ക്വുർആനിലെ 2: 2:233 വചനത്തില്‍ മുലകുടി പ്രായം രണ്ടു വര്‍ഷമാണെന്നും 46:15 വചനത്തില്ഗര്ഭകാലവും മുലകുടി പ്രായവും കൂടി മുപ്പതു ദിവസമാണെന്നും പറഞ്ഞതിനെ താരതമ്യം ചെയ്താൽ ഗര്‍ഭകാലം ആറ് മാനസമാണ് എന്നാണ് വന്നു ചേരുക. ഇത് വ്യക്തമായ അബദ്ധമല്ലേ ?
സൂറത്തുല്‍ ബക്വറയിലെ 2:233-ാം വചനത്തിലും സൂറത്തു ലുഖ്മാനിലെ പതിനാലാം വചനത്തിലും മുലകുടി പ്രായം രണ്ടു വര്‍ഷമാണെന്ന് വ്യക്തമാക്കുന്നുണ്ട്. മുലകുടി പൂർത്തിയായ്ക്കാനുദ്ദേശിക്കുന്നവർ കുഞ്ഞുങ്ങൾക്ക് രണ്ട് വര്‍ഷമാണ് മുല കൊടുക്കേണ്ടതെന്ന് ഈ വചനങ്ങൾ വ്യ്ക്തമാക്കുന്നു. സൂറത്തുല്‍ അഹ്ക്വാഫിലെ പതിനഞ്ചാം വചനത്തിൽ "അവന്റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു" എന്ന് വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. ഇതിൽ നിന്ന് ഗര്‍ഭകാലം ആറ് മാസമാണ് എന്നല്ലേ മനസ്സിലാവുകയെന്നാണ് വിമർശനം. അങ്ങനെത്തന്നെയാണ് മനസ്സിലാക്കേണ്ടത് എന്നാണ് അതിനുള്ള വിശദീകരണം. ഒൻപത് മാസം കഴിഞ്ഞാണ് സാധാരണഗതിയിൽ പ്രസവം നടക്കാറുള്ളതെന്ന് ആരും പറഞ്ഞു കൊടുക്കാതെതന്നെ എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ഇക്കാര്യം മുഹമ്മദ് നബിക്ക് (സ) അറിയുമായിരുന്നില്ല എന്ന കരുതുന്നത് ശുദ്ധ അസംബന്ധമാണ്.
ഈ വചനങ്ങളിൽ നിന്ന് നാം മനസിലാക്കേണ്ടത് കുറഞ്ഞ ഗര്‍ഭകാലം ആറു മാനസമാണ് എന്നാണ്. ഇങ്ങനെ മനസ്സിലാക്കിയവരായിരുന്നു ആദ്യകാല മുസ്ലിംകൾ. ഒരു സംഭവം നോക്കുക:
വിവാഹത്തിനുശേഷം ആറുമാസങ്ങള്‍ കഴിയുന്നയുടനെ പ്രസവിച്ച ഒരു സ്ത്രീയെക്കുറിച്ച ഒരു പരാതി ഖലീഫ ഉമറിന്റെ (റ) അടുത്തെത്തി. പ്രസവിക്കപ്പെട്ട കുഞ്ഞിന് ജീവനും ആരോഗ്യവുമുള്ളതിനാല്‍ വിവാഹപൂര്‍വരതിയിലൂടെയുണ്ടായതാവണം അവരുടെ ഗര്‍ഭധാരണമെന്നും അതിനാല്‍ അവര്‍ക്ക് വ്യഭിചാരത്തിനുള്ള ശിക്ഷ നല്‍കണമെന്നുമായിരുന്നു പരാതിക്കാരുടെ പക്ഷം. പ്രശ്നത്തിനു പരിഹാരം തേടി പ്രവാചകാനുചരന്മാരുമായി ഉമര്‍ (റ) കൂടിയാലോചന നടത്തി. അബ്ദുല്ലാഹിബ്നു അബ്ബാസാണ് (റ) പ്രസ്തുത പ്രസവത്തെ ക്വുര്‍ആനിന്റെ അടിസ്ഥാനത്തില്‍ ന്യായീകരിച്ചത്. സൂറത്തുല്‍ ബക്വറയിലെ 2:233-ാം വചനവും സൂറത്തുല്‍ അഹ്ക്വാഫിലെ പതിനഞ്ചാം വചനവും ഉദ്ധരിച്ചുകൊണ്ട് ഈ വചനങ്ങള്‍പ്രകാരം കുറഞ്ഞ ഗര്‍ഭകാലം ആറുമാസമാണെന്ന് സ്ഥാപിക്കുകയാണ് അദ്ദേഹം ചെയ്തത്. സൂറത്തുല്‍ ബക്വറയിലെ വചനത്തില്‍ മുലകുടി പ്രായം രണ്ടു വര്‍ഷമാണെന്നും സൂറത്തുല്‍ അഹ്ക്വാഫില്‍ ഗര്‍ഭകാലവും മുലകുടി പ്രായവും കൂടി മുപ്പതു ദിവസമാണെന്നും പറഞ്ഞതിനെ താരതമ്യം ചെയ്തുകൊണ്ടാണ് പ്രവാചകാനുചരന്മാരിലെ ക്വുര്‍ആന്‍ വ്യാഖ്യാതാവെന്ന് അറിയപ്പെട്ടിരുന്ന ഇബ്നു അബ്ബാസ് (റ) കുറഞ്ഞ ഗര്‍ഭകാലം ആറു മാസമാണെന്ന് സമര്‍ത്ഥിച്ചത്. ഭരണാധികാരിയായ ഉമര്‍ (റ) അടക്കമുള്ള സ്വഹാബിമാരെല്ലാം അത് അംഗീകരിക്കുകയും കുറ്റാരോപിതയെ വെറുതെ വിടാന്‍ ഖലീഫ കല്പിക്കുകയും ചെയ്തു.(ഇമാം അബ്ദുര്‍റസാഖ് തന്റെ മുസന്നഫിലും (7 : 352) ഇമാം സുയൂത്തി തന്റെ ദുര്റുല് മന്‍സൂറിലും (7 : 442) നാഫിഉ ബിന്‍ ജുബൈറില്‍ നിന്ന് നിവേദനം ചെയ്തത്.)
ഉഥ്മാന്റെ (റ) ഭരണകാലത്തും സമാനമായ സംഭവമുണ്ടായതായി ഇമാം മാലിക് (റ) നിവേദനം ചെയ്യുന്നുണ്ട്. ആറാം മാസം കഴിഞ്ഞയുടനെ ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിച്ച സ്ത്രീക്ക് വ്യഭിചാരക്കുറ്റത്തിന് ശിക്ഷ വിധിച്ച ഖലീഫയെ തിരുത്തിയത് അലി(റ)യാണ്. നടേ പറഞ്ഞ ആയത്തുകള്‍ ഉദ്ധരിച്ചുകൊണ്ട് ഖലീഫയുടെ വിധിയെ വിമര്‍ശിച്ചത് ഉഥ്മാന് (റ) അംഗീകരിക്കുകയും സ്ത്രീയെ വെറുതെ വിടുകയും ചെയ്തു.( ഇമാം മാലികിന്റെ മുവത്വ 41 : 11)
കുറഞ്ഞ ഗര്‍ഭകാലമെത്രയാണെന്ന കാര്യത്തില്‍ പ്രവാചകാനുചരന്മാരുടെ കാലം മുതല്‍ മുസ്ലിം ലോകത്ത് കാര്യമായ തര്‍ക്കങ്ങളുണ്ടായിട്ടില്ല. നാലു കര്‍മശാസ്ത്ര സരണികളും കുറഞ്ഞ ഗര്‍ഭകാലം ആറുമാസമാണെന്ന് അംഗീകരിക്കുന്നു. പിതൃത്വവും ശിക്ഷാവിധികളുമായി ബന്ധപ്പെട്ട മദ്ഹബീ നിയമങ്ങളിലെല്ലാം ഈ അംഗീകാരത്തിന്റെ സ്വാധീനം കാണാനാവും. മുസ്ലിം ലോകത്ത് പതിനാലു നൂറ്റാണ്ടുകളായി അംഗീകരിക്കപ്പെട്ടുവരുന്ന കുറഞ്ഞ ഗര്‍ഭകാലം തന്നെയാണ് ശരിയെന്ന വസ്തുത അംഗീകരിക്കുകയാണ് ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ശാസ്ത്രം ഇന്നു ചെയ്യുന്നത്. കുറഞ്ഞ ഗര്‍ഭകാലത്തെക്കുറിച്ച സംവാദങ്ങളും തര്‍ക്കങ്ങളും ഭ്രൂണശാസ്ത്രലോകത്ത് സജീവമാണെങ്കിലും നിയമപരമായി അംഗീകരിക്കാവുന്ന കുറഞ്ഞ ഗര്‍ഭകാലം ആറുമാസമാണെന്ന വസ്തുത ഇന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്.
ഗര്‍ഭാശയത്തിനുപുറത്ത് ഗര്‍ഭസ്ഥശിശുവിന് ജീവിക്കാനുള്ള കഴിവിനെയാണ് ശിശുജീവനസാമര്‍ത്ഥ്യം (Fetal Viability) എന്നുവിളിക്കുന്നത്. ഗര്‍ഭകാലത്തെ മൂന്നു ത്രൈമാസിക യൂണിറ്റുകളായാണ് (trimester) ഭ്രൂണശാസ്ത്രജ്ഞന്മാര് പഠിക്കുന്നത്. ആദ്യത്തെ ത്രൈമാസികത്തിലാണ് ഭ്രൂണത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെല്ലാം ഉണ്ടാകുന്നത്. ഒന്നാം ത്രൈമാസത്തിനകത്ത് പ്രസവിക്കപ്പെട്ടാല് ശിശുജീവനസാമര്‍ത്ഥ്യം പൂജ്യമായിരിക്കും. അഥവാ അങ്ങനെ പ്രസവിക്കപ്പെടുന്ന കുഞ്ഞ് ഒരു കാരണവശാലും ജീവിച്ചിരിക്കുകയില്ല. രണ്ടാം ത്രൈമാസികത്തില്‍ നടക്കുന്നത് പ്രധാനമായും അവയവങ്ങളുടെ വികാസമാണ്. രണ്ടാമത്തെ തൈമാസികം അവസാനിക്കുമ്പോള്‍ പ്രസവിക്കപ്പെടുന്ന കുഞ്ഞിന് നല്ല പരിചരണം നല്കിയാല് അത് ജീവിക്കും. ഈ സമയത്തെ ശിശുജീവനസാമര്‍ത്ഥ്യം (Fetal Viability) 90 ശതമാനമാണ്. നല്ല പരിചരണം നല്കിയാല് കുഞ്ഞിനെ രക്ഷിക്കുവാനും കാര്യമാത്രപ്രസക്തമായ വൈകല്യങ്ങളൊന്നുമില്ലാതെ നിലനിര്‍ത്തുവാനും കഴിയുന്ന പ്രായമാണിത് എന്നര്‍ത്ഥം.
ഗര്‍ഭസ്ഥ ശിശുവിന് ഇരുപത്തിരണ്ടാമത്തെ ആഴ്ച പ്രായമാകുന്നതുമുതല്‍ തന്നെ ശിശുജീവനസാമര്‍ത്ഥ്യത്തിന് നേരിയ സാധ്യതകളുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇരുപത്തിമൂന്നാമത്തെ ആഴ്ച ഇത് പത്തുമുതല്‍ മുപ്പത്തിയഞ്ച് വരെ ശതമാനവും ഇരുപത്തിനാലാമത്തെ ആഴ്ച ഇത് നാല്പത് മുതല്‍ എഴുപത് വരെ ശതമാനവും ഇരുപത്തിയഞ്ചാമത്തെ ആഴ്ച ഇത് അമ്പത് മുതല്‍ എണ്പതു വരെ ശതമാനവും ഇരുപത്തിയാറാമത്തെ ആഴ്ച ഇത് എണ്‍പത് മുതല്‍ തൊണ്ണൂറുവരെ ശതമാനവും ഇരുപത്തിയേഴാമത്തെ ആഴ്ച മുതല്‍ ഇത് തൊണ്ണൂറ് ശതമാനത്തിനു മുകളിലുമാണ്. ആറു മാസങ്ങള്‍ക്ക് മുമ്പുള്ള ശിശുജീവനസാമര്‍ത്ഥ്യത്തിന്റെ ശതമാനക്കകണക്ക് ഉയരാനുള്ള കാരണം ചികിത്സാരംഗത്തും സാങ്കേതിക വിദ്യയാലുമുണ്ടായ പുരോഗതിയാണ്. ഈ പുരോഗതിയുണ്ടായിട്ട് ഏതാണ്ട് പതിറ്റാണ്ടുകളേ ആയിട്ടുള്ളൂ. 1973ലെ പ്രസിദ്ധമായ ഒരു ഗര്‍ഭഛിദ്ര കേസില്‍ പോലും അമേരിക്കന്‍ സുപ്രീം കോടതി വിധിച്ചത് ശിശുജീവനസാമര്‍ത്ഥ്യം ഇരുപത്തിയെട്ട് ആഴ്ചകളെങ്കിലും പൂര്‍ത്തിയായാലേ ഉണ്ടാവുകയുള്ളുവെന്നാണ് പൊതുവെ കരുതി വരാറുള്ളതെന്നാണ്. ഇരുപത്തിനാല് ആഴ്ചകളെങ്കിലും പൂര്‍ത്തിയായാലേ ശിശുവിന് ജീവനസാമര്‍ത്ഥ്യമുണ്ടാകൂവെന്നാണ് ഇന്ന് പൊതുവെ ചികിത്സാരംഗത്തുള്ളവര്‍ പറയാറുള്ളതെങ്കിലും അതിനേക്കാള്‍ മുമ്പ് പ്രസവിക്കപ്പെട്ടിട്ടും ജീവിച്ച റിക്കാര്‍ഡുകളുണ്ട്.
2006 ഒക്ടോബര്‍ 24ന് ഫ്ളോഡിറിയില്‍ ഇരുപത്തിരണ്ട് ആഴ്ചകള്‍ മാത്രം കഴിഞ്ഞ് ജനിച്ച അമില്ലിയ ടൈലറെന്ന പെണ്‍കുട്ടിയാണ് ഏറ്റവും കുറഞ്ഞ ഗര്‍ഭകാലം കഴിഞ്ഞ് ജീവനസാമര്‍ത്ഥ്യത്തോടെയിരിക്കുകയും പിന്നീട് വളര്‍ന്നു വലുതാവുകയും ചെയ്തയാളായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ശ്വാസകോശങ്ങള്‍ക്കും ദഹനവ്യവസ്ഥക്കും തലച്ചോറിനുമെല്ലാം നിരവധി തകരാറുകളുണ്ടായിരുന്നുവെങ്കിലും മികച്ച സാങ്കേതികവിദ്യകളുടെ സഹായത്താല്‍ ഒരു കൂട്ടം ഭിഷഗ്വരന്മാര് ഭഗീരഥപ്രയത്നം നടത്തി കുട്ടിയെ ജീവനോടെ നിലനിര്‍ത്തുകയാണുണ്ടായത്. നീണ്ട നാലുമാസങ്ങളില്‍ ആശുപത്രിയിലെ ശിശു തീവ്രപരിചരണ വിഭാഗത്തില്‍ കിടത്തിയുള്ള നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായാണ് അവരുടെ മാതാപിതാക്കള്‍ക്ക് ജീവനുള്ള കുഞ്ഞിനെ ലഭിച്ചത് എന്നര്‍ത്ഥം.
രണ്ടാമത്തെ ത്രൈമാസം കഴിയുമ്പോഴേക്ക് ഗര്‍ഭസ്ഥശിശുവില്‍ ഒരുവിധം എല്ലാ ബാഹ്യാവയവങ്ങളും ആന്തരാവയവങ്ങളും വളര്‍ന്നുവന്നിരിക്കുമെന്നതിനാല്‍ തന്നെ അതിനുശേഷം പ്രസവിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ ജീവിച്ചിരിക്കുവാനുള്ള സാധ്യത അഥവാ ശിശുജീവനസാമര്‍ത്ഥ്യം തൊണ്ണൂറു ശതമാനത്തിനു മുകളിലാണ്. ഗര്‍ഭാശയത്തില്‍വെച്ചു തന്നെ പൂര്‍ണ വളര്‍ച്ചയെത്തി പുറത്തുവരുന്ന കുഞ്ഞ് മാതൃശരീരത്തിനകത്ത് തന്റെ ആദ്യകോശമുണ്ടാകുന്നതു മുതല്‍ മുപ്പത്തിയൊന്പത് ആഴ്ചക്കാലമാണ് കഴിച്ചുകൂട്ടുന്നത്. പൂര്‍ണമായ ഗര്‍ഭകാലമാണിത്. ഇതിനുമുമ്പ് ഏതു സമയത്തും കുഞ്ഞ് പ്രസവിക്കപ്പെടാം. ഗര്‍ഭാശയത്തിനകത്തും പുറത്തും കുഞ്ഞിന് വളരാനാവശ്യമായ സംവിധാനങ്ങളെല്ലാം ചെയ്തുവെച്ചിരിക്കുന്നവനാണ് സ്രഷ്ടാവ്. മാതൃശരീരത്തില്‍ നിന്ന് പുറത്തുവരുന്ന ശിശുവിന് പിന്നെ മാതാവുമായുള്ള ജൈവികബന്ധം അതിന്റെ മുലകുടിയാണ്. മനുഷ്യശിശുവിന്റെ മുലകുടി പ്രായം രണ്ടു വര്‍ഷമാണെന്ന കാര്യത്തില്‍ ശാസ്ത്രവും ക്വുര്‍ആനും ഒരേ അഭിപ്രായമാണ് പുലര്‍ത്തുന്നത്.
പൂര്‍ണമായ മുലകുടി പ്രായം രണ്ടു വര്‍ഷമാണെന്നു പറയുമ്പോള്‍ അതിനുമുമ്പ് ഏതുസമയത്തും മാതാവിന്റെയോ കുഞ്ഞിന്റെയോ ആരോഗ്യപരമായ കാരണങ്ങളാല്‍ മുലകുടി നിന്നുപോകുവാനുള്ള സാധ്യത ക്വുര്‍ആന്‍ അംഗീകരിക്കുന്നു. മുലകുടിയോടു കൂടി ബന്ധപ്പെടുത്തിയാണ് കുറഞ്ഞ ഗര്‍ഭകാലത്തെക്കുറിച്ച് ക്വുര്‍ആന്‍ പറഞ്ഞിരിക്കുന്നതെന്ന വസ്തുത ശ്രദ്ധേയമാണ്. മുലകുടിയും ഗര്‍ഭകാലവും കൂടി മുപ്പത് മാസമാണെന്ന ക്വുര്‍ആനിക പരാമര്‍ശമാണ് ചുരുങ്ങിയ ഗര്‍ഭകാലം ആറുമാസമാണെന്ന നിഗമനത്തിലെത്താന്‍ പ്രവാചകാനുചരന്മാരെ സഹായിച്ചത്. കാര്യമായ സാങ്കേതിക സഹായങ്ങളൊന്നുമില്ലെങ്കില്‍ പോലും, ആറു മാസങ്ങള്‍ പൂര്‍ത്തിയാക്കി ഗര്‍ഭാശയത്തിനകത്തുനിന്ന് പുറത്തുവരുന്ന കുഞ്ഞിന് ജീവിക്കുവാന്‍ കഴിയുമെന്നാണ് പുതിയ പഠനങ്ങളും വ്യക്തമാക്കുന്നത്. ആറുമാസം പൂര്‍ത്തിയാക്കുന്നതോടെ ശിശുവിന്റെ ജീവനസാമര്‍ത്ഥ്യം തൊണ്ണൂറ് ശതമാനമാണെന്നാണല്ലോ പഠനങ്ങള്‍ കാണിക്കുന്നത്.
ആറു മാസങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ ജീവന് രക്ഷിക്കുവാന്‍ സാങ്കേതിക സഹായങ്ങളോടെ സാധിക്കുമെന്നതിനാലാണ് കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ജീവനസാമര്‍ത്ഥ്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ടെന്നു പറയുന്നത്. പ്രസ്തുത പുരോഗതിയുടെ ഫലമായി ഇരുപത്തിനാല് ആഴ്ചകളെങ്കിലും പൂര്‍ത്തിയാക്കിയ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞേക്കുമെന്ന ഒരു ധാരണ ചികിത്സാരംഗത്തുണ്ടായിട്ടുണ്ട്. വിദഗ്ധരായ ചികിത്സകരുടെ മേല്‍നോട്ടത്തില്‍ ശക്തമായ സാങ്കേതിക സഹായത്തോടെയാണ് പ്രസ്തുത രക്ഷിക്കല്‍ ശ്രമം നടക്കുന്നത്. അങ്ങനെ രക്ഷപെടുന്ന കുഞ്ഞുങ്ങള്‍ വ്യത്യസ്തതരം വൈകല്യങ്ങള്‍ക്ക് വിധേയമായിരിക്കും. തലച്ചോറ് വേണ്ടത്ര വികസിച്ചിട്ടില്ലാത്തതിനാല്‍ ഓട്ടിസമടക്കമുള്ള വൈകല്യങ്ങളുണ്ടാവാനുള്ള സാധ്യതയേറെയാണ്. ശ്വാസകോശങ്ങളുടെയും കണ്ഠനാളികളുടെയും വളര്‍ച്ച പൂര്‍ത്തീകരിച്ചു കഴിഞ്ഞിട്ടില്ലാത്തതിനാല്‍ അത്തരം ശിശുക്കള്‍ക്ക് മുല കുടിക്കുവാന്‍ പലപ്പോഴും കഴിയാറില്ല. മാതൃമുലപ്പാല്‍ പിഴിഞ്ഞ് വായിലേക്ക് ഉറ്റിച്ചുകൊടുക്കുകയോ സമാന്തര പോഷകങ്ങള്‍ നല്‍കിയോ ആണ് ചികിത്സകന്മാര് ഈ പ്രശ്നം പരിഹരിക്കാറുള്ളത്. ആറു മാസങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ ജീവന് രക്ഷിക്കാന്‍ കഴിയുമെങ്കിലും മുലകുടിയടക്കമുള്ള പല ശൈശവക്രിയകളും ചെയ്യാന്‍ അവയ്ക്ക് കഴിയുകയില്ലെന്നര്‍ത്ഥം.
മാതാപിതാക്കളോടുള്ള ബാധ്യതകളെക്കുറിച്ചു പറയുമ്പോള്‍ മാതാവ് തനിക്കുവേണ്ടി സഹിച്ച ത്യാഗങ്ങളെപ്പറ്റി ഓര്‍മിപ്പിച്ചുകൊണ്ടാണ് ക്വുര്‍ആന്‍ മുലകുടി പ്രായവും ഗര്‍ഭകാലവും കൂടി മുപ്പത് മാസങ്ങളാണെന്ന് പരാമര്‍ശിക്കുന്നതെന്ന വസ്തുത ശ്രദ്ധേയമാണ്. ആറുമാസമെങ്കിലുമുള്ള പൊക്കിള്‍കൊടി ബന്ധവും രണ്ടു വര്‍ഷത്തെ മുലകുടി ബന്ധവുമാണ് മാതൃശരീരവുമായി കുഞ്ഞിനുള്ള ജൈവികബന്ധമെന്ന ക്വുര്‍ആന്‍ പരാമര്‍ശം വളര്‍ന്നു വലുതായ ശേഷമുള്ള മാതാപിതാക്കളോടുള്ള ബാധ്യതയെക്കുറിച്ച് ഓര്‍മപ്പെടുത്തുന്നതിനിടയിലാണ് കടന്നുവരുന്നത്. മുലകുടി പ്രായവും കുറഞ്ഞ ഗര്‍ഭകാലവും കൂടി മുപ്പത് മാസങ്ങളാണെന്ന ക്വുര്‍ആന്‍ പരാമര്‍ശം ശാസ്ത്രീയമായ കൃത്യത മാത്രമല്ല വൈകാരിക ബന്ധത്തിനുണ്ടാവേണ്ട ആഴവും വ്യക്തമാക്കുന്നതാണ്.
സമൂഹത്തിലെ സമ്പന്നരുടെ സമ്പത്ത് എല്ലാവര്ക്കും തുല്യമായി നല്‍കുക എന്ന കമ്യൂണിസ്റ്റ് നയമല്ലേ ഇസ്ലാമിലെ ദാന-ധര്‍മ-സകാത്ത് സമ്പ്രാദയത്തെക്കാള്‍ വിശാലമായതും അനുകരിക്കാന്‍ എളുപ്പമുള്ളതും!
സര്‍വലോകരക്ഷിതാവിലുള്ള വിശ്വാസത്താല്‍ പ്രചോദിതനായി മനുഷ്യന് ജീവിത വ്യവഹാരങ്ങളാകെ ക്രമീകരിക്കാനാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. വാഗ്വിചാര കര്‍മങ്ങളാകെ ജഗന്നിയന്താവിന് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി ധനസമ്പാദനവും ധനവിനിമയവും അവന്റെ ഹിതത്തിന് വിധേയമാക്കുകയാണ് സത്യവിശ്വാസി ചെയ്യുന്നത്. അവന്റെ പ്രീതിയും പ്രതിഫലവുമാണ് അതിലൂടെ വിശ്വാസി കാംക്ഷിക്കുന്നത്. ഭൗതിക ജീവിതത്തെമാത്രം മുന്‍നിര്‍ത്തി രണ്ടു ചിന്തകന്മാര് ആവിഷ്കരിച്ച രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് കമ്യൂണിസം. അതില്‍ ദൈവവിശ്വാസത്തിനോ പരലോകത്തെ സംബന്ധിച്ച പ്രതീക്ഷയ്ക്കോ യാതൊരു സ്ഥാനവുമില്ല.
സമ്പന്നരുടെ സമ്പത്ത് എല്ലാവര്ക്കും തുല്യമായി വീതിക്കുക എന്നതല്ല കമ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ ചെയ്തത്. സാമ്പത്തിക സ്രോതസ്സുകളും ഉല്പാദനോപാധികളും പൂര്‍ണമായി രാഷ്ട്രത്തിന്റെ ഉടമസ്ഥതയിലാക്കി മാറ്റുകയും അധികാരം കയ്യാളുന്ന സമഗ്രാധിപതികള്‍ തങ്ങളുടെ ഹിതമനുസരിച്ച് അതൊക്കെ കൈകാര്യം ചെയ്യുകയും ചെയ്യുന്ന സമ്പ്രദായങ്ങളാണ് കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളില്‍ നിലനിന്നു പോന്നത്. പാര്‍ട്ടിയിലെയും ഭരണകൂടത്തിലെയും ഉന്നതന്മാര്ക്കും വ്യവസായശാലകളിലെയും കൃഷിയിടങ്ങളിലെയും സാധാരണ തൊഴിലാളികള്‍ക്കും ലഭിക്കുന്ന വേതനവും ജീവിതസൗകര്യങ്ങളും തമ്മില്‍ അവിടങ്ങളില്‍ എക്കാലത്തും വലിയ അന്തരമുണ്ടായിരുന്നു. ഉന്നത ശാസ്ത്രജ്ഞര്‍ക്കും ട്രാക്ടര്‍ ഓടിക്കുന്നവര്‍ക്കും തുല്യമായ ശമ്പളവും ജീവിത സൗകര്യങ്ങളും നല്കുന്ന സമ്പ്രദായം കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലൊന്നും ഇതഃപര്യന്തംനടപ്പാക്കിയിട്ടില്ല.
ചൈനയില്‍ മാവോയുടെ നേതൃത്വത്തില്‍ സാംസാകാരിക വിപ്ളവം അരങ്ങേറിയപ്പോള്‍ ഉയര്‍ന്ന തസ്തികകളിലുള്ളവരെക്കൊണ്ട് താഴേക്കിട ജോലികള്‍ ചെയ്യിക്കാന്‍ തുടങ്ങിയെങ്കിലും പ്രായോഗികമായി അത് തികഞ്ഞ പരാജയമായിരുന്നു. ഇപ്പോള്‍ ചൈനയുടെ സാമ്പത്തികനയം മുതലാളിത്തത്തില്‍ നിന്ന് ഏറെയൊന്നും വ്യത്യസ്തമല്ലാതായിട്ടുണ്ട്. ഷാങ്ഹായിയും ബെയ്ജിംഗും പോലുള്ള ചൈനീസ് നഗരങ്ങളിലെ വന്‍കിട വ്യാപാരികളുടെയും വ്യവസായികളുടെയും ലാഭത്തില്‍നിന്ന് പാവപ്പെട്ടവര്‍ക്ക് വല്ലതും ലഭിക്കണമെങ്കില്‍ അവര്‍ ദൈവത്തെയോര്‍ത്ത് എന്തെങ്കിലും ദാനം ചെയ്യുകതന്നെ വേണ്ടിവരും.
അല്ലാഹു ത്രികാലജ്ഞാനിയാണ്. സര്‍വജ്ഞനാണ്. അവനോട് ഏതു സമയത്തും നമുക്ക് പ്രാര്‍ഥിക്കാം. പിന്നെ എന്തിനാണ് പ്രത്യേക സമയം നിര്‍ണയിക്കപ്പെട്ട അഞ്ചുനേരത്തെ നിര്‍ബന്ധ നമസ്കാരങ്ങള്‍? സുജൂദ്, റുകൂഅ് പോലുള്ള പ്രത്യേകരൂപങ്ങള്‍ എന്തിനാണ് പ്രാര്‍ഥനക്ക്? നമുക്ക് ഇഷ്ടമുള്ള രൂപത്തില്‍ പ്രാര്‍ഥിച്ചാല്‍ പോരെ?
സത്യവിശ്വാസികള്‍ക്ക് അല്ലാഹുവോട് ഏത് സമയത്തും പ്രാര്‍ഥിക്കാം. ന്യായമായ ഏത് കാര്യത്തിനുവേണ്ടിയും പ്രാര്‍ഥിക്കാം. നമസ്കാരം എന്ന ആരാധനാകര്‍മത്തിന് മാത്രമാണ് സമയം നിര്‍ണ യിക്കപ്പെട്ടിട്ടുള്ളത്. ഖുര്‍ആന്‍പാരായണവും പ്രാര്‍ഥനയും പ്രകീര് ത്തനവും നിര്‍ത്തവും ഇരുത്തവും കുമ്പിടലും സാഷ്ടാംഗവും എല്ലാം അടങ്ങിയതാണ് നമസ്കാരം. ദിനരാത്രങ്ങള്‍ക്കിടയില്‍ നിശ്ചിത ഇടവേളകളില്‍ ഈ ആരാധനാകര്‍മം നിര്‍വഹിക്കാന്‍ വിശ്വാസികളോട് അല്ലാഹു കല്പിച്ചിട്ടുള്ളത് അവന്റെ അനുഗ്രഹ ങ്ങളോട് അവര്‍ കൃതജ്ഞരായിരിക്കുന്നതിനും അവന്റെ വിധി വിലക്കുകളെ സംബന്ധിച്ച ബോധം അവരുടെ മനസ്സില്‍ സദാ സജീവമായിരിക്കുന്നതിനും വേണ്ടിയാകുന്നു. ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യര്‍ ഓരോനമസ്കാരവും വ്യത്യസ്ത സമയങ്ങളിലായിരിക്കും നിര്‍വഹിക്കുന്നത്. അതിനാല്‍ ഭൂമിയില്‍ നമസ്കാരം നിര്‍വഹിക്കപ്പെടാത്ത ഒരു സമയവും ഉണ്ടാകാനിടയില്ല.
ബഹുദൈവത്വത്തിന്റെയോ അന്ധവിശ്വാസങ്ങളുടെയോ യാതെരു ലാഞ്ചനയുമില്ല എന്ന് പറയപ്പെടുന്ന ഇസ്ലാമിലെ സുപ്രധാന കര്‍മമായ ഹജ്ജ് വേളയില്‍ 'ഹജറുല്‍ അസ്വദ്''എന്ന കല്ലിനെ ആദരവോടും ആവേശത്തോടും മുത്തുന്നതെന്തിനാണ്? കല്ലിനെയും മുള്ളിനെയും ആരാധിക്കരുത്, അവയോടൊന്നും ഒരുതരത്തിലുമുള്ള ആദരവും ബഹുമാനവും പാടില്ലായെന്ന് പഠിപ്പിച്ച നബി(സ)തന്നെ ഈ കര്‍മം നടത്തിയത് എന്തോ ഒരു ബഹുമാനം ആ കല്ലിനോട് ഉള്ളതുകൊണ്ടല്ലേ? നിര്‍ജീവമായ ആ കല്ലിനോട് ഒരു ആരാധനാ മനോഭാവമുള്ളത് കൊണ്ടല്ലേ? ഇന്ന് ജനങ്ങള്‍ ഈ കല്ലിനോട് കാണിക്കുന്ന ആവേശം അതല്ലേ സൂചിപ്പിക്കുന്നത്?
പ്രപഞ്ചനാഥനെ മാത്രം ആരാധിക്കാന്‍വേണ്ടി ഭൂമുഖത്ത് ആദ്യ മായി സ്ഥാപിക്കപ്പെട്ട ആരാധനാലയം എന്നതാണ് പരിശുദ്ധ കഅ്ബയുടെ മഹത്വമെന്ന് വിശുദ്ധ ഖുര്‍ആനില്‍ (3:96) വ്യക്തമാക്കിയിട്ടുണ്ട്. കഅ്ബയെ ലക്ഷ്യമാക്കി ഏകദൈവ വിശ്വാസികളായ തീര് ത്ഥാടകര് പോകുന്നത് ആവേശത്തോടെ തന്നെയാണ്. പക്ഷേ, അ വര് ആരാധിക്കുന്നത് ആ ചതുരക്കെട്ടിടത്തെയല്ല. ലോകരക്ഷിതാവിനെ മാത്രം ആരാധിക്കാനുള്ള സങ്കേതമെന്ന നിലയില്‍ ആഭവനത്തോട് അവര്‍ക്കുള്ളത് ആദരവാണ്, ആരാധനയല്ല.
കഅ്ബയുടെ തെക്കുകിഴക്കെ മൂലയില്നിന്നാണ് പ്രദക്ഷിണം തുടങ്ങേണ്ടത്. ആ മൂലയില്‍ സ്ഥാപിച്ചിട്ടുള്ള ഒരു അടയാള കല്ലാണ് ഹജറുല്‍ അസ്വദ്. ആകല്ലില്‍ ചുംബിച്ചുകൊണ്ടോ തൊട്ട്മുത്തിക്കൊണ്ടോ അതിനുനേരെ കൈകൊണ്ട് ആംഗ്യം കാണിച്ചു കൊണ്ടോ പ്രദക്ഷിണം തുടങ്ങാം. എന്തായാലും തീര്‍ഥാടകര്‍ ആ കല്ലിന് ആരാധനയര്‍പ്പിക്കുന്നി ല്ല. ആ കല്ലിനോ മറ്റേതെങ്കിലും കല്ലിനോ കെട്ടിടത്തിനോ അഭൗതികമായ എന്തെങ്കിലും കഴിവുണ്ടെന്ന് വിശ്വസിക്കുന്നില്ല. ആ കല്ലില്‍നിന്ന് ഉപകാരം പ്രതീക്ഷിക്കുകയോ ഉപദ്രവം ഭയപ്പെടുകയോ ചെയ്യുന്നില്ല. ആ കല്ലിന്റെയും അത് ഉള്‍ക്കൊള്ളുന്ന കഅ്ബയുടെയും നാഥനായ അല്ലാഹുവെ മാത്രമാണ് അവര്‍ ആരാധിക്കുന്നത്. ആ കല്ലിനെ ആദരിക്കല്‍ ഹജ്ജിന്റെയോ ഉംറയുെടയോ നിര്‍ബന്ധിത കര്‍മ്മങ്ങളില്‍ പെട്ടതല്ല എന്ന കാര്യവും പ്രസ്താവ്യമാകുന്നു. അതിന്റെ നേരെനിന്നുകൊണ്ട് ത്വവാഫ് (പ്രദക്ഷിണം) തുടങ്ങുക മാത്രമാണ് നിര്‍ബന്ധമായിട്ടുള്ളത്.
നിലത്ത് നെറ്റിയും മൂക്കും വെച്ചുകൊണ്ടാണ് സത്യവിശ്വാസികള്‍ സാഷ്ടാംഗം ചെയ്യേണ്ടത്. എന്നാല്‍ മറ്റു ചിലര്‍ പറയുന്ന ഭൂമി പൂജ യുമായി ഇതിന് യാതൊരു ബന്ധവുമിെല്ലന്നും ഭൂമിയുടെ സ്രഷ്ടാവിന്റെ മുമ്പില്‍ പരമമായ വണക്കം പ്രകടിപ്പിക്കുക മാത്രമാണ് ഇ തുകൊണ്ട് ഉദ്ദേശിക്കപ്പെട്ടതെന്നും സത്യവിശ്വാസികള്‍ക്കെല്ലാം അറിയം. അതുപോലെ തന്നെയാണ് ഹജറുല്‍ അസ്വദിനെ ആദരിച്ചുകൊണ്ട് അല്ലാഹുവിന് മാത്രമുള്ള ആരാധനയായ ത്വവാഫ് നിര്‍വഹിക്കുന്ന ഏകദൈവ വിശ്വാസിയുടെ അവസ്ഥയും. സഫാ മര്‍വാ കുന്നുകളോടും മക്കയിലെ മറ്റ് പുണ്യസ്ഥലങ്ങളോടും സത്യവിശ്വാസികള്‍ക്കുള്ള മനോഭാവവും ഇതുപോലെതന്നെ.
ലോകത്തിലുള്ള എല്ലാ ദൈവവിശ്വാസികളും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ വിഗ്രഹാരാധകന്മാരാണ്. അതായത് ഹൈന്ദവ വിശ്വാസികള്‍ വിവിധ ക്ഷേത്രങ്ങളില്‍ വ്യത്യസ്ത രൂപത്തിലുള്ള വിഗ്ര ഹങ്ങള്‍ പ്രതീകമാക്കി ഏകദൈവത്തെ ആരാധിക്കുന്നു. ക്രിസ്ത്യാനികള്‍ യേശുവിനെ വിവിധ ചര്‍ച്ചുകളില്‍ പ്രതീകമാക്കി ദൈവത്തോട് പ്രാര്‍ഥിക്കുന്നു. മുസ്ലിംകള് മുഴുവന്‍ 'കഅ്ബ' എന്ന പ്രതീകത്തിന് നേരെ തിരിഞ്ഞ് ഏകദൈവത്തെ ആരാധിക്കുന്നു. ഇതെല്ലാം ഒത്തുചേരുന്നത് എല്ലാ മതങ്ങളും വിഗ്രഹാരാധനയില്‍ (ദൈവിക പ്രതീകാരാധനയില്‍) അധിഷ്ഠിതമാണ് എന്നതിലല്ലേ?
വിഗ്രഹങ്ങളെ പ്രതീകമാക്കി അവയെത്തന്നെയാണ് ഹൈന്ദവര്‍ ആരാധിക്കുന്നതും പ്രാര്‍ഥിക്കുന്നതും. ഓരോ ആവശ്യത്തിനും വി വിധ ദൈവങ്ങള്‍ക്ക് നേര്‍ച്ചകളര്‍പ്പിക്കുകയും അവരോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നത് ഏകദൈവാരാധനയാണെന്ന് പറയുന്നതില്‍ യാ തൊരര്‍ഥവുമില്ല. ക്രൈസ്തവര്‍ ഏകദൈവാരാധനക്ക് യേശുവെ പ്രതീകമാക്കുകയല്ല; ഒരു ത്രിയേക ദൈവസങ്കല്‍പമുണ്ടാക്കി ദൈവ പുത്രന് എന്ന പേരില്‍ യേശുവെ ആരാധിക്കുകയും അദ്ദേഹത്തോട് പ്രാര്‍ഥിക്കുകയുമാണ് ചെയ്യുന്നത്. ഏകദൈവമായ യഹോവയോട് മാത്രം പ്രാര്ഥിക്കുന്നവര് ക്രൈസ്തവര്‍ക്കിടയില്‍ വളരെ വിരളമാ കുന്നു. എന്നാല്‍ കഅ്ബഃ ഏകദൈവത്തിന്റെ പ്രതീകമോ വിഗ്രഹമോ അല്ല. കഅ്ബയെ മുസ്ലിംകള് ആരാധിക്കുകയോ കഅ്ബയോട് പ്രാര്‍ഥിക്കുകയോ ചെയ്യുന്നില്ല. ഏകദൈവത്തെ മാത്രം ആരാധി ക്കാന്‍വേണ്ടി, യഹൂദരുടെയും ക്രൈസ്തവരുടെയും മുസ്ലിംകളുടെയും പൂര്‍വികാചാര്യനായ പ്രവാചക ശ്രേഷ്ഠന് ഇബ്രാഹീം(അ)അഥവാ അബ്രഹാം സ്ഥാപിച്ച ആരാധനാലയമാണ് കഅ്ബഃ. അദ്ദേഹം അവിടെനിന്ന് ഏകദൈവത്തോട് എങ്ങനെ പ്രാര്‍ഥിച്ചുവോ അതുപോലെ അങ്ങോട്ട് തിരിഞ്ഞുനിന്ന് ഏകദൈവത്തോട് മാത്രം പ്രാര്‍ഥിക്കുകയാണ് മുസ്ലിംകള് ചെയ്യുന്നത്. വിഗ്രഹാരാധനയുടെ യാതൊരുസ്പര്‍ശവും യഥാര്‍ഥ മുസ്ലിംകളുടെ ആരാധനയിലോ പ്രാര്ഥനയിലോ ഇല്ല.
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ
ഏറ്റവും നല്ല രൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. (95:4) പിന്നെയെന്തിനാണ് കുറ്റമറ്റ ശരീരമുള്ള മനുഷ്യരോട്(പുരുഷന്മാരോട്)ചേലാകര്‍മം ചെയ്യാന്‍ കല്പിച്ചത്? ഇതിന് ഉത്തരമായി ഇത് കൊണ്ടുള്ള നേട്ടം നമുക്ക് അണിനിരത്താന്‍ സാധിക്കുമെങ്കിലും അതിന് ഒരു മറുചോദ്യമുണ്ടാകുന്നു. ചേലാകര്‍മംകൊണ്ട് ഇത്രയും ഉപകാരങ്ങള്‍ ഉണ്ടെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് ചേലാകര്‍മം ചെയ്യാത്ത അവസ്ഥയില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചത്? ദൈവം കുറ്റമറ്റവനും അത്യുന്നതനുമാണ് എന്നതിന് ഇത് ഒരു അപവാദമല്ലേ? അതല്ല, മനുഷ്യന് ഏറ്റവും നല്ല ഘടനയിലല്ലേ സൃഷ്ടിക്കപ്പെട്ടത്?
'ജന്തുജാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശരീരത്തിന്റെ ബാഹ്യഘടനയില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്താനുള്ള സ്വാതന്ത്ര്യവും കൂടിയുള്ള നിലയിലാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്. തലമുടി പൂര്‍ണമായി മുണ്ഡനം ചെയ്യുകയോ, നിശ്ചിത വലിപ്പത്തില്‍ വെട്ടിനിര്‍ത്തുകയോ, ഒന്നും ചെയ്യാതെ ജടപിടിച്ച നിലയില്‍ വിടുകയോ, ചീകിയൊതുക്കുകയോ ചെയ്യാന്‍ അവന് സ്വാതന്ത്ര്യമുണ്ട്. ഒരു പരിധിയില്‍ കവിയാത്തവിധം വെട്ടി ചീകിയൊതുക്കി വെക്കുന്നതാണ് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്ന രീതി. മുണ്ഡനം ഒരു ഫാഷനായി സ്വീകരിച്ചവരും ചിലകാലങ്ങളില്‍ ചില നാടുകളില്‍ ഉണ്ടാകാറുണ്ട്. തലയില്‍ ഒട്ടും മുടിവേണ്ടെന്നോ, നിശ്ചിത നീളത്തില്‍മാത്രം വള രുന്ന നിലയില്‍ (ശരീരത്തിന്റെ മറ്റ് പല ഭാഗങ്ങളിലും അങ്ങനെയാണല്ലോ) മതിയെന്നോ ദൈവം തീരുമാനിച്ചിരുന്നെങ്കില്‍ പല അഭിരുചിക്കാര്‍ക്കും അത് അസൗകര്യമായി ഭവിക്കും. നഖത്തിന്റെ കാര്യവും ഏറെ വ്യത്യസ്തമല്ല. നഖം ഒട്ടും മുറിക്കാതെ പലവിധത്തി ല്‍ നീട്ടിവളര്‍ത്തുന്നവര്‍ക്കും വിവിധ ആകൃതികളില്‍ വെട്ടി അല ങ്കരിച്ച് നടക്കുന്നവര്‍ക്കും വിരല്‍ത്തുമ്പിനൊപ്പം മുറിച്ച് ഒഴിവാക്കുന്നവര്‍ക്കും ഒരുപോലെ സൗകര്യപ്രദമായ നിലയിലാണ് ദൈവം സംവിധാനിച്ചിരിക്കുന്നത്.
വ്യത്യസ്ത സാദ്ധ്യതകളോടെ മുടിയും നഖവും സൃഷ്ടിച്ചത് ദൈവത്തിന്റെ കഴിവിന്റെ തെളിവാണെങ്കില്‍, മുറിച്ചു നീക്കുകയോ നിലനിര്‍ത്തുകയോ ചെയ്യാനുള്ള സാധ്യതയോടെ അഗ്രചര്‍മം സൃ ഷ്ടിച്ചത് എങ്ങനെയാണ് കഴിവുകേടോ അപൂര്‍ണതയോ ആകുന്നത്? പുരുഷ ശരീരത്തിലെ ഏറ്റവും മൃദുലവും 'സെന്‍സിറ്റീവും' ആയ ഭാഗമാണ് ലൈംഗികാവയവത്തിന്റെ അഗ്രഭാഗം. വസ്ത്രം ധരിക്കാത്ത അവസ്ഥയില്‍ പരിക്കേല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ള ആ ഭാഗത്തിന് ഒരു പ്രത്യേക ചര്‍മാവരണം സൃഷ്ടികര്‍ത്താവ് നല്‍കിയത് അവന്റെ കരുതലും കാരുണ്യവും മൂലമാണ്. എന്നാല്‍ വസ്ത്രം ധരിക്കുകയും ശ്രദ്ധയോടെ ജീവിക്കുകയും ചെയ്യുന്നയാളുടെ അവയവത്തിന് അഗ്രചര്‍മം മുഖേനയുള്ള സംരക്ഷണം ആവശ്യമായിവരുന്നില്ല. പ്രായപൂര്‍ത്തിയാകുന്നതോടെ ആ ചര്‍മത്തിന്റെ ഉള്‍ഭാഗം എപ്പോഴും മാലിന്യമുക്തമായി സൂക്ഷിക്കുക പ്രയാസമായിരിക്കും. പലതരം ശരീരദ്രാവകങ്ങളുടെ അംശങ്ങള്‍ ചെറിയ അളവിലെങ്കിലും ആഭാഗത്ത് അവശേഷിക്കുന്നത് അവയവത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നത് ഇന്ന് ആരോഗ്യശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ തര്‍ക്കമില്ലാത്ത വിഷയമാകുന്നു. ദൈവിക മതം ചേലാകര്‍മം അനുശാസിച്ചതിന്റെ പ്രസക്തി നമുക്ക് ഇവിടെ വ്യക്തമാകുന്നു.
ശരീരഘടനയില്‍ വിവിധ സാധ്യതകള്‍ ഉള്‍പ്പെടുത്തുകയും ചിന്തിക്കുന്ന മനുഷ്യര്‍ക്ക് അവയുമായി ബന്ധപ്പെട്ട ഏറ്റവും ഉത്തമമായ സമീപനം കൈക്കൊള്ളാന്‍ മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്ത ദൈവം എല്ലാം അറിയുകയും എല്ലാം പരിഗണിക്കുകയും ചെയ്യുന്നുവെന്നത്രെ ഇതില്‍നിന്നൊക്കെ ഗ്രഹിക്കാവുന്നത്. ശരീരത്തിലെവിടെയും ബാഹ്യചര്‍മത്തിന് മീതെ മറ്റൊരു ചര്‍മമില്ലാതിരിക്കെ പ്രത്യുല്പാദന അവയവത്തിന്റെ അഗ്രഭാഗത്ത് മാത്രം ഒരു ചര്‍മ്മാവരണം നല്കപ്പെട്ടത് ഘടനാപരമായ ന്യൂനതയ്ക്കല്ല സൂക്ഷ്മതക്കാണ് തെളിവാകുന്നത്.
ഇസ്ലാമിനെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. പക്ഷേ, ഇസ്ലാമിലെ ചില ആചാരരീതികള്‍ വളരെ ക്രൂരമായി തോന്നുന്നു. ഒരു മുസ്ലിമിന് ജീവിതത്തില്‍ ഒരിക്കല്‍ (കഴിവുണ്ടെങ്കില്‍) നിര്‍ബന്ധമായും ചെയ്യേണ്ടുന്ന ഏറ്റവും വലിയ പുണ്യകര്‍മമാണ് ഹജ്ജ്. എന്നാല്‍ ഇത്രയും വലിയ ഈ പുണ്യകര്‍മത്തില്‍ ഒരു മിണ്ടാപ്രാണിയെ കൊല്ലുന്നതും പുണ്യമാകുമോ? ഈ പ്രാവശ്യം ചുരുങ്ങിയത് 25 ലക്ഷം തീര്‍ഥാടകര്‍ ഹജ്ജ് ചെയ്യാനെത്തിയെന്നറിഞ്ഞു. എങ്കില്‍ ഒരാള്‍ ഒരാട് വീതമാണെങ്കില്‍പോലും 25 ലക്ഷം ആടുകള്‍ അറുക്കപ്പെട്ടിട്ടുണ്ടാകും. മനുഷ്യര്‍ക്ക് പുണ്യം കിട്ടാന്‍വേണ്ടി ആ മിണ്ടാപ്രാണികളെ എന്തിന് നമ്മള് കൊല്ലണം? അതൊരു വലിയ പാപമാകില്ലേ? എന്റെ ഒരു മുസ്ലിം കൂട്ടുകാരനോട് ഇതേപ്പറ്റി ചോദിച്ചപ്പോള്‍ ദൈവത്തിന്റെ കല്പനയാണ് ഇതെന്നാണ് പറഞ്ഞത്. ഇബ്റാഹീം (അബ്രഹാം) പ്രവാചകനോട് മകനെ ബലി നല്കാന് കല്പിച്ചുവെന്നും പ്രവാചകന് അത് അനുസരിച്ച് മകനെ അറുക്കുവാന്‍ പോകുമ്പോള്‍ ദൈവം അദ്ദേഹത്തില്‍ സന്തുഷ്ടനായി മകന് പകരം ഒരാടിനെ ബലി നല്കുവാന് പറഞ്ഞു എന്നും മറ്റും എന്നോട് പറഞ്ഞു. ഞാന്‍ പ്രതിനിധാനം ചെയ്യുന്ന മതത്തില്‍ ഒരുപാട് ബലികര്‍മങ്ങള്‍ ഉണ്ടായിരുന്നു. കാലാനുസൃതമായി അവയിലെല്ലാം മാറ്റങ്ങള്‍ വരുത്തി. ഇപ്പോഴും മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. അതുപോലെ ഇതും മാറ്റിക്കൂടേ?
ചോദ്യകര്‍ത്താവിന്റെ ദൃഷ്ടിയില് എന്താണ് ക്രൂരത? ഒരു ജീവി മറ്റൊരു ജീവിയെ തിന്നുന്നത് ക്രൂരതയാണോ? ദൈവിക വ്യവസ്ഥയില്‍ (അവിശ്വാസികളുടെ വീക്ഷണ പ്രകാരം പ്രകൃതി വ്യവസ്ഥയില്‍) ഇത് സാര്‍വത്രികമായി കാണപ്പെടുന്നുണ്ട്. ആയിരക്കണക്കിന് ജീവജാതികളുടെ മുഖ്യാഹാരം തന്നെ ഇതര ജന്തുക്കളാണ്. എന്നാല്‍ ഇങ്ങനെ ഇരയാകുന്ന ജന്തുക്കള്‍ക്ക് അതുമൂലം വംശനാശം സംഭവിക്കുന്നില്ല. കാരണം, അവ ഭീമമായ അളവില്‍ ഇവിടെ ജനിച്ച് വളരുന്നുണ്ട്. ജന്തുലോകത്തെ ഈ പ്രതിഭാസംക്രൂരതയാണെന്ന് തോന്നുന്നവര്‍ ഉണ്ടാകാം. പക്ഷേ, അവര്‍ക്ക് പ്രകൃതിയില്‍ വ്യാപകമായി നിലനില്‍ക്കുന്ന ഇരതേടല്‍ വ്യവസ്ഥക്ക് മാറ്റം വരുത്താനാവില്ലല്ലോ.
മനുഷ്യന് മാംസാഹാരം കഴിക്കുന്നതാണ് ക്രൂരതയായി വീക്ഷിക്കുന്നതെങ്കില് നമുക്ക് പറയാനുള്ളത് മാംസഭോജനം ജന്തു പ്രകൃതിയോട് യോജിക്കുന്നതും ലോകരക്ഷിതാവ് അനുവദിച്ചതുമാണ് എന്നാകുന്നു. ''കാലികളെയും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് അവയില്‍ തണുപ്പകറ്റാനുള്ളതും (കമ്പിളി) മറ്റ് പ്രയോജനങ്ങളുമുണ്ട്. അവയില്‍നിന്ന് തന്നെ നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു'' (വി.ഖു. 16:5). ''അല്ലാഹുവാകുന്നു നിങ്ങള്‍ക്കുവേണ്ടി കന്നുകാലികളെ സൃഷ്ടിച്ച് തന്നവന്. അവയില്‍ ചിലതിനെ നിങ്ങള്‍ വാഹനമായി ഉപയോഗിക്കുന്നതിനുവേണ്ടി. അവയില്‍ ചിലതിനെ നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു'' (40:79).
മത്സ്യം ഉള്‍പ്പെടെ യാതൊരു ജീവിയെയും മനുഷ്യന് ഭക്ഷിക്കരുതെന്ന് നിഷ്കര്‍ഷിച്ചാല്‍ ജനകോടികളുടെ ഉപജീവനം തന്നെ മുടങ്ങിപ്പോകും. മാംസഭോജികള്‍ക്കുവേണ്ടി ആടുമാടുകളെ വളര്‍ത്തുന്നവരും മത്സ്യബന്ധനം കൊണ്ട് ജീവിക്കുന്നവരുമൊക്കെ കഷ്ടത്തിലാകും. മനുഷ്യരോടുള്ള ഈ ക്രൂരതയെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഭക്ഷണത്തിനുവേണ്ടിയുള്ള ജന്തുഹത്യ ഏറെ ഗൗരവമുള്ള വിഷയമല്ല. ആടുകളെ അറുത്ത് ഭക്ഷിക്കുന്നത് ക്രൂരതയായി കാണുന്നില്ലെങ്കില്‍ അവയെ ദൈവത്തിന് ബലിയര്‍പ്പിക്കുന്നത് ക്രൂരതയാണെന്ന് പറയാന്‍ പ്രത്യേക ന്യായമൊന്നുമില്ല. ദൈവത്തിന് വേണ്ടി വെറുതെ ആടുകളെ കൊന്ന് തള്ളുകയല്ല; ബലിമൃഗത്തിന്റെ മാംസം സ്വയം ഭക്ഷിക്കുകയും പാവങ്ങള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുകയുമാണ് ചെയ്യുന്നത്. ഇത് സംബന്ധിച്ച് വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ളത് ഇപ്രകാരമാകുന്നു: ''അവയുടെ മേല്‍ അല്ലാഹുവിന്റെ നാമം ഉച്ചരിച്ചുകൊണ്ട് നിങ്ങള്‍ ബലിയര്‍പ്പിക്കുക. അങ്ങനെ അവ പാര്‍ശ്വങ്ങളില്‍ വീണുകഴിഞ്ഞാല്‍ അവയില്‍നിന്നെടുത്ത് നിങ്ങള്‍ ഭക്ഷിക്കുകയും, (യാചിക്കാതെ) സംതൃപ്തിയടയുന്നവനും ആവശ്യപ്പെട്ടുവരുന്നവനും നിങ്ങള്‍ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക, നിങ്ങള്‍ നന്ദി കാണിക്കാന്‍ വേണ്ടി അവയെ നിങ്ങള്‍ക്ക് അപ്രകാരം നാം കീഴ്പ്പെടുത്തിത്തന്നിരിക്കുന്നു.'' (22:36)
.വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത് അറേബ്യയിലെ ഒരു പ്രധാന വരുമാനമാര്‍ഗമായിരുന്നു കാലിവളര്‍ത്തല്‍. ഇന്നും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ കോടിക്കണക്കിനാളുകള്‍ കാലിവളര്‍ത്തല്‍ ജീവിതോപാധിയാക്കുന്നുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹങ്ങളിലൊന്നാണത്. ദാനത്തിലൂടെയോ ബലിയിലൂടെയോ ആണ് അവര്‍ അതിന് അല്ലാഹുവോട് കൃതജ്ഞത പ്രകടിപ്പിക്കേണ്ടത്. ഭുജിക്കാനും ബലിയര്‍പ്പിക്കാനും ജനങ്ങള്‍ ആടുമാടുകളെ ധാരാളമായി വാങ്ങുന്നതിനാലാണ് അവയെ വളര്‍ത്തുന്നത് ആദായകരമായിത്തീരുന്നത്. ആടുമാടുകളെ അറുക്കുന്നത് ക്രൂരതയും അധര്‍മവുമാണെന്ന് വിധി കല്പിക്കുകയോ നിയമംമൂലം നിരോധിക്കുകയോ ചെയ്താല്‍ അവയെ വളര്‍ത്താന്‍ ആരും താല്പര്യം കാണിക്കുകയില്ല. പാല് ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി മാത്രം കാലികളെ വളര്‍ത്തുന്നത് ആദായകരമല്ലാകാവുകയും ക്രമേണ അവയുടെ വംശനാശത്തിന് ഇടയാവുകയും ചെയ്യുന്നപക്ഷം അതായിരിക്കും അവയോടും മാംസ്യം ലഭിക്കേണ്ട മനുഷ്യരോടും കാണിക്കുന്ന ഏറ്റവും വലിയ ക്രൂരത.
അറുക്കപ്പെടുന്ന ജന്തുവിന് പരമാവധി കുറഞ്ഞ വേദന മാത്രം അനുഭവിക്കേണ്ടിവരുന്ന വിധത്തില്‍ നല്ല മൂര്‍ച്ചയുള്ള കത്തികൊണ്ട് വേഗത്തില്‍ അറുക്കണമെന്നാണ് പ്രവാചകന് പഠിപ്പിച്ചിട്ടുള്ളത്. കഴുത്തിലെ ധമനി അറ്റുപോകുന്നതോടെ ശരീരവും മസ്തിഷ്കവും തമ്മിലുള്ള ബന്ധം വിഛേദിക്കപ്പെടുന്നതിനാല്‍ വേദന അവസാനിക്കുകയും രക്തം ഒഴുകിപ്പോകുന്നതോടെ മാംസം ശുദ്ധമായിത്തീരുകയും ചെയ്യുന്നു. കഴുത്തിലെ ധമനി അറ്റുപോയതിന് ശേഷം ജന്തു പിടയുന്നത് കടുത്ത വേദന അനുഭവിക്കുന്നതിന്റെ ലക്ഷണമല്ല. പേശികളില്‍ അവശേഷിക്കുന്ന ജൈവോര്‍ജത്തിന്റെ പ്രഭാവം മാത്രമാകുന്നു അത്. ചുരുക്കത്തില്‍, മനുഷ്യരോടും ജന്തുജാലങ്ങളോടും നീതിപുലര്‍ത്തുന്ന നിയമ നിര്‍ദേശങ്ങള്‍ മാത്രമെ പ്രപഞ്ചനാഥന് അന്തിമ വേദഗ്രന്ഥത്തിലൂടെ അന്തിമ പ്രവാചകന് മുഖേന അവതരിപ്പിച്ചിട്ടുള്ളൂ.
വ്രതാനുഷ്ഠാനം പല നിലയ്ക്കും നല്ലതുതന്നെ. എന്നാല്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനം മനുഷ്യര്‍ക്ക് വിഷമകരമല്ലേ? ഇങ്ങനെ ബുദ്ധിമുട്ടിക്കുന്ന ദൈവം കാരുണ്യവാനാണോ?
പലനിലയ്ക്കും നല്ല കാര്യമാണ് വ്രതമെന്ന് പറയുന്നതും ഒരുമാസം വ്രതം അനുഷ്ഠിക്കണമെന്ന് ആവശ്യപ്പെടുന്നത് ബുദ്ധിമുട്ടിക്കലാണെന്ന് പറയുന്നതും തമ്മില്‍ വൈരുധ്യമുണ്ട്. പലനിലയ്ക്കും നല്ലതായ ഒരു പുണ്യകര്‍മം കൂടുതല്‍ ദിവസം ചെയ്യുമ്പോള്‍ കൂടുതല്‍ നന്മ സ്വായത്തമാക്കാന്‍ അവസരം ലഭിക്കുകയാണല്ലോ ചെയ്യുന്നത്. അതെങ്ങനെയാണ് ബുദ്ധിമുട്ടിക്കലാവുക?
ഇസ്ലാമികമായ വിശ്വാസം അല്ലാഹു അഥവാ ഏകദൈവം പരമകാരുണികനായ ലോകരക്ഷിതാവാണെന്നത്രെ. ഒരു നല്ല രക്ഷിതാവിന് മക്കളെക്കൊണ്ട് അവര്‍ക്ക് പ്രത്യക്ഷത്തില്‍ ബുദ്ധിമുട്ടാണെന്ന് തോന്നുന്ന പല കാര്യങ്ങളും-അധ്യയനം, തൊഴില്‍ പരിശീലനം തുടങ്ങിയവ-പതിവായി ചെയ്യിക്കാതിരിക്കാന്‍ പറ്റില്ല എന്ന കാര്യം എല്ലാവര്ക്കും മനസ്സിലാക്കാവുന്നതാണ്. മടിയനോ സുഖലോലുപനോ ആയ കുട്ടിക്ക് തന്റെ മാതാപിതാക്കള്‍ സ്ഥിരമായി തന്നെ ബുദ്ധിമുട്ടിക്കുകയാണെന്ന് തോന്നിയേക്കും. എന്നാല്‍ തന്നെ അത്യധികം സ്നേഹിക്കുന്ന മാതാപിതാക്കള്‍ ആവശ്യപ്പെടുന്ന കാര്യം അല്പം ബുദ്ധിമുട്ടുള്ളതാണെങ്കിലും അത് തനിക്ക് സ്ഥായിയായ ഗുണമുണ്ടാക്കുന്നതായിരിക്കും എന്ന് ആര്‍ജവമുള്ള കുട്ടി മനസ്സിലാക്കും.
മക്കളുടെ ഇഹലോകത്തിലെ നന്മയെ സംബന്ധിച്ച് മാത്രമെ മാതാപിതാക്കള്‍ക്ക് അറിയുകയുള്ളൂ. എന്നാല്‍ ലോകരക്ഷിതാവായ അല്ലാഹുവിന് അനശ്വരമായ പരലോകത്തെ നന്മയെ സംബന്ധിച്ചും വ്യക്തമായി അറിയാം. അതിനാല്‍ മനുഷ്യര്‍ക്ക് രണ്ട് ലോകത്തും ഗുണം ചെയ്യുന്ന മാര്‍ഗനിര്‍ദേശങ്ങളാണ് അല്ലാഹു നല്‍കുന്നത്. നിസ്സാരമായ ബുദ്ധിമുട്ടിന്റെ പേരില്‍ അവന്റെ മാര്‍ഗദര്‍ശനത്തിന്റെ മൂല്യം മനസ്സിലാക്കാതിരിക്കുന്നത് വലിയ നഷ്ടത്തിന് ഇടവരുത്തിയേക്കാം. പരിമിതമായ ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ ബുദ്ധിമുട്ടാണെന്ന് തോന്നുന്ന കാര്യം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമായിത്തീരുന്ന അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടാകാറുണ്ട്. പ്രഥമദൃഷ്ട്യാ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷകരമായി പരിണമിക്കുന്ന സംഭവങ്ങളും അപൂര്‍വമല്ല. ഈ കാര്യം വിശുദ്ധ ഖുര്‍ആന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിനാല്‍ സര്‍വജ്ഞനും ത്രികാലജ്ഞാനിയുമായ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം അന്യൂനവും പൂര്‍ണ നന്മയിലേക്ക് നയിക്കുന്നതുമായിരിക്കും എന്ന് മനസ്സിലാക്കുന്നതാണ് ശരിയായ യുക്തി.