ശിക്ഷാനിയമങ്ങൾ

//ശിക്ഷാനിയമങ്ങൾ
മനുഷ്യരെല്ലാം ശുദ്ധപ്രകൃതിയിലാണ് ജനിക്കുന്നത് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മാതാപിതാക്കളുടെ ജീനുകൾ ലഭിക്കുക വഴി ജനനത്തോട് കൂടിത്തന്നെ അയാളുടെ സ്വഭാവത്തിന്റെ ബഹുഭൂരിപക്ഷവും നിർണയിക്കപ്പെട്ടിട്ടുണ്ടാവുമെന്നാണ് ശാസ്ത്രം പറയുന്നത്. പന്ത്രണ്ട് വയസ്സുവരെയുള്ള Primary Socialization അഥവാ Parenting വഴി ഒരാളുടെ സ്വഭാവത്തിന്റെ മുഴുവൻ രൂപരേഖയും (blue print) വളരെ Concrete ആയിത്തന്നെ രൂപപ്പെടുന്നു. പ്രതികൂലമായ കാലാവസ്ഥയിൽ ജനിക്കുകയും വളരുകയും ചെയ്തവർക്ക് നന്മയിലേക്കുള്ള പാത ദുർഘടമല്ലേ? അവർ സ്വാഭാവികമായും തിന്മയിൽ മുഴുകാനല്ലേ സാധ്യത? ഇങ്ങനെയുള്ളവരെ ശിക്ഷിക്കുന്നതിന്റെ ഇസ്‌ലാമിക യുക്തിയെന്താണ്?

അബിൻ

ശുദ്ധപ്രകൃതി(ഫിത്വറ)യോട് കൂടിയാണ് കുഞ്ഞുങ്ങളെല്ലാം ജനിക്കുന്നതെന്നും അവരെ വ്യത്യസ്ത മതക്കാരാക്കിത്തീർക്കുന്നത് അവരുടെ മാതാപിതാക്കളാണെന്നും മുഹമ്മദ് നബി (സ) പറഞ്ഞതായി അബൂഹുറൈറ(റ)യിൽ നിന്ന് ഇമാമുമാരായ ബുഖാരിയും മുസ്‌ലിമും തങ്ങളുടെ സ്വഹീഹുകളിൽ നിവേദനം ചെയ്തിട്ടുണ്ട്. പാപികളായാണ് മനുഷ്യരെല്ലാം ജനിക്കുന്നതെന്ന ക്രൈസ്തവവിശ്വാസത്തെ നിഷേധിക്കുന്നതാണ് ഈ ഹദീഥ്. ആരും പാപികളായല്ല ജനിക്കുന്നത്, പ്രത്യുത ശുദ്ധപ്രകൃതിയോടെയാണ് എന്നും ജനിച്ച ശേഷമാണ് അവർ വ്യസ്ത്യസ്ത വിഭാഗങ്ങളിൽ പെടുന്നവരെന്നും അതിന് പ്രധാന കാരണം മാതാപിതാക്കളുടെ ഇടപെടലുകളാണെന്നും വ്യക്തമാക്കുകയാണ് ഈ ഹദീഥിലൂടെ പ്രവാചകൻ (സ) ചെയ്യുന്നത്.

മാതാപിതാക്കളുടെ എല്ലാ ദുസ്വഭാവങ്ങളും ജീനുകളിലൂടെ മക്കൾക്ക് പകർന്നു ലഭിക്കുന്നുണ്ട് എന്നാണ് ആധുനിക ശാസ്ത്രം പറയുന്നത് എന്നാണ് ചോദ്യകർത്താവ് തെറ്റിദ്ധരിച്ചിരിക്കുന്നത് എന്ന് തോന്നുന്നു. എന്നാൽ വസ്തുതയതല്ല. മനുഷ്യന്റെ പെരുമാറ്റങ്ങളിലുള്ള ജീനുകളുടെ സ്വാധീനത്തെ കുറിച്ച പഠനമാണ് പെരുമാറ്റ ജനിതകം. ബോധപൂര്‍വ്വമല്ലാതെയോ സ്വാഭാവികമായോ ബോധോദയത്താലോ ഉണ്ടാവുന്ന നിരീക്ഷണയോഗ്യമായ പ്രവൃത്തികളോ വികാരങ്ങളോ താല്‍പര്യങ്ങളോ ആണ് 'പെരുമാറ്റം' (behaviour) കൊണ്ടുള്ള വിവക്ഷ. ജീനുകള്‍ എങ്ങനെയാണ് സാഹചര്യങ്ങള്‍ക്കകത്ത് പ്രവര്‍ത്തിച്ചുകൊണ്ട് പെരുമാറ്റത്തെ സ്വാധീനിക്കുന്നതെന്ന പഠനമാണ് പെരുമാറ്റജനിതകത്തിനടുത്ത് നടക്കുന്നത്. പെരുമാറ്റത്തെ സ്വാധീനിക്കുന്ന ജനിതക ഘടകങ്ങളേയും സാഹചര്യങ്ങളേയും ഒരേപോലെ പരിഗണിക്കുന്ന ശാസ്ത്രശാഖയാണിത്. ജീനുകളോ സാഹചര്യങ്ങളോ ഏതെങ്കിലൊന്ന് സര്‍വ്വശക്തമാണെന്നോ അതു മാത്രമാണ് പെരുമാറ്റത്തെ സ്വാധീനിക്കുന്നത് എന്നോ ഉള്ള ധാരണയല്ല പെരുമാറ്റ ജനിതക ശാസ്ത്രജ്ഞന്മാര്‍ക്കുള്ളത്; ഓരോന്നോ രണ്ടും കൂടിയോ പെരുമാറ്റത്തെ സ്വാധീനിക്കാവുന്നതാണ് എന്നാണ്‌ പെരുമാറ്റജനിതകം പറയുന്നത്‌. ജീനുകള്‍ കൂടാതെ പെരുമാറ്റത്തെ സാഹചര്യങ്ങള്‍ കൂടി സ്വാധീനിക്കുന്നുവെന്ന് പറയുമ്പോള്‍ എന്താണ് സാഹചര്യം കൊണ്ട് വിവക്ഷിക്കുന്നതെന്ന ചോദ്യമുയരാവുന്നതാണ്. ജനിതകമല്ലാത്ത എല്ലാ സ്വാധീനങ്ങളേയും സാഹചര്യം (environment) എന്നാണ് വിളിക്കുന്നത്. അത് ബാക്ടീരിയ, വൈറസ്, മരുന്നുകള്‍, പോഷകങ്ങള്‍ തുടങ്ങിയ ആന്തരികമായി പ്രവര്‍ത്തിക്കുന്ന വസ്തുക്കളാവാം; അതല്ലെങ്കില്‍ രക്ഷാകര്‍ത്തൃത്വം, കുടുംബജീവിതം, സമപ്രായക്കാര്‍, മാധ്യമങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍, കാലാവസ്ഥാമാറ്റങ്ങള്‍, രോഗം, യുദ്ധം എന്നീ ബാഹ്യമായി സ്വാധീനിക്കുന്ന കാര്യങ്ങളുമാകാം. മൊത്തത്തില്‍ മനുഷ്യപെരുമാറ്റങ്ങളെ എങ്ങനെ ജീനുകളും എല്ലാതരം ബാഹ്യവും ആന്തരികവുമായ സാഹചര്യങ്ങളും കൂടി സ്വാധീനിക്കുന്നുവെന്ന് പഠിക്കുകയാണ് പെരുമാറ്റജനിതകം ചെയ്യുന്നതെന്ന് പറയാം.

മനുഷ്യനെ സംബന്ധിച്ചിടത്തോളം ജീനുകളാല്‍ മാത്രം നിശ്ചയിക്കപ്പെടുന്ന ചില അടിസ്ഥാനസ്വഭാവങ്ങളുണ്ട്. കണ്ണിന്റെ നിറം ഉദാഹരണം. എന്നാല്‍ പെരുമാറ്റങ്ങളില്‍ മിക്കതും ജീനുകളാല്‍ സ്ഥാപിക്കപ്പെട്ടതും സാഹചര്യങ്ങളാല്‍ തീരുമാനിക്കപ്പെടുന്നതുമാണ്. നല്ല പേശീബലവും ഉയര്‍ന്ന ശ്വാസകോശക്ഷമതയും ഒരാള്‍ നല്ല കായികതാരമായിത്തീരുന്നതിന് കാരണം അയാളുടെ ജീനുകളാണെന്ന് വേണമെങ്കില്‍ പറയാവുന്നതാണ്. എന്നാല്‍ അയാള്‍ ഒരു ഓട്ടക്കാരനോ, നീന്തല്‍ക്കാരനോ കളിക്കാരനോ ആവുന്നതില്‍ പ്രധാനമായും സാഹചര്യങ്ങളുടെ സ്വാധീനമാണുള്ളത്. അയാളുടെ മാതാപിതാക്കള്‍ ദരിദ്രരും കുട്ടികളെ സ്‌കൂളിലയക്കാന്‍ കഴിവില്ലാത്തവരുമാണെങ്കില്‍ അയാള്‍ക്ക് ആവശ്യമായ പരിശീലനം കിട്ടാതെ പോവുകയും അതുവഴി ഒരു കിലോമീറ്റര്‍പോലും ഓടാന്‍ കഴിയാത്തവനായി അയാള്‍ മാറുകയും ചെയ്‌തേക്കാനും സാധ്യതയുണ്ട്. പ്രകൃതിയും പരിസ്ഥിതിയും കൂടിച്ചേര്‍ന്ന് (Nature and Nurture) വ്യക്തിയുടെ സ്വഭാവങ്ങളും പെരുമാറ്റങ്ങളും നിര്‍ണയിക്കുന്നതെന്നാണ് പെരുമാറ്റജനിതകം പൊതുവായി പഠിപ്പിക്കുന്നത്.

പ്രസിദ്ധ പെരുമാറ്റ മനഃശാസ്ത്രജ്ഞനായ സി. ബേക്കര്‍ എഴുതുന്നത് കാണുക: 'ഉയരം, തൂക്കം, രക്തസമ്മര്‍ദ്ദം, ദഹനശേഷി തുടങ്ങിയ ഒരു വിധം ഭൗതിക സവിശേഷതകളും അവസ്ഥകളുമെല്ലാം ജീനുകളില്‍ നിന്ന് ഉല്‍ഭവിക്കുകയും സാഹചര്യങ്ങളുടെ പശ്ചാത്തലങ്ങള്‍ക്കനുസരിച്ച് പ്രവൃത്തിപഥത്തില്‍ വ്യതിരിക്തത പുലര്‍ത്തുകയും ചെയ്യുന്നവയാണ്. ഇതുതന്നെയാണ് എല്ലാ സങ്കീര്‍ണമായ മാനസിക-സാമൂഹികപെരുമാറ്റങ്ങളുടേയും അവസ്ഥ. വ്യത്യസ്ത ജീനുകള്‍ വ്യത്യസ്ത സാഹചര്യങ്ങളുടെ സ്വാധീനവുമായി കൂട്ടിമുട്ടുമ്പോഴാണ് ഒരോ പെരുമാറ്റങ്ങളും പുറത്തുവരുന്നത്... നിര്‍ഭാഗ്യവശാല്‍ പലരും ഇതില്‍ നിന്ന് വ്യത്യസ്തമായ ധാരണയുമായി കഴിയുന്നവരാണ്. ഒരോ സ്വഭാവസവിശേഷതകളേയും ഒരോ ജീനുകള്‍ നിയന്ത്രിക്കുന്നുവെന്നാണ് അവരുടെ ധാരണ. ഒരു ജീവിയുടെ വളര്‍ച്ചയെ പൂര്‍ണമായും നിശ്ചയിക്കുന്നത് ജീനുകളാണെന്ന ഈ വിശ്വാസത്തിനാണ് ജനിതക നിര്‍ണയവാദം (genetic determinism) എന്നുപറയുന്നത്. ജനിതക നിര്‍ണയവാദം തെറ്റായ ഒരു ധാരണയാണ്. ശാസ്ത്രീയ ഗവേഷണങ്ങളെ ശരിയായി മനസ്സിലാക്കാത്തതില്‍ നിന്നാണ് ഈ ധാരണയുണ്ടാവുന്നത്... എതെങ്കിലുമൊരു ജീനിനേയും സങ്കീര്‍ണമായ ഏതെങ്കിലുമൊരു മനുഷ്യ സ്വഭാവത്തേയും തമ്മില്‍ നേര്‍ക്കുനേരെ ബന്ധിപ്പിക്കാന്‍ കഴിയുന്ന യാതൊരു വിധശാസ്ത്രീയ ഗവേഷണഫലവും ഇതേവരെ ഉണ്ടായിട്ടില്ലെന്നതാണ് വാസ്തവം. നിരവധി ജീനുകള്‍ നിരവധി സാഹചര്യങ്ങളുടെ സ്വാധീനത്തിനു നടുവില്‍ പ്രവര്‍ത്തനനിരതമാവുമ്പോഴാണ് ഏതെങ്കിലുമൊരു പെരുമാറ്റമുണ്ടാവുന്നത്.''(C. Baker: Behavioral Genetics: An Introduction to How Genes and Environments in treat through Development to Shape Difference in Mood, Personality and Intelligence (2004) Page 17,18)

ഇതേപോലെത്തന്നെയാണ് പാരന്റിംഗിന്റെയും അവസ്ഥ. പന്ത്രണ്ട് വയസ്സുവരെയുള്ള ഒരാളുടെ അനുഭവങ്ങളും അയാളുടെ ആശയവിനിമയങ്ങളുമാണ് ഒരാളുടെ അടിസ്ഥാനവ്യക്തിത്വം രൂപീകരിക്കുന്നത് എന്ന് പാരന്റിംഗ് വിദഗ്ദർ പറയാറുണ്ടെന്നത് ശരിയാണ്. അക്കാര്യം തന്നെയാണ് ആദ്യം പറഞ്ഞ ഹദീഥിൽ പ്രവാചകൻ (സ) സൂചിപ്പിച്ചിരിക്കുന്നത്. ചെറുപ്പത്തിലുള്ള മാതാപിതാക്കളുടെ പെരുമാറ്റങ്ങളും മാതൃകയും മറ്റുള്ളവരുമായി നടത്തുന്ന ആശയവിനിമയങ്ങളുമാണ് ഒരാളുടെ അടിസ്ഥാനവ്യക്തിത്വം തീരുമാനിക്കുന്നത് എന്ന് പറഞ്ഞാൽ അതിനർത്ഥം അയാളുടെ വ്യക്തിത്വത്തിൽ പിന്നെ മാറ്റമൊന്നും കഴിയുകയില്ല എന്നല്ല. ബോധപൂർവ്വമല്ലാതെയുള്ള വ്യക്തിത്വരൂപീകരണമാണ് കൗമാരപ്രായത്തിലെത്തുമ്പോൾ പൂർത്തിയാവുന്നത്. ബോധപൂർവമായ വ്യക്തിത്വമാറ്റം നടക്കുന്നത് യഥാർത്ഥത്തിൽ കൗമാരത്തിനു ശേഷമാണ്. ബോധപൂർവ്വമായ വ്യക്തിത്വമാറ്റത്തിനാവശ്യം ബോധ്യവും സന്നദ്ധതയുമാണ്. മതബോധനങ്ങളും ധാർമ്മികനിയമങ്ങളുമെല്ലാം വ്യക്തിയിൽ സ്വാധീനം ചെലുത്തുന്നത് ഇക്കാലത്താണ്. അത് വഴിയുള്ള ബോധപൂവ്വമായ വ്യക്തിത്വമാറ്റമാണ് ഇസ്‌ലാം മനുഷ്യരോട് ആവശ്യപ്പെടുന്നത്.

കുഞ്ഞുങ്ങളുടെ വ്യക്തിത്വരൂപീകരണത്തിൽ പങ്കാളിത്തമുള്ളവരായതുകൊണ്ട് തന്നെ അവരെ നന്മയുൾക്കൊള്ളുന്നവരായി വളർത്തുവാൻ ഇസ്‌ലാം മാതാപിതാക്കളെ അനുശാസിക്കുന്നുണ്ട്. അത് അവരുടെ ഉത്തരവാദിത്തമാണ്. പ്രസ്തുത ബാധ്യത യഥാരൂപത്തിൽ നിർവ്വഹിച്ചില്ലെങ്കിൽ അവർ ചോദ്യം ചെയ്യപ്പെടും. എന്നാൽ മാതാപിതാക്കൾ എങ്ങനെ വളർത്തിയവരാണെങ്കിലും സ്വയം ബോധത്തോടെ ശരിയും തെറ്റും തെരെഞ്ഞെടുക്കുവാൻ വ്യക്തികൾക്ക് കഴിയും. പ്രസ്തുത തെരെഞ്ഞെടുപ്പിനാണ് അവർ ദൈവികമായ മാർഗ്ഗദർശനങ്ങൾ ഉപയോഗപ്പെടുത്തേണ്ടത്. ജനിതകമായി ലഭിച്ച സവിഷേതകളുടെ പേരിലോ മാതാപിതാക്കളുണ്ടാക്കിയ വ്യക്തിത്വത്തിന്റെ പേരിലോ അല്ല ഒരാളുടെ രക്ഷയും ശിക്ഷയുമൊന്നും തീരുമാനിക്കപ്പെടുന്നത്. അയാൾ സ്വയം തെരെഞ്ഞെടുത്ത മാർഗത്തിന്റെ അടിസ്ഥാനത്തിലാണ്. ഭൗതികമായ കോടതികളും ശിക്ഷ വിധിക്കുന്നത് കുറ്റവാളിയുടെ സ്വന്തമായ തെരെഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിലാണല്ലോ.

ക്വുർആനിലെ 2: 2:233 വചനത്തില്‍ മുലകുടി പ്രായം രണ്ടു വര്‍ഷമാണെന്നും 46:15 വചനത്തില്‍ ഗര്‍ഭകാലവും മുലകുടി പ്രായവും കൂടി മുപ്പതു മാസമാണെന്നും പറഞ്ഞതിനെ താരതമ്യം ചെയ്താൽ ഗർഭകാലം ആറ് മാസമാണ് എന്നാണ് വന്നു ചേരുക. ഇത് വ്യക്തമായ അബദ്ധമല്ലേ ?

സൂറത്തുല്‍ ബക്വറയിലെ 2:233-ാം വചനത്തിലും സൂറത്തു ലുഖ്മാനിലെ പതിനാലാം വചനത്തിലും മുലകുടി പ്രായം രണ്ടു വര്‍ഷമാണെന്ന് വ്യക്തമാക്കുന്നുണ്ട്. മുലകുടി പൂർത്തിയായ്ക്കാനുദ്ദേശിക്കുന്നവർ കുഞ്ഞുങ്ങൾക്ക് രണ്ട് വര്‍ഷമാണ് മുല കൊടുക്കേണ്ടതെന്ന് ഈ വചനങ്ങൾ വ്യക്തമാക്കുന്നു. സൂറത്തുല്‍ അഹ്ക്വാഫിലെ പതിനഞ്ചാം വചനത്തിൽ "അവന്റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു" എന്ന് വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. ഇതിൽ നിന്ന് ഗർഭകാലം ആറ് മാസമാണ് എന്നല്ലേ മനസ്സിലാവുകയെന്നാണ് വിമർശനം. അങ്ങനെത്തന്നെയാണ് മനസ്സിലാക്കേണ്ടത് എന്നാണ് അതിനുള്ള വിശദീകരണം. ഒൻപത് മാസം കഴിഞ്ഞാണ് സാധാരണഗതിയിൽ പ്രസവം നടക്കാറുള്ളതെന്ന് ആരും പറഞ്ഞു കൊടുക്കാതെതന്നെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇക്കാര്യം മുഹമ്മദ് നബിക്ക് (സ) അറിയുമായിരുന്നില്ല എന്ന കരുതുന്നത് ശുദ്ധ അസംബന്ധമാണ്.

ഈ വചനങ്ങളിൽ നിന്ന് നാം മനസിലാക്കേണ്ടത് കുറഞ്ഞ ഗർഭകാലം ആറു മാനസമാണ് എന്നാണ്. ഇങ്ങനെ മനസ്സിലാക്കിയവരായിരുന്നു ആദ്യകാല മുസ്ലിംകൾ. ഒരു സംഭവം നോക്കുക:

വിവാഹത്തിനുശേഷം ആറുമാസങ്ങള്‍ കഴിയുന്നയുടനെ പ്രസവിച്ച ഒരു സ്ത്രീയെക്കുറിച്ച ഒരു പരാതി ഖലീഫ ഉമറിന്റെ (റ) അടുത്തെത്തി. പ്രസവിക്കപ്പെട്ട കുഞ്ഞിന് ജീവനും ആരോഗ്യവുമുള്ളതിനാല്‍ വിവാഹപൂര്‍വരതിയിലൂടെയുണ്ടായതാവണം അവരുടെ ഗര്‍ഭധാരണമെന്നും അതിനാല്‍ അവര്‍ക്ക് വ്യഭിചാരത്തിനുള്ള ശിക്ഷ നല്‍കണമെന്നുമായിരുന്നു പരാതിക്കാരുടെ പക്ഷം. പ്രശ്‌നത്തിനു പരിഹാരം തേടി പ്രവാചകാനുചരന്‍മാരുമായി ഉമര്‍ (റ) കൂടിയാലോചന നടത്തി. അബ്ദുല്ലാഹിബ്‌നു അബ്ബാസാണ് (റ) പ്രസ്തുത പ്രസവത്തെ ക്വുര്‍ആനിന്റെ അടിസ്ഥാനത്തില്‍ ന്യായീകരിച്ചത്. സൂറത്തുല്‍ ബക്വറയിലെ 2:233-ാം വചനവും സൂറത്തുല്‍ അഹ്ക്വാഫിലെ പതിനഞ്ചാം വചനവും ഉദ്ധരിച്ചുകൊണ്ട് ഈ വചനങ്ങള്‍പ്രകാരം കുറഞ്ഞ ഗര്‍ഭകാലം ആറുമാസമാണെന്ന് സ്ഥാപിക്കുകയാണ് അദ്ദേഹം ചെയ്തത്. സൂറത്തുല്‍ ബക്വറയിലെ വചനത്തില്‍ മുലകുടി പ്രായം രണ്ടു വര്‍ഷമാണെന്നും സൂറത്തുല്‍ അഹ്ക്വാഫില്‍ ഗര്‍ഭകാലവും മുലകുടി പ്രായവും കൂടി മുപ്പതു ദിവസമാണെന്നും പറഞ്ഞതിനെ താരതമ്യം ചെയ്തുകൊണ്ടാണ് പ്രവാചകാനുചരന്‍മാരിലെ ക്വുര്‍ആന്‍ വ്യാഖ്യാതാവെന്ന് അറിയപ്പെട്ടിരുന്ന ഇബ്‌നു അബ്ബാസ് (റ) കുറഞ്ഞ ഗര്‍ഭകാലം ആറു മാസമാണെന്ന് സമര്‍ത്ഥിച്ചത്. ഭരണാധികാരിയായ ഉമര്‍ (റ) അടക്കമുള്ള സ്വഹാബിമാരെല്ലാം അത് അംഗീകരിക്കുകയും കുറ്റാരോപിതയെ വെറുതെ വിടാന്‍ ഖലീഫ കല്‍പിക്കുകയും ചെയ്തു.(ഇമാം അബ്ദുര്‍റസാഖ് തന്റെ മുസന്നഫിലും (7: 352) ഇമാം സുയൂത്തി തന്റെ ദുര്‍റുല്‍ മന്‍സൂറിലും (7: 442) നാഫിഉ ബിന്‍ ജുബൈറില്‍ നിന്ന് നിവേദനം ചെയ്തത്.)

ഉഥ്മാന്റെ (റ) ഭരണകാലത്തും സമാനമായ സംഭവമുണ്ടായതായി ഇമാം മാലിക് (റ) നിവേദനം ചെയ്യുന്നുണ്ട്. ആറാം മാസം കഴിഞ്ഞയുടനെ ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിച്ച സ്ത്രീക്ക് വ്യഭിചാരക്കുറ്റത്തിന് ശിക്ഷ വിധിച്ച ഖലീഫയെ തിരുത്തിയത് അലി(റ)യാണ്. നടേ പറഞ്ഞ ആയത്തുകള്‍ ഉദ്ധരിച്ചുകൊണ്ട് ഖലീഫയുടെ വിധിയെ വിമര്‍ശിച്ചത് ഉഥ്മാന്‍ (റ) അംഗീകരിക്കുകയും സ്ത്രീയെ വെറുതെ വിടുകയും ചെയ്തു.(ഇമാം മാലികിന്റെ മുവത്വ 41: 11)

കുറഞ്ഞ ഗര്‍ഭകാലമെത്രയാണെന്ന കാര്യത്തില്‍ പ്രവാചകാനുചരന്‍മാരുടെ കാലം മുതല്‍ മുസ്‌ലിം ലോകത്ത് കാര്യമായ തര്‍ക്കങ്ങളുണ്ടായിട്ടില്ല. നാലു കര്‍മശാസ്ത്ര സരണികളും കുറഞ്ഞ ഗര്‍ഭകാലം ആറുമാസമാണെന്ന് അംഗീകരിക്കുന്നു. പിതൃത്വവും ശിക്ഷാവിധികളുമായി ബന്ധപ്പെട്ട മദ്ഹബീ നിയമങ്ങളിലെല്ലാം ഈ അംഗീകാരത്തിന്റെ സ്വാധീനം കാണാനാവും. മുസ്‌ലിം ലോകത്ത് പതിനാലു നൂറ്റാണ്ടുകളായി അംഗീകരിക്കപ്പെട്ടുവരുന്ന കുറഞ്ഞ ഗര്‍ഭകാലം തന്നെയാണ് ശരിയെന്ന വസ്തുത അംഗീകരിക്കുകയാണ് ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ശാസ്ത്രം ഇന്നു ചെയ്യുന്നത്. കുറഞ്ഞ ഗര്‍ഭകാലത്തെക്കുറിച്ച സംവാദങ്ങളും തര്‍ക്കങ്ങളും ഭ്രൂണശാസ്ത്രലോകത്ത് സജീവമാണെങ്കിലും നിയമപരമായി അംഗീകരിക്കാവുന്ന കുറഞ്ഞ ഗര്‍ഭകാലം ആറുമാസമാണെന്ന വസ്തുത ഇന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്.

ഗര്‍ഭാശയത്തിനുപുറത്ത് ഗര്‍ഭസ്ഥശിശുവിന് ജീവിക്കാനുള്ള കഴിവിനെയാണ് ശിശുജീവനസാമര്‍ത്ഥ്യം (Fetal Viability) എന്നുവിളിക്കുന്നത്. ഗര്‍ഭകാലത്തെ മൂന്നു ത്രൈമാസിക യൂണിറ്റുകളായാണ് (trimester) ഭ്രൂണശാസ്ത്രജ്ഞന്‍മാര്‍ പഠിക്കുന്നത്. ആദ്യത്തെ ത്രൈമാസികത്തിലാണ് ഭ്രൂണത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെല്ലാം ഉണ്ടാകുന്നത്. ഒന്നാം ത്രൈമാസത്തിനകത്ത് പ്രസവിക്കപ്പെട്ടാല്‍ ശിശുജീവനസാമര്‍ത്ഥ്യം പൂജ്യമായിരിക്കും. അഥവാ അങ്ങനെ പ്രസവിക്കപ്പെടുന്ന കുഞ്ഞ് ഒരു കാരണവശാലും ജീവിച്ചിരിക്കുകയില്ല. രണ്ടാം ത്രൈമാസികത്തില്‍ നടക്കുന്നത് പ്രധാനമായും അവയവങ്ങളുടെ വികാസമാണ്. രണ്ടാമത്തെ തൈമാസികം അവസാനിക്കുമ്പോള്‍ പ്രസവിക്കപ്പെടുന്ന കുഞ്ഞിന് നല്ല പരിചരണം നല്‍കിയാല്‍ അത് ജീവിക്കും. ഈ സമയത്തെ ശിശുജീവനസാമര്‍ത്ഥ്യം (Fetal Viability) 90 ശതമാനമാണ്. നല്ല പരിചരണം നല്‍കിയാല്‍ കുഞ്ഞിനെ രക്ഷിക്കുവാനും കാര്യമാത്രപ്രസക്തമായ വൈകല്യങ്ങളൊന്നുമില്ലാതെ നിലനിര്‍ത്തുവാനും കഴിയുന്ന പ്രായമാണിത് എന്നര്‍ത്ഥം.

ഗര്‍ഭസ്ഥ ശിശുവിന് ഇരുപത്തിരണ്ടാമത്തെ ആഴ്ച പ്രായമാകുന്നതുമുതല്‍ തന്നെ ശിശുജീവനസാമര്‍ത്ഥ്യത്തിന് നേരിയ സാധ്യതകളുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇരുപത്തിമൂന്നാമത്തെ ആഴ്ച ഇത് പത്തുമുതല്‍ മുപ്പത്തിയഞ്ച് വരെ ശതമാനവും ഇരുപത്തിനാലാമത്തെ ആഴ്ച ഇത് നാല്‍പത് മുതല്‍ എഴുപത് വരെ ശതമാനവും ഇരുപത്തിയഞ്ചാമത്തെ ആഴ്ച ഇത് അമ്പത് മുതല്‍ എണ്‍പതു വരെ ശതമാനവും ഇരുപത്തിയാറാമത്തെ ആഴ്ച ഇത് എണ്‍പത് മുതല്‍ തൊണ്ണൂറുവരെ ശതമാനവും ഇരുപത്തിയേഴാമത്തെ ആഴ്ച മുതല്‍ ഇത് തൊണ്ണൂറ് ശതമാനത്തിനു മുകളിലുമാണ്. ആറു മാസങ്ങള്‍ക്ക് മുമ്പുള്ള ശിശുജീവനസാമര്‍ത്ഥ്യത്തിന്റെ ശതമാനക്കകണക്ക് ഉയരാനുള്ള കാരണം ചികിത്സാരംഗത്തും സാങ്കേതിക വിദ്യയാലുമുണ്ടായ പുരോഗതിയാണ്. ഈ പുരോഗതിയുണ്ടായിട്ട് ഏതാണ്ട് പതിറ്റാണ്ടുകളേ ആയിട്ടുള്ളൂ. 1973ലെ പ്രസിദ്ധമായ ഒരു ഗര്‍ഭഛിദ്ര കേസില്‍ പോലും അമേരിക്കന്‍ സുപ്രീം കോടതി വിധിച്ചത് ശിശുജീവനസാമര്‍ത്ഥ്യം ഇരുപത്തിയെട്ട് ആഴ്ചകളെങ്കിലും പൂര്‍ത്തിയായാലേ ഉണ്ടാവുകയുള്ളുവെന്നാണ് പൊതുവെ കരുതി വരാറുള്ളതെന്നാണ്. ഇരുപത്തിനാല് ആഴ്ചകളെങ്കിലും പൂര്‍ത്തിയായാലേ ശിശുവിന് ജീവനസാമര്‍ത്ഥ്യമുണ്ടാകൂവെന്നാണ് ഇന്ന് പൊതുവെ ചികിത്സാരംഗത്തുള്ളവര്‍ പറയാറുള്ളതെങ്കിലും അതിനേക്കാള്‍ മുമ്പ് പ്രസവിക്കപ്പെട്ടിട്ടും ജീവിച്ച റിക്കാര്‍ഡുകളുണ്ട്.

2006 ഒക്‌ടോബര്‍ 24ന് ഫ്‌ളോഡിറിയില്‍ ഇരുപത്തിരണ്ട് ആഴ്ചകള്‍ മാത്രം കഴിഞ്ഞ് ജനിച്ച അമില്ലിയ ടൈലറെന്ന പെണ്‍കുട്ടിയാണ് ഏറ്റവും കുറഞ്ഞ ഗര്‍ഭകാലം കഴിഞ്ഞ് ജീവനസാമര്‍ത്ഥ്യത്തോടെയിരിക്കുകയും പിന്നീട് വളര്‍ന്നു വലുതാവുകയും ചെയ്തയാളായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ശ്വാസകോശങ്ങള്‍ക്കും ദഹനവ്യവസ്ഥക്കും തലച്ചോറിനുമെല്ലാം നിരവധി തകരാറുകളുണ്ടായിരുന്നുവെങ്കിലും മികച്ച സാങ്കേതികവിദ്യകളുടെ സഹായത്താല്‍ ഒരു കൂട്ടം ഭിഷഗ്വരന്‍മാര്‍ ഭഗീരഥപ്രയത്‌നം നടത്തി കുട്ടിയെ ജീവനോടെ നിലനിര്‍ത്തുകയാണുണ്ടായത്. നീണ്ട നാലുമാസങ്ങളില്‍ ആശുപത്രിയിലെ ശിശു തീവ്രപരിചരണ വിഭാഗത്തില്‍ കിടത്തിയുള്ള നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായാണ് അവരുടെ മാതാപിതാക്കള്‍ക്ക് ജീവനുള്ള കുഞ്ഞിനെ ലഭിച്ചത് എന്നര്‍ത്ഥം.

രണ്ടാമത്തെ ത്രൈമാസം കഴിയുമ്പോഴേക്ക് ഗര്‍ഭസ്ഥശിശുവില്‍ ഒരുവിധം എല്ലാ ബാഹ്യാവയവങ്ങളും ആന്തരാവയവങ്ങളും വളര്‍ന്നുവന്നിരിക്കുമെന്നതിനാല്‍ തന്നെ അതിനുശേഷം പ്രസവിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ ജീവിച്ചിരിക്കുവാനുള്ള സാധ്യത അഥവാ ശിശുജീവനസാമര്‍ത്ഥ്യം തൊണ്ണൂറു ശതമാനത്തിനു മുകളിലാണ്. ഗര്‍ഭാശയത്തില്‍വെച്ചു തന്നെ പൂര്‍ണ വളര്‍ച്ചയെത്തി പുറത്തുവരുന്ന കുഞ്ഞ് മാതൃശരീരത്തിനകത്ത് തന്റെ ആദ്യകോശമുണ്ടാകുന്നതു മുതല്‍ മുപ്പത്തിയൊന്‍പത് ആഴ്ചക്കാലമാണ് കഴിച്ചുകൂട്ടുന്നത്. പൂര്‍ണമായ ഗര്‍ഭകാലമാണിത്. ഇതിനുമുമ്പ് ഏതു സമയത്തും കുഞ്ഞ് പ്രസവിക്കപ്പെടാം. ഗര്‍ഭാശയത്തിനകത്തും പുറത്തും കുഞ്ഞിന് വളരാനാവശ്യമായ സംവിധാനങ്ങളെല്ലാം ചെയ്തുവെച്ചിരിക്കുന്നവനാണ് സ്രഷ്ടാവ്. മാതൃശരീരത്തില്‍ നിന്ന് പുറത്തുവരുന്ന ശിശുവിന് പിന്നെ മാതാവുമായുള്ള ജൈവികബന്ധം അതിന്റെ മുലകുടിയാണ്. മനുഷ്യശിശുവിന്റെ മുലകുടി പ്രായം രണ്ടു വര്‍ഷമാണെന്ന കാര്യത്തില്‍ ശാസ്ത്രവും ക്വുര്‍ആനും ഒരേ അഭിപ്രായമാണ് പുലര്‍ത്തുന്നത്.

പൂര്‍ണമായ മുലകുടി പ്രായം രണ്ടു വര്‍ഷമാണെന്നു പറയുമ്പോള്‍ അതിനുമുമ്പ് ഏതുസമയത്തും മാതാവിന്റെയോ കുഞ്ഞിന്റെയോ ആരോഗ്യപരമായ കാരണങ്ങളാല്‍ മുലകുടി നിന്നുപോകുവാനുള്ള സാധ്യത ക്വുര്‍ആന്‍ അംഗീകരിക്കുന്നു. മുലകുടിയോടു കൂടി ബന്ധപ്പെടുത്തിയാണ് കുറഞ്ഞ ഗര്‍ഭകാലത്തെക്കുറിച്ച് ക്വുര്‍ആന്‍ പറഞ്ഞിരിക്കുന്നതെന്ന വസ്തുത ശ്രദ്ധേയമാണ്. മുലകുടിയും ഗര്‍ഭകാലവും കൂടി മുപ്പത് മാസമാണെന്ന ക്വുര്‍ആനിക പരാമര്‍ശമാണ് ചുരുങ്ങിയ ഗര്‍ഭകാലം ആറുമാസമാണെന്ന നിഗമനത്തിലെത്താന്‍ പ്രവാചകാനുചരന്മാരെ സഹായിച്ചത്. കാര്യമായ സാങ്കേതിക സഹായങ്ങളൊന്നുമില്ലെങ്കില്‍ പോലും, ആറു മാസങ്ങള്‍ പൂര്‍ത്തിയാക്കി ഗര്‍ഭാശയത്തിനകത്തുനിന്ന് പുറത്തുവരുന്ന കുഞ്ഞിന് ജീവിക്കുവാന്‍ കഴിയുമെന്നാണ് പുതിയ പഠനങ്ങളും വ്യക്തമാക്കുന്നത്. ആറുമാസം പൂര്‍ത്തിയാക്കുന്നതോടെ ശിശുവിന്റെ ജീവനസാമര്‍ത്ഥ്യം തൊണ്ണൂറ് ശതമാനമാണെന്നാണല്ലോ പഠനങ്ങള്‍ കാണിക്കുന്നത്.

ആറു മാസങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കുവാന്‍ സാങ്കേതിക സഹായങ്ങളോടെ സാധിക്കുമെന്നതിനാലാണ് കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ജീവനസാമര്‍ത്ഥ്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ടെന്നു പറയുന്നത്. പ്രസ്തുത പുരോഗതിയുടെ ഫലമായി ഇരുപത്തിനാല് ആഴ്ചകളെങ്കിലും പൂര്‍ത്തിയാക്കിയ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞേക്കുമെന്ന ഒരു ധാരണ ചികിത്സാരംഗത്തുണ്ടായിട്ടുണ്ട്. വിദഗ്ധരായ ചികിത്സകരുടെ മേല്‍നോട്ടത്തില്‍ ശക്തമായ സാങ്കേതിക സഹായത്തോടെയാണ് പ്രസ്തുത രക്ഷിക്കല്‍ ശ്രമം നടക്കുന്നത്. അങ്ങനെ രക്ഷപെടുന്ന കുഞ്ഞുങ്ങള്‍ വ്യത്യസ്തതരം വൈകല്യങ്ങള്‍ക്ക് വിധേയമായിരിക്കും. തലച്ചോറ് വേണ്ടത്ര വികസിച്ചിട്ടില്ലാത്തതിനാല്‍ ഓട്ടിസമടക്കമുള്ള വൈകല്യങ്ങളുണ്ടാവാനുള്ള സാധ്യതയേറെയാണ്. ശ്വാസകോശങ്ങളുടെയും കണ്ഠനാളികളുടെയും വളര്‍ച്ച പൂര്‍ത്തീകരിച്ചു കഴിഞ്ഞിട്ടില്ലാത്തതിനാല്‍ അത്തരം ശിശുക്കള്‍ക്ക് മുല കുടിക്കുവാന്‍ പലപ്പോഴും കഴിയാറില്ല. മാതൃമുലപ്പാല്‍ പിഴിഞ്ഞ് വായിലേക്ക് ഉറ്റിച്ചുകൊടുക്കുകയോ സമാന്തര പോഷകങ്ങള്‍ നല്‍കിയോ ആണ് ചികിത്സകന്‍മാര്‍ ഈ പ്രശ്‌നം പരിഹരിക്കാറുള്ളത്. ആറു മാസങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കിലും മുലകുടിയടക്കമുള്ള പല ശൈശവക്രിയകളും ചെയ്യാന്‍ അവയ്ക്ക് കഴിയുകയില്ലെന്നര്‍ത്ഥം.

മാതാപിതാക്കളോടുള്ള ബാധ്യതകളെക്കുറിച്ചു പറയുമ്പോള്‍ മാതാവ് തനിക്കുവേണ്ടി സഹിച്ച ത്യാഗങ്ങളെപ്പറ്റി ഓര്‍മിപ്പിച്ചുകൊണ്ടാണ് ക്വുര്‍ആന്‍ മുലകുടി പ്രായവും ഗര്‍ഭകാലവും കൂടി മുപ്പത് മാസങ്ങളാണെന്ന് പരാമര്‍ശിക്കുന്നതെന്ന വസ്തുത ശ്രദ്ധേയമാണ്. ആറുമാസമെങ്കിലുമുള്ള പൊക്കിള്‍കൊടി ബന്ധവും രണ്ടു വര്‍ഷത്തെ മുലകുടി ബന്ധവുമാണ് മാതൃശരീരവുമായി കുഞ്ഞിനുള്ള ജൈവികബന്ധമെന്ന ക്വുര്‍ആന്‍ പരാമര്‍ശം വളര്‍ന്നു വലുതായ ശേഷമുള്ള മാതാപിതാക്കളോടുള്ള ബാധ്യതയെക്കുറിച്ച് ഓര്‍മപ്പെടുത്തുന്നതിനിടയിലാണ് കടന്നുവരുന്നത്. മുലകുടി പ്രായവും കുറഞ്ഞ ഗര്‍ഭകാലവും കൂടി മുപ്പത് മാസങ്ങളാണെന്ന ക്വുര്‍ആന്‍ പരാമര്‍ശം ശാസ്ത്രീയമായ കൃത്യത മാത്രമല്ല വൈകാരിക ബന്ധത്തിനുണ്ടാവേണ്ട ആഴവും വ്യക്തമാക്കുന്നതാണ്.

സൃഷ്ടിപൂജയെ ശക്തമായി വെറുക്കുന്ന ആദര്‍ശമാണ് ഇസ്‌ലാം. അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്ന സമ്പ്രദായവുമായി ഏതെങ്കിലും രൂപത്തിലുള്ള അടുപ്പം അനുവദിക്കാത്ത ആദര്‍ശം. പ്രവാചകനുമുന്നില്‍ നീ ഞങ്ങളുടെ ദൈവങ്ങളെയും ഞങ്ങള്‍ നിന്റെ ദൈവത്തെയും ആരാധിച്ചുകൊണ്ട് ഒരു ഒത്തുതീര്‍പ്പിലെത്താമെന്ന മൈത്രീനിര്‍ദ്ദേശം വെച്ച മക്കാമുശ്‌രിക്കുകളില്‍ ചിലരോട് മതത്തിന്റെ യാതൊരു വിട്ടു വീഴ്ചയുമില്ലെന്ന് തുറന്നുപ്രഖ്യാപിക്കാനാവശ്യപ്പെടുന്ന ക്വുര്‍ആനിലെ 109-ാം അധ്യായം സൃഷ്ടിപൂജയോടുള്ള ഇസ്‌ലാമിന്റെ വിരോധ വും ഒത്തുതീര്‍പ്പില്ലായ്മയും വ്യക്തമാക്കുന്നുണ്ട്. ''(നബിയേ), പറയുക: അവിശ്വാസികളേ, നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാ ധിക്കുന്നില്ല. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്ന വനുമല്ല. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതവും.'' (109:1-6)

സൃഷ്ടിപൂജയോടും അവിശ്വാസത്തോടുമുള്ള വെറുപ്പും വിരോധവും ശത്രുതയും വ്യക്തമാക്കുന്ന സാങ്കേതിക ശബ്ദമാണ് 'ബറാഅ്'. വൈയ ക്തികമോ കുടുംബപരമോ ഗോത്രപരമോ വര്‍ഗീയമോ ആയ വെറുപ്പും വിദ്വേഷവുമല്ല, പ്രത്യുത തെറ്റായ ആദര്‍ശങ്ങളോടും അതുള്‍ക്കൊ ള്ളുന്ന ജീവിതക്രമത്തോടുമുള്ള വെറുപ്പും വിരോധവുമാണ് അത് ദ്യോതിപ്പിക്കുന്നത്. സൃഷ്ടിപൂജയുടെ എല്ലാ തലങ്ങളോടും ഒരേസമയം പോരാടിയ മഹാപ്രവാചകനായി ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്ന ഇബ്‌റാഹീം നബി (അ) തന്റെ പ്രബോധിതരുടെ തെറ്റായ വിശ്വാസങ്ങ ളോടും ജീവിതക്രമത്തോടും ശത്രുത പ്രഖ്യാപിച്ചിരുന്നതായി ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ''നിങ്ങള്‍ക്ക് ഇബ്രാഹീമിലും അദ്ദേഹത്തി ന്റെ കൂടെയുള്ളവരിലും ഉത്തമമായ ഒരു മാതൃക ഉണ്ടായിട്ടുണ്ട്. അവര്‍ തങ്ങളുടെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങളുമാ യും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവയുമായുള്ള ബന്ധത്തില്‍ നിന്നു തീര്‍ച്ചയായും ഞങ്ങള്‍ ഒഴിവായവരാകുന്നു. നിങ്ങ ളില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നത് വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മില്‍ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ താങ്കള്‍ക്ക് വേണ്ടി പാപമോചനം തേടാം, താങ്ക ള്‍ക്ക് വേണ്ടി അല്ലാഹുവിങ്കല്‍ നിന്ന് യാതൊന്നും എനിക്ക് അധീനപ്പെടുത്താനാവില്ല എന്ന് ഇബ്രാഹീം തന്റെ പിതാവിനോട് പറഞ്ഞ വാക്കൊഴികെ. (അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, നിന്റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും, നിന്നിലേക്ക് ഞങ്ങള്‍ മടങ്ങുകയും ചെയ്തിരിക്കുന്നു. നിന്നിലേക്ക് തന്നെയാണ് തിരിച്ചുവരവ്.'' (60:4)

വൈയക്തികമായ വിരോധമോ ശത്രുതയോ അല്ല ഈ വചനത്തില്‍ വെളിപ്പെടുത്തപ്പെട്ട ഇബ്‌റാഹീമീവിരോധമെന്ന് 'നിങ്ങള്‍ അല്ലാഹുവി ല്‍ മാത്രം വിശ്വസിക്കുന്നതുവരെ'യുള്ളതാണ് അതെന്ന പരാമര്‍ശത്തില്‍ നിന്ന് സുതരാം വ്യക്തമാണ്. തെറ്റായ ആദര്‍ശങ്ങളോട് ശത്രുതയും വെറുപ്പും ഉള്ളതുകൊണ്ടാണ് പ്രവാചകന്‍മാര്‍ അവയില്‍നിന്ന് ജനങ്ങളെ രക്ഷപെടുത്താന്‍ ശ്രമിച്ചത്. പ്രസ്തുത പരിശ്രമമാണ് അവരെ ലോകം കണ്ട ഏറ്റവും വലിയ സാമൂഹ്യ സേവകരും മനുഷ്യസ്‌നേഹികളുമാക്കിത്തീര്‍ത്തത്. നിത്യനരകത്തില്‍നിന്ന് സഹജീവികളെ രക്ഷ പെടുത്തുവാന്‍ ശ്രമിക്കുകയെന്നതിനേക്കാള്‍ വലിയ മനുഷ്യസ്‌നേഹമെന്താണ്! താന്‍ നിര്‍വഹിക്കുന്ന ഈ സ്‌നേഹസേവനത്തെക്കുറിച്ച് അന്തിമപ്രവാചകന്‍ അതിസുന്ദരമായ ഒരു ഉപമയിലൂടെ നമ്മെ പഠിപ്പിക്കുന്നുണ്ട്. 'എന്റെയും ജനങ്ങളുടെയും ഉപമ തീ കത്തിച്ചുവെച്ച ഒരു മനുഷ്യന്റേതാണ്. തീയുടെ വെളിച്ചത്തില്‍ ആകൃഷ്ടരായെത്തിയ പാറ്റകളും പറവകളും ആ തീയില്‍ വെന്തെരിഞ്ഞുകൊണ്ടിരുന്നു. അവയെ ആട്ടിമാറ്റിക്കൊണ്ട് തീയില്‍ വീഴാതെ രക്ഷിക്കുവാന്‍ അയാള്‍ പരിശ്രമിച്ചുകൊണ്ടിരുന്നെങ്കിലും അയാളെ അനുസരിക്കാതെ അവ തീയില്‍ വീണുനശിച്ചുകൊണ്ടേയിരുന്നു. അതേപോലെ, നരകാഗ്നിയില്‍ കടക്കാതിരിക്കുവാന്‍ നിങ്ങളുടെ അരപ്പട്ട പിടിച്ച് ഞാന്‍ നരകത്തി ല്‍നിന്ന് നിങ്ങളെ തളളിമാറ്റിക്കൊണ്ടിരിക്കുന്നു; പക്ഷേ നിങ്ങള്‍ അതില്‍ പതിക്കണമെന്ന് നിര്‍ബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുകയാണ്.' (ബുഖാരി, മുസ്‌ലിം).

നരകത്തെയും നരകത്തിലെത്തിക്കുന്ന പാതകളെയും വെറുക്കുന്ന സത്യവിശ്വാസികള്‍ പ്രസ്തുത പാതകളില്‍ നിന്ന് തങ്ങളുടെ സഹജീവി കളെ രക്ഷിക്കുവാന്‍ വേണ്ടി നടത്തുന്ന സേവന പ്രവര്‍ത്തനമാണ് ഇസ്‌ലാമിക പ്രബോധനം. വെറുപ്പില്‍ നിന്നല്ല, സ്‌നേഹത്തില്‍ നിന്നാണ് പ്രസ്തുത പ്രവര്‍ത്തനമുണ്ടാകുന്നത്. രോഗത്തെ വെറുക്കുകയും രോഗിയെ സ്‌നേഹിക്കുകയും ചെയ്തുകൊണ്ട് ഭിഷഗ്വരന്‍ നടത്തുന്ന ചികിത്സ പോലെയാണത്. പ്രബോധിതരില്‍ നിന്ന് യാതൊരു പ്രതിഫലവും സ്വീകരിക്കാതെ അവരുടെ നന്മ മാത്രം ലക്ഷ്യമാക്കിയുള്ള പ്രവര്‍ ത്തനം! പ്രബോധനപ്രവര്‍ത്തനങ്ങള്‍ എത്രത്തോളം മാന്യവും സ്‌നേഹമസൃണവുമാകണമെന്ന് പ്രവാചകന്‍മാരുടെ പ്രബോധനചരിത്രം വിവരിച്ചുകൊണ്ട് ക്വുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ''ആദ് സമുദായം ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി. അവരുടെ സഹോദരന്‍ ഹൂദ് അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോട് യാതൊ രു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു.'' (26:123-127)

ഇക്കാര്യം തന്നെ സ്വാലിഹ് നബിയും (''ഥമൂദ് സമുദായം ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി. അവരുടെ സഹോദരന്‍ സ്വാലിഹ് അവ രോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. നിങ്ങളോട് ഞാന്‍ ഇതിന്റെ പേരില്‍ യാതൊരു പ്രതിഫ ലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു.'' (26:141-145)) ലൂത്വ് നബിയും (''ലൂത്വിന്റെ ജനത ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി. അവരുടെ സഹോദരന്‍ ലൂത്വ് അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരി ക്കുകയും ചെയ്യുവിന്‍. ഇതിന്റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷി താവിങ്കല്‍ നിന്ന് മാത്രമാകുന്നു.'' (26:160-164)) ശുഐബ് നബിയും (''ഐക്കത്തില്‍ (മരക്കൂട്ടങ്ങള്‍ക്കിടയില്‍) താമസിച്ചിരുന്നവരും ദൈവദൂത ന്‍മാരെ നിഷേധിച്ചുതള്ളി. അവരോട് ശുഐബ് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. ഇതിന്റെ പേരില്‍ യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു. നിങ്ങള്‍ അളവു പൂര്‍ത്തിയാക്കികൊടുക്കുക. നിങ്ങള്‍ (ജനങ്ങള്‍ക്ക്) നഷ്ടമുണ്ടാക്കുന്നവരുടെ കൂട്ടത്തിലാകരുത്. കൃത്രിമമില്ലാത്ത തുലാസ് കൊണ്ട് നിങ്ങള്‍ തൂക്കുക. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ നിങ്ങള്‍ കമ്മിവരുത്തരുത്. നാശകാരികളായിക്കൊണ്ട് നിങ്ങള്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കരുത്. നിങ്ങളെയും പൂര്‍വ്വതലമുറകളെയും സൃഷ്ടിച്ചവനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക.'' (26:176-184)) പറ ഞ്ഞിരുന്നതായി ക്വുര്‍ആന്‍ വ്യക്തമാക്കുന്നു. അത്യുന്നതനായ രക്ഷിതാവ് താന്‍ തന്നെയാണെന്ന് സ്വയം പ്രഖ്യാപിക്കുകയും (79:24) ഇസ്രയീ ല്യരിലെ ആണ്‍കുട്ടികളെയെല്ലാം കൊല്ലാന്‍ ഉത്തരവിടുകയും (2:49) പീഡനങ്ങളാല്‍ അവരെ പ്രയാസപ്പെടുത്തുകയും (7:141) ചെയ്ത ഫിര്‍ ഔനിനെ ദൈവമാര്‍ഗത്തിലേക്ക് ക്ഷണിക്കുവാന്‍ വേണ്ടിയുള്ള മൂസ(അ)യോടുള്ള ദൈവകല്‍പനയില്‍പ്പോലും സൗമ്യത വെടിയാതെ യായിരിക്കണം അതു നിര്‍വഹിക്കേണ്ടതെന്നു പറയുന്നതില്‍നിന്ന് എത്രത്തോളം സ്‌നേഹത്തോടെയായിരിക്കണം പ്രബോധകകൃത്യങ്ങള്‍ നിര്‍വഹിക്കേണ്ടതെന്ന് മനസ്സിലാകുന്നുണ്ട്. ''നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔന്റെ അടുത്തേക്ക് പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാ രിയായിരിക്കുന്നു. എന്നിട്ട് നിങ്ങള്‍ അവനോട് സൗമ്യമായ വാക്ക് പറയുക. അവന്‍ ഒരു വേള ചിന്തിച്ച് മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന് വരാം.'' (20:43, 44)

യുക്തിദീക്ഷയോടെയും സദുപദേശങ്ങളിലൂടെയും സ്‌നേഹസംവാദങ്ങളിലൂടെയുമാകണം സത്യമത പ്രബോധനമെന്നും നല്ല വര്‍ത്തമാനം മാത്രമാണ് സത്യവിശ്വാസികള്‍ പറയേണ്ടതെന്നും പഠിപ്പിക്കുന്ന ക്വുര്‍ആന്‍ വെറുപ്പും വിദ്വേഷവും പ്രകടിപ്പിച്ചുകൊണ്ടല്ല സൗമ്യതയും സ്‌നേഹവും വെളിപ്പെടുത്തിക്കൊണ്ടാണ് ആദര്‍ശപ്രബോധനം നടത്തേണ്ടതെന്നു തന്നെയാണ് വ്യക്തമാക്കുന്നത്. ''യുക്തിദീക്ഷയോടു കൂടി യും, സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ച് കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്റെ മാര്‍ഗം വിട്ട് പിഴച്ച് പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്ന വനത്രെ. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ.'' (16:125). ''നീ എന്റെ ദാസന്‍മാരോട് പറയുക; അവര്‍ പറയു ന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്. തീര്‍ച്ചയായും പിശാച് അവര്‍ക്കിടയില്‍ (കുഴപ്പം) ഇളക്കിവിടുന്നു. തീര്‍ച്ചയായും പിശാച് മനുഷ്യന് പ്രത്യക്ഷ ശത്രുവാകുന്നു.'' (17:53)

സൃഷ്ടിപൂജയോടും ബഹുദൈവാരാധനയോടും അവിശ്വാസത്തോടും വെറുപ്പുള്ളതോടൊപ്പം തന്നെ അവയുടെ നിരര്‍ത്ഥക ബോധ്യപ്പെടു ത്തിക്കൊണ്ടാകണം, അല്ലാതെ പരസ്പരം തെറി പറഞ്ഞുകൊണ്ടാകരുത് പ്രബോധനം നിര്‍വഹിക്കേണ്ടതെന്നു പഠിപ്പിക്കുന്ന ക്വുര്‍ആന്‍ ആ രംഗത്തുണ്ടാകേണ്ട മാന്യതയെന്തായിരിക്കണമെന്നാണ് വിശ്വാസികളെ തെര്യപ്പെടുത്തുന്നത്. അല്ലാഹുവല്ലാത്തവരൊന്നും ആരാധിക്ക പ്പെട്ടുകൂടായെന്നു സമര്‍ത്ഥിക്കുകയല്ലാതെ മറ്റുള്ളവരുടെ ആരാധ്യന്‍മാരെ തെറിപറയുന്ന പതനത്തിലേക്ക് പ്രബോധകര്‍ എത്തിപ്പെട്ടാല്‍ അത് പരസ്പരമുള്ള തെറിയഭിഷേകങ്ങള്‍ക്കുമാത്രമേ കാരണമാകൂവെന്നും അതല്ല മാന്യമായ ആദര്‍ശപ്രബോധനമാണ് അല്ലാഹു കാംക്ഷി ക്കുന്നതെന്നും വ്യക്തമാക്കുന്ന ക്വുര്‍ആന്‍ വചനം നോക്കുക. ''അല്ലാഹുവിനു പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരെ നിങ്ങള്‍ ശകാരി ക്കരുത്. അവര്‍ വിവരമില്ലാതെ അതിക്രമമായി അല്ലാഹുവെ ശകാരിക്കാന്‍ അത് കാരണമായേക്കും. അപ്രകാരം ഓരോ വിഭാഗത്തിനും അവരുടെ പ്രവര്‍ത്തനം നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു. പിന്നീട് അവരുടെ രക്ഷിതാവിങ്കലേക്കാണ് അവരുടെ മടക്കം. അവര്‍ ചെ യ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ അവരെ അറിയിക്കുന്നതാണ്.'' (6:108)

മാന്യമായി ആദര്‍ശപ്രബോധനം നിര്‍വഹിച്ചുകൊണ്ട് ജീവിക്കുന്ന സത്യവിശ്വാസികളോട് ശത്രുതയും വിദ്വേഷവും വെച്ചുപുലര്‍ത്തു കയും സ്വന്തം വീടുകളില്‍ നിന്ന് അവരെ പുറത്താക്കാന്‍ ശ്രമിക്കുകയും അവരോട് യുദ്ധം ചെയ്യുകയും ദൈവിക മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ നിന്ന് അവരെ തെറ്റിക്കുവാന്‍ തക്കം പാര്‍ത്തിരിക്കുകയും ചെയ്യുന്നവരോട് സത്യവിശ്വാസികളും ശത്രുത പ്രഖ്യാപിക്കണമെന്നും അവരു മായി സ്‌നേഹബന്ധം പാടില്ലെന്നും തന്നെയാണ് ഇസ്‌ലാമിന്റെ നിലപാട്. ഈ നിലപാട് പ്രഖ്യാപിക്കുന്നതാണ് സൂറത്തുല്‍ മുംതഹിനയി ലെ ഒന്നാമത്തെ വചനം. ''ഹേ; സത്യവിശ്വാസികളേ, എന്റെ ശത്രുവും നിങ്ങളുടെ ശത്രുവും ആയിട്ടുള്ളവരോട് സ്‌നേഹബന്ധം സ്ഥാപിച്ച് കൊണ്ട് നിങ്ങള്‍ അവരെ മിത്രങ്ങളാക്കി വെക്കരുത്. നിങ്ങള്‍ക്കു വന്നുകിട്ടിയിട്ടുള്ള സത്യത്തില്‍ അവര്‍ അവിശ്വസിച്ചിരിക്കുകയാണ്. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവില്‍ വിശ്വസിക്കുന്നതിനാല്‍ റസൂലിനെയും നിങ്ങളെയും അവര്‍ നാട്ടില്‍ നിന്നു പുറ ത്താക്കു ന്നു. എന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുവാനും എന്റെ പ്രീതിതേടുവാനും നിങ്ങള്‍ പുറപ്പെട്ടിരിക്കുകയാണെങ്കില്‍ (നിങ്ങള്‍ അപ്രകാരം മൈത്രീ ബന്ധം സ്ഥാപിക്കരുത്). നിങ്ങള്‍ അവരുമായി രഹസ്യമായി സ്‌നേഹബന്ധം സ്ഥാപിക്കുന്നു. നിങ്ങള്‍ രഹസ്യമാക്കിയതും പരസ്യ മാക്കിയതും ഞാന്‍ നല്ലവണ്ണം അറിയുന്നവനാണ്. നിങ്ങളില്‍ നിന്ന് വല്ലവനും അപ്രകാരം പ്രവര്‍ത്തിക്കുന്ന പക്ഷം അവന്‍ നേര്‍മാര്‍ഗ ത്തില്‍ നിന്ന് പിഴച്ചു പോയിരിക്കുന്നു.''(60:1)

അല്ലാഹുവിനോടും ദൂതനോടും ശത്രുത പ്രഖ്യാപിക്കുകയും സത്യവിശ്വാസികളെ ജീവിക്കാനനുവദിക്കാതിരിക്കുകയും ചെയ്യുന്നവര്‍ അവര്‍ എത്രതന്നെ അടുത്ത ബന്ധമുള്ളവരാണെങ്കില്‍പോലും അവരോട് സത്യവിശ്വാസികള്‍ക്ക് ആത്മാര്‍ത്ഥമായ സ്‌നേഹബന്ധം കഴിയി ല്ലെന്ന വസ്തുത ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ''അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവ ന്റെ റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരുമായി സ്‌നേഹബന്ധം പുലര്‍ത്തുന്നത് നീ കണ്ടെത്തുകയില്ല. അവര്‍ (എതിര്‍പ്പുകാര്‍) അവ രുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരന്‍മാരോ ബന്ധുക്കളോ ആയിരുന്നാല്‍ പോലും. അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട് അവന്‍ അവര്‍ക്ക് പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവ രതില്‍ നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിന്റെ കക്ഷി. അറിയുക: തീര്‍ച്ചയായും  അല്ലാഹുവിന്റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍.'' (58:22)

എന്നാല്‍ ഈ ശത്രുതയും വെറുപ്പമെല്ലാം ഇസ്‌ലാമിനോടും മുസ്‌ലിംകളോടും ശത്രുത പ്രഖ്യാപിക്കുകയും അവരെ പീഡിപ്പിക്കുകയും ചെയ്യുന്നവരോടുമാത്രമാണ്. അതല്ലാത്ത അമുസ്‌ലിംകളോട് മാന്യമായി വര്‍ത്തിക്കുകയും നീതിനിഷ്ഠമായി പെരുമാറുകയും നന്മയോടെ സഹവര്‍ത്തിക്കുകയും ചെയ്യണമെന്നു തന്നെയാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇസ്‌ലാമിന്റെ ശത്രുക്കളോട് ശത്രുത പ്രഖ്യാപിക്കണമെന്നു പഠിപ്പിച്ചു തുടങ്ങുന്ന സൂറത്തുല്‍ മുംതഹനയില്‍ തന്നെ അത് എങ്ങനെയുള്ളവരോടാണെന്നും ശത്രുതയില്ലാത്ത മറ്റുള്ള അമുസ്‌ലിംകളോട് എന്തുനിലപാടാണ് സ്വീകരിക്കേണ്ടെതെന്നും കൂടി വ്യക്തമാക്കുന്നുണ്ട്. ''മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങ ളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെ ടുന്നു.  മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്ന തില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചുമാത്രമാണ് -അവരോട് മൈത്രികാണിക്കുന്നത് - അല്ലാഹു നിരോധിക്കു ന്നത്. വല്ലവരും അവരോട് മൈത്രീ ബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍.'' (60:8,9)

കൊലയാളിക്ക് കൊലശിക്ഷ നൽകിയാൽ അയാളുടെ കുടുംബം അനാഥമാവില്ലേയെന്നും അവരെക്കുറിച്ച് ഇസ്‌ലാമികനിയമത്തിന്റെ വക്താക്കൾ എന്താണ് ചിന്തിക്കാത്തതെന്നും ചോദിക്കുന്നവരുണ്ട്. കൊലക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ വിധിക്കുമ്പോഴും ഇതേ പ്രശ്നങ്ങളുണ്ടെന്ന വസ്തുത അവർ ശ്രദ്ധിക്കാറില്ല. ഇസ്‌ലാമാകട്ടെ ഈ രംഗത്ത് ഏറ്റവും മാനവികമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. കൊലക്കുറ്റത്തിന് എല്ലാ സന്ദര്‍ഭത്തിലും ഒരു പോലെ വധശിക്ഷ നല്‍കണമെന്ന് ഖുര്‍ആന്‍ നിര്‍ബന്ധിക്കുന്നില്ല. വധശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്ന ഖുര്‍ആന്‍ സൂക്തം കാണുക: ”വിശ്വസിച്ചവരേ,വധിക്കപ്പെട്ടവരുടെ കാര്യത്തില്‍ തുല്യമായ പ്രതിക്രിയ നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രന് സ്വതന്ത്രന്‍, അടിമക്ക് അടിമ,സ്ത്രീക്കു സ്ത്രീ. എന്നാല്‍, ഘാതകന് തന്റെ സഹോദരനില്‍നിന്ന് വല്ല ഇളവും ചെയ്തുകിട്ടിയാല്‍ മര്യാദ പ്രകാരം അത് അംഗീകരിക്കപ്പെടുകയും നല്ല നിലയില്‍ പിഴ കൊടുത്തുവിടുകയും വേണ്ടതാകുന്നു. ഇത് നിങ്ങളുടെ രക്ഷിതാവില്‍നിന്നുള്ള ലഘൂകരണവും അനുഗ്രഹവുമത്രെ” (ഖുര്‍ആന്‍ 2:178). ഘാതകനെ മരണത്തില്‍നിന്നു രക്ഷിക്കണമോ വേണ്ടയോയെന്ന് തീരുമാനിക്കുന്നത് കൊല്ലപ്പെട്ടവന്റെ അടുത്ത ബന്ധുക്കളാണ്. അവര്‍ക്ക് വേണമെങ്കില്‍ പ്രതികാരമൂല്യം (ദിയഃ) വാങ്ങി അയാള വെറുതെ വിടാം. അയാളെ വെറുതെ വിടാനാണ് ബന്ധുക്കളുടെ തീരുമാനമെങ്കില്‍ അതിന് എതിര് നില്‍ക്കുവാന്‍ കോടതിക്ക് അവകാശമില്ല. നൂറ് ഒട്ടകമാണ് കൊലക്കുറ്റത്തിനുള്ള പ്രതികാരമൂല്യം. അതുവാങ്ങി ഘാതകനെ വെറുതെ വിട്ടു കഴിഞ്ഞാല്‍ പിന്നെ അയാള്‍ക്കെതിരെ യാതൊരുവിധ പ്രതികാര നടപടിയും പാടില്ല. ചുരുക്കത്തില്‍, കൊല്ലപ്പെട്ടവന്റെ ബന്ധുക്കള്‍ക്ക് സമ്മതമെങ്കില്‍ നഷ്ടപരിഹാരം വാങ്ങി ഘാതകനെ വെറുതെ വിടുകയും പ്രസ്തുത നഷ്ടപരിഹാരമുപയോഗിച്ച് അനാഥമായിത്തീര്‍ന്നവരെ പുനരധിവസിപ്പിക്കുകയും അവരുടെ ജീവസന്ധാരണത്തിനുള്ള മാര്‍ഗമുണ്ടാക്കുകയും ചെയ്യാം. ഘാതകനെ എന്തു ചെയ്യണമെന്ന് തീരുമാനിക്കുവാനുള്ള ആത്യന്തികമായ അധികാരം കൊല്ലപ്പെട്ടവന്റെ ബന്ധുക്കള്‍ക്കു നല്‍കിയ ഖുര്‍ആന്‍, അതിന്റെ ശിക്ഷാനിയമങ്ങളുടെ പ്രോജ്വലമായ മാനവിക മുഖമാണ് ഇവിടെ പ്രകടിപ്പിക്കുന്നത്.

അകാരണമായി കൊല്ലപ്പെടുന്നവന്റെ പ്രയാസങ്ങളോ പ്രസ്തുത കൊല മൂലം അനാഥമാകുന്ന കുടുംബത്തിന്റെ പ്രശ്‌നങ്ങളോ സമൂഹത്തിലുണ്ടാവുന്ന വിടവോ ഒന്നും പരിഗണിക്കാതെ കൊലയാളിയില്‍ കാരുണ്യവര്‍ഷം നടത്തുകയും അവനെ സംസ്‌കരിക്കുവാന്‍ സാധിക്കുമെന്ന മിഥ്യാബോധത്തിന്റെ അടിത്തറയില്‍ സിദ്ധാന്തങ്ങള്‍ മെനയുകയും ചെയ്യുന്നവര്‍ക്ക് ഖുര്‍ആനിലെ നിയമങ്ങള്‍ അപ്രായോഗികവും അപരിഷ്‌കൃതവുമായി തോന്നുക സ്വാഭാവികമാണ്. എന്നാല്‍, അനുഭവങ്ങള്‍ കാണിക്കുന്നത്, ഇവരുടെ ഗവേഷണഫലത്തിന് എതിരായ വസ്തുതകളാണെന്ന സത്യം നാം മനസ്സിലാക്കണം.

കൊലക്കുറ്റത്തിന് ആധുനിക കോടതികള്‍ വിധിക്കുന്നത് പരമാവധി ജീവപര്യന്തം തടവാണ്. ഏതാനും വര്‍ഷങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ജയില്‍വാസമായിട്ടാണ് ജീവപര്യന്തതടവ് മാറാറുള്ളത്. ഇതുതന്നെ ശിക്ഷിക്കപ്പെടാറുള്ളവര്‍ക്കു മാത്രം. പണവും സ്വാധീനവുമുള്ളവര്‍ എത്ര പേരെ കൊന്നാലും സുഖമായി രക്ഷപ്പെടുന്നുവെന്ന വസ്തുതയാണല്ലോ നാം ദിനേന അറിഞ്ഞുകൊണ്ടിരിക്കുന്നത്.

ആരെ കൊന്നാലും ഒന്നുമുണ്ടാകാന്‍ പോകുന്നില്ലെന്ന സ്ഥിതിയുടെ പരിണിത ഫലമെന്താണ്? കൊലപാതകക്കുറ്റങ്ങളുടെ അഭൂതപൂര്‍വമായ വളര്‍ച്ച! കൊലപാതകക്കുറ്റങ്ങള്‍ ചെയ്യാന്‍ യുവാക്കള്‍ കൂടുതല്‍ കൂടുതല്‍ തയാറാകുന്ന അവസ്ഥ!ഇന്ത്യയില്‍ നടക്കു ന്ന പൈശാചിക കൊലപാതകങ്ങളില്‍ തൊണ്ണൂറ്റിമൂന്ന് ശതമാനവും ഈ രംഗത്തെ പുതുമുഖങ്ങളായ യുവാക്കള്‍ ചെയ്യുന്നതാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.   പണത്തിനും സുഖസൗകര്യങ്ങള്‍ക്കും വേണ്ടി ആരെയും കൊല്ലാന്‍ മടിയില്ലാത്ത ഒരു തലമുറ വളര്‍ന്നുകൊണ്ടിരിക്കുന്നു.

ഇരുപത്തിനാലുകാരായ ശ്യാമിന്റെയും രവിയുടെയും കഥ നോക്കുക: ഇരുപത്തിനാല് വയസ്സ് പ്രായമുള്ള രവിയും ശ്യാമും മോട്ടോര്‍ ബൈക്കില്‍ നഗരം (ബാംഗ്ലൂര്‍) ചുറ്റുന്നു. ഒഴിഞ്ഞ ഇരുണ്ട തെരുവുകളില്‍ ഒറ്റയ്ക്ക് ഇരുചക്രവാഹനം ഓടിച്ചുപോകുന്ന സ്ത്രീകളെയാണ് അവര്‍ ലക്ഷ്യം വെക്കുന്നത്. ഒമ്പതു മാസങ്ങള്‍ക്കുള്ളില്‍ ഇരുപത്തിമൂന്ന് പേരെ ഇങ്ങനെ കൊലപ്പെടുത്തിയിട്ടുള്ള അവര്‍ക്ക് പലപ്പോഴും അമ്പത് രൂപയൊക്കെയായിരിക്കും ലഭിക്കുക (Ibid). അമ്പതു രൂപക്കുവേണ്ടി ഒരു ജീവന്‍ നഷ്ടപ്പെടുത്തുവാന്‍ യാതൊരു വൈമനസ്യവുമില്ലാത്ത യുവാക്കള്‍!

പണത്തില്‍ മുങ്ങിക്കുളിച്ച സഞ്ജീവ് നന്ദിയുടെ കഥ മറ്റൊന്നാണ്: അമേരിക്കയിലെ മികച്ച ബിസിനസ് സ്‌കൂളിലൊന്നില്‍ അയച്ച് മാതാപിതാക്കള്‍ അവനെ പഠിപ്പിച്ചു. അറുപത് ലക്ഷം രൂപ വില വരുന്ന ബി.എം.ഡബ്ലിയു ഏഴാം പരമ്പരയില്‍പെട്ട കാര്‍ ഇന്ത്യയില്‍ അവധിക്കാലം ചെലവഴിക്കുമ്പോള്‍ ഉപയോഗിക്കാനായി അവര്‍ അവനു മാത്രമായി നല്‍കി. ഇങ്ങനെ എല്ലാവിധ സുഖസൗകര്യങ്ങളുണ്ടായിട്ടും ആ ജീവിതം തകര്‍ക്കാന്‍ നന്ദി എന്തേ വഴിയൊരുക്കി? എന്തുകൊണ്ടാണ് മദ്യലഹരിയില്‍ തന്റെ ബി.എം.ഡബ്ലിയു. ഇടിച്ച് അഞ്ചുപേരെ കൊന്ന ശേഷം നിര്‍ത്താതെ ഓടിച്ചുപോയത്? പരിക്കേറ്റവരെ സഹായിക്കാനായി ഒരു നിമിഷം നിര്‍ത്തുകപോലും ചെയ്യാതെ കാറുമായി തന്റെ സുഹൃത്തിന്റെ വസതിയിലെത്തി. കാറിലെ തെളിവുകളെല്ലാം എന്തിനാണ് അയാള്‍ കഴുകിക്കളഞ്ഞത്?

അഞ്ചു നിരപരാധികളെ കൊന്ന് കാറുമായി കടന്നുപോകുവാന്‍ യാതൊരു മടിയുമില്ലാത്ത തലമുറ!

സുഖത്തിലേക്കുള്ള തങ്ങളുടെ പ്രയാണത്തില്‍ കാറിന്റെ ചക്രങ്ങള്‍ക്കിടയില്‍ കിടന്ന് ചതഞ്ഞരഞ്ഞവരുടെ നേര്‍ക്ക് ഒന്ന് ദയയോടുകൂടി നോക്കുവാന്‍ പോലും തയാറാവാത്ത യുവാക്കള്‍!

കുറ്റവാളികളെ ജയിലിലടച്ച് സംസ്‌കരിച്ചു കളയാമെന്ന ക്രിമിനോളജിസ്റ്റ് വാദത്തിനെതിരെയുള്ള ജീവിക്കുന്ന തെളിവുകളാണിവ! കൂടുതല്‍ പേരെ കുറ്റവാളികളാക്കുവാന്‍ മാത്രമേ കുറ്റവാളികളോടുള്ള ദാക്ഷിണ്യത്തോടെയുള്ള പെരുമാറ്റം നിമിത്തമാവുകയുള്ളൂ. കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുവാനാവശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും എന്നിട്ട് കുറ്റം ചെയ്യാന്‍ വാസന പ്രകടിപ്പിക്കുന്നവരെ കഠിനമായി ശിക്ഷിക്കുകയും ചെയ്താല്‍ മാത്രമേ സമാധാനപൂര്‍ണമായ സാമൂഹിക ജീവിതം സാധ്യമാകൂ എന്ന വസ്തുത കണക്കിലെടുത്തുകൊണ്ടാണ് കൊലക്കുറ്റത്തിന് കൊലയെന്ന ശിക്ഷ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നത്.

”സത്യവിശ്വാസികളേ, കൊല ചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുകയെന്നത് നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും അടിമക്കു പകരം അടിമയും സ്ത്രീക്കു പകരം സ്ത്രീയും (കൊല്ലപ്പെടേണ്ടതാണ്)” (ഖുര്‍ആന്‍ 2:178).

ഗോത്ര വഴക്കുകള്‍ കാരണം പരസ്പരം രക്തം ചിന്തിക്കൊണ്ടിരുന്ന അറേബ്യന്‍ സമൂഹത്തില്‍ നിലവിലുണ്ടായിരുന്ന അതിക്രൂരമായ പ്രതികാര നടപടികളുടെ കടയ്ക്ക് കത്തിവെച്ചുകൊണ്ടാണ് ഈ സൂക്തം അവതരിപ്പിക്കപ്പെട്ടത്. ഒരു ഗോത്രത്തില്‍നിന്ന് ആരെങ്കിലും വധിക്കപ്പെട്ടാല്‍ പകരം കൊന്നവനെ കൊല്ലുകയെന്ന സമ്പ്രദായമായിരുന്നില്ല അവിടെ നിലനിന്നിരുന്നത്. പ്രത്യുത, കൊല്ലപ്പെട്ട വ്യക്തിക്ക് എത്ര വിലമതിച്ചിരുന്നുവോ അതു കണക്കാക്കി അതിനു പകരമായി ഘാതകന്റെ ഗോത്രത്തില്‍നിന്ന് ആളുകളെ കൊന്നൊടുക്കുകയായിരുന്നു അവരുടെ രീതി. ഒരാള്‍ക്ക് പകരം പത്തും നൂറും ആളുകളെ കൊന്നൊടുക്കുവാന്‍ അവര്‍ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. തിരിച്ചും ഇതുതന്നെയായിരുന്നു അവസ്ഥ. ഒരു ഉന്നതന്‍ മറ്റൊരു ഗോത്രത്തിലെ നിസ്സാരനെ വധിച്ചാല്‍ കൊന്നവനെ കൊല്ലുകയെന്ന നിയമം നടപ്പാക്കാന്‍ അവര്‍ക്ക് വൈമനസ്യമായിരുന്നു.‘ഒരു പാവപ്പെട്ടവനു പകരം ഉന്നതനോ?’ എന്നായിരുന്നു അവരുടെ ചോദ്യം. ഈ സമ്പ്രദായങ്ങള്‍ക്ക് അറുതി വരുത്തിയ ഖുര്‍ആന്‍ പ്രതിക്രിയ നടപ്പാക്കേണ്ടത് പ്രതിയുടെ മേല്‍ മാത്രമാണെന്നു വ്യക്തമാക്കുകയാണ് ഉദ്ധരിക്കപ്പെട്ട സൂക്തത്തില്‍ ചെയ്യുന്നത്.

മനുഷ്യജീവന് ഉന്നതമായ വിലയാണ് ഇസ്‌ലാം കല്‍പിക്കുന്നത്. ഗോത്ര വഴക്കിന്റെയോ വിരോധത്തിന്റെയോ പ്രതികാരത്തിന്റെയോ പേരില്‍ നശിപ്പിക്കപ്പെടാനുള്ളതല്ല ഒരാളുടെ ജീവന്‍. ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ”മറ്റൊരാളെ കൊന്നതിന് പകരമായോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍ അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു” (5:32).

എന്നാല്‍, വധശിക്ഷ ശരിയല്ലെന്ന വാദം അടിസ്ഥാന രഹിതമാണ്. കൊലക്കുറ്റത്തിന് പ്രതികാരം ചെയ്യാന്‍ സന്നദ്ധമല്ലാത്ത ഒരു സമൂഹത്തില്‍ കൊലപാതകങ്ങളുടെ പരമ്പരകളുണ്ടാവും.ആര്‍ക്കും ഭയരഹിതമായി ജീവിക്കുവാന്‍ സാധ്യമല്ലാത്ത അവസ്ഥ സംജാതമാകും. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ പറഞ്ഞു: ”ബുദ്ധിമാന്മാരെ, (കൊലക്കു കൊലയെന്ന) തുല്യ ശിക്ഷ നല്‍കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിന്റെ നിലനില്‍പ് (2:179)..

കുറ്റവാളികള്‍ അല്ലാത്തവര്‍ ഒരിക്കലും ശിക്ഷിക്കപ്പെട്ടുകൂടാ എന്നതാണ് ഇസ്‌ലാമിക ശിക്ഷാനിയമങ്ങളുടെ ഒരു അടിസ്ഥാനതത്ത്വം. അതുകൊണ്ടുതന്നെ സംശുദ്ധമായി ജീവിതം നയിക്കുന്നവരെ ആരോപണങ്ങളുന്നയിച്ച് അപകീര്‍ത്തിപ്പെടുത്തുവാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. അത്തരം ആരോപണങ്ങളുന്നയിക്കുന്നവര്‍ നാലു സാക്ഷികളെ ഹാജരാക്കുവാന്‍ സന്നദ്ധരാവണം. അല്ലാത്ത പക്ഷം ആരോപിക്കപ്പെടുന്നവരല്ല, പ്രത്യുത ആരോപിക്കുന്നവരാണ് ശിക്ഷിക്കപ്പെടുക. വ്യഭിചാരാരോപണമുന്നയിക്കുന്നവര്‍ക്കുള്ള ശിക്ഷയെപ്പറ്റി ഖുര്‍ആന്‍ വ്യക്തമാക്കുന്നതിങ്ങനെയാണ്:”ചാരിത്രവതികളുടെ മേല്‍ (വ്യഭിചാരം) ആരോപിക്കുകയും എന്നിട്ട് നാലു സാക്ഷികളെ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ എണ്‍പത് അടി അടിക്കുക. അവരുടെ സാക്ഷ്യം നിങ്ങള്‍ ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്. അവര്‍ തന്നെയാണ് അധര്‍മകാരികള്‍” (ഖുര്‍ആന്‍ 24:4).

പതിവ്രതകളെപ്പറ്റി ആരോപണങ്ങള്‍ പറഞ്ഞുണ്ടാക്കുക ചിലരുടെ ഹോബിയാണ്. അത്തരമാളുകള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍ ചില്ലറയൊന്നുമല്ല. എണ്‍പതടി കിട്ടുമെന്ന് വന്നാല്‍ ആരും അത്തരം ദുരാരോപണങ്ങളുമായി നടക്കുകയില്ല. നാലു സാക്ഷികളില്ലാതെ വ്യഭിചാരാരോപണം ഉന്നയിക്കുവാന്‍ ആരും മുതിരുകയില്ല. ആരോപണങ്ങള്‍ പുകഞ്ഞ് നാലാളുടെ മുമ്പില്‍ നടക്കാന്‍ വയ്യാതെയായ എത്രയെത്ര പേര്‍ നമ്മുടെ സമൂഹ ത്തിലുണ്ട്. നമ്മുടെ മീഡിയകള്‍ സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കുന്നത് ഇത്തരം ഗോസിപ്പുകള്‍ ഉപയോഗിച്ചുകൊണ്ടാണല്ലോ. ഇത്തരം ദുഷ്പ്രവര്‍ത്തനങ്ങളെല്ലാം ഇസ്‌ലാമിക സമൂഹത്തിന് അന്യമായിരിക്കും. മാന്യന്‍മാരെ അകാരണമായി ആരോപണങ്ങളില്‍ മുക്കിക്കൊല്ലുന്ന അവസ്ഥ ആ സമൂഹത്തില്‍ നിലനില്‍ക്കുകയില്ല. ആരെങ്കിലും അതിന് മുതിര്‍ന്നാല്‍ അവരെ പരസ്യമായി എണ്‍പത് അടി അടിക്കണമെന്നാണ് ഖുര്‍ആനിന്റെ അനുശാസന.

വ്യഭിചാരത്തിന് ഇസ്‌ലാം നിശ്ചയിച്ച ശിക്ഷകള്‍ കഠിനമാണ്. വിവാഹിതരെങ്കില്‍ കല്ലെറിഞ്ഞുകൊല്ലുക! അവിവാഹിതരെങ്കില്‍ പരസ്യമായി നൂറടി! ഇത്തരം ശിക്ഷകള്‍ വിധിച്ച ഇസ്‌ലാം അതോടൊപ്പംതന്നെ നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കുവാന്‍ ആവശ്യമായ നിയമങ്ങള്‍ കൂടി ആവിഷ്‌കരിച്ചിട്ടുണ്ട്. നാലു ദൃക്‌സാക്ഷികള്‍ ഉണ്ടെങ്കില്‍ മാത്രമേ ഒരാള്‍ മറ്റൊരാളുടെ പേരില്‍ വ്യഭിചാരാരോപണമുന്നയിക്കുവാന്‍ പാടുള്ളൂ. അല്ലെങ്കില്‍ ആരോപണം ഉന്നയിച്ചവര്‍ കുടുങ്ങും. അവര്‍ക്ക് എണ്‍പത് അടി വീതം ലഭിക്കും. കള്ള സാക്ഷ്യത്തിനുള്ള സാധ്യത ഇവിടെ തീരെ വിരളമാണ്. ഒരു പാടുപേര്‍ കണ്ടുവെന്ന് ഉറപ്പുണ്ടായാല്‍ മാത്രമേ ഒരാള്‍ ഇത്തരം ആരോപണം ഉന്നയിക്കാന്‍ മുതിരുകയുള്ളൂ. അതുകൊണ്ടുതന്നെ നിരപരാധി ശിക്ഷിക്കപ്പെടുവാന്‍ ഉള്ള സാധ്യത തീരെയില്ലെന്നുതന്നെ പറയാം.

സ്‌ലാമിന്റെ പല നിയമങ്ങളെയും പോലെ ശിക്ഷാനിയമവും പടിപടിയായാണ് അവതരിപ്പിക്കപ്പെട്ടത്. വ്യഭിചാരത്തിന് ആദ്യം വിധിക്കപ്പെട്ടത് വീട്ടുതടങ്കലായിരുന്നു. ”നിങ്ങളുടെ സ്ത്രീകളില്‍നിന്ന് നീചവൃത്തിയിലേര്‍പ്പെടുന്നവരാരോ അവര്‍ക്കെതിരില്‍ സാക്ഷികളായി നിങ്ങളില്‍നിന്ന് നാലു പേരെ നിങ്ങള്‍ കൊണ്ടുവരുവിന്‍. അങ്ങനെ അവര്‍ സാക്ഷ്യം വഹിച്ചാല്‍ അവരെ നിങ്ങള്‍ വീടുകളില്‍ തടഞ്ഞുവെച്ചുകൊണ്ടിരിക്കുക. അവരെ മരണം ഏറ്റെടുക്കുകയോ അല്ലാഹു അവര്‍ക്കൊരു മാര്‍ഗം ഉണ്ടാക്കിത്തരികയോ ചെയ്യുന്നതുവരെ” (ഖുര്‍ആന്‍ 4:15).

ഈ സൂക്തത്തില്‍ ‘അല്ലാഹു അവര്‍ക്കൊരു മാര്‍ഗം നിശ്ചയിക്കുന്നതുവരെ‘യെന്ന് പറഞ്ഞതിനെ അന്വര്‍ഥമാക്കിക്കൊണ്ട് വ്യഭിചാരത്തിനുള്ള ഖണ്ഡിതമായ വിധി പിന്നീട് വന്നു. അതിങ്ങനെയാണ്:”വ്യഭിചരിക്കുന്ന സ്ത്രീ-പുരുഷന്മാരില്‍ ഓരോരുത്തരെയും നിങ്ങള്‍ നൂറ് അടി അടിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ അല്ലാഹുവിന്റെ മതനിയമത്തില്‍ (അതു നടപ്പാക്കുന്ന വിഷയത്തില്‍) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ. അവരുടെ ശിക്ഷ നടക്കുന്നേടത്ത് സത്യവിശ്വാസികളില്‍നിന്നുള്ള ഒരു സംഘം സന്നിഹിതരാവുകയും ചെയ്യട്ടെ” (ഖുര്‍ആന്‍ 24:2).

ഈ സൂക്തത്തില്‍ നൂറടി വിധിച്ചിരിക്കുന്നത് അവിവാഹിതരായ വ്യഭിചാരികള്‍ക്കാണ്. അവര്‍ വിവാഹിതരാണെങ്കില്‍ എറിഞ്ഞുകൊല്ലണമെന്നാണ് ഇസ്‌ലാമിന്റെ വിധി. പ്രവാചകന്‍ (ﷺ)തന്റെ ഭരണകാലത്ത് ഇത്തരം നാല് കേസുകളില്‍ എറിഞ്ഞുകൊല്ലാന്‍ വിധിച്ചിരുന്നുവെന്ന് കാണാന്‍ കഴിയും. അതില്‍ ഒരെണ്ണത്തിലെ പ്രതികള്‍ ജൂതന്മാരായിരുന്നു. ബാക്കി മൂന്നിലും മുസ്‌ലിംകളും. വിവാഹിതരായ വ്യഭിചാരികളെ എറിഞ്ഞുകൊല്ലുവാനുള കല്‍പന മിക്ക ഹദീസുഗ്രന്ഥങ്ങളും (മുസ്‌ലിം, അബൂദാവൂദ്, ഇബ്‌നുമാജ,ബൈഹഖി, അഹ്മദ്) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ വിവാഹിതരായ വ്യഭിചാരികളെ എറിഞ്ഞുകൊല്ലുകയാണ് വേണ്ടതെന്ന കാര്യത്തില്‍ മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. പ്രസ്തുത നിയമം ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ലെങ്കിലും ഖണ്ഡിതവും സത്യസന്ധവുമായ ഹദീസുകളാല്‍ സ്ഥിരപ്പെട്ടിട്ടുള്ളതുകൊണ്ടാണിത്.

കുറ്റം ഒന്നുതന്നെയാണെങ്കിലും അതു ചെയ്യുന്ന വ്യക്തികളുടെ നിലവാരവും അതു സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതവുംകൂടി പരിഗണിച്ചുകൊണ്ടാണ് ഇസ്‌ലാം ശിക്ഷാവിധികള്‍ നിശ്ചയിച്ചിരിക്കുന്നത്. അവിവാഹിതരുടെ വ്യഭിചാരം ഒരു കുറ്റമാണ്. പക്ഷേ അവര്‍ക്ക് തങ്ങളുടെ ലൈംഗിക വികാരം ശമിപ്പിക്കുവാന്‍ വിഹിതമായ മാര്‍ഗങ്ങള്‍ മുന്നിലില്ല;അവരുടെ പ്രവര്‍ത്തനം മൂലം കുടുംബബന്ധങ്ങളൊന്നും തകരുന്നില്ല. എന്നാല്‍ വിവാഹിതരുടെ വ്യഭിചാരമോ? അവര്‍ക്കു മുന്നില്‍ തങ്ങളുടെ വികാരശമനത്തിന് നിയമാനുസൃതം പരിണയിച്ച ഇണകളുണ്ട്. പ്രസ്തുത ലൈംഗികബന്ധത്തിന്റെ പരിണിത ഫലമോ? കുടുംബത്തകര്‍ച്ച! അങ്ങനെ സമൂഹത്തില്‍ മുഴുവന്‍ അരാചകത്വം!! അതുകൊണ്ടുതന്നെ ഇവയ്ക്കുള്ള ശിക്ഷകള്‍ വ്യത്യസ്തമായിരിക്കണം. വിവാഹിതരുടെ വ്യഭിചാരവുമായി താരതമ്യം ചെയ്യുമ്പോള്‍ അവിവാഹിതരുടേത് ചെറിയ കുറ്റമാണ്. വിഹിതമാര്‍ഗമുണ്ടായിട്ടും അവിഹിതമാര്‍ഗങ്ങള്‍ തേടിപ്പോകുന്നവരെ വെച്ചുകൊണ്ടിരുന്നുകൂടാ. അവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അതു കാണുന്ന ഒരാളും ഇനി അതിന് മുതിരാത്ത രീതിയിലുള്ള ശിക്ഷ. അതുകൊണ്ടാണ് അത്തരം ആളുകളെ മരണംവരെ കല്ലെറിയുക എന്ന നിയമം ഇസ്‌ലാം നിശ്ചയിച്ചിരിക്കുന്നത്.

അവിവാഹിതര്‍ക്കാകട്ടെ അവരുടെ കുറ്റത്തിന്റെ തോത് പ്രകാരം പരസ്യമായി നൂറ് അടി അടിക്കുവാന്‍ ഇസ്‌ലാം കല്‍പിച്ചു. അവര്‍ സമൂഹത്തില്‍ അരാജകത്വം ഉണ്ടാക്കുന്നുവെങ്കിലും കുടുംബത്തിന്റെ തകര്‍ച്ചക്കോ അതു മൂലമുള്ള സാമൂഹിക പ്രശ്‌നങ്ങള്‍ക്കോ അത് നിമിത്തമാകുന്നില്ലല്ലോ?

ശിക്ഷാവിധികൾ കൊണ്ട് മാത്രമായി തിന്മകളെല്ലാം ഇല്ലാതാകുമെന്ന് ഇസ്‌ലാം കരുതുന്നില്ല. ഖുര്‍ആനില്‍ കേവലം ശിക്ഷാവിധികളെക്കുറിച്ചു മാത്രമല്ല പരാമര്‍ശിക്കുന്നത്. ശിക്ഷാവിധികള്‍ അവസാനത്തെ പടിയാണെന്നാണ് ഇസ്‌ലാമിന്റെ വീക്ഷണം. വിവാഹേതര ലൈംഗികബന്ധത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെയെല്ലാം ഇല്ലായ്മ ചെയ്യണമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അതിന് ആവശ്യമായ നിയമങ്ങളും നിര്‍ദേശങ്ങളുമെല്ലാം ഇസ്‌ലാം പ്രദാനം ചെയ്യുന്നുണ്ട്. അവയെ ഇങ്ങനെ സംഗ്രഹിക്കാം.

ഒന്ന്: സ്ത്രീകളും പുരുഷന്മാരും മാന്യമായി വസ്ത്രം ധരിക്കണം. പുരുഷനിലെ ലൈംഗിക ഉത്തേജനത്തിന് കാഴ്ച ഒരു പ്രധാന കാരണമായതുകൊണ്ടുതന്നെ സ്ത്രീകള്‍ അവരുടെ സൗന്ദര്യം പ്രകടിപ്പിക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കരുത്.

രണ്ട്: ലൈംഗികമായി പ്രലോഭിപ്പിക്കുന്ന യാതൊന്നും സമൂഹത്തില്‍ ഉണ്ടാകരുത്. കാബറെ, നൃത്തങ്ങള്‍, സൗന്ദര്യ മല്‍സരം, ബാലെ തുടങ്ങിയവ ഇസ്‌ലാമിക സമൂഹത്തില്‍ ഉണ്ടാവുകയില്ല.

മൂന്ന്: വ്യഭിചാരത്തിലേക്ക് നയിക്കുന്ന രീതിയുള്ള നിര്‍ബാധമായ സ്ത്രീ-പുരുഷ സമ്പര്‍ക്കം പാടില്ല.

നാല്: ലൈംഗികത ഒരു തൊഴിലായി സ്വീകരിക്കുന്നത് പാടെ വിപാടനം ചെയ്യണം. വേശ്യകളോ കാള്‍ഗേളുകളോ സെക്‌സ് ബോംബുകളോ നഗ്‌നമോഡലുകളോ ഒന്നും ഇസ്‌ലാമിക സമൂഹത്തില്‍ ഉണ്ടാവുകയില്ല.

അഞ്ച്: അന്യ സ്ത്രീ-പുരുഷന്മാര്‍ ഒന്നിച്ച് (ഭര്‍ത്താവോ വിവാഹം നിഷിദ്ധമായ ബന്ധുവോ കൂടെയില്ലാതെ) യാത്ര ചെയ്യരുത്.

ആറ്: അന്യസ്ത്രീ പുരുഷന്മാര്‍ മറ്റൊരാളുടെ സാന്നിധ്യത്തിലല്ലാതെ സ്വകാര്യ സംഭാഷണത്തിലേര്‍പ്പെടരുത്.

ഏഴ്: പുരുഷന്‍ സ്ത്രീയെയോ, സ്ത്രീ പുരുഷനെയോ, അവര്‍ വിവാഹത്തിലൂടെ ഇണകളായി മാറിയിട്ടില്ലെങ്കില്‍, കാമവികാരത്തോടെ നോക്കരുത്.

എട്ട്: കാമവികാരമുണ്ടാക്കുന്ന രീതിയില്‍ സംസാരിക്കുകയോ കൊഞ്ചിക്കുഴയുകയോ ചെയ്യരുത്.

ഒമ്പത്: പുരുഷന്‍ വിവാഹാന്വേഷണവുമായി വന്നാല്‍ അവന്‍ സംസ്‌കാര സമ്പന്നനാണെങ്കില്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്തുകൊടുക്കാന്‍ രക്ഷിതാക്കള്‍ സന്നദ്ധരാകണം.

പത്ത്: ഒരു സ്ത്രീയെക്കൊണ്ട് വികാരശമനം സാധ്യമല്ലാത്തവര്‍ക്ക് ഒന്നിലധികം പേരെ ചില വ്യവസ്ഥകള്‍ക്ക് വിധേയമായി വിവാഹം ചെയ്യുവാന്‍ അനുവാദമുണ്ട്.

ഖുര്‍ആന്‍ ഒന്നാമതായി, ലൈംഗിക വികാരം ഉത്തേജിപ്പിക്കുകയും കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഇല്ലായ്മ ചെയ്യുന്നു. രണ്ടാമതായി, വിഹിതമായ മാര്‍ഗത്തില്‍ വികാരശമനത്തിനാവശ്യമായ തുറന്ന അംഗീകാരം നല്‍കുന്നു. ഇതിനുശേഷവും വികാരശമനത്തിന് അസാന്മാര്‍ഗിക മാര്‍ഗങ്ങളെ അവലംബിക്കുന്നവര്‍ സമൂഹത്തിന്റെ ധാര്‍മിക നിലവാരത്തെ തകര്‍ക്കുകയും കുടുംബത്തെയും സമൂഹത്തെയുമെല്ലാം നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. അത്തരം ആളുകളെ കഠിനമായി ശിക്ഷിക്കണമെന്നാണ് ഇസ്‌ലാമിന്റെ നിര്‍ദേശം.

മനുഷ്യരെ അസാന്മാര്‍ഗികളാക്കുന്നതില്‍ സാഹചര്യങ്ങള്‍ക്ക് അനല്‍പമായ പങ്കുണ്ട്. ലൈംഗിക വികാരത്തെ ഉത്തേജിപ്പിക്കുന്ന രീതിയില്‍ മീഡിയയും മാര്‍ക്കറ്റുകളും മാറുകയും വിവാഹേതര ലൈംഗികബന്ധം ഒരു പാപമല്ലെന്ന രീതിയില്‍ സമൂഹം കൈകാര്യം ചെയ്യുവാനാരംഭിക്കുകയും ചെയ്തതു കാരണം സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നുവെന്നതാണ് വാസ്തവം. കേരളത്തിലെ അവസ്ഥതന്നെയെടുക്കുക. 1994-ല്‍ കേരളത്തില്‍ രജിസ്റ്റര്‍ചെയ്യപ്പെട്ടിരുന്ന ബലാല്‍സംഗക്കേസുകള്‍ 193-ഉം 1995-ല്‍ 266-ഉം1996-ല്‍ 339-ഉം ആയിരുന്നുവെങ്കില്‍ 1997-ല്‍ അത് 588 ആയി ഉയര്‍ന്നു. രണ്ടുവര്‍ഷത്തിനിടയില്‍ 121.05 ശതമാനം വര്‍ധന! 98 ഒക്‌ടോബര്‍ മാസമായപ്പോഴേക്ക് 461 ബലാല്‍സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. (അവലംബം: മാതൃഭൂമി ആഴ്ചപ്പതിപ്പ് 24.1.1999)എന്താണിതിന് കാരണം? വിവാഹേതര ബന്ധത്തോടുള്ള സമൂഹത്തിന്റെ സമീപനത്തില്‍ വന്ന മാറ്റവും മീഡിയകളും മാര്‍ക്കറ്റുകളും സ്ത്രീസൗന്ദര്യത്തെ ഒരു വില്‍പനച്ചരക്കായി ഉപയോഗിക്കാനാരംഭിച്ചതും കുറ്റകൃത്യങ്ങളുടെ വര്‍ധനയില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ മാന്യമായി ജീവിക്കണമെന്നാഗ്രഹിക്കുന്ന വനിതകള്‍ക്ക് സ്വൈര്യമായി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ് കേരളത്തിലുണ്ടാവുക.

ഇത്തരമൊരവസ്ഥ ഇസ്‌ലാമിക സമൂഹത്തിലുണ്ടാവുകയില്ല. അവിടെ സ്ത്രീകള്‍ക്ക് തങ്ങളുടെ മാനം അപഹരിക്കപ്പെടുമെന്ന ഭീതിയോടെ ജീവിക്കേണ്ട ഗതികേടുണ്ടാവുകയില്ല. പ്രവാചകന്റെ കാലത്ത് വിരലിലെണ്ണാവുന്ന വ്യക്തികളെ മാത്രമേ വ്യഭിചാരത്തിന് ശിക്ഷിച്ചിട്ടുള്ളൂ. ഖലീഫമാരുടെ ഭരണകാലത്തും തഥൈവ. മാധ്യമങ്ങളുടെ കടന്നുകയറ്റവും പാശ്ചാത്യ സംസ്‌കാരത്തിന്റെന സ്വാധീനവുമെല്ലാം ഏറെ ജീര്‍ണതകള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഇന്നും ഖുര്‍ആനിക ശിക്ഷാവിധികള്‍ സ്വീകരിച്ചിരിക്കുന്ന നാടുകളില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ താരതമ്യേന കുറവാണെന്ന വസ്തുത ഇതിന്റെ പ്രായോഗികത വ്യക്തമാക്കുകയാണ് ചെയ്യുന്നത്.

ലൈംഗികത ഒരു ദൈവിക ദാനമാണ്. ജീവികളില്‍ അതിന്റെ പരമമായ ലക്ഷ്യം പ്രത്യുല്‍പാദനമാണ്. മനുഷ്യരിലാകട്ടെ,പ്രത്യുല്‍പാദനമെന്ന ലക്ഷ്യത്തോടൊപ്പംതന്നെ അവന്റെ മാനസികാരോഗ്യവും കുടുംബത്തിന്റെ കെട്ടുറപ്പും സാമൂഹിക ജീവിതത്തിലെ സമാധാനവുമെല്ലാം ലൈംഗികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവിക മാര്‍ഗദര്‍ശനപ്രകാരമല്ലാതെയുള്ള ലൈംഗികതയുടെ ഉപയോഗം വ്യക്തിയുടെ മാനസികനിലയെയും കുടുംബഭദ്രതയെയും സാമൂഹിക ഘടനയെത്തന്നെയും പ്രതികൂലമായി ബാധിക്കും. അതു മാത്രമല്ല, ലൈംഗിക രോഗങ്ങള്‍ക്കും അതുവഴി സമൂഹത്തിന്റെ നിത്യനാശത്തിനുമായിരിക്കും വിവാഹേതര ലൈംഗികബന്ധങ്ങള്‍ ഇടവരുത്തുക. ഈ വസ്തുത അനുഭവത്തില്‍നിന്ന് പഠിച്ചവരാണല്ലോ ആധുനിക സംസ്‌കാരത്തിന്റെ വക്താക്കളെന്നവകാശപ്പെടുന്നവര്‍.

രണ്ടു വ്യക്തികള്‍ ലൈംഗികമായി ബന്ധപ്പെടണമെങ്കില്‍ വിവാഹം എന്ന കരാറിലൂടെയാകണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അതല്ലാതെയുള്ള ബന്ധങ്ങളെല്ലാം നാശം വിതക്കുന്നവയാണ്. അതു സമൂഹത്തില്‍ നിലനില്‍േക്കണ്ട മൂല്യങ്ങളെയെല്ലാം തകര്‍ക്കും. വൈവാഹിക ജീവിതത്തില്‍ സംശയത്തിന്റെ വിത്തുകള്‍ വിതയ്ക്കും. പ്രസ്തുത സംശയങ്ങള്‍ മനസ്സുകള്‍ തമ്മില്‍ വിടവുകളുണ്ടാക്കും. അതു കുടുംബബന്ധത്തെ ഉലയ്ക്കും. ഭാവി തലമുറയുടെ മാനസികാരോഗ്യത്തെ പോലും അതു ബാധിക്കും.

പാശ്ചാത്യ മൂല്യങ്ങള്‍ സ്വീകരിച്ചുകൊണ്ട് പുരോഗമിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ ഇവ്വിഷയകമായ സ്ഥിതി വിവരക്കണക്കുകള്‍ ധാര്‍മികബോധമുള്ള ആരെയും ഞെട്ടിക്കുന്നതാണ്. തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ഒാരോ മാസവും മുന്നൂറ് പേരെങ്കിലും ഡി.എന്‍.എ വിരലടയാള പരിശോധന നടത്തി തങ്ങളുടെ ഭാര്യക്ക് പിറന്ന കുഞ്ഞ് തങ്ങളുടേതുതന്നെയാണോയെന്ന് ഉറപ്പിക്കാന്‍ വേണ്ടി എത്തുന്നുണ്ടത്രേ! (മാതൃഭൂമി ആഴ്ചപ്പതിപ്പ് 31.1.99) ഇതു കാണിക്കുന്നതെന്താണ്? പരസ്പരം വിശ്വാസമില്ലാത്ത ഇണകളുടെ എണ്ണം വര്‍ധിച്ചുവരുന്നുവെന്ന്. എന്താണിതിന് കാരണം? ഉത്തരം‘മാതൃഭൂമി‘തന്നെ പറയുന്നുണ്ട്. ‘സര്‍വേയില്‍ പങ്കെടുത്ത 30 ശതമാനം പുരുഷന്മാരും 18 ശതമാനം സ്ത്രീകളും വിവാഹബാഹ്യബന്ധത്തില്‍ ഏര്‍പ്പെടുന്നവരാണ്‘.

സദാചാര മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നുവെന്നവകാശപ്പെടുന്ന കേരളീയ സമൂഹത്തിന്റെ സ്ഥിതിയാണിത്. പാശ്ചാത്യ സമൂഹങ്ങളിലെ സ്ഥിതിയാകട്ടെ ഇതിലും കഷ്ടമാണ്. ഗര്‍ഭിണികളാകുന്ന കൊച്ചുകുഞ്ഞുങ്ങളാണ് അവിടത്തെ ഏറ്റവും വലിയ സാമൂഹികപ്രശ്‌നം. ജാര സന്തതികളാണ് ഗവണ്‍മെന്റിനെ അലട്ടുന്ന പ്രധാനപ്പെട്ട മറ്റൊരു പ്രശ്‌നം. ഇതൊന്നും ഒരു വാര്‍ത്തയേ അല്ലെന്ന സ്ഥിതിയാണവിടെ. പക്ഷേ, ഇത്തരം സദാചാരലംഘനങ്ങള്‍ വഴി കുടുംബമെന്ന സ്ഥാപനം അവിടെ തകര്‍ന്നു തരിപ്പണമായിട്ടുണ്ടെന്നും അതു വമ്പിച്ച സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് പാശ്ചാത്യലോകത്തിന്റെ സമ്പൂര്‍ണ നാശത്തിലാണ് കലാശിക്കുകയെന്നും മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുകയാണ്‌സാമൂഹിക ശാസ്ത്രജ്ഞന്മാര്‍.

ഇസ്‌ലാം വിഭാവനം ചെയ്യുന്ന സമൂഹം ഇത്തരത്തിലുള്ളതല്ല. ശാന്തമായ കുടുംബാന്തരീക്ഷവും സമാധാന പൂര്‍ണമായ ദാമ്പത്യവും നിലനില്‍ക്കുന്ന സമൂഹത്തെ സൃഷ്ടിക്കുവാനാണ് ഇസ്‌ലാം പരിശ്രമിക്കുന്നത്.

അതിന് വിവാഹത്തിന് പുറത്തുള്ള സകല ലൈംഗികബന്ധങ്ങളും നിരോധിക്കപ്പെടണമെന്നാണ് ഇസ്‌ലാം കരുതുന്നത്. അതുകൊണ്ട് അത്തരം ലൈംഗിക ബന്ധങ്ങള്‍ ഇല്ലാതെയാക്കുവാനാവശ്യമായ ശിക്ഷകളാണ് ഖുര്‍ആന്‍ അനുശാസിക്കുന്നത്. ലൈംഗികത അതിശക്തമായ ഒരു വികാരമാണെന്നിരിക്കെ അതില്‍നിന്ന് മനുഷ്യരെ തടഞ്ഞുനിര്‍ത്താന്‍ ശക്തമായ നടപടികള്‍ ആവശ്യമാണ്. ഖുര്‍ആനിലെ ശിക്ഷകള്‍ പ്രസക്തമാകുന്നത് ഇവിടെയാണ്.

ളവിനുള്ള ഖുര്‍ആനിലെ ശിക്ഷാനിയമത്തിന്റെ ലക്ഷ്യം കുറേ അംഗവൈകല്യമുള്ളവരെ സൃഷ്ടിക്കുകയല്ല, പ്രത്യുത കളവുചെയ്യപ്പെടാത്ത അവസ്ഥ സംജാതമാക്കുയാണ്. കവര്‍ച്ച ഇല്ലാതെയാകണമെങ്കില്‍ ആദ്യം പാവപ്പെട്ടവന്റെ പട്ടിണിക്ക് പരിഹാരം കാണണമെന്ന് അറിയാവുന്ന പടച്ചതമ്പുരാനാണ് ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പട്ടിണിക്കുള്ള പരിഹാര നിര്‍ദേശങ്ങള്‍ നല്‍കിയ ശേഷമാണ് ഖുര്‍ആന്‍ ശിക്ഷാനിയമങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നതുതന്നെ.

ഇസ്‌ലാമിലെ സകാത്ത് വ്യവസ്ഥ പാവപ്പെട്ടവരുടെ പ്രയാസങ്ങള്‍ പരിഹരിക്കുവാന്‍ വേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്. സമ്പത്തിന്റെ ഒരു നിശ്ചിത വിഹിതം പണക്കാരനില്‍നിന്ന് പിടിച്ചെടുത്ത് അതിന്റെ അവകാശികള്‍ക്ക് വിതരണം ചെയ്യണമെന്നാണ് ഇസ്‌ലാമിന്റെ അനുശാസന. സകാത്ത് പണക്കാരന്റെ ഔദാര്യമല്ല, പ്രത്യുത പാവപ്പെട്ടവന്റെ അവകാശമാണ് എന്നാണ് പ്രവാചകന്‍ (ﷺ)പഠിപ്പിച്ചിരിക്കുന്നത്. ഇസ്‌ലാമിലെ സകാത്ത് സമ്പ്രദായം ഫലപ്രദമായി നടപ്പാക്കിയാല്‍തന്നെ സമൂഹത്തിലെ പാവപ്പെട്ടവരുടെ അടിസ്ഥാനാവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ചരിത്രം നല്‍കുന്ന പാഠമതാണ്. സകാത്ത് വ്യവസ്ഥ യഥാക്രമം പ്രയോഗവത്കരിച്ചിരുന്ന സമൂഹങ്ങളില്‍ ദാനധര്‍മങ്ങള്‍ വാങ്ങുവാന്‍ ആരുമില്ലാത്ത അവസ്ഥ സംജാതമായിരുന്നുവെന്നതിന് ഇസ്‌ലാമിക ചരിത്രം നിരവധി ഉദാഹരണങ്ങള്‍ നിരത്തുന്നുണ്ട്. സകാത്ത് വ്യവസ്ഥ നടപ്പാക്കിയിട്ടും പാവപ്പെട്ടവന്റെ പട്ടിണി പരിഹരിക്കുവാനായില്ലെങ്കില്‍ അതിനു മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തുവാന്‍ രാഷ്ട്രം ബാധ്യസ്ഥമാണെന്നതാണ് ഇസ്‌ലാമിന്റെ വീക്ഷണം. ‘അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറുനിറച്ച് ഉണ്ണുന്നവര്‍ നമ്മില്‍പെട്ടവരല്ല‘ (ത്വബ്‌റാനി, ഹാക്കിം) എന്ന് പഠിപ്പിച്ച പ്രവാചകന്റെ ജീവിതക്രമത്തെ ആധാരമാക്കി നടക്കുന്ന ഇസ്‌ലാമിക രാഷ്ട്രത്തില്‍ പട്ടിണിക്കുള്ള പരിഹാരം കാണുവാന്‍ ഭരണാധികാരികള്‍ക്ക് ബാധ്യതയുണ്ട്.

ഇങ്ങനെ, പട്ടിണി നിര്‍മാര്‍ജനം ചെയ്യാനാവശ്യമായ നിയമങ്ങള്‍ ആവിഷ്‌കരിക്കുകയും അത് നടപ്പാക്കി ലോകത്തിന് മാതൃകയാവുകയും ചെയ്ത മതം ഇസ്‌ലാം മാത്രമാണ്. അങ്ങനെ കുറ്റം ചെയ്യല്‍ അനിവാര്യമാക്കിത്തീര്‍ക്കുന്ന സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്തതിനുശേഷമാണ് ശിക്ഷാ നിയമങ്ങളെപ്പറ്റി ഖുര്‍ആന്‍ സംസാരിക്കുന്നത്. തൊഴിലില്ലായ്മയും ദാരിദ്ര്യവും നടമാടുന്ന ഒരു സമൂഹത്തിലല്ല ഇസ്‌ലാം ശിക്ഷാനിയമങ്ങള്‍ നടപ്പാക്കാന്‍ ആവശ്യപ്പെടുന്നത്. ആഹാരത്തിനോ അടിസ്ഥാനാവശ്യങ്ങള്‍ക്കോ വേണ്ടി മോഷണമോ കൊള്ളയോ നടത്തേണ്ടതില്ലാത്ത സാഹചര്യം സൃഷ്ടിച്ചതിനു ശേഷവും ജനങ്ങളുടെ സൈ്വര്യജീവിതത്തെ തടസ്സപ്പെടുത്തുന്ന മോഷ്ടാക്കളുണ്ടെങ്കില്‍ അവരുടെ കരം ഛേദിക്കണമെന്നുതന്നെയാണ് ഇസ്‌ലാമിന്റെ അനുശാസന.

ഇന്ന് ഇന്ത്യയില്‍ നടക്കുന്ന കൊള്ളകള്‍തന്നെ നോക്കുക. അവ പട്ടിണി മാറുന്നതിനു വേണ്ടിയുള്ളതാണോ? ഇന്ത്യയില്‍ നടക്കുന്ന കവര്‍ച്ചകളില്‍ തൊണ്ണൂറ്റിഒമ്പത് ശതമാനവും സുഖിക്കാന്‍ വേണ്ടിയുള്ള യുവാക്കളുടെ എളുപ്പവഴിയായിക്കൊണ്ടുള്ളതാണെന്നതത്രേ യാഥാര്‍ഥ്യം. പുതിയ കാറുകളും ആഢംബര ഹോട്ടലുകളിലെ താമസവും കാമുകിമാരുടെ നീണ്ട നിരയും നേടിയെടുക്കുന്നതിനുവേണ്ടി കൊള്ളയും കൊലയും നടത്തുന്നവര്‍. അവരില്‍ കുറ്റം തെളിയിക്കപ്പെടുന്ന കുറച്ചുപേരുടെ കരം ഛേദിക്കാന്‍ സന്നദ്ധമായാല്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ തൊണ്ണൂറു ശതമാനവും ഇല്ലാതെയാകുമെന്നുറപ്പാണ്. അതിനു നാം തയാറാകുമോയെന്നതാണ് പ്രശ്‌നം.

ഇസ്‌ലാമിക രാഷ്ട്രത്തില്‍തന്നെ ചിലപ്പോള്‍ ക്ഷാമവും വറുതിയുമുണ്ടാകാം. അത്തരം അവസരങ്ങളില്‍ പട്ടിണി മാറ്റുന്നതിനുവേണ്ടി ഒരാള്‍ മോഷ്ടിച്ചാല്‍ അയാളുടെ കരം ഛേദിക്കുവാന്‍ ഇസ്‌ലാം കല്‍പിക്കുന്നില്ല. ഖലീഫ ഉമറി(റ)ന്റെ ഭരണകാലത്ത്, രാജ്യത്ത് ക്ഷാമം പടര്‍ന്നുപിടിച്ച സമയത്ത് ഒരു മോഷ്ടാവിനെ പിടികൂടിയപ്പോള്‍ പട്ടിണിമൂലം മോഷണത്തിന് അയാള്‍ നിര്‍ബന്ധിതനായതായിരിക്കാമെന്ന സംശയത്തിന്റെ ആനുകൂല്യം നല്‍കി അയാളെ വെറുതെ വിടുകയുണ്ടായി. കുറ്റവാളികളെ ഇല്ലാതെയാക്കുകയെന്ന ലക്ഷ്യത്തോടെ ശിക്ഷാവിധികള്‍ വിധിക്കുകയും അത് പ്രായോഗികമാണെന്ന് തെളിയിക്കുകയും ചെയ്ത ഇസ്‌ലാമിന്റെ മാനവിക മുഖമാണ് ഇവിടെ നമുക്ക് കാണാന്‍ കഴിയുന്നത്.

കുറ്റവാളികളോട് സഹതാപപൂര്‍ണമായ സമീപനമാണ് വേണ്ടതെന്ന് വാദിക്കുന്നവരൊക്കെ കുറ്റകൃത്യങ്ങള്‍ ഇല്ലാതെയാക്കി സമാധാനപൂര്‍ണമായ സാമൂഹിക ജീവിതം സാധിക്കുന്നതിന് പ്രായോഗികമായി ചെയ്യേണ്ടതെന്താണെന്ന് വിശദീകരിക്കുന്നതില്‍ പരാജയപ്പെടുകയാണ് പതിവ്. കുറ്റവാളികളോട് സഹതാപം കാണിക്കണമെന്ന് പറയുന്നവര്‍ പ്രസ്തുത കുറ്റങ്ങള്‍ വഴി നഷ്ടങ്ങള്‍ സഹിക്കേണ്ടിവരുന്നവരുടെ സങ്കടനിവൃത്തിയെക്കുറിച്ച് ഒന്നും ഉരിയാടാറില്ല. യാതൊരു കുറ്റവും ചെയ്യാതെ ഓര്‍ക്കാപ്പുറത്ത് ജീവന്‍ നഷ്ടപ്പെടുന്ന നിരപരാധികള്‍. കഷ്ടപ്പെട്ട് സമ്പാദിച്ച ധനം കൊള്ളയടിക്കപ്പെട്ട് വഴിയാധാരമാകുന്ന മനുഷ്യര്‍. ഇണയുടെ അപഥസഞ്ചാരത്തില്‍ തകര്‍ന്നു തരിപ്പണമാകുന്ന കുടുംബബന്ധങ്ങള്‍. ആരും നോക്കാനില്ലാതെ തെരുവ് തെണ്ടുന്ന ജാരസന്തതികള്‍. കുടുംബനാഥന്റെ മദ്യപാനം വഴി തകരുന്ന കുടുംബങ്ങള്‍. ഈ സങ്കടങ്ങളോടാണോ അതല്ല ഇവക്കു ഉത്തരവാദികളായ ക്രൂരരും നിഷ്ഠൂരരും ഭോഗാലസരുമായ കുറ്റവാളികളോടാണോ സഹതാപപൂര്‍ണമായ സമീപനമുണ്ടാകേണ്ടത്? രണ്ടും കൂടി ഒരേസമയത്ത് അസാധ്യമാണ്. കുറ്റവാളിയോടല്ല, പ്രയാസമനുഭവിച്ചവനോടാണ് സഹാനുഭൂതി വേണ്ടതെന്നാണ് ഇസ്‌ലാമിന്റെ വീക്ഷണം. പ്രസ്തുത വീക്ഷണമാണ് മാനവികമെന്നും അതിന്റെ അടിസ്ഥാനത്തിലുള്ള നിയമങ്ങള്‍ക്ക് മാത്രമേ മനുഷ്യരെ കുറ്റകൃത്യങ്ങളില്‍നിന്ന് മോചിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്നും ഇസ്‌ലാം കരുതുന്നു. അതു തന്നെയാണ് ശരിയെന്ന വസ്തുതയാണല്ലോ ഇപ്പോള്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നത്.
കാരാഗൃഹത്തില്‍ അടക്കുന്നതുകൊണ്ടുമാത്രം കുറ്റകൃത്യങ്ങളില്‍നിന്ന് സമൂഹം മുക്തമാവുകയില്ലെന്ന സത്യം ഇന്ന് വ്യത്യസ്ത രാജ്യങ്ങളില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പണമുണ്ടാക്കുകയും സുഖിക്കുകയുമാണ് ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് പഠിപ്പിക്കപ്പെടുന്ന യുവതലമുറയെ സംബന്ധിച്ചിടത്തോളം പണമുണ്ടാക്കുവാനുള്ള കുറുക്കുവഴികളാണ് കുറ്റ്യകൃത്യങ്ങള്‍. എല്ലാ ആധുനിക സമൂഹങ്ങളിലും കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണെന്നാണ് സ്ഥിതി വിവരക്കണക്കുകള്‍ കാണിക്കുന്നത്. ഇന്ത്യയിലെ സ്ഥിതിതന്നെയെടുക്കുക: കഴിഞ്ഞ ഒരു ദശാബ്ദത്തിനിടക്ക് കുറ്റകൃത്യങ്ങളുടെ നിരക്കില്‍ വമ്പിച്ച വര്‍ധനയാണുണ്ടായിട്ടുള്ളത്. സുഖം നേടാന്‍ വേണ്ടി മല്‍സരിച്ചുകൊണ്ടിരിക്കുന്ന യുവാക്കള്‍ക്കിടയിലെ കുറ്റവാസന ഭീതിദായകമായ രീതിയില്‍ വര്‍ധിച്ചിട്ടുണ്ടെന്ന് ‘ഇന്ത്യാ ടുഡേ‘ തയാറാക്കിയ ഒരു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത് കാണുക: ‘ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ ക്രിമിനോളജി വിഭാഗം കഴിഞ്ഞ ഒരു ദശകത്തില്‍ നടന്ന കുറ്റകൃത്യങ്ങളുടെ രീതിയെക്കുറിച്ച് നടത്തിയ ആഴത്തിലുള്ള പഠനം പൂര്‍ത്തിയായിവരികയാണ്. യുവാക്കള്‍ക്കിടയിലുള്ള കുറ്റകൃത്യങ്ങള്‍ 40ശതമാനം കണ്ട് വര്‍ധിച്ചിരിക്കുന്നു എന്നാണ് ആ പഠനം നല്‍കുന്ന ഭയാനകമായ വിവരം. ഇത്തരം കുറ്റകൃത്യങ്ങള്‍ എല്ലാ വിഭാഗങ്ങളിലും പെട്ട യുവാക്കളും ചെയ്യുന്നുണ്ടെങ്കിലും മധ്യവര്‍ഗ, ഉപരി-മധ്യവര്‍ഗ കുടുംങ്ങളിലെ യുവാക്കള്‍ക്കിടയില്‍ ഇത്തരം ക്രൂരതകള്‍ വര്‍ധിച്ചുവരുന്നുവെന്ന വസ്തുതയാണ് ശ്രദ്ധേയമായിരിക്കുന്നത്. രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങളില്‍ 56 ശതമാനത്തിലും ഉത്തരവാദികളായ യുവാക്കള്‍-16-നും 25-നും ഇടയില്‍ പ്രായമുള്ളവരാണെന്ന് നാഷനല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ അതിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു. മുംബൈയില്‍ കഴിഞ്ഞ 11 മാസങ്ങളില്‍ 551 ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കല്‍ സംഭവങ്ങള്‍ ഉണ്ടായതില്‍ 80 ശതമാനവും ആദ്യമായി ഇത്തരം പ്രവര്‍ത്തിക്കിറങ്ങുന്ന യുവാക്കള്‍ ഉള്‍പ്പെട്ടതാണ്. അവരില്‍ 50ശതമാനവും 20 വയസ്സില്‍ താഴെയുള്ളവരാണ്. ബാംഗ്ലൂരില്‍ കവര്‍ച്ചയും കൊള്ളയും വര്‍ധിച്ചുവരികയാണെന്നും അതില്‍ 60 ശതമാനവും യുവാക്കള്‍ ഉള്‍പ്പെട്ടതാണെന്നും റിപ്പോര്‍ട്ടു ചെയ്യുന്നു. ദല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ക്രൂരമായ കുറ്റകൃത്യങ്ങളില്‍ 93 ശതമാനവും ആദ്യമായി അതിന് ഇറങ്ങിയിരിക്കുന്ന യുവാക്കള്‍ ചെയ്തവയാണ്‘ (ഇന്ത്യാ ടുഡേ, 2-1-1999). താനിഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയുമായി കറങ്ങി നടന്ന സഹപാഠിയെയും കൂട്ടുകാരനെയും കൊന്ന കല്‍ക്കത്തയിലെ പതിനൊന്നാം ക്ലാസുകാരന്‍; പണമുണ്ടാക്കാനായി ചുരുങ്ങിയത് 23പേരെയെങ്കിലും തലയ്ക്കടിച്ച് കൊന്ന ശ്യാമും രവിയും (രണ്ടു പേര്‍ക്കും 24 വയസ്സ്); സ്‌നേഹിതന്റെ മാതാവിനെ കൊന്ന് പണം കൊള്ളയടിച്ച എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ഥി; കൂട്ടുകാരന്റെ വീടുകൊള്ളയടിക്കാനായി അവന്റെ അമ്മയെയും സഹോദരിയെയും കൊന്ന 21-കാരന്‍; നാലു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയും ഒന്നിലധികം പേരെ കൊലപ്പെടുത്തുകയും ചെയ്ത കുബേര പുത്രന്‍ (26 വയസ്സ്); 98 കൊലപാതകക്കേസുകളില്‍ പ്രതിയായ 25-കാരന്‍. ഇങ്ങനെ ഇന്ത്യാ ടുഡേയില്‍ വിവരിക്കുന്ന കുറ്റവാളികളുടെ നിര വളരെ നീണ്ടതാണ്. എന്തുകൊണ്ട് ഈ കുറ്റകൃത്യങ്ങളുണ്ടാകുന്നു? ഒന്നാമതായി,പ്രപഞ്ചനാഥനിലും മരണാനന്തര ജീവിതത്തിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടത്. രണ്ടാമതായി, പണമുണ്ടാക്കുകയും പരമാവധി സുഖിക്കുകയുമാണ് മനുഷ്യജീവിതത്തിന്റെ ലക്ഷ്യമെന്ന് പഠിപ്പിക്കപ്പെട്ടത്. മൂന്നാമതായി, എന്തു കുറ്റംചെയ്താലും തങ്ങള്‍ പിടിക്കപ്പെടുകയില്ലെന്നും അഥവാ പിടിക്കപ്പെട്ടാല്‍തന്നെ സ്വാധീനങ്ങളുപയോഗിച്ചുകൊണ്ട് ശിക്ഷയില്‍നിന്ന് രക്ഷപ്പെടാമെന്നും ഇനി ശിക്ഷിക്കപ്പെട്ടാല്‍തന്നെ ഏതാനും മാസത്തെ ജയില്‍വാസത്തിനുശേഷം സുഖമായി ജീവിക്കാമെന്നുള്ള വിചാരം. മുതലാളിത്തമൂല്യങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ഈ വിചാരം നിലനിലനില്‍ക്കുന്നത് കുറ്റകൃത്യങ്ങളുടെ ഭീതിദമായ വളര്‍ച്ചക്ക് നിമിത്തമാകും. ആധുനികമെന്ന് സ്വയം വിശേഷിപ്പിക്കുന്ന രാഷ്ട്രങ്ങളിലെല്ലാം ഈ പ്രശ്‌നം സാമൂഹിക ശാസ്ത്രജ്ഞന്മാരെ അലട്ടിക്കൊണ്ടിരിക്കുന്നുവെന്നതാണ് സത്യം. എന്താണൊരു പരിഹാരം? കുറ്റകൃത്യങ്ങള്‍ക്ക് കഠിനമായ ശിക്ഷ നല്‍കുക. പ്രസ്തുത ശിക്ഷ പരസ്യമായി നടപ്പാക്കുക. കൊള്ള നടത്തിയാല്‍ കരം ഛേദിക്കെപ്പടുമെന്നും കൊല ചെയ്താല്‍ തന്റെ ജീവന്‍ നഷ്ടപ്പെടുമെന്നുമെല്ലാമുള്ള സ്ഥിതിയുണ്ടായാല്‍ കുറ്റകൃത്യങ്ങള്‍ കുറയുമെന്നുറപ്പാണ്. ഇതിന് ജീവിക്കുന്ന ഉദാഹരണമാണല്ലോ ഇസ്‌ലാമിക ശിക്ഷാവിധികള്‍ നടപ്പാക്കുന്ന രാഷ്ട്രങ്ങള്‍. പരേതനായ അബ്ദുല്‍ അസീസ് രാജാവിന്റെ കാലത്ത് നീണ്ട 25വര്‍ഷക്കാലത്തിനുള്ളില്‍ 16 കരഛേദങ്ങള്‍ മാത്രമേ സഊദി അറേബ്യയില്‍ വേണ്ടിവന്നിട്ടുള്ളൂ. അഥവാ 16 മോഷണങ്ങളേ 25വര്‍ഷത്തിനിടക്ക് നടന്നുള്ളൂവെന്നര്‍ഥം. മോഷ്ടിച്ചവന് കൈ നഷ്ടപ്പെടുമെന്ന അവസ്ഥയുണ്ടാവുമ്പോള്‍, മോഷ്ടിച്ചതു വഴി കൈ നഷ്ടപ്പെട്ടവര്‍ ജീവിക്കുന്ന സമൂഹത്തില്‍ പിന്നെ ആ കുറ്റകൃത്യം ചെയ്യുവാന്‍ പെട്ടെന്നൊന്നും ആരും മുതിരുകയില്ലെന്നുറപ്പാണ്. എന്തെന്തു പ്രലോഭനങ്ങളുണ്ടായാലും കഠിനമായ ശിക്ഷ ഭയപ്പെട്ട് കുറ്റത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നവരായിരിക്കും ഭൂരിപക്ഷം. ഈ വസ്തുത ഭൗതികവാദികള്‍ പോലും സമ്മതിക്കുന്നതാണ്. ഇ.എസ്. ഗംഗാധരന്‍ എഴുതി: ‘കൊള്ള, കൊല, കളവ്, വഞ്ചന, വ്യഭിചാരം, അടിപിടികള്‍ എന്നിവക്കെതിരായ കഠിന ശിക്ഷ നല്‍കുന്ന ഇസ്‌ലാമിക നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതില്‍ ദയാദാക്ഷിണ്യങ്ങളില്ല. അറബ് നാടുകളില്‍ അതിനാല്‍ കലഹകാരണങ്ങളും ദുര്‍നടപടികളും കുറവാണ്‘ (ദേശാഭിമാനി വാരിക 11. 3.1979). എന്നാല്‍ ജയില്‍വാസത്തിന്റെ സ്ഥിതിയോ? അത് മറ്റുള്ളവരില്‍ യാ തൊരുവിധ സ്വാധീനവുമുണ്ടാക്കുന്നില്ല. കുറ്റവാളിയില്‍ വല്ല മാറ്റവുമുണ്ടാക്കുന്നുവോ? അതും ഇല്ലെന്നതാണല്ലോ സത്യം. ജയില്‍ ശിക്ഷയനുഭവിച്ച് പുറത്തുവരുന്നവര്‍ പലപ്പോഴും പ്രൊഫഷനല്‍ കുറ്റവാളികളായി മാറുന്നതാണല്ലോ നാം കാണുന്നത്. കാരാഗൃഹവാസം കഴിഞ്ഞ് പുറത്തുവരുന്ന കുറ്റവാളികളില്‍ പലരും തങ്ങളുടെ പാപപങ്കിലമായ ജീവിതം പൂര്‍വാധികം വാശിയോടെയും നിര്‍ഭയമായും തുടര്‍ന്നത് കാണിക്കുന്നത് എന്താണ്? ശിക്ഷാ നിയമത്തിന്റെ ധര്‍മം കാരാഗൃഹവാസമെന്ന ശിക്ഷ നിര്‍വഹിക്കുന്നില്ലെന്നുതന്നെ.
പല മതഗ്രന്ഥങ്ങളും കുറ്റങ്ങള്‍ക്കുള്ള ശിക്ഷകളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. അവയില്‍ പലതും മനുഷ്യരുടെ കൈകടത്തലുകള്‍ക്ക് വിധേയമായിരിക്കുന്നു എന്നതുകൊണ്ടുതന്നെ മനുഷ്യത്വ വിരുദ്ധമായ പലതും അവയില്‍ കാണാന്‍ കഴിയും. ഖുര്‍ആനിന്റെ സ്ഥിതി ഇതില്‍നിന്ന് വ്യത്യസ്തമാണ്. അതിലെ നിയമങ്ങള്‍ മുഴുവന്‍ ദൈവികമായതുകൊണ്ടുതന്നെ മാനവികമാണ്;സാര്‍വജനീനവും സര്‍വകാല പ്രസക്തവുമാണ്. ഉദാഹരണത്തിന് വ്യഭിചാരത്തിന് വ്യത്യസ്ത മതഗ്രന്ഥങ്ങള്‍ വിധിക്കുന്ന ശിക്ഷയെന്താണെന്ന് നോക്കുക. ‘ഒരുത്തന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവന്‍,കൂട്ടുകാരന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്ന വ്യഭിചാരിയും വ്യഭിചാരിണിയും തന്നെ മരണശിക്ഷയനുഭവിക്കണം (ലേവ്യ 20:10). ‘ഒരു പുരുഷന്റെ ഭാര്യയായ സ്ത്രീയോടുകൂടെ ഒരുത്തന്‍ ശയിക്കുന്നതുകണ്ടാല്‍ സ്ത്രീയോടുകൂടെ ശയിച്ച പുരുഷനും സ്ത്രീയും ഇരുവരും മരണശിക്ഷയനുഭവിക്കണം. ഇങ്ങനെ ഇസ്രായീലില്‍നിന്ന് ദോഷം നീക്കിക്കളയേണം‘ (ആവ.:22:22) ഇവിടെ ബൈബിള്‍ പഴയനിയമത്തില്‍ മരണശിക്ഷവിധിച്ചിരിക്കുന്നത് വിവാഹിതയായ സ്ത്രീയുമായി ലൈംഗികബന്ധം പുലര്‍ത്തുന്നതിനു മാത്രമാണ്. കന്യകയുമായി വ്യഭിചരിച്ചാല്‍ അതിന് ശിക്ഷയൊന്നും ബൈബിള്‍ വിധിക്കുന്നില്ല. അതു കണ്ടുപിടിക്കപ്പെട്ടാല്‍ അവളെ വിവാഹം ചെയ്യണമെന്നതു മാത്രമാണ് ശിക്ഷ. ‘വിവാഹനിശ്ചയം കഴിയാത്ത കന്യകയായ ഒരു യുവതിയെ ഒരുത്തന്‍ കണ്ടു അവളെ പിടിച്ച് അവളോടുകൂടി ശയിക്കുകയും അവരെ കണ്ടുപിടിക്കുകയും ചെയ്താല്‍ അവളോടുകൂടി ശയിച്ച പുരുഷന്‍ യുവതിയുടെ അപ്പന് അമ്പത് വെള്ളിക്കാശ് കൊടുക്കണം. അവള്‍ അവന്റെ ഭാര്യയാവുകയും വേണം‘ (ആവ: 22:28,29) വിവാഹിതയായ സ്ത്രീയുമായുള്ള ലൈംഗികബന്ധത്തിന് മരണശിക്ഷ വിധിക്കുവാനുള്ള കാരണമെന്താണ്? (അതേസമയം പുരുഷന്‍ വിവാഹിതനാണോ അല്ലയോ എന്നത് ഒരു പ്രശ്‌നമായിത്തന്നെ ബൈബിള്‍ കാണുന്നുമില്ല). സ്ത്രീ വിവാഹം ചെയ്യപ്പെടുന്നതുവരെ പിതാവിന്റെയും വിവാഹം ചെയ്യപ്പെട്ടുകഴിഞ്ഞാല്‍ ഭര്‍ത്താവിന്റെയും സ്വത്താണെന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്. അതുകൊണ്ടാണ് സ്ത്രീകളെ വില്‍ക്കാന്‍ അത് പുരുഷന്മാരെ അനുവദിക്കുന്നത് (പുറ.21:7, നെഹമ്യ 5:5 നോക്കുക). ഒരു പുരുഷന്റെ സ്വത്തായ സ്ത്രീയെ അനധികൃതമായി ഉപയോഗിച്ചുവെന്നതാണ് അയാളുടെ ഭാര്യയെ വ്യഭിചരിക്കുന്ന വ്യക്തിചെയ്യുന്ന കുറ്റം. അത് ചെയ്യുന്ന ആള്‍ വിവാഹിതനായാലും അല്ലെങ്കിലും കുറ്റം ഒന്നുതന്നെയാണ്. പുരുഷന്‍ സ്ത്രീയുടെ സ്വത്തല്ലാത്തതിനാല്‍ അയാള്‍ വ്യഭിചരിക്കുന്നത് ഒരു തെറ്റായിത്തന്നെ ബൈബിള്‍ കാണുന്നുമില്ല. ഈ വസ്തുത ‘യഹൂദ വിജ്ഞാനകോശം‘ തന്നെ സമ്മതിക്കുന്നതാണ്. (Encyclopedia Judaica Vol II col 313-) ചുരുക്കത്തില്‍ ബൈബിള്‍ വ്യഭിചാരമെന്ന തിന്മയെ കാണുന്നത് മറ്റൊരാളുടെ സ്വത്തിലുള്ള അനധികൃതമായ കൈയ്യേറ്റമായിക്കൊണ്ടാണ്. പ്രസ്തുത കൈയ്യേറ്റത്തിന് മരണശിക്ഷതന്നെ വിധിക്കുന്നുണ്ടെന്നത് ശരിയാണ്. എന്നാല്‍ വ്യഭിചാരം സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്‌നങ്ങളോ കുടുംബ ശൈഥില്യമോ ധാര്‍മിക പ്രതിസന്ധികളോ ഒന്നുംതന്നെ ബൈബിളിന്റെ പരിഗണനയില്‍ വരുന്നില്ല. കൊലപാതകത്തിനുള്ള ആപസ്തംബ ധര്‍മ സൂത്രത്തിലെ ശിക്ഷാ നിയമങ്ങള്‍ കാണുക: ‘ബ്രാഹ്മണനെക്കൊല്ലുന്ന ശൂദ്രനെ മൂന്നു പ്രാവശ്യമായി തീയിലിട്ട് കുറച്ചു കുറച്ചായി ചിത്രവധം ചെയ്ത് കൊല്ലണം. എന്നാല്‍ ശൂദ്രനെ മറ്റുള്ളവര്‍ കൊന്നാല്‍ ഒരു വര്‍ഷത്തെ തടവ് വിധിക്കുകയും പന്ത്രണ്ട് പശുക്കളെ പിഴയായി ഈടാക്കുകയും ചെയ്താല്‍ മതി‘ (കൃഷ്ണാനന്ദ സ്വാമി ഉദ്ധരിച്ചത്: ഇന്ത്യയിലെ വര്‍ണസമരം പുറം 94) ഹൈന്ദവസ്മൃതികളിലെ നിയമങ്ങളെല്ലാം വര്‍ണാശ്രമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലുള്ളവയാണ്. ബ്രാഹ്മണനെ പൂജ്യനായും ശൂദ്രനെ അധമനായും കണ്ടുകൊണ്ടുള്ള നിയമങ്ങളില്‍ ഉടനീളം ഈ ഉച്ചനീചത്വം പ്രകടമാണ്. ഒരേ തെറ്റ് ബ്രാഹ്മണന്‍ ചെയ്താലുള്ള ശിക്ഷയും ശൂദ്രന്‍ ചെയ്താലുള്ള ശിക്ഷയും തമ്മില്‍ വലിയ അന്തരമുണ്ടായിരിക്കും. ഈ നിയമ ങ്ങള്‍ മനുഷ്യര്‍ക്കു വേണ്ടിയുള്ളവയല്ല;ജാതികള്‍ക്കുവേണ്ടിയുള്ളവയാണെന്ന് സാരം. ഖുര്‍ആനിലെ ശിക്ഷാവിധികളില്‍ ഇത്തരം പ്രശ്‌നങ്ങളൊന്നും കാണുക സാധ്യമല്ല. അതില്‍ യാതൊരുവിധ ഉച്ചനീചത്വങ്ങളുമില്ല. രാജാവിനും പ്രജക്കും ഒരേ കുറ്റത്തിന് ഒരേ ശിക്ഷ. തികച്ചും മാനവികമായ കാഴ്ചപ്പാട്. അതുപോലെതന്നെ, ഖുര്‍ആന്‍ ലൈംഗിക സദാചാരത്തിന്റെ ലംഘനത്തെ കാണുന്നത് കുടുംബഭദ്രതയെയും സമൂഹത്തിന്റെ കെട്ടുറപ്പിനെയും തകര്‍ക്കുന്ന പ്രവര്‍ത്തനമായിട്ടാണ്. അവിടെ പുരുഷനും സ്ത്രീയുമെല്ലാം തുല്യരാണ്. തെറ്റ് ആര് ചെയ്യുന്നുവെന്നും അത് സമൂഹത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളുടെ ആഴം എത്രത്തോളമുണ്ടെന്നുമുള്ളതാണ് ശിക്ഷയുടെ അളവ് നിര്‍ണയിക്കുന്നത്. വിവാഹിതരുടെയും അവിവാഹിതരുടെയും വ്യഭിചാരം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ വ്യത്യസ്തമായതിനാല്‍ അവക്കുള്ള ശിക്ഷകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് കാണാം. ഇവിടെയും ഖുര്‍ആനിക ശിക്ഷാവിധികളുടെ മാനവികതയാണ് നമുക്ക് കാണാന്‍ കഴിയുന്നത്.
ഒരു ശിക്ഷാനിയമം പ്രായോഗികമാണെന്ന് പറയാനാവുക അത് താഴെ പറയുന്ന ഗുണങ്ങള്‍ പ്രകടിപ്പിക്കുമ്പോഴാണ്. 1.ചെയ്ത തെറ്റിനുള്ള പ്രതികാരമാവുക. 2.തെറ്റുകളെ തടയാന്‍ കഴിയുക. 3.കുറ്റുവാളികളെ ഭയപ്പെടുത്താനാവുക. 4.കുറ്റം വഴി പ്രയാസമനുഭവിക്കേണ്ടിവന്നവര്‍ക്ക് സങ്കടനിവൃത്തി വരുത്തുന്നതാവുക. 5.കുറ്റവാളിയെ സംസ്‌കരിക്കുന്നതാവുക. 6.കുറ്റം വഴി നഷ്ടം നേരിട്ടവര്‍ക്ക് പരിഹാരം നല്‍കുന്നതാവുക. 7.കുറ്റവാളിയെ പാശ്ചാത്താപ വിവശനാക്കുന്നതാവുക. 8.സമൂഹത്തെ കുറ്റങ്ങളില്‍നിന്ന് സംരക്ഷിക്കുന്നതാവുക. ഇസ്‌ലാമിലെ ഏതു ശിക്ഷാനിയമമെടുത്താലും ഈ ധര്‍മങ്ങള്‍ അവ നിര്‍വഹിക്കുന്നതായി കാണാന്‍ കഴിയും. അതുകൊണ്ടുതന്നെ അവ പ്രായോഗികമാണെന്ന് സംശയലേശമന്യേ പറയാനാകും.
വ്യക്തിക്കും സമൂഹത്തിനും സമാധാനം പ്രദാനം ചെയ്യുകയാണ് ഖുര്‍ആനിക നിയമങ്ങളുടെ ലക്ഷ്യം. വ്യക്തികള്‍ക്ക് ചില അവകാശങ്ങളുണ്ട്. ഇൗ അവകാശങ്ങള്‍ അന്യോന്യം അനുവദിച്ചുകൊടുക്കുക വഴിയാണ് സാമൂഹികമായ ഉദ്ഗ്രഥനം സാധ്യമാകുന്നത്. ഒരാളുടെയും അവകാശങ്ങള്‍ ഹനിക്കുവാന്‍ മറ്റൊരാളെയും അനുവദിച്ചുകൂടാ. ആരുടെയെങ്കിലും അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുണ്ടോയെന്ന് ശ്രദ്ധിക്കേണ്ടതും ഉണ്ടെങ്കില്‍ അത് ഇല്ലാതെയാക്കേണ്ടതും രാഷ്ട്രത്തിന്റെ ബാധ്യതയാണ്. ഇതിനുവേണ്ടിയാണ് ശിക്ഷാനിയമങ്ങള്‍ നടപ്പിലാക്കുന്നത്. നേരായ മാര്‍ഗത്തിലൂടെ ചലിക്കുവാന്‍ വ്യക്തിയെ പ്രചോദിപ്പിക്കുകയാണ് ഖുര്‍ആനിലെ ശിക്ഷാനിയമങ്ങളുടെ ലക്ഷ്യം. സംരക്ഷിക്കപ്പെടേണ്ട പ്രധാനപ്പെട്ട ചില മൂല്യങ്ങളുണ്ടെന്നാണ് ഇസ്‌ലാമിക വീക്ഷണം. വിശ്വാസം, യുക്തിയും ബുദ്ധിയും, അഭിമാനം,ജീവന്‍, സ്വത്ത്, കുടുംബത്തിന്റെ കെട്ടുറപ്പ്, സദാചാര മൂല്യങ്ങള്‍,സമൂഹത്തിന്റെ ഭദ്രത ഇവയെല്ലാം സംരക്ഷിക്കപ്പെടേണ്ടവയാണ്. ഇവ തകര്‍ക്കുവാന്‍ ആരെയും അനുവദിച്ചുകൂടാ. ആരെയും എന്നതുകൊണ്ട് അന്യനെ മാത്രമല്ല അര്‍ഥമാക്കുന്നത്; സ്വന്തത്തെകൂടിയാണ്. സ്വന്തം ജീവന്‍ വെടിയാനാഗ്രഹിച്ചുകൊണ്ട് ആത്മഹത്യക്കു ശ്രമിച്ചവനും സ്വന്തം മാനം തകര്‍ത്തുകൊണ്ട് വ്യഭിചാരവൃത്തിയിലേര്‍പ്പെട്ടവനും സ്വന്തം ബുദ്ധിയെ നശിപ്പിച്ചുകൊണ്ട് മദ്യപാനം ചെയ്യുന്നവനുമെല്ലാം കുറ്റവാളിയാകുന്നത് ഇതുകൊണ്ടാണ്. സ്വന്തത്തെയോ അന്യനെയോ ഭയപ്പെടാതെ എല്ലാവര്‍ക്കും ജീവിക്കുവാന്‍ സാധിക്കുന്ന ഒരു സമൂഹമാണ് ഇസ്‌ലാമിക ശിക്ഷാനിയമങ്ങളുടെ ഉദ്ദേശ്യം. അത്തരമൊരു സമൂഹത്തില്‍ മാത്രമേ ശാന്തിയും സമാധാനവും നിലനില്‍ക്കൂ. എല്ലാവര്‍ക്കും വളരുവാനും വികസിക്കുവാനും സാധിക്കുന്ന, മാനവികതയില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തിന്റെ സൃഷ്ടിയാണ് ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍ ലക്ഷ്യമാക്കുന്നത്.

വ്യക്തി, സമൂഹം തുടങ്ങിയ അമൂര്‍ത്ത സങ്കല്‍പങ്ങളെ ഖുര്‍ആന്‍ നോക്കിക്കാണുന്നത് ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ വീക്ഷണത്തില്‍നിന്ന് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെയാണ്. അത് അതിന്റെ ശിക്ഷാനിയമങ്ങളിലും പ്രകടമാണ്. ജനിച്ചുവളര്‍ന്ന പ്രത്യേക ചുറ്റുപാടുകളുടെയും സാഹചര്യങ്ങളുടെയും സ്വാധീനവലയത്തില്‍നിന്ന് ഒരിക്കലും മോചിതനാകുവാന്‍ കഴിയാത്ത ഒരു കളിപ്പാവ മാത്രമായി മനുഷ്യനെ കാണുന്ന ഫ്രോയിഡിയന്‍ ചിന്താരീതിയുമായി ഇസ്‌ലാം പൊരുത്തപ്പെടുന്നില്ല. സമൂഹത്തിലെ സാമ്പത്തിക മാറ്റങ്ങള്‍ മാത്രമാണ് വ്യക്തിയിലെ അഹംബോധത്തെയും മൂല്യങ്ങളെയുമെല്ലാം നിശ്ചയിക്കുന്നത് എന്ന മാര്‍ക്‌സിയന്‍ വീക്ഷണവും ഇസ്‌ലാമിന് അന്യമാണ്. സ്വതന്ത്രരായി ജനിച്ചവരെ സ്വതന്ത്രമായിത്തന്നെ ജീവിക്കുവാന്‍ അനുവദിക്കുന്നതിലൂടെയാണ് അവരുടെ വ്യക്തിത്വത്തിന്റെ പൂര്‍ണമായ പ്രകാശനം സാധ്യമാവുകയെന്ന മുതലാളിത്തത്തിന്റെ കാഴ്ചപ്പാടിനെയും ഇസ്‌ലാം നിരാകരിക്കുന്നു. സമ്പത്തും സാഹചര്യങ്ങളും ചുറ്റുപാടുകളുമെല്ലാം മനുഷ്യരുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നുവെന്ന വസ്തുത ഇസ്‌ലാം അംഗീകരിക്കുന്നു. എന്നാല്‍ വ്യക്തിയെ സൃഷ്ടിക്കുന്നത് അതൊന്നുമല്ല. വ്യക്തിയിലെ അഹംബോധത്തെ സൃഷ്ടിക്കുന്നതും സാഹചര്യങ്ങള്‍ക്കൊത്ത് തന്റെ നിലപാട് എന്താണെന്ന് തീരുമാനിക്കുവാന്‍ അവനെ പര്യാപ്തനാക്കുന്നതും അവന്റെ മാത്രം സവിശേഷതയായ ആത്മാവാണ്. മനുഷ്യനു മാത്രം നല്‍കപ്പെട്ട ദൈവികദാനമാണത്. നന്മയെയും തിന്മയെയും തെരഞ്ഞെടുക്കുന്നതിനുള്ള കഴിവ് അവന് നല്‍കുന്നത് ഈ ആത്മാവത്രെ.

വ്യക്തികളാണ് സമൂഹത്തെ സൃഷ്ടിക്കുന്നത്. വ്യക്തിയെ വിമലീകരിക്കുന്നത് ദൈവിക നിയമങ്ങളാണ്. ധാര്‍മിക നിയമങ്ങള്‍ അനുസരിക്കുന്ന വ്യക്തികള്‍ ഉള്‍ക്കൊള്ളുന്ന സമൂഹം സമാധാനപൂര്‍ണവും നന്മ ഉള്‍ക്കൊള്ളുന്നതുമായിരിക്കുമെന്നുറപ്പാണ്. ഈ നിയമങ്ങള്‍ സ്വമേധയാ അനുസരിക്കുകയാണ് വ്യക്തി ചെയ്യേണ്ടത്. അതുവഴി മാത്രമേ ആത്മസംസ്‌കരണം സാധ്യമാകൂ. എന്നാല്‍, ഏതൊരു സമൂഹത്തിലും ധാര്‍മിക നിയമങ്ങളില്‍നിന്ന് വ്യതിചലിക്കുവാന്‍ ശ്രമിക്കുന്ന ചിലരെങ്കിലുമുണ്ടാകും. അവരെ തടഞ്ഞുനിര്‍ത്തിയിട്ടില്ലെങ്കില്‍ സമൂഹത്തില്‍ തിന്മകള്‍ വ്യാപിക്കുന്നതിനും അതുവഴി അരാജകത്വത്തിനും നിമിത്തമാവും. ഇങ്ങനെ തിന്മകള്‍ വ്യാപിക്കുന്നത് തടഞ്ഞുനിര്‍ത്തുന്നതിനായുള്ളതാണ് ശിക്ഷാനിയമങ്ങള്‍.

വ്യക്തിയെയും സമൂഹത്തെയും പരിശുദ്ധമായി നിലനിര്‍ത്തുകയാണ് ഖുര്‍ആനിലെ ശിക്ഷാനിയമങ്ങളുടെ ലക്ഷ്യം. വ്യക്തിയെ സമൂഹത്തിനുവേണ്ടിയോ സമൂഹത്തെ വ്യക്തിക്കുവേണ്ടിയോ ബലികൊടുക്കണമെന്ന വീക്ഷണം ഇസ്‌ലാം ഉള്‍ക്കൊള്ളുന്നില്ല. വ്യക്തിസ്വാതന്ത്ര്യത്തിന്മേല്‍ സമൂഹത്തിന്റെ നേരിയ കൈകടത്തല്‍പോലും അക്ഷന്തവ്യമായിക്കരുതുന്ന മുതലാളിത്ത വീക്ഷണവും സമൂഹത്തിനുവേണ്ടി വ്യക്തിയുടെ സഹജവികാരങ്ങളെപ്പോലും ബലികൊടുക്കേണ്ടതുണ്ടെന്ന കമ്യൂണിസ്റ്റ് വീക്ഷണവും ഇസ്‌ലാമിന് അന്യമാണ്. വ്യക്തിയും സമൂഹവും തമ്മില്‍ നിലനില്‍ക്കേണ്ടത് സംഘട്ടനാത്മകമായ ബന്ധമല്ലെന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. അവയെ ഉദ്ഗ്രഥിതമാക്കുന്നത് മൂല്യങ്ങളാണ്. ഇൗ മൂല്യങ്ങളെ സംരക്ഷിക്കുന്നതുവഴി വ്യക്തിയെയും സമൂഹത്തെയും വിമലീകരിക്കുകയാണ് ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ അവ വ്യക്തികേന്ദ്രീകൃതമോ സമൂഹകേന്ദ്രീകൃതമോ അല്ല, പ്രത്യുത മൂല്യകേന്ദ്രീകൃതമാണ് എന്നു പറയുന്നതാവും ശരി.

അല്ല. ശിക്ഷാനിയമങ്ങളുടെ ലക്ഷ്യം കുറ്റകൃത്യങ്ങള്‍ ഇല്ലാതെയാക്കുകയാണെങ്കില്‍ ഖുര്‍ആന്‍ നിര്‍ദേശിച്ച ശിക്ഷാനിയമങ്ങള്‍ പൗരാണിക കാലത്തേതു പോലെതന്നെ ഇന്നും പ്രസക്തമാണ്; എന്നും പ്രസക്തമായിരിക്കുകയും ചെയ്യും.

വ്യക്തികള്‍ക്ക് തങ്ങളുടെ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കുകയെന്നാണ് ജനാധിപത്യത്തിന്റെ അര്‍ഥമെങ്കില്‍ അത്തരം സമൂഹങ്ങളില്‍ ഖുര്‍ആനിക നിയമങ്ങള്‍ അപ്രായോഗികമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍,പൗരന്മാര്‍ക്ക് സൃഷ്ടിപരമായി പുരോഗമിക്കുവാനുള്ള സകല സ്വാതന്ത്ര്യവും നല്‍കുകയും പ്രസ്തുത സ്വാതന്ത്ര്യത്തെ സമൂഹത്തിന് ദോഷകരമായ രീതിയില്‍ വിനിയോഗിക്കുന്നത് തടയുകയും ചെയ്യുകയാണ് ജനാധിപത്യ സമൂഹത്തിലെ നിയമങ്ങളുടെ ലക്ഷ്യമെങ്കില്‍ അവിടെ ഖുര്‍ആന്‍ പ്രദാനം ചെയ്യുന്ന ശിക്ഷാനിയമങ്ങളെപ്പോലെ പ്രസക്തവും പ്രായോഗികവുമായ മറ്റൊന്നുമില്ലെന്നതാണ് വസ്തുത.

മനുഷ്യസമൂഹത്തിന്റെ ഘടനയില്‍ എന്തെന്തു മാറ്റങ്ങളുണ്ടായാലും വ്യക്തിയുടെ വികാരങ്ങളിലോ ചോദനകളിലോ അടിസ്ഥാനപരമായി യാതൊരു മാറ്റവുമുണ്ടായിട്ടില്ലെന്ന വാസ്തവം നാം മനസ്സിലാക്കേണ്ടതുണ്ട്. പൗരാണിക കാലത്ത് എന്തെല്ലാം മൂല്യങ്ങള്‍ സമൂഹത്തിന്റെ സ്വച്ഛമായ നിലനില്‍പിന് അനിവാര്യമായിരുന്നുവോ അതേ മൂല്യങ്ങള്‍തന്നെയാണ് ആധുനിക സമൂഹത്തിലും സംരക്ഷിക്കപ്പെടേണ്ടതായിട്ടുള്ളത്. പ്രസ്തുത മൂല്ല്യങ്ങളില്‍നിന്ന് വ്യതിചലിക്കുവാന്‍ വ്യക്തികള്‍ മുതിരുന്നത് അരാജകത്വത്തിനും അതുവഴി സാമൂഹിക ഘടനയെത്തന്നെ തകര്‍ക്കുന്നതിനും നിമിത്തമാകും.

സമൂഹത്തിന്റെ നേരെ വ്യക്തി നടത്തുന്ന ആക്രമണത്തെയാണ് കുറ്റം എന്നു പറയുന്നത്. കുറ്റങ്ങള്‍ ഇല്ലാതെയാകുന്നതിലൂടെ മാത്രമേ സമൂഹത്തിന്റെ സ്വച്ഛന്ദമായ ഒഴുക്ക് സാധ്യമാകൂ. കുറ്റം ചെയ്യുന്നവരെ ശിക്ഷിക്കുകയെന്നതിലുപരിയായി കുറ്റങ്ങള്‍ ഇല്ലാതെയാക്കുവാന്‍ പരിശ്രമിച്ചു കൊണ്ട് സമാധാനപരമായ സാമൂഹിക ജീവിതം സാധ്യമാക്കുകയെന്നതാണ് ശിക്ഷാനിയമങ്ങളുടെ ആത്യന്തിക ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കുവാന്‍ സാധിക്കുന്ന ശിക്ഷാനിയമങ്ങള്‍ നിര്‍ദേശിക്കുന്നുവെന്നുള്ളതാണ് ഖുര്‍ആനിന്റെ സവിശേഷത. ഈ രംഗത്ത് ഖുര്‍ആനിനെ പ്രായോഗികമാക്കുന്നത് ഈ സവിശേഷതയാണ്.