സാഹിത്യം

//സാഹിത്യം
 

ഖുര്‍ആനില്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്ന ഭാഷാശൈലിയും അതിലെ വിവരണരീതിയുമെല്ലാം മാനുഷിക രചനകളില്‍നിന്നു തികച്ചും വ്യത്യസ്തമാണ്. ഏതാനും സവിശേഷതകള്‍ താഴെ:

  1. ഖുര്‍ആനിലെ വചനങ്ങളെല്ലാം വിവരിക്കപ്പെട്ട വിഷയങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹ്രസ്വവും അമിതവികാര പ്രകടനം ഉള്‍ ക്കൊള്ളാത്തവയുമാണ്.

മാനുഷിക വചനങ്ങള്‍ എപ്പോഴും വ്യക്തിയുടെ മാനസികാവസ്ഥയെ ആശ്രയിച്ചാണ് പ്രകടമാക്കപ്പെടുന്നത്. കോപത്തിലിരിക്കുന്ന ഒരാളു ടെ വാക്കുകളില്‍ കോപം പ്രകടമായിരിക്കും. അന്നേരം ദയയും പ്രശംസയും ആ വാക്കുകളിലുണ്ടാവുകയില്ല. സന്തോഷാവസ്ഥയിലും സ്ഥിതി തഥൈവ!

കോപത്തിന്റെയും സന്തോഷത്തിന്റെയും തീവ്രമായ അവസ്ഥകളില്‍ പ്രകടിപ്പിക്കപ്പെടുന്ന പദങ്ങളെ പ്രസ്തുത വികാരം നിലനില്‍ക്കുന്ന അവസ്ഥകളുടെ അടിസ്ഥാനത്തില്‍ മാത്രമേ വ്യാഖ്യാനിക്കുവാനാകൂ. പ്രസ്തുത പദങ്ങളില്‍ വികാരങ്ങളുടെ അമിതപ്രകടനം കാണാനാ വും. ഏതുസാഹിത്യകാരന്മാരുടെയും കൃതികളില്‍ ഈ അമിതവികാരപ്രകടനം കാണാം. കാരണം അവര്‍ വികാരങ്ങളുള്ള മനുഷ്യരാണെ ന്നതുതന്നെ!

ഖുര്‍ആനിലെ വചനങ്ങള്‍ സന്തോഷവാര്‍ത്ത അറിയിക്കുന്നതാകട്ടെ, മുന്നറിയിപ്പ് നല്‍കുന്നതാകട്ടെ, നിയമങ്ങള്‍ വിശദീകരിക്കുന്നതാകട്ടെ, ദൈവാനുഗ്രഹങ്ങളെക്കുറിച്ച് സംസാരിക്കുന്നതാകട്ടെ, എവിടെയും അമിതമായ വികാര പ്രകടനങ്ങള്‍ കാണുക സാധ്യമല്ല. പരമപരിശുദ്ധനായ പടച്ചതമ്പുരാനില്‍നിന്ന് അവതരിപ്പിക്കപ്പെട്ടതുകൊണ്ടാണിത്.

  1. ഖുര്‍ആന്‍ ഏതു വിഷയത്തെക്കുറിച്ച് വിശദീകരിക്കുമ്പോഴും അതിന്റെ വാഗ്മിതയും രചനാസൗഷ്ടവവും നിലനിര്‍ത്തുന്നു.

വ്യക്തികളുടെ രചനാ സൗഷ്ടവം ചില പ്രത്യേക വിഷയങ്ങളോട് ബന്ധപ്പെട്ടായിരിക്കും പ്രകടമാക്കപ്പെടുക. പ്രസ്തുത വിഷയങ്ങളില്‍ അവരുടെ രചനകള്‍ ഉന്നത നിലവാരം ഉള്‍ക്കൊള്ളുന്നതാകാം. എന്നാല്‍, അവര്‍തന്നെ മറ്റു വിഷയങ്ങളില്‍ രചന നടത്തിയാല്‍ അവ പല പ്പോഴും ശരാശരി നിലവാരം പോലും പുലര്‍ത്തുകയില്ല. രചയിതാവിന്റെ മാനസിക ഘടന, കുടുംബാന്തരീക്ഷം, വികാരവിചാര ങ്ങള്‍, സമൂഹത്തിന്റെ അവസ്ഥ എന്നിവയെല്ലാം അയാളുടെ താല്‍പര്യത്തെ സ്വാധീനിക്കും.

ഖുര്‍ആനിലെ വചനങ്ങള്‍ പ്രകൃതിയെക്കുറിച്ച് വിവരിക്കുമ്പോഴും പരലോകത്തെക്കുറിച്ച് സംസാരിക്കുമ്പോഴും ഒരേ വാഗ്മിത പ്രകടിപ്പി ക്കുന്നു. ദൈവ മഹത്വത്തെ പ്രകീര്‍ത്തിക്കുമ്പോഴും നിയമനിര്‍ദേശങ്ങള്‍ അവതരിപ്പിക്കുമ്പോഴും ഒരേ രചനാസൗഷ്ടവമാണ് അവയ്ക്കു ള്ളത്. സ്ഥലകാലങ്ങള്‍ക്ക് അതീതനായ സ്രഷ്ടാവില്‍നിന്ന് അവതരിപ്പിക്കപ്പെട്ടതുകൊണ്ടാണിത്.

  1. ഖുര്‍ആന്‍ വചനങ്ങള്‍ ഉയര്‍ന്ന സാഹിത്യനിലവാരം പുലര്‍ത്തുന്നതോടൊപ്പം സൂക്ഷ്മതയും സത്യസന്ധതയും പുലര്‍ത്തുന്നവയുമാണ്.

സാഹിത്യം സുന്ദരമാകുന്നത്, ഇല്ലാത്തത് വിവരിക്കുമ്പോഴാണല്ലോ. അര്‍ധസത്യങ്ങളുടെയും അസത്യങ്ങളുടെയും മേമ്പൊടിയില്ലാതെ സാഹിത്യത്തെ സൗന്ദര്യവത്കരിക്കാന്‍ കഴിയില്ലെന്ന് പറയാറുണ്ട്. കവിത നന്നാകണമെങ്കില്‍ കളവ് പറയണമെന്നാണല്ലോ ആപ്തവാ ക്യം. സത്യസന്ധമായ വിവരങ്ങള്‍ മാത്രം നല്‍കുന്ന സാഹിത്യകൃതികള്‍ വിരസവും വരണ്ടതുമായിരിക്കും. അതുകൊണ്ടുതന്നെ സത്യം പറയണമെന്നാഗ്രഹിക്കുന്ന സാഹിത്യകാരന്മാര്‍ക്കുപോലും അസത്യത്തിന്റെ മേമ്പൊടിയോടുകൂടി മാത്രമേ പ്രസ്തുത സത്യം അവതരിപ്പി ക്കുവാനാകൂ. പൊടിപ്പും തൊങ്ങലുമില്ലാതെ മനുഷ്യമനസ്സിന്റെ വൈകാരികതലങ്ങളെ സംതൃപ്തമാക്കാന്‍ കഴിയുകയില്ലെന്ന ധാരണയാ ണ് ഇതിനു കാരണം.

ഖുര്‍ആന്‍ വചനങ്ങള്‍ ഈ പൊതുധാരയില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. വസ്തുതകള്‍ മാത്രമാണ് അതിലെ പ്രതിപാദ്യം. പക്ഷേ, ഉന്നത മായ സാഹിത്യനിലവാരം നിലനിര്‍ത്തുവാനും മനുഷ്യമനസ്സുകളെ സംതൃപ്തമാക്കുവാനും അവയ്ക്ക് സാധിക്കുന്നു. മനസ്സിനെക്കുറിച്ച് ശരിയ്ക്കറിയാവുന്ന സര്‍വജ്ഞനില്‍നിന്ന് അവതരിപ്പിക്കപ്പെട്ടതുകൊണ്ടാണിത്.

  1. ഖുര്‍ആന്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഉന്നതമായ സാഹിത്യ നിലവാരം പുലര്‍ത്തുന്നു.

ഒരു കവിത മനോഹരമാണെന്ന് നാം വിധിയെഴുതുന്നത് അതിലെ ഏതാനും വരികളുടെ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. പ്രസ്തുത കവിതയിലെതന്നെ എല്ലാ വരികളും അതേനിലവാരം പുലര്‍ത്തിക്കൊള്ളണമെന്നില്ല. ഒരു സാഹിത്യകാരനെ ഉന്നത നിലവാരമു ള്ളവനെന്ന് വിളിക്കുന്നത് അയാളുടെ ഏതാനും ചില കൃതികളുടെ അടിസ്ഥാനത്തിലുമായിരിക്കും. അയാളുടെ തന്നെ മറ്റു രചനകള്‍ പ്രസ്തുത നിലവാരം പുലര്‍ത്തിക്കൊള്ളണമെന്നില്ല. ഓരോരുത്തര്‍ക്കും ഉന്നതമായരചനകള്‍ നിര്‍വഹിക്കപ്പെടുന്ന ചില പ്രത്യേക പ്രായ വും സന്ദര്‍ഭവുമെല്ലാം ഉണ്ടായിരിക്കും. പ്രായം, ചുറ്റുപാട്, അന്തരീക്ഷം തുടങ്ങിയവ രചയിതാവിനെ സ്വാധീനിക്കുന്നതുകൊണ്ടാണിത്.

ഖുര്‍ആന്‍ വചനങ്ങള്‍ മുഴുവനും ഉന്നതമായ സാഹിത്യനിലവാരം പുലര്‍ത്തുന്നവയാണ്. ആറായിരത്തിലധികം സൂക്തങ്ങളില്‍ ഒന്നുപോ ലും നിലവാരം കുറഞ്ഞതാണെന്ന് പറയാന്‍ ആര്‍ക്കും സാധ്യമല്ല. നീണ്ട ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ പ്രവാചകദൗത്യത്തിനിടയില്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളിലായിരുന്നു ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടുകൊണ്ടിരുന്നത്. അത് പ്രവാചക രചനയായിരുന്നുവെങ്കില്‍ അവതര ണസന്ദര്‍ഭങ്ങളിലെ പ്രവാചകന്റെ മാനസികാവസ്ഥകള്‍ക്ക് അനുസൃതമായി അവയുടെ നിലവാരത്തില്‍ മാറ്റമുണ്ടാകേണ്ടതായിരുന്നു. എന്നാല്‍, ഖുര്‍ആനിലെ ഓരോ സൂക്തവും മറ്റുള്ളവയോട് കിടപിടിക്കുന്നവയാണ്. സര്‍വശക്തനായ തമ്പുരാനില്‍നിന്നായതുകൊണ്ടാ ണിത്.

  1. ഒരേ സംഗതിതന്നെ ഒന്നിലധികം തവണ വിവരിക്കുമ്പോഴും ഖുര്‍ ആന്‍ ഉന്നതമായ സാഹിത്യനിലവാരം പുലര്‍ത്തുന്നു.

ഒരേ കാര്യംതന്നെ ഒന്നിലധികം തവണ വിവരിക്കുമ്പോള്‍ സാധാരണ സാഹിത്യകൃതികളില്‍ ആദ്യത്തെ വിവരണം പോലെ മനോഹരമാ വുകയില്ല രണ്ടാമത്തെ വിവരണം. ആവര്‍ത്തന വിരസത രചയിതാവിന്റെ വചനങ്ങളിലും ആസ്വാദകന്റെ മനസ്സിലും രൂപപ്പെടുന്നതു കാണാം. മനുഷ്യന്‍, അവന്‍ എത്ര ഉന്നതനായ സാഹിത്യകാരനാണെങ്കിലും അടിസ്ഥാനപരമായ പരിമിതികള്‍ ഉള്‍ക്കൊള്ളുന്നവനായതു കൊണ്ടാണിത്.

ഖുര്‍ആനാകട്ടെ പല വിഷയങ്ങളും പല തവണ ആവര്‍ത്തിക്കുന്നുണ്ട്. സൃഷ്ടി, മരണം, മരണാനന്തര ജീവിതം, ദൈവ മഹത്വത്തെക്കുറിച്ച വിവരണങ്ങള്‍, അവനെ മാത്രം ആരാധിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങള്‍ ഖുര്‍ആനില്‍ ആവര്‍ത്തിച്ചു പ്രതിപാദിക്കു ന്നുണ്ട്. എന്നാല്‍, ഓരോ തവണ വിവരിക്കുമ്പോഴും ശ്രോതാവിന് അത് പുതുമയുള്ളതായി അനുഭവപ്പെടുകയും അവന്റെ മനസ്സില്‍ മാറ്റത്തിന്റെ ആന്ദോളനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. പരിമിതികള്‍ക്ക് അതീതനായ പരമോന്നത നില്‍നിന്ന് അവതരിപ്പിക്കപ്പെ ട്ടതുകൊണ്ടാണിത്.

  1. സാഹിത്യകൃതികള്‍ക്ക് വഴങ്ങാത്ത വിഷയങ്ങളാണ് ഖുര്‍ആനില്‍ പ്രതിപാദിക്കപ്പെടുന്നതെങ്കിലും പ്രസ്തുത വിവരണങ്ങളിലെല്ലാം അത് ഉന്നതമായ നിലവാരം പുലര്‍ത്തുകയും മനോഹാരിത കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.

മരണാനന്തര ജീവിതം, ദൈവാസ്തിത്വം, അനുഷ്ഠാനമുറകള്‍, നിയമനിര്‍ദേശങ്ങള്‍, വിധിവിലക്കുകള്‍, നന്മചെയ്യുവാനുള്ള പ്രേരണ, സത്യസന്ധമായ ചരിത്രം തുടങ്ങിയവയെല്ലാം സാഹിത്യകാരന്റെ ദൃഷ്ടിയില്‍ വരണ്ട വിഷയങ്ങളാണ്. അതുകൊണ്ടുതന്നെ പ്രസ്തുത വിഷയങ്ങളില്‍ രചന നിര്‍വഹിച്ചാല്‍ സാഹിത്യം സുന്ദരമാവുകയില്ലെന്നാണ് പൊതുവേയുള്ള ധാരണ. അവ ഭാവനയ്ക്ക് വഴങ്ങുന്ന വിഷയങ്ങളല്ല. അതിനാല്‍ ഇത്തരം വിഷയങ്ങളെടുത്തുകൊണ്ട് നിര്‍വഹിക്കപ്പെട്ട രചനകളില്‍ ഒന്നുംതന്നെ ലോകോത്തര കൃതികളായി അറിയപ്പെടുന്നില്ല. മനുഷ്യന്റെ പരിമിതിയാണ് ഇവിടെയും പ്രകടമാവുന്നത്.

ഖുര്‍ആനിലെ പ്രതിപാദ്യങ്ങളാകട്ടെ, മിക്കവാറും ഇത്തരം വിഷയങ്ങളാണ് ഉള്‍ക്കൊള്ളുന്നത്. എന്നാല്‍, അവയെല്ലാം ഉന്നതമായ സാഹി ത്യനിലവാരം പുലര്‍ത്തുകയും ആസ്വാദകന്റെ മനസ്സിനെ സംതൃപ്തമാക്കുകയും ചെയ്യുന്നു. പദാര്‍ഥാതീതനായ പടച്ചതമ്പുരാനില്‍നിന്ന് അവതരിപ്പിക്കപ്പെട്ടതുകൊണ്ടാണിത്!

  1. ഒരു വിഷയത്തില്‍നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോഴും സാഹിത്യഭംഗി ചോര്‍ന്നുപോകാതെ സൂക്ഷിക്കുവാന്‍ ഖുര്‍ആനിന് കഴിയുന്നു.

ഒരൊറ്റ സാഹിത്യകൃതിയില്‍തന്നെ ഒരു വിഷയത്തില്‍നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ അതുവരെ പുലര്‍ത്തിപ്പോന്ന നിലവാരം പുലര്‍ ത്താന്‍ പലപ്പോഴും കഴിയാറില്ല. ഒരു വിഷയത്തെക്കുറിച്ച് വിവരിക്കുന്ന സാഹിത്യകാരന്റെ മനസ്സില്‍ രൂപപ്പെടുന്ന ബിംബങ്ങളുടെ ചാരുത അടുത്ത വിഷയ ത്തെക്കുറിച്ച് സംസാരിക്കാനാരംഭിക്കുമ്പോള്‍ മങ്ങുകയും പുതിയ ബിംബങ്ങള്‍ പ്രശോഭിക്കുവാന്‍ സമയമെടു ക്കുകയും ചെയ്യുന്നതുകൊണ്ടാണിത്. വിദഗ്ധമായി ജോലി നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ഒരാളെ പെട്ടെന്ന് മറ്റൊരു ജോലിയില്‍ ഏല്‍പി ക്കുന്നതുപോലെയാണിത്. ഇതും മനുഷ്യന്റെ പൊതുവായ പരിമിതിയാണ്.

ഖുര്‍ആനിലുടനീളം വിഷയങ്ങളില്‍നിന്ന് വിഷയങ്ങളിലേക്കുള്ള ചാട്ടം കാണാം. എന്നാല്‍ ഈ ചാട്ടങ്ങളിലൊന്നുംതന്നെ അതിന്റെ ചാരുത ക്ക് ഭംഗം വരുകയോ മനോഹാരിതക്ക് ഹാനി സംഭവിക്കുകയോ ചെയ്യുന്നില്ല. സര്‍വശക്തനില്‍നിന്നായതുകൊണ്ടാണിത്.

  1. ഏതാനും പദങ്ങള്‍ മാത്രമുപയോഗിച്ച്, മനോഹാരിതയും സ്ഫുടതയും നഷ്ടപ്പെടാത്ത രൂപത്തില്‍, അര്‍ഥഗംഭീരമായ ആശയം പ്രകടിപ്പി ക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍.

സാധാരണ സാഹിത്യകൃതികളില്‍ പദങ്ങളുടെ സമുദ്രമാണുണ്ടാവുക; പ്രസ്തുത സമുദ്രത്തില്‍ ആശയങ്ങളുടെ മുത്തുകള്‍ തുലോം പരിമി തവും. പ്രൗഢമായ ആശയങ്ങള്‍ പ്രകടിപ്പിക്കുന്നതിനുവേണ്ടി രചിക്കപ്പെട്ട കൃതികളിലാകട്ടെ പദങ്ങളുടെ വേലിയേറ്റം തന്നെ കാണാനാ വും. താന്‍ ഉദ്ദേശിക്കുന്ന ആശയങ്ങള്‍ ആസ്വാദകനിലെത്തുവാന്‍ എന്തൊക്കെ രീതിയിലാണ് പദപ്രയോഗം നടത്തേണ്ടതെന്നതിനെക്കുറിച്ച് ഓരോ രചയിതാവിനും അയാളുടേതായ വീക്ഷണമുണ്ടായിരിക്കും. പ്രസ്തുത വീക്ഷണം അയാളുടേതായതുകൊണ്ടുതന്നെ ആസ്വാദകന് അയാളുടെ പദപ്രയോഗങ്ങളില്‍ പലതും അനാവശ്യമായാണ് അനുഭവപ്പെടുക. ഒരു ആസ്വാദകന് അനാവശ്യമെന്നു തോന്നുന്ന പദങ്ങള്‍ മറ്റൊരാളുടെ വീക്ഷണത്തില്‍ അനിവാര്യമാകാം. അതുകൊണ്ടുതന്നെ എല്ലാവരെയും സംതൃപ്തരാക്കുന്നതിനുവേണ്ടി പദങ്ങള്‍ ഒരുപാട് പ്രയോഗിക്കുവാന്‍ അയാള്‍ നിര്‍ബന്ധിതനായിരിക്കും. അന്യരുടെ മനസ്സുകള്‍ വായിക്കുവാനുള്ള മനുഷ്യരുടെ കഴിവില്ലായ്മയാണ് ഇതിന് കാരണം.

ഖുര്‍ആനിലാകട്ടെ, അനിവാര്യമായ പദങ്ങള്‍ മാത്രമേ ഉപയോഗിച്ചിട്ടു ള്ളൂ. പാരായണം ചെയ്യുന്നവന് അത് ഉദ്ദേശിക്കുന്ന ആശയം പകര്‍ ന്നുനല്‍കുവാന്‍ ഈ പദങ്ങള്‍ കൊണ്ടുതന്നെ സാധിക്കുന്നു. പ്രൗഢമായആശയങ്ങള്‍ അനിവാര്യമായ പദങ്ങള്‍ മാത്രമുപയോഗിച്ച് പ്രകടി പ്പിക്കുകയും അത് മനോഹരമായി അവതരിപ്പിച്ച് എല്ലാത്തരം വായനക്കാരെയും സംതൃപ്തരാക്കുകയും ചെയ്യുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. മനുഷ്യമനസ്സിന്റെ സൂക്ഷ്മ തലങ്ങളെക്കുറിച്ച് വ്യക്തമായി അറിയാവുന്നവനില്‍നിന്ന് അവതരിപ്പിക്കപ്പെട്ടതുകൊണ്ടാണിത്.

  1. സാഹിത്യത്തിന്റെ ഏതു മാനത്തിലൂടെ നോക്കിയാലും ഖുര്‍ആന്‍ ഒരു ഉന്നതമായ സാഹിത്യ കൃതിയാണ്.

സാഹിത്യ കൃതികളെല്ലാം  മനുഷ്യരുടെ ഏതെങ്കിലുമൊരു വികാരത്തെ ഉത്തേജിപ്പിക്കുവാന്‍ വേണ്ടിയുള്ളതായിരിക്കും. ദുഃഖം, സന്തോ ഷം, ദയ, കാരുണ്യം, വെറുപ്പ്, പ്രതിഷേധം എന്നിങ്ങനെ. അതുപോലെതന്നെ പ്രഭാവം, മാധുര്യം, സൗന്ദര്യം, ചാരുത തുടങ്ങിയവയെല്ലാം ഒരേ സാഹിത്യകൃതിയില്‍തന്നെ കണ്ടെത്തുക പ്രയാസമാണ്. സാഹിത്യത്തിന്റെ ഏതെങ്കിലും പ്രത്യേകമായ മാനങ്ങളിലൂടെ നോക്കിയാല്‍ മാത്രമേ സാഹിത്യകൃതികളെ ആസ്വദിക്കുവാനും വിലയിരുത്തുവാനും കഴിയൂ. എല്ലാ അംശങ്ങളെയും ഒരേപോലെ ഉള്‍ക്കൊണ്ടു കൊണ്ട് ഒരു രചന നടത്തുക സാധ്യമല്ല. ഇതും മനുഷ്യന്റെ പരിമിതിയാണ്.

ഖുര്‍ആനാകട്ടെ മനുഷ്യവികാരത്തിന്റെ എല്ലാ തലങ്ങളെയും സ്പര്‍ശിക്കുന്നു. മനുഷ്യനെ സന്തോഷിപ്പിക്കുവാനും ദുഃഖിപ്പിക്കുവാനും ദയയും കാരുണ്യവും പ്രകടിപ്പിക്കുന്നവനാക്കിത്തീര്‍ക്കുവാനും വെറുപ്പും പ്രതിഷേധവും ഉത്തേജിപ്പിക്കുവാനുമെല്ലാം കഴിയുന്ന വരികളാണ് അതിലുള്ളത്. അതോടൊപ്പംതന്നെ അത് മനുഷ്യബുദ്ധിയെ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുന്നു. പ്രഭാവം, മാധുര്യം, സൗന്ദര്യം, ചാരുത തുടങ്ങിയ ആസ്വാദക പ്രധാനമായ സാഹിത്യത്തിന്റെ സവിശേഷതകള്‍ ഖുര്‍ആനിക വചനങ്ങളില്‍ സമഞ്ജസമായി സമ്മേളിക്കുകയും ചെയ്തിരിക്കുന്നു. സാഹിത്യത്തിന്റെ ഏതു മാനത്തിലൂടെ നോക്കിയാലും അത് ഉന്നതമായ നിലവാരം പുലര്‍ത്തുന്നതാണെന്ന് കാണാം.

  1. ഖുര്‍ആനില്‍ മറ്റാരുടെയെങ്കിലും ശൈലിയോ പ്രയോഗങ്ങളോ രീതിയോ ആശയങ്ങളോ കടമെടുക്കപ്പെട്ടിട്ടില്ല.

സാഹിത്യകൃതികള്‍ എത്രതന്നെ മൗലികങ്ങളാണെങ്കിലും മറ്റു സാഹി ത്യകാരന്മാരുടെ ശൈലികളും പ്രയോഗങ്ങളുമെല്ലാം അതില്‍ സ്വാധീ നം ചെലുത്തിയിട്ടുണ്ടാകും. അത് സ്വാഭാവികമാണ്. മുന്‍ഗാമികളുടെ രചനകളുടെ സ്വാധീനമുള്‍ക്കൊള്ളാതെ ഒരാള്‍ക്കും സാഹിത്യകൃ തികള്‍ രചിക്കുക സാധ്യമല്ല. നേരിട്ടുള്ള കോപ്പിയടിയല്ല ഇവിടെ വിവക്ഷിക്കപ്പെട്ടിരിക്കുന്നത്. ശൈലികളുടെയും ബിംബങ്ങളുടെയും സ്വാധീനമാണ്. അതില്ലാതെ രചന നടത്തുവാന്‍ കഴിയില്ല. ഇത് മനുഷ്യമനസ്സിന്റെ പരിമിതിയാണ്. മുന്‍ഗാമിയില്‍നിന്ന് പഠിക്കുകയും അത് വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നവനാണല്ലോ മനുഷ്യന്‍.

ഖുര്‍ആന്‍ ഇത്തരം കടമെടുക്കലുകളില്‍നിന്ന് തികച്ചും മുക്തമാണ്. അറബ് സാഹിത്യ രംഗത്തുണ്ടായിരുന്ന ആരുടെയും ശൈലിയോ രൂപ മോ രീതിയോ ആശയങ്ങളോ ഖുര്‍ആന്‍ കടമെടുത്തിട്ടില്ല. ആരുടെ കൃതിയുടെയും യാതൊരു സ്വാധീനവും ഖുര്‍ആനില്‍ ഇല്ല താനും. എല്ലാ നിലയ്ക്കും ഒരു മൗലിക കൃതിയാണ് ഖുര്‍ആന്‍. പരിധികളോ പരിമിതിയോ ഇല്ലാത്ത അറിവിന്റെ ഉടമസ്ഥനില്‍നിന്ന് അവതരിപ്പിക്കപ്പെട്ടതിനാലാണ് ഇത്.

ര്‍വശക്തനായ സ്രഷ്ടാവിനാല്‍ നിയുക്തരാവുന്ന പ്രവാചകന്മാര്‍ക്ക് തങ്ങളുടെ പ്രവാചകത്വത്തിന്റെ സത്യത ജനങ്ങളെ ബോധ്യപ്പെടുത്തു ന്ന തിനായി ചില ദൃഷ്ടാന്തങ്ങള്‍ ദൈവം നല്‍കിയിരുന്നതായി വേദഗ്രന്ഥങ്ങ ളില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയും. അവര്‍ ജീവിച്ചിരുന്ന സമൂ ഹത്തിലെ ജനങ്ങള്‍ക്ക് അവരുടെ പ്രവാചകത്വത്തെക്കുറിച്ച അവകാശവാദം ശരിതന്നെയാണെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു പ്രസ്തു ത ദൃഷ്ടാന്തങ്ങ ളുടെ ഉദ്ദേശ്യം. മൂസാ നബി(അ)ക്ക് നല്‍കപ്പെട്ട സര്‍പ്പമായി മാറുന്ന വടി ഒരുദാഹരണം. ഇതുപോലുള്ള അത്ഭുതങ്ങള്‍ മുഹ മ്മദ് നബി(സ)യിലൂടെയും വെളിപ്പെട്ടിട്ടുണ്ട്. ചന്ദ്രനെ പിളര്‍ത്തിയത് ഒരു ഉദാഹരണം മാത്രം.

ഇത്തരം അത്ഭുതങ്ങള്‍ പ്രവാചകന്മാരുടെ ജീവിതകാലത്ത് മാത്രം നില നിന്നിരുന്നവയാണ്. അവര്‍ക്കുശേഷം ആ അത്ഭുതങ്ങളൊന്നും നില നിന്നിട്ടില്ല; നിലനില്‍ക്കുകയുമില്ല. അന്തിമ പ്രവാചകനിലൂടെ വെളിപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട അത്ഭുതത്തിന്റെ സ്ഥിതിയിതല്ല. അത് അദ്ദേ ഹത്തിന്റെ ദൗത്യം പോലെതന്നെ അവസാനനാള്‍ വരെ നിലനില്‍ക്കുന്നതാണ്. ഖുര്‍ആനാണ് പ്രസ്തുത അമാനുഷിക ദൃഷ്ടാന്തം. അവസാ നനാള്‍ വരെ ആര്‍ക്കും ഖുര്‍ആന്‍ പരിശോധിക്കാം. അതിലെ അത്ഭുതങ്ങള്‍ ആസ്വദിക്കാം. അങ്ങനെ മുഹമ്മദ് നബി(സ)യുടെ പ്രവാചക ത്വം സത്യമാണോയെന്ന് തീര്‍ ച്ചപ്പെടുത്താം. ഒരേസമയം, വേദഗ്രന്ഥവും ദൈവിക ദൃഷ്ടാന്തവുമായ ഖുര്‍ആന്‍ അവസാനനാള്‍ വരെ നില നില്‍ക്കുന്ന അത്ഭുതങ്ങളുടെ അത്ഭുതമാണ്.

ഖുര്‍ആനിനെ അമാനുഷിക ദൃഷ്ടാന്തമാക്കുന്നത് എന്താണ്?

ഖുര്‍ആനിലെ ആശയങ്ങളും ശൈലിയും ഭാഷയുമെല്ലാം അത്ഭുതംതന്നെയാണ്. അറബി സാഹിത്യത്തിലെ അതികായന്മാര്‍ക്കിടയിലേ ക്കാണ് ഖുര്‍ആനിന്റെ അവതരണം. പതിനാലു നൂറ്റാണ്ടു മുമ്പത്തെ കവിതകള്‍ അറബ് സാഹിത്യത്തിലെ മാസ്റ്റര്‍പീസുകളാണിന്നും. അവര്‍ക്കിടയില്‍ ജനിച്ചുവളര്‍ന്ന ഒരു നിരക്ഷരനിലൂടെയാണ് ഖുര്‍ആന്‍ ലോകം ശ്രവിക്കുന്നത്. അദ്ദേഹമാകട്ടെ നാല്‍പതു വയസ്സുവരെ യാതൊരുവിധ സാഹിത്യാഭിരുചിയും കാണിക്കാത്ത വ്യക്തിയും. ഖുര്‍ആനിന്റെ സാഹിത്യമേന്മയെ സംബന്ധിച്ച് അത് അവതരിപ്പി ക്കപ്പെട്ട സമൂഹത്തില്‍ അഭിപ്രായവ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. വിശ്വാസികളും അവിശ്വാസികളുമായ അറബികളെല്ലാം ഖുര്‍ആ നിന്റെ ഉന്നതമായ സാഹിത്യമൂല്യം അംഗീകരിക്കുന്നവ രായിരുന്നു. അത് മാരണമാണെന്നും പൈശാചികവചനങ്ങളാണെന്നും പറഞ്ഞ്, അതിന്റെ ദൈവികത അംഗീകരിക്കാതെ മാറിനില്‍ക്കുകയായിരുന്നു അവിശ്വാസികള്‍ ചെയ്തതെന്നു മാത്രം.

ഖുറൈശി നേതാവും അറബി സാഹിത്യത്തിലെ അജയ്യനുമായിരുന്ന വലീദുബ്‌നു മുഗീറയോട് ഖുര്‍ആനിനെതിരെ പരസ്യപ്രസ്താവന നടത്ത ണമെന്നാവശ്യപ്പെട്ട അബൂജഹ്‌ലിന് അദ്ദേഹം നല്‍കിയ മറുപടി ശ്രദ്ധേയ മാണ്. 'ഞാനെന്താണ് പറയേണ്ടത്? ഗദ്യത്തിലും പദ്യത്തി ലും ജിന്നുകളുടെ  കാവ്യങ്ങളിലും അറബി ഭാഷയുടെ മറ്റേതൊരു സാഹിത്യശാഖയിലും നി ങ്ങളേക്കാള്‍ എനിക്ക് അറിവുണ്ട്. അല്ലാഹു വാണ് സത്യം! ഈ മനുഷ്യന്‍ സമര്‍പ്പിക്കുന്ന വചനങ്ങള്‍ക്ക് അവയില്‍ ഒന്നിനോടും സാദൃശ്യമില്ല. അല്ലാഹുവാണെ, അവന്റെ വചനങ്ങ ള്‍ക്ക് വിസ്മയാവഹമായ ഒരു മാധുര്യവും പ്രത്യേകമായൊരു ഭംഗിയുമുണ്ട്. അതിന്റെ കൊമ്പുകളും ചില്ലകളും ഫല ങ്ങള്‍ നിറഞ്ഞതും മുരട് പശിമയാര്‍ന്ന മണ്ണില്‍ ഊന്നിനില്‍ക്കുന്നതുമാണ്. തീര്‍ച്ചയായും അത് സര്‍വവചനങ്ങളേക്കാളും ഉന്നതമാണ്. അതിനെ താഴ്ത്തിക്കാ ണിക്കാന്‍ മറ്റൊരു വചനത്തിനും സാധ്യമല്ല. അതിന്റെ കീഴില്‍ അകപ്പെടുന്ന സകലതിനെയും അത് തകര്‍ത്തുകളയും, തീര്‍ച്ച!

ഇത് ഒരു അമുസ്‌ലിമിന്റെ പ്രസ്താവനയാണെന്ന് നാം ഓര്‍ക്കണം. ഖുര്‍ആനിന്റെ സാഹിത്യമൂല്യത്തെക്കുറിച്ച് ഇതിനേക്കാള്‍ നല്ല ഒരു സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

അനുകരിക്കാനാകാത്ത ശൈലിയാണ് ഖുര്‍ആനിന്റെത്. ഇക്കാര്യം ആധുനികരായ മുസ്‌ലിംകളല്ലാത്ത അറബി പണ്ഡിതന്മാര്‍ പോലും അംഗീകരിച്ചിട്ടുള്ളതാണ്. ഓറിയന്റലിസ്റ്റായ ജി. സെയ്ല്‍ എഴുതുന്നത് കാണുക:

The style of the Quran is beautiful, it is adorned with bold figures after the Eastern taste, enlivened with florid and sententions expressions and in many places where the Majesty and attributes of God are described, sublime and magnificient (G. Sale, The Koran: Commonly called Al-Quran, with a preliminery discourse, London 1899 vol 1 page 47)

(പൗരസ്ത്യാസ്വാദനത്തിന്റെ വ്യക്തമായ ബിംബങ്ങളാല്‍ അലംകൃതമാക്കപ്പെടുകയും ഉപമാലങ്കാരങ്ങളാലും അര്‍ഥ സമ്പുഷ്ടമായ പദപ്ര യോഗങ്ങളാലും ചൈതന്യവത്താക്കപ്പെടുകയും  ചെയ്തിട്ടുള്ള ഖുര്‍ആനിന്റെ ശൈലി അതിസുന്ദരമാണ്. ദൈവിക ഗുണങ്ങളെയും പ്രതാ പത്തെയും കുറിച്ച് പ്രതിപാദിക്കുമ്പോള്‍ അതിന്റെ ഭാഷ പ്രൗഢവും ഗംഭീരവുമായിത്തീരുന്നു).

മറ്റൊരു ഓറിയന്റലിസ്റ്റായ എ.ജെ. ആര്‍ബറി എഴുതുന്നു:

"The complex prosody, a rich repertory of subtle and complicated rhymes had been completely perfected. A vocabulary of themes, images and figures extensive but nevertheless circumscribed, was firmly established" (A.J. Arberry, The Quran interpreted, London 1955 page 11)

(ഗഹനവും സങ്കീര്‍ണവുമായ കാവ്യശകലങ്ങളുടെ ഒരു സമ്പന്നമായ കലവറ സരളമല്ലാത്ത പദ്യരചനാരീതിയില്‍ പൂര്‍ണമായി കുറ്റമറ്റതാ ക്കപ്പെ ട്ടിരിക്കുന്നു. പ്രമേയങ്ങളുടെയും  ബിംബങ്ങളുടെയും രൂപങ്ങളുടെയും വിപു ലമല്ലെങ്കിലും ക്ലിപ്തമായ പദസഞ്ചയത്തില്‍ അവ ബലിഷ്ഠമായി സ്ഥാപിക്കപ്പെടുകയും ചെയ്തിരിക്കുന്നു)

ഖുര്‍ആനിന്റെ ശൈലിയും ഭാഷയും സാഹിത്യവുമെല്ലാം അതുല്യമാണ്. അനുകരണത്തിന് അതീതമാണ്.  അതിസുന്ദരമാണ്. അറബിയ റിയാവുന്ന എല്ലാവര്‍ക്കും മനസ്സിലാക്കാവുന്നതാണിത്. ഖുര്‍ആനിലെ ഓരോ സൂക്തവും അത്യാകര്‍ഷകവും ശ്രോതാവിന്റെ മനസ്സില്‍ മാറ്റത്തിന്റെ വേലിയേറ്റമുണ്ടാക്കുന്നതുമാണ്.  ഇത് അറബിയറിയാവുന്ന ആധുനികരും പൗരാണികരുമായ വിമര്‍ശകരെല്ലാം സമ്മതി ച്ചിട്ടുള്ളതാണ്.

ഒരു കാര്യം ദൈവിക ദൃഷ്ടാന്തമാകുന്നത് അത് അജയ്യമാകുമ്പോഴാണ്. മോശെ പ്രവാചകന്‍ തന്റെ വടി നിലത്തിട്ടപ്പോള്‍ അത് ഉഗ്രസര്‍പ്പ മായി മാറി. പ്രസ്തുത ദൈവിക ദൃഷ്ടാന്തത്തോട് മല്‍സരിക്കാനായി വന്ന മാന്ത്രികന്മാരുടെ വടികളെയും കയറുകളയുമെല്ലാം ആ സര്‍പ്പം വിഴുങ്ങി. ഇത് ഖുര്‍ആനിലും ബൈബിളിലുമെല്ലാം വിവരിക്കുന്നുണ്ട്.

ഖുര്‍ആന്‍ അവകാശപ്പെടുന്നത് അതിന്റെ ശൈലിയും ഘടനയും ആശയാലേഖനവും സാഹിത്യവുമെല്ലാം അജയ്യമാണെനും അതിന് തുല്യ മായ ഒരു രചന നടത്തുവാന്‍ സൃഷ്ടികള്‍ക്കൊന്നും സാധ്യമല്ലെന്നുമാണ്. 'നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെപ്പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്‍േറത് പോലെയുള്ള ഒരു അധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ ക്കുള്ള സഹായികളെയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍! നിങ്ങള്‍ക്കത് ചെയ്യാ ന്‍ കഴിഞ്ഞില്ലെങ്കില്‍ -നിങ്ങള്‍ക്ക് ഒരിക്കലും അതു ചെയ്യാന്‍ കഴിയുക യില്ല- മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്‌നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചു കൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്' (2:23,24). ഇത് സത്യമാണെന്ന് ഭാഷാ പരിജ്ഞാനമുള്ളവരെല്ലാം സമ്മതിക്കുന്നു.

ഖുര്‍ആനിലേതിന് തുല്യമായ ഒരു അധ്യായമെങ്കിലും കൊണ്ടുവരാനുള്ള അതിന്റെ വെല്ലുവിളിക്ക് ഉത്തരം നല്‍കുവാന്‍ അറബ് സാഹി ത്യരംഗത്തുള്ള ആര്‍ക്കുംതന്നെ ഇതുവരെ കഴിഞ്ഞിട്ടുമില്ല. ഖുര്‍ആന്‍ മുഹമ്മദ് നബി(സ)ക്ക് അവതരിപ്പിക്കപ്പെട്ട ദൈവിക ദൃഷ്ടാന്തമാ ണെന്ന വാദത്തെ പരിഹസിക്കുവാനല്ലാതെ പ്രതിരോധിക്കുവാനോ മറുപടി നല്‍കുവാനോ അതിലെ ഏതെങ്കിലുമൊരു അധ്യായത്തിന് തുല്യമായ അധ്യായം കൊണ്ടുവരാനോ അറബിയറിയാവുന്ന വിമര്‍ശകന്മാര്‍ക്ക് പോലും കഴിയുന്നില്ലെന്നതാണ് വാസ്തവം.

ഇംഗ്ലീഷില്‍ ഷെയ്ക്‌സ്പിയറുടെ നാടകങ്ങൾ, ജര്‍മന്‍ ഭാഷയില്‍ ഗോയ്‌ഥേയുടെയും ഷില്ലറുടെയും രചനകൾ, പേര്‍സ്യനില്‍ ഹാഫിളിന്റെയും റൂമിയുടെയും കവിതകൾ, സംസ്‌കൃതത്തില്‍ ഋഗ്വേദം. ഇങ്ങനെ ഓരോ ഭാഷയിലും ഉന്നതമായ സാഹിത്യ സൃഷ്ടികളുണ്ടായിട്ടുണ്ട്. ഇതേ പോലെയുള്ള ഒരു സാഹിത്യകൃതിയായി കണ്ടാൽ പോരെ ക്വുർആനിനെയും. ഖുർആനിന് മാത്രമെന്താണ് സവിശേഷത?

ഇംഗ്ലീഷില്‍ ഷെയ്ക്‌സ്പിയറെ വെല്ലുന്ന ഒരു നാടകകൃത്തില്ല. ജര്‍മന്‍ ഭാഷയിലാണെങ്കില്‍ ഗോയ്‌ഥേയും ഷില്ലറും അവരുടെ നാടകരചനയില്‍ അത്യുന്നതന്മാരാണ്. പേര്‍സ്യനില്‍ ഹാഫിളും റൂമിയും അദ്വിതീയരാണ്. സംസ്‌കൃതത്തില്‍ ഋഗ്വേദം അതുല്യമായ രചനയാണ്. ഓരോ ഭാഷയിലും ഉന്നതമായ സാഹിത്യ സൃഷ്ടികളുണ്ടായിട്ടുണ്ട്. ഇതുപോലെ അറബിയിലും മനോഹരമായ രചനകളുണ്ടായിട്ടുണ്ട്. ഈ രചനകളില്‍നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ഖുര്‍ആനിന്റെ രൂപവും ശൈലിയും ഉള്ളടക്കവുമെല്ലാം. ഷേക്‌സ്പിയറുടെ നാടങ്ങളും ഗോയ്‌ഥേയുടെയും ഹോമറുടെയും കൃതികളുമെല്ലാം കഥനങ്ങളും ആസ്വാദനത്തിനു വേണ്ടിയുള്ളയതുമാണ്. അവ മാനുഷിക വികാരത്തെ മാത്രം സംതൃപ്തമാക്കാനുതകുന്നതാണ്.

ഖുര്‍ആനിക വചനങ്ങള്‍ ആസ്വാദനം നല്‍കുന്നതോടൊപ്പം പരിവര്‍ത്തനങ്ങളുണ്ടാക്കുകയും ചെയ്യുന്നു. സന്തോഷത്തോടൊപ്പം ശാന്തിയും നല്‍കുന്നു. കഥനങ്ങളോടൊപ്പം പാഠങ്ങളും പഠിപ്പിക്കുന്നു. മനുഷ്യരെ ഒന്നും പുറത്തുനിന്ന് അടിച്ചേല്‍പിക്കുകയല്ല ഖുര്‍ആന്‍ ചെയ്യുന്നത്. അവന് അകത്തുനിന്നുതന്നെ കര്‍മങ്ങള്‍ക്കുള്ള പ്രചോദനമുണ്ടാക്കുകയാണ്. ബുദ്ധിക്ക് സംതൃപ്തിയും വികാരങ്ങള്‍ക്ക് പൂര്‍ത്തീകരണവും നല്‍കിക്കൊണ്ട് ആളുകളെ പ്രവര്‍ത്തന നിരതമാക്കുകയാണ് അവ ചെയ്യുന്നത്. മദ്യം നിരോധിച്ചുകൊണ്ടുള്ള സൂക്ത(5:90,91)ങ്ങള്‍ ഉദാഹരണം. പ്രസ്തുത സൂക്തങ്ങളിലെ കല്‍പന സ്വയമേവ നിറവേറ്റുകയാണ് അത് കേട്ടവര്‍ ചെയ്തത്. മദീനാ തെരുവിലൂടെ മദ്യച്ചാലുകള്‍ ഒഴുകിയതിന് കാരണമതായിരുന്നു. മനുഷ്യവിരചിതമായ ഒരു സാഹിത്യ സൃഷ്ടിക്കും സാധിക്കാത്ത ഒരു കാര്യമാണിത്. ഒരാളുടെയല്ല, ഒരായിരം പേരുടെയുമല്ല; ലക്ഷങ്ങളുടെ ഹൃദയങ്ങള്‍ക്കകത്തേക്ക് തുളച്ചുകയറി ഒരേ രൂപത്തിലുള്ള കര്‍മങ്ങള്‍ ചെയ്യുന്നവരായി മാറ്റിയെടുക്കുകയെന്നത് മനുഷ്യകഴിവിന്നതീതമാണ്. മനുഷ്യമനസ്സിന്റെ സ്പന്ദതാളങ്ങളെയും ലയത്തെയും കുറിച്ച് വ്യക്തമായി അറിയാവുന്ന പടച്ചതമ്പുരാനു മാത്രമേ അത്തരമൊരു രചന സാധ്യമാകൂ.

ഏതു ഭാഷയിലെയും സാഹിത്യകൃതികളെടുത്ത് പരിശോധിക്കുക. അവയുടെ സാഹിത്യമൂല്യത്തെക്കുറിച്ച് നാം സംസാരിക്കുന്നത് അത് എഴുതപ്പെട്ട കാലത്തെ ഭാഷയുടെയും അറിവിന്റെയും ഭൂമികയില്‍നിന്നുകൊണ്ടാണ്. അവയിലൊന്നിന്റെയും ഭാഷകള്‍ ഇപ്പോള്‍ ജീവല്‍ ഭാഷകളേയല്ല. ഷേക്‌സ്പിയറുടെ ഇംഗ്ലീഷും ഋഗ്വേദത്തിന്റെ സംസ്‌കൃതവുമൊന്നും ഇന്ന് ജീവിച്ചിരിക്കുന്ന ഭാഷകളല്ല. ഈ ഭാഷകളെല്ലാം ഒട്ടനവധി പരിണാമ പ്രക്രിയകള്‍ക്ക് വിധേയമായി. ഖുര്‍ആനിന്റെ ഭാഷയും സൗന്ദര്യവും ഇവയില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട് പതിനാല് നൂറ്റാണ്ട് കഴിഞ്ഞിട്ടും ഖുര്‍ആനിക അറബിതന്നെയാണ് ഇന്നും അറബികള്‍ക്ക് ആധാരഭാഷ (standard language)യായി നിലനില്‍ക്കുന്നത്. ദൈവിക നിയമങ്ങളെപോലെത്തന്നെ ദൈവിക ഗ്രന്ഥത്തിന്റെ ഭാഷക്കും ഗണ്യമായ മൗലികമാറ്റങ്ങളൊന്നും കൂടാതെ പതിനാലു നൂറ്റാണ്ടുകാലം നിലനില്‍ക്കുവാന്‍ കഴിഞ്ഞുവെന്നതുതന്നെ ഒരു ദൈവിക ദൃഷ്ടാന്തമാണ്. ഭാഷാ പരിണാമത്തെയും കഴിഞ്ഞ പതിനാലു നൂറ്റാണ്ടുകള്‍ക്കിടയില്‍ മറ്റു ഭാഷകള്‍ക്കുണ്ടായ മാറ്റങ്ങളെയും കുറിച്ച് പഠിച്ചവര്‍ക്കേ ഖുര്‍ആനിന്റെ മാത്രമായ ഈ സവിശേഷത വ്യക്തമായി മനസ്സിലാവൂ.

സത്യത്തില്‍, മറ്റു സാഹിത്യ കൃതികള്‍ ഖുര്‍ആനുമായി താരതമ്യം ചെയ്യാനേ അര്‍ഹമല്ലാത്തവയാണ്. അവയെല്ലാം ഓരോ പ്രത്യേക സാഹചര്യങ്ങളുടെ സൃഷ്ടി; ആ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട സംഭവങ്ങളുമായി മാത്രം ബന്ധപ്പെട്ടവ; ജനങ്ങളെ ആസ്വദിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടി മാത്രം രചിക്കപ്പെട്ടവ. ഖുര്‍ആനാകട്ടെ ജനങ്ങളെ അഭ്യസിപ്പിക്കുവാനുള്ളതാണ്. അത്തരമൊരു ഗ്രന്ഥം ആസ്വാദനം നല്‍കുകയെന്നത് വളരെ വിരളമാണ്. ഖുര്‍ആനിക സൂക്തങ്ങള്‍ ഒരേസമയംതന്നെ അത് അവതരിപ്പിക്കപ്പെട്ടകാലത്തെ സാഹചര്യങ്ങളോടും മറ്റു കാലങ്ങളിലെ തത്തുല്യമായ സാഹചര്യങ്ങളോടും പൊരുത്തപ്പെടുന്നവയാണ്. ബാഹ്യമായി ആസ്വദിപ്പിക്കുക ഖുര്‍ആനിന്റെ ലക്ഷ്യമേയല്ല. എന്നാല്‍ ഖുര്‍ആനിക വചനങ്ങള്‍ മനസ്സിന് സംതൃപ്തിയും കുളിര്‍മയും നല്‍കുകയും അതിന്റെ മനോഹാരിതയില്‍ മനസ്സ് പകച്ചുനിന്നുപോവുകയും ചെയ്യുന്നു.

മറ്റു ഗ്രന്ഥങ്ങളില്‍നിന്നെല്ലാം ഖുര്‍ആനിനെ വ്യതിരിക്തമാക്കുന്ന അതിന്റെ സുപ്രധാനമായ പ്രത്യേകത അത് മുന്നോട്ട് വെക്കുന്ന വെല്ലുവിളിയാണ്. മറ്റുകൃതികളുടെയൊന്നും രചയിതാക്കള്‍ക്ക് തങ്ങളുടെ ഗ്രന്ഥത്തിനു തുല്യമായ ഒരു ഗ്രന്ഥം കൊണ്ടുവരാനായി വെല്ലുവിളിക്കുവാനുള്ള ധൈര്യമുണ്ടായിട്ടില്ല; ധൈര്യമുണ്ടാവുകയുമില്ല. മറ്റൊരാളുടെ കഴിവ് എത്രമാത്രമുണ്ടെന്ന് മനസ്സിലാക്കാന്‍ ആര്‍ക്കാണ് സാധിക്കുക? അതിന് ഒരാള്‍ക്കും സാധിക്കുയില്ലെന്നതുകൊണ്ടുതന്നെ അത്തരമൊരു വെല്ലുവിളി നടത്താന്‍ സര്‍വശക്തനായ സ്രഷ്ടാവിനല്ലാതെ ഒരാള്‍ക്കും കഴിയുകയില്ല. ലോകോത്തര സാഹിത്യകൃതികളൊന്നുംതന്നെ അത്തരമൊരു വെല്ലുവിളി നടത്തുന്നുമില്ല.

ചുരുക്കത്തില്‍, ഖുര്‍ആനുമായി താരതമ്യത്തിനുപോലും മറ്റു സാഹിത്യഗ്രന്ഥങ്ങളൊന്നും അര്‍ഹമല്ലെന്നതാണ് വാസ്തവം.

ക്വുർആൻ ഉന്നതമായ ഒരു സാഹിത്യകൃതിയാണെന്നും അതിനാൽ അത് ദൈവികമാണെന്നും മുസ്ലിംകൾ വാദിക്കാറുണ്ട്. നല്ല സാഹിത്യകൃതിയാണ് എന്നതുകൊണ്ടുമാത്രം ഒരുഗ്രൻഥം ദൈവികമാണെന്ന് പറയാൻ കഴിയുമോ ?

ന്നതമായ സാഹിത്യകൃതിയാണ് എന്നതുകൊണ്ടുമാത്രം ഒരു ഗ്രന്ഥവും ദൈവികമാണെന്ന് പറയുക സാധ്യമല്ല; വടി നിലത്തിട്ട് സര്‍പ്പമാക്കി കാണിക്കുന്നവരെയെല്ലാം ദൈവ പ്രവാചകന്മാരായി അംഗീകരിക്കാന്‍ പറ്റാത്തതുപോലെ. ദൈവിക ദൃഷ്ടാന്തവും മാനുഷിക വിദ്യകളും തമ്മില്‍ അടിസ്ഥാനപരമായ ഒരു അന്തരമുണ്ട്. ദൃഷ്ടാന്തങ്ങള്‍ മനുഷ്യരുടെ കഴിവുകളെ മുഴുവന്‍ വെല്ലുവിളിക്കുന്നതായിരിക്കുമെന്നതാണത്. അതിനു മുകളില്‍ നില്‍ക്കുവാന്‍ മാനുഷിക വിദ്യകള്‍ക്കൊന്നിനും കഴിയില്ല. അവ എത്രസാര്‍ഥമാണെന്നിരിക്കിലും. മോശെയുടെ സര്‍പ്പം മാന്ത്രികന്മാരുടെ സര്‍പ്പങ്ങളെ മുഴുവന്‍ വിഴുങ്ങിയതുപോലെ ദൈവിക ദൃഷ്ടാന്തങ്ങള്‍ മാനുഷിക വിദ്യകളെ മുഴുവന്‍ വെല്ലുവിളിച്ചുകൊണ്ട് നിലനില്‍ക്കും; തീര്‍ച്ച.

ഖുര്‍ആന്‍ ഉന്നതമായ സാഹിത്യനിലവാരം പുലര്‍ത്തുകയും മനുഷ്യമനസ്സുകളെ സ്വാധീനിക്കുകയും ചെയ്യുന്നു. അതോടൊപ്പം അത് മാനവരാശിയോട് ഒരു അത്യുജ്വലമായ വെല്ലുവിളി നടത്തുകയും ചെയ്യുന്നു. അതിനു സമാന്തരമായി ഒരു രചന നിര്‍വഹിക്കുവാനാണ് പ്രസ്തുത വെല്ലുവിളി. ഈ വെല്ലുവിളിക്കുമുമ്പില്‍ മറ്റു സാഹിത്യ കൃതികളെല്ലാം മോശെയുടെ സര്‍പ്പത്തിനു മുന്നിലെ മാന്ത്രികപ്പാമ്പുകളെപ്പോലെ നിസ്സഹായരായി നില്‍ക്കുകയാണ്.

ഖുര്‍ആന്‍ ആദ്യം വെല്ലുവിളിച്ചത് അതുപോലൊരു ഗ്രന്ഥം കൊണ്ടുവരുവാനാണ്. ഖുര്‍ആന്‍ പറഞ്ഞു: ”പറയുക: ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ടുവരുന്നതിനായി മനുഷ്യരും ജിന്നുകളും ഒന്നിച്ചു ചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ടുവരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നവരായാല്‍ പോലും”(17:88).

ഖുര്‍ആനിന് തുല്യമായ ഒരു ഗ്രന്ഥം കൊണ്ടുവരുന്നതിനുവേണ്ടിയുള്ള വെല്ലുവിളിക്കു മുമ്പില്‍ അറബി സാഹിത്യകാരന്മാരെല്ലാം മുട്ടുമടക്കി. എങ്കിലും ഖുര്‍ആന്‍ കെട്ടിച്ചമച്ചതാണെന്നും മാരണമാണെന്നും വാദിക്കുന്നവരോട് അത് വീണ്ടും വെല്ലുവിളിച്ചു: ”അതല്ല, അദ്ദേഹം അത് കെട്ടിച്ചമച്ചുവെന്നാണോ അവര്‍ പറയുന്നത്? എന്നാല്‍ ഇതുപോലുള്ള പത്ത് അധ്യായങ്ങള്‍ ചമച്ചുണ്ടാക്കിയത് നിങ്ങള്‍ കൊണ്ടുവരൂ. അല്ലാഹുവിന് പുറമെ നിങ്ങളെ സഹായിക്കുന്നവരെയെല്ലാം നിങ്ങള്‍ വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍”(10:13).

ഖുര്‍ആനിലെ പത്ത് അധ്യായങ്ങള്‍ക്ക് തുല്യമായ അധ്യായങ്ങളെങ്കിലും രചിച്ചുകൊണ്ട് അത് മനുഷ്യനിര്‍മിതമാണെന്ന വാദം സ്ഥാപിക്കുവാനുള്ള ഖുര്‍ആനിന്റെ വെല്ലുവിളിക്ക് ഉത്തരം നല്‍കാന്‍ സമകാലികരായ മനുഷ്യര്‍ക്കൊന്നും കഴിഞ്ഞില്ല. എന്നാല്‍,അവിശ്വാസികള്‍ ഖുര്‍ആന്‍ വചനങ്ങള്‍ മുഹമ്മദി(ﷺ)ന്റെ രചനയാണെന്ന പ്രചാരണം നിര്‍ത്തിയതുമില്ല. അപ്പോള്‍ ഖുര്‍ആന്‍ വീണ്ടും പറഞ്ഞു: ”അതല്ല, അദ്ദേഹം അതുകെട്ടിച്ചമച്ചുവെന്നാണോ നിങ്ങള്‍ പറയുന്നത്? പറയുക: എന്നാല്‍, അതിനു തുല്യമായ ഒരു അധ്യായം നിങ്ങള്‍ കൊണ്ടുവരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം വിളിച്ചുകൊള്ളുകയും ചെയ്യുക; നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍”(10:38).

ഈ വെല്ലുവിളികള്‍ക്കൊന്നിനും മറുപടി നല്‍കുവാന്‍ അന്നു ജീവിച്ചിരുന്ന സാഹിത്യകാരന്മാര്‍ക്കൊന്നും കഴിഞ്ഞില്ല. അവരില്‍ പലരും അതിനു ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു പിന്‍വാങ്ങേണ്ടിവന്നു. ഖുര്‍ആന്‍ അവസാന നാളുവരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള ദൃഷ്ടാന്തമാണല്ലോ. അതുകൊണ്ടുതന്നെ മുഴുവന്‍ മാനവസമൂഹത്തോടുമായി ഈ വെല്ലുവിളി അത് ഒരിക്കല്‍കൂടി ആവര്‍ത്തിച്ചു: ”നമ്മുടെ ദാസന് നാം അവതരിപ്പിച്ചു കൊടുത്തതിനെപ്പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്‍േറതുപോലുള്ള ഒരു അധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിനു പുറമെ നിങ്ങള്‍ക്കുള്ള സഹായികളെയും വിളിച്ചുകൊള്ളുക; നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍. നിങ്ങള്‍ക്കത് ചെയ്യാനായില്ലെങ്കില്‍- നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയില്ല -മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്‌നിയെ നിങ്ങള്‍ കാത്തു സൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കു വേണ്ടി ഒരുക്കപ്പെട്ടതാകുന്നു അത്” (2:23,24).

ദൈവമൊഴിച്ചുള്ള മുഴുവന്‍ പേരും ഒരുമിച്ചു കൂടിയാല്‍ പോലും ഖുര്‍ആനിലെ ഏറ്റവും ചെറിയ അധ്യായതിനു തുല്യമായ ഒരു രചനപോലും കൊണ്ടുവരാന്‍ കഴിയില്ലെന്നതാണ് വെല്ലുവിളി. ഈ വെല്ലുവിളിക്ക് ഉത്തരം നല്‍കാന്‍ അറേബ്യന്‍ സാഹിത്യത്തറവാട്ടിലെ കാരണവന്മാര്‍ക്ക് കഴിഞ്ഞില്ല. ഇന്നും ആ വെല്ലുവിളി ലോകത്തിനു മുന്നില്‍ സ്പഷ്ടമായി നിലനില്‍ക്കുന്നു. മാനവരാശിയുടെ കര്‍ണപുടങ്ങളില്‍ ഖുര്‍ആനിന്റെ വെല്ലുവിളി അലച്ചുകൊണ്ടിരിക്കുന്നു. മറ്റു വേദഗ്രന്ഥങ്ങളുടെ ഭാഷകളെപ്പോലെ ഖുര്‍ആനിന്റെ ഭാഷ ഒരു നിര്‍ജീവ ഭാഷയല്ല. അത് സജീവമായൊരു സംസാരഭാഷയാണ്. അറബി സംസാരിക്കുന്നവരായ കുറേ അമുസ്‌ലിംകളുണ്ട്. ഇസ്‌ലാമിന്റെ കഠിന വിരോധികളായ കുറെ അറബി സാഹിത്യകാരന്മാരുമുണ്ട്. അവര്‍ക്കൊന്നുംതന്നെ ഖുര്‍ആനിന്റെ ഈ വെല്ലുവിളിക്കു മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല; ഇനിയൊട്ട് കഴിയുകയുമില്ല.

ഖുര്‍ആന്‍ കേവലമായ ഒരു മാനുഷിക രചനയായിരുന്നെങ്കില്‍ ഇത്തരമൊരു വെല്ലുവിളി നടത്താന്‍ അതിന് സാധിക്കുമായിരുന്നില്ല. മനുഷ്യര്‍ മുഴുവന്‍ ഒന്നിച്ചു ചേര്‍ന്നാല്‍ പോലും തന്റെ രചനയിലെ ഒരു അധ്യായത്തിനു തുല്യമായ ഒരെണ്ണം കൊണ്ടുവരാന്‍ കഴിയില്ലെന്ന് പറയാന്‍ ഒരു മനുഷ്യന് ധൈര്യം വരുന്നതെങ്ങനെ? ഖുര്‍ആനിന്റെ അമാനുഷികത പ്രകടമാക്കപ്പെടുന്നത് ഈ വെല്ലുവിളിയിലാണ്. ഈ വെല്ലുവിളിയില്ലായിരുന്നുവെങ്കില്‍, ഖുര്‍ആനിക സാഹിത്യത്തിന് മാത്രമായി ദൈവികതയുണ്ടെന്ന് പറയാന്‍ കഴിയുകയില്ലായിരുന്നുവെന്നര്‍ഥം; മറ്റേത് ഉന്നതമായ സാഹിത്യ കൃതിയെയും പോലെ.

 സമൂഹത്തിൽ മാറ്റമുണ്ടാക്കുന്ന രീതിയില്‍ വ്യക്തിയെ പരിവര്‍ത്തിപ്പിക്കുവാനും അടിസ്ഥാനപരമായ മാറ്റത്തിന് നിമിത്തമാകുവാനും കഴിയുന്നതാകണം സാഹിത്യമെന്നു പറയാറുണ്ട്. ഈ വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ഖുർആനിനെ എങ്ങനെ വിലയിരുത്താനാകും? 

സാമൂഹ്യമാറ്റത്തിന് നിമിത്തമാകുന്ന രീതിയില്‍ വ്യക്തിയെ പരിവര്‍ത്തിപ്പിക്കുവാന്‍ കഴിയുന്നതാകണം സാഹിത്യമെന്ന വീക്ഷണത്തിന്റെ അളവുകോല്‍ ഉപയോഗിച്ച് പരിശോധിച്ചാല്‍ ഖുര്‍ആന്‍ ഒരു കുറ്റമറ്റ സാഹിത്യകൃതിയാണെന്ന് പറയാന്‍ കഴിയും. ശ്രോതാവിന്റെ ബുദ്ധിക്ക് തൃപ്തിയും മനസ്സിന് സമാധാനവും നല്‍കുന്നതോടൊപ്പം അവന്റെ ഹൃദയത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുകയും കൂടി ചെയ്യുന്നവയാണ് ഖുര്‍ആന്‍ സൂക്തങ്ങള്‍. മനുഷ്യമനസ്സുകളെ സ്വാധീനിക്കുവാനും അവയില്‍ പരിവര്‍ത്തനത്തിന്റ ആന്ദോളനങ്ങള്‍ സൃഷ്ടിക്കുവാനുമുള്ള ഖുര്‍ആനിന്റെ കഴിവ് അതിനെ അതുല്യമാക്കുന്ന പല സവിശേഷതകളിലൊന്നാണ്.

മുഹമ്മദ് നബി(ﷺ) ഒരിക്കല്‍ കഅ്ബയുടെ സമീപം വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യുകയാണ്. ശ്രോതാക്കളില്‍ മുസ്‌ലിംകളും അമുസ്‌ലിംകളുമെല്ലാം ഉണ്ട്. സൂറത്തുന്നജ്മിലെ സാഷ്ടാംഗത്തിന്റെ സൂക്തം ഓതിക്കൊണ്ടിരിക്കെ അല്ലാഹുവിന്റെ കല്‍പന പ്രകാരം നബി(ﷺ) സാഷ്ടാംഗം ചെയ്തു. അവിടെ കൂടിയിരുന്ന മുഴുവന്‍ ആളുകളും, മുസ്‌ലിം – അമുസ്‌ലിം വ്യത്യാസമില്ലാതെ നബിയോടൊപ്പം സാഷ്ടാംഗം ചെയ്തുപോയി. ഉമയ്യത്തുബ്‌നു ഖലഫ് എന്ന അഹങ്കാരിയൊഴികെ. (അബൂദാവൂദ്, തിര്‍മിദി). ഖുര്‍ആനിന്റെ സ്വാധീനശക്തി! അതിന്റെ കഠിന വിരോധികള്‍ പോലും അതിന്റെ ആജ്ഞയനുസരിച്ച് സാഷ്ടാംഗം ചെയ്യുന്ന അവസ്ഥ!!

ലബീദുബ്‌നു റബീഅഃ നബി(ﷺ)യുടെ കാലത്തെ അറേബ്യയിലെ അതിപ്രഗത്ഭനായ സാഹിത്യകാരനായിരുന്നു. അദ്ദേഹത്തിന്റെ അതിസുന്ദരമായ ഒരു കവിത കഅ്ബയുടെ വാതിലിന്മേല്‍ പറ്റിച്ചുവെച്ചിരുന്നു. അങ്ങനെ വെക്കുന്നത് ഒരു വെല്ലുവിളിയാണ്. പ്രസ്തുത കവിതയെ വെല്ലുവാന്‍ ആര്‍ക്കെങ്കിലും കഴിയുമോയെന്നാണ് വെല്ലുവിളി. അവിടെയുണ്ടായിരുന്ന ഒരു കവിക്കും അതിനടുത്ത് മറ്റൊരു കവിതയൊട്ടിച്ച് വെക്കാനുള്ള ധൈര്യം വന്നില്ല. അത്രക്ക് മനോഹരമായിരുന്നു ആ കവിത. എന്നാല്‍ അതിനടുത്തു തന്നെ ഏതാനും ഖുര്‍ആന്‍ സൂക്തങ്ങള്‍ എഴുതിത്തൂക്കുവാന്‍ പ്രവാചകാനുചരന്മാര്‍ തയാറായി. തന്റെ വെല്ലുവിളിക്ക് ഉത്തരം നല്‍കിയവനെ പരിഹസിക്കുവാനുള്ള വെമ്പലോടെ ലബീദ് ഖുര്‍ആന്‍ വചനങ്ങള്‍ വായിച്ചു. ഏതാനും വചനങ്ങള്‍ വായിച്ചതേയുള്ളൂ;അദ്ദേഹം ഖുര്‍ആനിന്റെ വശ്യതയില്‍ ആകൃഷ്ടനായി ഇസ്‌ലാം സ്വീകരിച്ചു. പുച്ഛത്തോടെ നോക്കുന്നവന്റെ മനസ്സില്‍പോലും മാറ്റം സൃഷ്ടിക്കുവാനുള്ള ഖുര്‍ആനിന്റെ കഴിവാണ് ഇവിടെ പ്രകടമായത്.

ഉമറുബ്‌നുല്‍ ഖത്താബിന്റെ ഇസ്‌ലാം ആശ്ലേഷം ചരിത്ര ്രപസിദ്ധമാണ്. മുഹമ്മദ് നബി(ﷺ)യുടെ തലയെടുക്കുവാനായി ഊരിയ വാളും കൊണ്ട് പുറപ്പെട്ട ഉമറി(റ)ന്റെ മനസ്സുമാറ്റിയത് സഹോദരിയില്‍നിന്നും ലഭിച്ച ഫലകത്തിലെ ഖുര്‍ആന്‍ വചനങ്ങളുടെ വശ്യതയും ആശയ ഗാംഭീര്യവുമായിരുന്നു.

ജുബൈർ ഇബ്ൻ മുത്വ്ഇം എന്ന ബഹുദൈവ വിശ്വാസി ഒരിക്കല്‍ വഴിയിലൂടെ നടന്നുപോവുകയാണ്. മുഹമ്മദ് നബി(ﷺ) മഗ്‌രിബ് നമസ്‌കാരത്തില്‍ സൂറത്തു ത്വൂര്‍ ഓതിക്കൊണ്ടിരിക്കുന്നത് അദ്ദേഹം കേട്ടു. അതിലെ ഓരോ പദവും അദ്ദേഹത്തിന്റെ ഹൃദയത്തില്‍ പതിഞ്ഞു. അതിന്റെ മനോഹാരിത അദ്ദേഹത്തെ ആകര്‍ഷിച്ചു. അതിന്റെ സ്വാധീനത്തില്‍ അദ്ദേഹം അതിശയിച്ചു. അവിടെ വെച്ചുതന്നെ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍!

ഖുര്‍ആനിന്റെ മനോഹരവും വശ്യവുമായ ശൈലിയെപ്പറ്റി മക്കാ മുശ്‌രിക്കുകള്‍ ബോധവാന്മാരായിരുന്നു. പ്രസ്തുത മനോഹാരിതയാണ് പാരമ്പര്യമതത്തില്‍നിന്ന് ജനങ്ങള്‍ കൊഴിഞ്ഞുപോകാന്‍ ഇടയാക്കുന്നത് എന്ന് അവര്‍ക്ക് അറിയാമായിരുന്നു. നാടുവിടാനൊരുങ്ങിയ അബൂബക്കറി(റ)നെ തിരിച്ചുകൊണ്ടുവന്ന ഇബ്‌നുദുഗ്‌നയോട് മക്കാനിവാസികള്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു: ‘അബൂബക്കര്‍ ഖുര്‍ആന്‍ ഉറക്കെ പാരായണം ചെയ്യുകയും ഞങ്ങളുടെ സ്ത്രീകളും കുട്ടികളും അത് കേള്‍ക്കുവാന്‍ ഇടവരികയും ചെയ്യരുത്. എങ്കില്‍ മാത്രമേ ഇവിടെ താമസിക്കുവാന്‍ അബൂബക്കറിനെ ഞങ്ങള്‍ അനുവദിക്കുകയുള്ളൂ.

ഖുര്‍ആനിന്റെ ഈ സ്വാധീനശക്തിയാണല്ലോ ജനങ്ങളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചത്. കേവലം 23 വര്‍ഷക്കാലം കൊണ്ട് അന്ധകാരത്തിന്റെ അഗാധ ഗര്‍ത്തങ്ങളില്‍ ജീവിച്ചിരുന്ന ഒരു സമൂഹത്തെ ലോകത്തിന് മുഴുവന്‍ മാതൃകായോഗ്യരായ സമുദായമാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഖുര്‍ആനിന്റെ ഈ ദൈവികതയായിരുന്നുവെന്നതാണ് സത്യം. ആര്‍.വി.സി ബോഡ്‌ലി എഴുതിയത് അതാണല്ലോ.

This book transformed the simple shepherds, the merchants and nomads of Arabia into warriors and empire builders (R.V.C Bodley: The Messenger, The Life of Mohammed- Newyork (1943:page239)

‘അറേബ്യയിലെ ആട്ടിടയന്മാരും കച്ചവടക്കാരും അലഞ്ഞുനടക്കുന്നവരുമായിരുന്ന സാധാരണക്കാരെ പടയാളികളും സാമ്രാജ്യ സ്ഥാപകരുമാക്കിത്തീര്‍ത്തത് ഈ ഗ്രന്ഥമാണ്‘.

ഖുര്‍ആനിന്റെ സ്വാധീനശക്തിയെക്കുറിച്ച് മോര്‍ഗന്‍ എഴുതി:

The Qur’an succeeded so well in captiving the mind of the audience that several of the oppenents thought it the effect of witch craft and enchantment (K.W. Morgan: Islam interpreted by Muslims, London (1958 page:27)

‘ശ്രോതാവിന്റെ മനസ്സിനെ സ്വാധീനിക്കുന്നതിലുള്ള ഖുര്‍ആനിന്റെ അത്യപാരമായ ശേഷിയാല്‍ അത് മാരണമാണെന്നും ആഭിചാരമാണെന്നുമാണ് അതിന്റെ എതിരാളികള്‍ കരുതിയത്‘.