കുടുംബജീവിതം

//കുടുംബജീവിതം

മുഹമ്മദ് നബിയുടെ (സ) വിവാഹങ്ങളിലൊന്നായ ഉമൈമയുമായുള്ള വിവാഹം, അവിഹിത ബന്ധവും സ്ത്രീ പീഢനവുമെല്ലാമായി ചിത്രീകരിക്കാനുള്ള ഇസ്‌ലാമോഫോബുകളുടെ നുണകൾ കൈയ്യോടെ പിടികൂടപ്പെട്ടിട്ട് അൽപ്പം കാലമായി. തരികിടകളുടെ രണ്ടാം ഭാഗവുമായി ഇസ്‌ലാമോഫോബുകൾ വീണ്ടും ഇറങ്ങിയിരിക്കുകയാണ്. ഇത്തവണ പക്ഷെ ഹദീസിലെ പദങ്ങളെ ദുർവ്യാഖ്യാനിച്ചും തെറ്റിദ്ധരിപ്പിച്ചും, ഉമൈമയുമായുള്ള വിവാഹം യഥാർത്ഥ വിവാഹമായിരുന്നില്ല എന്ന് വരുത്തി തീർക്കാനാണ് കുത്സിത ശ്രമം. ഈ വിമർശനത്തിൻ്റെ ഉള്ളുകള്ളി തുറന്നു കാട്ടുന്നതിന് മുമ്പ്, വിഷയാസ്പദമായ ഹദീസുകളുടെ ഒരു ‘കരട് പരിഭാഷ’ ഇവിടെ ചേർക്കാം:

1. ”ഇമാം ഔസാഇ (റ) പറഞ്ഞു: ഞാന്‍ സുഹ്‌രിയോട് ചോദിച്ചു: ‘പ്രവാചകൻ(സ)യുടെ ഭാര്യമാരില്‍ ആരാണ് അദ്ദേഹത്തില്‍ നിന്നും ശരണം തേടിയത്?’ അദ്ദേഹം പറഞ്ഞു: ‘എന്നോട് ആഇശ(റ)യില്‍ നിന്നും ഇപ്രകാരം ഉര്‍വ അറിയിക്കുകയുണ്ടായി. ജൗന്‍ ഗോത്രക്കാരിയെ പ്രവാചകന്റെ(സ) അരികിലേക്ക് (അദ്ദേഹത്തിന്റെ പത്‌നിയായി) ആനയിക്കപ്പെടുകയും അദ്ദേഹം അവളുടെ അരികിലേക്ക് ചെല്ലുകയും ചെയ്തപ്പോള്‍ അവള്‍ പറഞ്ഞു: ‘ഞാന്‍ താങ്കളില്‍ നിന്നും അല്ലാഹുവിനോട് ശരണം തേടുന്നു.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അതിമഹത്വമുള്ളവനിലാണ് നീ ശരണം തേടിയിരിക്കുന്നത്. നീ നിന്റെ കുടുംബത്തിലേക്ക് മടങ്ങിക്കൊള്ളുക.” (ബുഖാരി: 5254)

2. ഹംസത്തിബ്‌നു അബീ ഉസൈദ് നിവേദനം: അബൂ ഉസൈദ് (റ) പറഞ്ഞു: ഒരിക്കല്‍ പ്രവാചകനോടൊപ്പം(സ) ഞങ്ങള്‍ ഒരു യാത്ര പുറപ്പെട്ടു. ‘ശൗത്ത്’ എന്ന് വിളിക്കപ്പെടുന്ന ഒരു തോട്ടത്തെ ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി. ഞങ്ങള്‍ രണ്ട് തോട്ടങ്ങള്‍ക്കിടയിലെത്തിയപ്പോള്‍, അവിടെ ഞങ്ങളിരുന്നു. ഞങ്ങളോട് അവിടെ ഇരിക്കാൻ പ്രവാചകൻ (സ) പറഞ്ഞു. എന്നിട്ട് അദ്ദേഹം ആ തോട്ടത്തിലേക്ക് പോയി. ജൗന്‍ ഗോത്രത്തിലെ സ്ത്രീയെ അവിടേക്ക് കൊണ്ടുവരപ്പെട്ടിരുന്നു. ഈത്തപ്പന കൊണ്ടുണ്ടാക്കിയ ഒരു വീട്ടിലായിരുന്നു അവര്‍. ഉമൈമ: ബിന്‍ത് ശറാഹീല്‍ (ആയിരുന്നു അവർ). അവരോടൊപ്പം അവരുടെ മുലകുടി ബന്ധത്തിലെ പോറ്റുമ്മയും ഉണ്ടായിരുന്നു. അവരുടെ അടുത്തേക്ക് അല്ലാഹുവിന്റെ ദൂതൻ (സ) പ്രവേശിക്കുകയും ‘നീ നിന്നെ എനിക്ക് സമര്‍പ്പിക്കുക’ എന്ന് പറയുകയും ചെയ്തു. അപ്പോള്‍ അവര്‍ പറഞ്ഞു: ‘ഒരു രാജ്ഞി അവരെ ഏതെങ്കിലും ഒരു സാധാരണക്കാരന് (ഹിബത് വിവാഹത്തിനായി) സമര്‍പ്പിക്കുമോ?’ അവരുടെ മേല്‍ കൈവെച്ച് അവരെ ശാന്തയാക്കാനായി തന്റെ കൈകള്‍ അദ്ദേഹം നീട്ടി. അപ്പോള്‍ അവര്‍ പറഞ്ഞു: ‘നിങ്ങളില്‍ നിന്നും ഞാൻ അല്ലാഹുവില്‍ ശരണം തേടുന്നു’. അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു: ‘ശരണം തേടുവാന്‍ ഏറ്റവും അർഹനായവനിലാണ് നീ ശരണം തേടിയിരിക്കുന്നത്. പിന്നീട് അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു. “അബൂ ഉസൈദ്, അവര്‍ക്ക് രണ്ട് റാസിഖിയ്യാ വസ്ത്രങ്ങള്‍ നല്‍കുകയും അവരുടെ കുടുംബത്തിലേക്ക് അവരെ തിരിച്ചെത്തിക്കുകയും ചെയ്യുക.” (ബുഖാരി: 5255)

3. “പ്രവാചകൻ (സ) ഉമൈമ: ബിന്‍ത് ശറാഹീലിനെ വിവാഹം ചെയ്തു. അവരെ അദ്ദേഹത്തിന്റെ അടുത്തേക്ക് പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍, അദ്ദേഹം തന്റെ കൈകൾ നീട്ടി സ്വീകരിച്ചു. അവര്‍ക്കത് ഇഷ്ടപ്പെടാത്തത് പോലെ അവര്‍ പ്രതികരിച്ചു. അപ്പോള്‍ അവര്‍ക്ക് തിരികെ സ്വഗൃഹത്തിലേക്ക് പോകാന്‍ യാത്രാ സൗകര്യങ്ങള്‍ ചെയ്യാനും, രണ്ട് റാസിഖിയ്യാ വസ്ത്രങ്ങള്‍ സമ്മാനമായി നല്‍കാനും പ്രവാചകൻ (സ) അബൂ ഉസൈദിനോട് കല്പിച്ചു.” (ബുഖാരി: 5256)

*******************************

വിമർശനം: 5255-ാം നമ്പർ ഹദീസിൽ നബി ഉമൈമയെ വിവാഹം ചെയ്തതായി പറയുന്നില്ല. അപ്പോൾ, അവിവാഹിതയായ ഉമൈമയെ പീഡിപ്പിക്കാനാൻ വേണ്ടിയല്ലെ പ്രവാചകൻ തോട്ടത്തിലെ വീട്ടിലേക്ക് പോയത് ?

മറുപടി:

ഉമൈമ: ബിന്‍ത് ശറാഹീലീനെ പ്രവാചകൻ (സ) വിവാഹം ചെയ്തിരുന്നു എന്ന് മുകളിലും താഴെയും (5254, 5256) ഉള്ള ഹദീസുകളിൽ നിന്ന് അൽപ്പമെങ്കിലും ബുദ്ധിയും നീതിബോധവുമുള്ളവന് വ്യക്തമാവുന്നു. ഈ രണ്ട് ഹദീസിനും ഇടയിൽ ഉദ്ധരിക്കപ്പെട്ട ഹദീസിൽ (5255) വിവാഹത്തെ കുറിച്ച് ആവർത്തിച്ച് പറയുന്നില്ല എന്നത് കൊണ്ട് അത് ഒരു അവിഹിത ബന്ധമാണെന്ന് ചിന്തിക്കണമെങ്കിൽ അൽപ്പമൊന്നും ബുദ്ധിമാന്ദ്യം പോര !

“അവരോടൊപ്പം അവരുടെ മുലകുടി ബന്ധത്തിലെ പോറ്റുമ്മയും ഉണ്ടായിരുന്നു” എന്ന് ഹദീസിൽ തന്നെ കാണാം. അപ്പോൾ, പോറ്റുമ്മ ഉള്ളപ്പോളായിരുന്നു ഭാര്യാ സന്ദർശനം. അല്ലാതെ “ഒറ്റക്കു താമസിക്കുന്ന”, “അവിവാഹിത”യായ പെണ്ണിൻ്റെ അടുത്തേക്കല്ല പോയത്.

ഇഷ്ടമില്ലെന്ന് തോന്നിയപ്പോൾ കുടുംബത്തിൻ്റെ അടുത്തേക്ക് അയക്കുകയാണ് ചെയ്തത്. പീഢനശ്രമം പരാജയപ്പെട്ടതായിരുന്നെങ്കിൽ “കുടുംബത്തിൻ്റെ അടുത്ത് പോകരുത്, പറയരുത് ” എന്നൊക്കെ അപേക്ഷിക്കുകയാണ് അദ്ദേഹം ചെയ്യേണ്ടിയിരുന്നത്.

പ്രവാചകാനുചരന്മാർ സംഭവം ഉദ്ധരിച്ചു എന്നത് തന്നെ സംഭവത്തിൻ്റെ ഉള്ളടക്കത്തിൽ അസഭ്യങ്ങളൊന്നും ഇല്ലെന്നും വിവാഹബന്ധം സ്ഥാപിതമായിരുന്നു എന്നും തെളിയിക്കുന്നു. “അല്ലാഹുവിൻ്റെ തിരുദൂതൻ” എന്ന് വിശേഷിപ്പിച്ചു കൊണ്ട്, അദ്ദേഹത്തിൻ്റെ അവിഹിതത്തെ സംബന്ധിച്ച് അദ്ദേഹത്തിൻ്റെ അനുചരന്മാരും അനുചരന്മാരുടെ അനുചരന്മാരുമൊക്കെ സംഭവം നിവേദനം ചെയ്യുമെന്ന് സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും ചിന്തിക്കുമൊ? അങ്ങനെ ഒരു സംഭവമെങ്കിലും ഉണ്ടായിരുന്നെങ്കിൽ അക്കാലഘട്ടത്തിലെ കപടവിശ്വാസികൾ അത് വ്യഭിചാര ആരോപണമായി കൊട്ടിഘോഷിക്കാതെ ഇരിക്കുമായിരുന്നൊ? മരുഭൂമിയിൽ ഉറങ്ങി പോയ പ്രവാചക പത്നിയെ സഹായിച്ച ഒരു വ്യക്തിയുമായി ബന്ധപ്പെടുത്തി കപടവിശ്വാസികൾ വ്യഭിചാര ആരോപണവുമായി നടന്നത് ചരിത്രത്തിൻ്റെ ഭാഗമായിരിക്കെ !

ഇങ്ങനെ സാമാന്യ ബുദ്ധിക്ക് എതിരായ പല ഘടകങ്ങളും വിമർശകരുടെ അവിഹിത ആരോപണത്തിൽ ഉള്ളടങ്ങിയിരിക്കുന്നു.

*******************************

വിമർശനം:

എന്തു കൊണ്ടാണ് ഉമൈമയുടെ കഥ ഹദീസുകളിൽ പല ഭാഗങ്ങളായി കിടക്കുന്നത്? എന്ത് കൊണ്ടാണ് ക്രമരഹിതമായി കഥ അവതരിക്കപ്പെട്ടിരിക്കുന്നത്?

മറുപടി:

ഹദീസുകളിൽ കഥകൾ ഉണ്ടാവാമെങ്കിലും; ഹദീസുകൾ പ്രവാചക കഥകളല്ല. അവ മതവിധികളുടെയും മാതൃകകളുടെയും സ്രോതസ്സുകളാണ്. ഉദാഹരണത്തിന് ഉമൈമ:യുടെ സംഭവം ഇമാം ബുഖാരി ഉദ്ധരിച്ചിരിക്കുന്നത് ‘കിതാബു ത്വലാക് ‘(كتاب الطلاق) അഥവാ ‘വിവാഹമോചനം’ എന്ന ഭാഗത്തിൽ, “വിവാഹമോചനം ചെയ്യുന്ന പുരുഷൻ സ്ത്രീയെ നേരിട്ട് അഭിസംബോധനം ചെയ്യേണ്ടതുണ്ടോ?” എന്ന അധ്യായത്തിലാണ്. (باب من طلق وهل يواجه الرجل امرأته بالطلاق) അഥവാ, ഈ ഹദീസുകളുടെ ഉദ്ദേശ്യം “വിവാഹമോചനം ചെയ്യുന്ന പുരുഷൻ സ്ത്രീയെ നേരിട്ട് അഭിസംബോധനം ചെയ്യേണ്ടതുണ്ടോ?” എന്ന വിവാഹ മോചന മര്യാദകൾ പഠിപ്പിക്കുകയാണ്. അതല്ലാതെ ഉമൈമയുടെ കഥ പറയലല്ല. അതു കൊണ്ട് തന്നെ നിവേദകന്മാരും ഹദീസ് പണ്ഡിതരും, ഹദീസുകൾ രേഖപ്പെടുത്തുമ്പോൾ അവയിലെ മതവിധിയെ സംബന്ധിച്ച ഭാഗമാണ് ഹൈലൈറ്റ് ചെയ്യുക. കഥയുടെ രൂപമൊ, ഒഴുക്കൊ, സംഭവത്തിൻ്റെ വിശദാംശങ്ങളൊ ഹദീസിൻ്റെ ലക്ഷ്യത്തിൽ അത്ര പ്രസക്തമായ കാര്യങ്ങളല്ല.

*******************************

വിമർശനം:

ഉമൈമയെ പ്രവാചകൻ വിവാഹം ചെയ്തു എന്ന് ഈ ഹദീസുകളിൽ സൂചിപ്പിക്കുന്നുണ്ടെങ്കിലും മറ്റൊരു ഹദീസിൽ “വിവാഹാലോചനയും” ആയിട്ടാണ് വന്നത് എന്നുണ്ടല്ലൊ ?

മറുപടി:

ഉമൈമയുടെ പേര് പ്രസ്‌താവിക്കപ്പെട്ട, അടുത്തടുത്തായി ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസുകളിൽ, പ്രവാചകൻ (സ) ഉമൈമയെ വിവാഹം ചെയ്തിട്ടുണ്ടായിരുന്നു എന്ന് സന്ദേഹ രഹിതമായി ബോധ്യമാവുന്നതാണ്. “വിവാഹാലോചനയു”മായാണ് പ്രവാചകൻ (സ) വന്നത് എന്ന് സൂചിപ്പിക്കുന്ന ഒരു ഹദീസ്, തൻ്റെ ഗ്രന്ഥത്തിലെ വ്യത്യസ്തമായ ഒരു ‘കിതാബി’ൽ (ഭാഗം) വ്യത്യസ്‌തമായ ഒരു ‘ബാബി’ ൽ (അദ്ധ്യായം) ആണ് ഇമാം ബുഖാരി ഉദ്ധരിക്കുന്നത്. കിതാബുൽ അശ്‌രിബ (كتاب الأشربة) അഥവാ പാനീയങ്ങൾ. ﺑﺎﺏ اﻟﺸﺮﺏ ﻣﻦ ﻗﺪﺡ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﺁﻧﻴﺘﻪ “പ്രവാചകൻ്റെ (സ) കോപ്പയിൽ നിന്നും പാത്രത്തിൽ നിന്നും കുടിക്കൽ” എന്നാണ് അദ്ധ്യായത്തിൻ്റെ പേര്. ഉമൈയുടെ ഹദീസുകൾക്ക് ശേഷം ഒരുപാട് അപ്പുറമാണ് (ഹദീസ് നമ്പർ: 5637) ഈ ഹദീസ്. ഉമൈമയുടെ സംഭവത്തിൽ നിന്നും, വിശദാംശങ്ങളിലും വ്യത്യസ്തമാണ് ഈ സംഭവം. അതു കൊണ്ട് തന്നെ ഇത് രണ്ടും രണ്ട് സംഭവങ്ങളാണ് എന്ന് ന്യായമായും മനസ്സിലാക്കാം.

ഈ ഹദീസിൻ്റെ രത്നചുരുക്കം ഇതാണ്:

സഹ്‌ലിബ്നു സഅ്ദ് (റ) പറഞ്ഞു: അറബികളിൽപ്പെട്ട ഒരു സ്ത്രീയുടെ വിവാഹാലോചന പ്രവാചകനോട് (സ) പറയപ്പെട്ടു. അപ്പോൾ വിവാഹമാലോചിക്കപ്പെടുന്ന സ്ത്രീയുടെ അടുത്തേക്ക് ആളെ അയക്കാൻ അദ്ദേഹം (സ) അബൂ ഉസൈദിനോട് കൽപ്പിച്ചു. അപ്പോൾ അബൂ ഉസൈദ് ആളെ അവളുടെ അടുത്തേക്ക് അയച്ചു. അപ്പോൾ അവൾ വരികയും ബനൂ സാഇദക്കാരുടെ പൊതു സമ്മേളന കോട്ടയിൽ ഇറങ്ങുകയുമുണ്ടായി. അങ്ങനെ പ്രവാചകൻ (സ) പുറപ്പെടുകയും അവളുടെ അടുത്തെത്തുകയും ചെയ്തു. അങ്ങനെ അദ്ദേഹം അവളുടെ അടുത്തേക്ക് കടന്നുചെന്നു. അപ്പോൾ അവൾ തല താഴ്ത്തി നിൽക്കുകയായിരുന്നു. പ്രവാചകൻ (സ) അവരോട് സംസാരിച്ചപ്പോൾ അവൾ പറഞ്ഞു: “താങ്കളിൽ നിന്ന് അല്ലാഹുവിൽ രക്ഷ തേടുന്നു”. അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു: എന്നിൽ നിന്നും നിനക്ക് ഞാൻ സ്വമേധയാ രക്ഷ തന്നിരിക്കുന്നു. അവിടെ ഒരുമിച്ചു കൂടിയിരുന്നവർ അവളോട് ചോദിച്ചു: അത് ആരാണെന്ന് നിനക്ക് അറിയാമൊ ? അവൾ പറഞ്ഞു: അറിയില്ല. അവർ പറഞ്ഞു: അല്ലാഹുവിൻ്റെ തിരുദൂതനാണത്; നിന്നെ വിവാഹാന്വേഷണവുമായി വന്നത്. അവൾ പറഞ്ഞു: അദ്ദേഹവുമായി വിവാഹത്തിനുള്ള അവസരം നഷ്‌ടപ്പെട്ട ഞാൻ എത്ര നിർഭാഗ്യവതി. അങ്ങനെ നബിയും അനുചരന്മാരും ബനൂ സാഇദ ഗോത്രക്കാരുടെ ഷെഡ്ഡിന് നേരെ ചെന്ന് അവിടെ ഇരുന്നു. എന്നിട്ട് പറഞ്ഞു: സഹ്‌ലേ, ഞങ്ങൾക്ക് വെള്ളം തരൂ! അങ്ങനെ ഞാൻ ഈ കുടിവെള്ള പാത്രം പുറത്തെടുത്ത് അതിൽ അദ്ദേഹത്തിന് വെള്ളം കൊടുത്തു. ഉപനിവേദകൻ കൂട്ടിച്ചേർത്തു: സഹൽ ഞങ്ങൾക്കായി ആ കുടിവെള്ള പാത്രം പുറത്തെടുത്തു, ഞങ്ങൾ എല്ലാവരും അതിൽ നിന്ന് കുടിച്ചു. പിന്നീട് ഉമർ ബിൻ അബ്ദുൽ അസീസ് സഹലിനോട് ആ പാത്രം ഒരു സമ്മാനമായി നൽകണമെന്ന് അഭ്യർത്ഥിക്കുകയും അദ്ദേഹം അത് സമ്മാനമായി നൽകുകയും ചെയ്തു.

ഇതാണ് സംഭവം. മുമ്പ് സൂചിപ്പിച്ചതു പോലെ ഉമൈമയുടെ സംഭവവുമായി ഈ സംഭവത്തിന് ബന്ധമില്ല. ഇവിടെ പെണ്ണു കാണൽ ചടങ്ങാണ് നടക്കുന്നത്. ഉജമു ബനീ സാഇദ (أُجُمِ بَنِي سَاعِدَةَ) ബനൂ സാഇദ ഗോത്രക്കാരുടെ സമ്മേളന കോട്ടയിലാണ് പെണ്ണു കാണൽ. എന്നു വെച്ചാൽ ഒരു പൊതു സ്ഥലത്താണ് പെണ്ണു കാണുന്നത് എന്നർത്ഥം. പുറത്ത് ബനൂ സാഇദ ഗോത്രക്കാരുടെ ഷെഡ്ഡിൽ (سَقِيفَةِ بَنِي سَاعِدَةَ) പ്രവാചക അനുചരന്മാർ ഇരിക്കുന്നുണ്ട്. അവർ പ്രവാചകൻ്റെയും ആ സ്ത്രീയുടെയും സംസാരം കേട്ടതു കൊണ്ടാണല്ലൊ “താങ്കളിൽ നിന്ന് അല്ലാഹുവിൽ രക്ഷ തേടുന്നു” എന്ന് പറഞ്ഞ ആ സ്ത്രീയോട് പുറത്തിരിക്കുന്നവർ “അത് ആരാണെന്ന് നിനക്ക് അറിയാമൊ ?” എന്ന് ചോദിച്ചത്. സ്വന്തം ഭാര്യ അല്ലാത്തതു കൊണ്ട് തന്നെ അവളെ സമാധാനിപ്പിക്കാൻ പ്രവാചകൻ (സ) കൈ നീട്ടിയിട്ടില്ല. അവരോട് സംസാരിക്കുക മാത്രമാണ് ചെയ്തത്. പെണ്ണു കാണൽ ചടങ്ങിൽ ആണും പെണ്ണും അൽപ്പം മാറി നിന്ന് സംസാരിക്കൽ സ്വാഭാവികമായ ഒരു പതിവാണ്. പെണ്ണിന് സംസാരിക്കാൻ താൽപര്യമില്ലാത്തത് മനസ്സിലായപ്പോൾ പ്രവാചകൻ (സ) സ്വമേധയാ പിൻമാറുകയുണ്ടായി. എന്നാൽ തൻ്റെ അടുത്ത് വന്നത് പ്രവാചകനല്ല എന്ന് തെറ്റിദ്ധരിച്ചാണ് ഈ സ്ത്രീ അനിഷ്ടം പ്രകടിപ്പിച്ചത്. ഇതിന് രണ്ട് കാരണങ്ങളുണ്ട്.

ഒന്ന്, ആ സ്ത്രീ പ്രവാചകൻ വന്നപ്പോൾ തല താഴ്ത്തി നിൽക്കുകയായിരുന്നു എന്ന് فَإِذَا امْرَأَةٌ مُنَكِّسَةٌ رَأْسَهَا ഹദീസിൽ തന്നെ പറയുന്നുണ്ട്. അപ്പോൾ അദ്ദേഹത്തെ ശരിക്കും ശ്രദ്ധിച്ചിട്ടില്ല എന്നർത്ഥം.

രണ്ട്, പ്രവാചകനെ (സ) തിരിച്ചറിയാൻ പരിചയമില്ലാത്തവർക്ക് പ്രയാസമായിരുന്നു. കാരണം ഒരു പ്രവാചകന് സാധാരണയായി ജനങ്ങൾ പ്രതീക്ഷിക്കുന്ന ഒരു ചിത്രമായിരുന്നില്ല, യഥാർത്ഥത്തിൽ അദ്ദേഹത്തിൻ്റേത്. ഒരു സുന്ദരനായ യുവാവായിട്ടെ തോന്നുകയുള്ളു. ഒരു പ്രവാചകനാവുമ്പോൾ അൽപ്പം പ്രായവും അനുഭവങ്ങൾ നിഴലിട്ട ഗാംഭീര്യവും സ്വാഭാവികമായും പ്രതീക്ഷിക്കപ്പെട്ടേക്കാം. പ്രവാചകൻ്റെ ഈ യുവ സഹജമായ പ്രസരിപ്പും അബൂ ബക്കറിൻ്റെ പ്രായം തോന്നിക്കുന്ന രൂപവും കണ്ട് അബൂ ബക്കറാണ് പ്രവാചകൻ എന്ന് മദീനക്കാർ ഹിജ്റയുടെ വേളയിൽ തെറ്റിദ്ധരിച്ചിരുന്നു.(സ്വഹീഹുൽ ബുഖാരി: 3911) അപ്പോൾ ബനൂ സാഇദക്കാരുടെ സമ്മേളന നഗരിയിൽ അവൾ പ്രവാചകനെയും കാത്തു നിൽക്കുന്നതിനിടയിൽ ഒരു ചെത്ത് പയ്യൻ വന്ന് സംസാരിച്ചപ്പോൾ അനിഷ്ടം പ്രകടിപ്പിച്ചു. പിന്നീട് ആ ചെറുപ്പക്കാരനായ പയ്യനാണ് മുഹമ്മദ് നബി എന്ന് മനസ്സിലായപ്പോൾ താൻ നഷ്ടക്കാരി ആയി പോയല്ലൊ എന്ന് അവൾ വിലപിച്ചു.

ഇത്രയെ ഈ സംഭവത്തിലും ഉള്ളു. അവിഹിതമൊ സ്ത്രീ പീഢനമൊ ഒന്നും ഈ സംഭവത്തിലും ഇല്ല. ഒരു സാധാരണ പെണ്ണുകാണൽ മാത്രം.

ഈ രണ്ട് സംഭവങ്ങളെയും കൂട്ടി കുഴച്ച് “വിവാഹ”ത്തെ അസാധുവാക്കാൻ വകുപ്പില്ല എന്ന് ചുരുക്കം.

*******************************

വിമർശനം:

രണ്ടാമതു പറഞ്ഞ സംഭവത്തിലെ സ്ത്രീയുടെ പേരും വിവരങ്ങളും സംഭവത്തിൻ്റെ വിശദാംശങ്ങളും പശ്ചാത്തലവുമൊന്നും എന്ത് കൊണ്ട് ഹദീസ് വ്യക്തമാക്കിയില്ല.?

മറുപടി: ഇതിന് മറുപടി മുമ്പ് വിവരിച്ച് കഴിഞ്ഞു. ഹദീസുകൾ പ്രവാചക കഥകളല്ല. അവ മതവിധികളുടെയും മാതൃകകളുടെയും സ്രോതസ്സുകളാണ്. അഥവാ, ഹദീസുകളുടെ ഉദ്ദേശ്യം മതപരമായ വിധികളും മാതൃകകളും നിയമങ്ങളും പഠിപ്പിക്കുകയാണ്. അതല്ലാതെ കഥ പറയലല്ല. അതു കൊണ്ട് തന്നെ നിവേദകന്മാരും ഹദീസ് പണ്ഡിതരും, ഹദീസുകൾ രേഖപ്പെടുത്തുമ്പോൾ അവയിലെ മതവിധിയെ സംബന്ധിച്ച ഭാഗമാണ് ഹൈലൈറ്റ് ചെയ്യുക. കഥയുടെ രൂപമൊ, ഒഴുക്കൊ, സംഭവത്തിൻ്റെ വിശദാംശങ്ങളൊ ഹദീസിൻ്റെ ലക്ഷ്യത്തിൽ അത്ര പ്രസക്തമായ കാര്യങ്ങളല്ല. കിതാബുൽ അശ്‌രിബ (كتاب الأشربة) അഥവാ പാനീയങ്ങൾ എന്ന ഭാഗത്തിൽ, ﺑﺎﺏ اﻟﺸﺮﺏ ﻣﻦ ﻗﺪﺡ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﺁﻧﻴﺘﻪ “പ്രവാചകൻ്റെ (സ) കോപ്പയിൽ നിന്നും പാത്രത്തിൽ നിന്നും കുടിക്കൽ” എന്ന അദ്ധ്യായത്തിലാണ് ഇമാം ബുഖാരി ഈ ഹദീസ് ഉദ്ധരിക്കുന്നത്. വിവാഹാലോചനയെ സംബന്ധിച്ച് വിശദീകരിക്കാനല്ല, വിവാഹാലോചനക്ക് ശേഷം, തുടർന്നു വിവരിക്കുന്ന സംഭവം (വെള്ളം കുടിച്ചതും പാനപാത്രം കൈമാറിയതുമൊക്കെ) സൂചിപ്പിക്കുകയായിരുന്നു ഹദീസിൻ്റെ ലക്ഷ്യം.

*******************************

വിമർശനം:

“നീ നിൻ്റെ ശരീരം എനിക്ക് ഇഷ്ടദാനം ചെയ്യൂ” എന്ന് നബി ഉമൈമയോട് പറഞ്ഞല്ലൊ. നബിക്ക് ശരീരം ദാനം ചെയ്യുന്ന സ്ത്രീകൾ എന്ന പ്രയോഗം ക്വുർആനിലും കാണാം. ഇത് അവിഹിത ബന്ധങ്ങളെ അല്ലെ സൂചിപ്പിക്കുന്നത്?

മറുപടി: തീർച്ചയായും അല്ല. ഇവിടെ രണ്ട് കൃത്രിമങ്ങൾ വിമർശകർ ക്വുർആനിലും ഹദീസിലും നടത്തുന്നുണ്ട്.

ഒന്ന്, ഉമൈമയോട് പ്രവാചകൻ (സ) അവരുടെ “ശരീരം” ദാനം ചെയ്യാൻ പറഞ്ഞാൽ തന്നെ അതിൽ അശ്ലീലമായി ഒന്നും തന്നെയില്ല. കാരണം സ്വന്തം ഭാര്യയോടാണ് അദ്ദേഹമത് പറയുന്നത് എന്ന് ഓർക്കണം.

മറ്റൊന്ന്, ഉമൈമയോട് പ്രവാചകൻ (സ) അവരുടെ “ശരീരം” തരാൻ പറഞ്ഞിട്ടില്ല എന്നുള്ളതാണ്. പ്രവാചകന് “ശരീരം” ദാനം ചെയ്ത സ്ത്രീകളെ കുറിച്ച് ക്വുർആനിലും പരാമർശമില്ല.

ഉമൈമയോട് പ്രവാചകൻ (സ) പറഞ്ഞത് “ഹബ് നഫ്സകി ലീ” هَبِي نَفْسَكِ لِي

”നീ നിന്നെ അല്ലെങ്കിൽ നിൻ്റെ സ്വന്തത്തെ വിവാഹത്തിനായി ഇഷ്ടദാനം ചെയ്യുക” എന്നാണ്. വാചകത്തിൻ്റെ നേരിട്ടുള്ള വിവർത്തനം. “സ്വന്തത്തെ പ്രവാചകന് വിവാഹത്തിനായി ഇഷ്ടദാനം ചെയ്ത” സ്ത്രീകളെ കുറിച്ചാണ് ക്വുർആനും സംസാരിക്കുന്നത്. ഇവിടെ ഒന്നും തന്നെ “ശരീരം” എന്ന അർത്ഥം വരുന്നില്ല.”നഫ്സ് ” (نفس) “സ്വന്തത്തെ” എന്നുള്ളതിന് വിമർശകരാണ് “ശരീരത്തെ” എന്ന് അർത്ഥം നൽകുന്നത്.

ഗൂഗിളിൽ, “نفس meaning” എന്ന് ഒന്ന് സെർച്ച് ചെയ്തു നോക്കുക, ഇതൊക്കെയാണ് സാധാരണയായി കണ്ടെത്തുന്ന അർത്ഥങ്ങൾ:

self Nafs (نَفْس) is an Arabic word occurring in the Quran, literally meaning “self”, and has been translated as “psyche”, “ego” or “soul”. https://en.wikipedia.org › wiki › N… (Nafs – Wikipedia) نَفْس – heart نَفْس – Human being as an individual – Character of a person as presented to others – human being… المزيد نَفْس – intellect نَفْس – mind; psyche; soul; spirit; pneuma نَفْس – The most basic and important quality of something – essence; nature; self; subject (Almani Arabic English dictionary)

“സ്വദേഹത്തെ പ്രവാചകന് വിവാഹത്തിനായി ഇഷ്ടദാനം ചെയ്ത സ്ത്രീകൾ” എന്ന് ചില ക്വുർആൻ പരിഭാഷകളിലെ പ്രയോഗവും വിമർശകർ അശ്ലീലവൽക്കരിക്കാറുണ്ട്. “സ്വദേഹം” എന്ന പദത്തിൽ “ദേഹം” എന്നുണ്ടല്ലൊ. അപ്പോൾ ശരീരത്തെ വിവാഹമൊന്നും കൂടാതെ കൊടുക്കുന്ന ഏർപ്പാടാണ് ഇത് എന്ന് അവർ ദുർവ്യാഖ്യാനിക്കുന്നു. എന്നാൽ “സ്വദേഹം” എന്ന പദത്തിൽ “ദേഹം” എന്ന പദമുണ്ടെങ്കിലും “സ്വന്തത്തെ ” എന്നെ അവിടെ ഭാഷാപരമായി ഉദ്ദേശിക്കപ്പെടുകയുള്ളു. സ്വദേഹം, അദ്ദേഹം, ഇദ്ദേഹം എന്നിവയിൽ എല്ലാം ദേഹം ഉണ്ട്. പക്ഷെ സ്വന്തം, അവൻ, ഇവൻ എന്നത് ബഹുമാന സ്വരത്തോടെ വിളിക്കുന്ന പദങ്ങളാണ് സ്വദേഹം, അദ്ദേഹം, ഇദ്ദേഹം എന്നിവ. ശരീരം അവയിൽ ഒന്നും തന്നെ അർത്ഥ ലക്ഷ്യമല്ല. തിരുമേനി എന്ന പദത്തിൽ മേനി (ശരീരം) ഉണ്ടെങ്കിലും ശരീരം ഉദ്ദേശിച്ചല്ല പറയുന്നത്, ആദരവോടെയുള്ള അഭിസംബോധന രീതി മാത്രമാണത്.

ചുരുക്കത്തിൽ പ്രവാചകൻ (സ) ആരോടും “ശരീരം” ചോദിച്ചിട്ടില്ല. പ്രവാചകന് ഒരു സ്ത്രീയും “ശരീരം” ഓഫർ ചെയ്തിട്ടുമില്ല.

രണ്ട്, സ്വന്തം ശരീരം ദാനം ചെയ്യാൻ ശരീരം ആരുടെയും ഉടമസ്ഥതയിൽ ഉള്ളതല്ല എന്ന് വിശ്വസിക്കുന്ന മുസ്‌ലിംകൾക്ക് സാധിക്കില്ല. “എൻ്റെ നഫ്സ് (സ്വദേഹം, സ്വത്വം) ആരുടെ കയ്യിലാണൊ ആ അല്ലാഹു തന്നെ സത്യം…” എന്നായിരുന്നു പ്രവാചകൻ സാധാരണയായി ആണയിട്ടിരുന്ന വാചകം. (തുർമുദി: 2169)

അഥവാ ആരും സ്വന്തത്തെ (സ്വത്വം, സ്വവ്യക്തിത്വം, സ്വശരീരം, ആത്മാവ് എന്നിവ എല്ലാമടങ്ങിയതായ “സ്വന്ത” ത്തെ) ഉടമപ്പെടുത്തുന്നില്ല. അല്ലാഹുവാണ് ഏവരുടെയും “സ്വന്തത്തിന്” ഉടമ. ഉടമപ്പെടുത്താത്ത ഒന്ന് എങ്ങനെയാണ് മറ്റൊരാൾക്ക് ദാനം ചെയ്യുക. തീർച്ചയായും അത് സാധ്യമല്ല.

അപ്പോൾ പിന്നെ, ”നീ നിന്നെ അല്ലെങ്കിൽ നിൻ്റെ സ്വന്തത്തെ വിവാഹത്തിനായി ഇഷ്ടദാനം ചെയ്യുക” എന്നും. ” ഞാൻ എൻ്റെ സ്വന്തത്തെ താങ്കൾക്ക് വിവാഹത്തിനായി ഇഷ്ടദാനം ചെയ്യുന്നു” എന്നൊക്കെ പറഞ്ഞാൽ എന്താണ്.

അതിനർത്ഥം മഹ്ർ അഥവാ വിവാഹ മൂല്യം തരാതെ താങ്കൾക്ക് എന്നെ വിവാഹം ചെയ്യാനുള്ള തിരഞ്ഞെടുപ്പ് ഞാൻ താങ്കൾക്ക് ഇഷ്ടദാനം ചെയ്യുന്നു എന്ന, തീർത്തും സഭ്യമായ ഒരു വിവാഹാലോചന പ്രയോഗം മാത്രമാണത്.

”മഹ്ര്‍ കൂടാതെ, എന്നെ വിവാഹം ചെയ്യണോ എന്ന വിധി താങ്കള്‍ക്ക് ഞാന്‍ ഇഷ്ടദാനം ചെയ്യുന്നു.” (അല്‍ മുഫ്ഹിം: ഇമാം കുര്‍ത്തുബി: പേജ്: 4/128)

”ഞാന്‍ എന്നെ/എൻ്റെ സ്വന്തത്തെ താങ്കള്‍ക്കു മുമ്പില്‍ വിവാഹത്തിനായി ഇഷ്ടദാനം ചെയ്യുന്നു’ എന്ന വാചകത്തില്‍ ഒരു മുള്വാഫ് (Possession) (ഭാഷാ പരമായ ഭംഗിക്കായി) വിട്ടുകളഞ്ഞതാണ്. യഥാർത്ഥത്തില്‍ വാചകത്തിന്റെ വിവക്ഷ ഇപ്രകാരമാണ്: ‘ഞാന്‍ എന്നെ അഥവാ എന്റെ വിവാഹ കാര്യത്തെ താങ്കള്‍ക്കു മുമ്പില്‍ ഇഷ്ടദാനം ചെയ്യുന്നു’. കാരണം ഒരു സ്വതന്ത്ര സ്ത്രീ ഉടമപ്പെടുത്തപ്പെടുകയോ ദാനം ചെയ്യപ്പെടുകയോ ഇല്ലല്ലോ. മഹ്ര്‍ ഇല്ലാതെ തന്നെ താങ്കളെ വിവാഹം ചെയ്യാന്‍ ഞാന്‍ തയ്യാറാണ് എന്നാണ് ആ സ്ത്രീ പറഞ്ഞതിന്റെ വിവക്ഷ.” (ഫത്ഹുല്‍ ബാരി: 9/112, ഫത്ഹുല്‍ മുന്‍ഇം: 5/540)

ഇത്തരം വിവാഹം ഹിബത്ത് വിവാഹം എന്നാണ് വിളിക്കപ്പെടുന്നത്.

‘വിവാഹം കഴിക്കാനുദ്ദേശിക്കുകയുമാണെങ്കില്‍’ എന്നാണ് ക്വുര്‍ആന്‍ ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്. അഥവാ വിമര്‍ശകന്മാര്‍ ആരോപിക്കും വിധം ലൈംഗികാസ്വാദനത്തിനായി നബി(സ്വ)ക്ക് ഒരു സ്ത്രീ സ്വശരീരത്തെ സമര്‍പ്പിക്കുന്ന ഏര്‍പ്പാടല്ല ഇത്. മറിച്ച് വിവാഹത്തിനായി സ്വന്തത്തെ സമര്‍പിക്കലാണ്. അഥവാ സാധാരണ വിവാഹത്തില്‍ നിന്നും വ്യത്യാസമായി ഇവിടെ സ്ത്രീ മഹ്ര്‍ ഒഴിവാക്കാനുള്ള തിരഞ്ഞെടുപ്പ് നബിക്ക് ദാനം ചെയ്യുന്നു. പ്രവാചകന് വേണമെങ്കിൽ മഹ്ർ തരാതിരിക്കാം.

”സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.)” അഥവാ മഹ്ര്‍ ഇല്ലാതെ വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍. ഹിബത്ത് (സ്വദേഹം ദാനം ചെയ്യുന്നു) എന്ന പദം ഉപയോഗിച്ച് മഹ്ര്‍ ഇല്ലാത്ത നിക്കാഹാണ് ഇവിടെ ഉദ്ദേശം.” (തഫ്‌സീറുല്‍ ജലാലൈനി: 33:50 ന്റെ വ്യാഖ്യാനം)

ചുരുക്കത്തിൽ ഉമൈയോട് പ്രവാചകൻ (സ) ശരീരം ചോദിച്ചിട്ടുമില്ല, ഉമൈമ ശരീരം പ്രവാചകന് നിരസിച്ചിട്ടുമില്ല. മഹ്ർ ഒഴിവാക്കി, വിവാഹം ഹിബത്ത് വിവാഹമാക്കി പരിവർത്തിപ്പിക്കാൻ തയ്യാറുണ്ടൊ എന്ന് ഇളവ് ചോദിക്കുകയാണ് പ്രവാചകൻ (സ) ചെയ്തത്. വിമർശകർക്ക് മനസ്സിലായില്ലെങ്കിലും ഉമൈമക്ക് – അറബി ആയതിനാൽ – അത് മനസ്സിലായി. “ഒരു പണക്കാരി മഹ്ർ വാങ്ങാത്ത ഒരു ദരിദ്രനുമായുള്ള ഹിബത്ത് വിവാഹത്തിന് എങ്ങനെ തയ്യാറാവും?” എന്നായിരുന്നു അവരുടെ പ്രതികരണം. (അല്ലാതെ, ശരീരം ദാനം ചെയ്തു കൊണ്ടുള്ള വ്യഭിചാരത്തിന് താൻ തയ്യാറല്ല എന്നായിരുന്നില്ല. ) എൻ്റെ വിവാഹം പൊടിപൊടിക്കണമെന്ന് ചിന്തിച്ച ഒരു Material girl complex ഉമൈമയെ പിടികൂടിയിരിക്കാം. ആർഭാഢ രഹിതവും സരളവുമായ വിവാഹച്ചടങ്ങിനുള്ള ഈ അഭ്യർത്ഥനയാവാം അവരിൽ വരനായ പ്രവാചകനോടുള്ള അനിഷ്ടം സൃഷ്ടിച്ചത്. ഏതായിരുന്നാലും ലൈംഗിക അർത്ഥമൊ അസഭ്യ പ്രയോഗമൊ ഒന്നും ഈ സംഭാഷണത്തിൽ ഇല്ലെന്ന് സ്പഷ്ടം. മഹ്റിനെ സംബന്ധിച്ച അഭിപ്രായ വ്യാത്യാസം മാത്രമാണ് നടന്നത്.

*******************************

വിമർശനം:

ഉമൈമയുടെ ഹദീസിൽ പ്രവാചകനെ ഉമൈമ “അങ്ങാടി പയ്യൻ” എന്ന് വിളിച്ചില്ലെ?”

മറുപടി: ഇല്ല. വിമർശകർ ഹദീസിലെ പദാർത്ഥങ്ങളെ വികലമാക്കുക മാത്രമാണ് ഈ ദുർവ്യാഖ്യാനത്തിലൂടെ ചെയ്യുന്നത്. മഹ്ർ വിട്ടു കളയാൻ തയ്യാറാവുമൊ എന്ന് ആരാഞ്ഞ പ്രവാചകനോട് وَهَلْ تَهَبُ الْمَلِكَةُ نَفْسَهَا لِلسُّوقَةِ “ഒരു രാജ്ഞി സൂക്വ (السُّوقة) ക്ക് വിവാഹമൂല്യം വിട്ടു വീഴ്ച്ച ചെയ്യുമൊ?” എന്നാണ് പറഞ്ഞത്. “സൂക്വ” ( السُّوقة ) എന്ന പദത്തിനർത്ഥം പ്രജ, രാജാവല്ലാത്തവൻ എന്നൊക്കെയാണ്. അഥവാ, രാജ കുടുംബത്തിൽ ജനിക്കാത്ത, പണക്കാരനല്ലാത്ത ഒരു വ്യക്തിയുമായി വിവാഹത്തിൽ ഏർപ്പെടുമ്പോൾ വിവാഹമൂല്യവും വിട്ടു കളയുകയൊ ?

“അങ്ങാടി പയ്യൻ” “അങ്ങാടിക്കാരൻ” എന്നൊക്കെ അർത്ഥം വരുന്ന അറബി പദം “സൂക്കി” (ﺳﻮﻗﻲ) എന്നാണ്. രാജാവല്ലാത്ത സർവ്വരും, അത് മന്ത്രിയാണെങ്കിൽ പോലും “സൂക്വ” ( السُّوقة ) എന്ന പദത്തിൻ്റെ ഉള്ളടക്കത്തിൽ ഉൾപ്പെടും. രാജാവ് നയിക്കുന്ന സർവ്വരും സൂക്വയാണ് ; അതെത്ര ഉന്നതനായാലും ശരി. ഇത് ഹദീസ് പണ്ഡിതരും അറബി ഭാഷാ പണ്ഡിതരും ഒരുപോലെ വിശദീകരിക്കുന്നുണ്ട്. (ഫത്ഹുൽ ബാരി: ഇബ്നു ഹജർ അൽ അസ്കലാനി: 9:358)

ഇസ്‌ലാമിൻ്റെ ആവിർഭാവത്തിന് മുമ്പുള്ള, ജാഹിലി കാലഘട്ടത്തിലെ കവികളുടെ കവിത ഉദ്ധരിച്ചു കൊണ്ട് ഇബ്നുൽ ജൗസി ഈ പദത്തിൻ്റെ അർത്ഥം വ്യക്തമാക്കുന്നുണ്ട്. (കശ്ഫുൽ മുശ്കിൽ: ഇബ്നുൽ ജൗസി: 2:133)

*******************************

വിമർശനം:

“നിന്നിൽ നിന്നും ഞാൻ അല്ലാഹുവോട് ശരണം തേടുന്നു” (أَعُوذُ بِاللَّهِ مِنْكَ) എന്ന് പറഞ്ഞതിൻ്റെ ഉദ്ദേശം “ഇറങ്ങി പോടാ പുല്ലേ” എന്നല്ലെ? പിശാചിൽ നിന്നൊക്കെയല്ലെ ശരണം തേടുക ? നബിയെ ഉമൈമ നികൃഷ്ടനായി കണ്ടു എന്നല്ലെ ഇത് സൂചിപ്പികുന്നത്?

മറുപടി: തീർച്ചയായും അല്ല. തങ്ങൾക്ക് ബന്ധത്തിൽ താൽപര്യമില്ലാത്ത പുരുഷന്മാരോട് പണ്ടു കാലത്ത്, സ്ത്രീകൾ സാധാരണയായി അനിഷ്ടം പ്രകടിപ്പിച്ചിരുന്ന ഒരു ഭാഷാ പ്രയോഗം മാത്രമാണിത്. ഇക്കാലത്ത് ഇഷ്ടമില്ലാത്ത കല്യാണം ഒഴിവാക്കാൻ “ഉയരം ഒക്കുന്നില്ല”, “ദൂരം കൂടുതലാണ്” എന്നൊക്കെ പറയുക സാധാരണയാണല്ലൊ. വകയിൽ അതുപോലൊരു വിസമ്മത പ്രകടനം മാത്രമാണ് ഇതും. അതല്ലാതെ വിസമ്മതിക്കപ്പെടുന്ന അല്ലെങ്കിൽ ശരണം തേടപ്പെടുന്ന വ്യക്തി നികൃഷ്ടനാവണമെന്ന് യാതൊരു നിർബന്ധവുമില്ല.

ഉദാഹരണമായി, തൻ്റെ അടുത്തു വന്ന മലക്കിനോട് മർയം ബീവി ഇപ്രകാരം പറഞ്ഞതായി ക്വുർആനിൽ കാണാം:

قَالَتۡ إِنِّیۤ أَعُوذُ بِٱلرَّحۡمَـٰنِ مِنكَ إِن كُنتَ تَقِیࣰّا

“അവള്‍ പറഞ്ഞു: നീ ധര്‍മ്മനിഷ്ഠയുള്ളവനാണെങ്കില്‍, തീര്‍ച്ചയായും നിന്നില്‍ നിന്ന് ഞാന്‍ പരമകാരുണികനില്‍ ശരണം തേടുന്നു. (ക്വുർആൻ: 19: 18)

ഇവിടെ ധർമ്മനിഷ്ഠനിൽ നിന്നാണ് മർയം ബീവി ശരണം തേടുന്നത്. ഒരു നല്ല വ്യക്തി അനിഷ്ടകരമൊ അരുചികരമൊ ആയ വല്ലതും പറഞ്ഞാൽ പോലും “നഊദു ബില്ലാഹ് ” (അല്ലാഹുവിൽ ശരണം) എന്ന് സാധാരണക്കാരായ മുസ്‌ലിംകൾ പറയാറുണ്ട്. ഇവയൊന്നും തന്നെ അഭിസംബോധകൻ മോശക്കാരനാണ് എന്നതിന് തെളിവല്ല.

പിശാചിൽ നിന്നും നാം ശരണം തേടുമ്പോൾ أعوذ بالله من الشيطان “പിശാചിൽ നിന്ന് ഞാൻ അല്ലാഹുവോട് ശരണം തേടുന്നു” എന്ന് മാത്രമല്ല നാം പറയാറുള്ളത്. മറിച്ച്, أعوذ بالله من الشيطان الرجيم “ശപിക്കപ്പെട്ട/ ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്നും ഞാൻ അല്ലാഹുവോട് ശരണം തേടുന്നു” എന്നാണ് പറയാറ്. ഇതിലെ ” റജിം ” (الرجيم) എന്ന പദത്തിലൂടെ ശരണം തേടപ്പെടുന്നവൻ നികൃഷ്ടനാണ് എന്ന് തിട്ടപ്പെടുത്തപ്പെടുന്നുണ്ട്.

“താങ്കളിൽ നിന്നും ഞാൻ അല്ലാഹുവോട് ശരണം തേടുന്നു” (أَعُوذُ بِاللَّهِ مِنْكَ) എന്ന ഉമൈമയുടെ പ്രയോഗത്തിൽ അഭിസംബോധകൻ നികൃഷ്ടനാണ് എന്നതിന് യാതൊരു സൂചനയും ഇല്ല.

*******************************

വിമർശനം:

ഉമൈമയുടെ പേരിൽ തന്നെ വ്യത്യാസങ്ങൾ 3 ഹദീസുകളിൽ കാണുന്നുണ്ട്. ഒന്നിൽ ഉമൈമ ബിൻത് ശറാഹീൽ എന്നും മറ്റൊന്നിൽ ഉമൈമ ബിൻത് നുഅ്മാൻ ബിൻ ശറാഹീൽ എന്നും. ഒന്നിൽ ബിൻതുൽ ജൗൻ എന്നും അടുത്തതിൽ ജൗനിയ എന്നും പരാമർശിക്കപ്പെട്ടിരിക്കുന്നു. ഈ വ്യത്യാസങ്ങൾ സൂചിപ്പിക്കുന്നത് പല സ്ത്രീകളുമാണ് ഇവർ എന്നല്ലെ?

മറുപടി: അല്ല. ഒരു സ്ത്രീയുടെ -വ്യത്യസ്ത പരിഗണനയുടെ അടിസ്ഥാനത്തിലുള്ള – നാമങ്ങളാണ് ഇത്.

ഉമൈമ ബിൻത് നുഅ്മാൻ ബിൻ ശറാഹീൽ (ശറാഹീലിൻ്റെ പുത്രൻ നുഅ്മാൻ്റെ പുത്രി ഉമൈമ) എന്നത് പൂർണ്ണ നാമമാണ്.

ഉമൈമ ബിൻത് ശറാഹീൽ (ശറാഹീലിൻ്റെ പുത്രി ഉമൈമ) എന്നത് പിതാമഹനിലേക്ക് ചേർത്ത്, ചുരുക്കി പറഞ്ഞതാണ്. (ഫത്ഹുൽ ബാരി: 9:357)

പിതാമഹനിലേക്ക് നേരിട്ട് ചേർത്തി പേര് പറയുന്ന ശൈലി അറബികൾക്കിടയിൽ വളരെ സാധാരണമാണ്. വിശിഷ്യാ പിതാമഹൻ പേരു കേട്ട വ്യക്തിത്വമാണെങ്കിൽ.

“ഞാൻ അബ്ദുൽ മുത്വലിബിൻ്റെ മകനാണ് ” أَنَا ابنُ عبدِ المُطَّلِبْ എന്ന് മുഹമ്മദ് നബി (സ) ഒരു ഘട്ടത്തിൽ പറഞ്ഞതായി ഹദീസിൽ കാണാം. (സ്വഹീഹുൽ ബുഖാരി: 4317)

അബ്ദുൽ മുത്വലിബ് നബിയുടെ പിതാമഹനാണല്ലൊ.

ബിൻത് ജോൻ (ജോനിൻ്റെ പുത്രി), ജോനിയ്യ (ജോൻ ഗോത്രക്കാരി) എന്നീ രണ്ട് നാമങ്ങളും ഉമൈമയെ ഗോത്രത്തിലേക്ക് ചേർത്തി വിളിച്ചതാണ്.

ജോനിയ്യ എന്നത് ജോൻ ഗോത്രക്കാരി എന്നും, ബിൻത് ജോൻ എന്നത് ഗോത്രപിതാവായ ജോനിലേക്ക് ചേർത്തിയുമാണ് എന്നർത്ഥം. ഗോത്രത്തിലേക്ക് ചേർത്തി ഈ രണ്ട് വിധവും വിളിക്കുക എന്നത് അറബി ഭാഷയിൽ സുലഭമാണ്. (ഇർശാദുസ്സാരി: കസ്തല്ലാനി: 8: 131)

ബനൂ ഇസ്റാഈൽ (ഇസ്റാഈലിൻ്റെ പുത്രന്മാർ, ഇസ്റാഈൽ മക്കൾ), ഇസ്റാഈലി (ഇസ്റാഈൽ വംശജൻ ) എന്ന് രണ്ട് രൂപത്തിലും മാറി മാറി ഭാഷയിൽ പ്രയോഗിക്കാറുണ്ടല്ലൊ.

ഈ നാല് രൂപത്തിലും പറഞ്ഞ വ്യക്തി ഒന്ന് തന്നെയാണെന്ന് സുതരാം വ്യക്തം.

*******************************

വിമർശനം:

“ജൗനിയ്യനെ കൊണ്ട് വന്ന്, ഈത്തപ്പന തോട്ടത്തിലെ ഉമൈമ ബിൻത് നുഅ്മാൻ്റെ വീട്ടിൽ പ്രവേശിപ്പിച്ചു” എന്ന് ഹദീസിൽ കാണാം. ജൗനിയ്യയും ഉമൈമ ബിൻത് നുഅ്മാനും രണ്ടും രണ്ട് സ്ത്രീകളാണെന്നല്ലെ ഇത് സൂചിപ്പിക്കുന്നത്?

മറുപടി: അല്ല.

“ജൗനിയ്യനെ കൊണ്ട് വന്ന്, ഈത്തപ്പന തോട്ടത്തിലെ ഉമൈമ ബിൻത് നുഅ്മാൻ്റെ വീട്ടിൽ പ്രവേശിപ്പിച്ചു” എന്ന പരിഭാഷ തീർത്തും തെറ്റാണ്.

أُتِىَ بِالْجَوْنِيَّةِ ، ജൗന്‍ ഗോത്രത്തിലെ സ്ത്രീയെ (ജൗനിയ്യയെ) അവിടേക്ക് കൊണ്ടുവരപ്പെട്ടിരുന്നു. فَأُنْزِلَتْ فِي بَيْتٍ فِي نَخْلٍ فِي بَيْتٍ അങ്ങനെ, ഈത്തപ്പന കൊണ്ടുണ്ടാക്കിയ ഒരു വീട്ടിലായിരുന്നു അവര്‍. أُمَيْمَةُ بِنْتُ النُّعْمَانِ بْنِ شَرَاحِيلَ ഉമൈമ ബിൻത് നുഅ്മാൻ ബിൻ ശറാഹീൽ (ആയിരുന്നു അവർ)

ഇതാണ് ഹദീസിൻ്റെ – അറബി ഭാഷാ നിയമങ്ങളോട് യോജിച്ച- ശരിയായ പരിഭാഷ.

ഹദീസിൽ ആദ്യം പറഞ്ഞ, ജൗന്‍ ഗോത്രത്തിലെ സ്ത്രീ (ജൗനിയ്യ) എന്ന ഗോത്രനാമത്തെ രണ്ടാമത്തെ വരിയിൽ വ്യക്തമാക്കാനായി മറ്റൊരു നാമം (ഉമൈമ ബിൻത് നുഅ്മാൻ ബിൻ ശറാഹീൽ) ഉപയോഗിക്കുകയാണ് ഉണ്ടായത്

ആദ്യം പറഞ്ഞ നാമത്തിന് പകരം, ആദ്യത്തെ നാമത്തെ വ്യക്തമാക്കാനായി മറ്റൊരു നാമം കൊണ്ടു വരുന്നതിനെ, അറബി ഭാഷാ വ്യാകരണത്തിൽ “ബദൽ” (البدل Substitute or permutative) എന്നാണ് പറയുക. (അന്നഹ്വുൽ വാദിഹ് : അലി അൽജാരിം)

അതാണ് ഹദീസിൽ പ്രയോഗിച്ചിരിക്കുന്നത് എന്നും അറബി ഭാഷാ പടുക്കളായ പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്. (ഫത്ഹുൽ ബാരി: 9:358)

അറബി ഭാഷയിലുള്ള എഴുത്തിലും സംസാരത്തിലും സർവ്വ സാധാരണയായി ഉപയോഗിക്കുന്ന, ബദൽ എന്ന ഈ പ്രയോഗത്തിൻ്റെ വ്യാകരണ പാഠം താഴെ ചേർക്കുന്നു.

البدل البدل هو تابع يأتي بعد اسم قبله يوضحه ويبين المقصود منه، ويأتي قبله المبدل عنه ممهدًا له. وقد سُمي بدلًا لأنه يمكن أن يحل محل المبدل عنه والاستغناء عنه. حضر أخوك حسنٌ. ٢- عاملت التاجرَ خليلًا. ٣- أصغيت إلى الخطيبِ عليٍّ. ٤- تهشم أبو الهول أنفُهُ. ٥- قضيت الدينَ ثلثَه.

ചുരുക്കത്തിൽ ഉമൈമയുടെ ഹദീസുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന പദപ്രയോഗങ്ങളെല്ലാം അറബി ഭാഷയെയും ഹദീസ് ഭാഷയെയും സംബന്ധിച്ച അജ്ഞതയിൽ നിന്ന് ഉടലെടുക്കുന്നതാണ്. എത്രയെല്ലാം പുകമറ ഉണ്ടാക്കാൻ ശ്രമിച്ചാലും പ്രവാചകൻ (സ) ഉമൈമയെ വിവാഹം ചെയ്തിട്ടില്ലെന്ന ആരോപണം ശുദ്ധ അസംബന്ധമാണ് എന്നത് ആവർത്തിച്ചാവർത്തിച്ച് വ്യക്തമാവുകയാണ്. അതു കൊണ്ടാണ് ഇമാം ഇബ്നു അബ്ദുൽ ബിർറ് പറഞ്ഞത്: നബി (സ) ജൗനിയ്യയെ വിവാഹം ചെയ്തിട്ടുണ്ട് എന്നതിൽ മുസ്‌ലിം പണ്ഡിതന്മാർക്കിടയിൽ യാതൊരു സംശയവുമില്ലാത്ത വിധം ഏകോപനമുണ്ട്. (ഫത്ഹുൽ ബാരി: 9: 357)

താന്‍ വിവാഹം ചെയ്ത സ്ത്രീക്ക് തന്നോടൊപ്പം ജീവിക്കുവാന്‍ താല്‍പര്യമില്ലെന്നറിഞ്ഞപ്പോള്‍, നിര്‍ബന്ധിച്ച് കൂടെ താമസിപ്പിക്കാതെ മാന്യമായി അവരെ സ്വഗൃഹത്തിലേക്ക് യാത്രയാക്കുകയും വേര്‍പിരിയും മുമ്പ് അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്ത മാതൃകാ പരമായ ഒരു നടപടിയെ എത്ര നികൃഷ്ടമായാണ് ഇസ്‌ലാംവിമര്‍ശകര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ﻻَ ﺗَﺤْﻤِﻠُﻮا اﻟﻨِّﺴَﺎءَ ﻋَﻠَﻰ ﻣَﺎ ﻳَﻜْﺮَﻫْﻦَ

“സ്ത്രീകളെ അവർ വെറുക്കുന്നത് ചെയ്യാൻ നിങ്ങൾ നിർബന്ധിക്കരുത്.” (മുസ്വന്നഫ് അബ്ദുർ റസാഖ്: 10320) എന്ന് അനുചരന്മാരെ പഠിപ്പിക്കുക മാത്രമല്ല കാരുണ്യ മൂർത്തിയായ പ്രവാചകൻ (സ) ചെയ്തത്, പ്രത്യുത ഉമൈമയോട് അനുവർത്തിച്ച നിലപാടിലൂടെ തന്റെ ആദർശനിഷ്ട സ്വജീവിതത്തിൽ പ്രാവർത്തികമായി തെളിയിക്കുക കൂടി അദ്ദേഹം ചെയ്തു. സ്ത്രീകളോടുള്ള ആദരവിൻ്റെയും ലൈംഗിക അച്ചടക്കത്തിൻ്റെയും മഹനീയമായ പാഠമാണ് ഈ ഹദീസുകളിലൂടെ പ്രകാശിതമാവുന്നത് എന്ന് വ്യക്തം.

കൽബ് ഗോത്രത്തിലെ ഒരു സ്ത്രീയെ നബി വിവാഹം ചെയ്തുവെന്നും അവരെ വെള്ളപ്പാണ്ടു കാരണം വിവാഹമോചനം ചെയ്തുവെന്നും സീറയിൽ കാണാമല്ലൊ. മുഹമ്മദ് നബിയുടെ (സ) അടുത്ത് ഈ വിവാഹാലോചന കൊണ്ടു വന്ന വ്യക്തി വധുവിൻ്റെ സൗന്ദര്യത്തെ കുറിച്ച് പ്രത്യേകം സൂചിപ്പിക്കുന്നതായും ഒരു നിവേദനത്തിൽ കാണുന്നു. വിധവകളും അശണരുമായ സ്ത്രീകളെ സഹായിക്കുകയായിരുന്നില്ല വിവാഹങ്ങളിലൂടെ മുഹമ്മദ് നബിയുടെ ഉദ്ദേശമെന്നും ഇതു തെളിയിക്കുന്നില്ലെ?

മറുപടി:

ഇസ്‌ലാമിലെ പ്രമാണങ്ങൾ വിശുദ്ധ ക്വുർആനും സ്വഹീഹായ ഹദീസുകളുമാണ്. സീറ: ഇസ്‌ലാമിക പ്രമാണങ്ങളിൽ പെട്ടതല്ല. സീറ: എന്നാൽ വ്യക്തി ചരിത്രമാണ്. ആർക്കും ആരെ കുറിച്ചും വ്യക്തി ചരിത്രമെഴുതാം. സ്വഹീഹായ ഹദീസുകൾ പോലെ നിരുപാധികം സത്യപ്പെടുത്തപ്പെടുന്ന, മത പ്രമാണങ്ങളായൊ പ്രമാദമുക്തമായ മത രേഖയായൊ മുസ്‌ലിംകൾ ആരും സീറ: ഗ്രന്ഥങ്ങളെ കണ്ടിട്ടില്ല. ഉദ്ധരിച്ച സംഭവങ്ങളും നിവേദനങ്ങളും മുഴുവനും സ്വീകാര്യ യോഗ്യവും (സ്വഹീഹ്) യാഥാർത്ഥ്യവുമാണ് എന്ന് സീറ:യുടെ രചയിതാക്കൾ പോലും അഭിപ്രായപ്പെട്ടിട്ടില്ല. സീറ:യിലും ചരിത്ര ഗ്രന്ഥങ്ങളിലുമുള്ള നിവേദനങ്ങളിൽ പലതും യഥാർത്ഥ്യത്തിന് എതിരാവാൻ സാധ്യത ഉണ്ട് എന്നും സംഭവങ്ങൾ ഉദ്ധരിക്കുന്ന നിവേദകന്മാർ സ്വീകാര്യയോഗ്യർ അല്ലാതിരിക്കാമെന്നും തിരിച്ചറിഞ്ഞിരുന്നത് കൊണ്ട് തന്നെയാണ് സീറാ-ചരിത്ര രചയിതാക്കൾ സർവ്വരും അവരുടെ നിവേദനങ്ങൾക്കെല്ലാം സനദ് (നിവേദക പരമ്പര)കൂടെ ചേർത്തത്. ഈ സനദുകൾ പരിശോധിച്ച്, സംഭവം നടന്നത് തന്നെയാണൊ അതൊ യാഥാർത്ഥ്യത്തിന് നിരക്കാത്തതാണൊ എന്ന് ഉറപ്പു വരുത്തേണ്ടത് സീറയും ചരിത്രവും വായിക്കുന്നവരാണ് എന്ന് അവരുടെ രചയിതാക്കൾ വിശ്വസിച്ചു. ഹദീസിൻ്റെ സ്ഥാനത്ത്, അത്രയും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് സീറ:യും ചരിത്രവും എന്ന് പൗരാണികരായ പണ്ഡിതർ പലരും കരുതിയിരുന്നില്ല.

സീറയിലെ കഥകൾക്കെല്ലാം തൻമയീഭാവം ചാർത്തുന്നത് ഇസ്‌ലാം വിമർശകർ മാത്രമാണ്. അവയിൽ ഉദ്ധരിക്കപ്പെട്ട “കഥകൾ” എല്ലാം സ്വഹീഹായ ഹദീസുകൾ പോലെയൊ, പ്രവാചക ജീവിതത്തിൽ നടന്ന സംഭവങ്ങൾ പോലെയൊ അവതരിപ്പിക്കുന്നതും ഇസ്‌ലാമോഫോബുകൾ മാത്രമാണ്. പ്രവാചകന് എതിരെ കള്ളകഥകൾ മാത്രം തിരഞ്ഞെടുത്ത് പ്രചരിപ്പിക്കുക എന്ന ഒരൊറ്റ ഉദ്ദേശ്യമാണ് അവർക്കുള്ളത്.

അത്തരം കഥകൾക്ക് വല്ല യാഥാർത്ഥ്യവും ഉണ്ടോ? അവ വിശ്വസനീയമാണൊ? എന്നറിയാൻ അവയോട് ചേർത്ത്, സീറാ രചയിതാക്കൾ എഴുതിയ നിവേദക പരമ്പര (സനദ്) ഒന്ന് പരിശോധിച്ചാൽ മതി. ഈ സാമാന്യ ബുദ്ധിയും മാന്യതയും നിലനിർത്തിക്കൊണ്ട് നമുക്ക് വിമർശകരുടെ രണ്ട് ആരോപണങ്ങളും പരിശോധിക്കാം: മുഹമ്മദ് നബി (സ), വെള്ളപ്പാണ്ടു കാരണം ഒരു സ്ത്രീയെ വിവാഹമോചനം ചെയ്തുവെന്നും നബിയുടെ(സ) അടുത്ത് ഈ വിവാഹാലോചന കൊണ്ടു വന്ന വ്യക്തി വധുവിൻ്റെ സൗന്ദര്യത്തെ കുറിച്ച് പ്രത്യേകം സൂചിപ്പിക്കുന്നതായും സീറയിൽ കാണുന്നു.

സീറയിൽ (അഥവാ ഇബ്നു സഅ്ദിൻ്റെ ത്വബകാത്ത് എന്ന ചരിത്ര ഗ്രന്ഥത്തിൽ) ഈ സംഭവം ഉദ്ധരിച്ചിരിക്കുന്നത് നിരുപാധികം അല്ല. അതിൻ്റെ തൊട്ടു മുകളിൽ ഇബ്നു സഅ്ദ് സനദും ചേർത്തിട്ടുണ്ട്! അവയുടെ സാധുത നമുക്ക് ആദ്യം പരിശോധന വിധേയമാക്കാം.

1. വെള്ളപ്പാണ്ടു കാരണം ഒരു സ്ത്രീയെ വിവാഹമോചനം ചെയ്തുവെന്ന കള്ളകഥയുടെ സനദ് ഇതാണ്:

أخبرنا عبد الله بن جعفر عن موسى بن سعيد وابن أبي عون قالا إنما طلقها رسول الله لبياض كان بها

a. മുഹമ്മദ് ഇബ്നു ഉമർ ആണ് നിവേദനത്തിന്റെ മൂല നിവേദകൻ. അദ്ദേഹം ദുർബലനാണ്. അഹ്മദിബ്നു ഹമ്പൽ പറഞ്ഞു: മുഹമ്മദിബ്നു ഉമർ വാക്കിദുൽ അസ്‌ലമി നുണയനാണ്; അയാൾ ഹദീസുകളിൽ കോട്ടിമാട്ടുമായിരുന്നു.

യഹ്‌യ പറഞ്ഞു: അയാൾ വിശ്വസ്തനല്ല. അയാളുടെ ഹദീസുകൾ എഴുതിവെക്കാൻ കൊള്ളാത്തത്രയും അവിശ്വസനീയമാണ്.

ഇമാം ബുഖാരി, റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ കളവു കൊണ്ട് ആരോപിതനാണ്. റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ വ്യാജ ഹദീസുകൾ ഉണ്ടാക്കുന്ന വ്യക്തിയായിരുന്നു. ഇമാം ദാറക്കുത്നി പറഞ്ഞു: അയാളിൽ ദൗർബല്യമുണ്ട്. ഇസ്ഹാകിബ്നു റാഹൂയ പറഞ്ഞു: അയാൾ നുണയനാണ്.

(അദ്ദുഅഫാഉ വൽ മത്റൂകീൻ: ഇബ്നുൽ ജൗസി: 3/ 87, അദ്ദുഅഫാഉ സ്സ്വഗീർ: ബുഖാരി: 334, അൽ ജർഹുവതഅദീൽ: അബൂഹാതിം: 8/ 21, അൽ കാമിൽ ഇബ്നു അദിയ്യ്: 7/ 481)

b. موسى بن سعيد وابن أبي عون لم يدركا النبي صلى الله عليه وسلم

നിവേദക പരമ്പരയിലെ അവസാന നിവേദകരായ മൂസബ്നു സഈദ്, ഇബനു അബീ ഔൻ എന്നിവർ പ്രവാചകൻ്റെ (സ) സമകാലികരുമല്ല. പിന്നെ എങ്ങനെ പ്രവാചകാലഘട്ടത്തിലെ ഒരു “സംഭവം” അവർ ഉദ്ധരിക്കും! അപ്പോൾ നിവേദക പരമ്പര പൂർണമല്ല, കണ്ണി മുറിഞ്ഞതാണ് എന്ന് വ്യക്തം.

2. “അറബികളിലെ ഏറ്റവും സുന്ദരിയായ വിധവയെ താങ്കൾക്ക് വിവാഹം കഴിപ്പിച്ചു തരട്ടെ?” എന്ന്, ഈ വിവാഹാലോചന കൊണ്ടു വന്ന വ്യക്തി വധുവിനെ സംബന്ധിച്ച് പറഞ്ഞു എന്ന നിവേദനത്തിൻ്റെ സനദ് ഇപ്രകാരമാണ്:

أخبرنا محمد بن عمر حدثنا محمد بن يعقوب بن عتبة عن عبد الواحد بن أبي عون الدوسي

a) ഈ നിവേദനത്തിലെയും മൂല നിവേദകൻ മുഹമ്മദ് ഇബ്നു ഉമർ ആണ്. അദ്ദേഹം ദുർബലനാണ്, നുണയനാണ്; ഹദീസുകളിൽ കോട്ടിമാട്ടുമായിരുന്നു, വിശ്വസ്തനല്ല, അയാളുടെ ഹദീസുകൾ എഴുതിവെക്കാൻ കൊള്ളാത്തത്രയും അവിശ്വസനീയമാണ് എന്നെല്ലാം ഹദീസ് നിദാന ശാസ്ത്രജ്ഞരും ചരിത്രകാരൻമാരും വ്യക്തമാക്കിയത് മുകളിൽ നാം കണ്ടു കഴിഞ്ഞു.

b) മുമ്പത്തെ നിവേദനത്തിലേത് എന്നത് പോലെ തന്നെ ഈ നിവേദനത്തിലെയും അവസാന കണ്ണി, അഥവാ കഥ ഉദ്ധരിക്കുന്ന വ്യക്തി “അബ്ദുൽ വാഹിദ് ബിൻ അബീ ഔൻ അദ്ദൂസി” യാണ്. അദ്ദേഹം മരണപ്പെടുന്നത് ഹിജ്രാബ്ദം 144 ലാണ്. (ത്വബകാത് ഖലീഫ ബിൻ അൽ ഖയ്യാത്ത്) പ്രവാചകൻ്റെ (സ) സമകാലികരല്ലാത്ത ഈ നിവേദകർ, പ്രവാചകനിലേക്ക് എത്താത്ത, കണ്ണി മുറിഞ്ഞ നിവേദനമാണ് ഉദ്ധരിച്ചിരിക്കുന്നത് എന്ന് വ്യക്തം. പരമ്പരയിൽ നിവേദകർ വിട്ടു പോയിരിക്കുന്നു എന്നർത്ഥം.

ചുരുക്കത്തിൽ, ഈ രണ്ട് കഥകൾക്കും യാതൊരു ആധാരവുമില്ല എന്ന് നിവേദക പരമ്പര പരിശോധിക്കുന്നതിലൂടെ വ്യക്തം.

ഇനി ഈ കള്ളകഥകളുടെയും, അവ ദുരുപയോഗം ചെയ്ത് ഇസ്‌ലാമോഫോബുകൾ അപനിർമ്മിക്കുന്ന തിരക്കഥയുടെയും, യുക്തിപരമായ വൈരുദ്ധാത്മകത ചുരുക്കി വിവരിക്കാം:

a) “അറബികളിലെ ഏറ്റവും സുന്ദരിയായ വിധവയെ താങ്കൾക്ക് വിവാഹം കഴിപ്പിച്ചു തരട്ടെ?” എന്നാണ് ഈ വിവാഹാലോചന കൊണ്ടു വന്ന വ്യക്തി വധുവിനെ സംബന്ധിച്ച് പറഞ്ഞു എന്ന് ഈ വ്യാജ നിവേദനത്തിൽ ഉള്ളത്. സൗന്ദര്യത്തിന് ഒരു കോട്ടവും ഇല്ലെന്ന് ഉറപ്പു നൽകുകയും, വിവാഹത്തിന് ശേഷം വെള്ളപ്പാണ്ടു കാണുകയും ചെയ്യുക എന്നത് ഒരു വഞ്ചനയാണ്. ഇത് വിവാഹ കരാറിൻ്റെ ലംഘനമാണ്. ഇത്തരം വിശ്വാസ വഞ്ചനയുടെ സാഹചര്യത്തിൽ നമ്മളും സ്വീകരിച്ചേക്കാവുന്ന സ്വാഭാവികമായ പ്രതികരണമാണ് വിവാഹമോചനം.

b) “അറബികളിലെ ഏറ്റവും സുന്ദരിയായ വിധവയെ താങ്കൾക്ക് വിവാഹം കഴിപ്പിച്ചു തരട്ടെ?” എന്നാണ് ഈ വിവാഹാലോചന കൊണ്ടു വന്ന വ്യക്തി പറഞ്ഞത്. “അറബികളിലെ ഏറ്റവും സുന്ദരിയെ താങ്കൾക്ക് വിവാഹം കഴിപ്പിച്ചു തരട്ടെ?” എന്നല്ല. എന്തിനാണ് സുന്ദരിയായ “വിധവ”യെ തന്നെ നബിക്ക് (സ) വിവാഹാലോചനയായി കൊണ്ടു വരണം. ആ നാട്ടിലെ കന്യകകളും സുന്ദരികളുമായ ഒട്ടനവധി സ്ത്രീകളെ വിവാഹം കഴിക്കാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. അദ്ദേഹത്തിൻ്റെ അനുചരന്മാർ സകലരും തങ്ങളുടെ കന്യകകളും സുന്ദരികളുമായ മക്കളെ അദ്ദേഹത്തിന് വിവാഹം ചെയ്തു കൊടുക്കാൻ ഒരുക്കവുമായിരിക്കും. എന്നിട്ടും പ്രവാചകനെന്തിന് വിധവകളും വൃദ്ധകളും അശരണരുമായ സ്ത്രീകളെ തന്നെ വിവാഹം ചെയ്തു?! “വിധവകൾക്കും അഗതികൾക്കും വേണ്ടി പണി എടുക്കുന്നവൻ അല്ലാഹുവിൻ്റെ മാർഗത്തിൽ ധർമ്മ സമരത്തിൽ ഏർപ്പെടുന്നവനെ പോലെയാണ് ” (സ്വഹീഹുൽ ബുഖാരി: 6006) എന്ന് പറയുക മാത്രമല്ല, ജീവിതം കൊണ്ട് പ്രാവർത്തികമാക്കുക കൂടി ചെയ്ത വ്യക്തിയാണ് പ്രവാചകൻ (സ) എന്ന് മാത്രമാണ് ഇത് തെളിയിക്കുന്നത്.

b) വിധവകളെയും അനാഥകളെയും അശരണരെയും വിവാഹം ചെയ്ത വ്യക്തി വെള്ളപ്പാണ്ടുള്ള സ്ത്രീകളെ വിവാഹം ചെയ്യണമെന്ന് വല്ല നിർബന്ധവും ഉണ്ടോ? ഞാൻ ദരിദ്രയും വിധവയുമായ ഒരു സ്ത്രീയോടുള്ള അനുകമ്പയാൽ അവരെ വിവാഹം ചെയ്തു എന്ന് കരുതുക. എൻ്റെ അനുകമ്പ ആത്മാർത്ഥമാണെന്ന് തെളിയാൻ ഞാൻ വെള്ളപ്പാണ്ടുള്ള സ്ത്രീയെ വിവാഹം കഴിക്കണമെന്നുണ്ടോ? ഇനി ഒരു വെള്ളപ്പാണ്ടുള്ള സ്ത്രീയോടുള്ള അനുകമ്പയാൽ അവരെ വിവാഹം ചെയ്തു എന്ന് കരുതുക. എൻ്റെ അനുകമ്പ ആത്മാർത്ഥമാണെന്ന് തെളിയാൻ ഞാൻ ഒരു അന്ധയായ സ്ത്രീയെ വിവാഹം ചെയ്യണമെന്നുണ്ടൊ ?! ഇനി ഞാൻ അന്ധയായ സ്ത്രീയോടുള്ള അനുകമ്പയാൽ അവരെ വിവാഹം ചെയ്തു എന്ന് കരുതുക. എൻ്റെ അനുകമ്പ ആത്മാർത്ഥമാണെന്ന് തെളിയാൻ ഞാൻ ഒരു ബുദ്ധിമാന്ദ്യം ഉള്ള സ്ത്രീയെ വിവാഹം കഴിക്കണം എന്ന് ആരെങ്കിലും വിമർശിച്ചാൽ എനിക്ക് അനുകമ്പ ഇല്ലെന്ന് ആവുമൊ ? എവിടെയാണ് അനുകമ്പാ വിവാഹത്തിൻ്റെ പരിധി ? ഒരു വിവാഹത്തിൽ അൽപ്പമെങ്കിലും അനുകമ്പയെ അടിസ്ഥാനപ്പെടുത്തി ഇണയെ തിരഞ്ഞെടുത്ത വ്യക്തി, ലോകത്ത് ഏത് രൂപത്തിലും അവസ്ഥയിലുമുള്ള സ്ത്രീയെയും വിവാഹം ചെയ്യാൻ തയ്യാറായെ മതിയാവു, അല്ലെങ്കിൽ അയാൾ കാമപൂർത്തീകരണത്തിന് വേണ്ടി വിവാഹം ചെയ്ത വ്യക്തിയാണ് !? അയാളുടെ അനുകമ്പ കപടമാണ് !? വിവാഹത്തിൽ സൗന്ദര്യം പരിഗണിച്ചാൽ പിന്നെ പറയുകയെ വേണ്ട ! അയാളുടെ വിവാഹ പ്രചോദനം കാമവെറി മാത്രമാണ് !! അനുകമ്പ അസാധുവാണ് !!! വെറുപ്പു സൃഷ്ടിക്കുന്ന ന്യായവൈകല്യവും നീതി നിരാസവും മാത്രമാണ് ഈ നബി വിമർശനം.

ആരെ വിവാഹം കഴിക്കണമെന്നത് ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. വിവാഹം ചെയ്യുന്ന വ്യക്തിയോട് അനുകമ്പ പുലർത്തിയാൽ മാത്രം പോര. അവരോടൊപ്പം മരണം വരെ ജീവിക്കണം. ലൈംഗിക- ആനുരാഗിക ബന്ധത്തിൽ ഏർപ്പെടണം. അപ്പോൾ അത്തരമൊരു ബന്ധ രൂപീകരണത്തിൽ അനുകമ്പക്ക് പരിധി നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തിനിഷ്ഠമായ അവകാശമാണ്. ഇത്ര പരിധി വരെ പോകാം, അതിനപ്പുറമുള്ള വിവാഹങ്ങൾ സാധിക്കില്ല എന്ന് തിരഞ്ഞെടുക്കാനുള്ള തീരുമാനം സാമാന്യ ന്യായവും നീതിയുമാണ്. വിധവയെ വിവാഹം ചെയ്യാനുള്ള അനുകമ്പയുണ്ടെങ്കിലും അൽപ്പം ഭംഗിയും വേണം, എന്നേക്കാൾ പ്രായമുള്ള നിരാലംബയായ സ്ത്രീയെ ദയാവായ്‌പ്പോടെ ഞാൻ വിവാഹം ചെയ്യാം. പക്ഷെ അവർ വിരൂപയാവരുത് എന്ന് തീരുമാനിച്ചാൽ എൻ്റെ ത്യാഗം അസാധുവാകുമൊ? തീർച്ചയായും ഇല്ല. കാരണം ദാമ്പത്യ ജീവിതം സന്തുഷ്ടമാവണമെങ്കിൽ ഇണയോട് കാരുണ്യം മാത്രം പോര. സ്നേഹവും പ്രേമവും ഉണ്ടാവണം. അതിന്, സ്വന്തം സൗന്ദര്യ സങ്കൽപ്പത്തിനോട് അൽപ്പമെങ്കിലും അടുത്ത ഇണയെ തിരഞ്ഞെടുക്കൽ അനിവാര്യമാണ്. അതു കൊണ്ടാണ് നമ്മളെല്ലാവരും വിവാഹ വേളയിൽ ഭംഗി നോക്കുന്നതും പെണ്ണ് കാണുന്നതും. അവയെ കാമവൽക്കരിക്കുന്നവർ സ്വന്തം വിവാഹം കാമത്തിൽ അധിഷ്ഠിതമായിരുന്നൊ എന്ന് പരിശോധിച്ചാൽ മതി. ഈ പൊതു നീതി മുഹമ്മദ് നബിയുടെ വിവാഹ കാര്യത്തിലും പുലർത്തേണ്ടതല്ലെ?!

ഉമ്മു ഹാനിഇനെ വിവാഹം കഴിക്കാൻ മുഹമ്മദ് നബി പല തവണ ശ്രമിച്ചിട്ടും നടന്നില്ലല്ലൊ. ഉമ്മു ഹാനിഇനെ പ്രേമിച്ച്, അവരുടെ പിന്നിൽ വിവാഹാലോചനയുമായി നടന്ന് കുഴഞ്ഞ, മുഹമ്മദ് നബിയോടുള്ള വെറുപ്പ് കാരണം ഉമ്മു ഹാനിഉം അവരുടെ പിതാവും പലപല കാരണങ്ങൾ പറഞ്ഞ്, വിവാഹാലോചനകൾ തിരസ്കരിക്കുകയായിരുന്നില്ലെ?

മറുപടി:

പ്രവാചകത്വത്തിന് മുമ്പ്, ഇസ്‌ലാമിൻ്റെ ആവിർഭാവത്തിന് മുമ്പ് നിലനിന്നിരുന്ന ജാഹിലി കാലഘട്ടത്തിൽ, മുഹമ്മദ് നബി (സ), തൻ്റെ പിതൃവ്യനായ അബൂ ത്വാലിബിൻ്റെ മകൾ, ഉമ്മു ഹാനിഇനെ, വിവാഹമന്വേഷിക്കുകയുണ്ടായി. പക്ഷെ പിതൃവ്യൻ അബൂ ത്വാലിബ്, മകളെ ഹുബൈറത്തിബ്നു അബൂ വഹ്ബ് എന്ന വ്യക്തിക്ക് വിവാഹം കഴിപ്പിച്ചു.*

ഇങ്ങനെ ഒരു കഥ പല സീറ: ഗ്രന്ഥങ്ങളിലും എഴുതപ്പെട്ടിട്ടുണ്ടെങ്കിലും തീർത്തും ദുർബലമായ നിവേദക പരമ്പരയോടെയുള്ള കള്ളകഥ മാത്രമാണിത്.

1. ഇബ്നു സഅ്ദിൻ്റെ ത്വബകാത്തിൽ (8:120) ഈ കഥ ഉദ്ധരിച്ചിരിക്കുന്നത് താഴെ പറയുന്ന സനദി (നിവേദക പരമ്പര) ലൂടെയാണ്:

أَخْبَرَنَا هِشَامُ بْنُ مُحَمَّدِ بْنِ السَّائِبِ الْكَلْبِيُّ عَنْ أَبِيهِ عَنْ أَبِي صَالِحٍ عَنِ ابْنِ عَبَّاسٍ قَالَ:

2. ഹാഫിദ് ഇബ്നു ഹജ്ർ തൻ്റെ “ഇസ്വാബ “യിലും (8/ 317) സമാനമായ സനദ് (നിവേദക പരമ്പര) ലൂടെയാണ് കഥ ഉദ്ധരിച്ചിരിക്കുന്നത്:

من طريق ابن الكلبي عن أبيه عن أبي صالح عن ابن عباس .

3. സമാനമായ മറ്റൊരു സനദോടെ

حدثنا أَبو كريب، قال: ثنا عبد الله بن موسى، عن إسرائيل، عن السدي، عن أَبي صالح، عن أم هانئ

ചില ക്വുർആൻ വ്യഖ്യാതാക്കൾ ഉദ്ധരിച്ചിട്ടുണ്ട്.

، قالت: خطبني النبي صَلَّى الله عَلَيْهِ وَسَلَّم فاعتذرت له بعذري، ثم أنـزل الله عليه ( إِنَّا أَحْلَلْنَا لَكَ أَزْوَاجَكَ اللاتِي آتَيْتَ أُجُورَهُنَّ …) إلى قوله ( اللاتِي هَاجَرْنَ مَعَكَ ) قالت: فلم أُحل له؛ لم أهاجر معه، كنت من الطلقاء.

“നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരന്റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു.” (ക്വുർആൻ: 33:50) എന്ന വചനം അവതരിപ്പിക്കപ്പെട്ടപ്പോൾ പ്രവാചകൻ (സ) എന്നെ വിവാഹമന്വേഷിക്കുകയുണ്ടായി. ഞാൻ പ്രവാചകനോടൊപ്പം സ്വദേശം വിട്ടുപോന്നവരിൽ (ഹിജ്റ ചെയ്തവരിൽ) പെട്ടവളല്ല എന്നത് കൊണ്ട് എനിക്ക് ആ വിവാഹം അനുവദനീയമല്ല എന്ന് ഞാൻ പ്രതികരിച്ചു എന്ന് ഉമ്മു ഹാനിഅ് പറഞ്ഞതായാണ് കഥ. ഈ കഥയും കള്ള കഥയാണ്. പരമ്പര പ്രശ്ന കലുഷിതമാണ്.

ഈ മൂന്ന് നിവേദക പരമ്പരയുടെയും ദുരവസ്ഥ നമ്മുക്കൊന്ന് പരിശോധിക്കാം:

ഈ നിവേദക പരമ്പര തീർത്തും തകർന്നതാണ്. പരമ്പരയിലെ ഒരു നിവേദകനായ ഹിശാം “കളവു പറയുന്നവ” (മത്റൂക് متروك) നെന്ന് ആരോപിക്കപ്പെട്ടിരിക്കുന്നു.

അഹ്‌മദിബ്നു ഹമ്പൽ പറഞ്ഞു: ഹിശാം കഥകളിലും സൊറകളിലും കുടുംബ പരമ്പരയിലുമൊക്കെ മുഴുകിയ ഒരു വ്യക്തി മാത്രമായിരുന്നു. അയാളിൽ നിന്നും ആരും ഹദീസ് ഉദ്ധരിക്കുകയൊ പഠിക്കുകയൊ ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല.

ദാറകുത്നിയും സമശീർഷരായ പല ഹദീസ് നിദാന ശാസ്ത്രജ്ഞരും പറയുന്നത്: ഹിശാം കളവു പറയുന്നവനാണ് എന്നാണ്.

ചരിത്രകാരനായ ഇബ്നു അസാകിർ പറഞ്ഞു: ഇസ്‌ലാമിൽ നിന്ന് പിഴച്ചു പോയ റാഫിദിയാണ് ഹിശാം. അയാൾ വിശ്വസ്തനല്ല. (ലിസാനുൽ മീസാൻ: 6:196)

ഇനി ഹിശാമിൻ്റെ പിതാവും, ഈ കഥയുടെ കാഥികരിൽ മറ്റൊരാളുമായ മുഹമ്മദിബ്നു സാഇബ് അൽ കൽബിയെ എടുക്കാം.

അയാളും കളവു പറയുന്നവനാണെന്ന് അഭിപ്രായം നിലനിൽക്കുന്നു. വിശിഷ്യാ അയാൾ അബൂ സ്വാലിഹ് എന്ന നിവേദകനിൽ നിന്ന് ഉദ്ധരിച്ചാൽ അത് കള്ള കഥയാണെന്നതിൽ സംശയമില്ല.

സുഫ്‌യാൻ പറഞ്ഞു: ഒരിക്കൽ കൽബി തന്നെ എന്നോട് ഇപ്രകാരം പറയുകയുണ്ടായി: അബൂ സ്വാലിഹിൽ നിന്നും ഞാൻ ഉദ്ധരിക്കുന്നതെല്ലാം നുണയാണ്.

അഹ്‌മദിബ്നു സുഹൈർ പറഞ്ഞു: ഞാൻ അഹ്‌മദിബ്നു ഹമ്പലിനോട് ചോദിച്ചു: കൽബിയുടെ ക്വുർആൻ വ്യാഖ്യാനം പഠിക്കൽ അനുവദനീയമാണൊ. അദ്ദേഹം അല്ലെന്ന് പറഞ്ഞു.

ഇബ്നു ഹിബ്ബാൻ പറഞ്ഞു: അയാളുടെ മതപരമായ അഭിപ്രായങ്ങളിൽ ഉൾകൊള്ളുന്ന വ്യക്തമായ കളവുകൾ കൂടുതലൊന്നും വർണിക്കാതെ തന്നെ ഏതൊരാൾക്കും വ്യക്തമാവുന്ന കാര്യമാണ്. അബൂ സ്വാലിഹ്, പ്രവാചകാനുചരൻ ഇബ്നു അബ്ബാസിൽ നിന്ന് എന്ന് പറഞ്ഞ് പല ക്വുർആൻ വ്യാഖ്യാനങ്ങളും ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ അവയൊന്നും ഇബ്നു അബ്ബാസിൽ നിന്നല്ല. ഇനി കൽബി അബൂ സ്വാലിഹിൽ നിന്ന് കേട്ട ഒരൊറ്റ പദം പോലും ഗ്രന്ഥത്തിൽ എഴുതി വെക്കൽ പോലും അനുവദനീയമല്ല. പിന്നെ എങ്ങനെ അത്തരം കഥകൾ തെളിവിന് കൊള്ളും?! (മീസാനുൽ ഇഅ്തിദാൽ: 3:557-559)

ഇതാണ് ഇത്തരം കള്ള കഥകളുടെ അവസ്ഥ.

ഉമ്മു ഹാനിഇൻ്റെ വിവാഹാന്വേഷണവുമായി ബന്ധപ്പെട്ട് ഒരൊറ്റ നിവേദനം മാത്രമെ സ്വഹീഹ് (സ്വീകാര്യയോഗ്യമായി) ഉദ്ധരിക്കപ്പെട്ടിട്ടുള്ളു. ആ നിവേദനത്തിൻ്റെ ആകത്തുക ഇപ്രകാരമാണ്:

അബൂ ഹുറൈറ (റ) പറയുന്നു. പ്രവാചകൻ (സ) ഉമ്മു ഹാനിഇനെ വിവാഹമന്വേഷിക്കുകയുണ്ടായി. അപ്പോൾ അവർ പറഞ്ഞു: അല്ലാഹുവിൻ്റെ ദൂതരെ, ഞാൻ വൃദ്ധയായി, എനിക്ക് ഒരുപാട് പ്രാരാബ്ദങ്ങളുമുണ്ട്. (അപ്പോൾ എന്നെ വിവാഹം ചെയ്യുന്നത് താങ്കളെ ഞാൻ ദ്രോഹിക്കുന്നതിന് തുല്യമാവും)… (സ്വഹീഹു മുസ്‌ലിം: 2527)

തൻ്റെ പ്രിയ പിതൃവ്യൻ്റെ പുത്രി, വൈധവ്യത്താലും വാർധക്യത്താലും പ്രാരാബ്ദത്താലും വലയുമ്പോൾ വിവാഹത്തിലൂടെ അവരുടെ എല്ലാ ബാധ്യതയും ഏറ്റെടുത്ത് സമാശ്വസിപ്പിക്കാനാണ് പ്രവാചകൻ (സ) ഉദ്ദേശിച്ചത്. പിതൃവ്യൻ്റെ പുത്രനായ അലിയെ വളർത്തിയതും പ്രവാചകനായിരുന്നു എന്ന് ഓർക്കുക. പ്രവാചകൻ്റെ (സ) വീട്ടിലായിരുന്നു അലി (റ) വളർന്നത്. വിധവയും പ്രാരാബ്ദക്കാരിയുമായ പിതൃവ്യൻ്റെ പുത്രി, ഉമ്മു ഹാനിഇനെയും സഹായിക്കുക എന്നത് സ്വാഭാവികമായ ഒരു പ്രതികരണം മാത്രമാണ്. പക്ഷെ വിവാഹ ബന്ധം അനുവദനീയമായ, ഒരു സ്ത്രീ ആയത് കൊണ്ട് തന്നെ അലിയെ (റ) സ്വീകരിച്ചതു പോലെ, അലിയുടെ സഹോദരി ഉമ്മു ഹാനിഇനെ സ്വീകരിക്കാൻ പാടില്ലല്ലൊ. അപ്പോൾ വിവാഹത്തിലൂടെ ഇടപഴകലിലെ പ്രയാസങ്ങൾ ഇല്ലാതാവുന്നു. സ്നേഹബന്ധങ്ങൾ രൂഢമൂലമാകുന്നു. പക്ഷെ വൃദ്ധയും പ്രാരാബ്ദക്കാരിയുമായ ഉമ്മു ഹാനിഇന് പ്രവാചകനെ (സ) പ്രയാസപ്പെടുത്താൻ മനസ്സു വന്നിരുന്നില്ല. അത്രമേൽ പ്രവാചകനെ അവർ സ്നേഹിച്ചിരുന്നു. മറ്റു വല്ല സ്ത്രീകളുമായിരുന്നെങ്കിൽ പ്രവാചകൻ്റെ (സ) പ്രയാസത്തെ കുറിച്ച് ഓർക്കാതെ സ്വന്തം നേട്ടത്തെ കുറിച്ച് ചിന്തിച്ച് കല്യാണത്തിന് ഒരുങ്ങുമായിരുന്നു എന്നെല്ലാം ഇമാം ഇറാക്വി വ്യക്തമാക്കുന്നുണ്ട്. (ത്വർഹു തസ്‌രീബ്: 7:15)

ചുരുക്കത്തിൽ ഒരൊറ്റ തവണയാണ് മുഹമ്മദ് നബി (സ) ഉമ്മു ഹാനിഇനെ വിവാഹമന്വേഷിച്ചത്. അപ്പോൾ അവരുടെ പിന്നിൽ വിവാഹാലോചനയുമായി നടന്ന് അദ്ദേഹം കുഴഞ്ഞു എന്നത് കള്ളമാണ്. വാർദ്ധക്യത്തിലാണ് ആ വിവാഹാലോചന പ്രവാചകൻ (സ) നടത്തുന്നത്. അപ്പോൾ ഉമ്മു ഹാനിഇനെ പ്രവാചകൻ (സ) പ്രേമിച്ചു എന്നത് നുണ. മുഹമ്മദ് നബിയോടുള്ള വെറുപ്പ് കാരണം ഉമ്മു ഹാനിഉം അവരുടെ പിതാവും പലപല കാരണങ്ങൾ പറഞ്ഞ്, വിവാഹാലോചനകൾ തിരസ്കരിക്കുകയുണ്ടായി എന്നതും കളവാണ്. ഉമ്മു ഹാനിഅ്, വിവാഹാഭ്യർത്ഥന നിരസിച്ചത് പ്രവാചകൻ തന്നെ കൊണ്ട് കഷ്ടപ്പെടരുത് എന്ന് സ്നേഹ പ്രചോദിതയായാണ്. ഉമ്മു ഹാനിഇൻ്റെ പിതാവിനോടാകട്ടെ പ്രവാചകൻ (സ) വിവാഹാലോചനയുമായി ചെന്നിട്ടു പോലുമില്ല !

*ഇതൊരു കള്ള കഥയാണെങ്കിലും, ഈ കഥയിൽ വിമർശകർ സാധാരണയായി നടത്തുന്ന ഒരു ദുർവ്യാഖ്യാനം ഇവിടെ ശ്രദ്ധയിൽ പെടുത്തട്ടെ.

ഉമ്മു ഹാനിഇനെ, ഹുബൈറക്ക് വിവാഹം ചെയ്തു കൊടുത്തപ്പോൾ മുഹമ്മദ് നബി (സ), അബൂ ത്വാലിബിനോട് ചോദിച്ചത്രെ:

يا عم زوجت هبيرة وتركتني؟

“അല്ലയോ എളാപ്പാ, താങ്കൾ ഉമ്മു ഹാനിഇനെ എനിക്ക് വിവാഹം ചെയ്തു തരാതെ ഹുബൈറക്ക് വിവാഹം ചെയ്തു കൊടുക്കുകയാണൊ?”

ഈ ചോദ്യത്തിന് പിതൃവ്യൻ അബൂ ത്വാലിബ് പറഞ്ഞ മറുപടിയുടെ ഇംഗ്ലീഷ് പരിഭാഷയിലൂടെയാണ് ഈ കൃത്രിമം. Noble is for Noble. “മാന്യർക്കാണ് മാന്യരെ വിവാഹം ചെയ്തു കൊടുക്കുക” എന്നാണ് അബൂ ത്വാലിബ് പറഞ്ഞത്. അഥവാ മുഹമ്മദ് നബി, ഒരു നീചനും മാന്യതയില്ലാത്തവനുമാണ് എന്നാണ് അബൂ ത്വാലിബിൻ്റെ അഭിപ്രായം എന്നാണ് കണ്ടെത്തൽ. എന്നിട്ടാണൊ, മുഹമ്മദ് നബിയെ അബൂ ത്വാലിബ് സ്വന്തം ഗോത്രക്കാരിൽ നിന്ന് സംരക്ഷിച്ചത്. സ്വന്തം മകനായ അലിയെ വളർത്താനായി അദ്ദേഹത്തെ ഏൽപ്പിച്ചത്.

അബൂ ത്വാലിബ് പറഞ്ഞതായി പ്രസ്തുത കഥയിലുള്ളത് എന്താണെന്ന് മൂലസ്രോതസ്സിൽ നിന്ന് തന്നെ നോക്കാം:

يا ابن أَخِي إِنَّا قَدْ صَاهَرْنَا إِلَيْهِمْ، وَالْكَرِيمُ يُكَافِئُ الْكَرِيمَ. “എൻ്റെ സഹോദര പുത്രാ, നാം ഹുബൈറയുടെ കുടുംബത്തിൽ നിന്നും വിവാഹം ചെയ്തിട്ടുണ്ടല്ലൊ. മാന്യർ മാന്യരോട് തുല്യ രീതിയിൽ വർത്തിക്കണ്ടെ?”

അഥവാ, മുഹമ്മദ് നബിയുടെയും പിതൃവ്യൻ അബൂ ത്വാലിബിൻ്റെയും കുടുംബമായ ഹാശിം കുടുംബത്തിലെ പല പുരുഷൻമാരും ഹുബൈറയുടെ കുടുംബമായ ബനൂ മഖ്സൂം ഗോത്രത്തിൽ നിന്നും വിവാഹം ചെയ്തിട്ടുണ്ട്. നമ്മൾ മാന്യരും കുലീനരുമാണല്ലൊ. അതു കൊണ്ട് തന്നെ ബനൂ മഖ്സൂമുകാർ നമ്മളുടെ പെൺകുട്ടികളെ വിവാഹം കഴിക്കാൻ അന്വേഷിക്കുമ്പോൾ തുല്യമായി പ്രതികരിക്കേണ്ടതില്ലെ? അവർ അവരുടെ പെൺമക്കളെ നമ്മുക്ക് വിവാഹം ചെയ്തു തന്നത് പോലെ നാം അവർക്ക് നമ്മുടെ പെൺമക്കളെ വിവാഹം ചെയ്യാൻ തയ്യാറാവേണ്ടതില്ലേ? “മാന്യർ മാന്യരോട് തുല്യ രീതിയിൽ വർത്തിക്കണ്ടെ?” ഇതാണ് അബൂത്വാലിബ് പറഞ്ഞ മറുപടി. ഇവിടെ മുഹമ്മദ് നബിയടക്കം ഹാശിം കുടുംബത്തിലെ സർവ്വരും മാന്യരും കുലീനരുമാണ് എന്നാണ് അബൂത്വാലിബ് വിശ്വസിക്കുന്നത് എന്ന് വ്യക്തമാവുന്നു. നേരെ വിരുദ്ധമായ അർത്ഥമാണ് വിമർശകർ ഈ വാചകത്തിന് ചാർത്തുന്നത്. കള്ളകഥയിലും കള്ളത്തരം കാണിക്കേണ്ടി വരുന്ന ഗതികേട്!

വിമർശനം:

“പരിപൂർണ്ണതയിലെത്താത്ത മറ്റു ഡിവോഴ്സുകൾ”

ഉമ്രാ ബിൻത് റിഫാ… മേൽ പറഞ്ഞ റിഫയുടെ സഹോദരി…. (ഇബ്നു സാദ് 8: 107)

മറുപടി:

ഈ നാമത്തിലുള്ള ഒരു സ്ത്രീയെ സംബന്ധിച്ച വിവാഹ കഥ ഈയുള്ളവന്റെ പരിശോധനയിൽ എവിടെയും കണ്ടെത്താൻ കഴിഞ്ഞില്ല. കിട്ടിയ പേര് വെച്ച് ഒരു സാങ്കൽപിക ഭാര്യയെ ഭാവനാത്മകമായി രൂപകൽപ്പന ചെയ്തെടുത്തതാവാം. അങ്ങനെയാണെങ്കിൽ ഭൗതികവാദികളെ സംബന്ധിച്ച് അത് ഒരു അത്ഭുതമൊ പുതിയതൊ അല്ല.

വിമർശനം:

ബിൻത് ജുദൂബ് ഇബ്ന് ദാമ്രാ ഓഫ് ജൻദ്രാ…. കെട്ടി … ഒഴിവാക്കി..(ഇബ്നു സാദ് 8: 106)

മറുപടി:

ജന്ദഇയ്യ ഇബ്നതു ജുന്ദുബ് ഇബ്നു ദംറയെ നബി (സ) വിവാഹം അന്വേഷിച്ചു എന്നത് പോലും സ്ഥിരപ്പെട്ടിട്ടില്ല.

ഇബ്നു സഅ്ദ് തന്റെ ത്വബകാത്തിൽ കഥ ഉദ്ധരിച്ച നിവേദക പരമ്പരകൾ രണ്ടും കണ്ണി മുറിഞ്ഞതും ദുർബലരായ നിവേദകരാൽ നിർഭരവുമാണ്. എല്ലാം ഉദ്ധരിക്കുന്നത് മുഹമ്മദ് ഇബ്നു ഉമർ ആണ്:

أخبرنا محمد بن عمر قال حدثني محمد بن عبد الله عن الزهري مثل ذلك بنت جندب ابن ضمرة الجندعي أخبرنا محمد بن عمر حدثني عبد الله بن جعفر عن يزيد بن بكر أن رسول الله صلى الله عليه وسلم تزوج بنت جندب بن ضمرة الجندعي

മുമ്പത്തെ ലേഖനങ്ങളിൽ വിശദീകരിച്ചതു പോലെ മുഹമ്മദ് ഇബ്നു ഉമർ ദുർബലനാണ്. എന്ന് മാത്രമല്ല ഈ കഥ ഉദ്ധരിച്ച മുഹമ്മദ് ഇബ്നു ഉമർ തന്നെ ഈ കഥ കെട്ടുകഥയാണെന്നും നബി (സ) ഒരു കിനാന ഗോത്രക്കാരിയെയും ഒരിക്കലും വിവാഹം ചെയ്തിട്ടില്ലെന്നും പറയുന്ന നിവേദനവും ഇബ്നു സഅ്ദിന്റെ ത്വബക്കാത്തിൽ (8:149), കഥയുടെ തൊട്ട് താഴെയുണ്ടെങ്കിലും നാസ്തികർ അത് കണ്ട മട്ടില്ല.

قال محمد بن عمر وأصحابنا ينكرون ذلك ويقولون لم يتزوج رسول الله صلى الله عليه وسلم كنانية قط

വിമർശനം:

ജാമ്രാ ബിൻത് അൽ ഹരിത്…. മുഹമ്മദ് വിഹാഹ കരാറിൽ ഒപ്പിട്ട ശേഷം അറിഞ്ഞു അവൾക്ക് രോഗമുണ്ട് എന്ന്… ഒഴിവാക്കി (തബാരി v9, P 140- 141)

മറുപടി:

‘വിവാഹ കരാർ ചെയ്തു’, ‘വിവാഹ കരാറിൽ ഒപ്പിട്ടു’ എന്നൊക്കെ എല്ലാ കഥകളിലും നാസ്തികർ ആവർത്തിച്ചു കൊണ്ടിരിക്കുന്ന പദങ്ങൾ മിഷണറി പരിഭാഷകളിൽ നിന്ന് കടമെടുത്തവയാണ്. അറബിയിൽ ഖത്വബ (خطب) അഥവാ വിവാഹം അന്വേഷിച്ചു എന്നെയുള്ളു. അതിൽ ഒരു പഞ്ച് പോരാത്തതു കൊണ്ടും നബിയെ(സ) ഒരു കരാർ ലംഘകനാക്കാനും വേണ്ടിയാണ് ഈ പദങ്ങളിലെ ബോധപൂർവ്വമുള്ള തിരിമറികൾ. ഏതായാലും കഥ എല്ലായ്‌പ്പോഴും പോലെ വ്യാജമാണ്. സനദു പോലുമില്ലാത്ത രണ്ട് വരി!!. (താരീഖുത്വബ്‌രി: 3: 169)

വിമർശനം:

അൽ ഷാൻബാ ബിൻത് അമ്ര്… പ്രവാചകനല്ല എന്ന് ആദ്യ ദിവസം തന്നെ കളിയാക്കിയത് കൊണ്ട് ഒഴിവാക്കി (തബാരി 9, P 136)

മറുപടി:

ശൻബാഅ് ബിൻത് ഉമർ അൽ ഗിഫാരി. കഥ ഇപ്രകാരമാണ്:

ശൻബാഅ്നെ പ്രവാചകൻ (സ) വിവാഹം ചെയ്ത ആദ്യ രാത്രി അദ്ദേഹത്തിന്റെ പുത്രൻ ഇബ്രാഹിം മരണപ്പെട്ടു. അപ്പോൾ ശൻബാഅ് പറഞ്ഞു: അദ്ദേഹം പ്രവാചകനായിരുന്നെങ്കിൽ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടവർ എന്തുകൊണ്ട് മരണപ്പെട്ടു? ഇസ്‌ലാമിക പാഠങ്ങൾ തീരെ അറിവില്ലാത്തതിനാലും ദുർബല വിശ്വാസി ആയതിനാലും പ്രതിസന്ധി ഘട്ടത്തിൽ തന്നെ ആശ്വസിപ്പിക്കാനുള്ള പക്വത ഇല്ലാത്തതിനാലുമെല്ലാമാവാം നബി (സ) അവരെ വിവാഹ മോചനം ചെയ്തത് എന്ന് അനുമാനിക്കാം. പക്ഷെ നാസ്തികൻ സ്വന്തം വക കാരണം കണ്ടെത്തി.

“പ്രവാചകനല്ല എന്ന് ആദ്യ ദിവസം തന്നെ ‘കളിയാക്കിയതിനാൽ’ ഒഴിവാക്കി”

ഒരു തമാശ പറഞ്ഞതിന് ഒഴിവാക്കി എന്ന് വരുത്തി തീർത്തു. മകൻ മരിച്ച കാര്യം സൂചിപ്പിച്ചുമില്ല. അതിന് മറ്റൊരു കാരണം കൂടി ഉണ്ട്. “മുഹമ്മദിന്റെ പെണ്ണുങ്ങൾ” എന്ന ലേഖനത്തിന്റെ അവസാനത്തിൽ “ഇത്രയൊക്കെയായിട്ടും മുഹമ്മദിന് കുട്ടികളില്ല” എന്ന ഒരു കല്ലുവെച്ച നുണ പറഞ്ഞാണ് ലേഖനം അവസാനിപ്പിക്കുന്നത്. അപ്പോൾ പിന്നെ നിവേദനം മുഴുവനായും ഉദ്ധരിക്കാൻ കഴിയില്ലല്ലൊ.

ഏതായാലും ഈ നിവേദനവും വ്യാജമാണ്. സനദ് (നിവേദക പരമ്പര) പോലും കഥയ്ക്കില്ല.

വിമർശനം:

“പരിപൂർണ്ണതയിലെത്താത്ത മറ്റു ഡിവോഴ്സുകൾ”

സനാ അൽ-നഷാത്ത് ബിൻത് റിഫാ… മുഹമ്മദിന്റെ ഒരു സാദാ പടയാളിയുടെ മകൾ… സ്ഥാനക്കയറ്റത്തിന് വേണ്ടി മുഹമ്മദിന് മകളെ വിവാഹം ചെയ്തു കൊടുത്തു… മുഹമ്മദ് കരാറിൽ ഒപ്പിട്ട ശേഷം മരിച്ചു (ആത്മഹത്യയാവാം) (അൽ തബാരി v9, P 135-136, അൽ തബാരി v 39 P 166)

(മുഹമ്മദിന്റെ പെണ്ണുങ്ങൾ: നാസ്‌തിക സോഷ്യൽ മീഡിയ തെറിമാല)

മറുപടി:

നാസ്‌തിക സോഷ്യൽ മീഡിയ തെറിമാലകളിൽ ഒന്നായ “മുഹമ്മദിന്റെ പെണ്ണുങ്ങൾ” എന്ന കുറിപ്പിൽ നിന്നുള്ള ചില വരികളെയാണ് നാം തുടർച്ചയായി നിരൂപണം ചെയ്‌തു കൊണ്ടിരിക്കുന്ന്. മുമ്പ് സൂചിപ്പിച്ചതു പോലെ, സ്ത്രീവിമോചകനായ നബിയെ (സ), സ്ത്രീ പീഢകനും ലമ്പടനുമായി പ്രചരിപ്പിക്കാൻ വേണ്ടി കല്ലുവച്ച നുണകളും, അർദ്ധ സത്യങ്ങളും, ദുർവ്യാഖ്യാനങ്ങളും, വൈരുദ്ധ്യങ്ങളും കൂട്ടി കുഴച്ചുണ്ടാക്കിയ വിധ്വേഷ കഷായമാണ് ലേഖനം.

ആരോപണ വിധേയമായ വിഷയത്തിലേക്ക് കടന്നു വരാം…

സനാഅ് ബിൻത്ത് സ്വൽത്, നഷാത്ത് ബിൻത് രിഫാഅ എന്നിങ്ങനെ രണ്ട് സ്ത്രീകളുടെ നാമങ്ങൾ കൂട്ടിയോജിപ്പിച്ച് നാസ്‌തികരുണ്ടാക്കിയ ഒരു പുതിയ ഭാര്യയാണ് “സനാ അൽ-നഷാത്ത് ബിൻത് റിഫാ… ” !!

ഇതിനൊരു കാരണമുണ്ട്. ഇത് രണ്ടും രണ്ട് സ്ത്രീകളാണൊ ? അതൊ ഒരു സ്ത്രീയെ തന്നെ ഉദ്ദേശിച്ച് രണ്ട് പേര് പറയപ്പെട്ടതാണൊ ? എന്നതിലൊന്നും ആർക്കും ഒരു നിശ്ചയവുമില്ല. ഇങ്ങനെയൊരു സ്ത്രീയുണ്ടൊ എന്നതിന് തന്നെ കൃത്യമായ തെളിവൊന്നും ഇല്ല എന്നത് മറ്റൊരു വസ്തുത.

ഇവരുടെ നാമത്തിലൊ അസ്തിത്വത്തിലൊ യാതൊരു തീർച്ചയുമില്ല എന്ന് നിവേദനം ഉദ്ധരിച്ച ത്വബ്‌രി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. (താരീഖു ത്വബ്‌രി: 2: 416)

ഇനി, നിവേദനത്തിന്റെ പരമ്പരകളിലേക്ക് വരാം. ത്വബ്‌രി തന്റെ താരീഖിൽ ഒരു പരമ്പരയുമില്ലാതെ ചില അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. എന്നാൽ ത്വബ്‌രിയുടെ മറ്റൊരു ഗ്രന്ഥത്തിൽ അദ്ദേഹത്തിന് ഈ വ്യാജ വാർത്ത ലഭിച്ച നിവേദക പരമ്പര അദ്ദേഹം വ്യക്തമാക്കുന്നുണ്ട്:

قال هشام بن محمد الكلبي حدثني رجل من رهط عبد الله بن خازم السلمي أن رسول الله صلى الله عليه وسلم تزوج سنا بنت الصلت بن حبيب السلمية فماتت قبل أن يصل إليها

“ഹിശാമിബ്നു മുഹമ്മദ് അൽ കൽബി പറഞ്ഞു: അബ്ദുല്ലാഹിബ്നു ഖാസിം അസ്സുലമിയുടെ സംഘത്തിൽ പെട്ട’ ഏതോ ഒരാൾ’ എന്നോട് പറഞ്ഞു: ദൈവദൂതൻ (സ) സനാഅ് ബിൻത്ത് സ്വൽത് ഇബ്നു ഹബീബ് അസ്സുലമിയയെ വിവാഹം ചെയ്തു. അവരുടെ അടുത്തെത്തുന്നതിന് മുമ്പ് തന്നെ അവർ മരണമടഞ്ഞു…” (അൽ മുൻതഖബ് മിൻ ദൈലിൽ മുദയ്യൽ: ത്വബ്‌രി: 90)

സനദ് (നിവേദക പരമ്പര):

പരമ്പരയിലെ ഹിശാമിബ്നു മുഹമ്മദ് അൽ കൽബിയെ സംബന്ധിച്ച വിശദ വിവരങ്ങൾ മുൻ കഴിഞ്ഞ ലേഖനങ്ങളിൽ വന്നിട്ടുണ്ടല്ലൊ. ഹിശാമിബ്നു മുഹമ്മദ് അൽ കൽബിയും അദ്ദേഹത്തിന്റെ പിതാവും നുണ പറയുന്നവരും ദുർബലരുമാണെന്നതിൽ ഹദീസ് നിദാന ശാസ്ത്ര പണ്ഡിതർക്കിടയിൽ ഇരു പക്ഷമില്ല.

ഹിശാമിന് ഈ കഥ കിട്ടിയതാവട്ടെ “അബ്ദുല്ലാഹിബ്നു ഖാസിം അസ്സുലമിയുടെ സംഘത്തിൽ പെട്ട ‘ഏതോ ഒരാൾ’ എന്നോട് പറഞ്ഞു” കൊണ്ടാണ്. ഏതോ ആളുകൾ പറഞ്ഞ കഥകളൊക്കെ തെളിവിന് നിരക്കുന്നതാണൊ ?!

ഇനി നിവേദനത്തിന്റെ മത്‌ന് അഥവാ ഉള്ളടക്കത്തിലേക്ക് വരാം: “ദൈവദൂതൻ (സ) സനാഅ് ബിൻത്ത് സ്വൽത് ഇബ്നു ഹബീബ് അസ്സുലമിയയെ വിവാഹം ചെയ്തു. അവരുടെ അടുത്തെത്തുന്നതിന് മുമ്പ് തന്നെ അവർ മരണമടഞ്ഞു…” ഇത്രയെ നിവേദനത്തിലുള്ളു. പക്ഷെ നബിയെ സ്ത്രീ പീഢകനും ലമ്പടനുമാക്കാൻ വേണ്ടിയുള്ള ലേഖനമായതിനാൽ ഈ കഥക്ക് ഒരു പഞ്ച് പോര !! അപ്പോൾ നാസ്‌തിക ബുദ്ധിയിലെ പാഷാണം ഉറവ പൊട്ടി ഒഴുകാൻ തുടങ്ങി…..

“മുഹമ്മദിന്റെ ഒരു സാദാ പടയാളിയുടെ മകൾ… സ്ഥാനക്കയറ്റത്തിന് വേണ്ടി മുഹമ്മദിന് മകളെ വിവാഹം ചെയ്തു കൊടുത്തു… മുഹമ്മദ് കരാറിൽ ഒപ്പിട്ട ശേഷം മരിച്ചു (ആത്മഹത്യയാവാം)….”

ഇപ്പോഴാണ് ഒരു പഞ്ച് വന്നത് !! നബിക്ക് ഒരു വില്ലൻ പരിവേഷം കിട്ടി ആശ്വാസമായി !! ചരിത്ര ധർമ്മവും വൈജ്ഞാനിക നീതിയും സത്യസന്ധതയുമൊക്കെ അവിടെ നിൽക്കട്ടെ എന്നങ്ങ് തീരുമാനിച്ചു. അല്ലെങ്കിലും ധാർമ്മികതക്ക് ഈ വിഡ്ഢി പരിഷകളുടെ അടുക്കൽ വല്ല അസ്തിത്വമൊ അടിത്തറയൊ ഉണ്ടൊ ?!

നഷാത്ത് ബിൻത് രിഫാഅ എന്ന നാമം -ചില നിവേദനങ്ങിൽ – ലോപിച്ച് ‘ഷാത്ത്’ ബിൻത് രിഫാഅ എന്ന് വന്നതായി കാണാം.

മുഫദ്ദൽ അൽ ഗസ്സാനി തന്റെ താരീഖിൽ സൂചിപ്പിക്കുകയും ഇബ്നുൽ കയ്യിം തന്റെ ‘സബീലുൽ ഹുദാ വർറശാദ് ഫീ സീറതി ഖൈറിൽ ഇബാദ് എന്ന ഗ്രന്ഥത്തിൽ ക്വോട്ട് ചെയ്യുകയും ചെയ്ത നിവേദനത്തിന്റെ പരമ്പര ഇപ്രകാരമാണ്:

روى المفضل بن غسان العلائي في تاريخه من طريق سيف بن عمر عن أبي عمر عثمان بن مقسم عن قتادة قال:

മുഫദ്ദൽ ബിൻ ഗസ്സാൻ അൽ അലാഈ തന്റെ താരീഖിൽ ഉദ്ധരിച്ചു: സൈഫ് ഇബ്നു ഉമർ വഴി: അബൂ ഉമർ ഉസ്മാനിബ്നു മിക്സം ൽ നിന്ന്: കത്താദയിൽ നിന്ന്, അദ്ദേഹം പറഞ്ഞു:…

നിവേദനം ഉദ്ധരിച്ച ഇബ്നുൽ കയ്യിം തന്നെ പറയുന്നു:

وعثمان بن مقسم متروك

നിവേദകനായ ഉസ്മാനിബ്നു മിക്സം മത്റൂക് (അതി ദുർബലൻ) ആകുന്നു. പ്രവാചക ശിഷ്യൻമാരെ തെറി വിളിക്കുന്ന, മീസാൻ പോലെയുള്ള ഇസ്‌ലാമിലെ വിശ്വാസ കാര്യങ്ങൾ നിഷേധിക്കുന്ന, കദരിയ്യായ വ്യക്തിയാണ് ഉസ്മാനിബ്നു മിക്സം എന്ന് ഇമാം ദഹബി വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ ഹദീസുകൾ നിർമ്മിക്കാറുള്ള വ്യക്തിയാണിയാൾ എന്ന് യഹ്‌യബ്നു മഈൻ വ്യക്തമാക്കി. ധാരാളം കളവുകൾ പറയുന്ന വ്യക്തിയാണിയാൾ എന്ന് ജൂസജാനി പറഞ്ഞു. (മീസാനുൽ ഇഅ്തിദാൽ: 3: 56, അൽ ജർഹു വതഅ്ദീൽ: 6: 176, അദ്ദുഅഫാഉൽ കബീർ: 3: 220)

മറ്റൊരു നിവേദകനായ കത്താദ താബിഈ ആകുന്നു. ആരിൽ നിന്നാണ് സംഭവം കേട്ടതെന്ന് വ്യക്തമാക്കാത്തതിനാൽ പരമ്പര മുറിഞ്ഞതാണ്.

സൈഫിബ്നു ഉമർ അത്തീമി എന്ന നിവേദകനും ദുർബലനാണ്. أبو حاتم بن حبان البستي : يروي الموضوعات عن الأثبات، اتهم بالزندقة، قالوا إنه كان يضع الحديث

ഇബ്നു ഹിബ്ബാൻ പറഞ്ഞു: വിശ്വസ്‌തരിൽ നിന്ന് വ്യാജ നിവേദനങ്ങൾ ഉദ്ധരിക്കുമായിരുന്നു. ഉള്ളിൽ അവിശ്വാസം ഒളിപ്പിച്ചിരുന്നവരുടെ കൂട്ടത്തിൽ ആണെന്ന് സംശയിക്കപ്പെട്ടിരുന്ന വ്യക്തി. അദ്ദേഹം വ്യാജ ഹദീസുകൾ നിർമ്മിക്കുമായിരുന്നു.

വിമർശനം:

“പരിപൂർണ്ണതയിലെത്താത്ത മറ്റു ഡിവോഴ്സുകൾ”

ശറാഫ് ബിൻത് കലീഫ … മേൽ പറഞ്ഞ ഖവ്‌ല മരിച്ചതിന് ശേഷം അവരുടെ കുടുംബം മുഹമ്മദുമായി ബന്ധം പുനസ്ഥാപിച്ച് തടി രക്ഷിക്കാൻ വേണ്ടി അയച്ചു കൊടുത്ത സ്ത്രീ… ഇവരെ ഡിവോഴ്സ് ചെയ്ത് നബി ആ ഗോത്രവും ആയുള്ള കരാർ ഇല്ലാതാക്കി.. (തബാരി v9, P 138; ഇബ്നു സാദ് v 8, P 116 -117)

(മുഹമ്മദിന്റെ പെണ്ണുങ്ങൾ: നാസ്‌തിക സോഷ്യൽ മീഡിയ തെറിമാല)

മറുപടി:

നാസ്‌തിക സോഷ്യൽ മീഡിയ തെറിമാലകളിൽ ഒന്നായ “മുഹമ്മദിന്റെ പെണ്ണുങ്ങൾ” എന്ന കുറിപ്പിൽ നിന്നുള്ള ചില വരികളെയാണ് നാം തുടർച്ചയായി നിരൂപണം ചെയ്‌തു കൊണ്ടിരിക്കുന്ന്. മുമ്പ് സൂചിപ്പിച്ചതു പോലെ, സ്ത്രീവിമോചകനായ നബിയെ (സ), സ്ത്രീ പീഢകനും ലമ്പടനുമായി പ്രചരിപ്പിക്കാൻ വേണ്ടി കല്ലുവച്ച നുണകളും, അർദ്ധ സത്യങ്ങളും, ദുർവ്യാഖ്യാനങ്ങളും, വൈരുദ്ധ്യങ്ങളും കൂട്ടി കുഴച്ചുണ്ടാക്കിയ വിധ്വേഷ കഷായമാണ് ലേഖനം.

വിമർശനത്തിലേക്ക് വരാം…

ശറാഫ് ബിൻത് ഖലീഫയെ ദൈവദൂതൻ വിവാഹം ചെയ്തു എന്ന് സൂചിപ്പിക്കുന്ന നിവേദനം ഇപ്രകാരമാണ്:

أَخْبَرَنَا هِشَامُ بْنُ مُحَمَّدِ بْنِ السَّائِبِ ، قَالَ : حَدَّثَنَا الشَّرْقِيُّ بْنُ الْقَطَّامِيُّ قَالَ : لَمَّا هَلَكَتْ خَوْلَةُ بِنْتُ الْهُذَيْلِ تَزَوَّجَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ شَرَافَ بِنْتَ خَلِيفَةَ أُخْتَ دِحْيَةَ وَلَمْ يَدْخُلْ بِهَا

ഹിശാമിബ്നു മുഹമ്മദ് ഇബ്നുസ്സാഇബ് അറിയിച്ചു: നമ്മോട് ശർക്വിയ്യിബ്നു കത്വാമി പറയുകയുണ്ടായി: ഖൗല ബിൻത് ഹുദൈൽ മരണപ്പെട്ടപ്പോൾ ദൈവദൂതൻ (സ) ശറാഫ് ബിൻത് ഖലീഫയെ – ദിഹ്‌യയുടെ സഹോദരി – വിവാഹം ചെയ്തു. അവരോടൊപ്പം താമസിച്ചില്ല (അതിനു മുമ്പ് വിവാഹ മോചനം നടന്നു)

1. സനദിലെ ഹിശാമിബ്നു മുഹമ്മദ് അൽ കൽബി നുണയനും ദുർബലനുമാണെന്ന, ഹദീസ് നിദാന ശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ മുമ്പത്തെ ലേഖനത്തിൽ ചേർത്തിട്ടുണ്ട്.

2. മറ്റൊരു നിവേദകനായ ‘ശർകിയ്യിബ്നു ക്വത്വാമി’ യും ദുർബലനാണ്. ഇതും മുമ്പത്തെ ലേഖനത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

3. ശർകിയ് പ്രവാചകാലഘട്ടക്കാരനല്ല; താൻ ആരിൽ നിന്നാണ് ഈ കഥ കേട്ടതെന്ന് വ്യക്തമാക്കിയിട്ടുമില്ല. അഥവാ പരമ്പര കണ്ണി മുറിഞ്ഞതാണ്.

ഈ മൂന്ന് കാരണങ്ങളാൽ തന്നെ ഇത്തരമൊരു വിവാഹം പ്രവാചക ജീവിതത്തിൽ നടന്നിട്ടില്ലെന്നും, ചില തൽപര കക്ഷികൾ കെട്ടിച്ചമച്ചുണ്ടാക്കിയ വ്യാജകഥ മാത്രമാണിതെന്നും സുതരാം വ്യക്തമാണ്.

ബനൂ കൽബ് ഗോത്രക്കാരനായ ഹിശാമിബ്നു മുഹമ്മദ് അൽ കൽബി എന്ന റാവി തന്റെ ഗോത്രത്തിലെ ഒരുപാട് സ്ത്രീകളുമായി നബി(സ)ക്ക് വിവാഹ ബന്ധമുണ്ടായിരുന്നു എന്ന് ഗോത്ര മഹിമ പ്രചരിപ്പിക്കാൻ ചമച്ചുണ്ടാക്കിയതാവാം ഈ കഥകൾ മുഴുവൻ. എന്നിട്ട് ആരും ഈ വിവാഹങ്ങൾ അറിയാതിരുന്നതെന്തെ? എന്ന് നബി ചരിത്രത്തെയും നബി കുടുംബത്തെയും സംബന്ധിച്ച് വിവരമുള്ളവർ ചോദിക്കാനുള്ള സാധ്യത ഇല്ലാതാക്കാൻ, പെട്ടെന്ന് തന്നെ വിവാഹ മോചനങ്ങളും നടന്നു എന്നും കഥയിൽ റ്റ്വിസ്റ്റുണ്ടാക്കി പ്രചരിപ്പിച്ചു എന്ന് കരുതാനെ വഴിയുള്ളു.

സ്വമേധയാ ഇസ്‌ലാം സ്വീകരിച്ച ഗോത്രമാണ് കൽബ് ഗോത്രം. ആദ്യ കാലഘട്ടത്തിൽ തന്നെ ആവേശത്തോടെ ഇസ്‌ലാം ആശ്ലേഷിച്ച വ്യക്തിയായിരുന്നു – ശറാഫിന്റെ സഹോദരനായ – ദിഹ്‌യ ഇബ്നു ഖലീഫ. (സിയറു അഅ്ലാമിന്നുബലാഅ്: 2: 551)

പിന്നെ എവിടെ നിന്നാണ് “മുഹമ്മദുമായി ബന്ധം പുനസ്ഥാപിച്ച് തടി രക്ഷിക്കാൻ വേണ്ടി അയച്ചു കൊടുത്ത സ്ത്രീ… ” “ഇവരെ ഡിവോഴ്സ് ചെയ്ത് നബി ആ ഗോത്രവും ആയുള്ള കരാർ ഇല്ലാതാക്കി..” എന്ന് തുടങ്ങിയ നാസ്‌തികർ വകയായുള്ള വാചകങ്ങൾ നിവേദനത്തിൽ തിരുകി കയറ്റപ്പെട്ടത് ? വാചകം കേട്ടാൽ തോന്നുക മുഹമ്മദ് നബി (സ) ആ ഗോത്രത്തെ സായുധശക്തിയാൽ കീഴ്‌പ്പെടുത്തി സ്ത്രീകളെ അയച്ചു കൊടുക്കാൻ വല്ല കരാറും ഉണ്ടാക്കിയിട്ടുണ്ട് എന്ന്. ഇങ്ങനെ ചരിത്ര വസ്തുതകൾക്ക് നിരക്കാത്ത കുപ്രചരണങ്ങൾ നിവേദനങ്ങൾക്കിയിൽ തിരുകി കയറ്റി വളരെ സാധാരണമായ ഒരു വിവാഹത്തെ, ഭയത്തിന്റെ നിഴൽപ്പാടിൽ നടന്ന ‘പെണ്ണയച്ച് കൊടുക്കൽ’ ആക്കി മാറ്റാനുള്ള കുൽസിത ശ്രമമാണിത്. യുദ്ധമൊ കലാപമൊ ഒന്നും നിലനിൽക്കാത്ത, നബിയുടെ(സ) ഏറ്റവും പഴയ ആദർശ സ്നേഹികളും സുഹൃത്തുക്കളും നബിക്ക് കൊണ്ടുവന്ന വിവാഹാലോചന, എന്തിൽ നിന്ന് തടി രക്ഷിക്കാനാണ് എന്ന് തെളിവ് സഹിതം വ്യക്തമാക്കണം. വ്യംഗ്യമായ വാചകങ്ങളിലൂടെ ഇല്ലാക്കഥ നിർമ്മിക്കുന്ന സ്ഥിരം പരിപാടി തന്നെയാണ്, നടക്കാത്ത കല്യാണത്തിൽ നാസ്‌തികർ വക ഒരു ഇല്ലാത്ത കരാറും ‘പെണ്ണയച്ചു കൊടുക്കലും’.

അവസാനമായി സൂചിപ്പിക്കട്ടെ, ശറാഫ് ബിൻത് ഖലീഫയെ നബി (സ) വിവാഹം ചെയ്തിട്ടില്ല എന്ന നിവേദനവും ‘ത്വബകാത്തി’ ൽ ഉണ്ട് (ത്വബകാത്തു ഇബ്നു സഅ്ദ്: 8: 161) എങ്കിലും നാസ്‌തികർ അത് കാണില്ല. കാരണം, ‘ത്വബകാത്ത്’ കണ്ടിട്ടുള്ള, വായിച്ചിട്ടുള്ള ഒരു നാസ്‌തികനുമില്ലെന്ന് ഏവർക്കുമറിയാമല്ലൊ. എല്ലാത്തിന്റെയും സ്രോതസ്സുകൾ ഇസ്‌ലാമോഫോബിക്ക് വെബ്സൈറ്റുകൾ മാത്രമാണല്ലൊ.

വിമർശനം:

“പരിപൂർണ്ണതയിലെത്താത്ത മറ്റു ഡിവോഴ്സുകൾ”

ലൈല ബിൻത് ഖുത്യാം… മക്കയിലെ മുഹമ്മദിന്റെ ആദ്യകാലത്ത് ഇസ്ലാം സ്വീകരിച്ച സ്ത്രീ… പിന്നീട് മുഹമ്മദിനെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു… മുഹമ്മദ് പതിവു പോലെ അത് സ്വീകരിച്ചു… പക്ഷേ പിന്നീട് മുഹമ്മദിന്റെ ഭാര്യക്കൂട്ടത്തിൽ നിനക്ക് ഒത്തുപോവാൻ സാധിക്കില്ല എന്ന സ്വന്തം കുടുംബത്തിന്റെ വാക്കു കേട്ട് പിൻ വാങ്ങി (തബാരി v9, P 139, ഇബ്നു സാദ് 8:7, P 108 – 109, 231)

(മുഹമ്മദിന്റെ പെണ്ണുങ്ങൾ: നാസ്‌തിക സോഷ്യൽ മീഡിയ തെറിമാല)

മറുപടി:

നാസ്‌തിക സോഷ്യൽ മീഡിയ തെറിമാലകളിൽ ഒന്നായ “മുഹമ്മദിന്റെ പെണ്ണുങ്ങൾ” എന്ന കുറിപ്പിൽ നിന്നുള്ള ചില വരികളെയാണ് നാം തുടർച്ചയായി നിരൂപണം ചെയ്‌ത് കൊണ്ടിരിക്കുന്നത്. മുമ്പ് സൂചിപ്പിച്ചതു പോലെ, സ്ത്രീവിമോചകനായ നബിയെ(സ), സ്ത്രീ പീഢകനും ലമ്പടനുമായി പ്രചരിപ്പിക്കാൻ വേണ്ടി കല്ലുവച്ച നുണകളും, അർദ്ധ സത്യങ്ങളും, ദുർവ്യാഖ്യാനങ്ങളും, വൈരുദ്ധ്യങ്ങളും കൂട്ടി കുഴച്ചുണ്ടാക്കിയ വിധ്വേഷ കഷായമാണ് ലേഖനം.

ലൈല ബിൻത് അൽ ഖുതൈമിനെ വിവാഹം ചെയ്‌തതുമായി ബന്ധപ്പെട്ട് വന്ന കഥ ഇപ്രകാരമാണ്:

ലൈല ബിൻത് അൽ ഖുതൈം വിവാഹാഭ്യർത്ഥനയുമായി നബിയുടെ(സ) അടുക്കൽ വരുകയുണ്ടായി: ഞാൻ എന്റെ സ്വന്തത്തെ വിവാഹത്തിനായി അഭ്യർത്ഥിച്ചു കൊണ്ട് വന്നതാണ്. അതിനാൽ എന്നെ താങ്കൾ വിവാഹം ചെയ്‌താലും. നബി (സ) ചെയ്യാമെന്ന് അംഗീകരിച്ചു. ഉടനെ ലൈല സന്തോഷത്തോടെ തന്നെ നാട്ടുകാരുടെ അടുത്തു ചെന്ന് വിളമ്പരം ചെയ്‌തു: എന്നെ ദൈവദൂതൻ വിവാഹം ചെയ്‌തിരിക്കുന്നു. ഇതു കേട്ടപ്പോൾ നാട്ടുകാർ പറഞ്ഞു: നീ ചെയ്‌തത് എത്ര മോശം. നീ വളരെ അഭിമാന രോഗമുള്ള ഒരു സ്ത്രീയാണ്. നബിക്കാകട്ടെ വേറെയും ഭാര്യമാരുണ്ട്. അവരോട് നീ വഴക്കിലാവുക തന്നെ ചെയ്യും. അപ്പോൾ അദ്ദേഹം നിനക്കെതിരെ പ്രാർത്ഥിച്ചാലോ? അതിനാൽ നീ അദ്ദേഹത്തിൽ നിന്ന് മോചനം വാങ്ങുക. അങ്ങനെ ലൈല നബി(സ)യുടെ അടുത്ത് വന്ന് പറഞ്ഞു: ദൈവദൂതരേ, എന്നെ വിവാഹ മോചനം ചെയ്‌താലും. നബി (സ) പറഞ്ഞു: ശരി, ഞാനിതാ നിന്നെ മോചിപ്പിച്ചിരിക്കുന്നു. അങ്ങനെ ലൈല പിന്നീട് മസ്ഊദിബ്നു ഔസിനെ വിവാഹം ചെയ്യുകയുണ്ടായി…”

(ത്വബകാത്തു ഇബ്നു സഅ്ദ്: 8/150)

നിവേദനം സ്വഹീഹ് ആയ (സ്വീകാര്യയോഗമായ) പരമ്പരയിലൂടെ വന്നിട്ടില്ല. രണ്ട് സ്രോതസ്സുകളാണ് കഥക്കുള്ളത്.

ഒന്ന്:

أخبرنا هشام بن محمد بن السائب عن أبيه عن أبي صالح عن بن عباس قال أقبلت ليلى بنت الخطيم…..

രണ്ട്:

أخبرنا محمد بن عمر حدثنا عبد الله بن جعفر عن بن أبي عون أن ليلى بنت الخطيم

ഹിശാമിബ്നു മുഹമ്മദ് ഇബ്നു സാഇബ് തന്റെ പിതാവിൽ നിന്ന്… ഉദ്ധരിക്കുന്നതാണ് ഒന്നാമത്തെ നിവേദനം. ഹിശാമിബ്നു മുഹമ്മദ് അൽ കൽബിയും അദ്ദേഹത്തിന്റെ പിതാവും നുണ പറയുന്നവരും ദുർബലരുമാണെന്നതിൽ ഹദീസ് നിദാന ശാസ്ത്ര പണ്ഡിതർക്കിടയിൽ ഇരു പക്ഷമില്ല.

ഇമാം ദഹബി എഴുതി: …കൂഫക്കാരനായ ഇദ്ദേഹം ശിഈയും കളവു പറയുന്ന വ്യക്തിയുമായിരുന്നു; അദ്ദേഹത്തിന്റെ പിതാവും തഥൈവ. അഹ്മദിബ്നു ഹമ്പൽ പറഞ്ഞു: …അദ്ദേഹത്തിൽ നിന്ന് ആരും ഹദീസ് ഉദ്ധരിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഇമാം ദാറകുത്നിയും മറ്റു പണ്ഡിതരും പറഞ്ഞു: ഇദ്ദേഹം കളവു പറയുന്നതായി ആരോപിക്കപ്പെട്ടിരിക്കുന്നതിനാൽ ഇദ്ദേഹത്തിന്റെ ഹദീസുകൾ തള്ളപ്പെട്ടവയാണ്. ഇബ്നു അസാകിർ പറഞ്ഞു: അദ്ദേഹം റാഫിദിയാണ്, വിശ്വസ്തനല്ല. ക്വുർആൻ മൂന്ന് ദിവസം കൊണ്ട് താൻ മനപാഠമാക്കി എന്നെല്ലാം അസത്യ വീര വാദങ്ങൾ മുഴക്കുമായിരുന്നു.

(സിയറു അഅ്ലാമിന്നുബലാഅ്: 10: 101, 102, മീസാനുൽ ഇഅ്തിദാൽ)

മുഹമ്മദ് ഇബ്നു ഉമറാണ് രണ്ടാമത്തെ നിവേദനത്തിന്റെ മൂല നിവേദകൻ. അദ്ദേഹം ദുർബലനാണ്. അഹ്മദിബ്നു ഹമ്പൽ പറഞ്ഞു: മുഹമ്മദിബ്നു ഉമർ വാക്കിദുൽ അസ്‌ലമി നുണയനാണ്; അയാൾ ഹദീസുകളിൽ കോട്ടിമാട്ടുമായിരുന്നു.

യഹ്‌യ പറഞ്ഞു: അയാൾ വിശ്വസ്തനല്ല. അയാളുടെ ഹദീസുകൾ എഴുതിവെക്കാൻ കൊള്ളാത്തത്രയും അവിശ്വസനീയമാണ്.

ഇമാം ബുഖാരി, റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ കളവു കൊണ്ട് ആരോപിതനാണ്. റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ വ്യാജ ഹദീസുകൾ ഉണ്ടാക്കുന്ന വ്യക്തിയായിരുന്നു. ഇമാം ദാറക്കുത്നി പറഞ്ഞു: അയാളിൽ ദൗർബല്യമുണ്ട്. ഇസ്ഹാകിബ്നു റാഹൂയ പറഞ്ഞു: അയാൾ നുണയനാണ്.

(അദ്ദുഅഫാഉ വൽ മത്റൂകീൻ: ഇബ്നുൽ ജൗസി: 3/ 87, അദ്ദുഅഫാഉ സ്സ്വഗീർ: ബുഖാരി: 334, അൽ ജർഹുവതഅദീൽ: അബൂഹാതിം: 8/ 21, അൽ കാമിൽ ഇബ്നു അദിയ്യ്: 7/ 481)

എന്ന് മാത്രമല്ല, ലൈലയുമായുള്ള വിവാഹ കഥ നിവേദനം ചെയ്‌ത മുഹമ്മദ് ഇബ്നു ഉമർ അൽവാക്വിദി എന്ന നിവേദകൻ തന്നെ അത്തരമൊരു വിവാഹം നടന്നിട്ടില്ല എന്ന് നിവേദനത്തിന് തൊട്ടു തുടർച്ചയായി വിശദീകരിച്ചിട്ടുണ്ട്.

أخبرنا محمد بن عمر حدثنا عبد الله بن جعفر عن بن أبي عون أن ليلى بنت الخطيم وهبت نفسها للنبي صلى الله عليه وسلم ووهبن نساء أنفسهن فلم يسمع أن النبي صلى الله عليه وسلم قبل منهن أحدا

(ത്വബകാത്തു ഇബ്നു സഅ്ദ്: 8: 151)

അഥവാ കഥ ഉദ്ധരിച്ച നിവേദകൻ തന്നെ കഥയുടെ സത്യത നിഷേധിച്ചിട്ടുണ്ട് എന്നർത്ഥം. പക്ഷെ ഇബ്നു സഅ്ദിന്റെ ത്വബകാത്തിൽ നിന്ന് വിവാഹ കഥ മാത്രം കാണുകയും തൊട്ടുടനെ അതിന്റെ സത്യതയെ നിരാകരിച്ചു കൊണ്ടുള്ള പ്രസ്‌താവന നാസ്‌തികർ കാണാതെ പോയത് എങ്ങനെയാണ് ? ഉത്തരം ലളിതം, മിഷണറിമാരുടെ പഴയ വിധ്വേഷ വീഞ്ഞ് നാസ്‌തികൻ പുതിയ കുപ്പിയിൽ പുതിയ സ്റ്റിക്കറൊട്ടിച്ച് അവതരിപ്പിച്ചതാണ്. സ്വന്തമായി ഒരു പഠനമോ പരിശോധനയോ നടത്താനുള്ള മാന്യതയൊ കഴിവോ ഉള്ള ഒരാളും ഈ വ്യാജ ഗവേഷകർക്കിടയിൽ ഇല്ല.

ഈ നിവേദനം സ്വഹീഹ് ആണെന്ന് കരുതുക. സ്ത്രീ പീഢകനും ലൈംഗിക കൊതിയനുമായ ഒരാളുടെ ചിത്രമല്ല ഈ കഥയിൽ ആർക്കും ദർശിക്കാൻ കഴിയുന്നത് എന്ന് സാന്ദർഭികമായി നാം ശ്രദ്ധയിലേക്ക് കൊണ്ടു വരട്ടെ. മുഹമ്മദ് നബിയല്ല(സ) ലൈലയാണ് വിവാഹം ആഗ്രഹിച്ചു കൊണ്ട് അഭ്യർത്ഥനയുമായി വന്നത്. തന്റെ ന്യൂനതകളും കോപ പ്രകൃതിയും പരിഗണിച്ച് വിവാഹ മോചനത്തെ സംബന്ധിച്ച് ആലോചിച്ചതും ലൈല തന്നെ. തനിക്ക് വിവാഹ മോചനം വേണമെന്ന് ആവശ്യപ്പെട്ട ഉടനെ വിവാഹ മോചനം നൽകിയത് ആ അറബ് ഉപഭൂഖണ്ഡത്തിന്റെ ആത്മീയവും ഭൗതികവുമായ നേതാവായ പ്രവാചകൻ (സ) !! ഒഴികഴിവുകൾ പറഞ്ഞില്ല, ബലാൽകാരങ്ങളില്ല, പ്രകോപനങ്ങളൊ ഭീഷണികളൊ ഇല്ല, കേസും കോടതി വിചാരണകളും ഇല്ല. തന്റെ ഇഷ്ടാനുസാരം സ്വാതന്ത്ര്യത്തിന്റെ ചക്രവാള വിശാലതയിൽ പാറി പറക്കുന്ന സ്ത്രീകളുടെ ചിത്രം മാത്രം… വിവാഹവും വിവാഹ മോചനവും ഇണയും തുണയുമെല്ലാം അവളുടെ തൃപ്തിക്ക് വിട്ടു കൊടുത്ത ഒരു സ്ത്രീവിമോചനത്തിന്റെ സാമ്രാട്ട്; അതായിരുന്നു മുഹമ്മദ് നബി (സ).

വിമർശനം:

“പരിപൂർണ്ണതയിലെത്താത്ത മറ്റു ഡിവോഴ്സുകൾ”

ഖൗല ബിൻത് ഹുധ്യാൽ… ഒരു ക്രിസ്ത്യൻ ഗോത്രത്തിലെ രാജകുമാരി… മുഹമദുമായി വിവാഹം നടത്തിയതിന് ശേഷം മദീനയിലേക്കുള്ള യാത്രാമധ്യേ അവർ മരിച്ചു (ആത്മഹത്യയാവാം) (അൽ തബാരി – വോളിയം 9, പേജ് 139, 166; ഇബ്നു സാദ് 8:116)

(മുഹമ്മദിന്റെ പെണ്ണുങ്ങൾ: നാസ്‌തിക സോഷ്യൽ മീഡിയ തെറിമാല)

മറുപടി:

നാസ്‌തിക സോഷ്യൽ മീഡിയ തെറിമാലകളിൽ ഒന്നായ “മുഹമ്മദിന്റെ പെണ്ണുങ്ങൾ” എന്ന കുറിപ്പിൽ നിന്നുള്ള ചില വരികളെയാണ് നാം തുടർച്ചയായി നിരൂപണം ചെയ്ത് കൊണ്ടിരിക്കുന്നത്. മുമ്പ് സൂചിപ്പിച്ചതു പോലെ, സ്ത്രീവിമോചകനായ നബിയെ(സ), സ്ത്രീ പീഢകനും ലമ്പടനുമായി പ്രചരിപ്പിക്കാൻ വേണ്ടി കല്ലുവച്ച നുണകളും, അർദ്ധ സത്യങ്ങളും, ദുർവ്യാഖ്യാനങ്ങളും, വൈരുദ്ധ്യങ്ങളും കൂട്ടി കുഴച്ചുണ്ടാക്കിയ വിധ്വേഷ കഷായമാണ് ലേഖനം.

ഖൗല ബിൻത് അൽ ഹുദൈലുമായുള്ള നബിയുടെ(സ) വിവാഹത്തെ സംബന്ധിച്ച് ഇബ്നു സഅ്ദ് തന്റെ ത്വബകാത്തിൽ ഉദ്ധരിച്ച സനദ് (നിവേദക പരമ്പര) ഇപ്രകാരമാണ്:

أخبرنا هشام بن محمد حدثني الشرقي بن القطامي

1. സനദിലെ ഹിശാമിബ്നു മുഹമ്മദ് അൽ കൽബി നുണയനും ദുർബലനുമാണെന്നതിൽ ഹദീസ് നിദാന ശാസ്ത്ര പണ്ഡിതർക്കിടയിൽ ഇരു പക്ഷമില്ല.

ഇമാം ദഹബി എഴുതി: …കൂഫക്കാരനായ ഇദ്ദേഹം ശിഈയും കളവു പറയുന്ന വ്യക്തിയുമായിരുന്നു; അദ്ദേഹത്തിന്റെ പിതാവും തഥൈവ. അഹ്മദിബ്നു ഹമ്പൽ പറഞ്ഞു: …അദ്ദേഹത്തിൽ നിന്ന് ആരും ഹദീസ് ഉദ്ധരിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഇമാം ദാറകുത്നിയും മറ്റു പണ്ഡിതരും പറഞ്ഞു: ഇദ്ദേഹം കളവു പറയുന്നതായി ആരോപിക്കപ്പെട്ടിരിക്കുന്നതിനാൽ ഇദ്ദേഹത്തിന്റെ ഹദീസുകൾ തള്ളപ്പെട്ടവയാണ്. ഇബ്നു അസാകിർ പറഞ്ഞു: അദ്ദേഹം റാഫിദിയാണ്, വിശ്വസ്തനല്ല. ക്വുർആൻ മൂന്ന് ദിവസം കൊണ്ട് താൻ മനപാഠമാക്കി എന്നെല്ലാം അസത്യ വീര വാദങ്ങൾ മുഴക്കുമായിരുന്നു. (സിയറു അഅ്ലാമിന്നുബലാഅ്: 10:101,102, മീസാനുൽ ഇഅ്തിദാൽ)

2. മറ്റൊരു നിവേദകനായ ‘ശർകിയ്യിബ്നു ക്വത്വാമി’ യും ദുർബലനാണ്.

ഇമാം ദഹബി എഴുതി: സ്വഹീഹായ ഹദീസുകൾക്ക് വിരുദ്ധമായി പത്തോളം അതി ദുർബലമായ (മുൻകറായ) ഹദീസുകൾ ശർകിയ് ഉദ്ധരിക്കുമായിരുന്നു. അദ്ദേഹം ദുർബലനാണെന്ന് സകരിയ്യ അസ്സാജിയും അഭിപ്രായപ്പെട്ടിട്ടുണ്ട്. (മീസാനുൽ ഇഅ്തിദാൽ: 2: 268)

وقال النديم في الفهرست: اسمه الوليد بن الحصين قرأت بخط اليوسفي كان كذابا ويكنى أبا المثنى.))

ഇബ്നു നദീം തന്റെ ഫഹ്റസത്തിൽ പറഞ്ഞിരിക്കുന്നത് ശർകിയ് കളവു പറയുന്ന വ്യക്തിയാണ് എന്നാണ്. (ലിസാനുൽ മീസാൻ: ഇബ്നു ഹജർ:4: 241)

3. മാത്രമല്ല, ശർകിയ് പ്രവാചകാലഘട്ടകാരനല്ല; താൻ ആരിൽ നിന്നാണ് ഈ കഥ കേട്ടതെന്ന് വ്യക്തമാക്കിയിട്ടുമില്ല. അഥവാ പരമ്പര കണ്ണി മുറിഞ്ഞതാണ്.

ഈ മൂന്ന് കാരണങ്ങളാൽ തന്നെ ഇത്തരമൊരു വിവാഹം പ്രവാചക ജീവിതത്തിൽ നടന്നിട്ടില്ലെന്നും, ചില തൽപര കക്ഷികൾ കെട്ടിച്ചമച്ചുണ്ടാക്കിയ വ്യാജകഥ മാത്രമാണിതെന്നും സുതരാം വ്യക്തമാണ്.

സാങ്കൽപ്പിക വിവാഹത്തിലെ, ഭാവനാത്മകമായ “പ്രവാചക പത്നി”, വഴിയിൽ വെച്ച് മരണപ്പെട്ടു (فهلكت في الطريق) എന്ന ഒരു വ്യാജ നിവേദനം പൊക്കിപ്പിടിച്ച്, “ആത്മഹത്യയാവാം” എന്ന മനസ്സിലെ വിഷവിത്ത് തിരുകി കയറ്റി, മുതല കണ്ണീരൊഴുക്കി… നബി വിധ്വേഷം ഞെക്കി തുറിപ്പിച്ചുണ്ടാക്കാനുള്ള കഷ്ടപ്പാടെത്രയാണ്!!

വിമർശനം:

“…വിവാഹം ചെയ്ത് ഭോഗിച്ചു… 4 എണ്ണത്തിനെ ബാലിശമായ കാരണങ്ങൾ പറഞ്ഞ് ഡിവോഴ്സ് ചെയ്തു…. അധികം പേർക്കും അറിയാത്ത (മുഹമ്മദ് നബി) മൊഴിചൊല്ലിയ സ്ത്രീകളുടെ പേരുകൾ ഇവയാണ്…

3) ഫാത്തിമ അൽ അലിയാ ബിൻത് സാബിയാൻ അൽ ദഹാക്ക്…. മറ്റൊരു പുരുഷനെ ഒളിഞ്ഞു നോക്കി എന്നും പറഞ്ഞ് മൊഴി ചൊല്ലി (തബാരി v9, P 138; തബാരി v39 P 186 – 188)

4) അമ്ര ബിൻത് യാസിദ്…. (ഇബ്നു ഇഷാഖ്, സീറത്തുൽ റസൂലള്ളാ P 155)”

(മുഹമ്മദിന്റെ പെണ്ണുങ്ങൾ: നാസ്തിക സോഷ്യൽ മീഡിയ തെറിമാല)

മറുപടി:

നാസ്തിക സോഷ്യൽ മീഡിയ തെറിമാലകളിൽ ഒന്നായ “മുഹമ്മദിന്റെ പെണ്ണുങ്ങൾ” എന്ന കുറിപ്പിൽ നിന്നുള്ള ചില വരികളെയാണ് നാം തുടർച്ചയായി നിരൂപണം ചെയ്ത് കൊണ്ടിരിക്കുന്നത്. മുമ്പ് സൂചിപ്പിച്ചതു പോലെ, കല്ലുവച്ച നുണകളും, അർദ്ധ സത്യങ്ങളും, ദുർവ്യാഖ്യാനങ്ങളും, വൈരുദ്ധ്യങ്ങളും നിറഞ്ഞതാണ് ലേഖനം.

“കിലാബ് ഗോത്രക്കാരിയായ ഒരു സ്ത്രീയെ നബി (സ) വിവാഹം ചെയ്തു എന്ന് പറയപ്പെടുന്നു… എന്താണ് ആ സ്ത്രീയുടെ നാമം എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ ധാരാളം അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ചിലർ പറഞ്ഞു: അവരുടെ നാമം ഫാത്വിമ ബിൻത് ദഹ്ഹാക് ഇബ്നു സുഫ്യാൻ അൽ കിലാബിയ്യ എന്നാണ്. വേറെ ചിലർ പറഞ്ഞു: അവരുടെ നാമം അംറ ബിൻത് യസീദ് ബിൻ ഉബൈദ് ബിൻ റുവാസ് ബിൻ കിലാബ് ബിൻ റബീഅ ബിൻ ആമിർ എന്നാണ്. മറ്റൊരാൾ പറയുന്നത് അവരുടെ നാമം ആലിയ ബിൻത് ളബ്യാൻ ബിൻ അംറ് ബിൻ ഔഫ് ബിൻ കഅ്ബ് ബിൻ അബ്ദ് ബിൻ അബൂബകർ ബിൻ കിലാബ് എന്നാണ്. ഒരാൾ പാഞ്ഞു: അവർ സബാ ബിൻത് സുഫ്യാൻ ബിൻ ഔഫ് ബിൻ കഅ്ബ് ബിൻ അബ്ദ് ബിൻ അബൂബകർ ബിൻ കിലാബ് എന്നാണ്. ഇക്കാര്യത്തിൽ നാം കേട്ട നിവേദനങ്ങളെല്ലാം നാം ഇവിടെ എഴുതി എന്നു മാത്രം. ചിലർ പറയുന്നു: ഒരൊറ്റ കിലാബ് കാരിയെ മാത്രമെ നബി (സ) വിവാഹം കഴിച്ചിട്ടുള്ളു. അവരുടെ പേരിന്റെ കാര്യത്തിൽ സംശയങ്ങളുണ്ടായതാണ്…” (ത്വബകാതു ഇബ്നു സഅ്ദ്: 8/112)

ഇതാണ് കിലാബ് കാരിയായ സ്ത്രീയുമായി ബന്ധപ്പെട്ട കഥയുടെ അവസ്ഥ !! അത്തരമൊരു വിവാഹം നടന്നിട്ടുണ്ടൊ ഇല്ലേ ? നടന്നെങ്കിൽ അവരുടെ പേരെന്താണ്? ആ പേരുകൾ എല്ലാം ഒരേ ആളാണൊ അതൊ വ്യത്യസ്തരായ സ്ത്രീകളാണൊ എന്നൊന്നും ഉള്ളതിന് കൃത്യമായ ഒരു തെളിവുമില്ല. വിമർശകർ തന്നെ – മുഹമ്മദിന്റെ പെണ്ണുങ്ങൾ എന്ന ലേഖനത്തിൽ – ഉദ്ധരിച്ച പേര് “ഫാത്തിമ അൽ അലിയാ ബിൻത് സാബിയാൻ അൽ ദഹാക്ക്” എന്നാണ് !! ഇത് രണ്ട് പേരുകൾ കൂട്ടിയോജിപ്പിച്ച ഒരു പേരാണ്. 1. ഫാത്വിമ ബിൻത് ദഹ്ഹാക് 2. ആലിയ ബിൻത് ളബ്യാൻ എന്ന രണ്ടു പേരുകൾ ചേർത്ത് “ഫാത്തിമ അൽ അലിയാ ബിൻത് സാബിയാൻ അൽ ദഹാക്ക്” എന്നായി.

കഥയുടെ ഉള്ളടക്കം ഉമൈമയുടെ കഥക്ക് സമാനം തന്നെ ! പ്രവാചകൻ (സ) ‘ഫാത്വിമ ബിൻത് ദഹ്ഹാക്’ അല്ലെങ്കിൽ ‘ആലിയ ബിൻത് ളബ്യാനെ’ അല്ലെങ്കിൽ ‘അംറ ബിൻത് യസീദിനെ’ അതോ ‘സബാ ബിൻത് സുഫ്യാനെ’ (!) വിവാഹം ചെയ്യുകയും അവരുടെ അടുത്ത് പ്രവേശിക്കുകയും ചെയ്തപ്പോൾ അവർ അദ്ദേഹത്തിൽ നിന്ന് അല്ലാഹുവിൽ ശരണം തേടി. അപ്പോൾ നബി (സ) അവരെ വീട്ടിലേക്ക് പൊയ്കൊള്ളാൻ നിർദ്ദേശിച്ച് സ്വതന്ത്രരാക്കി.

മുമ്പ് പല ലേഖനങ്ങളിൽ സൂചിപ്പിച്ചതു പോലെ ഉമൈമ എന്ന ഭാര്യയുടെ കഥ പല നാമങ്ങളിലായി പുനർ നിർമ്മിച്ചെടുത്ത വ്യാജ കഥകളും വ്യാജ ഭാര്യമാരുമാണ് ഇവ/ ഇവർ എല്ലാം.

وأشار ابن سعد إلى أنها واحدة اختلف في اسمها ، والصحيح أن التي استعاذت منه هي الجونية . وروى ابن سعد من طريق سعيد بن عبد الرحمن بن أبزى قال : لم تستعذ منه امرأة غيرها . ഇബ്നു ഹജർ (റ) പറഞ്ഞു: ഒരൊറ്റ ഭാര്യയുടെ കാര്യത്തിൽ നടന്നതാണ് ഈ ശരണ തേട്ടവും വിവാഹ മോചനവും; അവരുടെ പേരെന്താണ് എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസം വന്നു എന്ന് മാത്രം. നബിയിൽ(സ) നിന്ന് ശരണം തേടിയത് (ഉമൈമ) ജുവനിയ ആണെന്നതാണ് സ്വഹീഹ് (വിശ്വസ്‌തമായ ഹദീസിലൂടെ സ്ഥാപിതമായ വസ്തുത). സഈദിബ്നു അബ്ദുർറഹ്‌മാൻ ബിൻ അബ്സാ പറഞ്ഞതായി ഇബ്നു സഅ്ദ് ഉദ്ധരിച്ചിരിക്കുന്നു: ഉമൈമയല്ലാതെ മറ്റൊരു സ്ത്രീയും നബിയിൽ നിന്ന് അല്ലാഹുവിൽ ശരണം തേടിയിട്ടില്ല. (ഫത്ഹുൽ ബാരി: 9:269)

ത്വബ്‌രി, ഇബ്നു സഅ്ദ്, ദഹബി പോലുള്ള എല്ലാ ചരിത്രകാരന്മാരും ഈ കഥകൾ ഉദ്ധരിക്കുന്നത് മുഹമ്മദ് ഇബ്നു ഉമർ ഇബ്നുൽ വാക്വിദ് എന്ന ചരിത്രകാരനിൽ നിന്നാണ്. കഥകളുടെ വ്യത്യസ്ത നിവേദനങ്ങളുടെ സനദുകൾ കാണുക:

1. أَخْبَرَنَا مُحَمَّدُ بْنُ عمر. حَدَّثَنَا مُحَمَّدُ بْنُ عَبْدِ اللَّهِ عَنِ الزُّهْرِيِّ قَالَ: … 2. أَخْبَرَنَا مُحَمَّدُ بْنُ عُمَرَ. حَدَّثَنِي مُحَمَّدُ بْنُ عَبْدِ اللَّهِ عَنِ الزُّهْرِيِّ عَنْ عُرْوَةَ عَنْ عَائِشَةَ قَالَتْ: … 3. أَخْبَرَنَا مُحَمَّدُ بْنُ عُمَرَ. حَدَّثَنَا عَبْدُ اللَّهِ بْنُ جَعْفَرٍ عَنْ عَبْدِ الْوَاحِدِ بن أبي عون عن ابْنِ مَنَّاحٍ قَالَ: … 4. أَخْبَرَنَا مُحَمَّدُ بْنُ عُمَرَ. حَدَّثَنَا عَبْدُ اللَّهِ بْنُ سُلَيْمَانَ عَنْ عَمْرِو بْنِ شُعَيْبٍ عَنْ أَبِيهِ عَنْ جَدِّهِ قَالَ: … 5. أَخْبَرَنَا مُحَمَّدُ بْنُ عُمَرَ. أَخْبَرَنَا عَبْدُ اللَّهِ بْنُ جَعْفَرٍ عَنْ مُوسَى بْنِ سَعِيدٍ وَابْنِ أَبِي عَوْنٍ قَالا: …

എല്ലാ നിവേദക പരമ്പരകളും ആരംഭിക്കുന്നത് തന്നെ മുഹമ്മദ് ഇബ്നു ഉമർ ഇബ്നുൽ വാക്വിദ് എന്ന ചരിത്രകാരനിൽ നിന്നാണ്. അദ്ദേഹത്തെ സംബന്ധിച്ച ഹദീസ് – ചരിത്ര നിദാന ശാസ്ത്ര പണ്ഡിതന്മാരുട അഭിപ്രായം ഇവിടെ ആവർത്തിക്കട്ടെ:

അഹ്മദിബ്നു ഹമ്പൽ പറഞ്ഞു: മുഹമ്മദിബ്നു ഉമർ വാക്കിദുൽ അസ്‌ലമി നുണയനാണ്; അയാൾ ഹദീസുകളിൽ കോട്ടിമാട്ടുമായിരുന്നു.

യഹ്‌യ പറഞ്ഞു: അയാൾ വിശ്വസ്തനല്ല. അയാളുടെ ഹദീസുകൾ എഴുതിവെക്കാൻ കൊള്ളാത്തത്രയും അവിശ്വസനീയമാണ്.

ഇമാം ബുഖാരി, റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ കളവു കൊണ്ട് ആരോപിതനാണ്.

റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ വ്യാജ ഹദീസുകൾ ഉണ്ടാക്കുന്ന വ്യക്തിയായിരുന്നു.

ഇമാം ദാറക്കുത്നി പറഞ്ഞു: അയാളിൽ ദൗർബല്യമുണ്ട്.

ഇസ്ഹാകിബ്നു റാഹൂയ പറഞ്ഞു: അയാൾ നുണയനാണ്.

(അദ്ദുഅഫാഉ വൽ മത്റൂകീൻ: ഇബ്നുൽ ജൗസി: 3 / 87, അദ്ദുഅഫാഉ സ്സ്വഗീർ: ബുഖാരി: 334, അൽ ജർഹുവതഅദീൽ: അബൂഹാതിം: 8/21, അൽ കാമിൽ ഇബ്നു അദിയ്യ്: 7/ 481)

സാന്ദർഭികമായി ചില ചോദ്യങ്ങൾ ആവർത്തിക്കട്ടെ ?

കഥ യാഥാർഥ്യമാണെങ്കിൽ തന്നെ നബി (സ) പെണ്ണുങ്ങളെ കെട്ടി ഭോഗിച്ചു, ബാലിശമായ കാരണങ്ങൾ പറഞ്ഞ് മൊഴി ചൊല്ലി എന്നതെല്ലാം നാസ്തിക നുണകൾ മാത്രമല്ലെ ?! ലൈംഗിക ബന്ധം നടന്നിട്ടില്ല എന്നതും നബിയല്ല, നവവധുവാണ് ഇഷ്ടമില്ലായ്മ പ്രകടിപ്പിച്ചത് എന്നതും എന്തുകൊണ്ട് മറച്ചു പിടിക്കുന്നു ?! താൽപര്യമില്ലാത്ത വിവാഹ ബന്ധത്തിൽ നിന്ന് സ്വഭാര്യയെ മോചിപ്പിച്ച നബി, സ്ത്രീകളോട് പുലർത്തിയ മാന്യതയും ദയാപരതയും ലൈംഗിക വിശുദ്ധിയും എന്തുകൊണ്ട് കട്ടുമുക്കുന്നു ?!!

ചില (വ്യാജ) നിവേദനങ്ങളിൽ, ഫാതിമയെ വിവാഹ മോചനം ചെയ്യാനുണ്ടായ സാഹചര്യം അവർ സ്ഥിരമായി പുരുഷന്മാരെ ഒളിഞ്ഞു നോക്കാറുണ്ടായിരുന്നു എന്നും, ഇത് നബി (സ) നേരിട്ട് കാണുകയുണ്ടായി എന്നും വന്നിട്ടുണ്ട്. ഇതിനെ നിസ്സാര കാര്യമെന്നോണം നാസ്തികൻ ഇപ്രകാരം കുറിച്ചിട്ടിരിക്കുന്നത് വായിക്കാം: “മറ്റൊരു പുരുഷനെ ഒളിഞ്ഞു നോക്കി എന്നും പറഞ്ഞ് മൊഴി ചൊല്ലി”… ! പുരുഷന്മാരെ ഒളിഞ്ഞു നോക്കുന്ന ഒരു സ്ത്രീയെ ഭാര്യയായി വെക്കാൻ നാസ്തികർ തയ്യാറാകുമോ എന്നു കൂടി നാസ്തിക കോപ്പിയടിയന്മാർ വ്യക്തമാക്കേണ്ടതുണ്ട്.

വിമർശനം:

” …വിവാഹം ചെയ്ത് ഭോഗിച്ചു… 4 എണ്ണത്തിനെ ബാലിശമായ കാരണങ്ങൾ പറഞ്ഞ് ഡിവോഴ്സ് ചെയ്തു…. അധികം പേർക്കും അറിയാത്ത (മുഹമ്മദ് നബി) മൊഴിചൊല്ലിയ സ്ത്രീകളുടെ പേരുകൾ ഇവയാണ്…

2) മുലൈഖ… തന്റെ പിതാവിനേയും മറ്റും മുഹമ്മദ് നേരിട്ടാണ് കൊന്നത് എന്ന് തിരിച്ചറിഞ്ഞതിനു ശേഷം ഡിവോഴ്സ് ആവശ്യപ്പെട്ടു.. മുഹമ്മദ് കൊടുത്തു,… (തബാരി v39, P 165)”

(മുഹമ്മദിന്റെ പെണ്ണുങ്ങൾ: നാസ്‌തിക സോഷ്യൽ മീഡിയ തെറിമാല)

മറുപടി:

നാസ്‌തിക സോഷ്യൽ മീഡിയ തെറിമാലകളിൽ ഒന്നായ “മുഹമ്മദിന്റെ പെണ്ണുങ്ങൾ” എന്ന കുറിപ്പിൽ നിന്നുള്ള ചില വരികളാണ് ഈ വായിച്ചത്. മുമ്പ് സൂചിപ്പിച്ചതു പോലെ, കല്ലുവച്ച നുണകളും, അർദ്ധ സത്യങ്ങളും, ദുർവ്യാഖ്യാനങ്ങളും, വൈരുദ്ധ്യങ്ങളും നിറഞ്ഞതാണ് ലേഖനം.

1. മുലൈഖ ബിൻത് കഅ്ബിനെ വിവാഹ മോചനം ചെയ്തതുമായി ബന്ധപ്പെട്ട് വിമർശകർ അവലംബിക്കുന്ന നിവേദനം വളരെയേറെ ദുർബലമാണ്. നിവേദനത്തിന്റെ ഉള്ളടക്കം ഇപ്രകാരമാണ്:

تزوج النبي صلى الله عليه وسلم مليكة بنت كعب، وكانت تُذكر بجمال بارع، فدخلَت عليها عائشة، فقالت لها: أما تستحين أن تنكحي قاتِلَ أبيك، فاستعاذت من رسول الله صلى الله عليه وسلم، فطلَّقها، فجاء قومها إلى النبي صلى الله عليه وسلم، فقالوا: يا رسول الله، إنها صغيرة، وإنها لا رأيَ لها وإنها خدعت فارتجعها، فأبى رسول الله صلى الله عليه وسلم، وكان أبوها قتل في يوم فتح مكة، قتَله خالد بن الوليد بالخندمة

മക്കാ വിജയ വേളയിൽ നബിയുടെ(സ) ശിഷ്യൻ ഖാലിദിബ്നു വലീദ് കഅ്ബിനെ വധിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ മകൾ മുലൈഖ ബിൻത് കഅ്ബിനെ നബി (സ) വിവാഹം ചെയ്തു. അവരോട് അസൂയ തോന്നിയ ആഇശ (റ) അവരോട് ഇപ്രകാരം പറഞ്ഞു: നിങ്ങളുടെ പിതാവിന്റെ ഘാതകനെ വിവാഹം ചെയ്യാൻ നിങ്ങൾക്ക് മടിയില്ലെ ? അങ്ങനെ അവരുടെ അടുത്തേക്ക് നബി (സ) വന്നപ്പോൾ മുലൈഖ, നബിയിൽ (സ) നിന്ന് ശരണം തേടി. അപ്പോൾ നബി (സ) അവരെ വിവാഹ മോചനം നൽകി സ്വാതന്ത്രയാക്കി. (ത്വബകാതു ഇബ്നു സഅ്ദ്: 8 /148, താരീഖു ദ്ദഹബി: 1 /335)

ഈ നിവേദനത്തിൽ എവിടെയാണ് – നാസ്‌തികർ വാദിക്കുന്നതു പോലെ – നബി മുലൈഖയെ ഭോഗിച്ചു എന്നുള്ളത് ?! ഭോഗിക്കുക പോയിട്ട് സ്വന്തം ഭാര്യയായിരുന്നിട്ടും, തന്നെ ഇഷ്ടമില്ലാത്തതു കൊണ്ട് നബി (സ) മുലൈഖയെ സ്പർശിക്കുക പോലുമുണ്ടായില്ല. മുലൈഖയെ പിടിച്ചു വെക്കുകയൊ ബലം പ്രയോഗിക്കുകയൊ ചെയ്തില്ല. സൗമ്യതയോടെ വീട്ടിലേക്ക് പൊയ്കൊള്ളാൻ പറഞ്ഞു! ഇതാണൊ ഒരു സ്ത്രീപീഢകന്റെ ചിത്രം ?!

തനിക്ക് ഭർത്താവിനെ ഇഷ്ടമില്ലെന്ന് പറയുന്ന സ്ത്രീക്ക് യാതൊരു സങ്കോചമോ വൈമനസ്യമോ കൂടാതെ വീട്ടിലേക്ക് പോകാനും വിവാഹ മോചനം ചെയ്യാനുമുള്ള അവകാശം നൽകുകയാണ് നബി (സ) ഇവിടെ ചെയ്യുന്നതായി നിവേദനത്തിൽ പ്രസ്‌താവിക്കുന്നത്. ഇത് സ്ത്രീ പീഢകരുടെ സ്വഭാവമല്ല, സ്ത്രീവിമോചകന്റേതാണ്.

“ബാലിശമായ കാരണങ്ങൾ പറഞ്ഞ് ഡിവോഴ്സ് ചെയ്തു” എന്ന ആരോപണവും നുണ തന്നെയെന്ന് ഈ നിവേദനവും വ്യക്തമായി തെളിയിക്കുന്നു. മുലൈഖയാണ് നബിയിൽ (സ) താൽപര്യമില്ലെന്ന അഭിപ്രായം അവതരിപ്പിച്ചത്, നബിയല്ല (സ). തന്നെ ഇഷ്ടമല്ലാത്ത ഒരാളെ മോചിപ്പിക്കുക മാത്രമാണ് നബി (സ) ചെയ്തത്.

2. ത്വബ്‌രിയും ഇബ്നു സഅ്ദും എല്ലാം ഈ കഥ ഉദ്ധരിച്ചിരിക്കുന്നത് ചരിത്രകാരനായ വാക്വിദിയിൽ നിന്നാണ്. നിവേദനം ഉദ്ധരിച്ച തൊട്ടുടനെ തന്നെ കഥയുടെ അസത്യത വാക്വിദിയും, അദ്ദേഹത്തിൽ നിന്ന് ഇമാം ത്വബ്‌രിയും ഇബ്നു സഅ്ദും എല്ലാവരും വ്യക്തമാക്കിയിട്ടുമുണ്ട്. അതു പക്ഷെ നാസ്‌തിക പകർത്തെഴുത്തുകാർ കണ്ടിട്ടില്ല. കാരണം, ഈച്ച കോപ്പിയടിക്കാൻ ഉപയോഗിച്ച മിഷണറി ദുർവ്യാഖ്യാന ലേഖനങ്ങളിൽ അതു കാണില്ല; അതവർ ഉദ്ധരിക്കില്ല എന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. നിവേദനത്തിന്റെ തൊട്ടുടനെ നിവേദകൻ തന്നെ പ്രസ്‌താവിക്കുന്നത് ഇപ്രകാരമാണ്.

“വാക്വിദി പറഞ്ഞു: നമ്മുടെ സഹചരിത്രകാരന്മാർ ഇതിനെ നിശിതമായി നിഷേധിക്കുന്നു. നബി (സ) ഒരിക്കലും ഒരു കിനാനക്കാരിയെയും വിവാഹം ചെയ്തിട്ടില്ല എന്നതാണ് വസ്തുത.” (മുൻതഖബു മിൻ ദൈലിൽ മിദ്‌യൽ 89, താരീഖുത്വബ്‌രി: 11:596, അൽ ഇസ്വാബ: ഇബ്നു ഹജർ: 8: 320)

3. مما يضعف هذا الحديث، ذِكر عائشة أنها قالت: ألا تستحين، وعائشةُ لم تكن مع النبي صلى الله عليه وسلم عام الفتح.

നിവേദനം ദുർബലമാണെന്നതിനുള്ള മറ്റൊരു തെളിവാണ്, അവരോട് അസൂയ തോന്നിയ ആഇശ (റ) അവരോട് ഇപ്രകാരം ചോദിച്ചു എന്ന ഭാഗം: “നിങ്ങളുടെ പിതാവിന്റെ ഘാതകനെ വിവാഹം ചെയ്യാൻ നിങ്ങൾക്ക് മടിയില്ലെ ?”. മക്കാ വിജയ ദിവസം ആഇശ (റ) നബിയോടൊപ്പം (സ) ഉണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് മുലൈഖ ബിൻത് കഅ്ബിനോട് ആഇശ (റ) ഇപ്രകാരം ചോദിക്കുക ?! 500 കിലോമീറ്ററുകൾക്കപ്പുറം മദീനയിലുള്ള ആഇശ (റ), നവ വധുവായ മുലൈഖയുമായി എങ്ങനെ സംഭാഷണം നടത്തും ?! ഇതിന്റെ അടിസ്ഥാനത്തിൽ തന്നെ നിവേദനം ദുർബലമാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.

4. നബിയുടെ (സ) പത്നിമാരിൽ, നബിയിൽ നിന്നും ശരണം തേടിയത് ഒരൊറ്റ പത്നി മാത്രമാണ്. അത് ഉമൈമ ബിൻത് നുഅ്മാനാണ് (ബുഖാരി: 5254).

ഉമൈമയുടെ ചരിത്രം വിശദമായി മറ്റൊരു ലേഖനത്തിൽ പ്രതിപാദിച്ചിട്ടുള്ളതിനാൽ ഇവിടെ ആവർത്തിക്കുന്നില്ല:

ഉമൈമയുടെ ഈ സംഭവം മുലൈഖ ബിൻത് കഅ്ബിലേക്കും മറ്റു പല സ്ത്രീകളിലേക്കും ചേർത്തി കൊണ്ട് ചില നിവേദനങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇത് നിവേദകന്മാരിൽ നിന്നും സംഭവിച്ച ഓർമ്മ പിശകു മാത്രമാണ്. നാമങ്ങൾ പരസ്പരം കൂടി കലർന്നു കൊണ്ടുള്ള ചില ആശയക്കുഴപ്പങ്ങൾ ചില ചരിത്രകാരന്മാരിൽ നിന്ന് സംഭവിച്ചു എന്നതിനുള്ള വ്യക്തമായ തെളിവാണ് മുലൈഖ ബിൻത് കഅ്ബിന്റെയും, ഉമൈമ ബിൻത് നുഅ്മാന്റെയും കഥകളുടെ ഉള്ളടക്കത്തിലെ സാമ്യത.

5. നിവേദനത്തിന്റെ പരമ്പരകൾ ദുർബലമാണ് എന്നതും ഈ കഥയുടെ അസത്യതയെ തെളിയിക്കുന്നതാണ്.

ഒന്നാമത്തെ പരമ്പര: ذكر ابن عمر أن عبد العزى بن الجندعي حدثه عن أبيه عن عطاء بن يزيد الجندعي قال

രണ്ടാമത്തെ പരമ്പര: قال ابن عمر وحدثني محمد بن عبد الله عن الزهري مثل ذلك

മൂന്നാമത്തെ പരമ്പര: أخبرنا محمد بن عمر حدثني أبو معشر قال

മൂന്നു പരമ്പരകളിലേയും റാവിയായ മുഹമ്മദിബ്നു ഉമർ വാക്കിദുൽ അസ്‌ലമി (സത്യസന്ധതയിൽ) ദുർബലനാണ്. അഹ്മദിബ്നു ഹമ്പൽ പറഞ്ഞു: മുഹമ്മദിബ്നു ഉമർ വാക്കിദുൽ അസ്‌ലമി നുണയനാണ്; അയാൾ ഹദീസുകളിൽ കോട്ടിമാട്ടുമായിരുന്നു.

യഹ്‌യ പറഞ്ഞു: അയാൾ വിശ്വസ്ഥനല്ല. അയാളുടെ ഹദീസുകൾ എഴുതിവെക്കാൻ കൊള്ളാത്തത്രയും അവിശ്വസനീയമാണ്. ഇമാം ബുഖാരി, റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ കളവു കൊണ്ട് ആരോപിതനാണ്. റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ വ്യാജ ഹദീസുകൾ ഉണ്ടാക്കുന്ന വ്യക്തിയായിരുന്നു. ഇമാം ദാറക്കുത്നി പറഞ്ഞു: അയാളിൽ ദൗർബല്യമുണ്ട്. ഇസ്ഹാകിബ്നു റാഹൂയ പറഞ്ഞു: അയാൾ നുണയനാണ്. (അദ്ദുഅഫാഉ വൽ മത്റൂകീൻ : ഇബ്നുൽ ജൗസി: 3 / 87, അദ്ദുഅഫാഉ സ്സ്വഗീർ: ബുഖാരി: 334, അൽ ജർഹുവതഅദീൽ: അബൂഹാതിം: 8/21, അൽ കാമിൽ ഇബ്നു അദിയ്യ്: 7/ 481)

പുറമെ മൂന്നു സനദുകൾക്കും നബിയിലേക്കെത്തുന്ന നിവേദകരുടെ കണ്ണികളില്ല, പരമ്പര മുറിഞ്ഞതാണ്. രണ്ടു സനദുകൾക്കും മറ്റു പല ന്യൂനതകളുമുണ്ട്. بو معشر: نجيح ابن عبد الرحمن السِّندي،. ضعَّفه أيوب بن عبد الرحمن صعصعة،: لم يوثقه غير ابن حبان മൂന്നാമത്തെ സനദിലെ അബൂ മഅ്ഷർ: നജീഹിബ്നു അബ്ദുർറഹ്‌മാൻ അസ്സിന്ദി ദുർബലനാണ്; അയ്യൂബിബ്നു അബ്ദുർറഹ്മാൻ സ്വഅ്സ്വഅ അദ്ദേഹത്തെ ദുർബലനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്, ഇബ്നു ഹിബ്ബാൻ അല്ലാത്ത ആരും അബൂ മഅ്ഷർ വിശ്വസ്‌തനാണെന്ന് അഭിപ്രായപ്പെട്ടിട്ടില്ല.

ചുരുക്കത്തിൽ മൂന്ന് പരമ്പരകളും ദുർബലമാണ്.

വിമർശനം:

” …വിവാഹം ചെയ്ത് ഭോഗിച്ചു… അതിൽ 4 എണ്ണത്തിനെ ബാലിശമായ കാരണങ്ങൾ പറഞ്ഞ് ഡിവോഴ്സ് ചെയ്തു…. അധികം പേർക്കും അറിയാത്ത (മുഹമ്മദ് നബി) മൊഴിചൊല്ലിയ സ്ത്രീകളുടെ പേരുകൾ ഇവയാണ്…

1) അസ്മ ബിൻത് അൽ നുമാൻ… ആയിഷ കുതത്രം പ്രയോഗിച്ച് ഡിവോഴ്സ് ചെയ്യിച്ചു.. (ഇബ്നു സാദ് 8: 101 -105, 153)”

(മുഹമ്മദിന്റെ പെണ്ണുങ്ങൾ: നാസ്‌തിക സോഷ്യൽ മീഡിയ തെറിമാല)

മറുപടി:

നാസ്‌തിക സോഷ്യൽ മീഡിയ തെറിമാലകളിൽ ഒന്നായ “മുഹമ്മദിന്റെ പെണ്ണുങ്ങൾ” എന്ന കുറിപ്പിൽ നിന്നുള്ള ചില വരികളാണ് ഈ വായിച്ചത്. കല്ലുവച്ച നുണകളും, അർദ്ധ സത്യങ്ങളും, ദുർവ്യാഖ്യാനങ്ങളും, വൈരുദ്ധ്യങ്ങളും നിറഞ്ഞ ഒരു മിഷനറി ലേഖനം ഫോട്ടോസ്റ്റാറ്റ് എടുത്ത് അരികുകൾ ചെത്തി കളഞ്ഞുണ്ടാക്കിയതാണ് ഈ നാസ്‌തിക അക്ഷര ഗരളം.

മറുപടിയിലേക്ക് വരാം…

1. അസ്‌മാഅ് ബിൻത് അന്നുഅ്മാൻ എന്ന സ്ത്രീയെ മുഹമ്മദ് നബി (സ) വിവാഹം ചെയ്യുകയും, “ഭോഗി”ക്കുകയും ബാലിശമായ കാരണങ്ങൾ പറഞ്ഞ് ഡിവോഴ്സ് ചെയ്യുകയുമുണ്ടായി എന്നാണ് ആരോപണം. ആരോപണത്തിനായി വിമർശകർ അവലംബിച്ച നിവേദനത്തിന്റെ ഉള്ളടക്കം ഇതാണ്:

അസ്‌മാഅ് ബിൻത് അന്നുഅ്മാനെ നബി (സ) വിവാഹം ചെയ്തു. വിവാഹ ശേഷം നബി (സ) അവരുടെ അടുത്തു ചെന്നു. അപ്പോൾ അവർ പറഞ്ഞു: “നിങ്ങളിൽ നിന്നും ഞാൻ അല്ലാഹുവിൽ ശരണം തേടുന്നു”. അപ്പോൾ നബി (സ) തന്റെ വസ്ത്രം കൊണ്ട് മുഖം മറച്ചു കൊണ്ട് പറഞ്ഞു: നീ ശരണം തേടിയിരിക്കുന്നത് ഏറ്റവും നല്ല രക്ഷകനിലാണ്… നീ നിന്റെ വീട്ടിലേക്ക് പൊയ്‌ക്കൊള്ളു…”

സംഭവം വായിച്ചാൽ പ്രവാചകനോട് വെറുപ്പല്ല ആദരവാണ് ഉണ്ടാവുക എന്ന് മിഷണറിമാർക്കറിയാം. അതുകൊണ്ട് സംഭവം മുഴുവൻ കൊടുക്കാതെ “വിവാഹം ചെയ്ത് ഭോഗിച്ചു… അതിൽ 4 എണ്ണത്തിനെ ബാലിശമായ കാരണങ്ങൾ പറഞ്ഞ് ഡിവോഴ്സ് ചെയ്തു…. അസ്മ ബിൻത് അൽ നുമാൻ… ആയിഷ കുതത്രം പ്രയോഗിച്ച് ഡിവോഴ്സ് ചെയ്യിച്ചു..” എന്നങ്ങു പറഞ്ഞു നിർത്തി !!

എവിടെ നിന്ന് ഭോഗിച്ച വിവരം നാസ്‌തികർക്ക് കിട്ടി ?! ഭോഗിയ്ക്കുക പോയിട്ട് സ്വന്തം ഭാര്യയായിരുന്നിട്ടും ഇഷ്ടമില്ലാത്തതു കൊണ്ട് സ്പർശിക്കുക പോലുമുണ്ടായില്ല. തന്നെ ഇഷ്ടമില്ലാത്തതിനാൽ തന്നെ മുഖം മറച്ച് ദൃഷ്ടി പോലും അവരിൽ നിന്നും മറച്ചുവെച്ചു. പിടിച്ചു വെക്കുകയൊ ബലം പ്രയോഗിക്കുകയൊ ചെയ്തില്ല. സൗമ്യതയോടെ വീട്ടിലേക്ക് പൊയ്കൊള്ളാൻ പറഞ്ഞു! ഇതാണൊ ഒരു സ്ത്രീപീഢകന്റെ ചിത്രം ?!

തനിക്ക് ഭർത്താവിനെ ഇഷ്ടമില്ലെന്ന് പറയുന്ന സ്ത്രീക്ക് യാതൊരു സങ്കോചമോ വൈമനസ്യമോ കൂടാതെ വീട്ടിലേക്ക് പോകാനും വിവാഹ മോചനം ചെയ്യാനുമുള്ള അവകാശം നൽകിയ ഒരാളെ “ബലാൽസംഗ വീരനും” ” സ്ത്രീ പീഢകനും” ആയി ചിത്രീകരിക്കാൻ വർഗീയ വിഷ വാഹകർക്കെ സാധിക്കു. അല്ലാത്തവർക്ക് അദ്ദേഹത്തെ സ്ത്രീവിമോചകനായാണ് മനസ്സിലാവുക. തന്നെ സ്നേഹത്തോടെ തിരഞ്ഞെടുത്തവരെ മാത്രമെ നബി (സ) ഭാര്യയാക്കിയിട്ടുള്ളു, സ്നേഹിച്ചിട്ടുള്ളു, സ്പർശിച്ചിട്ടുള്ളു എന്നത് അദ്ദേഹത്തിന്റെ മാന്യ വ്യക്തിത്വത്തിനും ലൈംഗിക വിശുദ്ധിക്കും മികച്ച തെളിവാണ്.

“ബാലിശമായ കാരണങ്ങൾ പറഞ്ഞ് ഡിവോഴ്സ് ചെയ്തു” എന്ന ആരോപണവും നുണ തന്നെ. അസ്‌മാഅ് ആണ് നബിയിൽ (സ) താൽപര്യമില്ലെന്ന അഭിപ്രായം അവതരിപ്പിച്ചത്, നബിയല്ല (സ). അവരുടെ അഭിപ്രായത്തെ മാനിച്ചു എന്നത് ഒരു തെറ്റായി മനസ്സിലാക്കാൻ മാത്രം ബുദ്ധിക്ക് വിധ്വേഷജ്വരം ബാധിച്ചോ നാസ്‌തികരെ നിങ്ങൾക്ക് ?!

2. അസ്‌മാഅ് ബിൻത് അന്നുഅ്മാൻ എന്ന സ്ത്രീയെ മുഹമ്മദ് നബി (സ) വിവാഹ മോചനം ചെയ്തു എന്ന് പോയിട്ട് വിവാഹം ചെയ്തു എന്നു പോലും സ്ഥിരപ്പെട്ടിട്ടില്ല എന്നതാണ് യാഥാർഥ്യം. ഈ പ്രസ്‌താവനക്ക് ഉപോൽബലകമായി രണ്ട് കാരണങ്ങൾ ഇവിടെ ഉദ്ധരിക്കാം.

ഒന്നാമത്തെ കാരണം:

നബിയുടെ (സ) പത്നിമാരിൽ, നബിയിൽ നിന്നും ശരണം തേടിയത് ഒരൊറ്റ പത്നി മാത്രമാണ്. അത് ഉമൈമ ബിൻത് നുഅ്മാനാണ് (ബുഖാരി: 5254). നബിയെ (സ) സംബന്ധിച്ചും അദ്ദേഹത്തിന്റെ മഹനീയമായ വ്യക്തിത്വത്തെ സംബന്ധിച്ചും പൂർവ്വ അറിവില്ലാത്ത ഉമൈമ പ്രവാചകനിൽ അനിഷ്ടം പ്രകടിപ്പിക്കുകയുണ്ടായി. താന്‍ വിവാഹം ചെയ്ത സ്ത്രീക്ക് തന്നോടൊപ്പം ജീവിക്കുവാന്‍ താല്‍പര്യമില്ലെന്നറിഞ്ഞപ്പോള്‍, നിര്‍ബന്ധിച്ച് കൂടെ താമസിപ്പിക്കാതെ മാന്യമായി അവരെ സ്വഗൃഹത്തിലേക്ക് യാത്രയാക്കുകയും വേര്‍പിരിയും മുമ്പ് അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്ത മാതൃകാപരമായ ഒരു നപടിയാണ് നബിയിൽ നിന്നുണ്ടായത്.

ﻻَ ﺗَﺤْﻤِﻠُﻮا اﻟﻨِّﺴَﺎءَ ﻋَﻠَﻰ ﻣَﺎ ﻳَﻜْﺮَﻫْﻦَ

“സ്ത്രീകളെ അവർക്ക് വെറുക്കുന്നത് ചെയ്യാൻ നിങ്ങൾ നിർബന്ധിക്കരുത്.” (മുസ്വന്നഫ് അബ്ദുർ റസാഖ്: 10320) എന്ന് അനുചരന്മാരെ പഠിപ്പിക്കുക മാത്രമല്ല കാരുണ്യ മൂർത്തിയായ പ്രവാചകൻ (സ) ചെയ്തത്, പ്രത്യുത ഉമൈമയോട് അനുവർത്തിച്ച നിലപാടിലൂടെ തന്റെ ആദർശനിഷ്ഠത സ്വജീവിതത്തിൽ പ്രാവർത്തികമായി തെളിയിക്കുക കൂടി അദ്ദേഹം ചെയ്തു.

പ്രവാചകന്‍ (സ) ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരെ നിര്‍ബന്ധപൂര്‍വ്വം കൂടെ താമസിപ്പിക്കുവാന്‍ യാതൊരു തടസ്സവുമുണ്ടായിരുന്നില്ല. കാരണം അവിടുന്ന് ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ അധിപനായിരുന്നു. രാജാക്കന്മാരും ചക്രവര്‍ത്തിമാരും ഒരു പെണ്ണിനെ ആഗ്രഹിച്ചു കഴിഞ്ഞാല്‍ അവളുടെ താല്‍പര്യം അന്വേഷിക്കുന്ന പതിവില്ലെന്ന് എല്ലാവര്‍ക്കുമറിയാവുന്ന വസ്തുതയാണ്. അതിനെതിരെ ഒരു ശബ്ദവുമവിടെ ഉയരുകയില്ല. ഇവിടെ പ്രവാചകന്‍ (സ) മാതൃകയാവുകയാണ്. താന്‍ വിവാഹം ചെയ്ത ഒരു സ്ത്രീക്ക് തന്നോടൊപ്പം ജീവിക്കുവാന്‍ താല്‍പര്യമില്ലെന്നറിഞ്ഞ നിമിഷം അവളെ ആശ്വസിപ്പിക്കുകയും സമാധാനിപ്പിക്കുകയും നിര്‍ഭയത്വത്തോടെ സ്വഗൃഹത്തിലേക്ക് മടങ്ങാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന പ്രവാചകന്‍, ഒരു രാഷ്ട്രത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത ഭരണാധിപനാണെന്ന വസ്തുതയും ചേര്‍ത്തു മനസ്സിലാക്കുമ്പോള്‍ എത്രമാത്രം ആദരവും താല്‍പര്യവുമാണ് ആ വ്യക്തിത്വത്തിനോട് തോന്നേണ്ടത്. ഇസ്‌ലാം വിമര്‍ശകര്‍ക്ക് പക്ഷെ അത്തരം ഊഷ്മളമായ ചിന്തയും വികാരവുമൊന്നും ഉണ്ടാവുകയില്ല. കാരണം അവരുടെ ഹൃദയം കടുത്തു പോയിരിക്കുന്നു. ഊഷരമായ ചിന്തയും വികാരവുമാണ് അവരെ നയിക്കുന്നത്. വെറുപ്പും വിദ്വേഷവും മാത്രമാണ് അവരെ ഭരിക്കുന്നത്.

ഉമൈമയുടെ ചരിത്രം വിശദമായി മറ്റൊരു ലേഖനത്തിൽ പ്രതിപാദിച്ചിട്ടുള്ളതിനാൽ ഇവിടെ ആവർത്തിക്കുന്നില്ല:

ഉമൈമയുടെ ഈ സംഭവം അസ്‌മാഅ് ബിൻത് നുഅ്മാനടക്കം മറ്റു പല സ്ത്രീകളിലേക്കും ചേർത്തി കൊണ്ട് ചില നിവേദനങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇത് നിവേദകന്മാരിൽ നിന്നും സംഭവിച്ച ഓർമ്മ പിശകു മാത്രമാണ്. ഉമൈമ ബിൻത് നുഅ്മാൻ, അസ്‌മാഅ് ബിൻത് നുഅ്മാൻ എന്നീ പേരുകളിലെ സാമ്യതയാണ് ഇവിടെ അതിനു കാരണം. നാമങ്ങൾ പരസ്പരം കൂടി കലർന്നു കൊണ്ടുള്ള ചില ആശയക്കുഴപ്പങ്ങൾ ചില ചരിത്രകാരന്മാരിൽ നിന്ന് സംഭവിച്ചു എന്നതിനുള്ള വ്യക്തമായ തെളിവാണ് ഉമൈമ ബിൻത് നുഅ്മാന്റെയും, അസ്‌മാഅ് ബിൻത് നുഅ്മാന്റെയും കഥകളുടെ ഉള്ളടക്കത്തിലെ സാമ്യത.

രണ്ടാമത്തെ കാരണം:

അസ്‌മാഅ് ബിൻത് നുഅ്മാനെ നബി (സ) വിവാഹം ചെയ്തു, നബി (സ) അവരെ സന്ദർശിച്ചപ്പോൾ അവർ വെറുപ്പു പ്രകടിപ്പിച്ചു, (“നിങ്ങളിൽ നിന്നും ഞാൻ അല്ലാഹുവിൽ ശരണം തേടുന്നു” എന്ന് നബിയോട് പറഞ്ഞു കൊള്ളാൻ അസ്‌മായോട് ഉപദേശിച്ചു കൊണ്ട്) ആഇശ ബീവി തന്ത്രം പ്രയോഗിച്ചു എന്നൊക്കെ സൂചിപ്പിക്കുന്ന നിവേദനങ്ങളുടെ പരമ്പരകൾ ആസകലം ദുർബലമാണ് എന്നതാണ് മറ്റൊരു കാരണം.

പ്രസ്തുത നിവേദനങ്ങളുടെ പരമ്പരകളും അവയെ സംബന്ധിച്ച നിരൂപണങ്ങളും താഴെ ചേർക്കാം:

ഒന്നാമത്തെ പരമ്പര:

ഇബ്നു സഅ്ദ് (ത്വബകാത് 8/143-148) നിവേദനം ഉദ്ധരിച്ചിരിക്കുന്നത് മുഹമ്മദ് ഇബ്നു ഉമർ വാകിദിയിൽ നിന്നാണ് അദ്ദേഹം ഹദീസിന്റെ മേഖലയിൽ (ദഈഫ്) ദുർബലമാണ്.

രണ്ടാമത്തെ പരമ്പര:

أخبرنا محمد بن عمر حدثني عبد الله بن جعفر عن عمرو بن صالح عن سعيد بن عبد الرحمن بن أبزى قال

ഇബ്നു സഅ്ദ് (ത്വബകാത്: 8/144), സഈദിബ്നു അബ്ദുർറഹ്മാൻ ബിൻ അബ്സയിൽ നിന്ന് ഉദ്ധരിച്ച പരമ്പര പൂർണമല്ല, മുർസലാണ്. പരമ്പരയിലെ മുഹമ്മദിബ്നു ഉമർ വാകിദ് ഹദീസിന്റെ വിഷയത്തിൽ ദുർബലനാണ്. നിവേദനത്തിലെ അംറിബ്നു സ്വാലിഹ് എന്ന റാവി മജ്ഹൂൽ (അജ്ഞാതൻ) ആണ്. ഇബ്നു അദിയ്യ് തന്റെ ‘അൽ കാമിൽ ഫീ ദുഅഫാഇർ രിജാലിൽ’, അംറിബ്നു സ്വാലിഹ് എന്ന റാവിയെ ദുർബലനായി പരിഗണിച്ചിരിക്കുന്നു.

മൂന്നാമത്തെ പരമ്പര:

أخبرنا هشام بن محمد بن السائب ، عن أبيه ، عن أبي صالح ، عن بن عباس قال…

ഇബ്നു സഅ്ദ് (ത്വബകാത്: 8/145) ഉദ്ധരിച്ച ഈ പരമ്പരയും അങ്ങേയറ്റം ദുർബലമാണ്. നിവേദനത്തിലെ ഹിശാമിബ്നു മുഹമ്മദിബ്നുസ്സാഇബിനെ സംബന്ധിച്ച ഹദീസ് നിദാനശാസ്ത്ര പണ്ഡിതരുടെ അഭിപ്രായം ഇപ്രകാരമാണ്. ഇബ്നു ഇറാക്: കളവു പറയുന്നവനായി ആരോപിതൻ ഇബ്നു അസാകിർ പറഞ്ഞു: അദ്ദേഹം റാഫിളിയാണ്, വിശ്വസ്തനല്ല. ദാറകുത്നി പറഞ്ഞു: മത്റൂക് (നുണയനെന്ന് ആരോപിക്കപ്പെട്ടതിനാൽ ഹദീസ് സ്വീകരിക്കപ്പെടാത്ത വ്യക്തി) ദഹബി പറഞ്ഞു: അദ്ദേഹം വിശ്വസ്‌തനല്ല. ( http://hadith.islam-db.com/narrators/33196/ )

നിവേദനത്തിലെ മുഹമ്മദിബ്നുസ്സാഇബിനെ സംബന്ധിച്ചു ഹദീസ് നിദാനശാസ്ത്ര പണ്ഡിതരുടെ അഭിപ്രായം:

കള്ള ഹദീസുകൾ നിർമ്മിക്കുന്ന വ്യക്തിയാണയാൾ എന്നാണ് ബുർഹാനുദ്ദീൻ അൽ ഹലബിയുടെ അഭിപ്രായം (അൽ കശ്ഫുൽ ഹസീസ് അമ്മൻ റുമിയ ബി വദ്ഇൽ ഹദീസ്)

ഇബ്നുൽ ജവ്സി തന്റെ ‘മൗദൂആത്ത്’ ൽ, പ്രസ്തുത റാവി കള്ള ഹദീസ് നിർമ്മാതാക്കളുടെ നേതാവാണെന്ന് പ്രസ്ഥാവിക്കുന്നു. ‘അലി മരണപ്പെട്ടിട്ടില്ലെന്നും, മേഘങ്ങൾക്കു മുകളിൽ വസിക്കുകയാണ്…’ എന്നെല്ലാം വിശ്വസിക്കുന്ന തീവ്ര ശീഈ വിഭാഗത്തിൽ പെട്ട വ്യക്‌തിയാണെന്ന് ഇബ്നു ഹിബ്ബാൻ, റാവിയെ പറ്റി അഭിപ്രായപ്പെടുന്നു.

ദാറകുത്നി തന്റെ ‘അദ്ദുഅഫാഉ വൽ മത്റൂ കീൻ’ ലും, അബു നുഐം അൽ അസ്ബഹാനി തന്റെ ‘ദുഅഫാഅ്’ ലും, റാവി കള്ള ഹദീസുകൾ പടച്ചുണ്ടാക്കുന്ന വ്യക്തിയായി തന്നെ വിശദീകരിക്കുന്നുണ്ട്.

മറ്റൊരു സനദ് ഇപ്രകാരമാണ്: وروى أيضا قال : أخبرنا هشام بن محمد ، حدثني ابن الغسيل ، عن حمزة بن أبي أسيد الساعدي ، عن أبيه – وكان بدريا – قال :

പരമ്പരയിലെ ഹിശാമിബ്നു മുഹമ്മദ് കളവു പറയുന്ന വ്യക്തിയാണെന്ന വിശദീകരണം മുമ്പ് പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. നിവേദനത്തിലെ ഇബ്നുൽ ഗസീൽ വിശ്വസ്തനാണെങ്കിലും ഓർമ്മശക്തി കുറഞ്ഞ വ്യക്തിയാണെന്ന് ഇബ്നു ഹജറും വ്യക്തമാക്കിയിട്ടുണ്ട്.

ആയിശ(റ)യുടെ വിവാഹപ്രായം: നബിനിന്ദകരോട് പറയാനുള്ളത്

ഇണകളായി ജീവിക്കുന്ന രണ്ടുപേരെ നോക്കി ഒരാൾ ഇവർ മാതൃകാ ദമ്പതികളാണെന്ന് പരിചയപെടുത്തിയാൽ അതിൽ നിന്ന് കേൾവിക്കാരൻ മനസ്സിലാക്കുന്നത് എന്തായിരിക്കും? അവർക്ക് ഒരേ പ്രായമായിരിക്കുമെന്നാണോ? പുരുഷൻ പ്രായക്കൂടുതലും സ്ത്രീ പ്രായക്കുറവുമുള്ളവരാണെന്നാണോ? സ്ത്രീ പ്രായക്കൂടുതലും പുരുഷൻ പ്രായക്കുറവുമുള്ളവരാണെന്നാണോ? ഇതൊന്നുമല്ലെന്ന് എല്ലാവർക്കുമറിയാം. മാതൃകാദമ്പതികളാണെന്ന് പരിചയപ്പെടുത്തുക സംതൃപ്തവും മാതൃകാപരവുമായ ജീവിതം നയിക്കുന്ന ഇണകളെയായിരിക്കും. സ്നേഹവും കാരുണ്യവും പരസ്പരം നൽകിക്കൊണ്ടും സ്ത്രീ പുരുഷനിലും തിരിച്ചും ശാന്തി കണ്ടെത്തുകയും ചെയ്തുകൊണ്ടുള്ള ജീവിതത്തെക്കുറിച്ചാണ് മാതൃകാ ദാമ്പത്യമെന്ന് പറയുന്നത്. മുഹമ്മദ് നബി(സ)യും ആയിഷയും നയിച്ച ദാമ്പത്യജീവിതം അവസാനനാളുവരെയുള്ള മനുഷ്യർക്കെല്ലാം മാതൃകയായ ദാമ്പത്യജീവിതമാണെന്ന് പറയുന്നത് ഈ മാനകങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇണയുമൊത്തുള്ള തന്റെ ജീവിതത്തെക്കുറിച്ച് മധുരമൂറുന്ന പദങ്ങളുപയോഗിച്ച് ഇണ മരണപ്പെട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞ ശേഷവും ഒരാൾ അനുസ്മരിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം അയാൾ അനുഭവിച്ച ദാമ്പത്യജീവിതം അത്രത്തോളം സംതൃപ്തവും സ്നേഹ-കാരുണ്യങ്ങൾ നിറഞ്ഞതുമായിരുന്നുവെന്ന് തന്നെയാണ്. ആയിഷ (റ) മരണപ്പെടുന്നത് 67 ആമത്തെ വയസ്സിലാണ്. പ്രവാചകൻ (സ) മരണപ്പെടുമ്പോൾ അവർക്ക് വയസ്സ് 18. അര നൂറ്റാണ്ടോളം കാലം അവർ ചെയ്ത സേവനമെന്തായിരുന്നുവെന്നതിനുള്ള ഉത്തരം ഹദീഥ് ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ ഏതൊരാൾക്കും ലഭിക്കും. തന്റെ മടിയിൽ കിടന്ന് ഇഹലോകവാസം വെടിഞ്ഞ അന്തിമദൂതന്റെ ജീവിതത്തിൽ താൻ കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ അടുത്ത തലമുറയ്ക്ക് പകർന്നുകൊടുക്കുകയെന്ന മഹാദൗത്യമാണ് ഇക്കാലമത്രയും അവർ നിർവ്വഹിച്ചത്. മുഹമ്മദ് നബിയുമൊത്തുള്ള തന്റെ ദാമ്പത്യജീവിതത്തിന്റെ സൂക്ഷ്മാംശങ്ങൾ പോലും അവസാനനാളുവരെയുള്ള മനുഷ്യർക്ക് മാതൃകയായിത്തീരുന്ന വിധത്തിൽ അവർ തന്റെയടുത്തെത്തുന്നവർക്ക് പറഞ്ഞുകൊടുത്തു. അവരിൽ നിന്ന് ഈ ഹദീഥുകളിൽ പലതും നിവേദനം ചെയ്തവരുമായുള്ള സമ്പർക്കത്തെയും അവരുപയോഗിച്ച ഭാഷയെയും സൂക്ഷ്മമായി അപഗ്രഥിച്ചാൽ ഈ സംപ്രേക്ഷണം കൂടുതലായി നടന്നത് അവരുടെ ജീവിതത്തിന്റെ അവസാനത്തെ രണ്ട് പതിറ്റാണ്ടുകളിലായിരുന്നുവെന്ന് മനസ്സിലാവും. നബിയോടോപ്പമുള്ള ആയിഷയുടെ ദാമ്പത്യം എത്രമാത്രം സംതൃപ്തവും സ്നേഹസുരഭിലവുമായിരുന്നുവെന്ന് മനസ്സിലാക്കുവാൻ ജീവിതസായാഹ്നത്തിൽ പോലും നബിജീവിതത്തെക്കുറിച്ച് പറയുമ്പോൾ അവരുടെ വാക്കുകളിലൂറുന്ന മധുരം മാത്രം പഠനവിധേയമാക്കിയാൽ മതി. ഈ സംതൃപ്തി തന്നെയാണ് മറ്റ് ഇണകളുമായുള്ള ദാമ്പത്യജീവിതത്തിന്റെ കാര്യത്തിലെന്ന പോലെത്തന്നെ നബി-ആയിഷ ദാമ്പത്യത്തിന്റെയും മാതൃക; പൂർണ്ണാർത്ഥത്തിലുള്ള സ്നേഹ-കാരുണ്യങ്ങളുടെ പാരസ്പര്യം വഴി സമാധാനപൂർണ്ണവും സംതൃപ്തവുമായ ദാമ്പത്യം എങ്ങനെ സാധിക്കാമെന്നതിന് ലോകാവസാനം വരെയുള്ള മുഴുവൻ മനുഷ്യർക്കുമുള്ള മാതൃക.

തന്നോട് ഇഷ്ടമുള്ള സന്ദർഭമാണോ ദേഷ്യമുള്ള അവസരമാണോ എന്ന് ഇണയുടെ വാക്കുകൾ മാത്രം പരിശോധിച്ച് മനസ്സിലാക്കുന്ന പ്രവാചകന്റെ(സ) പാടവത്തെക്കുറിച്ച് അനുസ്മരിക്കുന്ന ആയിഷയുടെ(റ) ഹദീഥ് (സ്വഹീഹുൽ ബുഖാരി) എത്രമേൽ മധുരമുള്ള ദാമ്പത്യത്തെയാണ് അടയാളപ്പെടുത്തുന്നതെന്ന് അതിലെ പദങ്ങൾ പരിശോധിച്ചാൽ ബോധ്യമാകും. താൻ രണ്ട് തവണ പ്രവാചകനോടൊപ്പം ഓട്ടപ്പന്തയം നടത്തിയിട്ടുണ്ടെന്നും ആദ്യ തവണ താൻ ജയിച്ചുവെന്നും രണ്ടാം തവണ താൻ പരാജയപ്പെട്ടുവെന്നും തന്നെ പരാജയപ്പെടുത്തിയപ്പോൾ ‘ഇത് മുമ്പത്തേതിനുള്ള മറുപടിയാണ്’ എന്ന് പ്രവാചകൻ (സ) പറഞ്ഞുവെന്നുമുള്ള ആയിഷയുടെ(റ) ഓർമ്മകളിൽ (അബൂദാവൂദ് സ്വഹീഹായ സനദോടെ നിവേദനം ചെയ്തത്) വെളിപ്പെടുന്നത് കളിയും തമാശയുമെല്ലാം വഴി ദാമ്പത്യത്തെ സുരഭിലമാക്കിയ നബിയെ അവർ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നുവെന്ന സത്യമാണ്. ‘ഞാൻ കുടിച്ചു വെച്ച പാനപാത്രത്തിൽ നിന്ന് അതിന്റെ ബാക്കി പ്രവാചകൻ (സ) കുടിച്ചപ്പോൾ ഞാൻ എവിടെയാണോ ചുണ്ട് വെച്ചത് അവിടെത്തന്നെ ചുണ്ട് വെച്ചാണ് തിരുമേനി കുടിച്ചത്’ എന്നും ‘ഒരു എല്ലിൻ കഷ്ണത്തിലുണ്ടായിരുന്ന ഇറച്ചിക്കഷ്ണങ്ങൾ ഞാൻ തിന്ന ശേഷം അതിന്റെ ബാക്കി നബി (സ) തിന്നപ്പോൾ ഞാൻ തിന്നിടത്ത് നിന്ന് തന്നെ തിരുമേനി തീറ്റയാരംഭിച്ചു’വെന്നും ആയിഷ (റ) പറയുമ്പോൾ (നസാഈ സ്വഹീഹായ സനദോടെ നിവേദനം ചെയ്തത്) തീറ്റയിലും കുടിയിലുമെല്ലാം സ്വീകരിച്ച ചെറിയ ചെറിയ ശ്രദ്ധകൾ വഴി എത്ര സമർത്ഥമായാണ് പ്രവാചകൻ (സ) ദാമ്പത്യത്തെ ആസ്വദിച്ചതും ആസ്വദിപ്പിച്ചതുമെന്ന മഹാമാതൃക അനുവദനീയമായ ഇണജീവിതത്തിലൂടെയാകണം ലൈംഗികാസ്വാദനമാകേണ്ടതെന്ന് കരുതുന്നവർക്കെല്ലാം ലഭിക്കുന്നുണ്ട്. വീടുകളിലെത്തിയാൽ ഇണകളെ ഗാർഹികജോലികളിൽ സഹായിക്കാനാണ് പ്രവാചകൻ (സ) സമയം ചെലവഴിച്ചിരുന്നതെന്ന ആയിഷ(റ)യുടെ സാക്ഷ്യം (സ്വഹീഹുൽ ബുഖാരി) ആണ്കോയ്മയുടെ ലാഞ്ചന പോലുമേശാതെയാണ് അന്തിമപ്രവാചകൻ (സ) ജീവിച്ചതെന്നതിനുള്ള ഇണയുടെ സാക്ഷ്യത്തോടൊപ്പം തന്നെ അത്തരമൊരു ജീവിതത്തിൽ നിന്ന് ഇണകൾ എത്രത്തോളം ആശ്വാസവും സംതൃപ്‌തിയുമനുഭവിച്ചിരുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്. ലൈംഗികവൃത്തികൾ അനുവദിക്കപ്പെട്ടിട്ടില്ലാത്ത വൃതാനുഷ്ഠാനത്തിന്റെ പകലുകളിൽ പോലും സ്നേഹപ്രകടനമെന്നവണ്ണം ഇണകളെ ചുംബിക്കുന്ന പ്രവാചകന്റെ ചിത്രം അനുയായികൾക്ക് നൽകുന്ന ആയിഷ (റ) (സ്വഹീഹുൽ ബുഖാരി, സ്വഹീഹ് മുസ്‌ലിം) പ്രവാചകന്റെ സ്നേഹപ്രകടനങ്ങൾ വഴി ഇണകൾക്ക് സ്നേഹവും സംതൃപ്തിയും സമാധാനവും എത്രത്തോളം ലഭിച്ചിരുന്നുവെന്ന് മനസ്സിലാക്കിക്കൊടുക്കുകയാണ് ചെയ്യുന്നത്.

ഇണകൾക്ക് ആവർത്തവമുള്ള സന്ദർഭത്തിൽ പോലും യോനീസുരതമൊഴിച്ചുള്ള ലൈംഗികചേഷ്ടകളെല്ലാം അവരുമായി പ്രവാചകൻ (സ) നടത്തുമായിരുന്നുവെന്ന് സാക്ഷീകരിക്കുന്ന ആയിഷ (റ)(സ്വഹീഹുൽ ബുഖാരി, സ്വഹീഹ് മുസ്‌ലിം) രജസ്വലകളായിരിക്കുമ്പോൾ പോലും തങ്ങൾക്ക് നബിസ്നേഹവും സഹവാസവും നിഷേധിക്കപ്പെട്ടിരുന്നില്ലെന്ന് വ്യക്തമാക്കുക മാത്രമല്ല, സ്വാഭാവികമായ ആ സ്ത്രീപ്രക്രിയ അവളുടെ വിസർജ്ജ്യസ്ഥലമൊഴികെ മറ്റ് ശരീരഭാഗങ്ങളെയൊന്നും അശുദ്ധമാക്കുന്നില്ലെന്ന് അന്ന് ജീവിച്ചിരുന്നവരും ഇന്ന് ജീവിക്കുന്നവരും നാളെ ജീവിക്കാനിരിക്കുന്നവരുമായ മുഴുവൻ സ്ത്രീ-പുരുഷന്മാരെയും ബോധ്യപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്. ആർത്തവകാലത്തുപോലും ഇണകളോടൊപ്പം തിന്നുകയും കുടിക്കുകയും മാത്രമല്ല, അവരുപയോഗിച്ച ഭക്ഷണപാനീയങ്ങളുടെ ബാക്കി അതേ പാത്രങ്ങളിൽ നിന്ന് തന്നെ ഉപയോഗിക്കുകയും സഹശയനം നടത്തുകയുമെല്ലാം ചെയ്തിരുന്ന നബിയെക്കുറിച്ച് വാചാലമാകുന്ന ആയിഷ (റ) (നസാഈ സ്വഹീഹായ സനദോടെ നിവേദനം ചെയ്തത്) വൈകാരികപ്രശ്നങ്ങളാൽ പ്രയാസപ്പെടുന്ന പെൺനാളുകളിൽ പോലും നബിസ്നേഹത്തിന്റെ ശീതളിമയും ആഴങ്ങളുമനുഭവിച്ചപ്പോഴുള്ള സംതൃപ്തിയെ വെളിപ്പെടുത്തുന്നതോടൊപ്പം തന്നെ മറ്റ് പല സംസ്കാരങ്ങളിലെയും പോലെ രജസ്വലയെ മൊത്തം അശുദ്ധിയായും അസ്പൃശ്യയായും കാണുകയും വൈയക്തികവ്യവഹാരങ്ങളിൽ നിന്ന് പോലും മാറ്റിനിർത്തുകയും ചെയ്യുന്നത് വഴിയുള്ള മനഃസംഘർഷമോ അപകർഷതാബോധമോ അനുഭവിക്കേണ്ട ദൗർഭാഗ്യമൊന്നും പ്രവാചകാനുചരികളായ വനിതകൾക്കില്ലെന്ന് വിളിച്ച് പറയുകയും ചെയ്യുന്നുണ്ട്.

അമ്പത് കഴിഞ്ഞ പ്രവാചകൻ (സ) ഒൻപതുകാരിയായ ആയിഷയോടൊപ്പം ദാമ്പത്യജീവിതമാരംഭിച്ചതിൽ എന്ത് മാതൃകയാണുള്ളതെന്ന് ചോദിക്കുന്നവരോട് ആ പ്രായവ്യത്യാസത്തിലൂടെ തന്നെയാണ് നബിജീവിതം വലിയൊരു സന്ദേശം മാനവരാശിക്ക് നൽകുന്നത് എന്ന് തന്നെയാണ് ഉത്തരം. പ്രായമല്ല പൊരുത്തമാണ് ദാമ്പത്യവിജയത്തിന്റെ അടിത്തറയെന്ന സന്ദേശം നൽകുന്നതാണ് ആ ദാമ്പത്യത്തിന്റെ പത്ത് വർഷങ്ങൾ. ഇരുപത്തിയഞ്ചുകാരനായിരിക്കുമ്പോൾ നാല്പതുകാരിയോടൊപ്പം ദാമ്പത്യമാരംഭിക്കുകയും പരസ്പരം മധുരം നൽകിക്കൊണ്ട് ജീവിക്കുകയും കാൽ നൂറ്റാണ്ടുകാലം ആവോളം സ്നേഹം നൽകുകയും വാങ്ങുകയും ചെയ്ത് യഥാർത്ഥ ഇണകളും തുണകളുമായിത്തീരുകയും ചെയ്ത മുഹമ്മദ്-ഖദീജ ദമ്പതികൾ സംതൃപ്തദാമ്പത്യത്തിന് പെൺപ്രായം കൂടുതലാണെന്നത് തടസ്സമേയല്ലെന്ന് മാനവതയെ പഠിപ്പിച്ചത് പോലെയുള്ള മഹാമാതൃക. ഇതിനർത്ഥം എക്കാലഘട്ടങ്ങളിലെയും എല്ലാ മനുഷ്യർക്കും ഈ പ്രായവ്യത്യാസം തുടരാൻ കഴിയുമെന്നോ കഴിയണമെന്നോ അല്ല, പ്രത്യുത പ്രായവ്യത്യാസമല്ല സംതൃപ്തദാമ്പത്യത്തിന്റെ മാനകമെന്ന സത്യം മനുഷ്യരെ പഠിപ്പിക്കുകയാണ് നബി തന്റെ വിവാഹങ്ങളിലൂടെയെല്ലാം ചെയ്തത് എന്ന് മാത്രമാണ്. ഇണകൾ ഏത് പ്രായത്തിലുള്ളവരാണെങ്കിലും പരസ്പരം സ്നേഹം നൽകാനും ഉൾക്കൊള്ളുവാനും മനസ്സിലാക്കുവാനും കഴിയുമെങ്കിൽ സംതൃപ്തിയുടെ കൊടുമുടിയിലെത്താൻ സാധിക്കുമെന്ന വലിയ പാഠമാണ് നബിവിവാഹങ്ങളെല്ലാം മാനവരാശിക്ക് നൽകുന്നത്.

ഒമ്പത്കാരിയുമായി ദാമ്പത്യജീവിതമാരംഭിച്ച മുഹമ്മദ് നബിയെ ശിശുകാമിയെന്നും പീഡോഫൈലെന്നും വിളിച്ച് ആക്ഷേപിക്കുന്നവരോട് വിനീതമായി പറയാനുള്ളത് അങ്ങനെയെങ്കിൽ നിങ്ങളും ഞാനുമെല്ലാം പീഡോഫൈലുകളുടെ മക്കളും പേരമക്കളുമാണെന്നാണ്. ഇന്ത്യയിലെ സ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെടണമെങ്കിൽ പന്ത്രണ്ട് വയസ്സെങ്കിലുമാകണമെന്ന നിയമം (The Indian Criminal Law Amendment Act, 1891) ബ്രിട്ടീഷ് സർക്കാർ കൊണ്ടു വന്നപ്പോൾ അതിന്നെതിരെ നമ്മുടെ മുത്തച്ഛന്മാർ സമരം ചെയ്തിട്ട് ഒന്നേകാൽ നൂറ്റാണ്ട് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. പത്ത് വയസ്സുകാരികളെ വിവാഹം ചെയ്തുകൊടുക്കാനും അവരുമായി രതിയിലേർപ്പെടുവാനുമുള്ള തങ്ങളുടെ മതപരമായ അവകാശം അനുവദിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം ചെയ്തവർക്ക് മുന്നിലുണ്ടായിരുന്നത് ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ബാല ഗംഗാധരതിലകനായിരുന്നുവെന്ന സത്യം നമ്മുടെയെല്ലാം മുത്തച്ഛന്മാർ പീഡോഫൈലുകളാണെന്നാണോ വ്യക്തമാക്കുന്നതെന്ന് പറയാൻ ആയിഷാവിവാഹത്തിന്റെ പേരിൽ നബിയെ തെറി പറയാൻ ധൃഷ്ടരാകുന്നവർക്ക് ബാധ്യതയുണ്ട്. മതപരവും സാമൂഹികവുമായ തങ്ങളുടെ രീതികളെ ചോദ്യം ചെയ്യുന്ന യാതൊരുവിധ ഇടപെടലുകളും നടത്താൻ സർക്കാരിനെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ബാലവിവാഹത്തെയും രതിയെയും നിരോധിച്ചുകൊണ്ടുള്ള ബില്ലിനെതിരെ പോരാടാൻ ജനങ്ങളെ തിലകൻ പ്രചോദിപ്പിച്ചതെന്ന് മീര കൊസാംബി Economic and Political Weekly (1991 August 3-10)യിൽ എഴുതിയ “Girl-Brides and Socio-Legal Change: Age of Consent Bill (1891) Controversy” എന്ന പ്രബന്ധത്തിൽ നിരീക്ഷിക്കുന്നുണ്ട്. 1891 മാർച്ച് 19 ന് മുമ്പ് നമ്മുടെ മുത്തച്ഛന്മാരിൽ പലരും പീഡോഫൈലുകളായിരുന്നുവെന്നാണോ ഇതെല്ലാം അർത്ഥമാക്കുന്നതെന്ന് വ്യക്തമാക്കേണ്ടത് തിലകൻ മുന്നോട്ട് വെച്ച ദേശീയസങ്കല്പത്തിന്റെ പേരിൽ അഭിമാനിക്കുകയും ഒപ്പം നബിയെ തെറി പറയാൻ കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗിക്കുകയും ചെയ്യുന്നവരാണ്.

ഭാരതീയതയിൽ അഭിമാനിക്കുന്നവരാണ് തങ്ങളെന്ന് ആണയിട്ടുകൊണ്ട് നബി(സ)യെ തെറിപറയുന്നവർ വാൽമീകിരാമായണമെങ്കിലും വായിക്കാൻ സന്നദ്ധമായാൽ പ്രവാചകപ്രഭുവിനെതിരെയുള്ള അവരുടെ കാർക്കിച്ച് തുപ്പലുകൾ അവരുടെ തന്നെ മുഖത്ത് വന്നു വീഴുന്നതാണ് നമുക്ക് കാണാനാവുക. സമ്പൂർണ്ണ പുരുഷനും മാതൃകാഭർത്താവുമായി രാമായണം അവതരിപിപ്പിക്കുന്ന ശ്രീരാമൻ സീതയെ വിവാഹം ചെയ്യുന്നത് അദ്ദേഹത്തിന് പതിമൂന്ന് വയസ്സും സീതക്ക് ആറ് വയസ്സുമുള്ളപ്പോഴാണെന്നാണ് വാല്മീകി രാമായണം, ആരണ്യകാണ്ഡത്തിന്റെ നാല്പത്തേഴാം സർഗ്ഗത്തിലെ വ്യത്യസ്ത ശ്ലോകങ്ങൾ വായിച്ചാൽ ആർക്കും മനസ്സിലാവുക. ഇതിന്റെ അടിസ്ഥാനത്തിൽ ആരെങ്കിലും ശ്രീരാമനെ പീഡോഫൈൽ എന്ന് വിളിച്ചാൽ നമുക്ക് അവരോട് പറയേണ്ടി വരിക രാമായണത്തിലെ ആദ്യത്തെ വചനത്തിന്റെ തുടക്കത്തിലെ നിർദേശം മാത്രമാണ്. ‘മാ നിഷാദ’ (അരുത് കാട്ടാളാ..). ഇന്നത്തെ സാമൂഹ്യമാനദണ്ഡങ്ങൾ വെച്ചുകൊണ്ട് പുരാതനകാലത്തെ മഹാവ്യക്തിത്വങ്ങളെ അപഗ്രഥിക്കുകയും അവരെ തെറി പറയുവാൻ കാരണങ്ങൾ കണ്ടെത്തുകയും ചെയ്യുന്നവരെ കാട്ടാളന്മാർ എന്ന് വിളിച്ചാൽ കാട്ടുമൂപ്പന്മാർ നമ്മെ വിചാരണ ചെയ്ത് ശിക്ഷിക്കുമോയെന്ന് ഭയപ്പെടണം.

എന്ന് മുതൽക്കാണ് നാം ഇന്ത്യക്കാർക്ക് ചെറിയ പ്രായത്തിലുള്ളവരുമായുള്ള വിവാഹം പീഡോഫീലിയയായി അനുഭവപ്പെടാൻ തുടങ്ങിയത്? ഭാരതത്തിന്റെ ആത്മീയ പാരമ്പര്യത്തെക്കുറിച്ച് എന്തെങ്കിലുമൊക്കെ വിവരമുള്ള ആരെങ്കിലും ഇത്തരം വൃത്തികേടുകൾ പറയുമോ? ആധുനിക ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തെക്കുറിച്ച് പറയുമ്പോൾ ആരുടെയും മനസ്സിലുദിക്കുന്ന ചിത്രം വിവേകാനന്ദ സ്വാമികളുടേതാണ്. കുസൃതിക്കുറുമ്പനായ നരേന്ദ്രനിൽ നിന്ന് ലോകമതസമ്മേളനത്തിലെ ക്ഷണിതാവായ വിവേകാനന്ദനിലേക്കുള്ള പരിവർത്തനത്തിന്റെ ചാലകമായി വർത്തിച്ചത് അദ്ദേഹത്തിന്റെ ആത്മീയഗുരുവായ ശ്രീരാമകൃഷ്ണ പരമഹംസനായിരുന്നു. ആധുനിക ഭാരതത്തിലെ ആത്മീയാചാര്യന്മാരിൽ പ്രമുഖനായ ശ്രീരാമകൃഷ്ണ പരമഹംസർ തന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിലാണ് അഞ്ച് വയസ്സുകാരിയായ ശാരദാ ദേവിയെ വിവാഹം ചെയ്തത്. ശ്രീരാമകൃഷ്‌ണ മിഷനിലുള്ളവർ അമ്മയെന്ന് വിളിക്കുന്ന ശാരദാ ദേവിയെ പരമഹംസർ വേൾക്കുന്നത് 1859 ലാണെന്ന് നാം മനസ്സിലാക്കണം. അന്നത്തെ ഇന്ത്യയിലുണ്ടായിരുന്ന വിവാഹരീതിയെയല്ലാതെ മറ്റൊന്നും ഇത് അടയാളപ്പെടുത്തുന്നില്ലെന്ന് ആർക്കാണറിയാത്തത്? പരമഹംസനോടുള്ള ആദരവിനെയോ ശാരദാദേവിയോടെയുള്ള ഭക്തിയേയോ ബാധിക്കുന്ന കാര്യമായി അവരുടെ വിവാഹപ്രായത്തെ വേദാന്തികളൊന്നും മനസ്സിലാക്കുന്നില്ലെങ്കിൽ പിന്നെ മുഹമ്മദ് നബിയെ ഭൽസിക്കുവാൻ ഇണയുടെ പ്രായമെങ്ങനെയാണ് നിമിത്തമായിത്തീരുന്നത്?!!

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഹൈന്ദവ നവോത്ഥാനത്തിന്റെ മുഖമായിരുന്നു മഹാദേവ് ഗോവിന്ദ് റാനഡെ. സമൂഹത്തിൽ പൊതുവെ നിരോധിക്കപ്പെട്ടിരുന്ന വിധവാ വിവാഹം അനുവദിക്കുന്നതിനുവേണ്ടിയുള്ള സമരത്തിൽ മുന്നിൽ നിന്നായാൾ; ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ രൂപീകരണയോഗത്തിൽ പങ്കെടുത്ത ഇന്ത്യക്കാരിലൊരാൾ. അദ്ദേഹത്തിന്റെ ആദ്യഭാര്യ മരണപ്പെട്ടപ്പോൾ തന്റെ മുപ്പത്തിയൊന്നാമത്തെ വയസ്സിൽ രണ്ടാമതായി വിവാഹം ചെയ്തത് പതിന്നുകാരിയായ വയസ്സുള്ള രമാഭായിയെന്ന കന്യകയെയാണ്. നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി തന്റെ പതിമൂന്നാത്തെ വയസ്സിലാണ് പതിനാല് വയസ്സുള്ള കസ്തൂർബായെ വിവാഹം ചെയ്തത്. ഇന്ത്യൻ ഭരണഘടനയുടെ ശില്പിയായ അംബേദ്‌കർ 1906 ൽ തന്റെ പതിനഞ്ചാം വയസ്സിൽ രമാ ഭായിയെ വിവാഹം ചെയ്യുമ്പോൾ അവർക്ക് ഒൻപത് വയസ്സായിരുന്നു. ലോകപ്രശസ്തനായ ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജ അയ്യങ്കാർ 1909 ൽ തന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സിൽ ജാനകി അമ്മാളിനെ വിവാഹം ചെയ്യുമ്പോൾ അവർക്ക് പത്ത് വയസ്സാണുള്ളത്. ഭാരതീയ ഭൗതികശാസ്ത്രജ്ഞരിൽ അഗ്രഗണ്യനായ സത്യേന്ദ്രനാഥ് ബോസ് തന്റെ ഇരുപതാമത്തെ വയസ്സിൽ ഉഷാപതി ഘോഷ് എന്ന പതിനൊന്ന്കാരിയെ വിവാഹം ചെയ്യുന്നത് 1914 ലാണ്. പ്രവാചകനെ തെറി പറയുവാൻ ധൃഷ്ടരാവുന്നവരുടെ മാനദണ്ഡങ്ങൾ പ്രകാരം പരിശോധിച്ചാൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ഇന്ത്യ നിറയെ പീഡോഫൈലുകളായിരുന്നു ജീവിച്ചിരുന്നതെന്ന് പറയേണ്ടി വരും. നമ്മുടെ നാടിന് സ്വാതന്ത്ര്യം നേടിത്തരികയും കാര്യമായ സംഭാവനകൾ അർപ്പിക്കുകയും ചെയ്തവരെല്ലാം അവരുടെ കണ്ണിൽ പീഡോഫൈലുകളാണ്. ‘ഹാ പീഡോഫീലിയ; എത്ര നല്ല കാര്യം’ എന്ന് പറയേണ്ടി വരുമോ !!!

ഇസ്‌ലാമുമായുള്ള ആദർശസമരത്തിൽ പരാജയപ്പെട്ടുകൊണ്ടേയിരിക്കുന്നതിന്റെ കെർവ്വ് തീർക്കാൻ നബിയെ തെറി പറഞ്ഞ് ആസ്വദിക്കുകയും ആശ്വസിക്കുകയും ചെയ്യുന്ന ചിലരും ഇതിന്നിടയിൽ വർദ്ധിതമായ ആവേശത്തോടെ പീഡോഫീലിയ ആരോപണവുമായി രംഗത്തുണ്ട്. അവരോടും വിനീതമായി പറയാനുള്ളത് തങ്ങളുടെ കയ്യിലുള്ള വേദഗ്രന്ഥം ഇടക്കെങ്കിലുമൊന്ന് വായിക്കുന്നതും ചരിത്രമെല്ലാം ഓർക്കുന്നതും നല്ലതാണെന്നാണ്. ബൈബിളിലെ ഉല്പത്തി പുസ്തകത്തിൽ വിവിധ ഇടങ്ങളിലായി പരാമർശിച്ചിരിക്കുന്ന പലരുടെയും പ്രായങ്ങൾ താരതമ്യം ചെയ്‌താൽ അബ്രഹാമിന്റെ രണ്ടാമത്തെ മകനായ ഇസഹാക്ക് റബേക്കയെ വിവാഹം ചെയ്യുമ്പോൾ അവർക്ക് മൂന്ന് വയസ്സായിരുന്നുവെന്നാണ് മനസ്സിലാവുക. എന്നാൽ ഇരുപത്തിനാലാം അധ്യായത്തിന്റെ തുടക്കത്തിലെ റബേക്കയെക്കുറിച്ച പരാമർശങ്ങൾ പത്തിൽ കുറയാത്ത പ്രായമുണ്ടെന്നാണ് വ്യക്തമാക്കുന്നത്. ഇത്തരം വൈരുധ്യങ്ങൾ ബൈബിളിൽ സാധാരണമാണല്ലോ. ഈ വിഷയത്തിൽ കൃത്യമായ വിവരം നൽകുന്നത് അപ്പോക്രിഫാഗ്രന്ഥമായ യാഷെറിന്റെ പുസ്തകമാണ്. വിവാഹ സമയത്ത് റബേക്കക്ക് പത്ത് വയസായിരുന്നു പ്രായമെന്നാണ് യാഷെറിന്റെ പുസ്തകം പറയുന്നത് (24: 40). പുസ്തകം വായിക്കണമെന്നുള്ളവർ https://www.sacred-texts.com/chr/apo/jasher/index.htm എന്ന ലിങ്കിൽ പരതിയാൽ മതി. ആയിഷാവിവാഹത്തിന്റെ പേരിൽ മുഹമ്മദ് നിബി(സ)യെ തെറി പറയാൻ തക്കം പാർത്തിരിക്കുന്നവർ ആദ്യമായി പീഡോഫൈൽ എന്ന് വിളിക്കേണ്ടി വരിക യേശുവിന്റെ മുതുമുത്തച്ഛനെയായിരിക്കുമെന്നർത്ഥം.

യോസേഫ് എന്ന തച്ചനുമായി വിവാഹ നിശ്ചയം കഴിഞ്ഞ ശേഷമാണ് ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച സന്തോഷവാർത്തയുമായി മാലാഖമാർ യേശുമാതാവായ മറിയക്കടുത്തെത്തിയതെന്ന് സംഹിതസുവിശേഷങ്ങൾ പറയുന്നുണ്ടെങ്കിലും അവരുടെ രണ്ട് പേരുടെയും വയസ്സിനെക്കുറിച്ച് അവയിലൊന്നുമില്ല. എന്നാൽ പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത ചില അപ്പോക്രിഫാ ഗ്രന്ഥങ്ങളിൽ അവരുടെ പ്രായത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ടെന്ന് കാത്തലിക്ക് എൻസൈക്ലോപീഡിയയിൽ പറയുന്നുണ്ട്. വിശുദ്ധ യോസേഫിന് നാല്പത് വയസ്സുള്ളപ്പോഴാണ് ആദ്ദേഹം സലോമിയെ വിവാഹം ചെയ്തത്; 49 വർഷം നീണ്ടു നിന്ന് അവരുടെ വൈവാഹികജീവിതം അവസാനിച്ചത് സലോമിയുടെ മരണത്തോടെയാണ്. അത് കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് പന്ത്രണ്ട്കാരിയായ മറിയയുമായുള്ള (പന്ത്രണ്ടിനും പതിനാലിനുമിടയിലായിരുന്നു മറിയയുടെ പ്രായം) വിവാഹനിശ്ചയം നടന്നത്. ഇക്കാര്യത്തിൽ സംശയമുള്ളവർക്ക് കാത്തലിക് എൻസൈക്ലോപീഡിയയുടെ https://www.newadvent.org/cathen/08504a.htm എന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്. പന്ത്രണ്ടുകാരിയെ വിവാഹം കഴിക്കാനൊരുമ്പെട്ട തൊണ്ണൂറുകാരനായ പീഡോഫൈലായിരുന്നു കത്തോലിക്കാ സഭ വിശുദ്ധനായി വാഴ്ത്തുന്ന യോസേഫെന്നാണ് നബിനിന്ദക്ക് വേണ്ടി മാത്രം വായ തുറക്കുന്ന ചില മിഷനറിമാരുടെ അളവുകോലുപയോഗിച്ചാൽ പറയേണ്ടി വരിക.

അല്ലെങ്കിലും സഭയ്‌ക്കെന്നാണ് ചെറിയ പ്രായത്തിലുള്ളവരുടെ വിവാഹം വിലയ്ക്കപ്പെട്ടതായിരുന്നത്? നാലും അഞ്ചും വയസ്സുള്ളവരുടെ എത്രയെത്ര വിവാഹകൂദാശകളാണ് മാർപ്പാപ്പമാർ മുതൽ വികാരിയച്ചന്മാർ വരെ നടത്തിയിയിരിക്കുന്നത് !! സ്‌കോട്ട്ലാൻഡ് രാജാവായിത്തീർന്ന ഡേവിഡ് രണ്ടാമന് അദ്ദേഹത്തിന്റെ നാലാം വയസ്സിൽ ഏഴ് വയസ്സുകാരിയായ ജോനിനെ (Joan of the Tower) വിവാഹം ചെയ്തു കൊടുത്തത് ആരായിരുന്നു? പ്രസിദ്ധ സ്കോട്ടിഷ് അധിപതിയായിരുന്ന റോബർട്ട് ഒന്നാമന്റെയും എലിസബത്തിന്റെയും മകനായ ഡേവിഡ് രണ്ടാമനും ഇംഗ്ലണ്ട് രാജാവായിരുന്ന എഡ്വേർഡ് രണ്ടാമന്റെയും ഫ്രാൻസിലെ പ്രസിദ്ധയായ ഇസബെല്ലയുടെയും മകളായ ജോനും 1328 ജൂലൈ പതിനേഴിന് വിവാഹിതരായപ്പോൾ ഇല്ലാത്ത എന്തെങ്കിലും പുതിയ കാനോനുകൾ മുഹമ്മദ് നബിയെ ഭൽസിക്കാന് വേണ്ടി മാത്രമായി ചർച്ചിന് ലഭിച്ചിട്ടുണ്ടോയെന്നറിയില്ല. എപ്പോഴോ ഒരിക്കൽ മാത്രം സംഭവിച്ചതൊന്നുമല്ല ഇത്. ഇംഗ്ലണ്ടിലും ഫ്രാൻസിലുമെല്ലാം ഇത്തരം വിവാഹങ്ങൾ സർവ്വസാധാരണമായിരുന്നുവെന്ന് രാജവംശങ്ങളുടെ ചരിത്രം വായിച്ചാൽ മനസ്സിലാവും. ഫ്രാൻസിലെ രാജാവായിരുന്ന ചാൾസ് ആറാമന്റെ മകൾ ഇസബെല്ല ഇംഗ്ലണ്ട് രാജാവായിരുന്ന റിച്ചാർഡ് രണ്ടാമന്റെ രണ്ടാം ഭാര്യയാകുമ്പോൾ അവർക്ക് ഏഴ് വയസ്സായിരുന്നു. 1396 നവംബർ നാലിന് കാലായിസിലെ സെന്റ് നിക്കോളാസ് ചർച്ചിൽ വെച്ച് അവരുടെ വിവാഹ കൂദാശ നടത്തുമ്പോൾ ലഭിച്ചിട്ടില്ലാത്ത വെളിപാടുകളെന്തെങ്കിലും പുതുതായി ഉണ്ടായിട്ടുണ്ടോയെന്ന് പറയേണ്ടത് നബിനിന്ദക്കായി മാത്രം സോഷ്യൽ മീഡിയ തുറന്നുവെച്ചിരിക്കുന്ന വെറുപ്പുൽപ്പാദകരാണ്. സഭയുടെ ആശീർവാദത്തോടെ നടന്ന എത്രയോ ബാലവിവാഹങ്ങൾ !!! അത് ചൂണ്ടി പീഡോഫീലിയ അനുവദിക്കുകയാണ് സഭ ചെയ്തതെന്ന് പറയണമെങ്കിൽ ചരിത്രത്തെക്കുറിച്ച ചെറിയ അജ്ഞതയൊന്നും പോരാ. ആഢംബരഭ്രമത്താൽ ഇസ്‌ലാംവിരോധത്തിന്റെ പൊട്ടക്കിണറ്റിൽ പെട്ട് കരഞ്ഞുകൊണ്ടിരിക്കുന്നവരുടെ സ്ഥിതിയതാണ്.

പാശ്ചാത്യൻ സഭകൾക്ക് മാത്രമൊന്നുമല്ല ചെറിയ പ്രായത്തിലുള്ളവരുടെ വിവാഹങ്ങൾ തിന്മയാണെന്ന ഇപ്പോൾ ചില വെറുപ്പുതീനികൾക്ക് മാത്രം ലഭിച്ച വെളിപാട് ലഭിക്കാതിരുന്നത്; കേരളത്തിലെ സഭകൾക്കും അത് ലഭിച്ചിരുന്നില്ലെന്നതിന്ന് നമ്മുടെയെല്ലാം ചുറ്റും തന്നെ നിരവധി ഉദാഹരണങ്ങൾ കാണാനും വായിക്കാനും കഴിയും. മലയാള മനോരമയുടെ മാമ്മൻ മാപ്പിള ഏത് പ്രായത്തിലാണ് മാമ്മിയെ വിവാഹം ചെയ്തതെന്നറിയണമെങ്കിൽ മകൻ കെ. എം. മാത്യുവിന്റെ ‘എട്ടാമത്തെ മോതിരം’ എന്ന ആത്മകഥ വായിച്ചാൽ മതി. 1888 ൽ അവരുടെ വിവാഹം നടക്കുബോൾ അദ്ദേഹത്തിന് പതിനഞ്ച് വയസ്സും അവർക്ക് പത്ത് വയസ്സുമായിരുന്നു പ്രായം. അന്നൊന്നുമില്ലാത്ത പീഡോഫീലിയ ആരോപണം ഇന്ന് കൂർപ്പിച്ചെടുക്കുന്നത് നാടിന്റെ ബഹുസ്വരതയെ തകർക്കാൻ ശ്രമിക്കുന്നവർക്ക് ഊർജ്ജം നൽകാൻ വേണ്ടിയാണെങ്കിൽ ലൂക്കോസ് (23:34) ഉദ്ധരിച്ച യേശുവചനം മാത്രമേ അവർക്കായി നമുക്ക് പറയാനുള്ളൂ: “കർത്താവേ, ഇവർ ചെയ്യുന്നതെന്തെന്ന് ഇവർക്ക് തന്നെ അറിയില്ല; ഇവർക്ക് നീ പൊറുത്തു കൊടുക്കേണമേ”

നബിനിന്ദക്ക് അവസരങ്ങൾ കാത്തിരിക്കുന്നവരും ലഭിക്കുന്ന അവസരങ്ങൾ പാഴാക്കാത്തവരും വെറുപ്പുൽപ്പാദനം മാത്രം ജീവിത സപര്യയായി സ്വീകരിച്ചിരിക്കുന്നവരുമായ ചില നാസ്തികന്മാരാണ് കേരളത്തിൽ നബി(സ)യെ ഭൽസിക്കുവാൻ മുന്നിലുള്ളത്. ആസക്തിയാണ് സംതൃപ്തിയെന്ന് തെറ്റിദ്ധരിച്ച ചില ‘സാധു’ക്കളുടെ വർത്തമാനങ്ങൾ കേട്ടാൽ തങ്ങൾക്ക് ലഭിക്കാത്ത സംതൃപ്തദാമ്പത്യം അനുഭവിക്കുകയും അക്കാര്യത്തിൽ ലോകത്തിന് മാതൃക കാണിക്കുകയും ചെയ്ത പ്രവാചകനോടുള്ള അസൂയയും വിരോധവുമാണോ അവരുടെ എല്ലില്ലാത്ത നാവിനെ പ്രവർത്തിക്കുന്നത് എന്ന് തോന്നിപ്പോകും. മനുഷ്യരുടെ സ്വാഭാവികമായ ജൈവികപ്രക്രിയയായ ലൈംഗികതയുടെ ആസ്വാദനത്തിന് വിവാഹം വരെ പോലും കാത്തിരിക്കരുതെന്ന് യുവാക്കളെ പഠിപ്പിക്കുന്നവർക്ക് പക്ഷെ പ്രവാചകന്റെ ദാമ്പത്യജീവിതം മാത്രം ചതുർത്ഥിയാകുന്നതിന്റെ മനഃശാസ്ത്രം അസൂയയും വിരോധവുമല്ലാതെ മറ്റെന്താണ്? തങ്ങൾക്ക് വഴി കാണിച്ച നേതാക്കളിൽ പലരെയും പീഡോഫീലുകളാക്കിക്കൊണ്ടല്ലാതെ അവർക്കും പ്രവാചകനെ തെറി പറയാൻ കഴിയില്ല. ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ നിരീശ്വരവാദികളിലൊരാളായ പെരിയാർ രാമസ്വാമി നാഗമ്മയെ വിവാഹം ചെയ്തത് അവർക്ക് പതിമൂന്ന് വയസ്സുള്ളപ്പോഴായിരുന്നുവെന്ന സത്യം നിഷേധിക്കാൻ ആർക്കാണ് കഴിയുക? കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആചാര്യന്മാരിലൊരാളായ എ.കെ. ഗോപാലൻ പിന്നീട് തന്റെ ജീവിതസഖിയാക്കിത്തീർത്ത സുശീലാഗോപാലനുമായി പ്രേമബന്ധമാരംഭിക്കുന്നത് അവർക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോഴാണെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രം വായിച്ചാൽ മനസ്സിലാകും. അവരൊന്നും പീഡോഫീലുകളായിരുന്നുവെന്ന് വെളിവുള്ള ആരെങ്കിലും പറയുമെന്ന് തോന്നുന്നില്ല; ഈ വെളിവില്ലായ്മയാണ് നബിനിന്ദകരുടെ കാര്യമായ കൈമുതൽ.

നബിജീവിതം വിമർശിക്കപ്പെട്ടതു പോലെ മറ്റൊരാളുടെയും ജീവിതം തലമുടി നാരിഴ കീറി വിമർശിക്കപ്പെട്ടിട്ടില്ല. നബി ജീവിച്ച കാലം മുതൽ ഇന്ന് വരെ ആ വിമർശനങ്ങൾ അഭംഗുരം തുടർന്നുകൊണ്ടേയിരിക്കുകയാണ്. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ വിമർശകരാരും തന്നെ ആയിശയുമായുള്ള നബിദാമ്പത്യത്തിന്റെ പേരിൽ അദ്ദേഹത്തെ വിമർശിച്ചതായി കാണാൻ കഴിയില്ല. തന്റെ അമ്പത് വയസ്സിന് ശേഷം ഒമ്പതുകാരിയുമായി ദാമ്പത്യബന്ധത്തിലേർപ്പെട്ടത് അദ്ദേഹം പ്രവാചകനല്ലെന്നതിന് തെളിവായി ജൂതന്മാരോ ക്രൈസ്തവരോ ആയ വിമർശകരാരെങ്കിലും ഇരുപതാം നൂറ്റാണ്ടിന് മുമ്പ് പറഞ്ഞതായി രേഖകളൊന്നുമില്ല. നബി(സ)യുടെ അധാർമ്മികത സ്ഥാപിക്കാനായി ഇക്കാലയളവിൽ ജീവിച്ച നാസ്തികരായ വിമർശകരൊന്നും തന്നെ മുഹമ്മദ്- ആയിഷ ദാമ്പത്യത്തെ ചൂണ്ടിക്കാട്ടിയിട്ടില്ല. ഇതിന്നർത്ഥമെന്താണ്? ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ അത്തരം ദാമ്പത്യങ്ങൾ സർവ്വസാധാരണമായിരുന്നുവെന്ന് തന്നെ. അതിൽ ഒരു തെറ്റും ആരും കണ്ടിരുന്നില്ല; അത്തരം ദാമ്പത്യങ്ങളിലേർപ്പെട്ടവരുടെ പ്രായക്കുറവോ പ്രായവ്യത്യാസമോ അവരുടെ ദാമ്പത്യവിജയത്തെയോ സംതൃപ്തിയെയോ ബാധിച്ചിരുന്നുവെന്നതിന് തെളിവുകളൊന്നുമില്ല. പുതിയ കാലത്തെ സാഹചര്യങ്ങളിൽ അത്തരം വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കപ്പെട്ടുകൂടാ എന്നുതന്നെയാണ് എല്ലാവരുടെയും അഭിപ്രായം. പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്ന ഒരു വിവാഹത്തിന്റെ പേരിൽ പ്രവാചകനിൽ ശിശുരതിക്കാരനെ തെരയുന്നവർ ആത്മാർത്ഥതയുള്ളവരാണെങ്കിൽ ചെയ്യേണ്ടത് ഇരുപതാം നൂറ്റാണ്ടിന് മുമ്പ് ഇസ്‌ലാം വിമർശനങ്ങളുടെ കാര്യത്തിൽ തങ്ങളുടെ മുൻഗാമികളായ ആരെങ്കിലും പ്രവാചകനെ ഇവ്വിഷയകമായി വിമർശിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ്. ഇല്ലെന്ന സത്യം ബോധ്യപ്പെട്ടിട്ടും ഇതേ വിമർശനവുമായി പ്രവാചകനിന്ദ നടത്താനാണ് പുറപ്പാടെങ്കിൽ അവർ വിളിക്കപ്പെടേണ്ടത് വെറുപ്പുൽപ്പാദന കേന്ദ്രങ്ങളെന്നാണ്; അവർ പാദസേവ ചെയ്യുന്നത് പിശാചിനാണ്; സകല തിന്മകളെയും ഇളക്കിവിട്ട് മനുഷ്യരെ ദ്രോഹിക്കുന്ന പിശാചിനെ. ഇന്നല്ലെങ്കിൽ നാളെ അതിന്റെ ദുഷ്ടഫലം അവർ അനുഭവിക്കുക തന്നെ ചെയ്യും.

വിമർശനം:

പ്രവാചക പത്നി ഹഫ്‌സയുടെ വീട്ടിൽ വെച്ച് മാരിയത്ത് എന്ന അടിമ സ്ത്രീയുമായി മുഹമ്മദ് നബി ലൈംഗിക ബദ്ധത്തിൽ ഏർപ്പെട്ടു. ഇത് ഹഫ്‌സ അറിഞ്ഞപ്പോൾ അവരോട് അക്കാര്യം ആരുമായും പങ്കു വെക്കരുത് എന്ന് നബി അപേക്ഷിക്കുകയും ചെയ്തു.

മറുപടി:

ഒരു വ്യാജ നിവേദനത്തിൻമേൽ കെട്ടിപടുത്ത കാൽപനിക സൗധമാണ് ഈ കഥ. പ്രവാചകൻ (സ), തന്റെ പത്നി ഹഫ്‌സയുടെ വീട്ടിൽ വെച്ച് “അവിഹിത”ത്തിൽ ഏർപ്പെടുകയും ഭാര്യ “പിടികൂടിയപ്പോൾ” ഈ “അവിഹിതം” രഹസ്യമാക്കി വെക്കാൻ ഭാര്യയോട് കേണപേക്ഷിച്ചു എന്നൊക്കെയാണ് വിമർശകരുടെ തിരക്കഥ!! അതിനായി അവർ അവലംബിക്കുന്ന വ്യാജവും അങ്ങേയറ്റം ദുർബലവുമായ നിവേദനങ്ങളിലാകട്ടെ വിമർശകരുടെ ഈ ഭാവനാചിത്രണങ്ങൾ ഒന്നും ഉള്ളടങ്ങിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

വിഷയകമായ ദുർബല ഹദീസിന്റെ ഹ്രസ്വരൂപം ആദ്യം നമുക്ക് പരിചയപ്പെടാം: പ്രവാചകന്റെ(സ) അടിമസ്ത്രീയായിരുന്നു മാരിയ. ഒരിക്കൽ ഹഫ്‌സയുടെ വീട്ടിൽ വെച്ച് പ്രവാചകൻ (സ) അവരുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടു. ഇത് മനസ്സിലാക്കിയപ്പോൾ ഹഫ്‌സ (റ) പ്രവാചകനോട് ഇപ്രകാരം പരാധിപ്പെട്ടു:

“താങ്കൾ എന്റെ വീട്ടിൽ വെച്ച് ‘മാരിയ’യുമായി ബന്ധപ്പെട്ടു എന്നത് (എന്നോട് താങ്കൾക്കുള്ള അതൃപ്തിയായി) മറ്റുള്ള ഭാര്യമാർക്കിടയിൽ (തെറ്റിദ്ധാരണ ജനിപ്പിച്ചേക്കാം എന്നതിനാൽ) എനിക്ക് അപമാനത്തിന് കാരണമായേക്കും.”

അപ്പോൾ പ്രവാചകൻ (സ) ‘ഈ സംഭവം ആരോടും പങ്കു വെക്കേണ്ട’ എന്ന് അവരെ ഉപദേശിച്ചു. തുടർന്ന് ‘മാരിയ’യുമായി മേലിൽ ശാരീരിക ബന്ധം സ്ഥാപിക്കില്ലെന്നും പ്രവാചകൻ (സ) പ്രസ്ഥാവിച്ചു. അപ്പോൾ ഹഫ്‌സ ചോദിച്ചു: ( وكيف تحرم عليك وهي جاريتك) “അവരുമായുള്ള ശാരീരിക ബന്ധം താങ്കൾക്കെങ്ങനെ നിഷിദ്ധമാകും; അവർ താങ്കളുടെ അടിമ സ്ത്രീ ആയിരിക്കെ ?!”

‘മാരിയ’യെ സമീപിക്കില്ലെന്ന് ഹഫ്‌സയോട് ശപഥം ചെയ്ത പ്രവാചകന്റെ(സ) നിലപാട് തിരുത്തി കൊണ്ട് വിശുദ്ധ ക്വുർആനിൽ ചില വചനങ്ങൾ അവതരിപ്പിക്കപ്പെടുന്നു: “നബിയേ, നീയെന്തിനാണ് ഭാര്യമാരുടെ പ്രീതി കാംക്ഷിച്ച് അല്ലാഹു അനുവദനീയമാക്കിയത് നിഷിദ്ധമാക്കുന്നത്?”(സൂറത്തു തഹ്‌രീം: 1). (മുഅ്ജമുൽ അവ്സത്: ത്വബ്റാനി: 2316, സുനനു ദാറകുത്നി: 122)

മാരിയ പ്രവാചകന്റെ അടിമസ്ത്രീയാണ്. അടിമസ്ത്രീകളുമായി അവരുടെ ഹിതപ്രകാരം ബന്ധം സ്ഥാപിക്കാൻ ഇസ്‌ലാം പുരുഷന്മാർക്ക് അനുവാദം നൽകിയിട്ടുണ്ട്. (അടിമ സ്ത്രീകളുമായുള്ള ലൈംഗികബന്ധം ഇസ്‌ലാം അനുവദിച്ചതിലെ യുക്തിയും നീതിയും വിശാലമായ മറ്റൊരു ചർച്ചയാണ്. അതിന് ഇവിടെ മുതിരുന്നില്ല. ചുരുങ്ങിയ വായനക്കായി: (https://www.snehasamvadam.org/സോഷ്യൽ-മീഡിയ-ഇസ്‌ലാം-വിമ-7/)

ഈ ബന്ധം ഒരു “അവിഹിത”മായി അക്കാലഘട്ടത്തിലെ ഒരു രാജ്യത്തിലേയും, ഒരു മതവും, ഒരു മത സമൂഹവും, മതരഹിതരുമടക്കം ആരും കരുതിയിട്ടില്ല എന്നിരിക്കെ ഇസ്‌ലാമിക സമൂഹത്തിൽ മാത്രം നിലനിന്നിരുന്ന “അവിഹിത”മായി ഈ ബന്ധത്തെ വീക്ഷിക്കുന്നതിലെ വർഗീയ വിവേചനം വ്യക്തമാണ്. പ്രവാചകന്റെ നാട്ടിലെ അമുസ്‌ലിംകൾ പോലും വിഹിതവും വിവാഹ തുല്യവുമായി കണ്ട ഒന്നാണ് അടിമസ്ത്രീ – യജമാന ബന്ധം എന്നതിന് ഏറ്റവും നല്ല തെളിവാണ് പ്രവാചക പത്നി ഹഫ്‌സയുടെ(റ) (ഹദീസിലെ) വാചകം: “‘മാരിയ’യുമായുള്ള ശാരിരിക ബന്ധം താങ്കൾക്കെങ്ങനെ നിഷിദ്ധമാകും; അവർ താങ്കളുടെ അടിമ സ്ത്രീ ആയിരിക്കെ ?!”.

പ്രവാചകൻ (സ) അവിഹിതത്തിൽ ഏർപ്പെട്ടുവെന്നോ, തന്റെ വീട്ടിൽ വെച്ച് അവിഹിതത്തിൽ മുഴുകിയെന്നോ ഒന്നും ഹഫ്‌സ (റ) പരാതിപ്പെട്ടിട്ടില്ല എന്നും (ദുർബല) ഹദീസിൽ നിന്ന് സുവ്യക്തം. തന്റെ വീട്ടിൽ വെച്ച് ‘മാരിയ’യുമായി ബന്ധപ്പെട്ടു എന്നത് തന്നോട് പ്രവാചകനുള്ള അതൃപ്തിയായി മറ്റുള്ള ഭാര്യമാർ തെറ്റിദ്ധരിക്കാൻ ഇടയാകുമെന്നും ഇത് തനിക്ക് അപമാനത്തിന് കാരണമായേക്കും എന്ന് മാത്രമാണ് ഹഫ്‌സയുടെ (റ) പരാതി. എങ്കിൽ ഇക്കാര്യം ആരുമായും പങ്കു വെക്കേണ്ടതില്ല എന്ന് പ്രവാചകൻ (സ) മറുപടി പറഞ്ഞു. അല്ലാതെ – വിമർശകർ ദുർവ്യാഖ്യാനിക്കുന്നതു പോലെ- തന്റെ “അവിഹിതം” ആരോടും വെളിപ്പെടുത്തരുതേ എന്ന ഭാര്യയോടുള്ള അപേക്ഷയൊന്നുമായിരുന്നില്ല അത്.

എല്ലാത്തിനുമുപരി വിമർശകർ ഓർക്കേണ്ട ഏറ്റവും സുപ്രധാനമായ കാര്യം മാരിയയുടെ ഈ കഥ സ്ഥിരപ്പെട്ട ഒരു സംഭവമൊ ഇസ്‌ലാമിന്റെയൊ പ്രവാചക ചരിത്രത്തിന്റെ ഭാഗമൊ അല്ല എന്നതാണ്.

മാരിയയുമായി ബന്ധപ്പെട്ട കഥയുടെ സനദ് അഥവാ നിവേദക പരമ്പര:

ഹഫ്‌സയുടെ (റ) വീട്ടിൽ വെച്ച് മാരിയയുമായി (റ) പ്രവാചകൻ (സ) ബന്ധത്തിലേർപ്പെട്ടു എന്ന വ്യാജ കഥയുടെ ഇരുപതോളം സനദുകൾ (നിവേദക പരമ്പര) ഓരോ മുടിനാരിഴ കീറി മുറിച്ച് പഠനം ത്വാഹിർ ഇബ്നു സഈദ് ഇബ്നു അബ്ദുർ റഊഫ് അസ്സയിൽഹീതി നടത്തിയിട്ടുണ്ട്. മാരിയയുടെ കഥയുമായി ബന്ധപ്പെട്ട എല്ലാ സനദുകളും വ്യാജങ്ങളൊ (الباطل), കള്ള ഹദീസുകളൊ (الموضوع) അങ്ങേയറ്റം ദുർബലമൊ (ضعيف جدا) ഒക്കെയാണ് എന്ന് തെളിവു സഹിതം സമർത്തിക്കുന്നുണ്ട് അദ്ദേഹം. സനദു സമ്പന്ധമായ ആ ദീർഘമായ ചർച്ച പഠനവിധേയമാക്കാൻ ആഗ്രഹിക്കുന്നവർ ആ ലേഖനം വായിക്കുക. (http://darhadith.com/pubs/asbab-nuzl-sura-tahrim-maria/)

ആയത്തിന്റെ ശരിയായ അവതരണ പശ്ചാത്തലം:

മാരിയയുമായി ബന്ധപ്പെട്ട് ചർച്ചാ വിഷയകമായ നിവേദനങ്ങൾ വ്യാജവും അങ്ങേയറ്റം ദുർബലവുമാണ് എന്നതിന് പുറമെ ഇസ്‌ലാമിക പ്രമാണങ്ങൾക്കും സ്വഹീഹായ ഹദീസുകൾക്കും എതിരുമാണ്. മാരിയയുമായി ബന്ധപ്പെട്ട (ദുർബല) നിവേദനത്തിൽ പ്രസ്ഥാവിക്കുന്നത്, സൂറത്തു തഹ്‌രീമിലെ ആയത്തുകൾ (ദിവ്യ വചനങ്ങൾ) അവതരിപ്പിക്കപ്പെടാനുള്ള പശ്ചാത്തലം മാരിയയുമായുള്ള ശാരീരിക ബന്ധം പ്രവാചകൻ (സ) സ്വന്തത്തിനു മേൽ നിഷിദ്ധമായി പ്രഖ്യാപിക്കുകയും, ശപഥം ചെയ്യുകയും ചെയ്തു എന്നതുമാണ്. ഇത് സ്വഹീഹായ ഒട്ടനവധി നിവേദനങ്ങൾക്കും ഹദീസുകൾക്കും വിരുദ്ധമാണ്.

സൂറത്തു തഹ്‌രീമിലെ ആയത്തുകളുടെ യഥാർത്ഥ അവതരണ പശ്ചാത്തലം ഇപ്രകാരമാണ്: മുഹമ്മദ് നബി (സ) തന്റെ പത്നിയായ സൈനബ് ബിൻത് ജഹ്ശിന്റെ (റ) അടുക്കൽ താമസിക്കുമ്പോൾ തേൻ കുടിക്കുക പതിവായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന ആഇശ (റ), ഹഫ്‌സ (റ) എന്നീ പത്നിമാർ, തേൻ കുടിക്കുന്നത് മൂലം ‘മഗാഫിർ’ കുടിച്ചാലുണ്ടാവുന്ന ദുർഗന്ധം പോലെ അനുഭവപ്പെടുന്നു എന്ന് അഭിപ്രായപ്പെട്ടു. എങ്കിൽ താൻ ഇനി തേൻ കുടിക്കില്ലെന്ന് പ്രവാചകൻ (സ) ശപഥം ചെയ്തു. പ്രവാചകന്റെ(സ) ഈ നിലപാടിനെ തിരുത്തി കൊണ്ട് ക്വുർആൻ വചനം അവതരിപ്പിക്കപ്പെട്ടു: “നബിയേ, നീയെന്തിനാണ് ഭാര്യമാരുടെ പ്രീതി കാംക്ഷിച്ച് അല്ലാഹു അനുവദനീയമാക്കിയത് നിഷിദ്ധമാക്കുന്നത്?”(സൂറത്തു തഹ്‌രീം: 1). പ്രവാചക പത്നി ആഇശയിൽ (റ) നിന്ന് ഒട്ടനവധി ഹദീസ് ഗ്രന്ഥങ്ങളിൽ, സ്വഹീഹായ സനദോടു(നിവേദക പരമ്പര)കൂടെ ഉദ്ധരിക്കപ്പെട്ട ഹദീസ് ആകുന്നു ഇത്. (സ്വഹീഹുൽ ബുഖാരി: 4966, സ്വഹീഹു മുസ്‌ലിം: 2787, സുനനു അബൂദാവൂദ്: 3281, തുർമുദി: 1834, ഇബ്നുമാജ: 3342, മുസ്നദു അഹ്മദ്: 23769, ഇബ്നു ഹിബ്ബാൻ: 5344, നസാഈ: 3645, ഹാകിം: 7174, ദാരിമി: 2062)

മാരിയയുമായി പ്രവചകൻ (സ) ഹഫ്‌സയുടെ വീട്ടിൽ വെച്ച് ബന്ധപ്പെട്ടു എന്ന കഥ വ്യാജമൊ അങ്ങേയറ്റം ദുർബലമൊ ആകുന്നു എന്നാണ് ഹദീസ്-ചരിത്ര പണ്ഡിതന്മാർ അഭിപ്രായപ്പെട്ടത്:

ഉകൈലി (മരണം: ഹി: 322) പറഞ്ഞു: “(‘മാരിയ’യുമായി ബന്ധപ്പെട്ട) ഈ കഥ പ്രമാണ വിരുദ്ധവും വ്യാജവുമാണ്.” (മീസാനുൽ ഇഅ്തിദാൽ: 4:201)

ഇമാം ദഹബി (ജനനം: ഹി: 673) ഈ കഥ പ്രമാണ വിരുദ്ധവും നുണ കഥയുമാണെന്നും വിധി പറഞ്ഞിരിക്കുന്നു. (ലിസാനുൽ മീസാൻ: 8:191)

നൂറുദ്ദീൻ അൽ ഹൈസമി (ജനനം: ഹി: 735) ഈ കഥ ദുർബലമാണെന്ന് തന്റെ ‘മജ്‌മഉസ്സവാഇദ്’ (5:10) എന്ന ഗ്രന്ഥത്തിൽ മൂന്നിടങ്ങിൽ വ്യക്തമാക്കിയിരിക്കുന്നു.

ഇബ്നുൽ അറബി (ജനനം: ഹി: 558) പറഞ്ഞതായി ഇമാം ക്വുർതുബി രേഖപ്പെടുത്തുന്നു: “(‘മാരിയ’യുമായി ബന്ധപ്പെട്ട കഥയുടെ) ദുർബലത, അതിന്റെ നിവേദകന്മാർ വിശ്വസ്തരും നീതിമാന്മാരുമല്ല എന്നതാണ്.” (തഫ്സീറുൽ ക്വുർതുബി: 18: 179)

കാദി ഇയാദ് (ജനനം: ഹി: 476) പറഞ്ഞു: “നബിയേ, നീയെന്തിനാണ് ഭാര്യമാരുടെ പ്രീതി കാംക്ഷിച്ച് അല്ലാഹു അനുവദനീയമാക്കിയത് നിഷിദ്ധമാക്കുന്നത്?” എന്ന ക്വുർആൻ വചനം (സൂറത്തു തഹ്‌രീം: 1) അവതരിപ്പിക്കപ്പെടാനുള്ള പശ്ചാത്തലത്തെ സംബന്ധിച്ച് വ്യത്യസ്ത നിവേദനങ്ങൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. പ്രവാചകൻ തേൻ കുടിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് വചനം ഇറക്കപ്പെട്ടത് എന്നാണ് പ്രവാചക പത്നി ആഇശ (റ) വ്യക്തമാക്കുന്നത്… സ്വഹീഹായ (സ്വീകാര്യയോഗ്യം) ഒരു പരമ്പരയിലൂടെയും സ്ഥാപിതമായിട്ടില്ലാത്ത ‘മാരിയ’യുമായി ബന്ധപ്പെട്ട കഥയല്ല അവതരണ പശ്ചാത്തലം.” (അൽ ബദറുൽ മുനീർ: ഇബ്നു മുലക്കിൻ: 8:79)

ഇമാം സ്വൻആനി ഈ അഭിപ്രായം തന്നെ ആവർത്തിക്കുന്നു. (അത്തഹ്‌രീറുൽ ഈദാഹ് മആനി തയ്സീർ: 2: 418)

പരമ്പര മുറിഞ്ഞ കാരണത്താൽ ഇമാം മിസ്സിയും (ജനനം: ഹി 654) ഈ കഥ ദുർബലമാണെന്ന് വ്യക്തമാക്കുന്നു. (തുഹ്ഫതുൽ അശ്റാഫ് ബി മഅ്’രിഫതിൽ അത്റാഫ്: 12: 170)

ഇബ്നു കുദാമ (മുഗ്നി: 9:509), ഇബ്നു ആശൂർ (അത്തഹ്‌രീർ വത്തൻവീർ: 28: 345), ഇബ്നു ഉസൈമീൻ (ഫത്ഹു ദിൽ ജലാലി വൽ ഇക്റാം: 5:71) എന്നീ പണ്ഡിതരും മാരിയയുമായ ബന്ധപ്പെട്ട ഈ കഥ ദുർബലമാണെന്ന് അഭിപ്രായപ്പെടുന്നുണ്ട്.

ശൈഖ് സ്വുഹൈബ് ഹസൻ ഇബ്നു അബ്ദുൽ ഗഫ്ഫാറിനോട് ഈ കഥയെ സംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു: “ഒരു പരിഗണനയും അർഹിക്കാത്തതാണ് ഈ കഥ.”

മുബാറക്ഫൂരി രേഖപ്പെടുത്തി: “ഖാസിൻ (ജനനം: ഹി 678) തന്റെ തഫ്സീറിൽ പറഞ്ഞു: പണ്ഡിതന്മാർ ഇപ്രകാരം പ്രസ്ഥാവിച്ചിരിക്കുന്നു: ക്വുർആൻ വചനം (സൂറത്തു തഹ്‌രീം: 1) അവതരിപ്പിക്കപ്പെടാനുള്ള പശ്ചാത്തലത്തെ സംബന്ധിച്ച സ്വഹീഹായ (സ്വീകാര്യയോഗ്യം) നിവേദനം, പ്രവാചകൻ തേൻ കുടിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലാണ്, അല്ലാതെ മാരിയയുമായി ബന്ധപ്പെട്ട കഥയല്ല അവതരണ പശ്ചാത്തലം. മാരിയയുമായി ബന്ധപ്പെട്ട കഥ ഒരു സ്വഹീഹായ പരമ്പരയിലൂടെയും വന്നിട്ടില്ല. ഇമാം നസാഈ പറഞ്ഞു: തേൻ കുടിച്ചതുമായി ബന്ധപ്പെട്ട, പ്രവാചക പത്നി ആഇശ ഉദ്ധരിച്ച സംഭവം അങ്ങേയറ്റം സ്വഹീഹ് ആണ്.” (തുഹ്‌ഫതുൽ അഹ്‌വദി: 9 : 162)

ഇമാം നവവി പറഞ്ഞു: “ക്വുർആൻ വചനം (സൂറത്തു തഹ്‌രീം: 1) അവതരിപ്പിക്കപ്പെടാനുള്ള പശ്ചാത്തലത്തെ സംബന്ധിച്ച നിവേദനങ്ങളിൽ സ്വഹീഹായ (സ്വീകാര്യയോഗ്യം) നിവേദനം, പ്രവാചകൻ തേൻ കുടിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് വചനം ഇറക്കപ്പെട്ടത് എന്നാണ്. അല്ലാതെ സ്വഹീഹുൽ ബുഖാരിയിലൊ മുസ്‌ലിമിലൊ വന്നിട്ടില്ലാത്ത, ‘മാരിയ’യുമായി ബന്ധപ്പെട്ട കഥയല്ല അവതരണ പശ്ചാത്തലം. മാരിയയുമായി ബന്ധപ്പെട്ട കഥ ഒരു സ്വഹീഹായ പരമ്പരയിലൂടെയും വന്നിട്ടില്ല. ഇമാം നസാഈ പറഞ്ഞു: തേൻ കുടിച്ചതുമായി ബന്ധപ്പെട്ട പ്രവാചക പത്നി ആഇശ ഉദ്ധരിച്ച സംഭവം അങ്ങേയറ്റം സ്വഹീഹ് ആണ്. ഇതാണ് ഇമാം കാദി ഇയാദിന്റെയും അഭിപ്രായം.” (ശർഹു മുസ്‌ലിം: 1:77)

ശൈഖ് അബൂ ഹംസ പറഞ്ഞു: “മാരിയയുമായി ബന്ധപ്പെട്ട കഥ സ്വഹീഹായ ഒരു പരമ്പരയിലൂടെയും ഉദ്ധരിക്കപ്പെട്ടിട്ടില്ല എന്ന് കാദി ഇയാദ് പറഞ്ഞിരിക്കുന്നു.”

ഇമാം ഇബ്നുൽ അറബി പറഞ്ഞു: “മാരിയുമായുള്ള ലൈംഗികത പ്രവാചകൻ (സ) സ്വയം നിരോധിച്ചുവെന്ന കഥ സ്വഹീഹായ ഒരു സനദിലൂടെയും ക്രോഡീകരിക്കപ്പെട്ടിട്ടില്ല, നീതിമാന്മാരും വിശ്വസ്തരുമായ നിവേദകന്മാരല്ല അത് ഉദ്ധരിച്ചിരിക്കുന്നത്. പരമ്പര മുറിഞ്ഞ നിലയിലും ഈ കഥ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്… സ്വഹീഹായ നിവേദനം ക്വുർആൻ വചനം (സൂറത്തു തഹ്‌രീം: 1) അവതരിപ്പിക്കപ്പെടാനുള്ള പശ്ചാത്തലം പ്രവാചകന്റെ(സ) തേൻ കുടിയുമായി ബന്ധപ്പെട്ടതാണ്. സൈനബിന്റെ അടുക്കൽ വെച്ചാണ് അദ്ദേഹമത് കുടിച്ചത്.” (അഹ്കാമുൽ ക്വുർആൻ: 4:252)

ഖത്വാബി (ജനനം: ഹി 319) പറഞ്ഞു: “പ്രവാചകൻ (സ) തന്റെ അടിമ സ്ത്രീയായ മാരിയയുമായുളള ശാരീരിക ബന്ധം സ്വയം വർജിച്ചതുമായി ബന്ധപ്പെട്ട കഥയിലാണ് ‘പ്രവാചക ശപഥം’ നടന്നത് എന്ന ചിലരുടെ വാദം ശരിയല്ലെന്നും, തേൻ കുടിക്കുന്നത് പ്രവാചകൻ (സ) സ്വയം നിഷിദ്ധമാക്കിയതുമായി ബന്ധപ്പെട്ടാണ് ‘പ്രവാചക ശപഥം’ നടന്നത് എന്നും ഈ ഹദീസ് തെളിയിക്കുന്നു”. (മആലിമുസുനന് : 4:272)

വിമർശനം: ഒറ്റ ദിവസം തന്നെ എല്ലാ ഭാര്യമാരോടൊപ്പവും ലൈംഗിക ബന്ധം സ്ഥാപിച്ചുവെന്നത് മുഹമ്മദ് നബി ഒരു സ്ത്രീലമ്പടനായിരുന്നു എന്നതിന് തെളിവല്ലെ ? മറുപടി: മുഹമ്മദ് നബിക്കെതിരെ(സ) ഈ വ്യാജ ആരോപണം അഴിച്ചു വിടാൻ വിമർശകർ അവലംബിക്കുന്ന ഹദീസ് ആദ്യം നമുക്കൊന്ന് വായിക്കാം: അനസ് (റ) പറഞ്ഞു: പ്രവാചകൻ (സ), പകലിൽ നിന്നും രാത്രിയിൽ നിന്നും ഒരൊറ്റ ചുറ്റലിൽ തന്റെ ഭാര്യമാരെയെല്ലാം സന്ദർശിക്കാറുയുണ്ടായിരുന്നു. അവർ പതിനൊന്നു പേരുണ്ടായിരുന്നു. ഞാൻ (കത്താദ) അനസിനോട് ചോദിച്ചു: അദ്ദേഹത്തിന് (പ്രവാചകന്) അത് സാധിക്കുമായിരുന്നോ ? അപ്പോൾ അനസ് (റ) പറഞ്ഞു: അദ്ദേഹത്തിന് മുപ്പതു പേരുടെ കരുത്ത് നൽകപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങൾ പരസ്പരം സംസാരിക്കാറുണ്ടായിരുന്നു. (സ്വഹീഹുൽ ബുഖാരി: 268) പ്രവാചകൻ (സ) ഒരു സ്ത്രീലമ്പടനുമായിരുന്നു എന്ന് ആക്ഷേപിക്കാനായി വിമർശകർ വികലമായ അർത്ഥം നൽകി വിവാദവൽക്കരിക്കാറുള്ള ഒരു ഹദീസാണ് ഇത്. ഒരു ദിവസം തന്നെ പതിനൊന്ന് ഭാര്യമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്നത് അദ്ദേഹത്തിന്റെ അമിതാസക്തിയും സ്‌ത്രീലോലുപത്വവുമാണ് തെളിയിക്കുന്നത് എന്ന് അസഭ്യഭാഷയിൽ അവതരിപ്പിക്കുകയാണ് നബിവിമർശകർ ചെയ്യാറുള്ളത്. വാസ്ഥവത്തിൽ, ഹദീസിൽ പ്രസ്ഥാവിക്കപ്പെട്ട സംഭവത്തിന്റെ യാഥാർത്ഥ്യം മനസ്സിലാക്കിയാൽ നബി വിമർശകർ സൃഷ്ടിച്ചെടുക്കുന്ന അശ്ലീല വ്യാഖ്യാനത്തിനൊന്നും യാതൊരു അടിത്തറയുമില്ലെന്ന് ആർക്കും വ്യക്തമാകുന്നതാണ്. 1. പ്രവാചകന്റെ(സ) പത്നിമാർക്കെല്ലാം അദ്ദേഹം പ്രിയങ്കരനായിരുന്നു. കേവല ശരീരങ്ങൾ തമ്മിലുള്ള ബന്ധം മാത്രമായിരുന്നില്ല അവർ തമ്മിലുള്ള ദാമ്പത്യം. അദ്ദേഹത്തോടൊപ്പമുള്ള സഹവാസവും സമ്പർക്കവും ആത്മീയമായ നേട്ടത്തിന് പുറമെ അവർക്ക് മാനസികവും ഭൗതീകവുമായ ആസ്വാദനവും സമാധാനവും അവലംബവുമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സാന്നിധ്യത്തിനായി അവർ ഓരോരുത്തരും അതിയായി ആഗ്രഹിച്ചിരുന്നു. അവരുടെ ആഗ്രഹം കണക്കിലെടുത്തു കൊണ്ടും ഭാര്യമാർക്കിടയിൽ നീതി പാലിക്കുക എന്ന ആദർശനിഷ്ട പ്രയോഗവൽകരിച്ചു കൊണ്ടും ഓരോ ഭാര്യക്കും ഓരോ ദിവസം പ്രവാചകൻ (സ) വീതിച്ചിരുന്നു എന്നും ചില യാത്രകളിൽ കൂടെ കൂട്ടേണ്ടതാരെയാണെന്ന് തിരഞ്ഞെടുക്കാനായി അവർ നറുക്കിട്ടിരുന്നു എന്നും പ്രവാചക പത്നിമാർ തന്നെ പ്രസ്ഥാവിച്ചിട്ടുണ്ട്. (സ്വഹീഹുൽ ബുഖാരി: 2593) ഓരോരുത്തർക്കായും വീതം വെച്ച ദിവങ്ങൾക്കു പുറമെ ചില ദിവസങ്ങളും ഉണ്ടാകാറുണ്ട്. ദീർഘയാത്രകൾ, ആരാധനാ- തീർത്ഥാടന കർമ്മങ്ങൾ തുടങ്ങി പലതിനുമായും ഒഴിച്ചു വെക്കപ്പെട്ട ഇത്തരം ദിവസങ്ങൾ പ്രത്യേകിച്ച് ഒരു ഭാര്യക്കും അവകാശപ്പെട്ടതല്ലാത്തവയാണ്. ഇത്തരം അവസരങ്ങളിൽ ഭാര്യമാരുമായി പിരിയുകയോ അവരിലേക്ക് തിരിച്ചു വരുകയോ ഒക്കെ ചെയ്യുന്ന സന്ദർഭത്തിൽ എല്ലാവരുമായി പ്രവാചകൻ (സ) അൽപ്പനേരം സമ്പർക്കം പുലർത്തുകയും സഹവസിക്കുകയും ചെയ്യുമായിരുന്നു. ഇതാണ്, “പ്രവാചകൻ (സ) ഒറ്റ ദിവസം തന്നെ എല്ലാ ഭാര്യമാരേയും ചുറ്റിസഞ്ചരിക്കുമായിരുന്നു” എന്ന ഹദീസുകളുടെ ഉള്ളടക്കത്തിന്റെ വിവക്ഷ. ഒരു സ്ത്രീലോലുപതയും അമിതാസക്തിയുമില്ലാത്ത സ്വാഭാവിക സന്ദർശനം!! പ്രവാചകന്റെ(സ) ‘ഒറ്റ ദിവസത്തെ കൂട്ട സന്ദർശനത്തിന്റെ’ ലക്ഷ്യമെന്തായിരുന്നെന്ന് അദ്ദേഹത്തിന്റെ പത്നിമാർ തന്നെ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. പ്രവാചകന്റെ (സ) ഭാര്യമാരുടെ അടുത്തേക്കുള്ള അദ്ദേഹത്തിന്റെ ഈ സന്ദർശനത്തിന്റെ അർത്ഥവും ലക്ഷ്യവും എന്താണെന്ന് ഏറ്റവും നന്നായി അറിയുക പ്രവാചകന്റെ ഭാര്യമാർക്ക് തന്നെയാണല്ലൊ; അല്ലാതെ അനസിനെ(റ) പോലെയുള്ള പ്രവാചകന്റെ ഏതെങ്കിലും ശിഷ്യർക്കല്ല. عائشة رضي الله عنها، قالت: ( كان رسولُ اللهِ صلَّى الله عليه وسلم لا يُفضِّلُ بعضنا على بعضٍ في القَسمِ ، من مُكثه عِندنا ، وكان قلَّ يومٌ إلا وهو يَطُوفُ علينا جميعاً ، فيدنو مِنْ كُلِّ امرأة ، مِن غير مَسِيسٍ ، حتى يَبْلُغَ إلى التي هو يَوْمُها فيبيتُ عندها ) . പ്രവാചക പത്നി ആഇശ (റ) പറയുകയുണ്ടായി: “ഞങ്ങളുടെ അടുക്കൽ താമസിക്കുന്നതിനായി വിഭജിച്ച ദിവസങ്ങളിൽ ഒരു ഭാര്യക്ക് മറ്റൊരാളേക്കാൾ പ്രമാഖ്യം അല്ലാഹുവിന്റെ ദൂതൻ (സ) കാണിച്ചിരുന്നില്ല. ഞങ്ങളുടെ എല്ലാവരുടേയും അടുക്കൽ അദ്ദേഹം ചുറ്റിസഞ്ചരിക്കാത്ത ദിവസങ്ങൾ കുറവായിരുന്നു.’ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെ’ അദ്ദേഹം എല്ലാ ഭാര്യമാരുടെ അടുത്തേക്കും ചെല്ലുമായിരുന്നു. അവസാനം,(അടുത്ത് താമസിക്കുന്നതിനായി ഭാര്യമാർക്കിടയിൽ വിഭജിച്ച ദിവസങ്ങളിൽ) ഏതു ഭാര്യയുടെ ദിവസമാണോ ആ ഭാര്യയുടെ അടുക്കൽ രാപ്പാർക്കും.” (മുസ്നദ് അഹ്മദ്: 24765, സുനനു അബൂദാവൂദ്: 2135, സ്വഹീഹു അബൂദാവൂദ്: അൽബാനി: 1852) فيدنو مِنْ كُلِّ امرأة ، مِن غير مَسِيسٍ “ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെ അദ്ദേഹം എല്ലാ ഭാര്യമാരുടെ അടുത്തേക്കും ചെല്ലുമായിരുന്നു…” എന്ന് ഹദീസിൽ ആഇശ (റ) വളരെ വ്യക്തമായി, പ്രത്യേകം എടുത്തു പറയുന്നുണ്ട് എന്ന് കണ്ടുവല്ലൊ. പ്രവാചകൻ (സ) ഒറ്റ ദിവസം തന്നെ എല്ലാ ഭാര്യമാരേയും ‘സന്ദർശിക്കാറുണ്ടായിരുന്നു’, എല്ലാ ഭാര്യമാരുടേയും അടുത്ത് ‘ചുറ്റിസഞ്ചരിക്കാറുണ്ടായിരുന്നു’ (يَدُورُ – يَطُوفُ) എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ കൊണ്ടുള്ള ഉദ്ദേശം സമ്പർക്കത്തിലൂടെയും സഹവാസത്തിലൂടെയും “അവരുമായി ബന്ധം പുതുക്കുകയാണ്” (ﻳُﺮَاﺩَ ﺑِﻪِ ﺗَﺠْﺪِﻳﺪُ اﻟْﻌَﻬْﺪِ ﺑِﻬِﻦَّ). അഥവാ, ദീർഘയാത്രകൾക്ക് മുമ്പോ ശേഷമോ “എല്ലാവരുമായി സമയം ചെലവഴിക്കുക” എന്ന സ്വാഭാവികമായ സന്ദർശനമാണ് ഉദ്ദേശ്യമെന്ന് പൗരാണികരും ആധുനികരുമായ പല പണ്ഡിതന്മാരും ആഇശയുടെ (റ) ഹദീസുമായി ബന്ധിപ്പിച്ചു കൊണ്ട് വ്യാഖ്യാനിച്ചിട്ടുണ്ട്. ذَكَرْتُهُ لِعَائِشَةَ فَقَالَتْ : يَرْحَمُ اللَّهُ أَبَا عَبْدِ الرَّحْمَنِ كُنْتُ أُطَيِّبُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَيَطُوفُ عَلَى نِسَائِهِ ، ثُمَّ يُصْبِحُ مُحْرِمًا يَنْضَخُ طِيبًا ആഇശ (റ) പറഞ്ഞു: …ഞാൻ അല്ലാഹുവിന്റെ ദൂതന് (അദ്ദേഹത്തിന്റെ ശരീരത്തിൽ) സുഗന്ധം തേച്ച് കൊടുക്കുമായിരുന്നു. എന്നിട്ട് അദ്ദേഹം തന്റെ എല്ലാ ഭാര്യമാരേയും അടുത്ത് ‘ചുറ്റി സന്ദർശിക്കും’ (فَيَطُوفُ عَلَى نِسَائِهِ). പിന്നീട് രാവിലെ – (ഞാൻ തേച്ചു കൊടുത്ത) സുഗന്ധം, വമിക്കുന്ന നിലയിൽ അദ്ദേഹം ഇഹ്റാമിൽ പ്രവേശിക്കും. (സ്വഹീഹുൽ ബുഖാരി:267, സ്വഹീഹു മുസ്‌ലിം: 1192) ആഇശ (റ) ഈ പ്രസ്ഥാവിച്ച, ഒരു ദിവസം കൊണ്ട് എല്ലാ ഭാര്യമാരെയുമുള്ള സന്ദർശനത്തിൽ അവരുമായുള്ള ലൈംഗിക ബന്ധം ഉൾപ്പെട്ടിരുന്നെങ്കിൽ ദിവസത്തിന്റെ അന്ത്യത്തിൽ അദ്ദേഹത്തിന് കുളി നിർബന്ധമാകുമായിരുന്നു. കുളിച്ചിരുന്നെങ്കിൽ പിറ്റേന്ന് ഇഹ്റാമിൽ പ്രവേശിച്ചപ്പോൾ ശരീരത്തിൽ തേച്ച സുഗന്ധം അവശേഷിക്കില്ലായിരുന്നു. അത് പിറ്റേന്നും വമിക്കുന്നുണ്ടായിരുന്നു എന്ന ആഇശയുടെ പ്രസ്ഥാവനയിൽ നിന്നും പ്രസ്ഥുത സന്ദർശനം ലൈംഗിക ബന്ധത്തിന് വേണ്ടിയായിരുന്നില്ല, അവരുമായുള്ള സമ്പർക്കത്തിനും സഹവാസത്തിനും വേണ്ടി മാത്രമായിരുന്നു എന്ന് ഇസ്മാഈലി (ജനനം ഹിജ്റ 277) തന്റെ ‘സ്വഹീഹി’ൽ രേഖപ്പെടുത്തി. ഇസ്മാഈലിയിൽ നിന്നും ഈ വ്യാഖ്യാനം ഇബ്നു ഹജറും (ഫത്ഹുൽ ബാരി: 1:377), ബദറുദ്ദീൻ അൽഐനിയും (ഉംദത്തുൽ ക്വാരി: 3:213, 214) ഇബ്നു റജബും (ഫത്ഹുൽ ബാരി: 1:297) കസ്ത്വല്ലാനിയും (ഇർശാദുസ്സാരി: 1:325), ശൻക്വീതിയും (കൗസറുദ്ദുറാറി അൽ മആനി:5:418) എല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. 2. പക്ഷെ അനസിന്റെ ഹദീസിൽ “അദ്ദേഹത്തിന് മുപ്പത് ആളുകളുടെ കരുത്ത് നൽകപ്പെട്ടിട്ടുണ്ട്…” എന്നടങ്ങുന്ന പരാമർശത്തിൽ ഒറ്റ ദിവസം കൊണ്ട് എല്ലാ ഭാര്യമാരുമായുള്ള ‘ചുറ്റി സന്ദർശനത്തിൽ’ ലൈംഗിക ബന്ധവും ഉള്ളടങ്ങുന്നതായ സൂചനയുണ്ട് എന്നതാണ് വിവാദങ്ങൾക്ക് നിദാനം. സ്വഭാവം, ബുദ്ധി, ഭക്തി, ശരീരം തുടങ്ങി വ്യക്തിത്വത്തിന്റെ സർവ്വഭാവങ്ങളിലും സമ്പൂർണ്ണത നൽകപ്പെട്ടവരാണ് ദൈവദൂതന്മാർ. പുറമെ മറ്റു മനുഷ്യരിൽ നിന്ന് വ്യത്യസ്ഥമായി അവരിലൂടെ അല്ലാഹു പ്രകടമാക്കുന്ന മുഅ്ജിസത്തിൽ (അമാനുഷിക ദൃഷ്ടാന്തങ്ങൾ) ഉൾകൊള്ളുന്നതാണ് അവരുടെ അസാധാരണമായ കായിക ശക്തിയും ശാരീരിക ശേഷിയും. സ്വാഭാവികമായും മുഹമ്മദ് നബിക്കും(സ) അസാധാരണ ആരോഗ്യവും, അപാരമായ കായികശേഷിയും നൽകപ്പെട്ടിട്ടുണ്ടായിരുന്നു. സൂറത്തുൽ ബക്വറ, സൂറത്തു ആലു ഇംറാൻ, സൂറത്തുന്നിസാഅ് തുടങ്ങിയ ക്വുർആനിലെ നീളൻ അധ്യായങ്ങൾ പാരായണം ചെയ്ത് രാത്രി ഭൂരിഭാഗവും നിന്ന് നമസ്കരിക്കുമായിരുന്നു പ്രവാചകൻ (സ). (സ്വഹീഹു മുസ്‌ലിം: 772) ഇടമുറിയാതെ രണ്ടു ദിവസം ചേർത്ത് വ്രതം അനുഷ്ടിക്കുന്ന രീതിയായ ‘വിസ്വാൽ’ പ്രവാചകൻ (സ) അനുഷ്ടിച്ചിരുന്നു. നിങ്ങൾക്ക് അതിന് ശാരീരികമായി സാധിക്കില്ലെന്നും ഇത് തനിക്ക് മാത്രം നിശ്ചയിക്കപ്പെട്ട വ്രതത്തിന്റെ രീതിയാണെന്നും അദ്ദേഹം തന്റെ അനുചരന്മാരോട് ഉപദേശിക്കുകയും ചെയ്തിരുന്നു.(സ്വഹീഹുൽ ബുഖാരി:7299) ഖന്ദക്ക് യുദ്ധ സന്ദർഭത്തിൽ പ്രവാചകാനുചരന്മാർ തങ്ങളുടെ മഴു കൊണ്ട്, സംഘം ചേർന്ന് തകർക്കാൻ ശ്രമിച്ചിട്ടും തകരാതിരുന്ന ഒരു ഭീമൻ പാറ പ്രവാചകൻ (സ) തന്റെ മഴു കൊണ്ട് വെട്ടി തകർക്കുകയുണ്ടായി. (സുനനുൽ കുബ്റാ: നസാഈ: 8858, മുസ്നദു റൂയാനി: 410) പ്രവാചകന്(സ) അസാധാരണ കായിക ശക്തി ഉണ്ടായിരുന്നു എന്നത് ശരിയാണെന്ന് ചുരുക്കം. അദ്ദേഹം ഇടക്ക്, ഒറ്റ ദിവസം അദ്ദേഹത്തിന്റെ എല്ലാ ഭാര്യമാരേയും സന്ദർശിക്കാറുണ്ടായിരുന്നു എന്നതും വാസ്തവം. പക്ഷെ ഈ രണ്ടു കാര്യങ്ങൾക്കു തമ്മിലുള്ള ബന്ധിപ്പിക്കുന്ന ഘടകം ലൈംഗിക വേഴ്ച്ചയാകണമെന്ന് യാതൊരു നിർബന്ധവുമില്ല. കാരണം, ഒമ്പതു ഭാര്യമാരേയും ഒരു ദിവസം തന്നെ സന്ദർശിക്കുകയാണെങ്കിൽ അവരുമായി ഹൃദ്യമായി സല്ലപിക്കുകയും, അവരുടെ സുഖ ദുഖങ്ങളിൽ പങ്കാളിയാവുകയും, എന്നിട്ട് വഴക്കോ- അസ്വാരസ്യങ്ങളോ ഉണ്ടാകാത്ത നിലയിൽ- അവരുടെയെല്ലാം ഭർതൃ സങ്കൽപങ്ങളെ തൃപ്തിപ്പെടുത്തി വിടപറയുകയും എല്ലാം വേണമല്ലൊ. ലൈംഗിക ബന്ധമില്ലാതെ തന്നെ ഇത് അങ്ങേയറ്റം ശ്രമകരമായ യത്നം തന്നെയാണ്. ഒരു സാധാരണ മനുഷ്യന് കഴിയാൻ സാധ്യതയില്ലാത്ത അനൽപമായ ക്ഷമയും, സഹാനുഭൂതിയും, നീതി ബോധവും, ത്യാഗവും, സ്നേഹവുമെല്ലാം അനിവാര്യമായ ഒരു മഹാ ഉദ്യമമാണത്. മതം, രാഷ്ട്രീയം, സാമൂഹിക സേവനം, യുദ്ധം, ആരാധന, പ്രബോധനം തുടങ്ങി കൃത്യാന്തര ബാഹുല്യത്തിനിടയിലും ഒമ്പതു ഭാര്യമാരും മക്കളും മരുമക്കളം, പേരക്കുട്ടികളുമെല്ലാമടങ്ങുന്ന കുടുംബ-ദാമ്പത്യ ജീവിതത്തിലും പ്രവാചകനെ പോലെ മാതൃകയും തുല്യനീതിയും ആദർശനിഷ്ടയും പുലർത്താൻ അശക്തരായ അനുചരന്മാർ പ്രവാചകന്റെ ഈ ബഹുമുഖ മാതൃകയെ ആശ്ചര്യത്തോടെ ആവിഷ്‌കരിച്ചതാണ് “അദ്ദേഹത്തിന് മുപ്പത് ആളുകളുടെ കരുത്ത് നൽകപ്പെട്ടിട്ടുണ്ട്…” എന്ന വാചകം. ഒരാൾക്ക്, ഒരു ആയുഷ്ക്കാലം കൊണ്ട് ചെയ്തു തീർക്കാൻ കഴിയുന്നതിനുമപ്പുറമായിരുന്നു അദ്ദേഹത്തിലർപ്പിതമായതും അദ്ദേഹം പൂർണതയോടെ നിറവേറ്റിയതുമായ -കുടുംബ ജീവിതമുൾപ്പെടെയുള്ള- ദൗത്യങ്ങൾ എന്നേ അനസിന്റെ ആ വാചകം കൊണ്ട് മനസ്സിലാക്കേണ്ടതുള്ളു. അല്ലാതെ മുപ്പത് പുരുഷന്മാരുടെ ലൈംഗിക ശക്തി അദ്ദേഹത്തിനുണ്ടായിരുന്ന എന്ന് ആ വാചകത്തെ ദുർവ്യാഖ്യാനിക്കുന്നത് ന്യായമില്ല. പ്രവാചകന്റെ(സ) ഈ ‘കൂട്ട സന്ദർശനത്തിന്റെ’ അർത്ഥവും ലക്ഷ്യവും സ്വാഭാവികമായ സഹവാസവും സമ്പർക്കവും മാത്രമായിരുന്നെന്ന് അദ്ദേഹത്തിന്റെ സന്ദർശനത്താൽ അനുഗ്രഹിക്കപ്പെട്ട ഭാര്യമാർ വ്യക്തമാക്കിയിരിക്കെ അനസിന്റെ(റ) വാചകം ദുർവ്യാഖ്യാനിച്ചുള്ള അശ്ലീല ആരോപണങ്ങളുടെ പ്രസക്തിയെന്താണ്?! “അദ്ദേഹത്തിന് മുപ്പത് ആളുകളുടെ കരുത്ത് നൽകപ്പെട്ടിട്ടുണ്ട്…” എന്ന വാചകത്തിന്റെ ഉദ്ദേശ്യം ലൈംഗിക ബന്ധത്തിനുള്ള കരുത്താണ് എന്ന വ്യാഖ്യാനം വാദത്തിന് അംഗീകരിച്ചാൽ തന്നെ അത് ആ സന്ദർശനത്തെ സംബന്ധിച്ച പ്രവാചക ശിഷ്യൻ അനസിന്റെ(റ) ഒരു തെറ്റിദ്ധാരണയാണെന്നേ സ്ഥാപിക്കപ്പെടുന്നുള്ളു. കാരണം, പ്രവാചകന്റെ(സ) ഈ ‘കൂട്ട സന്ദർശനത്തിന്റെ’ അർത്ഥവും ലക്ഷ്യവും, സ്വാഭാവികമായ സഹവാസവും സമ്പർക്കവും മാത്രമായിരുന്നെന്ന് അദ്ദേഹത്തിന്റെ സന്ദർശനത്താൽ അനുഗ്രഹിക്കപ്പെട്ട ഭാര്യമാർ വ്യക്തമാക്കിയിരിക്കെ അനസിന്റെ(റ) ധാരണ യഥാർത്ഥ്യമാകാൻ വല്ല നിർവ്വാഹവുമുണ്ടോ?! അനസാണോ(റ) ആ സന്ദർശനത്തെ സംബന്ധിച്ച് സൂക്ഷ്മമായി അറിയുക ? അതോ പ്രവാചകപത്നിമാരോ ?!കൂടാതെ, അനസിന്റെ(റ) ആ വാചകത്തിൽ നിന്നും എല്ലാ ഭാര്യമാരുമായി അദ്ദേഹം ലൈംഗികവേഴ്ച്ചയിൽ ഏർപ്പെട്ടു എന്നും സ്ഥാപിതമാകുന്നില്ല. കൂടി വന്നാൽ ഒന്നിലേറെ പേരുമായി ബന്ധപ്പെട്ടു എന്നേ ഈ വ്യാഖ്യാനം ശരിവച്ചാലും സ്ഥാപിതമാകുന്നുള്ളു. “ആർക്കെങ്കിലും രണ്ട് ഭാര്യമാർ ഉണ്ടായിട്ട് അവരിൽ ഒരാളിലേക്ക് (പക്ഷപാതപരമായി) അയാൾ താൽപര്യം കാണിച്ചാൽ അന്ത്യനാളിൽ തന്റെ ശരീരത്തിന്റെ ഒരു ഭാഗം ചെരിഞ്ഞതായി/ സ്വാധീനമറ്റതായിട്ടാണ് അയാൾ വരിക” (മുസ്നദു അഹ്മദ്: 2:295, സുനനു അബൂദാവൂദ്: 2:601) എന്ന് ഉണർത്തി, ഭാര്യമാർക്കിടയിൽ നീതിയോടെ വർത്തിക്കണമെന്ന് സ്വന്തം അനുചരൻമാരെ അനുശാസിക്കുക മാത്രമല്ല പ്രവാചകൻ (സ) ചെയ്തത്. ഉപദേശത്തിന് പുറമെ, മരണം വരെയുള്ള സ്വന്തം ദാമ്പത്യജീവിതത്തിലൂടെ അതിന് മാതൃക ലോകത്തിന് സമ്മാനിക്കുക കൂടി ചെയ്തു അദ്ദേഹം. വിവാദ വിധേയമായ ഹദീസ് പ്രവാചകന്റെ നീതിയേയും സമത്വത്തെയുമാണ് ജ്വലിപ്പിക്കുന്നത്.

വിമർശനം:

വഹ്‌യ് (ദിവ്യബോധനം) ദീർഘകാലം തടയപ്പെടുമ്പോഴെല്ലാം വിഷാദം ബാധിച്ച് മുഹമ്മദ് നബി മലമുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുക പതിവായിരുന്നു. അല്ലാഹുവിന്റെ മലക്കായ ജിബ്‌രീൽ അതിൽ നിന്നും അദ്ദേഹത്തെ തടഞ്ഞു കൊണ്ടുമിരുന്നു. ഇത് ‘സ്വഹീഹുൽ ബുഖാരി’യിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

മറുപടി:

1. പ്രവാചകനിലേക്ക്(സ) ചേർക്കപ്പെടുന്ന ഈ “ആത്മഹത്യകഥ”ക്ക് യാതൊരു വിധ പ്രാമാണിക സ്രോതസ്സും അടിത്തറയും ഇല്ല. ദുർബലമായ ചില ചരിത്ര നിവേദങ്ങളിൽ നിന്നും ഒരു നിവേദകന്റെ കേട്ടറിവ് മാത്രമാണ് ഈ അവാസ്തവികമായ “കഥ”യുടെ ആധാരം. ഇസ്‌ലാമിക പ്രമാണങ്ങൾ ക്വുർആനും സ്വഹീഹായ ഹദീസുകളുമാണ്. പ്രവാചക ചരിത്രത്തിന്റെ സ്രോതസ്സും ഇവ രണ്ടും തന്നെ. അല്ലാതെ ഏതെങ്കിലും ഹദീസ് നിവേദകന്റെ – തെളിവുകളുടെ പിൻബലമില്ലാത്ത- “കേട്ടറിവോ” ദുർബല നിവേദനങ്ങളൊ അല്ല.

2. ദിവ്യബോധനത്തിന്റെ ആരംഭം എങ്ങനെയായിരുന്നു എന്ന് വിവരിക്കുന്ന ഒരു ഹദീസുമായി ബന്ധപ്പെട്ടാണ് ഈ കഥ കടന്നുവരുന്നത്. ദിവ്യബോധനത്തിന്റെ ആരംഭത്തെ സംബന്ധിച്ച ആഇശയുടെ(റ) ഹദീസ് സ്വഹീഹുൽ ബുഖാരിയിൽ മൂന്ന് സ്ഥലങ്ങളിൽ (ഹദീസ് നമ്പറുകൾ: 3, 4953, 6581) ആവർത്തിക്കപ്പെടുന്നുണ്ട്. ദീർഘമായ ഈ ഹദീസിന്റെ ചുരുക്കം ഇപ്രകാരമാണ്:

പ്രവാചകന് വഹ്‌യുകളുടെ (ദിവ്യബോധനത്തിന്റെ) ആരംഭം സ്വപ്നങ്ങളിലൂടെയായിരുന്നു. അദ്ദേഹം കാണുന്ന സ്വപ്നങ്ങളൊക്കെ പ്രഭാതോദയം പോലെ പുലരുമായിരുന്നു. പിന്നീട് ഹിറാ ഗുഹയില്‍ ആരാധനയില്‍ മുഴുകി കഴിയുമ്പോൾ അദ്ദേഹത്തിന്റെ അടുത്ത് മലക്ക് – ജിബ്‌രീല്‍ വന്ന് അല്ലാഹുവിൽ നിന്നുള്ള വഹ്‌യ് ആദ്യമായി നേരിട്ട് നൽകി. (ക്വുർആനിലെ 96 ആം അധ്യായത്തിലെ ഒന്നു മുതൽ അഞ്ച് വരെയുള്ള വാക്യങ്ങൾ പ്രവാചകന് ഓതി കേൾപ്പിച്ചു.) ഉടനെ പ്രവാചകൻ (സ) പേടിച്ചുവിറയ്ക്കുന്ന ഹൃദയത്തോടെ ഈ സൂക്തങ്ങളുമായി പത്നി ഖദീജയുടെ അടുക്കല്‍ ചെന്നു. തനിക്കെന്തെങ്കിലും കുഴപ്പം ബാധിച്ചോ എന്ന് ഭയപ്പെട്ട പ്രവാചകനെ പത്നി ആശ്വസിപ്പിച്ചു. ഖദീജ (റ) പറഞ്ഞു: “ഇല്ല അല്ലാഹുവാണെ, അവനൊരിക്കലും അങ്ങയെ അപമാനിക്കുകയില്ല. അങ്ങ് കുടുംബബന്ധം പുലര്‍ത്തുന്നു. നിരാലംബരുടെ ഭാരം ചുമക്കുന്നു. അഗതികള്‍ക്ക് (അവകാശങ്ങള്‍) നേടിക്കൊടുക്കുന്നു. അതിഥികളെ സൽക്കരിക്കുന്നു. ദുരിതബാധിതരെ സഹായിക്കുന്നു.” പിന്നീടവര്‍ പ്രവാചകനേയും കൂട്ടി തന്റെ പിതൃവ്യപുത്രന്‍ വറകതിബ്‌നു നൗഫലിനെ സമീപിച്ചു. വറക്വ ജാഹിലിയ്യാ കാലത്ത് ക്രിസ്ത്യാനിയായിരുന്നു. അദ്ദേഹത്തിന് ഹീബ്രു എഴുത്ത് അറിയാമായിരുന്നു. അന്ധനായ പടുവൃദ്ധനായി കഴിഞ്ഞിരുന്ന അദ്ദേഹത്തോട് ഖദീജ (റ) പറഞ്ഞു. പിതൃവ്യപുത്രാ താങ്കളുടെ സഹോദരപുത്രന് പറയാനുള്ളത് കേള്‍ക്കുക, വറക്വ ചോദിച്ചു നീ കണ്ടെതെന്താണ്? കണ്ട വിശേഷങ്ങളെല്ലാം പ്രവാചകൻ (സ) പറഞ്ഞുകേൾപ്പിച്ചു. വറക്വ പ്രതിവചിച്ചു: “മൂസാ(അ)യുടെ അടുത്തേക്ക് അല്ലാഹു അയച്ച രഹസ്യ സൂക്ഷിപ്പുകാരന്‍ (ജിബ്‌രീല്‍) ആണത്. (താങ്കള്‍ പ്രവാചകനാവുമ്പോള്‍) ഞാനൊരു യുവാവായിരുന്നെങ്കില്‍? താങ്കളുടെ ജനത താങ്കളെ ബഹിഷ്‌കരിക്കുന്ന ഘട്ടത്തില്‍ ഞാന്‍ ജീവിച്ചിരുന്നെങ്കിലെന്ന് ആശിക്കുന്നു.” ഉടനെ പ്രവാചകൻ (സ) ചോദിച്ചു: “അവരെന്നെ പുറത്താക്കുമെന്നോ?” വറക്വ പറഞ്ഞു: “അതെ, താങ്കള്‍ കൊണ്ടുവന്നതു പോലെയുള്ളത് കൊണ്ടുവന്നവരൊക്കെ എതിര്‍ക്കപ്പെട്ടിട്ടുണ്ട്. ആ നാളുകളില്‍ ഞാനുണ്ടെങ്കില്‍ സുശക്തമായ പിന്‍ബലം നല്‍കി സഹായിക്കും.” ഏറെ കഴിയുംമുമ്പേ വറക്വ മരണമടഞ്ഞു. കുറച്ച് കാലത്തേക്ക് വഹ്‌യും നിലച്ചു. പ്രവാചകനെ (സ) ഈ രണ്ടു സംഭവങ്ങളും ദുഖിപ്പിച്ചു.

സ്വഹീഹുൽ ബുഖാരിയിൽ മൂന്ന് സ്ഥലങ്ങളിൽ (ഹദീസ് നമ്പറുകൾ: 3, 4953, 6581) ആവർത്തിക്കപ്പെടുന്ന സ്വഹീഹായ ഹദീസിന്റെ ഉള്ളടക്കം ഇതാണ്. ഇതിൽ പ്രവാചകൻ (സ) പിന്നീട് വിഷാദത്തിൽ ആണ്ടു പോയെന്നോ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്നോ ഒന്നുമില്ല.!!

3. എന്നാൽ 6581 ആം നമ്പർ ഹദീസിൽ നാം വിവരിച്ച സംഭവത്തിന് തുടർച്ചയായി ഹദീസ് ഉദ്ധരിക്കുന്ന റാവിമാരിൽ ഒരാളായ ഇബ്നു ശിഹാബ് അസ്സുഹ്‌രി ഈ സംഭവവുമായി ബന്ധപ്പെട്ട് തനിക്കു കിട്ടിയ ഒരു ചരിത്ര നിവേദനം സാന്ദർഭികമായി കൂട്ടി ചേർത്ത് പറയുന്നുണ്ട്. അതിന്റെ ചുരുക്കം ഇപ്രകാരമാണ്:

വറക്വയുടെ മരണവും കുറച്ചു കാലത്തേക്ക് വഹ്‌യ് നിലച്ചതും പ്രവാചകന് തീവ്രമായ വിഷാദമുണ്ടാക്കി. അദ്ദേഹം മലയിൽ നിന്ന് ചാടി മരിക്കാൻ തുനിഞ്ഞു. അപ്പോൾ അല്ലാഹുവിന്റെ മലക്കായ ജിബ്‌രീൽ അദ്ദേഹത്തെ തടയുകയും “താങ്കൾ അല്ലാഹുവിന്റെ സത്യദൂതൻ തന്നെ” എന്ന് ഉറപ്പ് നൽകുകയും ചെയ്തു.

ഈ കഥ, ദിവ്യബോധനത്തിന്റെ ആരംഭത്തെ സംബന്ധിച്ച, ആഇശയുടെ (റ) സ്വഹീഹായ ഹദീസിന്റെ ഭാഗമല്ല. ആയിരുന്നെങ്കിൽ ആഇശയുടെ (റ) ഹദീസ് ആവർത്തിക്കപ്പെടുന്നിടത്തെല്ലാം (ഹദീസ് നമ്പറുകൾ: 3, 4953, 6581) ഈ “ആത്മഹത്യ കഥ”യും ആവർത്തിക്കപ്പെടുമായിരുന്നു. സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് നമ്പർ: 3, ഹദീസ് നമ്പർ: 4953 എന്നിവിടങ്ങളിൽ ഈ “ആത്മഹത്യ കഥ”യുടെ വാൽകഷ്‌ണം നമുക്ക് കാണാൻ കഴിയില്ല. 6581 ആം നമ്പറായി ഉദ്ധരിക്കപ്പെട്ടിടത്ത് മാത്രമാണ്, ഹദീസിന് അനുബന്ധമെന്നോണം “ആത്മഹത്യ കഥ” ചേർക്കപ്പെട്ടിരിക്കുന്നത്.

“നമ്മുടെ അടുക്കൽ എത്തിയ ഒരു വിവരമനുസരിച്ച്” (فيما بلغنا) എന്ന് സൂചിപ്പിച്ച് കൊണ്ട് ഇബ്നു ശിഹാബ് അസ്സുഹ്‌രിയാണ് ആത്മഹത്യാ ശ്രമത്തെ സംബന്ധിച്ച ഈ കഥ ഒരു അനുബന്ധമായി കൂട്ടി ചേർത്തിട്ടുള്ളത്. സ്വഹീഹുൽ ബുഖാരിയിൽ 6581 ആം നമ്പർ ഹദീസിന്റെ അവസാന ഭാഗത്ത് ഇത് നമുക്ക് പ്രത്യേകം കാണാൻ സാധിക്കുന്നതാണ്.

അതല്ലാതെ സ്വഹീഹുൽ ബുഖാരിയിൽ മൂന്ന് സ്ഥലങ്ങളിൽ ആവർത്തിക്കപ്പെട്ടിട്ടുള്ള -ദിവ്യബോധനത്തിന്റെ ആരംഭത്തെ സംബന്ധിച്ച- ആഇശയുടെ (റ) ഹദീസിന്റെ ഭാഗമല്ല അത്. ഹദീസുകൾ ഉദ്ധരിക്കുമ്പോഴും കൈമാറുമ്പോഴും ഹദീസുകളുടെ അനുബന്ധമായി അൽപം ചില റാവിമാർ (നിവേദകന്മാർ) ചില അധിക വിവരങ്ങൾ അനുബന്ധമായി ചേർത്തെന്നു വരാം. ഇത്തരം അധികരിച്ച അനുബന്ധങ്ങളെ ഹദീസ് നിദാനശാസ്ത്രത്തിന്റെ സാങ്കേതിക ഭാഷയിൽ ‘മുദ്റജ്’ (المدرج) എന്നാണ് വിളിക്കപ്പെടുക. നിവേദകന്റെ ഈ അധികരിച്ച അനുബന്ധം അഥവാ ‘മുദ്റജ്’ ആ നിവേദനത്തിന്റെ ഭാഗമല്ല. അത് നിവേദകന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമായാണ് പരിഗണിക്കപ്പെടുക. അത്തരം അഭിപ്രായങ്ങൾ ഹദീസുമല്ല, സ്വഹീഹുമല്ല, ഇസ്‌ലാമിൽ പ്രമാണവുമല്ല.

അതുകൊണ്ട് തന്നെ, “നമ്മുടെ അടുക്കൽ എത്തിയ ഒരു വിവരമനുസരിച്ച്” ( فيما بلغنا ) എന്ന് സൂചിപ്പിച്ചുകൊണ്ട് ഇബ്നു ശിഹാബ് അസ്സുഹ്‌രി അനുബന്ധമായി കൂട്ടി ചേർത്ത, ഈ “ആത്മഹത്യാ ശ്രമത്തിന്റെ കഥ”, ദിവ്യബോധനത്തിന്റെ ആരംഭത്തെ സംബന്ധിച്ച, ആഇശയുടെ (റ) ഹദീസിന്റെ ഭാഗമല്ല; സ്വഹീഹായ (സ്ഥിരപ്പെട്ടതും വിശ്വസനീയവുമായ) സംഭവവുമല്ല.

ശൈഖ് സ്വാലിഹ് അൽ മുനജ്ജിദ് പറഞ്ഞു: ആത്മഹത്യയുമായി ബന്ധപ്പെട്ട അധികഭാഗം ആഇശയുടെ (റ) സംസാരത്തിലോ ഹദീസിലോ പെട്ടതല്ല. മറിച്ച്, അത് (നിവേദകന്മാരിൽ ഒരാളായ) സുഹ്‌രിയുടെ വാചകമാണ്. അദ്ദേഹം ‘താബിഈ’കളിൽ(പ്രവാചകാനുചരന്മാരുടെ ശിഷ്യന്മാരായ പിൻതലമുറക്കാർ)പെട്ട വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഈ സംഭവത്തിന് അദ്ദേഹം സാക്ഷിയല്ല. പ്രവാചക ശിഷ്യന്മാരിൽ ആരിൽ നിന്നെങ്കിലുമാണ് ഈ കഥ ഉദ്ധരിക്കുന്നത് എന്ന് സുഹ്‌രി പറഞ്ഞിട്ടുമില്ല. ഇങ്ങനെ, കൃത്യമായ അടിത്തറകളിൽ ഊന്നി കൊണ്ടല്ല ഈ കഥ ഉദ്ധരിക്കുന്നത് എന്നതിനാലാണ് “നമ്മുടെ അടുക്കൽ എത്തിയതനുസരിച്ച്” (فيما بلغنا) എന്ന് സൂചിപ്പിച്ചുകൊണ്ട് ഇബ്നു ശിഹാബ് അസ്സുഹ്‌രി, ആത്മഹത്യയുമായി ബന്ധപ്പെട്ട അധികഭാഗം ഉദ്ധരിച്ചത്.” (ഇസ്‌ലാം സുആൽ വൽജവാബ്: 152611)

ثم إن القائل ” فيما بَلَغَنا ” هو الزهري ، ومعنى الكلام : أن في جملة ما وصل إلينا من خبر رسول الله صلى الله عليه وسلم في هذه القصة . وهو من بلاغات الزهري وليس موصولاً ، وقال الكرماني : هذا هو الظاهر .

ഇബ്നു ഹജർ അൽ അസ്കലാനി പറഞ്ഞു: ” “നമ്മുടെ അടുക്കൽ എത്തിയ ഒരു വിവരമനുസരിച്ച്” (فيما بلغنا) എന്ന് പറഞ്ഞിരിക്കുന്നത് സുഹ്‌രിയാണ്. ആ പറഞ്ഞതിന്റെ അർത്ഥം: ഈ കഥയുമായി ബന്ധപ്പെട്ട് നമ്മുടെ അടുക്കൽ എത്തിപ്പെട്ട മൊത്തം വിവരങ്ങളിൽ പെട്ടതാണ് (പ്രവാചകൻ (സ) ആത്മഹത്യ ചെയ്യാൻ തുനിഞ്ഞു എന്ന കഥ.) ഈ കഥയാകട്ടെ സുഹ്‌രിയുടെ കേവല കേട്ടറിവുകളിൽ പെട്ടത് മാത്രമാണ്. പ്രവാചകനിലേക്കെത്തുന്ന കൃത്യമായ ഒരു നിവേദക പരമ്പരയും അദ്ദേഹത്തിനടുക്കൽ ഇല്ല. കർമാനി പറഞ്ഞു: ഇതാണ് പ്രത്യക്ഷ സത്യം.” (ഫത്ഹുൽ ബാരി: 12:359)

നിവേദകപരമ്പര മുറിഞ്ഞ അല്ലെങ്കിൽ നിവേദകപരമ്പര പറയാത്ത സുഹ്‌രിയുടെ ഇത്തരം അധികരിച്ച അനുബന്ധാഭിപ്രായം മുർസൽ (مرسل) എന്ന ദുർബല നിവേദനങ്ങളിലാണ് ഉൾപ്പെടുക എന്നും ഒരു കാറ്റു പോലെ അടിത്തറയില്ലാത്തവയാണ് സുഹ്‌രിയുടെ ഇത്തരം മുർസലുകൾ എന്നും ഇമാം യഹ്‌യബ്നു സഈദ് അൽകത്വാൻ വ്യക്തമാക്കുന്നുണ്ട്. (ജാമിഉത്തഹ്സ്വീൽ: സ്വലാഹുദ്ദീൻ അലാഈ: 78, തദ്കിറത്തുൽ ഹുഫ്ഫാദ്: 1:1-5)

هذا من كلام الزهري أو غيره ، غير عائشة ، والله أعلم ؛ لقوله : ” فيما بلغنا ” ، ولم تقل عائشة في شيء من هذا الحديث ذلك . അബൂ ശാമ അൽ മക്ദസി പറഞ്ഞു: ” “നമ്മുടെ അടുക്കൽ എത്തിയ ഒരു വിവരമനുസരിച്ച്” (فيما بلغنا) എന്ന വാചകം സുഹ്‌രിയുടേതോ മറ്റൊരു റാവിയുടെതോ ആകുന്നു; അത് ആഇശയുടെ (റ) ഹദീസിൽ പെട്ടതല്ല. ഹദീസിലെവിടെയും “നമ്മുടെ അടുക്കൽ എത്തിയ ഒരു വിവരമനുസരിച്ച്” എന്ന് ആഇശ (റ) പറയുന്നില്ല…” (ശർഹുൽ ഹദീസിൽ മുക്തഫാ : 177)

4. സ്വഹീഹുൽ ബുഖാരി എന്ന ഗ്രന്ഥത്തിന്റെ യഥാർത്ഥ നാമം “അല്ലാഹുവിന്റെ ദൂതന്റെ കാര്യവിവരങ്ങൾ- ചര്യകൾ- യുദ്ധങ്ങൾ എന്നിവയുടെ ഹ്രസ്വ വിവരണങ്ങളായ ‘സ്വഹീഹും’ ‘മുസ്നദു’മായ ഹദീസുകളുടെ സമാഹാരം” (الجامع المسند الصحيح المختصر من أُمور رسول الله صلى الله عليه وسلّم وسننه وأيامه) എന്നാണ്.

ഗ്രന്ഥത്തിന്റെ നാമം സൂചിപ്പിക്കുന്നതു പോലെ പ്രവാചക ഹദീസുകളിലെ ‘സ്വഹീഹും’ ‘മുസ്നദു’മായവ മാത്രമാണ് ഇസ്‌ലാമിലെ പ്രമാണം. മുസ്നദ് (المسند) എന്നാൽ പ്രവാചകനിലേക്ക് എത്തുന്ന സനദ് (നിവേദക പരമ്പര) ഉള്ളത് എന്നാണ് അർത്ഥം. സ്വഹീഹ് (الصحيح) എന്നാൽ ഈ നിവേദക പരമ്പര ഹദീസ് നിദാന ശാസ്ത്രത്തിന്റെ നിബന്ധനകൾ പൂർത്തീകരിക്കപ്പെട്ട സ്വീകാര്യ യോഗ്യമായ ഹദീസുകളുമാണ്.

സ്വഹീഹുൽ ബുഖാരിയിൽ ‘മുസ്നദായി’ ഉദ്ധരിക്കപ്പെട്ട ‘ഹദീസുകൾ’ എല്ലാം സ്വഹീഹാണെന്നും പ്രമാണമാണെന്നും മാത്രമാണ് മുസ്‌ലിംകൾ വിശ്വസിക്കുന്നത്. എന്നാൽ സ്വഹീഹുൽ ബുഖാരിയിൽ ഇത്തരം മുസ്നദായ ഹദീസുകൾക്ക് പുറമെ ധാരാളം ഭാഷാ ചർച്ചകളും, കർമ്മശാസ്ത്ര ചർച്ചകളും, മുഅല്ലക്കായ (പരമ്പര കളഞ്ഞ) നിവേദനങ്ങളും, പണ്ഡിതാഭിപ്രായങ്ങളും തുടങ്ങി അറബി കവിതകൾ വരെ ഉൾപ്പെട്ടിട്ടുണ്ട്… അവയെല്ലാം സ്വഹീഹ് ആണെന്നോ ഇസ്‌ലാമിൽ പ്രമാണമാണെന്നോ മുസ്‌ലിംകളാരും മനസ്സിലാക്കുന്നില്ല; ഇമാം ബുഖാരിയും അഭിപ്രായപ്പെട്ടിട്ടുമില്ല. ഇമാം ബുഖാരി തന്നെയും വാദിച്ചത് തന്റെ ഈ ഗ്രന്ഥത്തിലെ ‘മുസ്നദായ ഹദീസുകളെല്ലാം സ്വഹീഹാണെന്ന്’ മാത്രമാണ്. ആത്മഹത്യക്കായി പ്രവാചകൻ (സ) ചിന്തിച്ചു എന്ന കഥയാകട്ടെ മുസ്നദായ (സനദോടു കൂടിയ) ഒരു ഹദീസ് അല്ല. ആഇശയുടെ ഹദീസിന് അനുബന്ധമായി, സുഹ്‌രി ഉദ്ധരിച്ച സനദില്ലാത്ത ഒരു കേവലാഭിപ്രായമാണ്.

5. വറക്വയുടെ മരണവും ദീർഘ കാലത്തേക്ക് വഹ്‌യ് നിലച്ചതും പ്രവാചകനിലുണ്ടാക്കിയ (സ) തീവ്രമായ വിഷാദത്താൽ പ്രേരിതനായി അദ്ദേഹം (സ) മലമുകളിൽ നിന്ന് ചാടി മരിക്കുന്നതിനെ സംബന്ധിച്ച് ചിന്തിച്ചുവെന്ന് സൂചിപ്പിക്കുന്ന ഈ നിവേദനം സ്വഹീഹുൽ ബുഖാരിയിലല്ലാതെ മറ്റു ചില ചരിത്ര ഗ്രന്ഥങ്ങളിലും വന്നിട്ടുണ്ട് എങ്കിലും പ്രസ്തുത നിവേദനങ്ങളെല്ലാം സംശയലേശമന്യേ ദുർബലവും കെട്ടു കഥകളും തന്നെയാണ്.

a) ഇബ്‌നു മർദൂയയുടെ തഫ്‌സീറിൽ ഉദ്ധരിക്കപ്പെട്ട, കഥയുടെ നിവേദക പരമ്പരയിൽ മുഹമ്മദിബ്‌നു കസീർ എന്ന റാവിയുണ്ട്. ഇയാൾ ദുർബലനും ഓർമ്മക്കുറവുള്ള വ്യക്തിയുമാണ്. അതുകൊണ്ട് തന്നെ “നമ്മുടെ അടുക്കൽ എത്തിയ ഒരു വിവരമനുസരിച്ച്” (فيما بلغنا) എന്ന സുഹ്‌രിയുടെ വാചകം ഒഴിവാക്കി കൊണ്ടാണ് ഇയാൾ കഥ ഉദ്ധരിക്കുന്നതും. (സിൽസിലത്തു ദ്ദഈഫ: 10:453)

b) ഇബ്‌നു സഅ്ദിന്റെ ‘ത്വബക്കാത്തി’ൽ ഉദ്ധരിക്കപ്പെട്ട, കഥയുടെ നിവേദനം വ്യാജമാണ് (മൗദൂഅ്). നിവേദക പരമ്പര ഇപ്രകാരമാണ്.

أخبرنا محمد بن عمر قال حدثني إبراهيم بن محمد بن أبي موسى عن داود بن الحصين عن أبي غطفان بن طريف عن ابن عباس أن رسول الله صلى الله عليه وسلم…

നിവേദക പരമ്പരയിലെ മുഹമ്മദിബ്‌നു ഉമർ എന്ന റാവി, നിവേദനങ്ങൾ വ്യാജമായി നിർമ്മിച്ചുണ്ടാക്കുന്ന വ്യക്തിയാണെന്ന് ആരോപിക്കപ്പെടുന്നു. മറ്റൊരു റാവിയായ ഇബ്രാഹിം ഇബ്‌നു മുഹമ്മദിബ്‌നു അബീ മൂസാ, ‘മത്റൂക്’ (متروك) അഥവാ കളവു പറയുന്നതായി ആരോപിക്കപ്പെടുന്ന വ്യക്തിയാണ്. (സിൽസിലത്തു ദ്ദഈഫ: 10:451)

c) ത്വബ്‌രി ഉദ്ധരിച്ച നിവേദനത്തിന്റെ പരമ്പര:

حدثنا ابن حميد قال حدثنا سلمة عن محمد بن إسحاق قال حدثني وهب بن كيسان مولى آل الزبير قال سمعت عبد الله بن الزبير وهو يقول لعبيد بن عمير بن قتادة الليثي : حدِّثنا يا عبيد كيف كان بدء ما ابتدئ به رسول الله صلى الله عليه و سلم من النبوة حين جاء جبريل عليه السلام فقال عبيد…

ഈ നിവേദകപരമ്പരയിലെ പ്രധാനപ്പെട്ട മൂന്ന് ന്യൂനതകൾ ഇവയാണ്:

ഒന്ന്, നിവേദകപരമ്പരയിലെ റാവിയായ ഉബൈദ് ഇബ്‌നു ഉമർ പ്രവാചക ശിഷ്യനല്ലാത്തതിനാൽ സംഭവത്തിന് സാക്ഷിയല്ല. അപ്പോൾ പ്രവാചകനിലേക്കെത്തുന്ന പരമ്പരയില്ല. രണ്ട്, സലമ ഇബ്‌നുൽ ഫദ്ൽ അൽ അബ്റശ് എന്ന റാവി തീരെ ഓർമ്മ പിശകുള്ള വ്യക്തിയാണ്. മൂന്ന്, ഇബ്‌നു ഹുമൈദ് അങ്ങേയറ്റം ദുർബലനാണ്. അബൂ സർഅ അർറാസിയെ പോലെയുള്ള ഒരു സംഘം ഹദീസ് പണ്ഡിതർ അയാൾ കളവു പറയുന്ന വ്യക്തിയാണെന്ന് പോലും അഭിപ്രായപ്പെട്ടിരിക്കുന്നു. (സിൽസിലത്തു ദ്ദഈഫ: 10:455-457)

പ്രവാചകൻ (സ) മലയിൽ നിന്ന് ചാടി മരിക്കാൻ തുനിഞ്ഞപ്പോൾ അല്ലാഹുവിന്റെ മലക്കായ ജിബ്‌രീൽ അദ്ദേഹത്തെ തടയുകയും “താങ്കൾ അല്ലാഹുവിന്റെ സത്യദൂതൻ തന്നെ” എന്ന് ഉറപ്പ് നൽകുകയും ചെയ്തു എന്ന കഥയിലെ പ്രസ്ഥാവനയിൽ നിന്നു തന്നെ കഥ വാസ്തവ വിരുദ്ധമാണെന്ന് ഏതൊരാൾക്കും മനസ്സിലാക്കാവുന്നതേയുള്ളു. കാരണം, താൻ പ്രവാചകനാണെന്ന സത്യത്തിൽ ഒരു നിമിഷം പോലും മഹാനായ പ്രവാചകൻ മുഹമ്മദ് (സ) ശങ്കിച്ചതായി ക്വുർആനോ സ്വഹീഹായ ഹദീസുകളോ നമ്മുക്ക് അറിവു നൽകുന്നില്ല. താൻ ജീവിക്കുന്ന സമൂഹത്തിലെ അന്ധവിശ്വാസ അനാചാരങ്ങളോടുള്ള തന്റെ വിമുഖതയുടെ കാരണമറിയാതെ വിഷാദനായി ഹിറാ ഗുഹയിലേക്ക് ധ്യാനത്തിന് പോയ പ്രവാചകന് (സ) വഹ്‌യിലൂടെ ജീവിത ലക്ഷ്യവും പ്രവാചകത്വ ദൗത്യവും ഏൽപ്പിക്കപ്പെടുകയാണ് ഉണ്ടായത്. ഇത് ഒരാളുടെ വിഷാദത്തെ ആവേശത്തിലേക്കും നിരാശയെ ജീവിതോന്മുഖതയിലേക്കുമാണ് നയിക്കുക. “മനുഷ്യനായതു കൊണ്ട് തന്നെ വഹ്‌യ് ആദ്യം നൽകപ്പെട്ടപ്പോൾ ഉടലെടുത്ത ആകസ്‌മിക ഭയപ്പാടിൽ നിന്ന് പൂർണ്ണമായ വിമുക്തി കൈവരിക്കാൻ സാവകാശം നൽകി കൊണ്ടാണ് രണ്ടാം വഹ്‌യ് നൽകുന്നതിൽ കാലതാമസമുണ്ടായത്…” എന്ന് ഇബ്‌നു ത്വൂലൂൻ നിരീക്ഷിക്കുന്നുണ്ട്. (സുബുലുൽ ഹുദാ വർറശാദ്: 2:272)

അപ്പോൾ, വറക്വയുടെ മരണവും കുറച്ച് കാലത്തേക്ക് വഹ്‌യ് നിലച്ചതും പ്രവാചകനെ (സ) ദുഖിപ്പിച്ചുവെങ്കിലും, ആത്മഹത്യയിലേക്ക് നയിക്കാൻ മാത്രം ദുർബലമായിരുന്നില്ല ഹിറായിലെ ദിവ്യബോധനത്തിൽ നിന്ന് പുതുതായി അദ്ദേഹത്തിന് ലഭ്യമായ ലക്ഷ്യബോധവും വിശ്വാസ ദർശനവും. ഹൃദയാന്തരാളങ്ങളിലേക്ക് പെയ്തിറങ്ങിയ ആ പുതുമഴ, ഇതിനേക്കാളൊക്കെ എത്രയോ ഭയാനകരമായ പരീക്ഷണാനുഭവങ്ങളെ അതിജീവിക്കാനുള്ള കുളിർമ്മ അദ്ദേഹത്തിന്റെ ജീവിതത്തിന് സമ്മാനിച്ചിട്ടുണ്ട്. അസഭ്യങ്ങൾ, പരിഹാസങ്ങൾ, കല്ലേറുകൾ, കുറ്റപ്പെടുത്തലുകൾ, കൊലവിളികൾ, കൂക്കുവിളികൾ എന്നിവയിൽ തുടങ്ങി… ശത്രുക്കൾ അദ്ദേഹത്തേയും അനുചരന്മാരേയും ക്രൂരമായി പീഡിപ്പിച്ചു, പലരേയും കൊന്നു കളഞ്ഞു, പട്ടിണിക്കിട്ടു, ബഹിഷ്ക്കരിച്ചു, യുദ്ധങ്ങൾ അഴിച്ചു വിട്ടു… ഇങ്ങനെ ആയിരമായിരം പരീക്ഷണങ്ങളുടെ അലമാലകൾക്കുമുമ്പിൽ കണ്ണു ചിമ്മാത്ത, ആദർശ അചഞ്ചലതയുടെ ഗിരിവീര്യമായിരുന്നു മുഹമ്മദ് നബി (സ).

വിമർശനം:

അബ്ബാസിന്റെ മകളായ ഉമ്മു ഹബീബ് ഓടിക്കളിക്കുന്നതു കണ്ട് “അവൾ പ്രായപൂർത്തിയാകുന്ന കാലം വരെ ഞാൻ ജീവിച്ചിരുന്നാൽ ഞാൻ അവളെ വിവാഹം കഴിക്കും” എന്നു മുഹമ്മദ് നബി പറഞ്ഞു. ഇത് നബി കുട്ടികളോട് ആസക്തിയുള്ള വ്യക്തിയായിരുന്നു (pedophile) എന്ന് തെളിയിക്കുന്നു.

മറുപടി:

ഒരു വ്യാജ നിവേദനത്തെ അടിസ്ഥാനപ്പെടുത്തി പ്രചരിക്കപ്പെടുന്ന കള്ളകഥയാണ് ഇത്.

നിവേദനം വ്യാജമാണ് എന്ന വസ്തുതയുടെ തെളിവുകൾ ചർച്ച ചെയ്യുന്നതിന് മുമ്പ് ഈ കഥ, പ്രവാചകൻ ‘പീഡൊഫൈൽ’ (കുട്ടികളോട് ലൈംഗീകാസക്തിയുള്ള വ്യക്തി) ആയിരുന്നു എന്ന് തെളിയിക്കുന്നുണ്ടോ എന്നതാണ് ആദ്യം ചർച്ച ചെയ്യേണ്ട ചോദ്യം. ഇല്ല, എന്നു മാത്രമല്ല പ്രവാചകൻ (സ) പീഡൊഫൈൽ ആയിരുന്നില്ല എന്നാണ് ഈ കഥ തെളിയിക്കുന്നത്. കാരണം, ഒരു പീഡോഫൈലും ഒരു കുഞ്ഞ് വളർന്നു വലുതായിട്ട് അവളെ വിവാഹം ചെയ്യാനല്ലല്ലൊ ആഗ്രഹിക്കുക; അവളുടെ ചെറുപ്രായത്തിൽ തന്നെ അവളെ ലഭിക്കണമെന്നല്ലെ ആശിക്കുക ?! ഉമ്മു ഹബീബിനെ വിവാഹം കഴിക്കാൻ പ്രവാചകനെ പ്രേരിപ്പിച്ച ഘടകം അവളുടെ ചെറുപ്രായമായിരുന്നു എങ്കിൽ വലുതായിട്ട് വിവാഹം ചെയ്യാമെന്നായിരുന്നോ പ്രവാചകൻ (സ) ആഗ്രഹിക്കുക ?! വിമർശകർ സാധാരണയായി വാദിക്കുന്നതു പോലെ പ്രവാചകൻ (സ) ഒരു സ്വേച്ഛാധിപതിയും അവിഹിത ബന്ധക്കാരനും ഒന്നും ആയിരുന്നില്ല എന്ന് കൂടി ഈ കഥ തെളിയിക്കുന്നു. കാരണം ഒരു ഏകാധിപതി, അയാൾ പീഡൊഫൈൽ ആയിരുന്നെങ്കിൽ ആ കുട്ടി വലുതാവാൻ കാത്തിരിക്കുമായിരുന്നോ, ഉടനെ ആഗ്രഹം സഫലീകരിക്കുമായിരുന്നില്ലേ?! ആസക്തി ശമിപ്പിക്കാൻ എന്തിന് ‘വിവാഹം’ ചെയ്യാൻ ആഗ്രഹിക്കുന്നു ?! അവിവാഹിത ബന്ധത്തിൽ ഏർപ്പെടുകയല്ലെ ഒരു പീഡോഫൈൽ ചെയ്യുക?! യുക്തിക്കും ബുദ്ധിക്കും മനശ്ശാസ്ത്രത്തിനും എതിരായ ഇത്തരം പീഡോഫൈൽ ആരോപണം വിമർശകരുടെ ഉള്ളിലെ പീഡോഫീലിയയെ മാത്രമാണ് പ്രതിബിംബിപ്പിക്കുന്നത്.

വിവാഹങ്ങളിലൂടെ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുക എന്നത് അക്കാലഘട്ടത്തിൽ വളരെ പ്രബലമായ ഒരു സാമൂഹിക ശൈലിയായിരുന്നു. തന്റെ പ്രിയ സുഹൃത്തുക്കളും സന്തതസഹചാരികളുമായിരുന്ന അബൂബക്കറിന്റെയും(റ) ഉമറിന്റെയും(റ) മക്കളായ ആഇശയേയും ഹഫ്സയേയും പ്രവാചകൻ (സ) വിവാഹം ചെയ്തത് ഇതേ സാമൂഹിക കാരണങ്ങളിലും സൗഹൃദ പ്രചോദനങ്ങളിലും പ്രേരിതമായി കൊണ്ടായിരുന്നു. അല്ലാതെ അവരുടെ പ്രായമോ സൗന്ദര്യമോ പരിഗണിച്ചു കൊണ്ടായിരുന്നില്ല. ആ കാലഘട്ടത്തിലെ സാമൂഹിക ശീലങ്ങൾ മനസ്സിലാക്കിക്കൊണ്ട് നബി ചരിത്രം പഠിച്ച നിഷ്പക്ഷരായ അമുസ്‌ലിം ചരിത്രകാരന്മാർ പോലും ഈ വസ്തുത വ്യക്തമാക്കിയിട്ടുണ്ട്.

സ്കോട്ടിഷ് ഒറിയന്റലിസ്റ്റും, ചരിത്ര പണ്ഡിതനും, എഡിംഗ്ബർഗ് സർവ്വകലാശാലയിലെ പ്രൊഫസറും, ആംഗ്ലിക്കൻ (കത്തോലിക്കൻ) പുരോഹിതനുമായ വില്യം മോണ്ട്ഗോമറി വാട്ട് (W. Montogomory Watt) പറഞ്ഞു:

“ഇവിടെ നാം ഓർക്കേണ്ട ഒരു വസ്തുത, തീർച്ചയായും ഏഴാം നൂറ്റാണ്ടിലെ അറേബ്യയിലെ പെൺകുട്ടികൾ വളരെ നേരത്തെ പ്രായപൂർത്തി എത്തിയിരുന്നു എന്നതാണ്… ഒരു ബഹുഭാര്യത്വ കുടുംബത്തിൽ ഒരു പെൺകുട്ടിക്ക് ഉണ്ടാകാവുന്നതിൽ വെച്ച് ഏറ്റവും സന്തുഷ്ടയായിരുന്നു ആഇശ എന്ന് നാം കാണുന്നു. അവളുടെ വിവാഹം വ്യക്തമായും അബുബക്കറിനെയും മുഹമ്മദിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള രാഷ്ട്രീയ കാരണത്താലായിരുന്നു, അബുബക്കർ മുഹമ്മദിന്റെ ചീഫ് ലെഫ്റ്റനന്റ് ആയിരുന്നതുപോലെ, ആഇശ അദ്ദേഹത്തിന്റെ ഭാര്യമാരിൽ മുഖ്യയായിരുന്നു…” (W. Montgomary Watt, Muhammad: Prophet and Statesman, p.102, ഉദ്ധരണം: ibnehashim.blogspot.com)

മത താരതമ്യ ഗവേണപുസ്തകങ്ങൾക്ക് പേരുകേട്ട ബ്രിട്ടീഷ് എഴുത്തുകാരിയും ഐറിഷ് കത്തോലിക്കാ ബൈബിൾ വ്യാഖ്യാതാവുമായിരുന്ന കാരെൻ ആംസ്ട്രോംഗ് എഴുതി:

“ഭൗമിക ആനന്ദങ്ങളുടെ ഒരു പൂന്തോട്ടത്തിൽ അത്യന്തം സുഖലോലുപനായി മുഹമ്മദ്‌ വെയിൽ കായുകയായിരുന്നു എന്ന് സങ്കൽപ്പിക്കുന്നത് തികച്ചും അനർത്ഥമാണ്… നാം രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം. ഒന്ന്, സൗദയെയും ആഇശയെയും അവരുടെ ലൈംഗിക ആകർഷണീയതയാലല്ല തിരഞ്ഞെടുക്കപ്പെട്ടത്. ആഇശ ഒരു കൊച്ചു പെൺകുട്ടി മാത്രമായിരുന്നു, മുപ്പതാം വയസ്സിൽ, സൗദ തന്റെ ആദ്യ യൗവനത്തെ മറികടന്ന് തടികൂടാൻ തുടങ്ങിയിരുന്നു. (രണ്ടു പേരിലും ലൈംഗീക ആകർഷണീയതയൊന്നുമുണ്ടായിരുന്നില്ല) രണ്ട്, രണ്ട് വിവാഹങ്ങൾക്കും ഒരു രാഷ്ട്രീയ മാനമുണ്ടായിരുന്നു: മുഹമ്മദ് പ്രധാനപ്പെട്ട പല ബന്ധങ്ങളും സൃഷ്ടിക്കുകയായിരുന്നു ആ വിവാഹങ്ങളിലൂടെ.” (Karen Armstrong, Muhammad: A Biography, p.145)

പ്രവാചകന്റെ പിതൃവ്യനായിരുന്നു അബ്ബാസ്. അദ്ദേഹത്തിന്റെ മകൾ ഉമ്മു ഹബീബ് ഏതോ ഒരു പെൺകുട്ടിയായിരുന്നില്ല… പ്രവാചകന്റെ ‘മുറപ്പെണ്ണി’ന്റെ സ്ഥാനമായിരുന്നു അവൾക്കുണ്ടായിരുന്നത്. “വഴിയിൽ ഓടി കളിക്കുന്ന ഏതോ പെൺകുട്ടിയെ പ്രവാചകൻ (സ) വിവാഹം ചെയ്യാൻ ആഗ്രഹിച്ചു” എന്ന രൂപേണ കഥയെ അവതരിപ്പിക്കുന്ന വിമർശകരുടെ ശൈലി ദുർവ്യാഖ്യാനമാണെന്നർത്ഥം.

“അബ്ബാസിന് നൽകുന്ന സ്ഥാനമോ ആദരവോ മറ്റൊരാൾക്കും പ്രവാചകൻ (സ) നൽകുന്നതായി ഞാൻ കണ്ടിട്ടില്ല..” എന്ന് ആഇശ (റ) പറയുകയുണ്ടായി. (അൽ ഫവാഇദ്: അബൂബക്കർ അൽബസ്സാസ്: 266 )

പ്രവാചകൻ (സ) അങ്ങേയറ്റം ആദരിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്ന പിതൃവ്യൻ അബ്ബാസിന്റെ മകളെ, അവൾ വലുതായാൽ -വിവാഹങ്ങളിലൂടെ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുക എന്ന അക്കാലഘട്ടത്തിലെ സാമൂഹിക സമ്പ്രദായമനുസരിച്ച് – വിവാഹം ചെയ്യണമെന്ന് പ്രവാചകൻ (സ) ആഗ്രഹിച്ചു. ഇതിൽ ആസക്തിയും പീഡോഫീലിയയുമൊക്കെ കുത്തി കയറ്റപ്പെടുന്നത് വിമർശകരിലൂടെ മാത്രണ്. വിമർശകരുടെ രോഗാതുര മനസ്സുകളിലെ ലൈംഗീക ഭാവനകളിൽ നിന്നാണ് ഇത്തരം അശ്ലീല വ്യാഖ്യാനങ്ങൾ ഉടലെടുക്കുന്നത്. വസ്തുനിഷ്ഠമായ ഒരു തെളിവിന്റേയും അടിസ്ഥാനത്തിലല്ല.

ഇനി ആദ്യത്തെ പോയന്റിലേക്ക് മടങ്ങി വരാം. ഒരു വ്യാജ നിവേദനത്തെ ലൈംഗിക വ്യാഖ്യാനങ്ങളുടെ മസാല തേച്ച് അവതരിപ്പിക്കപ്പെട്ടതാണ് ഈ കഥ എന്ന് പറഞ്ഞുവല്ലൊ. നിവേദനം വ്യാജമാണെന്നതിന് ഒരുപാട് തെളിവുകളുണ്ട്. അവയിൽ പ്രധാനപ്പെട്ടവ ഇവിടെ ഹ്രസ്വമായി സൂചിപ്പിക്കാം:

1. ഇമാം അഹ്‌മദാകട്ടെ മറ്റാരുമാകട്ടെ ഈ കഥ ഉദ്ധരിക്കുന്നത് ‘ഇബ്നു ഇസ്ഹാക്കി’ൽ നിന്നാണ്. കഥയുടെ നിവേദനങ്ങളുടെയെല്ലാം മൂല സ്രോതസ്സ് ഇബ്നു ഇസ്ഹാക്കിന്റെ നബിചരിത്ര കൃതിയായ (സീറ) ‘സീറത്തുന്നബവിയ്യ’യിൽ ഉദ്ധരിച്ച ഒരു വ്യാജ നിവേദനമാണ്.

ഇബ്നു ഇസ്ഹാകിൽ നിന്ന് ഈ നിവേദനം ഉദ്ധരിച്ച ഇമാം അഹ്‌മദ് തന്നെ ഇബ്നു ഇസ്ഹാകിനെ സംബന്ധിച്ച് അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ്: “ഹദീസിന്റെ വിഷയത്തിൽ അദ്ദേഹം പ്രമാണമല്ല. വിശ്വസ്ഥരല്ലാത്ത പലരിൽ നിന്നും ഇബ്നു ഇസ്ഹാക് നിവേദനങ്ങൾ ഉദ്ധരിച്ചിരുന്നു…” (സിയറു അഅ്ലാമിന്നുബലാഅ്: 7:46)

ഇബ്നു ഇസ്ഹാക് ഒരു ‘സീറ’ക്കാരനാണ്; ഹദീസ് പണ്ഡിതനല്ല. ആണെന്ന് അദ്ദേഹം സ്വയം വാദിച്ചിട്ടുമില്ല. അദ്ദേഹത്തിന്റേയും മറ്റു ചരിത്രകാരന്മാരുടേയും ചരിത്ര ഗ്രന്ഥങ്ങളിൽ ഏത് സംഭവം ഉദ്ധരിക്കുമ്പോഴും അതിനോടൊപ്പം സനദും (നിവേദക പരമ്പര) ഉദ്ധരിച്ചിരിക്കും. ഇബ്നു ഇസ്ഹാകിന്റെ സീറ ആരംഭിക്കുന്നതു തന്നെ ഇപ്രകാരം പറഞ്ഞു കൊണ്ടാണ്: ﻛﻞ ﺷﻲء ﻣﻦ ﺣﺪﻳﺚ اﺑﻦ ﺇﺳﺤﻖ ﻣﺴﻨﺪ “ഇബ്നു ഇസ്ഹാക്കിന്റെ എല്ലാ നിവേദനങ്ങളും സനദ് (നിവേദക പരമ്പര) ഉള്ളതാണ്.”

ഈ സനദുകൾ (നിവേദക പരമ്പരകൾ) എന്തിനാണ് ഇബ്നു ഇസ്ഹാക്കടക്കമുള്ള ചരിത്രകാരന്മാർ ഓരോ നിവേദനത്തിനൊപ്പവും എഴു വെച്ചിരിക്കുന്നത് എന്ന് വിമർശകർ ചിന്തിച്ചിട്ടുണ്ടോ ? മൈലാഞ്ചി എഴുത്തു പോലെയോ കാലിഗ്രഫി പോലെയോ ചന്തം കൂട്ടാനല്ല ഇത്. എഴുതപ്പെട്ട സംഭവം സത്യമാണോ നുണയാണോ, സ്ഥാപിതമാണോ അതോ കേവല ആരോപണമാണോ എന്ന് വായനക്കാർക്ക് പരിശോധിക്കാനാണ് ഈ സനദുകൾ. “ഈ സനദുകളിലെ നിവേദകർ വിശ്വസ്ഥരല്ലെങ്കിൽ അവർ പറഞ്ഞ കഥയും വിശ്വസ്ഥമല്ലെന്നും അവ സ്വീകരിക്കരുതെന്നും” ചരിത്രകാരന്മാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. (മുഖദ്ദിമി: താരീഖുത്വബ്‌രി: 5)

വിശ്വാസ്യതയിൽ ദുർബലരോ, വ്യാജന്മാരോ ആയിട്ടുള്ള നിവേദകർ ഉദ്ധരിച്ച നിവേദനങ്ങൾ വല്ലതും ഇത്തരം ഗ്രന്ഥങ്ങളിൽ ചേർക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവ സ്ഥാപിത വസ്തുതകളല്ലെന്നും കേവല കള്ള കഥകളാണെന്നും അവ തള്ളിക്കളയണമെന്നും ഈ ചരിത്ര ഗ്രന്ഥകാരന്മാർ തന്നെ വായനക്കാരോട് അഭ്യർത്ഥിക്കുന്നുണ്ട് എന്നർത്ഥം.

ഒരു വിഷയത്തെയൊ ഒരു കാലഘട്ടത്തെയൊ ചർച്ച ചെയ്യുമ്പോൾ അവയുമായി ബന്ധപ്പെട്ട്, തങ്ങൾക്കു ലഭിച്ച സർവ്വ നിവേദനങ്ങളും ചരിത്രകാരന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആ നിവേദനങ്ങളിൽ ഏതൊക്കെയാണ് സത്യസന്ധം ഏതൊക്കെയാണ് വ്യാജം എന്നത് വേർത്തിരിച്ച് മനസ്സിലാക്കൽ ആ ഗ്രന്ഥങ്ങൾ പഠനവിധേയമാക്കുന്നവരുടെ ബാധ്യതയായാണ് ആ ഗ്രന്ഥങ്ങളുടെ രചയിതാക്കൾ മനസ്സിലാക്കിയത്.

2. ഇനി, ചർച്ച ചെയ്യപ്പെടുന്ന നിവേദനത്തിന്റെ ഉള്ളടക്കവും (മത്‌ന്) അതിന്റെ നിവേദക പരമ്പരയും (സനദ്) കാണുക:

സനദ്: ﻧﺎ ﺃﺣﻤﺪ: ﻧﺎ ﻳﻮﻧﺲ ﻋﻦ اﺑﻦ ﺇﺳﺤﻖ ﻗﺎﻝ: ﺣﺪﺛﻨﻲ اﻟﺤﺴﻴﻦ ﺑﻦ ﻋﺒﺪ اﻟﻠﻪ ﺑﻦ ﻋﺒﻴﺪ اﻟﻠﻪ ﺑﻦ ﻋﺒﺎﺱ ﻋﻦ ﻋﻜﺮﻣﺔ ﻋﻦ اﺑﻦ ﻋﺒﺎﺱ ﻗﺎﻝ:

ഇബ്നു ഇസ്ഹാക് പറഞ്ഞു: എന്നോട് ഹസനിബ്നു അബ്ദുല്ലാഹിബ്നു ഉബൈദുല്ലാഹിബ്നു അബ്ബാസ് പറഞ്ഞു: അദ്ദേഹം ഇക്‌രിമയിൽ നിന്ന് ഉദ്ധരിക്കുന്നു: അദ്ദേഹം അബ്ബാസിൽ നിന്ന് ഉദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു:…

മത്‌ന്: ﻧﻈﺮ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺇﻟﻰ ﺃﻡ ﺣﺒﻴﺐ اﺑﻨﺔ ﻋﺒﺎﺱ ﻭﻫﻲ ﺑﺪﺭ ﺑﻴﻦ ﻳﺪﻳﻪ ﻓﻘﺎﻝ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: ﻟﺌﻦ ﺑﻠﻐﺖ ﻫﺬﻩ ﻭﺃﻧﺎ ﺣﻲ ﻷﺗﺰﻭﺟﻨﻬﺎ…

അബ്ബാസിന്റെ മകൾ ഉമ്മു ഹബീബ് ചെറുതായിരിക്കെ അവളെ നോക്കി അല്ലാഹുവിന്റെ ദൂതൻ (സ) പറഞ്ഞു: ഇവൾക്ക് പ്രായപൂർത്തിയാവുമ്പോൾ ഞാൻ ജീവിച്ചിരിക്കുന്നുവെങ്കിൽ ഞാൻ ഇവളെ വിവാഹം ചെയ്യും… (സീറത്തു ഇബ്നു ഇസ്ഹാക്: 1: 268)

ഇബ്നു ഇസ്ഹാകിനോട് ഈ കഥ ഉദ്ധരിക്കുന്നത്, ഹസനിബ്നു അബ്ദുല്ലാഹിബ്നു ഉബൈദുല്ലാഹിബ്നു അബ്ബാസ് എന്ന റാവിയാണ് (നിവേദകൻ) എന്ന് സനദിൽ നിന്നും വ്യക്തം. ഈ റാവിയുടെ സത്യസന്തതയെയും വിശ്വാസ്യതയേയും സംബന്ധിച്ച് ഹദീസ് നിദാന ശാസ്ത്ര പണ്ഡിതന്മാരും ചരിത്രകാരന്മാരും വിശദീകരിക്കുന്നത് ഇപ്രകാരമാണ്:

ഇമാം നസാഈ പറഞ്ഞു: ഹസനിബ്നു അബ്ദുല്ലാഹിബ്നു ഉബൈദുല്ലാഹിബ്നു അബ്ബാസ് നുണയനാണെന്ന് ആരോപിതനാണ്. (അൽ കാമിൽ ഫി ദുഅഫാഉർ രിജാൽ: ഇബ്നു അദിയ്യ: 3:214)

ഇമാം ബുഖാരി പറയുന്നു: ഹസനിബ്നു അബ്ദുല്ലാഹിബ്നു ഉബൈദുല്ലാഹിബ്നു അബ്ബാസ് വ്യാജനാണ്. (അദ്ദുഅഫാഉ വൽമത്റൂകൂൻ: 145)

ഹസനിബ്നു അബ്ദുല്ലാഹിബ്നു ഉബൈദുല്ലാഹിബ്നു അബ്ബാസ് വ്യാജനാണ് എന്ന് ഇബ്നു ഹജറും (തഹ്ദീബുൽ കമാൽ: 6:385, ഉകൈലിയും (അദ്ദുഅഫാ: 111) സ്വാലിഹ് ഇബ്നു അലി നൗഫലിയും വ്യക്തമാക്കുന്നുണ്ട്.

ഹാകിം പറഞ്ഞു: അയാൾ ശക്തനല്ല.

അബൂ ബിശ്ർ അദ്ദൗലാബി പറഞ്ഞു: അയാളുടെ ഹദീസുകൾ വളരെയധികം മുൻകർ (വാസ്തവ വിരുദ്ധം) ആകുന്നു.

* ബൈഹകി, അബൂഹാതിം അർറാസ്സി, ദഹബി, ഇബ്നു ഹജർ, ഇബ്നുൽ മദീനി എന്നിവർ പറഞ്ഞു: അയാൾ ദുർബലനാണ്.

* ഇബ്നുഹിബ്ബാൻ പറഞ്ഞു: അയാൾ സനദുകൾ കോട്ടിമാട്ടുമായിരുന്നു.

* അഹ്‌മദ് പറഞ്ഞു: വിശ്വസ്ഥർക്കെതിരായ നിവേദനങ്ങൾ ഉദ്ധരിക്കുന്ന വ്യക്തിയാണയാൾ.

* ജൊസ്ജാനി പറഞ്ഞു: അയാളുടെ നിവേദനങ്ങൾ വായിച്ച് സമയം കളയരുത്. (https://hadith.islam-db.com/narrators/1334/)

അപ്പോൾ, ഒരു ചരിത്രകാരൻ, ആയിരക്കണക്കിന് നിവേദനങ്ങളുള്ള തന്റെ ഒരു ഗ്രന്ഥത്തിൽ, ഏതോ ഒരു മൂലയിൽ ഒരു നാലു വരി നീളത്തിൽ എഴുതി ചേർത്ത, ‘നുണയനെന്ന് ആരോപിക്കപ്പെട്ട ഒരു റാവി’യിൽ നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു ‘വ്യാജ നിവേദന’ത്തിൽ, പ്രവാചകൻ (സ) തന്റെ ‘മുറപ്പെണ്ണായ’ ഉമ്മു ഹബീബ് ചെറുതായിരിക്കുമ്പോൾ, ‘വലുതായാൽ’ ഞാൻ ഇവളെ വിവാഹം ചെയ്യുമെന്ന് പറഞ്ഞതിനെ മസാല തേച്ച് കുട്ടികളോടുള്ള ആസക്തിയാക്കി ദുർവ്യാഖ്യാനിക്കുകയാണ് വിവർശകർ ചെയ്തിരിക്കുന്നത് !! ആരോപണത്തിന് വസ്തുതകളുമായി അകന്ന ബന്ധം പോലുമില്ല.

വിമര്‍ശനം:

നബിയുടെ മാതൃസഹോദരി ഖൗല ബിന്‍ത് ഹകീം എന്ന സ്ത്രീ സ്വന്തം ശരീരം നബിക്കു ദാനം നല്‍കുകയുണ്ടായി എന്നും അതിനെതിരെ സ്വപത്‌നി ആഇശ പോലും നബിയോട് ‘ഒരു സ്വതന്ത്ര സ്ത്രീ സ്വദേഹം ദാനം ചെയ്യുകയോ’ എന്ന് പ്രതികരിച്ചുവെന്നും ഹദീഥ് ഗ്രന്ഥങ്ങളില്‍ കാണാം. എന്നാല്‍ നബി ഒരിക്കലും അതിനെ മോശമായി കണ്ടിരുന്നില്ല എന്നും ഹദീഥ് ഗ്രന്ഥങ്ങള്‍ തന്നെ മനസ്സിലാക്കി തരുന്നുണ്ട്. സ്ത്രീകളെ കൊണ്ട് സ്വശരീരങ്ങള്‍ തനിക്കായി ദാനം ചെയ്യാന്‍ പ്രേരിപ്പിക്കുകയും സ്വന്തം മാതൃസഹോദരിയെ പോലും അതില്‍ നിന്നും ഒഴിവാക്കാതിരിക്കുകയും ചെയ്ത പ്രവാചക നടപടിയെ അല്‍പമെങ്കിലും ധാര്‍മികബോധമുള്ളവര്‍ക്ക് അംഗീകരിക്കാനാകുമോ?

മാത്രമല്ല, ഉമ്മു ഹറാം, ഉമ്മു സുലൈം എന്നീ സ്ത്രീകളെ നബി സ്വകാര്യ സന്ദര്‍ശനം നടത്താറുണ്ടായിരുന്നെന്നും അവരുടെ മടിയില്‍ പലപ്പോഴും തലവെച്ചു കിടക്കാറുണ്ടായിരുന്നു എന്നും ഹദീഥ് ഗ്രന്ഥങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. അവിഹിത ബന്ധങ്ങള്‍ക്ക് പ്രവാചക ജീവിതത്തിലിടമുണ്ടായിരുന്നു എന്നു വ്യക്തമാക്കുന്ന സംഭവങ്ങളാണിതെല്ലാം. ഇത്തരത്തിലുള്ള ഒരു വ്യക്തിയെ എങ്ങനെയാണ് മാര്‍ഗദര്‍ശകനായി സ്വീകരിക്കാനാവുക.!?

മറുപടി:

അറബിയില്‍ ഒരു പഴമൊഴിയുണ്ട് ‘നാട്ടിയത് വളഞ്ഞാല്‍ നിഴല്‍ നേരെയാവുമോ?’. അക്ഷരാര്‍ഥത്തില്‍ ഈ അറേബ്യന്‍ പഴമൊഴിയെ ഓര്‍മപ്പെടുത്തുകയാണീ വിമര്‍ശനങ്ങള്‍. വളഞ്ഞ വസ്തു നാട്ടിയിട്ട് അതിന്റെ നിഴലിനെ നേരെയാക്കാന്‍ നോക്കിയിട്ട് കാര്യമുണ്ടോ!?. നിഴല്‍ നേരെയാകണമെങ്കില്‍ ആദ്യം വസ്തു നേരെയാക്കണം. തലമുടി മുതല്‍ കാല്‍നഖം വരെ ലൈംഗികവൈകൃതം പേറുന്നവരില്‍ ഇസ്‌ലാംവിരോധം ഇണചേര്‍ന്നാല്‍ ഇതല്ല ഇതിനപ്പുറവും നബിജീവിതത്തില്‍ നിന്നും ‘ഉല്‍ഘനനം’ ചെയ്‌തെടുത്തുകളയുമവര്‍. ചികിത്സിക്കേണ്ടത്, ലൈംഗിക വൈകൃതാനുരക്ത ഇസ്‌ലാമോഫോബിക്കുകളുടെ (Sexually Deviant Islamophobes) ഹൃദയങ്ങളില്‍ കട്ടപിടിച്ചു കിടക്കുന്ന ഇസ്‌ലാംവെറുപ്പും ലൈംഗിക വൈകൃതാസക്തിയുമാണ്. അപ്പോള്‍ മാത്രമേ അവരുടെ ഹൃദയങ്ങളില്‍ നിന്നും പ്രതിഫലിപ്പിക്കപ്പെടുന്ന വിമര്‍ശനങ്ങള്‍ക്ക് സത്യസന്ധതയും മാന്യതയുമുണ്ടാവുകയുള്ളൂ. ആരായിരുന്നു പ്രവാചകരെന്നും എന്തായിരുന്നു അവിടുത്തെ ജീവിതവും സന്ദേശവുമെന്നും നേര്‍ക്കുനേരെ ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്നും നിഷ്പക്ഷമായി പഠിക്കാന്‍ തയ്യാറാകാതെ, വെറുപ്പു കച്ചവടത്തിന്റെ വിപണന സാധ്യതകള്‍ മാത്രം തേടി നബിചരിത്രം പരിശോധിക്കുന്നവരില്‍ നിന്നും ഒരിക്കലും സത്യസന്ധമായ ചരിത്ര വായന കേള്‍ക്കാന്‍ സാദ്ധ്യമല്ലെന്ന് ബധിരത ബാധിക്കാത്തവര്‍ക്കെല്ലാം അറിയാവുന്ന വസ്തുതയാണ്.

ഇസ്‌ലാംപൂര്‍വ കാലഘട്ടത്തില്‍ നിലനിന്നിരുന്ന സകല വിധ ലൈംഗിക അധാര്‍മികതകള്‍ക്കും നീചവൃത്തികള്‍ക്കുമെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കുകയും വിശുദ്ധമായ ലൈംഗിക ജീവിതത്തിലേക്ക് തന്റെ ജനതയെ വഴിനടത്തുകയും ചെയ്തത് പ്രവാചകരായിരുന്നു എന്ന് അദ്ധേഹത്തിന്റെ സമകാലികരില്‍ – ശത്രു മിത്ര വ്യത്യാസമില്ലാതെ- ഒരാള്‍ പോലും അംഗീകരിക്കാതിരുന്നിട്ടില്ല എന്ന ചരിത്ര വസ്തുതയെങ്കിലും മുന്നില്‍ വെച്ചുകൊണ്ടായിരുന്നു വിമര്‍ശകന്മാര്‍ നബിചരിത്രം വായിക്കേണ്ടിയിരുന്നത്. ബദ്ധശത്രുക്കള്‍ പോലും പ്രവാചകനെതിരെ വ്യഭിചാരാരോപണമോ ലൈംഗികവൈകൃതമോ ഉന്നയിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് നബിവിമര്‍ശകന്മാര്‍ ഏറെ ചിന്തിക്കേണ്ട വസ്തുതയാണ്. ഇന്ന് നബിവൈരികള്‍ ദുര്‍വ്യാഖ്യാനിച്ച് ദുഷിപ്പിച്ചവതരിപ്പിക്കുന്ന ചരിത്ര സന്ദര്‍ഭങ്ങളും ഹദീഥ് നിവേദനങ്ങളും അവര്‍ പ്രചരിപ്പിക്കുന്ന വിധമായിരുന്നുവെങ്കില്‍ എത്രമാത്രം ഒച്ചപ്പാടുകളും ബഹളകോലാഹലങ്ങളും പ്രവാചക കാലഘട്ടത്തില്‍ തന്നെ അതുമൂലം സൃഷ്ടിക്കപ്പെടുമായിരുന്നു. പക്ഷെ ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങളിലൊരിടത്തും അത്തരത്തിലുള്ള ഒച്ചപ്പാടുകളെ പറ്റിയോ ബഹളകോലാഹലങ്ങളെ പറ്റിയോ ഉള്ള യാതൊരു സൂചനയും കാണുകയില്ല. നബിയെ പറ്റിയുള്ള വിവരങ്ങള്‍ അന്വേഷിച്ച ഹിര്‍ക്കിലിനെ പേലെയുള്ള ആ കാലഘട്ടത്തിലെ ചക്രവര്‍ത്തിമാരോടും രാജാക്കന്മാരോടും പരമാവധി പ്രവാചകനെ പ്രതികൂലിച്ചു വിവരങ്ങള്‍ പങ്കുവെക്കാന്‍ ശ്രമിച്ച ശത്രുക്കളിലൊരാള്‍ പോലും നബിക്കെതിരെ വ്യഭിചാരാരോപണമോ ലൈംഗികവൈകൃതമോ ഉന്നയിച്ചിട്ടില്ല എന്നതും വളരെ ശ്രദ്ധേയമായ വസ്തുതയാണ്.

മാത്രമല്ല, പ്രവാചകനെതിരെ ഈ ലൈംഗിക വൈകൃതാനുരക്ത ഇസ്‌ലാമോഫോബിക്കുകള്‍ (Sexually Deviant Islamophobes) ആരോപിക്കുന്ന വ്യഭിചാരാരോപണങ്ങളും ലൈംഗികവൈകൃതങ്ങളും ഇസ്‌ലാമില്‍ ഹദ്ദ് (ശിക്ഷ) നല്‍കപ്പെടുന്ന കുറ്റകൃത്യങ്ങളാണ്. ഇവര്‍ ആരോപിക്കും വിധം നബി(സ്വ) തന്നെ അത്തരം കുറ്റങ്ങള്‍ ചെയ്‌തെന്നിരിക്കെ എന്തു ന്യായം പറഞ്ഞാണ് ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ പൗരന്മാര്‍ക്കുമേല്‍ പ്രസ്തുത തെറ്റുകള്‍ക്ക് ശിക്ഷ നടപ്പാക്കുക; കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ എങ്ങനെയാണ് പ്രസ്തുത തെറ്റുകള്‍ക്ക് വിധിക്കപ്പെടേണ്ട ശിക്ഷകളെ പറ്റി ചര്‍ച്ച ചെയ്യുക. എന്തിനധികം പറയണം നബി (സ്വ) തന്നെ അത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഭരണാധികാരി എന്ന നിലയില്‍ ഹദ്ദ് (ശിക്ഷ) നല്‍കിയിട്ടുണ്ട്. വിമര്‍ശകര്‍ ആരോപിക്കും വിധമാണ് കാര്യങ്ങളെങ്കില്‍, നബി തന്നെ ചെയ്തിട്ടുള്ള അത്തരം കുറ്റങ്ങളുടെ പേരില്‍ മറ്റുള്ളവരെ ശിക്ഷിക്കാന്‍ എന്തു ന്യായമായിരിക്കും അദ്ധേഹത്തിനു പറയാനുണ്ടാവുക. വ്യഭിചാരത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളികളില്‍ ഒരാള്‍ പേലും പ്രവാചക ജീവിതത്തെ ചൂണ്ടി കാണിച്ച് തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കാന്‍ ശ്രമിച്ചിട്ടില്ല. ചൂണ്ടിക്കാണിക്കുവാന്‍ അത്തരം ന്യായങ്ങളുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അവരതു ചെയ്യുമായിരുന്നു. അത്തരം ചെയ്തികളുടെ പേരില്‍ ശിക്ഷക്കപ്പെട്ടവരില്‍ മുസ്‌ലിംകളും ജൂതന്മാരുമടക്കം നാനാവിധത്തിലുള്ളവരുണ്ടായിരുന്നിട്ടും ഒരാള്‍ പോലും അതു പറഞ്ഞില്ലെങ്കില്‍ അതിനര്‍ഥമെന്താണ്?. നബിവൈരികള്‍ ആരോപിക്കും വിധം ഒരു പുഴുക്കുത്തും നബിജീവിതത്തില്‍ നിന്നും കണ്ടെടുക്കാനാവില്ല എന്നുതന്നെ. ഒരു ചരിത്ര സംഭവത്തിലേക്കു ദൃഷ്ടി തിരിക്കാം നമുക്ക്:

”അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) നിവേദനം: വ്യഭിചാരത്തിലുള്‍പ്പെട്ട ഒരു യഹൂദനേയും യഹൂദ സ്ത്രീയേയും നബി(സ്വ)യുടെ മുന്നില്‍ ഹാജരാക്കി. നബി (സ്വ) യഹൂദന്മാരുടെ അടുക്കല്‍ ചെന്നു ചോദിച്ചു: ‘വ്യഭിചാരത്തിന്റെ ശിക്ഷ തൗറാത്തില്‍ എങ്ങനെയാണ് കാണുന്നത്?’ അവര്‍ പറഞ്ഞു: ‘അവര്‍ രണ്ടുപേരുടേയും മുഖം കറുപ്പിക്കും. കഴുതപ്പുറത്ത് കയറ്റി പുറം തിരിച്ചിരുത്തും. അവരെ പ്രദക്ഷിണം ചെയ്യിക്കും.’ നബി(സ്വ) പറഞ്ഞു: ‘നിങ്ങള്‍ തൗറാത്ത് കൊണ്ടു വരിക; നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍.’ അവര്‍ തൗറാത്തുമായി വന്നു വായിക്കാന്‍ തുടങ്ങി. അങ്ങനെ എറിഞ്ഞു കൊല്ലുന്ന ശിക്ഷാവിധി അടങ്ങിയ ഭാഗത്തെത്തിയപ്പോള്‍ അത് വായിച്ചിരുന്ന ചെറുപ്പക്കാരന്‍ ആ വിധികളടങ്ങിയ സൂക്തങ്ങളുടെ മേല്‍ കൈവച്ചു. അതിന്റെ അപ്പുറവും ഇപ്പുറവും വായിച്ചു. നബി(സ്വ)യുടെ കൂടെയുണ്ടായിരുന്ന അബ്ദുല്ലാഹി ബ്‌നു സലാം (റ) പറഞ്ഞു: ‘അയാളോട് കൈ മാറ്റാന്‍ ആവശ്യപ്പെടുക.’ അയാള്‍ കൈ ഉയര്‍ത്തി. അതില്‍ എറിഞ്ഞുകൊല്ലണമെന്ന വിധി അടങ്ങിയ സൂക്തമുണ്ടായിരുന്നു. നബി (സ്വ) അവര്‍ രണ്ടുപേരേയും എറിഞ്ഞുകൊല്ലാന്‍ കല്‍പ്പിക്കുകയും അങ്ങനെ എറിഞ്ഞു കൊല്ലുകയും ചെയ്തു,” (സ്വഹീഹ് മുസ്‌ലിം: 1699) ഈ ചരിത്ര സംഭവം എന്താണ് നമുക്ക് വിവരിച്ചുതരുന്നത്. വ്യഭിചാരത്തിലേര്‍പ്പെട്ട യഹൂദന്‍ ഉന്നത സ്ഥാനത്തിനുടമയായതുകൊണ്ട് അയാളെ രക്ഷപ്പെടുത്താന്‍ സ്വന്തം വേദഗ്രന്ഥത്തിലുള്ള വിധിപോലും മറച്ചു പിടിച്ച് പ്രവാചകനെ തെറ്റിദ്ധരിപ്പിക്കാന്‍ പരിശ്രമിക്കുകയാണ് യഹൂദന്മാര്‍. പക്ഷെ തൗറാത്ത് നന്നായി അറിയുന്ന, യഹൂദ പണ്ഡിതനായിരുന്ന അബ്ദുല്ലാഹി ബ്‌നു സലാം (റ) അത് കൈയ്യോടെ പിടികൂടുകയും അങ്ങനെ കുറ്റക്കാരനായ യഹൂദനെ രക്ഷിക്കാന്‍ മറ്റു വഴികളില്ലാതെ യഹൂദന്മാര്‍ക്ക് തൗറാത്തിലെ വിധി നടപ്പാക്കേണ്ടി വരികയും ചെയ്യുന്നു. നബിവൈരികള്‍ ആരോപിക്കും വിധം പ്രവാചക ജീവിതം തന്നെ അവിഹിത ബന്ധങ്ങള്‍ നിറഞ്ഞതോ ലൈംഗിക വൈകൃതങ്ങള്‍ പേറിയതോ ആയിരുന്നെങ്കില്‍ യഹൂദന്മാര്‍ നബിയുടെ നിയമനടപടിക്കെതിരെ ആദ്യമായി ഉന്നയിക്കുന്ന തുരുപ്പുചീട്ട് അതാകുമായിരുന്നു. താങ്കള്‍ തന്നെ ചെയ്തുകൊണ്ടിരിക്കുന്ന തെറ്റ് ഞങ്ങളുടെ കൂട്ടത്തില്‍ ഒരാള്‍ ചെയ്‌തെന്നിരിക്കെ അതിനെതിരെ ശിക്ഷാ നടപടി സ്വീകരിക്കാന്‍ താങ്കള്‍ക്കെന്തധികാരം എന്നവര്‍ ചോദിക്കുമായിരുന്നു. പക്ഷെ ഒരു യഹൂദനും അതിനു സാധിച്ചില്ല. നിശബ്ദരായി തൗറാത്തിലെ വിധി നടപ്പാക്കേണ്ടി വന്നു അവര്‍ക്ക്. എന്തുകൊണ്ട്!? ഉത്തരം വളരെ ലളിതമാണ്. നബിവിരോധികള്‍ കച്ചകെട്ടിയുണ്ടാക്കിയ ഈ കളവുകള്‍ അവര്‍ക്കറിയില്ലായിരുന്നു. സ്വന്തം വേദഗ്രന്ഥത്തില്‍ വരെ കളവു കാണിക്കുന്ന യഹൂദനെ പോലും തോല്‍പ്പിക്കുന്ന ഈ പുതിയ കാല മഹാ കള്ളന്മാരെ അന്ന് ആ യഹൂദന്മാര്‍ പരിചയപ്പെട്ടിട്ടില്ലായിരുന്നു.

മാത്രമല്ല, ലൈംഗിക വിശുദ്ധിയുമായി ബന്ധപ്പെട്ട നബിയുടെ ഉപദേശങ്ങള്‍ അതീവ കാര്‍ക്കശ്യ സ്വഭാവമുള്ളവയാണെന്ന് അതില്‍ നിന്നും അല്‍പമെങ്കിലും കേട്ടിട്ടുള്ളവര്‍ക്കെല്ലാം അറിയാവുന്ന വസ്തുതയാണ്. ഒരു സ്ത്രീയും പുരുഷനും ഒറ്റക്കായാല്‍ മൂന്നാമന്‍ പിശാചാണ്, അന്യ സ്ത്രീയുടെ നേര്‍ക്കുള്ള രണ്ടാമത്തെ നേട്ടം പുരുഷനു നിഷിദ്ധമാണ്, അന്യസ്ത്രീയെ സ്പര്‍ശിക്കുന്നതിനേക്കാള്‍ പുരുഷനു നല്ലത് തലയില്‍ ഇരുമ്പാണി തറക്കുന്നതാണ്, മനുഷ്യരെ ഏറ്റവുമധികം നരകാര്‍ഹരാക്കുന്നത് നാവിന്റെയും ലൈംഗികാവയവങ്ങളുടെയും വിശുദ്ധിയില്ലായ്മയാണ്, ആര്‍ ലൈംഗികാവയവങ്ങളെ കാത്തു സൂക്ഷിക്കുന്നുവേ അവനു ഞാന്‍ സ്വര്‍ഗം ജാമ്യം നില്‍ക്കുന്നു, ലൈംഗിക വിശുദ്ധി കാത്തു സൂക്ഷിക്കുവാനായി വിവാഹം ചെയ്യാന്‍ കഴിവില്ലാത്തവന്‍ വ്രതമനുഷ്ഠിക്കട്ടെ, വ്രതം ലൈംഗിക വിശുദ്ധിയുടെ പരിചയാണ്, അന്യസ്ത്രീയാല്‍ ആകര്‍ഷിക്കപ്പെട്ടവന്‍ സ്വന്തം ഭാര്യയുടെ അരികില്‍ പേകട്ടെ കാരണം അവള്‍ക്കുള്ളതു തന്നെയാണ് ഇവള്‍ക്കുള്ളതും, വൃദ്ധനായ വ്യഭിചാരിയോട് ദൈവം മുഖം തിരിക്കും, അത്തരക്കാര്‍ക്ക് ദൈവത്തിന്റെ കാരുണ്യ കടാക്ഷം ലഭിക്കില്ല, അയല്‍ വാസിയുടെ ഭാര്യയെ വ്യഭിചരിക്കല്‍ വന്‍ പാപമാകുന്നു, ദമ്പധിമാര്‍ കിടപ്പറ രഹസ്യങ്ങള്‍ പരസ്യപ്പെടുത്തുന്നത് പാപമാണ്, കുടുംബത്തെ മ്ലേഛ വൃത്തിക്കു കൂട്ടികൊടുക്കുന്നവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല, പരപുരുഷന്മാരെ വശീകരിക്കാനായി സുഖന്ധമുപയോഗിക്കുന്ന സ്ത്രീകള്‍ നരകത്തിലാണ്; അവളെ നോക്കുന്ന കണ്ണുകളും നരകത്തിലാണ്, സ്വവര്‍ഗ സംഭോഗിയെ അല്ലാഹു ശപിച്ചിരിക്കുന്നു, മൃഗരതിയിലേര്‍പ്പെടുന്നവനെയും മൃഗത്തെയും വധിക്കണം, വിവാഹിതനായ വ്യഭിചാരിയെ ചാട്ടവാറുകൊണ്ട് നൂറടിയടിക്കണം; എറിഞ്ഞുകൊല്ലണം, അവിവാഹിതനായ വ്യഭിചാരിയെ ചാട്ടവാറുകൊണ്ട് നൂറടിയടിക്കണം; നാടുകടത്തണം തുടങ്ങി പാരാവാരം കണക്കെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു ലൈംഗിക വിശുദ്ധിയുടെ നബിപാഠങ്ങള്‍. വിമര്‍ശകര്‍ ആരോപിക്കും വിധം അവിഹിത ബന്ധങ്ങളും ലൈംഗികവൈകൃതങ്ങളും നിറഞ്ഞതായിരുന്നു നബിജീവിതമെങ്കില്‍ പിന്നെ എങ്ങനെയാണ് പ്രവാചകന്‍ തന്റെ ജനതക്ക് ഇത്രമാത്രം ലൈംഗിക വിശുദ്ധിയുടെ ജീവിത പാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്. പ്രവാചകനില്‍ നിന്നും വിശുദ്ധിയുടെ ജീവിത പാഠങ്ങള്‍ കേട്ട് സ്വജീവിതത്തെ അതിനനുസൃതമായി ചിട്ടപ്പെടുത്താന്‍ അങ്ങേയറ്റത്തെ ത്യാഗ പരിശ്രമങ്ങള്‍ നടത്തിയ ഒരു ജനത, തങ്ങള്‍ക്കു നല്‍കിയ ഉപദേശങ്ങള്‍ക്കു കടക വിരുദ്ധമായി ജീവിക്കുന്ന ഉപദേശകനെ ജീവനേക്കാള്‍ അധികമായി സ്‌നേഹിച്ചുവെന്ന് കരുതാന്‍ ബുദ്ധിഭ്രമം പിടിപെടുക തന്നെ വേണം. സ്വന്തം ജീവനും ജീവിതവും സമ്പാദ്യവും സന്തോഷവുമെല്ലാം ആ ഉപദേശകന്റെ കാല്‍കീഴില്‍ കൊണ്ടു സമര്‍പ്പിക്കുവാന്‍ ആ ജനത തയ്യാറായത്, കേട്ട ഉപദേശങ്ങളെക്കാള്‍ മഹത്തരമായ ജീവിതത്തെ നേരില്‍ കണ്ടതുകൊണ്ടാണെന്ന് തിരിച്ചറിയാന്‍ സത്യസന്ധതക്ക് ജീവിതത്തില്‍ ചെറിയ ഒരിടം കൊടുത്താല്‍ മാത്രം മതി.

ഇമാം അഹ്‌മദ്‌ മുസ്‌നദിലും (5/256) ത്വബ്‌റാനി മുഅ്ജമുല്‍ കബീറിലും (8/162, 183) ബൈഹക്വി ശുഅ്ബുല്‍ ഈമാനിലും (4/362(5415)) ഉദ്ദരിച്ച ഒരു ഹദീഥ് കാണുക: ”അബൂ ഉമാമഃ(റ)യില്‍ നിന്നും നിവേദനം: ഒരു യുവാവ് നബി(സ്വ)യുടെ അടുക്കലേക്ക് വന്നു. എന്നിട്ടവന്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരെ എനിക്കു വ്യഭിചരിക്കാന്‍ അനുവാദം നല്‍കിയാലും. അപ്പോള്‍ ജനങ്ങള്‍ അയാളുടെ അടുത്തു ചെന്ന് അയാളെ തടഞ്ഞുകൊണ്ട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: അദ്ധേഹത്തെ എന്റടുത്തേക്ക് വിടൂ. അപ്പോള്‍ ആ യുവാവ് നബി(സ്വ)യുടെ അരികിലേക്ക് വന്നിരുന്നു. എന്നിട്ട് നബി(സ്വ) അയാളോട് ചോദിച്ചു:

‘നിന്റെ മാതാവിനു നീ അത് (വ്യഭിചാരം) ഇഷ്ടപ്പെടുന്നുണ്ടോ? അയാള്‍ പറഞ്ഞു: ഇല്ല. അല്ലാഹുവാണേ, അല്ലാഹു എന്നെ താങ്കള്‍ പ്രായശ്ചിത്തമാക്കട്ടെ. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ജനങ്ങളും അവരുടെ മാതാക്കള്‍ക്ക് അത് (വ്യഭിചാരം) ഇഷ്ടപ്പെടുന്നില്ല.’ ‘നബി(സ്വ) ചോദിച്ചു: നിന്റെ മകള്‍ക്ക് നീ അത് (വ്യഭിചാരം) ഇഷ്ടപ്പെടുന്നുണ്ടോ? അയാള്‍ പറഞ്ഞു: ഇല്ല. അല്ലാഹുവാണേ, അല്ലാഹു എന്നെ താങ്കള്‍ പ്രായശ്ചിത്തമാക്കട്ടെ. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ജനങ്ങളും അവരുടെ പുത്രിമാര്‍ക്ക് അത് (വ്യഭിചാരം) ഇഷ്ടപ്പെടുന്നില്ല.’ ‘എന്നിട്ട് വീണ്ടും നബി(സ്വ) അയാളോട് ചോദിച്ചു: നിന്റെ സഹോദരിക്ക് നീ അത് (വ്യഭിചാരം) ഇഷ്ടപ്പെടുന്നുണ്ടോ? അയാള്‍ പറഞ്ഞു: ഇല്ല. അല്ലാഹുവാണേ, അല്ലാഹു എന്നെ താങ്കള്‍ പ്രായശ്ചിത്തമാക്കട്ടെ. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ജനങ്ങളും അവരുടെ സഹോദരിമാര്‍ക്ക് അത് (വ്യഭിചാരം) ഇഷ്ടപ്പെടുന്നില്ല.’

‘നബി(സ്വ) വീണ്ടും ചോദിച്ചു: നിന്റെ അമ്മായിക്ക് നീ അത് (വ്യഭിചാരം) ഇഷ്ടപ്പെടുന്നുണ്ടോ? അയാള്‍ പറഞ്ഞു: ഇല്ല. അല്ലാഹുവാണേ, അല്ലാഹു എന്നെ താങ്കള്‍ പ്രായശ്ചിത്തമാക്കട്ടെ. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ജനങ്ങളും അവരുടെ അമ്മായിമാര്‍ക്കും അത് (വ്യഭിചാരം) ഇഷ്ടപ്പെടുന്നില്ല.’

‘വീണ്ടും അവിടുന്ന് ചോദിച്ചു: നിന്റെ മാതൃസഹോദരിക്ക് നീ അത് (വ്യഭിചാരം) ഇഷ്ടപ്പെടുന്നുണ്ടോ? അയാള്‍ പറഞ്ഞു: ഇല്ല. അല്ലാഹുവാണേ, അല്ലാഹു എന്നെ താങ്കള്‍ പ്രായശ്ചിത്തമാക്കട്ടെ. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ജനങ്ങളും അവരുടെ മാതൃസഹോദരിമാര്‍ക്കും അത് (വ്യഭിചാരം) ഇഷ്ടപ്പെടുന്നില്ല.’

എന്നിട്ട് നബി (സ്വ) അദ്ധേഹത്തിന്റെ കൈകള്‍ അയാളുടെ ശരീരത്തില്‍ വെച്ചുകൊണ്ട് പ്രാര്‍ഥിച്ചു: ‘അല്ലാഹുവേ ഇദ്ധേഹത്തിന്റെ പാപം നീപൊറുത്തുകൊടുക്കുകയും ഹൃദയം ശുദ്ധീകരിക്കുകയും ലൈംഗികാവയവങ്ങളെ സംരക്ഷിക്കുകയും ചെയ്യേണമേ.’ അതിനു ശേഷം ആ യുവാവ് ഒന്നിലേക്കും (ലൈംഗികമായ ദുര്‍വൃത്തിയിലേക്ക്) തിരിഞ്ഞു നോക്കിയിരുന്നില്ല.”

വ്യഭിചാരത്തിന് അനുവാദം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രവാചക സന്നിധിയിലേക്ക് കടന്നു വന്ന ഒരു യുവാവിനെ മനഃശാസ്ത്രപരമായി സമീപിക്കുകയാണിവിടെ പ്രവാചകന്‍ (സ്വ). അവനോടായി അദ്ധേഹം പറയുകയാണ്, നിന്റെ മാതാവും മകളും സഹോദരിയും അമ്മായിയും മാതൃസഹോദരിയുമൊക്കെ വ്യഭിചരിക്കുന്നത് നീ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ നീ വ്യഭിചരിക്കുന്ന സ്ത്രീയാകട്ടെ തീര്‍ച്ചയായും മറ്റൊരുവന്റെ മാതാവോ മകളോ സഹോദരിയോ അമ്മായിയോ മാതൃസഹോദരിയോ ആയിരിക്കും. അവനും നിന്നെപ്പോലെ സ്വന്തം മാതാവും മകളും സഹോദരിയും അമ്മായിയും മാതൃസഹോദരിയുമൊക്കെ വ്യഭിചരിക്കുന്നത് ഇഷ്ടപ്പെടുന്നവനല്ല. സ്വന്തക്കാരായ സ്ത്രീകള്‍ വ്യഭിചരിക്കുന്നത് വെറുക്കുന്ന നീ മറ്റുള്ളവരുടെ സ്വന്തക്കാരായ സ്ത്രീകളെ വ്യഭിചരിക്കാനനുവാദം ചോദിക്കുന്നത് എത്രമാത്രം അക്രമമാണ്. അയാള്‍ക്ക് ബോധോദയമുണ്ടായി ആ നികൃഷ്ഠമായ ആഗ്രഹം വെടിഞ്ഞ് വിശുദ്ധമായ ജീവിതം അയാള്‍ തിരഞ്ഞെടുത്തു. ഇനി നാം ചിന്തിക്കുക, നബിവൈരികള്‍ ആരോപിക്കും വിധം പ്രവാചക ജീവിതം തന്നെ വ്യഭിചാരബന്ധങ്ങള്‍ നിറഞ്ഞതോ ലൈംഗികവൈകൃതങ്ങള്‍ പോറിയതോ ആയിരുന്നെങ്കില്‍ ആ യുവാവിനെ നബി എങ്ങനെയാണ് ഉപദേശിക്കുക. അയാള്‍ അത് എങ്ങനെയാണ് ഉള്‍കൊള്ളുക. എന്നെ നന്മയും സദാചാരവും ഉപദേശിക്കാന്‍ താങ്കള്‍ക്കെന്തര്‍ഹത എന്നയാള്‍ തിരിച്ചു ചോദിക്കുമായിരുന്നില്ലേ.? എന്തുകൊണ്ടയാള്‍ അതു ചോദിച്ചില്ല.! കാരണം അയാള്‍ നബിയെ പഠിച്ചതും അറിഞ്ഞതും അനുഭവങ്ങളില്‍ നിന്നും നേര്‍ക്കുനേരെയായിരുന്നു; അല്ലാതെ എതെങ്കിലും നവനാസ്തിക ഞരമ്പുരോഗികളില്‍ നിന്നോ മിഷണറി നുണഫാക്ടറികളില്‍ നിന്നോ ഷോവനിസ്റ്റ് ചാണക പുരകളില്‍ നിന്നോ ആയിരുന്നില്ല.

ഇത്രയും നാം പറഞ്ഞത്, ലൈംഗികവൈകൃതാനുരക്ത ഇസ്‌ലാമോഫോബിക്കുകള്‍ (Sexually Deviant Islamophobes) നബിജീവിതത്തിനെതിരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഏതൊരു ആരോപണത്തെയും പഠനവിധേയമാക്കുന്നതിനു മുമ്പ് ചിന്തയിലേക്ക് കൊണ്ടുവരേണ്ട ആമുഖ ചിന്താധാരകളെ പറ്റിയാണ്. കല്ലുവെച്ച കള്ളങ്ങള്‍ മാത്രമാണ് ഏതൊരു നബിനിന്ദാ പ്രമേയങ്ങളുമെന്ന ബോധ്യം പകര്‍ന്നു നല്‍കാന്‍ പര്യാപ്തമാണ് ആ വിശുദ്ധ ജീവിതത്തെപ്പറ്റിയുള്ള പ്രാഥമിക ചരിത്രപാഠങ്ങള്‍ പോലും. ഇനി നമുക്കു പരിശോധിക്കുവാനുള്ളത് ഉന്നയിക്കപ്പെട്ട ആരോപണങ്ങളുടെ നിജസ്ഥിതികളാണ്. അക്കമിട്ടു നമുക്കതു പരിശോദിക്കാം.

1, നബിയുടെ മാതൃസഹോദരി ഖൗല ബിന്‍ത് ഹകീം എന്ന സ്ത്രീ സ്വന്തം ശരീരം നബിക്കു ദാനം നല്‍കുകയുണ്ടായി എന്നും അതിനെതിരെ സ്വപത്‌നി ആഇശ പോലും നബിയോട് ‘ഒരു സ്വതന്ത്ര സ്ത്രീ സ്വദേഹം ദാനം ചെയ്യുകയോ’ എന്ന് പ്രതികരിച്ചുവെന്നും ഹദീഥ് ഗ്രന്ഥങ്ങളില്‍ കാണാം. എന്നാല്‍ നബി ഒരിക്കലും അതിനെ മോശമായി കണ്ടിരുന്നില്ല എന്നും ഹദീഥ് ഗ്രന്ഥങ്ങള്‍ തന്നെ മനസ്സിലാക്കി തരുന്നുണ്ട്. സ്ത്രീകളെ കൊണ്ട് സ്വശരീരങ്ങള്‍ തനിക്കായി ദാനം ചെയ്യാന്‍ പ്രേരിപ്പിക്കുകയും സ്വന്തം മാതൃസഹോദരിയെ പോലും അതില്‍ നിന്നും ഒഴിവാക്കാതിരിക്കുകയും ചെയ്ത പ്രവാചക നടപടിയെ അല്‍പമെങ്കിലും ധാര്‍മികബോധമുള്ളവര്‍ക്ക് അംഗീകരിക്കാനാകുമോ?

നാം നിരൂപണവിധേയമാക്കേണ്ട വിമര്‍ശനങ്ങള്‍ ഇവയാണ്:

a) എന്താണ് ശരീരദാനം കൊണ്ട് ഉദ്ദേശിക്കുന്നത്? വിമര്‍ശകന്മാര്‍ ജല്‍പ്പിക്കും പ്രകാരം സ്വന്തം ശരീരത്തെ ഒരു സ്ത്രീ ലൈംഗികാസ്വാദനത്തിനായി നബി(സ്വ)ക്ക് സമര്‍പ്പിക്കുന്ന ഏര്‍പ്പാടാണോ അത്. അല്ലേ അല്ല.!! നാസ്തിക/മിഷനറി/ഷോവനിസ്റ്റ് ഞരമ്പുരോഗികളുടെ ശിഫക്കായി (ശമനം) നമുക്കതു മന്ത്രിച്ചു കൊടുക്കാം.

വിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞു: ”സത്യവിശ്വാസിയായ സ്ത്രീ സ്വന്തത്തെ പ്രവാചകന് ദാനം ചെയ്യുകയും അവളെ വിവാഹം കഴിക്കാനുദ്ദേശിക്കുകയുമാണെങ്കില്‍ അതിനും വിരോധമില്ല.” (ക്വുര്‍ആന്‍: 33: 50)

‘വിവാഹം കഴിക്കാനുദ്ദേശിക്കുകയുമാണെങ്കില്‍’ എന്നാണ് ക്വുര്‍ആന്‍ ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്. അഥവാ വിമര്‍ശകന്മാര്‍ ആരോപിക്കും വിധം ലൈംഗികാസ്വാദനത്തിനായി നബി(സ്വ)ക്ക് ഒരു സ്ത്രീ സ്വശരീരത്തെ സമര്‍പ്പിക്കുന്ന ഏര്‍പ്പാടല്ല ഇത്. മറിച്ച് വിവാഹത്തിനായി സ്വന്തത്തെ സമര്‍പിക്കലാണ്. അഥവാ സാധാരണ വിവാഹത്തില്‍ നിന്നും വ്യത്യാസമായി ഇവിടെ സ്ത്രീ മഹ്ര്‍ ഒഴിവാക്കും. ‘ഹിബത്ത്’ വിവാഹം എന്നാണ് ഇതറിയപ്പെടുന്നത്. ഇത് പ്രവാചകനു മാത്രം ബാധകമായ നിയമമാണ്. എല്ലാ പണ്ഡിതന്മാരും അതു വ്യക്തമാക്കിയിട്ടുണ്ട്.

”സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.)” അഥവാ മഹ്ര്‍ ഇല്ലാതെ വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍. ഹിബത്ത് (സ്വദേഹം ദാനം ചെയ്യുന്നു) എന്ന പദം ഉപയോഗിച്ച് മഹ്ര്‍ ഇല്ലാത്ത നിക്കാഹാണ് ഇവിടെ ഉദ്ദേശം.” (തഫ്‌സീറുല്‍ ജലാലൈനി: 33:50 ന്റെ വ്യാഖ്യാനം)

”ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്റെ പത്‌നിമാരില്‍ സാധാരണ ചടങ്ങിലൂടെയൊ വലങ്കൈ ഉടമപ്പെടുത്തിയതോ അല്ലാതെ ആരും ഉണ്ടായിരുന്നില്ല. ഹിബത്ത് (സ്വദേഹം ദാനം ചെയ്യുന്നു) എന്ന പദം ഉപയോഗിച്ച് മഹ്ര്‍ ഇല്ലാത്ത നിക്കാഹിന് തയ്യാറായ ഒരു സ്ത്രീയേയും പ്രവാചകന്‍ (സ) സ്വീകരിക്കരിച്ചിട്ടില്ല. അവരില്‍ പെട്ട ആരും പ്രവാചകന് (സ) ഉണ്ടായിരുന്നില്ല.” (തഫ്‌സീറുല്‍ കുര്‍തുബി: 33:50 ന്റെ വ്യാഖ്യാനം)

”മഹ്ര്‍ കൂടാതെ, എന്നെ വിവാഹം ചെയ്യണോ എന്ന വിധി താങ്കള്‍ക്ക് ഞാന്‍ ഇഷ്ടദാനം ചെയ്യുന്നു.” (അല്‍ മുഫ്ഹിം: ഇമാം കുര്‍ത്തുബി: പേജ്: 4/128)

”ഹിബത്ത് (സ്വദേഹം ദാനം ചെയ്യുന്നു) എന്ന പദം ഉപയോഗിച്ച് മഹ്ര്‍ ഇല്ലാത്ത നിക്കാഹിന് തയ്യാറായ സ്ത്രീകളെ വിവാഹം ചെയ്യല്‍ പ്രവാചകന് അനുവദിക്കപ്പെട്ടിട്ടും പ്രവാചകന്‍ (സ) അതു ചെയ്തില്ല എന്നാണ് ഇബ്‌നു അബ്ബാസ് (റ) പറയുന്നത്.” (ഫത്ഹുല്‍ ബാരി: 8:526)

”ഞാന്‍ എന്നെ താങ്കള്‍ക്കു മുമ്പില്‍ വിവാഹത്തിനായി ഇഷ്ടദാനം ചെയ്യുന്നു’ എന്ന വാചകത്തില്‍ ഒരു മുള്വാഫ് (Possession) (ഭാഷാ പരമായ ഭംഗിക്കായി) വിട്ടുകളഞ്ഞതാണ്. യഥാർത്ഥത്തില്‍ വാചകത്തിന്റെ വിവക്ഷ ഇപ്രകാരമാണ്: ‘ഞാന്‍ എന്നെ അഥവാ എന്റെ വിവാഹ കാര്യത്തെ താങ്കള്‍ക്കു മുമ്പില്‍ ഇഷ്ടദാനം ചെയ്യുന്നു’. കാരണം ഒരു സ്വതന്ത്ര്യ സ്ത്രീ ഉടമപ്പെടുത്തപ്പെടുകയോ ദാനം ചെയ്യപ്പെടുകയോ ഇല്ലല്ലോ. മഹ്ര്‍ ഇല്ലാതെ തന്നെ താങ്കളെ വിവാഹം ചെയ്യാന്‍ ഞാന്‍ തയ്യാറാണ് എന്നാണ് ആ സ്ത്രീ പറഞ്ഞതിന്റെ വിവക്ഷ.” (ഫത്ഹുല്‍ ബാരി: 9/112, ഫത്ഹുല്‍ മുന്‍ഇം: 5/540)

നബി(സ്വ)ക്ക് ലൈംഗികാസ്വാദനത്തിനായി സ്ത്രീകള്‍ അവരുടെ ശരീരം ദാനം ചെയ്യുന്ന ഏര്‍പാടല്ല ‘ഹിബത്ത്’. മറിച്ച് മഹ്ര്‍ (വിവാഹ മൂല്യം) ഇല്ലാതെ തന്നെ അവരെ വിവാഹം ചെയ്യാനുള്ള അവകാശം പ്രവാചകനു സമര്‍പിച്ചുകൊണ്ട് നടത്തപ്പെടുന്ന വിവാഹ രീതിയാണത്. നബി(സ്വ)യുടെ പത്‌നിപദം ആഗ്രഹിച്ചുകൊണ്ടാണവര്‍ അപ്രകാരമുള്ള വിവാഹത്തിനു സന്നദ്ധത അറിയിക്കുന്നത്. എന്നാല്‍ അത്തരത്തിലുള്ള ‘ഹിബത്ത്’ വിവാഹം നബി (സ്വ) ഒരിക്കലും ചെയ്തിട്ടില്ലെന്നാണ് പ്രവാചക ശിഷ്യനും സന്നദ്ധസഹചാരിയുമായ ഇബ്‌നു അബ്ബാസ് (റ) പറയുന്നത്. എങ്കില്‍ എന്തുകൊണ്ടാണ് പ്രവാചക പത്‌നി ആഇശ (റ) ‘ഒരു സ്വതന്ത്ര സ്ത്രീ സ്വദേഹം ദാനം ചെയ്യുകയോ’?! എന്ന് പ്രവാചകനോട് പ്രതികരിച്ചത്? ഒരു സ്വതന്ത്ര സ്ത്രീയുടെ കുലീനതക്കു യോജിച്ച കാര്യമായി അവര്‍ക്കതിനെ ഉള്‍കൊള്ളാന്‍ പ്രയാസം തോന്നിയതുകൊണ്ടു മാത്രമാണ് അവരപ്രകാരം നബി(സ്വ)യോടു പ്രതികരിച്ചത്. കാരണം മഹ്ര്‍ എന്നത് സ്ത്രീയുടെ കുലീനതയുടെ ഭാഗമായാണ് അന്നും ഇന്നും അറേബ്യന്‍ സ്ത്രീകള്‍ കണക്കാക്കി പോരുന്നത്. അതിനാല്‍ സ്വാഭാവികമായും ഉണ്ടായ ഒരാശ്ചര്യം പ്രകടിപ്പിക്കുക മാത്രമായിരുന്നു അവര്‍. എന്നാല്‍ നബി (സ്വ) അത് മോശമായി കാണാതിരുന്നത് ‘ഹിബത്ത്’ വിവാഹത്തിന് സന്നദ്ധരായ സ്ത്രീകള്‍ അതുകൊണ്ടാഗ്രഹിച്ചത് പ്രവാചകന്റെ പത്‌നിപദം മാത്രമാണെന്ന് അവിടുത്തേക്ക് അറിയാവുന്നതു കൊണ്ടായിരുന്നു. ആദര്‍ശ പ്രണയമാണ് ശരീര പ്രണയമല്ല അതിനു പിറകിലുള്ള ചേദോവികാരമെന്ന് പ്രവാചകന് അറിയാമായിരുന്നു.

b) ‘നബിയുടെ മാതൃസഹോദരി ഖൗല ബിന്‍ത് ഹകീം എന്ന സ്ത്രീ സ്വന്തം ശരീരം നബിക്കു ദാനം നല്‍കുകയുണ്ടായി’. വിമര്‍ശനമിതാണ്; സ്വന്തം മാതൃസഹോദരിയെ കൊണ്ടു പോലും ശരീരം ദാനം (ഹിബത്ത്) ചെയ്യപ്പിച്ചു പ്രവാചകന്‍.!! ആരായിരുന്നു വാസ്തവത്തില്‍ ഖൗല ബിന്‍ത് ഹകീം എന്ന സ്ത്രീ. നബിയുടെ മാതൃസഹോദരിയായിരുന്നോ?. അല്ല. മറിച്ച് അവര്‍ പ്രസിദ്ധ താബിഈയായ (പ്രവാചകാനുചരന്മാരുടെ ശിഷ്യന്‍) സഈദിബ്‌നുല്‍ മുസ്വയ്യിബി(റ)ന്റെ മാതൃസഹോദരിയായിരുന്നു. പിന്നെ എന്തുകൊണ്ടാണവര്‍ നബിയുടെ മാതൃസഹോദരിയാണെന്ന തെറ്റിദ്ധാരണയുണ്ടായി?. ആദ്യം നാം പരിശോധിക്കുന്നത് അവര്‍ സഈദിബ്‌നുല്‍ മുസ്വയ്യിബി(റ)ന്റെ മാതൃസഹോദരിയായിരുന്നു എന്ന വസ്തുതയാണ്. അതോടൊപ്പം, എന്തുകൊണ്ടാണവര്‍ നബിയുടെ മാതൃസഹോദരിയാണെന്ന തെറ്റിദ്ധാരണയുണ്ടായതെന്നും പരിശോധിക്കാം.

”അബുല്‍ വലീദ് അത്ത്വയാലിസി പറഞ്ഞു: ശുഅ്ബ നമ്മോട് പറഞ്ഞു: അതാഅ് അല്‍ ഖുറാസാനിയില്‍ നിന്ന്, അദ്ദേഹം പറഞ്ഞു: സഈദിബ്‌നുല്‍ മുസ്വയ്യിബ് പറയുന്നതായി ഞാന്‍ കേട്ടു: ‘എന്റെ മാതൃസഹോദരി’ ഖൗല ബിന്‍ത്ത് ഹകീം അസ്സുലമിയ്യ അല്ലാഹുവിന്റെ തിരുദൂതരോട് സ്ത്രീകളുടെ സ്‌കലനത്തെ സംബന്ധിച്ച് ചോദിച്ചു. അപ്പോള്‍ അത് സംഭവിച്ചാല്‍ കുളിക്കുവാന്‍ പ്രവാചകന്‍ കല്‍പ്പന നല്‍കി.” (സുനനു ദാരിമി: 762)

എന്നാല്‍ ഇതേ ഹദീഥിന്റെ ചില നിവേദനങ്ങളില്‍ പ്രവാചകന്റെ മാതൃസഹോദരിയാണ് ഖൗല ബിന്‍ത്ത് ഹകീം എന്ന് വന്നത് ഹദീസ് നിവേദകന് സംഭവിച്ച ഓര്‍മ പിശക് മാത്രമാണ്. നിവേദക പരമ്പരയിലെ ശുഅ്ബ എന്ന നിവേദകനാണ് ഈ ഓര്‍മ പിശക് സംഭവിച്ചത് എന്നും ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. (https://al-maktaba.org/book/31621/19145#p35)

നിവേദക പരമ്പരയിലെ ‘അതാഅ് അല്‍ ഖുറാസാനി’ യില്‍ നിന്ന് പലപോഴും ഹദീഥിന്റെ പദപ്രയോഗങ്ങളില്‍ വഹ്‌മ് അഥവാ ധാരണ പിശക് സംഭവിക്കാറുണ്ട്. (സിയറു അഅ്‌ലാമിന്നുബലാഅ്: 6/140, തക്‌രീബു തഹ്ദീബ്: 1/392, തഹ്ദീബുല്‍ കമാല്‍: 20/107)

അത്തരത്തില്‍ സംഭവിച്ച ധാരണ പിശകാണ്, സഈദിബ്‌നുല്‍ മുസ്വയ്യിബ്, തന്റെ മാതൃസഹോദരിയാണ് ഖൗല ബിന്‍ത്ത് ഹകീം എന്ന് പറഞ്ഞത് പ്രവാചകന്റെ മാതൃസഹോദരിയാണ് ഖൗല ബിന്‍ത്ത് ഹകീം എന്ന് തെറ്റായി മനസ്സിലാക്കിയത്. ഇസ്ഹാകിബ്‌നു റാഹൂയ പറഞ്ഞു: ഖൗല ബിന്‍ത്ത് ഹകീം വഴി അല്ലാഹുവിന്റെ ദൂതനില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീഥ്. അബൂ യഅ്കൂബ് പറഞ്ഞു: ഖൗല ബിന്‍ത്ത് ഹകീം, സഈദിബ്‌നു മുസ്വയ്യിബിന്റെ മാതൃസഹോദരിമാരില്‍ ഒരാളാണ്. (മുസ്‌നദു ഇസ്ഹാകിബ്‌നു റാഹൂയ: 5:44: ഹദീസ് നമ്പര്‍: 2147)

ഇനി നാം പരിശോധിക്കുന്നത് നബി(സ്വ)യുടെ മാതാവ് ആമിനയുടേയും ഖൗല ബിന്‍ത്ത് ഹകീമിന്റേയും കുടുംബ പരമ്പരകളാണ്. അപ്പോള്‍ വ്യക്തമാകുന്ന കാര്യമാണ് ഖൗല ബിന്‍ത്ത് ഹകീം നബി(സ്വ)യുടെ മാതൃസഹോദരിയല്ലെന്ന വസ്തുത.

നബി(സ്വ)യുടെ മാതാവ് ആമിനയുടെ കുടുംബ പരമ്പര കാണുക:

സഹ്‌റയുടെ പുത്രന്‍ അബ്ദു മനാഫിന്റെ പുത്രന്‍ വഹബിന്റെ പുത്രി ആമിന. അബ്ദു യഗൂസിബ്‌നു വഹബ് എന്ന ഒരു മാതൃസഹോദരന്‍ മാത്രമേ പ്രവാചകന് ഉണ്ടായിരുന്നുള്ളു. (അസ്സികാത്ത്: ഇബ്‌നു ഹിബ്ബാന്‍: 1/26)

ഖൗല ബിന്‍ത്ത് ഹകീമിന്റെ കുടുംബ പരമ്പര കാണുക: സുലൈമിന്റെ പുത്രന്‍ ബഹ്തയുടെ പുത്രന്‍ ഇംറുല്‍ കൈസിന്റെ പുത്രന്‍ ദക്വാന്റെ പുത്രന്‍ സഅ്‌ലബയുടെ പുത്രന്‍ ഫാലിജിന്റെ പുത്രന്‍ ഹിലാലിന്റെ പുത്രന്‍ മുര്‍റയുടെ പുത്രന്‍ അവ്കസിന്റെ പുത്രന്‍ ഉമയ്യയുടെ പുത്രന്‍ ഹകീമിന്റെ പുത്രി ഖൗല. (ത്വബകാത്തു ഇബ്‌നു സഅ്ദ്: 8/158)

ഇനി നബിയുടെ മാതാവ് ആമിനയുടെയും സഈദിബ്‌നുല്‍ മുസ്വയ്യിബി(റ)ന്റെ മാതൃസഹോദരിയായ ഖൗല ബിന്‍ത്ത് ഹകീം അസ്സുലമിയ്യയുടെയും മാതാക്കളുടെ പരമ്പരയും കൂടി കാണുക:

“ആമിനയുടെ മാതാവ്, 'ബർറ' ബിൻത്ത് അബ്ദുൽ ഉസ്സായാണ്; കിലാബിന്റെ മകൻ കുസ്വയ്യിന്റെ മകൻ അബ്ദുദ്ദാറിന്റെ മകൻ ഉസ്മാന്റെ മകൻ അബ്ദുൽ ഉസ്സായുടെ മകൾ ബർറ. (ത്വബകാതുൽ കുബ്റാ: ഇബ്നു സഅ്ദ്: 1:59, സീറത്തു ഇബ്നു ഹിശാം: 1:110)

ഖൗലയുടെ മാതാവ് 'ദഈഫ'യാണ്. അബ്ദുശ്ശംസിന്റെ മകൻ ഉമയ്യയുടെ മകൻ ആസിന്റെ മകൾ ദഈഫ. (ത്വബകാതുൽ കുബ്റാ: ഇബ്നു സഅ്ദ്: 8:158, സിയറു അഅ്ലാമിന്നുബലാഅ്: 1:164)

ഇനി സാക്ഷാല്‍ ഖൗല ബിന്‍ത്ത് ഹകീമില്‍ നിന്ന് ഹദീഥ് ഉദ്ധരിച്ച സഈദിബ്‌നുല്‍ മുസ്വയ്യിബിന്റെ മാതാവ് ആരാണെന്ന് കാണുക:

അവ്കസിന്റെ പുത്രന്‍ ഉമയ്യയുടെ പുത്രന്‍ ഹകീമിന്റെ പുത്രി ഉമ്മു സഈദ്. (ത്വബകാത്തു ഇബ്‌നു സഅ്ദ്: 5/119)

സഈദിബ്‌നുല്‍ മുസ്വയ്യിബിന്റെ മാതാവും ഖൗല ബിന്‍ത്ത് ഹകീമും ഉപ്പയും ഉമ്മയുമൊത്ത സഹോദരിമാരാണ്. അല്ലാതെ നബി(സ്വ)യുടെ മാതൃസഹോദരിയല്ല ഖൗല ബിന്‍ത്ത് ഹകീം എന്നര്‍ഥം.

നബി(സ്വ)യോട് ‘ഹിബത്ത്’ വിവാഹത്തിന് താല്‍പര്യമറിയിച്ച ഖൗല ബിന്‍ത്ത് ഹകീമിന്റെ പിതാവിന്റെ പേര് ഹകീം എന്നാണെങ്കില്‍ നബി(സ്വ)യുടെ മാതാവ് ആമിനയുടെ പിതാവിന്റെ പേര് വഹബ് എന്നാണ്. അഥവാ ഖൗല ബിന്‍ത്ത് ഹകീം ആമിന ബിന്‍ത്ത് വഹബിന്റെ സഹോദരിയല്ല. അതുകൊണ്ടു തന്നെ നബിയുടെ മാതുലയുമല്ല. ഇസ്‌ലാമിക ചരിത്ര രേഖകളില്‍ വളരെ വ്യക്തമായി ഇതു രേഖപ്പെടുത്തപ്പെട്ടിട്ടും പ്രവാചകനു മേല്‍ ബന്ധുരതി (Incest) ആരോപിക്കുവാന്‍ പരിശ്രമിക്കുന്നവരില്‍ നിന്നും ഒരു നന്മയും നാം പ്രതീക്ഷിക്കേണ്ടതില്ല. ഹദീഥുകളെയും ഇസ്‌ലാമിക ചരിത്രത്തെയും പച്ചയായി ദുര്‍വ്യാഖ്യാനിച്ച് പ്രവാചകനെ തെറിയഭിഷേകം ചെയ്യുന്നവര്‍, ക്രൂരമായ മതനിന്ദയാണോ നിര്‍വഹിക്കുന്നത് അതല്ല വിമര്‍ശന സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുകയാണോ ചെയ്യുന്നതെന്ന് മാന്യതയുള്ളവര്‍ മൂന്നുവട്ടം ആലോചിക്കട്ടെ. ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് തെറിവിളിക്കാനുള്ള സ്വാതന്ത്ര്യമായി പരിണമിച്ചാല്‍ പരിക്കേല്‍ക്കുന്നത് നാം പടുത്തുയര്‍ത്തിയ നമ്മുടെ ബഹുസ്വര സംസ്‌കാരത്തിനു മേലായിരിക്കും. അതുതന്നെയാണ് ഈ മനോരോഗികളുടെ ലക്ഷ്യമെന്ന് വിവരമുള്ളവരെല്ലാം തിരിച്ചറിയേണ്ടിയിരിക്കുന്നു. സ്വന്തം മാതുലയെ തനിക്കു വേണ്ടി ശരീരം ദാനം ചെയ്യാന്‍ പ്രേരിപ്പിച്ച വ്യക്തിയായി പ്രവാചകനെ ചിത്രീകരിക്കാന്‍ പരിശ്രമിച്ചവര്‍ വായിക്കേണ്ട ഒരു ഹദീഥ് ഇവിടെ കുറിക്കട്ടെ.

” അബൂസുഫ്‌യാന്റെ പുത്രി ഉമ്മുഹബീബ പറയുന്നു: ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, അബൂസുഫ്‌യാന്റെ പുത്രിയായ എന്റെ സഹോദരിയെക്കൂടി അങ്ങ് വിവാഹം കഴിച്ചാലും’. നബി ചോദിച്ചു: ‘നിനക്ക് അതിഷ്ടമാണോ?’ ഞാന്‍ പറഞ്ഞു: ‘അതേ. ഞാന്‍ അങ്ങയുടെ ഏക പത്‌നിയല്ല. നന്മകളില്‍ എന്നോടൊപ്പം പങ്കുകൊള്ളുന്നത് എന്റെ സഹോദരി ആയിരിക്കുന്നതാണ് എനിക്കേറ്റവും ഇഷ്ടം’. നബി പറഞ്ഞു: ‘അത് എനിക്ക് അനുവദനീയമല്ല’……’നിങ്ങളുടെ പെണ്‍കുട്ടികളെയും സഹോദരിമാരെയും വിവാഹം കഴിക്കാന്‍ നിങ്ങള്‍ എന്നോടാവശ്യപ്പെടരുത്.” (സ്വഹീഹുല്‍ ബുഖാരി: 1755) ഇനി അടുത്ത ആരോപണത്തിന്റെ നിജസ്ഥിതികൂടി നമുക്കു പരിശോദിക്കാം.

2, ‘ഉമ്മു ഹറാം, ഉമ്മു സുലൈം എന്നീ സ്ത്രീകളെ നബി സ്വകാര്യ സന്ദര്‍ശനം നടത്താറുണ്ടായിരുന്നെന്നും അവരുടെ മടിയില്‍ പലപ്പോഴും തലവെച്ചു കിടക്കാറുണ്ടായിരുന്നു എന്നും ഹദീഥ് ഗ്രന്ഥങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. അവിഹിത ബന്ധങ്ങള്‍ക്ക് പ്രവാചക ജീവിതത്തിലിടമുണ്ടായിരുന്നു എന്നു വ്യക്തമാക്കുന്ന സംഭവങ്ങളാണിതെല്ലാം.’

ആരായിരുന്നു ഉമ്മു ഹറാമും, ഉമ്മു സുലൈമും.? സ്വകാര്യ സന്ദര്‍ശനം നടത്താനും മടിയില്‍ തലവെച്ചു കിടക്കാനും മാത്രം എന്തു ബന്ധമായിരുന്നു പ്രവാചകന് അവരോടുണ്ടായിരുന്നത്.? നമുക്കു പരിശോധിക്കാം.

ഉമ്മു സുലൈം, യഥാർത്ഥ നാമം സഹ്‌ല. ജുന്‍ദുബിന്റെ പുത്രന്‍ ഹറാമിന്റെ പുത്രന്‍ സൈദിന്റെ പുത്രന്‍ ഖാലിദിന്റെ പുത്രന്‍ മല്‍ഹാന്റെ പുത്രിയാണ് ഉമ്മു സുലൈം. അനസ് ഇബ്‌നു മാലികിന്റെ മാതാവ്. (അല്‍ ഇസ്വാബ: 8/227)

ഉമ്മു ഹറാം ബിന്‍ത്ത് മല്‍ഹാന്‍, ഉമ്മു സുലൈമിന്റെ സഹോദരി, അനസ് ഇബ്‌നു മാലികിന്റെ മാതൃസഹോദരി. (തഹ്ദീബുല്‍ കമാല്‍: 35/338: നമ്പര്‍: 7962)

ഇമാം നവവി പറഞ്ഞു: അവര്‍ പ്രവാചകന് വിവാഹം നിഷിദ്ധമായ കുടുംബക്കാരായിരുന്നു എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഏകാഭിപ്രായമുണ്ട്. എന്നാല്‍ ഈ കുടുംബ ബന്ധം ഏത് രൂപത്തിലാണ് എന്നതില്‍ മാത്രമാണ് അഭിപ്രായ വ്യത്യാസം. ഇബ്‌നു അബ്ദുല്‍ ബിര്‍റും മറ്റു പണ്ഡിതന്മാരും പറഞ്ഞത് പ്രവാചകന്റെ മുലകുടി ബന്ധത്തിലെ മാതൃസഹോദരിയാണ് അവര്‍ എന്നാണ്. മറ്റു പല പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്, അവര്‍ പ്രവാചകന്റെ പിതാവിന്റെയൊ പിതാമഹന്റെയൊ മാതൃസഹോദരിയാണ് എന്നാണ്. കാരണം പ്രവാചകന്റെ പിതാമഹന്‍ അബ്ദുല്‍മുത്വലിബിന്റെ മാതാവ് ബനൂനജ്ജാര്‍ ഗോത്രത്തില്‍ നിന്നാണ്. (ഉമ്മു ഹറാം, ഉമ്മു സുലൈം എന്നിവരും ബനൂനജ്ജാറുകാരാണ്). (ശര്‍ഹുന്നവവി അലാ മുസ്ലിം: 13/50, ഔനുല്‍ മഅ്ബൂദ്: 7/122, സിറാജുല്‍ വഹ്ഹാജ്: 4/332, ഫത്ഹുല്‍ ബാരി: 11/78, തന്‍വീറുല്‍ ഹവാലിക്: 1/309, ശര്‍ഹു സുയൂതി: 4/505, ഇര്‍ശാദുസ്സാരി: 5/36, നള്‌റത്തു നഈം: 1/549, മിര്‍കാത്തുല്‍ മഫാത്തീഹ്: 9/3478)

താബിഉകളിലെ (പ്രവാചകാനുചരന്മാരുടെ ശിഷ്യര്‍) ഇളതലമുറക്കാരുമായി സഹവസിച്ചിട്ടുള്ള ഇബ്‌നു വഹബ് പറയുന്നു: ഉമ്മു ഹറാം പ്രവാചകന്റെ മുല കുടിബന്ധത്തിലെ മാതൃസഹോദരിയാണ്. (ഫത്ഹുല്‍ ബാരി: 11/78)

നബി(സ്വ)യുടെ മാതൃസഹോദരിമാരാണ് ഉമ്മു ഹറാമും, ഉമ്മു സുലൈമും. അവരെ മകനായ പ്രവാചകന്‍ സന്ദര്‍ശിച്ചതിനെയും ആ മാതാക്കളുടെ മടിയില്‍ തലവെച്ചു കിടന്നതിനെയുമാണ് നബിവൈരികള്‍ ലൈംഗിക ഛായം പൂശിയവതരിപ്പിച്ചത്. എത്രമാത്രം നികൃഷ്ഠമാണ് നബിവിമര്‍ശകന്മാരുടെ അന്തരംഗം. മാതൃ-പുതൃ ബന്ധങ്ങളില്‍ പോലും അശ്ലീലതകള്‍ തിരയുന്നവരെ ഏതു മുക്കാലിയില്‍ കെട്ടിയിട്ടാണാവോ അടിക്കേണ്ടത്. മൃഗരതിയും ശവരതിയും സ്വവര്‍ഗരതിയും ബന്ധുരതിയും ശിശുരതിയുമെല്ലാം അവകാശവും സ്വാതന്ത്ര്യവുമായി ഉദ്‌ഘോഷിക്കുന്ന, അതിനു വേണ്ടിയുള്ള പോരാട്ടങ്ങളെ ആക്ടിവിസമായി നെറ്റിയിലൊട്ടിച്ചു നടക്കുന്ന നവനാസ്തികരില്‍ നിന്നും ഇത്രയൊന്നും പ്രതീക്ഷിച്ചാല്‍ പോരാ. ഇതിലും വലിയ വൃത്തികേടുകള്‍ക്ക് അടയിരിക്കുന്നവരാണവര്‍. വിശുദ്ധരും സ്വാത്തികരുമായവര്‍ക്കെതിരെ ഇനിയുമെന്തെല്ലാം വൃത്തികേടുകള്‍ അവരില്‍ നിന്നും കേള്‍ക്കാനിരിക്കുന്നു. കാരണം അവര്‍ക്ക് വെറുപ്പ് വെളിച്ചത്തിലേക്ക് വിളിച്ചവരോടാണ്. വിശുദ്ധിയിലേക്ക് നയിച്ചവരോടാണ്. മാനവികതക്ക് ജീവിത മൂല്ല്യങ്ങളിലേക്ക് വഴിവെട്ടിയവരോടാണ്. പക്ഷെ മോക്ഷത്തെപ്പറ്റിയും വിശുദ്ധിയെപ്പറ്റിയും മൂല്ല്യങ്ങളെപ്പറ്റിയും നിരന്തരം ഗിരിപ്രഭാഷണങ്ങളും സുവിശേഷഭാഷണങ്ങളും നടത്തുന്ന ഹിന്ദുത്വ വാദികളും മിഷനറിമാരും, ഇസ്‌ലാമിനും പ്രവാചകനുമെതിരെയാണെങ്കില്‍ ഏതു നവനാസ്തുക ഞരമ്പുരോഗിയേയും പേറുമെന്നാണെങ്കില്‍ വിസ്മരിക്കുരുത്; നാറിയവനെ പേറിയാല്‍ പേറിയവനും നാറുമെന്ന യാഥാര്‍ഥ്യത്തെ.

ഒരേ സമയം ഒൻപത് ഭാര്യമാരുണ്ടായിരുന്ന നബിയുടെ (സ) ദാമ്പത്യജീവിതം മാതൃകാപരമാണെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്?

ജീവിതത്തിലെവിടെയും കളങ്കത്തിന്റെ ലാഞ്ചനകളൊന്നുമില്ലാതെ ജീവിക്കുകയും തന്റെ വിശുദ്ധജീവിതം വഴി അവസാനനാളുവരെ ലോകത്തിന് മാതൃകയാക്കാന്‍പറ്റുന്ന പതിനായിരങ്ങളെ സൃഷ്ടിക്കുകയും ചെയ്ത നബി(സ)യുടെ ദാമ്പത്യജീവിതം അവസാന നാളുവരെയുള്ള മനുഷ്യർക്കെല്ലാം സംതൃപ്തദാമ്പത്യത്തിനുള്ള മാതൃകയാനിന്ന കാര്യത്തിൽ ആ ജീവിതത്തെ മുൻധാരണയില്ലാതെ പഠനവിധേയമാക്കിയവർക്കൊന്നും സംശയമുണ്ടാവില്ല.

നബിയുടെ (സ) ബഹുഭാര്യാത്വം നബിനിന്ദകരുടെ വിഷയമാകുന്നതും അതിനെ വൃത്തികെട്ട രൂപത്തിൽ ചിത്രീകരിക്കുന്നതും തങ്ങള്‍ രതിയിലേര്‍പ്പെടുന്നവരുടെ പൂര്‍ണമായ ഉത്തരവാദിത്വമേറ്റെടുക്കാന്‍ പുരുഷന് ബാധ്യതയുണ്ടെന്ന അദ്ദേഹത്തിന്റെ നിഷ്‌കൃഷ്ടമായ അനുശാസന നിന്ദകർക്കും അവരുടെ ഭൗതികാസ്വാദനത്തിന്റെ പ്രത്യയശാസ്ത്രത്തിനും അരോചകമാകുന്നതുകൊണ്ടാണ്. പെണ്ണിന്റെ ഉത്തരവാദിത്വങ്ങളൊന്നും ഏറ്റെടുക്കാതെ അവളില്‍നിന്ന് ലൈംഗികസുഖം നുണയാവുന്ന സാമൂഹ്യസാഹചര്യങ്ങള്‍ക്കാവശ്യമായ നിയമങ്ങള്‍ നിര്‍മിക്കുന്ന മുതലാളിത്ത ആണ്‍കോയ്മയുടെ കണ്ണട ധരിച്ചവര്‍ക്ക് പ്രവാചകന്റെ (സ) വിശുദ്ധജീവിതത്തിന്റെ അര്‍ത്ഥപൂര്‍ണിമ അറിയാന്‍ കഴിയില്ല. വിവാഹവും വ്യഭിചാരവും തമ്മിലുള്ള വ്യത്യാസമെന്താണെന്നുപോലും അവര്‍ക്ക് മനസ്സിലാവില്ല. മുഹമ്മദ് നബി(സ)ക്ക് ഒരേസമയം ഒന്‍പ്ത ഭാര്യമാരുണ്ടായിരുന്നുവെന്ന് നിന്ദാസ്വരത്തില്‍ പറയുന്നവര്‍ കരുതുന്നത് നിരവധി സ്ത്രീകളുമായി രമിക്കുകയും അവര്‍ക്കുള്ളത് അപ്പോള്‍തന്നെ കൊടുത്തുവിടുകയും ചെയ്യുന്ന വൃത്തികെട്ട സ്വതന്ത്രരതീ സംസ്‌കാരത്തിന് തുല്യമാണ് പ്രവാചകന്‍ (സ) തന്റെ ബഹുഭാര്യത്വത്തിലൂടെ പഠിപ്പിച്ച സംസ്‌കാരവുമെന്നാണ്. ഇണകളുടെയെല്ലാം പൂര്‍ണമായ ഉത്തരവാദിത്തമേറ്റെടുക്കുകയും അവര്‍ക്കെല്ലാം സംതൃപ്തമായ ദാമ്പത്യജീവിതം നല്‍കുകയും ചെയ്ത പ്രവാചകന്‍ ലോകത്തിനുപഠിപ്പിച്ച ധാര്‍മികതയെവിടെ? കൂടെ കിടന്നവളില്‍ മാംസം മാത്രം കാണുകയും അവളുടെ മാംസത്തിന് വില പറഞ്ഞുറപ്പിച്ച് അവളില്‍ സുഖമനുഭവിച്ച് അവളെ വലിച്ചെറിയുന്ന ആണ്‍കോയ്മാ ലൈംഗിക സംസ്‌കാരത്തിന്റെ ധാര്‍മികതയെവിടെ?

ഇണകളില്‍ നിന്നേ ലൈംഗികതയാസ്വദിക്കുവാന്‍ പാടുള്ളുവെന്ന് കരുതുന്നവര്‍ക്ക് മാത്രമാണ് നബി(സ)യുടെ ജീവിതത്തില്‍ മാതൃകയുള്ളതെന്നാണ് സ്വതന്ത്രരതിയുടെ ഭൂമികയില്‍ നിന്നുകൊണ്ട് നബി(സ)യെ തെറി പറയുകയും അദ്ദേഹത്തില്‍ മാതൃകയില്ലെന്ന് കരയുകയും ചെയ്യുന്നവരോട് ഒന്നാമതായി പറയാനുള്ളത്. ലൈംഗികസുഖം അനുഭവിക്കുകയും സ്വന്തം ഇണക്ക് അതിനുള്ള അവസരമുണ്ടാക്കുകയും ചെയ്യുന്നത് പുണ്യമാണെന്നും അതിന് പടച്ചവന്‍ പ്രതിഫലം നല്‍കുമെന്നും പഠിപ്പിച്ച ആത്മീയാചാര്യനാണ് മുഹമ്മദ് നബി(സ). സമ്പൂര്‍ണജീവിതത്തിന്റെ സവിശേഷമാതൃകയാണ് പ്രവാചകവ്യക്തിത്വത്തിലുടനീളം നമുക്ക് കാണാനാവുക.

ഏകഭാര്യത്വവും ബഹുഭാര്യത്വവും സ്വീകരിക്കുവാന്‍ സ്വാതന്ത്ര്യവും അവകാശവുമുള്ള മുസ്‌ലിംകള്‍ക്ക് ഈ രണ്ട് രംഗങ്ങളിലുമുള്ള പ്രവാചകമാതൃകയില്‍ നിന്ന് ഏറെ പഠിക്കുവാനുണ്ട്. തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ തന്നേക്കാള്‍ പ്രായക്കൂടുതലുള്ള ഒരു വിധവയെ വിവാഹം ചെയ്യുകയും നീണ്ട ഇരുപത്തിയഞ്ച് വര്‍ഷക്കാലം ആ ദാമ്പത്യം തുടരുകയും മക്കളുണ്ടാവുകയും പേരക്കുട്ടികളുണ്ടാവുകയുമെല്ലാം ചെയ്തിട്ടും ദാമ്പത്യജീവിതത്തിന്റെ മധുരിമ നിലനിര്‍ത്തിക്കൊണ്ട് തന്റെ ഇണയുടെ മരണം വരെ അവരോടൊപ്പം ജീവിക്കുകയും ചെയ്ത മുഹമ്മദ് (സ)-ഖദീജ (റ) ദാമ്പത്യത്തില്‍ ഏകഭാര്യത്വം സ്വീകരിക്കുന്ന മുസ്‌ലിംകള്‍ക്ക് കൃത്യമായ മാതൃകയുണ്ട്.

വൈധവ്യവും അനാഥത്വവും പേറേണ്ടി വരുന്ന പെണ്ണവസ്ഥകളില്‍ അവര്‍ക്ക് താങ്ങും തണലുമായിത്തീരുവാനും അതോടൊപ്പം ദാമ്പത്യജീവിതം ആസ്വദിക്കുവാനും അങ്ങനെ ബഹുഭാര്യത്വം ഉപയോഗിക്കാനാകുമെന്നും, എല്ലാ ഇണകള്‍ക്കും സംതൃപ്തമായ ദാമ്പത്യജീവിതം പ്രദാനം ചെയ്തുകൊണ്ട് മുസ്‌ലിം പുരുഷന് എങ്ങനെ നീതിമാനായ ഒരു ബഹുഭാര്യനായിത്തീരാമെന്നും പ്രവാചകന്റെ (സ) ബഹുഭാര്യത്വം നമുക്ക് മാതൃക കണിച്ചുതരുന്നുണ്ട്. ലൈംഗികസുഖമാസ്വദിക്കുന്നതിനുവേണ്ടി മാത്രമുള്ളതാണ് ഭാര്യ-ഭര്‍തൃ ജീവിതമെന്നു കരുതുന്നവര്‍ക്ക് പ്രവാചകന്റെ ഏകഭാര്യത്വത്തിലോ ബഹുഭാര്യത്വത്തിലോ മാതൃക കണ്ടെത്താനാവുകയില്ല. ഒന്നാണെങ്കിലും ഒന്നിലധികമാണെങ്കിലും ഇണകളുടെയെല്ലാം ഉത്തരവാദിത്തമേറ്റെടുക്കുകയും അവരുടെ അബലതകളില്‍ താങ്ങും തണലുമായി നില്‍ക്കുകയുമാണ് മുസ്‌ലിം പുരുഷന്റെ ഉത്തരവാദിത്തമെന്ന് പഠിപ്പിക്കപ്പെട്ടവര്‍ക്കു പ്രവാചകനില്‍ (സ) സമ്പൂര്‍ണമായ മാതൃക കാണാന്‍ കഴിയുകയും ചെയ്യും. പ്രവാചകജീവിതത്തിനല്ല നബിനിന്ദകരുടെ ഭൂമികയ്ക്കാണ് കുഴപ്പമെന്ന് സാരം.

ദുരിതമനുഭവിക്കുന്ന സഹോദരിമാരുടെ കരച്ചില്‍ കേള്‍ക്കാതെ അവരെ തെരുവിന് നല്‍കുന്നതാണ് ആധുനികതയെന്ന് കരുതുന്നവര്‍ പ്രയാസങ്ങളനുഭവിക്കുന്നവര്‍ക്ക് സ്വന്തം ജീവിതത്തിന്റെ തണലേകി സംരക്ഷിക്കണമെന്ന് സ്വന്തം മാതൃകയിലൂടെ കാണിച്ചുകൊടുത്ത അന്തിമപ്രവാചകനില്‍ (സ) നിന്ന് ഏറെ പഠിക്കേണ്ടതുണ്ട്. തന്റെ ആദ്യഭാര്യയായിരുന്ന ഖദീജ(റ)യുടെ വിയോഗാനന്തരമുള്ള ഓരോ പ്രവാചകവിവാഹങ്ങളിലും ദാമ്പത്യജീവിതമെന്നതിലുപരിയായ വലിയ ലക്ഷ്യങ്ങള്‍ കാണാന്‍ കഴിയും. വിധവയും മാതാവുമായ സൗദ ബിന്‍ത് സംഅയെന്ന അറുപതുകാരിയാണ് പ്രവാചകന്റെ (സ) ബഹുഭാര്യത്വജീവിതത്തിലേക്ക് ആദ്യമായി കടന്നുവന്ന സഖി. ഭര്‍തൃവിയോഗത്തിനുശേഷം അനാഥത്വത്തിന്റെ കയ്പുനീര്‍ കുടിച്ചുകൊണ്ടിരുന്ന, ആദ്യകാലത്ത് ഇസ്‌ലാം സ്വീകരിച്ച് ധൈര്യം കാണിച്ച ആ മാതൃകാവനിതയെ അവരുടെ വാര്‍ദ്ധക്യത്തിന്റെ തുടക്കത്തില്‍ തന്റെ സഖിയായി സ്വീകരിച്ച് മാതൃകയാവുകയായിരുന്നു നബി(സ). അബുസല്‍മയുടെ വിയോഗത്തിനുശേഷം പിഞ്ചുപൈതങ്ങളോടെ അവരുടെ മാതാവായ ഉമ്മുസല്‍മയെ ഏറ്റെടുക്കുകയും അനാഥത്വത്തില്‍നിന്ന് അവരെയും മക്കളെയും കരകയറ്റുകയും ചെയ്ത പ്രവാചകനില്‍ (സ) പറക്കമുറ്റാത്ത കുഞ്ഞുങ്ങളുണ്ടായിരിക്കെ മരണപ്പെടുന്നവരുടെ മക്കളെ സംരക്ഷിക്കേണ്ടത് എങ്ങനെയെന്ന വലിയ മാതൃകയുണ്ട്. തന്റെ സന്തതസഹചാരിയായിരുന്ന ഉമറി(റ)ന്റെ മകള്‍ ഹഫ്‌സ(റ)യെ അവരുടെ ഭര്‍ത്താവായ ഖുനൈസുബ്‌നു ഹുദൈഫ മരണപ്പെട്ടപ്പോള്‍ ഏറ്റെടുത്ത പ്രവാചകനില്‍ (സ) അനുയായികളുടെ സങ്കടങ്ങള്‍ക്ക് പ്രായോഗികപരിഹാരം നിര്‍ദ്ദേശിക്കുകയും അവരുടെ ബാധ്യതകളെ സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുക്കുകയും ചെയ്യുന്ന നേതാവിന്റെ മാതൃകയുണ്ട്.

ബദ്‌റില്‍ വെച്ച് മരണപ്പെട്ട ഭര്‍ത്താവിന്റെ വിയോഗത്താല്‍ സങ്കടമനുഭവിക്കുന്ന സൈനബ് ബിന്‍ത് ഖുസൈമയെ അവരുടെ തന്നെ ആവശ്യപ്രകാരം വിവാഹം ചെയ്തുകൊണ്ട് യുദ്ധത്തില്‍ മരണപ്പെട്ട മറ്റുള്ളവരുടെ വിധവകളെ ഏറ്റെടുക്കാന്‍ അനുചരന്‍മാരെ പ്രേരിപ്പിക്കുകയായിരുന്നു നബി(സ). ഇസ്‌ലാം സ്വീകരിച്ച ആദ്യപുരുഷനും തന്റെ സഖാക്കളില്‍ പ്രഥമഗണനീയനുമായ അബുബക്കറി(റ)ന്റെ മകള്‍ ആയിശ(റ)യുമായുള്ള വിവാഹത്തില്‍ കുടുംബബന്ധങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് സൗഹൃദത്തെ ദൃഢീകരിക്കുന്നതെങ്ങനെയെന്ന മാതൃകയുണ്ട്. പ്രവാചകന്‍ (സ) സ്വീകരിച്ച ഒരേയൊരു കന്യകയായ ആയിശ (റ) ദാമ്പത്യബന്ധത്തില്‍ സ്വീകരിച്ചുപോന്ന പ്രവാചകമാതൃകകളുള്‍ക്കൊള്ളുന്ന നിരവധി ഹദീഥുകള്‍ നിവേദനം ചെയ്തുകൊണ്ട് പ്രസ്തുത വിവാഹത്തിലൂടെയുള്ള സാമൂഹികലക്ഷ്യം നിറവേറ്റി മാതൃകയാവുകയും ചെയ്തു. അബ്‌സീനിയായിലേക്ക് പാലായനം ചെയ്ത് തന്നോടൊപ്പം താങ്ങായി നിന്നിരുന്ന ഭര്‍ത്താവ് മതം മാറി മദ്യപനായിത്തീരുകയും മക്കയിലുള്ള പിതാവും സഹോദരങ്ങളും ഇസ്‌ലാമിനോടുള്ള ശത്രുത പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ തികച്ചും അനാഥയും അഗതിയുമായിത്തീര്‍ന്ന ഉമ്മു ഹബീബ(റ)യെ മദീനാരാഷ്ട്രത്തിന്റെ തലവനായ പ്രവാചകന്‍ (സ) സ്വീകരിച്ചുകൊണ്ട് അശരണര്‍ക്ക് താങ്ങായിത്തീരുകയെന്ന ദൗത്യനിര്‍വഹണത്തിന് വിവാഹബന്ധത്തെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിപ്പിക്കുകയാണ് ചെയ്തത്.

പുതിയ സൗഹൃദങ്ങളിലൂടെ വ്യത്യസ്ത ഗോത്രങ്ങളുടെ ശാത്രവം കുറച്ചുകൊണ്ടുവരികയെന്ന ലക്ഷ്യമാണ് മൈമുന(റ)യുമായുള്ള വിവാഹത്തില്‍ നമുക്ക് കാണാനാവുക. യുദ്ധത്തില്‍ പിടിക്കപ്പെടുന്ന വനിതകളെ യുദ്ധത്തടവുകാരാക്കി അടിമകളാക്കുന്ന, അന്ന് നിലനിന്നിരുന്ന സമ്പ്രദായത്തില്‍ നിന്നുമാറി, അവരെ ഇണകളാക്കാനാവുന്നവര്‍ അങ്ങനെ ചെയ്യുകയാണ് വേണ്ടതെന്ന പാഠമാണ് ജുവൈരിയ(റ)യുമായും സ്വഫിയ്യ(റ)യുമായുള്ള വിവാഹങ്ങളിലൂടെ നബി (സ) പഠിപ്പിച്ചത്. ബനൂ മുസ്തലഖ് യുദ്ധത്തില്‍ പിടിക്കപ്പെട്ട ഗോത്രനേതാവിന്റെ മകളായ ജുവൈരിയ(റ)യെ സ്വതന്ത്രമാക്കി  വിവാഹം ചെയ്യുകവഴി അവരില്‍ നിന്ന് പിടിക്കപ്പെട്ടവരെയെല്ലാം സ്വതന്ത്രമാക്കുവാന്‍ മുസ്‌ലിം പടയാളികള്‍ സന്നദ്ധമാവുകയും അതുവഴി ആ ഗോത്രം മുഴുവന്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തുവന്നതാണ് ചരിത്രം.

മാതാക്കളായും മക്കളായും തങ്ങള്‍ക്കിഷ്ടപ്പെട്ടവരെ വിളിക്കുകയും അവരുമായി ആ രൂപത്തിലുള്ള ബന്ധം പ്രഖ്യാപിക്കുകയും ചെയ്തിരുന്ന അജ്ഞാതകാലത്തെ സമ്പ്രദായത്തിന് അറുതി വരുത്തുകയെന്ന വലിയ ലക്ഷ്യത്തിനുവേണ്ടി അല്ലാഹുവിന്റെ നിര്‍ദ്ദേശപ്രകാരം നടന്നതാണ് സൈനബ് ബിന്‍ത് ജഹ്ശു (റ)മായുള്ള പ്രവാചകവിവാഹം.

ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലുമെന്നതുപോലെ ഓരോ പ്രവാചകവിവാഹങ്ങളിലും വലിയ മാതൃകകളുണ്ടെന്ന വസ്തുതയാണ് ആ ജീവിതത്തെ വസ്തുനിഷ്ഠമായി പഠിച്ചവർക്കെല്ലാം മനസ്സിലാവുക.

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ