ഹിജ്‌റ 7 മുതല്‍ 11 വരെയുള്ള നാല് വര്‍ഷങ്ങള്‍ക്കിടയില്‍ യാത്രാ സമയത്തും മറ്റും വിട്ടുനിന്നതൊഴിച്ചാല്‍ താന്‍ നബി(സ)യുമായി പൂര്‍ണമായും ഒന്നിച്ചുനിന്നത് മൂന്നു വര്‍ഷമാണെന്ന് അബൂഹുറയ്‌റ(റ) തന്നെ വ്യക്തമാ ക്കിയിട്ടുണ്ട്.(16) ഈ മൂന്നു വര്‍ഷം നബിജീവിതത്തിന്റെ അവസാനനാളുകളായിരുന്നുവെന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. കര്‍മകാ ര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുവാന്‍ നബി(സ) ഏറെ സമയം കണ്ടെത്തിയിരുന്ന നാളുകളാണവ. മക്കാവിജയവും ഖൈബര്‍ യുദ്ധവും കഴിഞ്ഞതോടെ എതിരാളികളുടെ ശക്തി ക്ഷയിക്കുകയും ഇസ്‌ലാമിലേക്ക് ആളുകള്‍ കൂട്ടം കൂട്ടമായി വന്നുകൊണ്ടിരിക്കുകയും ചെയ്തപ്പോള്‍ മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിെനക്കുറിച്ച് പറഞ്ഞുകൊടുക്കുന്നതിലും കര്‍മകാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കുന്നതിലും നബി(സ) കൂടുതല്‍ ബദ്ധശ്രദ്ധനായി. തിണ്ണവാസിയായി നബി(സ)യോടൊപ്പമുണ്ടായിരുന്ന അബൂഹുറൈറ(റ) ഈ അവസരങ്ങള്‍ക്കെല്ലാം ദൃക്‌സാക്ഷിയായി. ഇസ്‌ലാമിക ജീവിതക്രമത്തെപ്പറ്റി നബി(സ)യില്‍നിന്ന് നേരിട്ടു പഠിക്കുവാന്‍ അവസരം ലഭിച്ച അബൂഹുറയ്‌റ(റ) അത് ഓര്‍ത്തുവെക്കുവാനും അടുത്ത തലമുറക്ക് പറഞ്ഞുകൊടുക്കുവാനും ശ്രദ്ധിച്ചതിനാലാണ് അദ്ദേഹത്തിലൂടെ കൂടുതല്‍ ഹദീഥുകള്‍ നിവേ ദനം ചെയ്യപ്പെട്ടത്. നീണ്ട മൂന്നു വര്‍ഷക്കാലം നബി(സ)യുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും പെരുമാറ്റങ്ങളും നിരന്തരമായി ശ്രദ്ധിക്കു കയും സൂക്ഷ്മമായി ഓര്‍ത്തുവെക്കുകയും ചെയ്ത ഒരാള്‍ക്ക് നിവേദനം ചെയ്യാനാവുന്നതിലും കൂടുതല്‍ ഹദീഥുകള്‍ അബൂഹുറയ്‌റ(റ) നിവേദനം ചെയ്തിട്ടില്ലെന്നതാണ് വാസ്തവം. അദ്ദേഹത്തിലൂടെ നിവേദനം ചെയ്യപ്പെട്ട 5374 ഹദീഥുകളില്‍നിന്ന് വ്യാജമെന്ന് ഉറപ്പുള്ളവ ഒഴിവാക്കി ഇമാം അഹ്മദ്‌(റഹ്) രേഖപ്പെടുത്തിയിട്ടുള്ളത് 3848 ഹദീഥുകളാണ്.(17) അവയില്‍ പലതും അബൂഹുറയ്‌റയില്‍ നിന്ന് വ്യത്യ സ്ത ഇസ്‌നാദുകളില്‍ നിവേദനം ചെയ്യപ്പെട്ട ഒരേ മത്‌നിന്റെ ആവര്‍ത്തനങ്ങളാണ്. ഇവയെയെല്ലാം സ്വതന്ത്ര ഹദീഥുകളായി പരിഗണി ച്ചാല്‍ പോലും നബിജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിച്ച ഒരാള്‍ക്ക് ഇത്രയും ഹദീഥുകള്‍ നിവേദനം ചെയ്യാന്‍ കഴിയില്ലെന്ന് പറയാന്‍ എങ്ങനെ പറ്റും? മൂന്നു വര്‍ഷങ്ങളിലുള്ള ആയിരത്തിലധികം ദിവസവും നബി(സ)യെ നിരീക്ഷിച്ച ഒരാള്‍ക്ക് ഒരു ദിവസത്തില്‍ നബി(സ) യില്‍ നിന്ന് ശരാശരി നാല് കാര്യങ്ങളില്‍ പഠിക്കാന്‍ കഴിഞ്ഞുവെന്നത് വലിയൊരു അത്ഭുതമൊന്നുമല്ല. സംഭവബഹുലമായ നബിജീവി തത്തിന്റെ അവസാനനാളുകളില്‍ നബി(സ)യുടെ സന്തതസഹചാരിയായി അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് ആ ജീവിതത്തില്‍ നിന്ന് ഒരു ദിവസം ശരാശരി നാലു കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞത് അസംഭവ്യമാണെന്ന് പറയാന്‍ ഓറിയന്റലിസമുപ യോഗിക്കുന്ന മാനദണ്ഡമെന്താണ്? ശാസ്ത്രീയാപഗ്രഥനത്തിന്റെ അകമ്പടിയൊന്നുമില്ലാതെത്തന്നെ ആര്‍ക്കും സംഭവ്യമെന്ന് ബോധ്യപ്പെടുന്ന കാര്യങ്ങളെ പ്പോലും നിഷേധിക്കുവാന്‍ ബുദ്ധിജീവനത്തിന്റെ മൊത്തക്കുത്തക അവകാശപ്പെടുന്നവരെ പ്രേരിപ്പിക്കുന്നതിന് പിന്നില്‍ സത്യമതത്തോടു ള്ള അന്ധമായ വിരോധമല്ലാതെ മറ്റെന്താണ്?

കുറിപ്പുകൾ

 1. Ignaz Goldziher: Muslim Studies, Vol.2, Page 41-48.
 2. Harald Motzki: The Biography of Muhammed, The Issue of Sources, Brill, 2000.
 3. Joseph Schacht: The Origins of Muhammadan Juriprudance, ACLS, 2001 (www. historybook.org).
 4. Guillaume: Traditions of Islam: An Introduction to the studies of the Hadith Literature, Montana, 2003.
 5. Ibid Page 78.
 6. sunnidefence.com.
 7. hadithcommunity-wordpress.com.
 8. ഫത്ഹുല്‍ബാരി.
 9. തഖിയ്യിബ്‌നു മഖലദിന്റെ മുസ്‌നദില്‍നിന്ന് ഡോക്ടര്‍ മുസ്തഫസ്സബാഈ ഉദ്ധരിച്ചത്. സുന്നത്തും ഇസ്‌ലാം ശീഅത്തില്‍ അതിന്റെ സ്ഥാനവും, പുറം
 10. ഫത്ഹുല്‍ബാരി.
 11. മുസ്‌നദ് ഇമാം അഹ്മദ് (ekabakti.com).
 12. ഹാഫിദ് അഹ്മദ്ബ്‌നു അലിയുബ്‌നു ഹജറുല്‍ അസ്ഖലാനി: അല്‍ ഇസ്വാബതു ഫീ തംയീസി സ്‌സ്വഹാബഃ
 13. 'അസ്ഹാബുസ്‌സ്വുഫ്ഫ'യെന്നാല്‍ തിണ്ണവാസികള്‍ എന്നര്‍ഥം. മറ്റു ജോലികളില്‍ വ്യാപൃതരാവാതെ മദീനയിലെ പള്ളിയുടെ തിണ്ണയില്‍ കഴിഞ്ഞിരുന്നവരെ വിളിച്ചിരുന്ന പേരാണിത്. ക്വുര്‍ആനില്‍ 'ഭൂമിയില്‍ സഞ്ചരിച്ച് ഉപജീവനം നേടാന്‍ കഴിയാത്തവിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ബന്ധിതരായിരിക്കുന്നവര്‍' (2:273) എന്ന് പ്രശംസിച്ച് പറഞ്ഞിരിക്കുന്നത് ഇവരെക്കുറിച്ചാണെന്ന് വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുണ്ട്.
 14. സുനനു അബീദാവൂദ് (ekabakti.com).
 15. സ്വഹീഹുല്‍ ബുഖാരി, കിത്താബുല്‍ മഗാസി.
 16. സ്വഹീഹുല്‍ ബുഖാരി, ഫദാഇലുര്‍റസൂലി വ സ്വഹാബത്തിഹി.
 17. മുസ്‌നദ് ഇമാം അഹ്മദ് (ekabakti.com).

മുഹമ്മദ് നബിയിൽ(സ) നിന്ന് സ്വഹാബിമാർ നിവേദനം ചെയ്ത കാര്യങ്ങളാണ് ഹദീഥുകൾ. സ്വഹാബിമാരൊന്നും നബിയുടെ (സ) പേരിൽ കള്ളം പറയില്ലെന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് ഹദീഥ് നിദാനശാസ്ത്രം അതിന്റെ അടിത്തറ പണിതിരിക്കുന്നത്. ഈ സങ്കൽപം തന്നെ അടിസ്ഥാനരഹിതമല്ലേ? സ്വഹാബിമാരുടെ സത്യസന്ധതയിൽ വിശ്വാസികൾക്ക് സംശയമില്ലായിരിക്കാം. എന്നാൽ തികച്ചും വ്യക്തിനിഷ്ഠവും ആത്മനിഷ്ഠവുമായ ഈ വിശ്വാസം എങ്ങനെയാണ് ശാസ്ത്രീയമായിത്തത്തീരുന്നത്?

ഖുര്‍ആന്‍ ദൈവവചനവും മുഹമ്മദ് നബി(സ) ദൈവദൂതനുമാണെന്ന് മനസ്സിലാക്കുന്നവരെ സംബന്ധിച്ചിടത്തോളം സ്വഹാബിമാരുടെ സത്യസന്ധതയില്‍ യാതൊരു സംശയവുമുണ്ടാകുവാന്‍ തരമില്ല. മക്കയില്‍ വെച്ച് നബി(സ)യില്‍ വിശ്വസിക്കുകയും ത്യാഗങ്ങള്‍ സഹിച്ച് പലായനം നടത്തുകയും ചെയ്ത മുഹാജിറുകളും മദീനയില്‍ അവര്‍ക്ക് ആതിഥ്യമരുളുകയും അവിടെ ഒരു ഇസ്‌ലാമിക സമൂഹത്തിന് രൂപം നല്‍കാന്‍ സഹായിക്കുകയും ചെയ്ത അന്‍സ്വാറുകളും ഇവരുടെ പിന്‍ഗാമികളായി ഇസ്‌ലാമിലെത്തിച്ചേര്‍ന്നവരുമടങ്ങുന്ന സ്വഹാ ബീസഞ്ചയത്തെ പ്രശംസിക്കുകയും അവരില്‍ അല്ലാഹു സംപ്രീതനായിരിക്കുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്, ഖുര്‍ആന്‍: ''മുഹാജിറുകളില്‍ നിന്നും അന്‍സ്വാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാ സികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം'' (9:100).

''വിശ്വസിക്കുകയും സ്വദേശം വെടിഞ്ഞ് പോകുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്തവരും, അവ ര്‍ക്ക് അഭയം നല്‍കുകയും സഹായിക്കുകയും ചെയ്തവരും തന്നെയാണ് യഥാര്‍ഥത്തില്‍ സത്യവിശ്വാസികള്‍. അവര്‍ക്ക് പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ടായിരിക്കും'' (8:74).

അനുചരന്‍മാരെക്കുറിച്ച പ്രവാചക പരാമര്‍ശങ്ങളിലും അവര്‍ സത്യസന്ധരും സന്‍മാര്‍ഗനിഷ്ഠരുമാണെന്ന വസ്തുത ഊന്നിപ്പറഞ്ഞത് കാണാനാവും. ''അബൂബുര്‍ദാ(റ)അബൂമൂസല്‍ അശ്അരിയി(റ)വില്‍ നിന്ന് നിവേദനം: നബി(സ)തന്റെ മുഖം ആകാശത്തേക്ക് ഉയര്‍ത്തി ക്കൊണ്ട് പറഞ്ഞു: ''നക്ഷത്രങ്ങള്‍ ആകാശത്തിനുള്ള സുരക്ഷിതത്വമാണ്. നക്ഷത്രങ്ങള്‍ നശിച്ചുകഴിഞ്ഞാല്‍ ആകാശത്തിന് മുന്നറിയിപ്പ് നല്‍ കപ്പെട്ടത് വന്നു ഭവിക്കുകയായി. ഞാന്‍ എന്റെ അനുചരന്മാര്‍ക്കുള്ള സുരക്ഷിതത്വമാണ്. ഞാന്‍ പോയിക്കഴിഞ്ഞാല്‍ എന്റെ അനുചര ന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കപ്പെട്ടത് വന്നു ഭവിക്കുകയായി. എന്റെ അനുചരന്മാര്‍ എന്റെ സമുദായത്തിനുള്ള സുരക്ഷിതത്വമാണ്. എന്റെ അനുചരന്മാര്‍ പോയിക്കഴിഞ്ഞാല്‍ എന്റെ സമുദായത്തിനും മുന്നറിയിപ്പ് നല്‍കപ്പെട്ടത് വന്നു ഭവിക്കുകയായി''(സ്വഹീഹുമുസ്‌ലിം, കിത്താബു ഫദാഇലി സ്‌സ്വഹാബ)

''അബ്ദുല്ലാ(റ)നിവേദനം: നബി(സ)പറഞ്ഞു: ''ജനങ്ങളില്‍ ഏറ്റവും ഉത്തമര്‍ എന്റെ തലമുറയാണ്. പിന്നീട് അവരെ തുടര്‍ന്ന് വരുന്നവരും പിന്നീട് അവരെ തുടര്‍ന്ന് വരുന്നവരും''(സ്വഹീഹുല്‍ ബുഖാരി, കിത്താബു സ്‌സ്വഹാബ.)

''അബൂസഈദ് അല്‍ ഖുദ്‌രി(റ)നിവേദനം: തിരുമേനി(സ)പറഞ്ഞു: ''എന്റെ അനുചരന്മാരെ നിങ്ങള്‍ പഴി പറയരുത്. നിങ്ങളില്‍ ഒരാള്‍ ഉഹ്ദ് മലയോളം സ്വര്‍ണം ചെലവഴിച്ചാലും അവരിലൊരാള്‍ ചെലവഴിച്ച ഒരു മുദ്ദിനോ (രണ്ട് കൈപ്പത്തികള്‍ ചേര്‍ത്തുവെച്ചുകൊണ്ടുള്ള ഒരു വാരല്‍) അതിന്റെ പകുതിക്കുപോലുമോ എത്തുകയില്ല''(സ്വഹീഹുല്‍ ബുഖാരി, കിത്താബു സ്‌സ്വഹാബ)

ക്വുര്‍ആനിന്റെയോ നബി വചനങ്ങളുടെയോ പ്രാമാണികത അംഗീകരിക്കാത്തവരെ സംബന്ധച്ചിടത്തോളം സ്വഹാബിക ളുടെ സത്യസന്ധതയ്ക്ക് അവ നല്‍കുന്ന സാക്ഷ്യം സ്വീകാര്യമാവില്ല.ഓറിയന്റലിസ്റ്റുകളുടെ ചരിത്രവിമര്‍ശനരീതി പ്രകാരം ഒരു കാലഘട്ടത്തിലെ ജനങ്ങളുടെയോ പ്രത്യേകമായ ഒരു ആദര്‍ശത്തിന്റെ വക്താക്കളുടെയോ സത്യസന്ധത നിര്‍ണയിക്കുവാനുള്ള മാനദണ്ഡമെന്താണെന്ന് ആരും വ്യക്തമാക്കിയിട്ടുമില്ല. വ്യക്തികളുടെ സത്യസന്ധത പരിശോധിച്ച് അവര്‍ പറഞ്ഞ കാര്യങ്ങളിലെ നെല്ലും പതിരും വേര്‍തിരിക്കുന്ന ആത്മനിഷ്ഠമായ അപഗ്രഥന രീതി വസ്തുനിഷ്ഠവിശകലനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചരിത്രവിമര്‍ശകന്‍മാര്‍ക്ക് പരിചയമുള്ളതല്ല.

എന്നാല്‍ സ്വഹാബിമാരെപ്പറ്റി ഏതൊരാള്‍ക്കും മനസ്സിലാക്കാനാവുന്ന ചില വസ്തുതകളുണ്ട്. അവര്‍ ജീവിച്ച സമൂഹം അവരുടെ സത്യസന്ധത യ്ക്ക് അന്യോന്യം സാക്ഷികളായിരുന്നുവെന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അവര്‍ പരസ്പരം വിശ്വസിക്കുകയും പ്രവാചകനെ ക്കുറിച്ച് അവരില്‍ ആരെങ്കിലുമൊരാള്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് സത്യം തന്നെയാണെന്ന് കരുതുകയും ഇക്കാര്യത്തില്‍ അവരെല്ലാ വരും പരസ്പരം സഹകരിക്കുകയും ചെയ്തിരുന്നു. 'എന്നെക്കുറിച്ച് ആരെങ്കിലും ബോധപൂര്‍വം കളവുകളെന്തെങ്കിലും പറഞ്ഞാല്‍ നരകത്തില്‍ അവന്‍ അവന്റെ ഇരിപ്പിടം തയാറാക്കിക്കൊള്ളട്ടെ' (സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ഇൽമ് ) എന്ന് നബിയിൽ (സ) നിന്ന് പഠിച്ചവരായിരുന്നു അവര്‍. അതുകൊണ്ടു തന്നെ, അവരില്‍പെട്ട ഒരാളും നബി(സ)യെക്കുറിച്ച് എന്തെങ്കിലുമൊരു കളവു പറയാന്‍ യാതൊരു സാധ്യതയുമില്ലെന്ന് അവരെല്ലാവരും പരസ്പരം അംഗീകരിച്ചിരുന്നു. അതുകൊണ്ടാണല്ലോ നബി(സ) പറഞ്ഞുവെന്നോ ചെയ്തുവെന്നോ അനുവദിച്ചുവെന്നോ ഏതെങ്കിലു മൊരു സ്വഹാബി പറഞ്ഞാല്‍ മറ്റുള്ളവര്‍ അത് ചോദ്യംചെയ്യാതെ അംഗീകരിച്ചുവന്നത്.

ഓറിയന്റലിസ്റ്റുകളുടെയും അവരിൽ നിന്ന് മതം പഠിച്ച ഹദീഥ്നിഷേധികളുടെയും ശക്തമായ കടന്നാക്രമണ ത്തിന് വിധേയനായ സ്വഹാബി അബൂഹുറയ്‌റ(റ)നബി(സ) പറഞ്ഞതായി ഉദ്ധരിച്ച കാര്യങ്ങള്‍ മറ്റു സ്വഹാബിമാര്‍ ചോദ്യം ചെയ്യാതെ സ്വീകരിച്ചതായി വ്യക്തമാക്കുന്ന നിരവധി ഹദീഥുകളുണ്ട്. സ്ത്രീകള്‍ പച്ചകുത്തുന്നതിനെക്കുറിച്ച് പ്രവാചകന്‍(സ)എന്തെങ്കിലും പറഞ്ഞി ട്ടുണ്ടോയെന്ന് ആരാഞ്ഞ ഉമറി(റ)നോട് പച്ചകുത്തുന്നത് വിരോധിച്ചുകൊണ്ടുള്ള നബികല്‍പനയെക്കുറിച്ച് അബൂഹുറയ്‌റ(റ) തെര്യപ്പെ ടുത്തുകയും അതനുസരിച്ച് ഉമര്‍(റ)വിധിച്ചതായും വ്യക്തമാക്കുന്ന സ്വഹീഹുല്‍ ബുഖാരിയിലെ ഹദീഥ് ഉദാഹരണം.(കിതാബുല്‍ ലിബാസ്.) ഒരു സ്വഹാബി യുടെ സാക്ഷ്യം മറ്റു സ്വഹാബിമാര്‍ ചോദ്യം ചെയ്യാതെ അംഗീകരിച്ചിരുന്നുവെന്നാണല്ലോ ഇത് വ്യക്തമാക്കുന്നത്.

നബി(സ)യുടെ ജീവിതത്തെക്കുറിച്ച പരാമര്‍ശങ്ങളില്‍ സ്വഹാബിമാരാരും കളവു പറയുകയില്ലെന്ന് പരസ്പരം അംഗീകരിച്ചിരുന്നുവെന്ന് പറഞ്ഞാല്‍ ഓരോരുത്തരുടെയും സത്യസന്ധതയ്ക്ക് ഒരു ലക്ഷത്തിലധികം പേരുടെ സാക്ഷ്യമുണ്ടെന്നാണര്‍ഥം. നബി(സ)യുടെ അറഫാ പ്രസംഗത്തിനെത്തിയ സ്വഹാബിമാരുടെ എണ്ണം ഒരു ലക്ഷത്തിലധികമായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ഓരോരുത്തരുടെയും സത്യ സന്ധതയ്ക്ക് ഒരു ലക്ഷത്തിലധികം പേരുടെ സാക്ഷ്യം ലഭിച്ചാലും, വസ്തുനിഷ്ഠമായ തെളിവുകള്‍ മാത്രമെ അംഗീകരിക്കൂവെന്ന് വാശിപി ടിക്കുന്ന ഓറിയന്റലിസ്റ്റുകള്‍ക്ക്  അത് അംഗീകരിക്കുവാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. എന്നാല്‍ ഹദീഥുകള്‍ നിവേദനം ചെയ്ത ഓരോ സ്വഹാബിയുടെയും സത്യസന്ധതയ്ക്ക് നൂറുകണക്കിനാളുകളുടെ സാക്ഷ്യമുണ്ട് എന്ന വസ്തുനിഷ്ഠ യാഥാര്‍ഥ്യത്തിനു നേരെ കണ്ണടയ്ക്കു വാന്‍ അവര്‍ക്ക് കഴിയുമോ?

ഏറെ വിമര്‍ശിക്കപ്പെട്ട അബൂഹുറയ്‌റ(റ)യുടെ കാര്യം തന്നെയെടുക്കുക. സത്യസന്ധരും വിശ്വസ്തരുമെന്ന് തെളിയിക്കപ്പെട്ട സ്വഹാബികളും താബിഉകളുമുള്‍പ്പെടുന്ന എണ്ണൂറോളം പേര്‍ അബൂഹുറയ്‌റ(റ)യില്‍ നിന്ന് ഹദീഥുകള്‍ നിവേദനം ചെയ്തിട്ടുണ്ട്.(6) ഈ എണ്ണൂറോളമാളുകളും നബി(സ)യുടെ പേരില്‍ കള്ളം പറയുന്നത് നരകപ്രവേശത്തിന് കാരണമാകുന്ന മഹാപാപ മാണെന്ന് വിശ്വസിക്കുന്നവരും ആയിരുന്നുവെന്നുറപ്പ്. അബൂഹുറയ്‌റ(റ)നബി(സ)യുടെ പേരില്‍ കളവു പറയുവാന്‍ വല്ല സാധ്യതയുമു ണ്ടെന്ന് അവര്‍ക്ക് തോന്നിയാല്‍ അവരിലൊരാള്‍പോലും അദ്ദേഹത്തില്‍നിന്ന് ഹദീഥുകള്‍ നിവേദനം ചെയ്യുമായിരുന്നില്ല. അബൂഹുറ യ്‌റ(റ)യെ കുറിച്ച് ഈ എണ്ണൂറോളം പേരുടെ സാക്ഷ്യം രേഖപ്പെടുത്തപ്പെട്ടതാണ്. ഇതിനെതിരെ അതിനെക്കാളധികം പേരുടെ സാക്ഷ്യമു ണ്ടെങ്കില്‍ മാത്രമെ അദ്ദേഹത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യാനായി പ്രസ്തുത സാക്ഷ്യത്തെ തെളിവായി സ്വീകരിക്കാനാവൂ.

സ്വഹാബിമാരിലാരെങ്കിലും അബൂഹുറയ്‌റ(റ)യുടെ സത്യസന്ധതയെ സംശയിച്ചിരുന്നതായി തെളിയിക്കുന്ന യാതൊരു രേഖയും ഉദ്ധരി ക്കുവാന്‍ അദ്ദേഹത്തിന്റെ വിമശകര്‍ക്ക് കഴിഞ്ഞിട്ടില്ല. അബൂഹുറയ്‌റ(റ)യുടെ സത്യസന്ധതയ്ക്ക് സാക്ഷ്യം വഹിക്കുന്ന എണ്ണൂറില ധികമാളുകളുടെ മൊഴിക്കെതിരായി സംസാരിക്കാനാകുന്ന സമകാലികനായ ഒരാളെപ്പോലും ഹാജരാക്കുവാന്‍ അവര്‍ക്ക് സാധിച്ചിട്ടി ല്ലാത്തതിനാല്‍ നൂറുകണക്കിന് സാക്ഷികളുടെ മൊഴി സ്വീകരിക്കുവാന്‍ വസ്തുനിഷ്ഠതയുടെ വക്താക്കളെന്ന് അവകാശപ്പെടുന്ന ചരിത്ര വിമര്‍ശനരീതിക്കാര്‍ നിര്‍ബന്ധിതരാണ്. അബൂഹുറയ്‌റ(റ)സത്യസന്ധനല്ലെന്ന് തെളിയിക്കുവാന്‍ ചരിത്ര വിമര്‍ശനരീതിയുടെ വക്താക്ക ളുടെ പക്കല്‍ കോപ്പുകളൊന്നുമില്ലെന്നര്‍ഥം. ഹദീഥുകള്‍ നിവേദനം ചെയ്ത മുഴുവന്‍ സ്വഹാബിമാരുടെയും സ്ഥിതി ഇതുതന്നെയാണ്. അവരുടെയെല്ലാം സത്യസന്ധതയ്ക്ക് നൂറുകണക്കിന് ആളുകളുടെ സാക്ഷ്യമുണ്ട്. തിരിച്ചാകട്ടെ, വിശ്വസ്തരും സമകാലികരുമായ ഒരാള്‍പോലും സാക്ഷ്യത്തിനില്ലതാനും!

ല്ല. നബിയെക്കുറിച്ച (സ) കൃത്യവും വസ്തുനിഷ്ഠവുമായ സംഭവവിവരണമാണ് ഹദീഥുകളിലുള്ളത്. ഹദീഥ് ശേഖരണത്തിൻെറയും ക്രോഡീകരണത്തിന്റെയും ത്യാഗപൂർണമായ ചരിത്രമറിയാത്തവരാണ് ഹദീഥുകളെക്കുറിച്ച് യാതൊരു ആദരവുമില്ലാതെ സംസാരിക്കുന്നത്. സ്വഹാബിമാരും താബിഉകളുമെല്ലാം വളരെ സൂക്ഷ്മതയോടുകൂടിയാണ് ഹദീഥുകൾ അടുത്ത തലമുറയ്ക്ക് കൈമാറിയത്. കള്ള ഹദീഥുകളിൽ നിന്ന് സമൂഹത്തെ രക്ഷിക്കുവാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. നബി (സ) യെ ക്കുറിച്ച് ഇല്ലാത്തതൊന്നും തങ്ങളുടെ നാവിലൂടെ പുറത്തുവരരുതെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു; അതോടൊപ്പം തന്നെ, നബിയിൽ (സ) നിന്നുള്ളതെന്ന രൂപത്തിൽ നബിയിൽ (സ) നിന്നുള്ളതല്ലാത്ത യാതൊന്നും സമൂഹത്തിൽ പ്രചരിക്കാതിരിക്കുവാനും അവർ ജാഗരൂകരായിരുന്നു. പ്രസ്തുത ജാഗ്രതയുടെ ഫലമായാണ് ഉസൂലുൽ ഹദീഥ് എന്ന ശാസ്ത്രം ഉണ്ടായിവന്നത്.

പ്രവാകാനുചരന്‍മാരില്‍ നിന്ന് മതം പഠിച്ച താബിഉകള്‍ക്കുശേഷം, അവരില്‍ നിന്ന് ഇസ്‌ലാമിക വിഷയങ്ങളെക്കുറിച്ച് മനസ്സിലാക്കിയ താബിഉത്താബിഉകളുടെ തലമുറയില്‍ ഹദീഥ് പഠന-ശേഖരണ രംഗത്ത് വമ്പിച്ച മുന്നേറ്റം തന്നെയുണ്ടായി. അതിനായി ജീവിതം ഉഴിഞ്ഞു വെച്ച ത്യാഗികളുടെ കാലമായിരുന്നു അത്. ഇസ്‌ലാമിക കര്‍മശാസ്ത്രവിഷയങ്ങള്‍ ക്രമരൂപത്തില്‍ നല്‍കികൊണ്ട് ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥങ്ങളാണ് അന്നത്തെ പണ്ഡിതന്‍മാര്‍ രചിച്ചത്. ഓരോ വിഷയത്തെയും സംബന്ധിച്ച ഹദീഥുകള്‍ ആ വിഷയത്തെക്കുറിച്ച് പറയുന്ന തിനിടക്ക് ഉദ്ധരിക്കുകയായിരുന്നു അവര്‍ പൊതുവെ ചെയ്തിരുന്നത്. ഇത്തരം ഹദീഥ് ശേഖരങ്ങളെ മുസ്വന്നഫ് എന്നോ മുവത്വഅ് എന്നോ ആണ് വിളിക്കുന്നത്. ഇന്ന് ഉപലബ്ധമായ മുസന്നഫുകളില്‍ ഏറ്റവും പഴക്കമുള്ളത്, ഇമാം മാലിക്കുബ്‌നു അനസിന്റെ (ഹിജ്‌റ 93-179) അല്‍ മുവത്ത്വയാണ്. ഹിജ്‌റ 150ല്‍ മരണപ്പെട്ട ഇബ്‌നു തുറൈബിന്റെയും 161ല്‍ മരണപ്പെട്ട സുഫ്‌യാനു ഥ്ഥൗരിയുടെയും ഹിജ്‌റ 211ൽ മരണപ്പെട്ട അബ്ദുര്‍റസാഖ് അസ്വന്‍ആനിയുടെയും ഹിജ്‌റ235ല്‍ മരണപ്പെട്ട അബൂബക്കര്‍ ബ്ന്‍ അബീശൈബയുടെയും മുസ്വന്നഫുകൾ പ്രസിദ്ധങ്ങളാണ്.

കുഴപ്പങ്ങളില്‍നിന്നും വ്യതിയാനങ്ങളില്‍നിന്നും മുസ്‌ലിം ബഹുജനങ്ങളെ സംരക്ഷിച്ച് വിശുദ്ധ ക്വുര്‍ആനിലൂടെയും പ്രവാചകചര്യ യിലൂ ടെയും അവരെ നയിക്കുന്നതിനു വേണ്ടി വ്യാജ ഹദീഥുകളെയും യഥാര്‍ഥ നബിചര്യകളെയും വേര്‍തിരിച്ച് മനസ്സിലാക്കുവാനും രേഖപ്പെടു ത്തുവാനുമുള്ള ത്യാഗപൂര്‍ണമായ പണ്ഡിത പരിശ്രമത്തോടൊപ്പം തന്നെ, വാമൊഴിയായി ലഭിച്ച ഹദീഥുകളുടെ വെളിച്ചത്തില്‍ ദൈവിക മാര്‍ഗദര്‍ശനത്തിലൂടെ ജനങ്ങളെ നയിക്കുന്നതിനുവേണ്ടി അവര്‍ക്ക് മതവിധികള്‍ പറഞ്ഞുകൊടുക്കുന്നതിന്നായുള്ളപരിശ്രമങ്ങളുമുണ്ടാ യി. ഇതിന്‌വേണ്ടി പരിശ്രമിച്ച പ്രധാനപ്പെട്ട പണ്ഡിതമാരുടെ പേരില്‍ സ്ഥാപിക്കപ്പെട്ടതാണ് നാല് കര്‍മശാസ്ത്രധാരകളായ മദ്ഹബുകള്‍. തബഉത്താബിഉകളില്‍പെട്ട മദ്ഹബിന്റെ ഇമാമാണ് അബൂഹനീഫ നുഅ്മാനു ബ്‌നു ഥാബിത്. താബിഉകള്‍ക്കു ശേഷമുള്ള അടുത്ത തലമുറയില്‍-താബിഉത്താബിഉകള്‍ക്കിടയില്‍-ജീവിച്ച ഇമാം മാലിക്കുബ്‌നു അനസാണ് മദ്ഹബുകളുടെ ഇമാമായി ഗണിക്കപ്പെടുന്ന മറ്റൊരു മഹാപണ്ഡിതന്‍. മുസന്നഫുകളില്‍ ഏറ്റവും പഴക്കമുള്ള അല്‍മുവത്വയുടെ കര്‍ത്താവായ അദ്ദേഹം ഇമാം അബൂഹനീഫയുടെ സമകാലികരിലൊരാളായിരുന്നു.മാലിക്കുബ്‌നു അനസ്‌ന്റെ ശിഷ്യനായിരുന്ന അബൂഅബ്ദില്ലാ മുഹമ്മദ്ബ്‌നു ഇദ്‌രീസുശ്ശാഫിഈയാണ് മദ്ഹബിന്റെ ഇമാമായി അറിയപ്പെടുന്ന മൂന്നാമന്‍: നൂറോളം ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട് ഇമാം ശാഫിഈ. ഇമാം ശാഫിഈയുടെ ശിഷ്യനായിരുന്ന അഹ്മദ്ബ്ന്‍ മുഹമ്മദ് ബ്ന്‍ ഹന്‍ബല്‍ അബൂ അബ്ദുല്ലാ അശ്‌ശൈബാനിയാണ് നാലാമത്തെ മദ്ഹബിന്റെ ഇമാമായി അറിയപ്പെടുന്നത്.. മുസ്‌നദ്  അഹ്മദ് ബിന്‍ഹന്‍ബലാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതും പ്രസിദ്ധവുമായ ഹദീഥ്‌ശേഖരം.(13)

പ്രവാചക നില്‍നിന്ന് ഹദീഥുകള്‍ നിവേദനം ചെയ്ത സ്വഹാബിമാരുടെ അടിസ്ഥാനത്തില്‍ ക്രോഡീകരിക്കപ്പെട്ട ഹദീഥ് ഗ്രന്ഥങ്ങളാണ് മുസ്‌നദുകള്‍ എന്നറിയപ്പെട്ടത്. ഓരോ പ്രത്യേക സ്വഹാബിയില്‍നിന്നും നിവേദനം ചെയ്യപ്പെട്ട ഹദീഥുകള്‍ പ്രത്യേക അധ്യായമായാണ് മുസ്‌നദുകളില്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്. ഇമാം ശാഫിഈയുടെ ശിഷ്യനും നാലാമത്തെ മദ്ഹബിന്റെ ഇമാമുമായ ഇമാം അഹ്മദ് ബ്ന്‍ ഹന്‍ബ ലിന്റെ ഹദീഥ് ശേഖരമാണ് മുസ്‌നദുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി അറിയപ്പെടുന്നത്. വ്യാജ ഹദീഥുകള്‍ക്ക് ഹദീഥ് ഗ്രന്ഥങ്ങ ളില്‍ സ്ഥാനം കുറയാന്‍ മുസ്‌നദുകള്‍ നിമിത്തമായി. ഒരാള്‍ പ്രവാചകന്റെ പേരില്‍ വല്ലതും പറയുകയും അയാള്‍ക്ക് നബിയില്‍നിന്ന് അയാള്‍ വരെയുള്ള നിവേദകന്‍മാരുടെ ശൃംഖല അവതരിപ്പിക്കാന്‍ കഴിയാതിരിക്കുകയും ചെയ്താല്‍ അതിന്റെ സ്ഥാനം മുസ്‌നദുകളില്‍നിന്ന് സ്വാഭാവികമായും പുറത്തായിരിക്കും.

വിഷയക്രമത്തില്‍ ഹദീഥുകളും സഹാബിമാരുടെയും താബിഉകളുടെയും അഭിപ്രായങ്ങളും ക്രോഡീകരിച്ചുകൊണ്ടുള്ള മുസന്നഫുകള്‍ ക്കും പ്രവാചകരില്‍ നിന്നുള്ള പൂര്‍ണമായ ഇസ്‌നാദിന്റെ അടിസ്ഥാനത്തില്‍ ക്രോഡീകരിക്കപ്പെട്ട മുസ്‌നദുകളുടെയും നന്‍മകള്‍ സ്വാംശീക രിച്ചുകൊണ്ട് ഹിജ്‌റ മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രചിക്കപ്പെട്ട ഹദീഥ് സമാഹാരങ്ങളാണ് 'സുനന്‍'എന്ന് അറിയപ്പെടുന്നത്. വിഷയ ക്രമത്തില്‍ ക്രോഡീകരിക്കപ്പെട്ടതും പൂര്‍ണമായ ഇസ്‌നാദോടുകൂടി ഉദ്ധരിക്കപ്പെട്ടതുമായ ഹദീഥുകളാണ് സുനന്‍ ഗ്രന്ഥങ്ങളില്‍ ക്രോഡീകരി ക്കപ്പെട്ടിരിക്കുന്നത്. ഹിജ്‌റ 227ല്‍ മരണപ്പെട്ട സഈദ്ബ്‌നു മന്‍സൂന്‍ അല്‍ഖുറാസാനിയും 255ല്‍ മരണപ്പെട്ട അബ്ദുല്ലാഹിബ്‌നു അബ്ദുറഹ്മാ ന്‍ അദ്ദാരിമിയുമാണ് ആദ്യകാല സുനനുകളുടെ കര്‍ത്താക്കള്‍.

ഹദീഥ് പഠനരംഗത്തെ നെല്ലും പതിരും വേര്‍തിരിച്ച് സംസ്‌കരിക്കുകയും പ്രവാചകനില്‍ നിന്നുള്ളതാണെന്ന് ഉറപ്പുള്ള ഹദീഥുകള്‍ മാത്രം ശേഖരിച്ച് മുസ്‌ലിംലോകത്തിന് നല്‍കുകയും ചെയ്ത മഹാ പ്രതിഭാശാലിയാണ് മുഹമ്മദ് ബ്ന്‍ ഇസ്മായീല്‍ അല്‍ ബുഖാരി (ഹിജ്‌റ 196-256). അദ്ദേഹത്തിന്റെ ത്യാഗപൂര്‍ണമായ പരിശ്രമങ്ങളുടെ ഫലമായാണ് സ്വഹീഹായ ഹദീഥുകളുടെ മാത്രമായുള്ള ഒന്നാമത്തെ സമാഹാരമായ സ്വഹീഹുല്‍ ബുഖാരി മുസ്‌ലിംലോകത്തിന് ലഭിച്ചത്. പതിനാറ് വര്‍ഷങ്ങള്‍ നീണ്ടുനിന്ന നിരന്തരമായ യാത്രകളിലൂടെ ഹദീഥുകളറിയാവുന്ന ആയിരത്തിലധികം പേരുമായി ആശയക്കൈമാറ്റം നടത്തിക്കൊണ്ട് അദ്ദേഹം ശേഖരിച്ച ഏഴു ലക്ഷത്തോളം ഹദീഥു കളില്‍നിന്ന് ഇസ്‌നാദ് പരിശോധിച്ച് ഉറപ്പു വരുത്തിയശേഷം 7397 ഹദീഥുകളെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ബുഖാരി തന്റെ അല്‍ ജാമിഉ സ്‌സ്വഹീഹ് രചിച്ചത്. ഇതില്‍ തന്നെ പല ഹദീഥുകളും ഒരേ പ്രവാചകചര്യയുടെ തന്നെ വ്യത്യസ്ത രൂപത്തിലുള്ള ആവര്‍ത്തനങ്ങ ളാണ്. ആകെ 2602 പ്രവാചകവചനങ്ങള്‍ വ്യത്യസ്ത നിവേദകരിലൂടെ കടന്നുവന്നവയാണ് ബുഖാരിയിലുള്ള ഹദീഥുകളെന്ന് അതിന്റെ വ്യാഖ്യാതാവായ ഇബ്‌നു ഹജറുല്‍ അസ്ഖലാനി വ്യക്തമായിട്ടുണ്ട്.

അബുല്‍ ഹുസൈന്‍ മുസ്‌ലിമിബ്‌നുല്‍ ഹജ്ജാജ് അല്‍ നൈസാപൂരി (ഹി 202-261) ആണ് സ്വഹീഹായ ഹദീഥുകളെ മാത്രം ക്രോഡീകരിച്ചുകൊണ്ട് ഗ്രന്ഥരചന നടത്തിയ മറ്റൊരു മഹാവ്യക്തിത്വം. നാല്‍പത്തിമൂന്ന് അധ്യായങ്ങളിലായി 7563 ഹദീഥുകളാണ് അദ്ദേഹത്തിന്റെ സ്വഹീഹു മുസ്‌ലിമിലുള്ളത് ഇമാം ബുഖാരിയുടെയും ഇമാം മുസ്‌ലിംന്റെയും ശിഷ്യനായി രുന്ന അബൂബക്കര്‍ മുഹമ്മദ്ബ്‌നു ഇസ്ഹാക്വ്ബ്‌നു ഖുസൈമയും സ്വഹീഹായ ഹദീഥുകള്‍ മാത്രം ക്രോഡീകരിച്ചുകൊണ്ട് ഒരു ഗ്രന്ഥമെ ഴുതിയിട്ടുണ്ട്. സ്വഹീഹ് ഇബ്‌നു ഖുസൈമ എന്നാണ് അതിന്റെ പേര്.

ഇതിനുശേഷം പലരും ഹദീഥുകള്‍ ക്രോഡീകരിച്ച് ഗ്രന്ഥങ്ങളെഴുതിയെങ്കിലും മുസ്‌ലിം ലോകത്ത് പരക്കെ അറിയപ്പെട്ടത് ഇവയിലുള്ള പ്രധാനപ്പെട്ട നാല് ഹദീഥ് സമാഹാരങ്ങളാണ്. ഹിജ്‌റ 275ല്‍ അന്തരിച്ച ഇമാം അഹ്മദ് ബ്‌നു ഹന്‍ബലിന്റെ ശിഷ്യനായിരുന്ന അബൂദാവൂദ് സുലൈമാന്‍ ഇബ്‌നു അശ്അഥ് അസ്‌സിജിസ്താനി രചിച്ച സുനനു അബീദാവൂദ്, ഹിജ്‌റ 279ല്‍ അന്തരിച്ച, ഇമാം ബുഖാരിയുടെ ശിഷ്യ നായിരുന്ന അബൂഈസ മുഹമ്മദ് ബ്ന്‍ ഈസ അത്തിര്‍മിദി രചിച്ച അല്‍ജാമിഉത്തിര്‍മിദി, ഹിജ്‌റ 303ല്‍ അന്തരിച്ച, ഇമാം അബൂദാവൂ ദിന്റെ ശിഷ്യനായിരുന്ന അഹ്മദ്ബ്‌നു ശൂഐബ് അന്നസാഈ രചിച്ച സുനനുന്നസാഈ, ഹിജ്‌റ 273ല്‍ അന്തരിച്ച അബൂഅബ്ദില്ലാ മുഹ മ്മദ്ബ്‌നു യസീദുബ്‌നുമാജ രചിച്ച സുനനു ഇബ്‌നിമാജ(24) എന്നിവയാണീ ഗ്രന്ഥങ്ങള്‍. സുനനു അബൂദാവൂദില്‍ 4800 ഹദീഥുകളും ജാമി ഉത്തിര്‍മിദിയില്‍ 3950 ഹദീഥുകളും സുനനുന്നസാഇയില്‍ 5750 ഹദീഥുകളും സുനനു ഇബ്‌നുമാജയില്‍ 4485 ഹദീഥുകളുമാണുള്ളത്. കൃത്യ മായി പ്രവാചകനിലല്‍ നിന്ന് തുടങ്ങി ഗ്രന്ഥം ക്രോഡീകരിച്ചവരില്‍ അവസാനിക്കുന്ന വിശ്വസ്തരുടെ ശൃംഖലയായ ഇസ്‌നാദുള്ളവയല്ല ഈ നാല് ഹദീഥ് സമാഹാരങ്ങളിലെയും ചില ഹദീഥുകളെന്ന വസ്തുത അവയുടെ സമാഹര്‍ത്താക്കള്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. സഹീ ഹുല്‍ ബുഖാരിയിലെയും സഹീഹു മുസ്‌ലിമിലെയും ഹദീഥുകള്‍ മുസ്‌ലിംലോകം ചോദ്യം ചെയ്യാതെ സ്വീകരിക്കുമ്പോള്‍ മറ്റ് നാല് ഗ്രന്ഥ ങ്ങളിലെയും ഹദീഥുകള്‍ അവയുടെ ഇസ്‌നാദ് പരിശോധിച്ച ശേഷം അവ സ്വീകാര്യമാണെന്ന് ബോധ്യപ്പെട്ടതിനുശേഷം മാത്രമെ സ്വീകരിക്ക പ്പെടുകയുള്ളൂ.

മുഹമ്മദ് (സ) യുടെ ജീവിതത്തെക്കുറിച്ച് നമുക്ക് അറിവു നല്‍കുന്ന രണ്ടാമത്തെ സ്രോതസ്സായ ഹദീഥുകള്‍ എത്രത്തോളം കൃത്യവും സൂക്ഷ്മവുമായാണ് രേഖപ്പെടുത്തപ്പെട്ടതെന്ന് ഹദീഥ് നിദാനശാസ്ത്രത്തിന്റെ ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ ബോധ്യമാകും. പ്രവാചക ന്‍(സ)യോടൊപ്പം സഹവസിച്ചവര്‍, തെറ്റുകളൊന്നും വരുത്താതെ, സൂക്ഷ്മവും കൃത്യവുമായി അടുത്ത തലമുറക്ക് പറഞ്ഞുകൊടുത്തതെ ന്ന് ഉറപ്പുള്ള നിവേദനം മാത്രമെ സ്വഹീഹായ ഹദീഥായി പരിഗണിക്കപ്പെടുകയുള്ളൂ. ഇത്രയ്ക്കും കൃത്യവും സൂക്ഷ്മവുമായി രേഖപ്പെ ടുത്തപ്പെട്ട മറ്റൊരു ജീവചരിത്രവുമില്ലെന്നതാണ് വാസ്തവം. ആധുനിക കാലത്തെ ചരിത്രരചനയില്‍ പോലും രചയിതാവിന്റെ വ്യക്തിത്വ ത്തെ വിമര്‍ശനവിധേയമാക്കി പറയുന്ന കാര്യങ്ങളുടെ യാഥാര്‍ഥ്യം മനസ്സിലാക്കുന്നതിനു വേണ്ടിയുള്ള സങ്കേതങ്ങള്‍ വേണ്ടവിധം വികസി പ്പിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരേ വ്യക്തിയുടെ ജീവിതത്തെ രണ്ടു രൂപത്തില്‍ നോക്കിക്കാണുന്നവര്‍ എഴുതിയ ചരിത്ര ഗ്രന്ഥങ്ങളിലെ പരാമര്‍ശങ്ങളുടെ സത്യത പരിശോധിക്കുവാന്‍ നമ്മുടെ പക്കല്‍ കാര്യമാത്രപ്രസക്തമായ മാനദണ്ഡങ്ങളൊന്നുമില്ല.

നബി(സ) യോടൊപ്പം ജീവിക്കുകയും അദ്ദേഹത്തിന്റെ ജീവിതം നേര്‍ക്കുനേരെ മനസ്സിലാക്കുകയും അത് രേഖപ്പെടുത്തുകയോ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടു ക്കുകയോ ചെയ്യുമ്പോള്‍ അബദ്ധങ്ങളോ അസത്യങ്ങളോ കടന്നുകൂടാതിരിക്കുവാന്‍ സൂക്ഷ്മത പ്രകടിപ്പിക്കുകയും ചെയ്തവരില്‍നിന്ന് നിവേദനം ചെയ്യപ്പെട്ട നബിചരിത്രമാണ് ഹദീഥുകളിലുള്ളത്. നബി(സ) യുടെ അകവും പുറവും മനസ്സിലാക്കിയവരുടെ നേര്‍ക്കുനേരെയുള്ള ചിത്രീകരണം. ആ രൂപത്തില്‍ ഒരാളുടെയും ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ആത്മകഥയ്ക്ക്‌പോലും ഇത്രയ്ക്ക് സൂക്ഷ്മമായ ഒരു ജീവിതാഖ്യാനം നടത്താന്‍ കഴിയില്ല. സ്വന്തത്തിന്റെ കുറവുകള്‍ കാണാന്‍ ആത്മകഥാകാരന് കഴിയില്ലല്ലോ. ഒരു ലക്ഷത്തിലധികം പേരുടെ ദൃക്‌സാക്ഷി വിവരണത്തിന്റെ സാക്ഷ്യമാണ് സ്വഹീഹായ ഹദീഥുകള്‍ക്കുള്ളത്. നബി(സ)  മരണപ്പെടുമ്പോള്‍ ജീവിച്ചിരുന്ന സ്വഹാബിമാരുടെ എണ്ണം ഒരു ലക്ഷത്തിലധികമായിരുന്നല്ലോ.

ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്ന മുറയ്ക്ക് എഴുതി സൂക്ഷിക്കാറുണ്ടായിരുന്നതുപോലെ നബി വചനങ്ങളോ കര്‍മങ്ങളോ എഴുതി സൂക്ഷിക്കുന്ന പതിവ് മുഹമ്മദ് നബി(സ)യുടെ ജീവിതകാലത്ത് ഉണ്ടായിരുന്നില്ല എന്നത് ശരിയാണ്. എന്നാല്‍ ചില സ്വഹാബികള്‍ നബി(സ)യുടെ വചനങ്ങള്‍ എഴുതിവെക്കുകയും സൂക്ഷിക്കുകയും ചെയ്തിരുന്നതായി രേഖകളുണ്ട്. ഖുര്‍ആന്‍ വചനങ്ങളും ഹദീഥുകളും തമ്മില്‍ കൂടിക്കലരരുതെ ന്ന് നിര്‍ബന്ധമുള്ളതിനാല്‍ 'ക്വുര്‍ആനല്ലാത്ത മറ്റൊന്നുംതന്നെ തന്നില്‍നിന്ന് എഴുതി സൂക്ഷിക്കരുതെന്ന് ആദ്യകാലത്ത് നബി(സ) വിലക്കിയി രുന്നു'(അബൂസഈദുല്‍ ഖുദ്‌രിയില്‍ നിന്ന് മുസ്‌ലിം ഉദ്ധരിച്ചത്) വെങ്കിലും പ്രത്യേക സന്ദര്‍ഭങ്ങളില്‍ അങ്ങനെ ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നതായും കാണാന്‍ കഴിയും. മക്കാവിജയകാലത്ത് മക്കയുടെ പവിത്രതയെക്കുറിച്ച് നബി(സ) നടത്തിയ ഒരു പ്രഭാഷണം കഴിഞ്ഞപ്പോള്‍ അത് തനിക്ക് എഴുതിത്തരണമെന്ന് യമന്‍കാരനായ അബൂശാഹ് ആവശ്യപ്പെട്ടതായും അദ്ദേഹത്തിന് അത് എഴുതിക്കൊടുക്കുവാന്‍ പ്രവാചകന്‍ല നിര്‍ദേശിച്ചതായും ബുഖാരിയും മുസ്‌ലിമും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവാചകശിഷ്യനായിരുന്ന അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ്(റ) , ഹദീഥുകള്‍ എഴുതി സൂക്ഷി ച്ചിരുന്നതായി അബൂ ഹുറൈറ സാക്ഷ്യപ്പെടുത്തുന്ന ഹദീഥ് ബുഖാരിയിലുണ്ട്. തനിക്ക് ഹദീഥുകള്‍ എഴുതി സൂക്ഷിക്കുവാന്‍ പ്രവാച കന്‍(സ) അനുവാദം നല്‍കിയതായി അബ്ദുല്ലാഹിബ്‌നു അംറ്‌ (റ) അവകാശപ്പെട്ടതായി അഹ്മദും അബൂദാവൂദും ഉദ്ധരിച്ചിട്ടുണ്ട്.

നബി ജീവിതത്തെക്കുറിച്ച് തങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ സ്വഹാബിമാരില്‍ ചിലര്‍ എഴുതി സൂക്ഷിച്ചിരുന്നുവെങ്കിലും അത് വ്യാപകമായി രുന്നില്ല. തങ്ങള്‍ നേര്‍ക്കുനേരെ കണ്ട നബിജീവിതത്തിന്റെ വ്യത്യസ്ത വശങ്ങളെപ്പറ്റി അവര്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്ന രീതിയാ യിരുന്നു വ്യാപകമായി നിലനിന്നിരുന്നത്. വാമൊഴിയായാണ് പ്രധാനമായും നബിജീവിതത്തെ കുറിച്ച വര്‍ത്തമാനങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടതെന്ന് സാരം.

രാഷ്ട്രീയവും സൈദ്ധാന്തികവുമായ ആവശ്യങ്ങള്‍ക്കുവേണ്ടി വ്യാജഹദീഥുകള്‍ നിര്‍മിക്കപ്പെടുന്ന അവസ്ഥയുണ്ടായപ്പോള്‍ അതിനെതിരെ വിശ്വാസീസമൂഹം ജാഗരൂകരായി. രണ്ടാം ഖലീഫ ഉമര്‍ (റ) തന്റെ ഭരണകാലത്ത് ഹദീഥുകള്‍ ശേഖരിച്ച് ക്രോഡീകരിക്കുവാന്‍ ആഗ്രഹി ച്ചെങ്കിലും ക്വുര്‍ആന്‍ വചനങ്ങളും ഹദീഥുകളും തമ്മില്‍ കൂടിക്കലര്‍ന്നു പോകുമോയെന്ന ഭയം കാരണം അത് ഉപേക്ഷിച്ചതായി മുഹമ്മദ് ബ്‌നു സഅദ് രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഈ രംഗത്ത് ക്രിയാത്മകമായ ഒരു ഇടപെടല്‍ നടത്തിയത് രണ്ടാം ഉമര്‍ എന്നറിയപ്പെടുന്ന ഉമറുബ്‌നു അബ്ദുല്‍ അസീസ്‌ (റ) ആണ്. താബിഉകളില്‍പ്പെട്ട സുപ്രസിദ്ധനായ ഭരണാധികാരിയായിരുന്ന അദ്ദേഹത്തിന്റെ കാലമായപ്പോ ഴേക്ക് വ്യാജ ഹദീഥുകളുടെ നിര്‍മാണം വ്യാപകമായിക്കഴിഞ്ഞിരുന്നു. മദീനയിലെ അദ്ദേഹത്തിന്റെ ന്യായാധിപനായിരുന്ന അബൂബക്കര്‍ ബിനു ഹസമിന് അദ്ദേഹം എഴുതി: 'ദൈവദൂതരില്‍നിന്നുള്ള ഹദീഥുകള്‍ താങ്കള്‍ നോക്കുകയും എഴുതി രേഖപ്പെടുത്തുകയും ചെയ്യണം. കാരണം അറിവ് തേഞ്ഞുമാഞ്ഞു പോകുന്നതും ജ്ഞാനികള്‍ കാലംകഴിഞ്ഞു പോകുന്നതും ഞാന്‍ ഭയപ്പെടുന്നു. അല്ലാഹുവിന്റെ ദൂതരില്‍ നിന്നുള്ള ഹദീഥുകളല്ലാതെ മറ്റൊന്നും സ്വീകരിക്കരുത്. അറിവ് പകര്‍ന്നുകൊടുക്കുകയും അറിവില്ലാത്തവരെ പഠിപ്പിക്കുകയും ചെയ്യുക; ജ്ഞാനം എല്ലാവരും രഹസ്യമാക്കുമ്പോഴല്ലാതെ നശിക്കുകയില്ല'. ഉമര്‍ ബ്‌നു അബ്ദുല്‍ അസീസ്‌ന്റെ നിര്‍ദേശപ്രകാരം മദീനയിലെ സ്വഹാ ബികളില്‍ നിന്നും താബിഉകളില്‍നിന്നും അബൂബക്കര്‍ ബ്‌നു ഹസം (റഹ്) ഹദീഥുകള്‍ ശേഖരിച്ചു. അന്നു ജീവിച്ചിരുന്ന മഹാപണ്ഡിതനാ യിരുന്ന മുഹമ്മദ്ബ്‌നു മുസ്‌ലിബിനു ശിഹാബ് അസ്‌സുഹ്‌രിയും രണ്ടാം ഉമറിന്റെ ഭരണകാലത്ത് ഹദീഥുകള്‍ ശേഖരിക്കുകയും ക്രോഡീ കരിക്കുകയും ചെയ്യുവാന്‍ മുന്നോട്ടുവന്നു. ഇതോടൊപ്പം തന്നെ, ഇസ്‌ലാമികരാഷ്ട്രത്തിന്റെ വ്യത്യസ്ത കോണുകളിലേക്ക് ഹദീഥുകള്‍ ശേഖരിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഉമറുബ്‌നു അബ്ദുല്‍ അസീസ് കത്തുകളയിച്ചിരുന്നുവെന്ന് അബൂനുഐമിന്റെ താരിഖുല്‍ ഇസ്ബ ഹാനില്‍ നിന്ന് ഇബ്‌നുഹജറുല്‍ അസ്ഖലാനി ഉദ്ധരിക്കുന്നുണ്ട്.(ഫത്ഹുല്‍ബാരി, വാല്യം 1, കിത്താബുല്‍ ഇല്‍മ്) ഇങ്ങനെ ശേഖരിക്കപ്പെട്ട ഹദീഥുകള്‍ ക്രോഡീകരിച്ചു രേഖപ്പെടുത്തിയത് ഇമാം സുഹ്‌രിയായിരുന്നു. അതിനുശേഷം വ്യത്യസ്ത ദേശക്കാരായ പല താബിഉകളും ഹദീഥുകള്‍ ശേഖരിക്കുവാന്‍ തുടങ്ങി. ഹിജ്‌റ 150ല്‍ അന്തരിച്ച അബ്ദുല്‍ മലിക്കു ബ്‌നു അബ്ദുല്‍ അസീസ് ബ്‌നു ജുറൈജ് മക്കയിലും ഹിജ്‌റ 157ല്‍ അന്തരിച്ച സഈദ്ബിനു അബിഅറൂബ മെസപ്പെട്ടോമിയയിലും ഹിജ്‌റ 159ല്‍ അന്തരിച്ച അബൂഅംറില്‍ ഔസാഈ സിറിയയിലും ഹിജ്‌റ 159ല്‍ തന്നെ അന്തരിച്ച മുഹമ്മദ് ബ്‌നു അബ്ദിര്‍ റഹ്മാന്‍ മദീനയിലും ഹിജ്‌റ 160ല്‍ അന്തരിച്ച സൈദ് ബ്‌നുക്വുദാമയും സുഫ്‌യാനുഥൗരിയും കൂഫയിലും ഹിജ്‌റ 165ല്‍ അന്തരിച്ച ഹമ്മാദ് ബ്‌നു സലമ ബസറയിലും വെച്ച് ഹദീഥുകള്‍ ശേഖരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തതായി രേഖകളുണ്ട്.(ഇബ്‌നുല്‍ നദീമിന്റെ അല്‍ ഫിഹിരിസ്തില്‍ നിന്ന് )

സ്വഹാബിമാരും താബിഉകളുമെല്ലാം ഹദീഥുകൾ രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നുവെന്ന് ഇവ വ്യക്തമാക്കുന്നുണ്ട്. എന്നാൽ അവർക്കു ശേഷം മൂന്നാം തലമുറ മുതൽക്കാണ് ഹദീഥ് രേഖീകരണം വ്യാപകമായി ആരംഭിച്ചത് . ഹദീഥ് നിദാനശാസ്ത്രം വളർച്ച പ്രാപിച്ചതും അക്കാലത്ത് തന്നെയായിരുന്നു

ബിയുടെ (സ) പേരിൽ പിൽക്കാലത്ത് കള്ളങ്ങൾ പ്രചരിപ്പിക്കപ്പെട്ടിരുന്നുവെന്നത് ശരിയാണ്. അതുകൊണ്ട് തന്നെ വ്യാജങ്ങളിൽ നിന്ന് മുക്തമായ നബിചര്യ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ശാസ്ത്രീയമായ രീതി വളർത്തിയെടുക്കുവാൻ മുസ്ലിംകൾക്ക് കഴിയുകയും ചെയ്തു. 'എന്റെ പേരില്‍ ആരെങ്കിലും കളവുപറഞ്ഞാല്‍ അവന്‍ നരകത്തില്‍ തന്റെ ഇരിപ്പിടം ഒരുക്കിക്കൊള്ളട്ടെ'യെന്ന നബി(സ)യുടെ താക്കീത് നേര്‍ക്കുനേരെ ശ്രവിച്ചവരായ സ്വഹാബിമാര്‍ ഹദീഥുകള്‍ ഉദ്ധരിക്കുകയും പഠിപ്പിക്കുകയുമെല്ലാം ചെയ്യുമ്പോള്‍ പുലര്‍ത്തിയിരുന്ന സൂക്ഷ്മത അതേപോലെ പാലിക്കുവാന്‍ അടുത്ത തലമുറയിലെ ചിലര്‍ക്കെങ്കിലും കഴിഞ്ഞില്ല.

മുഹമ്മദ് നബി(സ)ക്കു ശേഷം രണ്ടു ഖലീഫമാരുടെ കാലത്തുമില്ലാതിരുന്ന ചില രാഷ്ട്രീയകുഴപ്പങ്ങള്‍ മൂന്നാമത്തെ ഖലീഫയായ ഉഥ്മാന്‍(റ) ന്റെ ഭരണകാലത്ത് തലപൊക്കി. അറേബ്യന്‍ ഉപദ്വീപിന് പുറത്തുള്ള പ്രദേശങ്ങളിലേക്കടക്കം ഇസ്‌ലാമിക സാമ്രാജ്യം വിസ്തൃതമാവുകയും അവിടെയുള്ള നിരവധിപേര്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്ത കാലമായിരുന്നു അത്. തങ്ങള്‍ ജീവിക്കുന്ന സാമ്രാജ്യത്തിന്റെ മതമായ ഇസ്‌ലാമിന്റെ വക്താക്കളാണ് തങ്ങളുമെന്ന് വരുത്തിത്തീര്‍ക്കുകയും എന്നാല്‍ ഇസ്‌ലാമികാദര്‍ശങ്ങള്‍ സ്വന്തം മനസ്സിനകത്തേക്ക് കടക്കാതിരിക്കുകയും ചെയ്തവരും അവരിലുണ്ടായിരുന്നു. അവരില്‍ ചിലരെങ്കിലും ഇസ്‌ലാമിനെയും മുസ്‌ലിം സമൂഹത്തെയും അകത്തുനിന്ന് നശിപ്പിക്കാമെന്ന് കരുതി ഇസ്‌ലാമിന്റെ കുപ്പായമണിഞ്ഞ കപടന്‍മാരായിരുന്നു. രണ്ടാം ഖലീഫയായിരുന്ന ഉമറുല്‍ഫാറൂഖ്‌െ(റ) ന വധിക്കുവാന്‍ ഗൂഢാലോചന നടത്തിയ യഹൂദനായ സബഅ് ബ്‌നു ശാമൂനിന്റെ പുത്രനും യമനിലെ സന്‍ആയിലെ യഹൂദ റബ്ബിയുമായിരുന്ന അബ്ദുല്ലാഹിബ്‌നു സബഅ് താന്‍ മുസ്‌ലിമായിയെന്ന് സ്വയം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തു വരികയും മുസ്‌ലിംകളെ തമ്മിലടിപ്പിക്കുവാനുള്ള തന്ത്രങ്ങള്‍ മെനയുകയും ചെയ്തത് ഉഥ്മാന്‍െ (റ) ന്റ ഭരണകാലത്താണ്.

അയാളും മറ്റു കപടന്‍മാരും തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുവാനും മുസ്‌ലിംകളെ വഴിതെറ്റിക്കുവാനും തമ്മിലടിപ്പിക്കുവാനും വേണ്ടി നബി(സ)യുടെ പേരില്‍ അദ്ദേഹം പറയാത്തതും ചെയ്യാത്തതും ആരോ പിച്ചുകൊണ്ട് ഹദീഥുകള്‍ എന്ന വ്യാജേന തങ്ങളുടെ രചനകള്‍ പ്രചരിപ്പിക്കുവാന്‍ തുടങ്ങി. ഇത്തരം വ്യാജ ഹദീഥുകള്‍ സ്വീകരിക്കരു തെന്ന് അന്നു ജീവിച്ചിരുന്ന പണ്ഡിതന്‍മാര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. അബ്ദുല്ലാഹിബ്‌നു സബഇന്റെ മസ്തിഷ്‌കസന്തതിയായ ശിആയിസത്തിന്റെ താത്ത്വികമായ അടിത്തറകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത് ഇത്തരം വ്യാജ ഹദീഥുകളിന്‍മേലാണ്. ശിആക്കളില്‍പെട്ട റാഫിദികളെപ്പറ്റി ഇമാം മാലിക് പറഞ്ഞത് ''അവരോട് സംസാരിക്കരുത്. അവരില്‍ നിന്ന് ഹദീഥുകള്‍ നിവേദനം ചെയ്യുകയും അരുത്. കാരണം അവര്‍ കള്ളം പറയുന്നവരാണ്." എന്നായിരുന്നു.

മുഹമ്മദ് നബി(സ)യുടെ പേരില്‍ വ്യാജ ഹദീഥുകള്‍ നിര്‍മിച്ചുകൊണ്ട് ആ രംഗത്ത് കുഴപ്പങ്ങള്‍ക്ക് വാതില്‍ തുറന്നുകൊടുത്തത് അബ്ദുല്ലാ ഹിബ്‌നു സബഇന്റെ നേതൃത്വത്തിലുള്ള ശിആക്കളായിരുന്നുവെങ്കിലും പിന്നീട് മതത്തിന്റെ അന്തരാത്മാവ് ഉള്‍ക്കൊള്ളാതെ ഇസ്‌ലാമി ലുള്ളവരാണെന്ന നാട്യവുമായി നടക്കുന്ന പലരും വ്യാജഹദീഥുകള്‍ നിര്‍മിച്ചുകൊണ്ട് തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും സ്വാര്‍ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. രാഷ്ട്രീയമായ ഭിന്നിപ്പുകളും അധികാരവടംവലിയും, ഇസ്‌ലാമിന്റെ വളര്‍ ച്ചയോടുള്ള വിരോധവും പകയും, വര്‍ഗീയവും വംശീയവുമായ പക്ഷപാതങ്ങള്‍, ആദര്‍ശപരമായ ഭിന്നിപ്പുകളില്‍ തങ്ങളുടെ കക്ഷിയാ ണ് ശരിയെന്ന് സ്ഥാപിക്കുക, അധികാരികളുടെ സാമീപ്യം സിദ്ധിക്കുക, കഥകള്‍ക്ക് വിശ്വാസ്യതയുണ്ടാക്കുക, നന്മയാണെന്ന് തങ്ങള്‍ കരുതു ന്ന കാര്യങ്ങള്‍ക്ക് ജനപിന്തുണ നേടിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി വ്യാജ ഹദീഥുകള്‍ നിര്‍മിക്കപ്പെടുകയും പ്രചരിപ്പിക്ക പ്പെടുകയും ചെയ്തു. ഇങ്ങനെ വ്യാജ ഹദീഥുകളുടെ നിര്‍മാണവും സംപ്രേഷണവും നടന്നുകൊണ്ടിരുന്നപ്പോള്‍ ഹദീഥുകളുടെ സ്വീകാര്യത പരിശോധിക്കുന്നതിനുവേണ്ടി കുറ്റമറ്റ ഒരു സമ്പ്രദായം അക്കാലത്തെ പണ്ഡിതന്‍മാര്‍ സ്വീകരിച്ചു. ഒരാള്‍ ഒരു ഹദീഥ് നിവേദനം ചെയ്യുക യാണെങ്കില്‍ നബി(സ)യില്‍നിന്ന് അയാള്‍ക്ക് അത് കിട്ടിയതെങ്ങനെയാണെന്ന് പഠിക്കുകയും നബി(സ)ക്കും അയാള്‍ക്കുമിടയിലുള്ള നിവേദ കന്‍മാരുടെ സത്യസന്ധതയും സ്വീകാര്യതയും സൂക്ഷ്മമായി പരിശോധിച്ചശേഷം അവരെല്ലാം കുറ്റമറ്റവരും സത്യസന്ധരും അബദ്ധങ്ങള്‍ സംഭവിക്കുവാന്‍ യാതൊരു സാധ്യതയുമില്ലാത്തവരുമാണെങ്കില്‍ മാത്രം അത് സ്വീകരിക്കുകയും ചെയ്യുകയെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. അങ്ങനെയാണ് നിവേദകപരമ്പര അഥവാ ഇസ്‌നാദ് പരിശോധന ഹദീഥ് പഠനത്തിന്റെ ഭാഗമായിത്തീര്‍ന്നത്.

കുഴപ്പങ്ങള്‍ക്കു ശേഷം ജീവിച്ചിരുന്ന യുവസ്വഹാബികളില്‍ നിന്നുതന്നെ ഈ പരിശോധന ആരംഭിച്ചു കഴിഞ്ഞിരുന്നു. കളവിന്നു പ്രചാരം കൂടിത്തുടങ്ങിയപ്പോള്‍, താബിഉകളും ഈ നില തുടര്‍ന്നു. അങ്ങനെയാണ് ഉസൂലുൽ ഹദീഥ് എന്ന ശാസ്ത്രശാഖ രൂപീകരിക്കപ്പെട്ടത്.

ഇന്ന് നമുക്ക് ലഭിക്കുന്ന ഹദീഥുകള്‍ക്ക് രണ്ട് ഭാഗങ്ങളാണുണ്ടാവുക. സനദും മത്‌നും. പ്രവാചകന്‍(സ) പറയുകയോ ചെയ്യുകയോ അനുവദി ക്കുകയോ ചെയ്തതിനെക്കുറിച്ച് പരാമര്‍ശിക്കുന്ന ഹദീഥിന്റെ ആശയപ്രധാനമായ ഭാഗമാണ് മത്‌ന്. പ്രവാചകനില്‍ നിന്ന് ഹദീഥ് രേഖ പ്പെടുത്തിയ വ്യക്തിയിലേക്ക് മത്‌ന് എങ്ങനെ എത്തിച്ചേര്‍ന്നുവെന്ന് വിശദീകരിക്കുന്ന ഭാഗമാണ് സനദ് അതല്ലെങ്കില്‍ ഇസ്‌നാദ്. നബി(സ)യി ല്‍നിന്ന് സ്വഹാബിയും അദ്ദേഹത്തില്‍നിന്ന് അടുത്ത തലമുറയില്‍പെട്ട താബിഉം അദ്ദേഹത്തില്‍നിന്ന് അടുത്ത തലമുറയില്‍പെട്ടയാളും മത്‌ന് കേള്‍ക്കുകയും ഈ അവസാനത്തെ വ്യക്തിയില്‍നിന്ന് കേട്ടയാള്‍ അത് രേഖപ്പെടുത്തുകയും ചെയ്യുകയാണെങ്കില്‍ സ്വഹാബി, താബി അ്, അടുത്തതലമുറയില്‍ പെട്ടയാള്‍ (തബഉത്താബിഅ്) എന്നിങ്ങനെയായിരിക്കും അതിന്റെ ഇസ്‌നാദ്. അവതരിപ്പിക്കപ്പെട്ട ഹദീഥുകളി ലെല്ലാം മത്‌നിനോടൊപ്പം ഇങ്ങനെ ഇസ്‌നാദ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതിനാല്‍ ഓരോ ഹദീഥും എത്തിച്ചേര്‍ന്ന ശൃംഖലയിലെ ഓരോ കണ്ണി യെയും പരിശോധനാവിധേയമാക്കുവാനും അവര്‍ സത്യസന്ധരാണോയെന്ന് മനസ്സിലാക്കുവാനും കഴിയും. ഹദീഥുകള്‍ നിവേദനം ചെയ്ത വരെക്കുറിച്ച് പഠിക്കുകയും അവരുടെ ജീവചരിത്രങ്ങള്‍ സൂക്ഷ്മമായി അപഗ്രഥിക്കുകയും ചെയ്ത് അവര്‍ വിശ്വസ്തരും ഹദീഥ് നിവേദ നത്തില്‍ തെറ്റുപറ്റാത്തവരുമാണോയെന്ന് കൃത്യമായി പരിശോധിക്കുന്ന ഒരു വൈജ്ഞാനിക ശാഖ തന്നെയുണ്ട്. 'വ്യക്തിവിജ്ഞാനീയം' (ഇല്‍മുര്‍രിജാല്‍) എന്നാണ് ഹദീഥ് പഠനരംഗത്ത് ഈ വിജ്ഞാന ശാഖ അറിയപ്പെടുന്നത്.

ഉസൂലുൽ ഹദീഥിന്റെ അരിപ്പയിലൂടെ വ്യാജമായ ഹദീഥുകൾക്കൊന്നും കടന്നു വരാൻ കഴിയാത്ത രൂപത്തിൽ ശാസ്ത്രീയമാണ് ഈ വിജ്ഞാനീയം. കള്ള ഹദീഥുകളുള്ളത് കൊണ്ടാണ് ഇത്രയും ശാസ്ത്രീയമായ ഒരു വൈജ്ഞാനിക ശാഖ മുസ്ലിം ലോകത്ത് വളർന്നു വന്നത്. യാഥാർഥ്യത്തെ വ്യാജനിൽ നിന്ന് തിരിച്ചറിയാൻ തക്ക ശക്തവും സൂക്ഷ്മവുമാണത്. വ്യാജഹദീഥുകളുണ്ടെന്നത് യഥാർത്ഥ നബിവചനങ്ങളെ നിഷേധിക്കുന്നതിനുള്ള കാരണമല്ല. ഒരാളെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും കളവു പറഞ്ഞുവെന്നതെങ്ങനെയാണ് അയാളെക്കുറിച്ച് സത്യസന്ധമെന്ന ഉറപ്പുള്ള കാര്യങ്ങളെ സ്വീകരിക്കാതിരിക്കുന്നതിനുള്ള കാരണമാവുന്നത്!!!

മുഹമ്മദ് നബി(സ)യിലൂടെ പൂര്‍ത്തീകരിച്ച മതത്തില്‍ അദ്ദേഹത്തിന് ശേഷം യാതൊന്നും കടന്നുകൂടി മലീമസമാകാതിരിക്കുവാന്‍ സ്വഹാ ബിമാര്‍ ശ്രദ്ധിക്കുകയും സൂക്ഷിക്കുകയും ചെയ്തുപോന്നു. പ്രവാചകചര്യയെക്കുറിച്ച് തങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ മറ്റുള്ളവരി ലേക്ക് അവര്‍ പകര്‍ന്നുനല്‍കിയത് അതീവ സൂക്ഷ്മതയോടു കൂടിയായിരുന്നു. നബി(സ) പറയാത്തതെന്തെങ്കിലും അദ്ദേഹത്തിന്റെ പേരില്‍ അബദ്ധവശാല്‍ തങ്ങളുടെ നാവുകളില്‍നിന്ന് ഉതിര്‍ന്നുവീഴുമോയെന്ന് ഭയപ്പെട്ട അവര്‍ നബിചര്യയെക്കുറിച്ച് മറ്റുള്ളവരോട് പറയാന്‍ വിസമ്മതിക്കുന്ന സ്ഥിതി വരെയുണ്ടായി. നാവില്‍ വന്നു പോയേക്കാവുന്ന ചെറിയ പിഴവുകള്‍ പോലും അവര്‍ സൂക്ഷിക്കു കയും ശ്രദ്ധിക്കുകയും ചെയ്തു. ഓര്‍മപ്പിശകുമൂലം തെറ്റുകള്‍ വന്നുപോകുമോയെന്ന് ഭയപ്പെട്ടവര്‍ നിശ്ശബ്ദത പാലിച്ചു. വാര്‍ധക്യത്തി ലെത്തിയവര്‍ മറവിയെ പേടിച്ച് നബിവചനങ്ങള്‍ പറഞ്ഞുകൊടുക്കാത്ത അവസ്ഥ വരെയുണ്ടായി. ചില സംഭവങ്ങള്‍ കാണുക.

''അബ്ദുല്ലാഹിബ്‌നു സുബൈര്‍ (റ) തന്റെ പിതാവി (സുബൈറി)നോടു ചോദിച്ചു: ഇന്ന ആളും ഇന്ന ആളും ചെയ്യുന്നതു പോലെ, നിങ്ങള്‍ റസൂൽ(സ) തിരുമേനിയില്‍നിന്ന് ഹദീഥ് പറയുന്നതായി കേള്‍ക്കുന്നില്ലല്ലോ? അപ്പോള്‍ സുബൈര്‍ (റ) പറഞ്ഞു: എന്നാല്‍, ഞാന്‍ തിരുമേ നിയെ വേര്‍പിരിയാറില്ലായിരുന്നു. എങ്കിലും അവിടുന്നു ഇപ്രകാരം പറയുന്നതു ഞാന്‍ കേട്ടിരിക്കുന്നു: ''എന്റെ പേരില്‍ ആരെങ്കിലും കല്‍പിച്ചുകൂട്ടി കളവു പറഞ്ഞാല്‍, അവന്‍ തന്റെ ഇരിപ്പിടം നരകത്തില്‍ ഒരുക്കിക്കൊള്ളട്ടെ!''(സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ഇല്‍മ്.)

സൈദുബ്‌നു അര്‍ക്വം(റ) (റ) നാടു ഞങ്ങള്‍ക്കു ഹദീഥ് പറഞ്ഞുതരണമെന്നു ആവശ്യപ്പെടുമ്പോള്‍ അദ്ദേഹം ഇങ്ങനെ പറയുമായിരുന്നു? ''ഞങ്ങള്‍ക്കു വയസ്സു ചെല്ലുകയും മറവി ബാധിക്കുകയും ചെയ്തിരിക്കുന്നു. റസൂൽ(സ) തിരുമേനിയില്‍നിന്നു ഹദീഥ് പറയുന്നതാകട്ടെ, ഗൗരവപ്പെട്ട കാര്യവുമാണ്.'' സാഇബ് ബ്‌നു യസീദ്‌ (റ) പറയുന്നു: മദീനയില്‍നിന്നു മക്ക വരെ ഞാന്‍ സഅ്ദ്ബ്‌നു മാലികിന്റെ ഒന്നിച്ചു സഹവസിക്കുകയുണ്ടായി. അദ്ദേഹം നബി(സ)യെക്കുറിച്ചു ഒരു ഹദീഥും പറയുകയുണ്ടായില്ല. നബി(സ)യെക്കുറിച്ചു ഹദീഥ്  പറയുമ്പോ ള്‍ അതില്‍ കളവു വന്നുപെട്ടേക്കുന്നതിനെ സൂക്ഷിച്ചുകൊണ്ട് ''അല്ലെങ്കില്‍ അവിടുന്നു പറഞ്ഞപ്രകാരം'' എന്നു കൂടി അദ്ദേഹം തുടര്‍ന്നു പറയുമായിരുന്നു(സുനനു ഇബ്‌നുമാജ, കിതാബുസ്സുന്ന).

ഓര്‍മപ്പിശകോ അബദ്ധമോ വന്നുഭവിക്കുകയില്ലെന്ന് സ്വയംബോധ്യമുള്ള സ്വഹാബിമാര്‍ മാത്രമാണ് ഹദീഥ് സംപ്രേഷണത്തിന് ഔല്‍സു ക്യം കാണിച്ചത്. തങ്ങള്‍ പ്രവാചകനില്‍ നിന്ന് കണ്ടതും കേട്ടതുമെല്ലാം അവര്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കി. വിശുദ്ധ ക്വുര്‍ആനിലെ നിര്‍ദേശങ്ങളും പ്രവാചകന്‍ലന്റെ ഉപദേശങ്ങളുമാണ് അവര്‍ക്കതിന് പ്രചോദനമായത്. ഏറ്റവുമധികം ഹദീഥുകള്‍ നിവേദനം ചെയ്ത അബൂഹൂറൈറ (റ) പറഞ്ഞതായി ബുഖാരി ഉദ്ധരിക്കുന്നു: അബൂഹുറൈറ നബിതിരുമേനിയുടെ നടപടികള്‍ കൂടുതലായി ഉദ്ധരിക്കുന്നു വെന്നു ജനങ്ങളതാ പറയുന്നു: അല്ലാഹുവിന്റെ കിതാബില്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഒരൊറ്റ വാര്‍ത്തയും ഞാനുദ്ധരി ക്കുകയില്ലായിരുന്നു. അതുപറഞ്ഞിട്ട്, ''വേദഗ്രന്ഥത്തില്‍ മനുഷ്യര്‍ക്ക് നാം വെളിപ്പെടുത്തിക്കൊടുത്ത ശേഷം നാം അവതരിപ്പിച്ച മാര്‍ഗദര്‍ശനത്തെയും വ്യക്ത മായ ദൃഷ്ടാന്തങ്ങളേയും മറച്ച് വെക്കുന്നതാരോ അവരെ അല്ലാഹു ശപിക്കും. ശപിക്കുന്നവരെല്ലാവരും ശപിക്കും.'' (2:159) എന്ന് തുടങ്ങുന്ന രണ്ട് ക്വുര്‍ആന്‍ വാക്യങ്ങള്‍ അബൂഹുറൈറ പാരായണം ചെയ്തു കൊണ്ട് പറഞ്ഞു: മുഹാജിറുകളായ സഹോദരന്മാര്‍ ചന്തയില്‍ വ്യാപാരവിഷയങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. അന്‍സാരി സഹോദരന്മാരോ, അവരുടെ കൃഷിയിലും. അതേയവസരത്തില്‍ അബൂഹുറൈറ വിശപ്പടക്കിയിട്ട്, വിട്ടുപിരിയാതെ തിരുമേനിയോടൊപ്പം ഇരിക്കുകയും മറ്റുള്ളവര്‍ ഹൃദിസ്ഥമാക്കാത്തത് ഹൃദിസ്ഥമാ ക്കുകയുമാണ് ചെയ്തിരുന്നത്.(സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ഇല്‍മ്)

മുഹമ്മദ് നബി(സ)യോടൊപ്പം ഏറെനാള്‍ ജീവിക്കുവാന്‍ അവസരം ലഭിച്ച സ്വഹാബിമാരില്‍ പലരെയും കാണുവാനോ അവരില്‍നിന്ന് ഹദീഥുകള്‍ മനസ്സിലാക്കുവാനോ നബി(സ)യെ കാണുവാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത അടുത്ത തലമുറക്കു സാധിച്ചില്ല. അവര്‍  ഇസ്‌ലാമി ലെത്തിയപ്പോഴേക്ക് മുതിര്‍ന്ന സ്വഹാബിമാരില്‍ പലരും മരണപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ നബി(സ)യോടൊപ്പമുണ്ടായിരുന്നപ്പോള്‍ യുവാക്കളായിരുന്ന സ്വഹാബിമാര്‍ക്കാണ് അടുത്ത തലമുറക്ക് ഹദീഥുകള്‍ പറഞ്ഞുകൊടുക്കുവാന്‍ കൂടുതല്‍ അവസരമുണ്ടായത്. തന്റെ മുപ്പതാമത്തെ വയസ്സില്‍ ഇസ്‌ലാം സ്വീകരിക്കുകയും അതിനുശേഷമുള്ള മൂന്നുവര്‍ഷം നബി(സ)യുടെ മരണംവരെ അദ്ദേഹത്തോടൊപ്പം വിട്ടുപിരിയാതെ ജീവിച്ച് നബിജീവിതവും മൊഴികളും നേരില്‍ മനസ്സിലാക്കുവാന്‍ അവസരം ലഭിക്കുകയും നബിവിയോഗത്തിനുശേഷം ഏകദേശം നാല്‍പത്തിയഞ്ച് വര്‍ഷക്കാലം സഹാബിമാരോടൊപ്പം ജീവിക്കുകയും നബിവിയോഗത്തിനുശേഷം ജനിച്ച നിരവധി പേര്‍ക്ക് നബിചര്യകളെക്കുറിച്ച് വിശദീകരിച്ചു കൊടുക്കാന്‍ സാധിക്കുകയും ചെയ്ത അബൂഹുറൈറേയാണ് രേഖപ്പെടുത്തപ്പെട്ടവയില്‍ ഏറ്റവു മധികം ഹദീഥുകള്‍ നിവേദനം ചെയ്ത സ്വഹാബി. മറ്റൊരു പ്രധാന ഹദീഥ് നിവേദകന്‍, നബി(സ) മരണപ്പെടുമ്പോള്‍ ഇരുപത്തിമൂന്ന് വയ സ്സ് പ്രായമായിരുന്ന അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) ആണ്. പ്രധാനപ്പെട്ട പ്രവാചകശിഷ്യരിലൊരാളും ഉമര്‍(റ) ന്റ പുത്രനും അതുകൊണ്ടു തന്നെ ചെറുപ്പം മുതലേ പ്രവാചകസന്നിധിയില്‍ ജീവിക്കുവാന്‍ അവസരം ലഭിച്ച് നബിജീവിതത്തിന്റെ വ്യത്യസ്തങ്ങളായ വശങ്ങളെപ്പറ്റി കൃത്യമായി അറിയാന്‍ കഴിഞ്ഞിരുന്നയാളുമായ ഇബ്‌നു ഉമര്‍ (റ) മരണപ്പെടുന്നത് നബിവിയോഗത്തിന് ശേഷം ആറു പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ്. അടുത്തതലമുറയിലെ താബിഉകളില്‍(4) മിക്കയാളുകളെയും കാണുവാനോ അറിയുവാനോ അവസരമുണ്ടായിരുന്ന അദ്ദേഹ ത്തിന്, അതുകൊണ്ടുതന്നെ വളരെയേറെ ഹദീഥുകള്‍ തന്റെ പിന്‍ഗാമികള്‍ക്ക് പകര്‍ന്നുകൊടുക്കുവാനുള്ള ഭാഗ്യമുണ്ടായി. നബിവി യോഗം നടക്കുമ്പോള്‍ പതിനാല് വയസ്സുമാത്രം പ്രായമുള്ളയാളും അതിനുശേഷം അര നൂറ്റാണ്ടിലേറെക്കാലം ജീവിക്കുവാന്‍ അവസരമു ണ്ടാവുകയും ചെയ്ത അബ്ദുല്ലാഹിബ്‌നു അബ്ബാസ്‌ (റ) ആണ് സ്വഹാബികളില്‍ നിന്നുള്ള മറ്റൊരു പ്രധാന ഹദീഥ് നിവേദകന്‍. മദീനയിലെ ത്തിയ നബി(സ)യെ സേവിക്കുവാന്‍ സ്വന്തം മാതാവിനാല്‍ പത്താമത്തെ വയസ്സില്‍ നിയോഗിക്കപ്പെടുകയും അതിന് ശേഷം ഏറെക്കാലം സേവകനും സഹായിയുമായി നബി(സ)യോടൊപ്പം ജീവിക്കുകയും നബിവിയോഗത്തിന്‌ശേഷം എട്ടുപതിറ്റാണ്ടുകള്‍ക്കുശേഷം തന്റെ നൂറ്റി മൂന്നാമത്തെ വയസ്സില്‍ മരണപ്പെടുകയും ചെയ്ത അനസ്ബ്‌നു മാലിക്ക്‌ (റ) ആണ് മറ്റൊരു പ്രധാനപ്പെട്ട ഹദീഥ് നിവേദകന്‍. താബിഉകളില്‍പ്പെട്ട മധ്യവയസ്‌കര്‍ക്കും വൃദ്ധര്‍ക്കുമെല്ലാം ഹദീഥുകള്‍ എത്തിക്കുവാന്‍ തന്റെ ദീര്‍ഘായുസ്സ് കാരണം അദ്ദേഹത്തിന് സാധിച്ചു. തന്റെ ഒന്‍പതാമത്തെ വയസ്സില്‍ പ്രവാചകപത്‌നിയാകുവാന്‍ ഭാഗ്യം ലഭിക്കുകയും, എട്ടുവര്‍ഷത്തിലധികം അദ്ദേഹത്തോ ടൊപ്പം ദാമ്പത്യജീവിതം നയിക്കുകയും പ്രവാചകവിയോഗത്തിനുശേഷം അരനൂറ്റാണ്ടിലധികം ജീവിച്ചിരിക്കുകയും ചെയ്ത ആയിശ (റ) യാണ് ഹദീഥുകള്‍ നിവേദനം ചെയ്ത മറ്റൊരു പ്രമുഖ വ്യക്തിത്വം. നബി(സ)യുടെ കുടുംബ-ലൈംഗിക ജീവിതത്തെക്കുറിച്ച് സമകാലിക രായ സ്വഹാബികള്‍ക്ക് പറഞ്ഞുകൊടുത്തതും അടുത്ത തലമുറയില്‍പ്പെട്ട താബിഉകളെ പഠിപ്പിച്ചതും ആയിശയായിരുന്നു.

അബൂബക്ക റിനെയും (റ) ഉമറിനെയും (റ) പോലെ നബി(സ)യോടൊപ്പം മക്കയിലും മദീനയിലുമുണ്ടായിരുന്ന സ്വഹാബിമാര്‍ ഏതാനും ഹദീഥുകള്‍ മാത്രം നിവേദനം ചെയ്തപ്പോള്‍ നബിവിയോഗത്തിന്റെ സന്ദര്‍ഭത്തില്‍ യുവാക്കളായിരുന്നവര്‍ക്ക് നൂറുക്കണക്കിന് ഹദീഥുകള്‍ നിവേദനം ചെയ്യാന്‍ കഴിഞ്ഞത്, അവര്‍ക്ക് നബി(സ)യില്‍ നിന്ന് ഹദീഥുകള്‍ നേര്‍ക്കുനേരെ കേള്‍ക്കാന്‍ കഴിഞ്ഞവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുവാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചതിനാലായിരുന്നു.

തീർച്ചയായും. ദൈവികവചനങ്ങളെ പ്രായോഗികമാക്കേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കുവാൻ വേണ്ടി നിയോഗിക്കപ്പെട്ട മുഹമ്മദ്‌നബി(സ) കേവലമൊരു ഉപദേശിയായിരുന്നില്ല . താന്‍ ഉപദേശിക്കുന്ന കാര്യങ്ങളെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമായിക്കാണാന്‍ അദ്ദേഹത്തിന്റെ അനുയായികൾക്ക് കഴിഞ്ഞിരുന്നു. സാധാരണക്കാരായ സ്വഹാബിമാരോടൊപ്പം കേവലമൊരു സാധാരണക്കാരനെ പ്പോലെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. നാട്ടിലും വീട്ടിലും പള്ളിയിലും അങ്ങാടിയിലും യാത്രയിലും വിശ്രമത്തിലുമെല്ലാം അനു യായികള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അവര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിക്കുകയും ഓര്‍മയില്‍ കുറിച്ചിടുകയും ചെയ്തു; അദ്ദേഹത്തിന്റെ പ്രാര്‍ഥനകള്‍ ശ്രദ്ധിക്കുകയും അവ അതേപോലെത്തന്നെ പിന്‍തുടരുകയും ചെയ്തു; ജീവിതവ്യവഹാരങ്ങളും നിലപാ ടുകളും സ്വഭാവങ്ങളും കൊള്ളക്കൊടുക്കലുകളും സൂക്ഷ്മമായി നിരീക്ഷിക്കുകയും അവ അനുധാവനം ചെയ്യാന്‍ പരമാവധി പരിശ്രമി ക്കുകയും ചെയ്തു. സ്വഹാബിമാരുടെയെല്ലാം ആത്മാര്‍ഥമായ പരിശ്രമമായിരുന്നു അത്. നബി(സ)യെ അനുകരിക്കുവാന്‍ അവര്‍ ആഗ്ര ഹിച്ചു; അക്കാര്യത്തിലായിരുന്നു അനുചരന്‍മാരുടെ ശ്രദ്ധ. അതുകൊണ്ടുതന്നെ പരമാവധി സമയം നബി(സ)യോടൊപ്പമുണ്ടാകണമെന്ന് അവര്‍ സ്വയം നിഷ്‌കര്‍ഷിച്ചു. തങ്ങള്‍ നബി(സ)യോടൊപ്പമില്ലാത്തപ്പോള്‍ അദ്ദേഹം എന്തൊക്കെയാണ് ചെയ്തതെന്നും പറഞ്ഞതെന്നും അവര്‍ മറ്റുള്ളവരോട് അന്വേഷിച്ചു പഠിച്ചു. നബി(സ)യെ നിരീക്ഷിക്കുവാന്‍ അവര്‍ ഊഴം നിശ്ചയിച്ചു.

വ്യത്യസ്തങ്ങളായ ജീവിതപ്രശ്‌നങ്ങളില്‍ ദൈവികവിധിയെന്താണെന്നറിയാനും, അവ പ്രയോഗവല്‍ക്കരിക്കുവാനും ഉത്‌സുകരായിരുന്നു പ്രവാചകാനുചരന്‍മാര്‍. ധര്‍മാധര്‍മങ്ങളുടെ കാര്യങ്ങളിലൊന്നും അവര്‍ സ്വന്തമായ തീരുമാനങ്ങളെടുത്തില്ല; പ്രവാചകനായിരുന്നു എല്ലാ കാര്യങ്ങളിലുമുള്ള അവരുടെ മാര്‍ഗദര്‍ശി. അദ്ദേഹത്തോട് ചോദിച്ചറിയുകയും അദ്ദേഹം ശരിയെന്ന് വിധിച്ചത് പ്രാവര്‍ത്തികമാക്കു കയും ചെയ്യുകയായിരുന്നു സ്വഹാബിമാരുടെ രീതി. തങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങളിലുള്ള പ്രവാചക നിര്‍ദേശം ലഭിക്കുന്നതിനായി നാഴികകള്‍ യാത്ര ചെയ്യുവാന്‍ അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. ത്യാഗങ്ങള്‍ സഹിച്ചുകൊണ്ടാണെങ്കിലും കൃത്യമായ ദൈവിക മാര്‍ഗനി ര്‍ദേശമെന്തെന്ന് മനസ്സിലാക്കിയ ശേഷം മാത്രം അത് പ്രയോഗവല്‍ക്കരിക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഉമര്‍ (റ) പറയുന്നു: ''ഞാനും, ഉമയ്യത്തുബ്‌നുസൈദിന്റെ സന്തതികളില്‍പ്പെട്ട എന്റെ ഒരു അയല്‍ക്കാരനും (അയാള്‍ മേലേ മദീനയിലായിരുന്നു) റസൂല്‍ തിരുമേനിലയുടെ അടുക്കല്‍ ചെല്ലുന്നതിന് ഊഴം നിശ്ചയിച്ചിരുന്നു. ഒരു ദിവസം അദ്ദേഹം ചെല്ലും, ഒരു ദിവസം ഞാന്‍ ചെല്ലും. ഞാന്‍ പോകുമ്പോള്‍ അന്നത്തെ വര്‍ത്തമാനം ഞാന്‍ അദ്ദേഹത്തിന്നു പറഞ്ഞുകൊടുക്കും. അദ്ദേഹം പോകുമ്പോള്‍ അദ്ദേഹവും അങ്ങിനെ ചെയ്യും.''(സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ഇല്‍മ്)

പ്രവാചകന്റെ (സ) നാവിൽ നിന്ന് സ്വഹാബിമാർ ദൈവവചനങ്ങള്‍ ശ്രവിക്കുകയും, ജീവിതത്തില്‍ നിന്ന് അവ എങ്ങനെ പ്രയോഗവല്‍ക്കരിക്കണമെന്ന് പഠിക്കുകയും ചെയ്തു. ധര്‍മാധര്‍മങ്ങളെ വ്യവഛേദിക്കുന്നതിനുള്ള അവരുടെ മാനദണ്ഡം നബി(സ)യുടെ വാക്കും പ്രവൃത്തിയും അനുവാദവുമായിരുന്നു. അത് അവര്‍ പഠിക്കുകയും മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം കൂടുതല്‍ നേരം സഹവസിച്ചവരില്‍നിന്ന് മറ്റുള്ളവര്‍ നബിജീവിതത്തിന്റെ സൂക്ഷ്മാംശങ്ങള്‍ ചോദിച്ച റിഞ്ഞു. കുടുംബ-ലൈംഗിക ജീവിതങ്ങളില്‍ നബിമാതൃകയെപ്പറ്റി അവര്‍ അദ്ദേഹത്തിന്റെ പത്‌നിമാരില്‍നിന്നാണ് പഠിച്ചത്. യാത്രകളില്‍ നബി(സ)യോടൊപ്പമുണ്ടായിരുന്നവരോട് ചോദിച്ച് ഒപ്പമില്ലാത്തവര്‍ യാത്രാമര്യാദകളെക്കുറിച്ച് മനസ്സിലാക്കി. ഈ വിവര സംപ്രേഷണ ത്തില്‍ അവരെല്ലാം വളരെ സൂക്ഷ്മത പാലിച്ചു; അതില്‍ കളവോ അബദ്ധമോ കടന്നുകൂടാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. ഓര്‍മയി ല്ലാത്തതൊന്നും അവര്‍ മറ്റുള്ളവരോട് പറഞ്ഞില്ല. നബിജീവിതത്തെപ്പറ്റി തങ്ങളുടെ നാവുകളില്‍നിന്ന് അബദ്ധങ്ങളൊന്നും പുറത്തുവരരു തെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ച് കള്ളംപറയുന്നവരുടെ ഇരിപ്പിടം നിത്യനരകമായിരിക്കുമെന്ന് പഠിപ്പിക്ക പ്പെട്ടവരായിരുന്നു അവര്‍. ''എന്നെക്കുറിച്ച് ബോധപൂര്‍വം ആരെങ്കിലും നുണപറയുകയാണെങ്കില്‍ അയാള്‍ നരകത്തില്‍ ഒരു ഇരിപ്പിടം തയാറാക്കിക്കൊള്ളട്ടെ.''(സ്വഹീഹ് മുസ്‌ലിം. മുഖദ്ദിമയില്‍ അബൂഹുറയ്‌റയില്‍ നിന്ന് ഉദ്ധരിച്ചത്.)

സ്വന്തം മാതൃകാജീവിതം അനുയായികള്‍ക്കു മുമ്പില്‍ സമര്‍പ്പിക്കുകയും അത് അപ്പടി അനുകരിക്കുവാന്‍ അവരെ പ്രചോദിപ്പിക്കുകയും ചെയ്ത മുഹമ്മദ് നബി(സ), തന്റെ കാലശേഷം അവര്‍ സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണമെന്നു കൂടി പഠിപ്പിച്ചുകൊണ്ടാണ് ഈ ലോകത്തുനിന്നു യാത്രയായത്. റസൂൽ(സ) പറഞ്ഞതായി മാലിക്‌ (റ) നിവേദനം ചെയ്ത മുവത്വയിലുളള ഒരു ഹദീഥില്‍ ഇങ്ങനെ കാണാം. ''ഞാന്‍ നിങ്ങളില്‍ രണ്ടു കാര്യങ്ങള്‍ വിട്ടുപോകുന്നു. അവ നിങ്ങള്‍ മുറുകെപിടിച്ചാല്‍ നിങ്ങള്‍ വഴിപിഴക്കുന്നതേയല്ല. അല്ലാഹുവിന്റെ കിത്താബും, എന്റെ സുന്നത്തുമാണവ.''

മുഹമ്മദ് നബി(സ)യുടെ വിയോഗത്തിനുശേഷം അദ്ദേഹം വിട്ടേച്ചുപോയ ചര്യ മുറുകെപിടിക്കുവാന്‍ സ്വഹാബിമാര്‍ ശ്രദ്ധിച്ചു. അതില്‍ നിന്ന് അല്‍പം പോലും തെറ്റിപോകാതിരിക്കുവാന്‍ അവര്‍ സൂക്ഷ്മത പാലിച്ചു. നബിജീവിതത്തിന്റെ അവസാനനാളുകളില്‍ ഇസ്‌ലാമി ലേക്ക് കടന്നുവന്നവരെ ഇക്കാര്യത്തില്‍ ദീര്‍ഘനാള്‍ നബി(സ)യോടൊപ്പം ജീവിച്ചവര്‍ സഹായിച്ചു. നബിയുടെ വാക്കിന്റെയോ പ്രവൃത്തി യുടെയോ അനുവാദത്തിന്റെയോ അംഗീകാരമില്ലാത്ത പ്രവര്‍ത്തനങ്ങളെന്തെങ്കിലും ആരെങ്കിലും ചെയ്യുന്നത് കണ്ടാല്‍ ശക്തമായ ഭാഷയി ല്‍തന്നെ സ്വഹാബിമാര്‍ അവരെ തിരുത്തി.

നബി(സ)യുടെ പിന്‍ഗാമികളായിവന്ന ഭരണാധികാരികളായ അബൂബക്കറിന്റെയും ഉമറിന്റെയും (റ) ഭരണകാലത്ത് ഭരണീയരായി ഉണ്ടായിരുന്നവരില്‍ ഭൂരിഭാഗവും മുഹമ്മദ് നബി(സ)യെ നേരിട്ട് കാണുകയും അദ്ദേഹത്തില്‍നിന്ന് മതം പഠിക്കുകയും ചെയ്തവരായി രുന്നു. പ്രവാചകാനുചരന്‍മാരില്‍ പ്രമുഖരെല്ലാം അന്ന് മദീനയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു വസിച്ചിരുന്നത്. നബി(സ)യില്‍ നിന്ന് ഓരോരുത്തരും പഠിച്ചറിഞ്ഞ കാര്യങ്ങള്‍ പരസ്പരം ഉപദേശിക്കുകയും അവ പ്രാവര്‍ത്തികമാക്കുവാന്‍ പരമാവധി പരിശ്രമിക്കു കയും ചെയ്തു, അവര്‍. മൂന്നാം ഖലീഫയായ ഉഥ്മാന്‍െ(റ) ന്റ ഭരണകാലത്ത് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ വിസ്തൃതി വര്‍ധിച്ചു. സ്വഹാ ബിമാര്‍ക്ക് വ്യത്യസ്തങ്ങളായ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും യാത്ര ചെയ്യേണ്ടിവരികയും അവിടെ അവരില്‍ ചിലര്‍  താമസമാ ക്കുകയും ചെയ്തു. അതോടൊപ്പം തന്നെ, വയോധികരായ പ്രവാചകാനുചരന്‍മാരുടെ എണ്ണം കുറഞ്ഞുകൊണ്ടുമിരുന്നു. അത്തരക്കാ രുമായി ബന്ധപ്പെട്ട് നബിമാതൃകയെക്കുറിച്ച് അറിവ് സമ്പാദിക്കുവാന്‍ ചെറുപ്പക്കാരായ സ്വഹാബിമാര്‍ പരിശ്രമിച്ചു. ദീര്‍ഘദൂരം യാത്രക ള്‍ ചെയ്തും ത്യാഗങ്ങള്‍ സഹിച്ചും നബിമാതൃകയെക്കുറിച്ച് പഠിക്കുവാനും ഓരോ വിഷയങ്ങളിലുമുള്ള നബി(സ)യുടെ നിര്‍ദേശങ്ങളെ ന്തെന്ന് ശേഖരിക്കുവാനും അവര്‍ സന്നദ്ധമായി. എത്ര ത്യാഗങ്ങള്‍ സഹിച്ചാണെങ്കിലും കുറ്റമറ്റ രീതിയില്‍ നബിചര്യ മനസ്സിലാക്കുകയും ശേഖരിക്കുകയും ചെയ്യേണ്ടതുണ്ടെന്നായിരുന്നു അവരുടെ നിലപാട്.

ബിജീവിതത്തെക്കുറിച്ച അറിവു നല്‍കുന്ന ഒന്നാമത്തെ സ്രോതസ്സ് ഖുർആനും രണ്ടാമത്തെത് ഹദീഥുകളുമാണ് . മുഹമ്മദ് നബി(സ)യുടെ കല്‍പനയോ കര്‍മങ്ങളോ അനുവാദമോ ആണ് സുന്നത്ത് എന്നറിയപ്പെടുന്നത്. . സുന്നത്ത് രേഖപ്പെടുത്തിയ വിവരണഖണ്ഡത്തെയാണ്, പൊതുവെ ഹദീഥ് എന്നു പറയുക.  നബിജീവിതവും അനുബന്ധകാര്യങ്ങളുമായി ബന്ധപ്പെട്ട അനുയായികളുടെ അനുഭവവിവരണങ്ങളെക്കൂടി ഹദീഥായി പരിഗണിക്കാറുണ്ട്.

 മരണാനന്തരജീവിതത്തില്‍ രക്ഷ കാംക്ഷിക്കുന്നവര്‍ അനുധാവനം ചെയ്യേണ്ട മാതൃകായോഗ്യമായ ജീവിതമാണ് മുഹമ്മദ് നബി(സ)യുടേത് എന്നു പഠിപ്പിക്കപ്പെട്ട (ക്വുര്‍ആന്‍ 33:21) പ്രവാചകാനുചരന്‍മാര്‍ ആ ജീവിതമാതൃകയെ സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്തുവാനായി പരമാവധി പരിശ്രമിച്ചുകൊണ്ടിരുന്നു. നബി(സ) പറയുന്നതെന്താണെന്ന് ശ്രദ്ധിക്കുകയും ചെയ്യുന്നതെന്താണെന്ന് നിരീക്ഷിക്കുകയും നബിസദസ്സില്‍ വെച്ചുള്ള അനുചരന്‍മാരുടെ ചെയ്തികളോടുള്ള നബി(സ)യുടെ പ്രതികരണമെന്താണെന്ന് മനസ്സിലാക്കുകയും ചെയ്തു കൊണ്ട് ആ ജീവിതത്തെ അനുകരിക്കുവാന്‍ പരിശ്രമിക്കുകയാണ് അവര്‍ ചെയ്തത്. അവരെ സംബന്ധിച്ചിടത്തോളം വിശുദ്ധ ഖുര്‍ആ നിന്റെ വിശദീകരണമായിരുന്നു നബിജീവിതം. ദൈവവചനങ്ങളെ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുക മാത്രമല്ല, വിശദീകരിച്ചുകൊടുക്കു കയും നബി(സ)യുടെ കര്‍ത്തവ്യമാണെന്നായിരുന്നു അവര്‍ ഖുര്‍ആനിലൂടെത്തന്നെ പഠിപ്പിക്കപ്പെട്ടിരുന്നത്. ക്വുര്‍ആന്‍ പറയുന്നത് കാണുക:

''വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി (അവരെ നാം നിയോഗിച്ചു.) നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും, അവര്‍ ചിന്തിക്കാന്‍ വേണ്ടിയും.'' (16:44)

''അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നിച്ച് പോയിരിക്കുന്നുവോ, അതവര്‍ക്ക് വ്യക്തമാക്കികൊടുക്കുവാന്‍ വേണ്ടിയും, വിശ്വസിക്കുന്ന ജന ങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും ആയിക്കൊണ്ടും മാത്രമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നത്.'' (16:64)

ദൈവവചനമായ ക്വുര്‍ആനിനെപ്പോലെത്തന്നെ ദൈവിക വെളിപാടുകള്‍ പ്രകാരം ജീവിക്കുകയും സംസാരിക്കുകയും അനുവദിക്കുകയും വിലക്കുകയും ചെയ്ത മുഹമ്മദ് നബി(സ)യുടെ മാതൃകയും അനുസരിക്കപ്പെടുകയും അനുധാവനം ചെയ്യുകയും വേണ്ടതുണ്ടെന്ന് ക്വുര്‍ ആനില്‍നിന്ന് മനസ്സിലാക്കിയവരായിരുന്നു അവര്‍. അല്ലാഹുവിന്റെ വചനങ്ങളെപ്പോലെത്തന്നെ നിരുപാധികം അനുസരിക്കപ്പെടേണ്ടവ യാണ് നബിമൊഴികളുമെന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്.

''നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുക. നിങ്ങള്‍ അനുഗൃഹീതരായേക്കാം.'' (3:132)

''പറയുക: നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍. ഇനി അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു സത്യനിഷേ ധികളെ സ്‌നേഹിക്കുന്നതല്ല; തീര്‍ച്ച.'' (3:32)

''നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷി ക്കുന്നവനാണ്.'' (59:7)

അല്ലാഹുവിന്റെ സ്‌നേഹം ലഭിക്കുവാന്‍ പ്രവാചകനെ അനുസരിക്കേണ്ടതുണ്ടെന്നും അല്ലാഹുവിനെ അനുസരിക്കുകയെന്നാല്‍ പ്രവാച കനെ അനുധാവനം ചെയ്യുകയാണെന്നും ഖുര്‍ആനില്‍ നിന്ന് മനസ്സിലാക്കിയവരായിരുന്നു പ്രവാചകനുചരന്‍മാര്‍.

''(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹി ക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.'' (3:31)

''(അല്ലാഹുവിന്റെ) ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവെ അനുസരിച്ചു. ആര്‍ പിന്തിരിഞ്ഞുവോ അവരു ടെ മേല്‍ കാവല്‍ക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല.'' (4:80)

മുഹമ്മദ് നബി(സ)യോടുള്ള അനുസരണക്കേട് മഹാപാതകമാണെന്നായിരുന്നു അവര്‍ പഠിപ്പിക്കപ്പെട്ടിരുന്നത്. കര്‍ശനമായ സ്വരത്തില്‍ ക്വുര്‍ആന്‍ പറയുന്നത് കാണുക.

''അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാ കട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂത നെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.'' (33:36)

''നിങ്ങള്‍ക്കിടയില്‍ റസൂലിന്റെ വിളിയെ നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്നത് പോലെ നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്. (മറ്റുള്ളവരുടെ) മറപിടിച്ചുകൊണ്ട് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ചോര്‍ന്ന് പോകുന്നവരെ അല്ലാഹു അറിയുന്നുണ്ട്. ആകയാല്‍ അദ്ദേഹത്തിന്റെ കല്‍പ നയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ.'' (24:63)

''ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ് സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുക യും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല.'' (4:65)

ഖുര്‍ആനിനെപ്പോലെത്തന്നെ നബിജീവിതവും അനുസരിക്കപ്പെടേണ്ടതാണെന്ന ബോധ്യമുണ്ടായിരുന്ന അനുചരന്‍മാര്‍ ആ ജീവിതത്തെ സൂ ക്ഷ്മമായി നിരീക്ഷിച്ചത് സ്വാഭാവികമായിരുന്നു. നബി(സ) ജീവിതം വെളിപാടുകളുടെ അടിസ്ഥാനത്തിലാണ് ചിട്ടപ്പെടുത്തപ്പെട്ടിട്ടുള്ളതെ ന്ന് അവര്‍ക്ക് അറിയാമായിരുന്നു. ഖുര്‍ആന്‍ കൂടാതെത്തന്നെ അദ്ദേഹത്തിന് വഹ്‌യ് ലഭിക്കുന്നുണ്ടെന്നും പ്രസ്തുത വഹ്‌യിന്റെ അടി സ്ഥാനത്തിലുള്ളതാണ് നബി(സ)യുടെ വാക്കും പ്രവൃത്തിയും അനുവാദവുമെല്ലാമെന്നുമാണ് അവര്‍ ക്വുര്‍ആനില്‍നിന്ന് മനസ്സി ലാക്കിയത്.

''അല്ലാഹുവിന്റെ തെളിവുകളെ നിങ്ങള്‍ തമാശയാക്കിക്കളയരുത്. അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുക. നിങ്ങള്‍ ക്ക് സാരോപദേശം നല്‍കിക്കൊണ്ട് അവനവതരിപ്പിച്ച വേദവും വിജ്ഞാനവും ഓര്‍മിക്കുക. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. അല്ലാ ഹു എല്ലാ കാര്യവും അറിയുന്നവനാണെന്ന് മനസ്സിലാക്കുകയും ചെയ്യുക.'' (2:231)

''തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതികേള്‍പിക്കുകയും, അവരെ സംസ്‌കരിക്കുകയും, അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു.'' (3:164)

''അല്ലാഹു നിനക്ക് വേദവും ജ്ഞാനവും അവതരിപ്പിച്ച് തരികയും, നിനക്ക് അറിവില്ലാതിരുന്നത് പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിന്റെ മേലുള്ള അല്ലാഹുവിന്റെ അനുഗ്രഹം മഹത്തായതാകുന്നു.'' (4:113)

''നിങ്ങളുടെ വീടുകളില്‍ വെച്ച് ഓതികേള്‍പിക്കപ്പെടുന്ന അല്ലാഹുവിന്റെ വചനങ്ങളും തത്ത്വജ്ഞാനവും നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.'' (33:34)

ഈ വചനങ്ങളില്‍ വേദഗ്രന്ഥത്തോടൊപ്പം പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന 'ജ്ഞാനം' (ഹിക്മത്ത്) ദൈവവചനങ്ങളല്ലാതെ മുഹമ്മദ് നബി(സ)ക്ക് ലഭിച്ച വെളിപാടുകളാണെന്ന് വ്യക്തമാണ്. ഈ വെളിപാടുകളുടെ വെളിച്ചത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ സംസാരങ്ങള്‍.

''അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു.'' (53:3,4)

''മിഖ്ദാദ്ബ്‌നു മഅ്ദികരുബ്‌ (റ) നിവേദനം: തിരുമേനി പറഞ്ഞു: അറിയുക, എനിക്ക് വേദഗ്രന്ഥവും അതിനോടൊപ്പം അതുപോലുള്ള മറ്റൊന്നും നല്‍കപ്പെട്ടിരിക്കുന്നു. അറിയുക, എനിക്ക് ഖുര്‍ആനും അതിന്റെ കൂടെ അതുപോലുള്ള മറ്റൊന്നും നല്‍കപ്പെട്ടിരിക്കുന്നു''(മുസ്‌നദ് അഹ്മദ്, ഹദീഥ്: 16546.)

അല്ലാഹുവിന്റെ സംസാരമായ ഖുർആനിന് പുറമെ അത് എങ്ങനെ പ്രയോഗവൽക്കരിക്കണമെന്നു കൂടി പ്രവാചകന് അല്ലാഹു അറിയിച്ചു കൊടുത്തിട്ടുണ്ടെന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാണ്. പ്രസ്തുത വെളിപാടു്കൾ പ്രകാരമാണ് നബി(സ) ജീവിച്ചതും സംസാരിച്ചതും അനുവാദങ്ങൾ നൽകിയതും വിലക്കുകൾ കല്പിച്ചതുമെല്ലാം. സുന്നത്ത് അല്ലാഹുവിന്റെ വെളിപാടുകൾ തന്നെയാണെന്ന് സാരം. രേഖീകരിക്കപ്പെട്ട സുന്നത്തുകളാണ് ഹദീഥുകൾ. സ്വീകാര്യയോഗ്യമായ ഹദീഥുകൾ അല്ലാഹുവിന്റെ വെളിപാടുകൾ അഥവാ വഹ്‌യ്‌ തന്നെയാണെന്നും അവ സ്വീകരിക്കേണ്ടത് മുഹമ്മദ് നബി(സ)യെ ദൈവദൂതനായി അംഗീകരിക്കുന്നവരുടെഎല്ലാം കടമയാണെന്നും പറയുന്നത് അത് കൊണ്ടാണ്. ഇസ്ലാമിന്റെ രണ്ടാമത്തെ പ്രമാണമാണത്. ഖുർആനിൽ നിന്ന് മാത്രമായി ആർക്കും ഇസ്‌ലാമിനെ പൂർണമായി മനസ്സിലാക്കാനാവില്ല. ഹദീഥുകൾ കൂടി മനസ്സിലാക്കുമ്പോഴേ ഇസ്‌ലാമിനെക്കുറിച്ച ഒരു പൂർണചിത്രം ലഭിക്കൂ..

സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങള്‍ പ്രകാരം ജീവിച്ച് ഇഹലോകത്ത് സമാധാന സംതൃപ്തമായ ജീവിത വും മരണാനന്തരജീവിതത്തില്‍ ശാന്തിയുടെ ഭവനമായ സ്വര്‍ഗവും എങ്ങനെ കരസ്ഥമാക്കാമെന്ന് പഠിപ്പിച്ച പ്രവാചകന്‍മാരില്‍ അന്തിമ നാണ് മുഹമ്മദ് നബി(സ). ദൈവസമര്‍പ്പണത്തിന്റെ പാന്ഥാവിലേക്ക്-ഇസ്‌ലാമിലേക്ക് ലോകത്തെ ങ്ങുമുള്ള മനുഷ്യരെ ക്ഷണിക്കാനായി നിയോഗിക്കപ്പെട്ട അവസാനത്തെ ദൈവദൂതന്‍; വ്യത്യസ്ത സമൂഹങ്ങളിലേക്ക് പറഞ്ഞയക്കപ്പെട്ട പൂര്‍വ പ്രവാചകന്‍മാരില്‍ നിന്ന് വ്യത്യസ്തനായി മുഴുവന്‍ മനുഷ്യരിലേക്കുമായി കടന്നുവന്ന മുന്നറിയിപ്പുകാരന്‍; പ്രവാചകത്വത്തി ന്റെ ശൃംഖലയിലെ അവസാനത്തെ കണ്ണിയായിത്തീര്‍ന്ന് ദൈവികമതത്തെ പൂര്‍ത്തീകരിച്ച മാര്‍ഗദര്‍ശി. മുഹമ്മദ് നബി(സ)യെക്കുറിച്ച് അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും നിന്നെ നാം അയച്ചിരിക്കുന്നത് സത്യവും കൊണ്ടാണ്. ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനുമായിട്ട്. ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല.'' (ക്വുര്‍ആന്‍ 35:24)

''നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുവാനും താക്കീത് നല്‍കുവാനും ആയികൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷെ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല.'' (ക്വുര്‍ആന്‍ 34:28)

''മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.'' (ക്വുര്‍ആന്‍ 33:40)

ദൈവസമര്‍പ്പണത്തിന്റെ പാതയെപ്പറ്റി പ്രായോഗികമായി പഠിപ്പിച്ചുകൊടുക്കുകയായിരുന്നു പ്രവാചകന്‍മാരെല്ലാം ചെയ്തത്. വേദഗ്ര ന്ഥങ്ങള്‍ നല്‍കപ്പെട്ടവരും അല്ലാത്തവരുമുണ്ടായിരുന്നു, അവരില്‍. ദൈവികഗ്രന്ഥത്തിന്റെ വിശദീകരണവും അതനുസരിച്ചുള്ള ജീവിതമെ ങ്ങനെയെന്ന് പഠിപ്പിക്കുകയുമായിരുന്നു ഗ്രന്ഥം നല്‍കപ്പെട്ട പ്രവാചകന്‍മാരുടെ ദൗത്യം. അതല്ലാത്തവര്‍ ദൈവികവെളിപാടുകളുടെ വെളി ച്ചത്തില്‍ അവര്‍ നിയോഗിക്കപ്പെട്ട സമുദായങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ദൈവികപാതയിലേക്ക് അവരെ ക്ഷണിക്കുകയും ചെയ്തു. പ്രവാചകന്‍മാരെ അനുസരിക്കുകയും അനുധാവനം ചെയ്യുകയുമായിരുന്നു അവരുടെ ദൗത്യത്തില്‍ വിശ്വസിച്ചവരുടെ ചുമതല. ഈ ചുമ തല നിര്‍വഹിക്കുന്നതുവഴി അവര്‍ യഥാര്‍ഥത്തില്‍ ദൈവികമായ പാന്ഥാവിലൂടെയായിരുന്നു ജീവിച്ചത്. പ്രവാചകന്‍മാര്‍ ദൈവികബോ ധത്തിന്റെ വെളിച്ചത്തിലായിരുന്നുവല്ലോ അവരെ നയിച്ചത്. ക്വുര്‍ആന്‍ പറയുന്നത് കാണുക:

''(നബിയേ) നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. എല്ലാ ജനവിഭാഗത്തിനുമുണ്ട് ഒരു മാര്‍ഗദര്‍ശി.'' (13:7)

''ഓരോ സമൂഹത്തിനും ഓരോ ദൂതനുണ്ട്. അങ്ങനെ അവരിലേക്കുള്ള ദൂതന്‍ വന്നാല്‍ അവര്‍ക്കിടയല്‍ നീതിപൂര്‍വം തീരുമാനമെടുക്കപ്പെ ടുന്നതാണ്. അവരോട് അനീതി കാണിക്കപ്പെടുന്നതല്ല.'' (10:47)

''അല്ലാഹുവിന്റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല.'' (4:64)

അവസാനനാളുവരെയുള്ള മുഴുവന്‍ മനുഷ്യരിലേക്കുമായി നിയോഗിക്കപ്പെട്ട അന്തിമപ്രവാചകനെ അനുധാവനം ചെയ്യേണ്ടത് ഓരോരു ത്തരുടേയും കടമയാണെന്നാണ് മുസ്‌ലിംകളുടെ വിശ്വാസം. അദ്ദേഹത്തിലൂടെയാണ് അവസാനത്തെ വേദഗ്രന്ഥം അവതരിപ്പിക്കപ്പെട്ടത്. വിശുദ്ധ ഖുര്‍ആനിലൂടെ പടച്ചവന്‍ മനുഷ്യരോട് സംസാരിക്കുകയാണ്. അവന്റെ വചനങ്ങളാണവ. പ്രസ്തുത വചനങ്ങള്‍ പ്രകാരം എങ്ങ നെ ജീവിക്കണമെന്ന് പഠിപ്പിക്കുകയാണ് മുഹമ്മദ്‌നബി(സ) ചെയ്തത്; ഖുര്‍ആനിന്റെ പ്രായോഗിക വിശദീകരണമാണ് സ്വന്തം വാക്കുകളി ലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും അനുവാദങ്ങളിലൂടെയും അദ്ദേഹം നിര്‍വഹിച്ചത്. മുഹമ്മദ് നബി(സ)യുടെ ജീവിതത്തെക്കുറിച്ച് പത്‌നി ആയിശ(റ)പറഞ്ഞത് 'അദ്ദേഹത്തിന്റെ സ്വഭാവം ഖുര്‍ആനായിരുന്നു'(മുസ്‌നദ് അഹ്മദ്, ഹദീഥ് 24139) വെന്നാണ്. ഖുര്‍ആന്‍ പ്രകാര മുള്ള മാതൃകാജീവിതമാണ് അദ്ദേഹം നയിച്ചതെന്നര്‍ഥം. പ്രസ്തുത ജീവിതത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്: ''തീര്‍ച്ചയാ യും നീ മഹത്തായ സ്വഭാവത്തിലാകുന്നു.'' (68:4)

''തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്.''(33:21)

ദൈവികമാര്‍ഗദര്‍ശനപ്രകാരം ജീവിച്ച് മരണാനന്തരജീവിതത്തില്‍ രക്ഷയുടെ സ്വര്‍ഗം കരസ്ഥമാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ മുഹമ്മദ് നബി(സ)യുടെ മാതൃക പിന്‍പറ്റുകയാണ് വേണ്ടതെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അന്ത്യനാളുവരെയുള്ള മുഴുവന്‍ മനുഷ്യരിലേക്കുമായി നിയോഗിക്കപ്പെട്ട ദൈവദൂതനാണ് മുഹമ്മദ് നബി(സ) എന്നതുകൊണ്ടുതന്നെ അദ്ദേഹത്തിലൂടെയുള്ള മാര്‍ഗദര്‍ശനം ലോകത്തെവിടെയു ള്ളവര്‍ക്കും അറിയാനും അനുധാവനം ചെയ്യുവാനും കഴിയേണ്ടതുണ്ട്. അങ്ങനെ കഴിയുന്ന ഒരേയൊരു വ്യക്തിജീവിതം മുഹമ്മദ് നബി(സ)യുടേതാണ്.

ചരിത്രത്തിന്റെ പൂര്‍ണമായ വെളിച്ചത്തിലാണ് മുഹമ്മദ് നബി(സ) ജീവിച്ചത്. അദ്ദേഹത്തിന്റെ ചരിത്രപരത ആര്‍ക്കും നിഷേധിക്കാനാ വാത്തവിധം, രേഖകളാല്‍ സമൃദ്ധമാണ് ആ ജീവിതം. പ്രവാചകജീവിതത്തിലെ സൂക്ഷ്മവും സ്ഥൂലവുമായ മുഴുവന്‍ കാര്യങ്ങളും രേഖ പ്പെടുത്തപ്പെട്ടിരിക്കുന്നു. പ്രസ്തുത രേഖകളുടെ ചരിത്രപരതയും സത്യസന്ധതയും പരിശോധിച്ച് ഉറപ്പുവരുത്തുവാനുള്ള മാര്‍ഗങ്ങളും തുറന്നു കിടക്കുന്നു. മുഹമ്മദ് നബി(സ) പറയാത്തതോ ചെയ്യാത്തതോ ആയ കാര്യങ്ങളെന്തെങ്കിലും അദ്ദേഹത്തില്‍ ആരോപിക്കാന്‍ കഴിയാ ത്തത്ര സൂക്ഷ്മമായാണ് അത് ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്. അങ്ങനെ രേഖപ്പെടുത്തപ്പെട്ട മറ്റൊരു ജീവിതവുമില്ല. അല്ലാഹു സംരക്ഷി ക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുള്ള അവസാനത്തെ വേദഗ്രന്ഥത്തോടൊപ്പം (ഖുര്‍ആന്‍ 15:9) അതിന്റെ പ്രായോഗിക വിശദീകരണമായ പ്രവാചകജീവിതവും സൂക്ഷ്മമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ദൈവികമാര്‍ഗദര്‍ശനം അനുധാവനം ചെയ്ത് സ്വന്തം ജീവിതത്തെ വിമലീകരിക്കണമെന്നും അങ്ങനെ സ്വര്‍ഗപ്രവേശത്തിന് അര്‍ഹത നേടിയെടുക്കണമെന്നും ആഗ്രഹിക്കുന്നവര്‍ ആ ജീവിതത്തിലേക്ക് നോക്കിയാല്‍ നന്‍മയെന്താണെന്നും തിന്‍മയെന്താണെന്നും കൃത്യവും സൂക്ഷ്മവുമായി തിരിച്ചറിയാന്‍ കഴിയും. സത്യാസത്യങ്ങളെ വ്യവ ഛേദിക്കുന്ന വേദഗ്രന്ഥവും ധര്‍മാധര്‍മങ്ങളെ വ്യവഛേദിക്കുന്ന പ്രവാചകജീവിതവുമാണ് രക്ഷാമാര്‍ഗമന്വേഷിക്കുന്നവര്‍ക്ക് വെളിച്ചമേ കാനാവുന്ന, ഇന്നു നിലനില്‍ക്കുന്ന പ്രമാണങ്ങള്‍; തെറ്റു പറ്റാത്തതും മാറ്റിത്തിരുത്താന്‍ കഴിയാത്തതുമായ പ്രമാണങ്ങളാണവ; സംരക്ഷിക്ക പ്പെട്ട ദിവ്യവെളിപാടുകള്‍! നബിജീവിതത്തിന്റെ അകവും പുറവും വ്യക്തമാക്കുന്നതാണീ പ്രമാണങ്ങള്‍.

മുഹമ്മദ് നബി(സ)യെ പിന്‍പറ്റുന്നവര്‍ യഥാര്‍ഥത്തില്‍ അല്ലാഹുവിനെയാണ് അനുസരിക്കുന്നത്. ക്വുര്‍ആന്‍ പറയുന്നത് കാണുക: ''(അല്ലാഹുവിന്റെ) ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവെ അനുസരിച്ചു. ആര്‍ പിന്തിരിഞ്ഞുവോ അവരുടെമേല്‍ കാവല്‍ക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല'' (4:80)

ദൈവികമായ പാതയില്‍ തന്നെയാണെന്ന ഉറപ്പോടെ, സംശയലേശമില്ലാതെ അനുധാവനം ചെയ്യാനാകുന്ന ഇന്നു നിലനില്‍ക്കുന്ന ഒരേയൊരു ജീവിതമാതൃകയാണ് മുഹമ്മദ് നബി(സ)യുടേതെന്നാണ് മുസ്‌ലിംകളുടെ വിശ്വാസം. മുഹമ്മദ് നബി(സ)യുടെ ജീവിതത്തെക്കുറിച്ച് നമുക്ക് അറിവു നല്‍കുന്ന പ്രധാനപ്പെട്ട സ്രോതസ്സുകള്‍ രണ്ടെണ്ണമാണ്. ഖുര്‍ആനും ഹദീഥുകളുമാണവ. ദൈവവചനങ്ങളാണ് ക്വുര്‍ആനിലുള്ളത്. പ്രസ്തുത വചനങ്ങള്‍ പ്രകാരം എങ്ങനെ ജീവിക്കണമെന്ന് അറിയാന്‍ കഴിയുക മുഹമ്മദ് നബി(സ)യുടെ ജീവിതത്തെക്കുറിച്ച വൃത്താന്തങ്ങളായ ഹദീഥുകളിലൂടെയാണ്. അതാണ് ഹദീഥുകളുടെ പ്രസക്തി.

യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള അപഗ്രഥനം മാത്രമെ ശാസ്ത്രീയമാവൂയെന്ന യൂറോ കേന്ദ്രീകൃത ലോകവീക്ഷണത്തിന്റെ (eurocentrism)വക്താക്കള്‍ക്ക് ഹദീഥ് നിദാനശാസ്ത്രത്തിന്റെ രീതി ഉള്‍ക്കൊള്ളാന്‍ കഴിയുക പ്രയാസകരമാണ്. ബുദ്ധി മുഴുവന്‍ യൂറോപ്പിന്റേതാണെന്ന വെളുത്ത അഹങ്കാരത്തിന്റെ കണ്ണിലൂടെ നോക്കുന്നവര്‍ക്ക് ഹദീഥ് നിദാനശാസ്ത്രം മൊത്തത്തില്‍ തന്നെ അസംബന്ധമായിത്തോന്നാനും സാധ്യതയുണ്ട്. ഭൂതകാല രചനകളിലെ നെല്ലും പതിരും വേര്‍തിരിക്കുവാന്‍ യൂറോപ്പ് ആവിഷ്‌കരിച്ച ചരിത്രാഖ്യാനശാസ്ത്രം(historiography), ചരിത്ര വിമര്‍ശനരീതി(histori-cal critical method) അഥവാ ഉന്നത വിമര്‍ശനം(higher criticism) എന്നിവയെക്കാള്‍ എന്തുകൊണ്ടും ഉത്തമമാണ് ഉസ്വൂലുല്‍ ഹദീഥ് അഥവാ ഹദീഥ് നിദാനശാസ്ത്രം എന്നതാണ് വസ്തുത. യൂറോപ്യന്‍ അഹങ്കാരം മസ്തിഷ്‌കത്തെ കീഴ്‌പ്പെടുത്തിയിട്ടില്ലാത്ത ചില ഓറിയന്റലിസ്റ്റുകളെങ്കിലും ഇക്കാര്യം തുറന്നു സമ്മതിച്ചിട്ടുണ്ട്. വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഇസ്‌ലാമിക പഠന വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഓക്‌സ്‌ഫോര്‍ഡ് എന്‍സൈക്ലോപീഡിയ ഓഫ് ഇസ്‌ലാമിക് ലോയുടെ മുഖ്യപത്രാധിപരുമായ ഡോ: ജോനാഥന്‍ എ.സി. ബ്രൗണ്‍ ഒരു പ്രഭാഷണത്തില്‍ പറയുന്നത് ഇങ്ങനെയാണ്. ''ചരിത്രത്തിലുള്ള മറ്റാരുടെയും ജീവിതം, മുസ്‌ലിം ഹദീഥ് പണ്ഡിതന്‍മാരുടെ ജീവിതത്തോളം എന്റെ മനസ്സിനെ സ്വാധീനിച്ചിട്ടില്ല. ഹദീഥുകളെക്കുറിച്ച് പഠിക്കാനാരംഭിച്ചപ്പോള്‍ അവയെല്ലാം വെറുതെ എഴുതിയുണ്ടാക്കിയ ചവറുകളാണെന്നും കൃത്രിമമാണെന്നുമായിരുന്നു എന്റെ വിചാരം. എന്നാല്‍ കൂടുതലായി പഠിക്കാന്‍ ശ്രമിക്കുന്തോറും അവരുടെ ബുദ്ധിസാമര്‍ഥ്യത്തെ ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങി. ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ ഹൃദിസ്ഥമാക്കുവാനും ആവശ്യമുള്ളപ്പോള്‍ അവ ഓര്‍മയില്‍നിന്ന് ചികഞ്ഞെടുക്കുവാനും വിഷയാധിഷ്ഠിതമായി അവ ക്രമീകരിച്ചശേഷം അവയുടെ സ്വീകാര്യത പരിശോധിക്കുവാനും അവയുടെ അടിസ്ഥാനത്തില്‍ വിധികള്‍ നിര്‍ണയിക്കുവാനും അവര്‍ക്ക് സാധിച്ചുവെന്നതാണ് ഞാന്‍ അര്‍ഥമാക്കുന്നത്. ഇലക്‌ട്രോണിക് പദസഞ്ചയവും കംപ്യൂട്ടറുകളുമെല്ലാം ഉപലബ്ധമായ ഇന്ന് ഹദീഥുകളെക്കുറിച്ച് അവര്‍ നിര്‍വഹിച്ച ദൗത്യം പരതിയെടുക്കുവാന്‍ തന്നെ ഞാന്‍ പ്രയാസപ്പെടുകയാണ്. ഇത്  അവിശ്വസീയം തന്നെയാണ്; ഇത് അവിശ്വസനീയം തന്നെയാണ്; അവര്‍ എഴുതിവെച്ച ഗ്രന്ഥങ്ങള്‍ നമ്മുടെ മുന്നിലില്ലായിരുന്നുവെങ്കില്‍ ഞാന്‍ തീര്‍ച്ചയായും അവര്‍ക്കിതിന് സാധിച്ചുവെന്ന് വിശ്വസിക്കുകയില്ലാരുന്നു.''(1) ചരിത്രാഖ്യാന ശാസ്ത്രത്തിന്റെയും ചരിത്രവിമര്‍ശന രീതിയുടെയും മാനദണ്ഡങ്ങള്‍ ഹദീഥ് നിദാന ശാസ്ത്രത്തെ പരിശോധിക്കുവാന്‍ തീരെ അപര്യാപ്തമാണ്. രണ്ടും തികച്ചും വിരുദ്ധമായ രണ്ട് രീതി ശാസ്ത്രങ്ങളിലുള്ള അപഗ്രഥനരീതികളാണ് എന്നതുകൊണ്ടാണത്. നിലവിലുള്ള ഒരു ചരിത്രസ്രോതസ്സിനെ സംശയിച്ചുകൊണ്ടാണ് ചരിത്രവിമര്‍ശന രീതിയുടെ തുടക്കം. പ്രസ്തുത സ്രോതസ്സ് യഥാര്‍ഥത്തില്‍ അത് എഴുതിയതെന്ന് വിശ്വസിക്കപ്പെടുന്നയാളുടെ രചനതന്നെയാണോയെന്നാണ് അത് അന്വേഷിക്കുന്നത്. അല്ലയെന്ന് സ്ഥാപിക്കുന്നതില്‍ മാത്രമെ ചരിത്ര വിമര്‍ശകര്‍ക്ക് താല്‍പര്യമുള്ളൂ. അയാളുടേതല്ലെങ്കില്‍ പിന്നെയാരുടേത് എന്ന ചോദ്യത്തിന് അവരുടെ പക്കല്‍ ഉത്തരമില്ല. പരമ്പരാഗത ധാരണകളെ തകര്‍ക്കുന്നതില്‍ മാത്രമാണവരുടെ താല്‍പര്യം. ഉസ്വൂലുല്‍ഹദീഥിന്റെ പണ്ഡിതന്‍മാര്‍ പരമ്പരാഗത ധാരണകളെ തകര്‍ക്കുകയല്ല, പ്രത്യുത പരിശോധിച്ച് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. മുഹമ്മദ് നബിﷺയില്‍ നിന്നുള്ളതാണ് എന്ന രൂപത്തില്‍ സമൂഹത്തില്‍ പ്രചാരത്തിലുള്ള ഹദീഥുകള്‍ അദ്ദേഹത്തില്‍ നിന്നുള്ളവ തന്നെയാണോയെന്ന് പരിശോധിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുകയാണ് അവരുടെ ദൗത്യം. ഈ പരിശോധനയില്‍ നബിﷺയില്‍ നിന്നുള്ളതല്ലെന്ന് ഉറപ്പുള്ളവ വേര്‍തിരിക്കപ്പെടുകയും മാറ്റി നിര്‍ത്തപ്പെടുകയും ചെയ്യുമെന്നത് ശരിയാണ്. പക്ഷേ, അങ്ങനെ മാറ്റി നിര്‍ത്തുകയല്ല അവരുടെ ലക്ഷ്യം. പ്രത്യുത നബി(സ)യില്‍ നിന്നുതന്നെയാണെന്ന് ഉറപ്പുവരുത്തി സ്വീകരിക്കുവാന്‍ കഴിയുന്നവയെല്ലാം സ്വീകരിക്കുകയാണ്. ചരിത്രവിമര്‍ശനരീതി നിഷേധത്തില്‍നിന്നു തുടങ്ങുമ്പോള്‍ ഉസ്വൂലുല്‍ ഹദീഥ് അംഗീകാരത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. മോശെയുടേതാണെന്ന് വിശ്വസിക്കപ്പെടുന്ന ബൈബിളിലെ പഞ്ചപുസ്തകങ്ങള്‍ ചരിത്രവിമര്‍ശകന്മാരുടെ അപഗ്രഥനത്തിന് വിധേയമായപ്പോള്‍ അവയില്‍  മോശെയ്ക്ക് നൂറ്റാണ്ടുകള്‍ കഴിഞ്ഞ് എഴുതിയതാണെന്ന് ഉറപ്പുള്ള പല പരാമര്‍ശങ്ങളുമുണ്ടെന്ന് മനസ്സിലാക്കുകയും അവ മോശെ എഴുതിയതല്ലെന്ന് ബോധ്യപ്പെടുകയും ചെയ്തു. ഈ ബോധ്യപ്പെടുത്തലോടെ ചരിത്ര വിമര്‍ശകരുടെ ജോലി അവസാനിച്ചു. മോശെയല്ലങ്കില്‍ പിന്നെയാരാണ് അത് എഴുതിയതെന്നോ അതിലെ പരമര്‍ശങ്ങള്‍ മോശെയുടെ യഥാര്‍ഥ ജീവിതവുമായി എത്രമാത്രം പൊരുത്തപ്പെടുന്നുവെന്നോ ഉള്ള പരിശോധനകള്‍ അവരുടെ പണിയല്ല. ഇതില്‍നിന്ന് വ്യത്യസ്തമായി, മുഹമ്മദ് നബിﷺയുടേത് എന്ന രൂപത്തില്‍ പ്രചാരത്തിലിരിക്കുന്ന വൃത്താന്തങ്ങളെ പരിശോധിച്ച് അത് അദ്ദേഹത്തില്‍ നിന്നുള്ളത് തന്നെയാണോയെന്ന് ഉറപ്പുവരുത്തുകയാണ് ഉസ്വൂലുല്‍ ഹദീഥിന്റെ പണ്ഡിതന്‍മാര്‍ ചെയ്യുന്നത്. നബിﷺയില്‍ നിന്നുള്ളതാണെന്ന് ഉറപ്പുള്ള നിവേദനങ്ങളേതൊക്കെയാണെന്ന് മനസ്സിലാക്കി നബിജീവിതത്തെ അനുധാവനം ചെയ്യാന്‍ സമൂഹത്തെ സഹായിക്കുകയാണ് അവരുടെ ദൗത്യം. ചരിത്രസ്രോതസ്സിനെ ആന്തരികാപഗ്രഥനത്തിന് വിധേയമാക്കുകയും അത് എഴുതപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന കാലത്തിനു ശേഷം പ്രചാരത്തിലിരുന്ന പദങ്ങളോ പ്രയോഗങ്ങളോ അതിലുണ്ടോയെന്ന് പരിശോധിച്ച് അതിലുള്ള 'കാലാനുക്രമ പ്രമാദം' (anar-chonism) പുറത്തു കൊണ്ടുവന്ന്, വിശ്വസിക്കപ്പെടുന്ന കാലത്തല്ല അത് രചിക്കപ്പെട്ടതെന്ന് സ്ഥാപിക്കുകയുമാണ് 'ചരിത്രവിമര്‍ശകര്‍' ചെയ്യാറുള്ളത് കാലാനുക്രമ പ്രമാദങ്ങളെ കണ്ടെത്തുന്നതിനുവേണ്ടിയുള്ളതാണ് അവരുടെ പരിശ്രമങ്ങളധികവും. പുതിയ രാജത്വ(new kingdom)കാലത്ത് പതിനെട്ടാം രാജവംശത്തിന്റെ ഭരണകാലത്താണ് ഈജിപ്തിലെ രാജാക്കന്മാരെ 'ഫറോവ'യെന്ന് വിളിക്കാനാരംഭിച്ചതെന്ന് ഈജിപ്ഷ്യന്‍ ഹൈരോഗ്ലിഫുകളുടെ വായനയില്‍ നിന്ന് മനസ്സിലാക്കിക്കഴിയുമ്പോള്‍(2) അബ്രഹാമിന്റെ കാലത്തെയും(3) യോസഫിന്റെ കാലത്തെയും(4) ഈജിപ്തിലെ രാജാവിനെ ഫറോവയെന്ന് അഭിസംബോധന ചെയ്യുന്ന ബൈബിള്‍ പരാമര്‍ശങ്ങള്‍ കാലാനുക്രമ പ്രമാദങ്ങളാണെന്ന് മനസ്സിലാവുകയും മോശെയുടെ തൊട്ട്മുന്‍പ് മാത്രം പ്രചാരത്തില്‍ വന്ന 'ഫറോവ'(5)യെന്ന പദമാണ് എക്കാലത്തെയും ഈജിപ്തുകാര്‍ രാജാവിനെ അഭിസംബോധന ചെയ്യാനുപയോഗിച്ചിരുന്നതെന്ന് തെറ്റുധരിച്ച പില്‍ക്കാലക്കാരാണ് ഈ പുസ്തകങ്ങളെഴുതിയതെന്നും വ്യക്തമാവുന്നു. ഉസ്വൂലുല്‍ ഹദീഥിലാകട്ടെ ആന്തരികാപഗ്രഥനത്തെക്കാള്‍ ബാഹ്യമായ അപഗ്രഥനത്തിനാണ് പ്രാധാന്യം നല്‍കപ്പെട്ടിരിക്കുന്നത്. സ്രോതസ്സിന്റെ വിശ്വാസ്യതയെ സ്ഥിരീകരിക്കുന്ന ബാഹ്യമായ തെളിവുകളെ നിഷ്‌കൃഷ്ടമായി അപഗ്രഥിച്ച് അത് നബിﷺയില്‍ നിന്നുള്ളതു തന്നെയാണോയെന്ന് പരിശോധിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഹദീഥുകളുടെ വിശ്വാസ്യത പരിശോധിക്കുവാന്‍ പറ്റിയ അന്യൂനമായ രീതിയാണ് ഇസ്‌നാദ് പരിശോധന. അതുപയോഗിച്ച് ലഭ്യമായ ഹദീഥുകള്‍ നബിﷺയില്‍ നിന്നുള്ളതുതന്നെയാണെന്ന് ഉറപ്പുവരുത്തുകയാണ് ഉസ്വൂലുല്‍ ഹദീഥിന്റെ പണ്ഡിതന്‍മാര്‍ ചെയ്തിട്ടുള്ളത്. അവരുടെ നിഷ്‌കൃഷ്ടമായ അപഗ്രഥത്തിന്റെ അരിപ്പയിലൂടെ നബിﷺയില്‍നിന്നുള്ളതാണെന്ന് ഉറപ്പുള്ള ഹദീഥുകള്‍ മാത്രമാണ് പുറത്തു വന്നിട്ടുള്ളതെന്ന് ഇവ്വിഷയകമായ പഠനങ്ങള്‍ (6) സുതരാം വ്യക്തമാക്കുന്നുണ്ട്. ഉസ്വൂലുല്‍ ഹദീഥിനെ യഥാര്‍ഥത്തില്‍ താരതമ്യം ചെയ്യേണ്ടത് ചരിത്ര വിമര്‍ശന രീതിയോടോ ചരിത്രാഖ്യാന ശാസ്ത്രത്തോടോ അല്ല; പ്രത്യുത, അന്വേഷണാത്മക പത്ര പ്രവര്‍ത്തനത്തോടോ (inve-stigative journalism) കുറ്റാന്വേഷണ രീതിയോടോ(criminal investigation) ആണ്. നടന്ന സംഭവത്തിന്റെ വെളിച്ചത്തില്‍ അതിന്റെ യാഥാര്‍ഥ്യമറിയിന്നതിനുവേണ്ടിയുള്ള പരിശ്രമമാണല്ലോ ഇവ രണ്ടും നടത്തുന്നത്. ഒരു ലക്ഷത്തിലധികം സ്വഹാബിമാരുടെ സാക്ഷ്യത്തോടെ ജീവിച്ചു മരിച്ചുപോയ നബിﷺയുടെ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചുവെന്ന് അന്വേഷിക്കുകയാണ് ഉസ്വൂലുല്‍ ഹദീഥ് ചെയ്യുന്നത്. സംഭവിച്ചുവെന്ന് ഉറപ്പുള്ളതല്ലാത്ത യാതൊന്നും ആ ജീവിതത്തില്‍ ആരോപിക്കപ്പെട്ടുകൂടെന്ന് ഹദീഥ് നിദാന ശാസ്ത്രജ്ഞന്‍മാര്‍ക്ക് നിര്‍ബന്ധമുണ്ട്. ഒരു കുറ്റാന്വേഷകന്റെ സൂക്ഷ്മതയോടെയാണ്, അതുകൊണ്ടുതന്നെ, അവര്‍ നബിവചനങ്ങളെ പരിശോധനാ വിധേയമാക്കിയത്. പ്രചരിക്കപ്പെട്ട ഹദീഥുകളില്‍ എത്രത്തോളം നെല്ലും പതിരുമുണ്ടെന്ന് പരിശോധിച്ചത് ഒരു വാര്‍ത്തയുടെ യാഥാര്‍ഥ്യമറിയുന്നതിന് അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ സ്വീകരിക്കുന്നതിന് ഏകദേശം തുല്യമായ മാനദണ്ഡങ്ങളുപയോഗിച്ചാണ്. 'വൃത്താന്ത'മെന്നാണല്ലോ ഹദീഥ് എന്ന പദത്തിന്റെ അര്‍ഥം. വര്‍ത്തമാനകാലത്തെക്കുറിച്ച ഒരു വൃത്താന്തം ശരിയോ തെറ്റോയെന്ന് മനസ്സിലാക്കാനായി ആധുനിക പത്ര പ്രവര്‍ത്തകന്‍ സ്വീകരിക്കുന്നതിനെക്കാള്‍ കുറ്റമറ്റ രീതിയിലാണ് ഭൂതകാലത്തെക്കുറിച്ച ഒരു വൃത്താന്തം ശരിയോ തെറ്റോയെന്ന് ഹദീഥ്‌നിദാന ശാസ്ത്രജ്ഞന്‍മാര്‍ പരിശോധിച്ചത്. പ്രസ്തുത പരിശോധനയിലെ സൂക്ഷ്മതയെ അറിയാന്‍ കഴിഞ്ഞ ഒരു ആധുനിക പാശ്ചാത്യന്‍ ബുദ്ധിജീവിയുടെ പക്ഷപാതിത്വങ്ങളില്ലാത്ത വിലയിരുത്തലാണ് ജോനാഥന്‍ എ.സി. ബ്രൗണിന്റെ വാക്കുകളില്‍ നാം കണ്ടത്. തനിക്ക് ലഭിച്ച ഒരു വാര്‍ത്തയുടെ നിജസ്ഥിതിയറിയാന്‍ അന്വേഷണാത്മക പത്ര പ്രവര്‍ത്തകര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളെന്താണെന്ന് ഹ്യൂഗോ ഡി ബര്‍ഗ് തന്റെ അന്വേഷണാത്മക പത്രപ്രവര്‍ത്തനം സന്ദര്‍ഭവും പ്രയോഗവും(7) എന്ന ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നുണ്ട്. വാര്‍ത്ത തന്നിലെത്തിയതെങ്ങനെയെന്ന് അപഗ്രഥിക്കുക, എത്തിയതിന്റെ ഓരോപടിയിലുമുള്ള സംപ്രേഷകരെ വിലയിരുത്തുകയും അവരെല്ലാം സത്യസന്ധരാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക, വ്യത്യസ്ത സ്രോതസ്സുകളില്‍നിന്ന് ലഭിച്ച ഒരേ വാര്‍ത്തയുടെ വ്യത്യസ്തങ്ങളായ പതിപ്പുകളെ താരതമ്യം ചെയ്യുകയും ശരിയെന്താണെന്ന് അപഗ്രഥിക്കുകയും ചെയ്യുക തുടങ്ങിയവയാണ് വാര്‍ത്ത സത്യമാണോയെന്നറിയാന്‍ പത്രപ്രവര്‍ത്തകന്‍ സ്വീകരിക്കുന്ന രീതിക്രമം. നമ്മളെല്ലാം സ്വന്തം ജീവിതത്തില്‍ സ്വീകരിക്കുന്ന സരളമായ അപഗ്രഥനക്രമത്തിന്റെ അല്‍പം വിശാലവും സങ്കീര്‍ണവുമായ രൂപം മാത്രമാണിത്. ഒരു പ്രത്യേക ദിവസം കലാലയത്തില്‍ പോയിട്ടില്ലാത്ത ഒരു വിദ്യാര്‍ഥിയോട് ആ ദിവസം ഹാജറുണ്ടായിരുന്ന ഒരാള്‍ പരീക്ഷാ തീയതി മാറ്റിവെച്ചതായി പ്രൊഫസര്‍ പ്രഖ്യാപിച്ചുവെന്ന് പറഞ്ഞാല്‍ ആ ഒരാളുടെ വാക്കു മാത്രം വിശ്വസിച്ച് പരീക്ഷാ തീയതി മാറ്റിയതുമായി ബന്ധപ്പെട്ട വിവരം കണ്ണടച്ച് സ്വീകരിക്കുകയല്ല സാധാരണയായി ആരും ചെയ്യാറുള്ളത്. തനിക്ക് വിവരം തന്ന കുട്ടി സത്യസന്ധനാണോയെന്നും പ്രസ്തുത വിവരം അതേ ദിവസം ക്ലാസിലുണ്ടായിരുന്ന മറ്റു കുട്ടികള്‍ അറിഞ്ഞിട്ടുണ്ടോയെന്നും പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിലുള്ള നടപടി തീരുമാനിക്കുക. അല്‍പം സങ്കീര്‍ണവും വിശാലവുമായ രീതിയില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തകനും പിന്‍തുടരുന്നത് ഇതേ രീതി തന്നെയാണ്. പത്രപ്രവര്‍ത്തകന്‍ വര്‍ത്തമാനകാലത്തെക്കുറിച്ച് തനിക്ക് ലഭിച്ച വൃത്താന്തത്തിന്റെ സത്യത പരിശോധിക്കുവാനുപയോഗിക്കുന്നതിന് സമാനമായ രീതിശാസ്ത്രം തന്നെയാണ് ഭൂതകാലത്തെക്കുറിച്ച് ലഭ്യമായ നബിവൃത്താന്തങ്ങളുടെ സത്യത പരിശോധിക്കാന്‍ ഹദീഥ് നിദാനശാസ്ത്രജ്ഞരും ഉപയോഗിച്ചിട്ടുള്ളത്. ആധുനിക പാശ്ചാത്യപത്രപ്രവര്‍ത്തകര്‍ വര്‍ത്തമാനകാല കാര്യത്തെക്കുറിച്ച വിവരണങ്ങളുടെ സത്യത പരിശോധിക്കുവാനുപയോഗിക്കുന്നതിന് സമാനമായ മാനദണ്ഡങ്ങളുപയോഗിച്ച് ഭൂതകാല വൃത്താന്തങ്ങളുടെ സത്യത പരിശോധിക്കപ്പെടുമ്പോള്‍ ഒന്നാമത്തേത് ശാസ്ത്രീയവും രണ്ടാമത്തേത് അശാസ്ത്രീയവുമായിത്തീരുന്നതെങ്ങനെയാണ്? മറ്റേതൊരു മാനവിക ശാസ്ത്രശാഖകളുടേതുമെന്നതുപോലെ(humanities) ഹദീഥ് നിദാനശാത്രവും വളര്‍ന്നു വന്നത് വര്‍ഷങ്ങളെടുത്താണ്. മുഹമ്മദ് നബിﷺയില്‍ നിന്ന് ആ ജീവിതത്തെക്കുറിച്ച് നേരില്‍ മനസ്സിലാക്കിയ സ്വഹാബിമാരുടെ കാലത്ത് ഇത്തരമൊരു അപഗ്രഥന സമ്പ്രദായം ആവശ്യമായിരുന്നില്ല. തങ്ങള്‍ പ്രവാചകനില്‍ നിന്ന് നേര്‍ക്കുനേരെ മനസ്സിലാക്കിയിട്ടില്ലാത്ത വല്ലതും ആരെങ്കിലും പറയുകയാണെങ്കില്‍ അത് സത്യസന്ധമാണോയെന്ന് അന്വേഷിച്ച് ഉറപ്പു വരുത്തുക അവരുടെ പതിവായിരുന്നു. അമ്മൂമ്മക്ക് പൗത്രസ്വത്തിലുള്ള അവകാശത്തെക്കുറിച്ച് പ്രവാചകനില്‍ നിന്ന് ഒന്നും കേട്ടിട്ടില്ലായിരുന്ന അബൂബക്ക◌ؓനാട് മുഗീറത്തുബ്‌നു ശുഅ്ബ അതേക്കുറിച്ച പ്രവാചകനിര്‍ദേശത്തെപ്പറ്റി അറിവു നല്‍കിയപ്പോള്‍ മറ്റാരെങ്കിലും അത് കേട്ടിട്ടുണ്ടോയെന്ന് അദ്ദേഹം ആരായുകയും മുഹമ്മദ്ബ്‌നു മസ്‌ലമ കൂടി അക്കാര്യത്തിന് സാക്ഷിയായി സംസാരിച്ചതോടെ അബൂബക്കര്‍(റ)പ്രസ്തുത നിയമം സ്വീകരിക്കുകയും ചെയ്തതായുള്ള നിവേദനത്തില്‍(8) നിന്ന് ഒന്നാം ഖലീഫ അബൂബക്കറിെേന്റ കാലം മുതല്‍ തന്നെ ഹദീഥ് സ്വീകരണത്തിന്റെ കാര്യത്തില്‍ അപഗ്രഥിച്ച് ഉറപ്പുവരുത്തുന്ന സമ്പ്രദായം നിലനിന്നിരുന്നുവെന്ന് മനസ്സിലാവുന്നുണ്ട്. ''നിങ്ങളിലൊരാള്‍ മൂന്നു തവണ സലാം ചൊല്ലിയിട്ടും അവന് മറുപടി ലഭിച്ചില്ലെങ്കില്‍ അവന്‍ മടങ്ങിക്കൊള്ളട്ടെ''യെന്ന പ്രവാചക വചനത്തെക്കുറിച്ച് അബൂമൂസല്‍ അശ്അരി േഉമറിേനോട് പറഞ്ഞപ്പോള്‍ ഇക്കാര്യത്തില്‍ മറ്റു സാക്ഷികളെ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും അങ്ങനെ ഹാജറാക്കിയപ്പോള്‍ അത് ഉമര്‍ േസ്വീകരിക്കുകയും ചെയ്തതായുമുള്ള സ്വഹീഹ് മുസ്‌ലിമിന്റെ(9) നിവേദനത്തില്‍നിന്ന് ഇക്കാര്യത്തില്‍ സ്വഹാബിമാര്‍ക്കുണ്ടായിരുന്ന കാര്‍ക്കശ്യത്തെക്കുറിച്ച് മനസ്സിലാവുന്നുണ്ട്. സാക്ഷികളുണ്ടെങ്കില്‍ മാത്രമെ സ്വഹാബിമാര്‍ പരസ്പരം ഹദീഥുകള്‍ സ്വീകരിച്ചിരുന്നുള്ളൂവെന്ന് അവയില്‍ നിന്ന് മനസ്സിലാക്കിക്കൂടാത്തതാണ്. പൊതുവില്‍ നബിൃയുടെതായി ഉദ്ധരിക്കുന്ന ഹദീഥുകള്‍ പരസ്പരം സ്വീകരിക്കുന്ന രീതിയാണ് സ്വഹാബികള്‍ക്കിടയിലുണ്ടായിരുന്നത്. എന്നാല്‍ പ്രവാചകവചനങ്ങളുടെ കാര്യത്തിലുള്ള ഗൗരവവും കണിശതയും ഉണര്‍ത്താന്‍ വേണ്ടിമാത്രമാണ് ഇത്തരം ചില രീതികള്‍ കൈകൊണ്ടത്. ഇബ്‌നുഹജറുല്‍ അസ്ഖലാനി ഫത്ഹുല്‍ബാരിയില്‍ ഇക്കാര്യം വ്യക്തമാക്കുന്ന ഉമറി(റ)ന്റ തന്നെ വാക്കുകള്‍ ഉദ്ധരിക്കുന്നുണ്ട്. പച്ചകുത്തലുമായി ബന്ധപ്പെട്ട് നബിﷺയുടെ വല്ല നിര്‍ദേശവുമുണ്ടോയെന്ന ഉമറിന്റെ(റ)ചോദ്യത്തിന് അബുഹുറയ്‌റ(റ)നല്‍കിയ മറുപടി മറ്റൊരാളുടെ സാക്ഷ്യത്തിന്റെ അകമ്പടിയില്ലാതെ ഉമര്‍(റ)സ്വീകരിച്ചതും(10) ഹസ്സാനുബ്‌നു ഥാബിത്തിന്റെ(റ) കവിതകളെ നബിﷺ പുകഴ്ത്തിയതായുള്ള അബൂഹുറയ്‌റയേുടെ സാക്ഷ്യത്തിന് മറ്റു പിന്‍ബലങ്ങളൊന്നുമില്ലാതെ ഉമര്‍(റ)അംഗീകാരം നല്‍കിയതും  പ്‌ളേഗ് ബാധിച്ച സ്ഥലത്തേക്ക് യാത്ര പോകരുതെന്ന ഹദീഥ് ഒരാള്‍ മാത്രമറിയിച്ചിട്ടും അതനുസരിച്ച് യാത്രയവസാനിപ്പിച്ചതുമായുള്ളതായ(11) സംഭവങ്ങള്‍ സാക്ഷികളൊന്നുമില്ലെങ്കിലും സ്വഹാബിമാര്‍ ഹദീഥുകള്‍ പരസ്പരം സ്വീകരിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. നബിൃയില്‍ നിന്നുള്ളതെന്ന പേരില്‍ ഉദ്ധരിക്കപ്പെടുന്ന കാര്യങ്ങള്‍ സത്യസന്ധമാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്താന്‍ സ്വഹാബിമാര്‍ ശ്രദ്ധിച്ചിരുന്നുവെന്ന് മാത്രമെ നടേ പറഞ്ഞ സംഭവങ്ങള്‍ വ്യക്തമാക്കുന്നുള്ളൂ. സ്വഹാബിമാരുടെ കാലത്ത്തന്നെ പ്രവാചകന്റെﷺ പേരിലുള്ള കള്ളവര്‍ത്തമാനങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നുവെങ്കിലും അവയ്‌ക്കെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കുവാനും അവയുടെ തിന്‍മയില്‍നിന്ന് പില്‍ക്കാലക്കാരെ സംരക്ഷിച്ചു നിര്‍ത്തുവാനും സ്വഹാബിമാര്‍ക്ക് സാധിച്ചിരുന്നു. സ്വഹാബിമാരുടെ കാലം കഴിഞ്ഞപ്പോഴേക്ക് കള്ള ഹദീഥ് നിര്‍മാണം വ്യാപകമായിത്തീര്‍ന്നു. വ്യത്യസ്തമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി നബിﷺയുടെ പേരില്‍ കെട്ടിയുണ്ടാക്കപ്പെട്ട ഹദീഥുകള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചപ്പോഴാണ് ഇസ്‌നാദുകള്‍ പരിശോധിച്ചുകൊണ്ട് ഹദീഥുകള്‍ സ്വീകരിക്കുന്ന സമ്പ്രദായമുണ്ടായത്. നബിﷺയില്‍നിന്ന് ഹദീഥ് ഉദ്ധരിക്കുന്ന വ്യക്തിവരെയെത്തുന്ന നിവേദകരുടെ ശൃംഖല കുറ്റമറ്റതാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രം ഹദീഥുകള്‍ സ്വീകരിക്കുന്ന രീതിയാണിത്. സ്വഹാബിമാരില്‍നിന്ന് മതം മനസ്സിലാക്കിയ താബിഉകളുടെ കാലത്ത് നിവേദനം ചെയ്യപ്പെടുന്ന ഇസ്‌നാദിന് വലിപ്പം താരതമ്യേന കുറവായിരിക്കുമല്ലോ. 'നബി സ്വഹാബി താബിഅ്' ആയിരിക്കും അന്ന് നിവേദനം ചെയ്യപ്പെട്ട ഹദീഥുകള്‍ മിക്കതിന്റെയും ഇസ്‌നാദ്. അതല്ലെങ്കില്‍ 'നബി സ്വഹാബി സ്വഹാബി താബിഅ്' അതുമല്ലെങ്കില്‍ 'നബി സ്വഹാബി താബിഅ് താബിഅ്' ആയിരിക്കും അന്നത്തെ ഹദീഥുകളുടെ ഇസ്‌നാദ്. അതുകൊണ്ടുതന്നെ ഇസ്‌നാദ് പരിശോധന താരതമ്യേന എളുപ്പമായിരുന്നു. ഇസ്‌നാദിലുള്‍പ്പെട്ടവരെക്കുറിച്ച് കേവലമായ അറിവിന്റെ മാത്രം അടിസ്ഥാനത്തില്‍തന്നെ ഹദീഥുകള്‍ തള്ളുകയോ കൊള്ളുകയോ ചെയ്യാന്‍ ആദ്യകാല താബിഉകള്‍ക്ക് ഏറെ അധ്വാനിക്കേണ്ടി വന്നിരുന്നില്ലെന്ന് സാരം. ഇസ്‌നാദുള്ള ഹദീഥുകള്‍ മാത്രമെ സ്വീകരിക്കപ്പെടൂ എന്ന അവസ്ഥ സംജാതമായപ്പോള്‍ വ്യാജ ഹദീഥുകള്‍ നിര്‍മിച്ചുകൊണ്ട് തങ്ങളുടെ ആശയങ്ങള്‍ക്ക് മുസ്‌ലിം സമൂഹത്തില്‍ വിലാസമുണ്ടാക്കുന്നതിനായി ശ്രമിച്ചവരുടെ ശ്രദ്ധ വ്യാജ ഇസ്‌നാദുകളുടെ നിര്‍മാണത്തിലായി. ദുര്‍ബലമായ സനദോടുകൂടി ഉദ്ധരിക്കപ്പെടുന്ന ഹദീഥുകളുടെ വക്താക്കള്‍ പ്രബലമെന്ന് സ്ഥിരീകരിക്കപ്പെട്ട ഹദീഥുകളുടെ സനദിനെ ദുര്‍ബലമായ ഹദീഥിനോടൊപ്പം കൂട്ടിക്കെട്ടി അവതരിപ്പിക്കുവാന്‍ തുടങ്ങി. 'ഹദീഥ് കവര്‍ച്ച' (സരിക്വത്തുല്‍ ഹദീഥ്), 'ഇസ്‌നാദുകളുടെ ഉടുപ്പണിയിക്കല്‍' (തര്‍ഖീബുല്‍ അസാനീദ്) എന്നിങ്ങനെ വിളിക്കപ്പെട്ട ഇസ്‌നാദുകളുടെ വ്യാജനിര്‍മാണം വ്യാപകമാക്കിയത് മുഅ്തസിലികളായിരുന്നുവെന്ന് ഇമാം മുസ്‌ലിമുബ്‌നുല്‍ ഹജ്ജാജ് തന്റെ സ്വഹീഹു മുസ്‌ലിമിന്റെ മുഖവുരയില്‍(12) വ്യക്തമാക്കുന്നുണ്ട്. വന്‍പാപങ്ങള്‍ ചെയ്തവരെല്ലാം നരകത്തില്‍ ശാശ്വതരായിരിക്കുമെന്ന തങ്ങളുടെ വാദം സ്ഥാപിക്കുന്നതിനായി മുഅ്തസലീ നേതാവായ അംറുബ്‌നുല്‍ ഉബൈദ് തന്റെ ഗുരുനാഥനായിരുന്ന ഹസനുല്‍ ബസ്വ്‌രിയില്‍നിന്ന് കേള്‍ക്കാത്ത ഹദീഥുകള്‍ അദ്ദേഹത്തിലൂടെ മനസ്സിലാക്കിയെന്ന രൂപത്തില്‍ പ്രചരിപ്പിച്ചതിനുള്ള ഉദാഹരണങ്ങള്‍ നിരത്തിക്കൊണ്ടാണ് ഇമാം മുസ്‌ലിം ഇക്കാര്യം സ്ഥാപിക്കുന്നത്. മത്‌നും സനദും വ്യാജമായി നിര്‍മിക്കപ്പെടുന്ന അവസ്ഥയുണ്ടായതോടെ ഹദീഥുകളിലെ നെല്ലും പതിരും വേര്‍തിരിക്കുക ശ്രമകരമായ ജോലിയായിത്തീര്‍ന്നു. എങ്കിലും ഇക്കാര്യത്തിനു വേണ്ടി കുറ്റമറ്റ ഒരു സമ്പ്രദായം തന്നെ രൂപീകരിച്ചെടുക്കുവാന്‍ അക്കാലത്തെ പണ്ഡിതന്‍മാര്‍ക്ക് സാധിച്ചു. പ്രസ്തുത സമ്പ്രദായമാണ് ഉസ്വൂലുല്‍ ഹദീഥ് എന്ന പേരില്‍ പില്‍ക്കാലത്ത് പ്രസിദ്ധമായത്. നബിൃയുടെ പേരിലുള്ള കള്ള വര്‍ത്തമാനങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ ഒരു വശത്തും മനുഷ്യബുദ്ധിക്ക് അമിത പ്രാധാന്യം നല്‍കിക്കൊണ്ട് ഹദീഥ്‌നിഷേധത്തിന്റെ ആദ്യകാല വക്താക്കളായിത്തീര്‍ന്ന മുഅ്തസിലികള്‍ മറുഭാഗത്തുമായി പ്രവാചകചര്യയെ അനുധാവനം ചെയ്യുക പ്രയാസകരമാണെന്ന് വരുത്തിത്തീര്‍ത്തുകൊണ്ടിരുന്ന അന്തരീക്ഷത്തിലാണ് അവര്‍ ഹദീഥ് നിദാനശാസ്ത്രത്തെ കുറ്റമറ്റ അപഗ്രഥനരീതിയായി വളര്‍ത്തിക്കൊണ്ടുവന്നത്. ഹദീഥ്‌നിഷേധത്തിന് കാരണങ്ങള്‍ കണ്ടെത്തുന്നതിന്നായി ഗവേഷണം ചെയ്തുകൊണ്ടിരുന്ന മുഅ്തസിലികളുടെ വിമര്‍ശനങ്ങളെക്കൂടി അതിജീവിക്കേണ്ടതുള്ളതിനാല്‍ സൂക്ഷ്മവും അന്യൂനവുമായ അപഗ്രഥന രീതിയിലെത്താന്‍ അവര്‍ പരമാവധി പരിശ്രമിച്ചു. തങ്ങള്‍ വളര്‍ത്തിയെടുക്കുന്ന രീതിശാസ്ത്രത്തിന് വല്ല പോരായ്മകളുമുണ്ടെങ്കില്‍ അതിന്റെ ദ്വാരത്തിലൂടെ മുഅ്തസിലികളുടെ ഹദീഥ്‌നിഷേധം സമൂഹത്തിലേക്ക് കടക്കുകയും വ്യാപിക്കുകയും ചെയ്യുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. ഹദീഥ്‌നിഷേധത്തിന്റെ വക്താക്കള്‍ക്ക് ഒരിക്കലും നിധേഷിക്കാനാകാത്ത വിധം ശാസ്ത്രീയമായ ഭൂതകാലാപഗ്രഥന രീതിയായി ഉസ്വൂലുല്‍ ഹദീഥ് വളര്‍ന്നുവന്നത് അങ്ങനെയാണ്. മുഹമ്മദ് നബിﷺയില്‍ നിന്നുള്ളതാണെന്ന രൂപത്തില്‍ ഉദ്ധരിക്കപ്പെടുന്ന വര്‍ത്തമാനങ്ങള്‍ അപഗ്രഥിച്ച് അതിലെ നേരും നുണയും ചികയുന്നതിന് മൂന്ന് ഘട്ടങ്ങളായുള്ള ഒരു അരിപ്പ സമ്പ്രദായമാണ് ഉസ്വൂലുല്‍ ഹദീഥിന്റെ പണ്ഡിതന്‍മാര്‍ വികസിപ്പിച്ചെടുത്തത്. 1) നബിവൃത്താന്തങ്ങളുടെ സ്രോതസ്സ് ആവശ്യപ്പെടുക. 2) സ്രോതസ്സിനെ അപഗ്രഥിച്ച് അത് എത്രത്തോളം വിശ്വാസ്യയോഗ്യമാണെന്ന് കണ്ടെത്തുകയും അതിന്റെ നൈരന്തര്യം ഉറപ്പുവരുത്തുകയും ചെയ്യുക. 3) സ്രോതസ്സിനെ ബലപ്പെടുത്തുന്നതിന് ഉപോല്‍ബലകമായ മറ്റു തെളിവുകള്‍ കണ്ടെത്തുകയും അതിനെ ദൃഢീകരിക്കുകയും ചെയ്യുക. ഘട്ടം ഒന്ന്): നബിവൃത്താന്തങ്ങളുടെ സ്രോതസ്സ് ആവശ്യപ്പെടുക: ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാം. ആ പറയലിന് ആധികാരികതയുണ്ടാവണമെങ്കില്‍ അതിന്റെ വിശ്വാസ്യത പരിശോധിക്കുകയും ബോധ്യപ്പെടുകയും വേണം. ഒരാള്‍ പറഞ്ഞുവെന്നോ ചെയ്തുവെന്നോ മറ്റൊരാള്‍ പറയുമ്പോള്‍ അതിന്റെ വിശ്വാസ്യത ഉറപ്പിക്കുന്നതിന്റെ ഒന്നാമത്തെ പടി അതിന്റെ സ്രോതസ്സ് ആവശ്യപ്പെടുകയാണ്. ആരെക്കുറിച്ചാണോ പറഞ്ഞത് അയാളോടുതന്നെ ചോദിച്ചു മനസ്സിലാക്കുകയോ അല്ലെങ്കില്‍ അയാളുമായി അടുത്ത ബന്ധമുള്ളവരില്‍നിന്ന് കാര്യത്തിന്റെ യാഥാര്‍ഥ്യമറിയുകയോ ചെയ്യാവുന്നതാണ്. അയാള്‍ ജീവിച്ചിരിക്കുന്നില്ലെങ്കില്‍ രണ്ടാമത്തെ മാര്‍ഗം മാത്രമെ അന്വേഷകന്റെ മുന്നില്‍ അവശേഷിക്കുന്നുള്ളൂ. അയാളുമായി ബന്ധപ്പെട്ട ആളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ പ്രസ്തുത വിവരങ്ങള്‍ സത്യസന്ധമാണോയെന്ന് പരിശോധിക്കേണ്ട ബാധ്യത അന്വേഷകനുണ്ട്. തനിക്ക് വിവരം നല്‍കുന്നയാള്‍ക്ക് നടേ പറഞ്ഞ വ്യക്തിയുമായുള്ള ബന്ധം അന്വേഷിക്കുകയും അയാള്‍ ചെയ്തതോ പറഞ്ഞതോ ആയി നിവേദനം ചെയ്യപ്പെടുന്ന കാര്യം അയാള്‍ അറിഞ്ഞതെങ്ങനെയെന്ന് പരിശോധിക്കുകയും ചെയ്യുകയാണ് വാര്‍ത്തയുടെ സത്യതയെ അറിയാന്‍ ശ്രമിക്കുന്നവര്‍ ഒന്നാമതായി ചെയ്യേണ്ടത്. നബിﷺയെക്കുറിച്ച് പറയപ്പെടുന്ന വിവരം അത് പറയുന്ന വ്യക്തിയില്‍ എത്തിച്ചേര്‍ന്നതെങ്ങനെയെന്നാണ് ഇസ്‌നാദുകളെക്കുറിച്ച പഠനം പരിശോധിക്കുന്നത്. ''പ്രവര്‍ത്തനങ്ങള്‍ക്ക് അവയുടെ ഉദ്ദേശമനുസരിച്ചാണ് പ്രതിഫലം ലഭിക്കുക''യെന്ന സ്വഹീഹുല്‍ ബുഖാരിയിലെ ഒന്നാമത്തെ ഹദീഥ് ഉദാഹരണമായെടുക്കുക. 'ദൈവദൂതന്‍ ഇങ്ങനെ പറഞ്ഞതായി ഞാന്‍ കേട്ടു' (സമിഅ്ത്തു റസൂലല്ലാഹിﷺയക്വൂലു)വെന്ന് പറഞ്ഞുകൊണ്ടാണ് ഉമർ (റ) പ്രസ്തുത ഹദീഥ് ഉദ്ധരിച്ചിരിക്കുന്നത്. പ്രവാചകന്‍ﷺ ഇതു പറയുന്നത് ഉമർ (റ) നേരിട്ടു കേട്ടതാണെന്നര്‍ഥം. പ്രമുഖ സ്വഹാബിയായിരുന്ന ഉമറുബ്‌നുല്‍ ഖത്ത്വാബില്‍നിന്ന് അല്‍ക്വമതുബ്‌നുവക്വാസും അദ്ദേഹത്തില്‍ നിന്ന് മുഹമ്മദ്ബ്‌നു ഇബ്‌റാഹീമത്തമീമിയും അദ്ദേഹത്തില്‍നിന്ന് യഹ്‌യബ്‌നു സഈദില്‍ അന്‍സ്വാരിയും അദ്ദേഹത്തില്‍ നിന്ന് സുഫ്‌യാനുബ്‌നു ഉയയ്‌നയും അദ്ദേഹത്തില്‍നിന്ന് അബ്ദുല്ലാഹിബ്‌നു സുബൈര്‍ അല്‍ഹുമൈദിയും അദ്ദേഹത്തില്‍നിന്ന് ഞാനും കേട്ടുവെന്ന് പറഞ്ഞുകൊണ്ടാണ് ഇമാം മുഹമ്മദ്ബ്‌നു ഇസ്മായില്‍ അല്‍ ബുഖാരി ഈ ഹദീഥ് ഉദ്ധരിക്കുന്നത്. മുഹമ്മദ് നബി ഉമറുബ്‌നുല്‍ ഖത്ത്വാബ് അല്‍ക്വമത്തുബ്‌നു വക്വാസ് മുഹമ്മദ്ബ്‌നു ഇബ്‌റാഹീമത്തമീമി യഹ്‌യബ്‌നുസഈദ് അല്‍ അന്‍സ്വാരി മസുഫ്‌യാനുബ്‌നു ഉയയ്‌ന അബ്ദുല്ലാഹിബ്‌നു സുബൈര്‍ അല്‍ഹൂമൈദി എന്നതാണ് ഈ ഹദീഥിന്റെ ഇസ്‌നാദ്. ഈ ശൃംഖല കൃത്യമായുണ്ടോയെന്ന് പരിശോധിക്കുകയാണ് ഒരു ഹദീഥ് സ്വീകാര്യമാണോയെന്ന പരിശോധനയുടെ പ്രാഥമിക നടപടി. എത്രനല്ല ആശയമാണെങ്കിലും അത് നബിﷺയോട് ചേര്‍ത്ത് വ്യവഹരിക്കണമെങ്കില്‍ ഇസ്‌നാദോടു കൂടിത്തന്നെ അത് നിവേദനം ചെയ്യപ്പെട്ടതാകണമെന്ന് പണ്ഡിതന്‍മാര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇമാം ശാഫിഈയുടെ ഗുരുവര്യന്‍മാരിലൊരാളായ അബ്ദുല്ലാഹിബ്‌നുല്‍ മുബാറക്‌(റ)പറയുന്നതായി ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നു: ''മതത്തില്‍പെട്ടതാണ് ഇസ്‌നാദ്. അത് ഇല്ലായിരുന്നുവെങ്കില്‍ ഹദീഥില്‍ വേണ്ടവര്‍ക്ക് വേണ്ടതെന്തും പറയാന്‍ പറ്റുന്ന അവസ്ഥയുണ്ടാകുമായിരുന്നു.''(13) പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതനായിരുന്ന ഇമാം ശാഫി പറഞ്ഞതിങ്ങനെയാണ്: ''ഇത് എവിടെനിന്നു ലഭിച്ചുവെന്ന് ചോദിച്ച് ഇസ്‌നാദ് മനസ്സിലാക്കാതെ വിജ്ഞാനം സമ്പാദിക്കുന്നവന്‍ രാത്രിയില്‍ വിറകുമരത്തടികള്‍ ശേഖരിക്കുന്നവനെപ്പോലെയാണ്. തന്റെ ചുമലില്‍ ശേഖരിച്ചുവെച്ച് താങ്ങി നടക്കുന്ന മരത്തടിക്കെട്ടിനകത്ത് അണലി ഒളിഞ്ഞു കിടക്കുന്നുണ്ടാവാം. അത് അവനെത്തന്നെ കടിക്കുകയും ചെയ്യാം.''(14) പ്രമുഖ ഹദീഥ് നിവേദന ശാസ്ത്രജ്ഞനായ ശുഅ്ബത്തുബ്‌നുല്‍ഹജ്ജാജ് പറഞ്ഞതിങ്ങനെയാണ്: 'അദ്ദേഹം എന്നോട് പറഞ്ഞുവെന്നോ അദ്ദേഹം എന്നോട് നിവേദനം ചെയ്തുവെന്നോ ഉള്ള (ഇസ്‌നാദിന്റെ മൂലകങ്ങളായ) പരാമര്‍ശങ്ങളുള്‍ക്കൊള്ളാത്ത എല്ലാ മതവിജ്ഞാനങ്ങളും വാലറ്റവയാണ്'(15) ഹദീഥ് പരിശോധനയ്ക്ക് വേണ്ടി രൂപപ്പെട്ട ഇസ്‌നാദ് പരിശോധനാരീതി അറബി സാഹിത്യത്തെയും ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയുമെല്ലാം കുറിച്ച പഠനങ്ങള്‍ക്ക് പില്‍ക്കാലത്ത് പ്രയോജനീഭവിച്ചതായി വ്യക്തമാക്കുന്ന രേഖകളുണ്ട്.(16) പ്രവാചക ശിഷ്യന്‍മാരുടെ കാലം മുതലുള്ള മുറിയാത്ത ശൃംഖലയോടുകൂടി നിവേദനം ചെയ്യപ്പെട്ട ഹദീഥുകളിലൂടെ സ്ഥിരീകരിക്കപ്പെട്ടതാണ് മുഹമ്മദ് നബിﷺയുടെ ജീവിതവൃത്താന്തങ്ങളെന്ന വസ്തുത അംഗീകരിക്കാതിരിക്കുവാന്‍ ഇസ്‌നാദുകളെപ്പറ്റി അല്‍പമെങ്കിലും പഠിച്ചവര്‍ക്കൊന്നും സാധ്യമല്ല. നബിﷺയുടെ ചരിത്രപരതയ്ക്ക് തെളിവുകള്‍ അന്വേഷിക്കുന്നവര്‍ക്ക്, അവരുപയോഗിക്കുന്ന മാനദണ്ഡങ്ങളെ തൃപ്തമാക്കുവാന്‍ മുറിയാത്ത ശൃംഖലയുള്ള ഹദീഥുകളുടെ ഇസ്‌നാദുകള്‍ മാത്രം മതി. നബിﷺ ജീവിച്ചത് കണ്ടവരുടെയും അടുത്തതും അതിനടുത്തതുമായ തലമുറകളിലെ നൂറുകണക്കിന് സത്യസന്ധരായ വ്യക്തികളുടെയും സാക്ഷ്യം പോരേ, അദ്ദേഹത്തിന്റെ ചരിത്രപരതക്കുള്ള തെളിവായി? എന്നാല്‍ ഹദീഥ് നിദാന ശാസ്ത്രം ഇവിടെ നിര്‍ത്തുന്നില്ല. മുഹമ്മദ് നബിﷺ യെന്ന ഒരാള്‍ ജീവിച്ചിരുന്നുവെന്ന് തെളിയിക്കുകയല്ല ഹദീഥുകളുടെ ദൗത്യമെന്നതിനാല്‍ ഇസ്‌നാദ് സമര്‍പ്പിച്ചുകൊണ്ട് നിര്‍ത്തുന്നതിന് പകരം ആ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചിട്ടുണ്ടെന്ന സൂക്ഷ്മവും കൃത്യവും സത്യസന്ധവുമായ അപഗ്രഥനം കൂടി ഹദീഥ് നിവേദന ശാസ്ത്രജ്ഞന്‍മാര്‍ നടത്തുന്നുണ്ട്. ഘട്ടം രണ്ട്: നബിവൃത്താന്തങ്ങളെപ്പറ്റി അറിവ് നല്‍കുന്ന സ്രോതസ്സിനെ അപഗ്രഥിച്ച് അത് എത്രത്തോളം വിശ്വാസയോഗ്യമാണെന്ന് കണ്ടെത്തുകയും അതിന്റെ നൈരന്തര്യം ഉറപ്പുവരുത്തുകയും ചെയ്യുക: പ്രവാചകന്‍ മുതല്‍ ഹദീഥുകള്‍ ശേഖരിക്കുന്ന വ്യക്തിവരെ ആരിലൂടെയൊക്കെയാണ് ഒരു ഹദീഥ് കടന്നുവന്നിട്ടുള്ളതെന്ന് മനസ്സിലാക്കിക്കഴിഞ്ഞാല്‍ പിന്നെ ആ കടന്നുവന്ന വ്യക്തികളുടെ വിശ്വാസ്യതയെക്കുറിച്ച് പഠിക്കുകയും അവരിലോരോരുത്തര്‍ക്കും അതിനു നേരെ മുമ്പുള്ള വ്യക്തിയില്‍ നിന്നു തന്നെയാണോ പ്രസ്തുത ഹദീഥ് കിട്ടിയതെന്ന് പരിശോധിക്കുകയും ചെയ്യുകയാണ് ഉസ്വൂലുല്‍ ഹദീഥിന്റെ രണ്ടാമത്തെ അപഗ്രഥനഘട്ടം. ഇസ്‌നാദിലുള്ള ഓരോരുത്തരെയും കൃത്യമായി അപഗ്രഥിക്കുകയും അവര്‍ വിശ്വസ്തരാണോയെന്ന് പരിശോധിക്കുകയും ചെയ്യുക മാത്രമല്ല, നിവേദനത്തില്‍ എവിടെയെങ്കിലും വിശ്വസ്തരല്ലാത്ത ആരുടെയെങ്കിലും പങ്കാളിത്തമുണ്ടോ എന്നുകൂടി ഈ ഘട്ടത്തില്‍ വിലയിരുത്തപ്പെടുന്നു. നിവേദകനെക്കുറിച്ച അപഗ്രഥനവും നിവേദനത്തിന്റെ നൈരന്തര്യവും ഈ ഘട്ടത്തില്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്. പ്രസ്തുത പരിശോധനയ്ക്ക് ശേഷം മാത്രമെ ഹദീഥ് സ്വീകാര്യമാണോയെന്ന് തീരുമാനിക്കുകയുള്ളൂ. ഇസ്‌നാദുകളുടെ പരിശോധനവഴി ഹദീഥ് പണ്ഡിതന്‍മാര്‍ നിര്‍വഹിച്ച ദൗത്യമിതാണ്. എ. നിവേദകനെക്കുറിച്ച അപഗ്രഥനം: ഹദീഥ് നിവേദകന്‍മാരെക്കുറിച്ച അപഗ്രഥിച്ചുള്ള പഠനം 'വിമര്‍ശനവും അംഗീകാരവും' (അല്‍ജര്‍ഹു വ ത്തഅ്ദീല്‍) എന്ന സാങ്കേതികശബ്ദം കൊണ്ടാണ് പരിചയപ്പെടുത്തപ്പെടാറുള്ളത്. നിവേദകന്റെ വ്യക്തിത്വത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച്, ഒരു കുറ്റാന്വേഷകന്റെ സൂക്ഷ്മതയോടെ ചോദ്യം ചെയ്യുകയും അംഗീകരിക്കാനാവുന്നവരെ മാത്രം സ്വീകരിക്കുകയും ചെയ്യുന്ന ഉസ്വൂലുല്‍ ഹദീഥിലെ സുപ്രധാനമായ ഒരു ഘട്ടമാണിത്. നിവേദകന്റെ വ്യക്തിത്വത്തിന്റെ പൂര്‍ണമായ അപഗ്രഥനമാണിത്; അയാള്‍ എത്രത്തോളം സ്വീകാര്യമായ വ്യക്തിത്വത്തിന്റെ ഉടമയാണ് (അദാലത്ത്) എന്നും അദ്ദേഹത്തിലൂടെയുള്ള നിവേദനങ്ങള്‍ എത്രത്തോളം കൃത്യമാണ് (ദ്വബ്ത്) എന്നുമുള്ള അന്വേഷണം. സ്വഹാബികള്‍ക്കു ശേഷമുള്ള തലമുറയായ താബിഉകളുടെ കാലത്ത് വിശദമായ രീതിയിലല്ലെങ്കിലും ഹദീഥുകളിലെ നെല്ലും പതിരും വേര്‍തിരിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടിരുന്നു. മുഹമ്മദ്ബ്‌നു മുസ്‌ലിമിബ്‌നു ശിഹാബ് അസ്‌സുഹ്‌രിയും അബൂഅംറില്‍ ഔസാഈയും സുലൈമാനുബ്‌നു മഹ്‌റാന്‍ അല്‍അഅ്മശുമായിരുന്നു അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നടന്നത്. നബിശിഷ്യന്‍മാരില്‍ നിന്ന് മതം മനസ്സിലാക്കിയ പിന്‍ഗാമികള്‍ക്ക് ശേഷമുണ്ടായ തലമുറയില്‍ -താബിഉത്താബിഉകള്‍- ഇത്തരത്തിലുള്ള അപഗ്രഥന പഠനങ്ങള്‍ കൂടുതല്‍ ശക്തമായി. ഇമാമുമാരായ മാലിക്കുബ്‌നുഅനസ്, ശുഅ്ബത്തുബ്‌നുല്‍ ഹജ്ജാജ്, സുഫ്‌യാനുഥ്ഥൗരി, അല്‍ലൈഥുബ്‌നു സഅദ്, സുഫ്‌യാനുബ്‌നു ഉയയ്‌ന തുടങ്ങിയവരാണ് ഹദീഥ് നിദാനശാസ്ത്രത്തിന് തറക്കല്ലിട്ടത്. ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചുകൊണ്ടിരുന്ന ഹദീഥുകള്‍ ശേഖരിക്കുകയും അവ കൃത്യമായി അപഗ്രഥിക്കുകയും ചെയ്ത് ഏതെല്ലാമാണ് സ്വീകാര്യമായവയെന്ന് അവര്‍ ജനങ്ങളെ ഉല്‍ബോധിപ്പിച്ചു. സ്വീകാര്യരായ നിവേദകന്‍മാരെപ്പറ്റി ആശ്രയിക്കാവുന്നവര്‍ എന്ന അര്‍ഥത്തില്‍ 'ഥിക്വത്ത്' എന്ന് ആദ്യമായി പ്രയോഗിച്ചത് ഇമാം മാലിക്കായിരുന്നു. പ്രത്യേകമായ പദങ്ങള്‍കൊണ്ട് സ്വീകരിക്കാവുന്നവരെയും അല്ലാത്തവരെയും വേര്‍തിരിച്ചിട്ടില്ലെങ്കിലും ബസ്വ്‌റയിലും കൂഫയിലും മക്കയിലും മദീനയിലുമായി ഹദീഥ് പഠനബോധന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട നടേ പറഞ്ഞ പണ്ഡിതന്‍മാരും സമാനമായ രീതിയില്‍ തന്നെയാണ് ഹദീഥ്‌നിവേദകന്‍മാരെ വേര്‍തിരിച്ചത്.(17) ഹദീഥ് വിജ്ഞാനീയം പുതിയ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന മുറയില്‍ തന്നെ അല്‍ജര്‍ഹു വ ത്തഅ്ദീലിനും മൂര്‍ച്ച കൂടിക്കൊണ്ടിരുന്നു. ഹിജ്‌റ 198ല്‍ അന്തരിച്ചവരായ അബ്ദുറഹ്മാനു ബിന്‍മഹ്ദി, യഹ്‌യബ്ന്‍ സഈദ് അല്‍ഖത്താന്‍, ഹിജ്‌റ 181ല്‍ അന്തരിച്ച അബ്ദുല്ലാഹിബ്‌നുല്‍ മുബാറക് തുടങ്ങിയവരായിരുന്നു അടുത്ത തലമുറയിലെ ഹദീഥ്  നിദാനശാസ്ത്ര പണ്ഡിതരില്‍ പ്രമുഖര്‍. അതിനടുത്ത തലമുറയില്‍ ഈ ദൗത്യമേറ്റെടുത്തവരില്‍ പ്രധാനികള്‍ ഹിജ്‌റ 241ല്‍ അന്തരിച്ച അഹ്മദ് ബിന്‍ ഹന്‍ബലും 233ല്‍ അന്തരിച്ച യഹ്‌യബ്‌നു മഈനും 234ല്‍ അന്തരിച്ച അലിയ്യിബിന്‍ അല്‍മദീനിയുമായിരുന്നു. അടുത്ത തലമുറയിലാണ് ഹദീഥ് വിജ്ഞാനീയ രംഗത്തെ സ്വര്‍ണഗോപുരങ്ങളായ ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ജീവിച്ചത്. അവരുടെ തലമുറയില്‍തന്നെ ജീവിച്ച ഹിജ്‌റ 264ല്‍ മരണപ്പെട്ട അബൂസുര്‍അ അര്‍റാസിയും 277ല്‍ മരണപ്പെട്ട അബൂഹാതിം അര്‍റാസിയും 303ല്‍ മരണപ്പെട്ട അഹ്മദ്ബ്ന്‍ ശുഐബ് അന്നസാഈയും അബൂദാവൂദും ഹദീഥ് നിദാനശാസ്ത്ര രംഗത്തെ അതികായന്‍മാരായിരുന്നു. ഹിജ്‌റ 327ല്‍ അന്തരിച്ച ഇബ്‌നു അബീഹാതിം അര്‍റാസി, 365ല്‍ അന്തരിച്ച ഇബ്‌നുഅദിയ്യ്, 354ല്‍ അന്തരിച്ച ഇബ്‌നു ഹിബ്ബാനുല്‍ ബുസ്തി, 385ല്‍ അന്തരിച്ച അബുല്‍ഹസന്‍ അദ്ദാറക്വുത്വ്‌നി, 405ല്‍ അന്തരിച്ച അല്‍ ഹാകിം അന്നൈസാപൂരി എന്നിവരായിരുന്നു അടുത്ത തലമുറയിലെ ഹദീഥ് നിദാന ശാസ്ത്രജ്ഞന്‍മാര്‍. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനുമിടയിലുള്ള കാലമാണ് ഹദീഥ് പഠന-ഗവേഷണ രംഗത്തെ സുവര്‍ണകാലമായി അറിയപ്പെടുന്നതെങ്കിലും അതിനുശേഷവും ഈ രംഗത്ത് ഗവേഷണങ്ങളുണ്ടായിട്ടുണ്ട്. അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ച അല്‍ഖത്തീബുല്‍ ബഗ്ദാദിയും (മരണം ഹിജ്‌റ 463) ആറാം നൂറ്റാണ്ടില്‍ ജീവിച്ച ഇബ്‌നു അസാക്കിറും (മരണം 571) എട്ടാം നൂറ്റാണ്ടില്‍ ജീവിച്ച ദഹബിയും (മരണം ഹിജ്‌റ 748) ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ച ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുമെല്ലാം (മരണം ഹിജ്‌റ 852) പില്‍ക്കാലത്ത് ഹദീഥ് നിദാനശാസ്ത്രത്തിന് സംഭാവനകളര്‍പ്പിച്ച മഹാപ്രതിഭകളാണ്. എങ്ങനെയാണ് ഈ മഹാപ്രതിഭകള്‍ ഹദീഥ് നിവേദകന്‍മാരുടെ സ്വീകാര്യത പരിശോധിച്ചതെന്ന് മനസ്സിലാക്കുമ്പോള്‍ ആധുനിക കുറ്റാന്വേഷകരുടേതിനെക്കാള്‍ കുറ്റമറ്റ രീതിയിലായിരുന്നു അവരുടേത് എന്ന വസ്തുത ആര്‍ക്കും അംഗീകരിക്കേണ്ടിവരും. ഒരു ഹദീഥിന്റെ നിവേദകന്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കുകയും അവരെക്കുറിച്ച് ലഭ്യമായ അറിവുകളെല്ലാം ശേഖരിക്കുകയുമാണ് ഒന്നാമതായി ചെയ്യുന്നത്. നിവേദകന്‍മാരായി അറിയപ്പെടുന്നവരില്‍ എല്ലാവരും ജീവിച്ചിരുന്നുവെന്നും അവര്‍ ഹദീഥുകള്‍ നിവേദനം ചെയ്തിട്ടുണ്ടെന്നും ഉറപ്പുവരുത്തുകയാണ് അടുത്തപടി. അവരില്‍ ഓരോരുത്തരെയും പ്രസിദ്ധരായ ഹദീഥ് നിവേദകര്‍ക്ക് പരിചയമുണ്ടെങ്കില്‍ മാത്രമെ അവരിലൂടെയുള്ള ഹദീഥുകള്‍ പരിശോധനക്കായി പരിഗണിക്കുകയുള്ളൂ. അങ്ങനെയല്ലെങ്കില്‍ നിവേദകന്‍ അജ്ഞാതനാണെന്ന് (മജ്ഹൂല്‍) പറഞ്ഞ് പ്രസ്തുത ഹദീഥ് മാറ്റിവെക്കുകയാണ് ചെയ്യുക. ഓരോ നിവേദകനെയും ഈ തലത്തില്‍ പരിശോധിച്ച ശേഷമാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുക. ഓരോ നിവേദകനും വ്യത്യസ്ത ഗുരുക്കന്‍മാരില്‍നിന്ന് നിവേദനം ചെയ്ത ഹദീഥുകളെ താരതമ്യത്തിന് വിധേയമാക്കുകയാണ് അടുത്ത ഘട്ടം. തന്റെ ഗുരുവില്‍നിന്ന് ഹദീഥ് നിവേദനം ചെയ്ത ഒരാള്‍ എത്രമാത്രം പരിഗണനാര്‍ഹമാണെന്ന് തീരുമാനിക്കുന്നതിന് അയാളല്ലാത്ത അതേ ഗുരുവിന്റെ മറ്റു ശിഷ്യന്‍മാരില്‍ എത്രപേര്‍ പ്രസ്തുത ഹദീഥ് നിവേദനം ചെയ്തിട്ടുണ്ടെന്നാണ് പ്രധാനമായും പരിശോധിക്കുക. ഗുരുവിന്റെ ശിഷ്യന്‍മാരില്‍ നല്ലൊരുശതമാനമാളുകള്‍ പ്രസ്തുത ഹദീഥ് നിവേദനം ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമെ അയാള്‍ സ്വീകാര്യനായി വിലയിരുത്തപ്പെടുകയുള്ളൂ. 'ഒരാള്‍ നിവേദനം ചെയ്ത ഹദീഥുകളില്‍ ഭൂരിഭാഗവും സത്യസന്ധരും സൂക്ഷ്മാലുക്കളുമെന്ന് തെളിയിക്കപ്പെട്ട നിവേദനകന്‍മാരുടെ ഹദീഥുകളുമായി യോജിക്കുന്നവയല്ലെങ്കില്‍ അയാളെ ദുര്‍ബലനായി (ദ്വഈഫ്) പരിഗണിക്കപ്പെടു'(18)മെന്നാണ് ഇമാം മുസ്‌ലിം തന്റെ ഹദീഥ് സമാഹാരത്തിന്റെ മുഖവുരയില്‍ വ്യക്തമാക്കുന്നത്. അറിയപ്പെടുന്നവനും പരിഗണാര്‍ഹനുമായ നിവേദകനാണെങ്കിലും അയാളുടെ ഹദീഥുകള്‍ സ്വീകാര്യമാകണമെങ്കില്‍ വളരെ പ്രധാനപ്പെട്ട അടുത്ത ഘട്ടം കൂടി കടന്നുപോകേണ്ടതുണ്ട്. അയാളുടെ വ്യക്തിത്വം എത്രത്തോളം സ്വീകാര്യമാണെന്ന പരിശോധനയാണത്. ഋജുത്വ (അദാലത്ത്) പരിശോധനയെന്ന് ഈ ഘട്ടത്തെ വിളിക്കാം. ഈ ഘട്ടത്തില്‍ നിവേദകനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി അന്വേഷകന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ ഇവയാണ്. (1) നബിﷺയുടെ പേരില്‍ കളവു പറയുന്നവനാണോ? (2) സാധാരണ സംസാരങ്ങളില്‍ കളവു പറയുന്നവനാണോ? (3) മതത്തില്‍നിന്ന് പുറത്തു പോകുന്നതരത്തിലുള്ള അനാചാരങ്ങളുടെ(ബിദ്അത്ത്) വക്താവാണോ? (4) കക്ഷിത്വത്തിനനുകൂലമായി ഹദീഥ് നിവേദനം ചെയ്യുന്നയാളാണോ? (5) മതവിരോധിയാണോ? (6) ദുര്‍നടപ്പുകാരനാണോ? (7) കാര്യബോധവും മര്യാദയും മാന്യതയുമില്ലാത്തവനാണോ? (8) താന്‍ പറയുന്നതെന്തെന്ന് ഗ്രഹിക്കാനാവാത്ത ഭോഷനാണോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം 'അല്ല'യെന്ന ഉത്തരമുണ്ടെങ്കില്‍ മാത്രമെ അയാളിലൂടെയുള്ള നിവേദനം ഋജുത്വ പരിശോധനയുടെ അരിപ്പയിലൂടെ കടന്നുപോവുകയുള്ളൂ. അങ്ങനെ കടന്നുപോയ ഹദീഥുകള്‍ മാത്രമാണ് അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നത്. നിവേദകന്‍മാരുടെ വ്യക്തിത്വ വിമര്‍ശനത്തിന് (അദാലത്ത്) ശേഷം നടക്കുന്നത് ഹദീഥിന്റെ കൃത്യതാ പരിശോധനയാണ് (ദ്വബ്ത്ത്). ഋജുവും സത്യസന്ധനുമാണെങ്കിലും നിവേദകന് ഹദീഥ് നിവേദനത്തില്‍ കൃത്യത പാലിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന അന്വേഷണമാണത്. ഈ ഘട്ടത്തിലും നിവേദകന്‍മാര്‍ അന്വേഷകന്റെ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടിവരും. അയാള്‍ നേരിടേണ്ട ചോദ്യങ്ങള്‍ ഇവയാണ്. (1) നിവേദനത്തില്‍ അബദ്ധം പിണയാറുള്ളയാളാണോ? (2) മറവി അധികമായുള്ളയാളാണോ? (3) വാര്‍ധ്യക്യത്താല്‍ ഓര്‍മശക്തി കുറഞ്ഞ് തെറ്റു സംഭവിക്കാന്‍ സാധ്യതയുള്ളപ്പോഴാണോ ഹദീഥ് നിവേദനം ചെയ്തത്? (4) ഹൃദിസ്ഥമാക്കുവാനുള്ള കഴിവ് കുറഞ്ഞയാളാണോ? (5) വിശ്വസ്തരായ നിവേദകരിലൂടെ വന്ന ഹദീഥുകളിലെ ആശയങ്ങള്‍ക്കെതിരെയുള്ള ഹദീഥുകള്‍ നിവേദനം ചെയ്യുന്നയാളാണോ? (6) ബലപ്പെട്ടവരെന്നോ അല്ലാത്തവരെന്നോ പരിശോധിക്കാതെ എല്ലാവരില്‍നിന്നുമായി ഹദീഥുകള്‍ നിവേദനം ചെയ്യുന്നയാളാണോ? (7) തന്റെ ആശയങ്ങള്‍ക്കനുകൂലമായി ഹദീഥുകള്‍ വളച്ചൊടിക്കുന്നയാളാണോ? ഇവയ്‌ക്കെല്ലാം 'അല്ല'യെന്ന ഉത്തരമാണ് കൃത്യതാ പരിശോധകന് ലഭിക്കുന്നതെങ്കില്‍ മാത്രമെ 'ദ്വബ്ത്തു'ള്ള(കൃത്യതയുള്ള) ഹദീഥായി അതിനെ പരിഗണിക്കുകയുള്ളൂ. ഈ പരിശോധന കൂടി കഴിഞ്ഞാല്‍ നിവേദകന്‍ സ്വീകാര്യനാണെന്ന് സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു. ഇനി അയാളിലൂടെയുള്ള ഹദീഥുകള്‍ സ്വീകരിക്കാവുന്നതാണ്. നിവേദകരുടെ സ്വീകാര്യത നിര്‍ണയിക്കുന്നതിനു വേണ്ടി പണ്ഡിതന്‍മാര്‍ക്ക് ആയിരക്കണക്കിന് നിവേദകരുടെ ജീവിതത്തെ നിഷ്‌കൃഷ്ടമായി അപഗ്രഥിക്കേണ്ടിവന്നിട്ടുണ്ട്. 'വിമര്‍ശനവും അംഗീകാരവും' (അല്‍ജര്‍ഹു വത്തഅ്ദീല്‍) എന്ന പദത്തിന്റെ ഏതു മാനത്തിലൂടെ നോക്കിയാലും അതിനെ അന്വര്‍ഥമാക്കുന്ന രീതിയിലുള്ളതായിരുന്നു പണ്ഡിതന്‍മാരുടെ ഈ രംഗത്തെ പരിശ്രമങ്ങളെന്ന് കാണാം. ശാസ്ത്രീയതയുടെ ഏതു മാനദണ്ഡമുപയോഗിച്ചാണ് അല്‍ജര്‍ഹുവത്തഅ്ദീല്‍ അശാസ്ത്രീയമാണെന്നു പറയാനാവുക? ഭൂതകാലത്ത് ജീവിച്ച ഒരാളുടെ ജീവിതത്തില്‍ ആരോപിക്കപ്പെടുന്ന കാര്യങ്ങളിലെ മിഥ്യയും യാഥാര്‍ഥ്യവും വേര്‍തിരിക്കുവാന്‍ ഇതിനെക്കാള്‍ ശാസ്ത്രീയമായ രീതികളെന്തെങ്കിലും നിര്‍ദേശിക്കുവാന്‍ വിമര്‍ശകര്‍ക്കു കഴിയുമോ? അത് തങ്ങളുടെ ജോലിയല്ലെന്നായിരിക്കും ചരിത്ര വിമര്‍ശനത്തിന്റെ ഉപകരണങ്ങളുപയോഗിച്ച് ഹദീഥുകളുടെ ശാസ്ത്രീയത ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നവരുടെ ഉത്തരം. തകര്‍ക്കുകമാത്രമാണല്ലോ ചരിത്ര വിമര്‍ശക വിദഗ്ധന്‍മാരുടെ ജോലി. പകരമെന്ത് എന്ന ചോദ്യത്തിനുള്ള മറുപടി തങ്ങളുടെ ബാധ്യതയല്ലെന്നാണ് അവരുടെ നിലപാട്. ഹദീഥ് നിവേദകരെ വിമര്‍ശിക്കുകയും അംഗീകരിക്കാനാവുന്നവരെ അംഗീകരിക്കുകയും (അല്‍ജര്‍ഹു വത്തഅ്ദീല്‍) ചെയ്യുന്നതിനുവേണ്ടി ഒരു വിജ്ഞാനീയം തന്നെ ഹദീഥ് നിദാനശാസ്ത്രത്തിന്റെ ശാഖയായി വളര്‍ന്നു വികസിക്കുകയുണ്ടായി. വ്യക്തി വിജ്ഞാനീയം (ഇല്‍മുര്‍രിജാല്‍) എന്നാണ് പ്രസ്തുത വൈജ്ഞാനികശാഖ അറിയപ്പെടുന്നത്. ഹദീഥ് നിവേദകരുടെ വ്യക്തിത്വത്തെക്കുറിച്ച വിശദമായ അപഗ്രഥനമാണ് ഈ വൈജ്ഞാനിക ശാഖക്കു കീഴില്‍ നടക്കുന്നത്. ഹിജ്‌റ 230ല്‍ അന്തരിച്ച ഇബ്‌നു സഅദിന്റെ കിതാബുത്ത്വബകാത്തുല്‍ കുബറാ, 259ല്‍ അന്തരിച്ച അല്‍ജൂസ്ജാനിയുടെ അഹ്‌വാലുര്‍രിജാല്‍, 256ല്‍ അന്തരിച്ച ഇമാം ബുഖാരിയുടെ അത്താരീഖുല്‍ കബീര്‍, 327ല്‍ അന്തരിച്ച ഇബ്‌നു അബീഹാതിം അര്‍റാസിയുടെ അല്‍ജര്‍ഹുവത്തഅ്ദീല്‍, 261ല്‍ അന്തരിച്ച അല്‍ ഇജ്‌ലിയുടെ താരീഖുഥ്ഥിക്വാത്ത്, 354ല്‍ അന്തരിച്ച ഇബ്‌നു ഹിബ്ബാന്റെ കിതാബുഥ്ഥിക്വാത്ത് എന്നിവയാണ് മൂന്ന്, നാല് നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ട പ്രധാനപ്പെട്ട വ്യക്തിവിജ്ഞാനീയ ഗ്രന്ഥങ്ങള്‍ (കുതുബുര്‍രിജാല്‍). സമൂഹത്തില്‍ പ്രചാരത്തിലിരുന്ന ഹദീഥുകള്‍ നിവേദനം ചെയ്തവരില്‍ ആരുടെയൊക്കെ ഹദീഥുകളാണ് ദുര്‍ബലമെന്ന് വ്യക്തമാക്കുന്നതിനുവേണ്ടി മാത്രമായി ഇക്കാലത്ത് പ്രത്യേകം രചനകള്‍ തന്നെയുണ്ടായി. ഇമാം ബുഖാരിയുടെ കിതാബുദ്ദ്വുഅഫാഇല്‍ കബീര്‍, ഇബ്‌നു അദിയ്യിന്റെ കാമില്‍ ഫീ ദ്വുഅഫാഇര്‍രിജാല്‍, ഇബ്‌നു ഹിബ്ബാന്റെ കിതാബുല്‍മജ്‌റൂഹീന്‍ എന്നിവ ഇത്തരത്തിലുള്ള ആദ്യകാല രചനകളാണ്. ബുഖാരി, മുസ്‌ലിം, നസാഈ, അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുമാജ തുടങ്ങിയ ആറു ഗ്രന്ഥങ്ങളിലുള്ള ഹദീഥുകള്‍ നിവേദനം ചെയ്ത വ്യക്തികളെക്കുറിച്ച വിശദമായ അപഗ്രഥനമാണ് ഹിജ്‌റ 600ല്‍ മരണപ്പെട്ട അബ്ദുല്‍ ഗനി അല്‍മഖ്ദസി എഴുതിയ അല്‍കമാല്‍ ഫീ മഅ്‌രിഫത്തി അസ്മാഅര്‍റിജാല്‍ എന്ന ബൃഹദ് ഗ്രന്ഥം. 742ല്‍ മരണപ്പെട്ട ജമാലുദ്ദീന്‍ അല്‍മിസ്സി നടേ പറഞ്ഞ ഹദീഥ് ഗ്രന്ഥങ്ങളിലെ നിവേദകന്‍മാരെക്കുറിച്ച് വീണ്ടും പഠിക്കുകയും തഹ്ദീബുല്‍ കമാല്‍ എന്ന ബൃഹത്തായ വ്യക്തിവിജ്ഞാനീയ വിജ്ഞാനകോശം തന്നെ രചിക്കുകയും ചെയ്തു. ഈ ഗ്രന്ഥത്തെ ചുരുക്കിയെഴുതുകയും തന്റേതായ അപഗ്രഥനങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തുകൊണ്ടാണ് ഇബ്‌നു ഹജറുല്‍ അസ്ഖലാനി തഹ്ദീബുത്തഹ്ദീബ് എന്ന ഗ്രന്ഥമെഴുതിയത്. ഇമാം അഹ്മദ് ബിന്‍ ഹന്‍ബലിന്റെ മുസ്‌നദിലും ഇമാം ശാഫിഈയുടെ ഹദീഥ് ശേഖരത്തിലും ഇബ്‌നുഖുസൈമയുടെ സ്വഹീഹിലും അല്‍ഹാകിമിന്റെ മുസ്തദ്‌റകിലുമുള്ള ഹദീഥുകള്‍ നിവേദനം ചെയ്തവരെക്കുറിച്ച് വിമര്‍ശന/സ്വീകാര്യതാ പരിശോധന നിര്‍വഹിച്ചുകൊണ്ട് അല്‍മിസ്സിയുടെ ബൃഹദ്ഗ്രന്ഥത്തോടു ചേര്‍ത്തത് 804ല്‍ അന്തരിച്ച ഇബ്‌നുല്‍ മുലക്വിനാണ്. 855-ല്‍ അന്തരിച്ച ബദറൂദ്ദീന്‍ അല്‍അയ്‌നിയും ഹിജ്‌റ 748ല്‍ മരണപ്പെട്ട ശംസുദ്ദീന്‍ അദ്ദഹബിയും ഈ രംഗത്ത് പ്രസക്തമായ സംഭാവനകളര്‍പ്പിച്ച പില്‍ക്കാല പണ്ഡിതന്‍മാരില്‍ എടുത്ത് പറയപ്പെടേണ്ടവരാണ്. ഇമാം ദഹബിയുടെ സിയറു അഅ്‌ലാമിന്നുബലാഅ്, മീസാനുല്‍ഇഅ്തിദാല്‍ ഫീ നഖ്ദിര്‍രിജാല്‍ എന്നീ ഗ്രന്ഥങ്ങള്‍ നിവേദകര്‍മാരെക്കുറിച്ച പില്‍ക്കാല അപഗ്രഥനങ്ങളില്‍ പ്രസിദ്ധമായവയാണ്. ബി. ഹദീഥ് നിവേദനത്തിന്റെ നൈരന്തര്യം: നിവേദകന്‍മാരെക്കുറിച്ച അപഗ്രഥനം കഴിഞ്ഞ് അവരെല്ലാം സത്യസന്ധരും സ്വീകാര്യരുമാണെന്ന് മനസ്സിലാക്കിയാലും ഒരു ഹദീഥിന്റെ സ്വീകാര്യത ആത്യന്തികമായി തീരുമാനിക്കപ്പെടുന്നില്ല. അതിന് നിവേദനത്തിന്റെ നൈരന്തര്യം (അല്‍ ഇത്തിസാല്‍) കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. മുഹമ്മദ് നബിﷺയില്‍ നിന്ന് തുടങ്ങി ഹദീഥ് ശേഖരിക്കുന്നയാള്‍വരെ ഇസ്‌നാദിലുള്ള വ്യക്തികളെല്ലാം പരസ്പരം കാണുകയോ ഹദീഥ് കേള്‍ക്കുകയോ ചെയ്തിട്ടുണ്ടോയെന്ന അന്വേഷണമാണിത്. ഈ അന്വേഷണത്തിന്, ഇസ്‌നാദിന്റെ ശൃംഖലയിലുള്ള ആരെങ്കിലും പരസ്പരം കണ്ടുമുട്ടുകയോ ഹദീഥ് കൈമാറുകയോ ചെയ്തിട്ടില്ലെന്ന് മനസ്സിലായാല്‍ ആ ഇസ്‌നാദ് പരമ്പരമുറിഞ്ഞതാണെന്ന് (മുന്‍ക്വത്വിഅ്) വിധിക്കുകയും അസ്വീകാര്യമാണെന്ന് തീരുമാനിക്കുകയും ചെയ്യുന്നു. ഒരു ഹദീഥിന്റെ ഇസ്‌നാദ് നബി A B C D എന്നിങ്ങനെയാണെങ്കില്‍ നബിﷺയെ Aയും Aയെ Bയും Bയെ Cയും Cയെ Dയും കാണുകയോ സമകാലികരാണെന്ന് സ്ഥാപിക്കപ്പെടുകയോ ചെയ്യുകയും അവര്‍ ഹദീഥ് കൈമാറിയിട്ടുണ്ടെന്ന് ഉറപ്പാവുകയും ചെയ്യുമ്പോള്‍ മാത്രമെ പ്രസ്തുത ഇസ്‌നാദ് അവിച്ഛിന്നമാണെന്ന് (മുത്തസ്വില്‍) തീരുമാനിക്കുകയും ഹദീഥ് സ്വീകരിക്കപ്പെടുകയും ചെയ്യുകയുള്ളൂ. കളവ് പറയുകയില്ലെന്ന് അദാലത്ത് പരിശോധന വഴി ബോധ്യപ്പെട്ട നിവേദകന്‍മാരുടെ നൈരന്തര്യം തീരുമാനിക്കാന്‍ അവരുടെ പദപ്രയോഗങ്ങളെയാണ് പ്രാഥമികമായി പഠനവിധേയമാക്കുന്നത്. നിവേദകന്‍മാര്‍ പൊതുവായി തങ്ങള്‍ക്ക് ഹദീഥ് ലഭിച്ചതിനെ സൂചിപ്പിക്കുമ്പോള്‍ പറയാറുള്ളത് 'ഇന്നയാള്‍ എന്നോട് നിവേദനം ചെയ്തു' (ഹദ്ദഥനീ) വെന്നോ 'ഇന്നയാള്‍ എന്നെ അറിയിച്ചു' (അഖ്ബറനീ) യെന്നോ 'ഇന്നയാളില്‍നിന്ന് ഞാന്‍ കേട്ടു' (സമിഅ്ത്തുമിന്‍)വെന്നോ 'ഇന്നയാള്‍ പ്രകാരം' (അന്‍) എന്നോ ആണ്. ഇതിലെ ആദ്യത്തെ മൂന്നു പ്രയോഗങ്ങളും നേര്‍ക്കുനേരെയുള്ള സംപ്രേഷണത്തെയാണ് കുറിക്കുന്നത്. ഒരാളുടെ പേരുപറഞ്ഞുകൊണ്ട് ഹദ്ദഥനീയെന്നോ, അഖ്ബറനീയെന്നോ, സമിഅ്ത്തുമിന്‍ എന്നോ സത്യസന്ധനായ ഒരു നിവേദകന്‍ പറയുകയാണെങ്കില്‍ അയാളില്‍നിന്ന് നേര്‍ക്കുനേരെ നിവേദനകന്‍ ഈ ഹദീഥ് കേള്‍ക്കുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് അതിനര്‍ഥം. എന്നാല്‍ നാലാമത്തെ പ്രയോഗമായ 'അന്‍' നേര്‍ക്കു നേരെയുള്ള സംപ്രേക്ഷണം ഉറപ്പുവരുത്തുന്നില്ല. ഒരാള്‍ പറഞ്ഞതായി മറ്റൊരാളില്‍നിന്ന് അറിഞ്ഞാലും 'അന്‍' എന്ന് പ്രയോഗിക്കാവുന്നതാണ്. അത്തരം പ്രയോഗങ്ങളുള്ള ഇസ്‌നാദുകളുള്‍ക്കൊള്ളുന്ന ഹദീഥുകള്‍ മുത്തസ്വിലാണെന്ന് ഉറപ്പിക്കുവാനാവുകയില്ല. അങ്ങനെ പറഞ്ഞ നിവേദകനും (ശിഷ്യന്‍) അയാള്‍ ആരില്‍നിന്നാണോ അത് ഉദ്ധരിക്കുന്നത് അയാളും (ഗുരു) പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്തിട്ടുേണ്ടായെന്നുകൂടി പരിശോധിച്ചതിനുശേഷമാണ് അത്തരം ഹദീഥുകളുടെ സ്വീകാര്യത നിര്‍ണയിക്കുക. അതിനായി അവര്‍ രണ്ടു പേരുടെയും ജീവിതകാലവും ജനനമരണത്തീയതികളും ജീവിച്ച സ്ഥലങ്ങളും പഠനസമ്പ്രദായങ്ങളുമെല്ലാം അപഗ്രഥിക്കപ്പെടുന്നു. ഗുരുവും ശിഷ്യനും സമകാലികരാണെങ്കില്‍ ഒരാളില്‍നിന്ന് മറ്റേയാള്‍ കേട്ടിരിക്കുവാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി, അവരുടെ സത്യസന്ധതകൂടി കണക്കിലെടുത്ത് അവയെ മുത്തസ്വിലായി പരിഗണിക്കുകയും അല്ലെങ്കില്‍ മുന്‍ക്വത്വിഅ് ആയി മാറ്റിനിര്‍ത്തപ്പെടുകയുമാണ് ചെയ്യുന്നത്. ഒരാള്‍ മറ്റൊരാളില്‍ നിന്ന് കേട്ടുവെന്ന് പറയുമ്പോള്‍ രണ്ടു പേരും അല്‍പകാലമെങ്കിലും ഒന്നിച്ചുണ്ടാവണമെന്നതുകൊണ്ടാണ് പരസ്പരം കണ്ടുമുട്ടിയിട്ടില്ലെന്ന് ഉറപ്പുള്ളവര്‍ ഒരു ഹദീഥ് സനദിന്റെ ശൃംഖലയില്‍ അടുത്ത കണ്ണികളായുണ്ടെങ്കില്‍ അത്തരം ഹദീഥുകളെ മുറിഞ്ഞ ഇസ്‌നാദോടുകൂടിയുള്ളതായി പരിഗണിച്ച് മാറ്റിനിര്‍ത്തപ്പെടുന്നത്. നിവേദകന്‍മാര്‍ ജീവിച്ചിരുന്ന കാലവും ബന്ധപ്പെടാനുള്ള സാധ്യതയും മാത്രമല്ല, അവര്‍ യഥാര്‍ഥത്തില്‍ ഹദീഥ് കൈമാറിയിട്ടുണ്ടോ എന്നു കൂടി സൂക്ഷ്മമായി പരിശോധിക്കുവാന്‍ പണ്ഡിതന്‍മാര്‍ പരിശ്രമിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായിട്ടാണ് 'തമസ്‌കരണ'ത്തെ (തദ്‌ലീസ്)ക്കുറിച്ച ചര്‍ച്ചകളുണ്ടായത്. ഒരു നിവേദകന്‍ ഇന്നയാള്‍ പറഞ്ഞു(ക്വാല)വെന്നോ ഇന്നയാളിന്‍ പ്രകാരം (അന്‍) എന്നോ പറഞ്ഞുകൊണ്ട് പറഞ്ഞ വ്യക്തിയില്‍ നിന്ന് താന്‍ അത് കേട്ടിട്ടുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയും യഥാര്‍ഥത്തില്‍ അയാള്‍ പറഞ്ഞത് മറ്റൊരാള്‍ ഉദ്ധരിച്ചതാണ് താന്‍ കേട്ടതെന്ന വസ്തുത മറച്ചുവെക്കുകയും ചെയ്യുന്നതിനാണ് 'തദ്‌ലീസ്' എന്നു പറയുക.C  നിവേദനം ചെയ്യുന്നത് A പറഞ്ഞുവെന്നാണ്; പക്ഷേ, C കേട്ടിരിക്കുന്നത് Aയില്‍ നിന്ന് നേരിട്ടല്ല; പ്രത്യുത A പറഞ്ഞതായി B യില്‍നിന്നാണ്. Bയുടെ പേര് മറച്ചുവെച്ചുകൊണ്ട് Aയില്‍നിന്ന് താന്‍ കേട്ടുവെന്ന രീതിയില്‍ C പറയുമ്പോള്‍ അത് തദ്‌ലീസായിത്തീരുന്നു. തദ്‌ലീസ് ചെയ്യുന്നവരെ മുദല്ലിസ് എന്നാണ് വിളിക്കുന്നത്. പൊതുവെ വെറുക്കപ്പെട്ടതാണ് തദ്‌ലീസ്. താന്‍ നേരിട്ട് കേട്ട വ്യക്തിയുടെ പേര് മറച്ചുവെക്കുന്നത് അയാള്‍ക്ക് എന്തെങ്കിലും ന്യൂനതയുള്ളതുകൊണ്ടായിരിക്കുമല്ലോ. ന്യൂനത മറച്ചുവെച്ചുകൊണ്ട് ഹദീഥിനെ സ്വീകരിപ്പിക്കുവാനുള്ള ശ്രമമുള്ളതിനാലാണ് തദ്‌ലീസ് വെറുക്കപ്പെട്ടതാവുന്നത്. എന്നാല്‍ തെറ്റായ ലക്ഷ്യങ്ങളോടെയല്ലാതെയും തദ്‌ലീസ് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ മുദല്ലിസുകളെയെല്ലാം അസ്വീകാര്യരായ നിവേദകരുടെ ഗണത്തില്‍ പണ്ഡിതന്‍മാര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഗുരുവിന് കീഴില്‍ ഹദീഥ് അഭ്യസിച്ചുകൊണ്ടിരിക്കെ പ്രാഥമിക ആവശ്യത്തിനായി പോയ ഒരു ശിഷ്യന് ആ ഗുരു പറഞ്ഞുകൊടുത്ത ഹദീഥ് നേര്‍ക്കുനേരെ കേള്‍ക്കാള്‍ കഴിഞ്ഞിട്ടില്ലെങ്കിലും തന്റെ സഹപാഠികളുടെ സാക്ഷ്യത്തില്‍നിന്ന് അത് ഗുരു പറഞ്ഞുവെന്ന് അയാള്‍ മനസ്സിലാക്കുകയും ഗുരുവില്‍നിന്നാണെന്ന രൂപത്തില്‍ തന്നെ അയാള്‍ നിവേദനം ചെയ്യുന്ന അവസ്ഥയുണ്ടാവാം. തെറ്റായ ലക്ഷ്യത്തിനുവേണ്ടിയല്ലാതെയുള്ള തദ്‌ലീസിനുള്ള ഉദാഹരണമാണിത്. അതുകൊണ്ടുതന്നെ തദ്‌ലീസ് ചെയ്യുന്ന വ്യക്തിയെയും സന്ദര്‍ഭത്തെയും അപഗ്രഥിച്ചുകൊണ്ടു മാത്രമെ മുദല്ലിസ് സ്വീകാര്യനാണോ അല്ലേയെന്ന് തീരുമാനിക്കപ്പെടുകയുള്ളൂ. തദ്‌ലീസ് പലതരമുണ്ട്. അതിലൊന്നാണ്, തദ്‌ലീസുല്‍ ഇസ്‌നാദ് (സനദിന്റെ തമസ്‌കരണം). ഇത് രണ്ടു രൂപത്തിലുണ്ടാവാം. നടേ പറഞ്ഞതു പോലെയുള്ള സന്ദര്‍ഭങ്ങളില്‍ താന്‍ നേരിട്ട് കേട്ടവരുടെ പേര് പറയേണ്ടതില്ലെന്ന് തോന്നിയതുകൊണ്ടുള്ള തദ്‌ലീസാണ് ഒന്നാമത്തേത്. താന്‍ നേരിട്ട് കേട്ടിട്ടില്ലെങ്കിലും ഗുരു പറഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്തിക്കൊണ്ടുള്ള തദ്‌ലീസാണിത്. ഇതു ചെയ്യുന്ന മുദല്ലസുകളെ വെറുക്കപ്പെട്ടവരായി ഗണിക്കുന്നില്ല. രണ്ടാമത്തേത് അങ്ങനെയല്ല. ഒരു ഹദീഥിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനായി അതിന്റെ ഇസ്‌നാദിലുള്ള ഏതെങ്കിലുമൊരാളെ ഒഴിവാക്കിക്കൊണ്ട് അവതരിപ്പിക്കുന്ന തദ്‌ലീസാണത്. അത് വെറുക്കപ്പെട്ടതും അതു ചെയ്യുന്ന മുദല്ലിസ് അസ്വീകാര്യനുമാണെന്ന കാര്യത്തില്‍ സംശയമില്ല. 'തദ്‌ലീസുത്തസ്‌വിയ'യെന്നറിയപ്പെടുന്ന, ഇസ്‌നാദിലുള്ള ദുര്‍ബല വ്യക്തികളെ മറച്ചുവെക്കുന്നവര്‍ അസ്വീകാര്യരും അവരിലൂടെയുള്ള ഹദീഥ് ദുര്‍ബലവുമാണെന്ന് പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.(19) താന്‍ നേര്‍ക്കുനേരെ ഹദീഥ് കേട്ട തന്റെ ഗുരുവിന്റെ യഥാര്‍ഥ നാമം മറച്ചുവെച്ചുകൊണ്ട് സനദില്‍ അപരനാമം ഉപയോഗിക്കുന്നതാണ് തദ്‌ലീസിന്റെ രണ്ടാമത്തെ രൂപം. തദ്‌ലീസുശ്ശുയൂഖ് എന്ന് വിളിക്കുന്ന ഇതാണ് തദ്‌ലീസിന്റെ തീരെ പ്രശ്‌നങ്ങളില്ലാത്ത രൂപം. അപരനാമത്തിലുള്ളയാളുടെ യഥാര്‍ഥ നാമം കണ്ടു പിടിച്ച് അവരെക്കുറിച്ച യാഥാര്‍ഥ്യങ്ങള്‍ ചികഞ്ഞെടുക്കാന്‍ ഹദീഥ് നിദാനശാസ്ത്രജ്ഞന്‍മാര്‍ക്ക് ഏറെ അധ്വാനിക്കേണ്ടി വരുമെന്നതു മാത്രമാണ് ഈ തദ്‌ലീസിനുള്ള കുഴപ്പം. നിവേദനം ചെയ്ത സ്വഹാബിയാരാണെന്നറിയാത്ത ഹദീഥുകളോടുള്ള നിലപാടെന്തായിരിക്കണമെന്ന കാര്യവും പണ്ഡിതന്‍മാര്‍ ഏറെ ചര്‍ച്ചചെയ്തിട്ടുണ്ട്. നബിﷺപറഞ്ഞതായി നബിﷺയെ നേരില്‍ കണ്ടിട്ടില്ലാത്ത അടുത്ത തലമുറയിലുള്ളയാള്‍- താബിഅ് നിവേദനം ചെയ്യുന്ന ഹദീഥിനെയാണ് 'മുര്‍സല്‍' എന്നു പറയുന്നത്. നിവേദനം ചെയ്ത താബിഅ് മറ്റു താബിഈങ്ങളില്‍ നിന്നും സ്വീകരിച്ച നിവേദനമാകാനുള്ള സാധ്യത നിലനില്‍ക്കുന്നതുകൊണ്ട് മുര്‍സലായ ഹദീഥുകള്‍ സ്വീകാര്യമല്ലെന്നാണ് പൊതുവായ പണ്ഡിതാഭിപ്രായം. എന്നാല്‍ പ്രസ്തുത ഹദീഥ് നിവേദനം ചെയ്ത താബിഅ് സത്യസന്ധനും അക്കാര്യത്തില്‍ പ്രശസ്തനുമാണെങ്കില്‍ അത്തരം മുര്‍സലുകള്‍ സ്വീകാര്യയോഗ്യമാണെന്നാണ് ചില പണ്ഡിതന്‍മാരുടെ അഭിപ്രായം. സത്യസന്ധനായ താബിഅ് ഏതെങ്കിലും സ്വഹാബിയില്‍നിന്ന് കേട്ടതുകൊണ്ടായിരിക്കും നബിﷺയെക്കുറിച്ച വൃത്താന്തം അടുത്ത തലമുറക്ക് പറഞ്ഞുകൊടുത്തത് എന്ന് ഉറപ്പുള്ളതുകൊണ്ടാണിത്. സത്യസന്ധനും സദ്‌വൃത്തനുമായ ഒരു താബിഅ് നബിﷺയുടെ പേരില്‍ ബോധപൂര്‍വം ഒരു കള്ളം കെട്ടിച്ചമക്കുകയില്ലല്ലോ. അതേ പോലെത്തന്നെ അമുസ്‌ലിമായിക്കൊണ്ട് പ്രവാചകനെﷺകാണുകയും അദ്ദേഹത്തില്‍ നിന്ന് കേട്ടകാര്യങ്ങള്‍ മുസ്‌ലിമായതിനു ശേഷം നിവേദനം ചെയ്യുകയും ചെയ്ത, പ്രവാചകവിയോഗ ശേഷം ഇസ്‌ലാം സ്വീകരിച്ചവരുടെ നിവേദനങ്ങളായ മുര്‍സലുകളും സ്വീകാര്യമാണെന്നാണ് പണ്ഡിതന്മാരുടെ പക്ഷം.(20) അബൂദാവൂദിന്റെ അല്‍മറാസീല്‍, ഇബ്‌നു അബീ ഹാതിമിന്റെ കിതാബുല്‍ മറാസീല്‍ എന്നീ ഗ്രന്ഥങ്ങള്‍ മുര്‍സലായ ഹദീഥുകളുടെ സമാഹാരവും അവയുടെ സ്വീകാര്യതയെ സംബന്ധിച്ച പഠനവുമാണ് ഉള്‍ക്കൊള്ളുന്നത്. ഘട്ടം മൂന്ന്: ഹദീഥുകളുടെ നിവേദകപരമ്പരയെ ബലപ്പെടുത്തുന്ന മറ്റു തെളിവുകള്‍ കണ്ടെത്തുകയും അതിനെ ദൃഢീകരിക്കുകയും ചെയ്യുക. നിവേദകപരമ്പരയെ ബലപ്പെടുത്തുന്ന മറ്റു തെളിവുകള്‍ കണ്ടെത്തുന്നതിന് ദൃഢീകരണം (ഇഅ്തിബാര്‍) എന്നാണ് പറയുക. ഇസ്‌നാദിലുള്ള ഓരോ നിവേദകനെയും ബലപ്പെടുത്തുന്ന തെളിവുകളുണ്ടോയെന്ന അന്വേഷണമാണിത്. ഒരു ഗുരുവില്‍ നിന്ന് ഒരേയൊരു ശിഷ്യന്‍മാത്രം ഒരു ഹദീഥ് നിവേദനം ചെയ്യുകയും പ്രസ്തുത ഹദീഥ് പറഞ്ഞു കൊടുത്തിട്ടുണ്ടെങ്കില്‍, അങ്ങനെ ചെയ്യുമ്പോള്‍ സദസ്സിലുണ്ടായിരുന്നിരിക്കേണ്ട മറ്റൊരാളും അത് നിവേദനം ചെയ്യാതിരിക്കുകയും പ്രസ്തുത ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ നിവേദകന്റെ വിശ്വാസ്യതയാണ് തകരുന്നത്; ഒപ്പം ഹദീഥ് ദുര്‍ബലമായി വിലയിരുത്തപ്പെടുകയും ചെയ്യുന്നു. ഇസ്‌നാദിലെ നിവേദകന്‍മാരെ ദൃഢീകരിക്കുന്നത് രണ്ടു രൂപത്തിലാണ്. ഒരു സ്വഹാബിയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു ഹദീഥിന്റെ നിവേദക പരമ്പരയില്‍ എവിടെയെങ്കിലും ഒന്നിലധികം നിവേദകന്‍മാരുണ്ടെങ്കില്‍ അവരിലൂടെ മറ്റൊരു ഇസ്‌നാദില്‍ അതേ ഹദീഥ് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണമാണ് ഒന്നാമത്തേത്. അങ്ങനെയുണ്ടെങ്കില്‍ അതിന് പൊരുത്തം (മുതാബഅ) എന്നു പറയുന്നു. ഒരു സ്വഹാബിയില്‍ നിന്ന് ഒരു പ്രത്യേകമായ ഇസ്‌നാദോടുകൂടി നിവേദനം ചെയ്തിട്ടുള്ള ഹദീഥ് മറ്റൊരു സ്വഹാബിയില്‍ നിന്ന് മറ്റൊരു ഇസ്‌നാദോടുകൂടി നിവേദനം ചെയ്തിട്ടുണ്ടോയെന്ന അന്വേഷണമാണ് രണ്ടാമത്തേത്. അങ്ങനെയുണ്ടെങ്കില്‍ ഒന്നാമത്തെ ഹദീഥിന്റെ സാക്ഷി (ശാഹിദ്) ആണ് രണ്ടാമത്തെ ഹദീഥ് എന്ന് പറയാവുന്നതാണ്. മുതാബഅ നിവേദക പരമ്പരയെയും ശാഹിദ് ഹദീഥിനെയും ബലപ്പെടുത്തുന്നുവെന്നാണ് ഹദീഥ് നിദാനശാസ്ത്രജ്ഞര്‍ പറയുക. ഇസ്‌നാദിന്റെ ന്യൂനതകള്‍ പരിഹരിക്കാവുന്ന യാതൊരു തെളിവുകളുമില്ലെങ്കില്‍ അത്തരം ഹദീഥുകളെ അസ്വീകാര്യമായാണ് ആദ്യകാല ഹദീഥ് പണ്ഡിതന്‍മാര്‍ കണ്ടിരുന്നത്. 'സ്വീകരിക്കാന്‍ പറ്റാത്തത്' എന്ന അര്‍ഥത്തില്‍ അവര്‍ അവയെ 'മുന്‍കര്‍' എന്നു വിളിച്ചു മാറ്റിവെച്ചു. ദൃഢീകരിക്കുന്ന തെളിവുകളൊന്നുമില്ലെങ്കിലും ഒരു ഹദീഥ് സ്വീകാര്യമായ മറ്റു നിവേദകന്‍മാരുടെ ഹദീഥിലെ ആശയവുമായി പൊരുത്തപ്പെടുന്നുണ്ടെങ്കില്‍ അത് സ്വീകാര്യമാണെന്നാണ് പണ്ഡിതന്‍മാര്‍ വിധിച്ചത്. എന്നാല്‍ പ്രസിദ്ധനല്ലാത്ത ഒരു നിവേദകന്‍ ഇമാം സുഹ്‌രിയെപ്പോലെയുള്ള പ്രസിദ്ധനും പ്രഗല്‍ഭനുമായ ഒരു ഹദീഥ് പണ്ഡിതനില്‍ നിന്ന് ഒരു ഹദീഥ് നിവേദനം ചെയ്യുകയും അത് ധാരാളം വരുന്ന അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളൊന്നും അറിയാതെ പോവുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത് മുന്‍കറിന്റെ ഗണത്തിലാണ് ഉള്‍പ്പെടുക.(21) ഒരു നിവേദകനിലൂടെ നിരവധി ഹദീഥുകള്‍ ഉദ്ധരിക്കപ്പെടുകയും അവയിലധികവും ദൃഢീകരിക്കപ്പെടുന്ന തെളിവുകളാല്‍ സമൃദ്ധവുമാണെങ്കില്‍ അയാളിലൂടെയുള്ള ദൃഢീകരിക്കപ്പെടാത്ത ഹദീഥുകളും സ്വീകരിക്കാമെന്നാണ് പണ്ഡിതാഭിപ്രായം. ഇമാമുമാര്‍ സുഹ്‌രി, മാലിക്ക്, ഇബ്‌നുല്‍ മുബാറക്, ഖുതൈബതുബ്‌നു സഈദ് എന്നിവരിലൂടെ നിവേദനം ചെയ്യപ്പെട്ട ഹദീഥുകളെ ഇമാം ബുഖാരിയെയും ഇബ്‌നു ആമിയെയും പോലെയുള്ള പണ്ഡിതന്‍മാര്‍ അവഗാഢമായ അപഗ്രഥനത്തിന് വിധേയമാക്കുകയും അവരിലൂടെയുള്ള ദൃഢീകരിക്കപ്പെടാത്ത ഹദീഥുകളും സ്വീകാര്യമാണെന്ന തീരുമാനത്തിലെത്തിച്ചേരുകയും ചെയ്തിട്ടുണ്ട്. നിഷേധിക്കാനാവാത്ത തെളിവുകളാല്‍ സ്വീകാര്യമെന്ന് നിദേവകന്‍മാരിലൂടെ ഉദ്ധരിക്കപ്പെട്ട ദൃഢീകരിക്കപ്പെടാത്ത ഹദീഥുകളെ 'സ്വീകാര്യമായ അപൂര്‍വ' (സ്വഹീഹ് ഗരീബ്) ഹദീഥുകള്‍ എന്നാണ് വിളിക്കുന്നത്. നിവേദക പരമ്പരയില്‍ മുഴുവന്‍ ഘട്ടങ്ങളിലോ ചിലതിലോ ഒരാള്‍ മാത്രമായിപ്പോകുന്ന ഹദീഥുകള്‍ക്കാണ് 'ഗരീബ്' എന്നു പറയുക. ദൈവദൂതന്‍ ശിരോകവചം ധരിച്ച് മക്കയില്‍ പ്രവേശിക്കുകയും മുസ്‌ലിംകളുടെ ഗൂഢശത്രുവായിരുന്ന ഇബ്‌നുഖത്താലിനെ വധിക്കുവാന്‍ കല്‍പിക്കുകയും ചെയ്തു(22)വെന്ന ഹദീഥ് ഉദാഹരണം. ഇതിന് അനസ്ബ്‌നു മാലിക് സുഹ്‌രി മാലിക് ബ്‌നുഅനസ് എന്ന ഒരേയൊരു ഇസ്‌നാദ് മാത്രമെയുള്ളുവെങ്കിലും ഈ ശൃംഖലയിലുള്ള മൂന്നുപേരും ദൃഢീകരണം ആവശ്യമില്ലാത്ത വിധം പ്രസിദ്ധരായതിനാല്‍ അത് സ്വീകാര്യമാണെന്നാണ് പണ്ഡിതമതം. എന്നാല്‍ ഹദീഥുകള്‍ നിവേദനം ചെയ്യുന്ന കാര്യത്തില്‍ സൂക്ഷമതയില്ലാത്തവരായ ഒരാളെങ്കിലും ഇസ്‌നാദിലുണ്ടാവുകയും അതിന് ദൃഢീകരിക്കാനാവുന്ന മറ്റു തെളിവുകള്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ ഹദീഥ് അസ്വീകാര്യമാണെന്നാണ് (മുന്‍കര്‍) വിധി. സംശയം ജനിപ്പിക്കാത്ത ഇസ്‌നാദോടുകൂടി നിവേദനം ചെയ്യപ്പെട്ട ഹദീഥുകളെപ്പോലും നിഷ്‌കൃഷ്ടമായ അപഗ്രഥനത്തിന് വിധേയമാക്കുവാന്‍ ഹദീഥ് നിദാനശാസ്ത്രജ്ഞര്‍ സന്നദ്ധമായിട്ടുണ്ട്. ഒരേ ഹദീഥിന്റെ വ്യത്യസ്ത നിവേദനങ്ങളെ താരതമ്യം ചെയ്ത് നിവേദകര്‍ക്ക് സംഭവിച്ച സ്വാഭാവികവും മാനുഷികവുമായ പാളിച്ചകളെപ്പോലും പുറത്തുകൊണ്ടുവരുവാനുള്ള അവരുടെ കഠിനാധ്വാനം വിലമതിക്കാനാവാത്തതാണ്. ഇത്തരം പാളിച്ചകളെയാണ് 'ഇലല്‍'(ന്യൂനതകള്‍) എന്നു പറയുക. ഹിജ്‌റ 385ല്‍ അന്തരിച്ച ഇമാം അബുല്‍ ഹസന്‍ അലിയ്യിബിന്‍ ഉമര്‍ അല്‍ ദാറഖുത്‌നിയുടെ പതിനൊന്ന് വാല്യങ്ങളുള്ള ഇലല്‍ ഗ്രന്ഥമാണ് ഇലലുകളെക്കുറിച്ച് വിശദമായി അപഗ്രഥിക്കുന്നവയില്‍ ഏറ്റവും പ്രസിദ്ധമായത്. ഇസ്‌നാദുകള്‍ പരിശോധിച്ചതോടൊപ്പം തന്നെ ഹദീഥിന്റെ ആശയപ്രധാന ഭാഗമായ മത്‌നും ഹദീഥ് പണ്ഡിതന്‍മാരുടെ അപഗ്രഥനത്തിന് വിധേയമായിട്ടുണ്ട്. ഭാഷാസാഹിത്യത്തിന് യോജിക്കാത്തവിധം താഴ്ന്ന നിലവാരത്തിലുള്ള പദപ്രയോഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതോ വ്യാഖ്യാനത്തിന് സാധ്യമല്ലാത്ത വിധം പ്രാഥമികബുദ്ധിക്ക് ഉള്‍ക്കൊള്ളാനാവാത്തതോ അനുഭവത്തിനും സാക്ഷ്യത്തിനും എതിരായതോ നിയമങ്ങളിലും സ്വഭാവഗുണങ്ങളിലുമുള്ള പൊതുതത്ത്വങ്ങള്‍ക്ക് വിരുദ്ധമായതോ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സ്പഷ്ടമായ കാര്യങ്ങളോട് യോജിക്കാത്തതോ ഇസ്‌ലാമിക നിയമ വ്യവസ്ഥയുടെ ആത്മാവിന് നിരയ്ക്കാത്തവിധം നീചമായ കാര്യങ്ങള്‍ക്ക് പ്രേരണ നല്‍കുന്നതോ അല്ലാഹുവിന്റ നടപടിക്രമങ്ങള്‍ക്ക് എതിരായ പരാമര്‍ശങ്ങളുള്‍ക്കൊള്ളുന്നതോ മാന്യന്‍മാര്‍ക്ക് ചെയ്യാന്‍ മടിയുള്ള നികൃഷ്ട ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്നതോ ക്വുര്‍ആനിനോടോ സ്ഥിരീകരിക്കപ്പെട്ട സുന്നത്തിനോടോ പണ്ഡിതന്‍മാരുടെ ഐകകണ്‌ഠേനയുള്ള അഭിപ്രായമായ ഇജ്മാഇനോടോ വ്യാഖ്യാനത്തിന് സാധ്യമല്ലാത്തവിധം എതിരായതോ നബിൃയുടെ കാലത്തെ ചരിത്രത്തിന് വിരുദ്ധമായതോ ചെറുതും നിസ്സാരവുമായ കര്‍മങ്ങള്‍ക്ക് വളരെ വലിയ പ്രതിഫലമോ കഠിനശിക്ഷയോ ഉണ്ടെന്ന് വിളംബരം ചെയ്യുന്നതോ ആയ ഹദീഥുകളെ അസ്വീകാര്യമായവയുടെ ഗണത്തിലാണ് ആദ്യകാലം മുതല്‍ തന്നെ പണ്ഡിതന്‍മാര്‍ ഉള്‍പ്പെടുത്തിപ്പോന്നിട്ടുള്ളത്. അഥവാ ഇവയൊക്കെ വ്യാജ ഹദീഥുകളുടെ ലക്ഷണങ്ങളായി കണ്ടിരുന്നുവെന്ന് സാരം. എന്നാല്‍ കേവലബുദ്ധിയുടെയോ യുക്തിയിടെയോ മാത്രം അടിസ്ഥാനത്തിലുള്ള നടപടിയായിരുന്നില്ല ഇത്. നബിൃക്ക് ദിവ്യബോധനമായി ലഭിക്കുന്ന അറിവുകളെ മനുഷ്യയുക്തിയുടെ ചട്ടകള്‍ക്കുള്ളില്‍ ഒതുക്കാന്‍ കഴിയില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ 'മത്‌ന്' അപഗ്രഥിച്ചുകൊണ്ട് ഹദീഥുകളുടെ സ്വീകാര്യതയെപ്പറ്റി അഭിപ്രായം പറയുന്നതിന് മുമ്പ് തങ്ങള്‍ മനസ്സിലാക്കിയതല്ലാത്ത അര്‍ഥങ്ങളെന്തെങ്കിലും അതിനുണ്ടോയെന്നും വ്യാഖ്യാനിക്കുവാന്‍ പഴുതുകളെന്തെങ്കിലും അവശേഷിക്കുന്നുണ്ടോയെന്നും വിശദമായി അവര്‍ പരിശോധിച്ചിരുന്നു. മത്‌ന് വിമര്‍ശനത്തിലൂടെ മാത്രമായി ഹദീഥുകള്‍ തള്ളിക്കളയുകയെന്നതിലുപരിയായി അവയുടെ ഇസ്‌നാദുകള്‍ കൂടി പരിശോധിക്കുകയും അവ അസ്വീകാര്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്തശേഷം മാത്രമാണ് അത്തരം ഹദീഥുകള്‍ സ്വീകരിക്കാതെ മാറ്റിനിര്‍ത്തപ്പെട്ടത്. മത്‌നില്‍ തകരാറുള്ളതുകൊണ്ട് സ്വീകരിക്കാതിരുന്ന ഹദീഥുകള്‍ക്കുള്ള ഉദാഹരണമായി പറയപ്പെടുന്നവയെല്ലാം ദുര്‍ബലമായ ഇസ്‌നാദോടുകൂടിയവയാണ്. പ്രബലമായ ഇസ്‌നാദോടെ നിവേദനം ചെയ്യപ്പെട്ട ഹദീഥുകളിലൊന്നിലും തള്ളപ്പെടേണ്ട തരത്തിലുള്ള മത്‌നുകളുള്ളതായി ഹദീഥ് പണ്ഡിതന്‍മാര്‍ കരുതിയിരുന്നില്ലന്നര്‍ഥം. അസ്വീകാര്യമായ ഹദീഥുകളെ കുറിക്കുവാന്‍ ആദ്യകാലത്ത് ഉപയോഗിക്കപ്പെട്ട രണ്ടു പ്രയോഗങ്ങളായിരുന്നു 'മുന്‍കര്‍' (അസ്വീകാര്യം), 'ലയ്‌സ ലഹു അസ്‌ല്' (അതിന് അടിത്തറയൊന്നുമില്ല) എന്നിവ. ഇമാം മാലിക്കിന്റെ കാലം മുതല്‍ തന്നെ സ്വഹീഹ് (പ്രാമാണികം), ദ്വഈഫ് (ദുര്‍ബലം) എന്നീ ശബ്ദങ്ങളുപയോഗിച്ച് ഹദീഥുകളെ വര്‍ഗീകരിക്കാനാരംഭിച്ചിരുന്നു. ഹദീഥുകളുടെ ദൃഢീകരണത്തിന്റെ അടിസ്ഥാനത്തില്‍ മശ്ഹൂര്‍ (സുപ്രസിദ്ധം) എന്നും മുന്‍കര്‍ (അസ്വീകാര്യം) എന്നും തിരിച്ചു കൊണ്ടുള്ള വര്‍ഗീകരണവും അക്കാലത്തു തന്നെ നിലവിലുണ്ടായിരുന്നു. സ്വഹീഹ്, മശ്ഹൂര്‍ എന്നീ പ്രയോഗങ്ങള്‍ സ്വീകാര്യതയെയും ദ്വഈഫ്, മുന്‍കര്‍ എന്നിവ അസ്വീകാര്യതയെയും കുറിക്കുന്നു. ഒരു ഋജുവായ (ആദില്‍) നിവേദകന്‍ അതേപോലെത്തന്നെ സത്യസന്ധനായ നിവേദകനില്‍ നിന്ന് എന്ന രൂപത്തില്‍ പ്രവാചകന്‍ വരെ നീളുന്ന മുറിയാത്ത സനദോടു കൂടിയത്(23) എന്നാണ് സ്വഹീഹായ ഹദീഥിന് ഇമാം ഇബ്‌നു ഖുസൈമ തന്റെ സ്വഹീഹില്‍ നല്‍കിയിട്ടുള്ള നിര്‍വചനം. സ്വഹീഹായ ഹദീഥിനെക്കുറിച്ച് ഇമാം ശാഫി പറയുന്നത് ഇങ്ങനെയാണ്: ''ഓരോ നിവേദകനും അയാളുടെ മതത്തില്‍ ആത്മാര്‍ഥതയുള്ളവനാകണം; നിവേദനത്തില്‍ സത്യസന്ധനും. എന്താണ് നിവേദനം ചെയ്യുന്നതെന്ന് വ്യക്തമായി അറിയുന്നവനും വ്യത്യസ്ത പ്രയോഗങ്ങള്‍ വഴി ഭാഷയിലുണ്ടാകുന്ന അര്‍ഥവ്യത്യാസത്തെക്കുറിച്ച് ബോധവാനും അക്ഷരം പ്രതി ഉദ്ധരിക്കുന്നവനുമായിരിക്കണം അയാള്‍. വ്യത്യസ്ത പ്രയോഗങ്ങള്‍വഴി ഭാഷയിലുണ്ടാകുന്ന അര്‍ഥവ്യത്യാസത്തെക്കുറിച്ച് മനസ്സിലാകാത്തയാളാണെങ്കില്‍ തന്റെ പ്രയോഗങ്ങള്‍ വഴി താന്‍ അനുവദനീയമായതിനെ വിരോധിക്കുന്നുണ്ടോയെന്നോ നിഷിദ്ധമായതിനെ അനുവദനീയമാക്കുന്നുണ്ടോയെന്നോ അറിയാന്‍ അയാള്‍ക്ക് കഴിയില്ലെന്നതു കൊണ്ടാണിത്. ഹദീഥില്‍ നിന്ന് താന്‍ മനസ്സിലാക്കിയതെന്തോ അതല്ല, താന്‍ എന്ത് കേട്ടോ അത് അയാള്‍ നിവേദനം ചെയ്യുമ്പോള്‍ ഹദീഥില്‍ അര്‍ഥവ്യത്യാസമുണ്ടാവുകയില്ല. തന്റെ ഓര്‍മയില്‍ നിന്നെടുത്ത് നിവേദനം ചെയ്യുന്നയാളാണെങ്കില്‍ നല്ല ഓര്‍മശക്തിയുള്ളയാളും രേഖകളില്‍ നിന്ന് ഉദ്ധരിക്കുന്നയാളാണെങ്കില്‍ രേഖാസംരക്ഷണത്തില്‍ അതീവശ്രദ്ധയുള്ളയാളുമാകണം അയാള്‍. അറിയപ്പെട്ട ഹദീഥ് നിവേദകന്‍മാരുടെ നിവേദനത്തില്‍ പരാമര്‍ശിക്കപ്പെട്ട വിഷയമാണ് അയാള്‍ നിവേദനം ചെയ്ത ഹദീഥിലുള്ളതെങ്കില്‍ അതുമായി വൈരുധ്യം പുലര്‍ത്താത്ത വിധം യോജിപ്പുള്ളതാവണം. താന്‍ നേര്‍ക്കു നേരെ കേട്ടിട്ടില്ലാത്തത് കേട്ടുവെന്ന് വരുത്തിത്തീര്‍ത്ത് നിവേദനം ചെയ്യുന്ന മുദല്ലിസോ പ്രവാചകനില്‍ നിന്ന് വിശ്വസ്തമായ പരമ്പരയോടു കൂടി നിവേദനം ചെയ്യപ്പെട്ട വചനങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ നിവേദനം ചെയ്യുന്നയാളോ ആകരുത് അയാള്‍. ഇവിടെ പറഞ്ഞ രീതിയിലുള്ള നിവേദകന്‍മാര്‍ മാത്രമുള്ള നബിൃ വരെയെത്തുന്ന മുറിയാത്ത ശൃംഖലയോടു കൂടിയ ഇസ്‌നാദുള്ള ഹദീഥുകളാണ് സ്വഹീഹ്''.(24) ആദ്യകാലത്തെ ഹദീഥ് വിഭജനത്തില്‍ സ്വഹീഹ്, ദ്വഈഫ് എന്നിങ്ങനെ മാത്രമെയുണ്ടായിരുന്നുള്ളൂ. നടേപറഞ്ഞ ഗുണഗണങ്ങളുള്ളവ സ്വഹീഹും അല്ലാത്തവ ദ്വഈഫും എന്ന രൂപത്തിലായിരുന്നു വര്‍ഗീകരിക്കപ്പെട്ടിരുന്നത്. ഇസ്‌നാദിന്റെ നിഷ്‌കൃഷ്ടമായ പരിശോധനയില്‍ ചെറിയ പ്രശ്‌നങ്ങളുള്ളവ പോലും ദ്വഈഫായാണ് വിലയിരുത്തപ്പെട്ടിരുന്നത്. അതുകൊണ്ടാണ് പ്രബലമായ മറ്റു തെളിവുകള്‍ ലഭ്യമല്ലെങ്കില്‍ ദ്വഈഫായ ഹദീഥുകളുടെ അടിസ്ഥാനത്തില്‍ മതവിധി നിര്‍ണയിക്കാമെന്ന് ഇമാം അഹ്മദ് ബിന്‍ ഹന്‍ബല്‍ അഭിപ്രായപ്പെട്ടത്. സ്വഹീഹായ ഇസ്‌നാദില്ലെങ്കിലും മതവിധി നിര്‍ണയിക്കാന്‍ ഉപയുക്തമായ വിധം വിശ്വസനീയമായത്, പൂര്‍ണമായും അസ്വീകാര്യമായതും ഒഴിവാക്കപ്പെടേണ്ടതുമായത് എന്നിങ്ങനെ രണ്ടുതരം ദ്വഈഫുകളുണ്ടായിരുന്നുവെന്ന് ഇമാം ഇബ്‌നു തൈമിയ വ്യക്തമാക്കുന്നുണ്ട്.(25) ഹിജ്‌റ 279ല്‍ അന്തരിച്ച, ഇമാം ബുഖാരിയുടെ ശിഷ്യനും പ്രസിദ്ധമായ ആറ് ഹദീഥ് ഗ്രന്ഥങ്ങളിലൊന്നിന്റെ കര്‍ത്താവുമായ അബൂഈസാ മുഹമ്മദ്ബിനു ഈസാ അത്തിര്‍മിദിയാണ് സ്വഹീഹിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കിലും മതവിധി നിര്‍ണയിക്കുവാനായി ഉപയോഗിക്കാനാവുന്ന ഹദീഥുകളെ ഹസന്‍ (കുഴപ്പമില്ലാത്തത്) എന്ന പേരില്‍ ആദ്യമായി വിളിച്ചത്. തന്റെ ഹദീഥ് സമാഹാരത്തിന്റെ ആമുഖത്തില്‍ എന്താണ് ഹസനെന്നും എങ്ങനെയുള്ള ഹദീഥുകളെയാണ് ഹസനായി പരിഗണിക്കാനാവുകയെന്നും അദ്ദേഹം വിശദമായി വിവരിക്കുന്നുണ്ട്.(26)‘കളവോ വ്യാജനിര്‍മിതിയോ ആരോപിക്കപ്പെടാത്തവര്‍ മാത്രം ഉള്‍ക്കൊള്ളുന്ന സനദോടു കൂടിയതും യോഗ്യതയുള്ളവരുടെ നിവേദനത്തിന് വിരുദ്ധമായത് (ശാദ്ദ്) അല്ലാത്തതും ഒന്നിലധികം ശൃംഖലയോടെ നിവേദനം ചെയ്യപ്പെട്ടതുമായ ഹദീഥാണ് 'ഹസന്‍'(27) എന്നാണ് അദ്ദേഹത്തിന്റെ നിര്‍വചനം. ഹസനായ ഹദീഥുകള്‍ രണ്ടുതരമാണെന്നും അശ്രദ്ധരും അമിതമായി അബദ്ധങ്ങള്‍ പിണയുന്നവരും കളവു പറഞ്ഞേക്കാമെന്ന് സംശയിക്കപ്പെടുന്നവരുമല്ലെങ്കിലും അര്‍ഹതയെക്കുറിച്ച് ശരിക്കും അറിയപ്പെട്ടിട്ടില്ലാത്ത ഒരാള്‍ സനദില്‍ ഉള്‍പെട്ടിരിക്കുവാന്‍ സാധ്യതയുള്ളതും അതേപ്രകാരമോ അതിനോട് സമാനമായ രീതിയിലോ വേറെവഴിക്ക് നിവേദനം ചെയ്യപ്പെട്ടതുമായ ഹദീഥുകളും സത്യസന്ധതയിലും വിശ്വസ്തതയിലും പ്രസിദ്ധനാണെങ്കിലും മനഃപാഠത്തിലും സൂക്ഷ്മതയിലും സ്വഹീഹിന്റെ സ്ഥാനം കൈവരിച്ചിട്ടില്ലാത്ത നിവേദകനിലൂടെ കടന്നുവന്നതും ആക്ഷേപവിധേയമാകാത്ത ഇസ്‌നാദോടുകൂടിയതും വിശാസയോഗ്യ നിവേദനങ്ങള്‍ക്ക് വിരുദ്ധമാകാത്തതും കേടുപാടുകളില്ലാത്തതുമായ 'മത്‌ന്' ഉള്‍ക്കൊള്ളുന്ന ഹദീഥുകളുമാണ് 'ഹസന്‍' ആയി പരിഗണിക്കപ്പെടുന്ന രണ്ട് വിഭാഗങ്ങളെന്ന് ഹദീഥ് പണ്ഡിതനായ ഇബ്‌നുസ്‌സ്വലാഹ് വിശദീകരിച്ചിട്ടുണ്ട്.(28) ഹദീഥുകളെ അവയുടെ ഇസ്‌നാദിന്റെ അടിസ്ഥാനത്തില്‍ വര്‍ഗീകരിച്ചു പഠിക്കുന്നതിനാണ് 'ഹദീഥ് സാങ്കേതിക വിജ്ഞാനീയം' (മുസ്ത്വലഹാത്തുല്‍ ഹദീഥ്) എന്നു പറയുക. രണ്ടുതരം ഹദീഥുകളുണ്ട്. അല്ലാഹുവിന്റെ വചനങ്ങളുള്‍ക്കൊള്ളുന്നവയും (ഹദീഥുല്‍ ക്വുദ്‌സി) പ്രവാചക ചര്യയെക്കുറിക്കുന്നവ (ഹദീഥുന്നബവി)യും. പ്രവാചക വചനങ്ങളുള്‍ക്കൊള്ളുന്നവ (ഹദീഥുല്‍ ക്വൗലി), പ്രവാചക കര്‍മങ്ങളെക്കുറിച്ച അനുചരന്‍മാരുടെ വിവരണങ്ങളുള്‍ക്കൊള്ളുന്നവ (ഹദീഥുല്‍ ഫിഅ്‌ലി), പ്രവാചകന്റെ അനുവാദമോ വിരോധമോ രേഖപ്പെടുത്തിയവ (ഹദീഥുത്ത്ക്വ്‌രീര്‍) എന്നിങ്ങനെ മൂന്നായി ഹദീഥുന്നബവി വിഭജിക്കപ്പെട്ടിരിക്കുന്നു. പ്രവാചകനില്‍ നിന്ന് മതം പഠിച്ചവര്‍ എന്ന നിലയ്ക്ക് സ്വഹാബിമാരുടെയും അവരില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കിയവരെന്ന നിലയ്ക്ക് താബിഉകളുടെയും വചനങ്ങള്‍ ഹദീഥ്ഗ്രന്ഥങ്ങളില്‍ കാണാം. പ്രവാചകനില്‍ നിന്നുള്ള നിവേദനത്തെ മര്‍ഫൂഅ് (ഉയര്‍ന്നത് പ്രവാചകനിലേക്ക് ചേര്‍ക്കപ്പെട്ടത്) എന്നും സ്വഹാബിമാരില്‍ നിന്നുള്ളതിനെ മൗക്വൂഫ് (നിലയ്ച്ചത്) എന്നും താബിഉകളില്‍ നിന്നുള്ളതിനെ മക്വ്ത്വൂഅ് (മുറിഞ്ഞത്) എന്നും വിളിക്കുന്നു. ഇസ്‌നാദിന്റെ അടിസ്ഥാനത്തില്‍ അഞ്ചായിട്ടാണ് ഹദീഥുകള്‍ വര്‍ഗീകരിക്കപ്പെട്ടിരിക്കുന്നത്. സ്വഹാബിയില്‍ നിന്നും തുടങ്ങി ഹദീഥ്‌ശേഖരിക്കുന്നയാളുവരെ മുറിയാത്ത ശൃംഖലയോടെ നിവേദനം ചെയ്യപ്പെട്ടവ മുസ്‌നദ് (പിന്‍ബലമുള്ളത്) എന്നും താബിഇ പ്രവാചകനിലേക്ക് ചേര്‍ത്തുകൊണ്ട് നിവേദനം ചെയ്തവയെ മുര്‍സല്‍ (ധൃതിയിലുള്ളത്) എന്നും താബിഇന് മുന്‍പുള്ള ഏതെങ്കിലുമൊരാളെ വിട്ടുകളഞ്ഞ് നിവേദനം ചെയ്യപ്പെട്ടവയെ മുന്‍ക്വത്തിഅ് (മുറിഞ്ഞത്) എന്നും തുടര്‍ച്ചയായ ഒന്നിലധികം നിവേദകന്‍മാരെ വിട്ടുപോയ ഇസ്‌നാദോടു കൂടി നിവേദനം ചെയ്യപ്പെട്ടവയെ മുഅ്ദല് (പ്രയാസപ്പെടുത്തുന്നത്) എന്നും തനിക്ക് ഹദീഥ് ലഭിച്ചതെവിടെ നിന്നാണെന്ന് പരാമര്‍ശിക്കാതെ ഉദ്ധരിക്കപ്പെട്ടവയെ മുഅല്ലക്വ് (ചേര്‍ത്തുവെച്ചത്) എന്നും വിളിക്കപ്പെടുന്നു. നിവേദകന്‍മാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമായും മുതവാത്തിര്‍, ഖബര്‍ ആഹാദ് എന്നിങ്ങനെ രണ്ടായാണ് ഹദീഥുകള്‍ വര്‍ഗീകരിക്കപ്പെട്ടിരിക്കുന്നത്. നിവേദക പരമ്പരയിലെ ഓരോകണ്ണിയിലും എണ്ണം ക്ലിപ്തപ്പെടുത്താനാവാത്ത വിധം നിരവധിപേര്‍ ഉള്‍ക്കൊളുന്ന നിവേദനങ്ങള്‍ക്കാണ് മുതവാത്തിര്‍ (ധാരാളമായി നിവേദനം ചെയ്യപ്പെട്ടത്) എന്നു പറയുക. മുതവാത്തിറല്ലാത്ത ഹദീഥുകളെയെല്ലാം ഖബര്‍ ആഹാദ് എന്നു വിളിക്കുന്നു. നിവേദക ശൃംഖലയിലെവിടെയെങ്കിലും ഒരാള്‍ മാത്രമുള്ള ഹദീഥുകളെ ഗരീബ് (അപൂര്‍വം) എന്നും ഇസ്‌നാദില്‍ എല്ലായിടത്തും രണ്ടില്‍ കുറയാത്ത നിവേദകന്‍മാരുള്ളവയെ അസീസ് (സുശക്തം) എന്നും സനദിന്റെ എല്ലാ ഘട്ടങ്ങളിലും മൂന്നില്‍ കുറയാതെ നിവേദകന്‍മാരുള്ളവയെ മശ്ഹൂര്‍ (സുപ്രസിദ്ധം) എന്നും മൂന്നായി ഖബര്‍ വാഹിദ് വര്‍ഗീകരിക്കപ്പെട്ടിരിക്കുന്നു. നിവേദനം ചെയ്ത രീതിയുടെ അടിസ്ഥാനത്തില്‍ രണ്ടായാണ് ഹദീഥുകള്‍ വിഭജിക്കപ്പെട്ടിരിക്കുന്നത്. പ്രവാചകന്‍ല മുതല്‍ ഹദീഥ് ശേഖരിച്ചയാള്‍ വരെ ഒരേ രൂപത്തില്‍ 'ഞാന്‍ കേട്ടു' (സമിഅ്ത്തൂ)വെന്നോ സമാനമായതോ ആയ പ്രയോഗങ്ങളുപയോഗിച്ച് നിവേദനം ചെയ്യപ്പെട്ടവയാണ് മുസല്‍സല്‍ (ഒരേരൂപത്തില്‍ ഇണക്കപ്പെട്ടത്) എന്നറിയപ്പടുന്നത്. ഏതെങ്കിലുമൊരു നിവേദകന്റെ പേര് മറച്ചുവെച്ചുകൊണ്ട് ഉദ്ധരിക്കപ്പെടുന്നവയാണ് മുദല്ലസ് (മറച്ചുവെക്കപ്പെട്ടത്) എന്നു പറയുന്നത്. ഹദീഥിലുള്ള ആശയത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജനമാണ് മറ്റൊന്ന്. സുപ്രസിദ്ധരും യോഗ്യരുമായ നിവേദകന്‍മാര്‍ ഉദ്ധരിച്ച ഹദീഥിലെ ആശയത്തിനെതിരെ വിശ്വസ്തനായ നിവേദകനിലൂടെ വന്ന ഹദീഥാണ് ശാദ്ദ് (ഒറ്റപ്പെട്ടത്്). സ്വീകാര്യമായ സനദോടു കൂടിയ ഒരു ഹദീഥിലെ ആശയത്തിനെതിരുനില്‍ക്കുന്ന ദുര്‍ബലമായ നിവേദക പരമ്പരയിലുള്ള ഹദീഥാണ് മുന്‍കര്‍ (അസ്വീകാര്യമായത്). പ്രവാചകവചനങ്ങള്‍ നിവേദനം ചെയ്യുന്നതിനിടയ്ക്ക് സ്വഹാബിയുടെയോ നിവേദകന്റെയോ വചനങ്ങള്‍ കൂടിക്കലരുന്നതിനാണ് മുദ്‌റജ് (കടത്തിക്കൂട്ടപ്പെട്ടത്) എന്ന് പറയുക. സ്വീകാര്യതയുടെ വെളിച്ചത്തില്‍ മൂന്നായാണ് ഹദീഥുകള്‍ വിഭജിക്കപ്പെട്ടിരിക്കുന്നത്. സത്യസന്ധരും മതനിഷ്ഠരും വിശ്വസ്തരും ഓര്‍മശക്തിയുള്ളവരും മറക്കാന്‍ സാധ്യതയില്ലാത്തവരുമായ നിവേദകന്‍മാര്‍ മാത്രം ഉള്‍ക്കൊള്ളുന്നതും നിവേദക ശൃംഖലയില്‍ കണ്ണികള്‍ക്കൊന്നും കേടുപാടുകളൊന്നുമില്ലാതെ പ്രവാചകന്‍ﷺ വരെ എത്തുന്നതും പ്രബലരായ നിവേദകരിലൂടെ വന്ന ഹദീഥുകളുടെ ആശയത്തിനെതിരാകാത്തതുമായ ഹദീഥുകളാണ് സ്വഹീഹ് (പ്രബലമായത്) എന്നറിയപ്പെടുന്നത്. സ്വഹീഹിന്റെ നിബന്ധനകള്‍ പാലിക്കപ്പെട്ടവയെങ്കിലും ഓര്‍മക്കുറവ് പോലെയുള്ള ചെറിയ ന്യൂനതകളുള്ള നിവേദകന്‍മാര്‍ ഉള്‍പ്പെട്ട പരമ്പരയുള്ള ഹദീഥുകളാണ് ഹസന്‍ (കുഴപ്പമില്ലാത്തത്). സ്വഹീഹോ ഹസനോ അല്ലാത്തവയെല്ലാം ദ്വഈഫായ (ദുര്‍ബലം) ഹദീഥുകളാണ്. ആരൊക്കെയോ നിര്‍മിക്കുകയും നബിﷺയുടെ പേരില്‍ ആരോപിക്കുകയും ചെയ്തതാണെന്ന് ഉറപ്പുള്ള ദുര്‍ബല ഹദീഥുകളാണ് മൗദ്വൂഅ് (കല്‍പിതം) എന്നറിയപ്പെടുന്നത്. സ്വഹീഹും ദ്വഈഫും  മൗദ്വൂഉമായ ഹദീഥുകളെ വേര്‍തിരിച്ച് പഠിപ്പിക്കുന്നതിനായി ഹദീഥ് പണ്ഡിതന്‍മാര്‍ ത്യാഗപൂര്‍ണമായ പരിശ്രമങ്ങളാണ് ചെയ്തത്. സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം എന്നീ സ്വഹീഹായ ഹദീഥുകള്‍ മാത്രമുള്‍ക്കൊള്ളുന്ന ഗ്രന്ഥങ്ങള്‍ ഈ പരിശ്രമത്തിന്റെ ഫലമായിരുന്നു. ജാമിഉത്തിര്‍മിദി, സുനനുന്നസാഈ, സുനനു അബീദാവൂദ്, സുനനു ഇബ്‌നുമാജ, മുസ്‌നദുല്‍ ഇമാം അഹ്മദ്, മുവത്വഅ് മാലിക്കുബ്‌നു അനസ് തുടങ്ങിയ ഗ്രന്ഥങ്ങളെല്ലാം സ്വഹീഹായ ഹദീഥുകളെക്കുറിച്ച് പഠിപ്പിക്കുവാനും അങ്ങനെ നബിചര്യ അനുധാവനം ചെയ്യുന്നത് എളുപ്പമാക്കുന്നതിനും വേണ്ടി രചിക്കപ്പെട്ടവയാണ്. അതോടൊപ്പം തന്നെ വ്യാജ ഹദീഥുകളെപ്പറ്റി ബോധവല്‍ക്കരിക്കുന്നതിനും അതില്‍ നിന്ന് ജനങ്ങളെ അകറ്റുന്നതിനും വേണ്ടിയുള്ള പരിശ്രമങ്ങളും ഹദീഥ് പണ്ഡിതന്‍മാരുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. ഹിജ്‌റ 414ല്‍ അന്തരിച്ച അബൂസഈദ് അന്‍ നഖ്ഖാഷ് ഇസ്ബഹാനി മൗദൂആയ ഹദീഥുകള്‍ ക്രോഢീകരിച്ചുകൊണ്ട് ഒരു ഗ്രന്ഥമെഴുതിയിരുന്നതായി ഇമാം ദഹബി വ്യക്തമാക്കുന്നുണ്ട്. ഹിജ്‌റ 507ല്‍ അന്തരിച്ച മുഹമ്മദ്ബ്ന്‍ താഹിര്‍ അല്‍ മക്വ്ദസിയുടെ തദ്കിറത്തുല്‍ മൗദ്വൂആത്ത്, ഹിജ്‌റ 597ല്‍ അന്തരിച്ച ഇബ്‌നുല്‍ ജൗസിയുടെ കിത്താബുല്‍ മൗദ്വൂആത്ത്, ഹി: 728ല്‍ അന്തരിച്ച ഇബ്‌നുതൈമിയയുടെ അഹാദീക്വുസ്സ്വാസ്വ്, ഹിജ്‌റ 911ല്‍ അന്തരിച്ച ജലാലുദ്ദീന്‍ അസ്‌സുയൂത്വിയുടെ അല്‍ലആലി ഉല്‍മന്‍സൂഅ തുടങ്ങിയവ, വ്യാജഹദീഥുകളെ വേര്‍തിരിച്ച് പഠിപ്പിക്കുന്നതിനു വേണ്ടിയുള്ള പണ്ഡിതപരിശ്രമത്തിന്റെ ഫലമായി പുറത്തുവന്ന രചനകളാണ്. സ്വഹീഹുല്‍ ബുഖാരിയും സ്വഹീഹു മുസ്‌ലിമുമൊഴിച്ചുള്ള ഗ്രന്ഥങ്ങളിലെല്ലാം സ്വഹീഹും ഹസനും ദ്വഈഫുമായ ഹദീഥുകള്‍ കൂടിക്കലര്‍ന്നാണ് കിടക്കുന്നതെന്നതിനാല്‍ ഹദീഥുകളുടെ അടിസ്ഥാനത്തില്‍ മതവിധി നിര്‍ണയിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഏറെ പണിപ്പെടേണ്ടതുണ്ടായിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കിയത് ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ച മഹാപ്രതിഭാശാലിയായ ഹദീഥ് പണ്ഡിതന്‍ മുഹമ്മദ് നാസിറുദ്ദീന്‍ അല്‍ അല്‍ബാനിയാണ് (ഹിജ്‌റ 1332  1420). അദ്ദേഹത്തിന്റെ പതിനൊന്ന് വാല്യങ്ങളുള്ള സില്‍സിലത്തുല്‍ അഹാദീഥിസ്സ്വഹീഹ എന്നറിയപ്പെടുന്ന ഗ്രന്ഥം സ്വഹീഹായ ഹദീഥുകളെ ക്രോഢീകരിക്കുന്നതിനായുള്ള ശ്രമഫലമായി പുറത്തുവന്ന രചനയാണ്. പതിനാല് വാല്യങ്ങളുള്ള സില്‍സിലത്തുല്‍ അഹാദീഥിദ്ദ്വഈഫയില്‍ നിലവിലുള്ള ഹദീഥ് ഗ്രന്ഥങ്ങളിലെ ദ്വഈഫായ ഹദീഥുകള്‍ ക്രോഢീകരിക്കുകയും എന്തുകൊണ്ടാണ് അവയെ ദ്വഈഫായി പരിഗണിക്കുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സ്വഹീഹു വ ദ്വഈഫു സുനനി അബീദാവൂദ്, സ്വഹീഹു വ ദ്വഈഫു സുനനിത്തിര്‍മിദി, സ്വഹീഹു വ ദ്വഈഫു സുനനി ഇബ്‌നിമാജ തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെ അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുമാജ തുടങ്ങിയ ഗ്രന്ഥങ്ങളിലെ സ്വഹീഹും ദ്വഈഫും വേര്‍തിരിക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ഹദീഥുകളുടെ ഇസ്‌നാദുകള്‍ പരിശോധിച്ച് നബിജീവിതത്തില്‍ സംഭവിച്ചതെന്തൊക്കെയെന്ന് സമഗ്രമായി അപഗ്രഥിക്കുന്നതിനായി നാലു നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ഭഗീരഥ പ്രയത്‌നത്തിന്റെ ഫലമായി രൂപീകരിക്കപ്പെട്ട ഉസ്വൂലുല്‍ ഹദീഥിനെപ്പോലെ ശാസ്ത്രീയവും സുക്ഷ്മവുമായി ഒരു വ്യക്തിത്വത്തിന്റെ ചരിത്രപരത പരിശോധിക്കുവാന്‍ പറ്റിയ മറ്റേതെങ്കിലും മാര്‍ഗങ്ങളുണ്ടോയെന്ന ചോദ്യത്തിന് സത്യസന്ധമായി നല്‍കാനാവുന്ന ഉത്തരം ഇല്ലയെന്നു തന്നെയാണ്. ഇസ്‌നാദുകളുടെ പരിശോധന അബദ്ധജഡിലമാണെന്ന് വാദിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. ഹദീഥ് നിദാനശാസ്ത്രം അബന്ധങ്ങളാല്‍ സ്ഥാപിക്കപ്പെട്ടതാണെങ്കില്‍ കുറ്റാന്വേഷണത്തിനുപയോഗിക്കുന്ന മാര്‍ഗങ്ങളും അന്വേഷണാത്മക പത്രപ്രവര്‍ത്തകന്റെ രീതികളുമെല്ലാം അബദ്ധജഡിലമാണെന്ന് വാദിക്കേണ്ടി വരും. ചരിത്രവിമര്‍ശനത്തിന്റെ രീതിയല്ല ഉസ്വൂലുല്‍ ഹദീഥിന്റേത് എന്ന കാരണത്താല്‍ മാത്രം അത് അബദ്ധമാകുന്നതെങ്ങനെയെന്ന് വിശദീകരിക്കുവാന്‍ അതിന്റെ ഉപകരണങ്ങളുപയോഗിച്ച് ഇസ്‌നാദിനെ വെല്ലുവിളിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്. പ്രസ്തുത ബാധ്യത നിര്‍വഹിക്കപ്പെടാത്തിടത്തോളം ഉസ്വൂലുല്‍ ഹദീഥിനെ വെല്ലുവിളിക്കുന്നവരാണ് തങ്ങള്‍ എന്ന് അവകാശപ്പെടാന്‍ ഓറിയന്റലിസ്റ്റുകള്‍ക്കോ അവര്‍ നല്‍കിയ തെളിവുകളുപയോഗിച്ച് ഹദീഥ് വിമര്‍ശനം നടത്തുന്നവര്‍ക്കോ അര്‍ഹതയില്ല. ഹദീഥുകളെ നിഷേധിച്ചുകൊണ്ട് നബിൃയുടെ ചരിത്രപരതയെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ തങ്ങള്‍ കുഴിച്ച കുഴിയില്‍ തന്നെ വീണുകൊണ്ടിരിക്കുകയാണ് ചെയ്യുന്നത് എന്ന വാസ്തവം മനസ്സിലാക്കുന്നില്ല. ആധുനിക ചരിത്രത്തിന്റെ രേഖീകരണത്തിനു പോലും വാഗ്ചരിതത്തിന്റെ (Oral History) സഹായമാവശ്യമുണ്ടെന്ന ചരിത്രരേഖീകരണ ശാസ്ത്രജ്ഞന്‍മാരുടെ അഭിപ്രായത്തെ അവര്‍ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നറിയാന്‍ കൗതുകമുണ്ട്. ഹദീഥുകളുടെ ഇസ്‌നാദിന് ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന തകരാറുകളെല്ലാം വാഗ്ചരിത്രത്തിനുമുണ്ടെന്ന് അതിന്റെ ഉപകരണങ്ങള്‍ പരിശോധിച്ചാല്‍ ബോധ്യപ്പെടും.(29) ഇസ്‌നാദിനെ നിഷേധിക്കുന്നവര്‍ക്ക് ആധുനിക ചരിത്രത്തെപ്പോലും നിഷേധിക്കേണ്ടിവരുമെന്ന് സാരം.
 • കുറിപ്പുകൾ
  1. Dr. Jonathan AC Brown: A Brief history of Hadith Collection and Criticism (www.yo utube.com/watch?v=cxuebxgixhs)
  2. Nicholas Grimal: A history of Ancient Egypt, Hobocom NJ, 1994,p. 199-293.
  3. ഉല്‍പത്തി 12:10-20.
  4. ഉല്‍പത്തി 40:1-41:57.
  5. പത്തൊന്‍പതാം രാജവംശത്തിലെ രാംസെസ് രണ്ടാമന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്താണ് മോശെ ജീവിച്ചതെന്ന് കരുതപ്പെടുന്നു.
  6. ഡോ. മുഹമ്മദ് മുസ്തഫ അല്‍ അഅ്ദ്വമിയുടെStudies in Early Hadith Literature,മുഹമ്മദ് സുബൈര്‍ സിദ്ദീഖിയുടെHadith Literature,ഒരു സംഘം ലേഖകരുടെ Hadith and Sunnah; Ideals and Realities,ജോനാഥന്‍ എ.സി ബ്രൗണിന്റെ Hadith: Muhammad's Legacy in the Medieval and Modern World, ഡോക്ടര്‍ മുസ്തഫസ്‌സബാഈയുടെ സുന്നത്തും ഇസ്‌ലാം ശരീഅത്തില്‍ അതിന്റെ സ്ഥാനവും, ഡോ. അബൂ അമീനാ ബിലാല്‍ ഫിലിപ്‌സിന്റെ Usool Al Hadith, The Methodology of Hadith Evaluation തുടങ്ങിയ ഗ്രന്ഥങ്ങള്‍ വായിക്കുക.
  7. Hugo De Burgh: Investigative Journalism, Context and Practice, Newyork, 2000, Page 68-88.
  8. ഇമാം ദഹബിയുടെ തദ്കിറതുല്‍ ഹുഫ്ഫാദില്‍ നിന്ന് ഡോ. മുസ്ത ഫസ്‌സബാഈ ഉദ്ധരിച്ചത്. പുറം. 32. (ഇതിന്റെ പരമ്പര വിഛിന്നമാണെന്ന് ഹദീഥ് നിരൂപണ പണ്ഡിത്ന്‍മാര്‍ അഭിപ്രായപെട്ടിട്ടുണ്ട്. അബൂബക്കര്‍(റ)നെ നേരില്‍ കണ്ടിട്ടില്ലാത്ത വ്യക്തിയാണ് അദ്ദേഹത്തില്‍ നിന്നുമിത് റിപ്പോര്‍ട്ടു ചെയ്യുന്നത് എന്നതാണ് പ്രസ്തുത വിമര്‍ശനം)
  9. സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ആദാബ്.
  10. സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ഇല്‍മ്.
  11. സ്വഹീഹു മുസ്‌ലിം, കിതാബു ഫദാഇലിസ്‌സ്വഹാബഃ.
  12. സ്വഹീഹു മുസ്‌ലിം, മുഖദ്ദിമ, ബാബുല്‍ ഇസ്‌നാദി മിനദ്ദീനി.
  13. സ്വഹീഹു മുസ്‌ലിം, മുഖദ്ദിമ, ബാബുല്‍ ഇസ്‌നാദി മിനദ്ദീനി.
  14. Quated by Janathan AC Brown: Hadith Muhammad's Legacy in the Medieval and Modern World, Page 78.
  15. Ibid.
  16. Muhammed Zubair Siddiqui: Hadith Literature, Page 82, 83.
  17. Scott C. Luas: Constructive critics; Hadith Literature and the Articulation of Sunni Islam: The Legacy of the generation of Ibn Saa'd, Ibn Mahm and Ibn Hanbal, Netherlands, 2004, Page 143-156.
  18. സ്വഹീഹു മുസ്‌ലിം, മുഖദ്ദിമ.
  19. Abu Ameena Bilal Philips; Usool Al Hadith, the Methodology of Hadith Evaluation, UAE, Page 82, 83.
  20. Mohammed Adil Davis: The Science of Authenticating the prophet's Traditions, Cape Town, 1998, Page 77, 78.
  21. സ്വഹീഹു മുസ്‌ലിം, മുഖദ്ദിമ.
  22. ജാമിഉത്തിര്‍മിദി, കിതാബുല്‍ ജിഹാദ്, ബാബ് മാജാഅ ഫില്‍ മിഗ്്ഫാര്‍.
  23. ഇമാം ഇബ്‌നു ഖുസൈമയുടെ സ്വഹീഹ് ഇബ്‌നു ഖുസൈമ (വാല്യം 1, പുറം3) യില്‍ നിന്ന് ജോനാഥന്‍ എ.സി.ബ്രൗണ്‍ ഉദ്ധരിച്ചത്: Jonathan A.C. Brown: Hadith Page 101.
  24. Majid Kadduri: Al-Shafi’s Risala, Cambridge, 2008 Page 239-240.
  25. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തീമിയ: മജ്മൂഉല്‍ ഫതാവാ, വാല്യം 18, പുറം 23.
  26. Abu Khaliyl: Introduction to Jami'at At Tirmidhi,”English Translation of Jami At Tirmidhi, Vol. 1 Page 28, 29.
  27. ജാമിഉത്തിര്‍മിദി, കിതാബുല്‍ ഇലല്‍.
  28. ഡോ. മുസ്തഫസ്‌സബാഇ ഉദ്ധരിച്ചത്. സുന്നത്തും ഇസ്‌ലാം ശരീഅത്തില്‍ അതിന്റെ സ്ഥാനവും, പുറം 56.
  29. http://dohistory.org/on-your-own/toolkit/oral History.html.