സ്വന്തത്തേക്കാളധികം മുഹമ്മദ് നബി(സ)യെ സ്‌നേഹിക്കുന്ന മുസ്‌ലിംകള്‍ക്ക് നബി(സ)യെന്ന പേരിട്ടുകൊണ്ട് വൃത്തികെട്ട ചിത്രങ്ങള്‍ വര ക്കപ്പെടുകയും ലോകത്തിന് പ്രകാശം നല്‍കുകയും നന്മ മാത്രം വിതറുകയും ചെയ്ത പ്രവാചകന്‍ ക്രൂരമായി അഭിശംസിക്കപ്പെടുകയും ചെയ്യുമ്പോള്‍ വേദനയുണ്ടാവുക സ്വാഭാവികമാണ്. സ്വന്തത്തെയല്ലാതെ മറ്റൊന്നിനെയും ആത്മാര്‍ത്ഥമായി സ്‌നേഹിക്കാന്‍ പഠിച്ചിട്ടില്ലാ ത്ത ആത്മരതിയുടെ സംസ്‌കാരം പേറുന്നവര്‍ക്ക് മുസ്‌ലിംകളുടെ നബിസ്‌നേഹത്തിന്റെ ആഴവും അര്‍ത്ഥവുമറിയാന്‍ കഴിയില്ല. ഒരാളു ടെ കാരിക്കേച്ചറുകളും കോമാളി വരകളും എന്തിനാണ് ഒരു ജനസമൂഹത്തെ വൈകാരികമായി സ്വാധീനിക്കുന്നതെന്ന് അവര്‍ക്ക് മനസ്സിലാ കാത്തത് ദൈവസ്‌നേഹത്തിന്റെയും അതില്‍ നിന്ന് ഉയിരെടുക്കുന്ന നബിസ്‌നേഹത്തിന്റെയും അവാച്യമായ അനുഭൂതി അവര്‍ക്ക് ആസ്വ ദിക്കാന്‍ കഴിയാത്തതുകൊണ്ടാണ്. വിശ്വാസം രൂഢമൂലമായ മനസ്സിനേ പ്രസ്തുത അനുഭൂതിയുടെ ആസ്വാദ്യത അനുഭവിക്കുവാന്‍ ഭാഗ്യം ലഭിക്കൂ. അവിശ്വാസത്തിന്റെ ആന്ധ്യവും ആസ്വാദനമെന്നാല്‍ ഇന്ദിയാസ്വാദനം മാത്രമാണെന്ന അധകൃത ബോധവും ബാധിച്ചവര്‍ പ്രസ്തു ത ഭാഗ്യമില്ലാതെ പോയവരാണ് എന്നതിനാല്‍ അവരോട് സഹതപിക്കാന്‍ മാത്രമെ വിശ്വാസികള്‍ക്കാവൂ. ലോകനാഥനോടുള്ള സ്‌നേഹ വും പ്രസ്തുത സ്‌നേഹം എങ്ങനെയെന്ന് പഠിപ്പിച്ച ദൂതനോടുള്ള പ്രേമവുമാണ് മുസ്‌ലിമിന്റെ വ്യക്തിത്വത്തെ പ്രകാശമാനമാക്കുന്നത്. മറ്റൊരാളെ സ്വന്തത്തെക്കാളേറെ സ്‌നേഹിക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കുവാന്‍ പോലും അവിശ്വാസവും ആത്മാരാധനയും മൂലം കടു ത്തുപോയ ഹൃദയത്തിന്റെ ഉടമകള്‍ക്ക് കഴിയില്ല. അതിന് ദൈവസമര്‍പ്പണത്തിന്റെ വെളിച്ചം ലഭിച്ച മനസ്സുണ്ടാകണം. അതില്ലാത്തവര്‍ ക്ക് നബിനിന്ദ മുസ്‌ലിം മനസ്സില്‍ സൃഷ്ടിക്കുന്ന വേദനയുടെ ആഴമളക്കാനാവില്ല. സ്വന്തം ഹൃദയത്തിനകത്തേക്ക് അമ്പ് തുളച്ചുകയറുമ്പോഴു ണ്ടാകുന്ന വേദനയേക്കാള്‍ അസഹ്യമാണ് മുസ്‌ലിമിന് നബിനിന്ദ കേള്‍ക്കുമ്പോഴുള്ള വേദന. അളന്നു തിട്ടപ്പെടുത്തുവാനോ അഭിനയിച്ചു കാണിച്ചുകൊടുക്കുവാനോ കഴിയുന്നതല്ല അത്. നബിസ്‌നേഹത്തിന്റെ ആസ്വാദ്യത അനുഭവിക്കുവാന്‍ ഭാഗ്യം ലഭിച്ചവര്‍ക്കേ പ്രസ്തുത വേദനയുടെ ആഴം മനസ്സിലാകൂ; ആത്മാരാധകരായ നബിനിന്ദകര്‍ക്ക് അത് മനസ്സിലാവില്ല.
നബിസ്‌നേഹത്തിന്റെ പ്രകടനത്തിന് ഹാവഭാവങ്ങളുടെ അകമ്പടിയുണ്ടാവണമെന്നില്ല. ചരിത്രത്തില്‍ ജീവിച്ചുകഴിഞ്ഞവരില്‍ നിന്നെല്ലാം നബി(സ) വ്യത്യസ്തമായതുപോലെ അദ്ദേഹത്തോടുള്ള സ്‌നേഹപ്രകടനവും വ്യത്യസ്തമാണ്. നബിസ്‌നേഹത്തിന്റെ പ്രയോഗവല്‍ക്കര ണമെന്നാല്‍ നബിജീവിതത്തിന്റെ അനുധാവനമാണെന്നാണ് അന്തിമ പ്രവാചകന്‍(സ) വിശ്വാസികളെ പഠിപ്പിച്ചത്. ജീവിതത്തിന്റെ ഏതേ ത് തുറകളിലുള്ളവര്‍ക്കാണെങ്കിലും മാതൃകയാക്കാന്‍ പറ്റിയതായി അവതരിപ്പിക്കാനാവുന്ന മറ്റൊരു വ്യക്തിത്വമില്ല; ഞങ്ങളുടെ പ്രവാച കനല്ലാതെയെന്ന വസ്തുത ആരുടെ മുന്നിലും ഉറക്കെപ്പറയാന്‍ കഴിയുന്ന ഒരേയൊരു ജനസമൂഹമാണ് മുസ്‌ലിംകള്‍. നബിജീവിതത്തിന്റെ മാതൃക വെളിച്ചം വീശാത്ത മേഖലകളൊന്നുമില്ല. സ്‌നേഹിക്കുന്നവരോടും വെറുക്കുന്നവരോടുമെല്ലാം എങ്ങനെ പെരുമാറണമെന്ന് പ്രവാ ചകന്‍ (സ) പഠിപ്പിച്ചിട്ടുണ്ട്. അനുയായികളെയും എതിരാളികളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്നും സ്തുതിപാഠകന്‍മാരോടും നിന്ദകരോടുമുള്ള നിലപാടുകള്‍ എങ്ങനെയാകണമെന്നും നബി(സ) മാതൃക കാണിക്കാതെ വിട്ടുപോയിട്ടില്ല. ഏതാനും ചില അനുയായിക ളല്ലാതെ മക്കയിലുള്ള മറ്റുള്ളവരെല്ലാം പ്രവാചകന്റെ പ്രബോധനകാലത്തിന്റെ തുടക്കത്തില്‍ നബിനന്ദകരായിരുന്നു. പ്രസ്തുത നിന്ദക രില്‍ നിന്നാണ് പ്രവാചകാനുചരന്‍മാരെല്ലാം പരിണമിച്ചുണ്ടായത് എന്നുള്ള വസ്തുത നബിചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഉമറും അബൂ സുഫ്‌യാനും ഖാലിദുബ്‌നു വലീദും സുഹൈലുബ്‌നു അംറും ഹിന്ദും തുടങ്ങി അറിയപ്പെട്ട നബിനിന്ദകരെയെല്ലാം ഇസ്‌ലാമിന്റെ കൊടി ക്കീഴില്‍ അണിനിരത്തി നബിസ്‌നേഹത്തിന്റെ നിതാന്ത മാതൃകകളാക്കിത്തീര്‍ത്ത ചരിത്രമാണ് പ്രവാചകന്റേത്. നിന്ദകരെ കൊന്നൊടു ക്കുകയല്ല, സ്വന്തം ജീവിതവിശുദ്ധിയിലൂടെ അനുയായികളാക്കിത്തീര്‍ക്കുകയാണ് വേണ്ടതെന്ന പാഠമാണ് നബി (സ) സ്വന്തം കര്‍മങ്ങളി ലൂടെ പഠിപ്പിച്ചത്. നബിനിന്ദകര്‍ക്കുള്ള പ്രവാചകകാലത്തെ മറുപടി നബിജീവിതത്തിന്റെ വെളിച്ചമായിരുന്നുവെങ്കില്‍ ഇന്നത്തെയും മറുപടി പ്രസ്തുത വെളിച്ചം തന്നെയാണ്. പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നബി(സ) പ്രസരിപ്പിച്ച വെളിച്ചം അതിന്റെ ഒളി ഒരല്‍പ്പംപോ ലും മങ്ങാതെ ഇന്നും ഇവിടെയുണ്ട്. പ്രസ്തുത വെളിച്ചത്തെ നബിനിന്ദകര്‍ക്കു നേരെ തിരിച്ചുവെക്കുകയെന്നതാണ് മുസ്‌ലിംകളുടെ ദൗത്യം. ലോകത്തെങ്ങുമുള്ള നബിനിന്ദകരെ കൊന്നൊടുക്കുവാന്‍ നബി (സ) പഠിപ്പിച്ചിട്ടില്ലാത്തതിനാല്‍ അങ്ങനെ ചെയ്യാനൊരുമ്പെടുന്നവര്‍ ഇക്കാ ര്യത്തില്‍ നബി(സ)യില്‍ നിന്ന് വെളിച്ചം സ്വീകരിക്കാത്തവരാണ്. ഇക്കാര്യത്തില്‍ അവരും നബിനിന്ദകരും ഒരേ പോലെയാണെന്ന് പറയു ന്നത് അതുകൊണ്ടാണ്.
നബി (സ) യുടെ ജീവിതത്തിലെ ഏതെങ്കിലും ഒരു സംഭവം ഉയർത്തിക്കാണിച്ച് അദ്ദേഹം വർഗീയവാദിയായിരുന്നുവെന്ന് സ്ഥാപിക്കുവാൻ കൊടിയ നബി വിമർശകർക്കു പോലും കഴിഞ്ഞിട്ടില്ല.വർഗീയതയുടെ ലാഞ്ചനപോലുമില്ലാതെ ജീവിച്ചയാളായിരുന്നു പ്രവാചകനെന്ന് വ്യക്തമാക്കുന്ന നൂറുകണക്കിന് സംഭവങ്ങൾ ആ മഹത്ജീവിതത്തിൽ കാണാൻ കഴിയും.
ഹിജ്റയോടനുബന്ധിച്ച ഒരു സംഭവം നോക്കുക. അല്ലാഹുവിന്റെ മാര്ഗെത്തില്‍ ഇറങ്ങിത്തിരിച്ചവരോടൊപ്പം അല്ലാഹുവുണ്ടാകുമെന്ന പാഠം നൽകുന്ന സംഭവമാണ് ഹിജ്‌റ. മൂന്നുദിവസത്തെ ഗുഹാവാസത്തിനു ശേഷം, റബീഉല്‍ അവ്വല്‍ ഒന്നാം തിയ്യതി രാത്രിയാണ് യഥ്‌രിബ് ലക്ഷ്യമാക്കിയുള്ള നബിസംഘത്തിന്റെ യാത്രയാരംഭിച്ചത്. നബി (സ) യും അബൂബക്കറും (റ) അദ്ദേഹത്തിന്റെ ദാസനായ ആമിറുബ്‌നു ഫുഹൈറയും വഴികാട്ടിയായ അബ്ദുല്ലാഹിബ്‌നു ഉറൈഖത്ത് അല്‍ ലൈഥിയുമടങ്ങുന്ന നാലുപേരുടെ സംഘം എട്ടാം തിയ്യതി തിങ്കളാഴ്ച പകൽ സമയത്ത് യഥ്‌രിബിന്റെ കവാട നഗരിയായ ഖുബായില്‍ എത്തുന്നതിനിടയിലെ സംഭവങ്ങളിലൂടെ നബി (സ) നിരവധി പാഠങ്ങള്‍ ലോകത്തിന് നല്കു്കയുണ്ടായി. നബിസംഘത്തിലെ വഴികാട്ടിയെപ്പറ്റി ബുഖാരിയിലെ നിവേദനത്തില്‍ പറയുന്നത് 'സത്യനിഷേധികളായ ഖുറൈശികളുടെ മതത്തിലായിരുന്നു അയാള്‍'(സ്വഹീഹുല്‍ ബുഖാരി, കിതാബുഫദാഇലില്‍ അന്സാ്ര്‍) എന്നാണ്. കീല്‍ ഗോത്രക്കാരനും അബ്ദുബ്‌നു അദിയ്യിന്റെ സന്തതികളില്‍ പെട്ടയാളും വിദഗ്ധനായ വഴികാട്ടിയുമായിരുന്ന അദ്ദേഹമായിരുന്നു മക്കയില്‍ നിന്ന് യഥ്‌രിബിലെത്തുവോളം പ്രവാചകന് (സ) വഴികാട്ടിയായി കുടെയുണ്ടായിരുന്നതെന്ന യാഥാര്ഥ്യംക.
തങ്ങളുടെ പലായന വിവരവും ഥൗര്‍ ഗുഹയിലെ താമസവിവരവും മൂന്നു ദിവസങ്ങൾക്കുശേഷമുള്ള യാത്രാവിവരവുമെല്ലാം മുസ്‌ലിമല്ലാത്ത ഒരു വിശ്വസ്തനുമായി നേരത്തെതന്നെ പങ്കുവെക്കുന്നതില്‍ പ്രവാചകൻ (സ)യാതൊരുവിധ അനൗചിത്യവും ദർശിച്ചില്ല. അബ്ദുല്ലാഹിബ്‌നു ഉറൈഖത്താകട്ടെ തന്നെ ഏല്പിതച്ച ദൗത്യം ഭംഗിയായി നിര്വഹഹിക്കുകയും ചെയ്തു. യാത്രയിലോ യാത്രയ്ക്കു മുമ്പോ നബി (സ) യുടെ ശത്രുക്കളെ അറിയാതെ, അവര്ക്ക് പരിചയമില്ലാത്ത വഴികളിലൂടെ, തികച്ചും സുരക്ഷിതവുമായി മുഹമ്മദ് നബി (സ) യെ അദ്ദേഹം യഥ്‌രിബിലെത്തിച്ചു. നബി (സ) യെ ഒറ്റിക്കൊടുക്കുകയോ അപായപ്പെടുത്തുകയോ ചെയ്യാന്‍ അദ്ദേഹം സന്നദ്ധമായില്ല; അങ്ങനെ ചെയ്താല്‍ അദ്ദേഹത്തിന് നൂറ് ഒട്ടകം ലഭിക്കുമായിരുന്നിട്ടും നബി (സ) യോടുള്ള വാഗ്ദത്തം പാലിച്ചുകൊണ്ട് മുശ്‌രിക്കുകളുടെ പാരിതോഷികം വേണ്ടെന്നുവെക്കുകയാണ് ഇബ്‌നു ഉറൈഖത്ത് ചെയ്തത്. വിശ്വസ്തരാണെങ്കില്‍, അമുസ്‌ലിംകളെപ്പോലും സുപ്രധാനമായ ദൗത്യങ്ങള്‍ ഏൽപിക്കാമെന്ന് പഠിപ്പിക്കുന്നതാണ് അബ്ദുല്ലാഹിബ്‌നു ഉറൈഖത്തിനെ ഹിജ്‌റയിലെ വഴികാട്ടിയായി നിശ്ചയിച്ച മുഹമ്മദ് നബി (സ) യുടെ നടപടി. വഞ്ചിക്കുകയില്ലെന്നുറപ്പുള്ളവരെ, അവരുടെ മതം നോക്കാതെത്തന്നെ രഹസ്യങ്ങള്‍ വരെ ഏൽപിക്കാമെന്ന് സ്വന്തം ജീവിതത്തിലൂടെ പഠിപ്പിച്ച പ്രവാചകനില്‍ വർഗീതയവിദ്വേഷത്തിന്റെ കുഴലൂത്തുകാരനെ തിരയുന്നവര്‍ ഹിമപാളികൾക്കിടയില്‍ അഗ്നി അന്വേഷിക്കുന്നതുപോലുയുള്ള വൃഥാവ്യായാമമാണ് ചെയ്യുന്നത്.
ഹിജ്‌റ നിർബന്ധമാണെന്ന് വ്യക്തമാക്കുന്ന ഖുർആൻ വചനങ്ങൾ മറുനാട്ടിൽ പോയി ജനിച്ച നാടിനെതിരെ പോരാടുവാനുള്ള പ്രചോദനം നൽകി ഭീകരത വളർത്തുന്നതാണെന്ന ആരോപണം പ്രസ്തുത വചങ്ങളുടെ അവതരണ പശ്ചാത്തലത്തെ കുറിച്ച് അറിയാത്തതുകൊണ്ടുണ്ടാവുന്നതാണ്.
''തീര്‍ച്ചയായും വിശ്വസിക്കുകയും, സ്വദേശം വെടിഞ്ഞ് പോകുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്തവരും, അവര്‍ക്ക് അഭയം നല്‍കുകയും സഹായിക്കുകയും ചെയ്തവരും അന്യോന്യം ഉറ്റമിത്രങ്ങളാകുന്നു. വിശ്വസിക്കുകയും എന്നാല്‍ സ്വദേശം വെടിഞ്ഞ് പോകാതിരിക്കുകയും ചെയ്തവരോട് അവര്‍ സ്വദേശം വെടിഞ്ഞ് പോരുന്നത് വരെ നിങ്ങള്‍ക്ക് യാതൊരു സംരക്ഷണ ബാധ്യതയുമില്ല. ഇനി മതകാര്യത്തില്‍ അവര്‍ നിങ്ങളുടെ സഹായം തേടുകയാണെങ്കില്‍ സഹായിക്കാന്‍ നിങ്ങള്‍ക്ക് ബാധ്യതയുണ്ട്. എന്നാല്‍ നിങ്ങളുമായി കരാറില്‍ ഏര്‍പെട്ടുകഴിയുന്ന ജനതയ്‌ക്കെതിരെ (നിങ്ങളവരെ സഹായിക്കാന്‍) പാടില്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു.'' (8:72)
''വിശ്വസിക്കുകയും സ്വദേശം വെടിയുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവര്‍ അല്ലാഹുവിങ്കല്‍ ഏറ്റവും മഹത്തായ പദവിയുള്ളവരാണ്. അവര്‍ തന്നെയാണ് വിജയം പ്രാപിച്ചവര്‍. അവര്‍ക്ക് അവരുടെ രക്ഷിതാവ് അവന്റെ പക്കല്‍ നിന്നുള്ള കാരുണ്യത്തെയും പ്രീതിയെയും സ്വര്‍ഗത്തോപ്പുകളെയും പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവര്‍ക്ക് അവിടെ ശാശ്വതമായ സുഖാനുഭവമാണുള്ളത്. അവരതില്‍ നിത്യവാസികളായിരിക്കും. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുക്കലാണ് മഹത്തായ പ്രതിഫലമുള്ളത്.'' (9:20-22)
''(അവിശ്വാസികളുടെ ഇടയില്‍ തന്നെ ജീവിച്ചുകൊണ്ട്) സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര്‍ പറയും: ഞങ്ങള്‍ നാട്ടില്‍ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര്‍ (മലക്കുകള്‍) ചോദിക്കും: അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് സ്വദേശം വിട്ട് അതില്‍ എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാല്‍ അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം! എന്നാല്‍ യാതൊരു ഉപായവും സ്വീകരിക്കാന്‍ കഴിവില്ലാതെ, ഒരു രക്ഷാമാര്‍ഗവും കണ്ടെത്താനാകാതെ അടിച്ചൊതുക്കപ്പെട്ടവരായിക്കഴിയുന്ന പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും ഇതില്‍ നിന്നൊഴിവാകുന്നു.'' (4:97,98)
മുഹമ്മദ് നബി (സ) മദീനയിലെത്തുകയും അവിടെ ഒരു ഇസ്‌ലാമികസമൂഹം രൂപപ്പെടുകയും ചെയ്തതോടെ മക്കയിലുള്ള മുസ്‌ലിംകള്‍ക്കെല്ലാം ഹിജ്‌റ നിര്‍ബന്ധബാധ്യതയായിത്തീര്‍ന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ വചനങ്ങൾ. പീഡനങ്ങള്‍ സഹിക്കേണ്ടിവരുമെന്ന് പേടിച്ച് ആദര്‍ശം പുറത്തുപറയാതെ ജീവിക്കേണ്ടുന്ന അവസ്ഥ വെടിഞ്ഞ് ഹിജ്‌റ ചെയ്ത് മദീനയിലെത്തുവാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നവയാണിവ. ഇസ്‌ലാമിക രാഷ്ട്രങ്ങളുണ്ടായതിനു ശേഷം പിന്നെ മക്കയില്‍ ജീവിക്കുന്നവര്‍ യഥാര്‍ഥത്തില്‍ സ്വീകരിച്ചിരിക്കുന്നത് ആത്മഹത്യാപരമായ നിലപാടാണെന്നും അവരുടെ ആദര്‍ശം സ്വാഭാവികമായും ചോര്‍ന്നുപോകാന്‍ സാധ്യതയുണ്ടെന്നും നബി (സ) വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ‘ബഹുദൈവാരാധകരോടൊപ്പം ജീവിക്കുന്ന മുസ്‌ലിംകളുടെ കാര്യത്തില്‍ എനിക്കൊരു ഉത്തരവാദിത്തവുമില്ല; 'അവരുടെ തീയില്‍ നിന്ന് നിങ്ങള്‍ വെളിച്ചമെടുക്കേണ്ടിവരരുത്'(സുനനു അബൂദാവൂദ്) എന്ന് പ്രവാചകൻ (സ) പഠിപ്പിച്ചത്. പ്രവാചകന്റെ നേതൃത്വത്തില്‍ ഇസ്‌ലാമികരാഷ്ട്രമുണ്ടാവുകയും അവിടെ സ്വതന്ത്രമായി മതമനുഷ്ഠിച്ച് ജീവിക്കുവാന്‍ കഴിയുന്ന അവസ്ഥയുണ്ടാവുകയും ചെയ്തശേഷം മുശ്‌രിക്കുകളോടൊപ്പം ജീവിച്ച് അവരുടെ പീഡനങ്ങള്‍ സഹിക്കേണ്ടതില്ലെന്നും അങ്ങനെ ചെയ്യുന്നപക്ഷം അവരുടെ ആശയങ്ങളില്‍ പലതും സ്വീകരിക്കേണ്ട അവസ്ഥയുണ്ടാകുമെന്നും അത്തരക്കാരുടെ കാര്യത്തില്‍ എനിക്ക് ഉത്തരവാദിത്തമൊന്നുമില്ലെന്നുമാണ് ഇവിടെ പ്രവാചകൻ (സ) നിഷ്‌കര്‍ഷിക്കുന്നത്.
ഇസ്‌ലാമികാദര്‍ശമനുസരിച്ച് ജീവിക്കുവാന്‍ സ്വാതന്ത്ര്യം നല്‍കപ്പെടുന്ന നാട്ടില്‍ നിന്ന് ഹിജ്‌റ പോവേണ്ടതില്ലെന്ന വസ്തുത ഹിജ്‌റ ആറാം വര്‍ഷം വരെ അബ്‌സീനിയയില്‍ കഴിയാന്‍ ജഅ്ഫറുബ്‌നു അബീത്വാലിബിനെയും (റ)കൂടെയുള്ളവരെയും അനുവദിച്ച പ്രവാചകനടപടിയില്‍ നിന്ന് വ്യക്തമാവുന്നുണ്ട്. മദീനാരാഷ്ട്രത്തിന്റെ സൈനിക ശക്തി വര്‍ധിപ്പിക്കുവാനാണ് എല്ലാ മുസ്‌ലിംകളോടും ഹിജ്‌റ ചെയ്യാന്‍ മുഹമ്മദ് നബി (സ)കല്‍പിച്ചതെന്ന് വിമര്‍ശിക്കുന്നവര്‍ നബി (സ) ക്ക് അത്തരമൊരു ഉദ്ദേശമുണ്ടായിരുന്നെങ്കില്‍ തന്നെ അതിലെന്താണ് തെറ്റെന്ന് പറഞ്ഞുതരുവാന്‍ ബാധ്യസ്ഥരാണ്. മക്കയിലും മറ്റു സ്ഥലങ്ങളിലും പീഡനങ്ങളനുഭവിച്ചുകൊണ്ടിരിക്കുന്നവര്‍ മദീനയിലെത്തുകയും അതുവഴി ഇസ്‌ലാമികരാഷ്ട്രത്തിന്റെ സൈനികശക്തി വര്‍ധിക്കുകയും ചെയ്യണമെന്ന് ഒരു രാഷ്ട്രനേതാവെന്ന നിലയില്‍ മുഹമ്മദ് നബി (സ)ആഗ്രഹിച്ചുവെങ്കില്‍, ഏതു തരം നൈതികയുടെ അടിസ്ഥാനത്തിലാണ് അതില്‍ തെറ്റുകാണാന്‍ കഴിയുകയെന്ന് അവര്‍ വ്യക്തമാക്കേണ്ടത്.
അസ്വാതന്ത്ര്യത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള പലായനമാണ് ഹിജ്‌റ. ഒരു രാജ്യം ഇസ്‌ലാമികമാണോ അല്ലേയെന്നതല്ല പ്രത്യുത മുസ്‌ലിമായി ജീവിക്കുവാന്‍ അനുവദിക്കുന്നതാണോ അല്ലേയെന്നതാണ് അവിടെ നിന്ന് മുസ്‌ലിംകള്‍ ഹിജ്‌റ പോകേണ്ടതുണ്ടോ ഇല്ലേയെന്ന് തീരുമാനിക്കുന്നത്. രാജ്യങ്ങളെ ദാറുല്‍ ഇസ്‌ലാം, ദാറുല്‍ ഹര്‍ബ്, ദാറുല്‍ അഹദ് എന്നിങ്ങനെ വര്‍ഗീകരിക്കുന്ന പില്‍ക്കാല രീതിയനുസരിച്ച് ദാറുല്‍ ഹര്‍ബില്‍ നിന്ന്- (മുസ്‌ലിംകളുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന അമുസ്‌ലിം രാഷ്ട്രം) ദാറുല്‍ ഇസ്‌ലാമിലേക്കാണ് (ഇസ്‌ലാമികരാഷ്ട്രം) ഹിജ്‌റ നടക്കേണ്ടത്. ദാറുല്‍ അഹദ് ഇസ്‌ലാമികരാഷ്ട്രവുമായി സന്ധിയിലേര്‍പ്പെട്ടിരിക്കുന്ന രാജ്യമാണ്; അവിടെ മുസ്‌ലിംകള്‍ക്ക് സ്വാതന്ത്ര്യത്തോടെ മതമനുഷ്ഠിച്ച് ജീവിക്കുവാന്‍ സാധിക്കുന്നതിനാല്‍ അത്തരം രാജ്യങ്ങളില്‍ നിന്ന് ഹിജ്‌റ ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇസ്‌ലാമികരാഷ്ട്രമുണ്ടായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അബ്‌സീനിയയില്‍ ജീവിക്കുവാന്‍ മുസ്‌ലിംകളെ അനുവദിച്ച പ്രവാചകന്റെ നടപടി. ജനാധിപത്യക്രമം നിലനില്‍ക്കുന്ന രാഷ്ട്രസംവിധാനങ്ങളില്‍ മതസ്വാതന്ത്ര്യം അനുവദിക്കപ്പെടുന്നുവെങ്കില്‍ അതിനെ വിളിക്കുവാന്‍ ഏറ്റവും അനുയോജ്യമായ പദം ‘ദാറുല്‍ അംന്’-സുരക്ഷിത നാട്- എന്നാണ്. മുസ്‌ലിമായി ജീവിക്കുവാന്‍ സ്വാതന്ത്ര്യം നല്‍കുകയും അത് പ്രബോധനം ചെയ്യാന്‍ അനുവദിക്കുകയും ചെയ്യുന്ന രാഷ്ട്രമാണ് ദാറുല്‍ അംന്. അത്തരം രാജ്യങ്ങളോട് കലാപത്തിലേര്‍പ്പെടുകയോ അവിടെ നിന്ന് പലായനം ചെയ്യുകയോ അല്ല; മാതൃകായോഗ്യരായി ജീവിക്കുകയും സഹജീവികള്‍ക്ക് സത്യസന്ദേശമെത്തിക്കുകയുമാണ് മുസ്‌ലിമിന്റെ കടമ.
'ഇനി ഹിജ്‌റയില്ല'(സ്വഹീഹുല്‍ ബുഖാരി) യെന്ന് മക്കാ വിജയ ദിവസം പ്രവാചകൻ (സ) പ്രഖ്യാപിച്ചതില്‍ നിന്നും 'മക്കാ വിജയത്തിനു ശേഷം ഹിജ്‌റയില്ല'(സ്വഹീഹുമുസ്‌ലിം) യെന്ന് അദ്ദേഹം വ്യക്തമാക്കിയതില്‍ നിന്നും സമാധാനത്തോടെ ജീവിക്കുവാന്‍ കഴിയുന്ന സാഹചര്യങ്ങള്‍ സംജാതമായിക്കഴിഞ്ഞാല്‍ പിന്നെ പലായനം വേണ്ടതില്ലെന്ന് മനസ്സിലാവുന്നുണ്ട്. മക്കയില്‍ മുസ്‌ലിമായി ജീവിക്കുവാനുള്ള സാഹചര്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി മക്കയില്‍ നിന്ന് മദീനയിലേക്കുള്ള ഹിജ്‌റയുടെ ആവശ്യമില്ലെന്നാണ് ഇതു പഠിപ്പിക്കുന്നത്. എന്നാല്‍, മതത്തിന്റെ പേരിലുള്ള പീഡനങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം ഹിജ്‌റ അനിവാര്യമായിത്തീരുമെന്നും പ്രവാചകൻ (സ)പഠിപ്പിച്ചിട്ടുണ്ട്. 'പശ്ചാത്താപം നിലയ്ക്കുന്നതുവരെ ഹിജ്‌റ അവസാനിക്കുകയില്ല. സൂര്യന്‍ പടിഞ്ഞാറ് നിന്ന് ഉദിച്ചുയരുന്നതുവരെ പശ്ചാത്താപം അവസാനിക്കുകയില്ല'(സുനനു അബൂദാവൂദ് ) എന്ന പ്രവാചകവചനം വ്യക്തമാക്കുന്നത് ഇക്കാര്യമാണ്. മതത്തിന്റെ പേരിലുള്ള പീഡനങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം, അവസാനനാളു വരെ ഹിജ്‌റ പ്രസക്തമായിരിക്കുമെന്ന് സാരം.
ജനിച്ചു വളര്‍ന്ന നാടിനെക്കാളും പോറ്റി വളര്‍ത്തിയ മാതാപിതാക്കളേക്കാളും അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യത്തേക്കാളുമെല്ലാം മുസ്‌ലിംകള്‍ വിലമതിക്കുന്നത് ദൈവിക മാര്‍ഗദര്‍ശനപ്രകാരമുള്ള ജീവിതവും അതെപ്പറ്റി സഹജീവികള്‍ക്ക് പറഞ്ഞുകൊടുക്കുവാനുള്ള അവസരവുമാണെന്നതാണ് ഹിജ്‌റ നല്‍കുന്ന സന്ദേശം. കലാപവും കുഴപ്പവുമുണ്ടാക്കി ജീവിക്കുന്ന നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നതിനല്ല ആദര്‍ശജീവിതത്തിന് പറ്റുന്നിടത്തേക്ക് പലായനം ചെയ്യുവാനാണ് ഇസ്‌ലാം അനുശാസിക്കുന്നത്. അങ്ങനെ പലായനം ചെയ്യുന്നവര്‍ക്കാണ് അല്ലാഹുവിന്റെയടുക്കല്‍ ഉന്നതമായ പദവിയും സ്വര്‍ഗീയ സുഖസൗകര്യങ്ങളുമുണ്ടെന്ന് ക്വുര്‍ആന്‍ സന്തോഷവാര്‍ത്തയറിയിക്കുന്നത്.
''വിശ്വസിക്കുകയും സ്വദേശം വെടിയുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവര്‍ അല്ലാഹുവിങ്കല്‍ ഏറ്റവും മഹത്തായ പദവിയുള്ളവരാണ്. അവര്‍ തന്നെയാണ് വിജയം പ്രാപിച്ചവര്‍. അവര്‍ക്ക് അവരുടെ രക്ഷിതാവ് അവന്റെ പക്കല്‍ നിന്നുള്ള കാരുണ്യത്തെയും പ്രീതിയെയും സ്വര്‍ഗത്തോപ്പുകളെയും പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവര്‍ക്ക് അവിടെ ശാശ്വതമായ സുഖാനുഭവമാണുള്ളത്. അവരതില്‍ നിത്യവാസികളായിരിക്കും. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുക്കലാണ് മഹത്തായ പ്രതിഫലമുള്ളത്.'' (9:20-22)
മുഹമ്മദ് നബി (സ) പ്രവാചകത്വം വാദിച്ചത് തന്നെ അധികാരം ലക്ഷ്യമാക്കിയായിരുന്നു. കുറച്ച് അനുയായികളായപ്പോൾ തനിക്ക് അധികാരമുള്ള ഒരു നാട് അദ്ദേഹം അന്വേഷിക്കാൻ തുടങ്ങി. പ്രസ്തുത അന്വേഷണമാണ് അദ്ദേഹത്തെ മദീനയിലെത്തിക്കുകയും അവിടുത്തെ അധികാരിയായിത്ത്തീരുന്നതിന് കാരണമാവുകയും ചെയ്തത്. ഈ ആരോപണത്തെക്കുറിച്ച് എന്ത് പറയുന്നു?
അധികാരം മുന്നില്‍ കണ്ടുകൊണ്ട്, തന്റെ കീഴിലുള്ള ഒരു രാഷ്ട്ര നിര്‍മിതിക്കുവേണ്ടി മുഹമ്മദ് ല നടത്തിയ ശ്രമത്തിന്റെ പ്രാരംഭമായി ഒരു തലസ്ഥാന നഗരി അന്വേഷിച്ചതിന്റെ ഫലമായാണ് അദ്ദേഹം മദീനയിലെത്തിയതെന്ന് വിമര്‍ശിക്കുന്നവര്‍ മദീനാ ഹിജ്‌റയ്ക്കുമുമ്പ് നടന്ന സംഭവങ്ങളെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്. തനിക്ക് ഭരിക്കാന്‍ പറ്റുന്ന ഒരു പ്രദേശം തിരഞ്ഞ് കണ്ടെത്തുകയായിരുന്നില്ല, ഇസ്‌ലാമിക പ്രബോധനത്തിന് സ്വാതന്ത്ര്യമുള്ള ഒരിടത്ത് അഭയം ലഭിക്കുകയായായിരുന്നു നബി (സ)യുടെ ഉദ്ദേശമെന്ന് ദുഃഖവര്‍ഷമെന്ന് വിളിക്കപ്പെട്ട, അബൂത്വാലിബിന്റെയും ഖദീജ(റ) യുടെയും മരണം നടന്ന വര്‍ഷത്തിന് ശേഷമുള്ള നബിവര്‍ത്തനങ്ങള്‍ പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാകും. 'അബൂത്വാലിബ് ജീവിച്ചിരുന്നെങ്കില്‍ ഖുറൈശികള്‍ എന്നോട് ഇങ്ങനെയൊന്നും ചെയ്യുകയില്ലായിരുന്നു' വെന്ന് നബി (സ)യെക്കൊണ്ട് പറയിപ്പിക്കുന്ന രീതിയിലുള്ള ഖുറൈശീ ക്രൂരതകളാണ് മക്കയില്‍ നിന്ന് പോവുകയെന്ന തീരുമാനത്തിലേക്ക് നബി (സ) എത്തുന്നതിനുള്ള കാരണം.
തനിക്ക് സംരക്ഷണം തേടിക്കൊണ്ട് ഒന്നാമതായി നബി (സ) നടത്തിയ ത്വാഇഫിലേക്കുള്ള യാത്രയുടെ ലക്ഷ്യമെന്തായിരുന്നുവെന്ന് അവിടെ എത്തിയശേഷം അദ്ദേഹം എന്താണ് ആവശ്യപ്പെട്ടതെന്ന് പരിശോധിച്ചാല്‍ വ്യക്തമാകും. ഥഖീഫ് ഗോത്രത്തിലെ പ്രധാനികളായ, അംറുബ്‌നു ഉമൈറിന്റെ പുത്രന്‍മാരായ അബ്ദ് യഅ്‌ലില്‍, മസ്ഊദ്, ഹബീബ് എന്നിവരോട് ഇസ്‌ലാമിനെക്കുറിച്ച് പറഞ്ഞുകൊടുക്കുകയും അതിലേക്ക് ക്ഷണിക്കുകയും തന്നെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയുമാണ് നബി (സ) ചെയ്തത്. ത്വാഇഫിന്റെ അധികാരം ചോദിക്കുകയോ അധികാരത്തില്‍ പങ്കുനല്‍കണമെന്ന് ആവശ്യപ്പെടുകയോ ചെയ്തതുകൊണ്ടാണ് ഥഖീഫ് ഗോത്രക്കാര്‍ നബി (സ)യെ അവമതിക്കുകയും അപമാനിക്കുകയും ചെയ്തതെന്ന് നബി (സ)യെക്കുറിച്ച് നബി വിരോധികള്‍ എഴുതിയ ചരിത്ര ഗ്രന്ഥങ്ങള്‍പോലും ആരോപിക്കുന്നില്ല. ത്വാഇഫില്‍ നിന്ന് തുടങ്ങിയ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള നബി (സ)യുടെ യാത്രയാണ് യഥ്‌രിബില്‍ ചെന്ന് അവസാനിക്കുകയും അത് മദീനത്തുര്‍റസൂലായി മാറുന്നതിലേക്ക് നയിക്കുകയും ചെയ്തതെന്നുള്ളതാണ് യാഥാര്‍ഥ്യം.
ത്വാഇഫില്‍നിന്ന് മുത്വ്ഇം ബിന്‍ ഹാദിയുടെ സംരക്ഷണത്തില്‍ മക്കയിലേക്ക് തിരിച്ചെത്തിയതുമുതല്‍ മുഹമ്മദ് നബി (സ)യുടെ അന്വേഷണങ്ങള്‍ കേന്ദ്രീകരിച്ചിരുന്നത് തനിക്ക് അധികാരം ലഭിക്കുവാന്‍ എന്തെങ്കിലും മാര്‍ഗങ്ങളുണ്ടോയെന്നതിലായിരുന്നില്ലെന്നും പ്രത്യുത തനിക്കും ഇസ്‌ലാമിനും സംരക്ഷണം നല്‍കാന്‍ ആരെങ്കിലുമുണ്ടോയെന്നതിലായിരുന്നെന്നുമുള്ള വസ്തുത ഹിജ്‌റക്ക് പിന്നില്‍ അധികാര സ്ഥാപനം ആരോപിക്കുന്നവരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. മക്കക്ക് പുറത്തുനിന്ന് ഹജ്ജിനും ഉംറക്കും വരുന്നവരോട് തന്നെ സംരക്ഷിക്കുവാന്‍ സന്നദ്ധരായ ആരെങ്കിലുമുണ്ടോയെന്ന് അന്വേഷിച്ച് മുഹമ്മദ് നബി (സ) ചുറ്റി നടന്നിരുന്നുവെന്ന് സ്വഹീഹായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. 'എന്റെ നാഥന്റെ വചനങ്ങള്‍ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്നതില്‍ നിന്ന് ഖുറൈശികള്‍ എന്നെ തടഞ്ഞിരിക്കുന്നു; തങ്ങളുടെ ജനതയിലേക്ക് എന്നെ കൊണ്ടുപോകുവാന്‍ ആരെങ്കിലും തയാറുണ്ടോ?'യെന്ന് ഹജ്ജിന് വരുന്നവരോടായി അറഫയില്‍വെച്ച് നബി പറഞ്ഞുകൊണ്ടിരുന്നതായി ജാബിറുബ്‌നു അബ്ദില്ല (റ) നിവേദനം ചെയ്യുന്നുണ്ട്.(അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുമാജ) തന്നെക്കൊണ്ടാവുന്ന വിധത്തില്‍ ഓരോ തീര്‍ഥാടകരെയും നേരില്‍ കണ്ട് അവരുടെ പേര് വിളിച്ചുകൊണ്ട് പ്രവാചകൻ (സ) ഇങ്ങനെ പറയുമായിരുന്നുവത്രെ: 'ഞാന്‍ നിങ്ങളിലേക്കുള്ള അല്ലാഹുവിന്റെ ദൂതനാണ്. അവനെ ആരാധിക്കണമെന്നും അവനില്‍ ആരെയും പങ്കുചേര്‍ക്കരുതെന്നും അവന്‍ കല്‍പിച്ചിരിക്കുന്നു. അവനെയല്ലാതെ നിങ്ങള്‍ ആരാധിച്ചുകൊണ്ടിരിക്കുന്നവയെയെല്ലാം നിങ്ങള്‍ കയ്യൊഴിക്കുക; എന്നില്‍ വിശ്വസിക്കുകയും എന്നെ സംരക്ഷിക്കുകയും ചെയ്ത് എന്തിനാണോ ഞാന്‍ അയക്കപ്പെട്ടത് അത് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുവാന്‍ എനിക്ക് അവസരം നല്‍കുക'(മുസ്‌നദ് ഇമാം അഹ്മദ് ). ഈ സംസാരങ്ങളിലൊന്നും തന്നെ അധികാര സംസ്ഥാപനത്തിന്റെയോ അതിനുള്ള ഒരുക്കത്തിന്റെയോ പ്രതീക്ഷയുടെയോ ലാഞ്ചനകളൊന്നും കാണാനാവുന്നില്ലെങ്കില്‍ പിന്നെ ഹിജ്‌റയുടെ ലക്ഷ്യം രാഷ്ട്രസംസ്ഥാപനമായിരുന്നുവെന്ന് കരുതുന്നതിന് എന്ത് ന്യായീകരണമാണുള്ളത്.
താന്‍ സഹായമഭ്യര്‍ഥിക്കുന്ന തീര്‍ഥാടകരുടെയെല്ലാം പിന്നില്‍ നടന്ന് അബൂലഹബ് പിന്തിരിപ്പിക്കുകയും അപവാദ പ്രചരണം നടത്തുകയും ചെയ്യുന്ന അവസ്ഥ സംജാതമായപ്പോള്‍ രഹസ്യമായി ഗോത്ര നേതാക്കളെ സന്ദര്‍ശിച്ച് സംരക്ഷണം അഭ്യര്‍ഥിക്കുന്ന പ്രവാചകനിലും (സ) നാം കാണുന്നത് ഒരു അധികാര കേന്ദ്രമന്വേഷിക്കുന്ന രാഷ്ട്രീയ നേതാവിനെയല്ല, പ്രത്യുത ആദര്‍ശ പ്രചരണ സ്വാതന്ത്ര്യത്തിന് ദാഹിക്കുന്ന ദൈവദൂതനെയാണ്. കിന്‍ക, കല്‍ബ്, ബനൂ ആമിര്‍, ബനൂ ഹനീഫ, മുഹാരിബ്, ഫുസാറ, ഗസ്സാന്‍, മുര്‍റ, ഹനീഫ, സുലൈം, അബ്‌സ്, ബനൂ നസ്വ്‌റ്, ബനൂ അല്‍ ബക്കാഅ്, അല്‍ ഹാരിഥ്, ഉദ്‌റ, ഹദാറമ തുടങ്ങിയ ഗോത്രങ്ങള്‍ക്കടുത്തെത്തി തന്നെയും തന്റെ ആദര്‍ശ പ്രചരണത്തെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയുമാണ് പ്രവാചകൻ (സ) ചെയ്തത്. അവിടെയൊന്നും തന്നെ അധികാര സ്ഥാപനത്തിന്റെ യാതൊരു പരാമര്‍ശവും കാണാന്‍ കഴിയില്ല. പ്രവാചകനോട് (സ) വളരെ മോശമായി പെരുമാറിയ ഗോത്രങ്ങളിലൊന്ന് ബനൂ ആമിറുബ്‌നു സഅ്‌സാഅ് ആയിരുന്നു. തന്റെ സംരക്ഷണാഭ്യര്‍ഥനക്ക് മറുപടിയായി ബനൂ ആമിര്‍ ഗോത്രത്തിലെ ബൈഹറാബ്‌നു ഫിറാസ് 'താങ്കളുമായി ഞങ്ങള്‍ ഉടമ്പടി ചെയ്യുകയും എന്നിട്ട് അറബികള്‍ക്കുമേല്‍ അല്ലാഹു താങ്കളെ വിജയിപ്പിക്കുകയും ചെയ്താല്‍ താങ്കള്‍ക്കുശേഷം ഞങ്ങള്‍ക്ക് അധികാരം നല്‍കുമോ?'യെന്ന് ചോദിച്ചപ്പോള്‍ 'കാര്യം അല്ലാഹുവിന്റെ പക്കലാണ്; അവര്‍ ഉദ്ദേശിക്കുന്നയിടത്താണ് അവനത് വെക്കുക'യെന്നാണ് പ്രവാചകൻ (സ) മറുപടി പറഞ്ഞത്. 'നിനക്കുവേണ്ടി ഞങ്ങള്‍ ഞങ്ങളുടെ കഴുത്തുകള്‍ അറബികളുടെ വാളുകള്‍ക്ക് മുന്നില്‍ വെക്കുകയും അവസാനം വിജയിക്കുമ്പോള്‍ നേതൃത്വം മറ്റുള്ളവര്‍ക്കും അല്ലേ... നിന്റെ ഈ കാര്യം ഞങ്ങള്‍ക്കാവശ്യമില്ല'യെന്ന് പറഞ്ഞാണ് അവര്‍ അല്ലാഹുവിന്റെ ദൂതനെ തിരിച്ചയച്ചത്.
ഹജ്ജിന് വരുന്നവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്ന സന്ദര്‍ഭത്തില്‍ സത്യദീനിന്റെ സൗരഭ്യം മനസ്സിലാക്കി അത് സ്വീകരിക്കുവാന്‍ ഭാഗ്യം ലഭിച്ചവരിലൂടെയാണ് ഇസ്‌ലാം ആദ്യമായി യഥ്‌രിബിലെത്തുന്നതും നബി (സ)യുടെ പലായനത്തിന്റെ വാതില്‍ തുറന്നതും. കവിയും ബുദ്ധിജീവിയും ഉന്നതകുലജാതനും ധൈര്യശാലിയുമെല്ലാമായതിനാല്‍ പൂര്‍ണനെന്ന് (അല്‍ കാമില്‍) വിളിക്കപ്പെട്ടിരുന്ന സുബൈദ് ബ്‌നു സാമിതും ഖസ്‌റജുകാര്‍ക്കെതിരെ കക്ഷിചേരുവാന്‍ ഖുറൈശികളോട് അഭ്യര്‍ഥിക്കാന്‍ വന്ന സംഘത്തിലെ യുവാവായിരുന്ന ഇയാസ് ബ്‌നു മുആദുമെല്ലാം പ്രവാചകന്റെ (സ) പ്രബോധനത്തില്‍ ആകൃഷ്ടരായി ഇസ്‌ലാം സ്വീകരിച്ച യഥ്‌രിബുകാരായിരുന്നു.
വ്യക്തിപരമായ പ്രബോധന പ്രവര്‍ത്തനങ്ങളിലൂടെ മെല്ലെ മെല്ലെ യഥ്‌രിബിലേക്ക് പ്രവേശിച്ചുകൊണ്ടിരുന്ന ഇസ്‌ലാമിന്റെ വെളിച്ചം പടര്‍ന്ന് പരന്ന് പ്രവാചകന്റെ (സ) പട്ടണമായിത്തീരുന്നതിലേക്ക് തിരിയുന്നതിന് കാരണമായിത്തീര്‍ന്ന ആദ്യ സംഭവം പ്രവാചക നിയോഗത്തിന്റെ പതിനൊന്നാം വര്‍ഷം നബിയുംല ഖസ്‌റജ് ഗോത്രക്കാരും തമ്മില്‍ നടന്ന ഒരു കൂടിക്കാഴ്ചയായിരുന്നു. ഖസ്‌റജുകാരുമായി നബി (സ) നടത്തിയ കൂടിക്കാഴ്ചയില്‍ ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ച് പറഞ്ഞുകൊടുക്കുകയും താന്‍ ദൈവദൂതനാണെന്ന വസ്തുത വ്യക്തമാക്കുകയും ചെയ്തപ്പോള്‍ അവരോടൊപ്പം യഥ്‌രിബില്‍ വസിച്ചിരുന്ന ജൂതന്‍മാരില്‍നിന്ന് അന്തിമപ്രവാചകന്റെ ആഗമനമുണ്ടാകുമെന്ന് മനസ്സിലാക്കിയിരുന്ന അവര്‍ക്ക് അദ്ദേഹത്തില്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ടായില്ല. അവരെല്ലാവരും മുസ്‌ലിംകളായിത്തീരുകയും അവരുടെ നാട്ടുകാര്‍ക്ക് ഇസ്‌ലാം എത്തിച്ചുകൊടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. ആഭ്യന്തര യുദ്ധങ്ങളാല്‍ പരസ്പരം ശത്രുതയില്‍ വര്‍ത്തിക്കുന്ന തങ്ങളുടെ ജനത ഇസ്‌ലാമിലൂടെ ഒറ്റക്കെട്ടായിത്തീര്‍ന്നാല്‍ പ്രവാചകൻ (സ)നെക്കാള്‍ പ്രതാപവാനായി ആരുമില്ലാത്ത അവസ്ഥാവിശേഷമുണ്ടാകുമെന്ന് പ്രത്യാശ പുറപ്പെടുവിച്ചുകൊണ്ടാണ് ആ ഖസ്‌റജുകാര്‍ പിന്നീട് നബി (സ) യുടെ പട്ടണമായി-മദീനത്തുല്‍ റസൂല്‍ അറിയപ്പെട്ട യഥ്‌രിബിലേക്ക് യാത്രതിരിച്ചത്.
അധികാരകേന്ദ്രമന്വേഷിച്ചുള്ള പ്രയാണമല്ല, പ്രത്യുത ആദർശമനുസരിച്ച് ജീവിക്കുവാനും അത് പ്രബോധനം ചെയ്യുന്നതിനുമുള്ള സ്വാതന്ത്യവും തേടിയുള്ള യാത്രയാണ് യഥാർത്ഥത്തിൽ പ്രവാചകനെ മദീനയിലെത്തിച്ചതെന്ന വസ്തുതയാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.
അല്ല. പ്രവാചകാനുചരന്മാരുടെ ഒന്നാമത്തെ ഹിജ്റ തന്നെ അമുസ്‌ലിം നാട്ടിലേക്കായിരുന്നു. മദീനയിലേക്കുള്ള ഹിജ്റയും അബ്സീനിയയിലേക്കുള്ള ഹിജ്റയും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് പ്രവാചകൻ (സ) പഠിപ്പിച്ചിട്ടില്ല.
ആദര്‍ശമനുസരിച്ച് ജീവിക്കാനാവാത്ത സാഹചര്യമാണ് ജനിച്ചുവളര്‍ന്ന നാട്ടില്‍ നിലനില്‍ക്കുന്നതെങ്കില്‍ അതിന് സ്വാതന്ത്ര്യമുള്ള നാട്ടിലേക്ക്, അത് ആര് ഭരിക്കുന്നുവെന്നോ അവിടെ നിലനില്‍ക്കുന്ന വ്യവസ്ഥിതിയോ നോക്കാതെ പലായനം ചെയ്യുകയാണ് മുസ്‌ലിം ചെയ്യേണ്ടതെന്ന പാഠമാണ് ഹിജ്രകളെല്ലാം നൽകുന്നത്.. അബ്‌സീനിയ ക്രൈസ്തവ രാജ്യമാണെന്നതോ അവിടുത്തെ രാജാവ് ക്രിസ്തുമതക്കാരനാണെന്നതോ ഹിജ്‌റയില്‍നിന്ന് അനുചരന്മാരെ പിന്തിരിപ്പിക്കുവാനുള്ള കാരണമായി പ്രവാചകൻ (സ) കരുതിയില്ല. ത്രിത്വദൈവത്തില്‍ വിശ്വസിക്കുകയും യേശുക്രിസ്തുവിനെ ദൈവപുത്രനായി പരിഗണിച്ച് ആരാധിക്കുകയും ചെയ്തവര്‍തന്നെയായിരുന്നു അബ്‌സീനിയയിലെ ക്രിസ്ത്യാനികള്‍. വിശുദ്ധ ക്വുര്‍ആന്‍ ശക്തമായി വിമര്‍ശിക്കുകയും ശാസിക്കുകയും ചെയ്ത വിശ്വാസാചാരങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരുടെ നാടാണെങ്കിലും സത്യമതമനുസരിച്ച് ജീവിക്കുവാനും അത് പ്രബോധനം ചെയ്യുന്നതിനുമുള്ള സ്വാതന്ത്ര്യം ലഭിക്കുകയാണെങ്കില്‍ അവിടെ സമാധാനപൂര്‍വം ജീവിക്കുകയാണ് മുസ്‌ലിംകള്‍ ചെയ്യേണ്ടതെന്ന പാഠവും അബ്‌സീനിയന്‍ ഹിജ്‌റ നല്‍കുന്നുണ്ട്. ജീവിക്കുന്ന നാട്ടിലെ വ്യവസ്ഥിതിയേതാണെങ്കിലും അത് ഇസ്‌ലാം വിരുദ്ധമോ മതവിരുദ്ധമോ ആണെങ്കില്‍പോലും അവിടെ മതസ്വാതന്ത്ര്യമുണ്ടെങ്കില്‍ പൂര്‍ണ മുസ്‌ലിംകളും നല്ല പൗരന്‍മാരുമായി ജീവിക്കുവാന്‍ സത്യവിശ്വാസികള്‍ക്ക് കഴിയുമെന്ന് പാഠം.
മക്കയിലെ പീഡനങ്ങളില്‍നിന്ന് രക്ഷപ്പെട്ട്, സ്വസ്ഥതയോടെ മുസ്‌ലിംകളായി ജീവിക്കുവാനാഗ്രഹിച്ച് അബ്‌സീനിയയിലേക്ക് ഹിജ്‌റ പോയവരെ പ്രശംസിച്ചുകൊണ്ട് അവതരിപ്പിക്കപ്പെട്ട ക്വുര്‍ആന്‍ വചനങ്ങളും അവര്‍ക്ക് ഉയര്‍ന്ന പ്രതിഫലമുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള പ്രവാചക മൊഴികളും ആദര്‍ശ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഹിജ്‌റ, പോകുന്ന പ്രദേശത്തിലെ വ്യവസ്ഥിതി പരിഗണിക്കാതെതന്നെ, മഹത്തരവും ഉജ്ജ്വലവുമാണെന്ന വസ്തുത വ്യക്തമാക്കുന്നവയാണ്. അബ്‌സീനിയയിലേക്ക് പലായനം ചെയ്തവരെക്കുറിച്ച് അവതരിപ്പിക്കപ്പെട്ടതാണെന്ന് വ്യാഖ്യാതാക്കളില്‍ ചിലര്‍ വ്യക്തമാക്കിയ ചില ക്വുര്‍ആന്‍ വചനങ്ങള്‍ നോക്കുക.
''അക്രമത്തിന് വിധേയരായതിന് ശേഷം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞ് പോയവരാരോ അവര്‍ക്ക് ഇഹലോകത്ത് നാം നല്ല താമസസൗകര്യം ഏര്‍പെടുത്തികൊടുക്കുകതന്നെ ചെയ്യും. എന്നാല്‍, പരലോകത്തെ പ്രതിഫലം തന്നെയാകുന്നു ഏറ്റവും മഹത്തായത്. അവര്‍ (അത്) അറിഞ്ഞിരുന്നുവെങ്കില്‍!'' (16:41)
''പറയുക: വിശ്വസിച്ചവരായ എന്റെ ദാസന്‍മാരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഈ ഐഹികജീവിതത്തില്‍ നന്‍മ പ്രവര്‍ത്തിച്ചവര്‍ക്കാണ് സല്‍ഫലമുള്ളത്. അല്ലാഹുവിന്റെ ഭൂമിയാകട്ടെ വിശാലമാകുന്നു. ക്ഷമാശീലര്‍ക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റികൊടുക്കപ്പെടുന്നത്.'' (39:10)
അബ്‌സീനിയയിലേക്ക് ഹിജ്‌റ പോവുകയും പിന്നീട് അവിടെനിന്ന് മദീനയിലെത്തി പ്രവാചകനോടൊപ്പം ചേരുകയും ചെയ്തവര്‍ക്ക് രണ്ട് ഹിജ്‌റയുടെ പ്രതിഫലമുണ്ടെന്നാണ് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഒരു ദീര്‍ഘമായ ഹദീഥിൽ നബി (സ) വ്യക്തമാക്കിയിട്ടുള്ളത്.
അബ്‌സീനിയയിലെത്തി സമാധാന ജീവിതം നയിച്ചുവന്ന മുസ്‌ലിംകളില്‍ പലരും നബി (സ) മദീനയിലെത്തി അവിടെ ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിച്ചുകഴിഞ്ഞ ശേഷവും അവിടെതന്നെ തങ്ങളുടെ ജീവിതം തുടര്‍ന്നുവെന്നും മദീനയിലേക്ക് വന്ന് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ പ്രജയാകുവാന്‍ തിടുക്കം കാട്ടിയില്ലെന്നുമുള്ള വസ്തുതകള്‍ ശ്രദ്ധേയമാണ്. മദീനാ രാഷ്ട്രത്തിലേക്ക് അവരില്‍ ചിലര്‍ മാത്രമാണ് രാഷ്ട്ര നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ മടങ്ങിയെത്തിയത്. മക്കയിലേക്ക് മടങ്ങിയെത്തിയത് മുപ്പത്തിമൂന്ന് പുരുഷന്‍മാരും എട്ട് സ്ത്രീകളുമായിരുന്നുവെന്നും അതില്‍ രണ്ടുപേര്‍ മക്കയില്‍വെച്ചുതന്നെ മരണപ്പെട്ടുവെന്നും ഏഴുപേരെ മക്കക്കാര്‍ ബന്ധനസ്ഥരാക്കിയെന്നും ഇരുപത്തിനാലുപേര്‍ ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്തുവെന്നും ഇബ്‌നുസഅദ് രേഖപ്പെടുത്തുന്നുണ്ട്. അബ്സീനിയാഹിജ്‌റയിലെ നേതാവായിരുന്ന ജഅ്ഫര്‍ ബ്ന്‍ അബീത്വാലിബും ബാക്കിയുള്ളവരുമെല്ലാം മദീനയിലെത്തിയത് ഖൈബര്‍ ജയിച്ചടക്കിയതിന് ശേഷമാണെന്ന് ബുഖാരിയും മുസ്ലിമും നിവേദനം ചെയ്ത ഹദീഥിലുണ്ട്. അവര്‍ മദീനയിലെത്തിയപ്പോള്‍ പ്രവാചകൻ (സ) ഒട്ടകത്തിന്മേല്‍നിന്ന് ചാടിയിറങ്ങുകയും അദ്ദേഹത്തിന്റെ പിതൃവ്യപുത്രനായ ജഅ്ഫര്‍ ബിന്‍ അബീത്വാലിബിനെ ആശ്ലേഷിക്കുകയും ചെയ്തുകൊണ്ട് പറഞ്ഞതിങ്ങനെയാണ്: 'ഖൈബര്‍ വിജയമാണോ ജഅ്ഫറിന്റെ തിരിച്ചുവരവാണോ എന്നെ കൂടുതല്‍ സന്തോഷിപ്പിച്ചതെന്ന് എനിക്കറിയില്ല'.( ഇമാം ഇബ്‌നുല്‍ ഖയ്യിം അല്‍ ജൗസിയ്യയുടെ സാദുല്‍മആദില്‍ നിന്ന്)
മദീനാ രാഷ്ട്രത്തിന്റെ നിര്‍മാണം കഴിഞ്ഞ് നീണ്ട ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജഅ്ഫര്‍ ബ്ന്‍ അബീതാലിബിന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം സംഘം അബ്‌സീനിയയിലേക്ക് മടങ്ങിയതെന്ന വസ്തുതയും അങ്ങനെ മടങ്ങിയെത്തിയപ്പോള്‍ പൂര്‍ണമനസ്സോടെ പ്രവാചകൻ (സ) അവരെ സ്വീകരിക്കുകയും അവര്‍ക്ക് രണ്ട് ഹിജ്‌റയുടെ പ്രതിഫലമുണ്ടെന്ന സന്തോഷവാര്‍ത്ത അറിയിക്കുകയുമാണ് ചെയ്തതെന്ന യാഥാര്‍ഥ്യവും പഠിപ്പിക്കുന്നത് ഇസ്‌ലാമികേതര രാഷ്ട്ര സംവിധാനത്തിലാണെങ്കിലും മുസ്‌ലിമായി ജീവിക്കുവാന് സ്വാതന്ത്ര്യവും അവസരവുമുണ്ടെങ്കില്‍ ജീവിക്കുന്നതിന് വിരോധമില്ലെന്നും അങ്ങനെ ജീവിക്കുന്നവരുടെ മതത്തെ പ്രസ്തുത ജീവിതം ഒരുതരത്തിലും പ്രതികൂലമായി ബാധിക്കുകയില്ലെന്നുംതന്നെയാണ്. അബ്‌സീനിയയില്‍വെച്ച് മരണപ്പെട്ട നിരവധി മുസ്‌ലിംകളുടെ പട്ടിക ഇബ്‌നു ഇസ്ഹാഖ് രേഖപ്പെടുത്തുന്നുണ്ട്.
ഇസ്‌ലാമിക രാഷ്ട്രമുണ്ടായിരിക്കെതന്നെ ഒരു ഇസ്‌ലാമികേതര രാഷ്ട്രത്തില്‍ ജീവിച്ച് മരണപ്പെട്ടതിനാല്‍ അവരുടെ മതത്തിന് എന്തെങ്കിലും ഗ്ലാനി സംഭവിച്ചുവെന്നോ അവരുടെ മതം അപൂര്‍ണമായിരുന്നുവെന്നോ പ്രവാചകൻ (സ) സൂചിപ്പിച്ചതായി രേഖകളൊന്നുംതന്നെയില്ല. പ്രവാചകന്റെ ഹിജ്‌റയെക്കുറിച്ചറിഞ്ഞപ്പോള്‍ യമനിലായിരുന്ന അബൂമൂസല്‍ അശ്അരിയും (റ)അമ്പതിലധികം പേരുമടങ്ങുന്ന സംഘം മദീനയിലെത്തണമെന്ന ആഗ്രഹത്തോടെ യാത്രതിരിക്കുകയും വഴിമധ്യെ അവര്‍ അബ്‌സീനിയയിലെത്തുകയും ജഅ്ഫര്‍ ബ്ന്‍ അബീത്വാലിബിനെ (റ)കണ്ടുമുട്ടുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം അവര്‍ അവിടെ ഏറെക്കാലം തങ്ങുകയും അവര്‍ ഒന്നിച്ച് മദീനയിലേക്ക് യാത്രയാവുകയും ഖൈബര്‍ വിജയ സന്ദര്‍ഭത്തില്‍ പ്രവാചകനുമായി സന്ധിക്കുകയും ചെയ്തതായി വ്യക്തമാക്കുന്ന ഹദീഥ് സ്വഹീഹുല്‍ ബുഖാരിയിലുണ്ട്. ഇസ്‌ലാമിക രാഷ്ട്രമായ മദീനയിലേക്ക് പോകാതെ ഇസ്‌ലാമികേതര രാഷ്ട്രമായ അബ്‌സീനിയയില്‍ തങ്ങുവാനുള്ള കാരണമായി ജഅ്ഫര്‍ ബിന്‍ അബീത്വാലിബ് പറഞ്ഞത് ഇങ്ങനെയാണ്: 'ഇവിടേക്ക് ഞങ്ങളെ പറഞ്ഞയച്ചതും ഇവിടെ താമസിക്കുവാന്‍ ആവശ്യപ്പെട്ടതും അല്ലാഹുവിന്റെ ദൂതനാണ്; അതിനാല്‍ നിങ്ങളും ഞങ്ങളോടൊപ്പം താമസിക്കുക'.( സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍മഗാസി) ഇസ്‌ലാമിക രാഷ്ട്രത്തില്‍ മാത്രമെ മുസ്‌ലിമിന് പൂര്‍ണ മുസ്‌ലിമായി ജീവിക്കുവാനാകൂവെന്നതിനാല്‍ ലോകത്ത് എവിടെ ജീവിക്കുന്ന മുസ്‌ലിമും ആ പ്രദേശം ഇസ്‌ലാമിക രാഷ്ട്രമാക്കുവാനോ അതല്ലെങ്കില്‍ നിലവിലുള്ള ഏതെങ്കിലും ഇസ്‌ലാമിക രാഷ്ട്രത്തിന് കീഴിലാക്കുകയോ ശ്രമിച്ചുകൊണ്ടിരിക്കുമെന്നും അതുകൊണ്ടാണ് മുസ്‌ലിംകള്‍ കലാപകാരികളായിത്തീരുന്നതെന്നും വിമര്‍ശിക്കുന്നവര്‍ കാണാതെ പോകുന്ന ചരിത്ര സംഭവങ്ങളാണിവ. രാഷ്ട്രം ഇസ്‌ലാമികമാണോ അല്ലേയെന്നതല്ല, മുസ്‌ലിമായി ജീവിക്കുവാന്‍ അനുവദിക്കുന്നതാണോ അല്ലേയെന്നതാണ് ഒരു രാഷ്ട്ര സംവിധാനത്തോടുള്ള മുസ്‌ലിമിന്റെ സമീപനമെന്തായിരിക്കണമെന്ന് നിശ്ചയിക്കുന്ന സൂചികയെന്ന് ഈ സംഭവങ്ങള്‍ സുതരാം വ്യക്തമാക്കുന്നു.
അല്ല. മുസ്‌ലിമായി ജീവിക്കുവാൻ സ്വാതന്ത്ര്യം ലഭിക്കുന്നതിന് വേണ്ടിയുള്ള പലായനമാണത്. നബി ശിഷ്യന്മാരുടെ അബ്സീനിയ പലായനം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
പ്രവാചകത്വത്തിന്റെ ആറാം വര്‍ഷത്തിലെ റജബ് മാസത്തില്‍ പതിനൊന്ന് പുരുഷന്‍മാരും നാല് സ്ത്രീകളുമടങ്ങുന്ന മുസ്‌ലിംകളുടെ ആദ്യസംഘം അഭയാര്‍ഥികളായി അബ്‌സീനിയയിലേക്ക് പലായനം ചെയ്യുന്നത് മുതല്‍ ആരംഭിക്കുന്നു ഇസ്‌ലാമിലെ ഹിജ്‌റയുടെ ചരിത്രം. മക്കയിലെ പീഡനങ്ങളില്‍നിന്ന് രക്ഷപ്പെടുന്നതിനായാണ് അവര്‍ അബ്‌സീനിയയിലേക്ക് പോയത്. ഏറെ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്ന അടിമകള്‍ക്ക് യജമാനന്‍മാരുടെ കണ്ണുവെട്ടിച്ച് ഓടിപ്പോവുക പ്രയാസകരമായതുകൊണ്ടാവാം ആദ്യത്തെ പലായന സംഘത്തിലുണ്ടായിരുന്നത് പ്രധാനമായും ഖുറൈശീ ഗോത്രത്തില്‍നിന്ന് ഇസ്‌ലാം സ്വീകരിച്ചവരും അവരുടെ ഭാര്യമാരുമായിരുന്നു. തന്റെ മകളായ റുഖിയ്യ (റ) യെയും ഭര്‍ത്താവായിരുന്ന ഉഥ്മാനു ബ്‌നു അഫ്ഫാനെ(റ)യുമാണ് പ്രവാചകൻ (സ) ആദ്യമായി പലായനത്തിന് പറഞ്ഞയച്ചത്. ആദര്‍ശജീവിതത്തിലേക്ക്, സ്വന്തമായതെല്ലാം ഉപേക്ഷിച്ചുകൊണ്ട് പലായനം ചെയ്യാന്‍ പ്രവാചകൻ (സ) മുന്നില്‍ നടത്തിയത് സ്വന്തം പുത്രിയെയും പുത്രി ഭര്‍ത്താവിനെയുമായിരുന്നു.
ഉഥ്മാനുബ്‌നു മദ്വ്ഊനിന്റെ(റ) നേതൃത്വത്തില്‍ അബ്‌സീനിയയിലേക്ക് പലായനം ചെയ്ത ആദ്യസംഘം ഏറെ താമസിയാതെ ആ വര്‍ഷം ശവ്വാലില്‍തന്നെ മക്കയിലേക്ക് തിരിച്ചുവന്നത് തങ്ങളുടെ നാട്ടില്‍തന്നെ മുസ്‌ലിമായി ജീവിക്കുവാനുള്ള സാഹചര്യമുണ്ടായിട്ടുണ്ടെന്ന് തെറ്റായി മനസ്സിലാക്കിയതിനാലായിരുന്നു. ഉമറി (റ) ന്റെയും ഹംസ (റ) യുടെയും ഇസ്‌ലാം ആശ്ലേഷണത്തെക്കുറിച്ചറിഞ്ഞ അവര്‍ അതുവഴി മക്കയില്‍ സ്വസ്ഥമായി ആദര്‍ശജീവിതം നയിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ടായിട്ടുണ്ടെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. ദൈവികബോധന പ്രകാരം ജീവിക്കുകയും അത് പ്രബോധിപ്പിക്കുകയും ചെയ്യാനുള്ള സ്വാതന്ത്ര്യം ജന്മനാട്ടില്‍ ഒരുങ്ങിയിട്ടുണ്ടെന്ന് കരുതി മക്കയില്‍ തിരിച്ചെത്തിയ അവരെ സ്വാഗതം ചെയ്തത് മുസ്‌ലിംകള്‍ക്കെതിരെ ബഹുദൈവാരാധകര്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ക്രൂരമായ പീഡനങ്ങളെക്കുറിച്ച വര്‍ധമാനമായ വാര്‍ത്തകളായിരുന്നു. തങ്ങള്‍ സത്യമെന്ന് മനസ്സിലാക്കിയ ആദര്‍ശമുള്‍ക്കൊണ്ട് ജീവിക്കുവാന്‍ സ്വദേശത്ത് സാഹചര്യമൊരുങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കിയ ഉടനെ സന്തോഷത്തോടെ ജന്മനാട്ടിലേക്ക് തിരിച്ച അബ്‌സീനിയര്‍ മുഹാജിറുകളുടെ നടപടിയില്‍നിന്ന് അവരുടെ പലായനത്തിന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന് വ്യക്തമാവുന്നുണ്ട്. ആദര്‍ശ ജീവിതത്തിനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുകയെന്നതില്‍ കവിഞ്ഞ ലക്ഷ്യങ്ങളൊന്നും തന്നെ അവര്‍ക്കുണ്ടായിരുന്നില്ലെന്ന് സ്പഷ്ടം. ഇതുതന്നെയായിരുന്നു പിന്നീട് നടന്ന പലായനങ്ങളുടെയും ലക്ഷ്യം.
തങ്ങൾ കരുതിയത് പോലെ മക്കയിൽ മതസ്വാതന്ത്ര്യമുള്ള അവസ്ഥ സംജാതമായിട്ടില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് അബ്‌സീനിയയില്‍നിന്ന് തിരിച്ചെത്തിയവര്‍ വീണ്ടും അവിടേക്ക് തന്നെ പലായനം ചെയ്തത്. എണ്‍പതിലധികം പുരുഷന്‍മാരും പത്തൊന്‍പത് സ്ത്രീകളുമടങ്ങുന്ന താരതമ്യേന വലിയ പലായനസംഘത്തെ ക്രൈസ്തവ ഭരണാധികാരിയായിരുന്ന നജ്ജാശിയുടെ നാട്ടിലേക്ക് നബി (സ) പറഞ്ഞയച്ചതും സ്രഷ്ടാവിനെ മാത്രം ആരാധിച്ച് ജീവിക്കുകയും അവന്റെ നിയമനിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയായിരുന്നു. അബ്‌സീനിയയിലേക്ക് പലായനം ചെയ്യാന്‍ പ്രചോദിപ്പിച്ചുകൊണ്ടുള്ള പ്രവാചക നിര്‍ദേശത്തില്‍നിന്ന് ഇക്കാര്യം സുതരാം വ്യക്തമാകുന്നുണ്ട്. മക്കാ മുശ്‌രിക്കുകളുടെ അക്രമങ്ങളാല്‍ പൊറുതിമുട്ടിയിരുന്ന തന്റെ അനുചരന്‍മാരോട് പ്രവാചകൻ (സ) പറഞ്ഞതായി, അബ്‌സീനിയന്‍ പലായനത്തില്‍ പങ്കെടുത്ത, പിന്നീട് പ്രവാചക പത്‌നിയായിത്തീര്‍ന്ന ഉമ്മുസല്‍മ (റ)നിവേദനം ചെയ്യുന്നു: 'ആരെയും അക്രമിക്കുകയോ അടിച്ചമര്‍ത്തുകയോ ചെയ്യാത്ത ഒരു രാജാവാണ് അബ്‌സീനിയന്‍ പ്രദേശങ്ങള്‍ ഭരിക്കുന്നത്. അതിനാല്‍ നിങ്ങള്‍ അങ്ങോട്ട് പോവുകയും അദ്ദേഹത്തിന്റെ പ്രദേശങ്ങളില്‍ അഭയം തേടുകയും ചെയ്യുക; ഇപ്പോഴുള്ള അവസ്ഥയ്ക്ക് അല്ലാഹു ഒരു മാറ്റമുണ്ടാക്കുന്നതും നമുക്ക് മറ്റൊരു മാര്‍ഗമുണ്ടാവുന്നതുംവരെ'.( ഇബ്‌നു ഹിശാം സ്വീകാര്യമായ പരമ്പരയോടു (ഹസന്‍) നിവേദനം ചെയ്തത്)
മക്കയ്ക്ക് ചുറ്റും നിരവധി സ്ഥലങ്ങളുണ്ടായിട്ടും തന്റെ അനുചരന്‍മാരെ എന്തുകൊണ്ടാണ് പ്രവാചകൻ (സ) അവിടങ്ങളിലേക്കൊന്നും പറഞ്ഞയക്കാതെ അബ്‌സീനിയതന്നെ തെരഞ്ഞെടുത്തതെന്ന ചോദ്യത്തിനുള്ള ഉത്തരം ഉമ്മുസല്‍മ (റ)നിവേദനം ചെയ്ത ഹദീഥിലുണ്ട്. 'ആരെയും അക്രമിക്കുകയോ അടിച്ചമര്‍ത്തുകയോ ചെയ്യാത്ത ഒരു രാജാവാണ് അബ്‌സീനിയ ഭരിക്കുന്നത്'. അബ്‌സീനിയയിലേക്ക് കച്ചവടത്തിന് പോയ മക്കക്കാരില്‍നിന്ന് അവിടുത്തെ രാജാവിന്റെ നീതിനിഷ്ഠയെയും മാന്യതയെയുംകുറിച്ച് മനസ്സിലാക്കിയതില്‍നിന്നാവണം അദ്ദേഹം മുസ്‌ലിംകളെ സ്വീകരിക്കുകയും അവരുടെ മതമനുസരിച്ച് ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുമെന്ന് പ്രവാചകൻ (സ) കരുതിയത്. അദ്ദേഹത്തിന്റെ നിഗമനം തെറ്റിയിട്ടില്ലെന്ന് അബ്‌സീനിയയില്‍ മുസ്‌ലിംകള്‍ക്ക് ലഭിച്ച സ്വീകരണം തെളിയിക്കുകയും ചെയ്തു. 'ഞങ്ങള്‍ക്ക് അവിടെ ചെന്നപ്പോള്‍ നല്ല സ്വീകരണം ലഭിക്കുകയും നല്ല അയല്‍ക്കാരെ കിട്ടുകയും ചെയ്തു. ഞങ്ങളുടെ മതത്തിന്റെ കാര്യത്തില്‍ ശാന്തി അനുഭവിക്കുകയും പീഡനങ്ങളില്ലാത്ത സ്ഥിതി സംജാതമാവുകയും ചെയ്തു'വെന്ന പ്രവാചക പത്‌നി ഉമ്മുസല്‍മേയുടെ വാക്കുകള്‍ മുസ്‌ലിംകള്‍ക്ക് അബ്‌സീനിയയില്‍ ലഭിച്ച സ്വീകാര്യതയെ വെളിപ്പെടുത്തുന്നുണ്ട്.
പീഡനങ്ങളും പ്രയാസങ്ങളും അധികരിച്ചപ്പോള്‍ അവയില്‍നിന്ന് രക്ഷപ്പെടാന്‍ പ്രവാചകൻ (സ) നിര്‍ദേശിച്ചത് ജീവിക്കുന്ന നാട്ടില്‍ കലാപങ്ങളും കുഴപ്പങ്ങളുമുണ്ടാക്കി, അവിടെയുള്ളവരെ ഭീഷണിപ്പെടുത്തിക്കൊണ്ട് കാര്യം നേടുകയെന്ന മാര്‍ഗമല്ല, പ്രത്യുത ആദര്‍ശമനുസരിച്ച് ജീവിക്കുവാനാകുന്ന ഏതെങ്കിലുമൊരു സ്ഥലമുണ്ടെങ്കില്‍ അവിടെ പോയി ജീവിക്കുകയും ആശയപ്രബോധനം നടത്തുകയും ചെയ്യുകയാണെന്ന വസ്തുത വ്യക്തമാക്കുന്നതാണ് അബ്‌സീനിയയിലേക്ക് പലായനം ചെയ്യുവാനുള്ള നബിനിര്‍ദേശങ്ങള്‍. എണ്‍പതിലധികം പുരുഷന്‍മാരും അവര്‍ക്ക് നേതൃത്വം നല്‍കാനാവുന്ന ഉമറിനെയും (റ)ഹംസയെയും (റ)പോലെയുള്ള ശക്തരും ധൈര്യശാലികളുമായ പ്രമുഖരും ആദര്‍ശത്തിനായി എന്തുതരം ത്യാഗങ്ങളും സഹിക്കാനാകുമെന്ന് തെളിയിച്ച ബിലാലിനെ (റ) പോലെയുള്ള മഹത്തുക്കളും തനിക്ക് ചുറ്റുമുണ്ടായിരുന്നിട്ടും മക്കയില്‍ തന്നെയും അനുയായികളെയും പീഡിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ ഒരു കലാപമഴിച്ചുവിട്ട് പീഡനത്തിന്റെ ചങ്ങലയറുക്കുവാനല്ല, പ്രത്യുത പീഡനങ്ങളില്ലാത്ത അയല്‍ ദേശത്തേക്ക് കുടിയേറുവാനാണ് പ്രവാചകൻ (സ) നിര്‍ദേശിച്ചതെന്ന വസ്തുത കലാപകാരിയായിരുന്നു മുഹമ്മദെന്നും (സ) മക്കയില്‍വെച്ച് അവസരമില്ലാത്തതുകൊണ്ടാണ് അദ്ദേഹം കലാപങ്ങളുടെ കെട്ടഴിക്കാതിരുന്നതെന്നും വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്‍കുന്നതാണ്.
കലാപമുണ്ടാക്കി കലുഷിതമായ സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കുകയും അതില്‍നിന്ന് തന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയുമല്ല, പ്രത്യുത സമാധാനത്തോടെ ദൈവികമതമനുസരിച്ച് ജീവിക്കുകയും അത് പ്രബോധിപ്പിക്കുകയും ചെയ്യാനാവശ്യമായ സാഹചര്യം സൃഷ്ടിക്കുകയുമായിരുന്നു പ്രവാചകന്റെ ലക്ഷ്യം. മക്കയിലെ നിലവിലുള്ള സാമൂഹ്യ സാഹചര്യത്തില്‍ ഗോത്രങ്ങളുടെ സംരക്ഷണത്തിന്റെ തണലില്‍ താനും അത് ലഭിച്ച സ്വഹാബികളും നിലയുറപ്പിക്കുകയും ആദര്‍ശജീവിതവും പ്രബോധനവും നിര്‍വഹിച്ചുകൊണ്ട് മുന്നോട്ട് പോവുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍തന്നെ, പ്രസ്തുത സംരക്ഷണം ലഭിക്കാത്തവരെ മതപീഡനമില്ലാത്ത അയല്‍നാട്ടിലേക്ക് പോകാന്‍ പ്രചോദിപ്പിക്കുകയും അവിടേക്ക് പറഞ്ഞയക്കുകയും ചെയ്ത പ്രവാചകനില്‍ (സ) ശാന്തമായി വിശുദ്ധജീവിതം നയിക്കുകയും അത് പ്രബോധിപ്പിക്കുകയും ചെയ്യാന്‍ അഭിവാഞ്ചയുള്ള ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവിനെയാണ് ആര്‍ക്കും കാണാനാവുക.
വിടവാങ്ങുക, ഉപേക്ഷിക്കുക, കയ്യൊഴിയുക, പരിത്യജിക്കുക, വേര്‍പെടുക, നിരാകരിക്കുക, സ്ഥലം വിടുക തുടങ്ങിയ അര്‍ഥങ്ങളില്‍ പ്രയോഗിക്കപ്പെടുന്ന ഹാ, ജീം, റാ എന്നീ അക്ഷരത്രയങ്ങളില്‍നിന്ന് നിഷ്പന്നമായ 'ഹിജ്‌റ'യെന്ന പദമാണ് പലായനം എന്ന് പരിഭാഷപ്പെടുത്തപ്പെടാറുള്ളത്. സ്വദേശം വെടിഞ്ഞുപോകുന്നതിനും തെറ്റുകള്‍ വെടിഞ്ഞ് വിശുദ്ധമാകുന്നതിനും പൈശാചിക പാതവെടിഞ്ഞ് സത്യമാര്‍ഗത്തിലെത്തിച്ചേരുന്നതിനുമെല്ലാം 'ഹിജ്‌റ'യെന്ന് പറയാവുന്നതാണ്. 'തെറ്റുകളും പാപങ്ങളും ഉപേക്ഷിക്കുന്നവനാണ് മുഹാജിര്‍' (പലായനം ചെയ്യുന്നവന്‍)( ഇമാമുമാര്‍ അഹ്മദ്, ഹാക്കിം, ത്വബ്‌റാനി എന്നിവര്‍ നിവേദനം ചെയ്ത സ്വഹീഹായ ഹദീഥ് ) എന്ന് പ്രവാചകൻ (സ) പറഞ്ഞത് ഈ അര്‍ഥങ്ങളെയെല്ലാം ദ്യോതിപ്പിച്ചുകൊണ്ടാണ്. പാപങ്ങള്‍ വെടിയുകയും നന്മകളില്‍ വ്യാപൃതരാവുകയും ചെയ്യുകയെന്ന ഹിജ്‌റ ചെയ്യേണ്ടവനാണ് ഓരോ മുസ്‌ലിമും. എലാ മുസ്ലിംകളും ആത്യന്തികമായി മുഹാജിറുകളാണെന്ന് സാരം.
പൈശാചികപാത വെടിഞ്ഞ് സത്യമാര്‍ഗത്തിലെത്തിച്ചേര്‍ന്ന ഒരാള്‍ക്ക് തന്റെ സത്യമെന്ന് തിരിച്ചറിഞ്ഞ ആദര്‍ശപ്രകാരം ജീവിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമ്പോഴാണ് അയാള്‍ സ്വന്തം നാട്ടില്‍ നിന്ന് പലായനം ചെയ്യുന്നത്. മാനസികമായ ഹിജ്‌റയില്‍നിന്നാണ് നാട് വെടിയേണ്ടിവരികയെന്ന ശാരീരികമായ ഹിജ്‌റയുണ്ടാവുന്നത്. പൈശാചിക പ്രലോഭനങ്ങളില്‍നിന്ന് രക്ഷപ്പെടുകയെന്ന മാനസികമായ ഹിജ്‌റ ചെയ്യാത്തവര്‍ ശാരീരിക ഹിജ്‌റ ചെയ്യുന്നതുകൊണ്ട് കാര്യമൊന്നുമില്ലെന്ന് പ്രവാചകൻ (സ) പഠിപ്പിച്ചിട്ടുണ്ട്. "പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശ്യങ്ങള്‍ക്കനുസരിച്ചാണ് (പ്രതിഫലാര്‍ഹമാവുക) ഓരോ മനുഷ്യനും അവനിദ്ദേശിച്ചത് ലഭിക്കും. ഭൗതികനേട്ടത്തിനോ ഏതെങ്കിലും സ്ത്രീയെ വിവാഹം ചെയ്യാനോ ആണ് ആരുടെയെങ്കിലും ഹിജ്‌റയെങ്കില്‍ അവനതാണ് ലഭിക്കുക.( സ്വഹീഹുല്‍ ബുഖാരി, കിതാബുബദഉല്‍ വഹ്‌യ്; സ്വഹീഹുമുസ്‌ലിം, കിതാബുല്‍ഇമാറ)
സത്യമതത്തിന്റെ നിര്‍ദേശങ്ങളനുസരിച്ച് ജീവിക്കുന്നതിനും പ്രബോധനം ചെയ്യുന്നതിനും വേണ്ടി സ്വദേശം വെടിഞ്ഞുപോകുന്നത് വളരെ വലിയ ത്യാഗമാണ്. ജനിച്ചുവളര്‍ന്ന നാടും പിച്ചവെച്ചുവളര്‍ന്ന മണ്ണും താലോലിച്ച് വളര്‍ത്തിയ ബന്ധുമിത്രാദികളെയും അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യവുമെല്ലാം വെടിഞ്ഞ് ആദര്‍ശജീവിതത്തിനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി മാത്രമായുള്ള പലായനമെന്ന അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ത്യാഗത്തിന് ഉന്നതമായ പ്രതിഫലമുണ്ടെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.
''വിശ്വസിക്കുകയും സ്വദേശം വെടിയുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവര്‍ അല്ലാഹുവിങ്കല്‍ ഏറ്റവും മഹത്തായ പദവിയുള്ളവരാണ്. അവര്‍ തന്നെയാണ് വിജയം പ്രാപിച്ചവര്‍. അവര്‍ക്ക് അവരുടെ രക്ഷിതാവ് അവന്റെ പക്കല്‍ നിന്നുള്ള കാരുണ്യത്തെയും പ്രീതിയെയും സ്വര്‍ഗത്തോപ്പുകളെയും പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവര്‍ക്ക് അവിടെ ശാശ്വതമായ സുഖാനുഭവമാണുള്ളത്. അവരതില്‍ നിത്യവാസികളായിരിക്കും. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുക്കലാണ് മഹത്തായ പ്രതിഫലമുള്ളത്.'' (9:20-22)
''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വല്ലവനും സ്വദേശം വെടിഞ്ഞ് പോകുന്ന പക്ഷം ഭൂമിയില്‍ ധാരാളം അഭയസ്ഥാനങ്ങളും ജീവിതവിശാലതയും അവന്‍ കണ്ടെത്തുന്നതാണ്. വല്ലവനും തന്റെ വീട്ടില്‍ നിന്ന് - സ്വദേശം വെടിഞ്ഞ് കൊണ്ട് - അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും ഇറങ്ങി പുറപ്പെടുകയും, അനന്തരം (വഴി മധ്യേ) മരണമവനെ പിടികൂടുകയും ചെയ്യുന്ന പക്ഷം അവന്നുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ സ്ഥിരപ്പെട്ടു കഴിഞ്ഞു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.'' (4:100)
സ്വര്‍ഗപ്രാപ്തിയെന്ന ലക്ഷ്യവും ആദര്‍ശജീവിതം നയിക്കുവാന്‍ അവസരമുണ്ടാകണമെന്ന ആഗ്രഹവും മാത്രമാണ് മുസ്‌ലിമിന്റെ പലായനത്തിന് പിന്നിലുള്ളത്. സ്വാര്‍ഥമായ താല്‍പര്യങ്ങള്‍ക്കോ ഭൗതികമായ ലക്ഷ്യങ്ങള്‍ക്കോ വേണ്ടിയുള്ള പലായനം ചിലപ്പോള്‍ പ്രസ്തുത ലക്ഷ്യങ്ങള്‍ നേടിയെടുക്കുവാന്‍ പ്രയോജനീഭവിക്കാമെങ്കിലും അത് അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ഹിജ്‌റയാവുകയില്ലെന്നും ആത്യന്തികമായി അത് നന്മയ്ക്ക് നിമിത്തമാകുകയില്ലെന്നുമാണ് പ്രവാചകൻ (സ) പഠിപ്പിച്ചത്. ഭൗതികമായ ഒരു സാമ്രാജ്യ സ്ഥാപനമായിരുന്നു മുഹമ്മദ് നബി (സ) യുടെ ഹിജ്‌റക്കുപിന്നിലുള്ള ലക്ഷ്യമെന്ന് വിമര്‍ശിക്കുന്നവര്‍ നബി ദൗത്യത്തെക്കുറിച്ച് വിവരമില്ലാത്തവരാണ്. പ്രവാചകത്വം വാദിച്ചതുതന്നെ അറബികള്‍ക്കുമേലുള്ള അധീശത്വത്തിന് വേണ്ടിയായിരുന്നുവെന്ന് വാദിക്കുന്നവരാണ് മുഹമ്മദ് നബി (സ) യുടെ ഹിജ്‌റക്കുപിന്നിലും സാമ്രാജ്യസ്ഥാപനമെന്ന ലക്ഷ്യമുണ്ടായിരുന്നുവെന്ന് സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്. ദൈവികബോധനങ്ങള്‍ പ്രകാരമുള്ള ജീവിതത്തിനും അത് പ്രബോധനം ചെയ്യുന്നതിനുമുള്ള സ്വാതന്ത്ര്യമുണ്ടാവുകയെന്നതില്‍ കവിഞ്ഞ ലക്ഷ്യങ്ങളെന്തെങ്കിലും ഹിജ്‌റക്ക് പിന്നിലുണ്ടായിരുന്നുവെന്ന് സ്ഥാപിക്കുവാന്‍ വിമര്‍ശകരുടെ പക്കല്‍ തെളിവുകളൊന്നും തന്നെയില്ല. ഹിജ്‌റക്ക് മുമ്പുള്ള സംഭവങ്ങളെ സൂക്ഷ്മമായി അപഗ്രഥിക്കുകയും തലനാരിഴ കീറി പരിശോധിക്കുകയും ചെയ്താല്‍പോലും നബി (സ)യുടെ പലായനത്തിന് പിന്നില്‍ സ്വാര്‍ഥമായ വല്ല ലക്ഷ്യവുമുണ്ടായിരുന്നുവെന്ന് സ്ഥാപിക്കുവാനാവശ്യമായ തെളിവുകളൊന്നും ലഭിക്കുകയില്ലെന്നുറപ്പാണ്.
അല്ല. അധികാരമോഹമായിരുന്നില്ല അധികാരമേല്പിക്കപ്പെട്ട നാടിന്റെ സംരക്ഷണമെന്ന ഉത്തരവാദിത്തത്തിൻറെ നിർവഹണമായിരുന്നു ബദർ യുദ്ധത്തിന് കാരണമായിത്തതീർന്നത്.
മുഹമ്മദ് നബി(സ) നേതൃത്വം നല്‍കിയ ആദ്യത്തെ പോരാട്ടമാണ് ബദ്‌റ് യുദ്ധം. തികച്ചും ആകസ്മികമായി ഉണ്ടായ ഒരു യുദ്ധമായിരുന്നു അത്. മദീനയിലെ ഇസ്‌ലാമിക സമൂഹത്തിന്റെ ഭാഗമാകാന്‍ സമ്മതിക്കാതെ മക്കയില്‍ ക്രൂരമായി പിടിച്ചുവെക്കപ്പെട്ട വിശ്വാസികളുടെ മോചനം, പ്രവാചകനെയും അനുയായികളെയും നശിപ്പിക്കുകയും മദീനയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മുസ്‌ലിം സമൂഹത്തെ തകര്‍ക്കുകയും ചെയ്യുമെന്ന മക്കാമുശ്‌രിക്കുകളുടെ ഭീഷണിക്ക് അറുതിവരുത്തുക, മദീനക്ക് ചുറ്റുമുള്ള അറബ് ഗോത്രങ്ങളുടെ അക്രമങ്ങളില്‍നിന്ന് നാടിനെ രക്ഷിക്കുകയും അവരുമായി സമാധാനസന്ധിയുണ്ടാക്കുകയും ചെയ്യുക. ആദര്‍ശമനുസരിച്ച് ജീവിക്കുവാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി നാടുവിട്ടപ്പോള്‍ മുസ്‌ലിംകള്‍ മക്കയില്‍ ഉപേക്ഷിച്ചുപോന്ന സമ്പത്ത് അതിന്റെ അവകാശികള്‍ക്ക് തിരിച്ച് നല്‍കുന്നതിനുവേണ്ടി പരിശ്രമിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി മുഹമ്മദ് നബി(സ)യുടെ നേരിട്ടുള്ള നേതൃത്വത്തിലും അല്ലാതെയും നടന്ന സൈനിക നീക്കങ്ങളിലൊന്നാണ് ബദ്‌റ് യുദ്ധമായി പരിണമിച്ചത്.
മക്കയില്‍ മുശ്‌രിക്കുകള്‍ നയിക്കുന്ന വ്യാപാര സംഘങ്ങളെ തടയുകയും നടേ പറഞ്ഞ ലക്ഷ്യങ്ങള്‍ നേടുകയും ചെയ്യുകയെന്ന ഉദ്ദേശത്തോടെ ഹിജ്‌റക്കുശേഷം ഏഴാം മാസം നടത്തിയ സൈഫില്‍ ബഹ്‌റ് മുതലുള്ള സൈനിക നീക്കങ്ങളെപോലെയുള്ള ഒരു നീക്കം മാത്രമായിരുന്നു നബി(സ)യും സ്വഹാബിമാരും ബദ്‌റിലേക്ക് നടത്തിയത്. അതുകൊണ്ടുതന്നെ മദീനയിലുണ്ടായിരുന്ന സ്വഹാബിമാരില്‍ പലരും ബദ്‌റിലേക്ക് പോവുകയോ യുദ്ധത്തില്‍ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല.(1) മുന്നൂറ്റിപ്പത്തില്‍പരം പേര്‍ മുഹമ്മദ് നബി(സ)യോടൊപ്പം ബദ്‌റില്‍ പങ്കെടുത്തുവെന്ന് ബുഖാരിയും(2) അവരുടെ എണ്ണം എണ്ണൂറ്റിപത്തൊന്‍പതായിരുന്നുവെന്ന് മുസ്‌ലിമും(3) നിവേദനം ചെയ്തിട്ടുണ്ട്. യുദ്ധത്തിന് ഒരുങ്ങിപോയവരല്ലാത്തതിനാല്‍തന്നെ അവരുടെ പക്കല്‍ ആവശ്യത്തിനുള്ള ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല. അവര്‍ക്ക് പോരാടാനുണ്ടായിരുന്നതാകട്ടെ സര്‍വ്വായുധ സന്നദ്ധരായി യുദ്ധത്തിന് ഒരുങ്ങിവന്ന(4) യുദ്ധസജ്ജരും നിപുണരുമായ ഖുറൈശികളോടായിരുന്നു. രണ്ട് കുതിരകളും എഴുപത് ഒട്ടകങ്ങളും മുന്നൂറിലധികം പേരുമടങ്ങുന്ന മുഹമ്മദ് നബി(സ)യുടെ നേതൃത്വത്തിലുള്ള മുസ്‌ലിം സൈന്യവും നൂറിലധികം കുതിരകളും നിരവധി ഒട്ടകങ്ങളും ആയിരത്തിമുന്നൂറോളം വരുന്ന സായുധസജ്ജരുമടങ്ങുന്ന അബൂജഹ്‌ലിന്റെ നേതൃത്വത്തിലുള്ള ഖുറൈശീ സൈന്യവും തമ്മിലാണ് ബദ്‌റില്‍ ഏറ്റുമുട്ടിയത്.(5) പക്ഷെ, ഇസ്‌ലാമിക ചരിത്രത്തിലെ പ്രഥമ യുദ്ധത്തില്‍ മുസ്‌ലിംകള്‍ വിജയിച്ചു. ബഹുദൈവാരാധകരിലെ നേതാക്കളായ അബൂജഹ്‌ലും ഉമയ്യത്തുബിനു ഖലഫുമടക്കമുള്ള എഴുപത് പേര്‍ മരണപ്പെടുകയും എഴുപത് പേരെ മുസ്‌ലിംകള്‍ ബന്ദികളായി പിടിക്കുകയും െചയ്തപ്പോള്‍(6) പതിനാല് മുസ്‌ലിംകളാണ് ബദ്‌റ് യുദ്ധത്തില്‍ രക്ഷസാക്ഷികളായത്.(7) ചെറിയൊരു സംഘം അല്ലാഹുവിന്റെ സഹായത്താല്‍ വലിയൊരു സംഘത്തെ ജയിച്ചടക്കി. ബദ്‌റിലുണ്ടായ അല്ലാഹുവിന്റെ സഹായത്തെക്കുറിച്ച് വ്യക്തമാക്കുന്ന ക്വുര്‍ആന്‍ സൂക്തങ്ങള്‍ കാണുക: ''നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദ്‌റില്‍ വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം. നബി(സ)യേ നിങ്ങളുടെ രക്ഷിതാവ് മൂവായിരം മലക്കുകളെ ഇറക്കികൊണ്ട് നിങ്ങളെ സഹായിക്കുക എന്നത് നിങ്ങള്‍ക്ക് മതിയാവുകയില്ലേ എന്ന് നീ സത്യവിശ്വാസികളോട് പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക)'' (3:123,124)
ആദര്‍ശത്തിന്റെ സംരക്ഷണത്തിനായി അന്തിമ പ്രവാചകനും അനുയായികളും തോളോട് തോളുരുമ്മി പടവെട്ടിയപ്പോള്‍ അവിടെ അല്ലാഹുവിന്റെ സഹായമുണ്ടായി. അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ചുകൊണ്ടാണ് മുസ്‌ലിംകള്‍ പടവെട്ടിയതെന്ന വസ്തുത വ്യക്തമാക്കുന്നതാണ് നടേ വിവരിച്ച സംഭവം. അധികാരവും യുദ്ധാര്‍ജ്ജിത സമ്പത്തും അങ്ങനെ ലഭിക്കുന്ന അടിമപ്പെണ്‍കൊടികളുമൊത്തുള്ള ശയനവുമായിരുന്നു മുസ്‌ലിംകളെ യുദ്ധത്തിന് പ്രചോദിപ്പിച്ചതെന്ന വിമര്‍ശനത്തിന്റെ നട്ടെല്ലൊടിക്കുന്ന ഇത്തരം നിരവധി സംഭവങ്ങള്‍ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ടും അവന്റെ സഹായം പ്രതീക്ഷിച്ചുകൊണ്ടും വിശ്വാസികള്‍ പടപൊരുതിയപ്പോള്‍ അല്ലാഹു അവരെ സഹായിച്ചു. യുദ്ധത്തില്‍ മുസ്‌ലിംകള്‍ വിജയിച്ചത് അല്ലാഹുവിന്റെ സഹായം കൊണ്ടാണ്. കൂടാരത്തില്‍ പ്രാര്‍ഥനാനിമഗ്‌നനായിരുന്ന പ്രവാചകൻ(സ) ഇടയ്ക്ക് പുറത്തുവന്നുകൊണ്ട് അബൂബക്കറിനോട് (റ)പറഞ്ഞു: 'സന്തോഷവാര്‍ത്തയുണ്ട് അബൂബക്ര്‍. അല്ലാഹുവിന്റെ സഹായം വന്നെത്തിയിരിക്കുന്നു. തലപ്പാവ് വെച്ചുകൊണ്ട് തന്റെ കുതിരയെ നയിച്ച് ഇതാ ജിബ്‌രീല്‍ എത്തിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ കുതിരയുടെ പല്ലില്‍ പൊടി പിടിച്ചിട്ടുണ്ട്. അല്ലാഹു വാഗ്ദാനം ചെയ്ത സഹായം ഇതാ വന്നെത്തിയിരിക്കുന്നു'(8)
അധികാരമോഹവും അധീശത്വ സ്വപ്നങ്ങളുമാണ് മുഹമ്മദ് നബി(സ)യെ ആയുധമെടുക്കുവാന്‍ പ്രചോദിപ്പിച്ചത് എന്ന് പറയുന്നവര്‍ക്ക് ബദ്‌റില്‍വെച്ച് അദ്ദേഹം മറ്റെന്ത് ചെയ്യണമെന്നാണ് നിര്‍േദശിക്കുവാനുള്ളതെന്ന് അറിയുവാന്‍ കൗതുകമുണ്ട്. മുസ്‌ലിംകള്‍ക്കെതിരെ പടപൊരുതിക്കൊണ്ട് തങ്ങളുടെ യശസ്സ് അറബ് ലോകത്തെ അറിയിക്കണമെന്ന് അഹങ്കരിക്കുന്ന അബൂജഹ്‌ലിന്റെ നേതൃത്വത്തിലുള്ള ഒരു വന്‍സൈന്ന്യം അതിക്രമങ്ങള്‍ക്കൊരുങ്ങി ബദ്‌റില്‍ തമ്പടിച്ചപ്പോള്‍ അവര്‍ക്കെതിരെ സായുധസന്നാഹം നടത്താതിരിക്കണമെന്ന് പറയുവാന്‍ രാഷ്ട്രതന്ത്രത്തിന്റെ ബാലപാഠമെങ്കിലും അറിയുന്നവര്‍ സന്നദ്ധമാകുമോ? അത് നടന്നിട്ടില്ലായിരുന്നുവെങ്കില്‍ പ്രസ്തുത സൈന്യം മദീനയിലേക്ക് മാര്‍ച്ച് ചെയ്യുകയും മദീനാപട്ടണം തന്നെ നാമാവശേഷമാകുന്ന സ്ഥിതി ഉണ്ടാവുകയും ചെയ്യുമായിരുന്നുവെന്ന് സംഭവങ്ങളെ നിരീക്ഷിക്കുന്ന ആര്‍ക്കാണ് മനസിലാക്കാന്‍ കഴിയാത്തത്! യുദ്ധത്തിന് ഒരുങ്ങിവന്ന ശത്രുക്കളില്‍നിന്ന് നാടിനെയും നാട്ടുകാരെയും സംരക്ഷിക്കുകയും അങ്ങനെ സമാധാനപൂര്‍ണമായി ഇസ്‌ലാമിക ജീവിതം നയിക്കുവാനും അതിലേക്ക് ആളുകളെ ക്ഷണിക്കുവാനുമുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുവാന്‍ വേണ്ടിയാണ് ബദ്‌റ് യുദ്ധം നടത്തണമെന്ന വസ്തുത സത്യസന്ധമായി ചരിത്രപഠനം നിര്‍വഹിക്കുന്നവര്‍ക്കൊന്നും നിഷേധിക്കാനാവില്ല, തീര്‍ച്ച.
- സ്വഹീഹുല്‍ ബുഖാരി, കിത്താബുല്‍ മഗാസി
- സ്വഹീഹുല്‍ ബുഖാരി, കിത്താബുല്‍ മഗാസി
- സ്വഹീഹു മുസ്‌ലിം, കിത്താബുല്‍ ജിഹാദ്, വസ്സിയീര്‍
- സ്വഹീഹു മുസ്‌ലിം, കിത്താബുല്‍ ജിഹാദ്, വസ്സിയീര്‍
- ഇമാം ഇബ്‌നുകഥീര്‍ തന്റെ അല്‍ ബിദായയില്‍ (3/284-285) മുര്‍സലായി നിവേദനം ചെയ്തത്. Mahdi Rizqulla Ahmed: A Biography of the Prophet of Islam; Riyadh 2005, page 391
- സ്വഹീഹു മുസ്‌ലിം, കിത്താബുല്‍ ജിഹാദ് വസ്സിയീര്‍
- ഇമാം ഇബ്‌നു കഥീര്‍ അല്‍ ബിദായയില്‍ (3/230) മൂസബ്‌നു ഉഖ്ബയില്‍ (റ) നിന്ന് നിവേദനം ചെയ്തത് M.R. Ahmad Opt.cit page 414
- സ്വഹീഹു മുസ്‌ലിം, കിത്താബുല്‍ ജിഹാബു വസ്സയീര്‍
- ഇബ്‌നു കഥീര്‍ അല്‍ബിദായയില്‍ ഹസനായി നിവേദനം ചെയ്തത് (ഇമാം അല്‍ബാനി: ഫിഖ്ഹുസ്‌സീറക്ക് എഴുതിയ അടിക്കുറിപ്പുകള്‍ പുറം 243)
ഭരണാധികാരം ഒരു ഉത്തരവാദിത്തമാണെന്നും അതിന്റെ നിര്‍വഹണം എങ്ങനെയായിരുന്നുവെന്ന വിഷയത്തില്‍ ഭരണാധികാരികള്‍ അല്ലാഹുവിന്റെ മുമ്പില്‍ വിചാരണ നേരിടുമെന്നും പഠിപ്പിച്ച ആദർശമാണ് ഇസ്‌ലാം. സുഖിക്കുവാനുള്ള മാർഗ്ഗമല്ല, പ്രത്യുത അല്ലാഹുവിന്റെ മുന്നിൽ ഉത്തരം പറയേണ്ട വലിയ ഉത്തരവാദിത്തമാണ് മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഭരണാധികാരം. വലിയൊരു ഉത്തരവാദിത്തമാണ് അധികാരമെന്ന് പഠിപ്പിക്കപ്പെടുമ്പോള്‍ ഭരണനിര്‍വഹണരംഗത്തെ വ്യത്യസ്തങ്ങളായ സാഹചര്യങ്ങളില്‍ എങ്ങനെ പെരുമാറണമെന്നുകൂടി വ്യക്തമാക്കേണ്ട ചുമതല അങ്ങനെ പഠിപ്പിക്കുന്നവര്‍ക്കുണ്ട്. യുദ്ധം അനിവാര്യമാകുന്ന സാഹചര്യങ്ങളില്‍ അത് നടത്തേണ്ടതെങ്ങനെയെന്ന് അവസാനനാളു വരെയുള്ളവരെയെല്ലാം പഠിപ്പിക്കുകയെന്ന ദൗത്യം നിര്‍വഹിക്കേണ്ടയാളാണ് അന്തിമ പ്രവാചകനായ മുഹമ്മദ് നബി(സ).
തിന്മയെ കൈകൊണ്ട് തടുക്കാനാകുമെങ്കില്‍ അങ്ങനെതന്നെ ചെയ്യണമെന്ന് നിഷ്‌കര്‍ഷിച്ച പ്രവാചകന്(സ), ഒരു ഭരണാധികാരിയെന്ന നിലയില്‍ എങ്ങനെയാണ് തിന്മകളെ കൈകൊണ്ട് പ്രതിരോധിക്കേണ്ടത് എന്നുകൂടി പ്രായോഗികമായി പഠിപ്പിക്കേണ്ടതുണ്ട്. ഇസ്‌ലാമിക നിയമങ്ങള്‍ നടപ്പിലാക്കിക്കൊണ്ട് തന്റെ ഭരണപ്രദേശത്ത് നടക്കുന്ന തിന്മകളെ എങ്ങനെ കൈകൊണ്ട് തടുക്കാമെന്ന് കാണിച്ചുതന്നതോടൊപ്പംതന്നെ തന്റെ പൗരന്മാര്‍ക്കും നാടിനുമെതിരെയുള്ള അതിക്രമങ്ങളോട് എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത് എന്നുകൂടി സൈനികനീക്കങ്ങളിലൂടെയും നേര്‍ക്കുനേരെയുള്ള പോരാട്ടങ്ങളിലൂടെയും അദ്ദേഹം അനുയായികളെ തെര്യപ്പെടുത്തി. അങ്ങനെ, ജീവിതത്തിന്റെ എല്ലാ രംഗങ്ങളെയും മാനവവല്‍ക്കരിക്കേണ്ടത് എങ്ങനെയെന്ന് മുഹമ്മദ് നബി(സ) മനുഷ്യരെ പഠിപ്പിച്ചു. 'തീര്‍ച്ചയായും താങ്കള്‍ മഹത്തായ സ്വഭാവത്തിലാകുന്നു' (ക്വുര്‍ആന്‍ 68:4) എന്നും 'തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ മഹത്തായ മാതൃകയുണ്ട്' (33:21) എന്നുമുള്ള അല്ലാഹുവിന്റെ വചനങ്ങളെ അന്വര്‍ഥമാക്കിക്കൊണ്ട് താനുള്‍ക്കൊള്ളുന്ന ആദര്‍ശത്തെയും പ്രസ്തുത ആദര്‍ശത്തിന്റെ അടിത്തറയില്‍ സ്ഥാപിക്കപ്പെട്ട രാഷ്ട്രസംവിധാനത്തെയും തകര്‍ക്കുവാനുദ്ദേശിച്ച് യുദ്ധത്തിന് വരുന്നവരോടും അതിന് കോപ്പുകൂട്ടുന്നവരോടും എങ്ങനെ പ്രതികരിക്കണമെന്ന വിഷയത്തിലുള്ള മഹത്തായ മാതൃകയാണ് താന്‍ നയിച്ച യുദ്ധങ്ങളിലൂടെയും സൈനിക നടപടികളിലൂടെയും പ്രവാചകന്‍ല മാനവരാശിക്ക് മുമ്പില്‍വെച്ചത്.
ദൈവിക മാര്‍ഗദര്‍ശനപ്രകാരം ജീവിച്ച് ശാന്തിയും മരണാനന്തരം ശാന്തിയുടെ ഭവനവും നേടിയെടുക്കുവാന്‍ ശ്രമിക്കുകയും അത് സഹജീവികള്‍ക്ക് പറഞ്ഞുകൊടുക്കുവാനായി ത്യാഗപരിശ്രമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവരെ ജീവിക്കുവാൻ അനുവദിക്കുകയില്ലെന്ന് നിശ്ചയിച്ചുറച്ച് അതിക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ കൈകൊണ്ട് തടയേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കുകവഴി ഒരു ഭരണാധികാരിയുടെ ദൗത്യനിര്‍വഹണം എങ്ങനെയെന്ന് മനസ്സിലാക്കിക്കൊടുക്കുകയായിരുന്നു അദ്ദേഹം. ശാന്തമായ ഭൗതികജീവിതം നയിച്ച് ശാന്തിയുടെ ശാശ്വത ഭവനത്തിലെത്തിച്ചേരുവാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കുന്നവരുടെ മുമ്പില്‍ വിഘ്‌നങ്ങളുണ്ടായിക്കൂടായെന്ന് നിഷ്‌കര്‍ഷിക്കുകയും ഉണ്ടാകുന്ന വിഘ്‌നങ്ങള്‍ എങ്ങനെ നീക്കം ചെയ്യാമെന്ന് കാണിച്ചുകൊടുക്കുകയും ചെയ്യുകവഴി 'ലോകര്‍ക്ക് മുഴുവന്‍ കാരുണ്യമായിക്കൊണ്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല' (21:107)യെന്ന അല്ലാഹുവിന്റെ പ്രഖ്യാപനം അന്വർത്ഥമാക്കുക കൂടിയാണ് മുഹമ്മദ് നബി(സ) ചെയ്തത്.
നിയമം നടപ്പാക്കുകയാണ് ഭരണാധികാരിയുടെ ധര്‍മം. പൗരന്മാര്‍ക്ക് അടിസ്ഥാനപരമായ അഞ്ച് അവകാശങ്ങളുണ്ടെന്നും അവ സംരക്ഷിക്കുവാനാവശ്യമായ നിയമങ്ങളാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നതെന്നും ക്വുര്‍ആനിലും ഹദീഥുകളിലുമുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ അവയില്‍നിന്ന് നിയമങ്ങള്‍ നിര്‍ധരിച്ച് വിശദീകരിച്ച കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മതം, ജീവന്‍, മനസ്സ്, അഭിമാനം, സ്വത്ത് എന്നീ അഞ്ച് അടിസ്ഥാന കാര്യങ്ങളുടെ സംരക്ഷണമാണ് നിയമത്തിന്റെ ധര്‍മം (മഖാസിദശ്ശരീഅ:). മനുഷ്യനും അവന്റെ സ്രഷ്ടാവും തമ്മിലുള്ള ബന്ധമായിരിക്കണം അവന്റെ ജീവിത നിലപാടുകളെ മൊത്തത്തില്‍ നിര്‍ണയിക്കേണ്ടത് എന്നതുകൊണ്ടുതന്നെ ദൈവിക മതം അനുധാവനം ചെയ്യുവാനുള്ള അവന്റെ അവകാശവും സ്വാതന്ത്ര്യവുമാണ് നിയമംമൂലം സംരക്ഷിക്കപ്പെടേണ്ട ഒന്നാമത്തെ കാര്യമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. കൊല, പീഡനം, ഭീതി, പട്ടിണി എന്നിവയുടെ ഭീഷണിയില്ലാതെ ജീവിക്കുവാന്‍ ഓരോ പൗരനും കഴിയണമെന്നതാണ് രണ്ടാമത്തെ കാര്യം. ലഹരി ഉപയോഗിക്കുന്നതുമൂലമുണ്ടാകുന്ന മാനസിക സ്ഥിരതയില്ലായ്മ, കളവ്, പരദൂഷണം, തെറ്റായ ആരോപണങ്ങള്‍ തുടങ്ങിയവ മൂലമുണ്ടാകുന്ന മാനസികസംഘര്‍ഷം തുടങ്ങിയവ ഇല്ലാതെയാക്കുകയാണ് നിയമത്തിന്റെ മൂന്നാമത്തെ ധര്‍മം. അഭിമാനവും അസ്തിത്വവും സംരക്ഷിക്കപ്പെടും. ഒരു സാമൂഹ്യ സംവിധാനത്തിന്റെ നിലനില്‍പാണ് നിയമത്തിന്റെ നാലാമത്തെ ധര്‍മം. കൊള്ള, ചൂഷണം, തകര്‍ച്ച, വഞ്ചന എന്നിവയില്‍നിന്ന് മുക്തമായ ഒരു സാമ്പത്തികക്രമത്തിന്റെ നിലനില്‍പാണ് അഞ്ചാമത്തേത്. ഈ അഞ്ച് കാര്യങ്ങളും നിര്‍വഹിക്കുവാന്‍ പര്യാപ്തമായ, ക്വുര്‍ആനും പ്രവാചകചര്യയും വരച്ചുകാണിക്കുന്ന നിയമങ്ങള്‍ നടപ്പാക്കുകയാണ് ഭരണാധികാരിയുടെ ഉത്തരവാദിത്തം. പ്രമാണങ്ങളില്‍ നേര്‍ക്കുനേരെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള നിയമങ്ങള്‍ മനസ്സിലാക്കുവാനും ഇല്ലാത്തവ അവയുടെ വെളിച്ചത്തില്‍ നിര്‍ധരിച്ചെടുക്കുവാനുമുള്ള അറിവ് അയാള്‍ക്കില്ലെങ്കില്‍, ഇക്കാര്യത്തിന് പണ്ഡിതന്മാരുടെ സഹായത്തോടെയാണ് അയാള്‍ ഭരണം നിര്‍വഹിക്കേണ്ടത്.
പൗരന്മാരുടെ മതം, ജീവന്‍, മനസ്സ്, അഭിമാനം, സ്വത്ത് എന്നിവയുടെ സംരക്ഷണത്തിനാവശ്യമായ നിയമങ്ങള്‍ സ്വന്തം നാട്ടിലെ പൗരന്‍മാരുടെ മേല്‍ മാത്രമെ നടപ്പാക്കുവാന്‍ ഭരണാധികാരിക്ക് കഴിയുകയുള്ളൂ. ഇവയെ ചോദ്യം ചെയ്യുന്നത് മറ്റൊരു നാട്ടുകാരാണെങ്കില്‍ പ്രസ്തുത നാട്ടിലെ അധികാര സ്ഥാപനങ്ങളിലൂടെ മാത്രമെ പ്രശ്‌നം പരിഹരിക്കുവാന്‍ കഴിയുകയുള്ളൂ. ഇസ്‌ലാമിക സമൂഹത്തിലെ പൗരന്‍മാരുടെ മതവും ജീവനും മനസ്സമാധാനവും അഭിമാനവും സ്വത്തുമെല്ലാം അപകടപ്പെടുത്തുവാന്‍ അന്യനാട്ടില്‍ അവിടുത്തെ അധികാരസ്ഥാപനങ്ങളുടെ സമ്മതത്തോടെയോ നേതൃത്വത്തിലോ ശ്രമം നടക്കുന്നുണ്ടെന്ന് മനസ്സിലായാല്‍ അതിനെ പ്രതിരോധിച്ചുകൊണ്ട് പൗരന്‍മാരുടെ അടിസ്ഥാനാവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് ഭരണാധികാരിയുടെ ഉത്തരവാദിത്തമാണ്. സമാധനപൂര്‍ണമായ മാര്‍ഗങ്ങള്‍ പരാജയപ്പെടുമ്പോള്‍ ഇക്കാര്യത്തിനുവേണ്ടി അനിവാര്യമെങ്കില്‍ ആയുധമെടുക്കണമെന്നുതന്നെയാണ് ഇസ്‌ലാം ഭരണാധികാരികളോട് അനുശാസിക്കുന്നത്. യുദ്ധം ജിഹാദായിത്തീരുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്.
മുസ്‌ലിംകളുടെ മതത്തിനും ജീവനും മനസ്സമാധാനത്തിനും അഭിമാനത്തിനും സ്വത്തിനും വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ശത്രുക്കള്‍ സമരസജ്ജരാകുമ്പോള്‍ അതിനെ പ്രതിരോധിച്ച് പൗരന്‍മാരുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി അവരുടെ ഭരണാധികാരിയാണ് യുദ്ധം ചെയ്യേണ്ടത്. നിയമനിര്‍വഹണത്തിലൂടെ ഭരിക്കുന്ന നാടിനകത്ത് അടിസ്ഥാനാവകാശങ്ങളുടെ സംരക്ഷണത്തിനാവശ്യമായ സംവിധാനമുണ്ടാക്കേണ്ട ഉത്തരവാദിത്തം ആരുടെ മേലാണോ ബാധ്യതയായിട്ടുള്ളത് അവരുടെമേല്‍തന്നെയാണ് അയല്‍നാട്ടില്‍നിന്ന് ഈ അവകാശങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ അത് നീക്കുവാനാവശ്യമായ കാര്യങ്ങള്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തവുമുള്ളത്. അതിന് സമാധാനസന്ധിയാണ് ആവശ്യമെങ്കില്‍ അതും സായുധസമരം അനിവാര്യമാണെങ്കില്‍ അതും ചെയ്യേണ്ടത് ഭരണാധികാരിയാണ്. യുദ്ധമാണ് വേണ്ടതെന്ന് അയാള്‍ തീരുമാനിക്കുകയും സായുധ ജിഹാദിന് സന്നദ്ധമാകുവാന്‍ പൗരന്‍മാരോട് ആവശ്യപ്പെടുകയും ചെയ്താല്‍ അതിന് സന്നദ്ധമാവുകയാണ് അതിന് സാധിക്കുന്നവരുടെ ബാധ്യത. ഭരണാധികാരി നയിക്കുന്നതോ ആഹ്വാനം നടത്തുകയോ ചെയ്യുന്ന യുദ്ധത്തില്‍ അണിചേരുക മാത്രമാണ് പൗരന്‍മാര്‍ ചെയ്യുന്നത് എന്നര്‍ഥം.
സാമ്രാജ്യത്വ സംസ്ഥാപനത്തിനും അധീശത്വത്തിനും അങ്ങനെയുള്ള സുഖലോലുപമായ ജീവിതത്തിനും വേണ്ടിയുള്ള യുദ്ധമെന്ന സങ്കല്പത്തെ മാറ്റിയെഴുതിയ മുഹമ്മദ് നബി(സ), മാനവികതക്ക് വേണ്ടി എങ്ങനെ യുദ്ധം ചെയ്യാമെന്നാണ് ലോകത്തെ പഠിപ്പിച്ചത്. അടിച്ചമർത്തപ്പെട്ടവയുടെ വിമോചനത്തിനും ആദർശമനുസരിച്ച് ജീവിക്കുവാനുള്ള അവകാശത്തിനും വേണ്ടിയുള്ളതാണ് ഇസ്‌ലാം പഠിപ്പിക്കുന്ന യുദ്ധം. മനുഷ്യാവകാശങ്ങളുടെ സംസ്ഥാപനത്തിന് വേണ്ടി നടത്തുന്ന, ഇസ്‌ലാമിലെ യുദ്ധസങ്കൽപം പൂർണമായും മാനവികമാണെന്ന് പറയുന്നത് അത് കൊണ്ടാണ്.
മുസ്ലിംകളുടെ യുദ്ധവെറിയല്ല, ശത്രുക്കളുടെ ഇസ്ലാം വിരോധത്തിന്റെ ക്രൂരമുഖമാണ് കുരിശുയുദ്ധങ്ങളിലൂടെ ലോകം കണ്ടത്. ഇസ്‌ലാമിനെയും മുസ്ലിംകളെയും ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടോടെ ആയുധമെടുത്തവരെപ്പോലും മാനവികതയെന്തെന്ന് പഠിപ്പിക്കുവാൻ മുസ്ലിംകൾക്ക് ലഭിച്ച അവസരമായിരുന്നു കുരിശുയുദ്ധങ്ങൾ എന്ന് പറയുന്നതാവും ശരി. മതത്തിന്റെ പേരിൽ ഏറ്റവും വലിയ നരനായാട്ട് നടന്നത് കുരിശു യുദ്ധങ്ങളോട് അനുബന്ധിച്ചായിരുന്നവെന്ന് സമ്മതിക്കുമ്പോൾ തന്നെ, അവയുടെ കാരണം തികച്ചും മതപരമായിരുന്നില്ലെന്ന വസ്തുത കൂടി മനസ്സിലാക്കേണ്ടതുണ്ട്. തകർന്നുകൊണ്ടിരുന്ന ബൈസന്റൈൻ സാമ്രാജ്യം മതത്തെ ഉപയോഗപ്പെടുത്തി തങ്ങളുടെ അധികാരം സംരക്ഷിക്കാൻ നടത്തിയ പരിശ്രമമായിരുന്നു കുരിശുയുദ്ധങ്ങളിൽ കലാശിച്ചത്. ബൈസന്റൈൻ സാമ്രാജ്യത്തെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉതതരവാദിത്തമായിക്കരുത്തിയ കത്തോലിക്കാ സഭ മുസ്ലിംകൾക്കും മുസ്ലിം നാടുകൾക്കുമെതിരെ കൊലവിളി നടത്താൻ ക്രിസ്ത്യാനികളെ പ്രചോദിപ്പിക്കുകയായിരുന്നു.
ബൈസന്റൈന്‍ ചക്രവര്‍ത്തിയായിരുന്ന അലക്‌സിയോസ് ഒന്നാമന്‍, അന്നത്തെ മാര്‍പാപ്പയായിരുന്ന പോപ്പ് അര്‍ബന്‍ രണ്ടാമന് തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് എഴുതിയ കത്തില്‍ നിന്ന് തുടങ്ങുന്നു കുരിശുയുദ്ധങ്ങളുടെ ചരിത്രം. 1071 ആഗസ്ത് 26ന് നടന്ന മാന്‍സികെര്‍ട്ട് യുദ്ധത്തില്‍ സില്‍ജൂക്ക് തുര്‍ക്കികള്‍ ബൈസന്റയിന്‍ സൈന്യത്തെ തുരത്തുകയും അനത്തോളിയ, അര്‍മേനിയ തുടങ്ങിയ പ്രദേശങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലുള്ളതായിരുന്നു പ്രസ്തുത കത്ത്. 1095 നവംബര്‍ 18 മുതല്‍ 28 വരെ ഫ്രാന്‍സിലെ ക്ലെര്‍മണ്ടില്‍ വെച്ചു നടന്ന സഭാധ്യക്ഷന്‍മാരുടെ സമ്മേളനത്തില്‍, 27ാം തിയതി പോപ്പ് തന്നെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുസ്‌ലിംകള്‍ക്കെതിരെ നടത്തേണ്ട യുദ്ധത്തെക്കുറിച്ച് സംസാരിക്കുകയും സദസ്സിനെ ആവേശഭരിതരാക്കി പ്രചോദിപ്പിക്കുകയും ചെയ്തു. ക്രൈസ്തവരുടെ വിശുദ്ധ സ്ഥലങ്ങള്‍ ഭരിക്കുന്ന അറബികളും തുര്‍ക്കികളുമാകുന്ന മുസ്‌ലിംകള്‍ പ്രാകൃതരാണെന്നും അതുകൊണ്ടു തന്നെ അവരെ തുരത്തേണ്ടത് ലോകത്തെങ്ങുമുള്ള ക്രൈസ്തവരുടെ ഉത്തരവാദിത്തമാണെന്നും ഇത് ക്രിസ്തുവിന്റെ കല്‍പനയാണെന്നും പ്രാകൃതരായ മുസ്‌ലിംകള്‍ക്കെതിരെയുള്ള യുദ്ധത്തില്‍ മരണപ്പെടുന്നവര്‍ക്ക് ഉടനടി പാപമോചനം ലഭിക്കുമെന്നും പിശാചുക്കളെ (demons) ആരാധിക്കുന്നവരുടെ മേല്‍ സര്‍വശക്തനായ ദൈവെത്ത പൂജിക്കുന്നവരുടെ ആധിപത്യത്തിനു വേണ്ടിയുള്ള നമ്മുടെ യുദ്ധത്തില്‍ ദൈവസഹായമുണ്ടാകുമെന്നും സഹോദരങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമെതിരെ യുദ്ധം ചെയ്തിരുന്നവരെല്ലാം അവ നിര്‍ത്തി കാടന്‍മാര്‍ക്കെതിരെ(barbarians)യുള്ള ഈ യുദ്ധത്തിനു വേണ്ടി ഐക്യപ്പെടണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു.(1)
മാര്‍പാപ്പയുടെ പ്രസംഗത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് 1096 ആഗസ്ത് 15ന് ഫ്രാന്‍സില്‍ നിന്നും ജര്‍മനിയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമായി സന്യാസിയായ പത്രോസിന്റെ (Peter the hermit) നേതൃത്വത്തില്‍ 35000ത്തോളം വരുന്ന വലിയൊരു ക്രൈസ്തവസംഘം കോണ്‍സ്റ്റന്റിനോപ്പിളിലേക്ക് മാര്‍ച്ച് ചെയ്തു. വഴിയില്‍ കണ്ടവരെയെല്ലാം കൊന്നൊടുക്കിയും സാധാരണക്കാരെ ക്രൂരമായി പീഡിപ്പിച്ചും കൊണ്ടാണ് കുരിശുപടയാളികള്‍ മുന്നോട്ടു നീങ്ങിയത്. മൈല്‍ഗ്രേഡില്‍ വെച്ച് ഹംഗറിക്കാരുമായി അവര്‍ ഏറ്റുമുട്ടി; സ്‌പ്രെയറിലും മോംസിലും മെയിന്‍സിലുമുള്ള ജൂതന്‍മാരെ കൂട്ടക്കൊല നടത്തി. 1092ലെ മലിക്ഷാ ഒന്നാമന്റെ മരണത്തിന് ശേഷം ശിഥിലമായ സില്‍ജൂക്ക് തുര്‍ക്കി സാമ്രാജ്യത്തിന്റെ പതിതാവസ്ഥയെ മുതലെടുത്ത് കുരിശ് യോദ്ധാക്കള്‍ മുസ്‌ലിം നാടുകളിലേക്ക് ഇരച്ചു കയറുകയും അവിടങ്ങളില്‍ ക്രൂരതകൊണ്ട് സംഹാരതാണ്ഡവമാടുകയും ചെയ്തു. ക്രിസ്താബ്ദം 638ല്‍ ഉമറുല്‍ ഫാറൂഖിന്റെ ഭരണകാലം മുതല്‍ മുസ്‌ലിംകള്‍ ഭരിച്ചിരുന്ന ജറൂസലേം അങ്ങനെ 1099 ജൂലൈ 15ന്, ഫാത്വമിയ്യാക്കളുടെ കൈകളില്‍ നിന്ന് കുരിശുയോദ്ധാക്കള്‍ പിടിച്ചടക്കി.(2)
ഒന്നാമത്തെ കുരിശുയുദ്ധത്തിനു മുതല്‍ കൂട്ടക്കൊലകളുടെയും ക്രൂരതകളുടെയും ചരിത്രമാണ് പറയാനുള്ളത്. പടയാളികളെ മാത്രമായിരുന്നില്ല കുരിശുയോദ്ധാക്കള്‍ കൊന്നൊടുക്കിയത്; പ്രത്യുത സാധാരണക്കാരെക്കൂടിയായിരുന്നു. കുരിശുയുദ്ധത്തിനു മുമ്പ് ജറൂസലേം നഗരത്തിന്റെ ജനസംഖ്യ എഴുപതിനായിരമായിരുന്നെങ്കില്‍ യുദ്ധം കാരണത്താല്‍ അത് മുപ്പതിനായിരമായി ചുരുങ്ങിയെന്ന് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തുന്നുണ്ട്.(3) നഗരത്തിലെ പകുതിയിലധികം പേരെയും കുരിശുയോദ്ധാക്കള്‍ കൊന്നുവെന്നര്‍ഥം.
മസ്ജിദുല്‍ അഖ്‌സയുടെ ഉള്ളില്‍ അഭയം തേടിയവരെയൊ സ്ത്രീകളേയൊ കുട്ടികളെയൊ അവര്‍ വെറുതെ വിട്ടില്ല. കണ്ണില്‍ കണ്ട എല്ലാവരെയും അവര്‍ കൊന്നൊടുക്കി. സിനഗോഗുകള്‍ക്കകത്ത് ജൂതന്മാര്‍ ഒളിച്ചപ്പോള്‍ അവരെ അതിനുള്ളിലിട്ട് പൂട്ടി അവര്‍ സിനഗോഗുകള്‍ക്ക് തീ വെച്ചു. യുദ്ധത്തില്‍ ബന്ദികളായി പിടിച്ചവരെയെല്ലാം കുരിശുദ്ധോക്കള്‍ കൂട്ടക്കൊല ചെയ്തു. തലകളുടെയും കൈകളുടെയും കാലുകളുടെയും കൂമ്പാരങ്ങളായിരുന്നു ജെറുസെലേം നഗരത്തിലെന്നും അവയ്ക്കിടയിലൂടെ ഒരു പരവതാനിയില്‍ എന്നതുപോലെ നടന്നുല്ലസിക്കുകയായിരുന്നു കുരിശുദ്ധോക്കളെന്നും ''നമുക്ക് വേണ്ടി കര്‍ത്താവ് ഈ ദിവസം ഒരുക്കിത്തന്നിരിക്കുന്നത് ആഹ്ലാദിക്കുവാനും സന്തോഷം പങ്കിടാനുമാണ്'' എന്നു പ്രഖ്യാപിച്ച കുരിശുയോദ്ധാവായ അഗ്വിലേഴ്‌സ്‌കാരന്‍ റെയ്മണ്ട് രേഖപ്പെടുത്തുന്നുണ്ട്.(4) കുരിശു യുദ്ധത്തെക്കുറിച്ച് എഴുതപ്പെട്ട ലത്തീന്‍ ദിനവൃത്താന്തമായ ജെസ്റ്റ ഫ്രാന്‍ കോറം (Gesta Fran corum- ഫ്രാങ്കകളുടെ ചെയ്തികള്‍)യിലെ വരികള്‍ കാണുക: ''നമ്മുടെയാളുകള്‍ സോളമന്റെ ദേവാലയത്തിനടുത്തുവെച്ചുപോലും ആളുകളെ വെറുതെ വിട്ടില്ല. അവരെയെല്ലാം കൂട്ടക്കൊല ചെയ്തു. നെരിയാണിവരെ മുങ്ങുന്ന രക്തപ്പുഴയിലൂടെ നീന്തിയാണ് അവരിതെല്ലാം ചെയ്തത്. പ്രാകൃതന്‍മാരെ കീഴടക്കിയതിനു ശേഷം നമ്മുടെ ആള്‍ക്കാര്‍ അവരിലെ സ്ത്രീകളെയും കുട്ടികളെയുമടക്കം എല്ലാവരെയും ബന്ദികളാക്കി. ഓരോരുത്തരും ഇഷ്ടപ്രകാരം ബന്ദികളെ കൊല്ലുകയോ അടിമകളാക്കിത്തീര്‍ക്കുകയോ ചെയ്തു''.(5)
സോളമന്റെ ദേവാലയത്തില്‍ വെച്ച് നടന്ന കൂട്ടക്കൊലയെപ്പറ്റി ചര്‍ട്രസുകാരനായ ഫുള്‍ച്ചര്‍ വിവരിക്കുന്നത് ഇങ്ങനെയാണ്: ''ഈ ദേവാലയത്തില്‍വെച്ച് മാത്രം പതിനായിരം പേര്‍ കൊല്ലപ്പെട്ടു. അപ്പോള്‍ നിങ്ങള്‍ ഞങ്ങളെ കണ്ടിരുന്നെങ്കില്‍ കൊല്ലപ്പെട്ടവരുടെ ചോരയാല്‍ ഞങ്ങളുടെയെല്ലാം കണങ്കാലുകള്‍ ചുവന്നത് നിങ്ങള്‍ക്ക് കാണാമായിരുന്നു. സ്ത്രീകളെയും കുട്ടികളെയുമടക്കം ഒരാളെയും ഞങ്ങള്‍ വെറുതെ വിട്ടില്ല''.(6)
ദേവാലയത്തിലും സോളമന്റെ വരാന്തയിലുംകൂടി അവരുടെ മുട്ടുവരെ നിറഞ്ഞ ചോരയിലൂടെ ചോരപൂരണ്ട കടിഞ്ഞാണ്‍ പിടിച്ച് ജനം സവാരി നടത്തി(7)യെന്ന കുരിശുയോദ്ധാവിന്റെ ദൃക്‌സാക്ഷ്യം സംഭവത്തിന്റെ ഭീകരത വ്യക്തമാക്കുന്നുണ്ട്. സിനഗോഗുകള്‍ക്കകത്ത് അഭയം പ്രാപിച്ച ജൂതന്‍മാരെ അതിനുള്ളില്‍ പൂട്ടിയിട്ട് അതിന് തീക്കൊളുത്തിയശേഷം അഗ്നിസ്ഫുലിംഗങ്ങള്‍ ഉയര്‍ന്നു പൊങ്ങിയപ്പോള്‍ അതിനുചുറ്റും ആനന്ദനൃത്തമാടിക്കൊണ്ട് കുരിശുയോദ്ധാക്കള്‍ പാടി. 'ക്രിസ്തുവേ... നിന്നെ ഞങ്ങള്‍ ആരാധിക്കുന്നു; നീയാണ് ഞങ്ങളുടെ വെളിച്ചം. നീയാണ് ഞങ്ങളുടെ ദിശ; നീയാണ് ഞങ്ങളുടെ സ്‌നേഹം.'(8)
ഒന്നാമത്തെ കുരിശുയുദ്ധത്തോടെ മുസ്‌ലിം ലോകത്തിെന്റ അന്നത്തെ ദൗര്‍ബല്യം മനസ്സിലാക്കിയ കുരിശു പടയാളികള്‍ അര്‍ബന്‍ രണ്ടാമന്റെ നിര്‍ദേശം പാലിച്ചുകൊണ്ട് മുസ്‌ലിം ലോകത്ത് നടത്തിയ ക്രൂരതകളുടെ ഭീതിപ്പെടുത്തുന്ന കഥകളാണ് ഓരോ കുരിശു യുദ്ധത്തിനും പറയാനുള്ളത്. നിയമങ്ങളോ നീതിയോ ധാര്‍മികതയോയില്ലാത്ത കാടന്‍ യുദ്ധങ്ങളാണ് കുരിശുയുദ്ധക്കാര്‍ നടത്തിയത്. ഇവയാല്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ കൊല്ലപ്പെട്ടു. മരിച്ചവരുടെ ശവശരീരങ്ങളെ കുരിശു പടയാളികള്‍ വികൃതമാക്കി. എട്ടും പൊട്ടും തിരിച്ചറിയാത്ത പൈതങ്ങളെപ്പോലും കൊല്ലുന്നതില്‍ നിന്ന് അവരെ പിന്‍തിരിപ്പിക്കുവാന്‍ 'ഒരു മുഖത്തടിച്ചാല്‍ മറ്റേ മുഖവും കാണിച്ചു കൊടുക്കണം' എന്ന ബൈബിള്‍ പാഠത്തിെന്റ അടിസ്ഥാനത്തില്‍ ജനങ്ങളെ നയിക്കുന്ന വരെന്ന് അവകാശപ്പെടുന്ന സഭാനേതൃത്വം സന്നദ്ധമായില്ല. ക്രിസ്തുവിന്റെ പേരില്‍ ആരോപിക്കപ്പെട്ട, അദ്ദേഹത്തിന്റേതല്ലാത്ത ഉപദേശം അപ്രായോഗികവും അക്രമികളെ സഹായിക്കുന്നതുമാണെന്ന വസ്തുതക്ക് സഭാനേതൃത്വം തന്നെ സ്വയം തെളിവായിത്തീരുകയായിരുന്നു എന്നു പറയുന്നതാവും ശരി. അതല്ലായിരുന്നുവെങ്കില്‍ ഈ കുരിശുയുദ്ധങ്ങളുടെ പേരില്‍ ഏഴു നൂറ്റാണ്ടുകള്‍ക്കു ശേഷം ലോകത്തെ പരമോന്നത ക്രിസ്ത്യാനിക്ക് കുമ്പസരിക്കേണ്ടി വരികയില്ലായിരുന്നല്ലോ!
ആയുധങ്ങളെടുത്ത് ആളുകളെ കൂട്ടക്കൊല ചെയ്യുക മാത്രമാണ് യുദ്ധമെന്ന് പഠിച്ച കുരിശുയോദ്ധാക്കള്‍ക്ക് മാന്യമായി എങ്ങെന യുദ്ധം ചെയ്യണമെന്ന് പഠിപ്പിച്ചത് സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയായിരുന്നു. നീണ്ട രണ്ടു നൂറ്റാണ്ടു കാലത്തെ കുരിശുയോദ്ധാക്കളുടെ ദുര്‍ഭരണത്തില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സയെയും ജറൂസലേമിനെയും മോചിപ്പിച്ചത് അദ്ദേഹത്തിന്റെ കീഴിലുള്ള അബ്ബാസിയ്യാ മുസ്‌ലിം പടയാളികളായിരുന്നു. 1187 ജൂലൈ 4 ന് ശനിയാഴ്ച നടന്ന ഹത്തീന്‍ യുദ്ധത്തില്‍ കുരിശു പടയാളികള്‍ പരാജയപ്പെടുകയും ജറൂസലേമിന്റെ അധികാരം സ്വലാഹുദ്ദീന്റെ കൈകളില്‍ വന്നു ചേരുകയും ചെയ്തു. കുരിശുയോദ്ധാക്കളുടെ നേതാക്കളായ ഗൈ രാജാവും സഹോദരങ്ങളുമടക്കം നിരവധിപേരെ ബന്ധികളാക്കി സ്വലാഹുദ്ദീനു മുന്നില്‍ ഹാജരാക്കപ്പെട്ടു. അവര്‍ക്കെല്ലാം തണുത്ത പാനീയം നല്‍കി സ്വീകരിക്കുവാനാണ് സ്വലാഹുദ്ദീന്‍ തന്റെ സേവകന്‍മാരോട് ആവശ്യപ്പെട്ടത്. സ്വലാഹുദ്ദീനെയും മുസ്‌ലിം പടയാളികളെയും വഞ്ചിച്ചതിന് രാജസഹോദരനായ റെയ്‌നാള്‍ഡും മറ്റു ചിലരും മാത്രമാണ് വധിക്കപ്പെട്ടത്. ഗൈ രാജാവടക്കമുള്ളവരെ ആദ്യം ജയിലിലടക്കുകയും പിന്നെ വെറുതെ വിടുകയുമാണ് ചെയ്തത്. കുരിശുയോദ്ധാക്കള്‍ ജറൂസലേമില്‍ നിന്ന് പുറത്താക്കിയ ജൂതന്‍മാരുടെ പിന്‍ഗാമികളെ വരുത്തി അവിടെ പുനരധിവസിപ്പിക്കുകയാണ് ഭരണമേറ്റെടുത്തയുടനെ സ്വലാഹുദ്ദീന്‍ ചെയ്തത്.(9) മനുഷ്യരക്തം നീന്തി രക്തദാഹം തീര്‍ക്കുകയും പൈതങ്ങളെയടക്കം കൊന്നൊടുക്കുകയും ചെയ്ത് ജറൂസലേം പിടിച്ചടക്കിയവര്‍ക്ക് അതു തിരിച്ചുപിടിച്ചശേഷം യുദ്ധനേതൃത്വത്തിലുണ്ടായിരുന്നവര്‍ക്കടക്കം മാപ്പുനല്‍കി വിട്ടയച്ചുകൊണ്ട് എന്തായിരിക്കണം യുദ്ധമര്യാദയെന്ന് പഠിപ്പിക്കുന്നതായിരുന്നു സ്വലാഹുദ്ദീന്റെ നടപടി.
സ്വലാഹുദ്ദീന്‍ അയ്യൂബി ജറൂസലേം പിടിച്ചടക്കിയതറിഞ്ഞ പോപ്പ് അര്‍ബന്‍ മൂന്നാമന്‍ മാര്‍പാപ്പ ഹൃദയാഘാതം മൂലം മരണെപ്പട്ടു.(10) ജറൂസലേം നഷ്ടപ്പെട്ടതറിഞ്ഞ ക്രിസ്ത്യന്‍ യൂറോപ്പ് ഞെട്ടി. പുതുതായി സ്ഥാനമേറ്റെടുത്ത പോപ്പ് ഗ്രിഗറി എട്ടാമന്‍ മാര്‍പാപ്പ ജറൂസലേമിന്റെ നഷ്ടം ക്രൈസ്തവരുടെ പാപങ്ങള്‍ക്കുള്ള ശിക്ഷയാണെന്നും അതു തിരിച്ചുപിടിച്ചാല്‍ മാത്രമെ പ്രസ്തുത പാപങ്ങള്‍ക്ക് പരിഹാരമാവുകയുള്ളുവെന്നും പ്രഖ്യാപിച്ചു. പരസ്പരം യുദ്ധത്തിലായിരുന്ന ഇംഗ്ലണ്ടിലെ ഹെന്‍ട്രി രണ്ടാമനും ഫ്രാന്‍സിലെ ഫിലിപ്പ് രണ്ടാമനും വൈര്യങ്ങള്‍ വെടിഞ്ഞ് ഐക്യപ്പെടാനും സ്വലാഹുദ്ദീനെതിരെ ഒരുമിച്ച് പോരാടി ജറൂസലേം വീണ്ടെടുക്കുവാനും തിരുമാനിച്ചു. സലാദിന്‍ നികുതി(Saladin tithe)എന്ന പേരില്‍ രണ്ടു നാട്ടിലുമുള്ള പൗരന്‍മാരില്‍ നിന്ന് ചുങ്കംപിരിച്ച് യുദ്ധത്തിനുള്ള സമ്പത്ത് സമാഹരിച്ചു. 1189 ജൂലൈ 6ന് ഇംഗ്ലണ്ടിലെ രാജാവായ ഹെന്‍ട്രി രണ്ടാമന്‍ മരണപ്പെട്ടതോടെ യുദ്ധനേതൃത്വം മകന്‍ സിംഹഹൃദയനായ റിച്ചാര്‍ഡ് (Richard the lion-hearted) എന്നറിയപ്പെട്ട റിച്ചാര്‍ഡ് ഒന്നാമന്റെ ചുമതലയായിത്തീര്‍ന്നു. റിച്ചാര്‍ഡ് ഒന്നാമന്റെയും ഫിലിപ്പ് രണ്ടാമന്റെയും നേതൃത്വത്തിലുള്ള കുരിശുയോദ്ധാക്കളുടെ സൈന്യത്തോട് സ്വലാഹുദ്ദീന്‍ ജയില്‍ മോചിതനാക്കിയ ഗൈരാജാവും ഒന്നിക്കുകയും ഒരു വലിയ സൈന്യം സ്വലാഹുദ്ദീനെ ആക്രമിക്കാനെത്തുകയും ചെയ്തു. വഴിയില്‍വെച്ചു നടന്ന അക്രമങ്ങളിലൂടെ സ്ത്രീകളും കുട്ടികളുമടക്കമുള്ള മുസ്‌ലിംകളെ കൊന്നുകൂട്ടിക്കൊണ്ടായിരുന്നു കുരിശ് സൈന്യം മുന്നേറിയത്. 1191 സെപ്റ്റംബര്‍ 7ന് ജറൂസലേം പിടിച്ചടക്കുകയെന്ന ലക്ഷ്യത്തോട സിംഹഹൃദയനായ റിച്ചാര്‍ഡിന്റെ നേതൃത്വത്തിലുള്ള സൈന്യം ഫലസ്തിനിലുള്ള അര്‍സൂഫില്‍ വെച്ച് സ്വലാഹുദ്ദീനോട് ഏറ്റുമുട്ടിയെങ്കിലും അദ്ദേഹത്തിന് ലക്ഷ്യംനേടാന്‍ കഴിഞ്ഞില്ല. നിരന്തമായി നടന്ന യുദ്ധങ്ങള്‍ക്ക് വിരാമമുണ്ടായത് 1192 സെപ്റ്റംബര്‍ 2ന് സ്വലാഹുദ്ദീനും റിച്ചാര്‍ഡും തമ്മിലുണ്ടാക്കിയ സന്ധിയോടു കൂടിയാണ്. ജറൂസലേം മുസ്‌ലിംകളുടെ നിയന്ത്രണത്തിലായിരിക്കുമെന്നും എന്നാല്‍ നിരായുധരായ ക്രൈസ്തവരെ അവിടെയുള്ള ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുമെന്നുമായിരുന്നു കരാര്‍.(11) പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് മുമ്പും സ്വലാഹുദ്ദീന്‍ ക്രൈസ്തവെര വിലക്കിയിട്ടില്ല എന്നതുകൊണ്ടുതന്നെ കരാര്‍ വഴി കുരിശുയോദ്ധാക്കള്‍ക്ക് ഒന്നും നേടാനായില്ലെങ്കിലും, 1192 ഒക്‌ടോബര്‍ 9ന് റിച്ചാര്‍ഡ് ജറൂസലേമില്‍ നിന്ന് മടങ്ങിയത് യുദ്ധരംഗത്ത് പാലിക്കപ്പെടേണ്ട മര്യാദകളെന്തൊക്കെയാണെന്ന് പഠിച്ചുകൊണ്ടായിരുന്നു. ശത്രുവിനെ സ്‌നേഹിക്കേണ്ടത് എങ്ങനെയാണെന്ന് സഭയില്‍ നിന്ന് പഠിക്കാത്ത അദ്ദേഹത്തിന് അത് പഠിപ്പിച്ചത് സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ യുദ്ധരംഗത്തെ വര്‍ത്തനങ്ങളായിരുന്നു.
യുദ്ധരംഗത്തായിരിക്കുമ്പോള്‍ പോലും ശത്രുവിന്റെ മാനുഷികമായ ആവശ്യങ്ങള്‍ നിര്‍വഹിച്ചു കൊടുക്കുവാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി സന്നദ്ധമായി. റിച്ചാര്‍ഡിന് പനിപിടിച്ചപ്പോള്‍ തന്റെ വൈദ്യനെ അയച്ച് ചികില്‍സിക്കുകയും മരുന്ന് നല്‍കുകയും നല്ല പഴങ്ങളും ശുദ്ധമായ തണുത്ത ജലവും കൊടുത്തയക്കുകയും ചെയ്തത് സ്വലാഹുദ്ദീനായിരുന്നു. യുദ്ധത്തിനിടയില്‍ റിച്ചാര്‍ഡിന് കുതിര നഷ്ടപ്പെട്ടപ്പോള്‍ പകരം രണ്ടു കുതിരകളെ നല്‍കിയതും അദ്ദേഹം തന്നെ. അതുകൊണ്ടു തന്നെ കുരിശുയോദ്ധാക്കള്‍ക്കിടയില്‍ പോലും സ്വലാഹുദ്ദീന്‍ നായകനായിത്തീര്‍ന്നു. തന്റെ സേഹാദരിയും സിസിലിയിലെ രാജ്ഞിയുമായ ജോനിനെ സ്വലാഹുദ്ദീന്റെ സഹോദരന് വിവാഹം ചെയ്തു കൊടുക്കുവാന്‍ സന്നദ്ധമാണെന്ന് അറിയിച്ചുകൊണ്ടാണ് അദ്ദേഹം ജറൂസലേം വിട്ടത്.(12) കാടനായി വന്നയാളെ മാന്യനായിത്തീര്‍ത്ത് തിരിച്ചയച്ചത് ശത്രുവിനെ സ്‌നേഹിക്കണമെന്ന പ്രവാചകന്‍മാരുടെ നിര്‍ദേശം യഥാവിധി പാലിക്കുവാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി തയ്യാറായതു കൊണ്ടായിരുന്നു.
ജീവിതത്തിന്റെ മറ്റു രംഗങ്ങളിലേതു പോലെത്തന്നെ യുദ്ധരംഗത്തും പ്രവാചകന്‍മാര്‍ പഠിപ്പിച്ച സമാധാന സന്ദര്‍ഭത്തിലും യുദ്ധരംഗത്തുമെല്ലാം പാലിക്കേണ്ട നിയമങ്ങളെന്തൊക്കെയാണെന്ന് അദ്ദേഹം പഠിപ്പിച്ചു തരികയും പ്രായോഗികമാക്കി കാണിച്ചുതരികയും ചെയ്തിട്ടുണ്ട്. പീഡനങ്ങള്‍ സഹിച്ച് പ്രബോധനം ചെയ്യുമ്പോയും ആദര്‍ശജീവിതത്തിന് നിവൃത്തിയില്ലാതെ പാലായനം ചെയ്യുമ്പോഴും വിവിത സമുദായങ്ങള്‍ ജീവിക്കുന്ന നാട് ഭരിക്കേണ്ടിവരുമ്പോഴും ഭരണാധികാരിയായി ശത്രുരാജ്യങ്ങളോട് യുദ്ധം ചെയ്യുമ്പോഴും യുദ്ധത്തില്‍ ജയിക്കുമ്പോയും ശത്രുരാജ്യങ്ങളോട് സന്ധിയുണ്ടാക്കുമ്പോഴും ശത്രുരാജ്യത്തിനുമേല്‍ അധിശത്വം ലഭിക്കുമ്പോഴുമെല്ലാം എങ്ങനെ പെരുമാറണമെന്ന് അദ്ദേഹം കൃത്യമായി പഠിപ്പിച്ചിട്ടുണ്ട് യുദ്ധരംഗവും സമാധാനരംഗവുമെല്ലാം മാനവവല്‍ക്കരിക്കുവാന്‍ ആ ജീവിതം തന്നെയാണ് മനുഷ്യര്‍ മാതൃകയാക്കേണ്ടത്. എല്ലാ രംഗത്തുമുള്ള സല്‍സ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിനു വേണ്ടിയാണല്ലോ നബിനിയോഗമുണ്ടായിട്ടുള്ളത്. ശാന്തിക്കും സമാധാനത്തിനും വേണ്ടി പ്രവാചകന്മാരെല്ലാം പഠിപ്പിച്ച പാതയിലേക്കുള്ള തിരിച്ചുപോക്കാണ് വേണ്ടതെന്നും അതുവഴി മാത്രമെ ശത്രുതയുടെ മാറ്റുരയ്ക്കപ്പെടുന്ന രണഭൂമിയെപ്പോലും മാനവവല്‍ക്കരിക്കാന്‍ കഴിയുകയുള്ളൂവെന്നുമാണ് കുരിശുയുദ്ധഭൂമിയിൽ വെച്ച് മുസ്ലിംകൾ ശത്രുക്കളെ പഠിപ്പിച്ചത്.
- Medieval Source book: Urban II (1085 - 1099) Speech at Counsil of Clerm-ont, 1095 (www.fordham-edu/halsall/source/urban 2-5 verntml.
- Thomas Asbridge: The Crusades. The Authoritative History of the war for the Holy Land, Chicago, 2010.
- Michael D Hull: First Crusade: Siege of Jerusalem, June 1999, Military History Magazine (www..historynet.com)
- Ibid
- Gesta Francorum” (fodham.edu/halsall/source/gesta-ede-asp
- Fulcher of chartresa: The siege of the city of Jerusalem; Gesta francorum (fordham.edu)
- Benjamin 2 Kedar & Jonathan SC: In the Crusades, New York 2004, Vol 3, page 65
- David A Rausch: A Legacy of Hatred: Why Christians Must not forget the Holocaust, Chicago, 1984, Page 63.
- Crusades’ Encyclopaedia Brittanica, Online edition, brittanica.com
- Pope Urban III”, Encyclopaedia of Keywords, Keg 1(keywen.com)
- Thomas Madden: The New Concise History of the Crusades, Mary Land, 2006, Page 90-98
- James Reston Jr: Richard the Lionheart and Saladin in the third crusade, Harpswell, 2002 Page 358-378
യുദ്ധത്തിലൂടെയോ നിര്‍ബന്ധമോ ബലാല്‍ക്കാരമോ ചെലുത്തിക്കൊണ്ടോ സ്വീകരിക്കപ്പെടേണ്ടതല്ല മതവിശ്വാസമെന്നും സത്യവും അസത്യവും വിവേചിച്ച് മനസ്സിലാക്കിക്കൊടുക്കുകയാണ് പ്രബോധകനെന്ന നിലയില്‍ പ്രവാചകന്റെ ബാധ്യതയെന്നും അദ്ദേഹത്തിന് സ്വന്തമായി ആരെയും സന്മാര്‍ഗത്തിലാക്കുവാന്‍ സാധ്യമല്ലെന്നും സത്യവിശ്വാസം സ്വീകരിക്കുവാന്‍ മനസ്സ് പാകപ്പെട്ടവരെ അതിലേക്ക് നയിക്കുന്നത് അല്ലാഹുവാണെന്നും വ്യക്തമാക്കുന്ന ഗ്രൻഥമാണ് ക്വുര്‍ആൻ. പ്രവാചകജീവിതത്തിലെപ്പോഴെങ്കിലും ആരെയെങ്കിലും നിർബന്ധിച്ച് ഇസ്‌ലാം സ്വീകരിപ്പിച്ചതായി വ്യക്തമാക്കുന്ന രേഖകളൊന്നും തന്നെയില്ല. പിന്നെയെങ്ങനെയാണ് യുദ്ധത്തിലൂടെ ലോകം മുഴുവന്‍ ഇസ്‌ലാം സ്വീകരിക്കുന്ന അവസ്ഥയുണ്ടാക്കുകയാണ് മുസ്‌ലിംകളുടെ ധര്‍മമെന്ന് പറയാനാവുക ?! ലോകത്തുള്ള മനുഷ്യരെല്ലാം സത്യസന്ദേശം സ്വീകരിക്കുന്ന സ്ഥിതി ഉണ്ടാവുകയില്ലെന്ന് വ്യക്തമാക്കുന്ന ക്വുര്‍ആനെങ്ങനെ അത്തരമൊരു സ്ഥിതി സംജാതമാക്കുന്നതിന് യുദ്ധത്തിലേര്‍പ്പെടണമെന്ന് അതിന്റെ അനുയായികളെ ആഹ്വാനം ചെയ്യാന്‍ കഴിയും? ഒരിക്കലും ഉണ്ടാവുകയില്ലെന്നുറപ്പുള്ള സാമൂഹ്യാവസ്ഥയുടെ സൃഷ്ടിയെ യുദ്ധലക്ഷ്യമായി നിര്‍ണയിക്കുന്ന അന്ധമായ ദര്‍ശനമല്ല ഇസ്‌ലാമെന്ന് അതിന്റെ അടിസ്ഥാനാദര്‍ശങ്ങളെങ്കിലും പഠിച്ചാല്‍ ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ലോകം മുഴുവന്‍ ഇസ്‌ലാമീകരിക്കുകയാണ് ഇസ്‌ലാമിന്റെ യുദ്ധലക്ഷ്യമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നര്‍ഥം.
മതവിശ്വാസത്തിന്റെ സ്വീകരണത്തിന്റെയും തിരസ്‌കരണത്തിന്റെയും മാനദണ്ഡമെന്തായിരിക്കണമെന്ന് വ്യക്തമായി പഠിപ്പിക്കുന്ന ഗ്രന്ഥമാണ് ക്വുര്‍ആന്‍. ഇവ്വിഷയമായി ഏറെ പ്രസിദ്ധമായ ക്വുര്‍ആന്‍ സൂക്തങ്ങളുടെ സാരം ഇങ്ങനെയാണ്: ''മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ ദുര്‍മൂര്‍ത്തികളാകുന്നു. വെളിച്ചത്തില്‍ നിന്ന് ഇരുട്ടുകളിലേക്കാണ് ആ ദുര്‍മൂര്‍ത്തികള്‍ അവെര നയിക്കുന്നത്. അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളാകുന്നു.'' (2:256,257)
ഈ വചനങ്ങളുടെ അവതരണ പശ്ചാത്തലംകൂടി പരിശോധിച്ചാല്‍ നിര്‍ബന്ധ മതപരിവര്‍ത്തനമെന്ന ആശയത്തോട് ഇസ്‌ലാം എങ്ങനെ പ്രതികരിക്കുന്നുവെന്ന് സുതരാം വ്യക്തമാവും. ഏതെങ്കിലും സ്ത്രീകള്‍ക്ക് മക്കളുണ്ടായിട്ടില്ലെങ്കില്‍ തങ്ങള്‍ക്ക് കുഞ്ഞുണ്ടായാല്‍ അവനെ യഹൂദനാക്കി വളര്‍ത്താമെന്ന് നേര്‍ച്ചയാക്കുന്ന സ്രമ്പദായമുണ്ടായിരുന്നു, യഥ്‌രിബ് വാസികള്‍ക്കിടയില്‍. ജൂതന്മാരായ ബനൂ നദ്വീര്‍ ഗോത്രക്കാരെ മദീനയില്‍ നിന്ന് നാടുകടത്തിയപ്പോള്‍ അവരോടൊപ്പം ഇങ്ങനെ ജൂതന്മാരായിത്തീര്‍ന്ന ചില അന്‍സ്വാരി സ്ത്രീകളുടെ കുഞ്ഞുങ്ങളുമുണ്ടായിരുന്നു. അവര്‍ പ്രവാചകനോട് പറഞ്ഞു: ദൈവദൂതരേ, അവര്‍ ഞങ്ങളുടെ മക്കളാണ്. അവരെ ഞങ്ങള്‍ ജൂതന്മാരോടൊപ്പം പറഞ്ഞയക്കുകയില്ല. ഈ സന്ദര്‍ഭത്തിലാണ് ഭമതത്തില്‍ ബലാല്‍ക്കാരമില്ല' എന്ന് തുടങ്ങുന്ന സൂക്തം അവതരിക്കപ്പെട്ടതെന്ന് ഇബ്‌നു അബ്ബാസില്‍ നിന്ന് സ്വീകാര്യമായ പരമ്പരയോടെ (സ്വഹീഹ്) സുനനു അബീദാവൂദില്‍ ഉദ്ധരിച്ചിട്ടുണ്ട്.(സുനനു അബൂദാവൂദ്, കിതാബുല്‍ ജിഹാദ്) സ്വേച്ഛപ്രകാരമല്ലാതെ ജൂതമതം സ്വീകരിക്കേണ്ടിവന്ന സ്വന്തം മക്കളെപ്പോലും നിര്‍ബന്ധപൂര്‍വം ഇസ്‌ലാം സ്വീകരിപ്പിക്കേണ്ടതില്ലെന്ന് അവരുടെ മാതാക്കളെ നിഷ്‌കര്‍ഷിക്കുന്ന ക്വുര്‍ആന്‍ നിര്‍ബന്ധ മതപരിവര്‍ത്തനമെന്ന ആശയത്തെ ഒരു തരത്തിലും അംഗീകരിക്കുകയില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ ഇസ്‌ലാം യുദ്ധംചെയ്യാന്‍ പറയുന്നത് ലോകത്തുള്ള മനുഷ്യരെയെല്ലാം മുസ്‌ലിംകളാക്കുന്നതിന് വേണ്ടിയാണെന്ന വിമര്‍ശനം ശുദ്ധഭോഷ്‌ക്കാണ്.
മതത്തിന്റെ പേരില്‍ മര്‍ദിക്കപ്പെടുകയും, ഏകനായ സ്രഷ്ടാവിനെ മാത്രം ആരാധിച്ചുകൊണ്ട് സ്വസ്ഥമായി ജീവിക്കുകയും ആ മാര്‍ഗം മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കാനുള്ള സ്വാതന്ത്ര്യം നിേഷധിക്കപ്പെടുകയും ചെയ്യുമ്പോള്‍ മര്‍ദനങ്ങള്‍ക്ക് അറുതി വരുത്തുന്നതിനും സ്വാതന്ത്ര്യം സ്ഥാപിക്കുന്നതിനും വേണ്ടി നടത്തുന്നതാണ് ഇസ്‌ലാം അനുവദിച്ച യുദ്ധം. ഇത്തരം സാഹചര്യങ്ങളില്‍ സായുധമായി പ്രതികരിക്കാതിരുന്നാല്‍ പിന്നെ എങ്ങനെയാണ് സത്യമതത്തിന് നിലനില്‍പുണ്ടാവുക? യുദ്ധം അനുവദിച്ച ഇസ്‌ലാമിന്റെ നടപടി തെറ്റായിപ്പോയെന്ന് പറയുന്നവര്‍ക്ക് ഇത്തരം സാഹചര്യങ്ങളില്‍ എന്ത് പരിഹാര മാര്‍ഗമാണ് നിര്‍ദേശിക്കുവാനുള്ളത്? യുദ്ധം അനുവദിക്കുക മാത്രമല്ല, ആരോട് എപ്പോള്‍ എങ്ങനെയെല്ലാം യുദ്ധംചെയ്യണമെന്നു കൂടി കൃത്യവും വ്യക്തവുമായി ഇസ്‌ലാം മുസ്‌ലിംകളെ പഠിപ്പിച്ചിട്ടുണ്ട് . ദൈവിക മാര്‍ഗദര്‍ശനപ്രകാരം അവര്‍ മുന്നേറിയപ്പോള്‍ മതത്തിന്റെ പേരിലുള്ള മര്‍ദനങ്ങള്‍ക്ക് അറുതി വരുത്തുവാനും ആരെയും ഭയപ്പെടാതെ അല്ലാഹുവിനെ മാത്രം ആരാധിച്ചുകൊണ്ട് ജീവിക്കുവാന്‍ കഴിയുന്ന സ്ഥിതി ഉണ്ടാക്കുവാനും അല്ലാഹുവിന്റെ നാം ഉയര്‍ത്തിപ്പിടിച്ച് അഭിമാനത്തോടെ ജീവിക്കാനും അവര്‍ക്ക് കഴിഞ്ഞു. ഫിത്‌ന(പീഢനം) ഇല്ലാതെയാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടി മാത്രമായിത്തീര്‍ക്കുകയുമായിരുന്നു അവരുടെ യുദ്ധലക്ഷ്യം. പ്രസ്തുത ലക്ഷ്യം നേടുന്നത് വരെ അവര്‍ യുദ്ധം ചെയ്തു. മുസ്‌ലിമായിപ്പോയെന്ന കാരണത്താല്‍ മാത്രം മനുഷ്യര്‍ പീഡിപ്പിക്കപ്പെട്ടിരുന്ന അവസ്ഥക്ക് വിരാമമായി. മുസ്‌ലിമായി ജീവിക്കുവാനും സത്യമതപ്രബോധനത്തിനുമുള്ള സ്വാതന്ത്ര്യമുണ്ടായി. പ്രസ്തുത സ്വാതന്ത്ര്യമുപയോഗിച്ച് ലോകത്തിന്റെ മുക്കുമൂലകളിലേക്ക് സത്യമതത്തിന്റെ സന്ദേശം പ്രസരിപ്പിക്കുവാന്‍ അവര്‍ പരിശ്രമിച്ചു. നമസ്‌ക്കാരത്തിനായി ക്ഷണിക്കുന്ന ബാങ്ക്‌വിളി മുഴങ്ങാത്ത ഒരു നിമിഷം പോലും ഭൂഗോളത്തിലില്ലാത്ത സ്ഥിതി സംജാതമായത് അങ്ങനെയാണ്.
പീഡനങ്ങളുടെ മക്കാനാളുകളില്‍ പ്രവാചകന്‍(സ)സായുധമായി പ്രതികരിക്കാതിരുന്നത് ശക്തിയില്ലാത്തതിനാലായിരുന്നുവെന്നും മദീനയിലെത്തി താന്‍ ശക്തനാണെന്ന് തോന്നിയതു മുതല്‍ക്കാണ് സായുധപ്രതികരണങ്ങളും അതിക്രമങ്ങളുമാരംഭിച്ചതെന്നും വിമര്‍ശിക്കുന്നവര്‍ രണ്ടുസ്ഥലത്തെയും നബി(സ)യുടെ ഉത്തരവാദിത്തങ്ങളിലുള്ള വ്യത്യാസത്തെക്കുറിച്ച് നിശ്ശബ്ദരാവുകയാണ് ചെയ്യുന്നത്. രഹസ്യമായി ഇസ്‌ലാമികപ്രബോധനം നടന്നിരുന്ന ആദ്യകാലത്ത് മുസ്‌ലിംകള്‍ തീരെ ദുര്‍ബലരായിരുന്നുവെന്നും തിരിച്ചടിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുവാന്‍ പോലും കഴിയാത്തവരായിരുന്നുവെന്നും പറയുന്നത് വാസ്തവമാണ്.എന്നാൽ മക്കാകാലം മുഴുവൻ തിരിച്ചടിയെക്കുറിച്ച് ആലോചിക്കാൻ പോലും കഴിയാത്തവിധം മുസ്ലിംകൾ ദുര്ബലരായിരുന്നുവെന്ന് പറയുന്നത് ശരിയല്ല. തിരിച്ചടിയെപ്പറ്റി പ്രവാചകാനുചരന്മാർ പോലും ചിന്തിച്ചിരുന്ന സന്ദർഭങ്ങൾ മക്കാകാലഘട്ടത്തിലുണ്ടായിരുന്നു എന്നതാണ് നേര്.
ധീരവീരശൂര പരാക്രമികളായി അറിയപ്പെട്ടിരുന്ന ഹംസ(റ)യു ഉമറിന്റെയും(റ) ഇസ്‌ലാം സ്വീകരണത്തോടെത്തന്നെ തങ്ങളുടെ ആദർശം പരസ്യമായി പ്രഖ്യാപിക്കുവാനുള്ള ധൈര്യം മുസ്ലിംകൾക്കുണ്ടാകാൻ തുടങ്ങിയിരുന്നു. കഅ്ബാലയത്തിനു മുമ്പില്‍ വെച്ച് പരസ്യമായി നമസ്കരിക്കുവാനും ഇസ്‌ലാമിനെക്കുറിച്ച് ഉറക്കെ ചര്‍ച്ച ചെയ്യുവാനും സത്യമതത്തിലേക്ക് പൊതുസ്ഥലങ്ങളില്‍ വെച്ച് ആളുളെ ക്ഷണിക്കുവാനുമെല്ലാമുള്ള ധൈര്യം അതിന്നുശേഷം മുസ്‌ലിംകള്‍ പ്രകടിപ്പിക്കാൻ തുടങ്ങി. . മക്കയില്‍ തങ്ങളെ പ്രയാസപ്പെടുത്തിക്കൊണ്ടിരിക്കുന്നവര്‍ക്കെതിരെ ഒരു കലാപം അഴിച്ചുവിടുവാന്‍ പ്രവാചകന്‍(സ)കല്‍പിച്ചാല്‍ അത് ശിരസ്സാവഹിക്കുവാന്‍ അവര്‍ക്ക് കഴിയുമായിരുന്നു. ഉമറിനെ(റ)പ്പോലുള്ളവരുടെ നേതൃത്വത്തില്‍ അത്തരമൊരു കലാപമുണ്ടായാല്‍ അതുമൂലം മക്കാമുശ്‌രിക്കുകള്‍ക്ക് വമ്പിച്ച നാശനഷ്ടങ്ങളുണ്ടാക്കുവാനും അത് നിമിത്തമാകുമായിരുന്നു. എന്നാല്‍ തങ്ങള്‍ ജീവിക്കുന്ന നാട്ടില്‍ കുഴപ്പുമുണ്ടാക്കുവാനല്ല, പ്രത്യുത നിലനില്‍ക്കുന്ന സാമൂഹ്യസാഹചര്യങ്ങളുടെ സാധ്യതകളുപയോഗിച്ച് തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങള്‍ക്ക് അറുതിവരുത്തുവാനും തങ്ങള്‍ക്ക് മുസ്‌ലിംകളായി നിലനില്‍ക്കുവാനുമുള്ള സാഹചര്യങ്ങളൊരുക്കുവാനാണ് പ്രവാചകന്‍(സ)പരിശ്രമിച്ചത്. കലാപങ്ങള്‍ സമൂഹത്തിന്റെ സുസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നതുകൊണ്ടാവാം, അത്തരമൊരു മുന്നേറ്റത്തിന് പ്രവാചകന്‍(സ) പ്രചോദനം നല്‍കാതിരുന്നത്.
സായുധസന്നാഹങ്ങളും സംഘട്ടനങ്ങളുമെല്ലാം നന്നായി അറിയുവന്നവരായിരുന്നു മുസ്‌ലിംകളായിത്തീര്‍ന്ന മക്കയിലുള്ളവര്‍. ഗോത്രാഭിമാനത്തിനുവേണ്ടി തലമുറകള്‍ നീണ്ട യുദ്ധം ചെയ്തു പരിചയമുള്ള അവര്‍ക്ക് ശത്രുവിനെതിരെ സായുധസമരം നടത്തുന്നതിനുള്ള നിര്‍ദേശം മാത്രം മതിയായിരുന്നു, തങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ ആഞ്ഞടിക്കുവാന്‍. ഉമര്‍(റ)ഇസ്‌ലാം സ്വീകരിച്ചതോടെ മുശ്‌രിക്കുകള്‍ പോലും തിരിച്ചടി പ്രതീക്ഷിച്ചിരുന്നുവെന്ന് അവരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ടെന്ന വസ്തുത ഹദീഥ് ഗ്രൻഥങ്ങളിൽ നിന്ന് മനസ്സിലാകുന്നുണ്ട്. സ്വഹാബിമാരില്‍ പലരും അത്തരമൊരു തിരിച്ചടി ആഗ്രഹിക്കുകയും അതാണ് തങ്ങള്‍ക്ക് അഭിമാനകരമായ അസ്തിത്വം പ്രദാനം ചെയ്യുകയെന്ന് കരുതുകയും ചെയ്തുവെങ്കിലും പ്രവാചകന്‍(സ)അതിന് അനുവദിച്ചില്ല. ഒരു ഹദീഥ് നോക്കുക: ഇബ്‌നു അബ്ബാസില്‍ നിന്ന്: മക്കയില്‍ വെച്ച് അബ്ദുര്‍റഹ്മാനു ബ്‌നു ഔഫും അദ്‌ദേഹത്തിന്റെ സഖാക്കളും കൂടി പ്രവാചകന്റെ(സ)യടുക്കല്‍ ചെന്നു ചോദിച്ചു: 'ദൈവദൂതരേ, ഞങ്ങള്‍ ബഹുദൈവാരാധകരായിരുന്നപ്പോള്‍ ഞങ്ങള്‍ ആത്മാഭിമാനമുള്ളവരും ആദരിക്കപ്പെട്ടവരുമായിരുന്നു; വിശ്വാസികളായേതാടെ ഞങ്ങള്‍ അധഃസ്ഥിതരും അടിച്ചമര്‍ത്തപ്പെടുന്നവരുമായിത്തീര്‍ന്നു.' പ്രവാചകന്‍(സ)പറഞ്ഞു: 'ഞാന്‍ ക്ഷമിക്കുവാനാണ് കല്‍പിക്കപ്പെട്ടരിക്കുന്നത്; അതിനാല്‍ നിങ്ങള്‍ സായുധ സമരം നടത്തരുത്.'(സുനനുന്നസാഈ, കിതാബുല്‍ ജിഹാദ്, മുഹമ്മദ് ബിന്‍ അലി ബിന്‍ അല്‍ ഹസനില്‍ നിന്ന് ഇമാം ത്വബ്‌രി തന്റെ തഫ്‌സീറില്‍ (5/108) ഉദ്ധരിച്ച ഈ ഹദീഥ് സ്വഹീഹാണെന്ന്ഇമാം ഹാകിം (2/66) വ്യക്തമാക്കിയിട്ടുണ്ട്. Hafiz Abu Tahir Zubair Ali Za'i (Ed& Ref) English Translation of Sunan An-Nasai, Riyadh, 2008, Page 16)
ആളുകളുടെ എണ്ണക്കുറവാണ് പ്രവാചകനെ(സ) മക്കയില്‍വെച്ച് സായുധപ്രതികരണങ്ങളില്‍ നിന്ന് തടഞ്ഞുനിര്‍ത്തിയതെന്ന വിമര്‍ശനവും അടിസ്ഥാനരഹിതമാണ്. എണ്ണക്കുറവ് മുസ്‌ലിംകളെ സായുധ സമരത്തില്‍ നിന്ന് തടഞ്ഞുനിര്‍ത്തുകയില്ലെന്ന് ബദ്‌റിന്റെ ചരിത്രം പഠിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടും. മുസ്‌ലിം സൈന്യത്തിന്റെ എണ്ണം ശത്രുക്കളുടേതിന്റെ മൂന്നിലൊന്ന് മാത്രമാണന്ന വസ്തുതയോ അവരുടെയത്ര ആയുധങ്ങളോ വാഹനങ്ങളോ തങ്ങളുടെ പക്കലില്ലെന്ന ബോധമോ മുസ്‌ലിംകളെ ബദ്‌റില്‍ നിന്ന് പിന്തിരിപ്പിച്ചില്ലെങ്കില്‍ മക്കയില്‍ വെച്ച് മാത്രം തങ്ങള്‍ എണ്ണത്തില്‍ കുറവാണെന്ന ബോധം അവരെ സായുധ പ്രതികരണത്തില്‍ നിന്ന് തടഞ്ഞുവെന്ന് കരുതുന്നതില്‍ ന്യായമില്ല. അല്ലാഹുവിന്റെ അനുഗ്രഹമുണ്ടെങ്കില്‍ ചെറിയ സംഘങ്ങള്‍ക്ക് വലിയ സംഘങ്ങളെ തോല്‍പിക്കാനാകുമെന്ന വസ്തുത ക്വുര്‍ആന്‍ വ്യക്തമാക്കുന്നുമുണ്ട്. ''എത്രയെത്ര ചെറിയ സംഘങ്ങളാണ് അല്ലാഹുവിന്റെ അനുമതിയോടെ വലിയ സംഘങ്ങളെ കീഴ്‌പെടുത്തിയിട്ടുള്ളത്! അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു.'' (2:249)
വിശ്വാസികള്‍ക്ക് തങ്ങളെക്കാള്‍ പത്തിരട്ടി വരുന്നവരെ നേരിടാനാകുമെന്നാണ് ക്വുര്‍ആന്‍ നല്‍കുന്ന ഉല്‍ബോധനം. ''നബിയേ, നീ വിശ്വാസികളെ യുദ്ധത്തിന് പ്രോത്‌സാഹിപ്പിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ ക്ഷമാശീലരായ ഇരുപത് പേരുണ്ടായിരുന്നാല്‍ ഇരുനൂറ് പേരെ അവര്‍ക്ക് ജയിച്ചടക്കാവുന്നതാണ്. നിങ്ങളുടെ കൂട്ടത്തില്‍ നൂറ് പേരുണ്ടായിരുന്നാല്‍ സത്യനിഷേധികളില്‍ നിന്ന് ആയിരം പേരെ അവര്‍ക്ക് ജയിച്ചടക്കാവുന്നതാണ്. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനവിഭാഗമാണ് എന്നതുകൊണ്ടത്രെ അത്.'' (8:65).
അനുയായികളുടെ എണ്ണക്കുറവോ മുശ്‌രിക്കുകളെ തങ്ങള്‍ക്ക് തോല്‍പിക്കാന്‍ കഴികയില്ലെന്ന തിരിച്ചറിവോ അനുചരന്‍മാര്‍ യുദ്ധസന്നദ്ധരല്ലാത്തതോ അല്ല മക്കയിലെ പീഡകര്‍ക്കെതിരെ ഒരു സായുധ കലാപത്തിന് ആഹ്വാനം ചെയ്യുന്നതില്‍ നിന്ന് മുഹമ്മദ് നബി(സ)യെ തടഞ്ഞു നിര്‍ത്തിയതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ജനിച്ചു വളര്‍ന്ന നാട്ടില്‍ കലാപമുണ്ടാക്കുകയോ നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ത്ത് തന്റെ ആധിപത്യം സ്ഥാപിക്കുകയോ തങ്ങളെ എതിര്‍ത്തവരെയെല്ലാം സായുധമായി സംഹരിക്കുകയോ ആയിരുന്നില്ല അദ്‌ദേഹത്തിന്റെ ലക്ഷ്യം. പ്രത്യുത സത്യമതത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും അങ്ങനെ അവര്‍ക്ക് സമാധാന സംതൃപ്തമായ ഇഹലോക ജീവിതവും ശാന്തസുന്ദരമായ മരണാനന്തര ജീവിതവും നേടിയെടുക്കുവാനുള്ള മാര്‍ഗമൊരുക്കുകയുമായിരുന്നു അദ്‌ദേഹം ചെയ്തത്. തന്നെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ കലാപമുണ്ടാക്കാതെയും തന്നെ നശിപ്പിക്കാന്‍ ശ്രമിച്ചവരെ നശിപ്പിക്കുവാന്‍ ശ്രമിക്കാതെയും തന്നിലേര്‍പിക്കപ്പെട്ട ദൗത്യം നിര്‍വഹിക്കുകയായിരുന്നു മക്കയില്‍ വെച്ച് പ്രവാചകന്‍(സ) ചെയ്തത്. ആളോ അര്‍ഥമോ ഇല്ലാത്തതുകൊണ്ടല്ല ജീവിക്കുന്ന നാട്ടില്‍ കുഴപ്പങ്ങളുണ്ടാക്കുവാന്‍ ദൈവകല്‍പനയില്ലാത്തതിനാലാണ് മക്കയില്‍വെച്ച് സായുധ കലാപത്തിന് അദ്ദേഹം മുതിരാതിരുന്നത്. ത്യാഗങ്ങള്‍ സഹിച്ചും പീഡനങ്ങളില്ലാതെയാക്കുവാന്‍ പ്രാര്‍ഥിച്ചും നിയതമായ മാര്‍ഗങ്ങളിലൂടെ പ്രവര്‍ത്തിച്ചും കൊണ്ട് തന്നിലര്‍പിക്കപ്പെട്ട ആദര്‍ശ പ്രചരണമെന്ന ദൗത്യം നിര്‍വഹിക്കുന്നതില്‍ മാത്രമാണ് മക്കയില്‍ വെച്ച് മുഹമ്മദ് നബി(സ) ബദ്ധശ്രദ്ധനായത്. അതായിരുന്നു മക്കയിലെ ജിഹാദ്; ക്വുര്‍ആന്‍ പറഞ്ഞ, ക്വുര്‍ആനുപയോഗിച്ചുകൊണ്ടുള്ള ഏറ്റവും വലിയ ജിഹാദ്.
മുസ്ലിമിന്റെ ജീവിതത്തിൽ നിന്ന് ഒഴിച്ചുനിർത്താനാത്ത കാര്യമാണ് ജിഹാദ് എന്നാണ് ഖുർആനും നബിവചനങ്ങളും വ്യക്തമാക്കുന്നത്. നബിജീവിതത്തിന്റെ തുടക്കം മുതൽ തന്നെ ജിഹാദ് നിറഞ്ഞുനിന്നിരുന്നുവെന്നതാണ് സത്യം. ജിഹാദിനെക്കുറിച്ച ക്വുര്‍ആന്‍ നിര്‍ദേശങ്ങള്‍ അവതരിക്കുവാനാരംഭിച്ചത് മക്കയില്‍വെച്ചാണ്. പീഡനങ്ങളും പ്രയാസങ്ങളും സഹിച്ച് ഇസ്‌ലാമിക പ്രബോധനം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അവതരിപ്പിക്കപ്പെട്ട ക്വുര്‍ആന്‍ സൂക്തങ്ങളില്‍ ജിഹാദിന് പ്രേരിപ്പിക്കുന്ന വചനങ്ങള്‍ കാണാം. മക്കയില്‍വെച്ച് അവതരിപ്പിക്കപ്പെട്ട സൂറത്തുല്‍ അന്‍കബൂത്തിലെ അവസാനത്തെ വചനം കാണുക: ''നമ്മുടെ മാര്‍ഗത്തില്‍ ജിഹാദില്‍ ഏര്‍പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു'' (29:69).
മക്കയില്‍വെച്ച് ചെയ്യേണ്ട ജിഹാദ് എന്താണ്?
പൂര്‍ണമായും മക്കയില്‍വെച്ച് അവതരിച്ചതെന്ന് വ്യാഖ്യാതാക്കള്‍ വ്യക്തമാക്കിയ സൂറത്തുല്‍ ഫുര്‍ഖാനിലെ 52-ാമത്തെ സൂക്തം ഈ ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം നല്‍കുന്നുണ്ട്: ''അതിനാല്‍ സത്യനിഷേധികളെ നീ അനുസരിച്ചു പോകരുത്. ഇത് (ക്വുര്‍ആന്‍) കൊണ്ട് നീ അവരോട് വലിയൊരു ജിഹാദ് നടത്തിക്കൊള്ളുക'' (25:52)
ക്വുര്‍ആന്‍ ഉപയോഗിച്ച് ശത്രുക്കളോട് മഹത്തായ ജിഹാദ് നടത്തുക! ഏതാണീ ജിഹാദ്? ക്വുര്‍ആനുപയോഗിച്ചു കൊണ്ടുള്ള ജിഹാദ് ആശയസമരമാണെന്ന് വ്യക്തം. മുഹമ്മദ് നബി(സ)യുടെ നീണ്ട പതിമൂന്ന് വര്‍ഷത്തെ ജിഹാദിനുള്ള ആയുധം ക്വുര്‍ആനായിരുന്നു. അവതരിപ്പിക്കപ്പെടുന്ന മുറയ്ക്ക് ക്വുര്‍ആന്‍ വചനങ്ങളുപയോഗിച്ച് സമൂഹത്തില്‍ നിലനിന്നിരുന്ന തിന്‍മകള്‍ക്കും അധര്‍മങ്ങള്‍ക്കുമെതിരെ അദ്ദേഹം ജിഹാദ് നടത്തുകയായിരുന്നു. ഈ ജിഹാദാണ് മക്കയിലെ പലരുടെയും മനസ്സുകളില്‍ പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിച്ചത്. ബഹുദൈവാരാധനയും തന്നിഷ്ടപ്രകാരമുള്ള ജീവിതവും കാരണം ശിലാഹൃദയരായിത്തീര്‍ന്നവരുടെ മനസ്സുകളില്‍ നിന്ന് ഏകദൈവാരാധനയും ദൈവിക വെളിപാടുപ്രകാരമുള്ള ജീവിതവും സൃഷ്ടിക്കുന്ന ആര്‍ദ്രതയുടെ തെളിനീരുകള്‍ അരിച്ചിറങ്ങുകയും അത് നദികളായിത്തീര്‍ന്ന് അറേബ്യയിലും പ്രാന്തപ്രദേശങ്ങളിലുമുള്ളവര്‍ക്ക് ദൈവിക ദര്‍ശനത്തിന്റെ തീര്‍ത്ഥമായിത്തീരുകയും ചെയ്തത് ക്വുര്‍ആന്‍ ഉപയോഗിച്ചുള്ള ജിഹാദ് കൊണ്ടായിരുന്നു. എത്രയെത്ര ശിലാഹൃദയരെയാണ് ക്വുര്‍ആന്‍ നിര്‍മലമാനസന്‍മാരാക്കിത്തീര്‍ത്തത്! പ്രവാചകശിഷ്യരില്‍ പ്രമുഖനായിത്തീര്‍ന്ന ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ പരിവര്‍ത്തന ചരിത്രം ഉദാഹരണമാണ്. നബിയോടുള്ള ശത്രുത കാരണം അദ്ദേഹത്തെ വധിച്ചുകളയാനായി വാളുമേന്തി പുറപ്പെട്ട ഉമറാണ് (റ) സഹോദരിയുടെ ക്വുർആൻ പാരായണം കേട്ട് അതിൽ ആകൃഷ്ടനായി നബിയുടെ (സ) ശക്തനായ അനുയായിയായിത്ത്തീർന്നത്. ക്വുര്‍ആന്‍ വചനങ്ങളുടെ വശ്യതയില്‍ പെട്ട് പ്രവാചകവിരോധികളായ മക്കാമുശ്‌രിക്കുകള്‍ പോലും അതിന്റെ കല്‍പന സ്വീകരിക്കുന്ന സ്ഥിതിക്ക് മക്കാരാജ്യം സാക്ഷിയായിട്ടുണ്ട്. നബില ക്വുര്‍ആനിലെ 53ാം അധ്യായമായ സൂറത്തുന്നജ്മ് പാരായണം ചെയ്തപ്പോള്‍ സ്രഷ്ടാവിന് സാഷ്ടാംഗം നമിക്കുവാനുള്ള അതിലെ കല്‍പനക്ക് വിധേയമായി അദ്ദേഹവും അനുചരന്‍മാരും സാഷ്ടാംഗം ചെയ്തപ്പോള്‍ അതോടൊപ്പം പാരായണം കേട്ടുനിന്ന മുശ്‌രിക്കുകയും സാഷ്ടാംഗം ചെയ്തതായി പ്രബലമായ ഹദീഥുകളില്‍ കാണാതാവും. പരിശുദ്ധ ക്വുര്‍ആനിന് ജനഹൃദയങ്ങളില്‍ മാറ്റമുണ്ടാക്കുവാനുള്ള അപാരമായ ശേഷിയുണ്ടെന്ന് മക്കാമുശ്‌രിക്കുകള്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ തങ്ങളുടെ ഭാര്യമാരും മക്കളുമൊന്നും ക്വുര്‍ആന്‍ പാരായണം കേള്‍ക്കരുതെന്ന് അവര്‍ ആഗ്രഹിക്കുകയും അതിന്നായുള്ള കരുതല്‍ നടപടികളെടുക്കുകയും ചെയ്തു. സത്യസന്ധരും സദ്‌വൃത്തരുമായ മുസ്‌ലിംകള്‍ മക്കയില്‍ തന്നെയുണ്ടാകണമെന്നാണ്, അവരെ പീഡിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ പോലും മക്കാമുശ്‌രിക്കുകള്‍ ആഗ്രഹിച്ചതെങ്കിലും അവരുടെ ക്വുര്‍ആന്‍ പാരായണം ജനഹൃദയങ്ങളെ മാറ്റിമറിക്കുമെന്ന് അവര്‍ ഭയപ്പെട്ടു. മുസ്‌ലിംകള്‍ക്ക് സംരക്ഷണം നല്‍കിയവരോട് അവര്‍ ഉറക്കെ ക്വുര്‍ആന്‍ പാരായണം ചെയ്യരുതെന്നും അതുകേട്ട് തങ്ങളുടെ നാട്ടുകാരും കുടുംബക്കാരും അതിന്റെ ആശയങ്ങളിലേക്ക് ആകൃഷ്ടരാകാന്‍ ഇടയാകരുതെന്നും അവര്‍ നിബന്ധനവെക്കുവാന്‍ കാരണമതായിരുന്നു
ക്വുര്‍ആനിന്റെ സ്വാധീനവലയത്തില്‍ പെടാത്തവരായി മക്കയില്‍ ആരും തന്നെയുണ്ടായിരുന്നില്ല. തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സൗകര്യങ്ങള്‍ ഇല്ലാതെയാവുകയും സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യുമോയെന്ന ഭയമായിരുന്നു സത്യമതം സ്വീകരിക്കുന്നതില്‍ നിന്ന് അവരെ തടഞ്ഞു നിര്‍ത്തിയത്. ഖുറൈശി നേതാവും കവിയും സാഹിത്യകാരനുമായിരുന്ന വലീദുബ്‌നു മുഗീറ തന്നെ ഉദാഹരണം. ക്വുര്‍ആനില്‍ ആകൃഷ്ടനായ അദ്ദേഹം, പക്ഷേ, തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുമോയെന്ന ഭയം കാരണം അതിനെ നിഷേധിക്കുവാനും തള്ളിപ്പറയുവാനും ധൃഷ്ടനായി. സൂറത്തുല്‍ മുദ്ദഥിറിലെ പതിനൊന്ന് മുതല്‍ മുപ്പതു വരെയുള്ള വചനങ്ങളുടെ അവതരണ പശ്ചാത്തലത്തെക്കുറിച്ച് വിവരിക്കുന്ന വ്യാഖ്യാതാക്കള്‍ ഈ സംഭവം ഉദ്ധരിക്കുന്നുണ്ട്. അതിന്റെ സംക്ഷിപ്തം ഇങ്ങനെയാണ്: ഖുറൈശികള്‍ക്കിടയിലെ ബനൂമഖ്‌സൂം ഗോത്രത്തിലെ ധനാഢ്യനും നേതാവും സാഹിത്യകാരനുമായിരുന്ന വലീദുബ്‌നു മുഗീറ 'ഖുറൈശികളുടെ സുഗന്ധച്ചെടി' (റൈഹാനത്തു ഖുറൈശ്) എന്ന പേരില്‍ പ്രസിദ്ധനായിരുന്നു. അദ്ദേഹം ഒരിക്കല്‍ മുഹമ്മദ് നബിയെ സമീപിച്ചു. പ്രവാചകന്‍ല വലീദിന് ക്വുര്‍ആനിലെ 41ാം അധ്യായമായ 'ഹാമിം സജദഃ' പാരായണം ചെയ്തു കേള്‍പിച്ചു. ക്വുര്‍ആന്‍ വചനങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം അതിനെ പുകഴ്ത്തിക്കൊണ്ടുള്ള പ്രസ്താവന നടത്തി. ഈ വിവരമറിഞ്ഞ, നബിലയുടെ കഠിന ശത്രുവായിരുന്ന അബൂജഹല്‍ അദ്ദേഹത്തെ പരിഹസിക്കുകയും മുഹമ്മദ് നബി(സ)യെയും ക്വുര്‍ആനിനെയും വിമര്‍ശിച്ചു പറഞ്ഞിട്ടില്ലെങ്കില്‍ ജനങ്ങളെല്ലാം അദ്ദേഹത്തിന് എതിരാകുമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അവനെപ്പറ്റി ഞാനെന്തു പറയാനാണ്? അല്ലാഹുവാണ! എന്നെക്കാള്‍ കവിതയും പദ്യവും പാട്ടും ജിന്നുകളുടെ കാവ്യവുമറിയുന്നവരായി നിങ്ങളില്‍ ഒരാളും തന്നെയില്ല. അല്ലാഹുവാണ! അവന്‍ പറയുന്ന വചനത്തിനൊരു മാധുര്യമുണ്ട്. അതിനു താഴെയുള്ളതെല്ലാം അതു ചവിട്ടിത്താഴ്ത്തുക തന്നെ ചെയ്യും. അത് ഉന്നതമായിത്തീരും. അതിനുപരിയായി ഒന്നും നിലകൊള്ളുകയില്ല'. മുഹമ്മദ് നബി(സ)യെയും ക്വുര്‍ആനിനെയും നിന്ദിച്ചുകൊണ്ട് എന്തെങ്കിലും പറയണമെന്ന അബൂജഹ്‌ലിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അവസാനം 'ക്വുര്‍ആന്‍ ഒരു മാരണമാണെന്ന്' പറഞ്ഞ് രക്ഷപ്പെടുകയാണ് വലീദ് ചെയ്തത്. ക്വുര്‍ആനിന്റെ വശ്യതയിലും ആശയ ഗാംഭീര്യത്തിലും ആകൃഷ്ടരായി ഇസ്‌ലാമില്‍ എത്തിച്ചേര്‍ന്ന നിരവധിപേരെക്കുറിച്ച് ചരിത്രം നമുക്ക് പറഞ്ഞുതരുന്നുണ്ട്. ക്വുര്‍ആനിന് മറുപടിയെഴുതാന്‍ വേണ്ടിയുള്ള ശ്രമത്തിനിടയില്‍ ഒരു മുസ്‌ലിം ബാലന്‍ സൂറത്തുല്‍ ഹൂദിലെ 44-ാമത്തെ വചനം പാരായണം ചെയ്യുന്നത് കേട്ട് മനഃപരിവര്‍ത്തനമുണ്ടാവുകയും ''അല്ലാഹുവാണെ! ക്വുര്‍ആനിന് മറുപടിയെഴുതുക അസാധ്യമാണെന്നും അത് മനുഷ്യവചനമല്ലെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു''വെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ജാഹിലിയ്യാകാലത്തെ അറിയപ്പെടുന്ന എഴുത്തുകാരനായിരുന്ന അബ്ദുല്ലാഹിബ്‌നു മുഖാഫ്; പ്രവാചകനില്‍നിന്ന് സൂറതുത്ത്വൂറിലെ ഏഴ്, എട്ട് വചനങ്ങള്‍ ശ്രവിച്ച് മനഃപരിവര്‍ത്തനമുണ്ടായി ഇസ്‌ലാമിലെത്തിയ ജുബൈറുബ്‌നു മുത്അം; മദീനയില്‍ പ്രവാചക പ്രതിനിധിയായെത്തിയ മുസ്അബുബ്‌നു ഉമൈറിനോട് യഥ്‌രിബുകാരായ മൃദുലഹൃദയരെ വഴിതെറ്റിക്കുന്നവിധത്തില്‍ ക്വുര്‍ആന്‍ പാരായണം ചെയ്യരുതെന്ന് ആവശ്യപ്പെട്ടെത്തിയപ്പോള്‍ മുസ്അബിന്റെ അഭ്യര്‍ഥനയെ മാനിച്ച് അല്‍പനേരം ക്വുര്‍ആന്‍ പാരായണം ശ്രവിച്ചതോടെ അതില്‍ ആകൃഷ്ടനായി ഇസ്‌ലാം സ്വീകരിച്ച ഉസൈദുബ്‌നു ഹുദൈര്‍; ഉസൈദിന്റെ നിര്‍ദേശപ്രകാരം മുസ്അബില്‍നിന്ന് ക്വുര്‍ആന്‍ ശ്രവിച്ചതോടെ അതിന്റെ അനുയായിയായിത്തീര്‍ന്ന ഔസ് ഗോത്രനേതാവ് സഅദ്ബ്‌നു മുആദ്... ഇങ്ങനെ ക്വുര്‍ആന്‍ പാരായണം കേട്ടതുകൊണ്ടുമാത്രം ഇസ്‌ലാമിലെത്തിച്ചേര്‍ന്ന നിരവധിയാളുകളെക്കുറിച്ച് ചരിത്രം നമുക്ക് പറഞ്ഞുതരുന്നുണ്ട്. മുസ്അബുബ്‌നു ഉമൈറിന്റെ േക്വുര്‍ആന്‍ പാരായണം വഴിയാണ്, വാളുകൊണ്ടല്ല മദീനയെ ഇസ്‌ലാം കീഴടക്കിയതെന്ന വസ്തുത ചരിത്രകാരന്‍മാരെല്ലാം അംഗീകരിക്കുന്നതാണ് .
പ്രവാചകന്റെ കാലത്ത് മാത്രമല്ല, അതിന് ശേഷം ഇന്നുവരെയും ക്വുര്‍ആന്‍ ജനമനസ്സുകളില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് വിതയ്ക്കുകയെന്ന ദൗത്യം നിര്‍വഹിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. ആംഗ്ലിക്കന്‍ പാതിരിയുടെ മകനായി ജനിച്ച് ക്വുര്‍ആന്‍ പഠനത്തിലൂടെ ഇസ്‌ലാമിലെത്തിച്ചേരുകയും പിന്നീട് പ്രസിദ്ധമായ ഇംഗ്ലീഷ് ക്വുര്‍ആന്‍ വിവര്‍ത്തനം രചിക്കുകയും ചെയ്ത ബ്രിട്ടീഷ് നോവലിസ്റ്റ് മുഹമ്മദ് മാര്‍മഡ്യൂക് പിക്താള്‍; യഹൂദ റബ്ബിമാരുടെ പാരമ്പര്യമുള്‍ക്കൊള്ളുന്ന കുടുംബത്തില്‍ ജനിക്കുകയും ക്വുര്‍ആന്‍ പഠനത്തിലൂടെ ഇസ്‌ലാമിലെത്തിച്ചേര്‍ന്ന് മുഹമ്മദ് അസദ് എന്ന പേര് സ്വീകരിക്കുകയും സ്വന്തമായി ഇംഗ്ലീഷിലുള്ള ക്വുര്‍ആന്‍ വിവരണം രചിക്കുകയും ചെയ്ത ഓസ്ട്രിയന്‍ സഞ്ചാരിയും യഹൂദ പണ്ഡിതനുമായിരുന്നു ലിയോ പോള്‍ഡ് വെയ്സ്സ്. ക്വുര്‍ആനിന്റെ വെളിച്ചത്തിലൂടെ ഇസ്‌ലാമില്‍ എത്തുകയും അങ്ങനെ ക്വുര്‍ആനിന്റെ വെളിച്ചം ലോകത്തിന് എത്തിച്ചുകൊടുക്കുവാന്‍ മുന്നില്‍ നടക്കുകയും ചെയ്ത രണ്ട് മഹാരഥന്‍മാര്‍-പാശ്ചാത്യന്‍ സംഗീത ലോകത്തിന്റെ ഉന്നത വിതാനത്തില്‍ വിരാജിക്കവെ ക്വുര്‍ആനിന്റെ സന്ദേശം മനസ്സിലാക്കുവാന്‍ അവസരമുണ്ടാവുകയും യൂസുഫ് ഇസ്‌ലാം എന്ന പേര് സ്വീകരിച്ച് ഇസ്‌ലാമിക പ്രബോധന രംഗത്തേക്ക് കടന്നുവരികയും ചെയ്ത കാറ്റ് സ്റ്റീവന്‍സ്; പന്ത്രണ്ടാം വയസ്സില്‍ അഭിനയരംഗത്തെത്തുകയും നിരവധി ഹോളിവുഡ് സിനിമകളില്‍ അഭിനയിക്കുകയും തന്റെ അഭിനയ ജീവിതത്തിനിടയ്ക്ക് ക്വുര്‍ആനിനെ പരിചയപ്പെട്ട് അതിന്റെ പഠനത്തിലൂടെ ഇസ്‌ലാമിലെത്തുകയും ഇപ്പോള്‍ മറിയം ഫ്രാന്‍കോയിസ് എന്ന പേര് സ്വീകരിച്ച് ക്വുര്‍ആനിന്റെ ആശയ പ്രചാരണത്തിനായി പരിശ്രമിക്കുകയും ചെയ്യുന്ന എമിനി ഫ്രാന്‍കോയ്‌സ് സിര്‍റ; ബൈബിള്‍ പഠനത്തിനിടയില്‍ അവിചാരിതമായി ക്വുര്‍ആന്‍ പരിഭാഷ വായിക്കുവാന്‍ അവസരമുണ്ടാവുകയും അത് ക്വുര്‍ആനിന്റെ പ്രചാരകനാക്കിത്തീര്‍ക്കുന്നതിലേക്ക് നയിക്കുകയും ചെയ്ത ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തകന്‍ ജോഷുവ ഇവാന്‍സ്, സ്വിറ്റ്‌സര്‍ലാന്റില്‍ മുസ്‌ലിംകള്‍ക്ക് പള്ളി നിര്‍മിക്കുവാന്‍ അവസരം നല്‍കരുതെന്ന് വാദിക്കുകയും അതിനായി ജനഹിതമുണ്ടാക്കിയെടുക്കാന്‍ പരിശ്രമിക്കുകയും ചെയ്ത സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയുടെ മുന്നില്‍നിന്ന് പ്രവര്‍ത്തിക്കുന്നതിനിടെ ക്വുര്‍ആനികാശയങ്ങളെപ്പറ്റി പഠിക്കുവാന്‍ അവസരമുണ്ടാകുകയും ഇസ്‌ലാം സ്വീകരിക്കുന്നതിലേക്ക് അത് നയിക്കുകയും ചെയ്ത ഡാനിയല്‍ സ്ട്രീക്ക്-അന്ധകാര നിബിഡമായ മനസ്സുകളില്‍ ക്വുര്‍ആന്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തിന് പാശ്ചാത്യനാടുകളില്‍ നിന്നും ഇന്നും ജീവിച്ചിരിക്കുന്ന ഉദാഹരണങ്ങളാണിവ. നാടോടികളും അധര്‍മങ്ങളില്‍ നിമഗ്‌നരുമായിരുന്ന അറബികളെ ലോകത്തിന് വഴി കാണിക്കുവാന്‍ പര്യാപ്തരാക്കുകയെന്ന അത്ഭുതമാണ് ക്വുര്‍ആന്‍ ഉപയോഗിച്ചുകൊണ്ടുള്ള ജിഹാദ് വഴി പ്രവാചകന്‍(സ) സൃഷ്ടിച്ചത്. അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും ആധുനികത സൃഷ്ടിക്കുന്ന പുതിയ അടിമത്തങ്ങളില്‍നിന്നും മനുഷ്യരെ രക്ഷപ്പെടുത്തുകയും വിമലീകൃതമായ വിശുദ്ധ ജീവിതംവഴി കുടുംബത്തിലും സമൂഹത്തിലുമെല്ലാം പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയുന്നവരാക്കി അവരെ മാറ്റിയെടുക്കുകയും ചെയ്തുകൊണ്ട് ക്വുര്‍ആനിന്റെ ജിഹാദ് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ആയുധങ്ങളല്ല ക്വുര്‍ആനികാശയങ്ങളാണ് അന്നും ഇന്നും ജനഹൃദയങ്ങളെ മാറ്റുവാനുള്ള നിമിത്തങ്ങളായിത്തീരുന്നത്. ജനഹൃദയങ്ങളെ മാറ്റിമറിക്കുവാനാകുന്ന ക്വുര്‍ആന്‍കൊണ്ടുള്ള ജിഹാദാണ് ഏറ്റവും വലിയ ജിഹാദ് എന്നാണല്ലോ ക്വുര്‍ആന്‍തന്നെ പരിചയപ്പെടുത്തുന്നത്.
സ്വന്തം തൃഷ്ണകളോട് ചെയ്യുന്ന പോരാട്ടമാണ് ഏറ്റവും വലിയ ജിഹാദെന്നും ജീവത്യാഗമാവശ്യപ്പെടുന്ന സായുധാജിഹാദിന് പോവുന്നവർ ആദ്യം ചെയ്യേണ്ടത് സ്വന്തത്തോടുള്ള ജിഹാദാണെന്നും പ്രവാചകവചങ്ങളുടെ അടിസ്ഥാനത്തിൽ പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. ജിഹാദിനെക്കുറിച്ച് വര്‍ഗീകരിച്ചു വിശദീകരിച്ച പണ്ഡിതന്‍മാരില്‍ പ്രമുഖനാണ് ഹിജ്‌റ എട്ടാം നൂറ്റാണ്ടില്‍ മരണപ്പെട്ട ഇമാം ഇബ്‌നുല്‍ ഖയ്യിം അല്‍ ജൗസിയ്യഃ (ക്രി. 1292-1350). സ്വന്തത്തോടുള്ളത് (ജിഹാദുന്നഫ്‌സ്), ചെകുത്താനോടുള്ളത് (ജിഹാദുശ്‌ശൈത്വാന്‍), സത്യനിഷേധികളോടും കപട വിശ്വാസികളോടുമുള്ളത് (ജിഹാദുല്‍ കുഫ്ഫാറു വല്‍ മുനാഫിഖീന്‍), അനീതിയുടെയും തിന്‍മകളുടെയും അനാചാരങ്ങളുടെയും ആളുകള്‍ക്കെതിരെയുള്ളത് (ജിഹാദു അര്‍ബാബുദ്ദ്വുല്‍മി വല്‍ ബിദ്ഇ വല്‍ മുന്‍കറാത്ത്) എന്നിങ്ങനെ നാലായി ജിഹാദിനെ വര്‍ഗീകരിക്കാമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
സ്വന്തത്തോടുള്ള ജിഹാദില്‍ നിന്നാണ് ഒരാള്‍ തന്റെ ഇസ്‌ലാമിക ജീവിതം ആരംഭിക്കുന്നത്. സ്വന്തം താല്‍പര്യങ്ങളുടെയും ആഗ്രഹങ്ങളുടെയും തൃഷ്ണയുടെയും തടവറയില്‍ നിന്ന് സ്വയം മോചിതനായി ദൈവിക നിയമങ്ങള്‍ക്ക് വിധേയനാവലാണ് സ്വന്തത്തോടുള്ള ജിഹാദ്. നാലു രൂപത്തിലാണ് ഒരാള്‍ സ്വന്തത്തോട് പോരാടുന്നത്. ദൈവിക മതത്തിന്റെ യഥാര്‍ഥമായ മാര്‍ഗദര്‍ശനത്തെക്കുറിച്ച കൃത്യമായ പഠനം, അറിവു ലഭിച്ച കാര്യങ്ങളുടെ പ്രയോഗവല്‍ക്കരണം, താന്‍ അറിഞ്ഞ കാര്യങ്ങള്‍ അത് അറിയാത്തവര്‍ക്ക് പഠിപ്പിച്ചുകൊടുക്കുക, ദൈവിക മാര്‍ഗത്തിലേക്കുള്ള ക്ഷണത്തിന്റെ പാതയില്‍ ത്യാഗങ്ങള്‍ സഹിക്കേണ്ടി വരുമ്പോള്‍ ക്ഷമിക്കുക എന്നിവയാണ് ജിഹാദുന്നഫ്‌സിന്റെ നാല് രൂപങ്ങള്‍.
ജിഹാദുശ്‌ശൈത്വാനിന് രണ്ടു രൂപങ്ങളാണുള്ളത്. ശരിയായ വിശ്വാസത്തെ നശിപ്പിക്കാനായി പിശാച് മനസ്സില്‍ ചെലുത്തുന്ന സംശയങ്ങളെ ദൂരീകരിക്കുകയും അതിനെതിരെ സജ്ജമാവുകയും ചെയ്യുന്നതും തെറ്റായ താല്‍പര്യങ്ങളും അനനുവദനീയമായ തൃഷ്ണകളും വളര്‍ത്തി പ്രലോഭിപ്പിക്കുവാന്‍ വേണ്ടിയുള്ള പിശാചിന്റെ പരിശ്രമങ്ങളെ ചെറുക്കുകയും അവഗണിക്കുകയും ചെയ്യുന്നതുമാണ് ജിഹാദുശ്‌ശൈത്വാനിന്റെ രൂപങ്ങള്‍. നാല് രൂപത്തിലാണ് ഒരാള്‍ ജിഹാദുല്‍ കുഫ്ഫാര്‍ വല്‍ മുനാഫിഖീന്‍ നിര്‍വഹിക്കുന്നത്. ഹൃദയം കൊണ്ടും നാവുകൊണ്ടും സമ്പത്തുകൊണ്ടും ശരീരംകൊണ്ടും നടത്തുന്നവയാണ് അവ.
അനീതിയുടെയും അനാചാരങ്ങളുടെയും തിന്‍മകളുടെയും വക്താക്കള്‍ക്കെതിരെ നടത്തുന്ന ജിഹാദിന് മൂന്ന് രൂപങ്ങളാണുള്ളത്. കൈകൊണ്ടുള്ളത്, നാവുകൊണ്ടുള്ളത്, മനസ്സുകൊണ്ടുള്ളത് എന്നിവയാണവ.(1)
ഇബ്‌നുല്‍ ഖയ്യിം വര്‍ഗീകരിച്ച നാലുതരം ജിഹാദുകളും മക്കയില്‍ വെച്ചുതന്നെ പ്രവാചകനും(സ) അനുചരന്‍മാരും പ്രവാര്‍ത്തികമാക്കിയിരുന്നുവെന്ന് കാണാനാവും. മൂന്നാമത്തെ തരമായി എണ്ണിയ സത്യനിഷേധികളോടും കപടവിശ്വാസികളോടുമുള്ള ജിഹാദില്‍, കപടവിശ്വാസികളോടുള്ള ജിഹാദ് മാത്രമാണ് മദീനയിലെത്തിയശേഷം മാത്രമായി നിര്‍വഹിക്കപ്പെട്ടത്. മക്കയിലെ പീഡിപ്പിക്കപ്പെട്ട നാളുകളില്‍ പ്രവാചകാനുചരന്‍മാരോടൊപ്പം മുനാഫിഖുകള്‍ ഉണ്ടായിരുന്നില്ല എന്നതുകൊണ്ടായിരുന്നു അത്. സ്വന്തത്തോടും ചെകുത്താനോടും സത്യനിഷേധികളോടും തിന്‍മയുടെ വാഹകരോടുമുള്ള ജിഹാദുകള്‍ മക്കയില്‍ വെച്ചുതന്നെ നിര്‍വഹിക്കുവാന്‍ തുടങ്ങിയിരുന്നു. മക്കയിലെ വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്ത രൂപഭാവങ്ങളായാണ് പ്രസ്തുത ജിഹാദുകള്‍ നിര്‍വഹിക്കപ്പെട്ടത് എന്നു മാത്രമെയുള്ളു.
എല്ലാ ജിഹാദുകളുടെയും അടിസ്ഥാനം ജിഹാദുന്നഫ്‌സാണെന്ന് പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 'സത്യനിഷേധികള്‍ക്കും കപടവിശ്വാസികള്‍ക്കുമെതിരെയുള്ള ജിഹാദിന്റെ അടിത്തറയുണ്ടാകുന്നത് സ്വന്തത്തിനും സ്വന്തം ഇച്ഛകള്‍ക്കുമെതിരെയുള്ള ജിഹാദില്‍ നിന്നാണ്; സ്വന്തത്തിനും സ്വന്തം ഇച്ഛകള്‍ക്കെതിരെയുമുള്ള ജിഹാദ് ചെയ്യാത്തവര്‍ക്ക് സത്യനിഷേധികള്‍ക്കും കപടവിശ്വാസികള്‍ക്കുമെതിരെയുള്ള ജിഹാദ് ചെയ്യുവാനോ അതിന്നായി പുറപ്പെട്ടിറങ്ങുവാനോ സാധ്യമല്ല'യെന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യഃ പറഞ്ഞതായി ഇബ്‌നുല്‍ ഖയ്യിം ഉദ്ധരിക്കുന്നുണ്ട്.(2)
ഇസ്‌ലാമികമായ ആദര്‍ശങ്ങള്‍ക്കനുസരിച്ച് സ്വന്തം ജീവിതത്തെ ചിട്ടപ്പെടുത്തുകയും സത്യമെന്ന് ഉറപ്പുള്ള ആദര്‍ശത്തെ മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുവാനായി പ്രയത്‌നിക്കുകയും അതിന്റെ മാര്‍ഗത്തില്‍ ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്യുകയെന്ന ജിഹാദുന്നഫ്‌സ് ചെയ്യാത്തവര്‍ക്ക് എങ്ങനെയാണ് പിശാചിനെ തോല്‍പിക്കാനും അവിശ്വാസികളോടും കപടവിശ്വാസികളോടും ആദര്‍ശ സമരം നടത്തുവാനും അനിവാര്യമായ അവസരത്തില്‍ ആയുധമെടുത്ത് അടരാടുവാനും കഴിയുക? എല്ലാ ജിഹാദുകളുടെയും അടിത്തറ ജിഹാദുന്നഫ്‌സ് ആണെന്നതിനാല്‍ അതിനെ 'ജിഹാദുല്‍ അക്ബര്‍' എന്ന് ചില പണ്ഡിതന്‍മാര്‍ വിളിച്ചിട്ടുണ്ട്.(3)
സ്വന്തം ഇച്ഛകള്‍ക്കും തൃഷ്ണകള്‍ക്കുമെതിരെയുള്ള പോരാട്ടമാണ് അടര്‍ക്കളത്തിലിറങ്ങിക്കൊണ്ടുള്ള യുദ്ധത്തെക്കാള്‍ മഹത്തരമെന്ന് സ്ഥാപിക്കുവാനായി നബി(സ)യില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഒരു സംഭവവിവരണം അടിസ്ഥാനരഹിതമാണെന്നും നിവേദക പരമ്പര ദുര്‍ബലമാണെന്നും ഹദീഥ് പണ്ഡിതന്‍മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അനുചരന്‍മാര്‍ ഒരു യുദ്ധം കഴിഞ്ഞു മടങ്ങിവന്നപ്പോള്‍ 'നല്ലൊരു വരവാണ് നിങ്ങള്‍ വന്നത്; ചെറിയൊരു ജിഹാദില്‍ നിന്ന് വലിയൊരു ജിഹാദിലേക്ക്-സ്വന്തം ഇച്ഛകള്‍ക്കെതിരെ ദൈവദാസന്‍മാര്‍ നടത്തുന്ന പോരാട്ടം-ആണ് നിങ്ങള്‍ വന്നിരിക്കുന്നത്' എന്ന് പ്രവാചകന്‍(സ) പറഞ്ഞതായി ജാബിറുബ്‌നു അബ്ദുല്ല(റ)നിവേദനം ചെയ്തതായി 'താരീഖുല്‍ ബാഗ്ദാദി'യില്‍ രേഖപ്പെടുത്തിയ ഹദീഥാണത്. ഈ പദങ്ങള്‍ യഥാര്‍ഥത്തില്‍ താബിഇയായ(4) ഇബ്‌റാഹിമുബ്‌നു അബ്‌ലഹിന്റെതാണെന്ന് പ്രമുഖ ഹദീഥ് നിദാനശാസ്ത്രജ്ഞനായ അന്നസാഈ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഹദീഥ് വ്യാഖ്യാതാക്കളില്‍ പ്രസിദ്ധനായ ഇമാം ഇബ്‌നു ഹജറുല്‍ അസ്ഖലാനി രേഖപ്പെടുത്തുന്നുണ്ട്.(5) ഇമാം സുയൂത്വി തന്റെ 'ജാമിഉസ്‌സഗീറി'ലും ഇമാം ദഹബി തന്റെ 'അല്‍മീസാനിലും' ഇമാം ഇബ്‌നു തൈമിയ്യ തന്റെ 'അല്‍ഫുര്‍ഖാനു ബൈനല്‍ ഔലിയാ ഉര്‍റഹ്മാനി വ ഔലിയാഉശ്ശൈത്വാനി'ലും ഇൗ ഹദീഥ് ദുര്‍ബലമാണെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.(6)
സ്വന്തം ഇച്ഛക്കെതിരെ ദൈവദാസന്‍മാര്‍ നടത്തുന്ന പോരാട്ടമാണ് വലിയ ജിഹാദെന്ന് പ്രസ്താവിക്കുന്ന ഹദീഥിന്റെ പരമ്പര ദുര്‍ബലമായതിനാല്‍ അത് പ്രവാചകന്‍ പറഞ്ഞതാണെന്ന് ഉറപ്പിക്കുവാന്‍ കഴിയാത്തതുകൊണ്ടുതന്നെ മതവിധികള്‍ നിര്‍ധരിക്കുന്നതിന് അത് ഉപയോഗിക്കുവാന്‍ തീരെ പാടില്ലാത്തതാണെങ്കിലും, സ്വന്തത്തോടുള്ള പോരാട്ടത്തെ 'ജിഹാദുല്‍ അക്ബര്‍' എന്നും പടക്കളത്തിലിറങ്ങി നടത്തുന്ന യുദ്ധത്തെ 'ജിഹാദുല്‍ അസ്ഗര്‍' എന്നും വിളിക്കുന്ന സമ്പ്രദായം നബി(സ)ക്കു ശേഷമുള്ള രണ്ടാം തലമുറ മുതല്‍ക്കെങ്കിലും നിലനിന്നിരുന്നുവെന്ന യാഥാര്‍ഥ്യം വ്യക്തമാക്കുന്നതാണ് ഈ ഹദീഥ് എന്ന വസ്തുത വിസ്മരിച്ചു കൂടാ. ആയുധങ്ങളെടുത്ത് അടരാടാന്‍ അവസരം ലഭിച്ചവരും അത് ലഭിക്കാത്തവരുമെല്ലാം ചെയ്യേണ്ട മഹത്തായ ജിഹാദാണ് സ്വന്തം ഇച്ഛയോടുള്ള പോരാട്ടമെന്നായിരുന്നു പ്രവാചകാനുചരന്‍മാരില്‍ നിന്ന് മതം നേര്‍ക്കുനേരെ അനുഭവിച്ചറിഞ്ഞവര്‍ മനസ്സിലാക്കിയിരുന്നത് എന്നാണല്ലോ ഇത് വ്യക്തമാക്കുന്നത്.
സ്വന്തം ഇച്ഛയോട് നടത്തേണ്ട പോരാട്ടത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പ്രബലമായ ഹദീഥുകള്‍ അതിനെ ജിഹാദുല്‍ അക്ബര്‍ എന്നു വിളിക്കുന്നതിനെ സാധൂകരിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. താന്‍ നിര്‍വഹിച്ച ഹജ്ജ് കര്‍മത്തോടനുബന്ധിച്ച് പ്രവാചകന്‍(സ)നിര്‍വഹിച്ച വിടവാങ്ങല്‍ പ്രസംഗത്തിന്റെ, ഇമാം അഹ്മദും ത്വബ്‌റാനിയും ഇബ്‌നുമാജയും ഹാക്കിമുമെല്ലാം നിവേദനം ചെയ്ത സമ്പൂര്‍ണ രൂപത്തില്‍ 'അല്ലാഹുവിനെ അനുസരിക്കുന്ന വിഷയത്തില്‍ സ്വന്തത്തോടു ജിഹാദു ചെയ്യുന്നവനാണ് മുജാഹിദ്' എന്ന് നബി(സ) പ്രസ്താവിച്ചതായി രേഖപ്പെടുത്തിയത് സ്വഹീഹാണെന്ന് ഇമാം ഇബ്‌നു ഹിബ്ബാനും ഇമാം ഹാകിമും(7) ഇമാം അല്‍ബാനിയും(8) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അല്ലാഹുവിനെ അനുസരിക്കുന്നതില്‍ നിന്ന് സ്വന്തത്തെ തടയുന്ന തൃഷ്ണകളോട് പോരാടി അവനോടുള്ള അനുസരണത്തെ ദൃഢീകരിച്ച് ഉറപ്പിക്കുന്നവനാണ് യഥാര്‍ഥ മുജാഹിദെന്ന് പഠിപ്പിക്കുന്ന ഈ ഹദീഥ് ജിഹാദുന്നഫ്‌സിന്റെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്.
അല്ലാഹുവെക്കുറിച്ച സ്മരണകളും അവന്റെ പ്രീതി നേടിയെടുക്കണമെന്ന അഭിലാഷവുമാണ് മുസ്‌ലിമിനെ സ്വന്തത്തോടും മറ്റുള്ളവരോടുമെല്ലാം ജിഹാദ് ചെയ്യുവാന്‍ പ്രേരിപ്പിക്കുന്ന ഘടകം. വ്യക്തിയുടെ വിമലീകരണത്തിന്റെ അടിത്തറയാണ് ദൈവസ്മരണ. ഒരു മുസ്‌ലിം ചെയ്യുന്ന മറ്റേത് കര്‍മത്തെക്കാളും മഹത്തരമായതാണ് അല്ലാഹുവിനെക്കുറിച്ച സ്മരണയെന്ന് അഹ്മദും തിര്‍മിദിയും ഇബ്‌നുമാജയും ഹാകിമുമെല്ലാം നിവേദനം ചെയ്ത സ്വഹീഹാണെന്ന് ഇമാം അല്‍ബാനി വ്യക്തമാക്കിയ(9) ഒരു ഹദീഥ് പഠിപ്പിക്കുണ്ട്. ഹദീഥിന്റെ സാരം ഇങ്ങനെയാണ്: അബിദ്ദര്‍ദാഇല്‍ േനിന്ന്: പ്രവാചകന്‍(സ) പറഞ്ഞു: നിങ്ങളുടെ രാജാധിരാജന് ഏറ്റവും ഇഷ്ടപ്പെട്ട, നിങ്ങളുടെ പദവികളെ ഉയര്‍ത്തുന്ന, സ്വര്‍ണവും വെള്ളിയും ദാനം ചെയ്യുന്നതിനെക്കാള്‍ ഉത്തമമായ, യുദ്ധത്തില്‍ നിങ്ങളുടെ ശത്രുവിനെ കണ്ടുമുട്ടുകയും അയാളുടെ തലകൊയ്യുകയും നിങ്ങളുടെ തലകൊയ്യപ്പെടുകയും ചെയ്യുന്നതിനെക്കാള്‍ മഹത്തരമായ, അത്യുത്തമമായ കര്‍മത്തെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരട്ടയോ? അതാണ് 'അല്ലാഹുവെക്കുറിച്ച സ്മരണ' (ദിക്‌റുല്ലാ).(10)
തന്റെ നാല്‍പതാമത്തെ വയസ്സില്‍ പ്രവാചകത്വം ലഭിച്ചത് മുതല്‍ അറുപത്തി മൂന്നാമത്തെ വയസ്സില്‍ ഏല്‍പിക്കപ്പെട്ട ദൗത്യം പൂര്‍ത്തിയാക്കി ഈ ലോകത്തുനിന്ന് വിട പറയുന്നതു വരെയുള്ള നബി(സ)യുടെ ജീവിതം മുഴുവന്‍ ജിഹാദ് നിറഞ്ഞുനില്‍ക്കുകയായിരുന്നു. അതില്‍ സ്വന്തത്തോടുള്ള പോരാട്ടവും പിശാചിനോടുള്ള പോരാട്ടവും സത്യനിഷേധികള്‍ക്കും കപടവിശ്വാസികള്‍ക്കുമെതിരെയുള്ള പോരാട്ടവും അനീതിയുടെയും അധര്‍മത്തിന്റെയും അക്രമത്തിന്റെയും വക്താക്കള്‍ക്കെതിരെയുള്ള പോരാട്ടവുമുണ്ടായിരുന്നു. നബി(സ)യെ പിന്‍തുടര്‍ന്ന് സത്യമതത്തിന്റെ അനുയായികളായിത്തീര്‍ന്നവരും ഈ പോരാട്ടത്തില്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. ഇസ്‌ലാം സ്വീകരിച്ചതു മുതല്‍ ജീവിതാവസാനം വരെ അവര്‍ പോരാട്ടത്തിലായിരുന്നു. മക്കയില്‍ വെച്ചു തന്നെ മരണപ്പെട്ടവരും മദീനയിലെത്തിയ ശേഷം ഏറെനാള്‍ ജീവിക്കുവാന്‍ അവസരം ലഭിച്ചവരുമെല്ലാമുണ്ട് അവര്‍ക്കിടയില്‍. അവരിലൊരാളും തന്നെ ജിഹാദ് ചെയ്യാതിരുന്നിട്ടില്ല. ആദര്‍ശപ്രബോധനത്തിന്റെ ആദ്യകാലത്ത് നബി(സ)ക്ക് താങ്ങും തണലുമായി നിലനിന്ന പ്രവാചക പത്‌നി ഖദീജയും(റ)സത്യത്തിന്റെ ശത്രുക്കളുടെ ക്രൂരമായ പീഡനങ്ങള്‍ക്കു മുമ്പില്‍ ക്ഷമ അവലംബിച്ച് അവസാനം മരണത്തിന് കീഴ്‌പെട്ട യാസിറും(റ) സുമയ്യ(റ)യെയുമല്ലാം മക്കയില്‍ വെച്ച് മരണപ്പെട്ട മുജാഹിദുകളായിരുന്നു. ജീവിതത്തില്‍ ഒരിക്കലും ആയുധമേന്തുവാന്‍ അവസരം ലഭിക്കാത്ത മുജാഹിദുകള്‍. സ്വന്തത്തിനും പിശാചിനും ശത്രുക്കള്‍ക്കുമെതിരെ ഏറ്റവും വലിയ ജിഹാദ് ചെയ്തുകൊണ്ടാണ് അവരെല്ലാം മരണപ്പെട്ടത്. ക്വുര്‍ആന്‍ ഉപയോഗിച്ചു കൊണ്ടുള്ള പോരാട്ടമാണ് ഏറ്റവും വലിയ ജിഹാദ് എന്നാണല്ലോ ക്വുര്‍ആന്‍ അവരെ പഠിപ്പിച്ചത്; ത്യാഗങ്ങള്‍ സഹിച്ചുകൊണ്ടുള്ള ഇസ്‌ലാമിക ജീവിതവും ആദര്‍ശ പ്രബോധനവുമായിരുന്നു അവര്‍ നയിച്ച ജിഹാദ്.
പ്രബോധകജീവിതത്തിന്റെ ആദ്യത്തെ നാളുകള്‍ മുതല്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പ്രവാചകനും(സ) അനുയായികളും നയിച്ച ജിഹാദായിരുന്നു പ്രതിബന്ധങ്ങളെ തൃണവല്‍ഗണിച്ചു കൊണ്ടുള്ള ആദര്‍ശജീവിതവും ക്ഷമയും സഹനവും അവലംബിച്ചുകൊണ്ടുള്ള സത്യമത സന്ദേശപ്രചരണവും. മറ്റെന്ത് ത്യജിക്കേണ്ടി വന്നാലും ഈ ജിഹാദിന്റെ നിര്‍വഹണത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചക്കും പ്രവാചകന്‍(സ) ഒരുക്കമല്ലായിരുന്നു. അതുകൊണ്ടാണ് സത്യസന്ധനെന്ന് വിളിച്ച് ആദരിച്ചിരുന്ന നാട്ടുകാരുടെ മുഴുവന്‍ വെറുപ്പിന് അദ്ദേഹം പാത്രമായത്; അല്ലലില്ലാതെയുള്ള ജീവിതത്തില്‍ നിന്ന് പട്ടിണിയിലേക്കും പീഡനങ്ങളിലേക്കും അദ്ദേഹം എടുത്തെറിയപ്പെട്ടത്; തനിക്ക് പ്രിയപ്പെട്ടവരും തന്നെ ഇഷ്ടപ്പെട്ടവരുമായിരുന്ന ബന്ധുക്കളുടെയും സ്വന്തക്കാരുടെയും വെര വിരോധത്തിന് അദ്ദേഹം പാത്രമായത്; തന്റെ അനുയായികൡല്‍ പലരും ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയമാകുന്നതും അവസാനം കൊല്ലപ്പെടുന്നതുമെല്ലാം നിസ്സഹായനായി അദ്ദേഹത്തിന് നോക്കി നില്‍ക്കേണ്ടി വന്നത്; ജനിച്ചു വളര്‍ന്ന നാടും വീടുമുപേക്ഷിച്ച് മറ്റൊരു ഗത്യന്തരവുമില്ലാത്തതു കൊണ്ട് പലായനം ചെേയ്യണ്ട ഗതിയുണ്ടായതും അതുകൊണ്ടു തന്നെ. വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശജീവിതത്തിന് സ്വന്തത്തെ സജ്ജമാക്കുകയും സത്യത്തിന്റെ സല്‍പാന്ഥാവിലേക്ക് സഹജീവികളെ ആനയിക്കുകയും ചെയ്യുകയെന്ന ജിഹാദാണ് ഒരു വിട്ടുവീഴ്ചയുമില്ലാതെ, മുസ്‌ലിമിന്റെ ജീവിതത്തില്‍ എപ്പോഴുമുണ്ടാകേണ്ട ജിഹാദെന്ന് പഠിപ്പിക്കുകയായിരുന്നു, തിരുനബി(സ) തന്റെ ജീവിതത്തിലുടനീളം ചെയ്തത്.
- ഇമാം ഇബ്‌നുല്‍ ഖയ്യിം അല്‍ ജൗസിയ്യ: സാദുല്‍ മആദ്, ബൈറൂത്ത്, 2000, വാല്യം3, പുറം 9,10
- ഇമാം ഇബ്‌നുല്‍ ഖയ്യിം അല്‍ ജൗസിയ്യ: റൗദത്തുല്‍ മുഹിബ്ബീന്‍ വ നുസ്ഹത്തുല്‍ മുഷ്തക്കീന്‍. ബൈറൂത്ത്, 2000, പുറം 208
- അബൂബക്ര്‍ അല്‍ ഖാത്തിബ് അല്‍ ബാഗ്ദാദി: താരീഖുല്‍ ബഗ്ദാദി, 13/493 (http://theunjustmedia.com)
- പ്രവാചകാനുചരന്മാരായ സ്വഹാബികളില്‍ നിന്ന് മതം പഠിച്ച രണ്ടാം തലമുറയിലുള്ളവരെയാണ് താബിഉകള്‍ എന്ന് വിളിക്കുന്നത്
- ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ 'തസ്ദീദ് അല്‍ ഖൗസില്‍'’നിന്ന് ശൈഖ് ഹിഷാം കബ്ബാനി ഉദ്ധരിച്ചത്. (http://www.sunnah.org/tasawwuf/jihad004.html)
- Greater and "Lesser' Jihad?(http://the unjustmedia.com)
- സ്വഹീഹു ഇബ്‌നു ഹിബ്ബാന്‍ 11:203(http://www.sunnah.org/tasawwuf/jihad0 04.html)
- ഇമാം അല്‍ബാനി: സില്‍സിലത്തുല്‍ അഹാദീഥു സ്‌സ്വഹീഹ, വാല്യം 2, ഹദീഥ് 549 (http://www.alalbany.net)
- ഇമാം അല്‍ബാനി: സ്വഹീഹ് ഇബ്‌നുമാജ, ഹദീഥ് 3057 (http://www.alal-bany.net)
- ഇബ്‌നു മാജ, കിതാബുല്‍ ആദാബ്, ബാബു ഫദ്‌ലുദ്ദിക്ര്‍
ഏറെ തെറ്റിദ്ധരിക്കപ്പെട്ട പദമാണ് ജിഹാദ്. വിവിധ ദേശങ്ങളില്‍ നടക്കുന്ന വിമോചന പോരാട്ടങ്ങളെക്കുറിച്ച പരാമര്‍ശങ്ങളിലും മാനവികതക്കു തന്നെ ഭീഷണിയായിത്തീരുന്ന ഭീകരവാദത്തെപ്പറ്റിയുള്ള അപഗ്രഥനങ്ങളിലും ഇസ്‌ലാമിനെയും മുഹമ്മദ് നബി(സ)യെയും പ്രതിചേര്‍ത്തുകൊണ്ടുള്ള പഠനങ്ങളിലുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന പദമാണത്. ജിഹാദെന്ന ശബ്ദം കേള്‍ക്കുമ്പോഴേക്ക് ഒഴുകുന്ന രക്തവും കരയുന്ന വ്രണിതരും തകരുന്ന കെട്ടിടങ്ങളും നിരയായി കിടക്കുന്ന ശവശരീരങ്ങളും സ്‌ഫോടനത്തില്‍ നിന്നുയരുന്ന അഗ്‌നിസ്ഫുലിംഗങ്ങളും തോക്കും വാളും കഠാരയും മുഖംമൂടിയണിഞ്ഞ ആയുധധാരികളുമാണ് സാധാരണക്കാരന്റെ മനസ്സിലേക്ക് കടന്നു വരുന്നത്.ജിഹാദ് എന്ന പദവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ പരികല്പനയുടെ സ്വാധീനം നമ്മുടെ മാധ്യമങ്ങളിലും പൊതുവ്യവഹാരങ്ങളിലുമെല്ലാം കാണാൻ കഴിയും.
കോടിക്കണക്കിന് കോപ്പികള്‍ വിറ്റഴിയുകയും മേശപ്പുറത്തെ എളുപ്പ റഫറന്‍സിന് ഏറ്റവുമധികം ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന ഇംഗ്ലീഷ് നിഘണ്ടുവായ 'റീഡേഴ്‌സ് ഡൈജസ്റ്റ് ഓക്‌സ്‌ഫോര്‍ഡ് കംപ്ലീറ്റ് വേള്‍ഡ് ഫൈന്‍ഡര്‍' ജിഹാദിനെ നിര്‍വചിക്കുന്നത് 'അവിശ്വാസികള്‍ക്കെതിരെ മുസ്‌ലിംകള്‍ നടത്തുന്ന വിശുദ്ധയുദ്ധം'(1) എന്നാണ്. വിശദമായ ഇംഗ്ലീഷ് പദപഠനത്തിന് ഉപയോഗിക്കപ്പെടുന്ന 'വെബ്‌സ്റ്റേഴ്‌സ് എന്‍സൈക്ലോപീഡിക് ഡിക്ഷണറിയില്‍ 'മുസ്‌ലിംകള്‍ പരിശുദ്ധ ഉത്തരവാദിത്തമായി പരിഗണിക്കുന്ന വിശുദ്ധയുദ്ധം' എന്നും 'ഒരു ആശയത്തിനോ തത്ത്വത്തിനോ വേണ്ടി നടത്തുന്ന ഉജ്വലമായ, പലപ്പോഴും കയ്‌പേറിയ കുരിശു യുദ്ധം' എന്നുമാണ് ജിഹാദിന് നല്‍കിയിരിക്കുന്ന രണ്ട് നിര്‍വചനങ്ങള്‍.(2) 'മുഹമ്മദീയര്‍ നടത്തുന്ന പോര്; മതപ്രചാരണാര്‍ത്ഥം ഇസ്ലാം നിയമം അനുശാസിച്ചിട്ടുള്ള വിശുദ്ധയുദ്ധം' എന്നാണല്ലോ മലയാള ഭാഷാകാരന്‍മാരില്‍ പ്രമുഖനായ ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ള തന്റെ പ്രസിദ്ധമായ 'ശബ്ദ താരാവലി'യില്‍ ജിഹാദിനെ നിര്‍വചിച്ചത്.(3) പ്രൊഫ: ഇ.പി. നാരായണ ഭട്ടതിരിയുടെ അസ്സീസി മലയാളം നിഘണ്ടുവിലാകട്ടെ, 'മുസ്‌ലിംകളുടെ വിശുദ്ധയുദ്ധം; മതത്തിനു വേണ്ടിയുള്ള യുദ്ധം; കുരിശു യുദ്ധം; മിന്നലാക്രമണം പോലെ പെട്ടെന്നുള്ള ആക്രമണം' എന്നീ നാല് അര്‍ഥങ്ങള്‍ നല്‍കിയിട്ടുണ്ട്, ജിഹാദിന്.(4) നിഘണ്ടുകള്‍ വ്യാപകമായി നിര്‍മിക്കുവാനാരംഭിച്ച പതിനാറാം നൂറ്റാണ്ടിന്റെ തുടക്കം മുതലെങ്കിലും തന്നെ ജിഹാദെന്നാല്‍ കുരിശുയുദ്ധത്തിന് സമാനമായ ഇസ്‌ലാമിക സംജ്ഞയാണെന്ന ധാരണ നിലനിന്നിരുന്നുവെന്ന് ഇവ വ്യക്തമാക്കുന്നു. പദപരമായി നോക്കിയാൽ ജിഹാദ് എന്ന പദത്തിന് യുദ്ധവുമായി ബന്ധമൊന്നുമില്ല. ഹര്‍ബ്, വഇയ്യ്, ഇദാഅ്, ഖിസ്വാമ് എന്നിവയാണ് യുദ്ധത്തിനുപയോഗിക്കുന്ന അറബിപദങ്ങള്‍.(5) വിശുദ്ധ യുദ്ധത്തിന് 'അല്‍ ഹര്‍ബുല്‍ മുഖദ്ദസ' എന്നാണ് അറബിയില്‍ പറയുക. ഇങ്ങനെയൊരു സാങ്കേതിക ശബ്ദം ഇസ്‌ലാമിക ശബ്ദതാരാവലിയില്‍ കാണാന്‍ കഴിയില്ല. ജിഹാദിന് ഇങ്ങനെയൊരു അര്‍ഥം അംഗീകരിക്കപ്പെട്ട അറബി നിഘണ്ടുക്കളിലൊന്നും നല്‍കിയിട്ടുമില്ല. 'ജാഹദയുടെ നാമരൂപമായ ജിഹാദ് യഥാവിധി സൂചിപ്പിക്കുന്നത് ഒരാളുടെ പരമാവധി കഴിവും ശക്തിയും പരിശ്രമങ്ങളും അധ്വാനങ്ങളുമെല്ലാം അനിഷ്ടകരമായ എന്തിനെങ്കിലുമെതിരെ പോരാടുവാന്‍ വിനിയോഗിക്കുകയെന്നാണ്. ഇത് മൂന്നുതരമുണ്ട്. പ്രത്യക്ഷ ശത്രുവിനോടുള്ളത്, പിശാചിനോടുള്ളത്, സ്വന്തത്തോടുള്ളത്. ക്വുര്‍ആനിലെ 22:77 ലെ ഈ പ്രയോഗത്തില്‍ ഇവ മൂന്നും ഉള്‍പ്പെടുന്നു'െവന്നാണ് പ്രസിദ്ധമായ ലെയിന്‍സ് അറബി ഇംഗ്ലീഷ് ലെക്‌സിക്കണ്‍ പറയുന്നത്.(6) ഇതിനു സമാനമായ അര്‍ഥം തന്നെയാണ് ക്ലാസിക്കല്‍ അറബി നിഘണ്ടുക്കളും ജിഹാദിന് നല്‍കിയിട്ടുള്ളത്.(7)
ആദ്യകാലത്തോ പില്‍ക്കാലത്തോ ഉള്ള ക്വുര്‍ആന്‍ വ്യാഖ്യാതാക്കളാരും തന്നെ ജിഹാദിനെക്കുറിച്ച ചര്‍ച്ചയില്‍ അത് 'അല്‍ഹര്‍ബുല്‍ മുഖദ്ദസ'യാണെന്ന് സമര്‍ഥിച്ചതായി കാണാനാവില്ല. പ്രമുഖ ബ്രിട്ടീഷ് ഓറിയന്റലിസ്റ്റായ ആര്‍തര്‍ ജോണ്‍ ആര്‍ബറി തന്റെ ക്വുര്‍ആന്‍ പരിഭാഷയിലുടനീളം 'ജിഹാദി'നെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്"struggle'എന്നാണ്, holywar എന്നല്ല എന്ന കാര്യവും ശ്രദ്ധേയമാണ്.(8) പോരാട്ടത്തിനും യുദ്ധത്തിനുമെല്ലാംstruggleഎന്നു പറയുമെങ്കിലും, എന്തെങ്കിലുമൊരു കാര്യം നേടിയെടുക്കുന്നതിനു വേണ്ടിയുള്ള തീവ്രമായ യജ്ഞത്തിനാണല്ലോ പൊതുവായി ആ ആംഗലേയ ശബ്ദം പ്രയോഗിക്കപ്പെടാറുള്ളത്; ഏതായിരുന്നാലും,struggle എന്ന ഇംഗ്‌ളീഷ് പദത്തിന് വിശുദ്ധയുദ്ധമെന്ന് അര്‍ഥമില്ലെന്ന് വ്യക്തമാണ്. ഇതു തന്നെയാണ് ജിഹാദ് എന്ന അറബി പദത്തിന്റെയും അവസ്ഥ. 'തീവ്രമായ പരിശ്രമമെന്നാണ്' പ്രസ്തുത പദത്തിന്റെ വിവക്ഷ. നന്‍മക്കു വേണ്ടിയുള്ള പോരാട്ടം തിന്‍മയെ വിപാടനം ചെയ്യുന്നതിനായി സ്വന്തം ജീവന്‍ നല്‍കിക്കൊണ്ട് നടത്തുന്ന തീവ്രയജ്ഞമായതിനാല്‍ അത് ജിഹാദാണ്. ജിഹാദ് എന്നാല്‍ പോരാട്ടമല്ല; എന്നാല്‍ പോരാട്ടം ജിഹാദായിത്തീരുമെന്നര്‍ഥം.
ജിഹാദായിത്തീരുന്ന പോരാട്ടത്തെക്കുറിച്ചു പോലും മുസ്‌ലിംകള്‍ 'വിശുദ്ധയുദ്ധം' എന്നു വിളിക്കാറില്ല. സ്വതവേ അശുദ്ധമായ രക്തച്ചൊരിച്ചിലുകളെ മാര്‍പാപ്പയാല്‍ മാമോദീസ മുക്കി വിശുദ്ധമാക്കുകയാണ് മധ്യകാല ക്രൈസ്തവ നേതൃത്വം ചെയ്തത്. അധീശത്വത്തിനുവേണ്ടി നടത്തുന്ന അതിക്രമങ്ങളുടെ സമാഹാരമായി നിലനില്‍ക്കുന്ന സാമൂഹ്യരൂപമായ യുദ്ധത്തെ അത് സഭയുടെ താല്‍പര്യസംരക്ഷണത്തിനാണ് എന്ന ഒരേയൊരു കാരണത്താല്‍ മാമോദീസ മുക്കി വിശുദ്ധമാക്കിയപ്പോള്‍ അതിന്റെ പേരില്‍ നടന്നത് നിരപരാധികളും നിഷ്‌കളങ്കരുമായ മനുഷ്യരുടെ കൂട്ടക്കുരുതികളായിരുന്നു.
പോരാട്ടം ജിഹാദായിത്തീരുന്ന സന്ദര്‍ഭത്തെക്കുറിച്ച് വിശദീകരിക്കുന്ന ഇസ്‌ലാമിക പ്രമാണങ്ങള്‍ അത് എന്തിന്, എങ്ങനെയാണ് നടത്തേണ്ടതെന്നു കൂടി കൃത്യമായി പഠിപ്പിക്കുന്നുണ്ട്.വിശ്വാസആരാധനാപ്രബോധന സ്വാതന്ത്ര്യങ്ങള്‍ നേടിയെടുക്കുന്നതിനായി നടക്കുന്ന പോരാട്ടങ്ങളുടെ ലക്ഷ്യവും മാര്‍ഗവും ദൈവിക മാര്‍ഗദര്‍ശന പ്രകാരമുള്ളതായിത്തീരുമ്പോള്‍ മാത്രമാണ് അത് ജിഹാദായിത്തീരുക. സ്വതവെ അശുദ്ധമായ യുദ്ധത്തെ പരിശുദ്ധാത്മ സാമീപ്യത്താലുള്ള മാര്‍പാപ്പ പ്രഖ്യാപനം വഴി വിശുദ്ധമാക്കി, അതിന്റെ പേരില്‍ അണികളെ ആയുധമണിയിച്ച് എന്തും ചെയ്യാനുള്ള അനുമതിയും കൊടുത്ത് തുറന്ന് വിടുന്ന ഏര്‍പ്പാടല്ല അത,് പ്രത്യുത അനിവാര്യമായ സാഹചര്യത്തില്‍ നടത്തുന്ന, നിയതമായ മാര്‍ഗവും കൃത്യമായ ലക്ഷ്യവുമുള്ള പോരാട്ടമാണത്; അശുദ്ധമായ ഒന്നിനെ വിശുദ്ധവല്‍ക്കരിച്ചതല്ല ജിഹാദ്; അത് എല്ലായ്‌പ്പോഴും വിശുദ്ധമാണ്; വിശുദ്ധമായതേ ജിഹാദാവൂ എന്നർത്ഥം. 'ജിഹാദ്' എന്ന നാമരൂപമോ അതിന്റെ ക്രിയാരൂപങ്ങളോ ആകെ 41 തവണയാണ് ക്വുര്‍ആനില്‍ പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. നാമരൂപത്തില്‍ ജിഹാദ് എന്നു പ്രയോഗിച്ചിരിക്കുന്നത് നാലു തവണയാണ്; സൂറത്തുത്തൗബയിലെ 24ാം വചനത്തിലും സൂറത്തുല്‍ ഹജ്ജിലെ 78ാം വചനത്തിലും സൂറത്തുല്‍ ഫുര്‍ഖാനിലെ 52ാം വചനത്തിലും സൂറത്തുല്‍ മുംതഹനയിലെ ഒന്നാം വചനത്തിലുമാണ് അവ. മറ്റു സൂക്തങ്ങളില്‍, ജാഹദൂ, ജാഹിദൂ, യുജാഹിദു, ജാഹദ, യുജാഹിദൂന, തുജാഹിദൂന, മുജാഹിദൂന തുടങ്ങിയ വ്യത്യസ്ത ജാഹദാ രൂപങ്ങള്‍ പ്രയോഗിക്കുന്നുണ്ട് ക്വുര്‍ആന്‍. 'യുദ്ധംചെയ്യുക'യെന്ന കേവലമായ അര്‍ഥത്തിനപ്പുറം, യുദ്ധമടക്കമുള്ള ത്യാഗപരിശ്രമങ്ങളെക്കുറിക്കുവാനാണ് പ്രയോഗങ്ങള്‍ നടത്തുന്നതെന്ന് വചനങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാവും.
യുദ്ധത്തെ മാത്രം സൂചിപ്പിക്കുന്നതിന് ക്വുര്‍ആനില്‍ പ്രയോഗിക്കുന്നത് 'ഖിതാല്‍' എന്ന പദമോ അതിന്റെ ക്രിയാരൂപങ്ങളോ ആണ്. പോരാട്ടം എന്ന് അര്‍ഥം വരുന്ന 'ഖിതാല്‍' എന്ന അറബിപദമാണ്, ധനസമ്പാദനം ലക്ഷ്യമാക്കി അറബികള്‍ ചെയ്തിരുന്ന യുദ്ധത്തെക്കുറിക്കുവാന്‍ അറബികള്‍ പ്രയോഗിച്ചിരുന്ന 'ഹര്‍ബിനും' ഗോത്രവൈരം തീര്‍ക്കാനുള്ള ഏറ്റുമുട്ടലുകള്‍ക്ക് അവര്‍ പറഞ്ഞിരുന്ന 'വഇയ്യിനും' പകരം ക്വുര്‍ആന്‍ പ്രയോഗിച്ചിരിക്കുന്നത് എന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്. ഖിതാലും ജിഹാദും പര്യായപദങ്ങളല്ല. ജിഹാദിന്റെ അര്‍ഥമായി 'ഖിതാല്‍' എന്ന് ഭാഷാകാരന്‍മാരൊന്നും രേഖപ്പെടുത്തിയിട്ടുമില്ല. ഖിതാല്‍ മാത്രമല്ല ജിഹാദ്; എന്നാല്‍ ഖിതാലും ജിഹാദായിത്തീരും എന്നാണ് ജിഹാദ്, ഖിതാല്‍ എന്നീ പ്രയോഗങ്ങള്‍ നടത്തിയ ക്വുര്‍ആന്‍ വചനങ്ങളും ഹദീഥുകളും പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാവുക. മുസ്‌ലിംകളായ തങ്ങളുടെ സന്താനങ്ങളെ ബഹുദൈവാരാധനക്ക് നിര്‍ബന്ധിക്കുന്ന സത്യനിഷേധികളായ മാതാപിതാക്കളുടെ ചെയ്തിയെ ക്വുര്‍ആന്‍ വിശേഷിപ്പിച്ചിരിക്കുന്നത് 'ജിഹാദ്' എന്നാണ്: (29:8) ബഹുദൈവാരാധനക്ക് നിര്‍ബന്ധപൂര്‍വം ആവശ്യപ്പെടുന്നതിനാണ് ഈ വചനത്തില്‍ ജിഹാദ് എന്ന് പ്രയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്.
ജിഹാദിനെക്കുറിച്ച് പരാമര്‍ശിക്കുന്ന ക്വുര്‍ആന്‍ സൂക്തങ്ങളില്‍ ചിലതില്‍ സ്വശരീരംകൊണ്ടും സമ്പത്തുകൊണ്ടും ജിഹാദ് ചെയ്യാന്‍ കല്‍പിക്കുന്നതായി കാണാന്‍ കഴിയും: ''അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവരാരോ അവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍.'' (49:15) രണഭൂമിയിലെ പോരാട്ടം അടക്കമുള്ള ത്യാഗപരിശ്രമങ്ങളെല്ലാം ശരീരംകൊണ്ടുള്ള ജിഹാദാണ്. നന്മയുടെ മാര്‍ഗത്തില്‍ സ്വത്തുക്കള്‍ ചെലവഴിക്കുകയെന്ന സാമ്പത്തിക ത്യാഗപരിശ്രമമാണ് ഇവിടെ സമ്പത്തുകൊണ്ടുള്ള ജിഹാദുകൊണ്ട് വിവക്ഷിക്കപ്പെട്ടിരിക്കുന്നത് എന്ന് വ്യക്തമാണ്.
ആദര്‍ശ ശത്രുക്കളോട് ക്വുര്‍ആന്‍ ഉപയോഗിച്ച് ജിഹാദ് ചെയ്യുവാനാണ് അല്ലാഹുവിന്റെ കല്‍പന: ''അതിനാല്‍ സത്യനിഷേധികളെ നീ അനുസരിച്ചു പോകരുത്. ഇത് (ഖുര്‍ആന്‍) കൊണ്ട് നീ അവരോട് വലിയൊരു സമരം നടത്തിക്കൊള്ളുക.'' (25:52) പീഡനങ്ങളും പ്രയാസങ്ങളും സഹിച്ച് മക്കയില്‍ ആദര്‍ശപ്രബോധനം നിര്‍വഹിക്കുന്നതിനിടയില്‍ അവതരിപ്പിക്കപ്പെട്ട ഈ സൂക്തത്തില്‍ ക്വുര്‍ആന്‍ ഉപയോഗിച്ചുകൊണ്ടാണ് ഏറ്റവും വലിയ ജിഹാദ് ചെയ്യേണ്ടതെന്നാണ് കല്‍പിക്കപ്പെട്ടിരിക്കുന്നതെന്ന വസ്തുത ശ്രദ്ധേയമാണ്. ക്വുര്‍ആനികാദര്‍ശങ്ങളെ സത്യനിഷേധികള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നതിനെയും അതുപയോഗിച്ച് ആദര്‍ശസമരം നടത്തുന്നതിനെയുംകുറിച്ചാണ് ഇവിടെ ക്വുര്‍ആന്‍ കൊണ്ടുള്ള ജിഹാദ് എന്ന് പരിചയപ്പെടുത്തിയിരിക്കുന്നത് എന്ന് വ്യക്തം.
'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യേണ്ട മുറപ്രകാരം നിങ്ങള്‍ ജിഹാദ് ചെയ്യുക' (22:78) എന്ന് കല്‍പിക്കുന്ന ക്വുര്‍ആന്‍ വചനം 'നിങ്ങളുടെ പിതാവായ ഇബ്‌റാഹീമിന്റെ മാര്‍ഗമാണത്' എന്നാണ് അനുബന്ധമായി പറഞ്ഞിരിക്കുന്നത്. ത്യാഗനിര്‍ഭരമായ ആദര്‍ശ സമരമായിരുന്നു ഇബ്‌റാഹീം നബി(അ)യുടെ ജീവിത്തില്‍ നിറഞ്ഞുനിന്നിരുന്നത് എന്ന വസ്തുത ക്വുര്‍ആനിലൂടെ കണ്ണോടിക്കുന്ന ആര്‍ക്കും മനസ്സിലാകും. ഇബ്‌റാഹീം നബി(അ)നടത്തിയ സായുധ സമരങ്ങളെക്കുറിച്ച പരാമര്‍ശങ്ങളൊന്നുംതന്നെ ക്വുര്‍ആനിലില്ല. സ്രഷ്ടാവ് മാത്രമാണ് ആരാധനകള്‍ അര്‍ഹിക്കുന്നതെന്ന തത്ത്വം പ്രബോധനം ചെയ്യുകയും പ്രസ്തുത മാര്‍ഗത്തില്‍ ത്യാഗങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തതാണ് ഇബ്‌റാഹീം നബിൗയുടെ ജീവിതത്തില്‍ നിറഞ്ഞുനിന്നിരുന്ന ജിഹാദ്. വിശ്വാസികള്‍ക്ക് എന്നും മാതൃകയായ ജിഹാദാണത്; അവരുടെ ജീവിതത്തില്‍നിന്ന് ഒരിക്കലും മാറ്റിനിര്‍ത്താനാവാത്ത ജിഹാദ്.
1. "Jihad: a holy war undertaken by Muslims against unbelievers', Sarah Tulloch (Ed): Reader's Digest Oxford Complete Word finder, Milan, 1994, Page 819
2. "Jihad:a holy war undertaken as a sacred duty by Muslims; any vigoro-us, often bitter crusade for an idea or principle.'”Webster's Encyclopaedic Unabridged Dictionary of the English Language, New York, 1989, Page 767
3. ശബ്ദതാരാവലി, 9ാം പതിപ്പ്, ശ്രീ കണ്‌ഠേശ്വരം ജി. പത്മനാഭപ്പിള്ള, പ്രസാധകര്‍: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ലിമിറ്റഡ്, നാഷണല്‍ ബുക്ക്സ്റ്റാള്‍ കോട്ടയം, പേജ്: 871
4. പ്രൊഫ: ഇ.പി. നാരായണ ഭട്ടതിരി: അസ്സീസി മലയാളം നിഘണ്ടു, ചങ്ങനാശേരി, 1997,പുറം 328
5. حرب، وغي، عداء، خصام
6. "Jihad, infinitive noun of jaahada, properly signifies the using or exerting of one's utm-ost power, eÅorts, endeavours or ability, in contending with an object of disappro-bation; and this is of three kinds, namely, a visible enemy, the devil, and one's self; all of which are included in the term as used in the Quran 22:77.'' (Edward William Lane: An Arabic-English Lexicon, Beirut, 1968, Page 473)
7. ലിസാനുല്‍ അറബ് 4/107, താജുല്‍ അറൂസ് 2/329
8. A. J. Arberry: The Koran Interpreted: A Translation, Touchstone, 1996, Look 9:24, 22:78, 25:52, 60:1 etc.
അല്ല. ഒരാൾ തൻറെ ഇച്ഛയനുസരിച്ച് ഭരിക്കുന്നതാണ് ഏകഛത്രാധിപത്യമെങ്കിൽ ഇസ്‌ലാം അത്തരമൊരു വ്യവസ്ഥയെ ഒരു തരത്തിലും അംഗീകരിക്കുന്നില്ല. ഇസ്‌ലാമികരാഷ്ട്രത്തിലെ അടിസ്ഥാന ധാര്മിക നിയമങ്ങൾ തീരുമാനിക്കുന്നത് ഏതെങ്കിലുമൊരാളോ ഒരു കൂട്ടം ആളുകളോ അല്ല; രാജാധിരാജനായ അല്ലാഹുവാണ്. അവന്റെ നിയമങ്ങൾ മാറ്റിമറിക്കുവാൻ ആർക്കും അവകാശമില്ല. ക്വുർആനും സുന്നത്തുമനുസരിച്ച് കാര്യനിര്വഹണം നടത്തുക മാത്രമാണ് ഇസ്‌ലാമികരാഷ്ട്രത്തിലെ ഭരണാധികാരി ചെയ്യുന്നത്. രാഷ്ട്രനിർമ്മാണപരമായ കാര്യങ്ങൾ തീരുമാനിക്കേണ്ടത് അയാളുടെ ചുമതലയാണ്. അവ പോലും എകാധിപത്യപരമായി തീരുമാനിക്കണമെന്നല്ല പ്രവാചകൻ (സ) പഠിപ്പിച്ചത്. അവ തീരുമാനിക്കേണ്ടത് കൂടിയാലോചനയിലൂടെയാണ്.
ഇസ്‌ലാമിക രാഷ്ട്രത്തിന്റെ നായകനാണ് ഖലീഫ. വിശുദ്ധ ക്വുര്‍ആനിലും പ്രവാചകചര്യയിലും വ്യക്തമാ ക്കപ്പെട്ട അടിസ്ഥാനതത്ത്വങ്ങള്‍ക്കനുസൃതമായി രാഷ്ട്രത്തെ നയി ക്കുകയാണ് ഖലീഫയുടെ ഉത്തരവാദിത്തം. ക്വുര്‍ആനിലും സുന്ന ത്തിലും വ്യക്തമായി വിവരിക്കപ്പെടാത്ത ഒട്ടനവധി പ്രശ്‌നങ്ങള്‍ ഒരു രാഷ്ട്രത്തിന് കൈകാര്യം ചെയ്യേണ്ടതായി വരുമല്ലോ. രാഷ്ട്രീയപ്രശ്‌നങ്ങളില്‍ ഖണ്ഡിതമായ നിയമങ്ങളെക്കാളധികം പാലിക്കപ്പെടേണ്ട തത്ത്വങ്ങളാണ് വിശുദ്ധക്വുര്‍ആന്‍ പരാമര്‍ശിക്കുന്നത്. ഈ തത്ത്വങ്ങളുടെ വെളിച്ചത്തില്‍, ഇസ്‌ലാമിന്റെ ആത്മാവിനിണങ്ങുന്ന വിധത്തില്‍ നിയമനിര്‍മാണം നടത്തേണ്ടത് ഖലീഫയുടെ ബാധ്യത യാണ്. ഈ നിയമങ്ങള്‍ നിര്‍മിക്കേണ്ടത് ഖലീഫയുടെ തന്നിഷ്ടപ്ര കാരമല്ല; പ്രത്യുത കൂടിയാലോചനയിലൂടെയാണ്. കൂടിയാലോചനാ സമിതിയെയാണ് ഇസ്‌ലാമികരാഷ്ട്രത്തില്‍ 'ശൂറാ' എന്നു വിളി ക്കുന്നത്.
പ്രവാചകന്‍പോലും രാഷ്ട്രീയമായ പ്രശ്‌നങ്ങള്‍ കൂടിയാ ലോചനയിലൂടെയായിരുന്നു തീരുമാനിച്ചിരുന്നതെന്ന് കാണാന്‍ കഴിയും. 'കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക'(ക്വുർആൻ 3:159) എന്നാണ് പ്രവാചകനോടുള്ള ദൈവികകല്‍പന. അബൂഹുറയ്‌റ(റ)പറയുന്നു: 'പ്രവാചകനെപ്പോലെ സ്വന്തം അനുയായികളുമായി ഇത്രയേറെ കൂടിയാലോചന ചെയ്യുന്ന മറ്റൊരു വ്യക്തിയെ യും ഞാന്‍ കണ്ടിട്ടില്ല'.(ബുഖാരി) അനുയായികളുമായി കൂടിയാലോചിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ മാനിക്കുകയും ചെയ്ത ആളായിരുന്നു പ്രവാചകന്‍(സ). ബദർ യുദ്ധവേളയില്‍ ആദ്യം തെരഞ്ഞെടുത്ത താവളം മാറ്റിയതും ഉഹ്ദ്‌യുദ്ധത്തിന് പുറപ്പെട്ടതും ഖന്‍ദഖ് യുദ്ധസമയത്ത് ഗത്ഫാന്‍ ഗോത്രവുമായി സന്ധിചെയ്യാനുള്ള തന്റെ തീരുമാനം മാറ്റിയതു മെല്ലാം അനുയായികളുമായി കൂടിയാലോചിച്ചശേഷമായിരുന്നു. ചുരുക്കത്തിൽ, ഏകഛത്രാധിപത്യത്തിന്റെ ലാഞ്ഛന പോലുമില്ലാത്തതാണ് ഇസ്‌ലാമിക രാഷ്ട്രം.
ഇന്ന് വ്യവഹിക്കപ്പെടുന്ന രീതിയിലുള്ള ജനാധിപത്യത്തെക്കുറിച്ച് നാം ചിന്തിക്കാനാരംഭിച്ചതു തന്നെ പതിനെട്ടാം നൂറ്റാണ്ടിനു ശേഷമാണ്. അതിനു മുൻപ് നിലനിന്നിരുന്ന വ്യത്യസ്തങ്ങളായ രാഷ്ട്രമീമാംസകളുണ്ട്. ഗോത്രാധിപത്യവും രാജാധിപത്യവുമെല്ലാം അവയിൽ ചിലതാണ്.സമൂഹത്തിന്റെ വളർച്ചയ്ക്കനുസരിച്ച് രൂപപ്പെട്ടു വന്നവയാണ് ഈ മീമാംസകളെല്ലാം. ഒരാൾ ഭരണാധികാരിയാവുന്നതെങ്ങനെയെന്ന് തീരുമാനിക്കുന്നതിന് അടിസ്ഥാനത്തിലാണ് അത് ജനാധിപത്യമാണോ രാജ്യാധിപത്യമാണോ എന്നെല്ലാം പറയുന്നത്. തെരഞ്ഞെടുക്കപ്പെടുന്നത് എങ്ങനെയെന്നതിലധികം പ്രധാനം തെരെഞ്ഞെടുക്കപ്പെടുന്നവർ എങ്ങനെ ഭരിക്കണം എന്ന വിഷയമാണെന്ന് പൗരന്മാരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം. ജനാധിപത്യരീതിയിൽ തെരെഞ്ഞെടുക്കപ്പെട്ടവരെക്കൊണ്ട് പൊരുതി മുട്ടുന്ന സമൂഹങ്ങളെക്കുറിച്ച വാർത്തകൾ ദിനംപ്രതി വായിക്കുന്നവരാണ് നാം. നന്മ നിറഞ്ഞ നല്ല രാജാക്കന്മാരെ നൂറ്റാണ്ടുകൾ കഴിഞ്ഞും ആദരവോടെ സ്മരിക്കുന്ന സമൂഹങ്ങളുമുണ്ട്. ഭരണാധികാരി നന്മയുള്ളവരാവുകയെന്നതാണ് എങ്ങനെ തെരെഞ്ഞെടുക്കപ്പെടുന്നുവെന്നതിനേക്കാൾ പ്രധാനമെന്നർത്ഥം.
ഭരണാധികാരിയെ എങ്ങനെ തെരെഞ്ഞെടുക്കണമെന്ന വിഷയം സാമൂഹികവളർച്ചയ്ക്കനുസരിച്ച് തീരുമാനിക്കാൻ സ്വാതന്ത്ര്യം നൽകിയ മതമാണ് ഇസ്‌ലാം. പ്രവാചകന് ശേഷമുള്ള നാല് ഖലീഫമാരെയും തെരെഞ്ഞെടുത്ത രീതികൾ വ്യത്യസ്തമായത് ആ രംഗത്ത് നിഷ്‌കൃഷ്ടമായ നിയമങ്ങൾ പഠിക്കാത്തത് കൊണ്ടാണ്. പ്രവാചകന്‍(സ)തന്റെ പിന്‍ഗാമിയെ നിശ്ചയിക്കാതെയാണ് ദേഹവിയോഗം ചെയ്തത്. സർക്കാർ രൂപീകരണത്തിന്റെ നിശ്ചിതരൂപം പ്രവാചകന്‍(സ)കാണിച്ചു തന്നിട്ടില്ല. എന്നാല്‍, രാഷ്ട്രത്തിന്റെ മൗലികസ്വഭാവങ്ങളും സവിശേഷതകളുമെന്തെല്ലാമായിരിക്കണമെന്ന് കര്‍മപഥത്തിലൂടെ അദ്ദേഹം കാണിച്ചുതന്നിട്ടുണ്ട്. പ്രസ് തുത സവിശേഷതകളിലൂന്നി സന്ദര്‍ഭത്തിനൊത്ത ഗവണ്‍മെന്റ് രൂപീകരണരീതി സ്വീകരിക്കുവാനുള്ള വിപുലമായ സാധ്യതക്ക് അംഗീകാരം നല്‍കുകയാണ് പ്രവാചകന്‍ ചെയ്തത്. രൂപീകരണത്തിന്റെ രീതിയേക്കാളധികം പ്രധാനം ഗവണ്‍മെന്റ് എങ്ങനെ നീതിനിര്‍വഹിക്കണമെന്നതും പൗരന്മാരും ഗവണ്‍മെ ന്റും തമ്മില്‍ നിലനില്‍ക്കേണ്ട ബന്ധമെന്തായിരിക്കണമെന്നത മാണ്. ഇക്കാര്യങ്ങളിലേക്കാണ് പ്രവാചകന്‍(സ)തന്റെ ജീവിതത്തിലൂടെ പ്രധാനമായി വെളിച്ചം പകര്‍ന്നിരിക്കുന്നത്.
ഇസ് ലാമികഭരണം തന്റെ കുടുംബത്തിന്റെ അവകാശമായി മാറ്റണമെന്ന് പ്രാവാകന്ന് (സ) ഉദ്ദേശമുണ്ടായിരുന്നെങ്കിൽ അദ്ദേഹം അത് ചെയ്യുമായിരുന്നു. ഭരണാധികാരിയെ തെരെഞ്ഞെടുക്കേണ്ടതെങ്ങനെയെന്ന കാര്യം ജനങ്ങളുടെ തീരുമാനത്തിന് വിട്ടുകൊടുക്കുകയാണ് തിരുനബി(സ) ചെയ്തത്. പ്രവാചക വിയോഗത്തിനുശേഷം ഗവണ്‍മെന്റ് രൂപീകരണത്തിന്റെ പ്രശ്‌നം അനുചരന്മാര്‍ കൈകാര്യം ചെയ്തത് അദ്ദേഹം പഠിപ്പിച്ച മൗലികതത്ത്വങ്ങളുടെ അടിസ് ഥാനത്തില്‍ നിന്നുകൊണ്ടായിരുന്നു. മുഹമ്മദ് നബി(സ)യുടെ മരണശേഷം മൃതദേഹം സംസ്‌കരിക്കുന്നതിന് മുമ്പുതന്നെ അനുചരന്മാര്‍ സഖീഫത്തു ബനീസഈദില്‍ ഒത്തുകൂടി. ചര്‍ച്ചകള്‍ക്കു ശേഷം പ്രവാച കാനുചരന്മാരില്‍ പ്രമുഖനായ അബൂബക്കര്‍(റ)എഴുന്നേറ്റുനിന്ന് ഉമര്‍, അബൂ ഉബൈദത്തുല്‍ ജര്‍റാഹ് എന്നിവരുടെ പേരു നിര്‍ദേ ശിച്ചുകൊണ്ട് അവരിലൊരാളെ തെരഞ്ഞെടുക്കുവാനാവശ്യപ്പെട്ടു. ഉടനെ ഉമര്‍(റ)'താങ്കളെക്കാള്‍ അതിന്നര്‍ഹനായി മറ്റാരുമില്ല' എന്നു പറഞ്ഞ് അബൂബക്കറിനോട് കൈനീട്ടുവാന്‍ ആവശ്യപ്പെടുകയും അപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ കരംഗ്രഹിച്ചുകൊണ്ട് അനുസരണ പ്രതിജ്ഞ (ബൈഅത്ത്) ചെയ്യുകയും ചെയ്തു. അതിന്നുശേ ഷം എല്ലാവരും അതിന്ന് അംഗീകാരം നല്‍കുകയും അബൂബക്കറി(റ)നെ ബൈഅത്ത് ചെയ്യുകയും ചെയ്തു.
രണ്ടാം ഖലീഫയായ ഉമറി(റ)ന നിയമിച്ചത് അബൂബക്കര്‍(റ)ആയിരുന്നു. അദ്ദേഹം തന്റെ പിന്‍ഗാമിയായി ഒരാളെ തെരഞ്ഞെ ടുക്കുവാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. അപ്പോള്‍ പ്രസ്തുത തെര ഞ്ഞെടുപ്പിനുള്ള മുഴുവന്‍ അധികാരവും ജനങ്ങള്‍ അദ്ദേഹത്തിന് തന്നെ നല്‍കി. ഒന്നാം ഖലീഫ അബൂബക്കര്‍(റ)തന്റെ പിന്‍ഗാമി ആരാകണമെന്ന വിഷയത്തെക്കുറിച്ച് അബ്ദുറഹ്മാനുബ്‌നു ഔഫ്, ഉസ്മാനുബ്‌നു അഫ്ഫാന്‍, സഈദുബ്‌നുസൈദ്, ഉസൈദുബ്‌നു ഹുസൈനെ(റ) തുടങ്ങിയ പ്രഗല്‍ഭരുമായി ആലോചിച്ച ശേഷം പ്രസ്തുത സ്ഥാനത്തിന് അര്‍ഹന്‍ ഉമര്‍(റ)തന്നെയാണെന്ന് തീരുമാന ത്തിലെത്തി. ഖലീഫയായി നിയമിക്കപ്പെടയുടന്‍ ഉമർ (റ) ചെയ്ത പൊതുപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു: 'നിങ്ങളുടെമേലുള്ള ഈ അധികാരസ്ഥാനം ഞാനൊരിക്കലും ആഗ്രഹിച്ചിരുന്നതല്ല. പരേതന്റെ മനസ്സില്‍ അല്ലാഹു തോന്നിച്ച ഒരു കാര്യമാണത്. എന്നില്‍ ഭരമേല്‍പിക്കപ്പെട്ട ഈ 'അനാമത്ത്' അനര്‍ഹരായ ആരെയെങ്കിലും ഏല്‍പിക്കണമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. എന്നാല്‍, മുസ്‌ലിം കളുടെ അന്തസ്സ് ഉയര്‍ത്തുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന ആര്‍ക്കും ഈ സ്ഥാനം ഏല്‍പിക്കുവാന്‍ ഞാനൊരുക്കമാണ്. അവരാണ് അതിന്ന് കൂടുതല്‍ അര്‍ഹര്‍.' ഇത് കേട്ട ജനങ്ങള്‍ ഒന്നടങ്കം തങ്ങളി ഷ്ടപ്പെടുന്നത് ഉമറിനെത്തന്നെയാണെന്ന് പ്രഖ്യാപിക്കുകയാണു ണ്ടായത്.
ഒരു ഘാതകന്റെ കുത്തേറ്റ് മരണശയ്യയില്‍ കിടക്കുന്ന ഉമറി(റ)നോട് തന്റെ പിന്‍ഗാമിയെ നിശ്ചയിക്കുവാന്‍ വേണ്ടി മുസ്‌ലിംകള്‍ ആവശ്യപ്പെട്ടു. അദ്ദേഹം ഉസ്മാനുബ്‌നു അഫ്ഫാന്‍, അലിയ്യുബ്‌നു അബീത്വാലിബ്, അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്, സുബൈറുബ്‌നു അവ്വാം, ത്വല്‍ഹത്തുബ്‌നു ഉബൈദില്ലാഹ്, സഅ്ദുബ്‌നു അബീവ ഖാസ്(റ) എന്നിവരുള്‍ക്കൊള്ളുന്ന ഒരു ആറംഗ സമിതി രൂപീകരിച്ച് അവരില്‍ നിന്ന് ഒരാളെ ഖലീഫയായി തെരഞ്ഞെടുക്കുവാന്‍ പ്രസ്തുത സമിതിയെത്തന്നെ ചുമതലപ്പെടുത്തി. തന്റെ മകനായ അബ്ദുല്ലാഹ്ബ്‌നു ഉമ(റ)ന കൂടിയാലോചനയില്‍ സഹായിക്കുവാനായി സമിതിയിലേക്ക് ക്ഷണിക്കണമെന്ന് നിര്‍ദേശിച്ചതോടൊപ്പം തന്നെ അദ്ദേഹത്തെ തെരഞ്ഞെടുക്കരുതെന്നും ഉമര്‍(റ)നിഷ്‌കര്‍ഷിച്ചിരുന്നു. സമിതി സമ്മേളിച്ചപ്പോള്‍ തന്നെ അബ്ദുറഹ്മാനുബ്‌നു ഔഫ്(റ)സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങി. അപ്പോള്‍ ജനങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പെട്ട് അവര്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ പേര് നിര്‍ദേശിക്കനായി സമിതി അദ്ദേഹത്തെ ചുമതലപ്പെടുത്തി. ജനങ്ങളുമായുള്ള സമ്പര്‍ക്കത്തില്‍ നിന്ന് അവര്‍ ഇഷ്ടപ്പെടുന്നത് ഉസ്മാനെയും അലിയെയുമാണെന്നും ഭൂരിപക്ഷം ഉസ്മാനോടൊപ്പമാണെന്നും അദ്ദേഹം മനസ്സിലാക്കി. മുസ്‌ലിംകളെ മുഴുവന്‍ അതി ന്നുശേഷം അദ്ദേഹം മദീനയിലെ മസ്ജിദുന്നബവിയില്‍ വിളിച്ചു കൂട്ടി. 'താങ്കളെ അധികാരമേല്‍പിച്ചാല്‍ അല്ലാഹുവിന്റെ ഗ്രന്ഥവും തിരുനബിയുടെ ചര്യയും പൂര്‍വികരായ രണ്ടു ഖലീഫമാരുടെ ചര്യയും അനുസരിച്ച് ഭരണം നടത്തുമോ?' അലിയെ അഭിസംബോധന ചെയ്തുകൊണ്ട് അബറുഹ്മാനിബ്‌നു ഔഫ് ചോദിച്ചു. 'കഴിവനുസരിച്ച് നടത്തും' എന്നാണ് അലി(റ)മറുപടി നല്‍കിയത്. ഇതേ ചോദ്യം ഉസ്മാ(റ)നോട് ചോദിച്ചപ്പോള്‍ 'അതെ'യെന്ന് അനുബന്ധമൊന്നും കൂടാതെ അദ്ദേഹം മറുപടി നല്‍കി. ഉടനെത്തന്നെ അബ്ദുറഹ്മാനുബ്‌നുഔഫ്(റ)ഉസ്മാന്റെ(റ) കരംഗ്രഹിച്ചുകൊണ്ട് അനുസരണ പ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് മറ്റു മുസ്‌ലിംകളെല്ലാം അദ്ദേഹത്തിന് ബൈഅത്ത് ചെയ്തു.
ഉസ്മാന്‍(റ)വധിക്കപ്പെട്ടപ്പോള്‍ സൈന്യത്തലവന്മാര്‍ വന്ന് അലി(റ)യോട് അധികാരമേറ്റെടുക്കാനാവശ്യപ്പെട്ടു. അലി(റ)അധികാരമേ റ്റെടുക്കുവാന്‍ വിസമ്മതിക്കുകയാണുണ്ടായത്. മദീനയിലെ തലമുതിര്‍ന്ന നേതാക്കള്‍ ചെന്ന് കണ്ട് അധികാരമേറ്റെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പള്ളിയില്‍വെച്ച് പൊതുബൈഅത്ത് നടക്കുകയാണെങ്കില്‍ താന്‍ അധികാരമേറ്റെടുക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. അങ്ങനെ മദീനയിലെ മസ്ജിദുന്നബവിയില്‍ മുസ്‌ലിം ബഹുജനങ്ങള്‍ സമ്മേളിച്ചു ബൈഅത്ത് ചെയ്ത ശേഷമാണ് അലി(റ)അധികാരമേറ്റെടുത്തത്.
സച്ചരിതരായിരുന്ന നാലു ഖലീഫമാരുടെ തെരഞ്ഞെടുപ്പ് രീതികള്‍ വ്യത്യസ്തമായിരുന്നുവെങ്കിലും അവയിലെല്ലാം പൊതുജനാഭിപ്രായത്തിന് അര്‍ഹമായ സ്ഥാനം നല്‍കപ്പെട്ടിരുന്നുവെന്ന് മുകളില്‍ വിവരിച്ച ചരിത്രത്തില്‍ നിന്ന് വ്യക്തമാണ്. ഇസ്‌ലാമിന്റെ അടിസ്ഥാനതത്ത്വങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ സമയാനുസൃതമായ തെരഞ്ഞെടുപ്പുരീതി സ്വീകരിക്കുവാന്‍ ഇസ്‌ലാം സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നുവെന്ന് സാരം. ഏത് തരത്തിൽ തെരെഞ്ഞെടുക്കപ്പെട്ടവരാണെങ്കിലും അവർ ഖുർആനും സുന്നത്തുമനുസരിച്ച് സത്യസന്ധവും നീതിനിഷ്ഠവുമായി ഭരണം നടത്തണമെന്നാണ് ഇസ്‌ലാമിന്റെ അനുശാസന.
പ്രവാചകാനുചരന്‍ സഅദ്ബ്‌നു അബീവക്വാസ് ഒരു അമുസ്ലിമിനെ ഒട്ടകത്തിന്റെ താടിയെല്ലുകൊണ്ട് തലക്കടിച്ചുകൊന്ന സംഭവം മക്കയിൽ വെച്ചും മുസ്ലിംകൾ ആയുധമെടുത്തുവെന്നും അവർ കലാപകാരികളായിരുന്നുവെന്നുമല്ലേ വ്യക്തമാക്കുന്നത് ?
സഅദ്ബ്നു അബീവക്വാസ് മക്കയില്‍വെച്ച് ബഹുദൈവാരാധകനായ ഒരാളെ ഒട്ടകത്തിന്റെ താടിയെല്ലുകൊണ്ട് തലക്കടിച്ചുകൊന്ന സംഭവം മുസ്ലിംകൾ എന്നും കലാപകാരികളാണെന്നാണ് വ്യക്തമാക്കുന്നതെന്നും മക്കയിലെ സംഘര്‍ഷങ്ങളുടെ സ്വഭാവം എന്തെന്ന് മനസ്സിലാക്കാൻ ഈ സംഭവം പര്യാപ്തമാണെന്നും വാദിച്ചുകൊണ്ട് മക്കയിലെ മുസ്‌ലിംകള്‍ കലാപശ്രമങ്ങള്‍ നടത്തി എന്നു സമര്‍ത്ഥിക്കുവാന്‍ വേണ്ടി മിഷനറിമാരും ഓറിയന്റലിസ്റ്റുകളും ശ്രമിക്കാറുണ്ട്
സ്വന്തം നാടായ മക്കയില്‍ ശരിയെന്നു വിശ്വസിക്കുന്ന ആദര്‍ശം പ്രബോധനം ചെയ്തതിന്റെ പേരില്‍ തനിക്കും അനുയായികള്‍ക്കും പതിമൂന്നു വര്‍ഷം കടുത്ത മര്‍ദ്ദനങ്ങളേല്‍ക്കേണ്ടി വന്നിട്ടും മക്കയുടെ രാഷ്ട്രീയ നിയന്ത്രണം കൈക്കലാക്കാനോ എതിരാളികളെ വകവരുത്തുവാനോ വേണ്ടിയുള്ള സായുധ ഓപ്പറേഷനുകള്‍ക്കായുള്ള ഒരു ഗറില്ലാ പദ്ധതിയും ഒരിക്കല്‍ പോലും ആസൂത്രണം ചെയ്യാതെ ഗോത്രാധിപത്യ മക്കയില്‍ ക്ഷമാപൂര്‍വം നിയമവാഴ്ചക്കുള്ളില്‍ മാതൃകാപരമായി നിലനില്‍ക്കുകയാണ് നബി (സ) ചെയ്തതെന്ന യാഥാര്‍ത്ഥ്യം ഇസ്ലാംവിമര്‍ശകരുടെ പുസ്തങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. പതിമൂന്നു വര്‍ഷക്കാലം ചരിത്രത്തിന്റെ വെള്ളിവെളിച്ചത്തില്‍. സംഭവബഹുലമായി നിലനിന്ന മക്കയിലെ നബിജീവിതത്തില്‍ നിന്ന് കലാപം കുഴിച്ചെടുക്കാനുള്ള സിദ്ധവൈഭവമുള്ള ഗവേഷകബുദ്ധികളുടെ അധ്വാനങ്ങള്‍ കേവലം ഒരു ‘ഒട്ടകയെല്ലില്‍’ തടഞ്ഞുനില്‍ക്കുന്നതുതന്നെ നബി(സ)യില്‍ ഗറില്ലാ പോരാളികള്‍ക്ക് പൂര്‍വമാതൃക കണ്ടെത്താനുള്ള എല്ലാ പരിശ്രമങ്ങളും അടിസ്ഥാനരഹിതമാണെന്നാണ് വ്യക്തമാക്കുന്നത്.
മതസ്വാതന്ത്ര്യവും പൗരാവകാശങ്ങളും നിഷേധിക്കപ്പെട്ട് പീഡനപര്‍വത്തില്‍ കിടന്നുപിടഞ്ഞ് പ്രക്ഷുബ്ധമായ ഒരു ജനസമൂഹമാണ് നബിനേതൃത്വത്തില്‍ സായുധമായ പ്രതികരണങ്ങള്‍ക്കും പ്രതികാരങ്ങള്‍ക്കുമുള്ള ഒരു ശ്രമവും നടത്താതെ മക്കയില്‍ ഒന്നര പതിറ്റാണ്ടിനടുത്ത് ശാന്തജീവിതം നയിച്ചത് എന്ന ചരിത്രവസ്തുത, ഇവ്വിഷയകമായ മുഴുവന്‍ വിമര്‍ശകഭാവനകളെയും കടപുഴക്കിയെറിയാന്‍ പോന്നതാണ്. സഹജമായ പ്രതികരണശേഷിയില്‍ നിന്നുടലെടുത്തേക്കാവുന്ന കലാപത്തിന്റെ ആശയങ്ങളൊന്നും അവരില്‍നിന്ന് നിര്‍ഗളിക്കാതിരുന്നത് പ്രവാചകന്‍ (സ) ബോധപൂര്‍വം അതിനെതിരായ ഉല്‍ബോധനങ്ങള്‍ നല്‍കിയതുകൊണ്ടാണെന്ന കാര്യം വ്യക്തമാണ്. പീഡനങ്ങളും പ്രയാസങ്ങളുമെല്ലാമുണ്ടായപ്പോള്‍ പോലും കലാപം പരിഹാരമല്ലെന്ന് മതപരമായിത്തന്നെ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഒരു സമാധാനവാദിയെ ഭീകരവാദിയുടെ കുപ്പായമണിയിക്കുവാന്‍ നുരുമ്പിച്ച ഒരൊട്ടകയെല്ല് മതിയാകുമെന്നു കരുതുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണെന്ന് പറയാതിരിക്കാന്‍ യാതൊരു നിര്‍വാഹവുമില്ല തന്നെ.
വേണമെങ്കില്‍ പ്രതികാരസംഘങ്ങള്‍ക്ക് നിഷ്പ്രയാസം നേതൃത്വം കൊടുക്കുവാന്‍ കഴിയുമായിരുന്ന ഹംസയും ഉമറും കൂടെവന്നിട്ടും കലാപത്തിന്റെ വഴി ചെറുതായിപ്പോലും പുണരാതിരുന്ന നബിമാതൃക, അച്ചടക്കമുള്ള പൗരജീവിതം അദ്ദേഹത്തിന് ശക്തി കൈവരുന്നതിനനുസരിച്ച് കയ്യൊഴിക്കാനുള്ള ഒരു ‘സൗകര്യ’മായിരുന്നില്ല. മറിച്ച് കര്‍ക്കശമായ ഒരു മൂല്യവും നിലപാടുമായിരുന്നുവെന്ന് അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. വധഭീഷണികള്‍ ശക്തിപ്രാപിച്ച് പ്രവാചകനെ വിട്ടുകൊടുക്കാന്‍ സന്നദ്ധമാകാത്തതിന്റെ പേരില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് മൂന്നുവര്‍ഷത്തോളം പച്ചിലകള്‍ മാത്രം ഭക്ഷിച്ച് സാമൂഹികമായ ഭ്രഷ്ട് അനുഭവിക്കേണ്ടി വന്നപ്പോഴും അബൂത്വാലിബിന്റെ മരണത്തെത്തുടര്‍ന്ന് ഭീഷണികള്‍ക്ക് ഊക്ക് വര്‍ദ്ധിച്ചപ്പോഴും പ്രതികാരത്തിനുള്ള യാതൊരു രഹസ്യ/പരസ്യ നീക്കവുമില്ലാതെ ശാന്തനായി നിലനില്‍ക്കുകയാണ് നബി (സ) ചെയ്തത്. നബി(സ)യെ കലാപകാരിയാക്കി അവതരിപ്പിക്കാനാഗ്രഹമുള്ളവര്‍ മഷിയിട്ടു തിരഞ്ഞിട്ടും അവിടുത്തെ ജീവിതത്തില്‍ നിന്ന് കലാപത്തിന്റെ ചെറിയൊരു പൊട്ടുപോലും അവര്‍ക്ക് കണ്ടെടുക്കാന്‍ കഴിയാത്തതും അതുകൊണ്ടുതന്നെയാണ്.
കലാപം നബിചര്യയാണെന്ന ആരോപണത്തെ ചരിത്രം പൂര്‍ണമായി കരിച്ചുകളയുന്നുവെന്ന് മനസ്സിലാക്കിയ മിഷനറിമാര്‍, അവസാനത്തെ അവലംബം എന്ന നിലയിലാണ് സഅ്ദ്ബ്‌നു അബീ വക്വാസിനെക്കുറിച്ചുള്ള പരാമൃഷ്ട കഥയുദ്ധരിക്കുന്നത്. ഇബ്‌നു ഇസ്ഹാക്വ് തന്റെ സീറതുറസൂലില്ലയില്‍ സഅദ്ബ്‌നു അബീവക്വാസ് മക്കയില്‍വെച്ച് ഒരു അവിശ്വാസിയെ ഒട്ടകത്തിന്റെ താടിയെല്ലുകൊണ്ട് പ്രഹരിച്ചതായി പറയുന്നുണ്ട്. സത്യവും അസത്യവുമെല്ലാം കൂടിക്കുഴഞ്ഞു കിടക്കുന്ന ഒരു ചരിത്രവിവരണ ഗ്രന്ഥമായതുകൊണ്ടു തന്നെ, ഇബ്‌നു ഇസ്ഹാക്വിന്റെ സീറയില്‍ ഉള്ളതുകൊണ്ടുമാത്രം ഒരു സംഭവം വസ്തുതാപരമാകണമെന്നില്ല. സംഭവം ഉദ്ധരിക്കപ്പെട്ടിരിക്കുന്ന നിവേദക പരമ്പരയെ നിദാനശാസ്ത്രനിയമങ്ങള്‍ വെച്ചപഗ്രഥിച്ചാല്‍ മാത്രമേ മിഷനറിമാര്‍ ചൂണ്ടിക്കാണിക്കുന്ന കഥയുടെ ചരിത്രപരത നിര്‍ണയിക്കാനാകൂ. അതെന്തായിരുന്നാലും, കഥയിലേക്കുവരാം. കഥ ആധികാരികമാണോ അല്ലേ എന്ന ചര്‍ച്ചയ്ക്കപ്പുറത്ത് ആധികാരികമാണെങ്കില്‍തന്നെ മിഷനറിമാരുടെ വാദത്തിനനുകൂലമായ യാതൊന്നും പ്രസ്തുത കഥയിലില്ലെന്ന് സീറതു റസൂലില്ല വായിക്കുന്ന ആര്‍ക്കും ബോധ്യമാകും.
മക്കയിലെ അവിശ്വാസികളില്‍ പലരും പ്രവാചകനെയും ശിഷ്യന്‍മാരെയും കഠിനമായി എതിര്‍ക്കുകയും തരം കിട്ടിയാല്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നതുകൊണ്ടുതന്നെ ജനങ്ങള്‍ അധികം ശ്രദ്ധിക്കാത്ത താഴ്‌വരകളില്‍ പോയാണ് നബിശിഷ്യന്‍മാരില്‍ പലരും മതം അനുശാസിക്കുന്ന പ്രാര്‍ത്ഥനകള്‍ നിര്‍വഹിച്ചിരുന്നത് എന്നു പറഞ്ഞുകൊണ്ടാണ് ഇബ്‌നു ഇസ്ഹാക്വ് ഈ സംഭവത്തിന്റെ വിവരണം ആരംഭിക്കുന്നത്. ഇങ്ങനെ ഒരു താഴ്‌വരയില്‍ സഅദ്ബ്‌നു അബീ വക്വാസ് (റ) ഉള്‍പ്പെടെയുള്ള ഒരു സംഘം പ്രവാചകാനുചരന്‍മാര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചുകൊണ്ടിരിക്കെ അതുവഴി കടന്നുവന്ന ബഹുദൈവാരാധകരുടെ ഒരു സംഘം തികഞ്ഞ ധാര്‍ഷ്ട്യത്തോടുകൂടി വളരെ പരുഷമായി പ്രാര്‍ത്ഥന തടസ്സപ്പെടുത്തുകയും വിശ്വാസികളെ ആക്ഷേപിക്കുകയും ചെയ്തുവെന്നും അത് വാക്കുതര്‍ക്കവും സംഘര്‍ഷവും ഏറ്റമുട്ടലും ഉണ്ടാക്കിയെന്നുമാണ് ഇബ്‌നു ഇസ്ഹാക്വ് പറയുന്നത്. ശാന്തമായി പ്രാര്‍ത്ഥന നിര്‍വഹിച്ചുകൊണ്ടിരിക്കുന്നവരെ കയ്യേറാന്‍ വന്ന സംഘവുമായുണ്ടായ ഉന്തിലും തള്ളിലും കയ്യില്‍ കിട്ടിയ ഒരൊട്ടകയെല്ല് സഅദ്ബ്‌നു അബീ വക്വാസ് ഒരു ശത്രുവിനുനേരെ പ്രയോഗിച്ചുവെന്നും അത് അയാളുടെ രക്തം ചിന്തിയെന്നുമാണ് നിവേദനം. (Alfred, Guillaume. The Life of Muhammad – A Translation of Ibn Ishaq’s Sirat Rasul Allah).
ഇബ്‌നു ഇസ്ഹാക്വിന്റെ ഈ വിവരണത്തെ സ്വീകരിച്ചിട്ടുള്ള ചില പണ്ഡിതന്‍മാര്‍ ഈ സംഭവത്തിനുശേഷം ഇത്തരം സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ വേണ്ടിയാണ് വിദൂരവും വിജനവുമായ താഴ്‌വരകളുപേക്ഷിച്ച് കഅ്ബയ്ക്ക് തൊട്ടരുകില്‍ തന്നെയായിരുന്ന അര്‍ക്വമിന്റെ വീട്ടില്‍ (ദാറുല്‍ അര്‍ക്വം) ആളുകള്‍ ശ്രദ്ധിക്കാത്തവിധം പ്രാര്‍ത്ഥനക്കും പഠനത്തിനും ഒത്തുചേരാന്‍ നബി(സ)യും അനുയായികളും തീരുമാനിച്ചതെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. (അലി ബ്ന്‍ ബുര്‍ഹാനുദ്ദീന്‍ അല്‍ഹലബി, അസ്സീറത്തുല്‍ ഹലബിയ്യ, 1/456). ഇത് ശരിയാണെങ്കില്‍, എന്താണ് താഴ്‌വരാ സംഭവത്തിലുള്ളത്? നാം പരിശോധിക്കുക. പ്രകോപനങ്ങള്‍ ഒഴിവാക്കാനും മര്‍ദ്ദനത്തില്‍ നിന്ന് രക്ഷനേടാനും വേണ്ടി നഗരമധ്യത്തില്‍ നിന്നുമാറി ആളുകളില്ലാത്ത ഒരു താഴ്‌വരയില്‍ പോയി ശാന്തമായി പ്രാര്‍ത്ഥന നിര്‍വഹിക്കുന്ന വിശ്വാസികളുടെ ഒരു സംഘത്തെ അതുവഴി കടന്നുപോയ അവരുടെ തന്നെ നാട്ടുകാരായ ചിലര്‍ ഒരു കാരണവുമില്ലാതെ കടന്നാക്രമിക്കുന്നു. കയ്യില്‍ കിട്ടിയ വസ്തുക്കളുപയോഗിച്ച് കയ്യേറ്റക്കാരെ തുരത്താന്‍ വിശ്വാസികള്‍ ശ്രമിക്കുന്നു. അതിനിടക്ക് സ്വാഭാവികമായി സംഭവിച്ചതാണ് സഅദ്ബ്‌നു അബീ വക്വാസിന്റെ പ്രഹരം.
ശാന്തമായി നാം കടന്നുപോകുമ്പോള്‍ നമ്മെ കടന്നാക്രമിക്കുവാന്‍ വരുന്ന ഒരാളെ തുരത്താന്‍വേണ്ടി സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുന്നതിന്റെ പേരാണോ ‘കലാപം’? ആണെന്ന് വിവരമുള്ള ഒരാളും പറയില്ല. താഴ്‌വരയില്‍ വിശ്വാസികള്‍ പോയത് ആയുധപരിശീലനം നടത്താനോ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനോ സായുധ പ്രതികരണങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കാനോ ആയിരുന്നുവെങ്കില്‍ അത് കലാപത്തിനുള്ള ശ്രമമായിരുന്നുവെന്ന് പറയാം. അങ്ങനെയാണെന്ന് മിഷനറിമാര്‍ക്കുപോലും വാദമില്ല. സ്വയം പ്രതിരോധത്തിന് ഒട്ടകത്തിന്റെ താടിയെല്ലു വരെയെടുക്കേണ്ടി വന്നതില്‍ നിന്ന് യാതൊരുവിധ ആയുധസന്നാഹങ്ങളും സംഘത്തിന്റെ കയ്യിലുണ്ടായിരുന്നില്ലെന്ന് വ്യക്തമാകുന്നുണ്ട്. ഏതെങ്കിലും മക്കക്കാരനെ പ്രതികാരമെന്ന നിലയിലോ അല്ലാതെയോ തിരഞ്ഞുചെന്നോ കണ്ടിടത്തുവെച്ചോ ആക്രമിച്ചതായിരുന്നുവെങ്കിലും അതിനെ മിഷനറിമാര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന വകുപ്പുകളില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ പരാമര്‍ശിക്കപ്പെടുന്ന കഥയിലുള്ളത് ഇതൊന്നും തന്നെയല്ല. ഇങ്ങോട്ടുവന്ന് ആക്രമിച്ച ഒരാളെ അതുണ്ടാക്കിയ ഏറ്റുമുട്ടലിനിടെ സ്വാഭാവികമായി തിരിച്ചടിച്ചതിനെക്കുറിച്ചാണ് നിവേദനം. ഏതു കോടതിയും പ്രകൃതിപരമായ പ്രതിരോധ നടപടിയെന്ന നിലയില്‍ നിയമവിധേയമായി അംഗീകരിക്കുന്ന ആത്മരക്ഷാ പ്രതികരണം മാത്രമാണത്. അതിനെ ‘കലാപ’മെന്നു പറയാന്‍ മിഷനറിമാര്‍ക്കു മാത്രമേ കഴിയൂ!
പ്രവാചകന്റെ (സ) പതിമൂന്നുവര്‍ഷത്തെ മക്കാജീവിതം പണിപ്പെട്ടു തിരഞ്ഞിട്ട് മിഷനറിമാര്‍ക്കു കിട്ടിയ ‘എല്ലിന്‍ കഷ്ണം’ തീര്‍ത്തും ഉപയോഗശൂന്യമാണെന്ന് സംഭവത്തിന്റെ പശ്ചാത്തലം അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ടെന്നു ചുരുക്കം. പ്രവാചകന്റെ (സ) അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമല്ലാതെ തികച്ചും അപ്രതീക്ഷിതമായി ഒരുപറ്റം അനുയായികള്‍ അകപ്പെട്ടുപോയ സംഘര്‍ഷത്തില്‍ മനുഷ്യസഹജമായുണ്ടായ ഒരു പ്രഹരത്തെ നബി(സ)യുടെ കലാപമനസ്സായി വിവര്‍ത്തനം ചെയ്യുന്നര്‍ വഞ്ചിക്കുന്നത് അവരവരുടെ മനസാക്ഷിയെത്തന്നെയാണ്. സംഭവമറിഞ്ഞപ്പോള്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാനുള്ള ഇടപെടലാണ്, അല്ലാതെ വ്യാപിപ്പിക്കുവാനുള്ള പരിശ്രമമല്ല നബി (സ) നടത്തിയത് എന്ന് ദാറുല്‍ അര്‍ക്വമിനെ പുതിയ പാഠശാലയും പ്രാര്‍ത്ഥനാശാലയുമായി നിശ്ചയിച്ചതില്‍ നിന്ന് സുതരാം മനസ്സിലാകുന്നുണ്ട്. പ്രവാചകന് കലാപമനസ്സുണ്ടെന്ന് കാണിക്കുവാനുള്ള ഒരു തെളിവും സഅദ്ബ്‌നു അബീ വക്വാസിന്റെ താഴ്‌വരാ പ്രഹരത്തില്‍ -കഥ ആധികാരികമാണെങ്കില്‍ പോലും- ഇല്ലെന്നു സാരം.
മറ്റേതൊരു രാഷ്ട്രത്തെയും പോലെ ഇസ്‌ലാമിക രാഷ്ട്രത്തിലും വ്യത്യസ്ത ഉത്തരവാദിത്തങ്ങളുള്ള പൗരന്മാരുണ്ടായിരിക്കും. പട്ടാളക്കാരന്റെ ഉത്തരവാദിത്തവും സർക്കാർ ജീവനക്കാരന്റെ ഉത്തരവാദിത്തവും സാധാരണ തൊഴിലാളിയുടെ ഉത്തരവാദിത്തവും ജനാധിപത്യരാഷ്ട്രത്തിൽ പോലും വ്യത്യസ്തമാണല്ലോ.ഇസ്‌ലാമികരാഷ്ട്രത്തിലെ സാമൂഹികനിയമങ്ങളും അന്തരീക്ഷവുമെല്ലാം ഇസ്‌ലാമികമായിരിക്കും. അതുകൊണ്ട് തന്നെ മുസ്ലിംകൾക്ക് ഉത്തരവാദിത്തം കൂടുതലുണ്ടായിരിക്കും. സൈനികസേവനത്തതിന് സദാസന്നദ്ധരായിരിക്കണം ഓരോ മുസ്ലിമും. എന്നാൽ മുസ്ലിംകളല്ലാത്തവർക്ക് ആ ഉത്തരവാദിത്തമില്ല. മുസ്ലിംകളിലെ പണക്കാരിൽ നിന്ന് നിന്ന് രാഷ്ട്രം സകാത്ത് പിരിച്ചെടുക്കുകയും പാവങ്ങൾക്ക് വിതരണം നടത്തുകയും ചെയ്യും. ഈ സകാത്തിൽ നിന്ന് നാടിന്റെ സംരക്ഷണത്തിനുള്ള യുദ്ധത്തിന് വേണ്ടിയും രാഷ്ട്രം ചിലവഴിക്കും. എന്നാൽ അമുസ്ലിംകൾ സകാത്ത് നൽകേണ്ടതില്ല. എന്നാൽ അവർ സംരക്ഷണ നികുതിയായ ജിസ് യ നൽകുവാൻ കടപ്പെട്ടവരാണ്. രാഷ്ട്രസംരക്ഷണത്തിനു വേണ്ടിയുള്ള യുദ്ധങ്ങളിൽ പങ്കെടുക്കാത്ത അവരുടെ ജീവനും സ്വത്തിനും നൽകുന്ന സംരക്ഷണത്തിന് പകരമായുള്ള നികുതി മാത്രമാണിത്.
എന്നാൽ, ശിക്ഷാസമ്പ്രദായങ്ങളിലും അതല്ലാത്ത നിയമങ്ങളിലുമെല്ലാം ഇസ്‌ലാമിക രാഷ്ട്രത്തിലെ എല്ലാ പൗരന്മാരും തുല്യരായാണ് പരി ഗണിക്കപ്പെടുന്നത്. സമ്പന്നനും ദരിദ്രനുമിടയിലോ ഭരണാധികാരി ക്കും സാധാരണ പൗരന്നുമിടയിലോ യാതൊരുരീതിയിലുള്ള വി വേചനവും നീതിനിര്‍വഹണത്തിന്റെ കാര്യത്തില്‍ ഉണ്ടാവാന്‍ പാടില്ലെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. 'സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നില യയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക്തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബ ന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി' എ ന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്.
ഒരിക്കല്‍ കുലീന കുടുംബത്തില്‍പ്പെട്ട ഒരു സ്ത്രീ മോഷണക്കു റ്റത്തിന് പിടിക്കപ്പെട്ടു. പ്രവാചക(സ)ന്റെ അടുത്ത അനുയായികളിലൊ രാളായ ഉസാമഃ (റ ) അവരുടെ കാര്യത്തില്‍ ശുപാര്‍ശ ചെയ്യുവാനായി പ്രവാചകനെ സമീപിച്ചു. അപ്പോള്‍ പ്രവാചകന്‍ (സ)പറഞ്ഞ വാക്കു കള്‍ ശ്രദ്ധേയമാണ്: 'നിങ്ങള്‍ക്ക് മുമ്പുള്ള സമുദായങ്ങള്‍ നശിപ്പിക്ക പ്പെട്ടത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ മൂലമാണ്. സമ്പന്നര്‍ കുറ്റംചെയ് താല്‍ വെറുതെ വിടുകയും ദരിദ്രര്‍ കുറ്റംചെയ്താല്‍ ശിക്ഷിക്കുകയു മായിരുന്നു അവരുടെ സമ്പ്രദായം. അല്ലാഹുവാണെ സത്യം. ഈ പ്രവൃത്തി ചെയ്തത് മുഹമ്മദിന്റെ മകള്‍ ഫാത്തിമ തന്നെയായാ ലും അവളുടെ കരം ഞാന്‍ ഛേദിച്ചുകളയുന്നതാണ്'. നീതിയുടെ മുമ്പില്‍ ഭരണാധിപനും ഭരണീയനും സമമാണ് എന്നതാണ് ഇസ്‌ലാമിക രാഷ്ട്രസങ്കല്‍പത്തിന്റെ അടിസ്ഥാന സ്തംഭങ്ങളിലൊന്ന്.
ഇക്കാര്യത്തിലേക്ക് വെളിച്ചംവീശുന്ന ഒട്ടന വധി സംഭവങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ കാണാനാവും. ഒരു സംഭവമിതാ:ഉമറി(റ )ന്റെ ഭരണകാലത്ത് ഈജിപ്തിലെ ഗവര്‍ണറായിരുന്ന അംറുബ്‌നുല്‍ ആസി(റ )ന്റെ പുത്രന്‍ മുഹമ്മദുബ്‌നു അംറ് കോപ്റ്റിക് വിഭാഗത്തില്‍പ്പെട്ട ഒരു സാധാരണക്കാരനെ തന്റെ കുതി രയുടെ മുമ്പില്‍ സ്വന്തം കുതിരയെ ഓടിച്ചതിന്റെ പേരില്‍ അടിച്ചു. 'ഞാന്‍ മാന്യന്മാരുടെ പുത്രനാണ്' എന്നു പറഞ്ഞുകൊണ്ടായിരുന്നു പ്രഹരം. ഈ പ്രശ്‌നം ഖലീഫയുടെ അടുക്കലെത്തി. ഗവര്‍ണറെയും പുത്രനെയും മദീനയിലേക്ക് വിളിപ്പിച്ചു കൊണ്ട് ഉമര്‍(റ )ചോദിച്ചു: 'എന്നുമുതല്‍ക്കാണ് നിങ്ങള്‍ ജനങ്ങളെ അടിമകളാക്കിത്തുടങ്ങിയ ത്? അവരുടെ മാതാക്കള്‍ അവരെ പ്രസവിച്ചത് സ്വതന്ത്രരായിട്ടല്ലേ'. തുടര്‍ന്ന് മര്‍ദിതനായ ആ കോപ്റ്റിക് വംശജന്റെ കയ്യില്‍ ചാട്ടവാറു നല്‍കിക്കൊണ്ട് പ്രതികാരം ചെയ്യുവാന്‍ ഉമര്‍ കല്‍പിച്ചു. നിയമ ത്തിനു മുന്‍പില്‍ എല്ലാവരും സമന്മാരാണെന്ന തത്ത്വം ഇത്രത്തോ ളം പ്രായോഗികമാക്കിയ ഇസ്‌ലാമിക സമൂഹമല്ലാത്ത മറ്റൊരു സമൂ ഹത്തെ ലോകചരിത്രത്തില്‍ കാണുക സാധ്യമല്ല.
ഇസ്‌ലാമികരാഷ്ട്രത്തില്‍ ജീവിക്കുന്ന അമുസ്‌ലിം പൗരന്മാരോ ടും നീതിനിര്‍വഹണത്തിന്റെ കാര്യത്തില്‍ വിവേചനമൊന്നും കാണിക്കാന്‍ പാടില്ലെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. വിശുദ്ധക്വുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്നത് കാണുക: 'സത്യവിശ്വാസികളേ, നിങ്ങ ള്‍ അല്ലാഹുവിനുവേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മനിഷ്ഠയോട് ഏറ്റവും അടുത്തത.
ഈ ക്വുര്‍ആനിക കല്‍പനയെ പൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ടായിരു ന്നു പ്രവാചകനും സച്ചരിതരായ ഖലീഫമാരും ഭരണം നടത്തിയത്. ക്രൈസ്തവനായ കോപ്റ്റിക് വംശജനും മുസ്‌ലിമായ ഗവര്‍ണ റുടെ പുത്രനും തമ്മിലുണ്ടായ പ്രശ്‌നത്തില്‍ മുസ്‌ലിം അനീതിചെയ് തുവെന്ന് മനസ്സിലാക്കിയ ഖലീഫാ ഉമറിെേന്റ കാലത്തുതന്നെ നടന്ന മറ്റൊരു സംഭവമിതാ: ഗവര്‍ണറായിരുന്ന അംറുബ്‌നുല്‍ ആസ്വ്(റ ) ഒരു ക്രൈസ്തവസ്ത്രീയുടെ വീട് നിര്‍ബന്ധപൂര്‍വം പള്ളി യോട് ചേര്‍ക്കുകയുണ്ടായി. സ്ത്രീ ഇതേക്കുറിച്ച് ഖലീഫയോട് പ രാതി പറഞ്ഞു: ഖലീഫാ ഉമര്‍ ഗവര്‍ണറെ വിളിച്ച് വിശദീകരണ മാവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു: 'മുസ്‌ലിംകളുടെ അംഗസംഖ്യ വര്‍ധിച്ചതു കാരണം പള്ളിയില്‍ സ്ഥലമില്ലാതെ വിഷമംനേരിട്ടു. പള്ളി വിശാലമാക്കേണ്ടതിന്നായി അതിന്റെ അടുത്തുള്ള ക്രൈസ് തവസ്ത്രീയുടെ ഭവനം ആവശ്യപ്പെടുകയും അതിന്ന് ന്യായമായ വില നല്‍കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. അവര്‍ വിസമ്മതി ച്ചതുകാരണം വീടുപൊളിച്ച് പള്ളിയോട് ചേര്‍ക്കാന്‍ നിര്‍ബന്ധിത മാവുകയാണുണ്ടായത്. അതിന്റെ വില ആ സ്ത്രീക്ക് ആവശ്യമുള്ള ഏതുസമയത്തും സ്വീകരിക്കുവാന്‍ സാധിക്കുമാറ് പൊതുഖജനാ വില്‍ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്.' സാധാരണഗതിയില്‍ ന്യാ യമെന്നു പറയാവുന്ന ഗവര്‍ണറുടെ നടപടിയെ ശരിവെക്കാന്‍ ഉമര്‍ തയാറായില്ല. പള്ളിയുടെ പ്രസ്തുത ഭാഗം പൊളിച്ചുമാറ്റി പകരം ആ ക്രൈസ്തവസ്ത്രീയുടെ വീട് യഥാസ്ഥാനത്ത് നിര്‍മിച്ചു കൊടു ക്കുവാന്‍ കല്‍പിക്കുകയാണ് നീതിമാനായ ആ ഭരണാധികാരി ചെ യ്തത്.
നാലാം ഖലീഫയായിരുന്ന അലി(റ )ടെ കാലത്ത് നടന്ന ഒരു സംഭവം നോക്കുക: ഖലീഫ തന്റെ പടയങ്കി ഒരു ജൂതന്‍ മോഷ്ടിച്ചു വെന്ന് പറഞ്ഞ് കോടതിയെ സമീപിച്ചു. ന്യായാധിപനായ ശുറൈഹ് ജൂതന്റെയും ഖലീഫയുടെയും അവകാശവാദങ്ങള്‍ പരിശോധിച്ചു. തന്റെ കൈവശമുള്ള പടയങ്കി തന്‍േറതു തന്നെയാണെന്നു ജൂതന്‍ വാദിച്ചപ്പോള്‍ അതു തന്‍േറതാണെന്നും ജൂതന്‍ മോഷ്ടിച്ചതാണെ ന്നും ഖലീഫ അലി മൊഴി നല്‍കി. തന്റെ വാദം തെളിയിക്കാനായി ഖലീഫ ഹാജരാക്കിയ സാക്ഷികള്‍ മകന്‍ ഹസനും ഭൃത്യന്‍ ഖമറുമായിരുന്നു. ഇവര്‍ രണ്ടുപേരും ഖലീഫയുടെ സ്വന്തക്കാരായ തിനാല്‍ സാക്ഷ്യം സ്വീകാര്യമല്ലെന്നും മറ്റു തെളിവുകള്‍ ഇല്ലാത്തതി നാല്‍ പടയങ്കി ജൂതനില്‍നിന്നു വാങ്ങുവാന്‍ നിയമം അനുവദിക്കു ന്നില്ലെന്നും ന്യായാധിപന്‍ വിധിച്ചു. ന്യായധിപന്റെയടുത്തുനിന്ന് പടയങ്കിവാങ്ങി നടന്നുനീങ്ങിയ ജൂതന്‍ അല്‍പദൂരം മുന്നോട്ടുപോ യി തിരിച്ചുവന്നുകൊണ്ട് പറഞ്ഞു: 'നിശ്ചയമായും ഇത് പ്രവാചക ന്മാരുടെ നിയമം തന്നെയെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മതി യായ തെളിവില്ലാത്തതിനാല്‍ കോടതി അദ്ദേഹത്തിനെതിരെ വിധി പ്രസ്താവിക്കുന്നു. ഇതു വളരെ മഹത്തരം തന്നെ. അതിനാല്‍ അ ല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ്(സ) അല്ലാഹുവിന്റെ ദൂത നാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു'. തുടര്‍ന്ന് ഖലീഫയുടെ നേരെ തിരിഞ്ഞ് അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'ഈ പടയങ്കി താങ്ക ളുടേത് തന്നെയാണ്. നിങ്ങള്‍ സ്വിഫ്ഫീനിലേക്ക് പോകുമ്പോള്‍ പിന്നിലുണ്ടായിരുന്ന ഞാന്‍ താങ്കളുടെ ചാരനിറത്തിലുള്ള ഒട്ടക ത്തിന്റെ പുറത്തുനിന്ന് അത് തട്ടിയെടുത്തതാണ്'. ഖലീഫ ചിരിച്ചു കൊണ്ട് പ്രതിവചിച്ചു. 'ഞാനത് താങ്കള്‍ക്ക് തന്നെ ദാനമായി തന്നി രിക്കുന്നു'.
ഇസ്‌ലാമിക രാഷ്ട്രത്തില്‍ ജീവിക്കുന്ന അമുസ്‌ലിം പൗരന്മാരുടെ വിശ്വാസസ്വാതന്ത്ര്യമോ ആരാധനാസ്വാതന്ത്ര്യമോ ഹനിക്കുവാന്‍ ഖലീഫമാര്‍ക്കവകാശമില്ല. അമുസ്‌ലിം പൗരന്മാരോട് അനീതി കാണിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണെന്നാണ് പ്രവാചകന്‍പഠിപ്പിച്ചിരിക്കുന്നത്. അദ്ദേഹം പറഞ്ഞു: 'സൂക്ഷിച്ചുകൊ ള്ളുക. അമുസ്‌ലിം പൗരന്മാരെ ആരെങ്കിലും അടിച്ചമര്‍ത്തുകയോ അവരുടെമേല്‍ കഴിവിന്നതീതമായി നികുതിഭാരം കെട്ടിയേല്‍പി ക്കുകയോ അവരോട് ക്രൂരമായി പെരുമാറുകയോ അവരുടെ അവ കാശങ്ങള്‍ വെട്ടിക്കുറക്കുകയോ ചെയ്യുകയാണെങ്കില്‍ അന്ത്യനാളി ല്‍ അവന്നെതിരില്‍ ഞാന്‍ സ്വയംതന്നെ പരാതി ബോധിപ്പിക്കുന്ന താണ്'. ചരിത്രപണ്ഡിതനായ സര്‍ തോമസ് ആര്‍നോള്‍ഡ് എഴുതുന്നത് കാണുക: 'മുഹമ്മദ് തന്നെ പല അറബ് ക്രൈസ്തവ ഗോത്രങ്ങളുമാ യും സന്ധിയിലേര്‍പെട്ടിരുന്നു. അവര്‍ക്ക് അദ്ദേഹം സംരക്ഷണവും സ്വന്തം മതമനുസരിച്ച് ജീവിക്കുവാനുള്ള സ്വാതന്ത്ര്യവും ഉറപ്പുവരു ത്തി. അവരുടെ പുരോഹിതര്‍ക്കുണ്ടായിരുന്ന സവിശേഷാധികാ രങ്ങള്‍ പഴയതുപോലെ നിലനിര്‍ത്തി'
പ്രവാചകന്റെ പാത പിന്‍തുടര്‍ന്ന അദ്ദേഹത്തിന്റെ ഖലീഫമാ രും അമുസ്‌ലിം പൗരന്മാരുടെ വിശ്വാസങ്ങളും ആരാധനാസമ്പ്രദായ ങ്ങളും തുടരാന്‍ അനുവദിച്ചിരുന്നതായും അവരുടെ ജീവനും സ്വ ത്തിനും പരിപൂര്‍ണ സംരക്ഷണം ഉറപ്പുവരുത്തിയിരുന്നതായും കാണാന്‍ കഴിയും. ഖലീഫ ഉമര്‍ േഈലിയാ നിവാസികള്‍ക്ക് നല്‍കിയ രക്ഷാകരാ റിലെ വ്യവസ്ഥകള്‍ കാണുക: 'ദൈവദാസനും വിശ്വാസികളുടെ നേതാവുമായ ഉമര്‍ ഈലിയാവാസികള്‍ക്ക് നല്‍കുന്ന സംരക്ഷണം. എല്ലാവരുടെയും ജീവന്നും സ്വത്തിനും ആരാധനാലയങ്ങള്‍ക്കും കുരിശുകള്‍ക്കും മതസംബന്ധിയായ എല്ലാറ്റിനും സംരക്ഷണം ഉറ പ്പുനല്‍കുന്നു. ആരുടെയും ചര്‍ച്ചുകള്‍ വാസസ്ഥലമാക്കുകയോ ന ശിപ്പിക്കുകയോ ചെയ്യരുത്. അവയോട് ചേര്‍ന്നു നില്‍ക്കുന്ന വസ്തു വഹകളോ കുരിശുകളോ പിടിച്ചെടുക്കരുത്. ആരെയും ഉപദ്രവിക്ക രുത്'.
ഇങ്ങനെ, ഇസ്‌ലാമിക രാഷ്ട്രത്തിലെ അമുസ്ലിം പൗരന്മാർക്ക് യാതൊരു വിധ അനീതിയും അനുഭവിക്കേണ്ടി വരാത്ത രീതിയിലുള്ളതാണ് ഇസ്‌ലാമിക നിയമങ്ങൾ എന്ന കാണാൻ കഴിയും.