ഖുർആൻ

/ഖുർആൻ

എട്ടാം നൂറ്റാണ്ടിനു ശേഷമാണ് ക്വുര്‍ആന്‍ രൂപീകരിക്കപ്പെട്ടു കഴിഞ്ഞതെന്ന് ജറുസലേമിലെ ‘ഖുബ്ബത്തു സ്‌സ്വഖ്‌റ’യില്‍ രേഖപ്പെടുത്തപ്പെട്ട അറബി ലിഖിതങ്ങൾ തെളിവല്ലേ ? അമവീ ഖലീഫയായിരുന്ന അബ്ദുല്‍ മലിക്ക് ബ്‌നു മര്‍വാനിന്റെ ഭരണകാലത്ത് നിര്‍മിക്കപ്പെട്ട ഖുബ്ബത്തു സ്‌സ്വഖ്റയിലെ പുറത്തും അകത്തും മൊസൈക്കില്‍ രേഖപ്പെടുത്തപ്പെട്ട അറബി ലിഖിതങ്ങളിൽ ക്വുർആൻ വചനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത് ഇന്ന് മുസ്ഹഫുകളിൽ കാണുന്ന ക്രമത്തിലല്ല. അത് എഴുതപ്പെടുന്ന കാലത്ത് ക്വുര്‍ആന്‍ പൂര്‍ണമായി രൂപീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ലെന്നല്ലേ ഇത് വ്യക്തമാക്കുന്നത്?

എട്ടാം നൂറ്റാണ്ടിന്റെ തുടക്കം വരെ ക്വുര്‍ആന്‍ പൂര്‍ണമായും രൂപീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നില്ലെന്നും അത് തലമുറകളെടുത്ത് രൂപീകരിക്കപ്പെട്ട വചനങ്ങളുടെ സമാഹാരമാണെന്നുമാണ് ചില ഓറിയന്റലിസ്റ്റുകളുടെ വാദം. ഇങ്ങനെ വാദിക്കുന്നവര്‍ ജറുസലേമിലെ ‘ഖുബ്ബത്തു സ്‌സ്വഖ്‌റ’യില്‍ (Dome of the Rock) ല്‍ രേഖപ്പെടുത്തപ്പെട്ട അറബി ലിഖിതങ്ങളാണ് തങ്ങള്‍ക്കുള്ള തെളിവായി അവതരിപ്പി ക്കുന്നത് (Patricia Crone & Michael Cook: Hagarism: The Making of the Islamic World, Cambridge, 1980, Page 139-149.)

അമവീ ഖലീഫയായിരുന്ന അബ്ദുല്‍ മലിക്ക് ബ്‌നു മര്‍വാനിന്റെ ഭരണകാലത്ത് നിര്‍മിക്കപ്പെട്ട സുന്ദരമായൊരു അഷ്ടഭുജ (octagon) കെട്ടിടമാണ് ഖുബ്ബത്തു സ്‌സ്വഖ്റ. ഇതിന്റെ പുറത്തും അകത്തും മൊസൈക്കില്‍ രേഖപ്പെടുത്തപ്പെട്ട അറബി ലിഖിതങ്ങളെയാണ് അത് എഴുതപ്പെടുന്ന കാലത്ത് ക്വുര്‍ആന്‍ പൂര്‍ണമായി രൂപീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ലെന്നതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആദ്യകാല മുസ്‌ലിം സമ്പ്രദായങ്ങളെയോ അവര്‍ ക്വുര്‍ആനിനെ ഉപയോഗിച്ച രീതിയെയോ കുറിച്ച് യാതൊന്നും അറിയാത്തതുകൊണ്ടാണ് ഇത്തരം ബാലിശമായ വാദങ്ങള്‍ ഉടലെടുക്കുന്നത്.

യഥാര്‍ഥത്തില്‍, ഖുബ്ബത്തു സ്‌സ്വഖ്‌റയിലെ അഷ്ടഭുജത്തിന്മേല്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് ക്രമപ്രകാരമുള്ള ക്വുര്‍ആന്‍ വചനങ്ങളല്ല. ക്വുര്‍ആന്‍ പഠിപ്പിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്യുകയെന്ന ലക്ഷ്യത്തോടെ എഴുതപ്പെട്ട രേഖയുമല്ല അത്. പ്രത്യുത ഒരു സന്ദേശത്തിന്റെ രേഖീകരണം മാത്രമാണത്. പ്രസ്തുത സന്ദേശത്തിനിടക്ക് ക്വുര്‍ആന്‍ സൂക്തങ്ങളോ അതിന്റെ ഖണ്ഡങ്ങളോ കടന്നു വരുന്നുവെന്ന് മാത്രമേയുള്ളൂ. ഒരു പ്രഭാഷകന്‍ തനിക്കാവശ്യമുള്ള ഉദ്ധരണികള്‍ ഉപയോഗിക്കുന്നതുപോലെ ‘ഖുബ്ബത്തു സ്‌സ്വഖ്‌റാ’യില്‍ സന്ദേശമെഴുതിയവര്‍ അവര്‍ നല്‍കുവാനുദ്ദേശിച്ച ദൂതിന് ഉപോല്‍ബലകമായ ക്വുര്‍ആന്‍ സൂക്തങ്ങളോ ഖണ്ഡങ്ങളോ ഉപയോഗിച്ചുവെന്ന് മാത്രമേയുള്ളൂ. അഷ്ടഭുജത്തിലെ സന്ദേശം വായിക്കുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന സരളമായ ഒരു വസ്തുതയാണിത്. പ്രസ്തുത സന്ദേശത്തിന്റെ പരിഭാഷ പരിശോധിക്കുക:

അഷ്ടഭുജത്തിനകത്തെ സന്ദേശം (പരിഭാഷ):

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍; അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരൊന്നുമില്ല. അവനാണ് എല്ലാ ആധിപത്യവും; അവന്നുതന്നെയാണ് സ്തുതികളും. അവന്‍ ജീവിപ്പിക്കുന്നു; അവന്‍ മരിപ്പിക്കുകയും ചെയ്യുന്നു. അവനാണ് എല്ലാ കാര്യങ്ങളുടെയും മേലുള്ള അധീശത്വം. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനും ദാസനുമാകുന്നു.

തീര്‍ച്ചയായും അല്ലാഹുവും മലക്കുകളും പ്രവാചകന്റെ മേല്‍ അനുഗ്രഹങ്ങള്‍ ചൊരിയുന്നു. സത്യവിശ്വാസികളേ നിങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ കാരുണ്യവും ശാന്തിയുമുണ്ടാകുവാന്‍ പ്രാര്‍ഥിക്കുക. അദ്ദേഹത്തിന്റെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളും ശാന്തിയുമുണ്ടാകട്ടെ.

വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. മര്‍യമിന്റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്റെ ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ (ഇതില്‍ നിന്ന്) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.

അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒരിക്കലും വൈമനസ്യം കാണിക്കുന്നതല്ല. (അല്ലാഹുവിന്റെ) സാമീപ്യം സിദ്ധിച്ച മലക്കുകളും (വൈമനസ്യം കാണിക്കുന്നതല്ല.) അവനെ (അല്ലാഹുവെ) ആരാധിക്കുന്നതില്‍ ആര്‍ വൈമനസ്യം കാണിക്കുകയും, അഹംഭാവം നടിക്കുകയും ചെയ്യുന്നുവോ അവരെ മുഴുവനും അവന്‍ തന്റെ അടുക്കലേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്.

അല്ലാഹുവേ, നിന്റെ ദൂതനും നിന്റെ ദാസനുമായ മര്‍യമിന്റെ പുത്രന്‍ മസീഹിനെ നീ അനുഗ്രഹിക്കേണമേ. അദ്ദേഹം ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും അദ്ദേഹത്തിന് സമാധാനം.

അതത്രെ മര്‍യമിന്റെ മകനായ ഈസാ അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാർത്ഥമായ വാക്കത്രെ ഇത്. ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിന്നുണ്ടാകാവുന്നതല്ല. അവന്‍ എത്ര പരിശുദ്ധന്‍! അവന്‍ ഒരു കാര്യം തീരുമാനിച്ച് കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രംചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു. (ഈസാ പറഞ്ഞു) തീര്‍ച്ചയായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം.

താനല്ലാതെ ഒരു ദൈവവുമില്ലെന്നതിന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന്ന് സാക്ഷികളാകുന്നു) അവന്‍ നീതി നിര്‍വഹിക്കുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവന്‍. തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്‌ലാമാകുന്നു. വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ തങ്ങള്‍ക്ക് (മതപരമായ) അറിവ് വന്നുകിട്ടിയ ശേഷം തന്നെയാണ് ഭിന്നിച്ചത്. അവര്‍ തമ്മിലുള്ള കക്ഷിമാത്‌സര്യം നിമിത്തമത്രെ അത്. വല്ലവരും അല്ലാഹുവിന്റെ തെളിവുകള്‍ നിഷേധിക്കുന്നുവെങ്കില്‍ അല്ലാഹു അതിവേഗം കണക്ക് ചോദിക്കുന്നവനാകുന്നു.

അഷ്ടഭുജത്തിന് പുറത്തെ സന്ദേശം (പരിഭാഷ):

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരൊന്നുമില്ല. (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു. അദ്ദേഹത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളുണ്ടാകട്ടെ.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരൊന്നുമില്ല. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു. തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്. സ്തുതികളെല്ലാം അല്ലാഹുവിനാണ് സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും, ആധിപത്യത്തില്‍ പങ്കാളിയില്ലാത്തവനും നിന്ദ്യതയില്‍ നിന്ന് രക്ഷിക്കാന്‍ ഒരു രക്ഷകന്‍ ആവശ്യമില്ലാത്തവനുമായ അല്ലാഹുവിന് സ്തുതി! എന്ന് നീ പറയുകയും അവനെ ശരിയാംവണ്ണം മഹത്വപ്പെടുത്തുകയും ചെയ്യുക. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ്.

അദ്ദേഹത്തിനു മേലും മലക്കുകളുടെയും പ്രവാചകന്‍മാരുടെയും മേലും അല്ലാഹുവിന്റെ അനുഗ്രഹങ്ങളുണ്ടാവട്ടെ. അദ്ദേഹത്തില്‍മേല്‍ അല്ലാഹുവിന്റെ ശാന്തിയും കാരുണ്യവുമുണ്ടാകട്ടെ. അല്ലാഹുവിന്റെ നാമത്തില്‍, പരമകാരുണികന്‍, കരുണാനിധി. അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരില്ല.

അവനാണ് എല്ലാ ആധിപത്യവും. അവനാണ് എല്ലാ കാര്യങ്ങളുടെയും മേലുള്ള അധീശത്വം. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു. അദ്ദേഹത്തിനു മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളുണ്ടാവട്ടെ. അദ്ദേഹത്തിന്റെ ജനങ്ങള്‍ക്കുമേല്‍ പുനരുത്ഥാന നാളില്‍ അദ്ദേഹം നടത്തുന്ന ശുപാര്‍ശ അവന്‍ സ്വീകരിക്കട്ടെ.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരില്ല. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു. അദ്ദേഹത്തിനു മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളുണ്ടാവട്ടെ. ഈ കുംഭഗോപുരം നിര്‍മിച്ചത് ദൈവദാസനായ അബ്ദുല്ലാ അല്‍ ഇമാം അല്‍ മഅ്മൂനാണ്; വിശ്വാസികളുടെ നേതാവ്. എഴുപത്തി രണ്ടാം വര്‍ഷത്തില്‍. അല്ലാഹു അദ്ദേഹത്തില്‍ നിന്ന് ഇത് സ്വീകരിക്കുകയും അദ്ദേഹത്തില്‍ സംപ്രീതനാവുകയും ചെയ്യട്ടെ, ആമീന്‍. സര്‍വലോകരക്ഷിതാവായ, അല്ലാഹുവിന് സ്തുതി”.

ഇത് വായിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്ന യാഥാര്‍ത്ഥ്യമാണ് ക്വുര്‍ആന്‍ അധ്യായക്രമത്തില്‍ രേഖപ്പെടുത്തിയതല്ല ഇത് എന്നുള്ള വസ്തുത. അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന ആമുഖത്തില്‍ വ്യത്യസ്ത ക്വുര്‍ആന്‍ സൂക്തങ്ങളില്‍ പ്രയോഗിച്ചിരിക്കുന്ന അല്ലാഹുവിന്റെ നാമ-ഗുണവിശേഷണങ്ങള്‍ പ്രസ്താവിച്ചിരിക്കുന്നുവെന്ന് മാത്രമെയുള്ളൂ. അത് ഉദ്ധരിച്ചുകൊണ്ട് അത് അന്നു നിലനിന്നിരുന്ന ക്വുര്‍ആന്‍ സൂക്തമായിരുന്നുവെന്നും പിന്നീടാണ് അതിലെ ദൈവഗുണ- വിശേഷണങ്ങളെ വേര്‍തിരിച്ചുകൊണ്ടുള്ള സൂക്തങ്ങള്‍ ഇതില്‍ നിന്ന് പരിണമിച്ചുണ്ടായത് എന്നും വാദിക്കുന്നത് മുസ്‌ലിംകള്‍ നടത്തുന്ന പ്രഭാഷണങ്ങളെയും സന്ദേശപ്രചരണത്തെയും കുറിച്ച അജ്ഞത കൊണ്ടാണ്. അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കുന്ന മുസ്‌ലിം സന്ദേശങ്ങളില്‍ അല്ലാഹുവിനെ സ്തുതിക്കുകയും, അവന്റെ മഹത്വം ഉദ്‌ഘോഷിക്കുകയും മുഹമ്മദ്‌നബി(സ)യുടെ മേല്‍ അനുഗ്രഹങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്ത ശേഷമാണ് മറ്റു കാര്യങ്ങള്‍ പരാമര്‍ശിക്കാറുള്ളത്. ഈ സന്ദേശത്തിലും അങ്ങനെത്തന്നെയാണുള്ളത്. ക്രിസ്ത്യാനികള്‍ താമസിക്കുന്ന സ്ഥലത്താണ് ഖുബ്ബത്തു സ്‌സ്വഖ്‌റാ നിര്‍മിക്കപ്പെട്ടത് എന്നതിനാല്‍ യേശു ക്രിസ്തുവിനെ സംബന്ധിച്ച ഇസ്‌ലാമിക നിലപാട് വ്യക്തമാക്കുകയും ക്രൈസ്തവ നിലപാടിനെ വിമര്‍ശിക്കുകയും ചെയ്യുന്ന വചനങ്ങള്‍ പ്രസ്തുത സന്ദേശത്തിന്റെ ഭാഗമായത് സ്വാഭാവികമാണ്.

ക്വുർആനിലെ പതിനേഴാം അധ്യായത്തിന്റെ 111ാം വചനം രേഖപ്പെടുത്തിയപ്പോള്‍ പ്രസ്തുത വചനത്തിന്റെ തുടക്കത്തിലുള്ള ‘നീ പറയുക’ (വഖുലി)യെന്ന ഭാഗം ഖുവ്വത്തു സ്‌സ്വഖ്‌റായുടെ പടിഞ്ഞാറ് ഭാഗത്ത് രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് ഇതെഴുതുമ്പോള്‍ ക്വുര്‍ആന്‍ പൂര്‍ണമായിരുന്നില്ലെന്ന് വാദിക്കുന്നവര്‍ക്കുള്ള സുപ്രധാനമായ ഒരു ‘തെളിവ്’. ഒരു സന്ദേശത്തിന്റെ ഭാഗമെന്ന നിലയ്ക്ക് ക്വുര്‍ആന്‍ വചനങ്ങള്‍ ഉദ്ധരിക്കുമ്പോള്‍ ‘നീ പറയുക’ പോലെയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കി വചനത്തിലെ ആശയപ്രധാനമായ ഭാഗം മാത്രം പരാമര്‍ശിക്കുന്ന സമ്പ്രദായം ഇന്നത്തേതുപോലെ മുസ്‌ലിം സമൂഹത്തില്‍ അന്നും നില നിന്നിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ രേഖ; അതല്ലാതെ, ക്വുര്‍ആന്‍ പരിണമിച്ചുണ്ടായതാണെന്നതിന് അത് തെല്ലും തെളിവു നല്‍കുന്നില്ല.

ഖുബ്ബത്തു സ്‌സ്വഖ്‌റായുടെ പുറത്ത് തെക്ക് ഭാഗത്ത് പൂര്‍ണമായി രേഖപ്പെടുത്തപ്പെട്ട ക്വുര്‍ആനിലെ നൂറ്റി പന്ത്രണ്ടാം അധ്യായത്തിലെ ‘നീ പറയുക’ (ഖുല്‍) എന്ന ഭാഗം ഒഴിവാക്കികൊണ്ടാണ് അബ്ദുല്‍മലിക്കു ബ്‌നു മര്‍വാനിന്റെ കാലത്തും ശേഷവും നിര്‍മിക്കപ്പെട്ട നാണയങ്ങളില്‍ ഈ സൂക്തം മുദ്രീകരിക്കപ്പെട്ടിരിക്കുന്നത് എന്ന വസ്തുത പതിനേഴാം അധ്യായം 111ാം വചനത്തില്‍ ‘നീ പറയുക’യെന്ന ഭാഗം ഒഴിവാക്കിക്കൊണ്ട് രേഖപ്പെടുത്തിയത് ക്വുര്‍ആനിന്റെ രൂപീകരണം പില്‍ക്കാലത്താണ് നടന്നതെന്നതിന് തെളിവാക്കുന്നവരുടെ മുഴുവന്‍ വാദങ്ങളെയും തകര്‍ത്തുകളയുന്നുവെന്ന് പ്രമുഖ ഓറിയന്റലിസ്റ്റായ എസ്‌റ്റെല്ലേ വെലാന്‍ വ്യക്തമാക്കുന്നുണ്ട്. (Estelle Whelan: “Forgotten Witness: Evidence for the Early Codification of the Qur’an”; Journal of American Oriental Society, 1998, Vol. 118, P. 1-14) സമകാലിക രേഖകളെയോ സമ്പ്രദായങ്ങളെയോ കുറിച്ച് പഠിക്കാതെ, ക്വുര്‍ആനിന്റെ ചരിത്രപരതയെ നിഷേധിക്കുവാന്‍ കിട്ടിയ വടികളെല്ലാമെടുത്ത് എറിയാന്‍ ശ്രമിക്കുന്നവരുടെ ‘തെളിവുകള്‍’ അവരുടെ തന്നെ ബൗദ്ധികസത്യസന്ധതക്കു നേരെ തിരിച്ചു വരുന്ന ബൂമറാംഗുകളായിത്തീരുന്നതാണ് നാം ഇവിടെ കാണുന്നത്.

ഹിജ്‌റ 72ലേതാണെന്ന് ഉറപ്പുള്ള ഒരു രേഖയില്‍ ക്വുര്‍ആനിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നെടുത്ത് ഒരേ വിഷയത്തിലുള്ള വചനങ്ങള്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്നുവെന്നത് അക്കാലത്ത് ക്വുര്‍ആനിന്റെ കയ്യെഴുത്ത് പ്രതികള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നുവെന്നതിന് തെളിവാണെന്നാണ് എസ്‌റ്റെല്ലെ വെലാന്‍ സമര്‍ത്ഥിക്കുന്നത്. (Ibid.) ഒരു ഗ്രന്ഥത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന ഒരേ വിഷയസംബന്ധിയായ വചനങ്ങള്‍ ഒരു പ്രത്യേക സന്ദര്‍ഭത്തിലോ രേഖയിലോ ഉദ്ധരിക്കണമെങ്കില്‍ പ്രസ്തുത ഗ്രന്ഥം പൂര്‍ണരൂപത്തില്‍ ഉപലബ്ധമായിരിക്കണമെന്നത് സാമാന്യയുക്തിയാണെന്നാണ് അദ്ദേഹത്തിന്റെ വാദം. അബ്ദുല്ലാ അല്‍ മഅ്മൂനാണ് ഖുബ്ബത്തു സ്‌സ്വഖ്‌റാ നിര്‍മിച്ചതെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും അത് വ്യാജമാണെന്നും അബ്ദുല്‍മലിക്ക് ബ്‌നു മര്‍വാനിന്റെ പേര് മായ്ച്ചു കൊണ്ടാണ് മഅ്മൂനിന്റെ പേര് രേഖപ്പെടുത്തിയിട്ടുള്ളതെന്നും രേഖയില്‍ നിന്നു തന്നെ വ്യക്തമാണ്. സ്വഹാബിമാരുടെ കാലത്ത് ക്വുര്‍ആന്‍ പൂര്‍ണ രൂപത്തില്‍ നിലനിന്നിരുന്നില്ല എന്നതിനുള്ള തെളിവായി കൊട്ടിഘോഷിക്കപ്പെട്ട ഖുബ്ബത്തുസ്‌സ്വഖ്‌റായിലെ ക്വുര്‍ആന്‍ രേഖകള്‍ വിമര്‍ശകര്‍ക്കെതിരായ തെളിവാണ് നല്‍കുന്നതെന്നര്‍ത്ഥം.

അതുകൊണ്ടുതന്നെയായിരിക്കണം പാട്രിഷിയോ ക്രോണിന്റെയും മിഖയേല്‍ കുക്കിന്റെയും വാദങ്ങളെ സമര്‍ത്ഥിക്കുവാന്‍ പാടുപെട്ട് ശ്രമിക്കുന്ന പിന്‍ഗാമികള്‍ പോലും ഖുബ്ബത്തു സ്‌സ്വഖ്‌റായിലെ ക്വുര്‍ആന്‍ ആലേഖനങ്ങളെ ക്വുര്‍ആനിന്റെ ചരിത്രപരതയെ സംശയാസ്പദമാക്കുന്ന തെളിവുകളുടെ കൂടെ പെടുത്താന്‍ മടിക്കുന്നത്. ‘ബുദ്ധിപരമായി സംഭവിക്കാനാവാത്ത വാദങ്ങളാല്‍ നിബിഡവും ബാലിശമായ തെളിവുകള്‍ മാത്രമുള്ളതുമെന്ന് കോണും കുക്കും ചേര്‍ന്നെഴുതിയ ഗ്രന്ഥത്തെ ആധുനിക ഓറിയന്റലിസ്റ്റുകളില്‍ പ്രമുഖനായ മിക്കയേല്‍ ജെ മൊറോണി (Micheal G Morony: Journal of Near Eastern Studies, Volume 41, No:2, April 1982, Page 157-159.) വിശേഷിപ്പിച്ചതും മറ്റൊന്നുകൊണ്ടുമല്ല.

പുരാതനമെന്ന് കരുതപ്പെടുന്ന ഖുര്‍ആന്‍ പ്രതികളില്‍ ഉപയോഗിച്ചിരിക്കുന്ന ലിപിയായ കൂഫീലിപി യഥാർത്ഥത്തിൽ ഉണ്ടായത് എട്ടാം നൂറ്റാണ്ടിൽ മാത്രമാണെന്ന് ഭാഷാശാസ്ത്ര പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇതിനർത്ഥം ആ പ്രതികൾ എഴുതപ്പെട്ടത് എട്ടാം നൂറ്റാണ്ടിലാണെന്നാണ്. മുഹമ്മദ് നബി(സ)ക്ക് ശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞ് രൂപീകരിക്കപ്പെട്ടതാണ് ഇന്ന് നില നിൽക്കുന്ന ഖുർആനിലെ വചനങ്ങള്‍ എന്നല്ലേ ഇത് വ്യക്തമാക്കുന്നത്?

അറബിഭാഷയെയോ അതിന്റെ വികാസത്തെയോ ലിപി പരിണാമത്തെയോ കുറിച്ച് കൃത്യവും വ്യക്തവുമായി പഠിക്കാത്ത ചില ക്രിസ്ത്യന്‍ അപ്പോളജറ്റിക്കുകളാണ് പ്രധാനമായും ഈ വാദമുന്നിയിച്ചിരിക്കുന്നത്. ഉഥ്മാനീ മുസ്ഹഫുകളായി അറിയപ്പെടുന്ന സമര്‍ക്കന്റ്, തോപ്കാപ്പി തുടങ്ങിയ കയ്യെഴുത്ത് പ്രതികള്‍ എഴുതപ്പെട്ടിരിക്കുന്നത് കൂഫിലിപിയിലാണെന്നും പ്രസ്തുത ലിപി തന്നെ അറിയപ്പെടുന്നത് ഇറാക്കിലുള്ള കൂഫാ പട്ടണത്തിന്റെ പേരിലാണെന്നും (Bruce A McDowell & Anees Zaka; Muslims and Christians at the Table: Promoting Biblical Understanding among North American Muslims, Phillipsburg (NJ), 1999, Page 76.) ഖലീഫാ ഉമറിന്റെ (റ)കാലത്ത് നാമകരണം ചെയ്യപ്പെട്ട കൂഫാ പട്ടണത്തിന്റെ പേരിലുള്ള ലിപി ഉഥ്മാനിന്റെ കാലമായപ്പോഴേക്ക് വികസിച്ചു വന്നിരിക്കാന്‍ സാധ്യതയില്ലെന്നും അതുകൊണ്ട്തന്നെ ഈ കയ്യെടുത്തു പ്രതികള്‍ രചിക്കപ്പെട്ടത് ഉഥ്മാനിന്റെ കാലത്താവാന്‍ യാതൊരു സാധ്യതയുമില്ലെന്നും (N.A. Newman: Mohammed, The Qur’an and Islam, Hatfield, 1996, P. 314.) പ്രസ്തുത ക്വുര്‍ആന്‍ ലിപിയില്‍ കുത്തുകളിട്ടിട്ടുണ്ടെന്നും കുത്തുകളിടുന്ന സമ്പ്രദായമാരംഭിച്ചത് ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന് ശേഷമാണെന്നും (Dr. Robert A Morey: Winning the war against Radical Islam, Las Vegas, 2002, Page 70) അതിനാല്‍ നടേ പറഞ്ഞ കയ്യെഴുത്ത് പ്രതികള്‍ ഉഥ്മാനിന്റെ (റ)ഭരണകാലത്തിന് ഒന്നര നൂറ്റാണ്ടുകളെങ്കിലും കഴിഞ്ഞിട്ടാവണം രചിച്ചിട്ടുള്ളതെന്നുമാണ് (John Gilchrist: Jam’al Qur’an: The Codification of the Qur’an Text, Monder (South Africa), P. 140-146.) അപ്പോളജറ്റിക്കുകളുടെ വാദം. ബൈബിളിനെപ്പോലെത്തന്നെ ആദ്യകാല കയ്യെഴുത്ത് രേഖകളുടെ സാക്ഷ്യം വേണ്ടത്രയില്ലാത്ത ഗ്രന്ഥമാണ് ക്വുര്‍ആനുമെന്ന് വരുത്തിത്തീര്‍ക്കുന്നതിനു വേണ്ടി ഉന്നയിക്കപ്പെടുന്ന ഈ വാദത്തില്‍ ലവലേശം യാഥാര്‍ത്ഥ്യമില്ലെന്ന് പുരാവസ്തു രേഖകളെക്കുറിച്ച സൂക്ഷ്മമായ പഠനം വ്യക്തമാക്കുന്നുണ്ട്.

ക്രിസ്തുവിന് മൂവായിരം കൊല്ലങ്ങള്‍ക്കു മുമ്പ്, ആദ്യകാല വെങ്കല യുഗത്തില്‍ മെസപ്പെട്ടോമിയയില്‍ (ഇന്നത്തെ ഇറാഖ്) വളര്‍ന്നു വികസിച്ച സുമേറിയന്‍ നാഗരികതയിലുള്ളവര്‍ ഉപയോഗിച്ചിരുന്ന ക്യൂനിഫോം (cueniform) ലിപികളില്‍ നിന്നാരംഭിക്കുന്നു ആധുനിക അറബി ലിപിയുടെ ചരിത്രം. ക്യൂനിഫോമുകളില്‍ നിന്നുള്ള പ്രചോദനത്തില്‍ നിന്നാണ് നൈല്‍നദീതടത്തില്‍ ജീവിച്ചിരുന്ന ഈജിപ്തുകാര്‍ അല്‍പ കാലത്തിനുശേഷം അവരുടെ ലിപിയായ ഹൈരോഗ്ലിഫുകള്‍ (heiroglyphs) വികസിപ്പിച്ചെടുത്തത്. (Geoffrey Sampson: A Linguistic Introduction, Stanford University, 1990, P.78.) വെങ്കലയുഗത്തിന്റെ മധ്യകാലഘട്ടത്തില്‍ കാനന്‍ ദേശത്തും (ഇന്നത്തെ ഇസ്രായീലും ഫലസ്തീനും) ഈജിപ്തിലെ സിനായ് പ്രദേശത്തും മധ്യ ഈജിപ്തിലുള്ളവര്‍ ഉപയോഗിച്ച പ്രാഗ് സിനായ് അക്ഷരമാല (proto sinaitic alphabet) രൂപം കൊണ്ടത് ഹൈരോഗ്ലിഫുകളില്‍ നിന്നാണ്. ഇതില്‍നിന്ന് ക്രിസ്തുവിന് 1050 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രാധിഷ്ഠിതമല്ലാത്ത (non-pictographic) ആദ്യത്തെ അക്ഷരമാലയായ ഫിനീഷ്യന്‍ അക്ഷരമാല (phoenician alphabet) രൂപപ്പെട്ടു. ഇതില്‍നിന്ന് ക്രിസ്തുവിന് പത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പുരാതന സെമിറ്റിക്കുകാരുടെ ലിപിയായിരുന്ന പാലിയോ ഹിബ്രു അക്ഷരമാലയും (paleo-hebrew alphabet) അതില്‍നിന്ന് എട്ടാം നൂറ്റാണ്ടായപ്പോഴേക്ക് അരാമിക് അക്ഷരമായും (aramic alphabet) രൂപപ്പെട്ടു. (Steven Roger Fischer: History of Writing. London, 2004.) അരാമിക്കില്‍ നിന്ന് ക്രിസ്തുവിന് രണ്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പ് സുറിയാനിയും (syriac) അതില്‍ നിന്ന് ഏറെ താമസിയാതെ നെബത്തയന്‍ അക്ഷരമാലയും (nabataen alphabet) രൂപപ്പെട്ടു. നെബത്തയന്‍ അക്ഷരങ്ങളില്‍ നിന്നാണ് അറബി അക്ഷരമാലയുണ്ടായതെന്നാണ് ഗവേഷകന്‍മാരുടെ പക്ഷം. ക്രിസ്താബ്ദം നാലാം നൂറ്റാണ്ടിലായിരിക്കണം അറബി അക്ഷരമാലയുണ്ടായതെന്നും 328ല്‍ രചിക്കപ്പെട്ട നെബത്തിയന്‍മാരുടെ രാജകീയ മരണാന്തര ക്രിയകളെക്കുറിച്ചുള്ള രേഖയിലെ ലിപി അറബിയുടെ പ്രാഗ്‌രൂപമാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു. (“Arabic alphabet”, Brittanica Online www.brittanica.com) എന്നാല്‍ സിറിയയിലെ സെബദില്‍ നിന്ന് കണ്ടെത്തിട്ടുള്ള ഗ്രീക്കിലും സിറിയക്കിലും അറബിയിലുമുള്ള കയ്യെഴുത്ത് രേഖയിലേതാണ് ലഭ്യമായതില്‍വെച്ച് ഏറ്റവും പുരാതനമായ അറബി അക്ഷരങ്ങള്‍ എന്നാണ് ഭൂരിപക്ഷം പണ്ഡിതന്‍മാരുടെയും പക്ഷം (Beatrice Gruendler: The Development of the Arabic Scripts From the Nabatean Era to the first Islamic Century according to the Dated Texts, Atlanta, 1993 Page 13-14)

മുഹമ്മദ് നബി(സ)യുടെ കാലത്ത് നിലനിന്നിരുന്ന മൂന്നുതരം ലിപികളായിരുന്നു ഹിജാസി അഥവാ മാഇല്‍, മശ്ഖ്, കുഫീ എന്നീ ലിപികള്‍. ഇവയിലെല്ലാം രചിക്കപ്പെട്ട ആദ്യകാല ക്വുര്‍ആന്‍ കയ്യെഴുത്ത് പ്രതികളുണ്ട്. ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയിലുള്ള MS. Or-2165 കയ്യെഴുത്ത് പ്രതിയും കുവൈത്തിലെ താരിഖ് റജബ് മ്യൂസിയത്തിലുള്ള QUR-1-TSR കയ്യെഴുത്ത് പ്രതിയും പാരീസിലെ ബിബ്‌ളിയോത്തെക്ക് നാഷണേലിലുള്ള Arabe 328 Ca കയ്യെഴുത്തു പ്രതിയും സന്‍ആഇലെ ദാറുല്‍ മഖ്ത്തൂത്താത്തിലുള്ള DA MOI-27.1, DAMOI-25.1, DAMOI=29.1 കയ്യെഴുത്തു പ്രതികളും ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ ഹിജാസി ലിപിയില്‍ എഴുതപ്പെട്ടവയാണ്. കൈറോയിലെ നാഷണല്‍ ലൈബ്രറിയിലുള്ള ഹിജ്‌റ 107-ല്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് അതില്‍തന്നെ രേഖയുള്ള കയ്യെഴുത്തു പ്രതി മശ്ഖ് ലിപിയിലുള്ളതാണ്. ഉഥ്മാനീ മുസ്ഹഫുകളായി അറിയപ്പെടുന്നവയും മറ്റ് ഒന്നാം നൂറ്റാണ്ടിലെ കയ്യെഴുത്ത് പ്രതികളുമെല്ലാം കൂഫീ ലിപിയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെയായിരിക്കണം കൂഫി ലിപിയുണ്ടായത് ഹിജ്‌റ ഒന്നാം നൂറ്റാണ്ടിനു ശേഷമാണെന്ന് സ്ഥാപിക്കുവാന്‍ ഓറിയന്റലിസിറ്റുകളും ക്രിസ്ത്യന്‍ അപ്പോളജറ്റിക്കുകളും ആവേശം കാണിക്കുന്നത്. സ്വഹാബിമാരുടെ കാലത്ത് ഉപയോഗിക്കപ്പെട്ടിരുന്ന മുസ്ഹഫുകളിലൊന്നും ഇന്നു ഉപലബ്ധമല്ലെന്നു വന്നാല്‍ അതുപയോഗിച്ച് ക്വുര്‍ആനിന്റെ ചരിത്രപരതയെ ചോദ്യം ചെയ്യാമല്ലോ.

എന്നാല്‍ വസ്തുതകള്‍ അപ്പോളജറ്റിക്കുകള്‍ക്കും അവര്‍ക്കനുസരിച്ച് കാര്യങ്ങള്‍ വളച്ചൊടിച്ചവതരിപ്പിക്കുന്ന ഓറിയന്റലിസ്റ്റുകള്‍ക്കുമെതിരാണ്. മുഹമ്മദ് നബിക്കു(സ) മുമ്പു തന്നെ പ്രചാരത്തിലുണ്ടായിരുന്ന ലിപികളിലൊന്നായിരുന്നു കൂഫീ ലിപിയുമെന്ന വസ്തുത ഓറിയന്റലിസ്റ്റുകളുടെ തന്നെ രചനയായ ‘എന്‍സൈ ക്ലോപീഡിയ ഓഫ് ഇസ്‌ലാം’ തെളിവുകള്‍ നിരത്തി സമർത്ഥിക്കുന്നുണ്ട്. ഹിജ്‌റ 17ല്‍ (ക്രിസ്താബ്ദം 638) കൂഫയുണ്ടാവുന്നതിന് നൂറു വര്‍ഷങ്ങള്‍ക്കു മുമ്പെങ്കിലും മെസപ്പെട്ടോമിയയില്‍ കൂഫി ലിപി പ്രചാരത്തിലുണ്ടായിരുന്നുവെന്നാണ് പ്രമുഖ ഓറിയന്റലിസ്റ്റും ലിപി വിജ്ഞാനീയത്തില്‍ അഗ്രഗണ്യനുമായ ബി. മൊറിട്ട്‌സ് വ്യക്തമാക്കുന്നത് (B. Mortiz: “Arabic Writing”, Encyclopedia of Islam, London, 1913, Page 387.)- അന്‍ബാര്‍, ഹിറ തുടങ്ങിയ മെസെപ്പെട്ടോമിയന്‍ നഗരങ്ങളില്‍ നേരത്തെ പ്രചാരത്തിലുണ്ടായിരുന്ന ലിപിയാണ് കൂഫാ പട്ടണത്തിന്റെ രൂപീകരണത്തിനു ശേഷം ചെറിയ മാറ്റങ്ങളോടെ കൂഫി ലിപിയായി അറിയപ്പെട്ടതെന്ന് നാബിയ അബൊട്ടും വിശദീകരിക്കുന്നുണ്ട്. (Nabia Abbott: The Rise of the North Arabic Script and its Kuranic Development, University of Chicago, 1939 Page 17.) ഗവേഷകരായ അബ്ദുല്‍ കബീര്‍ ഖാത്തിബിയും മുഹമ്മദ് സിജെല്‍മാസ്സിയും കൂടിയെഴുതിയ ‘ഇസ്‌ലാമിക് കാലിഗ്രഫിയുടെ യശസ്സ്’ എന്ന ഗ്രന്ഥത്തില്‍ എങ്ങനെയാണ് ഈ നാമകരണമുണ്ടായതെന്ന് വ്യക്തമാക്കുന്നുണ്ട്. ”ഇസ്‌ലാമിന് മുമ്പ് നിലവിലുണ്ടായിരുന്ന നാല് തരം ലിപികളായിരുന്നു അറബികള്‍ക്ക് പരിചയമുണ്ടായിരുന്നത്. ഹിറയില്‍ പ്രചാരത്തിലുണ്ടായിരുന്ന അല്‍ഹിരിയും, അന്‍ബാറിയിലുണ്ടായിരുന്ന അല്‍അന്‍ബാറിയും മക്കയിലുണ്ടായിരുന്ന അല്‍ മക്കിയും മദീനയിലുണ്ടായിരുന്ന ഇബനു മദനിയും. ക്രിസ്താബ്ദം 999ല്‍ (ഹിജ്‌റ 390) മരണപ്പെട്ട, ഫിഹ്‌രിസ്തിന്റെ കര്‍ത്താവ്, പ്രസിദ്ധനായ അല്‍ നദീമാണ് ഹിരയില്‍നിന്ന് രൂപം പ്രാപിച്ച ലിപിക്ക് കൂഫീ’യെന്ന് നാമകരണം ചെയ്തത്. ഹിജ്‌റ 17ല്‍ (ക്രിസ്താബ്ദം 638) നിര്‍മിക്കപ്പെട്ട നഗരമായ കൂഫയിലുണ്ടായതല്ല ഈ ലിപി. കൂഫയുണ്ടാകുന്നതിന് കാലങ്ങള്‍ക്കു മുമ്പേ ഈ ലിപി നിലനിന്നിരുന്നു. എന്നാല്‍ പ്രസ്തുത ലിപിയില്‍നിന്ന് സുന്ദരമായ കാലിഗ്രഫി വളര്‍ത്തിയെടുത്തതും പരിപോഷിപ്പിച്ചതും മഹത്തായ ഈ ബൗദ്ധിക കേന്ദ്രമാണ്”. (Abdel Kabeer Khattibi & Muhammed Sijelmassi: The Splendour of Islamic Calligraphy, Thames & Hudson, 1994, Page 96-97.)

മാത്രവുമല്ല, ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിര്‍മിച്ചതെന്ന് ഉറപ്പിക്കാവുന്ന ക്വുര്‍ആനല്ലാത്ത മറ്റു കൂഫി ലിഖിതങ്ങള്‍ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിലൊന്നാണ് ഹിജ്‌റ 24ാം വര്‍ഷത്തില്‍ എഴുതിയതാണെന്ന് സ്വയം സാക്ഷ്യം വഹിക്കുന്ന സുഹൈറിന്റെ രേഖ. സഊദി അറേബ്യയിലെ അല്‍ഹിജ്‌റിന് സമീപത്തുള്ള ഖാഅല്‍ മുഅ്തദില്‍ പാറയിലെ ഒരു ചുവന്ന മണല്‍ക്കല്ലില്‍ കൊത്തിവെയ്ക്കപ്പെട്ട രൂപത്തിലുള്ളതാണീ രേഖ. ‘അല്ലാഹുവിന്റെ നാമത്തില്‍, ഞാന്‍ സുഹൈര്‍ ഇതെഴുതുന്നത്. ഇരുപത്തിനാലാം വര്‍ഷത്തില്‍ ഉമര്‍ മര ണപ്പെട്ടപ്പോഴാണ്’ (ബിസ്മില്ലാ, അന സുഹൈര്‍ കതബ്തു സമന്‍ തുവഫ്ഫീ ഉമറ സനത്ത അര്‍ബഅ വ ഇശ്‌രീന്‍) എന്നാണ് രേഖയിലുള്ളത്. (Ali Ibrahim Al-Ghabban (Trans: Robert HolyLand): “The Inscription of Zuhayr, the oldest Islamic Inscription (24Ah/AD644-645), the Rise of the Arabic Scri pt and the nature of the early Islamic State”. “Arabian Archeology and Epigraphy, November 2008, Vol 19, Issue 2, Page 210-237.)

കുത്തുകളുള്ള കൂഫി ലിപിയില്‍ എഴുതപ്പെട്ട ഈ രേഖ ഉമര്‍ (റ) മരണപ്പെട്ട കാലത്ത് കൂഫി ലിപിയിലുള്ള എഴുത്തിന് പ്രചാരമുണ്ടായിരുന്നുവെന്ന് സുതരാം വ്യക്തമാക്കുന്നുണ്ട്. ഉമറിന്‌ ശേഷം ഭരിച്ചയാളാണ് ഉഥ്മാന്‍ (റ) ഉമറിന്റെ (റ) കാലത്തുതന്നെ കൂഫീ ലിപി പ്രചാരത്തിലുണ്ടെങ്കില്‍ ഉഥ്മാനിന്റെ (റ) കാലത്ത് നിര്‍മിക്കപ്പെട്ട മുസ്ഹഫുകള്‍ കൂഫി ലിപിയിലായത് സ്വാഭാവികമാണെന്ന് ആര്‍ക്കും സമ്മതിക്കേണ്ടി വരും. യുനെസ്‌കോയുടെ ലോകസ്മരണകള്‍ രേഖകളില്‍ (http://portal.unesco.org/enev.php_URL_ID= 14264&URL_DO=DO_TOPIC& URL_ SECTION= 201.html) സ്ഥലം പിടിച്ചിട്ടുള്ള ഈ മണല്‍ക്കല്‍ ലിഖിതത്തെ നിഷേധിക്കുവാന്‍ ആര്‍ക്കും കഴിയില്ല. ക്വുര്‍ആന്‍ ചോദ്യത്തെ പരിഹരിക്കാനുതകുന്ന ആദ്യത്തെ ഇസ്‌ലാമികാലേഖനം’ (First Islamic Inscription may solve Qur’an Question) എന്ന തലക്കെട്ടിലാണ് ഡിസ്‌കവറി ചാനലിന്റെ ന്യൂസ് ഇതേക്കുറിച്ച ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. (dsc.discovery.com/news/2008/11/18/islamic-inscription . html) ഉഥ്മാനീ മുസ്ഹഫുകള്‍ എഴുതപ്പെട്ടത് കൂഫി ലിപിയിലാണ് എന്നതിന്റെ പേരില്‍ ക്വുര്‍ആനിന്റെ ചരിത്രപരതയെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചവരുടെ ഗവേഷണദംഷ്ട്രങ്ങള്‍ പൊഴിക്കുവാന്‍ പര്യാപ്തമാണ് ഈ ചുവന്ന കല്‍രേഖയുടെ കണ്ടുപിടുത്തമെന്നര്‍ഥം.

കൈറോ മ്യൂസിയം ഓഫ് അറബ് ആര്‍ട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ഹിജ്‌റ 31ല്‍ രചിച്ചതായി സ്വയം സാക്ഷ്യപ്പെടുത്തുന്ന അബ്ദുര്‍റഹ്മാന്‍ ഇബ്‌ നുഖൈര്‍ അല്‍ഹാജിരിയുടെ ഖബര്‍ ഫലകവും (Nabia Abbott: The Rise of the North Arabic Script and its Kur’anic Development, University of Chicago, 1939 Page 18-19.) ഹിജ്‌റ 40ല്‍ എഴുതിയതായി സാക്ഷ്യപ്പെടുത്തുന്ന സഊദി അറേബ്യയിലെ ദര്‍ബ് സുബൈദയിലെ വാദി അല്‍ ശാമിയയിലെ ഒട്ടകപാതയില്‍നിന്ന് 1970ല്‍ ലഭിച്ച ശിലാഫലകവും (A.H.Sharafaddin: “Some Islamic Inscriptions Discovered on the Darb Zubayda”, Atlal (The Journ al of Saudi Arabian Archeology, 1997, Vol 1, Page 69-70.) സഊദി അറേബ്യയിലെ വാദിസബീലില്‍നിന്ന് ലഭിച്ച ഹിജ്‌റ 46ല്‍ രചിച്ചതായി സാക്ഷ്യപ്പെടുത്തുന്ന ചുമര്‍ഫലകവുമെല്ലാം (Beatrice Greundler: Opt it Page 15) കൂഫീലിപിയില്‍ എഴുതപ്പെട്ടവയാണ്. ഇതെല്ലാം സഹാബിമാരുടെ കാലത്ത് കൂഫി ലിപിയിലുള്ള രചനകള്‍ക്ക് പ്രചാരമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.

ക്രിസ്താബ്ദം 325-ല്‍ ചേർന്ന നിഖിയാ കൗൺസിൽ കാനോനികമായി അംഗീകരിച്ച കൃതികള്‍ മാത്രം നിലനിർത്തി ബാക്കി എല്ലാ ക്രൈസ്തവ ഗ്രന്ഥങ്ങളും ചുട്ടുകരിക്കുവാന്‍ സഭ ആഹ്വാനം നൽകി. ഉഥ്മാൻ (റ) തന്റെ നിർദ്ദേശപ്രകരം തയ്യാർ ചെയ്യപ്പെട്ട ഖുർആൻ പ്രതികള്‍ മാത്രം നിലനിർത്തി ബാക്കിയുള്ളവയെല്ലാം ചുട്ടുകരിക്കാന്‍ കൽപിച്ചു. ഉഥ്മാൻ ചെയ്തതും നിഖിയാ കൗൺസിൽ ചെയ്തതും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്?

ഇവിടെ പരാമര്‍ശിക്കപ്പെട്ട സംഭവങ്ങളില്‍ ‘കത്തിക്കുക‘യെന്ന ക്രിയയാണ് ഇരുകൂട്ടരും ചെയ്തതെന്ന കാര്യമൊഴിച്ച് ബാക്കിയെല്ലാം തികച്ചും വ്യത്യസ്തമാണ്. രണ്ടു സംഭവങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.

ഒന്ന്. യേശുവിന് ശേഷം മൂന്നു നൂറ്റാണ്ടുകള്‍ക്കിടക്ക് പലരാലും രചിക്കപ്പെട്ട യേശുവിന്റെ ജീവിതത്തെയും സന്ദേശത്തെയും സംബന്ധിച്ച നാല്‍പതിലധികം ഗ്രന്ഥങ്ങളാണ് നിഖിയാ സൂനഹദോസിനു ശേഷം കത്തിച്ചുകളഞ്ഞത്. മുഹമ്മദി(ﷺ)നു ശേഷം രണ്ടു പതിറ്റാണ്ടിനിടക്ക് പലരും പകര്‍ത്തിയെഴുതിയ ഒരേ ഖുര്‍ആനിന്റെ വിവിധ ഏടുകളില്‍ ഉച്ചാരണ വ്യത്യാസത്തിന് ഇടയാക്കുന്നവയാണ് ഉഥ്മാൻ (റ) കത്തിച്ചുകളയാന്‍ ആവശ്യപ്പെട്ടത്.

രണ്ട്. നിഖിയ കൗണ്‍സില്‍ കാനോനികമായി പ്രഖ്യാപിച്ച നാലു സുവിശേഷങ്ങളിലും അപ്പോസ്തല പ്രവര്‍ത്തനങ്ങളിലും ഇരുപത്തിയൊന്നു ലേഖനങ്ങളിലും വെളിപാടു പുസ്തകത്തിലുമുള്ള പരാമര്‍ശങ്ങള്‍ക്ക് വിരുദ്ധമായ പല പരാമര്‍ശങ്ങളുമുള്ളതുകൊണ്ടും അവ നല്‍കുന്ന യേശു ചിത്രത്തില്‍നിന്ന് തുലോം വ്യത്യസ്തമായ യേശുചിത്രമാണ് അവതരിപ്പിക്കുന്നത് എന്നതുകൊണ്ടുമാണ് അപ്പോക്രിഫാ പുസ്തകങ്ങള്‍ കരിച്ചുകളയുവാന്‍ ആവശ്യപ്പെട്ടത്. വ്യത്യസ്ത ഉച്ചാരണരീതികളുള്ള പ്രാദേശികമൊഴികളില്‍ എഴുതപ്പെട്ട ഏടുകള്‍ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ സാരമായ വൈകല്യങ്ങള്‍ക്ക് നിമിത്തമാകാമെന്ന ഭയമാണ് ഉഥ്മാനെ(റ)ഔദ്യോഗിക കൈയ്യെഴുത്തുപ്രതികള്‍ തയാറാക്കാനും സ്വകാര്യ ഏടുകള്‍ നശിപ്പിക്കാനും പ്രേരിപ്പിച്ചത്.

മൂന്ന്. കരിച്ചുകളഞ്ഞ അപ്പോക്രിഫാ ഗ്രന്ഥങ്ങളിലെ ആശയങ്ങള്‍ അവ കരിച്ചുകളഞ്ഞതോടുകൂടി വിസ്മൃതമായി. സ്വകാര്യ ഏടുകളില്‍ എഴുതപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങള്‍തന്നെയായിരുന്നു ഔദ്യോഗിക പ്രതികളിലുമുണ്ടായിരുന്നത്. ഉച്ചാരണഭേദങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി സ്വകാര്യ ഏടുകള്‍ കത്തിച്ചുകളഞ്ഞുവെങ്കിലും അവയിലുണ്ടായിരുന്ന സൂക്തങ്ങള്‍ അതേ രീതിയില്‍തന്നെ ഇന്നുള്ള ഖുര്‍ആന്‍ കോപ്പികളിലുമുണ്ട്.

നാല്. നിഖിയാ കൗണ്‍സില്‍ തള്ളിക്കളഞ്ഞുവെങ്കിലും അപ്പോക്രിഫാ ഗ്രന്ഥങ്ങളില്‍ പലതും പിന്നീടും ക്രൈസ്തവ മനസ്സുകളില്‍ നിലനിന്നിരുന്നു. അവയിലെ കഥകളില്‍ ചിലത് തലമുറകളില്‍നിന്ന് തലമുറകളിലേക്ക് പ്രേഷണം ചെയ്യപ്പെട്ടു. പതിനാറാം നൂറ്റാണ്ടില്‍ നടന്ന തെന്ത്രോസ് സൂനഹദോസാണ് ഇക്കാര്യത്തില്‍ അന്തിമ തീര്‍പ്പുകല്‍പിച്ചത്. 1540 ഏപ്രില്‍ എട്ടാം തീയതി നടന്ന സൂനഹദോസിന്റെ നാലാം സമ്മേളനം ‘കാനോനിക ഗ്രന്ഥങ്ങളെക്കുറിച്ച്‘എന്ന ഡിക്രിയിലൂടെ പഴയനിയമത്തില്‍ 45-ഉം പുതിയനിയമത്തില്‍ 27-ഉം പുസ്തകങ്ങളാണ് ഉള്ളതെന്ന് പ്രഖ്യാപിച്ചു. ഇതാണ് കാനോനിക ഗ്രന്ഥങ്ങളെക്കുറിച്ച സഭയുടെ അവസാനത്തെ വാക്ക്. എന്നാല്‍, ഉഥ്മാൻ (റ) ഔദ്യോഗികമായി ഖുര്‍ആന്റെ കോപ്പികളെടുത്ത് സ്വകാര്യ ഏടുകള്‍ നശിപ്പിച്ചതിനുശേഷം ഇന്നുവരെ പ്രസ്തുത കോപ്പികളില്‍ നിന്നാണ് മുസ്ഹഫ് പകര്‍ത്തപ്പെടുന്നത്. അതില്‍ ആരും വ്യത്യസ്തത പുലര്‍ത്തുന്നില്ല.

അഞ്ച്. യേശുവിനെക്കുറിച്ച് എഴുതപ്പെട്ട കാനോനികമല്ലാത്ത ഗ്രന്ഥങ്ങള്‍ കരിച്ചുകളയണമെന്ന് കല്‍പിച്ച നിഖിയാ സൂനഹദോസിന്റെ അധ്യക്ഷന്‍ അന്നുവരെ യേശുവില്‍ വിശ്വസിക്കാത്ത കോൺസ്റ്റന്റൈൻ ചക്രവര്‍ത്തിയായിരുന്നു. സ്വകാര്യ കൈയെഴുത്തുപ്രതികള്‍ നശിപ്പിക്കുവാനും ഖുര്‍ആനിന്റെ ഔദ്യോഗിക പ്രതികളെ മാത്രം ആശ്രയിച്ച് പാരായണം ചെയ്യാനും നിര്‍ദേശിച്ച ഉഥ്മാൻ (റ) കറകളഞ്ഞ ഭക്തനും മുഹമ്മദി(ﷺ)ന്റെ ജാമാതാവും അദ്ദേഹത്തോടൊപ്പം ആദര്‍ശ സംരക്ഷണത്തിനുവേണ്ടി നിരവധി യുദ്ധങ്ങളില്‍ പങ്കെടുത്ത വിശ്വാസിയുമായിരുന്നു.

യേശുവിനുശേഷം അനുയായികള്‍ സുവിശേഷങ്ങള്‍ എഴുതി; മുഹമ്മദി(ﷺ)ന് ശേഷം അനുയായികള്‍ ഖുർആൻ എഴുതി; ഇവ തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?

വളരെ വലിയ വ്യത്യാസങ്ങളുണ്ട്. അവ ഇങ്ങനെ ക്രോഡീകരിക്കാം.

ഒന്ന്. യേശു‘സുവിശേഷം’ പ്രസംഗിച്ചു(മാര്‍ക്കോസ് 1:14,15, 8:35, 14:9, 10:29,മത്തായി 4:23)വെന്ന് ബൈബിളില്‍ പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ കാലത്ത് ‘സുവിശേഷം’ ഏതെങ്കിലും രൂപത്തില്‍ രേഖപ്പെടുത്തപ്പെട്ടിരുന്നതായി യാതൊരു തെളിവുമില്ല. ഖുര്‍ആനാകട്ടെ മുഹമ്മദി(ﷺ)ന്റെ കാലത്തുതന്നെ രേഖപ്പെടുത്തപ്പെട്ടിരുന്നു. വ്യത്യസ്ത ഏടുകളിലായി.

രണ്ട്. യേശു പ്രസംഗിച്ച‘സുവിശേഷം’ അദ്ദേഹത്തിന്റെ സമകാലികരില്‍ ആരെങ്കിലും പദാനുപദം മനഃപാഠമാക്കിവെച്ചിരുന്നില്ല. ഖുര്‍ആന്‍ മനഃപാഠമാക്കിയ നൂറുകണക്കിന് അനുചരന്മാരുണ്ടായിരുന്നു.

മൂന്ന്. മത്തായിയോ, മാര്‍ക്കോസോ, ലൂക്കോസോ, യോഹന്നാനോ എഴുതിയത് യേശു പ്രസംഗിച്ച സുവിശേഷമല്ല. യേശുവിന്റെ ജീവിതത്തെക്കുറിച്ച് തങ്ങള്‍ അറിഞ്ഞ കാര്യങ്ങളാണ് (ലൂക്കോസ് 1:1-4.) ഖുര്‍ആന്‍ മുഹമ്മദി(ﷺ)ന്റെ ജീവചരിത്രമല്ല, അദ്ദേഹത്തിന് പടച്ചവന്‍ അവതരിപ്പിച്ച വേദഗ്രന്ഥമാണ്.

നാല്. സമൂഹത്തിന്റെ പ്രതിനിധിയായ ഖലീഫ ഉത്തരവാദപ്പെടുത്തിയതിനനുസരിച്ച് സൂക്ഷ്മമായി പരിശോധിച്ചുകൊണ്ടാണ് ഖുര്‍ആന്‍ സമാഹാരണം നടന്നത്. സമാഹര്‍ത്താവായിരുന്ന സൈദുബ്‌നു സാബിത്തിന്റെ വാക്കുകളില്‍ പ്രസ്തുത സമാഹരണത്തിന്റെ സൂക്ഷ്മത വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. “ഏതെങ്കിലുമൊരു പര്‍വതത്തെ അതിന്റെ സ്ഥാനത്തുനിന്ന് മാറ്റാനാണ് അബൂബക്കര്‍ (റ) എന്നോട് ആവശ്യപ്പെട്ടിരുന്നതെങ്കില്‍ അതായിരുന്നു എനിക്ക് ഇതിനേക്കാള്‍ നിസ്സാരം”. സുവിശേഷങ്ങളാവട്ടെ, ഓരോരുത്തര്‍ തങ്ങളുടെ ഇച്ഛപ്രകാരം രചിച്ച ഗ്രന്ഥങ്ങളാണ്. അവരുടെ ലക്ഷ്യമാകട്ടെ, തങ്ങളുടെ മുന്നിലുള്ള സമൂഹത്തിന് ക്രിസ്തുവിനെ പരിചയപ്പെടുത്തുക മാത്രമായിരുന്നു. (Raymond E. Brown: Responses to 101 Questions on the Bible, Page 57-58)

അഞ്ച്. യേശുവിന് ശേഷം അഞ്ചു പതിറ്റാണ്ടെങ്കിലും കഴിഞ്ഞാണ് സുവിശേഷങ്ങള്‍ എഴുതപ്പെട്ടത്. ഹിജ്‌റ പന്ത്രണ്ടാം വര്‍ഷത്തിലാണ് – പ്രവാചക നിര്യാണത്തിന് രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം – ഖുര്‍ആന്‍ സമാഹരണത്തിനു തുടക്കം കുറിക്കപ്പെട്ടത്.

ആറ്. യേശുവിന്റെ ശിഷ്യന്മാരല്ല സുവിശേഷങ്ങള്‍ രചിച്ചിട്ടുള്ളത്. മുഹമ്മദി(ﷺ)ന്റെ ശിഷ്യന്മാരാണ് ഖുര്‍ആന്‍ സമാഹരിച്ചത്.

ഏഴ്. സുവിശേഷങ്ങളുടെ രചനക്ക് ആധാരം യേശുവിനെ സംബന്ധിച്ച കേട്ടുകേള്‍വികള്‍ മാത്രമായിരുന്നു. ഖുര്‍ആന്‍ ക്രോഡീകരണത്തിന് പ്രവാചകന്‍(ﷺ)തന്നെ പറഞ്ഞുകൊടുത്ത് എഴുതിപ്പിടിപ്പിച്ച ഏടുകളും പ്രവാചകനില്‍നിന്ന് നേരിട്ട് ഖുര്‍ആന്‍ കേട്ടു മനഃപാഠമാക്കിയ നൂറുകണക്കിന് അനുചരന്മാരുമായിരുന്നു അവലംബം.

ഹിജ്‌റ 95ൽ മരണപ്പെട്ട ഹജ്ജാജ് ബിൻ യൂസഫ് ഖുർആനിലെ പതിനൊന്ന് സ്ഥലങ്ങളിൽ തന്റേതായ ചെറിയ മാറ്റങ്ങൾ വരുത്തിയെന്ന നിവേദനങ്ങളുണ്ടല്ലോ. പ്രധാനപ്പെട്ട നാല് ഖലീഫമാരുടെ കാലശേഷവും ഖുർആനിൽ തിരുത്തലുകളുണ്ടായി എങ്കിൽ പിന്നെ അത് സംരക്ഷിക്കപ്പെട്ടുവെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്?

ഇബ്നു അബീദാവൂദിന്റെ ആൽമസാഹിഫിലുള്ള ഒരു ഉദ്ധരണിയുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ വിമർശനം. ഉദ്ധരണി ഇങ്ങനെയാണ്: “അബ്ബാദ് ബ്നു ശുഹൈബ്, ഔഫ് ബ്നു അബീജമീലയിൽ നിന്ന് നിവേദനം ചെയ്യുന്നു: അൽ ഹജ്ജാജ് ഖുർആനിലെ പതിനൊന്ന് പദങ്ങൾ മാറ്റിയെഴുതി. സൂറത്തുൽ ബഖറയിൽ (2 :259) ‘ലം യതസന്ന വൻദുർ’ (لَمۡ يَتَسَنَّۚ وَانْظُرۡ) എന്നേ ഉണ്ടായിരുന്നുള്ളൂ. ‘അത് ലം യതസന്നഹു വൻദുർ'(لَمۡ يَتَسَنَّهۡۚ وَانْظُرۡ) എന്നാക്കി മാറ്റി. മാഇദയിൽ(3: 58) ‘ശരീഅത്തൻ വ മിൻഹാജൻ’.’ (شريعة وَّمِنۡهَاجً) എന്നാണുണ്ടായിരുന്നത്. അത് ‘ശിർഅത്തൻ വ മിൻഹാജൻ’ (شِرۡعَةً وَّمِنۡهَاجًا) എന്നാക്കിത്തീർത്തു. യൂനുസിൽ (10:22) ‘ഹുവല്ലദീ യുൻഷിറുക്കും'(هُوَ الَّذِىۡ ينشركم) എന്നായിരുന്നത് ‘ഹുവല്ലദീ യുസയ്യിറുക്കും’ ( هُوَ الَّذِىۡ يُسَيِّرُكُمۡ) എന്നാക്കി മാറ്റി. യൂസുഫിൽ (12:45) ‘അന ആത്തീകും ബി തഅവീലിഹി'(اَنَا آتيكم بِتَاۡوِيۡلِهٖ) എന്നായിരുന്നിടത്ത് ‘അന ഉനബ്ബിഉക്കും ബി തഅവീലിഹി’ (اَنَا اُنَـبِّئُكُمۡ بِتَاۡوِيۡلِهٖ) എന്നാക്കിത്തീർത്തു. സുഖ്‌റൂഫിൽ (43:32)

‘നഹ് നു ഖസംനാ ബൈനഹും മആഇഷഹും’ (نَحۡنُ قَسَمۡنَا بَيۡنَهُمۡ معايشهم) എന്നായിരുന്നിടത്ത് ‘നഹ് നു ഖസംനാ ബൈനഹും മഈഷത്തഹും’ (نَحۡنُ قَسَمۡنَا بَيۡنَهُمۡ مَّعِيۡشَتَهُمۡ) എന്നാക്കി മാറ്റി. തക്‌വീറിൽ (81:24). ‘വമാ ഹുവ അലൽ ഗൈബി ബി ദ്വനീൻ’ (وَمَا هُوَ عَلَى الۡغَيۡبِ بِظنِيۡنٍ) എന്നതിന് പകരമായി ‘വമാ ഹുവ അലൽ ഗൈബി ബി ദനീൻ’ (وَمَا هُوَ عَلَى الۡغَيۡبِ بِضَنِيۡنٍ) എന്നാക്കിത്തീർത്തു” (ഇബ്നു അബീദാവൂദ്: കിതാബുൽ മസാഹിഫ്, പുറം 49)

മുഹമ്മദ് നബിക്ക് അര നൂറ്റാണ്ടുകൾക്ക് ശേഷം പോലും ഖുർആനിൽ കൈകടത്തലുകൾ നടന്നുവെന്ന വിമർശനം ശരിയാണെങ്കിൽ അതേറെ ഗൗരവമുള്ള കാര്യമാണ്. എന്നാൽ വസ്തുതയെന്താണ്?

ഒന്ന്) ഈ നിവേദനം തെളിവിന് ആശ്രയിക്കാൻ കഴിയാത്ത വിധം തീരെ ദുർബലമാണ്. ഇമാം ദഹബി തന്റെ മീസാനുൽ ഇഅ്തിദാലിൽ പറയുന്നു: “ഈ നിവേദനം വളരെ ദുർബലമോ (ദഈഫൻ ജിദ്ദൻ) കെട്ടിയുണ്ടാക്കപ്പെട്ടതോ (മൗദൂഅ്) ആണ്. ഇതിന്റെ നിവേദകപരമ്പരയിൽ അബ്ബാദ് ബിൻ ശുഐബ് ഉള്ളതുകൊണ്ടാണത്. അയാളുടെ ഹദീഥുകളെല്ലാം തള്ളപ്പെടേണ്ടതാണ്. അലിയ്യു ബ്നു മദീനി പറഞ്ഞത് അയാളുടെ ഹദീഥുകൾ കൊള്ളാവുന്നവയല്ലെന്നാണ്. അയാൾ തള്ളപ്പെടേണ്ടവനാണെന്നാണ് ബുഖാരിയുടെയും നസാഇയുടെയും മറ്റുള്ളവരുടെയുമെല്ലാം പക്ഷം. തന്റെ വ്യതിയാനാദർശങ്ങൾ പ്രചരിപ്പിക്കുവാൻ ശ്രമിച്ച (ദൈവികവിധിയെ നിഷേധിച്ചവരായ) ഖദ്‌രിയ്യാക്കളിൽ പെട്ട ഇയാളുടെ നിവേദനങ്ങളിൽ പലതും ഈ രംഗത്തുള്ള ഒരു നവാഗതൻ പോലും കേട്ടാൽ അയാൾക്ക് അവ കെട്ടിയുണ്ടാക്കിയതാണെന്ന് മനസ്സിലാവുന്ന തരത്തിലുള്ളവയാണ്. ദഹബി പറയുന്നു: തള്ളപ്പെടേണ്ടവരിൽ പെട്ടയാളാണ് ഇയാൾ” (4/28)

ഇക്കാര്യം തന്നെയാണ് ഈ നിവേദകനെപ്പറ്റി ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി തന്റെ ‘കിതാബു ലിസാനുൽ മീസാനി’ലും (പുറങ്ങൾ 230-231) ഇമാം ഇബ്നു ഹിബ്ബാൻ തന്റെ ‘കിത്താബൽ മജ്‌റൂഹീൻ മിനൽ മുഹദ്ദിഥിൻ വൽ ദുഅഫാഅ വൽ മത് റൂഖീൻ’ (പുറങ്ങൾ 164-165) എന്ന കൃതിയിലും പറഞ്ഞിട്ടുള്ളത്.

ആരോ തങ്ങളുടെ ആശയപ്രചാരണത്തിനു വേണ്ടി കെട്ടിയുണ്ടാക്കിയ വാറോല മാത്രമാണ് ഖുർആനിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യാനായി വിമർശകരുടെ കൈകളിലുള്ള ആയുധങ്ങളിൽ ഏറ്റവും മൂർച്ഛയുള്ളത് എന്ന സത്യം എന്തുമാത്രം പരിഹാസ്യമല്ല!

രണ്ട്) അമവിയ്യാ ഖലീഫയായിരുന്ന അബ്ദുൽ മലിക്ക് ബ്‌നു മർവ്വാനിന്റെ ഇറാഖിലെ ഗവർണറായിരുന്നു ഹജ്ജാജ് ബ്നു യൂസുഫ്. ഉഥ്മാനിനെ ആദരിക്കുകയും അദ്ദേഹത്തെ ആരെങ്കിലും അനാദരിക്കുന്നതിനെ വെറുക്കുകയും വിമർശിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നവരാണ് അമവിയ്യാക്കൾ. ഹജ്ജാജ് അക്കാര്യത്തിൽ ഏറെ മുന്നിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ചരിത്രം വ്യക്തമാക്കുന്നുണ്ട്. ഉഥ്മാനിനെ മറ്റുള്ളവർ വിമർശിക്കുവാനും നിന്ദിക്കുവാനും ഇട വരുത്തുന്ന ഒരു ആരോപണം അദ്ദേഹത്തിൽ നിന്നുണ്ടാകുവാൻ യാതൊരു സാധ്യതയുമില്ല. അൽ മസാഹിഫിലെ നിവേദനം ശരിയാണെങ്കിൽ ഉഥ്മാനിന് ഖുർആൻ ക്രോഡീകരണത്തിൽ തെറ്റു പറ്റിയെന്ന് ഹജ്ജാജ് അംഗീകരിച്ചുവെന്നാണ് അതിനർത്ഥം. അങ്ങനെയൊന്ന് ഉണ്ടാകുവാൻ യാതൊരു സാധ്യതയുമില്ലെന്ന് അന്നത്തെ രാഷ്ട്രീയസാഹചര്യങ്ങൾ അപഗ്രഥിക്കുന്ന ആർക്കും ബോധ്യമാവും.

മൂന്ന്) ഉഥ്മാനിന്റെ കാലത്ത് തന്നെ അദ്ദേഹം നിർമ്മിച്ച ഖുർആൻപതിപ്പുകൾ വ്യത്യസ്ത പ്രവിശ്യകളിലേക്ക് അയച്ചു കൊടുത്തിട്ടുണ്ടായിരുന്നു. ഖലീഫ അബ്ദുൽ മലിക്ക് ബ്‌നു മർവ്വാനിന്റെ കാലമായപ്പോഴേക്കും അവയിൽ നിന്ന് പകർത്തിയെഴുതിയ കോപ്പികൾ എല്ലായിടത്തും വ്യാപകമായിരുന്നു. അവയുടെ അടിസ്ഥാനത്തിൽ പാരായണം അഭ്യസിച്ച പതിനായിരങ്ങൾ ഇസ്‌ലാമികസാമ്രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ ജീവിച്ചിരിക്കുകയും ചെയ്തിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന മുഴുവൻ മുസ്ഹഫുകളിലും ഹജ്ജാജ് തിരുത്തുകയും പ്രസ്തുത തിരുത്തുകൾ പ്രകാരം അന്ന് ജീവിച്ചിരുന്ന ഖുർആൻ മനഃപാഠമാക്കിയിരുന്ന മുഴുവനാളുകളും തങ്ങളുടെ മനഃപാഠം പരിഷ്കരിച്ചുവെന്നും കരുതുന്നത് മൗഢ്യമാണ്; തികച്ചും അസംഭവ്യവും അപ്രായോഗികവുമാണത്.

നാല്) അമവിയ്യാ ഖലീഫയായിരുന്ന അബ്ദുൽ മലിക്ക് ബ്‌നു മർവ്വാനിന്റെ ഇറാഖിലെ ഗവർണർ മാത്രമായിരുന്നു ഹജ്ജാജ്. ബ്രഹത്തായ ഇസ്‌ലാമികസാമ്രാജ്യത്തിലെ നിരവധി പ്രദേശങ്ങളിൽ ഒന്നിന്റെ മാത്രം ഗവർണർ. ഹജ്ജാജ് ഭരിച്ചിരുന്ന ഇറാഖിലെ മുഴുവൻ മുസ്ഹഫുകളിലും തിരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് തന്നെ കരുതുക. എങ്കിൽ പോലും ഇസ്‌ലാമിക സാമ്രാജ്യത്തിൽ ബാക്കിയുള്ള സ്ഥലങ്ങളിലുള്ള ആയിരക്കണക്കിന് ഖുർആൻ പ്രതികളെല്ലാം അദ്ദേഹത്തിന് തിരുത്താൻ കഴിയുന്നതെങ്ങനെ? തികച്ചും അസംഭവ്യമാണ് അൽ മസാഹിഫിൽ ആരോപിക്കപ്പെട്ട സംഭവം എന്നാണിത് വ്യക്തമാക്കുന്നത്.

അഞ്ച്) ഹജ്ജാജ് ഭരിച്ചിരുന്ന ഇറാഖിലെ മുഴുവൻ മുസ്ഹഫുകളിലും അദ്ദേഹം തിരുത്തിയെന്ന് തന്നെ കരുതുക. അക്കാലത്തെ ഇസ്‌ലാമിക സാമ്രാജ്യത്തിൽ മറ്റുള്ള പ്രദേശങ്ങളിൽ പാരായണം ചെയ്യപ്പെട്ടിരുന്ന മുസ്ഹഫുകളുമായി അവയ്ക്ക് അപ്പോൾ വ്യത്യാസമുണ്ടായിരിക്കും. ഇറാഖീമുസ്ഹഫുകളുമായി മുസ്‌ലിംലോകത്തെ മറ്റു മുസ്ഹഫുകൾ ഏതെങ്കിലും കാലത്ത് വ്യത്യസ്തത പുലർത്തിയതായി വ്യക്തമാക്കുന്ന ചരിത്രരേഖകളൊന്നും തന്നെയില്ല. ചരിത്രവിരുദ്ധമാണ് അൽ മസാഹിഫിൽ ആരോപിക്കപ്പെട്ട സംഭവം എന്നർത്ഥം.

ആറ്) അമവിയ്യാക്കൾക്ക് ശേഷം ഇസ്‌ലാമിക സാമ്രാജ്യം ഭരിച്ചത് അബ്ബാസിയാക്കളായിരുന്നു. ഹജ്‌ജാജിനെതിരേയുള്ള നിറം പിടിപ്പിച്ച കഥകളുടെ പലതിന്റെയും സ്രഷ്ടാക്കൾ അബ്ബാസിയാക്കളാണ്. ഖുർആനിൽ ഇങ്ങനെയൊരു കൈകടത്തൽ ഹജ്ജാജ് നടത്തിയിരുന്നുവെങ്കിൽ അക്കാര്യം അബ്ബാസിയാക്കൾ സമൂഹത്തിൽ പാട്ടാക്കുകയും അമവിയ്യാക്കളെക്കുറിച്ച വലിയിരു ആരോപണമായി അത് ഉന്നയിക്കുകയും ചെയ്യുമായിരുന്നു. അതുണ്ടായിട്ടില്ല. അബ്ബാസിയാ രേഖകളിലെവിടെയും അമവിയ്യാക്കൾക്കെതിരായി ഖുർആനിൽ കൈകടത്തലുകൾ നടത്തിയെന്ന ആരോപണം ഉന്നയിച്ചതായി കാണുന്നില്ല. അങ്ങനെയൊന്നുണ്ടായിട്ടില്ലെന്നതിനുള്ള ശക്തമായ തെളിവാണിത്.

ഏഴ്) ഹജ്ജാജ് തിരുത്തിയതായി പറയപ്പെടുന്നതൊന്നും തന്നെ യഥാർത്ഥത്തിൽ തിരുത്തലുകളല്ല പ്രത്യുത, ഖുർആനിന്റെ വ്യത്യസ്തമായ പാരായണങ്ങളാണ്. സൂറത്തുൽ ബഖറയിലെ 259 ആം വചനം ഉദാഹരണം. ‘ലം യതസന്ന വൻദുർ’ (لَمۡ يَتَسَنَّۚ وَانْظُرۡ) എന്ന ഹജ്ജാജ് തിരുത്തിയതിന് മുമ്പുള്ളതായി അൽ മസാഹിഫിലെ നിവേദനത്തിൽ പറയുന്ന ‘യതസന്ന’ക്കു ശേഷം ‘ഹു’ ഇല്ലാത്ത പ്രയോഗം ഹംസയിൽ നിന്നും അൽ കിസാഇയിൽ നിന്നുമുള്ള പാരായണത്തിലുള്ളതാണെന്നും മറ്റ് പ്രധാനപ്പെട്ട അഞ്ച് പാരായണങ്ങളിലും ‘അത് ലം യതസന്നഹു വൻദുർ’ (لَمۡ يَتَسَنَّهۡۚ وَانْظُرۡ) എന്നാണുള്ളതെന്നും ഇബ്നു സഞ്ചലയുടെ ‘ഹുജ്ജത്തുൽ ഖിറാഅത്തി’ൽ നിന്ന് (പുറം 142, 143) ഡോ: മുഹമ്മദ് ബിൻ ഇബ്‌റാഹീം റദ്‌വാൻ ഉദ്ധരിക്കുന്നുണ്ട്. ആരോപിക്കപ്പെട്ട പതിനൊന്ന് വ്യത്യാസങ്ങളും ഖുർആൻ ആയത്തുകളുടെ പാരായണഭേദങ്ങൾ മാത്രമാണെന്ന് ആ വിഷയത്തിൽ പഠനം നടത്തിയ ഡോ: മുഹമ്മദ് റദ്‌വാൻ തന്റെ ‘വിശുദ്ധ ഖുർആനിന്റെയും അതിന്റെ വ്യാഖ്യാനങ്ങളെയും സംബന്ധിച്ച ഓറിയന്റലിസ്റ്റ് വീക്ഷണങ്ങൾ: പഠനവും വിമർശനവും’ എന്ന തന്റെ ഗവേഷണപ്രബന്ധത്തിൽ സമർത്ഥിക്കുന്നുണ്ട്. (ഡോ: മുഹമ്മദ് ബിൻ ഇബ്‌റാഹീം റദ്‌വാൻ:ആറാഅ’ൽ മുസ്തശ്‌രിഖീൻ ഹൌലൽ ഖുർആനൽ കരീം വ തഫ്സീർ: ദിറാഷ് വ നഖ്ദ്, വാല്യം ഒന്ന്, പുറം 430, റിയാദ്, 1992).

പാരായണവ്യത്യാസങ്ങളെക്കുറിച്ച ഹജ്ജാജ് ബ്നു യൂസുഫിന്റെ ഏതോ പരാമർശങ്ങളെ തെറ്റിദ്ധരിച്ചതു കൊണ്ടോ തെറ്റായി വ്യാഖ്യാനിച്ചത് കൊണ്ടോ ഉണ്ടായതാണ് അദ്ദേഹം ഖുർആനിൽ മാറ്റം വരുത്തിയെന്ന ആരോപണമെന്ന് സാരം.

ഖുർആനിൽ സൂറത്തുൽ ബഖറയിലെ 238 ആം വചനത്തിൽ ഇന്നുള്ള ഖുർആനിൽ ഇല്ലാത്ത ഒരു പ്രയോഗം ആയിശ(റ)യുടേതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ടല്ലോ. ഖുർആനിൽ തിരുത്തലുകളുണ്ടായി എന്നല്ലേ അത് വ്യക്തമാക്കുന്നത്?

ആയിശ(റ)യിൽ നിന്ന് നിവേദനം ചെയ്തിരിക്കുന്ന ഒരു ഹദീഥിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഈ വിമർശനം. ഹദീഥ് ഇങ്ങനെയാണ്: “ആയിശ(റ)യുടെ സ്വാതന്ത്രനാക്കപ്പെട്ട ദാസനായ അബൂയൂനുസ് (റ) പറഞ്ഞു: ആയിശ (റ) അവർക്കുവേണ്ടി ഒരു ഖുർആൻ എഴുതിയുണ്ടാക്കാൻ എന്നോട് ആവശ്യപ്പെട്ടുകൊണ്ട് പറഞ്ഞു. ‘നമസ്കാരങ്ങള്‍, വിശേഷിച്ചും ഉൽകൃഷ്ടനമസ്കാരം നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിക്കുക’ (حَافِظُوا عَلَى الصَّلَوَاتِ وَالصَّلاَةِ الْوُسْطَى) എന്ന വചനമെത്തുമ്പോൾ നീ എന്നെ അറിയിക്കണം. ആ വചനമെത്തിയപ്പോൾ ഞാൻ അവരെ അറിയിച്ചു. അപ്പോൾ അവർ എന്നോട് ഇങ്ങനെ രേഖപ്പെടുത്താൻ പറഞ്ഞു: ‘നമസ്കാരങ്ങള്‍, വിശേഷിച്ചും ഉൽകൃഷ്ടനമസ്കാരവും അസർ നമസ്കാരവും നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിക്കുക; അല്ലാഹുവിനു മുമ്പിൽ ഭയഭക്തിയോടെയാകണം നിങ്ങൾ നിൽക്കേണ്ടത്’ (حَافِظُوا عَلَى الصَّلَوَاتِ وَالصَّلاَةِ الْوُسْطَى وَصَلاَةِ الْعَصْرِ وَقُومُوا لِلَّهِ قَانِتِينَ). എന്നിട്ട് അവർ പറഞ്ഞു. ഇങ്ങനെയാണ് ഞാൻ അല്ലാഹുവിന്റെ ദൂതനിൽ നിന്ന് കേട്ടിട്ടുള്ളത്” (സ്വഹീഹ് മുസ്‌ലിം, കിതാബുൽ മസാജിദി വൽ മവാദിഇ സ്സ്വലാത്തി; ജാമിഉ ത്തിർമിദി, കിതാബു ത്തഫ്സീറിൽ ഖുർആൻ; സുനനു അബീദാവൂദ്, കിതാബുസ്വലാത്ത്; സുനനു ന്നസാഈ, കിതാബുസ്വലാത്ത്; മുവത്വ മാലിക്ക്, കിതാബു സ്വലാത്തിൽ ജമാഅഃ)

എന്താണ് ആയിശ (റ) ഇങ്ങനെ പറയാനുള്ള കാരണം? അത് സ്വഹീഹ് മുസ്‌ലിമിൽ തന്നെയുള്ള അടുത്ത ഹദീഥിൽ നിന്ന് മനസ്സിലാവും.

അൽ ബറാഉ ബിൻ ആസിബിൽ നിന്ന് നിവേദനം: ഈ വചനം ആദ്യം അവതരിക്കപ്പെട്ടത് ഇങ്ങനെയായിരുന്നു: ‘നമസ്കാരങ്ങള്‍, വിശേഷിച്ചും അസർ നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിക്കുക’ (حَافِظُوا عَلَى الصَّلَوَاتِ وَصَلاَةِ الْعَصْرِ). ഈ വചനം അല്ലാഹു ഉദ്ദേശിച്ച കാലത്തോളം ഞങ്ങൾ പാരായണം ചെയ്തിരുന്നത് ഇങ്ങനെയായിരുന്നു. അതിനു ശേഷം അല്ലാഹു ഇത് ദുർബലപ്പെടുത്തുകയും ‘നമസ്കാരങ്ങള്‍, വിശേഷിച്ചും ഉൽകൃഷ്ടനമസ്കാരം നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിക്കുക’ (حَافِظُوا عَلَى الصَّلَوَاتِ وَالصَّلاَةِ الْوُسْطَى) എന്ന വചനം അവതരിപ്പിക്കുകയും ചെയ്തു. (നിവേദക ശൃംഖലയിലെ ഒരാളായ) ഷഖീഖിന് അടുത്തിരുന്ന ഒരാൾ പറഞ്ഞു; ഇപ്പോൾ അത് അർത്ഥമാക്കുന്നത് അസർ നമസ്‌കാരമാണ്. ഇത് സംബന്ധമായി ബറാഅ പറഞ്ഞു: ഈ വചനം എങ്ങനെയാണ് അവതരിച്ചതെന്നും എങ്ങനെയാണ് അല്ലാഹു അത് ദുർബലപ്പെടുത്തിയതെന്നും ഞാൻ നിന്നോട് പറഞ്ഞു കഴിഞ്ഞുവല്ലോ; അല്ലാഹുവിനാണ് കാര്യങ്ങളെല്ലാം കൃത്യമായി അറിയുക.”(സ്വഹീഹ് മുസ്‌ലിം, കിതാബുൽ മസാജിദി വൽ മവാദിഇ സ്സ്വലാത്തി)

ഈ ഹദീഥുകൾ വ്യാഖ്യാനിച്ച പണ്ഡിതന്മാർ ആയിശ (റ) അങ്ങനെ പറഞ്ഞതെന്തുകൊണ്ട് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. തിർമിദിയുടെ വ്യാഖ്യാതാവായ അബ്ദുറഹ്‌മാൻ അൽമുബാറക് പൂരി എഴുതുന്നു: “അൽ ബാജി പറഞ്ഞു: ‘അവർ(ആയിശ) ഇത് ഖുർആനിലുള്ളതെന്ന രൂപത്തിൽ കേട്ടതിനു ശേഷമായിരിക്കാം മുസ്‌ലിം ബറാഇൽ നിന്ന് നിവേദനം ചെയ്ത ഹദീഥിലുള്ളതുപോലെ അത് ദുർബലപ്പെടുത്തപ്പെട്ടത്; ആയിശ (റ) ഈ വചനം ദുർബലപ്പെടുത്തപ്പെട്ടത് അറിഞ്ഞിട്ടില്ലായിരിക്കാം; അറിഞ്ഞെങ്കിലും അതിലെ നിയമം മാത്രം ദുർബലപ്പെടുത്തപ്പെടുകയും വചനം നിലനിൽക്കുന്നുവെന്ന് അവർ കരുതിയിരിക്കാം; അത് ഖുർആനിന്റെ ഭാഗമല്ലെങ്കിലും അതിന്റെ പ്രാധാന്യം വ്യക്തമാക്കാനായി അല്ലാഹുവിന്റെ ദൂതൻ അവരോട് പറഞ്ഞതിൽ നിന്ന് അത് ഖുർആനിന്റെ ഭാഗം തന്നെയാണെന്ന് അവർ ധരിക്കുകയും കൈയെഴുത്ത്പ്രതിയിൽ അത് ഉൾപ്പെടുത്തണമെന്ന് അവർ ആഗ്രഹിക്കുകയും ചെയ്തതാവാം. (ഇങ്ങനെ പല സാധ്യതകളുമുണ്ട്). മുവത്വയുടെ വിശദീകരണത്തിൽ സർഖാനിയും പറഞ്ഞത് ഇത് തന്നെയാണ്. (തുഹ്ഫത്തുൽ അഹ്‌വാദ്വി ബി ശറഹി ജാമിഉ ത്തിര്മിദി, ഹദീഥ് 2908)

ദുർബലപ്പെടുത്തപ്പെട്ട ഒരു പ്രയോഗം മാത്രമാണ് ഖുർആനിൽ നിന്ന് കളഞ്ഞുപോയതായി വിമർശകർ ആരോപിക്കുന്നത് എന്നാണ് ഇത് വ്യക്തമാക്കുന്നത്. ദുർബലപ്പെടുത്തപ്പെട്ട എല്ലാ പ്രയോഗങ്ങളെയും വചനങ്ങളെയും കുറിച്ച് എല്ലാ പ്രവാചകാനുചരന്മാരും എല്ലായ്‌പ്പോഴും അറിഞ്ഞുകൊള്ളണമെന്നില്ല. അതുകൊണ്ട് തന്നെ അവരുടെ സ്വകാര്യകോപ്പികളിൽ അത്തരം വചനങ്ങളും പ്രയോഗങ്ങളും സ്ഥാനം പിടിച്ചിരിക്കാനിടയുണ്ട്. നസ്ഖ് ചെയ്യപ്പെട്ട പ്രയോഗമാണ് ‘അസർ നമസ്കാരത്തിലും’ (وَصَلاَةِ الْعَصْرِ) എന്നത് എന്ന വസ്തുത അറിയാത്തതുകൊണ്ടുണ്ടായ ആയിശാബീവിയുടെ(റ) ഒരു ആശയക്കുഴപ്പം മാത്രമാണ് ഒന്നാമത്തെ ഹദീഥിലുള്ളത്. ഇത്തരം ആശയക്കുഴപ്പങ്ങൾ വ്യക്തിപരമായി സൂക്ഷിച്ചുവെച്ച ഖുർആൻ കോപ്പികളിൽ ഉണ്ടാവാമെന്നത് കൊണ്ട് തന്നെയാണ് സ്വഹാബിമാരെല്ലാം ഏകകണ്ഠമായി അംഗീകരിച്ച ഖുർആൻ കോപ്പി പുറത്തിറങ്ങിയതോടെ അത്തരം സ്വകാര്യകോപ്പികളെല്ലാം നശിപ്പിക്കാൻ ഉഥ്മാൻ (റ) ഉത്തരവിട്ടത്. പ്രസ്തുത ഉത്തരവിന്റെ സൂക്ഷ്മതയും അനിവാര്യതയുമല്ലാതെ മറ്റൊന്നും തന്നെ ഈ ഹദീഥുകൾ വെളിപ്പെടുത്തുന്നില്ല.

ഉഥ്മാനിന്റെ(റ) കാലത്തെ ഖുർആൻ ക്രോഡീകരണവുമായി ബന്ധപ്പെട്ട് ഇബ്നു മസ്‌ഊദ്‌ (റ) നിരവധി വിമർശനങ്ങളുന്നയിച്ചതായി രേഖകളിലുണ്ടല്ലോ. പ്രവാചകശിഷ്യന്മാരിൽ പ്രമുഖനായ അദ്ദേഹം ഇത്തരം വിമർശനങ്ങളുന്നയിച്ചുവെന്നത് ഉഥ്മാൻ (റ) ക്രോഡീകരിച്ച ഖുർആനിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നില്ലേ?

ഓറിയന്റലിസ്റ്റുകളും അവരിൽ നിന്ന് ഊർജ്ജമുൾക്കൊള്ളുന്ന ക്രൈസ്തവ മിഷനറിമാരും ഉന്നയിക്കുന്ന പ്രധാനപ്പെട്ട ആരോപണങ്ങളിലൊന്നാണിത്. ഉഥ്മാനിന്റെ കാലത്ത് നടന്ന ഖുർആൻ ക്രോഡീകരണത്തിൽ അബ്ദുല്ലാഹി ബിൻ മസ്ഊദ് സംതൃപ്തനായിരുന്നില്ലെന്നും അന്നുണ്ടാക്കിയ മുസ്ഹഫ് അദ്ദേഹം അംഗീകരിച്ചില്ലെന്നും അതിന് കാരണം മുഹമ്മദ് നബി പഠിപ്പിച്ച ഖുർആനുമായി ഉഥ്മാൻ (റ) ക്രോഡീകരിച്ച ഖുർആനിന് കാര്യമായ അന്തരമുള്ളതിനാലാണെന്നുമെല്ലാമാണ് വിമർശനം. അവർ ഉന്നയിക്കുന്ന പ്രമാണങ്ങൾ പരിധോധിക്കുക:

1) ആസ്സുഹ്‌രി ഉബൈദുല്ലാഹി ബ്നു അബ്ദുല്ലാഹിൽ നിന്ന് നിവേദനം ചെയ്യുന്നു: സൈദ് ബിൻ ഥാബിത്ത് മുസ്ഹഫ് പകർത്തിയെഴുതുന്നത് അബ്ദുല്ലാഹി ബിൻ മസ്ഊദ് വെറുത്തിരുന്നു. സൈദ് ബ്നു ഥാബിത്തിനെപ്പറ്റി അദ്ദേഹം പറഞ്ഞു: ‘മുസ്‌ലിം ജനങ്ങളേ, ഈ മനുഷ്യനിൽ നിന്നുള്ള മുസ്ഹഫും പാരായണവും സ്വീകരിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. അല്ലാഹുവാണെ! ഞാൻ ഇസ്‌ലാം സ്വീകരിക്കുന്ന കാലത്ത് അയാൾ അവിശ്വാസിയുടെ മുതുകത്തായിരുന്നു.’ വീണ്ടുമൊരിക്കൽ അദ്ദേഹം പറഞ്ഞു: ‘ഇറാഖിലെ ജനങ്ങളേ, നിങ്ങളുടെ കയ്യിലുള്ള മുസ്ഹഫുകൾ നിങ്ങൾ സൂക്ഷിച്ചു വെക്കുക; അതിന്നായി അവ നിങ്ങൾ ഒളിപ്പിച്ച് വെക്കുക. തീർച്ചയായും അല്ലാഹു പറഞ്ഞിരിക്കുന്നു; ആരെങ്കിലും എന്തെങ്കിലും ഒളിപ്പിച്ചുവെച്ചാൽ അയാൾ അതുമായി വിചാരണനാളിൽ വരും. അതിനാൽ നിങ്ങൾ മുസ്ഹഫുമായി അല്ലാഹുവിനെ കണ്ടുമുട്ടുക” (ജാമിഉ ത്തിർമിദിയിൽ സ്വഹീഹായ സനദോടെ നിവേദനം ചെയ്തത്, അബ്‌വാബു തഫ്സീറുൽ ഖുർആൻ ഹദീഥ് 3104)

2) അബ്ദുല്ലാഹി ബിൻ മസ്ഊദ് പറഞ്ഞു: ‘അതിനാൽ കയ്യെഴുത്ത് രേഖകൾ ഒളിപ്പിച്ച് വെക്കുക. സൈദ് ബ്നു ഥാബിത്തിന്റെതിനേക്കാൾ ഞാൻ ഏറ്റവുമധികം സ്നേഹിക്കുന്നയാളുടെ (പ്രവാചകന്റെ) പാരായണപ്രകാരം പാരായണം ചെയ്യാനാണ് ഞാനിഷ്ടപ്പെടുന്നത്. ആരാധനക്കർഹനായുള്ള ഒരേയൊരുവനാണെ! സൈദ് കുട്ടിയായി മറ്റു കുട്ടികളോടൊപ്പം മുടിയും നീട്ടി കളിച്ചുനടന്നിരുന്ന കാലത്ത് അല്ലാഹുവിന്റെ ദൂതന്റെ ചുണ്ടിൽ നിന്ന് എഴുപതിലധികം സൂറത്തുകൾ ഞാൻ പഠിച്ചിട്ടുണ്ട്.” (ഇബ്നു സഅദ്: കിതാബ് ത്വബഖാത്തുൽ കബീർ, ഭാഗം 2, പുറം 444; ഇബ്‌നു അബീ ദാവൂദ്: അൽമസാഹിഫ് പുറം 60)

3) അല്ലാഹുവാണെ! ഞാൻ ഈ കയ്യെഴുത്തുരേഖ അവർക്ക് കൊടുക്കുകയില്ല. അല്ലാഹുവിന്റെ ദൂതൻ വ്യക്തിപരമായി എഴുപതിലധികം സൂറത്തുകൾ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഞാനീ കയ്യെഴുത്തുരേഖകൾ അവർക്ക് നൽകണമെന്നോ? അല്ലാഹുവാണെ! ഞാൻ അത് അവർക്ക് നൽകുകയില്ല.” (മുസ്തദ് റക് അൽ ഹാക്കിം: ഹദീഥ് 2896 ഇമാമുമാർ ഹാകിമും ദഹബിയും ഇത് സ്വീകാര്യമായ പരമ്പരയോട് കൂടിയുള്ളതാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്)

ഈ വിഷയത്തിൽ സമാനമായ ആശയങ്ങളുൾക്കൊള്ളുന്ന വേറെയും നിവേദനങ്ങളുണ്ട്. ഉഥ്മാനിന്റെ കാലത്ത് സൈദു ബിൻ ഥാബിത്തിന്റെ നേതൃത്വത്തിൽ ക്രോഡീകരിച്ച മുസ്ഹഫുകൾ മാത്രം നിലനിർത്തി മറ്റുള്ളവയെല്ലാം നശിപ്പിക്കണമെന്ന കല്പനയിൽ നീരസം പ്രകടിപ്പിച്ചുകൊണ്ടുള്ള അബ്ദുല്ലാഹിബ്നു മസ്ഊദിന്റെ പ്രതികരണങ്ങൾ വ്യത്യസ്തമായ വാക്കുകളിൽ രേഖപ്പെടുത്തപ്പെട്ട നിവേദനങ്ങൾ. അവയിൽ ചിലവ ദുർബലമായ പാരമ്പരയോട് കൂടിയുള്ളവയാണെങ്കിലും പൊതുവെയുള്ള ആശയം പ്രബലമായ പരമ്പരയോടു കൂടി സ്ഥാപിക്കപ്പെട്ടതാണ്. എന്താണ് ഈ ഹദീഥുകളിൽ നിന്നും നാം മനസ്സിലാക്കേണ്ടത്? സൈദ് ബിൻ ഥാബിത്തിന്റെ നേതൃത്വത്തിൽ ക്രോഡീകരിക്കപ്പെട്ട ഖുർആൻ കയ്യെഴുത്തുരേഖകളിൽ സാരമായ എന്തെങ്കിലും അബദ്ധങ്ങളുണ്ടെന്ന് ഇബ്നു മസ്ഊദിന് അഭിപ്രായമുണ്ടായിരുന്നുവെന്നാണോ? വിമർശകർ തെറ്റിദ്ധരിപ്പിക്കുന്ന ഇബ്നു മസ്ഊദിന്റെ വചനങ്ങളുടെ യഥാർത്ഥ പൊരുളെന്താണ്? താഴെ പറയുന്ന വസ്തുതകൾ ശ്രദ്ധിക്കുക:

ഒന്ന്) ഇവ്വിഷയകമായ ഇബ്നു മസ്ഊദിന്റെ അഭിപ്രായങ്ങളെയും പ്രതിഷേധപ്രകടനങ്ങളെയുമെല്ലാം മൊത്തമായി പരിശോധനാവിധേയമാക്കിയാൽ രണ്ട് പ്രശ്നങ്ങളിലാണ് അദ്ദേഹത്തിന് വിയോജിപ്പുണ്ടായിരുന്നത് എന്ന കാണാനാവും. ഖുർആൻ വിജ്ഞാനീയങ്ങളിൽ അഗ്രഗണ്യനും പ്രവാചകനോടൊപ്പം ജീവിക്കുവാൻ കൂടുതൽ അവസരമുണ്ടായിരുന്നയാളുമായ തന്നെ പരിഗണിക്കാതെ തന്നെക്കാൾ ഏറെ പ്രായം കുറഞ്ഞ സൈദുബ്നു ഥാബിത്തിനെ അതിമഹത്തായ ഖുർആൻ ക്രോഡീകരണദൗത്യത്തിന്റെ നേതൃത്വം ഏൽപിച്ചതിലുള്ള പ്രതിഷേധമാണ് ഒന്നാമത്തേത്. പ്രവാചകനിൽ നിന്ന് നേർക്കുനേരെ കേട്ട് താൻ എഴുതിത്തയ്യാറാക്കിയ തന്റെ ഖുർആൻ കയ്യെഴുത്തുതരേഖ നശിപ്പിക്കുവാനും പകരം സൈദ് ബിൻ ഥാബിത്തിന്റെ നേതൃത്വത്തിലുള്ള സംഘം തയാറാക്കിയ മുസ്ഹഫ് സ്വീകരിക്കുവാനും ആവശ്യപ്പെട്ടതിലുള്ള അമർഷമാണ് രണ്ടാമത്തേത്. ഇതല്ലാതെ ഉഥ്മാനിന്റെ കാലത്ത് നടന്ന ഖുർആൻ സമാഹരണത്തിലോ ക്രോഡീകരണത്തിലോ എന്തെങ്കിലും സാരമായ അപകടങ്ങളുണ്ടായതായോ പ്രവാചകൻ പഠിപ്പിക്കാത്ത എന്തെങ്കിലും ഖുർആനിൽ കടന്നുകൂടിയതായോ പഠിപ്പിച്ച എന്തെകിലും നഷ്ടപ്പെട്ടതായോ അദ്ദേഹം തന്റെ അമർഷപ്രകടനങ്ങളിലൊന്നും സൂചിപ്പിക്കുന്നേയില്ല. ഖുർആനിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുവാനുതകുന്ന തെളിവുകളന്വേഷിച്ച് ഇസ്‌ലാമികഗ്രൻഥശേഖരങ്ങളിൽ മുങ്ങിത്തപ്പുന്നവർക്ക് ഇബ്നു മസ്ഊദിന്റെ പ്രതിഷേധപ്രകടനങ്ങളിൽ നിന്ന് ലഭിക്കുക യാതൊരു ഉപകാരവുമില്ലാത്ത വെറും പായലുകൾ മാത്രമായിരിക്കും.

രണ്ട്) “അല്ലാഹുവിന്റെ ഗ്രന്ഥത്തെ സംബന്ധിച്ച് ഞാനാണ് ഏറ്റവുമധികം അറിവുള്ളവനെന്ന് പ്രവാചകാനുചരന്മാർക്ക് അറിയാവുന്ന കാര്യമാണ്. എന്നേക്കാള്‍ ഈ വിഷയത്തില്‍ അറിവുള്ളവരുണ്ടെങ്കിൽ അവന്റെയടുത്തേക്ക് യാത്രചെയ്തെത്തുവാൻ ഞാൻ സന്നദ്ധനാണ്.” (ഇബ്‌നു അബീ ദാവൂദ് 58) എന്ന ഇബ്നു മസ്ഊദിന്റെ സ്വയംസാക്ഷ്യം നൂറുശതമാനം സത്യസന്ധമാണെന്ന് ഇസ്‌ലാമികപ്രമാണങ്ങളും ചരിത്രവും പഠിക്കുന്ന ആർക്കും മനസ്സിലാവും. “ഞാനും എന്റെ സഹോദരനും യമനില്‍ നിന്നും നബി(സ)യുടെ സമീപം വന്ന സമയത്ത് ഇബ്‌നു മസ്ഊദും(റ) അദ്ദേഹത്തിന്റെ മാതാവും നബി(സ)യുടെ വീട്ടിലെ സ്ഥിരമായ സന്ദർശനങ്ങൾ വഴിയും അവരോടുള്ള നബിയുടെ ബന്ധം വഴിയും അവർ നബിഗൃഹത്തിലെ അംഗങ്ങളാണെന്ന് ഞങ്ങള്‍ ധരിച്ചിരുന്നു”വെന്ന അബൂമൂസൽ അശ്അരിയുടെ വർത്തമാനത്തിൽ (സ്വഹീഹുൽ ബുഖാരി, കിതാബുൽ മഗാസി; സ്വഹീഹു മുസ്‌ലിം, കിതാബ് ഫദാഇലു സ്സ്വഹാബ) നിന്ന് നബിയുമായുള്ള ഇബ്നു മസ്ഊദിന്റെ ബന്ധത്തിന്റെ വലിപ്പം നമുക്ക് മനസ്സിലാക്കാൻ കഴിയും.” അബ്ദുല്ലാഹിബ്നു മസ്ഊദ്, മുആദ് ബിൻ ജബൽ, ഉബയ്യു ബ്നു കഅബ്, അബൂ ഹുദൈഫയുടെ സ്വാതന്ത്രനാക്കിയ അടിമ സാലിം എന്നീ നാലു പേരിൽ നിന്ന് നിങ്ങൾ ഖുർആൻ പഠിക്കുക”യെന്ന അബ്ദുല്ലാഹി ബ്നു അംറ് നിവേദനം ചെയ്ത പ്രവാചകനിർദേശം(സ്വഹീഹുൽ ബുഖാരി, കിതാബു ഫദാഇലിൽ ഖുർആൻ; ജാമിഉ ത്തിർമിദി, കിതാബുൽ മനാഖിബ്) ഇബ്നു മസ്ഊദിന്റെ ഖുർആൻ വിജ്ഞാനത്തിനുള്ള മഹാസാക്ഷ്യമായി നിലകൊള്ളുന്നുമുണ്ട്. അതുകൊണ്ട് തന്നെ ഖുർആനികവിജ്ഞാനീയങ്ങളിലും വ്യാഖ്യാനത്തിലുമെല്ലാം ഇബ്നു അബ്ബാസ് കഴിഞ്ഞാൽ ഏറ്റവുമധികം പരിഗണിക്കപ്പെടുന്നത് ഇബ്നു മസ്ഊദിന്റെ അഭിപ്രായങ്ങളെയാണ്.

പ്രവാചകാനുചാരന്മാരിലെ മഹാപണ്ഡിതനായിരുന്ന ഇബ്നു മസ്ഊദിന് ഖുർആൻ ക്രോഡീകരണത്തിന് നേതൃത്വം വഹിക്കുവാൻ തീർച്ചയായും അവകാശമുണ്ട്. അവിടെ താൻ പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് തോന്നിയാൽ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. തന്നെ അവഗണിച്ചുകൊണ്ട് തന്നെക്കാളും ഏറെ പ്രായം കുറഞ്ഞ ഒരാളെ ഖുർആൻ പ്രതികളുണ്ടാക്കുകയെന്ന മഹാദൗത്യം ഏൽപിച്ചപ്പോൾ അതിനേക്കാൾ അക്കാര്യത്തിൽ പരിഗണിക്കപ്പെടേണ്ടിയിരുന്നത്‌ താനായിരുന്നുവെന്ന് ആ മഹാപണ്ഡിതൻ വിചാരിച്ചത് സ്വാഭാവികമാണ്. പ്രസ്തുത സ്വാഭാവികതയിൽ കവിഞ്ഞ യാതൊന്നും തന്നെ അദ്ദേഹത്തിന്റെ പ്രതിഷേധപ്രതികരണത്തിൽ കാണാൻ കഴിയില്ല.

മൂന്ന്) എന്തുകൊണ്ടാണ് ഉഥ്മാൻ ഖുർആൻ ക്രോഡീകരണത്തിന്റെ ചുമതല ഇബ്നു മസ്ഊദിനെ ഏൽപ്പിക്കാതെ സൈദു ബ്നു ഥാബിത്തിനെ ഏൽപിച്ചത്? ഉഥ്മാനിന്റെ ന്യായീകരണങ്ങൾ ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി തന്റെ ഫത്ഹുൽ ബാരിയിൽ വിശദീകരിക്കുന്നുണ്ട്. അവ ഇങ്ങനെയാണ്: ഖുർആൻ സമാഹരണത്തിനും ക്രോഡീകരണത്തിനും മദീനയിൽ വെച്ച് ഉഥ്മാൻ തീരുമാനിച്ച സന്ദർഭത്തിൽ ഇബ്നു മസ്ഊദ് ഇറാഖിലുള്ള കൂഫയിലാണ് ഉണ്ടായിരുന്നത്. അബൂബക്കറിന്റെ കാലത്തെ സുഹ്‌ഫിൽ നിന്ന് എല്ലാവർക്കും പാരായണം ചെയ്യാൻ കഴിയുന്ന രീതിയിലുള്ള പകർപ്പെടുക്കുകയായിരുന്നു ഉഥ്മാനിന്റെ ഉദ്ദേശ്യം. സൈദു ബ്നു ഥാബിത്തായിരുന്നു അബൂബക്കറിന്റെ കാലത്തെ ഖുർആൻ ക്രോഡീകരണത്തിന് നേതൃത്വം വഹിച്ചത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിനും ഏറ്റവും അനുയോജ്യം അദ്ദേഹം തന്നെയാണെന്ന് ഉഥ്മാൻ കരുതിയത് സ്വാഭാവികമാണ്. പ്രവാചകന്റെ വഹ്‌യ് എഴുത്തുകാരനായിരുന്നുവെന്ന യോഗ്യത കൂടിയുണ്ട് സൈദിന്. (ഫതഹുല്‍ ബാരി 9/19-20)

അബൂബക്കറിന്റെ കാലത്ത് വ്യത്യസ്തങ്ങളായ വസ്തുക്കളിൽ രേഖീകരിക്കപ്പെട്ടിരുന്ന ഖുർആൻ കയ്യെഴുത്തുകളെയെല്ലാം ഒരുമിച്ച് കൂട്ടി ഒരൊറ്റ ഗ്രൻഥമാക്കുകയെന്ന ദുഷ്കരമായ ജോലി ഏൽപിക്കുമ്പോൾ അബൂബക്കറും ഉമറും കൂടി സൈദിനോട് പറഞ്ഞ കാര്യങ്ങൾ ഇവിടെയും ബാധകമാണ്. “നീ ബുദ്ധിമാനായ യുവാവാണ്. നിന്നെ ഞങ്ങള്‍ തെറ്റിദ്ധരിക്കുകയില്ല. നീ നബി(സ)ക്കായി ദിവ്യസന്ദേശങ്ങള്‍ എഴുതിയിരുന്നു. ആയതിനാല്‍ ക്വുര്‍ആന്‍ രേഖകള്‍ അന്വേഷിച്ചു കണ്ടെത്തി ഒരുമിച്ചു കൂട്ടുക” (സ്വഹീഹുൽ ബുഖാരി, കിതാബുൽ അഹ്‌കാം, ബാബു യൂസ്തഹബ്ബു് ലിൽ കാത്തിബി അൻ യക്കൂന അമീനൻ ആഖിലൻ; ജാമിഉത്തിർമിദി, കിതാബു ത്തഫ്സീർ). ഖുർആൻ സമാഹരണവിഷയത്തിൽ ബുദ്ധിയും കൂർമ്മതയും ഉള്ളയാളെന്ന് തന്റെ മുൻഗാമികൾ സാക്ഷീകരിച്ച വ്യക്തിയെത്തന്നെ അതിന്റെ അടുത്ത ഘട്ടവും ഏൽപിക്കുന്നതാവും ഉത്തമമെന്ന് ഉഥ്മാൻ(റ) കരുതിയിരിക്കണം. ഇബ്നു മസ്ഊദ് (റ) അടക്കമുള്ള സ്വഹാബിമാരൊന്നും തന്നെ അബൂബക്കറി(റ)ന്റെ കാലത്തെ ക്രോഡീകരണത്തിന്റെ നേതൃത്വം സൈദിനെ ഏൽപിച്ചത് ശരിയായില്ല എന്ന് പറഞ്ഞിട്ടുമില്ലെന്ന സത്യം അക്കാര്യത്തിൽ രണ്ടാമത് ഒരു ആലോചന വേണ്ടതില്ലെന്ന തീരുമാനത്തിന് ഉഥ്മാനെ പ്രേരിപ്പിച്ചിരിക്കണം. പ്രവാചകനിൽ നിന്ന് അവസാനമായി ഖുർആൻ കേട്ടവരിൽ ഒരാളായ സൈദിനെ ഈ ഉത്തരവാദിത്തം ഏൽപിച്ചതിൽ ഇബ്നു മസ്ഊദ് ഒഴിച്ച് മറ്റൊരു സ്വഹാബിയും എതിരഭിപ്രായങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നതു തന്നെ ഉഥ്മാനിന്റെ തീരുമാനം തന്നെയായിരുന്നു ശരിയെന്ന യാഥാർഥ്യം ബോധ്യപ്പെടുത്തുന്നുണ്ട്.

ഖുർആൻ ലിഖിതങ്ങളുടെ ശേഖരണത്തിനും പകർത്തിയെഴുത്തിനും ആവശ്യം ഖുർആനികവിജ്ഞാനീയങ്ങളിലുള്ള വിവരത്തെക്കാൾ ഭാഷാജ്ഞാനവും കയ്യെഴുത്തിനുള്ള കഴിവുമാണ്. ഇക്കാര്യത്തിൽ സൈദ് അഗ്രഗണ്യനായിരുന്നുവെന്ന് പ്രവാചകന്റെ വചനങ്ങളും ചെയ്തികളുമെല്ലാം സാക്ഷ്യം വഹിക്കുന്നുണ്ട്. സൈദ് ബിന്‍ ഥാബിതിൽ നിന്ന് തന്നെയുള്ള രണ്ട് നിവേദനങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 1) നബി (സ) എന്നോട് ചോദിച്ചു. നിനക്ക് സുറിയാനി ഭാഷ അറിയുമോ? ഞാന്‍ പറഞ്ഞു, ഇല്ല. നബി (സ) പറഞ്ഞു: നീ അത് പഠിക്കുക, എനിക്ക് ആ ഭാഷയില്‍ ചില കത്തുകള്‍ വരാറുണ്ട്. ഞാന്‍ പതിനേഴ് ദിവസങ്ങൾ കൊണ്ട് അത് പഠിച്ചു. (ഇബ്‌നു ഹിബ്ബാന്‍; സ്വഹീഹാണെന്ന് ശുഐബുല്‍ അര്‍നാഊഥ് 7136). 2) “അല്ലാഹുവിന്റെ ദൂതൻ ജൂതന്മാർ അദ്ദേഹത്തിനെഴുതിയ എഴുത്തുകളിലെ ചില പ്രസ്താവനകൾ പഠിക്കാൻ എന്നോടാവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു: അല്ലാഹുവാണെ! എന്റെ കത്തുകളുടെ കാര്യത്തിൽ ഞാൻ ജൂതന്മാരെ വിശ്വസിക്കുന്നില്ല.’ അര മാസം കഴിയുന്നതിന് മുൻപ് ഞാൻ അവ പഠിച്ചെടുത്തു. പിന്നീട് ജൂതന്മാർക്കായി എന്തെങ്കിലും എഴുതേണ്ടതുണ്ടെങ്കിൽ പ്രവാചകനിർദേശപ്രകാരം ഞാൻ അവർക്ക് അത് എഴുതും; അദ്ദേഹത്തിന് അവർ എന്തെങ്കിലും എഴുതിയാൽ ഞാൻ അത് വായിച്ച് കൊടുക്കും” (ജാമിഉ ത്തിർമിദി; കിതാബുൽ ഇസ്‌തിഅദാൻ; ഹസൻ ആയ സനദോടെയുള്ളത്). ഖുർആൻ അവതരിക്കപ്പെടുന്ന സന്ദർഭങ്ങളിൽ പ്രവാചകൻ പ്രത്യേകമായി ആരെയെങ്കിലും വിളിച്ച് അവ എഴുതാൻ ആവശ്യപ്പെടുമ്പോഴെല്ലാം അദ്ദേഹം വിളിച്ചിരുന്നത് സൈദിനെയായിരുന്നുവെന്നതിൽ നിന്ന് (സ്വഹീഹുൽ ബുഖാരി, കിതാബ് ഫദാഇലിൽ ഖുർആൻ, ബാബു നുസൂലുൽ വഹ്‌യി വ അവ്വ ലു മാ നസല) അദ്ദേഹത്തിന്റെ കയ്യെഴുത്ത് സാമർഥ്യം എത്രത്തോളമായിരുന്നുവെന്ന് നമുക്ക് വായിച്ചെടുക്കാൻ കഴിയും. ഖുർആൻ പകർത്തിയെഴുത്തിന് തികച്ചും അനുയോജ്യനായ വ്യക്തിയെത്തന്നെയാണ് ഉഥ്മാൻ (റ) തെരെഞ്ഞെടുത്തതെന്ന സത്യമാണ് ഇവിടെയും വെളിപ്പെടുന്നത്.

ഭാഷയിലും കയ്യെഴുത്തിലും മാത്രമല്ല മതത്തിലും അഗാധമായ പാണ്ഡിത്യമുള്ളയാളായിരുന്നു സൈദു ബിൻ ഥാബിത്ത്‌. “ഈ സമുദായത്തിലെ അഗാധ പണ്ഡിതന്‍ മരണപ്പെട്ടിരിക്കുന്നു” വെന്ന സൈദുബ്നു ഥാബിത്തിന്റെ മരണസന്ദർഭത്തിലുള്ള അബൂ ഹുറൈറയുടെ(റ) പ്രതികരണം (സിയറു അഅ്‌ലാമി നുബലാഅ് 2/439) മാത്രം മതി അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ ആഴം മനസ്സിലാക്കുവാൻ. ഈ ഉമ്മത്തിലെ പ്രധാനപ്പെട്ട പണ്ഡിതരില്‍ സൈദ് ബിന്‍ സാബിത്തി(റ)നെ എണ്ണിയതായി കാണാം. (മജ്മഉല്‍ ഇമാം ഹൈസമി 9/163)ജനങ്ങള്‍ മതപരമായ പ്രശ്‌നപരിഹാരം തേടി സൈദി(റ)നെ സമീപിച്ചതായി കാണാം. (സ്വഹീഹ് ഇബ്‌നു മാജ 62) ഉമര്‍ (റ) യാത്ര പോകുമ്പോള്‍ ധാരാളമായി സൈദ് ബിന്‍ സാബിത്തി(റ)നെ പ്രതിനിധിയായി നിയമിച്ചിരുന്നു. (സിയറു അഅ്‌ലാമി നുബലാഅ് 2/434)

ഖസ്‌റജ് ഗോത്രക്കാര്‍ അഭിമാനത്തോടെ പറഞ്ഞു: നബി(സ)യുടെ കാലഘട്ടത്തില്‍ ക്വുര്‍ആന്‍ സമ്പൂര്‍ണമായി ഒരുമിച്ച് കൂട്ടിയത് ഞങ്ങളില്‍പ്പെട്ട നാലു പേരാണ്. ഇത് മറ്റാര്‍ക്കുമില്ല. അഥവാ സൈദു ബിന്‍ സാബിത്ത്, അബൂ സൈദ്, ഉബയ്യബിന്‍ കഅ്ബ്, മുആദ് ബിന്‍ ജബല്‍ (ബസാര്‍ 7090, ത്വഹാവി 10/374, ത്വബ്‌റാനി 3488) നബി (സ) പറഞ്ഞു: അനന്തരാവകാശ വിഷയവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഏറ്റവും പ്രാവിണ്യമുള്ളയാള്‍ സൈദ് ബിന്‍ സാബിത്ത് (റ) ആണ്. (മുശ്കിലുല്‍ ആഥാർ 810. സ്വഹീഹാണ്)

സാഖിത് ബിന്‍ ഉബൈദ് (റ) പറയുന്നു. ഒരു സദസ്സില്‍ ഏറ്റവും മാന്യതയുള്ളവരും ഒരു ഭവനത്തില്‍ ഏറ്റവും പാണ്ഡിത്യം ഉള്ളവരുമായി സൈദ് ബിന്‍ സാബിത്തി(റ)നെ പോലെ ഞാനൊരാളെയും ദര്‍ശിച്ചിട്ടില്ല. (അല്‍ അദബുല്‍ മുഫ്‌റദ് 219. സ്വഹീഹാണ്).

ഇബ്‌നു മസ്ഊദി(റ)ന്റെ ശിഷ്യനായ മസ്‌റൂക് (റ) മദീനയില്‍ വന്നു. സൈദി(റ)ന്റെ പാണ്ഡിത്യത്തില്‍ അത്ഭുതപ്പെട്ടു. ശിഷ്യന്‍മാര്‍ ചോദിച്ചു. താങ്കള്‍ ഇബ്‌നു മസ്ഊദി(റ)ന്റെ അഭിപ്രായം ഒഴിവാക്കുന്നോ? മസ്‌റൂക് പറഞ്ഞു. സൈദി(റ)ന് അറിവില്‍ അവഗാഹമുള്ളതായി ഞാന്‍ ഗണിക്കുന്നു. (സിയറു അഅ്‌ലാമി നിബലാഅ് 2/437. സ്വഹീഹാണ്). ഭാഷയിലുള്ള കഴിവും എഴുത്തിനുള്ള പാടവവും മതത്തിലുള്ള അഗാധ ജ്ഞാനവുമുള്ള ആളെത്തന്നെയാണ് ഖുർആൻ ക്രോഡീകരണത്തിന്റെ നേതൃത്വത്തിന് ഉഥ്മാൻ തെരഞ്ഞെടുത്തതെന്ന് ഇതിൽ നിന്ന് സുതരാം വ്യക്തമാകുന്നുണ്ട്.

നാല്) യഥാർത്ഥത്തിൽ തന്റെ കൈവശമുള്ള ഖുർആനിന്റെ സ്വകാര്യകോപ്പി നശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതാണ് മറ്റെന്തിനേക്കാളുമധികം ഇബ്നു മസ്ഊദിനെ ചൊടിപ്പിച്ചതെന്ന് നടേ സൂചിപ്പിച്ച ഹദീഥുകളുടെ വരികൾക്കിടയിലൂടെ വായിച്ചാൽ ബോധ്യമാവും. അബൂബക്കറിന്റെ കാലത്തെ ക്രോഡീകരണത്തിനും നേതൃത്വം നൽകിയത് സൈദു ബിൻ ഥാബിത്ത് തന്നെയായിരുന്നുവല്ലോ. അപ്പോഴൊന്നും തന്നെ അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും ഒരു ആക്ഷേപം ഇബ്നു മസ്ഊദ് ഉന്നയിച്ചതായി യാതൊരു രേഖയുമില്ല. അതിനർത്ഥം സൈദിന്റെ നേതൃത്വത്തിനല്ല ഇബ്നു മസ്ഊദ് കുഴപ്പം കണ്ടത് എന്നാണ്. സൈദിനെക്കുറിച്ച വിമർശനവാക്കുകൾ അദ്ദേഹം പറയുന്നത് സൈദ് തന്റെ ദൗത്യം പൂർത്തിയാക്കിയതിന് ശേഷമാണ്; അക്കാര്യം ഏല്പിച്ച ഉടനെയല്ല. സൈദിന്റെ ദൗത്യം പൂർത്തിയാക്കിയതിനു ശേഷമാണ് സ്വകാര്യകോപ്പികൾ നശിപ്പിക്കുവാനുള്ള ഖലീഫയുടെ ഉത്തരവുണ്ടാവുന്നത്. അപ്പോൾ തീർച്ചയായും ഇബ്നു മസ്ഊദിന് ദേഷ്യം പിടിച്ചിട്ടുണ്ടാവണം. പ്രവാചകസന്നിധിയിൽ വെച്ച് താൻ കേട്ട് എഴുതിയെടുത്ത, തന്റെ സ്വകാര്യപാരായണത്തിനും പഠനത്തിനും താൻ ഉപയോഗിക്കുന്ന ഖുർആൻ കയ്യെഴുത്തുരേഖയാണ് ഖലീഫ നശിപ്പിക്കുവാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തെ അത് വേദനിപ്പിച്ചിരിക്കണം. പ്രവാചകനോടൊപ്പം ദീർഘകാലം ജീവിച്ച തന്റെ കൈവശമുള്ള കോപ്പി നശിപ്പിച്ച് പകരം തന്റെ മകനാകാൻ മാത്രം പ്രായമുള്ള സൈദിന്റെ നേതൃത്വത്തിൽ നിർമ്മിച്ച മുസ്ഹഫ് താൻ പാരായണം ചെയ്യണമെന്ന ഖലീഫാനിർദേശം ആ വന്ദ്യവയോധികനായ പ്രവാചകാനുചരനെ ചൊടിപ്പിച്ചതിൽ നിന്നാണ് സൈദിനെതിരെയുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളെല്ലാമുണ്ടായതെന്നാണ് മനസ്സിലാകുന്നത്. ആ പ്രതികരണം പ്രവാചകനോടും അദ്ദേഹത്തിൽ നിന്ന് താൻ കേട്ടെഴുതിയ ഖുർആൻപ്രതിയോടുമുള്ള സ്നേഹത്തിൽ നിന്നുണ്ടായതാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ വിമർശിക്കുകയല്ല, അനുനയിപ്പിക്കുകയാണ് മറ്റു സ്വഹാബിമാർ ചെയ്തത്.

തന്റെ കയ്യെഴുത്ത് പ്രതി നശിപ്പിക്കാതെ സൂക്ഷിച്ചുവെക്കാൻ തീരുമാനിച്ചതിനോടൊപ്പം, സ്വകാര്യകയ്യെഴുത്തുരേഖകൾ കൈവശമുള്ളവരോടെല്ലാം അവ മറച്ചുവെക്കുകയും സൂക്ഷിച്ചുവെക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയുമാണ് ഇബ്നു മസ്ഊദ് ചെയ്തത്. അതല്ലാതെ സൈദ് ബ്നു ഥാബിത്തിന്റെ നേതൃത്വത്തിൽ ക്രോഡീകരിക്കപ്പെടുകയും കോപ്പികളെടുക്കുകയും ചെയ്ത മുസ്ഹഫിൽ ഗുരുതരമായ എന്തെങ്കിലും സ്ഖലിതങ്ങളുള്ളതായി അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല; അങ്ങനെയുള്ള സൂചനകൾ പോലും നൽകിയിട്ടില്ല.

അഞ്ച്) തന്റെ കയ്യിലുള്ള സ്വകാര്യകയ്യെഴുത്തുപ്രതി നശിപ്പിക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയും അങ്ങനെ ചെയ്യേണ്ടതില്ലെന്ന് മറ്റുള്ളവരോട് ആഹ്വാനം നടത്തുകയും ചെയ്ത ഇബ്നു മസ്ഊദിന്റെ നടപടി ശരിയായില്ലെന്നായിരുന്നു സ്വഹാബിമാരിൽ മിക്കവരുടെയും അഭിപ്രായം. ഇക്കാര്യം ഇബ്നു മസ്ഊദിന്റെ പ്രതിസ്വരം രേഖപ്പെടുത്തിയ ഇമാം സുഹ്‌രി തന്നെ വ്യക്തമാക്കുന്നുണ്ട്. “അല്ലാഹുവിന്റെ ദൂതന്റെ അനുചരന്മാരിൽ ഉന്നതമായ നിലവാരത്തിലുള്ള പലരും ഇബ്നു മസ്ഊദിന്റെ ഈ വീക്ഷണത്തെ ഇഷ്ടപ്പെട്ടിരുന്നില്ല” (ജാമിഉ ത്തിർമിദി, അബ് വാബു തഫ്സീറുൽ ഖുർആൻ ഹദീഥ് 3104). ഖുർആനിന്റെ ഉള്ളടക്കത്തിൽ എന്തെങ്കിലും കൈകടത്തലുകളുണ്ടായിയെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണമെങ്കിൽ സ്വഹാബിമാർ ഒന്നുകിൽ അദ്ദേഹത്തോടോപ്പമുണ്ടാകുമായിരുന്നു; അതല്ലെങ്കിൽ അദ്ദേഹത്തിനെതിരെ കടുത്ത വിമർശങ്ങൾ ഉന്നയിക്കുമായിരുന്നു. ഖുർആനിന്റെ ഉള്ളടക്കത്തിൽ സംശയിക്കുകയെന്നത് മുസ്‌ലിംസമൂഹം മതത്തിൽ നിന്ന് പുറത്താകുന്ന പ്രവർത്തനമായാണ് അന്നും ഇന്നും കരുതിപ്പോന്നിട്ടുള്ളത്.

ആറ്) കയ്യെഴുത്തുരേഖകൾ കൈവശമുള്ളവർ അവ നശിപ്പിക്കേണ്ടതില്ലയെന്ന തന്റെ നിലപാടിൽ നിന്ന് ഇബ്നു മസ്ഊദ് തന്നെ പിൽക്കാലത്ത് പിൻവലിയുകയും മുസ്‌ലിംസമൂഹത്തിന്റെ പൊതുനിലപാട് തന്നെയാണ് ശരിയെന്ന് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം ഇബ്നു കഥീർ തന്റെ ‘അൽ ബിദായ വ ന്നിഹായ’യിൽ രേഖപ്പെടുത്തിയിട്ടുണ്ട്. “ഉഥ്മാൻ (റ) അദ്ദേഹത്തിന് (ഇബ്നു മസ്ഊദ്) മറ്റു പ്രവാചകാനുചരന്മാരെ താങ്കളും അനുധാവനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഴുതി. സ്വഹാബിമാരെല്ലാം എന്തുകൊണ്ടാണ് പ്രസ്തുത തീരുമാനത്തിലെത്തിയതെന്നും അതുകൊണ്ടുണ്ടാവുന്ന നേട്ടങ്ങളും വിരുദ്ധാഭിപ്രായങ്ങളില്ലാതെയാക്കി ഖുർആനിന്റെ വിഷയത്തിൽ ഒരേ അഭിപ്രായത്തിലേക്ക് എല്ലാവരും എത്തേണ്ടതിന്റെ ആവശ്യകതയുമെല്ലാം എഴുത്തിൽ പരാമർശിച്ചിരുന്നു. അദ്ദേഹത്തിന് കാര്യങ്ങൾ മനസ്സിലാവുകയും എതിർപ്പുകൾ വെടിഞ്ഞ് ഐക്യപ്പെടാൻ അദ്ദേഹം അങ്ങനെ തീരുമാനിക്കുകയും ചെയ്തു.”(7/217)

ശരിയാണ്; പ്രവാചകനിൽ നിന്ന് നേരിട്ട് കേട്ട് താൻ എഴുതിയ ഖുർആനിന്റെ സ്വന്തം കയ്യെഴുത്തുപ്രതി നശിപ്പിക്കാൻ ഇബ്നു മസ്ഊദിന് സമ്മതമുണ്ടായിരുന്നില്ല; തന്റെ മകന്റെ മാത്രം പ്രായമുള്ള സൈദ് ക്രോഡീകരിച്ച പ്രതി സ്വീകരിച്ച് പകരം തന്റെ സ്വന്തം പ്രതി നശിപ്പിക്കില്ലെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുകയും കയ്യെഴുത്ത് പ്രതികൾ കൈവശമുള്ളവരൊന്നും അവ നശിപ്പിക്കരുതെന്ന് ആഹ്വാനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ സൈദ് ക്രോഡീകരിച്ച ഖുർആൻ കൈയ്യെഴുത്ത് രേഖയിൽ ഗുരുതമായ എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി അദ്ദേഹം ആരോപിച്ചിട്ടില്ല. പ്രവാചകാനുചരന്മാർ മൊത്തത്തിലെടുത്ത തീരുമാനത്തിനെതിരെയുള്ള തന്റെ പ്രതിസ്വരം ശരിയല്ലെന്ന് ബോധ്യപ്പെട്ടതോടെ അദ്ദേഹം അത് തിരുത്തുകയും ചെയ്തിട്ടുണ്ട്. മൂർഖനനെ ലഭിക്കുമെന്ന് കരുതി ഇസ്‌ലാമികഗ്രൻഥങ്ങളുടെ മാളങ്ങളിലെല്ലാം തപ്പി നോക്കിയിട്ട് വിമർശകർക്ക് ലഭിച്ചത് കേവലമൊരു ഞാഞ്ഞൂൽ മാത്രമാണെന്ന സത്യം ഖുർആനിന്റെ അബദ്ധങ്ങളില്ലാതെയുള്ള സംപ്രേഷണത്തെക്കുറിച്ച മതിപ്പ് വർധിപ്പിക്കാൻ മാത്രമേ നിമിത്തമാവുകയുള്ളൂ.

അബൂബക്കറി(റ)ന്റെ കാലത്തെ ഖുർആൻ ക്രോഡീകരണത്തെ അലി (റ) വിമർശിച്ചതായുള്ള നിവേദനവും അബൂബക്കറല്ല ഖുർആൻ ആദ്യമായി ക്രോഡീകരിച്ചത് എന്നുള്ള നിവേദനവുമെല്ലാം ഈ രംഗത്ത് അവ്യക്തതകളുണ്ടെന്നല്ലേ വ്യക്തമാക്കുന്നത്? യഥാർത്ഥത്തിൽ അബൂബക്കറി(റ)ന്റെ കാലത്തെ ഖുർആൻ ക്രോഡീകരണത്തെ അനുകൂലിക്കുകയും അദ്ദേഹം ചെയ്തത് വലിയ പുണ്യമാണെന്ന് പ്രശംസിക്കുകയും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയുമാണ് അലി (റ) ചെയ്തത്.

അലി (റ) പറഞ്ഞു: മുസ്ഹഫിന്റെ വിഷയത്തില്‍ ഏറ്റവും ഉത്തമമായ പ്രതിഫലം അബൂബക്കറി(റ)നാണ്. അല്ലാഹുവിന്റെ കാരുണ്യം അബൂബക്കറി(റ)ന് ഉണ്ടാകട്ടെ. കാരണം അല്ലാഹുവിന്റെ ഗ്രന്ഥം ആദ്യമായി ഒരുമിച്ച് കൂട്ടിയത് അദ്ദേഹമാണ്. (ഇബ്‌നു അബീ ദാവൂദ് പേജ് 153)

അലി (റ) പറഞ്ഞു: അല്ലാഹു അബൂബക്കറി(റ)ന് കരുണ ചെയ്യട്ടെ. കാരണം അദ്ദേഹമാണ് രണ്ടു ചട്ടകള്‍ക്കുള്ളിലായി ഖുര്‍ആനിനെ ഒരുമിച്ചു കൂട്ടിയത്. (ഇബ്‌നു അബീദാവൂദ്, ഇബ്‌നു അബീ ശൈഖ 6/148, ഇബ്‌നു സഅദ് ത്വബമാതില്‍ 3/193. ഈ ഹദീഥ് സ്വഹീഹാണെന്ന് ഇമാം സുയൂത്വി)

ഇതിനു വിരുദ്ധമായ ചില നിവേദനങ്ങളുണ്ടെന്നത് ശരിയാണ്. അവ ബലഹീനവും തെളിവിന് കൊള്ളാത്തതുമാണെന്ന് പണ്ഡിതന്മാർ സമർത്ഥിച്ചിട്ടുണ്ട്. നിവേദനങ്ങൾ ഇവയാണ്: –

ഇഖ്‌രിമ (റ) യിൽ നിന്ന്: അബൂബക്കറി(റ)നുള്ള ബൈഅത്തിനുശേഷം അലി (റ) വീട്ടില്‍ തന്നെയിരുന്നു. കാരണം തിരക്കിയ ഖലീഫയോട് അലി (റ) പറഞ്ഞു. അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ വര്‍ധിക്കപ്പെടുമോ എന്ന് എനിക്ക് തോന്നുന്നു. ആയതിനാല്‍ ഖുര്‍ആന്‍ ഒരുമിച്ച് കൂട്ടുന്നതു വരെ നമസ്‌കാരത്തിനല്ലാതെ ഞാന്‍ മേല്‍വസ്ത്രം ധരിക്കുന്നതല്ല. (ഇബ്‌നു ളരീസ് -അല്‍ ഇത്ഖാന്‍ 1/59)

ഈ ഹദീഥിന്റെ നിവേദക പരമ്പര പൂർണമല്ല. നിവേദകശൃംഖലയിൽ കണ്ണികൾ വിട്ടു പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് ദുർബലാണ്; തെളിവിന് കൊള്ളുകയില്ല. ഇമാം ഇബ്‌നു ഹജര്‍ (റ) തന്റെ ഫതഹുൽ ബാരി 9/12 ഗ്രൻഥത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഇതേപോലെത്തന്നെയാണ് സാലിമാണ് ഖുർആൻ ആദ്യമായി ക്രോഡീകരിച്ചതെന്നും അതല്ല ഉമറാണെന്നുമെല്ലാമുള്ള നിവേദനങ്ങൾ. എല്ലാം ദുർബലവും തെളിവിന് കൊള്ളാത്തവയുമാണ്.

ഇബ്‌നു ബുറൈദ (റ) പറയുന്നു: ഒരു ഏടില്‍ ആദ്യമായി ക്വുര്‍ആന്‍ ഒരുമിച്ച് കൂട്ടിയത് സാലിം (റ) ആണ്. (ഇത്ഖാന്‍- 1/166)

ഈ അഥറും പരമ്പര മുറിഞ്ഞതിനാല്‍ ദുര്‍ബലമാണെന്ന് ഇമാം സുയൂത്വി (റ) പറയുന്നു. (അല്‍ ഇത്ഖാന്‍ പേജ് 382)

ഹസന്‍ (റ) പറയുന്നു: ഒരു ആയത്തിനെ സംബന്ധിച്ച് അന്വേഷിച്ചു. അത് യമാമയില്‍ വധിക്കപ്പെട്ട ഒരു സ്വഹാബിയുടെ കൈവശമുണ്ടായിരുന്നു എന്നു പറയപ്പെട്ടു. അപ്പോള്‍ ഉമര്‍ (റ) ഇന്നാലില്ലാഹ്… എന്നുപറഞ്ഞു. ക്വുര്‍ആന്‍ ഒരുമിച്ചു കൂട്ടാല്‍ കല്‍പിച്ചു. അദ്ദേഹമാണ് ആദ്യമായി ക്വുര്‍ആന്‍ മുസ്ഹഫില്‍ ഏകോപിപ്പിച്ചത്. (ഇബ്‌നു അബീദാവൂദ് അല്‍മസാഹിഫ് 1/181)

അഥര്‍ മുന്‍ഖതി ആണെന്ന് ഇബ്‌നു ബസീര്‍ ഫളഇളുല്‍ ക്വുര്‍ആന്‍ പേജ് 27ലും ഇബ്‌നു ഹജര്‍ ഫതഹുല്‍ ബാരി 9/13ലും ഇമാം സുയൂത്വി (റ) അല്‍ ഇത്ഖാന്‍ പേജ് 382ലും വ്യക്തമാക്കുന്നു. ഈ അഥറും അസ്വീകാര്യമാണ് എന്നർത്ഥം.

ഖുർആൻ പകർത്തിയെഴുതിയപ്പോൾ ഗുരുതരമായ ചില വ്യാകരണപ്പിഴവുകൾ വന്നതായി വ്യക്തമാക്കുന്ന നിവേദനങ്ങളുണ്ടല്ലോ. വ്യാകരണപ്പിഴവുകൾ അടക്കം പകർത്തിയെഴുത്തുകാർക്ക് സംഭവിച്ചിട്ടുണ്ടെങ്കിൽ, ഖുർആൻ അവതരിപ്പിക്കപ്പെട്ട രൂപത്തിൽ സംരക്ഷിക്കപെട്ടുവെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്? ഇമാം സുയൂഥ്വിയുടെ ‘അൽ ഇത്ഖാൻ ഫീ ഉലൂമിൽ ഖുർആൻ’ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചിരിക്കുന്ന ആയിശയിൽ(റ) നിന്നും ഉഥ്മാനിൽ(റ) നിന്നുമുള്ള രണ്ട് നിവേദനങ്ങളാണ് ഈ വിമർശനത്തിന് ആധാരം. അവ ഇങ്ങനെയാണ്:

1) ഹിഷാമു ബ്നു ഉർവ്വ അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു: ഖുർആനിലെ വ്യാകരണപ്പിഴവുകളെക്കുറിച്ച് ഞാൻ ആയിശയോട് ചോദിച്ചു. സൂറത്തുൽ മാഇദയിലെ 69 ആം വചനത്തിലെയും (اِنَّ الَّذِيۡنَ اٰمَنُوۡا وَالَّذِيۡنَ هَادُوۡا وَالصَّابِـُٔـوۡنَ وَالنَّصٰرٰى) സൂറത്തു ന്നിസാഇലെ 162ആം വചനത്തിലെയും (وَالۡمُقِيۡمِيۡنَ الصَّلٰوةَ وَالۡمُؤۡتُوۡنَ الزَّكٰوةَ وَ الۡمُؤۡمِنُوۡنَ بِاللّٰهِ ) സൂറത്തു ത്വാഹയിലെ 63ആം വചനത്തിലെയും (اِنۡ هٰذٰٮنِ لَسٰحِرٰنِ) (വ്യാകരണപ്പിശകുകളെക്കുറിച്ചാണ് ഞാൻ ചോദിച്ചത്.) അപ്പോൾ അവർ പറഞ്ഞു: സഹോദരീപുത്രാ… ഇവ എഴുത്തുകാരുടെ അബദ്ധങ്ങളാണ്; എഴുതിയപ്പോൾ അവർക്ക് അബദ്ധങ്ങൾ സംഭവിച്ചുപോയി” (അല്‍ ഇത്ഖാന്‍ 1/174)

2) ഇബ്നു അബ്ബാസിന്റെ മോചിപ്പിക്കപ്പെട്ട ദാസനായ ഇക്‌രിമയിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: മുസ്ഹഫുകൾ എഴുതപ്പെട്ടശേഷം അവ ഉഥ്മാനെ കാണിച്ചപ്പോൾ അദ്ദേഹം അതിൽ ചില വ്യാകരണപ്പിശകുകൾ കണ്ടു. അദ്ദേഹം പറഞ്ഞു: നിങ്ങല്‍ അത് മാറ്റേണ്ടതില്ല. അറബികളുടെ ഭാഷാശുദ്ധി അതിനെ ശരിയാക്കിക്കൊള്ളും; അല്ലെങ്കിൽ അവർ അത് ശരിയായി വായിച്ചുകൊള്ളും. എഴുത്തുകാരന്‍ സഖീഫ് ഗോത്രക്കാരനും വായിച്ചുകൊടുത്തത് ബുദൈല്‍ ഗോത്രക്കാരനുമായിരുന്നുവെങ്കില്‍ ഈ പിഴവുകള്‍ ഉണ്ടാകുമായിരുന്നില്ല. (അബൂ ഉബൈദ്: ഫദാഇലുല്‍ ക്വുര്‍ആന്‍ 2/103, ഇബ്‌നു അബീ ദാവൂദ്: അല്‍ മസാഹിഫ് 1/235)

താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

ഒന്ന്) ആയിശയിൽ(റ) നിന്നുള്ള ഹിശാമുബ്നു ഉർവ്വയുടെ നിവേദനം രണ്ട് കൂഫീ നിവേദകരിലൂടെയാണ് പണ്ഡിതന്മാർ ഉദ്ധരിച്ചിരിക്കുന്നത്. അബൂ മുആവിയ അദ്ദരീർ ആണ് ഒന്നാമത്തെയാൾ. സഈദു ബിൻ മൻസൂർ തന്റെ സുനനിലും (4/1507) അബൂ ഉബൈദ് തന്റെ ഫദാഇലിൽ ഖുർആനിലും (പുറം 229) ഇമാം ത്വബ്‌രി തന്റെ ജാമിഉൽ ബയാനിലും(9/359) ഇബ്നു അബീ ദാവൂദ് തന്റെ അൽ മസാഹിഫിലു(പുറം 43)മെല്ലാം അബൂ മുആവിയയിൽ നിന്നാണ് ഇത് നിവേദനം ചെയ്തിരിക്കുന്നത്. അലിയ്യു ബ്നു മസ്ഹർ അൽകൂഫിയാണ് രണ്ടാമത്തെ നിവേദകൻ. ഉമർ ബ്നു ശുബ്ബാഹിന്റെ താരീഖുൽ മദീനയിൽ (3/1013-1014) അദ്ദേഹത്തിൽ നിന്നുള്ള നിവേദനമാണുള്ളത്. ഇത്തരം ഒറ്റപ്പെട്ടതും അംഗീകൃതമായ തത്ത്വങ്ങൾക്ക് വിരുദ്ധവുമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന സംഭവങ്ങൾ ഹിശാമു ബ്നു ഉർവ്വയിൽ നിന്ന് അദ്ദേഹത്തിന്റെ അവസാനകാലത്ത് നിവേദനം ചെയ്യപ്പെട്ടാൽ അത് സ്വീകാര്യമാവുകയില്ലെന്നാണ് ഹദീഥ് ശാസ്ത്രജ്ഞന്മാർ പറയുക. ഇക്കാര്യം ഇമാം ദഹബി തന്റെ ‘മീസാനുൽ ഇഅതിദാൽ’ എന്ന ഗ്രൻഥത്തിൽ വ്യക്തമാക്കുന്നുണ്ട്. “തന്റെ ജീവിതാന്ത്യത്തിൽ ഇറാഖിലേക്ക് വന്ന ശേഷം ഹിശാമു ബ്നു ഉർവ്വ മഹത്തായ നിരവധി വിജ്ഞാനങ്ങൾ പഠിപ്പിച്ചിട്ടുണ്ട്; എന്നാൽ ആ സമയത്ത് അദ്ദേഹം നിവേദനം ചെയ്ത ചില ഹദീഥുകൾ പ്രബലമല്ല. മാലിക്കിനും ശുഅബക്കും വക്കീഇനും മറ്റ് അനവധി പ്രഗത്ഭരും സത്യസന്ധരുമായ പണ്ഡിതർക്കും ഇതേപോലെ സംഭവിച്ചിട്ടുണ്ട്.” (4/301)

പ്രായാധിക്യത്താൽ മറവി പറ്റാൻ സാധ്യതയുള്ളതിനാലും വാർധക്യസഹജമായ പ്രയാസങ്ങളുള്ളതിനാലും മറ്റെവിടെയും പറയാത്ത എന്തെങ്കിലും അത്തരം പണ്ഡിതന്മാർ പ്രായാധിക്യമുള്ള കാലത്ത് പറഞ്ഞാൽ അത് സ്വീകാര്യമല്ല എന്നാണ് ഇപ്പറഞ്ഞതിനർത്ഥം. അത്തരക്കാരുടെ നിവേദങ്ങൾക്ക് ഉപോൽബലകമായി മറ്റ് നിവേദനങ്ങളുണ്ടെങ്കിലേ അവ ഹദീഥ് പണ്ഡിതന്മാർ സ്വീകരിക്കുകയുള്ളൂ. ഇറാഖിലെത്തിയ ശേഷമുള്ള ഹിശാമു ബ്നു ഉർവ്വയുടെ ചില നിവേദനങ്ങൾ സ്വീകാര്യമാണെന്ന് ഹദീഥ് നിദാന ശാസ്ത്രജ്ഞർ പറയുന്നത് അവയെ ബലപ്പെടുത്തുന്ന മറ്റു നിവേദനങ്ങൾ ഉള്ളതിനാലാണ്. എന്നാൽ ആയിശയിൽ നിന്നുള്ള ഈ അഥറിനെ ബലപ്പെടുത്തുന്ന മറ്റു നിവേദനങ്ങൾ ഒന്നും തന്നെയില്ല. അത് കൊണ്ട് തന്നെ ഈ നിവേദനം സ്വീകാര്യമായി ഗണിക്കപ്പെടുകയില്ല.

ഹിശാമുബ്നു ഉർവ്വ മാത്രമല്ല, അദ്ദേഹത്തിൽ നിന്ന് ഈ സംഭവം നിവേദനം ചെയ്ത അബൂ മുആവിയ മുഹമ്മദ് ബിൻ ഖാസിം അദ്ദരീർ അൽ കൂഫിയും ഇത്തരം നിവേദങ്ങളുടെ കാര്യത്തിൽ ഹദീഥ് പണ്ഡിതന്മാർക്ക് സ്വീകാര്യനായ വ്യക്തിയല്ല. അബൂ മുആവിയയിലൂടെയുള്ള ചില നിവേദനങ്ങൾ സ്വീകാര്യമല്ലെന്ന് ഇമാം അഹ്‌മദ്‌ ബിൻ ഹമ്പൽ പറഞ്ഞതായി അദ്ദേഹത്തിന്റെ മകൻ അബ്ദുല്ലാഹ് സാക്ഷ്യപ്പെടുത്തുന്നത് ഇമാം ഇബ്നു ഹജർ ഉദ്ധരിക്കുന്നുണ്ട്. അത് ഇങ്ങനെയാണ്: “അഅമഷ് നിവേദനം ചെയ്തതല്ലാതെയുള്ള അബൂ മുആവിയയിൽ നിന്നുള്ള വിവരണങ്ങളൊന്നും സ്വീകാര്യയോഗ്യമല്ല.” (തഹ്ദീബു ത്തഹ്ദീബ് ഭാഗം 9, പുറങ്ങൾ 138, 139) ഇമാം അബൂ ദാവൂദും ഇക്കാര്യം തന്നെ പറയുന്നുണ്ട്. അദ്ദേഹത്തിൽ നിന്ന് ഇമാം ദഹബി ഉദ്ധരിക്കുന്നു: “ഞാൻ അഹ്‌മദ്‌ ബിൻ ഹമ്പലിനോട് ചോദിച്ചു: ഹിശാമുബ്നു ഉർവ്വയിൽ നിന്നുള്ള അബൂ മുആവിയയുടെ നിവേദനങ്ങളെക്കുറിച്ച് താങ്കൾ എന്ത് കരുതുന്നു? അദ്ദേഹം പ്രതിവചിച്ചു: ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ നിവേദനങ്ങളൊന്നും തന്നെ സ്വീകാര്യമല്ല. ഇബ്നു ഖർറാഷിൻറെ അഭിപ്രായപ്രകാരം അഅമഷിലൂടെയാണെങ്കിൽ മാത്രമേ അബൂമുആവിയയുടെ നിവേദനങ്ങളെ ആശ്രയിക്കാൻ പറ്റുകയുള്ളൂ” (മീസാനുൽ ഇഅതിദാൽ, ഭാഗം 4 , പുറം 575) ഏത് നിലയ്ക്ക് നോക്കിയാലും തെളിവിന് കൊള്ളാത്ത ദുർബലമായ നിവേദനമാണ് ഇതെന്ന് വ്യക്തമാണെന്നർത്ഥം.

രണ്ട്) ഉഥ്മാൻ (റ) പറഞ്ഞതായി ഇക്‌രിമയിൽ നിന്നുള്ള നിവേദനമാണ് വ്യാകരണപ്പിശക് ആരോപിക്കുന്നവരുടെ രണ്ടാമത്തെ തെളിവ്. അബൂ ഉബൈദ് തന്റെ ഫദാഇലിൽ ഖുർആനിലും (2/103) ഇബ്നു അബീദാവൂദ് തന്റെ അൽ മസാഹിഫിലും (1/235) ഈ നിവേദനം ഉദ്ധരിച്ചിട്ടുണ്ട്. തീരെ ദുർബലമാണീ നിവേദനം. ഉഥ്മാനിന്റെ അടുത്ത് നിന്ന് നേരിട്ട് ഇക്‌രിമ കേട്ടതല്ല ഇത്. ഉഥ്മാൻ പറഞ്ഞതായി മറ്റാരോ പറഞ്ഞത് കേട്ട് നിവേദനം ചെയ്തതാണ്. ഈ നടുവിലെ വ്യക്തി ആരാണെന്നറിയില്ല. ഇത്തരം നിവേദങ്ങളെയാണ് മുർസൽ എന്ന് പറയുക. ഇക്‌രിമയും ഉഥ്മാനും തമ്മിൽ നിവേദകശ്രംഖലയിൽ ഒരു കണ്ണി വിട്ടുപോയിട്ടുണ്ടെന്ന വസ്തുത ഹദീഥ് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുള്ളതാണ്. നിദാനശാസ്ത്രപടുവായ അബൂ സഈദ് അൽ ആലാഈ തന്റെ ജാമിഅ ത്തഹസീൽ ഫീ അഹ്കാമൽ മറാസീൽ (പുറം 239) എന്ന ഗ്രൻഥത്തിലും ഖുർആൻ രേഖീകരണചരിത്രത്തിലെ പണ്ഡിതനായ അബൂ അംദ്ദാനീ തന്റെ കിതാബുൽ മുഖന്നിഅ (പുറം 115) എന്ന ഗ്രന്ഥത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇബ്‌നു അബീദാവൂദിന്റെ ഒരു നിവേദനത്തില്‍ ഇഖ്‌രിമതു ഥാഇയ്യ് എന്നാണ് നിവേദകനെ വിളിച്ചിരിക്കുന്നത്. ഹദീഥ് പണ്ഡിതന്മാർക്ക് പരിചയമില്ലാത്ത പേരാണിത്. ഈ നിവേദനത്തിന്റെ മറ്റൊരു ന്യൂനതയാണിത്. ഇത്തരം നിവേദനങ്ങൾ തെളിവിന് കൊള്ളുന്നതല്ലെന്ന് ഹദീഥ് നിദാനശാസ്ത്രത്തിൽ അടിസ്ഥാന വിവരമെങ്കിലുമുള്ള ആർക്കും മനസ്സിലാവും.

യഹ്‌യാ ബിന്‍ യഅ്മര്‍ വഴിയാണ് ഈ അഥറിന്റെ മറ്റൊരു നിവേദകപരമ്പര. ഇദ്ദേഹം ഉഥ്മാനെ(റ) കണ്ടിട്ടില്ലാത്തതിനാല്‍ പരമ്പര മുറിഞ്ഞതാണ്. ഇമാം ബുഖാരി (റ) താരീഖുല്‍ കബീറി(5/170)ലും ഇബ്നു ഹജറുൽ അസ്ഖലാനി തഹ്ദിബു തഹ്ദീബി (11/305)ലും ഇക്കാര്യം വ്യക്തമാക്കുന്നു. ഇതിന്റെ നിവേദകപരമ്പര അവ്യക്തവും തെളിവിന് കൊള്ളാത്തതുമാണെന്ന് ഇമാം ബാഖില്ലാനി തന്റെ ‘അല്‍ ഇന്‍തിദ്വാർ ലില്‍ ക്വുര്‍ആന്‍ (2/136) ല്‍ വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു നിവേദനം അബ്ദുല്‍ അഅ്‌ലാ വഴിയാണ്. ഇദ്ദേഹത്തെ ഒരു നിരൂപകനും വിശ്വസ്തനായി കാണുന്നില്ല. ആയതിനാല്‍ ഇതും ബലഹീനമാണ്. മറ്റൊരു നിവേദനം ഖതാദ (റ) വഴിയാണ്. ഈ പരമ്പരയിലും അവ്യക്തതയുണ്ട്. കാരണം ഒരു നിവേദകന്‍ പറയുന്നത് നമ്മുടെ അനുയായികള്‍ ഉദ്ധരിച്ചുവെന്നാണ്. ആരാണ് ഈ അനുയായികൾ എന്ന് വ്യക്തമല്ല. അതിനാല്‍ ഇതും ബലഹീനമാണ്. ഖുർആൻ എഴുതിയപ്പോൾ അബദ്ധങ്ങളുണ്ടായിയെന്ന പേരിൽ ഉഥ്മാനിന്റേതായി ഉദ്ധരിക്കപ്പെടുന്ന നിവേദനങ്ങളൊന്നും തെളിവിന് കൊള്ളാത്തതാണ് എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

മൂന്ന്) പകർത്തിയെഴുതുമ്പോൾ ഖുർആനിൽ വ്യാകരണത്തെറ്റുണ്ടായിയെന്ന ആയിശയിൽ നിന്നുള്ളതായി ഉദ്ധരിക്കപ്പെടുന്ന വർത്തമാനം പരിഗണന പോലും അർഹിക്കാത്ത ദുർബലവാദമാണെന്ന് അല്പം ചിന്തിക്കുന്ന ആർക്കും മനസ്സിലാവും. ഏതൊരു ഭാഷയിലാണെങ്കിലും അതിലെ അംഗീകരിക്കപ്പെട്ട സാഹിത്യകൃതികളുടെ വെളിച്ചത്തിലാണ് വ്യാകരണനിയമങ്ങൾ രൂപപ്പെടുന്നത്. വ്യാകരണത്തിൽ നിന്ന് ഭാഷയല്ല, ഭാഷയിൽ നിന്ന് വ്യാകരണമാണുണ്ടാവുന്നത്. അതിപുരാതനമായ ഗ്രീക്ക് ഭാഷക്ക് ആദ്യമായി പദരൂപശാസ്ത്ര(word morphology)മുണ്ടാക്കുന്നത് ക്രിസ്തുവിന് രണ്ട് നൂറ്റാണ്ടുകൾക്ക് മുൻപ് ദിയോനീസിയൂസ് ത്രാക്‌സ് ആണ്. ക്രിസ്താബ്ദം രണ്ടാം നൂറ്റാണ്ടിൽ മാത്രമാണ് അപ്പോളോനിയുസ് ഡിസ്കൊലസ് വാക്യങ്ങളുടെ പദവിന്യാസക്രമത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് വ്യാകരണത്തിലേക്ക് കടക്കുന്നത്. നിലവിലുള്ള ഗ്രീക്ക് സാഹിത്യകൃതികളും സംസാരശൈലിയും പഠനവിധേയമാക്കിയാണ് അദ്ദേഹം അക്കാര്യം നിർവ്വഹിച്ചത്. അതിനുശേഷമാണ് പാശ്ചാത്യഭാഷകളിലെയെല്ലാം വ്യാകരണനിയമങ്ങളുണ്ടാവുന്നത്. ഈ വ്യാകരണനിയമങ്ങളുടെ വെളിച്ചത്തിൽ അവയ്ക്ക് ആധാരമായ സാഹിത്യകൃതികളെ വിമർശിക്കുന്നത് എന്തുമാത്രം വലിയ വങ്കത്തമല്ല! ഏത് കൃതികളിലെ ഭാഷയുടെ വിന്യാസക്രമത്തെ ശാസ്ത്രീയമായി വിശകലനം ചെയ്തുകൊണ്ട് വ്യാകരണമുണ്ടാക്കിയോ അതേ വ്യാകരണനിയമങ്ങൾ ആ കൃതികളിൽ പാലിക്കപ്പെട്ടിട്ടില്ലെന്ന് വാദിക്കുന്നത് എത്രമാത്രം വലിയ വിവരക്കേടാണ്!

വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവർ ഇസ്‌ലാമിലേക്ക് വന്നപ്പോൾ അവരുടെയെല്ലാം മതഭാഷ അറബിയായിത്തീർന്ന സ്വാഭാവികസാഹചര്യത്തിൽ ശുദ്ധഅറബിക്ക് ഭംഗമുണ്ടാവുമോയെന്ന ഭയത്തിൽ നിന്നാണ് അറബി വ്യാകരണനിയമങ്ങൾ ക്രോഡീകരിക്കുകയെന്ന ചിന്തയുണ്ടായതെന്ന് ചരിത്രവിശാരദനായ ഇബ്നു ഖൽദൂൻ തന്റെ മുഖദ്ദിമയിൽ വ്യാകരണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നിടത്ത് സൂചിപ്പിക്കുന്നുണ്ട്. ക്രിസ്താബ്ദം 688ൽ മരണപ്പെട്ട ‘അബുൽ അസ്‌വദ ദ്ദുവലിയുടെ ‘ഉസൂലു ന്നഹ്‌വ് അൽഅറബി’യാണ് ആദ്യമായി രചിക്കപ്പെട്ട അറബി വ്യാകരണഗ്രൻഥം. അദ്ദേഹത്തിന് ശേഷമാണ് അറബി വ്യാകരണനിയമങ്ങൾ കൃത്യമായും സൂക്ഷ്മമായും ക്രോഡീകരിക്കപ്പെട്ടത്. അതിനുവേണ്ടി വ്യാകരണവിദഗ്ദന്മാർ സ്വീകരിച്ച അടിസ്ഥാനസ്രോതസ്സുകൾ ഖുർആനും ഇസ്‌ലാമിന് മുമ്പുള്ള അറബിക്കവിതകളുമായിരുന്നു. അറബി വ്യാകരണത്തിന്റെ ആധാരമാണ് ഖുർആനും അന്തരാളകകവിതകളുമെന്നർത്ഥം. ഇസ്‌ലാമിന് മുമ്പത്തെ കവികളുടെ കുലപതിയായ ഇമ്രുൽ ഖൈസിന്റെ കവിതയിൽ അറബി വ്യാകരണനിയമങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് ആരെങ്കിലും വിമർശിച്ചാൽ ഭാഷാശാസ്ത്രജ്ഞന്മാർ ആ വിമർശനം ശ്രദ്ധിക്കുക പോലുമില്ല. ഇതേപോലെയാണ് ഖുർആനിൽ വ്യാകരണനിയമങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്ന വിമർശനവും. അങ്ങനെ വിമർശിക്കുന്നവർക്ക് ഒന്നുകിൽ വ്യാകരണമറിയില്ല; അല്ലെങ്കിൽ ഖുർആൻ അറിയില്ല; അതുമല്ലെങ്കിൽ രണ്ടും അറിയില്ല. മൂന്നാമത്തെ വിഭാഗത്തിലാണ് ആ ആരോപണമുന്നയിക്കുന്ന ആധുനികരിലധികവും എന്നതാണ് വസ്തുത.

നാല്) ഖുർആൻ എഴുതിയപ്പോൾ ഗുരുതരമായ വ്യാകരണത്തെറ്റുകളുണ്ടായിട്ട് അത് ആയിഷയും ഉഥ്മാനും മാത്രമേ അറിഞ്ഞുവെന്ന് കരുതുന്നത് തനി വങ്കത്തമാണ്. മറ്റു സ്വഹാബിമാരിൽ നിന്നൊന്നും തന്നെ ഇത്തരമൊരു ആരോപണം ഉദ്ധരിക്കപ്പെട്ടിട്ടില്ല. ഉഥ്മാനെതിരെ അദ്ദേഹത്തിന്റെ ഭരണകാലത്ത് കലാപമുണ്ടാക്കിയവരൊന്നും തന്നെ ഖുർആനിലുണ്ടായിരുന്ന അബദ്ധങ്ങൾ തിരുത്തുവാൻ ഭരണാധികാരിയും ഖുർആൻ ക്രോഡീകരണത്തിന് ഉത്തരവിട്ടയാളും എന്ന നിലയിൽ അദ്ദേഹം നടപടികളൊന്നുമെടുത്തില്ല എന്ന ഒരു ആരോപണം ഉന്നയിച്ചിട്ടില്ല. ഉഥ്മാനെ വധിച്ചതുമായി ബന്ധപ്പെട്ട രാഷ്ട്രീയപ്രശ്നങ്ങളിൽ ഉറച്ച നിലപാടെടുക്കുകയും യുദ്ധത്തിന് വരെ ഒരുങ്ങുകയും ചെയ്ത ധീരവനിതയായ ആയിശ (റ) ഖുർആനിൽ വ്യാകരണപ്പിശകുകളുണ്ടെന്ന് മനസ്സിലാക്കിയിട്ടും അവ തിരുത്തുവാൻ ശ്രമങ്ങളൊന്നും നടത്തിയില്ലെന്ന് കരുതുവാൻ ന്യായമില്ല. മറ്റെന്തിനേക്കാളുമധികം ഖുർആനിൽ കളങ്കങ്ങളൊന്നും വന്നുചേരരുതെന്ന് നിർബന്ധമുണ്ടായിരുന്ന സ്വഹാബിസഞ്ചയത്തിന്റെ പ്രതിനിധിയായ ആയിശ (റ), എഴുത്തുകാരിലൂടെ വന്നുചേർന്ന വ്യാകരണത്തെറ്റുകളെ അതേപോലെ അവശേഷിപ്പിക്കുവാൻ ആരെങ്കിലും അനുമതി നല്കിയെന്നറിഞ്ഞാൽ വെറുതെയിരിക്കുമെന്ന് കരുതിക്കൂടാ. അബൂബക്കറിന്റെ കാലത്ത് ക്രോഡീകരിക്കപ്പെട്ട സുഹ്ഫ് തന്റെ സഹപത്നിയായ ഹഫ്സയുടെ പക്കൽ അവശേഷിച്ചിരുന്ന സമയത്ത് അതുമായി ഒത്തുനോക്കി അത്തരം പിശകുകളുണ്ടായിരുന്നെങ്കിൽ അവ തിരുത്തുവാൻ ആയിശ തയാറാകുമായിരുന്നു. അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നത് തന്നെ ഉഥ്മാനിന്റെ കാലത്ത് ക്രോഡീകരിക്കപ്പെട്ട ഖുർആനിൽ വ്യാകരണപ്പിശകുള്ളതായുള്ള അവരുടെ പേരിലുള്ള നിവേദനം ശരിയാകാൻ യാതൊരു സാധ്യതയുമില്ലെന്ന് വ്യക്തമാക്കുന്നു.

അഞ്ച്) അറബി വ്യാകരണ നിയമങ്ങൾ പ്രകാരം പിശകുകളാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്ന മുഴുവന്‍ വചനങ്ങളും അറബി വ്യാകരണ നിയമങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ ആഴമേറിയ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്, ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍. അവയൊന്നും തന്നെ പിശകുകളല്ലെന്നും ഭാഷയിലെ സവിശേഷമായ സന്ദർഭങ്ങളിലെ പ്രയോഗങ്ങളാണെന്നും ഖുർആനിന് മുൻപ് തന്നെയുള്ള സാഹിത്യകൃതികളുടെ വെളിച്ചത്തിൽ സമർത്ഥിക്കപ്പെട്ടിട്ടുമുണ്ട്. ഭാഷാപരമായ പിഴവുകളിൽ നിന്നും വ്യാകരണസംബന്ധിയായ അബദ്ധങ്ങളിൽ നിന്നും പൂര്‍ണമായും സംരക്ഷിതമാണ് ഖുർആൻ എന്ന വസ്തുത പ്രസ്തുത പഠനങ്ങൾ പരിശോധിച്ചാൽ ആർക്കും ബോധ്യപ്പെടും.

“ഖുർആൻ തനിക്ക് പൂർണമായും ലഭിച്ചുവെന്ന് ആരും പറയരുത്; ഖുർആനിൽ നിന്ന് കുറെയധികം നഷ്ടപ്പെട്ടിട്ടുണ്ട്” എന്ന ഇബ്നു ഉമറിന്റെ പരാമർശം അവതരിക്കപ്പെട്ട രൂപത്തിൽ തന്നെ ഖുർആൻ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന വാദം ശരിയല്ലന്നല്ലേ വ്യക്തമാക്കുന്നത് ?

ഇമാം സുയൂഥ്വിയുടെ ‘അൽ ഇത്ഖാൻ ഫീ ഉലൂമിൽ ഖുർആൻ’ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചിരിക്കുന്ന ഇബ്നു ഉമറിൽ(റ) നിന്നുള്ള ഒരു നിവേദനമാണ് വിമർശനത്തിന് ആധാരം. നിവേദനം ഇങ്ങനെയാണ്: “നിങ്ങളാരും തന്നെ മുഴുവൻ ഖുർആനും എനിക്ക് ലഭിച്ചുവെന്ന് പറയരുത്. അത് മുഴുവനായും അവൻ അറിയുന്നതെങ്ങനെ? ഖുർആനിൽ നിന്ന് കുറെയേറെ നഷ്ടപ്പെട്ടിട്ടുണ്ട്. അതിൽ അവശേഷിച്ചത് എനിക്ക് ലഭിച്ചിരിക്കുന്നു എന്നാണ് അവൻ പറയേണ്ടത് “(അൽ ഇത്ഖൻ 2/ 25; ഇമാം അബൂ ഉബൈദ്: ഫദാഇലുൽ ക്വുര്‍ആന്‍, പേജ് 320).

താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

ഒന്ന്) ഖുർആൻ സമ്പൂർണമായി സംരക്ഷിക്കുമെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. “തീര്‍ച്ചയായും നാമാണ്‌ ആ ഉല്‍ബോധനം അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌.” (ഖുർആൻ 15: 9)

മുഹമ്മദ് നബി(സ)ക്കുപോലും ഖുർആനിൽ എന്തെങ്കിലും കൂട്ടുവാനോ എടുത്തുമാറ്റുവാനോ ഉള്ള അവകാശം അല്ലാഹു നൽകിയിട്ടില്ല. “(നബിയേ) പറയുക: എന്‍റെ സ്വന്തം വകയായി അത്‌ ഭേദഗതി ചെയ്യുവാന്‍ എനിക്ക്‌ പാടുള്ളതല്ല. എനിക്ക്‌ ബോധനം നല്‍കപ്പെടുന്നതിനെ പിന്‍പറ്റുക മാത്രമാണ്‌ ഞാന്‍ ചെയ്യുന്നത്‌. തീര്‍ച്ചയായും എന്‍റെ രക്ഷിതാവിനെ ഞാന്‍ ധിക്കരിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാന്‍ പേടിക്കുന്നു.” (10:15)

“ഇത്‌ ലോകരക്ഷിതാവിങ്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ടതാകുന്നു. നമ്മുടെ പേരില്‍ അദ്ദേഹം (പ്രവാചകന്‍) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തെ നാം വലതുകൈ കൊണ്ട്‌ പിടികൂടുകയും എന്നിട്ട്‌ അദ്ദേഹത്തിന്‍റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു.” (69: 43- 46)

രണ്ട്) ഖുർആനിൽ ആദ്യം അവതരിപ്പിക്കപ്പെട്ട ചില വചനങ്ങൾ പിന്നീട് ദുർബലപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഖുർആൻ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

“വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിനു തുല്യമായതോ നാം കൊണ്ടുവരുന്നതാണ്. നിനക്കറിഞ്ഞുകൂടേ, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്ന്” (2:106).

‘ഒരു വേദവാക്യത്തിന്റെ സ്ഥാനത്ത് മറ്റൊരു വേദവാക്യം നാം പകരം വെച്ചാല്‍-അല്ലാഹുവാകട്ടെ താന്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണു താനും-അവര്‍ പറയും: നീ കെട്ടിച്ചമച്ചു പറയുന്നവന്‍ മാത്രമാകുന്നു എന്ന്. അല്ല, അവരില്‍ അധികപേരും കാര്യം മനസ്സിലാക്കുന്നില്ല’ (16:101).

മൂന്നു രൂപത്തിലാണ് ഖുർആനിൽ ദുർബലപ്പെടുത്തൽ അഥവാ നസ്ഖ് ഉണ്ടായിട്ടുള്ളത്. പാരായണം നിലനിർത്തിക്കൊണ്ട് നിയമങ്ങൾ ദുർബലപ്പെടുത്തുക, പാരായണം ഇല്ലാതെയായി നിയമങ്ങൾ അവശേഷിക്കുക, പാരായണവും അതിലെ നിയമങ്ങളും ദുർബലപ്പെടുത്തുക എന്നിവയാണവ. അല്ലാഹുവിൽ നിന്നുള്ള ബോധനങ്ങളുടെ അടിസ്ഥാനത്തിൽ മുഹമ്മദ് നബി (സ) തന്നെ നിർദേശിച്ചത് അനുസരിച്ച് നടന്നവയാണ് ഈ ദുർബലപ്പെടുത്തലുകളെല്ലാം. പാരായണവും അതിലെ നിയമങ്ങളും ദുർബലപ്പെടുത്തപ്പെട്ട ചില ആയത്തുകളെക്കുറിച്ചുള്ളതാണ് ഇബ്നു ഉമറിന്റെ(റ) മുകളിൽ ഉദ്ധരിച്ച പരാമർശം. അല്ലാഹു അവതരിപ്പിച്ചവയിൽ അവ കൂടി ഉണ്ടായിരുന്നുവെന്നും എന്നാൽ അവ പിൽക്കാലത്ത് ദുർബലപ്പെടുത്തപ്പെട്ടതിനാൽ വിസ്മരിക്കപ്പെടുകയാണുണ്ടായതെന്നുമാണ് ഇബ്നു ഉമർ (റ) വ്യക്തമാക്കുന്നത്. അത് കൊണ്ട് തന്നെ അവതരിക്കപ്പെട്ട മുഴുവൻ ഖുർആനും തനിക്ക് അറിയാം എന്ന് പറയാൻ ആർക്കും അവകാശമില്ലെന്ന വസ്തുത പഠിപ്പിക്കുകയാണ് ഇവിടെ അദ്ദേഹം ചെയ്യുന്നത്.

മൂന്ന്) ഇമാം സുയൂഥ്വി തന്റെ രണ്ട് ഗ്രന്ഥങ്ങളിൽ ഇബ്നു ഉമറിൽ നിന്നുള്ള ഈ അഥർ ഉദ്ധരിക്കുന്നുണ്ട്. ഒന്ന് നേരത്തെ സൂചിപ്പിച്ച അൽ ഇത്ഖാനിലാണ്. രണ്ടാമത്തേത് “മുഅതരിഖ് അൽ അർഖാൻ ഫീ അഅജാസിൽ ഖുർആൻ”(വാല്യം 1, പുറം 95) എന്ന ഗ്രന്ഥത്തിലാണ്. രണ്ടിലും ഖുർആനിലെ ആയത്തുകളെ ദുർബലപ്പെടുത്തുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നിടത്താണ് ഇത് ഉദ്ധരിച്ചിരിക്കുന്നത്. അൽ ഇത്ഖാനിൽ “ദുർബലപ്പെടുത്തലിനെയും ദുർബലപ്പെടുത്തിയവയെയും കുറിച്ച്” എന്ന തലക്കെട്ടിലുള്ള നാല്പത്തിയേഴാമത്തെ ഭാഗത്ത് ഈ അഥർ ഉദ്ധരിച്ചിരിക്കുന്നത് കാണാനാവും. ഹിജ്‌റ 228ൽ മരണപ്പെട്ട അബു ഉബൈദിന്റെ ‘ഫദാ’ഇലിൽ ഖുർആൻ’ എന്ന ഗ്രന്ഥത്തിൽ നിന്നാണ് ഇമാം സുയൂഥ്വി ഈ അഥർ ഉദ്ധരിച്ചിരിക്കുന്നത് (വാല്യം 1, പുറം 320). “വെളിപ്പെട്ടതിനു ശേഷം ഖുർആനിൽ നിന്ന് ദുർബലപ്പെടുത്തിയതും മുസ്ഹഫിൽ ഉൾപ്പെടുത്താത്തതുമായ കാര്യങ്ങളെപ്പറ്റി”എന്ന അധ്യായത്തിലെ ഒന്നാമത്തെ നിവേദനമായാണ് അബു ഉബൈദ് ഇത് ഉദ്ധരിച്ചിരിക്കുന്നത്. ഇത് ഉദ്ധരിച്ച പണ്ഡിതന്മാരെല്ലാം ഖുർആനിലെ ദുർബലപ്പെടുത്തപ്പെട്ട വചനങ്ങളെക്കുറിച്ചാണ് ഇബ്നു ഉമർ ഇങ്ങനെ പറഞ്ഞതെന്നാണ് മനസ്സിലാക്കിയിരുന്നത് എന്ന സത്യമാണ് ഇവ വ്യക്തമാക്കുന്നത്. ഇതേ അഥറിന്റെ തന്നെ ഇബ്നു ഹജറിന്റെ നിവേദനം കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കുന്നതാണ്. അത് ഇങ്ങനെയാണ്: “ഇബ്നു ഉമറിൽ നിന്നുള്ള ഇബ്നു ദ്ദുറൈസിന്റെ ഒരു നിവേദനത്തിൽ ‘ഞാൻ ഖുർആൻ മുഴുവനായി പാരായണം ചെയ്‍തു’വെന്ന് പറയുന്നതിനെ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് കാണാൻ കഴിയും. അദ്ദേഹം പറയുമായിരുന്നു: നാം പാരായണം ചെയ്തിരുന്ന ചിലവ ഉയർത്തപ്പെട്ടിരിക്കുന്നുവല്ലോ.” (ഫത്ഹുൽ ബാരി വാല്യം 9, പുറം 65)

ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്ത ഉബയ്യു ബ്നു കഅ്ബിന്റെ ഇതേ വിഷയത്തിലുള്ള മറ്റൊരു അഥർ കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കാനുതകുന്നതാണ്: ഉബയ്യിനോട് ഒരാൾ ഇങ്ങനെ പറഞ്ഞു: ‘ഓ അബ്ദുൽ മുൻസർ, ഖുർആൻ മുഴുവനായും ഞാൻ പഠിച്ചെടുത്തിരിക്കുന്നു’. ഉബയ്യ് മറുപടി പറഞ്ഞു: ‘അത് മുഴുവനായും താങ്കൾക്കറിയില്ല. ഖുർആനിൽ നിന്ന് പലതും ദുർബലപ്പെടുത്തിയിട്ടുണ്ട്; അതിന് ശേഷം അവ വിസ്മരിക്കപ്പെട്ടതാണ്.” (അൽ ബാഖിലാനി: അൽ ഇൻതിസാർ ലിൽ ഖുർആൻ, പുറം 406)

ഇബ്നു ഉമറും ഉബയ്യു ബ്നു കഅ്ബുമെല്ലാം പറഞ്ഞത് ഒരേ കാര്യം തന്നെയാണ്: ഖുർആനായി അവതരിക്കപ്പെട്ടത് മുഴുവൻ തനിക്ക് ലഭിച്ചിട്ടുണ്ടെന്നോ താൻ മനഃപാഠമാക്കിയിട്ടുണ്ടെന്നോ പറയാൻ ആർക്കും അവകാശമില്ല; അവതരിക്കപ്പെട്ട ചില വചനങ്ങൾ പ്രവാചകന്റെ(സ) കാലത്ത് തന്നെ ദുർബലപ്പെടുത്തപ്പെട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ മനഃപാഠമാക്കിയവരൊന്നും അവ മനഃപാഠമാക്കുകയോ എഴുത്തുകാരൊന്നും അവ എഴുതിവെക്കുകയോ ചെയ്തിട്ടില്ല. പിൽക്കാലത്തുള്ള ആർക്കും തന്നെ പ്രസ്തുത വചനങ്ങളെപ്പറ്റി അറിയുകയില്ല. അത് കൊണ്ടാണ് ഖുർആൻ മുഴുവനായി തനിക്ക് ലഭിച്ചിരിക്കുന്നുവെന്ന് പറയുന്നതിനെ പ്രമുഖരായ സ്വഹാബിമാർ നിരുത്സാഹപ്പെടുത്തിയത്. മുഹമ്മദ് നബി (സ) പൂർത്തിയാക്കിത്തന്ന ഖുർആനിൽ നിന്ന് അദ്ദേഹത്തിന് ശേഷം വല്ലതും നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് ഒരു സ്വഹാബിയും മനസ്സിലാക്കിയിട്ടില്ല. അങ്ങനെ മനസ്സിലാക്കിയെന്ന് വ്യക്തമാക്കുന്ന യാതൊരു പ്രമാണവുമില്ല.

നാല്) ഉബയ്യു ബ്നു കഅ്ബിൽ നിന്ന് നേരത്തെ പറഞ്ഞത് നിവേദനം ചെയ്ത ഇബ്നു അബ്ബാസിൽ(റ) നിന്ന് ബുഖാരി ഉദ്ധരിച്ചിരിക്കുന്ന അഥർ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാക്കുന്നതാണ്. അതിങ്ങനെയാണ്: “അബ്ദുൽ അസീസ് ബ്നു രുഫാഇയിൽ നിന്ന് നിവേദനം: ശദ്ദാദ് ബിൻ മഅഖിലും ഞാനും കൂടി ഇബ്നു അബ്ബാസിന്റെ അടുത്ത് പോയി. ശദ്ദാദ് ബിൻ മഅഖിൽ അദ്ദേഹത്തോട് ചോദിച്ചു: (ഖുർആനിനോടൊപ്പം) മറ്റു വല്ലതും പ്രവാചകൻ (സ) അവശേഷിപ്പിച്ചിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു: (ഖുർആനിന്റെ) രണ്ട് ചട്ടകൾക്കുള്ളിൽ ഉള്ളതല്ലാത്ത മറ്റൊന്നും തന്നെ പ്രവാചകൻ (സ) അവശേഷിപ്പിച്ചിട്ടില്ല. പിന്നീട് ഞങ്ങൾ മുഹമ്മദ് ബിൻ അൽഹനഫിയ്യയുടെ അടുക്കലും പോയി ഇതേ ചോദ്യം ആവർത്തിച്ചു. അദ്ദേഹം പറഞ്ഞു: (ഖുർആനിന്റെ) രണ്ട് ചട്ടകൾക്കുള്ളിൽ ഉള്ളതല്ലാത്ത മറ്റൊന്നും തന്നെ പ്രവാചകൻ (സ) അവശേഷിപ്പിച്ചിട്ടില്ല.” (സ്വഹീഹുൽ ബുഖാരി, കിത്താബു ഫദാഇലിൽ ഖുർആൻ, ബാബു മൻ ഖാല ലം യത്റുഖി നബിയ്യു(സ) ഇല്ലാ മാ ബൈന ദ്ദഫതൈനി)

ഖുർആനിലുണ്ടാകണമെന്ന രൂപത്തിൽ പ്രവാചകൻ (സ) പഠിപ്പിച്ചതൊന്നും തന്നെ പിൽക്കാലത്ത് നഷ്ടപ്പെട്ടിട്ടില്ലെന്ന സത്യം ഇബ്നു അബ്ബാസിന്റെയും മുഹമ്മദ് ബിൻ അൽഹനഫിയ്യയുടെയും ഈ സാക്ഷ്യത്തിൽ നിന്ന് സുതരാം വ്യക്തമാവുന്നുണ്ട്. നഷ്ടപ്പെട്ടതായി ഇബ്നു ഉമറും ഉബയ്യു ബ്നു കഅ്ബുമെല്ലാം പറഞ്ഞത് പ്രവാചകന്റെ(സ) കാലത്ത് അദ്ദേഹം തന്നെ ദൈവികബോധനത്തിന്റെ അടിസ്ഥാനത്തിൽ ദുർബലപ്പെടുത്തിയവയാണ്. ഉബയ്യു ബ്നു കഅ്ബിൽ നിന്ന് ഖുർആനിൽ നിന്ന് കുറെ ഭാഗങ്ങൾ വിസ്മരിക്കപ്പെട്ടിട്ടുണ്ടെന്ന കാര്യം നിവേദനം ചെയ്ത ഇബ്നു അബ്ബാസു(റ) തന്നെയാണ് അബൂബക്കറിന്റെ(റ) കാലത്ത് ക്രോഡീകരിച്ച മുസ്ഹഫിന്റെ രണ്ട് ചട്ടകൾക്കുളിലുള്ള വചനങ്ങൾ മാത്രമാണ് പ്രവാചകൻ (സ) ഖുർആനായി അവശേഷിപ്പിച്ചത് എന്ന് പറയുന്നതെന്നു കാര്യം ശ്രദ്ധേയമാണ്. ഉബയ്യു ബ്നു കഅ്ബ് ഉദ്ദേശിച്ചത് നസ്ഖ് ചെയ്യപ്പെട്ട ഖുർആൻ വചങ്ങളെക്കുറിച്ചാണെന്നാണ് ഇബ്നു അബ്ബാസ് മനസ്സിലാക്കിയതെന്ന് ഇതിൽ നിന്ന് കൃത്യമായി മനസ്സിലാവുന്നുണ്ട്. ഇക്കാര്യം ബുഖാരിയുടെ വ്യാഖ്യാതാവായ ഇബ്നു ഹജർ പറയുന്നുണ്ട്. “ഖുർആൻ അറിയാമായിരുന്നവരുടെ മരണം വഴി കുറെയേറെ ഖുർആൻ വചനങ്ങൾ നഷ്ടപ്പെട്ടുവെന്ന ഊഹത്തെ തിരസ്കരിക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ അദ്ധ്യായം” (ഫത്ഹുൽ ബാരി, വാല്യം9, പുറം 65) എന്നാണ് ബുഖാരിയുടെ ഇക്കാര്യം നിവേദനം ചെയ്യുന്ന ഉപാധ്യായത്തെപ്പറ്റി അദ്ദേഹം പറയുന്നത്. ഇബ്നു ഉമറിന്റെയും ഉബയ്യു ബ്നു കഅബിന്റെയുമെല്ലാം അഭിപ്രായപ്രകടനങ്ങൾ ഖുർആനിലെ നസ്ഖ് ചെയ്യപ്പെട്ട വചങ്ങളെക്കുറിച്ചാണെന്നാണ് അവരെല്ലാം മനസ്സിലാക്കിയത് എന്ന് സാരം.

മുഹമ്മദ് നബിയുടെ അനുയായികളുടേതായി പല തരം ഖുർആനുകൾ നിലവിലുണ്ടായിരുന്നുവെന്നും അവ തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും വാദിക്കപ്പെടുന്നുണ്ടല്ലോ. വാസ്തവമെന്താണ്?

പല പ്രവാചകാനുചരന്മാരും അവരവുടെ പാരായണാവശ്യങ്ങൾക്കുവേണ്ടി തങ്ങളുടേതായ ഖുർആൻ രേഖകളുണ്ടാക്കിയിരുന്നുവെന്നത് ശരിയാണ്. അവ അവരുടെ സ്വകാര്യപ്രതികളായിരുന്നു. തങ്ങളുടെ വൈയക്തികമായ പഠന-പാരായണങ്ങൾക്കായി തങ്ങൾക്ക് ലഭിച്ച സൂറത്തുകൾ തങ്ങൾക്ക് ലഭിച്ച ക്രമത്തിൽ എഴുതിവെച്ചവയാരിരുന്നു അവ. ഇത്തരം ഖുർആൻ കയ്യെഴുത്തുരേഖകൾ പല സ്വഹാബിമാർക്കും ഉണ്ടായിരുന്നുവെന്ന് ഹദീഥുകളിൽ നിന്ന് മനസ്സിലാവുന്നുണ്ട്. (ഇമാം സുയൂഥ്വി: അൽ ഇത്ഖാൻ 1/ 62). ഹിജ്‌റ നാലാം നൂറ്റാണ്ടിൽ ജീവിച്ച ബാഗ്ദാദിയൻ ചരിത്രകാരനായ അബൂ ഫറാജ് മുഹമ്മദ് ബിൻ ഇസ്‌ഹാഖ്‌ അന്നദീം തന്റെ പ്രസിദ്ധമായ ‘കിത്താബൽ ഫിഹിരിസ്തി’ൽ ഇബ്നു മസ്ഊദിന്റെയും ഉബയ്യു ബ്നു കഅബിന്റെയും സൈദ് ബ്നു ഥാബിത്തിന്റെയും (റ) മുസ്ഹഫുകളുണ്ടായിരുന്നുവെന്നും അവയിൽ ചിലത് താൻ കണ്ടിട്ടുണ്ടെന്നും പറയുന്നുണ്ട്. (Bayard Dodge: The Fihrist of al-Nadim; A tenth Century Survey of Muslim Culture, New York, 1970, Page 53-63)

ഇബ്നു മസ്ഊദിനും ഉബയ്യു ബ്നു കഅബിനും സൈദ് ബ്നു ഥാബിത്തിനും കൂടാതെ അലി, ഇബ്നു അബ്ബാസ്, അബൂ മൂസൽ അശ്അരി, ഹഫ്സ, അനസ് ബ്നു മാലിക്ക്, ഉമർ ഫാറൂഖ്, ഇബ്നു സുബൈർ, അബ്ദുല്ലാഹി ബ്നു അംറ്, ആയിശ, സാലിം, ഉമ്മു സൽ‍മ, ഉബൈദ് ബ്നു ഉമർ (റ) എന്നിവരുടെ കൈകളിലും സ്വന്തമായ ഖുർആൻ കയ്യെഴുത്ത് രേഖകൾ ഉണ്ടായിരുന്നതായി ഇബ്നു അബീദാവൂദ് തന്റെ മസാഹിഫിൽ വ്യക്തമാക്കുന്നുണ്ട്. (പുറം 14). ഇവയെ കൂടാതെ അബൂബക്കർ, ഉഥ്മാൻ, മുആദ് ബിൻ ജബൽ, അബൂ ദർദാഅ, അബൂ അയൂബ് അൽ അൻസാരി, ഉബാദ ബിൻ അൽ സാമിത്, തമീമുദ്ദാരി (റ) എന്നിവർക്കും പ്രവാചകാലത്ത് തന്നെ സ്വന്തമായി ഖുർആൻ കയ്യെഴുത്ത് രേഖകളുണ്ടായിരുന്നതായി വ്യക്തമാക്കുന്ന രേഖകളുണ്ട്. (Dr. Mohammed Fazalu Rahman Ansari, The Qura’nic Foundations and Structure of Muslim Society, Karachi, 1973, Volume 1,Page 76, Note 2)

ഇബ്നു മസ്ഊദിന്റേതായി അറിയപ്പെടുന്ന ഒരു ഖുർആൻ രേഖയിൽ ഇന്നുള്ള മുസ്ഹഫിലെ ക്രമത്തിലല്ല സൂറത്തുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് താൻ കണ്ടതായി സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഇബ്‌നു ന്നദീം രേഖപ്പെടുത്തുന്നുണ്ട്. അദ്ദേഹം കണ്ട ഇബ്നു മസ്ഊദിന്റെ മുസ്ഹഫിലെ ക്രമം ഇങ്ങനെയാണ്:

2, 4, 3, 7, 6, 5, 10, 9, 16, 11, 12, 17, 21, 23, 26, 37, 33, 28, 24, 8, 19, 29, 30, 36, 25, 22, 13, 34, 35, 14, 38, 47, 31, 35, 40, 43, 41, 46, 45, 44, 48, 57, 59, 32, 50, 65, 49, 67, 64, 63, 62, 61, 72, 71, 58, 60, 66, 55, 53, 51, 52, 54, 69, 56, 68, 79, 70, 73, 74, 83, 80, 76, 75, 77, 78, 81, 82, 88, 87, 92, 89, 85, 84, 96, 90, 93, 94, 86, 100, 107, 101, 98, 91, 95, 104, 105, 106, 102, 97, 110, 108, 109, 111, 112. (The Fihrist, Page 53-57)

ഇതിൽ ആകെയുള്ളത് 106 സൂറത്തുകൾ മാത്രമാണ്. അവയാകട്ടെ ലോകത്തെങ്ങും പ്രചാരത്തിലുള്ള ഉഥ്മാനീ മുസ്ഹഫിലെ ക്രമത്തിലല്ല ക്രോഡീകരിച്ചിരിക്കുന്നത് താനും.

ഉബയ്യുബ്നു കഅബിന്റെ മുസ്ഹഫാണ് താൻ കണ്ടതായി ഇബ്‌നു ന്നദീം രേഖപ്പെടുത്തുന്ന, സ്വഹാബിമാരുടേതായി അറിയപ്പെടുന്ന മറ്റൊരു കയ്യെഴുത്ത് രേഖ. അതിലെ സൂറത്തുകളുടെ ക്രമം ഇങ്ങനെയാണ്: 1, 2, 4, 3, 6, 7, 5, 10, 8, 9, 11, 19, 26, 22, 12, 18, 16, 33, 17, 39, 45, 20, 21, 24, 23, 40, 13, 28, 27, 37, 38, 36, 15, 42, 30, 43, 41, 14, 35, 48, 47, 57, 52, 25, 32, 71, 46, 50, 55, 56, 72, 53, 68, 69, 59, 60, 77, 78, 76, 75, 81, 79, 80, 83, 84, 95, 96, 49, 63, 62, 66, 89, 67, 92, 82, 91, 85, 86, 87, 88, 74, 98, 61, 93, 94, 101, 102, 65, 104, 99, 100, 105, 108, 97, 109, 110, 111, 106, 112, 113, 114. (The Fihrist, Page 58- 60)

ഇതിലുള്ള നൂറ്റിയൊന്ന് സൂറത്തുകളിൽ പലതും ക്രമം തെറ്റിയാണ് ക്രോഡീകരിച്ചിരിക്കുന്നത്.

ഉഥ്മാനീ മുസ്ഹഫിലെ ക്രമത്തിൽ നിന്ന് ഭിന്നമായാണ് ഈ മുസ്ഹഫുകളിൽ സൂറത്തുകൾ ക്രോഡീകരിച്ചിരിക്കുന്നത് എന്ന വസ്തുത ഖുർആനിലെ സൂറത്തുകളുടെ ക്രമത്തിൽ പോലും സ്വഹാബിമാർക്കിടയിൽ ഏകസ്വരമുണ്ടായിരുന്നില്ല എന്നതിനുള്ള തെളിവായാണ് വിമർശകർ എടുത്തുന്നയിക്കാറുള്ളത്. എന്നാൽ എന്താണ് യഥാർത്ഥത്തിലുള്ള വസ്തുത?

സ്വഹാബിമാരുടെ സ്വകാര്യ കയ്യെഴുത്തുപ്രതികൾ അവർ സ്വന്തം പാരായണത്തിനും പഠനത്തിനും വേണ്ടി എഴുതി വെച്ചവയായിരുന്നു. അവർക്ക് ലഭിച്ച സൂറത്തുകൾ അവർക്ക് ലഭിച്ച മുറയിൽ അവർ എഴുതി വെക്കുകയും പിന്നീട് അവർ അവയെ ക്രോഡീകരിക്കുകയും ചെയ്തു. പ്രവാചകൻ (സ) ഇഹലോകവാസം വെടിയുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് വരെ ഖുർആൻ സൂക്തങ്ങൾ അവതരിപ്പിക്കപ്പെടുകയും അവ പല സ്വഹാബിമാരും (റ) എഴുതിവെക്കുകയും മനഃപാഠമാക്കുകയും ചെയ്തു. സ്വകാര്യമായ ഖുർആൻ കയ്യെഴുത്ത് പ്രതികൾ കൈവശമുള്ള സ്വഹാബിമാർ (റ) ജീവിച്ചിരിക്കുമ്പോഴാണ് അബൂബക്കറിന്റെ ഭരണകാലത്ത് ആദ്യമായി കൃത്യമായ ക്രമത്തിലുള്ള ഖുർആൻ ക്രോഡീകരണം നടന്നത്. അതായിരുന്നു ഔദ്യോഗികമായ ആദ്യത്തെ ക്രോഡീകരണം. പ്രസ്തുത മുസ്ഹഫിൽ പ്രവാചകൻ (സ) പറഞ്ഞുകൊടുത്ത ക്രമത്തിൽ തന്നെയാണ് സൂറത്തുകളെ വിന്യസിച്ചിരിക്കുന്നത്. തങ്ങളുടെ സ്വകാര്യലിഖിതങ്ങളിൽ വ്യത്യസ്തമായ ക്രമത്തിലെഴുതിയ സ്വഹാബിമാരിൽ ആരെങ്കിലും അബൂബിക്കറിന്റെ(റ) കാലത്ത് സൂറത്തുകളെ വിന്യസിച്ച് ക്രമം ശരിയല്ലെന്ന് പറഞ്ഞതായി യാതൊരു രേഖയുമില്ല. തങ്ങളുടെ സ്വകാര്യകോപ്പികളിൽ എഴുതിയതിൽ നിന്ന് വ്യത്യസ്തമാണെങ്കിലും അബൂബക്കറിന്റെ(റ) നിർദേശപ്രകാരം തയ്യാറാക്കിയ ഔദ്യോഗികമുസ്ഹഫിലെ സൂറത്തുകളുടെ ക്രമം തന്നെയാണ് അംഗീകരിച്ചുവെന്നാണ് ഇതിൽ നിന്ന് മനസ്സിലാവുന്നത്.

ഉഥ്മാനിന്റെ(റ) ഭരണകാലത്ത് അബൂബക്കറിന്റെ(റ) കാലത്തുണ്ടാക്കിയ ഖുർആൻപ്രതിയെ ആധാരമാക്കി കൂടുതൽ സൂക്ഷ്മവും ക്രത്യവുമായ രീതിയിൽ നിർമിച്ച മുസ്ഹഫുകളിലും അതേ ക്രമം തന്നെയാണ് സ്വീകരിച്ചിരുന്നത്. സ്വകാര്യപ്രതികൾ കൈവശമുണ്ടായിരുന്ന സ്വഹാബിമാരിൽ പലരും മരണപ്പെട്ടിരുന്നില്ല. അവരാരും ഉഥ്മാൻ (റ) സ്വീകരിച്ച സൂറത്തുകളുടെ വിന്യാസക്രമം ശരിയല്ലെന്ന് വാദിച്ചതായി രേഖകളൊന്നുമില്ല. തങ്ങളുടെ സ്വകാര്യപ്രതികളിൽ തങ്ങൾക്ക് ലഭിച്ചതും തങ്ങൾ ഇച്ഛിച്ചതുമായ ക്രമത്തിലാണ് തങ്ങൾ സൂറത്തുകൾ രേഖപ്പെടുത്തിയതെന്നും അങ്ങനെയല്ല പ്രവാചകൻ (സ) പഠിപ്പിച്ച സൂറത്തുകളുടെ ക്രമമെന്നും കൃത്യമായി അറിയാവുന്നവരായിരുന്നു അവർ എന്നതുകൊണ്ടാണ് ഉഥ്മാൻ (റ) സ്വീകരിച്ച സൂറത്തുകളുടെ വിന്യാസക്രമത്തിൽ അഭിപ്രായവ്യത്യാസങ്ങളൊന്നും രേഖപ്പെടുത്താതിരുന്നത്. രണ്ട് ക്രോഡീകരണസന്ദർഭങ്ങളിലുമുള്ള സ്വകാര്യപ്രതികൾ കൈവശമുണ്ടായിരുന്ന സ്വഹാബിമാരുടെ മൗനം സൂറത്തുകളുടെ ക്രമത്തിന്റെ വിഷയത്തിൽ ആർക്കും യാതൊരു വിരുദ്ധാഭിപ്രായങ്ങളും ഉണ്ടായിരുന്നില്ല എന്ന വസ്തുത വ്യക്തമാക്കുന്നതാണ്.

വ്യഭിചാരികളെ എറിഞ്ഞുകൊല്ലണമെന്ന് കൽപിക്കുന്ന ഖുർആൻ വചനം തന്റെ കയ്യിലുണ്ടായിരുന്നുവെന്നും അത് ആട് തിന്ന് നശിച്ചുപോവുകയാണുണ്ടായതെന്നും ആയിഷ പറയുന്നതായി പരാമർശിക്കുന്ന ഹദീഥുണ്ടല്ലോ. മുഹമ്മദ് നബിയുടെ കാലത്തുണ്ടായിരുന്ന ഖുർആനിൽ നിന്ന് പലതും ആടും ഒട്ടകവുമെല്ലാം തിന്ന് നശിച്ചു പോയിട്ടുണ്ടാകാമെന്നല്ലേ ഈ ഹദീഥ് വ്യക്തമാക്കുന്നത്? അവതരിപ്പിക്കപ്പെട്ട രൂപത്തിൽ തന്നെ ഖുർആൻ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണെന്നല്ലേ ഇത് വ്യക്തമാക്കുന്നത്.

 

ഇമാം ഇബ്നു മാജ തന്റെ സുനനിലും ഇമാം അഹ്‌മദ്‌ തന്റെ മുസ്നദിലും ഉദ്ധരിച്ചിരിക്കുന്ന ഒരു ഹദീഥിന്റെ വെളിച്ചത്തിലുള്ളതാണ് ഈ വിമർശനം. ഹദീഥ് ഇങ്ങനെയാണ്. “ആയിശ (റ) പറഞ്ഞു: കല്ലെറിയലിന്റെ വചനവും പത്ത് പ്രാവശ്യമാണ് മുലകുടിയെന്ന വചനവും അവതരിക്കപ്പെട്ടിരുന്നു. അതെഴുതിയ രേഖ എന്റെ തലയിണക്കടിയിലുണ്ടായിരുന്നു. ദൈവദൂതൻ മരണപ്പെട്ടപ്പോൾ, ഞങ്ങളെല്ലാം അതുമായി ബന്ധപ്പെട്ട തിരിക്കുകൾക്കിടയിലായിരുന്ന സന്ദർഭത്തിൽ ഒരു ആട് അകത്ത് കടന്ന് അത് തിന്നു കളഞ്ഞു.” (സുനനു ഇബ്നു മാജ, കിതാബു ന്നികാഹ്, ഹദീഥ് 1944; മുസ്നദ് അഹ്‌മദ്‌ 43/343)

താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

ഒന്ന്) വിവാഹിതരായ വ്യഭിചാരികളെ എറിഞ്ഞു കൊല്ലണമെന്നും മുലകുടി ബന്ധം സ്ഥാപിക്കപ്പെടണമെങ്കിൽ പത്ത് തവണ കുടിക്കേണ്ടതുണ്ടെന്നും പഠിപ്പിക്കുന്ന വചനങ്ങൾ ഖുർആനിന്റെ ഭാഗമായി തന്നെ ആദ്യകാലത്ത് പാരായണം ചെയ്യപ്പെട്ടിരുന്നുവെന്നും പിന്നീട് അവ ദുർബലപ്പെടുത്തുകയാണുണ്ടായത് എന്നും വ്യക്തമാക്കുന്ന ഇതല്ലാതെയുള്ള സ്വഹീഹായ നിവേദനങ്ങളുണ്ട്.

സ്വഹീഹുൽ ബുഖാരി, കിത്താബുൽ ‘ഹുദൂദി’ലെ ബാബുൽ ‘ഇഅതിറാഫി ബി സ്സിനാ’യിൽ ഇബ്നു അബ്ബാസിൽ (റ) നിന്ന് നിവേദനം ചെയ്ത ഹദീഥിൽ ഇങ്ങനെ വായിക്കാം: ഉമർ (റ) പറഞ്ഞു: “കുറെ കാലം കഴിയുമ്പോൾ ആളുകൾ കല്ലെറിഞ്ഞു കൊല്ലലിന്റെ (റജ്മ്) ആയത്തുകൾ വിശുദ്ധഗ്രന്ഥത്തിൽ ഞങ്ങൾ കാണുന്നില്ല എന്ന് പറയുമെന്ന് ഞാൻ ഭയപ്പെടുന്നു. ക്രമേണ അല്ലാഹു ഇറക്കിയ ഈ ഉത്തരവാദിത്വം ഒഴിവാക്കിക്കൊണ്ട് അവർ വഴിപിഴക്കുകയും ചെയ്യും. അറിയുക വ്യഭിചാരി വിവാഹിതനാണെങ്കിൽ, കുറ്റം സാക്ഷികൾ മുഖേനയോ ഗർഭത്തിലൂടെയോ കുറ്റസമ്മതം കൊണ്ടോ തെളിയിക്കപ്പെട്ടാൽ അതിനുള്ള ശിക്ഷയായി കല്ലെറിഞ്ഞു കൊല്ലേണ്ടതാണ്. (നിവേദകന്മാരുടെ പരമ്പരയിൽ പെട്ട ഒരാളായ) സുഫ്‌യാൻ (റ) കൂട്ടിച്ചേർത്തു: ഞാൻ ഈ നിവേദനം ഇങ്ങനെയാണ് മനഃപാഠമാക്കിയത്: ഉമർ (റ) ഇങ്ങനെ കൂടി പറഞ്ഞിട്ടുണ്ട്: “തീർച്ചയായും അല്ലാഹുവിന്റെ ദൂതനും അദ്ദേഹത്തിനുശേഷം ഞങ്ങളുമെല്ലാം കല്ലെറിഞ്ഞു കൊന്നിട്ടുണ്ട്.”

സ്വഹീഹ് മുസ്‌ലിമിലെ കിതാബുൽ ‘ഹുദൂദി’ൽ ബാബു ‘റജ്‌മി ഥയ്യിബി ഫിസ്സിനാ’യിലും സുനനു അബൂദാവൂദിലെ കിതാബുൽ ‘ഹുദൂദി’ൽ ബാബുൻ ‘ഫീ റജ്‌മിലും’ ഈ ഹദീഥ് ചെറിയ വ്യത്യാസങ്ങളോടെ നിവേദനം ചെയ്തിട്ടുണ്ട്.

“ആയിശ(റ)യിൽ നിന്ന് നിവേദനം; അവർ പറഞ്ഞു: വിവാഹബന്ധം നിഷിദ്ധമാകുന്ന രീതിയിൽ മുലകുടി ബന്ധം സ്ഥാപിക്കപ്പെടണമെങ്കിൽ പത്ത് തവണ മുല കുടിക്കണമെന്ന് ഖുർആനിൽ അവതരിക്കപ്പെട്ടിരുന്നു; അത് അഞ്ചു തവണയെന്നാക്കി ദുർബലപ്പെടുത്തപ്പെട്ടു; പ്രവാചകൻ (സ) മരണപ്പെട്ടു; അതിന്നു മുൻപ് അത് ഖുർആനിൽ പാരായണം ചെയ്തിരുന്നു.” (സ്വഹീഹ് മുസ്‌ലിം, കിതാബുർ റിദ്വാഅ, ബാബുത്തുഹ്‌രീമി ബി ഖംസി റദ്വആത്തിൻ)

പാരായണം ദുർബലപ്പെടുത്തി വിധി നിലനിർത്തിയ നസ്‌ഖിന് ഉദാഹരണമായി വ്യഭിചാരിയെ കല്ലെറിഞ്ഞുകൊല്ലണമെന്ന വചനവും പാരായണവും വിധിയും ദുർബലപ്പെടുത്തിയ നസ്‌ഖിന് ഉദാഹരണമായി മുലകുടി ബന്ധത്തെക്കുറിച്ച വചനവും പണ്ഡിതന്മാർ ഉദ്ധരിച്ചിട്ടുണ്ട്.

പ്രവാചകാനുചരന്മാരൊന്നും തന്നെ വ്യഭിചാരിയെ കല്ലെറിഞ്ഞുകൊല്ലണമെന്ന് കല്പിക്കുന്ന വചനം ഖുർആനിന്റെ ഭാഗമായി എഴുതിവെച്ചിട്ടില്ലെന്ന സത്യം വചനം ദുർബലപ്പെട്ടതാണെന്ന വസ്തുതയും പ്രസംഗപീഠത്തിൽ വെച്ച് ഈ വചനത്തിലെ നിയമം നിലനിൽക്കുന്നതാണെന്ന് ഉമർ (റ) പറഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന പ്രവാചകാനുചരന്മാരിൽ ഒരാൾ പോലും അതിന്നെതിരെ യാതൊന്നും പറഞ്ഞില്ലെന്ന സത്യം ഇതിലെ നിയമം നിലനിൽക്കുന്നെണ്ടെന്ന വസ്തുതയുമാണ് വ്യക്തമാക്കുന്നതെന്നും ഇമാം നവവി സമർത്ഥിക്കുന്നുണ്ട്. (ഇമാം നവവി: ശറഹ് സ്വഹീഹ് മുസ്‌ലിം, കിതാബുൽ ഹുദൂദ്, ബാബു ‘റജ്‌മി ഥയ്യിബി ഫിസ്സിനാ’ 3201ആം നമ്പർ ഹദീഥിന്റെ വ്യാഖ്യാനം)

പത്ത് മുലകുടിയിലൂടെയാണ് മുലകുടിബന്ധം സ്ഥാപിക്കപ്പെടുകയെന്ന് പഠിപ്പിക്കുന്ന വചനം ഖുർആനിലുണ്ടായിരുന്നുവെന്നും അത് പിന്നീട് ദുർബലപ്പെടുത്തുകയാണുണ്ടായത് എന്നുമുള്ള ആയിശ(റ)യുടെ പരാമർശത്തിൽ നിന്ന് വചനങ്ങളും വിധികളും ദുർബലപ്പെടുത്തുന്ന രീതി പ്രവാചകാനുചരന്മാർക്ക് പരിചയമുണ്ടായിരുന്നുവെന്ന് വ്യക്തമാണ്. മുഹമ്മദ് നബി (സ) ജീവിച്ചിരിക്കുമ്പോൾ തന്നെയാണ് ഇത് സംഭവിച്ചതെന്നും ഈ ഹദീഥ് വ്യക്തമാക്കുന്നുണ്ട്. പ്രവാചകൻ (സ) പഠിപ്പിക്കുകയും അനുചരന്മാരെങ്കിലും എടുത്ത് മാറ്റുകയും ചെയ്ത സൂക്തങ്ങളോ ഖുർആനിൽ നിന്ന് അബദ്ധവശാൽ നഷ്ടപ്പെട്ടുപോയതോ ആട് തിന്നു നശിച്ചതിനാൽ വിസ്മരിക്കപ്പെട്ടതോ ആയ വചനങ്ങളോ അല്ല ഇവയൊന്നും തന്നെ. ഖുർആൻ ജനങ്ങൾക്ക് പറഞ്ഞു കൊടുത്ത പ്രവാചകൻ (സ) തന്നെ, തന്റെ അനുചരന്മാരോട് ഖുർആൻരേഖയിൽ എഴുതേണ്ടതില്ലെന്ന് കൽപിക്കുകയും ദുർബലപ്പെടുത്തുകയും ചെയ്ത വചനങ്ങളാണിവ. അല്ലാഹു അവതരിപ്പിച്ച ചില വചനങ്ങൾ നില നിർത്തേണ്ടതില്ലെന്ന് അവൻ തന്നെ തീരുമാനിച്ചതിനുള്ള ഉദാഹരങ്ങൾ മാത്രമാണ് ഇവ. ഈ വചനങ്ങൾ ഇന്ന് പാരായണം ചെയ്യുന്ന ഖുർആനിൽ ഇല്ലാത്തത് അത് ആട് തിന്നു പോയത് കൊണ്ടല്ല, പ്രത്യുത അവ പഠിപ്പിച്ച പ്രവാചകൻ തന്നെ അവ ഖുർആനിന്റെ ഭാഗമായി സംരക്ഷിക്കേണ്ടതില്ല എന്ന് നിഷ്കർഷിച്ചതിനാലാണ്.

രണ്ട്) ആട് തിന്നു പോയത് വഴി നഷ്ടപ്പെട്ടുവെന്നാരോപിക്കുന്ന വചനങ്ങളെല്ലാം ഇന്നും നിലനിൽക്കുന്നുണ്ട്. വ്യത്യസ്തങ്ങളായ ഹദീഥ് ഗ്രൻഥങ്ങളിൽ അവ നമുക്ക് കാണാൻ കഴിയും. വിവാഹിതരായ വ്യഭിചാരികളെ എറിഞ്ഞു കൊല്ലണമെന്ന ആട് തിന്ന് നശിപ്പിച്ചത് വഴി ഖുർആനിൽ നിന്ന് നഷ്ടപ്പെട്ടുപോയി എന്ന് ആരോപിക്കപ്പെടുന്ന വചനമെടുക്കുക. ഇമാമുമാരായ അബ്ദുല്ലാഹി ബ്നു ഇമാം അഹ് മദിന്റെ സവാഹിദുൽ മുസ്നദിലും (21207) അബ്ദുർറസാഖിന്റെ മുസന്നഫിലും (5990) ഇബ്നു ഹിബ്ബാനിന്റെ സ്വഹീഹയിലും (4428) ഹാക്കിമിന്റെ മുസ്തദ്‌റക്കിലും (8068) ബൈഹഖിയുടെ അസ്സുനനിലും (16911) ഇബ്നു ഹസമിന്റെ അൽ മുഹല്ലയിലും (12/175) സ്വഹീഹായ സനദോടെ ഉദ്ധരിക്കപ്പെട്ട ഹദീഥിൽ സൂറത്തുൽ അഹ്സാബിന്റെ ഭാഗമായി “വൃദ്ധനോ വൃദ്ധയോ വ്യഭിചരിച്ചാൽ അവരെ കല്ലെറിഞ്ഞു കൊല്ലുക; അവർക്ക് അല്ലാഹുവിൽ നിന്നുള്ള ശിക്ഷയാണത്; പ്രതാപവാനും യുക്തിജ്ഞനുമാകുന്നു അല്ലാഹു”(الشَّيْخُ وَالشَّيْخَةُ إِذَا زَنَيَا فَارْجُمُوهُمَا الْبَتَّةَ نَكَالًا مِنَ اللهِ وَاللهُ عَزِيزٌ حَكِيمٌ) വെന്ന വചനം തങ്ങൾ പാരായണം ചെയ്യാറുണ്ടായിരുന്നുവെന്ന് ഉബയ്യു ബ്നു കഅബ് (റ) നിവേദനം ചെയ്തതായി കാണാൻ കഴിയും. ആട് തിന്നതു മൂലമോ സമുദായത്തിന്റെ അശ്രദ്ധയാലോ ഈ വചനം നഷ്ടപ്പെടുകയല്ല ഉണ്ടായതെന്നും ഈ വചനത്തെയും അതിലെ വിധിയെയും വചനം ദുർബലപ്പെട്ടതിനാൽ ഖുർആനിന്റെ ഭാഗമായി അത് പാരായണം ചെയ്യാൻ പാടില്ലെന്ന കാര്യവുമെല്ലാം പ്രവാചകാനുചരന്മാർക്ക് കൃത്യമായി അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം ഹദീഥുകൾ. വചനം ദുർബലപ്പെടുത്തുകയും അതിലുള്ള വിധി നിലനിർത്തുകയും ചെയ്ത നസ്ഖിന് ഉദാഹരണമായി സ്വഹാബിമാർ മനസ്സിലാക്കുകയും പണ്ഡിതന്മാർ ഉദ്ധരിക്കുകയും ചെയ്തതാണ് ഈ വചനം. ആട് തിന്നു പോവുക വഴി ഖുർആനിൽ നിന്ന് നഷ്ടപ്പെടുകയും പിന്നീട് വിസ്മരിക്കപ്പെടുകയും ചെയ്ത വചനമായിരുന്നു ഇതെങ്കിൽ പിന്നെയെവിടെനിന്നാണ് ഈ ഹദീഥ് ഉദ്ധരിച്ചവർക്ക് അവ ലഭിച്ചത്?!

മൂന്ന്) ഇമാം ഇബ്നു മാജ തന്റെ സുനനിലും ഇമാം അഹ്‌മദ്‌ തന്റെ മുസ്നദിലും ഉദ്ധരിച്ചിരിക്കുന്ന ഹദീഥിന്റെ നിവേദക പരമ്പര ഇങ്ങനെയാണ്: ആയിശ(റ)യിൽ നിന്ന് അംറാ ബിൻത് അബ്ദുർ റഹ്‌മാനും അവരിൽ നിന്ന് അബ്ദുല്ലാഹി ബ്നു അബീബക്ർ ഇബ്ൻ ഹസമും അവരിൽ നിന്ന് മുഹമ്മദ് ബ്നു ഇസ്ഹാഖും അവരിൽ നിന്ന് അബ്ദുൽ അഅലായും അവരിൽ നിന്ന് അബൂസലമഃ യഹ്‌യ ബിൻ ഖലഫും നിവേദനം ചെയ്യുന്നു. ആയിശ- അംറാ ബിൻത് അബ്ദുർ റഹ്‌മാൻ- അബ്ദുല്ലാഹി ബ്നു അബീബക്ർ ആണ് ഈ നിവേദക പരമ്പരയിലെ അടിസ്ഥാനപരമായ കണ്ണി. അബ്ദുല്ലാഹി ബ്നു അബീബകറിൽ നിന്ന് ഈ ഹദീഥിന്റെ ആദ്യഭാഗം നിരവധി പേർ നിവേദനം ചെയ്തിട്ടുണ്ട്. യഹ്‌യ ബിൻ സഈദ് അൽഅൻസാരി, ഇമാം മാലിക്ക് എന്നിവർ അവരിൽ പ്രധാനികളാണ്. സ്വഹീഹ് മുസ്‌ലിമിലെ കിതാബുർ റിദ്വാഇലും (ഹദീഥ് 1452) മുവത്വയിലെ കിതാബുർ റിദ്വാഇലും (ഹദീഥ് 17) അബ്ദുല്ലാഹി ബ്നു അബീബകർ- യഹ്‌യ ബിൻ സഈദ് അൽഅൻസാരി- മാലിക്ക് ബ്നു അനസ് എന്ന നിവേദകപരമ്പരയോടെയാണ് ഇത് നിവേദനം ചെയ്തിരിക്കുന്നത്. ആ നിവേദകപരമ്പരയിലുള്ള ഹദീഥിൽ ആട് തിന്ന വർത്തമാനമേയില്ല. ആ ഹദീഥ് ഇങ്ങനെയാണ്: “ആയിശ(റ)യിൽ നിന്ന് നിവേദനം; അവർ പറഞ്ഞു: വിവാഹബന്ധം നിഷിദ്ധമാകുന്ന രീതിയിൽ മുലകുടി ബന്ധം സ്ഥാപിക്കപ്പെടണമെങ്കിൽ പത്ത് തവണ മുല കുടിക്കണമെന്ന് ഖുർആനിൽ അവതരിക്കപ്പെട്ടിരുന്നു; അത് അഞ്ചു തവണയെന്നാക്കി ദുർബലപ്പെടുത്തപ്പെട്ടു; പ്രവാചകൻ (സ) മരണപ്പെട്ടു; അതിന്നു മുൻപ് അത് ഖുർആനിൽ പാരായണം ചെയ്തിരുന്നു”.

ഒരേ അബ്ദുല്ലാഹി ബ്നു അബീബക്കറിൽ(റ) നിന്ന് ആയിശ (റ) പറഞ്ഞ ഈ സംഭവം നിവേദനം ചെയ്ത മുഹമ്മദ് ബ്നു ഇസ്ഹാഖൊഴിച്ച് മറ്റാരും തന്നെ അദ്ദേഹത്തിൽ നിന്ന് ആട് തിന്ന സംഭവം, അങ്ങനെയൊരു സംഭവം അദ്ദേഹം പറഞ്ഞു കൊടുത്തിരുന്നുവെങ്കിൽ കേട്ടില്ല എന്ന് കരുതാൻ നിർവാഹമില്ല. അബ്ദുല്ലാഹി ബ്നു അബീബകറിൽ നിന്ന് ആട് തിന്ന സംഭവമില്ലാതെ ഈ ഹദീഥിന്റെ ബാക്കി ഭാഗം നിവേദനം ചെയ്ത യഹ്‌യ ബിൻ സഈദാകട്ടെ ഹദീഥ് നിവേദനത്തിൽ സ്വീകരിക്കുന്ന സൂക്ഷ്മതയുടെയും കൃത്യതയുടെയും കാര്യത്തിൽ ഏറെ പ്രസിദ്ധനായ വ്യക്തിയുമാണ്. ഹദീഥ് വിജ്ഞാനീയത്തിൽ പ്രഗത്ഭനായ സുഫ്‌യാനു സൗരി പറഞ്ഞത് മദീനക്കാരെ സംബന്ധിച്ചിടത്തോളം ഹദീഥുകളുടെ കാര്യത്തിൽ ഇമാം സുഹ്‌രിയേക്കാൾ മഹത്വമുള്ളയാളായാണ് യഹ്‌യ ബിൻ സഈദ് എന്നാണ്. ഏറ്റവുമധികം പ്രാമാണികവും സത്യസന്ധവുമായി ഹദീഥുകൾ നിവേദനം ചെയ്യുന്നയാൾ എന്ന് അലി ബിൻ അൽ മദീനിയും കൃത്യവും കളങ്കങ്ങളൊന്നും കടന്നുവരാത്തതുമായ രീതിയിൽ നിവേദനം ചെയ്യുന്നയാൾ എന്ന് ഇമാം അഹ്‌മദ്‌ ബിൻ ഹമ്പലും സാക്ഷ്യപ്പെടുത്തിയ വ്യക്തികൂടിയാണ് അദ്ദേഹം. (ഇബ്നു ഹജറുൽ അസ്ഖലാനി: തഹ്ദീബ് അത്തഹ്ദീബ് 11/223)

യഹ്‌യ ബിൻ സഈദ് പറഞ്ഞതിനെതിരെ നിവേദനം ചെയ്യുമ്പോൾ ഹദീഥ് നിദാനശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം മുഹമ്മദ് ബ്നു ഇസ്‌ഹാഖ്‌ തീരെ സ്വീകാര്യനാവുകയില്ല. ഒരേ അബ്ദുല്ലാഹി ബ്നു അബീബക്കറിൽ നിന്ന് ഒരേ സംഭവം നിവേദനം ചെയ്യുമ്പോൾ യഹ്‌യ ബിൻ സഈദ് കേട്ടതിനേക്കാളധികം മുഹമ്മദ് ബ്നു ഇസ്ഹാഖ്‌ കേട്ടുവെന്ന് പറഞ്ഞാൽ അത് വിശ്വാസയോഗ്യമായി അവർ അംഗീകരിക്കുകയില്ല. മുഹമ്മദ് ബ്നു ഇസ്ഹാഖിനെ തെളിവിന് കൊള്ളുകയില്ലെന്നും പ്രവാചകചര്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അദ്ദേഹത്തിൽ നിന്നുള്ള നിവേദനങ്ങൾ സ്വീകരിക്കാനാവില്ലെന്നും അദ്ദേഹം മാത്രമായി നിവേദനം ചെയ്തതാണെങ്കിൽ പ്രസ്തുത ഹദീഥ് താൻ സ്വീകാര്യമായി ഗണിക്കുകയില്ലെന്നും പല നിവേദകരുടെയും വർത്തമാനങ്ങൾ ഒരൊറ്റ ഹദീഥിൽ ഉൾപ്പെടുത്തുകയും അവ തമ്മിൽ വേർതിരിക്കാതിരിക്കുകയും ചെയ്യുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടെന്നുമെല്ലാം ഇമാം അഹ്‌മദ്‌ ബിൻ ഹമ്പൽ പറഞ്ഞതായി ഇമാമിന്റെ മക്കൾ തന്നെ നിവേദനം ചെയ്തിട്ടുണ്ട്. മുഹമ്മദ് ബ്നു ഇസ്ഹാഖ്‌ ദുർബലനാണെന്ന് യഹ്‌യ ബിൻ മഈനും, ശക്തനല്ലെന്ന് നസാഇയും പ്രാമാണികമല്ലെങ്കിലും മറ്റു നിവേദനങ്ങളോടൊപ്പം സ്വീകരിക്കാവുന്ന നിവേദനങ്ങളാണ് അദ്ദേഹത്തിന്റേതെന്ന് ദാറഖുത്‌നിയും പറഞ്ഞതായി കാണാനാവും. (തഹ്ദീബ് അത്തഹ്ദീബ് 9/45)

അബ്ദുല്ലാഹി ബ്നു അബീബക്കറിൽ നിന്നല്ലാതെയുള്ള മറ്റൊരു പരമ്പരയോട് കൂടി ഇതേ സംഭവം നിവേദനം ചെയ്യപ്പെട്ടപ്പോഴും അതിൽ ആട് തിന്ന കഥയില്ലെന്നതും പ്രസ്തുത കഥയുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നതാണ്. ആയിഷയിൽ നിന്ന് കേട്ടതായി അംറയും അവരിൽ നിന്ന് കേട്ടതായി അൽഖാസിമു ബ്നു മുഹമ്മദും അദ്ദേഹത്തിൽ നിന്ന് അബ്ദു റഹ്‌മാന്‌ ബ്നു ഖാസിമും അദ്ദേഹത്തിൽ നിന്ന് ഹമ്മാദ് ബ്നു സലാമയും അദ്ദേഹത്തിൽ നിന്ന് അൽഹജ്‌ജാജ് ബ്നു മിൻഹാലും അദ്ദേഹത്തിൽ നിന്ന് മുഹമ്മദ് ബ്നു ഖുസൈമയും നിവേദനം ചെയ്യുന്ന ഇതേ സംഭവം പ്രതിപാദിക്കുന്ന ഹദീഥ് അത്തഹാവി തന്റെ ശറഹ് മുഷ്‌കിലൽ അഥറിൽ(11/486) ഉദ്ധരിക്കുന്നുണ്ട്. അതിൽ ആയിശ പറയുന്നതായി “വിവാഹബന്ധം നിഷിദ്ധമാകുന്ന രീതിയിൽ മുലകുടി ബന്ധം സ്ഥാപിക്കപ്പെടണമെങ്കിൽ പത്ത് തവണ മുല കുടിക്കണമെന്ന് ഖുർആനിൽ അവതരിക്കപ്പെട്ടിരുന്നു; അത് അഞ്ചു തവണയെന്നാക്കി ദുർബലപ്പെടുത്തപ്പെട്ടു”എന്ന് മാത്രമേയുള്ളൂ. ആട് തിന്ന സംഭവത്തിലേക്ക് യാതൊരു സൂചനയും അവിടെ നൽകുന്നില്ല. ആട് തിന്ന സംഭവത്തെക്കുറിച്ച വിവരങ്ങൾ തീരെ ദുർബലവും സംഭവിച്ചിരിക്കുവാൻ തീരെ സാധ്യതയില്ലാത്തതുമാണ് എന്ന് വ്യക്തമാക്കുന്ന ബലവത്തായ തെളിവുകളാണ് ഇവയെല്ലാം.

നാല്) ഇമാം ഇബ്നു മാജ തന്റെ സുനനിലും ഇമാം അഹ്‌മദ്‌ തന്റെ മുസ്നദിലും ഉദ്ധരിച്ചിരിക്കുന്ന ഹദീഥിൽ പറഞ്ഞത് പോലെ “കല്ലെറിയലിന്റെ വചനവും പത്ത് പ്രാവശ്യമാണ് മുലകുടിയെന്ന വചനവും എഴുതിയ തന്റെ തലയിണക്കടിയിലുണ്ടായിരുന്ന രേഖ ദൈവദൂതന്റെ മരണവുമായി ബന്ധപ്പെട്ട തിരക്കുകൾക്കിടയിലായിരുന്നപ്പോൾ ഒരു ആട് അകത്ത് കടന്ന് തിന്നു കളഞ്ഞു”വെന്ന ആയിശ(റ)യുടെ വർത്തമാനം സത്യമാണെങ്കിൽ തന്നെ അതിൽ നിന്നെങ്ങനെയാണ് ഖുർആൻ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്ന് വാദിക്കാൻ കഴിയുക?! അതിൽ നിന്നെങ്ങനെയാണ് ഖുർആനിൽ നിന്ന് ഒരു വചനം നഷ്ടപ്പെട്ടു പോയി എന്നു വരിക? ഈ ഹദീഥിലുള്ളത് അവരുടെ കയ്യിലുണ്ടായിരുന്ന ഈ വചനങ്ങൾ എഴുതിയ രേഖ ആട് തിന്നു എന്ന് മാത്രമാണ്. അവരുടെ കയ്യിൽ മാത്രമായിരുന്നില്ല ആ വചനങ്ങൾ എഴുതി വെച്ചതായി ഉണ്ടായിരുന്നത് എന്ന് നേരത്തെ പറഞ്ഞ ഹദീഥുകളിൽ നിന്ന് വ്യക്തമാണ്. അപ്പോൾ പിന്നെയെങ്ങനെയാണ് ആയിശയുടെ അടുത്തുള്ള രേഖ ആട് തിന്നതു കൊണ്ട് ആ വചനങ്ങൾ നഷ്ടപ്പെട്ടുവെന്ന് വാദിക്കുക?! ഖുർആനിൽ എന്നെന്നും നിലനിർത്തേണ്ട വചനങ്ങൾ ഉൾക്കൊള്ളുന്ന രേഖയായി അതിനെ ആയിശയോ മറ്റ് പ്രവാചകാനുചരന്മാരോ പരിഗണിച്ചതായി വ്യക്തമാക്കുന്ന തെളിവുകളൊന്നുമില്ല. നസ്ഖ് ചെയ്യപ്പെട്ട ആയത്തുകൾ ആയിശ അവരുടെ കയ്യിലുണ്ടായിരുന്ന ഒരു രേഖയിൽ എഴുതിവെച്ചിരുന്നു; തിരക്കുകൾക്കിടയിൽ ആ രേഖ ആട് തിന്നുപോയി. ഖുർആനിൽ നിന്ന് എന്തെങ്കിലും നഷ്ടപ്പെടുകയോ അതിലേക്ക് എന്തെങ്കിലും കൂട്ടിച്ചേർക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഈ സംഭവം തെളിയിക്കുന്നേയില്ല.

സൂറത്തു തൗബയിലും സൂറത്തുൽ അഹ്സാബിലുമുള്ള ഏതാനും വചനങ്ങൾ അബൂബക്കറി(റ)ന്റെ കാലത്ത് ക്രോഡീകരിക്കപ്പെട്ട ഖുർആനിൽ ആദ്യം ഉണ്ടായിരുന്നില്ലെന്നും മദീനയിലുള്ള ഒരാളിൽ നിന്ന് മാത്രമാണ് അവ ലഭിച്ചതെന്നും അങ്ങനെ ലഭിച്ചതിനു ശേഷം അവ ഖുർആനിൽ കൂട്ടിച്ചേർക്കുകയാണുണ്ടായതെന്നും വ്യക്തമാക്കുന്ന രേഖകളുണ്ടല്ലോ. ഇവ ഖുർആൻ വചനങ്ങളെല്ലാം നിരവധി പേരിലൂടെ സംപ്രേഷണം ചെയ്താണ് (മുതവാത്തിറായാണ്) നമ്മിലേക്കെത്തിയിട്ടുള്ളതെന്ന അവകാശവാദത്തെയും പ്രവാചകവിയോഗം കഴിഞ്ഞ കാലത്ത് ഖുർആൻ പൂർണമായി അറിയാവുന്ന നിരവധി പേർ ഉണ്ടായിരുന്നുവെന്ന വാദത്തെയും ചോദ്യം ചെയ്യുന്നവയല്ലേ?

അബൂബക്കറി(റ)ന്റെ കാലത്ത് നടന്ന ഖുർആൻ ക്രോഡീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഹദീഥുകളുടെ വെളിച്ചത്തിലാണ് ഈ വിമർശനം ഉന്നയിക്കപ്പെടുന്നത്. സ്വഹീഹുൽ ബുഖാരിയിലെ ഇവ്വിഷയകമായ ഹദീഥുകൾ പരിശോധിക്കുക:

സൈദു ബ്നു ഥാബിത് (റ) പറയുന്നു: …….. ഞാന്‍ അന്വേഷണം ആരംഭിച്ചു. പനയോലകള്‍, മിനുസമായ പരന്ന കല്ലുകള്‍, മനഃപ്പാഠമായുള്ളവരുടെ ഹൃദയങ്ങള്‍ എന്നിവയില്‍ നിന്നും അതിനെ ഒരുമിച്ചു കൂട്ടി. സൂറഃ തൗബയിലെ അവസാനത്തെ രണ്ടു ആയത്തുകള്‍ ഖുസൈമ ബിൻ ഥാബിത് അൽ അന്‍സാരി (റ) യിൽ നിന്നു ലഭിക്കുന്നത് വരെ എന്റെ അന്വേഷണം തുടർന്നു. അദ്ദേഹത്തിൽ നിന്നല്ലാതെ മറ്റാരിൽ നിന്നും എനിക്കത് ലഭിച്ചില്ല. സൂറത്തുതൗബയിലെ “തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത്‌ സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട്‌ അത്യന്തം ദയാലുവും കാരുണ്യവാനുമാണ്‌ അദ്ദേഹം. എന്നാല്‍ അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം (നബിയേ,) നീ പറയുക: എനിക്ക്‌ അല്ലാഹു മതി. അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍റെ മേലാണ്‌ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്‌. അവനാണ്‌ മഹത്തായ സിംഹാസനത്തിന്‍റെ നാഥന്‍”(9: 128-129 ) എന്ന രണ്ട് ആയത്തുകളായിരുന്നു അവ. ആ ഏട് മരണം വരെ അബൂബക്കറിന്റെ (റ) കൈവശമായിരുന്നു. ശേഷം ജീവിതകാലം ഉമറിന്റെ (റ) കരങ്ങളിലും. ശേഷം പുത്രി ഹഫ്‌സ(റ)യുടെ കരങ്ങളിലുമായിരുന്നു. (സ്വഹീഹുൽ ബുഖാരി, കിതാബുൽ അഹ്‌കാം, ബാബു യൂസ്തഹബ്ബു് ലിൽ കാത്തിബി അൻ യക്കൂന അമീനൻ ആഖിലൻ; ജാമിഉത്തിർമിദി, കിതാബു ത്തഫ്സീർ)

സൈദ് ബിൻ ഥാബിത്ത് (റ) പറഞ്ഞു: “ഞങ്ങൾ ഖുർആൻ പകർത്തിയെഴുതിയപ്പോൾ അല്ലാഹുവിന്റെ പ്രവാചകൻ (സ) പാരായണം ചെയ്യുന്നതായി ഞാൻ കേട്ട സൂറത്തുൽ അഹ്സാബിലെ ഒരു വചനം എവിടെ നിന്നും കിട്ടിയില്ല. ഞങ്ങൾ അന്വേഷിച്ചു; അബൂ ഖുസൈമ ബിൻ ഥാബിത് അൽ അന്‍സാരി (റ)യുടെ അടുത്ത് നിന്നാണ് അവസാനം അത് ഞങ്ങൾക്ക് ലഭിച്ചത്.” സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്മാരുണ്ട്‌. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട്‌ അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ (രക്ത സാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ (അത്‌) കാത്തിരിക്കുന്നു. അവര്‍ (ഉടമ്പടിക്ക്‌) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല”(33: 23) എന്ന വചനമായിരുന്നു അത്.” (സ്വഹീഹുൽ ബുഖാരി, കിതാബ് ഫദാഇലിൽ ഖുർആൻ, ബാബു ജംഇൽ ഖുർആൻ)

ഖുസൈമ ബിൻ ഥാബിത് അൽ അന്‍സാരി(റ)യുടെ പക്കൽ നിന്ന് മാത്രമേ സൂറത്തു തൗബയിലെ അവസാനത്തെ രണ്ട് ആയത്തുകളും സൂറത്തുൽ അഹ്സാബിലെ ഇരുപത്തി മൂന്നാമത്തെ ആയത്തും ലഭിച്ചുള്ളൂവെന്ന് പറയുമ്പോൾ അവ അറിയാവുന്നയാളായി മദീനയിൽ അദ്ദേഹം മാത്രമേയുണ്ടായിരുന്നുള്ളൂ എന്നാണ് അർത്ഥമാക്കുന്നത് എന്ന മുൻധാരണയുടെ അടിസ്ഥാനത്തിലാണ് ഈ വിമർശനം ഉന്നയിക്കപ്പെടുന്നത്. യഥാർത്ഥത്തിൽ ഈ മുൻധാരണയെ ഈ വിഷയം പ്രതിപാദിക്കുന്ന ഹദീഥുകൾ തന്നെ തിരുത്തുന്നുണ്ട്. “ഖുർആൻ പകർത്തിയെഴുതിയപ്പോൾ അല്ലാഹുവിന്റെ പ്രവാചകൻ (സ) പാരായണം ചെയ്യുന്നതായി ഞാൻ കേട്ട സൂറത്തുൽ അഹ്സാബിലെ ഒരു വചനം എവിടെ നിന്നും കിട്ടിയില്ല.” എന്ന സൈദ് ബിൻ ഥാബിത്തിന്റെ(റ) പ്രസ്താവന ശ്രദ്ധിക്കുക. ഇതിന്നർത്ഥമെന്താണ്? സൈദ് ബിൻ ഥാബിത്തടക്കം പല സ്വഹാബിമാരും പ്രവാചകനിൽ നിന്ന് ഈ വചനം കേട്ടിട്ടുണ്ട്; ഖുർആൻ മനഃപാഠമുള്ള സൈദിന് ഈ വചനം അറിയുകയും ചെയ്യാം. പക്ഷെ, പ്രവാചകന്റെ(സ) കാലത്ത് എഴുതപ്പെട്ട രേഖകളിലൊന്നും സൈദി(റ)നും കൂട്ടുകാർക്കും ഈ വചനം കണ്ടെത്താൻ കഴിഞ്ഞില്ല. അത് അവസാനം ഖുസൈമ ബിൻ ഥാബിത് അൽ അന്‍സാരി (റ)യുടെ പക്കൽ നിന്നാണ് കിട്ടിയത്. മനഃപാഠത്തെ മാത്രം ആശ്രയിക്കാതെ രേഖകളിൽ കൂടിയുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷമായിരിക്കണം ഖുർആൻ വചനങ്ങനല്ലാം രേഖീകരിക്കേണ്ടത് എന്ന ഭരണാധികാരിയായ അബൂബക്കറിന്റെ നിർദേശം നിഷ്‌കൃഷ്ടമായി അനുസരിക്കുന്ന പ്രവാചകാനുയായിയുടെ ചിത്രം മാത്രമാണ് ഈ ഹദീഥുകളിൽ നാം കാണുന്നത്.

ഇക്കാര്യം ബുഖാരിയുടെ വ്യാഖ്യാതാവായ ഇബ്നു ഹജറുൽ അസ്ഖലാനി (റ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

“ഖുർആനല്ലാത്ത മറ്റൊന്നുംതന്നെ അതോടൊപ്പം എഴുതി വെക്കരുതെന്ന് പ്രവാചക(സ)ന്റെ കല്പനയുണ്ടായിരുന്നു. പ്രവാചകകാലത്ത് എഴുതിയതല്ലാതെ ഖുർആനായി യാതൊന്നും തന്നെ എഴുതേണ്ടതില്ലെന്ന അബൂബക്കറി(റ)ന്റെ നിർദേശവുമുണ്ടായിരുന്നു. സൈദ് ബ്നു ഥാബിത്തും(റ) അദ്ദേഹത്തോടോപ്പമുള്ളവരും സൂറത്തുൽ ബറാഅയിലെ അവസാനത്തെ വചനങ്ങൾ അറിയാവുന്നവരായിരുന്നുവെങ്കിലും പ്രവാചകകാലത്ത് തന്നെ എഴുതപ്പെട്ട രേഖകളിലേതിലെങ്കിലും അവ കണ്ടെത്തുന്നത് വരെ അവർ അവ ഖുർആനിൽ എഴുതിച്ചേർക്കാതിരുന്നത് അതുകൊണ്ടായിരുന്നു…….

ഉമർ (റ) പറഞ്ഞു: പ്രവാചകനിൽ നിന്ന് ഖുർആനുമായി ബന്ധപ്പെട്ട എന്തെങ്കിലും ലഭിച്ചിട്ടുളളവരെല്ലാം അവ കൊണ്ട് വരട്ടെ. ഈത്തപ്പനയോലകളിലും തോൽച്ചുരുളുകളിലും പലകകളിലുമായിരുന്നു അവർ അത് എഴുതിയിരുന്നത്. രണ്ട് പേർ സാക്ഷ്യപ്പെടുത്താതെ അവരിൽ നിന്ന് യാതൊന്നും സ്വീകരിക്കേണ്ടതില്ല. അതുകൊണ്ട് തന്നെ ഏതെങ്കിലുമൊരു ആയത്തുൾക്കൊള്ളുന്ന ഒരു രേഖ ലഭിച്ചാൽ അത് തനിക്ക് മനഃപാഠമുള്ളതാണെങ്കിലും ആരുടെയെങ്കിലും സാക്ഷ്യമില്ലാതെ സ്വീകരിക്കുവാൻ സൈദ് (റ) വൈമനസ്യം പ്രകടിപ്പിച്ചു. ഇക്കാര്യത്തിൽ നന്നായി ശ്രദ്ധിക്കുവാൻ അവർ പ്രത്യേകം ഔൽസുക്യം കാണിച്ചിരുന്നു. ഉമറി(റ)നോടും സൈദിനോടു(റ)മായി “നിങ്ങൾ പള്ളിയുടെ വാതിൽക്കൽ ഇരിക്കുകയും ആരെങ്കിലും ഖുർആനുമായി ബന്ധപ്പെട്ട വല്ലതുമായി വന്നാൽ രണ്ട് സാക്ഷികളുണ്ടെങ്കിൽ നിങ്ങൾ അത് രേഖപ്പെടുത്തുകയും ചെയ്യുക” എന്ന് അബൂബക്കർ (റ) പറഞ്ഞതായി ഹിശാമു ബ്നു അർവ (റ) തന്റെ പിതാവിൽ(റ) നിന്ന് നിവേദനം ചെയ്തതായി അബൂദാവൂദിലുണ്ട്. പരമ്പര മുറിഞ്ഞതാണെങ്കിലും ഇതിന്റെ നിവേദകന്മാരെല്ലാം വിശ്വാസയോഗ്യരാണ്. രണ്ട് സാക്ഷികളെന്നാൽ ഒന്നുകിൽ മനഃപാഠവും രേഖയുമാണ്; അല്ലെങ്കിൽ രേഖയിലുള്ളത് പ്രവാചകസമക്ഷത്തിങ്കൽ വെച്ച് തന്നെ എഴുതിയതാണെന്നതിന് രണ്ട് പേർ സാക്ഷ്യം വഹിക്കലാണ്; അതുമല്ലെങ്കിൽ അത് ഖുർആനിൽ അവതരിപ്പിക്കപ്പെട്ടത് തന്നെയാണെന്നതിനുള്ള രണ്ട് പേരുടെ നിഷ്‌കൃഷ്ടമായ സാക്ഷ്യമാണ്. പ്രവാചകന്റെ(സ) കാലത്ത് എഴുതപെട്ടതാണെന്ന് ഉറപ്പില്ലാത്ത യാതൊന്നും തന്നെ കേവലം മനഃപാഠത്തിന്റെ മാത്രം അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ടതില്ലെന്നായിരുന്നു അവരുടെ നയം.” (ഇബ്നു ഹജറുൽ അസ്ഖലാനി; ഫത്ഹുൽ ബാരി, കിതാബു ഫദാഇലിൽ ഖുർആൻ, ബാബു ജംഇൽ ഖുർആൻ, 4603 ആം നമ്പർ ഹദീഥിന്റെ വ്യാഖ്യാനം)

സൂറത്തുൽ ബറാഅയിലെ അവസാനത്തെ വചനങ്ങളും അഹ്സാബിലെ ഇരുപത്തിമൂന്നാം വചനവും സൈദ്‌ ബ്നു ഥാബിത്തിനും(റ) സ്വഹാബിമാർക്കും മനഃപാഠമുണ്ടായിരുന്നെങ്കിലും അതിന്റെ മാത്രം അടിസ്ഥാനത്തിൽ അവ തങ്ങളുണ്ടാക്കുന്ന ഖുർആൻരേഖയിൽ എഴുതിച്ചേർക്കുവാൻ അവർ ഒരുക്കമായിരുന്നില്ല. അതുകൊണ്ടാണ് തങ്ങൾക്കറിയാവുന്ന ആയത്തുകൾ ഉൾക്കൊള്ളുന്ന രേഖയന്വേഷിച്ച് അവർ പ്രായാസപ്പെട്ടത്. ഖുസൈമ ബിൻ ഥാബിത് അൽ അന്‍സാരി(റ)യുടെ പക്കൽ നിന്ന് പ്രസ്തുത രേഖകൾ ലഭിച്ചതിന്റെ സന്തോഷമാണ് സൈദ് ബ്നു ഥാബിത്തിന്റെ ബുഖാരിയിലുള്ള നിവേദനത്തിൽ തെളിഞ്ഞു കാണുന്നത്. തങ്ങൾക്കറിയാവുന്ന പ്രസ്തുത ആയത്തുകളെ സാക്ഷ്യപ്പെടുത്തുന്ന രേഖ ലഭിച്ചതോടെ അവർ അവ തങ്ങൾ നിർമ്മിക്കുന്ന സുഹ്‌ഫിൽ എഴുതിച്ചേർക്കുകയും ചെയ്തു.

സൂറത്തുൽ ബറാഅയിലെ അവസാനത്തെ വചനങ്ങളുടെ കാര്യത്തിൽ പ്രവാചകനിൽ നിന്ന് കേൾക്കുകയും മനഃപാഠമാക്കുകയും ചെയ്തുവെന്നതിന് ഉമറും(റ) അബ്ദുല്ലാഹിബ്നു ഉമറും(റ) തന്നെ സാക്ഷി നിന്നതായി ഇമാം ഇബ്നു കഥീർ തന്റെ തഫ്സീറിൽ 9: 129ന്റെ വ്യാഖ്യാനസന്ദർഭത്തിൽ സ്വീകാര്യമായ പരമ്പരയോടെ നിവേദനം ചെയ്യുന്നുണ്ട്.

സൂറത്തുൽ അഹ്സാബിലെ ഇരുപത്തിമൂന്നാം വചനത്തിന്റെ കാര്യത്തിലാണെങ്കിൽ സൈദു ബ്നു ഥാബിത്തും ഖുസൈമ ബിൻ ഥാബിത്തും തന്നെയായിരുന്നു പ്രവാചകനിൽ(സ) നിന്ന് നേരിട്ട് കേട്ടതായി സാക്ഷ്യം വഹിച്ച രണ്ട് സ്വഹാബിമാരെന്ന് ഇമാം ഖുർത്തുബി തന്റെ തഫ്സീർ അൽ ജാമിഅ ലി അഹ്‌കാമൽ ഖുർആനിൽ 9: 129ന്റെ വ്യാഖ്യാനസന്ദർഭത്തിലും നിവേദനം ചെയ്യുന്നുണ്ട്.

ഇനി ഖുസൈമ ബിൻ ഥാബിത്ത്(റ) മാത്രമാണ് പ്രവാചകനിൽ(സ) നിന്ന് കേട്ടതായി സാക്ഷ്യം വഹിക്കുന്നതെങ്കിൽ പോലും അദ്ദേഹത്തിന്റേത് രണ്ട് പേരുടെ സാക്ഷ്യത്തിന് തുല്യമാണെന്ന് പ്രവാചകൻ (സ) തന്നെ പറഞ്ഞിട്ടുള്ളതിനാൽ അത് മതിയാകുന്നതാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുമുണ്ട്. ഒരു ഗ്രാമീണ അറബിയുമായുള്ള ഇടപാടിനിടയിൽ തന്റെ സത്യസന്ധതയെ പരിഗണിച്ചുകൊണ്ട് തനിക്ക് സാക്ഷ്യം നിന്ന ഖുസൈമ ബിൻ ഥാബിത്തി(റ)നോട് താങ്കളുടെ സാക്ഷ്യത്തിന് രണ്ട് പേരുടെ സാക്ഷ്യത്തിന്റെ മൂല്യമുണ്ടെന്ന് പ്രവാചകൻ (സ) പറഞ്ഞതായി ഉമാറാ ബ്നു ഖുസൈമ(റ)യുടെ അമ്മാവനിൽ(റ) നിന്ന് സ്വഹീഹായ പരമ്പരയോടെ ഇമാം അബൂദാവൂദ് (റ) നിവേദനം ചെയ്യുന്നുണ്ട്. (ശൈഖ് അൽബാനിയുടെ സുനനു അബൂദാവൂദ്, ഹദീഥ് 3607). ഖുസൈമയുടെ പക്കൽ നിന്ന് മാത്രമായി സൂറത്തുൽ അഹ്സാബിലെ വചനങ്ങൾ കിട്ടിയതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഹദീഥിലും സൈദ് ബ്നു ഥാബിത്ത്‌ (റ) അദ്ദേഹത്തെക്കുറിച്ച് പറയുന്നത് ‘അല്ലാഹുവിന്റെ ദൂതൻ രണ്ടുപേരുടെ സാക്ഷ്യത്തിന് തുല്യമെന്ന് പറഞ്ഞിട്ടുള്ള ഖുസാമ ബിൻ ഥാബിത്ത്‌” എന്നാണ്. (സ്വഹീഹുൽ ബുഖാരി, കിത്താബുൽ ജിഹാദ്). ഖുസാമായെക്കൂടാതെ മറ്റാരും തന്നെ സാക്ഷികളായി ഉണ്ടായിരുന്നില്ലെങ്കിൽ പോലും ഈ വചനങ്ങൾ ഖുർആനിലുള്ളതാണെന്ന് തീരുമാനിക്കപ്പെടുമായിരുന്നുവെന്നാണ് ഇതിനർത്ഥം. എന്നാൽ സൂറത്തുൽ ബറാഅയിലും അഹ്സാബിലുമുള്ള ഖുസാമയുടെ പക്കൽ നിന്ന് ലഭിച്ച ആയത്തുകളുടെ കാര്യത്തിൽ അദ്ദേഹത്തെക്കൂടാതെ മറ്റുള്ളവരും സാക്ഷികളായി ഉണ്ടായിരുന്നുവെന്ന സത്യം നേരത്തെ ഉദ്ധരിച്ച ഹദീഥുകളിൽ നിന്ന് വ്യക്തമാണ്.

ഖുർആൻ ക്രോഡീകരണവുമായി ബന്ധപ്പെട്ട ഈ ഹദീഥുകൾ ഖുർആനിലെ ഏതെങ്കിലും ആയത്തുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയോ നിരവധി പേരിലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടതാണ് ഖുർആനിലെ ഓരോ ആയത്തുകളുമെന്ന അവകാശവാദത്തെ നിഷേധിക്കുകയോ ചെയ്യുന്നില്ല. മറിച്ച്, മനഃപാഠത്തോടൊപ്പം പ്രവാചകസന്നിധിയിൽ വെച്ച് എഴുതപ്പെട്ട രേഖകളെക്കൂടി പരിഗണിച്ചുകൊണ്ട് വളരെ സൂക്ഷമമായും തെറ്റുകളൊന്നും കടന്നുവരാൻ യാതൊരു സാധ്യതയുമില്ലാത്ത രൂപത്തിലുമാണ് അബൂബക്കറിന്റെ കാലത്തെ ഖുർആൻ ക്രോഡീകരണം നടന്നത് എന്ന സത്യമാണ് ഇവ വെളിപ്പെടുത്തുന്നത്. ഖുർആൻ വചനങ്ങളുടെ സമാഹരണത്തിലും ക്രോഡീകരണത്തിലും പ്രവാചകശിഷ്യന്മാർ കാണിച്ച സൂക്ഷ്മതയും കൃത്യതയും ആരുടെയും ആദരവ് പിടിച്ച് പറ്റുന്നതാണെന്ന യാഥാർഥ്യത്തിന് ഈ ഹദീഥുകൾ അടിവരയിടുകയും ചെയ്യുന്നു.

ഉബയ്യു ബ്നു കഅ്ബി(റ)ന്റെ മുസ്ഹഫിൽ ഇന്നത്തെ മുസ്ഹഫിൽ ഇല്ലാത്ത രണ്ട് സൂറത്തുകൾ കൂടിയുണ്ടായിരിന്നുവെന്നും അത് പിൽക്കാലത്ത് വിസ്മരിക്കപ്പെടുകയാണ് ചെയ്തതെന്നും ആരോപണമുണ്ടല്ലോ. എന്താണിതിന്റെ വസ്തുത?

ഉബയ്യു ബ്നു കഅ്ബി(റ)ന്റെ മുസ്ഹഫിൽ ഇന്നത്തെ മുസ്ഹഫിൽ ഇല്ലാത്ത സൂറത്തുൽ ഹഫദ്, സൂറത്തുൽ ഖലാഅ എന്നീ സൂറത്തുകൾ കൂടി ഉണ്ടായിരുന്നതായി ഹമ്മാദ് ബ്നു സലാമയിൽ നിന്നുള്ള ഒരു നിവേദനം ഇമാം സുയൂഥ്വി തന്റെ ഇത്ഖാനിലും (2/ 66) ഇബ്നു ദുറൈസ് തന്റെ ഫദാഇലൽ ഖുർആനിലും (പുറം 157) ഉദ്ധരിച്ചിട്ടുണ്ട്. നിവേദനം ചെയ്ത ഹമ്മാദ് ബ്നു സലാമയും ഉബയ്യു ബ്നു കഅ്ബും തമ്മിൽ മൂന്ന് തലമുറകളുടെ വ്യത്യാസമെങ്കിലുമുള്ളതു കൊണ്ട് തന്നെ നിദാനശാസ്ത്രപ്രകാരം ഇത് തീരെ ദുർബലമാണ്.

എന്നാൽ ഇങ്ങനെ രണ്ട് സൂറത്തുകൾ ഉണ്ടായിരിക്കുന്നതായി സൂചിപ്പിക്കുന്ന വിശ്വാസയോഗ്യമായ മറ്റു ചില നിവേദനങ്ങളുണ്ട്. ഉമർ (റ)

اللهم إنا نستعينك ونستغفرك ونثني عليك الخير كله ونشكرك ولا نكفرك ونخلع ونترك من يفجرك എന്ന പ്രാർത്ഥനയും

اللهم إياك نعبد ولك نصلي ونسجد وإليك نسعى ونحفد نرجو رحمتك ونخشى عذابك إن عذابك بالكفار ملحق എന്ന പ്രാർത്ഥനയും ഖുനൂത്തായി പാരായണം ചെയ്യാറുണ്ടായിരുന്നുവെന്ന ഇബ്നു അബീശൈബ അദ്ദേഹത്തിന്റെ മുസന്നഫിലും(2/315) അബ്ദുർറസാഖ് അദ്ദേഹത്തിന്റെ മുസന്നഫിലും ഉദ്ധരിച്ചിട്ടുള്ള (4969) ഉബൈദ് ബ്നു ഉമൈറിൽ നിന്നുള്ള നിവേദനം സ്വഹീഹായ പരമ്പരയോട് കൂടിയുള്ളതാണ്. ഇതിൽ അദുർറസാഖിന്റെ മുസന്നഫിലുള്ള നിവേദനത്തിൽ നിവേദകനായ ഉബൈദ് ബ്നു ഉമൈർ ഇത് ഇബ്നു മസ്ഊദിന്റെ മുസ്ഹഫിലുള്ള രണ്ട് സൂറത്തുകളാണെന്ന് താൻ കേട്ടുവെന്നു കൂടി പറയുന്നുണ്ട്. ഇതാണ് ഇങ്ങനെ രണ്ട് സൂറത്തുകൾ ഉണ്ടായിരുന്നുവെന്നതിനുള്ള തെളിവ്.

മറ്റു ചില നിവേദനങ്ങളും ഇവ്വിഷയകമായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

താഊസ് (റ) നിവേദനം ചെയ്യുന്നു: ”ഞാന്‍ ഉമറിന്റെ (റ) പിന്നില്‍ സുബ്ഹ് നമസ്‌കരിച്ചു. റുകൂഇനുശേഷം ഈ രണ്ടു സൂറത്തുകള്‍ കൊണ്ട് ഖുനൂത്ത് ഓതി.” (ത്വബ്‌രി 1/353). സമാനമായ ഉദ്ധരണികള്‍ അബ്ദു റസാഖ് മുസന്നഫ് 3/114, ത്വബ്‌രി -തഹ്ദീബുല്‍ ആസാര്‍ 1/319 എന്നിവയിലും കാണാം.

ഇക്കാര്യത്തിൽ ഉണ്ടാകാനിടയുള്ള സംശയങ്ങൾക്കെല്ലാം ഹദീഥ് പണ്ഡിതന്മാർ മറുപടി പറഞ്ഞിട്ടുണ്ട്. അബുൽ ഹുസ്സൈൻ അഹ്‌മദ്‌ ബിൻ ജഅഫർ അൽ മനാദി തന്റെ ‘അന്നാസിഖ് വൽ മൻസൂഖ്’ എന്ന ഗ്രൻഥത്തിൽ എഴുതുന്നു: “ഖുർആനിൽ നിന്ന് ദുർബലപ്പെടുത്തപ്പെട്ടതിനു ശേഷവും ജനമനസ്സുകളിൽ നിന്ന് മാഞ്ഞുപോകാതിരുന്ന വാക്യങ്ങൾക്ക് ഉദാഹരണമാണ് വിത്ർ നമസ്കാരത്തിലെ ഖുനൂത്തിൽ പാരായണം ചെയ്തുകൊണ്ടിരുന്ന ഈ രണ്ട് സൂറത്തുകൾ. ഉബയ്യു ബ്നു കഅ്ബിന്റെ പേരിൽ അറിയപ്പെട്ടിരുന്ന മുസ്ഹഫിൽ ഈരണ്ട് അധ്യായങ്ങളുമുണ്ടായിരുന്നുവെന്ന കാര്യത്തിലും അത് പ്രവാചകനിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടതും അദ്ദേഹം പാരായണം ചെയ്തതുമാണെന്നും അവയെ സൂറത്തുൽ ഹഫദ്, സൂറത്തുൽ ഖലാഅ എന്നിങ്ങനെയാണ് വിളിക്കപ്പെട്ടിരുന്നത് എന്ന കാര്യത്തിലും ആദ്യകാല പണ്ഡിതന്മാർക്കിടയിൽ യാതൊരുവിധ അഭിപ്രായവ്യത്യാസങ്ങളുമുണ്ടായിരുന്നില്ല” (ബദറുദ്ദീനു സ്സർക്കശി ഉദ്ധരിച്ചത്: അൽ ബുർഹാൻ ഫീ ഉലൂമിൽ ഖുർആൻ, വാല്യം രണ്ട്, പുറം 37)

ഇമാം സുയൂഥ്വിയും തന്റെ ഇത്ഖാനിൽ ഹുസ്സൈൻ അഹ്‌മദ്‌ അൽ മനാദിയെ ഉദ്ധരിച്ച് ഇതേ കാര്യം തന്നെ സമർത്ഥിക്കുന്നുണ്ട്. (ഭാഗം രണ്ട്, പുറം 68)

അവതരിക്കപ്പെട്ടതിനു ശേഷം ദുർബലപ്പെടുത്തപ്പെട്ട സൂറത്തുകളാണ് സൂറത്തുൽ ഹഫദ്, സൂറത്തുൽ ഖലാഅ എന്നീ സൂറത്തുകൾ എന്നും മൻസൂഖായെങ്കിലും പ്രാർത്ഥനയായതിനാൽ അവ സ്വാഹാബിമാർ നമസ്കാരത്തിലും മറ്റും ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ഉബയ്യിന്റെ മുസ്ഹഫിൽ അവ നില നിന്നത് എന്നുമാണ് ഇതിൽ നിന്ന് മനസ്സിലാവുന്നത്. ഉബയ്യു ബ്നു കഅ്ബി(റ)ന്റെ മുസ്ഹഫില്‍ നേരത്തെ ഉണ്ടായിരുന്ന അവയെ, ദുര്‍ബലപ്പെട്ടശേഷവും ദുആ ആയതിനാല്‍ അദ്ദേഹം അത് നിലനിർത്തി. എന്നാല്‍ ഉബയ്യി(റ)ന്റെ ഖിറാഅത്ത് ഉദ്ധരിച്ച ഇമാം നാഫിഅ്, ഇബ്‌നു കഥീർ, അബൂ അംറ് (റ) മുതലായവരൊന്നും ഖുര്‍ആനായി അത് ഉദ്ധരിച്ചിട്ടില്ല. എന്നാൽ അവ പ്രാർത്ഥനയായി നില നിർത്തിയതിനാൽ ഉമർ (റ) നമസ്കാരത്തിൽ ഖുനൂത്തായി അവയുടെ പാരായണം തുടരുകയും ചെയ്തു.

പ്രവാചകൻ (സ) പഠിപ്പിച്ചതല്ലാത്ത യാതൊന്നും അവരൊന്നും ഖുർആനിൽ ഉൾപ്പെടുത്തിയിട്ടില്ല; പഠിപ്പിച്ചതൊന്നും സ്വന്തം താൽപര്യപ്രകാരം എടുത്ത് മാറ്റിയിട്ടുമില്ല. ദൈവികബോധനത്തിന്റെ വെളിച്ചത്തിൽ പ്രവാചകൻ (സ) ദുർബലപ്പെടുത്തിയ വചനങ്ങളിൽ ചിലവ അവരുടെ മുസ്ഹഫിൽ അവർ എഴുതിവെക്കുകയും അവ പ്രാർത്ഥനകളായി ഉപയോഗിക്കുകയും ചെയ്തുവെന്ന് മാത്രമേയുള്ളൂ. അവ പ്രാർത്ഥനകളായി ഇന്നും മുസ്‌ലിംകൾ ഉപയോഗിക്കുന്നുണ്ട്.

പ്രമുഖ സ്വഹാബിയായിരുന്ന ഇബ്നു മസ്ഊദിന്റെ മുസ്ഹഫിൽ സൂറത്തുകളുടെ എണ്ണം പോലും വ്യത്യസ്തമായിരുന്നുവെന്നത് സ്വഹാബിമാർക്ക് പോലും ഖുർആനിന്റെ വിഷയത്തിൽ ഏകാഭിപ്രായമുണ്ടായിരുന്നില്ലെന്നല്ലേ മനസ്സിലാക്കിത്തരുന്നത്. അദ്ദേഹം സൂറത്തുൽ ഫാതിഹയും സൂറത്തുൽ ഫലഖും സൂറത്തുന്നാസും തന്റെ മുസ്ഹഫിൽ നിന്ന് നീക്കം ചെയ്തതായി ചില നിവേദനങ്ങളുണ്ടല്ലോ. ഇതിന്റെ യാഥാർഥ്യമെന്താണ്?

ഇബ്നു മസ് ഊദിന്റെ(റ) മുസ്ഹഫിൽ ഇന്നുള്ള മുസ്ഹഫിലുള്ള ചില സൂറത്തുകൾ ഉണ്ടായിരുന്നില്ലെന്നുള്ള നിവേദനങ്ങളുണ്ട്. സൂറഃ ഫാത്വിഹ, ഫലഖ്, നാസ് എന്നിവ അദ്ദേഹത്തിന്റെ മുസ്ഹഫിൽ ഉണ്ടായിരുന്നില്ലെന്നാണ് ചില അഥ്റുകളിലുള്ളത്. ഇമാം സുയൂഥ്വി തന്റെ ഇത്ഖാൻ ഫീ ഉലൂമിൽ ഖുർആനിൽ ഈ നിവേദനങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്. ഇബ്നു മസ്ഊദിന്റെ മുസ്ഹഫിൽ ഫാത്തിഹയും ഫലഖ്, നാസ് സൂറത്തുകളും ഇല്ലായിരുന്നുവെന്നതാണ് ഒന്നാമത്തെ നിവേദനം. ഇവയിൽ ഫാത്തിഹ ഇല്ലായിരുന്നുവെന്നതും ഫലഖ്, നാസ് എന്നീ സൂറത്തുകൾ ഇല്ലായിരുന്നുവെന്നതും രണ്ട് വിഷയങ്ങളാണ്. ഓരോന്നിനെയും വേറെ വേറെ പരിശോധിക്കാം:

ഒന്ന്) ഫാത്തിഹ ഇല്ലായിരുന്നുവെന്ന വിമർശനം:

ഫാതിഹ ഖുർആനിന്റെ ഭാഗമാണെന്ന വസ്തുത ഖുർആൻ തന്നെ സാക്ഷ്യപ്പെടുത്തുന്നതാണ്. “ആവര്‍ത്തിച്ചു പാരായണം ചെയ്യപ്പെടുന്ന ഏഴ്‌ വചനങ്ങളും മഹത്തായ ഖുര്‍ആനും തീര്‍ച്ചയായും നിനക്ക്‌ നാം നല്‍കിയിട്ടുണ്ട്‌” (15: 87) എന്ന ഖുർആൻ വചനത്തിലെ “ആവർത്തിച്ച് പാരയണം ചെയ്യപ്പെടുന്ന ഏഴു വചനങ്ങൾ കൊണ്ടുള്ള വിവക്ഷ ഫാത്തിഹത്തുൽ കിതാബാണെന്ന്”(عن ابن مسعود في قوله: {ولقد آتيناك سبعا من المثاني} قال: فاتحة الكتاب) ഇബ്നു മസ്ഊദ് (റ) പറഞ്ഞതായി ഇമാം ത്വബ്‌രി തന്റെ തഫ്സീറിൽ ഉദ്ധരിക്കുന്നുണ്ട്. ഫാത്തിഹത്തുൽ കിതാബെന്നാൽ ‘ഗ്രന്ഥത്തിന്റെ ആമുഖം’ എന്നാണർത്ഥം. ഏതൊരു അധ്യായത്തെയാണോ ഗ്രന്ഥത്തിന്റെ ആമുഖം എന്ന് ഇബ് മസ്ഊദ് (റ) വിശേഷിപ്പിച്ചത് ആ അദ്ധ്യായം ഖുർആനിലുള്ളതല്ലെന്ന് അദ്ദേഹം കരുതിയെന്നു പറയുന്നത് അടിസ്ഥാനരഹിതമാണ്.

ഫാത്തിഹ ഖുർആനിലെ പ്രാരംഭാദ്ധ്യായമായി അംഗീകരിച്ചിരുന്ന ഇബ്നു മസ്ഊദ് (റ) പിന്നെയെന്തുകൊണ്ടാണ് തന്റെ കൈവശമുള്ള ഖുർആൻ കയ്യെഴുത്തുരേഖയിൽ അത് എഴുതാതിരുന്നത് എന്നതിന് അദ്ദേഹം തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. അത് ഇങ്ങനെയാണ്: “അബൂബക്കർ അൽ അൻബരിയിൽ (റ) നിന്ന് ഇമാം ഖുർതുബി (റ) ഉദ്ധരിക്കുന്നു: എന്തുകൊണ്ടാണ് താങ്കളുടെ ഖുർആനിൽ ഫാത്തിഹ എഴുതാത്തത് എന്ന് ചോദിച്ചപ്പോൾ അബ്ദുല്ലാഹിബ്നു മസ്ഊദിന്റെ (റ) മറുപടി ഇങ്ങനെയായിരുന്നു. “ഞാൻ അഥവാ അത് എഴുതുകയായിരുന്നുവെങ്കിൽ എല്ലാ സൂറത്തുകളുടെയും തുടക്കത്തിൽ അത് എഴുതുമായിരുന്നു.” നമസ്കാരത്തിലെ ഓരോ റക്അത്തിലും സൂറത്തുകൾ പാരായണം ചെയ്യുന്നതിന് മുൻപ് ഫാത്തിഹ ഓതുന്നതുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത് എന്ന് അബൂബക്കർ അൽ അൻബരി (റ) വിശദീകരിക്കുന്നുണ്ട്. ഇബ്ൻ മസ്ഊദ് (റ) തന്നെ ഇങ്ങനെ പറഞ്ഞതായി നിവേദനങ്ങളുണ്ട്. “ഹൃസ്വമായി എഴുതുന്നതിനു വേണ്ടിയാണ് ഞാൻ അത് ഉപേക്ഷിച്ചത്. മുസ്‌ലിംകൾ അത് സംരക്ഷിക്കുമെന്ന് ഞാൻ വിശ്വസിക്കുകയും ചെയ്തു” (ഇമാം ഖുർത്തുബി: അൽ ജാമിഉൽ അഹകാമിൽ ഖുർആൻ, വാല്യം 1, പുറം 115, കൈറോ, 1964)

രണ്ട്) ഫലഖ്, നാസ് സൂറത്തുകളെക്കുറിച്ച വിമർശനം

ഇവ്വിഷയകമായ നിവേദനങ്ങൾ ഇങ്ങനെയാണ്:

ആസിം (റ) സിർറിൽ (റ) നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം ഉബയ്യിനോട് (റ) പറഞ്ഞു: ഇബ്നു മസ്ഊദ് (റ) അദ്ദേഹത്തിന്റെ മുസ്ഹഫിൽ മുഅവ്വദതൈൻ (ഫലഖ്, നാസ് സൂറത്തുകൾ) രേഖപ്പെടുത്തിയിട്ടില്ല” (മുസ്നദ് അഹ് മദ്, ഹദീഥ് 21186)

അൽ അഅ്മഷ് അബൂ ഇസ്ഹാഖിൽ നിന്നും അദ്ദേഹം അബ്ദുർ റഹ്‌മാനു ബ്നു യസീദിൽ(റ) നിന്നും നിവേദനം ചെയ്യുന്നു: ഇബ്നു മസ്ഊദ് (റ) അദ്ദേഹത്തിന്റെ മസാഹിഫിൽ നിന്ന് മുഅവ്വദതൈൻ മായ്ച്ചു കളയുകയും അവ ഖുർആനിന്റെ ഭാഗമല്ലെന്ന് പറയുകയും ചെയ്തു.” (മുസ്നദ് അഹ് മദ്, ഹദീഥ് 21226)

ഇബ്നു ഉയയ്ന അബ്ദയിൽ(റ) നിന്നും ആസിമിൽ നിന്നും(റ) അവർ സിർറിൽ(റ) നിന്നും നിവേദനം ചെയ്യുന്നു: ഞാൻ ഉബയ്യിനോട് ചോദിച്ചു: “താങ്കളുടെ സഹോദരൻ അവയെ (ഫലഖ്, നാസ് സൂറത്തുകളെ) അദ്ദേഹത്തിന്റെ മുസ്ഹഫിൽ നിന്ന് മായ്ച്ച് കളഞ്ഞിട്ടുണ്ടല്ലോ” അപ്പോൾ അദ്ദേഹം അത് എതിർത്തില്ല. ഇത് ഇബ്നു മസ്ഊദിനെക്കുറിച്ചാണോയെന്ന ചോദ്യത്തിന് ഇബ്നു ഉയയ്ന അതേയെന്ന മറുപടിയാണ് നൽകിയത്. (മുസ്നദ് അഹ്‌മദ്‌, ഹദീഥ് 21189)

എന്തുകൊണ്ടാണ് ഇബ്നു മസ്ഊദ് (റ) തന്റെ മുസ്ഹഫിൽ ഖുർആനിലെ അവസാനത്തെ രണ്ട് അധ്യായങ്ങൾ ചേർക്കാതിരുന്നത്? അവ അല്ലാഹു അവതരിപ്പിച്ചതല്ല എന്ന് അദ്ദേഹത്തിന് അഭിപ്രായം ഉണ്ടായിരുന്നുവോ? അവ ഖുർആനിൽ പെട്ടതല്ല എന്നായിരുന്നുവോ അദ്ദേഹത്തിന്റെ അഭിപ്രായം? താഴെ പറയുന്ന വസ്തുതകൾ ശ്രദ്ധിക്കുക:

ഒന്ന്) ഇബ്നു മസ്ഊദിൽ നിന്ന് ഈ നിവേദനങ്ങൾ ഉദ്ധരിച്ച ആസ്വിമിൽ നിന്ന് സിർറിലൂടെ തന്നെ നിവേദനം ചെയ്യപ്പെട്ട മുതവാത്തിറായ ഖിറാഅത്തുകളിലെല്ലാം ഫലഖ്, നാസ് സൂറത്തുകളുണ്ട്. അസ്സിർറിനെ കൂടാതെ ഇബ്നു മസ്ഊദിൽ നിന്ന് ഖുർആൻ പാരായണം നിവേദനം ചെയ്ത അൽഖമ, അൽ അസ്‌വദ്, മസ്‌റൂഖ്‌, അസ്സുലമി, അബൂവാഇൽ, അസ്ശൈബാനി, അൽഹമദാനി എന്നിവരും നൂറ്റിപ്പതിനാല് സൂറത്തുകളും പൂർണമായി നിവേദനം ചെയ്തിട്ടുണ്ട്. ആസിം, ഹംസ, അൽ കിസായ്, അൽ ഖലഫ് എന്നീ നാല് പേരുടെ പേരിലും അറിയപ്പെടുന്ന പാരായണങ്ങൾ ഇബ്നു മസ്ഊദിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടവയാണ്. ഇവയിലെല്ലാം ഇന്നുള്ള ഖുർആനിലെ മുഴുവൻ അധ്യായങ്ങളുമുണ്ട്. ഇതിനർത്ഥം ഇബ്നു മസ്‌ഊദ്‌ (റ) തന്റെ ശിഷ്യന്മാർക്ക് ഖുർആനിലെ നൂറ്റിപതിനാല് സൂറത്തുകളും ഖുർആനിന്റെ ഭാഗമായിത്തന്നെ പഠിപ്പിച്ചുവെന്നാണ്. അവസാനത്തെ രണ്ട് അധ്യായങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വല്ല സംശയങ്ങളുമുണ്ടായിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ ശിഷ്യന്മാർക്ക് അവ ഖുർആനിന്റെ ഭാഗമായി അദ്ദേഹം പഠിപ്പിക്കുകയില്ലായിരുന്നു.

രണ്ട്) സൂറത്തുൽ ഫലഖിനെയും സൂറത്തുന്നാസിനെയും ഇബ്നു മസ്ഊദ് (റ) ഖുർആനിന്റെ ഭാഗമായിത്തന്നെയായിരുന്നു മനസ്സിലാക്കിയിരുന്നത് എന്ന തെളിയിക്കുന്ന വേറെയും നിവേദനങ്ങളുണ്ട്. ദൈലമിയിൽ നിന്ന് അലി അൽമുത്തഖി ഉദ്ധരിക്കുന്ന നിവേദനം ഉദാഹരണം: അത് ഇങ്ങനെയാണ്: ” ഇബ്നു മസ്ഊദ് (റ) പറഞ്ഞു: രണ്ട് സൂറത്തുകൾ നിങ്ങൾ ധാരാളമായി പാരായണം ചെയ്യുക. ഇഹലോകത്തെയും പരലോകത്തെയും ഉയർന്ന സ്ഥാനങ്ങളിൽ അത് വഴി അല്ലാഹു നിങ്ങളെ എത്തിക്കും. മുഅവ്വദത്തൈൻ ആണവ” (അലി അൽ മുത്തഖി: കൻസുൽ ഉമ്മാൽ, ബെയ്റുത്ത്, 1981, ഹദീഥ് 2743)

മൂന്ന്) ഇബ്നു മസ്ഊദ് (റ) ഖുർആനിലെ അവസാനത്തെ രണ്ട് സൂറത്തുകൾ തന്റെ മുസ്ഹഫിൽ നിന്ന് മായ്ച്ചു കളഞ്ഞുവെന്നും അത് കണ്ടിട്ടും ഉബയ്യ് (റ) അതിനെ എതിർത്തില്ലെന്നും വ്യക്തമാക്കുന്ന ഹദീഥ് നൽകുന്ന വിവരം വളരെ പ്രസക്തമാണ്. അവ രണ്ടും ഖുർആനിന്റെ ഭാഗമാണെന്ന് തന്നെയായിരുന്നു ഉബയ്യ് (റ) അടക്കമുള്ള സ്വഹാബിമാരുടെ മുഴുവൻ അഭിപ്രായമെന്ന് ഈ നിവേദനത്തിൽ നിന്ന് തന്നെ വ്യക്തമാണ്. ഖുർആനിൽ നിന്ന് രണ്ട് സൂറത്തുകൾ നിഷേധിക്കുകയെന്നാൽ ഇസ്‌ലാമിൽ നിന്ന് പുറത്തുപോകുന്ന കൊടിയ പാപമാണെന്ന കാര്യത്തിൽ സംശയമില്ല. “ആരെങ്കിലും ഖുർആനിലെ ഒരു അക്ഷരമെങ്കിലും നിഷേധിച്ചാൽ അയാൾ ഖുർആൻ മുഴുവൻ നിഷേധിച്ചവനെപ്പോലെയാണ്” എന്ന് ഇബ്നു മസ്ഊദ് (റ) പറഞ്ഞതായി ഇമാം അബ്ദുർറസാഖ് തന്റെ ‘മുസന്നഫി’ൽ (ഹദീഥ് നമ്പർ 15946) നിവേദനം ചെയ്തത് ശ്രദ്ധേയമാണ്. തന്റെ മുസ്ഹഫിൽ നിന്ന് ഇബ്നു മസ്ഊദ് (റ) ഈ രണ്ട് സൂറത്തുകൾ മായ്ച്ചു കളയുക വഴി ഉദ്ദേശിച്ചത് അവയെ നിഷേധിക്കുകയായിരുന്നുവെങ്കിൽ അത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമായിരുന്നു. അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നത് തന്നെ അദ്ദേഹം അവയെ നിഷേധിക്കുകയല്ല, എഴുതിവെക്കുന്നത് ശരിയല്ലെന്ന് കരുതുകയാണ് ചെയ്തതെന്ന് വ്യക്തമാണ്.

ഷെയ്ഖ് അബൂ ബക്കർ ബാക്വിലാനി പറഞ്ഞത് ശ്രദ്ധേയമാണ്: “ഈ രണ്ട് സൂറത്തുകൾ ഖുർആനിലുള്ളതല്ലെന്ന വാദം അദ്ദേഹത്തിനുള്ളതായി സ്ഥാപിക്കപ്പെട്ടിട്ടില്ല. അവ അദ്ദേഹം മായ്ച്ചു കളയുകയും തന്റെ മുസ്ഹഫിൽ ഉൾപ്പെടുത്താതിരിക്കുകയും ചെയ്തത് അവ ഖുർആനിന്റെ ഭാഗമാണെന്ന വസ്തുത അദ്ദേഹം നിഷേധിക്കുന്നത് കൊണ്ടായിരുന്നില്ല. പ്രവാചകൻ (സ) എഴുതാനായി പറഞ്ഞതല്ലാതെ യാതൊന്നും തന്നെ മുസ്ഹഫിൽ എഴുതാൻ പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. പ്രവാചകൻ (സ) അവ എഴുതിപ്പിച്ചതായോ എഴുതിവെക്കാൻ ആവശ്യപ്പെട്ടതായോ അദ്ദേഹം കണ്ടിട്ടുണ്ടായിരുന്നില്ല. (ഇമാം സുയൂഥ്വി: അൽ ഇത്ഖാൻ 1/ 271)

നാല്) മുഅവ്വദതൈൻ ഖുർആനിലുള്ളതാണെന്ന് വ്യക്തമാക്കുന്ന നബി(സ)യിൽ നിന്ന് സ്ഥിരപ്പെട്ട നിവേദനങ്ങളുണ്ട്.

അബുല്‍ അളാഅ് (റ) പറയുന്നു. നബി (സ) ഒരു സ്വഹാബിക്ക് സൂറഃ ഫലഖും നാസും പഠിപ്പിച്ചു കൊടുത്തു. തങ്ങള്‍ പറഞ്ഞു: നീ ഈ സൂറത്തുകള്‍ ഓതി നമസ്‌കരിക്കുക. (മുസ്നദ് അഹ്‌മദ്- ഹദീഥ് സ്വഹീഹാണെന്ന് ഇമാം ഇബ്‌നു ഹജര്‍ ഫതഹുല്‍ ബാരി 8/615ലും ഇമാം ഖാരി ഉംദ 2/16ലും പറയുന്നു)

ഉഖ്ബ(റ)യിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: ഈ രാത്രിയില്‍ എനിക്ക് ചില ആയത്തുകള്‍ അവതീര്‍ണമായി. സമാനമായവ തീരെ കാണപ്പെട്ടിട്ടില്ല. അത് സൂറത്തുൽ ഫലഖും നാസുമാണ്. (സ്വഹീഹ് മുസ്‌ലിം കിതാബ് സ്വലാത്ത്, ബാബുൽ ഫദാഇലി മുഅവ്വദതൈൻ). ഇതേപോലെയുള്ള നിരവധി ഹദീഥുകള്‍ ഇമാം ഇബ്‌നു കഥീർ (റ) തന്റെ തഫ്‌സീറില്‍ ഉദ്ധരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവ ഖുർആനിലുള്ളതല്ലെന്ന് പ്രവാചകശിഷ്യന്മാരിൽ പ്രമുഖനായ ഇബ്നു മസ്ഊദ് (റ) കരുതുമെന്ന് വിചാരിക്കാൻ യാതൊരു ന്യായവുമില്ല.

അഞ്ച്) ഇബ്നു മസ്ഊദിന്റെ(റ) ശിഷ്യന്മാരെല്ലാം ഈ രണ്ട് സൂറത്തുകളും ഖുർആനിൽ പെട്ടത് തന്നെയാണെന്ന് സാക്ഷ്യം വഹിച്ചതിനുള്ള തെളിവാണ് അവരിലൂടെ നിവേദനം ചെയ്യപ്പെട്ട ഖിറാഅത്തുകളിലൊന്നും അവ വിട്ടുകളഞ്ഞിട്ടില്ല എന്നത്. ഈ സൂറത്തുകൾ ഖുർആനിൽ പെട്ടതല്ലെന്ന് ഗുരു പറഞ്ഞിരുന്നെങ്കിൽ ശിഷ്യന്മാർ ആരെങ്കിലും ആ രൂപത്തിൽ ഖുർആൻ പാരായണം പഠിക്കുമായിരുന്നു. അതുണ്ടായിട്ടില്ലെന്ന് മാത്രമല്ല, ഇബ്‌നു മസ്ഊദിന്റെ(റ) ശിഷ്യന്‍മാരില്‍ പ്രമുഖനായ അസ്‌വദ് ബിന്‍ യസീദി(റ)നോട് ആ രണ്ടു സൂറത്തുകള്‍ ഖുര്‍ആനില്‍ പെട്ടതാണോ എന്നു ചോദിച്ചപ്പോള്‍ “അതെ, അവ രണ്ടും ഖുര്‍ആനില്‍പെട്ടതു തന്നെയാണ്” എന്ന് മറുപടി പറഞ്ഞതായി ഇബ്നു അബീശൈബ ഉദ്ധരിക്കുന്നുമുണ്ട്. (ഇബ്‌നു അബീ ശൈബ 30206)

ആറ്) അബ്ദുർ റഹ്‌മാനു ബ്നു യസീദിൽ (റ) നിന്ന് ഇമാം അഹ്‌മദ്‌ തന്റെ മുസ്നദിൽ നിവേദനം ചെയ്ത അഥറിൽ (ഹദീഥ് 21226) ഈ സൂറത്തുകൾ ഖുർആനിലുള്ളതല്ലെന്ന് ഇബ്നു മസ്ഊദ് (റ) പറഞ്ഞതായി ഉണ്ടെന്നത് ശരിയാണ്. ഇത് ഇമാം ത്വബ്റാനിയും തന്റെ മുജമ്മഉൽ കബീറിൽ നിവേദനം ചെയ്യുന്നുണ്ട്. (മുജമ്മഉൽ കബീർ 9150). എന്നാൽ ഈ നിവേദനം സ്വീകാര്യമല്ലെന്ന് ഇമാം നവവിയടക്കമുള്ള നിരവധി പണ്ഡിതന്മാർ വ്യക്തമാക്കിയതായി ഇമാം സുയൂഥ്വി വിശദീകരിക്കുന്നുണ്ട്. (അൽ ഇത്ഖാൻ 1/ 271) നിരവധി എതിർ തെളിവുകളുള്ളതിനാൽ ഈ നിവേദനം മുഅല്ലലും മുതവാത്തിറായ നിവേദനങ്ങൾക്ക് വിരുദ്ധമായതിനാൽ ശാദ്ദുമാണെന്നാണ് പണ്ഡിതാഭിപ്രായം.

ഇബ്നു മസ്ഊദ് (റ) തന്റെ മുസ്ഹഫിൽ ഫാതിഹയും സൂറത്തുൽ ഫലഖും സൂറത്തുന്നാസും എഴുതാതിരുന്നത് അവ ഖുർആനിൽ ഉള്ളതല്ലെന്ന് അദ്ദേഹം കരുതിയതുകൊണ്ടല്ലെന്നും പ്രത്യുത അദ്ദേഹത്തിന്റെതായ വ്യക്തിപരമായ ചില കാരണങ്ങളാലാണെന്നും ഇവയിൽ നിന്ന് വ്യക്തമാണ്. ഖുർആനിൽ ഇന്നുള്ള ഏതെങ്കിലും സൂറത്തുകൾ ഖുർആനിന്റെ ഭാഗമല്ലെന്ന് കരുതിയിരുന്ന സ്വഹാബിമാരാരും ഉണ്ടായിരുന്നിട്ടില്ല. ഖുർആനിൽ കളങ്കമാരോപിക്കുന്നവർക്ക്, അതുകൊണ്ട് തന്നെ, ഇബ്നു മസ്‌ഊദിന്റെ(റ) നടപടിയെ എങ്ങനെ അപഗ്രഥിച്ചാലും തെളിവുകൾ ഒന്നും ലഭിക്കുകയില്ല; അവർ നിരാശപ്പെടുകയേയുള്ളൂ.

സ്വഹാബിമാരിൽ ചിലർ സ്വന്തം താൽപര്യപ്രകാരം ആയത്തുകളും സൂറത്തുകളും ക്രമീകരിച്ചുവെന്ന് സൂചിപ്പിക്കുന്ന ചില നിവേദനങ്ങളുണ്ടല്ലോ. അവയുടെ യാഥാർഥ്യമെന്താണ്?

സ്വഹാബിമാർ സ്വതാല്‍പര്യപ്രകാരം ആയത്തുകളും സൂറത്തുകളും ക്രമീകരിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് മറുപടി. ഖുർആനിന്റെ സമാഹരണവും സംരക്ഷണവും സ്വന്തം ബാധ്യതയാണെന്ന അല്ലാഹുവിന്റെ വചനത്തിന്റെ അടിസ്ഥാനത്തിൽ ആയത്തുകളുടെയും സൂറത്തുകളുടെയും ക്രമം പോലും വഹ്‌യിന്റെ അടിസ്ഥാനത്തിൽ സ്ഥിരപ്പെട്ടതാണെന്നായിരുന്നു സ്വഹാബിമാർ മനസ്സിലാക്കിയിരുന്നത് എന്ന് വ്യക്തമാക്കുന്ന നിരവധി നിവേദനങ്ങളുണ്ട്. പ്രവാചകാനുചരന്മാരിൽ ചിലർ സ്വന്തം അഭിപ്രായപ്രകാരം ആയത്തുകളുടെ ക്രമം തീരുമാനിച്ചുവെന്ന് തോന്നിപ്പിക്കുന്ന ചില നിവേദനങ്ങളുണ്ടെന്നത് ശരിയാണ്. പക്ഷെ അവയെല്ലാം ദുർബലവും തെളിവിന് കൊള്ളാത്തതുമാണെന്ന് അവയെ അപഗ്രഥിച്ച് പഠിച്ച പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.

ഒന്ന്: അബാദ് ബിന്‍ അബ്ദില്ല (റ) പറയുന്നു:- ഹാരിസ് ബിന്‍ ഖുസൈമ (റ) തൗബയിലെ അവസാന രണ്ടായത്തുകളുമായി ഉമറി(റ)ന് സമീപത്തെത്തി. അദ്ദേഹം ചോദിച്ചു, ആരാണ് സാക്ഷിയുള്ളത്? അദ്ദേഹം പറഞ്ഞു, അറിയില്ല. എന്നാല്‍ ഞാനിത് നബി(സ)യില്‍ നിന്നും കേട്ടതും മനഃപാഠമാക്കിയതുമാണ്. ഉമര്‍ (റ) പറഞ്ഞു: ഇത് മുൻ ആയതായിരുന്നുവെങ്കില്‍ ഇതിനെ സ്വതന്ത്രമായ അധ്യായമാക്കുമായിരുന്നു. നിങ്ങള്‍ ക്വുര്‍ആനിലെ ഒരു സൂറത്തില്‍ അത് ചേര്‍ക്കുക. ഞാനതിനെ ബറാഅത് -തൗബ സൂറയുടെ അവസാനം ചേര്‍ത്തു. (അഹ്‌മദ് 1715, ത്വബ്‌രി 60, ഇബ്‌നു അബീദാവൂദ് -അല്‍ മസാഹിഫ് )

തികച്ചും ബലഹീനമായ ഒരു നിവേദനമാണിത്. ഇമാം അഹ്‌മദിന്റെ മുസ്നദിനുള്ള നിരൂപണത്തിൽ ശൈഖ് അര്‍നാഊഥ് (റ) ഈ അഥര്‍ ബലഹീനമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. നിവേദകനായ അബ്ബാദ് ഖുര്‍ആന്‍ ക്രോഡീകരണത്തിനു ദൃക്‌സാക്ഷിയല്ല. അദ്ദേഹത്തിന് ഈ വിവരം നല്‍കിയത് ആരാണെന്ന് അറിയുകയുമില്ല. ആയതിനാല്‍ അഥര്‍ ബലഹീനമായി ഗണിക്കപ്പെടുന്നു. ഇമാം ബുഖാരി (റ) ഇതുമായി ബന്ധപ്പെട്ട് ഉദ്ധരിച്ചതാണ് ശരിയെന്നും ഈ അഥറിലെ ആശയം പ്രബല നിവേദനങ്ങളോട് എതിരായതാണെന്നും ശൈഖ് അഹ്‌മദ് ശാഖിറും(റ) പറഞ്ഞിട്ടുണ്ട്. വിഷയബന്ധിതമായ സ്വീകാര്യമായ നിവേദനങ്ങള്‍ ദുർബലമായ ഈ അഥറിന് എതിരാണ് താനും.

ഇത് ഉദ്ധരിച്ച ഇബ്നു അബൂദാവൂദ് തന്നെ സ്വീകാര്യമായ ഇവ്വിഷയകമായ നിവേദനങ്ങളും ഉദ്ധരിച്ചിട്ടുണ്ട്. അവ ഇവയാണ്. “സൈദ് (റ) പറയുന്നു: നബി(സ)യില്‍ നിന്നും ഞാന്‍ കേട്ട ആയത്ത് (സൂറത്തുല്‍ തൗബയിലെ പ്രസ്തുത ആയത്തുകള്‍) എനിക്ക് ലഭിച്ചില്ല. ഞാന്‍ അത് അന്വേഷിച്ചു. അങ്ങനെ അതിനെ ഖുസൈമ ബിന്‍ സാബിതി(റ)ല്‍ നിന്നും എനിക്കത് ലഭിച്ചു. ഞാന്‍ അതിനെ അതിന്റെ സൂറത്തില്‍ തന്നെ ചേര്‍ത്തു” (ഇബ്‌നു അബീദാവൂദ് -മസാഹിഫില്‍ നമ്പര്‍ 24, ത്വയാലിസി, തിര്‍മിദി 4/346. നിവേദനം സ്വഹീഹാണെന്ന് ഇമാം തിര്‍മിദി (റ) വ്യക്തമാക്കി. ഇമാം ദാരിമി – മുഖന്നഇല്‍ 15-16)

അബുല്‍ ആലിയ (റ) പറയുന്നു: :- അവര്‍ അബൂബക്കറിന്റെ (റ) കാലഘട്ടത്തില്‍ ക്വുര്‍ആന്‍ ശേഖരിച്ചു. ഉബയ്യ് (റ) വായിച്ചു കൊടുക്കുകയും എഴുതുകയും ചെയ്തു. സൂറഃ തൗബയിലെ 127-ാം ആയത്ത് എത്തിയപ്പോള്‍ ഇത് അവസാനം ഇറങ്ങിയ ആയത്താണെന്നു വിചാരിച്ചു. ഉബയ്യ്‌ (റ) പറഞ്ഞു:- ഇതിനുശേഷം നബി (സ) രണ്ടു ആയത്തുകളെ ഓതുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. (ശേഷം ആ രണ്ട് ആയത്തുകള്‍ ഓതി). (അല്‍ മസാഹിഫ് -ഹദീഥ് നമ്പര്‍ 29 – ഹദീഥ് മുന്‍തിഖ ആണ്).

വിമര്‍ശനവിധേയമായ ഹദീഥ് ബലഹീനമാണെന്നും അതിനെതിരില്‍ അന്യൂനമായ നിവേദനങ്ങൾ ഉണ്ടെന്നും വ്യക്തമാക്കുന്നതാണ് ഈ തെളിവുകൾ. സ്വഹാബിമാർ സ്വന്തം ഇഷ്ടപ്രകാരം അവർക്കിഷ്ടമുള്ളിടത്ത് ലഭിച്ച ആയത്തുകൾ ചേർക്കുകയായിരുന്നില്ല, നബി(സ) നിർദേശം ഇവ്വിഷയകമായി പൂർണമായും അനുസരിക്കുകയായിരുന്നുവെന്ന് ഈ തെളിവുകൾ സുതരാം വ്യക്തമാക്കുന്നുണ്ട്.

രണ്ട്: ഇബ്‌നു അബ്ബാസ് (റ) പറയുന്നു. ഞാന്‍ ഉഥ്മാനോട്(റ) ചോദിച്ചു, നിങ്ങള്‍ സൂറത്ത് അന്‍ഫാല്‍, തൗബ എന്നിവക്കിടയില്‍ ബിസ്മി രേഖപ്പെടുത്താതെ ചേര്‍ത്ത് എഴുതിയതിന്റെ കാരണമെന്താണ്? ഉഥ്മാൻ (റ) പറഞ്ഞു: നബി(സ)ക്ക് നീണ്ട കാലയളവില്‍ ധാരാളം സൂറത്തുകള്‍ അവതരിച്ചിരുന്നു. ഖുര്‍ആന്‍ അവതരിക്കുമ്പോള്‍ എഴുത്തുകാരില്‍ ഒരാളെ വിളിച്ച് ഇതിനെ ഇന്ന വിഷയം പരാമര്‍ശിക്കുന്ന സൂറത്തില്‍ ചേര്‍ക്കുക എന്ന് കല്‍പിക്കുമായിരുന്നു. സൂറഃ അന്‍ഫാല്‍ മദീനയില്‍ ആദ്യം അവതരിച്ചതാണ്. സൂറഃ തൗബ അവസാനം അവതരിച്ചതും. ഇരു സൂറത്തുകളുടെയും പ്രമേയവിഷയം പരസ്പരം യോജിച്ചതാണ്. അതിന്റെ തുടര്‍ച്ചയാണ് ഇതെന്നു ഞാന്‍ വിചാരിക്കുന്നു. വ്യക്തത നല്‍കാതെയാണ് നബി (സ) ഇഹലോകം വെടിഞ്ഞത്. ആയതിനാല്‍ ഇടയില്‍ ബിസ്മി ചേര്‍ക്കാതെ ചേര്‍ത്ത് രണ്ടു സൂറത്തുകളും രേഖപ്പെടുത്തി. (അഹ്‌മദ്‌ 1/244, തിര്‍മിദി 3086, മിശ്കാത് 2163)

ഹദീഥ് പണ്ഡിതന്‍മാരായ ശൈഖ് ശുഐബ് അര്‍നഊത്, ശൈഖ് അല്‍ബാനി, ശൈഖ് അഹ് മദ് ശാഖിര്‍ (റ) എന്നിവര്‍ ഈ അഥർ ബലഹീനമാണെന്ന് പറഞ്ഞിട്ടുണ്ട്. അഥര്‍ ഉദ്ധരിച്ച യസീദുര്‍റുഖാശി (റ) എന്ന വ്യക്തിയില്‍ അവ്യക്തതയുണ്ടെന്ന് ഇമാം തിര്‍മിദി (റ) രേഖപ്പെടുത്തി. യസീദു ബിന്‍ അബാ(റ)നെ കണ്ടിട്ടില്ലെന്നും ഇമാം തന്നെ പറയുന്നുണ്ട്. (തിര്‍മിദി ഹദീഥ് നമ്പര്‍ 3086)

അന്യൂനമായ ഹദീഥല്ല ഇതെന്നു സാരം, ഇതിന്റെ ആശയം സ്ഥിരപ്പെട്ട കാര്യങ്ങള്‍ക്ക് വിരുദ്ധമാണ്.

1) നബി(സ)യുടെയും അബൂബക്കറി(റ)ന്റെയും കാലഘട്ടത്തില്‍ നടന്ന രണ്ടു രീതിയിലുള്ള ക്രോഡീകരണത്തിലും ഈ രണ്ടു സൂറത്തുകളും രണ്ടായിട്ടാണ് രേഖപ്പെടുത്തിയത്. സൂറഃ തൗബയില്‍ ബിസ്മി ഇല്ല എന്ന വിഷയത്തില്‍ സ്വഹാബാക്കള്‍ ഭിന്നിച്ചിട്ടില്ല. ഇത് കേവലം ഉഥ്മാന്റെ(റ) ഗവേഷണ ഫലമായിരുന്നുവെങ്കില്‍ അവര്‍ ഭിന്നിക്കുമായിരുന്നു.

2) സൂറത്തുകളെല്ലാം തുടങ്ങേണ്ടത് ബിസ്മി കൊണ്ടാണെന്നത് നബി(സ)യുടെ കല്പനയാണ്. അതെ നബി (സ) തന്നെയാണ് അത് സൂറഃ തൗബയില്‍ രേഖപ്പെടുത്തേണ്ടതില്ലെന്ന് പഠിപ്പിച്ചത്. അതിനാലാണ് എഴുത്തുകാർ അത് രേഖപ്പെടുത്താതിരുന്നത്.

3) ബിസ്മി രേഖപ്പെടുത്താതിന്റെ കാരണം എന്താണെന്നതിലാണ് സ്വഹാബാക്കള്‍ വ്യത്യസ്ത അഭിപ്രായം പറഞ്ഞത്. ഈ വിഷയത്തില്‍ നബി(സ)യില്‍ നിന്നും വ്യക്തത ലഭിച്ചിട്ടില്ല എന്ന് ഉഥ്മാൻ (റ) അദ്ദേഹത്തിന് ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിൽ അഭിപ്രായം പറഞ്ഞതാണ്. മറ്റു സ്വഹാബിമാരും ഇവ്വിഷയകമായ അവരുടെ അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്.

ഇബ്‌നു അബ്ബാസ് (റ) പറയുന്നു:- അലി (റ) പറഞ്ഞു: ബിസ്മില്ലാഹി നിര്‍ഭയത്വമാണ്. സൂറഃ തൗബ യുദ്ധ കല്‍പന പ്രഖ്യാപിച്ച് ഇറങ്ങിയതാണ്. അതില്‍ നിര്‍ഭയത്വമില്ല. അതുകൊണ്ടാണ് അതിൽ ബിസ്മി ഒഴിവായത്. (തഫ്‌സീര്‍ ത്വബ്‌രി)

സൂറത്തു തൗബയുടെ ആദ്യ ഭാഗങ്ങള്‍ ദുര്‍ബലപ്പെടുത്തപ്പെട്ടതോടുകൂടി ഇതിലെ ബിസ്മിയും ഉയര്‍ത്തപ്പെട്ടതായി ഇമാം മാലിക്കും(റ) അഭിപ്രായപ്പെട്ടുണ്ട്.

ഖുർആനിൽ പതിനേഴായിരം ആയത്തുകളുള്ളതായി ചിലർ എഴുതിയിട്ടുണ്ടല്ലോ. ആറായിരത്തിലധികം ആയത്തുകളെ ഇന്നുള്ള ഖുർആനിലുള്ളൂ. ചില ആയത്തുകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നല്ലേ അതിനർത്ഥം?

ശിയാക്കളുടെ ചില കൃതികളിലാണ് ഇത്തരം പരാമർശങ്ങളുള്ളത്. ശിയാക്കളുടെ ഹദീഥ് ഗ്രന്ഥമായ അൽ കുലൈനിയുടെ ഉസൂലിൽ കാഫിയിൽ, അവരുടെ ഹദീഥ് നിദാനശാസ്ത്രപ്രകാരം അവർ സ്വീകാര്യമാണെന്ന് കരുതുന്ന ഒരു നിവേദനത്തിൽ പറയുന്നത് ഇങ്ങനെയാണ്: “അബൂ അബ്ദില്ല പറയുന്നു: മുഹമ്മദ് നബി(സ)ക്ക് ജിബ്‌രീല്‍ (അ) നല്‍കിയ ഖുര്‍ആനില്‍ പതിനേഴായിരം ആയത്തുകള്‍ ഉണ്ടായിരുന്നു.” (ഉസൂലില്‍ കാഫി വാല്യം രണ്ട്, പുറം 634, ഹദീഥ് 28)

അലി(റ)യോടുള്ള കൃത്രിമ സ്‌നേഹം പ്രകടമാക്കി ഇസ്‌ലാമില്‍ നിന്നും ജനങ്ങളെ തിരിച്ചുവിടാനായി ജൂതനായ ഇബ്‌നു സബഅ് ജന്മം നല്‍കിയതാണ് ശീഇസം. പ്രമുഖരായ സ്വഹാബാക്കളെല്ലാം അവിശ്വാസികളാണെന്നും അവര്‍ ഖുര്‍ആന്‍ മാറ്റിമറിച്ചു എന്നും അവര്‍ വാദിച്ചു. സനദുകള്‍ ഇല്ലാതെയോ അല്ലെങ്കില്‍ സനദുകൾ കൃത്രിമമായി അവര്‍ നിര്‍മിച്ചോ പല അന്ധവിശ്വാസങ്ങളും അവർ പ്രചരിപ്പിച്ചു. ഗ്രന്ഥകര്‍ത്താവ് തന്നെ മഹാനുണയനായതിനാൽ അയാളുടെ കൃതികളുടെ സ്ഥാനം ചവറ്റുകൂനയാണ്. ജൂതനായ പൗലോസ് ക്രിസ്തുമതത്തെ നശിപ്പിച്ചതില്‍ പാഠമുള്‍ക്കൊണ്ട മുസ്‌ലിം പണ്ഡിതന്‍മാര്‍ ജൂതനായ ഇബ്‌നു സബഇനെ തിരിച്ചറിഞ്ഞുവെങ്കിലും വൈകിയിരുന്നു. അങ്ങനെയാണ് ശീഇസം എന്ന മതം ലോകത്ത് വലിയ സ്വാധീനമുണ്ടാക്കിയത്.

ഖുര്‍ആന്‍ തിരുത്തലുമായി ബന്ധപ്പെട്ട് അവര്‍ ആരോപിക്കുന്ന ദുരാരോപണങ്ങള്‍ ഇസ്‌ലാമിന്റെ ശത്രുക്കളുടെ ആരോപണങ്ങളായി മാത്രമാണ് കാണേണ്ടത്. ശരിയായ സനദുകളിലൂടെ അവ തെളിയിക്കാന്‍ സാധ്യമല്ല. ശിയാക്കളുടെ ഇത്തരം ആരോപണങ്ങൾക്ക് അഹ്ലുസുന്നയുടെ മഹാപണ്ഡിതന്മാർ മറുപടി പറഞ്ഞിട്ടുണ്ട്. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ച അന്തലൂസിയൻ പണ്ഡിതനായ ഇബ്ൻ ഹസം എഴുതി: “പരിശുദ്ധ ഖുർആനിൽ കൈകടത്തലുകൾ നടന്നിട്ടുണ്ടെന്ന റാഫിദികളുടെ വാദത്തെക്കുറിച്ച് പറയാനുള്ളത്, അവർ മുസ്‌ലിംകളല്ലെന്നാണ്. നിരവധി വിഭാഗങ്ങളുള്ള അവരിലെ ഒന്നാമത്തെ വിഭാഗം ഉടലെടുത്തത് പ്രവാചകവിയോഗത്തിന് ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷമാണ്. ജൂതന്മാരെയും ക്രിസ്ത്യാനികളെയും കള്ളപ്രചാരണങ്ങളുടെയും പാഷാണ്ഡതയുടെയും കാര്യത്തിൽ പിന്തുടർന്നുകൊണ്ട് ഇസ്‌ലാമിനെ തകർക്കാൻ ശ്രമിച്ചതിന്റെ ഫലമായാണ് അവർ രൂപമെടുത്തത്. അലി ബിൻ അബീതാലിബിനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ചിലർക്കും ദിവ്യത്വം കൽപിക്കുന്നത് വരെ ചെന്നെത്തിയവരാണ് അവരിലെ അതിതീവ്രവിഭാഗങ്ങൾ. അവരിലെ വ്യതിയാനം കുറഞ്ഞ വിഭാഗത്തിന്റെ വിശ്വാസം അലിക്കുവേണ്ടി സൂര്യൻ രണ്ട് തവണ പിന്നിലേക്ക് നടന്നിട്ടുണ്ടെന്നാണ്. പച്ചക്കള്ളങ്ങളിൽ അഭിരമിക്കുന്ന ഇത്തരം വിഭാഗങ്ങൾ ഖുർആനിനെക്കുറിച്ച് കള്ളം പറയുന്നതിൽ അത്ഭുതപ്പെടാനെന്തുണ്ട്?” (ഇബ്നു ഹസമിൽ നിന്ന് ഇസ്‌റാഈൽ ഫ്രീഡ്ലാൻഡർ ഉദ്ധരിച്ചത്: Israel Friedlaender (1908). “The Heterodoxies of the Shiites in the Presentation of Ibn Hazm”, Journal of the American Oriental Society. American Oriental Society. 29: 61–2. Retrieved 11 April 2015.)

ശിയാക്കളുടെ അടിസ്ഥാന ഗ്രന്ഥങ്ങളിൽ ഖുർആനിൽ മാറ്റത്തിരുത്തലുകളുണ്ടായിട്ടുണ്ട് എന്ന ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിലും, പല പ്രഗത്ഭരായ ഷിയാ പണ്ഡിതന്മാരും ഈ ആരോപണം ശരിയല്ലെന്ന് പറഞ്ഞിട്ടുണ്ട്. 1992 ൽ മരണപ്പെട്ട ഇറാഖിലെ ഷിയാപണ്ഡിതനായ ആയത്തുല്ലാ അബുൽ ഖാസിം അൽഖൊയി പറയുന്നത് ഇങ്ങനെയാണ്: “ഖുർആനിൽ യാതൊരു മാറ്റത്തിരുത്തലും വന്നിട്ടില്ലെന്നും മഹാപ്രവാചകന് (സ) അവതരിക്കപ്പെട്ട ഖുർആൻ അതേപോലെ പൂർണമായും യാതൊരു വ്യത്യാസവുമില്ലാതെയുമാണ് നമ്മുടെ കൈവശമുള്ളത് എന്നുമാണ് മുസ്‌ലിംകളെല്ലാം സ്വീകരിച്ചിരിക്കുന്ന അടിസ്ഥാന വീക്ഷണം. നിരവധി പ്രാമാണികരായ പണ്ഡിതന്മാർ ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇഥനാ അശ്അരികളിൽക്കിടയിലെ പ്രഗത്ഭ ഹദീഥ് പണ്ഡിതനായ മുഹമ്മദ് ബിൻ ബാബവയ്ഹ് ഖുർആനിൽ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നത് ഇഥനാ അശ്അരികളുടെ ഒരു അടിസ്ഥാനവിശ്വാസമാണെന്ന് എണ്ണിപ്പറഞ്ഞിട്ടുണ്ട്. ഇമാമീ ശിയാക്കളുടെ നിയമവിശാരദനായ അബൂ ജഅ്ഫർ മുഹമ്മദ് ബിൻ അൽഹസൻ അത്തൂസി, തന്റെ ഖുർആൻ വ്യാഖ്യാനഗ്രന്ഥമായ അൽതിബയാനിന്റെ തുടക്കത്തിൽ തന്നെ ഈ വീക്ഷണം വ്യക്തമാക്കുകയും തെളിവുകളുടെ വെളിച്ചത്തിൽ അത് സമർത്ഥിക്കുകയും തന്റെ ഗുരുവായ അശ്ശരീഫുൽ മുർതദക്ക് ഇതേ കാഴ്ചപ്പാടാണുണ്ടായിരുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പ്രസിദ്ധ ഖുർആൻ വ്യാഖ്യാതാവായ അത്തബ്റാസിയും തന്റെ വ്യാഖ്യാനമായ മജ്മഉൽ ബൈദാനിന്റെ മുഖവുരയിൽ ഇക്കാര്യം തന്നെയാണ് സമർത്ഥിച്ചിരിക്കുന്നത്.” (Al-Sayyid Abu al-Qasim al-Musawi al-Khu’i, Prolegomena to the Qur’an, Oxford, 1998, Page 137-138)

ആരോപണമുന്നയിച്ചവർ പോലും സ്വയം തന്നെ പിതൃത്വം നിഷേധിക്കാൻ മാത്രം ദുർബലമായ തെളിവുകളാണ് ഖുർആനിൽ മാറ്റങ്ങളുണ്ടായിയെന്ന് വാദിക്കുന്നവരുടെ പക്കലുള്ളത് എന്നാണ് ഈ ശിയാപണ്ഡിതന്റെ ഉദ്ധരണി വെളിപ്പെടുത്തുന്നത്. ഉസൂലുൽ കാഫിയിലെ ഹദീഥ് ദുർബലമാണെന്ന് സ്ഥാപിക്കുവാൻ പാടുപെടുകയാണ് ഇന്ന് ജീവിക്കുന്ന ശിയാബുദ്ധിജീവികളെന്ന് അവരുടെ രചനകളും ഇന്റർനെറ്റിലെ ഇടപെടലുകളും ശ്രദ്ധിച്ചാൽ മനസ്സിലാവും. ഖുർആനിന്റെ അഖണ്ഡതയെ വെല്ലുവിളിക്കാൻ ശ്രമിക്കുന്നവരുടെ കൈകളിലുള്ള തെളിവുകൾ എത്രത്തോളം അടിസ്ഥാനരഹിതമാണെന്ന് ഇവ വ്യക്തമാക്കുന്നുണ്ട്.

ആകാശഭൂമികൾ സൃഷ്ടിക്കപ്പെട്ടത് ആറു ദിവസങ്ങളിലായിട്ടാണെന്ന് പല സ്ഥലങ്ങളിലും പറയുന്ന ഖുർആനിൽ തന്നെ അല്ലാഹു ഒരു കാര്യം സൃഷ്ടിക്കാൻ തീരുമാനിച്ചാൽ ഉണ്ടാകൂ എന്ന് പറയുമ്പോഴേക്ക് അതുണ്ടാകുമെന്നും പ്രസ്താവിക്കുന്നു. ഇത് വൈരുദ്ധ്യമല്ലേ? വൈരുദ്ധ്യം ആരോപിക്കപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണുക: തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആകാശങ്ങളേയും ഭൂമിയേയും ആറ് ദശകളിലായി സൃഷ്ടിക്കുകയും, പിന്നീട് കാര്യങ്ങള്‍ നിയന്ത്രിച്ചുകൊണ്ട് സിംഹാസനസ്ഥനാവുകയും ചെയ്ത അല്ലാഹുവാകുന്നു. (10:3) ആകാശങ്ങളുടേയും ഭൂമിയുടേയും നിര്‍മ്മാതാവത്രെ അവന്‍. അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ ഉണ്ടാകൂ എന്ന് പറയുക മാത്രമേ വേണ്ടതുള്ളു. ഉടനെ അതുണ്ടാകുന്നു. (2:117) ആകാശ ഭൂമികള്‍ ആറു ഘട്ടങ്ങളിലായിട്ടാണ് സൃഷ്ടിക്കപ്പെട്ടതെന്ന് പ്രസ്താവിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ അവന്റെ സൃഷ്ടി വൈഭവം വ്യക്തമാക്കുന്ന സൂറത്തുല്‍ ബഖറയിലെ വചനവുമായി (2:117) യാതൊരു വിധത്തിലും വൈരുധ്യം പുലര്‍ത്തുന്നില്ല. ദൈവപുത്രവാദമുന്നയിക്കുന്ന ക്രൈസ്തവരെ വിമര്‍ശിച്ചുകൊണ്ടാണ് സൂറത്തുല്‍ബഖറയില്‍ ഇക്കാര്യം പ്രസ്താവിക്കുന്നത്. അവര്‍ പറയുന്നു, അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നുവെന്ന്. അവനത്രെ പരിശുദ്ധന്‍! അങ്ങനെയല്ല, ആകാശഭൂമികളിലുള്ളതെല്ലാം തന്നെ അവന്റെതാകുന്നു. എല്ലാവരും അവന് കീഴ്‌പ്പെട്ടിരിക്കുന്നവരാകുന്നു (2:116) എന്ന് പറഞ്ഞ ശേഷമാണ് സൂറത്തുല്‍ ബഖറയിലെ നടേ പറഞ്ഞ വചനമുള്ളത്. ആകാശ ഭൂമികളിലുള്ള ചെറുതും വലുതുമായ വസ്തുക്കളെല്ലാം പടച്ചവന്റെ കല്‍പ്പന പ്രകാരംഉണ്ടാവുകയെന്ന അവന്റെ വചനപ്രകാരം ഉണ്ടായതാണെന്നിരിക്കെ, ദൈവത്തിന്റെ വചനപ്രകാരം അത്ഭുതകരമായി ജനിച്ച യേശുക്രിസ്തുമാത്രം ദൈവപുത്രനാണെന്നു പറയുന്നതില്‍ യാതൊരു ന്യായവുമില്ലെന്ന വസ്തുത വ്യക്തമാക്കുകയാണ് ഈ സൂക്തങ്ങള്‍ ചെയ്യുന്നത്. സൂറത്തുല്‍ ബഖറയിലെ സൂക്തം (2:117), അല്ലാഹുവിന്റെ സൃഷ്ടിവൈഭവം വ്യക്തമാക്കുക മാത്രമാണ് ചെയ്യുന്നത്. യാതൊരു മുന്‍മാതൃകയുമില്ലാതെ സൃഷ്ടി നിര്‍വഹിക്കുന്നവനാണ് അല്ലാഹു. അവന്റെ സൃഷ്ടി ഒന്നുമില്ലായ്മയില്‍ നിന്നാണ്. ശൂന്യതയില്‍ നിന്നു ള്ള സൃഷ്ടിപ്പ് അവന്നു മാത്രം കഴിയുന്ന കാര്യമാണ്. ഒരു വസ്തു ഉണ്ടാക്കണമെന്ന് അവന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ അവന്ന് ഉണ്ടാവുക എന്ന് പറയേണ്ടതേയുള്ളൂ, ആ വസ്തു ഉണ്ടാവും. ഉണ്ടാവുക എന്ന ദൈവവചനത്തില്‍ തന്നെ പ്രസ്തുത വസ്തു എത്രകാലം കൊണ്ടാണ് ഉണ്ടാവേണ്ടത് എന്നും എത്ര ഘട്ടങ്ങളായാണ് ഉണ്ടാവേണ്ടത് എന്നുമുള്ള ദൈവിക തീരുമാനങ്ങളും ഉള്‍ക്കൊണ്ടിരിക്കും. പ്രസ്തുത തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ വസ്തു ഉണ്ടാകുന്നു. ആകാശഭൂമികള്‍ ഉണ്ടായിരിക്കുന്നതും അല്ലാഹുവിന്റെ ഉണ്ടാവുകയെന്ന വചനപ്രകാരം തന്നെയാണ്. പ്രസ്തുത വചനത്തില്‍ തന്നെ അത് ആറുഘട്ടങ്ങളായാണ് ഉണ്ടാവേണ്ടതെന്നും പ്രസ്തുത സൃഷ്ടി പ്രക്രിയക്ക്ആവശ്യമായ കാലയളവ് ഇത്രയാണെന്നും എങ്ങനെയാണ് അത് ഉണ്ടാകേണ്ടതെന്നുമുള്ള ദൈവിക തീരുമാനങ്ങള്‍ കൂടി ഉള്‍ക്കൊണ്ടിരിക്കും. അതനുസരിച്ചാണ് അവന്‍ നിശ്ചയിച്ച കാലയളവിനുള്ളില്‍ ആറു ഘട്ടങ്ങളായിഅവ സൃഷ്ടിക്കപ്പെട്ടത്. ചുരുക്കത്തില്‍, ആറു ഘട്ടങ്ങളിലായാണ് ആല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ചത് എന്ന പരാമര്‍ശവും അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ ഉണ്ടാവുക എന്ന വചനപ്രകാരം അതുണ്ടാവുന്നതാണെന്ന പ്രസ്താവനയും തമ്മില്‍ യാതൊരുവിധ വൈരുധ്യങ്ങളുമില്ല. ഒന്ന് ആകാശ ഭൂമികളുടെ സൃഷ്ടിക്രമം വ്യക്തമാക്കുന്നു, മറ്റേതാകട്ടെ അല്ലാഹുവിന്റെ സൃഷ്ടിവൈഭവമാണ് വിശദീകരിക്കുന്നത്.
ആകാശഭൂമികൾ ഒന്നായിരുന്നുവെന്നും പിന്നീട് അവ വേര്‍പെടുത്തപ്പെട്ടതാണെന്നുമുള്ള 21:30 ലെ പരാമര്‍ശത്തിന് വിരുദ്ധമായി അവ രണ്ടും വേര്‍പ്പെട്ടവയായിരുന്നുവെന്നും പിന്നീട് ഒന്നിച്ച് വരികയാണ് ചെയ്തതെന്നുമാണ് 41:11 ല്‍ പറയുന്നത്. ഇതെങ്ങനെ വിശദീകരിക്കാനാവും? ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജൈവ വസ്തുക്കളെയും നാം ഉണ്ടാക്കുകയുംചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലോ? (21:30) അതിനു പുറമെ അവന്‍ ആകാശത്തിന്റെ നേര്‍ക്ക് തിരിഞ്ഞു. അത് ഒരുപുകയായിരുന്നു. എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു. നിങ്ങള്‍ രണ്ടും അനുസരണ പൂര്‍വമോ നിര്‍ബന്ധിതമായോ വരിക. അവരണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ള വരായി വന്നിരിക്കുന്നു. (41:11) വൈരുധ്യമാരോപിക്കപ്പെട്ട സൂക്തങ്ങളാണിവ. സത്യത്തില്‍ പ്രപഞ്ചോല്‍പത്തിയുടെ രണ്ടു ഘട്ടങ്ങളാണ് ഈ സൂക്തങ്ങളില്‍ വിശദീകരിക്കപ്പെട്ടിരിക്കുന്നത്. ആധുനിക ശാസ്ത്രത്തിന്റെ നിഗമനങ്ങള്‍ ഖുര്‍ആനില്‍ സൂചിപ്പിക്കപ്പെട്ട രണ്ടു ഘട്ടങ്ങളും കൃത്യമായി സംഭവിച്ചതു തന്നെയാണെന്നാണ് മനസ്സിലാക്കി തന്നിരിക്കുന്നത്. ഏകദേശം രണ്ടായിരം കോടി കൊല്ലങ്ങള്‍ക്കു മുമ്പ് പ്രപഞ്ചം ആദിമ ഭ്രൂണാവസ്ഥയിലായിരുന്നുവെന്നും ഒരു ഉഗ്രസ്‌ഫോടനത്തോടെയാണ് പ്രപഞ്ചം നിലവില്‍ വന്നതെന്നുമാണ് ഇന്ന് ഏറ്റവുമധികം അംഗീകരിക്കപ്പെട്ടിട്ടുള്ള മഹാവിസ്‌ഫോടന സിദ്ധാന്തം പറയുന്നത്. ഈസിദ്ധാന്തം അംഗീകരിച്ചാലും ഇല്ലെങ്കിലും പ്രാപഞ്ചിക വസ്തുക്കളെല്ലാം ഒന്നിച്ച് ഒരൊറ്റ ആദിപദാര്‍ഥത്തിന്റെ ഭാഗമായിരുന്നുവെന്ന വസ്തുത ഇന്ന്ശാസ്ത്ര ലോകത്ത് ഏതാണ്ട് തര്‍ക്കമറ്റ സംഗതിയാണ്. ഈ ആദിപദാര്‍ഥത്തില്‍ നിന്ന് വേര്‍പ്പെട്ടാണ് ആകാശ ഗോളങ്ങളും ഭൂമിയുമെല്ലാം ഉണ്ടായത്. പ്രപഞ്ചോല്‍പത്തിയുടെ ആദ്യ നിമിഷത്തില്‍ സംഭവിച്ചതാണ് ഈവേര്‍പെടല്‍. ശക്തമായ ഒരു പൊട്ടിത്തെറിയിലൂടെ നടന്ന ഈ വേര്‍പെടലിനാണ് സാങ്കേതികമായി മഹാവിസ്‌ഫോടനം എന്ന് പറയുന്നത്. സൂറത്തുല്‍ അമ്പിയാഇലെ സൂചിത സൂക്തത്തില്‍(21:30) പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത് ഈ വേര്‍പ്പെടുത്തലാണ്. ആകാശവും ഭൂമിയും ഒട്ടിച്ചേര്‍ന്ന് ഒരു ആദിമ പിണ്ഡാവസ്ഥയിലായിരുന്നുവെന്നും പിന്നീട് അല്ലാഹു അവയെ വേര്‍പെടുത്തിയെന്നുമുള്ള ഖുര്‍ആനിക പരാമര്‍ശങ്ങള്‍ പ്രപഞ്ചോല്‍പത്തിയുടെ ആദ്യ ഘട്ടത്തെയാണ്കുറിക്കുന്നതെന്നര്‍ഥം. എന്നാല്‍, മഹാ വിസ്‌ഫോടനത്തോടെ പ്രാപഞ്ചിക വസ്തുക്കളെല്ലാം ഇന്നു നിലനില്‍ക്കുന്ന രീതിയില്‍ ആയിക്കഴിയുകയല്ല ചെയ്തത്. അതിന് വീണ്ടും പരിണാമദശകള്‍ കഴിയേണ്ടതായി ഉണ്ടായിരുന്നു. ആകാശവസ്തുക്കളുടെ രൂപീകരണത്തില്‍ പ്രധാനം നക്ഷത്രരൂപീകരണത്തിനാണല്ലോ. ഒരു നക്ഷത്രം ഉണ്ടാകുന്നത് എങ്ങനെയെന്ന് ഏകദേശം കൃത്യമായിത്തന്നെ ഇന്ന് നമുക്ക് പറയാന്‍ കഴിയും. ഉപരിലോകത്തുള്ള ധൂളി വാതകപടലങ്ങളായ നെബുലകളില്‍ നിന്നാണ് നക്ഷത്രങ്ങള്‍ പിറവിയെടുക്കുന്നത്. നെബുലകളിലെ പൊടിപടലങ്ങള്‍ക്കകത്ത് പെട്ടെന്നുണ്ടാകുന്ന ആഘാതത്തിന്റെ ഫലമായി അവ ഘനീഭവിച്ച് സാന്ദ്രമാവുകയും നക്ഷത്രഭ്രൂണമായിത്തീരുകയും ചെയ്യുന്നു. ഈഭ്രൂണം ചുറ്റുമുള്ള വാതകപടലത്തില്‍നിന്ന് കണികകളെ ആകര്‍ഷിച്ചുകൊണ്ട് വലുപ്പം വര്‍ധിപ്പിച്ച് പ്രാഗ് നക്ഷത്രമായിത്തീരുന്നു. ഈ പ്രാഗ് നക്ഷത്രം സ്വന്തം ഗുരുത്വാകര്‍ഷണംമൂലം ചുരുങ്ങികൊണ്ടാണ് നക്ഷത്രങ്ങളുണ്ടാകുന്നത്. 1100 പ്രകാശവര്‍ഷങ്ങള്‍അകലെയുള്ള എം ജി സി 1333 എന്ന നെബുലയിലെ നക്ഷത്രാന്തരീയ പുകപടലങ്ങളില്‍ നിന്ന് ഒരു പ്രാഗ് നക്ഷത്രം പിറവിയെടുക്കുന്നത് ഹാവായിലെ മാക്‌സ്വെല്‍ ദൂരദര്‍ശിനിയിലൂടെ കാണാന്‍ ശാസ്ത്രജ്ഞന്‍മാര്‍ക്ക് കഴിഞ്ഞതോടെ നക്ഷത്ര രൂപീകരണത്തെ കുറിച്ച ഈസിദ്ധാന്തം ഏതാണ്ട് സര്‍വ്വാംഗീകൃതമായിട്ടുണ്ട്. പ്രപഞ്ചോല്‍പത്തിയുടെ രണ്ടാം ഘട്ടത്തിലുള്ള നക്ഷത്രങ്ങളുടെ സൃഷ്ടിയെ കുറിച്ചായിരിക്കാം സൂറത്തുഫുസ്സിലത്തിലുള്ള 11-ാം വചനത്തില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. പുകപടലങ്ങളില്‍ നിന്നുള്ള ആകാശഗോളങ്ങളുടെ സൃഷ്ടിയാണല്ലോ ഈവചനത്തിലെ പ്രതിപാദ്യവിഷയം. ഇത് മഹാവിസ്‌ഫോടനത്തിനു ശേഷം സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ശാസ്ത്രം പറയുന്ന നെബുലകളില്‍ നിന്നുള്ള നക്ഷത്ര രൂപികരണത്തെ കുറിച്ചു തന്നെയാകാനാണ് സാധ്യത. ഖുര്‍ആനില്‍ രണ്ടു സ്ഥലങ്ങളില്‍ പറയുന്ന പ്രപഞ്ചസൃഷ്ടിയുടെ ക്രമം രണ്ടും ശരിയാണെന്ന വസ്തുതയാണ് നമുക്ക് ഇവിടെ ബോധ്യമാകുന്നത്. പ്രത്യക്ഷത്തില്‍ വൈരുധ്യമുള്ളതെന്ന് തോന്നുന്ന ഖുര്‍ആനിക പരാമര്‍ശങ്ങള്‍ പോലും പരസ്പരപൂരകങ്ങളും വസ്തുതകള്‍ മാത്രം വിവരിക്കുന്നവയുമാണെന്ന വസ്തുതയാണ് ആധുനിക ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നതെന്ന കാര്യം എന്തു മാത്രം വലിയ അത്ഭുതമാണ്!. ഖുര്‍ആനിന്റെ അമാനുഷികതയും ദൈവികതയും വ്യക്തമാക്കുന്നവയാണ് ഈ വചനങ്ങളെന്നുള്ളതാണ് വാസ്തവം.
അല്ലാഹു സിംഹാസനസ്ഥനാണെന്ന് 57:4ലും പ്രസ്തുത സിംഹാസനം ജലത്തിനു മുകളിലാണെന്ന് 11:7ലും പറയുന്നതിന് വിരുദ്ധമായി 50:16ല് അവന് നിങ്ങളുടെ ജീവനാഡിയേക്കാള്‍ അടുത്താണെന്ന് പറയുന്നുണ്ടല്ലോ. ഇത് വൈരുധ്യമല്ലേ ? പ്രപഞ്ചത്തിലെ ചെറുതും വലുതുമായ സകല പ്രതിഭാസങ്ങളുടെയും സ്രഷ്ടാവാണ് അല്ലാഹു. പദാര്‍ത്ഥ പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ അവന്‍ പ്രപഞ്ചാതീതനാണ് പദാര്‍ഥാതീതനാണ്. പദാര്‍ത്ഥ ലോകത്തെ കുറിച്ച് മാത്രമെ മനുഷ്യന് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ മനസ്സിലാകൂ. സ്ഥലകാല സാതത്യത്തിന് അതീതമായ യാതൊന്നിനെക്കുറിച്ചും മനസ്സിലാക്കുവാനുള്ള കഴിവ് മനുഷ്യ മസ്തിഷ്‌കത്തിന് നല്‍കപ്പെട്ടിട്ടില്ല. ഈപരിമിതി മനസ്സിലാക്കിക്കൊണ്ടു വേണം അല്ലാഹുവിനെയും അവന്റെ ഉണ്മയെയുമെല്ലാം കുറിച്ച് ഖുര്‍ആന്‍ പറഞ്ഞകാര്യങ്ങള്‍ നാം വിലയിരുത്താന്‍. ദൈവികോണ്മയെക്കുറിച്ച് അറിയുവാന്‍ മനുഷ്യന്റെ പക്കല്‍ മാര്‍ഗ്ഗങ്ങളൊന്നുമില്ല, ദൈവിക വെളിപാടുകളല്ലാതെ. അല്ലാഹു തന്നെ സ്വയം വെളിപ്പെടുത്തിയ കാര്യങ്ങള്‍ മാത്രമേ അവന്റെ അസ്തിത്വത്തെകുറിച്ച് നമുക്കറിയൂ. ദൈവിക വെളിപാടുകളുടെ മാത്രം സമാഹാരമായി ഇന്ന് നിലനില്‍ക്കുന്ന ഒരു ഗ്രന്ഥം മാത്രമേയുള്ളൂ, ഖുര്‍ആന്‍. മനുഷ്യരുടെ കൈകടത്തലുകളില്‍ നിന്ന് അല്ലാഹുവിനാല്‍ തന്നെ സംരക്ഷിക്കപ്പെടുന്ന ഗ്രന്ഥം. ദൈവികാസ്തിത്വത്തെകുറിച്ച് ഖുര്‍ആന്‍ നല്‍കുന്ന അറിവ് അപ്പടി സ്വീകരിക്കുകയല്ലാതെ അവ വിശദീകരിക്കുകയോ വ്യഖ്യാനിക്കുകയോ ചെയ്യാന്‍ മനുഷ്യര്‍ അശക്തരാണ്. മനുഷ്യ വിജ്ഞാനത്തിന്റെ വരുതിയില്‍ വരാത്ത കാര്യത്തെ അവര്‍ എങ്ങിനെ വ്യാഖ്യാനിക്കാനാണ് ? ദൈവിക സിംഹാസനത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്ന ഏതാനും സൂക്തങ്ങള്‍ കാണുക: ആകാശങ്ങളും ഭൂമിയും ആറ് ദിവസങ്ങളിലായി സൃഷ്ടിച്ചവനാണ് അവന്‍. പിന്നീട് അവന്‍ സിംഹാസനസ്ഥനായി. (57:4) പരമകാരുണികന്‍ സിംഹാസനസ്ഥനായിരിക്കുന്നു. (20:5) അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാണ്. (2:255) ആറു ദിവസങ്ങളിലായി ആകാശഭൂമികളെ സൃഷ്ടിച്ചവന്‍ അവനത്രെ. അവന്റെ സിംഹാസനം ജലത്തിന്‍ മേലായിരുന്നു.(11:6) ഈ സൂക്തങ്ങളില്‍ പ്രതിപാദിക്കപ്പെട്ട സിംഹാസനം കൊണ്ടുള്ള വിവക്ഷയെന്താണെന്നോ അത് ജലത്തിലായിരുന്നു എന്ന് പറഞ്ഞതിന്റെ അര്‍ഥമെന്താണെന്നോ നമുക്കറിയില്ല. സ്ഥലകാല നൈരന്തര്യത്തിന്നതീതനായ സ്രഷ്ടാവിനെപ്പറ്റി അറിയാന്‍ വെളിപാടല്ലാത്ത മറ്റുമാര്‍ഗ്ഗങ്ങളൊന്നുമില്ലെങ്കില്‍ അവന്റെ സിംഹാസനത്തെകുറിച്ച് അറിയുവാനും പ്രസ്തുത മാര്‍ഗം മാത്രമെ സ്വീകരിക്കാന്‍ നിര്‍വ്വാഹമുള്ളൂ. ഖുര്‍ആനും പ്രവാചക വചനങ്ങളും പറഞ്ഞ കാര്യങ്ങള്‍ അപ്പടി സ്വീകരിക്കുകയും സ്വന്തമായ വ്യാഖ്യാനങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്യുകയാണ് ഇത്തരം സൂക്തങ്ങളുടെ കാര്യത്തില്‍ സച്ചരിതരായ പ്രവാചക ശിഷ്യന്‍മാരുടെ നിലപാട്. ആ നിലപാട് സ്വീകരിക്കുക മാത്രമാണ് നമുക്കു കരണീയം. അല്ലാഹു മനുഷ്യരുടെ സമീപത്താണുള്ളത് എന്നുവ്യക്തമാക്കുന്ന സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. പ്രസ്തുത സൂക്തങ്ങള്‍ എന്താണ് അര്‍ഥമാക്കുന്നത് എന്നറിയാന്‍ അവയുടെ സാരം ഒന്നുപരിശോധിച്ചാല്‍ മതിയെന്നതാണ് യാഥാര്‍ത്ഥ്യം. നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്നു പറയുക). പ്രാര്‍ഥിക്കുന്നവന്‍ എന്നെവിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നതാണ്. (2:186) നീ പറയുക: ഞാന്‍ പിഴച്ചു പോയിട്ടുണ്ടെങ്കില്‍ ഞാന്‍ പിഴക്കുന്നതിന്റെ ദോഷം എനിക്കുതന്നെയാണ്. ഞാന്‍ നേര്‍മാര്‍ഗ്ഗം പ്രാപിച്ചുവെങ്കിലോ, അത് എനിക്ക് എന്റെ രക്ഷിതാവ് ബോധനം നല്‍കുന്നതിന്റെ ഫലമായിട്ടാണ്. തീര്‍ച്ചയായും അവന്‍ കേള്‍ക്കുന്നവനും സമീപസ്ഥനുമാകുന്നു. 34:50 തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. നാം (അവന്റെ)കണ്ഠനാഡിയേക്കാള്‍ അവനോട് അടുത്തവനുമാകുന്നു. (50:16) ഈ സൂക്തങ്ങളെല്ലാം അല്ലാഹുവിന്റെ ഗുണ വിശേഷങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്, അവന്റെ സത്തയെ സംബന്ധിച്ചല്ല. അതുകൊണ്ട് തന്നെ അവന്റെ സത്ത മനുഷ്യരുടെ സമീപത്താണുള്ളത് എന്നോ അവന്‍ കണ്ഠനാഡിയേക്കാള്‍ അടുത്താണ് സ്ഥിതി ചെയ്യുന്നതെന്നോ അല്ല ഈസൂക്തങ്ങള്‍ അര്‍ഥമാക്കുന്നത്; പ്രത്യുത അവന്റെ ശക്തിയും കഴിവും മനുഷ്യരുടെ സമീപസ്ഥമാണെന്നാണ്. പ്രപഞ്ചം അല്ലാഹുവിന്റെ സൃഷ്ടിയാണ്. അതുകൊണ്ട് തന്നെ അല്ലാഹുവിന്റെ സത്ത പ്രപഞ്ചത്തിന് അതീതമായിരിക്കും. പ്രപഞ്ചസ്രഷ്ടാവായ അല്ലാഹു പദാര്‍ത്ഥലോകത്തെവിടെയോ കുടിയിരിക്കുന്നവനാണെന്ന് കരുതുന്നത് ശരിയല്ല. എന്നാല്‍ അവന്റെ കഴിവുകളും ശക്തിയും പ്രപഞ്ചമാസകലം വ്യാപിച്ചുകിടക്കുകയാണ്, പ്രപഞ്ചത്തിലെ ഒരോ വസ്തുവിനെയും ചൂഴ്ന്നുകിടക്കുകയാണ്. അതിനാല്‍ അവനോട് പ്രാര്‍ഥിക്കുവാന്‍ ഒരു ഇടയാളന്റെ ആവശ്യമില്ല. അവനെ സമീപിക്കുവാന്‍ ഒരു ശുപാര്‍ശകനും വേണ്ടതില്ല. അവനില്‍ നിന്ന് എന്തെങ്കിലും മറച്ചുവെക്കാന്‍ കഴിയുമെന്ന് മനുഷ്യര്‍ വിചാരിക്കേണ്ടതുമില്ല. അവരുടെ മനസ്സിനകത്തുള്ളതു പോലും അറിയുന്നവനാണവന്‍. ഇതാണ് ഉപര്യുക്ത സൂക്തങ്ങള്‍ അര്‍ഥമാക്കുന്നത്. അല്ലാഹു സിംഹാസനസ്ഥനായതിനെ കുറിച്ച് പ്രതിപാദിക്കുന്ന സൂക്തങ്ങള്‍ അവന്റെ സത്തയെ കുറിച്ച് മനുഷ്യര്‍ അറിയേണ്ടതായ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു. മനുഷ്യരുമയി ബന്ധപ്പെട്ട് അല്ലാഹുവിനെക്കുറിച്ച് പ്രതിപാദിക്കുന്ന സൂക്തങ്ങളാകട്ടെ, അവന്റെ ഗുണവിശേഷങ്ങളെയാണ് ദ്യോതിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇവ തമ്മില്‍ യാതൊരു വൈരുധ്യവുമില്ല. അല്ലാഹു സിംഹാസനസ്ഥന്‍ തന്നെയാണ്. എന്നാല്‍ അവന്റെ കഴിവുകളും ശക്തിയും മനുഷ്യരുടെ കണ്ഠനാഡിയേക്കാള്‍ അടുത്താണുള്ളത്. അവരുടെ ശരീരത്തെയും മനസ്സിനെയും ആ കഴിവുകള്‍ ചൂഴ്ന്നുനില്‍ക്കുന്നു.
ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് ആറ് ദിവസം കൊണ്ടാണെന്ന് ഖുർആനിൽ പല തവണ പറയുന്നുണ്ട്. (ഉദാ: 7:54, 10:3, 11:7, 25:59). എന്നാൽ 41:9-12 സൂക്തങ്ങളിലെ സൃഷ്ടി വിവരണ പ്രകാരം എട്ട് ദിവസം കൊണ്ടാണ് പ്രപഞ്ചസൃഷ്ടി നടന്നതെന്നാണ് മനസ്സിലാവുന്നത്. ഇത് വ്യക്തമായ വൈരുധ്യമല്ലേ? ആറു ദിവസം കൊണ്ടാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതെന്ന് വ്യക്തമാക്കുന്ന ഒട്ടനവധി സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. ഒരു ഉദാഹരണം 7:54: തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആറു ദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ ആല്ലാഹുവാകുന്നു. ദിവസം എന്ന് പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്ന യൗം എന്ന അറബിപദത്തിന് ഘട്ടം എന്നും അര്‍ത്ഥമുണ്ട്. ഇവിടെ ആറു ദിവസങ്ങള്‍ എന്നതുകൊണ്ട് സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെയുള്ള ഒരുദിവസമല്ല വിവക്ഷിച്ചിട്ടുള്ളതെന്ന് വ്യക്തമാണ്. അല്ലാഹുവിന്റെയടുക്കല്‍ ദിവസമെന്നാല്‍ മനുഷ്യ പരിഗണനയിലുള്ള ദിവസമല്ലെന്ന വസ്തുത ഖുര്‍ആന്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഉപരിലോകങ്ങളും ഭൂമിയുമെല്ലാം സൃഷ്ടിക്കപ്പെട്ടത് ആറ് വ്യത്യസ്ത ഘട്ടങ്ങളായി കൊണ്ടാണെന്ന് വ്യക്തമാക്കുകയാണ് അക്കാര്യം വിവരിച്ച സൂക്തങ്ങളെല്ലാം ചെയ്യുന്നത്. ഈ ഘട്ടങ്ങളുടെ കാലദൈര്‍ഘ്യം എത്രയാണെന്ന് നമുക്കറിയില്ല. അത് ഖുര്‍ആന്‍ വ്യക്തമാക്കുന്നുമ്മില്ല. ആറു ഘട്ടങ്ങളിലായാണ് ആകാശ ഭൂമികളുടെ സൃഷ്ടി സംഭവിച്ചത് എന്നകാര്യം ഖുര്‍ആനില്‍ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. അതിലധികമോ കുറച്ചോ ഘട്ടങ്ങളായിട്ടാണ് സൃഷ്ടി സംഭവിച്ചതെന്ന് പറയുന്ന ഒരൊറ്റ സൂക്തവും ഖുര്‍ആനിലില്ല. എട്ടു ദിവസം കൊണ്ടാണ് സൃഷ്ടി നടത്തിയതെന്ന് ഖുര്‍ആനില്‍ ഒരിടത്തുമില്ല. എന്നാല്‍ ഖുര്‍ആനില്‍ ഇങ്ങനെ പറയുന്നുവെന്ന് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നത് സൂറത്തു ഫുസ്സിലത്തിലെ (അധ്യായം 41) 9 മുതല്‍ 12 വരെയുള്ള സൂക്തങ്ങളുടെ അടിസ്ഥാനത്തിലാണ്. പ്രസ്തുതസൂക്തങ്ങള്‍ പരിശോധിക്കുക: നീ പറയുക; രണ്ടു ഘട്ടങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന് നിങ്ങള്‍ സമന്‍മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്. അതില്‍ അതിന്റെ ഉപരിഭാഗത്ത് ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിക്കുകയും അതില്‍ അഭിവൃദ്ധി ഉണ്ടാക്കുകയും, അതിലെ ആഹാരങ്ങള്‍ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു, നാലു ഘട്ടങ്ങളിലായി. ആവശ്യപ്പെടുന്നവര്‍ക്കുവേണ്ടി ശരിയായ അനുപാതത്തില്‍. അതിനു പുറമെ അവന്‍ ഉപരിലോകത്തിന്റെ നേര്‍ക്കു തിരിഞ്ഞു. അത് ഒരു പുകയായിരുന്നു. എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ രണ്ടുപേരും അനുസരണ പൂര്‍ണ്ണമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു. അങ്ങനെ രണ്ട് ഘട്ടങ്ങളിലായി അവയെ അവന്‍ ഏഴ് ആകാശങ്ങളാക്കിത്തീര്‍ത്തു.’ ഈ സൂക്തങ്ങളിലെവിടെയും എട്ട് ഘട്ടങ്ങളിലായിട്ടാണ് അല്ലാഹു ആകാശ ഭൂമികളെ സൃഷ്ടിച്ചതെന്ന് പറഞ്ഞിട്ടില്ല. ഒന്‍പതാം സൂക്തത്തിലെ രണ്ടു ഘട്ടങ്ങളും പത്താം സൂക്തത്തിലെ നാലു ഘട്ടങ്ങളും പന്ത്രണ്ടാം സൂക്തത്തിലെ രണ്ടു ഘട്ടങ്ങളും കൂട്ടിയാല്‍ എട്ടു ഘട്ടങ്ങളാകുമെന്നതിനാല്‍ ഈ സൂക്തങ്ങള്‍ ആറു ഘട്ടങ്ങളായിട്ടാണ് പ്രപഞ്ച സൃഷ്ടി നടന്നതെന്ന സൂക്തങ്ങളുമായി വൈരുധ്യം പുലര്‍ത്തുന്നുണ്ടെന്നാണ് വിമര്‍ശകന്‍മാരുടെവാദം. ഈ വാദത്തില്‍ യാതൊരു കഴമ്പുമില്ല. ഒമ്പത്, പത്ത് സൂക്തങ്ങളില്‍ ഭൂമിയുടെയും അതിലുള്ളതിന്റെയും സൃഷ്ടിപ്പിനെ സംബന്ധിച്ചാണ് പരാമര്‍ശിക്കുന്നത്. ഭൂമിയുടെ സൃഷ്ടിപ്പ് രണ്ടു ഘട്ടങ്ങളിലായി നിര്‍വ്വഹിച്ചതിനെ കുറിച്ച് ഒന്‍പതാം സൂക്തത്തില്‍ പറയുന്നു. ഭൂമിയെയും അതിലെ പര്‍വ്വതങ്ങളെയും ആഹാര സംവിധാനങ്ങളെയുമെല്ലാം സൃഷ്ടിച്ചത് നാലു ഘട്ടങ്ങളായിട്ടാണെന്ന് പത്താം സൂക്തത്തിലും പറയുന്നു. ഒന്‍പതാം സൂക്തത്തില്‍ പ്രതിപാദിക്കപ്പട്ട രണ്ടു ഘട്ടങ്ങള്‍ കൂടി പത്താം സൂക്തത്തിലെ നാലു ഘട്ടത്തില്‍ ഉള്‍പ്പെടുന്നുവെന്നര്‍ഥം. ഒന്‍പതും പത്തും, സൂക്തങ്ങളില്‍ പ്രതിപാദിക്കപ്പെട്ട സൃഷ്ടി മൊത്തമായി നാലു ഘട്ടങ്ങളായിട്ടാണ് നിര്‍വഹിക്കപ്പെട്ടതെന്നാണ് പത്താമത്തെ സൂക്തത്തിന്റെ അവസാനത്തില്‍ നാലു ഘട്ടങ്ങളിലായി എന്ന് പറഞ്ഞതിനര്‍ഥം. അപ്പോള്‍ ആകാശത്തെ സൃഷ്ടിച്ച രണ്ടു ഘട്ടങ്ങളും കൂടി കൂട്ടുമ്പോള്‍ ആകെ പ്രപഞ്ച സൃഷ്ടി നടന്നത് ആറു ഘട്ടങ്ങളായിട്ടാണെന്ന വസ്തുത സുതരാം വ്യക്തമാവുന്നു. യഥാര്‍ത്ഥത്തില്‍ ഈ വചനങ്ങള്‍, സൃഷ്ടി നടന്നത് ആറുഘട്ടങ്ങളിലായിട്ടാണെന്ന് പറയുന്ന മറ്റു വചനങ്ങളുമായി വൈരുദ്ധ്യങ്ങളൊന്നും വെച്ചുപുലര്‍ത്തുന്നില്ല.
വൈരുധ്യം ആരോപിക്കപ്പെട്ടിരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ സാരംപരിശോധക്കുക: (നബിയെ) നിന്നോട് അവര്‍ ശിക്ഷയുടെ കാര്യത്തില്‍ ധൃതികൂട്ടികൊണ്ടിരിക്കുന്നു. അല്ലാഹു തന്റെ വാഗ്ദാനം ലംഘിക്കുകയേയില്ല. തീര്‍ച്ചയായും നിന്റെ നാഥന്റെയടുക്കല്‍ ഒരുദിവസമെന്നാല്‍ നിങ്ങള്‍ എണ്ണിവരുന്ന തരത്തിലുള്ള ആയിരം കൊല്ലം പോലെയാകുന്നു. (22:47) അവന്‍ ആകാശത്തുനിന്ന് ഭൂമിയിലേക്ക് കാര്യങ്ങള്‍ നിയന്ത്രിച്ചയക്കുന്നു. പിന്നീട് ഒരു ദിവസം കാര്യം അവങ്കലേക്ക് ഉയര്‍ന്നുപോകുന്നു. നിങ്ങള്‍ കണക്കാക്കുന്ന തരത്തിലുള്ള ആയിരം വര്‍ഷമാകുന്നു ആ ദിവസത്തിന്റെ അളവ്. (32:5) അമ്പതിനായിരം കൊല്ലത്തിന്റെ അളവുള്ളതായ ഒരു ദിവസത്തി ല്‍മലക്കുകളും ആത്മാവും അവങ്കലേക്ക് കയറിപ്പോകുന്നു. (70:4) ഈ മൂന്ന് സൂക്തങ്ങളിലും ദിവസം എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് ‘യൗം‘ എന്ന അറബി പദത്തെയാണ്. സാധാരണയായി ഇരുപത്തിനാല് മണിക്കൂറുള്ള ഒരു ദിവസത്തിനാണ് അറബിയില്‍ യൗം എന്നു പറയാറുള്ളത്. എന്നാല്‍ ഘട്ടം, കാലയളവ് എന്നീ അര്‍ത്ഥങ്ങളിലും ഈ പദം ഉപയോഗിക്കാറുണ്ട്. ഖുര്‍ആനിലും ഈ അര്‍ത്ഥകല്‍പ്പനകളിലെല്ലാം വ്യത്യസ്ത സാഹചര്യങ്ങളില്‍ യൗം എന്ന പദംപ്രയോഗിച്ചിട്ടുണ്ട്. മരണാനന്തര ജീവിതത്തെകുറിച്ച് പ്രതിപാദിക്കുമ്പോള്‍ വിവിധസംഭവങ്ങളുടെ കാലയളവിനെ കുറിക്കുന്നതിനു വേണ്ടിയാണ് ഖുര്‍ആന്‍ ‘യൗം‘ എന്നു പ്രയോഗിച്ചിരിക്കുന്നത്. അനന്തമായ മരണാനന്തര ജീവിതത്തെക്കുറിച്ച് മൊത്തമായി തന്നെ യൗമുദ്ദീന്‍ (പ്രതിഫലത്തിന്റെ ദിവസം) എന്നാണ് ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. അനന്തതയുടെ ദിവസത്തെ കുറിച്ചും ഖുര്‍ആനില്‍ പരാമര്‍ശമുണ്ട്. (അവരോട് പറയപ്പെടും) സമാധാനപൂര്‍വ്വം നിങ്ങളതില്‍ പ്രവേശിച്ചുകൊള്ളുക. അനശ്വര ജീവിതത്തിന്റെ ദിവസ (യൗമുല്‍ഖുലൂദ്)മാണത്. (50:34). അനശ്വരതയുടെ ദിവസമെന്നത് ഏതായിരുന്നാലും സൂര്യനുദിച്ച് അസ്തമിക്കുന്നതിനിടയിലെ കാലയളവാകുകയില്ലല്ലോ. അത് അനന്തമായ ദിവസമാണ്. ഒരിക്കലും അവസാനിക്കാത്ത ദിവസം. ശാശ്വത ജീവിതത്തിന്റെ ദിവസം. ഇവിടെ ദിവസം എന്ന് പ്രയോഗിക്കപ്പെട്ടിരിക്കുന്നത് ഏത് അര്‍ത്ഥത്തിലാണെന്ന് പ്രസ്തുത പ്രയോഗത്തില്‍ നിന്ന് തന്നെ വ്യക്തമാണല്ലോ. അന്ത്യനാളില്‍ സംഭവിക്കുന്ന പല കാര്യങ്ങളെ കുറിച്ചും ഖുര്‍ആനില്‍ ദിവസം (യൗം) എന്നാണ് പ്രയോഗിക്കപ്പെട്ടിരിക്കുന്നത.് മനുഷ്യന്‍ ചിന്നിച്ചിതറിയ പാറ്റകളെപ്പോലെയും പര്‍വ്വതങ്ങള്‍ കടഞ്ഞ രോമം പോലെയുമാകുന്ന ദിവസം (10:4,5.), ഭൂമി ഈ ഭൂമിയല്ലാതെ മറ്റൊന്നായും അതുപോലെ ഉപരിലോകങ്ങളും മാറ്റപ്പെടുകയും ഏകനും സര്‍വ്വാധകാരിയുമായ അല്ലാഹുവിങ്കലേക്ക് അവരെല്ലാം പുറപ്പെട്ടുവരികയും ചെയ്യുന്ന ദിവസം. (14:48), അന്നേ ദിവസം മനുഷ്യര്‍ പലസംഘങ്ങളായി പുറപ്പെടുന്നതാണ് (99:6), അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മ കാണിക്കുന്നതും പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും. (88: 2, 3), രഹസ്യങ്ങള്‍ പരിശോധിക്കപ്പെ ടുന്ന ദിവസം. (86: 9), ലോകരക്ഷിതാവിങ്കലേക്ക്് ജനങ്ങള്‍ എഴുന്നേറ്റ് വരുന്ന ദിവസം. (83:6), ഒരാളും മറ്റൊരാള്‍ക്ക് വേണ്ടി യാതൊന്നും അധീനപ്പെടുത്താത്ത ഒരു ദിവസം, അന്നേദിവസം കൈകാര്യ കര്‍തൃത്വം അല്ലാഹുവിനായിരിക്കും. മനുഷ്യന്‍ തന്റെ സഹോദരനെയും മാതാവിനെയും പിതാവിനെയും തന്റെ ഭാര്യയെയും തന്റെ മക്കളെയും വിട്ടോടിപ്പോകുന്ന ദിവസം. (80:34-36.), മനുഷ്യന്‍ താന്‍ അധ്വാനിച്ചു വെച്ചതിനെ കുറിച്ച് ഓര്‍മ്മിക്കുന്ന ദിവസം (79:35) കാണുന്നവര്‍ക്കു വേണ്ടി നരകം വെളിവാക്കപ്പെടുന്ന ദിവസം. (79: 35), ആ നടുക്കുന്ന സംഭവം നടുക്കമുണ്ടാക്കുന്ന ദിവസം. (79:6), ആത്മാവും മലക്കുകളും അണിയണിയായി നില്‍ക്കുന്ന ദിവസം. (78:38), മനുഷ്യന്‍ തന്റെ കൈകള്‍ മുന്‍കൂട്ടി ചെയ്തു വെച്ചത് നോക്കികാണുകയും, അയ്യോ ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെയെന്ന് സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം. (78:40). അതത്രെ യഥാര്‍ത്ഥ ദിവസം. (78:39). ഈ സൂക്തങ്ങളില്‍ പ്രയോഗിക്കപ്പെട്ട ദിവസത്തിന് എന്താണ് അര്‍ത്ഥം? ഓരോ സംഭവങ്ങളോടൊപ്പവും പ്രതിപാദിക്കപ്പെട്ട ദിവസത്തിന് ആ സംഭവം നടക്കുന്നതിനുള്ള കാലയളവ് എന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് സുതരാം വ്യക്തമാണ്. അതുകൊണ്ട് തന്നെ പ്രസ്തുത ദിവസങ്ങളുടെ കാലദൈര്‍ഘ്യം വ്യത്യസ്തമായിരിക്കും. മനുഷ്യര്‍ ചിന്നിച്ചിതറിയ പാറ്റകളെപ്പോലെയാകുന്ന ദിവസത്തിന്റെ കാലദൈര്‍ഘ്യമാവുകയില്ല അവര്‍ പല സംഘങ്ങളായിപുറപ്പെടുന്ന ദിവസത്തിന്. രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസത്തിന്റെ ദൈര്‍ഘ്യമാവുകയില്ല നരകം വെളിവാക്കപ്പെടുന്ന ദിവസത്തിനുണ്ടാവുക. ഓരോ ദിവസത്തിന്റെയും ദൈര്‍ഘ്യംവ്യത്യസ്തമായിരിക്കും. അവയുടെ ദൈര്‍ഘ്യം എത്രയാണെന്ന് അല്ലാഹുവിന് മാത്രമേ അറിയൂ. പ്രസ്തുത ദിവസങ്ങളുടെ ദൈര്‍ഘ്യത്തെകുറിച്ച് അറിയുവാന്‍ നമ്മുടെ കൈയില്‍ മാര്‍ഗ്ഗങ്ങളൊന്നുമില്ല. അന്ത്യനാളിനോടനുബന്ധിച്ച് നടക്കുന്ന രണ്ട് കാര്യങ്ങളുടെ സമയദൈര്‍ഘ്യം മാത്രമേ ഖുര്‍ആനിലൂടെ അല്ലാഹു നമുക്ക് അറിയിച്ചുതന്നിട്ടുള്ളൂ. കാര്യങ്ങള്‍ അല്ലാഹുവിങ്കലേക്ക് ഉയര്‍ന്നു പോകുന്ന ഒരു ദിവസത്തിന്റെ അളവ് മനുഷ്യ ഗണനയിലുള്ള ആയിരം വര്‍ഷത്തിന് സമമാണെന്ന വസ്തുതയാണ് അല്ലാഹു സൂറത്തു സജദയിലൂടെ (32:5)വെളിപ്പെടുത്തുന്നത്. മലക്കുകളും ആത്മാവും അല്ലാഹുവിങ്കലേക്ക് കയറിപോകുന്ന ദിവസത്തിന്റെ ദൈര്‍ഘ്യം നമ്മുടെ അമ്പതിനായിരം കൊല്ലങ്ങള്‍ക്ക് തുല്യമാണെന്ന് സൂറത്തുല്‍ മആരിജിലും(70:4) വ്യക്തമാക്കുന്നു. രണ്ട് സൂക്തങ്ങളിലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത് അന്ത്യദിനവുമായി ബന്ധപ്പെട്ട രണ്ട് സംഭവങ്ങളാണ്. പ്രസ്തുതസംഭവങ്ങള്‍ക്ക് എടുക്കുന്ന കാലദൈര്‍ഘ്യം വ്യത്യസ്തമാണെന്ന വസ്തുത ഈ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാകുന്നുവെന്നല്ലാതെ ഇവതമ്മില്‍ യാതൊരു വിധ വൈരുധ്യങ്ങളുമില്ലെന്നതാണ് വാസ്തവം. രണ്ടും രണ്ട് സംഭവങ്ങള്‍, അവയുടെ സമയ ദൈര്‍ഘ്യം വ്യത്യസ്തമാണെന്നു മാത്രം. ഇവയെങ്ങനെ വൈരുധ്യമാകും? എന്നാല്‍ സൂറത്തുല്‍ ഹജ്ജില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട സൂക്ത(22:47)ത്തിന്റെ പശ്ചാത്തലം വ്യത്യസ്തമാണ്. സത്യനിഷേധികളുടെ പരിഹാസത്തിനുള്ള മറുപടിയായാണ് പ്രസ്തുത സൂക്തം അവതരിപ്പിക്കപ്പെട്ടത്. നിഷേധികള്‍ക്ക് ദൈവിക ശിക്ഷ ലഭിക്കുമെന്ന മുഹമ്മദ് നബി(ﷺ)യുടെ മുന്നറിയിപ്പിനെ പരിഹസിച്ചുകൊണ്ട്, ഞങ്ങള്‍ നിഷേധസ്വഭാവം സ്വീകരിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ശിക്ഷയുണ്ടാകാത്തത് എന്തേ എന്ന ചോദ്യത്തിനുള്ള മറുപടി. ദൈവിക ശിക്ഷ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വന്നുഭവിച്ചു കൊള്ളണമെന്നില്ലെന്നും ചരിത്രത്തിലെ ദൈവിക ഇടപെടലുകള്‍ നടക്കുന്നത് മനുഷ്യരുടെ ഗണനാക്രമത്തിനനുസരിച്ചല്ല, പ്രത്യുത അല്ലാഹുവിന്റെ തീരുമാനപ്രകാരമാണെന്നും വ്യക്തമാക്കുകയാണ് ഈ സൂക്തത്തില്‍ചെയ്യുന്നത്. അല്ലാഹുവിന്റെയടുക്കല്‍ ഒരു ദിവസമെന്നാല്‍ മനുഷ്യഗണനയിലെ ഒരു സഹസ്രാബ്ദത്തിന് തുല്യമാണെന്നും അതുകൊണ്ട് തന്നെ ശിക്ഷ വന്നുഭവിച്ചില്ലെന്ന് കളിയാക്കേണ്ടതില്ലെന്നുമാണ് ഈ സൂക്തം വ്യക്തമാക്കുന്നത്. മനുഷ്യ ചരിത്രത്തിലെ ദൈവിക ഇടപെടലുകളെ മനുഷ്യഗണനയുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കേണ്ടതില്ലെന്നാണ് ഈസൂക്തം നല്‍കുന്ന പാഠം. ഈ സൂക്തത്തിലെ പരാമര്‍ശവുമായി ഉദ്ധരിക്കപ്പെട്ട മറ്റു രണ്ട് സൂക്തങ്ങള്‍ക്കും ബന്ധമൊന്നുമില്ല. മൂന്നുസൂക്തങ്ങളിലും വിശദീകരിക്കപ്പെട്ടിരിക്കുന്നത് മൂന്നു തരം ദിവസങ്ങള്‍, അവയുടെ കാലദൈര്‍ഘ്യം വ്യത്യസ്തമായിരിക്കാം. അവയിലെ സംഭവങ്ങളും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ അവ തമ്മില്‍ വൈരുധ്യമുണ്ടെന്ന് പറയാനാവില്ല. അവ തമ്മില്‍ യാതൊരു വൈരുധ്യവും ഇല്ല തന്നെ!
ലൂത്ത് നബിയുടെ സമുദായത്തെ അല്ലാഹു നശിപ്പിച്ചപ്പോൾ ലൂത്ത് നബിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അല്ലാഹു രക്ഷിച്ചുവെന്ന് ഖുർആനിൽ പലയിടത്തും പറയുന്നുണ്ട്. ഇതിൽ 26:171 ഒരു കിഴവി ഒഴികെയുള്ള കുടുംബക്കാരെയെന്നും 7:83 ൽ ഭാര്യ ഒഴികെയുള്ള കുടുംബക്കാരെയെന്നുമാണ് പറഞ്ഞിരിക്കുന്നത്. ഇത് വൈരുധ്യമല്ലേ? സൂക്തങ്ങളില്‍ ഒരേ വ്യക്തിയെ കുറിച്ചു തന്നെയാണ് സൂചിപ്പിച്ചിരിക്കുന്നത്. ലൂത്ത് നബിയുടെ വൃദ്ധയായ ഭാര്യ ഒഴികെയുള്ള കുടുംബക്കാരെയെല്ലാം ദൈവിക ശിക്ഷയില്‍ നിന്ന് അല്ലാഹു രക്ഷിച്ചുവെന്ന വസ്തുത തന്നെയാണ് ഈ രണ്ട് സൂക്തങ്ങളിലുമുള്ളത്. വൃദ്ധയായിരുന്നിട്ടും ലൂത്ത് നബിയുടെ സമുദായം സ്വീകരിച്ചിരുന്ന സ്വവര്‍ഗരതിയെന്ന ദുര്‍വൃത്തിക്ക് കൂട്ടുനിന്ന ഭാര്യയെ സൂചിപ്പിക്കുവാന്‍ വേണ്ടിയാണ് ഖുർആന്‍ കിഴവി എന്ന് വിളിച്ചിരിക്കുന്നത്. പ്രവാചകപത്‌നിയായിരുന്നിട്ടും ധര്‍മ്മത്തിന്റെ പാതയിലേക്ക് കടന്നുവരാന്‍ കഴിയാതിരുന്ന അവരെ സത്യനിഷേധികള്‍ക്കുള്ളഉദാഹരണമായി 66:10ല്‍ എടുത്തു കാണിച്ചിട്ടുമുണ്ട്.

ക്വുർആനിന് മുമ്പുള്ള വേദഗ്രൻഥങ്ങളിലെല്ലാം മനുഷ്യരുടെ കൈകടത്തലുകൾ നടന്നുവെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു. സ്വാർത്ഥികളായ മനുഷ്യരുടെ പ്രവർത്തനങ്ങളെപ്പറ്റി ശരിക്കും അറിയാവുന്ന ദൈവത്തിന് എന്തേ അത്തരം കൈകടത്തലുകൾ നിയന്ത്രിച്ച്കൂടായിരുന്നോ? എന്ത് കൊണ്ട് അല്ലാഹു ആ വേദഗ്രൻഥങ്ങളെ ക്വുർആനിനെ പോലെ സംരക്ഷിച്ചില്ല?

അൻവർ ഹുസൈൻ കെ.വി

ക്വുർആനിന് മുൻപ് അവതരിപ്പിക്കപ്പെട്ട വേദഗ്രൻഥങ്ങളിൽ കൈകടത്തലുകൾ നടന്നുവെന്നത് മുസ്‌ലിംകളുടെ കേവല വിശ്വാസമല്ല. തെളിയിക്കപ്പെട്ട ഒരുയാഥാർഥ്യമാണ്. മോശെ പ്രവാചകന് അവതരിപ്പിക്കപ്പെട്ട തോറയോ ദാവീദിന്റെ സങ്കീർത്തനങ്ങളോ യേശുപഠിപ്പിച്ച ദൈവത്തിന്റെ സുവിശേഷമോ ഇന്ന് മാറ്റങ്ങളൊന്നുമില്ലാതെ ലഭ്യമാണെന്ന് അവയെ ദൈവികമെന്ന് കരുതി ആദരിക്കുന്നവർതന്നെ കരുതുന്നില്ല. അവയിൽ ദൈവവചനങ്ങളും മാനുഷികവചനങ്ങളുമുണ്ട്., പ്രവാചകന്മാര്‍ക്ക് അവതരിപ്പിക്കപ്പെട്ടിട്ടുള്ള ദൈവവചനങ്ങളിൽ ചിലവ അവയിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതോടൊപ്പം മനുഷ്യരുടെ വചനങ്ങളും അവയിലുണ്ട്. ഏതാണ് ദൈവികവചനം, ഏതാണ് മാനുഷികവചനമെന്ന് മനസ്സിലാക്കാന്‍ സാധ്യമല്ലാത്ത അവസ്ഥയിലാണ് ഇന്ന് അവ സ്ഥിതി ചെയ്യുന്നത്.

വേദഗ്രന്ഥങ്ങളുടെ അവതരണത്തിനുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ വേദഗ്രന്ഥങ്ങളുടെ പുറംചട്ടകളണിഞ്ഞു കൊണ്ട് മനുഷ്യരാല്‍ രചിക്കപ്പെട്ട ചില ഗ്രന്ഥങ്ങള്‍ വന്നു എന്നും ആ ഗ്രന്ഥങ്ങളാണ് മനുഷ്യരെ തിന്മയിലേക്കും തെറ്റുകളിലേക്കും അധര്‍മത്തിലേക്കും പൈശാചിക പ്രലോഭനങ്ങളിലേക്കുമെല്ലാം കൊണ്ടുപോയത് എന്നുമാണ് പരിശുദ്ധ ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. ''സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും സ്വാര്‍ഥമായ താല്‍പര്യങ്ങള്‍ക്കുവേണ്ടിയും തുച്ഛമായ താല്‍പര്യങ്ങള്‍ക്കുവേണ്ടിയും അത് ദൈവികമാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം' (ക്വുര്‍ആന്‍ 2:79)

ക്വുർആനിന് മുമ്പ് അവതരിച്ച വേദങ്ങളെ എന്തു കൊണ്ട് പടച്ചവൻ സംരക്ഷിച്ചില്ല എന്ന ചോദ്യത്തിനുള്ള ഉത്തരം അവയുടെ ദൗത്യം അത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ്. ക്വുർആനിന് മുമ്പ് അവതരിപിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളുടെയെല്ലാം ദൗത്യം ആ സമൂഹങ്ങളെ സത്യമാർഗത്തിലൂടെ വഴി നടത്തുകമാത്രമായിരുന്നു. അത് കൊണ്ട് തന്നെ അവയുടെസംരക്ഷണത്തിന്റെ ഉത്തരവാദിത്തം ആ സമൂഹങ്ങളെത്തന്നെ ഏൽപ്പിക്കുകയാണ് പ്രവാചകൻമാർ ചെയ്തത്. ആ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ അവർ പരാജയപ്പെട്ടു. വേദഗ്രൻഥങ്ങളിൽ അവർ കൈകടത്തലുകൾ നടത്തി. ഇക്കാര്യം ക്വുർആൻ വ്യക്തമാക്കുന്നുണ്ട്. "വേദഗ്രന്ഥത്തിലെ വാചകശൈലികള്‍ വളച്ചൊടിക്കുന്നചിലരും അവരുടെ കൂട്ടത്തിലുണ്ട്‌. അത്‌ വേദഗ്രന്ഥത്തില്‍ പെട്ടതാണെന്ന്‌ നിങ്ങള്‍ ധരിക്കുവാന്‍ വേണ്ടിയാണത്‌. അത്‌ വേദഗ്രന്ഥത്തിലുള്ളതല്ല. അവര്‍ പറയും; അത്‌ അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണെന്ന്‌. എന്നാല്‍അത്‌ അല്ലാഹുവിങ്കല്‍ നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട്‌ അല്ലാഹുവിന്‍റെ പേരില്‍ കള്ളംപറയുകയാണ്‌." (3 :78)

മുമ്പുള്ള വേദഗ്രൻഥങ്ങളെ സംരക്ഷിക്കുവാൻ പടച്ചവന് കഴിയുമായിരുന്നില്ലേ എന്ന ചോദ്യത്തിനുത്തരം 'തീർച്ചയായും കഴിയുമായിരുന്നു' എന്ന് തന്നെയാണ്. എന്നാൽ പരിമിതമായ ദൗത്യം മാത്രമുള്ള അവയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അവ അവതരിക്കപ്പെട്ട സമൂഹത്തെ ഏൽപ്പിക്കുകയാണ് ചെയ്തത്. അതിൽ അവർ വീഴ്ച വരുത്തി. സ്വാതന്ത്ര്യം നൽകപ്പെട്ട മറ്റു കാര്യങ്ങളിലൊന്നും പടച്ചവൻ നേരിട്ട് ഇടപെടാത്തതു പോലെത്തന്നെ ഇക്കാര്യത്തിലും അവൻ ഇടപെട്ടില്ല. അവയുടെ ദൗത്യം പരിമിതമായതുകൊണ്ടായിരിക്കാം ഇത്.

ക്വുർആനിന്റെ സ്ഥിതി ഇതിൽ നിന്ന് ഭിന്നമാണ്. അന്തിമപ്രവാചകന്റെ ദൗത്യം അവസാന നാളു  വരെയുള്ള മുഴുവൻ മനുഷ്യരെയും നന്മയിലൂടെ നയിക്കുകയാണ്. "നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുവാനും താക്കീത്‌ നല്‍കുവാനും ആയികൊണ്ട്‌ തന്നെയാണ്‌ അയച്ചിട്ടുള്ളത്‌." (ക്വുർആൻ 34 :28) അദ്ദേഹത്തിലൂടെ അവതരിപ്പിക്കപ്പെട്ട ക്വുർആനും മുഴുവൻ ലോകർക്കുമുള്ളതാണ്: "ഇത്‌ ലോകര്‍ക്കുള്ള ഒരു ഉല്‍ബോധനം മാത്രമാകുന്നു." (ക്വുർആൻ 38:87) അവസാന നാളുവരെ മാറ്റമൊന്നുമില്ലാതെ നിലനിൽക്കേണ്ട ഗ്രൻഥമാണ് ക്വുർആൻ എന്നതു കൊണ്ട്തന്നെ അതിന്റെ സമ്പൂർണമായ സംരക്ഷണം അല്ലാഹുതന്നെ ഏറ്റെടുത്തതായി ക്വുർആൻ വ്യക്തമാക്കുന്നു. "തീര്‍ച്ചയായും നാമാണ്‌ ആ ഉല്‍ബോധനം അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌" (15:9) എന്ന അല്ലാഹുവിന്റെ വാഗ്ദാനം പൂർണമായും പാലിക്കപ്പെട്ടിട്ടുണ്ട്. യാതൊരു മാറ്റത്തിരുത്തലുകളുമില്ലാതെ നില നിൽക്കുന്ന ഏകവേദഗ്രൻഥമാണ് ക്വുർആൻ. അത് അങ്ങനെത്തന്നെ ലോകാവസാനം വരെ നില നിൽക്കുകയും ചെയ്യും.

'ഹൃദയം കൊണ്ട് ചിന്തിക്കുന്നില്ലേ' എന്ന് പല തവണ ചോദിക്കുന്ന ക്വുർആൻ വ്യക്തമായ അശാസ്ത്രീയതയല്ലേ പറയുന്നത്? യഥാർത്ഥത്തിൽ ചിന്തയും ഹൃദയവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും മസ്തിഷ്‌കം മാത്രമാണ് ചിന്തയുടെ കേന്ദ്രമെന്നും പഠിപ്പിക്കുന്ന ആധുനിക വൈദ്യശാസ്ത്രത്തിന്റെ മുന്നിൽ ഈ ക്വുർആനിക പരാമർശങ്ങളെ എങ്ങനെ ന്യായീകരിക്കുവാൻ കഴിയും?

അബ്ദുൽ ലത്തീഫ് അഹ്മദ്

 

ഹൃദയത്തെക്കുറിച്ച് ക്വുർആൻ 110 തവണയെങ്കിലും പറയുന്നുണ്ട്. ചിന്തിക്കുവാനുള്ള കഴിവിനെ ഹൃദയവുമായി ബന്ധപ്പെടുത്തിയാണ് ക്വുർആൻ എല്ലായ്പ്പോഴും പരാമർശിക്കുന്നത്. ഏതാനും വചനങ്ങൾ നോക്കുക:

"ഇവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കില്‍ ചിന്തിച്ച്‌ മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ, കേട്ടറിയാനുതകുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്‌. പക്ഷെ, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ്‌ അന്ധത ബാധിക്കുന്നത്‌" (22: 46)

"നീ പറയുന്നത്‌ ശ്രദ്ധിച്ച്‌ കേള്‍ക്കുന്ന ചിലരും അവരുടെ കൂട്ടത്തിലുണ്ട്‌. എന്നാല്‍ അത്‌ അവര്‍ ഗ്രഹിക്കാത്ത വിധം അവരുടെ ഹൃദയങ്ങളിന്‍മേല്‍ നാം മൂടികള്‍ ഇടുകയും, അവരുടെ കാതുകളില്‍ അടപ്പ്‌ വെക്കുകയും ചെയ്തിരിക്കുന്നു. എന്തെല്ലാം ദൃഷ്ടാന്തങ്ങള്‍ കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ല. അങ്ങനെ അവര്‍ നിന്‍റെ അടുക്കല്‍ നിന്നോട്‌ തര്‍ക്കിക്കുവാനായി വന്നാല്‍ ആ സത്യനിഷേധികള്‍ പറയും; ഇത്‌ പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകളല്ലാതെ മറ്റൊന്നുമല്ല എന്ന്‌." (6: 25)

"അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച്‌ നടുങ്ങുകയും, അവന്‍റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ്‌ സത്യവിശ്വാസികള്‍." (8: 2)

സ്വഹീഹായ നിരവധി ഹദീഥുകളിലും ചിന്തയെയും സന്മാർഗ - ദുർമാർഗങ്ങളുടെ സ്വീകരണത്തെയുമെല്ലാം ഹൃദയവുമായി ബന്ധപ്പെടുത്തി പരാമർശിച്ചത് കാണാൻ കഴിയും.

ശരീരത്തിന്റെ മൊത്തത്തിലുള്ള നിയന്ത്രണം നിർവഹിക്കുന്നത് മസ്തിഷ്കമാണെന്ന് ശരീരശാസ്ത്രം പഠിച്ചിട്ടുള്ളവർക്കറിയാം. കേന്ദ്രനാഡി വ്യവസ്ഥയാണ് ശരീരത്തെ മൊത്തത്തിൽ നിയന്ത്രിക്കുന്നതെങ്കിലും ഹൃദയത്തിന് അതിന്റേതായ ഒരു നിയന്ത്രണവ്യവസ്ഥയുണ്ട്. ഹൃദയനാഡീവ്യവസ്ഥയെന്നാണ് (cardiac nervous system) അതിനെ ശാസ്ത്രജ്ഞർ വിളിക്കാറുള്ളത്. സ്വന്തമായ നാഡികളും(neurons) നാഡീപ്രസാരകരും (neurotransmitters) പ്രോട്ടീനുകളും മറ്റു അനുബന്ധകോശങ്ങളുമുള്ള സ്വതന്ത്രമായ നാഡീവ്യവസ്ഥയാണിത്. ഈ നാഡീവ്യവസ്ഥക്ക് ഹൃദയമസ്തിഷ്‌കം (heart brain) എന്ന പേര് നൽകിയത് 1991ൽ പ്രസിദ്ധ കനേഡിയൻ നാഡീശാസ്ത്രജ്ഞനായ ഡോ: ആൻഡ്രു ആർമറാണ്. ഹൃദയവും തലച്ചോറും തമ്മിലുള്ള ബന്ധത്തെയും ഹൃദയത്തിന്റെ സ്വയംഭരണത്തെയും കുറിച്ച ഒരു പഠനശാഖ തന്നെ ഇന്നുണ്ട്. ഹൃദയനാഡീശാസ്ത്രം (neurocardiology) എന്നാണ് അതിന് പേര്. ഇവിഷയകമായ പഠനങ്ങളെ സമാഹരിച്ച് കൊണ്ട് ഡോ: ആൻഡ്രു ആർമറും ജെഫ്‌റി എൽ ആർഡറും കൂടി 1994 ൽ രചിച്ച പുസ്തകത്തിന്റെയും തലക്കെട്ട് 'ഹൃദയനാഡീശാസ്ത്രം' എന്ന് തന്നെയാണ്.

ഹൃദയം ചുരുങ്ങിയത് നാല് രൂപത്തിലെങ്കിലും മസ്തിഷ്കവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് ഹൃദയനാഡീശാസ്ത്രം പറയുന്നത്. നാഡീആവേഗങ്ങളിലൂടെയുള്ള (nerve impulses) നാഡീയവും ഹോർമോണുകളിലൂടെയും നാഡീപ്രസാരകരിലൂടെയുമുള്ള ജൈവരസതന്ത്രപരവും സമ്മർദ്ദതരംഗങ്ങളിലൂടെയുള്ള (pressure waves) ജൈവഭൗതികവും വിദ്യുത്കാന്തികക്ഷേത്രത്തിന്റെ (electromagnetic field) വ്യവഹാരങ്ങളിലൂടെയുള്ള ഉർജ്ജപരവുമായ ആശയക്കൈമാറ്റങ്ങൾ. ഈ ആശയക്കൈമാറ്റങ്ങളിലൂടെയാണ് ഹൃദയത്തിന് സ്വയംഭരണം സാധിക്കുന്നത്. ഈ സ്വയംഭരണത്തിൽ രക്തം പമ്പു ചെയ്യുകയെന്ന ഒരേയൊരു ധർമ്മം മാത്രമാണോ നിർവഹിക്കപ്പെടുന്നത്? ഈ ചോദ്യത്തിന് ഖണ്ഡിതമായ ഒരു ഉത്തരം നൽകാൻ ഇന്ന് നാഡീശാസ്ത്രം വളർന്നിട്ടില്ലെങ്കിലും 'അല്ല' എന്ന് പറയുന്നവരാണ് ആ രംഗത്തെ ഗവേഷകരിൽ പലരുമെന്നുള്ളതാണ് വസ്തുത.

പ്രസിദ്ധ ഡോക്യുമെന്ററി ഫിലിം നിർമ്മാതാവായ ഡേവിഡ് മാലോണിന്റെ 'ഹൃദയങ്ങളുടെയും മനസ്സുകളുടെയും' (Of Hearts and Minds) എന്ന ശാസ്ത്രഡോക്യൂമെന്ററിയിൽ ഇന്റർവ്യൂ ചെയ്ത പ്രഗത്ഭരായ പല നാഡീശാസ്ത്രവിദഗ്ധരും ഹൃദയശാസ്ത്രജ്ഞന്മാരും കരുതുന്നത് കേവലം രക്തം പമ്പു ചെയ്യുകയെന്ന ദൗത്യം മാത്രമല്ല ഹൃദയം നിർവഹിക്കുന്നത് എന്ന് തന്നെയാണ്. ഹൃദയത്തിൽ നിന്നുള്ള സിഗ്നലുകൾക്കനുസരിച്ചാണ് മസ്‌തിഷ്‌കത്തിനകത്തെ അമിഗ്ദാല ഭയം ഉത്പാദിപ്പിക്കുന്നതെന്ന കണ്ടെത്തൽ വികാരങ്ങളുടെ രൂപീകരണത്തിൽ ഹൃദയത്തിന് പങ്കുണ്ടെന്നു തന്നെയാണ് വ്യക്തമാക്കുന്നതെന്ന് അവർ അഭിപ്രായപ്പെടുന്നു. ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രൊഫസറായ ഡേവിഡ് പാറ്റേഴ്സണിന്റെ പഠനങ്ങൾ കാണിക്കുന്നത് വികാരങ്ങൾ സൃഷ്ടിക്കുന്നത് മസ്തിഷ്‌കം മാത്രമായിട്ടല്ല, ഹൃദയത്തിനു കൂടി അതിൽ പങ്കുണ്ടെന്നാണ്. ചുരുക്കത്തിൽ രക്തം പാമ്പു ചെയ്യുകയെന്ന ധർമ്മം മാത്രം നിർവഹിക്കുന്ന ഒരു ശാരീരികാവയവം മാത്രമാണ് ഹൃദയമെന്ന സങ്കൽപ്പമല്ല ഇന്ന് ശാസ്ത്രലോകത്തുള്ളത്. ചിന്തയുടെയും വികാരങ്ങളുടെയും നിർമാണത്തിൽ ഹൃദയം എങ്ങനെയൊക്കെയോ പങ്കു വഹിക്കുന്നുണ്ട്. എങ്ങനെയൊക്കെയാണെന്ന് പറയാൻ മാത്രം ഇന്ന് ശാസ്ത്രം വളർന്നിട്ടില്ലെന്ന് മാത്രമേയുള്ളൂ.

ഹൃദയനാഡീശാസ്ത്രം കൂടുതൽ വളരുമ്പോൾ, ക്വുർആനും ഹദീഥുകളും അർത്ഥശങ്കക്കിടയില്ലാത്തവണ്ണം വ്യക്തമാക്കുന്നത് പോലെ ഹൃദയം തന്നെയാണ് ചിന്തയുടെയും സത്യാസത്യവിവേചനത്തിന്റെയും കേന്ദ്രമെന്ന വസ്തുത ശാസ്ത്രലോകവും അംഗീകരിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

'ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ പാരായണം ചെയ്യപ്പെടുന്ന ഖുർആനുകൾ തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. മൊറോക്കോയിലെ ഖുർആൻ അല്ല സൗദി അറേബിയയിലേത്. മുഹമ്മദ് നബി പഠിപ്പിച്ച ഖുർആൻ പുള്ളിയും കുത്തുകളുമില്ലാതെയാണ് ഏഴുതിയത്. ആ ഖുർആൻ വ്യത്യസ്ത ദേശത്തുള്ളവർ ഇസ്‌ലാമിലേക്ക് വന്നപ്പോൾ അവർ അവർക്ക് തോന്നിയതനുസരിച്ച് ഓതിയതിനാലാണ് ഈ വ്യത്യാസമുണ്ടായത്. ഖുർആനിൽ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന മുസ്‌ലിംകളുടെ വാദം കള്ളമാണെന്നാണ് ഇത് കാണിക്കുന്നത്.'ഒരു യുക്തിവാദിയുടെ പ്രസംഗത്തിൽ നിന്ന്.എന്താണ് മറുപടി ?

ജബ്ബാർ, കുന്നുമ്മൽ, മലപ്പുറം.

ഖുർആൻ പാരായങ്ങൾ തമ്മിലുള്ള വ്യത്യാസം യുക്തിവാദികളോ ഇസ്‌ലാം വിരോധികളോ ഗവേഷണം ചെയ്തു കണ്ട് പിടിച്ചതല്ല. വ്യത്യസ്ത ഖിറാഅത്തുകളിലെ വ്യത്യസ്ത പാരായണ രീതികളെക്കുറിച്ച് വിവരിക്കുന്ന നിരവധി ഗ്രന്ഥങ്ങൾ മുസ്‌ലിം ലോകത്തുണ്ട്. പാരായണ വ്യത്യാസങ്ങളെക്കുറിച്ച അറിവ് സാധാരണക്കാരന് ആവശ്യമില്ലാത്തതു കൊണ്ടാണ് പണ്ഡിതന്മാർ അത് എല്ലാവരെയും പഠിപ്പിക്കാത്തത്. സാധാരണക്കാരുടെ അറിവില്ലായ്മ മുതലെടുത്തതുകൊണ്ട് ഖുർആനിന്റെ അഖണ്ഡതയിൽ സംശയം ജനിപ്പിക്കാനാണ് പാരായണ വ്യത്യാസത്തെ ഇസ്‌ലാമിന്റെ ശത്രുക്കൾ ചർച്ചക്കെടുക്കുന്നത്. ഖുർആനിന്റെ പാരായണ വ്യത്യാസങ്ങൾ അതിന്റെ ദൈവികതയെ ഉജ്ജ്വലമായി വെളുപ്പെടുത്തുന്നവയാണെന്ന് അൽപം ചിന്തിച്ചാൽ ബോധ്യപ്പെടും.

മനുഷ്യസമൂഹത്തിന് മുന്നിൽ പാരായണം ചെയ്തു കേൾപ്പിച്ച മുഹമ്മദ് നബി (സ) തന്നെ ഖുർആൻ ഏഴ് ശൈലികളിൽ അവതരിക്കപ്പെട്ടതാണെന്ന് പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹു ജിബ്‌രീലിലൂടെ (അ) നബി (സ)ക്ക് ഏഴു ശൈലികളിൽ (ഹർഫുകൾ) ഖുർആൻ അവതരിപ്പിച്ചതായി സ്വഹീഹായ നിരവധി ഹദീഥുകളാൽ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഏഴ് വ്യത്യസ്ത ശൈലികളിൽ ഖുർആൻ അവതരിക്കപ്പെട്ടതിനാൽ തന്നെ പലരും പാരായണം ചെയ്തിരുന്നത് പലശൈലികളിലായിരുന്നുവെന്ന് കാണാൻ കഴിയും. ഏഴു ഹർഫുകളിലായാണ് അവസാനത്തെ ദൈവിക ഗ്രന്ഥം അവതരിക്കപ്പെട്ടത് എന്നറിയാതെ ചില സ്വഹാബിമാർ തമ്മിൽ ഇവ്വിഷയകമായി നടന്ന തർക്കങ്ങളെക്കുറിച്ച വിവരണങ്ങളിൽ നിന്ന് ഇവയെല്ലാം അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ടതാണെന്നും അവന്റെ നിർദ്ദേശമാണ് ഇവയിലെല്ലാം ഖുർആൻ പാരായണം ചെയ്യാമെന്നും ഇവയിലേതിലെങ്കിലും ഒന്നിൽ പാരായണം ചെയ്താൽ മതിയെന്നും ഒന്ന് മറ്റേതിൽ നിന്ന് ഉത്തമമോ അധമമോ അല്ലെന്നുമുള്ള വസ്തുതകൾ മനസ്സിലാവും.

ഉമറുബ്നുൽ ഖത്ത്വാബിൽ (റ) നിന്ന്: 'റസൂലിന്റെ കാലത്ത് ഹിശാമുബ്നു ഹകീം ഒരിക്കൽ 'സൂറത്തുൽ ഫുർഖാൻ' ഓതുന്നത് ഞാൻ കേട്ടു. ഞാൻ അദ്ദേഹത്തിന്റെ പാരായണം ശ്രദ്ധിച്ചു. എനിക്ക് റസൂൽ ഓതിത്തന്നിട്ടില്ലാത്ത പലവിധ ശൈലികളിലും അദ്ദേഹം ഓതുന്നു. നമസ്കാരത്തിലായിരിക്കെത്തന്നെ, അദ്ദേഹവുമായി വഴക്കിടാൻ എനിക്ക് തോന്നി. നമസ്കാരം കഴിയുംവരെ ഞാൻ ക്ഷമിച്ചു. നമസ്കാരത്തിൽ നിന്ന് വിരമിച്ചയുടനെ, അദ്ദേഹത്തിന്റെ തട്ടം കഴുത്തിന് ചുറ്റിപ്പിടിച്ച് ഞാൻ ചോദിച്ചു: 'നിങ്ങളിപ്പോൾ ഓതുന്നതായി ഞാൻ കേട്ട സൂറത്ത് നിങ്ങൾക്കാരാണ് ഓതിത്തന്നത്?' അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലാണ് എന്നെയത് ഓതിപ്പഠിപ്പിച്ചത്.' ഞാൻ പറഞ്ഞു: ''കള്ളം. റസൂൽ എനിക്ക് പഠിപ്പിച്ചുതന്നത് നിങ്ങൾ ഓതിയ രൂപത്തിലല്ല.' അദ്ദേഹത്തെയും പിടിച്ച് ഞാൻ റസൂലിന്റെ അടുത്തേക്ക്പുറപ്പെട്ടു. ഞാൻ റസൂലിനോട് പറഞ്ഞു: 'നിങ്ങൾ എനിക്ക് ഓതിത്തരാത്ത വിധം സൂറത്തുൽ ഫുർഖാൻ ഇദ്ദേഹം ഓതുന്നത് ഞാൻ കേട്ടു.' റസൂൽ പറഞ്ഞു: 'അദ്ദേഹത്തെ വിട്ടേക്കൂ. ഹിശാം, നിങ്ങൾ ഓതൂ.' ഹിശാം ഞാൻ കേട്ട അതേപ്രകാരം തന്നെ ഓതി. അപ്പോൾ റസൂൽ പറഞ്ഞു: 'ഇപ്രകാരം തന്നെയാണ് ഇത് അവതരിപ്പിക്കപ്പെട്ടത്.' തുടർന്ന് അവിടുന്ന് പറഞ്ഞു: 'ഉമറേ, നിങ്ങളൊന്ന് ഓതൂ.' റസൂൽ എന്നെ പഠിപ്പിച്ച പോലെ ഞാൻ ഓതി. അപ്പോൾ റസൂൽ പറഞ്ഞു: 'ഇങ്ങനെയും ഇത്  അതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ ഖുർആൻ ഏഴ് വ്യത്യസ്ത ശൈലികളിൽ (ഹർഫുകൾ) അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. നിങ്ങൾക്ക് എളുപ്പമായ വിധം അത് ഓതിക്കൊള്ളുക.' (സ്വഹീഹുൽ ബുഖാരി, കിതാബു ഫദാഇലിൽ ഖുർആൻ; സ്വഹീഹു മുസ്‌ലിം, കിതാബു ഫദാഇലിൽ ഖുർആൻ വമായത അല്ലഖു ബിഹി)

ഇതേ പോലെ നിരവധി ഹദീഥുകൾ വ്യത്യസ്ത ഹദീഥ് ഗ്രന്ഥങ്ങളിൽ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. മുഹമ്മദ് നബി (സ) യുടെ ആവശ്യപ്രകാരം അല്ലാഹു അവതരിപ്പിച്ചതാണ് ഖുർആനിന്റെ ഈ ഏഴ് ശൈലികളുമെന്ന് നബി (സ) തന്നെ വ്യക്തമാക്കിയതായും സ്വഹീഹായ ഹദീഥുകളിലുണ്ട്.

എഴുത്ത് വ്യാപകമായി നിലനിന്നിരുന്നിട്ടില്ലാത്ത കാലത്ത്, വ്യത്യസ്ത നിലവാരത്തിലുള്ളവർക്ക് ഒരേ ശൈലിയിൽ പാരായണം പ്രയാസകരമാണെന്നതിനാൽ അല്ലാഹുതന്നെ അവതരിപ്പിച്ച ഏഴ് ഹർഫുകളിലായുള്ള ഖുർആൻ പാരായണം നബി (സ) യുടെ കാലത്ത് തന്നെ നിലനിന്നിരുന്നുവെന്ന വസ്തുത മനസ്സിലാക്കാത്തതുകൊണ്ടാണ് വ്യത്യസ്ത ശൈലികളിലുള്ള ഖുർആനുകൾ തമ്മിൽ വ്യത്യാസമുണ്ടെന്നും അത് പിൽക്കാലത്ത് പകർത്തിയെഴുതിയപ്പോൾ സംഭവിച്ച പിഴവാണെന്നും വിമർശകന്മാർ ആരോപിക്കുന്നത്. അല്ലാഹു അവതരിപ്പിച്ച ഏഴ് ശൈലികളിലുമുള്ള ഖുർആൻ പാരായണം നബി (സ) തന്റെ അനുയായികളെ പഠിപ്പിച്ചിരുന്നുവെന്ന വസ്തുത നടേ ഉദ്ധരിച്ച നിവേദനങ്ങൾ വ്യക്തമാക്കുന്നു. നബി (സ) പഠിപ്പിച്ച ഏഴ് ഹർഫുകളിലുള്ള ഖുർആൻ വചനങ്ങൾ തമ്മിൽ ചില പാരായണ വ്യത്യാസങ്ങളുണ്ട്. ഈപാരായണ വ്യത്യാസങ്ങളിൽ ചിലവ അർത്ഥ വ്യത്യാസങ്ങളുമുള്ളവയാണ്. നിസ്സാരവും വൈരുധ്യങ്ങളൊന്നുമില്ലാത്തതുമായ ഈ അർത്ഥ വ്യത്യാസങ്ങൾ പോലും ഖുർആനിന്റെ അമാനുഷികതയെ സ്ഥിരീകരിക്കുന്നതാണ് എന്നതാണ് അത്ഭുതം.

സൂറത്തുൽ ഫാത്തിഹയിലെ ഒരു പാരായണ വ്യത്യാസം ഉദാഹരണമായെടുക്കുക. മൂന്നാമത്തെ ആയത്തിന് 'മാലിക്കി യൗമിദ്ദീൻ' എന്നും 'മലിക്കി യൗമിദ്ധീൻ' എന്നും രണ്ട് പാരായണകളുണ്ട്. പ്രതിഫലനാളിന്റെ ഉടമസ്ഥൻ എന്നാണ് ഒന്നാമത്തെ പാരായണത്തിന്റെ അർഥം. 'പ്രതിഫലനാളിന്റെ രാജാവ്' എന്ന് രണ്ടാമത്തെ പാരായണത്തിന്റെയും. അല്ലാഹുവാണ് പ്രതിഫലനാളിന്റെ രാജാവും ഉടമസ്ഥനും. അത് കൊണ്ട് തന്നെ രണ്ട് പാരായങ്ങളും തമ്മിൽ യാതൊരു വൈരുധ്യവുമില്ല. രണ്ടും നബി (സ) പഠിപ്പിച്ചതും അക്കാലം മുതൽ ഇന്ന് വരെ നിരവധി പരമ്പരകളിലൂടെ നിവേദനം ചെയ്യപ്പെട്ടവയുമാണ്. ഒരു അർഥം മറ്റേ അർത്ഥത്തിന് ഉപോൽബലകമാണെന്നർത്ഥം. ഇതേപോലെയുള്ളതാണ് വ്യത്യസ്ത ഖിറാഅത്തുകളിലുള്ള പാരായണവ്യത്യാസങ്ങൾ. അവയെല്ലാം നബി പഠിപ്പിച്ചതാണ്. ആരും യാതൊന്നും ഖുർആനിൽ കൂട്ടിച്ചേർക്കുകയോ എടുത്ത് മാറ്റുകയോ ചെയ്തിട്ടില്ല.

ഏഴ് ശൈലികളിൽ അവതരിക്കപ്പെട്ടിട്ടും ഖുർആനിൽ യാതൊരു വൈരുധ്യവുമില്ലെന്നത് അത്ഭുതകരമാണ്. ''അവർ ഖുർആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നുള്ളതായിരുന്നെങ്കിൽ അവരതിൽ ധാരാളം വൈരുധ്യം കണ്ടെത്തുമായിരുന്നു.''(4:82) വെന്ന ഖുർആൻ” വചനത്തിലെ പരാമർശം ഏഴ് ഹർഫുകൾക്കും ഒരേപോലെ ബാധകമാണ്. ഒരേ ഹർഫിലുള്ള ഖുർആനിലെ വചനങ്ങൾ തമ്മിലോ വ്യത്യസ്ത ഹർഫുകൾ തമ്മിലോ വൈരുധ്യങ്ങളൊന്നുമില്ല. വ്യത്യസ്ത നിലവാരത്തിലുള്ളവരെ പരിഗണിച്ചുകൊണ്ട് വ്യത്യസ്ത ശൈലികളിൽ അവതരിക്കപ്പെട്ടിട്ടുപോലും ഖുർആനിൽ വൈരുധ്യങ്ങളൊന്നുമില്ലെന്ന അത്ഭുതകരമായ വസ്തുത അതിന്റെ ദൈവികത വ്യക്തമാക്കുന്ന പല തെളിവുകളിലൊന്നാണ്. ഖുർആനിനെതിരെ ഉന്നയിക്കപ്പെട്ട ഒരു വിമർശനം ഖുർആനിന്റെ സത്യതയെ വെളിപ്പെടുത്തുന്നതാണ് നാം ഇവിടെ കാണുന്നത്.

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

സൂര്യനെക്കുറിച്ചും ചന്ദ്രനെക്കുറിച്ചുമൊന്നും അറബികൾക്കുണ്ടായിരുന്നതിൽ കൂടുതലായ വിവരമൊന്നും ഖുർആൻ രചയിതാവിനുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന നിരവധി വചനങ്ങൾ ഖുർആനിലുണ്ട്. അവയിലൊന്നാണ് 36 ആം അധ്യായത്തിലെ 39 ആം വചനം. ചന്ദ്രന്‍ ഈന്തപ്പനക്കുലയുടെ വളഞ്ഞ തണ്ടു പോലെയായിത്തീരുന്നുവെന്നാണ് ഈ വചനത്തിൽ പറഞ്ഞിരിക്കുന്നത്. യഥാർത്ഥത്തിൽ ചന്ദ്രൻ അങ്ങനെ ആയിത്തീരുന്നില്ലെന്നും സൂര്യപ്രകാശം ചന്ദ്രോപരിതലത്തിൽ പതിക്കുന്നത് ഒരു പ്രത്യേക രീതിയിലായതിനാൽ ഭൂമിയിലുള്ളവർക്ക് അങ്ങനെ തോന്നുക മാത്രമാണ് ചെയ്യുന്നതെന്നുമുള്ള വസ്തുത ഇന്ന് നമുക്കറിയാം. ദൈവീകമായിരുന്നു ഖുർആനെങ്കിൽ ഇത്തരം അബദ്ധ പരാമർശങ്ങൾ ഉണ്ടാകുമായിരുന്നുവോ?

- സുമേഷ് ചന്ദ്രൻ, കരുനാഗപ്പള്ളി

ന്ദ്രന്‍ ഈന്തപ്പനക്കുലയുടെ വളഞ്ഞ തണ്ടു പോലെയായിത്തീരുന്നുവെന്ന ഖുര്‍ആന്‍ സൂറത്ത് യാസീനിലെ മുപ്പത്തിയൊമ്പതാം വചനത്തിലെ പരാമര്‍ശം അശാസ്ത്രീയമാണെന്നാണ് വിമര്‍ശനം.

വിമര്‍ശിക്കപ്പെട്ട ഖുര്‍ആന്‍ വചനം ശ്രദ്ധിക്കുക. ''ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈന്തപ്പനക്കുലയുടെ വളഞ്ഞ തണ്ടു പോലെ ആയിത്തീരുന്നു.'' (36:39)

യഥാര്‍ഥത്തില്‍ ചന്ദ്രന്‍ ഈന്തപ്പനക്കുലയുടെ വളഞ്ഞ തണ്ടു പോലെയായിത്തീരുന്നി ല്ലെന്നും അങ്ങനെ ഭൂമിയിലുള്ള മനുഷ്യര്‍ക്ക് തോന്നുകയാണ് ചെയ്യുന്നതെന്നും അതുകൊണ്ടുതന്നെ ഈ ഖുര്‍ആന്‍ വചനം അശാസ്ത്രീയമാണ് എന്നുമാണ് വാദം. ഈ ഖുര്‍ആന്‍ വചനത്തെ സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ ഈ വിമര്‍ശനം അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെടുമെന്നുള്ളതാണ് വസ്തുത.

മനുഷ്യര്‍ക്ക് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെയും പ്രകൃതിയിലുള്ള ദൃഷ്ടാന്തങ്ങളെയും കുറിച്ച് വിവരിക്കുന്നതിനിടയിലാണ് സൂറത്തു യാസീനില്‍ ചന്ദ്രന് അല്ലാഹു കണക്കാക്കിയ ഘട്ടങ്ങളെ ക്കുറിച്ച് പരാമര്‍ശിക്കുന്നത്. 'ചന്ദ്രന്‍' എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് 'ഖമര്‍' എന്ന അറബി പദത്തെയാണ്. ചന്ദ്രൻ പ്രകാശമാണെന്നാണ് ഖുര്‍ആനിലുടനീളം പറഞ്ഞിട്ടുള്ളത്. നൂര്‍, മുനീര്‍ എന്നിങ്ങനെ ചന്ദ്രനെ വിശേഷിപ്പിക്കുവാന്‍ ഖുര്‍ആന്‍ ഉപയോഗിച്ച പദങ്ങളെല്ലാം പ്രതിഫലിപ്പിക്കപ്പെടുന്ന പ്രകാശത്തെ ദ്യോതിപ്പിക്കുന്നവയാണ്. ഖമര്‍ (ചന്ദ്രന്‍) എന്നതുകൊണ്ടുള്ള വിവക്ഷ ആകാശത്തു നിലനില്‍ക്കുന്ന ഖരഗോളമെന്നതിലുപരിയായി ഭൂമിയിൽ നിന്ന് കാണുന്നതെന്താണോ അതാണെന്ന് ഇത് വ്യക്തമാക്കുന്നു.

ഖമറിന്റെ രൂപ വ്യത്യാസങ്ങള്‍ക്കനുസരിച്ച് ഹിലാല്‍ (ചന്ദ്രക്കല), ബദ്‌ർ (പൂര്‍ണ ചന്ദ്രന്‍) എന്നിങ്ങനെയുള്ള പ്രയോഗങ്ങളും അറബിയിലുണ്ട്. ചന്ദ്രന് ഘട്ടങ്ങളെ നിര്‍ണയിച്ചതായും അത് ഈന്തപ്പന ക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നതുമായുള്ള ഖുര്‍ആന്‍ പരാമര്‍ശങ്ങള്‍ ഭൂമിക്ക് ആപേക്ഷികമായി നടക്കുന്ന ചന്ദ്രപ്രതിഭാസങ്ങളെ കുറിക്കുന്നവയാണ്. ഖമര്‍ തന്നെയാണ് ബദ്‌ർ; ഖമര്‍ തന്നെയാണ് ഹിലാല്‍. ''ഖമര്‍ ഹിലാലായിത്തീരുന്നു''വെന്ന പരാമര്‍ശം ഒരു സാധാരണ അറബി പ്രയോഗമാണ്. ഹിലാലിന്റെ ഉപമാലങ്കാരമാണ് ''ചന്ദ്രന്‍ പഴയ ഈന്തപ്പനയുടെ വളഞ്ഞ തണ്ടുപോലെ'' ആയിത്തീരുകയെന്നത്. ''ഖമറിന്റെ ആദ്യഘട്ടമാണ് ഹിലാല്‍'' എന്ന പരാമര്‍ശം അശാസ്ത്രീയമല്ലാത്തതു പോലെത്തന്നെ ഈ ഉപമാലങ്കാരത്തിലും യാതൊരുവിധ അശാസ്ത്രീയതകളുമില്ല. ചന്ദ്രനിലെ ഖരപദാർത്ഥം വളഞ്ഞ ഈത്തപ്പനത്തണ്ട് പോലെയാകുന്നുവെന്നോ ഓരോ ചാന്ദ്രഘട്ടത്തിലും ചന്ദ്രൻ എന്ന ഖരവസ്തുവിനാണ് മാറ്റമുണ്ടാവുന്നതെന്നോ ഈ വചനത്തിൽ നിന്ന് സ്വഹാബിമാർ മുതൽ ഇന്ന് വരെയുള്ള വിശ്വാസികളൊന്നും മനസ്സിലാക്കിയിട്ടില്ല.

സൂര്യന്‍ ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞുപോവുന്നതായി ദുൽഖർനൈനിന്റെ കഥ പറയുമ്പോൾ ഖുര്‍ആൻ 18:86 ല്‍ പരാർശിക്കുന്നുണ്ട്. ഭൂമിയേക്കാള്‍ ലക്ഷക്കണക്കിന് ഇരട്ടി വലിപ്പമുള്ള സൂര്യന്‍ ഒരുജലാശയത്തില്‍ ആഴ്ന്നു പോവുകയെന്നു പറയുന്നത് വ്യക്തമായും അശാസ്ത്രീയമല്ലേ? ദുൽഖർനൈൻ സൂര്യോദയസ്ഥാനത്തും അസ്തമയസ്ഥാനത്തുമെല്ലാം എത്തിയതായും 18:86ലും 18:90ലും പറയുന്നുണ്ട്. ഇതെല്ലാം സൂര്യനെയും ഭൂമിയെയും ഉദയത്തിന്റെയും അസ്തമയത്തിന്റെയും പിന്നിലുള്ള ശാസ്ത്രത്തെയുമൊന്നും അറിയാത്ത ആരോ എഴുതിയതാണ് ക്വുർആൻ എന്നല്ലേ കാണിക്കുന്നത്?

- പ്രകാശൻ കെ.പി, അത്താണിക്കൽ, വള്ളിക്കുന്ന്

ദുൽഖർനൈനിന്റെ കഥ പറയുമ്പോഴുള്ള സൂര്യന്‍ ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞുപോവുന്നതായും സൂര്യോദയ സ്ഥാന ത്തും അസ്തമയസ്ഥാനത്തുമെല്ലാം അദ്ദേഹം എത്തിയതായുമുള്ള പരാമർശങ്ങൾ സൂര്യനെയും ഭൂമിയെയും ഉദയത്തിന്റെയും അസ്തമ യത്തിന്റെയും പിന്നിലുള്ള ശാസ്ത്രത്തെയുമൊന്നും അറിയാത്ത ആരോഎഴുതിയതാണ്ക്വുർആൻ എന്ന് വ്യക്തമാക്കുന്നതായാണ് വിമർശനം.

വിമര്‍ശിക്കപ്പെട്ട ഖുര്‍ആൻ വാക്യങ്ങള്‍ പരിശോധിക്കുക. ”അവര്‍ നിന്നോട് ദുല്‍ഖര്‍നൈനിയെപ്പറ്റി ചോദിക്കുന്നു. നീ പറയുക: അദ്ദേഹത്തെപ്പറ്റിയുള്ള വിവരം ഞാന്‍ നിങ്ങള്‍ക്ക് ഓതികേള്‍പിച്ച് തരാം. തീര്‍ച്ചയായും നാംഅദ്ദേഹത്തിന് ഭൂമിയില്‍ സ്വാധീനം നല്‍കുകയും, എല്ലാ കാര്യത്തിനുമുള്ള മാര്‍ഗം നാം അദ്ദേഹത്തിന് സൗകര്യ പ്പെടുത്തികൊടുക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം ഒരു മാര്‍ഗം പിന്തുടര്‍ന്നു. അങ്ങനെ അദ്ദേഹംസൂര്യാസ്തമനസ്ഥാനത്തെത്തിയപ്പോള്‍ അത് ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞ് പോകുന്നതായി അദ്ദേഹം കണ്ടു. അതിന്റെ അടുത്ത് ഒരു ജനവിഭാഗത്തെയും അദ്ദേഹം കണ്ടെത്തി. അദ്ദേഹത്തോട്) നാം പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈൻ, ഒന്നുകില്‍ നിനക്ക് ഇവരെ ശിക്ഷിക്കാം. അല്ലെങ്കില്‍ നിനക്ക്അവരില്‍ നന്‍മയുണ്ടാക്കാം.” (18:83-86)

ഈ വചനത്തില്‍ സൂര്യന്‍ ചെളിവെള്ളത്തില്‍ ആഴ്ന്നു പോകുന്നുവെന്ന് പറഞ്ഞിട്ടില്ലെന്ന വസ്തുത ശ്രദ്ധിക്കുക. ദുല്‍ഖര്‍നൈനിയെ കുറി ച്ചും അദ്ദേഹത്തിന്റെ യാത്രകളെക്കുറിച്ചുമാണ് ഈ വചനങ്ങളിലെ പ്രതിപാദ്യം. അദ്ദേഹത്തിന്റെ യാത്രകള്‍ക്കിടയിൽ സൂര്യന്‍ അസ്ത മിക്കുന്ന സ്ഥലത്ത് എത്തിയപ്പോള്‍ ”സൂര്യന്‍ ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞു പോകുന്നതായി അദ്ദേഹം കണ്ടു” വെന്നാണ് ഖുര്‍ആൻ ഈ സൂക്തങ്ങളില്‍വ്യക്തമാക്കിയിട്ടുള്ളത്.

സൂര്യന്‍ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല എന്ന് ഇന്ന് നമുക്കറിയാവുന്നതാണ്. ഭൂമിക്ക് ആപേക്ഷികമായി സൂര്യന്‍ നിശ്ചലാ വസ്ഥയിലാണെന്നും ഭൂമിയുടെ സ്വയംഭ്രമണം മൂലമാണ് സൂര്യന്‍ ഉദിക്കുന്നതുംഅസ്തമിക്കുന്നതുമായി നമുക്കനുഭവപ്പെടുന്നതെന്നുമുള്ള താണല്ലോ വസ്തുത. എന്നാല്‍ഭൂമിയില്‍ ജീവിക്കുന്ന ഓരോ മനുഷ്യരും സൂര്യോദയവും അസ്തമയവും അനുഭവിക്കുന്നുണ്ട്. ഭൂമിയിലു ള്ളവര്‍ക്ക് ആപേക്ഷികമായിസൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നുണ്ടെന്ന് സാരം. ഭൂമിയില്‍ ജീവിച്ചിരുന്ന ഒരാളായിരുന്ന ദുല്‍ഖര്‍നൈനിയും സൂര്യോദയവും സൂര്യാസ്തമയവും കണ്ടിട്ടുണ്ടാവണം. അദ്ദേഹത്തിന്റെ യാത്രയ്ക്കിടയിൽ സൂര്യാസ്തമയം നടക്കു ന്ന സ്ഥലത്തെത്തിയപ്പോള്‍ ചെളിവെള്ളമുള്ള ഒരു ജലാശയത്തിൽ സൂര്യൻ അസ്തമിക്കുന്നതായി അദ്ദേഹം കണ്ട കാര്യമാണ് ഖുര്‍ആനിൽ ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്.

‘ചെളിവെള്ളമുള്ള ജലാശയത്തില്‍ സൂര്യന്‍ മറഞ്ഞുപോയി’യെന്നത് ഖുര്‍ആനിന്റെ കേവല പരാമര്‍ശമല്ല, പ്രത്യുത ദൂര്‍ഖര്‍നൈനി കണ്ട കാര്യത്തിന്റെ പ്രതിപാദനം മാത്രമാണ്. ‘ഞാന്‍ ഇന്നലെ സൂര്യാസ്തമയ സമയത്ത്കോഴിക്കോട് കടപ്പുറത്ത് പോയപ്പോള്‍ സമുദ്രത്തില്‍ സൂര്യന്‍ മറഞ്ഞു പോകുന്നതായി കണ്ടു’വെന്ന പരാമര്‍ശത്തിൽ എന്തെങ്കിലും അശാസ്ത്രീയതയുണ്ടോ? ഇല്ലെങ്കില്‍ സൂചിപ്പിക്കപ്പെട്ട ഖുർആൻ വചനങ്ങളിലും യാതൊരുഅശാസ്ത്രീയതയുമില്ല.

പരലോകത്തെ മനുഷ്യരെ രണ്ടു വിഭാഗങ്ങളാക്കി തിരിക്കുമെന്ന് (90:17-20, 99:6-8) ലും അങ്ങനെ മറ്റ് പല സൂക്തങ്ങളിലും പറയുന്നതിന് വിരുദ്ധമായി മൂന്ന് വിഭാഗങ്ങളാക്കുമെന്ന് (56:7)ൽ പ്രസ്താവിക്കുന്നുണ്ടല്ലോ. എന്താണ് ഇതിനുള്ള വിശദീകരണം? ഇവിടെ പരാമര്‍ശിക്കപ്പെട്ട സൂക്തങ്ങള്‍ പരിശോധിക്കുക: പുറമെ വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടുംപരസ്പരം ഉപദേശിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍ അവന്‍ ആയിതീരുകയും ചെയ്യുക. അങ്ങനെ ചെയ്യുന്നവരാണ് വല തുപക്ഷക്കാര്‍. നമ്മുടെദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവരത്രെ ഇടതുപക്ഷത്തിന്റെആള്‍ക്കാര്‍. അവരുടെ മേല്‍ അടച്ചുമൂടിയ നരകാഗ്നിയുണ്ട്. (90: 17-20). അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ്; അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്. അപ്പോള്‍ ആര് ഒരണുത്തൂക്കം നന്‍മ ചെയ്തിരുന്നുവോ അത് അവന്‍കാണും. ആര് ഒരണുത്തൂക്കം തിന്‍മ ചെയ്തിരുന്നുവോ അതും അവന്‍കാണും. (99:6-8) നിങ്ങള്‍ മൂന്ന് തരക്കാരായി തീരുന്ന സന്ദര്‍ഭമത്രെ അത്.’ (56:7) മുകളില്‍ പറഞ്ഞ സൂക്തങ്ങളിലൊന്നും തന്നെ പരലോകത്ത് രണ്ടുവിഭാഗക്കാരേ ഉണ്ടാവൂ എന്ന് പറഞ്ഞിട്ടില്ല. ആദ്യം ഉദ്ധരിക്കപ്പെട്ട സൂറത്തുല്‍ ബലദിലെ (90:17-20) സൂക്തങ്ങളില്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്ന വലതു പക്ഷക്കാരെ കുറിച്ചും നരകത്തിലേക്ക് എറിയപ്പെടുന്ന ഇടതുപക്ഷക്കാരെ കുറിച്ചുമാണ് പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. പരലോകത്ത് ഇങ്ങനെ രണ്ടു വിഭാഗം മാത്രമേ ഉണ്ടാവൂയെന്ന് അവിടെയൊന്നും യാതൊരു പരാമര്‍ശവുമില്ല. രണ്ടാമതായി ഉദ്ധരിക്കപ്പെട്ട സൂറത്തു സല്‍സലഃയിലെ സൂക്തങ്ങളിലാകട്ടെ (99:68) അണുത്തൂക്കം നന്‍മചെയ്തവര്‍ അതും തിന്‍മ ചെയ്തവര്‍ അതും കാണുമെന്ന് മാത്രമാണ് പറയുന്നത്. തങ്ങളുടെ കര്‍മ്മഫലങ്ങള്‍ കാണുന്നതിനായി മനുഷ്യര്‍ പലസംഘങ്ങളായി പുറപ്പെടുന്നതിനെ കുറിച്ച് സൂചിപ്പിക്കുന്ന ഈ സൂക്തങ്ങളില്‍ എത്ര സംഘങ്ങളാണെന്ന കൃത്യമായ പ്രതിപാദനം ഉള്‍കൊള്ളുന്നില്ല. സൂറത്തുല്‍ വാഖിഅ:യിലാകട്ടെ (56:7) കൃത്യമായി തന്നെ പരലോകത്തിലെ മൂന്ന് വിഭാഗങ്ങളെ പറ്റി പറഞ്ഞിരിക്കുന്നു. ആ മൂന്ന് വിഭാഗക്കാര്‍ ആരൊക്കെയാണെന്നും പ്രസ്തുത സൂറത്തിലെ മറ്റു സൂക്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. സ്വര്‍ഗത്തിലേക്ക് അയക്കപ്പെടുന്ന വലതു പക്ഷക്കാരില്‍തന്നെ സല്‍ഗുണങ്ങളിലെ മികവ് കൊണ്ട് അല്ലാഹുവിങ്കല്‍ കൂടുതല്‍ സാമീപ്യം നല്‍കപ്പെട്ടവരും ഉന്നതസ്ഥാനീയരുമായ ഒരു പ്രത്യേകവിഭാഗം വേറെ ഉണ്ടാകുമെന്ന് ഈ വചനങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നു. ഇവരെക്കൂടി പരിഗണിച്ചു കൊണ്ടാണ് മൂന്നു വിഭാഗക്കാരെന്ന് പരാമര്‍ശിച്ചിരിക്കുന്നത്. പരലോകത്ത് മനുഷ്യരില്‍ ഒരു വിഭാഗം നരകാവകാശികളും മറ്റൊരു വിഭാഗം സ്വര്‍ഗ്ഗാവകാശികളും ആയി തിരിക്കപ്പെടുന്നതോടൊപ്പം തന്നെ സ്വര്‍ഗ്ഗവാസികളില്‍ ദൈവസാമീപ്യം കൂടുതലായി ലഭിക്കുന്ന ഒരു ശ്രേഷ്ഠ വിഭാഗം കൂടി ഉണ്ടാവുന്നതില്‍ വൈരുധ്യമൊന്നുമില്ല. പരലോകത്ത് മൂന്ന് വിഭാഗങ്ങള്‍ ഉണ്ടാവുകയില്ലെന്നോ രണ്ട് വിഭാഗങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂവെന്നോ ഖുര്‍ആനിലെവിടെയും പരാമര്‍ശിക്കുന്നില്ല എന്നതുകൊണ്ട് തന്നെ ഈ സൂക്തവുമായി വൈരുധ്യം പുലര്‍ത്തുന്ന ഒരു ഭാഗവും ഖുര്‍ആനിലില്ലെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ പറയാന്‍ സാധിക്കും.
പരലോകത്ത് എത്ര സ്വർഗമാണുള്ളത്? ഖുര്‍ആനിലെ ചില സൂക്തങ്ങളിൽ ഒരു സ്വർഗമെന്നും (ഉദാ: 39:73, 41:30, 57:21, 79:41) മറ്റു ചിലവയിൽ ധാരാളം സ്വർഗങ്ങളെന്നും (ഉദാ: 18:31, 22:23, 35:33, 78:32) പരാമര്ശിച്ചിട്ടുണ്ടല്ലോ. ഇത് വൈരുധ്യമല്ലേ? മരണാനന്തര ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ ഖുര്‍ആനില്‍ സ്വര്‍ഗ്ഗം (ജന്നത്ത്) എന്നും സ്വർഗങ്ങള്‍ (ജന്നാത്ത്) എന്നും പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. രണ്ടു പ്രയോഗങ്ങള്‍ക്കും ഓരോ ഉദാഹരണങ്ങള്‍കാണുക. തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവര്‍ സ്വർഗത്തിലേക്ക് കൂട്ടം കൂട്ടമായി നയിക്കപ്പെടും. അങ്ങനെ അതിന്റെ കവാടങ്ങള്‍ തുറന്നുവെക്കപ്പെട്ടനിലയില്‍ അവര്‍ അതിനടുത്ത് വരുമ്പോള്‍ അവരോട് അതിന്റെ കാവല്‍ക്കാര്‍ പറയും: നിങ്ങള്‍ക്ക് സമാധാനം നിങ്ങള്‍ സംശുദ്ധരായിരിക്കുന്നു. അതിനാല്‍ നിത്യവാസികളെന്ന നിലയില്‍ നിങ്ങള്‍ അതില്‍ പ്രവേശിച്ചുകൊള്ളുക. (39:73) അക്കൂട്ടര്‍ക്കാകുന്നു സ്ഥിരവാസത്തിനുള്ള സ്വർഗത്തോപ്പുകള്‍. അവരുടെ താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകികൊണ്ടിരിക്കുന്നതാണ്.(18:31) ഈ പ്രയോഗങ്ങള്‍ തമ്മില്‍ യാതൊരു വൈരുധ്യവുമില്ല. സത്യവിശ്വാസികള്‍ കൂട്ടം കൂട്ടമായി ആനയിക്കപ്പെടുന്നത് സ്വർഗലോകത്തിലേക്കാണ്. ആ സ്വർഗലോകത്ത് ഒരുപാട് സ്വർഗങ്ങളുണ്ട്. ഓരോരുത്തരുടെയും സല്‍കര്‍മ്മങ്ങളുടെ തോതനുസരിച്ച് വ്യത്യസ്ത സ്വർഗങ്ങളിലായിരിക്കും പ്രവേശിപ്പിക്കപ്പെടുകയെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. ഒരു തോട്ടത്തിനകത്ത് തന്നെ വിവിധ തരം തോട്ടങ്ങളുള്ളത് നമുക്ക് പരിചയമുള്ളതാണ്. റോസാചെടിയുടെ തോട്ടവും ഡാലിയയുടെ തോട്ടവും മല്ലികാ തോട്ടവും ഓര്‍ക്കിഡുകളുടെ തോട്ടവുമെല്ലാം ഉള്‍ക്കൊള്ളുന്ന സ്ഥലത്തെ നാം തോട്ടം (ഗാര്‍ഡന്‍) എന്നു തന്നെയാണ് പറയുക. ഒരു തോട്ടത്തില്‍ തന്നെ അനേകം തോട്ടങ്ങളുണ്ടാകുമെന്നര്‍ത്ഥം. ഇതേപോലെത്തന്നെ സ്വർഗലോകത്ത് അനേകം സ്വർഗത്തോപ്പുകളുണ്ട്. ഒരേയൊരു സ്വർഗത്തിനകത്തു തന്നെയുള്ള സ്വർഗത്തോപ്പുകളെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഖുര്‍ആന്‍ ബഹുവചനവും മൊത്തം സ്വര്‍ഗലോകത്തെപ്പറ്റി പറയുമ്പോള്‍ ഏകവചനവും ഉപയോഗിക്കുന്നു എന്നുമാത്രമേയുള്ളൂ. ഇതില്‍ യാതൊരുവിധ വൈരുധ്യവുമില്ല.
ആകാശങ്ങളോ ഭൂമിയോ ഏതാണ് ആദ്യം സൃഷ്ടിക്കപ്പെട്ടത് ? ആദ്യം ഭൂമിയാണെന്ന് 2:29ലും ആദ്യം ആകാശമാണെന്ന് 79: 27-30ലും പറയുന്നു. ഇത് വൈരുധ്യമല്ലേ ? അവനാണ് നിങ്ങള്‍ക്കുവേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചുതന്നത്. പുറമെ ഏഴു ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ട് ഉപരിലോകത്തെ സംവിധാനിച്ചവനും അവന്‍ തന്നെയാണ്. അവന്‍ എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.’’ (2:29) നിങ്ങളാണോ സൃഷ്ടിക്കപ്പെടാന്‍ കൂടുതല്‍ പ്രയാസമുള്ളവര്‍ അതല്ല ആകാശമാണോ ? അതിനെ (ആകാശത്തെ) അവന്‍ നിര്‍മ്മിച്ചിരിക്കുന്നു. അതിന്റെ വിതാനം അവന്‍ ഉയര്‍ത്തുകയും, അതിനെ അവന്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അതിലെ രാത്രിയെ അവന്‍ ഇരുട്ടാക്കുകയും, അതിലെ പകലിനെ അവന്‍ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു: അതിനു ശേഷം അവന്‍ ഭൂമിയെ വികസിപ്പിച്ചിരിക്കുന്നു’. (79:27-30) ഈ സൂക്തങ്ങളിലാണ് വൈരുധ്യം ആരോപിക്കപ്പെട്ടിരിക്കുന്നത്. സൂറത്തുല്‍ ബഖറയിലെ ഇരുപത്തിയൊമ്പതാം സൂക്തത്തില്‍ പുറമെയെന്ന് പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്നത്. ‘ഥുമ്മ‘യെന്ന അറബി അവ്യയമാണ്. പിന്നെയെന്നാണ് ‘ഥുമ്മ‘ക്ക് സാധാരണയായി നല്‍കപ്പെടാറുള്ള അര്‍ത്ഥം. പ്രസ്തുത അര്‍ത്ഥം ഈ സൂക്തത്തില്‍ നല്‍കുമ്പോള്‍ ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചതിനു ശേഷമാണ് ആകാശം സൃഷ്ടിക്കപ്പെട്ടതെന്നാണ് ഖുര്‍ആനില്‍ പറയുന്നതെന്ന് വരുത്താനാവും. ഈ അടിസ്ഥാനത്തിലാണ് വിമര്‍ശകന്‍മാര്‍ ഈ സൂക്തം സൂറത്തുന്നാസിആത്തിലെ ഉദ്ധരിക്കപ്പെട്ട വചനങ്ങളുമായി(79:27-30) വൈരുധ്യം പുലര്‍ത്തുന്നുവെന്ന് ആരോപിക്കുന്നത്. ഥുമ്മയെന്ന അവ്യയം സംഭവങ്ങളുടെ കാലക്രമത്തെ സൂചിപ്പിക്കുവാന്‍ മാത്രമല്ല അറബിയില്‍ പ്രയോഗിക്കപ്പെടുന്നത്. വിവരണത്തിലെ ക്രമാനുഗതികത്വത്തെ സൂചിപ്പിക്കുവാനും ഥുമ്മയെന്ന് പ്രയോഗിക്കാറുണ്ട്. ഇത് പൊതുവെ എല്ലാ ഭാഷകളിലുമുള്ള പ്രയോഗ രീതിയാണ്. മലയാളത്തില്‍ നാം ഇങ്ങനെ പറയാറുണ്ട്. നീ ഇന്ന് എങ്ങോട്ട് പോയതായിരുന്നുവെന്ന് എനിക്കറിയാം, പിന്നെ, നീ ഇന്നലെ എങ്ങോട്ടായിരുന്നു പോയതെന്നും എനിക്കറിയാം. ഈ പ്രയോഗത്തില്‍ നിന്ന് ഇന്നലത്തെ യാത്ര ഇന്നത്തേതിന് ശേഷമാണുണ്ടായതെന്ന് ആരും അര്‍ഥമാക്കാറില്ല. സംഭവക്രമത്തിനു പകരം വിവരണക്രമം സൂചിപ്പിക്കുന്നതിന് വേണ്ടിയാണ് ഇവിടെ പിന്നെയെന്ന് പറഞ്ഞിട്ടുള്ളതെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? ഇതേ പോലെതന്നെ വിവരണക്രമം സൂചിപ്പിക്കുന്നതിന് വേണ്ടിയാണ് 2:29 ല്‍ ഥുമ്മയെന്ന് പ്രയോഗിച്ചിരിക്കുന്നത്. അല്ലാതെ ഭൂമിയുണ്ടായതിന് ശേഷമാണ് ആകാശങ്ങള്‍ ഉണ്ടായതെന്ന് പ്രസ്തുത സൂക്തം അര്‍ഥമാക്കുന്നേയില്ല. മാത്രവുമല്ല, സൂറത്തുല്‍ ബഖറയിലെ സൂചിത വാക്യം അല്ലാഹുവിന്റെ സൃഷ്ടിക്രമം വിവരിക്കുകയല്ല, പ്രത്യുത അവന്റെ അനുഗ്രഹങ്ങളെ സംബന്ധിച്ച് മനുഷ്യരെ തെര്യപ്പെടുത്തുകയാണ് ചെയ്യുന്നത്. അതിനു നേരെമുമ്പുള്ള വാക്യവുമായി അത് ചേര്‍ത്തു വായിച്ചാല്‍ ഇക്കാര്യം സുതരാം വ്യക്തമാവും. നിങ്ങള്‍ക്കെങ്ങനെയാണ് അല്ലാഹുവിനെ നിഷേധിക്കുവാന്‍ കഴിയുക? നിങ്ങള്‍ നിര്‍ജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്കു ശേഷം അവന്‍ നിങ്ങള്‍ക്ക് ജീവന്‍ നല്‍കി. പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് അവങ്കലേക്കു തന്നെ നിങ്ങള്‍ തിരിച്ചുവിളിക്കപ്പെടുകയും ചെയ്യും (2:78) എന്നു പറഞ്ഞ ശേഷമാണ്, അവനാണ് നിങ്ങള്‍ക്ക് വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചുതന്നത് എന്നു പറഞ്ഞുകൊണ്ട് അടുത്ത സൂക്തം ആരംഭിക്കുന്നത്. മനുഷ്യനെ സംബന്ധിച്ചിടത്തോളം പ്രഥമ പ്രാധാന്യമുള്ളത് ഭൂമിയും അതിലെ അനുഗ്രഹങ്ങളുമാണ്. ദൈവനിഷേധികളോട് ഒന്നാമതായി സ്വന്തത്തെകുറിച്ചും പിന്നീട് അവര്‍വസിക്കുന്ന ഭൂമിയെ കുറിച്ചും അതിനുശേഷം ആകാശ ക്രമീകരണത്തെകുറിച്ചുമെല്ലാം ചിന്തിക്കുവാന്‍ വേണ്ടി ആവശ്യപ്പെടുകയാണ് ഈ സൂക്തങ്ങളില്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത് ആകാശ ക്രമീകരണങ്ങള്‍ക്കു ശേഷമാണ് ഭൂമിയെ വികസിപ്പിച്ചെടുത്തതെന്ന സൂറത്തു നാസിആത്തിലെ വചനവുമായി (79:30) യാതൊരുവിധ വൈരുധ്യവും പുലര്‍ത്തുന്നില്ലെന്നതാണ് വാസ്തവം.
ശിർക്ക് (ബഹുദൈവത്വം) മഹാപാപമാണെന്ന് ഖുർആനിൽ പല തവണ പറയുന്നുണ്ടല്ലോ. എന്നാൽ, വിശ്വാസികളുടെ നേതാവായി പരിചയപ്പെടുത്തപ്പെടുന്ന ഇബ്റാഹീം നബി (അ) ചന്ദ്രനെയും സൂര്യനെയും നക്ഷത്രങ്ങളെയുമെല്ലാം ദൈവമാക്കിയെന്ന് 6:76-78 സൂക്തങ്ങളിൽ പറയുന്നുണ്ട്. ഇബ്റാഹീം ബഹുദൈവാരാധകനായിരുന്നുവെന്നല്ലേ ഇതിന്നർത്ഥം? ഇബ്‌റാഹീം നബി(അ) ശിര്‍ക്ക് ചെയ്തുവെന്ന് ഖുര്‍ആനില്‍ ഒരിടത്തും പറയുന്നില്ല. ഏകദൈവാദര്‍ശത്തിനു വേണ്ടി ഏറെ ത്യാഗങ്ങള്‍ സഹിച്ച വ്യക്തിയാണ് ഇബ്‌റാഹീം (അ). ബഹുദൈവാരാധനയുടെ വ്യര്‍ഥതയും, സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിനെ മാത്രം ആരാധിക്കേണ്ടതിന്റെ ആവശ്യകതയും തന്റെ ജനതയ്ക്ക് വിശദീകരിച്ചു കൊടുക്കുന്നതിന്നായി വിവിധ മാര്‍ഗങ്ങള്‍ അദ്ദേഹം ഉപയോഗിച്ചതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഉപദേശ നിര്‍ദ്ദേശങ്ങള്‍ വഴി വിഗ്രഹാരാധനയുടെ വ്യര്‍ഥത വ്യക്തമാക്കാന്‍ അദ്ദേഹം ശ്രമിച്ചു (21:51-56); അവരോട് വാദപ്രതിവാദം നടത്തി (6:80-83); അവരെ ശക്തമായി വിമര്‍ശിച്ചു (6:74,75).അവരുടെ ചിന്തയെ തൊട്ടുണര്‍ത്തുന്നതിന് വേണ്ടി ക്ഷേത്രത്തിലെ വിഗ്രഹങ്ങളെയെല്ലാം ഉടക്കുകയും അവയിലെ വലിയതിനെ ബാക്കിയാക്കി വിഗ്രഹഭഞ്ജനമെന്ന കുറ്റം അതിന്റെ മേല്‍ ആരോപിക്കുകയും ചെയ്തു(21:57-67). ഇതേപോലെ ഒരു സംഭവമാണ് സൂര്യചന്ദ്ര നക്ഷത്രാദികളെയൊന്നും പൂജിക്കുവാന്‍ കൊള്ളുകയില്ലെന്ന് വ്യക്തമാക്കുന്നതിന് വേണ്ടി നക്ഷത്രപൂജകരായിരുന്ന ജനങ്ങളുടെ മുന്നില്‍ ഇബ്‌റാഹീം (അ) ചെയ്തതായി സൂറത്തു അന്‍ആമില്‍ (76-79) വിവരിച്ചിരിക്കുന്നത്. സൂര്യദേവനെയും ചന്ദ്രദേവനെയും ശുക്രദേവനെയുമെല്ലാം ആരാധിച്ചിരുന്ന ജനങ്ങള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളിലെ വ്യര്‍ഥത വ്യക്തമാക്കികൊടുക്കുയാണ് ഇബ്‌റാഹീം(അ) ചെയ്തത്. ഉദിച്ചുയര്‍ന്ന നക്ഷത്രത്തെ നോക്കി ഇതാണ് എന്റെ രക്ഷിതാവ് എന്ന് പ്രഖ്യാപിക്കുകയും, അത് മറഞ്ഞപ്പോള്‍ മറഞ്ഞുപോകുന്നുവയെ ഞാന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് പറഞ്ഞ് നക്ഷത്രപൂജകര്‍ക്ക് അവരുടെ പ്രവര്‍ത്തനത്തിന്റെ വ്യര്‍ഥത വ്യക്തമാക്കികൊടുക്കുകയുമാണ് ഇബ്‌റാഹീം (അ) ചെയ്തത്. ചന്ദ്രന്‍ ഉദിച്ചപ്പോള്‍ ഇതാണെന്റെ രക്ഷിതാവ് എന്നു പറയുകയും അതും അസതമിച്ചപ്പോള്‍, ഇതിനെയും ആരാധിക്കാന്‍ കൊള്ളുകയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത അദ്ദേഹം ചന്ദ്ര പൂജകരെ തങ്ങളുടെ വിഡ്ഢിത്തം തെര്യപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതേ പോലെ തന്നെ സൂര്യപൂജകരെ ചിന്തിപ്പിക്കുന്നതിനായി, വലിയവനായ സൂര്യനാണ് രക്ഷിതാവെന്ന് പറഞ്ഞ് അത് അസ്തമിച്ചപ്പോള്‍ ഇതും ആരാധനക്ക് കൊള്ളുകയില്ലെന്ന് പഠിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. യഥാര്‍ത്ഥത്തില്‍ സൂര്യനോ ചന്ദ്രനോ നക്ഷത്രങ്ങളോ ആരാധനകള്‍ അര്‍ഹിക്കുന്നുവെന്ന വിശ്വാസം ഇബ്‌റഹീ(അ)മിന്ന് ഉണ്ടായിരുന്നില്ല എന്നത് കൊണ്ട് തന്നെ അദ്ദേഹം ബഹുദൈവാരാധന നടത്തിയെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. ഇങ്ങനെയെല്ലാം ചെയ്തത് എന്റെ ജനങ്ങളേ, നിശ്ചയമായും ഞാന്‍, നിങ്ങള്‍ പങ്ക് ചേര്‍ക്കുന്നതില്‍ നിന്നെല്ലാം ഒഴിവായവനാകുന്നു. ഞാന്‍ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചുണ്ടാക്കിയവനിലേക്ക് ഋജുമനസ്‌കനായി ക്കൊണ്ട് എന്റെ മുഖം തിരിച്ചിരിക്കുന്നു. ഞാന്‍ ശിര്‍ക്ക് ചെയ്യുന്നവരില്‍ പെട്ടവനല്ലതാനും (6:78,79)എന്നു പ്രഖ്യാപിക്കുന്നതിന്നു വേണ്ടിയായിരുന്നുവെന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. മനസ്സില്‍ വിശ്വാസമില്ലാതെ ഞാന്‍ അതിനെ രക്ഷിതാവായി സ്വീകരിച്ചിരിക്കുന്നുവെന്ന് പറയുന്നതുകൊണ്ട് മാത്രം ഒരാള്‍ ശിര്‍ക്കു ചെയ്യുന്നവനായി തീരുകയില്ലെന്ന് ഖുര്‍ആനില്‍ തന്നെ(16:106) വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിനെ അനുസരിക്കുന്നു (30:26, 3:83)വെന്ന് ഖുർആനിന്റെ അവകാശവാദത്തിനു വിരുദ്ധമായി ചെകുത്താന് അവനോട് അനുസരണക്കേട് കാണിച്ചുവെന്ന് ഖുർആനിൽ തന്നെ (7: 11, 15: 28-31, 17: 61, 20: 116, 38: 71-74, 18: 50) പലതവണ പറയുന്നു. മനുഷ്യരുടെ അനുസരണക്കേടിനെ കുറിച്ച പരാമർശങ്ങളും എമ്പാടുമുണ്ട്. ഇത് വൈരുധ്യമല്ലേ? ഈ പ്രപഞ്ചത്തിലെ ചെറുതും വലുതുമായ വസ്തുക്കള്‍ക്കെല്ലാം അവയുടേതായ ചില സ്വഭാവസവിശേഷതകളും വ്യവസ്ഥളും അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. ഈ ദൈവിക നിശ്ചയത്തില്‍ നിന്ന് തെന്നിമാറികൊണ്ട് സചേതനമോ അചേതനമോ ആയ യാതൊരു വസ്തുവിനും നിലനില്‍ക്കാനാവില്ല. മനുഷ്യരും മറ്റു ജീവജാലങ്ങളുമടക്കം സൂക്ഷ്മ സ്ഥൂല പ്രപഞ്ചങ്ങളിലെ മുഴുവന്‍ പ്രതിഭാസങ്ങളും ദൈവവിധിപ്രകാരം വ്യവസ്ഥാപിതമായാണ് നിലനില്‍ക്കുന്നത്. നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും ഭൂമിയുമെല്ലാം ദൈവികവ്യവസ്ഥ പ്രകാരമാണ് ചലിച്ചുകൊണ്ടിരിക്കുന്നത്. പ്രസ്തുത വ്യവസ്ഥ അന്യൂനവും പ്രമാദമുക്തവുമാണ്. ഈവ്യവസ്ഥയില്‍ നിന്ന് തെന്നിമാറുവാന്‍ സൃഷ്ടികള്‍ക്കൊന്നും കഴിയില്ല. അല്ലാഹുവിന്റെ അത്യുല്‍കൃഷ്ട സൃഷ്ടിയായ മനുഷ്യനും ഈ ദൈവിക വ്യവസ്ഥ പ്രകാരം തന്നെയാണ് ജീവിച്ചുകൊണ്ടിരിക്കുന്നത്. ബീജസങ്കലനം മുതല്‍ വളര്‍ച്ചയെത്തി മനുഷ്യശിശു പുറത്തു വരുന്നത് വരെയുള്ള ഘട്ടങ്ങളിലെല്ലാം കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത് ദൈവവിധി പ്രകാരമാണ്. സ്വയം നിയന്ത്രിക്കാനാവുന്ന ഏതാനും അവയവങ്ങള്‍ മാത്രമേ മനുഷ്യനുള്ളൂ. അവ തന്നെ അവന്റെ പൂര്‍ണ നിയന്ത്രണത്തിലാണെന്ന് പറയാന്‍ വയ്യ. കൈവിരലുകള്‍ ഇളക്കുവാനുള്ള നമ്മുടെ കഴിവ് അവയ്ക്കുള്ളിലെ അസ്ഥികളുടെ നിലനില്‍പുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അസ്ഥികൂടമടക്കം മനുഷ്യശരീരത്തിലെ വ്യവസ്ഥകളൊന്നും തന്നെ നമ്മുടെ പൂര്‍ണ നിയന്ത്രണത്തിനു കീഴിലല്ല. നമ്മുടെ ആകാരം മുതല്‍ വികാരങ്ങള്‍വരെ ജീനുകളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടത്രെ. മനുഷ്യന്റെ ഇന്ദ്രിയങ്ങളും അവയവങ്ങളും വ്യവസ്ഥകളുമെല്ലാം പ്രവര്‍ത്തിക്കുന്നത് ഈ ജനിതക നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ്. മനുഷ്യ ശരീരമടക്കം പ്രപഞ്ചത്തിലെ സചേതനവും അചേതനവുമായ വസ്തുക്കളെല്ലാം ദൈവിക വിധിപ്രകാരമാണ് നിലനില്‍ക്കുന്നതെന്ന വസ്തുത ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ വസ്തുക്കളും അല്ലാഹുവിനെ അനുസരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഖുര്‍ആന്‍ പറയുന്നത്: ആകാശങ്ങളിലും ഭൂമിയിലുമുള്ളവരെല്ലാം അവന്റെ അധീനത്തിലത്രെ. എല്ലാവരും അവന് കീഴടങ്ങുന്നവരാകുന്നു. (30:26). അപ്പോള്‍ അല്ലാഹുവിന്റെ മതമല്ലാത്ത മറ്റു വല്ല മതവുമാണോ അവര്‍ ആഗ്രഹിക്കുന്നത്? (യഥാര്‍ത്ഥത്തില്‍) ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അനുസരണയോടെയോ നിര്‍ബന്ധിതമായോ അവന് കീഴ്‌പ്പെട്ടിരിക്കുകയാണ്. അവനിലേക്ക് തന്നെയാണ് അവര്‍ മടക്കപ്പെടുന്നതും. (3:83) എന്നാല്‍ കര്‍മ്മങ്ങളുടെ കാര്യത്തില്‍ മൃഗങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമായ ചില സ്വാതന്ത്ര്യങ്ങള്‍ അല്ലാഹു മനുഷ്യന് നല്‍കിയിട്ടുണ്ട്. ഈ സ്വാതന്ത്ര്യം പോലും അലംഘനീയമായ ദൈവിക വിധിയുടെ പരിധിക്കുള്ളിലാണ്. പേനയുപയോഗിക്കുവാന്‍ മനുഷ്യര്‍ക്ക് സാധിക്കുന്നത് അല്ലാഹുവിന്റെ വ്യവസ്ഥ പ്രകാരമാണ്. എന്നാല്‍ പേനകൊണ്ട് എന്തെഴുതണമെന്ന് തീരുമാനിക്കുന്നത് മനുഷ്യരുടെ ഇഛാശക്തിയാണ്. ഈ ഇഛാശക്തിയാകട്ടെ ഒരു പരിധിവരെ ദൈവിക വ്യവസ്ഥയുടെ വരുതിക്കുള്ളില്‍ സ്വതന്ത്രമാണ്. ഈസ്വാതന്ത്ര്യം എങ്ങനെ ഉപയോഗിക്കുന്നുവെന്നതാണ് മനുഷ്യനെ ഉദാത്തനും അധമനുമാക്കുന്നത്. തൂലികയെ മനുഷ്യരെ സംസ്‌കരിക്കാനും അവരെ വഴിതെറ്റിക്കുവാനും ഉപയോഗിക്കാം. ഒന്നാമത്തേത് ഔന്നത്യത്തിന്റെ മാര്‍ഗം, രണ്ടാമത്തേത് അധമത്വത്തിന്റെ പാത. ഇതില്‍ ഏതു സരണി തിരഞ്ഞെടുക്കണമെന്ന് മനുഷ്യന് തീരുമാനിക്കാം. അത് അവന്റെ സ്വാതന്ത്ര്യത്തില്‍ പെട്ടതാണ്. തീര്‍ച്ചയായും നാം അവന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ അവന്‍ നന്ദികെട്ടവനാകുന്നു. (76;3) മനുഷ്യരെ പോലെ തന്നെ ഇഛാസ്വാതന്ത്ര്യം നല്‍കപ്പെട്ട സൃഷ്ടികളാണ് ജിന്നുകള്‍ എന്നാണ് ഖുർആനില്‍ നിന്നും ഹദീസില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. ജിന്നുകളില്‍പ്പെട്ടവനാണ് ഇബ്‌ലീസ് (18:50). ജിന്നുകളും പൂര്‍ണമായി ദൈവിക വ്യവസ്ഥക്ക് കീഴിലുള്ളവര്‍ തന്നെയാണ്. എന്നാല്‍ മനുഷ്യന് സാഷ്ടാംഗം നമിക്കുവാനുള്ള ദൈവിക കല്‍പന അവന്‍ അതിലംഘിച്ചു. കല്‍പന ലംഘിക്കുവാനും സ്വീകരിക്കുവാനുമുള്ള സ്വാതന്ത്ര്യം മനുഷ്യനെപോലെ അവനുമുണ്ടായിരുന്നു. ഈ സ്വാതന്ത്ര്യം പോലും അല്ലാഹുവിന്റെ ദാനമാണ്. അതുകൊണ്ട് തന്നെ ഈ സ്വാതന്ത്ര്യമുപയോഗിച്ച് ദൈവിക കല്‍പന ലംഘിച്ചതിനാല്‍ അല്ലാഹുവിന്റെ പൊതുവ്യവസ്ഥയെ അവന്‍ ലംഘിച്ചുവെന്ന് പറയാവതല്ല. ലംഘിക്കുവാനും സ്വീകരിക്കുവാനും അല്ലാഹു അവന് നല്‍കിയ സ്വാതന്ത്ര്യത്തില്‍ തന്നിഷ്ടത്തിന്റെ-അഹങ്കാരത്തിന്റെയും-മാര്‍ഗം അവന്‍ തെരെഞ്ഞെടുത്തുവെന്നേയുള്ളൂ. ഈ സ്വാതന്ത്ര്യം നല്‍കപ്പെടാത്ത മലക്കുകളാകട്ടെ, അല്ലാഹുവിന്റെ ആജ്ഞ അതിലംഘിക്കാതെ നിറവേറ്റുകയും ചെയ്തു. ജിന്നുകള്‍ക്കും മനുഷ്യര്‍ക്കുമെല്ലാം നല്‍കപ്പെട്ടിരിക്കുന്ന ഇഛാ സ്വാതന്ത്ര്യം അവയുടെ സൃഷ്ടിവ്യവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറുതാണ്. ഈ സ്വാതന്ത്ര്യം പോലും അല്ലാഹുവിന്റെ നിയന്ത്രണത്തിനു വിധേയമാണുതാനും. അതുകൊണ്ട് തന്നെ ആകാശ ഭൂമികളുടെ എല്ലാവസ്തുക്കളും അല്ലാഹുവെ അനുസരിക്കുന്നുവെന്ന് പറഞ്ഞ സൂക്തങ്ങളുമായി പിശാചോ മനുഷ്യനോ അനുസരണക്കേട് കാണിക്കുന്നുവെന്ന് പ്രസ്താവിക്കുന്ന സൂക്തങ്ങള്‍ വൈരുധ്യം പുലര്‍ത്തുന്നുവെന്ന് പറയാനാവില്ല. ഇവര്‍ചെയ്യുന്ന അനുസരണക്കേട് പോലും ഇവരുടെ സൃഷ്ടി വ്യവസ്ഥയിലെ അനുസരണത്തിന്റെ ഭാഗമാണെന്നര്‍ഥം.
അല്ലാഹുവല്ലാതെ ആരും തന്നെ രക്ഷാധികാരികളായി ഇല്ലെന്ന് ഖണ്ഡിതമായി പ്രഖ്യാപിക്കുന്ന ഖുർആൻ വാക്യങ്ങൾ(2:107, 29:22)ക്കെതിരല്ലേ ഐഹിക ജീവിതത്തിലും പരലോകത്തിലും ഞങ്ങൾ നിങ്ങളുടെ രക്ഷാധികാരികളാകുന്നു(41:31)വെന്ന് മലക്കുകൾ പറയുമെന്ന് പ്രഖ്യാപിക്കുന്ന ഖുർആൻ വാക്യം? നിനക്കറിഞ്ഞുകൂടെ അല്ലാഹുവിന് തന്നെയാണ് ആകാശ ഭൂമികളുടെ ആധിപത്യമെന്നും, നിങ്ങള്‍ക്ക് അല്ലാഹുവിനെ കൂടാതെ ഒരു രക്ഷകനും സഹായിയും ഇല്ലെന്നും.(2:107) ഭൂമിയിലാകട്ടെ ആകാശത്താകട്ടെ നിങ്ങള്‍ക്ക് (അവനെ) തോല്‍പ്പിക്കാനാവില്ല. നിങ്ങള്‍ക്ക് അല്ലാഹുവിന് പുറമേ ഒരു രക്ഷാധികാരിയോ സഹായിയോ ഇല്ല.(29:22) അല്ലാഹുവിന്റെ പരമാധികാരത്തെ കുറിക്കുന്ന സൂക്തങ്ങളാണിവ. രക്ഷാധികാരിയെന്ന് പരിഭാഷ നല്‍കിയിരിക്കുന്നത് വലിയ്യ് എന്നപദത്തിനാണ്. രക്ഷിതാവ്, ബന്ധു, മിത്രം, എന്നെല്ലാം ഈ പദത്തിനര്‍ത്ഥമുണ്ട്. ‘ഔലിയാഅ്‘ എന്നാണ് ഇതിന്റെ ബഹുവചനം. പരമമായ അര്‍ഥത്തില്‍ അല്ലാഹു മാത്രമാണ് മനുഷ്യരുടെ രക്ഷാധികാരി. അവന്‍ നല്‍കുന്ന രക്ഷയെതടയുവാനോ ശിക്ഷയെ നിയന്ത്രിക്കുവാനോ ആര്‍ക്കും കഴിയില്ല. മനുഷ്യര്‍ പരസ്പരം സഹായിക്കുന്നതും രക്ഷിക്കുന്നതുമെല്ലാം അല്ലാഹുവിന്റെ പരമാധികാരത്തിന് വിധേയമായിട്ടാണ്. അവന്‍ അഭയം നല്‍കുന്നു അവനെതിരായി (എവിടെ നിന്നും)അഭയം ലഭിക്കുകയില്ല (23:88) എന്ന ഖുര്‍ആന്‍ വചനം വ്യക്തമാക്കുന്നത് ഈ ആശയമാണ്. എന്നാല്‍ മനുഷ്യര്‍ക്കു തമ്മില്‍ സഹായിക്കുവാന്‍ കഴിയില്ലെന്നോ രക്ഷിക്കാനാകില്ലെന്നോ ഖുര്‍ആനിലൊരിടത്തും പറയുന്നില്ല. യഹൂദരും ക്രൈസ്തവരും പരസ്പരം സഹായികളാണെന്നും (5:51)സത്യനിഷേധികള്‍ അന്യോന്യം മിത്രങ്ങളാണെന്നും (8:73) അക്രമകാരികളില്‍ ചിലര്‍ ചിലര്‍ക്ക് രക്ഷാകര്‍ത്താക്കളാണെന്നും (45:19) മുഹാജിറുകളും അന്‍സാറുകളും പരസ്പരം ഉറ്റ മിത്രങ്ങളാണെന്നും(8:72) സത്യവിശ്വാസികളായ പുരുഷന്‍മാരും സ്ത്രീകളും അന്യോന്യം മിത്രങ്ങളാണെന്നു (9:71)മെല്ലാമുള്ള പരാമര്‍ശങ്ങള്‍ ഖുര്‍ആനില്‍ കാണാവുന്നതാണ്. ഈ വചനങ്ങളിലെല്ലാം വലിയ്യ് എന്ന പദത്തിനുതന്നെയാണ് സഹായി, മിത്രം, രക്ഷാ കര്‍ത്താവ് തുടങ്ങിയ പരിഭാഷകള്‍ നല്‍കപ്പെട്ടിരിക്കുന്നത്. മനുഷ്യര്‍ക്ക് പരസ്പരം മിത്രങ്ങളും രക്ഷകരുമാകാന്‍ കഴിയുമെന്ന വസ്തുത ഖുര്‍ആന്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ പരമമായ വലിയ്യ് അല്ലാഹുവാണ്. അഭൗതിക രീതിയില്‍ സഹായിക്കുകയും രക്ഷിക്കുകയും ചെയ്യുന്നവനാണ് യഥാര്‍ഥത്തിലുള്ള വലിയ്യ്. മറ്റുള്ളവരെല്ലാം അവനെ ആശ്രയിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന ഔലിയാക്കളാണ്. ഇതേ പോലെത്തന്നെയാണ് മാലാഖമാരും. അവര്‍ സത്യവിശ്വാസികളുടെ സഹായികളും ഉറ്റ മിത്രങ്ങളുമാണ്. ഇഹലോകത്ത് സത്യവിശ്വാസികളെ സന്‍മാര്‍ഗത്തിലൂടെ മുന്നോട്ട് പോകാനും പരലോകത്ത് അല്ലാഹുവിന്റെ അനുഗ്രഹത്തിന് പാത്രമാകുവാനും മലക്കുകള്‍ സഹായിച്ചുകൊണ്ടിരിക്കുന്നു. ഇതാണ് ഐഹിക ജീവിതത്തിലും പരലോകത്തിലും ഞങ്ങള്‍ നിങ്ങളുടെ മിത്രങ്ങളാകുന്നു (41:31) എന്ന് സ്വര്‍ഗപ്രവേശത്തിന് അര്‍ഹരായ സദ്‌വൃത്തരോടായി മലക്കുകള്‍ പറയുന്നതിന്റെ താല്‍പര്യം. മലക്കുകളുടെ സഹായം അല്ലാഹുവിന്റെ കല്‍പന പ്രകാരമാണെന്ന വസ്തുതയും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. മനുഷ്യന് അവന്റെ മുമ്പിലൂടെയും പിന്നിലൂടെയും തുടരെത്തുടരെ വന്നുകൊണ്ട് അല്ലാഹുവിന്റെ കല്‍പന പ്രകാരം അവനെ കാത്തു സൂക്ഷിച്ചുകൊണ്ടിരിക്കുന്നവര്‍ (മലക്കുകള്‍) ഉണ്ട് (13:11). അല്ലാഹു വിധിച്ച രക്ഷയും ശിക്ഷയും നടപ്പാക്കുകയാണ് അവന്റെ ഹിതപ്രകാരം മാത്രം പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന മലക്കുകള്‍ ചെയ്യുന്നത്. അതിനാല്‍ത്തന്നെ അല്ലാഹു മാത്രമാണ് രക്ഷാധികാരി എന്ന വചനങ്ങളും മലക്കുകള്‍ നല്‍കുന്ന സംരക്ഷണത്തെപ്പറ്റി സൂചിപ്പിക്കുന്ന സൂക്തങ്ങളും തമ്മില്‍ യാതൊരു വിധ വൈരുധ്യങ്ങളുമില്ല.

ലിംഗനിര്‍ണയവുമായി ബന്ധപ്പെട്ട ക്വുര്‍ആന്‍ പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കുക.

''ആണ്‍, പെണ്‍ എന്നീ രണ്ട് ഇണകളെ അവനാണ് സൃഷ്ടിച്ചതെന്നും.  ഒരു ബീജം സ്രവിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന്.'' (53: 45-46) (1)

''പിന്നെ അവന്‍ ഒരു ഭ്രൂണമായി. എന്നിട്ട് അല്ലാഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു. അങ്ങനെ അതില്‍ നിന്ന് ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കി. അങ്ങനെയുള്ളവന്‍ മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലെ?'' (75: 38-40)(2)

ഹദീഥുകളിലാണ് ലിംഗനിര്‍ണയത്തെപ്പറ്റി കുറേക്കൂടി വ്യക്തമായ പരാമര്‍ശമുള്ളത്.

 1. അനസില്‍ നിന്ന്: പ്രവാചകന്‍ മദീനയില്‍ വന്ന വിവരം അബ്ദുല്ലാഹിബ്‌നു സലാമിനു കിട്ടി. അദ്ദേഹം നബിയുടെ അടുത്തുവന്ന് പറഞ്ഞു: 'ഒരു പ്രവാചകനു മാത്രം അറിയാവുന്ന മൂന്നു കാര്യങ്ങള്‍ ഞാന്‍ താങ്കളോട് ചോദിക്കുകയാണ്..... ഇനി കുട്ടിക്ക് സാദൃശ്യം ലഭിക്കുന്ന കാര്യം; പുരുഷന്‍ സ്ത്രീയുമായി വേഴ്ച നടത്തുന്ന വേളയില്‍ അവന്റെ സ്രവം അവളുടെ സ്രവത്തെ അതിജയിച്ചാല്‍ കുട്ടിക്ക് സാദൃശ്യം അയാളോടായി. അവളുടെ സ്രവം അവന്റെ സ്രവത്തെയാണ് അതിജയിക്കുന്നതെങ്കില്‍ അവളോടും.' അബ്ദുല്ല പറഞ്ഞു: 'താങ്കള്‍ അല്ലാഹുവിന്റെ ദൂതനാണെന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.'(3)
 2. അനസ് ബ്‌നുമാലികി(റ)ല്‍ നിന്ന്: പുരുഷന് സ്വപ്‌നസ്ഖലനമുണ്ടാവുന്നതുപോലെ സ്ത്രീക്കും സ്വപ്‌നസ്ഖലനമുണ്ടായാല്‍ അവള്‍ എന്താണ് ചെേയ്യണ്ടത് എന്നതിനെ സംബന്ധിച്ച് ഉമ്മുസുലൈം പ്രവാചകനോട് ചോദിച്ചു. ...........നിശ്ചയമായും പുരുഷന്റെ‚ഇന്ദ്രിയം വെളുത്തതും കട്ടിയുള്ളതുമാണ്. സ്ത്രീയുടെ ഇന്ദ്രിയം മഞ്ഞനിറമുള്ളതും നേര്‍മയുള്ളതുമാണ്. ഏത് മുകളില്‍ വരുന്നുവോ അല്ലെങ്കില്‍ മുന്‍കടക്കുന്നുവോ അതിനോടാണ് കുട്ടിക്ക് സാദൃശ്യമുണ്ടാവുക.'(4)
 3. നബി (സ) സ്വാതന്ത്ര്യം നല്‍കിയ ഥൗബാനി(റ)ല്‍ നിന്ന്: ഞാന്‍ നബി(സ)യുടെ അടുക്കല്‍ നില്‍ക്കുമ്പോള്‍ƒജൂത പണ്ഡിതന്‍മാരില്‍ നിന്നുള്ള ഒരു പണ്ഡിതന്‍ വരികയും 'അസ്സലാമു അലൈക്ക യാ മുഹമ്മദ് (മുഹമ്മദ്, നിനക്ക് സമാധാനമുണ്ടാകട്ടെ)' എന്ന് പറയുകയും ചെയ്തു. ............ അയാള്‍ തുടര്‍ന്നു പറഞ്ഞു: 'ഭൂനിവാസികളില്‍നിന്നും ഒരു പ്രവാചകനോ അല്ലെങ്കില്‍ ഒന്നോ രണ്ടോ ആളുകള്‍ക്കോ അല്ലാതെ മറ്റൊരാക്കും അറിയാത്ത ഒരു കാര്യത്തെ സംബന്ധിച്ച് ചോദിക്കുവാനാണ് ഞാന്‍ വന്നിട്ടുള്ളത്.' നബി (സ) ചോദിച്ചു: 'ഞാനത് പറഞ്ഞാ ല്‍ നിനക്കത് ഉപകരിക്കുമോ?'. 'ഞാന്‍ എന്റ ചെവികള്‍ കൊണ്ട് കേള്‍ക്കും'. അയാള്‍ പറഞ്ഞു: '(പ്രസവിക്കപ്പെടുന്ന) ശിശുവിനെക്കു റിച്ച് ചോദിക്കുവാനാണ് ഞാന്‍ വന്നത്' നബി (സ) പറഞ്ഞു: 'പുരുഷന്റെ‚ ഇന്ദ്രിയം വെളുത്ത നിറത്തിലുളളതും സ്ത്രീയുടെ ഇന്ദ്രിയം മഞ്ഞനിറത്തിലുള്ളതുമാണ്. അത് രണ്ടും ഒരുമിച്ച് ചേരുകയും പുരുഷ ഇന്ദ്രിയം സ്ത്രീ ഇന്ദ്രിയത്തെ അതിജയിക്കുകയും ചെയ്താല്‍ അല്ലാഹുവിന്റെ അനുമതിയോടെ അത് ആണ്‍ കുട്ടിയായിതീരുന്നു. സ്ത്രീയുടെ ഇന്ദ്രിയം പുരുഷ ഇന്ദ്രിയത്തെ അതിജയിച്ചാല്‍ അല്ലാഹു വിന്റെ‚അനുമതിയോടെ അത് പെണ്‍കുട്ടിയായി തീരുന്നു.' ജൂതന്‍ പറഞ്ഞു: 'തീര്‍ച്ചയായും താങ്കള്‍ പറഞ്ഞത് സത്യമാണ്. തീര്‍ച്ചയായും താങ്കള്‍ ഒരു പ്രവാചകന്‍ തന്നെയാണ്'. പിന്നെ അയാള്‍ തിരിച്ചുപോയി. അപ്പോള്‍ നബി (സ) പറഞ്ഞു: 'അയാള്‍ എന്നോടു ചോദിച്ച കാര്യങ്ങളെക്കുറിച്ചൊന്നും അല്ലാഹു അറിയിച്ചുതരുന്നതുവരെ എനിക്ക് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.'(5)
 4. ഹുദൈഫത്ത് ബ്‌നുഅസീദി(റ)ണ്‍ നിന്ന്: നബി (സ) പറഞ്ഞു: 'ഗര്‍ഭാശയത്തിണ്‍ ബീജം നാല്‍പത് ദിവസം അല്ലെങ്കില്‍ നാല്‍പത്തഞ്ച് ദിവസം ആയിത്തീരുമ്പോള്‍ അതിന്‍മേല്‍ ഒരു മലക്ക് പ്രവേശിക്കും. എന്നിട്ടവന്‍ ചോദിക്കും: രക്ഷിതാവേ, ദൗര്‍ഭാഗ്യവാനോ അതോ സൗഭാഗ്യവാനോ? എന്നിട്ട് അത് രേഖപ്പെടുത്തും. പിന്നെ ചോദിക്കും: രക്ഷിതാവേ, ആണോ അതോ പെണ്ണോ? എന്നിട്ട് അതും രേഖപ്പെ ടുത്തും. അവന്റെ കര്‍മവും അവന്റെ‚ ഫലവും, അവന്റെ‚അവധിയും, അവന്റെ‚ ഉപജീവനവും എഴുതപ്പെടും. പിന്നീട് ഏടുകള്‍ ചുരുട്ടപ്പെടും. അതില്‍ ഒന്നും വര്‍ദ്ധിപ്പിക്കപ്പെടുകയില്ല; ഒന്നും ചുരുട്ടപ്പെടുകയുമില്ല.'(6)
 5. അബ്ദാഹി ബ്‌നുമസ്ഊദി(റ)ല്‍ നിന്ന്: നബി (സ) പറയുന്നത് ഞാന്‍ കേട്ടു: 'ബീജത്തിന്‍മേല്‍ നാല്‍പത്തിരണ്ട് ദിവസം കഴിഞ്ഞാല്‍ അല്ലാഹു ഒരു മലക്കിനെ നിയോഗിക്കും. എന്നിട്ട് അവന്‍ അതിനെ രൂപപ്പെടുത്തുകയും, അതിന് കേള്‍വിയും കാഴ്ചയും ചര്‍മവും മാംസവും അസ്ഥിയും രൂപപ്പൈടുത്തുകയും ചെയ്യും. പിന്നീട് ആ മലക്ക് ചോദിക്കും: രക്ഷിതാവേ, ആണോ അതോ പെണ്ണോ? അപ്പോള്‍ നിന്റെ രക്ഷിതാവ് അവന്‍ ഉദ്ദേശിക്കുന്നത് വിധിക്കും. മലക്ക് അത് രേഖപ്പെടുത്തും. പിന്നീട് മലക്ക് ചോദിക്കും: രക്ഷിതാവേ ഇവന്റെ അവധി? അപ്പോള്‍ നിന്റെ രക്ഷിതാവ് അവന്‍ ഉദ്ദേശിച്ചത് പറയുകയും മലക്ക് അത് രേഖപ്പെടുത്തുകയും ചെയ്യും. പിന്നെ മലക്ക് ചോദി ക്കും: രക്ഷിതാവേ, ഇവന്റെ ഉപജീവനം? അപ്പോള്‍ നിന്റെ രക്ഷിതാവ് അവന്‍ ഉദ്ദേശിച്ചത് വിധിക്കുകയും മലക്ക് അത് രേഖപ്പെടുത്തു കയും ചെയ്യും. പിന്നീട് മലക്ക് തന്റെ‚കയ്യില്‍ ആ ഏടുമായി പോകും. കല്‍പിക്കപ്പെട്ടതിനേക്കാള്‍ വര്‍ദ്ധിപ്പിക്കുകയോ ചുരുക്കുകയോ ഇല്ല.'(7)
 6. അനസ് ബ്‌നുമാലികില്‍ (റ) നിന്ന്: നബി (സ) പറഞ്ഞു: 'പ്രതാപവാനും മഹാനുമായ അല്ലാഹു ഗര്‍ഭാശയത്തിന്റെ കാര്യം ഒരു മലക്കിനെ ഏല്‍പിച്ചിട്ടുണ്ട്. ആ മലക്ക് പറയും: രക്ഷിതാവേ, ബീജമാണ്. രക്ഷിതാവേ സിക്താണ്ഡമാണ്. രക്ഷിതാവേ മാംസപിണ്ഡമാണ്. അല്ലാഹു ഒരു സൃഷ്ടിയില്‍ വിധിക്കാന്‍ ഉദ്ദേശിച്ചാല്‍ മലക്ക് പറയും: രക്ഷിതാവേ, ആണോ പെണ്ണോ? ദൗര്‍ഭാഗ്യവാനോ അതോ സൗഭാഗ്യവാനോ? ഉപജീവനം എങ്ങനെയാണ്? അവധി എത്രയാണ്? അങ്ങനെ അവയെല്ലാം തന്റെ മാതാവിന്റെ വയറ്റിലായിരിക്കെ തന്നെ രേഖപ്പെടുത്ത പ്പെടും.(8)
 7. (നബി(സ)യോട് ചോദിക്കപ്പെട്ടു:) സ്വപ്‌നസ്ഖലനമുണ്ടായാല്‍ സ്ത്രീ കുളിക്കേണ്ടതുണ്ടോ? അപ്പോള്‍ നബി(സ) പറഞ്ഞു: 'അതെ; അവള്‍ ഇന്ദ്രിയം കണ്ടാല്‍'. അപ്പോള്‍ ഉമ്മുസുലൈം (റ) ചോദിച്ചു: 'സ്ത്രീക്ക് സ്ഖലനമുണ്ടാകുമോ?' അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'എന്തൊരു കഷ്ടം! പിന്നെ? എങ്ങനെയാണ് കുട്ടിക്ക് അവളോട് സാദൃശ്യം ഉണ്ടാകുന്നത്?' മറ്റൊരു നിവേദനത്തില്‍ ആഇശ (റ) ഉമ്മുസുലൈം(റ)യോട് 'ഛെ! സ്ത്രീക്ക് അതുണ്ടാകുമോ?' എന്ന് ചോദിച്ചുവെന്നാണുള്ളത്. മറ്റൊരു റിപ്പോര്‍ട്ടില്‍, ഈ ഹദീഥിന്റെ‚അവസാന ഭാഗത്ത് ഇങ്ങനെ കൂടിയുണ്ട്. 'ഇന്ദ്രിയം കാരണമായിട്ടാണ് കുട്ടിക്ക് സാദൃശ്യമുണ്ടാകുന്നത്. സ്ത്രീയുടെ ഇന്ദ്രിയം പുരുഷന്റെ ഇന്ദ്രിയത്തിന് മുകളില്‍ വന്നാല്‍ കുട്ടിക്ക് മാതൃ സഹോദരന്‍മാരോട് സാദൃശ്യമുണ്ടാകും. പുരുഷന്റെ‚ ഇന്ദ്രിയം സ്ത്രീയുടെ ഇന്ദ്രിയത്തിന് മുകളില്‍ വന്നാല്‍ കുട്ടിക്ക് അവന്റെ പിതൃവ്യന്‍മാരോട് സാദൃശ്യമുണ്ടാകും.'(9)

മുകളില്‍ പറഞ്ഞ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും വചനങ്ങളിലൊന്നും തന്നെ ആശാസ്ത്രീയമായ പരാമര്‍ശങ്ങളൊന്നുമില്ല. ലിംഗനിര്‍ണയത്തെപ്പറ്റിയുള്ള ഏറ്റവും പുതിയ വിവരങ്ങളുമായിപ്പോലും അവ പൂര്‍ണമായും യോജിച്ചു വരുന്നുവെന്നത് അത്ഭുതകരം തന്നെയാണ്.

 1. സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നാണ് ആണും പെണ്ണുമുണ്ടാകുന്നതെന്ന് സൂറത്തുല്‍ ഖിയാമയിലെ 38 മുതല്‍ 40 വരെയുള്ള വചനങ്ങ ളില്‍ പറയുന്നു. ശുക്ലദ്രാവകത്തിലെ പുരുഷബീജം X ക്രോമസോം വഹിക്കുന്നതാണെങ്കില്‍ അത് അണ്ഡവുമായി ചേര്‍ന്നാല്‍ പെണ്‍കു ഞ്ഞും Y ക്രോമസോം വഹിക്കുന്നതാണെങ്കില്‍ അത് അണ്ഡവുമായി ചേര്‍ന്നാല്‍ ആണ്‍കുഞ്ഞുമുണ്ടാകുന്നു. ശുക്ലദ്രാവകമാണ് കുഞ്ഞ് ആണോ പെണ്ണോ എന്നു തീരുമാനിക്കുന്നത് എന്നര്‍ത്ഥം.
 2. സ്രവിക്കപ്പെടുന്ന ബീജത്തില്‍ തന്നെ ആണ്‍, പെണ്‍ എന്നിവയുണ്ടെന്നും അതാണ് ആണ്‍-പെണ്‍ ഇണകളുടെ ഉല്‍പത്തിക്ക് കാരണമാകുന്ന തെന്നും സൂറത്തുന്നജ്മിലെ 45,46 വചനങ്ങള്‍ വ്യക്തമാക്കുന്നു. സ്രവിക്കപ്പെടുന്ന ബീജത്തില്‍ തന്നെ ആണ്‍ ക്രോമസോമായ Yയെ വഹി ക്കുന്ന ബീജാണുക്കളും പെണ്‍ക്രോമസോമായ Xനെ വഹിക്കുന്ന ബീജാണുക്കുളുമുണ്ട്. ബീജദ്രാവകത്തിലെ Y ആണ്‍ബീജം അണ്ഡവു മായി ചേര്‍ന്നാല്‍ ആണ്‍കുട്ടിയും X പെണ്‍ബീജമാണ് അണ്ഡവുമായി ചേരുന്നതെങ്കില്‍ പെണ്‍കുട്ടിയുമാണുണ്ടാവുക.
 3. അനസില്‍ നിന്ന് ബുഖാരി നിവേദനം ചെയ്ത അബ്ദുല്ലാഹിബ്‌നു സലാമുമായി പ്രവാചകന്‍ (സ) നടത്തിയ സംഭാഷണത്തെക്കുറിച്ച് വിവരിക്കുന്ന ഹദീഥിലും അദ്ദേഹത്തില്‍ നിന്നുതന്നെ മുസ്‌ലിം നിവേദനം ചെയ്ത സ്വപ്നസ്ഖലനത്തെക്കുറിച്ച ഹദീഥിലും ഥൗബാ നി(റ)ല്‍ നിന്ന് മുസ്‌ലിം നിവേദനം ചെയ്ത ജൂതപുരോഹിതനു നല്‍കിയ മറുപടികയെക്കുറിച്ച് വിശദീകരിക്കുന്ന ഹദീഥിലും പുരുഷ ബീജം സ്ത്രീബീജത്തെ അതിജയിച്ചാല്‍ ആണ്‍കുഞ്ഞും, സ്ത്രീബീജം പുരുഷബീജത്തെയാണ് അതിജയിക്കുന്നതെങ്കില്‍ പെണ്‍കുട്ടിയുമാ ണുണ്ടാവുകയെന്ന് പ്രവാചകന്‍ (സ) പറഞ്ഞതായി ഉദ്ധരിച്ചിരിക്കുന്നു. ഈ പരാമര്‍ശത്തെ സുരതക്രിയയില്‍ പുരുഷനാണ് ആദ്യം സ്ഖലിക്കുന്നതെങ്കില്‍ ആണ്‍കുട്ടിയും സ്ത്രീക്കാണ് ആദ്യം സ്ഖലിക്കുകയെങ്കില്‍ പെണ്‍കുട്ടിയുമാണുണ്ടാവുകയെന്നാണ് പല പണ്ഡിത ന്‍മാരും വ്യാഖ്യാനിച്ചിരിക്കുന്നത്. രതിമൂര്‍ച്ചയോടനുബന്ധിച്ച് ചില സ്ത്രീകള്‍ക്ക് പാരായൂറിത്രല്‍ നാളിയില്‍ നിന്ന് പുറത്തേക്കുവ രുന്ന ദ്രാവകത്തിന് കുഞ്ഞിന്റെ ജനനത്തില്‍ യാതൊരു പങ്കുമില്ല എന്ന് ഇന്ന് നമുക്കറിയാം. പെണ്ണിന്റെ സ്ഖലനത്തിന് കുഞ്ഞിന്റെ ഉല്‍പത്തി പ്രക്രിയയില്‍ യാതൊരു പങ്കും വഹിക്കുവാനില്ലെങ്കില്‍ അതോടനുബന്ധിച്ചുണ്ടാകുന്ന ദ്രാവകം ആദ്യമോ പിന്നെയോ ഉണ്ടാകുന്നതെന്നത് ലിംഗനിര്‍ണയത്തെ ബാധിക്കുവാന്‍ സാധ്യതയൊന്നുമില്ല. ഈ ഹദീഥുകളില്‍ ബീജത്തിന്റെ അധീശത്വത്തെക്കുറിക്കു വാന്‍ പ്രയോഗിച്ചിരിക്കുന്നത് 'സബഖ'യെന്നും 'അലാ' എന്നുമുള്ള ക്രിയകളാണ്. ഒന്നിനുമേല്‍ മറ്റൊന്ന് മുന്‍കടക്കുന്നതിനോ ആദ്യമാകു ന്നതിനോ വിജയിക്കുന്നതിനോ അധികാരം സ്ഥാപിക്കുന്നതിനോ ആണ് 'സബഖ'യെന്നു പറയുകയെന്ന് അംഗീകൃത ഭാഷാ നിഘണ്ടുക്കള്‍ പരിശോധിച്ചാല്‍ വ്യക്തമാകും(10).

ഒന്നിനുമുകളില്‍ മറ്റൊന്ന് ആധിപത്യം സ്ഥാപിക്കുന്നതിനാണ് 'അലാ'യെന്ന് പ്രയോഗിക്കുകയെന്ന് ക്വുര്‍ആനില്‍നിന്നു തന്നെ വ്യക്തമാകു ന്നുണ്ട്. സൂറത്തുല്‍ മുഅ്മിനൂനിലെ 91-ാം വചനം നോക്കുക.

''അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം യാതൊരു ദൈവവുമുണ്ടായിട്ടില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പോയിക്കളയുകയും, അവരില്‍ ചിലര്‍ ചിലരെ അടിച്ചമര്‍ത്തുകയും ചെയ്യുമായിരുന്നു. അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്ര പരിശുദ്ധന്‍!'' (23: 91)(11)

ഈ വചനത്തില്‍ 'ചിലര്‍ ചിലരെ അടിച്ചമര്‍ത്തുകയും ചെയ്യുമായിരുന്നു'വെന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് 'വ ലഅലാ ബഅദുഹും അലാ ബഅദിന്‍' എന്ന പ്രയോഗത്തെയാണ്. 'അലാ'യെന്നാല്‍ ആധിപത്യം സ്ഥാപിക്കുക, അടിച്ചമര്‍ത്തുക എന്നിങ്ങനെയാണ് യഥാര്‍ത്ഥത്തിലുള്ള സാരമെന്നര്‍ത്ഥം.

പുരുഷബീജത്തിലെ Y പെണ്‍ബീജത്തിലെ Xനുമേല്‍ ആധിപത്യം സ്ഥാപിക്കുമ്പോഴാണ് ആണ്‍കുഞ്ഞുണ്ടാകുന്നത് എന്നും പെണ്‍ബീജത്തിലെ X പുരുഷബീജത്തിലെ Yക്കുമേല്‍ ആധിപത്യം സ്ഥാപിക്കുമ്പോഴാണ് പെണ്‍കുഞ്ഞുണ്ടാകുന്നത് എന്നുമുള്ള ജനിതകശാസ്ത്ര വസ്തുതകളു മായി ഈ ഹദീഥുകള്‍ പൂര്‍ണമായും പൊരുത്തപ്പെടുന്നു. മധ്യകാലഘട്ടത്തിലുണ്ടായിരുന്ന അറിവിന്റെ അടിസ്ഥാനത്തില്‍ ഹദീഥ് മനസ്സിലാക്കിയവര്‍ ആണ്‍സ്ഖലനം ആദ്യം നടന്നാല്‍ ആണ്‍കുഞ്ഞും പെണ്‍സ്ഖലനം നടന്നാല്‍ പെണ്‍കുഞ്ഞുമുണ്ടാകുമെന്ന് ഇതില്‍നിന്ന് മനസ്സിലാക്കിയെന്നത് നബിവചനത്തിന്റെ ആശാസ്ത്രീയതയല്ല, അറിവിന്റെ കാലനിബന്ധതയെയാണ് വെളിപ്പെടുത്തുന്നത്. 'സബഖ' യെന്ന ക്രിയയെ വ്യാഖ്യാനിച്ചാല്‍ ആദ്യമുണ്ടാകുന്നത് ഏത് ദ്രവമാണോ അതിന്റെ അടിസ്ഥാനത്തിലാണ് ലിംഗനിര്‍ണയമെന്ന് വേണമെ ങ്കില്‍ പറയാനാകുമെങ്കിലും 'അലാ'യെന്ന പ്രയോഗം അത്തരമൊരു വ്യാഖ്യാനത്തിന് പഴുതുകളൊന്നും നല്‍കുന്നില്ല. ഈ ഹദീഥുകളെ ഒന്നിച്ചു പരിഗണിച്ചുകൊണ്ട്, നിലനില്‍ക്കുന്ന അറിവിന്റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിച്ചപ്പോഴാണ് പുരുഷ-പെണ്‍ സ്ഖലനങ്ങളുടെ ക്രമമാണ് ലിംഗനിര്‍ണയത്തിന് നിദാനമെന്നാണ് ഈ ഹദീഥുകള്‍ പഠിപ്പിക്കുന്നതെന്ന നിഗമനത്തില്‍ വ്യാഖ്യാതാക്കള്‍ എത്തിച്ചേര്‍ന്നത്. ഹദീഥുകളെ മൊത്തത്തിലെടുത്ത് പരിശോധിച്ചാല്‍ ഒരു ദ്രവത്തിനു മേലുള്ള മറ്റേ ദ്രവത്തിന്റെ ആധിപത്യം തന്നെയാണ് അവയില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നതെന്ന് മനസ്സിലാകും. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയില്‍ മാത്രം ശാസ്ത്രലോകത്തിന് മനസ്സിലായ ബീജത്തി ന്റെ ആധിപത്യമാണ് ലിംഗനിര്‍ണയത്തിന് കാരണമാകുന്നതെന്ന വസ്തുത എത്ര കൃത്യമായാണ് ഈ ഹദീഥുകള്‍ വരച്ച് കാണിക്കുന്നത്!

 1. മുസ്‌ലിം ഹുദൈഫത്തു ബ്‌നു അസീദില്‍ (റ) നിന്നും അബ്ദുല്ലാഹിബ്‌നു മസ്ഊദില്‍ (റ) നിന്നും നിവേദനം ചെയ്ത രണ്ട് വ്യത്യസ്ത ഹദീഥുകളില്‍ നിന്ന് ഗര്‍ഭസ്ഥശിശുവിലുളള ലിംഗമാറ്റത്തിനുവേണ്ടിയുള്ള മലക്ക് പ്രത്യക്ഷപ്പെടുന്നതും കുട്ടി ആണോ പെണ്ണോയെന്ന് ആത്യന്തികമായി തീരുമാനിക്കപ്പെടുന്നതും ബീജസങ്കലനത്തിന് ശേഷം നാല്‍പത് ദിവസങ്ങള്‍ക്കും നാല്‍പത്തിയഞ്ച് ദിവസങ്ങള്‍ക്കുമിടയിലാണെന്ന് വ്യക്തമാവുന്നു.

SRY ജീന്‍ പ്രവര്‍ത്തനക്ഷമമാകുന്നത് ആറാമത്തെ ആഴ്ചയാണെന്ന വിവരം നമുക്ക് ലഭിച്ചത് മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പു മാത്രമാണ്. XX സിക്താണ്ഡമാണെങ്കിലും XY സിക്താണ്ഡമാണെങ്കിലും അപൂര്‍വമായുണ്ടാകുന്ന സിക്താണ്ഡങ്ങളാണെങ്കിലുമെല്ലാം അവയുടെ ലിംഗമെന്താ ണെന്ന് ആത്യന്തികമായി തീരുമാനിക്കപ്പെടുക SRY ജീന്‍ പ്രവര്‍ത്തനക്ഷമമാകുന്നതിന്റെ അടിസ്ഥാനത്തിലാണ്. ആറാമത്തെ ആഴ്ചയാണ് SRY ജീന്‍ പ്രവര്‍ത്തനക്ഷമമാവുന്നതെന്ന ഭ്രൂണശാസ്ത്രം 1985ല്‍ മാത്രം നമുക്കു പറഞ്ഞുതന്ന വിവരവും നാല്‍പതു ദിവസങ്ങള്‍ക്കും നല്‍പത്തിയഞ്ച് ദിവസങ്ങള്‍ക്കുമിടയിലാണ് ലിംഗതീരുമാനവുമായി മലക്ക് നിയോഗിക്കപ്പെടുന്നതെന്ന പതിനാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നബി (സ) പറഞ്ഞ വിവരവും എത്ര ക്രൃത്യമായാണ് ഇവിടെ യോജിച്ചുവരുന്നത്! എന്തുകൊണ്ടാണ് ഹദീഥുകളിലെ പരാമര്‍ശങ്ങള്‍ ഇത്ര യും കൃത്യമാകുന്നതെന്ന ചോദ്യത്തിന് ക്വുര്‍ആന്‍ തന്നെ ഉത്തരം നല്‍കിയിട്ടുണ്ട്.

''നിങ്ങളുടെ കൂട്ടുകാരന്‍ വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല. അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസമ്പേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു.'' (53: 2-4)

കുറിപ്പുകൾ

 1. ക്വുര്‍ആന്‍ 53: 45-46
 2. ക്വുര്‍ആന്‍ 75: 38-40
 3. സ്വഹീഹുല്‍ ബുഖാരി, കിതാബു അഹാദീഥുല്‍ അംബിയാഅ്, ബാബു ഖല്‍ഖി ആദം വ ദുര്‍റിയ്യത്തിഹി, ഹദീഥ്
 4. സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ഹൈദ്വ്, ബാബു വുജുബില്‍ ഗസ്‌ലി അലല്‍ മര്‍അത്തി ബി ഖുറൂജില്‍ മനിയ്യി മിന്‍ഹ, ഹദീഥ്
 5. സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ഹൈദ്വ്, ബാബു ബയാനി സ്വിഫത്തില്‍ മനിയിര്‍റജുലി വല്‍ മര്‍അത്തി വ അന്നല്‍ വലദ മഖ്‌ലൂഖുന്‍ മിന്‍ മാഇ.
 6. സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ക്വദ്ര്‍, ബാബു കൈഫിയ്യത്തില്‍ ഖല്‍ബില്‍ ആദമിയ്യി ഫീ ബദനി ഉമ്മിഹി വ കിതാബത്തി രിസ്‌കിഹി വ അജലിഹി, വ അമലിഹി വ ശകാവത്തിഹി വ സഅദത്തിഹി, ഹദീഥ്
 7. സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ക്വദ്ര്‍, ബാബു കൈഫിയ്യത്തില്‍ ഖല്‍ബില്‍ ആദമിയ്യി ഫീ ബദനി ഉമ്മിഹി വ കിതാബത്തി രിസ്‌കിഹി വ അജലിഹി, വ അമലിഹി വ ശകാവത്തിഹി വ സഅദത്തിഹി, ഹദീഥ്
 8. സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ക്വദ്ര്‍, ബാബു കൈഫിയ്യത്തില്‍ ഖല്‍ബില്‍ ആദമിയ്യി ഫീ ബദനി ഉമ്മിഹി വ കിതാബത്തി രിസ്‌കിഹി വ അജലിഹി, വ അമലിഹി വ ശകാവത്തിഹി വ സഅദത്തിഹി, ഹദീഥ്
 9. സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ഹൈദ്വ്, ബാബു വുജുബില്‍ ഗസ്‌ലി അലല്‍ മര്‍അത്തി ബി ഖുറൂജില്‍ മനിയ്യി മിന്‍ഹ, ഹദീഥ്
 10. Edward William Lane : Arabic-English Lexicon, London, 1863, Book 1, Page 1300.
 11. ക്വുര്‍ആന്‍ 23: 91

ക്വുർആനിലെ 2: 2:233 വചനത്തില്‍ മുലകുടി പ്രായം രണ്ടു വര്‍ഷമാണെന്നും 46:15 വചനത്തില്‍ ഗര്‍ഭകാലവും മുലകുടി പ്രായവും കൂടി മുപ്പതു മാസമാണെന്നും പറഞ്ഞതിനെ താരതമ്യം ചെയ്താൽ ഗർഭകാലം ആറ് മാസമാണ് എന്നാണ് വന്നു ചേരുക. ഇത് വ്യക്തമായ അബദ്ധമല്ലേ ?

സൂറത്തുല്‍ ബക്വറയിലെ 2:233-ാം വചനത്തിലും സൂറത്തു ലുഖ്മാനിലെ പതിനാലാം വചനത്തിലും മുലകുടി പ്രായം രണ്ടു വര്‍ഷമാണെന്ന് വ്യക്തമാക്കുന്നുണ്ട്. മുലകുടി പൂർത്തിയായ്ക്കാനുദ്ദേശിക്കുന്നവർ കുഞ്ഞുങ്ങൾക്ക് രണ്ട് വര്‍ഷമാണ് മുല കൊടുക്കേണ്ടതെന്ന് ഈ വചനങ്ങൾ വ്യക്തമാക്കുന്നു. സൂറത്തുല്‍ അഹ്ക്വാഫിലെ പതിനഞ്ചാം വചനത്തിൽ "അവന്റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു" എന്ന് വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. ഇതിൽ നിന്ന് ഗർഭകാലം ആറ് മാസമാണ് എന്നല്ലേ മനസ്സിലാവുകയെന്നാണ് വിമർശനം. അങ്ങനെത്തന്നെയാണ് മനസ്സിലാക്കേണ്ടത് എന്നാണ് അതിനുള്ള വിശദീകരണം. ഒൻപത് മാസം കഴിഞ്ഞാണ് സാധാരണഗതിയിൽ പ്രസവം നടക്കാറുള്ളതെന്ന് ആരും പറഞ്ഞു കൊടുക്കാതെതന്നെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇക്കാര്യം മുഹമ്മദ് നബിക്ക് (സ) അറിയുമായിരുന്നില്ല എന്ന കരുതുന്നത് ശുദ്ധ അസംബന്ധമാണ്.

ഈ വചനങ്ങളിൽ നിന്ന് നാം മനസിലാക്കേണ്ടത് കുറഞ്ഞ ഗർഭകാലം ആറു മാനസമാണ് എന്നാണ്. ഇങ്ങനെ മനസ്സിലാക്കിയവരായിരുന്നു ആദ്യകാല മുസ്ലിംകൾ. ഒരു സംഭവം നോക്കുക:

വിവാഹത്തിനുശേഷം ആറുമാസങ്ങള്‍ കഴിയുന്നയുടനെ പ്രസവിച്ച ഒരു സ്ത്രീയെക്കുറിച്ച ഒരു പരാതി ഖലീഫ ഉമറിന്റെ (റ) അടുത്തെത്തി. പ്രസവിക്കപ്പെട്ട കുഞ്ഞിന് ജീവനും ആരോഗ്യവുമുള്ളതിനാല്‍ വിവാഹപൂര്‍വരതിയിലൂടെയുണ്ടായതാവണം അവരുടെ ഗര്‍ഭധാരണമെന്നും അതിനാല്‍ അവര്‍ക്ക് വ്യഭിചാരത്തിനുള്ള ശിക്ഷ നല്‍കണമെന്നുമായിരുന്നു പരാതിക്കാരുടെ പക്ഷം. പ്രശ്‌നത്തിനു പരിഹാരം തേടി പ്രവാചകാനുചരന്‍മാരുമായി ഉമര്‍ (റ) കൂടിയാലോചന നടത്തി. അബ്ദുല്ലാഹിബ്‌നു അബ്ബാസാണ് (റ) പ്രസ്തുത പ്രസവത്തെ ക്വുര്‍ആനിന്റെ അടിസ്ഥാനത്തില്‍ ന്യായീകരിച്ചത്. സൂറത്തുല്‍ ബക്വറയിലെ 2:233-ാം വചനവും സൂറത്തുല്‍ അഹ്ക്വാഫിലെ പതിനഞ്ചാം വചനവും ഉദ്ധരിച്ചുകൊണ്ട് ഈ വചനങ്ങള്‍പ്രകാരം കുറഞ്ഞ ഗര്‍ഭകാലം ആറുമാസമാണെന്ന് സ്ഥാപിക്കുകയാണ് അദ്ദേഹം ചെയ്തത്. സൂറത്തുല്‍ ബക്വറയിലെ വചനത്തില്‍ മുലകുടി പ്രായം രണ്ടു വര്‍ഷമാണെന്നും സൂറത്തുല്‍ അഹ്ക്വാഫില്‍ ഗര്‍ഭകാലവും മുലകുടി പ്രായവും കൂടി മുപ്പതു ദിവസമാണെന്നും പറഞ്ഞതിനെ താരതമ്യം ചെയ്തുകൊണ്ടാണ് പ്രവാചകാനുചരന്‍മാരിലെ ക്വുര്‍ആന്‍ വ്യാഖ്യാതാവെന്ന് അറിയപ്പെട്ടിരുന്ന ഇബ്‌നു അബ്ബാസ് (റ) കുറഞ്ഞ ഗര്‍ഭകാലം ആറു മാസമാണെന്ന് സമര്‍ത്ഥിച്ചത്. ഭരണാധികാരിയായ ഉമര്‍ (റ) അടക്കമുള്ള സ്വഹാബിമാരെല്ലാം അത് അംഗീകരിക്കുകയും കുറ്റാരോപിതയെ വെറുതെ വിടാന്‍ ഖലീഫ കല്‍പിക്കുകയും ചെയ്തു.(ഇമാം അബ്ദുര്‍റസാഖ് തന്റെ മുസന്നഫിലും (7: 352) ഇമാം സുയൂത്തി തന്റെ ദുര്‍റുല്‍ മന്‍സൂറിലും (7: 442) നാഫിഉ ബിന്‍ ജുബൈറില്‍ നിന്ന് നിവേദനം ചെയ്തത്.)

ഉഥ്മാന്റെ (റ) ഭരണകാലത്തും സമാനമായ സംഭവമുണ്ടായതായി ഇമാം മാലിക് (റ) നിവേദനം ചെയ്യുന്നുണ്ട്. ആറാം മാസം കഴിഞ്ഞയുടനെ ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിച്ച സ്ത്രീക്ക് വ്യഭിചാരക്കുറ്റത്തിന് ശിക്ഷ വിധിച്ച ഖലീഫയെ തിരുത്തിയത് അലി(റ)യാണ്. നടേ പറഞ്ഞ ആയത്തുകള്‍ ഉദ്ധരിച്ചുകൊണ്ട് ഖലീഫയുടെ വിധിയെ വിമര്‍ശിച്ചത് ഉഥ്മാന്‍ (റ) അംഗീകരിക്കുകയും സ്ത്രീയെ വെറുതെ വിടുകയും ചെയ്തു.(ഇമാം മാലികിന്റെ മുവത്വ 41: 11)

കുറഞ്ഞ ഗര്‍ഭകാലമെത്രയാണെന്ന കാര്യത്തില്‍ പ്രവാചകാനുചരന്‍മാരുടെ കാലം മുതല്‍ മുസ്‌ലിം ലോകത്ത് കാര്യമായ തര്‍ക്കങ്ങളുണ്ടായിട്ടില്ല. നാലു കര്‍മശാസ്ത്ര സരണികളും കുറഞ്ഞ ഗര്‍ഭകാലം ആറുമാസമാണെന്ന് അംഗീകരിക്കുന്നു. പിതൃത്വവും ശിക്ഷാവിധികളുമായി ബന്ധപ്പെട്ട മദ്ഹബീ നിയമങ്ങളിലെല്ലാം ഈ അംഗീകാരത്തിന്റെ സ്വാധീനം കാണാനാവും. മുസ്‌ലിം ലോകത്ത് പതിനാലു നൂറ്റാണ്ടുകളായി അംഗീകരിക്കപ്പെട്ടുവരുന്ന കുറഞ്ഞ ഗര്‍ഭകാലം തന്നെയാണ് ശരിയെന്ന വസ്തുത അംഗീകരിക്കുകയാണ് ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ശാസ്ത്രം ഇന്നു ചെയ്യുന്നത്. കുറഞ്ഞ ഗര്‍ഭകാലത്തെക്കുറിച്ച സംവാദങ്ങളും തര്‍ക്കങ്ങളും ഭ്രൂണശാസ്ത്രലോകത്ത് സജീവമാണെങ്കിലും നിയമപരമായി അംഗീകരിക്കാവുന്ന കുറഞ്ഞ ഗര്‍ഭകാലം ആറുമാസമാണെന്ന വസ്തുത ഇന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്.

ഗര്‍ഭാശയത്തിനുപുറത്ത് ഗര്‍ഭസ്ഥശിശുവിന് ജീവിക്കാനുള്ള കഴിവിനെയാണ് ശിശുജീവനസാമര്‍ത്ഥ്യം (Fetal Viability) എന്നുവിളിക്കുന്നത്. ഗര്‍ഭകാലത്തെ മൂന്നു ത്രൈമാസിക യൂണിറ്റുകളായാണ് (trimester) ഭ്രൂണശാസ്ത്രജ്ഞന്‍മാര്‍ പഠിക്കുന്നത്. ആദ്യത്തെ ത്രൈമാസികത്തിലാണ് ഭ്രൂണത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെല്ലാം ഉണ്ടാകുന്നത്. ഒന്നാം ത്രൈമാസത്തിനകത്ത് പ്രസവിക്കപ്പെട്ടാല്‍ ശിശുജീവനസാമര്‍ത്ഥ്യം പൂജ്യമായിരിക്കും. അഥവാ അങ്ങനെ പ്രസവിക്കപ്പെടുന്ന കുഞ്ഞ് ഒരു കാരണവശാലും ജീവിച്ചിരിക്കുകയില്ല. രണ്ടാം ത്രൈമാസികത്തില്‍ നടക്കുന്നത് പ്രധാനമായും അവയവങ്ങളുടെ വികാസമാണ്. രണ്ടാമത്തെ തൈമാസികം അവസാനിക്കുമ്പോള്‍ പ്രസവിക്കപ്പെടുന്ന കുഞ്ഞിന് നല്ല പരിചരണം നല്‍കിയാല്‍ അത് ജീവിക്കും. ഈ സമയത്തെ ശിശുജീവനസാമര്‍ത്ഥ്യം (Fetal Viability) 90 ശതമാനമാണ്. നല്ല പരിചരണം നല്‍കിയാല്‍ കുഞ്ഞിനെ രക്ഷിക്കുവാനും കാര്യമാത്രപ്രസക്തമായ വൈകല്യങ്ങളൊന്നുമില്ലാതെ നിലനിര്‍ത്തുവാനും കഴിയുന്ന പ്രായമാണിത് എന്നര്‍ത്ഥം.

ഗര്‍ഭസ്ഥ ശിശുവിന് ഇരുപത്തിരണ്ടാമത്തെ ആഴ്ച പ്രായമാകുന്നതുമുതല്‍ തന്നെ ശിശുജീവനസാമര്‍ത്ഥ്യത്തിന് നേരിയ സാധ്യതകളുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇരുപത്തിമൂന്നാമത്തെ ആഴ്ച ഇത് പത്തുമുതല്‍ മുപ്പത്തിയഞ്ച് വരെ ശതമാനവും ഇരുപത്തിനാലാമത്തെ ആഴ്ച ഇത് നാല്‍പത് മുതല്‍ എഴുപത് വരെ ശതമാനവും ഇരുപത്തിയഞ്ചാമത്തെ ആഴ്ച ഇത് അമ്പത് മുതല്‍ എണ്‍പതു വരെ ശതമാനവും ഇരുപത്തിയാറാമത്തെ ആഴ്ച ഇത് എണ്‍പത് മുതല്‍ തൊണ്ണൂറുവരെ ശതമാനവും ഇരുപത്തിയേഴാമത്തെ ആഴ്ച മുതല്‍ ഇത് തൊണ്ണൂറ് ശതമാനത്തിനു മുകളിലുമാണ്. ആറു മാസങ്ങള്‍ക്ക് മുമ്പുള്ള ശിശുജീവനസാമര്‍ത്ഥ്യത്തിന്റെ ശതമാനക്കകണക്ക് ഉയരാനുള്ള കാരണം ചികിത്സാരംഗത്തും സാങ്കേതിക വിദ്യയാലുമുണ്ടായ പുരോഗതിയാണ്. ഈ പുരോഗതിയുണ്ടായിട്ട് ഏതാണ്ട് പതിറ്റാണ്ടുകളേ ആയിട്ടുള്ളൂ. 1973ലെ പ്രസിദ്ധമായ ഒരു ഗര്‍ഭഛിദ്ര കേസില്‍ പോലും അമേരിക്കന്‍ സുപ്രീം കോടതി വിധിച്ചത് ശിശുജീവനസാമര്‍ത്ഥ്യം ഇരുപത്തിയെട്ട് ആഴ്ചകളെങ്കിലും പൂര്‍ത്തിയായാലേ ഉണ്ടാവുകയുള്ളുവെന്നാണ് പൊതുവെ കരുതി വരാറുള്ളതെന്നാണ്. ഇരുപത്തിനാല് ആഴ്ചകളെങ്കിലും പൂര്‍ത്തിയായാലേ ശിശുവിന് ജീവനസാമര്‍ത്ഥ്യമുണ്ടാകൂവെന്നാണ് ഇന്ന് പൊതുവെ ചികിത്സാരംഗത്തുള്ളവര്‍ പറയാറുള്ളതെങ്കിലും അതിനേക്കാള്‍ മുമ്പ് പ്രസവിക്കപ്പെട്ടിട്ടും ജീവിച്ച റിക്കാര്‍ഡുകളുണ്ട്.

2006 ഒക്‌ടോബര്‍ 24ന് ഫ്‌ളോഡിറിയില്‍ ഇരുപത്തിരണ്ട് ആഴ്ചകള്‍ മാത്രം കഴിഞ്ഞ് ജനിച്ച അമില്ലിയ ടൈലറെന്ന പെണ്‍കുട്ടിയാണ് ഏറ്റവും കുറഞ്ഞ ഗര്‍ഭകാലം കഴിഞ്ഞ് ജീവനസാമര്‍ത്ഥ്യത്തോടെയിരിക്കുകയും പിന്നീട് വളര്‍ന്നു വലുതാവുകയും ചെയ്തയാളായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ശ്വാസകോശങ്ങള്‍ക്കും ദഹനവ്യവസ്ഥക്കും തലച്ചോറിനുമെല്ലാം നിരവധി തകരാറുകളുണ്ടായിരുന്നുവെങ്കിലും മികച്ച സാങ്കേതികവിദ്യകളുടെ സഹായത്താല്‍ ഒരു കൂട്ടം ഭിഷഗ്വരന്‍മാര്‍ ഭഗീരഥപ്രയത്‌നം നടത്തി കുട്ടിയെ ജീവനോടെ നിലനിര്‍ത്തുകയാണുണ്ടായത്. നീണ്ട നാലുമാസങ്ങളില്‍ ആശുപത്രിയിലെ ശിശു തീവ്രപരിചരണ വിഭാഗത്തില്‍ കിടത്തിയുള്ള നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായാണ് അവരുടെ മാതാപിതാക്കള്‍ക്ക് ജീവനുള്ള കുഞ്ഞിനെ ലഭിച്ചത് എന്നര്‍ത്ഥം.

രണ്ടാമത്തെ ത്രൈമാസം കഴിയുമ്പോഴേക്ക് ഗര്‍ഭസ്ഥശിശുവില്‍ ഒരുവിധം എല്ലാ ബാഹ്യാവയവങ്ങളും ആന്തരാവയവങ്ങളും വളര്‍ന്നുവന്നിരിക്കുമെന്നതിനാല്‍ തന്നെ അതിനുശേഷം പ്രസവിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ ജീവിച്ചിരിക്കുവാനുള്ള സാധ്യത അഥവാ ശിശുജീവനസാമര്‍ത്ഥ്യം തൊണ്ണൂറു ശതമാനത്തിനു മുകളിലാണ്. ഗര്‍ഭാശയത്തില്‍വെച്ചു തന്നെ പൂര്‍ണ വളര്‍ച്ചയെത്തി പുറത്തുവരുന്ന കുഞ്ഞ് മാതൃശരീരത്തിനകത്ത് തന്റെ ആദ്യകോശമുണ്ടാകുന്നതു മുതല്‍ മുപ്പത്തിയൊന്‍പത് ആഴ്ചക്കാലമാണ് കഴിച്ചുകൂട്ടുന്നത്. പൂര്‍ണമായ ഗര്‍ഭകാലമാണിത്. ഇതിനുമുമ്പ് ഏതു സമയത്തും കുഞ്ഞ് പ്രസവിക്കപ്പെടാം. ഗര്‍ഭാശയത്തിനകത്തും പുറത്തും കുഞ്ഞിന് വളരാനാവശ്യമായ സംവിധാനങ്ങളെല്ലാം ചെയ്തുവെച്ചിരിക്കുന്നവനാണ് സ്രഷ്ടാവ്. മാതൃശരീരത്തില്‍ നിന്ന് പുറത്തുവരുന്ന ശിശുവിന് പിന്നെ മാതാവുമായുള്ള ജൈവികബന്ധം അതിന്റെ മുലകുടിയാണ്. മനുഷ്യശിശുവിന്റെ മുലകുടി പ്രായം രണ്ടു വര്‍ഷമാണെന്ന കാര്യത്തില്‍ ശാസ്ത്രവും ക്വുര്‍ആനും ഒരേ അഭിപ്രായമാണ് പുലര്‍ത്തുന്നത്.

പൂര്‍ണമായ മുലകുടി പ്രായം രണ്ടു വര്‍ഷമാണെന്നു പറയുമ്പോള്‍ അതിനുമുമ്പ് ഏതുസമയത്തും മാതാവിന്റെയോ കുഞ്ഞിന്റെയോ ആരോഗ്യപരമായ കാരണങ്ങളാല്‍ മുലകുടി നിന്നുപോകുവാനുള്ള സാധ്യത ക്വുര്‍ആന്‍ അംഗീകരിക്കുന്നു. മുലകുടിയോടു കൂടി ബന്ധപ്പെടുത്തിയാണ് കുറഞ്ഞ ഗര്‍ഭകാലത്തെക്കുറിച്ച് ക്വുര്‍ആന്‍ പറഞ്ഞിരിക്കുന്നതെന്ന വസ്തുത ശ്രദ്ധേയമാണ്. മുലകുടിയും ഗര്‍ഭകാലവും കൂടി മുപ്പത് മാസമാണെന്ന ക്വുര്‍ആനിക പരാമര്‍ശമാണ് ചുരുങ്ങിയ ഗര്‍ഭകാലം ആറുമാസമാണെന്ന നിഗമനത്തിലെത്താന്‍ പ്രവാചകാനുചരന്മാരെ സഹായിച്ചത്. കാര്യമായ സാങ്കേതിക സഹായങ്ങളൊന്നുമില്ലെങ്കില്‍ പോലും, ആറു മാസങ്ങള്‍ പൂര്‍ത്തിയാക്കി ഗര്‍ഭാശയത്തിനകത്തുനിന്ന് പുറത്തുവരുന്ന കുഞ്ഞിന് ജീവിക്കുവാന്‍ കഴിയുമെന്നാണ് പുതിയ പഠനങ്ങളും വ്യക്തമാക്കുന്നത്. ആറുമാസം പൂര്‍ത്തിയാക്കുന്നതോടെ ശിശുവിന്റെ ജീവനസാമര്‍ത്ഥ്യം തൊണ്ണൂറ് ശതമാനമാണെന്നാണല്ലോ പഠനങ്ങള്‍ കാണിക്കുന്നത്.

ആറു മാസങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കുവാന്‍ സാങ്കേതിക സഹായങ്ങളോടെ സാധിക്കുമെന്നതിനാലാണ് കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ജീവനസാമര്‍ത്ഥ്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ടെന്നു പറയുന്നത്. പ്രസ്തുത പുരോഗതിയുടെ ഫലമായി ഇരുപത്തിനാല് ആഴ്ചകളെങ്കിലും പൂര്‍ത്തിയാക്കിയ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞേക്കുമെന്ന ഒരു ധാരണ ചികിത്സാരംഗത്തുണ്ടായിട്ടുണ്ട്. വിദഗ്ധരായ ചികിത്സകരുടെ മേല്‍നോട്ടത്തില്‍ ശക്തമായ സാങ്കേതിക സഹായത്തോടെയാണ് പ്രസ്തുത രക്ഷിക്കല്‍ ശ്രമം നടക്കുന്നത്. അങ്ങനെ രക്ഷപെടുന്ന കുഞ്ഞുങ്ങള്‍ വ്യത്യസ്തതരം വൈകല്യങ്ങള്‍ക്ക് വിധേയമായിരിക്കും. തലച്ചോറ് വേണ്ടത്ര വികസിച്ചിട്ടില്ലാത്തതിനാല്‍ ഓട്ടിസമടക്കമുള്ള വൈകല്യങ്ങളുണ്ടാവാനുള്ള സാധ്യതയേറെയാണ്. ശ്വാസകോശങ്ങളുടെയും കണ്ഠനാളികളുടെയും വളര്‍ച്ച പൂര്‍ത്തീകരിച്ചു കഴിഞ്ഞിട്ടില്ലാത്തതിനാല്‍ അത്തരം ശിശുക്കള്‍ക്ക് മുല കുടിക്കുവാന്‍ പലപ്പോഴും കഴിയാറില്ല. മാതൃമുലപ്പാല്‍ പിഴിഞ്ഞ് വായിലേക്ക് ഉറ്റിച്ചുകൊടുക്കുകയോ സമാന്തര പോഷകങ്ങള്‍ നല്‍കിയോ ആണ് ചികിത്സകന്‍മാര്‍ ഈ പ്രശ്‌നം പരിഹരിക്കാറുള്ളത്. ആറു മാസങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കിലും മുലകുടിയടക്കമുള്ള പല ശൈശവക്രിയകളും ചെയ്യാന്‍ അവയ്ക്ക് കഴിയുകയില്ലെന്നര്‍ത്ഥം.

മാതാപിതാക്കളോടുള്ള ബാധ്യതകളെക്കുറിച്ചു പറയുമ്പോള്‍ മാതാവ് തനിക്കുവേണ്ടി സഹിച്ച ത്യാഗങ്ങളെപ്പറ്റി ഓര്‍മിപ്പിച്ചുകൊണ്ടാണ് ക്വുര്‍ആന്‍ മുലകുടി പ്രായവും ഗര്‍ഭകാലവും കൂടി മുപ്പത് മാസങ്ങളാണെന്ന് പരാമര്‍ശിക്കുന്നതെന്ന വസ്തുത ശ്രദ്ധേയമാണ്. ആറുമാസമെങ്കിലുമുള്ള പൊക്കിള്‍കൊടി ബന്ധവും രണ്ടു വര്‍ഷത്തെ മുലകുടി ബന്ധവുമാണ് മാതൃശരീരവുമായി കുഞ്ഞിനുള്ള ജൈവികബന്ധമെന്ന ക്വുര്‍ആന്‍ പരാമര്‍ശം വളര്‍ന്നു വലുതായ ശേഷമുള്ള മാതാപിതാക്കളോടുള്ള ബാധ്യതയെക്കുറിച്ച് ഓര്‍മപ്പെടുത്തുന്നതിനിടയിലാണ് കടന്നുവരുന്നത്. മുലകുടി പ്രായവും കുറഞ്ഞ ഗര്‍ഭകാലവും കൂടി മുപ്പത് മാസങ്ങളാണെന്ന ക്വുര്‍ആന്‍ പരാമര്‍ശം ശാസ്ത്രീയമായ കൃത്യത മാത്രമല്ല വൈകാരിക ബന്ധത്തിനുണ്ടാവേണ്ട ആഴവും വ്യക്തമാക്കുന്നതാണ്.

അല്ല. ക്വുർആൻ പറഞ്ഞതാണ് ശരി!

ഭ്രൂണ ഘട്ടങ്ങളെക്കുറിച്ച് പറയുന്ന സൂറത്തുൽ മുഅമിനൂനിലെ വചനത്തിൽ പതിനാലാം വചനത്തിൽ നാം വായിക്കുന്നത് 'നാം ആ മാംസപിണ്ഡത്തെ (മുദ്‌അ) അസ്ഥികൂടമായി (ഇദ്വാമ്) രൂപപ്പെടുത്തി.' എന്നാണ്.

മുദ്അയില്‍ നിന്നാണ് എല്ലുകളുണ്ടാവുന്നതെന്നാണ് ഭ്രൂണവളര്‍ച്ചയെക്കുറിച്ചു പറയുമ്പോള്‍ ക്വുര്‍ആന്‍ വ്യക്തമാക്കുന്നത്.

ഗര്‍ഭസ്ഥശിശുവിന് അസ്ഥികളുണ്ടാകുവാനാരംഭിക്കുന്നത് നാല്‍പത്തിരണ്ടു ദിവസങ്ങള്‍ക്കുശേഷമാണെന്ന് നബി (സ) പഠിപ്പിച്ചതായി അബ്ദുല്ലാഹിബ്‌നു മസ്ഊദില്‍ (റ) നിന്ന് ഇമാം മുസ്‌ലിം നിവേദനം ചെയ്തിട്ടുണ്ട്.

അസ്ഥിരൂപീകരണവുമായി ബന്ധപ്പെട്ട് ആധുനിക ശാസ്ത്രം സാങ്കേതികസഹായത്തോടെ നമുക്ക് നല്‍കുന്ന അറിവുകള്‍ ക്വുര്‍ആനും നബിവചനങ്ങളും നല്‍കുന്ന വിവരങ്ങളുമായി പൂര്‍ണമായും യോജിച്ചു വരുന്നവെന്നതാണ് വസ്തുത. അസ്ഥിരൂപീകരണ പ്രക്രിയ അഥവാ ഓസിഫിക്കേഷന്‍ ആരംഭിക്കുന്നത് ആറ് ആഴ്ചകള്‍ക്കു ശേഷമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. നാല്‍പത്തിരണ്ടു ദിവസങ്ങള്‍ക്കുശേഷമാണ് അസ്ഥികള്‍ ഉണ്ടാകുന്നതെന്നാണ് നബി (സ) പഠിപ്പിച്ചത്. കടിച്ച മാംസപിണ്ഡത്തെപ്പോലെ തോന്നിപ്പിക്കുന്ന സോമൈറ്റുകള്‍ നിറഞ്ഞ ഭ്രൂണഘട്ടത്തിനുശേഷമാണ് അസ്ഥിരൂപീകരണം നടക്കുന്നതെന്നും സോമൈറ്റുകളില്‍ നിന്നാണ് നട്ടെല്ലുണ്ടാകുന്നതെന്നും ശാസ്ത്രം നമുക്ക് പറഞ്ഞുതരുന്നു. കടിച്ച മൃദുലമാംസപിണ്ഡം എന്നു അര്‍ത്ഥം വരുന്ന മുദ്വ്അയില്‍ നിന്നാണ് ഇദ്വാമ് (അസ്ഥികള്‍) ഉണ്ടാകുന്നതെന്ന് ക്വുര്‍ആന്‍ നമുക്ക് നല്‍കുന്ന വിവരം തന്നെയാണിത്. ക്വുര്‍ആനിക വിജ്ഞാനീയങ്ങളെല്ലാം ആധുനികശാസ്ത്രത്തിനുമുമ്പില്‍ അടിപതറാതെ നിലനില്‍ക്കുമെന്ന വസ്തുത ഇത് ഒരിക്കല്‍കൂടി വ്യക്തമാക്കുന്നു.

'മുദ്വ്അ'യെന്ന ഒരു ഘട്ടം ഭ്രൂണത്തിനുണ്ടെന്ന് ക്വുർആൻ പറയുന്നുണ്ടെന്നത് ശരിയാണ്. നുത്വഫ, അലഖ എന്നീ ഘട്ടങ്ങക്കു ശേഷമുള്ള മൂന്നാം ഘട്ടത്തെയാണ് ക്വുര്‍ആന്‍ 'മുദ്വ്അ'യെന്ന് വിളിക്കുന്നത്. അലഖയില്‍ നിന്നാണ് മുദ്വ്അയുണ്ടായതെന്ന് ക്വുര്‍ആന്‍ രണ്ടുതവണ പ്രസ്താവിക്കുന്നുണ്ട്. അവ ഇങ്ങനെയാണ്.

''പിന്നെ ആ ബീജത്തെ (നുത്വഫ) നാം ഒരു ഭ്രൂണമായി (അലഖ) രൂപപ്പെടുത്തി. ശേഷം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി (മുദ്വ്അ) രൂപപ്പെടുത്തി. (ക്വുര്‍ആന്‍ 23:14)

മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച് നോക്കുക:) തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍ നിന്നും, പിന്നീട് ബീജത്തില്‍ നിന്നും, പിന്നീട് ഭ്രൂണത്തില്‍ നിന്നും, അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍(മുദ്വ്അ) നിന്നും സൃഷ്ടിച്ചത്. (ക്വുര്‍ആന്‍ 22:5)

മീം, ദ്വ, ഗൊയ്‌ന് എന്നീ അക്ഷരത്രയങ്ങളില്‍ നിന്നാണ് 'മുദ്വ്അ'യെന്ന പദമുണ്ടായിരിക്കുന്നത്. ഈ അക്ഷരത്രയങ്ങളില്‍ നിന്നുണ്ടാകുന്ന പദങ്ങള്‍ക്കെല്ലാം വായിലിട്ട് ചവയ്ക്കുകയെന്ന ക്രിയയുമായി എന്തെങ്കിലും ബന്ധമുണ്ടായിരിക്കും. 'മുദ്വ്അ'യെന്നാല്‍ ചവയ്ക്കുകയെന്നര്‍ത്ഥം. ചവയ്ക്കപ്പെട്ടത് എന്ന അര്‍ത്ഥത്തില്‍ 'യുമ്ദുഅ്' എന്നും 'മംദൂഅ്വ്' എന്നും പ്രയോഗിക്കും. ചവയ്ക്കുന്നവന് മാദ്വിഅ് എന്നാണ് പറയുക. മുകളില്‍ പറഞ്ഞ അക്ഷരത്രയത്തില്‍ നിന്നുണ്ടായ ഒരു സവിശേഷനാമമാണ് 'മുദ്വ്അ'. 'ചവയ്ക്കാനുള്ളത്' എന്ന അര്‍ത്ഥത്തിലും 'ചവയ്ക്കപ്പെട്ടത്' എന്ന അര്‍ത്ഥത്തിലുമുപയോഗിക്കുന്ന നാമം. ചെറിയൊരു മാംസപിണ്ഡത്തിനും ഹൃദയത്തെയും നാവിനെയും പോലെയുള്ള ചവച്ചുതിന്നാന്‍ പറ്റുന്ന അവയവങ്ങളെയും മൃദുലമാംസത്തെയും ചവയ്ക്കാനുള്ള ച്യൂയിംഗം പോലുള്ള വസ്തുക്കളെയുമെല്ലാം 'മുദ്വ്അ'യെന്നു പറയും.

ഭ്രൂണത്തിന്റെ ഇരുപത് മുതല്‍ നാല്‍പതു വരെ ദിവസങ്ങളിലെ രൂപത്തെക്കുറിക്കുവാന്‍ 'മുദ്വ്അ'യെന്ന പദം വളരെ കൃത്യമാണെന്ന വസ്തുത അത്ഭുതകരമാണ്. ഏതാനും മില്ലീമീറ്റര്‍ മാത്രം നീളമുള്ള മൃദുലമായ ഒരു മാംസപിണ്ഡം. എല്ലില്ലാത്ത കടിച്ചു ചവയ്ക്കാന്‍ പാകത്തിലുള്ള ഒരു മുദ്വ്അ. ഇരുപതാം ദിവസം അതിന്മേല്‍ കടിച്ചതു പോലെയുള്ള അടയാളങ്ങളെപ്പോലെ തോന്നിക്കുന്ന ഒന്നാമത്തെ ജോഡി സോമൈറ്റുകള്‍ പ്രത്യക്ഷപ്പെടുന്നു. മുദ്വ്അയില്‍ ആദ്യത്തെ കടി വീണുവെന്ന് പറയാം. പിന്നെ ദിവസേന രണ്ടും മൂന്നും സോമൈറ്റുകള്‍ ഉണ്ടായിക്കൊണ്ടിരിക്കും. മുദ്വ്അയില്‍ രണ്ടും മൂന്നും നാലും കടികള്‍ വീണുകൊണ്ടിരിക്കും എന്നര്‍ത്ഥം. ചവയ്ക്കാനുള്ളത് എന്നും ചവയ്ക്കപ്പെട്ടത് എന്നും അര്‍ത്ഥം പറയാന്‍ കഴിയുന്ന 'മുദ്വ്അ'യെക്കാള്‍ കൃത്യമായ പദമേതാണുളളത്, ഈ ഘട്ടത്തെക്കുറിയ്ക്കുവാന്‍?

അലഖയില്‍ നിന്ന് മുദ്വ്അയുണ്ടാകുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന സൂറത്തുല്‍ ഹജ്ജിലെ അഞ്ചാമത്തെ വചനത്തില്‍ മുദ്വ്അയെ രണ്ടാക്കിത്തിരിച്ചത് പ്രത്യേകം ശ്രദ്ധേയമാണ്. മുദ്വ്അത്തിന് മുഖല്ലഖ വ ഗൊയ്‌റി മുഖല്ലഖയെന്നാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മുദ്വ്അയെന്നാണ് ഇതിനെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. മുഅല്ലഖ വഗൊയ്‌റി മുഅല്ലഖയെന്ന മുദ്വ്അക്കു നല്‍കിയ വിശേഷണങ്ങള്‍ ഭ്രൂണപരിണാമത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിക്കുന്നുവെന്ന് ഇബ്‌നു അബ്ബാസും ഖതാദ(റ)യും വിശദീകരിച്ചതായി ഇമാം തബ്‌രിയും ബഗാവിയും തങ്ങളുടെ ക്വുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. മുദ്വ്അയുടെ വിശേഷണങ്ങളായി മുഖല്ലഖയെന്നും ഗ്വൊയ്‌റു മുഖല്ലഖയെന്നും ഉപയോഗിച്ചതില്‍നിന്ന് ഇവരണ്ടും തന്നെ ആ ഘട്ടത്തിലെ രണ്ട് അവസ്ഥകളെയാണ് കുറിക്കുന്നതെന്ന് മനസ്സിലാകുന്നുണ്ട്.

മൂന്നാമത്തെ ആഴ്ച മുതല്‍ ആറാമത്തെ ആഴ്ച വരെയുള്ള കാലയളവില്‍ സോമൈറ്റുകളുടെ ഉല്‍പത്തിയോടൊപ്പം ഭ്രൂണത്തില്‍ നടക്കുന്ന മറ്റു മാറ്റങ്ങളെന്തൊക്കെയാണെന്ന് പരിശോധിക്കുമ്പോഴാണ് രൂപം നല്‍കപ്പെടാത്തതും രൂപം നല്‍കപ്പെട്ടതുമായ മുദ്വ്അയെന്ന പ്രയോഗത്തിന്റെ സൗന്ദര്യം മനസ്സിലാവുക. സോമൈറ്റുകളുണ്ടാക്കുവാന്‍ തുടങ്ങുന്ന ഇരുപതാം ദിവസം ഭ്രൂണം ഒരു കോശക്കൂട്ടം മാത്രമാണ്. സോമൈറ്റുകളുടെ ഉല്‍പത്തിയോടൊപ്പം തന്നെ ഭ്രൂണത്തിന്റെ രൂപം മാറാന്‍ തുടങ്ങുന്നു. ഇരുപത്തിമൂന്നാമത്തെ ദിവസം പത്ത് സോമൈറ്റ് ജോഡികള്‍ ഉണ്ടായതിനുശേഷവും ഗര്‍ഭാശയഭിത്തിയില്‍ പറ്റിക്കിടക്കുന്ന ഒരു ചെറിയ അട്ടയില്‍നിന്ന് കാര്യമായ രൂപവ്യത്യാസങ്ങളൊന്നും തന്നെ ഭ്രൂണത്തിനുണ്ടാവുകയില്ല. ഇരുപത്തിനാലാമത്തെ ദിവസം മുതല്‍ക്കാണ് പ്രകടമായ രൂപവ്യത്യാസം തുടങ്ങുന്നത്. അട്ടയുടെ തലയ്ക്കു കീഴിലായി മാംസകമാനങ്ങള്‍ പ്രത്യക്ഷപ്പെടുന്നതോടെയാണ് ഈ മാറ്റം പ്രകടമാവുക. ഫാരിന്‍ജിയല്‍ കമാനങ്ങള്‍ (pharyngeal arches) എന്നാണ് ഈ കമാനങ്ങളുടെ പേര്. ഒന്നാമത്തെയും രണ്ടാമത്തെയും കമാനങ്ങള്‍ പ്രകടമാവുന്നത് ഇരുപത്തിനാലാം ദിവസമാണ്. ഇരുപത്തിയഞ്ചാം ദിവസമാകുമ്പോള്‍ തലയും വാലും അല്‍പം മുന്നിലേക്കുവളഞ്ഞ് ഏകദേശം അര്‍ദ്ധവൃത്താകൃതിയിലേക്ക് പതിനാറ് സോമൈറ്റുകളുള്ള ഭ്രൂണം പരിണമിക്കുന്നു. ഇരുപത്തിയേഴാം ദിവസമാകുമ്പോഴേക്ക് മൂന്നാമത്തെ ഫാരന്‍ജിയല്‍ കമാനമുണ്ടാവുകയും അതിനുമുകളിലായി ആന്തരിക കര്‍ണമായിത്തീരാനുള്ള കര്‍ണദ്വാരം (oticpit) വ്യക്തമായി കാണാന്‍ തുടങ്ങുകയും ചെയ്യുന്നു. C ആകൃതിയിലുള്ള ഭ്രൂണത്തിനു മധ്യത്തില്‍ കൈമുകുളങ്ങളും (arm buds) കാണാന്‍ തുടങ്ങുന്നത് അന്നുതന്നെയാണ് ഇരുപത്തിയെട്ടാം ദിവസത്തില്‍ നാലാമത്തെ ആഴ്ചയുടെ അവസാനത്തിലാണ് ഫാരിന്‍ജിയല്‍ കമാനങ്ങളുടെ നാലാമത്തെ ജോഡിയും കാല്‍മുകുളങ്ങളും (leg buds)പ്രത്യക്ഷപ്പെടുന്നത്. തലച്ചോറിന്റെ വര്‍ദ്ധനവുകാരണമുള്ള തലയുടെ വളര്‍ച്ചയാണ് അഞ്ചാം ആഴ്ചയില്‍ പ്രധാനമായും നടക്കുന്നത്. തല വളര്‍ന്ന് അതിന്റെ മുഖം ഹൃദയഭാഗത്തെ സ്പര്‍ശിക്കുന്ന അവസ്ഥയിലെത്തുന്നു. ആറാമത്തെ ആഴ്ചയിലാകുമ്പോഴേക്ക് കൈപ്പത്തിയുടെയും കൈമുട്ടുകളുടെയും കൈവിരലുകളുടെയുമെല്ലാം പ്രാഗ്‌രൂപങ്ങള്‍ കാണാന്‍ കഴിയും. നാല്‍പതാമത്തെ ദിവസമാകുമ്പോള്‍ തല കുറേക്കൂടി വലുതാവുകയും ചെവിയായിത്തീരുവാനുള്ള കര്‍ണഅറയും (otic vesicle) കണ്ണിന്റെ ഭാഗത്ത് റെറ്റിനല്‍ വര്‍ണവും (retinal pigment) പ്രത്യക്ഷപ്പെടുകയും ചെയ്യും. സോമൈറ്റുകളെല്ലാം ഉത്ഭവിച്ചു കഴിയുമ്പോഴേക്ക് രൂപം നല്‍കെപ്പട്ട മുദ്വ്അയുടെ പൂര്‍ണരൂപം നമുക്ക് കാണാനാകുമെന്നര്‍ത്ഥം. അപ്പോഴുള്ള മുദ്വ്അക്ക് കണ്ണും കാതും തലയും കൈകാലുകളുമെല്ലാം ഉണ്ടായിരിക്കും.

ഇരുപതാം ദിവസം മുതല്‍ നാല്‍പതാം ദിവസം വരെയുള്ള ചെറിയ കാലയളവില്‍ ഭ്രൂണത്തിനകത്തും പുറത്തുമുണ്ടാകുന്നതുപോലെയുള്ള മാറ്റങ്ങള്‍ മറ്റൊരു ഭ്രൂണഘട്ടത്തിലുമുണ്ടാകുന്നില്ല. കേവലമൊരു കോശക്കൂട്ടമായി ഗര്‍ഭാശയഭിത്തിയില്‍ അള്ളിപ്പിടിച്ച് കിടക്കുകയായിരുന്ന കാര്യമാത്ര പ്രസക്തമായ രൂപങ്ങളൊന്നുമില്ലാതിരുന്ന ഭ്രൂണത്തിന് കൈകാലുകളും തലയും കണ്ണും കാതുമെല്ലാം കാണാന്‍ കഴിയുന്ന രീതിയിലായിത്തീരുന്നത് ഈ ഘട്ടത്തിലാണ്. രൂപം നല്‍കപ്പെട്ടതും (മുഖല്ലഖ) രൂപം നല്‍കപ്പെടാത്തതുമായ (ഗയ്‌റു മുഖല്ലഖ) ചവയ്ച്ച മാംസപിണ്ഡം (മുദ്വ്അ) എന്ന ക്വുര്‍ആനിക പ്രയോഗം എത്രമാത്രം കൃത്യമാണെന്ന് ഇത് മനസ്സിലാക്കിത്തരുന്നു.

മുദ്വ്അയെന്ന പദത്തിന് ചവയ്ക്കപ്പെട്ടത് എന്ന് അര്‍ത്ഥമില്ലെന്നും സോമൈറ്റുകളെക്കുറിച്ച് മനസ്സിലാക്കിയശേഷം ഇസ്‌ലാമിക പ്രബോധകര്‍ പടച്ചുണ്ടാക്കിയതാണ് പ്രസ്തുത അര്‍ത്ഥമെന്നും വാദിക്കുന്നവര്‍ക്ക് ആദ്യകാല ക്രൈസ്തവരേഖകള്‍ തന്നെ മറുപടി പറയുന്നുണ്ട്. ബൈസന്റൈന്‍കാരുടെ ഭരണപ്രദേശത്ത് ഇസ്‌ലാമില്‍നിന്ന് ക്രിസ്തുമതം സ്വീകരിപ്പിക്കുവാന്‍ ഉപയോഗിച്ചിരുന്ന ക്രിസ്താബ്ദം ഒന്‍പതാം നൂറ്റാണ്ടിലെ ഒരു ശാഖാ വര്‍ത്തമാനം ഇങ്ങനെയാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ''മനുഷ്യസൃഷ്ടിയെക്കുറിച്ച മുഹമ്മദിന്റെ പരികല്‍പനകളെ ഞാന്‍ തള്ളിക്കളയുന്നു. മനുഷ്യന്‍ പൊടിയില്‍ നിന്നും ദ്രാവകത്തുള്ളിയില്‍നിന്നും അട്ടകളില്‍നിന്നും ചവയ്ക്കപ്പെട്ടതുപോലുള്ള വസ്തുവില്‍ നിന്നുമാണ് സൃഷ്ടിക്കപ്പെട്ടത് എന്നാണ് അയാള്‍ പറയുന്നത്.''(A Byzantine anathema recorded during Muslim conversions to Christianity reads: I anathematize Muhammad’s teaching about the creation of man, where he says that man was created from dust and a drop of fluid , and leeches and chewed-like substance )

പരിശുദ്ധ ക്വുര്‍ആനിന് ഇസ്‌ലാം വിമര്‍ശകര്‍ നല്‍കിയ പരിഭാഷകളില്‍ പോലും അലഖിന് അട്ടയെന്നും മുദ്വ്അക്ക് ചവച്ചരയ്ക്കപ്പെട്ടത് എന്നുമാണ് അര്‍ത്ഥം നല്‍കിയിരുന്നത് എന്ന് ഇതില്‍നിന്ന് വ്യക്തമാണ്. മുസ്‌ലിംകള്‍ ക്വുര്‍ആന്‍ പരിഭാഷകള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതിനു നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ഗ്രീക്കുഭാഷയിലേക്ക് ക്വുര്‍ആന്‍ ഭാഷാന്തരം ചെയ്ത ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക് അലഖയുടെ അര്‍ത്ഥം അട്ടയെന്നാണെന്നും മുദ്വ്അയുടെ അര്‍ത്ഥം ചവയ്ക്കപ്പെട്ടത് എന്നാണെന്നും മനസ്സിലായിയെന്നാണ ല്ലോ ഇതു മനസ്സിലാക്കിത്തരുന്നത്. ശാസ്ത്രവസ്തുതകള്‍ക്കനുസരിച്ച് ക്വുര്‍ആന്‍ വ്യാഖ്യാനിക്കുകയല്ല, ക്വുര്‍ആന്‍ പ്രയോഗങ്ങളുടെ സത്യതയിലേക്ക് ശാസ്ത്രം തെളിക്കുന്ന വെളിച്ചത്തെക്കുറിച്ച് ബോധ്യപ്പെടുത്തുക മാത്രമാണ് ഇസ്‌ലാമിക പ്രബോധകര്‍ ചെയ്യുന്നതെന്ന യാഥാര്‍ത്ഥ്യമാണ് ഇവിടെ അനാവൃതമാകുന്നത്.

ല്ല. വളരെ കൃത്യമായ പരാമർശമാണ് ഇവിടെ ഖുർആൻ നടത്തുന്നത്. വിമർശക്കപ്പെട്ട വചനം നോക്കുക:

"നിങ്ങളുടെ മാതാക്കളുടെ വയറുകളില്‍ നിങ്ങളെ അവന്‍ സൃഷ്ടിക്കുന്നു. മൂന്ന്‌ തരം അന്ധകാരങ്ങള്‍ക്കുള്ളില്‍ സൃഷ്ടിയുടെ ഒരു ഘട്ടത്തിന്‌ ശേഷം മറ്റൊരു ഘട്ടമായിക്കൊണ്ട്‌." (39: 6)

മാതാക്കളുടെ വയറുകള്‍ക്കകത്തെ ഘട്ടംഘട്ടമായ മനുഷ്യസൃഷ്ടി നടക്കുന്നത് മൂന്നുതരം അന്ധകാരങ്ങള്‍ക്കകത്താണ് എന്നാണ് ക്വുര്‍ആന്‍ ഇവിടെ പ്രസ്താവിച്ചിരിക്കുന്നത്. അടിവയറും ഗര്‍ഭാശയവും ആംനിയോണ്‍-കോറിയോണ്‍ സ്തരവുമാണ് കുഞ്ഞിനെ സംരക്ഷിച്ചുനിര്‍ത്തുന്ന പാളികള്‍ എന്ന് നമുക്കറിയാം. മൂന്നുതരം ഇരുട്ടുകള്‍ എന്ന ക്വുര്‍ആനിക പ്രയോഗം എത്രമാത്രം കൃത്യമാണെന്ന് നോക്കുക. ഈ മൂന്ന് പാളികളാണ് ഭ്രൂണവളര്‍ച്ചയ്ക്കാവശ്യമായ ഇരുട്ട് പ്രദാനം ചെയ്യുന്നത് എന്നുകൂടി അറിയുമ്പോഴാണ് ഈ പ്രയോഗം എത്രത്തോളം സൂക്ഷ്മവും കൃത്യവുമാണെന്ന് മനസ്സിലാവുക. കുഞ്ഞിനെ സംരക്ഷിക്കുകയും അതിന്ന് വളരാനാവശ്യമായ അന്ധകാരം സൃഷ്ടിക്കുകയും ചെയ്തുകൊണ്ടുള്ള മൂന്നുതരം പാളികള്‍ക്കുള്ളിലാണ് കുഞ്ഞിന്റെ ഘട്ടങ്ങളായുള്ള വളര്‍ച്ച നടക്കുന്നതെന്ന് ക്വുര്‍ആനിന്റെ സമകാലികരോ പൂര്‍വികരോ ആയ ഭ്രൂണപഠിതാക്കളൊന്നും തന്നെ പറഞ്ഞതായി കാണാന്‍ കഴിയുന്നില്ല. പുരാതന ഗ്രീക്കുകാരോ ജൂതന്‍മാരോ മാത്രമല്ല, ആധുനിക കാലം വരെയുള്ള ഇവ്വിഷയകമായി പഠിച്ചവരൊന്നും തന്നെ കുഞ്ഞിന് അന്ധകാരവും സുരക്ഷയും നല്‍കുന്ന മൂന്ന് പാളികളെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. എന്നിട്ടും എങ്ങനെയാണ് നിരക്ഷനായ ഒരാളുടെ നാവില്‍ നിന്ന് ലോകം കേട്ട വചനങ്ങളില്‍ ഇത്ര കൃത്യമായ പരാമര്‍ശങ്ങളുണ്ടാവുന്നതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരം മാത്രമേയുള്ളു: ''ഈ ഗ്രന്ഥത്തിന്റെ അവതരണം സര്‍വലോകരക്ഷിതാവിങ്കല്‍ നിന്നാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല.''(32 : 2)

ക്വുർആൻ 86: 5 -7 വചനങ്ങൾ പറയുന്നത് നട്ടെലിന്റെയും വാരിയെല്ലിന്റെയും ഇടയിൽ നിന്നാണ് ബീജമുണ്ടാവുന്നത് എന്നാണല്ലോ. അരക്കെട്ടിലുള്ള വൃഷണത്തിലാണ് ബീജങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നത് എന്നിരിക്കെ ഈ പരാമർശം ശുദ്ധ അബദ്ധമല്ലേ? ഗ്രീക്ക് വൈദ്യനായിരുന്ന ഹിപ്പോക്രാറ്റസിന്റെ ഭ്രൂണ ശാസ്ത്ര ചിന്തകളെ മുഹമ്മദ് നബി (സ) കോപ്പിയടിച്ചത് കൊണ്ടാണ് ഈ അബദ്ധം സംഭവിച്ചത് എന്ന വിമര്ശനനത്തിന് എന്ത് മറുപടി പറയും ?

അല്പം വിശദമായി മറുപടി പറയേണ്ട വിഷയമാണിത്. നിലവിലുള്ള മലയാളം ഖുർആൻ പരിഭാഷകളിലും പ്രധാന ഇംഗ്ലീഷ് പരിഭാഷകളിലുമെല്ലാം ഈ വചനത്തിന് നൽകിയിരിക്കുന്ന ഭാഷാന്തരം വിമർശകൻ സൂചിപ്പിക്കുന്നത് പോലെത്തന്നെയാണ്. അത് ഇങ്ങനെയാണ്: ''എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്. തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന് അത് പുറത്തു വരുന്നു.''(1)

വിഷയം കൃത്യമായി മനസ്സിലാക്കാൻ മുകളിലെ വിമർശനത്തെ മൂന്നായി തരം തിരിച്ച് പരിശോധിക്കാം എന്ന് തോന്നുന്നു:

1) മുഹമ്മദ് നബി(സ)ക്ക് ബീജത്തിന്റെ ഉല്‍ഭവസ്ഥാനമാണ് വൃഷണങ്ങള്‍ എന്ന് അറിയുമായിരുന്നില്ല.

2) വാരിയെല്ലുകളുടെയും മുതുകെല്ലിന്റെയും മധ്യെ നിന്നാണ് ശുക്ലമുണ്ടാവുന്നതെന്ന ഹിപ്പോക്രാറ്റിസിന്റെ ഭ്രൂണപരിണാമ ചിന്തകളെ പകര്‍ത്തുകയാണ് ഖുര്‍ആനിൽ ചെയ്തിരിക്കുന്നത്.

3 ) ക്വുർആനിലെ ഈ പരാമർശം പരമാബദ്ധമാണ്.

ഈ ധാരണകള്‍ എത്രത്തോളം ശരിയാണ്? നാം പരിശോധിക്കുക:

1) ഖുര്‍ആനിന്റെ അവതരണകാലത്ത് ജീവിച്ചിരുന്ന അറബികള്‍ക്കെല്ലാം അറിയാമായിരുന്ന ഒരു യാഥാര്‍ഥ്യമായിരുന്നു പുനരുല്‍പാദനത്തിന് കാരണമാകുന്ന ബീജങ്ങളുടെ ഉല്‍പാദനം നടക്കുന്നത് വൃഷണങ്ങളിലാണെന്ന വസ്തുത. വരിയുടയ്ക്കലിനെ (castration) സംബന്ധിച്ച് അക്കാലത്ത് നിലനിന്നിരുന്ന ധാരണകളില്‍ നിന്ന് ഇക്കാര്യം ബോധ്യപ്പെടും. പച്ചിലകള്‍ ചേര്‍ത്ത ചൂടുവെള്ളത്തില്‍ ഇരുത്തിയശേഷം മെല്ലെമെല്ലെ വൃഷണത്തില്‍ തടവുകയും പിന്നെ ശക്തി ഉപയോഗിച്ച് വൃഷണം ഉടച്ചുകളയും ചെയ്യുന്ന രീതിയായിരുന്നു വ്യാപകമായി നിലവിലുണ്ടായിരുന്ന ഷണ്ഡീകരണ രീതി. ഇങ്ങനെ വന്ധ്യംകരണം നടത്തുന്നവര്‍ക്ക് വൃഷണങ്ങള്‍ക്കകത്താണ് പുനരുല്‍പാദനത്തിന് കാരണമാകുന്ന ബീജം ഉല്‍പാദിപ്പിക്കപ്പെടുന്നതെന്ന് കൃത്യമായി അറിയാമായിരുന്നുറപ്പാണല്ലോ.

മുഹമ്മദ് നബി(സ)ക്കും സമകാലികര്‍ക്കുമെല്ലാം വരിയുടച്ച് ഷണ്ഡീകരിക്കുന്ന രീതിയെക്കുറിച്ച് അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്ന നിരവധി ഹദീഥുകളുണ്ട്. സ്വഹീഹുല്‍ ബുഖാരി, കിത്താബുത്തഫ്‌സീറിലും സ്വഹീഹു മുസ്‌ലിം കിത്താബുന്നികാഹിലും ഇബ്‌നു മസ്ഊദിൽ (റ) നിന്ന് നിവേദനം ചെയ്യുന്ന ഹദീഥും സ്വഹീബുല്‍ ബുഖാരി, കിത്താബുന്നികാഹിലും സ്വഹീഹു മുസ്‌ലിം, കിത്താബുന്നികാഹിലും അബൂഹുറൈറയിൽ (റ) നിന്ന് നിവേദനം ചെയ്യുന്ന ഹദീഥും ഇതേ കിതാബുകളിൽ സഅദിൽ (റ) നിന്ന് നിവേദനം ചെയ്യുന്ന ഹദീഥും ഇവയിൽ ചിലതാണ്. പ്രത്യുല്‍പാദനത്തിന് കാരണമാകുന്ന ബീജത്തിന്റെ ആവിര്‍ഭാവം വൃഷണത്തില്‍ നിന്നാണെന്ന് അറിയാമായിരുന്നു എന്നതുകൊണ്ടാണല്ലോ വൃഷണമുടച്ച് ലൈംഗികശേഷിയെയും പ്രത്യുല്‍പാദനത്തെയും ഇല്ലാതാക്കുന്നത് വിരോധിക്കപ്പെട്ടത്. വൃഷണങ്ങളാണ് ബീജോല്‍പാദനത്തിന്റെ കേന്ദ്രമെന്ന വസ്തുത മുഹമ്മദ് നബി(സ) ക്കും അനുചരന്‍മാര്‍ക്കും അക്കാലത്ത് ജീവിച്ചിരുന്ന അറബികള്‍ക്കുമെല്ലാം അറിയാമായിരുന്നുവെന്നാണ് ഇതില്‍നിന്ന് വ്യക്തമായി മനസ്സിലാകുന്നത്.

2) ഗ്രീക്ക് വൈദ്യനായിരുന്ന ഹിപ്പോക്രാറ്റസിന്റെ ബീജോല്‍പാദനത്തെക്കുറിച്ച അഭിപ്രായങ്ങളുള്ളത് The seed and the Nature of the child, On Generation എന്നീ പ്രബന്ധങ്ങളിലാണ്. ഇവയിലൊന്നും തന്നെ നെഞ്ചെല്ലിനും മുതുകെല്ലിനും മധ്യെ നിന്നാണ് ബീജോല്‍പാദനം നടക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നില്ല. ബീജോല്‍പാദനത്തെക്കുറിച്ച് ഹിപ്പോക്രാറ്റസ് പറയുന്ന കാര്യങ്ങളെ ഇങ്ങനെ സംക്ഷേപിക്കാം.

a) ശരീരത്തിലാകമാനം വ്യാപിച്ചുകിടക്കുന്ന രസത്തിന്റെ ഏറ്റവും ശക്തമായ ഭാഗമാണ് ബീജമായി പുറത്തേക്കു വരുന്നത്.

b) ശരീരത്തിന്റെ എല്ലാഭാഗത്തുനിന്നും ലിംഗത്തിലേക്ക് നീളുന്ന ധമനികളുണ്ട്. അതിലൂടെയാണ് രസം പ്രവഹിക്കുന്നത്.

c) തലച്ചോറില്‍നിന്ന് അരക്കെട്ടുവരെയുള്ള ശരീരഭാഗങ്ങളിലെല്ലാം വിശേഷിച്ചും നട്ടെല്ലിന്റെ മജ്ജയില്‍ രസം വ്യാപിക്കുന്നു.

d) സുഷുമ്‌നാ മജ്ജയിലെത്തുന്ന ശുക്ലം വൃക്കയിലൂടെയുള്ള ധമനികളിലൂടെ കടന്നുപോകുന്നു.

e) വൃക്കയില്‍നിന്നും ഇത് വൃഷണങ്ങളിലൂടെ ലിംഗത്തിലേക്ക് ഒഴുകുന്നു.

ഇതിലെവിടെയും തന്നെ വാരിയെല്ലിന്റെയും മുതുകെല്ലിന്റെയും മധ്യത്തുനിന്നാണ് ബീജം ഉല്‍പാദിപ്പിക്കപ്പെടുന്നതെന്നു പറയുന്നില്ല. ഹിപ്പോക്രാറ്റസിന് ഇല്ലാത്ത ഒരു വാദം അദ്ദേഹത്തില്‍നിന്ന് കോപ്പിയടിക്കുന്നതെങ്ങനെയാണ്? ഹിപ്പോക്രാറ്റസിന്റെ ഭ്രൂണശാസ്ത്രചിന്തകള്‍ അറബികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്നുവെന്നത് തെളിവുകളൊന്നും ഇല്ലാത്ത ഒരു ഊഹംമാത്രമാണെന്ന വസ്തുത കൂടി ഇതോട് ചേർത്ത് വായിക്കുക.

മുഹമ്മദ് നബി(സ) ജീവിച്ചിരുന്ന കാലത്ത് വാരിയെല്ലുകള്‍ക്കും മുതുകെല്ലിനുമിടയില്‍ നിന്നാണ് ബീജം ഉല്‍പാദിപ്പിക്കപ്പെടുന്നതെന്ന വിശ്വാസം അറബികള്‍ക്കിടയില്‍ നിലനിന്നിരുന്നുവെങ്കില്‍ ഇസ്‌ലാം പൂര്‍വകാലത്തെ രചനകളിലോ പ്രവാചകശിഷ്യന്‍മാരുടെ വര്‍ത്തമാനങ്ങളിലോ അതിന്റെ സൂചനകളെന്തെങ്കിലുമുണ്ടാകുമായിരുന്നു. അങ്ങനെ ഇല്ലെന്നുമാത്രമല്ല, ഇത്തരമൊരു പരാമര്‍ശം നടത്തുന്ന ഒരേയൊരു കൃതി ഖുര്‍ആനാണുതാനും. അറബികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഹിപ്പോക്രാറ്റിയന്‍ ചിന്തകളെ പകര്‍ത്തുകയാണ് ഖുര്‍ആന്‍ ചെയ്യുന്നതെന്ന വാദം തീരെ അടിസ്ഥാന രഹിതമാണെന്നർത്ഥം.

3) വിമര്‍ശിക്കപ്പെടുന്ന വചനങ്ങള്‍ പരിശോധിക്കുക:

''ഖുലിഖ മിന്‍ മാഇന്‍ ദാഫിഖ്. യഖ്‌റുജു മിന്‍ ബൈനിസ്സ്വുല്‍ബി വ ത്തറാഇബ്''

''തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സ്വുല്‍ബിനും, തറാഇബിനുമിടയില്‍ നിന്ന് അത് പുറത്തുവരുന്നു.''

ഈ വചനങ്ങൾക്ക് പ്രവാചകനോ(സ) അനുചരന്മാരോ വല്ല വ്യാഖ്യാനവും നൽകിയിട്ടുണ്ടോ? ഉണ്ടെങ്കിൽ എന്താണ് ? അതാണ് ആദ്യം പരിശോധിക്കേണ്ടത്. സൂറത്തുത്വാരിഖിലുള്ള 'ബൈന സ്വുല്‍ബി വത്തറാഇബി' എന്ന പ്രയോഗത്തിന് 'പുരുഷന്റെ സ്വുല്‍ബില്‍നിന്നും സ്ത്രീയുടെ തറാഇബുകളില്‍നിന്നും എന്ന അര്‍ഥമാണ് ആദ്യകാല ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ മിക്കവരും നല്‍കിയിട്ടുള്ളത്. സ്വഹാബിമാരില്‍ നിന്നുള്ള ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പ്രമുഖനായ ഇബ്‌നു അബ്ബാസ്(റ) ഈ വചനത്തിന് നല്‍കിയ വ്യാഖ്യാനം ''സ്വുല്‍ബുര്‍റജുലി വതറാഇബുല്‍ മര്‍അത്തി വല്‍ വലദു ലാ യകൂനു ഇല്ലാ മിനല്‍ മാഅയ്‌നി'' എന്നാണെന്ന് ഇമാം ത്വബ്‌റാനി ഉദ്ധരിച്ചതായി കാണാം. 'പുരുഷന്റെ സ്വുല്‍ബില്‍ നിന്നും സ്ത്രീയുടെ തറാഇബില്‍ നിന്നുമുള്ള രണ്ട് ദ്രാവകങ്ങളില്‍ നിന്നുമായാണ് കുഞ്ഞുണ്ടാവുന്നത്' എന്നര്‍ഥം. മറ്റൊരു സ്വഹാബിയായ ഇക്‌രിമ (റ)വും ഇതേ അര്‍ഥം പറഞ്ഞതായി ഇമാം ത്വബ്‌രി തന്റെ തഫ്‌സീറില്‍ ഉദ്ധരിക്കുന്നുണ്ട്. സ്വഹാബിമാരുടെ അഭിപ്രായങ്ങളുടെ വെളിച്ചത്തില്‍, പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ ത്വബ്‌രി, സമഖ്ശരി, ത്വബ്‌റാനി, റാസി, ഖുര്‍തുബി, ഇബ്‌നു കഥീര്‍, ജലാലൈനി, ശൗക്കാനി തുടങ്ങിയവരെല്ലാം 'പുരുഷന്റെ സ്വുല്‍ബില്‍ നിന്നും സ്ത്രീയുടെ തറാഇബില്‍ നിന്നുമുള്ള ദ്രാവകങ്ങളുടെ സംയോജനത്തിൽ നിന്നാണ് കുഞ്ഞുണ്ടാവുന്നത് എന്നാണ് ഈ ആയത്തുകള്‍ക്ക് നല്‍കിയ വ്യാഖ്യാനം. പ്രവാചകനിൽ നിന്ന് നേർക്ക് നേരെ ഖുർആൻ വ്യാഖ്യാനം മനസ്സിലാക്കിയ ഇബ്നു അബ്ബാസും ഇക്‌രിമയും (റ) മനസ്സിലാക്കിയത് സ്ത്രീയുടെ സ്രവവും പുരുഷന്റെ സ്രവവും കൂട്ടിച്ചെർന്നാണ് കുഞ്ഞുണ്ടാവുന്നതെന്ന വസ്തുതയാണ് ഈ വചങ്ങൾ പഠിപ്പിക്കുന്ന ആശയം എന്നാണ് ഇത് വ്യക്തമാക്കുന്നത്.

എന്താണ് സ്വുല്‍ബ് ? സ്വാദ്, ലാമ്, ബാഅ് തുടങ്ങിയ മൂലാക്ഷരങ്ങളില്‍നിന്ന് നിഷ്പന്നമായ സ്വുല്‍ബ് എന്ന പദം ക്രിയാരൂപത്തില്‍ വരുമ്പോള്‍ ഉറച്ചതായിത്തീരുക, ശക്തമാവുക, മാറ്റമില്ലാതാവുക എന്നെല്ലാമാണ് അർഥം. സ്വുല്‍ബ് എന്ന് നട്ടെല്ലിനും (back bone) അരക്കെട്ടിനും (loins) പറയാറുണ്ട്. Loins എന്ന ഇംഗ്ലീഷ് പദത്തിന് The Concise Oxford Arabic-English Dictionary യും Hippocrene Standard Dictionary (Arabic-English) യും നല്‍കുന്ന അറബി അര്‍ഥം സ്വുല്‍ബ് എന്നാണ്. അടിയിലെ വാരിയെല്ലുകള്‍ക്കും (lower ribs) വസ്തിപ്രദേശത്തിനു (pelvis) മിടയ്ക്കുള്ള ശരീരഭാഗമാണ് അരക്കെട്ട് അഥവാ കടിപ്രദേശം (loins). 'സ്വുല്‍ബ്' എന്ന ഖുര്‍ആനിക പ്രയോഗത്തിന് (loin) എന്ന് അര്‍ഥം പറഞ്ഞവരാണ് മിക്ക ഇംഗ്ലീഷ് പരിഭാഷകരുമെന്നതാണ് വസ്തുത. ഇതില്‍ ആദ്യകാല ഇംഗ്ലീഷ് പരിഭാഷകനും ഓറിയന്റലിസ്റ്റുമായ ജോര്‍ജ് സെയിലും ഉള്‍പ്പെടുന്നു. ക്രിസ്തുമതത്തില്‍നിന്ന് ഇസ്‌ലാം സ്വീകരിച്ച ഖുര്‍ആന്‍ പരിഭാഷകനായ മുഹമ്മദ് മാര്‍മഡ്യൂക് പിക്താളും ജൂതമതത്തില്‍ നിന്ന് ഇസ്‌ലാം സ്വീകരിച്ചശേഷം ഖുര്‍ആന്‍ പരിഭാഷപ്പെടുത്തിയ മുഹമ്മദ് അസദും ബ്രിട്ടീഷ് ഓറിയന്റലിസ്റ്റായ ഖുര്‍ആന്‍ പരിഭാഷകന്‍ ആര്‍തര്‍ ജോണ്‍ ആര്‍ബെറിയുമെല്ലാം സ്വുല്‍ബിന് നല്‍കിയിട്ടുള്ള അര്‍ഥം loins എന്നു തന്നെയാണ്.

മനുഷ്യരെക്കുറിച്ച് 'പുരുഷന്റെ അരക്കെട്ടില്‍ നിന്ന് ഉണ്ടാകുന്നവര്‍' എന്ന അര്‍ഥത്തില്‍ 'സ്വുല്‍ബില്‍ നിന്നുള്ളവര്‍' എന്ന പ്രയോഗം മധ്യപൂര്‍വദേശത്ത് വ്യാപകമായിരുന്നു. ഇക്കാര്യം ബൈബിളില്‍ നിന്ന് വ്യക്തമായി മനസ്സിലാകുന്നുണ്ട്. ഒരു ബൈബിള്‍ വചനം കാണുക: ''ദൈവം പിന്നെയും അവനോട് ഞാന്‍ സര്‍വശക്തിയുള്ള ദൈവമാകുന്നു. നീ സന്താനപുഷ്ടിയുള്ളവനായി പെരുകുക. ഒരു ജാതിയും ജാതികളുടെ കൂട്ടവും നിന്നില്‍ നിന്ന് ഉല്‍ഭവിക്കും. രാജാക്കന്മാരും നിന്റെ അരക്കെട്ടിൽ നിന്ന് പുറപ്പെടും.''(ഉല്‍ 35:11)

മക്കളെക്കുറി ച്ച് 'അരക്കെട്ടിൽ നിന്നുണ്ടാവുന്നവർ' എന്ന പ്രയോഗം രാജാക്കന്മാർ 8:19, 2 ദിനവൃത്താന്തം 6:9 പുറപ്പാട് 1:5 എന്നീ പഴയനിയമ ഉദ്ധരണികളിൽ കാണാം. പുതിയനിയമത്തിലെ അപ്പോസ്തലപ്രവൃത്തികള്‍2:30, എബ്രായര്‍7:5, എബ്രായര്‍7:10 എന്നീ വചനങ്ങളിലും സമാനമായ പ്രയോഗങ്ങൾ കാണാം. ഉല്‍പത്തി 35:11ലെ "നിന്റെ അരക്കെട്ടിൽ നിന്ന് പുറപ്പെടും" എന്ന പ്രയോഗത്തിന് അറബി ബൈബിളില്‍ നല്‍കപ്പെട്ടിരിക്കുന്ന പരിഭാഷ 'മിന്‍ സ്വുല്‍ബിക്ക' എന്നാണ്. 'നിന്റെ കടിപ്രദേശത്തുനിന്നുണ്ടാകുന്നവര്‍' എന്ന അര്‍ഥത്തില്‍ 'മിന്‍ സ്വുല്‍ബിക്ക' എന്ന പ്രയോഗം അറബികള്‍ക്കിടയിലും തത്തുല്യമായ പ്രയോഗങ്ങള്‍ മധ്യപൂര്‍വപ്രദേശത്തെ മറ്റു ഭാഷക്കാര്‍ക്കിടയിലും വ്യാപകമായിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.

ഇത്തരത്തിലുള്ള ചില പ്രയോഗങ്ങള്‍ ഖുര്‍ആനിലും ഹദീഥുകളിലുമെല്ലാം കാണാന്‍ കഴിയും. ഖുര്‍ആന്‍ സൂറത്തുന്നിസാഇലെ ഇരുപത്തിമൂന്നാമത്തെ വചനത്തിലും സ്വഹീഹു മുസ്‌ലിം, കിത്താബുല്‍ ഖദ് റിൽ ആയിഷയിൽ (റ) നിന്ന് നിവേദനം ചെയ്ത ഹദീഥിലും സമാനമായ പ്രയോഗമാണ് കാണാം. സ്വുല്‍ബിന്റെ ബഹുവചനമായ അസ്വ്്‌ലാബ് എന്നാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. ഇവയിലെ 'മിന്‍ അസ്വ്്‌ലാബിക്കും' എന്ന പ്രയോഗത്തിന് 'നിങ്ങളുടെ അണക്കെട്ടുകളിൽ നിന്നുള്ള ' എന്ന അര്‍ഥമാണുള്ളത്. ഖുര്‍ആനിന്റെ അവതരണകാലത്ത് മക്കളെ ഉദ്ദേശിച്ചുകൊണ്ട് 'സ്വുല്‍ബില്‍ നിന്നുള്ളവര്‍' എന്ന പ്രയോഗം വ്യാപകമായിരുന്നുവെന്ന വസ്തുതയാണിത് കാണിക്കുന്നത്. സ്വുല്‍ബ് എന്ന പദത്തിന് ഉറച്ചത്, നട്ടെല്ല്, കടിപ്രദേശം തുടങ്ങിയ അര്‍ഥങ്ങളുണ്ടെന്നും, മനുഷ്യജനനവുമായി ബന്ധപ്പെട്ട് പ്രയോഗിക്കുമ്പോള്‍ 'സ്വുല്‍ബില്‍ നിന്ന്' എന്ന പ്രയോഗം ഖുര്‍ആനിന്റെ അവതരണത്തിന് മുമ്പുതന്നെ മധ്യപൂര്‍വദേശത്ത് വ്യാപകമായിരുന്നുവെന്നും ഈ പ്രയോഗത്തിന് അവര്‍ അര്‍ഥമാക്കിയത് അരക്കെട്ടിൽ നിന്ന് എന്നാണെന്നുമുള്ള വസ്തുതകളാണ് ഇതിൽ നിന്നെല്ലാം മനസ്സിലാവുന്നത് സൂറത്തു ത്വാരിഖിലെ ഏഴാമത്തെ വചനത്തിലെ 'സ്വുല്‍ബി'നും അരക്കെട്ട് (loins) എന്ന അര്‍ഥം തന്നെയാണ് പ്രമുഖരായ ഇംഗ്ലീഷ് പരിഭാഷകരെല്ലാം നല്‍കിയിരിക്കുന്നത്. ആദ്യകാല ഖുർആൻ വ്യാഖ്യാതാക്കളും നൽകിയ അർഥം അത് തന്നെ!

എന്താണ് തറാഇബ്? ത,റ,ബ എന്നീ മൂലാക്ഷരങ്ങളില്‍ നിന്ന് നിഷ്പന്നമായ 'തരീബത്തി'ന്റെ ബഹുവചനമായ 'തറാഇബി'നെയാണ് ഈ വചനത്തില്‍ വാരിയെല്ലുകള്‍ എന്ന് പരിഭാഷപ്പെടുത്താറുള്ളത്. ഇംഗ്ലീഷ് പരിഭാഷകളിൽ തറാഇബി'ന് breast bone എന്നും ribs എന്നും അര്‍ഥം നല്‍കിയിട്ടുണ്ട്.. ഇതില്‍നിന്ന് വ്യത്യസ്തമായി മുഹമ്മദ് അസദ് നല്‍കിയിട്ടുള്ള പരിഭാഷ pelvic arch എന്നാണ്; ഇത് സ്ത്രീ ശരീരത്തെ കുറിക്കുന്ന പദപ്രയോഗമാണെന്നാണ് ഖുര്‍ആനില്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്ന അസാധാരണ പ്രയോഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുള്ളവരുടെ അഭിപ്രായമെന്നും മുഹമ്മദ് അസദ് രേഖപ്പെടുത്തുന്നുണ്ട്.

തറാഇബ് എന്ന പ്രയോഗം അറബിസാഹിത്യങ്ങളില്‍ സാധാരണയായി കാണപ്പെടാത്തതാണ്. ഖുര്‍ആനില്‍ ഒരു തവണ മാത്രമെ ഇങ്ങനെ പ്രയോഗിച്ചിട്ടുള്ളൂ. പ്രവാചകവചനങ്ങളില്‍ വ്യാപകമായി 'തറാഇബ്' എന്നോ അതിന്റെ ഏകവചനരൂപമായ 'തരീബത്ത്' എന്നോ പ്രയോഗിക്കപ്പെട്ടിട്ടില്ല. ഖുര്‍ആനിനു മുമ്പുള്ള കവിതകളില്‍നിന്ന് ഇംറുല്‍ ഖൈസിന്റെ ഒരു കവിതയെ ഉദ്ധരിച്ചുകൊണ്ടാണ് ഇത് സ്ത്രീയുടെ ശരീരഭാഗങ്ങളെ കുറിക്കുവാന്‍ മാത്രമുപയോഗിക്കുന്നതാണെന്ന് ലിസാനുന്‍ അറബ്, താജുല്‍ അറൂസ് തുടങ്ങിയ ആധികാരിക അറബിഭാഷാ നിഘണ്ടുകള്‍ അഭിപ്രായപ്പെടുന്നത്. ആധുനിക അറബിഭാഷാ നിഘണ്ടുകളില്‍ പലതിലും ഈ പദം തന്നെയില്ല. വാരിയെല്ലിനെ കുറിക്കുന്നതിന് 'ള്വില്‍അ്' എന്നും അതിന്റെ ബഹുവചനമായി 'ള്വുലൂഅ്' എന്നുമാണ് അവയിലുള്ളത്. 'സ്വുല്‍ബി'നെപ്പോലെ വ്യാപകമായ പ്രയോഗത്തിലുള്ളതോ സാഹിത്യങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതോ ആയ പദമല്ല 'തറാഇബ്' എന്നര്‍ഥം.

വാരിയെല്ലുകള്‍ക്ക് മാത്രമാണോ ഇങ്ങനെ പ്രയോഗിക്കാറുള്ളത്? അല്ലെന്ന വസ്തുത പുരാതന അറബി നിഘണ്ടുകളെല്ലാം സാക്ഷ്യപ്പെടുത്തുന്നുണ്ട്. സ്തനങ്ങള്‍, സ്തനങ്ങള്‍ക്കിടയിലുള്ള സ്ഥലം, നെഞ്ചെല്ല്, മാറിടം, വാരിയെല്ലുകളില്‍ താഴത്തെ നാലെണ്ണം, സ്തനങ്ങള്‍ക്കും, പൂണെല്ലിനു (collar bone) മിടയിലുള്ള സ്ഥലം, പൂണെല്ലിനടുത്തുള്ള വാരിയെല്ലുകള്‍, രണ്ടു കൈകളും രണ്ടുകാലുകളും രണ്ട് കണ്ണുകളും ഇങ്ങനെ വിവിധ അര്‍ഥങ്ങളില്‍ തറാഇബ് എന്ന് പ്രയോഗിക്കാമെന്നാണ് നിഘണ്ടുകള്‍ വ്യക്തമാക്കുന്നത്. വില്യം ലെയിനിന്റെ പ്രസിദ്ധമായ ലെക്‌സിക്കണില്‍ നല്‍കുന്ന അര്‍ഥങ്ങളും ഇങ്ങനെത്തന്നെയാണ്

എന്താണ് 'തറാഇബ്' എന്ന വിഷയത്തില്‍ ആദ്യകാലം മുതല്‍ക്കേ പണ്ഡിതന്‍മാര്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്ന വസ്തുത ഇമാം റാസി തന്റെ തഫ്‌സീറില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സ്വഹാബിമാരും ആദ്യകാല വ്യാഖ്യാതാക്കളുമെല്ലാം ഇത് സ്ത്രീയുടെ ശരീരഭാഗമാണെന്ന നിലയ്ക്കു തന്നെയാണ് കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. സ്ത്രീയുടെ കഴുത്തിനു താഴെയുള്ള ശാരീരികാവയവങ്ങളിലേതോ ഒന്നാണ് തറാഇബു കൊണ്ട് വിവക്ഷിച്ചത് എന്ന് ഇവയില്‍നിന്ന് മനസ്സിലാക്കാം.

സ്വുല്‍ബ്, തറാഇബ് എന്നീ പദങ്ങളെക്കുറിച്ച പഠനത്തെ ഇങ്ങനെ സംഗ്രഹിക്കാം:

1) ബലിഷ്ഠമായത്, നട്ടെല്ല്, അരക്കെട്ട്, എന്നിങ്ങനെ അര്‍ഥങ്ങളുള്ള അറബിപദമാണ് സ്വുല്‍ബ്. പുരുഷന്റെ സ്വുല്‍ബില്‍നിന്നാണ് കുഞ്ഞുങ്ങളുണ്ടാകുന്നെതന്ന മധ്യപൂര്‍വദേശത്ത് നൂറ്റാണ്ടുകളായി നിലനിന്ന പ്രയോഗം അവന്റെ അരക്കെട്ടിനെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. അരക്കെട്ടിലുള്ള വൃഷണമായിരിക്കണം സൂറത്തുത്വാരിഖിലെ സ്വുല്‍ബു കൊണ്ടുള്ള വിവക്ഷ.

2) വാരിയെല്ലുകള്‍, സ്തനങ്ങള്‍, കൈകാലുകള്‍, വസ്തികമാനം എന്നിങ്ങനെയുള്ള അര്‍ഥങ്ങളില്‍ പ്രയോഗിക്കപ്പെട്ടിരുന്ന അപൂര്‍വപദങ്ങളിലൊന്നാണ് 'തറാഇബ്'. അറബി ഭാഷാകാരന്‍മാരും ആദ്യകാല ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും അഭിപ്രായപ്രകാരം ഈ പദപ്രയോഗം മാലയിടുന്ന ഭാഗത്തുള്ള ഏതോ പെണ്ണവയവത്തെക്കുറിക്കുന്നതാണ്. അന്ധരാശയം സ്ഥിതിചെയ്യുന്ന ഭാഗത്തെക്കുറിച്ച കൃത്യമായ പ്രയോഗമാണിത്.

ഇനി പ്രവാചകനിൽ (സ) നിന്ന് ക്വുർആൻ പഠിച്ച ഇബ്നു അബ്ബാസും ഇക്രിമയുമെല്ലാം മനസ്സിലാക്കിയ രൂപത്തിൽ സൂറത്തുത്വാരികിലെ വചനങ്ങളുടെ മലയാള അർഥം ഇങ്ങനെ എഴുതാം:

''തെറിച്ചു വീഴുന്ന ദ്രാവകത്തില്‍ നിന്നാണ് അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പുരുഷന്റെ അരക്കെട്ടിൽ നിന്നും സ്ത്രീയുടെ മാലയിടുന്ന ഭാഗത്ത് നിന്നുമായി അത് പുറത്ത് വരുന്നു."

പ്രവാചകനിൽ നിന്ന് സ്വഹാബിമാരും അവരിൽ നിന്ന് താബിഉകളുമെല്ലാം ഈ അർത്ഥമാണ് മനസ്സിലാക്കിയതെങ്കിൽ പിന്നെയെങ്ങനെയാണ് നട്ടെല്ലിനും വാലിയെല്ലിനുമിടയിൽ നിന്ൻ പുറത്തുവരുന്ന ശുക്ലത്തിൽ നിന്നാണ് കുഞ്ഞുണ്ടാവുന്നതെന്നാണ് ഈ വചനം അര്ഥമാക്കുന്നതെന്ന വ്യാഖ്യാനമുണ്ടായത് എന്ന ചോദ്യം പ്രസക്തമാണ്. സ്വഹാബിമാരുടെ വ്യാഖ്യാനത്തിൽ നിന്ന് വ്യത്യസ്തമായി പുരുഷാവയവത്തിനും 'തറാഇബ്' എന്നു പറയാമെന്നും ശുക്ളത്തെക്കുറിച്ച് മാത്രമായിരിക്കണം ഈ വചനങ്ങളിൽ പറഞ്ഞിരിക്കുന്നതെന്നും വ്യാഖ്യാനിച്ച പണ്ഡിതന്‍മാരുമുണ്ട്. ഇബ്‌നുല്‍ഖയ്യിം (റഹ്) അവരില്‍ പ്രധാനിയാണ്. പുരുഷന്റെ തന്നെ സ്വുല്‍ബിനും തറാഇബിനുമിടയില്‍നിന്ന് പ്രവഹിക്കുന്ന ശുക്ലദ്രാവകത്തെ കുറിച്ചാണ് സൂറത്തുത്വാരിഖിലെ പരാമര്‍ശമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. താബിഉകളില്‍പെട്ട ഖത്താദ (റഹ്) യില്‍നിന്നും ഇത്തരമൊരു അഭിപ്രായം ജലാലുദ്ദീന്‍ സുയൂത്വി (റഹ്) തന്റെ ദുര്‍റുല്‍ മന്‍ഥൂറില്‍ ഉദ്ധരിച്ചിട്ടുമുണ്ട്. സ്ത്രീയുടെ തറാഇബില്‍നിന്നും പുരുഷന്റെ സ്വുല്‍ബില്‍നിന്നും തെറിച്ചുവീഴുന്ന ദ്രാവകങ്ങളുടെ സംഗമത്തെക്കുറിച്ചാണ് സൂറത്തു ത്വാരിഖിലെ വചനങ്ങള്‍ വ്യക്തമാക്കുന്നതെന്ന വ്യാഖ്യാനത്തില്‍ സംശയം പ്രകടിപ്പിച്ചവര്‍ പ്രധാനമായും ഉന്നയിച്ചത് 'സ്ത്രീയുടെ ദ്രാവകം തെറിച്ചുവീഴുന്നതല്ലല്ലോ'യെന്ന ന്യായമായിരുന്നു.

സ്ത്രീയുടെ ദ്രാവകം കൊണ്ട് വിവക്ഷിക്കുന്നത് രതിബാഹ്യലീലകള്‍ നടക്കുമ്പോള്‍ പുറത്തുവരുന്ന ബര്‍ത്തോലിന്‍ സ്രവമോ (bartholin fluid) രതിമൂര്‍ച്ഛാ സമയത്ത് പാരായുറിത്രല്‍ നാളികളില്‍നിന്ന് (paraurethral ducts) പുറത്തുവരുന്ന ദ്രാവകമോ ആണെന്ന് ധരിച്ചവരായിരുന്നു ഈ വാദമുന്നയിച്ച വ്യാഖ്യാതാക്കള്‍. ഈ രണ്ട് ദ്രാവകങ്ങളും തെറിച്ചു വീഴുന്നതല്ലെന്ന് അവർ മനസ്സിലാക്കിയിരുന്നു. അണ്ഡോല്‍സര്‍ജനത്തെയോ ആ സമയത്തുണ്ടാവുന്ന ശാരീരിക മാറ്റങ്ങളെയോ കുറിച്ച അറിവ് അവര്‍ ഈ വാദമുന്നയിക്കുന്ന കാലത്ത് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സ്ത്രീപുരുഷ ദ്രാവകങ്ങളുടെ സമന്വയത്തെപ്പറ്റിത്തന്നെയാണോ സ്വുല്‍ബില്‍നിന്നും തറാഇബില്‍നിന്നും പുറത്തുവരുന്ന ദ്രാവകത്തെകുറിച്ച് ഖുര്‍ആന്‍ പരാമര്‍ശിക്കുമ്പോള്‍ അര്‍ഥമാക്കുന്നതെന്ന് അവര്‍ സംശയിച്ചു. പുരുഷദ്രാവകം തെറിച്ചു വീഴുന്നതാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ സ്ത്രീയുടെ ദ്രാവകം തെറിച്ചുവീഴുന്നതല്ലെന്ന അന്നത്തെ അറിവിന്റെ വെളിച്ചത്തില്‍ ഈ വചനം പുരുഷബീജത്തെക്കുറിച്ചു മാത്രമാണെന്ന് വാദിക്കുകയാണ് അവര്‍ ചെയ്തത്. എന്നാല്‍ ഇന്നു നമുക്കറിയാം, ബര്‍ത്തോലിന്‍ സ്രവമോ പാരായുറിത്രല്‍ സ്രവമോ കുഞ്ഞിന്റെ പിറവിയില്‍ പങ്കാളിയാവുന്നില്ലെന്നും അതില്‍ പങ്കാളിയാവുന്നത് അണ്ഡാശയത്തിനകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന അണ്ഡദ്രാവകം മാത്രമാണെന്നും.

ശുക്ലദ്രാവകത്തെപ്പോലെ അണ്ഡദ്രാവകവും തെറിച്ചു വീഴുന്നതാണോ? പെൺശരീരത്തിന്റെ ആന്തരിക ഭാഗത്ത് നടക്കുന്ന അണ്ഡോൽസർജനത്തെപ്പറ്റി ഈയടുത്ത കാലം വരെ നമുക്ക് കാര്യമായൊന്നും അറിയില്ലായിരുന്നു. ആന്തരികാവയവങ്ങളിൽ നടക്കുന്നതെന്താണെന്ന് ക്രത്യമായി മനസ്സിലാക്കാൻ ഇന്ന് മാർഗങ്ങളുണ്ട്. ആര്‍ത്തവചക്രത്തിന്റെ പതിനാലാം ദിവസം ഹൈപോതലാമസിന്റെ ഉദ്ദീപനത്തിന് വിധേയമാകുന്ന അണ്ഡാശയത്തിനകത്തെ പൂര്‍ണവളര്‍ച്ചയെത്തിയ ഫോളിക്കിളില്‍ പ്രത്യക്ഷപ്പെടുന്ന സ്റ്റിഗ്മയെന്ന ദ്വാരത്തിലൂടെ പ്രായപൂര്‍ത്തിയായ അണ്ഡത്തെ വഹിച്ചുകൊണ്ട് ഫോളിക്കുളാര്‍ ദ്രവവും ക്യുമുലസ് കോശങ്ങളും പുറത്തേക്ക് തെറിക്കുകയും അത് ഫലോപ്പിയന്‍ നാളിയുടെ അറ്റത്തുള്ള ഫിംബ്രയകളില്‍ പതിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് അണ്ഡോല്‍സര്‍ജനം (ovulation). ഇങ്ങനെ ഉല്‍സര്‍ജിക്കപ്പെട്ടഅണ്ഡമാണ് പുരുഷബീജവുമായി സംയോജിക്കുന്നത്. ഇതെല്ലാം നടക്കുന്നത് വാരിയെല്ലിന്റെ കൂടിനുതാഴെ വസ്തികമാനത്തിന് മുകളിലായി സ്ഥിതിചെയ്യുന്ന ഗര്‍ഭാശയത്തിന്റെ രണ്ടറ്റത്തായി കാണപ്പെടുന്ന അണ്ഡാശയങ്ങളിലും അനുബന്ധ അവയവങ്ങളിലുമായാണ്. പുരുഷലിംഗത്തിൽ നിന്ന് ശുക്ലം തെറിച്ചു വീഴുന്നതുപോലെ ഫോളിക്യൂൾ പൊട്ടി അണ്ഡദ്രാവകം തെറിച്ചു വീഴുന്നത് ഇന്ന് നമുക്ക് കാണാൻ കഴിയും. കാണണമെന്നാഗ്രഹിക്കുന്നവർ ഈ ലിങ്ക് സന്ദർശിക്കുക: https://www.youtube.com/watch?v=dq3MdeSDDC4

വിമര്ശിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വചനത്തിന് സ്വഹാബിമാർ നൽകിയ അർഥം നമുക്കൊന്ന് കൂടി വായിക്കാം:

'തെറിച്ചു വീഴുന്ന ദ്രാവകത്തില്‍ നിന്നാണ് അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പുരുഷന്റെ അരക്കെട്ടിൽ നിന്നും സ്ത്രീയുടെ മാലയിടുന്ന ഭാഗത്ത് നിന്നുമായി അത് പുറത്ത് വരുന്നു."

താഴെപറയുന്ന വസ്തുതകൾ ശ്രദ്ധിക്കുക:

1) രതിമൂര്‍ച്ഛയിലെത്തുമ്പോള്‍ അനുതപ്ത നാഡീവ്യവസ്ഥയുടെ ഉദ്ദീപനപ്രകാരം വൃഷണത്തില്‍നിന്ന് ബീജാണുക്കള്‍ ബീജവാഹിനിക്കുഴലിലൂടെ മുകളിലേക്ക് കയറി സ്ഖലനനാളിയിലെത്തുകയും അതോടടുത്തുള്ള പ്രോസ്റ്റേറ്റ്, സെമിനല്‍ വെസിക്കിളുകള്‍, കൗപേഴ്‌സ് ഗ്രന്ഥി എന്നിവയില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന സ്രവങ്ങളുമായിച്ചേര്‍ന്ന് സ്ഖലനനാളിയില്‍ നിന്ന് ലിംഗനാളിയിലൂടെ പുറത്തേക്ക് തെറിക്കുകയും ചെയ്യുന്നു. നട്ടെല്ലിന്റെ വാലിന് (coccyx) മുന്‍പിലായാണ് സെമിനല്‍ വെസിക്കിളുകളും പ്രോസ്റ്റേറ്റും കൗപേഴ്‌സ് ഗ്രന്ഥിയും സ്ഖലനനാളിയുമെല്ലാം സ്ഥിതിചെയ്യുന്നത്. പുരുഷശുക്ലം പുറത്തേക്ക് തെറിക്കുന്നത് അരക്കെട്ടിലെ വ്യത്യസ്ത അവയവങ്ങളുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനം വഴിയാണ്. കൃത്യമായും അരക്കെട്ടിൽ നിന്നുതന്നെയാണ് പുരുഷദ്രാവകം പുറത്തേക്ക് തെറിക്കുന്നത് സ്വുല്‍ബില്‍നിന്നുതന്നെ!

2) ആര്‍ത്തവചക്രത്തിന്റെ പതിനാലാം ദിവസം ഹൈപോതലാമസിന്റെ ഉദ്ദീപനത്തിന് വിധേയമാകുന്ന അണ്ഡാശയത്തിനകത്തെ പൂര്‍ണവളര്‍ച്ചയെത്തിയ ഫോളിക്കിളില്‍ പ്രത്യക്ഷപ്പെടുന്ന സ്റ്റിഗ്മയെന്ന ദ്വാരത്തിലൂടെ പ്രായപൂര്‍ത്തിയായ അണ്ഡത്തെ വഹിച്ചുകൊണ്ട് ഫോളിക്കുളാര്‍ ദ്രവവും ക്യുമുലസ് കോശങ്ങളും പുറത്തേക്ക് തെറിക്കുകയും അത് ഫലോപ്പിയന്‍ നാളിയുടെ അറ്റത്തുള്ള ഫിംബ്രയകളില്‍ പതിക്കുകയും ചെയ്യുന്നു. ഇത് നടക്കുന്നത് വാരിയെല്ലിന്റെ കൂടിനുതാഴെ വസ്തികമാനത്തിന് മുകളിലായി സ്ഥിതിചെയ്യുന്ന ഗര്‍ഭാശയത്തിന്റെ രണ്ടറ്റത്തായി കാണപ്പെടുന്ന അണ്ഡാശയങ്ങളിലും അനുബന്ധ അവയവങ്ങളിലുമായാണ്. ഖുര്‍ആന്‍ 'തറാഇബ്' എന്നു വിളിച്ച സ്ഥലത്തുവെച്ചുതന്നെയാണ് അണ്ഡദ്രാവകം (ovular fluid) അണ്ഡാശയത്തില്‍നിന്ന് പുറത്തേക്ക് തെറിക്കുന്നത്. കൃത്യമായും 'തറാഇബിൽ നിന്ന് തന്നെ !

ഇനി നാം ചിന്തിക്കുക. ക്വുർആനിനാണോ വിമര്ശകര്ക്കാനോ തെറ്റുപറ്റിയതെന്ന്...!!!
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

ഇണകളെ കുറിച്ച ഖുര്‍ആന്‍ വചനങ്ങളിൽ എല്ലാ വസ്തുക്കളും ഇണകളായാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് പറയുന്നുണ്ടല്ലോ. ജീവനുള്ളവയും ഇല്ലാത്തവയുമെല്ലാം എലാ വസ്തുക്കളെയും എന്ന് പറഞ്ഞതിൽ ഉൾപ്പെടെണ്ടതാണ്. അജൈവവസ്തുക്കളിൽ എങ്ങനെയാണ് ഇണകളുണ്ടാവുക? സസ്യങ്ങളെല്ലാം ഇണകളായാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് പറയുന്ന ക്വുർആനിന് അലൈംഗിക പ്രത്യുത്പാദനം നടക്കുന്ന സസ്യങ്ങളെക്കുറിച്ചറിയില്ലെന്ന് വ്യക്തമാണ്. പിന്നെയെങ്ങനെ ഖുർആൻ സസ്യങ്ങളെയെല്ലാം സൃഷ്ടിച്ച ദൈവത്തിൽ നിന്നുള്ളതാവും ?

ണകളായാണ് എല്ലാം സൃഷ്ടിക്കപ്പെട്ടതെന്ന് ക്വുർആൻ പറയുന്നുണ്ട്; എന്നാൽ എല്ലാം ഉണ്ടാകുന്നത് ഇണകൾ തമ്മിലുള്ള ബന്ധം വഴിയാണെന്ന് ഖുർആനിലെവിടെയും പറയുന്നില്ല. ഇണകൾ എന്ന് പറയുമ്പോഴേക്ക് അത് പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട പരാമര്ശമാണെന്ന് തെറ്റിദ്ധരിക്കുന്നതു കൊണ്ടാണ് ഈ വിമര്ശനമുണ്ടാവുന്നത്.

ഇണകളെക്കുറിച്ച് പറയുന്ന ഒരു ക്വുർആൻ സൂക്തം നോക്കുക:

''എല്ലാ വസ്തുക്കളില്‍ നിന്നും ഈരണ്ട് ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി.'' (51:49)

എല്ലാവസ്തുക്കളിലും ഇണകളുണ്ട് എന്ന വചനത്തെ ബാഹ്യമായി അപഗ്രഥിച്ചാല്‍ ജീവിവര്‍ഗങ്ങളിലും സസ്യജാലങ്ങളിലും പെട്ട ഇണകളെകുറിച്ചാകാം ഇതെന്ന് ആര്‍ക്കും മനസ്സിലാവും. മനുഷ്യരിലും സസ്യവര്‍ഗങ്ങളിലും എല്ലാം പെട്ട ഇണകളെകുറിച്ച് ഖുര്‍ആന്‍ പ്രത്യേകം എടുത്ത് പറയുന്നുമുണ്ട്.

''നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും, ആകാശത്ത് നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അങ്ങനെ അത് വഴി വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ഇണകൾ നാം (അല്ലാഹു) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു.'' (20:53)

''നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.'' (30:21)

മനുഷ്യരില്‍ നിന്നുള്ള ഇണകളെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഖുര്‍ആന്‍ വളരെ കൃത്യമായ ചില പ്രയോഗങ്ങള്‍ നടത്തുന്നുണ്ട്. ആണിനെയും പെണ്ണിനെയും വ്യവഛേദിക്കുന്നത് സ്രവിക്കപ്പെടുന്ന ബീജമാണെന്ന വസ്തുത ഖുര്‍ആന്‍ വ്യക്തമാക്കുന്നു.

''ആണ്‍, പെണ്‍ എന്നീ രണ്ട് ഇണകളെ അവനാണ് സൃഷ്ടിച്ചതെന്നും ഒരു ബീജം സ്രവിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന്...'' (53:45,46)

പുരുഷ ബീജത്തിലെ ക്രോമോസോമുകളാണ് കുഞ്ഞിന്റെ ലിംഗനിര്‍ണയം നടത്തുന്നതിന്റെ അടിത്തറയായി വര്‍ത്തിക്കുന്നതെന്ന വസ്തുത ഇന്ന് നമുക്കറിയാം. പെണ്‍കോശങ്ങളില്‍ ലിംഗക്രോമോസോമായ x മാത്രമെ കാണൂ; ഒരേ തരത്തിലുള്ള രണ്ട് ക്രോമസോമുകള്‍. അതിന് ഊനഭംഗം നടന്നുണ്ടാവുന്ന ലിംഗ കോശത്തില്‍-അണ്ഡം-ഒരേയൊരു x ക്രോമസോം മാത്രമെയുണ്ടാവൂ. എന്നാല്‍ ആണ്‍ കോശങ്ങളില്‍ XY എന്നീ രണ്ട് ലിംഗ ക്രോമസോമുകളുമുണ്ടാവൂം. ഊനഭംഗത്തിലൂടെ പുംബീജങ്ങളുണ്ടാവുമ്പോള്‍ അതില്‍ പകുതി x ക്രോമസോം ഉള്‍ക്കൊള്ളുന്നതും പകുതി Y ക്രോമസോം ഉള്‍ക്കൊള്ളുന്നതുമായിരിക്കും. x ഉള്‍ക്കൊള്ളുന്ന ബീജമാണ് അണ്ഡവുമായി യോജിക്കുന്നതെങ്കില്‍ അതുമൂലമുണ്ടാകുന്ന സിക്താണ്ഡം വളര്‍ന്ന് പെണ്‍കുട്ടിയും Y ക്രോമസോം ഉള്‍ക്കൊള്ളുന്ന ബീജവുമായാണ് അണ്ഡവുമായി സങ്കലിക്കുന്നതെങ്കില്‍ അത് ആണ്‍കുട്ടിയുമായിത്തീരുമെന്നതാണ് പൊതുവായ അവസ്ഥ. സ്രവിക്കപ്പെടുന്ന ബീജത്തില്‍ നിന്നാണ് ആണ്‍, പെണ്‍ തുടങ്ങിയ ഇണകളുണ്ടായിത്തീരുന്നതെന്ന ഖുര്‍ആനിക പരാമര്‍ശം എത്ര കൃത്യം! സൂക്ഷ്മം! ''ആണ്‍, പെണ്‍ എന്നീ രണ്ട് ഇണകളെ അവനാണ് സൃഷ്ടിച്ചതെന്നും ഒരു ബീജം സ്രവിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന്...'' (53:45,46)

കൂറേക്കൂടി സൂക്ഷ്മമായ പരിശോധനയില്‍ ഓരോ തവണ സ്രവിക്കപ്പെടുന്ന ബീജങ്ങളെയും നമുക്ക് ആണ്‍ ബീജങ്ങളായും പെണ്‍ബീജങ്ങളായും വിഭജിക്കുവാനാകുമെന്ന് ബോധ്യപ്പെടുന്നു. x ക്രോമസോം ഉള്‍ക്കൊള്ളുന്നവ പെണ്‍ബീജങ്ങള്‍; Y ക്രോമസോം ഉള്‍കൊള്ളുന്നവ ആണ്‍ബീജങ്ങള്‍. സ്രവിക്കപ്പെടുന്ന ബീജത്തില്‍ തന്നെ ആണ്‍, പെണ്‍ എന്നീ രണ്ടു തരം ഇണകളുമുണ്ടെന്ന ഖുര്‍ആനിക പരാമര്‍ശം വളരെ കൃത്യമാണെന്ന് സൂക്ഷ്മ പരിശോധനയില്‍ തെളിയുന്നു.

നടേ ഉദ്ധരിച്ച ഇണകളെ കുറിച്ച് പരാമര്‍ശിക്കുന്ന ഖുര്‍ആന്‍ സൂക്തം പരിശോധിക്കുക. ''എല്ലാ വസ്തുക്കളില്‍ നിന്നും ഈരണ്ട് ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി.'' (51:49).

എല്ലാ വസ്തുക്കളില്‍ നിന്നും ഈരണ്ട് ഇണകളെ സൃഷ്ടിച്ചിരിക്കുന്നുവെന്നാണ് ഖുര്‍ആന്‍ ഇവിടെ പറയുന്നത്. വസ്തുകളെല്ലാം നിര്‍മിക്കപ്പെട്ടിരിക്കുന്നത് ആറ്റങ്ങളെ കൊണ്ടാണെന്ന് ഇന്ന് നമുക്കറിയാം. എന്തുകൊണ്ടാണ് ആറ്റങ്ങള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്? പോസിറ്റീവ് ചാര്‍ജുള്ള ന്യൂക്ലിയസിന് പുറത്ത് പിടികൊടുക്കാതെ തെന്നിമാറിക്കൊണ്ടിരിക്കുന്ന ഇലക്‌ട്രോണ്‍ മേഘപടലമാണ് ആറ്റമെന്ന ചിത്രമാണ് ക്വാണ്ടം ബലതന്ത്രത്തിന്റേത്. പോസിറ്റീവ് ചാര്‍ജുള്ള പ്രോട്ടോണുകളും അതിനു തുല്യമായ എണ്ണം നെഗറ്റീവ് ചാര്‍ജുള്ള ഇലക്‌ട്രോണുകളും ചേര്‍ന്നാണ് ആറ്റത്തിന്റെ ഘടനയും സ്വഭാവങ്ങളുമെല്ലാം നിര്‍ണയിക്കുന്നത്. ഇലക്‌ട്രോണുകളും പ്രോട്ടോണുകളുമാകുന്ന ഇണകളുടെ പാരസ്പര്യമാണ് ആറ്റോമികലോകത്ത് നടക്കുന്നത്. ഖുര്‍ആന്‍ പറഞ്ഞതാണ് ശരി. എല്ലാ വസ്തുക്കളിലും പെട്ട ഇണകളെ സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍!

നമുക്ക് അറിയുന്നതും അറിയാത്തതുമായ വസ്തുകളെല്ലാം നിലനില്‍ക്കുന്നത് ഇണകളുടെ പാരസ്പര്യത്താലാണെന്നാണ് ഖുര്‍ആന്‍ നല്‍കുന്ന സൂചന. സൂറത്തു യാസീനിലെ ശ്രദ്ധേയമായ ഒരു വചനം ശ്രദ്ധിക്കുക. ''ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും, അവരുടെ സ്വന്തം വര്‍ഗങ്ങളിലും, അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍!'' (36:36) ഈ വചനത്തിലെ 'അവര്‍ക്കറിയാന്‍ പറ്റാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍' എന്ന പരാമര്‍ശം ഏറെ ശ്രദ്ധേയമാണ്.

നമുക്ക് അറിയാവുന്നതും അല്ലാത്തതുമായ വസ്തുക്കളെല്ലാം സൃഷ്ടിക്കപ്പട്ടിട്ടുള്ളത് ഇണകളായിട്ടാണ് എന്ന വസ്തുതയാണ് ആറ്റോമിക് ഭൗതികം നമുക്ക് നല്‍കിക്കൊണ്ടിരിക്കുന്ന അറിവുകളിലൊന്ന്. ഇലക്‌ട്രോണ്‍, പ്രോട്ടോണ്‍ എന്നീ ഇണകളുടെ പാരസ്പര്യത്താലാണ് ആറ്റത്തിന്റെ നിലനില്‍പെന്ന് പറഞ്ഞുവല്ലോ. ന്യൂട്രോണുകളും പ്രോട്ടോണുകളും നിര്‍മിക്കപ്പെട്ടിരിക്കുന്നത് ആറു തരം ക്വാര്‍ക്കുകളെ കൊണ്ടാണ്. ഈ ക്വാര്‍ക്കുകളെ വേര്‍പിരിക്കുവാന്‍ സാധ്യമല്ല. ന്യൂട്രോണുകള്‍ക്കും പ്രോട്ടോണുകള്‍ക്കുമകത്തുള്ള ഓരോ ക്വാര്‍ക്കും അതിന്റെ ആന്റിക്വാര്‍ക്കുമായി പരസ്പരം ഇണചേര്‍ന്നു കിടക്കുകയാണ്. അവയെ വേര്‍പിരിക്കുവാനേ സാധ്യമല്ല. ഒരിക്കലും വേര്‍പിരിക്കാനാവാത്ത ഈ ഇണചേരലിനെയാണ് 'ഇന്‍ഫ്രാറെഡ് അടിമത്തം' (infrared slavery) അല്ലെങ്കില്‍ 'വര്‍ണപരിമിതപ്പെടുത്തല്‍' (colour confinement) എന്നു വിളിക്കുന്നത്. ക്വാര്‍ക്കുകള്‍ തമ്മിലുള്ള അതിശക്തമായ ഇണചേരലിനെ കുറിച്ച പഠനശാഖയാണ് ക്വാണ്ടം ക്രോമോഡൈനാമിക്‌സ് (quantum chromodynamics). അത് പഠിക്കുമ്പോൾ ഖുര്‍ആനിനോടൊപ്പം നമ്മളും പറഞ്ഞു പോകുന്നു, നമുക്കറിയാത്ത വസ്തുക്കളില്‍ പോലും ഇണകളെ സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍!

ഇങ്ങനെ, അറിയും തോറും എല്ലാ വസ്തുകളിലുമുള്ള ഇണകളെ പറ്റി നമുക്ക് കൂടുതല്‍ കൂടുതല്‍ മനസ്സിലാവുന്നു! ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലാര്‍ജ് ഹൈഡ്രോണ്‍ കൊളൈഡര്‍ പരീക്ഷണം ഇത്തരമൊരു ഇണയെക്കൂടി തിരഞ്ഞുകൊണ്ടുള്ളതാണല്ലോ. പ്രപഞ്ചത്തെ വിശദീകരിക്കുവാന്‍ ഇന്ന് ഉപയോഗിക്കുന്ന സ്റ്റാന്റേര്‍ഡ് മോഡല്‍ പ്രകാരം, ശ്യാമഊര്‍ജത്തെയും ശ്യാമദ്രവ്യത്തെയും കുറിച്ച് കൃത്യമായി അറിയുവാന്‍ ഉപയോഗിക്കുന്ന സൂപ്പര്‍ സിമ്മട്രിയിലെ ഓരോ കണത്തിനുമുള്ള സൂപ്പര്‍ പങ്കാളികളെ (super partners) കണ്ടെത്തുകയാണല്ലോ ആയിരം കോടി ഡോളര്‍ ചെലവു ചെയ്തു നിര്‍മിച്ച എല്‍.എച്ച്.സി യുടെ ലക്ഷ്യങ്ങളിലൊന്ന്. വസ്തുക്കള്‍ നിര്‍മിക്കാനുപയോഗിക്കപ്പെട്ട കൂടുതല്‍ സൂക്ഷ്മമായ ഇണകളെ കുറിച്ച് ലോകം അറിഞ്ഞുകൊണ്ടിരിക്കുകയാണ്. അഗാധതകളിലേക്ക് പോകുമ്പോള്‍ ഇണകളുടെ പാരസ്പര്യമാണ് സൃഷ്ടിപ്രപഞ്ചത്തിലെ എല്ലാത്തിനും നിദാനമെന്ന് മാനവരാശി മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു; ഒപ്പം തന്നെ ഒരിക്കലും തെറ്റുപറ്റാത്ത വചനങ്ങളാണ് ഖുര്‍ആനിലുള്ളതെന്നും.

എല്ലാ സസ്യങ്ങളെയും ഇണകളായി സൃഷ്ടിച്ചുവെന്ന ഖുര്‍ആനിക പരാമര്‍ശം കാണ്ഡം മുറിച്ച് നടുന്ന സസ്യങ്ങളുണ്ടെന്ന വസ്തുതയുടെ വെളിച്ചത്തില്‍ അബദ്ധമാണെന്നാണ് മറ്റൊരു വിമർശനം.

സസ്യങ്ങള്‍ക്കിടയില്‍ ഇണകളുണ്ടെന്ന് വ്യക്തമാക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ സാരം ഇങ്ങനെയാണ്. ''നിങ്ങള്‍ക്ക് വേണ്ട ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും, ആകാശത്ത് നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അങ്ങനെ അത് (വെള്ളം) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ നാം (അല്ലാഹു) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു.'' (20:53)

''ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും, അവരുടെ സ്വന്തം വര്‍ഗങ്ങളിലും, അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍!'' (36:36)

ഈ സൂക്തങ്ങളിലൊന്നും തന്നെ സസ്യങ്ങളിലെല്ലാം പ്രത്യുല്‍പാദനം നടക്കുന്നത് ഇണകള്‍ തമ്മിലുള്ള ലൈംഗികബന്ധം വഴിയാണെന്ന സൂചനകളൊന്നും തന്നെയില്ല. സസ്യങ്ങള്‍ക്കിടയില്‍ ഇണകളുണ്ടെന്ന് മാത്രമാണ് ഈ സൂക്തങ്ങള്‍ വ്യക്തമാക്കുന്നത്. ലൈംഗിക പ്രത്യുല്‍പാദനവും അലൈംഗിക പ്രത്യുല്‍പാദനവും സസ്യങ്ങള്‍ക്കിടയില്‍ നടക്കുന്നുണ്ടെന്ന വസ്തുതയെ ഈ വചനങ്ങള്‍ നിഷേധിക്കുന്നില്ല.

പൂക്കളാണ് സസ്യങ്ങളിലെ പ്രത്യുല്‍പാദന കേന്ദ്രം. രണ്ടുതരം പൂക്കളുണ്ട്. ഏകലിംഗികളും (unisexual) ദ്വിലിംഗികളും (bisexual). ആണ്‍ ലൈംഗികാവയവമായ കേസരങ്ങളോ (androecium) പെണ്‍ലൈംഗികാവയവമായ ജനിയോ (gynoecium) മാത്രമുള്ള പുഷ്പങ്ങളാണ് ഏകലിംഗികള്‍. ഒരേ പുഷ്പത്തില്‍ തന്നെ ഇവ രണ്ടുമുണ്ടെങ്കില്‍ അവയെ ദ്വിലിംഗികള്‍ എന്നും വിളിക്കുന്നു. കേസരങ്ങളിലെ പരാഗികളില്‍ (anther) നിന്ന് പരാഗം ജനിയില്‍ പതിക്കുമ്പോഴാണ് ബീജസങ്കലനം നടക്കുന്നത്. പരാഗം ജനിയില്‍ പതിക്കുന്ന പ്രക്രിയക്കാണ് പരാഗണം (pollination) എന്നു പറയുന്നത്. ഒരു പുഷ്പത്തിലെ പരാഗം അതേ പുഷ്പത്തിലെ ജനിയില്‍ പതിക്കുന്നതിന് സ്വയംപരാഗണം എന്നും മറ്റൊരു പുഷ്പത്തിലെ ജനിയില്‍ പതിക്കുന്നതിന് പരപരാഗണം എന്നും പറയുന്നു. ചില ചെടികള്‍ സ്വയം പരാഗണം നടത്തുന്നു; മറ്റു ചിലവ പരപരാഗണവും. ഇങ്ങനെ പരാഗണം നടത്തുന്ന ചെടികളില്‍ ചിലതിനെ കാണ്ഡത്തില്‍ നിന്ന് മാത്രമായി വളര്‍ത്തിയെടുക്കാന്‍ കഴിയും. മരച്ചീനിയും ചെമ്പരത്തിയും റോസാചെടിയുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഇവയില്‍ പുഷ്പങ്ങളും അതില്‍ ലൈംഗികാവയവങ്ങളുമുണ്ട്. അവ തമ്മില്‍ പരാഗണം നടക്കുന്നുണ്ടെങ്കിലും കായുണ്ടാകുന്നതിന് അത് നിമിത്തമാകുന്നില്ല; അതിന് മറ്റുചില ധര്‍മങ്ങളാണുള്ളത്. മുറിച്ച് നട്ടുകൊണ്ട്, കാണ്ഡത്തില്‍ നിന്നാണ് പുതിയ ചെടിയുണ്ടാവുന്നത്. ചെടിയുണ്ടാവുന്നത് ലൈംഗിക പ്രത്യുല്‍പാദനം വഴിയല്ലെങ്കിലും ഇവയിലും പൂക്കളുണ്ട്, അവയില്‍ ആണവയവങ്ങളും പെണ്ണവയവങ്ങളുമുണ്ട്. അവയും ഇണകളായാണ് സ്ഥിതി ചെയ്യുന്നത് എന്ന് സാരം.

അലൈംഗിക പ്രത്യുല്‍പാദനം മാത്രം നടത്തിവരുന്ന ജീവികളായി വ്യവഹരിക്കപ്പെട്ടു പോന്നിരുന്ന അമീബയെപ്പോലുള്ള ജീവികളില്‍ പോലും ചില ലൈംഗിക പെരുമാറ്റങ്ങളുണ്ടെന്ന് ഈയിടെയായി ശാസ്ത്രജ്ഞന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്. ചില അമീബകള്‍ മറ്റു ചിലവയുടെ ഇണകളായി വര്‍ത്തിക്കുന്നുണ്ടത്രെ! എഡിന്‍ ബര്‍ഗ് സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (www.ed.ac.uk) ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചത് കാണാം. എല്ലാം ഇണകളായാണ് സൃഷ്ടിക്കപ്പെട്ടത് എന്ന ഖുര്‍ആനിക പരാമര്‍ശത്തിന്റെ കൃത്യതയിലേക്കാണ് ഈ ഗവേഷണങ്ങളെല്ലാം വിരല്‍ചൂണ്ടുന്നത്.

സൂര്യനെ വിളക്കായും ചന്ദ്രനെ പ്രകാശമായും വിശേഷിപ്പിച്ച ക്വുർആൻ സൂര്യൻ പ്രക്സശസ്രോതസ്സാണെന്നും ചന്ദ്രൻ അതിന്റെ പ്രകാശം പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നതെന്നുമാണ് വ്യക്തമാക്കുന്നതെന്നും കൃത്യമായ പരാമർശങ്ങളാണ് ക്വുർആൻ നടത്തുന്നതെന്ന് ഇതിന്റെ അടിസ്ഥാനത്തിൽ വാദിക്കുന്നത് ശുദ്ധ തട്ടിപ്പാനിന്നും യുക്തിവാദികൾ പറയുന്നു. ഖുര്‍ആന്‍ 33:45,46ല്‍ മുഹമ്മദ് നബിയെ വിളക്കായും (സിറാജ്) 24:35ല്‍ അല്ലാഹുവിനെ പ്രകാശമായും (നൂര്‍) ഉപമിച്ചിട്ടുണ്ട്. മുഹമ്മദ് നബിയാണ് പ്രകാശ സ്രോതസ്സെന്നും അല്ലാഹു അദ്ദേഹത്തിന്റെ പ്രകാശം പ്രതിഫലിപ്പിക്കുകയാണെന്നുമല്ലേ നടേ പറഞ്ഞ വ്യാഖ്യാനം അംഗീകരിച്ചാല്‍ വന്നു ചേരുക. യുക്തിവാദികളുടെ വിമര്ശനത്തെപ്പറ്റി എന്ത് പറയുന്നു?

സൂര്യനെ വിളക്കായും ചന്ദ്രനെ പ്രകാശമായും ക്വുർആൻ വിശേഷിപ്പിച്ചിട്ടുണ്ട്. സൂര്യൻ പ്രക്സശസ്രോതസ്സാണെന്ന് അതിനെ വിശേഷിപ്പിച്ച സിറാജ് എന്ന പദം തന്നെ വ്യക്തമാക്കുന്നുണ്ട്. വിളക്ക് എന്നാണ് ആ പദത്തിന്റെ നേർക്ക് നേരെയുള്ള അർഥം. എന്നാൽ ചന്ദ്രനെ വിശേഷിപ്പിച്ച നൂർ എന്ന പദത്തിന് നേർക്ക് നേരെ പ്രതിഫലിക്കപ്പെട്ട പ്രകാശം എന്ന അർത്ഥമില്ല; പ്രകാശം എന്ന് മാത്രമാണ് അതിന്റെ അർത്ഥം . ചന്ദ്രൻ സൂര്യന്റെ പ്രകാശം പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് നമുക്കറിയാം. ഏത് തരം പ്രകാശമായാലും അതിന് നൂർ എന്ന് പറയും; പ്രതിഫലിക്കപ്പെട്ടതാവട്ടെ അല്ലാത്തതാകട്ടെ. സൂര്യനെക്കുറിച്ച് മാത്രമേ സിറാജ് എന്ന് ക്വുർആൻ പ്രയോഗിച്ചിട്ടുള്ളൂവെന്നും ചന്ദ്രനെക്കുറിച്ച് നൂർ എന്നും മുനീർ എന്നുമാണ് പ്രയോഗിച്ചതെന്നുമുള്ള വസ്തുതകൾ വ്യക്തമാക്കുന്നത് പ്രകാശസ്രോതസ്സാണ് സൂര്യനെന്ന വസ്തുത അറിയാവുന്നവനിൽ നിന്നാണ് അത് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നാണ്. ഇതാണ് ഇവ്വിഷയകമായി ഇസ്‌ലാമിക പ്രബോധകർ പറയാറുള്ളത്. രാത്രിയിൽ കാണുന്ന ചന്ദ്രനെയാണ് വിളക്ക് എന്ന അർത്ഥത്തിൽ സിറാജ് എന്ന് വിളിക്കാൻ ഒരു മരുഭൂനിവാസിക്ക് അനുയോജ്യമെങ്കിലും ഖുർആൻ ഒരിക്കലും ചന്ദ്രനെ അങ്ങനെ വിളിക്കുന്നില്ലെന്നതാണ് അതിലെ പദപ്രയോഗങ്ങളിലെ കൃത്യതയും സൂക്ഷ്മതയും അങ്ങനെ ദൈവികതയും വ്യക്തമാക്കുന്നത്.

ഖുര്‍ആന്‍ 33:45,46ല്‍ മുഹമ്മദ് നബിയെ വിളക്കായും (സിറാജ്) 24:35ല്‍ അല്ലാഹുവിനെ പ്രകാശമായും (നൂര്‍) ഉപമിച്ചിട്ടുണ്ടെന്നും മുഹമ്മദ് നബിയാണ് പ്രകാശ സ്രോതസ്സെന്നും അല്ലാഹു അദ്ദേഹത്തിന്റെ പ്രകാശം പ്രതിഫലിപ്പിക്കുകയാണെന്നുമല്ലേ നടേ പറഞ്ഞ വിശദീകരണം അംഗീകരിച്ചാല്‍ വന്നു ചേരുകയെന്നുമാണ് വിമര്‍ശകർ ചോദിക്കുന്നത്.

ഉദ്ധരിക്കപ്പെട്ട ഖുര്‍ആന്‍ വചനങ്ങള്‍ പരിശോധിക്കുക. ''നബിയേ, തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതുകാരനും ആയിക്കൊണ്ട് നിയോഗിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനും, പ്രകാശം നല്‍കുന്ന ഒരു വിളക്കും ആയിക്കൊണ്ട്.'' (33:45,46)

''അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്റെ പ്രകാശത്തിന്റെ ഉപമയിതാ: (ചുമരില്‍ വിളക്ക് വെക്കാനുള്ള) ഒരു മാടം അതില്‍ ഒരു വിളക്ക്. വിളക്ക് ഒരു സ്ഫടികത്തിനകത്ത്. സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നാണ് അതിന് (വിളക്കിന്) ഇന്ധനം നല്‍കപ്പെടുന്നത്. അതായത് കിഴക്ക് ഭാഗത്തുള്ളതോ പടിഞ്ഞാറ് ഭാഗത്തുള്ളതോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍ നിന്ന്. അതിന്റെ എണ്ണ തീ തട്ടിയില്ലെങ്കില്‍ പോലും പ്രകാശിക്കുമാറാകുന്നു. (അങ്ങനെ) പ്രകാശത്തിന്‍മേല്‍ പ്രകാശം. അല്ലാഹു തന്റെ പ്രകാശത്തിലേക്ക് താന്‍ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് വേണ്ടി ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ.'' (24:35)

ഈ രണ്ട് വചനങ്ങളും രണ്ട് സ്വതന്ത്ര വചനങ്ങളാണ്; ഒന്ന് മറ്റേതിന്റെ ബാക്കിയോ വിശദീകരണമോ അല്ല. സൂറത്തു അഹ്‌സാബിലെ 45,46 വചനങ്ങള്‍ മുഹമ്മദ് നബി(സ)യുടെ സവിശേഷതകള്‍ വിവരിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹം സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനും അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനുമാണ്; അതോടൊപ്പംതന്നെ അദ്ദേഹം ജനങ്ങള്‍ക്ക് പ്രകാശം നല്‍കുന്നവനും സ്വയം തന്നെ പ്രകാശിക്കുന്നവനമാണ്. അത് ക്പന്റാണ് അദ്ദേഹത്തെ സിറാജന്‍ മുനീറാ എന്ന് വിളിച്ചിരിക്കുന്നത്. ഇതൊരു ഉപമാലങ്കാരമാണ്. മുഹമ്മദ് നബി (സ) സ്വയം പ്രകാശിക്കുന്ന വിളക്കാണ് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. അദ്ദേഹത്തിന്റെ കര്‍മ്മങ്ങളും നിര്‍ദ്ദേശങ്ങളും അനുവാദങ്ങളുമെല്ലാം അവസാനനാളുവരെയുള്ള മനുഷ്യര്‍ക്കെല്ലാം വെളിച്ചമായിത്തീരുന്നവയാണ്. മുഹമ്മദ് നബി (സ)യെന്ന വിളക്കില്‍ നിന്ന് പുറപ്പെടുന്ന വെളിച്ചമാണ് സുന്നത്ത്. ഇസ്‌ലാമിന്റെ രണ്ടാമത്തെ പ്രമാണമാണത്. മുഹമ്മദ് നബി (സ) സ്വയം വിളക്കായിത്തീര്‍ന്നതല്ല, പ്രത്യുത അല്ലാഹു അദ്ദേഹത്തെ വിളക്കാക്കിത്തീര്‍ത്തതാണ്. സ്വന്തം ജീവിതത്തിന്റെ പ്രകാശത്തിലൂടെ അവസാനനാളുവരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും വഴികാട്ടിയായിത്തീരുവാനുള്ള വിളക്ക്. കെട്ടുപോയ വിളക്കല്ല അദ്ദേഹം; പ്രകാശം നല്‍കികൊണ്ടിരിക്കുന്ന സജീവമായ വിളക്കാണ്-സിറാജന്‍ മുനീറാ. എത്ര സുന്ദരമായ ഉപമാലങ്കാരം!

അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന അതിസുന്ദരമായ ഖുര്‍ആന്‍ വചനങ്ങളിലൊന്നാണ് സൂറത്തുന്നൂറിലെ 35ാമത്തെ വചനം. ഇതും ഒരു ഉപമാലങ്കാരമാണ്. ആകാശഭൂമികളുടെ പ്രകാശമാണ് അല്ലാഹു. പ്രപഞ്ചത്തിന് മുഴുവന്‍ വെളിച്ചം നല്‍കുന്ന അവന്റെ പ്രകാശം മറ്റേതെങ്കിലും സ്രോതസ്സില്‍ നിന്ന് വരുന്നതല്ല. അവന്‍തന്നെയാണ് വിളക്കും വിളക്കുമാടവും അത് വെച്ചിരിക്കുന്ന സ്ഫടികക്കൂടുമെല്ലാം. പ്രകാശത്തിനു മേല്‍ പ്രകാശമാണവന്‍. അവന്റെ പ്രകാശത്തിലേക്ക് ആളുകളെ നയിക്കുന്നതും അവന്‍തന്നെ. ഇവിടെ അല്ലാഹുവിനെ കേവല പ്രകാശത്തോടല്ല ഉപമിച്ചിട്ടുള്ളതെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. അവന്‍തന്നെയാണ് വിളക്കും വിളക്കുമാടവും സ്ഫടികക്കൂടുമെല്ലാം എന്ന് വ്യക്തമാക്കുകയും അവന്റെ പ്രകാശത്തിലേക്ക് അവന്‍ തന്നെയാണ് ജനങ്ങളെ നയിക്കുന്നതെന്ന് പഠിപ്പിക്കുകയും ചെയ്യുന്നതാണ് ഈ വചനം. അല്ലാഹുവിനെ എത്ര സുന്ദരമായാണ് ഈ ഉപമയിലൂടെ ഖുര്‍ആന്‍ പരിചയപ്പെടുത്തിയിരിക്കുന്നത്!

സൂറത്തുല്‍ അഹ്‌സാബിലെ വചനം മുഹമ്മദ് നബി(സ)യെയും സൂറത്തുന്നൂറിലെ വചനം അല്ലാഹുവിനെയും സ്വതന്ത്രമായി ഉപമാലങ്കാരത്തിലൂടെ പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. മുഹമ്മദ്‌നബി (സ) വിളക്കും അദ്ദേഹത്തില്‍നിന്നു പുറപ്പെടുന്ന പ്രകാശം അല്ലാഹുവുമാണെന്ന് ഈ വചനങ്ങള്‍ സൂചിപ്പിക്കുന്നുപോലുമില്ല. സ്വയം പ്രകാശിച്ചുകൊണ്ട് മനുഷ്യര്‍ക്ക് വെളിച്ചമാകുവാന്‍ അല്ലാഹു നിയോഗിച്ചതാണ് മുഹമ്മദ് നബി (സ)യെയെന്ന് ഒന്നാമത്തെ വചനവും പ്രപഞ്ചത്തിന്റെ വിളക്കും വെളിച്ചവുമാണ് അല്ലാഹുവെന്ന് രണ്ടാമത്തെ വചനവും വ്യക്തമാക്കുന്നു. സൂര്യനെ വിളക്കും ചന്ദ്രനെ പ്രകാശവുമായി പരിചയപ്പെടുത്തിയ വചനങ്ങളിലാകട്ടെ രണ്ടും ഒരേ വചനത്തില്‍തന്നെ പ്രതിപാദിക്കുകയും ഒന്ന് മറ്റേതിന് ഉപോല്‍ബലകമാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. സൂര്യനെ സിറാജും ചന്ദ്രനെ നൂറുമായി പരിചയപ്പെടുത്തിയതും അല്ലാഹുവിനെ നൂറും മിസ്വ്ബാഹുമായും മുഹമ്മദ് നബിയെ സിറാജന്‍ മുനീറയായും പരിചയപ്പെടുത്തിയതും തമ്മില്‍ താരതമ്യത്തിനുതന്നെ പറ്റാത്തത്ര വ്യത്യാസമുണ്ടെന്ന് സാരം.

സൂര്യനെയും ചന്ദ്രനെയും കുറിച്ച് നിരവധി പരാമർശങ്ങൾ ഖുര്ആനിലുണ്ട്. അവയിലെല്ലാം ഖുർആൻ സൂക്ഷ്മത പുലർത്തുന്നുണ്ട്. ബൈബിളിലെ ആകാശഗോളങ്ങളെക്കുറിച്ച പരാമർശങ്ങളിൽ അബദ്ധങ്ങളുണ്ടെന്ന് ചില ഗവേഷകന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. എങ്ങനെയായിരിക്കും ഖുർആനിലും എന്ന കരുതുന്ന ചില യുക്തിവാദികളാണ് ഈ വിമർശനം ഉന്നയിക്കാറുള്ളത്.

''ദൈവം മഹാദീപങ്ങള്‍ സൃഷ്ടിച്ചു; പകലിനെ നയിക്കാന്‍ വലുത്, രാത്രിയെ നയിക്കാന്‍ ചെറുത്'' (ഉല്‍പത്തി 1:6) എന്ന ബൈബിള്‍ വചനം സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ ബൈബിള്‍ രചയിതാക്കള്‍ക്കിടയിലുണ്ടായിരുന്ന അബദ്ധധാരണകളുടെ സ്വാധീനമുള്‍ക്കൊള്ളുന്നതായി മനസ്സിലാക്കാനാവുമെന്ന് ബൈബിള്‍ ഗവേഷകരില്‍ ചിലര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ 'മഹാദീപ'മെന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് 'ഗഡോള്‍ മ'ഓര്‍'(gadowl ma'owr) എന്ന ഹിബ്രു ശബ്ദത്തെയാണ്. വിളക്കിനാണ് മ'ഓര്‍ എന്ന് പറയുകയെന്ന് ബൈബിളിന്റെ ആധികാരിക ശബ്ദകോശമായ സ്‌ട്രോങ്ങ് ലക്‌സിക്കണ്‍ വ്യക്തമാക്കുന്നു. (Strongs Lexicon H -3974) പ്രകാശവുമായി ബന്ധപ്പെടുത്തി പറയുമ്പോള്‍ സൂര്യനെയും ചന്ദ്രനെയും കുറിക്കുവാന്‍ ഒരേപദം ഉപയോഗിച്ചിരിക്കുന്നത് സൂക്ഷ്മമായ അര്‍ഥത്തിലുള്ള ഒരു അബദ്ധമാണെന്നാണ് വാദം. സൂര്യചന്ദ്രന്മാര്‍ ആകാശത്ത് നിര്‍വഹിക്കുന്ന ദൗത്യം രണ്ടാണെന്നിരിക്കെ, രണ്ടിനെയും ദീപമായി ഉപമിച്ചിരിക്കുന്നത് ശരിയല്ലെന്നും പ്രകാശം പുറപ്പെടുവിക്കുന്ന സൂര്യന്‍ ദീപമാണെങ്കില്‍ അത് പ്രതിഫലിപ്പിക്കുന്ന ചന്ദ്രന്‍ പ്രകാശപ്രതിബിംബം മാത്രമാണെന്നും രണ്ടും പ്രകാശം പുറപ്പെടുവിക്കുന്ന ആകാശഗോളങ്ങളാണെന്ന അബദ്ധധാരണയില്‍ നിന്നാണ് ഈ ഉപമാപ്രയോഗമുണ്ടായിരിക്കുന്നത് എന്നതുകൊണ്ടു തന്നെ ഈ പ്രയോഗം സ്ഖലിതമാണെന്നുമുള്ള വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെന്ന് തന്നെയാണ് ബൈബിള്‍ പരാമര്‍ശങ്ങളെയും അതിന്റെ രചനാചരിത്രത്തെയും കുറിച്ച് പഠിച്ചാല്‍ നമുക്ക് മനസ്സിലാവുക.

ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഖുർആനിലെ പരാമർശങ്ങൾ. സൂര്യചന്ദ്രന്‍മാരെക്കുറിച്ച ഖുര്‍ആന്‍ പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കുക.

''ചന്ദ്രനെ അവിടെ ഒരു പ്രകാശമാക്കിയിരിക്കുന്നു. സൂര്യനെ ഒരു വിളക്കുമാക്കിയിരിക്കുന്നു.'' (71:16)

''സൂര്യനെ ഒരു പ്രകാശമാക്കിയത് അവനാകുന്നു. ചന്ദ്രനെ അവനൊരു ശോഭയാക്കുകയും, അതിന് ഘട്ടങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിന് വേണ്ടി. യഥാര്‍ഥ മുറപ്രകാരമല്ലാതെ അല്ലാഹു അതൊന്നും സൃഷ്ടിച്ചിട്ടില്ല. മനസ്സിലാക്കുന്ന ആളുകള്‍ക്കു വേണ്ടി അല്ലാഹു തെളിവുകള്‍ വിശദീകരിക്കുന്നു.'' (10:5)

''ആകാശത്ത് നക്ഷത്രമണ്ഡലങ്ങള്‍ ഉണ്ടാക്കിയവന്‍ അനുഗ്രഹപൂര്‍ണനാകുന്നു. അവിടെ അവന്‍ ഒരു വിളക്കും (സൂര്യന്‍) വെളിച്ചം നല്‍കുന്ന ചന്ദ്രനും ഉണ്ടാക്കിയിരിക്കുന്നു.'' (25:61)

ഈ വചനങ്ങളില്‍ സൂര്യനെ വിളിച്ചിരിക്കുന്നത് സിറാജ്, ദ്വിയാഅ് എന്നിങ്ങനെയാണ്. സിറാജ് എന്നാല്‍ 'വിളക്ക്' എന്നാണര്‍ഥം; ദ്വിയാഅ് എന്നാല്‍ ' തിളങ്ങുന്ന ശോഭ'യെന്നും. ചന്ദ്രനെ വിളിച്ചരിക്കുന്നതാകട്ടെ നൂര്‍ എന്നോ മുനീര്‍ എന്നോ ആണ്. നൂര്‍ എന്നാല്‍ 'പ്രകാശം' എന്നാണര്‍ഥം; മുനീര്‍ എന്നാല്‍ 'വെളിച്ചം നല്‍കുന്നത്' എന്നും. സിറാജ് പ്രകാശത്തിന്റെ സ്രോതസ്സാണ്. നൂര്‍ അത് നിര്‍മിക്കുന്ന പ്രകാശവും. സൂര്യനാണ് പ്രകാശത്തിന്റെ സ്രോതസ്സ് എന്നും ചന്ദ്രനില്‍ നിന്ന് ലഭിക്കുന്നത് സൂര്യനില്‍ നിര്‍മിക്കപ്പെടുന്ന പ്രകാശമാണെന്നും സ്വയം പ്രകാശിക്കാത്ത ചന്ദ്രനില്‍ സൂര്യപ്രകാശം പ്രതിചലിക്കുന്നതുകൊണ്ടാണ് അതില്‍നിന്ന് നമുക്ക് വെളിച്ചം ലഭിക്കുന്നത് എന്നും ഇന്നു നമുക്കറിയാം. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്ന കാലത്ത് മനുഷ്യര്‍ക്ക് ഇല്ലാതിരുന്ന അറിവാണിത്. എത്ര കൃത്യമാണ് ഖുര്‍ആനിക പരാമര്‍ശങ്ങള്‍!

'സിറാജ്' എന്ന അറബി പദത്തിന്റെ നേര്‍ക്കുനേരെയുള്ള അര്‍ഥം 'വിളക്ക്' എന്നാണ്. രാത്രിയിലാണ് മനുഷ്യര്‍ക്ക് വിളക്ക് ആവശ്യമായി വരാറുള്ളത്. നല്ല നിലാവുള്ള രാത്രിയില്‍ ചന്ദ്രന്‍ നമുക്ക് വിളക്കിന് പകരമാവാറുണ്ട്. അതുകൊണ്ടുതന്നെ സാധാരണഗതിയില്‍ ചന്ദ്രനെയാണ് വിളക്കിനോട് ഉപമിക്കുവാന്‍ ഏറ്റവും അനുയോജ്യം. മനുഷ്യരുടെ ഉപമാലങ്കാരങ്ങളില്‍ അങ്ങനെയാണ് കാണപ്പെടുക. ഖുര്‍ആന്‍ ഇവിടെ കൃത്യത പുലര്‍ത്തുന്നു. സൂര്യനാണ് യഥാര്‍ഥത്തില്‍ വിളക്ക്; പ്രകാശത്തിന്റെ സ്രോതസ്സ്. ചന്ദ്രനില്‍ നാം കാണുന്നത് പ്രതിഫലിക്കപ്പെട്ട പ്രകാശം മാത്രമാണ്. ഖുര്‍ആന്‍ സൂര്യനെ സിറാജായും ചന്ദ്രനെ നൂറായും പരിചയപ്പെടുത്തുന്നു. പതിനാലു നൂറ്റാണ്ടു മുമ്പത്തെ അറിവിന്റെ അടിസ്ഥാനത്തില്‍ എഴുതപ്പെട്ടതായിരുന്നുവെങ്കില്‍ ഇത്ര കൃത്യമായ പരാമര്‍ശങ്ങള്‍ കാണുവാന്‍ നമുക്ക് കഴിയുകയില്ലായിരുന്നു. സര്‍വ്വേശ്വരനായ തമ്പുരാന്റെ വചനങ്ങളാണ് ഖുര്‍ആന്‍ എന്ന വസ്തുത വ്യക്തമാക്കുന്നതാണ് ഈ കൃത്യത.

രിക്കലും തെറ്റുപറ്റാത്തതെന്ന് വിശ്വസിക്കപ്പെടുന്ന ഖുര്‍ആന്‍ വചനങ്ങളെ തെറ്റാന്‍ സാധ്യതയുള്ള ശാസ്ത്ര സിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കുന്നത് അപടകരവും ബാലിശവുമാണെന്ന് കരുതുന്നവരുണ്ട്. ഖുര്‍ആന്‍ ശാസ്ത്രപഠനങ്ങള്‍ പരിധിവിടുമ്പോള്‍ അവ അപകടകരമായിത്തീരാറുണ്ടെന്നത് ശരിയാണ്. എന്നാല്‍ ഖുര്‍ആനിന്റെ ദൈവികത വ്യക്തമാക്കുന്ന പഠനങ്ങളെ മുഴുവന്‍ നിഷേധിക്കുവാന്‍ അത് കാരണമായിക്കൂടാ. ഖുര്‍ആന്‍-ശാസ്ത്ര പഠനങ്ങളുടെ യഥാര്‍ഥധര്‍മം മനസ്സിലാവാത്തതുകൊണ്ടാണ് ഇത്തരം വിമര്‍ശനങ്ങളുണ്ടാവുന്നത്.

ശാശ്വത മൂല്യങ്ങളാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അതിലെ പ്രധാനപ്പെട്ട പ്രതിപാദ്യങ്ങളെല്ലാം ശാസ്ത്രീയമായ അപഗ്രഥനത്തിന് പുറത്തുള്ളവയാണ്. സ്രഷ്ടാവും സംരക്ഷകനുമായ തമ്പുരാനിലുള്ള വിശ്വാസവും അവനെ മാത്രം ആരാധിക്കേണ്ടതിന്റെ ആവശ്യകതയുമാണ് ഖുര്‍ആനിക പരാമര്‍ശങ്ങളുടെ കേന്ദ്രബിന്ദു. പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന, പദാര്‍ഥം ലോകത്തിന് അതീതനായ അല്ലാഹുവിന്റെ അസ്തിത്വമോ അവന്റെ ആരാധ്യതയോ ശാസ്ത്രീയമായ അപഗ്രഥനത്തിന് കഴിയുന്നതല്ല. മരണാനന്തരജീവിതവും അതിലെ രക്ഷാ ശിക്ഷകളുമാണ് ഖുര്‍ആനില്‍ പ്രതിപാദിക്കപ്പെടുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം. ഇവയും ശാസ്ത്രീയമായ നിരീക്ഷണങ്ങള്‍ക്ക് അതീതമായ വസ്തുതകളാണ്.

നന്‍മതിന്‍മകളെക്കുറിച്ച ഉല്‍ബോധനമാണ് പിന്നീട് ഖുര്‍ആനിലുള്ളത്. ധര്‍മാധര്‍മങ്ങളെ വ്യവഛേദിക്കുവാന്‍ ശാസ്ത്രത്തിന്റെ പക്കല്‍ മാനദണ്ഡങ്ങളൊന്നുമില്ല. ഖുര്‍ആനിന്റെ പ്രധാനപ്പെട്ട പ്രമേയങ്ങളൊന്നും തന്നെ ശാസ്ത്രീയമായ അപഗ്രഥനത്തിന് പറ്റുന്നതല്ല. അതുകൊണ്ടുതന്നെ 'ഖുര്‍ആനിനെ ശാസ്ത്രീയമായി വ്യാഖ്യാനിക്കുക'യെന്ന് പറയുന്നത് തന്നെ ശുദ്ധഭോഷ്‌ക്കാണ്. ശാസ്ത്രത്തിന്റെ അപഗ്രഥന വിശദീകരണ പരിധിയില്‍ വരാത്ത കാര്യങ്ങളെ എങ്ങനെയാണ് ശാസ്ത്രീയമായി വ്യാഖ്യാനിക്കുക?

പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ച ഖുര്‍ആനിക പരാമര്‍ശങ്ങള്‍ തെറ്റു പറ്റാത്തവയാണെന്നതിന് ശാസ്ത്രീയ നിരീക്ഷണങ്ങള്‍ നല്‍കുന്ന തെളിവുകളെക്കുറിച്ച പഠനം ഖുര്‍ആനിനെ ശാസ്ത്രീയമായി വ്യാഖ്യാനിക്കലല്ല; അങ്ങനെ ആയിക്കൂടാ. ഖുര്‍ആനിന്റെ വെളിച്ചത്തില്‍ ശാസ്ത്രഗവേഷണങ്ങളെ പരിശോധനാവിധേയമാക്കലാണ് അത്. ഖുര്‍ആനിക പരാമര്‍ശങ്ങള്‍ എത്രത്തോളം കൃത്യവും തെറ്റുപറ്റാത്തവയുമാണെന്ന് മനസ്സിലാക്കുവാന്‍ ശാസ്ത്രീയ ഗവേഷണങ്ങളെ ഉപയോഗപ്പെടുത്തുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. അതല്ലാതെ, നിലവിലുള്ള ശാസ്ത്രജ്ഞാനത്തിന് അനുസൃതമായി ഖുര്‍ആന്‍ വചനങ്ങളെയോ പരാമര്‍ശങ്ങളെയോ വ്യാഖ്യാനിച്ച് വികലമാക്കലല്ല ഖുര്‍ആന്‍-ശാസ്ത്ര പഠനങ്ങള്‍ ചെയ്യേണ്ടത്. അങ്ങനെ വ്യാഖ്യാനിക്കുന്ന പഠനങ്ങള്‍ യാതൊരു ന്യായീകരണവുമര്‍ഹിക്കുന്നില്ല. തെറ്റു പറ്റാത്ത അല്ലാഹുവിന്റെ വചനങ്ങളെ വ്യാഖ്യാനിക്കുവാന്‍ അബദ്ധങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രത്തെ ഉപയോഗപ്പെടുത്തുന്നത് നീതീകരിക്കുവാന്‍ കഴിയാത്ത കാര്യമാണ്.

ശാസ്ത്രത്തിന്റെ തെറ്റുപറ്റാനുള്ള സാധ്യതയെക്കുറിച്ചു പറയുമ്പോള്‍ ശാസ്ത്രീയ നിഗമനങ്ങള്‍, സിദ്ധാന്തങ്ങള്‍, വസ്തുതകള്‍ എന്നിവ തമ്മിലുള്ള വ്യത്യാസം നാം കൃത്യമായി മനസ്സിലാക്കേണ്ടതാണ്. തനിക്ക് ലഭിച്ച വിവരങ്ങളുടെ വെളിച്ചത്തില്‍ ശാസ്ത്രജ്ഞന്‍ ആദ്യമായി ഒരു 'നിഗമന'ത്തില്‍ (hypothesis) എത്തിച്ചേരുന്നു. പ്രസ്തുത നിഗമനത്തിന് ഉപോല്‍ബലകമായ തെളിവുകള്‍ ശേഖരിക്കുകയും പ്രസ്തുത തെളിവുകളുടെ വെളിച്ചത്തില്‍ ഒരു സിദ്ധാന്തത്തിന് (theory) അയാള്‍ രൂപം നല്‍കുകയും ചെയ്യുന്നു. പ്രസ്തുത സിദ്ധാന്തം ശരിയാണെങ്കില്‍ കണ്ടുപിടിക്കപ്പെടേണ്ട കാര്യങ്ങളെക്കുറിച്ച പ്രവചനങ്ങള്‍ ശരിയാണെന്ന് സ്ഥിരീകരിക്കപ്പെടുന്നതോടെ അത് ശാസ്ത്രലോകം അംഗീകരിക്കുന്ന സിദ്ധാന്തങ്ങളുടെ ഗണത്തിലെത്തിച്ചേരുന്നു. സ്വീകരിക്കപ്പെട്ട സിദ്ധാന്തവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കപ്പെടുകയും ഉത്തരം കണ്ടെത്തേണ്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുകയും ചെയ്യുന്നതോടെ അത് ഒരു യാഥാര്‍ഥ്യമായി (fact) അംഗീകരിക്കപ്പെടുന്നു.

ശാസ്ത്രലോകത്ത് അംഗീകരിക്കപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ തെറ്റുപറ്റാത്തവയാകാമെങ്കിലും അവ വീണ്ടും വികസിക്കുവാന്‍ സാധ്യതയുള്ളതാണ്. സൂര്യപ്രകാശത്തില്‍ അടങ്ങിയിരിക്കുന്നത് സപ്തവര്‍ണങ്ങളാണ് (vibgyor) എന്നത് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ട ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍ സപ്തവര്‍ണങ്ങളെ കൂടാതെ അള്‍ട്രാവയലറ്റ്, ഇന്‍ഫ്രാറെഡ് തുടങ്ങിയ കിരണങ്ങള്‍ കൂടി സൂര്യപ്രകാശത്തിലുണ്ട് എന്നത് പ്രസ്തുത യാഥാര്‍ഥ്യത്തിന്റെ വികാസമാണ്. ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ട വസ്തുതകള്‍പോലും പൂര്‍ണമായിക്കൊള്ളണമെന്നില്ല എന്നര്‍ഥം.

വിശുദ്ധ ഖുര്‍ആനില്‍ അബദ്ധങ്ങളൊന്നുമില്ലെന്ന് ശാസ്ത്രീയമായ പഠനങ്ങള്‍ വ്യക്തമാക്കുന്നുവെന്ന് പറയുമ്പോള്‍ സ്ഥിരീകരിക്കപ്പെട്ട വസ്തുതകള്‍ ഖുര്‍ആനിന്റെ അപ്രമാദിത്വത്തെ അംഗീകരിക്കുന്നുവെന്ന് മാത്രമെ അര്‍ഥമാക്കുന്നുള്ളൂ. ശാസ്ത്രജ്ഞരുടെ നിഗമനങ്ങളും തെളിയിക്കപ്പെടാത്ത സിദ്ധാന്തങ്ങളും ചിലപ്പോള്‍ ഖുര്‍ആനിക പരാമര്‍ശങ്ങളോട് വൈരുധ്യം പുലര്‍ത്തുന്നുണ്ടാവാം. അവ ഖുര്‍ആനിന്റെ സാധുതയെ ഒരുവിധത്തിലും ബാധിക്കുന്നില്ല. പ്രസ്തുത സിദ്ധാന്തങ്ങള്‍ക്ക് അനുസൃതമായി ഖുര്‍ആനിനെ വ്യാഖ്യാനിക്കുവാന്‍ ശ്രമിക്കുന്നത് ദൈവികഗ്രന്ഥത്തോട് ചെയ്യുന്ന വലിയ പാതകമാണ്. ശാസ്ത്രലോകംതന്നെ അംഗീകരിച്ചു കഴിഞ്ഞിട്ടില്ലാത്ത സങ്കല്‍പ്പങ്ങള്‍ക്കു അനുസരിച്ച് സ്രഷ്ടാവിന്റെ വചനങ്ങളെ വ്യാഖ്യാനിച്ച് വികലമാക്കുന്നത് യാതൊരുവിധ ന്യായീകരണവുമര്‍ഹിക്കുന്നില്ല. തെളിയിക്കപ്പെട്ട വസ്തുകള്‍ക്ക് അനുസൃതമായി ഖുര്‍ആന്‍ വ്യാഖ്യാനിക്കേണ്ടതില്ല; വസ്തുതകള്‍ വ്യാഖ്യാനങ്ങളില്ലാതെത്തന്നെ ഖുര്‍ആന്‍ പരാമര്‍ശങ്ങളെ സത്യപ്പെടുത്തുന്നവയായിരിക്കും എന്നതാണ് യാഥാര്‍ഥ്യം. ഖുര്‍ആന്‍ ദൈവികമാണെന്നതിന് അംഗീകരിക്കപ്പെട്ട ശാസ്ത്രീയ വസ്തുതകള്‍ നല്‍കുന്ന തെളിവുകള്‍ വെളിപ്പെടുത്തുകയാണ്, ശാസ്ത്രത്തിനനുസരിച്ച് ഖുര്‍ആന്‍ വ്യാഖ്യാനിക്കുകയല്ല ഖുര്‍ആന്‍-ശാസ്ത്ര പഠനങ്ങളുടെ ലക്ഷ്യമെന്ന് ചുരുക്കം.

ഖുര്‍ആനില്‍ എല്ലാ ശാസ്ത്രീയ വസ്തുതകളും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നോ അതില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ മാത്രമാണ് ശാസ്ത്രീയ ഗവേഷണങ്ങള്‍ പുറത്തുകൊണ്ടുവരുന്നത് എന്നോ ഉള്ള അവകാശ വാദങ്ങളൊന്നും മുസ്‌ലിംകള്‍ക്കില്ല. ഖുര്‍ആന്‍ ശാസ്ത്രം പഠിപ്പിക്കുവാന്‍ വേണ്ടി അവതരിപ്പിക്കപ്പെട്ടതല്ല എന്നതുകൊണ്ടുതന്നെ അതില്‍ സകല ശാസ്ത്രവും ഉണ്ടെന്ന് ആര്‍ക്കും അവകാശപ്പെടാനാവില്ല; അങ്ങനെ ആരും അവകാശപ്പെടുന്നുമില്ല. പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ച് പരാമര്‍ശങ്ങളുള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ വചനങ്ങളുടെ കൃത്യതയും അപ്രമാദിത്വവും ശാസ്ത്രീയ ഗവേഷണങ്ങള്‍ വ്യക്തമാക്കുകയാണ് ചെയ്യുന്നത് എന്നാണ് മുസ്‌ലിംകള്‍ അവകാശപ്പെടുന്നത്. ഇതൊരു കേവലമായ അവകാശവാദമല്ല. ആര്‍ക്കും പരിശോധിച്ച് സ്വയം തന്നെ ബോധ്യപ്പെടാന്‍ കഴിയുന്ന വസ്തുതയാണത്. തങ്ങളുടെ കൈവശമുള്ള പൗരാണികമോ ആധുനികമോ ആയ ഏത് മാനദണ്ഡമുപയോഗിച്ച് പരിശോധനാവിധേയമാക്കിയാലും ഖുര്‍ആന്‍ അബദ്ധങ്ങളില്‍ നിന്നു മുക്തമാണെന്ന് ആര്‍ക്കും മനസ്സിലാവും.

ശാസ്ത്രീയ വസ്തുതകള്‍ മുഴുവനുമോ ഗവേഷണങ്ങളിലൂടെ നിര്‍മ്മിച്ചെടുക്കുന്ന സാമഗ്രികളെക്കുറിച്ച വിവരങ്ങളോ ഖുര്‍ആനില്‍ മുമ്പേ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതല്ല നമ്മുടെ അവകാശവാദമെന്ന വസ്തുത ഖുര്‍ആനിന്റെ അനുകൂലികളും പ്രതികൂലികളും ഒരേപോലെ മനസ്സിലാക്കേണ്ടതുണ്ട്. ഖുര്‍ആനില്‍ അബദ്ധങ്ങളില്ലെന്ന യാഥാര്‍ഥ്യത്തിന് ശാസ്ത്രീയമായ ഗവേഷണങ്ങള്‍ തെളിവു നല്‍കുന്നുവെന്നാണ് മുസ്‌ലിംകളുടെ വാദം.

ഇത് വേണ്ട രൂപത്തില്‍ മനസ്സിലാക്കാത്തതിനാല്‍ ചിലപ്പോഴെല്ലാം ഖുര്‍ആന്‍ ശാസ്ത്ര പഠനങ്ങള്‍പരിധിവിട്ട അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന അവസ്ഥയിലെത്തിച്ചേറാറുണ്ട്. ഖുര്‍ആനിലുള്ളതെല്ലാം ശാസ്ത്രമാണെന്നും ഖുര്‍ആനിന്റെ അംഗീകാരമില്ലാത്തതൊന്നും ശാസ്ത്രമല്ലെന്നുമുള്ള രീതിയിലുള്ള പരാമര്‍ശങ്ങളും ശാസ്ത്രത്തിന് വിശദീകരിക്കുവാന്‍ കഴിഞ്ഞിട്ടില്ലാത്ത മേഖലകളെക്കുറിച്ച ഖുര്‍ആന്‍ പരാമര്‍ശങ്ങളെ ശാസ്ത്രീയമായി വ്യാഖ്യാനിക്കുവാനുള്ള ത്വരയുമെല്ലാം പരിധിവിട്ടതും അംഗീകരിക്കുവാന്‍ കഴിയാത്തതുമാണ്. ഒരു കളങ്കവുമില്ലാത്ത വിശുദ്ധ നെയ്യാണ് ശാസ്ത്രമെന്ന ധാരണയുടെ വെളിച്ചത്തിലാണ് ഇത്തരം കസര്‍ത്തുകളെല്ലാം അരങ്ങേറാറുള്ളത്. ശാസ്ത്ര നിഗമനങ്ങളും സിദ്ധാന്തങ്ങളും വസ്തുതകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച ശാസ്ത്രദര്‍ശനത്തിന്റെ കാഴ്ചപ്പാട് എന്താണെന്നുപോലും ഇത്തരം വ്യാഖ്യാനവിശാരദന്‍മാര്‍ പരിഗണിക്കാറില്ല. ശാസ്ത്രത്തിന്റെ ലേബലില്‍ കാണപ്പെടുന്നതെല്ലാം സത്യമാണെന്ന ധാരണയുടെ വെളിച്ചത്തില്‍ നടക്കുന്ന ഇത്തരം ഖുര്‍ആന്‍-ശാസ്ത്ര പഠനങ്ങള്‍ക്ക് ഖുര്‍ആനിന്റെ അംഗീകാരമില്ല; അവയ്ക്ക് ശാസ്ത്രീയമായ അടിത്തറയുമുണ്ടാകാറില്ല. അങ്ങനെയുള്ള പഠനക്കസര്‍ത്തുകള്‍ മുന്നില്‍വെച്ച്, ഖുര്‍ആനില്‍ അബദ്ധങ്ങളൊന്നുമില്ലെന്ന വസ്തുതയ്ക്ക് ശാസ്ത്രം സാക്ഷ്യം വഹിക്കുന്നുവെന്ന വസ്തുത വ്യക്തമാക്കുന്ന ഗവേഷണങ്ങളെ പിന്തിരിപ്പിക്കാനായി അവതരിപ്പിക്കുന്നത് ന്യായീകരണമര്‍ഹിക്കുന്നില്ല.

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

ര്‍വ്വശക്തനായ സ്രഷ്ടാവില്‍നിന്ന് അവതരിപ്പിക്കപ്പെട്ടതാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരേയൊരു വേദഗ്രന്ഥമാണ് ഖുര്‍ആന്‍.

''തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു.'' (ഖുര്‍ആന്‍ :26:192)

''. ഈ ഗ്രന്ഥത്തിന്റെ അവതരണം സര്‍വ്വലോകരക്ഷിതാവിങ്കല്‍ നിന്നാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല.'' (ഖുര്‍ആന്‍ : 32: 2)

''പരമകാരുണികന്‍; ഈ ഖുര്‍ആന്‍ പഠിപ്പിച്ചു.'' (ഖുര്‍ആന്‍ : 55:1,2)

ദൈവികഗ്രന്ഥത്തില്‍ അബദ്ധങ്ങളൊന്നുമുണ്ടാകുവാന്‍ പാടില്ല; തെറ്റുപറ്റാത്തവനായ പടച്ചവനില്‍നിന്ന് അവതീര്‍ണമായതെന്ന് അവകാശപ്പെടുന്ന ഗ്രന്ഥത്തില്‍ തെറ്റുകളുണ്ടാകുവാന്‍ പാടില്ലെന്നത് സാമാന്യമായ ഒരു വസ്തുതയാണ്. എന്നാല്‍ മനുഷ്യരുടെ രചനകള്‍ അങ്ങനെയല്ല; എത്ര വലിയ ബുദ്ധിജീവിയുടെ രചനയാണെങ്കിലും അതില്‍ അബദ്ധങ്ങളുണ്ടാകാവുന്നതാണ്. അവ ചിലപ്പോള്‍ അയാളുടെ ജീവിതകാലത്ത്തന്നെ വെളിപ്പെടും. അതല്ലെങ്കില്‍ തലമുറകള്‍ കഴിഞ്ഞായിരിക്കും അത് ബോധ്യപ്പെടുക. മനുഷ്യരുടെ അറിവ് പരിമിതമായതിനാലും അത് വളര്‍ന്നുകൊണ്ടിരിക്കുന്നതിലുമാണ് ഇത്. ഇന്നലെയുള്ള അറിവിന്റെ അടിസ്ഥാനത്തില്‍ എഴുതിയതിലെ അബദ്ധങ്ങള്‍ ഇന്ന് കൂടുതല്‍ കൃത്യമായ അറിവ് ലഭിക്കുമ്പോള്‍ നാം തിരുത്തുന്നു. വിജ്ഞാനവര്‍ധനവിനനുസരിച്ച് സംഭവിക്കുന്ന സ്വാഭാവികമായ മാനവിക പ്രക്രിയയാണിത്. എല്ലാം അറിഞ്ഞു കഴിഞ്ഞുവെന്ന ഒരു അവസ്ഥ മാനവസമൂഹത്തിന് ഒരിക്കലും ഉണ്ടാകുവാന്‍ പോകുന്നില്ല എന്നിരിക്കെ ഈ തിരുത്തല്‍ പ്രക്രിയ മനുഷ്യാവസാനംവരെ തുടര്‍ന്നുകൊണ്ടിരിക്കും. ഒരു വിജ്ഞാനീയവും ഒരിക്കലും സ്വയം സമ്പൂര്‍ണമാകുന്നില്ല എന്നതുകൊണ്ടുതന്നെ അതിലുള്ള അറിവ് എപ്പോഴും വര്‍ധമാനമായിരിക്കുകയും പ്രസ്തുത വര്‍ധനവിനനുസരിച്ച് ഇന്നലെത്തെ വിവരങ്ങള്‍ തിരുത്തപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യും.

സ്രഷ്ടാവ് സര്‍വ്വജ്ഞനാണ്. അവന്റെ അറിവ് എന്നും സ്വയം സമ്പൂര്‍ണമാണ്. പ്രസ്തുത അറിവിലേക്ക് യാതൊന്നും കൂട്ടിച്ചേര്‍ക്കപ്പെടുകയോ അതില്‍നിന്ന് എന്തെങ്കിലും കുറയുകയോ ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ അവന്റെ വചനങ്ങളില്‍ അബദ്ധങ്ങളുണ്ടായിക്കൂടാ. ദൈവികമെന്നവകാശപ്പെടുന്ന ഏതെങ്കിലുമൊരു ഗ്രന്ഥത്തില്‍ അബദ്ധങ്ങളുണ്ടെങ്കില്‍ പ്രസ്തുത അവകാശവാദം തെറ്റാണെന്നതിന് അതുതന്നെ മതിയായ തെളിവാണ്.

പ്രപഞ്ചത്തെയും പ്രകൃതിയെയും കുറിച്ച വസ്തുനിഷ്ഠമായ പഠനമാണ് ശാസ്ത്രം. ശാസ്ത്രീയമായ വിജ്ഞാനീയങ്ങളെല്ലാം വര്‍ധമാനമായ അറിവിന്റെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തപ്പെട്ടവയാണ്. നമ്മുടെ അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് ഓരോ വിജ്ഞാനത്തിലുമുള്ള പൂര്‍വ്വകാല ധാരണകളില്‍ പലതും ചോദ്യം ചെയ്യപ്പെടുകയും തിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്നലെ ശരിയായിരുന്നുവെന്ന് കരുതിയവ തെറ്റാണെന്ന് മനസ്സിലാവുകയും പുതിയതും കൃത്യവുമായ ശരികളിലെത്തിച്ചേരുകയും ചെയ്യുകയെന്നത് ശാസ്ത്രലോകത്തെ സ്വാഭാവികമായ പ്രതിഭാസമാണ്. വിജ്ഞാനീയങ്ങളെക്കുറിച്ച പ്രതിപാദനങ്ങളുള്‍ക്കൊള്ളുന്ന ഒരു ഗ്രന്ഥത്തില്‍ തലമുറകള്‍ കഴിഞ്ഞിട്ടും തിരുത്തലുകളൊന്നും വേണ്ടിവരുന്നില്ലയെന്ന വര്‍ത്തമാനം ശാസ്ത്രലോകത്തിന് തീരെ ഉള്‍ക്കൊള്ളാനാവാത്തതാണ്. പ്രകൃതിയെയും പ്രാപഞ്ചിക പ്രതിഭാസങ്ങളെയും കുറിച്ച പരാമര്‍ശങ്ങളുണ്ടെങ്കില്‍ അതില്‍ തിരുത്തലുകള്‍ ആവശ്യമായിവരും എന്നതാണ് ശാസ്ത്രലോകത്തിന്റെ പൊതുവായ കാഴ്ചപ്പാട്.

ഖുര്‍ആന്‍ ദൈവികമാണെന്ന വസ്തുത ബോധ്യപ്പെടുന്ന പ്രധാനപ്പെട്ട മേഖലകളിലൊന്നാണിത്. പ്രപഞ്ചത്തെയും പ്രകൃതിയെയും കുറിച്ച നിരവധി പരാമര്‍ശങ്ങള്‍ പരിശുദ്ധ ഖുര്‍ആനിലുണ്ട്. മനുഷ്യരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുന്ന വിജ്ഞാനീയങ്ങളിലുള്ള പരാമര്‍ശങ്ങളാല്‍ നിബിഢമാണ് ഖുര്‍ആന്‍ വചനങ്ങള്‍. പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിരക്ഷരനായ ഒരു മനുഷ്യന്റെ (സ) നാവിലൂടെയാണ് ലോകം ഈ വചനങ്ങള്‍ ശ്രവിച്ചത്. ഇന്നു നാം ഉപയോഗിക്കുന്ന ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ വെച്ചു നോക്കുമ്പോള്‍ വിജ്ഞാനീയങ്ങള്‍ അവയുടെ ഭ്രൂണദശപോലും പ്രാപിച്ചിട്ടില്ലാത്ത സമയത്താണ് ഖുര്‍ആന്‍ വചനങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. മറ്റു ഗ്രന്ഥങ്ങളെ പരിശോധിക്കുവാന്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങള്‍ വെച്ചു നോക്കുമ്പോള്‍ ഖുര്‍ആന്‍ അബദ്ധങ്ങളാല്‍ നിബിഢമാകേണ്ടതാണ്. എന്നാല്‍, അത്ഭുതം! ഖുര്‍ആനില്‍ അബദ്ധങ്ങളൊന്നും തന്നെ കണ്ടെത്തുവാന്‍ കഴിയുന്നില്ല. ഖുര്‍ആന്‍ പരാമര്‍ശിച്ച കാര്യങ്ങളുമായി ബന്ധപ്പെട്ട വിജ്ഞാനീയങ്ങളുടെ വളര്‍ച്ച അതില്‍ അബദ്ധങ്ങളുണ്ടെന്ന് സ്ഥാപിക്കുകയല്ല, പ്രത്യുത അതില്‍ സുബദ്ധങ്ങളേയുള്ളുവെന്ന് സ്ഥിരീകരിക്കുകയാണ് ചെയ്തിട്ടുള്ളത്.

പതിനാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് ലോകം ശ്രവിച്ച ഒരു ഗ്രന്ഥത്തില്‍, പ്രപഞ്ചത്തെയും അതിന്റെ നിലനില്‍പിനെയും, ഭൂമിയെയും അതിലെ ജീവജാലങ്ങളെയും, മനുഷ്യനെയും അവനെ നിലനിര്‍ത്തുന്ന പ്രകൃതി പ്രതിഭാസങ്ങളെയും, സൂര്യനെയും ചന്ദ്രനെയും സമുദ്രത്തെയും കാറ്റിനെയും മഴയെയും മനുഷ്യന്റെ ഭ്രൂണ പരിണാമത്തെയുമെല്ലാമുള്ള പരാമര്‍ശങ്ങളുണ്ടായിട്ട് അതിലൊന്നും യാതൊരു അബദ്ധങ്ങളുമില്ലെന്നത് അത്ഭുതകരം തന്നെയാണ്. വര്‍ധമാനമായ അറിവിന്റെ ഉടമയായ മനുഷ്യനില്‍ നിന്നുള്ളതല്ല ഈ ഗ്രന്ഥമെന്ന വസ്തുത വ്യക്തമാക്കുന്നതാണ് ഇത്. പൂര്‍ണമായ അറിവിന്റെ നാഥന് മാത്രമെ ഒരിക്കലും തെറ്റു പറ്റാത്ത ഒരു ഗ്രന്ഥം അവതരിപ്പിക്കാനാവൂ. പുതിയ പുതിയ ശാസ്ത്രീയ ഗവേഷണങ്ങള്‍ ഖുര്‍ആന്‍ വചനങ്ങളുടെ കൃത്യതയും അപ്രമാദിത്വവും വ്യക്തമാക്കുമ്പോള്‍ അത് ദൈവികമാണെന്ന വസ്തുത കൂടുതല്‍ തെളിഞ്ഞു വരികയാണ് ചെയ്യുന്നത്. ശാസ്ത്രീയമായ ഗവേഷണങ്ങള്‍ ഖുര്‍ആനിന്റെ ദൈവികതയ്ക്ക് തെളിവുകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നതെന്ന് പറയുന്നത് ഇതുകൊണ്ടാണ്.

ശാസ്ത്രം എത്ര തന്നെ വളർന്നാലും ഖുർആനിൽ തെറ്റുകളൊന്നും കണ്ടെത്താനാവില്ലെന്ന് ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയുള്ളതാണ് ക്വുർആൻ-ശാസ്ത്രപഠനങ്ങൾ. പ്രകൃതിപ്രതിഭാസങ്ങളെക്കുറിച്ച ക്വുർആനിലെ പരാമർശങ്ങൾ കൃത്യവും അബദ്ധമുക്തവുമാണെന്ന വസ്തുത ശാസ്ത്രീയമായ പഠനങ്ങളുടെ വെളിച്ചത്തിൽ വ്യക്തമാക്കുന്നതിനു വേണ്ടിയുള്ളതാണത്. ക്വർആനിനെ ശാസ്ത്രീയമായി വ്യാഖ്യാനിക്കുകയോ ശാസ്തത്തെ ക്വുർആനിനനുസരിച്ച് വളച്ചോടിക്കുകയോ ചെയ്യുന്നതിന് വേണ്ടിയുള്ളതല്ല അത്.

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

ല്ല. കഞ്ഞിന്റെ സൃഷ്ടിയിൽ പുരുഷസ്രവത്തിനും സ്ത്രീസ്രവത്തിനും പങ്കുണ്ടെന്നും അവ കൂട്ടിച്ചെർന്നാണ് കുഞ്ഞുണ്ടാവുന്നത് എന്നും തന്നെയാണ് ഖുർആനും ഹദീഥുകളും വ്യക്തമാക്കുന്നത്. മനുഷ്യനെ ജലത്തില്‍നിന്നാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പ്രസ്താവിക്കുന്ന ക്വുര്‍ആന്‍ വചനങ്ങള്‍ സൂചിപ്പിക്കുന്നത് പുരുഷസ്രവത്തില്‍നിന്നുള്ള മനുഷ്യ സൃഷ്ടിയാണെന്നാണ് പ്രമുഖരായ ക്വുര്‍ആന്‍ വ്യാഖ്യാതക്കളെല്ലാം അഭിപ്രായപ്പെട്ടിരിക്കുന്നതെന്നത് ശരിയാണ് . ജലത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിച്ചതായി പരാമര്‍ശിക്കുന്ന സുറത്തുല്‍ ഫുര്‍ക്വാനിലെ 25ാം വചനത്തിന് വ്യാഖ്യാനമായി നിസ്സാരമായ ജലത്തില്‍നിന്നാണ് മനുഷ്യ സൃഷ്ടി നടന്നതെന്ന സൂറത്തുല്‍ മുര്‍സലാത്തിലെ 20ാം വചനവും 'നിസാരമായ ഒരു ജലത്തിന്റെ സത്തില്‍' നിന്നാണ് അത് നടന്നതെന്ന സൂറത്തുസ്സജദയിലെ എട്ടാം വചനവും നിലകൊള്ളുന്നുണ്ട്. ഈ വചനങ്ങള്‍ താരതമ്യം ചെയ്ത് പരിശോധിച്ചാല്‍ മനുഷ്യനെ സൃഷ്ടിച്ച ജലമായി ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നത് പുരുഷസ്രവമാണെന്നു തന്നെയാണ് മനസ്സിലാവുക.

സ്ത്രീയുടെ സ്രവത്തെക്കുറിച്ച് ക്വുര്‍ആനില്‍ നേര്‍ക്കുനേരെയുള്ള പരാമര്‍ശങ്ങളൊന്നുമില്ലെങ്കിലും സ്വുല്‍ബിന്റെയും തറാഇബിന്റെയും ഇടയില്‍നിന്ന് പുറപ്പെടുന്ന തെറിച്ചുവീഴുന്ന ദ്രാവകത്തില്‍നിന്നാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് പറയുന്ന സൂറത്തുത്ത്വാരിഖിലെ ആറും ഏഴും വചനങ്ങളെ വ്യാഖ്യാനിച്ച പ്രവാചകാനുചരന്‍മാരില്‍ ക്വുര്‍ആന്‍ വ്യാഖ്യാനത്തിന് പ്രസിദ്ധനായ ഇബ്‌നു അബ്ബാസും(റ) മറ്റൊരു സ്വഹാബിയായ ഇക്‌രിമ(റ)യും പുരുഷന്റെ സ്വുല്‍ബില്‍നിന്ന് പുറപ്പെടുന്ന ദ്രാവകവും സ്ത്രീയുടെ തറാഇബില്‍നിന്ന് പുറപ്പെടുന്ന ദ്രാവകവും ഒരുമിച്ചു ചേര്‍ന്നാണ് കുഞ്ഞുണ്ടാകുന്നതെന്ന് വ്യാഖ്യാനിച്ചതായി ഇമാം ത്വബരി രേഖപ്പെടുത്തുന്നുണ്ട്.(തഫ്‌സീര്‍ അത്ത്വബ്‌രി) പ്രസിദ്ധ ക്വുര്‍ആന്‍ വ്യാഖ്യാതക്കളായ ത്വബ്‌രി, സമഖ്ശരി, ത്വബ്‌റാനി, റാസി, ക്വുര്‍തുബി, ഇബ്‌നുകഥീര്‍, ജലാലൈനി, ശൗക്വാനി തുടങ്ങിയവരെല്ലാം പുരുഷന്റെ സ്വുല്‍ബില്‍നിന്നും സ്ത്രീയുടെ തറാഇബില്‍നിന്നും പുറപ്പെടുന്ന ദ്രാവകങ്ങളുടെ മിശ്രണത്തില്‍നിന്നാണ്് കുഞ്ഞുണ്ടാവുന്നതെന്നാണ് ഈ ആയത്ത് അര്‍ത്ഥമാക്കുന്നതെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. സ്ത്രീസ്രവവും പുരുഷസ്രവവും കൂടിച്ചേര്‍ന്നാണ് കുഞ്ഞുണ്ടാകുന്നതെന്ന് പ്രവാചകാനുചരന്‍മാര്‍ പരിശുദ്ധ ക്വുര്‍ആനില്‍ നിന്നു മനസ്സിലാക്കിയിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.

ഹദീഥുകള്‍ ഇവ്വിഷയകമായ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കുന്നുണ്ട്. 'സ്ത്രീകള്‍ക്ക് സ്രവമുണ്ടാകുമോ?'യെന്ന ഉമ്മുസുലൈമി (റ)ന്റെ ചോദ്യത്തിന് പ്രവാചകന്‍(സ) നല്‍കിയ മറുപടിയില്‍നിന്ന് അക്കാലത്തെ പൊതുവിശ്വാസവും അതിലെ കൃത്യമായ പ്രവാചകതിരുത്തലും നമുക്ക് ലഭിക്കുന്നു. സ്വഹീഹുല്‍ ബുഖാരിയില്‍ ഉമ്മുസലമ(റ)യില്‍നിന്ന് നിവേദനം ചെയ്യപ്പെട്ട ഈ ഹദീഥില്‍നിന്ന് സ്ത്രീയുടെ സ്രവത്തെക്കുറിച്ച് അക്കാലത്തെ സ്ത്രീകള്‍ക്കുതന്നെ അറിയില്ലായിരുന്നുവെന്ന് മനസ്സിലാക്കാം.

അത്ഭുതത്തോടുകൂടിയാണ് ഉമ്മുസുലൈം 'സ്ത്രീകള്‍ക്ക് സ്രവമുണ്ടാകുമോ?'യെന്ന് ചോദിക്കുന്നത്. സംശയം ചോദിക്കുകയെന്നതിലുപരി അങ്ങനെ ഉണ്ടാവില്ലല്ലോയെന്ന് ദ്യോതിപ്പിച്ചുകൊണ്ടുള്ള പ്രസ്തുത ചോദ്യത്തിന് 'അതെ! ഇതെന്തൊരു ചോദ്യം? പിന്നെയെങ്ങനെയാണ് കുട്ടിക്ക് അവളോട് സാദൃശ്യമുണ്ടാവുക?' എന്ന മറുചോദ്യമാണ് പ്രവാചകന്‍ (സ) മറുപടിയായി നല്‍കുന്നത്. സ്ത്രീകള്‍ക്ക് സ്രവമുണ്ടെന്ന് വ്യക്തമാക്കുക മാത്രമല്ല, അത് കുട്ടിയുടെ പാരമ്പര്യദാതാവുകൂടിയാണെന്ന് പഠിപ്പിക്കുകകൂടി ചെയ്യുന്നുണ്ട് ഈ പ്രവാചകവചനം. ഉമ്മുസുലൈമും(റ) പ്രവാചകനും(സ) തമ്മില്‍ നടന്ന ഈ സംഭാഷണം കൂറേക്കൂടി വിശദമായി ഇമാം മുസ്്‌ലിം(റ) അനസുബ്‌നു മാലിക്കില്‍ (റ) നിന്ന് നിവേദനം ചെയ്തിട്ടുണ്ട്. 'പുരുഷന്റെ സ്രവം വെളുത്തതും കട്ടിയുള്ളതുമാണ്; സ്ത്രീയുടെ സ്രവം മഞ്ഞ നിറത്തിലുള്ളതും നേര്‍മയുള്ളതുമാണ്. ഏത് സ്രവമാണോ മുന്‍കടക്കുന്നത് അതിനോടാണ് കുഞ്ഞിന് സാദൃശ്യമുണ്ടാവുക' എന്നുകൂടി ഉമ്മുസുലൈമിനോട്(റ) പ്രവാചകന്‍(സ) പറഞ്ഞതായി ഈ നിവേദനത്തിലുണ്ട്. വെളുത്ത, കട്ടിയായ പുരുഷസ്രവത്തോട് മഞ്ഞ, നേര്‍മയായ സ്ത്രീസ്രവം കൂടിച്ചേര്‍ന്നാണ് കുഞ്ഞുണ്ടാകുന്നതെന്നാണ് ഇവിടെ പ്രവാചകന്‍(സ) പഠിപ്പിക്കുന്നത്.

ഒരു ജൂത പണ്ഡിതന്റെ ചോദ്യങ്ങള്‍ക്കുള്ള പ്രവാചകന്റെ(സ) ഉത്തരത്തെപ്പറ്റി വിശദീകരിക്കുന്ന ഥൗബാന്‍(റ) നിവേദനം ചെയ്ത സ്വഹീഹ് മുസ്ലിമിലുള്ള ദീര്‍ഘമായ ഹദീഥിലും ശിശുവിന്റെ സൃഷ്ടിയെക്കുറിച്ച ചോദ്യത്തിനുള്ള വിശദമായ ഉത്തരം ആരംഭിക്കുന്നത് 'പുരുഷസ്രവം വെളുത്തനിറത്തിലുള്ളതും സ്ത്രീസ്രവം മഞ്ഞനിറത്തിലുള്ളതുമാണ്; അവ രണ്ടും കൂട്ടിച്ചെരുമ്പോൾ....' എന്നു പറഞ്ഞുകൊണ്ടാണ്. ജൂത ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞശേഷം 'അയാള്‍ എന്നോട് ചോദിച്ച കാര്യങ്ങളെക്കുറിച്ചൊന്നും അല്ലാഹു അറിയിച്ചുതരുന്നതുവരെ എനിക്ക് യാതൊരു വിവരവുമുണ്ടായിരുന്നില്ല' എന്ന് പറഞ്ഞതായുള്ള ഥൗബാനി (റ)ന്റെ പരാമര്‍ശം ശ്രദ്ധേയമാണ്. സ്വന്തം സ്രവത്തെക്കുറിച്ച് അറിയാത്ത സ്ത്രീകള്‍ക്കടക്കം നിങ്ങളുടെ സ്രവം മഞ്ഞനിറത്തിലുള്ളതാണ് എന്ന് പ്രവാചകന്‍(സ) പറഞ്ഞുകൊടുത്തത് വ്യക്തമായ ദൈവബോധനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുന്നതാണീ പ്രവാചകപരാമര്‍ശം.

ഏതാണീ മഞ്ഞ ദ്രാവകം? കുഞ്ഞിന്റെ സൃഷ്ടിയില്‍ പങ്കെടുക്കുന്ന പുരുഷസ്രവത്തിന്റെ നിറം 'അബ്‌യദ്വ്' ആണെന്നു പറഞ്ഞതിനുശേഷമാണ് സ്ത്രീ സ്രവത്തിന്റെ നിറം 'അസ്വ്ഫര്‍' (മഞ്ഞ) ആണെന്ന് പ്രവാചകന്‍ (സ) പറഞ്ഞത്. രണ്ടും കൂടിച്ചേര്‍ന്നാണ് കുഞ്ഞുണ്ടാകുന്നതെന്നും അതിനുശേഷം അദ്ദേഹം വ്യക്തമാക്കി. വെള്ള നിറത്തിലുള്ള പുരുഷസ്രവത്തെപോലെതന്നെ ബീജ സങ്കലനത്തില്‍ പങ്കെടുക്കുന്ന സ്ത്രീസ്രവത്തിന്റെ നിറം മഞ്ഞയാണെന്നാണ് പ്രവാചകന്‍ (സ) ഇവിടെ പഠിപ്പിക്കുന്നതെന്നുറപ്പാണ്. സ്ത്രീശരീരത്തില്‍നിന്ന് നിര്‍ഗളിക്കുന്ന ഏതു സ്രവത്തിനാണ് മഞ്ഞനിറമുള്ളതെന്ന കാര്യത്തില്‍ കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ ഏറെ ചര്‍ച്ച ചെയ്തതായി കാണാന്‍ കഴിയും. സ്ത്രീജനനേന്ദ്രിയത്തില്‍നിന്ന് നിര്‍ഗളിക്കുന്ന കാണാനാവുന്ന സ്രവങ്ങള്‍ക്കൊന്നും തന്നെ മഞ്ഞനിറമില്ലെന്ന വസ്തുതയാണ് വിശാലമായ ഇത്തരം ചര്‍ച്ചകളുടെ ഉല്‍ഭവത്തിന് നിമിത്തമായത്.

സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍നിന്ന് പുറത്തുവരുന്ന സ്രവങ്ങള്‍ മൂന്നെണ്ണമാണ്. തന്റെ ശരീരം ലൈംഗികബന്ധത്തിന് സജ്ജമായിയെന്ന് അറിയിച്ചുകൊണ്ട് സ്ത്രീജനനേന്ദ്രിയത്തില്‍നിന്ന് കിനിഞ്ഞിറങ്ങുന്ന ബര്‍ത്തോലിന്‍ സ്രവം(Bartholin fluid) ആണ് ഒന്നാമത്തേത്. യോനീമുഖത്തിനകത്തായി സ്ഥിതി ചെയ്യുന്ന പയര്‍വിത്തിന്റെ വലിപ്പത്തിലുള്ള രണ്ട് ബര്‍ത്തോലിന്‍ഗ്രന്ഥികള്‍ സ്ത്രീശരീരം ലൈംഗികമായി ഉത്തേജിപ്പിക്കപ്പെടുമ്പോള്‍ പുറപ്പെടുവിക്കുന്ന ഈ സ്രവത്തിന് നിറമില്ല. രതിമൂര്‍ച്ചയുടെ അവസരത്തില്‍ ചില സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍നിന്ന് പുറത്തുവരുന്ന പാരായുറിത്രല്‍ സ്രവമാണ്(Para urethral fluid) രണ്ടാമത്തെ യോനീ സ്രവം. യോനിയുടെ ആന്തരികഭിത്തിയില്‍ സ്ഥിതി ചെയ്യുന്ന പാരായുറിത്രല്‍ ഗ്രന്ഥികളില്‍നിന്നു വളരെ ചെറിയ അളവില്‍മാത്രം പുറത്തുവരുന്ന ഈ സ്രവം താരതമ്യേന കട്ടിയുള്ളതും വെള്ള നിറത്തിലുള്ളതുമായിരിക്കും. സ്ത്രീ ജനനേന്ദ്രിയത്തെ എല്ലായ്‌പ്പോഴും വരളാതെ സൂക്ഷിക്കുന്ന സെര്‍വിക്കല്‍ ശ്ലേഷ്മ (Cervical mucus) ആണ് മൂന്നാമത്തെ യോനീ സ്രവം. അണ്ഡോല്‍സര്‍ജനസമയമല്ലെങ്കില്‍ ഈ സ്രവം വഴുവഴുപ്പുള്ളതും നല്ല വെളുത്ത ക്രീം നിറത്തിലുള്ളതുമായിരിക്കും. അണ്ഡോല്‍സര്‍ജനത്തോടടുക്കുമ്പോള്‍ വെള്ളനിറം മങ്ങുകയും വഴുവഴുപ്പ് കുറയുകയും ചെയ്യുന്ന ഈ സ്രവം ഉല്‍സര്‍ജനസമയമാകുമ്പോഴേക്ക് ജലത്തെപ്പോലെ വര്‍ണരഹിതമാവുകയും മുട്ടയുടെ വെള്ളക്കരുവിനെപ്പോലെയായിത്തീരുകയും ചെയ്യും. അണുബാധയുണ്ടാകുമ്പോള്‍ മാത്രമാണ് സെല്‍വിക്കല്‍ ശ്ലേഷ്മത്തിന് മങ്ങിയ മഞ്ഞനിറമുണ്ടാകുന്നത്. സ്ത്രീജനനേന്ദ്രിയത്തില്‍നിന്ന് സാധാരണഗതിയില്‍ നിര്‍ഗളിക്കപ്പെടുന്ന മൂന്ന് സ്രവങ്ങളും വെളുത്തതോ നിറില്ലാത്തതോ ആണെന്നും ഹദീഥുകളില്‍ പറഞ്ഞ മഞ്ഞസ്രവമല്ല ഇവയെന്നും വ്യക്തമാണ്. ഇവയ്‌ക്കൊന്നുംതന്നെ കുഞ്ഞിന്റെ രൂപീകരണത്തില്‍ നേരിട്ട് പങ്കൊന്നുമില്ലതാനും.

കുഞ്ഞിന്റെ രൂപീകരണത്തിന് നിമിത്തമാകുന്ന സ്രവമെന്താണ് എന്ന ചോദ്യത്തിന് ഉത്തരം കാണാന്‍ ശ്രമിക്കുമ്പോഴാണ് ഹദീഥുകളില്‍ പറഞ്ഞ മഞ്ഞ സ്രവമേതാണെന്ന് നമുക്ക് മനസ്സിലാവുക. ആര്‍ത്തവചക്രത്തിന്റെ പതിനാലാം ദിവസം അണ്ഡാശയത്തിനകത്തെ പൂര്‍ണ വളര്‍ച്ചയെത്തിയ ഫോളിക്കിളില്‍ പ്രത്യക്ഷപ്പെടുന്ന ദ്വാരത്തിലൂടെ പ്രായപൂര്‍ത്തിയെത്തിയ അണ്ഡത്തെവഹിച്ചുകൊണ്ട് ഫോളിക്കുളാര്‍ ദ്രവവും ക്യൂമുലസ് കോശങ്ങളും പുറത്തേക്ക് തെറിച്ച് ഫലോപ്പിയന്‍ നാളിയുടെ അറ്റത്തുള്ള ഫിംബ്രയകളില്‍ പതിക്കുന്നതിനാണ് അണ്ഡോല്‍സര്‍ജനം (Ovulation) എന്നു പറയുന്നത്. രതിമൂര്‍ച്ചയോടനുബന്ധിച്ച് പുരുഷശരീരത്തില്‍ നടക്കുന്ന ശുക്ലസ്ഖലന(Ejaculation) ത്തിന് തുല്യമായി സ്ത്രീശരീരത്തില്‍ നടക്കുന്ന പ്രക്രിയയാണ് ഇതെങ്കിലും ഒരു ആര്‍ത്തവചക്രത്തില്‍ ഒരു തവണ മാത്രമാണ് ഇത് സംഭവിക്കുന്നത്. ശുക്ല സ്ഖലനവും അണ്ഡോല്‍സര്‍ജനവുമാണ് കുഞ്ഞിന്റെ സൃഷ്ടിക്ക് നിദാനമായി പുരുഷശരീരത്തിലും സ്ത്രീശരീരത്തിലും യഥാക്രമം സംഭവിക്കുന്ന രണ്ട് പ്രക്രിയകള്‍. പുരുഷബീജങ്ങളെ വഹിക്കുന്ന ശുക്ലദ്രാവകത്തെപ്പോലെ സ്ത്രീയുടെ അണ്ഡത്തെ വഹിക്കുന്ന ഫോളിക്കുളാര്‍ ദ്രവവും കുഞ്ഞിന്റെ നിര്‍മാണത്തിന് നിമിത്തമാകുന്ന ദ്രാവകമാണ്. ഹദീഥുകളില്‍ പറഞ്ഞ കുഞ്ഞിന്റെ സൃഷ്ടിക്ക് കാരണമായ സ്ത്രീസ്രവം അണ്ഡത്തെ വഹിക്കുന്ന ഫോളിക്കുളാര്‍ ദ്രാവകമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. അങ്ങനെയാണെങ്കില്‍ പുരുഷദ്രാവകം വെളുത്തതും സ്ത്രീദ്രാവകം മഞ്ഞയുമെന്ന് പരാമര്‍ശത്തിന്റെ വെളിച്ചത്തില്‍ പരിശോധിക്കുമ്പോള്‍ ഫോളിക്കുളാര്‍ ദ്രാവകത്തിന്റെ നിറം മഞ്ഞയായിരിക്കണം. എന്നാല്‍ എന്താണ് വസ്തുത?

പ്രായപൂര്‍ത്തിയെത്തുന്നതിനുമുമ്പുള്ള അണ്ഡാവസ്ഥയായ അണ്ഡത്തെ(Oocyte) സംരക്ഷിക്കുകയും വളര്‍ത്തിക്കൊണ്ടുവന്ന് ബീജസങ്കലനത്തിന് പറ്റിയ അണ്ഡമാക്കിത്തീര്‍ക്കുകയും ചെയ്യുകയാണ് ഫോളിക്കിളിന്റെ ധര്‍മം. പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ അവളുടെ അണ്ഡാശയത്തിലുള്ള പ്രായപൂര്‍ത്തിയെത്താത്ത അണ്ഡകങ്ങളെ പൊതിഞ്ഞ് ആദിമ ഫോളിക്കിളുകളുണ്ടാവും (Primordial follicles).  അവള്‍ പ്രായപൂര്‍ത്തിയാകുന്നതോടെ ഇതില്‍ ചില ഫോളിക്കിളുകള്‍ വളര്‍ന്നുവരികയും ഓരോ ആര്‍ത്തവചക്രത്തിന്റെയും ശരാശരി 14-16 ദിവസങ്ങള്‍ കഴിഞ്ഞ് പൊട്ടി പൂര്‍ണവളര്‍ച്ചയെത്തിയ അണ്ഡത്തെ (Ovum) പുറത്തുവിടുന്നതോടെ അവയുടെ ധര്‍മം അവസാനിക്കുകയും ചെയ്യുന്നു. ജനനസമയത്തുള്ള ഏകദേശം 1,80,000 ഫോളിക്കിളുകളില്‍ നാനൂറെണ്ണത്തോളം മാത്രമാണ് അണ്ഡോല്‍സര്‍ജനത്തിനുമുമ്പത്തെ വളര്‍ച്ചയെത്തുവാനുള്ള ഭാഗ്യമുണ്ടാകുന്നത്. പ്രസ്തുത വളര്‍ച്ചയ്ക്ക് വ്യത്യസ്തങ്ങളായ ഘട്ടങ്ങളുണ്ട്. ഇതിലെ ഓരോ ഘട്ടങ്ങളിലും അതു കടന്നുപോകാന്‍ കഴിയാത്ത ഫോളിക്കിളുകള്‍ മരിച്ചുപോകുന്നുണ്ട്. ഓരോ ആര്‍ത്തവചക്രത്തിലും ഇരുപതോളം ഫോളിക്കിളുകള്‍ വളര്‍ച്ചയെത്തുന്നുവെങ്കിലും ഒരെണ്ണത്തിന് മാത്രമാണ് ഫോളിക്കിള്‍ മരണമായ അട്രീഷ്യ(atresia)യില്‍നിന്ന് രക്ഷപ്പെട്ട് അണ്ഡോല്‍സര്‍ജനത്തിന് കഴിയുന്നത്. അട്രീഷ്യയില്‍ നിന്ന് രക്ഷപ്പെട്ട് അണ്ഡോല്‍സര്‍ജനത്തിന് കഴിയുന്ന ഫോളിക്കിളുകള്‍ രണ്ട് ദശകളിലൂടെയാണ് കടന്നുപോകുന്നത്. അണ്ഡോല്‍സര്‍ജനത്തിലൂടെ അവസാനിക്കുന്ന ഒന്നാമത്തെ ദശയെ ഫോളിക്കുളാര്‍ ദശfollicular phase) എന്നും അതിനുശേഷമുള്ള ദശയെ ലൂടിയല്‍ ദശ (luteal phase) എന്നുമാണ് വിളിക്കുക. ആര്‍ത്തവം മുതല്‍ അണ്ഡോല്‍സര്‍ജനം വരെയുള്ള ഫോളിക്കുളാര്‍ ദശയില്‍ അണ്ഡകം പൂര്‍ണവളര്‍ച്ചയെത്തിയ അണ്ഡമായിത്തീരുന്നതിനും യഥാരൂപത്തിലുള്ള അണ്ഡോല്‍സര്‍ജനം നടക്കുന്നതിനും വേണ്ടി വ്യത്യസ്തങ്ങളായ പ്രക്രിയകള്‍ നടക്കേണ്ടതുണ്ട്. ഈ പ്രക്രിയകളുടെ അവസാനമായി ശരീരത്തിലെ ഈസ്ട്രജന്‍ നില പരമാവധി ഉയരുകയും ലൂറ്റിനൈസിംഗ് ഹോര്‍മോണ്‍ (LH), ഫോളിക്കിള്‍ സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ (FSH) എന്നീ ഹോര്‍മോണുകളെ ഇതിന്റെ ഫലമായി ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. 24 മുതല്‍ 36 വരെ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഈ പ്രക്രിയയുടെ അന്ത്യം കുറിച്ചുകൊണ്ടാണ് അണ്ഡം വഹിക്കുന്ന പൂര്‍ണവളര്‍ച്ചയെത്തിയ ഫോളിക്കിളില്‍(Ovarian follicle) സ്റ്റിഗ്മയെന്ന് പേരുള്ള ദ്വാരമുണ്ടാവുകയും അത് പൊട്ടി അണ്ഡത്തെ വഹിച്ചുകൊണ്ട് ഫോളിക്കുളാര്‍ ദ്രവം പുറത്തേക്ക് തെറിക്കുകയും ചെയ്യുന്നത്. ഈ പുറത്തേക്കു തെറിക്കല്‍ പ്രക്രിയക്കാണ് അണ്ഡോല്‍സര്‍ജനം (Ovulation)എന്നു പറയുക.

ഫോളിക്കുളാര്‍ ദശയിലുടനീളം നടക്കുന്ന അണ്ഡവളര്‍ച്ചയ്ക്കും അതിന് ഉല്‍സര്‍ജിക്കാനാവശ്യമായസംവിധാനങ്ങളൊരുക്കുന്നതിനും നിമിത്തമാകുന്നത് FSHപ്രവര്‍ത്തനങ്ങളാണ്. പ്രസ്തുത ഉത്പാദനത്തോടനുബന്ധിച്ചാണ് ഹൈപ്പോതലാമസില്‍നിന്നുള്ള ഗൊണാടോട്രോപിന്‍ റിലീസിംഗ് ഹോര്‍മോണിന്റെ(GnRH) പ്രേരണയാല്‍ പിറ്റിയൂട്ടറിയില്‍നിന്ന് LHന്റെ ഉത്പാദനം നടക്കുന്നത്. ഈ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന പ്രോട്ടീന്‍ വിഘാടക രസങ്ങളായ പ്രോട്ടിയോലിറ്റിക് എന്‍സൈമുകളാണ്ഫോ(Proteolytic enzymes) ളിക്കിളിലുണ്ടാവുന്ന ദ്വാരമായ സ്റ്റിഗ്മക്ക് കാരണമാകുന്നത്. അണ്ഡോല്‍സര്‍ജനത്തിനുശേഷമുള്ള ഫോളിക്കിള്‍ അവശിഷ്ടങ്ങളെ നിയന്ത്രിക്കുന്നതും പ്രധാനമായി ഈ ഹോര്‍മോണാണ്. ലൂട്ടിയല്‍ ദശയില്‍ അണ്ഡം നഷ്ടപ്പെട്ട ഫോളിക്കിള്‍ അവശിഷ്ടങ്ങള്‍ കോര്‍പസ് ലൂടിയം(Lorpus Luteum) ആയിത്തീരുകയും മാതൃസ്വഭാവങ്ങളെ ഉദ്ദീപിക്കുന്ന പ്രോജസ്റ്ററോണ്‍ (Progesterone) ഹോര്‍മോണിന്റെ വര്‍ധിതമായ ഉത്പാദനത്തിന് നിമിത്തമാവുകയും ചെയ്യുന്നു.

എന്താണീ ലൂറ്റിനൈസിംഗ് ഹോര്‍മോണ്‍? മഞ്ഞയെന്ന് അര്‍ത്ഥം വരുന്ന ലൂറ്റിയസ് (Luteus) എന്ന ലാറ്റിന്‍ പദത്തിന്റെ നപുംസകരൂപമായ ലൂറ്റിയത്തില്‍നിന്നാണ് (Luteum) ലൂറ്റിനൈസ് (Luteinize)എന്ന ക്രിയയുണ്ടായിരിക്കുന്നത്. കോര്‍പ്പസ് ലൂടിയത്തിന്റെ നിര്‍മിതിക്ക് നിമിത്തമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് സാങ്കേതികമായി ലൂറ്റിനൈസ് എന്ന് പറയുന്നതെങ്കിലും പദപരമായി അതിനര്‍ത്ഥം 'മഞ്ഞയാക്കുന്നത്' എന്നാണ്. ലൂറ്റിനൈസിംഗ് ഹോര്‍മോണിന്റെ പ്രവര്‍ത്തനഫലമായാണ് ഫോളിക്കുളാര്‍ ദശ പിന്നിട്ട ഫോളിക്കിള്‍ അവശിഷ്ടങ്ങള്‍ കോര്‍പസ് ലൂടിയം ആയിത്തീരുന്നത്. കോര്‍പസ് ലൂടിയം എന്ന പദദ്വയത്തിനര്‍ത്ഥം മഞ്ഞ വസ്തുവെന്നാണ് (Yellow body). ലൂടിയല്‍ ദശയിലേക്ക് കടന്ന അണ്ഡം നഷ്ടപ്പെട്ട ഫോളിക്കിള്‍ അവശിഷ്ടങ്ങളെല്ലാം കൂടി രണ്ടു മുതല്‍ അഞ്ചു സെന്റീമീറ്റര്‍ വരെ വ്യാസത്തില്‍ ശരീരത്തില്‍ ഏതാനും ദിവസങ്ങള്‍ കൂടി അവശേഷിക്കും. മനുഷ്യരില്‍ ഇത് ഓറഞ്ചു നിറത്തിലാണ് കാണപ്പെടുന്നത്. അണ്ഡോല്‍സര്‍ജനത്തിന്റെ അവസാനഘട്ടത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന LH അതിന്റെ പ്രവര്‍ത്തനമാരംഭിക്കുകയും ഫോളിക്കുളാര്‍ ദ്രവത്തെ മഞ്ഞവല്‍ക്കരിക്കുകയും ചെയ്യും. ഫോളിക്കിളിലെ സ്റ്റിഗ്മ പൊട്ടി അണ്ഡത്തോടെ പുറത്തേക്ക് തെറിക്കുന്ന ഫോളിക്കുളാര്‍ ദ്രാവകത്തിന്റെ നിറം മഞ്ഞയായിരിക്കും. പുരുഷ ശുക്ലവുമായി താരതമ്യം ചെയ്യുമ്പോള്‍ കട്ടിയില്ലാത്തതും മഞ്ഞ നിറത്തിലുള്ളതുമായ ദ്രാവകമാണ് ഫോളിക്കിള്‍ പൊട്ടി പുറത്തേക്കൊഴുകുന്ന കുഞ്ഞിന്റെ നിര്‍മാണത്തിന് നിമിത്തമാകുന്ന സ്ത്രീസ്രവം എന്നര്‍ത്ഥം.

കുഞ്ഞിന്റെ സൃഷ്ടിക്ക് നിമിത്തമാകുന്ന സ്ത്രീസ്രവം മഞ്ഞനിറത്തിലുള്ളതും കട്ടി കുറഞ്ഞതുമാണെന്ന പ്രവാചകവചനം എത്രമാത്രം കൃത്യമാണെന്ന് നമുക്ക് ബോധ്യപ്പെടുന്നത് ഫോളിക്കിള്‍ രൂപാന്തീകരണത്തെക്കുറിച്ച (folliculogenesis) പുതിയ പഠനങ്ങളുടെ വെളിച്ചത്തിലാണ്. കോര്‍പ്പസ് ലൂടിയത്തെയും ലൂറ്റിനൈസിംഗ് ഹോര്‍മോണിന്റെ ധര്‍മത്തെയുമെല്ലാം കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി നടന്ന സാങ്കേതിക വിപ്ലവങ്ങളുടെ ഫലമായി ഉണ്ടായിവന്ന സൂക്ഷ്മദര്‍ശിനികളുപയോഗിച്ചുള്ള പഠനങ്ങള്‍ വഴിയാണ്. ഇപ്പോള്‍ മാത്രം നമുക്ക് മനസ്സിലായ ഇക്കാര്യം എങ്ങനെ പ്രവാചകന്‍(സ) അറിഞ്ഞുവെന്നതിന് അദ്ദേഹം തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. 'അയാള്‍ എന്നോട് ചോദിച്ച കാര്യങ്ങളെക്കുറിച്ചൊന്നും അല്ലാഹു അറിയിച്ചുതരുന്നതുവരെ എനിക്ക് യാതൊരു വിവരവുമുണ്ടായിരുന്നില്ല' എന്ന പ്രവാചക പ്രസ്താവനയില്‍നിന്ന് നബിവചനങ്ങളുടെ സ്രോതസ് എന്താണെന്ന് മനസ്സിലാക്കാനാവും. തന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കിയ നബി (സ)യോട് 'താങ്കള്‍ പറഞ്ഞത് സത്യമാണ്; താങ്കളൊരു ദൈവദൂതന്‍ തന്നെയാണ്'(സ്വഹീഹ്മുസ്‌ലിം) എന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടാണ് ജൂതപണ്ഡിതന്‍ തിരിച്ചുപോയതെന്ന വസ്തുത ശ്രദ്ധേയമാണ്. പൂര്‍വവേദങ്ങളെക്കുറിച്ച് അറിയാവുന്നവര്‍ക്ക് മുഹമ്മദ് നബി(സ)യെപ്പറ്റി സ്വന്തം മക്കളെ അറിയുന്നതുപോലെ അറിയാന്‍ കഴിഞ്ഞിരുന്നുവെന്ന ക്വുര്‍ആന്‍ പ്രസ്താവനയുടെ സത്യത കൂടി ഇവിടെ വെളിപ്പെടുന്നുണ്ട്: ''നാം വേദം നല്‍കിയിട്ടുള്ളവര്‍ക്ക് സ്വന്തം മക്കളെ അറിയാവുന്നത് പോലെ അദ്ദേഹത്തെ (റസൂലിനെ) അറിയാവുന്നതാണ്. തീര്‍ച്ചയായും അവരില്‍ ഒരു വിഭാഗം അറിഞ്ഞുകൊണ്ടുതന്നെ സത്യം മറച്ചുവെക്കുകയാകുന്നു.'' (ക്വുര്‍ആന്‍ 2:146)

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

ല്ല. പാരായണ വ്യത്യാസത്തിനനുസരിച്ച് ചില ആശയവ്യത്യാസങ്ങളുണ്ടാകാമെങ്കിലും അവ ഖുർആനിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നവയല്ല. ഏറെ പ്രചാരത്തിലുള്ള രണ്ട് ക്വിറാഅത്തുകളിലുള്ള പാരായണ വ്യത്യാസങ്ങള്‍ പരിശോധിച്ചാല്‍ അവ എത്രമാത്രം ക്വുര്‍ആനിന്റെ അഖണ്ഡതയെ ബാധിക്കാത്തതാണെന്ന് മനസ്സിലാവും.

സൂറത്തുല്‍ ബക്വറയിലെ 85-ാമത്തെ വചനത്തിന്റെ ഹഫ്‌സ് ഖിറാഅത്ത് (അല്‍ ക്വുര്‍ആനില്‍ കരീം ബി രിവായത്തി ഹഫ്‌സ്വ് അന്‍ ആസ്വിം, മുജമ്മ ഉല്‍ മലിക് ഫഹദ്, അല്‍ മദീനതുല്‍ മുനവ്വറ, 2002) പ്രകാരം 'തഅ്മലൂന്‍'’(നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്) എന്നതിനു പകരം വര്‍ശ് ഖിറാഅത്തിലുള്ളത് (അല്‍ ക്വുര്‍ആനില്‍ കരീം ബി രിവായത്തി വര്‍ഷ് അന്‍ നാഫിഅ്, ദാറുല്‍ മഅ്‌രിഫത്, ദിമശ്ഖ്, 2003) യഅ്മലൂന്‍’ (അവര്‍ പ്രവര്‍ത്തിക്കുന്നത്) എന്നാണ്. സൂറത്തുല്‍ ഹിജ്‌റിലെ 8ാം വചനത്തിന്റെ ഹഫ്‌സ് ഖിറാഅത്തില്‍ ‘മാ നുനസ്സിലു (നാം ഇറക്കുന്നതല്ല) എന്നാണെങ്കില്‍ വര്‍ശ് ഖിറാഅത്തില്‍ 'മാ തുനസ്സിലു' (നീ ഇറക്കുന്നതല്ല) എന്നാണുള്ളത്. സൂറത്തുല്‍ അമ്പിയാഇലെ നാലാമത്തെ വചനത്തിന്റെ തുടക്കം ഹഫ്‌സ് പ്രകാരം 'ഖാല'’(അദ്ദേഹം പറഞ്ഞു) എന്നാണെങ്കില്‍ വര്‍ശ് പ്രകാരം 'ഖുല്‍'’(നീ പറയുക) എന്നാണ്. സൂറത്തുല്‍ അഹ്‌സാബിന്റെ 68-ാം വചനം ഹഫ്‌സ് ക്വിറാഅത്തു പ്രകാരം അവസാനിക്കുന്നത് 'ലഅ്‌നന്‍ കബീറാ' (വമ്പിച്ച ശാപം) എന്ന പാരായണത്തോടെയാണെങ്കില്‍ വര്‍ശ് പ്രകാരം അത് 'ലഅ്‌നന്‍ കഥീറാ'’(വര്‍ധിച്ച ശാപം) എന്നാണ്. സൂറത്തുല്‍ ഫത്ഹിലെ 17ാമത്തെ വചനത്തില്‍‘'യുദ്ഖില്‍ഹു'’(അവന്‍ അവനെ പ്രവേശിപ്പിക്കും) എന്നാണ് ഹഫ്‌സ് ക്വിറാഅത്തിലുള്ളതെങ്കില്‍ അതിന്റെ വര്‍ശ് ഖിറാഅത്ത് 'നുദ്ഖില്‍ഹു' (നാം അവനെ പ്രവേശിപ്പിക്കും) എന്നാണ്.

ക്വുര്‍ആനിന്റെ സാരത്തെയോ പദവിന്യാസത്തെയോ യാതൊരു തരത്തിലും ബാധിക്കാത്ത ഇത്തരം പാരായണ വ്യത്യാസങ്ങള്‍ പോലും വളരെ പരിമിതമാണെന്ന വസ്തുത അതില്‍ കൂട്ടിച്ചേര്‍ക്കലുകളോ എടുത്തുമാറ്റലുകളോ നടന്നിട്ടില്ലെന്നാണ് വ്യക്തമാക്കുന്നതെന്ന് ഇവ്വിഷയകമായ വസ്തുനിഷ്ഠപഠനം നടത്തിയവരെല്ലാം ഉറക്കെ പറഞ്ഞിട്ടുണ്ട്. ഹഫ്‌സ്-വര്‍ശ് പാരായണഭേദങ്ങളെക്കുറിച്ച ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ച ഡോക്ടര്‍ ആഡ്രയന്‍ ബ്രോക്കറ്റ് പറയുന്നത് 'ഇത്തരം പാരായണ വ്യത്യാസങ്ങളുടെ എണ്ണം പരിമിതമാണെന്ന വസ്തുത വ്യക്തമാക്കുന്നത് അതിന് ഒരേയൊരു പാഠമേയുള്ളുവെന്ന സത്യമാണ്' (Adrian Brockett: "The Value of Hafs and Warsh Transmissions for the Textual History of The Qur'an'' in Andrew RÆpin (Ed.), Opt. Cit. Page 33.) എന്നാണ്.

അദ്ദേഹം എഴുതുന്നത് കാണുക:‘'ക്വുര്‍ആന്‍ വാചികമായി മാത്രമായിരുന്നു ആദ്യനൂറ്റാണ്ടുകളില്‍ സംപ്രേഷണം ചെയ്തിരുന്നതെങ്കില്‍ ഹദീഥ് സാഹിത്യങ്ങളിലും ഇസ്‌ലാംപൂര്‍വകവിതകളിലും കാണപ്പെടുന്നതുപോലെ പാഠങ്ങള്‍ (text) തമ്മില്‍ കാര്യമാത്രപ്രസക്തമായ വ്യത്യാസങ്ങള്‍ അതില്‍ കാണപ്പെടുമായിരുന്നു. എഴുത്തുരൂപത്തില്‍ മാത്രമാണ് അത് സംപ്രേഷണം ചെയ്യപ്പെട്ടിരുന്നതെങ്കില്‍ മദീനാഭരണഘടനയുടെ ഒറിജിനല്‍ രേഖകളിലുള്ളതുപോലെ പരിഗണനക്കര്‍ഹമായ വ്യത്യാസങ്ങള്‍ രേഖകളിലും ഉണ്ടാകുമായിരുന്നു. എന്നാല്‍ ക്വുര്‍ആനിന്റെ കാര്യം ഇതു രണ്ടുമല്ല. ഒരേ സമയം തന്നെ വാചികമായ സംപ്രേഷണവും സമാന്തരമായി രേഖകളിലൂടെയുള്ള സംപ്രേഷണവും നിലനിന്നതിനാല്‍ അവ പരസ്പരം സംരക്ഷിക്കുകയും എല്ലാ തരത്തിലുമുള്ള കൈകടത്തലുകളില്‍ നിന്നും ക്വുര്‍ആനിനെ മുക്തമാക്കുകയും ചെയ്തു'.  (Ibid, Page 44.)

‘''മുഹമ്മദിനു ശേഷമുള്ള ക്വുര്‍ആനിന്റെ സംപ്രേഷണം മാറ്റങ്ങളൊന്നുമില്ലാത്ത രീതിയില്‍ തികച്ചും അദ്ദേഹം പറഞ്ഞുകൊടുത്ത പോലെത്തന്നെയായിരുന്നു. ഒരേയൊരു പാഠം മാത്രമേ അതിനുണ്ടായിരുന്നുള്ളൂ. ദുര്‍ബലപ്പെടുത്തപ്പെട്ടതായി ആരോപിക്കപ്പെടുന്ന വചനങ്ങളടക്കം യാതൊന്നും തന്നെ അതില്‍ നിന്ന് എടുത്തു മാറ്റപ്പെട്ടിട്ടില്ല; ഒന്നും കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുമില്ല''.  (Ibid, Page 44.)

അതെ! അവതരിപ്പിക്കപ്പെട്ട രൂപത്തില്‍ മാറ്റങ്ങളൊന്നുമില്ലാതെ നിലനില്‍ക്കുന്ന ഗ്രന്ഥമാണ് ക്വുര്‍ആന്‍. വ്യത്യസ്ത ഖിറാഅത്തുകളിലുള്ള സൂക്ഷമമായ വ്യത്യാസങ്ങള്‍ക്കുപോലും ദൈവികബോധനത്തിന്റെ പിന്‍ബലമുണ്ട്. കഴിഞ്ഞ പതിനാലുനൂറ്റാണ്ടുകളായി മാറ്റമൊന്നുമില്ലാതെ നിലനില്‍ക്കുന്ന ഒരേയൊരു ഗ്രന്ഥമാണ് ക്വുര്‍ആന്‍. മാറ്റമൊന്നുമില്ലാതെ അതിനെ സംരക്ഷിക്കുമെന്ന ദൈവിക വാഗ്ദാനം പാലിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നതിനുള്ള തെളിവാണ് നടേ സമര്‍ഥിച്ച വസ്തുതകള്‍. അല്ലാഹുവിന്റെ വാഗ്ദാനം എത്ര സത്യമാണ്!

''തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്.''

 

ഖുര്‍ആനില്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്ന ഭാഷാശൈലിയും അതിലെ വിവരണരീതിയുമെല്ലാം മാനുഷിക രചനകളില്‍നിന്നു തികച്ചും വ്യത്യസ്തമാണ്. ഏതാനും സവിശേഷതകള്‍ താഴെ:

 1. ഖുര്‍ആനിലെ വചനങ്ങളെല്ലാം വിവരിക്കപ്പെട്ട വിഷയങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹ്രസ്വവും അമിതവികാര പ്രകടനം ഉള്‍ ക്കൊള്ളാത്തവയുമാണ്.

മാനുഷിക വചനങ്ങള്‍ എപ്പോഴും വ്യക്തിയുടെ മാനസികാവസ്ഥയെ ആശ്രയിച്ചാണ് പ്രകടമാക്കപ്പെടുന്നത്. കോപത്തിലിരിക്കുന്ന ഒരാളു ടെ വാക്കുകളില്‍ കോപം പ്രകടമായിരിക്കും. അന്നേരം ദയയും പ്രശംസയും ആ വാക്കുകളിലുണ്ടാവുകയില്ല. സന്തോഷാവസ്ഥയിലും സ്ഥിതി തഥൈവ!

കോപത്തിന്റെയും സന്തോഷത്തിന്റെയും തീവ്രമായ അവസ്ഥകളില്‍ പ്രകടിപ്പിക്കപ്പെടുന്ന പദങ്ങളെ പ്രസ്തുത വികാരം നിലനില്‍ക്കുന്ന അവസ്ഥകളുടെ അടിസ്ഥാനത്തില്‍ മാത്രമേ വ്യാഖ്യാനിക്കുവാനാകൂ. പ്രസ്തുത പദങ്ങളില്‍ വികാരങ്ങളുടെ അമിതപ്രകടനം കാണാനാ വും. ഏതുസാഹിത്യകാരന്മാരുടെയും കൃതികളില്‍ ഈ അമിതവികാരപ്രകടനം കാണാം. കാരണം അവര്‍ വികാരങ്ങളുള്ള മനുഷ്യരാണെ ന്നതുതന്നെ!

ഖുര്‍ആനിലെ വചനങ്ങള്‍ സന്തോഷവാര്‍ത്ത അറിയിക്കുന്നതാകട്ടെ, മുന്നറിയിപ്പ് നല്‍കുന്നതാകട്ടെ, നിയമങ്ങള്‍ വിശദീകരിക്കുന്നതാകട്ടെ, ദൈവാനുഗ്രഹങ്ങളെക്കുറിച്ച് സംസാരിക്കുന്നതാകട്ടെ, എവിടെയും അമിതമായ വികാര പ്രകടനങ്ങള്‍ കാണുക സാധ്യമല്ല. പരമപരിശുദ്ധനായ പടച്ചതമ്പുരാനില്‍നിന്ന് അവതരിപ്പിക്കപ്പെട്ടതുകൊണ്ടാണിത്.

 1. ഖുര്‍ആന്‍ ഏതു വിഷയത്തെക്കുറിച്ച് വിശദീകരിക്കുമ്പോഴും അതിന്റെ വാഗ്മിതയും രചനാസൗഷ്ടവവും നിലനിര്‍ത്തുന്നു.

വ്യക്തികളുടെ രചനാ സൗഷ്ടവം ചില പ്രത്യേക വിഷയങ്ങളോട് ബന്ധപ്പെട്ടായിരിക്കും പ്രകടമാക്കപ്പെടുക. പ്രസ്തുത വിഷയങ്ങളില്‍ അവരുടെ രചനകള്‍ ഉന്നത നിലവാരം ഉള്‍ക്കൊള്ളുന്നതാകാം. എന്നാല്‍, അവര്‍തന്നെ മറ്റു വിഷയങ്ങളില്‍ രചന നടത്തിയാല്‍ അവ പല പ്പോഴും ശരാശരി നിലവാരം പോലും പുലര്‍ത്തുകയില്ല. രചയിതാവിന്റെ മാനസിക ഘടന, കുടുംബാന്തരീക്ഷം, വികാരവിചാര ങ്ങള്‍, സമൂഹത്തിന്റെ അവസ്ഥ എന്നിവയെല്ലാം അയാളുടെ താല്‍പര്യത്തെ സ്വാധീനിക്കും.

ഖുര്‍ആനിലെ വചനങ്ങള്‍ പ്രകൃതിയെക്കുറിച്ച് വിവരിക്കുമ്പോഴും പരലോകത്തെക്കുറിച്ച് സംസാരിക്കുമ്പോഴും ഒരേ വാഗ്മിത പ്രകടിപ്പി ക്കുന്നു. ദൈവ മഹത്വത്തെ പ്രകീര്‍ത്തിക്കുമ്പോഴും നിയമനിര്‍ദേശങ്ങള്‍ അവതരിപ്പിക്കുമ്പോഴും ഒരേ രചനാസൗഷ്ടവമാണ് അവയ്ക്കു ള്ളത്. സ്ഥലകാലങ്ങള്‍ക്ക് അതീതനായ സ്രഷ്ടാവില്‍നിന്ന് അവതരിപ്പിക്കപ്പെട്ടതുകൊണ്ടാണിത്.

 1. ഖുര്‍ആന്‍ വചനങ്ങള്‍ ഉയര്‍ന്ന സാഹിത്യനിലവാരം പുലര്‍ത്തുന്നതോടൊപ്പം സൂക്ഷ്മതയും സത്യസന്ധതയും പുലര്‍ത്തുന്നവയുമാണ്.

സാഹിത്യം സുന്ദരമാകുന്നത്, ഇല്ലാത്തത് വിവരിക്കുമ്പോഴാണല്ലോ. അര്‍ധസത്യങ്ങളുടെയും അസത്യങ്ങളുടെയും മേമ്പൊടിയില്ലാതെ സാഹിത്യത്തെ സൗന്ദര്യവത്കരിക്കാന്‍ കഴിയില്ലെന്ന് പറയാറുണ്ട്. കവിത നന്നാകണമെങ്കില്‍ കളവ് പറയണമെന്നാണല്ലോ ആപ്തവാ ക്യം. സത്യസന്ധമായ വിവരങ്ങള്‍ മാത്രം നല്‍കുന്ന സാഹിത്യകൃതികള്‍ വിരസവും വരണ്ടതുമായിരിക്കും. അതുകൊണ്ടുതന്നെ സത്യം പറയണമെന്നാഗ്രഹിക്കുന്ന സാഹിത്യകാരന്മാര്‍ക്കുപോലും അസത്യത്തിന്റെ മേമ്പൊടിയോടുകൂടി മാത്രമേ പ്രസ്തുത സത്യം അവതരിപ്പി ക്കുവാനാകൂ. പൊടിപ്പും തൊങ്ങലുമില്ലാതെ മനുഷ്യമനസ്സിന്റെ വൈകാരികതലങ്ങളെ സംതൃപ്തമാക്കാന്‍ കഴിയുകയില്ലെന്ന ധാരണയാ ണ് ഇതിനു കാരണം.

ഖുര്‍ആന്‍ വചനങ്ങള്‍ ഈ പൊതുധാരയില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. വസ്തുതകള്‍ മാത്രമാണ് അതിലെ പ്രതിപാദ്യം. പക്ഷേ, ഉന്നത മായ സാഹിത്യനിലവാരം നിലനിര്‍ത്തുവാനും മനുഷ്യമനസ്സുകളെ സംതൃപ്തമാക്കുവാനും അവയ്ക്ക് സാധിക്കുന്നു. മനസ്സിനെക്കുറിച്ച് ശരിയ്ക്കറിയാവുന്ന സര്‍വജ്ഞനില്‍നിന്ന് അവതരിപ്പിക്കപ്പെട്ടതുകൊണ്ടാണിത്.

 1. ഖുര്‍ആന്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഉന്നതമായ സാഹിത്യ നിലവാരം പുലര്‍ത്തുന്നു.

ഒരു കവിത മനോഹരമാണെന്ന് നാം വിധിയെഴുതുന്നത് അതിലെ ഏതാനും വരികളുടെ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. പ്രസ്തുത കവിതയിലെതന്നെ എല്ലാ വരികളും അതേനിലവാരം പുലര്‍ത്തിക്കൊള്ളണമെന്നില്ല. ഒരു സാഹിത്യകാരനെ ഉന്നത നിലവാരമു ള്ളവനെന്ന് വിളിക്കുന്നത് അയാളുടെ ഏതാനും ചില കൃതികളുടെ അടിസ്ഥാനത്തിലുമായിരിക്കും. അയാളുടെ തന്നെ മറ്റു രചനകള്‍ പ്രസ്തുത നിലവാരം പുലര്‍ത്തിക്കൊള്ളണമെന്നില്ല. ഓരോരുത്തര്‍ക്കും ഉന്നതമായരചനകള്‍ നിര്‍വഹിക്കപ്പെടുന്ന ചില പ്രത്യേക പ്രായ വും സന്ദര്‍ഭവുമെല്ലാം ഉണ്ടായിരിക്കും. പ്രായം, ചുറ്റുപാട്, അന്തരീക്ഷം തുടങ്ങിയവ രചയിതാവിനെ സ്വാധീനിക്കുന്നതുകൊണ്ടാണിത്.

ഖുര്‍ആന്‍ വചനങ്ങള്‍ മുഴുവനും ഉന്നതമായ സാഹിത്യനിലവാരം പുലര്‍ത്തുന്നവയാണ്. ആറായിരത്തിലധികം സൂക്തങ്ങളില്‍ ഒന്നുപോ ലും നിലവാരം കുറഞ്ഞതാണെന്ന് പറയാന്‍ ആര്‍ക്കും സാധ്യമല്ല. നീണ്ട ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ പ്രവാചകദൗത്യത്തിനിടയില്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളിലായിരുന്നു ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടുകൊണ്ടിരുന്നത്. അത് പ്രവാചക രചനയായിരുന്നുവെങ്കില്‍ അവതര ണസന്ദര്‍ഭങ്ങളിലെ പ്രവാചകന്റെ മാനസികാവസ്ഥകള്‍ക്ക് അനുസൃതമായി അവയുടെ നിലവാരത്തില്‍ മാറ്റമുണ്ടാകേണ്ടതായിരുന്നു. എന്നാല്‍, ഖുര്‍ആനിലെ ഓരോ സൂക്തവും മറ്റുള്ളവയോട് കിടപിടിക്കുന്നവയാണ്. സര്‍വശക്തനായ തമ്പുരാനില്‍നിന്നായതുകൊണ്ടാ ണിത്.

 1. ഒരേ സംഗതിതന്നെ ഒന്നിലധികം തവണ വിവരിക്കുമ്പോഴും ഖുര്‍ ആന്‍ ഉന്നതമായ സാഹിത്യനിലവാരം പുലര്‍ത്തുന്നു.

ഒരേ കാര്യംതന്നെ ഒന്നിലധികം തവണ വിവരിക്കുമ്പോള്‍ സാധാരണ സാഹിത്യകൃതികളില്‍ ആദ്യത്തെ വിവരണം പോലെ മനോഹരമാ വുകയില്ല രണ്ടാമത്തെ വിവരണം. ആവര്‍ത്തന വിരസത രചയിതാവിന്റെ വചനങ്ങളിലും ആസ്വാദകന്റെ മനസ്സിലും രൂപപ്പെടുന്നതു കാണാം. മനുഷ്യന്‍, അവന്‍ എത്ര ഉന്നതനായ സാഹിത്യകാരനാണെങ്കിലും അടിസ്ഥാനപരമായ പരിമിതികള്‍ ഉള്‍ക്കൊള്ളുന്നവനായതു കൊണ്ടാണിത്.

ഖുര്‍ആനാകട്ടെ പല വിഷയങ്ങളും പല തവണ ആവര്‍ത്തിക്കുന്നുണ്ട്. സൃഷ്ടി, മരണം, മരണാനന്തര ജീവിതം, ദൈവ മഹത്വത്തെക്കുറിച്ച വിവരണങ്ങള്‍, അവനെ മാത്രം ആരാധിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങള്‍ ഖുര്‍ആനില്‍ ആവര്‍ത്തിച്ചു പ്രതിപാദിക്കു ന്നുണ്ട്. എന്നാല്‍, ഓരോ തവണ വിവരിക്കുമ്പോഴും ശ്രോതാവിന് അത് പുതുമയുള്ളതായി അനുഭവപ്പെടുകയും അവന്റെ മനസ്സില്‍ മാറ്റത്തിന്റെ ആന്ദോളനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. പരിമിതികള്‍ക്ക് അതീതനായ പരമോന്നത നില്‍നിന്ന് അവതരിപ്പിക്കപ്പെ ട്ടതുകൊണ്ടാണിത്.

 1. സാഹിത്യകൃതികള്‍ക്ക് വഴങ്ങാത്ത വിഷയങ്ങളാണ് ഖുര്‍ആനില്‍ പ്രതിപാദിക്കപ്പെടുന്നതെങ്കിലും പ്രസ്തുത വിവരണങ്ങളിലെല്ലാം അത് ഉന്നതമായ നിലവാരം പുലര്‍ത്തുകയും മനോഹാരിത കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.

മരണാനന്തര ജീവിതം, ദൈവാസ്തിത്വം, അനുഷ്ഠാനമുറകള്‍, നിയമനിര്‍ദേശങ്ങള്‍, വിധിവിലക്കുകള്‍, നന്മചെയ്യുവാനുള്ള പ്രേരണ, സത്യസന്ധമായ ചരിത്രം തുടങ്ങിയവയെല്ലാം സാഹിത്യകാരന്റെ ദൃഷ്ടിയില്‍ വരണ്ട വിഷയങ്ങളാണ്. അതുകൊണ്ടുതന്നെ പ്രസ്തുത വിഷയങ്ങളില്‍ രചന നിര്‍വഹിച്ചാല്‍ സാഹിത്യം സുന്ദരമാവുകയില്ലെന്നാണ് പൊതുവേയുള്ള ധാരണ. അവ ഭാവനയ്ക്ക് വഴങ്ങുന്ന വിഷയങ്ങളല്ല. അതിനാല്‍ ഇത്തരം വിഷയങ്ങളെടുത്തുകൊണ്ട് നിര്‍വഹിക്കപ്പെട്ട രചനകളില്‍ ഒന്നുംതന്നെ ലോകോത്തര കൃതികളായി അറിയപ്പെടുന്നില്ല. മനുഷ്യന്റെ പരിമിതിയാണ് ഇവിടെയും പ്രകടമാവുന്നത്.

ഖുര്‍ആനിലെ പ്രതിപാദ്യങ്ങളാകട്ടെ, മിക്കവാറും ഇത്തരം വിഷയങ്ങളാണ് ഉള്‍ക്കൊള്ളുന്നത്. എന്നാല്‍, അവയെല്ലാം ഉന്നതമായ സാഹി ത്യനിലവാരം പുലര്‍ത്തുകയും ആസ്വാദകന്റെ മനസ്സിനെ സംതൃപ്തമാക്കുകയും ചെയ്യുന്നു. പദാര്‍ഥാതീതനായ പടച്ചതമ്പുരാനില്‍നിന്ന് അവതരിപ്പിക്കപ്പെട്ടതുകൊണ്ടാണിത്!

 1. ഒരു വിഷയത്തില്‍നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോഴും സാഹിത്യഭംഗി ചോര്‍ന്നുപോകാതെ സൂക്ഷിക്കുവാന്‍ ഖുര്‍ആനിന് കഴിയുന്നു.

ഒരൊറ്റ സാഹിത്യകൃതിയില്‍തന്നെ ഒരു വിഷയത്തില്‍നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ അതുവരെ പുലര്‍ത്തിപ്പോന്ന നിലവാരം പുലര്‍ ത്താന്‍ പലപ്പോഴും കഴിയാറില്ല. ഒരു വിഷയത്തെക്കുറിച്ച് വിവരിക്കുന്ന സാഹിത്യകാരന്റെ മനസ്സില്‍ രൂപപ്പെടുന്ന ബിംബങ്ങളുടെ ചാരുത അടുത്ത വിഷയ ത്തെക്കുറിച്ച് സംസാരിക്കാനാരംഭിക്കുമ്പോള്‍ മങ്ങുകയും പുതിയ ബിംബങ്ങള്‍ പ്രശോഭിക്കുവാന്‍ സമയമെടു ക്കുകയും ചെയ്യുന്നതുകൊണ്ടാണിത്. വിദഗ്ധമായി ജോലി നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ഒരാളെ പെട്ടെന്ന് മറ്റൊരു ജോലിയില്‍ ഏല്‍പി ക്കുന്നതുപോലെയാണിത്. ഇതും മനുഷ്യന്റെ പൊതുവായ പരിമിതിയാണ്.

ഖുര്‍ആനിലുടനീളം വിഷയങ്ങളില്‍നിന്ന് വിഷയങ്ങളിലേക്കുള്ള ചാട്ടം കാണാം. എന്നാല്‍ ഈ ചാട്ടങ്ങളിലൊന്നുംതന്നെ അതിന്റെ ചാരുത ക്ക് ഭംഗം വരുകയോ മനോഹാരിതക്ക് ഹാനി സംഭവിക്കുകയോ ചെയ്യുന്നില്ല. സര്‍വശക്തനില്‍നിന്നായതുകൊണ്ടാണിത്.

 1. ഏതാനും പദങ്ങള്‍ മാത്രമുപയോഗിച്ച്, മനോഹാരിതയും സ്ഫുടതയും നഷ്ടപ്പെടാത്ത രൂപത്തില്‍, അര്‍ഥഗംഭീരമായ ആശയം പ്രകടിപ്പി ക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍.

സാധാരണ സാഹിത്യകൃതികളില്‍ പദങ്ങളുടെ സമുദ്രമാണുണ്ടാവുക; പ്രസ്തുത സമുദ്രത്തില്‍ ആശയങ്ങളുടെ മുത്തുകള്‍ തുലോം പരിമി തവും. പ്രൗഢമായ ആശയങ്ങള്‍ പ്രകടിപ്പിക്കുന്നതിനുവേണ്ടി രചിക്കപ്പെട്ട കൃതികളിലാകട്ടെ പദങ്ങളുടെ വേലിയേറ്റം തന്നെ കാണാനാ വും. താന്‍ ഉദ്ദേശിക്കുന്ന ആശയങ്ങള്‍ ആസ്വാദകനിലെത്തുവാന്‍ എന്തൊക്കെ രീതിയിലാണ് പദപ്രയോഗം നടത്തേണ്ടതെന്നതിനെക്കുറിച്ച് ഓരോ രചയിതാവിനും അയാളുടേതായ വീക്ഷണമുണ്ടായിരിക്കും. പ്രസ്തുത വീക്ഷണം അയാളുടേതായതുകൊണ്ടുതന്നെ ആസ്വാദകന് അയാളുടെ പദപ്രയോഗങ്ങളില്‍ പലതും അനാവശ്യമായാണ് അനുഭവപ്പെടുക. ഒരു ആസ്വാദകന് അനാവശ്യമെന്നു തോന്നുന്ന പദങ്ങള്‍ മറ്റൊരാളുടെ വീക്ഷണത്തില്‍ അനിവാര്യമാകാം. അതുകൊണ്ടുതന്നെ എല്ലാവരെയും സംതൃപ്തരാക്കുന്നതിനുവേണ്ടി പദങ്ങള്‍ ഒരുപാട് പ്രയോഗിക്കുവാന്‍ അയാള്‍ നിര്‍ബന്ധിതനായിരിക്കും. അന്യരുടെ മനസ്സുകള്‍ വായിക്കുവാനുള്ള മനുഷ്യരുടെ കഴിവില്ലായ്മയാണ് ഇതിന് കാരണം.

ഖുര്‍ആനിലാകട്ടെ, അനിവാര്യമായ പദങ്ങള്‍ മാത്രമേ ഉപയോഗിച്ചിട്ടു ള്ളൂ. പാരായണം ചെയ്യുന്നവന് അത് ഉദ്ദേശിക്കുന്ന ആശയം പകര്‍ ന്നുനല്‍കുവാന്‍ ഈ പദങ്ങള്‍ കൊണ്ടുതന്നെ സാധിക്കുന്നു. പ്രൗഢമായആശയങ്ങള്‍ അനിവാര്യമായ പദങ്ങള്‍ മാത്രമുപയോഗിച്ച് പ്രകടി പ്പിക്കുകയും അത് മനോഹരമായി അവതരിപ്പിച്ച് എല്ലാത്തരം വായനക്കാരെയും സംതൃപ്തരാക്കുകയും ചെയ്യുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. മനുഷ്യമനസ്സിന്റെ സൂക്ഷ്മ തലങ്ങളെക്കുറിച്ച് വ്യക്തമായി അറിയാവുന്നവനില്‍നിന്ന് അവതരിപ്പിക്കപ്പെട്ടതുകൊണ്ടാണിത്.

 1. സാഹിത്യത്തിന്റെ ഏതു മാനത്തിലൂടെ നോക്കിയാലും ഖുര്‍ആന്‍ ഒരു ഉന്നതമായ സാഹിത്യ കൃതിയാണ്.

സാഹിത്യ കൃതികളെല്ലാം  മനുഷ്യരുടെ ഏതെങ്കിലുമൊരു വികാരത്തെ ഉത്തേജിപ്പിക്കുവാന്‍ വേണ്ടിയുള്ളതായിരിക്കും. ദുഃഖം, സന്തോ ഷം, ദയ, കാരുണ്യം, വെറുപ്പ്, പ്രതിഷേധം എന്നിങ്ങനെ. അതുപോലെതന്നെ പ്രഭാവം, മാധുര്യം, സൗന്ദര്യം, ചാരുത തുടങ്ങിയവയെല്ലാം ഒരേ സാഹിത്യകൃതിയില്‍തന്നെ കണ്ടെത്തുക പ്രയാസമാണ്. സാഹിത്യത്തിന്റെ ഏതെങ്കിലും പ്രത്യേകമായ മാനങ്ങളിലൂടെ നോക്കിയാല്‍ മാത്രമേ സാഹിത്യകൃതികളെ ആസ്വദിക്കുവാനും വിലയിരുത്തുവാനും കഴിയൂ. എല്ലാ അംശങ്ങളെയും ഒരേപോലെ ഉള്‍ക്കൊണ്ടു കൊണ്ട് ഒരു രചന നടത്തുക സാധ്യമല്ല. ഇതും മനുഷ്യന്റെ പരിമിതിയാണ്.

ഖുര്‍ആനാകട്ടെ മനുഷ്യവികാരത്തിന്റെ എല്ലാ തലങ്ങളെയും സ്പര്‍ശിക്കുന്നു. മനുഷ്യനെ സന്തോഷിപ്പിക്കുവാനും ദുഃഖിപ്പിക്കുവാനും ദയയും കാരുണ്യവും പ്രകടിപ്പിക്കുന്നവനാക്കിത്തീര്‍ക്കുവാനും വെറുപ്പും പ്രതിഷേധവും ഉത്തേജിപ്പിക്കുവാനുമെല്ലാം കഴിയുന്ന വരികളാണ് അതിലുള്ളത്. അതോടൊപ്പംതന്നെ അത് മനുഷ്യബുദ്ധിയെ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുന്നു. പ്രഭാവം, മാധുര്യം, സൗന്ദര്യം, ചാരുത തുടങ്ങിയ ആസ്വാദക പ്രധാനമായ സാഹിത്യത്തിന്റെ സവിശേഷതകള്‍ ഖുര്‍ആനിക വചനങ്ങളില്‍ സമഞ്ജസമായി സമ്മേളിക്കുകയും ചെയ്തിരിക്കുന്നു. സാഹിത്യത്തിന്റെ ഏതു മാനത്തിലൂടെ നോക്കിയാലും അത് ഉന്നതമായ നിലവാരം പുലര്‍ത്തുന്നതാണെന്ന് കാണാം.

 1. ഖുര്‍ആനില്‍ മറ്റാരുടെയെങ്കിലും ശൈലിയോ പ്രയോഗങ്ങളോ രീതിയോ ആശയങ്ങളോ കടമെടുക്കപ്പെട്ടിട്ടില്ല.

സാഹിത്യകൃതികള്‍ എത്രതന്നെ മൗലികങ്ങളാണെങ്കിലും മറ്റു സാഹി ത്യകാരന്മാരുടെ ശൈലികളും പ്രയോഗങ്ങളുമെല്ലാം അതില്‍ സ്വാധീ നം ചെലുത്തിയിട്ടുണ്ടാകും. അത് സ്വാഭാവികമാണ്. മുന്‍ഗാമികളുടെ രചനകളുടെ സ്വാധീനമുള്‍ക്കൊള്ളാതെ ഒരാള്‍ക്കും സാഹിത്യകൃ തികള്‍ രചിക്കുക സാധ്യമല്ല. നേരിട്ടുള്ള കോപ്പിയടിയല്ല ഇവിടെ വിവക്ഷിക്കപ്പെട്ടിരിക്കുന്നത്. ശൈലികളുടെയും ബിംബങ്ങളുടെയും സ്വാധീനമാണ്. അതില്ലാതെ രചന നടത്തുവാന്‍ കഴിയില്ല. ഇത് മനുഷ്യമനസ്സിന്റെ പരിമിതിയാണ്. മുന്‍ഗാമിയില്‍നിന്ന് പഠിക്കുകയും അത് വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നവനാണല്ലോ മനുഷ്യന്‍.

ഖുര്‍ആന്‍ ഇത്തരം കടമെടുക്കലുകളില്‍നിന്ന് തികച്ചും മുക്തമാണ്. അറബ് സാഹിത്യ രംഗത്തുണ്ടായിരുന്ന ആരുടെയും ശൈലിയോ രൂപ മോ രീതിയോ ആശയങ്ങളോ ഖുര്‍ആന്‍ കടമെടുത്തിട്ടില്ല. ആരുടെ കൃതിയുടെയും യാതൊരു സ്വാധീനവും ഖുര്‍ആനില്‍ ഇല്ല താനും. എല്ലാ നിലയ്ക്കും ഒരു മൗലിക കൃതിയാണ് ഖുര്‍ആന്‍. പരിധികളോ പരിമിതിയോ ഇല്ലാത്ത അറിവിന്റെ ഉടമസ്ഥനില്‍നിന്ന് അവതരിപ്പിക്കപ്പെട്ടതിനാലാണ് ഇത്.

ര്‍വശക്തനായ സ്രഷ്ടാവിനാല്‍ നിയുക്തരാവുന്ന പ്രവാചകന്മാര്‍ക്ക് തങ്ങളുടെ പ്രവാചകത്വത്തിന്റെ സത്യത ജനങ്ങളെ ബോധ്യപ്പെടുത്തു ന്ന തിനായി ചില ദൃഷ്ടാന്തങ്ങള്‍ ദൈവം നല്‍കിയിരുന്നതായി വേദഗ്രന്ഥങ്ങ ളില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയും. അവര്‍ ജീവിച്ചിരുന്ന സമൂ ഹത്തിലെ ജനങ്ങള്‍ക്ക് അവരുടെ പ്രവാചകത്വത്തെക്കുറിച്ച അവകാശവാദം ശരിതന്നെയാണെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു പ്രസ്തു ത ദൃഷ്ടാന്തങ്ങ ളുടെ ഉദ്ദേശ്യം. മൂസാ നബി(അ)ക്ക് നല്‍കപ്പെട്ട സര്‍പ്പമായി മാറുന്ന വടി ഒരുദാഹരണം. ഇതുപോലുള്ള അത്ഭുതങ്ങള്‍ മുഹ മ്മദ് നബി(സ)യിലൂടെയും വെളിപ്പെട്ടിട്ടുണ്ട്. ചന്ദ്രനെ പിളര്‍ത്തിയത് ഒരു ഉദാഹരണം മാത്രം.

ഇത്തരം അത്ഭുതങ്ങള്‍ പ്രവാചകന്മാരുടെ ജീവിതകാലത്ത് മാത്രം നില നിന്നിരുന്നവയാണ്. അവര്‍ക്കുശേഷം ആ അത്ഭുതങ്ങളൊന്നും നില നിന്നിട്ടില്ല; നിലനില്‍ക്കുകയുമില്ല. അന്തിമ പ്രവാചകനിലൂടെ വെളിപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട അത്ഭുതത്തിന്റെ സ്ഥിതിയിതല്ല. അത് അദ്ദേ ഹത്തിന്റെ ദൗത്യം പോലെതന്നെ അവസാനനാള്‍ വരെ നിലനില്‍ക്കുന്നതാണ്. ഖുര്‍ആനാണ് പ്രസ്തുത അമാനുഷിക ദൃഷ്ടാന്തം. അവസാ നനാള്‍ വരെ ആര്‍ക്കും ഖുര്‍ആന്‍ പരിശോധിക്കാം. അതിലെ അത്ഭുതങ്ങള്‍ ആസ്വദിക്കാം. അങ്ങനെ മുഹമ്മദ് നബി(സ)യുടെ പ്രവാചക ത്വം സത്യമാണോയെന്ന് തീര്‍ ച്ചപ്പെടുത്താം. ഒരേസമയം, വേദഗ്രന്ഥവും ദൈവിക ദൃഷ്ടാന്തവുമായ ഖുര്‍ആന്‍ അവസാനനാള്‍ വരെ നില നില്‍ക്കുന്ന അത്ഭുതങ്ങളുടെ അത്ഭുതമാണ്.

ഖുര്‍ആനിനെ അമാനുഷിക ദൃഷ്ടാന്തമാക്കുന്നത് എന്താണ്?

ഖുര്‍ആനിലെ ആശയങ്ങളും ശൈലിയും ഭാഷയുമെല്ലാം അത്ഭുതംതന്നെയാണ്. അറബി സാഹിത്യത്തിലെ അതികായന്മാര്‍ക്കിടയിലേ ക്കാണ് ഖുര്‍ആനിന്റെ അവതരണം. പതിനാലു നൂറ്റാണ്ടു മുമ്പത്തെ കവിതകള്‍ അറബ് സാഹിത്യത്തിലെ മാസ്റ്റര്‍പീസുകളാണിന്നും. അവര്‍ക്കിടയില്‍ ജനിച്ചുവളര്‍ന്ന ഒരു നിരക്ഷരനിലൂടെയാണ് ഖുര്‍ആന്‍ ലോകം ശ്രവിക്കുന്നത്. അദ്ദേഹമാകട്ടെ നാല്‍പതു വയസ്സുവരെ യാതൊരുവിധ സാഹിത്യാഭിരുചിയും കാണിക്കാത്ത വ്യക്തിയും. ഖുര്‍ആനിന്റെ സാഹിത്യമേന്മയെ സംബന്ധിച്ച് അത് അവതരിപ്പി ക്കപ്പെട്ട സമൂഹത്തില്‍ അഭിപ്രായവ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. വിശ്വാസികളും അവിശ്വാസികളുമായ അറബികളെല്ലാം ഖുര്‍ആ നിന്റെ ഉന്നതമായ സാഹിത്യമൂല്യം അംഗീകരിക്കുന്നവ രായിരുന്നു. അത് മാരണമാണെന്നും പൈശാചികവചനങ്ങളാണെന്നും പറഞ്ഞ്, അതിന്റെ ദൈവികത അംഗീകരിക്കാതെ മാറിനില്‍ക്കുകയായിരുന്നു അവിശ്വാസികള്‍ ചെയ്തതെന്നു മാത്രം.

ഖുറൈശി നേതാവും അറബി സാഹിത്യത്തിലെ അജയ്യനുമായിരുന്ന വലീദുബ്‌നു മുഗീറയോട് ഖുര്‍ആനിനെതിരെ പരസ്യപ്രസ്താവന നടത്ത ണമെന്നാവശ്യപ്പെട്ട അബൂജഹ്‌ലിന് അദ്ദേഹം നല്‍കിയ മറുപടി ശ്രദ്ധേയ മാണ്. 'ഞാനെന്താണ് പറയേണ്ടത്? ഗദ്യത്തിലും പദ്യത്തി ലും ജിന്നുകളുടെ  കാവ്യങ്ങളിലും അറബി ഭാഷയുടെ മറ്റേതൊരു സാഹിത്യശാഖയിലും നി ങ്ങളേക്കാള്‍ എനിക്ക് അറിവുണ്ട്. അല്ലാഹു വാണ് സത്യം! ഈ മനുഷ്യന്‍ സമര്‍പ്പിക്കുന്ന വചനങ്ങള്‍ക്ക് അവയില്‍ ഒന്നിനോടും സാദൃശ്യമില്ല. അല്ലാഹുവാണെ, അവന്റെ വചനങ്ങ ള്‍ക്ക് വിസ്മയാവഹമായ ഒരു മാധുര്യവും പ്രത്യേകമായൊരു ഭംഗിയുമുണ്ട്. അതിന്റെ കൊമ്പുകളും ചില്ലകളും ഫല ങ്ങള്‍ നിറഞ്ഞതും മുരട് പശിമയാര്‍ന്ന മണ്ണില്‍ ഊന്നിനില്‍ക്കുന്നതുമാണ്. തീര്‍ച്ചയായും അത് സര്‍വവചനങ്ങളേക്കാളും ഉന്നതമാണ്. അതിനെ താഴ്ത്തിക്കാ ണിക്കാന്‍ മറ്റൊരു വചനത്തിനും സാധ്യമല്ല. അതിന്റെ കീഴില്‍ അകപ്പെടുന്ന സകലതിനെയും അത് തകര്‍ത്തുകളയും, തീര്‍ച്ച!

ഇത് ഒരു അമുസ്‌ലിമിന്റെ പ്രസ്താവനയാണെന്ന് നാം ഓര്‍ക്കണം. ഖുര്‍ആനിന്റെ സാഹിത്യമൂല്യത്തെക്കുറിച്ച് ഇതിനേക്കാള്‍ നല്ല ഒരു സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

അനുകരിക്കാനാകാത്ത ശൈലിയാണ് ഖുര്‍ആനിന്റെത്. ഇക്കാര്യം ആധുനികരായ മുസ്‌ലിംകളല്ലാത്ത അറബി പണ്ഡിതന്മാര്‍ പോലും അംഗീകരിച്ചിട്ടുള്ളതാണ്. ഓറിയന്റലിസ്റ്റായ ജി. സെയ്ല്‍ എഴുതുന്നത് കാണുക:

The style of the Quran is beautiful, it is adorned with bold figures after the Eastern taste, enlivened with florid and sententions expressions and in many places where the Majesty and attributes of God are described, sublime and magnificient (G. Sale, The Koran: Commonly called Al-Quran, with a preliminery discourse, London 1899 vol 1 page 47)

(പൗരസ്ത്യാസ്വാദനത്തിന്റെ വ്യക്തമായ ബിംബങ്ങളാല്‍ അലംകൃതമാക്കപ്പെടുകയും ഉപമാലങ്കാരങ്ങളാലും അര്‍ഥ സമ്പുഷ്ടമായ പദപ്ര യോഗങ്ങളാലും ചൈതന്യവത്താക്കപ്പെടുകയും  ചെയ്തിട്ടുള്ള ഖുര്‍ആനിന്റെ ശൈലി അതിസുന്ദരമാണ്. ദൈവിക ഗുണങ്ങളെയും പ്രതാ പത്തെയും കുറിച്ച് പ്രതിപാദിക്കുമ്പോള്‍ അതിന്റെ ഭാഷ പ്രൗഢവും ഗംഭീരവുമായിത്തീരുന്നു).

മറ്റൊരു ഓറിയന്റലിസ്റ്റായ എ.ജെ. ആര്‍ബറി എഴുതുന്നു:

"The complex prosody, a rich repertory of subtle and complicated rhymes had been completely perfected. A vocabulary of themes, images and figures extensive but nevertheless circumscribed, was firmly established" (A.J. Arberry, The Quran interpreted, London 1955 page 11)

(ഗഹനവും സങ്കീര്‍ണവുമായ കാവ്യശകലങ്ങളുടെ ഒരു സമ്പന്നമായ കലവറ സരളമല്ലാത്ത പദ്യരചനാരീതിയില്‍ പൂര്‍ണമായി കുറ്റമറ്റതാ ക്കപ്പെ ട്ടിരിക്കുന്നു. പ്രമേയങ്ങളുടെയും  ബിംബങ്ങളുടെയും രൂപങ്ങളുടെയും വിപു ലമല്ലെങ്കിലും ക്ലിപ്തമായ പദസഞ്ചയത്തില്‍ അവ ബലിഷ്ഠമായി സ്ഥാപിക്കപ്പെടുകയും ചെയ്തിരിക്കുന്നു)

ഖുര്‍ആനിന്റെ ശൈലിയും ഭാഷയും സാഹിത്യവുമെല്ലാം അതുല്യമാണ്. അനുകരണത്തിന് അതീതമാണ്.  അതിസുന്ദരമാണ്. അറബിയ റിയാവുന്ന എല്ലാവര്‍ക്കും മനസ്സിലാക്കാവുന്നതാണിത്. ഖുര്‍ആനിലെ ഓരോ സൂക്തവും അത്യാകര്‍ഷകവും ശ്രോതാവിന്റെ മനസ്സില്‍ മാറ്റത്തിന്റെ വേലിയേറ്റമുണ്ടാക്കുന്നതുമാണ്.  ഇത് അറബിയറിയാവുന്ന ആധുനികരും പൗരാണികരുമായ വിമര്‍ശകരെല്ലാം സമ്മതി ച്ചിട്ടുള്ളതാണ്.

ഒരു കാര്യം ദൈവിക ദൃഷ്ടാന്തമാകുന്നത് അത് അജയ്യമാകുമ്പോഴാണ്. മോശെ പ്രവാചകന്‍ തന്റെ വടി നിലത്തിട്ടപ്പോള്‍ അത് ഉഗ്രസര്‍പ്പ മായി മാറി. പ്രസ്തുത ദൈവിക ദൃഷ്ടാന്തത്തോട് മല്‍സരിക്കാനായി വന്ന മാന്ത്രികന്മാരുടെ വടികളെയും കയറുകളയുമെല്ലാം ആ സര്‍പ്പം വിഴുങ്ങി. ഇത് ഖുര്‍ആനിലും ബൈബിളിലുമെല്ലാം വിവരിക്കുന്നുണ്ട്.

ഖുര്‍ആന്‍ അവകാശപ്പെടുന്നത് അതിന്റെ ശൈലിയും ഘടനയും ആശയാലേഖനവും സാഹിത്യവുമെല്ലാം അജയ്യമാണെനും അതിന് തുല്യ മായ ഒരു രചന നടത്തുവാന്‍ സൃഷ്ടികള്‍ക്കൊന്നും സാധ്യമല്ലെന്നുമാണ്. 'നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെപ്പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്‍േറത് പോലെയുള്ള ഒരു അധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ ക്കുള്ള സഹായികളെയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍! നിങ്ങള്‍ക്കത് ചെയ്യാ ന്‍ കഴിഞ്ഞില്ലെങ്കില്‍ -നിങ്ങള്‍ക്ക് ഒരിക്കലും അതു ചെയ്യാന്‍ കഴിയുക യില്ല- മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്‌നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചു കൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്' (2:23,24). ഇത് സത്യമാണെന്ന് ഭാഷാ പരിജ്ഞാനമുള്ളവരെല്ലാം സമ്മതിക്കുന്നു.

ഖുര്‍ആനിലേതിന് തുല്യമായ ഒരു അധ്യായമെങ്കിലും കൊണ്ടുവരാനുള്ള അതിന്റെ വെല്ലുവിളിക്ക് ഉത്തരം നല്‍കുവാന്‍ അറബ് സാഹി ത്യരംഗത്തുള്ള ആര്‍ക്കുംതന്നെ ഇതുവരെ കഴിഞ്ഞിട്ടുമില്ല. ഖുര്‍ആന്‍ മുഹമ്മദ് നബി(സ)ക്ക് അവതരിപ്പിക്കപ്പെട്ട ദൈവിക ദൃഷ്ടാന്തമാ ണെന്ന വാദത്തെ പരിഹസിക്കുവാനല്ലാതെ പ്രതിരോധിക്കുവാനോ മറുപടി നല്‍കുവാനോ അതിലെ ഏതെങ്കിലുമൊരു അധ്യായത്തിന് തുല്യമായ അധ്യായം കൊണ്ടുവരാനോ അറബിയറിയാവുന്ന വിമര്‍ശകന്മാര്‍ക്ക് പോലും കഴിയുന്നില്ലെന്നതാണ് വാസ്തവം.

എട്ടാം നൂറ്റാണ്ടിനു ശേഷമാണ് ക്വുര്‍ആന്‍ രൂപീകരിക്കപ്പെട്ടു കഴിഞ്ഞതെന്ന് ജറുസലേമിലെ 'ഖു ബ്ബത്തു സ്‌സ്വഖ്‌റ'യില്‍ രേഖപ്പെടുത്തപ്പെട്ട അറബി ലിഖിതങ്ങൾ തെളിവല്ലേ ? അമവീ ഖലീഫയായിരുന്ന അബ്ദുല്‍ മലി ക്ക് ബ്‌നു മര്‍വാനിന്റെ ഭരണകാലത്ത് നിര്‍മിക്കപ്പെട്ട ഖുബ്ബത്തു സ്‌സ്വഖ്റയിലെ പുറത്തും അകത്തും മൊസൈക്കില്‍ രേഖപ്പെടുത്തപ്പെട്ട അറബി ലിഖിതങ്ങളിൽ ക്വുർആൻ വചനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത് ഇന്ന് മുസ്ഹഫുകളിൽ കാണുന്ന ക്രമത്തിലല്ല. അത് എഴുതപ്പെടുന്ന കാലത്ത് ക്വുര്‍ആന്‍ പൂര്‍ണമായി രൂപീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ലെന്നല്ലേ ഇത് വ്യക്തമാക്കുന്നത്?

ട്ടാം നൂറ്റാണ്ടിന്റെ തുടക്കം വരെ ക്വുര്‍ആന്‍ പൂര്‍ണമായും രൂപീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നില്ലെന്നും അത് തലമുറകളെടുത്ത് രൂപീകരിക്കപ്പെട്ട വചനങ്ങളുടെ സമാഹാരമാണെന്നുമാണ് ചില ഓറിയന്റലിസ്റ്റുകളുടെ വാദം. ഇങ്ങനെ വാദിക്കുന്നവര്‍ ജറുസലേമിലെ 'ഖു ബ്ബത്തു സ്‌സ്വഖ്‌റ'യില്‍ (Dome of the Rock) ല്‍ രേഖപ്പെടുത്തപ്പെട്ട അറബി ലിഖിതങ്ങളാണ് തങ്ങള്‍ക്കുള്ള തെളിവായി അവതരിപ്പി ക്കുന്ന ത് (Patricia Crone & Michael Cook: Hagarism: The Making of the Islamic World, Cambridge, 1980, Page 139-149.)

അമവീ ഖലീഫയായിരുന്ന അബ്ദുല്‍ മലി ക്ക് ബ്‌നു മര്‍വാനിന്റെ ഭരണകാലത്ത് നിര്‍മിക്കപ്പെട്ട സുന്ദരമായൊരു അഷ്ടഭുജ (octagon) കെട്ടിടമാണ് ഖുബ്ബത്തു സ്‌സ്വഖ്ഃ. ഇതിന്റെ പുറ ത്തും അകത്തും മൊസൈക്കില്‍ രേഖപ്പെടുത്തപ്പെട്ട അറബി ലിഖിതങ്ങളെയാണ് അത് എഴുതപ്പെടുന്ന കാലത്ത് ക്വുര്‍ആന്‍ പൂര്‍ണമായി രൂപീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ലെന്നതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആദ്യകാല മുസ്‌ലിം സമ്പ്രദായങ്ങളെ യോ അവര്‍ ക്വുര്‍ആനിനെ ഉപയോഗിച്ച രീതിയെയോ കുറിച്ച് യാതൊന്നും അറിയാത്തതുകൊണ്ടാണ് ഇത്തരം ബാലിശമായ വാദങ്ങള്‍ ഉടലെടുക്കു ന്നത്.

യഥാര്‍ഥത്തില്‍, ഖുബ്ബത്തു സ്‌സ്വഖ്‌റയിലെ അഷ്ടഭുജത്തിന്മേല്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് ക്രമപ്രകാരമുള്ള ക്വുര്‍ആന്‍ വചനങ്ങ ളല്ല. ക്വുര്‍ആന്‍ പഠിപ്പിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്യുകയെന്ന ലക്ഷ്യത്തോടെ എഴുതപ്പെട്ട രേഖയുമല്ല അത്. പ്രത്യുത ഒരു സന്ദേശ ത്തിന്റെ രേഖീകരണം മാത്രമാണത്. പ്രസ്തുത സന്ദേശത്തിനിടക്ക് ക്വുര്‍ആന്‍ സൂക്തങ്ങളോ അതിന്റെ ഖണ്ഡങ്ങളോ കടന്നു വരുന്നുവെന്ന് മാത്രമേയുള്ളൂ. ഒരു പ്രഭാഷകന്‍ തനിക്കാവശ്യമുള്ള ഉദ്ധരണികള്‍ ഉപയോഗിക്കുന്നതുപോലെ 'ഖുബ്ബത്തു സ്‌സ്വഖ്‌റാ'യില്‍ സന്ദേശമെഴുതി യവര്‍ അവര്‍ നല്‍കുവാനുദ്ദേശിച്ച ദൂതിന് ഉപോല്‍ബലകമായ ക്വുര്‍ആന്‍ സൂക്തങ്ങളോ ഖണ്ഡങ്ങളോ ഉപയോഗിച്ചുവെന്ന് മാത്രമേയു ള്ളൂ. അഷ്ടഭുജത്തിലെ സന്ദേശം വായിക്കുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന സരളമായ ഒരു വസ്തുതയാണിത്. പ്രസ്തുത സന്ദേശത്തിന്റെ പരിഭാഷ പരിശോധിക്കുക:

അഷ്ടഭുജത്തിനകത്തെ സന്ദേശം (പരിഭാഷ):

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍; അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്. അവന് പങ്കു കാരൊന്നുമില്ല. അവനാണ് എല്ലാ ആധിപത്യവും; അവന്നുതന്നെയാണ് സ്തുതികളും. അവന്‍ ജീവിപ്പിക്കുന്നു; അവന്‍ മരിപ്പിക്കുകയും ചെയ്യുന്നു. അവനാണ് എല്ലാ കാര്യങ്ങളുടെയും മേലുള്ള അധീശത്വം. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനും ദാസനുമാകുന്നു.

തീര്‍ച്ചയായും അല്ലാഹുവും മലക്കുകളും പ്രവാചകന്റെ മേല്‍ അനുഗ്രഹങ്ങള്‍ ചൊരിയുന്നു. സത്യവിശ്വാസികളേ നിങ്ങള്‍ അദ്ദേഹത്തി ന്റെ മേല്‍ കാരുണ്യവും ശാന്തിയുമുണ്ടാകുവാന്‍ പ്രാര്‍ഥിക്കുക. അദ്ദേഹത്തിന്റെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളും ശാന്തിയുമു ണ്ടാകട്ടെ.

വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. മര്‍യമിന്റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്റെ ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ (ഇതില്‍ നിന്ന്) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.

അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒരിക്കലും വൈമനസ്യം കാണിക്കുന്നതല്ല. (അല്ലാഹുവിന്റെ) സാമീപ്യം സിദ്ധിച്ച മലക്കുകളും (വൈമനസ്യം കാണിക്കുന്നതല്ല.) അവനെ (അല്ലാഹുവെ) ആരാധിക്കുന്നതില്‍ ആര്‍ വൈമനസ്യം കാണിക്കുകയും, അഹംഭാ വം നടിക്കുകയും ചെയ്യുന്നുവോ അവരെ മുഴുവനും അവന്‍ തന്റെ അടുക്കലേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്.

അല്ലാഹുവേ, നിന്റെ ദൂതനും നിന്റെ ദാസനുമായ മര്‍യമിന്റെ പുത്രന്‍ മസീഹിനെ നീ അനുഗ്രഹിക്കേണമേ. അദ്ദേഹം ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും അദ്ദേഹത്തിന് സമാധാനം.

അതത്രെ മര്‍യമിന്റെ മകനായ ഈസാ അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാര്‍ഥമായ വാക്കത്രെ ഇത്. ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിന്നുണ്ടാകാവുന്നതല്ല. അവന്‍ എത്ര പരിശുദ്ധന്‍! അവന്‍ ഒരു കാര്യം തീരുമാനിച്ച് കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രംചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു. (ഈസാ പറഞ്ഞു) തീര്‍ച്ചയായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം.

താനല്ലാതെ ഒരു ദൈവവുമില്ലെന്നതിന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന്ന് സാക്ഷികളാകുന്നു) അവന്‍ നീതി നിര്‍വഹിക്കുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവന്‍. തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്‌ലാമാകുന്നു. വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ തങ്ങള്‍ക്ക് (മതപരമായ) അറിവ് വന്നുകിട്ടിയ ശേഷം തന്നെയാണ് ഭിന്നിച്ചത്. അവര്‍ തമ്മിലുള്ള കക്ഷിമാത്‌സര്യം നിമിത്തമത്രെ അത്. വല്ലവരും അല്ലാഹുവിന്റെ തെളിവുകള്‍ നിഷേധിക്കുന്നുവെങ്കില്‍ അല്ലാഹു അതിവേഗം കണക്ക് ചോദിക്കുന്നവനാകുന്നു.

അഷ്ടഭുജത്തിന് പുറത്തെ സന്ദേശം (പരിഭാഷ):

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരൊന്നുമില്ല. (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകു ന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും മുഹ മ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു. അദ്ദേ ഹത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളുണ്ടാകട്ടെ.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരൊന്നുമില്ല. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു. തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ഥിക്കുക.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്. സ്തുതികളെ ല്ലാം അല്ലാഹുവിനാണ് സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും, ആധിപത്യത്തില്‍ പങ്കാളിയില്ലാത്തവനും നിന്ദ്യതയില്‍ നിന്ന് രക്ഷിക്കാന്‍ ഒരു രക്ഷകന്‍ ആവശ്യമില്ലാത്തവനുമായ അല്ലാഹുവിന് സ്തുതി! എന്ന് നീ പറയുകയും അവനെ ശരിയാംവണ്ണം മഹത്വപ്പെടുത്തുകയും ചെയ്യുക. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ്.

അദ്ദേഹത്തിനു മേലും മലക്കുകളുടെയും പ്രവാചകന്‍മാരുടെയും മേലും അല്ലാഹുവിന്റെ അനുഗ്രഹങ്ങളുണ്ടാവട്ടെ. അദ്ദേഹത്തില്‍മേല്‍ അല്ലാഹുവിന്റെ ശാന്തിയും കാരുണ്യവുമുണ്ടാകട്ടെ. അല്ലാഹുവിന്റെ നാമത്തില്‍, പരമകാരുണികന്‍, കരുണാനിധി. അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരില്ല.

അവനാണ് എല്ലാ ആധിപത്യവും. അവനാണ് എല്ലാ കാര്യങ്ങളുടെയും മേലുള്ള അധീശത്വം. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു. അദ്ദേഹത്തിനു മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളുണ്ടാവട്ടെ. അദ്ദേഹത്തിന്റെ ജനങ്ങള്‍ക്കുമേല്‍ പുനരുത്ഥാന നാളില്‍ അദ്ദേഹം നടത്തുന്ന  ശുപാര്‍ശ അവന്‍ സ്വീകരിക്കട്ടെ.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരില്ല. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു. അദ്ദേഹത്തിനു മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളുണ്ടാവട്ടെ. ഈ കുംഭഗോ പുരം നിര്‍മിച്ചത് ദൈവദാസനായ അബ്ദുല്ലാ അല്‍ ഇമാം അല്‍ മഅ്മൂനാണ്; വിശ്വാസികളുടെ നേതാവ്. എഴുപത്തി രണ്ടാം വര്‍ഷത്തില്‍. അല്ലാഹു അദ്ദേഹത്തില്‍ നിന്ന് ഇത് സ്വീകരിക്കുകയും അദ്ദേഹത്തില്‍ സംപ്രീതനാവുകയും ചെയ്യട്ടെ, ആമീന്‍. സര്‍വലോകരക്ഷിതാവായ, അല്ലാഹുവിന് സ്തുതി''.

ഇത് വായിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്ന യാഥാര്‍ഥ്യമാണ് ക്വുര്‍ആന്‍ അധ്യായക്രമത്തില്‍ രേഖപ്പെടുത്തിയതല്ല ഇത് എന്നുള്ള വസ്തുത. അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന ആമുഖത്തില്‍ വ്യത്യസ്ത ക്വുര്‍ആന്‍ സൂക്തങ്ങളില്‍ പ്രയോഗിച്ചിരിക്കുന്ന അല്ലാഹുവി ന്റെ നാമ-ഗുണവിശേഷണങ്ങള്‍  പ്രസ്താവിച്ചിരിക്കുന്നുവെന്ന് മാത്രമെയുള്ളൂ. അത് ഉദ്ധരിച്ചുകൊണ്ട് അത് അന്നു നിലനിന്നിരുന്ന ക്വുര്‍ആന്‍ സൂക്തമായിരുന്നുവെന്നും പിന്നീടാണ് അതിലെ ദൈവഗുണ, വിശേഷണങ്ങളെ വേര്‍തിരിച്ചുകൊണ്ടുള്ള സൂക്തങ്ങള്‍ ഇതില്‍ നിന്ന് പരിണമിച്ചുണ്ടായത് എന്നും വാദിക്കുന്നത് മുസ്‌ലിംകള്‍ നടത്തുന്ന പ്രഭാഷണങ്ങളെയും സന്ദേശപ്രചരണത്തെയും കുറിച്ച അജ്ഞത കൊണ്ടാണ്. അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കുന്ന മുസ്‌ലിം സന്ദേശങ്ങളില്‍ അല്ലാഹുവിനെ സ്തുതിക്കുകയും, അവന്റെ മഹത്വം ഉദ്‌ഘോഷിക്കുകയും മുഹമ്മദ്‌നബിലയുടെ മേല്‍ അനുഗ്രഹങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്ത ശേഷമാണ് മറ്റു കാര്യങ്ങള്‍ പരാമര്‍ശിക്കാറുള്ളത്. ഈ സന്ദേശത്തിലും അങ്ങനെത്തന്നെയാണുള്ളത്. ക്രിസ്ത്യാനികള്‍ താമസിക്കുന്ന സ്ഥലത്താണ് ഖുബ്ബത്തു സ്‌സ്വഖ്‌ റാ നിര്‍മിക്കപ്പെട്ടത് എന്നതിനാല്‍ യേശു ക്രിസ്തുവിനെ സംബന്ധിച്ച ഇസ്‌ലാമിക നിലപാട് വ്യക്തമാക്കുകയും ക്രൈസ്തവ നിലപാടിനെ വിമര്‍ശിക്കുകയും ചെയ്യുന്ന വചനങ്ങള്‍ പ്രസ്തുത സന്ദേശത്തിന്റെ ഭാഗമായത് സ്വാഭാവികമാണ്.

ക്വുർആനിലെ പതിനേഴാം അധ്യായത്തിന്റെ 111ാം വചനം രേഖപ്പെടുത്തിയപ്പോള്‍ പ്രസ്തുത വചനത്തിന്റെ തുടക്കത്തിലുള്ള 'നീ പറയുക' (വഖുലി) യെന്ന ഭാഗം ഖുവ്വത്തു സ്‌സ്വഖ്‌റായുടെ പടിഞ്ഞാറ് ഭാഗത്ത് രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് ഇതെഴുതുമ്പോള്‍ ക്വുര്‍ആന്‍ പൂര്‍ണമായിരു ന്നില്ലെന്ന് വാദിക്കുന്നവര്‍ക്കുള്ള സുപ്രധാനമായ ഒരു 'തെളിവ്'. ഒരു സന്ദേശത്തിന്റെ ഭാഗമെന്ന നിലയ്ക്ക് ക്വുര്‍ആന്‍ വചനങ്ങള്‍ ഉദ്ധരിക്കുമ്പോള്‍ 'നീ പറയുക' പോലെയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കി വചനത്തിലെ ആശയപ്രധാനമായ ഭാഗം മാത്രം പരാമര്‍ശിക്കുന്ന സമ്പ്രദായം ഇന്നത്തേതുപോലെ മുസ്‌ലിം സമൂഹത്തില്‍ അന്നും നില നിന്നിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ രേഖ; അതല്ലാതെ, ക്വുര്‍ആന്‍ പരിണമിച്ചു ണ്ടായതാണെന്നതിന് അത് തെല്ലും തെളിവു നല്‍കുന്നില്ല.

ഖുബ്ബത്തു സ്‌സ്വഖ്‌റായുടെ പുറത്ത് തെക്ക് ഭാഗത്ത് പൂര്‍ണമായി രേഖപ്പെടുത്ത പ്പെട്ട ക്വുര്‍ആനിലെ നൂറ്റി പന്ത്രണ്ടാം അധ്യായത്തിലെ 'നീ പറയുക' (ഖുല്‍) എന്ന ഭാഗം ഒഴിവാക്കികൊണ്ടാണ് അബ്ദുല്‍മലിക്കു ബ്‌നു മര്‍വാനിന്റെ കാലത്തും ശേഷവും നിര്‍മിക്കപ്പെട്ട നാണയങ്ങളില്‍ ഈ സൂക്തം മുദ്രീകരിക്കപ്പെട്ടിരിക്കുന്നത് എന്ന വസ്തുത പതിനേഴാം അധ്യായം 111ാം വചനത്തില്‍ 'നീ പറയുക' യെന്ന ഭാഗം ഒഴിവാക്കിക്കൊണ്ട് രേഖപ്പെടുത്തിയത് ക്വുര്‍ആനിന്റെ രൂപീകരണം പില്‍ക്കാല ത്താണ് നടന്നതെന്നതിന് തെളിവാക്കുന്നവരുടെ മുഴുവന്‍ വാദങ്ങളെയും തകര്‍ത്തുകളയുന്നുവെന്ന് പ്രമുഖ ഓറിയന്റലിസ്റ്റായ എസ്‌റ്റെല്ലേ വെലാന്‍ വ്യക്തമാക്കുന്നുണ്ട്. (Estelle Whelan: "Forgotten Witness: Evidence for the Early Codification of the Qur'an"; Journal of American Oriental Society, 1998, Vol. 118, P. 1-14) സമകാലിക രേഖകളെയോ സമ്പ്രദായങ്ങളെയോ കുറിച്ച് പഠിക്കാതെ, ക്വുര്‍ആനിന്റെ ചരിത്രപരതയെ നിഷേധിക്കുവാന്‍ കിട്ടിയ വടികളെല്ലാമെടുത്ത് എറിയാന്‍ ശ്രമിക്കുന്നവരുടെ 'തെളിവുകള്‍' അവരുടെ തന്നെ ബൗദ്ധികസത്യസന്ധതക്കു നേരെ തിരിച്ചു വരുന്ന ബൂമറാംഗുകളായിത്തീരുന്നതാണ് നാം ഇവിടെ കാണുന്നത്.

ഹിജ്‌റ 72ലേതാണെന്ന് ഉറപ്പുള്ള ഒരു രേഖയില്‍ ക്വുര്‍ആനിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നെടുത്ത് ഒരേ വിഷയത്തിലുള്ള വചനങ്ങള്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്നുവെന്നത് അക്കാലത്ത് ക്വുര്‍ആനിന്റെ കയ്യെഴുത്ത് പ്രതികള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നുവെന്നതിന് തെളിവാണെന്നാണ് എസ്‌റ്റെല്ലെ വെലാന്‍ സമര്‍ഥിക്കുന്നത്. (Ibid.) ഒരു ഗ്രന്ഥത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന ഒരേ വിഷയസംബന്ധിയായ വചനങ്ങള്‍ ഒരു പ്രത്യേക സന്ദര്‍ഭത്തിലോ രേഖയിലോ ഉദ്ധരിക്കണമെങ്കില്‍ പ്രസ്തുത ഗ്രന്ഥം പൂര്‍ണരൂപ ത്തില്‍ ഉപലബ്ധമായിരിക്കണമെന്നത് സാമാന്യയുക്തിയാണെന്നാണ് അദ്ദേഹത്തിന്റെ വാദം. അബ്ദുല്ലാ അല്‍ മഅ്മൂനാണ് ഖുബ്ബത്തു സ്‌സ്വഖ്‌റാ നിര്‍മിച്ചതെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും അത് വ്യാജമാണെന്നും അബ്ദുല്‍മലിക്ക് ബ്‌നു മര്‍വാനിന്റെ പേര് മായ്ച്ചു കൊണ്ടാണ് മഅ്മൂനിന്റെ പേര് രേഖപ്പെടുത്തിയിട്ടുള്ളതെന്നും രേഖയില്‍ നിന്നു തന്നെ വ്യക്തമാണ്.   സ്വഹാബിമാരുടെ കാലത്ത് ക്വുര്‍ആന്‍ പൂര്‍ണ രൂപത്തില്‍ നിലനിന്നി രുന്നില്ല എന്നതിനുള്ള തെളിവായി കൊട്ടിഘോഷിക്കപ്പെട്ട ഖുബ്ബത്തുസ്‌സ്വഖ്‌റായിലെ ക്വുര്‍ആന്‍ രേഖകള്‍ വിമര്‍ശകര്‍ക്കെതിരായ തെളി വാണ് നല്‍കുന്നതെന്നര്‍ഥം.

അതുകൊണ്ടുതന്നെയായിരിക്കണം പാട്രിഷിയോ ക്രോണിന്റെയും മിഖയേല്‍ കുക്കിന്റെയും വാദങ്ങളെ സമര്‍ഥിക്കുവാന്‍ പാടുപെട്ട് ശ്രമിക്കുന്ന പിന്‍ഗാമികള്‍ പോലും ഖുബ്ബത്തു സ്‌സ്വഖ്‌റായിലെ ക്വുര്‍ആന്‍ ആലേഖനങ്ങളെ ക്വുര്‍ആനിന്റെ ചരിത്രപരതയെ സംശയാസ്പദമാക്കുന്ന തെളിവുകളുടെ കൂടെ പെടുത്താന്‍ മടിക്കുന്നത്. 'ബുദ്ധിപരമായി സംഭവിക്കാനാവാത്ത വാദങ്ങ ളാല്‍ നിബിഡവും ബാലിശമായ തെളിവുകള്‍ മാത്രമുള്ളതു (Micheal G Morony: Journal of Near Eastern Studies, Volume 41, No:2, April 1982, Page 157-159.) മെന്ന് കോണും കുക്കും ചേര്‍ന്നെഴുതിയ ഗ്രന്ഥത്തെ ആധുനിക ഓറിയന്റലിസ്റ്റുകളില്‍ പ്രമുഖനായ മിക്കയേല്‍ ജെ മൊറോണി വിശേഷിപ്പിച്ചതും മറ്റൊന്നുകൊണ്ടുമല്ല.

പുരാതനമെന്ന് കരുതപ്പെടുന്ന ഖുര്‍ആന്‍ പ്രതികളില്‍ ഉപയോഗിച്ചിരിക്കുന്ന ലിപിയായ കൂഫീലിപി യഥാർത്ഥത്തിൽ ഉണ്ടായത് എട്ടാം നൂറ്റാണ്ടിൽ മാത്രമാണെന്ന് ഭാഷാശാസ്ത്ര പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇതിനർത്ഥം ആ പ്രതികൾ എഴുതപ്പെട്ടത് എട്ടാം നൂറ്റാണ്ടിലാണെന്നാണ്. മുഹമ്മദ് നബി(സ)ക്ക് ശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞ് രൂപീകരിക്കപ്പെട്ടതാണ് ഇന്ന് നില നിൽക്കുന്ന ഖുർആനിലെ വചനങ്ങള്‍ എന്നല്ലേ ഇത് വ്യക്തമാക്കുന്നത്?

റബിഭാഷയെയോ അതിന്റെ വികാസത്തെയോ ലിപി പരിണാമത്തെയോ കുറിച്ച് കൃത്യവും വ്യക്തവുമായി പഠിക്കാത്ത ചില ക്രി സ്ത്യന്‍ അപ്പോളജറ്റിക്കുകളാണ് പ്രധാനമായും ഈ വാദമുന്നിയിച്ചിരിക്കുന്നത്. ഉഥ്മാനീ മുസ്വ്ഹഫുകളായി അറിയപ്പെടുന്ന സമര്‍ക്ക ന്റ്, തോപ്കാപ്പി തുടങ്ങിയ കയ്യെഴുത്ത് പ്രതികള്‍ എഴുതപ്പെട്ടിരിക്കുന്നത് കൂഫിലിപിയിലാണെന്നും പ്രസ്തുത ലിപി തന്നെ അറിയപ്പെ ടുന്നത് ഇറാക്കിലുള്ള കൂഫാ പട്ടണത്തിന്റെ പേരിലാണെന്നും (Bruce A McDowell & Anees Zaka; Muslims and Christians at the Table: Promoting Biblical Understanding among North American Muslims, Phillipsburg (NJ), 1999, Page 76.)  ഖലീഫാ ഉമറിന്റെ (റ)കാലത്ത് നാമകരണം ചെയ്യപ്പെട്ട കൂഫാ പട്ടണത്തിന്റെ പേരിലുള്ള ലിപി ഉഥ്മാനിന്റെ കാലമായപ്പോഴേക്ക് വികസിച്ചു വന്നിരിക്കാന്‍ സാധ്യതയില്ലെന്നും അതുകൊണ്ട്ത ന്നെ ഈ കയ്യെടുത്തു പ്രതികള്‍ രചിക്കപ്പെട്ടത് ഉഥ്മാനിന്റെ കോലത്താവാന്‍ യാതൊരു സാധ്യതയുമില്ലെന്നും (N.A. Newman: Mohammed, The  Qur'an and Islam, Hatfield, 1996, P. 314.)പ്രസ്തുത ക്വുര്‍ആന്‍ ലിപിയില്‍ കുത്തുകളിട്ടിട്ടുണ്ടെന്നും കുത്തുകളിടുന്ന സമ്പ്രദായമാരംഭിച്ചത് ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന് ശേഷമാണെന്നും (Dr. Robert A Morey: Winning the war against Radical Islam, Las Vegas, 2002, Page 70)അതിനാല്‍ നടേ പറഞ്ഞ കയ്യെഴുത്ത് പ്രതികള്‍ ഉഥ്മാനിന്റെ  (റ)ഭരണകാലത്തിന് ഒന്നര നൂറ്റാണ്ടുകളെങ്കിലും കഴിഞ്ഞിട്ടാവണം രചിച്ചിട്ടുള്ളതെന്നുമാണ് (John Gilchrist: Jam'al Qur'an: The Codification of the Qur'an Text, Monder (South Africa), P. 140-146.)അപ്പോളജറ്റിക്കു കളുടെ വാദം. ബൈബിളിനെ പ്പോലെത്തന്നെ ആദ്യകാല കയ്യെഴുത്ത് രേഖകളുടെ സാക്ഷ്യം വേണ്ടത്രയില്ലാത്ത ഗ്രന്ഥമാണ് ക്വുര്‍ആനുമെന്ന് വരുത്തിത്തീര്‍ക്കുന്നതിനു വേണ്ടി ഉന്നയിക്കപ്പെടുന്ന ഈ വാദത്തില്‍ ലവലേശം യാഥാര്‍ഥ്യമില്ലെന്ന് പുരാവസ്തു രേഖകളെക്കുറിച്ച സൂക്ഷ്മമായ പഠനം വ്യക്തമാ ക്കുന്നുണ്ട്.

ക്രിസ്തുവിന് മൂവായിരം കൊല്ലങ്ങള്‍ക്കു മുമ്പ്, ആദ്യകാല വെങ്കല യുഗത്തില്‍ മെസപ്പെട്ടോമിയയില്‍ (ഇന്നത്തെ ഇറാഖ്) വളര്‍ന്നു വിക സിച്ച സുമേറിയന്‍ നാഗരികതയിലുള്ളവര്‍ ഉപയോഗിച്ചിരുന്ന ക്യൂനിഫോം (cueniform) ലിപികളില്‍ നിന്നാരംഭിക്കുന്നു ആധുനിക അറബി ലിപിയുടെ ചരിത്രം. ക്യൂനിഫോമുകളില്‍ നിന്നുള്ള പ്രചോദനത്തില്‍ നിന്നാണ് നൈല്‍നദീതടത്തില്‍ ജീവിച്ചിരുന്ന ഈജിപ്തുകാര്‍ അല്‍പ കാലത്തിനുശേഷം അവരുടെ ലിപിയായ ഹൈരോഗ്ലിഫുകള്‍ (heiroglyphs) വികസിപ്പിച്ചെടുത്തത്. (Geoffrey Sampson: A Linguistic Introduction, Stanford University, 1990, P.78.) വെങ്കലയുഗത്തിന്റെ മധ്യകാലഘട്ടത്തില്‍ കാനന്‍ ദേശത്തും (ഇന്നത്തെ ഇസ്രായീലും ഫലസ്തീ നും) ഈജി പ്തിലെ സിനായ് പ്രദേശത്തും മധ്യ ഈജിപ്തിലുള്ളവര്‍ ഉപയോഗിച്ച പ്രാഗ് സിനായ് അക്ഷരമാല ((proto  sinaitic alphabet) രൂപം കൊണ്ട ത് ഹൈരോഗ്ലിഫുകളില്‍ നിന്നാണ്. ഇതില്‍നിന്ന് ക്രിസ്തുവിന് 1050 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രാധിഷ്ഠിതമല്ലാത്ത (non-pictographic) ആദ്യത്തെ അക്ഷരമാലയായ ഫിനീഷ്യന്‍ അക്ഷരമാല (phoenician alphabet) രൂപപ്പെട്ടു. ഇതില്‍നിന്ന് ക്രിസ്തുവിന് പത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പുരാതന സെമിറ്റിക്കുകാരുടെ ലിപിയായിരുന്ന പാലിയോ ഹിബ്രു അക്ഷരമാലയും (paleo-hebrew alphabet) അതില്‍നിന്ന് എട്ടാം നൂറ്റാണ്ടായപ്പോ ഴേക്ക് അരാമിക് അക്ഷരമായും (aramic alphabet) രൂപപ്പെട്ടു. (Steven Roger Fischer: History of Writing. London, 2004.) അരാമിക്കില്‍നിന്ന് ക്രി സ്തുവിന് രണ്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പ് സിറിയക്കും (syriac) അതില്‍ നിന്ന് ഏറെ താമസിയാതെ നെബത്തയന്‍ അക്ഷരമാലയും (nabataen alphabet) രൂപപ്പെട്ടു. നെബത്തയന്‍ അക്ഷരങ്ങളില്‍ നിന്നാണ് അറബി അക്ഷരമാലയുണ്ടായ തെന്നാണ് ഗവേഷകന്‍മാരുടെ പക്ഷം. ക്രിസ്താ ബ്ദം നാലാം നൂറ്റാണ്ടിലായിരിക്കണം അറബി അക്ഷരമാലയുണ്ടായതെന്നും 328ല്‍ രചിക്കപ്പെട്ട നെബത്തിയന്‍മാരുടെ രാജകീയ മരണാന്തര ക്രിയകളെക്കുറിച്ചുള്ള രേഖയിലെ ലിപി അറബിയുടെ പ്രാഗ്‌രൂപമാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ("Arabic alphabet", Brittanica Online www.brittanica.com) എന്നാല്‍ സിറിയയിലെ സെബദില്‍ നിന്ന് കണ്ടെത്തിട്ടുള്ള ഗ്രീക്കിലും സിറിയക്കിലും അറബിയിലുമുള്ള കയ്യെ ഴുത്ത് രേഖയിലേതാണ് ലഭ്യമായതില്‍വെച്ച് ഏറ്റവും പുരാതനമായ അറബി അക്ഷരങ്ങള്‍ എന്നാണ് ഭൂരിപക്ഷം പണ്ഡിതന്‍മാരുടെയും പക്ഷം (Beatrice Gruendler: The Development of the Arabic Scripts From the Nabatean Era to the first Islamic Century according to the Dated Texts, Atlanta, 1993 Page 13-14)

മുഹമ്മദ് നബിലയുടെ കാലത്ത് നിലനിന്നിരുന്ന മൂന്നുതരം ലിപികളായിരുന്നു ഹിജാസി അഥവാ മാഇല്‍, മശ്ഖ്, കുഫീ എന്നീ ലിപികള്‍. ഇവയിലെല്ലാം രചിക്കപ്പെട്ട ആദ്യകാല ക്വുര്‍ആന്‍ കയ്യെഴുത്ത് പ്രതികളുണ്ട്. ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയിലുള്ള MS. Or-2165 കയ്യെഴു ത്ത് പ്രതിയും കുവൈത്തിലെ താരിഖ് റജബ് മ്യൂസിയത്തിലുള്ള QUR-1-TSR കയ്യെഴുത്ത് പ്രതിയും പാരീസിലെ ബിബ്‌ളിയോത്തെക്ക് നാഷ ണേലിലുള്ള Arabe 328 Ca കയ്യെഴുത്തു പ്രതിയും സന്‍ആഇലെ ദാറുല്‍ മഖ്ത്തൂത്താത്തിലുള്ള DA MOI-27.1, DAMOI-25.1, DAMOI=29.1 കയ്യെഴു ത്തു പ്രതികളും ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ ഹിജാസി ലിപിയില്‍ എഴുതപ്പെട്ടവയാണ്. കൈറോയിലെ നാഷണല്‍ ലൈബ്രറിയിലുള്ള ഹിജ്‌റ 107-ല്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് അതില്‍തന്നെ രേഖയുള്ള കയ്യെഴുത്തു പ്രതി മശ്ഖ് ലിപിയിലുള്ളതാണ്. ഉഥ്മാനീ മുസ്വ്ഹഫുകളായി അറി യപ്പെടുന്നവയും മറ്റ് ഒന്നാം നൂറ്റാണ്ടിലെ കയ്യെഴുത്ത് പ്രതികളുമെല്ലാം കൂഫീ ലിപിയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ യായിരിക്കണം കൂഫി ലിപിയുണ്ടായത് ഹിജ്‌റ ഒന്നാം നൂറ്റാണ്ടിനു ശേഷമാണെന്ന് സ്ഥാപിക്കുവാന്‍ ഓറിയന്റലിസിറ്റുകളും ക്രിസ്ത്യന്‍ അപ്പോളജറ്റിക്കുകളും ആവേശം കാണിക്കുന്നത്. സ്വഹാബിമാരുടെ കാലത്ത് ഉപയോഗിക്കപ്പെട്ടിരുന്ന മുസ്വ്ഹഫുകളിലൊ ന്നും ഇന്നു ഉപലബ്ധമല്ലെന്നു വന്നാല്‍ അതുപയോഗിച്ച് ക്വുര്‍ആനിന്റെ ചരിത്രപരതയെ ചോദ്യം ചെയ്യാമല്ലോ.

എന്നാല്‍ വസ്തുതകള്‍ അപ്പോളജറ്റിക്കുകള്‍ക്കും അവര്‍ക്കനുസരിച്ച് കാര്യങ്ങള്‍ വളച്ചൊടിച്ചവതരിപ്പിക്കുന്ന ഓറിയന്റലിസ്റ്റുകള്‍ക്കുമെ തിരാണ്. മുഹമ്മദ് നബിലക്കു മുമ്പു തന്നെ പ്രചാരത്തിലുണ്ടായിരുന്ന ലിപികളിലൊന്നായിരുന്നു കൂഫീ ലിപിയുമെന്ന വസ്തുത എന്‍സൈ ക്ലോപീഡിയ ഓഫ് ഇസ്‌ലാം തെളിവുകള്‍ നിരത്തി സമര്‍ഥിക്കുന്നുണ്ട്. ഹിജ്‌റ 17ല്‍ (ക്രിസ്താബ്ദം 638) കൂഫയുണ്ടാവുന്നതിന് നൂറു വര്‍ഷ ങ്ങള്‍ക്കു മുമ്പെങ്കിലും മെസപ്പെട്ടോമിയയില്‍ കൂഫി ലിപി പ്രചാരത്തിലുണ്ടായിരുന്നുവെന്നാണ് പ്രമുഖ ഓറിയന്റലിസ്റ്റും ലിപി വിജ്ഞാ നീയത്തില്‍ അഗ്രഗണ്യനുമായ ബി. മൊറിട്ട്‌സ് വ്യക്തമാക്കുന്നത് (B. Mortiz: "Arabic Writing", Encyclopedia of Islam, London, 1913, Page 387.)-  അന്‍ ബാര്‍, ഹിറ തുടങ്ങിയ മെസെപ്പെട്ടോമിയന്‍ നഗരങ്ങളില്‍ നേരത്തെ പ്രചാരത്തിലുണ്ടായിരുന്ന ലിപിയാണ് കൂഫാ പട്ടണ ത്തിന്റെ രൂപീക രണത്തിനു ശേഷം ചെറിയ മാറ്റങ്ങളോടെ കൂഫി ലിപിയായി അറിയപ്പെട്ടതെന്ന് നാബിയ അബൊട്ടും വിശദീകരിക്കു ന്നുണ്ട്. (Nabia Abbott: The Rise of the North Arabic Script and its Kuranic Development, University of Chicago, 1939 Page 17.)ഗവേഷകരായ അബ്ദുല്‍ കബീര്‍ ഖാത്തിബിയും മുഹമ്മദ് സിജെല്‍മാസ്സിയും കൂടിയെഴുതിയ 'ഇസ്‌ലാമിക് കാലിഗ്രഫിയുടെ യശസ്സ്' എന്ന ഗ്രന്ഥത്തില്‍ എങ്ങനെ യാണ് ഈ നാമകരണമു ണ്ടായതെന്ന് വ്യക്തമാക്കുന്നുണ്ട്. ''ഇസ്‌ലാമിന് മുമ്പ് നിലവിലുണ്ടായിരുന്ന നാല് തരം ലിപികളായിരുന്നു അറബികള്‍ക്ക് പരിചയമുണ്ടാ യിരുന്നത്. ഹിറയില്‍ പ്രചാരത്തിലുണ്ടായിരുന്ന അല്‍ഹിരിയും, അന്‍ബാറിയിലുണ്ടായിരുന്ന അല്‍അന്‍ബാറിയും മക്കയിലുണ്ടായിരുന്ന അല്‍ മക്കിയും മദീനയിലുണ്ടായിരുന്ന ഇബനു മദനിയും. ക്രിസ്താബ്ദം 999ല്‍ (ഹിജ്‌റ 390) മരണപ്പെട്ട, ഫിഹ്‌രിസ്തിന്റെ കര്‍ത്താവ്, പ്രസിദ്ധനായ അല്‍ നദീമാണ് ഹിരയില്‍നിന്ന് രൂപം പ്രാപിച്ച ലിപിക്ക് കൂഫീ'യെന്ന് നാമകരണം ചെയ്തത്. ഹിജ്‌റ 17ല്‍ (ക്രിസ്താബ്ദം 638) നിര്‍മിക്കപ്പെട്ട നഗരമായ കൂഫയിലുണ്ടായതല്ല ഈ ലിപി. കൂഫയുണ്ടാകുന്നതിന് കാലങ്ങള്‍ക്കു മുമ്പേ ഈ ലിപി നിലനിന്നിരുന്നു. എന്നാല്‍ പ്രസ്തുത ലിപിയില്‍നിന്ന് സുന്ദരമായ കാലിഗ്രഫി വളര്‍ത്തിയെടുത്തതും പരിപോഷിപ്പിച്ചതും മഹത്തായ ഈ ബൗദ്ധിക കേന്ദ്രമാണ്''. (Abdel Kabeer Khattibi & Muhammed Sijelmassi: The Splendour of Islamic Calligraphy, Thames & Hudson, 1994, Page 96-97.)

മാത്രവുമല്ല, ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിര്‍മിച്ചതെന്ന് ഉറപ്പിക്കാവുന്ന ക്വുര്‍ആനല്ലാത്ത മറ്റു കൂഫി ലിഖിതങ്ങള്‍ കണ്ടെടു ക്കുകയും ചെയ്തിട്ടുണ്ട്. ഇതിലൊന്നാണ് ഹിജ്‌റ 24ാം വര്‍ഷത്തില്‍ എഴുതിയതാണെന്ന് സ്വയം സാക്ഷ്യം വഹിക്കുന്ന സുഹൈറിന്റെ രേഖ. സഊദി അറേബ്യയിലെ അല്‍ഹിജ്‌റിന് സമീപത്തുള്ള ഖാഅല്‍ മുഅ്തദില്‍ പാറയിലെ ഒരു ചുവന്ന മണല്‍ക്കല്ലില്‍ കൊത്തിവെയ്ക്ക പ്പെട്ട രൂപത്തിലുള്ളതാണീ രേഖ. 'അല്ലാഹുവിന്റെ നാമത്തില്‍, ഞാന്‍ സുഹൈര്‍ ഇതെഴുതുന്നത്. ഇരുപത്തിനാലാം വര്‍ഷത്തില്‍ ഉമര്‍ മര ണപ്പെട്ടപ്പോഴാണ്' (ബിസ്മില്ലാ, അന സുഹൈര്‍ കതബ്തു സമന്‍ തുവഫ്ഫീ ഉമറ സനത്ത അര്‍ബഅ വ ഇശ്‌രീന്‍) എന്നാണ് രേഖയിലു ള്ളത്. (Ali Ibrahim Al-Ghabban (Trans: Robert HolyLand): "The Inscription of Zuhayr, the oldest Islamic Inscription (24Ah/AD644-645), the Rise of the Arabic Scri pt and the nature of the early Islamic State". "Arabian Archeology and Epigraphy, November 2008, Vol 19, Issue 2, Page 210-237.)

കുത്തുകളുള്ള കൂഫി ലിപിയില്‍ എഴുതപ്പെട്ട ഈ രേഖ ഉമര്‍ (റ) മരണപ്പെട്ട കാലത്ത് കൂഫി ലിപിയിലുള്ള എഴുത്തിന് പ്രചാരമുണ്ടായിരുന്നുവെന്ന് സുതരാം വ്യക്തമാക്കുന്നുണ്ട്. ഉമര്‍നേു ശേഷം ഭരിച്ചയാളാണ് ഉഥ്മാന്‍.(റ) ഉമറിെ(റ)ന്റ കാലത്തുതന്നെ കൂഫീ ലിപി പ്രചാരത്തിലുണ്ടെ ങ്കില്‍ ഉഥ്മാ നിെ(റ)ന്റ കാലത്ത് നിര്‍മിക്കപ്പെട്ട മുസ്വ്ഹഫുകള്‍ കൂഫി ലിപിയിലായത് സ്വാഭാവികമാണെന്ന് ആര്‍ക്കും സമ്മതിക്കേണ്ടി വരും. യുനെ സ്‌കോയുടെ ലോകസ്മരണകള്‍ രേഖകളില്‍ (http://portal.unesco.org/enev.php_URL_ID= 14264&URL_DO=DO_TOPIC& URL_ SECTION= 201.html) സ്ഥലം പിടിച്ചിട്ടുള്ള ഈ മണല്‍ക്കല്‍ ലിഖിതത്തെ നിഷേധിക്കുവാന്‍ ആര്‍ക്കും കഴിയില്ല. ക്വുര്‍ആന്‍ ചോദ്യത്തെ പരിഹരിക്കാനുതകുന്ന ആദ്യത്തെ ഇസ്‌ലാമികാലേഖനം' (First Islamic Inscription may solve Qur'an Question) എന്ന തലക്കെട്ടിലാണ് ഡിസ്‌കവറി ചാനലിന്റെ ന്യൂസ് ഇതേക്കുറിച്ച ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. (dsc.discovery.com/news/2008/11/18/islamic-inscription . html) ഉഥ്മാനീ മുസ്ഹഫുകള്‍ എഴു തപ്പെട്ടത് കൂഫി ലിപിയിലാണ് എന്നതിന്റെ പേരില്‍ ക്വുര്‍ആനിന്റെ ചരിത്രപരതയെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചവരുടെ ഗവേഷണദംഷ്ട്രങ്ങ ള്‍ പൊഴിക്കുവാന്‍ പര്യാപ്തമാണ് ഈ ചുവന്ന കല്‍രേഖയുടെ കണ്ടുപിടുത്തമെന്നര്‍ഥം.

കൈറോ മ്യൂസിയം ഓഫ് അറബ് ആര്‍ട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ഹിജ്‌റ 31ല്‍ രചിച്ചതായി സ്വയം സാക്ഷ്യപ്പെടുത്തുന്ന അബ്ദുര്‍റഹ്മാന്‍ ഇബ്‌ നുഖൈര്‍ അല്‍ഹാജിരിയുടെ ഖബര്‍ ഫലകവും (Nabia Abbott: The Rise of the North Arabic Script and its Kur'anic Development, University of Chicago, 1939 Page 18-19.) ഹിജ്‌റ 40ല്‍ എഴുതിയതായി സാക്ഷ്യപ്പെടുത്തുന്ന സഊദി അറേബ്യയിലെ ദര്‍ബ് സുബൈദയിലെ വാദി അല്‍ ശാമിയയിലെ ഒട്ടകപാതയില്‍നിന്ന് 1970ല്‍ ലഭിച്ച ശിലാഫലകവും (A.H.Sharafaddin: "Some Islamic Inscriptions Discovered on the Darb Zubayda", Atlal (The Journ al of Saudi Arabian Archeology, 1997, Vol 1, Page 69-70.) സഊദി അറേബ്യയിലെ വാദിസബീലില്‍നിന്ന് ലഭിച്ച ഹിജ്‌റ 46ല്‍ രചിച്ചതായി സാക്ഷ്യ പ്പെടുത്തുന്ന ചുമര്‍ഫലകവുമെല്ലാം (Beatrice Greundler: Opt it Page 15) കൂഫീലിപിയില്‍ എഴുതപ്പെട്ടവയാണ്. ഇതെല്ലാം സഹാബിമാരുടെ കാലത്ത് കൂഫി ലിപിയിലുള്ള രചനകള്‍ക്ക് പ്രചാരമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.

ണ്ട്. മുഹമ്മദ് നബി(സ)യുടെ അനുയായികള്‍ ഉപയോഗിച്ച ക്വുര്‍ആന്‍ കോപികൾ സംരക്ഷിക്കപെട്ടിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള മ്യൂസിയങ്ങളിൽ അവ കാണാൻ കഴിയും.

സ്വഹാബിമാരുടെ മുസ്ഹഫുകളോ അവയുടെ ഭാഗങ്ങളോ ഇന്ന് ഉപലബ്ധമല്ലെന്ന ഓറിയന്റലിസ്റ്റുകളില്‍ ചിലരുടെയും അവരുടെ വാദങ്ങള്‍ കോപ്പിയടിച്ച് ഇസ്‌ലാം  വിമര്‍ശനം നടത്തുന്ന ക്രൈസ്തവ മിഷനറിമാരുടെയും വാദം അടിസ്ഥാന രഹിതമാണെന്ന് പ്രമുഖ ഓറിയന്റലിസ്റ്റായ നബിയ എബൊട്ട് തന്റെ ക്വുര്‍ആന്‍ കയ്യെഴുത്ത് രേഖകളെക്കുറിച്ച പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. (Nabia Abbott: The Rise of the North Arabic Script and its Kur'anic Development, with a full description of the Kura'n manuscripts in the Oriental Institute, Chicago, 1939)

ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ രചിക്കപ്പെട്ടതു മുതല്‍ക്കുള്ള ക്വുര്‍ ആന്‍ കയ്യെഴുത്തു പ്രതികളെക്കുറിച്ച വിവരങ്ങള്‍ അവരുടെ പഠനത്തിലുണ്ട്. പ്രസ്തുത നൂറ്റാണ്ടിന്റെ അവസാനംവരെ അറേബ്യന്‍ ഉപദ്വീപിന്റെ വിവിധ ഭാഗങ്ങളിലായി പ്രവാചകാനുചരന്‍മാര്‍ ജീവിച്ചിരുന്നിട്ടുണ്ട്. ഹിജ്‌റ 96-ാം വര്‍ഷത്തില്‍ തന്റെ നൂറാമത്തെ വയസ്സില്‍ മരണപ്പെട്ട സഹലുബ്‌നു സഅദിനെ മദീനയില്‍ ജീവിച്ച അവസാനത്തെ സഹാബിയായും ഹിജ്‌റ 93-ല്‍ തന്റെ 103-ാമത്തെ വയസ്സില്‍ മരണപ്പെട്ട അനസുബ്‌നു മാലിക്കിനെ ബസ്വറയില്‍ ജീവിച്ച അവസാനത്തെ സ്വഹാബിയായും ഹിജ്‌റ 110-ല്‍ മരണപ്പെട്ട അബൂ തുഫൈല്‍ അമിറുബിനു വാഥിലയ്യെ മക്കയില്‍ ജീവിച്ച അവസാനത്തെ സ്വഹാബിയായും കണക്കാക്കപ്പെടുന്നു. ഒന്നാം നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ മുസ്‌ലിം ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ജീവിച്ച സ്വഹാബിമാര്‍ പഠന-പാരായണങ്ങള്‍ക്ക് ഉപയോഗിച്ച താവണം നബിയ എബൊട്ട് രേഖപ്പെടുത്തുന്ന കയ്യെഴുത്ത് പ്രതികളെന്ന് മനസ്സിലാക്കാവുന്നതാണ്.

a) ഉഥ്മാനിന്റെ (റ)കാലത്തെ കയ്യെഴുത്ത് പ്രതികള്‍:

തന്റെ ഭരണകാലത്ത് ഉഥ്മാനിന്റെ (റ) നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയതെന്ന് കരുതപ്പെടുന്ന ആറ് കയ്യെഴുത്തു പ്രതികള്‍ പൂര്‍ണമായോ ഭാഗികമായോ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി ഇന്ന് സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇവ ഉഥ്മാനിന്റെ  (റ)കാലത്ത് പകര്‍ത്തിയെ ഴുതപ്പെട്ട ഏഴു പ്രതികളില്‍പ്പെട്ടവ തന്നെയാണോയെന്ന കാര്യത്തില്‍ വിദഗ്ധര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഉഥ്മാനീ കയ്യെഴുത്ത് പ്രതികളായി അറിയപ്പെടുന്നവ താഴെ പറയുന്നവയാണ്.

1) ഉസ്‌ബെക്കിസ്താനിലെ താഷ്‌കന്റിലുള്ള കയ്യെഴുത്ത് പ്രതി:

ആകെ 360 പുറങ്ങളുള്ളതില്‍ 69 എണ്ണം പൂര്‍ണമായിത്തന്നെ കീറിപ്പോയ രീതിയിലാണ് ഈ പ്രതി ഇപ്പോഴുള്ളത്. താഷ്‌കന്റിലെ തെല്യാ ശൈഖ് മസ്ജിദിലുള്ള ഹസ്ത് ഇമാം ഗ്രന്ഥാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഇതില്‍ കാര്യമായ കേടുപാടുകളൊന്നുമില്ലാത്ത പതിനഞ്ച് പുറങ്ങളൊഴിച്ച് ബാക്കിയെല്ലാം കീറിയതോ പേജിന്റെ കുറച്ചുഭാഗംമാത്രം അവശേഷിക്കുന്നതോ ആയ രൂപത്തിലാണുള്ളത്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന എഴുത്ത് രീതിയെക്കുറിച്ച് പഠിച്ച ഗവേഷകന്‍മാര്‍ ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലായിരിക്കണം ഇതിന്റെ രചന നടന്നതെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. (A. Jeffery & I. Mandelsohn: `The Orthography of the Samarqand Qu'ran codex', Journal of the American Oriental Society 1942, Volume 7,  P.65.) എന്നാല്‍ ഓക്‌സ്‌ഫോര്‍ഡില്‍ വെച്ചു നടന്ന കാര്‍ബണ്‍ ഡേറ്റിംഗ് പരീക്ഷണത്തില്‍ ഇത് നേരത്തെ രചിച്ചതാകാന്‍ സാധ്യതയുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്. ക്രിസ്താബ്ദം 595നും 855നുമിടയില്‍ രചിക്കപ്പെട്ടതാകാന്‍ 95% സാധ്യതയും ക്രിസ്താബ്ദം 640 നും 765നുമിടയില്‍ രചിക്കപ്പെട്ടതാകാന്‍ 68% സാധ്യതയുമുണ്ടെന്നാണ് കാര്‍ബണ്‍ ഡേറ്റിംഗ് പരീക്ഷണം വ്യക്തമാക്കിയത്. (F. Deroehe: 'Mannscripts of the Qu'ran' in J.D. Mc Auliffel (Ed.)Encyclopaedia of the Qu'ran; Leiden & Boston, 2003, volume 3, page 261) ഉഥ്മാനി്യന്റെ കാലത്ത് നിര്‍മിക്കപ്പെട്ട കോപ്പികളിലൊന്നാണ് ഇതെന്ന പാരമ്പര്യം ശരിയാവാന്‍ സാധ്യതയുണ്ടെന്നാണ് കാര്‍ബണ്‍ഡേറ്റിംഗ് പരീക്ഷണം വ്യക്തമാക്കുന്നതെന്നര്‍ഥം.

2) തൂര്‍ക്കിയില്‍ ഇസ്തംബൂളിലെ തോപ്കാപി മ്യൂസിയത്തിലുള്ള കയ്യെഴുത്ത് പ്രതി:

408 പുറങ്ങളിലായി നിലനില്‍ക്കുന്ന ഈ കയ്യെഴുത്ത് പ്രതിയില്‍ ക്വുര്‍ആനിന്റെ 93 ശതമാനവും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. രണ്ട് പുറങ്ങള്‍ മാത്രമെ നഷ്ടപ്പെട്ടിട്ടുള്ളൂ. ഉഥ്മാന്റെ (റ) കാലത്ത് രചിക്കപ്പെട്ടതാണ് ഇത് എന്ന പാരമ്പര്യത്തിനെതിരാണ് ഇതിലുപയോഗിച്ച രചനാരീതി യെന്നാണ് ഗവേഷകന്‍മാരുടെ പക്ഷം. എന്നാല്‍ ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലോ രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ ഇത് രചിക്കപ്പെട്ടിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. (T. Altikulac: Al Mushaf Alsharif: Attribured Uthman Bin Affan. (The copy at the Topkapi Palace Meuseum), Isthambul, 2007)

3) തുര്‍ക്കിയിലെ ഇസ്താംബൂളിലുള്ള തുര്‍ക്കിഷ് ആന്റ് ഇസ്‌ലാമിക് ആര്‍ട്ട് മ്യൂസിയത്തിലുള്ള കയ്യെഴുത്ത് പ്രതി:

439 പുറങ്ങളുള്ള ഈ കയ്യെഴുത്തു പ്രതിയുടെ 17 പുറങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇങ്ങനെ നഷ്ടപ്പെട്ടവയില്‍ മൂന്നെണ്ണമൊഴിച്ച് ബാക്കിയെല്ലാം പില്‍ക്കാലത്ത് കണ്ടെടുക്കപ്പെടുകയും സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അവസാനത്തെ പുറത്തില്‍ 'കത്തബഹു ഉഥ്മാനുബ്‌നു അഫ്ഫാന്‍ ഫീ  സനത്ത് ഥലാഥീന്‍'' (ഉഥ്മാനുബ്‌നു അഫ്ഫാന്‍ മുപ്പതാം വര്‍ഷത്തില്‍ എഴുതിയത്) എന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും അത് വ്യാജമാണെന്നും ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലോ രണ്ടാം നൂറ്റാണ്ടിന്റെ ആദ്യത്തിലോ ആയിരിക്കണം ഇത് എഴുതപ്പെട്ടതെന്നുമാണ് ഗവേഷകന്‍മാരുടെ പക്ഷം. (S. Sahin: The Meuseum of Turkish and Islamic Arts. Thirteen centuries of Glory from the Umayyads to the Ottomans, New York, 2009 page 23-25)

4) റഷ്യയിലെ സെന്റ്പീറ്റേഴ്‌സ് ബര്‍ഗിലും കട്ടാലന്‍ഗാറിലും ബുഖാറയിലും താഷ്‌കന്റിലുമായി സൂക്ഷിക്കപ്പെട്ടിരിക്കുന്ന കയ്യെഴുത്ത് പ്രതി:

ആകെ 97 പുറങ്ങളുള്ളതില്‍ 81 എണ്ണം സെന്റ് പിറ്റേഴ്‌സ് ബര്‍ഗിലെ ഓറിയന്റല്‍ സ്റ്റഡീസിലും ഒരെണ്ണം താഷ്‌കന്റിലെ ബിദുനി ഇന്‍സ്റ്റി റ്റ്യൂട്ട് ഓഫ് ഓറിയന്റല്‍ സ്റ്റഡീസിലും പന്ത്രെണ്ടണ്ണം ഉസ്‌ബെക്കിസ്താനിലുള്ള കട്ടാലന്‍ഗാറിലെ ഇഷ്ഖിയ്യാ സില്‍സിലയിലുള്ള ശൈഖു മാരുടെ മഖ്ബറകള്‍ക്കനുബന്ധമായും രണ്ടെണ്ണം ബുഖാറയിലുള്ള ഇബ്‌നുസീന ബുഖാറ റീജ്യനല്‍ ലൈബ്രറിയിലും ഒരെണ്ണം താഷ്‌കന്റി ലുള്ള ലൈബ്രറി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് മുസ്‌ലിം അഫയേഴ്‌സിലുമായാണ് ഈ കയ്യെഴുത്ത് പ്രതി സൂക്ഷിച്ചിട്ടുള്ളത്. ഇത് ഉഥ്മാ നിന്റ