ഉബയ്യു ബ്നു കഅ്ബി(റ)ന്റെ മുസ്ഹഫിൽ ഇന്നത്തെ മുസ്ഹഫിൽ ഇല്ലാത്ത രണ്ട് സൂറത്തുകൾ കൂടിയുണ്ടായിരിന്നുവെന്നും അത് പിൽക്കാലത്ത് വിസ്മരിക്കപ്പെടുകയാണ് ചെയ്തതെന്നും ആരോപണമുണ്ടല്ലോ. എന്താണിതിന്റെ വസ്തുത?
ഉബയ്യു ബ്നു കഅ്ബി(റ)ന്റെ മുസ്ഹഫിൽ ഇന്നത്തെ മുസ്ഹഫിൽ ഇല്ലാത്ത സൂറത്തുൽ ഹഫദ്, സൂറത്തുൽ ഖലാഅ എന്നീ സൂറത്തുകൾ കൂടി ഉണ്ടായിരുന്നതായി ഹമ്മാദ് ബ്നു സലാമയിൽ നിന്നുള്ള ഒരു നിവേദനം ഇമാം സുയൂഥ്വി തന്റെ ഇത്ഖാനിലും (2/ 66) ഇബ്നു ദുറൈസ് തന്റെ ഫദാഇലൽ ഖുർആനിലും (പുറം 157) ഉദ്ധരിച്ചിട്ടുണ്ട്. നിവേദനം ചെയ്ത ഹമ്മാദ് ബ്നു സലാമയും ഉബയ്യു ബ്നു കഅ്ബും തമ്മിൽ മൂന്ന് തലമുറകളുടെ വ്യത്യാസമെങ്കിലുമുള്ളതു കൊണ്ട് തന്നെ നിദാനശാസ്ത്രപ്രകാരം ഇത് തീരെ ദുർബലമാണ്.
എന്നാൽ ഇങ്ങനെ രണ്ട് സൂറത്തുകൾ ഉണ്ടായിരിക്കുന്നതായി സൂചിപ്പിക്കുന്ന വിശ്വാസയോഗ്യമായ മറ്റു ചില നിവേദനങ്ങളുണ്ട്. ഉമർ (റ)
اللهم إنا نستعينك ونستغفرك ونثني عليك الخير كله ونشكرك ولا نكفرك ونخلع ونترك من يفجرك എന്ന പ്രാർത്ഥനയും
اللهم إياك نعبد ولك نصلي ونسجد وإليك نسعى ونحفد نرجو رحمتك ونخشى عذابك إن عذابك بالكفار ملحق എന്ന പ്രാർത്ഥനയും ഖുനൂത്തായി പാരായണം ചെയ്യാറുണ്ടായിരുന്നുവെന്ന ഇബ്നു അബീശൈബ അദ്ദേഹത്തിന്റെ മുസന്നഫിലും(2/315) അബ്ദുർറസാഖ് അദ്ദേഹത്തിന്റെ മുസന്നഫിലും ഉദ്ധരിച്ചിട്ടുള്ള (4969) ഉബൈദ് ബ്നു ഉമൈറിൽ നിന്നുള്ള നിവേദനം സ്വഹീഹായ പരമ്പരയോട് കൂടിയുള്ളതാണ്. ഇതിൽ അദുർറസാഖിന്റെ മുസന്നഫിലുള്ള നിവേദനത്തിൽ നിവേദകനായ ഉബൈദ് ബ്നു ഉമൈർ ഇത് ഇബ്നു മസ്ഊദിന്റെ മുസ്ഹഫിലുള്ള രണ്ട് സൂറത്തുകളാണെന്ന് താൻ കേട്ടുവെന്നു കൂടി പറയുന്നുണ്ട്. ഇതാണ് ഇങ്ങനെ രണ്ട് സൂറത്തുകൾ ഉണ്ടായിരുന്നുവെന്നതിനുള്ള തെളിവ്.
മറ്റു ചില നിവേദനങ്ങളും ഇവ്വിഷയകമായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
താഊസ് (റ) നിവേദനം ചെയ്യുന്നു: ”ഞാന്‍ ഉമറിന്റെ (റ) പിന്നില്‍ സുബ്ഹ് നമസ്‌കരിച്ചു. റുകൂഇനുശേഷം ഈ രണ്ടു സൂറത്തുകള്‍ കൊണ്ട് ഖുനൂത്ത് ഓതി.” (ത്വബ്‌രി 1/353). സമാനമായ ഉദ്ധരണികള്‍ അബ്ദു റസാഖ് മുസന്നഫ് 3/114, ത്വബ്‌രി -തഹ്ദീബുല്‍ ആസാര്‍ 1/319 എന്നിവയിലും കാണാം.
ഇക്കാര്യത്തിൽ ഉണ്ടാകാനിടയുള്ള സംശയങ്ങൾക്കെല്ലാം ഹദീഥ് പണ്ഡിതന്മാർ മറുപടി പറഞ്ഞിട്ടുണ്ട്. അബുൽ ഹുസ്സൈൻ അഹ്‌മദ് ബിൻ ജഅഫർ അൽ മനാദി തന്റെ ‘അന്നാസിഖ് വൽ മൻസൂഖ്’ എന്ന ഗ്രൻഥത്തിൽ എഴുതുന്നു: “ഖുർആനിൽ നിന്ന് ദുർബലപ്പെടുത്തപ്പെട്ടതിനു ശേഷവും ജനമനസ്സുകളിൽ നിന്ന് മാഞ്ഞുപോകാതിരുന്ന വാക്യങ്ങൾക്ക് ഉദാഹരണമാണ് വിത്ർ നമസ്കാരത്തിലെ ഖുനൂത്തിൽ പാരായണം ചെയ്തുകൊണ്ടിരുന്ന ഈ രണ്ട് സൂറത്തുകൾ. ഉബയ്യു ബ്നു കഅ്ബിന്റെ പേരിൽ അറിയപ്പെട്ടിരുന്ന മുസ്ഹഫിൽ ഈരണ്ട് അധ്യായങ്ങളുമുണ്ടായിരുന്നുവെന്ന കാര്യത്തിലും അത് പ്രവാചകനിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടതും അദ്ദേഹം പാരായണം ചെയ്തതുമാണെന്നും അവയെ സൂറത്തുൽ ഹഫദ്, സൂറത്തുൽ ഖലാഅ എന്നിങ്ങനെയാണ് വിളിക്കപ്പെട്ടിരുന്നത് എന്ന കാര്യത്തിലും ആദ്യകാല പണ്ഡിതന്മാർക്കിടയിൽ യാതൊരുവിധ അഭിപ്രായവ്യത്യാസങ്ങളുമുണ്ടായിരുന്നില്ല” (ബദറുദ്ദീനു സ്സർക്കശി ഉദ്ധരിച്ചത്: അൽ ബുർഹാൻ ഫീ ഉലൂമിൽ ഖുർആൻ, വാല്യം രണ്ട്, പുറം 37)
ഇമാം സുയൂഥ്വിയും തന്റെ ഇത്ഖാനിൽ ഹുസ്സൈൻ അഹ്‌മദ് അൽ മനാദിയെ ഉദ്ധരിച്ച് ഇതേ കാര്യം തന്നെ സമർത്ഥിക്കുന്നുണ്ട്. (ഭാഗം രണ്ട്, പുറം 68)
അവതരിക്കപ്പെട്ടതിനു ശേഷം ദുർബലപ്പെടുത്തപ്പെട്ട സൂറത്തുകളാണ് സൂറത്തുൽ ഹഫദ്, സൂറത്തുൽ ഖലാഅ എന്നീ സൂറത്തുകൾ എന്നും മൻസൂഖായെങ്കിലും പ്രാർത്ഥനയായതിനാൽ അവ സ്വാഹാബിമാർ നമസ്കാരത്തിലും മറ്റും ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ഉബയ്യിന്റെ മുസ്ഹഫിൽ അവ നില നിന്നത് എന്നുമാണ് ഇതിൽ നിന്ന് മനസ്സിലാവുന്നത്. ഉബയ്യു ബ്നു കഅ്ബി(റ)ന്റെ മുസ്ഹഫില്‍ നേരത്തെ ഉണ്ടായിരുന്ന അവയെ, ദുര്‍ബലപ്പെട്ടശേഷവും ദുആ ആയതിനാല്‍ അദ്ദേഹം അത് നിലനിർത്തി. എന്നാല്‍ ഉബയ്യി(റ)ന്റെ ഖിറാഅത്ത് ഉദ്ധരിച്ച ഇമാം നാഫിഅ്, ഇബ്‌നു കഥീർ, അബൂ അംറ് (റ) മുതലായവരൊന്നും ഖുര്‍ആനായി അത് ഉദ്ധരിച്ചിട്ടില്ല. എന്നാൽ അവ പ്രാർത്ഥനയായി നില നിർത്തിയതിനാൽ ഉമർ (റ) നമസ്കാരത്തിൽ ഖുനൂത്തായി അവയുടെ പാരായണം തുടരുകയും ചെയ്തു.
പ്രവാചകൻ (സ) പഠിപ്പിച്ചതല്ലാത്ത യാതൊന്നും അവരൊന്നും ഖുർആനിൽ ഉൾപ്പെടുത്തിയിട്ടില്ല; പഠിപ്പിച്ചതൊന്നും സ്വന്തം താൽപര്യപ്രകാരം എടുത്ത് മാറ്റിയിട്ടുമില്ല. ദൈവികബോധനത്തിന്റെ വെളിച്ചത്തിൽ പ്രവാചകൻ (സ) ദുർബലപ്പെടുത്തിയ വചനങ്ങളിൽ ചിലവ അവരുടെ മുസ്ഹഫിൽ അവർ എഴുതിവെക്കുകയും അവ പ്രാർത്ഥനകളായി ഉപയോഗിക്കുകയും ചെയ്തുവെന്ന് മാത്രമേയുള്ളൂ. അവ പ്രാർത്ഥനകളായി ഇന്നും മുസ്‌ലിംകൾ ഉപയോഗിക്കുന്നുണ്ട്.
പ്രമുഖ സ്വഹാബിയായിരുന്ന ഇബ്നു മസ്ഊദിന്റെ മുസ്ഹഫിൽ സൂറത്തുകളുടെ എണ്ണം പോലും വ്യത്യസ്തമായിരുന്നുവെന്നത് സ്വഹാബിമാർക്ക് പോലും ഖുർആനിന്റെ വിഷയത്തിൽ ഏകാഭിപ്രായമുണ്ടായിരുന്നില്ലെന്നല്ലേ മനസ്സിലാക്കിത്തരുന്നത്. അദ്ദേഹം സൂറത്തുൽ ഫാതിഹയും സൂറത്തുൽ ഫലഖും സൂറത്തുന്നാസും തന്റെ മുസ്ഹഫിൽ നിന്ന് നീക്കം ചെയ്തതായി ചില നിവേദനങ്ങളുണ്ടല്ലോ. ഇതിന്റെ യാഥാർഥ്യമെന്താണ്?
ഇബ്നു മസ് ഊദിന്റെ(റ) മുസ്ഹഫിൽ ഇന്നുള്ള മുസ്ഹഫിലുള്ള ചില സൂറത്തുകൾ ഉണ്ടായിരുന്നില്ലെന്നുള്ള നിവേദനങ്ങളുണ്ട്. സൂറഃ ഫാത്വിഹ, ഫലഖ്, നാസ് എന്നിവ അദ്ദേഹത്തിന്റെ മുസ്ഹഫിൽ ഉണ്ടായിരുന്നില്ലെന്നാണ് ചില അഥ്റുകളിലുള്ളത്. ഇമാം സുയൂഥ്വി തന്റെ ഇത്ഖാൻ ഫീ ഉലൂമിൽ ഖുർആനിൽ ഈ നിവേദനങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്. ഇബ്നു മസ്ഊദിന്റെ മുസ്ഹഫിൽ ഫാത്തിഹയും ഫലഖ്, നാസ് സൂറത്തുകളും ഇല്ലായിരുന്നുവെന്നതാണ് ഒന്നാമത്തെ നിവേദനം. ഇവയിൽ ഫാത്തിഹ ഇല്ലായിരുന്നുവെന്നതും ഫലഖ്, നാസ് എന്നീ സൂറത്തുകൾ ഇല്ലായിരുന്നുവെന്നതും രണ്ട് വിഷയങ്ങളാണ്. ഓരോന്നിനെയും വേറെ വേറെ പരിശോധിക്കാം:
ഒന്ന്) ഫാത്തിഹ ഇല്ലായിരുന്നുവെന്ന വിമർശനം:
ഫാതിഹ ഖുർആനിന്റെ ഭാഗമാണെന്ന വസ്തുത ഖുർആൻ തന്നെ സാക്ഷ്യപ്പെടുത്തുന്നതാണ്. “ആവര്‍ത്തിച്ചു പാരായണം ചെയ്യപ്പെടുന്ന ഏഴ് വചനങ്ങളും മഹത്തായ ഖുര്‍ആനും തീര്‍ച്ചയായും നിനക്ക് നാം നല്‍കിയിട്ടുണ്ട്” (15: 87) എന്ന ഖുർആൻ വചനത്തിലെ “ആവർത്തിച്ച് പാരയണം ചെയ്യപ്പെടുന്ന ഏഴു വചനങ്ങൾ കൊണ്ടുള്ള വിവക്ഷ ഫാത്തിഹത്തുൽ കിതാബാണെന്ന്”(عن ابن مسعود في قوله: {ولقد آتيناك سبعا من المثاني} قال: فاتحة الكتاب) ഇബ്നു മസ്ഊദ് (റ) പറഞ്ഞതായി ഇമാം ത്വബ്‌രി തന്റെ തഫ്സീറിൽ ഉദ്ധരിക്കുന്നുണ്ട്. ഫാത്തിഹത്തുൽ കിതാബെന്നാൽ ‘ഗ്രന്ഥത്തിന്റെ ആമുഖം’ എന്നാണർത്ഥം. ഏതൊരു അധ്യായത്തെയാണോ ഗ്രന്ഥത്തിന്റെ ആമുഖം എന്ന് ഇബ് മസ്ഊദ് (റ) വിശേഷിപ്പിച്ചത് ആ അദ്ധ്യായം ഖുർആനിലുള്ളതല്ലെന്ന് അദ്ദേഹം കരുതിയെന്നു പറയുന്നത് അടിസ്ഥാനരഹിതമാണ്.
ഫാത്തിഹ ഖുർആനിലെ പ്രാരംഭാദ്ധ്യായമായി അംഗീകരിച്ചിരുന്ന ഇബ്നു മസ്ഊദ് (റ) പിന്നെയെന്തുകൊണ്ടാണ് തന്റെ കൈവശമുള്ള ഖുർആൻ കയ്യെഴുത്തുരേഖയിൽ അത് എഴുതാതിരുന്നത് എന്നതിന് അദ്ദേഹം തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. അത് ഇങ്ങനെയാണ്: “അബൂബക്കർ അൽ അൻബരിയിൽ (റ) നിന്ന് ഇമാം ഖുർതുബി (റ) ഉദ്ധരിക്കുന്നു: എന്തുകൊണ്ടാണ് താങ്കളുടെ ഖുർആനിൽ ഫാത്തിഹ എഴുതാത്തത് എന്ന് ചോദിച്ചപ്പോൾ അബ്ദുല്ലാഹിബ്നു മസ്ഊദിന്റെ (റ) മറുപടി ഇങ്ങനെയായിരുന്നു. “ഞാൻ അഥവാ അത് എഴുതുകയായിരുന്നുവെങ്കിൽ എല്ലാ സൂറത്തുകളുടെയും തുടക്കത്തിൽ അത് എഴുതുമായിരുന്നു.” നമസ്കാരത്തിലെ ഓരോ റക്അത്തിലും സൂറത്തുകൾ പാരായണം ചെയ്യുന്നതിന് മുൻപ് ഫാത്തിഹ ഓതുന്നതുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത് എന്ന് അബൂബക്കർ അൽ അൻബരി (റ) വിശദീകരിക്കുന്നുണ്ട്. ഇബ്ൻ മസ്ഊദ് (റ) തന്നെ ഇങ്ങനെ പറഞ്ഞതായി നിവേദനങ്ങളുണ്ട്. “ഹൃസ്വമായി എഴുതുന്നതിനു വേണ്ടിയാണ് ഞാൻ അത് ഉപേക്ഷിച്ചത്. മുസ്‌ലിംകൾ അത് സംരക്ഷിക്കുമെന്ന് ഞാൻ വിശ്വസിക്കുകയും ചെയ്തു” (ഇമാം ഖുർത്തുബി: അൽ ജാമിഉൽ അഹകാമിൽ ഖുർആൻ, വാല്യം 1, പുറം 115, കൈറോ, 1964)
രണ്ട്) ഫലഖ്, നാസ് സൂറത്തുകളെക്കുറിച്ച വിമർശനം
ഇവ്വിഷയകമായ നിവേദനങ്ങൾ ഇങ്ങനെയാണ്:
ആസിം (റ) സിർറിൽ (റ) നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം ഉബയ്യിനോട് (റ) പറഞ്ഞു: ഇബ്നു മസ്ഊദ് (റ) അദ്ദേഹത്തിന്റെ മുസ്ഹഫിൽ മുഅവ്വദതൈൻ (ഫലഖ്, നാസ് സൂറത്തുകൾ) രേഖപ്പെടുത്തിയിട്ടില്ല” (മുസ്നദ് അഹ് മദ്, ഹദീഥ് 21186)
അൽ അഅ്മഷ് അബൂ ഇസ്ഹാഖിൽ നിന്നും അദ്ദേഹം അബ്ദുർ റഹ്‌മാനു ബ്നു യസീദിൽ(റ) നിന്നും നിവേദനം ചെയ്യുന്നു: ഇബ്നു മസ്ഊദ് (റ) അദ്ദേഹത്തിന്റെ മസാഹിഫിൽ നിന്ന് മുഅവ്വദതൈൻ മായ്ച്ചു കളയുകയും അവ ഖുർആനിന്റെ ഭാഗമല്ലെന്ന് പറയുകയും ചെയ്തു.” (മുസ്നദ് അഹ് മദ്, ഹദീഥ് 21226)
ഇബ്നു ഉയയ്ന അബ്ദയിൽ(റ) നിന്നും ആസിമിൽ നിന്നും(റ) അവർ സിർറിൽ(റ) നിന്നും നിവേദനം ചെയ്യുന്നു: ഞാൻ ഉബയ്യിനോട് ചോദിച്ചു: “താങ്കളുടെ സഹോദരൻ അവയെ (ഫലഖ്, നാസ് സൂറത്തുകളെ) അദ്ദേഹത്തിന്റെ മുസ്ഹഫിൽ നിന്ന് മായ്ച്ച് കളഞ്ഞിട്ടുണ്ടല്ലോ” അപ്പോൾ അദ്ദേഹം അത് എതിർത്തില്ല. ഇത് ഇബ്നു മസ്ഊദിനെക്കുറിച്ചാണോയെന്ന ചോദ്യത്തിന് ഇബ്നു ഉയയ്ന അതേയെന്ന മറുപടിയാണ് നൽകിയത്. (മുസ്നദ് അഹ്‌മദ്, ഹദീഥ് 21189)
എന്തുകൊണ്ടാണ് ഇബ്നു മസ്ഊദ് (റ) തന്റെ മുസ്ഹഫിൽ ഖുർആനിലെ അവസാനത്തെ രണ്ട് അധ്യായങ്ങൾ ചേർക്കാതിരുന്നത്? അവ അല്ലാഹു അവതരിപ്പിച്ചതല്ല എന്ന് അദ്ദേഹത്തിന് അഭിപ്രായം ഉണ്ടായിരുന്നുവോ? അവ ഖുർആനിൽ പെട്ടതല്ല എന്നായിരുന്നുവോ അദ്ദേഹത്തിന്റെ അഭിപ്രായം? താഴെ പറയുന്ന വസ്തുതകൾ ശ്രദ്ധിക്കുക:
ഒന്ന്) ഇബ്നു മസ്ഊദിൽ നിന്ന് ഈ നിവേദനങ്ങൾ ഉദ്ധരിച്ച ആസ്വിമിൽ നിന്ന് സിർറിലൂടെ തന്നെ നിവേദനം ചെയ്യപ്പെട്ട മുതവാത്തിറായ ഖിറാഅത്തുകളിലെല്ലാം ഫലഖ്, നാസ് സൂറത്തുകളുണ്ട്. അസ്സിർറിനെ കൂടാതെ ഇബ്നു മസ്ഊദിൽ നിന്ന് ഖുർആൻ പാരായണം നിവേദനം ചെയ്ത അൽഖമ, അൽ അസ്‌വദ്, മസ്‌റൂഖ്, അസ്സുലമി, അബൂവാഇൽ, അസ്ശൈബാനി, അൽഹമദാനി എന്നിവരും നൂറ്റിപ്പതിനാല് സൂറത്തുകളും പൂർണമായി നിവേദനം ചെയ്തിട്ടുണ്ട്. ആസിം, ഹംസ, അൽ കിസായ്, അൽ ഖലഫ് എന്നീ നാല് പേരുടെ പേരിലും അറിയപ്പെടുന്ന പാരായണങ്ങൾ ഇബ്നു മസ്ഊദിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടവയാണ്. ഇവയിലെല്ലാം ഇന്നുള്ള ഖുർആനിലെ മുഴുവൻ അധ്യായങ്ങളുമുണ്ട്. ഇതിനർത്ഥം ഇബ്നു മസ്ഊദ് (റ) തന്റെ ശിഷ്യന്മാർക്ക് ഖുർആനിലെ നൂറ്റിപതിനാല് സൂറത്തുകളും ഖുർആനിന്റെ ഭാഗമായിത്തന്നെ പഠിപ്പിച്ചുവെന്നാണ്. അവസാനത്തെ രണ്ട് അധ്യായങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വല്ല സംശയങ്ങളുമുണ്ടായിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ ശിഷ്യന്മാർക്ക് അവ ഖുർആനിന്റെ ഭാഗമായി അദ്ദേഹം പഠിപ്പിക്കുകയില്ലായിരുന്നു.
രണ്ട്) സൂറത്തുൽ ഫലഖിനെയും സൂറത്തുന്നാസിനെയും ഇബ്നു മസ്ഊദ് (റ) ഖുർആനിന്റെ ഭാഗമായിത്തന്നെയായിരുന്നു മനസ്സിലാക്കിയിരുന്നത് എന്ന തെളിയിക്കുന്ന വേറെയും നിവേദനങ്ങളുണ്ട്. ദൈലമിയിൽ നിന്ന് അലി അൽമുത്തഖി ഉദ്ധരിക്കുന്ന നിവേദനം ഉദാഹരണം: അത് ഇങ്ങനെയാണ്: ” ഇബ്നു മസ്ഊദ് (റ) പറഞ്ഞു: രണ്ട് സൂറത്തുകൾ നിങ്ങൾ ധാരാളമായി പാരായണം ചെയ്യുക. ഇഹലോകത്തെയും പരലോകത്തെയും ഉയർന്ന സ്ഥാനങ്ങളിൽ അത് വഴി അല്ലാഹു നിങ്ങളെ എത്തിക്കും. മുഅവ്വദത്തൈൻ ആണവ” (അലി അൽ മുത്തഖി: കൻസുൽ ഉമ്മാൽ, ബെയ്റുത്ത്, 1981, ഹദീഥ് 2743)
മൂന്ന്) ഇബ്നു മസ്ഊദ് (റ) ഖുർആനിലെ അവസാനത്തെ രണ്ട് സൂറത്തുകൾ തന്റെ മുസ്ഹഫിൽ നിന്ന് മായ്ച്ചു കളഞ്ഞുവെന്നും അത് കണ്ടിട്ടും ഉബയ്യ് (റ) അതിനെ എതിർത്തില്ലെന്നും വ്യക്തമാക്കുന്ന ഹദീഥ് നൽകുന്ന വിവരം വളരെ പ്രസക്തമാണ്. അവ രണ്ടും ഖുർആനിന്റെ ഭാഗമാണെന്ന് തന്നെയായിരുന്നു ഉബയ്യ് (റ) അടക്കമുള്ള സ്വഹാബിമാരുടെ മുഴുവൻ അഭിപ്രായമെന്ന് ഈ നിവേദനത്തിൽ നിന്ന് തന്നെ വ്യക്തമാണ്. ഖുർആനിൽ നിന്ന് രണ്ട് സൂറത്തുകൾ നിഷേധിക്കുകയെന്നാൽ ഇസ്‌ലാമിൽ നിന്ന് പുറത്തുപോകുന്ന കൊടിയ പാപമാണെന്ന കാര്യത്തിൽ സംശയമില്ല. “ആരെങ്കിലും ഖുർആനിലെ ഒരു അക്ഷരമെങ്കിലും നിഷേധിച്ചാൽ അയാൾ ഖുർആൻ മുഴുവൻ നിഷേധിച്ചവനെപ്പോലെയാണ്” എന്ന് ഇബ്നു മസ്ഊദ് (റ) പറഞ്ഞതായി ഇമാം അബ്ദുർറസാഖ് തന്റെ ‘മുസന്നഫി’ൽ (ഹദീഥ് നമ്പർ 15946) നിവേദനം ചെയ്തത് ശ്രദ്ധേയമാണ്. തന്റെ മുസ്ഹഫിൽ നിന്ന് ഇബ്നു മസ്ഊദ് (റ) ഈ രണ്ട് സൂറത്തുകൾ മായ്ച്ചു കളയുക വഴി ഉദ്ദേശിച്ചത് അവയെ നിഷേധിക്കുകയായിരുന്നുവെങ്കിൽ അത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമായിരുന്നു. അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നത് തന്നെ അദ്ദേഹം അവയെ നിഷേധിക്കുകയല്ല, എഴുതിവെക്കുന്നത് ശരിയല്ലെന്ന് കരുതുകയാണ് ചെയ്തതെന്ന് വ്യക്തമാണ്.
ഷെയ്ഖ് അബൂ ബക്കർ ബാക്വിലാനി പറഞ്ഞത് ശ്രദ്ധേയമാണ്: “ഈ രണ്ട് സൂറത്തുകൾ ഖുർആനിലുള്ളതല്ലെന്ന വാദം അദ്ദേഹത്തിനുള്ളതായി സ്ഥാപിക്കപ്പെട്ടിട്ടില്ല. അവ അദ്ദേഹം മായ്ച്ചു കളയുകയും തന്റെ മുസ്ഹഫിൽ ഉൾപ്പെടുത്താതിരിക്കുകയും ചെയ്തത് അവ ഖുർആനിന്റെ ഭാഗമാണെന്ന വസ്തുത അദ്ദേഹം നിഷേധിക്കുന്നത് കൊണ്ടായിരുന്നില്ല. പ്രവാചകൻ (സ) എഴുതാനായി പറഞ്ഞതല്ലാതെ യാതൊന്നും തന്നെ മുസ്ഹഫിൽ എഴുതാൻ പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. പ്രവാചകൻ (സ) അവ എഴുതിപ്പിച്ചതായോ എഴുതിവെക്കാൻ ആവശ്യപ്പെട്ടതായോ അദ്ദേഹം കണ്ടിട്ടുണ്ടായിരുന്നില്ല. (ഇമാം സുയൂഥ്വി: അൽ ഇത്ഖാൻ 1/ 271)
നാല്) മുഅവ്വദതൈൻ ഖുർആനിലുള്ളതാണെന്ന് വ്യക്തമാക്കുന്ന നബി(സ)യിൽ നിന്ന് സ്ഥിരപ്പെട്ട നിവേദനങ്ങളുണ്ട്.
അബുല്‍ അളാഅ് (റ) പറയുന്നു. നബി (സ) ഒരു സ്വഹാബിക്ക് സൂറഃ ഫലഖും നാസും പഠിപ്പിച്ചു കൊടുത്തു. തങ്ങള്‍ പറഞ്ഞു: നീ ഈ സൂറത്തുകള്‍ ഓതി നമസ്‌കരിക്കുക. (മുസ്നദ് അഹ്‌മദ്- ഹദീഥ് സ്വഹീഹാണെന്ന് ഇമാം ഇബ്‌നു ഹജര്‍ ഫതഹുല്‍ ബാരി 8/615ലും ഇമാം ഖാരി ഉംദ 2/16ലും പറയുന്നു)
ഉഖ്ബ(റ)യിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: ഈ രാത്രിയില്‍ എനിക്ക് ചില ആയത്തുകള്‍ അവതീര്‍ണമായി. സമാനമായവ തീരെ കാണപ്പെട്ടിട്ടില്ല. അത് സൂറത്തുൽ ഫലഖും നാസുമാണ്. (സ്വഹീഹ് മുസ്‌ലിം കിതാബ് സ്വലാത്ത്, ബാബുൽ ഫദാഇലി മുഅവ്വദതൈൻ). ഇതേപോലെയുള്ള നിരവധി ഹദീഥുകള്‍ ഇമാം ഇബ്‌നു കഥീർ (റ) തന്റെ തഫ്‌സീറില്‍ ഉദ്ധരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവ ഖുർആനിലുള്ളതല്ലെന്ന് പ്രവാചകശിഷ്യന്മാരിൽ പ്രമുഖനായ ഇബ്നു മസ്ഊദ് (റ) കരുതുമെന്ന് വിചാരിക്കാൻ യാതൊരു ന്യായവുമില്ല.
അഞ്ച്) ഇബ്നു മസ്ഊദിന്റെ(റ) ശിഷ്യന്മാരെല്ലാം ഈ രണ്ട് സൂറത്തുകളും ഖുർആനിൽ പെട്ടത് തന്നെയാണെന്ന് സാക്ഷ്യം വഹിച്ചതിനുള്ള തെളിവാണ് അവരിലൂടെ നിവേദനം ചെയ്യപ്പെട്ട ഖിറാഅത്തുകളിലൊന്നും അവ വിട്ടുകളഞ്ഞിട്ടില്ല എന്നത്. ഈ സൂറത്തുകൾ ഖുർആനിൽ പെട്ടതല്ലെന്ന് ഗുരു പറഞ്ഞിരുന്നെങ്കിൽ ശിഷ്യന്മാർ ആരെങ്കിലും ആ രൂപത്തിൽ ഖുർആൻ പാരായണം പഠിക്കുമായിരുന്നു. അതുണ്ടായിട്ടില്ലെന്ന് മാത്രമല്ല, ഇബ്‌നു മസ്ഊദിന്റെ(റ) ശിഷ്യന്‍മാരില്‍ പ്രമുഖനായ അസ്‌വദ് ബിന്‍ യസീദി(റ)നോട് ആ രണ്ടു സൂറത്തുകള്‍ ഖുര്‍ആനില്‍ പെട്ടതാണോ എന്നു ചോദിച്ചപ്പോള്‍ “അതെ, അവ രണ്ടും ഖുര്‍ആനില്‍പെട്ടതു തന്നെയാണ്” എന്ന് മറുപടി പറഞ്ഞതായി ഇബ്നു അബീശൈബ ഉദ്ധരിക്കുന്നുമുണ്ട്. (ഇബ്‌നു അബീ ശൈബ 30206)
ആറ്) അബ്ദുർ റഹ്‌മാനു ബ്നു യസീദിൽ (റ) നിന്ന് ഇമാം അഹ്‌മദ് തന്റെ മുസ്നദിൽ നിവേദനം ചെയ്ത അഥറിൽ (ഹദീഥ് 21226) ഈ സൂറത്തുകൾ ഖുർആനിലുള്ളതല്ലെന്ന് ഇബ്നു മസ്ഊദ് (റ) പറഞ്ഞതായി ഉണ്ടെന്നത് ശരിയാണ്. ഇത് ഇമാം ത്വബ്റാനിയും തന്റെ മുജമ്മഉൽ കബീറിൽ നിവേദനം ചെയ്യുന്നുണ്ട്. (മുജമ്മഉൽ കബീർ 9150). എന്നാൽ ഈ നിവേദനം സ്വീകാര്യമല്ലെന്ന് ഇമാം നവവിയടക്കമുള്ള നിരവധി പണ്ഡിതന്മാർ വ്യക്തമാക്കിയതായി ഇമാം സുയൂഥ്വി വിശദീകരിക്കുന്നുണ്ട്. (അൽ ഇത്ഖാൻ 1/ 271) നിരവധി എതിർ തെളിവുകളുള്ളതിനാൽ ഈ നിവേദനം മുഅല്ലലും മുതവാത്തിറായ നിവേദനങ്ങൾക്ക് വിരുദ്ധമായതിനാൽ ശാദ്ദുമാണെന്നാണ് പണ്ഡിതാഭിപ്രായം.
ഇബ്നു മസ്ഊദ് (റ) തന്റെ മുസ്ഹഫിൽ ഫാതിഹയും സൂറത്തുൽ ഫലഖും സൂറത്തുന്നാസും എഴുതാതിരുന്നത് അവ ഖുർആനിൽ ഉള്ളതല്ലെന്ന് അദ്ദേഹം കരുതിയതുകൊണ്ടല്ലെന്നും പ്രത്യുത അദ്ദേഹത്തിന്റെതായ വ്യക്തിപരമായ ചില കാരണങ്ങളാലാണെന്നും ഇവയിൽ നിന്ന് വ്യക്തമാണ്. ഖുർആനിൽ ഇന്നുള്ള ഏതെങ്കിലും സൂറത്തുകൾ ഖുർആനിന്റെ ഭാഗമല്ലെന്ന് കരുതിയിരുന്ന സ്വഹാബിമാരാരും ഉണ്ടായിരുന്നിട്ടില്ല. ഖുർആനിൽ കളങ്കമാരോപിക്കുന്നവർക്ക്, അതുകൊണ്ട് തന്നെ, ഇബ്നു മസ്ഊദിന്റെ(റ) നടപടിയെ എങ്ങനെ അപഗ്രഥിച്ചാലും തെളിവുകൾ ഒന്നും ലഭിക്കുകയില്ല; അവർ നിരാശപ്പെടുകയേയുള്ളൂ.
സ്വഹാബിമാരിൽ ചിലർ സ്വന്തം താൽപര്യപ്രകാരം ആയത്തുകളും സൂറത്തുകളും ക്രമീകരിച്ചുവെന്ന് സൂചിപ്പിക്കുന്ന ചില നിവേദനങ്ങളുണ്ടല്ലോ. അവയുടെ യാഥാർഥ്യമെന്താണ്?
സ്വഹാബിമാർ സ്വതാല്‍പര്യപ്രകാരം ആയത്തുകളും സൂറത്തുകളും ക്രമീകരിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് മറുപടി. ഖുർആനിന്റെ സമാഹരണവും സംരക്ഷണവും സ്വന്തം ബാധ്യതയാണെന്ന അല്ലാഹുവിന്റെ വചനത്തിന്റെ അടിസ്ഥാനത്തിൽ ആയത്തുകളുടെയും സൂറത്തുകളുടെയും ക്രമം പോലും വഹ്‌യിന്റെ അടിസ്ഥാനത്തിൽ സ്ഥിരപ്പെട്ടതാണെന്നായിരുന്നു സ്വഹാബിമാർ മനസ്സിലാക്കിയിരുന്നത് എന്ന് വ്യക്തമാക്കുന്ന നിരവധി നിവേദനങ്ങളുണ്ട്. പ്രവാചകാനുചരന്മാരിൽ ചിലർ സ്വന്തം അഭിപ്രായപ്രകാരം ആയത്തുകളുടെ ക്രമം തീരുമാനിച്ചുവെന്ന് തോന്നിപ്പിക്കുന്ന ചില നിവേദനങ്ങളുണ്ടെന്നത് ശരിയാണ്. പക്ഷെ അവയെല്ലാം ദുർബലവും തെളിവിന് കൊള്ളാത്തതുമാണെന്ന് അവയെ അപഗ്രഥിച്ച് പഠിച്ച പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.
ഒന്ന്: അബാദ് ബിന്‍ അബ്ദില്ല (റ) പറയുന്നു:- ഹാരിസ് ബിന്‍ ഖുസൈമ (റ) തൗബയിലെ അവസാന രണ്ടായത്തുകളുമായി ഉമറി(റ)ന് സമീപത്തെത്തി. അദ്ദേഹം ചോദിച്ചു, ആരാണ് സാക്ഷിയുള്ളത്? അദ്ദേഹം പറഞ്ഞു, അറിയില്ല. എന്നാല്‍ ഞാനിത് നബി(സ)യില്‍ നിന്നും കേട്ടതും മനഃപാഠമാക്കിയതുമാണ്. ഉമര്‍ (റ) പറഞ്ഞു: ഇത് മുൻ ആയതായിരുന്നുവെങ്കില്‍ ഇതിനെ സ്വതന്ത്രമായ അധ്യായമാക്കുമായിരുന്നു. നിങ്ങള്‍ ക്വുര്‍ആനിലെ ഒരു സൂറത്തില്‍ അത് ചേര്‍ക്കുക. ഞാനതിനെ ബറാഅത് -തൗബ സൂറയുടെ അവസാനം ചേര്‍ത്തു. (അഹ്‌മദ് 1715, ത്വബ്‌രി 60, ഇബ്‌നു അബീദാവൂദ് -അല്‍ മസാഹിഫ് )
തികച്ചും ബലഹീനമായ ഒരു നിവേദനമാണിത്. ഇമാം അഹ്‌മദിന്റെ മുസ്നദിനുള്ള നിരൂപണത്തിൽ ശൈഖ് അര്‍നാഊഥ് (റ) ഈ അഥര്‍ ബലഹീനമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. നിവേദകനായ അബ്ബാദ് ഖുര്‍ആന്‍ ക്രോഡീകരണത്തിനു ദൃക്‌സാക്ഷിയല്ല. അദ്ദേഹത്തിന് ഈ വിവരം നല്‍കിയത് ആരാണെന്ന് അറിയുകയുമില്ല. ആയതിനാല്‍ അഥര്‍ ബലഹീനമായി ഗണിക്കപ്പെടുന്നു. ഇമാം ബുഖാരി (റ) ഇതുമായി ബന്ധപ്പെട്ട് ഉദ്ധരിച്ചതാണ് ശരിയെന്നും ഈ അഥറിലെ ആശയം പ്രബല നിവേദനങ്ങളോട് എതിരായതാണെന്നും ശൈഖ് അഹ്‌മദ് ശാഖിറും(റ) പറഞ്ഞിട്ടുണ്ട്. വിഷയബന്ധിതമായ സ്വീകാര്യമായ നിവേദനങ്ങള്‍ ദുർബലമായ ഈ അഥറിന് എതിരാണ് താനും.
ഇത് ഉദ്ധരിച്ച ഇബ്നു അബൂദാവൂദ് തന്നെ സ്വീകാര്യമായ ഇവ്വിഷയകമായ നിവേദനങ്ങളും ഉദ്ധരിച്ചിട്ടുണ്ട്. അവ ഇവയാണ്. “സൈദ് (റ) പറയുന്നു: നബി(സ)യില്‍ നിന്നും ഞാന്‍ കേട്ട ആയത്ത് (സൂറത്തുല്‍ തൗബയിലെ പ്രസ്തുത ആയത്തുകള്‍) എനിക്ക് ലഭിച്ചില്ല. ഞാന്‍ അത് അന്വേഷിച്ചു. അങ്ങനെ അതിനെ ഖുസൈമ ബിന്‍ സാബിതി(റ)ല്‍ നിന്നും എനിക്കത് ലഭിച്ചു. ഞാന്‍ അതിനെ അതിന്റെ സൂറത്തില്‍ തന്നെ ചേര്‍ത്തു” (ഇബ്‌നു അബീദാവൂദ് -മസാഹിഫില്‍ നമ്പര്‍ 24, ത്വയാലിസി, തിര്‍മിദി 4/346. നിവേദനം സ്വഹീഹാണെന്ന് ഇമാം തിര്‍മിദി (റ) വ്യക്തമാക്കി. ഇമാം ദാരിമി – മുഖന്നഇല്‍ 15-16)
അബുല്‍ ആലിയ (റ) പറയുന്നു: :- അവര്‍ അബൂബക്കറിന്റെ (റ) കാലഘട്ടത്തില്‍ ക്വുര്‍ആന്‍ ശേഖരിച്ചു. ഉബയ്യ് (റ) വായിച്ചു കൊടുക്കുകയും എഴുതുകയും ചെയ്തു. സൂറഃ തൗബയിലെ 127-ാം ആയത്ത് എത്തിയപ്പോള്‍ ഇത് അവസാനം ഇറങ്ങിയ ആയത്താണെന്നു വിചാരിച്ചു. ഉബയ്യ് (റ) പറഞ്ഞു:- ഇതിനുശേഷം നബി (സ) രണ്ടു ആയത്തുകളെ ഓതുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. (ശേഷം ആ രണ്ട് ആയത്തുകള്‍ ഓതി). (അല്‍ മസാഹിഫ് -ഹദീഥ് നമ്പര്‍ 29 – ഹദീഥ് മുന്‍തിഖ ആണ്).
വിമര്‍ശനവിധേയമായ ഹദീഥ് ബലഹീനമാണെന്നും അതിനെതിരില്‍ അന്യൂനമായ നിവേദനങ്ങൾ ഉണ്ടെന്നും വ്യക്തമാക്കുന്നതാണ് ഈ തെളിവുകൾ. സ്വഹാബിമാർ സ്വന്തം ഇഷ്ടപ്രകാരം അവർക്കിഷ്ടമുള്ളിടത്ത് ലഭിച്ച ആയത്തുകൾ ചേർക്കുകയായിരുന്നില്ല, നബി(സ) നിർദേശം ഇവ്വിഷയകമായി പൂർണമായും അനുസരിക്കുകയായിരുന്നുവെന്ന് ഈ തെളിവുകൾ സുതരാം വ്യക്തമാക്കുന്നുണ്ട്.
രണ്ട്: ഇബ്‌നു അബ്ബാസ് (റ) പറയുന്നു. ഞാന്‍ ഉഥ്മാനോട്(റ) ചോദിച്ചു, നിങ്ങള്‍ സൂറത്ത് അന്‍ഫാല്‍, തൗബ എന്നിവക്കിടയില്‍ ബിസ്മി രേഖപ്പെടുത്താതെ ചേര്‍ത്ത് എഴുതിയതിന്റെ കാരണമെന്താണ്? ഉഥ്മാൻ (റ) പറഞ്ഞു: നബി(സ)ക്ക് നീണ്ട കാലയളവില്‍ ധാരാളം സൂറത്തുകള്‍ അവതരിച്ചിരുന്നു. ഖുര്‍ആന്‍ അവതരിക്കുമ്പോള്‍ എഴുത്തുകാരില്‍ ഒരാളെ വിളിച്ച് ഇതിനെ ഇന്ന വിഷയം പരാമര്‍ശിക്കുന്ന സൂറത്തില്‍ ചേര്‍ക്കുക എന്ന് കല്‍പിക്കുമായിരുന്നു. സൂറഃ അന്‍ഫാല്‍ മദീനയില്‍ ആദ്യം അവതരിച്ചതാണ്. സൂറഃ തൗബ അവസാനം അവതരിച്ചതും. ഇരു സൂറത്തുകളുടെയും പ്രമേയവിഷയം പരസ്പരം യോജിച്ചതാണ്. അതിന്റെ തുടര്‍ച്ചയാണ് ഇതെന്നു ഞാന്‍ വിചാരിക്കുന്നു. വ്യക്തത നല്‍കാതെയാണ് നബി (സ) ഇഹലോകം വെടിഞ്ഞത്. ആയതിനാല്‍ ഇടയില്‍ ബിസ്മി ചേര്‍ക്കാതെ ചേര്‍ത്ത് രണ്ടു സൂറത്തുകളും രേഖപ്പെടുത്തി. (അഹ്‌മദ് 1/244, തിര്‍മിദി 3086, മിശ്കാത് 2163)
ഹദീഥ് പണ്ഡിതന്‍മാരായ ശൈഖ് ശുഐബ് അര്‍നഊത്, ശൈഖ് അല്‍ബാനി, ശൈഖ് അഹ് മദ് ശാഖിര്‍ (റ) എന്നിവര്‍ ഈ അഥർ ബലഹീനമാണെന്ന് പറഞ്ഞിട്ടുണ്ട്. അഥര്‍ ഉദ്ധരിച്ച യസീദുര്‍റുഖാശി (റ) എന്ന വ്യക്തിയില്‍ അവ്യക്തതയുണ്ടെന്ന് ഇമാം തിര്‍മിദി (റ) രേഖപ്പെടുത്തി. യസീദു ബിന്‍ അബാ(റ)നെ കണ്ടിട്ടില്ലെന്നും ഇമാം തന്നെ പറയുന്നുണ്ട്. (തിര്‍മിദി ഹദീഥ് നമ്പര്‍ 3086)
അന്യൂനമായ ഹദീഥല്ല ഇതെന്നു സാരം, ഇതിന്റെ ആശയം സ്ഥിരപ്പെട്ട കാര്യങ്ങള്‍ക്ക് വിരുദ്ധമാണ്.
1) നബി(സ)യുടെയും അബൂബക്കറി(റ)ന്റെയും കാലഘട്ടത്തില്‍ നടന്ന രണ്ടു രീതിയിലുള്ള ക്രോഡീകരണത്തിലും ഈ രണ്ടു സൂറത്തുകളും രണ്ടായിട്ടാണ് രേഖപ്പെടുത്തിയത്. സൂറഃ തൗബയില്‍ ബിസ്മി ഇല്ല എന്ന വിഷയത്തില്‍ സ്വഹാബാക്കള്‍ ഭിന്നിച്ചിട്ടില്ല. ഇത് കേവലം ഉഥ്മാന്റെ(റ) ഗവേഷണ ഫലമായിരുന്നുവെങ്കില്‍ അവര്‍ ഭിന്നിക്കുമായിരുന്നു.
2) സൂറത്തുകളെല്ലാം തുടങ്ങേണ്ടത് ബിസ്മി കൊണ്ടാണെന്നത് നബി(സ)യുടെ കല്പനയാണ്. അതെ നബി (സ) തന്നെയാണ് അത് സൂറഃ തൗബയില്‍ രേഖപ്പെടുത്തേണ്ടതില്ലെന്ന് പഠിപ്പിച്ചത്. അതിനാലാണ് എഴുത്തുകാർ അത് രേഖപ്പെടുത്താതിരുന്നത്.
3) ബിസ്മി രേഖപ്പെടുത്താതിന്റെ കാരണം എന്താണെന്നതിലാണ് സ്വഹാബാക്കള്‍ വ്യത്യസ്ത അഭിപ്രായം പറഞ്ഞത്. ഈ വിഷയത്തില്‍ നബി(സ)യില്‍ നിന്നും വ്യക്തത ലഭിച്ചിട്ടില്ല എന്ന് ഉഥ്മാൻ (റ) അദ്ദേഹത്തിന് ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിൽ അഭിപ്രായം പറഞ്ഞതാണ്. മറ്റു സ്വഹാബിമാരും ഇവ്വിഷയകമായ അവരുടെ അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്.
ഇബ്‌നു അബ്ബാസ് (റ) പറയുന്നു:- അലി (റ) പറഞ്ഞു: ബിസ്മില്ലാഹി നിര്‍ഭയത്വമാണ്. സൂറഃ തൗബ യുദ്ധ കല്‍പന പ്രഖ്യാപിച്ച് ഇറങ്ങിയതാണ്. അതില്‍ നിര്‍ഭയത്വമില്ല. അതുകൊണ്ടാണ് അതിൽ ബിസ്മി ഒഴിവായത്. (തഫ്‌സീര്‍ ത്വബ്‌രി)
സൂറത്തു തൗബയുടെ ആദ്യ ഭാഗങ്ങള്‍ ദുര്‍ബലപ്പെടുത്തപ്പെട്ടതോടുകൂടി ഇതിലെ ബിസ്മിയും ഉയര്‍ത്തപ്പെട്ടതായി ഇമാം മാലിക്കും(റ) അഭിപ്രായപ്പെട്ടുണ്ട്.
ക്വുർആനിലെ 2: 2:233 വചനത്തില്‍ മുലകുടി പ്രായം രണ്ടു വര്‍ഷമാണെന്നും 46:15 വചനത്തില്‍ ഗര്‍ഭകാലവും മുലകുടി പ്രായവും കൂടി മുപ്പതു മാസമാണെന്നും പറഞ്ഞതിനെ താരതമ്യം ചെയ്താൽ ഗർഭകാലം ആറ് മാസമാണ് എന്നാണ് വന്നു ചേരുക. ഇത് വ്യക്തമായ അബദ്ധമല്ലേ ?
സൂറത്തുല്‍ ബക്വറയിലെ 2:233-ാം വചനത്തിലും സൂറത്തു ലുഖ്മാനിലെ പതിനാലാം വചനത്തിലും മുലകുടി പ്രായം രണ്ടു വര്‍ഷമാണെന്ന് വ്യക്തമാക്കുന്നുണ്ട്. മുലകുടി പൂർത്തിയായ്ക്കാനുദ്ദേശിക്കുന്നവർ കുഞ്ഞുങ്ങൾക്ക് രണ്ട് വര്‍ഷമാണ് മുല കൊടുക്കേണ്ടതെന്ന് ഈ വചനങ്ങൾ വ്യക്തമാക്കുന്നു. സൂറത്തുല്‍ അഹ്ക്വാഫിലെ പതിനഞ്ചാം വചനത്തിൽ "അവന്റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു" എന്ന് വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. ഇതിൽ നിന്ന് ഗർഭകാലം ആറ് മാസമാണ് എന്നല്ലേ മനസ്സിലാവുകയെന്നാണ് വിമർശനം. അങ്ങനെത്തന്നെയാണ് മനസ്സിലാക്കേണ്ടത് എന്നാണ് അതിനുള്ള വിശദീകരണം. ഒൻപത് മാസം കഴിഞ്ഞാണ് സാധാരണഗതിയിൽ പ്രസവം നടക്കാറുള്ളതെന്ന് ആരും പറഞ്ഞു കൊടുക്കാതെതന്നെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇക്കാര്യം മുഹമ്മദ് നബിക്ക് (സ) അറിയുമായിരുന്നില്ല എന്ന കരുതുന്നത് ശുദ്ധ അസംബന്ധമാണ്.
ഈ വചനങ്ങളിൽ നിന്ന് നാം മനസിലാക്കേണ്ടത് കുറഞ്ഞ ഗർഭകാലം ആറു മാനസമാണ് എന്നാണ്. ഇങ്ങനെ മനസ്സിലാക്കിയവരായിരുന്നു ആദ്യകാല മുസ്ലിംകൾ. ഒരു സംഭവം നോക്കുക:
വിവാഹത്തിനുശേഷം ആറുമാസങ്ങള്‍ കഴിയുന്നയുടനെ പ്രസവിച്ച ഒരു സ്ത്രീയെക്കുറിച്ച ഒരു പരാതി ഖലീഫ ഉമറിന്റെ (റ) അടുത്തെത്തി. പ്രസവിക്കപ്പെട്ട കുഞ്ഞിന് ജീവനും ആരോഗ്യവുമുള്ളതിനാല്‍ വിവാഹപൂര്‍വരതിയിലൂടെയുണ്ടായതാവണം അവരുടെ ഗര്‍ഭധാരണമെന്നും അതിനാല്‍ അവര്‍ക്ക് വ്യഭിചാരത്തിനുള്ള ശിക്ഷ നല്‍കണമെന്നുമായിരുന്നു പരാതിക്കാരുടെ പക്ഷം. പ്രശ്‌നത്തിനു പരിഹാരം തേടി പ്രവാചകാനുചരന്‍മാരുമായി ഉമര്‍ (റ) കൂടിയാലോചന നടത്തി. അബ്ദുല്ലാഹിബ്‌നു അബ്ബാസാണ് (റ) പ്രസ്തുത പ്രസവത്തെ ക്വുര്‍ആനിന്റെ അടിസ്ഥാനത്തില്‍ ന്യായീകരിച്ചത്. സൂറത്തുല്‍ ബക്വറയിലെ 2:233-ാം വചനവും സൂറത്തുല്‍ അഹ്ക്വാഫിലെ പതിനഞ്ചാം വചനവും ഉദ്ധരിച്ചുകൊണ്ട് ഈ വചനങ്ങള്‍പ്രകാരം കുറഞ്ഞ ഗര്‍ഭകാലം ആറുമാസമാണെന്ന് സ്ഥാപിക്കുകയാണ് അദ്ദേഹം ചെയ്തത്. സൂറത്തുല്‍ ബക്വറയിലെ വചനത്തില്‍ മുലകുടി പ്രായം രണ്ടു വര്‍ഷമാണെന്നും സൂറത്തുല്‍ അഹ്ക്വാഫില്‍ ഗര്‍ഭകാലവും മുലകുടി പ്രായവും കൂടി മുപ്പതു ദിവസമാണെന്നും പറഞ്ഞതിനെ താരതമ്യം ചെയ്തുകൊണ്ടാണ് പ്രവാചകാനുചരന്‍മാരിലെ ക്വുര്‍ആന്‍ വ്യാഖ്യാതാവെന്ന് അറിയപ്പെട്ടിരുന്ന ഇബ്‌നു അബ്ബാസ് (റ) കുറഞ്ഞ ഗര്‍ഭകാലം ആറു മാസമാണെന്ന് സമര്‍ത്ഥിച്ചത്. ഭരണാധികാരിയായ ഉമര്‍ (റ) അടക്കമുള്ള സ്വഹാബിമാരെല്ലാം അത് അംഗീകരിക്കുകയും കുറ്റാരോപിതയെ വെറുതെ വിടാന്‍ ഖലീഫ കല്‍പിക്കുകയും ചെയ്തു.(ഇമാം അബ്ദുര്‍റസാഖ് തന്റെ മുസന്നഫിലും (7: 352) ഇമാം സുയൂത്തി തന്റെ ദുര്‍റുല്‍ മന്‍സൂറിലും (7: 442) നാഫിഉ ബിന്‍ ജുബൈറില്‍ നിന്ന് നിവേദനം ചെയ്തത്.)
ഉഥ്മാന്റെ (റ) ഭരണകാലത്തും സമാനമായ സംഭവമുണ്ടായതായി ഇമാം മാലിക് (റ) നിവേദനം ചെയ്യുന്നുണ്ട്. ആറാം മാസം കഴിഞ്ഞയുടനെ ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിച്ച സ്ത്രീക്ക് വ്യഭിചാരക്കുറ്റത്തിന് ശിക്ഷ വിധിച്ച ഖലീഫയെ തിരുത്തിയത് അലി(റ)യാണ്. നടേ പറഞ്ഞ ആയത്തുകള്‍ ഉദ്ധരിച്ചുകൊണ്ട് ഖലീഫയുടെ വിധിയെ വിമര്‍ശിച്ചത് ഉഥ്മാന്‍ (റ) അംഗീകരിക്കുകയും സ്ത്രീയെ വെറുതെ വിടുകയും ചെയ്തു.(ഇമാം മാലികിന്റെ മുവത്വ 41: 11)
കുറഞ്ഞ ഗര്‍ഭകാലമെത്രയാണെന്ന കാര്യത്തില്‍ പ്രവാചകാനുചരന്‍മാരുടെ കാലം മുതല്‍ മുസ്‌ലിം ലോകത്ത് കാര്യമായ തര്‍ക്കങ്ങളുണ്ടായിട്ടില്ല. നാലു കര്‍മശാസ്ത്ര സരണികളും കുറഞ്ഞ ഗര്‍ഭകാലം ആറുമാസമാണെന്ന് അംഗീകരിക്കുന്നു. പിതൃത്വവും ശിക്ഷാവിധികളുമായി ബന്ധപ്പെട്ട മദ്ഹബീ നിയമങ്ങളിലെല്ലാം ഈ അംഗീകാരത്തിന്റെ സ്വാധീനം കാണാനാവും. മുസ്‌ലിം ലോകത്ത് പതിനാലു നൂറ്റാണ്ടുകളായി അംഗീകരിക്കപ്പെട്ടുവരുന്ന കുറഞ്ഞ ഗര്‍ഭകാലം തന്നെയാണ് ശരിയെന്ന വസ്തുത അംഗീകരിക്കുകയാണ് ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ശാസ്ത്രം ഇന്നു ചെയ്യുന്നത്. കുറഞ്ഞ ഗര്‍ഭകാലത്തെക്കുറിച്ച സംവാദങ്ങളും തര്‍ക്കങ്ങളും ഭ്രൂണശാസ്ത്രലോകത്ത് സജീവമാണെങ്കിലും നിയമപരമായി അംഗീകരിക്കാവുന്ന കുറഞ്ഞ ഗര്‍ഭകാലം ആറുമാസമാണെന്ന വസ്തുത ഇന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്.
ഗര്‍ഭാശയത്തിനുപുറത്ത് ഗര്‍ഭസ്ഥശിശുവിന് ജീവിക്കാനുള്ള കഴിവിനെയാണ് ശിശുജീവനസാമര്‍ത്ഥ്യം (Fetal Viability) എന്നുവിളിക്കുന്നത്. ഗര്‍ഭകാലത്തെ മൂന്നു ത്രൈമാസിക യൂണിറ്റുകളായാണ് (trimester) ഭ്രൂണശാസ്ത്രജ്ഞന്‍മാര്‍ പഠിക്കുന്നത്. ആദ്യത്തെ ത്രൈമാസികത്തിലാണ് ഭ്രൂണത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെല്ലാം ഉണ്ടാകുന്നത്. ഒന്നാം ത്രൈമാസത്തിനകത്ത് പ്രസവിക്കപ്പെട്ടാല്‍ ശിശുജീവനസാമര്‍ത്ഥ്യം പൂജ്യമായിരിക്കും. അഥവാ അങ്ങനെ പ്രസവിക്കപ്പെടുന്ന കുഞ്ഞ് ഒരു കാരണവശാലും ജീവിച്ചിരിക്കുകയില്ല. രണ്ടാം ത്രൈമാസികത്തില്‍ നടക്കുന്നത് പ്രധാനമായും അവയവങ്ങളുടെ വികാസമാണ്. രണ്ടാമത്തെ തൈമാസികം അവസാനിക്കുമ്പോള്‍ പ്രസവിക്കപ്പെടുന്ന കുഞ്ഞിന് നല്ല പരിചരണം നല്‍കിയാല്‍ അത് ജീവിക്കും. ഈ സമയത്തെ ശിശുജീവനസാമര്‍ത്ഥ്യം (Fetal Viability) 90 ശതമാനമാണ്. നല്ല പരിചരണം നല്‍കിയാല്‍ കുഞ്ഞിനെ രക്ഷിക്കുവാനും കാര്യമാത്രപ്രസക്തമായ വൈകല്യങ്ങളൊന്നുമില്ലാതെ നിലനിര്‍ത്തുവാനും കഴിയുന്ന പ്രായമാണിത് എന്നര്‍ത്ഥം.
ഗര്‍ഭസ്ഥ ശിശുവിന് ഇരുപത്തിരണ്ടാമത്തെ ആഴ്ച പ്രായമാകുന്നതുമുതല്‍ തന്നെ ശിശുജീവനസാമര്‍ത്ഥ്യത്തിന് നേരിയ സാധ്യതകളുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇരുപത്തിമൂന്നാമത്തെ ആഴ്ച ഇത് പത്തുമുതല്‍ മുപ്പത്തിയഞ്ച് വരെ ശതമാനവും ഇരുപത്തിനാലാമത്തെ ആഴ്ച ഇത് നാല്‍പത് മുതല്‍ എഴുപത് വരെ ശതമാനവും ഇരുപത്തിയഞ്ചാമത്തെ ആഴ്ച ഇത് അമ്പത് മുതല്‍ എണ്‍പതു വരെ ശതമാനവും ഇരുപത്തിയാറാമത്തെ ആഴ്ച ഇത് എണ്‍പത് മുതല്‍ തൊണ്ണൂറുവരെ ശതമാനവും ഇരുപത്തിയേഴാമത്തെ ആഴ്ച മുതല്‍ ഇത് തൊണ്ണൂറ് ശതമാനത്തിനു മുകളിലുമാണ്. ആറു മാസങ്ങള്‍ക്ക് മുമ്പുള്ള ശിശുജീവനസാമര്‍ത്ഥ്യത്തിന്റെ ശതമാനക്കകണക്ക് ഉയരാനുള്ള കാരണം ചികിത്സാരംഗത്തും സാങ്കേതിക വിദ്യയാലുമുണ്ടായ പുരോഗതിയാണ്. ഈ പുരോഗതിയുണ്ടായിട്ട് ഏതാണ്ട് പതിറ്റാണ്ടുകളേ ആയിട്ടുള്ളൂ. 1973ലെ പ്രസിദ്ധമായ ഒരു ഗര്‍ഭഛിദ്ര കേസില്‍ പോലും അമേരിക്കന്‍ സുപ്രീം കോടതി വിധിച്ചത് ശിശുജീവനസാമര്‍ത്ഥ്യം ഇരുപത്തിയെട്ട് ആഴ്ചകളെങ്കിലും പൂര്‍ത്തിയായാലേ ഉണ്ടാവുകയുള്ളുവെന്നാണ് പൊതുവെ കരുതി വരാറുള്ളതെന്നാണ്. ഇരുപത്തിനാല് ആഴ്ചകളെങ്കിലും പൂര്‍ത്തിയായാലേ ശിശുവിന് ജീവനസാമര്‍ത്ഥ്യമുണ്ടാകൂവെന്നാണ് ഇന്ന് പൊതുവെ ചികിത്സാരംഗത്തുള്ളവര്‍ പറയാറുള്ളതെങ്കിലും അതിനേക്കാള്‍ മുമ്പ് പ്രസവിക്കപ്പെട്ടിട്ടും ജീവിച്ച റിക്കാര്‍ഡുകളുണ്ട്.
2006 ഒക്‌ടോബര്‍ 24ന് ഫ്‌ളോഡിറിയില്‍ ഇരുപത്തിരണ്ട് ആഴ്ചകള്‍ മാത്രം കഴിഞ്ഞ് ജനിച്ച അമില്ലിയ ടൈലറെന്ന പെണ്‍കുട്ടിയാണ് ഏറ്റവും കുറഞ്ഞ ഗര്‍ഭകാലം കഴിഞ്ഞ് ജീവനസാമര്‍ത്ഥ്യത്തോടെയിരിക്കുകയും പിന്നീട് വളര്‍ന്നു വലുതാവുകയും ചെയ്തയാളായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ശ്വാസകോശങ്ങള്‍ക്കും ദഹനവ്യവസ്ഥക്കും തലച്ചോറിനുമെല്ലാം നിരവധി തകരാറുകളുണ്ടായിരുന്നുവെങ്കിലും മികച്ച സാങ്കേതികവിദ്യകളുടെ സഹായത്താല്‍ ഒരു കൂട്ടം ഭിഷഗ്വരന്‍മാര്‍ ഭഗീരഥപ്രയത്‌നം നടത്തി കുട്ടിയെ ജീവനോടെ നിലനിര്‍ത്തുകയാണുണ്ടായത്. നീണ്ട നാലുമാസങ്ങളില്‍ ആശുപത്രിയിലെ ശിശു തീവ്രപരിചരണ വിഭാഗത്തില്‍ കിടത്തിയുള്ള നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായാണ് അവരുടെ മാതാപിതാക്കള്‍ക്ക് ജീവനുള്ള കുഞ്ഞിനെ ലഭിച്ചത് എന്നര്‍ത്ഥം.
രണ്ടാമത്തെ ത്രൈമാസം കഴിയുമ്പോഴേക്ക് ഗര്‍ഭസ്ഥശിശുവില്‍ ഒരുവിധം എല്ലാ ബാഹ്യാവയവങ്ങളും ആന്തരാവയവങ്ങളും വളര്‍ന്നുവന്നിരിക്കുമെന്നതിനാല്‍ തന്നെ അതിനുശേഷം പ്രസവിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ ജീവിച്ചിരിക്കുവാനുള്ള സാധ്യത അഥവാ ശിശുജീവനസാമര്‍ത്ഥ്യം തൊണ്ണൂറു ശതമാനത്തിനു മുകളിലാണ്. ഗര്‍ഭാശയത്തില്‍വെച്ചു തന്നെ പൂര്‍ണ വളര്‍ച്ചയെത്തി പുറത്തുവരുന്ന കുഞ്ഞ് മാതൃശരീരത്തിനകത്ത് തന്റെ ആദ്യകോശമുണ്ടാകുന്നതു മുതല്‍ മുപ്പത്തിയൊന്‍പത് ആഴ്ചക്കാലമാണ് കഴിച്ചുകൂട്ടുന്നത്. പൂര്‍ണമായ ഗര്‍ഭകാലമാണിത്. ഇതിനുമുമ്പ് ഏതു സമയത്തും കുഞ്ഞ് പ്രസവിക്കപ്പെടാം. ഗര്‍ഭാശയത്തിനകത്തും പുറത്തും കുഞ്ഞിന് വളരാനാവശ്യമായ സംവിധാനങ്ങളെല്ലാം ചെയ്തുവെച്ചിരിക്കുന്നവനാണ് സ്രഷ്ടാവ്. മാതൃശരീരത്തില്‍ നിന്ന് പുറത്തുവരുന്ന ശിശുവിന് പിന്നെ മാതാവുമായുള്ള ജൈവികബന്ധം അതിന്റെ മുലകുടിയാണ്. മനുഷ്യശിശുവിന്റെ മുലകുടി പ്രായം രണ്ടു വര്‍ഷമാണെന്ന കാര്യത്തില്‍ ശാസ്ത്രവും ക്വുര്‍ആനും ഒരേ അഭിപ്രായമാണ് പുലര്‍ത്തുന്നത്.
പൂര്‍ണമായ മുലകുടി പ്രായം രണ്ടു വര്‍ഷമാണെന്നു പറയുമ്പോള്‍ അതിനുമുമ്പ് ഏതുസമയത്തും മാതാവിന്റെയോ കുഞ്ഞിന്റെയോ ആരോഗ്യപരമായ കാരണങ്ങളാല്‍ മുലകുടി നിന്നുപോകുവാനുള്ള സാധ്യത ക്വുര്‍ആന്‍ അംഗീകരിക്കുന്നു. മുലകുടിയോടു കൂടി ബന്ധപ്പെടുത്തിയാണ് കുറഞ്ഞ ഗര്‍ഭകാലത്തെക്കുറിച്ച് ക്വുര്‍ആന്‍ പറഞ്ഞിരിക്കുന്നതെന്ന വസ്തുത ശ്രദ്ധേയമാണ്. മുലകുടിയും ഗര്‍ഭകാലവും കൂടി മുപ്പത് മാസമാണെന്ന ക്വുര്‍ആനിക പരാമര്‍ശമാണ് ചുരുങ്ങിയ ഗര്‍ഭകാലം ആറുമാസമാണെന്ന നിഗമനത്തിലെത്താന്‍ പ്രവാചകാനുചരന്മാരെ സഹായിച്ചത്. കാര്യമായ സാങ്കേതിക സഹായങ്ങളൊന്നുമില്ലെങ്കില്‍ പോലും, ആറു മാസങ്ങള്‍ പൂര്‍ത്തിയാക്കി ഗര്‍ഭാശയത്തിനകത്തുനിന്ന് പുറത്തുവരുന്ന കുഞ്ഞിന് ജീവിക്കുവാന്‍ കഴിയുമെന്നാണ് പുതിയ പഠനങ്ങളും വ്യക്തമാക്കുന്നത്. ആറുമാസം പൂര്‍ത്തിയാക്കുന്നതോടെ ശിശുവിന്റെ ജീവനസാമര്‍ത്ഥ്യം തൊണ്ണൂറ് ശതമാനമാണെന്നാണല്ലോ പഠനങ്ങള്‍ കാണിക്കുന്നത്.
ആറു മാസങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കുവാന്‍ സാങ്കേതിക സഹായങ്ങളോടെ സാധിക്കുമെന്നതിനാലാണ് കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ജീവനസാമര്‍ത്ഥ്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ടെന്നു പറയുന്നത്. പ്രസ്തുത പുരോഗതിയുടെ ഫലമായി ഇരുപത്തിനാല് ആഴ്ചകളെങ്കിലും പൂര്‍ത്തിയാക്കിയ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞേക്കുമെന്ന ഒരു ധാരണ ചികിത്സാരംഗത്തുണ്ടായിട്ടുണ്ട്. വിദഗ്ധരായ ചികിത്സകരുടെ മേല്‍നോട്ടത്തില്‍ ശക്തമായ സാങ്കേതിക സഹായത്തോടെയാണ് പ്രസ്തുത രക്ഷിക്കല്‍ ശ്രമം നടക്കുന്നത്. അങ്ങനെ രക്ഷപെടുന്ന കുഞ്ഞുങ്ങള്‍ വ്യത്യസ്തതരം വൈകല്യങ്ങള്‍ക്ക് വിധേയമായിരിക്കും. തലച്ചോറ് വേണ്ടത്ര വികസിച്ചിട്ടില്ലാത്തതിനാല്‍ ഓട്ടിസമടക്കമുള്ള വൈകല്യങ്ങളുണ്ടാവാനുള്ള സാധ്യതയേറെയാണ്. ശ്വാസകോശങ്ങളുടെയും കണ്ഠനാളികളുടെയും വളര്‍ച്ച പൂര്‍ത്തീകരിച്ചു കഴിഞ്ഞിട്ടില്ലാത്തതിനാല്‍ അത്തരം ശിശുക്കള്‍ക്ക് മുല കുടിക്കുവാന്‍ പലപ്പോഴും കഴിയാറില്ല. മാതൃമുലപ്പാല്‍ പിഴിഞ്ഞ് വായിലേക്ക് ഉറ്റിച്ചുകൊടുക്കുകയോ സമാന്തര പോഷകങ്ങള്‍ നല്‍കിയോ ആണ് ചികിത്സകന്‍മാര്‍ ഈ പ്രശ്‌നം പരിഹരിക്കാറുള്ളത്. ആറു മാസങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കിലും മുലകുടിയടക്കമുള്ള പല ശൈശവക്രിയകളും ചെയ്യാന്‍ അവയ്ക്ക് കഴിയുകയില്ലെന്നര്‍ത്ഥം.
മാതാപിതാക്കളോടുള്ള ബാധ്യതകളെക്കുറിച്ചു പറയുമ്പോള്‍ മാതാവ് തനിക്കുവേണ്ടി സഹിച്ച ത്യാഗങ്ങളെപ്പറ്റി ഓര്‍മിപ്പിച്ചുകൊണ്ടാണ് ക്വുര്‍ആന്‍ മുലകുടി പ്രായവും ഗര്‍ഭകാലവും കൂടി മുപ്പത് മാസങ്ങളാണെന്ന് പരാമര്‍ശിക്കുന്നതെന്ന വസ്തുത ശ്രദ്ധേയമാണ്. ആറുമാസമെങ്കിലുമുള്ള പൊക്കിള്‍കൊടി ബന്ധവും രണ്ടു വര്‍ഷത്തെ മുലകുടി ബന്ധവുമാണ് മാതൃശരീരവുമായി കുഞ്ഞിനുള്ള ജൈവികബന്ധമെന്ന ക്വുര്‍ആന്‍ പരാമര്‍ശം വളര്‍ന്നു വലുതായ ശേഷമുള്ള മാതാപിതാക്കളോടുള്ള ബാധ്യതയെക്കുറിച്ച് ഓര്‍മപ്പെടുത്തുന്നതിനിടയിലാണ് കടന്നുവരുന്നത്. മുലകുടി പ്രായവും കുറഞ്ഞ ഗര്‍ഭകാലവും കൂടി മുപ്പത് മാസങ്ങളാണെന്ന ക്വുര്‍ആന്‍ പരാമര്‍ശം ശാസ്ത്രീയമായ കൃത്യത മാത്രമല്ല വൈകാരിക ബന്ധത്തിനുണ്ടാവേണ്ട ആഴവും വ്യക്തമാക്കുന്നതാണ്.
മനുഷ്യന് എന്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്? രക്തക്കട്ടയിൽ നിന്നാണെന്നും (96:2) വെള്ളത്തിൽ നിന്നാണെന്നും (21: 30, 24: 45, 25: 54) ശബ്ദമുണ്ടാക്കുന്ന കളിമണ്ണിൽ നിന്നാണെന്നും(15:26) മണ്ണിൽ നിന്നാണെന്നും (3:59,30:20,35:11) ഭൂമിയിൽ നിന്നാണെന്നും (11:61) ശുക്ലത്തിൽ നിന്നാണെന്നു (16:4,75:37)മെല്ലാം ഖുര്‍ആനിൽ പറയുന്നുണ്ടല്ലോ. ഇത് വ്യക്തമായ വൈരുധ്യമല്ലേ?
മനുഷ്യന്റെ സൃഷ്ടിയെകുറിച്ച് പ്രതിപാദിക്കുമ്പോള്‍ ഖുര്‍ആന്‍ നടത്തുന്ന പ്രസ്താവനകളില്‍ വൈവിധ്യം കാണപ്പെടുന്നുവെന്നത് ഒരു നേരാണ്. ഈ വൈവിധ്യങ്ങള്‍ പക്ഷേ വൈരുധ്യങ്ങളല്ല. മനുഷ്യ സൃഷ്ടിയെപ്പറ്റി ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട എല്ലാം ശരിയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ഖുര്‍ആനില്‍ മനുഷ്യ സൃഷ്ടിയെ കുറിച്ച് പറയുന്ന സൂക്തങ്ങള്‍ രണ്ടുതരത്തിലുള്ളവയാണ്. മനുഷ്യന്റെ ആദിമ സൃഷ്ടിയെ കുറിച്ച് പ്രതിപാദിക്കുന്നവയാണ് ഒന്ന്. രണ്ടാമത്തെതാകട്ടെ, സ്ത്രീപുരുഷ സംഗമത്തിലൂടെയുള്ള പ്രത്യുല്‍പാദനത്തെ സൂചിപ്പിക്കുന്നവയാണ്. രണ്ടും കൂട്ടിക്കലര്‍ത്തി കൊണ്ടാണ് പലപ്പോഴും വൈരുധ്യങ്ങള്‍ ആരോപിക്കപ്പെടുന്നത്. ഇവയെ രണ്ടായി കണ്ടുകൊണ്ട് തന്നെ പഠനത്തിന്വിധേയമാക്കിയാല്‍ ഇവയില്‍ യാതൊരു വിധ വൈരുധ്യങ്ങളുമില്ലെന്ന് മാത്രമല്ല, ഇവയെല്ലാം കൃത്യവും ശാസ്ത്രീയവുമാണെന്ന് വ്യക്തമാവും.
ആദിമ മനുഷ്യന്റെ സൃഷ്ടിയെ കുറിച്ച് പ്രതിപാദിക്കുന്ന സൂക്തങ്ങള്‍താഴെ:
കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍)മുഴക്കമുണ്ടാകുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് നാം മനുഷ്യരെസൃഷ്ടിച്ചിരിക്കുന്നു-(15:26)
അവനെ(ആദമിനെ) മണ്ണില്‍ നിന്നും അവന്‍ സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോള്‍ അവന്‍ (ആദം) അതാ ഉണ്ടാകുന്നു -(3:59)
നിങ്ങളെ അവന്‍ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു-(30:20)
അല്ലാഹു നിങ്ങളെ മണ്ണില്‍ നിന്നും പിന്നീട് ബീജകണത്തില്‍ നിന്നുംസൃഷ്ടിച്ചു-(35:11)
അവനത്രേ കളി മണ്ണില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചത്-(6:2)
എല്ലാ ജന്തുക്കളെയും അവന്‍ വെള്ളത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു-(24:45)
അവന്‍ തന്നെയാണ് വെള്ളത്തില്‍നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും, അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. (25:54)
ആദി മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് മണ്ണില്‍ നിന്നാണെന്നാണ് ഈ സൂക്തങ്ങളില്‍ നിന്ന് നാം ഒന്നാമതായി മനസ്സിലാക്കേണ്ടത്. മണ്ണില്‍ നിന്ന് എന്നപ്രയോഗം പൊതുവായ ഒരു പരാമര്‍ശമാണ്. തുറാബ് എന്നാണ് മണ്ണിന് അറബിയില്‍ പറയുക. ഏതു തരം മണ്ണിനും പറയാവുന്ന ഒരു പൊതുനാമമാണിത്. ഏതുതരം മണ്ണില്‍ നിന്നാണ് മനുഷ്യ സൃഷ്ടി നടന്നത് എന്ന ചോദ്യത്തിന് കളിമണ്ണില്‍ (ഹമഅ്,ത്വീന്‍) നിന്ന് എന്ന ഉത്തരമാണ് ഖുര്‍ആന്‍ നല്‍കുന്നത്. ഏതുതരം കളിമണ്ണ് എന്ന ചോദ്യത്തിനാണ് ഖുര്‍ആന്‍ സ്വല്‍സ്വാല്‍ എന്നും മസ്‌നൂന്‍ എന്നും ഉത്തരം പറയുന്നത്. കളിമണ്ണിന്റെ രണ്ട് സ്വഭാവങ്ങളാണ് ഈ നാമങ്ങളില്‍ പ്രകടമാവുന്നത്. മുട്ടിയാല്‍ ശബ്ദിക്കുന്ന മണ്ണ് എന്നും പശിമയുള്ള കുഴഞ്ഞ മണ്ണ് എന്നുമാണ് യഥാക്രമം ഈ പദങ്ങളുടെ അര്‍ത്ഥം. അഥവാ, ആദിമനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് മണ്ണില്‍ നിന്നാണ് എന്ന പൊതു പ്രസ്താവനയുടെ വിശദീകരണങ്ങളാണ് നാം മറ്റു സൂക്തങ്ങളില്‍ കാണുന്നത്.
മനുഷ്യന്‍ ജലത്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് പറയുന്ന ഖുര്‍ആന്‍ സൂക്തം(25:54) മണ്ണില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടത് എന്നു വ്യക്തമാക്കുന്ന സൂക്തങ്ങളുമായി വൈരുധ്യം പുലര്‍ത്തുന്നില്ലേയെന്ന് ചോദിക്കാവുന്നതാണ്. ഇല്ലയെന്നു തന്നെയാണ് ഉത്തരം. മനുഷ്യനെ മണ്ണില്‍നിന്നു മാത്രമായി സൃഷ്ടിച്ചിരിക്കുന്നുവെന്നോ ജലത്തില്‍ നിന്നു മാത്രമായി പടക്കപ്പെട്ടിരിക്കുന്നുവെന്നോ ഖുര്‍ആനിലൊരിടത്തും പരാമര്‍ശമില്ല. അതുകൊണ്ട് തന്നെ ഈ വചനങ്ങള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്ന് പറയാനാവില്ല. മനുഷ്യനെ വെള്ളത്തില്‍ നിന്നും മണ്ണില്‍ നിന്നുമായി വെള്ളത്തിന്റെയും മണ്ണിന്റെയും മിശ്രിതത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടുവെന്ന് മാത്രമെ ഈ വചനങ്ങളുടെ അടിസ്ഥാനത്തില്‍ പറയാനാകൂ. വെള്ളം ചേര്‍ത്ത് മണ്ണ് കുഴച്ച് കളിമണ്‍ രൂപമുണ്ടാക്കുക എന്നത് സ്വാഭാവികമായകാര്യമാണല്ലോ. ഇപ്രകാരമായിരിക്കും അല്ലാഹു ആദിമനുഷ്യന്റെ രൂപം നിര്‍മിച്ചത്. ആദി മനുഷ്യന്റെ രൂപം കളിമണ്ണില്‍ നിന്ന് രൂപപ്പെടുത്തിയശേഷം അല്ലാഹുവിന്റെ ആത്മാവില്‍ നിന്ന് ഊതിയപ്പോഴാണ് മനുഷ്യനുണ്ടായതെന്നത്രെ ഖുര്‍ആനില്‍ പറയുന്നത്.(15:28,29). ആദ്യത്തെ മനുഷ്യന്റെ മാത്രമല്ല എല്ലാ മനുഷ്യരുടെ ഘടനയിലും വെള്ളം ഒരുനിര്‍ണ്ണായക ഘടകം തന്നെയാണ്. അതുപോലെ തന്നെ മണ്ണിലെ മൂലകങ്ങളും.
എല്ലാ ജൈവ വസ്തുക്കളും ജലത്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടത് എന്ന ഖുര്‍ആനിക പരാമര്‍ശ(24:45,21:30)ത്തിന്റെ വരുതിയില്‍ വരുന്നവനാണ് മനുഷ്യനുമെന്ന വസ്തുത വ്യക്തമാക്കുക കൂടിയാണ് സൂറത്തുല്‍ ഫുര്‍ഖാനിലെ വചനം(25:54) ചെയ്യുന്നത്. സത്യത്തില്‍ ജൈവ വസ്തുവിന്റെ അടിസ്ഥാന ഘടകം ജലമാണ്. കോശത്തിന്റെ ചൈതന്യം നിലനില്‍ക്കുന്നതു തന്നെ ജലത്തിന്റെ സാന്നിധ്യത്തെ ആശ്രയിച്ചാണ്. ഏതൊരു ജൈവ ശരീരത്തെയും വിഘടനത്തിന് വിധേയമാക്കിയാല്‍ പ്രധാനമായും ലഭിക്കുക ജലമായിരിക്കും. മനുഷ്യശരീരമെടുക്കുക അതിന്റെ മൂന്നില്‍ രണ്ടു ഭാഗവും ജലമാണ്. അസ്ഥികളില്‍ പോലും 22 ശതമാനത്തോളം ജലം അടങ്ങിയിട്ടുണ്ട്. മനുഷ്യന്‍ ജലത്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്ന ഖുര്‍ആനിക പരാമര്‍ശം തികച്ചും വാസ്തവമാകുന്നു. മനുഷ്യശരീരത്തില്‍ മണ്ണിലുള്ള ധാതുലവണങ്ങളും ജലവുമാണ് അടങ്ങിയിരിക്കുന്നത്. മനുഷ്യന്‍ കളിമണ്ണില്‍ നിന്നും ജലത്തില്‍ നിന്നുമാണ് സൃഷ്ടിക്കപ്പെട്ടതെന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ മനുഷ്യ സൃഷ്ടി വിശദീകരിക്കുമ്പോള്‍ വന്ന വൈരുധ്യങ്ങളല്ല, പ്രത്യുത, സൃഷ്ടിക്കുവേണ്ടി അല്ലാഹു ഉപയോഗിച്ച വസ്തുക്കളുടെ വൈവിധ്യമാണ് വ്യക്തമാക്കുന്നത്.
സ്ത്രീപുരുഷ സംഗമത്തിലൂടെയുള്ള മനുഷ്യസൃഷ്ടിയെ കുറിച്ച് പ്രതിപാദിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ തമ്മിലും വൈരുധ്യങ്ങളൊന്നും വെച്ചു പുലര്‍ത്തുന്നതായി കാണുവാന്‍ സാധിക്കുന്നില്ല. ഏതാനും സൂക്തങ്ങള്‍ കാണുക:
അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ? (75:37)
മനുഷ്യനെ അവന്‍ ഒരു ബീജകണത്തില്‍ നിന്ന് സൃഷ്ടിച്ചു.(16:4)
കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചു. (76:2)
മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.(96:2)
ഈ വാക്യങ്ങളെല്ലാം തന്നെ ലൈംഗിക പ്രത്യുല്‍പാദനത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളെ ക്കുറിക്കുന്നവയാണ്. സൂറത്തുല്‍ ഖിയാമയില്‍ (75:37)പറഞ്ഞിരിക്കുന്ന ശുക്ലത്തില്‍ നിന്നുള്ള കണം (നുത്വ്ഫത്തന്‍ മിന്‍ മനിയ്യ്)ബീജ സങ്കലനം നടക്കാത്ത പുംബീജത്തെ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രയോഗമാണ്. സൂറത്തു ന്നഹ്‌ലില്‍ (16:4) പ്രതിപാദിക്കപ്പെട്ട ബീജകണം (നുത്വ്ഫ) എന്ന പദപ്രയോഗത്തിന്റെ വിവക്ഷയും അതുതന്നെ. ബീജ സങ്കലനം കഴിഞ്ഞശേഷമുള്ള അവസ്ഥയെകുറിക്കുന്നതാണ് സൂറത്തുല്‍ ഇന്‍സാനിലെ(76:2) കൂടിച്ചേര്‍ന്നുണ്ടായ ബീജം (നുത്വ്ഫത്തിന്‍ അംശാജിന്‍) എന്ന പ്രയോഗം. സൂറത്തുല്‍ അലഖില്‍ ഭ്രൂണമെന്ന് (അലഖ്) പറഞ്ഞിരിക്കുന്നത് ബീജസങ്കലനത്തിന് ശേഷമുള്ള സിക്താണ്ഡത്തെ കുറിക്കുന്നതിനാണ്. അലഖ് എന്നഅറബി പദത്തിനര്‍ത്ഥം പറ്റിപിടിക്കുന്നത് എന്നാണ്. ജന്തുശരീരത്തില്‍ അള്ളിപിടിക്കുന്നതിനാല്‍, അട്ട എന്ന ജീവിക്ക് ‘അലഖ്‘ എന്നുപറയാറുണ്ട്. ബീജസങ്കലനത്തിനു ശേഷമുണ്ടാകുന്ന സിക്താണ്ഡം ഗര്‍ഭാശയഭിത്തിയില്‍ അള്ളിപിടിച്ചാണ് വളരാനാരംഭിക്കുന്നത്. ഈ അവസ്ഥയിലുള്ള ഭ്രൂണത്തിന്റെ രൂപം അട്ടയുടേതിന് സമാനവുമാണ്. (അലഖ് എന്ന പദത്തിനാണ് മുന്‍കാലത്തെ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അവരുടെ കാലഘട്ടത്തിലെ ധാരണ പ്രകാരം രക്തക്കട്ടയെന്ന് അര്‍ത്ഥം പറഞ്ഞിരിക്കുന്നത്). ഭ്രൂണവളര്‍ച്ചയുടെ വ്യത്യസ്ത ഘട്ടങ്ങള്‍ പ്രതിപാദിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളെല്ലാം കൃത്യവും സൂക്ഷ്മവുമായ വിവരങ്ങളാണ് നല്‍കുന്നത് എന്ന വസ്തുതയാണ് നമുക്ക് ഇവിടെ കാണാന്‍ കഴിയുന്നത്. മനുഷ്യന്റെ ആദി സൃഷ്ടിയും ബീജസങ്കലനവും ഭ്രൂണവളര്‍ച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളും പ്രതിപാദിക്കുന്ന സൂറത്തുല്‍ മുഅ്മിനൂനിലെ സൂക്തങ്ങളില്‍ (23:12-14) ഇക്കാര്യം കുറേകൂടി വ്യക്തമായി കാണാനാവും: തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്റെ സത്തയില്‍ നിന്ന് നാംസൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജ(നുത്വ്ഫ)മായി കൊണ്ട് അവനെ നാംഭദ്രമായ ഒരുസ്ഥാനത്ത് വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി(അലഖ) രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി (മുള്ഗഃ) രൂപപ്പെടുത്തി. തുടര്‍ന്ന് നാം ആ മാംസപിണ്ഡത്തെ അസ്ഥികൂട(ഇളാം)മായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം(ലഹ്മ്) കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു.’’
വിഷയാവതരണത്തില്‍ ഖുര്‍ആന്‍ സ്വീകരിച്ചിരിക്കുന്ന വൈവിധ്യത്തിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് മനുഷ്യ സൃഷ്ടിയെ കുറിച്ച് ഖുര്‍ആന്‍ നടത്തുന്ന പരാമര്‍ശങ്ങള്‍. ശുക്ലകണത്തില്‍ നിന്നാണ് മനുഷ്യ സൃഷ്ടിനടന്നത് എന്ന പരാമര്‍ശവും കൂടിച്ചേര്‍ന്നുണ്ടായ ഭ്രൂണമാണ് മനുഷ്യശിശുവായി മാറുന്നത് എന്ന പ്രസ്താവനയും ഒരേ പോലെ ശരിയാണ്. നുത്വ്ഫ, അലഖ, മുള്ഗ, ഇളാം തുടങ്ങി ബീജസങ്കലനത്തെയും ഭ്രൂണവളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെയും കുറിക്കാന്‍ വേണ്ടി ഖുര്‍ആന്‍ ഉപയോഗിച്ച പദപ്രയോഗങ്ങളെല്ലാം ശരിയാണെന്ന് ഭ്രൂണശാസ്ത്ര പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതേ പോലെ തന്നെയാണ് മനുഷ്യരുടെ ആദിമ സൃഷ്ടിനടന്നത് മണ്ണില്‍ നിന്നാണെന്നും ഭൂമിയില്‍ നിന്നാണെന്നും കളിമണ്ണില്‍ നിന്നാണെന്നും വെള്ളത്തില്‍ നിന്നാണെന്നുമെല്ലാം ഉള്ള പരാമര്‍ശങ്ങള്‍. ഇവയെല്ലാം ശരിയാണ്. ഇവയില്‍ യാതൊരു വൈരുധ്യവുമില്ല. ഒരേകാര്യത്തിന്റെ വ്യത്യസ്ത മാനങ്ങള്‍ പ്രതിപാദിക്കുകയെന്ന വൈവിധ്യത്തിന്റെ രീതി സ്വീകരിച്ചുകൊണ്ട് മനുഷ്യന് അസ്തിത്വ ബോധംപ്രദാനം ചെയ്യുകയാണ് ഈ സൂക്തങ്ങളെല്ലാം ചെയ്യുന്നത്.
ഇബ്റാഹീം നബിയുടെ ചരിത്രം പറയുമ്പോൾ 21:51,59 ൽ തന്റെ ജനതയോട് അദ്ദേഹം അതിശക്തമായി പ്രതികരിക്കുകയും വിഗ്രഹങ്ങളെ തകർക്കുകയുമെല്ലാം ചെയ്തതായി പ്രതിപാദിക്കുന്നതിന് വിരുദ്ധമായി 19:41, 49 ൽ തന്റെ പിതാവിന്റെ ഭീഷണിക്ക് വഴങ്ങിക്കൊണ്ട് അവരെയെല്ലാം വെടിഞ്ഞ് അദ്ദേഹം പോയി എന്നാണ് കാണുന്നത്. ഈ വൈരുധ്യം എങ്ങനെ വിശദീകരിക്കാനാവും ?
ഖുര്‍ആനിന്റെ ചരിത്ര പ്രതിപാദനരീതിയെ പറ്റിയുള്ള തികഞ്ഞ അജ്ഞതയില്‍ നിന്നാണ് ഈ ആരോപണം ഉണ്ടായിരിക്കുന്നത്. ഇബ്‌റാഹീം നബിയുടെ ജീവിതത്തിലുണ്ടായ വ്യത്യസ്ത സംഭവങ്ങള്‍ വിവിധ സൂക്തങ്ങളിലായി ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ പരാമര്‍ശങ്ങള്‍ സംഭവങ്ങള്‍ നടന്ന ക്രമത്തിലല്ല വിശദീകരിക്കപ്പെട്ടിട്ടുള്ളത്. പല സംഭവങ്ങളും പല സൂക്തങ്ങളിലായി പരന്നുകിടക്കുകയാണ്. അതില്‍പ്പെട്ട രണ്ട് സംഭവങ്ങളാണ് സൂറത്തു മര്‍യമിലെ സൂക്തങ്ങളിലും (19:411,49) സൂറത്തു അമ്പിയാഇലെ സൂക്തങ്ങളിലും(21:51-59) വിശദീകരിക്കപ്പെട്ടിരിക്കുന്നത്. ഇവ രണ്ടും ഇബ്‌റാഹീം നബിയുടെ ജീവിതത്തിലെ രണ്ട് സംഭവങ്ങളുടെ വിവരണമാണ് എന്നതിനാല്‍ തന്നെ ഇവ തമ്മില്‍ വൈരുധ്യമുണ്ടെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണ്.
സൂറത്തുല്‍ അമ്പിയാഇലെ 51 മുതലുള്ള സൂക്തങ്ങളില്‍ തന്റെ സമുദായത്തെ വിഗ്രഹാരാധനക്കെതിരെ ബോധവല്‍ക്കരിക്കുന്നതിനുവേണ്ടി ഇബ്‌റാഹീം നബി സ്വീകരിച്ച മാര്‍ഗവും അതിന്റെ പ്രതികരണമെന്നോണം അദ്ദേഹത്തിന് നേരിടേണ്ടി വന്ന അഗ്നി പരീക്ഷയുമാണ് വിവരിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ മറ്റൊരു സാഹചര്യമാണ് സൂറത്തുമര്‍യമിലെ 41 മുതലുള്ള സൂക്തങ്ങളിലുള്ളത്. വിഗ്രഹാരാധകനും വിഗ്രഹവില്‍പനക്കാരനുമായ തന്റെ പിതാവിനെ ഏകദൈവാരാധനയുടെ സത്യസരണിയിലേക്ക് ക്ഷണിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളും അതിന്ന് പിതാവ് നല്‍കിയ മറുപടിയുമാണ് ഈ സൂക്തങ്ങളില്‍ വിശദീകരിക്കപ്പെട്ടിരിക്കുന്നത്. വിഗ്രഹാരാധനയില്‍ നിന്ന് വിട്ടുമാറി നിന്നാല്‍ ഞാന്‍ നിന്നെ കല്ലെറിഞ്ഞോടിക്കുമെന്ന പിതാവിന്റെ ഭീഷണിക്ക് മുമ്പില്‍ പതറാതെ ഏകദൈവരാധനയില്‍ നിന്ന് അല്‍പം പോലും വ്യതിചലിക്കാന്‍ താന്‍ സന്നദ്ധനല്ലെന്ന് പ്രഖ്യാപിക്കുന്ന ഇബ്‌റാഹീം (അ)നെയാണ് 19:47-49 സൂക്തങ്ങളില്‍ നമുക്ക്കാണാന്‍ കഴിയുന്നത്.
‘അങ്ങനെ അവരെയും അല്ലാഹുവിന് പുറമേ അവര്‍ ആരാധിക്കുന്നവയെയും വെടിഞ്ഞ് അദ്ദേഹം പോയപ്പോള്‍ അദ്ദേഹത്തിന് നാം ഇസ്ഹാഖിനെയും യഅ്ഖൂബിനെയും നല്‍കി. അവരെയൊക്കെ നാം പ്രവാചകന്‍മാരാക്കുകയും ചെയ്തു‘(19:49) എന്ന് പറഞ്ഞതിനര്‍ഥം പിതാവ് ഭീഷണിപ്പെടുത്തിയ ഉടനെത്തന്നെ ഇബ്‌റാഹീം (അ) നാട്ടില്‍ നിന്ന് വിട്ടുമാറി പോയി എന്നല്ല; പ്രത്യുത, പിതാവില്‍നിന്നും കുടുംബാംഗങ്ങളില്‍നിന്നും വിഗ്രഹാരാധനയില്‍നിന്നും അദ്ദേഹം അകന്ന് മാറി നിന്നുവെന്നും അനന്തരം അദ്ദേഹത്തിന് അല്ലാഹു പുത്രനെയും പൗത്രനെയും നല്‍കി എന്നും പിന്നീട് ഇരുവര്‍ക്കും പ്രവാചകത്വം നല്‍കി അനഗ്രഹിച്ചുവെന്നും വ്യക്തമാക്കുകയാണ്. പിതാവിന്റെയും കുടുംബത്തിന്റെയും ദൈവങ്ങളെ വെടിഞ്ഞ് ഏകദൈവത്വത്തിന്റെ പ്രബോധനത്തില്‍ മുഴുകിയതിനെത്തുടര്‍ന്നാണ് ഇബ്‌റാഹീം നബി(അ)ക്ക് അല്ലാഹു പുത്രപൗത്രന്‍മാരെ നല്‍കുകയും അവര്‍ക്കും പ്രവാചകത്വം നല്‍കി അനുഗ്രഹിക്കുകയും ചെയ്തത് എന്നത്രെ ഈ വചനത്തിന്റെ താല്‍പര്യം. സ്ഥലകാലങ്ങളെ പരാമര്‍ശിക്കാതെ അല്ലാഹു ചെയ്ത അനുഗ്രഹങ്ങളെ ചൂണ്ടിക്കാണിച്ചിരിക്കയാണ് 19: 49, 50 വചനങ്ങളില്‍. അതുകൊണ്ട് തന്നെസൂറത്തു അമ്പിയാഇലും മറ്റു അദ്ധ്യായങ്ങളിലും വിശദീകരിക്കപ്പെട്ട ഇബ്‌റാഹീം നബിയുടെ ജീവിതസംഭവങ്ങളുമായി ഈ വചനങ്ങള്‍ വൈരുധ്യം പുലര്‍ത്തുന്നുവെന്നു പറയുന്നത് അടിസ്ഥാന രഹിതമാണ്.
ഇവിടെ വൈരുധ്യം ആരോപിക്കപ്പെട്ടിരിക്കുന്ന ഖുര്‍ആന്‍സൂക്തങ്ങളുടെ സാരം പരിശോധിക്കുക:
മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായുംഅല്ലാഹു നിനക്ക് അവന്റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റിസന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര് മര്‍യമിന്റെ മകന്‍മസീഹ് ഈസ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലുംമഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍പെട്ടവനുമായിരിക്കും. (വി.ഖു. 3:45)
എന്നിട്ട് അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍നമ്മുടെ ആത്മാവിനെ നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു. അങ്ങനെഅദ്ദേഹം അവളുടെ മുന്‍പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.അവള്‍ പറഞ്ഞു: തീര്‍ച്ചയായും നിന്നില്‍ നിന്ന് ഞാന്‍ പരമകാരുണികനില്‍ശരണം പ്രാപിക്കുന്നു. നീ ധര്‍മ്മനിഷ്ഠയുള്ളവനാണെങ്കില്‍ (എന്നെവിട്ടുമാറിപ്പോകൂ).
അദ്ദേഹം പറഞ്ഞു: പരിശുദ്ധനായ ഒരാണ്‍കുട്ടിയെ നിനക്ക് ദാനംചെയ്യുന്നതിന്നു വേണ്ടി നിന്റെ രക്ഷിതാവ് അയച്ച ദൂതന്‍ മാത്രമാ കുന്നുഞാന്‍. അവള്‍ പറഞ്ഞു: എനിക്കെങ്ങനെ ഒരാണ്‍കുട്ടിയുണ്ടാ കും? യാതൊരുമനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു ദുര്‍നടപ്പുകാരിയായിട്ടുമില്ല.അദ്ദേഹം പറഞ്ഞു: കാര്യം അങ്ങനെ തന്നെയാകുന്നു. അത് തന്നെസംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന് നിന്റെ രക്ഷിതാവ്പറഞ്ഞിരിക്കുന്നു. അവനെ മനുഷ്യര്‍ക്ക് ഒരു ദൃഷ്ടാന്തവും നമ്മുടെ പക്കല്‍നിന്നുള്ള ഒരു കാരുണ്യവുമാക്കുവാനും (നാം ഉദ്ദേശിക്കുന്നു). അത്തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു. (വി.ഖു. 19:17-21)
മര്‍യമി (റ)ന്റെ ജീവിതത്തിലുണ്ടായ രണ്ടു സംഭവങ്ങളാണ് മുകളില്‍ഉദ്ധരിച്ച ഖുര്‍ആന്‍ സൂക്തങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ളതെന്ന് അവഒരാവര്‍ത്തി മനസ്സിരുത്തി വായിച്ചാല്‍ തന്നെ മനസ്സിലാകും. മര്‍യമി (റ)ന്റെജീവിതത്തില്‍ ഒരേയൊരു തവണ മാത്രമേ മലക്കുകളുമായിസംഭാഷണമുണ്ടായിട്ടുള്ളൂവെന്ന് ഖുര്‍ആനിലൊരിടത്തും പറയുന്നതായിനമുക്ക് കാണാന്‍ കഴിയുന്നില്ല. അങ്ങനെ പറയുന്നുണ്ടെങ്കില്‍ ഈ സൂക്തങ്ങള്‍തമ്മില്‍ വൈരുധ്യങ്ങളുണ്ടെന്ന് പറയുന്നതില്‍ അര്‍ത്ഥമുണ്ടാകുമായിരുന്നു.സത്യത്തില്‍ സൂറത്തു ആലുഇംറാനില്‍(3:42,45)പരാമര്‍ശിക്കപ്പെട്ടമാലാഖമാരുടെ സംഭാഷണം ഒരു സന്തോഷവാര്‍ത്ത അറിയിക്കല്‍ മാത്രമാണ്.അതു നിര്‍വ്വഹിച്ചത് മലക്കുകളുടെ ഒരു സമൂഹമായിരുന്നു. ഏതെല്ലാംമാലാഖമാരായിരുന്നു പ്രസ്തുത സമൂഹത്തില്‍ ഉണ്ടായിരുന്നതെന്ന് പ്രസ്തുതസൂക്തങ്ങളില്‍ വ്യക്തമാക്കപ്പെട്ടിട്ടില്ല. ഈ സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടകാര്യത്തിന്റെ നിര്‍വ്വഹണത്തിനും പൂര്‍ത്തീകരണത്തിനുമായിട്ടാണ്പരിശുദ്ധാത്മാവ് എന്ന് വിളിക്കപ്പെടുന്ന ജിബ്രീല്‍ (അ) എന്ന മാലാഖയെഅല്ലാഹു മര്‍യമിന്റെ അടുക്കലേക്ക് അയച്ചത്. ജനങ്ങളില്‍ നിന്ന് അകന്ന്ദൈവസ്മരണയില്‍ കഴിയുന്ന മര്‍യമിന്റെ അടുക്കലേക്ക് ദൈവികദൗത്യവുമായെത്തിയ ജിബ്രീല്‍ കടന്നുവന്നപ്പോഴുള്ള സംഭാഷണമാണ്സൂറത്തു മര്‍യമില്‍ (19:17-21) വിശദീകരിക്കപ്പെട്ടിട്ടുള്ളത്. ജിബ്രീലിന്റെആഗമനോദ്ദേശ്യം മാലാഖമാര്‍ ചെയ്തതുപോലെ ദൈവിക വചനത്തെകുറിച്ച സന്തോഷവാര്‍ത്ത അറിയിക്കുകയായിരുന്നില്ല. പ്രത്യുത,പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ ദാനം ചെയ്യുകയായിരുന്നു. അഥവാമാലാഖമാര്‍ സന്തോഷവാര്‍ത്തയറിയിച്ച കാര്യത്തിന്റെനിര്‍വ്വഹണമായിരുന്നു ജിബ്രീലിന്റെ ദൗത്യം. ഒരു പുരുഷന്റെസ്പര്‍ശമേല്‍ക്കാതെ ഒരു കുഞ്ഞുണ്ടാവാന്‍ പോകുന്നുവെന്ന മാലാഖമാരുടെഅറിയിപ്പ് നടപ്പിലാക്കുകയായിരുന്നു ജിബ്രീലിന്റെ ആഗമനോദ്ദേശ്യം.ദൈവിക വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണത്തിന് അനുഗുണമായ രീതിയില്‍മര്‍യമിന്റെ ശരീരത്തിലുണ്ടാവേണ്ട മാറ്റം ഉണ്ടാക്കുകയായിരുന്നുഅദ്ദേഹത്തിന്റെ ദൗത്യമെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഏതായാലുംഈ സൂക്തങ്ങളിലെ പ്രതിപാദ്യം രണ്ടു സംഭവങ്ങളാണ്. ഒന്ന്, മാലാഖമാരുടെസന്തോഷവാര്‍ത്തയറിയിക്കലും രണ്ടാമത്തേത്, പ്രസ്തുതസന്തോഷവിഷയത്തിന്റെ പൂര്‍ത്തീകരണത്തിനായുള്ള ജിബ്രീലിന്റെആഗമനവും അതോടനുബന്ധിച്ച് നടന്ന സംഭാഷണങ്ങളുമാണ്.രണ്ടും രണ്ടുസംഭവങ്ങള്‍. രണ്ടിലെയും സംഭാഷണങ്ങള്‍ വ്യത്യസ്തം. രണ്ടിലുംസംസാരിക്കുന്നവരും വ്യത്യസ്തം. പിന്നെയെങ്ങനെയാണ് ഈ സൂക്തങ്ങള്‍തമ്മില്‍ വൈരുധ്യമുണ്ടെന്ന് പറയാനാവുക?
നക്ഷത്രങ്ങളും ഗ്രഹങ്ങളുമടങ്ങുന്ന ആകാശഗോളങ്ങളെല്ലാം പൊതുവെ ഗോളാകൃതിയുള്ളവയാണ്. അത് കൊണ്ട് തന്നെ പ്രപഞ്ചത്തിലെ ദൈവാനുഗ്രഹങ്ങളെക്കുറിച്ച പരാമര്ശങ്ങൾക്കിടയിൽ ഭൂമിയുടെ ഗോളാകൃതി വലിയൊരു ചർച്ചാവിഷയമല്ല. ഈ ആകാശഗോളങ്ങളില്‍ നിന്ന് ഭൂമിക്കുള്ള സവിശേഷത അതില്‍ ജീവന്‍ നിലനില്‍ക്കുന്നുവെന്നതാണ്. ജീവന്‍ നിലനില്‍ക്കുവാന്‍ പാകത്തില്‍ ഭൂമിയെ സംവിധാനിച്ചതിനെക്കുറിച്ചാണ് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെക്കുറിച്ചു പറയുമ്പോള്‍ ക്വുര്‍ആന്‍ ഊന്നുന്നത്.
''നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ നിങ്ങൾ ആരാധിക്കുക ). ഇതെല്ലാം അറിയുന്ന നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കുകയും അരുത്.'' (2:22)
പ്രപഞ്ചത്തിലുള്ള എന്തിനെക്കുറിച്ചും നാം പറയുമ്പോള്‍ ആപേക്ഷികമായാണ്, കേവലമായല്ല പരാമര്‍ശിക്കേണ്ടത് എന്നാണ് ആധുനികഭൗതികം പഠിപ്പിക്കുന്നത്. സൗരയൂഥത്തിലെ ഭൂമിക്കുപുറത്തുള്ള ഏതെങ്കിലും ഒരു കേന്ദ്രത്തിന് അപേക്ഷികമായി ഭൂമി ഉരുണ്ടതാണെന്നു പറയാം. നമ്മുടെ ഗ്യാലക്‌സിക്കു പുറത്തുള്ള ഒരു നിരീക്ഷകന് ആപേക്ഷികമായി ഭൂമിയുടെ ആകൃതിയെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അതിന്റെ സ്വയംഭ്രമണവും പരിക്രമണവും ഗാലക്തികകേന്ദ്രത്തെ ചുറ്റിയുള്ള സൂര്യനോടൊപ്പമുള്ള ചലനവുമെല്ലാം പരിഗണിക്കേണ്ടിവരും. ഭൂമിക്കുപുറത്തെ നിരീക്ഷകന് ആപേക്ഷികമായി ഭൂമി ഗോളാകൃതിയിലായിരിക്കുന്നതുപോലെ ഭൂമിയില്‍ ജീവിക്കുന്ന നിരീക്ഷകന് ആപേക്ഷികമായി ഭൂമി പരന്നാണുള്ളത്. പരന്ന ഭൂമിയെ പരിഗണിച്ചുകൊണ്ടാണ് ഭൂമിയിലെ നമ്മുടെ പ്രവര്‍ത്തനങ്ങളെല്ലാം നാം ആസൂത്രണം ചെയ്യുന്നത്. പരന്നഭൂമിയെ പരിഗണിച്ചുകൊണ്ട് ക്രിസ്തുവിന് മൂന്നുനൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഗ്രീക്ക് ഗണിതജ്ഞനായ യൂക്ലിഡ് നിര്‍ധരിച്ചെടുത്ത തത്വങ്ങളില്‍ തന്നെ രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആധുനിക ജ്യാമിതി നിലനില്‍ക്കുന്നതും അതുപ്രകാരം ഭൂമിയിലെ നമ്മുടെ നിര്‍മാണങ്ങളെല്ലാം നാം ആസൂത്രണം ചെയ്യുന്നതും മനുഷ്യര്‍ക്ക് ആപേക്ഷികമായി ഭൂമി പരന്നതായതുകൊണ്ടാണ്. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെക്കുറിച്ചു പറയുമ്പോള്‍ ഭൂമിയെ അല്ലാഹു പരത്തിയതായി ക്വുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്.
''ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്'' (88:20)
''ഭൂമിയാകട്ടെ നാം അതിനെ വികസിപ്പിക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ നാം സ്ഥാപിക്കുകയും കൗതുകമുള്ള എല്ലാ സസ്യവര്‍ഗങ്ങളും നാം അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.'' (50:7)
''അതെ, നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ ഒരു തൊട്ടിലാക്കുകയും നിങ്ങള്‍ നേരായ മാര്‍ഗം കണ്ടെത്താന്‍ വേണ്ടി നിങ്ങള്‍ക്കവിടെ പാതകളുണ്ടാക്കിത്തരികയും ചെയ്തവന്‍.'' (43:10)
''നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും, ആകാശത്ത് നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അങ്ങനെ അത് (വെള്ളം) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ നാം (അല്ലാഹു) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു.'' (20:53)
''ഭൂമിയാകട്ടെ നാം അതിനെ ഒരു വിരിപ്പാക്കിയിരിക്കുന്നു. എന്നാല്‍ അത് വിതാനിച്ചവന്‍ എത്ര നല്ലവന്‍!'' (51:48)
''അല്ലാഹു നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ ഒരു വിരിപ്പാക്കുകയും ചെയ്തിരിക്കുന്നു.'' (71:19)
''ഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലേ? പര്‍വ്വതങ്ങളെ ആണികളാക്കുകയും (ചെയ്തില്ലേ?).'' (78:6,7)
മനുഷ്യന് ആപേക്ഷികമായി, അവനും മറ്റുജീവജാലങ്ങള്‍ക്കും ജീവിക്കുവാന്‍ തക്കരൂപത്തില്‍ ഭൂമിയെ വിശാലമാക്കുകയും വികസിപ്പിക്കുകയും വിതാനിക്കുകയും പരത്തുകയും ചെയ്തതിനെക്കുറിച്ചു പറയുമ്പോള്‍ തന്നെ ഭൂമിക്കു പുറത്തെ നിരീക്ഷകന് ആപേക്ഷികമായുള്ള ഭൂമിയുടെ ഗോളാകൃതിയെപ്പറ്റിയും ക്വുര്‍ആന്‍ സൂചന നല്‍കുന്നുണ്ട്.
''ആകാശങ്ങളും ഭൂമിയും അവന്‍ യാഥാര്‍ത്ഥ്യപൂര്‍വ്വം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെക്കൊണ്ട് അവന്‍ പകലിന്‍മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട് അവന്‍ രാത്രിമേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമായ പരിധിവരെ സഞ്ചരിക്കുന്നു. അറിയുക: അവനത്രെ പ്രതാപിയും ഏറെ പൊറുക്കുന്നവനും.'' (39:5)
രാത്രിയും പകലും പരസ്പരം ചുറ്റുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ 'യുകവ്വിറു' എന്നാണ് ക്വുര്‍ആന്‍ ഇവിടെ പറഞ്ഞിരിക്കുന്നത്. ഒരു ഗോളത്തിന്‍മേല്‍ ചുറ്റുന്നതിനെപ്പറ്റിയാണ് ഇങ്ങനെ പരാമര്‍ശിക്കുക. ഉദയസ്ഥാനങ്ങളെയും അസ്തമയസ്ഥാനങ്ങളെയും കുറിച്ചു പരാമര്‍ശിക്കുമ്പോഴും ഭൂമിയുടെ ഗോളാകൃതിയെക്കുറിച്ച് ക്വുര്‍ആന്‍ സൂചന നല്‍കുന്നുണ്ട്.
'' ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും ആയിട്ടുള്ളവന്‍''. (37:5)
''രണ്ട് ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും രണ്ട് അസ്തമന സ്ഥാനങ്ങളുടെ രക്ഷിതാവുമാകുന്നു അവന്‍.'' (55:17)
ഒന്നിലധികം ഉദയസ്ഥാനങ്ങളും അസ്തമയസ്ഥാനങ്ങളുമുണ്ടാവുക ഭൂമി ഗോളമായിരിക്കുമ്പോള്‍ മാത്രമാണല്ലോ?
ആകാശഗോളങ്ങളും ഭൂമിയുമെല്ലാം ഗോളാകൃതിയിലുള്ളവയാണെന്ന് ആദ്യകാല മുസ്‌ലിംകള്‍ മനസ്സിലാക്കിയിരുന്നതായി ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതീമിയ തന്റെ ഫതാവയില്‍ പരാമര്‍ശിക്കുന്നുണ്ട് (6/586-587). ഇമാം അഹ്മദിന്റ (റ) ശിഷ്യനായിരുന്ന അബുല്‍ഹുസൈന്‍ അഹ്മദ്ബ്‌നു ജഅ്ഫര്‍ ബ്‌നു മുനാദീ(റ)യും ഇമാം അബൂ മുഹമ്മദ്ബ്‌നു ഹസമും (റ) അബൂ ഫറാജ്ബ്‌നുല്‍ ജൗസി(റ)യുമെല്ലാം ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. പ്രവാചകശിഷ്യനായിരുന്ന ഇബ്‌നു അബ്ബാസില്‍ (റ) നിന്നുള്ള ചില പരാമര്‍ശങ്ങളും ഭൂമിയും മറ്റും ഉരുïതാണെന്നാണ് അദ്ദേഹം മനസ്സിലാക്കിയിരുന്നതെന്ന് വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.
ഭൂമി ഒരു ഗോളമാണെന്ന് ആദ്യകാല മുസ്‌ലിം പണ്ഡിതന്‍മാര്‍ മനസ്സിലാക്കുകയും അതിന്റെ വെളിച്ചത്തില്‍ അവര്‍ ഗോളീയത്രികോണമിതി(Spherical trigonometry)രൂപീകരിക്കുകയും ചെയ്തതായും അതുപയോഗിച്ചാണ് ലോകത്തിലെ വ്യത്യസ്ത കോണുകളില്‍നിന്ന് മക്കയിലെ ഖിബ്‌ലയിലേക്കുള്ള ദിശ നിര്‍ണയിച്ചതെന്നും ചരിത്രകാരനായ ഡേവിഡ് എ. കിംഗ് തന്റെ അസ്‌ട്രോണമി ഇന്‍ദി സര്‍വീസ് ഓഫ് ഇസ്‌ലാം(Astronomy in the Service of Islam) എന്ന ഗ്രന്ഥത്തില്‍ പറയുന്നത്. ഭൂഗോളത്തിന്റെ ചുറ്റളവ് കണ്ടു പിടിക്കാനായി ഒരുപറ്റം മുസ്‌ലിം ഗോളശാസ്ത്രജ്ഞരെയും ഭൂമിശാസ്ത്രജ്ഞരെയും ഖലീഫ മഅ്മൂന്‍ ഉത്തരവാദിത്തപ്പെടുത്തിയതായും സിറിയയിലെ തദ്മൂറും റാഖ്ബയും തമ്മിലുള്ള ദൂരം അളന്ന് അവതമ്മില്‍ ഒരു ഡിഗ്രി അക്ഷാംശവ്യത്യാസമുണ്ടെന്ന് മനസ്സിലാക്കുകയും ഭൂമിയുടെ ചുറ്റളവ് 24000 മൈലുകളാണെന്ന് കണക്കാക്കുകയും ചെയ്തതായും മറ്റൊരുകൂട്ടം മുസ്‌ലിം ശാസ്ത്രജ്ഞരുടെ കണക്കുകള്‍പ്രകാരം ഭൂമിയുടെ ചുറ്റളവ് 40,284 കിലോമീറ്ററാണെന്നും ആധുനികയന്ത്രങ്ങളുപയോഗിച്ച് നാം ഇന്നുകണക്കാക്കുന്ന 40,068 കിലോമീറ്ററുമായി വളരെ അടുത്തുനില്‍ക്കുന്നതാണ് അവരുടെ കണക്കാക്കലെന്നത് അത്ഭുതകരമാണെന്നും ശാസ്ത്രചരിത്രകാരനായ അഡ്വേര്‍ഡ് എസ്.കെന്നഡി തന്റെ മാത്തമാറ്റിക്കല്‍ ജിയോഗ്രഫി എന്ന ഗ്രന്ഥത്തില്‍ (പുറം 185-201) നിരീക്ഷിക്കുന്നുണ്ട്.
ഭൂമിയെ പരത്തിയതായുള്ള ക്വുര്‍ആന്‍ പരാമര്‍ശത്തില്‍നിന്ന് അതൊരു ഗോളമല്ലെന്ന് ആദ്യകാല മുസ്‌ലിംകളൊന്നും മനസ്സിലാക്കിയിരുന്നില്ലെന്നുസാരം.
മനുഷ്യന് ജീവിക്കുവാൻ തക്ക രൂപത്തിൽ ഭൂമിയിൽ അല്ലാഹു ഏർപ്പെടുത്തിയ സംവിധാനങ്ങളെക്കുറിച്ച് പറയുമ്പോൾ അതിനെ വിരിപ്പും തൊട്ടിലുമാക്കിയാതായും പരത്തിയതായും വിതാനിച്ചതായുമെല്ലാം ക്വുർആൻ പറയുന്നുണ്ട്. ജീവന്‍ നിലനില്‍ക്കുവാനായി പ്രത്യേകം പടക്കപ്പെട്ട ഭൂമിയിലെ സംവിധാനങ്ങളെക്കുറിച്ചാണ് ഈ സൂക്തങ്ങൾ പരാമര്ശിക്കുന്നതെന്ന് അവ മനസ്സിരുത്തി വായിച്ചാൽ ആർക്കും ബോധ്യപ്പെടും. ചലനാത്മകമായ ഈ പ്രപഞ്ചത്തിൽ എത്രയെത്ര ചലനങ്ങള്‍ക്കാണ് ഭൂമി വിധേയമായിക്കൊണ്ടിരിക്കുന്നത്! ഭൂമിയുടെ സ്വയംഭ്രമണം. സുര്യനു ചുറ്റുമുള്ള പരിക്രമണം. ഗ്യാലക്‌സിക്കുചുറ്റും സൂര്യനോടൊപ്പം നടത്തുന്ന ചലനം. പ്രപഞ്ചകേന്ദ്രത്തെ ആസ്പദമാക്കി ഗ്യാലക്‌സി നടത്തുന്ന ഭ്രമണത്തോടൊപ്പമുള്ള ചലനം. പ്രപഞ്ചവികാസത്തിനനുപൂരകമായി നടത്തുന്ന ചലനം. ഇങ്ങനെ ചുരുങ്ങിയത് അഞ്ചുവിധം ചലനങ്ങള്‍ക്കെങ്കിലും ഭൂമി ഒരേസമയം വിധേയമാണ്.
ഇങ്ങനെ ചലനാത്മകമായ ഭൂമിയില്‍ തങ്ങള്‍ നിശ്ചലരും സുരക്ഷിതരുമാണെന്ന ബോധമുള്‍ക്കൊണ്ടുകൊണ്ടു ജീവിക്കുകയാണ് മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍. അവരെ സംബന്ധിച്ചിടത്തോളം ഭൂമി ഒരു മെത്ത തന്നെയാണ്. ഊഷരമായ മരുഭൂമിക്കുനടുവില്‍ ഉയര്‍പ്പെട്ട സകലവിധ സംവിധാനങ്ങളോടും കൂടിയ ഒരു ഗൃഹം പോലെയാണ് അവരെ സംബന്ധിച്ചിടത്തോളം കത്തുന്ന പ്രപഞ്ചത്തിന് നടുവിലുള്ള ഭൂമി. അതിശീഘ്രമായ ചലനങ്ങള്‍ തങ്ങളുടെ ജീവിതത്തിനാവശ്യമായ പ്രതിഭാസങ്ങള്‍ സൃഷ്ടിക്കുന്നുവെന്നതിനാല്‍ ജീവികള്‍ക്ക് ഭൂമിയൊരു തൊട്ടിലാണ്. നമുക്ക് ജീവിക്കാനനുകൂലമായ കാലാവസ്ഥയുള്‍ക്കൊള്ളുന്ന മറ്റൊരു ആകാശഗോളവും ഇതേവരെ കണ്ടെ ത്തിയിട്ടില്ല. ജീവജാലങ്ങള്‍ക്കു വസിക്കാന്‍ പറ്റിയ ഒരേയൊരു വീട് തന്നെയാണ് ഭൂമി. അള്‍ട്രാ വയലറ്റ് രശ്മികളേല്‍ക്കാതെ, ഉല്‍ക്കാ നിപാതങ്ങളേല്‍ക്കാതെ, ഓക്‌സിജന്‍ യഥേഷ്ടം ശ്വസിച്ചും വെള്ളം യഥേഷ്ടം കുടിച്ചും ഭക്ഷണപാനീയങ്ങളുയോഗിച്ചും വിശ്രമിക്കാന്‍ കഴിയുന്ന പ്രപഞ്ചത്തിലെ ഏക മെത്തയാണിത്. ഈ സംവിധാനങ്ങള്‍ക്കുപിന്നില്‍ സര്‍വജ്ഞനും സര്‍വശക്തനുമായ ഒരു സംവിധായകന്റെ കരവിരുതുകളല്ലാതെ മറ്റെന്താണ് ചിന്തിക്കുന്നവര്‍ക്ക് കാണാന്‍ കഴിയുന്നത്? ഇതു സൂചിപ്പിക്കുന്ന ക്വുര്‍ആന്‍ സൂക്തങ്ങള്‍ നോക്കുക:
''നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തന്ന (നാഥന്‍)'' (2:22)
''അവനാണ് ഭൂമിയെ വിശാലമാക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളും നദികളും ഉണ്ടാക്കുകയും ചെയ്തവന്‍.'' (13:3)
''ഭൂമിയെ നാം വിശാലമാക്കുകയും അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും, അളവ് നിര്‍ണയിക്കപ്പെട്ട എല്ലാ വസ്തുക്കളും അതില്‍ നാം മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.'' (15:19)
''നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും, ആകാശത്ത് നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അങ്ങനെ അത് (വെള്ളം) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ നാം (അല്ലാഹു) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു.'' (20:53)
''അഥവാ, ഭൂമിയെ നിവാസയോഗ്യമാക്കുകയും, അതിനിടയില്‍ നദികളുണ്ടാക്കുകയും, അതിന് ഉറപ്പ് നല്‍കുന്ന പര്‍വ്വതങ്ങള്‍ ഉണ്ടാക്കുകയും, രണ്ടുതരം ജലാശയങ്ങള്‍ക്കിടയില്‍ ഒരു തടസ്സം ഉണ്ടാക്കുകയും ചെയ്തവനോ? (അതോ അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവവുമുണ്ടോ? അല്ല, അവരില്‍ അധികപേരും അറിയുന്നില്ല.'' (27:61)
''അവനാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വിധേയമാക്കി തന്നവന്‍. അതിനാല്‍ അതിന്റെ ചുമലുകളിലൂടെ നിങ്ങള്‍ നടക്കുകയും അവന്റെ ഉപജീവനത്തില്‍ നിന്ന് ഭക്ഷിക്കുകയും ചെയ്തു കൊള്ളുക. അവങ്കലേക്ക് തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്.'' (67:15)
''അല്ലാഹു നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ ഒരു വിരിപ്പാക്കുകയും ചെയ്തിരിക്കുന്നു. അതിലെ വിസ്താരമുള്ള പാതകളില്‍ നിങ്ങള്‍ പ്രവേശിക്കുവാന്‍ വേണ്ടി.'' (71:19,20)
''ഭൂമിയാകട്ടെ, നാം അതിനെ ഒരു വിരിപ്പാക്കിയിരിക്കുന്നു. എന്നാല്‍ അത് വിതാനിച്ചവന്‍ എത്ര നല്ലവന്‍!'' (51:48)
ഖുര്‍ആന്‍ ദൈവവചനമാണ്. അതില്‍ യാതൊരുവിധ വൈരുധ്യവുമില്ല.മനുഷ്യനിര്‍മ്മിതമായ ഒരു വചനമെങ്കിലും ഖുര്‍ആനില്‍ഉണ്ടായിരുന്നുവെങ്കില്‍ അത് ഖുര്‍ആനിന്റെ മറ്റു ഭാഗങ്ങളുമായി സാരമായവൈരുധ്യങ്ങള്‍ ഉള്ളതാകുമായിരുന്നു. എന്നാല്‍ മനുഷ്യരുടെകൈകടത്തലുകളില്‍ നിന്ന് ദൈവം തമ്പുരാന്‍ തന്നെ തന്റെ അന്തിമവേദഗ്രന്ഥത്തെ സംരക്ഷിച്ചിട്ടുണ്ട്; ഇനിയും അന്ത്യനാളുവരെ അത്സംരക്ഷിക്കപ്പെടുകയും ചെയ്യും. ഇത് അല്ലാഹുവിന്റെ വാഗ്ദാനമാണ്.
തീര്‍ച്ചയായും നാമാണ് ആ ഉദ്‌ബോധനം അവതരിപ്പിച്ചത്. നിശ്ചയം നാംഅതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (വി.ഖു.15:9)
മനുഷ്യരുടെ കൈകടത്തലുകളുണ്ടായപ്പോഴാണ് പൂര്‍വ്വവേദങ്ങള്‍വികലമാക്കപ്പെട്ടത്; പ്രസ്തുത വൈകല്യത്തിന്റെ അനിവാര്യതയായിരുന്നുഅവയിലെ വൈരുധ്യങ്ങള്‍. വ്യത്യസ്ത വ്യക്തികള്‍ ഒരേ കാര്യത്തെ കുറിച്ചുതന്നെ പ്രതിപാദിച്ചാലും അവയില്‍ വൈരുധ്യങ്ങളുണ്ടാവുകസ്വാഭാവികമാണ്. ബൈബിളിലും മറ്റു വേദഗ്രന്ഥങ്ങളിലുമെല്ലാംകാണപ്പെടുന്ന വൈരുധ്യങ്ങള്‍ ഇത്തരത്തിലുള്ളവയാണ്. വൈരുധ്യങ്ങളാല്‍നിബിഡമായ വേദഗ്രന്ഥങ്ങളുടെ സ്വന്തക്കാര്‍ എന്ന് അവകാശപ്പെടുന്നവര്‍പ്രസ്തുത ഗ്രന്ഥങ്ങളിലെ വൈരുധ്യങ്ങള്‍ വിശദീകരിക്കുവാന്‍പ്രയാസപ്പെടുകയാണ് ചെയ്യുന്നത്. പ്രസ്തുത വൈരുധ്യങ്ങള്‍മറച്ചുവെക്കാനും അതില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനും വേണ്ടിയാണ്ഖുര്‍ആനില്‍ വൈരുധ്യങ്ങളുണ്ടെന്ന വാദവുമായി അത്തരക്കാര്‍രംഗത്തുവരുന്നത്.
ഖുര്‍ആനില്‍ വൈരുധ്യങ്ങളൊന്നുമില്ലെന്ന് പറയുമ്പോള്‍ അതില്‍വൈവിധ്യങ്ങളില്ലെന്ന് അര്‍ത്ഥമാക്കിക്കൂടാത്തതാണ്. വൈവിധ്യവുംവൈരുധ്യവും ഒന്നല്ല; അവ തികച്ചും വ്യത്യസ്തങ്ങളാണ്. വൈവിധ്യങ്ങളെവൈരുധ്യങ്ങളായി തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് ഖുര്‍ആനില്‍വൈരുധ്യങ്ങളുണ്ടെന്ന വാദവുമായി വിമര്‍ശകന്‍മാര്‍ രംഗത്തുവരാറുള്ളത്.ഒരു ഉദാഹരണം: ബൈബിള്‍ പുതിയ നിയമത്തിലെ പ്രധാനപ്പെട്ടവൈരുധ്യമാണ് വംശാവലിയിലെ വൈരുധ്യങ്ങള്‍. മത്തായിയും (1:6-16)ലൂക്കോസും (3:23-31) രേഖപ്പെടുത്തിയ യേശുവിന്റെ വംശാവലികള്‍ തമ്മില്‍കുറേയധികം വൈരുധ്യങ്ങളുണ്ട്. അതിനുകാരണം മത്തായി, ദാവീദിന്റെപുത്രനായ സോളമന്റെ പുത്രപരമ്പരയിലും ലൂക്കോസ്, ദാവീദിന്റെമകനായ നാഥാന്റെ പുത്രപാരമ്പര്യത്തിലും യേശുവിനെ പ്രതിഷ്ഠിക്കാന്‍പരിശ്രമിച്ചതാണ്. മത്തായിയുടെ വംശാവലി പ്രകാരം ദാവീദു മുതല്‍യേശുവരെ 28 പേരാണ് ഉള്ളതെങ്കില്‍ ലൂക്കോസ് നല്‍കിയ വംശാവലി പ്രകാരം 43 പേരാണുള്ളത്. യേശുവിന്റെ പിതാവായി അറിയപ്പെട്ടയോസേഫിന്റെ പിതാവ് ആരാണെന്ന പ്രശ്‌നം മുതല്‍ വൈരുധ്യങ്ങള്‍ആരംഭിക്കുന്നു. മത്തായി പറയുന്നത് യാക്കോബാണെന്നും ലൂക്കോസ്പറയുന്നത് ഹേലിയാണെന്നുമാണ്. ഒരാള്‍ക്ക് ഒരൊറ്റപിതാവേയുണ്ടാവൂയെന്നതിനാല്‍ ഇതൊരു വ്യക്തമായ വൈരുധ്യമാണ്.എന്നാല്‍ മത്തായിയും ലൂക്കോസും യോസേഫിന്റെ സഹോദരന്റെപേരായിരുന്നു പറഞ്ഞതെങ്കിലോ? മത്തായി യോസേഫിന്റെ സഹോദരന്‍യാക്കോബ് എന്നും, ലൂക്കോസ് യോസേഫിന്റെ സഹോദരന്‍ ഹേലിയെന്നുംപറഞ്ഞുവെന്നിരിക്കട്ടെ. ഈ പരാമര്‍ശങ്ങള്‍ തമ്മില്‍ വൈരുധ്യംആരോപിക്കുന്നത് ശരിയായിരിക്കുകയില്ല. ഒരാള്‍ക്ക് രണ്ടു സഹോദരന്‍മാര്‍ഉണ്ടാവുക സ്വാഭാവികമാണല്ലോ. മത്തായി, യോസേഫിന്റെ യാക്കോബ്എന്ന സഹോദരനെ കുറിച്ചും ലൂക്കോസ്, ഹേലിയെന്ന സഹോദരനെസംബന്ധിച്ചുമാണ് പറഞ്ഞതെന്ന് വിചാരിക്കാവുന്നതാണ്. ഇത് രണ്ടുപേരുടെപരാമര്‍ശങ്ങളിലുണ്ടാകാവുന്ന വൈവിധ്യത്തിന് ഉദാഹരണമാണ്; ഈവൈവിധ്യം വൈരുധ്യമല്ലെന്ന വസ്തുത മനസ്സിലാക്കേണ്ടതുണ്ട്.
ഖുര്‍ആന്‍ ഒരു ചരിത്രഗ്രന്ഥമല്ല. എന്നാല്‍ ചരിത്ര സംഭവങ്ങളെ കുറിച്ചപ്രതിപാദനങ്ങള്‍ ഖുര്‍ആനിലുണ്ട്. പ്രസ്തുത പ്രതിപാദനങ്ങള്‍ബൈബിളിലേതുപോലെ ഓരോന്നും സംഭവിച്ച ക്രമത്തിലല്ല ഖുര്‍ആനില്‍പ്രത്യക്ഷപ്പെടുന്നത്. അതിന്ന് കാരണമുണ്ട്, ഇസ്‌റാഈല്‍ സമുദായത്തിന്റെചരിത്രമാണ് ബൈബിള്‍ പഴയനിയമത്തിന്റെ പൊതുവായ പരാമര്‍ശം.ഉല്‍പത്തി മുതല്‍ മോശയുടെ മരണം വരെയുള്ള സംഭവങ്ങളാണ്പഞ്ചപുസ്തകത്തിലുള്ളത്. മറ്റു പ്രവാചകന്‍മാരുടെയുംദീര്‍ഘദര്‍ശിമാരുടെയും ചരിത്രങ്ങള്‍ മറ്റു പഴയ നിയമ ഗ്രന്ഥങ്ങളില്‍ കാണാം.പുതിയ നിയമത്തിലെ സുവിശേഷങ്ങളിലാകട്ടെ യേശുവിന്റെ കഥയാണ്നമുക്ക് കാണാന്‍ കഴിയുക. ഇവയെല്ലാം ചരിത്രപ്രതിപാദനഗ്രന്ഥങ്ങളായതിനാല്‍ സംഭവവിവരണത്തിന്റെ രീതിയാണ്സ്വീകരിക്കപ്പെട്ടിരിക്കുന്നത്. ഖുര്‍ആനാകട്ടെ സംഭവവിവരണത്തിന്റെരീതിയിലല്ല ചരിത്രങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നത്. ഖുര്‍ആന്‍ പ്രദാനംചെയ്യുന്ന ധാര്‍മ്മിക നിര്‍ദേശങ്ങള്‍ക്ക് ഉപോല്‍ബലകമായചരിത്രസംഭവങ്ങള്‍ എടുത്തുദ്ധരിക്കുകയാണ് അത് ചെയ്യുന്നത്. അതുകൊണ്ട്തന്നെ പ്രതിപാദ്യ വിഷയങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ച് ചരിത്രത്തിലെസംഭവങ്ങള്‍ എടുത്തുദ്ധരിക്കുന്ന രീതിയാണ് ഖുര്‍ആന്‍സ്വീകരിച്ചിരിക്കുന്നത്. ഇങ്ങനെ ഉദ്ധരിക്കുമ്പോള്‍ ചരിത്രത്തിലെ കാലക്രമംഖുര്‍ആന്‍ പരിഗണിക്കുന്നേയില്ല. അത്തരമൊരു പരിഗണനഅനാവശ്യമാണല്ലോ.
ചരിത്ര പ്രതിപാദനത്തിന് ഖുര്‍ആന്‍ സ്വീകരിച്ചിരിക്കുന്ന രീതിയുടെസവിശേഷത മറച്ചുവെച്ചുകൊണ്ടാണ് ചില വൈരുധ്യങ്ങള്‍ അതിന്മേല്‍ആരോപിക്കപ്പെടുന്നത്. മോശയുടെ ചരിത്രം പറഞ്ഞതിനു ശേഷമായിരിക്കുംഖുര്‍ആന്‍ ചിലപ്പോള്‍ അബ്രഹാമിന്റെ ചരിത്രത്തില്‍ നിന്നുള്ള സംഭവങ്ങള്‍ഉദ്ധരിക്കുന്നത്. അബ്രഹാമിന് മുമ്പാണ് മോശ ജീവിച്ചത് എന്ന് ഖുര്‍ആന്‍ഇതുകൊണ്ട് അര്‍ഥമാക്കുന്നില്ല. മോശയുടെ ചരിത്രത്തില്‍നിന്ന്പാഠമുള്‍ക്കൊള്ളേണ്ട കാര്യങ്ങള്‍ പ്രതിപാദിക്കുമ്പോള്‍ അത്ഉദ്ധരിക്കപ്പെടുന്നു; അബ്രഹാമിന്റെ ജീവിത സംഭവങ്ങള്‍പറയേണ്ടിവരുമ്പോള്‍ അതും ഉദ്ധരിക്കുന്നു. അവയെ കാലിക ക്രമത്തില്‍എടുക്കേണ്ടതില്ല. അങ്ങനെ എടുക്കണമെന്ന് ഖുര്‍ആന്‍ ഒരിടത്തുംആവശ്യപ്പെടുന്നില്ല. അതുകൊണ്ട് തന്നെ അത്തരം സംഭവവിവരണങ്ങള്‍വൈരുധ്യങ്ങളുടെ ഗണ ത്തില്‍ ഉള്‍പ്പെടുന്നില്ല.
ഖുര്ആന് ശുദ്ധമായ അറബി ഭാഷയിലാണ് എന്ന് 16:103 ല് പറയുന്നു. എന്നാല് ഖുര്ആനില് ഒട്ടനവധി അനറബി പദങ്ങള് ഉപയോഗിക്കപ്പെട്ടതായി കാണുന്നുണ്ട്. സൂചിപ്പിക്കപ്പെട്ട ഖുര്ആന് വാക്യം തെറ്റാണെന്നല്ലേ ഇതിനര്ഥം?
സൂറത്തുന്നഹ്‌ലിലെ 103 ാം വചനം ഖുര്‍ആനിനെതിരെയുള്ളസത്യനിഷേധികളുടെ ഒരു വാദത്തെ ഖണ്ഡിക്കുകയാണ് ചെയ്യുന്ന ത്. ജാബിര്‍റൂമി എന്ന ഒരു അനറബിയുമായി പ്രവാചകനുണ്ടായിരുന്ന അടുപ്പത്തെഅടിസ്ഥാനമാക്കി ഖുര്‍ആന്‍ വചനങ്ങള്‍ അയാള്‍ പറഞ്ഞുകൊടുക്കുന്നതാണെന്ന ഒരു വിമര്‍ശനം മക്കാമുശ്‌രിക്കുകള്‍ഉന്നയിക്കുകയുണ്ടായി. അറബി സാഹിത്യകാരന്‍മാരെ വെല്ലുവിളിക്കുന്നഒരു മഹല്‍ ഗ്രന്ഥത്തിലെ വചനങ്ങള്‍ ഒരു അനറബിയുടെ സൃഷ്ടിയാണെന്നവാദത്തിന്റെ ബാലിശത വ്യക്തമാക്കുകയാണ് 16:103 ചെയ്യുന്നത്.
ഈ വചനത്തില്‍, ഇതാകട്ടെ സ്പഷ്ടമായ അറബിഭാഷയുമാകുന്നുവെന്നാണ് ഖുര്‍ആനിനെ സൂചിപ്പിച്ചുകൊണ്ട്പറഞ്ഞിരിക്കുന്നത്. അറബിയ്യുന്‍ മുബീന്‍ എന്നാണ് പ്രയോഗം. ഇതിന്ശുദ്ധമായ അറബി ഭാഷ എന്നര്‍ഥമില്ല. സ്പഷ്ടമായ അറബി ഭാഷഎന്നാണര്‍ഥം. ലോകത്തിലെ എല്ലാ ഭാഷകളിലും ഇതര ഭാഷകളില്‍ നിന്നുള്ളപദങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്. ആധുനിക ഭാഷകളില്‍ മിക്കതിലും അവയുടെശബ്ദ സമ്പത്തില്‍ കാല്‍ഭാഗത്തിലധികവും ഇതര ഭാഷകളില്‍ നിന്നുള്ളപദങ്ങളാണുള്ളത്. അറബിയില്‍- വിശേഷിച്ചും പൗരാണിക അറബിയില്‍-ഇത്തരം പദങ്ങള്‍ തുലോം വിരളമാണ്. എങ്കിലും ഗ്രീക്കിലെഇവാന്‍ഗലിയോണ്‍ എന്ന പദത്തില്‍ നിന്നുണ്ടായ ഇഞ്ചീല്‍ എന്ന അറബിപ്രയോഗത്തെപോലെയുള്ള ചില അറബീകരിക്കപ്പെട്ട പദങ്ങള്‍ഖുര്‍ആനിലുണ്ട്. എന്നാല്‍ ഇവ അന്യഭാഷാ പ്രയോഗങ്ങളാണ് എന്ന്പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല.ഇവാന്‍ഗലിയോണ്‍’ഇഞ്ചീലാകുന്നതോടെ ആ പദം അറബിയായിമാറികഴിഞ്ഞുവെന്നുള്ളതാണ് വാസ്തവം. കീസ് എന്ന അറബിപദത്തില്‍നിന്നാണ് മലയാളത്തിലെ കീശയുടെ വ്യുല്‍പത്തി. ഇതിനാല്‍ കീശമലയാള പദമല്ല എന്ന് പറയുന്നത് വിവരക്കേടാണ്. ഇതേ പോലെതന്നെയാണ്എല്ലാ ഭാഷകളുടെയും സ്ഥിതി.
ചുരുക്കത്തില്‍ ഖുര്‍ആന്‍ സ്പഷ്ടമായ അറബിയിലാണെന്നപ്രസ്താവനയുമായി അതിലെ മറ്റു ഭാഷകളിലെ പദങ്ങളില്‍ നിന്ന് കടന്നുവന്നവാക്കുകളുടെ സാന്നിധ്യം യാതൊരു വിധത്തിലും വൈരുധ്യംപുലര്‍ത്തുന്നില്ല.
തന്റെ മരണത്തിനു മുമ്പ് ഫറോവ പശ്ചാത്തപിക്കുകയും അയാളെ ദൈവം രക്ഷപ്പെടുത്തുകയും ചെയ്തതായി 10:90 92 വരെ സൂക്തങ്ങളില് പറയുന്നു. എന്നാല് മരണം ആസന്നമാകുമ്പോഴുള്ള പശ്ചാത്താപം സ്വീകാര്യമല്ലെന്ന് 4:18ലും പറയുന്നു. ഇത് വൈരുധ്യമല്ലേ?
അറിവില്ലായ്മ നിമിത്തം തിന്മ ചെയ്യുകയും എന്നിട്ട് താമസിയാതെ ആത്മാര്‍ഥമായിപശ്ചാത്തപിക്കുകയും ചെയ്തവര്‍ക്ക് പൊറുത്തു കൊടുക്കാമെന്ന ദൈവിക വാഗ്ദാനത്തിന് ശേഷം, മരണംആസന്നമായി ജീവന്‍ തൊണ്ടക്കുഴിയിലെത്തുമ്പോള്‍ ഞാന്‍ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടുള്ള പ്രഹസനമല്ല ഇതുകൊണ്ടു വിവക്ഷിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് ഖുര്‍ആന്‍ 4:18ല്‍ചെയ്യുന്നത്. മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഏത് ക്രൂരനായ അവിശ്വാസിയുംപശ്ചാത്താപവിവശനായി തീരുമെന്ന വസ്തുത ഖുര്‍ആനിലെ വ്യത്യസ്ത സൂക്തങ്ങളില്‍വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. (ഉദാ:63:10,11) ഏകച്ഛത്രാധിപതിയായിരുന്ന ഫറോവയുടെ അന്ത്യവും ഇക്കാര്യത്തിനുള്ളതെളിവായിട്ടാണ് ഖുര്‍ആന്‍ എടുത്തുകാണിക്കുന്നത്.
‘ഇസ്‌റാഈല്‍ സന്തതികളെ നാം കടല്‍ കടത്തികൊണ്ടുപോയി. അപ്പോള്‍ ഫിര്‍ഔനും അവന്റെസൈന്യങ്ങളും ധിക്കാരവും അതിക്രമവുമായി അവരെ പിന്തുടര്‍ന്നു. ഒടുവില്‍ മുങ്ങിമരിക്കാറായപ്പോള്‍ അവന്‍പറഞ്ഞു, ഇസ്‌റാഈല്‍ സന്തതികള്‍ ഏതൊരു ദൈവത്തില്‍ വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ യാതൊരുദൈവവുമില്ല എന്ന് ഞാന്‍ വിശ്വസിച്ചിരിക്കുന്നു. ഞാന്‍ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു. (അല്ലാഹു അവനോട്പറഞ്ഞു) മുമ്പൊക്കെ ധിക്കരിക്കുകയും കുഴപ്പക്കാരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്തിട്ട് ഇപ്പോഴാണോ(നീ വിശ്വസിക്കുന്നത്). എന്നാല്‍ നിന്റെ പുറകെ വരുന്നവര്‍ക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിന് വേണ്ടിഇന്ന് നിന്റെ ശരീരത്തെ നാം രക്ഷപ്പെടുത്തിയെടുക്കുന്നതാണ്. തീര്‍ച്ചയായും മനുഷ്യരില്‍ ധാരാളം പേര്‍നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാകുന്നു.’ (10:90-92)
ഈ സൂക്തങ്ങളിലെവിടെയും മരണ വക്ത്രത്തിലുള്ള ഫറോവയുടെ പശ്ചാത്താപം അല്ലാഹുസ്വീകരിച്ചുവെന്നോ അവന് പൊറുത്തുകൊടുത്തുവെന്നോ പറയുന്നില്ല. ഏതൊരു സ്വേച്ഛാധിപതിയുംമരണത്തെ മുഖാമുഖം കാണുമ്പോള്‍ പശ്ചാത്താപ വിവശനായിത്തീരുമെന്ന വസ്തുതക്കുള്ളതെളിവായികൊണ്ടാണ് ഈ സൂക്തത്തില്‍ ഫറോവയുടെ ചരിത്രം വിവരിച്ചിരിക്കുന്നത്.
എന്നാല്‍ നിന്റെ പുറകെ വരുന്നവര്‍ക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിന് വേണ്ടി ഇന്ന് നിന്റെശരീരത്തെ നാം രക്ഷപ്പെടുത്തിയെടുക്കുന്നതാണ് എന്ന ദൈവീക വചനം ഫറോവയ്ക്ക് രക്ഷ ലഭിച്ചുവെന്നാണ്വ്യക്തമാക്കുന്നതെന്ന് ഈ സൂക്തങ്ങള്‍ ഒരു തവണ വായിച്ചവരൊന്നും പറയുകയില്ല. മറ്റു ശരീരങ്ങളെ പോലെഫറോവയുടെ ശരീരം ജീര്‍ണിക്കരുതെന്നും അത് മാനവരാശിക്ക് ദൃഷ്ടാന്തമായി തീരണമെന്നുമുള്ള ദൈവീകതീരുമാനത്തിന്റെ പ്രഖ്യാപനമാണിത്. പ്രസ്തുത പ്രഖ്യാപനത്തിന്റെ പുലര്‍ച്ചയെന്നോണം ഇന്നുംഫറോവയുടെ ശരീരം ജീര്‍ണിക്കാതെ കിടക്കുന്നുവെന്നത് ഖുര്‍ആനിന്റെ ദൈവീകതയ്ക്കുള്ള ജീവിക്കുന്നതെളിവുകളിലൊന്നാണ്.
അല്ലാഹുവിന്റെ വചനങ്ങള്ക്ക് മാറ്റം വരുത്താന് ആരുമില്ല എന്ന് 6:115 ല് പറഞ്ഞതിന്ന് വിരുദ്ധമായി ആയത്തുകള് അല്ലാഹു ദുര്ബലപ്പെടുത്തുമെന്ന് 2:106 ലും പറയുന്നതായി കാണാം. ഈ വൈരുധ്യത്തെ എങ്ങനെ വിശദീകരിക്കും?
സത്യ സമ്പൂര്‍ണങ്ങളും നീതി യുക്തങ്ങളുമായ ദൈവീക വചനങ്ങളില്‍യാതൊരു വിധ നീക്കു പോക്കുകളും പാടില്ലെന്നാണ് 6:115 ഉം ഇക്കാര്യംവിശദീകരിക്കപ്പെട്ട മറ്റു സൂക്തങ്ങളും വ്യക്തമാക്കുന്നത്. ദൈവീകവചനങ്ങള്‍ക്ക് പകരം അവയോട് കിടയൊക്കുന്ന തോ അവയേക്കാള്‍പ്രായോഗികമോ യുക്തമോ ആയ വേറെ വചനങ്ങള്‍ ആവിഷ്‌ക്കരിക്കുവാന്‍ആര്‍ക്കും കഴിയില്ല. മാനവരാശിക്ക് ആത്യന്തികമായി ഗുണകരമായത്എന്താണെന്നും ദോഷകരമായതെന്താണെന്നും കൃത്യമായി അറിയാവുന്നപടച്ചതമ്പുരാന്റെ വചനങ്ങള്‍ക്ക് പകരം വെക്കുവാന്‍ പറ്റിയവചനങ്ങളൊന്നും കൊണ്ടു വരാന്‍ മനുഷ്യര്‍ക്ക് കഴിയില്ല. ജനഹിതം മാനിച്ച്ദൈവീക വിധിവിലക്കുകള്‍ക്ക് വിരുദ്ധമായ മാര്‍ഗങ്ങളിലൂടെ സഞ്ചരിച്ചജനസമൂഹങ്ങള്‍ക്ക് തിക്തമായ ഫലങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതിനാല്‍ദൈവീക വചനങ്ങളെ മാറ്റി മറിച്ച് പ്രായോഗികവും മനുഷ്യര്‍ക്കാകമാനംആത്യന്തികമായ നന്‍മ വരുത്തുന്നതുമായ നിയമങ്ങള്‍ നിര്‍മ്മിക്കുവാന്‍ ആര്വിചാരിച്ചാലും സാധ്യമല്ല. മുകളില്‍ പരാമര്‍ശിക്കപ്പെട്ട വചനങ്ങളെയോഅവയുള്‍ക്കൊള്ളുന്ന വിധിവിലക്കുകളെയോ മാറ്റി മറിക്കുവാന്‍ ആര്‍ക്കുംഅവകാശമില്ലെന്നും അങ്ങനെ മാറ്റിമറിക്കുവാന്‍ ആരെങ്കിലും ധൃഷ്ടരായാല്‍അതിന്റെ തിക്ത ഫലം അനുഭവിക്കേണ്ടി വരുമെന്നുമാണ് ഇവ നല്‍കുന്നപാഠം.
ദൈവീക വചനങ്ങളെ മാറ്റിമറിക്കുവാന്‍ സൃഷ്ടികള്‍ക്കാര്‍ക്കുംഅവകാശമില്ലെന്ന പരാമര്‍ശം ഏതെങ്കിലും വചനത്തെദുര്‍ബലപ്പെടുത്തുവാന്‍ അല്ലാഹുവിന് അധികാരമുണ്ടായിരിക്കുന്നതിന്വിരുദ്ധമാകുന്നില്ല. സമൂഹത്തിന്റെ പരിണാമത്തിനിടയില്‍ ചില നിയമങ്ങള്‍ദുര്‍ബലപ്പെടുത്തുകയും പുതിയ നിയമങ്ങള്‍ നിര്‍ദേശിക്കുകയുംചെയ്യുവാനുള്ള അവകാശവും അല്ലാഹുവിന് തന്നെയാണ്. പൂര്‍വ്വവേദങ്ങളിലെ വിധികളില്‍ ചിലവ ശേഷം വന്ന വേദങ്ങളില്‍തിരുത്തപ്പെട്ടിട്ടുണ്ട്. തൗറാത്തിലും ഇഞ്ചീലിലുമുള്ള ചില വിധികള്‍ഖുര്‍ആനിലുള്ള പുതിയ വിധികളാല്‍ ദുര്‍ബലമാക്കപ്പെട്ടിട്ടുണ്ട്. ഖുര്‍ആനില്‍തന്നെ ആദ്യകാലത്ത് അവതരിപ്പിക്കപ്പെട്ട ചില വിധികള്‍ പിന്നീ ട്ദുര്‍ബലമാക്കിയിട്ടുണ്ട്. ഇതെല്ലാം ചെയ്തത് മനുഷ്യ സമുഹത്തെ യുംഅതിന്റെ പരിണാമത്തെയും കുറിച്ച് നന്നായി അറിയാവുന്ന അല്ലാഹുതന്നെയാണ്. അതുകൊണ്ട് തന്നെ ഈ മാറ്റങ്ങളൊന്നും സമൂഹത്തില്‍പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറില്ല. എന്നാല്‍ ധാര്‍മിക രംഗത്തെ ദൈവികവിധിവിലക്കുകളെ തൃണവല്‍ഗണിക്കുകയും തന്നിഷ്ടം പ്രവര്‍ത്തിക്കുകയുംചെയ്ത സമൂഹങ്ങളെല്ലാം അതിന്റെ തിക്ത ഫലം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ദൈവിക വിധിവിലക്കുകളെ മാറ്റി മറിക്കാന്‍ ആര്‍ക്കുംഅവകാശമില്ലെന്ന് വ്യക്തമാക്കുന്ന സൂക്തങ്ങള്‍ സാമൂഹ്യപരിണാമത്തിനനുസരിച്ച് അല്ലാഹു തന്നെ ചില നിയമങ്ങളില്‍ മാറ്റംവരുത്തുമെന്ന് പഠിപ്പിക്കുന്ന സൂക്തങ്ങളുമായി യാതൊരു വിധത്തിലുംവൈരുധ്യം പുലര്‍ത്തുന്നില്ലെന്നര്‍ഥം.
വ്യഭിചാര കുറ്റത്തിന് നൂറടി നല്കണമെന്ന 24:2 ലെ വിധിക്ക് വിരുദ്ധമായി അവരിലെ സ്ത്രീകളെ വീട്ടുതടങ്കലില് വെക്കണമെന്ന് 4:15 ലും പുരുഷന്മാരെ പീഡിപ്പിക്കണമെന്ന് 4:16 ലും പറയുന്നു. ഇത് വൈരുധ്യമല്ലേ?
സാംസ്‌കാരികമായി വട്ടപ്പൂജ്യത്തിലായിരുന്ന ഒരു ജനതയെ 23 വര്‍ഷംകൊണ്ട് മാതൃകായോഗ്യമായ ഒരു സമൂഹമാക്കി മാറ്റിയ ഒരു ഗ്രന്ഥമാണ്ഖുര്‍ആന്‍. പ്രസ്തുത സമൂഹത്തിന്റെ മാറ്റം നടന്നത് ഒരൊറ്റ നിമിഷംകൊണ്ടായിരുന്നില്ല. വികല വിശ്വാസങ്ങളില്‍ നിന്ന് അവരെവിമലീകരിക്കുകയും സംസ്‌കരിക്കാന്‍ പോന്ന കര്‍മങ്ങളിലൂടെ അവരെവിശുദ്ധീകരിക്കുകയും ചെയ്തതോടൊപ്പം തലമുറകളായി അവര്‍ആമഗ്‌നരായിരുന്ന അധാര്‍മികവൃത്തികളില്‍ നിന്ന് ഘട്ടംഘട്ടമായി അവരെമോചിപ്പിക്കുകയുമാണ് ഖുര്‍ആന്‍ ചെയ്തത്. ആ സമൂഹത്തിന്റെ,പരിണാമത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളില്‍ അവതരിപ്പിക്കപ്പെട്ട നിയമങ്ങള്‍വ്യത്യസ്തങ്ങളായിരിക്കുക സ്വാഭാവികമാണ്.അങ്ങനെയല്ലായിരുന്നുവെങ്കില്‍ അത്തരമൊരു സമൂഹത്തെ ആമൂലാഗ്രംപരിവര്‍ത്തിപ്പിക്കുക സാധ്യമാവുമായിരുന്നില്ല.
മദ്യപാ നവുംവ്യഭിചാരവുമെല്ലാം നിയമം മൂലം നിരോധിക്കപ്പെട്ടത് ഘട്ടങ്ങളായിട്ടായിരുന്നു.വ്യഭിചാരിക്കും വ്യഭിചാരിണിക്കും ആദ്യം വിധിക്കപ്പെട്ട ശിക്ഷയാണ്4:15,16 സൂക്തങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്.വ്യഭിചാരത്തിലേര്‍പ്പെടുന്ന സ്ത്രീ പുരുഷന്‍മാരെപീഡിപ്പിക്കണമെന്നായിരുന്നു ആദ്യത്തെ കല്‍പന. അതോടൊപ്പം പ്രസ്തുതദുര്‍വൃത്തിയിലേര്‍പ്പെടുന്ന സ്ത്രീകളെ വീടുകളില്‍ തടഞ്ഞുവെക്കണമെന്നുംഅത് വ്യാപിക്കുവാന്‍ ഇടവരുത്തരുതെന്നും കൂടി കല്‍പ്പിക്കപ്പെട്ടു. എന്നാല്‍ഈ കല്‍പന അല്ലാഹു അവര്‍ക്കൊരു മാര്‍ഗം ഉണ്ടാക്കുന്നത് വരെ(4:15)യാണെന്ന് വ്യക്തമാക്കപ്പെടുകയും ചെയ്തു. വ്യഭിചാരവൃത്തിയില്‍മുങ്ങിക്കുളിച്ചിരുന്ന ഒരു സമൂഹത്തെ പരിവര്‍ത്തിപ്പിക്കുന്നതിന്റെ ആദ്യപടിയായിരുന്നു ഇത്. ശേഷം ഇസ്‌ലാമിക സമൂഹം വളര്‍ന്നപ്പോള്‍പ്രസ്തുത ദുര്‍വൃത്തിക്കുള്ള കൃത്യവും വ്യക്തവുമായ ശിക്ഷാവിധികള്‍നിര്‍ദേശിക്കപ്പെടുകയും ചെയ്തു. വിവാഹിതരല്ലാത്തവ്യഭിചാരികള്‍ക്കുള്ള വ്യക്തമായ ശിക്ഷ 24:2ല്‍ അവതരിപ്പിക്കപ്പെട്ടതോടെ4:15,16 ലെ നിയമം ദുര്‍ബലപ്പെടുത്തപ്പെട്ടുവെന്ന് വ്യാഖ്യാതാക്കള്‍വ്യക്തമാക്കിയിട്ടുണ്ട്. അഥവാ സമൂഹപരിണാമത്തിന്റെ വ്യത്യസ്തഘട്ടങ്ങളിലുണ്ടായ രണ്ട് നിയമങ്ങളാണ് 4:15,16 ലും24:2ലുംവ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ഇവ തമ്മില്‍ വൈരുധ്യമില്ല. അവസാനംഅവതരിപ്പിക്കപ്പെട്ട നിയമമെന്ന നിലയ്ക്ക് 24:2ലെ നിര്‍ദേശമാണ് അതിന്റെഅവതരണത്തിന് ശേഷം അവസാന നാളുവരെയുള്ള വിശ്വാസികള്‍ക്ക്ബാധകമായിട്ടുള്ളത്.