സംരക്ഷണം

//സംരക്ഷണം

എട്ടാം നൂറ്റാണ്ടിനു ശേഷമാണ് ക്വുര്‍ആന്‍ രൂപീകരിക്കപ്പെട്ടു കഴിഞ്ഞതെന്ന് ജറുസലേമിലെ ‘ഖുബ്ബത്തു സ്‌സ്വഖ്‌റ’യില്‍ രേഖപ്പെടുത്തപ്പെട്ട അറബി ലിഖിതങ്ങൾ തെളിവല്ലേ ? അമവീ ഖലീഫയായിരുന്ന അബ്ദുല്‍ മലിക്ക് ബ്‌നു മര്‍വാനിന്റെ ഭരണകാലത്ത് നിര്‍മിക്കപ്പെട്ട ഖുബ്ബത്തു സ്‌സ്വഖ്റയിലെ പുറത്തും അകത്തും മൊസൈക്കില്‍ രേഖപ്പെടുത്തപ്പെട്ട അറബി ലിഖിതങ്ങളിൽ ക്വുർആൻ വചനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത് ഇന്ന് മുസ്ഹഫുകളിൽ കാണുന്ന ക്രമത്തിലല്ല. അത് എഴുതപ്പെടുന്ന കാലത്ത് ക്വുര്‍ആന്‍ പൂര്‍ണമായി രൂപീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ലെന്നല്ലേ ഇത് വ്യക്തമാക്കുന്നത്?

എട്ടാം നൂറ്റാണ്ടിന്റെ തുടക്കം വരെ ക്വുര്‍ആന്‍ പൂര്‍ണമായും രൂപീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നില്ലെന്നും അത് തലമുറകളെടുത്ത് രൂപീകരിക്കപ്പെട്ട വചനങ്ങളുടെ സമാഹാരമാണെന്നുമാണ് ചില ഓറിയന്റലിസ്റ്റുകളുടെ വാദം. ഇങ്ങനെ വാദിക്കുന്നവര്‍ ജറുസലേമിലെ ‘ഖുബ്ബത്തു സ്‌സ്വഖ്‌റ’യില്‍ (Dome of the Rock) ല്‍ രേഖപ്പെടുത്തപ്പെട്ട അറബി ലിഖിതങ്ങളാണ് തങ്ങള്‍ക്കുള്ള തെളിവായി അവതരിപ്പി ക്കുന്നത് (Patricia Crone & Michael Cook: Hagarism: The Making of the Islamic World, Cambridge, 1980, Page 139-149.)

അമവീ ഖലീഫയായിരുന്ന അബ്ദുല്‍ മലിക്ക് ബ്‌നു മര്‍വാനിന്റെ ഭരണകാലത്ത് നിര്‍മിക്കപ്പെട്ട സുന്ദരമായൊരു അഷ്ടഭുജ (octagon) കെട്ടിടമാണ് ഖുബ്ബത്തു സ്‌സ്വഖ്റ. ഇതിന്റെ പുറത്തും അകത്തും മൊസൈക്കില്‍ രേഖപ്പെടുത്തപ്പെട്ട അറബി ലിഖിതങ്ങളെയാണ് അത് എഴുതപ്പെടുന്ന കാലത്ത് ക്വുര്‍ആന്‍ പൂര്‍ണമായി രൂപീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ലെന്നതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആദ്യകാല മുസ്‌ലിം സമ്പ്രദായങ്ങളെയോ അവര്‍ ക്വുര്‍ആനിനെ ഉപയോഗിച്ച രീതിയെയോ കുറിച്ച് യാതൊന്നും അറിയാത്തതുകൊണ്ടാണ് ഇത്തരം ബാലിശമായ വാദങ്ങള്‍ ഉടലെടുക്കുന്നത്.

യഥാര്‍ഥത്തില്‍, ഖുബ്ബത്തു സ്‌സ്വഖ്‌റയിലെ അഷ്ടഭുജത്തിന്മേല്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് ക്രമപ്രകാരമുള്ള ക്വുര്‍ആന്‍ വചനങ്ങളല്ല. ക്വുര്‍ആന്‍ പഠിപ്പിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്യുകയെന്ന ലക്ഷ്യത്തോടെ എഴുതപ്പെട്ട രേഖയുമല്ല അത്. പ്രത്യുത ഒരു സന്ദേശത്തിന്റെ രേഖീകരണം മാത്രമാണത്. പ്രസ്തുത സന്ദേശത്തിനിടക്ക് ക്വുര്‍ആന്‍ സൂക്തങ്ങളോ അതിന്റെ ഖണ്ഡങ്ങളോ കടന്നു വരുന്നുവെന്ന് മാത്രമേയുള്ളൂ. ഒരു പ്രഭാഷകന്‍ തനിക്കാവശ്യമുള്ള ഉദ്ധരണികള്‍ ഉപയോഗിക്കുന്നതുപോലെ ‘ഖുബ്ബത്തു സ്‌സ്വഖ്‌റാ’യില്‍ സന്ദേശമെഴുതിയവര്‍ അവര്‍ നല്‍കുവാനുദ്ദേശിച്ച ദൂതിന് ഉപോല്‍ബലകമായ ക്വുര്‍ആന്‍ സൂക്തങ്ങളോ ഖണ്ഡങ്ങളോ ഉപയോഗിച്ചുവെന്ന് മാത്രമേയുള്ളൂ. അഷ്ടഭുജത്തിലെ സന്ദേശം വായിക്കുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന സരളമായ ഒരു വസ്തുതയാണിത്. പ്രസ്തുത സന്ദേശത്തിന്റെ പരിഭാഷ പരിശോധിക്കുക:

അഷ്ടഭുജത്തിനകത്തെ സന്ദേശം (പരിഭാഷ):

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍; അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരൊന്നുമില്ല. അവനാണ് എല്ലാ ആധിപത്യവും; അവന്നുതന്നെയാണ് സ്തുതികളും. അവന്‍ ജീവിപ്പിക്കുന്നു; അവന്‍ മരിപ്പിക്കുകയും ചെയ്യുന്നു. അവനാണ് എല്ലാ കാര്യങ്ങളുടെയും മേലുള്ള അധീശത്വം. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനും ദാസനുമാകുന്നു.

തീര്‍ച്ചയായും അല്ലാഹുവും മലക്കുകളും പ്രവാചകന്റെ മേല്‍ അനുഗ്രഹങ്ങള്‍ ചൊരിയുന്നു. സത്യവിശ്വാസികളേ നിങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ കാരുണ്യവും ശാന്തിയുമുണ്ടാകുവാന്‍ പ്രാര്‍ഥിക്കുക. അദ്ദേഹത്തിന്റെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളും ശാന്തിയുമുണ്ടാകട്ടെ.

വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. മര്‍യമിന്റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്റെ ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ (ഇതില്‍ നിന്ന്) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.

അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒരിക്കലും വൈമനസ്യം കാണിക്കുന്നതല്ല. (അല്ലാഹുവിന്റെ) സാമീപ്യം സിദ്ധിച്ച മലക്കുകളും (വൈമനസ്യം കാണിക്കുന്നതല്ല.) അവനെ (അല്ലാഹുവെ) ആരാധിക്കുന്നതില്‍ ആര്‍ വൈമനസ്യം കാണിക്കുകയും, അഹംഭാവം നടിക്കുകയും ചെയ്യുന്നുവോ അവരെ മുഴുവനും അവന്‍ തന്റെ അടുക്കലേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്.

അല്ലാഹുവേ, നിന്റെ ദൂതനും നിന്റെ ദാസനുമായ മര്‍യമിന്റെ പുത്രന്‍ മസീഹിനെ നീ അനുഗ്രഹിക്കേണമേ. അദ്ദേഹം ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും അദ്ദേഹത്തിന് സമാധാനം.

അതത്രെ മര്‍യമിന്റെ മകനായ ഈസാ അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാർത്ഥമായ വാക്കത്രെ ഇത്. ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിന്നുണ്ടാകാവുന്നതല്ല. അവന്‍ എത്ര പരിശുദ്ധന്‍! അവന്‍ ഒരു കാര്യം തീരുമാനിച്ച് കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രംചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു. (ഈസാ പറഞ്ഞു) തീര്‍ച്ചയായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം.

താനല്ലാതെ ഒരു ദൈവവുമില്ലെന്നതിന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന്ന് സാക്ഷികളാകുന്നു) അവന്‍ നീതി നിര്‍വഹിക്കുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവന്‍. തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്‌ലാമാകുന്നു. വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ തങ്ങള്‍ക്ക് (മതപരമായ) അറിവ് വന്നുകിട്ടിയ ശേഷം തന്നെയാണ് ഭിന്നിച്ചത്. അവര്‍ തമ്മിലുള്ള കക്ഷിമാത്‌സര്യം നിമിത്തമത്രെ അത്. വല്ലവരും അല്ലാഹുവിന്റെ തെളിവുകള്‍ നിഷേധിക്കുന്നുവെങ്കില്‍ അല്ലാഹു അതിവേഗം കണക്ക് ചോദിക്കുന്നവനാകുന്നു.

അഷ്ടഭുജത്തിന് പുറത്തെ സന്ദേശം (പരിഭാഷ):

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരൊന്നുമില്ല. (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു. അദ്ദേഹത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളുണ്ടാകട്ടെ.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരൊന്നുമില്ല. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു. തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്. സ്തുതികളെല്ലാം അല്ലാഹുവിനാണ് സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും, ആധിപത്യത്തില്‍ പങ്കാളിയില്ലാത്തവനും നിന്ദ്യതയില്‍ നിന്ന് രക്ഷിക്കാന്‍ ഒരു രക്ഷകന്‍ ആവശ്യമില്ലാത്തവനുമായ അല്ലാഹുവിന് സ്തുതി! എന്ന് നീ പറയുകയും അവനെ ശരിയാംവണ്ണം മഹത്വപ്പെടുത്തുകയും ചെയ്യുക. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ്.

അദ്ദേഹത്തിനു മേലും മലക്കുകളുടെയും പ്രവാചകന്‍മാരുടെയും മേലും അല്ലാഹുവിന്റെ അനുഗ്രഹങ്ങളുണ്ടാവട്ടെ. അദ്ദേഹത്തില്‍മേല്‍ അല്ലാഹുവിന്റെ ശാന്തിയും കാരുണ്യവുമുണ്ടാകട്ടെ. അല്ലാഹുവിന്റെ നാമത്തില്‍, പരമകാരുണികന്‍, കരുണാനിധി. അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരില്ല.

അവനാണ് എല്ലാ ആധിപത്യവും. അവനാണ് എല്ലാ കാര്യങ്ങളുടെയും മേലുള്ള അധീശത്വം. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു. അദ്ദേഹത്തിനു മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളുണ്ടാവട്ടെ. അദ്ദേഹത്തിന്റെ ജനങ്ങള്‍ക്കുമേല്‍ പുനരുത്ഥാന നാളില്‍ അദ്ദേഹം നടത്തുന്ന ശുപാര്‍ശ അവന്‍ സ്വീകരിക്കട്ടെ.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരില്ല. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു. അദ്ദേഹത്തിനു മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളുണ്ടാവട്ടെ. ഈ കുംഭഗോപുരം നിര്‍മിച്ചത് ദൈവദാസനായ അബ്ദുല്ലാ അല്‍ ഇമാം അല്‍ മഅ്മൂനാണ്; വിശ്വാസികളുടെ നേതാവ്. എഴുപത്തി രണ്ടാം വര്‍ഷത്തില്‍. അല്ലാഹു അദ്ദേഹത്തില്‍ നിന്ന് ഇത് സ്വീകരിക്കുകയും അദ്ദേഹത്തില്‍ സംപ്രീതനാവുകയും ചെയ്യട്ടെ, ആമീന്‍. സര്‍വലോകരക്ഷിതാവായ, അല്ലാഹുവിന് സ്തുതി”.

ഇത് വായിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്ന യാഥാര്‍ത്ഥ്യമാണ് ക്വുര്‍ആന്‍ അധ്യായക്രമത്തില്‍ രേഖപ്പെടുത്തിയതല്ല ഇത് എന്നുള്ള വസ്തുത. അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന ആമുഖത്തില്‍ വ്യത്യസ്ത ക്വുര്‍ആന്‍ സൂക്തങ്ങളില്‍ പ്രയോഗിച്ചിരിക്കുന്ന അല്ലാഹുവിന്റെ നാമ-ഗുണവിശേഷണങ്ങള്‍ പ്രസ്താവിച്ചിരിക്കുന്നുവെന്ന് മാത്രമെയുള്ളൂ. അത് ഉദ്ധരിച്ചുകൊണ്ട് അത് അന്നു നിലനിന്നിരുന്ന ക്വുര്‍ആന്‍ സൂക്തമായിരുന്നുവെന്നും പിന്നീടാണ് അതിലെ ദൈവഗുണ- വിശേഷണങ്ങളെ വേര്‍തിരിച്ചുകൊണ്ടുള്ള സൂക്തങ്ങള്‍ ഇതില്‍ നിന്ന് പരിണമിച്ചുണ്ടായത് എന്നും വാദിക്കുന്നത് മുസ്‌ലിംകള്‍ നടത്തുന്ന പ്രഭാഷണങ്ങളെയും സന്ദേശപ്രചരണത്തെയും കുറിച്ച അജ്ഞത കൊണ്ടാണ്. അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കുന്ന മുസ്‌ലിം സന്ദേശങ്ങളില്‍ അല്ലാഹുവിനെ സ്തുതിക്കുകയും, അവന്റെ മഹത്വം ഉദ്‌ഘോഷിക്കുകയും മുഹമ്മദ്‌നബി(സ)യുടെ മേല്‍ അനുഗ്രഹങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്ത ശേഷമാണ് മറ്റു കാര്യങ്ങള്‍ പരാമര്‍ശിക്കാറുള്ളത്. ഈ സന്ദേശത്തിലും അങ്ങനെത്തന്നെയാണുള്ളത്. ക്രിസ്ത്യാനികള്‍ താമസിക്കുന്ന സ്ഥലത്താണ് ഖുബ്ബത്തു സ്‌സ്വഖ്‌റാ നിര്‍മിക്കപ്പെട്ടത് എന്നതിനാല്‍ യേശു ക്രിസ്തുവിനെ സംബന്ധിച്ച ഇസ്‌ലാമിക നിലപാട് വ്യക്തമാക്കുകയും ക്രൈസ്തവ നിലപാടിനെ വിമര്‍ശിക്കുകയും ചെയ്യുന്ന വചനങ്ങള്‍ പ്രസ്തുത സന്ദേശത്തിന്റെ ഭാഗമായത് സ്വാഭാവികമാണ്.

ക്വുർആനിലെ പതിനേഴാം അധ്യായത്തിന്റെ 111ാം വചനം രേഖപ്പെടുത്തിയപ്പോള്‍ പ്രസ്തുത വചനത്തിന്റെ തുടക്കത്തിലുള്ള ‘നീ പറയുക’ (വഖുലി)യെന്ന ഭാഗം ഖുവ്വത്തു സ്‌സ്വഖ്‌റായുടെ പടിഞ്ഞാറ് ഭാഗത്ത് രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് ഇതെഴുതുമ്പോള്‍ ക്വുര്‍ആന്‍ പൂര്‍ണമായിരുന്നില്ലെന്ന് വാദിക്കുന്നവര്‍ക്കുള്ള സുപ്രധാനമായ ഒരു ‘തെളിവ്’. ഒരു സന്ദേശത്തിന്റെ ഭാഗമെന്ന നിലയ്ക്ക് ക്വുര്‍ആന്‍ വചനങ്ങള്‍ ഉദ്ധരിക്കുമ്പോള്‍ ‘നീ പറയുക’ പോലെയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കി വചനത്തിലെ ആശയപ്രധാനമായ ഭാഗം മാത്രം പരാമര്‍ശിക്കുന്ന സമ്പ്രദായം ഇന്നത്തേതുപോലെ മുസ്‌ലിം സമൂഹത്തില്‍ അന്നും നില നിന്നിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ രേഖ; അതല്ലാതെ, ക്വുര്‍ആന്‍ പരിണമിച്ചുണ്ടായതാണെന്നതിന് അത് തെല്ലും തെളിവു നല്‍കുന്നില്ല.

ഖുബ്ബത്തു സ്‌സ്വഖ്‌റായുടെ പുറത്ത് തെക്ക് ഭാഗത്ത് പൂര്‍ണമായി രേഖപ്പെടുത്തപ്പെട്ട ക്വുര്‍ആനിലെ നൂറ്റി പന്ത്രണ്ടാം അധ്യായത്തിലെ ‘നീ പറയുക’ (ഖുല്‍) എന്ന ഭാഗം ഒഴിവാക്കികൊണ്ടാണ് അബ്ദുല്‍മലിക്കു ബ്‌നു മര്‍വാനിന്റെ കാലത്തും ശേഷവും നിര്‍മിക്കപ്പെട്ട നാണയങ്ങളില്‍ ഈ സൂക്തം മുദ്രീകരിക്കപ്പെട്ടിരിക്കുന്നത് എന്ന വസ്തുത പതിനേഴാം അധ്യായം 111ാം വചനത്തില്‍ ‘നീ പറയുക’യെന്ന ഭാഗം ഒഴിവാക്കിക്കൊണ്ട് രേഖപ്പെടുത്തിയത് ക്വുര്‍ആനിന്റെ രൂപീകരണം പില്‍ക്കാലത്താണ് നടന്നതെന്നതിന് തെളിവാക്കുന്നവരുടെ മുഴുവന്‍ വാദങ്ങളെയും തകര്‍ത്തുകളയുന്നുവെന്ന് പ്രമുഖ ഓറിയന്റലിസ്റ്റായ എസ്‌റ്റെല്ലേ വെലാന്‍ വ്യക്തമാക്കുന്നുണ്ട്. (Estelle Whelan: “Forgotten Witness: Evidence for the Early Codification of the Qur’an”; Journal of American Oriental Society, 1998, Vol. 118, P. 1-14) സമകാലിക രേഖകളെയോ സമ്പ്രദായങ്ങളെയോ കുറിച്ച് പഠിക്കാതെ, ക്വുര്‍ആനിന്റെ ചരിത്രപരതയെ നിഷേധിക്കുവാന്‍ കിട്ടിയ വടികളെല്ലാമെടുത്ത് എറിയാന്‍ ശ്രമിക്കുന്നവരുടെ ‘തെളിവുകള്‍’ അവരുടെ തന്നെ ബൗദ്ധികസത്യസന്ധതക്കു നേരെ തിരിച്ചു വരുന്ന ബൂമറാംഗുകളായിത്തീരുന്നതാണ് നാം ഇവിടെ കാണുന്നത്.

ഹിജ്‌റ 72ലേതാണെന്ന് ഉറപ്പുള്ള ഒരു രേഖയില്‍ ക്വുര്‍ആനിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നെടുത്ത് ഒരേ വിഷയത്തിലുള്ള വചനങ്ങള്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്നുവെന്നത് അക്കാലത്ത് ക്വുര്‍ആനിന്റെ കയ്യെഴുത്ത് പ്രതികള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നുവെന്നതിന് തെളിവാണെന്നാണ് എസ്‌റ്റെല്ലെ വെലാന്‍ സമര്‍ത്ഥിക്കുന്നത്. (Ibid.) ഒരു ഗ്രന്ഥത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന ഒരേ വിഷയസംബന്ധിയായ വചനങ്ങള്‍ ഒരു പ്രത്യേക സന്ദര്‍ഭത്തിലോ രേഖയിലോ ഉദ്ധരിക്കണമെങ്കില്‍ പ്രസ്തുത ഗ്രന്ഥം പൂര്‍ണരൂപത്തില്‍ ഉപലബ്ധമായിരിക്കണമെന്നത് സാമാന്യയുക്തിയാണെന്നാണ് അദ്ദേഹത്തിന്റെ വാദം. അബ്ദുല്ലാ അല്‍ മഅ്മൂനാണ് ഖുബ്ബത്തു സ്‌സ്വഖ്‌റാ നിര്‍മിച്ചതെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും അത് വ്യാജമാണെന്നും അബ്ദുല്‍മലിക്ക് ബ്‌നു മര്‍വാനിന്റെ പേര് മായ്ച്ചു കൊണ്ടാണ് മഅ്മൂനിന്റെ പേര് രേഖപ്പെടുത്തിയിട്ടുള്ളതെന്നും രേഖയില്‍ നിന്നു തന്നെ വ്യക്തമാണ്. സ്വഹാബിമാരുടെ കാലത്ത് ക്വുര്‍ആന്‍ പൂര്‍ണ രൂപത്തില്‍ നിലനിന്നിരുന്നില്ല എന്നതിനുള്ള തെളിവായി കൊട്ടിഘോഷിക്കപ്പെട്ട ഖുബ്ബത്തുസ്‌സ്വഖ്‌റായിലെ ക്വുര്‍ആന്‍ രേഖകള്‍ വിമര്‍ശകര്‍ക്കെതിരായ തെളിവാണ് നല്‍കുന്നതെന്നര്‍ത്ഥം.

അതുകൊണ്ടുതന്നെയായിരിക്കണം പാട്രിഷിയോ ക്രോണിന്റെയും മിഖയേല്‍ കുക്കിന്റെയും വാദങ്ങളെ സമര്‍ത്ഥിക്കുവാന്‍ പാടുപെട്ട് ശ്രമിക്കുന്ന പിന്‍ഗാമികള്‍ പോലും ഖുബ്ബത്തു സ്‌സ്വഖ്‌റായിലെ ക്വുര്‍ആന്‍ ആലേഖനങ്ങളെ ക്വുര്‍ആനിന്റെ ചരിത്രപരതയെ സംശയാസ്പദമാക്കുന്ന തെളിവുകളുടെ കൂടെ പെടുത്താന്‍ മടിക്കുന്നത്. ‘ബുദ്ധിപരമായി സംഭവിക്കാനാവാത്ത വാദങ്ങളാല്‍ നിബിഡവും ബാലിശമായ തെളിവുകള്‍ മാത്രമുള്ളതുമെന്ന് കോണും കുക്കും ചേര്‍ന്നെഴുതിയ ഗ്രന്ഥത്തെ ആധുനിക ഓറിയന്റലിസ്റ്റുകളില്‍ പ്രമുഖനായ മിക്കയേല്‍ ജെ മൊറോണി (Micheal G Morony: Journal of Near Eastern Studies, Volume 41, No:2, April 1982, Page 157-159.) വിശേഷിപ്പിച്ചതും മറ്റൊന്നുകൊണ്ടുമല്ല.

പുരാതനമെന്ന് കരുതപ്പെടുന്ന ഖുര്‍ആന്‍ പ്രതികളില്‍ ഉപയോഗിച്ചിരിക്കുന്ന ലിപിയായ കൂഫീലിപി യഥാർത്ഥത്തിൽ ഉണ്ടായത് എട്ടാം നൂറ്റാണ്ടിൽ മാത്രമാണെന്ന് ഭാഷാശാസ്ത്ര പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇതിനർത്ഥം ആ പ്രതികൾ എഴുതപ്പെട്ടത് എട്ടാം നൂറ്റാണ്ടിലാണെന്നാണ്. മുഹമ്മദ് നബി(സ)ക്ക് ശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞ് രൂപീകരിക്കപ്പെട്ടതാണ് ഇന്ന് നില നിൽക്കുന്ന ഖുർആനിലെ വചനങ്ങള്‍ എന്നല്ലേ ഇത് വ്യക്തമാക്കുന്നത്?

അറബിഭാഷയെയോ അതിന്റെ വികാസത്തെയോ ലിപി പരിണാമത്തെയോ കുറിച്ച് കൃത്യവും വ്യക്തവുമായി പഠിക്കാത്ത ചില ക്രിസ്ത്യന്‍ അപ്പോളജറ്റിക്കുകളാണ് പ്രധാനമായും ഈ വാദമുന്നിയിച്ചിരിക്കുന്നത്. ഉഥ്മാനീ മുസ്ഹഫുകളായി അറിയപ്പെടുന്ന സമര്‍ക്കന്റ്, തോപ്കാപ്പി തുടങ്ങിയ കയ്യെഴുത്ത് പ്രതികള്‍ എഴുതപ്പെട്ടിരിക്കുന്നത് കൂഫിലിപിയിലാണെന്നും പ്രസ്തുത ലിപി തന്നെ അറിയപ്പെടുന്നത് ഇറാക്കിലുള്ള കൂഫാ പട്ടണത്തിന്റെ പേരിലാണെന്നും (Bruce A McDowell & Anees Zaka; Muslims and Christians at the Table: Promoting Biblical Understanding among North American Muslims, Phillipsburg (NJ), 1999, Page 76.) ഖലീഫാ ഉമറിന്റെ (റ)കാലത്ത് നാമകരണം ചെയ്യപ്പെട്ട കൂഫാ പട്ടണത്തിന്റെ പേരിലുള്ള ലിപി ഉഥ്മാനിന്റെ കാലമായപ്പോഴേക്ക് വികസിച്ചു വന്നിരിക്കാന്‍ സാധ്യതയില്ലെന്നും അതുകൊണ്ട്തന്നെ ഈ കയ്യെടുത്തു പ്രതികള്‍ രചിക്കപ്പെട്ടത് ഉഥ്മാനിന്റെ കാലത്താവാന്‍ യാതൊരു സാധ്യതയുമില്ലെന്നും (N.A. Newman: Mohammed, The Qur’an and Islam, Hatfield, 1996, P. 314.) പ്രസ്തുത ക്വുര്‍ആന്‍ ലിപിയില്‍ കുത്തുകളിട്ടിട്ടുണ്ടെന്നും കുത്തുകളിടുന്ന സമ്പ്രദായമാരംഭിച്ചത് ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന് ശേഷമാണെന്നും (Dr. Robert A Morey: Winning the war against Radical Islam, Las Vegas, 2002, Page 70) അതിനാല്‍ നടേ പറഞ്ഞ കയ്യെഴുത്ത് പ്രതികള്‍ ഉഥ്മാനിന്റെ (റ)ഭരണകാലത്തിന് ഒന്നര നൂറ്റാണ്ടുകളെങ്കിലും കഴിഞ്ഞിട്ടാവണം രചിച്ചിട്ടുള്ളതെന്നുമാണ് (John Gilchrist: Jam’al Qur’an: The Codification of the Qur’an Text, Monder (South Africa), P. 140-146.) അപ്പോളജറ്റിക്കുകളുടെ വാദം. ബൈബിളിനെപ്പോലെത്തന്നെ ആദ്യകാല കയ്യെഴുത്ത് രേഖകളുടെ സാക്ഷ്യം വേണ്ടത്രയില്ലാത്ത ഗ്രന്ഥമാണ് ക്വുര്‍ആനുമെന്ന് വരുത്തിത്തീര്‍ക്കുന്നതിനു വേണ്ടി ഉന്നയിക്കപ്പെടുന്ന ഈ വാദത്തില്‍ ലവലേശം യാഥാര്‍ത്ഥ്യമില്ലെന്ന് പുരാവസ്തു രേഖകളെക്കുറിച്ച സൂക്ഷ്മമായ പഠനം വ്യക്തമാക്കുന്നുണ്ട്.

ക്രിസ്തുവിന് മൂവായിരം കൊല്ലങ്ങള്‍ക്കു മുമ്പ്, ആദ്യകാല വെങ്കല യുഗത്തില്‍ മെസപ്പെട്ടോമിയയില്‍ (ഇന്നത്തെ ഇറാഖ്) വളര്‍ന്നു വികസിച്ച സുമേറിയന്‍ നാഗരികതയിലുള്ളവര്‍ ഉപയോഗിച്ചിരുന്ന ക്യൂനിഫോം (cueniform) ലിപികളില്‍ നിന്നാരംഭിക്കുന്നു ആധുനിക അറബി ലിപിയുടെ ചരിത്രം. ക്യൂനിഫോമുകളില്‍ നിന്നുള്ള പ്രചോദനത്തില്‍ നിന്നാണ് നൈല്‍നദീതടത്തില്‍ ജീവിച്ചിരുന്ന ഈജിപ്തുകാര്‍ അല്‍പ കാലത്തിനുശേഷം അവരുടെ ലിപിയായ ഹൈരോഗ്ലിഫുകള്‍ (heiroglyphs) വികസിപ്പിച്ചെടുത്തത്. (Geoffrey Sampson: A Linguistic Introduction, Stanford University, 1990, P.78.) വെങ്കലയുഗത്തിന്റെ മധ്യകാലഘട്ടത്തില്‍ കാനന്‍ ദേശത്തും (ഇന്നത്തെ ഇസ്രായീലും ഫലസ്തീനും) ഈജിപ്തിലെ സിനായ് പ്രദേശത്തും മധ്യ ഈജിപ്തിലുള്ളവര്‍ ഉപയോഗിച്ച പ്രാഗ് സിനായ് അക്ഷരമാല (proto sinaitic alphabet) രൂപം കൊണ്ടത് ഹൈരോഗ്ലിഫുകളില്‍ നിന്നാണ്. ഇതില്‍നിന്ന് ക്രിസ്തുവിന് 1050 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രാധിഷ്ഠിതമല്ലാത്ത (non-pictographic) ആദ്യത്തെ അക്ഷരമാലയായ ഫിനീഷ്യന്‍ അക്ഷരമാല (phoenician alphabet) രൂപപ്പെട്ടു. ഇതില്‍നിന്ന് ക്രിസ്തുവിന് പത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പുരാതന സെമിറ്റിക്കുകാരുടെ ലിപിയായിരുന്ന പാലിയോ ഹിബ്രു അക്ഷരമാലയും (paleo-hebrew alphabet) അതില്‍നിന്ന് എട്ടാം നൂറ്റാണ്ടായപ്പോഴേക്ക് അരാമിക് അക്ഷരമായും (aramic alphabet) രൂപപ്പെട്ടു. (Steven Roger Fischer: History of Writing. London, 2004.) അരാമിക്കില്‍ നിന്ന് ക്രിസ്തുവിന് രണ്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പ് സുറിയാനിയും (syriac) അതില്‍ നിന്ന് ഏറെ താമസിയാതെ നെബത്തയന്‍ അക്ഷരമാലയും (nabataen alphabet) രൂപപ്പെട്ടു. നെബത്തയന്‍ അക്ഷരങ്ങളില്‍ നിന്നാണ് അറബി അക്ഷരമാലയുണ്ടായതെന്നാണ് ഗവേഷകന്‍മാരുടെ പക്ഷം. ക്രിസ്താബ്ദം നാലാം നൂറ്റാണ്ടിലായിരിക്കണം അറബി അക്ഷരമാലയുണ്ടായതെന്നും 328ല്‍ രചിക്കപ്പെട്ട നെബത്തിയന്‍മാരുടെ രാജകീയ മരണാന്തര ക്രിയകളെക്കുറിച്ചുള്ള രേഖയിലെ ലിപി അറബിയുടെ പ്രാഗ്‌രൂപമാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു. (“Arabic alphabet”, Brittanica Online www.brittanica.com) എന്നാല്‍ സിറിയയിലെ സെബദില്‍ നിന്ന് കണ്ടെത്തിട്ടുള്ള ഗ്രീക്കിലും സിറിയക്കിലും അറബിയിലുമുള്ള കയ്യെഴുത്ത് രേഖയിലേതാണ് ലഭ്യമായതില്‍വെച്ച് ഏറ്റവും പുരാതനമായ അറബി അക്ഷരങ്ങള്‍ എന്നാണ് ഭൂരിപക്ഷം പണ്ഡിതന്‍മാരുടെയും പക്ഷം (Beatrice Gruendler: The Development of the Arabic Scripts From the Nabatean Era to the first Islamic Century according to the Dated Texts, Atlanta, 1993 Page 13-14)

മുഹമ്മദ് നബി(സ)യുടെ കാലത്ത് നിലനിന്നിരുന്ന മൂന്നുതരം ലിപികളായിരുന്നു ഹിജാസി അഥവാ മാഇല്‍, മശ്ഖ്, കുഫീ എന്നീ ലിപികള്‍. ഇവയിലെല്ലാം രചിക്കപ്പെട്ട ആദ്യകാല ക്വുര്‍ആന്‍ കയ്യെഴുത്ത് പ്രതികളുണ്ട്. ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയിലുള്ള MS. Or-2165 കയ്യെഴുത്ത് പ്രതിയും കുവൈത്തിലെ താരിഖ് റജബ് മ്യൂസിയത്തിലുള്ള QUR-1-TSR കയ്യെഴുത്ത് പ്രതിയും പാരീസിലെ ബിബ്‌ളിയോത്തെക്ക് നാഷണേലിലുള്ള Arabe 328 Ca കയ്യെഴുത്തു പ്രതിയും സന്‍ആഇലെ ദാറുല്‍ മഖ്ത്തൂത്താത്തിലുള്ള DA MOI-27.1, DAMOI-25.1, DAMOI=29.1 കയ്യെഴുത്തു പ്രതികളും ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ ഹിജാസി ലിപിയില്‍ എഴുതപ്പെട്ടവയാണ്. കൈറോയിലെ നാഷണല്‍ ലൈബ്രറിയിലുള്ള ഹിജ്‌റ 107-ല്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് അതില്‍തന്നെ രേഖയുള്ള കയ്യെഴുത്തു പ്രതി മശ്ഖ് ലിപിയിലുള്ളതാണ്. ഉഥ്മാനീ മുസ്ഹഫുകളായി അറിയപ്പെടുന്നവയും മറ്റ് ഒന്നാം നൂറ്റാണ്ടിലെ കയ്യെഴുത്ത് പ്രതികളുമെല്ലാം കൂഫീ ലിപിയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെയായിരിക്കണം കൂഫി ലിപിയുണ്ടായത് ഹിജ്‌റ ഒന്നാം നൂറ്റാണ്ടിനു ശേഷമാണെന്ന് സ്ഥാപിക്കുവാന്‍ ഓറിയന്റലിസിറ്റുകളും ക്രിസ്ത്യന്‍ അപ്പോളജറ്റിക്കുകളും ആവേശം കാണിക്കുന്നത്. സ്വഹാബിമാരുടെ കാലത്ത് ഉപയോഗിക്കപ്പെട്ടിരുന്ന മുസ്ഹഫുകളിലൊന്നും ഇന്നു ഉപലബ്ധമല്ലെന്നു വന്നാല്‍ അതുപയോഗിച്ച് ക്വുര്‍ആനിന്റെ ചരിത്രപരതയെ ചോദ്യം ചെയ്യാമല്ലോ.

എന്നാല്‍ വസ്തുതകള്‍ അപ്പോളജറ്റിക്കുകള്‍ക്കും അവര്‍ക്കനുസരിച്ച് കാര്യങ്ങള്‍ വളച്ചൊടിച്ചവതരിപ്പിക്കുന്ന ഓറിയന്റലിസ്റ്റുകള്‍ക്കുമെതിരാണ്. മുഹമ്മദ് നബിക്കു(സ) മുമ്പു തന്നെ പ്രചാരത്തിലുണ്ടായിരുന്ന ലിപികളിലൊന്നായിരുന്നു കൂഫീ ലിപിയുമെന്ന വസ്തുത ഓറിയന്റലിസ്റ്റുകളുടെ തന്നെ രചനയായ ‘എന്‍സൈ ക്ലോപീഡിയ ഓഫ് ഇസ്‌ലാം’ തെളിവുകള്‍ നിരത്തി സമർത്ഥിക്കുന്നുണ്ട്. ഹിജ്‌റ 17ല്‍ (ക്രിസ്താബ്ദം 638) കൂഫയുണ്ടാവുന്നതിന് നൂറു വര്‍ഷങ്ങള്‍ക്കു മുമ്പെങ്കിലും മെസപ്പെട്ടോമിയയില്‍ കൂഫി ലിപി പ്രചാരത്തിലുണ്ടായിരുന്നുവെന്നാണ് പ്രമുഖ ഓറിയന്റലിസ്റ്റും ലിപി വിജ്ഞാനീയത്തില്‍ അഗ്രഗണ്യനുമായ ബി. മൊറിട്ട്‌സ് വ്യക്തമാക്കുന്നത് (B. Mortiz: “Arabic Writing”, Encyclopedia of Islam, London, 1913, Page 387.)- അന്‍ബാര്‍, ഹിറ തുടങ്ങിയ മെസെപ്പെട്ടോമിയന്‍ നഗരങ്ങളില്‍ നേരത്തെ പ്രചാരത്തിലുണ്ടായിരുന്ന ലിപിയാണ് കൂഫാ പട്ടണത്തിന്റെ രൂപീകരണത്തിനു ശേഷം ചെറിയ മാറ്റങ്ങളോടെ കൂഫി ലിപിയായി അറിയപ്പെട്ടതെന്ന് നാബിയ അബൊട്ടും വിശദീകരിക്കുന്നുണ്ട്. (Nabia Abbott: The Rise of the North Arabic Script and its Kuranic Development, University of Chicago, 1939 Page 17.) ഗവേഷകരായ അബ്ദുല്‍ കബീര്‍ ഖാത്തിബിയും മുഹമ്മദ് സിജെല്‍മാസ്സിയും കൂടിയെഴുതിയ ‘ഇസ്‌ലാമിക് കാലിഗ്രഫിയുടെ യശസ്സ്’ എന്ന ഗ്രന്ഥത്തില്‍ എങ്ങനെയാണ് ഈ നാമകരണമുണ്ടായതെന്ന് വ്യക്തമാക്കുന്നുണ്ട്. ”ഇസ്‌ലാമിന് മുമ്പ് നിലവിലുണ്ടായിരുന്ന നാല് തരം ലിപികളായിരുന്നു അറബികള്‍ക്ക് പരിചയമുണ്ടായിരുന്നത്. ഹിറയില്‍ പ്രചാരത്തിലുണ്ടായിരുന്ന അല്‍ഹിരിയും, അന്‍ബാറിയിലുണ്ടായിരുന്ന അല്‍അന്‍ബാറിയും മക്കയിലുണ്ടായിരുന്ന അല്‍ മക്കിയും മദീനയിലുണ്ടായിരുന്ന ഇബനു മദനിയും. ക്രിസ്താബ്ദം 999ല്‍ (ഹിജ്‌റ 390) മരണപ്പെട്ട, ഫിഹ്‌രിസ്തിന്റെ കര്‍ത്താവ്, പ്രസിദ്ധനായ അല്‍ നദീമാണ് ഹിരയില്‍നിന്ന് രൂപം പ്രാപിച്ച ലിപിക്ക് കൂഫീ’യെന്ന് നാമകരണം ചെയ്തത്. ഹിജ്‌റ 17ല്‍ (ക്രിസ്താബ്ദം 638) നിര്‍മിക്കപ്പെട്ട നഗരമായ കൂഫയിലുണ്ടായതല്ല ഈ ലിപി. കൂഫയുണ്ടാകുന്നതിന് കാലങ്ങള്‍ക്കു മുമ്പേ ഈ ലിപി നിലനിന്നിരുന്നു. എന്നാല്‍ പ്രസ്തുത ലിപിയില്‍നിന്ന് സുന്ദരമായ കാലിഗ്രഫി വളര്‍ത്തിയെടുത്തതും പരിപോഷിപ്പിച്ചതും മഹത്തായ ഈ ബൗദ്ധിക കേന്ദ്രമാണ്”. (Abdel Kabeer Khattibi & Muhammed Sijelmassi: The Splendour of Islamic Calligraphy, Thames & Hudson, 1994, Page 96-97.)

മാത്രവുമല്ല, ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിര്‍മിച്ചതെന്ന് ഉറപ്പിക്കാവുന്ന ക്വുര്‍ആനല്ലാത്ത മറ്റു കൂഫി ലിഖിതങ്ങള്‍ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിലൊന്നാണ് ഹിജ്‌റ 24ാം വര്‍ഷത്തില്‍ എഴുതിയതാണെന്ന് സ്വയം സാക്ഷ്യം വഹിക്കുന്ന സുഹൈറിന്റെ രേഖ. സഊദി അറേബ്യയിലെ അല്‍ഹിജ്‌റിന് സമീപത്തുള്ള ഖാഅല്‍ മുഅ്തദില്‍ പാറയിലെ ഒരു ചുവന്ന മണല്‍ക്കല്ലില്‍ കൊത്തിവെയ്ക്കപ്പെട്ട രൂപത്തിലുള്ളതാണീ രേഖ. ‘അല്ലാഹുവിന്റെ നാമത്തില്‍, ഞാന്‍ സുഹൈര്‍ ഇതെഴുതുന്നത്. ഇരുപത്തിനാലാം വര്‍ഷത്തില്‍ ഉമര്‍ മര ണപ്പെട്ടപ്പോഴാണ്’ (ബിസ്മില്ലാ, അന സുഹൈര്‍ കതബ്തു സമന്‍ തുവഫ്ഫീ ഉമറ സനത്ത അര്‍ബഅ വ ഇശ്‌രീന്‍) എന്നാണ് രേഖയിലുള്ളത്. (Ali Ibrahim Al-Ghabban (Trans: Robert HolyLand): “The Inscription of Zuhayr, the oldest Islamic Inscription (24Ah/AD644-645), the Rise of the Arabic Scri pt and the nature of the early Islamic State”. “Arabian Archeology and Epigraphy, November 2008, Vol 19, Issue 2, Page 210-237.)

കുത്തുകളുള്ള കൂഫി ലിപിയില്‍ എഴുതപ്പെട്ട ഈ രേഖ ഉമര്‍ (റ) മരണപ്പെട്ട കാലത്ത് കൂഫി ലിപിയിലുള്ള എഴുത്തിന് പ്രചാരമുണ്ടായിരുന്നുവെന്ന് സുതരാം വ്യക്തമാക്കുന്നുണ്ട്. ഉമറിന്‌ ശേഷം ഭരിച്ചയാളാണ് ഉഥ്മാന്‍ (റ) ഉമറിന്റെ (റ) കാലത്തുതന്നെ കൂഫീ ലിപി പ്രചാരത്തിലുണ്ടെങ്കില്‍ ഉഥ്മാനിന്റെ (റ) കാലത്ത് നിര്‍മിക്കപ്പെട്ട മുസ്ഹഫുകള്‍ കൂഫി ലിപിയിലായത് സ്വാഭാവികമാണെന്ന് ആര്‍ക്കും സമ്മതിക്കേണ്ടി വരും. യുനെസ്‌കോയുടെ ലോകസ്മരണകള്‍ രേഖകളില്‍ (http://portal.unesco.org/enev.php_URL_ID= 14264&URL_DO=DO_TOPIC& URL_ SECTION= 201.html) സ്ഥലം പിടിച്ചിട്ടുള്ള ഈ മണല്‍ക്കല്‍ ലിഖിതത്തെ നിഷേധിക്കുവാന്‍ ആര്‍ക്കും കഴിയില്ല. ക്വുര്‍ആന്‍ ചോദ്യത്തെ പരിഹരിക്കാനുതകുന്ന ആദ്യത്തെ ഇസ്‌ലാമികാലേഖനം’ (First Islamic Inscription may solve Qur’an Question) എന്ന തലക്കെട്ടിലാണ് ഡിസ്‌കവറി ചാനലിന്റെ ന്യൂസ് ഇതേക്കുറിച്ച ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. (dsc.discovery.com/news/2008/11/18/islamic-inscription . html) ഉഥ്മാനീ മുസ്ഹഫുകള്‍ എഴുതപ്പെട്ടത് കൂഫി ലിപിയിലാണ് എന്നതിന്റെ പേരില്‍ ക്വുര്‍ആനിന്റെ ചരിത്രപരതയെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചവരുടെ ഗവേഷണദംഷ്ട്രങ്ങള്‍ പൊഴിക്കുവാന്‍ പര്യാപ്തമാണ് ഈ ചുവന്ന കല്‍രേഖയുടെ കണ്ടുപിടുത്തമെന്നര്‍ഥം.

കൈറോ മ്യൂസിയം ഓഫ് അറബ് ആര്‍ട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ഹിജ്‌റ 31ല്‍ രചിച്ചതായി സ്വയം സാക്ഷ്യപ്പെടുത്തുന്ന അബ്ദുര്‍റഹ്മാന്‍ ഇബ്‌ നുഖൈര്‍ അല്‍ഹാജിരിയുടെ ഖബര്‍ ഫലകവും (Nabia Abbott: The Rise of the North Arabic Script and its Kur’anic Development, University of Chicago, 1939 Page 18-19.) ഹിജ്‌റ 40ല്‍ എഴുതിയതായി സാക്ഷ്യപ്പെടുത്തുന്ന സഊദി അറേബ്യയിലെ ദര്‍ബ് സുബൈദയിലെ വാദി അല്‍ ശാമിയയിലെ ഒട്ടകപാതയില്‍നിന്ന് 1970ല്‍ ലഭിച്ച ശിലാഫലകവും (A.H.Sharafaddin: “Some Islamic Inscriptions Discovered on the Darb Zubayda”, Atlal (The Journ al of Saudi Arabian Archeology, 1997, Vol 1, Page 69-70.) സഊദി അറേബ്യയിലെ വാദിസബീലില്‍നിന്ന് ലഭിച്ച ഹിജ്‌റ 46ല്‍ രചിച്ചതായി സാക്ഷ്യപ്പെടുത്തുന്ന ചുമര്‍ഫലകവുമെല്ലാം (Beatrice Greundler: Opt it Page 15) കൂഫീലിപിയില്‍ എഴുതപ്പെട്ടവയാണ്. ഇതെല്ലാം സഹാബിമാരുടെ കാലത്ത് കൂഫി ലിപിയിലുള്ള രചനകള്‍ക്ക് പ്രചാരമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.

ക്രിസ്താബ്ദം 325-ല്‍ ചേർന്ന നിഖിയാ കൗൺസിൽ കാനോനികമായി അംഗീകരിച്ച കൃതികള്‍ മാത്രം നിലനിർത്തി ബാക്കി എല്ലാ ക്രൈസ്തവ ഗ്രന്ഥങ്ങളും ചുട്ടുകരിക്കുവാന്‍ സഭ ആഹ്വാനം നൽകി. ഉഥ്മാൻ (റ) തന്റെ നിർദ്ദേശപ്രകരം തയ്യാർ ചെയ്യപ്പെട്ട ഖുർആൻ പ്രതികള്‍ മാത്രം നിലനിർത്തി ബാക്കിയുള്ളവയെല്ലാം ചുട്ടുകരിക്കാന്‍ കൽപിച്ചു. ഉഥ്മാൻ ചെയ്തതും നിഖിയാ കൗൺസിൽ ചെയ്തതും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്?

ഇവിടെ പരാമര്‍ശിക്കപ്പെട്ട സംഭവങ്ങളില്‍ ‘കത്തിക്കുക‘യെന്ന ക്രിയയാണ് ഇരുകൂട്ടരും ചെയ്തതെന്ന കാര്യമൊഴിച്ച് ബാക്കിയെല്ലാം തികച്ചും വ്യത്യസ്തമാണ്. രണ്ടു സംഭവങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.

ഒന്ന്. യേശുവിന് ശേഷം മൂന്നു നൂറ്റാണ്ടുകള്‍ക്കിടക്ക് പലരാലും രചിക്കപ്പെട്ട യേശുവിന്റെ ജീവിതത്തെയും സന്ദേശത്തെയും സംബന്ധിച്ച നാല്‍പതിലധികം ഗ്രന്ഥങ്ങളാണ് നിഖിയാ സൂനഹദോസിനു ശേഷം കത്തിച്ചുകളഞ്ഞത്. മുഹമ്മദി(ﷺ)നു ശേഷം രണ്ടു പതിറ്റാണ്ടിനിടക്ക് പലരും പകര്‍ത്തിയെഴുതിയ ഒരേ ഖുര്‍ആനിന്റെ വിവിധ ഏടുകളില്‍ ഉച്ചാരണ വ്യത്യാസത്തിന് ഇടയാക്കുന്നവയാണ് ഉഥ്മാൻ (റ) കത്തിച്ചുകളയാന്‍ ആവശ്യപ്പെട്ടത്.

രണ്ട്. നിഖിയ കൗണ്‍സില്‍ കാനോനികമായി പ്രഖ്യാപിച്ച നാലു സുവിശേഷങ്ങളിലും അപ്പോസ്തല പ്രവര്‍ത്തനങ്ങളിലും ഇരുപത്തിയൊന്നു ലേഖനങ്ങളിലും വെളിപാടു പുസ്തകത്തിലുമുള്ള പരാമര്‍ശങ്ങള്‍ക്ക് വിരുദ്ധമായ പല പരാമര്‍ശങ്ങളുമുള്ളതുകൊണ്ടും അവ നല്‍കുന്ന യേശു ചിത്രത്തില്‍നിന്ന് തുലോം വ്യത്യസ്തമായ യേശുചിത്രമാണ് അവതരിപ്പിക്കുന്നത് എന്നതുകൊണ്ടുമാണ് അപ്പോക്രിഫാ പുസ്തകങ്ങള്‍ കരിച്ചുകളയുവാന്‍ ആവശ്യപ്പെട്ടത്. വ്യത്യസ്ത ഉച്ചാരണരീതികളുള്ള പ്രാദേശികമൊഴികളില്‍ എഴുതപ്പെട്ട ഏടുകള്‍ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ സാരമായ വൈകല്യങ്ങള്‍ക്ക് നിമിത്തമാകാമെന്ന ഭയമാണ് ഉഥ്മാനെ(റ)ഔദ്യോഗിക കൈയ്യെഴുത്തുപ്രതികള്‍ തയാറാക്കാനും സ്വകാര്യ ഏടുകള്‍ നശിപ്പിക്കാനും പ്രേരിപ്പിച്ചത്.

മൂന്ന്. കരിച്ചുകളഞ്ഞ അപ്പോക്രിഫാ ഗ്രന്ഥങ്ങളിലെ ആശയങ്ങള്‍ അവ കരിച്ചുകളഞ്ഞതോടുകൂടി വിസ്മൃതമായി. സ്വകാര്യ ഏടുകളില്‍ എഴുതപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങള്‍തന്നെയായിരുന്നു ഔദ്യോഗിക പ്രതികളിലുമുണ്ടായിരുന്നത്. ഉച്ചാരണഭേദങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി സ്വകാര്യ ഏടുകള്‍ കത്തിച്ചുകളഞ്ഞുവെങ്കിലും അവയിലുണ്ടായിരുന്ന സൂക്തങ്ങള്‍ അതേ രീതിയില്‍തന്നെ ഇന്നുള്ള ഖുര്‍ആന്‍ കോപ്പികളിലുമുണ്ട്.

നാല്. നിഖിയാ കൗണ്‍സില്‍ തള്ളിക്കളഞ്ഞുവെങ്കിലും അപ്പോക്രിഫാ ഗ്രന്ഥങ്ങളില്‍ പലതും പിന്നീടും ക്രൈസ്തവ മനസ്സുകളില്‍ നിലനിന്നിരുന്നു. അവയിലെ കഥകളില്‍ ചിലത് തലമുറകളില്‍നിന്ന് തലമുറകളിലേക്ക് പ്രേഷണം ചെയ്യപ്പെട്ടു. പതിനാറാം നൂറ്റാണ്ടില്‍ നടന്ന തെന്ത്രോസ് സൂനഹദോസാണ് ഇക്കാര്യത്തില്‍ അന്തിമ തീര്‍പ്പുകല്‍പിച്ചത്. 1540 ഏപ്രില്‍ എട്ടാം തീയതി നടന്ന സൂനഹദോസിന്റെ നാലാം സമ്മേളനം ‘കാനോനിക ഗ്രന്ഥങ്ങളെക്കുറിച്ച്‘എന്ന ഡിക്രിയിലൂടെ പഴയനിയമത്തില്‍ 45-ഉം പുതിയനിയമത്തില്‍ 27-ഉം പുസ്തകങ്ങളാണ് ഉള്ളതെന്ന് പ്രഖ്യാപിച്ചു. ഇതാണ് കാനോനിക ഗ്രന്ഥങ്ങളെക്കുറിച്ച സഭയുടെ അവസാനത്തെ വാക്ക്. എന്നാല്‍, ഉഥ്മാൻ (റ) ഔദ്യോഗികമായി ഖുര്‍ആന്റെ കോപ്പികളെടുത്ത് സ്വകാര്യ ഏടുകള്‍ നശിപ്പിച്ചതിനുശേഷം ഇന്നുവരെ പ്രസ്തുത കോപ്പികളില്‍ നിന്നാണ് മുസ്ഹഫ് പകര്‍ത്തപ്പെടുന്നത്. അതില്‍ ആരും വ്യത്യസ്തത പുലര്‍ത്തുന്നില്ല.

അഞ്ച്. യേശുവിനെക്കുറിച്ച് എഴുതപ്പെട്ട കാനോനികമല്ലാത്ത ഗ്രന്ഥങ്ങള്‍ കരിച്ചുകളയണമെന്ന് കല്‍പിച്ച നിഖിയാ സൂനഹദോസിന്റെ അധ്യക്ഷന്‍ അന്നുവരെ യേശുവില്‍ വിശ്വസിക്കാത്ത കോൺസ്റ്റന്റൈൻ ചക്രവര്‍ത്തിയായിരുന്നു. സ്വകാര്യ കൈയെഴുത്തുപ്രതികള്‍ നശിപ്പിക്കുവാനും ഖുര്‍ആനിന്റെ ഔദ്യോഗിക പ്രതികളെ മാത്രം ആശ്രയിച്ച് പാരായണം ചെയ്യാനും നിര്‍ദേശിച്ച ഉഥ്മാൻ (റ) കറകളഞ്ഞ ഭക്തനും മുഹമ്മദി(ﷺ)ന്റെ ജാമാതാവും അദ്ദേഹത്തോടൊപ്പം ആദര്‍ശ സംരക്ഷണത്തിനുവേണ്ടി നിരവധി യുദ്ധങ്ങളില്‍ പങ്കെടുത്ത വിശ്വാസിയുമായിരുന്നു.

യേശുവിനുശേഷം അനുയായികള്‍ സുവിശേഷങ്ങള്‍ എഴുതി; മുഹമ്മദി(ﷺ)ന് ശേഷം അനുയായികള്‍ ഖുർആൻ എഴുതി; ഇവ തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?

വളരെ വലിയ വ്യത്യാസങ്ങളുണ്ട്. അവ ഇങ്ങനെ ക്രോഡീകരിക്കാം.

ഒന്ന്. യേശു‘സുവിശേഷം’ പ്രസംഗിച്ചു(മാര്‍ക്കോസ് 1:14,15, 8:35, 14:9, 10:29,മത്തായി 4:23)വെന്ന് ബൈബിളില്‍ പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ കാലത്ത് ‘സുവിശേഷം’ ഏതെങ്കിലും രൂപത്തില്‍ രേഖപ്പെടുത്തപ്പെട്ടിരുന്നതായി യാതൊരു തെളിവുമില്ല. ഖുര്‍ആനാകട്ടെ മുഹമ്മദി(ﷺ)ന്റെ കാലത്തുതന്നെ രേഖപ്പെടുത്തപ്പെട്ടിരുന്നു. വ്യത്യസ്ത ഏടുകളിലായി.

രണ്ട്. യേശു പ്രസംഗിച്ച‘സുവിശേഷം’ അദ്ദേഹത്തിന്റെ സമകാലികരില്‍ ആരെങ്കിലും പദാനുപദം മനഃപാഠമാക്കിവെച്ചിരുന്നില്ല. ഖുര്‍ആന്‍ മനഃപാഠമാക്കിയ നൂറുകണക്കിന് അനുചരന്മാരുണ്ടായിരുന്നു.

മൂന്ന്. മത്തായിയോ, മാര്‍ക്കോസോ, ലൂക്കോസോ, യോഹന്നാനോ എഴുതിയത് യേശു പ്രസംഗിച്ച സുവിശേഷമല്ല. യേശുവിന്റെ ജീവിതത്തെക്കുറിച്ച് തങ്ങള്‍ അറിഞ്ഞ കാര്യങ്ങളാണ് (ലൂക്കോസ് 1:1-4.) ഖുര്‍ആന്‍ മുഹമ്മദി(ﷺ)ന്റെ ജീവചരിത്രമല്ല, അദ്ദേഹത്തിന് പടച്ചവന്‍ അവതരിപ്പിച്ച വേദഗ്രന്ഥമാണ്.

നാല്. സമൂഹത്തിന്റെ പ്രതിനിധിയായ ഖലീഫ ഉത്തരവാദപ്പെടുത്തിയതിനനുസരിച്ച് സൂക്ഷ്മമായി പരിശോധിച്ചുകൊണ്ടാണ് ഖുര്‍ആന്‍ സമാഹാരണം നടന്നത്. സമാഹര്‍ത്താവായിരുന്ന സൈദുബ്‌നു സാബിത്തിന്റെ വാക്കുകളില്‍ പ്രസ്തുത സമാഹരണത്തിന്റെ സൂക്ഷ്മത വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. “ഏതെങ്കിലുമൊരു പര്‍വതത്തെ അതിന്റെ സ്ഥാനത്തുനിന്ന് മാറ്റാനാണ് അബൂബക്കര്‍ (റ) എന്നോട് ആവശ്യപ്പെട്ടിരുന്നതെങ്കില്‍ അതായിരുന്നു എനിക്ക് ഇതിനേക്കാള്‍ നിസ്സാരം”. സുവിശേഷങ്ങളാവട്ടെ, ഓരോരുത്തര്‍ തങ്ങളുടെ ഇച്ഛപ്രകാരം രചിച്ച ഗ്രന്ഥങ്ങളാണ്. അവരുടെ ലക്ഷ്യമാകട്ടെ, തങ്ങളുടെ മുന്നിലുള്ള സമൂഹത്തിന് ക്രിസ്തുവിനെ പരിചയപ്പെടുത്തുക മാത്രമായിരുന്നു. (Raymond E. Brown: Responses to 101 Questions on the Bible, Page 57-58)

അഞ്ച്. യേശുവിന് ശേഷം അഞ്ചു പതിറ്റാണ്ടെങ്കിലും കഴിഞ്ഞാണ് സുവിശേഷങ്ങള്‍ എഴുതപ്പെട്ടത്. ഹിജ്‌റ പന്ത്രണ്ടാം വര്‍ഷത്തിലാണ് – പ്രവാചക നിര്യാണത്തിന് രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം – ഖുര്‍ആന്‍ സമാഹരണത്തിനു തുടക്കം കുറിക്കപ്പെട്ടത്.

ആറ്. യേശുവിന്റെ ശിഷ്യന്മാരല്ല സുവിശേഷങ്ങള്‍ രചിച്ചിട്ടുള്ളത്. മുഹമ്മദി(ﷺ)ന്റെ ശിഷ്യന്മാരാണ് ഖുര്‍ആന്‍ സമാഹരിച്ചത്.

ഏഴ്. സുവിശേഷങ്ങളുടെ രചനക്ക് ആധാരം യേശുവിനെ സംബന്ധിച്ച കേട്ടുകേള്‍വികള്‍ മാത്രമായിരുന്നു. ഖുര്‍ആന്‍ ക്രോഡീകരണത്തിന് പ്രവാചകന്‍(ﷺ)തന്നെ പറഞ്ഞുകൊടുത്ത് എഴുതിപ്പിടിപ്പിച്ച ഏടുകളും പ്രവാചകനില്‍നിന്ന് നേരിട്ട് ഖുര്‍ആന്‍ കേട്ടു മനഃപാഠമാക്കിയ നൂറുകണക്കിന് അനുചരന്മാരുമായിരുന്നു അവലംബം.

ഹിജ്‌റ 95ൽ മരണപ്പെട്ട ഹജ്ജാജ് ബിൻ യൂസഫ് ഖുർആനിലെ പതിനൊന്ന് സ്ഥലങ്ങളിൽ തന്റേതായ ചെറിയ മാറ്റങ്ങൾ വരുത്തിയെന്ന നിവേദനങ്ങളുണ്ടല്ലോ. പ്രധാനപ്പെട്ട നാല് ഖലീഫമാരുടെ കാലശേഷവും ഖുർആനിൽ തിരുത്തലുകളുണ്ടായി എങ്കിൽ പിന്നെ അത് സംരക്ഷിക്കപ്പെട്ടുവെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്?

ഇബ്നു അബീദാവൂദിന്റെ ആൽമസാഹിഫിലുള്ള ഒരു ഉദ്ധരണിയുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ വിമർശനം. ഉദ്ധരണി ഇങ്ങനെയാണ്: “അബ്ബാദ് ബ്നു ശുഹൈബ്, ഔഫ് ബ്നു അബീജമീലയിൽ നിന്ന് നിവേദനം ചെയ്യുന്നു: അൽ ഹജ്ജാജ് ഖുർആനിലെ പതിനൊന്ന് പദങ്ങൾ മാറ്റിയെഴുതി. സൂറത്തുൽ ബഖറയിൽ (2 :259) ‘ലം യതസന്ന വൻദുർ’ (لَمۡ يَتَسَنَّۚ وَانْظُرۡ) എന്നേ ഉണ്ടായിരുന്നുള്ളൂ. ‘അത് ലം യതസന്നഹു വൻദുർ'(لَمۡ يَتَسَنَّهۡۚ وَانْظُرۡ) എന്നാക്കി മാറ്റി. മാഇദയിൽ(3: 58) ‘ശരീഅത്തൻ വ മിൻഹാജൻ’.’ (شريعة وَّمِنۡهَاجً) എന്നാണുണ്ടായിരുന്നത്. അത് ‘ശിർഅത്തൻ വ മിൻഹാജൻ’ (شِرۡعَةً وَّمِنۡهَاجًا) എന്നാക്കിത്തീർത്തു. യൂനുസിൽ (10:22) ‘ഹുവല്ലദീ യുൻഷിറുക്കും'(هُوَ الَّذِىۡ ينشركم) എന്നായിരുന്നത് ‘ഹുവല്ലദീ യുസയ്യിറുക്കും’ ( هُوَ الَّذِىۡ يُسَيِّرُكُمۡ) എന്നാക്കി മാറ്റി. യൂസുഫിൽ (12:45) ‘അന ആത്തീകും ബി തഅവീലിഹി'(اَنَا آتيكم بِتَاۡوِيۡلِهٖ) എന്നായിരുന്നിടത്ത് ‘അന ഉനബ്ബിഉക്കും ബി തഅവീലിഹി’ (اَنَا اُنَـبِّئُكُمۡ بِتَاۡوِيۡلِهٖ) എന്നാക്കിത്തീർത്തു. സുഖ്‌റൂഫിൽ (43:32)

‘നഹ് നു ഖസംനാ ബൈനഹും മആഇഷഹും’ (نَحۡنُ قَسَمۡنَا بَيۡنَهُمۡ معايشهم) എന്നായിരുന്നിടത്ത് ‘നഹ് നു ഖസംനാ ബൈനഹും മഈഷത്തഹും’ (نَحۡنُ قَسَمۡنَا بَيۡنَهُمۡ مَّعِيۡشَتَهُمۡ) എന്നാക്കി മാറ്റി. തക്‌വീറിൽ (81:24). ‘വമാ ഹുവ അലൽ ഗൈബി ബി ദ്വനീൻ’ (وَمَا هُوَ عَلَى الۡغَيۡبِ بِظنِيۡنٍ) എന്നതിന് പകരമായി ‘വമാ ഹുവ അലൽ ഗൈബി ബി ദനീൻ’ (وَمَا هُوَ عَلَى الۡغَيۡبِ بِضَنِيۡنٍ) എന്നാക്കിത്തീർത്തു” (ഇബ്നു അബീദാവൂദ്: കിതാബുൽ മസാഹിഫ്, പുറം 49)

മുഹമ്മദ് നബിക്ക് അര നൂറ്റാണ്ടുകൾക്ക് ശേഷം പോലും ഖുർആനിൽ കൈകടത്തലുകൾ നടന്നുവെന്ന വിമർശനം ശരിയാണെങ്കിൽ അതേറെ ഗൗരവമുള്ള കാര്യമാണ്. എന്നാൽ വസ്തുതയെന്താണ്?

ഒന്ന്) ഈ നിവേദനം തെളിവിന് ആശ്രയിക്കാൻ കഴിയാത്ത വിധം തീരെ ദുർബലമാണ്. ഇമാം ദഹബി തന്റെ മീസാനുൽ ഇഅ്തിദാലിൽ പറയുന്നു: “ഈ നിവേദനം വളരെ ദുർബലമോ (ദഈഫൻ ജിദ്ദൻ) കെട്ടിയുണ്ടാക്കപ്പെട്ടതോ (മൗദൂഅ്) ആണ്. ഇതിന്റെ നിവേദകപരമ്പരയിൽ അബ്ബാദ് ബിൻ ശുഐബ് ഉള്ളതുകൊണ്ടാണത്. അയാളുടെ ഹദീഥുകളെല്ലാം തള്ളപ്പെടേണ്ടതാണ്. അലിയ്യു ബ്നു മദീനി പറഞ്ഞത് അയാളുടെ ഹദീഥുകൾ കൊള്ളാവുന്നവയല്ലെന്നാണ്. അയാൾ തള്ളപ്പെടേണ്ടവനാണെന്നാണ് ബുഖാരിയുടെയും നസാഇയുടെയും മറ്റുള്ളവരുടെയുമെല്ലാം പക്ഷം. തന്റെ വ്യതിയാനാദർശങ്ങൾ പ്രചരിപ്പിക്കുവാൻ ശ്രമിച്ച (ദൈവികവിധിയെ നിഷേധിച്ചവരായ) ഖദ്‌രിയ്യാക്കളിൽ പെട്ട ഇയാളുടെ നിവേദനങ്ങളിൽ പലതും ഈ രംഗത്തുള്ള ഒരു നവാഗതൻ പോലും കേട്ടാൽ അയാൾക്ക് അവ കെട്ടിയുണ്ടാക്കിയതാണെന്ന് മനസ്സിലാവുന്ന തരത്തിലുള്ളവയാണ്. ദഹബി പറയുന്നു: തള്ളപ്പെടേണ്ടവരിൽ പെട്ടയാളാണ് ഇയാൾ” (4/28)

ഇക്കാര്യം തന്നെയാണ് ഈ നിവേദകനെപ്പറ്റി ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി തന്റെ ‘കിതാബു ലിസാനുൽ മീസാനി’ലും (പുറങ്ങൾ 230-231) ഇമാം ഇബ്നു ഹിബ്ബാൻ തന്റെ ‘കിത്താബൽ മജ്‌റൂഹീൻ മിനൽ മുഹദ്ദിഥിൻ വൽ ദുഅഫാഅ വൽ മത് റൂഖീൻ’ (പുറങ്ങൾ 164-165) എന്ന കൃതിയിലും പറഞ്ഞിട്ടുള്ളത്.

ആരോ തങ്ങളുടെ ആശയപ്രചാരണത്തിനു വേണ്ടി കെട്ടിയുണ്ടാക്കിയ വാറോല മാത്രമാണ് ഖുർആനിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യാനായി വിമർശകരുടെ കൈകളിലുള്ള ആയുധങ്ങളിൽ ഏറ്റവും മൂർച്ഛയുള്ളത് എന്ന സത്യം എന്തുമാത്രം പരിഹാസ്യമല്ല!

രണ്ട്) അമവിയ്യാ ഖലീഫയായിരുന്ന അബ്ദുൽ മലിക്ക് ബ്‌നു മർവ്വാനിന്റെ ഇറാഖിലെ ഗവർണറായിരുന്നു ഹജ്ജാജ് ബ്നു യൂസുഫ്. ഉഥ്മാനിനെ ആദരിക്കുകയും അദ്ദേഹത്തെ ആരെങ്കിലും അനാദരിക്കുന്നതിനെ വെറുക്കുകയും വിമർശിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നവരാണ് അമവിയ്യാക്കൾ. ഹജ്ജാജ് അക്കാര്യത്തിൽ ഏറെ മുന്നിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ചരിത്രം വ്യക്തമാക്കുന്നുണ്ട്. ഉഥ്മാനിനെ മറ്റുള്ളവർ വിമർശിക്കുവാനും നിന്ദിക്കുവാനും ഇട വരുത്തുന്ന ഒരു ആരോപണം അദ്ദേഹത്തിൽ നിന്നുണ്ടാകുവാൻ യാതൊരു സാധ്യതയുമില്ല. അൽ മസാഹിഫിലെ നിവേദനം ശരിയാണെങ്കിൽ ഉഥ്മാനിന് ഖുർആൻ ക്രോഡീകരണത്തിൽ തെറ്റു പറ്റിയെന്ന് ഹജ്ജാജ് അംഗീകരിച്ചുവെന്നാണ് അതിനർത്ഥം. അങ്ങനെയൊന്ന് ഉണ്ടാകുവാൻ യാതൊരു സാധ്യതയുമില്ലെന്ന് അന്നത്തെ രാഷ്ട്രീയസാഹചര്യങ്ങൾ അപഗ്രഥിക്കുന്ന ആർക്കും ബോധ്യമാവും.

മൂന്ന്) ഉഥ്മാനിന്റെ കാലത്ത് തന്നെ അദ്ദേഹം നിർമ്മിച്ച ഖുർആൻപതിപ്പുകൾ വ്യത്യസ്ത പ്രവിശ്യകളിലേക്ക് അയച്ചു കൊടുത്തിട്ടുണ്ടായിരുന്നു. ഖലീഫ അബ്ദുൽ മലിക്ക് ബ്‌നു മർവ്വാനിന്റെ കാലമായപ്പോഴേക്കും അവയിൽ നിന്ന് പകർത്തിയെഴുതിയ കോപ്പികൾ എല്ലായിടത്തും വ്യാപകമായിരുന്നു. അവയുടെ അടിസ്ഥാനത്തിൽ പാരായണം അഭ്യസിച്ച പതിനായിരങ്ങൾ ഇസ്‌ലാമികസാമ്രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ ജീവിച്ചിരിക്കുകയും ചെയ്തിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന മുഴുവൻ മുസ്ഹഫുകളിലും ഹജ്ജാജ് തിരുത്തുകയും പ്രസ്തുത തിരുത്തുകൾ പ്രകാരം അന്ന് ജീവിച്ചിരുന്ന ഖുർആൻ മനഃപാഠമാക്കിയിരുന്ന മുഴുവനാളുകളും തങ്ങളുടെ മനഃപാഠം പരിഷ്കരിച്ചുവെന്നും കരുതുന്നത് മൗഢ്യമാണ്; തികച്ചും അസംഭവ്യവും അപ്രായോഗികവുമാണത്.

നാല്) അമവിയ്യാ ഖലീഫയായിരുന്ന അബ്ദുൽ മലിക്ക് ബ്‌നു മർവ്വാനിന്റെ ഇറാഖിലെ ഗവർണർ മാത്രമായിരുന്നു ഹജ്ജാജ്. ബ്രഹത്തായ ഇസ്‌ലാമികസാമ്രാജ്യത്തിലെ നിരവധി പ്രദേശങ്ങളിൽ ഒന്നിന്റെ മാത്രം ഗവർണർ. ഹജ്ജാജ് ഭരിച്ചിരുന്ന ഇറാഖിലെ മുഴുവൻ മുസ്ഹഫുകളിലും തിരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് തന്നെ കരുതുക. എങ്കിൽ പോലും ഇസ്‌ലാമിക സാമ്രാജ്യത്തിൽ ബാക്കിയുള്ള സ്ഥലങ്ങളിലുള്ള ആയിരക്കണക്കിന് ഖുർആൻ പ്രതികളെല്ലാം അദ്ദേഹത്തിന് തിരുത്താൻ കഴിയുന്നതെങ്ങനെ? തികച്ചും അസംഭവ്യമാണ് അൽ മസാഹിഫിൽ ആരോപിക്കപ്പെട്ട സംഭവം എന്നാണിത് വ്യക്തമാക്കുന്നത്.

അഞ്ച്) ഹജ്ജാജ് ഭരിച്ചിരുന്ന ഇറാഖിലെ മുഴുവൻ മുസ്ഹഫുകളിലും അദ്ദേഹം തിരുത്തിയെന്ന് തന്നെ കരുതുക. അക്കാലത്തെ ഇസ്‌ലാമിക സാമ്രാജ്യത്തിൽ മറ്റുള്ള പ്രദേശങ്ങളിൽ പാരായണം ചെയ്യപ്പെട്ടിരുന്ന മുസ്ഹഫുകളുമായി അവയ്ക്ക് അപ്പോൾ വ്യത്യാസമുണ്ടായിരിക്കും. ഇറാഖീമുസ്ഹഫുകളുമായി മുസ്‌ലിംലോകത്തെ മറ്റു മുസ്ഹഫുകൾ ഏതെങ്കിലും കാലത്ത് വ്യത്യസ്തത പുലർത്തിയതായി വ്യക്തമാക്കുന്ന ചരിത്രരേഖകളൊന്നും തന്നെയില്ല. ചരിത്രവിരുദ്ധമാണ് അൽ മസാഹിഫിൽ ആരോപിക്കപ്പെട്ട സംഭവം എന്നർത്ഥം.

ആറ്) അമവിയ്യാക്കൾക്ക് ശേഷം ഇസ്‌ലാമിക സാമ്രാജ്യം ഭരിച്ചത് അബ്ബാസിയാക്കളായിരുന്നു. ഹജ്‌ജാജിനെതിരേയുള്ള നിറം പിടിപ്പിച്ച കഥകളുടെ പലതിന്റെയും സ്രഷ്ടാക്കൾ അബ്ബാസിയാക്കളാണ്. ഖുർആനിൽ ഇങ്ങനെയൊരു കൈകടത്തൽ ഹജ്ജാജ് നടത്തിയിരുന്നുവെങ്കിൽ അക്കാര്യം അബ്ബാസിയാക്കൾ സമൂഹത്തിൽ പാട്ടാക്കുകയും അമവിയ്യാക്കളെക്കുറിച്ച വലിയിരു ആരോപണമായി അത് ഉന്നയിക്കുകയും ചെയ്യുമായിരുന്നു. അതുണ്ടായിട്ടില്ല. അബ്ബാസിയാ രേഖകളിലെവിടെയും അമവിയ്യാക്കൾക്കെതിരായി ഖുർആനിൽ കൈകടത്തലുകൾ നടത്തിയെന്ന ആരോപണം ഉന്നയിച്ചതായി കാണുന്നില്ല. അങ്ങനെയൊന്നുണ്ടായിട്ടില്ലെന്നതിനുള്ള ശക്തമായ തെളിവാണിത്.

ഏഴ്) ഹജ്ജാജ് തിരുത്തിയതായി പറയപ്പെടുന്നതൊന്നും തന്നെ യഥാർത്ഥത്തിൽ തിരുത്തലുകളല്ല പ്രത്യുത, ഖുർആനിന്റെ വ്യത്യസ്തമായ പാരായണങ്ങളാണ്. സൂറത്തുൽ ബഖറയിലെ 259 ആം വചനം ഉദാഹരണം. ‘ലം യതസന്ന വൻദുർ’ (لَمۡ يَتَسَنَّۚ وَانْظُرۡ) എന്ന ഹജ്ജാജ് തിരുത്തിയതിന് മുമ്പുള്ളതായി അൽ മസാഹിഫിലെ നിവേദനത്തിൽ പറയുന്ന ‘യതസന്ന’ക്കു ശേഷം ‘ഹു’ ഇല്ലാത്ത പ്രയോഗം ഹംസയിൽ നിന്നും അൽ കിസാഇയിൽ നിന്നുമുള്ള പാരായണത്തിലുള്ളതാണെന്നും മറ്റ് പ്രധാനപ്പെട്ട അഞ്ച് പാരായണങ്ങളിലും ‘അത് ലം യതസന്നഹു വൻദുർ’ (لَمۡ يَتَسَنَّهۡۚ وَانْظُرۡ) എന്നാണുള്ളതെന്നും ഇബ്നു സഞ്ചലയുടെ ‘ഹുജ്ജത്തുൽ ഖിറാഅത്തി’ൽ നിന്ന് (പുറം 142, 143) ഡോ: മുഹമ്മദ് ബിൻ ഇബ്‌റാഹീം റദ്‌വാൻ ഉദ്ധരിക്കുന്നുണ്ട്. ആരോപിക്കപ്പെട്ട പതിനൊന്ന് വ്യത്യാസങ്ങളും ഖുർആൻ ആയത്തുകളുടെ പാരായണഭേദങ്ങൾ മാത്രമാണെന്ന് ആ വിഷയത്തിൽ പഠനം നടത്തിയ ഡോ: മുഹമ്മദ് റദ്‌വാൻ തന്റെ ‘വിശുദ്ധ ഖുർആനിന്റെയും അതിന്റെ വ്യാഖ്യാനങ്ങളെയും സംബന്ധിച്ച ഓറിയന്റലിസ്റ്റ് വീക്ഷണങ്ങൾ: പഠനവും വിമർശനവും’ എന്ന തന്റെ ഗവേഷണപ്രബന്ധത്തിൽ സമർത്ഥിക്കുന്നുണ്ട്. (ഡോ: മുഹമ്മദ് ബിൻ ഇബ്‌റാഹീം റദ്‌വാൻ:ആറാഅ’ൽ മുസ്തശ്‌രിഖീൻ ഹൌലൽ ഖുർആനൽ കരീം വ തഫ്സീർ: ദിറാഷ് വ നഖ്ദ്, വാല്യം ഒന്ന്, പുറം 430, റിയാദ്, 1992).

പാരായണവ്യത്യാസങ്ങളെക്കുറിച്ച ഹജ്ജാജ് ബ്നു യൂസുഫിന്റെ ഏതോ പരാമർശങ്ങളെ തെറ്റിദ്ധരിച്ചതു കൊണ്ടോ തെറ്റായി വ്യാഖ്യാനിച്ചത് കൊണ്ടോ ഉണ്ടായതാണ് അദ്ദേഹം ഖുർആനിൽ മാറ്റം വരുത്തിയെന്ന ആരോപണമെന്ന് സാരം.

ഖുർആനിൽ സൂറത്തുൽ ബഖറയിലെ 238 ആം വചനത്തിൽ ഇന്നുള്ള ഖുർആനിൽ ഇല്ലാത്ത ഒരു പ്രയോഗം ആയിശ(റ)യുടേതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ടല്ലോ. ഖുർആനിൽ തിരുത്തലുകളുണ്ടായി എന്നല്ലേ അത് വ്യക്തമാക്കുന്നത്?

ആയിശ(റ)യിൽ നിന്ന് നിവേദനം ചെയ്തിരിക്കുന്ന ഒരു ഹദീഥിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഈ വിമർശനം. ഹദീഥ് ഇങ്ങനെയാണ്: “ആയിശ(റ)യുടെ സ്വാതന്ത്രനാക്കപ്പെട്ട ദാസനായ അബൂയൂനുസ് (റ) പറഞ്ഞു: ആയിശ (റ) അവർക്കുവേണ്ടി ഒരു ഖുർആൻ എഴുതിയുണ്ടാക്കാൻ എന്നോട് ആവശ്യപ്പെട്ടുകൊണ്ട് പറഞ്ഞു. ‘നമസ്കാരങ്ങള്‍, വിശേഷിച്ചും ഉൽകൃഷ്ടനമസ്കാരം നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിക്കുക’ (حَافِظُوا عَلَى الصَّلَوَاتِ وَالصَّلاَةِ الْوُسْطَى) എന്ന വചനമെത്തുമ്പോൾ നീ എന്നെ അറിയിക്കണം. ആ വചനമെത്തിയപ്പോൾ ഞാൻ അവരെ അറിയിച്ചു. അപ്പോൾ അവർ എന്നോട് ഇങ്ങനെ രേഖപ്പെടുത്താൻ പറഞ്ഞു: ‘നമസ്കാരങ്ങള്‍, വിശേഷിച്ചും ഉൽകൃഷ്ടനമസ്കാരവും അസർ നമസ്കാരവും നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിക്കുക; അല്ലാഹുവിനു മുമ്പിൽ ഭയഭക്തിയോടെയാകണം നിങ്ങൾ നിൽക്കേണ്ടത്’ (حَافِظُوا عَلَى الصَّلَوَاتِ وَالصَّلاَةِ الْوُسْطَى وَصَلاَةِ الْعَصْرِ وَقُومُوا لِلَّهِ قَانِتِينَ). എന്നിട്ട് അവർ പറഞ്ഞു. ഇങ്ങനെയാണ് ഞാൻ അല്ലാഹുവിന്റെ ദൂതനിൽ നിന്ന് കേട്ടിട്ടുള്ളത്” (സ്വഹീഹ് മുസ്‌ലിം, കിതാബുൽ മസാജിദി വൽ മവാദിഇ സ്സ്വലാത്തി; ജാമിഉ ത്തിർമിദി, കിതാബു ത്തഫ്സീറിൽ ഖുർആൻ; സുനനു അബീദാവൂദ്, കിതാബുസ്വലാത്ത്; സുനനു ന്നസാഈ, കിതാബുസ്വലാത്ത്; മുവത്വ മാലിക്ക്, കിതാബു സ്വലാത്തിൽ ജമാഅഃ)

എന്താണ് ആയിശ (റ) ഇങ്ങനെ പറയാനുള്ള കാരണം? അത് സ്വഹീഹ് മുസ്‌ലിമിൽ തന്നെയുള്ള അടുത്ത ഹദീഥിൽ നിന്ന് മനസ്സിലാവും.

അൽ ബറാഉ ബിൻ ആസിബിൽ നിന്ന് നിവേദനം: ഈ വചനം ആദ്യം അവതരിക്കപ്പെട്ടത് ഇങ്ങനെയായിരുന്നു: ‘നമസ്കാരങ്ങള്‍, വിശേഷിച്ചും അസർ നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിക്കുക’ (حَافِظُوا عَلَى الصَّلَوَاتِ وَصَلاَةِ الْعَصْرِ). ഈ വചനം അല്ലാഹു ഉദ്ദേശിച്ച കാലത്തോളം ഞങ്ങൾ പാരായണം ചെയ്തിരുന്നത് ഇങ്ങനെയായിരുന്നു. അതിനു ശേഷം അല്ലാഹു ഇത് ദുർബലപ്പെടുത്തുകയും ‘നമസ്കാരങ്ങള്‍, വിശേഷിച്ചും ഉൽകൃഷ്ടനമസ്കാരം നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിക്കുക’ (حَافِظُوا عَلَى الصَّلَوَاتِ وَالصَّلاَةِ الْوُسْطَى) എന്ന വചനം അവതരിപ്പിക്കുകയും ചെയ്തു. (നിവേദക ശൃംഖലയിലെ ഒരാളായ) ഷഖീഖിന് അടുത്തിരുന്ന ഒരാൾ പറഞ്ഞു; ഇപ്പോൾ അത് അർത്ഥമാക്കുന്നത് അസർ നമസ്‌കാരമാണ്. ഇത് സംബന്ധമായി ബറാഅ പറഞ്ഞു: ഈ വചനം എങ്ങനെയാണ് അവതരിച്ചതെന്നും എങ്ങനെയാണ് അല്ലാഹു അത് ദുർബലപ്പെടുത്തിയതെന്നും ഞാൻ നിന്നോട് പറഞ്ഞു കഴിഞ്ഞുവല്ലോ; അല്ലാഹുവിനാണ് കാര്യങ്ങളെല്ലാം കൃത്യമായി അറിയുക.”(സ്വഹീഹ് മുസ്‌ലിം, കിതാബുൽ മസാജിദി വൽ മവാദിഇ സ്സ്വലാത്തി)

ഈ ഹദീഥുകൾ വ്യാഖ്യാനിച്ച പണ്ഡിതന്മാർ ആയിശ (റ) അങ്ങനെ പറഞ്ഞതെന്തുകൊണ്ട് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. തിർമിദിയുടെ വ്യാഖ്യാതാവായ അബ്ദുറഹ്‌മാൻ അൽമുബാറക് പൂരി എഴുതുന്നു: “അൽ ബാജി പറഞ്ഞു: ‘അവർ(ആയിശ) ഇത് ഖുർആനിലുള്ളതെന്ന രൂപത്തിൽ കേട്ടതിനു ശേഷമായിരിക്കാം മുസ്‌ലിം ബറാഇൽ നിന്ന് നിവേദനം ചെയ്ത ഹദീഥിലുള്ളതുപോലെ അത് ദുർബലപ്പെടുത്തപ്പെട്ടത്; ആയിശ (റ) ഈ വചനം ദുർബലപ്പെടുത്തപ്പെട്ടത് അറിഞ്ഞിട്ടില്ലായിരിക്കാം; അറിഞ്ഞെങ്കിലും അതിലെ നിയമം മാത്രം ദുർബലപ്പെടുത്തപ്പെടുകയും വചനം നിലനിൽക്കുന്നുവെന്ന് അവർ കരുതിയിരിക്കാം; അത് ഖുർആനിന്റെ ഭാഗമല്ലെങ്കിലും അതിന്റെ പ്രാധാന്യം വ്യക്തമാക്കാനായി അല്ലാഹുവിന്റെ ദൂതൻ അവരോട് പറഞ്ഞതിൽ നിന്ന് അത് ഖുർആനിന്റെ ഭാഗം തന്നെയാണെന്ന് അവർ ധരിക്കുകയും കൈയെഴുത്ത്പ്രതിയിൽ അത് ഉൾപ്പെടുത്തണമെന്ന് അവർ ആഗ്രഹിക്കുകയും ചെയ്തതാവാം. (ഇങ്ങനെ പല സാധ്യതകളുമുണ്ട്). മുവത്വയുടെ വിശദീകരണത്തിൽ സർഖാനിയും പറഞ്ഞത് ഇത് തന്നെയാണ്. (തുഹ്ഫത്തുൽ അഹ്‌വാദ്വി ബി ശറഹി ജാമിഉ ത്തിര്മിദി, ഹദീഥ് 2908)

ദുർബലപ്പെടുത്തപ്പെട്ട ഒരു പ്രയോഗം മാത്രമാണ് ഖുർആനിൽ നിന്ന് കളഞ്ഞുപോയതായി വിമർശകർ ആരോപിക്കുന്നത് എന്നാണ് ഇത് വ്യക്തമാക്കുന്നത്. ദുർബലപ്പെടുത്തപ്പെട്ട എല്ലാ പ്രയോഗങ്ങളെയും വചനങ്ങളെയും കുറിച്ച് എല്ലാ പ്രവാചകാനുചരന്മാരും എല്ലായ്‌പ്പോഴും അറിഞ്ഞുകൊള്ളണമെന്നില്ല. അതുകൊണ്ട് തന്നെ അവരുടെ സ്വകാര്യകോപ്പികളിൽ അത്തരം വചനങ്ങളും പ്രയോഗങ്ങളും സ്ഥാനം പിടിച്ചിരിക്കാനിടയുണ്ട്. നസ്ഖ് ചെയ്യപ്പെട്ട പ്രയോഗമാണ് ‘അസർ നമസ്കാരത്തിലും’ (وَصَلاَةِ الْعَصْرِ) എന്നത് എന്ന വസ്തുത അറിയാത്തതുകൊണ്ടുണ്ടായ ആയിശാബീവിയുടെ(റ) ഒരു ആശയക്കുഴപ്പം മാത്രമാണ് ഒന്നാമത്തെ ഹദീഥിലുള്ളത്. ഇത്തരം ആശയക്കുഴപ്പങ്ങൾ വ്യക്തിപരമായി സൂക്ഷിച്ചുവെച്ച ഖുർആൻ കോപ്പികളിൽ ഉണ്ടാവാമെന്നത് കൊണ്ട് തന്നെയാണ് സ്വഹാബിമാരെല്ലാം ഏകകണ്ഠമായി അംഗീകരിച്ച ഖുർആൻ കോപ്പി പുറത്തിറങ്ങിയതോടെ അത്തരം സ്വകാര്യകോപ്പികളെല്ലാം നശിപ്പിക്കാൻ ഉഥ്മാൻ (റ) ഉത്തരവിട്ടത്. പ്രസ്തുത ഉത്തരവിന്റെ സൂക്ഷ്മതയും അനിവാര്യതയുമല്ലാതെ മറ്റൊന്നും തന്നെ ഈ ഹദീഥുകൾ വെളിപ്പെടുത്തുന്നില്ല.

ഉഥ്മാനിന്റെ(റ) കാലത്തെ ഖുർആൻ ക്രോഡീകരണവുമായി ബന്ധപ്പെട്ട് ഇബ്നു മസ്‌ഊദ്‌ (റ) നിരവധി വിമർശനങ്ങളുന്നയിച്ചതായി രേഖകളിലുണ്ടല്ലോ. പ്രവാചകശിഷ്യന്മാരിൽ പ്രമുഖനായ അദ്ദേഹം ഇത്തരം വിമർശനങ്ങളുന്നയിച്ചുവെന്നത് ഉഥ്മാൻ (റ) ക്രോഡീകരിച്ച ഖുർആനിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നില്ലേ?

ഓറിയന്റലിസ്റ്റുകളും അവരിൽ നിന്ന് ഊർജ്ജമുൾക്കൊള്ളുന്ന ക്രൈസ്തവ മിഷനറിമാരും ഉന്നയിക്കുന്ന പ്രധാനപ്പെട്ട ആരോപണങ്ങളിലൊന്നാണിത്. ഉഥ്മാനിന്റെ കാലത്ത് നടന്ന ഖുർആൻ ക്രോഡീകരണത്തിൽ അബ്ദുല്ലാഹി ബിൻ മസ്ഊദ് സംതൃപ്തനായിരുന്നില്ലെന്നും അന്നുണ്ടാക്കിയ മുസ്ഹഫ് അദ്ദേഹം അംഗീകരിച്ചില്ലെന്നും അതിന് കാരണം മുഹമ്മദ് നബി പഠിപ്പിച്ച ഖുർആനുമായി ഉഥ്മാൻ (റ) ക്രോഡീകരിച്ച ഖുർആനിന് കാര്യമായ അന്തരമുള്ളതിനാലാണെന്നുമെല്ലാമാണ് വിമർശനം. അവർ ഉന്നയിക്കുന്ന പ്രമാണങ്ങൾ പരിധോധിക്കുക:

1) ആസ്സുഹ്‌രി ഉബൈദുല്ലാഹി ബ്നു അബ്ദുല്ലാഹിൽ നിന്ന് നിവേദനം ചെയ്യുന്നു: സൈദ് ബിൻ ഥാബിത്ത് മുസ്ഹഫ് പകർത്തിയെഴുതുന്നത് അബ്ദുല്ലാഹി ബിൻ മസ്ഊദ് വെറുത്തിരുന്നു. സൈദ് ബ്നു ഥാബിത്തിനെപ്പറ്റി അദ്ദേഹം പറഞ്ഞു: ‘മുസ്‌ലിം ജനങ്ങളേ, ഈ മനുഷ്യനിൽ നിന്നുള്ള മുസ്ഹഫും പാരായണവും സ്വീകരിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. അല്ലാഹുവാണെ! ഞാൻ ഇസ്‌ലാം സ്വീകരിക്കുന്ന കാലത്ത് അയാൾ അവിശ്വാസിയുടെ മുതുകത്തായിരുന്നു.’ വീണ്ടുമൊരിക്കൽ അദ്ദേഹം പറഞ്ഞു: ‘ഇറാഖിലെ ജനങ്ങളേ, നിങ്ങളുടെ കയ്യിലുള്ള മുസ്ഹഫുകൾ നിങ്ങൾ സൂക്ഷിച്ചു വെക്കുക; അതിന്നായി അവ നിങ്ങൾ ഒളിപ്പിച്ച് വെക്കുക. തീർച്ചയായും അല്ലാഹു പറഞ്ഞിരിക്കുന്നു; ആരെങ്കിലും എന്തെങ്കിലും ഒളിപ്പിച്ചുവെച്ചാൽ അയാൾ അതുമായി വിചാരണനാളിൽ വരും. അതിനാൽ നിങ്ങൾ മുസ്ഹഫുമായി അല്ലാഹുവിനെ കണ്ടുമുട്ടുക” (ജാമിഉ ത്തിർമിദിയിൽ സ്വഹീഹായ സനദോടെ നിവേദനം ചെയ്തത്, അബ്‌വാബു തഫ്സീറുൽ ഖുർആൻ ഹദീഥ് 3104)

2) അബ്ദുല്ലാഹി ബിൻ മസ്ഊദ് പറഞ്ഞു: ‘അതിനാൽ കയ്യെഴുത്ത് രേഖകൾ ഒളിപ്പിച്ച് വെക്കുക. സൈദ് ബ്നു ഥാബിത്തിന്റെതിനേക്കാൾ ഞാൻ ഏറ്റവുമധികം സ്നേഹിക്കുന്നയാളുടെ (പ്രവാചകന്റെ) പാരായണപ്രകാരം പാരായണം ചെയ്യാനാണ് ഞാനിഷ്ടപ്പെടുന്നത്. ആരാധനക്കർഹനായുള്ള ഒരേയൊരുവനാണെ! സൈദ് കുട്ടിയായി മറ്റു കുട്ടികളോടൊപ്പം മുടിയും നീട്ടി കളിച്ചുനടന്നിരുന്ന കാലത്ത് അല്ലാഹുവിന്റെ ദൂതന്റെ ചുണ്ടിൽ നിന്ന് എഴുപതിലധികം സൂറത്തുകൾ ഞാൻ പഠിച്ചിട്ടുണ്ട്.” (ഇബ്നു സഅദ്: കിതാബ് ത്വബഖാത്തുൽ കബീർ, ഭാഗം 2, പുറം 444; ഇബ്‌നു അബീ ദാവൂദ്: അൽമസാഹിഫ് പുറം 60)

3) അല്ലാഹുവാണെ! ഞാൻ ഈ കയ്യെഴുത്തുരേഖ അവർക്ക് കൊടുക്കുകയില്ല. അല്ലാഹുവിന്റെ ദൂതൻ വ്യക്തിപരമായി എഴുപതിലധികം സൂറത്തുകൾ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഞാനീ കയ്യെഴുത്തുരേഖകൾ അവർക്ക് നൽകണമെന്നോ? അല്ലാഹുവാണെ! ഞാൻ അത് അവർക്ക് നൽകുകയില്ല.” (മുസ്തദ് റക് അൽ ഹാക്കിം: ഹദീഥ് 2896 ഇമാമുമാർ ഹാകിമും ദഹബിയും ഇത് സ്വീകാര്യമായ പരമ്പരയോട് കൂടിയുള്ളതാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്)

ഈ വിഷയത്തിൽ സമാനമായ ആശയങ്ങളുൾക്കൊള്ളുന്ന വേറെയും നിവേദനങ്ങളുണ്ട്. ഉഥ്മാനിന്റെ കാലത്ത് സൈദു ബിൻ ഥാബിത്തിന്റെ നേതൃത്വത്തിൽ ക്രോഡീകരിച്ച മുസ്ഹഫുകൾ മാത്രം നിലനിർത്തി മറ്റുള്ളവയെല്ലാം നശിപ്പിക്കണമെന്ന കല്പനയിൽ നീരസം പ്രകടിപ്പിച്ചുകൊണ്ടുള്ള അബ്ദുല്ലാഹിബ്നു മസ്ഊദിന്റെ പ്രതികരണങ്ങൾ വ്യത്യസ്തമായ വാക്കുകളിൽ രേഖപ്പെടുത്തപ്പെട്ട നിവേദനങ്ങൾ. അവയിൽ ചിലവ ദുർബലമായ പാരമ്പരയോട് കൂടിയുള്ളവയാണെങ്കിലും പൊതുവെയുള്ള ആശയം പ്രബലമായ പരമ്പരയോടു കൂടി സ്ഥാപിക്കപ്പെട്ടതാണ്. എന്താണ് ഈ ഹദീഥുകളിൽ നിന്നും നാം മനസ്സിലാക്കേണ്ടത്? സൈദ് ബിൻ ഥാബിത്തിന്റെ നേതൃത്വത്തിൽ ക്രോഡീകരിക്കപ്പെട്ട ഖുർആൻ കയ്യെഴുത്തുരേഖകളിൽ സാരമായ എന്തെങ്കിലും അബദ്ധങ്ങളുണ്ടെന്ന് ഇബ്നു മസ്ഊദിന് അഭിപ്രായമുണ്ടായിരുന്നുവെന്നാണോ? വിമർശകർ തെറ്റിദ്ധരിപ്പിക്കുന്ന ഇബ്നു മസ്ഊദിന്റെ വചനങ്ങളുടെ യഥാർത്ഥ പൊരുളെന്താണ്? താഴെ പറയുന്ന വസ്തുതകൾ ശ്രദ്ധിക്കുക:

ഒന്ന്) ഇവ്വിഷയകമായ ഇബ്നു മസ്ഊദിന്റെ അഭിപ്രായങ്ങളെയും പ്രതിഷേധപ്രകടനങ്ങളെയുമെല്ലാം മൊത്തമായി പരിശോധനാവിധേയമാക്കിയാൽ രണ്ട് പ്രശ്നങ്ങളിലാണ് അദ്ദേഹത്തിന് വിയോജിപ്പുണ്ടായിരുന്നത് എന്ന കാണാനാവും. ഖുർആൻ വിജ്ഞാനീയങ്ങളിൽ അഗ്രഗണ്യനും പ്രവാചകനോടൊപ്പം ജീവിക്കുവാൻ കൂടുതൽ അവസരമുണ്ടായിരുന്നയാളുമായ തന്നെ പരിഗണിക്കാതെ തന്നെക്കാൾ ഏറെ പ്രായം കുറഞ്ഞ സൈദുബ്നു ഥാബിത്തിനെ അതിമഹത്തായ ഖുർആൻ ക്രോഡീകരണദൗത്യത്തിന്റെ നേതൃത്വം ഏൽപിച്ചതിലുള്ള പ്രതിഷേധമാണ് ഒന്നാമത്തേത്. പ്രവാചകനിൽ നിന്ന് നേർക്കുനേരെ കേട്ട് താൻ എഴുതിത്തയ്യാറാക്കിയ തന്റെ ഖുർആൻ കയ്യെഴുത്തുതരേഖ നശിപ്പിക്കുവാനും പകരം സൈദ് ബിൻ ഥാബിത്തിന്റെ നേതൃത്വത്തിലുള്ള സംഘം തയാറാക്കിയ മുസ്ഹഫ് സ്വീകരിക്കുവാനും ആവശ്യപ്പെട്ടതിലുള്ള അമർഷമാണ് രണ്ടാമത്തേത്. ഇതല്ലാതെ ഉഥ്മാനിന്റെ കാലത്ത് നടന്ന ഖുർആൻ സമാഹരണത്തിലോ ക്രോഡീകരണത്തിലോ എന്തെങ്കിലും സാരമായ അപകടങ്ങളുണ്ടായതായോ പ്രവാചകൻ പഠിപ്പിക്കാത്ത എന്തെങ്കിലും ഖുർആനിൽ കടന്നുകൂടിയതായോ പഠിപ്പിച്ച എന്തെകിലും നഷ്ടപ്പെട്ടതായോ അദ്ദേഹം തന്റെ അമർഷപ്രകടനങ്ങളിലൊന്നും സൂചിപ്പിക്കുന്നേയില്ല. ഖുർആനിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുവാനുതകുന്ന തെളിവുകളന്വേഷിച്ച് ഇസ്‌ലാമികഗ്രൻഥശേഖരങ്ങളിൽ മുങ്ങിത്തപ്പുന്നവർക്ക് ഇബ്നു മസ്ഊദിന്റെ പ്രതിഷേധപ്രകടനങ്ങളിൽ നിന്ന് ലഭിക്കുക യാതൊരു ഉപകാരവുമില്ലാത്ത വെറും പായലുകൾ മാത്രമായിരിക്കും.

രണ്ട്) “അല്ലാഹുവിന്റെ ഗ്രന്ഥത്തെ സംബന്ധിച്ച് ഞാനാണ് ഏറ്റവുമധികം അറിവുള്ളവനെന്ന് പ്രവാചകാനുചരന്മാർക്ക് അറിയാവുന്ന കാര്യമാണ്. എന്നേക്കാള്‍ ഈ വിഷയത്തില്‍ അറിവുള്ളവരുണ്ടെങ്കിൽ അവന്റെയടുത്തേക്ക് യാത്രചെയ്തെത്തുവാൻ ഞാൻ സന്നദ്ധനാണ്.” (ഇബ്‌നു അബീ ദാവൂദ് 58) എന്ന ഇബ്നു മസ്ഊദിന്റെ സ്വയംസാക്ഷ്യം നൂറുശതമാനം സത്യസന്ധമാണെന്ന് ഇസ്‌ലാമികപ്രമാണങ്ങളും ചരിത്രവും പഠിക്കുന്ന ആർക്കും മനസ്സിലാവും. “ഞാനും എന്റെ സഹോദരനും യമനില്‍ നിന്നും നബി(സ)യുടെ സമീപം വന്ന സമയത്ത് ഇബ്‌നു മസ്ഊദും(റ) അദ്ദേഹത്തിന്റെ മാതാവും നബി(സ)യുടെ വീട്ടിലെ സ്ഥിരമായ സന്ദർശനങ്ങൾ വഴിയും അവരോടുള്ള നബിയുടെ ബന്ധം വഴിയും അവർ നബിഗൃഹത്തിലെ അംഗങ്ങളാണെന്ന് ഞങ്ങള്‍ ധരിച്ചിരുന്നു”വെന്ന അബൂമൂസൽ അശ്അരിയുടെ വർത്തമാനത്തിൽ (സ്വഹീഹുൽ ബുഖാരി, കിതാബുൽ മഗാസി; സ്വഹീഹു മുസ്‌ലിം, കിതാബ് ഫദാഇലു സ്സ്വഹാബ) നിന്ന് നബിയുമായുള്ള ഇബ്നു മസ്ഊദിന്റെ ബന്ധത്തിന്റെ വലിപ്പം നമുക്ക് മനസ്സിലാക്കാൻ കഴിയും.” അബ്ദുല്ലാഹിബ്നു മസ്ഊദ്, മുആദ് ബിൻ ജബൽ, ഉബയ്യു ബ്നു കഅബ്, അബൂ ഹുദൈഫയുടെ സ്വാതന്ത്രനാക്കിയ അടിമ സാലിം എന്നീ നാലു പേരിൽ നിന്ന് നിങ്ങൾ ഖുർആൻ പഠിക്കുക”യെന്ന അബ്ദുല്ലാഹി ബ്നു അംറ് നിവേദനം ചെയ്ത പ്രവാചകനിർദേശം(സ്വഹീഹുൽ ബുഖാരി, കിതാബു ഫദാഇലിൽ ഖുർആൻ; ജാമിഉ ത്തിർമിദി, കിതാബുൽ മനാഖിബ്) ഇബ്നു മസ്ഊദിന്റെ ഖുർആൻ വിജ്ഞാനത്തിനുള്ള മഹാസാക്ഷ്യമായി നിലകൊള്ളുന്നുമുണ്ട്. അതുകൊണ്ട് തന്നെ ഖുർആനികവിജ്ഞാനീയങ്ങളിലും വ്യാഖ്യാനത്തിലുമെല്ലാം ഇബ്നു അബ്ബാസ് കഴിഞ്ഞാൽ ഏറ്റവുമധികം പരിഗണിക്കപ്പെടുന്നത് ഇബ്നു മസ്ഊദിന്റെ അഭിപ്രായങ്ങളെയാണ്.

പ്രവാചകാനുചാരന്മാരിലെ മഹാപണ്ഡിതനായിരുന്ന ഇബ്നു മസ്ഊദിന് ഖുർആൻ ക്രോഡീകരണത്തിന് നേതൃത്വം വഹിക്കുവാൻ തീർച്ചയായും അവകാശമുണ്ട്. അവിടെ താൻ പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് തോന്നിയാൽ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. തന്നെ അവഗണിച്ചുകൊണ്ട് തന്നെക്കാളും ഏറെ പ്രായം കുറഞ്ഞ ഒരാളെ ഖുർആൻ പ്രതികളുണ്ടാക്കുകയെന്ന മഹാദൗത്യം ഏൽപിച്ചപ്പോൾ അതിനേക്കാൾ അക്കാര്യത്തിൽ പരിഗണിക്കപ്പെടേണ്ടിയിരുന്നത്‌ താനായിരുന്നുവെന്ന് ആ മഹാപണ്ഡിതൻ വിചാരിച്ചത് സ്വാഭാവികമാണ്. പ്രസ്തുത സ്വാഭാവികതയിൽ കവിഞ്ഞ യാതൊന്നും തന്നെ അദ്ദേഹത്തിന്റെ പ്രതിഷേധപ്രതികരണത്തിൽ കാണാൻ കഴിയില്ല.

മൂന്ന്) എന്തുകൊണ്ടാണ് ഉഥ്മാൻ ഖുർആൻ ക്രോഡീകരണത്തിന്റെ ചുമതല ഇബ്നു മസ്ഊദിനെ ഏൽപ്പിക്കാതെ സൈദു ബ്നു ഥാബിത്തിനെ ഏൽപിച്ചത്? ഉഥ്മാനിന്റെ ന്യായീകരണങ്ങൾ ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി തന്റെ ഫത്ഹുൽ ബാരിയിൽ വിശദീകരിക്കുന്നുണ്ട്. അവ ഇങ്ങനെയാണ്: ഖുർആൻ സമാഹരണത്തിനും ക്രോഡീകരണത്തിനും മദീനയിൽ വെച്ച് ഉഥ്മാൻ തീരുമാനിച്ച സന്ദർഭത്തിൽ ഇബ്നു മസ്ഊദ് ഇറാഖിലുള്ള കൂഫയിലാണ് ഉണ്ടായിരുന്നത്. അബൂബക്കറിന്റെ കാലത്തെ സുഹ്‌ഫിൽ നിന്ന് എല്ലാവർക്കും പാരായണം ചെയ്യാൻ കഴിയുന്ന രീതിയിലുള്ള പകർപ്പെടുക്കുകയായിരുന്നു ഉഥ്മാനിന്റെ ഉദ്ദേശ്യം. സൈദു ബ്നു ഥാബിത്തായിരുന്നു അബൂബക്കറിന്റെ കാലത്തെ ഖുർആൻ ക്രോഡീകരണത്തിന് നേതൃത്വം വഹിച്ചത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിനും ഏറ്റവും അനുയോജ്യം അദ്ദേഹം തന്നെയാണെന്ന് ഉഥ്മാൻ കരുതിയത് സ്വാഭാവികമാണ്. പ്രവാചകന്റെ വഹ്‌യ് എഴുത്തുകാരനായിരുന്നുവെന്ന യോഗ്യത കൂടിയുണ്ട് സൈദിന്. (ഫതഹുല്‍ ബാരി 9/19-20)

അബൂബക്കറിന്റെ കാലത്ത് വ്യത്യസ്തങ്ങളായ വസ്തുക്കളിൽ രേഖീകരിക്കപ്പെട്ടിരുന്ന ഖുർആൻ കയ്യെഴുത്തുകളെയെല്ലാം ഒരുമിച്ച് കൂട്ടി ഒരൊറ്റ ഗ്രൻഥമാക്കുകയെന്ന ദുഷ്കരമായ ജോലി ഏൽപിക്കുമ്പോൾ അബൂബക്കറും ഉമറും കൂടി സൈദിനോട് പറഞ്ഞ കാര്യങ്ങൾ ഇവിടെയും ബാധകമാണ്. “നീ ബുദ്ധിമാനായ യുവാവാണ്. നിന്നെ ഞങ്ങള്‍ തെറ്റിദ്ധരിക്കുകയില്ല. നീ നബി(സ)ക്കായി ദിവ്യസന്ദേശങ്ങള്‍ എഴുതിയിരുന്നു. ആയതിനാല്‍ ക്വുര്‍ആന്‍ രേഖകള്‍ അന്വേഷിച്ചു കണ്ടെത്തി ഒരുമിച്ചു കൂട്ടുക” (സ്വഹീഹുൽ ബുഖാരി, കിതാബുൽ അഹ്‌കാം, ബാബു യൂസ്തഹബ്ബു് ലിൽ കാത്തിബി അൻ യക്കൂന അമീനൻ ആഖിലൻ; ജാമിഉത്തിർമിദി, കിതാബു ത്തഫ്സീർ). ഖുർആൻ സമാഹരണവിഷയത്തിൽ ബുദ്ധിയും കൂർമ്മതയും ഉള്ളയാളെന്ന് തന്റെ മുൻഗാമികൾ സാക്ഷീകരിച്ച വ്യക്തിയെത്തന്നെ അതിന്റെ അടുത്ത ഘട്ടവും ഏൽപിക്കുന്നതാവും ഉത്തമമെന്ന് ഉഥ്മാൻ(റ) കരുതിയിരിക്കണം. ഇബ്നു മസ്ഊദ് (റ) അടക്കമുള്ള സ്വഹാബിമാരൊന്നും തന്നെ അബൂബക്കറി(റ)ന്റെ കാലത്തെ ക്രോഡീകരണത്തിന്റെ നേതൃത്വം സൈദിനെ ഏൽപിച്ചത് ശരിയായില്ല എന്ന് പറഞ്ഞിട്ടുമില്ലെന്ന സത്യം അക്കാര്യത്തിൽ രണ്ടാമത് ഒരു ആലോചന വേണ്ടതില്ലെന്ന തീരുമാനത്തിന് ഉഥ്മാനെ പ്രേരിപ്പിച്ചിരിക്കണം. പ്രവാചകനിൽ നിന്ന് അവസാനമായി ഖുർആൻ കേട്ടവരിൽ ഒരാളായ സൈദിനെ ഈ ഉത്തരവാദിത്തം ഏൽപിച്ചതിൽ ഇബ്നു മസ്ഊദ് ഒഴിച്ച് മറ്റൊരു സ്വഹാബിയും എതിരഭിപ്രായങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നതു തന്നെ ഉഥ്മാനിന്റെ തീരുമാനം തന്നെയായിരുന്നു ശരിയെന്ന യാഥാർഥ്യം ബോധ്യപ്പെടുത്തുന്നുണ്ട്.

ഖുർആൻ ലിഖിതങ്ങളുടെ ശേഖരണത്തിനും പകർത്തിയെഴുത്തിനും ആവശ്യം ഖുർആനികവിജ്ഞാനീയങ്ങളിലുള്ള വിവരത്തെക്കാൾ ഭാഷാജ്ഞാനവും കയ്യെഴുത്തിനുള്ള കഴിവുമാണ്. ഇക്കാര്യത്തിൽ സൈദ് അഗ്രഗണ്യനായിരുന്നുവെന്ന് പ്രവാചകന്റെ വചനങ്ങളും ചെയ്തികളുമെല്ലാം സാക്ഷ്യം വഹിക്കുന്നുണ്ട്. സൈദ് ബിന്‍ ഥാബിതിൽ നിന്ന് തന്നെയുള്ള രണ്ട് നിവേദനങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 1) നബി (സ) എന്നോട് ചോദിച്ചു. നിനക്ക് സുറിയാനി ഭാഷ അറിയുമോ? ഞാന്‍ പറഞ്ഞു, ഇല്ല. നബി (സ) പറഞ്ഞു: നീ അത് പഠിക്കുക, എനിക്ക് ആ ഭാഷയില്‍ ചില കത്തുകള്‍ വരാറുണ്ട്. ഞാന്‍ പതിനേഴ് ദിവസങ്ങൾ കൊണ്ട് അത് പഠിച്ചു. (ഇബ്‌നു ഹിബ്ബാന്‍; സ്വഹീഹാണെന്ന് ശുഐബുല്‍ അര്‍നാഊഥ് 7136). 2) “അല്ലാഹുവിന്റെ ദൂതൻ ജൂതന്മാർ അദ്ദേഹത്തിനെഴുതിയ എഴുത്തുകളിലെ ചില പ്രസ്താവനകൾ പഠിക്കാൻ എന്നോടാവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു: അല്ലാഹുവാണെ! എന്റെ കത്തുകളുടെ കാര്യത്തിൽ ഞാൻ ജൂതന്മാരെ വിശ്വസിക്കുന്നില്ല.’ അര മാസം കഴിയുന്നതിന് മുൻപ് ഞാൻ അവ പഠിച്ചെടുത്തു. പിന്നീട് ജൂതന്മാർക്കായി എന്തെങ്കിലും എഴുതേണ്ടതുണ്ടെങ്കിൽ പ്രവാചകനിർദേശപ്രകാരം ഞാൻ അവർക്ക് അത് എഴുതും; അദ്ദേഹത്തിന് അവർ എന്തെങ്കിലും എഴുതിയാൽ ഞാൻ അത് വായിച്ച് കൊടുക്കും” (ജാമിഉ ത്തിർമിദി; കിതാബുൽ ഇസ്‌തിഅദാൻ; ഹസൻ ആയ സനദോടെയുള്ളത്). ഖുർആൻ അവതരിക്കപ്പെടുന്ന സന്ദർഭങ്ങളിൽ പ്രവാചകൻ പ്രത്യേകമായി ആരെയെങ്കിലും വിളിച്ച് അവ എഴുതാൻ ആവശ്യപ്പെടുമ്പോഴെല്ലാം അദ്ദേഹം വിളിച്ചിരുന്നത് സൈദിനെയായിരുന്നുവെന്നതിൽ നിന്ന് (സ്വഹീഹുൽ ബുഖാരി, കിതാബ് ഫദാഇലിൽ ഖുർആൻ, ബാബു നുസൂലുൽ വഹ്‌യി വ അവ്വ ലു മാ നസല) അദ്ദേഹത്തിന്റെ കയ്യെഴുത്ത് സാമർഥ്യം എത്രത്തോളമായിരുന്നുവെന്ന് നമുക്ക് വായിച്ചെടുക്കാൻ കഴിയും. ഖുർആൻ പകർത്തിയെഴുത്തിന് തികച്ചും അനുയോജ്യനായ വ്യക്തിയെത്തന്നെയാണ് ഉഥ്മാൻ (റ) തെരെഞ്ഞെടുത്തതെന്ന സത്യമാണ് ഇവിടെയും വെളിപ്പെടുന്നത്.

ഭാഷയിലും കയ്യെഴുത്തിലും മാത്രമല്ല മതത്തിലും അഗാധമായ പാണ്ഡിത്യമുള്ളയാളായിരുന്നു സൈദു ബിൻ ഥാബിത്ത്‌. “ഈ സമുദായത്തിലെ അഗാധ പണ്ഡിതന്‍ മരണപ്പെട്ടിരിക്കുന്നു” വെന്ന സൈദുബ്നു ഥാബിത്തിന്റെ മരണസന്ദർഭത്തിലുള്ള അബൂ ഹുറൈറയുടെ(റ) പ്രതികരണം (സിയറു അഅ്‌ലാമി നുബലാഅ് 2/439) മാത്രം മതി അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ ആഴം മനസ്സിലാക്കുവാൻ. ഈ ഉമ്മത്തിലെ പ്രധാനപ്പെട്ട പണ്ഡിതരില്‍ സൈദ് ബിന്‍ സാബിത്തി(റ)നെ എണ്ണിയതായി കാണാം. (മജ്മഉല്‍ ഇമാം ഹൈസമി 9/163)ജനങ്ങള്‍ മതപരമായ പ്രശ്‌നപരിഹാരം തേടി സൈദി(റ)നെ സമീപിച്ചതായി കാണാം. (സ്വഹീഹ് ഇബ്‌നു മാജ 62) ഉമര്‍ (റ) യാത്ര പോകുമ്പോള്‍ ധാരാളമായി സൈദ് ബിന്‍ സാബിത്തി(റ)നെ പ്രതിനിധിയായി നിയമിച്ചിരുന്നു. (സിയറു അഅ്‌ലാമി നുബലാഅ് 2/434)

ഖസ്‌റജ് ഗോത്രക്കാര്‍ അഭിമാനത്തോടെ പറഞ്ഞു: നബി(സ)യുടെ കാലഘട്ടത്തില്‍ ക്വുര്‍ആന്‍ സമ്പൂര്‍ണമായി ഒരുമിച്ച് കൂട്ടിയത് ഞങ്ങളില്‍പ്പെട്ട നാലു പേരാണ്. ഇത് മറ്റാര്‍ക്കുമില്ല. അഥവാ സൈദു ബിന്‍ സാബിത്ത്, അബൂ സൈദ്, ഉബയ്യബിന്‍ കഅ്ബ്, മുആദ് ബിന്‍ ജബല്‍ (ബസാര്‍ 7090, ത്വഹാവി 10/374, ത്വബ്‌റാനി 3488) നബി (സ) പറഞ്ഞു: അനന്തരാവകാശ വിഷയവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഏറ്റവും പ്രാവിണ്യമുള്ളയാള്‍ സൈദ് ബിന്‍ സാബിത്ത് (റ) ആണ്. (മുശ്കിലുല്‍ ആഥാർ 810. സ്വഹീഹാണ്)

സാഖിത് ബിന്‍ ഉബൈദ് (റ) പറയുന്നു. ഒരു സദസ്സില്‍ ഏറ്റവും മാന്യതയുള്ളവരും ഒരു ഭവനത്തില്‍ ഏറ്റവും പാണ്ഡിത്യം ഉള്ളവരുമായി സൈദ് ബിന്‍ സാബിത്തി(റ)നെ പോലെ ഞാനൊരാളെയും ദര്‍ശിച്ചിട്ടില്ല. (അല്‍ അദബുല്‍ മുഫ്‌റദ് 219. സ്വഹീഹാണ്).

ഇബ്‌നു മസ്ഊദി(റ)ന്റെ ശിഷ്യനായ മസ്‌റൂക് (റ) മദീനയില്‍ വന്നു. സൈദി(റ)ന്റെ പാണ്ഡിത്യത്തില്‍ അത്ഭുതപ്പെട്ടു. ശിഷ്യന്‍മാര്‍ ചോദിച്ചു. താങ്കള്‍ ഇബ്‌നു മസ്ഊദി(റ)ന്റെ അഭിപ്രായം ഒഴിവാക്കുന്നോ? മസ്‌റൂക് പറഞ്ഞു. സൈദി(റ)ന് അറിവില്‍ അവഗാഹമുള്ളതായി ഞാന്‍ ഗണിക്കുന്നു. (സിയറു അഅ്‌ലാമി നിബലാഅ് 2/437. സ്വഹീഹാണ്). ഭാഷയിലുള്ള കഴിവും എഴുത്തിനുള്ള പാടവവും മതത്തിലുള്ള അഗാധ ജ്ഞാനവുമുള്ള ആളെത്തന്നെയാണ് ഖുർആൻ ക്രോഡീകരണത്തിന്റെ നേതൃത്വത്തിന് ഉഥ്മാൻ തെരഞ്ഞെടുത്തതെന്ന് ഇതിൽ നിന്ന് സുതരാം വ്യക്തമാകുന്നുണ്ട്.

നാല്) യഥാർത്ഥത്തിൽ തന്റെ കൈവശമുള്ള ഖുർആനിന്റെ സ്വകാര്യകോപ്പി നശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതാണ് മറ്റെന്തിനേക്കാളുമധികം ഇബ്നു മസ്ഊദിനെ ചൊടിപ്പിച്ചതെന്ന് നടേ സൂചിപ്പിച്ച ഹദീഥുകളുടെ വരികൾക്കിടയിലൂടെ വായിച്ചാൽ ബോധ്യമാവും. അബൂബക്കറിന്റെ കാലത്തെ ക്രോഡീകരണത്തിനും നേതൃത്വം നൽകിയത് സൈദു ബിൻ ഥാബിത്ത് തന്നെയായിരുന്നുവല്ലോ. അപ്പോഴൊന്നും തന്നെ അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും ഒരു ആക്ഷേപം ഇബ്നു മസ്ഊദ് ഉന്നയിച്ചതായി യാതൊരു രേഖയുമില്ല. അതിനർത്ഥം സൈദിന്റെ നേതൃത്വത്തിനല്ല ഇബ്നു മസ്ഊദ് കുഴപ്പം കണ്ടത് എന്നാണ്. സൈദിനെക്കുറിച്ച വിമർശനവാക്കുകൾ അദ്ദേഹം പറയുന്നത് സൈദ് തന്റെ ദൗത്യം പൂർത്തിയാക്കിയതിന് ശേഷമാണ്; അക്കാര്യം ഏല്പിച്ച ഉടനെയല്ല. സൈദിന്റെ ദൗത്യം പൂർത്തിയാക്കിയതിനു ശേഷമാണ് സ്വകാര്യകോപ്പികൾ നശിപ്പിക്കുവാനുള്ള ഖലീഫയുടെ ഉത്തരവുണ്ടാവുന്നത്. അപ്പോൾ തീർച്ചയായും ഇബ്നു മസ്ഊദിന് ദേഷ്യം പിടിച്ചിട്ടുണ്ടാവണം. പ്രവാചകസന്നിധിയിൽ വെച്ച് താൻ കേട്ട് എഴുതിയെടുത്ത, തന്റെ സ്വകാര്യപാരായണത്തിനും പഠനത്തിനും താൻ ഉപയോഗിക്കുന്ന ഖുർആൻ കയ്യെഴുത്തുരേഖയാണ് ഖലീഫ നശിപ്പിക്കുവാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തെ അത് വേദനിപ്പിച്ചിരിക്കണം. പ്രവാചകനോടൊപ്പം ദീർഘകാലം ജീവിച്ച തന്റെ കൈവശമുള്ള കോപ്പി നശിപ്പിച്ച് പകരം തന്റെ മകനാകാൻ മാത്രം പ്രായമുള്ള സൈദിന്റെ നേതൃത്വത്തിൽ നിർമ്മിച്ച മുസ്ഹഫ് താൻ പാരായണം ചെയ്യണമെന്ന ഖലീഫാനിർദേശം ആ വന്ദ്യവയോധികനായ പ്രവാചകാനുചരനെ ചൊടിപ്പിച്ചതിൽ നിന്നാണ് സൈദിനെതിരെയുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളെല്ലാമുണ്ടായതെന്നാണ് മനസ്സിലാകുന്നത്. ആ പ്രതികരണം പ്രവാചകനോടും അദ്ദേഹത്തിൽ നിന്ന് താൻ കേട്ടെഴുതിയ ഖുർആൻപ്രതിയോടുമുള്ള സ്നേഹത്തിൽ നിന്നുണ്ടായതാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ വിമർശിക്കുകയല്ല, അനുനയിപ്പിക്കുകയാണ് മറ്റു സ്വഹാബിമാർ ചെയ്തത്.

തന്റെ കയ്യെഴുത്ത് പ്രതി നശിപ്പിക്കാതെ സൂക്ഷിച്ചുവെക്കാൻ തീരുമാനിച്ചതിനോടൊപ്പം, സ്വകാര്യകയ്യെഴുത്തുരേഖകൾ കൈവശമുള്ളവരോടെല്ലാം അവ മറച്ചുവെക്കുകയും സൂക്ഷിച്ചുവെക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയുമാണ് ഇബ്നു മസ്ഊദ് ചെയ്തത്. അതല്ലാതെ സൈദ് ബ്നു ഥാബിത്തിന്റെ നേതൃത്വത്തിൽ ക്രോഡീകരിക്കപ്പെടുകയും കോപ്പികളെടുക്കുകയും ചെയ്ത മുസ്ഹഫിൽ ഗുരുതരമായ എന്തെങ്കിലും സ്ഖലിതങ്ങളുള്ളതായി അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല; അങ്ങനെയുള്ള സൂചനകൾ പോലും നൽകിയിട്ടില്ല.

അഞ്ച്) തന്റെ കയ്യിലുള്ള സ്വകാര്യകയ്യെഴുത്തുപ്രതി നശിപ്പിക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയും അങ്ങനെ ചെയ്യേണ്ടതില്ലെന്ന് മറ്റുള്ളവരോട് ആഹ്വാനം നടത്തുകയും ചെയ്ത ഇബ്നു മസ്ഊദിന്റെ നടപടി ശരിയായില്ലെന്നായിരുന്നു സ്വഹാബിമാരിൽ മിക്കവരുടെയും അഭിപ്രായം. ഇക്കാര്യം ഇബ്നു മസ്ഊദിന്റെ പ്രതിസ്വരം രേഖപ്പെടുത്തിയ ഇമാം സുഹ്‌രി തന്നെ വ്യക്തമാക്കുന്നുണ്ട്. “അല്ലാഹുവിന്റെ ദൂതന്റെ അനുചരന്മാരിൽ ഉന്നതമായ നിലവാരത്തിലുള്ള പലരും ഇബ്നു മസ്ഊദിന്റെ ഈ വീക്ഷണത്തെ ഇഷ്ടപ്പെട്ടിരുന്നില്ല” (ജാമിഉ ത്തിർമിദി, അബ് വാബു തഫ്സീറുൽ ഖുർആൻ ഹദീഥ് 3104). ഖുർആനിന്റെ ഉള്ളടക്കത്തിൽ എന്തെങ്കിലും കൈകടത്തലുകളുണ്ടായിയെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണമെങ്കിൽ സ്വഹാബിമാർ ഒന്നുകിൽ അദ്ദേഹത്തോടോപ്പമുണ്ടാകുമായിരുന്നു; അതല്ലെങ്കിൽ അദ്ദേഹത്തിനെതിരെ കടുത്ത വിമർശങ്ങൾ ഉന്നയിക്കുമായിരുന്നു. ഖുർആനിന്റെ ഉള്ളടക്കത്തിൽ സംശയിക്കുകയെന്നത് മുസ്‌ലിംസമൂഹം മതത്തിൽ നിന്ന് പുറത്താകുന്ന പ്രവർത്തനമായാണ് അന്നും ഇന്നും കരുതിപ്പോന്നിട്ടുള്ളത്.

ആറ്) കയ്യെഴുത്തുരേഖകൾ കൈവശമുള്ളവർ അവ നശിപ്പിക്കേണ്ടതില്ലയെന്ന തന്റെ നിലപാടിൽ നിന്ന് ഇബ്നു മസ്ഊദ് തന്നെ പിൽക്കാലത്ത് പിൻവലിയുകയും മുസ്‌ലിംസമൂഹത്തിന്റെ പൊതുനിലപാട് തന്നെയാണ് ശരിയെന്ന് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം ഇബ്നു കഥീർ തന്റെ ‘അൽ ബിദായ വ ന്നിഹായ’യിൽ രേഖപ്പെടുത്തിയിട്ടുണ്ട്. “ഉഥ്മാൻ (റ) അദ്ദേഹത്തിന് (ഇബ്നു മസ്ഊദ്) മറ്റു പ്രവാചകാനുചരന്മാരെ താങ്കളും അനുധാവനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഴുതി. സ്വഹാബിമാരെല്ലാം എന്തുകൊണ്ടാണ് പ്രസ്തുത തീരുമാനത്തിലെത്തിയതെന്നും അതുകൊണ്ടുണ്ടാവുന്ന നേട്ടങ്ങളും വിരുദ്ധാഭിപ്രായങ്ങളില്ലാതെയാക്കി ഖുർആനിന്റെ വിഷയത്തിൽ ഒരേ അഭിപ്രായത്തിലേക്ക് എല്ലാവരും എത്തേണ്ടതിന്റെ ആവശ്യകതയുമെല്ലാം എഴുത്തിൽ പരാമർശിച്ചിരുന്നു. അദ്ദേഹത്തിന് കാര്യങ്ങൾ മനസ്സിലാവുകയും എതിർപ്പുകൾ വെടിഞ്ഞ് ഐക്യപ്പെടാൻ അദ്ദേഹം അങ്ങനെ തീരുമാനിക്കുകയും ചെയ്തു.”(7/217)

ശരിയാണ്; പ്രവാചകനിൽ നിന്ന് നേരിട്ട് കേട്ട് താൻ എഴുതിയ ഖുർആനിന്റെ സ്വന്തം കയ്യെഴുത്തുപ്രതി നശിപ്പിക്കാൻ ഇബ്നു മസ്ഊദിന് സമ്മതമുണ്ടായിരുന്നില്ല; തന്റെ മകന്റെ മാത്രം പ്രായമുള്ള സൈദ് ക്രോഡീകരിച്ച പ്രതി സ്വീകരിച്ച് പകരം തന്റെ സ്വന്തം പ്രതി നശിപ്പിക്കില്ലെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുകയും കയ്യെഴുത്ത് പ്രതികൾ കൈവശമുള്ളവരൊന്നും അവ നശിപ്പിക്കരുതെന്ന് ആഹ്വാനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ സൈദ് ക്രോഡീകരിച്ച ഖുർആൻ കൈയ്യെഴുത്ത് രേഖയിൽ ഗുരുതമായ എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി അദ്ദേഹം ആരോപിച്ചിട്ടില്ല. പ്രവാചകാനുചരന്മാർ മൊത്തത്തിലെടുത്ത തീരുമാനത്തിനെതിരെയുള്ള തന്റെ പ്രതിസ്വരം ശരിയല്ലെന്ന് ബോധ്യപ്പെട്ടതോടെ അദ്ദേഹം അത് തിരുത്തുകയും ചെയ്തിട്ടുണ്ട്. മൂർഖനനെ ലഭിക്കുമെന്ന് കരുതി ഇസ്‌ലാമികഗ്രൻഥങ്ങളുടെ മാളങ്ങളിലെല്ലാം തപ്പി നോക്കിയിട്ട് വിമർശകർക്ക് ലഭിച്ചത് കേവലമൊരു ഞാഞ്ഞൂൽ മാത്രമാണെന്ന സത്യം ഖുർആനിന്റെ അബദ്ധങ്ങളില്ലാതെയുള്ള സംപ്രേഷണത്തെക്കുറിച്ച മതിപ്പ് വർധിപ്പിക്കാൻ മാത്രമേ നിമിത്തമാവുകയുള്ളൂ.

അബൂബക്കറി(റ)ന്റെ കാലത്തെ ഖുർആൻ ക്രോഡീകരണത്തെ അലി (റ) വിമർശിച്ചതായുള്ള നിവേദനവും അബൂബക്കറല്ല ഖുർആൻ ആദ്യമായി ക്രോഡീകരിച്ചത് എന്നുള്ള നിവേദനവുമെല്ലാം ഈ രംഗത്ത് അവ്യക്തതകളുണ്ടെന്നല്ലേ വ്യക്തമാക്കുന്നത്? യഥാർത്ഥത്തിൽ അബൂബക്കറി(റ)ന്റെ കാലത്തെ ഖുർആൻ ക്രോഡീകരണത്തെ അനുകൂലിക്കുകയും അദ്ദേഹം ചെയ്തത് വലിയ പുണ്യമാണെന്ന് പ്രശംസിക്കുകയും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയുമാണ് അലി (റ) ചെയ്തത്.

അലി (റ) പറഞ്ഞു: മുസ്ഹഫിന്റെ വിഷയത്തില്‍ ഏറ്റവും ഉത്തമമായ പ്രതിഫലം അബൂബക്കറി(റ)നാണ്. അല്ലാഹുവിന്റെ കാരുണ്യം അബൂബക്കറി(റ)ന് ഉണ്ടാകട്ടെ. കാരണം അല്ലാഹുവിന്റെ ഗ്രന്ഥം ആദ്യമായി ഒരുമിച്ച് കൂട്ടിയത് അദ്ദേഹമാണ്. (ഇബ്‌നു അബീ ദാവൂദ് പേജ് 153)

അലി (റ) പറഞ്ഞു: അല്ലാഹു അബൂബക്കറി(റ)ന് കരുണ ചെയ്യട്ടെ. കാരണം അദ്ദേഹമാണ് രണ്ടു ചട്ടകള്‍ക്കുള്ളിലായി ഖുര്‍ആനിനെ ഒരുമിച്ചു കൂട്ടിയത്. (ഇബ്‌നു അബീദാവൂദ്, ഇബ്‌നു അബീ ശൈഖ 6/148, ഇബ്‌നു സഅദ് ത്വബമാതില്‍ 3/193. ഈ ഹദീഥ് സ്വഹീഹാണെന്ന് ഇമാം സുയൂത്വി)

ഇതിനു വിരുദ്ധമായ ചില നിവേദനങ്ങളുണ്ടെന്നത് ശരിയാണ്. അവ ബലഹീനവും തെളിവിന് കൊള്ളാത്തതുമാണെന്ന് പണ്ഡിതന്മാർ സമർത്ഥിച്ചിട്ടുണ്ട്. നിവേദനങ്ങൾ ഇവയാണ്: –

ഇഖ്‌രിമ (റ) യിൽ നിന്ന്: അബൂബക്കറി(റ)നുള്ള ബൈഅത്തിനുശേഷം അലി (റ) വീട്ടില്‍ തന്നെയിരുന്നു. കാരണം തിരക്കിയ ഖലീഫയോട് അലി (റ) പറഞ്ഞു. അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ വര്‍ധിക്കപ്പെടുമോ എന്ന് എനിക്ക് തോന്നുന്നു. ആയതിനാല്‍ ഖുര്‍ആന്‍ ഒരുമിച്ച് കൂട്ടുന്നതു വരെ നമസ്‌കാരത്തിനല്ലാതെ ഞാന്‍ മേല്‍വസ്ത്രം ധരിക്കുന്നതല്ല. (ഇബ്‌നു ളരീസ് -അല്‍ ഇത്ഖാന്‍ 1/59)

ഈ ഹദീഥിന്റെ നിവേദക പരമ്പര പൂർണമല്ല. നിവേദകശൃംഖലയിൽ കണ്ണികൾ വിട്ടു പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് ദുർബലാണ്; തെളിവിന് കൊള്ളുകയില്ല. ഇമാം ഇബ്‌നു ഹജര്‍ (റ) തന്റെ ഫതഹുൽ ബാരി 9/12 ഗ്രൻഥത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഇതേപോലെത്തന്നെയാണ് സാലിമാണ് ഖുർആൻ ആദ്യമായി ക്രോഡീകരിച്ചതെന്നും അതല്ല ഉമറാണെന്നുമെല്ലാമുള്ള നിവേദനങ്ങൾ. എല്ലാം ദുർബലവും തെളിവിന് കൊള്ളാത്തവയുമാണ്.

ഇബ്‌നു ബുറൈദ (റ) പറയുന്നു: ഒരു ഏടില്‍ ആദ്യമായി ക്വുര്‍ആന്‍ ഒരുമിച്ച് കൂട്ടിയത് സാലിം (റ) ആണ്. (ഇത്ഖാന്‍- 1/166)

ഈ അഥറും പരമ്പര മുറിഞ്ഞതിനാല്‍ ദുര്‍ബലമാണെന്ന് ഇമാം സുയൂത്വി (റ) പറയുന്നു. (അല്‍ ഇത്ഖാന്‍ പേജ് 382)

ഹസന്‍ (റ) പറയുന്നു: ഒരു ആയത്തിനെ സംബന്ധിച്ച് അന്വേഷിച്ചു. അത് യമാമയില്‍ വധിക്കപ്പെട്ട ഒരു സ്വഹാബിയുടെ കൈവശമുണ്ടായിരുന്നു എന്നു പറയപ്പെട്ടു. അപ്പോള്‍ ഉമര്‍ (റ) ഇന്നാലില്ലാഹ്… എന്നുപറഞ്ഞു. ക്വുര്‍ആന്‍ ഒരുമിച്ചു കൂട്ടാല്‍ കല്‍പിച്ചു. അദ്ദേഹമാണ് ആദ്യമായി ക്വുര്‍ആന്‍ മുസ്ഹഫില്‍ ഏകോപിപ്പിച്ചത്. (ഇബ്‌നു അബീദാവൂദ് അല്‍മസാഹിഫ് 1/181)

അഥര്‍ മുന്‍ഖതി ആണെന്ന് ഇബ്‌നു ബസീര്‍ ഫളഇളുല്‍ ക്വുര്‍ആന്‍ പേജ് 27ലും ഇബ്‌നു ഹജര്‍ ഫതഹുല്‍ ബാരി 9/13ലും ഇമാം സുയൂത്വി (റ) അല്‍ ഇത്ഖാന്‍ പേജ് 382ലും വ്യക്തമാക്കുന്നു. ഈ അഥറും അസ്വീകാര്യമാണ് എന്നർത്ഥം.

ഖുർആൻ പകർത്തിയെഴുതിയപ്പോൾ ഗുരുതരമായ ചില വ്യാകരണപ്പിഴവുകൾ വന്നതായി വ്യക്തമാക്കുന്ന നിവേദനങ്ങളുണ്ടല്ലോ. വ്യാകരണപ്പിഴവുകൾ അടക്കം പകർത്തിയെഴുത്തുകാർക്ക് സംഭവിച്ചിട്ടുണ്ടെങ്കിൽ, ഖുർആൻ അവതരിപ്പിക്കപ്പെട്ട രൂപത്തിൽ സംരക്ഷിക്കപെട്ടുവെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്? ഇമാം സുയൂഥ്വിയുടെ ‘അൽ ഇത്ഖാൻ ഫീ ഉലൂമിൽ ഖുർആൻ’ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചിരിക്കുന്ന ആയിശയിൽ(റ) നിന്നും ഉഥ്മാനിൽ(റ) നിന്നുമുള്ള രണ്ട് നിവേദനങ്ങളാണ് ഈ വിമർശനത്തിന് ആധാരം. അവ ഇങ്ങനെയാണ്:

1) ഹിഷാമു ബ്നു ഉർവ്വ അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു: ഖുർആനിലെ വ്യാകരണപ്പിഴവുകളെക്കുറിച്ച് ഞാൻ ആയിശയോട് ചോദിച്ചു. സൂറത്തുൽ മാഇദയിലെ 69 ആം വചനത്തിലെയും (اِنَّ الَّذِيۡنَ اٰمَنُوۡا وَالَّذِيۡنَ هَادُوۡا وَالصَّابِـُٔـوۡنَ وَالنَّصٰرٰى) സൂറത്തു ന്നിസാഇലെ 162ആം വചനത്തിലെയും (وَالۡمُقِيۡمِيۡنَ الصَّلٰوةَ وَالۡمُؤۡتُوۡنَ الزَّكٰوةَ وَ الۡمُؤۡمِنُوۡنَ بِاللّٰهِ ) സൂറത്തു ത്വാഹയിലെ 63ആം വചനത്തിലെയും (اِنۡ هٰذٰٮنِ لَسٰحِرٰنِ) (വ്യാകരണപ്പിശകുകളെക്കുറിച്ചാണ് ഞാൻ ചോദിച്ചത്.) അപ്പോൾ അവർ പറഞ്ഞു: സഹോദരീപുത്രാ… ഇവ എഴുത്തുകാരുടെ അബദ്ധങ്ങളാണ്; എഴുതിയപ്പോൾ അവർക്ക് അബദ്ധങ്ങൾ സംഭവിച്ചുപോയി” (അല്‍ ഇത്ഖാന്‍ 1/174)

2) ഇബ്നു അബ്ബാസിന്റെ മോചിപ്പിക്കപ്പെട്ട ദാസനായ ഇക്‌രിമയിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: മുസ്ഹഫുകൾ എഴുതപ്പെട്ടശേഷം അവ ഉഥ്മാനെ കാണിച്ചപ്പോൾ അദ്ദേഹം അതിൽ ചില വ്യാകരണപ്പിശകുകൾ കണ്ടു. അദ്ദേഹം പറഞ്ഞു: നിങ്ങല്‍ അത് മാറ്റേണ്ടതില്ല. അറബികളുടെ ഭാഷാശുദ്ധി അതിനെ ശരിയാക്കിക്കൊള്ളും; അല്ലെങ്കിൽ അവർ അത് ശരിയായി വായിച്ചുകൊള്ളും. എഴുത്തുകാരന്‍ സഖീഫ് ഗോത്രക്കാരനും വായിച്ചുകൊടുത്തത് ബുദൈല്‍ ഗോത്രക്കാരനുമായിരുന്നുവെങ്കില്‍ ഈ പിഴവുകള്‍ ഉണ്ടാകുമായിരുന്നില്ല. (അബൂ ഉബൈദ്: ഫദാഇലുല്‍ ക്വുര്‍ആന്‍ 2/103, ഇബ്‌നു അബീ ദാവൂദ്: അല്‍ മസാഹിഫ് 1/235)

താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

ഒന്ന്) ആയിശയിൽ(റ) നിന്നുള്ള ഹിശാമുബ്നു ഉർവ്വയുടെ നിവേദനം രണ്ട് കൂഫീ നിവേദകരിലൂടെയാണ് പണ്ഡിതന്മാർ ഉദ്ധരിച്ചിരിക്കുന്നത്. അബൂ മുആവിയ അദ്ദരീർ ആണ് ഒന്നാമത്തെയാൾ. സഈദു ബിൻ മൻസൂർ തന്റെ സുനനിലും (4/1507) അബൂ ഉബൈദ് തന്റെ ഫദാഇലിൽ ഖുർആനിലും (പുറം 229) ഇമാം ത്വബ്‌രി തന്റെ ജാമിഉൽ ബയാനിലും(9/359) ഇബ്നു അബീ ദാവൂദ് തന്റെ അൽ മസാഹിഫിലു(പുറം 43)മെല്ലാം അബൂ മുആവിയയിൽ നിന്നാണ് ഇത് നിവേദനം ചെയ്തിരിക്കുന്നത്. അലിയ്യു ബ്നു മസ്ഹർ അൽകൂഫിയാണ് രണ്ടാമത്തെ നിവേദകൻ. ഉമർ ബ്നു ശുബ്ബാഹിന്റെ താരീഖുൽ മദീനയിൽ (3/1013-1014) അദ്ദേഹത്തിൽ നിന്നുള്ള നിവേദനമാണുള്ളത്. ഇത്തരം ഒറ്റപ്പെട്ടതും അംഗീകൃതമായ തത്ത്വങ്ങൾക്ക് വിരുദ്ധവുമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന സംഭവങ്ങൾ ഹിശാമു ബ്നു ഉർവ്വയിൽ നിന്ന് അദ്ദേഹത്തിന്റെ അവസാനകാലത്ത് നിവേദനം ചെയ്യപ്പെട്ടാൽ അത് സ്വീകാര്യമാവുകയില്ലെന്നാണ് ഹദീഥ് ശാസ്ത്രജ്ഞന്മാർ പറയുക. ഇക്കാര്യം ഇമാം ദഹബി തന്റെ ‘മീസാനുൽ ഇഅതിദാൽ’ എന്ന ഗ്രൻഥത്തിൽ വ്യക്തമാക്കുന്നുണ്ട്. “തന്റെ ജീവിതാന്ത്യത്തിൽ ഇറാഖിലേക്ക് വന്ന ശേഷം ഹിശാമു ബ്നു ഉർവ്വ മഹത്തായ നിരവധി വിജ്ഞാനങ്ങൾ പഠിപ്പിച്ചിട്ടുണ്ട്; എന്നാൽ ആ സമയത്ത് അദ്ദേഹം നിവേദനം ചെയ്ത ചില ഹദീഥുകൾ പ്രബലമല്ല. മാലിക്കിനും ശുഅബക്കും വക്കീഇനും മറ്റ് അനവധി പ്രഗത്ഭരും സത്യസന്ധരുമായ പണ്ഡിതർക്കും ഇതേപോലെ സംഭവിച്ചിട്ടുണ്ട്.” (4/301)

പ്രായാധിക്യത്താൽ മറവി പറ്റാൻ സാധ്യതയുള്ളതിനാലും വാർധക്യസഹജമായ പ്രയാസങ്ങളുള്ളതിനാലും മറ്റെവിടെയും പറയാത്ത എന്തെങ്കിലും അത്തരം പണ്ഡിതന്മാർ പ്രായാധിക്യമുള്ള കാലത്ത് പറഞ്ഞാൽ അത് സ്വീകാര്യമല്ല എന്നാണ് ഇപ്പറഞ്ഞതിനർത്ഥം. അത്തരക്കാരുടെ നിവേദങ്ങൾക്ക് ഉപോൽബലകമായി മറ്റ് നിവേദനങ്ങളുണ്ടെങ്കിലേ അവ ഹദീഥ് പണ്ഡിതന്മാർ സ്വീകരിക്കുകയുള്ളൂ. ഇറാഖിലെത്തിയ ശേഷമുള്ള ഹിശാമു ബ്നു ഉർവ്വയുടെ ചില നിവേദനങ്ങൾ സ്വീകാര്യമാണെന്ന് ഹദീഥ് നിദാന ശാസ്ത്രജ്ഞർ പറയുന്നത് അവയെ ബലപ്പെടുത്തുന്ന മറ്റു നിവേദനങ്ങൾ ഉള്ളതിനാലാണ്. എന്നാൽ ആയിശയിൽ നിന്നുള്ള ഈ അഥറിനെ ബലപ്പെടുത്തുന്ന മറ്റു നിവേദനങ്ങൾ ഒന്നും തന്നെയില്ല. അത് കൊണ്ട് തന്നെ ഈ നിവേദനം സ്വീകാര്യമായി ഗണിക്കപ്പെടുകയില്ല.

ഹിശാമുബ്നു ഉർവ്വ മാത്രമല്ല, അദ്ദേഹത്തിൽ നിന്ന് ഈ സംഭവം നിവേദനം ചെയ്ത അബൂ മുആവിയ മുഹമ്മദ് ബിൻ ഖാസിം അദ്ദരീർ അൽ കൂഫിയും ഇത്തരം നിവേദങ്ങളുടെ കാര്യത്തിൽ ഹദീഥ് പണ്ഡിതന്മാർക്ക് സ്വീകാര്യനായ വ്യക്തിയല്ല. അബൂ മുആവിയയിലൂടെയുള്ള ചില നിവേദനങ്ങൾ സ്വീകാര്യമല്ലെന്ന് ഇമാം അഹ്‌മദ്‌ ബിൻ ഹമ്പൽ പറഞ്ഞതായി അദ്ദേഹത്തിന്റെ മകൻ അബ്ദുല്ലാഹ് സാക്ഷ്യപ്പെടുത്തുന്നത് ഇമാം ഇബ്നു ഹജർ ഉദ്ധരിക്കുന്നുണ്ട്. അത് ഇങ്ങനെയാണ്: “അഅമഷ് നിവേദനം ചെയ്തതല്ലാതെയുള്ള അബൂ മുആവിയയിൽ നിന്നുള്ള വിവരണങ്ങളൊന്നും സ്വീകാര്യയോഗ്യമല്ല.” (തഹ്ദീബു ത്തഹ്ദീബ് ഭാഗം 9, പുറങ്ങൾ 138, 139) ഇമാം അബൂ ദാവൂദും ഇക്കാര്യം തന്നെ പറയുന്നുണ്ട്. അദ്ദേഹത്തിൽ നിന്ന് ഇമാം ദഹബി ഉദ്ധരിക്കുന്നു: “ഞാൻ അഹ്‌മദ്‌ ബിൻ ഹമ്പലിനോട് ചോദിച്ചു: ഹിശാമുബ്നു ഉർവ്വയിൽ നിന്നുള്ള അബൂ മുആവിയയുടെ നിവേദനങ്ങളെക്കുറിച്ച് താങ്കൾ എന്ത് കരുതുന്നു? അദ്ദേഹം പ്രതിവചിച്ചു: ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ നിവേദനങ്ങളൊന്നും തന്നെ സ്വീകാര്യമല്ല. ഇബ്നു ഖർറാഷിൻറെ അഭിപ്രായപ്രകാരം അഅമഷിലൂടെയാണെങ്കിൽ മാത്രമേ അബൂമുആവിയയുടെ നിവേദനങ്ങളെ ആശ്രയിക്കാൻ പറ്റുകയുള്ളൂ” (മീസാനുൽ ഇഅതിദാൽ, ഭാഗം 4 , പുറം 575) ഏത് നിലയ്ക്ക് നോക്കിയാലും തെളിവിന് കൊള്ളാത്ത ദുർബലമായ നിവേദനമാണ് ഇതെന്ന് വ്യക്തമാണെന്നർത്ഥം.

രണ്ട്) ഉഥ്മാൻ (റ) പറഞ്ഞതായി ഇക്‌രിമയിൽ നിന്നുള്ള നിവേദനമാണ് വ്യാകരണപ്പിശക് ആരോപിക്കുന്നവരുടെ രണ്ടാമത്തെ തെളിവ്. അബൂ ഉബൈദ് തന്റെ ഫദാഇലിൽ ഖുർആനിലും (2/103) ഇബ്നു അബീദാവൂദ് തന്റെ അൽ മസാഹിഫിലും (1/235) ഈ നിവേദനം ഉദ്ധരിച്ചിട്ടുണ്ട്. തീരെ ദുർബലമാണീ നിവേദനം. ഉഥ്മാനിന്റെ അടുത്ത് നിന്ന് നേരിട്ട് ഇക്‌രിമ കേട്ടതല്ല ഇത്. ഉഥ്മാൻ പറഞ്ഞതായി മറ്റാരോ പറഞ്ഞത് കേട്ട് നിവേദനം ചെയ്തതാണ്. ഈ നടുവിലെ വ്യക്തി ആരാണെന്നറിയില്ല. ഇത്തരം നിവേദങ്ങളെയാണ് മുർസൽ എന്ന് പറയുക. ഇക്‌രിമയും ഉഥ്മാനും തമ്മിൽ നിവേദകശ്രംഖലയിൽ ഒരു കണ്ണി വിട്ടുപോയിട്ടുണ്ടെന്ന വസ്തുത ഹദീഥ് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുള്ളതാണ്. നിദാനശാസ്ത്രപടുവായ അബൂ സഈദ് അൽ ആലാഈ തന്റെ ജാമിഅ ത്തഹസീൽ ഫീ അഹ്കാമൽ മറാസീൽ (പുറം 239) എന്ന ഗ്രൻഥത്തിലും ഖുർആൻ രേഖീകരണചരിത്രത്തിലെ പണ്ഡിതനായ അബൂ അംദ്ദാനീ തന്റെ കിതാബുൽ മുഖന്നിഅ (പുറം 115) എന്ന ഗ്രന്ഥത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇബ്‌നു അബീദാവൂദിന്റെ ഒരു നിവേദനത്തില്‍ ഇഖ്‌രിമതു ഥാഇയ്യ് എന്നാണ് നിവേദകനെ വിളിച്ചിരിക്കുന്നത്. ഹദീഥ് പണ്ഡിതന്മാർക്ക് പരിചയമില്ലാത്ത പേരാണിത്. ഈ നിവേദനത്തിന്റെ മറ്റൊരു ന്യൂനതയാണിത്. ഇത്തരം നിവേദനങ്ങൾ തെളിവിന് കൊള്ളുന്നതല്ലെന്ന് ഹദീഥ് നിദാനശാസ്ത്രത്തിൽ അടിസ്ഥാന വിവരമെങ്കിലുമുള്ള ആർക്കും മനസ്സിലാവും.

യഹ്‌യാ ബിന്‍ യഅ്മര്‍ വഴിയാണ് ഈ അഥറിന്റെ മറ്റൊരു നിവേദകപരമ്പര. ഇദ്ദേഹം ഉഥ്മാനെ(റ) കണ്ടിട്ടില്ലാത്തതിനാല്‍ പരമ്പര മുറിഞ്ഞതാണ്. ഇമാം ബുഖാരി (റ) താരീഖുല്‍ കബീറി(5/170)ലും ഇബ്നു ഹജറുൽ അസ്ഖലാനി തഹ്ദിബു തഹ്ദീബി (11/305)ലും ഇക്കാര്യം വ്യക്തമാക്കുന്നു. ഇതിന്റെ നിവേദകപരമ്പര അവ്യക്തവും തെളിവിന് കൊള്ളാത്തതുമാണെന്ന് ഇമാം ബാഖില്ലാനി തന്റെ ‘അല്‍ ഇന്‍തിദ്വാർ ലില്‍ ക്വുര്‍ആന്‍ (2/136) ല്‍ വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു നിവേദനം അബ്ദുല്‍ അഅ്‌ലാ വഴിയാണ്. ഇദ്ദേഹത്തെ ഒരു നിരൂപകനും വിശ്വസ്തനായി കാണുന്നില്ല. ആയതിനാല്‍ ഇതും ബലഹീനമാണ്. മറ്റൊരു നിവേദനം ഖതാദ (റ) വഴിയാണ്. ഈ പരമ്പരയിലും അവ്യക്തതയുണ്ട്. കാരണം ഒരു നിവേദകന്‍ പറയുന്നത് നമ്മുടെ അനുയായികള്‍ ഉദ്ധരിച്ചുവെന്നാണ്. ആരാണ് ഈ അനുയായികൾ എന്ന് വ്യക്തമല്ല. അതിനാല്‍ ഇതും ബലഹീനമാണ്. ഖുർആൻ എഴുതിയപ്പോൾ അബദ്ധങ്ങളുണ്ടായിയെന്ന പേരിൽ ഉഥ്മാനിന്റേതായി ഉദ്ധരിക്കപ്പെടുന്ന നിവേദനങ്ങളൊന്നും തെളിവിന് കൊള്ളാത്തതാണ് എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

മൂന്ന്) പകർത്തിയെഴുതുമ്പോൾ ഖുർആനിൽ വ്യാകരണത്തെറ്റുണ്ടായിയെന്ന ആയിശയിൽ നിന്നുള്ളതായി ഉദ്ധരിക്കപ്പെടുന്ന വർത്തമാനം പരിഗണന പോലും അർഹിക്കാത്ത ദുർബലവാദമാണെന്ന് അല്പം ചിന്തിക്കുന്ന ആർക്കും മനസ്സിലാവും. ഏതൊരു ഭാഷയിലാണെങ്കിലും അതിലെ അംഗീകരിക്കപ്പെട്ട സാഹിത്യകൃതികളുടെ വെളിച്ചത്തിലാണ് വ്യാകരണനിയമങ്ങൾ രൂപപ്പെടുന്നത്. വ്യാകരണത്തിൽ നിന്ന് ഭാഷയല്ല, ഭാഷയിൽ നിന്ന് വ്യാകരണമാണുണ്ടാവുന്നത്. അതിപുരാതനമായ ഗ്രീക്ക് ഭാഷക്ക് ആദ്യമായി പദരൂപശാസ്ത്ര(word morphology)മുണ്ടാക്കുന്നത് ക്രിസ്തുവിന് രണ്ട് നൂറ്റാണ്ടുകൾക്ക് മുൻപ് ദിയോനീസിയൂസ് ത്രാക്‌സ് ആണ്. ക്രിസ്താബ്ദം രണ്ടാം നൂറ്റാണ്ടിൽ മാത്രമാണ് അപ്പോളോനിയുസ് ഡിസ്കൊലസ് വാക്യങ്ങളുടെ പദവിന്യാസക്രമത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് വ്യാകരണത്തിലേക്ക് കടക്കുന്നത്. നിലവിലുള്ള ഗ്രീക്ക് സാഹിത്യകൃതികളും സംസാരശൈലിയും പഠനവിധേയമാക്കിയാണ് അദ്ദേഹം അക്കാര്യം നിർവ്വഹിച്ചത്. അതിനുശേഷമാണ് പാശ്ചാത്യഭാഷകളിലെയെല്ലാം വ്യാകരണനിയമങ്ങളുണ്ടാവുന്നത്. ഈ വ്യാകരണനിയമങ്ങളുടെ വെളിച്ചത്തിൽ അവയ്ക്ക് ആധാരമായ സാഹിത്യകൃതികളെ വിമർശിക്കുന്നത് എന്തുമാത്രം വലിയ വങ്കത്തമല്ല! ഏത് കൃതികളിലെ ഭാഷയുടെ വിന്യാസക്രമത്തെ ശാസ്ത്രീയമായി വിശകലനം ചെയ്തുകൊണ്ട് വ്യാകരണമുണ്ടാക്കിയോ അതേ വ്യാകരണനിയമങ്ങൾ ആ കൃതികളിൽ പാലിക്കപ്പെട്ടിട്ടില്ലെന്ന് വാദിക്കുന്നത് എത്രമാത്രം വലിയ വിവരക്കേടാണ്!

വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവർ ഇസ്‌ലാമിലേക്ക് വന്നപ്പോൾ അവരുടെയെല്ലാം മതഭാഷ അറബിയായിത്തീർന്ന സ്വാഭാവികസാഹചര്യത്തിൽ ശുദ്ധഅറബിക്ക് ഭംഗമുണ്ടാവുമോയെന്ന ഭയത്തിൽ നിന്നാണ് അറബി വ്യാകരണനിയമങ്ങൾ ക്രോഡീകരിക്കുകയെന്ന ചിന്തയുണ്ടായതെന്ന് ചരിത്രവിശാരദനായ ഇബ്നു ഖൽദൂൻ തന്റെ മുഖദ്ദിമയിൽ വ്യാകരണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നിടത്ത് സൂചിപ്പിക്കുന്നുണ്ട്. ക്രിസ്താബ്ദം 688ൽ മരണപ്പെട്ട ‘അബുൽ അസ്‌വദ ദ്ദുവലിയുടെ ‘ഉസൂലു ന്നഹ്‌വ് അൽഅറബി’യാണ് ആദ്യമായി രചിക്കപ്പെട്ട അറബി വ്യാകരണഗ്രൻഥം. അദ്ദേഹത്തിന് ശേഷമാണ് അറബി വ്യാകരണനിയമങ്ങൾ കൃത്യമായും സൂക്ഷ്മമായും ക്രോഡീകരിക്കപ്പെട്ടത്. അതിനുവേണ്ടി വ്യാകരണവിദഗ്ദന്മാർ സ്വീകരിച്ച അടിസ്ഥാനസ്രോതസ്സുകൾ ഖുർആനും ഇസ്‌ലാമിന് മുമ്പുള്ള അറബിക്കവിതകളുമായിരുന്നു. അറബി വ്യാകരണത്തിന്റെ ആധാരമാണ് ഖുർആനും അന്തരാളകകവിതകളുമെന്നർത്ഥം. ഇസ്‌ലാമിന് മുമ്പത്തെ കവികളുടെ കുലപതിയായ ഇമ്രുൽ ഖൈസിന്റെ കവിതയിൽ അറബി വ്യാകരണനിയമങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് ആരെങ്കിലും വിമർശിച്ചാൽ ഭാഷാശാസ്ത്രജ്ഞന്മാർ ആ വിമർശനം ശ്രദ്ധിക്കുക പോലുമില്ല. ഇതേപോലെയാണ് ഖുർആനിൽ വ്യാകരണനിയമങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്ന വിമർശനവും. അങ്ങനെ വിമർശിക്കുന്നവർക്ക് ഒന്നുകിൽ വ്യാകരണമറിയില്ല; അല്ലെങ്കിൽ ഖുർആൻ അറിയില്ല; അതുമല്ലെങ്കിൽ രണ്ടും അറിയില്ല. മൂന്നാമത്തെ വിഭാഗത്തിലാണ് ആ ആരോപണമുന്നയിക്കുന്ന ആധുനികരിലധികവും എന്നതാണ് വസ്തുത.

നാല്) ഖുർആൻ എഴുതിയപ്പോൾ ഗുരുതരമായ വ്യാകരണത്തെറ്റുകളുണ്ടായിട്ട് അത് ആയിഷയും ഉഥ്മാനും മാത്രമേ അറിഞ്ഞുവെന്ന് കരുതുന്നത് തനി വങ്കത്തമാണ്. മറ്റു സ്വഹാബിമാരിൽ നിന്നൊന്നും തന്നെ ഇത്തരമൊരു ആരോപണം ഉദ്ധരിക്കപ്പെട്ടിട്ടില്ല. ഉഥ്മാനെതിരെ അദ്ദേഹത്തിന്റെ ഭരണകാലത്ത് കലാപമുണ്ടാക്കിയവരൊന്നും തന്നെ ഖുർആനിലുണ്ടായിരുന്ന അബദ്ധങ്ങൾ തിരുത്തുവാൻ ഭരണാധികാരിയും ഖുർആൻ ക്രോഡീകരണത്തിന് ഉത്തരവിട്ടയാളും എന്ന നിലയിൽ അദ്ദേഹം നടപടികളൊന്നുമെടുത്തില്ല എന്ന ഒരു ആരോപണം ഉന്നയിച്ചിട്ടില്ല. ഉഥ്മാനെ വധിച്ചതുമായി ബന്ധപ്പെട്ട രാഷ്ട്രീയപ്രശ്നങ്ങളിൽ ഉറച്ച നിലപാടെടുക്കുകയും യുദ്ധത്തിന് വരെ ഒരുങ്ങുകയും ചെയ്ത ധീരവനിതയായ ആയിശ (റ) ഖുർആനിൽ വ്യാകരണപ്പിശകുകളുണ്ടെന്ന് മനസ്സിലാക്കിയിട്ടും അവ തിരുത്തുവാൻ ശ്രമങ്ങളൊന്നും നടത്തിയില്ലെന്ന് കരുതുവാൻ ന്യായമില്ല. മറ്റെന്തിനേക്കാളുമധികം ഖുർആനിൽ കളങ്കങ്ങളൊന്നും വന്നുചേരരുതെന്ന് നിർബന്ധമുണ്ടായിരുന്ന സ്വഹാബിസഞ്ചയത്തിന്റെ പ്രതിനിധിയായ ആയിശ (റ), എഴുത്തുകാരിലൂടെ വന്നുചേർന്ന വ്യാകരണത്തെറ്റുകളെ അതേപോലെ അവശേഷിപ്പിക്കുവാൻ ആരെങ്കിലും അനുമതി നല്കിയെന്നറിഞ്ഞാൽ വെറുതെയിരിക്കുമെന്ന് കരുതിക്കൂടാ. അബൂബക്കറിന്റെ കാലത്ത് ക്രോഡീകരിക്കപ്പെട്ട സുഹ്ഫ് തന്റെ സഹപത്നിയായ ഹഫ്സയുടെ പക്കൽ അവശേഷിച്ചിരുന്ന സമയത്ത് അതുമായി ഒത്തുനോക്കി അത്തരം പിശകുകളുണ്ടായിരുന്നെങ്കിൽ അവ തിരുത്തുവാൻ ആയിശ തയാറാകുമായിരുന്നു. അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നത് തന്നെ ഉഥ്മാനിന്റെ കാലത്ത് ക്രോഡീകരിക്കപ്പെട്ട ഖുർആനിൽ വ്യാകരണപ്പിശകുള്ളതായുള്ള അവരുടെ പേരിലുള്ള നിവേദനം ശരിയാകാൻ യാതൊരു സാധ്യതയുമില്ലെന്ന് വ്യക്തമാക്കുന്നു.

അഞ്ച്) അറബി വ്യാകരണ നിയമങ്ങൾ പ്രകാരം പിശകുകളാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്ന മുഴുവന്‍ വചനങ്ങളും അറബി വ്യാകരണ നിയമങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ ആഴമേറിയ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്, ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍. അവയൊന്നും തന്നെ പിശകുകളല്ലെന്നും ഭാഷയിലെ സവിശേഷമായ സന്ദർഭങ്ങളിലെ പ്രയോഗങ്ങളാണെന്നും ഖുർആനിന് മുൻപ് തന്നെയുള്ള സാഹിത്യകൃതികളുടെ വെളിച്ചത്തിൽ സമർത്ഥിക്കപ്പെട്ടിട്ടുമുണ്ട്. ഭാഷാപരമായ പിഴവുകളിൽ നിന്നും വ്യാകരണസംബന്ധിയായ അബദ്ധങ്ങളിൽ നിന്നും പൂര്‍ണമായും സംരക്ഷിതമാണ് ഖുർആൻ എന്ന വസ്തുത പ്രസ്തുത പഠനങ്ങൾ പരിശോധിച്ചാൽ ആർക്കും ബോധ്യപ്പെടും.

“ഖുർആൻ തനിക്ക് പൂർണമായും ലഭിച്ചുവെന്ന് ആരും പറയരുത്; ഖുർആനിൽ നിന്ന് കുറെയധികം നഷ്ടപ്പെട്ടിട്ടുണ്ട്” എന്ന ഇബ്നു ഉമറിന്റെ പരാമർശം അവതരിക്കപ്പെട്ട രൂപത്തിൽ തന്നെ ഖുർആൻ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന വാദം ശരിയല്ലന്നല്ലേ വ്യക്തമാക്കുന്നത് ?

ഇമാം സുയൂഥ്വിയുടെ ‘അൽ ഇത്ഖാൻ ഫീ ഉലൂമിൽ ഖുർആൻ’ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചിരിക്കുന്ന ഇബ്നു ഉമറിൽ(റ) നിന്നുള്ള ഒരു നിവേദനമാണ് വിമർശനത്തിന് ആധാരം. നിവേദനം ഇങ്ങനെയാണ്: “നിങ്ങളാരും തന്നെ മുഴുവൻ ഖുർആനും എനിക്ക് ലഭിച്ചുവെന്ന് പറയരുത്. അത് മുഴുവനായും അവൻ അറിയുന്നതെങ്ങനെ? ഖുർആനിൽ നിന്ന് കുറെയേറെ നഷ്ടപ്പെട്ടിട്ടുണ്ട്. അതിൽ അവശേഷിച്ചത് എനിക്ക് ലഭിച്ചിരിക്കുന്നു എന്നാണ് അവൻ പറയേണ്ടത് “(അൽ ഇത്ഖൻ 2/ 25; ഇമാം അബൂ ഉബൈദ്: ഫദാഇലുൽ ക്വുര്‍ആന്‍, പേജ് 320).

താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

ഒന്ന്) ഖുർആൻ സമ്പൂർണമായി സംരക്ഷിക്കുമെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. “തീര്‍ച്ചയായും നാമാണ്‌ ആ ഉല്‍ബോധനം അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌.” (ഖുർആൻ 15: 9)

മുഹമ്മദ് നബി(സ)ക്കുപോലും ഖുർആനിൽ എന്തെങ്കിലും കൂട്ടുവാനോ എടുത്തുമാറ്റുവാനോ ഉള്ള അവകാശം അല്ലാഹു നൽകിയിട്ടില്ല. “(നബിയേ) പറയുക: എന്‍റെ സ്വന്തം വകയായി അത്‌ ഭേദഗതി ചെയ്യുവാന്‍ എനിക്ക്‌ പാടുള്ളതല്ല. എനിക്ക്‌ ബോധനം നല്‍കപ്പെടുന്നതിനെ പിന്‍പറ്റുക മാത്രമാണ്‌ ഞാന്‍ ചെയ്യുന്നത്‌. തീര്‍ച്ചയായും എന്‍റെ രക്ഷിതാവിനെ ഞാന്‍ ധിക്കരിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാന്‍ പേടിക്കുന്നു.” (10:15)

“ഇത്‌ ലോകരക്ഷിതാവിങ്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ടതാകുന്നു. നമ്മുടെ പേരില്‍ അദ്ദേഹം (പ്രവാചകന്‍) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തെ നാം വലതുകൈ കൊണ്ട്‌ പിടികൂടുകയും എന്നിട്ട്‌ അദ്ദേഹത്തിന്‍റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു.” (69: 43- 46)

രണ്ട്) ഖുർആനിൽ ആദ്യം അവതരിപ്പിക്കപ്പെട്ട ചില വചനങ്ങൾ പിന്നീട് ദുർബലപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഖുർആൻ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

“വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിനു തുല്യമായതോ നാം കൊണ്ടുവരുന്നതാണ്. നിനക്കറിഞ്ഞുകൂടേ, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്ന്” (2:106).

‘ഒരു വേദവാക്യത്തിന്റെ സ്ഥാനത്ത് മറ്റൊരു വേദവാക്യം നാം പകരം വെച്ചാല്‍-അല്ലാഹുവാകട്ടെ താന്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണു താനും-അവര്‍ പറയും: നീ കെട്ടിച്ചമച്ചു പറയുന്നവന്‍ മാത്രമാകുന്നു എന്ന്. അല്ല, അവരില്‍ അധികപേരും കാര്യം മനസ്സിലാക്കുന്നില്ല’ (16:101).

മൂന്നു രൂപത്തിലാണ് ഖുർആനിൽ ദുർബലപ്പെടുത്തൽ അഥവാ നസ്ഖ് ഉണ്ടായിട്ടുള്ളത്. പാരായണം നിലനിർത്തിക്കൊണ്ട് നിയമങ്ങൾ ദുർബലപ്പെടുത്തുക, പാരായണം ഇല്ലാതെയായി നിയമങ്ങൾ അവശേഷിക്കുക, പാരായണവും അതിലെ നിയമങ്ങളും ദുർബലപ്പെടുത്തുക എന്നിവയാണവ. അല്ലാഹുവിൽ നിന്നുള്ള ബോധനങ്ങളുടെ അടിസ്ഥാനത്തിൽ മുഹമ്മദ് നബി (സ) തന്നെ നിർദേശിച്ചത് അനുസരിച്ച് നടന്നവയാണ് ഈ ദുർബലപ്പെടുത്തലുകളെല്ലാം. പാരായണവും അതിലെ നിയമങ്ങളും ദുർബലപ്പെടുത്തപ്പെട്ട ചില ആയത്തുകളെക്കുറിച്ചുള്ളതാണ് ഇബ്നു ഉമറിന്റെ(റ) മുകളിൽ ഉദ്ധരിച്ച പരാമർശം. അല്ലാഹു അവതരിപ്പിച്ചവയിൽ അവ കൂടി ഉണ്ടായിരുന്നുവെന്നും എന്നാൽ അവ പിൽക്കാലത്ത് ദുർബലപ്പെടുത്തപ്പെട്ടതിനാൽ വിസ്മരിക്കപ്പെടുകയാണുണ്ടായതെന്നുമാണ് ഇബ്നു ഉമർ (റ) വ്യക്തമാക്കുന്നത്. അത് കൊണ്ട് തന്നെ അവതരിക്കപ്പെട്ട മുഴുവൻ ഖുർആനും തനിക്ക് അറിയാം എന്ന് പറയാൻ ആർക്കും അവകാശമില്ലെന്ന വസ്തുത പഠിപ്പിക്കുകയാണ് ഇവിടെ അദ്ദേഹം ചെയ്യുന്നത്.

മൂന്ന്) ഇമാം സുയൂഥ്വി തന്റെ രണ്ട് ഗ്രന്ഥങ്ങളിൽ ഇബ്നു ഉമറിൽ നിന്നുള്ള ഈ അഥർ ഉദ്ധരിക്കുന്നുണ്ട്. ഒന്ന് നേരത്തെ സൂചിപ്പിച്ച അൽ ഇത്ഖാനിലാണ്. രണ്ടാമത്തേത് “മുഅതരിഖ് അൽ അർഖാൻ ഫീ അഅജാസിൽ ഖുർആൻ”(വാല്യം 1, പുറം 95) എന്ന ഗ്രന്ഥത്തിലാണ്. രണ്ടിലും ഖുർആനിലെ ആയത്തുകളെ ദുർബലപ്പെടുത്തുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നിടത്താണ് ഇത് ഉദ്ധരിച്ചിരിക്കുന്നത്. അൽ ഇത്ഖാനിൽ “ദുർബലപ്പെടുത്തലിനെയും ദുർബലപ്പെടുത്തിയവയെയും കുറിച്ച്” എന്ന തലക്കെട്ടിലുള്ള നാല്പത്തിയേഴാമത്തെ ഭാഗത്ത് ഈ അഥർ ഉദ്ധരിച്ചിരിക്കുന്നത് കാണാനാവും. ഹിജ്‌റ 228ൽ മരണപ്പെട്ട അബു ഉബൈദിന്റെ ‘ഫദാ’ഇലിൽ ഖുർആൻ’ എന്ന ഗ്രന്ഥത്തിൽ നിന്നാണ് ഇമാം സുയൂഥ്വി ഈ അഥർ ഉദ്ധരിച്ചിരിക്കുന്നത് (വാല്യം 1, പുറം 320). “വെളിപ്പെട്ടതിനു ശേഷം ഖുർആനിൽ നിന്ന് ദുർബലപ്പെടുത്തിയതും മുസ്ഹഫിൽ ഉൾപ്പെടുത്താത്തതുമായ കാര്യങ്ങളെപ്പറ്റി”എന്ന അധ്യായത്തിലെ ഒന്നാമത്തെ നിവേദനമായാണ് അബു ഉബൈദ് ഇത് ഉദ്ധരിച്ചിരിക്കുന്നത്. ഇത് ഉദ്ധരിച്ച പണ്ഡിതന്മാരെല്ലാം ഖുർആനിലെ ദുർബലപ്പെടുത്തപ്പെട്ട വചനങ്ങളെക്കുറിച്ചാണ് ഇബ്നു ഉമർ ഇങ്ങനെ പറഞ്ഞതെന്നാണ് മനസ്സിലാക്കിയിരുന്നത് എന്ന സത്യമാണ് ഇവ വ്യക്തമാക്കുന്നത്. ഇതേ അഥറിന്റെ തന്നെ ഇബ്നു ഹജറിന്റെ നിവേദനം കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കുന്നതാണ്. അത് ഇങ്ങനെയാണ്: “ഇബ്നു ഉമറിൽ നിന്നുള്ള ഇബ്നു ദ്ദുറൈസിന്റെ ഒരു നിവേദനത്തിൽ ‘ഞാൻ ഖുർആൻ മുഴുവനായി പാരായണം ചെയ്‍തു’വെന്ന് പറയുന്നതിനെ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് കാണാൻ കഴിയും. അദ്ദേഹം പറയുമായിരുന്നു: നാം പാരായണം ചെയ്തിരുന്ന ചിലവ ഉയർത്തപ്പെട്ടിരിക്കുന്നുവല്ലോ.” (ഫത്ഹുൽ ബാരി വാല്യം 9, പുറം 65)

ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്ത ഉബയ്യു ബ്നു കഅ്ബിന്റെ ഇതേ വിഷയത്തിലുള്ള മറ്റൊരു അഥർ കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കാനുതകുന്നതാണ്: ഉബയ്യിനോട് ഒരാൾ ഇങ്ങനെ പറഞ്ഞു: ‘ഓ അബ്ദുൽ മുൻസർ, ഖുർആൻ മുഴുവനായും ഞാൻ പഠിച്ചെടുത്തിരിക്കുന്നു’. ഉബയ്യ് മറുപടി പറഞ്ഞു: ‘അത് മുഴുവനായും താങ്കൾക്കറിയില്ല. ഖുർആനിൽ നിന്ന് പലതും ദുർബലപ്പെടുത്തിയിട്ടുണ്ട്; അതിന് ശേഷം അവ വിസ്മരിക്കപ്പെട്ടതാണ്.” (അൽ ബാഖിലാനി: അൽ ഇൻതിസാർ ലിൽ ഖുർആൻ, പുറം 406)

ഇബ്നു ഉമറും ഉബയ്യു ബ്നു കഅ്ബുമെല്ലാം പറഞ്ഞത് ഒരേ കാര്യം തന്നെയാണ്: ഖുർആനായി അവതരിക്കപ്പെട്ടത് മുഴുവൻ തനിക്ക് ലഭിച്ചിട്ടുണ്ടെന്നോ താൻ മനഃപാഠമാക്കിയിട്ടുണ്ടെന്നോ പറയാൻ ആർക്കും അവകാശമില്ല; അവതരിക്കപ്പെട്ട ചില വചനങ്ങൾ പ്രവാചകന്റെ(സ) കാലത്ത് തന്നെ ദുർബലപ്പെടുത്തപ്പെട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ മനഃപാഠമാക്കിയവരൊന്നും അവ മനഃപാഠമാക്കുകയോ എഴുത്തുകാരൊന്നും അവ എഴുതിവെക്കുകയോ ചെയ്തിട്ടില്ല. പിൽക്കാലത്തുള്ള ആർക്കും തന്നെ പ്രസ്തുത വചനങ്ങളെപ്പറ്റി അറിയുകയില്ല. അത് കൊണ്ടാണ് ഖുർആൻ മുഴുവനായി തനിക്ക് ലഭിച്ചിരിക്കുന്നുവെന്ന് പറയുന്നതിനെ പ്രമുഖരായ സ്വഹാബിമാർ നിരുത്സാഹപ്പെടുത്തിയത്. മുഹമ്മദ് നബി (സ) പൂർത്തിയാക്കിത്തന്ന ഖുർആനിൽ നിന്ന് അദ്ദേഹത്തിന് ശേഷം വല്ലതും നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് ഒരു സ്വഹാബിയും മനസ്സിലാക്കിയിട്ടില്ല. അങ്ങനെ മനസ്സിലാക്കിയെന്ന് വ്യക്തമാക്കുന്ന യാതൊരു പ്രമാണവുമില്ല.

നാല്) ഉബയ്യു ബ്നു കഅ്ബിൽ നിന്ന് നേരത്തെ പറഞ്ഞത് നിവേദനം ചെയ്ത ഇബ്നു അബ്ബാസിൽ(റ) നിന്ന് ബുഖാരി ഉദ്ധരിച്ചിരിക്കുന്ന അഥർ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാക്കുന്നതാണ്. അതിങ്ങനെയാണ്: “അബ്ദുൽ അസീസ് ബ്നു രുഫാഇയിൽ നിന്ന് നിവേദനം: ശദ്ദാദ് ബിൻ മഅഖിലും ഞാനും കൂടി ഇബ്നു അബ്ബാസിന്റെ അടുത്ത് പോയി. ശദ്ദാദ് ബിൻ മഅഖിൽ അദ്ദേഹത്തോട് ചോദിച്ചു: (ഖുർആനിനോടൊപ്പം) മറ്റു വല്ലതും പ്രവാചകൻ (സ) അവശേഷിപ്പിച്ചിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു: (ഖുർആനിന്റെ) രണ്ട് ചട്ടകൾക്കുള്ളിൽ ഉള്ളതല്ലാത്ത മറ്റൊന്നും തന്നെ പ്രവാചകൻ (സ) അവശേഷിപ്പിച്ചിട്ടില്ല. പിന്നീട് ഞങ്ങൾ മുഹമ്മദ് ബിൻ അൽഹനഫിയ്യയുടെ അടുക്കലും പോയി ഇതേ ചോദ്യം ആവർത്തിച്ചു. അദ്ദേഹം പറഞ്ഞു: (ഖുർആനിന്റെ) രണ്ട് ചട്ടകൾക്കുള്ളിൽ ഉള്ളതല്ലാത്ത മറ്റൊന്നും തന്നെ പ്രവാചകൻ (സ) അവശേഷിപ്പിച്ചിട്ടില്ല.” (സ്വഹീഹുൽ ബുഖാരി, കിത്താബു ഫദാഇലിൽ ഖുർആൻ, ബാബു മൻ ഖാല ലം യത്റുഖി നബിയ്യു(സ) ഇല്ലാ മാ ബൈന ദ്ദഫതൈനി)

ഖുർആനിലുണ്ടാകണമെന്ന രൂപത്തിൽ പ്രവാചകൻ (സ) പഠിപ്പിച്ചതൊന്നും തന്നെ പിൽക്കാലത്ത് നഷ്ടപ്പെട്ടിട്ടില്ലെന്ന സത്യം ഇബ്നു അബ്ബാസിന്റെയും മുഹമ്മദ് ബിൻ അൽഹനഫിയ്യയുടെയും ഈ സാക്ഷ്യത്തിൽ നിന്ന് സുതരാം വ്യക്തമാവുന്നുണ്ട്. നഷ്ടപ്പെട്ടതായി ഇബ്നു ഉമറും ഉബയ്യു ബ്നു കഅ്ബുമെല്ലാം പറഞ്ഞത് പ്രവാചകന്റെ(സ) കാലത്ത് അദ്ദേഹം തന്നെ ദൈവികബോധനത്തിന്റെ അടിസ്ഥാനത്തിൽ ദുർബലപ്പെടുത്തിയവയാണ്. ഉബയ്യു ബ്നു കഅ്ബിൽ നിന്ന് ഖുർആനിൽ നിന്ന് കുറെ ഭാഗങ്ങൾ വിസ്മരിക്കപ്പെട്ടിട്ടുണ്ടെന്ന കാര്യം നിവേദനം ചെയ്ത ഇബ്നു അബ്ബാസു(റ) തന്നെയാണ് അബൂബക്കറിന്റെ(റ) കാലത്ത് ക്രോഡീകരിച്ച മുസ്ഹഫിന്റെ രണ്ട് ചട്ടകൾക്കുളിലുള്ള വചനങ്ങൾ മാത്രമാണ് പ്രവാചകൻ (സ) ഖുർആനായി അവശേഷിപ്പിച്ചത് എന്ന് പറയുന്നതെന്നു കാര്യം ശ്രദ്ധേയമാണ്. ഉബയ്യു ബ്നു കഅ്ബ് ഉദ്ദേശിച്ചത് നസ്ഖ് ചെയ്യപ്പെട്ട ഖുർആൻ വചങ്ങളെക്കുറിച്ചാണെന്നാണ് ഇബ്നു അബ്ബാസ് മനസ്സിലാക്കിയതെന്ന് ഇതിൽ നിന്ന് കൃത്യമായി മനസ്സിലാവുന്നുണ്ട്. ഇക്കാര്യം ബുഖാരിയുടെ വ്യാഖ്യാതാവായ ഇബ്നു ഹജർ പറയുന്നുണ്ട്. “ഖുർആൻ അറിയാമായിരുന്നവരുടെ മരണം വഴി കുറെയേറെ ഖുർആൻ വചനങ്ങൾ നഷ്ടപ്പെട്ടുവെന്ന ഊഹത്തെ തിരസ്കരിക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ അദ്ധ്യായം” (ഫത്ഹുൽ ബാരി, വാല്യം9, പുറം 65) എന്നാണ് ബുഖാരിയുടെ ഇക്കാര്യം നിവേദനം ചെയ്യുന്ന ഉപാധ്യായത്തെപ്പറ്റി അദ്ദേഹം പറയുന്നത്. ഇബ്നു ഉമറിന്റെയും ഉബയ്യു ബ്നു കഅബിന്റെയുമെല്ലാം അഭിപ്രായപ്രകടനങ്ങൾ ഖുർആനിലെ നസ്ഖ് ചെയ്യപ്പെട്ട വചങ്ങളെക്കുറിച്ചാണെന്നാണ് അവരെല്ലാം മനസ്സിലാക്കിയത് എന്ന് സാരം.

മുഹമ്മദ് നബിയുടെ അനുയായികളുടേതായി പല തരം ഖുർആനുകൾ നിലവിലുണ്ടായിരുന്നുവെന്നും അവ തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും വാദിക്കപ്പെടുന്നുണ്ടല്ലോ. വാസ്തവമെന്താണ്?

പല പ്രവാചകാനുചരന്മാരും അവരവുടെ പാരായണാവശ്യങ്ങൾക്കുവേണ്ടി തങ്ങളുടേതായ ഖുർആൻ രേഖകളുണ്ടാക്കിയിരുന്നുവെന്നത് ശരിയാണ്. അവ അവരുടെ സ്വകാര്യപ്രതികളായിരുന്നു. തങ്ങളുടെ വൈയക്തികമായ പഠന-പാരായണങ്ങൾക്കായി തങ്ങൾക്ക് ലഭിച്ച സൂറത്തുകൾ തങ്ങൾക്ക് ലഭിച്ച ക്രമത്തിൽ എഴുതിവെച്ചവയാരിരുന്നു അവ. ഇത്തരം ഖുർആൻ കയ്യെഴുത്തുരേഖകൾ പല സ്വഹാബിമാർക്കും ഉണ്ടായിരുന്നുവെന്ന് ഹദീഥുകളിൽ നിന്ന് മനസ്സിലാവുന്നുണ്ട്. (ഇമാം സുയൂഥ്വി: അൽ ഇത്ഖാൻ 1/ 62). ഹിജ്‌റ നാലാം നൂറ്റാണ്ടിൽ ജീവിച്ച ബാഗ്ദാദിയൻ ചരിത്രകാരനായ അബൂ ഫറാജ് മുഹമ്മദ് ബിൻ ഇസ്‌ഹാഖ്‌ അന്നദീം തന്റെ പ്രസിദ്ധമായ ‘കിത്താബൽ ഫിഹിരിസ്തി’ൽ ഇബ്നു മസ്ഊദിന്റെയും ഉബയ്യു ബ്നു കഅബിന്റെയും സൈദ് ബ്നു ഥാബിത്തിന്റെയും (റ) മുസ്ഹഫുകളുണ്ടായിരുന്നുവെന്നും അവയിൽ ചിലത് താൻ കണ്ടിട്ടുണ്ടെന്നും പറയുന്നുണ്ട്. (Bayard Dodge: The Fihrist of al-Nadim; A tenth Century Survey of Muslim Culture, New York, 1970, Page 53-63)

ഇബ്നു മസ്ഊദിനും ഉബയ്യു ബ്നു കഅബിനും സൈദ് ബ്നു ഥാബിത്തിനും കൂടാതെ അലി, ഇബ്നു അബ്ബാസ്, അബൂ മൂസൽ അശ്അരി, ഹഫ്സ, അനസ് ബ്നു മാലിക്ക്, ഉമർ ഫാറൂഖ്, ഇബ്നു സുബൈർ, അബ്ദുല്ലാഹി ബ്നു അംറ്, ആയിശ, സാലിം, ഉമ്മു സൽ‍മ, ഉബൈദ് ബ്നു ഉമർ (റ) എന്നിവരുടെ കൈകളിലും സ്വന്തമായ ഖുർആൻ കയ്യെഴുത്ത് രേഖകൾ ഉണ്ടായിരുന്നതായി ഇബ്നു അബീദാവൂദ് തന്റെ മസാഹിഫിൽ വ്യക്തമാക്കുന്നുണ്ട്. (പുറം 14). ഇവയെ കൂടാതെ അബൂബക്കർ, ഉഥ്മാൻ, മുആദ് ബിൻ ജബൽ, അബൂ ദർദാഅ, അബൂ അയൂബ് അൽ അൻസാരി, ഉബാദ ബിൻ അൽ സാമിത്, തമീമുദ്ദാരി (റ) എന്നിവർക്കും പ്രവാചകാലത്ത് തന്നെ സ്വന്തമായി ഖുർആൻ കയ്യെഴുത്ത് രേഖകളുണ്ടായിരുന്നതായി വ്യക്തമാക്കുന്ന രേഖകളുണ്ട്. (Dr. Mohammed Fazalu Rahman Ansari, The Qura’nic Foundations and Structure of Muslim Society, Karachi, 1973, Volume 1,Page 76, Note 2)

ഇബ്നു മസ്ഊദിന്റേതായി അറിയപ്പെടുന്ന ഒരു ഖുർആൻ രേഖയിൽ ഇന്നുള്ള മുസ്ഹഫിലെ ക്രമത്തിലല്ല സൂറത്തുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് താൻ കണ്ടതായി സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഇബ്‌നു ന്നദീം രേഖപ്പെടുത്തുന്നുണ്ട്. അദ്ദേഹം കണ്ട ഇബ്നു മസ്ഊദിന്റെ മുസ്ഹഫിലെ ക്രമം ഇങ്ങനെയാണ്:

2, 4, 3, 7, 6, 5, 10, 9, 16, 11, 12, 17, 21, 23, 26, 37, 33, 28, 24, 8, 19, 29, 30, 36, 25, 22, 13, 34, 35, 14, 38, 47, 31, 35, 40, 43, 41, 46, 45, 44, 48, 57, 59, 32, 50, 65, 49, 67, 64, 63, 62, 61, 72, 71, 58, 60, 66, 55, 53, 51, 52, 54, 69, 56, 68, 79, 70, 73, 74, 83, 80, 76, 75, 77, 78, 81, 82, 88, 87, 92, 89, 85, 84, 96, 90, 93, 94, 86, 100, 107, 101, 98, 91, 95, 104, 105, 106, 102, 97, 110, 108, 109, 111, 112. (The Fihrist, Page 53-57)

ഇതിൽ ആകെയുള്ളത് 106 സൂറത്തുകൾ മാത്രമാണ്. അവയാകട്ടെ ലോകത്തെങ്ങും പ്രചാരത്തിലുള്ള ഉഥ്മാനീ മുസ്ഹഫിലെ ക്രമത്തിലല്ല ക്രോഡീകരിച്ചിരിക്കുന്നത് താനും.

ഉബയ്യുബ്നു കഅബിന്റെ മുസ്ഹഫാണ് താൻ കണ്ടതായി ഇബ്‌നു ന്നദീം രേഖപ്പെടുത്തുന്ന, സ്വഹാബിമാരുടേതായി അറിയപ്പെടുന്ന മറ്റൊരു കയ്യെഴുത്ത് രേഖ. അതിലെ സൂറത്തുകളുടെ ക്രമം ഇങ്ങനെയാണ്: 1, 2, 4, 3, 6, 7, 5, 10, 8, 9, 11, 19, 26, 22, 12, 18, 16, 33, 17, 39, 45, 20, 21, 24, 23, 40, 13, 28, 27, 37, 38, 36, 15, 42, 30, 43, 41, 14, 35, 48, 47, 57, 52, 25, 32, 71, 46, 50, 55, 56, 72, 53, 68, 69, 59, 60, 77, 78, 76, 75, 81, 79, 80, 83, 84, 95, 96, 49, 63, 62, 66, 89, 67, 92, 82, 91, 85, 86, 87, 88, 74, 98, 61, 93, 94, 101, 102, 65, 104, 99, 100, 105, 108, 97, 109, 110, 111, 106, 112, 113, 114. (The Fihrist, Page 58- 60)

ഇതിലുള്ള നൂറ്റിയൊന്ന് സൂറത്തുകളിൽ പലതും ക്രമം തെറ്റിയാണ് ക്രോഡീകരിച്ചിരിക്കുന്നത്.

ഉഥ്മാനീ മുസ്ഹഫിലെ ക്രമത്തിൽ നിന്ന് ഭിന്നമായാണ് ഈ മുസ്ഹഫുകളിൽ സൂറത്തുകൾ ക്രോഡീകരിച്ചിരിക്കുന്നത് എന്ന വസ്തുത ഖുർആനിലെ സൂറത്തുകളുടെ ക്രമത്തിൽ പോലും സ്വഹാബിമാർക്കിടയിൽ ഏകസ്വരമുണ്ടായിരുന്നില്ല എന്നതിനുള്ള തെളിവായാണ് വിമർശകർ എടുത്തുന്നയിക്കാറുള്ളത്. എന്നാൽ എന്താണ് യഥാർത്ഥത്തിലുള്ള വസ്തുത?

സ്വഹാബിമാരുടെ സ്വകാര്യ കയ്യെഴുത്തുപ്രതികൾ അവർ സ്വന്തം പാരായണത്തിനും പഠനത്തിനും വേണ്ടി എഴുതി വെച്ചവയായിരുന്നു. അവർക്ക് ലഭിച്ച സൂറത്തുകൾ അവർക്ക് ലഭിച്ച മുറയിൽ അവർ എഴുതി വെക്കുകയും പിന്നീട് അവർ അവയെ ക്രോഡീകരിക്കുകയും ചെയ്തു. പ്രവാചകൻ (സ) ഇഹലോകവാസം വെടിയുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് വരെ ഖുർആൻ സൂക്തങ്ങൾ അവതരിപ്പിക്കപ്പെടുകയും അവ പല സ്വഹാബിമാരും (റ) എഴുതിവെക്കുകയും മനഃപാഠമാക്കുകയും ചെയ്തു. സ്വകാര്യമായ ഖുർആൻ കയ്യെഴുത്ത് പ്രതികൾ കൈവശമുള്ള സ്വഹാബിമാർ (റ) ജീവിച്ചിരിക്കുമ്പോഴാണ് അബൂബക്കറിന്റെ ഭരണകാലത്ത് ആദ്യമായി കൃത്യമായ ക്രമത്തിലുള്ള ഖുർആൻ ക്രോഡീകരണം നടന്നത്. അതായിരുന്നു ഔദ്യോഗികമായ ആദ്യത്തെ ക്രോഡീകരണം. പ്രസ്തുത മുസ്ഹഫിൽ പ്രവാചകൻ (സ) പറഞ്ഞുകൊടുത്ത ക്രമത്തിൽ തന്നെയാണ് സൂറത്തുകളെ വിന്യസിച്ചിരിക്കുന്നത്. തങ്ങളുടെ സ്വകാര്യലിഖിതങ്ങളിൽ വ്യത്യസ്തമായ ക്രമത്തിലെഴുതിയ സ്വഹാബിമാരിൽ ആരെങ്കിലും അബൂബിക്കറിന്റെ(റ) കാലത്ത് സൂറത്തുകളെ വിന്യസിച്ച് ക്രമം ശരിയല്ലെന്ന് പറഞ്ഞതായി യാതൊരു രേഖയുമില്ല. തങ്ങളുടെ സ്വകാര്യകോപ്പികളിൽ എഴുതിയതിൽ നിന്ന് വ്യത്യസ്തമാണെങ്കിലും അബൂബക്കറിന്റെ(റ) നിർദേശപ്രകാരം തയ്യാറാക്കിയ ഔദ്യോഗികമുസ്ഹഫിലെ സൂറത്തുകളുടെ ക്രമം തന്നെയാണ് അംഗീകരിച്ചുവെന്നാണ് ഇതിൽ നിന്ന് മനസ്സിലാവുന്നത്.

ഉഥ്മാനിന്റെ(റ) ഭരണകാലത്ത് അബൂബക്കറിന്റെ(റ) കാലത്തുണ്ടാക്കിയ ഖുർആൻപ്രതിയെ ആധാരമാക്കി കൂടുതൽ സൂക്ഷ്മവും ക്രത്യവുമായ രീതിയിൽ നിർമിച്ച മുസ്ഹഫുകളിലും അതേ ക്രമം തന്നെയാണ് സ്വീകരിച്ചിരുന്നത്. സ്വകാര്യപ്രതികൾ കൈവശമുണ്ടായിരുന്ന സ്വഹാബിമാരിൽ പലരും മരണപ്പെട്ടിരുന്നില്ല. അവരാരും ഉഥ്മാൻ (റ) സ്വീകരിച്ച സൂറത്തുകളുടെ വിന്യാസക്രമം ശരിയല്ലെന്ന് വാദിച്ചതായി രേഖകളൊന്നുമില്ല. തങ്ങളുടെ സ്വകാര്യപ്രതികളിൽ തങ്ങൾക്ക് ലഭിച്ചതും തങ്ങൾ ഇച്ഛിച്ചതുമായ ക്രമത്തിലാണ് തങ്ങൾ സൂറത്തുകൾ രേഖപ്പെടുത്തിയതെന്നും അങ്ങനെയല്ല പ്രവാചകൻ (സ) പഠിപ്പിച്ച സൂറത്തുകളുടെ ക്രമമെന്നും കൃത്യമായി അറിയാവുന്നവരായിരുന്നു അവർ എന്നതുകൊണ്ടാണ് ഉഥ്മാൻ (റ) സ്വീകരിച്ച സൂറത്തുകളുടെ വിന്യാസക്രമത്തിൽ അഭിപ്രായവ്യത്യാസങ്ങളൊന്നും രേഖപ്പെടുത്താതിരുന്നത്. രണ്ട് ക്രോഡീകരണസന്ദർഭങ്ങളിലുമുള്ള സ്വകാര്യപ്രതികൾ കൈവശമുണ്ടായിരുന്ന സ്വഹാബിമാരുടെ മൗനം സൂറത്തുകളുടെ ക്രമത്തിന്റെ വിഷയത്തിൽ ആർക്കും യാതൊരു വിരുദ്ധാഭിപ്രായങ്ങളും ഉണ്ടായിരുന്നില്ല എന്ന വസ്തുത വ്യക്തമാക്കുന്നതാണ്.

വ്യഭിചാരികളെ എറിഞ്ഞുകൊല്ലണമെന്ന് കൽപിക്കുന്ന ഖുർആൻ വചനം തന്റെ കയ്യിലുണ്ടായിരുന്നുവെന്നും അത് ആട് തിന്ന് നശിച്ചുപോവുകയാണുണ്ടായതെന്നും ആയിഷ പറയുന്നതായി പരാമർശിക്കുന്ന ഹദീഥുണ്ടല്ലോ. മുഹമ്മദ് നബിയുടെ കാലത്തുണ്ടായിരുന്ന ഖുർആനിൽ നിന്ന് പലതും ആടും ഒട്ടകവുമെല്ലാം തിന്ന് നശിച്ചു പോയിട്ടുണ്ടാകാമെന്നല്ലേ ഈ ഹദീഥ് വ്യക്തമാക്കുന്നത്? അവതരിപ്പിക്കപ്പെട്ട രൂപത്തിൽ തന്നെ ഖുർആൻ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണെന്നല്ലേ ഇത് വ്യക്തമാക്കുന്നത്.

 

ഇമാം ഇബ്നു മാജ തന്റെ സുനനിലും ഇമാം അഹ്‌മദ്‌ തന്റെ മുസ്നദിലും ഉദ്ധരിച്ചിരിക്കുന്ന ഒരു ഹദീഥിന്റെ വെളിച്ചത്തിലുള്ളതാണ് ഈ വിമർശനം. ഹദീഥ് ഇങ്ങനെയാണ്. “ആയിശ (റ) പറഞ്ഞു: കല്ലെറിയലിന്റെ വചനവും പത്ത് പ്രാവശ്യമാണ് മുലകുടിയെന്ന വചനവും അവതരിക്കപ്പെട്ടിരുന്നു. അതെഴുതിയ രേഖ എന്റെ തലയിണക്കടിയിലുണ്ടായിരുന്നു. ദൈവദൂതൻ മരണപ്പെട്ടപ്പോൾ, ഞങ്ങളെല്ലാം അതുമായി ബന്ധപ്പെട്ട തിരിക്കുകൾക്കിടയിലായിരുന്ന സന്ദർഭത്തിൽ ഒരു ആട് അകത്ത് കടന്ന് അത് തിന്നു കളഞ്ഞു.” (സുനനു ഇബ്നു മാജ, കിതാബു ന്നികാഹ്, ഹദീഥ് 1944; മുസ്നദ് അഹ്‌മദ്‌ 43/343)

താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

ഒന്ന്) വിവാഹിതരായ വ്യഭിചാരികളെ എറിഞ്ഞു കൊല്ലണമെന്നും മുലകുടി ബന്ധം സ്ഥാപിക്കപ്പെടണമെങ്കിൽ പത്ത് തവണ കുടിക്കേണ്ടതുണ്ടെന്നും പഠിപ്പിക്കുന്ന വചനങ്ങൾ ഖുർആനിന്റെ ഭാഗമായി തന്നെ ആദ്യകാലത്ത് പാരായണം ചെയ്യപ്പെട്ടിരുന്നുവെന്നും പിന്നീട് അവ ദുർബലപ്പെടുത്തുകയാണുണ്ടായത് എന്നും വ്യക്തമാക്കുന്ന ഇതല്ലാതെയുള്ള സ്വഹീഹായ നിവേദനങ്ങളുണ്ട്.

സ്വഹീഹുൽ ബുഖാരി, കിത്താബുൽ ‘ഹുദൂദി’ലെ ബാബുൽ ‘ഇഅതിറാഫി ബി സ്സിനാ’യിൽ ഇബ്നു അബ്ബാസിൽ (റ) നിന്ന് നിവേദനം ചെയ്ത ഹദീഥിൽ ഇങ്ങനെ വായിക്കാം: ഉമർ (റ) പറഞ്ഞു: “കുറെ കാലം കഴിയുമ്പോൾ ആളുകൾ കല്ലെറിഞ്ഞു കൊല്ലലിന്റെ (റജ്മ്) ആയത്തുകൾ വിശുദ്ധഗ്രന്ഥത്തിൽ ഞങ്ങൾ കാണുന്നില്ല എന്ന് പറയുമെന്ന് ഞാൻ ഭയപ്പെടുന്നു. ക്രമേണ അല്ലാഹു ഇറക്കിയ ഈ ഉത്തരവാദിത്വം ഒഴിവാക്കിക്കൊണ്ട് അവർ വഴിപിഴക്കുകയും ചെയ്യും. അറിയുക വ്യഭിചാരി വിവാഹിതനാണെങ്കിൽ, കുറ്റം സാക്ഷികൾ മുഖേനയോ ഗർഭത്തിലൂടെയോ കുറ്റസമ്മതം കൊണ്ടോ തെളിയിക്കപ്പെട്ടാൽ അതിനുള്ള ശിക്ഷയായി കല്ലെറിഞ്ഞു കൊല്ലേണ്ടതാണ്. (നിവേദകന്മാരുടെ പരമ്പരയിൽ പെട്ട ഒരാളായ) സുഫ്‌യാൻ (റ) കൂട്ടിച്ചേർത്തു: ഞാൻ ഈ നിവേദനം ഇങ്ങനെയാണ് മനഃപാഠമാക്കിയത്: ഉമർ (റ) ഇങ്ങനെ കൂടി പറഞ്ഞിട്ടുണ്ട്: “തീർച്ചയായും അല്ലാഹുവിന്റെ ദൂതനും അദ്ദേഹത്തിനുശേഷം ഞങ്ങളുമെല്ലാം കല്ലെറിഞ്ഞു കൊന്നിട്ടുണ്ട്.”

സ്വഹീഹ് മുസ്‌ലിമിലെ കിതാബുൽ ‘ഹുദൂദി’ൽ ബാബു ‘റജ്‌മി ഥയ്യിബി ഫിസ്സിനാ’യിലും സുനനു അബൂദാവൂദിലെ കിതാബുൽ ‘ഹുദൂദി’ൽ ബാബുൻ ‘ഫീ റജ്‌മിലും’ ഈ ഹദീഥ് ചെറിയ വ്യത്യാസങ്ങളോടെ നിവേദനം ചെയ്തിട്ടുണ്ട്.

“ആയിശ(റ)യിൽ നിന്ന് നിവേദനം; അവർ പറഞ്ഞു: വിവാഹബന്ധം നിഷിദ്ധമാകുന്ന രീതിയിൽ മുലകുടി ബന്ധം സ്ഥാപിക്കപ്പെടണമെങ്കിൽ പത്ത് തവണ മുല കുടിക്കണമെന്ന് ഖുർആനിൽ അവതരിക്കപ്പെട്ടിരുന്നു; അത് അഞ്ചു തവണയെന്നാക്കി ദുർബലപ്പെടുത്തപ്പെട്ടു; പ്രവാചകൻ (സ) മരണപ്പെട്ടു; അതിന്നു മുൻപ് അത് ഖുർആനിൽ പാരായണം ചെയ്തിരുന്നു.” (സ്വഹീഹ് മുസ്‌ലിം, കിതാബുർ റിദ്വാഅ, ബാബുത്തുഹ്‌രീമി ബി ഖംസി റദ്വആത്തിൻ)

പാരായണം ദുർബലപ്പെടുത്തി വിധി നിലനിർത്തിയ നസ്‌ഖിന് ഉദാഹരണമായി വ്യഭിചാരിയെ കല്ലെറിഞ്ഞുകൊല്ലണമെന്ന വചനവും പാരായണവും വിധിയും ദുർബലപ്പെടുത്തിയ നസ്‌ഖിന് ഉദാഹരണമായി മുലകുടി ബന്ധത്തെക്കുറിച്ച വചനവും പണ്ഡിതന്മാർ ഉദ്ധരിച്ചിട്ടുണ്ട്.

പ്രവാചകാനുചരന്മാരൊന്നും തന്നെ വ്യഭിചാരിയെ കല്ലെറിഞ്ഞുകൊല്ലണമെന്ന് കല്പിക്കുന്ന വചനം ഖുർആനിന്റെ ഭാഗമായി എഴുതിവെച്ചിട്ടില്ലെന്ന സത്യം വചനം ദുർബലപ്പെട്ടതാണെന്ന വസ്തുതയും പ്രസംഗപീഠത്തിൽ വെച്ച് ഈ വചനത്തിലെ നിയമം നിലനിൽക്കുന്നതാണെന്ന് ഉമർ (റ) പറഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന പ്രവാചകാനുചരന്മാരിൽ ഒരാൾ പോലും അതിന്നെതിരെ യാതൊന്നും പറഞ്ഞില്ലെന്ന സത്യം ഇതിലെ നിയമം നിലനിൽക്കുന്നെണ്ടെന്ന വസ്തുതയുമാണ് വ്യക്തമാക്കുന്നതെന്നും ഇമാം നവവി സമർത്ഥിക്കുന്നുണ്ട്. (ഇമാം നവവി: ശറഹ് സ്വഹീഹ് മുസ്‌ലിം, കിതാബുൽ ഹുദൂദ്, ബാബു ‘റജ്‌മി ഥയ്യിബി ഫിസ്സിനാ’ 3201ആം നമ്പർ ഹദീഥിന്റെ വ്യാഖ്യാനം)

പത്ത് മുലകുടിയിലൂടെയാണ് മുലകുടിബന്ധം സ്ഥാപിക്കപ്പെടുകയെന്ന് പഠിപ്പിക്കുന്ന വചനം ഖുർആനിലുണ്ടായിരുന്നുവെന്നും അത് പിന്നീട് ദുർബലപ്പെടുത്തുകയാണുണ്ടായത് എന്നുമുള്ള ആയിശ(റ)യുടെ പരാമർശത്തിൽ നിന്ന് വചനങ്ങളും വിധികളും ദുർബലപ്പെടുത്തുന്ന രീതി പ്രവാചകാനുചരന്മാർക്ക് പരിചയമുണ്ടായിരുന്നുവെന്ന് വ്യക്തമാണ്. മുഹമ്മദ് നബി (സ) ജീവിച്ചിരിക്കുമ്പോൾ തന്നെയാണ് ഇത് സംഭവിച്ചതെന്നും ഈ ഹദീഥ് വ്യക്തമാക്കുന്നുണ്ട്. പ്രവാചകൻ (സ) പഠിപ്പിക്കുകയും അനുചരന്മാരെങ്കിലും എടുത്ത് മാറ്റുകയും ചെയ്ത സൂക്തങ്ങളോ ഖുർആനിൽ നിന്ന് അബദ്ധവശാൽ നഷ്ടപ്പെട്ടുപോയതോ ആട് തിന്നു നശിച്ചതിനാൽ വിസ്മരിക്കപ്പെട്ടതോ ആയ വചനങ്ങളോ അല്ല ഇവയൊന്നും തന്നെ. ഖുർആൻ ജനങ്ങൾക്ക് പറഞ്ഞു കൊടുത്ത പ്രവാചകൻ (സ) തന്നെ, തന്റെ അനുചരന്മാരോട് ഖുർആൻരേഖയിൽ എഴുതേണ്ടതില്ലെന്ന് കൽപിക്കുകയും ദുർബലപ്പെടുത്തുകയും ചെയ്ത വചനങ്ങളാണിവ. അല്ലാഹു അവതരിപ്പിച്ച ചില വചനങ്ങൾ നില നിർത്തേണ്ടതില്ലെന്ന് അവൻ തന്നെ തീരുമാനിച്ചതിനുള്ള ഉദാഹരങ്ങൾ മാത്രമാണ് ഇവ. ഈ വചനങ്ങൾ ഇന്ന് പാരായണം ചെയ്യുന്ന ഖുർആനിൽ ഇല്ലാത്തത് അത് ആട് തിന്നു പോയത് കൊണ്ടല്ല, പ്രത്യുത അവ പഠിപ്പിച്ച പ്രവാചകൻ തന്നെ അവ ഖുർആനിന്റെ ഭാഗമായി സംരക്ഷിക്കേണ്ടതില്ല എന്ന് നിഷ്കർഷിച്ചതിനാലാണ്.

രണ്ട്) ആട് തിന്നു പോയത് വഴി നഷ്ടപ്പെട്ടുവെന്നാരോപിക്കുന്ന വചനങ്ങളെല്ലാം ഇന്നും നിലനിൽക്കുന്നുണ്ട്. വ്യത്യസ്തങ്ങളായ ഹദീഥ് ഗ്രൻഥങ്ങളിൽ അവ നമുക്ക് കാണാൻ കഴിയും. വിവാഹിതരായ വ്യഭിചാരികളെ എറിഞ്ഞു കൊല്ലണമെന്ന ആട് തിന്ന് നശിപ്പിച്ചത് വഴി ഖുർആനിൽ നിന്ന് നഷ്ടപ്പെട്ടുപോയി എന്ന് ആരോപിക്കപ്പെടുന്ന വചനമെടുക്കുക. ഇമാമുമാരായ അബ്ദുല്ലാഹി ബ്നു ഇമാം അഹ് മദിന്റെ സവാഹിദുൽ മുസ്നദിലും (21207) അബ്ദുർറസാഖിന്റെ മുസന്നഫിലും (5990) ഇബ്നു ഹിബ്ബാനിന്റെ സ്വഹീഹയിലും (4428) ഹാക്കിമിന്റെ മുസ്തദ്‌റക്കിലും (8068) ബൈഹഖിയുടെ അസ്സുനനിലും (16911) ഇബ്നു ഹസമിന്റെ അൽ മുഹല്ലയിലും (12/175) സ്വഹീഹായ സനദോടെ ഉദ്ധരിക്കപ്പെട്ട ഹദീഥിൽ സൂറത്തുൽ അഹ്സാബിന്റെ ഭാഗമായി “വൃദ്ധനോ വൃദ്ധയോ വ്യഭിചരിച്ചാൽ അവരെ കല്ലെറിഞ്ഞു കൊല്ലുക; അവർക്ക് അല്ലാഹുവിൽ നിന്നുള്ള ശിക്ഷയാണത്; പ്രതാപവാനും യുക്തിജ്ഞനുമാകുന്നു അല്ലാഹു”(الشَّيْخُ وَالشَّيْخَةُ إِذَا زَنَيَا فَارْجُمُوهُمَا الْبَتَّةَ نَكَالًا مِنَ اللهِ وَاللهُ عَزِيزٌ حَكِيمٌ) വെന്ന വചനം തങ്ങൾ പാരായണം ചെയ്യാറുണ്ടായിരുന്നുവെന്ന് ഉബയ്യു ബ്നു കഅബ് (റ) നിവേദനം ചെയ്തതായി കാണാൻ കഴിയും. ആട് തിന്നതു മൂലമോ സമുദായത്തിന്റെ അശ്രദ്ധയാലോ ഈ വചനം നഷ്ടപ്പെടുകയല്ല ഉണ്ടായതെന്നും ഈ വചനത്തെയും അതിലെ വിധിയെയും വചനം ദുർബലപ്പെട്ടതിനാൽ ഖുർആനിന്റെ ഭാഗമായി അത് പാരായണം ചെയ്യാൻ പാടില്ലെന്ന കാര്യവുമെല്ലാം പ്രവാചകാനുചരന്മാർക്ക് കൃത്യമായി അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം ഹദീഥുകൾ. വചനം ദുർബലപ്പെടുത്തുകയും അതിലുള്ള വിധി നിലനിർത്തുകയും ചെയ്ത നസ്ഖിന് ഉദാഹരണമായി സ്വഹാബിമാർ മനസ്സിലാക്കുകയും പണ്ഡിതന്മാർ ഉദ്ധരിക്കുകയും ചെയ്തതാണ് ഈ വചനം. ആട് തിന്നു പോവുക വഴി ഖുർആനിൽ നിന്ന് നഷ്ടപ്പെടുകയും പിന്നീട് വിസ്മരിക്കപ്പെടുകയും ചെയ്ത വചനമായിരുന്നു ഇതെങ്കിൽ പിന്നെയെവിടെനിന്നാണ് ഈ ഹദീഥ് ഉദ്ധരിച്ചവർക്ക് അവ ലഭിച്ചത്?!

മൂന്ന്) ഇമാം ഇബ്നു മാജ തന്റെ സുനനിലും ഇമാം അഹ്‌മദ്‌ തന്റെ മുസ്നദിലും ഉദ്ധരിച്ചിരിക്കുന്ന ഹദീഥിന്റെ നിവേദക പരമ്പര ഇങ്ങനെയാണ്: ആയിശ(റ)യിൽ നിന്ന് അംറാ ബിൻത് അബ്ദുർ റഹ്‌മാനും അവരിൽ നിന്ന് അബ്ദുല്ലാഹി ബ്നു അബീബക്ർ ഇബ്ൻ ഹസമും അവരിൽ നിന്ന് മുഹമ്മദ് ബ്നു ഇസ്ഹാഖും അവരിൽ നിന്ന് അബ്ദുൽ അഅലായും അവരിൽ നിന്ന് അബൂസലമഃ യഹ്‌യ ബിൻ ഖലഫും നിവേദനം ചെയ്യുന്നു. ആയിശ- അംറാ ബിൻത് അബ്ദുർ റഹ്‌മാൻ- അബ്ദുല്ലാഹി ബ്നു അബീബക്ർ ആണ് ഈ നിവേദക പരമ്പരയിലെ അടിസ്ഥാനപരമായ കണ്ണി. അബ്ദുല്ലാഹി ബ്നു അബീബകറിൽ നിന്ന് ഈ ഹദീഥിന്റെ ആദ്യഭാഗം നിരവധി പേർ നിവേദനം ചെയ്തിട്ടുണ്ട്. യഹ്‌യ ബിൻ സഈദ് അൽഅൻസാരി, ഇമാം മാലിക്ക് എന്നിവർ അവരിൽ പ്രധാനികളാണ്. സ്വഹീഹ് മുസ്‌ലിമിലെ കിതാബുർ റിദ്വാഇലും (ഹദീഥ് 1452) മുവത്വയിലെ കിതാബുർ റിദ്വാഇലും (ഹദീഥ് 17) അബ്ദുല്ലാഹി ബ്നു അബീബകർ- യഹ്‌യ ബിൻ സഈദ് അൽഅൻസാരി- മാലിക്ക് ബ്നു അനസ് എന്ന നിവേദകപരമ്പരയോടെയാണ് ഇത് നിവേദനം ചെയ്തിരിക്കുന്നത്. ആ നിവേദകപരമ്പരയിലുള്ള ഹദീഥിൽ ആട് തിന്ന വർത്തമാനമേയില്ല. ആ ഹദീഥ് ഇങ്ങനെയാണ്: “ആയിശ(റ)യിൽ നിന്ന് നിവേദനം; അവർ പറഞ്ഞു: വിവാഹബന്ധം നിഷിദ്ധമാകുന്ന രീതിയിൽ മുലകുടി ബന്ധം സ്ഥാപിക്കപ്പെടണമെങ്കിൽ പത്ത് തവണ മുല കുടിക്കണമെന്ന് ഖുർആനിൽ അവതരിക്കപ്പെട്ടിരുന്നു; അത് അഞ്ചു തവണയെന്നാക്കി ദുർബലപ്പെടുത്തപ്പെട്ടു; പ്രവാചകൻ (സ) മരണപ്പെട്ടു; അതിന്നു മുൻപ് അത് ഖുർആനിൽ പാരായണം ചെയ്തിരുന്നു”.

ഒരേ അബ്ദുല്ലാഹി ബ്നു അബീബക്കറിൽ(റ) നിന്ന് ആയിശ (റ) പറഞ്ഞ ഈ സംഭവം നിവേദനം ചെയ്ത മുഹമ്മദ് ബ്നു ഇസ്ഹാഖൊഴിച്ച് മറ്റാരും തന്നെ അദ്ദേഹത്തിൽ നിന്ന് ആട് തിന്ന സംഭവം, അങ്ങനെയൊരു സംഭവം അദ്ദേഹം പറഞ്ഞു കൊടുത്തിരുന്നുവെങ്കിൽ കേട്ടില്ല എന്ന് കരുതാൻ നിർവാഹമില്ല. അബ്ദുല്ലാഹി ബ്നു അബീബകറിൽ നിന്ന് ആട് തിന്ന സംഭവമില്ലാതെ ഈ ഹദീഥിന്റെ ബാക്കി ഭാഗം നിവേദനം ചെയ്ത യഹ്‌യ ബിൻ സഈദാകട്ടെ ഹദീഥ് നിവേദനത്തിൽ സ്വീകരിക്കുന്ന സൂക്ഷ്മതയുടെയും കൃത്യതയുടെയും കാര്യത്തിൽ ഏറെ പ്രസിദ്ധനായ വ്യക്തിയുമാണ്. ഹദീഥ് വിജ്ഞാനീയത്തിൽ പ്രഗത്ഭനായ സുഫ്‌യാനു സൗരി പറഞ്ഞത് മദീനക്കാരെ സംബന്ധിച്ചിടത്തോളം ഹദീഥുകളുടെ കാര്യത്തിൽ ഇമാം സുഹ്‌രിയേക്കാൾ മഹത്വമുള്ളയാളായാണ് യഹ്‌യ ബിൻ സഈദ് എന്നാണ്. ഏറ്റവുമധികം പ്രാമാണികവും സത്യസന്ധവുമായി ഹദീഥുകൾ നിവേദനം ചെയ്യുന്നയാൾ എന്ന് അലി ബിൻ അൽ മദീനിയും കൃത്യവും കളങ്കങ്ങളൊന്നും കടന്നുവരാത്തതുമായ രീതിയിൽ നിവേദനം ചെയ്യുന്നയാൾ എന്ന് ഇമാം അഹ്‌മദ്‌ ബിൻ ഹമ്പലും സാക്ഷ്യപ്പെടുത്തിയ വ്യക്തികൂടിയാണ് അദ്ദേഹം. (ഇബ്നു ഹജറുൽ അസ്ഖലാനി: തഹ്ദീബ് അത്തഹ്ദീബ് 11/223)

യഹ്‌യ ബിൻ സഈദ് പറഞ്ഞതിനെതിരെ നിവേദനം ചെയ്യുമ്പോൾ ഹദീഥ് നിദാനശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം മുഹമ്മദ് ബ്നു ഇസ്‌ഹാഖ്‌ തീരെ സ്വീകാര്യനാവുകയില്ല. ഒരേ അബ്ദുല്ലാഹി ബ്നു അബീബക്കറിൽ നിന്ന് ഒരേ സംഭവം നിവേദനം ചെയ്യുമ്പോൾ യഹ്‌യ ബിൻ സഈദ് കേട്ടതിനേക്കാളധികം മുഹമ്മദ് ബ്നു ഇസ്ഹാഖ്‌ കേട്ടുവെന്ന് പറഞ്ഞാൽ അത് വിശ്വാസയോഗ്യമായി അവർ അംഗീകരിക്കുകയില്ല. മുഹമ്മദ് ബ്നു ഇസ്ഹാഖിനെ തെളിവിന് കൊള്ളുകയില്ലെന്നും പ്രവാചകചര്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അദ്ദേഹത്തിൽ നിന്നുള്ള നിവേദനങ്ങൾ സ്വീകരിക്കാനാവില്ലെന്നും അദ്ദേഹം മാത്രമായി നിവേദനം ചെയ്തതാണെങ്കിൽ പ്രസ്തുത ഹദീഥ് താൻ സ്വീകാര്യമായി ഗണിക്കുകയില്ലെന്നും പല നിവേദകരുടെയും വർത്തമാനങ്ങൾ ഒരൊറ്റ ഹദീഥിൽ ഉൾപ്പെടുത്തുകയും അവ തമ്മിൽ വേർതിരിക്കാതിരിക്കുകയും ചെയ്യുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടെന്നുമെല്ലാം ഇമാം അഹ്‌മദ്‌ ബിൻ ഹമ്പൽ പറഞ്ഞതായി ഇമാമിന്റെ മക്കൾ തന്നെ നിവേദനം ചെയ്തിട്ടുണ്ട്. മുഹമ്മദ് ബ്നു ഇസ്ഹാഖ്‌ ദുർബലനാണെന്ന് യഹ്‌യ ബിൻ മഈനും, ശക്തനല്ലെന്ന് നസാഇയും പ്രാമാണികമല്ലെങ്കിലും മറ്റു നിവേദനങ്ങളോടൊപ്പം സ്വീകരിക്കാവുന്ന നിവേദനങ്ങളാണ് അദ്ദേഹത്തിന്റേതെന്ന് ദാറഖുത്‌നിയും പറഞ്ഞതായി കാണാനാവും. (തഹ്ദീബ് അത്തഹ്ദീബ് 9/45)

അബ്ദുല്ലാഹി ബ്നു അബീബക്കറിൽ നിന്നല്ലാതെയുള്ള മറ്റൊരു പരമ്പരയോട് കൂടി ഇതേ സംഭവം നിവേദനം ചെയ്യപ്പെട്ടപ്പോഴും അതിൽ ആട് തിന്ന കഥയില്ലെന്നതും പ്രസ്തുത കഥയുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നതാണ്. ആയിഷയിൽ നിന്ന് കേട്ടതായി അംറയും അവരിൽ നിന്ന് കേട്ടതായി അൽഖാസിമു ബ്നു മുഹമ്മദും അദ്ദേഹത്തിൽ നിന്ന് അബ്ദു റഹ്‌മാന്‌ ബ്നു ഖാസിമും അദ്ദേഹത്തിൽ നിന്ന് ഹമ്മാദ് ബ്നു സലാമയും അദ്ദേഹത്തിൽ നിന്ന് അൽഹജ്‌ജാജ് ബ്നു മിൻഹാലും അദ്ദേഹത്തിൽ നിന്ന് മുഹമ്മദ് ബ്നു ഖുസൈമയും നിവേദനം ചെയ്യുന്ന ഇതേ സംഭവം പ്രതിപാദിക്കുന്ന ഹദീഥ് അത്തഹാവി തന്റെ ശറഹ് മുഷ്‌കിലൽ അഥറിൽ(11/486) ഉദ്ധരിക്കുന്നുണ്ട്. അതിൽ ആയിശ പറയുന്നതായി “വിവാഹബന്ധം നിഷിദ്ധമാകുന്ന രീതിയിൽ മുലകുടി ബന്ധം സ്ഥാപിക്കപ്പെടണമെങ്കിൽ പത്ത് തവണ മുല കുടിക്കണമെന്ന് ഖുർആനിൽ അവതരിക്കപ്പെട്ടിരുന്നു; അത് അഞ്ചു തവണയെന്നാക്കി ദുർബലപ്പെടുത്തപ്പെട്ടു”എന്ന് മാത്രമേയുള്ളൂ. ആട് തിന്ന സംഭവത്തിലേക്ക് യാതൊരു സൂചനയും അവിടെ നൽകുന്നില്ല. ആട് തിന്ന സംഭവത്തെക്കുറിച്ച വിവരങ്ങൾ തീരെ ദുർബലവും സംഭവിച്ചിരിക്കുവാൻ തീരെ സാധ്യതയില്ലാത്തതുമാണ് എന്ന് വ്യക്തമാക്കുന്ന ബലവത്തായ തെളിവുകളാണ് ഇവയെല്ലാം.

നാല്) ഇമാം ഇബ്നു മാജ തന്റെ സുനനിലും ഇമാം അഹ്‌മദ്‌ തന്റെ മുസ്നദിലും ഉദ്ധരിച്ചിരിക്കുന്ന ഹദീഥിൽ പറഞ്ഞത് പോലെ “കല്ലെറിയലിന്റെ വചനവും പത്ത് പ്രാവശ്യമാണ് മുലകുടിയെന്ന വചനവും എഴുതിയ തന്റെ തലയിണക്കടിയിലുണ്ടായിരുന്ന രേഖ ദൈവദൂതന്റെ മരണവുമായി ബന്ധപ്പെട്ട തിരക്കുകൾക്കിടയിലായിരുന്നപ്പോൾ ഒരു ആട് അകത്ത് കടന്ന് തിന്നു കളഞ്ഞു”വെന്ന ആയിശ(റ)യുടെ വർത്തമാനം സത്യമാണെങ്കിൽ തന്നെ അതിൽ നിന്നെങ്ങനെയാണ് ഖുർആൻ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്ന് വാദിക്കാൻ കഴിയുക?! അതിൽ നിന്നെങ്ങനെയാണ് ഖുർആനിൽ നിന്ന് ഒരു വചനം നഷ്ടപ്പെട്ടു പോയി എന്നു വരിക? ഈ ഹദീഥിലുള്ളത് അവരുടെ കയ്യിലുണ്ടായിരുന്ന ഈ വചനങ്ങൾ എഴുതിയ രേഖ ആട് തിന്നു എന്ന് മാത്രമാണ്. അവരുടെ കയ്യിൽ മാത്രമായിരുന്നില്ല ആ വചനങ്ങൾ എഴുതി വെച്ചതായി ഉണ്ടായിരുന്നത് എന്ന് നേരത്തെ പറഞ്ഞ ഹദീഥുകളിൽ നിന്ന് വ്യക്തമാണ്. അപ്പോൾ പിന്നെയെങ്ങനെയാണ് ആയിശയുടെ അടുത്തുള്ള രേഖ ആട് തിന്നതു കൊണ്ട് ആ വചനങ്ങൾ നഷ്ടപ്പെട്ടുവെന്ന് വാദിക്കുക?! ഖുർആനിൽ എന്നെന്നും നിലനിർത്തേണ്ട വചനങ്ങൾ ഉൾക്കൊള്ളുന്ന രേഖയായി അതിനെ ആയിശയോ മറ്റ് പ്രവാചകാനുചരന്മാരോ പരിഗണിച്ചതായി വ്യക്തമാക്കുന്ന തെളിവുകളൊന്നുമില്ല. നസ്ഖ് ചെയ്യപ്പെട്ട ആയത്തുകൾ ആയിശ അവരുടെ കയ്യിലുണ്ടായിരുന്ന ഒരു രേഖയിൽ എഴുതിവെച്ചിരുന്നു; തിരക്കുകൾക്കിടയിൽ ആ രേഖ ആട് തിന്നുപോയി. ഖുർആനിൽ നിന്ന് എന്തെങ്കിലും നഷ്ടപ്പെടുകയോ അതിലേക്ക് എന്തെങ്കിലും കൂട്ടിച്ചേർക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഈ സംഭവം തെളിയിക്കുന്നേയില്ല.

സൂറത്തു തൗബയിലും സൂറത്തുൽ അഹ്സാബിലുമുള്ള ഏതാനും വചനങ്ങൾ അബൂബക്കറി(റ)ന്റെ കാലത്ത് ക്രോഡീകരിക്കപ്പെട്ട ഖുർആനിൽ ആദ്യം ഉണ്ടായിരുന്നില്ലെന്നും മദീനയിലുള്ള ഒരാളിൽ നിന്ന് മാത്രമാണ് അവ ലഭിച്ചതെന്നും അങ്ങനെ ലഭിച്ചതിനു ശേഷം അവ ഖുർആനിൽ കൂട്ടിച്ചേർക്കുകയാണുണ്ടായതെന്നും വ്യക്തമാക്കുന്ന രേഖകളുണ്ടല്ലോ. ഇവ ഖുർആൻ വചനങ്ങളെല്ലാം നിരവധി പേരിലൂടെ സംപ്രേഷണം ചെയ്താണ് (മുതവാത്തിറായാണ്) നമ്മിലേക്കെത്തിയിട്ടുള്ളതെന്ന അവകാശവാദത്തെയും പ്രവാചകവിയോഗം കഴിഞ്ഞ കാലത്ത് ഖുർആൻ പൂർണമായി അറിയാവുന്ന നിരവധി പേർ ഉണ്ടായിരുന്നുവെന്ന വാദത്തെയും ചോദ്യം ചെയ്യുന്നവയല്ലേ?

അബൂബക്കറി(റ)ന്റെ കാലത്ത് നടന്ന ഖുർആൻ ക്രോഡീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഹദീഥുകളുടെ വെളിച്ചത്തിലാണ് ഈ വിമർശനം ഉന്നയിക്കപ്പെടുന്നത്. സ്വഹീഹുൽ ബുഖാരിയിലെ ഇവ്വിഷയകമായ ഹദീഥുകൾ പരിശോധിക്കുക:

സൈദു ബ്നു ഥാബിത് (റ) പറയുന്നു: …….. ഞാന്‍ അന്വേഷണം ആരംഭിച്ചു. പനയോലകള്‍, മിനുസമായ പരന്ന കല്ലുകള്‍, മനഃപ്പാഠമായുള്ളവരുടെ ഹൃദയങ്ങള്‍ എന്നിവയില്‍ നിന്നും അതിനെ ഒരുമിച്ചു കൂട്ടി. സൂറഃ തൗബയിലെ അവസാനത്തെ രണ്ടു ആയത്തുകള്‍ ഖുസൈമ ബിൻ ഥാബിത് അൽ അന്‍സാരി (റ) യിൽ നിന്നു ലഭിക്കുന്നത് വരെ എന്റെ അന്വേഷണം തുടർന്നു. അദ്ദേഹത്തിൽ നിന്നല്ലാതെ മറ്റാരിൽ നിന്നും എനിക്കത് ലഭിച്ചില്ല. സൂറത്തുതൗബയിലെ “തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത്‌ സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട്‌ അത്യന്തം ദയാലുവും കാരുണ്യവാനുമാണ്‌ അദ്ദേഹം. എന്നാല്‍ അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം (നബിയേ,) നീ പറയുക: എനിക്ക്‌ അല്ലാഹു മതി. അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍റെ മേലാണ്‌ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്‌. അവനാണ്‌ മഹത്തായ സിംഹാസനത്തിന്‍റെ നാഥന്‍”(9: 128-129 ) എന്ന രണ്ട് ആയത്തുകളായിരുന്നു അവ. ആ ഏട് മരണം വരെ അബൂബക്കറിന്റെ (റ) കൈവശമായിരുന്നു. ശേഷം ജീവിതകാലം ഉമറിന്റെ (റ) കരങ്ങളിലും. ശേഷം പുത്രി ഹഫ്‌സ(റ)യുടെ കരങ്ങളിലുമായിരുന്നു. (സ്വഹീഹുൽ ബുഖാരി, കിതാബുൽ അഹ്‌കാം, ബാബു യൂസ്തഹബ്ബു് ലിൽ കാത്തിബി അൻ യക്കൂന അമീനൻ ആഖിലൻ; ജാമിഉത്തിർമിദി, കിതാബു ത്തഫ്സീർ)

സൈദ് ബിൻ ഥാബിത്ത് (റ) പറഞ്ഞു: “ഞങ്ങൾ ഖുർആൻ പകർത്തിയെഴുതിയപ്പോൾ അല്ലാഹുവിന്റെ പ്രവാചകൻ (സ) പാരായണം ചെയ്യുന്നതായി ഞാൻ കേട്ട സൂറത്തുൽ അഹ്സാബിലെ ഒരു വചനം എവിടെ നിന്നും കിട്ടിയില്ല. ഞങ്ങൾ അന്വേഷിച്ചു; അബൂ ഖുസൈമ ബിൻ ഥാബിത് അൽ അന്‍സാരി (റ)യുടെ അടുത്ത് നിന്നാണ് അവസാനം അത് ഞങ്ങൾക്ക് ലഭിച്ചത്.” സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്മാരുണ്ട്‌. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട്‌ അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ (രക്ത സാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ (അത്‌) കാത്തിരിക്കുന്നു. അവര്‍ (ഉടമ്പടിക്ക്‌) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല”(33: 23) എന്ന വചനമായിരുന്നു അത്.” (സ്വഹീഹുൽ ബുഖാരി, കിതാബ് ഫദാഇലിൽ ഖുർആൻ, ബാബു ജംഇൽ ഖുർആൻ)

ഖുസൈമ ബിൻ ഥാബിത് അൽ അന്‍സാരി(റ)യുടെ പക്കൽ നിന്ന് മാത്രമേ സൂറത്തു തൗബയിലെ അവസാനത്തെ രണ്ട് ആയത്തുകളും സൂറത്തുൽ അഹ്സാബിലെ ഇരുപത്തി മൂന്നാമത്തെ ആയത്തും ലഭിച്ചുള്ളൂവെന്ന് പറയുമ്പോൾ അവ അറിയാവുന്നയാളായി മദീനയിൽ അദ്ദേഹം മാത്രമേയുണ്ടായിരുന്നുള്ളൂ എന്നാണ് അർത്ഥമാക്കുന്നത് എന്ന മുൻധാരണയുടെ അടിസ്ഥാനത്തിലാണ് ഈ വിമർശനം ഉന്നയിക്കപ്പെടുന്നത്. യഥാർത്ഥത്തിൽ ഈ മുൻധാരണയെ ഈ വിഷയം പ്രതിപാദിക്കുന്ന ഹദീഥുകൾ തന്നെ തിരുത്തുന്നുണ്ട്. “ഖുർആൻ പകർത്തിയെഴുതിയപ്പോൾ അല്ലാഹുവിന്റെ പ്രവാചകൻ (സ) പാരായണം ചെയ്യുന്നതായി ഞാൻ കേട്ട സൂറത്തുൽ അഹ്സാബിലെ ഒരു വചനം എവിടെ നിന്നും കിട്ടിയില്ല.” എന്ന സൈദ് ബിൻ ഥാബിത്തിന്റെ(റ) പ്രസ്താവന ശ്രദ്ധിക്കുക. ഇതിന്നർത്ഥമെന്താണ്? സൈദ് ബിൻ ഥാബിത്തടക്കം പല സ്വഹാബിമാരും പ്രവാചകനിൽ നിന്ന് ഈ വചനം കേട്ടിട്ടുണ്ട്; ഖുർആൻ മനഃപാഠമുള്ള സൈദിന് ഈ വചനം അറിയുകയും ചെയ്യാം. പക്ഷെ, പ്രവാചകന്റെ(സ) കാലത്ത് എഴുതപ്പെട്ട രേഖകളിലൊന്നും സൈദി(റ)നും കൂട്ടുകാർക്കും ഈ വചനം കണ്ടെത്താൻ കഴിഞ്ഞില്ല. അത് അവസാനം ഖുസൈമ ബിൻ ഥാബിത് അൽ അന്‍സാരി (റ)യുടെ പക്കൽ നിന്നാണ് കിട്ടിയത്. മനഃപാഠത്തെ മാത്രം ആശ്രയിക്കാതെ രേഖകളിൽ കൂടിയുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷമായിരിക്കണം ഖുർആൻ വചനങ്ങനല്ലാം രേഖീകരിക്കേണ്ടത് എന്ന ഭരണാധികാരിയായ അബൂബക്കറിന്റെ നിർദേശം നിഷ്‌കൃഷ്ടമായി അനുസരിക്കുന്ന പ്രവാചകാനുയായിയുടെ ചിത്രം മാത്രമാണ് ഈ ഹദീഥുകളിൽ നാം കാണുന്നത്.

ഇക്കാര്യം ബുഖാരിയുടെ വ്യാഖ്യാതാവായ ഇബ്നു ഹജറുൽ അസ്ഖലാനി (റ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

“ഖുർആനല്ലാത്ത മറ്റൊന്നുംതന്നെ അതോടൊപ്പം എഴുതി വെക്കരുതെന്ന് പ്രവാചക(സ)ന്റെ കല്പനയുണ്ടായിരുന്നു. പ്രവാചകകാലത്ത് എഴുതിയതല്ലാതെ ഖുർആനായി യാതൊന്നും തന്നെ എഴുതേണ്ടതില്ലെന്ന അബൂബക്കറി(റ)ന്റെ നിർദേശവുമുണ്ടായിരുന്നു. സൈദ് ബ്നു ഥാബിത്തും(റ) അദ്ദേഹത്തോടോപ്പമുള്ളവരും സൂറത്തുൽ ബറാഅയിലെ അവസാനത്തെ വചനങ്ങൾ അറിയാവുന്നവരായിരുന്നുവെങ്കിലും പ്രവാചകകാലത്ത് തന്നെ എഴുതപ്പെട്ട രേഖകളിലേതിലെങ്കിലും അവ കണ്ടെത്തുന്നത് വരെ അവർ അവ ഖുർആനിൽ എഴുതിച്ചേർക്കാതിരുന്നത് അതുകൊണ്ടായിരുന്നു…….

ഉമർ (റ) പറഞ്ഞു: പ്രവാചകനിൽ നിന്ന് ഖുർആനുമായി ബന്ധപ്പെട്ട എന്തെങ്കിലും ലഭിച്ചിട്ടുളളവരെല്ലാം അവ കൊണ്ട് വരട്ടെ. ഈത്തപ്പനയോലകളിലും തോൽച്ചുരുളുകളിലും പലകകളിലുമായിരുന്നു അവർ അത് എഴുതിയിരുന്നത്. രണ്ട് പേർ സാക്ഷ്യപ്പെടുത്താതെ അവരിൽ നിന്ന് യാതൊന്നും സ്വീകരിക്കേണ്ടതില്ല. അതുകൊണ്ട് തന്നെ ഏതെങ്കിലുമൊരു ആയത്തുൾക്കൊള്ളുന്ന ഒരു രേഖ ലഭിച്ചാൽ അത് തനിക്ക് മനഃപാഠമുള്ളതാണെങ്കിലും ആരുടെയെങ്കിലും സാക്ഷ്യമില്ലാതെ സ്വീകരിക്കുവാൻ സൈദ് (റ) വൈമനസ്യം പ്രകടിപ്പിച്ചു. ഇക്കാര്യത്തിൽ നന്നായി ശ്രദ്ധിക്കുവാൻ അവർ പ്രത്യേകം ഔൽസുക്യം കാണിച്ചിരുന്നു. ഉമറി(റ)നോടും സൈദിനോടു(റ)മായി “നിങ്ങൾ പള്ളിയുടെ വാതിൽക്കൽ ഇരിക്കുകയും ആരെങ്കിലും ഖുർആനുമായി ബന്ധപ്പെട്ട വല്ലതുമായി വന്നാൽ രണ്ട് സാക്ഷികളുണ്ടെങ്കിൽ നിങ്ങൾ അത് രേഖപ്പെടുത്തുകയും ചെയ്യുക” എന്ന് അബൂബക്കർ (റ) പറഞ്ഞതായി ഹിശാമു ബ്നു അർവ (റ) തന്റെ പിതാവിൽ(റ) നിന്ന് നിവേദനം ചെയ്തതായി അബൂദാവൂദിലുണ്ട്. പരമ്പര മുറിഞ്ഞതാണെങ്കിലും ഇതിന്റെ നിവേദകന്മാരെല്ലാം വിശ്വാസയോഗ്യരാണ്. രണ്ട് സാക്ഷികളെന്നാൽ ഒന്നുകിൽ മനഃപാഠവും രേഖയുമാണ്; അല്ലെങ്കിൽ രേഖയിലുള്ളത് പ്രവാചകസമക്ഷത്തിങ്കൽ വെച്ച് തന്നെ എഴുതിയതാണെന്നതിന് രണ്ട് പേർ സാക്ഷ്യം വഹിക്കലാണ്; അതുമല്ലെങ്കിൽ അത് ഖുർആനിൽ അവതരിപ്പിക്കപ്പെട്ടത് തന്നെയാണെന്നതിനുള്ള രണ്ട് പേരുടെ നിഷ്‌കൃഷ്ടമായ സാക്ഷ്യമാണ്. പ്രവാചകന്റെ(സ) കാലത്ത് എഴുതപെട്ടതാണെന്ന് ഉറപ്പില്ലാത്ത യാതൊന്നും തന്നെ കേവലം മനഃപാഠത്തിന്റെ മാത്രം അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ടതില്ലെന്നായിരുന്നു അവരുടെ നയം.” (ഇബ്നു ഹജറുൽ അസ്ഖലാനി; ഫത്ഹുൽ ബാരി, കിതാബു ഫദാഇലിൽ ഖുർആൻ, ബാബു ജംഇൽ ഖുർആൻ, 4603 ആം നമ്പർ ഹദീഥിന്റെ വ്യാഖ്യാനം)

സൂറത്തുൽ ബറാഅയിലെ അവസാനത്തെ വചനങ്ങളും അഹ്സാബിലെ ഇരുപത്തിമൂന്നാം വചനവും സൈദ്‌ ബ്നു ഥാബിത്തിനും(റ) സ്വഹാബിമാർക്കും മനഃപാഠമുണ്ടായിരുന്നെങ്കിലും അതിന്റെ മാത്രം അടിസ്ഥാനത്തിൽ അവ തങ്ങളുണ്ടാക്കുന്ന ഖുർആൻരേഖയിൽ എഴുതിച്ചേർക്കുവാൻ അവർ ഒരുക്കമായിരുന്നില്ല. അതുകൊണ്ടാണ് തങ്ങൾക്കറിയാവുന്ന ആയത്തുകൾ ഉൾക്കൊള്ളുന്ന രേഖയന്വേഷിച്ച് അവർ പ്രായാസപ്പെട്ടത്. ഖുസൈമ ബിൻ ഥാബിത് അൽ അന്‍സാരി(റ)യുടെ പക്കൽ നിന്ന് പ്രസ്തുത രേഖകൾ ലഭിച്ചതിന്റെ സന്തോഷമാണ് സൈദ് ബ്നു ഥാബിത്തിന്റെ ബുഖാരിയിലുള്ള നിവേദനത്തിൽ തെളിഞ്ഞു കാണുന്നത്. തങ്ങൾക്കറിയാവുന്ന പ്രസ്തുത ആയത്തുകളെ സാക്ഷ്യപ്പെടുത്തുന്ന രേഖ ലഭിച്ചതോടെ അവർ അവ തങ്ങൾ നിർമ്മിക്കുന്ന സുഹ്‌ഫിൽ എഴുതിച്ചേർക്കുകയും ചെയ്തു.

സൂറത്തുൽ ബറാഅയിലെ അവസാനത്തെ വചനങ്ങളുടെ കാര്യത്തിൽ പ്രവാചകനിൽ നിന്ന് കേൾക്കുകയും മനഃപാഠമാക്കുകയും ചെയ്തുവെന്നതിന് ഉമറും(റ) അബ്ദുല്ലാഹിബ്നു ഉമറും(റ) തന്നെ സാക്ഷി നിന്നതായി ഇമാം ഇബ്നു കഥീർ തന്റെ തഫ്സീറിൽ 9: 129ന്റെ വ്യാഖ്യാനസന്ദർഭത്തിൽ സ്വീകാര്യമായ പരമ്പരയോടെ നിവേദനം ചെയ്യുന്നുണ്ട്.

സൂറത്തുൽ അഹ്സാബിലെ ഇരുപത്തിമൂന്നാം വചനത്തിന്റെ കാര്യത്തിലാണെങ്കിൽ സൈദു ബ്നു ഥാബിത്തും ഖുസൈമ ബിൻ ഥാബിത്തും തന്നെയായിരുന്നു പ്രവാചകനിൽ(സ) നിന്ന് നേരിട്ട് കേട്ടതായി സാക്ഷ്യം വഹിച്ച രണ്ട് സ്വഹാബിമാരെന്ന് ഇമാം ഖുർത്തുബി തന്റെ തഫ്സീർ അൽ ജാമിഅ ലി അഹ്‌കാമൽ ഖുർആനിൽ 9: 129ന്റെ വ്യാഖ്യാനസന്ദർഭത്തിലും നിവേദനം ചെയ്യുന്നുണ്ട്.

ഇനി ഖുസൈമ ബിൻ ഥാബിത്ത്(റ) മാത്രമാണ് പ്രവാചകനിൽ(സ) നിന്ന് കേട്ടതായി സാക്ഷ്യം വഹിക്കുന്നതെങ്കിൽ പോലും അദ്ദേഹത്തിന്റേത് രണ്ട് പേരുടെ സാക്ഷ്യത്തിന് തുല്യമാണെന്ന് പ്രവാചകൻ (സ) തന്നെ പറഞ്ഞിട്ടുള്ളതിനാൽ അത് മതിയാകുന്നതാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുമുണ്ട്. ഒരു ഗ്രാമീണ അറബിയുമായുള്ള ഇടപാടിനിടയിൽ തന്റെ സത്യസന്ധതയെ പരിഗണിച്ചുകൊണ്ട് തനിക്ക് സാക്ഷ്യം നിന്ന ഖുസൈമ ബിൻ ഥാബിത്തി(റ)നോട് താങ്കളുടെ സാക്ഷ്യത്തിന് രണ്ട് പേരുടെ സാക്ഷ്യത്തിന്റെ മൂല്യമുണ്ടെന്ന് പ്രവാചകൻ (സ) പറഞ്ഞതായി ഉമാറാ ബ്നു ഖുസൈമ(റ)യുടെ അമ്മാവനിൽ(റ) നിന്ന് സ്വഹീഹായ പരമ്പരയോടെ ഇമാം അബൂദാവൂദ് (റ) നിവേദനം ചെയ്യുന്നുണ്ട്. (ശൈഖ് അൽബാനിയുടെ സുനനു അബൂദാവൂദ്, ഹദീഥ് 3607). ഖുസൈമയുടെ പക്കൽ നിന്ന് മാത്രമായി സൂറത്തുൽ അഹ്സാബിലെ വചനങ്ങൾ കിട്ടിയതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഹദീഥിലും സൈദ് ബ്നു ഥാബിത്ത്‌ (റ) അദ്ദേഹത്തെക്കുറിച്ച് പറയുന്നത് ‘അല്ലാഹുവിന്റെ ദൂതൻ രണ്ടുപേരുടെ സാക്ഷ്യത്തിന് തുല്യമെന്ന് പറഞ്ഞിട്ടുള്ള ഖുസാമ ബിൻ ഥാബിത്ത്‌” എന്നാണ്. (സ്വഹീഹുൽ ബുഖാരി, കിത്താബുൽ ജിഹാദ്). ഖുസാമായെക്കൂടാതെ മറ്റാരും തന്നെ സാക്ഷികളായി ഉണ്ടായിരുന്നില്ലെങ്കിൽ പോലും ഈ വചനങ്ങൾ ഖുർആനിലുള്ളതാണെന്ന് തീരുമാനിക്കപ്പെടുമായിരുന്നുവെന്നാണ് ഇതിനർത്ഥം. എന്നാൽ സൂറത്തുൽ ബറാഅയിലും അഹ്സാബിലുമുള്ള ഖുസാമയുടെ പക്കൽ നിന്ന് ലഭിച്ച ആയത്തുകളുടെ കാര്യത്തിൽ അദ്ദേഹത്തെക്കൂടാതെ മറ്റുള്ളവരും സാക്ഷികളായി ഉണ്ടായിരുന്നുവെന്ന സത്യം നേരത്തെ ഉദ്ധരിച്ച ഹദീഥുകളിൽ നിന്ന് വ്യക്തമാണ്.

ഖുർആൻ ക്രോഡീകരണവുമായി ബന്ധപ്പെട്ട ഈ ഹദീഥുകൾ ഖുർആനിലെ ഏതെങ്കിലും ആയത്തുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയോ നിരവധി പേരിലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടതാണ് ഖുർആനിലെ ഓരോ ആയത്തുകളുമെന്ന അവകാശവാദത്തെ നിഷേധിക്കുകയോ ചെയ്യുന്നില്ല. മറിച്ച്, മനഃപാഠത്തോടൊപ്പം പ്രവാചകസന്നിധിയിൽ വെച്ച് എഴുതപ്പെട്ട രേഖകളെക്കൂടി പരിഗണിച്ചുകൊണ്ട് വളരെ സൂക്ഷമമായും തെറ്റുകളൊന്നും കടന്നുവരാൻ യാതൊരു സാധ്യതയുമില്ലാത്ത രൂപത്തിലുമാണ് അബൂബക്കറിന്റെ കാലത്തെ ഖുർആൻ ക്രോഡീകരണം നടന്നത് എന്ന സത്യമാണ് ഇവ വെളിപ്പെടുത്തുന്നത്. ഖുർആൻ വചനങ്ങളുടെ സമാഹരണത്തിലും ക്രോഡീകരണത്തിലും പ്രവാചകശിഷ്യന്മാർ കാണിച്ച സൂക്ഷ്മതയും കൃത്യതയും ആരുടെയും ആദരവ് പിടിച്ച് പറ്റുന്നതാണെന്ന യാഥാർഥ്യത്തിന് ഈ ഹദീഥുകൾ അടിവരയിടുകയും ചെയ്യുന്നു.

ഉബയ്യു ബ്നു കഅ്ബി(റ)ന്റെ മുസ്ഹഫിൽ ഇന്നത്തെ മുസ്ഹഫിൽ ഇല്ലാത്ത രണ്ട് സൂറത്തുകൾ കൂടിയുണ്ടായിരിന്നുവെന്നും അത് പിൽക്കാലത്ത് വിസ്മരിക്കപ്പെടുകയാണ് ചെയ്തതെന്നും ആരോപണമുണ്ടല്ലോ. എന്താണിതിന്റെ വസ്തുത?

ഉബയ്യു ബ്നു കഅ്ബി(റ)ന്റെ മുസ്ഹഫിൽ ഇന്നത്തെ മുസ്ഹഫിൽ ഇല്ലാത്ത സൂറത്തുൽ ഹഫദ്, സൂറത്തുൽ ഖലാഅ എന്നീ സൂറത്തുകൾ കൂടി ഉണ്ടായിരുന്നതായി ഹമ്മാദ് ബ്നു സലാമയിൽ നിന്നുള്ള ഒരു നിവേദനം ഇമാം സുയൂഥ്വി തന്റെ ഇത്ഖാനിലും (2/ 66) ഇബ്നു ദുറൈസ് തന്റെ ഫദാഇലൽ ഖുർആനിലും (പുറം 157) ഉദ്ധരിച്ചിട്ടുണ്ട്. നിവേദനം ചെയ്ത ഹമ്മാദ് ബ്നു സലാമയും ഉബയ്യു ബ്നു കഅ്ബും തമ്മിൽ മൂന്ന് തലമുറകളുടെ വ്യത്യാസമെങ്കിലുമുള്ളതു കൊണ്ട് തന്നെ നിദാനശാസ്ത്രപ്രകാരം ഇത് തീരെ ദുർബലമാണ്.

എന്നാൽ ഇങ്ങനെ രണ്ട് സൂറത്തുകൾ ഉണ്ടായിരിക്കുന്നതായി സൂചിപ്പിക്കുന്ന വിശ്വാസയോഗ്യമായ മറ്റു ചില നിവേദനങ്ങളുണ്ട്. ഉമർ (റ)

اللهم إنا نستعينك ونستغفرك ونثني عليك الخير كله ونشكرك ولا نكفرك ونخلع ونترك من يفجرك എന്ന പ്രാർത്ഥനയും

اللهم إياك نعبد ولك نصلي ونسجد وإليك نسعى ونحفد نرجو رحمتك ونخشى عذابك إن عذابك بالكفار ملحق എന്ന പ്രാർത്ഥനയും ഖുനൂത്തായി പാരായണം ചെയ്യാറുണ്ടായിരുന്നുവെന്ന ഇബ്നു അബീശൈബ അദ്ദേഹത്തിന്റെ മുസന്നഫിലും(2/315) അബ്ദുർറസാഖ് അദ്ദേഹത്തിന്റെ മുസന്നഫിലും ഉദ്ധരിച്ചിട്ടുള്ള (4969) ഉബൈദ് ബ്നു ഉമൈറിൽ നിന്നുള്ള നിവേദനം സ്വഹീഹായ പരമ്പരയോട് കൂടിയുള്ളതാണ്. ഇതിൽ അദുർറസാഖിന്റെ മുസന്നഫിലുള്ള നിവേദനത്തിൽ നിവേദകനായ ഉബൈദ് ബ്നു ഉമൈർ ഇത് ഇബ്നു മസ്ഊദിന്റെ മുസ്ഹഫിലുള്ള രണ്ട് സൂറത്തുകളാണെന്ന് താൻ കേട്ടുവെന്നു കൂടി പറയുന്നുണ്ട്. ഇതാണ് ഇങ്ങനെ രണ്ട് സൂറത്തുകൾ ഉണ്ടായിരുന്നുവെന്നതിനുള്ള തെളിവ്.

മറ്റു ചില നിവേദനങ്ങളും ഇവ്വിഷയകമായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

താഊസ് (റ) നിവേദനം ചെയ്യുന്നു: ”ഞാന്‍ ഉമറിന്റെ (റ) പിന്നില്‍ സുബ്ഹ് നമസ്‌കരിച്ചു. റുകൂഇനുശേഷം ഈ രണ്ടു സൂറത്തുകള്‍ കൊണ്ട് ഖുനൂത്ത് ഓതി.” (ത്വബ്‌രി 1/353). സമാനമായ ഉദ്ധരണികള്‍ അബ്ദു റസാഖ് മുസന്നഫ് 3/114, ത്വബ്‌രി -തഹ്ദീബുല്‍ ആസാര്‍ 1/319 എന്നിവയിലും കാണാം.

ഇക്കാര്യത്തിൽ ഉണ്ടാകാനിടയുള്ള സംശയങ്ങൾക്കെല്ലാം ഹദീഥ് പണ്ഡിതന്മാർ മറുപടി പറഞ്ഞിട്ടുണ്ട്. അബുൽ ഹുസ്സൈൻ അഹ്‌മദ്‌ ബിൻ ജഅഫർ അൽ മനാദി തന്റെ ‘അന്നാസിഖ് വൽ മൻസൂഖ്’ എന്ന ഗ്രൻഥത്തിൽ എഴുതുന്നു: “ഖുർആനിൽ നിന്ന് ദുർബലപ്പെടുത്തപ്പെട്ടതിനു ശേഷവും ജനമനസ്സുകളിൽ നിന്ന് മാഞ്ഞുപോകാതിരുന്ന വാക്യങ്ങൾക്ക് ഉദാഹരണമാണ് വിത്ർ നമസ്കാരത്തിലെ ഖുനൂത്തിൽ പാരായണം ചെയ്തുകൊണ്ടിരുന്ന ഈ രണ്ട് സൂറത്തുകൾ. ഉബയ്യു ബ്നു കഅ്ബിന്റെ പേരിൽ അറിയപ്പെട്ടിരുന്ന മുസ്ഹഫിൽ ഈരണ്ട് അധ്യായങ്ങളുമുണ്ടായിരുന്നുവെന്ന കാര്യത്തിലും അത് പ്രവാചകനിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടതും അദ്ദേഹം പാരായണം ചെയ്തതുമാണെന്നും അവയെ സൂറത്തുൽ ഹഫദ്, സൂറത്തുൽ ഖലാഅ എന്നിങ്ങനെയാണ് വിളിക്കപ്പെട്ടിരുന്നത് എന്ന കാര്യത്തിലും ആദ്യകാല പണ്ഡിതന്മാർക്കിടയിൽ യാതൊരുവിധ അഭിപ്രായവ്യത്യാസങ്ങളുമുണ്ടായിരുന്നില്ല” (ബദറുദ്ദീനു സ്സർക്കശി ഉദ്ധരിച്ചത്: അൽ ബുർഹാൻ ഫീ ഉലൂമിൽ ഖുർആൻ, വാല്യം രണ്ട്, പുറം 37)

ഇമാം സുയൂഥ്വിയും തന്റെ ഇത്ഖാനിൽ ഹുസ്സൈൻ അഹ്‌മദ്‌ അൽ മനാദിയെ ഉദ്ധരിച്ച് ഇതേ കാര്യം തന്നെ സമർത്ഥിക്കുന്നുണ്ട്. (ഭാഗം രണ്ട്, പുറം 68)

അവതരിക്കപ്പെട്ടതിനു ശേഷം ദുർബലപ്പെടുത്തപ്പെട്ട സൂറത്തുകളാണ് സൂറത്തുൽ ഹഫദ്, സൂറത്തുൽ ഖലാഅ എന്നീ സൂറത്തുകൾ എന്നും മൻസൂഖായെങ്കിലും പ്രാർത്ഥനയായതിനാൽ അവ സ്വാഹാബിമാർ നമസ്കാരത്തിലും മറ്റും ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ഉബയ്യിന്റെ മുസ്ഹഫിൽ അവ നില നിന്നത് എന്നുമാണ് ഇതിൽ നിന്ന് മനസ്സിലാവുന്നത്. ഉബയ്യു ബ്നു കഅ്ബി(റ)ന്റെ മുസ്ഹഫില്‍ നേരത്തെ ഉണ്ടായിരുന്ന അവയെ, ദുര്‍ബലപ്പെട്ടശേഷവും ദുആ ആയതിനാല്‍ അദ്ദേഹം അത് നിലനിർത്തി. എന്നാല്‍ ഉബയ്യി(റ)ന്റെ ഖിറാഅത്ത് ഉദ്ധരിച്ച ഇമാം നാഫിഅ്, ഇബ്‌നു കഥീർ, അബൂ അംറ് (റ) മുതലായവരൊന്നും ഖുര്‍ആനായി അത് ഉദ്ധരിച്ചിട്ടില്ല. എന്നാൽ അവ പ്രാർത്ഥനയായി നില നിർത്തിയതിനാൽ ഉമർ (റ) നമസ്കാരത്തിൽ ഖുനൂത്തായി അവയുടെ പാരായണം തുടരുകയും ചെയ്തു.

പ്രവാചകൻ (സ) പഠിപ്പിച്ചതല്ലാത്ത യാതൊന്നും അവരൊന്നും ഖുർആനിൽ ഉൾപ്പെടുത്തിയിട്ടില്ല; പഠിപ്പിച്ചതൊന്നും സ്വന്തം താൽപര്യപ്രകാരം എടുത്ത് മാറ്റിയിട്ടുമില്ല. ദൈവികബോധനത്തിന്റെ വെളിച്ചത്തിൽ പ്രവാചകൻ (സ) ദുർബലപ്പെടുത്തിയ വചനങ്ങളിൽ ചിലവ അവരുടെ മുസ്ഹഫിൽ അവർ എഴുതിവെക്കുകയും അവ പ്രാർത്ഥനകളായി ഉപയോഗിക്കുകയും ചെയ്തുവെന്ന് മാത്രമേയുള്ളൂ. അവ പ്രാർത്ഥനകളായി ഇന്നും മുസ്‌ലിംകൾ ഉപയോഗിക്കുന്നുണ്ട്.

പ്രമുഖ സ്വഹാബിയായിരുന്ന ഇബ്നു മസ്ഊദിന്റെ മുസ്ഹഫിൽ സൂറത്തുകളുടെ എണ്ണം പോലും വ്യത്യസ്തമായിരുന്നുവെന്നത് സ്വഹാബിമാർക്ക് പോലും ഖുർആനിന്റെ വിഷയത്തിൽ ഏകാഭിപ്രായമുണ്ടായിരുന്നില്ലെന്നല്ലേ മനസ്സിലാക്കിത്തരുന്നത്. അദ്ദേഹം സൂറത്തുൽ ഫാതിഹയും സൂറത്തുൽ ഫലഖും സൂറത്തുന്നാസും തന്റെ മുസ്ഹഫിൽ നിന്ന് നീക്കം ചെയ്തതായി ചില നിവേദനങ്ങളുണ്ടല്ലോ. ഇതിന്റെ യാഥാർഥ്യമെന്താണ്?

ഇബ്നു മസ് ഊദിന്റെ(റ) മുസ്ഹഫിൽ ഇന്നുള്ള മുസ്ഹഫിലുള്ള ചില സൂറത്തുകൾ ഉണ്ടായിരുന്നില്ലെന്നുള്ള നിവേദനങ്ങളുണ്ട്. സൂറഃ ഫാത്വിഹ, ഫലഖ്, നാസ് എന്നിവ അദ്ദേഹത്തിന്റെ മുസ്ഹഫിൽ ഉണ്ടായിരുന്നില്ലെന്നാണ് ചില അഥ്റുകളിലുള്ളത്. ഇമാം സുയൂഥ്വി തന്റെ ഇത്ഖാൻ ഫീ ഉലൂമിൽ ഖുർആനിൽ ഈ നിവേദനങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്. ഇബ്നു മസ്ഊദിന്റെ മുസ്ഹഫിൽ ഫാത്തിഹയും ഫലഖ്, നാസ് സൂറത്തുകളും ഇല്ലായിരുന്നുവെന്നതാണ് ഒന്നാമത്തെ നിവേദനം. ഇവയിൽ ഫാത്തിഹ ഇല്ലായിരുന്നുവെന്നതും ഫലഖ്, നാസ് എന്നീ സൂറത്തുകൾ ഇല്ലായിരുന്നുവെന്നതും രണ്ട് വിഷയങ്ങളാണ്. ഓരോന്നിനെയും വേറെ വേറെ പരിശോധിക്കാം:

ഒന്ന്) ഫാത്തിഹ ഇല്ലായിരുന്നുവെന്ന വിമർശനം:

ഫാതിഹ ഖുർആനിന്റെ ഭാഗമാണെന്ന വസ്തുത ഖുർആൻ തന്നെ സാക്ഷ്യപ്പെടുത്തുന്നതാണ്. “ആവര്‍ത്തിച്ചു പാരായണം ചെയ്യപ്പെടുന്ന ഏഴ്‌ വചനങ്ങളും മഹത്തായ ഖുര്‍ആനും തീര്‍ച്ചയായും നിനക്ക്‌ നാം നല്‍കിയിട്ടുണ്ട്‌” (15: 87) എന്ന ഖുർആൻ വചനത്തിലെ “ആവർത്തിച്ച് പാരയണം ചെയ്യപ്പെടുന്ന ഏഴു വചനങ്ങൾ കൊണ്ടുള്ള വിവക്ഷ ഫാത്തിഹത്തുൽ കിതാബാണെന്ന്”(عن ابن مسعود في قوله: {ولقد آتيناك سبعا من المثاني} قال: فاتحة الكتاب) ഇബ്നു മസ്ഊദ് (റ) പറഞ്ഞതായി ഇമാം ത്വബ്‌രി തന്റെ തഫ്സീറിൽ ഉദ്ധരിക്കുന്നുണ്ട്. ഫാത്തിഹത്തുൽ കിതാബെന്നാൽ ‘ഗ്രന്ഥത്തിന്റെ ആമുഖം’ എന്നാണർത്ഥം. ഏതൊരു അധ്യായത്തെയാണോ ഗ്രന്ഥത്തിന്റെ ആമുഖം എന്ന് ഇബ് മസ്ഊദ് (റ) വിശേഷിപ്പിച്ചത് ആ അദ്ധ്യായം ഖുർആനിലുള്ളതല്ലെന്ന് അദ്ദേഹം കരുതിയെന്നു പറയുന്നത് അടിസ്ഥാനരഹിതമാണ്.

ഫാത്തിഹ ഖുർആനിലെ പ്രാരംഭാദ്ധ്യായമായി അംഗീകരിച്ചിരുന്ന ഇബ്നു മസ്ഊദ് (റ) പിന്നെയെന്തുകൊണ്ടാണ് തന്റെ കൈവശമുള്ള ഖുർആൻ കയ്യെഴുത്തുരേഖയിൽ അത് എഴുതാതിരുന്നത് എന്നതിന് അദ്ദേഹം തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. അത് ഇങ്ങനെയാണ്: “അബൂബക്കർ അൽ അൻബരിയിൽ (റ) നിന്ന് ഇമാം ഖുർതുബി (റ) ഉദ്ധരിക്കുന്നു: എന്തുകൊണ്ടാണ് താങ്കളുടെ ഖുർആനിൽ ഫാത്തിഹ എഴുതാത്തത് എന്ന് ചോദിച്ചപ്പോൾ അബ്ദുല്ലാഹിബ്നു മസ്ഊദിന്റെ (റ) മറുപടി ഇങ്ങനെയായിരുന്നു. “ഞാൻ അഥവാ അത് എഴുതുകയായിരുന്നുവെങ്കിൽ എല്ലാ സൂറത്തുകളുടെയും തുടക്കത്തിൽ അത് എഴുതുമായിരുന്നു.” നമസ്കാരത്തിലെ ഓരോ റക്അത്തിലും സൂറത്തുകൾ പാരായണം ചെയ്യുന്നതിന് മുൻപ് ഫാത്തിഹ ഓതുന്നതുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത് എന്ന് അബൂബക്കർ അൽ അൻബരി (റ) വിശദീകരിക്കുന്നുണ്ട്. ഇബ്ൻ മസ്ഊദ് (റ) തന്നെ ഇങ്ങനെ പറഞ്ഞതായി നിവേദനങ്ങളുണ്ട്. “ഹൃസ്വമായി എഴുതുന്നതിനു വേണ്ടിയാണ് ഞാൻ അത് ഉപേക്ഷിച്ചത്. മുസ്‌ലിംകൾ അത് സംരക്ഷിക്കുമെന്ന് ഞാൻ വിശ്വസിക്കുകയും ചെയ്തു” (ഇമാം ഖുർത്തുബി: അൽ ജാമിഉൽ അഹകാമിൽ ഖുർആൻ, വാല്യം 1, പുറം 115, കൈറോ, 1964)

രണ്ട്) ഫലഖ്, നാസ് സൂറത്തുകളെക്കുറിച്ച വിമർശനം

ഇവ്വിഷയകമായ നിവേദനങ്ങൾ ഇങ്ങനെയാണ്:

ആസിം (റ) സിർറിൽ (റ) നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം ഉബയ്യിനോട് (റ) പറഞ്ഞു: ഇബ്നു മസ്ഊദ് (റ) അദ്ദേഹത്തിന്റെ മുസ്ഹഫിൽ മുഅവ്വദതൈൻ (ഫലഖ്, നാസ് സൂറത്തുകൾ) രേഖപ്പെടുത്തിയിട്ടില്ല” (മുസ്നദ് അഹ് മദ്, ഹദീഥ് 21186)

അൽ അഅ്മഷ് അബൂ ഇസ്ഹാഖിൽ നിന്നും അദ്ദേഹം അബ്ദുർ റഹ്‌മാനു ബ്നു യസീദിൽ(റ) നിന്നും നിവേദനം ചെയ്യുന്നു: ഇബ്നു മസ്ഊദ് (റ) അദ്ദേഹത്തിന്റെ മസാഹിഫിൽ നിന്ന് മുഅവ്വദതൈൻ മായ്ച്ചു കളയുകയും അവ ഖുർആനിന്റെ ഭാഗമല്ലെന്ന് പറയുകയും ചെയ്തു.” (മുസ്നദ് അഹ് മദ്, ഹദീഥ് 21226)

ഇബ്നു ഉയയ്ന അബ്ദയിൽ(റ) നിന്നും ആസിമിൽ നിന്നും(റ) അവർ സിർറിൽ(റ) നിന്നും നിവേദനം ചെയ്യുന്നു: ഞാൻ ഉബയ്യിനോട് ചോദിച്ചു: “താങ്കളുടെ സഹോദരൻ അവയെ (ഫലഖ്, നാസ് സൂറത്തുകളെ) അദ്ദേഹത്തിന്റെ മുസ്ഹഫിൽ നിന്ന് മായ്ച്ച് കളഞ്ഞിട്ടുണ്ടല്ലോ” അപ്പോൾ അദ്ദേഹം അത് എതിർത്തില്ല. ഇത് ഇബ്നു മസ്ഊദിനെക്കുറിച്ചാണോയെന്ന ചോദ്യത്തിന് ഇബ്നു ഉയയ്ന അതേയെന്ന മറുപടിയാണ് നൽകിയത്. (മുസ്നദ് അഹ്‌മദ്‌, ഹദീഥ് 21189)

എന്തുകൊണ്ടാണ് ഇബ്നു മസ്ഊദ് (റ) തന്റെ മുസ്ഹഫിൽ ഖുർആനിലെ അവസാനത്തെ രണ്ട് അധ്യായങ്ങൾ ചേർക്കാതിരുന്നത്? അവ അല്ലാഹു അവതരിപ്പിച്ചതല്ല എന്ന് അദ്ദേഹത്തിന് അഭിപ്രായം ഉണ്ടായിരുന്നുവോ? അവ ഖുർആനിൽ പെട്ടതല്ല എന്നായിരുന്നുവോ അദ്ദേഹത്തിന്റെ അഭിപ്രായം? താഴെ പറയുന്ന വസ്തുതകൾ ശ്രദ്ധിക്കുക:

ഒന്ന്) ഇബ്നു മസ്ഊദിൽ നിന്ന് ഈ നിവേദനങ്ങൾ ഉദ്ധരിച്ച ആസ്വിമിൽ നിന്ന് സിർറിലൂടെ തന്നെ നിവേദനം ചെയ്യപ്പെട്ട മുതവാത്തിറായ ഖിറാഅത്തുകളിലെല്ലാം ഫലഖ്, നാസ് സൂറത്തുകളുണ്ട്. അസ്സിർറിനെ കൂടാതെ ഇബ്നു മസ്ഊദിൽ നിന്ന് ഖുർആൻ പാരായണം നിവേദനം ചെയ്ത അൽഖമ, അൽ അസ്‌വദ്, മസ്‌റൂഖ്‌, അസ്സുലമി, അബൂവാഇൽ, അസ്ശൈബാനി, അൽഹമദാനി എന്നിവരും നൂറ്റിപ്പതിനാല് സൂറത്തുകളും പൂർണമായി നിവേദനം ചെയ്തിട്ടുണ്ട്. ആസിം, ഹംസ, അൽ കിസായ്, അൽ ഖലഫ് എന്നീ നാല് പേരുടെ പേരിലും അറിയപ്പെടുന്ന പാരായണങ്ങൾ ഇബ്നു മസ്ഊദിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടവയാണ്. ഇവയിലെല്ലാം ഇന്നുള്ള ഖുർആനിലെ മുഴുവൻ അധ്യായങ്ങളുമുണ്ട്. ഇതിനർത്ഥം ഇബ്നു മസ്‌ഊദ്‌ (റ) തന്റെ ശിഷ്യന്മാർക്ക് ഖുർആനിലെ നൂറ്റിപതിനാല് സൂറത്തുകളും ഖുർആനിന്റെ ഭാഗമായിത്തന്നെ പഠിപ്പിച്ചുവെന്നാണ്. അവസാനത്തെ രണ്ട് അധ്യായങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വല്ല സംശയങ്ങളുമുണ്ടായിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ ശിഷ്യന്മാർക്ക് അവ ഖുർആനിന്റെ ഭാഗമായി അദ്ദേഹം പഠിപ്പിക്കുകയില്ലായിരുന്നു.

രണ്ട്) സൂറത്തുൽ ഫലഖിനെയും സൂറത്തുന്നാസിനെയും ഇബ്നു മസ്ഊദ് (റ) ഖുർആനിന്റെ ഭാഗമായിത്തന്നെയായിരുന്നു മനസ്സിലാക്കിയിരുന്നത് എന്ന തെളിയിക്കുന്ന വേറെയും നിവേദനങ്ങളുണ്ട്. ദൈലമിയിൽ നിന്ന് അലി അൽമുത്തഖി ഉദ്ധരിക്കുന്ന നിവേദനം ഉദാഹരണം: അത് ഇങ്ങനെയാണ്: ” ഇബ്നു മസ്ഊദ് (റ) പറഞ്ഞു: രണ്ട് സൂറത്തുകൾ നിങ്ങൾ ധാരാളമായി പാരായണം ചെയ്യുക. ഇഹലോകത്തെയും പരലോകത്തെയും ഉയർന്ന സ്ഥാനങ്ങളിൽ അത് വഴി അല്ലാഹു നിങ്ങളെ എത്തിക്കും. മുഅവ്വദത്തൈൻ ആണവ” (അലി അൽ മുത്തഖി: കൻസുൽ ഉമ്മാൽ, ബെയ്റുത്ത്, 1981, ഹദീഥ് 2743)

മൂന്ന്) ഇബ്നു മസ്ഊദ് (റ) ഖുർആനിലെ അവസാനത്തെ രണ്ട് സൂറത്തുകൾ തന്റെ മുസ്ഹഫിൽ നിന്ന് മായ്ച്ചു കളഞ്ഞുവെന്നും അത് കണ്ടിട്ടും ഉബയ്യ് (റ) അതിനെ എതിർത്തില്ലെന്നും വ്യക്തമാക്കുന്ന ഹദീഥ് നൽകുന്ന വിവരം വളരെ പ്രസക്തമാണ്. അവ രണ്ടും ഖുർആനിന്റെ ഭാഗമാണെന്ന് തന്നെയായിരുന്നു ഉബയ്യ് (റ) അടക്കമുള്ള സ്വഹാബിമാരുടെ മുഴുവൻ അഭിപ്രായമെന്ന് ഈ നിവേദനത്തിൽ നിന്ന് തന്നെ വ്യക്തമാണ്. ഖുർആനിൽ നിന്ന് രണ്ട് സൂറത്തുകൾ നിഷേധിക്കുകയെന്നാൽ ഇസ്‌ലാമിൽ നിന്ന് പുറത്തുപോകുന്ന കൊടിയ പാപമാണെന്ന കാര്യത്തിൽ സംശയമില്ല. “ആരെങ്കിലും ഖുർആനിലെ ഒരു അക്ഷരമെങ്കിലും നിഷേധിച്ചാൽ അയാൾ ഖുർആൻ മുഴുവൻ നിഷേധിച്ചവനെപ്പോലെയാണ്” എന്ന് ഇബ്നു മസ്ഊദ് (റ) പറഞ്ഞതായി ഇമാം അബ്ദുർറസാഖ് തന്റെ ‘മുസന്നഫി’ൽ (ഹദീഥ് നമ്പർ 15946) നിവേദനം ചെയ്തത് ശ്രദ്ധേയമാണ്. തന്റെ മുസ്ഹഫിൽ നിന്ന് ഇബ്നു മസ്ഊദ് (റ) ഈ രണ്ട് സൂറത്തുകൾ മായ്ച്ചു കളയുക വഴി ഉദ്ദേശിച്ചത് അവയെ നിഷേധിക്കുകയായിരുന്നുവെങ്കിൽ അത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമായിരുന്നു. അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നത് തന്നെ അദ്ദേഹം അവയെ നിഷേധിക്കുകയല്ല, എഴുതിവെക്കുന്നത് ശരിയല്ലെന്ന് കരുതുകയാണ് ചെയ്തതെന്ന് വ്യക്തമാണ്.

ഷെയ്ഖ് അബൂ ബക്കർ ബാക്വിലാനി പറഞ്ഞത് ശ്രദ്ധേയമാണ്: “ഈ രണ്ട് സൂറത്തുകൾ ഖുർആനിലുള്ളതല്ലെന്ന വാദം അദ്ദേഹത്തിനുള്ളതായി സ്ഥാപിക്കപ്പെട്ടിട്ടില്ല. അവ അദ്ദേഹം മായ്ച്ചു കളയുകയും തന്റെ മുസ്ഹഫിൽ ഉൾപ്പെടുത്താതിരിക്കുകയും ചെയ്തത് അവ ഖുർആനിന്റെ ഭാഗമാണെന്ന വസ്തുത അദ്ദേഹം നിഷേധിക്കുന്നത് കൊണ്ടായിരുന്നില്ല. പ്രവാചകൻ (സ) എഴുതാനായി പറഞ്ഞതല്ലാതെ യാതൊന്നും തന്നെ മുസ്ഹഫിൽ എഴുതാൻ പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. പ്രവാചകൻ (സ) അവ എഴുതിപ്പിച്ചതായോ എഴുതിവെക്കാൻ ആവശ്യപ്പെട്ടതായോ അദ്ദേഹം കണ്ടിട്ടുണ്ടായിരുന്നില്ല. (ഇമാം സുയൂഥ്വി: അൽ ഇത്ഖാൻ 1/ 271)

നാല്) മുഅവ്വദതൈൻ ഖുർആനിലുള്ളതാണെന്ന് വ്യക്തമാക്കുന്ന നബി(സ)യിൽ നിന്ന് സ്ഥിരപ്പെട്ട നിവേദനങ്ങളുണ്ട്.

അബുല്‍ അളാഅ് (റ) പറയുന്നു. നബി (സ) ഒരു സ്വഹാബിക്ക് സൂറഃ ഫലഖും നാസും പഠിപ്പിച്ചു കൊടുത്തു. തങ്ങള്‍ പറഞ്ഞു: നീ ഈ സൂറത്തുകള്‍ ഓതി നമസ്‌കരിക്കുക. (മുസ്നദ് അഹ്‌മദ്- ഹദീഥ് സ്വഹീഹാണെന്ന് ഇമാം ഇബ്‌നു ഹജര്‍ ഫതഹുല്‍ ബാരി 8/615ലും ഇമാം ഖാരി ഉംദ 2/16ലും പറയുന്നു)

ഉഖ്ബ(റ)യിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: ഈ രാത്രിയില്‍ എനിക്ക് ചില ആയത്തുകള്‍ അവതീര്‍ണമായി. സമാനമായവ തീരെ കാണപ്പെട്ടിട്ടില്ല. അത് സൂറത്തുൽ ഫലഖും നാസുമാണ്. (സ്വഹീഹ് മുസ്‌ലിം കിതാബ് സ്വലാത്ത്, ബാബുൽ ഫദാഇലി മുഅവ്വദതൈൻ). ഇതേപോലെയുള്ള നിരവധി ഹദീഥുകള്‍ ഇമാം ഇബ്‌നു കഥീർ (റ) തന്റെ തഫ്‌സീറില്‍ ഉദ്ധരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവ ഖുർആനിലുള്ളതല്ലെന്ന് പ്രവാചകശിഷ്യന്മാരിൽ പ്രമുഖനായ ഇബ്നു മസ്ഊദ് (റ) കരുതുമെന്ന് വിചാരിക്കാൻ യാതൊരു ന്യായവുമില്ല.

അഞ്ച്) ഇബ്നു മസ്ഊദിന്റെ(റ) ശിഷ്യന്മാരെല്ലാം ഈ രണ്ട് സൂറത്തുകളും ഖുർആനിൽ പെട്ടത് തന്നെയാണെന്ന് സാക്ഷ്യം വഹിച്ചതിനുള്ള തെളിവാണ് അവരിലൂടെ നിവേദനം ചെയ്യപ്പെട്ട ഖിറാഅത്തുകളിലൊന്നും അവ വിട്ടുകളഞ്ഞിട്ടില്ല എന്നത്. ഈ സൂറത്തുകൾ ഖുർആനിൽ പെട്ടതല്ലെന്ന് ഗുരു പറഞ്ഞിരുന്നെങ്കിൽ ശിഷ്യന്മാർ ആരെങ്കിലും ആ രൂപത്തിൽ ഖുർആൻ പാരായണം പഠിക്കുമായിരുന്നു. അതുണ്ടായിട്ടില്ലെന്ന് മാത്രമല്ല, ഇബ്‌നു മസ്ഊദിന്റെ(റ) ശിഷ്യന്‍മാരില്‍ പ്രമുഖനായ അസ്‌വദ് ബിന്‍ യസീദി(റ)നോട് ആ രണ്ടു സൂറത്തുകള്‍ ഖുര്‍ആനില്‍ പെട്ടതാണോ എന്നു ചോദിച്ചപ്പോള്‍ “അതെ, അവ രണ്ടും ഖുര്‍ആനില്‍പെട്ടതു തന്നെയാണ്” എന്ന് മറുപടി പറഞ്ഞതായി ഇബ്നു അബീശൈബ ഉദ്ധരിക്കുന്നുമുണ്ട്. (ഇബ്‌നു അബീ ശൈബ 30206)

ആറ്) അബ്ദുർ റഹ്‌മാനു ബ്നു യസീദിൽ (റ) നിന്ന് ഇമാം അഹ്‌മദ്‌ തന്റെ മുസ്നദിൽ നിവേദനം ചെയ്ത അഥറിൽ (ഹദീഥ് 21226) ഈ സൂറത്തുകൾ ഖുർആനിലുള്ളതല്ലെന്ന് ഇബ്നു മസ്ഊദ് (റ) പറഞ്ഞതായി ഉണ്ടെന്നത് ശരിയാണ്. ഇത് ഇമാം ത്വബ്റാനിയും തന്റെ മുജമ്മഉൽ കബീറിൽ നിവേദനം ചെയ്യുന്നുണ്ട്. (മുജമ്മഉൽ കബീർ 9150). എന്നാൽ ഈ നിവേദനം സ്വീകാര്യമല്ലെന്ന് ഇമാം നവവിയടക്കമുള്ള നിരവധി പണ്ഡിതന്മാർ വ്യക്തമാക്കിയതായി ഇമാം സുയൂഥ്വി വിശദീകരിക്കുന്നുണ്ട്. (അൽ ഇത്ഖാൻ 1/ 271) നിരവധി എതിർ തെളിവുകളുള്ളതിനാൽ ഈ നിവേദനം മുഅല്ലലും മുതവാത്തിറായ നിവേദനങ്ങൾക്ക് വിരുദ്ധമായതിനാൽ ശാദ്ദുമാണെന്നാണ് പണ്ഡിതാഭിപ്രായം.

ഇബ്നു മസ്ഊദ് (റ) തന്റെ മുസ്ഹഫിൽ ഫാതിഹയും സൂറത്തുൽ ഫലഖും സൂറത്തുന്നാസും എഴുതാതിരുന്നത് അവ ഖുർആനിൽ ഉള്ളതല്ലെന്ന് അദ്ദേഹം കരുതിയതുകൊണ്ടല്ലെന്നും പ്രത്യുത അദ്ദേഹത്തിന്റെതായ വ്യക്തിപരമായ ചില കാരണങ്ങളാലാണെന്നും ഇവയിൽ നിന്ന് വ്യക്തമാണ്. ഖുർആനിൽ ഇന്നുള്ള ഏതെങ്കിലും സൂറത്തുകൾ ഖുർആനിന്റെ ഭാഗമല്ലെന്ന് കരുതിയിരുന്ന സ്വഹാബിമാരാരും ഉണ്ടായിരുന്നിട്ടില്ല. ഖുർആനിൽ കളങ്കമാരോപിക്കുന്നവർക്ക്, അതുകൊണ്ട് തന്നെ, ഇബ്നു മസ്‌ഊദിന്റെ(റ) നടപടിയെ എങ്ങനെ അപഗ്രഥിച്ചാലും തെളിവുകൾ ഒന്നും ലഭിക്കുകയില്ല; അവർ നിരാശപ്പെടുകയേയുള്ളൂ.

സ്വഹാബിമാരിൽ ചിലർ സ്വന്തം താൽപര്യപ്രകാരം ആയത്തുകളും സൂറത്തുകളും ക്രമീകരിച്ചുവെന്ന് സൂചിപ്പിക്കുന്ന ചില നിവേദനങ്ങളുണ്ടല്ലോ. അവയുടെ യാഥാർഥ്യമെന്താണ്?

സ്വഹാബിമാർ സ്വതാല്‍പര്യപ്രകാരം ആയത്തുകളും സൂറത്തുകളും ക്രമീകരിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് മറുപടി. ഖുർആനിന്റെ സമാഹരണവും സംരക്ഷണവും സ്വന്തം ബാധ്യതയാണെന്ന അല്ലാഹുവിന്റെ വചനത്തിന്റെ അടിസ്ഥാനത്തിൽ ആയത്തുകളുടെയും സൂറത്തുകളുടെയും ക്രമം പോലും വഹ്‌യിന്റെ അടിസ്ഥാനത്തിൽ സ്ഥിരപ്പെട്ടതാണെന്നായിരുന്നു സ്വഹാബിമാർ മനസ്സിലാക്കിയിരുന്നത് എന്ന് വ്യക്തമാക്കുന്ന നിരവധി നിവേദനങ്ങളുണ്ട്. പ്രവാചകാനുചരന്മാരിൽ ചിലർ സ്വന്തം അഭിപ്രായപ്രകാരം ആയത്തുകളുടെ ക്രമം തീരുമാനിച്ചുവെന്ന് തോന്നിപ്പിക്കുന്ന ചില നിവേദനങ്ങളുണ്ടെന്നത് ശരിയാണ്. പക്ഷെ അവയെല്ലാം ദുർബലവും തെളിവിന് കൊള്ളാത്തതുമാണെന്ന് അവയെ അപഗ്രഥിച്ച് പഠിച്ച പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.

ഒന്ന്: അബാദ് ബിന്‍ അബ്ദില്ല (റ) പറയുന്നു:- ഹാരിസ് ബിന്‍ ഖുസൈമ (റ) തൗബയിലെ അവസാന രണ്ടായത്തുകളുമായി ഉമറി(റ)ന് സമീപത്തെത്തി. അദ്ദേഹം ചോദിച്ചു, ആരാണ് സാക്ഷിയുള്ളത്? അദ്ദേഹം പറഞ്ഞു, അറിയില്ല. എന്നാല്‍ ഞാനിത് നബി(സ)യില്‍ നിന്നും കേട്ടതും മനഃപാഠമാക്കിയതുമാണ്. ഉമര്‍ (റ) പറഞ്ഞു: ഇത് മുൻ ആയതായിരുന്നുവെങ്കില്‍ ഇതിനെ സ്വതന്ത്രമായ അധ്യായമാക്കുമായിരുന്നു. നിങ്ങള്‍ ക്വുര്‍ആനിലെ ഒരു സൂറത്തില്‍ അത് ചേര്‍ക്കുക. ഞാനതിനെ ബറാഅത് -തൗബ സൂറയുടെ അവസാനം ചേര്‍ത്തു. (അഹ്‌മദ് 1715, ത്വബ്‌രി 60, ഇബ്‌നു അബീദാവൂദ് -അല്‍ മസാഹിഫ് )

തികച്ചും ബലഹീനമായ ഒരു നിവേദനമാണിത്. ഇമാം അഹ്‌മദിന്റെ മുസ്നദിനുള്ള നിരൂപണത്തിൽ ശൈഖ് അര്‍നാഊഥ് (റ) ഈ അഥര്‍ ബലഹീനമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. നിവേദകനായ അബ്ബാദ് ഖുര്‍ആന്‍ ക്രോഡീകരണത്തിനു ദൃക്‌സാക്ഷിയല്ല. അദ്ദേഹത്തിന് ഈ വിവരം നല്‍കിയത് ആരാണെന്ന് അറിയുകയുമില്ല. ആയതിനാല്‍ അഥര്‍ ബലഹീനമായി ഗണിക്കപ്പെടുന്നു. ഇമാം ബുഖാരി (റ) ഇതുമായി ബന്ധപ്പെട്ട് ഉദ്ധരിച്ചതാണ് ശരിയെന്നും ഈ അഥറിലെ ആശയം പ്രബല നിവേദനങ്ങളോട് എതിരായതാണെന്നും ശൈഖ് അഹ്‌മദ് ശാഖിറും(റ) പറഞ്ഞിട്ടുണ്ട്. വിഷയബന്ധിതമായ സ്വീകാര്യമായ നിവേദനങ്ങള്‍ ദുർബലമായ ഈ അഥറിന് എതിരാണ് താനും.

ഇത് ഉദ്ധരിച്ച ഇബ്നു അബൂദാവൂദ് തന്നെ സ്വീകാര്യമായ ഇവ്വിഷയകമായ നിവേദനങ്ങളും ഉദ്ധരിച്ചിട്ടുണ്ട്. അവ ഇവയാണ്. “സൈദ് (റ) പറയുന്നു: നബി(സ)യില്‍ നിന്നും ഞാന്‍ കേട്ട ആയത്ത് (സൂറത്തുല്‍ തൗബയിലെ പ്രസ്തുത ആയത്തുകള്‍) എനിക്ക് ലഭിച്ചില്ല. ഞാന്‍ അത് അന്വേഷിച്ചു. അങ്ങനെ അതിനെ ഖുസൈമ ബിന്‍ സാബിതി(റ)ല്‍ നിന്നും എനിക്കത് ലഭിച്ചു. ഞാന്‍ അതിനെ അതിന്റെ സൂറത്തില്‍ തന്നെ ചേര്‍ത്തു” (ഇബ്‌നു അബീദാവൂദ് -മസാഹിഫില്‍ നമ്പര്‍ 24, ത്വയാലിസി, തിര്‍മിദി 4/346. നിവേദനം സ്വഹീഹാണെന്ന് ഇമാം തിര്‍മിദി (റ) വ്യക്തമാക്കി. ഇമാം ദാരിമി – മുഖന്നഇല്‍ 15-16)

അബുല്‍ ആലിയ (റ) പറയുന്നു: :- അവര്‍ അബൂബക്കറിന്റെ (റ) കാലഘട്ടത്തില്‍ ക്വുര്‍ആന്‍ ശേഖരിച്ചു. ഉബയ്യ് (റ) വായിച്ചു കൊടുക്കുകയും എഴുതുകയും ചെയ്തു. സൂറഃ തൗബയിലെ 127-ാം ആയത്ത് എത്തിയപ്പോള്‍ ഇത് അവസാനം ഇറങ്ങിയ ആയത്താണെന്നു വിചാരിച്ചു. ഉബയ്യ്‌ (റ) പറഞ്ഞു:- ഇതിനുശേഷം നബി (സ) രണ്ടു ആയത്തുകളെ ഓതുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. (ശേഷം ആ രണ്ട് ആയത്തുകള്‍ ഓതി). (അല്‍ മസാഹിഫ് -ഹദീഥ് നമ്പര്‍ 29 – ഹദീഥ് മുന്‍തിഖ ആണ്).

വിമര്‍ശനവിധേയമായ ഹദീഥ് ബലഹീനമാണെന്നും അതിനെതിരില്‍ അന്യൂനമായ നിവേദനങ്ങൾ ഉണ്ടെന്നും വ്യക്തമാക്കുന്നതാണ് ഈ തെളിവുകൾ. സ്വഹാബിമാർ സ്വന്തം ഇഷ്ടപ്രകാരം അവർക്കിഷ്ടമുള്ളിടത്ത് ലഭിച്ച ആയത്തുകൾ ചേർക്കുകയായിരുന്നില്ല, നബി(സ) നിർദേശം ഇവ്വിഷയകമായി പൂർണമായും അനുസരിക്കുകയായിരുന്നുവെന്ന് ഈ തെളിവുകൾ സുതരാം വ്യക്തമാക്കുന്നുണ്ട്.

രണ്ട്: ഇബ്‌നു അബ്ബാസ് (റ) പറയുന്നു. ഞാന്‍ ഉഥ്മാനോട്(റ) ചോദിച്ചു, നിങ്ങള്‍ സൂറത്ത് അന്‍ഫാല്‍, തൗബ എന്നിവക്കിടയില്‍ ബിസ്മി രേഖപ്പെടുത്താതെ ചേര്‍ത്ത് എഴുതിയതിന്റെ കാരണമെന്താണ്? ഉഥ്മാൻ (റ) പറഞ്ഞു: നബി(സ)ക്ക് നീണ്ട കാലയളവില്‍ ധാരാളം സൂറത്തുകള്‍ അവതരിച്ചിരുന്നു. ഖുര്‍ആന്‍ അവതരിക്കുമ്പോള്‍ എഴുത്തുകാരില്‍ ഒരാളെ വിളിച്ച് ഇതിനെ ഇന്ന വിഷയം പരാമര്‍ശിക്കുന്ന സൂറത്തില്‍ ചേര്‍ക്കുക എന്ന് കല്‍പിക്കുമായിരുന്നു. സൂറഃ അന്‍ഫാല്‍ മദീനയില്‍ ആദ്യം അവതരിച്ചതാണ്. സൂറഃ തൗബ അവസാനം അവതരിച്ചതും. ഇരു സൂറത്തുകളുടെയും പ്രമേയവിഷയം പരസ്പരം യോജിച്ചതാണ്. അതിന്റെ തുടര്‍ച്ചയാണ് ഇതെന്നു ഞാന്‍ വിചാരിക്കുന്നു. വ്യക്തത നല്‍കാതെയാണ് നബി (സ) ഇഹലോകം വെടിഞ്ഞത്. ആയതിനാല്‍ ഇടയില്‍ ബിസ്മി ചേര്‍ക്കാതെ ചേര്‍ത്ത് രണ്ടു സൂറത്തുകളും രേഖപ്പെടുത്തി. (അഹ്‌മദ്‌ 1/244, തിര്‍മിദി 3086, മിശ്കാത് 2163)

ഹദീഥ് പണ്ഡിതന്‍മാരായ ശൈഖ് ശുഐബ് അര്‍നഊത്, ശൈഖ് അല്‍ബാനി, ശൈഖ് അഹ് മദ് ശാഖിര്‍ (റ) എന്നിവര്‍ ഈ അഥർ ബലഹീനമാണെന്ന് പറഞ്ഞിട്ടുണ്ട്. അഥര്‍ ഉദ്ധരിച്ച യസീദുര്‍റുഖാശി (റ) എന്ന വ്യക്തിയില്‍ അവ്യക്തതയുണ്ടെന്ന് ഇമാം തിര്‍മിദി (റ) രേഖപ്പെടുത്തി. യസീദു ബിന്‍ അബാ(റ)നെ കണ്ടിട്ടില്ലെന്നും ഇമാം തന്നെ പറയുന്നുണ്ട്. (തിര്‍മിദി ഹദീഥ് നമ്പര്‍ 3086)

അന്യൂനമായ ഹദീഥല്ല ഇതെന്നു സാരം, ഇതിന്റെ ആശയം സ്ഥിരപ്പെട്ട കാര്യങ്ങള്‍ക്ക് വിരുദ്ധമാണ്.

1) നബി(സ)യുടെയും അബൂബക്കറി(റ)ന്റെയും കാലഘട്ടത്തില്‍ നടന്ന രണ്ടു രീതിയിലുള്ള ക്രോഡീകരണത്തിലും ഈ രണ്ടു സൂറത്തുകളും രണ്ടായിട്ടാണ് രേഖപ്പെടുത്തിയത്. സൂറഃ തൗബയില്‍ ബിസ്മി ഇല്ല എന്ന വിഷയത്തില്‍ സ്വഹാബാക്കള്‍ ഭിന്നിച്ചിട്ടില്ല. ഇത് കേവലം ഉഥ്മാന്റെ(റ) ഗവേഷണ ഫലമായിരുന്നുവെങ്കില്‍ അവര്‍ ഭിന്നിക്കുമായിരുന്നു.

2) സൂറത്തുകളെല്ലാം തുടങ്ങേണ്ടത് ബിസ്മി കൊണ്ടാണെന്നത് നബി(സ)യുടെ കല്പനയാണ്. അതെ നബി (സ) തന്നെയാണ് അത് സൂറഃ തൗബയില്‍ രേഖപ്പെടുത്തേണ്ടതില്ലെന്ന് പഠിപ്പിച്ചത്. അതിനാലാണ് എഴുത്തുകാർ അത് രേഖപ്പെടുത്താതിരുന്നത്.

3) ബിസ്മി രേഖപ്പെടുത്താതിന്റെ കാരണം എന്താണെന്നതിലാണ് സ്വഹാബാക്കള്‍ വ്യത്യസ്ത അഭിപ്രായം പറഞ്ഞത്. ഈ വിഷയത്തില്‍ നബി(സ)യില്‍ നിന്നും വ്യക്തത ലഭിച്ചിട്ടില്ല എന്ന് ഉഥ്മാൻ (റ) അദ്ദേഹത്തിന് ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിൽ അഭിപ്രായം പറഞ്ഞതാണ്. മറ്റു സ്വഹാബിമാരും ഇവ്വിഷയകമായ അവരുടെ അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്.

ഇബ്‌നു അബ്ബാസ് (റ) പറയുന്നു:- അലി (റ) പറഞ്ഞു: ബിസ്മില്ലാഹി നിര്‍ഭയത്വമാണ്. സൂറഃ തൗബ യുദ്ധ കല്‍പന പ്രഖ്യാപിച്ച് ഇറങ്ങിയതാണ്. അതില്‍ നിര്‍ഭയത്വമില്ല. അതുകൊണ്ടാണ് അതിൽ ബിസ്മി ഒഴിവായത്. (തഫ്‌സീര്‍ ത്വബ്‌രി)

സൂറത്തു തൗബയുടെ ആദ്യ ഭാഗങ്ങള്‍ ദുര്‍ബലപ്പെടുത്തപ്പെട്ടതോടുകൂടി ഇതിലെ ബിസ്മിയും ഉയര്‍ത്തപ്പെട്ടതായി ഇമാം മാലിക്കും(റ) അഭിപ്രായപ്പെട്ടുണ്ട്.

ഖുർആനിൽ പതിനേഴായിരം ആയത്തുകളുള്ളതായി ചിലർ എഴുതിയിട്ടുണ്ടല്ലോ. ആറായിരത്തിലധികം ആയത്തുകളെ ഇന്നുള്ള ഖുർആനിലുള്ളൂ. ചില ആയത്തുകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നല്ലേ അതിനർത്ഥം?

ശിയാക്കളുടെ ചില കൃതികളിലാണ് ഇത്തരം പരാമർശങ്ങളുള്ളത്. ശിയാക്കളുടെ ഹദീഥ് ഗ്രന്ഥമായ അൽ കുലൈനിയുടെ ഉസൂലിൽ കാഫിയിൽ, അവരുടെ ഹദീഥ് നിദാനശാസ്ത്രപ്രകാരം അവർ സ്വീകാര്യമാണെന്ന് കരുതുന്ന ഒരു നിവേദനത്തിൽ പറയുന്നത് ഇങ്ങനെയാണ്: “അബൂ അബ്ദില്ല പറയുന്നു: മുഹമ്മദ് നബി(സ)ക്ക് ജിബ്‌രീല്‍ (അ) നല്‍കിയ ഖുര്‍ആനില്‍ പതിനേഴായിരം ആയത്തുകള്‍ ഉണ്ടായിരുന്നു.” (ഉസൂലില്‍ കാഫി വാല്യം രണ്ട്, പുറം 634, ഹദീഥ് 28)

അലി(റ)യോടുള്ള കൃത്രിമ സ്‌നേഹം പ്രകടമാക്കി ഇസ്‌ലാമില്‍ നിന്നും ജനങ്ങളെ തിരിച്ചുവിടാനായി ജൂതനായ ഇബ്‌നു സബഅ് ജന്മം നല്‍കിയതാണ് ശീഇസം. പ്രമുഖരായ സ്വഹാബാക്കളെല്ലാം അവിശ്വാസികളാണെന്നും അവര്‍ ഖുര്‍ആന്‍ മാറ്റിമറിച്ചു എന്നും അവര്‍ വാദിച്ചു. സനദുകള്‍ ഇല്ലാതെയോ അല്ലെങ്കില്‍ സനദുകൾ കൃത്രിമമായി അവര്‍ നിര്‍മിച്ചോ പല അന്ധവിശ്വാസങ്ങളും അവർ പ്രചരിപ്പിച്ചു. ഗ്രന്ഥകര്‍ത്താവ് തന്നെ മഹാനുണയനായതിനാൽ അയാളുടെ കൃതികളുടെ സ്ഥാനം ചവറ്റുകൂനയാണ്. ജൂതനായ പൗലോസ് ക്രിസ്തുമതത്തെ നശിപ്പിച്ചതില്‍ പാഠമുള്‍ക്കൊണ്ട മുസ്‌ലിം പണ്ഡിതന്‍മാര്‍ ജൂതനായ ഇബ്‌നു സബഇനെ തിരിച്ചറിഞ്ഞുവെങ്കിലും വൈകിയിരുന്നു. അങ്ങനെയാണ് ശീഇസം എന്ന മതം ലോകത്ത് വലിയ സ്വാധീനമുണ്ടാക്കിയത്.

ഖുര്‍ആന്‍ തിരുത്തലുമായി ബന്ധപ്പെട്ട് അവര്‍ ആരോപിക്കുന്ന ദുരാരോപണങ്ങള്‍ ഇസ്‌ലാമിന്റെ ശത്രുക്കളുടെ ആരോപണങ്ങളായി മാത്രമാണ് കാണേണ്ടത്. ശരിയായ സനദുകളിലൂടെ അവ തെളിയിക്കാന്‍ സാധ്യമല്ല. ശിയാക്കളുടെ ഇത്തരം ആരോപണങ്ങൾക്ക് അഹ്ലുസുന്നയുടെ മഹാപണ്ഡിതന്മാർ മറുപടി പറഞ്ഞിട്ടുണ്ട്. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ച അന്തലൂസിയൻ പണ്ഡിതനായ ഇബ്ൻ ഹസം എഴുതി: “പരിശുദ്ധ ഖുർആനിൽ കൈകടത്തലുകൾ നടന്നിട്ടുണ്ടെന്ന റാഫിദികളുടെ വാദത്തെക്കുറിച്ച് പറയാനുള്ളത്, അവർ മുസ്‌ലിംകളല്ലെന്നാണ്. നിരവധി വിഭാഗങ്ങളുള്ള അവരിലെ ഒന്നാമത്തെ വിഭാഗം ഉടലെടുത്തത് പ്രവാചകവിയോഗത്തിന് ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷമാണ്. ജൂതന്മാരെയും ക്രിസ്ത്യാനികളെയും കള്ളപ്രചാരണങ്ങളുടെയും പാഷാണ്ഡതയുടെയും കാര്യത്തിൽ പിന്തുടർന്നുകൊണ്ട് ഇസ്‌ലാമിനെ തകർക്കാൻ ശ്രമിച്ചതിന്റെ ഫലമായാണ് അവർ രൂപമെടുത്തത്. അലി ബിൻ അബീതാലിബിനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ചിലർക്കും ദിവ്യത്വം കൽപിക്കുന്നത് വരെ ചെന്നെത്തിയവരാണ് അവരിലെ അതിതീവ്രവിഭാഗങ്ങൾ. അവരിലെ വ്യതിയാനം കുറഞ്ഞ വിഭാഗത്തിന്റെ വിശ്വാസം അലിക്കുവേണ്ടി സൂര്യൻ രണ്ട് തവണ പിന്നിലേക്ക് നടന്നിട്ടുണ്ടെന്നാണ്. പച്ചക്കള്ളങ്ങളിൽ അഭിരമിക്കുന്ന ഇത്തരം വിഭാഗങ്ങൾ ഖുർആനിനെക്കുറിച്ച് കള്ളം പറയുന്നതിൽ അത്ഭുതപ്പെടാനെന്തുണ്ട്?” (ഇബ്നു ഹസമിൽ നിന്ന് ഇസ്‌റാഈൽ ഫ്രീഡ്ലാൻഡർ ഉദ്ധരിച്ചത്: Israel Friedlaender (1908). “The Heterodoxies of the Shiites in the Presentation of Ibn Hazm”, Journal of the American Oriental Society. American Oriental Society. 29: 61–2. Retrieved 11 April 2015.)

ശിയാക്കളുടെ അടിസ്ഥാന ഗ്രന്ഥങ്ങളിൽ ഖുർആനിൽ മാറ്റത്തിരുത്തലുകളുണ്ടായിട്ടുണ്ട് എന്ന ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിലും, പല പ്രഗത്ഭരായ ഷിയാ പണ്ഡിതന്മാരും ഈ ആരോപണം ശരിയല്ലെന്ന് പറഞ്ഞിട്ടുണ്ട്. 1992 ൽ മരണപ്പെട്ട ഇറാഖിലെ ഷിയാപണ്ഡിതനായ ആയത്തുല്ലാ അബുൽ ഖാസിം അൽഖൊയി പറയുന്നത് ഇങ്ങനെയാണ്: “ഖുർആനിൽ യാതൊരു മാറ്റത്തിരുത്തലും വന്നിട്ടില്ലെന്നും മഹാപ്രവാചകന് (സ) അവതരിക്കപ്പെട്ട ഖുർആൻ അതേപോലെ പൂർണമായും യാതൊരു വ്യത്യാസവുമില്ലാതെയുമാണ് നമ്മുടെ കൈവശമുള്ളത് എന്നുമാണ് മുസ്‌ലിംകളെല്ലാം സ്വീകരിച്ചിരിക്കുന്ന അടിസ്ഥാന വീക്ഷണം. നിരവധി പ്രാമാണികരായ പണ്ഡിതന്മാർ ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇഥനാ അശ്അരികളിൽക്കിടയിലെ പ്രഗത്ഭ ഹദീഥ് പണ്ഡിതനായ മുഹമ്മദ് ബിൻ ബാബവയ്ഹ് ഖുർആനിൽ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നത് ഇഥനാ അശ്അരികളുടെ ഒരു അടിസ്ഥാനവിശ്വാസമാണെന്ന് എണ്ണിപ്പറഞ്ഞിട്ടുണ്ട്. ഇമാമീ ശിയാക്കളുടെ നിയമവിശാരദനായ അബൂ ജഅ്ഫർ മുഹമ്മദ് ബിൻ അൽഹസൻ അത്തൂസി, തന്റെ ഖുർആൻ വ്യാഖ്യാനഗ്രന്ഥമായ അൽതിബയാനിന്റെ തുടക്കത്തിൽ തന്നെ ഈ വീക്ഷണം വ്യക്തമാക്കുകയും തെളിവുകളുടെ വെളിച്ചത്തിൽ അത് സമർത്ഥിക്കുകയും തന്റെ ഗുരുവായ അശ്ശരീഫുൽ മുർതദക്ക് ഇതേ കാഴ്ചപ്പാടാണുണ്ടായിരുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പ്രസിദ്ധ ഖുർആൻ വ്യാഖ്യാതാവായ അത്തബ്റാസിയും തന്റെ വ്യാഖ്യാനമായ മജ്മഉൽ ബൈദാനിന്റെ മുഖവുരയിൽ ഇക്കാര്യം തന്നെയാണ് സമർത്ഥിച്ചിരിക്കുന്നത്.” (Al-Sayyid Abu al-Qasim al-Musawi al-Khu’i, Prolegomena to the Qur’an, Oxford, 1998, Page 137-138)

ആരോപണമുന്നയിച്ചവർ പോലും സ്വയം തന്നെ പിതൃത്വം നിഷേധിക്കാൻ മാത്രം ദുർബലമായ തെളിവുകളാണ് ഖുർആനിൽ മാറ്റങ്ങളുണ്ടായിയെന്ന് വാദിക്കുന്നവരുടെ പക്കലുള്ളത് എന്നാണ് ഈ ശിയാപണ്ഡിതന്റെ ഉദ്ധരണി വെളിപ്പെടുത്തുന്നത്. ഉസൂലുൽ കാഫിയിലെ ഹദീഥ് ദുർബലമാണെന്ന് സ്ഥാപിക്കുവാൻ പാടുപെടുകയാണ് ഇന്ന് ജീവിക്കുന്ന ശിയാബുദ്ധിജീവികളെന്ന് അവരുടെ രചനകളും ഇന്റർനെറ്റിലെ ഇടപെടലുകളും ശ്രദ്ധിച്ചാൽ മനസ്സിലാവും. ഖുർആനിന്റെ അഖണ്ഡതയെ വെല്ലുവിളിക്കാൻ ശ്രമിക്കുന്നവരുടെ കൈകളിലുള്ള തെളിവുകൾ എത്രത്തോളം അടിസ്ഥാനരഹിതമാണെന്ന് ഇവ വ്യക്തമാക്കുന്നുണ്ട്.

എട്ടാം നൂറ്റാണ്ടിനു ശേഷമാണ് ക്വുര്‍ആന്‍ രൂപീകരിക്കപ്പെട്ടു കഴിഞ്ഞതെന്ന് ജറുസലേമിലെ 'ഖു ബ്ബത്തു സ്‌സ്വഖ്‌റ'യില്‍ രേഖപ്പെടുത്തപ്പെട്ട അറബി ലിഖിതങ്ങൾ തെളിവല്ലേ ? അമവീ ഖലീഫയായിരുന്ന അബ്ദുല്‍ മലി ക്ക് ബ്‌നു മര്‍വാനിന്റെ ഭരണകാലത്ത് നിര്‍മിക്കപ്പെട്ട ഖുബ്ബത്തു സ്‌സ്വഖ്റയിലെ പുറത്തും അകത്തും മൊസൈക്കില്‍ രേഖപ്പെടുത്തപ്പെട്ട അറബി ലിഖിതങ്ങളിൽ ക്വുർആൻ വചനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത് ഇന്ന് മുസ്ഹഫുകളിൽ കാണുന്ന ക്രമത്തിലല്ല. അത് എഴുതപ്പെടുന്ന കാലത്ത് ക്വുര്‍ആന്‍ പൂര്‍ണമായി രൂപീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ലെന്നല്ലേ ഇത് വ്യക്തമാക്കുന്നത്?

ട്ടാം നൂറ്റാണ്ടിന്റെ തുടക്കം വരെ ക്വുര്‍ആന്‍ പൂര്‍ണമായും രൂപീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നില്ലെന്നും അത് തലമുറകളെടുത്ത് രൂപീകരിക്കപ്പെട്ട വചനങ്ങളുടെ സമാഹാരമാണെന്നുമാണ് ചില ഓറിയന്റലിസ്റ്റുകളുടെ വാദം. ഇങ്ങനെ വാദിക്കുന്നവര്‍ ജറുസലേമിലെ 'ഖു ബ്ബത്തു സ്‌സ്വഖ്‌റ'യില്‍ (Dome of the Rock) ല്‍ രേഖപ്പെടുത്തപ്പെട്ട അറബി ലിഖിതങ്ങളാണ് തങ്ങള്‍ക്കുള്ള തെളിവായി അവതരിപ്പി ക്കുന്ന ത് (Patricia Crone & Michael Cook: Hagarism: The Making of the Islamic World, Cambridge, 1980, Page 139-149.)

അമവീ ഖലീഫയായിരുന്ന അബ്ദുല്‍ മലി ക്ക് ബ്‌നു മര്‍വാനിന്റെ ഭരണകാലത്ത് നിര്‍മിക്കപ്പെട്ട സുന്ദരമായൊരു അഷ്ടഭുജ (octagon) കെട്ടിടമാണ് ഖുബ്ബത്തു സ്‌സ്വഖ്ഃ. ഇതിന്റെ പുറ ത്തും അകത്തും മൊസൈക്കില്‍ രേഖപ്പെടുത്തപ്പെട്ട അറബി ലിഖിതങ്ങളെയാണ് അത് എഴുതപ്പെടുന്ന കാലത്ത് ക്വുര്‍ആന്‍ പൂര്‍ണമായി രൂപീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ലെന്നതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആദ്യകാല മുസ്‌ലിം സമ്പ്രദായങ്ങളെ യോ അവര്‍ ക്വുര്‍ആനിനെ ഉപയോഗിച്ച രീതിയെയോ കുറിച്ച് യാതൊന്നും അറിയാത്തതുകൊണ്ടാണ് ഇത്തരം ബാലിശമായ വാദങ്ങള്‍ ഉടലെടുക്കു ന്നത്.

യഥാര്‍ഥത്തില്‍, ഖുബ്ബത്തു സ്‌സ്വഖ്‌റയിലെ അഷ്ടഭുജത്തിന്മേല്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് ക്രമപ്രകാരമുള്ള ക്വുര്‍ആന്‍ വചനങ്ങ ളല്ല. ക്വുര്‍ആന്‍ പഠിപ്പിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്യുകയെന്ന ലക്ഷ്യത്തോടെ എഴുതപ്പെട്ട രേഖയുമല്ല അത്. പ്രത്യുത ഒരു സന്ദേശ ത്തിന്റെ രേഖീകരണം മാത്രമാണത്. പ്രസ്തുത സന്ദേശത്തിനിടക്ക് ക്വുര്‍ആന്‍ സൂക്തങ്ങളോ അതിന്റെ ഖണ്ഡങ്ങളോ കടന്നു വരുന്നുവെന്ന് മാത്രമേയുള്ളൂ. ഒരു പ്രഭാഷകന്‍ തനിക്കാവശ്യമുള്ള ഉദ്ധരണികള്‍ ഉപയോഗിക്കുന്നതുപോലെ 'ഖുബ്ബത്തു സ്‌സ്വഖ്‌റാ'യില്‍ സന്ദേശമെഴുതി യവര്‍ അവര്‍ നല്‍കുവാനുദ്ദേശിച്ച ദൂതിന് ഉപോല്‍ബലകമായ ക്വുര്‍ആന്‍ സൂക്തങ്ങളോ ഖണ്ഡങ്ങളോ ഉപയോഗിച്ചുവെന്ന് മാത്രമേയു ള്ളൂ. അഷ്ടഭുജത്തിലെ സന്ദേശം വായിക്കുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന സരളമായ ഒരു വസ്തുതയാണിത്. പ്രസ്തുത സന്ദേശത്തിന്റെ പരിഭാഷ പരിശോധിക്കുക:

അഷ്ടഭുജത്തിനകത്തെ സന്ദേശം (പരിഭാഷ):

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍; അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്. അവന് പങ്കു കാരൊന്നുമില്ല. അവനാണ് എല്ലാ ആധിപത്യവും; അവന്നുതന്നെയാണ് സ്തുതികളും. അവന്‍ ജീവിപ്പിക്കുന്നു; അവന്‍ മരിപ്പിക്കുകയും ചെയ്യുന്നു. അവനാണ് എല്ലാ കാര്യങ്ങളുടെയും മേലുള്ള അധീശത്വം. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനും ദാസനുമാകുന്നു.

തീര്‍ച്ചയായും അല്ലാഹുവും മലക്കുകളും പ്രവാചകന്റെ മേല്‍ അനുഗ്രഹങ്ങള്‍ ചൊരിയുന്നു. സത്യവിശ്വാസികളേ നിങ്ങള്‍ അദ്ദേഹത്തി ന്റെ മേല്‍ കാരുണ്യവും ശാന്തിയുമുണ്ടാകുവാന്‍ പ്രാര്‍ഥിക്കുക. അദ്ദേഹത്തിന്റെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളും ശാന്തിയുമു ണ്ടാകട്ടെ.

വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. മര്‍യമിന്റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്റെ ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ (ഇതില്‍ നിന്ന്) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.

അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒരിക്കലും വൈമനസ്യം കാണിക്കുന്നതല്ല. (അല്ലാഹുവിന്റെ) സാമീപ്യം സിദ്ധിച്ച മലക്കുകളും (വൈമനസ്യം കാണിക്കുന്നതല്ല.) അവനെ (അല്ലാഹുവെ) ആരാധിക്കുന്നതില്‍ ആര്‍ വൈമനസ്യം കാണിക്കുകയും, അഹംഭാ വം നടിക്കുകയും ചെയ്യുന്നുവോ അവരെ മുഴുവനും അവന്‍ തന്റെ അടുക്കലേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്.

അല്ലാഹുവേ, നിന്റെ ദൂതനും നിന്റെ ദാസനുമായ മര്‍യമിന്റെ പുത്രന്‍ മസീഹിനെ നീ അനുഗ്രഹിക്കേണമേ. അദ്ദേഹം ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും അദ്ദേഹത്തിന് സമാധാനം.

അതത്രെ മര്‍യമിന്റെ മകനായ ഈസാ അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാര്‍ഥമായ വാക്കത്രെ ഇത്. ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിന്നുണ്ടാകാവുന്നതല്ല. അവന്‍ എത്ര പരിശുദ്ധന്‍! അവന്‍ ഒരു കാര്യം തീരുമാനിച്ച് കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രംചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു. (ഈസാ പറഞ്ഞു) തീര്‍ച്ചയായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം.

താനല്ലാതെ ഒരു ദൈവവുമില്ലെന്നതിന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന്ന് സാക്ഷികളാകുന്നു) അവന്‍ നീതി നിര്‍വഹിക്കുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവന്‍. തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്‌ലാമാകുന്നു. വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ തങ്ങള്‍ക്ക് (മതപരമായ) അറിവ് വന്നുകിട്ടിയ ശേഷം തന്നെയാണ് ഭിന്നിച്ചത്. അവര്‍ തമ്മിലുള്ള കക്ഷിമാത്‌സര്യം നിമിത്തമത്രെ അത്. വല്ലവരും അല്ലാഹുവിന്റെ തെളിവുകള്‍ നിഷേധിക്കുന്നുവെങ്കില്‍ അല്ലാഹു അതിവേഗം കണക്ക് ചോദിക്കുന്നവനാകുന്നു.

അഷ്ടഭുജത്തിന് പുറത്തെ സന്ദേശം (പരിഭാഷ):

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരൊന്നുമില്ല. (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകു ന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും മുഹ മ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു. അദ്ദേ ഹത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളുണ്ടാകട്ടെ.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരൊന്നുമില്ല. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു. തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ഥിക്കുക.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്. സ്തുതികളെ ല്ലാം അല്ലാഹുവിനാണ് സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും, ആധിപത്യത്തില്‍ പങ്കാളിയില്ലാത്തവനും നിന്ദ്യതയില്‍ നിന്ന് രക്ഷിക്കാന്‍ ഒരു രക്ഷകന്‍ ആവശ്യമില്ലാത്തവനുമായ അല്ലാഹുവിന് സ്തുതി! എന്ന് നീ പറയുകയും അവനെ ശരിയാംവണ്ണം മഹത്വപ്പെടുത്തുകയും ചെയ്യുക. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ്.

അദ്ദേഹത്തിനു മേലും മലക്കുകളുടെയും പ്രവാചകന്‍മാരുടെയും മേലും അല്ലാഹുവിന്റെ അനുഗ്രഹങ്ങളുണ്ടാവട്ടെ. അദ്ദേഹത്തില്‍മേല്‍ അല്ലാഹുവിന്റെ ശാന്തിയും കാരുണ്യവുമുണ്ടാകട്ടെ. അല്ലാഹുവിന്റെ നാമത്തില്‍, പരമകാരുണികന്‍, കരുണാനിധി. അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരില്ല.

അവനാണ് എല്ലാ ആധിപത്യവും. അവനാണ് എല്ലാ കാര്യങ്ങളുടെയും മേലുള്ള അധീശത്വം. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു. അദ്ദേഹത്തിനു മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളുണ്ടാവട്ടെ. അദ്ദേഹത്തിന്റെ ജനങ്ങള്‍ക്കുമേല്‍ പുനരുത്ഥാന നാളില്‍ അദ്ദേഹം നടത്തുന്ന  ശുപാര്‍ശ അവന്‍ സ്വീകരിക്കട്ടെ.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരില്ല. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു. അദ്ദേഹത്തിനു മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളുണ്ടാവട്ടെ. ഈ കുംഭഗോ പുരം നിര്‍മിച്ചത് ദൈവദാസനായ അബ്ദുല്ലാ അല്‍ ഇമാം അല്‍ മഅ്മൂനാണ്; വിശ്വാസികളുടെ നേതാവ്. എഴുപത്തി രണ്ടാം വര്‍ഷത്തില്‍. അല്ലാഹു അദ്ദേഹത്തില്‍ നിന്ന് ഇത് സ്വീകരിക്കുകയും അദ്ദേഹത്തില്‍ സംപ്രീതനാവുകയും ചെയ്യട്ടെ, ആമീന്‍. സര്‍വലോകരക്ഷിതാവായ, അല്ലാഹുവിന് സ്തുതി''.

ഇത് വായിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്ന യാഥാര്‍ഥ്യമാണ് ക്വുര്‍ആന്‍ അധ്യായക്രമത്തില്‍ രേഖപ്പെടുത്തിയതല്ല ഇത് എന്നുള്ള വസ്തുത. അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന ആമുഖത്തില്‍ വ്യത്യസ്ത ക്വുര്‍ആന്‍ സൂക്തങ്ങളില്‍ പ്രയോഗിച്ചിരിക്കുന്ന അല്ലാഹുവി ന്റെ നാമ-ഗുണവിശേഷണങ്ങള്‍  പ്രസ്താവിച്ചിരിക്കുന്നുവെന്ന് മാത്രമെയുള്ളൂ. അത് ഉദ്ധരിച്ചുകൊണ്ട് അത് അന്നു നിലനിന്നിരുന്ന ക്വുര്‍ആന്‍ സൂക്തമായിരുന്നുവെന്നും പിന്നീടാണ് അതിലെ ദൈവഗുണ, വിശേഷണങ്ങളെ വേര്‍തിരിച്ചുകൊണ്ടുള്ള സൂക്തങ്ങള്‍ ഇതില്‍ നിന്ന് പരിണമിച്ചുണ്ടായത് എന്നും വാദിക്കുന്നത് മുസ്‌ലിംകള്‍ നടത്തുന്ന പ്രഭാഷണങ്ങളെയും സന്ദേശപ്രചരണത്തെയും കുറിച്ച അജ്ഞത കൊണ്ടാണ്. അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കുന്ന മുസ്‌ലിം സന്ദേശങ്ങളില്‍ അല്ലാഹുവിനെ സ്തുതിക്കുകയും, അവന്റെ മഹത്വം ഉദ്‌ഘോഷിക്കുകയും മുഹമ്മദ്‌നബിലയുടെ മേല്‍ അനുഗ്രഹങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്ത ശേഷമാണ് മറ്റു കാര്യങ്ങള്‍ പരാമര്‍ശിക്കാറുള്ളത്. ഈ സന്ദേശത്തിലും അങ്ങനെത്തന്നെയാണുള്ളത്. ക്രിസ്ത്യാനികള്‍ താമസിക്കുന്ന സ്ഥലത്താണ് ഖുബ്ബത്തു സ്‌സ്വഖ്‌ റാ നിര്‍മിക്കപ്പെട്ടത് എന്നതിനാല്‍ യേശു ക്രിസ്തുവിനെ സംബന്ധിച്ച ഇസ്‌ലാമിക നിലപാട് വ്യക്തമാക്കുകയും ക്രൈസ്തവ നിലപാടിനെ വിമര്‍ശിക്കുകയും ചെയ്യുന്ന വചനങ്ങള്‍ പ്രസ്തുത സന്ദേശത്തിന്റെ ഭാഗമായത് സ്വാഭാവികമാണ്.

ക്വുർആനിലെ പതിനേഴാം അധ്യായത്തിന്റെ 111ാം വചനം രേഖപ്പെടുത്തിയപ്പോള്‍ പ്രസ്തുത വചനത്തിന്റെ തുടക്കത്തിലുള്ള 'നീ പറയുക' (വഖുലി) യെന്ന ഭാഗം ഖുവ്വത്തു സ്‌സ്വഖ്‌റായുടെ പടിഞ്ഞാറ് ഭാഗത്ത് രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് ഇതെഴുതുമ്പോള്‍ ക്വുര്‍ആന്‍ പൂര്‍ണമായിരു ന്നില്ലെന്ന് വാദിക്കുന്നവര്‍ക്കുള്ള സുപ്രധാനമായ ഒരു 'തെളിവ്'. ഒരു സന്ദേശത്തിന്റെ ഭാഗമെന്ന നിലയ്ക്ക് ക്വുര്‍ആന്‍ വചനങ്ങള്‍ ഉദ്ധരിക്കുമ്പോള്‍ 'നീ പറയുക' പോലെയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കി വചനത്തിലെ ആശയപ്രധാനമായ ഭാഗം മാത്രം പരാമര്‍ശിക്കുന്ന സമ്പ്രദായം ഇന്നത്തേതുപോലെ മുസ്‌ലിം സമൂഹത്തില്‍ അന്നും നില നിന്നിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ രേഖ; അതല്ലാതെ, ക്വുര്‍ആന്‍ പരിണമിച്ചു ണ്ടായതാണെന്നതിന് അത് തെല്ലും തെളിവു നല്‍കുന്നില്ല.

ഖുബ്ബത്തു സ്‌സ്വഖ്‌റായുടെ പുറത്ത് തെക്ക് ഭാഗത്ത് പൂര്‍ണമായി രേഖപ്പെടുത്ത പ്പെട്ട ക്വുര്‍ആനിലെ നൂറ്റി പന്ത്രണ്ടാം അധ്യായത്തിലെ 'നീ പറയുക' (ഖുല്‍) എന്ന ഭാഗം ഒഴിവാക്കികൊണ്ടാണ് അബ്ദുല്‍മലിക്കു ബ്‌നു മര്‍വാനിന്റെ കാലത്തും ശേഷവും നിര്‍മിക്കപ്പെട്ട നാണയങ്ങളില്‍ ഈ സൂക്തം മുദ്രീകരിക്കപ്പെട്ടിരിക്കുന്നത് എന്ന വസ്തുത പതിനേഴാം അധ്യായം 111ാം വചനത്തില്‍ 'നീ പറയുക' യെന്ന ഭാഗം ഒഴിവാക്കിക്കൊണ്ട് രേഖപ്പെടുത്തിയത് ക്വുര്‍ആനിന്റെ രൂപീകരണം പില്‍ക്കാല ത്താണ് നടന്നതെന്നതിന് തെളിവാക്കുന്നവരുടെ മുഴുവന്‍ വാദങ്ങളെയും തകര്‍ത്തുകളയുന്നുവെന്ന് പ്രമുഖ ഓറിയന്റലിസ്റ്റായ എസ്‌റ്റെല്ലേ വെലാന്‍ വ്യക്തമാക്കുന്നുണ്ട്. (Estelle Whelan: "Forgotten Witness: Evidence for the Early Codification of the Qur'an"; Journal of American Oriental Society, 1998, Vol. 118, P. 1-14) സമകാലിക രേഖകളെയോ സമ്പ്രദായങ്ങളെയോ കുറിച്ച് പഠിക്കാതെ, ക്വുര്‍ആനിന്റെ ചരിത്രപരതയെ നിഷേധിക്കുവാന്‍ കിട്ടിയ വടികളെല്ലാമെടുത്ത് എറിയാന്‍ ശ്രമിക്കുന്നവരുടെ 'തെളിവുകള്‍' അവരുടെ തന്നെ ബൗദ്ധികസത്യസന്ധതക്കു നേരെ തിരിച്ചു വരുന്ന ബൂമറാംഗുകളായിത്തീരുന്നതാണ് നാം ഇവിടെ കാണുന്നത്.

ഹിജ്‌റ 72ലേതാണെന്ന് ഉറപ്പുള്ള ഒരു രേഖയില്‍ ക്വുര്‍ആനിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നെടുത്ത് ഒരേ വിഷയത്തിലുള്ള വചനങ്ങള്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്നുവെന്നത് അക്കാലത്ത് ക്വുര്‍ആനിന്റെ കയ്യെഴുത്ത് പ്രതികള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നുവെന്നതിന് തെളിവാണെന്നാണ് എസ്‌റ്റെല്ലെ വെലാന്‍ സമര്‍ഥിക്കുന്നത്. (Ibid.) ഒരു ഗ്രന്ഥത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന ഒരേ വിഷയസംബന്ധിയായ വചനങ്ങള്‍ ഒരു പ്രത്യേക സന്ദര്‍ഭത്തിലോ രേഖയിലോ ഉദ്ധരിക്കണമെങ്കില്‍ പ്രസ്തുത ഗ്രന്ഥം പൂര്‍ണരൂപ ത്തില്‍ ഉപലബ്ധമായിരിക്കണമെന്നത് സാമാന്യയുക്തിയാണെന്നാണ് അദ്ദേഹത്തിന്റെ വാദം. അബ്ദുല്ലാ അല്‍ മഅ്മൂനാണ് ഖുബ്ബത്തു സ്‌സ്വഖ്‌റാ നിര്‍മിച്ചതെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും അത് വ്യാജമാണെന്നും അബ്ദുല്‍മലിക്ക് ബ്‌നു മര്‍വാനിന്റെ പേര് മായ്ച്ചു കൊണ്ടാണ് മഅ്മൂനിന്റെ പേര് രേഖപ്പെടുത്തിയിട്ടുള്ളതെന്നും രേഖയില്‍ നിന്നു തന്നെ വ്യക്തമാണ്.   സ്വഹാബിമാരുടെ കാലത്ത് ക്വുര്‍ആന്‍ പൂര്‍ണ രൂപത്തില്‍ നിലനിന്നി രുന്നില്ല എന്നതിനുള്ള തെളിവായി കൊട്ടിഘോഷിക്കപ്പെട്ട ഖുബ്ബത്തുസ്‌സ്വഖ്‌റായിലെ ക്വുര്‍ആന്‍ രേഖകള്‍ വിമര്‍ശകര്‍ക്കെതിരായ തെളി വാണ് നല്‍കുന്നതെന്നര്‍ഥം.

അതുകൊണ്ടുതന്നെയായിരിക്കണം പാട്രിഷിയോ ക്രോണിന്റെയും മിഖയേല്‍ കുക്കിന്റെയും വാദങ്ങളെ സമര്‍ഥിക്കുവാന്‍ പാടുപെട്ട് ശ്രമിക്കുന്ന പിന്‍ഗാമികള്‍ പോലും ഖുബ്ബത്തു സ്‌സ്വഖ്‌റായിലെ ക്വുര്‍ആന്‍ ആലേഖനങ്ങളെ ക്വുര്‍ആനിന്റെ ചരിത്രപരതയെ സംശയാസ്പദമാക്കുന്ന തെളിവുകളുടെ കൂടെ പെടുത്താന്‍ മടിക്കുന്നത്. 'ബുദ്ധിപരമായി സംഭവിക്കാനാവാത്ത വാദങ്ങ ളാല്‍ നിബിഡവും ബാലിശമായ തെളിവുകള്‍ മാത്രമുള്ളതു (Micheal G Morony: Journal of Near Eastern Studies, Volume 41, No:2, April 1982, Page 157-159.) മെന്ന് കോണും കുക്കും ചേര്‍ന്നെഴുതിയ ഗ്രന്ഥത്തെ ആധുനിക ഓറിയന്റലിസ്റ്റുകളില്‍ പ്രമുഖനായ മിക്കയേല്‍ ജെ മൊറോണി വിശേഷിപ്പിച്ചതും മറ്റൊന്നുകൊണ്ടുമല്ല.

പുരാതനമെന്ന് കരുതപ്പെടുന്ന ഖുര്‍ആന്‍ പ്രതികളില്‍ ഉപയോഗിച്ചിരിക്കുന്ന ലിപിയായ കൂഫീലിപി യഥാർത്ഥത്തിൽ ഉണ്ടായത് എട്ടാം നൂറ്റാണ്ടിൽ മാത്രമാണെന്ന് ഭാഷാശാസ്ത്ര പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇതിനർത്ഥം ആ പ്രതികൾ എഴുതപ്പെട്ടത് എട്ടാം നൂറ്റാണ്ടിലാണെന്നാണ്. മുഹമ്മദ് നബി(സ)ക്ക് ശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞ് രൂപീകരിക്കപ്പെട്ടതാണ് ഇന്ന് നില നിൽക്കുന്ന ഖുർആനിലെ വചനങ്ങള്‍ എന്നല്ലേ ഇത് വ്യക്തമാക്കുന്നത്?

റബിഭാഷയെയോ അതിന്റെ വികാസത്തെയോ ലിപി പരിണാമത്തെയോ കുറിച്ച് കൃത്യവും വ്യക്തവുമായി പഠിക്കാത്ത ചില ക്രി സ്ത്യന്‍ അപ്പോളജറ്റിക്കുകളാണ് പ്രധാനമായും ഈ വാദമുന്നിയിച്ചിരിക്കുന്നത്. ഉഥ്മാനീ മുസ്വ്ഹഫുകളായി അറിയപ്പെടുന്ന സമര്‍ക്ക ന്റ്, തോപ്കാപ്പി തുടങ്ങിയ കയ്യെഴുത്ത് പ്രതികള്‍ എഴുതപ്പെട്ടിരിക്കുന്നത് കൂഫിലിപിയിലാണെന്നും പ്രസ്തുത ലിപി തന്നെ അറിയപ്പെ ടുന്നത് ഇറാക്കിലുള്ള കൂഫാ പട്ടണത്തിന്റെ പേരിലാണെന്നും (Bruce A McDowell & Anees Zaka; Muslims and Christians at the Table: Promoting Biblical Understanding among North American Muslims, Phillipsburg (NJ), 1999, Page 76.)  ഖലീഫാ ഉമറിന്റെ (റ)കാലത്ത് നാമകരണം ചെയ്യപ്പെട്ട കൂഫാ പട്ടണത്തിന്റെ പേരിലുള്ള ലിപി ഉഥ്മാനിന്റെ കാലമായപ്പോഴേക്ക് വികസിച്ചു വന്നിരിക്കാന്‍ സാധ്യതയില്ലെന്നും അതുകൊണ്ട്ത ന്നെ ഈ കയ്യെടുത്തു പ്രതികള്‍ രചിക്കപ്പെട്ടത് ഉഥ്മാനിന്റെ കോലത്താവാന്‍ യാതൊരു സാധ്യതയുമില്ലെന്നും (N.A. Newman: Mohammed, The  Qur'an and Islam, Hatfield, 1996, P. 314.)പ്രസ്തുത ക്വുര്‍ആന്‍ ലിപിയില്‍ കുത്തുകളിട്ടിട്ടുണ്ടെന്നും കുത്തുകളിടുന്ന സമ്പ്രദായമാരംഭിച്ചത് ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന് ശേഷമാണെന്നും (Dr. Robert A Morey: Winning the war against Radical Islam, Las Vegas, 2002, Page 70)അതിനാല്‍ നടേ പറഞ്ഞ കയ്യെഴുത്ത് പ്രതികള്‍ ഉഥ്മാനിന്റെ  (റ)ഭരണകാലത്തിന് ഒന്നര നൂറ്റാണ്ടുകളെങ്കിലും കഴിഞ്ഞിട്ടാവണം രചിച്ചിട്ടുള്ളതെന്നുമാണ് (John Gilchrist: Jam'al Qur'an: The Codification of the Qur'an Text, Monder (South Africa), P. 140-146.)അപ്പോളജറ്റിക്കു കളുടെ വാദം. ബൈബിളിനെ പ്പോലെത്തന്നെ ആദ്യകാല കയ്യെഴുത്ത് രേഖകളുടെ സാക്ഷ്യം വേണ്ടത്രയില്ലാത്ത ഗ്രന്ഥമാണ് ക്വുര്‍ആനുമെന്ന് വരുത്തിത്തീര്‍ക്കുന്നതിനു വേണ്ടി ഉന്നയിക്കപ്പെടുന്ന ഈ വാദത്തില്‍ ലവലേശം യാഥാര്‍ഥ്യമില്ലെന്ന് പുരാവസ്തു രേഖകളെക്കുറിച്ച സൂക്ഷ്മമായ പഠനം വ്യക്തമാ ക്കുന്നുണ്ട്.

ക്രിസ്തുവിന് മൂവായിരം കൊല്ലങ്ങള്‍ക്കു മുമ്പ്, ആദ്യകാല വെങ്കല യുഗത്തില്‍ മെസപ്പെട്ടോമിയയില്‍ (ഇന്നത്തെ ഇറാഖ്) വളര്‍ന്നു വിക സിച്ച സുമേറിയന്‍ നാഗരികതയിലുള്ളവര്‍ ഉപയോഗിച്ചിരുന്ന ക്യൂനിഫോം (cueniform) ലിപികളില്‍ നിന്നാരംഭിക്കുന്നു ആധുനിക അറബി ലിപിയുടെ ചരിത്രം. ക്യൂനിഫോമുകളില്‍ നിന്നുള്ള പ്രചോദനത്തില്‍ നിന്നാണ് നൈല്‍നദീതടത്തില്‍ ജീവിച്ചിരുന്ന ഈജിപ്തുകാര്‍ അല്‍പ കാലത്തിനുശേഷം അവരുടെ ലിപിയായ ഹൈരോഗ്ലിഫുകള്‍ (heiroglyphs) വികസിപ്പിച്ചെടുത്തത്. (Geoffrey Sampson: A Linguistic Introduction, Stanford University, 1990, P.78.) വെങ്കലയുഗത്തിന്റെ മധ്യകാലഘട്ടത്തില്‍ കാനന്‍ ദേശത്തും (ഇന്നത്തെ ഇസ്രായീലും ഫലസ്തീ നും) ഈജി പ്തിലെ സിനായ് പ്രദേശത്തും മധ്യ ഈജിപ്തിലുള്ളവര്‍ ഉപയോഗിച്ച പ്രാഗ് സിനായ് അക്ഷരമാല ((proto  sinaitic alphabet) രൂപം കൊണ്ട ത് ഹൈരോഗ്ലിഫുകളില്‍ നിന്നാണ്. ഇതില്‍നിന്ന് ക്രിസ്തുവിന് 1050 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രാധിഷ്ഠിതമല്ലാത്ത (non-pictographic) ആദ്യത്തെ അക്ഷരമാലയായ ഫിനീഷ്യന്‍ അക്ഷരമാല (phoenician alphabet) രൂപപ്പെട്ടു. ഇതില്‍നിന്ന് ക്രിസ്തുവിന് പത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പുരാതന സെമിറ്റിക്കുകാരുടെ ലിപിയായിരുന്ന പാലിയോ ഹിബ്രു അക്ഷരമാലയും (paleo-hebrew alphabet) അതില്‍നിന്ന് എട്ടാം നൂറ്റാണ്ടായപ്പോ ഴേക്ക് അരാമിക് അക്ഷരമായും (aramic alphabet) രൂപപ്പെട്ടു. (Steven Roger Fischer: History of Writing. London, 2004.) അരാമിക്കില്‍നിന്ന് ക്രി സ്തുവിന് രണ്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പ് സിറിയക്കും (syriac) അതില്‍ നിന്ന് ഏറെ താമസിയാതെ നെബത്തയന്‍ അക്ഷരമാലയും (nabataen alphabet) രൂപപ്പെട്ടു. നെബത്തയന്‍ അക്ഷരങ്ങളില്‍ നിന്നാണ് അറബി അക്ഷരമാലയുണ്ടായ തെന്നാണ് ഗവേഷകന്‍മാരുടെ പക്ഷം. ക്രിസ്താ ബ്ദം നാലാം നൂറ്റാണ്ടിലായിരിക്കണം അറബി അക്ഷരമാലയുണ്ടായതെന്നും 328ല്‍ രചിക്കപ്പെട്ട നെബത്തിയന്‍മാരുടെ രാജകീയ മരണാന്തര ക്രിയകളെക്കുറിച്ചുള്ള രേഖയിലെ ലിപി അറബിയുടെ പ്രാഗ്‌രൂപമാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ("Arabic alphabet", Brittanica Online www.brittanica.com) എന്നാല്‍ സിറിയയിലെ സെബദില്‍ നിന്ന് കണ്ടെത്തിട്ടുള്ള ഗ്രീക്കിലും സിറിയക്കിലും അറബിയിലുമുള്ള കയ്യെ ഴുത്ത് രേഖയിലേതാണ് ലഭ്യമായതില്‍വെച്ച് ഏറ്റവും പുരാതനമായ അറബി അക്ഷരങ്ങള്‍ എന്നാണ് ഭൂരിപക്ഷം പണ്ഡിതന്‍മാരുടെയും പക്ഷം (Beatrice Gruendler: The Development of the Arabic Scripts From the Nabatean Era to the first Islamic Century according to the Dated Texts, Atlanta, 1993 Page 13-14)

മുഹമ്മദ് നബിലയുടെ കാലത്ത് നിലനിന്നിരുന്ന മൂന്നുതരം ലിപികളായിരുന്നു ഹിജാസി അഥവാ മാഇല്‍, മശ്ഖ്, കുഫീ എന്നീ ലിപികള്‍. ഇവയിലെല്ലാം രചിക്കപ്പെട്ട ആദ്യകാല ക്വുര്‍ആന്‍ കയ്യെഴുത്ത് പ്രതികളുണ്ട്. ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയിലുള്ള MS. Or-2165 കയ്യെഴു ത്ത് പ്രതിയും കുവൈത്തിലെ താരിഖ് റജബ് മ്യൂസിയത്തിലുള്ള QUR-1-TSR കയ്യെഴുത്ത് പ്രതിയും പാരീസിലെ ബിബ്‌ളിയോത്തെക്ക് നാഷ ണേലിലുള്ള Arabe 328 Ca കയ്യെഴുത്തു പ്രതിയും സന്‍ആഇലെ ദാറുല്‍ മഖ്ത്തൂത്താത്തിലുള്ള DA MOI-27.1, DAMOI-25.1, DAMOI=29.1 കയ്യെഴു ത്തു പ്രതികളും ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ ഹിജാസി ലിപിയില്‍ എഴുതപ്പെട്ടവയാണ്. കൈറോയിലെ നാഷണല്‍ ലൈബ്രറിയിലുള്ള ഹിജ്‌റ 107-ല്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് അതില്‍തന്നെ രേഖയുള്ള കയ്യെഴുത്തു പ്രതി മശ്ഖ് ലിപിയിലുള്ളതാണ്. ഉഥ്മാനീ മുസ്വ്ഹഫുകളായി അറി യപ്പെടുന്നവയും മറ്റ് ഒന്നാം നൂറ്റാണ്ടിലെ കയ്യെഴുത്ത് പ്രതികളുമെല്ലാം കൂഫീ ലിപിയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ യായിരിക്കണം കൂഫി ലിപിയുണ്ടായത് ഹിജ്‌റ ഒന്നാം നൂറ്റാണ്ടിനു ശേഷമാണെന്ന് സ്ഥാപിക്കുവാന്‍ ഓറിയന്റലിസിറ്റുകളും ക്രിസ്ത്യന്‍ അപ്പോളജറ്റിക്കുകളും ആവേശം കാണിക്കുന്നത്. സ്വഹാബിമാരുടെ കാലത്ത് ഉപയോഗിക്കപ്പെട്ടിരുന്ന മുസ്വ്ഹഫുകളിലൊ ന്നും ഇന്നു ഉപലബ്ധമല്ലെന്നു വന്നാല്‍ അതുപയോഗിച്ച് ക്വുര്‍ആനിന്റെ ചരിത്രപരതയെ ചോദ്യം ചെയ്യാമല്ലോ.

എന്നാല്‍ വസ്തുതകള്‍ അപ്പോളജറ്റിക്കുകള്‍ക്കും അവര്‍ക്കനുസരിച്ച് കാര്യങ്ങള്‍ വളച്ചൊടിച്ചവതരിപ്പിക്കുന്ന ഓറിയന്റലിസ്റ്റുകള്‍ക്കുമെ തിരാണ്. മുഹമ്മദ് നബിലക്കു മുമ്പു തന്നെ പ്രചാരത്തിലുണ്ടായിരുന്ന ലിപികളിലൊന്നായിരുന്നു കൂഫീ ലിപിയുമെന്ന വസ്തുത എന്‍സൈ ക്ലോപീഡിയ ഓഫ് ഇസ്‌ലാം തെളിവുകള്‍ നിരത്തി സമര്‍ഥിക്കുന്നുണ്ട്. ഹിജ്‌റ 17ല്‍ (ക്രിസ്താബ്ദം 638) കൂഫയുണ്ടാവുന്നതിന് നൂറു വര്‍ഷ ങ്ങള്‍ക്കു മുമ്പെങ്കിലും മെസപ്പെട്ടോമിയയില്‍ കൂഫി ലിപി പ്രചാരത്തിലുണ്ടായിരുന്നുവെന്നാണ് പ്രമുഖ ഓറിയന്റലിസ്റ്റും ലിപി വിജ്ഞാ നീയത്തില്‍ അഗ്രഗണ്യനുമായ ബി. മൊറിട്ട്‌സ് വ്യക്തമാക്കുന്നത് (B. Mortiz: "Arabic Writing", Encyclopedia of Islam, London, 1913, Page 387.)-  അന്‍ ബാര്‍, ഹിറ തുടങ്ങിയ മെസെപ്പെട്ടോമിയന്‍ നഗരങ്ങളില്‍ നേരത്തെ പ്രചാരത്തിലുണ്ടായിരുന്ന ലിപിയാണ് കൂഫാ പട്ടണ ത്തിന്റെ രൂപീക രണത്തിനു ശേഷം ചെറിയ മാറ്റങ്ങളോടെ കൂഫി ലിപിയായി അറിയപ്പെട്ടതെന്ന് നാബിയ അബൊട്ടും വിശദീകരിക്കു ന്നുണ്ട്. (Nabia Abbott: The Rise of the North Arabic Script and its Kuranic Development, University of Chicago, 1939 Page 17.)ഗവേഷകരായ അബ്ദുല്‍ കബീര്‍ ഖാത്തിബിയും മുഹമ്മദ് സിജെല്‍മാസ്സിയും കൂടിയെഴുതിയ 'ഇസ്‌ലാമിക് കാലിഗ്രഫിയുടെ യശസ്സ്' എന്ന ഗ്രന്ഥത്തില്‍ എങ്ങനെ യാണ് ഈ നാമകരണമു ണ്ടായതെന്ന് വ്യക്തമാക്കുന്നുണ്ട്. ''ഇസ്‌ലാമിന് മുമ്പ് നിലവിലുണ്ടായിരുന്ന നാല് തരം ലിപികളായിരുന്നു അറബികള്‍ക്ക് പരിചയമുണ്ടാ യിരുന്നത്. ഹിറയില്‍ പ്രചാരത്തിലുണ്ടായിരുന്ന അല്‍ഹിരിയും, അന്‍ബാറിയിലുണ്ടായിരുന്ന അല്‍അന്‍ബാറിയും മക്കയിലുണ്ടായിരുന്ന അല്‍ മക്കിയും മദീനയിലുണ്ടായിരുന്ന ഇബനു മദനിയും. ക്രിസ്താബ്ദം 999ല്‍ (ഹിജ്‌റ 390) മരണപ്പെട്ട, ഫിഹ്‌രിസ്തിന്റെ കര്‍ത്താവ്, പ്രസിദ്ധനായ അല്‍ നദീമാണ് ഹിരയില്‍നിന്ന് രൂപം പ്രാപിച്ച ലിപിക്ക് കൂഫീ'യെന്ന് നാമകരണം ചെയ്തത്. ഹിജ്‌റ 17ല്‍ (ക്രിസ്താബ്ദം 638) നിര്‍മിക്കപ്പെട്ട നഗരമായ കൂഫയിലുണ്ടായതല്ല ഈ ലിപി. കൂഫയുണ്ടാകുന്നതിന് കാലങ്ങള്‍ക്കു മുമ്പേ ഈ ലിപി നിലനിന്നിരുന്നു. എന്നാല്‍ പ്രസ്തുത ലിപിയില്‍നിന്ന് സുന്ദരമായ കാലിഗ്രഫി വളര്‍ത്തിയെടുത്തതും പരിപോഷിപ്പിച്ചതും മഹത്തായ ഈ ബൗദ്ധിക കേന്ദ്രമാണ്''. (Abdel Kabeer Khattibi & Muhammed Sijelmassi: The Splendour of Islamic Calligraphy, Thames & Hudson, 1994, Page 96-97.)

മാത്രവുമല്ല, ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിര്‍മിച്ചതെന്ന് ഉറപ്പിക്കാവുന്ന ക്വുര്‍ആനല്ലാത്ത മറ്റു കൂഫി ലിഖിതങ്ങള്‍ കണ്ടെടു ക്കുകയും ചെയ്തിട്ടുണ്ട്. ഇതിലൊന്നാണ് ഹിജ്‌റ 24ാം വര്‍ഷത്തില്‍ എഴുതിയതാണെന്ന് സ്വയം സാക്ഷ്യം വഹിക്കുന്ന സുഹൈറിന്റെ രേഖ. സഊദി അറേബ്യയിലെ അല്‍ഹിജ്‌റിന് സമീപത്തുള്ള ഖാഅല്‍ മുഅ്തദില്‍ പാറയിലെ ഒരു ചുവന്ന മണല്‍ക്കല്ലില്‍ കൊത്തിവെയ്ക്ക പ്പെട്ട രൂപത്തിലുള്ളതാണീ രേഖ. 'അല്ലാഹുവിന്റെ നാമത്തില്‍, ഞാന്‍ സുഹൈര്‍ ഇതെഴുതുന്നത്. ഇരുപത്തിനാലാം വര്‍ഷത്തില്‍ ഉമര്‍ മര ണപ്പെട്ടപ്പോഴാണ്' (ബിസ്മില്ലാ, അന സുഹൈര്‍ കതബ്തു സമന്‍ തുവഫ്ഫീ ഉമറ സനത്ത അര്‍ബഅ വ ഇശ്‌രീന്‍) എന്നാണ് രേഖയിലു ള്ളത്. (Ali Ibrahim Al-Ghabban (Trans: Robert HolyLand): "The Inscription of Zuhayr, the oldest Islamic Inscription (24Ah/AD644-645), the Rise of the Arabic Scri pt and the nature of the early Islamic State". "Arabian Archeology and Epigraphy, November 2008, Vol 19, Issue 2, Page 210-237.)

കുത്തുകളുള്ള കൂഫി ലിപിയില്‍ എഴുതപ്പെട്ട ഈ രേഖ ഉമര്‍ (റ) മരണപ്പെട്ട കാലത്ത് കൂഫി ലിപിയിലുള്ള എഴുത്തിന് പ്രചാരമുണ്ടായിരുന്നുവെന്ന് സുതരാം വ്യക്തമാക്കുന്നുണ്ട്. ഉമര്‍നേു ശേഷം ഭരിച്ചയാളാണ് ഉഥ്മാന്‍.(റ) ഉമറിെ(റ)ന്റ കാലത്തുതന്നെ കൂഫീ ലിപി പ്രചാരത്തിലുണ്ടെ ങ്കില്‍ ഉഥ്മാ നിെ(റ)ന്റ കാലത്ത് നിര്‍മിക്കപ്പെട്ട മുസ്വ്ഹഫുകള്‍ കൂഫി ലിപിയിലായത് സ്വാഭാവികമാണെന്ന് ആര്‍ക്കും സമ്മതിക്കേണ്ടി വരും. യുനെ സ്‌കോയുടെ ലോകസ്മരണകള്‍ രേഖകളില്‍ (http://portal.unesco.org/enev.php_URL_ID= 14264&URL_DO=DO_TOPIC& URL_ SECTION= 201.html) സ്ഥലം പിടിച്ചിട്ടുള്ള ഈ മണല്‍ക്കല്‍ ലിഖിതത്തെ നിഷേധിക്കുവാന്‍ ആര്‍ക്കും കഴിയില്ല. ക്വുര്‍ആന്‍ ചോദ്യത്തെ പരിഹരിക്കാനുതകുന്ന ആദ്യത്തെ ഇസ്‌ലാമികാലേഖനം' (First Islamic Inscription may solve Qur'an Question) എന്ന തലക്കെട്ടിലാണ് ഡിസ്‌കവറി ചാനലിന്റെ ന്യൂസ് ഇതേക്കുറിച്ച ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. (dsc.discovery.com/news/2008/11/18/islamic-inscription . html) ഉഥ്മാനീ മുസ്ഹഫുകള്‍ എഴു തപ്പെട്ടത് കൂഫി ലിപിയിലാണ് എന്നതിന്റെ പേരില്‍ ക്വുര്‍ആനിന്റെ ചരിത്രപരതയെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചവരുടെ ഗവേഷണദംഷ്ട്രങ്ങ ള്‍ പൊഴിക്കുവാന്‍ പര്യാപ്തമാണ് ഈ ചുവന്ന കല്‍രേഖയുടെ കണ്ടുപിടുത്തമെന്നര്‍ഥം.

കൈറോ മ്യൂസിയം ഓഫ് അറബ് ആര്‍ട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ഹിജ്‌റ 31ല്‍ രചിച്ചതായി സ്വയം സാക്ഷ്യപ്പെടുത്തുന്ന അബ്ദുര്‍റഹ്മാന്‍ ഇബ്‌ നുഖൈര്‍ അല്‍ഹാജിരിയുടെ ഖബര്‍ ഫലകവും (Nabia Abbott: The Rise of the North Arabic Script and its Kur'anic Development, University of Chicago, 1939 Page 18-19.) ഹിജ്‌റ 40ല്‍ എഴുതിയതായി സാക്ഷ്യപ്പെടുത്തുന്ന സഊദി അറേബ്യയിലെ ദര്‍ബ് സുബൈദയിലെ വാദി അല്‍ ശാമിയയിലെ ഒട്ടകപാതയില്‍നിന്ന് 1970ല്‍ ലഭിച്ച ശിലാഫലകവും (A.H.Sharafaddin: "Some Islamic Inscriptions Discovered on the Darb Zubayda", Atlal (The Journ al of Saudi Arabian Archeology, 1997, Vol 1, Page 69-70.) സഊദി അറേബ്യയിലെ വാദിസബീലില്‍നിന്ന് ലഭിച്ച ഹിജ്‌റ 46ല്‍ രചിച്ചതായി സാക്ഷ്യ പ്പെടുത്തുന്ന ചുമര്‍ഫലകവുമെല്ലാം (Beatrice Greundler: Opt it Page 15) കൂഫീലിപിയില്‍ എഴുതപ്പെട്ടവയാണ്. ഇതെല്ലാം സഹാബിമാരുടെ കാലത്ത് കൂഫി ലിപിയിലുള്ള രചനകള്‍ക്ക് പ്രചാരമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.

ണ്ട്. മുഹമ്മദ് നബി(സ)യുടെ അനുയായികള്‍ ഉപയോഗിച്ച ക്വുര്‍ആന്‍ കോപികൾ സംരക്ഷിക്കപെട്ടിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള മ്യൂസിയങ്ങളിൽ അവ കാണാൻ കഴിയും.

സ്വഹാബിമാരുടെ മുസ്ഹഫുകളോ അവയുടെ ഭാഗങ്ങളോ ഇന്ന് ഉപലബ്ധമല്ലെന്ന ഓറിയന്റലിസ്റ്റുകളില്‍ ചിലരുടെയും അവരുടെ വാദങ്ങള്‍ കോപ്പിയടിച്ച് ഇസ്‌ലാം  വിമര്‍ശനം നടത്തുന്ന ക്രൈസ്തവ മിഷനറിമാരുടെയും വാദം അടിസ്ഥാന രഹിതമാണെന്ന് പ്രമുഖ ഓറിയന്റലിസ്റ്റായ നബിയ എബൊട്ട് തന്റെ ക്വുര്‍ആന്‍ കയ്യെഴുത്ത് രേഖകളെക്കുറിച്ച പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. (Nabia Abbott: The Rise of the North Arabic Script and its Kur'anic Development, with a full description of the Kura'n manuscripts in the Oriental Institute, Chicago, 1939)

ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ രചിക്കപ്പെട്ടതു മുതല്‍ക്കുള്ള ക്വുര്‍ ആന്‍ കയ്യെഴുത്തു പ്രതികളെക്കുറിച്ച വിവരങ്ങള്‍ അവരുടെ പഠനത്തിലുണ്ട്. പ്രസ്തുത നൂറ്റാണ്ടിന്റെ അവസാനംവരെ അറേബ്യന്‍ ഉപദ്വീപിന്റെ വിവിധ ഭാഗങ്ങളിലായി പ്രവാചകാനുചരന്‍മാര്‍ ജീവിച്ചിരുന്നിട്ടുണ്ട്. ഹിജ്‌റ 96-ാം വര്‍ഷത്തില്‍ തന്റെ നൂറാമത്തെ വയസ്സില്‍ മരണപ്പെട്ട സഹലുബ്‌നു സഅദിനെ മദീനയില്‍ ജീവിച്ച അവസാനത്തെ സഹാബിയായും ഹിജ്‌റ 93-ല്‍ തന്റെ 103-ാമത്തെ വയസ്സില്‍ മരണപ്പെട്ട അനസുബ്‌നു മാലിക്കിനെ ബസ്വറയില്‍ ജീവിച്ച അവസാനത്തെ സ്വഹാബിയായും ഹിജ്‌റ 110-ല്‍ മരണപ്പെട്ട അബൂ തുഫൈല്‍ അമിറുബിനു വാഥിലയ്യെ മക്കയില്‍ ജീവിച്ച അവസാനത്തെ സ്വഹാബിയായും കണക്കാക്കപ്പെടുന്നു. ഒന്നാം നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ മുസ്‌ലിം ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ജീവിച്ച സ്വഹാബിമാര്‍ പഠന-പാരായണങ്ങള്‍ക്ക് ഉപയോഗിച്ച താവണം നബിയ എബൊട്ട് രേഖപ്പെടുത്തുന്ന കയ്യെഴുത്ത് പ്രതികളെന്ന് മനസ്സിലാക്കാവുന്നതാണ്.

a) ഉഥ്മാനിന്റെ (റ)കാലത്തെ കയ്യെഴുത്ത് പ്രതികള്‍:

തന്റെ ഭരണകാലത്ത് ഉഥ്മാനിന്റെ (റ) നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയതെന്ന് കരുതപ്പെടുന്ന ആറ് കയ്യെഴുത്തു പ്രതികള്‍ പൂര്‍ണമായോ ഭാഗികമായോ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി ഇന്ന് സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇവ ഉഥ്മാനിന്റെ  (റ)കാലത്ത് പകര്‍ത്തിയെ ഴുതപ്പെട്ട ഏഴു പ്രതികളില്‍പ്പെട്ടവ തന്നെയാണോയെന്ന കാര്യത്തില്‍ വിദഗ്ധര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഉഥ്മാനീ കയ്യെഴുത്ത് പ്രതികളായി അറിയപ്പെടുന്നവ താഴെ പറയുന്നവയാണ്.

1) ഉസ്‌ബെക്കിസ്താനിലെ താഷ്‌കന്റിലുള്ള കയ്യെഴുത്ത് പ്രതി:

ആകെ 360 പുറങ്ങളുള്ളതില്‍ 69 എണ്ണം പൂര്‍ണമായിത്തന്നെ കീറിപ്പോയ രീതിയിലാണ് ഈ പ്രതി ഇപ്പോഴുള്ളത്. താഷ്‌കന്റിലെ തെല്യാ ശൈഖ് മസ്ജിദിലുള്ള ഹസ്ത് ഇമാം ഗ്രന്ഥാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഇതില്‍ കാര്യമായ കേടുപാടുകളൊന്നുമില്ലാത്ത പതിനഞ്ച് പുറങ്ങളൊഴിച്ച് ബാക്കിയെല്ലാം കീറിയതോ പേജിന്റെ കുറച്ചുഭാഗംമാത്രം അവശേഷിക്കുന്നതോ ആയ രൂപത്തിലാണുള്ളത്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന എഴുത്ത് രീതിയെക്കുറിച്ച് പഠിച്ച ഗവേഷകന്‍മാര്‍ ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലായിരിക്കണം ഇതിന്റെ രചന നടന്നതെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. (A. Jeffery & I. Mandelsohn: `The Orthography of the Samarqand Qu'ran codex', Journal of the American Oriental Society 1942, Volume 7,  P.65.) എന്നാല്‍ ഓക്‌സ്‌ഫോര്‍ഡില്‍ വെച്ചു നടന്ന കാര്‍ബണ്‍ ഡേറ്റിംഗ് പരീക്ഷണത്തില്‍ ഇത് നേരത്തെ രചിച്ചതാകാന്‍ സാധ്യതയുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്. ക്രിസ്താബ്ദം 595നും 855നുമിടയില്‍ രചിക്കപ്പെട്ടതാകാന്‍ 95% സാധ്യതയും ക്രിസ്താബ്ദം 640 നും 765നുമിടയില്‍ രചിക്കപ്പെട്ടതാകാന്‍ 68% സാധ്യതയുമുണ്ടെന്നാണ് കാര്‍ബണ്‍ ഡേറ്റിംഗ് പരീക്ഷണം വ്യക്തമാക്കിയത്. (F. Deroehe: 'Mannscripts of the Qu'ran' in J.D. Mc Auliffel (Ed.)Encyclopaedia of the Qu'ran; Leiden & Boston, 2003, volume 3, page 261) ഉഥ്മാനി്യന്റെ കാലത്ത് നിര്‍മിക്കപ്പെട്ട കോപ്പികളിലൊന്നാണ് ഇതെന്ന പാരമ്പര്യം ശരിയാവാന്‍ സാധ്യതയുണ്ടെന്നാണ് കാര്‍ബണ്‍ഡേറ്റിംഗ് പരീക്ഷണം വ്യക്തമാക്കുന്നതെന്നര്‍ഥം.

2) തൂര്‍ക്കിയില്‍ ഇസ്തംബൂളിലെ തോപ്കാപി മ്യൂസിയത്തിലുള്ള കയ്യെഴുത്ത് പ്രതി:

408 പുറങ്ങളിലായി നിലനില്‍ക്കുന്ന ഈ കയ്യെഴുത്ത് പ്രതിയില്‍ ക്വുര്‍ആനിന്റെ 93 ശതമാനവും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. രണ്ട് പുറങ്ങള്‍ മാത്രമെ നഷ്ടപ്പെട്ടിട്ടുള്ളൂ. ഉഥ്മാന്റെ (റ) കാലത്ത് രചിക്കപ്പെട്ടതാണ് ഇത് എന്ന പാരമ്പര്യത്തിനെതിരാണ് ഇതിലുപയോഗിച്ച രചനാരീതി യെന്നാണ് ഗവേഷകന്‍മാരുടെ പക്ഷം. എന്നാല്‍ ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലോ രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ ഇത് രചിക്കപ്പെട്ടിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. (T. Altikulac: Al Mushaf Alsharif: Attribured Uthman Bin Affan. (The copy at the Topkapi Palace Meuseum), Isthambul, 2007)

3) തുര്‍ക്കിയിലെ ഇസ്താംബൂളിലുള്ള തുര്‍ക്കിഷ് ആന്റ് ഇസ്‌ലാമിക് ആര്‍ട്ട് മ്യൂസിയത്തിലുള്ള കയ്യെഴുത്ത് പ്രതി:

439 പുറങ്ങളുള്ള ഈ കയ്യെഴുത്തു പ്രതിയുടെ 17 പുറങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇങ്ങനെ നഷ്ടപ്പെട്ടവയില്‍ മൂന്നെണ്ണമൊഴിച്ച് ബാക്കിയെല്ലാം പില്‍ക്കാലത്ത് കണ്ടെടുക്കപ്പെടുകയും സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അവസാനത്തെ പുറത്തില്‍ 'കത്തബഹു ഉഥ്മാനുബ്‌നു അഫ്ഫാന്‍ ഫീ  സനത്ത് ഥലാഥീന്‍'' (ഉഥ്മാനുബ്‌നു അഫ്ഫാന്‍ മുപ്പതാം വര്‍ഷത്തില്‍ എഴുതിയത്) എന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും അത് വ്യാജമാണെന്നും ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലോ രണ്ടാം നൂറ്റാണ്ടിന്റെ ആദ്യത്തിലോ ആയിരിക്കണം ഇത് എഴുതപ്പെട്ടതെന്നുമാണ് ഗവേഷകന്‍മാരുടെ പക്ഷം. (S. Sahin: The Meuseum of Turkish and Islamic Arts. Thirteen centuries of Glory from the Umayyads to the Ottomans, New York, 2009 page 23-25)

4) റഷ്യയിലെ സെന്റ്പീറ്റേഴ്‌സ് ബര്‍ഗിലും കട്ടാലന്‍ഗാറിലും ബുഖാറയിലും താഷ്‌കന്റിലുമായി സൂക്ഷിക്കപ്പെട്ടിരിക്കുന്ന കയ്യെഴുത്ത് പ്രതി:

ആകെ 97 പുറങ്ങളുള്ളതില്‍ 81 എണ്ണം സെന്റ് പിറ്റേഴ്‌സ് ബര്‍ഗിലെ ഓറിയന്റല്‍ സ്റ്റഡീസിലും ഒരെണ്ണം താഷ്‌കന്റിലെ ബിദുനി ഇന്‍സ്റ്റി റ്റ്യൂട്ട് ഓഫ് ഓറിയന്റല്‍ സ്റ്റഡീസിലും പന്ത്രെണ്ടണ്ണം ഉസ്‌ബെക്കിസ്താനിലുള്ള കട്ടാലന്‍ഗാറിലെ ഇഷ്ഖിയ്യാ സില്‍സിലയിലുള്ള ശൈഖു മാരുടെ മഖ്ബറകള്‍ക്കനുബന്ധമായും രണ്ടെണ്ണം ബുഖാറയിലുള്ള ഇബ്‌നുസീന ബുഖാറ റീജ്യനല്‍ ലൈബ്രറിയിലും ഒരെണ്ണം താഷ്‌കന്റി ലുള്ള ലൈബ്രറി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് മുസ്‌ലിം അഫയേഴ്‌സിലുമായാണ് ഈ കയ്യെഴുത്ത് പ്രതി സൂക്ഷിച്ചിട്ടുള്ളത്. ഇത് ഉഥ്മാ നിന്റെ കയ്യെഴുത്തുപ്രതിയാണെന്ന പാരമ്പര്യത്തിന് അടിത്തറയില്ലെന്നും ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരിക്കണം ഇത് രചിക്കപ്പെട്ടത് എന്നുമാണ് ഗവേഷകന്‍മാരുടെ അഭിപ്രായം. (E.A. Rezvan: The Qur'an of Uthman (Stopete-rsburg, Katta-langar Bukhara, Tashk-ant), St. Petersburg, 2004, Vol-1; page 69-70)  ഇതിന്റെ കാര്‍ബണ്‍ ഡേറ്റിംഗ് പരീക്ഷണവും ഇക്കാര്യം തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.

5) ഈജിപ്തില്‍ കൈറോയിലെ അല്‍ഹുസൈന്‍ മസ്ജിദിലുള്ള കയ്യെഴുത്ത് പ്രതി:

1087 പുറങ്ങളുള്ള ഈ കയ്യെഴുത്തു പ്രതിയിലെ നാല് പുറങ്ങള്‍ മാത്രമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ക്വുര്‍ആനിന്റെ 99 ശതമാനവും അതേപോ ലെത്തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഈ 1087 പുറങ്ങളുടെ മൊത്തം ഉയരം 40 സെന്റീമീറ്ററും ഭാരം 80 കിലോഗ്രാമുമാണ്. ഉഥ്മാന്‍(റ) ന്റെ കാലത്ത് മദീനയില്‍ നിന്ന് സിറിയയിലേക്ക് കൊടുത്തയച്ച മുസ്ഹഫ് ആണ് ഇതെന്ന പരമ്പരാഗത വിശ്വാസം ശരിയല്ലെന്ന് അഭിപ്രായപ്പെട്ട ഗവേഷകന്‍മാരുണ്ട്. അമവീ ഖലീഫയായിരുന്ന അബ്ദുല്‍ മലിക്കിബ്‌നു മര്‍വാനിന്റെ സഹോദരനും ഈജിപ്തിലെ ഗവര്‍ണറുമായിരുന്ന അബ്ദുല്‍ അസീസിബ്‌നു മര്‍വാനിന്റെ നിര്‍ദേശപ്രകാരം രചിക്കപ്പെട്ടതാണ് ഇതെന്നാണ് അവരുടെ അഭിപ്രായം. (B. Moritz (Ed): Arabic Paleography: A collection of Arabic texts from the first century of  Hijra till the ye-ar 1000, Khedivial library, Cairo, 1905, plates 13-16.) ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തിലോ രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ ആയിരിക്കും ഇത് നിര്‍മിക്കപ്പെട്ടതെന്ന് സാരം. (സലാഹുദ് ദീന്‍ അല്‍ മുനജ്ജിദ്: ദിറാസത്ത് ഫീ താരീഖല്‍ ഖത്തല്‍ അറബീ മുന്‍ദു ബിദായത്തി ഇലാ നിഹായത്തല്‍ അസ്ര്‍ അല്‍ ഉമവി, ബെയ്‌റൂത്ത്, 1972, പുറം 53-54)

6) കൈറോയിലെ ഈജിപ്ഷ്യന്‍ നാഷണല്‍ ലൈബ്രറി (ദാറുല്‍ കുത്തുബില്‍ മിസ്‌രിയ്യ) യിലുള്ള കയ്യെഴുത്ത് പ്രതി.

അറുന്നൂറോളം പുറങ്ങളുണ്ടായിരുന്ന ഈ മുസ്ഹഫിന്റെ 306 പുറങ്ങളാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. ഇതില്‍ 248 എണ്ണം ഈജിപ്ഷ്യന്‍ നാഷണല്‍ ലൈബ്രറിയിലും 46 എണ്ണം പാരീസിലെ ബിബ്‌ളിയോണിക് നാഷണേലിലും പന്ത്രണ്ടെണ്ണം ജര്‍മനിയിലെ ഗോഥയിലുള്ള മ്യൂസിയ ത്തിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഉഥ്മാനി്യന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ടതാണെന്ന പരമ്പരാഗത വിശ്വാസത്തിന്  ഉപോല്‍ബലകമായ തെളിവുകളില്ലെങ്കിലും ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ തന്നെയായിരിക്കണം ഇത് രചിക്കപ്പെട്ടതെന്നാണ് ഗവേഷകന്‍മാരുടെ പൊതുവായ അഭി പ്രായം (M.H. Hussein (Trans: D. Jaeschke & D. Sharp): Origins of the Book: Egypt's contribution to the development of the book from papyrus to codex, Green wich, 1972 page 91-130) ഇതോടൊപ്പമുള്ള ഒരു കയ്യെഴുത്ത് പുറത്തെ കാര്‍ബണ്‍ഡേറ്റിംഗ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ക്രി സ്താബ്ദം 609നും 694നുമിടയില്‍ രചിക്കപ്പെട്ടതായിരിക്കുവാന്‍ 95.2% സാധ്യതയുണ്ടെന്നാണ് മനസ്സിലായത്. (Yasin Dutton: "An Umayyad Fragment of the Qu'ran and its Dating", Journal of Qur'anic studies, Vol. 9, No: 2, 2007, Page 76)ഉഥ്മാന്‍്യ പ്രവിശ്യാതലസ്ഥാനങ്ങളിലേക്ക് അയച്ച തോ അതല്ലെങ്കില്‍ അതിനടുത്തകാലത്തെപ്പോഴോ രചിക്കപ്പെട്ടതോ ആയ മുസ്ഹഫിന്റെ ഭാഗങ്ങളാണ് ഇവയെന്ന് ഇത് വ്യക്തമാക്കുന്നു.

b) പുതുതായി സന്‍ആഇല്‍ നിന്ന് കണ്ടെത്തിയ കയ്യെഴുത്തു പ്രതികള്‍:

1972-ല്‍ യമനിന്റെ തലസ്ഥാനമായ സന്‍ആഇലെ പുരാതനമായ പള്ളി പുതുക്കി പണിയുന്നതിനിടയ്ക്ക് പുരാതനമായ ചില കയ്യെഴുത്തു രേഖകള്‍ കണ്ടെത്തുകയുണ്ടായി. ഹിജ്‌റ ആറാം വര്‍ഷത്തില്‍ പ്രവാചകന്റെ നിര്‍ദേശമനുസരിച്ച് അദ്ദേഹത്തിന്റെ അനുചരന്‍മാരില്‍ ഒരാള്‍ നിര്‍മിച്ചതാണ് ഈ പള്ളി. അവിടെ നിന്ന് കണ്ടെടുത്ത കയ്യെഴുത്തു രേഖകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് യുനെസ്‌കോ ഒരു സി.ഡി. പുറത്തിറക്കിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ ശാഖയായ യുനെസ്‌കോയുടെ 'ലോകസ്മരണകള്‍' (Memory of the World) എന്ന പ്രോഗ്രാമി ന്റെ ഭാഗമായാണ് ഈ സി.ഡി. റോം പുറത്തിറക്കിയിരിക്കുന്നത്. (www. unesco.org/webworld/mdn/visite/sanaa/en/present.html)

ഈ കയ്യെഴുത്തു രേഖകളില്‍ ചിലതില്‍ ക്വുര്‍ആനാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഈ ക്വുര്‍ആന്‍ കയ്യെഴുത്ത് രേഖകളില്‍ മിക്കതും ഹിജ്‌റ ഒന്നാം നൂറ്റാണ്ടിലേതാണെന്ന് അതിലെ എഴുത്തുരീതി വ്യക്തമാക്കുന്നുണ്ട്. (Abdul Thaher: "Quering the Qu'ran" The Guardian, 08-08-2000) കാര്‍ബര്‍ ഡേറ്റിംഗ് പരീക്ഷണങ്ങള്‍ കയ്യെഴുത്ത് രേഖകളില്‍ ചിലതെല്ലാം ക്രിസ്താബ്ദം 645 നും 690 നുമിടയില്‍  രചിക്കപ്പെട്ടതാണെന്നാണ് മനസ്സിലാക്കിത്തരുന്നത്. (Carole Hillenbrand: The New Cambridge Medieval History, Cambridge, 2005, vol. 1 Page 330) ഈ രേഖകളിലുള്ള ക്വുര്‍ആന്‍ വചനങ്ങള്‍ സാമ്പ്രദായിക രീതിയിലുള്ളവയല്ലെന്നും ഉഥ്മാന്‍്യകോപ്പിയെടുത്ത് പ്രവിശ്യാതലസ്ഥാനങ്ങളിലേക്ക് അയച്ച മുസ്ഹഫുകളില്‍നിന്ന് ഒരു മാറ്റവും ക്വുര്‍ആനിലുണ്ടായിട്ടില്ലെന്ന മുസ്‌ലിം അവകാശവാദത്തെ ഈ രേഖകളെക്കുറിച്ച പഠനം കടപുഴക്കു മെന്നുമുള്ള അവകാശവാദങ്ങള്‍ ഈ കയ്യെഴുത്ത് രേഖകള്‍ കണ്ടെടുത്ത കാലം മുതല്‍ തന്നെ ആരംഭിച്ചിരുന്നു. (Toby Lester: "What is Qu'ran", The Atlantic Monthly, January 1999)അങ്ങനെ ആഗ്രഹിച്ചു കൊണ്ടുതന്നെയായിരിക്കണം ജര്‍മനിയിലെ അറബി കാലിഗ്രഫി-ക്വുര്‍ആനിക് പാലിയോഗ്രഫി വിദഗ്ധനായ ജെര്‍ഡ് ആര്‍ വുയിനിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഈ കയ്യെഴുത്തു രേഖകള്‍ പരിശോധിക്കുവാന്‍ മുന്നോട്ടു വന്നത്. എന്നാല്‍ പുരാതനമായ പല കയ്യെഴുത്തു രേഖകളിലും ഉപയോഗിക്കപ്പെട്ടിരിക്കുന്ന കൂഫി എഴുത്ത് രീതിയിലല്ല, അതിനേക്കാള്‍ പഴയ ഹിജാസീ എഴുത്ത് രീതിയിലാണ് ഇതിലെ ക്വുര്‍ആന്‍ വചനങ്ങള്‍ എഴുതിയത് എന്നതല്ലാതെ നിലവില്‍ പ്രചാരത്തി ലുള്ള ക്വുര്‍ആനില്‍നിന്ന് യാതൊരു വ്യത്യാസവും കണ്ടെത്താന്‍ ഇതുവരെയുള്ള ഗവേഷണങ്ങള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. ("Sana'a Manuscrips: Uncovering a Treasure of words" Unesco courier, 02-12-2008)

ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ  ആദ്യ പകുതിയില്‍ നിര്‍മിക്കപ്പെട്ട മുസ്ഹഫിന്റെ ഭാഗങ്ങളാണ് സന്‍ആയില്‍നിന്ന് ലഭിച്ചതെന്ന കാര്‍ബണ്‍  ഡേറ്റിംഗ് പരിശോധനാ ഫലത്തിന്റെ വെളിച്ചത്തില്‍ ഇന്ന് നിലവിലുള്ള ക്വുര്‍ആന്‍ കയ്യെഴുത്തു പ്രതികളില്‍ ഏറ്റവും പഴയതാണിതെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. (Abdul Taher: "Quareling the Qu'ran", The Guardian, 8-8-2000 )ചില ഗവേഷകന്‍മാരുടെ അഭിപ്രായത്തില്‍ ക്വുര്‍ആനിന്റെ ഈ കയ്യെഴുത്ത് രേഖകളില്‍ ചിലത് മുഹമ്മദ് നബി(സ)യുടെ മരണത്തിനുശേഷം പതിനഞ്ച് വര്‍ഷങ്ങള്‍ക്കകം രചിക്കപ്പെട്ടവയാണ്. ഏതായിരുന്നാലും സ്വഹാബിമാരില്‍ ആരുടെയെ ങ്കിലും കൈവശമുണ്ടായിരുന്ന കയ്യെഴുത്ത് പ്രതിയുടെ അവശിഷ്ടങ്ങളാണ് ഇവയില്‍ ചിലതെന്ന കാര്യത്തില്‍ ഗവേഷകന്‍മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. (B. Sadeghi & U. Bergmann: "The Codex of a Companion of the Prophet and the Qu'ran of the Prophet",  Arabica, 2010, Volume 57 page 344-354)

സ്വഹാബിമാരുടെ കാലം മുതല്‍തന്നെ ക്വുര്‍ആന്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്ന സമ്പ്രദായം നിലനിന്നിരുന്നുവെന്ന വസ്തുത ഈ രേഖകള്‍ അര്‍തഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നുണ്ട്. സ്വഹാബിമാർ ഉപയോഗിച്ച ഖുർആൻ പ്രതികളൊന്നും ഇന്ന് നിലവിലില്ലെന്ന വാദത്തെ തകർക്കുന്നതാണ് ഈ കയ്യെഴുത്ത് രേഖകൾ.

തെ. മൂന്നാം ഖലീഫയായ ഉഥ്മാനുബ്‌നു അഫ്ഫാനിന്റെ കാലത്ത് ക്രോഡീകരിക്കപ്പെട്ട മുസ്ഹഫുകളുടെ തനിപകർപ്പുകളാണ് ലോകത്തെങ്ങുമുള്ള മുസ്ലിംകൾ ഇന്നുപയോഗിക്കുന്നത്. അഥവാ ഇന്ന് കാണുന്ന രൂപത്തില്‍ ക്വുര്‍ആന്‍ ക്രോഡീകരിക്കുകയും ശേഖരിക്കുകയും ചെയ്തത് ഉഥ്മാനിന്റെ (റ) ഭരണകാലത്താണ്. പന്ത്രണ്ട് വര്‍ഷത്തിലധികം നീണ്ടുനിന്ന തന്റെ ഭരണകാലത്തി നിടയില്‍ ഇസ്‌ലാമിക പ്രബോധനം വ്യാപകമാവുകയും ഇസ്‌ലാമിക രാഷ്ട്രത്തിന്റെ വിസ്തൃതി വര്‍ധിക്കുകയും ചെയ്തപ്പോള്‍ വ്യത്യ സ്ത പ്രദേശങ്ങളിലെ പുതുമുസ്‌ലിംകള്‍ക്ക് ക്വുര്‍ആന്‍ പഠിപ്പിക്കുന്നതിന് വേണ്ടി കൂടുതല്‍ സംവിധാനങ്ങളേര്‍പ്പെടുത്തേണ്ടിവന്നത് സ്വാഭാവികമായിരുന്നു. അങ്ങനെ ഏര്‍പെടുത്തിയ സംവിധാനങ്ങളുടെ ഭാഗമായാണ് വിശുദ്ധ ക്വുര്‍ആനിന്റെ ഔദ്യോഗിക പ്രതികള്‍ പകര്‍ത്തിയെഴുതുവാനും അത് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ പ്രവിശ്യാ തലസ്ഥാനങ്ങളിലേക്കെല്ലാം കൊടുത്തയച്ച് അവിടെയെല്ലാം തെറ്റുകൂടാതെ, അവതരിക്കപ്പെട്ട രൂപത്തില്‍ തന്നെയാണ് ക്വുര്‍ആന്‍ പാരായണം ചെയ്യുന്നതെന്ന് ഉറപ്പുവരുത്തുവാനും, ആദ്യത്തെ നാല് ഖലീഫമാരില്‍ ഏറ്റവുമധികം കാലം രാഷ്ട്രഭരണം നടത്തിയ വ്യക്തിയായ ഉഥ്മാനിന്(റ) അവസരമുണ്ടായത്.

ക്വുര്‍ആന്‍ കോപ്പികളുടെ ഔദ്യോഗിക പ്രസാധനത്തിലേക്ക് നയിച്ച കാര്യങ്ങളെപ്പറ്റി പ്രവാചകാനുചരന്മാരില്‍ പ്രമുഖനായ അനസ് ബ്‌നു മാലിക്‌ (റ)പറയുന്നത് ഇങ്ങനെയാണ്:‘'ശാമിലെയും ഇറാഖിലെയും ജനങ്ങള്‍ അര്‍മീനിയക്കും അസര്‍ബൈജാനിനും വേണ്ടി യുദ്ധം നടത്തുന്നതിനിടെ ഹുദൈഫ ത്ത്ബ്‌നുല്‍ യമാന്‍ (റ) ഉഥ്മാനിനെ(റ)സന്ദര്‍ശിച്ചു. ക്വുര്‍ആന്‍ പാരായണത്തിലുള്ള ശാമുകാരുടെയും ഇറാഖുകാരുടെയും വ്യതിരിക്ത തകളില്‍ അദ്ദേഹം കുണ്ഠിതനായി. അതിനാല്‍ ഹുദൈഫ (റ)ഉഥ്മാനി(റ)(റ)നാട് പറഞ്ഞു: വിശ്വാസികളുടെ നേതാവേ, അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ കാര്യത്തില്‍ മുമ്പ് ജൂതന്മാരും ക്രൈസ്തവരുമെല്ലാം ഭിന്നിച്ചതുപോലെ ഈ സമുദായം ഭിന്നിക്കാതിരിക്കു വാനായി അവരെ സഹായിച്ചാലും.’അങ്ങനെ ഉഥ്മാന്‍ (റ)ഹഫ്‌സേ(റ)യാട് അവരുടെ കൈവശമുള്ള സുഹുഫ് കൊടുത്തയക്കുവാന്‍ ആവശ്യപ്പെടുകയും അതുപയോഗിച്ച് ഔദ്യോഗിക ക്വുര്‍ആന്‍ പതിപ്പുകള്‍ പകര്‍ത്തിയെഴുതിയ ശേഷം തിരിച്ചു നല്‍കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു കൊണ്ട് ഒരു സന്ദേശം കൊടുത്തയച്ചു. ഹഫ്‌സ (റ) ഉഥ്മാനിന്(റ) അത് കൊടുത്തയച്ചു. അതിന് ശേഷം സൈദ്ബ്‌നു ഥാബിത്, അബ്ദില്ലാഹി ബ്‌നുസ്സുബൈര്‍, സഈദ്ബ്‌നുല്‍ ആസ്വ്, അബ്ദുര്‍റഹ്മാനിബ്‌നുല്‍ ഹാരിഥിബ്‌നു ഹിശാം (റ)എന്നിവരെ വിളിച്ചു വരുത്തി അവരോട് ഉഥ്മാന്‍ (റ)കൃത്യവും അന്യൂനവുമായ ക്വുര്‍ആന്‍ കയ്യെഴുത്ത് പ്രതികള്‍ പകര്‍ത്തിയെഴുതുവാനാവശ്യപ്പെട്ടു. ഉഥ്മാന്‍ (റ)മൂന്ന് ഖുറൈശികളോടായി പറഞ്ഞു: 'ഏതെങ്കിലും വിഷയത്തില്‍ നിങ്ങള്‍ സൈദ്ബ്‌നു ഥാബിതുമായി വിയോജിക്കുന്നുവെങ്കില്‍ നിങ്ങള്‍ അത് ഖുറൈശീ ഉച്ചാരണ രീതിപ്രകാരം എഴുതുക; എന്തുകൊണ്ടെന്നാല്‍ ക്വുര്‍ആന്‍ അവതരിക്കപ്പെട്ടത് ഖുറൈശീ ഉച്ചാരണരീതിയിലാണ്. ’അവര്‍ അങ്ങനെ ചെയ്തു പൂര്‍ത്തിയാക്കിയപ്പോള്‍ ഉഥ്മാന്‍  (റ)ഹഫ്‌സയില്‍ (റ)നിന്ന് വാങ്ങിയ ആദ്യത്തെ കയ്യെഴുത്ത് പ്രതി അവര്‍ക്ക് തിരിച്ചു കൊടുത്തയച്ചു. അവര്‍ പകര്‍ത്തിയെഴുതിയ കോപ്പികള്‍ വ്യത്യസ്ത പ്രവിശ്യകളിലേക്ക് കൊടുത്തയക്കുകയും അതല്ലാത്ത പൂര്‍ണമായോ ഭാഗികമായോ ഉള്ള മറ്റെല്ലാ കയ്യെഴുത്ത് പ്രതികളും കത്തിച്ചു കളയുവാന്‍ ആവശ്യപ്പെടുകയും ചെയ്തു, ഉഥ്മാന്‍.(റ) (സ്വഹീഹുല്‍ ബുഖാരി, കിതാബു ഫദാഇലില്‍ ക്വുര്‍ആന്‍)

ക്വുര്‍ആന്‍ അവതരിക്കപ്പെട്ട ഖുറൈശീ ഉച്ചാരണരീതിയാണ് അറബി ഭാഷയുടെ ആധാര ഉച്ചാരണ രീതിയെന്നതിനാല്‍ അതില്‍ തന്നെയാണ് ക്വുര്‍ആന്‍ പാരായണം ചെയ്യേണ്ടതെന്ന് സ്വഹാബിമാര്‍ ഉഥ്മാനിന്(റ) മുമ്പും നിര്‍ബന്ധം പിടിച്ചിരുന്നു. ഇറാഖിലേക്ക് ക്വുര്‍ആന്‍ പഠിപ്പി ക്കുന്നതിന് വേണ്ടി പറഞ്ഞയച്ച ഇബ്‌നു മസ്ഊദ്  (റ)അന്ന് നിലവിലുണ്ടായിരുന്ന മറ്റൊരു ഉച്ചാരണ രീതിയായ ഹുദൈലില്‍ ജനങ്ങളെ ക്വുര്‍ആന്‍ പഠിപ്പിക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ അത് വിരോധിക്കുകയും ക്വുര്‍ആന്‍ അവതരിച്ചത് ഖുറൈശികളുടെ ഉച്ചാരണ രീതിയിലാ ണെന്നും (ലിസാനു ഖുറൈശ്) അതിനാല്‍ ഖുറൈശീഭാഷ പ്രകാരമാണ്, ഹുദൈല്‍ ഭാഷ പ്രകാരമല്ല ജനങ്ങളെ പഠിപ്പിക്കേണ്ടത് (ഫത്ഹുല്‍ ബാരി, വാല്യം 9 പുറം 17) എന്നും നിഷ്‌കര്‍ഷിച്ചുകൊണ്ട് കത്തെഴുതുകയും ചെയ്ത ഉമറിന്റെ (റ) നടപടിയില്‍ നിന്ന് ഇക്കാര്യം വ്യക്തമാ കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഉഥ്മാന്‍,(റ) ഖുറൈശീഉച്ചാരണ പ്രകാരം തന്നെ ക്വുര്‍ആന്‍ എഴുതണമെന്ന് നിര്‍ദേശിക്കു കയും അത ല്ലാതെയുള്ള ലിപികളില്‍ എഴുതപ്പെട്ട രേഖകളുള്‍ക്കൊള്ളുന്ന, അനൗദ്യോഗിക ക്വുര്‍ആന്‍ രേഖകളെ കത്തിച്ചുകളയുവാന്‍ നിര്‍ദേശിക്കുക യും ചെയ്തത്.

അര്‍മീനിയക്കും അസര്‍ബൈജാനിനുമെതിരെയുള്ള ഉഥ്മാന്റെ (റ)കാലത്തെ യുദ്ധം നടന്ന ഹിജ്‌റ 25-ാം (ഫത്ഹുല്‍ ബാരി, വാല്യം 9 പുറം 18) വര്‍ഷത്തിനു ശേഷം ഉടനെത്തന്നെ ഉഥ്മാന്റെ (റ)കാലത്തെ ഔദ്യോഗിക ക്വുര്‍ആന്‍ കയ്യെഴുത്ത് രേഖയുടെ പകര്‍ത്തിയെഴുത്ത് നടന്നിട്ടു ണ്ടെന്ന് നടേ സൂചിപ്പിച്ച, അനസ്ബ്‌നു മാലികില്‍(റ) നിന്ന് ബുഖാരി നിവേദനം ചെയ്ത ഹദീഥ് വ്യക്തമാക്കുന്നുണ്ട്. (സ്വഹീഹുല്‍ ബുഖാരി, കിതാബു ഫദാഇലില്‍ ക്വുര്‍ആന്‍) പ്രവാചക വിയോഗം കഴിഞ്ഞ് രണ്ട് പതിറ്റാണ്ടിനകം തന്നെ പ്രസ്തുത പകര്‍ത്തിയെഴുത്ത് നടന്നിട്ടുണ്ടെ ന്നര്‍ഥം. ഖുറൈശീ ആധാരഭാഷ പ്രകാരമുള്ള ക്വുര്‍ആന്‍ കോപ്പികള്‍ തയാറാക്കുകയും വ്യത്യസ്ത പ്രവിശ്യാ തലസ്ഥാനങ്ങളിലേക്ക് അയ ച്ചുകൊടുക്കുകയും വ്യക്തികളുടെ കൈകളിലുണ്ടായിരുന്ന സ്വകാര്യ കയ്യെഴുത്ത് പ്രതികള്‍ നശിപ്പിക്കുവാനാവശ്യപ്പെടുകയും ചെയ്ത പ്പോള്‍ പ്രവാചകനില്‍(സ) നിന്ന് നേര്‍ക്കുനേരെ മതം പഠിച്ച അനുയായികളില്‍ മിക്കവരും ജീവിച്ചിരിക്കുന്നുണ്ടായിരുന്നു. അവരി ലാരും തന്നെ ഉഥ്മാന്റെ (റ)നടപടിയെ വിമര്‍ശിക്കുകയോ എതിര്‍ക്കുകയോ ചെയ്തതാ യി വ്യക്തമാക്കുന്ന രേഖകളൊന്നും തന്നെയില്ല. അല്ലാഹു വിനെയും പ്രവാചകനെയും(സ) സ്വന്തത്തെക്കാളധികം സ്‌നേഹിച്ചിരുന്ന സ്വഹാബിമാര്‍, ക്വുര്‍ആനില്‍ ഉഥ്മാന്‍ (റ)വല്ല മാറ്റവും വരുത്തു കയോ അതില്‍ നിന്ന് വല്ലതും മറച്ചുവെക്കുകയോ ചെയ്തിരുന്നുവെങ്കില്‍ അതിനെ ശക്തമായിത്തന്നെ എതിര്‍ക്കുകയും അദ്ദേഹത്തിനെതി രെ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ ചെയ്തില്ലെന്ന് മാത്രമല്ല, അവരെല്ലാവരും ഐകകണ്‌ ഠേന അദ്ദേഹത്തി ന്റെ നടപടി അംഗീകരിക്കുകയും അതോടൊപ്പം സഹകരിക്കുകയുമാണ് ചെയ്തത്.

അബൂബക്‌റിെ(റ)ന്റ കാലത്ത് നിര്‍മിക്കപ്പെട്ട ക്വുര്‍ആന്‍ കയ്യെഴുത്ത് പ്രതി കൈവശമുണ്ടായിരുന്നിട്ടും അതില്‍നിന്ന് നേര്‍ക്കുനേരെ കോപ്പികളെടുക്കാതെ, നിലനില്‍ക്കുന്ന കയ്യെഴുത്ത് രേഖകള്‍ പരിശോധിക്കുകയും മനഃപാഠമുള്ളവരില്‍ നിന്ന് കേള്‍ക്കുകയും ചെയ്തതിന് ശേഷം സ്വതന്ത്രമായ കോപ്പികള്‍ പകര്‍ത്തിയെഴുതുകയും അ ത് ഹഫ്‌സ യേുടെ പക്കലുണ്ടായിരുന്ന, അബൂബക്‌റിെ(റ)ന്റ കാലത്ത് നിര്‍മിക്കപ്പെട്ട 'സുഹുഫു'മായി ഒത്തുനോക്കി. അബദ്ധങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് ഉറപ്പ് വരുത്തുകയുമാണ് ഉഥ്മാനിെ(റ)ന്റ ഭരണകാ ലത്ത് സൈദ്ബ്‌നു ഥാബിതിന്റെ(റ) നേതൃത്വത്തിലുള്ള സംഘം ചെയ്തത്. ഇതിനായി അന്‍സ്വാരികളും ഖുറൈശികളുമടങ്ങുന്ന പന്ത്രണ്ട് പേരുടെ ഒരു സംഘത്തെയാണ് ഉഥ്മാന്‍ ഉത്തരവാദപ്പെടുത്തിയതെന്ന് ഹിജ്‌റ110-ല്‍ അന്തരിച്ച ഇബ്‌നു സീരീന്‍ രേഖപ്പെടുത്തുന്നതായി ഇബ്‌നു സഅ്ദ് തന്റെ ത്വബഖാത്തില്‍ ഉദ്ധരിക്കുന്നുണ്ട്.

അബൂബക്‌റിെ(റ)ന്റ കാലത്ത് സൈദുബ്‌നുഥാബിത്തിെ(റ)ന്റ നേതൃത്വത്തില്‍ നടത്തിയ ക്വുര്‍ആന്‍ കയ്യെഴുത്ത് രേഖകളുടെ ക്രോഡീകര ണത്തില്‍ എന്തെങ്കിലും തരത്തിലുള്ള സ്ഖലിതങ്ങളുണ്ടാവുകയോ, അന്ന് ലഭ്യമല്ലാതിരുന്നതിനാല്‍ ഏതെങ്കിലും വചനങ്ങള്‍ വിട്ടുപോ വുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പ്രസ്തുത പ്രശ്‌നങ്ങള്‍ കൂടി പരിഹരിച്ച ശേഷമുള്ള അന്യൂനമായ ക്വുര്‍ആന്‍ രേഖ തന്നെയാവണം തന്റെ ഭരണകാലത്ത് നിര്‍മിക്കുന്നതെന്ന് വിചാരിച്ചതു കൊണ്ടാവണം ഹഫ്‌സയേുടെ പക്കലുള്ള 'സുഹുഫി'ന്റെ നേര്‍പതിപ്പുകള്‍ നിര്‍മിക്കാതെ സ്വതന്ത്രമായിത്തന്നെ ക്വുര്‍ആന്‍ കയ്യെഴുത്ത് രേഖകള്‍ നിര്‍മിക്കുവാനും അവ ഹഫ്‌സയേുടെ പക്കലുള്ള രേഖയുമായി ഒത്തുനോക്കിയ ശേഷം മാത്രം സ്വീകരിക്കുവാനും ഉഥ്മാന്‍ (റ)തീരുമാനിച്ചത്. ക്വുര്‍ആന്‍ മനഃപാഠമുള്ളവരുടെ മരണം വഴി വചനങ്ങള്‍ നഷ്ടപ്പെട്ടു പോകു മോയെന്ന ഭയമായിരുന്നു അബൂബക്‌റി(റ)നെയും ഉമറി(റ)നെയും 'സുഹുഫ്' നിര്‍മിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുവാന്‍ പ്രേരിപ്പിച്ച തെങ്കില്‍, ക്വുര്‍ആന്‍ തെറ്റായി പാരായണം ചെയ്യുന്ന പ്രവണതയുണ്ടായി വരുന്നുവെന്ന കണ്ടെത്തെലാണ് ഉഥ്മാനിനെ(റ)ഔദ്യോഗിക ക്വുര്‍ആന്‍ രേഖകള്‍ പകര്‍ത്തിയെഴുതുവാന്‍ പ്രചോദിപ്പിച്ചത്.

തെറ്റായ രീതിയില്‍ രേഖപ്പെടുത്തപ്പെട്ട വ്യക്തിഗത കോപ്പികള്‍ നശിക്കാതെ നിലനിന്നാല്‍ ഭാവിയിലെങ്കിലും അത്തരം കോപ്പികളില്‍ നിന്ന് തെറ്റായ രീതിയില്‍ ക്വുര്‍ആന്‍ പാരായണം ചെയ്യപ്പടുന്ന അവസ്ഥയുണ്ടാകു മെന്ന് മനസ്സിലാക്കിയതിനാലാണ് എല്ലാ അര്‍ഥത്തിലും സമ്പൂര്‍ണമായ ഔദ്യോഗിക കോപ്പികള്‍ പകര്‍ത്തിയെഴുതുവാനും അങ്ങനെ പകര്‍ത്തിയെഴുതിയതിനു ശേഷം അതല്ലാത്ത കോപ്പികളെല്ലാം നശിപ്പിക്കുവാനും ഉഥ്മാന്‍ (റ)തീരുമാനിച്ചത്. ഈ തീരുമാനത്തിന് അന്നു ജീവിച്ചിരുന്ന സ്വഹാബിമാരുടെയെല്ലാം പിന്തുണയുണ്ടായിരുന്നു. ഉഥ്മാന്‍ (റ)ചെയ്തത് തെറ്റായിപ്പോയെന്ന് ഏതെങ്കിലുമൊരു പ്രവാച കാനുചരന്‍ പറഞ്ഞതായി തെളിയിക്കുവാന്‍ ക്വുര്‍ആനില്‍ കൈകടത്തുവാനാണ് അദ്ദേഹം ശ്രമിച്ചതെന്ന് ആരോപിക്കുന്ന ഇസ്‌ലാം വിമര്‍ശകര്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. സ്വഹാബിമാരില്‍ പലര്‍ക്കും ക്വുര്‍ആന്‍ മനഃപാഠമുണ്ടായിരുന്നതിനാല്‍ അത്തരം വല്ല കൂട്ടിച്ചേര്‍ക്ക ലുകളും നടത്തിയിരുന്നുവെങ്കില്‍ അക്കാര്യം അവര്‍ തുറന്നുപറയുകയും തിരുത്തുകയും ചെയ്യുമായിരുന്നു. അങ്ങനെയൊന്നുമുണ്ടായി ട്ടില്ലെന്ന വസ്തുത അവതരിക്കപ്പെട്ട വിശുദ്ധിയില്‍ തന്നെ നിലനില്‍ക്കുന്നവയായിരുന്നു ഉഥ്മാന്‍ (റ)പകര്‍ത്തിയെഴുതിയ ഔദ്യോഗിക പതിപ്പുകള്‍ എന്ന വസ്തുതയ്ക്ക് അടിവരയിടുന്നുണ്ട്.

ക്വുര്‍ആനിന്റെ ഔദ്യോഗിക രേഖകള്‍ പകര്‍ത്തിയെഴുതി പ്രവിശ്യാതലസ്ഥാനങ്ങളിലേക്ക് കൊടുത്തയക്കുക മാത്രമല്ല ഉഥ്മാന്‍ (റ) ചെ യ്തത്; ഔദ്യോഗിക രേഖകളോടൊപ്പം ഔദ്യോഗിക പാരായണക്കാരെക്കൂടി പറഞ്ഞയച്ചുകൊണ്ട് അംഗീകൃതമല്ലാത്ത പാരായണ ഭേദങ്ങ ളുണ്ടാകുവാനുള്ള സാധ്യതയുടെ വാതില്‍ കൊട്ടിയടക്കുക കൂടി ചെയ്തു അദ്ദേഹമെന്നതാണ് വാസ്തവം. സൈദുബ്‌നു ഥാബിത്തിനെ മദീന യിലും അബ്ദുല്ലാഹിബ്‌നു അസ്സാഇബിനെ മക്കയിലും അല്‍മുഗീറത്തുബ്‌നു ശിഹാബിനെ സിറിയയിലും ആമിറുബ്‌നു അബ്ദില്‍ ഖൈസിനെ ബസ്വറയിലും അബ്ദുറഹ്മാന്‍ അസ്സുലാമിയെ കൂഫയിലും നിശ്ചയിച്ചത് ആ പ്രദേശത്തുകാര്‍ക്ക് ഔദ്യോഗിക രേഖപ്രകാരം എങ്ങനെ പാരാ യണം ചെയ്യണമെന്ന് പഠിപ്പിക്കുവാന്‍ വേണ്ടിയായിരുന്നു. അബ്ദുല്‍ ഫത്താഹ് അല്‍ ഖാദി എഴുതുന്നു: 'ഈ പണ്ഡിതന്മാരെല്ലാം പ്രവാചക നില്‍ നിന്ന് നിരവധി വഴികളില്‍ തങ്ങളിലെത്തുകയും അംഗീകരിക്കപ്പെടുകയും ചെയ്ത പാരായണ രീതകളിലാണ് തങ്ങളുടെ പക്കലുള്ള ഔദ്യോഗിക ക്വുര്‍ആന്‍ രേഖയിലെ വ്യഞ്ജനപ്രധാനമായ രേഖീകരണങ്ങളുപയോഗിച്ച് തങ്ങള്‍ നിയോഗിക്കപ്പെട്ട സമൂഹത്തെ പാരായ ണം ചെയ്തു പഠിപ്പിച്ചത്. ഒരാളിലൂടെ മാത്രമായി സംപ്രേഷണം ചെയ്യപ്പെട്ട പാരായണരീതിക ളൊന്നും അവര്‍ സ്വീകരിച്ചില്ല. നിരവധിയാ ളുകളിലൂടെ നിരവധി വഴികളില്‍ നിവേദനം ചെയ്യപ്പെട്ട പാരായണ രീതിയനുസരിച്ച് മാത്രം ജനങ്ങളെ പഠിപ്പിക്കുന്നതിനായി പാരായണ ക്കാരെക്കൂടി പറഞ്ഞയക്കുക വഴി പ്രവാചകന്‍(സ)പഠിപ്പിച്ച രീതികളില്‍ മാത്രം ഔദ്യോഗിക ക്വുര്‍ആന്‍ രേഖ പാരായണം ചെയ്യപ്പെടുന്ന അവസ്ഥയുണ്ടാക്കുകയാണ് ഉഥ്മാന്‍ (റ)ചെയ്തത്. (അബ്ദുല്‍ ഫത്താഹ് അല്‍ ഖാദിയുടെ അല്‍ ഖിറാആത് ഫീ നദ്വര്‍ അല്‍ മുസ്തശ്‌രിഖീന്‍ വല്‍ മുല്‍ഹിദീന്‍’ എന്ന തലക്കെട്ടില്‍ മജല്ലത്തുല്‍ അസ്ഹറില്‍ (വാല്യം 43/2, 1391 (1971) പുറം 175) വന്ന ലേഖനത്തില്‍ നിന്ന്‌ഡോക്ടര്‍ എം. എം.അഅ്ദമി ഉദ്ധരിച്ചത്, M.M Al Azami, “The History Of The Quranic Text – From Revelation To Compilation, A Comparative Study with the Old and New Testaments, Leicester, 2003 Page 95)

ഉഥ്മാനിെ(റ)ന്റ കാലത്ത് രേഖീകരിക്കപ്പെട്ട രൂപത്തില്‍ തന്നെ യാതൊരു മാറ്റവുമില്ലാതെയാണ് ഇന്നും ക്വുര്‍ആന്‍ നിലനില്‍ക്കുന്നത് എന്ന വസ്തുത ഓറിയന്റലിസ്റ്റ് പണ്ഡിതന്മാര്‍ പോലും അംഗീകരിച്ചിട്ടുള്ളതാണ്. പ്രസിദ്ധ ഓറിയന്റലിസ്റ്റും ക്രിസ്തുമത പ്രചാരകനുമായി രുന്ന സര്‍ വില്യം മ്യൂര്‍ എഴുതുന്നു: ''ഉഥ്മാനിന്റെ പരിശോധിത ഗ്രന്ഥം മാറ്റമൊന്നുമില്ലാതെ നമുക്ക് ലഭിച്ചിട്ടുണ്ട്. എടുത്തുപറയത്തക്ക വ്യത്യാസങ്ങളൊന്നുമില്ലാതെ-യാതൊരുവിധത്തിലുമുള്ള വ്യത്യാസങ്ങളില്ലാതെ എന്നു തന്നെ പറയാം-വളരെ സൂക്ഷ്മവും കൃത്യവുമായി അത് സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് വിശാലമായ ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കകത്ത് ചിതറിക്കിടക്കുന്ന അസംഖ്യം ക്വുര്‍ആന്‍ രേഖകള്‍ വ്യക്തമാക്കുന്നു. മുഹമ്മദിന്റെ(സ) മരണത്തിന് കാല്‍ നൂറ്റാണ്ട് കഴിയുന്നതിനു മുമ്പ് നടന്ന ഉഥ്മാനിന്റെ കൊലപാ തകത്തിനു ശേഷം പരസ്പരം വെറുക്കുകയും പോരാടുകയും ചെയ്യുന്ന നിരവധി വിഭാഗങ്ങള്‍ മുസ്‌ലിം ലോകത്തുണ്ടായി ട്ടുണ്ടെങ്കിലും അവര്‍ക്കെല്ലാം ഉണ്ടായിരുന്നത് ഒരേയൊരു ക്വുര്‍ആന്‍ തന്നെയായിരുന്നു. ഒരേയൊരു ഗ്രന്ഥം തന്നെയാണ് അന്നുമുതല്‍ ഇന്നുവരെയുള്ള മുഴുവനാളുകളും പാരായണം ചെയ്തു പോരുന്നത് എന്ന വസ്തുത നിര്‍ഭാഗ്യവാനായ ഖലീഫയുടെ ഉത്തരവ് പ്രകാരം നിര്‍മിക്കപ്പെട്ട ഗ്രന്ഥം തന്നെയാണ് നമുക്ക് ലഭിച്ചിരിക്കുന്നത് എന്നതിനുള്ള അനിഷേധ്യമായ തെളിവാണ്. പന്ത്രണ്ട് നൂറ്റാണ്ടുകാലം ഇത്തരത്തില്‍ യാതൊ രുവിധ മാറ്റങ്ങളൊന്നുമില്ലാതെ സംരക്ഷിക്കപ്പെട്ട ഒരേയൊരു ഗ്രന്ഥം,  ക്വുര്‍ആന്‍ മാത്രമായിരിക്കും. സ്വരചിഹ്നങ്ങളിലും (vowal sign) അക്ഷ രഭേദങ്ങളിലു(diacritical sign)മുള്ള വളരെ ചെറിയ വ്യത്യാസങ്ങള്‍ പോലും ഏറെ പരിമിതമാണ്. ഈ ചിഹ്നങ്ങളിടുന്ന സമ്പ്രദായം പില്‍ക്കാ ലത്ത് ഉണ്ടായതാണ് എന്നതു കൊണ്ടുതന്നെ അത് ആദ്യകാലത്തെ രേഖകളില്‍ നിലനിന്നിരുന്നില്ല. അതിനാല്‍ അവയൊന്നും തന്നെ ഉഥ്മാനി ന്റെ രേഖതന്നെയാണ് ഇന്നും നിലനില്‍ക്കുന്നതെന്ന വസ്തുതയെ ബാധിക്കുന്ന പ്രതിവാദങ്ങളല്ല''. (William Muir: The Life Of Mahomet, Edinburgh, 1912, Pages xxii-xxiii.)

വിതകളും കഥാഖ്യാനങ്ങളും തലമുറകളിലേക്ക് സംപ്രേഷണം ചെയ്യപ്പെടുന്ന മനഃപാഠത്തിലൂടെയും വൈജ്ഞാനിക സാഹിത്യങ്ങള്‍ അടുത്ത തലമുറയ്ക്ക് ലഭിക്കുന്ന രേഖീകരണത്തിലൂടെയും ഒരേപോലെ സംരക്ഷിക്കപ്പെട്ട ഗ്രന്ഥമാണ് ക്വുര്‍ആന്‍. ഒന്നും കടത്തിക്കൂട്ടുകയോ എടുത്തൊഴിവാക്കുകയോ ചെയ്യാനാവാത്തവിധം പതിനാലു നൂറ്റാണ്ടുകളായി തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് ഈ രണ്ടു രീതികളിലും ക്വുര്‍ആന്‍ പകര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. വാക്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയോ എടുത്തുമാറ്റുകയോ ചെയ്തുവെന്ന് വസ്തുനിഷ്ഠ തെളിവുകളുടെ വെളിച്ചത്തില്‍ ഒരാള്‍ക്കും ആരോപിക്കപ്പെടാനാവാത്ത നിലയില്‍, ചരിത്രത്തിന്റെ പൂര്‍ണമായ വെളിച്ചത്തിലാണ് ഒന്നര സഹസ്രാബ്ദക്കാലമായി തലമുറകളില്‍ നിന്ന് തലമുറകളിലേക്കുള്ള ഈ സംപ്രേഷണം നടക്കുന്നത്. അങ്ങനെ സംരക്ഷിക്കുമെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. (ക്വുര്‍ആന്‍ 15:9)

അവതരിപ്പിക്കപ്പെടുന്ന മുറയ്ക്ക് മുഹമ്മദ് നബി (സ) ക്വുര്‍ആന്‍ ഹൃദിസ്ഥമാക്കിയിരുന്നുവെന്നും ഓരോവര്‍ഷവും റമദാനില്‍ ജിബ്‌രീല്‍ വന്ന് അവതരിപ്പിക്കപ്പെട്ടിടത്തോളമുള്ള വചനങ്ങള്‍ പാരായണം ചെയ്തു കേട്ട് ഉറപ്പുവരുത്തിയിരുന്നുവെന്നും ഇമാം ബുഖാരി തന്റെ സ്വഹീഹിലെ കിതാബു ഫദാഇലില്‍ ഫാത്വിമ(റ)യില്‍ നിന്ന് നിവേദനം ചെയ്യുന്നുണ്ട്.

ക്വുര്‍ആന്‍ മനഃപാഠമാക്കുവാന്‍ സ്വഹാബിമാരെ പ്രവാചകന്‍ (സ) പ്രോത്സാഹിപ്പിക്കുകയും ഹൃദിസ്ഥമാക്കിയ വചനങ്ങള്‍ മറന്നു പോകാനിടയാകരുതെന്ന് പ്രത്യേകം നിഷ്‌കര്‍ഷിക്കുകയും ചെയ്തിരുന്നതായി വ്യക്തമാക്കുന്ന നിരവധി ഹദീഥുകൾ ബുഖാരിയിലും മുസ്ലിമിലും മറ്റു ഹദീഥ് ഗ്രൻഥങ്ങളിലുമെല്ലാം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. മനഃപാഠമാക്കുന്നതില്‍ വിദഗ്ധരായിരുന്നു അറബികളെന്നതിനാലും പദ്യ-ഗദ്യ സമ്മിശ്രമായ ക്വുര്‍ആനിന്റെ ശൈലി കാണാതെ പഠിക്കുവാന്‍ എളുപ്പവും ഇമ്പവും പ്രധാനം ചെയ്യുന്നതിനാലും സ്വഹാബിമാര്‍ക്ക് ക്വുര്‍ആന്‍ പഠനം ഒരു പ്രയാസമായി അനുഭവപ്പെട്ടതേയില്ല. പരമാവധി മനഃപാഠമാക്കുവാന്‍ ഓരോ സ്വഹാബിയും പരിശ്രമിച്ചു. കൂടുതല്‍ ക്വുര്‍ആന്‍ പഠിച്ചവന്‍ താനാണെന്ന് അഭിമാനത്തോടെ പറയുന്നവരായിരുന്നു സ്വഹാബിമാരെന്ന് ഇബ്‌നു മസ്ഊദി(റ)ൽ നിന്ന് ബുഖാരി നിവേദനം ചെയ്ത ഹദീഥ് വ്യക്തമാക്കുന്നുണ്ട്.

പ്രവാചകന്റെ (സ) കാലത്ത്, മനഃപാഠമാക്കുന്നതോടൊപ്പം തന്നെ, ക്വുര്‍ആന്‍ രേഖീകരിക്കുന്ന പതിവുമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന നിരവധി ചരിത്രരേഖകളുണ്ട്. ഉമറിന്റെ (റ) ഇസ്‌ലാം സ്വീകരണത്തെക്കുറിച്ച ഇബ്‌നു ഇസ്ഹാഖിന്റെ വിവരണത്തില്‍, തന്റെ സഹോദരിയും ഭര്‍ത്താവും ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കി കോപാകുലനായി അവരുടെ വീട്ടിലേക്ക് അദ്ദേഹം കുതിച്ചെത്തിയപ്പോള്‍ അവിടെ അദ്ദേഹത്തിന്റെ സഹോദരിയും ഭര്‍ത്താവും ഖബ്ബാബിനോടൊപ്പമിരുന്ന് ഒരു ചര്‍മപഠത്തിലെഴുതിയ ക്വുര്‍ആനിലെ ത്വാഹാ സൂറത്ത് പാരായണം ചെയ്യുകയായിരുന്നുവെന്നും ഉമര്‍ (റ) പുറത്തു വന്നിട്ടുണ്ടെന്നറിഞ്ഞ സഹോദരി ഫാത്വിമഃ (റ) ആ കയ്യെഴുത്തുരേഖ അവരുടെ തുടയ്ക്ക് താഴെ ഒളിപ്പിച്ചുവെച്ചുവെന്നും പറയുന്നതില്‍ നിന്ന് അന്നുമുതല്‍ തന്നെ ക്വുര്‍ആന്‍ രേഖീകരിച്ചു സൂക്ഷിക്കുന്ന പതിവ് നിലനിന്നിരുന്നുവെന്ന് വ്യക്തമാകുന്നു. ഉമറിന്റെ ഇസ്‌ലാം സ്വീകരണം നടന്ന പ്രവാചകത്വത്തിന്റെ ആറാം വര്‍ഷത്തിനു മുമ്പുതന്നെ ക്വുര്‍ആന്‍ കയ്യെഴുത്ത് രേഖകളിലാക്കി സൂക്ഷിക്കുന്ന പതിവ് മുസ്‌ലിം സമൂഹത്തിലുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ വിവരണം. മക്കയില്‍വെച്ച് അവതരിക്കപ്പെട്ട വചനങ്ങള്‍ മക്കയില്‍വെച്ചുതന്നെ രേഖപ്പെടുത്തിവെച്ചിരുന്നതായി അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) പറഞ്ഞിട്ടുണ്ടെന്ന് മുഹമ്മദ്ബ്‌നു ശിഹാബ് അസ്സുഹ്‌രി സാക്ഷ്യപ്പെടുത്തിയതായി ഇമാം ഇബ്‌നു കഥീര്‍ രേഖപ്പെടുത്തുന്നുണ്ട്. (അല്‍ ബിദായ വ ന്നിഹായ, വാല്യം 5, പുറം 340)

അബ്ദില്ലാഹിബ്‌നു സഅ്ദ്ബ്‌നു അബീ സര്‍ഹിനെയായിരുന്നു നബി(സ)യില്‍ നിന്ന് ക്വുര്‍ആന്‍ കേള്‍ക്കാനും അത് അന്ന് ഉപലബ്ധമായ എഴുത്തുവസ്തുക്കളില്‍ എഴുതി രേഖപ്പെടുത്തുവാനുമായി മക്കയില്‍വെച്ച് നബി (സ) ഏല്‍പിച്ചത്. ഖാലിദ്ബ്‌നു സഈദ്ബ്‌നുല്‍ ആസ്വ് ആയിരുന്നു നബി(സ)യുടെ നിര്‍ദേശാനുസരണം ക്വുര്‍ആന്‍ രേഖപ്പെടുത്തിയിരുന്നു മറ്റൊരാള്‍. 'ക്വുര്‍ആന്‍ അല്ലാതെ മറ്റൊന്നും നിങ്ങള്‍ എന്നില്‍നിന്ന് എഴുതി സൂക്ഷിക്കരുത്'(സ്വഹീഹു മുസ്‌ലിം, കിതാബു സ്‌സുഹുദു വര്‍ റഖാഇഖ്) എന്ന പ്രവാചകനിര്‍ദേശത്തില്‍ നിന്ന് നിരവധി പേര്‍ ക്വുര്‍ആന്‍ രേഖപ്പെടുത്തിവെക്കാറുണ്ടെന്ന് വ്യക്തമാകുന്നുണ്ട്. മദീനയില്‍ നിന്നെത്തിയവരുമായി പ്രവാചകന്‍ (സ) അഖബയില്‍വെച്ചുണ്ടാക്കിയ ഉടമ്പടിയില്‍ പങ്കെടുത്ത റാഫിഉബ്‌നു മാലിക് അല്‍ അന്‍സ്വാരിക്ക് അതുവരെ അവതരിക്കപ്പെട്ട എല്ലാ ക്വുര്‍ആന്‍ വചനങ്ങളും രേഖപ്പെടുത്തിയ ഒരു കയ്യെഴുത്ത് രേഖ നല്‍കിയതായും തന്റെ നാട്ടിലെത്തിയശേഷം ഗോത്രത്തിലുള്ളവരെയെല്ലാം വിളിച്ചുകൂട്ടി അത് അദ്ദേഹം വായിച്ചു കേള്‍പ്പിച്ചതായും വ്യക്തമാക്കുന്ന രേഖകളുണ്ട്.

മദീനയില്‍ എത്തിയതോടെ പ്രവാചകന്‍ (സ) കൂടുതല്‍ അനുയായികള്‍ ഉണ്ടായിരുന്നതുകൊണ്ടുതന്നെ കൂടുതല്‍ ക്വുര്‍ആന്‍ എഴുത്തുകാരുമുണ്ടായി. അബ്ദുബ്‌നു സഈദ് അബൂ ഉമാമ, അബൂഅയ്യൂബല്‍ അന്‍സ്വാരി, അബൂബക്ര്‍ സിദ്ദീഖ്, അബൂഹുദൈഫ, അബൂസുഫ്‌യാന്‍, അബൂസലമ, അബൂ അബസ്, ഉബയ്യ്ബ്‌നു കഅബ്, അല്‍അര്‍ഖം, ഉസൈദ്ബ്‌നുല്‍ ഹുദൈര്‍, ഔസ്, ബുറൈദ, ബഷീര്‍, ഥാബിത്ബ്‌നു ഖൈസ്, ജഅ്ഫര്‍ബിന്‍ അബീത്വാലിബ്, ജഹ്മ്ബ്‌നു സഅദ്, ജുഹൈം, ഹാതിബ്, ഹുദൈഫ, ഹുസൈന്‍, ഹന്‍ദല, ഹുവൈതിബ്, ഖാലിദ്ബ്‌നു സഈദ്, ഖാലിദ്ബ്‌നു വലീദ്, അസ്സുബൈറ്ബ്‌നു അവ്വാം, സുബൈറ്ബ്‌നു അര്‍ഖം, സൈദ്ബ്‌നു ഥാബിത്, സഅ്ദ്ബ്‌നു റബീഅ്, സഅ്ദ്ബ്‌നു ഉബാദ, സഈദ്ബ്‌നു സഈദ്, കുറഹ്ബില്‍ ബിന്‍ ഹസ്‌ന, ത്വല്‍ഹ, ആമിര്‍ ബിന്‍ ഫുഹൈറ, അബ്ബാസ്, അബ്ദുല്ലാഹിബ്‌നുല്‍ അര്‍ഖം, അബ്ദുല്ലാഹിബ്‌നു അബീബക്ര്‍, അബ്ദുല്ലാഹിബ്‌നു റവാഹ, അബ്ദുല്ലാഹിബ്‌നു സൈദ്, അബ്ദുല്ലാഹിബ്‌നു സഅദ്, അബ്ദുല്ലാഹിബ്‌നു അബ്ദില്ല, അബ്ദുല്ലാഹിബ്‌നു അംറ്, ഉഥ്മാനുബ്‌നു അഫ്ഫാന്‍, ഉഖ്ബ, അല്‍ അലാഅ് അല്‍ ഹദ്‌റമി, അല്‍ അലാഅ്ബ്ന്‍ ഉഖ്ബ, അലിയ്യുബിന്‍ അബീത്വലിബ്, ഉമറുബ്‌നുല്‍ ഖത്വാബ്, അംറുബ്‌നുല്‍ ആസ്വ്, മുഹമ്മദ്ബ്‌നു മസ്‌ലമ, മുആദ്ബ്‌നു ജബല്‍, മുആവിയ, മഅ്‌നുബ്‌നു, അദിയ്യ്, മുഐഖിബ്, മുന്‍ദിര്‍, മുഹാജിര്‍, യസീദിബ്‌നു അബീസുഫ്‌യാന്‍ (റ) എന്നിങ്ങനെ വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി പ്രവാചകനില്‍ (സ) നിന്ന് ക്വുര്‍ആന്‍ വചനങ്ങള്‍ കേട്ടെഴുതിയ അറുപത്തഞ്ച് അനുചരന്‍മാരുടെ പട്ടിക ഡോ. മുഹമ്മദ് മുസ്തഫ അല്‍ അഅ്ദ്വമി തന്റെ പഠനത്തില്‍ വിവരിക്കുന്നുണ്ട്.(M.M Al Azami, “The History Of The Quranic Text – From Revelation To Compilation, A Comparative Study with the Old and New Testaments, Leicester, 2003, Page 68.)

വഹ്‌യ് അവതരിക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ഉടന്‍ തന്നെ പ്രാപ്തനായ ഒരു അനുചരനെ വിളിച്ച് അത് എഴുതിവെക്കാനാവശ്യപ്പെടുക മുഹമ്മദ് നബി(സ)യുടെ പതിവായിരുന്നു. പ്രവാചകന്റെ (സ) പള്ളിക്കടുത്ത് താമസിച്ചിരുന്നതിനാല്‍ സൈദ്ബ്‌നു ഥാബിത്തിന് (റ) പലപ്പോഴും പ്രവാചകനില്‍ (സ) നിന്ന് വഹ്‌യ് എഴുതിവെക്കുവാന്‍ കൂടുതല്‍ അവസരമുണ്ടായിരുന്നതായി അദ്ദേഹം തന്നെ അനുസ്മരിക്കുന്നുണ്ട്. എഴുതാന്‍ കഴിയാത്ത പ്രവാചകാനുചരന്‍മാര്‍ തോല്‍ച്ചുരുളുകളും ചര്‍മപടങ്ങളുമായി വന്ന് എഴുതാന്‍ കഴിയുന്നവരെക്കൊണ്ട് ക്വുര്‍ആന്‍ വചനങ്ങള്‍ എഴുതിപ്പിച്ച് വാങ്ങുന്ന പതിവുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന നിവേദനങ്ങളുണ്ട്.

വിശുദ്ധ ക്വുര്‍ആനിന്റെ അവതരണവും സംരക്ഷണവും മാത്രമല്ല ക്രോഡീകരണവും വിശദീകരണവുമെല്ലാം സര്‍വശക്തനായ അല്ലാഹു തന്നെ നിര്‍വഹിക്കുമെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ളതാണ്. ''തീര്‍ച്ചയായും അതിന്റെ (ക്വുര്‍ആന്റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക. പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.'' (ക്വുര്‍ആന്‍ 75:17-19) വ്യത്യസ്ത സാഹചര്യങ്ങളില്‍ അവതരിപ്പിക്കപ്പെടുന്ന അല്ലാഹുവിന്റെ വചനങ്ങള്‍ ക്വുര്‍ആനിലെ ഏത് അധ്യായത്തില്‍ എത്രാമത്തെ വചനങ്ങളായാണ് രേഖപ്പെടുത്തേണ്ടതെന്നുകൂടി ദൈവിക ബോധനത്തിന്റെ അടിസ്ഥാനത്തില്‍ നബി (സ) തന്നെ തന്റെ എഴുത്തുകാര്‍ക്ക് പറഞ്ഞുകൊടുക്കുമായിരുന്നു. സൂറത്തുകളെയും അവയിലെ ആയത്തുകളെയും അവയുടെ സ്ഥാനത്തെയുമെല്ലാം കുറിച്ച് പ്രവാചകാനുചരന്‍മാര്‍ക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന നിരവധി നിവേദനങ്ങളുണ്ട്. ഓരോ വചനവും അവതരിക്കപ്പെടുമ്പോള്‍ തന്റെ അനുയായികളായ ക്വുര്‍ആന്‍ എഴുത്തുകാരെ വിളിച്ച് അവ പാരായണം ചെയ്തു കേള്‍പ്പിക്കുകയും ഏത് അധ്യാത്തില്‍ എത്രാമത്തെ വചനമായാണ് അത് ചേര്‍ക്കേണ്ടതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നതായി നബി(സ)യുടെ ക്വുര്‍ആന്‍ എഴുത്തുകാരില്‍ പ്രധാനിയായ സൈദ്ബ്‌നു ഥാബിത് (റ) വ്യക്തമാക്കുന്നുണ്ട്.(ജാമിഉത്തിര്‍മിദി, കിതാബു തഫ്‌സീറില്‍ ക്വുര്‍ആന്‍, സുനനു അബീദാവൂദ്, കിതാബുസ്സ്വലാത്)

ക്വുര്‍ആനിലെ പതിനാറാമത്തെ അധ്യായമായ സൂറത്തുന്നഹ്‌ലിലെ തൊണ്ണൂറാമത്തെ വചനം പാരായണം ചെയ്തുകൊണ്ട് ജിബ്‌രീല്‍ ഇപ്പോള്‍ എന്റെയടുക്കല്‍ വന്ന് ഈ വചനം സൂറത്തുന്നഹ്‌ലില്‍ തൊണ്ണൂറാം സൂക്തമായി ചേര്‍ക്കണമെന്നു നിര്‍ദേശിച്ചതായി അപ്പോള്‍ പ്രവാചകനോടൊപ്പമുണ്ടായിരുന്ന ഉഥ്മാനുബ്‌നു അബില്‍ ആസ്വിനോട് പറഞ്ഞതായി മുസ്‌നദ് അഹ്മദ് നിവേദനം ചെയ്യുന്ന ഹദീഥ് ഓരോ സൂക്തങ്ങളും എവിടെ ചേര്‍ക്കണമെന്ന ദൈവിക നിര്‍ദേശമുണ്ടായിരുന്നുവെന്ന വസ്തുത വെളിപ്പെടുത്തുന്നതാണ്. 'സൂറത്തുനിന്നാഇലെ അവസാനത്തെ വചനങ്ങള്‍ താങ്കള്‍ക്ക് മതിയാവുന്നതാണ്' എന്ന് ഉമറി(റ)നോട് പ്രവാചകന്‍ (സ) പറഞ്ഞതില്‍നിന്നും.സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ഫറാഇദ് "സൂറത്തുല്‍ ബക്വറഃയിലെ അവസാനത്തെ രണ്ടു വചനങ്ങള്‍ രാത്രിയില്‍ പാരായണം ചെയ്യുന്നവര്‍ക്ക് അത് മതിയാകുന്നതാണ്' എന്ന അബൂ മസ്ഊദ് അല്‍ബദ്‌രി (റ) നിവേദനം ചെയ്ത നബിവചനത്തില്‍ നിന്നും(സ്വഹീഹുല്‍ ബുഖാരി, കിതാബു ഫദാഇലില്‍ ക്വുര്‍ആന്‍ എന്റെ അമ്മായിയായ മൈമൂന(റ)യുടെ വീട്ടില്‍ താമസിക്കുമ്പോള്‍ പ്രവാചകന്‍ (സ) രാത്രി ഉറക്കത്തില്‍ നിന്നെണീറ്റ് സൂറത്തു ആലുംറാനിലെ അവസാനത്തെ പത്തു വചനങ്ങള്‍ പാരായണം ചെയ്യുന്നതായി ഞാന്‍ കേട്ടുവെന്ന ഇബ്‌നു അബ്ബാസിന്റെ അനുഭവവിവരണത്തില്‍ നിന്നും(സ്വഹീഹു മുസ്‌ലിം, കിതാബുല്‍ വിദ്വൂഅ്, സ്വഹീഹു മുസ്‌ലിം, കിതാബുല്‍ മുസാഫിരീന്‍) വ്യക്തമാവുന്നത് ഏതെല്ലാം അധ്യായങ്ങളില്‍ എത്രാമത്തെ സൂക്തമാണ് ഓരോ ക്വുര്‍ആന്‍ സൂക്തങ്ങളുമെന്ന് സ്വഹാബിമാര്‍ക്കെല്ലാം കൃത്യമായി അറിയാമായിരുന്നുവെന്നാണ്.

മദീനാ ഇസ്‌ലാമിക രാഷ്ട്രത്തില്‍ ക്വുര്‍ആന്‍ മനഃപാഠമുള്ളവര്‍ ധാരാളമായി ഉണ്ടായിരുന്നതുപോലെ ക്വുര്‍ആന്‍ കയ്യെഴുത്ത് പ്രതികളും ധാരാളമായി ഉപയോഗിക്കപ്പെട്ടിരുന്നു. അതുകൊണ്ടാണല്ലോ ശത്രുക്കളുടെ നാട്ടിലേക്ക് ക്വുര്‍ആനുമായി യാത്ര ചെയ്യുന്നത് നബി (സ) നിരോധിച്ചത്.(സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ജിഹാദ്') മദീനയിലെ മുസ്‌ലിംകളില്‍ പലരുടെയും പക്കല്‍ ക്വുര്‍ആന്‍ രേഖപ്പെടുത്തിയ ചുരുളുകളുണ്ടായിരുന്നുവെന്നും അതുമായി ശത്രുനാട്ടിലേക്കു പോകുന്ന പതിവ് സ്വഹാബിമാര്‍ക്കുണ്ടായിരുന്നുവെന്നുമാണ് അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) നിവേദനം ചെയ്ത ഈ ഹദീഥ് വ്യക്തമാക്കുന്നത്. മദീനയില്‍ ക്വുര്‍ആന്‍ കയ്യെഴുത്ത് രേഖകള്‍ വ്യാപകമായിരുന്നുവെന്ന് തന്നെയാണ് ഇത് മനസ്സിലാക്കിത്തരുന്നത്.

അവതരിക്കപ്പെട്ട മുറയിൽ കാണാതെ പഠിച്ചും ലഭ്യമായ ചുരുളുകളിൽ എഴുതി സൂക്ഷിച്ചും എഴുത്ത് രൂപത്തിലും മനഃപാഠമായും സംരക്ഷിക്കപ്പെട്ട ഗ്രൻഥമാണ് ഖുർആൻ എന്നർത്ഥം. അന്ന് മുതൽ ഇന്ന് വരെ ഈ രണ്ട് രുപത്തിലും ക്വുർആൻ സംരക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

ക്രിസ്താബ്ദം 325-ല്‍ ചേര്‍ന്ന നിഖിയാ കൗണ്‍സില്‍ കാനോനികമായി അംഗീകരിച്ച കൃതികള്‍ മാത്രം നിലനിര്‍ത്തി ബാക്കി എല്ലാ ക്രൈസ്തവഗ്രന്ഥങ്ങളും ചുട്ടുകരിക്കുവാന്‍ സഭ ആഹ്വാനം നല്‍കി. ഉസ്മാന്‍(റ) തന്റെ നിര്‍ദേശപ്രകാരം തയാര്‍ ചെയ്യപ്പെട്ട ഖുര്‍ആന്‍ പ്രതികള്‍ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവയെല്ലാം ചുട്ടുകരിക്കാന്‍ കല്‍പിച്ചു. ഉസ്മാന്‍ ചെയ്തതും നിഖിയാ കൗണ്‍സില്‍ ചെയ്തതും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്?

വിടെ പരാമര്‍ശിക്കപ്പെട്ട സംഭവങ്ങളില്‍ 'കത്തിക്കുക'യെന്ന ക്രിയയാണ് ഇരുകൂട്ടരും ചെയ്തതെന്ന കാര്യമൊഴിച്ച് ബാക്കിയെല്ലാം തികച്ചും വ്യത്യസ്തമാണ്. രണ്ടു സംഭവങ്ങളും തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം.

 1. യേശുവിന് ശേഷം മൂന്നു നൂറ്റാണ്ടുകള്‍ക്കിടക്ക് പലരാലും രചിക്കപ്പെട്ട യേശുവിന്റെ ജീവിതത്തെയും സന്ദേശത്തെയും സംബന്ധിച്ച നാല്‍പതില ധികം ഗ്രന്ഥങ്ങളാണ് നിഖിയാ സൂനഹദോസ് കത്തിച്ചുകളഞ്ഞത്. മുഹമ്മദി(സ)നു ശേഷം രണ്ടു പതിറ്റാണ്ടിനിടക്ക് പലരും പകര്‍ത്തിയെഴുതിയ ഒരേ ഖുര്‍ആനിന്റെ വിവിധ ഏടുകളില്‍ ഉച്ചാരണ വ്യത്യാസത്തിന് ഇടയാക്കുന്നവയാണ് ഉസ്മാന്‍(റ) കത്തിച്ചുകളയാന്‍ ആവശ്യപ്പെട്ടത്.
 2. നിഖിയ കൗണ്‍സില്‍ കാനോനികമായി പ്രഖ്യാപിച്ച നാലു സുവിശേ ഷങ്ങളിലും അപ്പോസ്തല പ്രവര്‍ത്തനങ്ങളിലും ഇരുപത്തിയൊന്നു ലേഖനങ്ങളിലും വെളിപാടു പുസ്തകത്തിലുമുള്ള പരാമര്‍ശങ്ങള്‍ക്ക് വിരുദ്ധമായ പല പരാമര്‍ശങ്ങളുമുള്ളതുകൊണ്ടും അവ നല്‍കുന്ന യേശു ചിത്രത്തില്‍നിന്ന് തുലോം വ്യത്യസ്തമായ യേശുചിത്രമാണ് അവതരിപ്പിക്കുന്നത് എന്ന തുകൊണ്ടുമാണ് അപ്പോക്രിഫാ പുസ്തകങ്ങള്‍ കരിച്ചുകളയുവാന്‍ ആവശ്യപ്പെട്ടത്. വ്യത്യസ്ത ഉച്ചാരണരീതികളുള്ള പ്രാദേശികമൊഴികളില്‍ എഴുതപ്പെട്ട ഏടുകള്‍ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ സാരമായ വൈകല്യങ്ങള്‍ക്ക് നിമിത്തമാകാമെന്ന ഭയമാണ് ഉസ്മാനെ(റ) ഔദ്യോഗിക കൈയെഴുത്തുപ്രതികള്‍ തയാറാക്കാനും സ്വകാര്യ ഏടുകള്‍ നശിപ്പിക്കാനും പ്രേരിപ്പിച്ചത്.
 3. കരിച്ചുകളഞ്ഞ അപ്പോക്രിഫാ ഗ്രന്ഥങ്ങളിലെ ആശയങ്ങള്‍ അവ കരിച്ചുകളഞ്ഞതോടുകൂടി വിസ്മൃതമായി. സ്വകാര്യ ഏടുകളില്‍ എഴുതപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങള്‍തന്നെയായിരുന്നു ഔദ്യോഗിക പ്രതികളിലുമുണ്ടായിരുന്നത്. ഉച്ചാരണഭേദങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി സ്വകാര്യ ഏടുകള്‍ കത്തിച്ചുകളഞ്ഞുവെങ്കിലും അവയിലുണ്ടായിരുന്ന സൂക്തങ്ങള്‍ അതേ രീതിയില്‍തന്നെ ഇന്നുള്ള ഖുര്‍ആന്‍ കോപ്പികളിലുമുണ്ട്.
 4. നിഖിയാ കൗണ്‍സില്‍ തള്ളിക്കളഞ്ഞുവെങ്കിലും അപ്പോക്രിഫാ ഗ്രന്ഥങ്ങളില്‍ പലതും പിന്നീടും ക്രൈസ്തവ മനസ്സുകളില്‍ നിലനിന്നിരു ന്നു. അവയിലെ കഥകളില്‍ ചിലത് തലമുറകളില്‍നിന്ന് തലമുറകളിലേക്ക് പ്രേഷണം ചെയ്യപ്പെട്ടു. പതിനാറാം നൂറ്റാണ്ടില്‍ നടന്ന തെന്ത്രോസ് സൂനഹദോസാണ് ഇക്കാര്യത്തില്‍ അന്തിമ തീര്‍പ്പുകല്‍പിച്ചത്. 1540 ഏപ്രില്‍ എട്ടാം തീയതി നടന്ന സൂനഹദോസിന്റെ നാലാം സമ്മേളനം 'കാനോനിക ഗ്രന് ഥങ്ങളെക്കുറിച്ച്' എന്ന ഡിക്രിയിലൂടെ പഴയനിയമത്തില്‍ 45-ഉം പുതിയനിയമത്തില്‍ 27-ഉം പുസ്തകങ്ങളാണ് ഉള്ളതെന്ന് പ്രഖ്യാപിച്ചു. ഇതാണ് കാനോനിക ഗ്രന്ഥങ്ങളെക്കുറിച്ച സഭയുടെ അവസാനത്തെ വാക്ക്. എന്നാല്‍, ഉസ്മാന്‍(റ) ഔദ്യോഗികമായി ഖുര്‍ആന്റെ കോപ്പികളെടുത്ത് സ്വകാര്യ ഏടുകള്‍ നശിപ്പിച്ചതിനുശേഷം ഇന്നുവരെ പ്രസ്തുത കോപ്പികളില്‍ നിന്നാണ് മുസ്ഹഫ് പകര്‍ത്തപ്പെടുന്നത്. അതില്‍ ആരും വ്യത്യസ്തത പുലര്‍ത്തുന്നില്ല.
 5. യേശുവിനെക്കുറിച്ച് എഴുതപ്പെട്ട കാനോനികമല്ലാത്ത ഗ്രന്ഥങ്ങള്‍ കരിച്ചുകളയണമെന്ന് കല്‍പിച്ച നിഖിയാ സുനഹദോസിന്റെ അധ്യക്ഷന്‍ അന്നുവരെ യേശുവില്‍ വിശ്വസിക്കാത്ത കോണ്‍സ്റ്റന്‍ൈറന്‍ ചക്രവര്‍ത്തിയായിരുന്നു. സ്വകാര്യ കൈയെഴുത്തുപ്രതികള്‍ നശിപ്പിക്കുവാനും ഖുര്‍ആനിന്റെ ഔദ്യോഗിക പ്രതികളെ മാത്രം ആശ്രയിച്ച് പാരായണം ചെയ്യാനും നിര്‍ദേശിച്ച ഉസ്മാന്‍(റ) കറകളഞ്ഞ ഭക്തനും മുഹമ്മദി(സ)ന്റെ ജാമാതാവും അദ്ദേഹത്തോടൊപ്പം ആദര്‍ശ സംരക്ഷണത്തിനുവേണ്ടി നിരവധി യുദ്ധങ്ങളില്‍ പങ്കെടുത്ത വിശ്വാസിയുമായിരുന്നു.

ഇല്ല. സൈദുബ്‌നു സാബിത്ത്(റ) ക്രോഡീകരിച്ച മുസ്ഹഫ് ഖലീഫയായിരുന്ന അബൂബക്കറി(റ)ന്റെ കൈവശമായിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ മരണശേഷം രണ്ടാം ഖലീഫ ഉമറി(റ)ന്റെ കൈവശമായി. ഉമറി(റ)ന്റെ കാലശേഷം അദ്ദേഹത്തിന്റെ പുത്രിയും മുഹമ്മദ് നബിയുടെ(സ) പത്‌നിയുമായിരുന്ന ഹഫ്‌സ(റ)യുടെ കൈവശമായി മുസ്ഹഫിന്റെ സൂക്ഷിപ്പ്. ആദ്യം മുതലെ ഹഫ്‌സ(റ)യുടെ കൈവശമായി രുന്നു ഈ കോപ്പിയെന്നും അഭിപ്രായമുണ്ട്. പ്രസ്തുത പതിപ്പിന് ഖുര്‍ആനിന്റെ ഔദ്യോഗിക പതിപ്പിന്റെ സ്ഥാനമുണ്ടായിരുന്നുവെങ്കി ലും മറ്റു പല വ്യക്തികളുടെ കൈവശവും ഖുര്‍ആന്റെ ഏടുകളുണ്ടായിരുന്നു. പ്രവാചകന്റെ കാലത്ത് എഴുതപ്പെട്ടവയും ശേഷം പകര്‍ ത്തിയെഴുതിയതുമായ ഏടുകള്‍. എന്നാല്‍, ഈ രേഖകളെയൊന്നുമായിരുന്നില്ല സാധാരണ ജനങ്ങള്‍ പൊതുവായി തങ്ങളുടെ പഠനത്തിനും പാരായണത്തിനും ആശ്രയിച്ചിരുന്നത്. അവര്‍ അവര്‍ക്കിടയിലുണ്ടായിരുന്ന മനഃപാഠമാക്കിയ വ്യക്തികളെയും അവരില്‍നിന്ന് പകര്‍ത്തി യെഴുതിയ സ്വകാര്യ ഏടുകളെയുമായിരുന്നു ആശ്രയിച്ചിരുന്നത്.

മൂന്നാം ഖലീഫ ഉസ്മാനി(റ)ന്റെ ഭരണകാലം. ഹിജ്‌റ 23-ാം വര്‍ഷമായപ്പോഴേക്ക് ഇസ്‌ലാം കൂടുതല്‍ പ്രചരിക്കുകയും പുതിയ ഭൂപ്രദേശ ങ്ങള്‍ ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ വരുതിക്കുള്ളില്‍ വരികയും ചെയ്തു. അറബികളും അനറബികളുമായ ആയിരക്കണക്കിനാളുകള്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നു. അറബിഭാഷ അറിയാത്തവരുടെ ഇസ്‌ലാം ആശ്ലേഷം ഖുര്‍ആന്‍ പാരായണത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാക്കു ന്നതായി ചിലര്‍ ഉസ്മാന്റെ(റ) ശ്രദ്ധയില്‍ പെടുത്തി. അര്‍മീനിയ, അസര്‍ബൈജാന്‍ എന്നിവിടങ്ങളിലുണ്ടായ യുദ്ധങ്ങളുടെ അവസരത്തില്‍ പ്രസ്തുത പ്രദേശങ്ങളിലെ ജനങ്ങള്‍ ഒരുമിച്ചു കൂടിയപ്പോള്‍ ഖുര്‍ആന്‍ പാരായണത്തിന്റെ രീതിയിലും ഉച്ചാരണക്രമത്തിലും അവര്‍ വമ്പിച്ച വ്യത്യാസം വരുത്തുന്നത് കണ്ട പ്രവാചകാനുചരന്‍ ഇതിനൊരു പരിഹാരമുണ്ടാക്കണമെന്ന് ചിന്തിച്ചു. ഹുദൈഫ(റ)യായിരുന്നു ഈ പ്രശ്‌നം ഖലീഫയുടെ ശ്രദ്ധയില്‍പെടുത്തിയ ആദ്യ വ്യക്തികളില്‍ ഒരാള്‍. ഈ രൂപത്തില്‍ മുന്നോട്ടുപോയാല്‍ ഖുര്‍ആനിനെ സംബന്ധിച്ച് മുസ്‌ലിംകള്‍ക്കിടയില്‍ സാരമായ ഭിന്നിപ്പ് ഉടലെടുക്കാന്‍ കാരണമായേക്കുമെന്ന് ദീര്‍ഘദര്‍ശികളായ പ്രവാചകാനുചരന്മാര്‍ ശ്രദ്ധയില്‍പെടുത്തി. അനിവാര്യമായ നടപടികളുണ്ടാ വണമെന്ന് അവര്‍ ഖലീഫയോട് ആവശ്യപ്പെട്ടു.

ഉസ്മാന്‍ (റ) ഹഫ്‌സ(റ)യുടെ കൈവശമുണ്ടായിരുന്ന ഔദ്യോഗിക ഖുര്‍ആന്‍ പ്രതി കൊണ്ടുവരാന്‍ കല്‍പിച്ചു. ഇതിന്റെ പകര്‍പ്പുകള്‍ ശരിയായ ഖുറൈശി ഉച്ചാരണ രീതി പ്രകാരം തയാറാക്കുന്നതിനായി സൈദുബ്‌നു സാബിത്തി(റ)ന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തെ അദ്ദേഹം ചുമതലപ്പെടുത്തി. അറബിയുടെ ആധാര ഉച്ചാരണ രീതി ((standard pronunciation) യാണ് ഖുറൈഷി രീതി. അബ്ദുല്ലാഹിബ്‌നു സുബൈര്‍, സൈദുബ്‌നുല്‍ ആസ്വി, അബ്ദുറഹ്മാനുബ്‌നു ഹിശാം തുടങ്ങിയവരായിരുന്നു മറ്റ് അംഗങ്ങള്‍. ഹഫ്‌സ(റ)യുടെ കൈവശമുണ്ടായി രുന്ന ഔദ്യോഗിക മുസ്ഹഫിന്റെ ആധാര ഉച്ചാരണരീതി പ്രകാരമുള്ള പതിപ്പുകള്‍ തയാറാക്കുകയായിരുന്നു ഇവരുടെ ഉത്തരവാദിത്തം. അവര്‍ ഈ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ചു. ഹഫ്‌സയുടെ കൈവശമുണ്ടായിരുന്ന ഔദ്യോഗിക ഖുര്‍ആന്‍ പ്രതി സമാഹരിച്ച സൈദുബ്‌നുസാബിത്തുതന്നെ ഈ ഉത്തരവാദി ത്ത നിര്‍വഹണത്തിന് നേതൃത്വം നല്‍കിയിരുന്നതിനാല്‍ അബദ്ധങ്ങളൊന്നും പിണയാതെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാന്‍പ്രത്യേകം സാധിച്ചുവെന്ന് പറയാവുന്നതാണ്.

ഇങ്ങനെ തയാറാക്കിയ പ്രതികള്‍ ഈജിപ്ത്, ബസറ, കൂഫ, മക്ക, സിറിയ, യമന്‍, ബഹ്‌റൈന്‍ തുടങ്ങിയ നാടുകളിലേക്ക് അയച്ചുകൊടു ത്തു. അതിനു ശേഷം വ്യക്തികള്‍ സൂക്ഷിച്ചിരുന്ന എല്ലാ ഏടുകളും കത്തിച്ചുകളയാന്‍ ഖലീഫ ഉത്തരവ് നല്‍കി. ഈ ആധികാരിക കോപ്പി കള്‍ പ്രകാരം മാത്രമേ ഖുര്‍ആന്‍ പാരായണം പാടുള്ളുവെന്നും കല്‍പന നല്‍കി. ഉസ്മാന്‍(റ) കോപ്പികളെടുത്തു നല്‍കിയ മുസ്ഹഫുക ളുടെ പകര്‍പ്പുകളാണ് ഇന്ന് ലോക വ്യാപകമായി പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. പ്രസ്തുത ഒറിജിനല്‍ കോപ്പികള്‍ ഇന്നും നിലവിലുണ്ട്.

മുഹമ്മദ് നബി (സ)ക്ക് ശേഷം അബൂബക്കറും പിന്നെ ഉഥ് മാനുമെല്ലാം (റ) ഖുർആൻ എഴുതി സൂക്ഷിച്ചു. ഇന്ന് നമുക്ക് ലഭിക്കുന്നത് അവർ എഴുതിയ കോപ്പികളുടെ പകർപ്പ് മാത്രമാണ്; മുഹമ്മദ് (സ) എഴുതിയതോ അദ്ദേഹത്തിന്റെ കാലത്ത് എഴുതപ്പെട്ടതോ ആയ കോപ്പികളാണ്. കൃസ്തുവിന് ശേഷം അദ്ദേഹത്തിന്റെ അപ്പോസ്തലന്മാർ സുവിശേഷങ്ങൾ എഴുതിയത് പോലെത്തന്നെയല്ലേ ഇതും; എന്ത് വ്യത്യാസമാണുള്ളത് ? വളരെ വലിയ വ്യത്യാസങ്ങളുണ്ട്. അവ ഇങ്ങനെ സംഗ്രഹിക്കാം:

 1. യേശു 'സുവിശേഷം' പ്രസംഗിച്ചു(മാര്‍ക്കോസ് 1:14,15,8:35, 14:9, 10:29, മത്തായി 4:23)വെന്ന് ബൈബിളില്‍ പറയുന്നുണ്ടെങ്കിലും അദ്ദേഹ ത്തിന്റെ കാലത്ത് 'സുവിശേഷം' ഏതെങ്കിലും രൂപത്തില്‍ രേഖപ്പെടുത്തപ്പെട്ടിരുന്നതായി യാതൊരു തെളിവുമില്ല. ഖുര്‍ആനാ കട്ടെ മുഹമ്മദി(സ)ന്റെ കാലത്തുതന്നെ രേഖപ്പെടുത്തപ്പെട്ടിരുന്നു. വ്യത്യസ്ത ഏടുകളിലായി.
 2. യേശു പ്രസംഗിച്ച 'സുവിശേഷം' അദ്ദേഹത്തിന്റെ സമകാലികരില്‍ ആരെങ്കിലും പദാനുപദം മനഃപാഠമാക്കിവെച്ചിരുന്നില്ല. ഖുര്‍ആന്‍ മനഃപാഠമാക്കിയ നൂറുകണക്കിന് അനുചരന്മാരുണ്ടായിരുന്നു.
 3. മത്തായിയോ, മാര്‍ക്കോസോ, ലൂക്കോസോ, യോഹന്നാനോ എഴുതിയത് യേശു പ്രസംഗിച്ച സുവിശേഷമല്ല. യേശുവിന്റെ ജീവിതത്തെ ക്കുറിച്ച് തങ്ങള്‍ അറിഞ്ഞ കാര്യങ്ങളാണ് (ലൂക്കോസ് 1:1-4) ഖുര്‍ആന്‍ മുഹമ്മദി(സ)ന്റെ ജീവചരിത്രമല്ല, അദ്ദേഹത്തിന് പടച്ചതമ്പുരാന്‍ അവതരിപ്പിച്ച വേദഗ്രന്ഥമാണ്.
 4. സമൂഹത്തിന്റെ പ്രതിനിധിയായ ഖലീഫ ഉത്തരവാദപ്പെടുത്തിയതിനനുസരിച്ച് സൂക്ഷ്മമായി പരിശോധിച്ചുകൊണ്ടാണ് ഖുര്‍ആന്‍ സമാഹാരണം നടന്നത്. സമാഹര്‍ത്താവായിരുന്ന സൈദുബ്‌നു സാബിത്തിന്റെ വാക്കുകളില്‍ പ്രസ്തുത സമാഹരണത്തിന്റെ സൂക്ഷ്മത വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. ''ഏതെങ്കിലുമൊരു പര്‍വതത്തെ അതിന്റെ സ്ഥാനത്തുനിന്ന് മാറ്റാനാണ് അബൂബക്കര്‍ എന്നോട് ആവശ്യപ്പെട്ടിരുന്നതെങ്കില്‍ അതായിരുന്നു എനിക്ക് ഇതിനേക്കാള്‍ നിസ്സാരം''. സുവിശേഷങ്ങളാവട്ടെ, ഓരോരുത്തര്‍ തങ്ങളുടെ ഇച്ഛപ്രകാരം രചിച്ച ഗ്രന്ഥങ്ങളാണ്. അവരുടെ ലക്ഷ്യമാകട്ടെ, തങ്ങളുടെ മുന്നിലുള്ള സമൂഹത്തിന് ക്രിസ്തുവിനെ പരിച യപ്പെടുത്തുക മാത്രമായിരുന്നു. (Raymond E. Brown: Responses to 101 Questions on the Bible, Page 57-58)
 5. യേശുവിന് ശേഷം അഞ്ചു പതിറ്റാണ്ടെങ്കിലും കഴിഞ്ഞാണ് സുവിശേഷങ്ങള്‍ എഴുതപ്പെട്ടത്. ഹിജ്‌റ പന്ത്രണ്ടാം വര്‍ഷത്തിലാണ് - പ്രവാ ചക നിര്യാണത്തിന് രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം - ഖുര്‍ആന്‍ സമാഹരണത്തിനു തുടക്കം കുറിക്കപ്പെട്ടത്.
 6. യേശുവിന്റെ ശിഷ്യന്മാരല്ല സുവിശേഷങ്ങള്‍ രചിച്ചിട്ടുള്ളത്. മുഹമ്മദി(സ)ന്റെ ശിഷ്യന്മാരാണ് ഖുര്‍ആന്‍ സമാഹരിച്ചത്.സുവിശേഷ ങ്ങളുടെ രചനക്ക് ആധാരം യേശുവിനെ സംബന്ധിച്ച കേട്ടുകേള്‍വികള്‍ മാത്രമായിരുന്നു. ഖുര്‍ആന്‍ ക്രോഡീകരണത്തിന് പ്രവാചകന്‍(സ) തന്നെ പറഞ്ഞുകൊടുത്ത് എഴുതിപ്പിടിപ്പിച്ച ഏടുകളും പ്രവാചക നില്‍നിന്ന് നേരിട്ട് ഖുര്‍ആന്‍ കേട്ടു മനഃപാഠമാക്കിയ നൂറുകണക്കിന് അനുചരന്മാരുമായിരുന്നു അവലംബം.

മുഹമ്മദ് നബി(സ) യുടെ പിന്‍ഗാമിയായി ഇസ്‌ലാമിക സമൂഹത്തിന്റെ രാഷ്ട്രീയ നേതൃത്വമേറ്റെടുത്ത അബൂബക്‌റിെ(റ)ന്റ ഭരണകാല ത്താണ് വ്യത്യസ്തങ്ങളായ രേഖകളില്‍ എഴുതി സൂക്ഷിച്ചിരുന്ന ക്വുര്‍ആന്‍ വചനങ്ങളെല്ലാം ശേഖരിച്ച് രണ്ട് ചട്ടകള്‍ക്കുള്ളിലാക്കി പുസ്തകരൂപത്തില്‍ ക്രോഡീകരിക്കപ്പെട്ടത്. ക്വുര്‍ആന്‍ മനഃപാഠമുള്ളവര്‍ ജീവിച്ചിരിക്കുകയും എഴുതപ്പെട്ട രേഖകള്‍ അവശേഷിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് നബി(സ) ഇഹ ലോകവാസം വെടിയുന്നത്. അദ്ദേഹത്തിന്റെ ജീവിതകാലത്ത് ക്വുര്‍ആന്‍ രണ്ട് ചട്ടകള്‍ക്കുള്ളില്‍ ക്രോഡീകരിച്ച് പുസ്തക രൂപത്തിലാക്കു ക പ്രയാസകരമായിരുന്നു. മരണത്തിന് മുമ്പ് വരെ ദിവ്യബോധനങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നുവെന്ന് അനസു ബ്‌നു മാലിക്‌ (റ)നിവേ ദനം ചെയ്ത സ്വഹീഹുല്‍ ബുഖാരിയിൽ കിതാബു ഫദാഇലിലുള്ള ഹദീഥിലുണ്ട്. ക്വുര്‍ആനിന്റെ പൂര്‍ത്തീകരണത്തിന് ശേഷം മാത്രം ചെയ്യേണ്ട പുസ്തക രൂപത്തിലുള്ള ക്രോഡീകരണം നിര്‍വഹിക്കുവാന്‍ നബി(സ)യുടെ ജീവിതകാലത്ത് കഴിയുമായിരുന്നില്ല എന്നാണിത് വ്യക്തമാക്കുന്നത്.. എന്നാല്‍ പ്രവാചക നിര്‍ദേശപ്രകാരം മനഃപാഠമാക്കിയവര്‍ക്ക്, രണ്ട് ചട്ടകള്‍ക്കുള്ളിലെന്നത് പോലെത്തന്നെ, ക്വുര്‍ആന്‍ തുടക്കം മുതല്‍ ഒടുക്കം വരെ പൂര്‍ണമായി അറിയാമായിരുന്നു. നിലവിലുള്ള രേഖകള്‍ ശേഖരിച്ച് ക്വുര്‍ആന്‍ ഗ്രന്ഥരൂപത്തിലാക്കിയത് അത്തരക്കാരിലൂടെയായതി നാല്‍ തന്നെ പ്രവാചകന്‍(സ) പഠിപ്പിച്ച അതേ രൂപത്തിലും ക്രമത്തിലുമുള്ള ക്വുര്‍ആനാണ് പിന്‍തലമുറക്ക് ലഭിച്ചത്.

അബൂബക്‌റിെ(റ)ന്റ ഭരണകാലത്തെ ക്രോഡീകരണത്തിന് നേതൃത്വം നൽകിയത് പ്രമുഖ പ്രവാചകാനുചരനായ സൈദ്ബ്‌നു ഥാബിത്ത് ആയിരുന്നു. യമാമ യുദ്ധത്തില്‍ വെച്ച് ക്വുര്‍ആന്‍ മനഃപാഠമാക്കിയിട്ടുള്ള നിരവധിപേര്‍ കൊല്ലപ്പെട്ടപ്പോൾ 'ഇനിയും ഉണ്ടാകാനിരിക്കുന്ന യുദ്ധങ്ങളില്‍ ക്വുര്‍ആന്‍ അറിയാവുന്നവര്‍ മരണപ്പെട്ടാല്‍, അതുവഴി ക്വുര്‍ആന്‍ നഷ്ടപ്പെട്ടു പോകുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു' വെന്ന ഉമറ്ബ്‌നുല്‍ഖത്താബിന്റെ ‌(റ) ആശങ്കയാണ് അബൂബക്കറിനെ (റ) ക്വുർആനിന്റെ ഗ്രൻഥരൂപത്തിലുള്ള ക്രോഡീകരണത്തെപ്പറ്റി ചിന്തിപ്പിച്ചത്. അവർ രണ്ട് പേരും കൂടി പ്രവാചകന്റെ ക്വുർആൻ എഴുത്തുകാരിലൊരാളും സ്വഹാബീപ്രമുഖനുമായ സൈദ് ബ്നു ഥാബിത് (റ) വിനെ ആ ചുമതലയേൽപ്പിക്കുകയും അദ്ദേഹം ഈത്തപ്പനയോലകളിലും ശുഭ്രശിലകളിലുമുള്ള കയ്യെഴുത്ത് രേഖകളില്‍ നിന്നും മനഃപാഠമുള്ളവരില്‍ നിന്നുമായി ഖുർആൻ ആയത്തുകൾ ശേഖരിക്കുകയും രണ്ട് ചട്ടകൾക്കിടയിലുള്ള ഒരു ഗ്രന്ഥാമായി അവ എഴുതി രേഖപ്പെടുത്തുകയും ചെയ്തു. അങ്ങനെ പൂര്‍ത്തീകരിക്കപ്പെട്ട ക്വുര്‍ആനിന്റെ കയ്യെഴുത്ത് രേഖ തന്റെ മരണം വരെ അബൂബക്‌റിന്റെ (റ)കൈവശമാണുണ്ടായിരുന്നതെന്നും അതിനുശേഷം തന്റെ മരണം വരെ ഉമറിന്റെ (റ)കൈവശവും അതിനു ശേഷം അദ്ദേഹത്തിന്റെ മകളായ (പ്രവാചകപത്‌നി) ഹഫ്‌സയുടെ കൈവശവുമാണ് അത് ഉണ്ടായിരുന്നതെന്നും സ്വഹീഹുല്‍ ബുഖാരിയിലെ കിതാബു ഫദാഇലില്‍ ക്വുര്‍ആന്‍ എന്ന അധ്യായത്തിൽ സൈദ്ബ്‌നു ഥാബിത്തിൽ നിന്ന് തന്നെ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.

പ്രവാചകവിയോഗത്തിനു ശേഷം ഇരുപത്തിയേഴ് മാസം മാത്രം ഭരിച്ച അബൂബക്‌റിന്റെ (റ)ഭരണ കാലത്ത് തന്നെ രണ്ട് ചട്ടകള്‍ക്കുള്ളി ലായി ക്വുര്‍ആന്‍ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. അത് നിര്‍വഹിച്ചതാകട്ടെ പ്രവാചകനില്‍(സ) നിന്ന് നേര്‍ക്കു നേരെ ക്വുര്‍ആന്‍ കേള്‍ക്കുവാനും മനഃപാഠമാക്കുവാനും ഏറ്റവും അധികം അവസരമുണ്ടായിരുന്ന വ്യക്തിയും നബി(സ)യുടെ എഴുത്തു കാരില്‍ പ്രമുഖനുമായ സൈദ് ബ്‌നു ഥാബിത്തും!(റ) . ഇതെല്ലാം നടക്കുന്നത് പ്രവാചക വിയോഗത്തിനു ശേഷം കേവലം ആറ് മാസം മാത്രം കഴിഞ്ഞു നടന്ന യമാമ യുദ്ധത്തിനു തൊട്ടുടനെയാണ്. ക്വുര്‍ആന്‍ മനഃപാഠമുള്ളവരില്‍ നിന്ന് കേള്‍ക്കുവാനും പകര്‍ത്തുവാനും, അവ എത്രത്തോളം ലഭ്യമാ യ കയ്യെഴുത്തു രേഖകളുമായി സാമ്യം പുലര്‍ത്തുന്നുണ്ടെന്ന് പരിശോധിക്കുവാനുമെല്ലാം കഴിയുന്ന ഊര്‍ജസ്വലനും സത്യസന്ധനുമായ വ്യക്തിയെത്തന്നെയായിരുന്നു.. സ്വന്തം മനഃപാഠത്തെയോ ജീവിച്ചിരിക്കുന്ന മറ്റു ക്വുര്‍ആന്‍ അറിയുന്നവരുടെ മനഃപാഠത്തെയോ മാത്രം ആശ്രയിക്കുകയല്ല, അവര്‍ മനഃപാഠമാക്കിയ കാര്യങ്ങള്‍ പ്രവാചകന്റെ കാലത്ത് എഴുതപ്പെട്ട രേഖകളിലേതി ലെങ്കിലുമുണ്ടോയെന്ന് പരിശോധിക്കുകകൂടി ചെയ്തതിനു ശേഷമാണ് അദ്ദേഹം ക്വുര്‍ആന്‍ ക്രോഡീകരിച്ചത്.

പലരുടെയും മനഃപാഠത്തി ലുണ്ടായിരുന്നുവെങ്കിലും സൂറത്തുത്തൗബയിലെ അവസാനത്തെ രണ്ട് വചനങ്ങള്‍ എഴുത്ത് രേഖകളിലൊന്നും കണ്ടെത്താനായില്ലെന്നും അത് കണ്ടെത്തുന്നത് വരെ തന്റെ അന്വേഷണം തുടര്‍ന്നുവെന്നും അബൂ ഖുസൈമത്തല്‍ അന്‍സ്വാരിയുടെ പക്കല്‍ നിന്ന് അവകൂടി കണ്ടെത്തിയ ശേഷമാണ് തന്റെ ക്രോഡീകരണദൗത്യം അവസാനിപ്പിച്ചതെന്നും സൈദ് ബ്‌നു ഥാബിത്ത്‌ (റ) തന്നെ നട്ട സൂചിപ്പിച്ച ഹദീഥിൽ പറയുന്നുണ്ട്. പ്രവാചകവിയോഗത്തിന് ശേഷം ആറ് മാസം കഴിഞ്ഞ ഉടനെത്തന്നെ തികച്ചും വിശ്വസ്തനും സത്യസന്ധനും പ്രവാചകനില്‍ നിന്ന് ക്വുര്‍ആന്‍ കേട്ടെഴുതുകയും മനഃപാഠമാക്കുകയും ചെയ്ത വ്യക്തിയുമായ സൈദ് ബ്‌നു ഥാബിത്തിലൂടെ രണ്ട് ചട്ടകള്‍ക്കകത്തായി ക്വുര്‍ആന്‍ ക്രോഡീകരിക്കപ്പെടുകയും അത് പ്രവാചകാനുചരന്മാരുള്‍ക്കൊള്ളുന്ന മുസ്‌ലിം സമൂഹം മൊത്തത്തില്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട് എന്നര്‍ഥം.

അബൂബക്‌റിെ(റ)ന്റ ഭരണകാലത്ത് രണ്ട് ചട്ടകള്‍ക്കുള്ളിലായി ക്രോഡീകരിക്കപ്പെട്ട ക്വുര്‍ആനിനെ അത് നിര്‍വഹിച്ച സൈദ്ബ്‌നു ഥാബിത്ത് വിളിച്ചിരിക്കുന്നത് 'സുഹുഫ്' (സ്വഹീഹുല്‍ ബുഖാരി, കിതാബു ഫദാഇലില്‍ ക്വുര്‍ആന്‍) എന്നാണ്. ഇബ്‌റാഹീമിനും മൂസായ്ക്കും നല്‍കപ്പെട്ട ഏടുകളെക്കുറിക്കുവാന്‍ ക്വുര്‍ആന്‍ (87:19) ഉപയോഗിച്ച അതേ പ്രയോഗം. താന്‍ മരണപ്പെടുമ്പോള്‍ തന്റെ പിന്‍ഗാമിയായ ഉമറിെ(റ)ന നിര്‍ദേശിച്ചതോടൊപ്പം തന്നെ ഈ 'സുഹുഫ്'അബൂബക്കർ (റ) ഉമറി(റ)നെ ഏല്‍പിക്കുകയും ചെയ്തു. പത്ത് വര്‍ഷക്കാലം ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഉന്നതാധികാരിയായി സേവനമനുഷ്ഠിച്ച ഉമറി(റ)ന്റെ ഭരണകാലത്ത് ഈ ക്വുര്‍ആന്‍ കോപ്പി അദ്ദേഹം സൂക്ഷിക്കുകയും ഒപ്പം തന്നെ രാഷ്ട്രത്തിലുടനീളം ക്വുര്‍ആന്‍ പഠിപ്പിക്കുവാനും പ്രചിരിപ്പിക്കുവാനുമാവശ്യമായ സംവിധാനങ്ങളൊരുക്കുകയും ചെയ്തു. ബസ്വറയിലേക്കും കൂഫയിലേക്കും ഹിംസിലേക്കും ദമസ്‌കസിലേക്കും ഫലസ്തീനിലേക്കുമെല്ലാം ക്വുര്‍ആന്‍ പഠിപ്പിക്കുവാനായി വ്യത്യസ്ത പ്രവാചകാനുചരന്മാരെ ഉമർ (റ) പറഞ്ഞയച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ശമ്പളം കൊടുത്തതും അല്ലാതെയുമെല്ലാം പലരെയും അദ്ദേഹം കുട്ടികൾക്കും മുതിർന്നവർക്കും ക്വുർആൻ പഠിപ്പിക്കാനായി ചുമതലപ്പെടുത്തത്തിയതായി കാണാൻ കഴിയും.

പേര്‍ഷ്യന്‍ ക്രൈസ്തവനായ അബൂലുഅ്‌ലുഅയുടെ കുത്തേറ്റ് മരണാസന്നനായി കിടന്നപ്പോള്‍ തന്റെ പിന്‍ഗാമിയായി ആരെയും നിശ്ചയിക്കാതിരിക്കുകയും രാഷ്ട്രനേതാവിനെ തെരഞ്ഞെടുക്കേണ്ടതെങ്ങനെയെന്ന തന്റെ വീക്ഷണം മാത്രം സമൂഹത്തിന് മുന്നില്‍ വെക്കുകയും ചെയ്ത ഉമര്‍,(റ) വിശുദ്ധ ക്വുര്‍ആനിന്റെ കയ്യെഴുത്ത് പ്രതിയായ 'സുഹുഫ്' തന്റെ പുത്രിയും പ്രവാചക പത്‌നിയുമായ ഹഫ്‌സയെ (റ) ഏല്‍പിച്ചുകൊണ്ടാണ് ഇഹലോകവാസം വെടിഞ്ഞത്. പ്രസ്തുത കോപ്പിയെ ആധാരമാക്കിയാണ് ഉഥ്മാൻ (റ) കാലത്ത് ഖുർആൻ കോപ്പികളെടുക്കുകയും പ്രവിശ്യാ തലസ്ഥാനങ്ങളിലേക്ക് കൊടുത്തയാക്കുകയും ചെയ്തത്.

ഈ ചോദ്യത്തിന് 'അതെ'യെന്നും 'ഇല്ല'യെന്നും ഉത്തരം പറയാം. ഒരു ഗ്രന്ഥം ക്രോഡീകരിക്കുകയെന്നു പറയുമ്പോള്‍ എന്താണ് അര്‍ഥമാ ക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഈ ചോദ്യത്തിന്റെ ഉത്തരം. ആദ്യം മുതല്‍ അവസാനം വരെയുള്ള അധ്യായങ്ങള്‍ ഏതെല്ലാമാ ണെന്നും അവയിലെ വാക്യങ്ങള്‍ ഏതെല്ലാമാണെന്നും വ്യക്തമായി പറഞ്ഞുകൊടുക്കുകയും അതുപ്രകാരം തന്റെ അനുയായികളില്‍ നല്ലൊരു ശതമാനത്തെക്കൊണ്ട് മനഃപാഠമാക്കിക്കുകയും ചെയ്യുന്നതുകൊണ്ട് ഒരു ഗ്രന്ഥം ക്രോഡീകരിക്കപ്പെട്ടുവെന്ന് പറയാമെങ്കില്‍ മുഹമ്മദി(സ)ന്റെ കാലത്തുതന്നെ ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെട്ടുവെന്ന്  പറയാവുന്നതാണ്. എന്നാല്‍, രണ്ടു പുറംചട്ടകള്‍ക്കുള്ളില്‍ ഗ്രന്ഥത്തിലെ എല്ലാ അധ്യായങ്ങളും തുന്നിച്ചേര്‍ത്തുകൊണ്ട് പുറത്തിറക്കുകയാണ് ക്രോഡീകരണം കൊണ്ടുള്ള വിവക്ഷയെങ്കില്‍ ഖുര്‍ആന്‍ മുഹമ്മദി(സ)ന്റെ ജീവിതകാലത്ത് ക്രോഡീകരിക്കപ്പെട്ടിട്ടില്ല എന്നും പറയാവുന്നതാണ്.

പ്രവാചകന്റെ ജീവിതകാലത്തിനിടയില്‍ ഖുര്‍ആന്‍ ക്രോഡീകരിക്കുക അസാധ്യമായിരുന്നുവെന്നതാണ് വാസ്തവം. ഖുര്‍ആന്‍ അവതരണത്തിന്റെ ശൈലി നമുക്കറിയാം.'ജിബ്‌രീല്‍ വരുന്നു. ഖുര്‍ആന്‍ സൂക്തങ്ങള്‍ ഓതികേള്‍പ്പിക്കുന്നു. അത് ഏത് അധ്യായത്തില്‍ എത്രാമത്തെ വാക്യമായി ചേര്‍ക്കണമെന്ന് നിര്‍ദേശിക്കുന്നു'. ഇതായിരുന്നുവല്ലോ രൂപം. വിവിധ സന്ദര്‍ഭങ്ങളില്‍ അവതരിപ്പിക്കപ്പെട്ട സൂക്തങ്ങള്‍ കാലഗണനയനുസരിച്ചല്ല അധ്യായങ്ങളായി സമാഹരിക്കപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ അവസാനത്തെ സൂക്തം കൂടി അവതരിപ്പിച്ചു കഴിഞ്ഞതിനുശേഷമേ അവസാനമായി ഖുര്‍ആന്‍ ക്രോഡീകരിച്ച് ഗ്രന്ഥമാക്കുവാന്‍ കഴിയുമായിരുന്നുള്ളൂ. പ്രവാചകന്റെ വിയോഗത്തിന് ഒമ്പത് ദിവസങ്ങള്‍ക്കുമുമ്പാണ് അവസാനത്തെ ഖുര്‍ആന്‍ സൂക്തം അവതരിപ്പിക്കപ്പെട്ടത്. ഈ ഒമ്പത് ദിവസങ്ങള്‍ക്കിടക്ക് അത് ഗ്രന്ഥരൂപത്തിലാക്കുക പ്രയാസകരമാണെന്ന് പറയേണ്ടതില്ലല്ലോ. ഖുര്‍ആന്‍ പൂര്‍ണമായും മനഃപാഠമാക്കിയ ഒട്ടനവധി അനുചരന്മാര്‍ ഉണ്ടായിരുന്നതുകൊണ്ടും തുകല്‍ ചുരുളുകളിലും മറ്റു പല വസ്തുക്കളിലുമായി ഖുര്‍ആന്‍ മുഴുവനായി എഴുതിവെച്ചിരുന്നുവെന്നതുകൊണ്ടും ഖുര്‍ആനിനെ സംരക്ഷിക്കുകയെന്നത് പടച്ചതമ്പുരാന്‍തന്നെ ഒരു ബാധ്യതയായി ഏറ്റെടുത്തതു കൊണ്ടും അതൊരു പുസ്തക രൂപത്തിലാക്കാതിരുന്നത് ഒരു വലിയ പ്രശ്‌നമായി പ്രവാചകന്‍(സ) കരുതിയിരുന്നില്ല എന്നുപറയുന്നതാവും ശരി.

ഖുര്‍ആന്‍ അവതരണത്തോടൊപ്പംതന്നെ ക്രോഡീകരണവും നടന്നിരുന്നു. വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ച പടച്ചതമ്പുരാന്‍തന്നെ അതിന്റെ ക്രോഡീകരണം തന്റെ ബാധ്യതയായി ഏറ്റെടുത്തിരിക്കുന്നുവെന്നതാണ് വാസ്തവം. അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും അതിന്റെ (ഖുര്‍ആന്റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക'' (75:17,18).

മുഹമ്മദി(സ)ന് ഓരോ സൂക്തവും അവതരിപ്പിക്കപ്പെടുമ്പോള്‍ അത് എത്തിച്ചുകൊടുക്കുന്ന ജിബ്‌രീല്‍(റ)തന്നെ അത് ഏത് അധ്യായത്തില്‍ എത്രാമത്തെ വാക്യമായി ചേര്‍ക്കേണ്ടതാണെന്നുകൂടി അദ്ദേഹത്തെ അറിയിച്ചിരുന്നു. ഖുര്‍ആന്‍ എഴുതിവെക്കുന്നതിനുവേണ്ടി സന്നദ്ധ രായ പ്രവാചകാനുചരന്മാര്‍ 'കുത്താബുല്‍ വഹ്‌യ്' (ദിവ്യബോധനത്തിന്റെ എഴുത്തുകാര്‍) എന്നാണ് അറിയപ്പെട്ടിരുന്നത്. അന്‍സാറുക ളില്‍പെട്ട ഉബയ്യ്ബ്‌നു കഅ്ബ്, മുആദുബ്‌നു ജബല്‍, സൈദുബ്‌നുസാബിത്ത്, അബൂസൈദ്(റ) എന്നിവരായിരുന്നു അവരില്‍ പ്രധാനികള്‍. തുകല്‍ കഷ്ണങ്ങളിലായിരുന്നു അവര്‍ പ്രധാനമായും ഖുര്‍ആന്‍ എഴുതിവെച്ചിരുന്നത്. പ്രവാചക(സ)ന്ന് ഏതെങ്കിലും സൂക്തം അവതരിപ്പിക്കപ്പെട്ടാല്‍ അദ്ദേഹം ഈ എഴുത്തുകാരെ വിളിക്കും. ജിബ്‌രീല്‍ അദ്ദേഹത്തോട് നിര്‍ദേശിച്ച ക്രമം അദ്ദേഹം എഴുത്തുകാരോട് പറയും. അഥവാ ഈ സൂക്തങ്ങള്‍ ഏത് അധ്യായത്തില്‍ എത്രാമത്തെ വചനങ്ങളായി ചേര്‍ക്കണമെന്നും നിര്‍ദേശം നല്‍കും. ഇതു പ്രകാരം അവര്‍ എഴുതിവെക്കും. ഇങ്ങനെ, പ്രവാചക(സ)ന്റെ കാലത്തുതന്നെ -ഖുര്‍ആന്‍ അവതരണത്തോടൊപ്പം തന്നെ- അതിന്റെ ക്രോഡീകരണവും നടന്നിരുന്നുവെന്നതാണ് വാസ്തവം.

ഇവ്വിഷയകമായി നിവേദനം ചെയ്യപ്പെട്ട ഏതാനും ഹദീസുകള്‍ കാണുക: ഉസ്മാന്‍(റ) നിവേദനം ചെയ്യുന്നു: ''ദൈവദൂതന് (സ) ഒരേ അവസ രത്തില്‍ വിവിധ അധ്യായങ്ങള്‍ അവതരിക്കാറുണ്ടായിരുന്നു. അങ്ങനെ അവതരിപ്പിക്കപ്പെട്ടാല്‍ അദ്ദേഹം എഴുത്തുകാരെ വിളിച്ച് ഈ ആയത്തുകള്‍ ഇന്ന വിഷയം പ്രതിപാദിക്കുന്ന ഇന്ന സൂറത്തില്‍ രേഖപ്പെടുത്തുകയെന്ന് കല്‍പിക്കുമായിരുന്നു'' (തുര്‍മുദി, അഹ്മദ്).

''ജിബ്‌രീല്‍ എല്ലാ വര്‍ഷവും പ്രവാചക(സ)ന് ഒരു പ്രാവശ്യം ഖുര്‍ആന്‍ കേള്‍പ്പിക്കാറുണ്ടായിരുന്നു. അദ്ദേഹം മരണപ്പെട്ട വര്‍ഷത്തിലാകട്ടെ രണ്ടു പ്രാവശ്യം കേള്‍പ്പിക്കുകയുണ്ടായി'' (ബുഖാരി).

ഓരോ സൂക്തവും അവതരിപ്പിക്കപ്പെടുമ്പോള്‍തന്നെ അത് ഏത് സൂറത്തിലെ എത്രാമത്തെ വാക്യമാണെന്ന ദൈവിക നിര്‍ദേശമുണ്ടാവുന്നു. അത് പ്രകാരം എഴുതിവെക്കാന്‍ പ്രവാചകന്‍(സ) എഴുത്തുകാരോട് നിര്‍ദേശിക്കുന്നു. എല്ലാ വര്‍ഷവും ജിബ്‌രീല്‍(റ) വന്ന് അതുവരെ അവതരിപ്പിക്കപ്പെട്ട സൂക്തങ്ങള്‍ ക്രമത്തില്‍ ഓതിക്കേള്‍പ്പിക്കുന്നു. അത് പ്രവാചകന്‍ (സ) കേള്‍ക്കുന്നു. ശേഷം പ്രവാചകന്‍ ജിബ്‌രീലിനെ ഓതികേള്‍പ്പിക്കുന്നു. അങ്ങനെ ഖുര്‍ആനിന്റെ ക്രമത്തിന്റെ കാര്യത്തിലുള്ള ദൈവിക നിര്‍ദേശം പൂര്‍ണമായി പാലിക്കാന്‍ പ്രവാചകന് (സ) സാധിച്ചിരുന്നു. 'തീര്‍ച്ചയായും അതിന്റെ സമാഹരണവും പാരായണവും നമ്മുടെ ബാധ്യതയാകുന്നു''(75:17)വെന്ന ദൈവിക സൂക്തത്തിന്റെ സത്യസന്ധമായ പുലര്‍ച്ചയാണ് നമുക്കിവിടെ കാണാന്‍ കഴിയുന്നത്.

ല്ല. വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും ഒറ്റപ്രാവശ്യമായിട്ടല്ല, അല്‍പാല്‍പമായിട്ടാണ് അവതരിപ്പിക്കപ്പെട്ടത്. നീണ്ട ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കിടയ്ക്കായി വ്യത്യസ്ത സാഹചര്യങ്ങളിലായിട്ടാണ് അതിലെ സൂക്തങ്ങളുടെ അവതരണം നടന്നത്. പ്രവാചകന് ലഭിച്ചുകൊ ണ്ടിരുന്ന ദിവ്യബോധനത്തിന് നിര്‍ണിതമായ ഇടവേളകളൊന്നുമുണ്ടായിരുന്നില്ല. ഒരു ദിവസംതന്നെ ഒന്നിലധികം തവണ ദിവ്യബോധനം ലഭിച്ച സന്ദര്‍ഭങ്ങളുണ്ട്. ചിലപ്പോള്‍ ചില വചനങ്ങള്‍ മാത്രമാണ് അവതരിപ്പിക്കപ്പെടുക. ഏതെങ്കിലുമൊരു അധ്യായത്തില്‍ പ്രത്യേക ഭാഗത്ത് ചേര്‍ക്കുവാന്‍ വേണ്ടി നിര്‍ദേശിക്കപ്പെട്ട വചനങ്ങള്‍ മുഴുവനായി ഒറ്റസമയംതന്നെ അവതരിപ്പിക്കപ്പെട്ട അധ്യായങ്ങളുമുണ്ട്. അവസരങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കുമനുസരിച്ച് അവതരിപ്പിക്കപ്പെട്ട ഒരുപാട് സൂക്തങ്ങളുടെ സമുച്ചയമാണ് ഖുര്‍ആന്‍.

മുഹമ്മദി(സ)ന്റെ കാലത്തുതന്നെ അവിശ്വാസികള്‍ ചോദിച്ചിരുന്ന ഒരു ചോദ്യമായിരുന്നു ഇത്.ഖുര്‍ആന്‍ പറയുന്നതു കാണുക: ''സത്യനി ഷേധി കള്‍ പറഞ്ഞു. ഇദ്ദേഹത്തിന് ഖുര്‍ആന്‍ ഒറ്റത്തവണയായി ഇറക്കപ്പെടാത്തതെന്താണെന്ന്. അത് അപ്രകാരം (ഘട്ടങ്ങളിലായി അവത രിപ്പിക്കുക)തന്നെയാണ് വേണ്ടത്. അതുകൊണ്ട് നിന്റെ ഹൃദയത്തെ ഉറപ്പിച്ചുനിര്‍ത്താന്‍വേണ്ടിയാകുന്നു. ശരിയായ സാവകാശത്തോടെ നാമത് പാരായണം ചെയ്ത് കേള്‍പിക്കുകയും ചെയ്തിരിക്കുന്നു''(25:32).

''നീ ജനങ്ങള്‍ക്ക് സാവകാശത്തില്‍ ഓതിക്കൊടുക്കേണ്ടതിനായി ഖുര്‍ആനെ നാം (പല ഭാഗങ്ങളായി) വേര്‍തിരിച്ചിരിക്കുന്നു. നാം അതിനെ ക്രമേണയായി ഇറക്കുകയും ചെയ്തിരിക്കുന്നു''(17:106).

ഈ സൂക്തങ്ങളില്‍നിന്ന് എന്തുകൊണ്ടാണ് ഖുര്‍ആന്‍ ഒന്നിച്ച് ഗ്രന്ഥരൂപത്തില്‍ അവതരിപ്പിക്കാതിരുന്നതെന്ന് നമുക്ക് മനസ്സിലാകുന്നു. അവസാന നാളുവരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും മാര്‍ഗദര്‍ശനം നല്‍കേണ്ട വേദഗ്രന്ഥമാണ് ഖുര്‍ആന്‍. അതു തോറെയെപ്പോലെ കേവലം കുറെ നിയമങ്ങളുടെ സംഹിതയല്ല. വിശ്വാസ പരിവര്‍ത്തനത്തിലൂടെ ഒരു സമൂഹത്തെ എങ്ങനെ വിമലീകരിക്കാമെന്ന് പ്രായോ ഗികമായി കാണിച്ചുതരുന്ന ഗ്രന്ഥമാണത്. ഖുര്‍ആനിന്റെ അവതരണത്തിനനുസരിച്ച് പരിവര്‍ത്തിതമായിക്കൊണ്ടിരുന്ന ഒരു സമൂഹത്തി ന്റെ ചിത്രം നമ്മുടെ മുന്നിലുണ്ട്. ഈ ചിത്രം കൂടി ഉപയോഗിച്ചുകൊണ്ടാണ് ഓേരാ സൂക്തത്തിന്റെയും പൂര്‍ണമായ ഉദ്ദേശ്യം നാം മനസ്സി ലാക്കുന്നത്. ഒറ്റയടിക്കാണ് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടതെങ്കില്‍ ഈ രൂപത്തില്‍ നമുക്ക് അത് മനസ്സിലാക്കുവാന്‍ കഴിയുകയില്ലായി രുന്നു. അത് നൂറുശതമാനം പ്രായോഗികമായ ഒരു ഗ്രന്ഥമാണെന്ന് പറയുവാനും സാധിക്കുമായിരുന്നില്ല. വളര്‍ന്നുകൊ ണ്ടിരുന്ന ഒരു സമൂ ഹത്തിന് ഘട്ടങ്ങളായി നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളെന്ന നിലയ്ക്ക് -പ്രസ്തുത മാര്‍ഗനിര്‍ദേശങ്ങള്‍ക്കൊപ്പം ആ സമൂഹം മാറിക്കൊണ്ടിരു ന്നു -അത് പൂര്‍ണമായും പ്രായോഗികമാണെന്ന് നമുക്ക് ഉറപ്പിച്ചുപറയുവാനാകും.

ഖുര്‍ആന്‍ ഘട്ടങ്ങളായി അവതരിപ്പിക്കപ്പെട്ടതുകൊണ്ടുള്ള ഗുണങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.

 1. ദീര്‍ഘകാലമായി സമൂഹത്തില്‍ നിലനിന്നിരുന്ന ദുരാചാരങ്ങളും അധാര്‍മികതകളും ഒറ്റയടിക്ക് നിര്‍ത്തലാക്കുക പ്രയാസകരമാണ്. ഘട്ടങ്ങളായി മാത്രമേ അവ നിര്‍ത്തല്‍ ചെയ്യാനാകൂ. താല്‍ക്കാലിക നിയമങ്ങള്‍ വഴി പ്രസ്തുത പ്രവര്‍ത്തനങ്ങളില്‍നിന്ന് ജനങ്ങളെ ക്രമേണ അകറ്റിക്കൊണ്ട് അവസാനം സ്ഥിരമായ നിയമങ്ങള്‍ നടപ്പില്‍വരുത്തുകയാണ് പ്രായോഗികം. ഇതിന് ഘട്ടങ്ങളായുള്ള അവതരണം സൗകര്യം നല്‍കുന്നു.
 2. ജനങ്ങളില്‍നിന്നും ഉയര്‍ന്നുവരുന്ന സംശയങ്ങള്‍ക്കും അപ്പപ്പോഴുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്കും തദവസരത്തില്‍തന്നെ പരിഹാരമുണ്ടാ വുന്നരീതിയില്‍ ദൈവിക സന്ദേശങ്ങള്‍ ലഭിക്കുന്നത് പ്രബോധിത ജനതയില്‍ കൂടുതല്‍ ഫലപ്രദമായ പരിവര്‍ത്തനങ്ങളുണ്ടാവുന്നതിന് നിമിത്തമാകുന്നു.
 3. ഒറ്റപ്രാവശ്യമായി അവതരിപ്പിക്കപ്പെടുന്ന പക്ഷം അതിലെ നിയമനിര്‍ദേശങ്ങള്‍ ഒരൊറ്റ ദിവസംതന്നെ നടപ്പിലാക്കേണ്ടതായി വരും. അത് പ്രയാസകരമാണെന്ന് പറയേണ്ടതില്ലല്ലോ. ഘട്ടങ്ങളായുള്ള അവതരണം വഴി ഈ പ്രയാസം ഇല്ലാതാക്കുവാനും ക്രമേണ പൂര്‍ണ മായി വിമലീകരിക്കപ്പെട്ട ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുവാനും സാധിക്കുന്നു.
 4. ഇടയ്ക്കിടക്ക് ദൈവിക ബോധനം ലഭിക്കുന്നത് പ്രവാചകന് മനഃസമാധാനവും ഹൃദയദാര്‍ഢ്യവുമുണ്ടാവുന്നതിന് കാരണമാവുന്നു.
 5. നിരക്ഷരനായ മുഹമ്മദി(സ)ന് ഖുര്‍ആന്‍ പഠിക്കുവാനും മനഃപാഠമാക്കുവാനും ഘട്ടങ്ങളായുള്ള അവതരണം സൗകര്യം നല്‍കുന്നു. മറവിയോ അബദ്ധങ്ങളോ ഇല്ലാതിരിക്കുന്നതിനും ഇത് അവസരമൊരുക്കുന്നു.
 6. പ്രവാചകന്റെ അനുയായികള്‍ക്ക് ഖുര്‍ആന്‍ മനഃപാഠമാക്കുന്നതിനും അതിലെ വിഷയങ്ങള്‍ വ്യക്തമായി പഠിക്കുന്നതിനും അതനുസരി ച്ച് ജീവിതം ക്രമപ്പെടുത്തുന്നതിനും കുറേശ്ശെയുള്ള അവതരണം വഴി സാധിക്കുന്നു.

തെ. അവതരിപ്പിക്കപ്പെട്ട വിശുദ്ധിയില്‍ തന്നെ നില നിൽക്കുന്ന ഒരേയൊരു വേദഗ്രൻഥമാണ് ക്വുര്‍ആൻ. അങ്ങനെ സംരക്ഷിക്കുമെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. ''തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതാണ്'' (ക്വുര്‍ആന്‍ 15:9) എന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്. ഈ ദൈവിക വാഗ്ദാനം പൂര്‍ണമായും പാലിക്കപ്പെട്ടിട്ടുണ്ടെന്ന് ലോകമെങ്ങും പ്രചാരത്തിലിരിക്കുന്ന ക്വുര്‍ആന്‍ കോപ്പികളും ക്വുര്‍ആന്‍ മനഃപാഠമാക്കിയിട്ടുള്ള ആയിരക്കണക്കിനു ഹാഫിളുകളും വ്യക്തമാക്കുന്നു. പ്രവാചകന്റെ കാലം മുതല്‍ ഇന്നുവരെ നൈരന്തര്യത്തോടെ നടന്നുവന്നിട്ടുള്ളതാണ് ക്വുര്‍ആന്‍ രേഖീകരിക്കുകയും ഹൃദിസ്ഥമാക്കുകയും ചെയ്യുന്ന പ്രക്രിയകളെന്ന വസ്തുതയ്ക്ക് ചരിത്രം നല്‍കുന്ന തെളിവുകള്‍ ഇതിനെ ദൃഢീകരിക്കുകയും ചെയ്യുന്നു.

കവിതകളും കഥാഖ്യാനങ്ങളും തലമുറകളിലേക്ക് സംപ്രേഷണം ചെയ്യപ്പെടുന്ന മനഃപാഠത്തിലൂടെയും വൈജ്ഞാനിക സാഹിത്യങ്ങള്‍ അടുത്ത തലമുറയ്ക്ക് ലഭിക്കുന്ന രേഖീകരണത്തിലൂടെയും ഒരേപോലെ സംരക്ഷിക്കപ്പെട്ട ഗ്രന്ഥമാണ് ക്വുര്‍ആന്‍. ഒന്നും കടത്തിക്കൂട്ടുകയോ എടുത്തൊഴിവാക്കുകയോ ചെയ്യാനാവാത്തവിധം പതിനാലു നൂറ്റാണ്ടുകളായി തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് ഈ രണ്ടു രീതികളിലും ക്വുര്‍ആന്‍ പകര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. വാക്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയോ എടുത്തുമാറ്റുകയോ ചെയ്തുവെന്ന് വസ്തുനിഷ്ഠ തെളിവുകളുടെ വെളിച്ചത്തില്‍ ഒരാള്‍ക്കും ആരോപിക്കപ്പെടാനാവാത്ത നിലയില്‍, ചരിത്രത്തിന്റെ പൂര്‍ണമായ വെളിച്ചത്തിലാണ് ഒന്നര സഹസ്രാബ്ദക്കാലമായി തലമുറകളില്‍ നിന്ന് തലമുറകളിലേക്കുള്ള ഈ സംപ്രേഷണം നടക്കുന്നത്.

അവതരിപ്പിക്കപ്പെടുന്ന മുറയ്ക്ക് മുഹമ്മദ് നബി (സ) ക്വുര്‍ആന്‍ ഹൃദിസ്ഥമാക്കിയിരുന്നുവെന്നും ഓരോവര്‍ഷവും റമദാനില്‍ ജിബ്‌രീല്‍ വന്ന് അവതരിപ്പിക്കപ്പെട്ടിടത്തോളമുള്ള വചനങ്ങള്‍ പാരായണം ചെയ്തു കേട്ട് ഉറപ്പുവരുത്തിയിരുന്നുവെന്നും ഇമാം ബുഖാരി തന്റെ സ്വഹീഹിലെ കിതാബു ഫദാഇലില്‍ ഫാത്വിമ(റ)യില്‍ നിന്ന് നിവേദനം ചെയ്യുന്നുണ്ട്.

ക്വുര്‍ആന്‍ മനഃപാഠമാക്കുവാന്‍ സ്വഹാബിമാരെ പ്രവാചകന്‍ (സ) പ്രോത്സാഹിപ്പിക്കുകയും ഹൃദിസ്ഥമാക്കിയ വചനങ്ങള്‍ മറന്നു പോകാനിടയാകരുതെന്ന് പ്രത്യേകം നിഷ്‌കര്‍ഷിക്കുകയും ചെയ്തിരുന്നതായി വ്യക്തമാക്കുന്ന നിരവധി ഹദീഥുകൾ ബുഖാരിയിലും മുസ്ലിമിലും മറ്റു ഹദീഥ് ഗ്രൻഥങ്ങളിലുമെല്ലാം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. മനഃപാഠമാക്കുന്നതില്‍ വിദഗ്ധരായിരുന്നു അറബികളെന്നതിനാലും പദ്യ-ഗദ്യ സമ്മിശ്രമായ ക്വുര്‍ആനിന്റെ ശൈലി കാണാതെ പഠിക്കുവാന്‍ എളുപ്പവും ഇമ്പവും പ്രധാനം ചെയ്യുന്നതിനാലും സ്വഹാബിമാര്‍ക്ക് ക്വുര്‍ആന്‍ പഠനം ഒരു പ്രയാസമായി അനുഭവപ്പെട്ടതേയില്ല. പരമാവധി മനഃപാഠമാക്കുവാന്‍ ഓരോ സ്വഹാബിയും പരിശ്രമിച്ചു. കൂടുതല്‍ ക്വുര്‍ആന്‍ പഠിച്ചവന്‍ താനാണെന്ന് അഭിമാനത്തോടെ പറയുന്നവരായിരുന്നു സ്വഹാബിമാരെന്ന് ഇബ്‌നു മസ്ഊദി(റ)ൽ നിന്ന് ബുഖാരി നിവേദനം ചെയ്ത ഹദീഥ് വ്യക്തമാക്കുന്നുണ്ട്.

പ്രവാചകന്റെ (സ) കാലത്ത്, മനഃപാഠമാക്കുന്നതോടൊപ്പം തന്നെ, ക്വുര്‍ആന്‍ രേഖീകരിക്കുന്ന പതിവുമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന നിരവധി ചരിത്രരേഖകളുണ്ട്. ഉമറിന്റെ (റ) ഇസ്‌ലാം സ്വീകരണത്തെക്കുറിച്ച ഇബ്‌നു ഇസ്ഹാഖിന്റെ വിവരണത്തില്‍, തന്റെ സഹോദരിയും ഭര്‍ത്താവും ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കി കോപാകുലനായി അവരുടെ വീട്ടിലേക്ക് അദ്ദേഹം കുതിച്ചെത്തിയപ്പോള്‍ അവിടെ അദ്ദേഹത്തിന്റെ സഹോദരിയും ഭര്‍ത്താവും ഖബ്ബാബിനോടൊപ്പമിരുന്ന് ഒരു ചര്‍മപഠത്തിലെഴുതിയ ക്വുര്‍ആനിലെ ത്വാഹാ സൂറത്ത് പാരായണം ചെയ്യുകയായിരുന്നുവെന്നും ഉമര്‍ (റ) പുറത്തു വന്നിട്ടുണ്ടെന്നറിഞ്ഞ സഹോദരി ഫാത്വിമഃ (റ) ആ കയ്യെഴുത്തുരേഖ അവരുടെ തുടയ്ക്ക് താഴെ ഒളിപ്പിച്ചുവെച്ചുവെന്നും പറയുന്നതില്‍ നിന്ന് അന്നുമുതല്‍ തന്നെ ക്വുര്‍ആന്‍ രേഖീകരിച്ചു സൂക്ഷിക്കുന്ന പതിവ് നിലനിന്നിരുന്നുവെന്ന് വ്യക്തമാകുന്നു. ഉമറിന്റെ ഇസ്‌ലാം സ്വീകരണം നടന്ന പ്രവാചകത്വത്തിന്റെ ആറാം വര്‍ഷത്തിനു മുമ്പുതന്നെ ക്വുര്‍ആന്‍ കയ്യെഴുത്ത് രേഖകളിലാക്കി സൂക്ഷിക്കുന്ന പതിവ് മുസ്‌ലിം സമൂഹത്തിലുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ വിവരണം. മക്കയില്‍വെച്ച് അവതരിക്കപ്പെട്ട വചനങ്ങള്‍ മക്കയില്‍വെച്ചുതന്നെ രേഖപ്പെടുത്തിവെച്ചിരുന്നതായി അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) പറഞ്ഞിട്ടുണ്ടെന്ന് മുഹമ്മദ്ബ്‌നു ശിഹാബ് അസ്സുഹ്‌രി സാക്ഷ്യപ്പെടുത്തിയതായി ഇമാം ഇബ്‌നു കഥീര്‍ രേഖപ്പെടുത്തുന്നുണ്ട്. (അല്‍ ബിദായ വ ന്നിഹായ, വാല്യം 5, പുറം 340)

അബ്ദില്ലാഹിബ്‌നു സഅ്ദ്ബ്‌നു അബീ സര്‍ഹിനെയായിരുന്നു നബി(സ)യില്‍ നിന്ന് ക്വുര്‍ആന്‍ കേള്‍ക്കാനും അത് അന്ന് ഉപലബ്ധമായ എഴുത്തുവസ്തുക്കളില്‍ എഴുതി രേഖപ്പെടുത്തുവാനുമായി മക്കയില്‍വെച്ച് നബി (സ) ഏല്‍പിച്ചത്. ഖാലിദ്ബ്‌നു സഈദ്ബ്‌നുല്‍ ആസ്വ് ആയിരുന്നു നബി(സ)യുടെ നിര്‍ദേശാനുസരണം ക്വുര്‍ആന്‍ രേഖപ്പെടുത്തിയിരുന്നു മറ്റൊരാള്‍. 'ക്വുര്‍ആന്‍ അല്ലാതെ മറ്റൊന്നും നിങ്ങള്‍ എന്നില്‍നിന്ന് എഴുതി സൂക്ഷിക്കരുത്'(സ്വഹീഹു മുസ്‌ലിം, കിതാബു സ്‌സുഹുദു വര്‍ റഖാഇഖ്) എന്ന പ്രവാചകനിര്‍ദേശത്തില്‍ നിന്ന് നിരവധി പേര്‍ ക്വുര്‍ആന്‍ രേഖപ്പെടുത്തിവെക്കാറുണ്ടെന്ന് വ്യക്തമാകുന്നുണ്ട്. മദീനയില്‍ നിന്നെത്തിയവരുമായി പ്രവാചകന്‍ (സ) അഖബയില്‍വെച്ചുണ്ടാക്കിയ ഉടമ്പടിയില്‍ പങ്കെടുത്ത റാഫിഉബ്‌നു മാലിക് അല്‍ അന്‍സ്വാരിക്ക് അതുവരെ അവതരിക്കപ്പെട്ട എല്ലാ ക്വുര്‍ആന്‍ വചനങ്ങളും രേഖപ്പെടുത്തിയ ഒരു കയ്യെഴുത്ത് രേഖ നല്‍കിയതായും തന്റെ നാട്ടിലെത്തിയശേഷം ഗോത്രത്തിലുള്ളവരെയെല്ലാം വിളിച്ചുകൂട്ടി അത് അദ്ദേഹം വായിച്ചു കേള്‍പ്പിച്ചതായും വ്യക്തമാക്കുന്ന രേഖകളുണ്ട്.

മദീനയില്‍ എത്തിയതോടെ പ്രവാചകന്‍ (സ) കൂടുതല്‍ അനുയായികള്‍ ഉണ്ടായിരുന്നതുകൊണ്ടുതന്നെ കൂടുതല്‍ ക്വുര്‍ആന്‍ എഴുത്തുകാരുമുണ്ടായി. അബ്ദുബ്‌നു സഈദ് അബൂ ഉമാമ, അബൂഅയ്യൂബല്‍ അന്‍സ്വാരി, അബൂബക്ര്‍ സിദ്ദീഖ്, അബൂഹുദൈഫ, അബൂസുഫ്‌യാന്‍, അബൂസലമ, അബൂ അബസ്, ഉബയ്യ്ബ്‌നു കഅബ്, അല്‍അര്‍ഖം, ഉസൈദ്ബ്‌നുല്‍ ഹുദൈര്‍, ഔസ്, ബുറൈദ, ബഷീര്‍, ഥാബിത്ബ്‌നു ഖൈസ്, ജഅ്ഫര്‍ബിന്‍ അബീത്വാലിബ്, ജഹ്മ്ബ്‌നു സഅദ്, ജുഹൈം, ഹാതിബ്, ഹുദൈഫ, ഹുസൈന്‍, ഹന്‍ദല, ഹുവൈതിബ്, ഖാലിദ്ബ്‌നു സഈദ്, ഖാലിദ്ബ്‌നു വലീദ്, അസ്സുബൈറ്ബ്‌നു അവ്വാം, സുബൈറ്ബ്‌നു അര്‍ഖം, സൈദ്ബ്‌നു ഥാബിത്, സഅ്ദ്ബ്‌നു റബീഅ്, സഅ്ദ്ബ്‌നു ഉബാദ, സഈദ്ബ്‌നു സഈദ്, കുറഹ്ബില്‍ ബിന്‍ ഹസ്‌ന, ത്വല്‍ഹ, ആമിര്‍ ബിന്‍ ഫുഹൈറ, അബ്ബാസ്, അബ്ദുല്ലാഹിബ്‌നുല്‍ അര്‍ഖം, അബ്ദുല്ലാഹിബ്‌നു അബീബക്ര്‍, അബ്ദുല്ലാഹിബ്‌നു റവാഹ, അബ്ദുല്ലാഹിബ്‌നു സൈദ്, അബ്ദുല്ലാഹിബ്‌നു സഅദ്, അബ്ദുല്ലാഹിബ്‌നു അബ്ദില്ല, അബ്ദുല്ലാഹിബ്‌നു അംറ്, ഉഥ്മാനുബ്‌നു അഫ്ഫാന്‍, ഉഖ്ബ, അല്‍ അലാഅ് അല്‍ ഹദ്‌റമി, അല്‍ അലാഅ്ബ്ന്‍ ഉഖ്ബ, അലിയ്യുബിന്‍ അബീത്വലിബ്, ഉമറുബ്‌നുല്‍ ഖത്വാബ്, അംറുബ്‌നുല്‍ ആസ്വ്, മുഹമ്മദ്ബ്‌നു മസ്‌ലമ, മുആദ്ബ്‌നു ജബല്‍, മുആവിയ, മഅ്‌നുബ്‌നു, അദിയ്യ്, മുഐഖിബ്, മുന്‍ദിര്‍, മുഹാജിര്‍, യസീദിബ്‌നു അബീസുഫ്‌യാന്‍ (റ) എന്നിങ്ങനെ വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി പ്രവാചകനില്‍ (സ) നിന്ന് ക്വുര്‍ആന്‍ വചനങ്ങള്‍ കേട്ടെഴുതിയ അറുപത്തഞ്ച് അനുചരന്‍മാരുടെ പട്ടിക ഡോ. മുഹമ്മദ് മുസ്തഫ അല്‍ അഅ്ദ്വമി തന്റെ പഠനത്തില്‍ വിവരിക്കുന്നുണ്ട്.(M.M Al Azami, “The History Of The Quranic Text – From Revelation To Compilation, A Comparative Study with the Old and New Testaments, Leicester, 2003, Page 68.)

വഹ്‌യ് അവതരിക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ഉടന്‍ തന്നെ പ്രാപ്തനായ ഒരു അനുചരനെ വിളിച്ച് അത് എഴുതിവെക്കാനാവശ്യപ്പെടുക മുഹമ്മദ് നബി(സ)യുടെ പതിവായിരുന്നു. പ്രവാചകന്റെ (സ) പള്ളിക്കടുത്ത് താമസിച്ചിരുന്നതിനാല്‍ സൈദ്ബ്‌നു ഥാബിത്തിന് (റ) പലപ്പോഴും പ്രവാചകനില്‍ (സ) നിന്ന് വഹ്‌യ് എഴുതിവെക്കുവാന്‍ കൂടുതല്‍ അവസരമുണ്ടായിരുന്നതായി അദ്ദേഹം തന്നെ അനുസ്മരിക്കുന്നുണ്ട്. എഴുതാന്‍ കഴിയാത്ത പ്രവാചകാനുചരന്‍മാര്‍ തോല്‍ച്ചുരുളുകളും ചര്‍മപടങ്ങളുമായി വന്ന് എഴുതാന്‍ കഴിയുന്നവരെക്കൊണ്ട് ക്വുര്‍ആന്‍ വചനങ്ങള്‍ എഴുതിപ്പിച്ച് വാങ്ങുന്ന പതിവുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന നിവേദനങ്ങളുണ്ട്.

വിശുദ്ധ ക്വുര്‍ആനിന്റെ അവതരണവും സംരക്ഷണവും മാത്രമല്ല ക്രോഡീകരണവും വിശദീകരണവുമെല്ലാം സര്‍വശക്തനായ അല്ലാഹു തന്നെ നിര്‍വഹിക്കുമെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ളതാണ്. ''തീര്‍ച്ചയായും അതിന്റെ (ക്വുര്‍ആന്റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക. പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.'' (ക്വുര്‍ആന്‍ 75:17-19) വ്യത്യസ്ത സാഹചര്യങ്ങളില്‍ അവതരിപ്പിക്കപ്പെടുന്ന അല്ലാഹുവിന്റെ വചനങ്ങള്‍ ക്വുര്‍ആനിലെ ഏത് അധ്യായത്തില്‍ എത്രാമത്തെ വചനങ്ങളായാണ് രേഖപ്പെടുത്തേണ്ടതെന്നുകൂടി ദൈവിക ബോധനത്തിന്റെ അടിസ്ഥാനത്തില്‍ നബി (സ) തന്നെ തന്റെ എഴുത്തുകാര്‍ക്ക് പറഞ്ഞുകൊടുക്കുമായിരുന്നു. സൂറത്തുകളെയും അവയിലെ ആയത്തുകളെയും അവയുടെ സ്ഥാനത്തെയുമെല്ലാം കുറിച്ച് പ്രവാചകാനുചരന്‍മാര്‍ക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന നിരവധി നിവേദനങ്ങളുണ്ട്. ഓരോ വചനവും അവതരിക്കപ്പെടുമ്പോള്‍ തന്റെ അനുയായികളായ ക്വുര്‍ആന്‍ എഴുത്തുകാരെ വിളിച്ച് അവ പാരായണം ചെയ്തു കേള്‍പ്പിക്കുകയും ഏത് അധ്യാത്തില്‍ എത്രാമത്തെ വചനമായാണ് അത് ചേര്‍ക്കേണ്ടതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നതായി നബി(സ)യുടെ ക്വുര്‍ആന്‍ എഴുത്തുകാരില്‍ പ്രധാനിയായ സൈദ്ബ്‌നു ഥാബിത് (റ) വ്യക്തമാക്കുന്നുണ്ട്.(ജാമിഉത്തിര്‍മിദി, കിതാബു തഫ്‌സീറില്‍ ക്വുര്‍ആന്‍, സുനനു അബീദാവൂദ്, കിതാബുസ്സ്വലാത്)

ക്വുര്‍ആനിലെ പതിനാറാമത്തെ അധ്യായമായ സൂറത്തുന്നഹ്‌ലിലെ തൊണ്ണൂറാമത്തെ വചനം പാരായണം ചെയ്തുകൊണ്ട് ജിബ്‌രീല്‍ ഇപ്പോള്‍ എന്റെയടുക്കല്‍ വന്ന് ഈ വചനം സൂറത്തുന്നഹ്‌ലില്‍ തൊണ്ണൂറാം സൂക്തമായി ചേര്‍ക്കണമെന്നു നിര്‍ദേശിച്ചതായി അപ്പോള്‍ പ്രവാചകനോടൊപ്പമുണ്ടായിരുന്ന ഉഥ്മാനുബ്‌നു അബില്‍ ആസ്വിനോട് പറഞ്ഞതായി മുസ്‌നദ് അഹ്മദ് നിവേദനം ചെയ്യുന്ന ഹദീഥ് ഓരോ സൂക്തങ്ങളും എവിടെ ചേര്‍ക്കണമെന്ന ദൈവിക നിര്‍ദേശമുണ്ടായിരുന്നുവെന്ന വസ്തുത വെളിപ്പെടുത്തുന്നതാണ്. 'സൂറത്തുനിന്നാഇലെ അവസാനത്തെ വചനങ്ങള്‍ താങ്കള്‍ക്ക് മതിയാവുന്നതാണ്' എന്ന് ഉമറി(റ)നോട് പ്രവാചകന്‍ (സ) പറഞ്ഞതില്‍നിന്നും.സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ഫറാഇദ് "സൂറത്തുല്‍ ബക്വറഃയിലെ അവസാനത്തെ രണ്ടു വചനങ്ങള്‍ രാത്രിയില്‍ പാരായണം ചെയ്യുന്നവര്‍ക്ക് അത് മതിയാകുന്നതാണ്' എന്ന അബൂ മസ്ഊദ് അല്‍ബദ്‌രി (റ) നിവേദനം ചെയ്ത നബിവചനത്തില്‍ നിന്നും(സ്വഹീഹുല്‍ ബുഖാരി, കിതാബു ഫദാഇലില്‍ ക്വുര്‍ആന്‍ എന്റെ അമ്മായിയായ മൈമൂന(റ)യുടെ വീട്ടില്‍ താമസിക്കുമ്പോള്‍ പ്രവാചകന്‍ (സ) രാത്രി ഉറക്കത്തില്‍ നിന്നെണീറ്റ് സൂറത്തു ആലുംറാനിലെ അവസാനത്തെ പത്തു വചനങ്ങള്‍ പാരായണം ചെയ്യുന്നതായി ഞാന്‍ കേട്ടുവെന്ന ഇബ്‌നു അബ്ബാസിന്റെ അനുഭവവിവരണത്തില്‍ നിന്നും(സ്വഹീഹു മുസ്‌ലിം, കിതാബുല്‍ വിദ്വൂഅ്, സ്വഹീഹു മുസ്‌ലിം, കിതാബുല്‍ മുസാഫിരീന്‍) വ്യക്തമാവുന്നത് ഏതെല്ലാം അധ്യായങ്ങളില്‍ എത്രാമത്തെ സൂക്തമാണ് ഓരോ ക്വുര്‍ആന്‍ സൂക്തങ്ങളുമെന്ന് സ്വഹാബിമാര്‍ക്കെല്ലാം കൃത്യമായി അറിയാമായിരുന്നുവെന്നാണ്.

മദീനാ ഇസ്‌ലാമിക രാഷ്ട്രത്തില്‍ ക്വുര്‍ആന്‍ മനഃപാഠമുള്ളവര്‍ ധാരാളമായി ഉണ്ടായിരുന്നതുപോലെ ക്വുര്‍ആന്‍ കയ്യെഴുത്ത് പ്രതികളും ധാരാളമായി ഉപയോഗിക്കപ്പെട്ടിരുന്നു. അതുകൊണ്ടാണല്ലോ ശത്രുക്കളുടെ നാട്ടിലേക്ക് ക്വുര്‍ആനുമായി യാത്ര ചെയ്യുന്നത് നബി (സ) നിരോധിച്ചത്.(സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ജിഹാദ്') മദീനയിലെ മുസ്‌ലിംകളില്‍ പലരുടെയും പക്കല്‍ ക്വുര്‍ആന്‍ രേഖപ്പെടുത്തിയ ചുരുളുകളുണ്ടായിരുന്നുവെന്നും അതുമായി ശത്രുനാട്ടിലേക്കു പോകുന്ന പതിവ് സ്വഹാബിമാര്‍ക്കുണ്ടായിരുന്നുവെന്നുമാണ് അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) നിവേദനം ചെയ്ത ഈ ഹദീഥ് വ്യക്തമാക്കുന്നത്. മദീനയില്‍ ക്വുര്‍ആന്‍ കയ്യെഴുത്ത് രേഖകള്‍ വ്യാപകമായിരുന്നുവെന്ന് തന്നെയാണ് ഇത് മനസ്സിലാക്കിത്തരുന്നത്.

അവതരിക്കപ്പെട്ട മുറയിൽ കാണാതെ പഠിച്ചും ലഭ്യമായ ചുരുളുകളിൽ എഴുതി സൂക്ഷിച്ചും എഴുത്ത് രൂപത്തിലും മനഃപാഠമായും സംരക്ഷിക്കപ്പെട്ട ഗ്രൻഥമാണ് ഖുർആൻ എന്നർത്ഥം. അന്ന് മുതൽ ഇന്ന് വരെ ഈ രണ്ട് രുപത്തിലും ക്വുർആൻ സംരക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.