ഇസ്‌ലാമിലെ സ്ത്രീ

//ഇസ്‌ലാമിലെ സ്ത്രീ

വിമർശനം: ഇസ്‌ലാമിലെ പ്രധാനപ്പെട്ട പുണ്യകർമങ്ങളായ ബാങ്ക്, ഇമാമത്ത് എന്നിവ സ്ത്രീകൾക്ക് തീർത്തും നിഷിദ്ധമാക്കുകയും പുരുഷന്മാർക്ക് യഥേഷ്‌ടം അനുവദിച്ചു കൊടുക്കുകയും ചെയ്തതിലൂടെ പുരുഷാധിപത്യത്തിനു കൊടിപിടിക്കുകയാണ് നബി ചെയ്തത്. സ്വന്തം മതത്തിലെ വലിയ പുണ്യകർമങ്ങൾ പോലും സ്ത്രീക്കു നിരുപാധികം നിഷിദ്ധമാക്കിയ ഒരാളെ ദൈവദൂതനായി കണക്കാക്കുന്നതു തന്നെ സ്ത്രീവിരുദ്ധമാണ്.

ഉത്തരം: ഇസ്‌ലാമിലെ പ്രധാനപ്പെട്ട പുണ്യകർമങ്ങളായ ബാങ്കും ഇമാമത്തും (നമസ്കാരത്തിനു നേതൃത്വം നൽകൽ) നിർവഹിക്കുന്നത് സ്ത്രീകൾക്കു നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളാണെന്ന അറിവില്ലായ്മയിൽ നിന്നാണ് ഈ വിമർശനം ജന്മമെടുത്തിരിക്കുന്നത്. ഇസ്‌ലാംവിമർശനങ്ങളിൽ പലതും ഉടലെടുക്കുന്നത് തികഞ്ഞ അറിവില്ലായ്മയിൽ നിന്നാണെന്ന് ഇത്തരം വിമർശനങ്ങളെ അവലോകനം ചെയ്താൽ ഏതൊരാൾക്കും നിഷ്പ്രയാസം മനസ്സിലാക്കാവുന്ന വസ്തുതയാണ്. വാസ്തവത്തിൽ ബാങ്കും ഇമാമത്തും നബി(സ്വ) സ്ത്രീകൾക്ക് വിലക്കുകയോ വിരോധിക്കുകയോ ചെയ്തിട്ടുണ്ടോ?. ഇല്ല എന്നതാണ് യാഥാർഥ്യം. വിശുദ്ധ ഖുർആനോ പ്രവാചക വചനങ്ങളോ ബാങ്കോ, ഇമാമത്തോ നിർവഹിക്കുന്നതിൽ നിന്നും സ്ത്രീകളെ വിലക്കുന്നില്ല. പിന്നെ എവിടെ നിന്നാണാവോ വിമർശകർ ഇത്തരം വിവരക്കേടുകൾ ഗവേഷണം ചെയ്തെടുക്കുന്നതെന്ന് മസ്സിലാകുന്നില്ല. മാത്രമല്ല സ്ത്രീകൾക്ക് ബാങ്കില്ല എന്ന നിലപാടിനെ കുറ്റകരമായ കാര്യമായാണ് സ്വഹാബികൾ മനസ്സിലാക്കിയിരുന്നത്. വസ്തുതകൾ നമുക്കൊന്നു വിശകലനം ചെയ്യാം.

سئل ابن عمر هل على النساء أذان؟ فغضب، وقال: أنا أنهى عن ذكر الله؟

സ്ത്രീകൾക്ക് ബാങ്ക് ഉണ്ടോ ? എന്ന് ഇബ്നു ഉമർ (റ) ചോദിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം കോപിഷ്ടനായി പറഞ്ഞു: (സ്ത്രീകൾക്ക് ബാങ്കില്ല എന്ന് പറഞ്ഞ്) അല്ലാഹുവെ സ്മരിക്കുന്നതിൽ നിന്ന് ഞാൻ അവരെ തടയണൊ ?!. (മുസ്വന്നഫ് ഇബ്നു അബീ ശൈബ: 1/223). സ്ത്രീകൾക്ക് ബാങ്കില്ല എന്ന നിലപാടിനെ, അല്ലാഹുവെ സ്മരിക്കുന്നതിൽ നിന്നും അവരെ തടയുന്ന നിലപാടായാണ് ഇബ്നു ഉമർ (റ) കണ്ടതെന്നു ഈ നിവേദനം വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല പ്രവാചക പത്നി ആഇശ (റ) തന്നെ ബാങ്കും ഇക്കാമത്തും ഇമാമത്തും നിർവഹിച്ചതായും ഹദീസ് ഗ്രന്ഥങ്ങളിൽ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.

وعن عائشة أنها كانت تؤذن وتقيم، وتؤم النساء، وتقف وسطهن

ആഇശയിൽ (റ) നിന്നും: അവർ ബാങ്കുവിളിക്കുകയും ഇകാമത്ത് കൊടുക്കുകയും സ്ത്രീകൾക്ക് ഇമാമായി (നേതാവായി) – അവരുടെ നടുവിൽ- നിൽക്കുകയും ചെയ്യുമായിരുന്നു. (സുനനുൽ കുബ്റാ: 1/408, 3:131, മുസ്തദ്‌റക്: ഹാകിം: 1/203-204, മുസ്വന്നഫ് ഇബ്നു അബീ ശൈബ: 1/223, 2/89).

മറ്റു ചില നിവേദനങ്ങൾ കൂടി നമുക്കു പരശോധിക്കാം.

حديث رائطة الحنفية أن عائشة أمت نسوة في المكتوبة فأمتهن بينهن وسطا.

നിർബന്ധ നമസ്കാരങ്ങളിൽ ആഇശ (റ) സ്ത്രീകൾക്ക് ഇമാമായി (നേതൃത്വം നൽകുന്നവരായി) നിന്നു. അവരുടെ നടുവിൽ നിന്നു കൊണ്ടാണ് ആഇശ (റ) നേതൃത്വം നൽകിയിരുന്നത്. (മുസ്വന്നഫ് അബ്ദുർറസാക് : 3/141, ദാറകുത്നി: 1/404, ബൈഹകി: 3/131) സ്ത്രീകൾക്കു വേണ്ടി സ്ത്രീ ഇമാം നിക്കുമ്പോൾ നടുവിലാണ് നിൽക്കേണ്ടതെന്നും, ബാങ്കും ഇക്കാമത്തും നിർവഹിക്കാമെന്നും ഈ നിവേദനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ആഇശ(റ) മാത്രമല്ല മറ്റു നബിപത്നിമാരും സ്ത്രീകൾക്കു വേണ്ടിയുള്ള നമസ്ക്കാരങ്ങൾക്ക് നേതൃത്വം നൽകിയതായും ഇസ്‌ലാമിക പ്രമാണങ്ങളിൽ കാണാവുന്നതാണ്. അത്തരമൊരു റിപ്പോർട്ട് കാണുക.

رواية حجيرة بنت حصين قالت: ” أمتنا أم سلمة في صلاة العصر قامت بيننا “. رواه عبد الرزاق أيضا، وابن أبي شيبة (2 / 88)،

ഹജീറ ബിൻത് ഹുസ്വൈൻ (റ) പറഞ്ഞു: അസർ നമസ്കാരത്തിന് (പ്രവാചക പത്നി) ഉമ്മു സലമ (റ) ഞങ്ങൾക്ക് ഇമാമായി (നേതൃത്വം നൽകുന്നവരായി) നിന്നു. അവർ ഞങ്ങളുടെ നടുവിൽ നിന്നു കൊണ്ടാണ് നേതൃത്വം നൽകിയത്. (മുസ്വന്നഫ് അബ്ദുർറസാക്, മുസ്വന്നഫ് ഇബ്നു അബീ ശൈബ: 2:88)

باب إِمَامَةِ النِّسَاءِ അഥവാ സ്ത്രീകളുടെ ഇമാമത്ത് (നേതൃത്വം) എന്ന അധ്യായങ്ങൾ ഇസ്‌ലാമിക ഗ്രന്ഥങ്ങളിൽ സ്ഥാനം പിടിച്ചിരിക്കെ, ഇസ്‌ലാം സ്ത്രീകളെ ബാങ്കും ഇമാമത്തും നിർവഹിക്കുന്നതിൽ നിന്നും തടഞ്ഞു എന്ന കല്ലുവെച്ച കള്ളം ഒരു പെൺപക്ഷ ഗവേഷണ പഠനമായി അവതരിപ്പിക്കാൻ അസാമാന്യ തൊലിക്കട്ടി തന്നെ വേണം!. വൈജ്ഞാനികസത്യസന്ധതക്കു കുഴിവെട്ടിയവരല്ലാതെ ഈ കാലഘട്ടത്തിൽ ഇസ്‌ലാം വിമർശനം നടത്തുന്നില്ലെന്നു പറയുന്നത് വെറുതെയല്ലെന്ന് ഇത്തരം വിമർശനങ്ങൾ ഓർമപെടുത്തുന്നുണ്ട്.

നബി പത്നിമാരല്ലാത്ത സ്വഹാബി വനിതകളും സ്ത്രീകൾക്കു വേണ്ടി ഇമാമത്ത് നിർവഹിച്ചിരുന്നു എന്നതും ഹദീസ് ഗ്രന്ഥങ്ങളിൽ ധാരാളം കാണാവുന്നതാണ്. അത്തരം ഒരു റിപ്പോർട്ട് കൂടി നമുക്കു പഠനവിധേയമാക്കാം.

عَنْ أُمِّ وَرَقَةَ بِنْتِ عَبْدِ اللَّهِ بْنِ نَوْفَلٍ الْأَنْصَارِيَّةِ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ … وَكَانَتْ قَدْ قَرَأَتْ الْقُرْآنَ فَاسْتَأْذَنَتْ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ تَتَّخِذَ فِي دَارِهَا مُؤَذِّنًا فَأَذِنَ لَهَا قَالَ وَكَانَتْ قَدْ دَبَّرَتْ غُلَامًا لَهَا وَجَارِيَةً فَقَامَا إِلَيْهَا بِاللَّيْلِ فَغَمَّاهَا بِقَطِيفَةٍ لَهَا حَتَّى مَاتَتْ وَذَهَبَا فَأَصْبَحَ عُمَرُ فَقَامَ فِي النَّاسِ فَقَالَ مَنْ كَانَ عِنْدَهُ مِنْ هَذَيْنِ عِلْمٌ أَوْ مَنْ رَآهُمَا فَلْيَجِئْ بِهِمَا فَأَمَرَ بِهِمَا فَصُلِبَا فَكَانَا أَوَّلَ مَصْلُوبٍ بِالْمَدِينَةِ

ഉമ്മു വറക്ക ബിൻത് അബ്ദുല്ലാഹിബ്നു നൗഫൽ അൽ അൻസ്വാരിയ്യ (റ) യിൽ നിന്ന്: ….അവർ ക്വുർആൻ മനപാഠമാക്കിയ ഒരു സ്ത്രീയായിരുന്നു. തന്റെ ഭവനത്തിൽ ബാങ്കുകൊടുക്കുന്ന ഒരാളെ ഏർപ്പാടു ചെയ്യാൻ അവർ നബിയോട് അനുവാദം ചോദിച്ചു. അദ്ദേഹം അവർക്ക് അനുവാദം നൽകി. അവർക്ക് ഭൃത്യരായ ഒരു പയ്യനും പെൺകുട്ടിയും ഉണ്ടായിരുന്നു. അവരെ രണ്ടു പേരെയും കൂട്ടി അവർ രാത്രി നമസ്ക്കരിക്കുമായിരുന്നു…(സുനനു അബൂദാവൂദ്: 591).

വീട്ടിലുള്ള പുരുഷന്മാർക്കുവരെ നമസ്കാരത്തിനു സ്ത്രീകൾ നേതൃത്വം നൽകിയ സംഭവങ്ങൾ ഹദീസ് ഗ്രന്ഥങ്ങൾ പരമ്പരകളോടെ നമുക്കു പറഞ്ഞുതരുന്നുണ്ട്. അത്തരം ഒരു നിവേദനം നമുക്കു കാണാം.

عَنْ أُمِّ وَرَقَةَ بِنْتِ عَبْدِ اللَّهِ بْنِ الْحَارِثِ بِهَذَا الْحَدِيثِ وَالْأَوَّلُ أَتَمُّ قَالَ *وَكَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَزُورُهَا فِي بَيْتِهَا وَجَعَلَ لَهَا مُؤَذِّنًا يُؤَذِّنُ لَهَا وَأَمَرَهَا أَنْ تَؤُمَّ أَهْلَ دَارِهَا قَالَ عَبْدُ الرَّحْمَنِ فَأَنَا رَأَيْتُ مُؤَذِّنَهَا شَيْخًا كَبِيرًا

പ്രവാചകൻ (സ) ഉമ്മു വറകയുടെ വീട് സന്ദർശിക്കാറുണ്ടായിരുന്നു. അദ്ദേഹം അവർക്ക്, ബാങ്ക് വിളിക്കാൻ ആളെ ഏർപ്പാടു ചെയ്തു കൊടുത്തിരുന്നു. തന്റെ വീട്ടിലുള്ളവർക്ക് നേതൃത്വം നൽകി നമസ്ക്കരിക്കാൻ അവരോട് പ്രവാചകൻ (സ) കൽപ്പിക്കുകയും ചെയ്തു. അബ്ദുർറഹ്മാൻ പറഞ്ഞു: അവരുടെ ബാങ്കുവിളിക്കാരനായ പടു വൃദ്ധനെ ഞാൻ കാണുകയുണ്ടായി. (സുനനു അബൂദാവൂദ്: 592).

“അവരുടെ ബാങ്കുവിളിക്കാരനായ പടു വൃദ്ധനെ ഞാൻ കാണുകയുണ്ടായി.” എന്ന നിവേദനത്തിലെ വാചകങ്ങൾ, വീട്ടിലെ പുരുഷന്മാർക്കു വരെ ഇമാം നിൽക്കുന്നതിന് സ്ത്രീകളെ ഇസ്‌ലാം അനുവദിക്കുന്നുണ്ടെന്നു വ്യക്തമാക്കുന്നതാണ്.

ഇമാം സ്വൻആനി പറഞ്ഞു:

والحديث دليل علـى صحة إمامة المرأة أهل دارها، وإن كان فيهم الرجال، فإنه كان لها مـؤذن وكان شيخًا كما في الرواية والظاهر أنها كانت تؤمه وغلامها وجاريتهـا

വീട്ടിലുള്ളവർക്ക് സ്ത്രീ ഇമാമായി (നേതൃത്വം നൽകി) നമസകരിക്കൽ സ്വീകാര്യമാണെന്നതിന് ഹദീസ് തെളിവാണ്; വീട്ടുകാരിൽ പുരുഷൻ ഉൾപ്പെടുമെങ്കിലും. അവർക്ക് (ഉമ്മു വറക്കക്ക്) ഒരു ബാങ്കുവിളിക്കാരനുണ്ടായിരുന്നു. അയാൾ വൃദ്ധനായ ഒരു പുരുഷനായിരുന്നു എന്നാണ് നിവേദനത്തിൽ വന്നിരിക്കുന്നത്. അവർ ഭൃത്യരായ ആൺകുട്ടിക്കും പെൺകുട്ടിക്കും ഇമാമായി നമസ്ക്കരിച്ചു എന്ന് നിവേദനത്തിന്റെ പ്രത്യക്ഷാർത്ഥം സൂചിപ്പിക്കുന്നു. (സുബുലുസ്സലാം: 2:48)

ശംസുൽ ഹക്ക് അസീമാബാദി പറഞ്ഞു:

ثبت من هذا الحديث أن إمامة النساء وجماعتهن صحيحة ثابتة من أمر رسول الله صلى الله عليه وسلم ، وقد أمت النساء عائشة رضي الله عنها وأم سلمة رضي الله عنها في الفرض والتراويح قال الحافظ في تلخيص الحبير : حديث عائشة أنها أمت نساء فقامت وسطهن رواه عبد الرزاق… وظهر من هذه الأحاديث أن المرأة إذا تؤم النساء تقوم وسطهن معهن ولا تقدمهن . قال في السبل : والحديث دليل على صحة إمامة المرأة أهل دارها وإن كان فيهم الرجل فإنه كان لها مؤذنا وكان شيخا كما في الرواية ، والظاهر أنها كانت تؤمه وغلامها وجاريتها ، وذهب إلى صحة ذلك أبو ثور والمزني والطبري…

സ്ത്രീകളുടെ ഇമാമത്തും ജമാഅത്തും സ്വീകാര്യമാണെന്നും പ്രവാചകന്റെ (സ) കൽപ്പനയാൽ അത് സ്ഥാപിതമാണെന്നുമാണ് ഹദീസിൽ നിന്നും സ്ഥിരപ്പെടുന്നത്. ആഇശയും(റ) ഉമ്മു സലമയും(റ) സ്ത്രീകൾക്ക് നിർബന്ധ നമസ്ക്കാരത്തിലും തറാവീഹിലും നേതൃത്വം നൽകിയിട്ടുണ്ട്.

സ്ത്രീകൾ ഇമാം നിൽക്കുകയാണെങ്കിൽ നടുവിലാണ് നിൽക്കേണ്ടത് എന്നും മുന്നിൽ നീങ്ങി നിൽക്കുകയല്ല വേണ്ടത് എന്നും ഹദീസുകളിൽ നിന്നും വ്യക്തമാവുന്നു. പുരുഷന്മാർ ഉൾപ്പെടെ വീട്ടിലുള്ളവർക്ക് സ്ത്രീ ഇമാമായി (നേതൃത്വം നൽകി) നമസകരിക്കൽ സ്വീകാര്യമാണെന്നതിന് ഹദീസ് തെളിവാണ് എന്ന് സുബുലുസ്സലാമിൽ പറയപ്പെട്ടിരിക്കുന്നു… അബു സൗർ, മുസ്നി, ത്വബ്‌രി തുടങ്ങിയവർ ഈ അഭിപ്രായത്തെ ശരിവെക്കുന്നു… (ഔനുൽ മഅ്ബൂദ്: 2:225)

കാര്യങ്ങൾ വളരെ ലളിതമാണ്, വ്യക്തമാണ്, സ്ത്രീകൾക്ക് ഇസ്‌ലാം ബാങ്കും ഇമാമത്തും വിരോധിചിട്ടില്ല, വിലക്കിയിട്ടില്ല. സ്ത്രീകൾക്ക് സ്ത്രീ ഇമാം നിൽക്കുന്നത് മാത്രമല്ല, വീട്ടിലെ പുരുഷന്മാർക്ക് പോലും സ്ത്രീക്ക് ഇമാം നിൽക്കാൻ ഇസ്‌ലാം അനുവാദം നൽകിയിട്ടുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങൾ ഇത്രമേൽ ചർച്ച ചെയ്ത ഒരു വിഷയത്തിൽ പോലും, അതെല്ലാം മറച്ചുവെച്ചും ദുർവ്യാഖ്യാനിച്ചും ഇത്തരം കളവുകൾ പ്രചരിപ്പിക്കുവാൻ ഇസ്‌ലാംവിമർശകർക്ക് ഒരു തരിമ്പ് പോലും ലജ്ജയില്ലാതായത് അവരുടെ ചർമസൗഭാഗ്യത്തിന്റെ അപാരതയല്ലാതെ മറ്റെന്താണ് കുറിക്കുന്നത്.

സാമൂഹ്യബാധ്യതയുടെ ഭാരം ഇസ്‌ലാം സ്ത്രീയുടെ ചുമലിൽ കെട്ടിവെച്ചില്ല.

എന്നാൽ സാമൂഹ്യബാധ്യത എന്ന നിലയിൽ പുരുഷന്മാരടക്കമുള്ള മൊത്തം സമൂഹത്തിനുവേണ്ടി ബാങ്കും ഇമാമത്തും നിർവഹിക്കേണ്ട ബാധ്യതയിൽ നിന്നും ഇസ്‌ലാം സ്ത്രീയെ മാറ്റി നിർത്തിയിട്ടുണ്ട്. ആ രംഗത്ത് ഇസ്‌ലാം ബാധ്യതയുടെ ഭാരം പുരുഷനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. അതു പക്ഷെ സ്ത്രീകൾക്ക് ഏതെങ്കിലും തരത്തിലുള്ള ആത്മീയ അർഹതകുറവുണ്ടെന്നു കണകാക്കികൊണ്ടുള്ള ഒരു നിലപാടല്ല. മറിച്ച് പുരുഷ പ്രകൃതിയാണ് ആ ബാധ്യതയുടെ ഭാരം ഏറ്റെടുക്കാൻ ഏറ്റവും അനുയോജ്യമെന്നതു കൊണ്ടാണ്. ഇസ്‌ലാമിന്റെ ഈ വിഷയകമായുള്ള സമീപനത്തെ യുക്തിപരമായി സമീപിക്കുന്ന ഏതൊരാൾക്കും അതിലെ ന്യായം ഉൾകൊള്ളാൻ സാധിക്കുന്നതാണ്. നൈതികതയുടെ ഒരു പ്രശ്നവും ആ രംഗത്ത് കണ്ടെത്താൻ നിഷ്പക്ഷമായ ഒരു വിശകലനത്തിനും സാധ്യമല്ല തന്നെ. ഓരോ കാര്യങ്ങളും നമുക്ക് യുക്തിപരമായി വിശകലം ചെയ്യാം.

1, സ്വഫ്ഫിന്റെ ഘടനയും പെണ്ണിമാമത്തും:

ജമാഅത്ത് നമസ്കാരത്തിലെ (സംഘ നമസ്കാരം) സ്വഫ്‌ഫിന്റെ (അണി) ഘടനക്ക് ഇസ്‌ലാം പുണ്യം നിശ്ചയിച്ച ഒരു രീതിയുണ്ട്. സ്വഫ്ഫിലെ ആദ്യ ഭാഗമാണ് പുരുഷന്മാർക്ക് ഏറ്റവും പുണ്യകരം. അതിനു ശേഷം ഉള്ള സ്വഫ്ഫുകൾ പിറകിലേക്ക് പോകുന്തോറും പുണ്യം കുറഞ്ഞു വരുന്നു. സ്ത്രീകൾക്കാവട്ടെ അണിയുടെ അവസാനത്തിൽ നിന്നാണ് പുണ്യം തുടങ്ങുന്നത്. അത് മുന്നിലേക്ക് പോകുന്തോറും പുണ്യം കുറഞ്ഞു വരുന്നു. ഇതാണ് സ്വഫ്ഫിൽ ഇസ്‌ലാം നിശ്ചയിച്ച പുണ്യത്തിന്റെ ഘടന. അതു പ്രകാരം സ്ത്രീ, പുരുഷന്മാർ അടക്കമുള്ള സംഘനമസ്കാരത്തിന് നേതൃത്വം നൽകുമ്പോൾ സ്വാഭാവികമായും അവളുടെ തൊട്ട് പിറകിൽ നിൽക്കേണ്ടത് പുരുഷന്മാരാണ്. നമസ്കാരമെന്നത് വിവിധ ചലനങ്ങൾ ഉൾകൊള്ളുന്ന ഒരു പ്രാർത്ഥനയാണ്. സ്ത്രീ നിന്നും വളഞ്ഞും ഇരുന്നും ഇളകിയും കുമ്പിട്ടുകിടന്നും നമസ്കാരത്തിന് നേതൃത്വം നൽകുമ്പോൾ അവൾക്കു പിറകിൽ നിൽക്കുന്ന പുരുഷന്മാർക്ക് അതു ജൈവികമായ ചില പ്രശ്നങ്ങൾ സൃഷിച്ചേക്കാം. കാരണം അത്തരം സന്ദർഭങ്ങളിൽ സ്ത്രീയുടെ നിമ്‌നോന്നതികള്‍ വെളിവാക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. പിറകിൽ നിൽക്കുന്ന പുരുഷന്മാരിൽ ചിലർക്കെങ്കിലും അതുമൂലം ആത്മസാന്നിധ്യം നഷ്ട്ടപെടാൻ ഇടയുണ്ട്. മാത്രമല്ല സ്ത്രീകൾക്കും അത്തരം ഒരു സന്ദർഭത്തിൽ മനസാന്നിധ്യത്തോടെ നമസ്കാരത്തിനു നേതൃത്വം നൽകാൻ ബുദ്ധിമുട്ടുണ്ടാകുമെന്നത് ആർക്കും നനസ്സിലാക്കാവുന്ന വസ്തുതയാണ്. സ്ത്രീ-പുരുഷ മനഃശാസ്ത്രവും ലൈംഗിക ശാസ്ത്രവും പഠിച്ച ഏതൊരാൾക്കും ഇവിടെ യുക്തിപരമായി സമർപ്പിക്കാവുന്ന നിർദേശം, സാമൂഹ്യ ബാധ്യതയുള്ള സംഘനമസ്കാരത്തിനു സ്ത്രീയേക്കാൾ നല്ലത് പുരുഷനെ തിരഞ്ഞെടുക്കുന്നതാണെന്നായിരിക്കും. കേവലം യുക്തിപരമായി ചിന്തിച്ചാൽ പോലും സാമൂഹ്യ ബാധ്യതയായ സംഘനമസ്കാരത്തിന് നേതൃത്വം കൊടുക്കാൻ ഏറ്റവും അനുയോജ്യമായ പ്രകൃതിഘടന സ്ത്രീയേക്കാൾ പുരുഷനിലാണ് കാണാനാകുന്നത്. അപ്പോൾ മതം ആ നിലപാട് സ്വീകരിക്കുമ്പോൾ അതിലൊരു പെൺവിരുദ്ധതയും കാണേണ്ടതില്ലെന്നർത്ഥം.

2, സ്ത്രീയുടെ സ്വകാര്യ സമയങ്ങളും ഇമാമത്തും:

സ്ത്രീകളെ സംബന്ധിച്ച് അവരുടെ സ്വകാര്യ സമയങ്ങളിൽ പെട്ടതാണ് ആർത്തവ സമയം. അതു മറ്റുള്ളവർ അറിയുന്നത് പൊതുവേ സ്ത്രീകൾ ഇഷ്ട്ടപെടാറില്ല. അതെല്ലാം ജനമധ്യത്തിൽ കൊട്ടിഘോഷിക്കുന്നതിൽ അഭിരമിക്കുന്ന പിടിവിട്ട പരിഷ്കരണവാദികളായ സ്ത്രീകളെ ഒഴിച്ചു നിർത്തിയാൽ, ആത്മാഭിമാനമുള്ള പല സ്ത്രീകളും അത്തരം സമയങ്ങൾ സ്വകാര്യമാക്കി വെക്കാനാണ് ഇഷ്ട്ടപ്പെടുക. ഒരു സ്ത്രീക്ക് സാമൂഹ്യബാധ്യത എന്ന നിലയിൽ പുരുഷന്മാരടക്കമുള്ള മൊത്തം സമൂഹത്തിനുവേണ്ടി ബാങ്കും ഇമാമത്തും നിർവഹിക്കേണ്ട ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ടാൽ ഫലത്തിൽ സംഭവിക്കുന്നത് അവളുടെ അത്തരം സ്വകാര്യ സമയങ്ങളെ പരസ്യമാക്കാൻ നിർബന്ധിക്കലായിരിക്കും. കാരണം ആർത്തവ സമയങ്ങളിൽ സ്ത്രീക്ക് നമസ്കാരമടക്കമുള്ള പല ആരാധനകളും നിർവഹിക്കുവാൻ പാടില്ലാത്തതാണ്. അപ്പോൾ മാസത്തിൽ ചുരുങ്ങിയത് ഏഴ് ദിവസങ്ങളെങ്കിലും അവൾക്ക് സമൂഹത്തിന് ഇമാം നിൽക്കാൻ സാധ്യമല്ലാതെ വരും. നിരന്തരമായി മാസത്തിലെ പ്രത്യേക ദിവസങ്ങളിൽ ഇമാം ഇല്ലാതെ വരുമ്പോൾ സമൂഹം തിരിച്ചറിയും ഈ ദിനങ്ങളാണ് നമ്മുടെ ഇമാമിന്റെ ആർത്തവ ദിനങ്ങളെന്ന്. മാത്രമല്ല ആർത്തവചക്രം കൃത്യമല്ലെങ്കിൽ ഇമാമിന്റെ ആർത്തവ പ്രശ്നവും സമൂഹമറിയും. ഇനി ദീർഘിച്ചതോ ചുരുങ്ങിയതോ ആയ ആർത്തവചക്രമുള്ള സ്ത്രീയാണ് ഇമാം എങ്കിൽ അതും പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ പെടും. ഇതെല്ലാം തന്നെ അഭിമാനബോധമുള്ള സ്ത്രീകൾക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്ന കാര്യങ്ങളാണെന്ന് ആർക്കും പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ. ഇത്തരം സ്വകാര്യ സമയങ്ങൾ സമൂഹത്തിൽ കൊട്ടിഘോഷിക്കുന്നതിൽ ഹരം കൊള്ളുന്ന പരിഷ്കാരിണികൾ ഇതിനെല്ലാം അപവാദമാണെങ്കിലും, മതത്തിനു പക്ഷെ മാന്യമഹിളകളെ കണ്ടല്ലേ ഒരു നിയമം ആവിഷ്കരിക്കാനാവുക. പരിഷ്കാരിണികൾ തൽക്കാലം ക്ഷമിക്കുകയല്ലാതെ മറ്റു പോംവഴികളില്ല. ഇതെല്ലാം മതം സ്വീകരിച്ച നിലപാടുകളിൽ ന്യായങ്ങൾ കണ്ടെത്താനുള്ള കേവല യുക്തിചിന്താപരിശ്രമം എന്നതിനപ്പുറം, ഇതാണ് മതത്തിനു പറയാനുള്ള ന്യായവാദങ്ങൾ എന്നു വെറുതെ തെറ്റിദ്ധരിച്ചിടരുത് എന്ന് ഇസ്‌ലാംവിമർശകരെ പ്രത്യേകം ഓർമപ്പെടുത്തുന്നു.

3, സ്ത്രീയുടെ അബലതകളെ പരിഗണിക്കാത്ത നിലപാടാണ് പെണ്ണിമാമത്ത്:

പുരുഷനെ അപേക്ഷിച്ച് സ്ത്രീകൾക്ക് പ്രകൃതിപരമായി തന്നെ ധാരാളം അബലതകൾ ഉണ്ടെന്നത് ഒരു വസ്തുതയാണ്. ഗർഭധാരണം, പ്രസവം, പ്രസവാനന്തരമുള്ള ദീർഘകാലയളവിലെ പ്രശ്നങ്ങൾ, മുലയൂട്ടൽ, ആർത്തവം, ആർത്തവ വിരാമം തുടങ്ങിയ പ്രശ്നങ്ങളും കൂടാതെ ഈ കാലയളവിൽ സ്ത്രീ അനുഭവിക്കുന്ന ശാരീരികവും മാനസീകവും ഹോർമോൺ സംബന്ധവുമായ മറ്റൊരുപാട് പ്രശ്നങ്ങളും വേറെയുമുണ്ട്. അത്തരം അവസ്ഥകളിൽ, സാമൂഹ്യബാധ്യത എന്ന നിലയിൽ പുരുഷന്മാരടക്കമുള്ള മൊത്തം സമൂഹത്തിനുവേണ്ടി ബാങ്കും ഇമാമത്തും നിർവഹിക്കേണ്ട ഉത്തരവാദിത്തം സ്ത്രീയെ ഏൽപ്പിക്കുന്നത് അവളോട് ചെയ്യുന്ന വലിയ ക്രൂരതയായിരിക്കും. കാരണം ഒരു ദിവസം പുലരി മുതൽ രാത്രി വരെ സമയ ബന്ധിതമായി നിർവഹിക്കാൻ ബാധ്യതപെട്ട ഒരു ഉത്തരവാദിത്തം ഈ പ്രകൃതിപരമായ പ്രശ്നങ്ങൾ ഒന്നുമില്ലാത്ത പുരുഷൻ ഉണ്ടായിരിക്കെ സ്ത്രീയെ പിടിച്ച് അതേൽപ്പിക്കുന്നത് കടുത്ത അപരാധമായിരിക്കുമെന്നു യുക്തിക്കു സ്വീകാര്യമായ ഒരു നിലപാടാണല്ലോ. ഒരുപാട് പ്രകൃതിപരമായ അബലതകൾ ഉള്ള ഒരു വിഭാഗവും അത്തരം പ്രശ്നങ്ങൾ ഒന്നുമില്ലാത്ത മറ്റൊരു വിഭാഗവും മുന്നിലിരിക്കെ ഇത്തരം സാമൂഹിക ഉത്തരവാദിത്തം ഏതു വിഭാഗത്തെയാണ് ഏൽപ്പിക്കേണ്ടത്?. യുക്തിപരമായി ചിന്തിക്കുന്ന ഏതൊരാൾക്കും പറയാനുള്ള മറുപടിയെന്താണോ അതു മാത്രമല്ലേ ഇസ്‌ലാം ഇവിടെ സ്വീകരിച്ചിരിക്കുന്ന നിലപാട്. അപ്പോൾ സ്ത്രീക്ക് ബാങ്കും ഇമാമത്തും ഇസ്‌ലാം വിലക്കി എന്ന വിമർശനം പ്രമാണവിരുദ്ധവും, സാമൂഹ്യബാധ്യതയായ ബാങ്കും ഇമാമത്തും ഇസ്‌ലാം സ്ത്രീകളെ ഏൽപ്പിച്ചില്ല എന്ന വിമർശനം യുക്തിവിരുദ്ധവുമാകുന്നു. എങ്ങനെ നോക്കിയാലും ഇസ്‌ലാംവിമർശനമെന്ന പരിപ്പ് ബുദ്ധിയുള്ളവർക്കിടയിൽ വേവില്ലെന്ന് മനസ്സിലാക്കി ആ കലം അടുപ്പിൽ നിന്നും ഇറക്കിവെക്കുന്നതാണ് ഇസ്‌ലാംവിമർശകർക്കെല്ലാം നല്ലത്. കലത്തിന് തുള വീഴുമെന്നല്ലാതെ പരിപ്പ് വേവില്ല കൂട്ടരേ. കാരണം ഇതു ദൈവിക മതമാണ്.

വൈവാഹിക ബലാത്സംഗത്തെ (Marital rape) ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് പുതിയ കണ്ടെത്തൽ !! പുരുഷന്മാരുടെ ഇംഗിതത്തിനു സ്ത്രീകൾ വഴങ്ങണമെന്നാണ് ഹദീസുകൾ പഠിപ്പിക്കുന്നത്, ലൈംഗിക വിഷയത്തിൽ പുരുഷർക്ക് ഏകപക്ഷീയമായ സർവാധികാരമാണ് ഇസ്‌ലാം നൽകുന്നത് എന്നുമൊക്കെ ആരോപണങ്ങളായി പ്രചരിക്കപ്പെടുന്നത്. ആരോപണങ്ങൾക്കായി അവലംബിക്കുന്ന ഹദീസ് ഇതാണ്:

إِذَا دَعَا الرَّجُلُ امْرَأَتَهُ إلى فِرَاشِهِ فأبَتْ فَبَاتَ غَضْبَانَ عَلَيْهَا لَعَنَتْهَا المَلَائِكَةُ حتَّى تُصْبِحَ.

“കിടപ്പറയിലേക്ക് ക്ഷണിച്ചിട്ട് അവിടേക്ക് വരാൻ വിസമ്മതിച്ച ഒരു സ്ത്രീ… തന്നിമിത്തം ഭർത്താവ് രാത്രി മുഴുവൻ അവളോട് കോപിച്ചവളായി കഴിച്ചു കൂട്ടുകയും ചെയ്യുന്നു. അങ്ങനെയുള്ള സ്ത്രീയെ മലക്കുകൾ പുലരുന്നതു വരെ ‘ശപിക്കുന്നതാണ്’…”(1) (സ്വഹീഹു മുസ്‌ലിം: 1436, സ്വഹീഹുൽ ബുഖാരി: 5193, 3237)

മറുപടി:

1. യഥാർത്ഥത്തിൽ, ഇസ്‌ലാമിൽ വൈവാഹിക ബലാത്സംഗം (Marital rape) ഇല്ല എന്നതിനുള്ള തെളിവാണ് ഈ ഹദീസ്. കാരണം, തനിക്ക് ലൈംഗിക ബന്ധം നിഷേധിച്ച ഭാര്യയോട് ‘കോപിച്ച് രാത്രി കഴിച്ചു കൂട്ടുക’ മാത്രമാണ് ഒരു വിശ്വാസിയായ ഭർത്താവ് ചെയ്യുന്നത് എന്ന് ഹദീസിൽ തന്നെ വ്യക്തമാക്കപ്പെട്ടിരിക്കുന്നു എന്നത് വിമർശകർ ബോധപൂർവ്വം അവഗണിച്ചിരിക്കുകയാണ്.

فَبَاتَ غَضْبَانَ عَلَيْهَا “തന്നിമിത്തം ഭർത്താവ് രാത്രി മുഴുവൻ അവളോട് കോപിച്ചവളായി കഴിച്ചു കൂട്ടുകയും ചെയ്തു…” എന്നാണല്ലൊ ഹദീസിൽ പറഞ്ഞിരിക്കുന്നത്. അതല്ലാതെ ഭാര്യക്കെതിരെ വാചകം കൊണ്ട് പോലും ദ്രോഹിക്കുന്നതായൊ ഒരു സൂചനയും ഹദീസിൽ ഇല്ല. വാചികമായൊ കായികമായൊ ഭർത്താവ് ഭാര്യയെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്നതായ സൂചനയും ഹദീസിൽ ഇല്ല. പിന്നെ എങ്ങനെയാണിത് വൈവാഹിക ബലാത്സംഗമാകുന്നത് എന്ന് മാത്രം വിമർശകരോട് ചോദിക്കരുത്!

2. വെറുപ്പോടെയൊ നിർബന്ധിതമായൊ അടിച്ചേൽപ്പിക്കുന്ന രതി ഇസ്‌ലാം വ്യക്തമായി വിലക്കിയിട്ടുണ്ട്:

ﻗَﺎﻝَ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: ﻻَ ﺗَﺤْﻤِﻠُﻮا اﻟﻨِّﺴَﺎءَ ﻋَﻠَﻰ ﻣَﺎ ﻳَﻜْﺮَﻫْﻦَ

“സ്ത്രീകളെ അവർ വെറുക്കുന്നത് ചെയ്യാൻ നിങ്ങൾ നിർബന്ധിക്കരുത്.” (മുസ്വന്നഫ് അബ്ദുർ റസാഖ്: 10320) എന്ന് മുഹമ്മദ് നബി (സ) പഠിപ്പിച്ചിട്ടുണ്ട്.

എന്നാൽ, ന്യായമായ കാരണങ്ങളൊ തടസ്സങ്ങളൊ ഇല്ലാതെ ലൈംഗികമായി ആസക്തനായ തന്റെ ഇണ ലൈംഗികതക്കായും അനുരാഗ സാന്നിധ്യത്തിനായും സ്നേഹപൂർവ്വം ക്ഷണിക്കുമ്പോൾ -തനിക്ക് ലൈംഗിക തൃഷ്ണ ഇപ്പോൾ അനുഭവപ്പെടുന്നില്ല എന്ന കാരണത്താൽ മാത്രം- ഒരു സ്ത്രീ ലൈംഗികത ഭർത്താവിന് നിഷേധിക്കരുത് എന്ന് മാത്രമാണ് ഹദീസിൽ സൂചിപ്പിക്കപ്പെടുന്നത്.

വെറുപ്പോടെയൊ നിർബന്ധിതമായൊ വിധേയമാക്കപ്പെടുന്ന രതിയും ലൈംഗിക തൃഷ്ണ ഇല്ലാതെ ഏർപ്പെടുന്ന രതിയും തമ്മിൽ വലിയ വ്യത്യാസമുണ്ട് എന്ന് തന്നെയാണ് ലൈംഗിക ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.

ലൈംഗിക തൃഷ്ണയോ (Sexual appetite), ഭാവനിലയൊ (mood) ഇല്ലാതെയുള്ള രതിക്ക് സ്ത്രീകൾ തയ്യാറാവുക എന്നത് സ്ത്രീകളുടെ ലൈംഗിക പ്രകൃതിയെ സംബന്ധിച്ചിടത്തോളം തീർത്തും സ്വാഭാവികമായ ഒരു കാര്യമാണ്. സ്ത്രീ പുരുഷ ലൈംഗികാവയങ്ങളുടെ വ്യത്യാസങ്ങൾ തന്നെ ഇത് പ്രത്യക്ഷമായി തെളിയിക്കുന്നുണ്ട്. ലൈംഗിക തൃഷ്ണ ഇല്ലാതെ തന്നെ ലൈംഗികതക്ക് സജ്ജമായ രൂപത്തിലാണ് സ്ത്രീകളുടെ ലൈംഗിക സംഭോഗവുമായി ബന്ധപ്പെട്ട അവയവങ്ങൾ. പുരുഷന്റേതാകട്ടെ ലൈംഗിക സംഭോഗവുമായി ബന്ധപ്പെട്ട അവയവമായ ലിംഗത്തിന്റെ ഉദ്ധാരണം (erection) ലൈംഗികാഭിലാഷത്തിലൂടെയാണ് സാധാരണയായി സാധ്യമാവുക. ഈ വ്യതിരിക്തത തന്നെ ലൈംഗിതയും ലൈംഗിക തൃഷ്ണയും തമ്മിലുള്ള ബന്ധത്തിൽ സ്ത്രീയും പുരുഷനും വ്യത്യസ്തരാണ് എന്ന് പ്രത്യക്ഷമായി സൂചിപ്പിക്കുന്നുണ്ട്.

Sexual desire is typically higher in men than in women, with testosterone (T) thought to account for this difference as well as within-sex variation in desire in both women and men. ( https://pubmed.ncbi.nlm.nih.gov/22552705/ )

ടെസ്റ്റോസ്റ്റിറോണിന്റെ (ടി) വ്യത്യാസവും വ്യതിയാനവും കാരണം ലൈംഗികാഭിലാഷം സാധാരണയായി സ്ത്രീകളേക്കാൾ പുരുഷന്മാരിൽ കൂടുതലാണ്.

സ്ത്രീകളേക്കാൾ ലൈംഗിക തൃഷ്ണ (sexual appetite) പുരുഷന്മാരിൽ ശക്തമായി നിലനിൽക്കുന്നു എന്നതിനാൽ തന്നെ സ്ത്രീകളേക്കാൾ ലൈംഗിക ബന്ധങ്ങൾക്കായി പുരുഷൻ ആഗ്രഹിക്കുക എന്നത് സ്വാഭാവികമാണ്.

ഇതിന്റെ ഫലമായി, ദമ്പതികൾ തമ്മിൽ ലൈംഗിക ചോദനകളിൽ ചേർച്ചയില്ലാതിരിക്കുക എന്ന അവസ്ഥ ധാരാളമായും സംഭവിക്കുന്നു എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട വസ്തുത.

Mismatched sex drives, or sex drive discrepancy (SDD), is the most common of these situations….

പൊരുത്തമില്ലാത്ത ലൈംഗിക ചോദനകൾ, അല്ലെങ്കിൽ സെക്‌സ് ഡ്രൈവ് ഡിസ്‌ക്രീപൻസി (SDD) ദമ്പതികൾക്കിടയിൽ വളരെ സാധാരണമാണ്…. ( https://www.medicalnewstoday.com/articles/mismatched-sex-drives#management-techniques )

Research shows that up to 80% of couples regularly experience situations where one partner wants to have sex and the other doesn’t (Day, Muise, Joel, & Impett, 2015). While sex therapists would tell you that low sexual desire is the most common sexual problem, desire discrepancy is considered more distressing due to its dampening down the romance in a relationship (Mark, 2015).

ഒരു പങ്കാളി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നതും മറ്റെയാൾക്ക് ആഗ്രഹമില്ലാതിരിക്കുന്നതുമായ സാഹചര്യങ്ങൾ 80% ദമ്പതികൾക്കും പതിവായി അനുഭവപ്പെടുന്നതായി ഗവേഷണങ്ങൾ കാണിക്കുന്നു (Day, Muise, Joel, & Impett, 2015). ലൈംഗികാഭിലാഷം കുറയുന്നതാണ് ലൈംഗിക പ്രശ്‌നങ്ങളുടെ ഏറ്റവും സാധാരണമായ സ്രോതസ് എന്ന് സെക്‌സ് തെറാപ്പിസ്റ്റുകൾ നിങ്ങളോട് പറയുമെങ്കിലും, ഒരു ദാമ്പത്യത്തിലെ ബന്ധത്തിലെ പ്രണയം, കുറയുന്നതിന് കാരണമായി നിലകൊള്ളുന്നു എന്നതിനാൽ തന്നെ ലൈംഗികാഭിലാഷത്തിലെ പൊരുത്തക്കേട് ഏറ്റവും ഗുരുതരമായ ദാമ്പത്യ പ്രശ്നമായി കണക്കാക്കപ്പെടുന്നു. (Mark, 2015).

( https://www.google.com/amp/s/www.psychologytoday.com/us/blog/intersections/201912/sexual-desire-discrepancy-why-it-s-big-deal-couples%3famp#ip=1 )

പുരുഷ ലൈംഗികതയുടെ മറ്റൊരു വ്യതിരിക്തതയാണ് യാദൃശ്ചികമായ അല്ലെങ്കിൽ പെട്ടെന്ന് ഉത്ഭവിക്കുന്ന ലൈംഗികാഭിലാഷം.

Spontaneous sexual desire: As the name implies, this form of desire happens randomly, with or without stimulation. This desire supports the linear view of sexuality that begins with desire, followed by excitement, finally leading to orgasm.

Nagoski states that around 70% of men have this type of sexual desire while only about 10–20% of women do….

യാദൃശ്ചികമായ ലൈംഗികാഭിലാഷം:

ഉത്തേജനത്തോടുകൂടിയോ അല്ലാതെയോ ലൈംഗികേച്ഛ ക്രമരഹിതമായി ഉത്ഭവിക്കുന്ന പ്രകൃതം. ഈ പ്രകൃതി, ലൈംഗിക ദാഹത്തിലൂടെ തുടങ്ങി, ഉത്തേജനത്തിലൂടെ കടന്നുപോയി, ഒടുവിൽ രതിമൂർച്ഛയിലേക്ക് അവസാനിക്കുന്ന ലൈംഗികതയുടെ രേഖീയ വീക്ഷണത്തെ പ്രതിനിധീകരിക്കുന്നു.

ഏകദേശം 70% പുരുഷന്മാർക്കും ഇത്തരത്തിലുള്ള ലൈംഗികാഭിലാഷം ഉണ്ടെന്ന് നാഗോസ്കി പ്രസ്താവിക്കുന്നു, എന്നാൽ 10-20% സ്ത്രീകൾക്ക് മാത്രമേ ഇത് ഉള്ളൂ….

( https://www.medicalnewstoday.com/articles/mismatched-sex-drives#management-techniques )

While most men are “preheated,” most women warm up to sex slowly. Learning the reasons for this difference can help men become better lovers.

Most men over 50 can remember experiencing libido as a strong drive — akin, almost, to hunger: They felt horny and went after sex. (Indeed, some still do.) But recent research shows that women experience libido as an urge far less compelling than that. In a landmark study published in the Journal of the American Medical Association in 1999, for example, University of Chicago sociologist Edward O. Laumann revealed his findings that 30 percent of women have low or no libido. (This sexual desire difference is one of the most frequent causes for women and couples to seek sex therapy.)

But there was also a silver lining: If these women have sex and enjoy it, they eventually experience desire.

മിക്ക പുരുഷന്മാരും ലൈംഗിക കേളികൾക്ക് മുമ്പ് തന്നെ ലൈംഗിക ഔൽസുക്യം (preheated) വെച്ചുപുലർത്തുമ്പോൾ, മിക്ക സ്ത്രീകളും ലൈംഗികതയിലേക്ക് ഊഷ്മളത കൈവരിക്കുന്നത് സാവധാനത്തിലാണ്. ഈ വ്യത്യാസത്തിന്റെ കാരണങ്ങൾ പഠിക്കുന്നത് പുരുഷന്മാരെ മികച്ച പ്രണയികളാകാൻ സഹായിക്കും.

50 വയസ്സിനു മുകളിലുള്ള മിക്ക പുരുഷന്മാർക്കും ലിബിഡോ ഒരു ശക്തമായ പ്രേരണയായി മനസ്സിലാക്കാം- ഏതാണ്ട്, വിശപ്പിന് സമാനമാണത്: പുരുഷൻമാർക്ക് ലൈംഗിക തൃഷ്ണ തോന്നുന്നു, അവർ ലൈംഗിക ബന്ധത്തെ പിന്തുടരുന്നു. എന്നാൽ സമീപകാല ഗവേഷണങ്ങൾ കാണിക്കുന്നത് സ്ത്രീകൾ ലിബിഡോ (കാമചോദന) അനുഭവിക്കുന്നത് അതിനേക്കാൾ വളരെ കുറഞ്ഞ ഒരു പ്രേരണയായാണ്. ഉദാഹരണത്തിന്, 1999-ൽ അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പ്രധാന പഠനത്തിൽ, ചിക്കാഗോ സർവകലാശാലയിലെ സാമൂഹ്യശാസ്ത്രജ്ഞനായ എഡ്വേർഡ് ഒ. ലൗമാൻ തന്റെ കണ്ടെത്തലുകളിൽ വെളിപ്പെടുത്തിയത് 30 ശതമാനം സ്ത്രീകൾക്ക് ലിബിഡോ (കാമചോദന) കുറവോ ഇല്ലെന്നോ ആണ്. (ഈ ലൈംഗിക ചോദനയുടെ വ്യത്യാസം സ്ത്രീകളും ദമ്പതികളും സെക്‌സ് തെറാപ്പി തേടുന്നതിനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ്.)

എന്നാൽ ഈ പ്രവണതക്കു പിന്നിൽ ഒരു ഗുണകരമായ സവിശേഷതയും ഉണ്ട്: കാമചോദന കുറഞ്ഞതോ/ഇല്ലാത്തതോ ആയ ഈ സ്ത്രീകൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും അത് ആസ്വദിക്കുകയും ചെയ്താൽ, അവർ ലൈംഗികത ആഗ്രഹിക്കുന്നവരായി സാവകാശം പരിണമിക്കുന്നു.

( https://www.aarp.org/home-family/sex-intimacy/info-2014/sexual-desire-and-gender-castleman.html )

In 2000 and 2002, a University of British Columbia psychiatrist named Rosemary Basson interviewed hundreds of women who reported feeling “erotically neutral” at the start of sex. Only when they started making love — and enjoyed it — did they warm up and feel actual desire.

In the years since then, other researchers have corroborated her findings. In the largest study, a survey of 3,687 women, Portuguese sex researcher Ana Carvalheira found that women who said that sex preceded desire outnumbered those who reported desire first by a margin of 2 to 1. Today, sex therapists increasingly accept Basson’s view that for many (if not most) women, desire is not the cause of sex, but its result.

But if women don’t feel lust before sex, why do they make love? According to Basson, it’s not primarily to have orgasms, but rather to share intimacy. This means men become intimate to gain sex, whereas women have sex to gain intimacy.

2000-ലും 2002-ലും, റോസ്മേരി ബാസൺ എന്ന ബ്രിട്ടീഷ് കൊളംബിയയിലെ ഒരു സൈക്യാട്രിസ്റ്റ്, ലൈംഗിക ബന്ധത്തിന്റെ പ്രാരംഭ ഘട്ടം “ലൈംഗികമായ നിശ്ചലത” (erotically neutral) അനുഭവിച്ചതായി റിപ്പോർട്ട് ചെയ്ത നൂറുകണക്കിന് സ്ത്രീകളെ അഭിമുഖം നടത്തി. ലൈംഗിക കേളികൾ (പുരുഷ പ്രേരിതമായി) തുടങ്ങുകയും, അത് ആസ്വദിക്കുക്കുകയും ചെയ്യുമ്പോൾ അവർക്ക് ചൂടുപിടിക്കുകയും അതിനെ പിന്തുടർന്ന് യഥാർത്ഥ ലൈംഗിക തൃഷ്ണ അനുഭവപ്പെടുകയും ചെയ്യുകയാണുണ്ടായത്.

തുടർന്നുള്ള വർഷങ്ങളിൽ, മറ്റ് ഗവേഷകരും ഈ കണ്ടെത്തലുകൾ സ്ഥിരീകരിച്ചു. ഏറ്റവും വലിയ പഠനങ്ങളിൽ ഒന്നിൽ, 3,687 സ്ത്രീകളിൽ നടത്തിയ ഒരു സർവേയിൽ, ലൈംഗികതയ്ക്ക് മുമ്പുള്ള, ലൈംഗിക തൃഷ്ണ ഉണ്ടെന്ന് പറയുന്ന സ്ത്രീകളേക്കാൾ, ലൈംഗികബന്ധം ആരംഭിച്ചതിന് ശേഷമാണ് ലൈംഗിക തൃഷ്ണ അനുഭവിച്ചത് എന്ന് റിപ്പോർട്ട് ചെയ്തവരാണ് അധികവും. ഒന്നിന് രണ്ട് എന്ന മാർജിനിൽ വരെ കൂടുതലാണ് ആദ്യ വിഭാഗത്തേക്കാൾ രണ്ടാമത്തെ വിഭാഗം എന്നാണ് പോർച്ചുഗീസ് ലൈംഗിക ഗവേഷകയായ അന കാർവൽഹീറ കണ്ടെത്തിയത്. ഇന്ന്, സെക്‌സ് തെറാപ്പിസ്റ്റുകൾ കൂടുതലായി ബാസന്റെ വീക്ഷണത്തെ അംഗീകരിക്കുന്നു. സ്ത്രീകളിൽ, ലൈംഗിക തൃഷ്ണയൊ ആഗ്രഹമോ അല്ല ലൈംഗികതയുടെ കാരണം, മറിച്ച് ലൈംഗികതയുടെ ഫലമാണ് ലൈംഗിക തൃഷ്ണ.

എന്നാൽ ലൈംഗികബന്ധത്തിന് മുമ്പ് സ്ത്രീകൾക്ക് കാമവികാരമില്ലെങ്കിൽ, അവർ എന്തിനാണ് ലൈംഗികതയിൽ ഏർപ്പെടുന്നത്? ബാസന്റെ അഭിപ്രായത്തിൽ, അതിന്റെ പ്രാഥമിക കാരണം രതിമൂർച്ഛ (orgasm) നേടുകയല്ല, മറിച്ച് അടുപ്പം പങ്കിടുക (share intimacy) എന്നതാണ്. ഇതിനർത്ഥം പുരുഷന്മാർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വേണ്ടി അടുപ്പമുള്ളവരാകുമ്പോൾ, സ്ത്രീകൾ അടുപ്പം നേടുന്നതിനായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു എന്നാണ്.

( https://www.aarp.org/home-family/sex-intimacy/info-2014/sexual-desire-and-gender-castleman.html )

ഈ പഠനങ്ങളിൽ നിന്ന് മനസ്സിലാക്കാവുന്ന ശ്രദ്ധേയമായ രണ്ട് വിവരങ്ങൾ ഇവയാണ്:

1. ലൈംഗിക തൃഷ്ണയുടെ കാര്യത്തിൽ സ്ത്രീയും പുരുഷനും വളരെ വലിയ അന്തരം പുലർത്തുന്നു. പുരുഷൻ ധാരാളമായി ലൈംഗിക ബന്ധങ്ങൾക്കായി ആഗ്രഹിക്കുമ്പോൾ സ്ത്രീകൾ വളരെ കുറവൊ ഇല്ലായ്മയൊ അനുഭവിക്കുന്നു.

2. പുരുഷ ലൈംഗികതയുടെ രേഖ തൃഷ്ണയിലൂടെ തുടങ്ങി, രതിമൂർച്ചയിൽ അവസാനിക്കുന്നു. സ്ത്രീയുടെ ലൈംഗികത, തൃഷ്ണയിലൂടെ അല്ല -ഭൂരിഭാഗവും- ആരംഭിക്കുന്നത്. ലൈംഗികതയിൽ ഏർപ്പെടുന്നതിന്റെ ഫലമായാണ് ലൈംഗികതൃഷ്ണ ഉടലെടുക്കുന്നത്.

ഈ പ്രകൃതിയെ നിഷേധിച്ചു കൊണ്ട് സ്ത്രീ പുരുഷ സമത്വ സിദ്ധാന്തം വിളമ്പുന്ന സമൂഹങ്ങളിൽ പൊരുത്തമില്ലാത്ത ലൈംഗിക ചോദനകളാൽ (sex drive discrepancy: SDD) ഉണ്ടാവുന്ന ദാമ്പത്യ പിണക്കങ്ങളും പിരിമുറുക്കങ്ങളും പിരിയലുകളും അൽപ്പമൊന്നുമല്ല.

Every 42 seconds, there is one divorce in America, That equates to 86 divorces per hour, 2,046 divorces per day, 14,364 divorces per week, and 746,971 divorces per year.

ഓരോ 42 സെക്കൻഡിലും അമേരിക്കയിൽ ഒരു വിവാഹമോചനം നടക്കുന്നു, മണിക്കൂറിൽ 86 വിവാഹമോചനങ്ങൾ, പ്രതിദിനം 2,046 വിവാഹമോചനങ്ങൾ, ആഴ്ചയിൽ 14,364 വിവാഹമോചനങ്ങൾ, പ്രതിവർഷം 746,971 വിവാഹമോചനങ്ങൾ. ( https://www.wf-lawyers.com/divorce-statistics-and-facts/ )

When couples report high sexual satisfaction, this contributes 15%-20% to their overall relationship satisfaction. But couples’ low sexual satisfaction accounts for 50% to a whopping 70% of their total relationship satisfaction, or lack thereof (Girard & Wooley, 2017).

ദമ്പതികൾ ഉയർന്ന ലൈംഗിക സംതൃപ്തി റിപ്പോർട്ട് ചെയ്യുമ്പോൾ, ഇത് അവരുടെ മൊത്തത്തിലുള്ള ബന്ധത്തിന്റെ സംതൃപ്തിക്ക് 15%-20% സംഭാവന ചെയ്യുന്നു. എന്നാൽ ദമ്പതികളുടെ കുറഞ്ഞ ലൈംഗിക സംതൃപ്തി അവരുടെ മൊത്തം ബന്ധത്തിന്റെ അസംതൃപ്തിയുടെ 50% മുതൽ 70% വരെയോ, അല്ലെങ്കിൽ അതിന്റെ സംതൃപ്തിയുടെ അഭാവമൊ സൂചിപ്പിക്കുന്നു. (Girard & Wooley, 2017).

(www.psychologytoday.com/us/blog/intersections/201912)

ചില ദമ്പതികളാകട്ടെ ലൈംഗിക ശൂന്യമായ ദാമ്പത്യത്തിലേക്ക് പൂർണമായും തള്ളപ്പെടുന്നു (!!) : There are varying definitions of a sexless marriage or sexless relationship: no sex in the past year, no sex in the past six months or sex 10 or fewer times a year. According to one study, approximately 15 percent of married couples are sexless: Spouses haven’t had sex with each other in the past six months to one year.

( https://www.google.com/amp/s/www.nytimes.com/2018/03/10/style/sexless-relationships-men-low-libido.amp.html )

ലൈംഗികാഭിലാഷം കുറയുന്നതാണ് ലൈംഗിക പ്രശ്‌നങ്ങളുടെ ഏറ്റവും സാധാരണമായ സ്രോതസ് എന്നതിന് പുറമെ ഒരു ദാമ്പത്യത്തിലെ ബന്ധത്തിലെ പ്രണയം, കുറയുന്നതിന് കാരണമായി നിലകൊള്ളുന്നു എന്നതിനാൽ തന്നെ ലൈംഗികാഭിലാഷത്തിലെ പൊരുത്തക്കേട് ഏറ്റവും ഗുരുതരമായ ദാമ്പത്യ പ്രശ്നമായി കണക്കാക്കപ്പെടുന്നു. (Mark, 2015).

(www.psychologytoday.com/us/blog/intersections/201912)

അഥവാ പ്രണയശൂന്യമായ, നരകതുല്യമായ ദാമ്പത്യ ജീവിതമാണ്, ലൈംഗിക ശൂന്യമായ ദാമ്പത്യത്തിന്റെ മറുപുറം.

ഇത്തരം തീക്ഷ്ണമായ പരിണിതഫലങ്ങൾ ഒഴിവാക്കാൻ പല പരിഹാര മാർഗങ്ങൾ ലൈംഗിക ശാസ്ത്രവും മനശ്ശാസ്ത്രവും പഠന വിധേയമാക്കിയിട്ടുണ്ട്. അവയിൽ ഏറ്റവും പ്രഥമവും പ്രധാനവുമായ മാർഗം ഇണകൾ/ദമ്പതികളും പരസ്പരം അനുരഞ്ജന രതിക്ക് തയ്യാറാവുക എന്നതു തന്നെയാണ്.

Make compromises

Sometimes, some people are just not as sexual as their partners. A person with low libido can meet their partner halfway by still engaging in sex despite having a low sex drive.

A 2015 study found that partners with high communal strength or those who are motivated to care about and be more responsive to their partners reported enhanced sexual and relationship satisfaction.

However, couples willing to compromise are not restricted to sex. They can also consider alternatives.

In a 2020 studyTrusted Source on couples’ strategies for dealing with differences in sexual desire, masturbation is the most common strategy reported by participants.

Other alternatives to penetrative sex include oral sex, manual stimulation, and using sex toys on each other. Couples can also engage in activities that may trigger desire, such as watching intimate movies together.

പരസ്പര വിട്ടുവീഴ്ചകൾ ചെയ്യുക:

ചിലപ്പോൾ, ചിലർ അവരുടെ പങ്കാളികളെപ്പോലെ ലൈംഗിക അഭിലാഷമൊ ചോദനയൊ പുലർത്തുന്നവരാകില്ല. കുറവാണെങ്കിലും ലൈംഗികതയിൽ ഏർപ്പെടുന്നതിലൂടെ ലിബിഡോ കുറവുള്ള ഒരാൾക്ക് പങ്കാളിയുമായി പാതിവഴിയിൽ സന്ധിക്കാൻ സാധിക്കുന്നതാണ്.

ഉയർന്ന സാമൂഹ്യബദ്ധതയുള്ള, അല്ലെങ്കിൽ സ്വന്തം പങ്കാളികളോട് കൂടുതൽ പരിപാലന ക്ഷമതയും പ്രതികരണാത്മകതയും പുലർത്തുന്ന വ്യക്തികളിൽ മെച്ചപ്പെട്ട ലൈംഗിക ജീവിതവും, ബന്ധങ്ങളിൽ കൂടുതൽ സംതൃപ്തിയും റിപ്പോർട്ട് ചെയ്തതായി 2015 ലെ ഒരു പഠനം കണ്ടെത്തി.

( https://www.medicalnewstoday.com/articles/mismatched-sex-drives#management-techniques )

മനശാസ്ത്രജ്ഞർ മുന്നോട്ടു വച്ച ഈ പരിഹാരമാർഗം ആത്മീയമായ മാനത്തോടെ അവതരിപ്പിക്കുകയല്ലെ ഹദീസ് ചെയ്തത് ?! ഈ സ്ത്രീ വിരുദ്ധ – പുരുഷാധിപത്യ ആരോപണങ്ങൾക്കൊന്നും ഒരു കഴമ്പുമില്ലെന്നും സ്ത്രീ പുരുഷ ലൈംഗിതയുടേയും ലൈംഗിക തൃഷ്ണയുടേയും പ്രകൃതി വ്യതിരിക്തതയും അവ തമ്മിൽ ഇണക്കേണ്ടത് എങ്ങനെയാണെന്നും 1400 വർഷങ്ങൾക്ക് മുമ്പ് തിരിച്ചറിയുകയും പരിഹാരമാർഗ്ഗവും ഒപ്പം അതിന് വിശ്വാസിയായ സ്ത്രീക്കുള്ള ആത്മീയമായ പ്രേരണയും പ്രോത്സാഹനവും നൽകി മാർഗദർശനം അവതരിപ്പിച്ചു എന്നുള്ളതാണോ ഹദീസിലെ അപരാധം ?!

3. ലൈംഗിക തൃഷ്ണ എന്നത് സ്ത്രീകളുടെ കാര്യത്തിൽ ലൈംഗിക ബന്ധത്തിന്റെ അനന്തരഫലമാണെന്ന് പഠനങ്ങൾ സൂചിപ്പിച്ചുവല്ലൊ. സ്ത്രീ ലൈംഗികതയിൽ ഏർപ്പെടുന്നതിലൂടെയാണ് സാധാരണയായി ലൈംഗിക തൃഷ്ണ നേടിയെടുക്കുക. അത് ദമ്പതികൾക്കിടയിലെ ലൈംഗിക സംതൃപ്തിയിലേക്കും തുടർന്ന് ദാമ്പത്യ ജീവിതത്തിലെ മൊത്തം സംതൃപ്തിയിലേക്കും നയിക്കുന്നു. ഇവയെല്ലാം പരസ്പര ബന്ധിതമായ ദാമ്പത്യ ബിന്ദുക്കളാണ്. അപ്പോൾ ന്യായമായ കാരണങ്ങളൊന്നും കൂടാതെ, ലൈംഗിക തൃഷ്ണയൊ താൽപര്യമൊ അനുഭവപ്പെടുന്നില്ല എന്ന കാരണത്താൽ മാത്രം ഇണക്ക് രതി നിഷേധിക്കുന്ന ഒരു സ്ത്രീ പ്രണയ പൂർണമായ ഒരു ദാമ്പത്യ ജീവിതമാണ് സ്വയം നിരാകരിക്കുന്നത്.

ഹദീസിൽ മലക്കുകളുടെ എതിർപ്പിന് വിധേയയാവുന്ന സ്ത്രീ ഭർത്താവിന് ഈ രതി നിഷേധിക്കുക മാത്രമല്ല ചെയ്യുന്നത്. സ്ത്രീ പുരുഷ ലൈംഗിക തൃഷ്ണയെ സംബന്ധിച്ച അവളുടെ അജ്ഞതയൊ അവജ്ഞയൊ പ്രണയനിർഭരമായ ഒരു ദാമ്പത്യ ജീവിതത്തെ അസാധ്യമാക്കുന്നു. തന്റെ സാന്നിധ്യം പോലും നിഷേധിച്ചു കൊണ്ട് വിരിപ്പിലേക്ക് പോലും വരാതെ, പരിസരത്തു പോലും നിൽക്കാനുള്ള സഹിഷ്ണുത കാണിക്കാത്ത ഒരു സ്ത്രീയെ സംബന്ധിച്ചാണ് ഹദീസ് സംസാരിക്കുന്നത്:

إِذَا بَاتَتِ المَرْأَةُ، هَاجِرَةً فِرَاشَ زَوْجِهَا “ഒരു സ്ത്രീ, തന്റെ ഇണയുടെ വിരിപ്പ് ബഹിഷ്ക്കരിച്ച് രാത്രി മുഴുവൻ കഴിച്ചു കൂട്ടിയാൽ…” (സ്വഹീഹു മുസ്‌ലിം: 1436) എന്ന് ഹദീസിന്റെ പദങ്ങളിൽ വന്നിരിക്കുന്നു.

കേവലം ലൈംഗികവേഴ്‌ച (sexual intercourse) മാത്രമല്ല അവൾ ഭർത്താവിന് നിഷേധിക്കുന്നത് എന്ന് വ്യക്തം. ലൈംഗിക ചോദനയിലെ പൊരുത്തക്കേടിന് പരിഹാരമായി മനശ്ശാസ്ത്രജ്ഞർ നിർദേശിച്ച – ലൈംഗികവേഴ്‌ചക്ക് പകരമായ – (alternatives) ലൈംഗിക കേളികൾക്കും പ്രണയലീലകൾക്കും ഒന്നും ഹദീസിൽ പറയപ്പെട്ട സ്ത്രീ ഒരുക്കമല്ല എന്നർത്ഥം. ഇവിടെ പുരുഷൻ അവന്റെ പ്രകൃതിയനുസ്സരിച്ച് നിസ്സഹായനായി പരിണമിക്കുകയും ചെയ്യുന്ന ദുരവസ്ഥ പല ദാമ്പത്യങ്ങളിലും നിലനിൽക്കുന്നു. ഈ സവിശേഷ സാഹചര്യത്തെ പരിഗണിച്ചു കൊണ്ടുള്ള മാർഗ്ഗനിർദ്ദേശമാണ് ഹദീസിന്റെ ഉള്ളടക്കം.

3.സ്ത്രീകളിലാണ് ഈ രതി നിഷേധ പ്രവണത കൂടുതൽ എന്നതിനാലും പുരുഷന്മാരാണ് ലൈംഗിക തൃഷ്ണയുടെ കാര്യത്തിൽ പ്രകൃതിപരമായി മുന്തി നിൽക്കുന്നത് എന്നതിനാലുമാണ് സ്ത്രീകളെ ശക്തമായി പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള പ്രതിബാധന ശൈലി ഹദീസ് വന്നിരിക്കുന്നത്.

ﻭَﻓِﻴﻪِ ﺃَﻥَّ ﺻَﺒْﺮَ اﻟﺮﺟﻞ ﻋَﻠَﻰ ﺗَﺮْﻙِ اﻟْﺠِﻤَﺎﻉِ ﺃَﺿْﻌَﻒُ ﻣِﻦْ ﺻَﺒْﺮِ اﻟْﻤَﺮْﺃَﺓِ ﻗَﺎﻝَ ﻭَﻓِﻴﻪِ ﺃَﻥَّ ﺃَﻗْﻮَﻯ اﻟﺘَّﺸْﻮِﻳﺸَﺎﺕِ ﻋَﻠَﻰ اﻟﺮَّﺟُﻞِ ﺩَاﻋِﻴَﺔُ اﻟﻨِّﻜَﺎﺡِ ﻭَﻟِﺬَﻟِﻚَ ﺣَﺾَّ اﻟﺸَّﺎﺭِﻉُ اﻟﻨِّﺴَﺎءَ ﻋَﻠَﻰ ﻣُﺴَﺎﻋَﺪَﺓِ اﻟﺮِّﺟَﺎﻝِ ﻓِﻲ ﺫَﻟِﻚَ

“സ്ത്രീകളേക്കാൾ ലൈംഗിക ബന്ധം ഉപേക്ഷിക്കുന്ന കാര്യത്തിൽ ദുർബലർ പുരുഷന്മാരാണ്. ആസക്തിയാകട്ടെ സ്ത്രീകളേക്കാൾ പുരുഷന്മാർക്കാണ് പ്രബലം. അപ്പോൾ അക്കാര്യത്തിൽ പുരുഷന്മാരെ സഹായിക്കാനും അവരോട് കരുണ ചെയ്യാനും സ്ത്രീകൾക്ക് പ്രോത്സാഹനം നൽകപ്പെട്ടു.” (ഫത്ഹുൽ ബാരി: 9:294)

എന്നിരുന്നാലും രതി നിഷേധ പ്രവണത പുരുഷന്മാരിലും ഇസ്‌ലാം അനുവദിക്കുന്നില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത.

പ്രവാചകൻ ചില ദിവസങ്ങൾ ഉറക്കമിളച്ച് നമസ്ക്കരിക്കുകയും ചില ദിവസങ്ങൾ ഭാര്യമാരുമൊത്ത് ഉറങ്ങുകയും ചെയ്യുമായിരുന്നു എന്ന് അറിഞ്ഞ ചില അനുചരർ വിവാഹം ചെയ്യില്ലെന്നും രാത്രി മുഴുവൻ ആരാധനാനിമഗ്നരായി കഴിയുമെന്നും ശപഥം ചെയ്യുകയുണ്ടായി. ഇതറിഞ്ഞ പ്രവാചകൻ (സ) കോപിഷ്ടനാവുകയും ഇത്തരം ബ്രഹ്മചര്യ പ്രവണതകളെയും വിരക്തിയെയും നിശിതമായി വിമർശിക്കുകയുണ്ടായി:

فمَن رغِب عن سنَّتي فليس منِّي

“എന്റെ ചര്യയെ ആരാണോ വെറുക്കുന്നത് അവൻ എന്നിൽ പെട്ടവനല്ല.” (സ്വഹീഹുൽ ബുഖാരി: 5063)

പുരുഷന് രതി നിഷേധിച്ച സ്ത്രീക്കെതിരെ മലക്കുകൾ പ്രാർത്ഥിക്കുമെന്നാണ് ഹദീസിൽ സൂചിപ്പിക്കപ്പെട്ടതെങ്കിൽ, സ്ത്രീക്ക് രതി നിഷേധിക്കുന്ന പുരുഷന്മാർ “എന്നിൽ പെട്ടവനല്ല” എന്ന്, കൂടുതൽ ഗുരുതരമായ പദപ്രയോഗമാണ് ഹദീസ് നടത്തിയിരിക്കുന്നത് എന്നത് ഈ ‘സ്ത്രീ പക്ഷ വായകർ’ ആരും ശ്രദ്ധിച്ചിട്ടില്ല !!

ﺃَﻥَّ ﺳَﻠْﻤَﺎﻥَ اﻟْﻔَﺎﺭِﺳِﻲَّ ﻗَﺎﻝَ ﻷَِﺑِﻲ اﻟﺪَّﺭْﺩَاءِ ﺇﻥْ ﻟِﺠَﺴَﺪِﻙَ ﻋَﻠَﻴْﻚَ ﺣَﻘًّﺎ، ﻭَﺇِﻥَّ ﻷَِﻫْﻠِﻚَ ﻋَﻠَﻴْﻚ ﺣَﻘًّﺎ، ﺃَﻋْﻂِ ﻛُﻞَّ ﺫِﻱ ﺣَﻖٍّ ﺣَﻘَّﻪُ: ﺻُﻢْ، ﻭَﺃَﻓْﻄِﺮْ، ﻭَﻗُﻢْ، ﻭَﻧَﻢْ، ﻭَﺃْﺕِ ﺃَﻫْﻠَﻚَ ﻓَﺄَﺧْﺒَﺮَ ﺃَﺑُﻮ اﻟﺪَّﺭْﺩَاءِ ﺑِﺬَﻟِﻚَ ﺭَﺳُﻮﻝَ اﻟﻠَّﻪِ – ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ – ﻓَﻘَﺎﻝَ ﻟَﻪُ ﺭَﺳُﻮﻝُ اﻟﻠَّﻪِ – ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ – ﻣِﺜْﻞَ ﻗَﻮْﻝِ ﺳَﻠْﻤَﺎﻥَ» .

തന്റെ ഭാര്യയിലും ലൈംഗികതയിലും വിരക്തനായി ആരാധനകളിൽ മാത്രം മുഴുകിയ അബൂദർദാഇനോട് സൽമാനുൽ ഫാരിസി ഇപ്രകാരം ഉപദേശിക്കുകയുണ്ടായി: “തീർച്ചയായും നിന്റെ ശരീരത്തിന് നിന്റെ മേൽ അവകാശമുണ്ട്, തീർച്ചയായും നിന്റെ ഭാര്യക്ക് നിന്റെ മേൽ അവകാശമുണ്ട്. ഓരോ അവകാശിക്കും അവരുടെ അവകാശങ്ങൾ വകവെച്ച് നൽകുക. അതുകൊണ്ട് നീ നോമ്പ് നോൽക്കുകയും ചില ദിവസങ്ങൾ നോമ്പ് നോൽക്കാതിരിക്കുകയും ചെയ്യുക. നീ രാത്രി നമസ്ക്കരിക്കുക. (ചില ദിവസങ്ങൾ ഭാര്യയോടൊന്നിച്ച്) ഉറങ്ങുകയും ചെയ്യുക.” ഇത് കേട്ട അബൂദർദാഅ് അല്ലാഹുവിന്റെ ദൂതനരികിൽ ചെന്ന് സൽമാനുൽ ഫാരിസിയുടെ ഉപദേശത്തെ സംബന്ധിച്ച് അറിയിച്ചു. അപ്പോൾ അല്ലാഹുവിന്റെ ദൂതനും അതു തന്നെ അബൂദർദാഇനെ ഉപദേശിച്ചു. (അൽ മുഹല്ല: 9:175)

4. “തന്നിമ്മിത്തം ഭർത്താവ് രാത്രി മുഴുവൻ അവളോട് കോപിച്ചവളായി കഴിച്ചു കൂട്ടുകയും ചെയ്തു…” എന്ന വാചകത്തിന്റെ വെളിച്ചത്തിൽ നിന്നും അല്ലാതെയും കാരണങ്ങളൊന്നും കൂടാതെ ഭാര്യമാർ ലൈംഗികത നിഷേധിക്കുന്നതാണ് ഇവിടെ ഉദ്ദേശം എന്ന് ഹദീസ് വിശാരദർ സകലരും വ്യക്തമാക്കിയിട്ടുണ്ട്.” ( ഫത്ഹുൽ ബാരി: 9:294, ഔനുൽ മഅ്ബൂദ്: ഇബ്നുൽ കയ്യിം: 6:126, ഫൈദുൽ കദീർ: 1:344 )

കാരണം, ന്യായമായ കാരണങ്ങളോടെയാണ് ലൈംഗിക ബന്ധത്തിൽ നിന്ന് ഭാര്യ വിട്ടു നിൽക്കുന്നതെങ്കിൽ “തന്നിമ്മിത്തം ഭർത്താവ് രാത്രി മുഴുവൻ അവളോട് കോപിച്ചവളായി കഴിച്ചു കൂട്ടുക…” യില്ലല്ലൊ.

ന്യായമായ കാരണങ്ങളൊന്നും കൂടാതെ ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ടു നിൽക്കുന്ന സാഹചര്യത്തിലാണ് സ്ത്രീ വിമർശന വിധേയയാവുന്നത് എന്ന് ഈ ഹദീസിന്റെ സൂചനകളുടെ വെളിച്ചത്തിൽ ഇമാം ദഹബി, റാഫിഈ, നവവി, ഇബ്നുർ രിഫ്അ, ഹൈതമി എന്നിങ്ങനെ ഒട്ടനവധി ഹദീസ് പണ്ഡിതർ വ്യക്തമാക്കുന്നുമുണ്ട്… (മൗസൂഅതുൽ ഫിക്ഹിയ്യ അൽ കുവൈതിയ്യ: 38:44)

(ﻓﻠﻢ ﺗﺄﺗﻪ) ﻧ ﻏﻴﺮ ﻋﺬﺭ ﺑﻬﺎ ﺗﺎﺭﻛﺔ (ﻓﺮاﺵ ﺯﻭﺟﻬﺎ) ﺑﻐﻴﺮ ﻣﺎﻧﻊ ﻣﻦ ﻣﺮﺽ ﺃﻭ اﻣﺘﻨﺎﻉ ﻟﺘﺴﻠﻢ ﺻﺪاﻕ ﺣﺎﻝ ﻋﻘﺪﺕ ﻋﻠﻴﻪ

“രോഗം, ഭർത്താവിന്റെ കൃത്യവിലോപം തുടങ്ങി മതപരമായ മറ്റു കാരണങ്ങൾ ഒന്നും കൂടാതെ രതി നിഷേധിക്കുമ്പോഴാണ് സ്ത്രീ കുറ്റക്കാരിയായി മാറുന്നത്” എന്നും അവർ വ്യക്തമാക്കി. (ദലീലുൽ ഫാലിഹീൻ ലിത്വുറുക്വി റിയാദുസ്വാലിഹീൻ: 3:110)

കുറിപ്പുകൾ

1. ഹദീസിലെ (لَعَنَتْهَا المَلَائِكَةُ) എന്ന വാചകം ശ്രദ്ധ അർഹിക്കുന്നുണ്ട്. “മലക്കുകൾ അവളെ ശപിക്കും” എന്ന് പരിഭാഷ ചെയ്യപ്പെടാറുണ്ടെങ്കിലും അറബി ഭാഷയിൽ ‘ലഅനത്ത്’ (لعنة) എന്ന പദത്തിന്റെ യഥാർത്ഥ അർത്ഥമെന്താണെന്ന് നാം മനസ്സിലാക്കണം. പരിഭാഷാർത്ഥം (ശാപം) പൂർണമായും ആ പദത്തിനെ ഉൾക്കൊള്ളുന്നില്ല. ‘ലഅനത്ത്’ (لعنة) എന്ന പദത്തിന്റെ വിവക്ഷ “ദൈവ കാരുണ്യത്തിൽ നിന്ന് അകലുക” (الطرد من رحمة الله) എന്നാണ്. (അനീസുൽ ഫുകഹാ: 162, കശ്ശാഫ്: 2:577, അൽകുല്ലിയാത്ത്: 1278)

അപ്പോൾ “മലക്കുകൾ അവളെ ‘ലഅനത്ത്’ (لعنة) ചെയ്യും” എന്നാൽ “ദൈവ കാരുണ്യത്തിൽ നിന്ന് അവൾ അകലട്ടെ” എന്ന് മലക്കുകൾ പ്രാർത്ഥിക്കും എന്നർത്ഥം. തനിക്ക് ആസക്തിയൊ ഭാവ നിലയൊ ഇല്ലാതെ ലൈംഗിക ബന്ധത്തിന് ഒരുക്കമല്ലെന്ന് ശഠിക്കുകയും ഭർത്താവിന്റെ പുരുഷ പ്രകൃതി പരിഗണിക്കാതിരിക്കുകയും യാതൊരു നിലയിലും അയാളോട് ‘കരുണ’ കാണിക്കാതിരിക്കുകയും ചെയ്യുന്ന ഒരു സ്ത്രീക്ക് ദൈവവും ‘കരുണ’ കാണിക്കരുതേ എന്ന് പ്രാർത്ഥിക്കുകയാണ് ഇവിടെ മലക്കുകൾ ചെയ്യുന്നത്. ഇതിൽ എവിടെയാണ് ഗാർഹീക പീഢനവും ദാമ്പത്യ ബലാൽസംഘവും ?!

പ്രാർത്ഥനയൊക്കെ പീഢനത്തിന്റെ ഒരു രൂപമായി നാസ്തികർ അവകാശപ്പെടുന്നത് വലിയ കോമഡിയാണ്. അതും, പ്രാർത്ഥിക്കുന്നതാവട്ടെ ഭർത്താവല്ല, മറിച്ച് ആത്മീയ ജീവികളായ മലക്കുകളാണ്. ആത്മാവിലും അഭൗതികതകളിലും വിശ്വാസമില്ലെങ്കിലും മലക്കുകളുടെ ന്യായമായ ഈ പ്രാർത്ഥന നാസ്തികർക്ക് പീഢനമുറയാണ്.

വിമർശനം:

അടിമ സ്ത്രീകളെ വിവസ്ത്രരാക്കാനും ഇഷ്ടാനുസാരം ശരീരാവയവങ്ങൾ സ്പർശിക്കുവാനും ഇസ്‌ലാം അനുവദിച്ചുവെന്ന് ഹദീസുകളിൽ ഇല്ലേ ?

മറുപടി:

അടിമ സ്ത്രീകളെ വേശ്യാവൃത്തിക്കും അശ്ലീലതകൾക്കും വിധേയരാക്കിയിരുന്ന ഒരു കാലഘട്ടത്തിൽ ലൈംഗിക ശുദ്ധി കാത്തുസൂക്ഷിക്കാനുള്ള അവരുടെ അവകാശത്തിനായി ഘോരമായി ശബ്ദിക്കുകയും നിയമങ്ങൾ ആവിഷ്കരിക്കുകയും ചെയ്ത മതമാണ് പരിശുദ്ധ ഇസ്‌ലാം.

“നിങ്ങളുടെ അടിമസ്ത്രീകള്‍ ചാരിത്രശുദ്ധിയോടെ ജീവിക്കാന്‍ അഗ്രഹിക്കുന്നുണ്ടെങ്കില്‍ ഐഹികജീവിതത്തിന്‍റെ വിഭവം ആഗ്രഹിച്ചു കൊണ്ട് നിങ്ങള്‍ അവരെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കരുത്‌…” (ഖുർആൻ: 24:33)

അന്യ സ്ത്രീകളെ ഇഷ്ടാനുസാരം വിവസ്ത്രരാക്കാനും ശരീരാവയവങ്ങൾ സ്പർശിക്കുവാനും പോയിട്ട് ഒന്ന് തൊടുന്നത് പോലും ഇസ്‌ലാം വിലക്കിയിട്ടുണ്ട്.

لَأنْ يُطعَنَ في رأسِ رجلٍ بِمِخْيَطٍ من حديدٍ خيرٌ من أن يمَسَّ امرأةً لا تَحِلُّ له

“നിന്റെ ശിരസ്സിൽ ഒരു ഇരുമ്പിന്റെ ആണികൊണ്ട് കുത്തി തറക്കുന്നതാണ് നിനക്ക് അനുവദനീയമല്ലാത്ത ഒരു സ്ത്രീയെ സ്പർശിക്കുന്നതിനേക്കാൾ നിനക്ക് നല്ലത്.” (ത്വബ്റാനി: 487, മുസ്നദു റുയാനി: 1283) എന്നാണ് മുഹമ്മദ് നബി (സ) മുസ്‌ലിംകളെ പഠിപ്പിച്ചത്.

ﻗَﺎﻝَ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: ﻻَ ﺗَﺤْﻤِﻠُﻮا اﻟﻨِّﺴَﺎءَ ﻋَﻠَﻰ ﻣَﺎ ﻳَﻜْﺮَﻫْﻦَ

“സ്ത്രീകളെ അവർ വെറുക്കുന്നത് ചെയ്യാൻ നിങ്ങൾ നിർബന്ധിക്കരുത്.” (മുസ്വന്നഫ് അബ്ദുർ റസാഖ്: 10320) എന്നും മുഹമ്മദ് നബി (സ) പഠിപ്പിച്ചിട്ടുണ്ട്.

ഇക്കാര്യങ്ങളിലെല്ലാം സ്വതന്ത്ര സ്ത്രീകളും അടിമ സ്ത്രീകളും സമമാണ്.

“സ്വതന്ത്ര സ്ത്രീകളുടെ കാര്യത്തിൽ നിഷിദ്ധമായവ അടിമ സ്ത്രീകളുടെ വിഷയത്തിലും നിഷിദ്ധമാണ്” എന്നാണ് പ്രവാചകാനുചരന്മാർ (റ) മനസ്സിലാക്കിയിട്ടുള്ളതും. (അൽ ഉമ്മ്: ഇമാം ശാഫിഈ: 5:3)

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും, ഇസ്‌ലാമിലെ പ്രമാണങ്ങളായ ക്വുർആനും സ്വഹീഹായ ഹദീസുകളും മറച്ചു പിടിച്ച് പകരം കുറേ കള്ള കഥകളും ദുർബല നിവേദനങ്ങളും സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്ന ഉദ്യമത്തിൽ വിരാജിക്കുകയാണ് ഇസ്‌ലാമോഫോബിയക്കാർ.

അടിമ സ്ത്രീകളെ വിവസ്ത്രരാക്കാനും ഇഷ്ടാനുസാരം ശരീരാവയവങ്ങൾ സ്പർശിക്കുവാനും ഇസ്‌ലാം അനുവദിച്ചുവെന്ന് വരുത്തി തീർക്കാൻ ഉദ്ധരിക്കുന്ന നിവേദനങ്ങളാകട്ടെ സാങ്കേതികമായി ഹദീസുകൾ പോലുമല്ല !! ‘അറബി കിതാബു’കളിൽ ഉള്ളതെല്ലാം ഇസ്‌ലാമാണെന്നും മുസ്‌ലിംകൾക്കിടയിൽ അറബിയിലെ വരികൾക്കെല്ലാം ആത്മീയ പ്രാധാന്യമുണ്ട് എന്നും വിശ്വസിക്കുന്ന നിലയിലേക്ക് കൂപ്പ് കുത്തി പോയോ ഇസ്‌ലാം – നാസ്തികത സംവാദങ്ങൾ?!! ഗവേഷണാത്മകതയുടെയും വൈജ്ഞാനിക ധർമ്മത്തിന്റെയും ഒരു കണിക പോലും നിങ്ങളുടെ ഇസ്‌ലാം അവലോകനത്തിൽ ബാക്കി ഇല്ലാതായി പോയോ?

പ്രതിപക്ഷ മര്യാദ അന്യംനിന്നു പോയിട്ടില്ലാത്തവർക്ക് വേണ്ടി ഇസ്‌ലാമിന്റെ രണ്ട് അടിസ്ഥാന തത്ത്വങ്ങൾ അടങ്ങുന്ന ഒരു ലേഖനം ഇവിടെ ചേർത്തു വെക്കട്ടെ:

വിമർശകർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന നിവേദനങ്ങളുടെ റെഫറൻസും നിവേദക പരമ്പരകളും ആദ്യം ചർച്ചാവിധേയമാക്കാം:

പരമ്പര: 1 മുസ്വന്നഫ് അബ്ദുർറസാക്: 13208

13208 – عبد الرزاق عن بن جريج قال أخبرنى من أصدق عمن سمع عليا يسأل عن الأمة تباع أينظر إلى ساقها وعجزها وإلى بطنها قال لا بأس بذلك لا حرمة لها إنما وقفت لنساومها

അടിമ സ്ത്രീയെ വാങ്ങുമ്പോൾ അവളുടെ തണ്ടങ്കാലും അരയും നോക്കാം എന്ന് അലി (റ) അനുവാദം നൽകിയതായ നിവേദനം…

പരമ്പരയിലെ ഇബ്നു ജുറൈജ് ഉദ്ധരിക്കുന്നത് ഒരു ‘മജ്ഹൂൽ’ (അജ്ഞാതൻ) ൽ നിന്നാണ് ആ ‘മജ്ഹൂൽ’ ഉദ്ധരിക്കുന്നത് മറ്റൊരു ‘മജ്ഹൂൽ’ (അജ്ഞാതൻ) ൽ നിന്നും.!!! പരമ്പര വളരെ ദുർബലം.

പരമ്പര: 2 മുസ്വന്നഫ് അബ്ദുർറസാക്: 13206

13206 – عبد الرزاق عن بن جريج عن رجل عن بن المسيب أنه قال يحل له أن ينظر إلى كل شيء فيها ما عدا فرجها

താബിഈ പണ്ഡിതനായ (ഒരു പണ്ഡിതന്റെ അഭിപ്രായം !) സഈദിബ്നുൽ മുസ്വയ്യിബിലേക്ക് ചേർക്കപ്പെടുന്ന മറ്റൊരു നിവേദനം…

പരമ്പരയിൽ ഇബ്നു ജുറൈജ് ഉദ്ധരിക്കുന്നത് ഒരു ‘മജ്ഹൂൽ’ (അജ്ഞാതൻ) ൽ നിന്നാണ്. പരമ്പര അങ്ങേയറ്റം ദുർബലം.

പരമ്പര: 3 മുസ്വന്നഫ് അബ്ദുർറസാക്: 13207

13207 – عبد الرزاق عن الثوري عن جابر عن الشعبي قال إذا كان الرجل يبتاع الأمة فإنه ينظر إلى كلها إلا الفرج

താബിഈ പണ്ഡിതനായ (ഒരു പണ്ഡിതന്റെ അഭിപ്രായം !) ശുഅ്ബിയിലേക്ക് ചേർക്കപ്പെട്ട അഭിപ്രായം…

പരമ്പരയിലെ ജാബിർ അൽ ജഅ്ദി ശീഈയും നുണയനായി അരോപിക്കപ്പെട്ട വ്യക്തിയുമാണെന്ന് ഒട്ടനവധി ഹദീസ് വിശാരദർ വ്യക്തമാക്കിയിട്ടുണ്ട്. (തഹ്ദീബുൽ കമാൽ: മിസ്സി: 4:468)

പരമ്പര: 4 മുസ്വന്നഫ് ഇബ്നു അബീ ശൈബ: 2662 (29)

نا علي بن مسهر عن عبيد الله عن نافع عن ابن عمرأنه كان إذا أراد أن يشتري الجارية وضع يده على أليتيها أو بين فخذها وربما كشف عن ساقيها

ഇബ്നു ഉമറിലേക്ക് ചേർത്തി ഉദ്ധരിക്കപ്പെട്ട സമാനമായ ഒരു നിവേദനം…

പരമ്പരയിൽ ‘അലിയ്യുബ്നു മുസ്ഹിർ’ എന്ന റാവി അന്ധത ബാധിച്ചതിനു ശേഷം ധാരാളം ഒറ്റപ്പെട്ട, അസ്വീകാര്യമായ നിവേദനങ്ങൾ ഉദ്ധരിക്കുമായിരുന്നു എന്ന് വിമർശിക്കപ്പെട്ടിട്ടുണ്ട്. (തക്’രീബു തഹ്ദീബ്: 1:703)

പരമ്പര: 5 മുസ്വന്നഫ് അബ്ദുർറസാക്: 13200

13200 – عبد الرزاق عن عبد الله بن عمر عن نافع عن ابن عمر، ومعمر عن أيوب عن نافع عن ابن عمر، كان إذا أراد أن يشتري جارية، فراضاهم على ثمن، وضع يده على عجزها، وينظر إلى ساقيها، وقبلها، يعني بطنها

മൂന്ന് പരമ്പരകൾ ഈ നിവേദനത്തിൽ സമന്വയിപ്പിക്കപ്പെട്ടിട്ടുണ്ട്.

ഒന്നാമത്തെ പരമ്പര: عَنْ عَبْدِ اللَّهِ بْنِ عُمَرَ ، عَنْ نَافِعٍ ، عَنِ ابْنِ عُمَرَ

ഈ പരമ്പരയിൽ സ്മരിക്കപ്പെടുന്ന ഇബ്നു ഉമർ, അബ്ദുല്ലാഹിബ്നു ഉമർ എന്ന പ്രവാചക അനുചരനല്ല. അബ്ദുല്ലാഹിബ്നു ഉമർ ബിൻ ഹഫ്സ് എന്ന പിൻ തലമുറക്കാരനായ ഒരു വ്യക്തിയാണ്. (പ്രവാചകാനുചരനായ ഇബ്നു ഉമറിലേക്ക് ചേർത്തു കൊണ്ട് ഇത്തരമൊരു ആരോപണം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ആ പരമ്പരയെ സംബന്ധിച്ച ചർച്ച തുടർന്ന് വരുന്നുണ്ട് എന്ന് സാന്ദർഭികമായി സൂചിപ്പിക്കട്ടെ). ഇദ്ദേഹം ദുർബലനാണെന്നും ഇദ്ദേഹത്തിൽ നിന്ന് ഹദീസ് ഉദ്ധരിച്ചു കൂട എന്നും ഇബ്നുൽ മദീനി, യഹ്‌യൽ കത്വാൻ തുടങ്ങി പണ്ഡിതർ സൂചിപ്പിച്ചിട്ടുണ്ട്. (സിയറു അഅ്ലാമിന്നുബലാഅ്: 7: 340)

രണ്ടാമത്തെ പരമ്പര: وَمَعْمَرٍ ، عَنْ أَيُّوبَ ، عَنْ نَافِعٍ ، عَنِ ابْنِ عُمَرَ

പരമ്പരയിലെ മഅ്മർ ഇറാഖുകാരിൽ നിന്ന് ഉദ്ധരിക്കുന്നത് ‘ദഈഫ്’ ദുർബലമാണെന്ന് ഹദീസ് നിരൂപണ ശാസ്ത്ര പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്. ( ശർഹു ഇലലു തുർമുദി: ഇബ്നു റജബ്: 2: 774)

മഅ്മർ ‘ഇറാഖു’കാരനായ ‘അയ്യൂബ് അസ്സഖ്തിയാനി’യിൽ നിന്ന് (സിയറു അഅ്ലാമിന്നുബലാഅ്: 6:16) ഉദ്ധരിക്കുന്നതായാണ് പരമ്പര. അതിനാൽ തന്നെ ദുർബലവും.

മൂന്നാമത്തെ നിവേദനം: عَنْ مَعْمَرٍ ، عَنِ الزُّهْرِيِّ ، عَنْ سَالِمٍ ، عَنِ ابْنِ عُمَرَ مِثْلَهُ

ഈ പരമ്പരയിൽ രണ്ട് ന്യൂനതകൾ ഉണ്ട്. ഒന്നാമതായി പരമ്പരയുടെ ഉള്ളടക്കം എന്താണെന്ന് കൃത്യമായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. രണ്ടാമതായി, പരമ്പരയിലെ റാവിയായ ഇമാം സുഹ്‌രി, നേരിട്ട് കേട്ടു എന്ന് വ്യക്തമായി സൂചിപ്പിക്കുന്ന പദം ഉപയോഗിക്കാത്തതിനാൽ സനദ് ‘മുദല്ലസ്’ ആവാൻ സാധ്യത നിലനിൽക്കുന്നു. (ത്വബക്കാത്തുൽ മുദല്ലിസീൻ: ഇബ്നു ഹജർ: 45). അതിനാൽ തന്നെ പരമ്പര ദുർബലമായി (ദഈഫ്) തീരുന്നു.

പരമ്പര: 6 മുസ്വന്നഫ് അബ്ദുർറസാക് : 13205 13205 – عبد الرزاق عن بن جريج عن نافع أن بن عمر كان يكشف عن ظهرها وبطنها وساقها ويضع يده على عجزها

പരമ്പരയിലെ ‘ഇബ്നു ജുറൈജ്’ നേരിട്ട് കേട്ടു എന്ന് വ്യക്തമായി സൂചിപ്പിക്കുന്ന പദം ഉപയോഗിക്കാത്തതിനാൽ പരമ്പര ദഈഫ് (ദുർബലം) ആകുന്നു.

‘ഇബ്നു ജുറൈജ്’ നേരിട്ട് കേട്ടു എന്ന് വ്യക്തമായി സൂചിപ്പിക്കാത്ത നിവേദനങ്ങൾ അങ്ങേയറ്റം ദുർബലവും വ്യർത്ഥവുമാണെന്ന് ഹദീസ് നിദാന ശാസ്ത്രം സൂചിപ്പിക്കുന്നു. (സിയറു അഅ്ലാമിന്നുബലാഅ്: 6: 328, തഹ്ദീബു തഹ്ദീബ്: 6/405 )

പരമ്പര: 7 മുസ്വന്നഫ് അബ്ദുർ റസാക് : 13198 13198 -عبد الرزاق عن بن جريج عن عطاء قال قلت له الرجل يشتري الأمة أينظر إلى ساقيها وقد حاضت أو إلى بطنها قال نعم قال عطاء كان بن عمر يضع يده بين ثدييها وينظر إلى بطنها وينظر إلى ساقيها أو يأمر به

അടിമ സ്ത്രീയെ വാങ്ങുമ്പോൾ അവളുടെ തണ്ടങ്കാലും അരയും നോക്കാം എന്ന്, ഇബ്നു ജുറൈജ് അത്വാഅ് എന്ന താബീഈ പണ്ഡിതനിലേക്ക് ചേർത്തു കൊണ്ട് ഉദ്ധരിക്കപ്പെടുന്ന നിവേദനം…

ഇബ്നു ജുറൈജ് എന്ന റാവി അത്വാഅ് ൽ നിന്ന് ഉദ്ധരിക്കുന്ന നിവേദനങ്ങൾ അങ്ങേയറ്റം ദുർബലമാണ് എന്ന് കാര്യകാരണ സഹിതം ഹദീസ് വിശാരദർ വ്യക്തമാക്കിയിട്ടുണ്ട്. (തഹ്ദീബു തഹ്ദീബ്: 6/406)

പരമ്പര: 8 മുസ്വന്നഫ് അബ്ദുർ റസാക് : 13199 13199 – أخبرنا عبد الرزاق قال أخبرنا بن جريج قال أخبرني عمرو أو أبو الزبير عن بن عمر أنه وجد تجارا مجتمعين على أمة فكشف عن بعض ساقها ووضع يده على بطنها

പരമ്പരയിലെ ഇബ്നു ജുറൈജ്, തന്നോട് നിവേദനം ഉദ്ധരിച്ചു കേൾപ്പിച്ചത് “അംറ് (അംറിബ്നു ദീനാർ) അല്ലെങ്കിൽ അബു സ്സുബൈർ ആകുന്നു” എന്നാണ്. അഥവാ ആരിൽ നിന്നാണ് ഈ നിവേദനം ഉദ്ധരിക്കുന്നതെന്ന് വ്യക്തമായി പ്രസ്ഥാവിക്കുന്നില്ല എന്നർത്ഥം. മാത്രമല്ല അബു സ്സുബൈർ എന്ന റാവിയെ സംബന്ധിച്ച് ഒരുപാട് ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നു. പല പണ്ഡിതരും അദ്ദേഹം ദുർബലനാണ് എന്ന് സൂചിപ്പിച്ചിട്ടുണ്ട്. (തഹ്ദീബുത്തഹ്ദീബ്: 9: 391)

അബു സ്സുബൈർ നേരിട്ട് കേട്ടു എന്ന് വ്യക്തമായി സൂചിപ്പിക്കാത്ത നിവേദനങ്ങൾ അങ്ങേയറ്റം ദുർബലമാണെന്നും ഹദീസ് നിദാന ശാസ്ത്രം സൂചിപ്പിക്കുന്നുണ്ട്. (ത്വബകാതുൽ മുദല്ലിസീൻ: 13)

പരമ്പര: 9 സുനനുൽ കുബ്റാ: ബൈഹക്വി: 10513

أنَّ ابنَ عمرَ كان يضعُ يدَهُ بيْنَ ثَديَيها ( يعنى الجاريةَ ) وعلى عُجُزِها من فوقِ الثيابِ ويكَشفُ عن ساقِها

ഇബ്നു ഉമർ (റ) തന്റെ കൈ അടിമ പെൺകുട്ടിയുടെ മാറിടത്തിനിടയിലും അരയിലും വസ്ത്രത്തിന് മുകളിലൂടെ കൈ വെച്ച് നോക്കുമായിരുന്നു, അവളുടെ തണ്ടം കാലും വെളിവാക്കി നോക്കുകയും ചെയ്യുമായിരുന്നു. (സുനനുൽ കുബ്റാ: ബൈഹക്വി: 10513)

أخبرنا أبو الحسين بن بشران العدل ببغداد ، أنا إسماعيل بن محمد الصفار، ثنا الحسن بن علي بن عفان، ثنا ابن نمير عن عبيد الله بن عمر عن نافع عن ابن عمر

പരമ്പരയിൽ ‘ഉബൈദുല്ലാഹിബ്നു ഉമർ’ എന്ന ‘റാവി’യിൽ (നിവേദകൻ) നിന്ന് ഉദ്ധരിക്കുന്നത് ‘ഇബ്നു നുമൈർ’ എന്ന ‘റാവി’യാണ് (നിവേദകൻ). ‘ഇബ്നു നുമൈർ’ എന്ന പേര് മാത്രം ഉദ്ധരിക്കപ്പെടുമ്പോൾ സാധാരണ ഗതിയിൽ ഹദീസ് പണ്ഡിതർ ഉദ്ദേശിക്കാറുള്ളത് ‘മുഹമ്മദ് ഇബ്നു അബ്ദുല്ലാഹിബ്നു നുമൈർ’ ആണ്.

ഉദാഹരണത്തിന് ഇമാം ബൈഹക്വി തന്നെ ‘അയ്യാമുത്തശ്‌രീകി’നെ സംബന്ധിച്ച ഹദീസിനെ സംബന്ധിച്ച് വിവരിക്കവെ ഇപ്രകാരം എഴുതുകയുണ്ടായി: رواه مسلم في الصحيح عن ابن نمير. “ഈ ഹദീസ് ഇമാം മുസ്‌ലിം തന്റെ സ്വഹീഹിൽ ‘ഇബ്നു നുമൈറി’ൽ നിന്ന് ഉദ്ധരിക്കുന്നുണ്ട്… ” (മഅ്’രിഫതു സ്സുനനു വൽ ആസാർ: ബൈഹക്വി: 3: 439. നമ്പർ: 2599)

സ്വഹീഹു മുസ്‌ലിമിൽ ഈ ഹദീസ് ഉദ്ധരിച്ച ‘ഇബ്നു നുമൈർ’, ‘മുഹമ്മദിബ്നു അബ്ദുല്ലാഹിബ്നു നുമൈർ’ ആണ്.

1141 وحدثنا سريج بن يونس حدثنا هشيم أخبرنا خالد عن أبي المليح عن نبيشة الهذلي قال قال رسول الله صلى الله عليه وسلم أيام التشريق أيام أكل وشرب حدثنا محمد بن عبد الله بن نمير حدثنا إسمعيل يعني ابن علية عن خالد الحذاء حدثني أبو قلابة عن أبي المليح عن نبيشة قال خالد فلقيت أبا المليح فسألته فحدثني به فذكر عن النبي صلى الله عليه وسلم بمثل حديث هشيم وزاد فيه وذكر لله

(സ്വഹീഹു മുസ്‌ലിം: 1141)

ولد سنة نيف وستين ومائة قال البخاري : مات في شعبان أو رمضان سنة أربع وثلاثين ومائتين

മുഹമ്മദിബ്നു അബ്ദുല്ലാഹിബ്നു നുമൈറിന്റെ ജനനം ഹിജ്റാബ്ദം 161 ൽ ആണ്. അദ്ദേഹം മരണമടയുന്നത് ഹിജ്റാബ്ദം 234 ൽ ആണ്. (സിയറു അഅ്ലാമിന്നുബലാഅ്: 11: 456)

قال الهيثم بن عدي : مات سنة سبع وأربعين ومائة ‘ഉബൈദുല്ലാഹിബ്നു ഉമർ’ മരണമടയുന്നത് 167 ലാണ്. (സിയറു അഅ്ലാമിന്നുബലാഅ്: 6: 305 )

ഈ രണ്ട് ‘റാവി’മാർ തമ്മിൽ പരസ്പരം കണ്ടുമുട്ടിയിട്ടില്ല എന്നതിനാൽ തന്നെ പരമ്പര ‘മുറിഞ്ഞ’താണ് (മുൻകത്വിഅ്).

അതേസമയം, പരമ്പരയിൽ ‘ഇബ്നു നുമൈർ’ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് ‘അബ്ദുല്ലാഹിബ്നു നുമൈർ’ എന്ന റാവിയാണ് എന്ന് അഭിപ്രായപ്പെട്ട പണ്ഡിതർ പരമ്പര ‘മുൻകത്വിഅ്’ അല്ല, പരമ്പര സ്വഹീഹാണ് എന്ന് നിരീക്ഷിക്കുകയുണ്ടായി. (ഇർവാഉൽ ഗലീൽ: അൽബാനി: 6: 201)

ഈ പരമ്പരയെ സംബന്ധിച്ച വീക്ഷണ വ്യത്യാസത്തിൽ നിന്നും ചുരുങ്ങിയ പക്ഷം ഈ പരമ്പരയും വിമർശന വിധേയമാണെന്ന് മനസ്സിലാക്കാം.

ഈ പരമ്പരകളിലൂടെ എല്ലാം ഒരു ഓട്ട പ്രദക്ഷിണം നടത്തിയാൽ താഴെ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാം:

1. ഇവയൊന്നും തന്നെ ഹദീസുകൾ അല്ല. പ്രവാചകന്റെ (സ) വാക്കോ പ്രവർത്തനമൊ ഉൾക്കൊള്ളുന്നതല്ല ഇവയൊന്നും തന്നെ. ഇസ്‌ലാമിലെ പ്രമാണങ്ങൾ ക്വുർആനും സ്വഹീഹായ ഹദീസുകളുമാണ്.

2. ചില പണ്ഡിതരുടെ അഭിപ്രായങ്ങളാണ് പല നിവേദനങ്ങളും. പ്രവാചകാനുചരന്മാരുടെ തന്നെ അഭിപ്രായങ്ങൾ ഇസ്‌ലാം മതത്തിൽ സ്വമേധയാ പ്രമാണങ്ങളൊ തെളിവുകളൊ അല്ല.

3. എല്ലാ നിവേദനങ്ങളുടെ പരമ്പരകളും ദഈഫ് (ദുർബലം) ആകുന്നു. സ്വഹീഹാണെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുള്ളത് പരമ്പര: 9 മാത്രമാണ്. ആ പരമ്പരയുടെ സ്വീകാര്യതയിൽ തന്നെ അഭിപ്രായാന്തരം നിലനിൽക്കുന്നു.

പരമ്പര: 9 തന്നെ കൂലങ്കഷമായ ഒരു വിശകലനത്തിനെടുത്താൽ വിമർശകർ വർണ്ണിക്കുന്നതു പോലെ അശ്ലീലതയൊന്നും ഉള്ളടക്കത്തിൽ ഇല്ലെന്ന് മനസ്സിലാക്കാം.

ഒന്നാമതായി, അടിമ സ്ത്രീയെ വിവസ്ത്രയാക്കുന്നതായൊ, നഗ്നത വെളിവാക്കി നിരീക്ഷിക്കുന്നതായൊ, ലൈംഗിക അവയവങ്ങൾ സ്പർശിക്കുന്നതായൊ ഒന്നും പരമ്പര 9ൽ ഇല്ല. “വസ്ത്രത്തിന് മുകളിലൂടെ”യാണ് (من فوقِ الثيابِ) ഇബ്നു ഉമർ സമീപിക്കുന്നത്, “മാറിടത്തിനിടയിൽ” (بيْنَ ثَديَيها) ആണ് കൈ വെക്കുന്നത്, മാറിടത്തിൽ അല്ല, “അരക്ക് മുകളിൽ” (على عُجُزِها) വസ്ത്രം പിടിച്ചു കൊണ്ടുമാണ് പരിശോധന. ആ അടിമ സ്ത്രീ പ്രായപൂർത്തിയും വളർച്ചയും എത്തിയ സ്ത്രീ തന്നെയാണൊ എന്ന് പരിശോധിക്കുവാൻ മാത്രമായിരുന്നു ആ പ്രവർത്തനം. അതാകട്ടെ അദ്ദേഹത്തിന്റെ വ്യക്തിപരമായ ഒരു നിലപാട് മാത്രമാണ്. ഇസ്‌ലാമിൽ അതിന് ഒരു പ്രാമാണികതയും ഇല്ല. എല്ലാത്തിനുമുപരി അവിതർക്കിതവും സ്വഹീഹുമായ നിവേദക പരമ്പരയിലൂടെ അങ്ങനെ ഒരു പ്രവർത്തനം അദ്ദേഹത്തിൽ നിന്ന് സംഭവിച്ചിട്ടുണ്ട് എന്ന് ഖണ്ഡിതമായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. ‘സ്വഹീഹാ’യ പരമ്പരകൾ മാത്രമാണ് മുസ്‌ലിംകൾ സ്വീകരിക്കുക. സ്വഹീഹായ ‘ഹദീസുകൾ’ (പ്രവാചക പാഠങ്ങൾ) ആകുന്നു ഇസ്‌ലാമിലെ പ്രമാണം.

വിമർശനം: നിർബന്ധിത വസ്ത്രാക്ഷേപം വഴി അടിമ സ്ത്രീകൾക്ക് വസ്ത്ര സ്വാതന്ത്ര്യം ഖലീഫ ഉമർ നിഷേധിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ മാറ് മറക്കാൻ പോലും അവർക്ക് സാധിച്ചിരുന്നില്ല. മാന്യമായ വസ്ത്രം ധരിക്കുന്ന അടിമ സ്ത്രീകളെ ഉമർ വടി കൊണ്ട് അടിക്കുമായിരുന്നു. മറുപടി:

ഒരു കുന്നിക്കുരുവോളം വരുന്ന അർദ്ധ സത്യത്തിനു പുറത്ത്, കളവുകൾക്കു മേൽ കളവ് കയറ്റി വെച്ച് കളവിൻ കൊട്ടാരം കെട്ടിപടുക്കുകയാണ് ഇവിടെ ഇസ്‌ലാം വിമർശകർ ചെയ്തിരിക്കുന്നത്. ചേരുവയായി വ്യാജ നിവേദനങ്ങളും ദുർവ്യാഖ്യാനങ്ങളും എമ്പാടും ഉണ്ട്. വിമർശകർ ഉദ്ധരിച്ച ഓരോ ആരോപണങ്ങൾക്കും അക്കമിട്ടുള്ള മറുപടിയിലേക്ക് കടക്കാം

1. അടിമസ്ത്രീകളെ നിർബന്ധിതമായി വസ്ത്രാക്ഷേപം നടത്താനോ വസ്ത്രസ്വാതന്ത്ര്യം നിഷേധിക്കാനോ ഇസ്‌ലാം നിഷ്‌കർശിച്ചുവോ ?

ഒരിക്കലുമില്ല. അന്യപുരുഷരുടെ ശല്യത്തിൽ നിന്നും ലൈംഗിക ഉപദ്രവത്തിൽ നിന്നും സ്ത്രീക്ക് ഇസ്‌ലാം സമ്മാനിച്ച രക്ഷാകവചമാണ് ഹിജാബ്‌. സ്ത്രീയെ അടിച്ചമർത്താനോ ബുദ്ധിമുട്ടിക്കാനോ അല്ല ഹിജാബിലൂടെ ഇസ്‌ലാം ശ്രമിച്ചത് എന്നതിന് ഏറ്റവും നല്ല തെളിവാണ് അടിമ സ്ത്രീകൾക്ക് തങ്ങളുടെ ശരീരാവയങ്ങൾ മറക്കുന്ന കാര്യത്തിൽ നൽകപ്പെട്ട ഇളവ്. അടിമസ്ത്രീകൾക്ക് സ്വതന്ത്ര സ്ത്രീകളിൽ നിന്നും വസ്ത്രത്തിന്റെ കാര്യത്തിൽ ചില ഇളവുകൾ നല്കപ്പെട്ടത് അവർക്ക് അവരുടെ ജീവിതവും ഉദ്യോഗവും എല്ലാം എളുപ്പമാക്കാൻ വേണ്ടി ആയിരുന്നു എന്നത് ഇസ്‌ലാമിന്റെ കാരുണ്യത്തെയാണ്, കാർക്കശ്യത്തെയല്ല തെളിയിക്കുന്നത്. ഉടമസ്ഥർക്ക് വേണ്ടി വീട്ടുജോലികളും വേലകളും ചെയ്യുകയായിരുന്നു അടിമസ്ത്രീകളുടെ പതിവ് എന്നതിനാൽ സ്വതന്ത്ര സ്ത്രീകളെ പോലെ വളരെ കണിശമായി വസ്ത്ര ധാരണത്തിൽ ശ്രദ്ധ ചെലുത്തുക അവരെ സംബന്ധിച്ചിടത്തോളം ശ്രമകരമായിരിക്കുമല്ലോ, ഈ ക്ലേശത്തെ അവരിൽ നിന്നും നീക്കുവാനാണ് ശ്രമം. വൃദ്ധരായ സ്ത്രീകൾക്കും ഹിജാബിന്റെ വിഷയത്തിൽ ഇത്തരം ഇളവുകൾ നൽകപ്പെട്ടതായി ഖുർആനിൽ ദർശിക്കാം.

وَالْقَوَاعِدُ مِنَ النِّسَاءِ اللَّاتِي لَا يَرْجُونَ نِكَاحًا فَلَيْسَ عَلَيْهِنَّ جُنَاحٌ أَنْ يَضَعْنَ ثِيَابَهُنَّ غَيْرَ مُتَبَرِّجَاتٍ بِزِينَةٍ وَأَنْ يَسْتَعْفِفْنَ خَيْرٌ لَهُنَّ

“വിവാഹ ജീവിതം പ്രതീക്ഷിക്കാത്ത വൃദ്ധകളെ സംബന്ധിച്ചിടത്തോളം സൗന്ദര്യം പ്രദര്‍ശിപ്പിക്കാത്തവരായിക്കൊണ്ട് തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ മാറ്റി വെക്കുന്നതില്‍ അവര്‍ക്ക് കുറ്റമില്ല. അവര്‍ മാന്യത കാത്തുസൂക്ഷിക്കുന്നതാണ് അവര്‍ക്ക് കൂടുതല്‍ നല്ലത്‌. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു.” (ക്വുർആൻ: 24:60)

വൃദ്ധകൾക്കും അടിമസ്ത്രീകൾക്കും അവരുടെ ജീവിത ആശ്വാസത്തെ പരിഗണിച്ചു കൊണ്ട് വസ്ത്രധാരണ വിഷയത്തിൽ ഇളവുകൾ അനുവദിച്ചു എന്നത് ഇസ്‌ലാം സ്ത്രീകൾക്ക് സമാധാനവും സുരക്ഷയുമായി നിലകൊണ്ട ആദർശമാണെന്നതിനുള്ള അനിഷേധ്യമായ തെളിവാണ്.

ഉമറിൽ നിന്നും ഉദ്ധരിക്കപ്പെട്ട സംഭവങ്ങളും മറിച്ചൊന്നല്ല സ്ഥാപിക്കുന്നത്.

ﻭاﻵﺛﺎﺭ ﻋَﻦْ ﻋُﻤَﺮَ ﺑْﻦِ اﻟْﺨَﻄَّﺎﺏِ ﺭَﺿِﻲَ اﻟﻠﻪُ ﻋَﻨْﻪُ ﻓِﻲ ﺫَﻟِﻚَ ﺻَﺤِﻴﺤَﺔٌ، ﻭَﺇِﻧَّﻬَﺎ ﺗَﺪُﻝُّ ﻋَﻠَﻰ ﺃَﻥَّ ﺭَﺃْﺳَﻬَﺎ ﻭَﺭَﻗَﺒَﺘَﻬَﺎ ﻭَﻣَﺎ ﻳَﻈْﻬَﺮُ ﻣِﻨْﻬَﺎ ﻓِﻲ ﺣَﺎﻝِ اﻟْﻤِﺤْﻨَﺔِ ﻟَﻴْﺲَ ﺑِﻌَﻮْﺭَﺓٍ

ഉമർ ബിൻ ഖത്താബിൽ നിന്നും ഈ വിഷയത്തിൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള നിവേദനങ്ങൾ സ്വഹീഹ് ആകുന്നു. തങ്ങളുടെ തല, പിരടി എന്നിങ്ങനെ ജോലി ചെയ്യുന്ന അവസ്ഥയിൽ വല്ല ശരീരഭാഗങ്ങൾ വെളിവാവുകയാണെങ്കിൽ അത് അടിമ സ്ത്രീകൾക്ക് ഔറത്ത് (നഗ്നത) ആയി പരിഗണിക്കപ്പെടില്ല എന്ന് ഈ നിവേദനങ്ങൾ സൂചിപ്പിക്കുന്നു. (സുനനുൽ കുബ്റാ: ബൈഹകി: 2:360)

എങ്കിൽ പിന്നെ ഇളവുകൾ സ്വീകരിക്കാൻ ഉമർ അടിമസ്ത്രീകളെ എന്തിനു നിർബന്ധിച്ചു? എന്നതാണ് അടുത്ത സംശയം.

ഉത്തരം സരളമാണ്. തന്റെ ദീർഘദൃഷ്ടിയുടെ അടിസ്‌ഥാനത്തിൽ അദ്ദേഹം സ്വീകരിച്ച വ്യക്തിപരമായ ഒരു നയം മാത്രമായിരുന്നു അത്. അടിമസ്ത്രീകളെല്ലാം സ്വതന്ത്ര സ്ത്രീകളെ പോലെ വസ്ത്രം ധരിക്കാൻ ആരംഭിച്ചാൽ അവർ തമ്മിലുള്ള കാഴ്ചയിലുള്ള വ്യതിരിക്തത ഇല്ലാതാവുകയും കാലാന്തരങ്ങളിൽ ആ വസ്ത്രധാരണ രീതിയിൽ അടിമസ്ത്രീകളുടെ മേലും കാർക്കശ്യവും നിർബന്ധിത സ്വഭാവവും വന്നുചേർന്നേക്കാം. ഇത് അടിമസ്ത്രീകളെ തന്നെ അവരുടെ ജീവിതസന്ധാരണ മാർഗവും ശൈലിയും പരിഗണിക്കുമ്പോൾ അങ്ങേയറ്റം ആയാസകരമായ സ്ഥിതിവിശേഷത്തിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യും. ഈ അവസ്ഥയെ മുൻകൂട്ടി കണ്ട് വ്യക്തിപരമായ ഒരു നയത്തിലൂടെ നിർഭാടനം ചെയ്യാനാണ് തന്റെ നിർബന്ധ കല്പനയിലൂടെ ഉമർ (റ) ശ്രമിച്ചത്. ഈ നയമാകട്ടെ പ്രവാചകനോ(സ) അദ്ദേഹത്തിന് ശേഷം വന്ന ഖലീഫ അബൂബക്കറോ(സ) ഇസ്‌ലാമിക പ്രമാണങ്ങളോ മതത്തിന്റെ ഭാഗമായി ആവിഷ്കരിച്ച നിയമമല്ല എന്നു പ്രത്യേകം മനസ്സിലാക്കണം. പൊതു നന്മയെയും ആസന്നമായ ഭാവിയെയും പരിഗണിച്ച് കൊണ്ട് ഒരു ഭരണാധികാരി എന്ന നിലയിൽ ഉമർ(റ) ഇതു പോലെ പല നയങ്ങളും സ്വീകരിച്ചിട്ടുണ്ട്. അവയെല്ലാം ഇസ്‌ലാമിന്റെ അധ്യാപനങ്ങളായി അദ്ദേഹം പോലും മനസ്സിലാക്കിയിട്ടില്ല. ഉദാഹരണത്തിന് മുത്അതായി ഹജ്ജ് ചെയ്യുന്ന വിഷയം തന്നെ എടുക്കാം. ഹജ്ജും ഉംറയും ഒരുമിച്ചു നിർവഹിക്കുന്ന ഈ രീതിയിൽ പ്രവാചകനും അനുചരന്മാരും ധാരാളമായി ഹജ്ജ് ചെയ്തിട്ടുള്ളതാണ്. അഥവാ ഇസ്‌ലാമിക ആചാര വൃത്തത്തിന്റെ ഉള്ളിൽ ആയിട്ടു പോലും ഹജ്ജും ഉംറയും ചേർത്തു നിർവഹിക്കുന്നത് ഖലീഫ ഉമർ തടയുകയുണ്ടായി. ഹജ്ജിന്റെ സീസണിൽ തീർഥാടകരെ കൊണ്ട് മുഖരിതമാകുന്ന കഅ്ബാലയം മറ്റു മാസങ്ങളിൽ ഒഴിഞ്ഞു കിടക്കുന്ന അവസ്ഥ ഖലീഫ ഉമർ(റ) ശ്രദ്ധിക്കുകയുണ്ടായി. ഹജ്ജും ഉംറയും ചെയ്തു കഴിഞ്ഞത് കൊണ്ട് ഉംറക്കായി മറ്റൊരു വരവ് വരേണ്ടതില്ല എന്നതായിരുന്നു ഇതിനു കാരണം എന്ന് അദ്ദേഹം മനസ്സിലാക്കി. ഹജ്ജിന്റെ മാസം കഴിഞ്ഞിട്ടേ ഉംറ ചെയ്യാവൂ എന്ന നിർബന്ധനിയമത്തിലൂടെ ഈ പ്രശ്നം പരിഹരിക്കാമെന്ന് സ്വാഭാവികമായും അദ്ദേഹം പ്രതീക്ഷിച്ചു. ഇത്തരമൊരു നയപരമായ നിലപാട് മാത്രമാണ് അടിമസ്ത്രീകളുടെ വസ്ത്രത്തിലും ഉമർ(റ) സ്വീകരിച്ചതായി നാം ദർശിക്കുന്നത്. ശക്തമായ വ്യക്തിത്വത്തിനുടമയായത് കൊണ്ട് തന്നെ ഉമറിന്റെ(റ) ഇത്തരം നയനിലപാടുകളിൽ അല്പം കാർക്കശ്യവും കാഠിന്യവും നിഴലിച്ചിരുന്നു എന്നത് വാസ്തവമായിരിക്കാം. എന്നാൽ അതൊന്നും അദ്ദേഹത്തിന്റെ പ്രജകൾക്ക് അക്രമമൊ അനീതിയൊ ആയി അനുഭവപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല നീതിയുടെ പര്യായമായാണ് അദ്ദേഹം സർവ്വരാലും വാഴ്ത്തപ്പെട്ടിരുന്നത്.

2. വസ്ത്രാക്ഷേപം നടത്തി, മാറു മറക്കാനുള്ള അവകാശം പോലും നിഷേധിച്ചു എന്നൊക്കെയുള്ള ആരോപണങ്ങൾ ആണ് അടുത്തത്.

അവയെല്ലാം ആനനുണകളാണ്. തലയും മുഖവും കൈകളും മറക്കരുത് എന്നു മാത്രമായിരുന്നു ഉമറിന്റെ(റ) നിർദേശം എന്ന് വ്യക്തമായി വിമർശന വിധേയമായ നിവേദനങ്ങളിൽ തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

فَيَظْهَرُ مِنْ الْأَمَةِ : رَأْسُهَا ، وَيَدَاهَا ، وَوَجْهُهَا

“അടിമ സ്ത്രീ തന്റെ തലയും ഇരു കൈകളും മുഖവും വെളിവാക്കി കൊള്ളട്ടെ…” (മജ്മൂഉൽ ഫതാവാ: 15: 372 ) എന്നാണ് ഉമർ (റ) നിർദ്ദേശിച്ചത്.

മാറിടം വെളിവാക്കാൻ കല്പിക്കപ്പെട്ടതായി സൂചിപ്പിക്കുന്ന ഒരു നിവേദനവും കുഴിയാനക്കുഴിയിൽ പോലും തപ്പിയാൽ കണ്ടു കിട്ടില്ല. ആകെക്കൂടി ദുർവ്യാഖ്യാനിക്കാവുന്നത് താഴെ പറയുന്ന നിവേദനമാണ്.

.بْنِ مَالِكٍ قَالَ: “كُنَّ إِمَاءُ عُمَرَ رَضِيَ اللهُ عَنْهُ يَخْدِمْنَنَا كَاشِفَاتٍ عَنْ شُعُورِهِنَّ تَضْرِبُ ثُدِيّهُنَّ”

അനസ് (റ) പറയുന്നു: ഉമറിന്റെ(റ) (കാലഘട്ടത്തിലെ) സ്ത്രീകൾ ഞങ്ങൾക്ക് വീട്ടുജോലികൾ ചെയ്തു തന്നിരുന്നു; അവരുടെ മുടി അവരുടെ മാറിടങ്ങളിൽ ഉലയ്‌ക്കുവോളം മുടി അഴിച്ചിട്ട നിലയിൽ തന്നെ (അവർ ജോലികളിൽ വ്യാപൃതരായിരുന്നു). (സുനനുൽ ബൈഹകി: 3222, ഇർവാഉൽ ഗലീൽ: 6:204)

كَاشِفَاتٍ عَنْ شُعُورِهِنَّ تَضْرِبُ ثُدِيّهُنَّ

“അവരുടെ മുടി അവരുടെ മാറിടങ്ങളിൽ ഉലയ്‌ക്കുവോളം മുടി അഴിച്ചിട്ട നിലയിൽ….” എന്ന നിവേദനത്തിലെ ഭാഗം വളച്ചൊടിച്ചും ദ്വയാർത്ഥം വരാവുന്ന അതി ദുർബലമായ ചില നിവേദനങ്ങൾ കൂട്ടുപിടിച്ചും അടിമ സ്ത്രീകൾ “അവരുടെ മാറിടങ്ങൾ വെളിവാക്കി” കൊണ്ടാണ് ജോലി ചെയ്തിരുന്നത് എന്ന് ദുർവ്യാഖ്യാനിക്കുകയാണ് ഇസ്‌ലാം / ഹദീസ് വിരോധികളുടെ കുതന്ത്രം.

.عَنْ أَنَسِ بْنِ مَالِكٍ قَالَ: ” كُنَّ جَوَارِي عُمَرَ يَخْدُمْنَنَا كَاشِفَاتِ الرُّءُوسِ، تَضْطَرِبُ ثُدِيُّهُنَّ بَادِيَةً خِدَامُهُنَّ”

“അവരുടെ മുടി അവരുടെ മാറിടങ്ങളിൽ ഉലയ്‌ക്കുമായിരുന്നു…” എന്ന ശരിയായ പദങ്ങൾക്ക് പകരം, “അവരുടെ മാറിടങ്ങൾ ഉലയ്‌ക്കുമായിരുന്നു…” എന്ന് അനസ് (റ) പറഞ്ഞതായി തെറ്റായി ഉദ്ധരിക്കപ്പെട്ട നിവേദനമാകട്ടെ (തഫ്സീറു യഹ്‌യബ്നു സലാം: 1:441) അങ്ങേയറ്റം ദുർബലമായ നിവേദക പരമ്പരയിലൂടെയാണ് വന്നിരിക്കുന്നത്. പരമ്പരയിലെ ‘നസ്വർ ബിൻ ത്വരീഫ്’ എന്ന നിവേദകനെ സംബന്ധിച്ച ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായം ഇതാണ്: യഹ്‌യ പറഞ്ഞു: കള്ള ഹദീസുകൾ ഉണ്ടാക്കുന്നതിൽ പ്രസിദ്ധനാണ് അയാൾ. ഫല്ലാസ് പറഞ്ഞു: നുണയന്മാരുടെ കൂട്ടത്തിൽ പെട്ടവനെന്നതിൽ ഏകാഭിപ്രായമുള്ള നിവേദകരിൽ ഒരാളാണ് ‘നസ്വർ ബിൻ ത്വരീഫ്’. (ലിസാനുൽ മീസാൻ: 6:153)

3. അടിമസ്ത്രീയെ ഖലീഫ ഉമർ തന്റെ വടി കൊണ്ട് മർദ്ദിക്കുമായിരുന്നു എന്നതാണ് അടുത്ത ആരോപണം. ഇതും വാസ്തവവിരുദ്ധവും ദുർവ്യാഖ്യാനവുമാണ്. തലയിൽ നിന്നും വസ്ത്രം നീക്കാൻ അമാന്തം കാണിച്ച ചില അടിമസ്ത്രീകളുടെ തലയിൽ നിന്ന് വടി കൊണ്ട് അടിച്ചു വസ്ത്രം തട്ടിയിടുക മാത്രമാണ് അദ്ദേഹം ചെയ്തത്. ഒരു അന്യ സ്ത്രീയെ നേരിട്ട് സ്പർശിക്കാൻ പാടില്ല എന്നതാണ് ഇതിനു കാരണം.

رأى عمرُ أمةً عليْها جِلبابٌ فقال : عَتَقْتِ ؟ قالتْ : لا ، قال ضَعِيهِ عن رَأْسِكِ ، إِنَّما الجِلْبابُ على الحَرَائِرِ ، فَتَلَكَّأَتْ فقامَ إليها بِالدُّرَّةِ ، فضربَ رأسَها حتى ألقَتْهُ

“തലയിൽ നിന്ന് മറ നീക്കാൻ ഒരു അടിമസ്ത്രീ അമാന്തം കാണിച്ചപ്പോൾ തന്റെ വടി കൊണ്ട് തലയിലെ തട്ടം അടിച്ച് നിലത്തിട്ടു” എന്ന് ചില നിവേദനങ്ങളിൽ പ്രത്യേകം സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. (മുസ്വന്നഫ് ഇബ്നു അബീ ശൈബ: 6295)

ഇവിടെയും അക്കാലഘട്ടത്തിലെ ലൈംഗിക ശുദ്ധിയും സ്ത്രീകളോട് പുലർത്തിയിരുന്ന മാന്യതയും മാത്രമാണ് ദോഷൈകദൃക്കുകൾ അല്ലാത്തവർക്ക് കാണാൻ സാധിക്കുക. ഇത്രയും സരളവും സ്വാഭാവികവുമായ ഒരു സംഭവത്തെ വർണം ചേർത്തു പൊലിപ്പിച്ചു കാണിച്ചു വിവാദവൽക്കരിക്കാനുള്ള ശ്രമം എത്ര ജുഗുപ്സാവഹം.

താഴ്ന്ന ജാതിക്കാർക്കും അവർണ വിഭാഗത്തിൽ പെട്ട സ്ത്രീകൾക്കും മാറു മറക്കാനുള്ള അവകാശം നിഷേധിക്കുകയും മുലക്കരം ഏർപ്പെടുത്തുകയും ഒക്കെ ചെയ്തിരുന്ന സവർണ ഫാഷിസ്റ്റ് രതി വൈകൃതങ്ങളുടെ ആലയിലേക്ക് ഇസ്‌ലാമിനെയും വലിച്ചു കെട്ടാനുള്ള ശ്രമമാണ് ഖലീഫ ഉമറിനെ സംബന്ധിച്ച ഈ ആക്ഷേപ പ്രചാരണത്തിന്റെ ലക്ഷ്യം. എന്നാൽ ആ ആലയിലേക്ക് എത്തിക്കാൻ ഈ നുരുമ്പിച്ച കയറിന് നീളം പോര.

ഇസ്‌ലാം സ്ത്രീകളെ ആദരിച്ച മതമാണെന്നത് മുസ്‌ലീംകളുടെ കേവലം അവകാശവാദം മാത്രമാണ്. കാരണം പ്രവാചകന്‍ തന്നെ പല ഘട്ടങ്ങളിലും സ്ത്രീകളെ വളരെ മോശമായ രൂപത്തില്‍ ആക്ഷേപിച്ചു സംസാരിച്ചത് ഹദീസ് ഗ്രന്ഥങ്ങളില്‍ തന്നെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. സ്ത്രീയും നായയും കഴുതയും നമസ്‌ക്കാരത്തെ മുറിച്ചുകളയുമെന്ന നബി പാഠം തന്നെ തികഞ്ഞ സ്ത്രീവിരുദ്ധത നിറഞ്ഞു നില്‍ക്കുന്ന പരാമര്‍ശമാണ്. നായയോടും കഴുതയോടും പെണ്ണിനെ ഉപമിക്കുക വഴി തികഞ്ഞ സ്ത്രീവിരുദ്ധ പരാമര്‍ശമാണ് പ്രവാചകന്‍ നടത്തിയിരിക്കുന്നത്. പിന്നെ എങ്ങനെയാണ് ഇസ്‌ലാം സ്ത്രീകളെ ആദരിച്ച മതമാണെന്ന് മുസ്‌ലീംകള്‍ക്ക് വാദിക്കാനാവുന്നത് ?

മറുപടി:

അധമവിചാരികള്‍ക്ക് സത്യം എപ്പോഴും അപ്രാപ്യമായിരിക്കുമെന്ന നിരീക്ഷണം എത്രയോ വസ്തുതാപരമാണെന്ന് ഈ വിമര്‍ശനം വിളിച്ചറിയിക്കുന്നുണ്ട്. ഒറ്റ വായനയില്‍ തന്നെ സാമാന്യബുദ്ധിക്കു ഗ്രാഹ്യമായ ഒരു ആശയത്തെ എത്രമാത്രം സാഹസപ്പെട്ടാണ് ഇസ്‌ലാംവിരോധികളിവിടെ വികൃതവല്‍ക്കരിച്ചിരിക്കുന്നത്. വിമര്‍ശകരുടെ “വക്രീകര ശാസ്ത്ര സാഹസം” എത്രമാത്രം ബാലിശമാണെന്ന് മനസ്സിലാക്കാനായി നമുക്കൊരു സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശ പത്രിക ഉദാഹരണമായെടുക്കാം. കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പുറത്തിറക്കിയ പ്രസ്തുത മാര്‍ഗനിര്‍ദ്ദേശ പത്രികയില്‍ പരാമര്‍ശിച്ച പ്രത്യേക സംരക്ഷണം നല്‍കേണ്ടവരുടെ പട്ടികയില്‍ ഇപ്രകാരം കാണാം: “കുട്ടികള്‍, അംഗപരിമിതര്‍, മാനസിക രോഗികള്‍, സ്ത്രീകള്‍…” ഈ പത്രിക ചൂണ്ടികാട്ടി ഇസ്‌ലാംവിരോധികളാരെങ്കിലും പറഞ്ഞേക്കുമോ, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സ്ത്രീകളെയും മാനസിക രോഗികളെയും ഒരേ തരത്തിലാണ് കാണുന്നത്. അതുകൊണ്ടാണ് അവരെ ഒരേ പട്ടികയില്‍ തന്നെ ചേര്‍ത്തതെന്ന്!. വാസ്തവത്തില്‍ ഇസ്‌ലാംവിരോധികളുടെ ഹദീസ് വിമര്‍ശനവും ഈ വിഢിത്തത്തിനപ്പുറം ഒന്നുമല്ലെന്ന് വിമര്‍ശന വിധേയമായ ഹദീസിന്റെ യാഥാര്‍ഥ്യം കൃത്യമായി പരിശോധിച്ചാല്‍ തന്നെ ബോദ്ധ്യമാകുന്നതാണ്. അതിനാല്‍ നമുക്ക് ഇസ്‌ലാംവൈരികള്‍ വിമര്‍ശനവിധേയമാക്കിയ ഹദീസും അതിന്റെ താല്‍പര്യവും മനസ്സിലാക്കാം.

“അബൂഹുറയ്‌റ (റ) പറയുന്നു: റസൂല്‍ (സ്വ) പറഞ്ഞു: സ്ത്രീയും കഴുതയും നായയും നമസ്‌ക്കാരം മുറിക്കും. ഒട്ടകക്കട്ടിലിന്റെ പിന്നിലെ വടിപോലുള്ള ഒന്ന് (ഉണ്ടായാല്‍) അത് തടുക്കാവുന്നതാണ്.” (മുസ്‌ലിം 790, അഹ്‌മദ്, ഇബ്‌നു അബീശൈബ, ഇബ്‌നു ഹിബ്ബാന്‍) ഈ ഹദീസ് വായിച്ചപ്പോള്‍ സ്ത്രീയെ മൃഗങ്ങളോട് ഉപമിച്ചതായി ഇസ്‌ലാംവിരോധികള്‍ക്കു തോന്നി എന്നതല്ലാതെ മറ്റൊരു പ്രശ്നവുമിവിടെയില്ല. ഇസ്‌ലാംവിരോധികള്‍ക്കു തോന്നുന്ന അധമവിചാരങ്ങളും വികാരങ്ങളും കൊണ്ടുതള്ളാനുള്ള പുറമ്പോക്കല്ല ഇസ്‌ലാമെന്ന് അവര്‍ തിരിച്ചറിഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമേ ഇവിടെയുള്ളൂ. ഈ ഹദീസിനെ പറ്റി പരാമര്‍ശിക്കവെ ഇമാം ക്വുര്‍ത്തുബിയുടെ(റ) വാചകങ്ങള്‍ “അല്‍ മുഫ്ഹിം ലിമാ അശ്കല മിന്‍ തല്‍ഖീസ്വി സ്വഹീഹ് മുസ്‌ലിമി”ല്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “കാരണം തീര്‍ച്ചയായും സ്ത്രീ (സാന്നിദ്ധ്യം പുരുഷമനസ്സുകളില്‍) പ്രലോഭനമുണ്ടാക്കും, കഴുതയാകട്ടെ ഒച്ചയുണ്ടാക്കുകയും നായ ഭയം സൃഷ്ടിക്കുകയും ചെയ്യും. അപ്പോള്‍ (നമസ്‌ക്കരിക്കുന്ന) ചിന്താശേഷിയുള്ള വ്യക്തിയില്‍ (അവയുടെ സാന്നിദ്ധ്യം) ആശയക്കുഴപ്പം സൃഷ്ടിക്കുകയും അവന്റെ നമസ്‌ക്കാരം മുറിഞ്ഞു പോകുമാറ് കുഴപ്പമുണ്ടാക്കുകയും ചെയ്യും. അപ്പോള്‍ നമസ്‌ക്കാരത്തെ (ഏകാഗ്രത) മുറിച്ചു കളയുന്നതിലേക്ക് കാര്യങ്ങള്‍ എത്തുന്നതുകൊണ്ടാണ് (അവയെ) നമസ്‌ക്കാരം മുറിച്ചുകളയുന്ന കാര്യങ്ങളിലുള്‍പ്പെടുത്തിയത്.” (അല്‍ മുഫ്ഹിം ലിമാ അശ്കല മിന്‍ തല്‍ഖീസ്വി സ്വഹീഹ് മുസ്‌ലിം: 2/ 109)

“നമസ്ക്കാരത്തെ മുറിക്കും” എന്നാൽ നമസ്ക്കാരത്തിലെ ഏകാഗ്രത, പൂർണ്ണത മുറിക്കുകയും കുറക്കുകയും ചെയ്യുമെന്നാണ് വിവക്ഷയെന്ന് ഒട്ടുമിക്ക പണ്ഡിതരും വ്യക്തമാക്കിയിട്ടുണ്ട്.

وقال مالك وأبو حنيفة والشافعي رضي الله عنهم وجمهور من السلف والخلف: لا تبطل الصلاة بمرور شيء من هؤلاء ولا من غيرهم، وتأول هؤلاء هذا الحديث على أن المراد بالقطع نقص الصلاة لشغل القلب بهذه الأشياء وليس المراد إبطالها

“ഇമാം മാലിക്, അബൂ ഹനീഫ, ശാഫിഈ തുടങ്ങി പൂർവ്വീകരും ശേഷക്കാരുമായ ഭൂരിഭാഗം പണ്ഡിതന്മാരും പറയുന്നത്: ഈ വിഭാഗക്കാരുൾപ്പെടെ ഒന്നും തന്നെ നമസ്ക്കാരത്തെ നിഷ്ഫലമാക്കും എന്ന അർത്ഥത്തിൽ ‘മുറിക്കും’ എന്നല്ല. നമസ്ക്കാരത്തെ മുറിക്കും എന്നാൽ, ഇത്തരം കാര്യങ്ങളിൽ മനസ്സ് വ്യാപൃതമാവുക വഴി ഏകാഗ്രത മുറിയുകയും നമസ്ക്കാരത്തിൽ ന്യൂനത സംഭവിക്കും എന്നുമാണ്.” (തുഹ്ഫതുൽ അഹ്‌വദി: 1:371)

നമസ്കാരത്തെ മുറിക്കും എന്നാൽ നമസ്ക്കാരത്തിന്റെ ഭയ ഭക്തിക്ക് ഭംഗം വരുത്തും എന്നാണ്. അല്ലാതെ നമസ്ക്കാരത്തിൽ നിന്ന് പുറത്താവുമെന്നല്ല. (ഫത്ഹുൽ ബാരി: 2:273)

ഇമാം അഹ്‌മദ് പറഞ്ഞു: നമസ്ക്കരിക്കുന്നതിനിടയിൽ തന്റെ തൊട്ട് മുമ്പിൽ ഒരു നായയൊ ഒരു സ്ത്രീയൊ നിൽക്കുമ്പോൾ മനസ്സിൽ നമസ്കാരമല്ലാത്ത മറ്റു ചിന്തകൾ കടന്നുവന്നേക്കാം…. (ഫത്ഹുൽ ബാരി: 2:273)

സുവ്യക്തമാണ് കാര്യങ്ങള്‍, വിമര്‍ശന വിധേയമായ ഹദീസ് ഒരിക്കലും സ്ത്രീയെ മൃഗങ്ങളോട് ഉപമിക്കുകയല്ല ചെയ്തിരിക്കുന്നത്, മറിച്ച് ഒരു പുരുഷന്റെ നമസ്‌ക്കാരത്തില്‍ ഭംഗമുണ്ടാക്കുന്ന കാര്യങ്ങളെ പറ്റി പറയുമ്പോള്‍ ആ കൂട്ടത്തില്‍ സ്ത്രീയേയും പരാമര്‍ശിച്ചെന്ന് മാത്രം. നമസ്‌ക്കരിക്കുന്ന മനുഷ്യനില്‍, നായ ഭയം ജനിപ്പിച്ചും കഴുത ഒച്ചവെച്ചും നമസ്‌ക്കാരത്തിലെ ശ്രദ്ധമുറിച്ചു കളയാന്‍ സാധ്യതയുള്ളതു പോലെ സ്ത്രീ സാന്നിദ്ധ്യം പുരുഷ ഹൃദയങ്ങളില്‍ പ്രലോഭനങ്ങള്‍ സൃഷ്ടിക്കാനും തന്നിമിത്തം നമസ്‌ക്കാരത്തിലെ ശ്രദ്ധ മുറിയുവാനും ഇടയാക്കുമെന്ന് പഠിപ്പിക്കുക മാത്രമേ ഹദീസ് ചെയ്യുന്നുള്ളൂ. നായ, കഴുത, സ്ത്രീ എന്നിവയുടെ സാന്നിദ്ധ്യം നിരുപാധികം നമസ്‌കാരം മുറിച്ചു കളയുമെന്ന് ഹദീസ് പഠിപ്പിക്കുന്നില്ല.

അപ്പോള്‍ അസ്തിത്വത്തിലെ നീചത്വം കൊണ്ടാണ് ഇവയെല്ലാം നമസ്‌കാരം മുറിച്ചുകളയുന്നതെന്ന് ഹദീസ് ഒരിക്കലും പഠിപ്പിക്കുന്നില്ല മറിച്ച് അവരുടെ സാന്നിദ്ധ്യം സൃഷ്ടിച്ചേക്കാവുന്ന ശ്രദ്ധതെറ്റിക്കലാണ് ഹദീസിന്റെ പ്രതിപാദനം. അങ്ങനെ വരുമ്പോള്‍ വാസ്തവത്തില്‍ ഇവിടെ സ്ത്രീ നിന്ദിക്കപ്പെടുകയാണോ ചെയ്യുന്നത്?! പരോക്ഷമായ സ്തുതിയാണ് ഹദീസിൽ നിന്ന് സ്ത്രീത്വത്തിന് ലഭിക്കുന്നത്. നമസ്‌കാര സമയത്തു പോലും പുരുഷ ഹൃദയങ്ങളെ ആകര്‍ഷിക്കുവാനും സ്വാധീനിക്കുവാനും പ്രലോഭിപ്പിക്കുവാനും സ്ത്രീ സൗന്ദര്യത്തിനു സാധിക്കുമെന്ന് പറയുന്നത് സ്ത്രീകളെ അവമതിക്കലാണെന്ന് തെറ്റുദ്ധരിക്കാന്‍ മാത്രം സാധുക്കളല്ല ഇസ്‌ലാംവിരോധികളെന്ന് ആര്‍ക്കും പ്രത്യേകം പറഞ്ഞു തരേണ്ടതില്ലല്ലോ?. ഇത്രയേ ഉള്ളൂ, ഇസ്‌ലാംവിരോധികള്‍ ഹദീസിനുമേല്‍ അടയിരുന്നു വിരിയിച്ച അധമവിചാരങ്ങളുടെ അവസ്ഥ. ഹദീസുകളല്ല; ഇസ്‌ലാംവിരോധികളുടെ അന്തഃരംഗമാണ് ഇരുട്ട് പരത്തുന്നതെന്നര്‍ഥം. ഹദീസുകളെടുത്തുവെച്ച് തങ്ങളുടെ വികൃതമായ താല്‍പര്യങ്ങള്‍ക്കനുസൃതമായി അതിനെ വ്യാഖ്യാനിക്കുകയും എന്നിട്ട് അത് പ്രവാചകനും ഇസ്‌ലാമിനും മേല്‍ ആരോപിച്ച് പുളകം കൊള്ളുകയും ചെയ്യുക എന്നത് ഇസ്‌ലാംവിരോധികളുടെ സ്ഥിരം പതിവാണ്. വൈജ്ഞാനിക സത്യസന്ധതയില്ലാത്തവര്‍ക്ക് എന്തുമാകാമല്ലോ. പക്ഷെ ഇത്തരം അൽപജ്ഞാനികളുടെ “ശര്‍ഹ്” കേട്ടപ്പോഴേക്കും ചിന്താശേഷിയില്‍ എട്ടുകാലിവല കെട്ടിയ “മഹാ പിള്ള”മാരുടെ കാര്യമാണ് കഷ്ടം.! നബി(സ)യില്‍ നിന്നും നിവേദനം ചെയ്യപ്പെട്ട ഹദീസുകള്‍ ഇസ്‌ലാമിക പണ്ഡിത ലോകം എപ്രകാരമാണ് ഗ്രഹിച്ചതും ഉള്‍കൊണ്ടതുമെന്ന അന്വേഷണത്തില്‍ നിന്നു വേണം സത്യസന്ധമായ ഹദീസ് വിമര്‍ശനം തുടങ്ങേണ്ടതെന്ന വൈജ്ഞാനിക മര്യാദ പോലും ഇസ്‌ലാംവിരോധികള്‍ക്കില്ലെന്ന വസ്തുതക്ക് ഒന്നു കൂടി അടിവരയിടുകയാണിവിടെ. എന്തിനാണ് തങ്ങള്‍ ഹദീസുകളെ വിമര്‍ശിക്കുന്നതെന്ന ബോധം പോലും ഇസ്‌ലാംവിമര്‍ശകര്‍ക്കു നഷ്ടപ്പെട്ടിരിക്കുന്നു. ഒരു ഹദീസ് വായിച്ചപ്പോള്‍ ഇസ്‌ലാംവിരോധികള്‍ക്കു തോന്നിയ അധമവിചാരത്തെ അടിസ്ഥാനപ്പെടുത്തിയല്ല ഹദീസുകള്‍ മനസ്സിലാക്കപ്പെടേണ്ടത്; മറിച്ച് ഇസ്‌ലാമിക പണ്ഡിത ലോകം അതിനെ എപ്രകാരമാണ് ഗ്രഹിച്ചതും വ്യാഖ്യാനിച്ചതും ഉള്‍കൊണ്ടതുമെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം. കാരണം അതാണല്ലോ നബിപാഠങ്ങള്‍ ഏതു തരം സ്വാധീനമാണ് സമൂഹത്തിലുണ്ടാക്കിയത് എന്ന് തിരിച്ചറിയാനുള്ള പ്രത്യക്ഷ മാര്‍ഗം. തെറ്റായ യാതൊരു സ്വാധീനവും സമൂഹത്തില്‍ സൃഷ്ടിച്ചതായി അവകാശപ്പെടാന്‍ സാധ്യമല്ലാത്ത ഒരു ഹദീസ്, ഇസ്‌ലാംവിരോധവായനകള്‍ക്കു തോന്നിയ അധമവിചാരങ്ങളെ അടിസ്ഥാനപ്പെടുത്തി വിമര്‍ശന വിധേയമാക്കുക എന്നത് വൈജ്ഞാനിക സത്യസന്ധതക്ക് ഒരിക്കലും ചേര്‍ന്ന സമീപനമല്ല.

ഹദീസുകള്‍ പെണ്ണിനെ നായയോടും കഴുതയോടും ഉപമിച്ചു എന്ന ഇസ്‌ലാംവിരോധികളുടെ വിമര്‍ശനം പാടേ നുള്ളി കളഞ്ഞത് പ്രവാചക പത്‌നിയായ ആഇശ (റ) തന്നെയാണ്. അതും പ്രവാചകനുമായുള്ള തന്റെ സ്വന്തം അനുഭവത്തെ മുന്‍ നിര്‍ത്തികൊണ്ട്. പ്രസ്തുത സംഭവം ഹദീസ് ഗ്രന്ഥങ്ങളില്‍ നിന്നു തന്നെ നമുക്കു വായിക്കാം.

“ആഇശ(റ)യുടെ അടുക്കല്‍വച്ച്, നമസ്‌ക്കാരത്തെ മുറിക്കുന്നവയാണ് നായ, കഴുത, സ്ത്രീ എന്നിവയെന്ന് പറയപ്പെടുകയുണ്ടായി. അന്നേരം അവര്‍ ചോദിച്ചു: കഴുതകളോടും നായ്ക്കളോടുമാണോ നിങ്ങള്‍ ഞങ്ങളെ സാദൃശ്യപ്പെടുത്തിയിരിക്കുന്നത്? അല്ലാഹുവാണ്, നബി(സ്വ)ക്കും ക്വിബ്‌ലക്കുമിടയിലെ കട്ടിലില്‍ ഞാന്‍ കിടക്കവെ, അവിടുന്ന് നമസ്‌കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അന്നേരം എനിക്ക് (വിസര്‍ജനത്തിന്) ആവശ്യം ഉണ്ടാകും. അപ്പോള്‍ എഴുന്നേറ്റിരുന്ന് നബിക്ക് പ്രയാസം വരുത്താന്‍ ഞാന്‍ ഇഷ്ടപ്പെടാത്തതിനാല്‍ കട്ടിലിന്റെ കാലുകളുടെ ഭാഗത്തുകൂടെ ഞാന്‍ ഊര്‍ന്നിറങ്ങും.” (ബുഖാരി 484, മുസ്‌ലിം)

നമസ്‌കരിക്കുന്നവനില്‍ പ്രലോഭനമുണര്‍ത്തി അതിനു ഭംഗം വരുത്താവുന്ന ഒരു കാര്യമായി സ്ത്രീയെ പരാമര്‍ശിച്ചു എന്നതല്ലാതെ, പ്രവാചകന്‍ ഒരിക്കലും സ്ത്രീയെ നായയോടും കഴുതയോടും ഉപമിച്ചിട്ടില്ല. അഥവാ, അസ്തിത്വത്തിലെ നീചത്വം കൊണ്ടാണ് സ്ത്രീ സാന്നിധ്യംമൂലം നമസ്‌കാരം മുറിഞ്ഞുപോകുന്നതെന്ന് പ്രവാചകൻ (സ) പഠിപ്പിച്ചിട്ടില്ലെന്നർത്ഥം. മറിച്ച് അവരുടെ സാന്നിദ്ധ്യം സൃഷ്ടിച്ചേക്കാവുന്ന ശ്രദ്ധതെറ്റിക്കലാണ് പ്രവാചകൻ (സ) ഉദ്ദേശിച്ചത്. അതു വ്യക്തമാക്കി കൊടുക്കാനാണ്, തന്റെ സാന്നിധ്യം തൊട്ടുമുമ്പിൽ ഉണ്ടായിരിക്കെയാണ് പ്രവാചകൻ (സ) പലപ്പോഴും നമസ്ക്കാരം നിർവ്വഹിച്ചിരുന്നതെന്നു ആഇശ (റ) വ്യക്തമാക്കിയതും.

സ്ത്രീ സാന്നിദ്ധ്യം നിരുപാധികം നമസ്‌കാരം മുറിക്കുന്ന കാര്യമായിരുന്നെങ്കില്‍, നബിയുടെ മുമ്പില്‍ സ്ത്രീയായ ആഇശ (റ) പല തവണ നിവര്‍ന്നു കിടന്നിട്ടും ഒരിക്കല്‍ പോലും അതിന്റെ പേരില്‍ തന്റെ നമസ്‌കാരം മുറിച്ചെന്നു പറഞ്ഞ് നബി(സ്വ) അവരെ ആക്ഷേപിച്ചിട്ടില്ല. മാത്രമല്ല നബിയുടെ മുമ്പില്‍ അവരെങ്ങനെ കിടന്നുവോ അതേ രൂപത്തില്‍ തന്നെ അവരെ തുടരാന്‍ അനുവദിച്ചുകൊണ്ടു തന്നെ തന്റെ നമസ്‌കാരം പൂര്‍ത്തീകരിക്കുകയാണ് നബി (സ്വ) ചെയ്തതെന്ന ആഇശയുടെ അനുഭവ സാക്ഷ്യം ഇസ്‌ലാംവിരോധികളുടെ വിമര്‍ശനത്തില്‍ യാതൊരു കഴമ്പുമില്ലെന്ന് വ്യക്തമാക്കുന്നതാണ്. എങ്കില്‍ പിന്നെ അനാവശ്യമായ ഇത്തരം ഉണക്ക വേവലാതികള്‍ മാറ്റിവെച്ച് കാര്യപ്പെട്ട വല്ല ഏര്‍പ്പാടിനും സമയം കണ്ടെത്തുന്നതല്ലേ ഇസ്‌ലാംവിരോധികള്‍ക്കു നല്ലത്. പക്ഷെ, അങ്ങനെയൊക്കെ നേരെ ചൊവ്വായ അര്‍ഥതലങ്ങളൊന്നും ആരും ഹദീസുകള്‍ക്കു മനസ്സിലാക്കികൂടാ എന്നത് ഇസ്‌ലാംവിരോധികളുടെ നിതാന്ത നികൃഷ്ഠ നിര്‍ബന്ധബുദ്ധിയാണ്. അതില്‍ സംഖി, കൃസംഖി, എമു, ഫെമിനി, യുക്തിവാദി… തുടങ്ങിയ ഒരു ജനുസ്സിലും പെട്ട ഇസ്‌ലാംവിരോധികളാരും വ്യത്യസ്തരല്ല എന്നതാണ് വസ്തുത.

വിമർശനം:

“സ്ത്രീകൾക്ക് എഴുത്ത് പഠിപ്പിക്കരുത്” എന്ന് മുഹമ്മദ് നബി തന്റെ അനുചരന്മാരോട് കൽപ്പിച്ചതായി ഹദീസുകളിൽ വന്നിട്ടില്ലേ ?

മറുപടി:

പ്രവാചകന്റെ(സ) കൽപ്പനകളും അധ്യാപനങ്ങളും വിദ്യാഭ്യാസത്തേയും എഴുത്തും വായനയേയും പ്രോത്സാഹിപ്പിക്കുന്നവയാണ്. വിമർശകർ ഉദ്ധരിക്കുന്ന ഈ കള്ള ഹദീസ് പ്രവാചകന്റെ(സ) വാചകമല്ല, അദ്ദേഹത്തിന്റെ പേരിൽ കെട്ടിച്ചമക്കപ്പെട്ടതാണ്. ഈ വസ്തുത സമൂഹത്തെ ബോധ്യപ്പെടുത്താൻ ഉൽപതിഷ്ണുക്കളായ മുസ്‌ലിം പണ്ഡിതന്മാർ, പുരോഗമ വിരോധികളായ ഒരു പറ്റം പൗരോഹിത്യവൃന്ദത്തോട് ആദർശസമരത്തിൽ ഏർപ്പെട്ടിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു.

പതിറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിലെ മുസ്‌ലിം സമൂഹം -പ്രത്യേകിച്ച് മുസ്‌ലിം സ്ത്രീകൾ- വിദ്യാഭ്യാസ രംഗത്ത് പിന്നോക്കാവസ്ഥയിലായിരുന്ന ആ കാലഘട്ടത്തിൽ നവോത്ഥാനത്തിന്റെ അമരക്കാരായ കേരളത്തിലെ മുസ്‌ലിം പണ്ഡിതർ നടത്തിയ ഇസ്‌ലാമിക പ്രബോധനങ്ങളുടെ സദ്‌ഫലമാണ് മുസ്‌ലിം കൈരളിയുടെ ശോഭനമായ വിദ്യാഭ്യാസ രംഗം. ഇന്ന് കേരളത്തിൽ, ഓരോ വർഷവും പത്താം ക്ലാസ് റിസൽട്ട് പ്രഖ്യാപിക്കപ്പെടുമ്പോഴും ഏറ്റവും കൂടുതൽ ഏ പ്ലസ്സുകാരുള്ള ജില്ല മലപ്പുറമായി മാറിയിരിക്കുന്നു; ആ ഏ പ്ലസ്സുകാരിൽ കൂടുതൽ പേരും പെൺകുട്ടികളും!! അല്ലാഹുവിന് സ്തുതി.

പണ്ട് സാമൂഹികോദ്ധാരണങ്ങളിൽ നിന്നും സമുദായത്തെ പിന്നോട്ട് വലിച്ചിരുന്ന പൗരോഹിത്യം തന്നെ ‘ഇസ്‌ലാമിന്റെ യഥാർത്ഥ അധ്യാപനങ്ങളെ ഉൾകൊണ്ട്’, തങ്ങൾ പേറി നടന്നിരുന്ന പല കള്ള വൃത്താന്തങ്ങളും അന്ധവിശ്വാസ അനാചാരങ്ങളും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് സ്വയം ചുരുട്ടി വലിച്ചെറിയുകയാണുണ്ടായത്. അവർ പോലും കൈയ്യൊഴിഞ്ഞ ഈ വ്യാജ വാറോലകൾ തപ്പി തിരഞ്ഞ് തിരിച്ച് കൊണ്ടുവരാനുള്ള ബദ്ധപ്പാടിലാണ് ആധുനിക ഭൗതീകവാദികൾ !! ഇസ്‌ലാമിനെ വിമർശിക്കാൻ എന്തെങ്കിലുമൊക്കെ വേണ്ടേ ?! ഇത്തരം ചപ്പുചവറുകളും ഭൗതികവാദികൾക്ക് നിലനിൽപ്പിന് അനിവാര്യമായി തീർന്നിരിക്കുന്നു എന്നതാണ് ദുരവസ്ഥ !!

ഈ വിദ്യാഭ്യാസ നവോദ്ധാനത്തിൽ വല്ല പങ്കും ഭൗതീക വാദികൾക്ക് അവകാശപ്പെടാനുണ്ടോ ?! ക്വുർആൻ വാഖ്യങ്ങളും ഹദീസുകളും സ്‌തുതിഘോഷിച്ച് ഈ സാക്ഷരതാ സമരത്തിന് നേതൃത്വം വഹിച്ചത് വക്കം മൗലവി, കെ.എം മൗലവി, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, അബുസ്സബാഹ് മൗലവി, എം.സി.സി സഹോദരങ്ങൾ, ഹലീമാബീവി, പി.കെ സുബൈദ തുടങ്ങിയ മുസ്‌ലിം പണ്ഡിതന്മാരും പണ്ഡിതകളും തന്നെയാണ് എന്നിരിക്കെ ചില പിന്നാക്ക സംഘടനകളുടെ കാലഹരണം സംഭവിച്ച പ്രമേയങ്ങളും കള്ള ഹദീസുകളുമൊക്കെ കുത്തിപ്പൊക്കാൻ ഭൗതീകവാദികൾക്ക് എന്ത് ധാർമിക അവകാശമാണുള്ളത് ?!

‘സ്ത്രീകൾക്ക് എഴുത്ത് പഠിപ്പിക്കരുത്, അവർക്ക് തുന്നലും സൂറത്തുന്നൂറും പഠിപ്പിക്കുക…’ എന്നൊക്കെ പ്രവാചകൻ (സ) കൽപ്പിച്ചതായി പറയപ്പെടുന്ന വ്യാജ നിവേദനം പരിശോധന വിധേയമാക്കാം.

1. ആദ്യമായി ഈ നിവേദനങ്ങളുടെ നിവേദക പരമ്പരകൾ (സനദ്) പരിശോദിക്കുക:

* ത്വബ്റാനി തന്റെ മുഅ്ജമിൽ ഉദ്ധരിച്ച നിവേദക പരമ്പര ഇപ്രകാരമാണ്:

حدثنا محمد بن عبدالله الحضرمي قال ثنا محمد بن ابراهيم الشامي قال ناشعيب بن اسحاق عن هشام بن عروة عن ابيه عن عائشة قالت…

നിവേദക പരമ്പരയിൽ ‘മുഹമ്മദ് ഇബ്നു ഇബ്റാഹീം അശ്ശാമി’ എന്ന ‘റാവി’യുണ്ട്. ഇയാൾ കളവു പറയുകയും വ്യാജ നിവേദനങ്ങൾ നിർമ്മിക്കുകയും ചെയ്യുന്ന വ്യക്തിയാണ്.

هذا الحديث لا يصح… قال أبو حاتم بن حبان: كان محمد بن إبراهيم الشامي يضع الحديث على الشاميين لا يحل الرواية عنه إلا عند الاعتبار. روى أحاديث لا أصول لها من كلام رسول الله صلى الله عليه وسلم لا يحل الاحتجاج به.

ഇബ്നുൽ ജൗസി പറഞ്ഞു: “ഈ ഹദീസ് സ്വഹീഹ് അല്ല… ഇബ്നു ഹിബ്ബാൻ പറഞ്ഞു: ‘മുഹമ്മദ് ഇബ്നു ഇബ്റാഹീം അശ്ശാമി’ ശാമുകാരുടെ പേരിൽ ഹദീസുകൾ വ്യാജമായി നിർമ്മിക്കുമായിരുന്നു. അയാളിൽ നിന്ന് ഹദീസ് ഉദ്ധരിക്കൽ അനുവദനീയമല്ല. അല്ലാഹുവിന്റെ ദൂതന്റെ(സ) സംസാരങ്ങളിൽ പെടാത്ത, അവയുടെ യാതൊരു അടിത്തറയുമില്ലാത്ത ഹദീസുകൾ അയാൾ പടച്ചുണ്ടാക്കുമായിരുന്നു. അവ പ്രമാണമായി സ്വീകരിക്കൽ അനുവദനീയമല്ല.” (അൽ മൗദൂആത്ത്: 2/269)

ഇബ്നു അദിയ്യ് പറഞ്ഞു: വിശ്വസ്ഥരായ നിവേദകർക്കെതിരായി, അങ്ങേയറ്റം ദുർബലമായ നിവേദനങ്ങൾ ഉദ്ധരിക്കുന്ന വ്യക്തിയാണയാൾ. അയാളുടെ ഭൂരിഭാഗം ഹദീസുകളും പ്രാമാണികമായ ഹദീസുകൾക്ക് വിരുദ്ധമാണ്. ദാറകുത്നി പറഞ്ഞു: അയാൾ നുണയനാണ്. ഹാകിം, നികാശ് എന്നിവർ പറഞ്ഞു: അയാൾ ധാരാളം കള്ള ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്. (തഹ്ദീബു തഹ്ദീബ്: 9:13)

* ഹാകിം തന്റെ മുസ്തദ്റകിൽ ഉദ്ധരിച്ച, അതേ നിവേദനത്തിന്റെ മറ്റൊരു നിവേദക പരമ്പര ഇപ്രകാരമാണ്:

حدثنا أبوعلي الحافظ انبأ محمد بن سليمان حدثنا عبدالوهاب بن الضحاك حدثنا شعيب بن اسحاق عن هشام بن عروة عن أبيه عن عائشة رضي الله عنها قالت…

ഈ നിവേദകപരമ്പരയിലെ ‘അബ്ദുൽ വഹാബ് ഇബ്നു ദഹ്ഹാക് ഇബ്നു അബ്ബാൻ അൽ ഉർദി’ നുണയനാണെന്ന് അബൂഹാതിമും, ഇബ്നു ഹജർ അൽഅസ്കലാനിയും വ്യക്തമാക്കുന്നുണ്ട്. (തക്‌രീബു തഹ്‌ദീബ്: 1:626)

ശീഈ സൈറ്റുകളിൽ ഓടുന്ന ഈ നിവേദനത്തിന് വ്യക്തമായ നിവേദക പരമ്പരകൾ പോലുമില്ല എന്നത് സാന്ദർഭികമായി സൂചിപ്പിക്കട്ടെ. നുണയന്മാരിൽ നിന്നും വ്യാജഹദീസ് നിർമ്മാതാക്കളിൽ നിന്നും ഉദ്ധരിക്കുന്നതിന് പുറമെ നിവേദക പരമ്പരയിലെ റാവിമാരെ വ്യക്തമാക്കാതെ “ആരൊക്കെയോ ഉദ്ധരിച്ചു” എന്ന് പറഞ്ഞ് പ്രവാചകന്റെ മേൽ കെട്ടിയുണ്ടാക്കിയ ഇത്തരം കള്ള ഉദ്ധരണികളൊന്നും ഇസ്‌ലാമിൽ പ്രമാണമല്ല.

2. ഇത്തരം വ്യാജ ഉദ്ധരണികൾ ഇസ്‌ലാമിലെ പ്രമാണങ്ങളായ ക്വുർആനിനും സ്വഹീഹായ ഹദീസുകൾക്കും എതിരാണ് എന്നതാണ് മറ്റൊരു വസ്തുത. ഇസ്‌ലാമിന്റേയും മുഹമ്മദ് നബിയുടേയും(സ) സ്ഥിരപ്പെട്ട എല്ലാ അധ്യാപനങ്ങൾക്കും ഈ വ്യാജ വൃത്താന്തം എതിരാണ്.

അറിവിനും വിദ്യാ സമ്പാധനത്തിനും അളവില്ലാത്ത പ്രാധാന്യം നൽകിയ മതമാണ് ഇസ്‌ലാം. പ്രവാചകന് (സ) ആദ്യമായി അവതരിപ്പിക്കപ്പെട്ട ദിവ്യബോധനത്തിലെ രണ്ട് വരി ഇപ്രകാരമായിരുന്നു:

“നീ വായിക്കുക നിന്‍റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട് പഠിപ്പിച്ചവന്‍…” (ക്വുർആൻ: 96:3,4)

‘ക്വലം’ അഥവാ പേന എന്ന പേരിൽ ഒരു അധ്യായം തന്നെ ക്വുർആനിലുണ്ട്. ആ അധ്യായം ആരംഭിക്കുന്നത് തന്നെ ഇപ്രകാരമാണ്: “നൂന്‍. പേനയും അവര്‍ എഴുതിവെക്കുന്നതും സാക്ഷി…” (ക്വുർആൻ: 68:1)

മനുഷ്യർക്ക് ദൈവം നൽകിയ ഏറ്റവും വലിയ അനുഗ്രഹവും അവന്റെ ഏറ്റവും വലിയ ദൃഷ്ടാന്തവുമായാണ് പേനയെ ക്വുർആൻ കാണുന്നത്. അതുകൊണ്ടെല്ലാം തന്നെ എഴുത്ത് പഠിക്കുന്നതിനെ പ്രവാചകൻ (സ) അങ്ങേയറ്റം പ്രോത്സാഹിപ്പിച്ചു.

“അൻസ്വാരി സ്ത്രീകൾ എത്ര നല്ലവരാണ്. മതപാണ്ഡിത്യം നേടുന്ന കാര്യത്തിൽ ലജ്ജ അവരെ തടയുന്നില്ല” (സ്വഹീഹു മുസ്‌ലിം: 332) എന്ന് ശ്ലാഘിച്ചു കൊണ്ട്, അറിവിന്റേയും പഠനത്തിന്റേയും വിഷയത്തിൽ അന്തർമുഖരായ സ്ത്രീ ജനങ്ങളെ മുന്നോട്ടാനയിക്കുകയാണ് പ്രവാചകൻ (സ) ചെയ്തത്. സ്ത്രീ അറിവു നേടുന്നതിൽ തടസ്സമായി ഒന്നും തന്നെ നില നിൽക്കരുത് എന്ന വിപ്ലവ പാഠം ലോകത്തിന് മുമ്പിൽ വിളംബരം ചെയ്ത മുഹമ്മദ് നബി (സ) അറിവിന്റെ സുപ്രധാന സ്രോതസ്സായ വായനയും മാധ്യമമായ എഴുത്തും അവർക്കു തടഞ്ഞു എന്ന് വിഡ്ഢികളല്ലാതെ ആരാണ് വിശ്വസിക്കുക.?! അടിമ സ്ത്രീകളുടെ വിദ്യാഭ്യാസത്തെ പോലും പ്രവാചകൻ (സ) പ്രചോദിപ്പിക്കുകയാണുണ്ടായത്: “തന്റെ കീഴിലുള്ള അടിമ സ്‌ത്രീയെ സംസ്കാര സമ്പന്നയാക്കുകയും അവൾക്ക്‌ ഏറ്റവും നന്നായി വിദ്യാഭ്യാസം നൽകുകയും പിന്നീട്‌ അവളെ മോചിപ്പിച്ച്‌ സ്വയം വിവാഹം കഴിക്കുകയും ചെയ്തവനും ഇരട്ടി പ്രതിഫലമുണ്ട്‌” (ബുഖാരി: 5083).

ബദ്ർ യുദ്ധാനന്തരം ബന്ധികളാക്കപ്പെട്ട പടയാളികൾക്ക് മോചനദ്രവ്യമായി നിശ്ചയിക്കപ്പെട്ടിരുന്നത് നാൽപത് ഊക്കിയ വെള്ളി, അഥവാ നാലായിരം വെള്ളി ദിർഹമുകളായിരുന്നു മോചനദ്രവ്യം. അത് നൽകാൻ കഴിയാത്തവർക്ക് പത്ത് മുസ്‌ലിം കുട്ടികൾക്ക് എഴുത്ത് പഠിപ്പിക്കൽ മോചനദ്രവ്യമായി പ്രവാചകൻ (സ) നിശ്ചയിച്ചു.

ഇബ്നു അബ്ബാസ് (റ) പറഞ്ഞു: ബദ്ർ യുദ്ധാനന്തരം ബന്ധികളാക്കപ്പെട്ടവരിൽ ചിലർക്കും മോചനദ്രവ്യം നൽകാൻ ഒന്നുമുണ്ടായിരുന്നില്ല. അൻസ്വാരികളുടെ കുട്ടികൾക്ക് ‘എഴുത്ത് പഠിപ്പിക്കൽ’ മോചന മാർഗമായി അല്ലാഹുവിന്റെ ദൂതൻ അവർക്ക് നിശ്ചയിച്ച് കൊടുത്തു. (മുസ്നദ് അഹ്മദ്: 2217)

പുരുഷന്മാർക്ക് പുറമെ, അക്കാലഘട്ടത്തിലെ ധാരാളം സ്ത്രീകൾക്കും എഴുത്തും വായനയും അറിയാമായിരുന്നുവെന്ന് ചരിത്രകാരനും ഭൂമിശാസ്‌ത്രഗ്രന്ഥകാരനുമായ ബലാദുരി വ്യക്തമാക്കുന്നുണ്ട്. (ഫുതൂഹുൽ ബുൽദാൻ: 581)

ഹഫ്‌സ ബിൻത്ത് ഉമർ, ശിഫാഅ് ബിൻത്ത് അബ്ദുശ്ശംസ്, ഉമ്മു കുൽസൂം ബിൻത്ത് ഉക്ബ, ആഇശ ബിൻത്ത് സഅ്ദ്, കരീമ ബിൻത്ത് മിക്‌ദാദ് എന്നിവർ ഉദാഹരണം. (ഫുതൂഹുൽ ബുൽദാൻ: 581, അൽ ഇസ്തീആബ്: 4: 1811,1869,1953, ത്വബകാത്തു ഇബ്നു സഅ്ദ്: 8: 467, തക്‌രീബു തഹ്ദീബ്: 2: 857)

എഴുത്തും വായനയുമറിയാവുന്ന സ്ത്രീകളെ കൊണ്ട് തന്റെ പത്നിമാർക്കും എഴുത്തും വായനയും പഠിപ്പിക്കാനും പ്രവാചകൻ (സ) ശ്രമിച്ചിരുന്നു. ശിഫാഅ് ബിൻത്ത് അബ്ദുശ്ശംസ് പ്രവാചക പത്നി ഹഫ്‌സക്ക് എഴുത്ത് പഠിപ്പിക്കുന്ന സന്ദർഭത്തിൽ വീട്ടിൽ കയറി വന്ന പ്രവാചകൻ (സ), അധ്യാപികയോട് “താങ്കൾ അവൾക്ക് (ഹഫ്‌സ) എഴുത്തു പഠിപ്പിച്ചതു പോലെ രോഗ പ്രാർത്ഥനയും പഠിപ്പിച്ചു കൂടേ?” എന്ന് ചോദിച്ചതായി ഹദീസുകളിൽ കാണാം. (സ്വഹീഹു അബൂദാവൂദ്: 3887)

ഇസ്‌ലാമിക ചരിത്രത്തെ സംബന്ധിച്ച് അൽപ്പമെങ്കിലും പരിജ്ഞാനമുള്ള ആരും തന്നെ ഇസ്‌ലാം, സ്ത്രീകൾ കയ്യെഴുത്ത് പരിശീലിക്കുന്നതിനെ എതിർത്തുവെന്ന് പറയാൻ യാതൊരു സാധ്യതയുമില്ല. കാരണം ഇസ്‌ലാമിക ചരിത്രത്തിലുടനീളം പുരുഷന്മാരേക്കാൾ സ്ത്രീകൾ അതിവിദൂരം മുന്നിട്ടു നിന്ന പ്രത്യേകം ചില മേഖലകളിലൊന്നായിരുന്നു ‘കയ്യെഴുത്ത്’. ചില ഉദാഹരണങ്ങൾ കുറിക്കാം:

* അച്ചടി യന്ത്രമോ ആധുനിക സാങ്കേതിക ഉപകരണങ്ങളോ നിലവിലില്ലായിരുന്ന മധ്യ കാലഘട്ടത്തിൽ ഗ്രന്ഥങ്ങളുടെ പ്രതികൾ കൈപ്പടം കൊണ്ട് പകർത്തി എഴുതുന്ന തൊഴിൽ ചെയ്തിരുന്നവരെ ‘വർറാക്കു’കൾ (الوراقون) എന്നാണ് അറിയപ്പെട്ടിരുന്നത്. പൗരാണിക കാലഘട്ടത്തിലെ അച്ചടിശാലകളായിരുന്നു അവർ. സ്ത്രീകൾ ചേതോഹരമായ കൈയ്യക്ഷരത്തിന് ഉടമകളായത് കൊണ്ട് തന്നെ അവർ തന്നെയായിരുന്നു ഈ മേഖലയിൽ പ്രധാനികൾ.

* കോർഡോവയിൽ നൂറ്റി എഴുപത് സ്ത്രീകൾ കൂഫി ലിപിയിൽ മുസ്ഹഫുകൾ ഇറക്കിയിരുന്നുവെന്ന് സ്പെയിനിലെ ചരിത്രകാരനായ അബുൽഫിയാദ് രേഖപ്പെടുത്തുന്നുണ്ട്.

* കവയത്രി ത്വലൈത്വലിയ (ഹി. 540) ഇക്കൂട്ടത്തിൽ പെടുന്നു.

* ബാഗ്‌ദാദിലെ ഏറ്റവും വലിയ അച്ചടിശാലയിൽ പ്രൂഫ് റീഡിംഗിലും പകർപ്പിലും പങ്കെടുത്തിരുന്ന ജാരിയ്യ തൗഫീക് സൗദാഇനെ സംബന്ധിച്ച് സാഹിത്യകാരൻ അബുൽ അലാഅ് മഅരി സ്മരിക്കുന്നുണ്ട്.

* ആറാം നൂറ്റാണ്ടുകാരിയായ പണ്ഡിത മർയം ബിൻത് അബ്ദുൽ കാദിർ, അബൂ നസ്ർ അൽജൗഹരിയുടെ ‘കാമൂസു സ്വിഹാഹ്’ എന്ന ഗ്രന്ഥം പകർത്തിയെഴുതിയിട്ടുണ്ട്, അതിന്റെ പ്രതി ബാഗ്‌ദാദിലെ ഹൈദർഖാന ലൈബ്രറിയിൽ സൂക്ഷിക്കപ്പെട്ടിട്ടുമുണ്ട്. ഗ്രന്ഥത്തിന്റെ അവസാനത്തിൽ അവർ ഇപ്രകാരം രേഖപ്പെടുത്തിയതായി കാണാം : “ഈ പ്രതിയിൽ വല്ല സ്ഖലിതങ്ങളും ശ്രദ്ധയിൽ പെട്ടാൽ വായനക്കാർ എന്നോട് പൊറുക്കുമെന്ന് ഞാൻ ആശിക്കുന്നു. കാരണം, എന്റെ വലതു കൈ കൊണ്ട് ഞാൻ ഗ്രന്ഥം പകർത്തുമ്പോൾ ഇടതു കൈ കൊണ്ട് എന്റെ കുഞ്ഞിനെ ഞാൻ തൊട്ടിലിൽ ആട്ടുകയും ചെയ്യുമായിരുന്നു.”

* ഹിജ്റ 374ൽ മരണപ്പെട്ട ലുബ്ന അൽ ഖുർത്വബിയ, ഇസ്‌ലാമിക് സ്പെയിനിലെ കവിയത്രി, കൈയെഴുത്തുശാസ്‌ത്രത്തിലും (calligraphy) ലിപിന്യാസത്തിലും (penmanship) അഗ്രേസരയായിരുന്നു. സ്പെയിനിലെ ഉമവി ഖലീഫയായിരുന്ന അൽ ഹകം അൽ മുസ്തൻസിർബില്ലായുടെ കൊട്ടാര എഴുത്തുകാരിയായിരുന്നു. ബഹുമുഖപ്രതിഭയായിരുന്ന ഇവർ ശാസ്‌ത്രചിന്തകയും ഗണിതജ്ഞയും വ്യാകരണപണ്ഡിതയുമെല്ലാമായിരുന്നു. ഒരു അടിമ പെൺകുട്ടിയായിട്ടാണ് ജനിച്ചതെങ്കിലും ഖലീഫയുടെ സെക്രട്ടറിയായിത്തീർന്നു. ഖുർത്വുബയിലെ സഹ്റാഅ നഗരത്തിലെ പ്രശസ്തമായ ലൈബ്രറിയുടെ നിർമ്മാണത്തിലും നടത്തിപ്പിലും വിജ്ഞാനകുതുകിയായ ഇവർ നിസ്തുലമായ പങ്ക് വഹിച്ചു. എണ്ണമറ്റ കൈയ്യെഴുത്തു പ്രതികൾ ലൈബ്രറിക്കായി വിവർത്തനം ചെയ്തു.

* ഹിജറാബ്ദം 440 ൽ മരണപ്പെട്ട, പണ്ഡിതയും എഴുത്തുകാരിയുമായ ‘ബിൻത്തുൽ അക്റഅ് ‘ജനങ്ങളെ മനോഹരമായ കൈപ്പടയിൽ എഴുതാൻ പഠിപ്പിച്ചിരുന്നു. അന്നത്തെ ഖലീഫയുടെ എഴുത്തുകുത്തുകൾ കൈകാര്യം ചെയ്യാൻ ഔദ്യോഗികമായി നിയോഗിതയായ ഇവരുടെ എഴുത്ത് അക്കാലഘട്ടത്തിലെ മികച്ച കയ്യെഴുത്തിന് മാതൃകയായി അവലംബിക്കപ്പെട്ടു എന്ന് ചരിത്ര ഗ്രന്ഥമായ സിയറു അഅ്ലാമിന്നുബലാഅ് വർണിക്കുന്നു.

* ഉമ്മു മുഹമ്മദ് ശുഹ്ദ ബിൻത്ത് അഹ്മദ്. ഹിജ്റാബ്ദം 484 ഇറാഖിലെ ബാഗ്‌ദാദിൽ ജനനം. ഹദീസ് പണ്ഡിത; ഇമാം മാലികിൻ്റെ മുവത്വയിലെ ഹദീഥുകൾ മുഴുവനായും ചെറുപ്രായത്തിലെ മനപാഠമാക്കി. സാഹിത്യകാരി, പ്രാസംഗിക, ‘കൈയെഴുത്ത് കലാ പ്രതിഭ’ തുടങ്ങി സകല കലാ വല്ലഭയായ ശുഹ്ദ ‘സ്ത്രീകൾക്ക് അഭിമാനഹേതുവായി’രുന്നതിനാൽ ‘ഫഖ്റുന്നിസാഅ്’ എന്ന് വിളിക്കപ്പെട്ടു. ഫഖ്റുന്നിസയുടെ കീഴിൽ ഹദീഥ് പഠിക്കുക എന്നത് ഇസ്‌ലാമിക ലോകത്തെ നാനാ ദിക്കുകളിൽ നിന്നുമുള്ള ഹദീസ് പണ്ഡിതർ അനുഗ്രഹവും അഭിമാനവുമായി പരിഗണിച്ചു. ഇബ്നു അസാകിർ, സംആനി, ഇബ്നുൽ ജൗസി തുടങ്ങിയ എണ്ണമറ്റ വിശ്വപ്രസിദ്ധ പണ്ഡിതർ ഫഖ്റുന്നിസയിൽ നിന്നും ഹദീസ് പഠിച്ചവരാണ്.

* ഹിജ്റാബ്ദം 460 ൽ മരണപ്പെട്ട ഹദീസ് പണ്ഡിതയും പ്രഭാഷകയുമായ ആഇശ ബിൻത്ത് ഹസനിബ്നു ഇബ്റാഹീം അൽ ഇസ്ബഹാനിയ്യയുടെ പാണ്ഡിത്യത്തെ സംബന്ധിച്ച് ഇമാം ദഹബി, സിയറിൽ വാനോളം വാഴ്ത്തുന്നുണ്ട്. ഇബ്നു മന്ദയുടെ ആമാലി എന്ന ഗ്രന്ഥം അദ്ദേഹത്തിൽ നിന്ന് അവർ നേരിട്ട് കേട്ടെഴുതിയ കയ്യെഴുത്തു പ്രതിയായിരുന്നു ഗ്രന്ഥത്തിന്റെ പ്രചാരണത്തിന്റെ പ്രധാന അവലംബം.

ഇമാം ദഹബിയുടെ സിയറു അഅ്ലാമിന്നുബലാഅ്, ഇമാം ഇബ്നു ഹജറിന്റെ അൽ ഇസ്വാബ, ഇമാം മിസ്സിയുടെ തഹ്ദീബുൽ കമാൽ, ഇമാം ഇബ്നു കസീറിന്റെ അൽ ബിദായത്തു വന്നിഹായ, ഉമർ രിദായുടെ അഅ്ലാമുന്നിസാഅ് തുടങ്ങിയ ഗ്രന്ഥങ്ങളിൽ പ്രവാചക കാലഘട്ടം മുതൽ മധ്യകാലഘട്ടം വരെയുള്ള എഴുത്തുകാരികളായ ആയിരക്കണക്കിന് മുസ്‌ലിം പണ്ഡിതകളുടെ ജീവചരിത്രം നമുക്ക് വായിക്കാൻ സാധിക്കും.

ഹിജറാബ്ദം 384 ൽ ജനിച്ച ലോക പ്രസിദ്ധ കർമ്മശാസ്ത്ര പണ്ഡിതനായ ഇബ്നു ഹസം പൗരാണിക ഇസ്‌ലാമിക സമൂഹത്തിലെ പണ്ഡിതകളെ സംബന്ധിച്ച് വിശദീകരിക്കവെ അവരുടെ ‘കയ്യെഴുത്തി’നെ സംബന്ധിച്ച് പ്രത്യേകം പരാമർശിക്കുന്നുണ്ട്.

“സ്ത്രീകളുടെ മടിത്തട്ടിലാണ് ഞാൻ വളർന്നത്, അവരുടെ മുമ്പിലാണ് ഞാൻ പിച്ചവെച്ചതും. വലുതായതിന് ശേഷമാണ് പുരുഷന്മാരുമായി ഞാൻ സഹവസിക്കാൻ ആരംഭിച്ചത്… (അതിന് മുമ്പേ) സ്ത്രീകളാണ് എന്നെ കുർആൻ പഠിപ്പിച്ചത്. ധാരാളം കവിതകൾ പാടാനും ‘നല്ല കൈപ്പടയിൽ എഴുതാനും’ എന്നെ പരിശീലിപ്പിച്ചതും അവർ തന്നെയായിരുന്നു…”

വിമർശനം:

പ്രവാചക ശിഷ്യൻ സുബൈർ (റ), തന്റെ ഭാര്യയെ സ്ഥിരമായി തല്ലാറുണ്ടായിരുന്നു.

മറുപടി:

സംഭവം സ്ഥിരപ്പെട്ട പരമ്പരയോടെ ഉദ്ധരിക്കപ്പെട്ടിട്ടില്ല. നിവേദനങ്ങളുടെ പരമ്പരകൾ ദുർബലമാണ്.

സുബൈർ (റ) തന്റെ ഭാര്യയായ അസ്മാഅ് ബിൻത്ത് അബൂബക്കറിനെ സ്ഥിരമായി തല്ലാറുണ്ടായിരുന്നു എന്ന് ചില നിവേദനങ്ങൾ പല ഗ്രന്ഥങ്ങളിലും വന്നിട്ടുണ്ടെങ്കിലും എല്ലാ നിവേദനങ്ങളും വളരെ ദുർബലമാണ്.

1. ‘അസ്മാഅ് (റ) തന്റെ ഭർത്താവ് സുബൈറിനെ (റ) സംബന്ധിച്ച് തന്റെ പിതാവിനോട് പരാധിപ്പെട്ടു’ എന്ന് സൂചിപ്പിക്കുന്ന ചില നിവേദനങ്ങൾ ഇബ്നു സഅ്ദ്, ‘ത്വബകാത്തുൽ കുബ്റാ’ യിലും (8:251), ഇബ്നു അസാകിർ, ‘താരീഖു മദീനത്തു ദിമശ്ക്കി'(69:15)ലും അബ്ദുർറസാക് തന്റെ ‘മുസ്വന്നഫി’ലും (20599) ഉദ്ധരിക്കുന്നുണ്ട്. ‘ഇക്‌രിമ’യിൽ നിന്നാണ് സംഭവം നിവേദനം ചെയ്യപ്പെടുന്നത്. എന്നാൽ, ഇക്‌രിമ ഈ സംഭവത്തിന് സാക്ഷിയല്ല. അദ്ദേഹം അബൂബക്കറിനെ (റ) കണ്ടുമുട്ടിയിട്ടില്ല, അസ്മാഇൽ നിന്ന് നേരിട്ട് കേട്ടതാണെന്ന് വ്യക്തമാക്കിയിട്ടുമില്ല. അതിനാൽ നിവേദനം മുർസൽ (المرسل) അഥവാ പരമ്പര മുറിഞ്ഞത് ആകുന്നു. (സിൽസിലത്തു സ്വഹീഹ: 3:276)

ورجاله ثقات لكن عكرمة لم يدرك القصة ولم يتبين لي هل سمع من أسماء أم لا فيتحتمل أنه أخذه منها… (أرشيف منتدى الألوكة – مسألة ضرب الزوجات وهل أثر الزبير رضي الله عنه صحيحا – المكتبة الشاملة الحديثة )

ഇനി ഇബ്നു സഅ്ദ്, ഇബ്നു അസാകിർ,അബ്ദുർറസാക് തുടങ്ങിയവർ ഉദ്ധരിച്ച ഈ നിവേദനങ്ങൾ സ്വഹീഹ് (സ്വീകാര്യതയുടെ മാനദണ്ഡങ്ങൾ പൂർത്തിയായവ) ആണെന്ന് വന്നാൽ തന്നെ സുബൈർ (റ) തന്റെ ഭാര്യയായ അസ്മാഇനെ തല്ലുമായിരുന്നെന്ന് ഈ നിവേദനങ്ങളിൽ പ്രസ്ഥാവിക്കുന്നേ ഇല്ല.! അസ്മാഅ്, തന്റെ പിതാവ് അബൂബക്കറിന്റെ അടുത്തു വന്ന്, ഭർത്താവ് സുബൈർ തന്നോട് “പാരുഷ്യം കാണിക്കുന്നു എന്ന് പരാധിപ്പെട്ടു” (فشكت شدة الزبير عليها) എന്നാണ് ഈ നിവേദനങ്ങളിൽ പ്രസ്ഥാവിക്കപ്പെട്ടിട്ടുള്ളത്. സുബൈർ (റ) ലൗകിക വിരക്തനായതിനാൽ, സമ്പത്ത് ചെലവഴിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ കാർക്കശ്യമാണ് ഇവിടെ അസ്മാഅ് പരാധിപ്പെടുന്ന ‘പാരുഷ്യം’ എന്ന് പല പണ്ഡിതന്മാരും വ്യക്തമാക്കിയിട്ടുണ്ട്.

ഭർത്താക്കന്മാരെ സംബന്ധിച്ച് നവ വധുക്കൾ പരാധി പറയുക സാധാരണ കാര്യമാണ്. തന്നെ സ്നേഹിക്കുന്നില്ല, തന്നോട് മോശമായി പെരുമാറുന്നു എന്നൊക്കെ മാതാപിതാക്കളോട് പരാതി പറയുന്നത് എല്ലാം ശരിയാവണമെന്നില്ലല്ലൊ. അവ കേവല ആത്മനിഷ്ടമായ തോന്നലുകൾ ആവാം… നിസ്സാരമായ കാര്യങ്ങളെ പർവ്വതീകരിക്കലുമാവാം… എന്നൊക്കെ പിതാവ് അബൂബക്കർ മകളുടെ പിണക്കത്തെ പറ്റി മനസ്സിലാക്കിയുള്ളു. അതുകൊണ്ട് ദാമ്പത്യ ജീവിതത്തിലെ സംയമനത്തേയും ക്ഷമയേയും പറ്റി മകളെ ഉപദേശിച്ചു. ഭർത്താവായ സുബൈറിനെ ‘സദ്‌വൃത്തനായ ഭർത്താവ്’ (زوج صالح) എന്ന് അബൂബകർ (റ) വിശേഷിപ്പിക്കുകയും ചെയ്തു എന്ന് അതേ നിവേദനത്തിൽ കാണാം.

വളരെ തരള ഹൃദയനായിരുന്നു അബൂബക്കർ (റ). അതുകൊണ്ടു തന്നെ, വളരെ അലിവോടും വാൽസല്യത്തോടു കൂടെയുമാണ് അദ്ദേഹം തന്റെ പെൺമക്കളെ വളർത്തിയത്. അത്ര ലാളനയിലും വാൽസല്യത്തിലും വളർന്ന പെൺകുട്ടികൾക്ക് വിവാഹാനന്തരം ചെറിയ ജീവിത മാറ്റങ്ങൾ തന്നെ അസഹ്യമായി അനുഭവപ്പെടുക സ്വഭാവികമാണ്. അബൂബക്കറിന്റെ(റ) മറ്റൊരു മകളായ ആഇശക്ക്(റ) ഈ മാറ്റം അനുഭവപ്പെടാതിരുന്നത് പിതാവ് അബൂബക്കറിനേക്കാൾ സ്നേഹവും കരുണയും വാൽസല്യവും ഭർത്താവായ പ്രവാചകനിൽ (സ) നിന്ന് ലഭിച്ചതു കൊണ്ടാകാം. പ്രവാചകനെ പോലെ അലിവിന്റെ ഖനിയാവാനും ഭാര്യമാരെ പൂർണമായും തൃപ്തിപ്പെടുത്താനും എല്ലാ ഭർത്താക്കന്മാർക്കും കഴിഞ്ഞെന്നു വരില്ലല്ലൊ. അത്രയെ സുബൈറിന്റെ ‘തെറ്റായി’ ഈ നിവേദത്തിൽ നിന്ന് മനസ്സിലാക്കാനുള്ളു.

അതേ സമയം സുബൈർ മകളെ തല്ലുന്നതായി പരാധിപ്പെട്ടിരുന്നെങ്കിൽ അബൂബക്കർ (റ) മകളെ ദാമ്പത്യ ജീവിതത്തിലെ സംയമനത്തേയും ക്ഷമയേയും പറ്റി ഉപദേശിക്കുകയല്ല, ശക്തമായി തന്നെ പ്രതികരിക്കുകയിരുന്നു ചെയ്യുക. തന്നെ തല്ലുന്നതായി മകൾ പരാധിപ്പെട്ടതായി സ്വഹീഹായ ഒരു നിവേദനത്തിലും കാണുന്നില്ല.

2. സുബൈർ (റ) ഭാര്യയായ അസ്മാഇനെ (റ) “തല്ലിയിരുന്നു” എന്നോ “തല്ലി” എന്നോ സൂചിപ്പിക്കുന്ന നിവേദനങ്ങൾ താഴെ പറയുന്നവയാണ്:

a) ത്വബ്റാനി തന്റെ ‘മുഅ്ജമുൽ കബീറി’ൽ (234) ഉദ്ധരിച്ച കഥയുടെ പരമ്പര:

حَدَّثَنَا أَحْمَدُ بن زَيْدِ بن هَارُونَ، حَدَّثَنَا إِبْرَاهِيمُ بن الْمُنْذِرِ الْحِزَامِيُّ، حَدَّثَنَا عَبْدُ اللَّهِ بن مُحَمَّدِ بن يَحْيَى بن عُرْوَةَ، عَنْ هِشَامِ بن عُرْوَةَ، قَالَ:…

പരമ്പരയിലെ അബ്ദുല്ലാഹിബ്നു മുഹമ്മദിബ്നു യഹ്‌യ എന്ന നിവേദകൻ ദുർബലനാണെന്ന് ഇമാം ഹൈസമി ‘മജ്‌മഉസ്സവാഇദ്’ ൽ വ്യക്തമാക്കിയിരിക്കുന്നു.

وفيه عبد الله بن محمد بن يحيى بن عروة وهو ضعيف

മാലികിൽ നിന്ന് ഇബ്നുൽ അറബി, കുർതുബി എന്നിവർ സുബൈറിന്റെ(റ) ‘അടിയെ’ സൂചിപ്പിക്കുന്ന സംഭവം ഉദ്ധരിച്ചിട്ടുണ്ട്. നിവേദനത്തെ സംബന്ധിച്ച് ‘ഉപോൽബലകമായ നിവേദകസാക്ഷ്യങ്ങളില്ലാത്ത ഒറ്റപ്പെട്ട നിവേദനം’ എന്ന് കാദി അബൂബക്കറും, സംഭവം തന്റെ ഗ്രന്ഥത്തിൽ എടുത്തുദ്ധരിച്ച ഇബ്നുൽ അറബി തന്നെയും വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ നിവേദനം ഉദ്ധരിച്ച മാലിക് കഥക്ക് സാക്ഷിയല്ല എന്നതു കൂടി ചരിത്രത്തിൽ നിന്ന് വ്യക്തമാണ്. കാരണം മാലിക് (ജനനം: ഹിജ്റ: 93) അസ്മാഅ്നെ (മരണം: ഹിജ്റ: 73) ജീവിതത്തിൽ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ല. അതിനാൽ തന്നെ പരമ്പര മുറിഞ്ഞതും ദുർബലവുമാണ് എന്ന് വ്യക്തം.

3. “അല്ലാഹുവിന്റെ ദൂതൻ (സ) തന്റെ കൈ കൊണ്ട് ഒരു സ്ത്രീയെ പോലും ഒരിക്കലും അടിച്ചിട്ടില്ലെന്ന്…” (സ്വഹീഹു മുസ്‌ലിം: 2328) പത്നി ആഇശ (റ) പറയുന്നു. “അല്ലാഹുവിന്റെ അടിയാത്തികളെ നിങ്ങൾ അടിക്കരുത്…” (لَا تَضْرِبُوا إِمَاءَ اللَّهِ) എന്നാണ് പ്രവാചകൻ (സ) തന്റെ ശിഷ്യന്മാരെ ഉപദേശിച്ചത്. (അബൂദാവൂദ്: 2146) “നാണമില്ലേ നിങ്ങള്‍ക്ക്? അടിമയെ അടിക്കുന്നതുപോലെ സ്വന്തം ഭാര്യയെ അടിക്കാന്‍; പിന്നെ അവളോടൊത്ത് ശയിക്കാനും” (സ്വഹീഹുൽ ബുഖാരി: 4908, മുസ്വന്നഫ് അബ്ദുർറസാക്ക്) എന്ന് ഭാര്യമാരെ അടിക്കുന്ന ചിലരുടെ നിലപാടിനെ പ്രവാചകൻ (സ) ശക്തമായി അപലപിച്ചു.

അതുകൊണ്ടു തന്നെ, പ്രവാചകന്റെ(സ) മാതൃകയെ കണിശമായി പിന്തുടരുന്ന, അദ്ദേഹത്തിന്റെ കൽപനയെ സമ്പൂർണമായും ശിരസാവഹിക്കുന്ന പ്രവാചകാനുചരന്മാർ ഒരിക്കലും തങ്ങളുടെ ഭാര്യമാരെ ഗാർഹിക പീഢനങ്ങൾക്ക് വിധേയമാക്കില്ലെന്നത് തീർച്ചയാണ്. വിശിഷ്യാ പ്രവാചകന്റെ(സ) സന്ധത സഹചാരിയായ സുബൈർ (റ) തന്റെ ഭാര്യയെ സ്ഥിരമായി തല്ലുകയെന്നത് അസംഭവ്യമാണ്.

4. അതിഗുരുതരമായ സ്വഭാവദൂഷ്യങ്ങൾ ഭാര്യമാരിൽ നിന്ന് പ്രകടമാകുന്ന സന്ദർഭത്തിൽ ഭാര്യമാരെ ഉപദേശിച്ച് മര്യാദ പഠിപ്പിക്കാനും, അതുകൊണ്ടും കാര്യമില്ലെന്ന് കണ്ടാൽ കിടപ്പറയിൽ വിട്ടു കിടന്ന് പിണക്കം പ്രകടിപ്പിക്കാനും, അതുകൊണ്ടും ഫലമില്ലെങ്കിൽ ‘തല്ലാനും’ ക്വുർആൻ (സൂറത്തു ന്നിസാഅ്: 34) അനുവാദം നൽകുന്നുണ്ടെങ്കിലും ആ തല്ല് ശാരീരികമായി വേദനപ്പിക്കുന്നതാവരുത്, ആ തല്ലിലൂടെ തന്റെ ശക്തമായ പ്രതിഷേധമറിയിക്കാനുള്ള ഒരു അടയാളം മാത്രമാകണമെന്നാണ് പ്രവാചകൻ (സ) വ്യഖ്യാനിച്ചത്. “വേദനിപ്പിക്കാത്ത അടി” (ضربا غير مبرح) എന്നു തന്നെ പ്രവാചകൻ (സ) ആ അടിയെ വിശേഷിപ്പിക്കുകയും ചെയ്തു. (സ്വഹീഹു മുസലിം: 2138)

ഇബ്നു കസീർ പറഞ്ഞു: “അവളെ അടിക്കുക എന്ന് ക്വുർആൻ പറഞ്ഞത് ഉപദേശം കൊണ്ടോ പിണക്കം കൊണ്ടോ പരിഹാരമില്ലാത്ത സന്ദർഭത്തിലാണ്. അതു തന്നെ ശക്തമല്ലാത്ത അടിയാണ് അനുവദിച്ചത്… ഹസനുൽ ബസ്വരി പറഞ്ഞു: “പാടൊ അടയാളമൊ പതിയാത്ത അടിയാണിത്.” കർമ്മശാസ്ത്ര പണ്ഡിതർ പറഞ്ഞു: അവയവങ്ങൾക്ക് മുറിവോ വേദനയോ, അടയാളമോ ഒന്നും ഉണ്ടാകാത്ത അടിയാണ് ഉദ്ദേശ്യം.” (തഫ്സീറു ഇബ്നുകസീർ: 2:293)

ഇമാം കുർത്തുബി പറഞ്ഞു: “ഉപദേശം കൊണ്ടും പിണക്കം കൊണ്ടുമാണ് പ്രശ്നപരിഹാരത്തിനുള്ള ശ്രമം ആരംഭിക്കേണ്ടത്. എന്നിട്ടും പരിഹാരമില്ലാത്ത സന്ദർഭത്തിലാണ് അടി… ആയത്തിൽ പറയുന്ന അടി മര്യാദയുടെ അടിയാണ്. വേദനാജനകമായ അടിയല്ല. ആ അടി മൂലം അസ്ഥി ഒടിയുകയോ അവയവത്തിന് മുറിവോ ചതവോ വരുകയോ തുടങ്ങിയവയൊന്നും സംഭവിക്കരുത്. ആ അടി കൊണ്ടുള്ള ഉദ്ദേശം ദാമ്പത്ത്യത്തിന്റെ നന്മ മാത്രമാകണം.” (ജാമിഉൽ അഹ്‌കാം: 5:172)

ഇമാം നവവി (റ) പറഞ്ഞു: ” ‘വേദനിപ്പിക്കാത്ത അടി’ (ضربا غير مبرح) എന്നു പ്രവാചകൻ (സ) പറഞ്ഞതിലെ ഉദ്ദേശം ശക്തമോ ശാരീരിക പ്രയാസമോ ഉണ്ടാക്കാത്ത അടിയാണ്. ‘അൽ ബർഹ്’ (البَرْح) എന്നാൽ ‘ശാരീരിക പ്രയാസം’ (المشقة) എന്നാണ് അർത്ഥം. അൽ മുബർരിഹ് (المبرِّح) എന്നാൽ ശാരീരിക പ്രയാസം സൃഷ്ടിക്കുന്നത്. അത്തരം അടിയാകരുത് അത് എന്നാണ് പ്രവാചകൻ (സ) ഹദീസിൽ പ്രസ്ഥാവിച്ചത്.” (ശർഹു മുസ്‌ലിം: 8:184)

ഇനി, ഇത്തരം സന്ദർഭങ്ങളിൽ, മൃദുലമായ അടി അനുവദിച്ചപ്പോഴും “ഭാര്യയുടെ മുഖത്ത് അടിക്കുകയോ അപമാനിക്കുകയോ ചെയ്യരുത്” എന്നും “ജനങ്ങൾക്കിടയിൽ പിണക്കം പ്രകടിപ്പിക്കുകയോ അവമതിക്കുകയോ ചെയ്യരുത്” എന്നും പ്രവാചകൻ (സ) പ്രത്യേകം ഉപദേശിച്ചതു കൂട (സ്വഹീഹു അബൂദാവൂദ്: 2143 ) ചേർത്തു വായിക്കുക.

സ്ത്രീകളെ അധികാരം ഏല്‍പ്പിച്ച ഒരു ജനതയും വിജയിക്കില്ലെന്ന് പഠിപ്പിച്ചത് മുഹമ്മദ് നബിയാണ്. അതുകൊണ്ടുതന്നെ പ്രവാചകാനുചരന്മാര്‍ സ്ത്രീകളുടെ അധികാരം അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. ജമല്‍ യുദ്ധം നയിച്ച ആഇശ പ്രവാചകപത്‌നിയായിരുന്നിട്ടുപോലും, ഒരു സ്ത്രീ ആയതിനാല്‍ അവരുടെ നേതൃത്വത്തിനോട് പ്രവാചക ശിഷ്യന്‍ അബൂബക്‌റത് മുഖം തിരിച്ചു നിന്നത്,’സ്ത്രീയെ അധികാരം ഏല്‍പ്പിച്ച ജനത വിജയിക്കില്ലെന്ന’ പ്രവാചകോപദേശം മുഖവിലക്കെടുത്തതിനാലായിരുന്നു എന്നത് അദ്ദേഹം തന്നെ പറഞ്ഞതായി ഹദീഥ് ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രത്യക്ഷമായ പെണ്‍വിരുദ്ധതയാണ് പ്രവാചകന്‍ പഠിപ്പിച്ചിരുന്നതെന്ന് ഇത് വ്യക്തമാക്കുന്നുണ്ടല്ലോ ?

ഒരു ഹദീഥ് ഉദ്ദരിക്കുകയും എന്നിട്ട് തങ്ങള്‍ക്ക് എന്താണോ തോന്നുന്നത് അപ്രകാരം അതിനെ വിലയിരുത്തുകയും വിമര്‍ശനവിധേയമാക്കുകയും ചെയ്യുക എന്നത് ഇസ്‌ലാംവിദ്വേഷികളുടെ സ്ഥിരം പതിവാണ്. ആ ഹദീഥിനെ പ്രമാണമായി കാണുന്ന മുസ്‌ലിം സമൂഹം അതിനെ എപ്രകാരമാണ് വിലയിരുത്തിയതും സ്വീകരിച്ചതുമെന്നും ഹദീഥിന്റെ ആധികാരികവും പ്രാമാണികവുമായ വ്യഖ്യാനം എങ്ങനെയാണെന്നും ഇസ്‌ലാമിക പ്രമാണങ്ങളുടെ ആകത്തുക ഈ വിഷയത്തെ എങ്ങനെ വീക്ഷിക്കുന്നുവെന്നുമുള്ള വളരെ പ്രധാനപ്പെട്ട ഘടകങ്ങളെ അവഗണിക്കുക എന്നത് നിരൂപണ രംഗത്തെ സത്യസന്ധതയില്ലായ്മയെയാണ് അടിവരയിടുന്നത്. സ്ത്രീ ഭരണാധികാരിയാവുക അല്ലെങ്കില്‍ അധികാരത്തിന്റെ ഏതെങ്കിലും ഒരു പങ്ക് സ്ത്രീയെ ഏല്‍പ്പിക്കുക എന്നത് ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണോ? അല്ല എന്നതാണ് വസ്തുത. കാരണം, തന്റെ സമൂഹത്തെ ഏറ്റവും നല്ല നിലയില്‍ നയിച്ച ഒരു സ്ത്രീയുടെ ചരിത്രം വിശുദ്ധ ക്വുര്‍ആന്‍ തന്നെ മുസ്‌ലിം സമൂഹത്തെ പഠിപ്പിച്ചിട്ടുണ്ട്; സൂറത്തു’ന്നംലി’ല്‍ ക്വുര്‍ആന്‍ വിവരിച്ച ‘സബഇ’ലെ രാജ്ഞി ബല്‍ഖീസിന്റെ ചരിത്രം. നല്ല യുക്തിയോടും വിവേകത്തോടും കൂടിയാണ് അവര്‍ ഭരണം നടത്തിയിരുന്നത്. തന്റെ തീരുമാന ശക്തിയും വിവേചനാധികാരവും ഉപയോഗിച്ച് സര്‍വനാശത്തില്‍ എത്തിപ്പെടുമായിരുന്ന ഒരു യുദ്ധത്തില്‍ നിന്നും അവര്‍ സ്വന്തം ജനതയെയും രാഷ്ട്രത്തെയും രക്ഷിച്ച ചരിത്രം വിശുദ്ധ ക്വുര്‍ആന്‍ പരാമര്‍ശിച്ചിട്ടുണ്ട്. നയതന്ത്രപരമായ പക്വതയുള്ള ഒരു ഭരണാധികാരിയായാണ് ബല്‍ഖീസ് രാജ്ഞിയെ ക്വുര്‍ആന്‍ അടയാളപ്പെടുത്തിയത്. തന്റെ അധികാര പരിധിയില്‍ കീഴൊതുങ്ങുവാനുള്ള സര്‍വാധിപതിയായ സുലൈമാന്റെ(അ) ആഹ്വാനദൂത് എത്തിയപ്പോള്‍ അവര്‍ തന്റെ കൂടിയാലോചനാ സദസ്സ് വിളിച്ചുകൂട്ടി. പ്രസ്തുത സംഭവം ക്വുര്‍ആന്‍ ഇപ്രകാരം വിവരിച്ചു:

”അവള്‍ പറഞ്ഞു: ഹേ, പ്രമുഖന്മാരേ, എനിക്കിതാ മാന്യമായ ഒരെഴുത്ത് നല്‍കപ്പെട്ടിരിക്കുന്നു” ”അത് സുലൈമാന്റെ പക്കല്‍ നിന്നുള്ളതാണ്. ആ കത്ത് ഇപ്രകാരമത്രെ: ‘പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍’ ”എനിക്കെതിരില്‍ നിങ്ങള്‍ അഹങ്കാരം കാണിക്കാതിരിക്കുകയും, കീഴൊതുങ്ങിയവരായിക്കൊണ്ട് നിങ്ങള്‍ എന്റെ അടുത്ത് വരികയും ചെയ്യുക” ”അവള്‍ പറഞ്ഞു: ഹേ, പ്രമുഖന്മാരേ, എന്റെ ഈ കാര്യത്തില്‍ നിങ്ങള്‍ എനിക്ക് നിര്‍ദ്ദേശം നല്‍കുക. നിങ്ങള്‍ എന്റെ അടുക്കല്‍ സന്നിഹിതരായിട്ടല്ലാതെ യാതൊരു കാര്യവും ഖണ്ഡിതമായി തീരുമാനിക്കുന്നവളല്ല ഞാന്‍” ”അവര്‍ പറഞ്ഞു: ‘നാം ശക്തിയുള്ളവരും ഉഗ്രമായ സമരവീര്യമുള്ളവരുമാണ്. അധികാരം അങ്ങയ്ക്കാണല്ലോ, അതിനാല്‍ എന്താണ് കല്‍പിച്ചരുളേണ്ടതെന്ന് ആലോചിച്ചു നോക്കുക” ”അവള്‍ പറഞ്ഞു: തീര്‍ച്ചയായും രാജാക്കന്മാര്‍ ഒരു നാട്ടില്‍ കടന്നാല്‍ അവര്‍ അവിടെ നാശമുണ്ടാക്കുകയും, അവിടത്തുകാരിലെ പ്രതാപികളെ നിന്ദ്യരാക്കുകയും ചെയ്യുന്നതാണ്. അപ്രകാരമാകുന്നു അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്” ”ഞാന്‍ അവര്‍ക്ക് ഒരു പാരിതോഷികം കൊടുത്തയച്ചിട്ട് എന്തൊരു വിവരവും കൊണ്ടാണ് ദൂതന്മാര്‍ മടങ്ങി വരുന്നതെന്ന് നോക്കാന്‍ പോകുകയാണ്.” (ക്വുര്‍ആന്‍ 27: 29-35)

സുലൈമാന്‍ എന്ന സര്‍വാധിപതിക്കെതിരെ ഒരു യുദ്ധമുണ്ടായാല്‍ തന്റെ സമൂഹത്തിന്റെ സര്‍വനാശമായിരിക്കും പരിണിതഫലം എന്നു ദീര്‍ഘദര്‍ശനം ചെയ്ത അവള്‍, തനിക്കു യുദ്ധ പിന്തുണ പ്രഖ്യാപിച്ച പ്രമുഖന്മാരുടെ തീരുമാനത്തെ അവഗണിച്ചുകൊണ്ട് യുദ്ധം ഒവിവാക്കുക എന്ന വിവേക പൂര്‍ണ്ണമായ നിലപാട് സ്വീകരിക്കുകയും സ്വന്തം രാഷ്ട്രത്തെയും ജനങ്ങളെയും നാശത്തില്‍ നിന്നും രക്ഷിക്കുകയുമാണുണ്ടായത്. അവസാനം അവര്‍ സുലൈമാന്റെ(അ) അരികിലെത്തി സത്യവിശ്വാസം സ്വീകരിക്കുകയും ചെയ്തതായി ക്വുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. (27:44)

ഭരണാധികാരിയായ ഒരു സ്ത്രീയുടെ വിവേകപൂര്‍ണ്ണമായ ഭരണത്തെ എടുത്തു പരാമര്‍ശിച്ച ക്വുര്‍ആന്‍, ഒരിക്കലും സ്ത്രീ ഭരണാധികാരം കൈയ്യാളാന്‍ പാടില്ലെന്ന് പറഞ്ഞില്ല. മാത്രമല്ല ബല്‍ഖീസ് രാജ്ഞിയുടെ സത്യവിശ്വാസപൂര്‍വകാലത്തെ തെറ്റുകളെ പരാമര്‍ശിച്ച ക്വുര്‍ആന്‍ (27: 24) ഭരണാധികാരം അവര്‍ കയ്യാളിയത് ഒരു തെറ്റായി സൂചിപ്പിച്ചുമില്ല.

എങ്കില്‍ പിന്നെ ‘തങ്ങളുടെ ഭരണനേതൃത്വം സ്ത്രീയെ ഏല്‍പ്പിച്ച ജനത വിജയിക്കുകയില്ല’ എന്ന ഹദീഥിനെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്?

ഒന്ന്, പ്രവാചക കാലഘട്ടത്തില്‍ നിലനിന്നിരുന്ന വമ്പിച്ച രണ്ട് സാമ്രാജ്യത്വ ശക്തികളായിരുന്നു റോമും പേര്‍ഷ്യയും. സാമ്രാജ്യത്വ വികസനത്തിനായി പരസ്പരം ശക്തമായ പോരാട്ടം ഇരു സാമ്രാജ്യത്വങ്ങളും നടത്തിയിരുന്ന ഘട്ടത്തിലാണ് പേര്‍ഷ്യന്‍ ചക്രവര്‍ത്തി കിസ്റാ മരണപ്പെടുന്നത്. തുടര്‍ന്ന് പേര്‍ഷ്യന്‍ സാമ്രാജ്യത്വത്തിന്റെ അധികാരത്തിനുവേണ്ടി രാജകുടുംബങ്ങള്‍ക്കിടയില്‍ ശക്തമായ അധികാര വടംവലി നടക്കുകയുണ്ടായി. രാജകുടുംബങ്ങളിലെ പലരും കൊലചെയ്യപ്പെട്ടു. അവസാനം ചക്രവര്‍ത്തിയുടെ മകളെ സമൂഹം ഭരണനേതൃത്വം ഏല്‍പ്പിച്ചു. ഈ സന്ദര്‍ഭത്തിലാണ് നബി (സ) ‘തങ്ങളുടെ ഭരണനേതൃത്വം സ്ത്രീയെ ഏല്‍പ്പിച്ച ജനത വിജയിക്കുകയില്ല’ (ബുഖാരി) എന്നു പറഞ്ഞത്. പ്രവാചകന്‍ (സ) ഇതു പറഞ്ഞ് ഏറെ താമസിയാതെ തന്നെ പേര്‍ഷ്യന്‍ സാമ്രാജ്യം തകരുകയാണുണ്ടായത്. അതുകൊണ്ടുതന്നെ ഇത് പേര്‍ഷ്യന്‍ സാമ്രാജ്യത്വത്തെ സംബന്ധിച്ച ഒരു പ്രവചനമാണോ – അഥവാ ഹദീഥ് പശ്ചാത്തലത്തോട് മാത്രം ബന്ധപ്പെട്ടതാണോ – അതല്ല ഹദീഥിലെ ആശയത്തെ സാമാന്യവല്‍ക്കരിക്കാമോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ട്.

മുഹമ്മദ് അമാനി മൗലവി എഴുതുന്നു: ”പേര്‍ഷ്യക്കാരുടെ ഭരണം ഒരു രാജ്ഞിയുടെ കൈയ്യിലായിരുന്ന ഘട്ടത്തിലാണ് നബി (സ) ഇതു പറഞ്ഞത്. ഈ ഹദീഥില്‍ സ്ത്രീനേതൃത്വത്തെ ആക്ഷേപിച്ചിരിക്കുന്നത് പേര്‍ഷ്യക്കാരെ മാത്രം ബാധിക്കുന്ന ഒരു സംഗതിയാണോ, അതോ സ്ത്രീനേതൃത്വത്തെ തത്ത്വത്തില്‍ എതിര്‍ത്തിരിക്കുകയാണോ എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. ഏതായാലും പേര്‍ഷ്യക്കാരുടെ കാര്യത്തില്‍ നബി (സ) പറഞ്ഞത് താമസിയാതെ തന്നെ പുലര്‍ന്നുവെന്നത് ഒരു ചരിത്ര യാഥാര്‍ത്ഥ്യമാണ്” (ഇസ്‌ലാമിക ജീവിതം, പേജ്: 163,164)

ശറഫുദ്ദീന്‍ ത്വീബി പറഞ്ഞു: ”പേര്‍ഷ്യക്കാര്‍ രാഷ്ട്രീയ വിജയം കൈവരിക്കില്ല എന്ന് ഉറപ്പ് നല്‍കിക്കൊണ്ടുള്ള പ്രവചനമാണിത്. അറബികള്‍ക്ക് (അവരുടെ മേല്‍) കൈവരുന്ന വിജയത്തെ സംബന്ധിച്ച സൂചന ഈ പ്രസ്താവനയില്‍ ഉണ്ട്. അപ്പോള്‍ ഈ പ്രസ്താവന മുഅ്ജിസത്ത് (പ്രവാചകത്വത്തിനുള്ള അമാനുഷികമായ തെളിവ്) ആകുന്നു” (ഫൈദുല്‍ കദീര്‍: 5/303)

‘ഹദ്യുല്‍ ഇസ്‌ലാം’ എന്ന ഗ്രന്ഥത്തില്‍ ഡോ. യൂസുഫുല്‍ ഖറദാവി പറഞ്ഞു: ”ഈ ഹദീഥിന്റെ ആശയം സാമാന്യവല്‍ക്കരിക്കാമോ അതോ അതിന്റെ പശ്ചാത്തലത്തോട് മാത്രം ബന്ധപ്പെട്ടതാണോ? പേര്‍ഷ്യക്കാര്‍ വിജയിക്കാന്‍ പോകുന്നില്ല എന്ന് തിരുമേനി പറഞ്ഞത്, സമുദായത്തില്‍ അവളേക്കാള്‍ ആയിരം മടങ്ങ് പ്രാപ്തരും ശ്രേഷ്ഠരുമായ ആളുകളുണ്ടായിരുന്നിട്ടും ചക്രവര്‍ത്തിയുടെ മകളെ പാരമ്പര്യമായി വാഴിച്ചു എന്ന അര്‍ത്ഥത്തിലാണ്. അത്തരക്കാര്‍ വിജയിക്കുകയില്ല.”

ഈജിപ്റ്റിലെ പണ്ഡിത സഭയുടെ ഫത്‌വ ബോര്‍ഡ് ‘ദാറുല്‍ ഇഫ്താഉല്‍ മിസ്രിയ്യ’ പറയുന്നു: ”കിസ്റാ ചക്രവര്‍ത്തിക്ക് പ്രവാചകന്‍ (സ) കത്തയച്ചപ്പോള്‍ അയാള്‍ അത് പിച്ചിചീന്തുകയാണ് ചെയ്തത്. അയാള്‍ തന്റെ കത്ത് പിച്ചിചീന്തിയതുപോലെ അയാളുടെ അധികാരവും ചിന്നഭിന്നമാക്കപ്പെടാന്‍ പ്രവാചകന്‍ (സ) പ്രാര്‍ത്ഥിച്ചു. അപ്പോള്‍ പ്രവാചകന്റെ പ്രാര്‍ത്ഥനക്കുത്തരമെന്നോണം അല്ലാഹു അയാളുടെ മകനെ അയാള്‍ക്കെതിരെ തിരിച്ചു. മകന്‍ പിതാവിനെ വധിച്ചു. തുടര്‍ന്ന് സഹോദരങ്ങളേയും. അങ്ങനെ പ്രവാചകന്‍ പ്രാര്‍ത്ഥിച്ചതുപോലെ ഭരണകൂടം ചിന്നഭിന്നമാക്കപ്പെട്ടു. ഒരു സ്ത്രീയെ ചക്രവര്‍ത്തി ആക്കുന്നതിലേക്ക് കാര്യം ചെന്നെത്തി. അത് ഭരണകൂടത്തിന്റെ ഉന്മൂല നാശത്തിന് കാരണമാവുകയും ചെയ്തു. രാജകുടുംബത്തിലെ പുരുഷന്മാര്‍ അധികാര വടംവലിയില്‍ മുഴുകിയതിനാലും പരസ്പരം കൊന്നൊടുക്കി കൊണ്ടിരുന്നതിനാലും ഒരു സ്ത്രീയെ ചക്രവര്‍ത്തിയാക്കി എന്നറിഞ്ഞപ്പോള്‍ അത് അവരുടെ ഭരണകൂടത്തിന്റെ ഉന്മൂലനാശത്തിന്റെ അടയാളമാണെന്ന് പ്രവാചകന്‍ (സ) അറിയിച്ചു. ലോകത്ത് ഏത് സ്ത്രീയും വിജയം കൈവരിക്കില്ല എന്നല്ല പ്രവാചന്‍ അറിയിച്ചത്. പ്രത്യേക വ്യക്തികളെ സംബന്ധിച്ച പ്രസ്താവന പൊതുവല്‍ക്കരിക്കാന്‍ പാടില്ല എന്നത് ഇസ്‌ലാമിലെ അടിസ്ഥാന തത്ത്വങ്ങളെ സംബന്ധിച്ച വിജ്ഞാന ശാഖയിലെ ഒരു അംഗീകൃത തത്ത്വമാണ്. ഇമാം ശാഫിഈ പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു.”പ്രത്യേക സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ (പ്രത്യേകവും പൊതുവുമായ ഉദ്ദേശതലങ്ങളില്‍) ഏതും ഉദ്ദേശിക്കപ്പെട്ടതായിരിക്കാന്‍ സാധ്യത നിലനില്‍ക്കുന്നുവെങ്കില്‍ അതുകൊണ്ട് തെളിവു പിടിക്കാന്‍ കഴിയില്ല.” ചര്‍ച്ചാ വിഷയകമായ ഹദീഥ് ഒരു വ്യക്തിയുടെ വിഷയത്തില്‍ ആയതുകൊണ്ട് തന്നെ അതിനെ പൊതുവായ തെളിവായി സ്വീകരിക്കല്‍ ശരിയാവുകയില്ല; അത് പൊതുവായ വിധിയാണെന്ന് സൂചിപ്പിക്കുന്ന മറ്റു തെളിവുകള്‍ ഉണ്ടായാല്‍ ഒഴികെ.” (htthp://www.fatawa.com/view/15196)

ഒരു പ്രത്യേക വ്യക്തിയുടെ വിഷയത്തിലൊ പ്രത്യേക അവസ്ഥയിലൊ പ്രമാണങ്ങലില്‍ വന്ന വിധിയെ പൊതുവായി എല്ലാവര്‍ക്കുമുള്ള തെളിവായി സ്വീകരിക്കല്‍ അനുവദനീയമല്ല; അത് പൊതുവായ വിധിയാണെന്ന് സൂചിപ്പിക്കുന്ന മറ്റു തെളിവുകള്‍ ഉണ്ടായാല്‍ ഒഴികെ. ‘വകാഇഉല്‍ അഅ്യാന്‍’ (وقا ئع الأعيان) എന്നാണ് ഇത്തരം കേസുകളുടെ ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തിലെ സാങ്കേതിക നാമം. ‘വകാഇഉല്‍ അഅ്യാന്‍’ ആയ വിഷയങ്ങളെ വ്യവച്ഛേദിക്കുന്നതില്‍ – ചില അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതോടൊപ്പം തന്നെ, കര്‍മ്മശാസ്ത്രവിധി നിര്‍ധാരണത്തിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ സര്‍വാംഗീകൃതമായ ഒരു തത്ത്വമാണിത്. (അല്‍ കവാഇദുല്‍ ഹിസ് നി: 3/78, വകാഇഉല്‍ അഅ്‌യാന്‍ ഫില്‍ ഇബാദത്ത്: ദിറാസ ഫിക്ഹിയ്യ: 1/4, കള്വായ അല്‍ അഅ്‌യാന്‍: ദിറാസ ഉസൂലിയ തത്ബീകിയ്യ : 16)

ഈ വിഷയകമായി ജോര്‍ദാനിലെ ഫത്‌വ സമിധി നടത്തിയ പഠനവും ഇവിടെ ഉദ്ധരിക്കുന്നത് പ്രസക്തമായിരിക്കും: ”നബി (സ) അബൂദർറിനോട്, അദ്ദേഹം അധികാരം ചോദിച്ച സന്ദര്‍ഭത്തില്‍ ഇപ്രകാരം പറയുകയുണ്ടായി ‘അബൂദറെ തീര്‍ച്ചയായും താങ്കള്‍ ഒരു ദുര്‍ബല പ്രകൃതിയിലുള്ള മനുഷ്യനാണ്. അധികാരം എന്നു പറയുന്നതാകട്ടെ അമാനത്താണ്. അത് പരലോകത്ത് നിന്ദ്യതയും ഖേദവുമായി പരിണമിക്കുന്നതാണ്; അതിന്റെ അവകാശങ്ങള്‍ പൂര്‍ണമായും വകവെച്ചു കൊടുത്തു കൊണ്ട് അതിനെ സ്വീകരിച്ച ആളുകള്‍ ഒഴികെ, ഒരാളുടെ മേല്‍ ആ അധികാരം കിട്ടികഴിഞ്ഞാല്‍ എന്തൊക്കെ ബാധ്യതകളുണ്ടോ അതു നിര്‍വഹിക്കുകയും ചെയ്തവനൊഴികെ’ (മുസ്‌ലിം). ഈ സമുദായത്തില്‍ നിന്ന് സ്ത്രീയാകട്ടെ പുരുഷനാകട്ടെ പ്രവാചകന്‍ (സ) പറഞ്ഞ നിബന്ധനകളും ഘടകങ്ങളും ആരിലാണോ പൂര്‍ത്തിയാക്കപ്പെടുന്നത് എന്നുള്ളതില്‍ വ്യത്യാസമില്ല. കാരണം പ്രവാചകന്‍ (സ) ഇങ്ങനെയും പറഞ്ഞിട്ടുണ്ട്. ‘സ്ത്രീകള്‍ പുരുഷന്മാരുടെ കൂടെപിറപ്പുകളാണ്’ (അബൂദാവൂദ്). സ്ത്രീകളുമായും കുടുംബവുമായുമൊക്കെ ബന്ധപ്പെട്ട വ്യവസ്ഥകളുടെയും നിയമങ്ങളുടെയും കാര്യത്തില്‍ സമത്വവും നേരെചൊവ്വെയുള്ള നിലപാടുകളും ഭരണകൂടത്തിനു മുമ്പില്‍ എത്തണമെങ്കില്‍ യുക്തിദീക്ഷിതമായി ചിന്തിക്കുന്ന സ്ത്രീയുടെ അഭിപ്രായത്തിന് വളരെ അധികം പ്രാധാന്യമുണ്ട്. ‘തങ്ങളുടെ ഭരണനേതൃത്വം ഒരു സ്ത്രീയെ ഏല്പിച്ച ജനത വിജയിക്കുകയില്ല’ (ബുഖാരി) എന്ന ഹദീഥില്‍ അത് ഉള്‍പ്പെടുകയില്ല. കാരണം ഈ ഹദീഥ് അതിന്റെ പ്രത്യേകമായ സാഹചര്യവും അതുപോലെ തന്നെ സന്ദര്‍ഭത്തില്‍ നിന്നും മാത്രമേ മനസ്സിലാക്കാന്‍ പാടുള്ളൂ. പൊതുകാര്യങ്ങളിലായാല്‍ പോലും വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ തന്നെ വിശ്വാസികളുടെ മാതാക്കളായ പ്രവാചക പത്നിമാരോട് പ്രവാചകന്‍ കൂടിയാലോചന നടത്താറുണ്ടെന്നത് സ്ഥാപിതമായ കാര്യമാണ്.” (ലജനത്തുല്‍ ഇഫ്ത്വാഅ് അല്‍ ഉര്‍ദുനിയ)

‘തങ്ങളുടെ ഭരണനേതൃത്വം ഒരു സ്ത്രീയെ ഏല്‍പ്പിച്ച ജനത വിജയിക്കുകയില്ല’ എന്ന ഹദീഥ് സാമാന്യവല്‍ക്കരിക്കേണ്ടതില്ലെന്നും അത് പ്രത്യേകമായ സാഹചര്യവും സന്ദര്‍ഭവും കൊണ്ട് വിശദീകരിക്കപ്പെടേണ്ടതാണെന്ന വീക്ഷണം തന്നെയാണ് യു എ ഇയിലേയും കുവൈത്തിലെയും പണ്ഡിത സഭകളുടെയും നിലപാട് (https:www.aljarida.com/articles/146360661264961300/). യൂറോപ്യന്‍ രാജ്യങ്ങളിലെ ഇസ്‌ലാമിക സംഘടനകളുടെ യൂണിയനു കീഴില്‍ നിലനില്‍ക്കുന്ന ഫത്‌വ ബോര്‍ഡിന്റെയും (അല്‍ മജ്‌ലിസുല്‍ ഔറുബി ലില്‍ ഇഫ്താഇ വല്‍ ബുഹൂസ്) പഠനങ്ങളും സമാനമാണ്. (tthps://bit.ly/3fHBRwD)

രണ്ട്, കൂര്‍മബുദ്ധി, പ്രായപൂര്‍ത്തി, (അടിമയല്ലാത്ത) സ്വതന്ത്ര്യനാവുക, പുരുഷനാവുക, ധീരനും ശൂരനുമാവുക, കല്‍പ്പനാധികാരശേഷി, കാഴ്ച, കേള്‍വി, സംസാരം എന്നിങ്ങനെയുള്ള അവയവങ്ങളുടെ ശേഷി, ജനസമ്മതി, തന്റേയും ഗോത്രത്തിന്റേയും ഔന്നത്യത്തെ സംബന്ധിച്ച ജനങ്ങളുടെ അംഗീകാരം, പ്രജകളുടെ അനുസരണ സമ്മതി, പ്രജകളുടെ പിന്തുണയും വിശ്വാസവും എന്നിങ്ങനെ പൗരാണിക കാലഘട്ടത്തിലെ ജനങ്ങള്‍ ഒരു ഭരണാധികാരിയില്‍ സമ്മേളിക്കേണ്ട നിബന്ധനകളായി കരുതിപ്പോന്നിരുന്ന പല ഗുണവിശേഷങ്ങളുമുണ്ടായിരുന്നു. ജാതി-മത-രാഷ്ട്ര-ഭാഷാ വ്യത്യാസമില്ലാത്ത അന്നത്തെ ജനങ്ങള്‍ ഈ നിബന്ധനകളെ ഭരണസാരഥ്യത്തിന്റേയും നേതൃത്വത്തിന്റെയും നിര്‍ബന്ധ ഘടകങ്ങളായി മനസ്സിലാക്കി പോന്നു. അതുകൊണ്ടുതന്നെ ഈ നിബന്ധനകള്‍ ഉള്‍ക്കൊള്ളുന്ന ഭരണാധികാരികള്‍ അനുസരിക്കപ്പെട്ടു. ഭരണത്തിന്റെ വിജയം ഭരണീയരുടെ അനുസരണ മനോഭാവവും സമ്മതിയുമാണല്ലോ. ഈ നിബന്ധനകള്‍ പൂര്‍ത്തിയാക്കപ്പെടാതെ വരുമ്പോള്‍ ഭരണീയരില്‍ നിന്ന് അനുസരണക്കേടുകളും, മാനസീകവും പ്രാവര്‍ത്തികവുമായ വിയോജിപ്പുകളും സംഭവിക്കും. പ്രതികരിക്കാന്‍ തീരെ ശേഷിയില്ലാത്ത പ്രജകളാണെങ്കില്‍ വെറുപ്പോടെ ഭരണാധികാരിയെ അംഗീകരിച്ചതായി നടിക്കുന്നു. ഇത്തരം ഒരു ഭരണ നേതൃത്വത്തിന് അസന്തുഷ്ട സമൂഹത്തില്‍ അല്‍പ്പകാലം മാത്രമേ നിലനില്‍പ്പ് ഉണ്ടാകൂ എന്നത് ആ കാലഘട്ടത്തിലെ ചരിത്ര വസ്തുതയാണ്. ഉടനെ ഭരണനേതൃത്വത്തിനെതിരെ പ്രതിലോമ വിപ്ലവങ്ങളും, അധികാര വടംവലിയും ഉടലെടുക്കുക തന്നെ ചെയ്യും. പേര്‍ഷ്യക്കാര്‍ ഒരു സ്ത്രീയെ പരമാധികാരിയായി അവരോധിച്ചു എന്നറിഞ്ഞപ്പോള്‍ ‘ഒരു സ്ത്രീയെ തങ്ങളുടെ ഭരണനേതൃത്വം ഏല്‍പ്പിച്ച ഒരു ജനത വിജയിക്കില്ല’ എന്ന് പ്രവാചകന്‍ (സ) പറഞ്ഞത് ഇക്കാരണത്താലാണ് എന്ന് ശാഹ് വലിയുല്ലാഹി ദ്ദഹ്ലവി തന്റെ ‘ഹുജ്ജത്തുല്ലാഹില്‍ ബാലിഗ’: 2/131’യില്‍ വ്യക്തമാക്കുന്നുണ്ട്.

അതായത് ഒരു സ്ത്രീ പരമാധികാരം കൈയ്യാളല്‍ ആത്മീയമായ പരാജയമാണെന്നോ, മതപരമായി നിഷിദ്ധമാണെന്നോ ഒന്നും പ്രവാചകന്‍ (സ) ഉദ്ദേശിച്ചിട്ടില്ല. മറിച്ച് ആ കാലഘട്ടത്തിലെ രാഷ്ട്രീയമാണ് പ്രവാചകന്‍ (സ) ചര്‍ച്ച ചെയ്യുന്നത്. പ്രവാചകന്റെ(സ) ഈ രാഷ്ട്രീയ പ്രവചനം പുലരുകയും ചെയ്തു. പേര്‍ഷ്യക്കാരുടെ ഈ വനിതാ ഭരണാധികാരിക്കെതിരെ അവരുടെ ഉള്ളില്‍ നിന്ന് തന്നെ പ്രതിവിപ്ലവങ്ങള്‍ ഉടലെടുക്കുകയും സാമ്രാജ്യം ക്ഷയിക്കുകയും നേതൃത്വം ദുര്‍ബലമാവുകയും ചെയ്തു. മുസ്‌ലിംകള്‍ പിന്നീട് പേര്‍ഷ്യന്‍ സാമ്രാജ്യത്തിനു മേല്‍ അധികാരം കൈയ്യാളുകയും ചെയ്തു.

”ഭരണാധികാരികള്‍ കുറൈശികളില്‍ നിന്നാവണം” (മുസ്‌നദ് അഹ്‌മദ്: 3/129) എന്ന് പ്രവാചകന്‍ (സ) പറഞ്ഞതും ഇതേ രാഷ്ട്രീയ കാരണത്താലാണ്. അറബികളെ ഭരിക്കാന്‍ കുറൈശി ഗോത്രത്തിനേ കഴിയൂ എന്നതാണ് അന്നത്തെ അറേബ്യയുടെ രാഷ്ട്രീയം. അത് മതപരമായ ഒരു നിര്‍ബന്ധ ബാധ്യതയായിരുന്നെങ്കില്‍ അക്കാലം തൊട്ട് ഇക്കാലം വരെ ഇസ്‌ലാമിക ലോകത്ത് കുറൈശികളല്ലാത്ത അനേകായിരം ഭരണാധികാരികള്‍ ഉണ്ടാകുമായിരുന്നോ?! അന്ന് അറബികള്‍ക്കിടയില്‍ ഭാഷകൊണ്ടും അംഗശക്തികൊണ്ടും ധനംകൊണ്ടും മതനിഷ്ഠകൊണ്ടും ഭക്തി, ധീരത, സംസ്‌കാരം, പൈതൃകം എന്നിവ കൊണ്ടെല്ലാം പ്രബലര്‍ കുറൈശികള്‍ ആയിരുന്നു. അപ്പോള്‍ അന്നത്തെ അറബികളെ ഭരിക്കാന്‍ മറ്റൊരു ഗോത്രക്കാരെ തിരഞ്ഞെടുക്കപ്പെട്ടാല്‍ ജനസമ്മതിയും അനുസരണവും ഭരണനേതൃത്വത്തില്‍ കേന്ദ്രീകരിക്കപ്പെടില്ല. നേതൃത്വത്തെ വെല്ലുവിളിക്കുന്നവര്‍ ഉയര്‍ന്നുവരാനും ഭരണം സ്തംഭിക്കാനുമാണ് സാധ്യത. ഈ രാഷ്ട്രീയമാണ് ഹദീഥിലെ ചര്‍ച്ച.

മൂന്ന്, ഉപര്യുക്ത ഹദീഥ് കേവലം അതിന്റെ പ്രത്യേകമായ പശ്ചാതലത്തില്‍ നിന്നുകൊണ്ടാണ് മനസ്സിലാക്കേണ്ടത് എന്നു നിഷ്‌കര്‍ഷിച്ച പണ്ഡിത വീക്ഷണങ്ങളെയാണ് നാം ഇതുവരെ വിലയിരുത്തിയതെങ്കില്‍ ഇനി നമുക്കു പരിശോധിക്കുവാനുള്ളത്, പ്രസ്തുത ഹദീഥിലെ ആശയത്തെ സാമാന്യവല്‍ക്കരിച്ചുകൊണ്ട് മനസ്സിലാക്കണമെന്നു നിഷ്‌കര്‍ഷിച്ചാല്‍ തന്നെ ഹദീഥ് സ്ത്രീ വിരുദ്ധമാകുന്നില്ല എന്ന വസ്തുതയെയാണ്. ‘തങ്ങളുടെ ഭരണനേതൃത്വം ഒരു സ്ത്രീയെ ഏല്‍പ്പിച്ച ജനത വിജയിക്കുകയില്ല’ എന്ന ഹദീഥ് പേര്‍ഷ്യക്കാരുടെ കാര്യത്തില്‍ പറയപ്പെട്ടതാണെങ്കിലും അതിലെ ആശയം സാമാന്യവല്‍ക്കരിച്ചു മനസ്സിലാക്കേണ്ടതുണ്ട് എന്നു നിഷ്‌കര്‍ഷിച്ചാല്‍ തന്നെ ഹദീഥില്‍ നിരുത്സാഹപ്പെടുത്തപ്പെട്ട പെണ്ണധികാരം ‘പരമാധികാര’ത്തിന്റെ വിഷയത്തില്‍ മാത്രമാണ്. അഥവാ ‘സര്‍വ്വാധിപത്യം’ ഒരു പെണ്ണില്‍ അര്‍പ്പിതമാകുന്നതിനെയാണ് ഹദീഥ് പ്രശ്നവല്‍കരിച്ചിരിക്കുന്നതെന്നര്‍ഥം.

ഇമാം ഇബ്‌നു ഹസം പറഞ്ഞു: ‘സ്ത്രീ ന്യായാധിപത്യം ഏറ്റെടുക്കല്‍ അനുവദനീയമാണ്. അതാണ് ഇമാം അബൂഹനീഫയുടേയും അഭിപ്രായം. ഖലീഫ ഉമര്‍ ബിന്‍ ഖത്താബ് തന്റെ ഗോത്രത്തില്‍പ്പെട്ട ശിഫാഅ് എന്ന സ്ത്രീയെ മാര്‍ക്കറ്റിലെ (നിയമപാലനവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം) ഏല്‍പ്പിച്ചതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ടല്ലോ. ‘തങ്ങളുടെ കാര്യം സ്ത്രീയെ ഏല്‍പ്പിച്ച ഒരു സമൂഹം വിജയിക്കില്ല’ എന്നു പ്രവാചകന്‍ (സ) പറഞ്ഞിട്ടുണ്ടല്ലോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ നാം ഇപ്രകാരം മറുപടി നല്‍കും: പ്രവാചകന്‍ (സ) അതുകൊണ്ടുദ്ദേശിച്ചത് ഖിലാഫത്ത് ഏല്‍പ്പിക്കുന്നതിനെ സംബന്ധിച്ചാണ്. കാരണം, ഭര്‍ത്താവിന്റെ ധനം, ഭവനം, സ്വകുടുംബം തുടങ്ങി മറ്റു പല അധികാര അവകാശങ്ങളും പ്രവാചകന്‍ (സ) സ്ത്രീക്കു വക വെച്ചുകൊടുത്തിട്ടുണ്ട് എന്നതാണ് അതിനുള്ള തെളിവ്. സ്ത്രീക്ക് വക്കീലയും (കാര്യസ്ഥത, പ്രതിനിധി) വസ്വിയ്യയും (ഒരാളുടെ മരണാനന്തരം അയാളുടെ കാര്യങ്ങളുടെ കൈകാര്യകര്‍ത്താവായി അയാള്‍ തന്നെ – ജീവിത കാലത്ത് നിശ്ചയിക്കുന്ന പ്രതിനിധി) ആകല്‍ അനുവദനീയമാണെന്ന് മാലികി മദ്ഹബുകാര്‍ അഭിപ്രായപ്പെടുന്നു. പരമാധികാരം അല്ലാത്ത (അതിനു താഴെ വരുന്ന) പല കാര്യങ്ങളുടേയും അധികാരം സ്ത്രീ ഏറ്റെടുക്കുന്നത് ഇസ്‌ലാമിക പ്രമാണങ്ങള്‍ തടയുന്നില്ല…” അല്ലാഹു നിങ്ങളോടിതാ കല്‍പ്പിക്കുന്നു: നിങ്ങളെ വിശ്വസിച്ചേല്‍പ്പിച്ച വസ്തുക്കള്‍ അവയുടെ അവകാശികളെ തിരിച്ചേല്‍പ്പിക്കുക. ജനങ്ങള്‍ക്കിടയില്‍ തീര്‍പ്പ് കല്‍പ്പിക്കുകയാണെങ്കില്‍ നീതിപൂര്‍വ്വം വിധി നടത്തുക” (ക്വുര്‍ആന്‍ 4:58) ക്വുര്‍ആനിലെ ഈ വചനം അഭിമുഖീകരിക്കുന്നത് പുരുഷനേയും സ്ത്രീയേയും സ്വതന്ത്രനേയും അടിമയേയും ഉള്‍കൊള്ളുന്ന നിലക്ക് പൊതുവായിട്ടാണ്. മതം മൊത്തത്തില്‍ സ്ത്രീക്കും പുരുഷനും ഒന്നാണ്; സ്ത്രീയേയും പുരുഷനേയും അവരുടെ (പ്രകൃതി സഹജമായ വ്യത്യാസങ്ങളെ പരിഗണിച്ച്) വ്യത്യാസമുള്ള വിധികള്‍ വല്ലതും പ്രമാണങ്ങളില്‍ വന്നിട്ടുള്ള ചില വിഷയങ്ങളൊഴിച്ച്” (അല്‍ മുഹല്ലാ: 9/429)

ഇമാം ത്വബ്‌രി പറഞ്ഞു: ”സ്ത്രീയെ ഏതു കാര്യത്തിലും, നിരുപാധികം വിധി കര്‍തൃത്വം/ന്യായാധിപത്യം ഏല്‍പ്പിക്കാന്‍ അനുവദനീയമാണ്” (ബിദായത്തുല്‍ മുജ്തഹിദ്: 3/445)

ഇമാം ഹസുനല്‍ ബസ്വരി (ജനനം: ഹിജ്റ 21), മാലികീ മദ്ഹബിലെ ഇമാം ഇബ്നുല്‍ ക്വാസിം (ജനനം: ഹ്ജ്റ 132) എന്നിവരും സ്ത്രീകളെ വിധി കര്‍തൃത്വം/ന്യായാധിപത്യം ഏല്‍പ്പിക്കാന്‍ അനുവദനീയമാണ് എന്ന അഭിപ്രായപ്പെടുന്നു (മവാഹിബുല്‍ ജലീല്‍: ഹത്താബ് അര്‍റുഅ്യാനി: 8:65)

ഇമാം ഇബ്നു ജരീര്‍ (ജനനം: ഹിജ്റ 224) സ്ത്രീകള്‍ക്ക് നിരുപാധികം ന്യായാധിപത്യം നല്‍കപ്പെടുമെന്ന് അഭിപ്രായപ്പെടുന്നു. സ്ത്രീകളുടെ ഫത്‌വകള്‍ (മത വിധികള്‍) ഏതു വിഷയത്തിലും സ്വീകരിക്കപ്പെടുമെന്നതാണ് അവരുടെ ന്യായാധിപത്യവും നിരുപാധികം സ്വീകരിക്കാന്‍ അദ്ദേഹം ന്യായമായി കാണുന്നത് (അല്‍ മുഗ്‌നി 9:39, അദബുല്‍ ക്വാളി: 1:625, റൗളത്തുല്‍ ക്വുള്വാത്ത്: 1:53, ഫത്ഹുല്‍ കദീര്‍: 5:485, ഫത്ഹുല്‍ബാരി: 13/147. ഉദ്ദരണം: അല്‍ മൗസൂഅത്തുല്‍ ഫിക്ഹിയ്യ: 33:294)

”യഹ്‌യബ്നു അബീ സുലൈം പറഞ്ഞു: പ്രവാചകാനുചരയായ (സ്വഹാബി വനിത) സംറാഅ് ബിന്‍ത്ത് നുഹൈക് പരുക്കന്‍ മുഖമക്കനയും പടച്ചട്ടയും ധരിച്ച്, കയ്യില്‍ ചാട്ടവാറേന്തി ജനങ്ങളില്‍ മര്യാദ നടപ്പാക്കിയും നന്മ കല്‍പ്പിച്ചും തിന്മ വിരോധിച്ചും നടക്കുന്നത് ഞാന്‍ കാണുകയുണ്ടായി” (അല്‍ മുഅ്ജമുല്‍ കബീര്‍: ത്വബ്റാനി: 24/311, നമ്പര്‍: 785, നിവേദക പരമ്പരയിലെ എല്ലാവരും വിശ്വസ്തരാണെന്ന് ഇമാം ഹൈഥമി പറയുന്നു (9/264). ശൈഖ് അല്‍ബാനി പരമ്പര നല്ലതെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു (24/311:785). (ഉമര്‍ (റ) ശിഫാഅ് ബിന്‍ത് അബ്ദില്ല എന്ന സ്ത്രീയെ അങ്ങാടിയിലെ നിയമപാലന ചുമതല ഏല്‍പ്പിച്ചിരുന്നു എന്ന നിവേദനത്തില്‍ ദുര്‍ബലത കാണുന്നവര്‍ക്ക് സംറാഅ് ബിന്‍ത്ത് നുഹൈകിന്നെ പറ്റിയുള്ള പ്രബലമായ ഈ നിവേദനം സ്വീകരിക്കാവുന്നതാണ്)

‘തങ്ങളുടെ ഭരണനേതൃത്വം ഒരു സ്ത്രീയെ ഏല്‍പ്പിച്ച ഒരു ജനത വിജിയിക്കില്ല’ എന്ന ഹദീഥിനെ പ്രത്യേക പശ്ചാത്തലത്തില്‍ ബന്ധിപ്പിക്കരുതെന്നും സാമാന്യര്‍ത്ഥത്തില്‍ തന്നെ അതിനെ മനസ്സിലാക്കിയാലും അതുകൊണ്ടുദ്ദേശിക്കപ്പെടുന്നത്; സ്ത്രീക്ക് – പൗരാണിക രാഷ്ട്ര വ്യവസ്ഥയില്‍ നില നിന്നിരുന്ന സ്വഭാവത്തിലുള്ള – സര്‍വ്വാധിപത്യം നല്‍കുന്നതിനെപ്പറ്റിയാണ്. അല്ലാതെ അധികാരത്തില്‍ നിന്നും ഒരു പങ്കും സ്ത്രീക്ക് നല്‍കരുതെന്ന നിലപാടല്ല. അതുകൊണ്ട് തന്നെ ആധുനിക ജനാധിപത്യ വ്യവസ്ഥകളുടെ കീഴില്‍ സ്ത്രീയെ മന്ത്രിസ്ഥാനം, അഡ്മിനിസ്ട്രേഷന്‍, ജനപ്രതിനിധി തുടങ്ങിയ അധികാരങ്ങള്‍ ഏല്‍പ്പിക്കുന്നത് ഹദീഥിന്റെ പ്രതലം പറ്റികൊണ്ട് എതിര്‍ക്കപ്പെടേണ്ട കാര്യമല്ല. കാരണം ആധുനിക ജനാധിപത്യ വ്യവസ്ഥകളുടെ കീഴില്‍ സ്ത്രീയെ മന്ത്രിസ്ഥാനം, അഡ്മിനിസ്ട്രേഷന്‍, ജനപ്രതിനിധി തുടങ്ങിയ അധികാരങ്ങള്‍ ഏല്‍പ്പിക്കുമ്പോള്‍ ഭരണഭാരം പൂര്‍ണ്ണമായും സ്ത്രീയുടെ തലയില്‍ ചുമത്തുന്നില്ല. മറിച്ച് കൂട്ടുത്തരവാദിത്വത്തിലെ ഒരു പങ്കു മാത്രമാണ് അവിടെ സ്ത്രീക്ക് വഹിക്കേണ്ടി വരുന്നത്.

ബ്രിട്ടനിലെ താച്ചറുടേയും ഇന്ത്യയിലെ ഇന്ദിരാഗാന്ധിയുടേയും അധിനിവേശ ഫലസ്തീനിലെ ഗോള്‍ഡാമീറിന്റേയും ഭരണരീതി സമൂഹത്തില്‍ ഒരു സ്ത്രീയുടെമാത്രം ഭരണമല്ല. മറിച്ച് ഭരിക്കുന്ന ഗ്രൂപ്പുകളുടേയും വ്യവസ്ഥയുടേയും ഭരണമാണ്. തലപ്പത്ത് സ്ത്രീയാണെന്ന് മാത്രം. ഭരണനിര്‍വ്വഹണം നടത്തുന്നത് കൂട്ടുത്തരവാദിത്വമുള്ള മന്ത്രിസഭകളാണ്. അവിടെ സ്ത്രീ സര്‍വ്വ ഭാരവും ഉത്തരവാദിത്തവും മുഴുവന്‍ പേറേണ്ടിവരുന്ന ഭരണാധികാരിയല്ല. പാര്‍ട്ടിയിലേയോ വ്യവസ്ഥയിലേയോ ഭൂരിപക്ഷത്തിന്റെ പിന്തുണയും ആനുകൂല്യം സഹായവും അവള്‍ക്ക് ലഭ്യമാകുന്നുണ്ട്. വിമര്‍ശനവിധേയമായ ഹദീഥിനെ സാമാന്യ അർത്ഥത്തില്‍ തന്നെ എടുക്കണമെന്ന നിലപാട് സ്വീകരിച്ച പണ്ഡിതന്മാരില്‍ പലരും ഇതിനപ്പുറത്തേക്ക് ഹദീഥിനെ വ്യാഖ്യാനിച്ചിട്ടില്ല. ഈ നിലപാടാകട്ടെ ആധുനിക ജനാധിപത്യ വ്യവസ്ഥകളുടെ നിലപാടുകള്‍ക്ക് വിരുദ്ധവുമല്ല. കാരണം സര്‍വ്വാധിപത്യമെന്നത് ജനാധിപത്യവിരുദ്ധമായ ഒരു നിലപാടാണല്ലൊ. ഒരു ജനാധിപത്യവ്യവസ്ഥയുടെ ഏതു പ്രതലത്തില്‍ നിന്നുകൊണ്ടും, പ്രസ്തുത ഹദീഥിനെ പ്രശ്നവല്‍ക്കരിച്ച് പെണ്‍വിരുദ്ധതയുടെ ആലയില്‍ കൊണ്ടുപോയി കെട്ടാന്‍ സാധ്യമല്ല; വിശിഷ്യ ജനാധിപത്യവാദികള്‍ക്ക്.

‘തങ്ങളുടെ ഭരണനേതൃത്വം ഒരു സ്ത്രീയെ ഏല്‍പ്പിച്ച ഒരു ജനത വിജയിക്കില്ല’ എന്ന ഹദീഥിന് നല്‍കപ്പെട്ട രണ്ട് രൂപത്തിലുള്ള വിശദീകരണങ്ങളില്‍ ഏതു സ്വീകരിച്ചാലും ശരി (പ്രത്യേക പശ്ചാത്തലത്തില്‍ ബന്ധിതമാണ് ഹദീഥ്; അല്ല അതിനെ സാമാന്യ അര്‍ത്ഥത്തില്‍ എടുക്കണം) സ്ത്രീയുടെ അധികാരത്തിലുള്ള എല്ലാ വിധ പങ്കിനേയും ഹദീഥ് എതിര്‍ക്കുന്നില്ല എന്നത് സ്പഷ്ടമാണ്.

പൗരാണിക രാഷ്ട്ര – രാഷ്ട്രീയ വ്യവസ്ഥയില്‍ നിലനിന്നിരുന്ന – സാധാരണ ഗതിയില്‍ പുരുഷ സമൂഹത്താല്‍ കയ്യാളപ്പെട്ടിരുന്ന – പരമാധികാരത്തിന്റെ സ്വഭാവവും പ്രകൃതിയും ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോള്‍, എന്തുകൊണ്ട് സ്ത്രീത്വത്തിന് അത് യോജിക്കില്ലെന്നുള്ള അഭിപ്രായം രൂപീകൃതമായി എന്ന് മനസ്സിലാക്കാന്‍ എളുപ്പമായിരിക്കും. അതിനായി അക്കാലഘട്ടത്തിലെ പേര്‍ഷ്യന്‍ റോമന്‍ സാമ്രാജ്യങ്ങളിലെ ‘പരമാധികാരവും’ അതിനു കീഴില്‍ നടമാടിയിരുന്ന രക്താഭിഷിക്തമായ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷവും തന്നെ പരിശോധനക്കെടക്കാം:

ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിനു മുമ്പ് തന്നെ പേര്‍ഷ്യന്‍ റോമന്‍ സാമ്രാജ്യങ്ങള്‍ക്കിടയിലും പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍, ജൂതന്മാര്‍ എന്നിവര്‍ക്കിടയിലും നടമാടിയിരുന്ന ഭരണ വടം വലികളും അധികാരമുപയോഗിച്ച് നടപ്പാക്കിയിരുന്ന മത ധ്വംസനങ്ങളും അന്നത്തെ ലോക വ്യവസ്ഥയിലെ അസഹിഷ്ണുതയുടെ ആഴം വ്യക്തമാക്കി തരുന്നുണ്ട്. ലബ്‌നാനിലെ പ്രസിദ്ധ സാഹിത്യകാരനും ചരിത്രകാരനുമായ ജോര്‍ജി സൈദാന്റെ ‘താരീഖുത്തമദ്ദുനുല്‍ ഇസ്‌ലാമി’ (تاريخ التمدن الإسلامي) എന്ന വിശ്രുതമായ ഗ്രന്ഥത്തില്‍ നിന്ന് ചില ചരിത്ര സാക്ഷ്യങ്ങള്‍ ചുവടെ ഉദ്ധരിക്കാം. (ജോര്‍ജി സൈദാന്‍ മുസ്‌ലിമായിരുന്നില്ല, ക്രിസ്ത്യാനിയായിരുന്നു എന്ന് സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ.)

പേര്‍ഷ്യയും റോമും തമ്മിലുളള ശത്രുത പൗരാണികമാണ്. ഒരു പക്ഷെ ബി.സി അഞ്ചാം നൂറ്റാണ്ടിനുമപ്പുറം അതിന്റെ വേരുകള്‍ എത്തി നില്‍ക്കുന്നുണ്ടാകാം. ലോകത്തെ അടക്കി ഭരിക്കാനുള്ള ഇരു സാമ്രാജ്യങ്ങളുടെയും അത്യാഗ്രഹമായിരുന്നു ഈ ശത്രുതയുടെ അടിത്തറ. നൂറ്റാണ്ടുകളോളം നീണ്ടു നിന്ന ഈ അധികാര വടം വലി ഇസ്‌ലാമിന്റെ ആവിര്‍ഭാവ കാലഘട്ടത്തിലും തുടര്‍ക്കഥയായിരുന്നു. പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ ആധിപത്യം ഇസ്ര അനൂഷര്‍വാന്‍ ചക്രവര്‍ത്തിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ റോമന്‍ സാമ്രാജ്യത്തെ അല്‍പാല്‍പ്പമായി പിടിച്ചടക്കാന്‍ അദ്ദേഹം സൈന്യ വ്യൂഹത്തെ വിന്യസിച്ചു. സിറിയ പിടിച്ചടക്കുകയും അന്താഖിയ ചുട്ടു നശിപ്പിക്കുകയും ഏഷ്യാ മൈനര്‍ കൊള്ളയടിക്കുകയും ചെയ്തു. അന്നത്തെ റോമന്‍ ചക്രവര്‍ത്തിയായിരുന്ന ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലായിരുന്നു. ക്രിസ്താബ്ദം 541 മുതല്‍ 561 വരെ ഇരുപതു വര്‍ഷം ഇരു രാഷ്ട്രങ്ങളും യുദ്ധത്തില്‍ മുഴുകി.

പര്‍വേസ് ചക്രവര്‍ത്തിയുടെ കാലഘട്ടത്തില്‍ തന്റെ സുഹൃത്ത് മോറിസിന്റെ കൊലപാതകത്തിന് പ്രതികാരമെന്ന പേരില്‍ റോമന്‍ സാമ്രാജ്യത്തെ പര്‍വേസ് ചക്രവര്‍ത്തി ആക്രമിക്കുകയുണ്ടായി. ക്രിസ്താബ്ദം 614 ല്‍ സിറിയ പിടിച്ചടക്കി… ജൂതന്മാരുടെ അകമഴിഞ്ഞ സഹായത്താല്‍ ബൈസാന്റിയന്‍ പടയെ പര്‍വേസ് ചക്രവര്‍ത്തി ഒന്നൊന്നായി കീഴടക്കി. ഈജിപ്ത്, അന്താഖിയ, ദമാസ്‌ക്കസ്, ബൈത്തുല്‍ മുഖദസ് തുടങ്ങിയവ പിടിച്ചടക്കി. ജറുസലേമിലെ ബൈത്തുല്‍ മുഖദസ് കൊള്ളയടിക്കാനും ക്രിസ്ത്യന്‍ പള്ളികളും പുണ്യപുരുഷന്മാരുടെ കല്ലറകള്‍ തീയിടാനും അവിടെയുള്ള വിലമതിക്കാനാകാത്ത സ്വത്തുക്കള്‍ പിടിച്ചു പറിക്കാനും തന്റെ സൈന്യത്തിന് പര്‍വേസ് ചക്രവര്‍ത്തി അനുവാദം നല്‍കി. സിറിയ വരെ ഈ കൊലയും കൊള്ളയും തുടര്‍ന്നു. 90000 ക്രിസ്ത്യാനികളെ സൈന്യം കൊന്നൊടുക്കി… ഇതെല്ലാം കണ്ടിട്ടും കാണാത്ത മട്ടില്‍ ഭീരുവായി (അന്നത്തെ) ഹെറാക്ലിയസ് ചക്രവര്‍ത്തി കൊട്ടാരത്തില്‍ തന്നെ ഇരുന്നു; ക്രിസ്താബ്ദം 632 ല്‍ ഏഷ്യാ മൈനറില്‍ വെച്ച് കൊല്ലപ്പെടുന്നത് വരെ… (ഈ വര്‍ഷമാണ് ഇങ്ങു അറേബ്യയില്‍, മുസ്‌ലിംകള്‍ മക്കയില്‍ നിന്ന് പലായനം ചെയ്യുന്നത്) (താരീഖുത്തമദ്ദുനുല്‍ ഇസ്‌ലാമി: ജോര്‍ജി സൈദാന്‍: 1: 43-48) ക്രിസ്ത്യന്‍ റോമും ജൂതന്മാരും തമ്മിലുള്ള അതിര്‍ത്തി യുദ്ധങ്ങളും കലാപങ്ങളും അക്കാലഘട്ടത്തിന്റെ പ്രധാന ഇതിവൃത്തം ആയിരുന്നു.

പ്രൊഫ. പി. എസ്. വേലായുധന്‍ എഴുതുന്നു: ”കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ചരമം പ്രാപിച്ചപ്പോള്‍ രണ്ടു പുത്രന്മാരും ചക്രവര്‍ത്തിമാരായി. അവരുടെ ചാര്‍ച്ചക്കാരനായ ജൂലിയന്‍ ചക്രവര്‍ത്തിയായി ഏ.ഡി. 360 മുതല്‍ 363 വരെ ഭരിച്ച അദ്ദേഹം ഒരു ക്രൈസ്തവ വിരോധിയായിരുന്നു. അദ്ദേഹത്തില്‍ നിന്ന് ക്രിസ്ത്യാനികള്‍ക്ക് പീഢനം സഹിക്കേണ്ടി വന്നു. അദ്ദേഹത്തിനു ശേഷം വന്ന ചക്രവര്‍ത്തിമാരില്‍ ഏറ്റവും പ്രമാണി തിയോഡോഷ്യസ് ഒന്നാമനായിരുന്നു. അദ്ദേഹം എ.ഡി. 378 മുതല്‍ 395 വരെ ഭരിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ക്രിസ്തുമതം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. തന്റെ സമസ്ത പ്രജകളും ക്രിസ്തുമതം സ്വീകരിക്കണമെന്നുള്ള രാജകീയശാസനം എ.ഡി. 380 ല്‍ അദ്ദേഹം പുറപ്പെടുവിച്ചു. പിന്നീട് ക്രൈസ്തവേതര്‍ക്ക് മതാനുഷ്ഠാനത്തിനുള്ള സര്‍വാവകാശങ്ങളും നിഷേധിച്ചുകൊണ്ടും അവര്‍ക്ക് ഗവണ്‍മെന്റുദ്യോഗങ്ങളില്‍ പ്രവേശനം നിരസിച്ചു കൊണ്ടും ഉത്തരവു പുറപ്പെടുവിച്ചു. അങ്ങനെ അദ്ദേഹം ക്രിസ്തുമതത്തെ രാഷ്ട്ര മതമായി സ്വീകരിച്ചു.” (ലോക ചരിത്രം: ഒന്നാം ഭാഗം: പ്രൊഫ. പി. എസ്. വേലായുധന്‍: പേജ്: 174: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്)

ഹെറാക്ലിയസിന്റെ കാലഘട്ടത്തില്‍ അന്‍താഖിയായില്‍ നടന്നിരുന്ന കൂട്ടക്കുരുതികള്‍ ഭയാനകമായിരുന്നു. ജൂതന്മാര്‍ വിപ്ലവത്തിലൂടെ ക്രിസ്ത്യാനികളെ വധിക്കുകയും ശരീരം കഷ്ണങ്ങള്‍ ആക്കുകയും അതി നിഷ്ഠൂരമായ വൈകൃത-ക്രൂരതകള്‍ ഒരു വശത്ത് നടപ്പാക്കിയപ്പോള്‍ മറുവശത്ത് ഹെറാക്ലിയസ് ചക്രവര്‍ത്തി (ഹെറാക്ലിയസ് എന്നത് റോമന്‍ ചക്രവര്‍ത്തിമാരുടെ സ്ഥാനപേരാണ്) എണ്ണമറ്റ ജൂതന്മാരെ കൊന്നൊടുക്കിക്കൊണ്ടിരുന്നു. നാട്ടില്‍ കാണപ്പെടുന്ന ജൂതന്മാരെയെല്ലാം വധിക്കുക എന്ന ഉത്തരവിറക്കുകയും ചെയ്തു. ഫലസ്തീനിലും പരിസര പ്രദേശങ്ങളിലും ഇത്തരം സംഘട്ടനങ്ങള്‍ പതിവായിരുന്നു… അന്നത്തെ റോമന്‍ ചക്രവര്‍ത്തിയുടെ സഹോദരന്‍ ആയിരുന്ന തിയഡോര്‍ ഫലസ്തീനിലെ ഭരണ കാര്യങ്ങള്‍ക്ക് നിയോഗിതനായപ്പോള്‍ നാട്ടിലെ സര്‍വ്വ ജൂതന്മാരെയും തിരഞ്ഞു പിടിച്ച് വധിക്കാന്‍ തുടങ്ങി. ജൂതന്മാര്‍ ആകട്ടെ തങ്ങളുടെ സഹായികളായ പേര്‍ഷ്യക്കാരില്‍ നിന്നും 80000 ക്രിസ്ത്യന്‍ ബന്ദികളെ വിലയ്ക്ക് വാങ്ങി അറുത്തു കൊന്നു… (താരീഖുത്തമദ്ദുനുല്‍ ഇസ്‌ലാമി: ജോര്‍ജി സൈദാന്‍: 1: 43-48)

ഈ വിധ്വംസനമയമായ രാഷ്ട്രവ്യവസ്ഥകളിലും ക്രൂരമായ രാഷ്ട്രീയവടംവലികളിലും സ്ത്രീയെ തള്ളിയിടുന്നതിനെ ‘സ്ത്രീ സ്വാതന്ത്ര്യ’മെന്നോ ‘സ്ത്രീ വിമോചന’മെന്നോ പറയാന്‍ വിവേകമതികളായ ആര്‍ക്കെങ്കിലും സാധിക്കുമോ ? സ്‌നേഹം, കാരുണ്യം, ആര്‍ദ്രത എന്നീ മനുഷ്യ മൂല്യങ്ങളുടെ പുനരുദ്ധാരകരും വാഹകരുമായി മാനവ ചരിത്രത്തിലുടനീളം നിലകൊണ്ടവരും ഇന്നും നിലകൊള്ളുന്നവരുമാണ് സ്ത്രീകള്‍. ലോകം സുബുദ്ധിയും സമാധാനവും കൈവിട്ട് ഊഷരമായി പരിണമിച്ച സന്ധികളില്‍, മനുഷ്യ മനസ്സുകളിലെ വൈകാരിക മണ്ഡലത്തില്‍ സഹാനുഭൂതിയുടേയും ആര്‍ദ്രതയുടേയും വിത്തുകളായി വര്‍ത്തിച്ച സ്ത്രീത്വത്തിന്റെ മനോഹാരിതയും സ്വത്വസൗന്ദര്യവും തിരിച്ചറിയാത്തവര്‍ക്കേ അവളെ ചോര കൊണ്ട് അലങ്കരിക്കാന്‍ തോന്നൂ.

വിഷയത്തിലേക്ക് തിരിച്ചു വരാം. സ്ത്രീയുടെ അധികാരത്തിലുള്ള എല്ലാ വിധ പങ്കിനേയും ഹദീഥ് എതിര്‍ക്കുന്നില്ല, ഏറിവന്നാല്‍ പൗരാണിക രാഷ്ട്ര വ്യവസ്ഥയിലെ അവളുടെ സര്‍വ്വാധിപത്യത്തെ മാത്രമാണ് അത് ചോദ്യം ചെയ്യുന്നത് എന്ന് സൂചിപ്പിച്ചുവല്ലൊ. അതുകൊണ്ടു തന്നെയാണ് ചരിത്രത്തിന്റെ വ്യത്യസ്ഥ ദിക്കുകളില്‍, ഇസ്‌ലാമിക പ്രവിശ്യകളില്‍, വൈവിധ്യമാര്‍ന്ന ചിന്താധാരകളില്‍ സ്ത്രീ ഭരണങ്ങളുടെ എണ്ണിയാല്‍ തീരാത്തത്ര ചരിത്രങ്ങള്‍ രേഖപ്പെടുത്തപ്പെട്ടത്. സ്ത്രീക്ക് അധികാരത്തില്‍ നിന്നും ഒരു പങ്കും നല്‍കാന്‍ ഇസ്‌ലാം അനുവദിച്ചിട്ടില്ലായിരുന്നെങ്കില്‍ അത്തരം ചരിത്രങ്ങള്‍ മുസ്‌ലിം നാടുകളില്‍ നിന്നും നമുക്ക് ഒരിക്കലും വായിച്ചെടുക്കാനാവില്ല. ഈജിപ്തിലെ ഫത്‌വ ബോര്‍ഡ്, ദാറുല്‍ ഇഫ്താഉല്‍ മിസ്‌രിയ്യയുടെ ഫത്‌വയില്‍ നിന്നും ആ ചരിത്ര നിമിഷങ്ങളെ പറ്റിയുമുള്ള സ്മൃതികള്‍ നമുക്കു വായിക്കുക. ”വ്യത്യസ്ഥങ്ങളായ കാലഘട്ടത്തില്‍ ഇസ്‌ലാമിക രാജ്യങ്ങളുടെ വ്യത്യസ്ഥ ഭാഗങ്ങളില്‍ സ്ത്രീകള്‍ ഭരിച്ചിട്ടുണ്ട്. അവര്‍ വ്യത്യസ്ഥങ്ങളായ നാമദേയത്തിലാണ് അറിയപ്പെട്ടത്. സുല്‍ത്താന, മലിക, ഹുര്‍റ, ഖാത്തൂന്‍ എന്നിങ്ങനെയുള്ള പേരുകളിലാണ് അവര്‍ അറിയപ്പെട്ടിരുന്നത്. ചരിത്രത്തിന്റെ വ്യത്യസ്ഥ ദിക്കുകളില്‍ ഇസ്‌ലാമിക രാജ്യങ്ങളില്‍ പല നാടുകളും അമ്പതിലേറെ സ്തീകള്‍ ഭരിച്ചതായി ഇസ്‌ലാമിക ചരിത്രം നമുക്ക് വ്യക്തമാക്കിതരുന്നുണ്ട്. ഇബ്‌നു കസീറിന്റെ ‘അല്‍ബിദായഃ വന്നിഹായഃ’യിലും ഇബ്നുല്‍ ജൗസിയുടെ ‘അല്‍മുന്‍തള്വിം’ എന്നു പറയുന്ന ഗ്രന്ഥത്തിലും സുമല്‍ അല്‍ കഹ്റുമാന എന്നു പറയുന്ന ഒരു സ്ത്രീ ക്വാളിയായി (ജഡ്ജിയായി) പ്രവര്‍ത്തിച്ചതായി ചരിത്രം നമുക്ക് വിവരിച്ചുതരുന്നുണ്ട്. അവരുടെ സദസ്സില്‍ ജഡ്ജിമാരും കര്‍മ്മശാസ്ത്രപണ്ഡിതന്മാരും മഹാന്മാരുമെല്ലാം ഹാജരായിരുന്നു. ഹിജ്റ 317ലാണ് അവര്‍ മരണപ്പെടുന്നത്. ഭരണം നടത്തിയിരുന്ന സ്ത്രീകളില്‍ ചിലര്‍ ക്രിമിനല്‍ കേസുകളില്‍ വിധി പറയുന്നവരായും ഉണ്ടായിരുന്നു. സുല്‍ത്താന തുര്‍ക്കാന്‍ ഖാത്തൂന്‍ ഒരുദാഹരണമാണ്. അവരുടെ അടുക്കല്‍ ക്രിമിനല്‍ കേസുകള്‍ വന്നിട്ടുണ്ടെങ്കില്‍ അവര്‍ നീതിപൂര്‍വവും നന്മയോടും കൂടി വിധി നല്‍കുമായിരുന്നു. ജിഹാദിലും യുദ്ധങ്ങളിലുമെല്ലാം സ്ത്രീകള്‍ പങ്കാളികളാകുന്നതിനെ നബി (സ) അംഗീകരിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു കാര്യം. സ്ത്രീകള്‍ പ്രവാചകന്റെ ഒപ്പം യുദ്ധം ചെയ്തിട്ടുണ്ട്. ഉമ്മുസുലൈം, ഉമ്മുഹറാം, ബിന്‍ത് മില്‍ഹാന്‍, ഉമ്മുല്‍ ഹാരിസ അല്‍ അന്‍സാരി, റബീഅ ബിന്‍ത് മുഅവ്വദ്ബ്നു അഫ്റാഅ്, ഉമ്മുസിനാന്‍ അല്‍ അസ്‌ലമിയ്യ, ഹംന ബിന്‍ത് ജഹ്ശ്, ഉമ്മു സിയാദ് അല്‍ അശ്ജഈയ്യ പോലെയുള്ള സ്ത്രീകള്‍ അതിനുദാഹരണമാണ്. അതുപോലെതന്നെ ഇസ്‌ലാമിക ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ആയിരകണക്കിന് നിപുണകളായ പണ്ഡിതകളും, അതുപോലെതന്നെ ഇസ്‌ലാമികവും അറബിയുമായും ബന്ധപ്പെട്ട വിജ്ഞാനശാസ്ത്രങ്ങളിലുമെല്ലാം കഴിവുറ്റ പ്രതിഭകളും ഉണ്ടായിട്ടുണ്ട് ‘അല്‍ ഇസ്വാബഃ ഫീതമീസിസ്സ്വഹാബ’ എന്ന ഇബ്നു ഹജര്‍ അല്‍ അസ്‌ക്വലാനിയുടെ ഗ്രന്ഥത്തില്‍, അദ്ദേഹം ഇത്തരത്തില്‍ ഉള്ള ആയിരത്തി അഞ്ഞൂറ്റി നാല്‍പത്തിമൂന്ന് സ്ത്രീകളുടെ ചരിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവരുടെ കൂട്ടത്തില്‍ കര്‍മ്മശാസ്ത്ര പണ്ഡിതകളും, ഹദീഥ് പണ്ഡിതകളും, സാഹിത്യകാരികളും, വിധിയും നിയമനിര്‍മ്മാണവും നീതിപാലനവുമായും ബന്ധപ്പെട്ട സ്ഥാനങ്ങള്‍ വഹിച്ച സ്ത്രീകളും, ഇസ്‌ലാമിക ഫിഖ്ഹില്‍ ‘അല്‍ ഹസബ’ എന്നറിയപ്പെട്ടിരുന്ന പ്രത്യേക സ്ഥാനങ്ങള്‍ സ്ത്രീകള്‍ വഹിച്ചതായും ഒരുപാട് നിവേദനങ്ങള്‍ ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം ഹിജ്റ ഒന്നാം നൂറ്റാണ്ടിലായിരുന്നു എന്നത് പ്രത്യേകം ഓര്‍ക്കണം. (ഫത്‌വ ബോര്‍ഡ് ദാറുല്‍ ഇഫ്താഉല്‍ മിസ്രിയ്യ, ഈജിപ്ത് (tthps://bit.ly/38GZKjD)

മൂന്നാം നൂറ്റാണ്ടുകാരിയായ സിത്തുല്‍ മുല്‍ക്, അഞ്ചാം നൂറ്റാണ്ടിലെ സ്വന്‍ആഅ് ഭരിച്ച അസ്മാഅ്, നാലാം നൂറ്റാണ്ടില്‍ യമനില്‍ ജനിച്ച അര്‍വ്വ ബിന്‍ത് അഹ്‌മദ്, സ്പെയിനിലെ സൈനബ് നഫ്സാവിയ്യ, സുല്‍ത്താന റദ്വിയ, ഏഴാം നൂറ്റാണ്ടില്‍ ഈജിപ്ത് ഭരിച്ച ശജറുദ്ദുര്‍റ്, സ്പെയിനിലെ ആഇശ ഹുര്‍റ, സിത്തുല്‍ അറബ്, സിത്തുല്‍ അജം, സിത്തുല്‍ വുസറാഅ് അത്തന്നൂഖിയ്യ, ശരീഫ ഫാത്തിമിയ്യ, ഗാലിയ്യ വഹ്ഹാബിയ്യ, ഖാത്തൂന്‍ ഖത്ലഅ് താര്‍കാന്‍, ഖാത്തൂന്‍ ബാദ്ശാഹ്, ഗസാല ശബീബ, സുല്‍ത്താന ഖദീജ, അബിശ് ഖാത്തൂന്‍, ദൗലത്ത് ഖാത്തൂന്‍, തുര്‍ഖാന്‍ ഖാത്തൂന്‍ തുടങ്ങി വ്യത്യസ്ത മദ്ഹഹബ്‌കാരും, വിഭാഗക്കാരുമായ സ്ത്രീകള്‍ ഭരണ- സൈനിക സാരഥ്യം വഹിച്ചിട്ടുണ്ടെന്നതിന് ചരിത്രം സാക്ഷിയാണ്. (tthps://www.dtoosr.org/699052)

ഭരണം, വിധി, നിയമനിര്‍മ്മാണം, നീതിപാലനം, സൈനികം, കര്‍മ്മശാസ്ത്രം, ഹദീഫ്, സാഹിത്യം, ഭാഷാശാസ്ത്രം, വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍, വൈദ്യം തുടങ്ങി വിശാലമായ പല മേഖലകളിലും സ്ത്രീ നേതാക്കള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ സുലഭമായിരുന്നു. ‘മുഅ്ജമു അഅ്ലാമി നിസാഅ്’ അഥവാ ‘സ്ത്രീ നേതാക്കളെ പറ്റിയുള്ള നിഖണ്ഡു’ എന്ന ഒരു ഗ്രന്ഥം മുഹമ്മദ് തന്നൂഖിയുടേതായി കാണാം. ചരിത്രത്തിന്റെ വ്യത്യസ്ത ദിക്കുകളില്‍, ഇസ്‌ലാമിക രാജ്യങ്ങളില്‍ മേല്‍പറയപ്പെട്ട സ്തുത്യാര്‍ഹമായ മേഖലകളില്‍ വിരാജിച്ച നിപുണകളായ മുസ്‌ലിം സ്ത്രീ രത്നങ്ങളുടെ ജീവചരിത്രശേഖരമാണ് പ്രസ്തുത ഗ്രന്ഥം. പതിനായിരത്തിലതികം സ്ത്രീകളെപറ്റി ആ ഗ്രന്ഥം ലോകത്തോട് സംസാരിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒട്ടനവധി ഗ്രന്ഥസമുച്ചയങ്ങള്‍ തന്നെ ഇസ്‌ലാമിക ലോകത്ത് ഇന്നും സുലഭമാണ്.

ഉര്‍വത്തിബ്നു സുബൈര്‍ (റ) പറഞ്ഞു: ”ഖുര്‍ആന്‍, അനന്തരാവകാശ നിയമങ്ങള്‍, ഹറാം ഹലാലുകള്‍ (അഥവാ കര്‍മ്മശാസ്ത്രം), കവിത, അറബികളുടെ നാട്ടറിവുകള്‍, കുടുംബപരമ്പരകള്‍ എന്ന് തുടങ്ങി ഒരു വിഷയത്തിലും ആഈശയേക്കാള്‍ അറിവുള്ള ഒരാളെയും ജനങ്ങളില്‍ ഞാന്‍ കണ്ടിട്ടില്ല.” (തദ്കിറത്തുല്‍ ഹുഫ്ഫാദ്, ദഹബി: 1/25) മസ്റൂക് പറഞ്ഞു: ”എന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ അവന്‍ തന്നെ സത്യം. മുഹമ്മദ് നബി (സ)യുടെ അനുചരന്മാരില്‍ മഹാപണ്ഡിതരായ തലമുതിര്‍ന്നവര്‍ ആഇശ(റ)യോട് അനന്തരാവകാശ നിയമങ്ങളെ സംബന്ധിച്ച് ചോദിച്ച് പഠിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.” (മുസ്വന്നഫ് ഇബ്നു അബീശൈബ: 30387) അലി (റ) പറഞ്ഞു: ”ആരെയൊക്കെ കൊണ്ടാണ് ഞാന്‍ പരീക്ഷിക്കപ്പെട്ടിരിക്കുന്നത് എന്ന് നിനക്കറിയാമോ? ജനങ്ങളില്‍ ഏറ്റവും, ജനങ്ങളാല്‍ അനുസരിക്കപ്പെടുന്ന ആഇശയെകൊണ്ടും, ജനങ്ങളില്‍ ഏറ്റവും ശക്തനായ സുബൈറിനെകൊണ്ടും, ജനങ്ങളില്‍ ഏറ്റവും ബുദ്ധിശാലിയായ ത്വല്‍ഹയെകൊണ്ടും, ജനങ്ങളില്‍ ഏറ്റവുംശുദ്ധനായ യഅ്ലബ്നു ഉമയ്യയെകൊണ്ടുമാണ് ഞാന്‍ പരീക്ഷിക്കപ്പെട്ടിരിക്കുന്നത്”. (ഫത്ഹുല്‍ ബാരി: 13/57)

ആഇശ എന്ന സ്ത്രീയുടെ മതപരമായ വിധികര്‍തൃത്വം മുസ്‌ലിം സമൂഹം അംഗീകരിച്ചിരുന്നതിന്റെ ചരിത്ര സാക്ഷ്യങ്ങളാണിത്. ‘ജനങ്ങളില്‍ ഏറ്റവും, ജനങ്ങളാല്‍ അനുസരിക്കപ്പെട്ടിരുന്ന വ്യക്തി’ എന്നാണ് അലി (റ) ആഇശയെപറ്റി പരാമര്‍ശിക്കുന്നത്. ജമല്‍ യുദ്ധത്തില്‍ തനിക്കെതിരായി ആഇശ നേതൃത്വം നല്‍കിയ കാര്യത്തെ അനുസ്മരിക്കുമ്പോള്‍ പോലും, അവരുടെ നേതൃപാടവത്തേയും ജനസമ്മതിയേയും അംഗീകരിച്ചുകൊണ്ടാണ് അലി(റ) സംസാരിക്കുന്നത്. സ്ത്രീ രാഷ്ട്രീയ നേതൃത്വം കൈയ്യാളുന്നത് ഇസ്‌ലാമില്‍ നിഷിദ്ധമായിരുന്നെങ്കില്‍ അദ്ദേഹം പ്രതിയോഗിക്കെതിരെ ആദ്യമായി ഉന്നയിക്കുമായിരുന്നു ഏറ്റവും പ്രധാനപ്പെട്ട വിമര്‍ശനം അതാകുമായിരുന്നില്ലേ?! ഒരു സ്ത്രീ ആയിരുന്നിട്ടും ആഇശയുടെ മതപരമായ വിധികര്‍തൃത്വം അംഗീകരിക്കാന്‍ ഇസ്‌ലാം ജനങ്ങള്‍ക്ക് തടസ്സം നിന്നിട്ടില്ലെങ്കില്‍ ഭൗതിക കാര്യങ്ങളില്‍പെട്ട വിധികര്‍തൃത്വം (ഭരണം) അംഗീകരിക്കാന്‍ അത് തടസ്സമാകുന്നതെങ്ങനെ?!

ജമല്‍ യുദ്ധത്തില്‍ ഒട്ടകത്തിന്റെ സംഘക്കാരുടെ (ആഇശയുടെ) കൂടെ ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ ഞാനാഗ്രഹിച്ചപ്പോള്‍ പ്രവാചകനില്‍ നിന്ന് കേട്ട ഒരു വചനം എനിക്ക് ഏറെ ഉപകാരപ്പെട്ടു. പേര്‍ഷ്യക്കാര്‍ കിസ്റയുടെ മകളെ അധികാരമേല്‍പിച്ച വിവരം പ്രവാചകന് ലഭിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘സ്ത്രീയെ തങ്ങളുടെ ഭരണനേതൃത്വം ഏല്‍പ്പിച്ച ഒരു ജനത വിജയിക്കുകയില്ല’ (ബുഖാരി) എന്ന അബൂബക്റത്തി(റ)ന്റെ നിലപാടിനെ നാം അപ്പോള്‍ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്.?

അബൂബക്റത് (റ) സ്വഹാബിയാണ് എന്നതുകൊണ്ട് അദ്ദേഹത്തിന്റെ ഗ്രാഹ്യതയില്‍ അബദ്ധം സംഭവിക്കില്ലെന്ന് പറയാനാവില്ല. ‘ഒരു സ്ത്രീയെ തങ്ങളുടെ ഭരണനേതൃത്വം ഏല്‍പ്പിച്ച ഒരു ജനത വിജയിക്കില്ല’ എന്ന ഹദീഥാണ് ജമല്‍ യുദ്ധത്തില്‍ ആഇശയുടെ പക്ഷം ചേരാതിരിക്കാന്‍ തന്നെ പ്രേരിപ്പിച്ച ഘടകമെന്ന അദ്ദേഹത്തിന്റെ വാചകം ധാരണപിശക് മാത്രമാണ്. കാരണം അതേ ഹദീഥ് കേട്ട അനേകം സ്വഹാബിമാര്‍ ആഇശ(റ)യുടെ പക്ഷം ചേര്‍ന്നിരുന്നു എന്നു നാം മനസ്സിലാക്കണം. സ്വര്‍ഗ്ഗം കൊണ്ട് സുവിശേഷം അറിയിക്കപ്പെട്ട സുബൈര്‍ (റ), ത്വല്‍ഹ (റ) തുടങ്ങിയവരും അബ്ദുല്ലാബിബ്നു ആമിര്‍ (റ), യഅ്ലബ്നു മനിയ്യ (റ), മുഹമ്മദിബ്നു ത്വല്‍ഹ (റ) തുടങ്ങിയ സ്വഹാബികളും ആഇശയുടെ നേതൃത്വം അംഗീകരിച്ചവരായിരുന്നു. അവരാരും തന്നെ, അബൂബക്റത്ത് (റ) ഹദീഥിനെ ഗ്രഹിച്ചതുപോലെ മനസ്സിലാക്കിയിട്ടുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ അവരും ആഇശയില്‍ നിന്നും വിട്ടുനില്‍ക്കുമായിരുന്നു. അതുകൊണ്ടാണ് അബൂബക്റത്തിന് സംഭവിച്ച ധാരണപിശക് മാത്രമാണിതെന്ന് പറഞ്ഞത്.

മാത്രമല്ല തന്റെ ഭാര്യമാരില്‍ ഒരാള്‍ ഭാവിയില്‍ ഈ യുദ്ധത്തിനു (ജമല്‍) നേതൃത്വം നല്‍കുമെന്ന് പ്രവാചകന്‍ (സ) തന്നെ അറിയിച്ചിരുന്ന കാര്യമായിരുന്നു. പ്രസ്തുത നിവേദനം നാം കാണുക. ”രാത്രിയില്‍ ബനൂ ആമിറുകാരുടെ നദീജല സ്രോതസ്സിനടുത്തെത്തിയപ്പോള്‍ നായ്ക്കള്‍ കുരക്കുന്നതായി ആഇശ (റ) കേട്ടു. ഇതേതാണ് ഈ ജലസ്രോതസ്സെന്ന് അവര്‍ ചോദിച്ചു. ഹൗഅബ് ജലതടമാണെന്ന് പറയപ്പെട്ടു. അപ്പോള്‍ അവര്‍ പറഞ്ഞു: മടങ്ങുവാനല്ലാതെ മറ്റൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹുവിന്റെ തിരുദൂതന്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഹൗഅബിലെ നായ്ക്കള്‍ നിങ്ങളില്‍ (ഭാര്യമാരില്‍) ഒരാളുടെ മേല്‍ കുരക്കുന്നതിനെപറ്റി എങ്ങനെയുണ്ടെന്ന് തോന്നുന്നു. അപ്പോള്‍ സുബൈര്‍ (റ) പറഞ്ഞു: മടങ്ങുകയോ നിങ്ങള്‍ നിമിത്തം അല്ലാഹു ജനങ്ങള്‍ക്കിടയില്‍ രഞ്ചിപ്പുണ്ടാക്കിയാലോ? (അത്തരം ഒരവസരം നഷ്ടപ്പെടുത്തരുതെന്നര്‍ത്ഥം) (മുസ്‌നദ് അഹ്‌മദ്: 24654, ഇബ്‌നുഅബീശൈബ: 7/536, സില്‍സിലത്തു സ്വഹീഹ: 474, ഇബ്‌നു ഹിബ്ബാന്‍: 6732, ഹാകിം: 4613)

തന്റെ ഭാര്യമാരില്‍ ഒരാള്‍ തനിക്കുശേഷം അത്തരം ഒരു യുദ്ധത്തിന് നേതൃത്വം നല്‍കുമെന്ന് പ്രവചിച്ച നബി (സ), ആ ഘട്ടത്തില്‍ ഹൗഅബിലെ നായ്ക്കള്‍ ആര്‍ക്കുമേലായിരിക്കുമോ കുരക്കുന്നത് അവരായിരിക്കും അതെന്ന് അടയാളവും പറഞ്ഞു കൊടുത്തു. ഭാവിയില്‍ മുസ്‌ലിംങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്ന ഒരു വലിയ കുഴപ്പത്തിന്റെ മുന്നോടിയായുള്ള സൂചനയായി അത് തന്റെ ഭാര്യമാരെ പഠിപ്പിച്ച പ്രവാചകന്‍, ആ ഘട്ടത്തില്‍ പോലും സ്ത്രീ നേതൃത്വത്തെ പഴിച്ചില്ലെന്നത് നാം പ്രത്യേകം മനസ്സിലാക്കുക. അഥവാ തെറ്റായ ഒരു പടപ്പുറപ്പാടായി ജമല്‍ യുദ്ധത്തെപറ്റി പ്രവാചകന്‍ (സ) പരാമര്‍ശിച്ചത്; അതിനു നേതൃത്വം നല്‍കുന്നത് സ്ത്രീയായതുകൊണ്ടല്ല. മറിച്ച് അത് മുസ്‌ലിംകള്‍ക്കിടയില്‍ വലിയ കുഴപ്പങ്ങള്‍ക്ക് നിമിത്തമാകും എന്നതുകൊണ്ടായിരുന്നു. സ്ത്രീ നേതൃത്വം ഇസ്‌ലാം വെച്ചുപൊറുപ്പിക്കാത്ത ഒന്നായിരുന്നെങ്കില്‍ ഈ സന്ദര്‍ഭത്തില്‍ പ്രവാചകന്‍ അത് പ്രത്യേകം പരാമര്‍ശിക്കുമായിരുന്നു. അപ്പോള്‍ ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന ജമല്‍ യുദ്ധത്തെയും അതിന് ഒരു സ്ത്രീയായിരിക്കും നേതൃത്വം നല്‍കുകയെന്നും അത് തന്റെ ഭാര്യമാരില്‍ ഒരാളായിരിക്കും എന്നുമെല്ലാം മനസ്സിലാക്കിയ പ്രവാചകന്‍ അതിനെപറ്റി തന്റെ ഭാര്യമാര്‍ക്ക് മുന്നറിയിപ്പ് നല്‍കുമ്പോള്‍ സ്ത്രീ നേതൃത്വത്തെ പ്രശ്നവല്‍കരിക്കാതെ മുസ്‌ലിം സമൂഹത്തിനിടയില്‍ സംഭവിക്കുന്ന ഭിന്നതയേയും കുഴപ്പത്തേയും പറ്റി മാത്രം പ്രശ്നവല്‍കരിച്ചു സംസാരിച്ചു എന്നതില്‍ നിന്നു തന്നെ അബൂബക്റത്തിന്റെ (റ) നിലപാട് ധാരണപിശകില്‍നിന്ന് രൂപപ്പെട്ട ഒന്നാണെന്ന് വ്യക്തം. ചുരുക്കത്തില്‍, ‘സ്ത്രീയെ തങ്ങളുടെ ഭരണനേതൃത്വം ഏല്‍പ്പിച്ച ഒരു ജനത വിജയിക്കുകയില്ല’ എന്ന ഹദീഥ് സ്ത്രീയുടെ അധികാരത്തിലുള്ള എല്ലാ വിധ പങ്കിനേയും എതിര്‍ക്കുന്നില്ല; ഏറിവന്നാല്‍, പൗരാണിക രാഷ്ട്ര വ്യവസ്ഥയിലെ അവളുടെ സര്‍വ്വാധിപത്യത്തെ മാത്രമാണ് അത് ചോദ്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ പ്രസ്തുത ഹദീഥും പൊക്കിപ്പിടിച്ച് പൊഴിക്കുന്ന മുതലകണ്ണീരുകൊണ്ടൊന്നും കാര്യമായ പ്രയോജനം ഉണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞ് ഒന്ന് മാറ്റിപിടിക്കുന്നതാണ് ഇസ്‌ലാംവിമര്‍ശകര്‍ക്ക് നല്ലത്. ഉഡായിപ്പുകള്‍കൊണ്ടൊന്നും വൈജ്ഞാനിക രംഗത്ത് മേല്‍വിലാസമുണ്ടാക്കാനാവില്ലെന്ന് ഇവരൊക്കെ ഇനി എന്നാണാവോ തിരിച്ചറിയുക.

നരകവാസികളില്‍ അധികവും സ്ത്രീകളാണെന്ന് പ്രഖ്യാപിക്കുക വഴി സ്ത്രീ സമൂഹത്തെ മൊത്തം അടച്ചാക്ഷേപിച്ച ഒരു വ്യക്തിയെ എങ്ങനെയാണ് ആത്മാഭിമാനമുളള സ്ത്രീകള്‍ ദൈവദൂതനായി അംഗീകരിക്കുക?

ഊഷരമായ ഹൃദയങ്ങളിലാണ് ഇസ്‌ലാംവിമര്‍ശനങ്ങളുടെ നിര്‍മ്മിതി നടക്കുന്നതെന്ന നിരീക്ഷണത്തിന് അടിവരയിടുന്ന ആരോപണമാണ് ഇതെന്നു പറയാതിരിക്കാന്‍ നിര്‍വാഹമില്ല. സ്ത്രീ സമൂഹത്തോട് ഏറെ ഗുണകാംക്ഷാനിര്‍ഭരമായി നല്‍കിയ ഒരു ഉപദേശത്തെപ്പോലും പെണ്‍വിരുദ്ധതയുടെ ആലയില്‍ കൊണ്ട്‌കെട്ടിയത് അക്ഷന്തവ്യമായ ഒരപരാധം തന്നെയാണ്. ആരോപണ വിധേയമായ നബിവചനം നമുക്കു പരിശോധിക്കുക: ”അബൂ സഊദുല്‍ ഖുദ്‌രി (റ) നിവേദനം: ഒരിക്കല്‍ തിരുമേനി (സ) വലിയ പെരുന്നാള്‍ ദിവസം നമസ്‌ക്കാര മൈതാനത്തേക്ക് പുറപ്പെട്ടു. (പൊതു ഉപദേശത്തിനുശേഷം) നബി (സ) സ്ത്രീകളുടെ അടുക്കലേക്ക് ചെന്നു. അവിടുന്ന് അരുളി: സ്ത്രീ സമൂഹമേ! നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുക. നരകവാസികളില്‍ അധികവും സ്ത്രീകളെയാണ് ഞാന്‍ കണ്ടിരിക്കുന്നത്. അപ്പോള്‍ സ്ത്രീകള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ! എന്തുകൊണ്ടാണത്? നബി (സ) പ്രത്യുത്തരം നല്‍കി: അവര്‍ ശാപം വര്‍ദ്ധിപ്പിക്കും. ഭര്‍ത്താവിന്റെ നന്മയെ നിഷേധിക്കുകയും ചെയ്യും.” (ബുഖാരി)

മറ്റൊരു നിവേദനം ഇപ്രകാരമാണ്. ”ഞാന്‍ നരകത്തിലേക്ക് നോക്കി. അതില്‍ സ്ത്രീകളെയാണ് അധികമായി ഞാന്‍ കണ്ടത്. ഭര്‍ത്താവിനോട് അവര്‍ നന്ദികേട് കാണിക്കുന്നു. കാലം മുഴുവന്‍ നീ അവള്‍ക്ക് നന്മ ചെയ്തശേഷം നിന്നില്‍ നിന്ന് ഒരു ന്യൂനത കണ്ടാല്‍ അവള്‍ പറയും: നിങ്ങളില്‍ നിന്ന് ഇന്നോളം ഒരു നന്മയും എനിക്ക് കിട്ടിയിട്ടില്ല.”

പ്രസ്തുത നിവേദനങ്ങളില്‍ എവിടെയാണ് പെണ്‍വിരുദ്ധത കുടികൊള്ളുന്നത്. സ്ത്രീ പ്രകൃതിയില്‍ അതികമായി വന്നുപോകാറുള്ള ചില വീഴ്ച്ചകള്‍ സ്ത്രീ സമൂഹത്തെ ഉണര്‍ത്തുകയും നരക പ്രവേശനത്തിനു ഇടയാകാന്‍ സാധ്യതയുള്ള അത്തരം വീഴ്ച്ചകളെപറ്റി സ്ത്രീകളെ ബോധവല്‍കരിക്കുകയും അത്തരം തെറ്റുകള്‍ സംഭവിച്ചുപോകുന്നതിനുള്ള പ്രായശ്ചിത്തമായി ദാനധര്‍മ്മങ്ങള്‍ അധികരിപ്പിക്കുവാനും അതിലൂടെ മരണാനന്തര ജീവിതത്തില്‍ നരകമോചനം നേടിയെടുക്കാനുമുള്ള ഒരു ഉപദേശത്തെ പെണ്‍വിരുദ്ധതയുടെ പറ്റു പുസ്തകത്തില്‍ കുറിച്ചിടുന്നവരെ പറ്റി നാം എന്തുപറയണം!. ആത്മാഭിമാനമുള്ള സ്ത്രീകളെല്ലാം തന്നെ പ്രസ്തുത പ്രവാചകോപദേശത്തെ, സ്ത്രീ സമൂഹത്തോട് ഏറെ ഗുണകാംക്ഷ പുലര്‍ത്തിയ ഒരു മഹത്‌വ്യക്തിയുടെ സന്മാര്‍ഗദര്‍ശനമായാണ് വിലയിരുത്തുക.

ഹദീഥുകളില്‍ പരാമര്‍ശിച്ച രണ്ട് തിന്മകള്‍ സ്ത്രീകള്‍ക്കുമേല്‍ ആരോപിച്ചതിലെ ന്യായമാണ് ഒന്നാമതായി വിമര്‍ശകരെ അസ്വസ്ഥമാക്കുന്ന ഘടകം. ആ അസ്വസ്ഥത വിശ്വാസികള്‍ക്കിടയില്‍ വിതറുവാനാണ് അവര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ശപിക്കലും, ജീവിത പങ്കാളിയുടെ നന്മയെ നിഷേധിക്കലും ആണിലും പെണ്ണിലും കാണപ്പെടുന്ന തിന്മകളായിരിക്കെ, അത് സ്ത്രീകള്‍ക്കുമേല്‍ മാത്രമായി ചുമത്തിയതിലെ സ്ത്രീവിരുദ്ധത ഉല്‍ഖനനം ചെയ്യുകയാണവര്‍. ഹദീഥുകളുടെ പശ്ചാത്തലം പരിശോദിച്ചാല്‍ തീരാവുന്ന ഒരു പ്രശ്‌നം മാത്രമാണിത്. വലിയെ പെരുന്നാള്‍ ദിവസം നമസ്‌ക്കാര മൈതാനിയില്‍ വെച്ചാണ് പ്രസ്തുത സംഭവം നടക്കുന്നത്. അവിടെ ആദ്യം നബി (സ) ഒരു പൊതു ഉപദേശം (ഖുതുബ) നടത്തി. അതിനുശേഷം സ്ത്രീകളുടെ അടുത്തുചെന്ന് അവരെ മാത്രമായി ഉപദേശിക്കുകയാണുണ്ടായത്. സ്ത്രീ സമൂഹത്തെ അവമതിക്കലായിരുന്നു പ്രസ്തുത ഉപദേശം വഴി നബി (സ) ലക്ഷ്യം വെച്ചിരുന്നതെങ്കില്‍ അത് പൊതു ഉപദേശവേളയില്‍ തന്നെ ആകാമായിരുന്നു. കാരണം അപ്പോഴാണല്ലോ അത് സമൂഹമദ്ധ്യത്തില്‍ പരസ്യമാവുക. എന്നാല്‍, സ്ത്രീകളെ പ്രത്യേകം ബോധവല്‍ക്കരിക്കേണ്ട വിഷയം, തന്റെ പൊതു ഉപദേശത്തില്‍ (ഖുതുബ) ഉള്‍പ്പെടുത്താതെ സ്ത്രീകളുടെ മാത്രമായ സദസ്സില്‍ ചെന്ന് അവരെ പ്രത്യേകം ഉണര്‍ത്തുകയാണ് നബി (സ) ചെയ്തത്. വിമര്‍ശകര്‍ ആരോപിക്കുംവിധം സ്ത്രീകളെ അവമതിക്കുകയോ, പുരുഷ വര്‍ഗ ശ്രേഷ്ഠത പ്രഖ്യാപിക്കുകയോ ആണ് നബി(സ)യുടെ ഉദ്ദേശമെങ്കില്‍ അത് പ്രവചാകന്റെ പൊതു ഉപദേശവേളയിലാകുമായിരുന്നു. സ്ത്രീയിലും പുരുഷനിലും കാണപ്പെടുന്ന തിന്മകളെപ്പറ്റി പറയുമ്പോള്‍ എന്തുകൊണ്ടാണ് സ്ത്രീകള്‍ക്കുമേല്‍ അത് പ്രത്യേകം പരാമര്‍ശിക്കുന്നത്? തിന്മകള്‍ ചിലപ്പോള്‍ അങ്ങനെയാണ്. സ്ത്രീയിലും പുരുഷനിലും ഒരുപോലെ കാണപ്പെടുന്ന തിന്മകളുണ്ട്; അവയെ പറ്റി പരാമര്‍ശിക്കുമ്പോള്‍ അത് രണ്ട് കൂട്ടരിലും ഒരുപോലെ ചേര്‍ത്ത് പറയും. പുരുഷനില്‍ കാണാമെങ്കിലും സ്ത്രീയില്‍ അതിനേക്കാള്‍ അധികം കാണപ്പെടുന്ന തിന്മകളുണ്ട്; അവയെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ അതില്‍ സ്ത്രീകളെ പ്രത്യേകമാക്കി പറയും. ഉപര്യുക്ത ഹദീഥുകളില്‍ പരാമര്‍ശിച്ച തിന്മകള്‍ അത്തരത്തില്‍പ്പെട്ടതാണ്. സ്ത്രീ പ്രകൃതിയില്‍ അത് പുരുഷപ്രകൃതിയേക്കാളും ഏറെ കാണപ്പെടുന്നു. ഇനി സ്ത്രീകളില്‍ കാണപ്പെടുമെങ്കിലും പുരുഷന്മാരില്‍ ധാരാളമായി കാണുന്ന തിന്മകളുണ്ട്; അവയെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ അവിടെ പുരുഷനെ പ്രത്യേകമാക്കി പറയും. ഹദീഥുകളില്‍ വന്ന അത്തരം തിന്മകളെ പറ്റിയുള്ള പരാമര്‍ശങ്ങളില്‍ നിന്നും ഏതാനും ഉദാഹരണങ്ങള്‍ കാണുക:

1, ”അബൂഹുറൈറ(റ)യില്‍ നിന്നും നിവേദനം: അല്ലാഹുവിന്റെ ദൂതര്‍ (സ) പറഞ്ഞു: രണ്ടു വിഭാഗക്കാര്‍ നരകാവകാശികളാണ്; അവരെ ഞാനിതുവരെ കണ്ടുമുട്ടിയിട്ടില്ല: (ഒന്നാമത്തെ വിഭാഗം) ചില പുരുഷന്മാരാണ്. അവരോടൊപ്പം പശുവിന്റെ വാലുപോലെയുള്ള ചാട്ടവാറുകള്‍ ഉണ്ടാകും; അതുപയോഗിച്ച് അവര്‍ ജനങ്ങളെ അടിക്കും.” (അല്‍ മുഅ്ജമുല്‍ അവ്‌സത്: 5854, ശുഅ്ബുല്‍ ഈമാന്‍: 4972) ”അവന്‍ അല്ലാഹുവിന്റെ അമര്‍ഷത്തിലായികൊണ്ട് രാവിലെ പുറപ്പെടുകയും അവന്റെ കോപത്തിന് പാത്രീയരായി വൈകുന്നേരം മടങ്ങിവരികയും ചെയ്യും.” (മുസ്‌നദ് അഹ്‌മദ്: 22150)

അക്രമവാസനയാണ് ഇവിടെ ദൈവകോപത്തിനു വിധേയമായ തിന്മയായി പഠിപ്പിക്കുന്നത്. അക്രമവാസന സ്ത്രീകളിലുണ്ടെങ്കിലും പുരുഷപ്രകൃതിയിലാണ് അത് ധാരാളമായി കാണാറുള്ളത്. അതുകൊണ്ട് പ്രസ്തുത തിന്മയെ പുരുഷനിലേക്ക് ചേര്‍ത്ത് പറഞ്ഞെന്നുമാത്രം.

2, ”അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ഗുരുതരമായ മഹാപാപങ്ങളില്‍ പെട്ടതാണ്, (ഒന്ന്) ഒരാള്‍ ഒരു സ്ത്രീയെ വിവാഹം ചെയ്യുകയും എന്നിട്ട് അവളില്‍ നിന്നുള്ള ആവശ്യം പൂര്‍ത്തീകരിച്ചാല്‍ അവളെ വിവാഹമോചനം ചെയ്യുകയും അവളുടെ വിവാഹ മൂല്യവുമായി കടന്നുകളയുകയും ചെയ്യുക എന്നുള്ളതും, (രണ്ട്) ഒരാളെ പണിക്ക് വെച്ചിട്ട് (പണി പൂര്‍ത്തിയാക്കാതെ) കൂലിയും കൊണ്ട് പോവുക എന്നതും, (മൂന്ന്) അനാവശ്യമായി മൃഗങ്ങളെ കൊല്ലുക എന്നുള്ളതും.” (അല്‍ മുസ്തദ്‌റക്: ഹാകിം: 2/182)

വിശ്വാസ വഞ്ചനയും, തട്ടിപ്പും, അക്രമവുമാണ് ഉപര്യുക്ത ഹദീഥുകളിലെ പരമാര്‍ശ വിഷയം. സ്ത്രീകളിലും ഇത്തരം പ്രവണതകള്‍ കാണുമെങ്കിലും പുരുഷന്മാരിലാണ് ഇത് വ്യാപകമായി കാണുന്നത്. അതിനാല്‍ പ്രസ്തുത പാപങ്ങള്‍ പുരുഷന്മാരിലേക്ക് പ്രത്യേകം ചേര്‍ത്തു പറഞ്ഞു. റജുലുൻ (പുരുഷൻ), രിജാല്‍ (പുരുഷന്മാർ) എന്ന പദങ്ങളാണ് പ്രസ്തുത പാപങ്ങളുടെ ഉടമകളെ കുറിക്കാന്‍ ഹദീഥ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ആണ്‍വിരുദ്ധതയുടെ ഭാഗമായി വിമര്‍ശകന്മാര്‍ അടയാളപ്പെടുത്തുമോ?! വേണമെങ്കില്‍ ഇസ്‌ലാമിക് ഫെമിനിസ്റ്റുകള്‍ക്ക് ഹദീഥ് ദാനം ചെയ്യുകയുമാകാം!!

3, ”അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: നബി (സ) പറഞ്ഞിരിക്കുന്നു. പരസ്പരം അടുത്തിടപഴകിക്കഴിഞ്ഞ ശേഷം ഭാര്യയുടെ രഹസ്യങ്ങള്‍ പ്രചരിപ്പിക്കുന്ന പുരുഷനത്രെ പുനരുത്ഥാന നാളില്‍ അല്ലാഹുവിങ്കല്‍ ഏറ്റം മോശമായ സ്ഥാനമുള്ളവന്‍” (മുസ്‌ലിം).

കിടപ്പറ രഹസ്യങ്ങള്‍ മറ്റുള്ളവരോട് പങ്ക്‌വെച്ച് രസിക്കുന്ന ആണിനും പെണ്ണിനും ഹദീഥ് ഒരുപോലെ ബാധകമാണ്. രണ്ടുകൂട്ടരിലും പ്രസ്തുത തിന്മകള്‍ കാണാറുണ്ട്. എന്നാല്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ആ പ്രവണത ധാരാളമായി കാണാറുള്ളത്. അതിനാല്‍ പ്രസ്തുത തിന്മയെ പുരുഷന്മാരിലേക്ക് പ്രത്യേകമാക്കി സൂചിപ്പിച്ചു.

ഇനി അവശേഷിക്കുന്ന പ്രശ്‌നം നരകവാസികളില്‍ അധികവും സ്ത്രീകളാണെന്ന ഹദീഥിലെ പരാമര്‍ശമാണ്. നബിപാഠങ്ങളില്‍ നിന്നും പെണ്‍വിരുദ്ധത ചിക്കിചികയുന്നവര്‍ ജന്മം കൊള്ളുന്നതിനും എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഇസ്‌ലാമിക പണ്ഡിതന്മാര്‍ പ്രസ്തുത വിഷയം മുടിനാരിഴ കീറി പരിശോദിച്ചിരിക്കുന്നു. പ്രസ്തുത പരിശോദനകള്‍ മറുപടി നല്‍കാത്ത ഒരു പ്രശ്‌നംപോലും പെണ്‍പക്ഷവാദികള്‍ക്ക് ഇന്നും ചോദിക്കാനില്ലെന്നതാണ് അതിശയകരമായ സംഗതി. പക്ഷെ അതൊന്നും കാണാനോ പഠിക്കാനോ തയ്യാറാവാതെ ഒരു ഹദീഥ് കിട്ടുമ്പോഴേക്കും അതില്‍നിന്നും പെണ്‍വിരുദ്ധത എങ്ങിനെ കടഞ്ഞെടുക്കാമെന്നതാണ് ഇസ്‌ലാംവിമര്‍ശകരുടെ ഇഷ്ടവിനോദം. അതുകൊണ്ടുതന്നെ പ്രസ്തുത ഹദീഥുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ഇസ്‌ലാമിക ലോകത്ത് നടന്ന മുടിനാരിഴ കീറിയ പരിശോദനകളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും ഒരു ശകലം ഇസ്‌ലാംവിരോധികള്‍ക്കും മുര്‍തദ്ദാവാന്‍ മുട്ടി നില്‍ക്കുന്നവര്‍ക്കും മുമ്പില്‍ ഒരുപോലെ സമര്‍പ്പിക്കുകയാണ്.

സ്വര്‍ഗവാസികളിലും അധികം സ്ത്രീകള്‍ തന്നെ!

ഇബ്‌നു സിരീന്‍ (റ) പറഞ്ഞു: ഒരിക്കല്‍, സ്വര്‍ഗത്തില്‍ കൂടുതല്‍ ആരാണെന്ന കാര്യത്തില്‍ സ്ത്രീകളും പുരുഷന്മാരും തമ്മില്‍ തര്‍ക്കിക്കുകയുണ്ടായി. അങ്ങനെ അവര്‍ (അക്കാര്യത്തെ സംബന്ധിച്ച് നബി(സ)യില്‍ നിന്നുള്ള അറിവിനായി) അബൂഹുറൈറ(റ)യോട് ചോദിച്ചു: ”അപ്പോള്‍ അദ്ദേഹം പറഞ്ഞു. അബുല്‍ കാസിം (നബി (സ)) ഇപ്രകാരം പറഞ്ഞിട്ടില്ലേ, സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്ന ആദ്യ സംഘം പൗര്‍ണമി രാത്രിയിലെ പൂര്‍ണ ചന്ദ്രനെ പോലെയായിരിക്കും. അവര്‍ക്കു ശേഷമുള്ളവര്‍ ആകാശത്തെ ഏറ്റവും തിളങ്ങുന്ന നക്ഷത്രത്തോളം പ്രകാശ പൂരിതരായിരിക്കും. അവരില്‍ ഒരോരുത്തര്‍ക്കും (സ്ത്രീകളില്‍ നിന്നുള്ള) രണ്ട് ഇണകള്‍ വീതം ഉണ്ടായിരിക്കും.” (സ്വഹീഹു മുസ്‌ലിം: 2834)

ഇമാം ഇബ്‌നു ഹജര്‍ അല്‍ അസ്‌ക്വലാനി (റ) പറഞ്ഞു: ”അവരില്‍ ഓരോരുത്തര്‍ക്കും രണ്ട് ഇണകള്‍ വീതം ഉണ്ടായിരിക്കും അഥവാ ഇഹലോകത്തെ സ്ത്രീകളില്‍ നിന്ന് രണ്ടുപേര്‍ ഉണ്ടായിരിക്കും.” (ഫത്ഹുല്‍ ബാരി: 6:325)

ഇമാം നവവി (റ) പറയുന്നു: ”ഇമാം ക്വാദി ഇയാദ് (റ) പറഞ്ഞു: സ്വര്‍ഗത്തില്‍ സ്ത്രീകളാണ് കൂടുതല്‍ എന്നാണ് ഹദീഥിന്റെ പ്രത്യക്ഷം സൂചിപ്പിക്കുന്നത്.” (സ്വഹീഹു മുസ്‌ലിം ബി ശര്‍ഹിന്നവവി: 9/142)

ഇബ്‌നു തിമിയ്യ (റ) പറഞ്ഞു: ”…കാരണം സ്ത്രീകളാണ് സ്വര്‍ഗത്തില്‍ പുരുഷന്മാരേക്കാള്‍ അധികം.” (മജ്‌മൂഉല്‍ ഫതാവാ: 6:432)

സ്വര്‍ഗത്തില്‍ സ്ത്രീകള്‍ തന്നെയാണ് കൂടുതലെന്ന് വേറെയും ഹദീഥുകള്‍ സൂചന നല്‍കുന്നുണ്ട്. ”നബി (സ) പറഞ്ഞു: സ്വര്‍ഗക്കാരെ സംബന്ധിച്ച് ഞാന്‍ നിങ്ങള്‍ക്ക് വിവരം നല്‍കട്ടെയോ? ”അതെ” എന്ന് പ്രവാചകാനുചരന്മാര്‍ പറഞ്ഞപ്പോള്‍ നബി (സ) വിശദീകരിച്ചു: എല്ലാ ദുര്‍ബലരും അടിച്ചമര്‍ത്തപ്പെട്ടവരുമാണവര്‍.” (സ്വഹീഹുല്‍ ബുഖാരി: 4967)

”അബൂ ഹുറൈറ(റ)ല്‍ നിന്നും നിവേദനം: നബി (സ) പറഞ്ഞു: അല്ലാഹുവാണെ സാക്ഷി; അനാഥ, സ്ത്രീ എന്നീ രണ്ട് ദുര്‍ബല വിഭാഗങ്ങളുടെ അവകാശങ്ങളെ (നിറവേറ്റുന്നതില്‍ പരാജയപ്പെടുന്നതിലുള്ള പാപത്തെ) സംബന്ധിച്ച് ഞാന്‍ നിങ്ങള്‍ക്ക് ശക്തമായ താക്കീത് നല്‍കുന്നു.” (മുസ്‌നദ് അഹ്‌മദ്: 2/439, റിയാളുസ്സ്വാലിഹീന്‍: 146)

എങ്കില്‍ നരകത്തില്‍ സ്ത്രീകളാണ് കൂടുതലെന്നു പറയുന്ന ഹദീഥുകളെ നാം എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? അതും ഇസ്‌ലാമിക പണ്ഡതന്മാര്‍ ചര്‍വിതചര്‍വണം ചര്‍ച്ചചെയ്തിട്ടുണ്ട്. അവയില്‍ നിന്നും ഏതാനും ഭാഗങ്ങള്‍ നമുക്കും കാണാം.

ഇമാം നവവി (റ) ശര്‍ഹു മുസ്‌ലിമില്‍ പറയുന്നു: ”ഇമാം ക്വാദി ഇയാദ് പറഞ്ഞു: (സ്വര്‍ഗത്തിലെന്ന പോലെ) …നരകത്തിലും സ്ത്രീകളാണ് കൂടുതല്‍ എന്ന് മറ്റു ഹദീഥുകളിലും കാണാം. സ്ത്രീകളാണ് ആദം സന്തതികളില്‍ അധികവും എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.” (ശര്‍ഹു മുസ്‌ലിം: 9/142)

ഇബ്‌നു തിമിയ്യ:(റ) പറഞ്ഞു: ”…അത് എന്തുകൊണ്ടെന്നാല്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് കൂടുതല്‍. നരകത്തിലും അപ്രകാരം തന്നെ. അപ്പോള്‍ സൃഷ്ടികളില്‍ കൂടുതലും സ്ത്രീകളാണ് എന്ന് വരുന്നു.” (മജ്‌മൂഉല്‍ ഫതാവാ: 6:432)

ഹാഫിള് അല്‍ ഇറാക്വി (റ) പറഞ്ഞു: ”…എന്നാല്‍ സ്ത്രീകള്‍ നരകത്തില്‍ കൂടുതല്‍ ഉള്ളതിനാല്‍ സ്വര്‍ഗത്തില്‍ കുറവാവല്‍ അനിവാര്യമല്ല. പ്രത്യുത സ്ത്രീകളാണ് (മനുഷ്യരില്‍) എണ്ണത്തില്‍ കൂടുതല്‍ എന്നതിനാല്‍ രണ്ടിടത്തും അവരാണ് അധികം.” (ത്വര്‍ഹുത്തസ്‌രീബ്: 8:270)

‘നരകവാസികളില്‍ അധികവും സ്ത്രീകളാണ്’ എന്ന ഹദീഥിന് മറ്റു ചില വ്യാഖ്യാനങ്ങള്‍ കൂടി പണ്ഡിതന്മാര്‍ നല്‍കിയിട്ടുണ്ട്. അവയില്‍ നിന്നും പ്രസക്തമായവ കാണാം.

ഇബ്‌നു ഹജര്‍ അല്‍ അസ്‌ക്വലാനി (റ) പറഞ്ഞു: ”ആദ്യത്തില്‍ നരകത്തില്‍ കൂടുതല്‍ സ്ത്രീകള്‍ ആയിരിക്കുകയും; അഥവാ, നരകത്തില്‍ നിന്ന് പാപങ്ങള്‍ക്കുള്ള ശിക്ഷ കഴിഞ്ഞതിന് ശേഷം ശുപാര്‍ശ വഴി ദോഷികള്‍ സ്വര്‍ഗത്തിലെത്തി ചേരുന്നതിന് മുമ്പാണ് ഈ അവസ്ഥ എന്ന് അനുമാനിക്കപ്പെടുന്നു. (ശേഷം സ്വര്‍ഗത്തില്‍ കൂടുതല്‍ സ്ത്രീകളും നരകത്തില്‍ കുറവും ആയിത്തീരും)” (ഫത്ഹുല്‍ ബാരി: 7:267)

ഇനിയും തീരാത്ത പെണ്‍പക്ഷ വിമര്‍ശനങ്ങള്‍

‘സ്വര്‍ഗവാസികളില്‍ എണ്ണത്തില്‍ ഏറ്റവും കുറഞ്ഞവര്‍ സ്ത്രീകളാണ്’ എന്ന് സ്വഹീഹ് മുസ്‌ലിമില്‍ (2738) കാണാം. ഈ ഹദീഥ് മേല്‍ പറയപ്പെട്ട പണ്ഡിതാഭിപ്രായങ്ങളെ മുഴുവന്‍ ഖണ്ഡിക്കുന്നതാണല്ലോ? എന്ന മറ്റൊരു വിമര്‍ശനം ചിലപ്പോള്‍ ഇസ്‌ലാംവിമര്‍ശകര്‍ ഉന്നയിച്ചേകാം. പ്രസ്തുത വിമര്‍ശനവും കൂടി നമുക്കു പഠനവിധേയമാക്കാം.

‘സ്വര്‍ഗവാസികളില്‍ എണ്ണത്തില്‍ ഏറ്റവും കുറഞ്ഞവര്‍ സ്ത്രീകളാണ്’ എന്ന ഹദീഥും ഇസ്‌ലാമിക പണ്ഡിതന്മാര്‍ വ്യക്തമായ നിലയില്‍ തന്നെ പഠനവിധേയമാക്കിയിട്ടുണ്ട്. ആ പഠനങ്ങളില്‍ നിന്നും പ്രസക്തമായ ഏതാനും ചില ചര്‍ച്ചകള്‍ കൂടി നമുക്കു കാണാം.

ഇമാം ഹാഫിള് അല്‍ ഇറാക്വി (റ) പറഞ്ഞു:”നരകത്തില്‍ കൂടുതല്‍ സ്ത്രീകളാണ് എങ്കില്‍ സ്വര്‍ഗവാസികളില്‍ കുറവ് സ്ത്രീകളായിരിക്കുമല്ലോ എന്ന് തെറ്റിദ്ധരിച്ച്, ഹദീഥിന്റെ ആശയം നിവേദനം ചെയ്തപ്പോള്‍ നിവേദകന് തെറ്റ് പറ്റിയതാകാം. എന്നാല്‍ സ്ത്രീകള്‍ നരകത്തില്‍ കൂടുതല്‍ ഉള്ളതിനാല്‍ സ്വര്‍ഗത്തില്‍ കുറവാവല്‍ അനിവാര്യമല്ല. പ്രത്യുത സ്ത്രീകളാണ് (മനുഷ്യരില്‍) എണ്ണത്തില്‍ കൂടുതല്‍ എന്നതിനാല്‍ രണ്ടിടത്തും അവരാണ് അധികം.” (ത്വര്‍ഹുത്തസ്‌രീബ്: 8:270)

ഇമാം മുനാവി (റ) പറഞ്ഞു: ”സ്വര്‍ഗവാസികളില്‍ കുറവ് സ്ത്രീകളായിരിക്കും” എന്നത് കൊണ്ടുദ്ദേശം, നരകത്തില്‍നിന്ന് ദോഷികള്‍ സ്വര്‍ഗത്തിലെത്തി ചേരുന്നതിന് മുമ്പാണ്. അപ്പോള്‍ ഇഹലോകത്തെ സ്ത്രീകള്‍ സ്വര്‍ഗത്തില്‍ പുരുഷന്മാരേക്കാള്‍ കുറവാണെന്ന് ഹദീഥ് തെളിയിക്കുന്നില്ല.” (ഫൈളുല്‍ ഖദീര്‍: 2/543)

ഇമാം ഇബ്‌നു ഹജര്‍ അല്‍ അസ്‌ക്വലാനി (റ) പറഞ്ഞു: ”നരകത്തില്‍ കൂടുതല്‍ സ്ത്രീകളാണ് എങ്കില്‍ സ്വര്‍ഗവാസികളില്‍ കുറവ് സ്ത്രീകളായിരിക്കുമല്ലോ എന്ന് തെറ്റിദ്ധരിച്ച്, ഹദീഥിന്റെ ആശയം നിവേദനം ചെയ്തപ്പോള്‍ നിവേദകന് തെറ്റ് പറ്റിയതാകാനാണ് സാധ്യത.” (ഫത്ഹുല്‍ ബാരി: 7:267)

‘സ്വര്‍ഗവാസികളില്‍ എണ്ണത്തില്‍ ഏറ്റവും കുറഞ്ഞവര്‍ സ്ത്രീകളാണ്’ എന്ന ഹദീഥിനെ പറ്റി ചര്‍ച്ചചെയ്യവെ അത് നിവേദകനില്‍ സംഭവിച്ച അബദ്ധമായിരിക്കാം എന്ന് പൂര്‍വ്വികരും ആധുനികരുമായ പണ്ഡിതന്മാരില്‍ പലരും ചൂണ്ടി കാണിക്കുവാനുള്ള ന്യായമെന്താണ്?

‘സ്വര്‍ഗവാസികളില്‍ കുറവ് സ്ത്രീകളായിരിക്കു’മെന്ന ഹദീഥ് ഇംറാനുബ്‌നു ഹുസൈനില്‍ നിന്ന് ഉദ്ദരിച്ചിരിക്കുന്നത് അബുത്തയ്യാഹ് എന്ന നിവേദകനാണ്. പ്രവാചകശിഷ്യന്‍(സ്വഹാബി) ഇംറാനുബ്‌നു ഹുസൈന്റെ ഈ ഹദീഥ് ഉദ്ദരിച്ച അബുത്തയ്യാഹ് എന്ന നിവേദകനല്ലാതെ മറ്റുനിവേദകരാരും ഇംറാനുബ്‌നു ഹുസൈനില്‍ നിന്ന് ഇപ്രകാരം ഉദ്ദരിച്ചിട്ടില്ല. (ഉദാഹരണത്തിന് ഇംറാനുബ്‌നു ഹുസൈനില്‍ നിന്നും അബു റജാഅ് ഉദ്ദരിച്ച ഹദീഥ്) മറിച്ച്, അവരെല്ലാം ഉദ്ദരിച്ചിരിക്കുന്നത് ‘നരകവാസികളില്‍ അധികവും സ്ത്രീകളാണ്’ എന്നു മാത്രമാണ്. (സ്വഹീഹുല്‍ ബുഖാരി: 3241, മുസ്‌നദു ഇബ്‌നു ജഅ്ദ്: 3049, മുസ്‌നദുഅഹ്‌മദ്: 19852, മുഅ്ജമുല്‍ കബീര്‍ ത്വബ്‌റാനി: 275) എന്നാല്‍ അബുത്തയ്യാഹ് മാത്രമാണ് ഇംറാനുബ്‌നു ഹുസൈനില്‍ നിന്നും ‘സ്വര്‍ഗവാസികളില്‍ ഏറ്റവും കുറവ് സ്ത്രീകളായിരിക്കും’ എന്ന ഭാഗം നിവേദനം ചെയ്തത്. ‘നരകത്തില്‍ കൂടുതല്‍ സ്ത്രീകളാണ്’ എന്ന ഹദീഥ് കേട്ടപ്പോള്‍ സ്വാഭാവികമായും ‘സ്വര്‍ഗത്തില്‍ കുറവ് സ്ത്രീകളാണെ’ന്ന് അദ്ദേഹം തെറ്റിദ്ധരിച്ചതാണെന്നർത്ഥം. അല്ലെങ്കില്‍ മറ്റു നിവേദകന്മാരും ഇംറാനുബ്‌നു ഹുസൈനില്‍ നിന്ന് അപ്രകാരം തന്നെ റിപ്പോര്‍ട്ട് ചെയ്യുമായിരുന്നു. അവരുടെ റിപ്പോര്‍ട്ടുകളിലൊന്നും തന്നെ ‘നരകത്തില്‍ കൂടുതല്‍ സ്ത്രീകളാണ്’ എന്ന വാചകമല്ലാതെ ‘സ്വര്‍ഗവാസികളില്‍ ഏറ്റവും കുറവ് സ്ത്രീകളായിരിക്കും’ എന്ന പരാമര്‍ശമില്ല. തീര്‍ച്ചയായും ഇത് നിവേദകനായ അബുത്തയ്യാഹിന് സംഭവിച്ച അബദ്ധമാണ്. മാത്രമല്ല സ്വഹീഹ് മുസ്‌ലിമില്‍ ഇംറാനുബ്‌നുഹുസൈനില്‍ നിന്ന് അബുത്തയ്യാഹ് വഴി നിവേദനം ചെയ്യപ്പെട്ട റിപ്പോര്‍ട്ടിലല്ലാതെ, മറ്റു സ്വഹാബികളായ ഇബ്‌നു അബ്ബാസ് (സ്വഹീഹു മുസ്‌ലിം: 5049), ഉസാമത്തിബ്‌നു സൈദ് (സ്വഹീഹു മുസ്‌ലിം: 5048) തുടങ്ങിയവര്‍ വഴിക്കുള്ള നിവേദനങ്ങളിലും ‘നരകത്തില്‍ കൂടുതല്‍ സ്ത്രീകളാണ്’ എന്നതല്ലാതെ ‘സ്വര്‍ഗവാസികളില്‍ കുറവ് സ്ത്രീകളായിരിക്കും’ എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതെല്ലാം തന്നെ, ‘സ്വര്‍ഗവാസികളില്‍ ഏറ്റവും കുറവ് സ്ത്രീകളായിരിക്കും’ എന്ന നിവേദനം നിവേദനകന് സംഭവിച്ച അബന്ധമാണെന്നുള്ള പണ്ഡിത വീക്ഷണങ്ങളെ എമ്പാടും സാധൂകരിക്കുന്നതാണെന്നതര്‍ത്ഥം.

ഒന്ന്; അപ്പോള്‍ ‘സ്വര്‍ഗവാസികളില്‍ എണ്ണത്തില്‍ ഏറ്റവും കുറഞ്ഞവര്‍ സ്ത്രീകളാണ്’ എന്ന ഹദീഥ് ഇംറാനുബ്‌നു ഹുസൈനില്‍(റ) നിന്ന് അബുത്തയ്യാഹ് വഴി ഉദ്ദരിക്കപ്പെട്ട നിവേദനത്തില്‍ മാത്രമാണുള്ളത്. ഇംറാനുബ്‌നു ഹുസൈനില്‍(റ) നിന്നു തന്നെ മറ്റു നിവേദകന്മാരാല്‍ ഉദ്ദരിച്ച നിവേദനങ്ങളിലൊന്നും തന്നെ പ്രസ്തുത പരാമര്‍ശമില്ല.

രണ്ട്; ഇംറാബ്‌നു ഹുസൈനല്ലാത്ത മറ്റു സ്വഹാബികളില്‍ നിന്നും ഉദ്ധരിക്കപ്പെട്ട (സ്വഹീഹു മുസ്‌ലിമില്‍ തന്നെ) നിവേദനങ്ങളിലും ‘സ്വര്‍ഗത്തില്‍ കുറവ് സ്ത്രീകളായിരിക്കും’ എന്ന പരാമര്‍ശമില്ല.

മൂന്ന്; സ്വര്‍ഗവാസികളില്‍ സ്ത്രീകളായിരിക്കും അധികമെന്ന അബൂഹുറൈറ(റ)യില്‍ നിന്നും വ്യക്തമായി സൂചിപ്പിക്കുന്ന സ്വഹീഹു മുസ്‌ലിമിലെ തന്നെ (2834) ഹദീഥിന് എതിരാണ് ‘സ്വര്‍ഗത്തില്‍ കുറവ് സ്ത്രീകളാണ്’ എന്ന അബുത്തയ്യാഹ് വഴി നിവേദനം ചെയ്യപ്പെട്ട ഹദീഥ്.

ഈ ചര്‍ച്ചകളെല്ലാം തന്നെ ഇസ്‌ലാമിക ലോകത്ത് നടന്നത് നൂറ്റാണ്ടുകള്‍ക്കു മുമ്പാണെന്നത് നാം പ്രത്യേകം ശ്രദ്ധിക്കുക. ആധുനിക ഇസ്‌ലാമോഫോബിക്കുകളോ, ഫെമിനിസ്റ്റുകളോ, ഇസ്‌ലാംവിമര്‍ശകരോ, നവനാസ്തികരോ ഒന്നും തന്നെ ജന്മംകൊള്ളുകയോ; ഹദീഥുകളില്‍ നിന്നും പെണ്‍വിരുദ്ധത ഉല്‍ഖനനം ചെയ്‌തെടുക്കപ്പെടുന്ന പ്രവണതക്ക് അടയിരിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്ത ഒരു കാലത്താണ് ഈ ചര്‍ച്ചകള്‍ നടന്നതെന്ന് നാം പ്രത്യേകം മനസ്സിരുത്തി പഠിക്കുക. കാരണം പുതിയ കാലത്താണ് ഇസ്‌ലാമിക പ്രബോധകന്മാര്‍ ഇത്തരം വിശദീകരണങ്ങള്‍ ഹദീഥുകള്‍ക്കു നല്‍കുന്നതെങ്കില്‍ ‘വ്യഖ്യാന ഫാക്റ്ററികള്‍’ എന്നാക്ഷേപിക്കപ്പെടുമായിരുന്നു. എന്നാല്‍ ഹദീഥുകള്‍ക്കുമേല്‍ ഇത്തരം വിമര്‍ശനങ്ങളോ, ചോദ്യം ചെയ്യലുകളോ നടന്നിട്ടില്ലാത്ത ഒരു കാലത്ത് മുസ്‌ലിം പണ്ഡിതന്മാര്‍ ഇപ്രകാരം ചര്‍ച്ച ചെയ്തതിനു പിന്നില്‍ ഒരൊറ്റ കാരണമേ സല്‍ബുദ്ധിയുള്ളവര്‍ക്ക് കണ്ടെത്താനുള്ളത്; ഹദീഥുകള്‍ പെണ്‍വിരുദ്ധമല്ലെന്ന് അവര്‍ എന്നേ മനസ്സിലാക്കിയിരുന്നു എന്നു മാത്രം.

സ്ത്രീകളെ തികഞ്ഞ അശ്ലീലതകള്‍ക്കു പ്രേരിപ്പിക്കുന്ന പല ഉപദേശങ്ങളും ഹദീഥ് ഗ്രന്ഥങ്ങളില്‍, നബിക്കു ലഭിച്ച ദൈവിക വെളിപാടുകളായി ഇന്നും രേഖപ്പെടുത്തപ്പെട്ടു കിടക്കുന്നതു കാണാം. സുഹൈലിന്റെ മകള്‍ സഹ്‌ല എന്ന സ്ത്രീയോട് സാലിം എന്ന പരപുരുഷനെ മുലയൂട്ടി മകനായി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട ഹദീഫുകള്‍ സ്വഹീഹു മുസ്‌ലിമില്‍ വരെ കാണാം. ഈ പ്രവാചകോപദേശം സ്വീകരിക്കാന്‍ മാന്യതയുള്ള മുസ്‌ലിം സ്ത്രീകള്‍ക്കു സാധിക്കുമോ? മാത്രമല്ല പ്രവാചക പത്‌നി ആഇശ ഇത്തരത്തില്‍ പരപുരുഷന്മാരെ മുലയൂട്ടാറുണ്ടായിരുന്നുവെന്നും പലപ്പോഴും ആഇശയുടെ അരികില്‍ പരപുരുഷന്മാരെ കാണുക വഴി നബിക്കുതന്നെ അതില്‍ അനിഷ്ടമുണ്ടാവുകയും ചെയ്തിരുന്നു എന്ന് സ്വഹീഹ് മുസ്‌ലിമിലെ 1455-ാം ഹദീഥായി രേഖപ്പെടുത്തിയിട്ടുണ്ട്. സ്വയം ചെയ്തിരുന്നു എന്നു മാത്രമല്ല തന്റെ സഹോദര-സഹോദരി പുത്രിമാരോട് അപ്രകാരം ചെയ്യാന്‍ ആഇശ ഉപദേശിക്കുമായിരുന്നു എന്നു കൂടി ഹദീഥ് ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മാത്രമല്ല, കല്ലെറിയലിന്റെ വചനവും പത്ത് പ്രാവശ്യമാണ് മുതിര്‍ന്ന പുരുഷന്മാരുടെ മുലകുടിയെന്ന വചനവും (ആദ്യകാലത്ത് ക്വുര്‍ആനില്‍) അവതരിപ്പിക്കപ്പെട്ടിരുന്നെന്നും അതെഴുതിയ രേഖ എന്റെ തലയിണക്കടിയിലുണ്ടായിരുന്നെന്നും ദൈവദൂതന്‍ മരണപ്പെട്ടപ്പോള്‍, ഞങ്ങളെല്ലാം അതുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കടിയിലായിരുന്ന സന്ദര്‍ഭത്തില്‍ ഒരു ആട് അകത്ത് കടന്ന് അത് തിന്നുകളഞ്ഞു എന്നും ആഇശയില്‍ നിന്ന് സുനനു ഇബ്‌നുമാജയും മുസ്‌നദ് അഹ്‌മദും ഉദ്ദരിച്ചിട്ടുണ്ട്. സ്ത്രീകളെക്കൊണ്ട് പരപുരുഷന്മാര്‍ക്ക് മുലയൂട്ടുന്ന നടപടിയാണോ ഇസ്‌ലാം പഠിപ്പിച്ച ധാര്‍മ്മികത?

അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും കോര്‍ത്തിണക്കി നെയ്‌തെടുത്ത ഒരു വ്യാജപ്രചരണമാണിത്. തെറിവിളികള്‍ക്കും പരമതനിന്ദക്കും ‘വിമര്‍ശനം’ എന്നുപേരിട്ട് വൈജ്ഞാനിക രംഗത്ത് കൃത്രിമ മേല്‍വിലാസമുണ്ടാക്കി വെറുപ്പുകച്ചവടം നടത്താനുള്ള കുടില വ്യഗ്രത മാത്രമാണ് പ്രസ്തുത ആരോപണങ്ങള്‍ക്കു പിന്നിലുള്ളത്. ‘ദൈവസ്‌നേഹം’ നെറ്റിയിലൊട്ടിച്ച് പരമത വിദ്വേഷം ഹൃദയത്തില്‍ ഒളിപ്പിച്ചുവെച്ച ചില മിഷണറി നുണ ഫാക്ടറികള്‍ നിര്‍മ്മിച്ച ഈ നബിനിന്ദാ പ്രചരണം, യുക്തിവാദികളും ഫെമിനിസ്റ്റുകളും ഫാഷിസ്റ്റുകളുമെല്ലാം മൊത്തമായും ചില്ലറയായും വിപണനം ചെയ്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ പ്രസ്തുത ആരോപണം ഇഴയടര്‍ത്തി പരിശോധിക്കേണ്ടിയിരിക്കുന്നു.

അറബികള്‍ക്കിടയില്‍ ബന്ധം സ്ഥാപിതമാകാനുള്ള കാരണങ്ങള്‍ നാലെണ്ണമായിരുന്നു; പ്രസവം, വിവാഹം, മുലകുടി, ദത്തെടുക്കല്‍. ഇതില്‍ ദത്തെടുക്കല്‍, ബന്ധം സ്ഥാപിതമാകാനുള്ള കാരണങ്ങളില്‍ നിന്നും ഇസ്‌ലാം ഒഴിവാക്കിയപ്പോഴാണ് സാലിമിന്റെ(റ) വിഷയത്തിലുള്ള പ്രശ്‌നം ഉണ്ടാകുന്നത്. അഥവാ അബൂഹുദൈഫഃ(റ)യുടെയും സഹ്‌ല(റ)യുടെയും ദത്തുപുത്രനായിരുന്നു സാലിം (റ). ഇസ്‌ലാം ദത്തുപുത്ര സമ്പ്രദായത്തിനു അറുതിവരുത്തിയപ്പോള്‍ ഇന്നലെവരെ തന്റെ മകനായി ജീവിച്ച സാലിം, സഹ്‌ല എന്ന വളര്‍ത്തു മാതാവിന് അന്യപുരുഷനായി മാറി. ഇതില്‍ തീവ്ര ദുഃഖമറിയിച്ചുകൊണ്ട് അവര്‍ പ്രവാചകനെ(സ) സമീപിക്കുകയുണ്ടായി. പ്രസ്തുത ചരിത്ര നിമിഷങ്ങള്‍ ഹദീഥ് ഗ്രന്ഥങ്ങളില്‍ നിന്നും നമുക്കു വായിച്ചെടുക്കാം. ആഇശ (റ) നിവേദനം: സുഹൈലിന്റെ മകള്‍ സഹ്‌ല ഒരിക്കല്‍ നബി(സ)യുടെ അരികില്‍ വന്നുപറഞ്ഞു. ‘അല്ലാഹുവിന്റെ ദൂതരേ, സാലിം എന്റെ അടുത്ത് പ്രവേശിക്കുന്നതില്‍ അബൂഹുദൈഫഃയുടെ (സഹ്‌ലയുടെ ഭര്‍ത്താവാണ് അബൂഹുദൈഫഃ) മുഖത്ത് വെറുപ്പുള്ളതായി തോന്നുന്നു. അപ്പോള്‍ നബി (സ) പറഞ്ഞു: ‘അയാള്‍ക്കു നീ മുലപ്പാല്‍ കൊടുക്കുക’. അവള്‍ ചോദിച്ചു ‘അയാള്‍ വലിയ മനുഷ്യനാണല്ലോ എങ്ങനെ ഞാന്‍ മുലപ്പാല്‍ കൊടുക്കും?!’. അപ്പോള്‍ നബി (സ) പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: ‘അയാള്‍ വലിയ മനുഷ്യനാണെന്നു എനിക്കറിയാം. (സ്വഹീഹു മുസ്‌ലിം 1453)

മുസ്‌ലിമിന്റെ തന്നെ മറ്റൊരു നിവേദനം ഇപ്രകാരമാണ്. ”അബൂഹുദൈഫഃ(റ)യുടെ അടിമ സാലിം (റ), അബൂഹുദൈഫഃയുടെയും കുടുംബത്തിന്റെയും കൂടെ അവരുടെ വീട്ടിലായിരുന്നു താമസം. സുഹൈലിന്റെ മകള്‍ നബി(സ)യുടെ അടുത്ത് വന്നു പറഞ്ഞു: ‘തീര്‍ച്ചയായും സാലിമിന്നു സാധാരണ പുരുഷന്മാരാകുന്ന നിലയില്‍ ബുദ്ധിയും പ്രായവും തികഞ്ഞിട്ടുണ്ട്. അവന്‍ ഞങ്ങളുടെ അടുത്ത് കടന്നുവരാറുണ്ട്. അബൂഹുദൈഫഃയുടെ മനസ്സില്‍ അതില്‍ വെറുപ്പുള്ളതായി എനിക്ക് തോന്നുന്നു’. അപ്പോള്‍ നബി (സ) പറഞ്ഞു: ‘നീ അയാള്‍ക്ക് മുലപ്പാല്‍ കൊടുക്കുക. എന്നാല്‍ അയാള്‍ അടുത്ത ബന്ധുവായിത്തീരും. അബൂഹുദൈഫഃയുടെ മനസ്സില്‍ വെറുപ്പും ഇല്ലാതാകും’. അവള്‍ വീണ്ടും നബി(സ)യുടെ അരികെ വന്നു പറഞ്ഞു: ‘ഞാന്‍ അയാള്‍ക്ക് മുലപ്പാല്‍ കൊടുത്തു. അങ്ങനെ അബൂഹുദൈഫഃയുടെ മനസ്സില്‍ വെറുപ്പ് ഇല്ലാതാകുകയും ചെയ്തു’. (സ്വഹീഹു മുസ്‌ലിം)

ഈ ഹദീഥുകള്‍ മനസ്സിലാക്കിത്തരുന്ന കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം

1) അബൂഹുദൈഫഃ(റ)യുടെ മോചിത അടിമയായ സാലിമി(റ)നെ നന്നെ ചെറുപ്പത്തില്‍ തന്നെ അബൂഹുദൈഫ-സഹ്‌ല ദമ്പതിമാര്‍ ദത്തുപുത്രനായി സ്വീകരിക്കുകയും സ്വപുത്രന്റെ സ്ഥാനം നല്‍കി വളര്‍ത്തുകയും ചെയ്തു. 2) ഇസ്‌ലാം ദത്തുപുത്രസമ്പ്രദായം അവസാനിപ്പിച്ചതോടെ, മതപരമായി സാലിം(റ) ആ കുടുംബത്തിന് മകനല്ലാതായിത്തീരുകയും, വളര്‍ത്തു മാതാവാണെങ്കിലും സഹ്‌ല(റ)യെ സംബന്ധിച്ച് സാലിമി(റ)നുമേല്‍ അന്യപുരുഷന്റെ വിധി ബാധകമാവുകയും ചെയ്തു. 3) വളര്‍ത്തുപുത്രനാണെങ്കിലും മതപരമായി അന്യപുരുഷന്റെ വിധി ബാധകമായ ഒരാള്‍, തന്റെ ഭാര്യയെ സന്ദര്‍ശിക്കുന്നതും അവരുടെ അടുക്കല്‍ പ്രവേശിക്കുന്നതും ഭര്‍ത്താവായ അബൂഹുദൈഫഃ(റ)യില്‍ വെറുപ്പുളവാക്കി. 4) മകന്റെ സ്ഥാനം നല്‍കി താന്‍ വളര്‍ത്തിയ ഒരാളെ ഒരു നിമിഷം കൊണ്ട് അന്യനെപ്പോലെ ഒഴിവാക്കുവാന്‍ സഹ്‌ല(റ)യുടെ മാതൃഹൃദയം അവരെ അനുവദിച്ചില്ല. അതിനാല്‍ തങ്ങളുടെ കാര്യത്തില്‍ ഒരു പോംവഴി തേടിക്കൊണ്ട് നീറുന്ന ഹൃദയവുമായി അവള്‍ പ്രവാചക(സ)ന്റെ അരികിലെത്തി. 5) അവരുടെ പ്രശ്‌നത്തിനു പരിഹാരമായി ‘സാലിമിന് മുലപ്പാല്‍ നല്‍കാനും അങ്ങനെ സ്വപുത്രനെ പോലെ സ്വീകരിക്കുവാനും’ പ്രവാചകന്‍ (സ) അവര്‍ക്ക് ഇളവുനല്‍കി. അതോടെ അബൂഹുദൈഫഃ(റ)യുടെ മനസ്സില്‍നിന്നും ആ വെറുപ്പ് ഇല്ലാതാവുകയും ചെയ്തു.

സാലിം എന്ന മുതിര്‍ന്ന ആണ്‍കുട്ടിക്ക് മുലപ്പാല്‍ നല്‍കി മകനായി സ്വീകരിക്കുവാന്‍ സഹ്‌ലയോട് നിര്‍ദ്ദേശിച്ചതാണ്, പ്രവാചകനെ പെണ്‍വിരുദ്ധനും സ്ത്രീകളെ അശ്ലീലതകള്‍ക്കു പ്രേരിപ്പിച്ച വ്യക്തിത്വമായും മുദ്ര കുത്താന്‍ വിമര്‍ശകരെ പ്രേരിപ്പിക്കുന്ന ഘടകം. വസ്തുതകള്‍ പലതും മറച്ചുപിടിച്ചുകൊണ്ടാണ് ഈ വിമര്‍ശനം നെയ്‌തെടുത്തിരിക്കുന്നത്. ‘മുലപ്പാല്‍ നല്‍കുക’ എന്നു പറഞ്ഞതിനെ ‘പാല്‍ കുടിക്കാന്‍ സ്തനം നല്‍കുക’ എന്ന്, അശ്ലീല ഭാവനകള്‍ കൊണ്ട് ലൈംഗിക ഛായം പൂശുകയാണ് വാസ്തവത്തില്‍ വിമര്‍ശകന്മാര്‍ ചെയ്തിരിക്കുന്നത്. ‘ബാബു രിദ്വാഅത്തില്‍ കബീരി’ അഥവാ വലിയവരുടെ രിദ്വാഅഃ (മുലപ്പാല്‍ കുടിക്കല്‍) എന്ന അദ്ധ്യായങ്ങള്‍ക്കു കീഴിലാണ് പ്രസ്തുത ഹദീഥുകല്‍ ഉദ്ദരിക്കപ്പെട്ടിരിക്കുന്നത്. രിദ്വാഅഃ (الرضاعة) എന്ന പദം സ്ത്രീയുടെ മുലപ്പാല്‍ സ്തനത്തില്‍ നിന്ന് നേരിട്ട് ഈമ്പിക്കുടിക്കുന്ന രീതിക്കു മാത്രമാണോ അറബി ഭാഷയില്‍ ഉപയോഗിക്കുന്നത്? അല്ല എന്നതാണ് വസ്തുത. പക്ഷേ ആ വസ്തുതകളൊന്നും കാണാന്‍ വിമര്‍ശകര്‍ തയ്യാറല്ല. തയ്യാറായാല്‍ ഈ അശ്ലീല ഭാവനകള്‍ക്കൊന്നും നിലനില്‍പ്പുണ്ടാവില്ലെന്ന് അവര്‍ക്ക് നല്ലപോലെ അറിയാം.

എന്താണ് രിദ്വാഅഃ? (الرضاعة)

ഒരു സ്ത്രീയുടെ മുലപ്പാല്‍ മറ്റൊരാളുടെ അല്ലെങ്കില്‍ കുഞ്ഞിന്റെ വയറ്റില്‍ എത്തുക എന്നതിനെയാണ് ഇര്‍ദ്വാഅ് (الارضاع), രിദ്വാഅഃ (الرضاعة) എന്നൊക്കെ പറയുന്നത്. അതാകട്ടെ പല രീതിയിലും നടക്കാം. സ്ത്രീയുടെ മുലപ്പാല്‍ സ്തനത്തില്‍ നിന്ന് നേരിട്ട് ഈമ്പിക്കുടിക്കുന്ന രീതി അഥവാ ‘മസ്വ്’ (المص), സ്തനം സ്പര്‍ശിക്കാതെ കുട്ടിയുടെ വായിലേക്ക് പാല്‍ ചുരന്ന് ഒഴുക്കുന്ന രീതി അഥവാ ‘സ്വബ്ബ്’ (الصب), സ്തനം സ്പര്‍ശിക്കാതെ സ്ത്രീയുടെ മുലപ്പാല്‍ പിഴിഞ്ഞെടുത്ത് തളികയിലാക്കി കുട്ടിയുടെ തൊണ്ടയിലേക്ക് ചൊരിയുന്ന രീതി അഥവാ ‘വുജൂര്‍’ (الوجور), സ്തനം സ്പര്‍ശിക്കാതെ സ്ത്രീയുടെ മുലപ്പാല്‍ പിഴിഞ്ഞെടുത്ത് തളികയിലാക്കി കുട്ടിയുടെ നാസദ്വാരത്തില്‍ ഒഴിക്കുന്ന രീതി അഥവാ ‘സുഊത്വ്’ (السعوط), സ്തനം സ്പര്‍ശിക്കാതെ സ്ത്രീയുടെ മുലപ്പാല്‍ പൈപ്പിലൂടെയോ, സിറിഞ്ചിലൂടെയോ കുട്ടിക്കു നല്‍കുന്ന രീതി അഥവാ ‘ഹിക്‌നത്ത്’ (الحقنة). ഈ ഏത് രീതിയിലും മുലപ്പാല്‍ നല്‍കുന്നതിനും ഇസ്‌ലാമിലെ സാങ്കേതിക പദവും കര്‍മ്മശാസ്ത സംജ്ഞ്യയുമായ ‘രിദ്വാഅഃ’ എന്ന് പറയുമെന്ന് പൗരാണികരായ അറബി ഭാഷാ പണ്ഡിതരും സര്‍വ്വ മദ്ഹബുകളിലും പെട്ട കര്‍മ്മശാസ്ത്ര വിശാരദന്മാരും വ്യക്തമാക്കിയിട്ടുണ്ട്. (മുഖ്തസറു ഖലീല്‍: 162, മവാഹിബുല്‍ ജലീല്‍: 4/178, ശര്‍ഹുല്‍ കബീര്‍: 2/502, മന്‍ഹുല്‍ ജലീല്‍: 4/371, അല്‍ ഫവാകിഹുദ്ദവാനി: 2/54, മുഗ്നി അല്‍ മുഹ്താജ്: 3/414, ഫത്ഹുല്‍ വഹാബ്: 2/194, അസ്സിറാജുല്‍ വഹ്ഹാജ്: 460, അല്‍ മുബ്ദിഅ് 8/160, ശര്‍ഹു മുന്‍തഹല്‍ ഇറാദത്ത്: 3/213, കശ്ശാഫുല്‍ കനാഅ്- 5: 442, മതാലിബു ഉലിന്നുഹ- 5: 596, അല്‍ ബഹ്‌റു റാഇഖ്- 3: 238, മജ്മഉല്‍ അന്‍ഹുര്‍ : 1/551) (ഉദ്ദരണം: ഡോ. രിയാദ് മിശ്അലിന്റെ ലേഖനത്തില്‍ നിന്ന് Midad Al-Adab Refereed Quarterly journal : Vol.1 : Issue 1 : Article 10, ഇറാക് സര്‍വ്വകലാശാല)

പൗരാണിക ഭാഷാ പണ്ഡിതനായ ഇബ്‌നു മന്‍ളൂര്‍ (ജനനം: ഹിജ്‌റ 630) തന്റെ അറബി നിഘണ്ഡുവായ ‘ലിസാനുല്‍ അറബി’ല്‍ (2/92) പറഞ്ഞു: ”സ്തനത്തില്‍ നിന്ന് നേരിട്ട് മുലയൂട്ടുന്നത് വിവാഹബന്ധം നിഷിദ്ധമാക്കുന്നത് പോലെ തന്നെ സ്ത്രീയുടെ സ്തനത്തില്‍ നിന്ന് നേരിട്ടല്ലാതെ പാല്‍ ചുരന്നെടുത്ത് കുട്ടിയെ കുടിപ്പിക്കുന്നതും (രിദ്വാഅഃ ആയതിനാല്‍) വിവാഹബന്ധം നിഷിദ്ധമാക്കുന്നതാണ്. സ്തനത്തില്‍ നിന്ന് വേറിട്ടതിനാല്‍ അത് രിദ്വാഅഃ ആകാതിരിക്കുന്നില്ല.”

അപ്പോള്‍ ഭാഷാപരമായി പോലും രിദ്വാഅഃ എന്നു പറഞ്ഞാല്‍, സ്ത്രീയുടെ മുലപ്പാല്‍ സ്തനത്തില്‍ നിന്ന് നേരിട്ട് ഈമ്പി കുടിക്കുന്ന രീതിയാകണം എന്നില്ല. പ്രവാചകന്‍ (സ) സഹ്‌ലയോട് പറഞ്ഞതാകട്ടെ ‘അവന് മുലപ്പാല്‍ നല്‍കുക’ അര്‍ദ്വഈഹി (ارضعيه) എന്നാണ്. അല്ലാതെ നിന്റെ സ്തനം അവന് കുടിക്കാന്‍ കൊടുക്കുക എന്നല്ല. സഹ്‌ല-സാലിം സംഭവം കേവലം ഇസ്‌ലാംവിരോധികളുടെ മ്ലേഛമായ ഭാവനാവിലാസങ്ങള്‍ക്കപ്പുറം, യാതൊരു ആധികാരികതയുമില്ലാത്ത ദുരാരോപണം മാത്രമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ്, പൂര്‍വ്വകാലം മുതല്‍ മുസ്‌ലിം പണ്ഡിതന്മാര്‍ പ്രസ്തുത ഹദീഥുകള്‍ക്കു നല്‍കിയ വ്യാഖ്യാനം. അതിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം.

ഇമാം ഇബ്‌നു കുതൈബ (ജനനം: ഹിജ്‌റ: 213) പറഞ്ഞു: ”പ്രവാചകന്‍ (സ) സഹ്‌ലയോട് പറഞ്ഞത് ‘അവന് മുലപ്പാല്‍ നല്‍കുക'(ارضعيه) എന്നാണ്. നിന്റെ സ്തനം അവന് കുടിക്കാന്‍ കൊടുക്കുക എന്ന് (പ്രവാചകന്‍) ഊദ്ദേശിച്ചിട്ടേ ഇല്ല. നിന്റെ പാല്‍ ചുരന്നെടുത്ത് തളികയിലാക്കി കുറച്ച് അവനെ കുടിപ്പിക്കുക എന്നേ അദ്ദേഹം ഉദ്ദേശിച്ചിട്ടുള്ളൂ. അതല്ലാതെ സ്തനത്തില്‍ നിന്ന് നേരിട്ട് കുടിക്കല്‍ അനുവദനീയമല്ല. കാരണം സഹ്‌ലയുടെ സ്തനത്തിലേക്ക് നോക്കുന്നത് തന്നെ സാലിമിന് നിഷിദ്ധമാണ്. പിന്നെയെങ്ങനെ നിഷിദ്ധമായ ഒരു കാര്യം പ്രവാചകന്‍ അദ്ദേഹത്തിന് അനുവദിച്ച് കൊടുക്കും!” (തഅ്‌വീലു മുക്തലിഫില്‍ ഹദീഥ്: 1/437) ഇതേ വ്യാഖ്യാനം തന്നെ ഇമാം ക്വാള്വീ ഇയാള്വും (ജനനം: ഹിജ്‌റ: 476) ആവര്‍ത്തിക്കുന്നതു കാണാം (ശര്‍ഹുന്നവവി അലാ സ്വഹീഹു മുസ്‌ലിം : 10/30,31)

ഇമാം മാവര്‍ദി (ജനനം : ഹിജ്‌റ : 364) പറയുന്നു: ”സാലിമിന്റെ വിഷയത്തില്‍ സ്തനത്തില്‍ നിന്ന് മുലപ്പാല്‍ ഊട്ടിയെന്ന പ്രസ്താവന ഒന്നും തന്നെയില്ല എന്നത് സുവിദിതമാണ്. അതുകൊണ്ട് തന്നെ പ്രവാചകന്‍ ഉദ്ദേശിച്ചത് ‘വുജൂര്‍’ (الوجور സ്തനം സ്പര്‍ശിക്കാതെ സ്ത്രീയുടെ മുലപ്പാല്‍ പിഴിഞ്ഞെടുത്ത് തളികയിലാക്കി കുട്ടിയുടെ തൊണ്ടയില്‍ ചൊരിയുന്ന രീതി) ആണെന്ന് സ്ഥാപിതമാകുന്നു” (അല്‍ ഹാവി അല്‍അല്‍ കബീര്‍ : 11/372)

ഇബ്‌നു അബ്ദുല്‍ ബിര്‍റ് (ജനനം: ഹിജ്‌റ: 368) പറഞ്ഞു: ”മുതിര്‍ന്നവരുടെ മുലകുടി എന്നാല്‍ പാല്‍ പാത്രത്തില്‍ ചുരന്ന് അതില്‍ നിന്ന് കുടിപ്പിക്കലാണ്. എന്നാല്‍ കുട്ടികള്‍ക്ക് നല്‍കുന്നതുപോലെ സ്തനത്തില്‍ നിന്ന് നേരിട്ട് കുടിപ്പിക്കല്‍ മുതിര്‍ന്നവരുടെ കാര്യത്തില്‍ നിഷിദ്ധമാണ് എന്ന് പണ്ഡിതസംഘം വ്യക്തമാക്കിയിട്ടുണ്ട്” (അത്തംഹീദ്: 8/257, അല്‍ ഇസ്തിദ്കാര്‍: 6/255)

ആധുനിക കാലഘട്ടത്തിലെ മുസ്‌ലിം പണ്ഡിതന്മാര്‍ ‘മുലയൂട്ടല്‍’ വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ അതെല്ലാം ‘വ്യാഖ്യാന ഫാക്ടറികള്‍’ എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുന്ന ഇസ്‌ലാംവിരോധികള്‍ക്ക്, നൂറ്റാണ്ടുകള്‍ക്കു മുമ്പേ പൂര്‍വ്വകാല മുസ്‌ലിം പണ്ഡിതന്മാര്‍ പ്രസ്തുത വിഷയത്തില്‍ നല്‍കിയ ഈ മറുപടികളെപ്പറ്റി എന്തു പറയാനുണ്ട്?!. മിഷണറി നുണഫാക്ടറികളില്‍ ‘മുലയൂട്ടല്‍’ വിവാദം നിര്‍മ്മിച്ചെടുക്കപ്പെടുന്നതിനും എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഇമാം ഇബ്‌നു കുതൈബയും, ഇമാം ക്വാള്വീ ഇയാള്വും, ഇമാം മാവര്‍ദിയും, ഇബ്‌നു അബ്ദുല്‍ ബിര്‍റുമെക്കെ ഈ വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞതെന്ന വസ്തുതയെങ്കിലും ഇസ്‌ലാം വിരോധം കൊണ്ട് അന്ധത ബാധിച്ചവരുടെ കണ്ണുകള്‍ തുറപ്പിച്ചിരുന്നെങ്കില്‍!! പണ്ഡിത വ്യാഖ്യാനങ്ങള്‍ മാത്രമല്ല ചരിത്ര രേഖകളും പ്രസ്തുത ‘മുലപ്പാല്‍ നല്‍കല്‍’ അപ്രകാരമായിരുന്നെന്ന് വ്യക്തമാക്കുന്നുണ്ട്. ‘ഒരു പാത്രത്തില്‍ മുലപ്പാല്‍ ചുരന്നൊഴിച്ച് എല്ലാ ദിവസവും സാലിം കുടിച്ചു കൊണ്ടിരുന്നുവെന്നും അതിനു ശേഷമാണ് സഹ്‌ലയുടെ വീട്ടില്‍ പ്രവേശിച്ചത്’ എന്നും ചില ചരിത്ര നിവേദനങ്ങള്‍ കാണാം. (ത്വബകാത്തു ഇബ്‌നു സഅ്ദ്: 8/271, ശര്‍ഹു സര്‍ക്കാനി : 3/316)

അശ്ലീല ഭാവനകള്‍ കൊണ്ട് പ്രവാചക ജീവിതത്തിനുമേല്‍ ലൈംഗിക ഛായം പൂശുവാന്‍ വെമ്പല്‍ കൊള്ളുന്ന ഇസ്‌ലാംവിരോധികള്‍ നബി(സ)യില്‍ നിന്നും നിവേദനം ചെയ്യപ്പെട്ട ഈ ഹദീഥെങ്കിലും ഒന്നു പരിഗണിച്ചിരുന്നെങ്കില്‍ അവരുടെ വായകൊണ്ട് ഇത്ര ഗുരുതരമായ അപവാദം പറയാന്‍ ഒന്നു മടിക്കുമായിരുന്നു. നബി(സ) പറഞ്ഞു: ”നിന്റെ തലയില്‍ ഇരുമ്പിന്റെ സൂചികൊണ്ട് കുത്തി തറക്കുന്നതാണ് അനുവദനീയമല്ലാത്ത ഒരു സ്ത്രീയെ സ്പര്‍ശിക്കുന്നതിനേക്കാള്‍ നിനക്ക് നല്ലത്” (അല്‍ മുഅ്ജമുല്‍ കബീര്‍: ത്വബ്‌റാനി: 20:211) അന്യസ്ത്രീകളെ സ്പര്‍ശിക്കുന്നതിനേക്കാള്‍ നല്ലത് തലയില്‍ ഇരുമ്പുസൂചി കുത്തി തറക്കുന്നതാണെന്നു പഠിപ്പിച്ച ഒരു വിശുദ്ധ വ്യക്തിത്വത്തിനുമേല്‍, പരപുരുഷന്മാരെ മുലയൂട്ടാന്‍ സ്ത്രീകളെ പ്രേരിപ്പിച്ചെന്ന അപവാദം പറഞ്ഞു പ്രചരിപ്പിച്ചവര്‍ ദൈവത്തിന്റെ ‘കുഞ്ഞാടാ’വാന്‍ എന്തുകൊണ്ടും യോഗ്യരാണ്?!.

വിമര്‍ശകരുടെ കാപട്യം

വിമര്‍ശനവിധേയമായ ഹദീഥുകളുമായി ബന്ധപ്പെട്ട് മ്ലേച്ഛഭാവനകളുടെ മേച്ചില്‍പ്പുറങ്ങള്‍ തേടിയിറങ്ങിയ ഇസ്‌ലാംവിരോധികള്‍ ബോധപൂര്‍വ്വം മറച്ചുപിടിച്ച ചില വസ്തുതകള്‍ കൂടി നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. 1) ഹദീഥുകളില്‍ പരാമര്‍ശിക്കപ്പെട്ട ഈ ഇളവ് കേവലം സാലിമിന്റെ വിഷയത്തില്‍ മാത്രം പരിമിതമാണ്. അതൊരു പൊതുവിധിയല്ലെന്നര്‍ത്ഥം. അതിനാല്‍ സഹ്‌ലയല്ലാത്ത ഒരു മുസ്‌ലിം സ്ത്രീക്കും ആ ഇളവ് ബാധകമല്ല. ‘മുഹമ്മദ് നബി(സ)യുടെ ഈ അദ്ധ്യാപനം പിന്‍പറ്റാന്‍ മാന്യതയുള്ള മുസ്‌ലിം സ്ത്രീകള്‍ക്കു സാധിക്കുമോ’ എന്നു ചോദിക്കുന്നവരുടെ ആശങ്കകള്‍ അടിസ്ഥാന രഹിതമാണ്. സ്വഹീഹു മുസ്‌ലിമില്‍ തന്നെ ആ ഇളവ് സാലിമിന് മാത്രമുള്ളതാണെന്ന് വ്യക്തമാക്കുന്ന നിവേദം കാണാവുന്നതാണ്. പ്രവാചക പത്‌നി ഉമ്മുസലമ (റ) പറയാറുണ്ടായിരുന്നു: ”ആ നിലക്ക് മുലകുടി ബന്ധത്തിലുള്ള (രണ്ടു വയസ്സിനുള്ളില്‍ മുലകുടി ബന്ധം സ്ഥാപിതമായിട്ടില്ലാത്ത) ഒരാളും നബി (സ) യുടെ ഭാര്യമാരുടെ അരികെ പ്രവേശിക്കുന്നതിനെ അവര്‍ വിസമ്മതിച്ചിരുന്നു. അവര്‍ ആഇശ(റ)യോട് പറഞ്ഞു: ‘ഇത് സാലിമിന്നു മാത്രമായി റസൂല്‍ (സ) പറഞ്ഞ ഒരു ഇളവാകുന്നു. അതിനാല്‍ ആ നിലക്ക് മുലകുടി ബന്ധമുള്ള ഒരാളും നമ്മുടെ അടുത്ത് പ്രവേശിക്കേണ്ടതില്ല. നമ്മളെ കാണുകയും ചെയ്യേണ്ട.” (സ്വഹീഹു മുസ്‌ലിം: 1454, മുസ്‌നദു അഹ്‌മദ്: 26660, സുനനു അബൂദാവൂദ്: 2061)

2) തന്റെ ഭാര്യയുടെ അടുത്ത് വളര്‍ത്തുപുത്രന്‍ സാലിം പ്രവേശിക്കുന്നത്- ദത്തുപുത്ര സമ്പ്രദായം അവസാനിപ്പിക്കപ്പെട്ടതോടെ- മതപരമായി അനുവദനീയമല്ലാതായി. അതുകൊണ്ടാണ് അബൂഹുദൈഫഃക്ക് സാലിമിന്റെ പ്രവേശനം നീരസമുള്ളതായി മാറിയത്. ആ നീരസം മാറാന്‍ വേണ്ടിയാണ് മുലപ്പാല്‍ നല്‍കി മാതൃബന്ധം സ്ഥാപിക്കുവാന്‍ പ്രവാചകന്‍ (സ) ഉപദേശിച്ചത്. അതേസമയം സ്തനങ്ങളില്‍ നിന്ന് നേരിട്ട് കുടിക്കാനായിരുന്നു നബി(സ)യുടെ ഉപദേശമെങ്കില്‍ അത് അബൂഹുദൈഫഃയുടെ നീരസവും മനഃപ്രയാസവും അധികരിപ്പിക്കുകയാണുണ്ടാവുക. ഈ വസ്തുത വിമര്‍ശകര്‍ ബോധപൂര്‍വ്വം മറച്ചുപിടിക്കുകയാണ്. പ്രവേശനം തന്നെ നീരസവും മനഃപ്രയാസവും സൃഷ്ടിക്കുന്ന ഒരാളെ കൊണ്ട് തന്നെ, സ്തനങ്ങളില്‍ നിന്ന് നേരിട്ട് മുലപ്പാല്‍ കുടിക്കുവാന്‍ കല്‍പ്പിക്കില്ലെന്ന് ഏതു വിഡ്ഢിക്കാണ് മനസ്സിലാകാതിരിക്കുക?!

‘മുലയൂട്ടല്‍’ ആഇശ(റ)യുടെ പേരിലെ പച്ചക്കള്ളങ്ങള്‍

അശ്ലീല ഭാവനകള്‍ കൊണ്ട് ഹദീഥുകളെ ദുഷിപ്പിച്ചവതരിപ്പിക്കുക മാത്രമല്ല, പച്ചകള്ളങ്ങള്‍ പോലും ഇസ്‌ലാമിനെതിരെ പടച്ചുണ്ടാക്കാന്‍ വരെ മടിയില്ലാതായിരിക്കുന്നു ഇസ്‌ലാംവിമര്‍ശകര്‍ക്ക്. ലജ്ജാവഹവും നിന്ദാപരവുമായ ഇത്തരം ഏര്‍പ്പാടുകളെ ‘സുവിശേഷ വേല’ എന്നുപേരിട്ടു വിളിക്കുന്നത് അല്പം കടന്ന കയ്യാണ്. ‘മുലയൂട്ടല്‍’ വിവാദവുമായി ബന്ധപ്പെട്ട് പ്രവാചക പത്‌നി ആഇശ(റ)ക്കെതിരെ മിഷണറി നുണഫാക്ടറികള്‍ ഉല്‍പ്പാദിപ്പിച്ച അത്തരം രണ്ടു കളവുകള്‍ നാം കാണുക.

‘പ്രവാചക പത്‌നി ആഇശ (റ) അത്തരത്തില്‍ പരപുരുഷന്മാരെ മുലയൂട്ടാറുണ്ടായിരുന്നുവെന്നും പലപ്പോഴും ആഇശയുടെ അരികില്‍ പരപുരുഷന്മാരെ കാണുക വഴി നബി(സ)ക്കുതന്നെ അതില്‍ അനിഷ്ടമുണ്ടാവുകയും ചെയ്തിരുന്നു എന്ന് സ്വഹീഹു മുസ്‌ലിമിലെ 1455-ാം ഹദീഥായി രേഖപ്പെടുത്തിയിട്ടുണ്ട്’. ഇതാണ് സോഷ്യല്‍ മീഡിയ വഴി ചില മിഷണറി നുണ ഫാക്ടറികള്‍ നിരന്തരം പ്രചരിപ്പിച്ചതും, യുക്തിവാദികളും ഫെമിനിസ്റ്റുകളും ഫാഷിസ്റ്റുകളുമടങ്ങുന്ന ഇസ്‌ലാംവിരോധികള്‍ ഏറ്റെടുത്തതുമായ ഒന്നാമത്തെ കളവ്. സ്വഹീഹു മുസ്‌ലിമിലെ ആ നിവേദനം നാം ആദ്യം കാണുക. ”മസ്‌റൂഖ് (റ) നിവേദനം. ആഇശ (റ) പറഞ്ഞതായി അദ്ദേഹം പറഞ്ഞു: റസൂല്‍ (സ) എന്റെ അടുത്ത് കടന്നുവന്നു. എന്റെ അരികെ ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു? അത് നബി(സ)ക്ക് അതിയായ പ്രയാസമുണ്ടാക്കി. നബി(സ)യുടെ മുഖത്ത് ഞാന്‍ കോപം കണ്ടു. അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ പ്രവാചകരെ, നിശ്ചയം ഇദ്ദേഹം മുലകുടി ബന്ധത്തില്‍ എന്റെ സഹോദരനാകുന്നു’. അപ്പോള്‍ നബി (സ) പറഞ്ഞു: നിങ്ങള്‍ മുലകുടി ബന്ധത്തിലുള്ള സഹോദരന്മാരെപ്പറ്റി ശരിക്കും നോക്കണം. വിശപ്പടങ്ങുന്ന നിലക്ക് മുല കുടിച്ചാല്‍ മാത്രമെ മുലകുടി ബന്ധം ഉണ്ടാവുകയുള്ളൂ”. (സ്വഹീഹു മുസ്‌ലിം: 1455) ഈ സംഭവത്തെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ടാണ് ആഇശ (റ) പരപുരുഷന്മാരെ മുലയൂട്ടിയിരുന്നെന്ന് പച്ചകള്ളം ഇവര്‍ പ്രചരിപ്പിച്ചത്. ഹദീഥുകള്‍ നേര്‍ക്കുനേരെ ഒരാവര്‍ത്തി വായിച്ചാല്‍ തന്നെ അതൊരു ദുരാരോപണം മാത്രമാണെന്ന് മനസ്സിലാക്കാന്‍ കഴിയും. ‘അല്ലാഹുവിന്റെ പ്രവാചകരേ, നിശ്ചയം ഇദ്ദേഹം മുലകുടി ബന്ധത്തില്‍ എന്റെ സഹോദരനാകുന്നു’ എന്ന ആഇശ(റ)യുടെ വാക്കുകള്‍ സ്പഷ്ടമായും മനസ്സിലാക്കി തരുന്നത്; ആഇശ(റ)യും അവരുടെ സമീപത്തിരുന്ന വ്യക്തിയും കുഞ്ഞായിരുന്നപ്പോള്‍ ഒരേ സ്ത്രീയുടെ മുലപ്പാല്‍ കുടിച്ചിട്ടുണ്ട് എന്നതാണ്. അല്ലാതെ ആഇശ (റ) അദ്ദേഹത്തെ ‘മുലയൂട്ടി’ എന്നല്ല. ഒന്നുകില്‍ ആഇശ (റ) കൈകുഞ്ഞായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മാതാവിന്റെ മുലപ്പാല്‍ കുടിച്ചിട്ടുണ്ടാകും. അല്ലെങ്കില്‍ അദ്ദേഹം ശൈശവ ഘട്ടത്തില്‍ ആഇശ(റ)യുടെ മാതാവിന്റെ പാല്‍കുടിച്ചതുമാകാം. ഇതുരണ്ടുമല്ലെങ്കില്‍ അവര്‍ രണ്ടുപേരും മറ്റേതോ ഒരു സ്ത്രീയുടെ പാല്‍കുടിച്ചിട്ടുണ്ടാകാം. അതുകൊണ്ടാണ് ആഇശ(റ)ക്കും അദ്ദേഹത്തിനുമിടയില്‍ സഹോദര ബന്ധം സ്ഥാപിതമായത്. ഈ സംഭവത്തെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ടാണ് ഈ ദുരാരോപണം ഇസ്‌ലാംവിരോധികള്‍ പ്രചരിപ്പിക്കുന്നത്. ആഇശ (റ) പ്രസവിക്കാത്ത ഒരു സ്ത്രീയായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്ക് ഒരു കുഞ്ഞിനും മുലയൂട്ടാന്‍ സാധ്യവുമല്ല. ഈ വസ്തുതകളെല്ലാം അറിഞ്ഞിട്ടും വിമര്‍ശകര്‍ ഇത്തരം കള്ളപ്രചരണം നടത്തിക്കൊണ്ടിരിക്കുന്നത്, ഇസ്‌ലാംവിരോധം അവരുടെ മനഃസാക്ഷിയെപോലും കൊന്നുകളഞ്ഞിരിക്കുന്നു എന്നതിന്റെ സൂചനയാണ്. എങ്കില്‍പിന്നെ പ്രവാചകന്‍ കോപിച്ചതെന്തിനാണ്? അതിന്റെ ഉത്തരവും ഹദീഥിലുണ്ട്. ‘നിങ്ങള്‍ മുലകുടി ബന്ധത്തിലുള്ള സഹോദരന്മാരെപ്പറ്റി ശരിക്കും നോക്കണം. വിശപ്പടങ്ങുന്ന നിലക്ക് മുലകുടിച്ചാല്‍ മാത്രമേ മുലകുടി ബന്ധം ഉണ്ടാവുകയുള്ളു’ എന്ന നബി(സ)യുടെ വിശദീകരണം അതിന്റെ മറുപടിയാണ്. മുലപ്പാല്‍ കുടിക്കുന്നതിലൂടെ വിശപ്പടങ്ങുന്ന പ്രായത്തിലുള്ള മുലകുടിയെ മാത്രമേ ഇസ്‌ലാം – വിവാഹബന്ധം നിഷിദ്ധമായ- സഹോദരബന്ധമായി പരിഗണിക്കുകയുള്ളൂ. അത് രണ്ടു വയസ്സിനുള്ളില്‍ അഞ്ച് തവണയെങ്കിലും നടന്നിരിക്കണം. മുലകുടിയുമായി ബന്ധപ്പെട്ട ഈ നിബന്ധനകള്‍ എല്ലാം യോജിക്കുന്നതാണോ നിങ്ങള്‍ക്കിടയിലുള്ള സഹോദര ബന്ധങ്ങള്‍ എന്ന് നിങ്ങള്‍ ഉറപ്പു വരുത്തണമെന്ന കാര്‍ക്കശ്യമാണ് പ്രവാചക(സ)ന്റെ കോപത്തിനു പിന്നിലെ കാരണം. അല്ലാതെ ആഇശ(റ)യുടെ സമീപത്ത് അവരുടെ മുലകുടി ബന്ധത്തിലെ സഹോദരനെ കണ്ടപ്പോള്‍ എന്തെങ്കിലും സംശയം ഹൃദയത്തില്‍ വന്നുപോയതുകൊണ്ടല്ല. കാരണം ആഇശ (റ) അത്തരം ബന്ധുക്കള്‍ (മുലകുടിയിലൂടെയുള്ള ബന്ധുക്കള്‍) അവരെ സന്ദര്‍ശിക്കാന്‍ അനുവാദം തേടുമ്പോള്‍ വളരെ സൂക്ഷ്മതയോടെ മാത്രമേ അനുവാദം നല്‍കാറുള്ളൂ എന്ന് നബി(സ)ക്ക് അറിയാമായിരുന്നു. ഒരു സംഭവം നാം കാണുക: ”ആഇശ (റ) പറഞ്ഞു: മുലകുടി ബന്ധത്തിലൂടെയുള്ള എന്റെ പിതാമഹന്‍ എന്റെ അടുക്കല്‍ (വീട്ടില്‍)കയറാന്‍ സമ്മതം ചോദിച്ചു. അപ്പോള്‍ അല്ലാഹുവിന്റെ ദൂതരുടെ സമ്മതം കിട്ടാത്തതിനാല്‍ ഞാന്‍ വിസ്സമ്മതിച്ചു. അപ്പോള്‍ അല്ലാഹുവിന്റെ ദൂതന്‍ (സ) പറഞ്ഞു: നിന്റെ പിതാമഹനെ നീ അടുത്ത് പ്രവേശിപ്പിച്ചുകൊള്ളുക…” (സ്വഹീഹു മുസ്‌ലിം: 1445)

വിവാഹബന്ധം നിഷിദ്ധമായവര്‍ മാത്രമേ തന്റെ വീട്ടില്‍ പ്രവേശിക്കാവൂ എന്ന കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്ന ഒരു വ്യക്തിത്വമായിരുന്നു ആഇശ (റ). അല്ലാത്ത പുരഷന്മാരെ മറക്കു പിറകില്‍ നിന്നുകൊണ്ടല്ലാതെ അവര്‍ അഭിസംബോധന ചെയ്തിട്ടില്ല. അത്തരം ഒരു വ്യക്തിയെ പറ്റി ഇത്രമാത്രം ദുഷിച്ച കള്ളകഥകള്‍ പ്രചരിപ്പിക്കുവാന്‍ മിഷണറിമാര്‍ക്കല്ലാതെ മറ്റാര്‍ക്കു കഴിയും. ഇതിനെയെല്ലാം നാം ‘സുവിശേഷ വേല’ എന്നുതന്നെ വിളിക്കണോ?!. ദുഷിച്ച ഭാവനകള്‍കൊണ്ട് ഹദീഥുകളില്‍ നിന്നും അശ്ലീലതകള്‍ മെനഞ്ഞെടുത്ത ‘സുവിശേഷ വേല’യാണ് നാം മുകളില്‍ കണ്ടതെങ്കില്‍, വ്യാജതൂലികകള്‍ കൊണ്ട് ഹദീഥുകളില്‍ നേര്‍ക്കുനേരെ കൃത്രിമത്വം നടത്തുന്ന ‘സുവിശേഷ വേല’യാണ് ഇനി കാണാനുള്ളത്. വിഷയം ഒരു ദുര്‍ബലമായ ഹദീഥാണ്. മുസ്‌ലിംകള്‍ പ്രമാണമായി കാണാത്ത ഒരു വാറോല. പക്ഷെ അതില്‍പ്പോലും പച്ചയായ കാപട്യം കാണിക്കുവാന്‍ മിഷണറികള്‍ക്ക് മടിയില്ലെന്നതാണ് അതിശയകരമായ സംഗതി.

‘കല്ലെറിയലിന്റെ വചനവും പത്ത് പ്രാവശ്യമാണ് മുതിര്‍ന്ന പുരുഷന്മാര്‍ക്ക് മുലകുടിയെന്ന വചനവും (ആദ്യകാലത്ത് കുര്‍ആനില്‍) അവതരിപ്പിക്കപ്പെട്ടിരുന്നുവെന്നും, അതെഴുതിയ രേഖ തന്റെ തലയിണക്കടയില്‍ സൂക്ഷിച്ചുവെച്ചിരുന്നെന്നും പ്രവാചകന്‍ മരണപ്പെട്ടപ്പോള്‍, ഞങ്ങളെല്ലാം അതുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലായിരുന്ന സന്ദര്‍ഭത്തില്‍ ഒരു ആട് അകത്ത് കടന്ന് അത് തിന്നുകളഞ്ഞെന്നും ആഇശയില്‍ നിന്നും സുനനു ഇബ്‌നു മാജയും മുസ്‌നദു അഹ്‌മദും നിവേദനം ചെയ്തിട്ടുണ്ടെന്നതാണ് വ്യാജമായ ആരോപണം. ആയതിനാല്‍ ദുര്‍ബലമായ ആ ഹദീഥ് നമുക്ക് ആദ്യം പരിശോധിക്കാം.

"ആഇശ (റ) പറഞ്ഞു: കല്ലെറിയലിന്റെ വചനവും പത്ത് പ്രാവശ്യമാണ് മുലകുടിയെന്ന വചനവും അവതരിക്കപ്പെട്ടിരുന്നു. അതെഴുതിയ രേഖ എന്റെ തലയിണക്കടിയിലുണ്ടായിരുന്നു. ദൈവദൂതന്‍ മരണപ്പെട്ടപ്പോള്‍, ഞങ്ങളെല്ലാം അതുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലായിരുന്ന സന്ദര്‍ഭത്തില്‍ ഒരു ആട് അകത്ത് കടന്ന് അത് തിന്നു കളഞ്ഞു” (സുനനു ഇബ്‌നു മാജ: 1944, മുസ്‌നദു അഹ്‌മദ്: 43/343) ഹദീഥ് ദുര്‍ബലമാണ്. അതുകൊണ്ടുതന്നെ മുസ്‌ലിംകള്‍ക്ക് അത് പ്രമാണവുമല്ല. ഈ നിവേദനത്തില്‍ മുഹമ്മദ്ബ്‌നു ഇസ്ഹാഖ് എന്ന ഒരു നിവേദകനുണ്ട്. അദ്ദേഹത്തെ തെളിവിനു കൊള്ളില്ലെന്ന് ഹദീഥ് നിവേദനം ചെയ്ത അഹ്‌മദ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അയാള്‍ ദുര്‍ബലനാണെന്ന് യഹ്‌യബിന്‍ മഈനും, ശക്തനല്ലെന്ന് നസാഇയും പറഞ്ഞിട്ടുണ്ട്. (തഹ്ദീബ് അത്തഹ്ദീബ് 9/45)

പക്ഷെ നമ്മുടെ പ്രശ്‌നം അതല്ല. ദുര്‍ബലമായ ആ നിവേദനത്തില്‍ പോലും പച്ചയായ കൃത്രിമത്വം നടത്തിയിരിക്കുകയാണ് ചില മിഷണറി നുണ ഫാക്ടറികള്‍. ‘കല്ലെറിയലിന്റെ വചനവും പത്ത് പ്രാവശ്യമാണ് മുലകുടിയെന്ന വചനവും അവതരിക്കപ്പെട്ടിരുന്നു’ എന്ന ഭാഗത്ത് മിഷണറിമാര്‍ എഴുതി പിടിപ്പിച്ചത് ‘കല്ലെറിയലിന്റെ വചനവും പത്ത് പ്രാവശ്യമാണ് മുതിര്‍ന്ന പുരുഷന്മാര്‍ക്ക് മുലകുടിയെന്ന വചനവും അവതരിപ്പിക്കപ്പെട്ടിരുന്നു എന്നാണ്. ‘മുതിര്‍ന്ന പുരുഷന്മാര്‍’ എന്നത് ‘സുവിശേഷകന്മാരു’ടെ കള്ളകോലാണ്. അവര്‍ കൃത്രിമമായി എഴുതിച്ചേര്‍ത്തു പ്രചരിപ്പിച്ചതാണെന്നര്‍ത്ഥം. എത്രമാത്രം ലജ്ജാവഹവും നിന്ദാപരവുമാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. ഇത്തരം ചവറുകളാണ്, ‘സയന്‍സ് ടെമ്പര്‍’ ഉണ്ടാക്കാന്‍ കൂട്ടയോട്ടം നടത്തുന്ന യുക്തിവാദികളും സ്ത്രീ ശാക്തീകരണം പത്യമാക്കിയ ഫെമിനിസ്റ്റുകളും സനാതനധര്‍മ്മം സ്ഥാപിക്കാന്‍ നെട്ടോട്ടമോടുന്ന ഫാഷിസ്റ്റുകളും കൊണ്ടുനടക്കുന്നതെന്നോര്‍ക്കുമ്പോള്‍ സഹതാപം തോന്നുന്നു. ‘ദൈവം സ്‌നേഹ’മാണെന്ന് നാഴികക്ക് നാല്‍പ്പത് വട്ടവും പാട്ടുപാടുന്നവര്‍ക്കെങ്കിലും, അവര്‍ പാടിയതിലും പറഞ്ഞതിലും തെല്ല് ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

‘മുലയൂട്ടല്‍’ ആഇശ(റ)യുടെ നിലപാടെന്തായിരുന്നു

വിവാഹബന്ധം നിഷിദ്ധമാക്കപ്പെടുന്ന ബന്ധങ്ങള്‍ സ്ഥാപിക്കാനായി ആഇശ (റ) തന്റെ സഹോദരി പുത്രിമാരോടും സഹോദര പുത്രിമാരോടും, മുതിര്‍ന്ന പുരുഷന്മാര്‍ക്ക് മുലപ്പാല്‍ നല്‍കുവാന്‍ ഉപദേശിച്ചിരുന്നു എന്നതാണ് വിഷയ സംബന്ധിയായ അടുത്ത വിമര്‍ശനം. വാസ്തവത്തില്‍ ആഇശ (റ) അപ്രകാരം ആരോടെങ്കിലും ഉപദേശിക്കുകയോ നിര്‍ദ്ദേശിക്കുകയോ ചെയ്തിരുന്നോ? പ്രസ്തുത വിഷയം ചര്‍ച്ച ചെയ്യും മുന്‍പ് ഇസ്‌ലാമില്‍ മുലകുടി ബന്ധം എപ്രകാരമാണ് സ്ഥാപിതമാകുന്നതെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ ആഇശ(റ)യുടെ നിലപാട് എന്തായിരുന്നു എന്ന് നമുക്ക് വേര്‍തിരിച്ചു മനസ്സിലാക്കാനാകൂ. രണ്ടു വയസ്സിനുള്ളില്‍, വിശപ്പ് അടങ്ങുംവിധം അഞ്ചു തവണയെങ്കിലും മുലപ്പാല്‍ നല്‍കിയാല്‍ മാത്രമാണ്, വിവാഹം നിഷിദ്ധമാക്കപ്പെടുന്ന ബന്ധം സ്ഥാപിതമാവുകയുള്ളൂ എന്നതാണ് ഈ വിഷയകമായി ഇസ്‌ലാമിക നിയമം. അഥവാ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നതിലൂടെ മാത്രമേ മുലകുടി ബന്ധം സ്ഥാപിതമാകൂ എന്നതാണ് ഇസ്‌ലാമിക വിധി.

”മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണ്ണമായ രണ്ടുകൊല്ലം മുല കൊടുക്കേണ്ടതാണ്. (കുട്ടിയുടെ) മുലകുടി പൂര്‍ണ്ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്”. (ക്വുര്‍ആന്‍: 2:233) ”അവന്റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്” (ക്വുര്‍ആന്‍: 31:14) ”അവന്റെ ഗര്‍ഭകാലവും മുലകുടി നിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു” (ക്വുര്‍ആന്‍: 46:15) ”വയറിനെ പുഷ്ടിപ്പിക്കുന്നതില്‍ അല്ലാതെ രിദ്വാഅ് (പാലൂട്ടല്‍) ഇല്ല” (ഇബ്‌നുമാജ: 1946, ഇബ്‌നുഹിബ്ബാന്‍: 4225) ”അസ്ഥിയെ ശക്തിപ്പെടുത്തുകയും മാംസം പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നതല്ലാത്തത് രിദ്വാഅ് അല്ല” (സുനനുല്‍ ക്വുബ്‌റാ, ബൈഹകി: 15653) ”രണ്ടു വയസ്സിനുള്ളില്‍ ഊട്ടുന്നതല്ലാത്ത രിദ്വാഅ് ഇല്ല.” (സുനനുദ്ദാറക്വുത്‌നി : 4364) ”വിശപ്പടങ്ങുന്ന കുട്ടി മാത്രമാണ് (ബന്ധം സ്ഥാപിക്കുന്ന) രിദ്വാഅ് (മുലകുടി).” (സ്വഹീഹു മുസ്‌ലിം:32, അബൂദാവൂദ് : 12/8 നസാഈ : 26/51, ഇബ്‌നുമാജ : 9/37, അഹ്‌മദ്: 6/93) മുലപ്പാല്‍ കുടിക്കുന്നതിലൂടെ വിശപ്പടങ്ങുക കുഞ്ഞുങ്ങള്‍ക്കാണ്. അതുകൊണ്ടുതന്നെ മുലകുടിബന്ധം സ്ഥാപിതമാവുക കുഞ്ഞായിരിക്കുമ്പോള്‍ മുലപ്പാല്‍ കുടിക്കുന്നതിലൂടെ മാത്രമാണ് എന്ന് ഹദീഥിനെ വ്യാഖ്യാനിച്ച പണ്ഡിതന്മാരെല്ലാം വ്യക്തമാക്കുന്നുണ്ട്. (ശര്‍ഹു മുസ്‌ലിം: 1/434, ഫത്ഹുല്‍ ബാരി: 1/100, ഉംദത്തുല്‍ കാരി: 20/97, ഇര്‍ശാദുസ്സരി: 8/33, ഫൈദുല്‍ കദീര്‍: 3/360, മിര്‍ക്കാത്തുല്‍ മഫാത്തീഹ്: 3168, ശര്‍ഹു സര്‍ക്കാനി അലാല്‍ മുവത്വഃ: 3/374, ഹാശിയത്തു സിന്ദി അലാ സുനനി ഈബ്‌നുമാജ: 1/600, ഔനുല്‍ മഅ്ബൂദ്: 6/47) പ്രവാചകാനുചരന്മാരായ ഉമ്മര്‍, അലി, അബ്ദുല്ലാഹിബ്‌നു മസ്ഊദ്, അബ്ദുല്ലാഹിബ്‌നു അബ്ബാസ്, ഇബ്‌നു ഉമ്മര്‍, അബൂഹുറൈറ, ജാബിര്‍, പ്രവാചക പത്‌നിമാര്‍ തുടങ്ങി ഹസനുല്‍ ബസ്വരി, സുഹ്‌രി, ഇക്‌രിമ, ഔസാഈ, ശുഅ്ബി, കത്താദ, ഇബ്‌നു ശബ്‌റമ, ഇബ്‌നു അബീ ലൈല, ഹസനിബ്‌നു സ്വാലിഹ്, ഇബ്‌നു അബി ദിഅ്ബ്, സൗരി, ഇസ്ഹാക്, അബൂസൗര്‍, അബൂ ഉബൈദ്, ത്വബ്‌രി, ലൈസ് എന്നിങ്ങനെ പൗരാണിക കര്‍മ്മശാസ്ത്ര പണ്ഡിതരായ സര്‍വ്വരുടേയും അഭിപ്രായവും ഇതുതന്നെയാണ്. (മുഖ്തസറു ഇഖ്തിലാഫുല്‍ ഉലമ: 2/314, അല്‍ഹാവി അല്‍കബീര്‍: മാവര്‍ദി 11/366, മുഹല്ലാ: 10/17, മുഗ്നി: 11/319, സാദുല്‍ മആദ്: 5/577, തഫ്‌സീറു ഇബ്‌നു കസീര്‍ : 1/284, ഉംദത്തുല്‍ കാരി : 20/85) ഹനഫീ, മാലികീ, ശാഫിഈ, ഹമ്പലി കര്‍മ്മശാസ്ത്ര മദ്ഹബുകളുടെ പണ്ഡിതന്മാരുടെ അഭിപ്രായവും തഥൈവ. (അല്‍ മബ്‌സൂത്: 5/135, അല്‍ മുദവ്വനത്തുല്‍ കുബ്‌റാ: 5/407, അല്‍ ഉമ്മ്: 5/428, മുഗ്‌നി: 11/319)

അപ്പോള്‍ ഇസ്‌ലാമിന്റെ വിധി മുതിര്‍ന്നവര്‍ക്ക് മുലകുടി ഇല്ല എന്നതാണ്. എന്നാല്‍ സാലിമിന്റെ വിഷയത്തില്‍ ഉണ്ടായത് തീര്‍ത്തും അവരുടെ വിഷയത്തില്‍ മാത്രം ബാധകമായ ഒരു ഇളവു മാത്രമായിരുന്നു. അതും മുലപ്പാല്‍ സ്തനങ്ങളില്‍ നിന്നും നേരിട്ടു നല്‍കാതെ, പാല്‍ പിഴിഞ്ഞ് തളികയിലാക്കി കൊടുക്കുക മാത്രമാണുണ്ടായതെന്ന് നാം മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ‘സാലിമിന്റെ വിഷയത്തിലെ പ്രവാചക നടപടി തെളിവ് പിടിച്ചുകൊണ്ട് ആഇശ (റ) തന്റെ വീട്ടില്‍ പ്രവേശിക്കാന്‍ താല്‍പര്യപ്പെടുന്ന മുതിര്‍ന്നവര്‍ക്ക് മുലപ്പാല്‍ നല്‍കാനായി തന്റെ സഹോദര പുത്രിമാരോടും, സഹോദരി പുത്രിമാരോടും നിര്‍ദ്ദേശിക്കാറുണ്ടായിരുന്നു എന്നും, അപ്രകാരം അവര്‍ (സഹോദര- സഹോദരി പുത്രിമാര്‍) അഞ്ചുതവണ മുലപ്പാല്‍ നല്‍കി മുലകുടിബന്ധം സ്ഥാപിതമായതിന് ശേഷമേ ആഇശ (റ) അവരെ തന്റെ വീട്ടില്‍ പ്രവേശിപ്പിക്കാറുള്ളൂ’ (സുനനു അബീദാവൂദ്: 2061) എന്ന നിവേദനത്തെ ദുര്‍വ്യാഖ്യാനിച്ചു കൊണ്ടാണ് ഇസ്‌ലാമില്‍ മുതിര്‍ന്ന പുരുഷന്മാര്‍ക്കും മുലകുടിയുണ്ടെന്ന വ്യാജപ്രചരണം ഇസ്‌ലാംവിരോധികള്‍ അഴിച്ചുവിട്ടു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇവിടെ നാം പ്രത്യേകം മനസ്സിലാക്കേണ്ടുന്ന ചില കാര്യങ്ങളെ ഇപ്രകാരം സംഗ്രഹിക്കാം:

ഒന്ന്: ആഇശ (റ) ആര്‍ക്കും മുലപ്പാല്‍ – സ്തനങ്ങളില്‍ നിന്ന് നേരിട്ടോ അല്ലാതെയോ കൊടുത്തിട്ടില്ല. ഒരിക്കലും പ്രസവിച്ചിട്ടില്ലാത്ത അവര്‍ക്ക് എങ്ങനെ മുലപ്പാലുണ്ടാകും? അതുകൊണ്ടാണ് മുലപ്പാല്‍ നല്‍കാനായി ആഇശ (റ) തന്റെ സഹോദരി പുത്രിമാരോടും സഹോദര പുത്രിമാരോടും നിര്‍ദ്ദേശിച്ചത്. ആഇശ (റ) മുതിര്‍ന്ന പുരുഷന്മാരെ മുലയൂട്ടിയെന്ന മിഷണറി പ്രചരണം കല്ലുവെച്ച കളവാണെന്ന് വ്യക്തം.

രണ്ട്: സാലിമിന് സഹ്‌ല മുലപ്പാല്‍ നല്‍കിയത് സ്തനങ്ങളില്‍ നിന്ന് നേരിട്ടല്ലെന്നും, ഒരു തളികയില്‍ പാല്‍ പിഴിഞ്ഞ് കുടിക്കാന്‍ കൊടുക്കുന്ന രീതി – ‘വുജൂര്‍’ (الوجور) – യാണ് അവലംബിച്ചിരുന്നതെന്നും നാം മുമ്പ് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിച്ചതാണ്. അതെ രീതിയില്‍ (‘വുജൂര്‍’) തന്നെ മുലപ്പാല്‍ കൊടുക്കാനാണ് ആഇശ (റ) തന്റെ സഹോദര പുത്രിമാരോടും, സഹോദരി പുത്രിമാരോടും നിര്‍ദ്ദേശിച്ചതെന്ന വസ്തുത മറച്ചുവെച്ചുകൊണ്ട്, ആഇശ(റ)യുടെ നിര്‍ദ്ദേശം – (സഹോദര, സഹോദരി പുത്രിമാരോട്) നേരിട്ട് സ്തനങ്ങളില്‍ നിന്നും മുലയൂട്ടുവാനായിരുന്നു എന്ന പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് ഇസ്‌ലാംവിമര്‍ശകര്‍ ചെയ്യുന്നത്. സാലിമിന്റെ വിഷയത്തിലെ പ്രവാചക നടപടി തെളിവ് പിടിച്ചുകൊണ്ട്, മുലകുടി പ്രായം (രണ്ടു വയസ്സ്) പിന്നിട്ട ഒരാള്‍ക്ക് മുലപ്പാല്‍ നല്‍കുക വഴി വിവാഹം നിഷിദ്ധമാക്കപ്പെടുന്ന ബന്ധം സ്ഥാപിക്കാമെന്ന് വിലയിരുത്തിയ ആഇശ (റ), പക്ഷെ ആ വിഷയത്തില്‍ പ്രവാചകന്‍ നിര്‍ദ്ദേശിച്ച മുലപ്പാല്‍ നല്കുന്ന രീതി (വുജൂര്‍) പരിഗണിച്ചില്ലെന്നത് കേവലം വിമര്‍ശകരുടെ ലൈംഗിക ഭാവന മാത്രമാണ്.

മൂന്ന്: ഇസ്‌ലാമില്‍ ബന്ധം സ്ഥാപിതമാക്കുന്നത് മൂന്ന് മാര്‍ഗങ്ങളിലൂടെയാണ്. പ്രസവം, വിവാഹം, മുലകുടി. ഈ ബന്ധങ്ങളില്‍ പെടാത്ത, വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ടുവെന്ന് സ്ഥിരപ്പെടാത്ത ഒരു അന്യപുരുഷനേയും തന്റെ വീട്ടില്‍ പ്രവേശിപ്പിക്കില്ലെന്ന ദൃഢനിശ്ചയം ആഇശ(റ)യുടെ കണിശമായ പാതിവ്രത്യത്തേയും പരിശുദ്ധിയേയുമാണ് തെളിയിക്കുന്നത്. അത്തരം മഹത്തരമായ ഒരു നിലപാടി നെയാണ്, തങ്ങളുടെ ദുഷിച്ച ലൈംഗിക ഭാവനയിലൂടെ അശ്ലീലതയുടെ ചായം പൂശാന്‍ മിഷണറി നുണ ഫാക്ടറികള്‍ ഒരുമ്പെട്ടതെന്നത് എത്രമാത്രം നെറികെട്ട ‘സുവിശേഷ വേല’യായിപ്പോയി.

നാല്: ‘തന്റെ വീട്ടില്‍ പ്രവേശിക്കാന്‍ താല്‍പര്യപ്പെടുന്ന മുതിര്‍ന്നവര്‍ക്ക് മുലപ്പാല്‍ നല്‍കാനായി അവര്‍ കല്‍പ്പിക്കുമായിരുന്നു’ എന്ന ഹദീഥില്‍ പരാമര്‍ശിക്കപ്പെട്ട ‘മുതിര്‍ന്നവര്‍’ (الكبير) എന്ന പദപ്രയോഗം യഥാര്‍ത്ഥത്തില്‍ മുതിര്‍ന്ന പുരുഷന്മാരെയല്ല ഉദ്ദേശിക്കുന്നത്. മറിച്ച്, മുലകുടിപ്രായം കഴിഞ്ഞ വലിയ കുട്ടികളെയാണ്. ഇത് ചില ഹദീഥുകളില്‍ വ്യക്തമായി തന്നെ പരാമര്‍ശിച്ചിട്ടുണ്ട്.

ഉമ്മുസലമ (റ) ആഇശ(റ)യോട് പറഞ്ഞു ”നിങ്ങളുടെ അടുക്കല്‍ മുലകുടി പ്രായം കഴിഞ്ഞ കുട്ടി – الغلام الايفع – പ്രവേശിക്കുന്നുണ്ടല്ലോ. (അവര്‍ക്ക് മുലപ്പാല്‍ നല്‍കിയാല്‍ മുലകുടിബന്ധം സ്ഥാപിതമാകുമെന്ന് വിശ്വസിക്കാത്തതുകൊണ്ട്) അവര്‍ എന്റെ അടുക്കല്‍ പ്രവേശിക്കുന്നത് ഞാനിഷ്ടപ്പെടുന്നില്ല. അപ്പോള്‍ അവര്‍ക്ക് മുലപ്പാല്‍ നല്‍കുക വഴി മുലകുടിബന്ധം സ്ഥാപിതമാകുമെന്നതിന് തെളിവായി ആഇശ (റ) സാലിമിന്റെ സംഭവം ഉദ്ധരിക്കുകയും ചെയ്തു…” (സ്വഹീഹു മുസ്‌ലിം : 1453, മുസ്‌നദു അഹ്‌മദ്: 25415) ഹദീഥില്‍ പരാമര്‍ശിക്കപ്പെട്ട, അല്‍ ഗുലാം അല്‍ അയ്ഫഅ് (الغلام الايفع) എന്നതുകൊണ്ട് വിവക്ഷിക്കുന്നത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയാണെന്ന് ഇമാം നവവി (റ) ഹദീഥിനെ വ്യാഖ്യാനിക്കവെ വ്യക്തമാക്കുന്നുണ്ട്. (ശര്‍ഹു മുസ്‌ലിം: 10/33)

തന്റെ വീട്ടില്‍ പ്രവേശിക്കാന്‍ താല്‍പര്യപ്പെടുന്ന ‘പുരുഷന്മാര്‍ക്ക്’ മുലപ്പാല്‍ നല്‍കി മുലകുടിയിലെ ബന്ധുവാക്കാന്‍ ആഇശ (റ) ശ്രദ്ധിച്ചിരുന്നു എന്ന് സൂചിപ്പിക്കുന്ന ഹദീഥുകളിലെ ‘പുരുഷന്മാര്‍’ (الرجال) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതും മുലകുടി പ്രായം കഴിഞ്ഞ, എന്നാല്‍ പ്രായപൂര്‍ത്തിയായിട്ടില്ലാത്ത ആണ്‍കുട്ടികളെയാണ്. അല്ലാതെ വലിയ പുരുഷന്മാരെയല്ല. പുല്ലിംഗത്തെ (Male Gender) സൂചിപ്പിക്കാനായി രിജാല്‍ (الرجال) എന്ന് അറബിയില്‍ ഉപയോഗിക്കാറുണ്ട്. എന്ന് മാത്രമല്ല, ശാരീരികമായി പുരുഷനായി മാറിയിട്ടില്ലാത്ത ആണ്‍കുട്ടിയെ അവന്റെ ലിംഗഭേദം (Gender) പുല്ലിംഗമായതിനാല്‍ അവന്‍ ഭാവിയില്‍ പുരുഷനായി മാറും എന്നത് പരിഗണിച്ച് റജുല്‍ (الرجل) ‘പുരുഷന്‍’ എന്ന് അറബിഭാഷാ നിയമപ്രകാരം വിളിക്കാവുന്നതാണ്. ഇതിനെ അറബി അലങ്കാര ശാസ്ത്രത്തില്‍ (Rhetoric) ‘ഭാവിയില്‍ ആയി മാറുന്നതിനെ പരിഗണിച്ചുകൊണ്ടുള്ള പ്രയോഗം’ (اعتبار ما يكون) എന്നാണ് പറയുക. (അല്‍ മജാസുല്‍ മുര്‍സല്‍ ഫീ ലിസാനില്‍ അറബ്: അഹ്‌മദ് ഹിന്ദാവി അബ്ദുല്‍ ഗഫ്ഫാര്‍, കിത്താബു മിന്‍ഹാജുല്‍ വാള്വിനി ലില്‍ ബലാഗ: 3/300, ഗായത്തുല്‍ മുസൂല്‍ ഫീ ശര്‍ഹി ലുബ്ബുല്‍ ഉസൂല്‍: 1/51)

ഇത് കേവലം ഭാഷ ശാസ്ത്ര നിയമപ്രകാരമുള്ള ഒരു സമര്‍ത്ഥനമല്ല; മറിച്ച് ഹദീഥുകള്‍ വ്യക്തമായി സൂചിപ്പിച്ച ഒരു വിഷയം ഭാഷ പ്രയോഗങ്ങള്‍ക്കുപോലും അന്യമല്ലെന്ന ബോധ്യപ്പെടുത്തലാണ്. ആഇശ (റ) ഉദ്ദേശിച്ച ‘പുരുഷന്മാര്‍’ (الرجال) മുലകുടി പ്രായം പിന്നിട്ട, എന്നാല്‍ പ്രായപൂര്‍ത്തിയായിട്ടില്ലാത്ത ആണ്‍കുട്ടികളാണെന്ന് വ്യക്തമാക്കുന്ന മറ്റു ചരിത്ര നിവേദനങ്ങളും നമുക്ക് കാണാം.

(a) ”സാലിമിബ്‌നു അബ്ദുല്ലാഹിബ്‌നു ഉമര്‍ (സഹ്‌ല മുലപ്പാല്‍ നല്‍കിയ സാലിം അല്ല ഇത്) പറയുന്നു: ഞാന്‍ കുഞ്ഞായിരിക്കെ ആഇശ (റ) എന്നെ അവരുടെ സഹോദരി ഉമ്മുകുല്‍സും ബിന്‍ത് അബൂബക്കറിന്റെ അടുത്തേക്ക് അയച്ചു. എന്നിട്ടവരോട് ഇങ്ങനെ പറഞ്ഞു: ‘ഇവന് പത്തു തവണ മുലപ്പാല്‍ ഊട്ടുക എങ്കില്‍ ഇവന് എന്റെ അടുത്ത് (വീട്ടില്‍) പ്രവേശിക്കാമല്ലോ.’ സാലിം പറയുന്നു: ഉമ്മുകുല്‍സും എനിക്ക് മൂന്നു തവണ മുലപ്പാല്‍ തന്നു. പിന്നീടെനിക്ക് രോഗമായി. അതിനാല്‍ എനിക്ക് മൂന്നു തവണ മാത്രമേ മുലപ്പാല്‍ തരാന്‍ സാധിച്ചുള്ളൂ. ഉമ്മുകുല്‍സൂം എനിക്ക് പത്തു തവണ മുലപ്പാല്‍ തരാതിരുന്നത് കാരണത്താല്‍ (വലുതായപ്പോള്‍) ഞാന്‍ ആഇശയുടെ അടുത്ത് പ്രവേശിക്കില്ലായിരുന്നു” (മുവത്വഅ്: 2/603)

ചെറുപ്രായത്തില്‍ ഉമ്മുകുല്‍സൂമിന്റെ മുലപ്പാല്‍, ബന്ധം സ്ഥാപിതമാകുന്ന നിലയ്ക്ക് പൂര്‍ണമായും കുടിക്കാതിരിക്കുന്നത് മൂലം ആഇശ(റ)യുമായി മുലകുടിയിലെ ബന്ധം സ്ഥാപിതമായില്ല. അതു കാരണത്താല്‍ ആഇശ (റ) തന്നെ വലുതായപ്പോള്‍ അവരുടെ വീട്ടില്‍ പ്രവേശിപ്പിക്കില്ലായിരുന്നു എന്ന് ചുരുക്കം. വലിയ പുരുഷന്മാര്‍ മുലപ്പാല്‍ കുടിച്ചാല്‍ മുലകുടി ബന്ധം സ്ഥാപിതമാകും എന്നതായിരുന്നു ആഇശ(റ)യുടെ വാദമെങ്കില്‍ സാലിമിബ്‌നു അബ്ദുല്ലാഹിബ്‌നു ഉമ്മറിനെ വലിയ പുരുഷനായതിനുശേഷവും, സഹോദരിയുടെ മുലപ്പാല്‍ നല്‍കിയതിനുശേഷം തന്റെ വീട്ടില്‍ പ്രവേശിപ്പിക്കാമായിരുന്നില്ലേ? അപ്പോള്‍ കാര്യം വളരെ വ്യക്തമാണ്. മുലപ്പാല്‍ ഊട്ടപ്പെടുന്ന ‘രിജാല്‍’ (പുരുഷന്മാര്‍) എന്നതുകൊണ്ട് ആഇശ (റ) ഉദ്ദേശിച്ചത്, മുലകുടി പ്രായം പിന്നിട്ട, എന്നാല്‍ പ്രായപൂര്‍ത്തിയെത്തിയിട്ടില്ലാത്ത ആണ്‍കുട്ടികളെ മാത്രമാണ്.

(b) ”കുട്ടികള്‍ക്ക് (الصبيان) അവര്‍ പുരുഷന്മാരായാല്‍ തന്റെ അടുത്ത് പ്രവേശിക്കുന്നതിന് തടസ്സമാകാതിരിക്കാന്‍ – ചെറുപ്രായത്തില്‍ മുലപ്പാല്‍ ഊട്ടുവാന്‍ ആഇശ (റ) തന്റെ സഹോദരന്‍ അബ്ദുര്‍റഹ്‌മനിബ്‌നു അബൂബക്കറിനോട് കല്‍പ്പിക്കുമായിരുന്നു”. (ബദാഇഉ സ്വനാഇഅ്: 4/6, ശര്‍ഹു മുഖ്തസറു ത്വഹാവി: 3/325) ഇവിടെ ആഇശ (റ) ഉദ്ദേശിച്ച പ്രായം വളരെ വ്യക്തമാണ്. കുട്ടികള്‍ പുരുഷന്മാരായാല്‍ തന്റെ അടുത്ത് പ്രവേശിക്കുന്നതിന് തടസ്സമാകാതിരിക്കുവാന്‍- ചെറുപ്രായത്തില്‍ തന്നെ മുലപ്പാല്‍ ഊട്ടുവാനാണ് അവര്‍ നിര്‍ദേശിക്കുന്നത്. ഇവിടെയും, ‘പുരുഷന്മാര്‍’ എന്നതുകൊണ്ട് മുതിര്‍ന്ന പുരുഷന്മാരെയല്ല, പ്രായപൂര്‍ത്തിയെത്താത്ത എന്നാല്‍ മുലകുടി പ്രായം കഴിഞ്ഞ ആണ്‍കുട്ടികളെയാണ് അവര്‍ ഉദ്ദേശിച്ചതെന്ന് വ്യക്തം. ഹദീഥില്‍ ‘രിജാല്‍’ (പുരുഷന്മാര്‍) എന്നത് ലിംഗഭേദത്തെ കുറിക്കാനാണ്, പ്രായത്തെ കുറിക്കാനല്ല ആഇശ (റ) ഉപയോഗിച്ചതെന്ന് പൗരാണികവും പ്രാമാണികവുമായ അറബി ഡിക്ഷണറികളിലെല്ലാം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. (താജുല്‍ ഉറൂസ്: 29/34, അല്‍ കാമൂസുല്‍ മുഹീത്: 1/1297, ലിസാനുല്‍ അറബ്: 11/265, അല്‍ കാമില്‍ ഫില്ലുഗത്തി വല്‍ അദബ്: 1/100)

(c) വലിയ പുരുഷന്മാര്‍ക്ക് മുലപ്പാല്‍ നല്‍കുക വഴി ബന്ധം സ്ഥാപിതമാകും എന്നതല്ല, മറിച്ച് മുലകുടി പ്രായമായ രണ്ടു വയസ്സു കഴിഞ്ഞ മുതിര്‍ന്ന ആണ്‍കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കുക വഴി മുലകുടിബന്ധം സ്ഥാപിതമാകും എന്ന് മാത്രമാണ് ആഇശയുടെ അഭിപ്രായം എന്നതിനാലാണ് അതിനെതിരെ, ആഇശ (റ)യുടെ അഭിപ്രായം തിരുത്തിക്കൊണ്ട് എതിരഭിപ്രായം പ്രകടിപ്പിച്ച ഉമ്മുസലമ (റ) ‘തൊട്ടിലില്‍ വെച്ച് തന്നെ മുലകുടിച്ചാലെ’ (حتي يرضع في المهد) മുലകുടി ബന്ധം സ്ഥാപിതമാകൂ എന്ന പദപ്രയോഗം തന്നെ ഉപയോഗിച്ചത്. (മുസ്‌നദു അഹ്‌മദ്: 6/270, മുസ്‌നദു ഇബ്‌നു ഉവാന: 3/122, സുനനു അബൂദാവൂദ്: 2/223) അതുകൊണ്ടു തന്നെ ഈ വിഷയത്തില്‍ ആഇശയുടെ ഒറ്റപ്പെട്ട അഭിപ്രായം, വലിയ പുരുഷന്മാര്‍ക്ക് മുലപ്പാല്‍ നല്‍കുക വഴി ബന്ധം സ്ഥാപിതമാകും എന്നല്ല മറിച്ച്, മുലകുടി പ്രായമായ രണ്ട് വയസ്സ് കഴിഞ്ഞ ആണ്‍കുട്ടികള്‍ക്കും മുലപ്പാല്‍ നല്‍കുക വഴി മുലകുടി ബന്ധം സ്ഥാപിതമാകും എന്നു മാത്രമാണ്. അതും തീര്‍ത്തും അവരുടെ ഒറ്റപ്പെട്ട ഒരഭിപ്രായം മാത്രമാണത്. അതുകൊണ്ടാണ് മറ്റു പ്രവാചകപത്‌നിമാരെല്ലാം അവരെ ആ വിഷയത്തില്‍ എതിര്‍ത്തതും തിരുത്തിയതും.

അതിനാല്‍ ആഇശ(റ)യുടെ ഈ ഒറ്റപ്പെട്ട അഭിപ്രായത്തെ ദുര്‍വ്യാഖ്യാനിച്ച് അശ്ലീലതകള്‍ വിതറുവാനുള്ള മിഷണറി നുണ ഫാക്ടറികളുടെ ഉദ്യമം വളരെ തരംതാഴ്ന്ന പ്രവര്‍ത്തനമായിപ്പോയി. ചെറിയ ആണ്‍കുട്ടികള്‍ക്കു മുലയൂട്ടുന്നതിലൂടെ, അതും സ്തനങ്ങളില്‍ നിന്ന് നേരിട്ടല്ലാതെ തളികയില്‍ പിഴിഞ്ഞ് കുടിപ്പിക്കപ്പെടുന്നതിലൂടെ (വുജൂര്‍) ബന്ധുക്കളായാല്‍ അവര്‍ക്ക് പ്രായപൂര്‍ത്തിയെത്തിയാലും അവരുടെ സാന്നിധ്യം അന്യപുരുഷ സാന്നിധ്യമാകില്ലല്ലോ എന്ന് കണക്കുകൂട്ടിയാണ് ഇത്തരമൊരു നയം ആഇശ (റ) സ്വീകരിച്ചത്.

‘മുലയൂട്ടല്‍’ വിവാദം ഇനിയും അവസാനിക്കാത്ത ‘സുവിശേഷ വേലകള്‍’

രണ്ടു വയസ്സിനുള്ളില്‍ വിശപ്പടങ്ങും വിധം അഞ്ചു തവണയെങ്കിലും മുലയൂട്ടിയാല്‍ മാത്രമേ, വിവാഹം നിഷിദ്ധമാക്കപ്പെടുന്ന ബന്ധം സ്ഥാപിതമാകൂ എന്ന കണിശമായ കര്‍മശാസ്ത്ര വിധി നിഷ്‌കര്‍ഷിച്ച ഒരു മതത്തെ അപകീര്‍ത്തിപ്പെടുത്താനും വൈകൃതവും പ്രാകൃതവുമായ ഒരു ധര്‍മ്മശാസ്ത്രമായി അതിനെ ചിത്രീകരിക്കുവാനും വേണ്ടി മിഷണറി നുണ ഫാക്ടറികള്‍ കൈവെച്ചത് ‘സഹ്‌ല-സാലിം മുലപ്പാലൂട്ടല്‍’ സംഭവമാണ്. സാലിമിന്റെ വിഷയത്തില്‍ മാത്രം, അദ്ദേഹത്തിന്റെ മാതാവ് സഹ്‌ലയുടെ തീവ്ര ദുഃഖത്തിന് ഒരു പോംവഴിയായി – ഇളവ് നല്‍കപ്പെട്ട ഒരു കാര്യമാണ് അതെന്ന് വ്യക്തമായിട്ടും ആ സംഭവത്തെ ഇത്രമേല്‍ മ്ലേച്ഛമായവതരിപ്പിച്ചു എന്നതു മാത്രമല്ല ‘മുലയൂട്ടല്‍’ വിവാദവുമായി ബന്ധപ്പെട്ട് ‘കുഞ്ഞാടുകള്‍’ ചെയ്ത ക്രൂരത. ഒരു കുഞ്ഞിനും ഒരിക്കലും മുലയൂട്ടാന്‍ സാധ്യമല്ലാത്ത, ഒരിക്കലും പ്രസവിച്ചിട്ടില്ലാത്ത പ്രവാചക പത്‌നി ആഇശ (റ) അത്തരത്തില്‍ ‘മുലയൂട്ടല്‍’ നടത്തിയിരുന്നു എന്ന പച്ചക്കള്ളം പടച്ചുണ്ടാക്കാന്‍ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നായ ഹദീഥുകളില്‍ കൈവെച്ചു. എന്നിട്ടും അരിശം തീരാതെ ആഇശയുടെ പ്രസ്തുത വിഷയകമായ ഒറ്റപ്പെട്ട അഭിപ്രായത്തെ ഉയര്‍ത്തിക്കാട്ടി വീണ്ടും അശ്ലീലതകള്‍ക്ക് പഴുതു തപ്പി നടന്നു. അതും അവരുടെ അഭിപ്രായത്തെ വസ്തുതാവിരുദ്ധമായ നിലയില്‍ ദുര്‍വ്യാഖ്യാനിച്ചു കൊണ്ട്. ഇനിയും തീര്‍ന്നിട്ടില്ല ഇവരുടെ മഹത്തായ ‘സുവിശേഷ വേല’കള്‍. തന്റെ ഒറ്റപ്പെട്ട അഭിപ്രായത്തില്‍ നിന്നും അഥവാ മുലകുടി പ്രായം (രണ്ടു വയസ്സ്) കഴിഞ്ഞതും എന്നാല്‍ പ്രായപൂര്‍ത്തിയെത്തിയിട്ടില്ലാത്തതുമായ ആണ്‍കുട്ടികള്‍ക്ക് മുലപ്പാല്‍ തളികയില്‍ പിഴിഞ്ഞു കുടിപ്പിച്ചാല്‍ ‘ബന്ധം’ സ്ഥാപിതമാകും എന്ന അഭിപ്രായത്തില്‍ നിന്നും പിന്നീട് ആഇശ (റ) മടങ്ങിയിട്ടുണ്ട് എന്ന വസ്തുത ഈ ‘കുഞ്ഞാടുകള്‍’ മറച്ചുവെച്ചിട്ടുണ്ടെന്നതും കൂടി നാം അറിയണം. അപ്പോള്‍ നമുക്ക് മനസ്സിലാകും മിഷണറി പക്ഷം വിമര്‍ശനമാണോ അല്ല വിരോധമാണോ പ്രകടിപ്പിക്കുന്നതെന്ന്.

ഇമാം കാസാനി പറഞ്ഞു: ”എന്നാല്‍ ആഇശ (ഈ വിഷയത്തിലുള്ള) നയം അവര്‍ തിരുത്തുകയുണ്ടായി എന്ന് സൂചിപ്പിക്കുന്ന നിവേദനങ്ങള്‍ ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. അവര്‍ ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ‘രക്തവും മാംസവും മുളപ്പിക്കുന്നതല്ലാത്ത (കൈകുഞ്ഞായിരിക്കുമ്പോളല്ലാത്ത) മുലകുടി വിവാഹബന്ധം നിഷിദ്ധമാക്കില്ല (മുലകുടി ബന്ധം സ്ഥാപിതമാകില്ല)” (ബദാഇഉസ്വനാഇ: 4/6) ‘തൊട്ടിലില്‍ വെച്ചുതന്നെ മുല കുടിച്ചാലെ’ മുലകുടി ബന്ധം സ്ഥാപിതമാകൂ എന്നും (മുസ്‌നദു അഹമ്ദ്: 6/270, മുസ്‌നദു ഇബ്‌നു ഉവാന: 3/122, സുനനു അബൂദാവൂദ്: 2/223) ‘അല്ലാഹുവാണേ, സാലിമിന്റെ വിഷയത്തില്‍ മാത്രമായി (ഖാസ്) പ്രവാചകന്‍ അനുവദിച്ചു കൊടുത്ത ഇളവായിരുന്നു അത് (ആ ഇളവ് എല്ലാവര്‍ക്കും ബാധകമല്ല)’ (സ്വഹീഹു മുസ്‌ലിം: 1454, മുസ്‌നദു അഹ്‌മദ്: 26660, സുനനു അബൂദാവൂദ്: 2061) എന്നുമുള്ള പ്രവാചക പത്‌നി ഉമ്മുസലമ(റ)യുടെ തിരുത്ത് ആഇശ (റ) സ്വീകരിച്ചു എന്നും, തന്റെ ഒറ്റപ്പെട്ട പൂര്‍വ്വ അഭിപ്രായത്തില്‍ നിന്നും അവര്‍ മടങ്ങിയെന്നും ഹദീഥ് ഗ്രന്ഥങ്ങളില്‍ തന്നെ വ്യക്തമാക്കിയിരിക്കെ അതെല്ലാം മറച്ചുവച്ചുകൊണ്ട് ഇത്തരം കുത്സിത പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ‘ദൈവത്തിന്റെ കുഞ്ഞാടുകള്‍’ക്കെങ്ങിനെ കഴിഞ്ഞു. മിഷണറി നുണ ഫാക്ടറികള്‍ നിര്‍മ്മിച്ച ഈ നുണകഥയും പൊക്കിപ്പിടിച്ച് ഇപ്പോഴും യുക്തിവാദികളും ഫെമിനിസ്റ്റുകളും ഫാഷിസ്റ്റുകളുമടങ്ങുന്ന ഇസ്‌ലാംവിമര്‍ശകര്‍ ചോദിക്കുന്നു ‘പ്രവാചകന്റെ ഈ കല്പന നടപ്പിലാക്കുവാന്‍ ഈ കാലഘട്ടത്തിലെ മുസ്‌ലിം സ്ത്രീകള്‍ തയ്യാറാകുമോ? തങ്ങളുടെ ഭാര്യമാരെ കൊണ്ട് ഈ പ്രവാചക നിര്‍ദ്ദേശം നടപ്പില്‍ വരുത്തുവാന്‍ മുസ്‌ലിം പുരുഷന്മാര്‍ ഒരുക്കമാണോ?’ എന്ന്. പാവം! സാധുക്കള്‍ വല്ലതും അറിയുന്നുണ്ടോ ഇതു മിഷണറി ‘സുവിശേഷ വേല’ മാത്രമാണെന്ന കഥ.!!!

മുഹമ്മദ് നബി സ്ത്രീ പീഢകനായിരുന്നു എന്ന് വ്യക്തമാക്കുന്ന നിവേദനങ്ങള്‍ സ്വഹീഹുല്‍ ബുഖാരിയില്‍ തന്നെ കാണാം. ‘ശൗത്ത്’ എന്നു വിളിക്കപ്പെട്ടിരുന്ന ഒരു തോട്ടത്തില്‍ വെച്ച് ‘ജൗന്‍’ ഗോത്രത്തിലെ ഉമൈമ:ബിന്‍ത് ശറാഹീല്‍ എന്ന സ്ത്രീയെ പ്രവാചകന്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും അവര്‍ ശക്തമായി പ്രതിരോധിക്കുകയും ചെയ്ത സംഭവം ഹദീഥ് ഗ്രന്ഥങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്ത്രീകളെ കടന്നുപിടിക്കാന്‍ പോലും മടിയില്ലാതിരുന്ന ഒരു വ്യക്തിയെ എങ്ങനെയാണ് മാനവികതയുടെ പ്രവാചകനായി വിലയിരുത്തുക?

ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ വ്യത്യസ്ത പരമ്പരകളിലൂടെ ഉദ്ധരിച്ച ഒരു സംഭവത്തിന്റെ ഏതാനും ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് പച്ചക്ക് ദുര്‍വ്യാഖാനിച്ചിരിക്കുകയാണിവിടെ. ഉമൈമ: ബിന്‍ത് ശറാഹീലുമായി ബന്ധപ്പെട്ട് ഇമാം ബുഖാരി അദ്ദേഹത്തിന്റെ സ്വഹീഹില്‍ ഉദ്ധരിച്ച നിവേദനങ്ങള്‍ വായിച്ചാല്‍ സംഭവം പ്രവാചക ജീവിതത്തിലെ ഒരു പുഴുകുത്തല്ലെന്നും മറിച്ച് പ്രവാചകന്റെ മഹാമനസ്‌കതയും സഹിഷ്ണുതയും കാരുണ്യവും അനുവാചകര്‍ക്ക് ബോധ്യപ്പെടുക മാത്രമാണുണ്ടാവുക എന്ന ഉത്തമബോധ്യമുള്ളതുകൊണ്ടു തന്നെ ഹദീഥുകളില്‍ നിന്നും തങ്ങള്‍ക്ക് കൈവെക്കാനൊക്കുന്നതു മാത്രം തിരഞ്ഞുപിടിച്ചു ദുര്‍വ്യാഖ്യാനിച്ചു ദുഷിപ്പിക്കുക എന്ന തന്ത്രമാണ് ഇസ്‌ലാംവിമര്‍ശകര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതിനാല്‍ പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് ഇമാം ബുഖാരി അദ്ദേഹത്തിന്റെ സ്വഹീഹില്‍ ഉദ്ധരിച്ച ഏതാനും ചില നിവേദനങ്ങള്‍ താഴെ കൊടുക്കുകയാണ്. ഒരൊറ്റ വായനയിലൂടെ തന്നെ ഏതൊരാള്‍ക്കും എളുപ്പം ഗ്രഹിക്കാന്‍ സാധിക്കുന്ന ഒരു വിഷയത്തെ പോലും ഇത്തരത്തില്‍ ദുര്‍വ്യാഖ്യാനിക്കുവാന്‍ ഇസ്‌ലാം വിമര്‍ശകര്‍ക്ക് യാതൊരു ലജ്ജയുമില്ലെന്നത് അവരുടെ സംസ്‌കാരത്തിന് നേരെയുള്ള ചൂണ്ടുവിരലാണ്.

”ഹംസത്തിബ്‌നു അബീ ഉസൈദ് നിവേദനം: അബൂ ഉസൈദ് (റ) പറഞ്ഞു: ഒരിക്കല്‍ പ്രവാചകനോടൊപ്പം(സ) ഞങ്ങള്‍ ഒരു യാത്ര പുറപ്പെട്ടു. ‘ശൗത്ത്’ എന്ന് വിളിക്കപ്പെടുന്ന ഒരു തോട്ടത്തെ ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി. ഞങ്ങള്‍ രണ്ട് തോട്ടങ്ങള്‍ക്കിടയിലെത്തിയപ്പോള്‍, അവിടെ ഞങ്ങളിരുന്നു. ഞങ്ങളോട് അവിടെ ഇരിക്കാൻ പ്രവാചകൻ (സ) പറഞ്ഞു. എന്നിട്ട് അദ്ദേഹം ആ തോട്ടത്തിലേക്ക് പോയി. ജൗന്‍ ഗോത്രത്തിലെ സ്ത്രീയെ അവിടേക്ക് കൊണ്ടുവരപ്പെട്ടിരുന്നു. ഈത്തപ്പന കൊണ്ടുണ്ടാക്കിയ വീട്ടിലായിരുന്നു അവര്‍. ഉമൈമ: ബിന്‍ത് ശറാഹീല്‍ എന്നായിരുന്നു അവരുടെ നാമം. അവരോടൊപ്പം അവരുടെ മുലകുടി ബന്ധത്തിലെ പോറ്റുമ്മയും ഉണ്ടായിരുന്നു. അവരുടെ അടുത്തേക്ക് അല്ലാഹുവിന്റെ ദൂതൻ (സ) പ്രവേശിക്കുകയും ‘നീ നിന്നെ എനിക്ക് സമര്‍പ്പിക്കുക’ എന്ന് പറയുകയും ചെയ്തു. അപ്പോള്‍ അവര്‍ പറഞ്ഞു: ‘ഒരു രാജ്ഞി അവരെ ഏതെങ്കിലും ഒരു സാധാരണക്കാരന് സമര്‍പ്പിക്കുമോ?’ അവരുടെ മേല്‍ കൈവെച്ച് അവരെ ശാന്തയാക്കാനായി തന്റെ കൈകള്‍ അദ്ദേഹം നീട്ടി. അപ്പോള്‍ അവര്‍ പറഞ്ഞു: ‘നിങ്ങളില്‍ നിന്നും ഞാൻ അല്ലാഹുവില്‍ ശരണം തേടുന്നു’. അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു: ‘ശരണം തേടുവാന്‍ ഏറ്റവും അർഹനായവനിലാണ് നീ ശരണം തേടിയിരിക്കുന്നത്. പിന്നീട് അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു. “അബൂ ഉസൈദ്, അവര്‍ക്ക് രണ്ട് റാസിഖിയ്യാ വസ്ത്രങ്ങള്‍ നല്‍കുകയും അവരുടെ കുടുംബത്തിലേക്ക് അവരെ തിരിച്ചെത്തിക്കുകയും ചെയ്യുക.” (ബുഖാരി: 5255)

”പ്രവാചകൻ (സ) ഉമൈമ: ബിന്‍ത് ശറാഹീലിനെ വിവാഹം ചെയ്തു. അവരെ അദ്ദേഹത്തിന്റെ അടുത്തേക്ക് പ്രവേശിക്കപ്പെട്ടപ്പോള്‍, അദ്ദേഹം തന്റെ കൈകൾ നീട്ടി സ്വീകരിച്ചു. അവര്‍ക്കത് ഇഷ്ടപെടാത്തത് പോലെ അവര്‍ പ്രതികരിച്ചു. അപ്പോള്‍ അവര്‍ക്ക് തിരികെ സ്വഗൃഹത്തിലേക്ക് പോകാന്‍ യാത്രാ സൗകര്യങ്ങള്‍ ചെയ്യാനും, രണ്ട് റാസിഖിയ്യാ വസ്ത്രങ്ങള്‍ സമ്മാനമായി നല്‍കാനും പ്രവാചകൻ (സ) അബൂ ഉസൈദിനോട് കല്പിച്ചു.” (ബുഖാരി: 5256)

”ഇമാം ഔസാഇ (റ) പറഞ്ഞു: ഞാന്‍ സുഹ്‌രിയോട് ചോദിച്ചു: ‘പ്രവാചകൻ(സ)യുടെ ഭാര്യമാരില്‍ ആരാണ് അദ്ദേഹത്തില്‍ നിന്നും ശരണം തേടിയത്?’ അദ്ദേഹം പറഞ്ഞു: ‘എന്നോട് ആഇശ(റ)യില്‍ നിന്നും ഇപ്രകാരം ഉര്‍വ അറിയിക്കുകയുണ്ടായി. ജൗന്‍ ഗോത്രക്കാരിയെ പ്രവാചകന്റെ(സ) അരികിലേക്ക് (അദ്ദേഹത്തിന്റെ പത്‌നിയായി) ആനയിക്കപ്പെടുകയും അദ്ദേഹം അവളുടെ അരികിലേക്ക് ചെല്ലുകയും ചെയ്തപ്പോള്‍ അവള്‍ പറഞ്ഞു: ‘ഞാന്‍ താങ്കളില്‍ നിന്നും അല്ലാഹുവിനോട് ശരണം തേടുന്നു.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അതിമഹത്വമുള്ളവനിലാണ് നീ ശരണം തേടിയിരിക്കുന്നത്. നീ നിന്റെ കുടുംബത്തിലേക്ക് മടങ്ങിക്കൊള്ളുക.” (ബുഖാരി: 5254)

ഉമൈമ: ബിന്‍ത് ശറാഹീലീനെ പ്രവാചകൻ (സ) വിവാഹം ചെയ്തിരുന്നു എന്ന വസ്തുത മറച്ചു പിടിച്ചു കൊണ്ട് പ്രസ്തുത സംഭവം വിമര്‍ശകര്‍ അവതരിപ്പിക്കാറ് എന്ന് മുകളിലെ മൂന്ന് ഹദീസുകളും ഒരുമിച്ചു വെച്ച് വായിക്കുമ്പോൾ സുതരാം വ്യക്തമാവുന്നു. പ്രവാചകനെ പെണ്ണു പിടുത്തക്കാരനായും പരസ്ത്രീകളെ കടന്നുപിടിക്കുന്ന വ്യക്തിയായും താറടിക്കുകയാണ് ഈ ദുര്‍വ്യാഖ്യാന കസര്‍ത്ത് നടത്തുന്നതിന് പിന്നിലെ ചേതോവികാരം. താന്‍ വിവാഹം ചെയ്ത സ്ത്രീക്ക് തന്നോടൊപ്പം ജീവിക്കുവാന്‍ താല്‍പര്യമില്ലെന്നറിഞ്ഞപ്പോള്‍, നിര്‍ബന്ധിച്ച് കൂടെ താമസിപ്പിക്കാതെ മാന്യമായി അവരെ സ്വഗൃഹത്തിലേക്ക് യാത്രയാക്കുകയും വേര്‍പിരിയും മുമ്പ് അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്ത മാതൃകാപരമായ ഒരു നപടിയെ എത്ര നികൃഷ്ടമായാണ് ഇസ്‌ലാംവിമര്‍ശകര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ﻻَ ﺗَﺤْﻤِﻠُﻮا اﻟﻨِّﺴَﺎءَ ﻋَﻠَﻰ ﻣَﺎ ﻳَﻜْﺮَﻫْﻦَ

“സ്ത്രീകളെ അവർക്ക് വെറുക്കുന്നത് ചെയ്യാൻ നിങ്ങൾ നിർബന്ധിക്കരുത്.” (മുസ്വന്നഫ് അബ്ദുർ റസാഖ്: 10320) എന്ന് അനുചരന്മാരെ പഠിപ്പിക്കുക മാത്രമല്ല കാരുണ്യ മൂർത്തിയായ പ്രവാചകൻ (സ) ചെയ്തത്, പ്രത്യുത ഉമൈമയോട് അനുവർത്തിച്ച നിലപാടിലൂടെ തന്റെ ആദർശനിഷ്ട സ്വജീവിതത്തിൽ പ്രാവർത്തികമായി തെളിയിക്കുക കൂടി അദ്ദേഹം ചെയ്തു.

പ്രവാചകന്‍ (സ) ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരെ നിര്‍ബന്ധപൂര്‍വ്വം കൂടെ താമസിപ്പിക്കുവാന്‍ യാതൊരു തടസ്സവുമുണ്ടായിരുന്നില്ല. കാരണം അവിടുന്ന് ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ അധിപനായിരുന്നു. രാജാക്കന്മാരും ചക്രവര്‍ത്തിമാരും ഒരു പെണ്ണിനെ ആഗ്രഹിച്ചു കഴിഞ്ഞാല്‍ അവളുടെ താല്‍പര്യം അന്വേഷിക്കുന്ന പതിവില്ലെന്ന് എല്ലാവര്‍ക്കുമറിയാവുന്ന വസ്തുതയാണ്. അതിനെതിരെ ഒരു ശബ്ദവുമവിടെ ഉയരുകയില്ല. ഇവിടെ പ്രവാചകന്‍ (സ) മാതൃകയാവുകയാണ്. താന്‍ വിവാഹം ചെയ്ത ഒരു സ്ത്രീക്ക് തന്നോടൊപ്പം ജീവിക്കുവാന്‍ താല്‍പര്യമില്ലെന്നറിഞ്ഞ നിമിഷം അവളെ ആശ്വസിപ്പിക്കുകയും സമാധാനിപ്പിക്കുകയും നിര്‍ഭയത്വത്തോടെ സ്വഗൃഹത്തിലേക്ക് മടങ്ങാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന പ്രവാചകന്‍, ഒരു രാഷ്ട്രത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത ഭരണാധിപനാണെന്ന വസ്തുതയും ചേര്‍ത്തു മനസ്സിലാക്കുമ്പോള്‍ എത്രമാത്രം ആദരവും താല്‍പര്യവുമാണ് ആ വ്യക്തിത്വത്തിനോട് തോന്നേണ്ടത്. ഇസ്‌ലാം വിമര്‍ശകര്‍ക്ക് പക്ഷെ അത്തരം ഊഷ്മളമായ ചിന്തയും വികാരവുമൊന്നും ഉണ്ടാവുകയില്ല. കാരണം അവരുടെ ഹൃദയം കടുത്തു പോയിരിക്കുന്നു. ഊഷരമായ ചിന്തയും വികാരവുമാണ് അവരെ നയിക്കുന്നത്. വെറുപ്പും വിദ്വേഷവും മാത്രമാണ് അവരെ ഭരിക്കുന്നത്.

സമാധാനിപ്പിക്കാനായി -അതും സ്വന്തം ഭാര്യയുടെ മേൽ- കൈ വെക്കാൻ തുനിഞ്ഞതിനെ ‘കേറിപ്പിടിക്കലാക്കി’ ചിത്രീകരിക്കാനുള്ള ‘അപാരമായ കഴിവ് ‘ അഗമ്യഗമനത്തേയും, ബലാൽസംഗത്തേയും ശവരതിയേയുമെല്ലാം പ്രണയിക്കുന്നവരുടെ ‘ഹൈപ്പർ സെക്ഷ്വാലിറ്റിയുടെ'(Hypersexuality)ഭാഗമാണ്. ഇത്തരക്കാർക്ക് ഒരു തെറാപ്പിസ്റ്റിനെ സംഘടിപ്പിച്ച് കൊടുക്കുന്നതിന് പകരം സ്റ്റേജും, പേജും നൽകി സമൂഹത്തിലേക്ക് അഴിച്ചു വിടുന്നതാണ് ഭൗതികവാദികൾ മത വിശ്വാസികളോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം.

ചരിത്രനിമിഷങ്ങളെ നാം തിരിച്ചൊന്ന് വിഭാവനം ചെയ്തു നോക്കൂ; ഉമൈമ: ബിന്‍ത് ശറാഹീലിന്റെ മനോഗതങ്ങളിലൂടെ. എന്തായിരിക്കും അവരുടെ ഹൃദയത്തില്‍ നിറഞ്ഞു നിന്ന വികാരങ്ങളും വിചാരങ്ങളും. തന്നെ വിവാഹം ചെയ്ത ആളോട്, അദ്ധേഹത്തെ തനിക്ക് ഇഷ്ടമല്ലെന്ന് അറിയിച്ചപ്പോള്‍ അവള്‍ കണ്ടത് ശാന്തവും മാന്യവുമായ പ്രതികരണമാണ്. ഒരു നിമിഷം പോലും അവളെ അദ്ദേഹത്തിന്റെ താല്‍പര്യങ്ങള്‍ക്കു വിധേയമാക്കാന്‍ ശ്രമിക്കാതെ, സമ്മാനങ്ങള്‍ നല്‍കി സ്വന്തം ഗൃഹത്തിലേക്ക് അവള്‍ക്ക് യാത്രാസൗകര്യമൊരുക്കിയ ഇസ്‌ലാമിക രാഷ്ട്രനായകനെ അവളുടെ ഹൃദയം എത്രമാത്രം ആദരിച്ചിട്ടുണ്ടാകും. തന്റെ നാട്ടിൽ തിരിച്ചെത്തിയ ഉമൈമ പ്രവാചകനുമായുള്ള ദാമ്പത്യ ജീവിതം ഉപേക്ഷിച്ചതിൽ പിന്നീട് ഖേദിക്കുകയും, ‘തനിക്ക് അമളി പറ്റി പോയി’ എന്ന് പറയുകയും ചെയ്തതായി ചരിത്രത്തിൽ തന്നെ കാണാം. (ഫത്ഹുൽ ബാരി: 9:314)

പക്ഷേ ഇസ്‌ലാം വിമര്‍ശകരുടെ വരണ്ട ഹൃദയങ്ങള്‍ക്ക് അത്തരം വിഭാവനങ്ങള്‍ അന്യമാണ്. ഹൃദയങ്ങളില്‍ അവര്‍ സൂക്ഷിച്ചിവെച്ചിരിക്കുന്ന ഇസ്‌ലാമിനോടുള്ള വെറുപ്പും വിദ്വേഷവും അവരെ എത്രമാത്രം ഊഷരവും വൃത്തിഹീനവുമായ മനോഗതിക്കാരാക്കിയിരുന്നു.! കഷ്ടം.!!

സ്ത്രീകള്‍ ബുദ്ധിയും മതവും കുറഞ്ഞവരാണെന്ന് ഹദീസുകള്‍ പഠിപ്പിക്കുന്നുണ്ട്. നബിപാഠങ്ങളില്‍ സ്ത്രീവിരുദ്ധതയുണ്ടെന്ന വിമര്‍ശനത്തെ അതു സാധൂകരിക്കുന്നില്ലെ?.

ഇസ്‌ലാം സ്ത്രീവിരുദ്ധമാണെന്ന് സ്ഥാപിക്കുവാന്‍ വിമര്‍ശകര്‍ സാധാരണയായി ഉന്നയിക്കാറുള്ള ഒന്നാണ് സ്ത്രീ ബുദ്ധിയും മതവും കുറഞ്ഞവളാണെന്ന് ഹദീസ് പഠിപ്പിക്കുന്നു എന്ന ആരോപണം. സന്ദര്‍ഭങ്ങളില്‍ നിന്നും സാഹചര്യങ്ങളില്‍ നിന്നും കാര്യങ്ങളെ അടര്‍ത്തിയെടുത്ത് തങ്ങളുടെ വക ദുര്‍വ്യാഖ്യാനങ്ങള്‍ ചമച്ചു കൊണ്ടാണ് പ്രസ്തുത ഹദീസ് വിമര്‍ശകര്‍ അവതരിപ്പിക്കാറ്. അതിനാല്‍ വിമര്‍ശന വിധേയമായ ഹദീസ് നമുക്ക് ആദ്യം പരിശോധന വിധേയമാക്കാം.

ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും തങ്ങളുടെ സ്വഹീഹുകളില്‍ ഉദ്ധരിച്ച, അല്‍പം ദീര്‍ഘമായ ഒരു ഹദീസിന്റെ അവസാന ഭാഗമാണിത്. അതിപ്രകാരം ഭാഷാന്തരം ചെയ്യാം: ”….ദൃഢചിത്തരായ പുരുഷന്‍മാരുടെ ഹൃദയങ്ങളെ ഇളക്കുവാന്‍ ബുദ്ധിയും മതവും കുറഞ്ഞ നിങ്ങളെക്കാള്‍ കഴിവുള്ളവരെ ഞാന്‍ വേറെ കണ്ടിട്ടില്ല. സ്ത്രീകള്‍ ചോദിച്ചു: തിരുദൂതരേ! ബുദ്ധിയിലും മതത്തിലും ഞങ്ങള്‍ക്കെന്താണ് കുറവ്? അവിടുന്ന് അരുളി: സ്ത്രീയുടെ സാക്ഷ്യം പുരുഷന്റെ പകുതി സാക്ഷ്യത്തിന് തുല്യമായല്ലെ പരിഗണിക്കപ്പെടുന്നത് ? അവര്‍ പറഞ്ഞു. അതെ. പ്രവാചകന്‍ (സ) അരുളി: അതാണ് അവരുടെ ബുദ്ധി കുറവ്.

ആര്‍ത്തവമുണ്ടായാല്‍ സ്ത്രീ നമസ്‌കാരവും നോമ്പും ഉപേക്ഷിക്കുന്നില്ലേ? അവര്‍ പറഞ്ഞു: അതെ. പ്രവാചകന്‍ (സ) പ്രതിവചിച്ചു: അതാണ് അവരുടെ മതത്തിന്റെ കുറവ്.” (സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ഹൈള്വ്, 6/304)

സ്ത്രീകള്‍ ബുദ്ധികുറഞ്ഞവരാണ് എന്ന പരാമര്‍ശത്തിന്റെ ഉദ്ദേശം ഹദീസില്‍ തന്നെ വിശദീകരിക്കുന്നുണ്ട്. ‘സ്ത്രീയുടെ സാക്ഷ്യം പുരുഷന്റെ പകുതി സാക്ഷ്യത്തിന് തുല്യമായല്ലെ പരിഗണിക്കപ്പെടുന്നത്?’. മതം കുറവാണ് എന്നുപറഞ്ഞതിന്റെ അര്‍ത്ഥവും ഹദീസ് വ്യക്തമാക്കി. ‘ആര്‍ത്തവമുണ്ടായാല്‍ സ്ത്രീ നമസ്‌കാരവും നോമ്പും ഉപേക്ഷിക്കുന്നില്ലേ?’. ആദ്യം നമുക്ക് മതത്തിലെ ‘കുറവി’നെപ്പറ്റി പരിശോധിക്കാം. കാരണം അതേ പ്രശ്‌നം മാത്രമാണ് ബുദ്ധികുറവിനെപ്പറ്റിയുള്ള ഹദീസിലെ പരാമര്‍ശത്തിലുമുള്ളത്. അഥവാ രണ്ടു പ്രശ്‌നവും സമാനമാണെന്നര്‍ത്ഥം.

മതം കുറവാണ് എന്നു പറഞ്ഞതുകൊണ്ടര്‍ത്ഥമാക്കുന്നത്; സ്ത്രീകള്‍ ദൈവഭക്തിയില്‍ കുറവുള്ളവരാണെന്നോ, ആചാരാനുഷ്ഠാനങ്ങള്‍ ശ്രദ്ധിക്കാത്തവരാണെന്നോ, മതശാസനകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നവരാണെന്നോ ഒന്നുമല്ല. പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് മത ബാധ്യതകളും നിയമങ്ങളും കുറവാണ് എന്നാണ് ‘മതം കുറഞ്ഞവര്‍’ എന്നതുകൊണ്ടുദ്ദേശം. അഥവാ മതനിയമവും ബാധ്യതയുമായി ബന്ധപ്പെട്ട്, സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ മതത്തില്‍ ഇളവ് / കുറവ് അനുവദിക്കപ്പെട്ടിരിക്കുന്നു.

പ്രസവ- ആര്‍ത്തവ കാലഘട്ടങ്ങളില്‍, സ്ത്രീകളുടെ സൃഷ്ടിപരവും പ്രകൃതിപരവുമായ തടസ്സങ്ങളാല്‍ മതാനുഷ്ടാനത്തില്‍ വരുന്ന കമ്മിയാണ് ‘കുറവ്’ (നുക്‌സാന്‍ النقصان) എന്നതുകൊണ്ട് വിശേഷിപ്പിച്ചിരിക്കുന്നത്. സ്ത്രീയുടെ കുറ്റംകൊണ്ട് സംഭവിക്കുന്ന കാര്യങ്ങളല്ല അതൊന്നും. അതുകൊണ്ട് തന്നെ അതവളുടെ വീഴ്ചയുമല്ല. പ്രസ്തുത പ്രശ്നത്തില്‍ സ്ത്രീകളെ ഹദീഥ് കുറ്റപ്പെടുത്തുന്നുമില്ല. കാരണം ദൈവിക നിര്‍ദേശമനുസരിച്ചാണ് വാസ്തവത്തില്‍ സ്ത്രീകള്‍ ആര്‍ത്ത-പ്രസവാനന്തര കാലത്ത് നമസ്‌കാരവും നോമ്പും ഉപേക്ഷിക്കുന്നത്. എന്നു മാത്രമല്ല, ദൈവ കല്‍പ്പനയോടുള്ള അനുസരണത്തിന് അവള്‍ക്ക് അക്കാര്യങ്ങളില്‍ പ്രതിഫലവും ലഭിക്കും. എന്നിരുന്നാലും ഫലത്തില്‍ പുരുഷന്മാരേക്കാള്‍ കുറവ് ആരാധനകളാണല്ലോ സ്ത്രീക്കുള്ളത്. അതുകൊണ്ട്, പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് മതം കുറവാണ് എന്ന് പറയുന്നതില്‍ ഭാഷാപരമായി തെറ്റില്ല.

ഇവിടെ, നുക്‌സാന്‍ (النقصان) എന്നത് reduction (‘കുറവ്’) എന്ന അര്‍ത്ഥത്തിലാണ് പ്രയോഗിക്കപ്പെട്ടിരിക്കുന്നത്, deficiency (അപര്യാപ്തത, പോരായ്മ) എന്ന അര്‍ത്ഥത്തിലല്ല.

സമാനപ്രശ്നം തന്നെയാണ് ബുദ്ധിയുടെ കാര്യത്തിലും ഉള്ളത്. അഥവാ സ്ത്രീ യുക്തിവൈഭവം ഇല്ലാത്തവളാണെന്നോ, ചിന്താശേഷി കുറഞ്ഞവളാണെന്നോ, ഗ്രാഹ്യശേഷി നഷ്ടപ്പെട്ടവളാണെന്നോ ഒന്നുമല്ല ഹദീഥ് പഠിപ്പിക്കുന്നത്. മറിച്ച്, സാമ്പ്രദായികവും പ്രകൃതിപരവുമായ കാരണങ്ങളാല്‍ സ്ത്രീക്ക് പുരുഷനെ പോലെ ബൗദ്ധിക ക്ഷമത പുലര്‍ത്താന്‍ കഴിയാത്ത ചില സാഹചര്യങ്ങളും മേഖലകളുമുണ്ട് എന്നു മാത്രമാണ് ഉദ്ദേശിക്കപ്പെട്ടത്. ‘സ്ത്രീയുടെ സാക്ഷ്യം പുരുഷന്റെ പകുതി സാക്ഷ്യത്തിന് തുല്യമായല്ലെ പരിഗണിക്കപ്പെടുന്നത് ?’ എന്നതാണ് ‘ബുദ്ധിയുടെ കുറവ്’ എന്നതുകൊണ്ട് ഉദ്ദേശിച്ചത് എന്ന് ഹദീസില്‍ തന്നെ വിശദീകരിക്കപ്പെടുന്നുണ്ട്.

സ്ത്രീയുടെ എല്ലാ സാക്ഷ്യത്തിനും പുരുഷന്റെ പകുതി സാക്ഷ്യത്തിന്റെ സ്ഥാനമാണോ ഉള്ളത്. തീര്‍ച്ചയായും അല്ല. പിന്നെ ഏതു സാക്ഷ്യത്തിന്റെ കാര്യത്തിലാണ് നബി (സ) അങ്ങനെ പറഞ്ഞത്. അതറിയാന്‍ വിശുദ്ധ ക്വുര്‍ആനിലേക്ക് മടങ്ങണം; വിശുദ്ധ ക്വുര്‍ആനിലെ ഏറ്റവും വലിയ സൂക്തമായ ‘ആയത്തു ദൈനി’ലേക്ക്. അഥവാ കടമിടപാടുകള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട മര്യാദ പഠിപ്പിക്കുന്ന സൂക്തത്തിലേക്ക്. അവിടെ വിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞു: ”… ഇനി കടബാധ്യതയുള്ള ആള്‍ വിവേകമില്ലാത്തവനോ, കാര്യശേഷിയില്ലാത്തവനോ, (വാചകം) പറഞ്ഞുകൊടുക്കാന്‍ കഴിവില്ലാത്തവനോ ആണെങ്കില്‍ അയാളുടെ രക്ഷാധികാരി അയാള്‍ക്കുവേണ്ടി നീതിപൂര്‍വം (വാചകം) പറഞ്ഞുകൊടുക്കേണ്ടതാണ്. നിങ്ങളില്‍പെട്ട രണ്ട് പുരുഷന്‍മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുകയും ചെയ്യുക. ഇനി ഇരുവരും പുരുഷന്‍മാരായില്ലെങ്കില്‍ നിങ്ങളിഷ്ടപ്പെടുന്ന സാക്ഷികളില്‍നിന്ന് ഒരു പുരുഷനും രണ്ടു സ്ത്രീകളും ആയാലും മതി. അവരില്‍ ഒരുവള്‍ക്ക് തെറ്റുപറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കാന്‍ വേണ്ടി.” (വി. ക്വുര്‍ആന്‍ 2:282)

കടമിടപാട് രംഗത്തെ സാക്ഷ്യത്തെപറ്റിയാണ് വിശുദ്ധ ക്വുര്‍ആനും വിമര്‍ശനവിധേയമായ ഹദീഥും പരാമര്‍ശിക്കുന്നത്. ഇവിടെയാണ് ഒരു പുരുഷന്റെ സാക്ഷ്യത്തിനുപകരം രണ്ടു സ്ത്രീകളുടെ സാക്ഷ്യം നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. എന്തുകൊണ്ടാണ് അത്തരമൊരു നിര്‍ദേശം മുന്നോട്ടുവെക്കുന്നതെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കി. ‘അവരില്‍ ഒരുവള്‍ക്ക് തെറ്റുപറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കാന്‍ വേണ്ടി.’ സ്ത്രീയുടെ സാക്ഷ്യത്തില്‍ തെറ്റുപറ്റാനുള്ള സാധ്യത ക്വുര്‍ആന്‍ എടുത്തുപറഞ്ഞത് സ്ത്രീവിരുദ്ധതയുടെ ഭാഗമായാണോ? ഒരിക്കലുമല്ല. സാമ്പ്രദായികവും പ്രകൃതിപരവുമായ ചിലകാരണങ്ങളാലാണ് അപ്രകാരം സൂചിപ്പിക്കപ്പെട്ടത്. കടമിടപാട് അഥവാ സാമ്പത്തികരംഗം, കച്ചവടം, ഗണിതം തുടങ്ങിയ മേഖലകളിലാണ് സ്ത്രീക്ക് മറവിയും തെറ്റും സംഭവിക്കാനുള്ള സാധ്യതയെ പരിഗണിച്ചതും, അതു പരിഹരിക്കാന്‍ രണ്ടു സ്ത്രീകളുടെ സാക്ഷ്യം ഒരു പുരുഷന്റെ സാക്ഷ്യത്തിന് തുല്യമായി കണക്കാക്കിയതും. അല്ലാതെ എല്ലാ മേഖലകളിലും സ്ത്രീക്ക് മറവിയും തെറ്റും സംഭവിക്കാമെന്നോ എല്ലാ വിഷയത്തിലും രണ്ടു സ്ത്രീകളുടെ സാക്ഷ്യം ഒരു പുരുഷന്റെ സാക്ഷ്യത്തിന് തുല്യമാണെന്നോ ഇസ്‌ലാം എവിടെയും പറഞ്ഞിട്ടില്ല. മറിച്ച് ഒട്ടനവധി വിഷയങ്ങളില്‍ സ്ത്രീയുടേയും പുരുഷന്റേയും സാക്ഷ്യം തുല്യമായി പരിഗണിച്ചിട്ടുമുണ്ട്. അപ്പോള്‍ സാമ്പത്തികരംഗം, ഗണിതം, വാണിജ്യം തുടങ്ങിയ മേഖലകളിലാണ് സ്ത്രീക്ക് പുരുഷന്മാരോളം ബൗദ്ധിക ക്ഷമത ഇല്ല എന്ന് ഖുര്‍ആനിലെ ‘ആയത്തു ദ്ദൈനും’, ചര്‍ച്ചാ വിധേയമായ ഹദീസും സൂചിപ്പിക്കുന്നത്. ഇതിന് ചില ന്യായമായ കാരണങ്ങളുണ്ട്:

ഒന്ന്, കച്ചവടം, സാമ്പത്തികം, ഗണിതം തുടങ്ങിയവ സാമ്പ്രദായികമായി പുരുഷന്മാരുടെ മേഖലകളാണ്; പ്രത്യേകിച്ച്, പ്രവാചകന്റെ (സ) ആഗമന കാലഘട്ടത്തിന് മുമ്പ്.

കുടുംബത്തിന്റെ ചെലവും സാമ്പത്തിക ബാധ്യതകളും പുരുഷന്റെ മേലാണ് ഇസ്‌ലാം നിര്‍ബന്ധമാക്കിയത്. സ്ത്രീക്ക് അവ ഐച്ഛികമാണ്. അതുകൊണ്ട് പ്രവാചകന്റെ(സ) ആഗമനത്തിന് ശേഷവും ഈ മേഖലകളില്‍ പുരുഷന്മാര്‍ തന്നെ വിഹരിച്ചു.

സാമ്പ്രദായികമായി, സ്ത്രീകള്‍ ബന്ധപ്പെടാത്ത മേഖലയായതു കൊണ്ട് തന്നെ തത് വിഷയങ്ങളില്‍ സ്ത്രീകള്‍ക്ക് മറവിയും തെറ്റും സംഭവിക്കാനുള്ള സാധ്യതയെ പരിഗണിക്കുകയും, അതു പരിഹരിക്കാന്‍ രണ്ടു സ്ത്രീകളുടെ സാക്ഷ്യം ഒരു പുരുഷന്റെ സാക്ഷ്യത്തിന് തുല്യമായി കണക്കാക്കുകയും ചെയ്തു. സ്വഭാവികമായും അന്നത്തെ സ്ത്രീകള്‍ ഇത്തരം മേഖലകളില്‍ പുരുഷന്മാരേക്കാള്‍ അറിവും ബൗദ്ധിക പാടവവും കുറഞ്ഞവരായിരുന്നു എന്ന സാമൂഹിക വസ്തുതയെ ഉദ്ധരിക്കുക മാത്രമാണ് പ്രവാചകന്‍ (സ) ചെയ്തത്. അല്ലാതെ അതേ അവസ്ഥ തുടരുമെന്നോ തുടരണമെന്നോ പ്രവാചകന്‍ (സ) അനുശാസിച്ചിട്ടില്ല. എന്ന് മാത്രമല്ല, സ്ത്രീ വിദ്യഭ്യാസത്തെ പ്രോത്സാഹിപ്പിച്ച വ്യക്തിത്വമാണ് അദ്ദേഹം. ‘ഒരാളുടെ അടുക്കല്‍ ഒരു അടിമ സ്ത്രീ ഉണ്ടാവുകയും അവളെ ഏറ്റവും നല്ല രീതിയില്‍ പഠിപ്പിക്കുകയും ഏറ്റവും നല്ല വിദ്യാഭ്യാസം നല്‍കുകയും ശേഷം മോചിപ്പിക്കുകയും വിവാഹം കഴിക്കുകയും ചെയ്താല്‍ ഇരട്ടി പ്രതിഫലമുണ്ട്’ എന്ന പ്രവാചക വചനം ഉദാഹരണം. (സ്വഹീഹുല്‍ ബുഖാരി: 3446)

അടിമ സ്ത്രീക്ക് പോലും വിദ്യാഭ്യാസം നല്‍കല്‍ പ്രതിഫലാര്‍ഹമായ പുണ്യകര്‍മ്മമാണെന്ന് പഠിപ്പിച്ച മതമാണ് ഇസ്‌ലാം.

ഹദീസിന്റെ പശ്ചാത്തലവും പ്രസക്തമാണ്. ഒരു പൊതുവേദിയിലല്ല പ്രവാചകന്‍ (സ) ഇതു സംസാരിക്കുന്നത്. സ്ത്രീകള്‍ മാത്രമുള്ള, സ്ത്രീകള്‍ക്ക് വേണ്ടി മാത്രം ഒരുക്കപ്പെട്ട ഒരു സദസ്സില്‍ സ്ത്രീകളെ ഗുണദോഷിക്കുകയാണ് പ്രവാചകന്‍ (സ).

‘അല്ലാഹുവിന്റെ ദൂതന്‍ (സ) പെരുന്നാള്‍ ദിവസം നമസ്‌ക്കാരസ്ഥലത്തേക്ക് പുറപ്പെട്ടു. (നമസ്‌ക്കാരത്തില്‍ നിന്ന്) പിരിഞ്ഞ ശേഷം അദ്ദേഹം ജനങ്ങള്‍ക്ക് (പൊതുവായി) ഉപദേശം നല്‍കി. അവരോട് ദാനധര്‍മ്മം ചെയ്യാനായി കല്‍പ്പിച്ചു. അദ്ദേഹം പറഞ്ഞു: ‘ജനങ്ങളേ, നിങ്ങള്‍ ദാനധര്‍മ്മം നിര്‍വ്വഹിക്കുക…’ എന്നിട്ട് അദ്ദേഹം സ്ത്രീകളുടെ അടുത്തു കൂടി കടന്നുവന്നു, എന്നിട്ട് (അവരെ ഉപദേശിച്ചു കൊണ്ട്) പറഞ്ഞു: ‘ഓ, സ്ത്രീ സമൂഹമേ, നിങ്ങള്‍ ദാനധര്‍മ്മം നിര്‍വ്വഹിക്കുക…’ (സ്വഹീഹുല്‍ ബുഖാരി: 1462)

തുടര്‍ന്ന് പ്രവാചകന്‍ (സ) സ്ത്രീകള്‍ക്ക് മാത്രം പ്രത്യേകമായി നല്‍കിയ ഉത്‌ബോധനങ്ങള്‍ക്കിടയിലാണ് ചര്‍ച്ചാ വിഷയകമായ വാചകം പറയുന്നത് എന്നോര്‍ക്കണം. ഇവിടെ, പുരുഷന്മാരടങ്ങുന്ന പൊതു സദസ്സില്‍ സ്ത്രീകളെ അവമതിക്കുകയോ, സ്ത്രീ പുരുഷ വര്‍ഗ ശ്രേഷ്ഠതകളേയും ശക്തി ക്ഷയങ്ങളേയും താരതമ്യ പഠനത്തിന് വിധേയമാക്കുകയോ, പുരുഷ മേല്‍കോയ്മക്കും വര്‍ഗ ശ്രേഷ്ഠതക്കും താത്ത്വികമായ അടിത്തറ അവതരിപ്പിക്കുകയോ ഒന്നുമല്ല പ്രവാചകന്‍ (സ) ഉദ്ദേശിച്ചത്. അതായിരുന്നു പ്രവാചകന്റെ ഉദ്ദേശമെങ്കില്‍, പെരുന്നാള്‍ ദിവസം ആദ്യമായി നടത്തിയ പൊതു പ്രഭാഷണത്തിലായിരുന്നു പ്രവാചകന്‍ (സ) ഈ പ്രസ്താവന നടത്തുമായിരുന്നത് എന്ന് ചിന്താശേഷിയുള്ള ഏവര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതേയുള്ളു. പ്രത്യുത, ഈ ‘വഅള്’ (الوعظ) അഥവാ ഉപദേശ പ്രസംഗത്തിന്റെ ഉദ്ദേശം സ്ത്രീകള്‍ക്ക് ആത്മ വിമര്‍ശനത്തിന്റേയും ആത്മ വിചിന്തനത്തിന്റേയും വാതിലുകള്‍ തുറന്നു കൊടുക്കുകമാത്രമായിരുന്നു.

ഇവിടെയും, നുക്‌സാന്‍ (النقصان) എന്നത് reduction (‘കുറവ്’) എന്ന അര്‍ത്ഥത്തിലാണ് പ്രയോഗിക്കപ്പെട്ടിരിക്കുന്നത്, deficiency (അപര്യാപ്തത, പോരായ്മ) എന്ന അര്‍ത്ഥത്തിലല്ല. കാരണം, ബുദ്ധി (intelligence) എന്നത് ജന്മസിദ്ധമായ ബുദ്ധി (inborn intelligence), ആര്‍ജ്ജിത ബുദ്ധി (acquired intelligence) എന്നിങ്ങനെ രണ്ടായി തിരിക്കാം. ഇവിടെ ഹദീസിലെ സംബോധനം ആര്‍ജ്ജിത ബുദ്ധിയെ സംബന്ധിച്ചാണ്. അതിന്റെ കുറവ് ചൂണ്ടികാണിക്കുന്നതില്‍, സ്ത്രീകളുടെ ബുദ്ധി ജൈവശാസ്ത്രപരമായി അപര്യാപ്തമാണെന്ന സൂചനയില്ല.

അപ്പോള്‍, ചില മേഖലകളില്‍ ബുദ്ധി വൈഭവത്തില്‍ പുരുഷന്മാര്‍ക്ക് പിന്നിലാണ് സ്ത്രീകളെന്ന് അവരെ ബോധവല്‍ക്കരിക്കുകയും അത്തരം ന്യൂനതകള്‍ പരിഹരിക്കാതെ, പകരം സ്‌ത്രൈണതയെ പുരുഷന്മാരെ വശീകരിക്കുന്നതില്‍ കേന്ദ്രീകരിക്കുകയും ചെയ്യുന്നത് ആത്മനിന്ദയും സ്വയം നശീകരണവുമാണെന്നും അവരെ പഠിപ്പിക്കുകയാണ് പ്രവാചകന്‍ (സ).

രണ്ട്, സാമ്പത്തികം (Economics, ഗണിതം (Mathematics, യന്ത്രശാസ്ത്രം (Engineering) തുടങ്ങിയ പല വിഷയങ്ങളിലും പ്രകൃതിസഹജമായ കാരണങ്ങളാല്‍ തന്നെ സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ ബൗദ്ധിക ക്ഷമതയും മികവും പുലര്‍ത്തുന്നുവെന്ന് സൂചിപ്പിക്കുന്ന അക്കാദമിക ഗവേഷണങ്ങളും ശാസ്ത്രപഠനങ്ങളും തന്നെ സുലഭമാണ്. അതിനെതിരായും ശാസ്ത്രീയ നിരൂപണങ്ങളും പഠനങ്ങളും നിലനില്‍ക്കുന്നുണ്ട് എന്നത് വിസ്മരിക്കുന്നില്ല. പക്ഷെ അവ തമ്മില്‍ മാറ്റുരക്കുക എന്നത് വിശാലമായ മറ്റൊരു മേഖലയാണ്. അതിന് ഇവിടെ മുതിരുന്നില്ല. മറിച്ച്, പല മേഖലകളിലും പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ ബുദ്ധിചാതുര്യം പ്രകടിപ്പിക്കുന്നു എന്ന് സൂചിപ്പിക്കുന്ന അധുനിക ഗവേഷണങ്ങളും പഠനങ്ങളും തന്നെ നിലനില്‍ക്കെ, പൗരാണിക സ്ത്രീ സമൂഹത്തിന്റെ സാമൂഹിക പരിതസ്ഥിതി തുറന്നു കാണിച്ച്, സ്ത്രീകള്‍ക്ക് ആത്മ വിമര്‍ശനത്തിന് ചിന്താ വേദിയൊരുക്കിയ പ്രവാചകന്‍ (സ) എങ്ങനെ സ്ത്രീ വിരുദ്ധനാകും?!

മൂന്ന്, സ്ത്രീകള്‍ക്ക് ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ യുക്തിവിചാരശേഷിയില്‍ (logical reasoning) കുറവ് സംഭവിക്കുവാന്‍ സാധ്യതയുണ്ടെന്നത് ഇന്നു പല ശാസ്ത്ര പഠനങ്ങളും വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. ആര്‍ത്തവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ മനഃസംഘര്‍ഷം, ഗര്‍ഭധാരണത്തിന്റെ ആദ്യനാളുകളിലെ മാനസിക പ്രശ്നങ്ങള്‍, ആര്‍ത്തവ വിരാമത്തോടനുബന്ധിച്ചുള്ള മാനസിക പ്രയാസങ്ങള്‍, പ്രസവകാലത്തെ പ്രശ്നങ്ങള്‍, ഗര്‍ഭഛിദ്രമുണ്ടാക്കുന്ന മാനസികാഘാതം ഇങ്ങനെ ഒട്ടനവധി പ്രശ്നങ്ങള്‍ സ്ത്രീകള്‍ മാത്രം നേരിടുന്നവയാണ്. ഈ സാഹചര്യങ്ങളില്‍ ശാരീരിക പ്രയാസങ്ങള്‍ക്കുപുറമെ മനോമാന്ദ്യം (slow mindedness, ഏകാഗ്രതയില്ലായ്മ, ഓര്‍മക്കുറവ് എന്നിങ്ങനെ ഒട്ടനവധി മാനസിക പ്രശ്നങ്ങള്‍ക്ക് പല സാഹചര്യങ്ങളിലും സ്ത്രീകള്‍ വിധേയരാകുന്നുണ്ടെന്നത് ശാസ്ത്രീയ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

മാത്രമല്ല സ്ത്രീകളുടെ ബുദ്ധി വൈകാരിക പ്രധാനവും പുരുഷന്റേത് വൈചാരിക പ്രധാനവുമാണെന്നും പുതിയകാല ശാസ്ത്രഗവേഷണങ്ങള്‍ അടിവരയിടുന്നുണ്ട് (www.telegraph.co.uk). സാക്ഷ്യപ്രഖ്യാപന വേളയില്‍ വൈകാരികാന്തരീക്ഷം സംജാതമായാല്‍ അതും സാക്ഷ്യത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ള ഒരു മേഖലയാണ്. പ്രകൃതിപരമായി തന്നെ സ്ത്രീയില്‍ ഈ അബലതകള്‍ ഉള്ളതുകൊണ്ടാകാം ‘അവരില്‍ ഒരുവള്‍ക്ക് തെറ്റുപറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കാന്‍ വേണ്ടി’ എന്നു ക്വുര്‍ആന്‍ പ്രത്യേകം എടുത്തുപറയുന്നത്. ഇത് സ്ത്രീയെ അവമതിക്കലല്ല; പ്രകൃതിപരമായി അവളുടെ അബലതകളെ ഉള്‍ക്കൊള്ളലാണ്.

എന്നാല്‍ സാക്ഷ്യത്തിന്റെ കാര്യത്തില്‍ എല്ലാ രംഗത്തും ഈ സമീപനം ഇസ്‌ലാം പഠിപ്പിക്കുന്നുണ്ടോ? ഇല്ല എന്നുമാത്രമല്ല പല വിഷയങ്ങളും ഏകസ്ത്രീ സാക്ഷ്യം സ്വഹാബിമാരും താബിഉകളും സ്വീകരിച്ചിട്ടുണ്ട്.

പ്രവാചക ശിഷ്യന്‍ അബൂ മൂസാ (റ) പറഞ്ഞു: ‘ഏതൊരു ഹദീഥിനെ സംബന്ധിച്ചും ഞങ്ങള്‍, പ്രവാചകാനുചരന്‍മാര്‍ക്കിടയില്‍ എന്ത് പ്രശ്നവും സംശയവും ഉദിച്ചാലും, അതിനെപ്പറ്റി ആഇശ(റ)യോട് ഞങ്ങള്‍ ആരാഞ്ഞാല്‍ അവരുടെ അടുക്കല്‍ അതിനെ സംബന്ധിച്ച് അറിവ് ഉണ്ടാകാതിരുന്നിട്ടില്ല; ഒരിക്കലും.” (സുനനു തിര്‍മിദി: 3883).

”മസ് റൂക് പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെ സത്യം. മുഹമ്മദ് നബി(സ)യുടെ അനുചരന്‍മാരില്‍ മഹാപണ്ഡിതരായ തലമുതിര്‍ന്നവര്‍ ആഇശ(റ)യോട് അനന്തരാവകാശ നിയമങ്ങളെ സംബന്ധിച്ച് ചോദിച്ചു പഠിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.” (മുസ്വന്നഫ് ഇബ്നു അബീ ശൈബ: 30387).

ഇമാം ദഹബി (റ) പറഞ്ഞു: ”സ്ത്രീകളായ ഹദീഥ് നിവേദകരില്‍ ആരെയും ഹദീഥ് പണ്ഡിതന്‍മാര്‍ കളവ് ആരോപിച്ചതായോ, നിവേദനത്തിന് പറ്റാത്തവരായി കണ്ട് ഉപേക്ഷിച്ചവരായോ ഞാന്‍ അറിഞ്ഞിട്ടില്ല.” (മീസാനുല്‍ ഇഅ്തിദാല്‍: 4/604).

സ്ത്രീയെ പൊതുവായി ബുദ്ധിയില്ലാത്തവളായും ഏക സാക്ഷ്യത്തിന് കൊള്ളാത്തവളായും ഇസ്‌ലാം പരിഗണിച്ചിരുന്നുവെങ്കില്‍ ആഇശ(റ)യുടേയും മറ്റു ഹദീസ് നിവേദകരായ സ്ത്രീ രത്‌നങ്ങളുടേയും വാതില്‍ക്കല്‍ ജ്ഞാനത്തിനായി പണ്ഡിത പുരുഷ വൃന്ദം തടിച്ചു കൂടുമായിരുന്നില്ലല്ലോ.

ഇമാം ശൗക്കാനി പറഞ്ഞു : "സ്ത്രീയാണെന്ന കാരണത്താൽ, ഒരു സ്ത്രീ പറഞ്ഞുതന്ന വിവരങ്ങൾ (ഹദീഥ്) പണ്ഡിതന്മാർ തള്ളിയതായി ഒരൊറ്റ പണ്ഡിതന്മാരിൽ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ല. എത്രയെത്ര ഹദീസുകളാണ് ഒരൊറ്റ സ്വഹാബിവനിതയിൽ നിന്നും കേട്ടു എന്നതിനാൽ മുസ്‌ലിം സമൂഹം മൊത്തം അതു സ്വീകരിച്ചതായിട്ടുള്ളത്. ഹദീസ് ശാസ്ത്രത്തെപ്പറ്റി അല്പമെങ്കിലും വിവരമുള്ളവരാരും ഇത് നിഷേധിക്കുകയില്ല.'' (നൈലുൽ ഔത്വാർ 6/360)

പല വിഷയങ്ങളിലും ഏക സ്ത്രീ സാക്ഷ്യം ഇസ്‌ലാം പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ കടമിടപാട് രംഗത്ത് മാത്രമാണ് രണ്ടു സ്ത്രീ സാക്ഷ്യത്തെ ഒരു പുരുഷ സാക്ഷ്യത്തിനു പകരമായി പരിഗണിച്ചിരിക്കുന്നത്. അത് നാം മുമ്പ് സൂചിപ്പിച്ചതുപോലെ അവളുടെ പ്രകൃതിപരമായ അബലതകള്‍ മൂലം വല്ല മറവിയോ അബദ്ധമോ സംഭവിക്കാനുള്ള സാധ്യതയെ പരിഗണിച്ചുകൊണ്ടുള്ള നിലപാട് മാത്രമാണ്. സ്ത്രീയുടെ ബുദ്ധിയെയോ ഓര്‍മയെയോ പ്രതികൂലമായി സ്വാധീനിക്കാനിടയുള്ള ഇത്തരം പ്രകൃതിപരമായ പ്രശ്‌നങ്ങളോ, വൈകാരികപ്രധാനമായ ചിന്താശേഷിയോ ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കില്‍ പ്രസ്തുത മേഖലയിലും ഏകസ്ത്രീ സാക്ഷ്യം പരിഗണിക്കപ്പെടണമെന്നത് പണ്ഡിതന്‍മാരില്‍ പലരും വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. ശൈഖുല്‍ ഇസ്‌ലാം ഇബ്നു തീമിയ്യ (റ) പറഞ്ഞു: ”സ്ത്രീകളുടെ സാക്ഷ്യങ്ങളില്‍ പൊതുവെ തെറ്റ് ഭയപ്പെടാത്ത എന്തെങ്കിലുമുണ്ടെങ്കില്‍, അതില്‍ അവരെ പുരുഷന്റെ പകുതിയായി കണക്കാക്കില്ല. അവരുടെ സാക്ഷ്യം സമ്പൂര്‍ണ സാക്ഷ്യമായാണ് പരിഗണിക്കപ്പെടുക.” (അത്തുറുകുല്‍ ഹുകുമിയ്യ: 1/128).

”സത്യസന്ധത, വിശ്വസ്തത, ഭക്തി എന്നിവയില്‍ സ്ത്രീ പുരുഷന് തുല്യമാണ്. അവള്‍ മറക്കുമെന്നോ അല്ലെങ്കില്‍ തെറ്റിദ്ധരിക്കുമെന്നോ ഭയപ്പെടുന്ന വിഷയങ്ങളില്‍ ഒഴികെ, അത്തരം വിഷയങ്ങളില്‍ അവളുടെ ഒറ്റക്കുള്ള സാക്ഷ്യം തന്നെപ്പോലെയുള്ള മറ്റൊരാളുടെ സാക്ഷ്യംകൊണ്ട് ശക്തിപ്പെടുന്നു. അപ്പോള്‍ അവരുടെ രണ്ടുപേരുടെയും ഐക്യകണ്‌ഠേനയുള്ള സാക്ഷ്യം ഒരു പുരുഷന്റെ സാക്ഷ്യത്തെക്കാളും ശക്തിയുള്ളതായി പരിണമിക്കുന്നു.” (അത്തുറുകുല്‍ ഹുകുമിയ്യ: 1/136).

സ്ത്രീ ബുദ്ധിയും മതവും കുറഞ്ഞവളാണെന്ന ഹദീഥിന്റെ താല്‍പര്യം വളരെ വ്യക്തമാണ്. കച്ചവടം, സാമ്പത്തികം തുടങ്ങി സാമ്പ്രദായികമായി, സ്ത്രീകള്‍ ബന്ധപ്പെടാത്ത മേഖലകളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ അറിവും ബൗദ്ധിക പാടവവും കുറഞ്ഞവരായിരുന്നു എന്ന സാമൂഹിക വസ്തുതയെ ഉദ്ധരിക്കുക മാത്രമാണ് പ്രവാചകന്‍ (സ) ചെയ്തത്. അല്ലാതെ പൊതു സദസ്സില്‍ സ്ത്രീകളെ അവമതിക്കുകയോ, സ്ത്രീ പുരുഷ വര്‍ഗ ശ്രേഷ്ഠതകളേയും വൃദ്ധിക്ഷയങ്ങളേയും താരതമ്യ പഠനത്തിന് വിധേയമാക്കുകയോ, പുരുഷ മേല്‍കോയ്മക്കും വര്‍ഗ ശ്രേഷ്ഠതക്കും താത്ത്വികമായി അടിത്തറ സ്ഥാപിക്കുകയോ ഒന്നുമല്ല പ്രവാചകന്‍ (സ) ചെയ്തത്. സ്ത്രീകള്‍ക്ക് ആത്മ വിമര്‍ശനത്തിന്റേയും ആത്മ വിചിന്തനത്തിന്റേയും വാതിലുകള്‍ തുറന്നു കൊടുക്കുകമാത്രമായിരുന്നു. അതിനാല്‍, നബി പാഠങ്ങളില്‍നിന്നും സ്ത്രീവിരുദ്ധത ചിക്കിചികയുന്നവര്‍ക്ക് പ്രസ്തുത ഹദീഥില്‍ നിന്ന് ഒന്നും തരപ്പെടില്ലെന്നര്‍ത്ഥം.

സ്ത്രീയും സുഗന്ധദ്രവ്യവും

നിഷേധിക്കാനാവാത്ത വിധം പ്രകടമാണ് ഇസ്‌ലാമിന്റെ സ്ത്രീവിരുദ്ധ നിലപാടുകള്‍. പെണ്ണവകാശങ്ങള്‍ക്കു നേരെ എന്നും കണ്ണടച്ചു നില്‍ക്കാനാണ് ഇസ്‌ലാമിനിഷ്ടം. പെണ്‍ഹിതങ്ങള്‍ക്കു നേരെ പുറം തിരിഞ്ഞു നില്‍ക്കുന്ന ഇസ്‌ലാമിക സമീപനങ്ങള്‍ക്ക് ഉത്തമ ഉദാഹരണമാണ് സുഗന്ധം ഉപയോഗിക്കുന്നതില്‍ നിന്നും സ്ത്രീയെ വിലക്കിയ അതിന്റെ സമീപനം. സ്ത്രീക്ക് സുഗന്ധം വിരോധിക്കുക മാത്രമല്ല, അതു ഉപയോഗിക്കുന്ന പെണ്ണിനെ വ്യഭിചാരിണിയായി പ്രഖ്യാപിക്കുക കൂടി ചെയ്യുന്നുണ്ട് ഇസ്‌ലാം. സുഗന്ധമുപയോഗിക്കുക എന്ന മനുഷ്യസഹജമായ ഒരു താല്‍പര്യത്തെ പുരുഷന്മാരുടെ കാര്യത്തില്‍ ഏറെ പരിഗണിച്ച ഇസ്‌ലാം, സ്ത്രീയുടെ കാര്യം എത്തുമ്പോള്‍ നിഷേധഭാവം സ്വീകരിക്കുന്നു. മാനവികതയുടെ മതമാണ് ഇസ്‌ലാം എന്ന ജല്‍പ്പനം എത്രമാത്രം സത്യവിരുദ്ധമാണെന്ന് സുഗന്ധത്തിന്റെ കാര്യത്തിലുള്ള ഈ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നുണ്ട്.

ഇസ്‌ലാംവിമര്‍ശകര്‍ പ്രത്യേകിച്ച് ഫെമിനിസ്റ്റുകളും യുക്തിവാദികളും സര്‍വ്വസാധാരണയായി ഉദ്ധരിക്കാറുള്ള ഹദീസുകളാണ് സ്ത്രീയെ സുഗന്ധം ഉപയോഗിക്കുന്നതില്‍ നിന്നും കര്‍ശനമായി വിലക്കുന്ന നബിവചനങ്ങള്‍. സുഗന്ധം ഉപയോഗിക്കുന്ന കാര്യത്തില്‍ പുരുഷന്മാരെ പ്രോത്സാഹിപ്പിക്കുകയും സ്ത്രീകളെ വിലക്കുകയും ചെയ്യുന്ന ഹദീസുകള്‍ തീര്‍ത്തും മാനവിക വിരുദ്ധമായ നിലപാടാണെന്നതാണ് വിമര്‍ശകരുടെ ആരോപണം. വാസ്തവത്തില്‍ പ്രസ്തുത വിഷയത്തില്‍ ഇസ്‌ലാമിന്റെ സമീപനമെന്താണ്? വിമര്‍ശകര്‍ ഉന്നയിക്കുന്ന വിധം മാനവിക വിരുദ്ധമായ സമീപനമാണൊ ഇസ്‌ലാം ഇവിടെ സ്വീകരിച്ചിരിക്കുന്നത്? സ്ത്രീയെ സുഗന്ധം ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കുക വഴി എന്ത് യുക്തിയാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്? ചര്‍ച്ച ചെയ്യപ്പെടേണ്ട ചിന്തകള്‍ തന്നെയാണിത്. അതിനാല്‍ പ്രസ്തുത രംഗത്ത് ഇസ്‌ലാമിക സമീപനവും യുക്തിയും വിശദമായി തന്നെ നമുക്ക് ചര്‍ച്ച ചെയ്യാം.

”ഏതൊരു സ്ത്രീ സുഗന്ധം ഉപയോഗിക്കുകയും എന്നിട്ട് (പുരുഷ) സമൂഹത്തിനരികിലൂടെ അവളുടെ സുഗന്ധം അവര്‍ക്ക് ലഭിക്കാനായി നടന്നു പോവുകയും ചെയ്താല്‍ അവള്‍ വ്യഭിചാരിണിയാണ്. (അവളെ ലൈംഗിക തൃഷ്ണയോടെ നോക്കുന്ന) എല്ലാ കണ്ണുകളും വ്യഭിചരിക്കുന്നതാണ്.” മുസ്‌നദ് അഹ്മദ് (19726), സ്വഹീഹു ഇബ്‌നു ഹിബ്ബാന്‍ (4422), സ്വഹീഹു ഇബ്‌നു ഖുസൈമ (1681), സ്വഹീഹുല്‍ ജാമിഅ് (2701) തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളും അല്ലാത്തവയും പ്രസ്തുത ഹദീസ് വിവിധരൂപങ്ങളില്‍ നിവേദനം ചെയ്തിട്ടുണ്ട്. പ്രസ്തുത ഹദീസ് പരിശോധന വിധേയമാക്കുമ്പോള്‍ ബോധ്യപ്പെടുന്ന വസ്തുതകളെ ഇപ്രകാരം സംഗ്രഹിക്കാം.

1, ഹദീസില്‍ വ്യഭിചാരവുമായി ചേര്‍ത്തു പരാമര്‍ശിച്ചത് സ്ത്രീയെ മാത്രമല്ല അവളെ ലൈംഗിക തൃഷ്ണയോടെ നോക്കുന്ന പുരുഷന്മാരെയും ചേര്‍ത്തുകൊണ്ടാണ്.

2, കേവലം സുഗന്ധം ഉപയോഗിച്ചതിനാലല്ല സ്ത്രീയെ ഹദീസ് വിമര്‍ശിക്കുന്നത് പ്രത്യുത അവളത് ഉപയോഗിച്ചത് പരപുരുഷന്മാരെ വശീകരിക്കാനാണ്.

3, പരപുരുഷന്മാരെ ആകര്‍ഷിക്കുവാനും വശീകരിക്കുവാനും വേണ്ടി ചില സ്ത്രീകള്‍ സുഗന്ധം ഉപയോഗിക്കുന്ന സമ്പ്രദായം ജാഹിലിയ്യാ കാലഘട്ടത്തില്‍ (ഇസ്‌ലാം പൂര്‍വ്വ കാലഘട്ടം) പതിവായിരുന്നു. അതിനെ പറ്റിയാണ് ഹദീസ് പരാമര്‍ശിക്കുന്നത്.

4, പരപുരുഷന്മാരെ ആകര്‍ഷിക്കുകയും വശീകരിക്കുകയും ചെയ്യുക എന്ന ഉദ്ദേശപൂര്‍വ്വം സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുന്ന സമ്പ്രദായത്തെ കേവലം സാധാരണ സുഗന്ധം ഉപയോഗിക്കുന്ന രീതിയുമായി താരതമ്യം ചെയ്യുന്നത് അടിസ്ഥാനരഹിതമാണ്.

5, പുരുഷനെ ആകര്‍ഷിക്കുവാനും വശീകരിക്കുവാന്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍ പ്രഥമസ്ഥാനത്ത് നില്‍ക്കുന്ന ഒന്നാണ് സുഗന്ധ ദ്രവ്യങ്ങള്‍. ഇന്നും പല സുഗന്ധ ദ്രവ്യങ്ങളുടേയും മേന്മയായി അതു പുരുഷന്മാരെ വശീകരിക്കാന്‍ ശേഷിയുള്ളതാണ് എന്ന് പല പെര്‍ഫ്യൂം കമ്പനികളും പരസ്യം ചെയ്യുന്നത് അതുകൊണ്ടാണ്. www.best-selling-perfume-for-women.com തങ്ങളുടെ 20 പെര്‍ഫ്യൂമുകളെ പരിചയപ്പെടുത്തിയത് 20 best sexy women perfume to seduce a man in 2020 എന്നാണ്.

6, വ്യഭിചാരത്തിന്റെ സകല കവാടങ്ങളും കൊട്ടിയടക്കാന്‍ കര്‍ശനമായ ഉപാധികള്‍ സ്വീകരിക്കുന്ന ഒരു മതത്തിന് വശീകരണോദ്ദേശത്തോടെ സ്ത്രീകള്‍ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുന്നതിനെ ശക്തമായി വിമര്‍ശിക്കാതിരിക്കുവാന്‍ സാധ്യമല്ല. ഫെമിനിസ്റ്റുകള്‍ക്കും യുക്തിവാദികള്‍ക്കും അതിലെ ധാര്‍മികതയും യുക്തിയും ബോധ്യപ്പെട്ടില്ലെങ്കില്‍ പോലും ഇസ്‌ലാമിന്റെ നിലപാട് കണിശമാണ്. അത്തരം സ്ത്രീകള്‍ വ്യഭിചാരിണികള്‍ മാത്രമാണെന്നല്ല ഇസ്‌ലാം പഠിപ്പിക്കുന്നത്; മറിച്ച് അവള്‍ക്ക് സ്വര്‍ഗ്ഗത്തിന്റെ പരിമളം പോലും നിഷേധിക്കപ്പെടുമെന്നുകൂടി ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്.

അബൂഹുറൈറ (റ) നിന്നും ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസില്‍ അത്തരം സ്ത്രീകളെ പറ്റി വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. ”രണ്ടു വിഭാഗം ആളുകള്‍ നരകവാസികളാണ്. അവരെ ഞാന്‍ കണ്ടിട്ടില്ല. ഒരു വിഭാഗം; അവരുടെ കയ്യില്‍ പശുവിന്റെ വാലുകള്‍ പോലുള്ള ചമ്മട്ടികള്‍ ഉണ്ട്, അവകൊണ്ട് അവര്‍ ജനങ്ങളെ അടിക്കുന്നു. (രണ്ടാമത്തെ വിഭാഗം) വസ്ത്രം ധരിച്ച; എന്നാല്‍ നഗ്നതയുടുത്ത (മറ്റുള്ളവരെ തങ്ങളിലേക്ക്) ചായ്ക്കുന്ന (മറ്റുള്ളവരിലേക്ക്) ചായുന്ന സ്ത്രീകളാണ്. അവരുടെ തലകള്‍ ഒട്ടകങ്ങളുടെ പൂഞ്ഞപോലെയാകുന്നു. ഇങ്ങനെയുള്ളവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. അതിന്റെ പരിമളം പോലും അവര്‍ക്ക് ആസ്വദിക്കുവാന്‍ സാധ്യമല്ല. സ്വര്‍ഗ്ഗത്തിലെ പരിമളം ഇത്രയിത്ര വഴിദൂരം വരെ എത്തുന്നതാണ്”.

കേവലം സുഗന്ധം ഉപയോഗിച്ചു എന്നതുകൊണ്ടല്ല ഹദീസുകള്‍ സ്ത്രീയെ ആക്ഷേപിക്കുന്നത്. മറിച്ച് പുരുഷന്മാരെ വശീകരിക്കുക എന്ന ഉദ്ദേശത്തോടെ അത് ഉപയോഗിക്കുന്നു എന്നതാണ് അവിടെ ആക്ഷേപാര്‍ഹമായ സംഗതി. ഇനി ഒരു സ്ത്രീ അത്തരം ദുരുദ്ദേശങ്ങളൊന്നുമില്ലാതെ സുഗന്ധം ഉപയോഗിക്കുന്നതിന്റെ വിധി എന്താണ്?

ഇമാം നസാഈ, ഇമാം തുര്‍മുദി, ഇമാം ബസ്സാര്‍ തുടങ്ങിയ ഹദീസ് പണ്ഡിതന്മാര്‍ അവരുടെ ഹദീസ് ഗ്രന്ഥങ്ങളില്‍ ഉദ്ധരിച്ച നിവേദനങ്ങള്‍ പ്രസ്തുത രംഗത്തെ ഇസ്‌ലാമിക നിലപാട് വ്യക്തമാക്കുന്നുണ്ട്.

”പുരുഷന്മാരുടെ സുഗന്ധം എന്നത് നിറം നേരിയതും വാസന കൂടിയതുമാണ്, സ്ത്രീകളുടെ സുഗന്ധം എന്നത് നിറം കൂടിയതും വാസന നേരിയതുമാണ്” (ബസ്സാര്‍: 6886)

”പുരുഷന്മാരുടെ സുഗന്ധത്തില്‍ ഉത്തമമായത് നിറം നേരിയതും സുഗന്ധം പ്രകടമായതുമാണ്, സ്ത്രീകളുടെ സുഗന്ധത്തില്‍ ഉത്തമമായത് നിറം പ്രകടമായതും സുഗന്ധം നേരിയതുമാണ്”. (തിര്‍മ്മിതി: 5/107, ഹദീസ് 2788).

സമാനമായ ഹദീസ് ഇമാം നസാഇയും നിവേദനം ചെയ്യുന്നുണ്ട്. പ്രസിദ്ധ ഹദീസ് പണ്ഡിതന്‍ ശൈഖ് നാസ്വിറുദ്ദീനുല്‍ അല്‍ബാനി ഹദീസ് സ്വഹീഹാണെന്ന് വിധിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ നിന്നും സ്ത്രീകള്‍ക്ക് സുഗന്ധം ഉപയോഗിക്കാമെന്നും കടുത്ത വാസനയുള്ളവ ഒഴിവാക്കുകയാണ് ശരിയായ നടപടിയെന്നും വ്യക്തമാകുന്നു. അല്ലാഹു അഅ്‌ലം.

സ്വർഗത്തിൽ പുരുഷന്മാർക്ക് ഹൂറികൾ എന്ന ഇണകളുണ്ടെന്ന് പറയുന്ന ക്വുർആൻ എന്ത് കൊണ്ടാണ് സ്ത്രീകൾക്കുള്ള ഇണകളെക്കുറിച്ച് യാതൊന്നും പറയാതിരിക്കുന്നത് ?

ഷെമീർ

പുരുഷനായിരുന്നാലും സ്ത്രീ ആയിരുന്നാലും അവർ സത്യവിശ്വാസം ഉൾക്കൊള്ളുകയും സന്മാർഗനിഷ്ഠരാവുകയും ചെയ്‌താൽ അവർക്ക് സ്വർഗപ്രവേശമുണ്ടെന്നും തങ്ങളുടെ ചെയ്തികൾക്കെല്ലാം തക്കതായ പ്രതിഫലം അവർക്ക് ലഭിക്കുമെന്നും ക്വുർആൻ വ്യക്തമാക്കുന്നുണ്ട്. "(അല്ലാഹുവിന്‌) കീഴ്പെടുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വിശ്വാസികളായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ഭക്തിയുള്ളവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, സത്യസന്ധരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ക്ഷമാശീലരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വിനീതരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ദാനം ചെയ്യുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വ്രതമനുഷ്ഠിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ധാരാളമായി അല്ലാഹുവെ ഓര്‍മിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ - ഇവര്‍ക്ക്‌ തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു" (33: 35)

സ്വർഗത്തിൽ പ്രവേശിക്കുന്ന സത്യവിശ്വാസികൾക്കിടയിൽ ലിംഗത്തിന്റെ വെളിച്ചത്തിൽ എന്തെങ്കിലും തരത്തിലുള്ള അനീതിയുണ്ടാവുകയില്ലെന്ന വസ്തുതയും ക്വുർആൻ പഠിപ്പിക്കുന്നുണ്ട്. "ആണാകട്ടെ പെണ്ണാകട്ടെ, ആര്‍ സത്യവിശ്വാസിയായിക്കൊണ്ട്‌ സല്‍പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. അവരോട്‌ ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല." (4:124)

സദ്‌വൃത്തരായ ഇണകളും സന്താനങ്ങളുമെല്ലാം ഇണകളും സന്താനങ്ങളുമായിത്തന്നെ സ്വർഗത്തിൽ ഒരുമിച്ചുകൂടുമെന്നാണ് ക്വുർആൻ മനസ്സിലാക്കിത്തരുന്നത്. "ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക്‌ നീ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനുള്ള സ്വര്‍ഗങ്ങളില്‍ അവരെയും അവരുടെ മാതാപിതാക്കളെയും, ഭാര്യമാര്‍, സന്തതികള്‍ എന്നിവരില്‍ നിന്നു സദ്‌വൃത്തരായിട്ടുള്ളവരെയും നീ പ്രവേശിപ്പിക്കേണമേ. തീര്‍ച്ചയായും നീ തന്നെയാകുന്നു പ്രതാപിയും യുക്തിമാനും." (40:8)

"ഏതൊരു കൂട്ടര്‍ വിശ്വസിക്കുകയും അവരുടെ സന്താനങ്ങള്‍ വിശ്വാസത്തില്‍ അവരെ പിന്തുടരുകയും ചെയ്തിരിക്കുന്നുവോ അവരുടെ സന്താനങ്ങളെ നാം അവരോടൊപ്പം ചേര്‍ക്കുന്നതാണ്‌. അവരുടെ കര്‍മ്മഫലത്തില്‍ നിന്ന്‌ യാതൊന്നും നാം അവര്‍ക്കു കുറവു വരുത്തുകയുമില്ല. ഏതൊരു മനുഷ്യനും താന്‍ സമ്പാദിച്ച്‌ വെച്ചതിന്‌ (സ്വന്തം കര്‍മ്മങ്ങള്‍ക്ക്‌) പണയം വെക്കപ്പെട്ടവനാകുന്നു." (52: 21)

"അതായത്‌, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരും, അവരുടെ പിതാക്കളില്‍ നിന്നും, ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും സദ്‌വൃത്തരായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്‌. മലക്കുകള്‍ എല്ലാ വാതിലിലൂടെയും അവരുടെ അടുക്കല്‍ കടന്നുവന്നിട്ട്‌ പറയും:

നിങ്ങള്‍ ക്ഷമ കൈക്കൊണ്ടതിനാല്‍ നിങ്ങള്‍ക്ക്‌ സമാധാനം! അപ്പോള്‍ ലോകത്തിന്‍റെ പര്യവസാനം എത്ര നല്ലത്‌!" (13: 23, 24)

സ്വർഗത്തിൽ പ്രവേശിക്കുന്ന പുരുഷനും സ്ത്രീക്കുമെല്ലാം അവർ ആഗ്രഹിക്കുന്നതെല്ലാം അവിടെയുണ്ടാവുമെന്ന് ക്വുർആൻ അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്നുണ്ട്. "എന്‍റെ ദാസന്‍മാരേ, ഇന്ന്‌ നിങ്ങള്‍ക്ക്‌ യാതൊരു ഭയവുമില്ല. നിങ്ങള്‍ ദുഃഖിക്കേണ്ടതുമില്ല.

നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും കീഴ്പെട്ടു ജീവിക്കുന്നവരായിരിക്കുകയും ചെയ്തവരത്രെ(നിങ്ങള്‍)

നിങ്ങളും നിങ്ങളുടെ ഇണകളും സന്തോഷഭരിതരായികൊണ്ട്‌ സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക.

സ്വര്‍ണത്തിന്‍റെ തളികകളും പാനപാത്രങ്ങളും അവര്‍ക്ക്‌ ചുറ്റും കൊണ്ടു നടക്കപ്പെടും. മനസ്സുകള്‍ കൊതിക്കുന്നതും കണ്ണുകള്‍ക്ക്‌ ആനന്ദകരവുമായ കാര്യങ്ങള്‍ അവിടെ ഉണ്ടായിരിക്കും. നിങ്ങള്‍ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും."(43: 68- 71)

സ്ത്രീകൾക്കും പുരുഷന്മാർക്കുമെല്ലാം അവർ ആഗ്രഹിക്കുന്നതെല്ലാം സ്വർഗത്തിൽ ലഭിക്കുമെന്ന് വ്യക്തമാക്കുന്ന ക്വുർആൻ പക്ഷെ, ധർമ്മനിഷ്ഠ പാലിക്കുന്ന പുരുഷന്മാർക്ക് ഇണകളായി ലഭിക്കുന്ന സ്വർഗസ്ത്രീകളെക്കുറിച്ച് പ്രത്യേകമായി എടുത്ത് പറയുന്നുണ്ട്. "തീര്‍ച്ചയായും ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ സ്വര്‍ഗത്തോപ്പുകളിലും സുഖാനുഗ്രഹങ്ങളിലുമായിരിക്കും. തങ്ങളുടെ രക്ഷിതാവ്‌ അവര്‍ക്കു നല്‍കിയതില്‍ ആനന്ദം കൊള്ളുന്നവരായിട്ട്‌. ജ്വലിക്കുന്ന നരകത്തിലെ ശിക്ഷയില്‍ നിന്ന്‌ അവരുടെ രക്ഷിതാവ്‌ അവരെ കാത്തുരക്ഷിക്കുകയും ചെയ്യും. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ സുഖമായി തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. വരിവരിയായ്‌ ഇട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍. വിടര്‍ന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവര്‍ക്ക്‌ ഇണചേര്‍ത്തു കൊടുക്കുകയും ചെയ്യും." (52: 17 - 20)

"സൂക്ഷ്മത പാലിച്ചവര്‍ തീര്‍ച്ചയായും നിര്‍ഭയമായ വാസസ്ഥലത്താകുന്നു; തോട്ടങ്ങള്‍ക്കും അരുവികള്‍ക്കുമിടയില്‍; നേര്‍ത്ത പട്ടുതുണിയും കട്ടിയുള്ള പട്ടുതുണിയും അവര്‍ ധരിക്കും. അവര്‍ അന്യോന്യം അഭിമുഖമായിട്ടായിരിക്കും ഇരിക്കുന്നത്‌. അങ്ങനെയാകുന്നു (അവരുടെ അവസ്ഥ.) വിശാലമായ നേത്രങ്ങളുള്ള വെളുത്ത സ്ത്രീകളെ അവര്‍ക്ക്‌ ഇണകളായി നല്‍കുകയും ചെയ്യും. സുരക്ഷിതത്വ ബോധത്തോട്‌ കൂടി എല്ലാവിധ പഴങ്ങളും അവര്‍ അവിടെ വെച്ച്‌ ആവശ്യപ്പെട്ടുകൊണ്ടിരിക്കും. (44: 51- 55)

"അവയില്‍ സുന്ദരികളായ ഉത്തമ തരുണികളുണ്ട്‌. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?; കൂടാരങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ട വെളുത്ത തരുണികള്‍!; അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌? അവര്‍ക്ക്‌ മുമ്പ്‌ മനുഷ്യനോ ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല." (55: 70- 74)

എന്തുകൊണ്ട് സ്വർഗസ്ത്രീകളെക്കുറിച്ച് മാത്രം ക്വുർആൻ പ്രതിപാദിക്കുന്നുവെന്ന ചോദ്യത്തിനുത്തരം സ്ത്രീസൗന്ദര്യം വലിയൊരു പരീക്ഷണമാവുന്നത് പുരുഷന് മാത്രമാണെന്നും പ്രസ്തുത പരീക്ഷണത്തിൽ വിജയിക്കുന്നവർക്കുള്ള പ്രത്യേകമായ സമ്മാനമാണ് അതെന്നുമാണ്. സ്ത്രീയുടെ ശാരീരികസൗന്ദര്യവും അർദ്ധനഗ്നതയും നഗ്നതയുമെല്ലാം പുരുഷനിൽ കാമാവേശമുണ്ടാക്കുന്നതാണ്. പെണ്ണിനെ അവൻ ഇഷ്ടപ്പെടുന്ന രൂപത്തിൽ കാണുമ്പോൾ തന്നെ അവന്റെ ശരീരം ഉണരുന്നു. ലൈംഗികമായി അവൻ ഉത്തേജിതനായിത്തീരുന്നു; അവന്റെ ശരീരത്തിൽ രതിബന്ധത്തിന് പ്രേരിപ്പിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നു. അവന്റെ ലിംഗത്തിൽ സ്നേഹദ്രവമെന്ന് വിളിക്കുന്ന കൗപേഴ്സ് സ്രവമുണ്ടാവുന്നു. അതുകൊണ്ട് തന്നെ, ആസ്വദിക്കുന്ന രൂപത്തിൽ അന്യസ്ത്രീകളെ നോക്കരുതെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു; തനിക്ക് ആസ്വദിക്കുവാൻ അർഹതയില്ലാത്തവരുടെ നഗ്നതയോ അർധനഗ്നതയോ കാണരുതെന്ന് ഇസ്‌ലാം പുരുഷനോട് കല്പിക്കുന്നു. നഗ്നതയും അർദ്ധനഗ്നതയും സ്ത്രീസൗന്ദര്യത്തിന്റെ പ്രദർശനവുമെല്ലാം വ്യാപകമായ സമൂഹത്തിൽ പുറത്തിറങ്ങുന്ന പുരുഷനെ സംബന്ധിച്ചിടത്തോളം ഈ വിലക്കുകൾ പാലിക്കുക വളരെ പ്രയാസകരമാണ്. സ്ത്രീസൗന്ദര്യത്തിനു നേരെ കണ്ണുകൾ താഴ്ത്തണമെന്ന ക്വുർആനിക നിർദേശം പാലിക്കുക എളുപ്പമല്ല. പരീക്ഷണങ്ങൾ സഹിച്ച് ഈ ദൈവികനിർദേശം പാലിക്കുന്ന പുരുഷന് ലഭിക്കുന്ന സമ്മാനമാണ് ക്വുർആനിൽ പ്രതിപാദിക്കുന്ന സ്വർഗസ്ത്രീകൾ. അവരെക്കുറിച്ച പ്രതിപാദനങ്ങൾ അന്യസ്ത്രീകളുടെ സൗന്ദര്യം ആസ്വദിക്കുന്നതിൽ നിന്ന് പുരുഷന്മാരെ പൂർണമായും പിന്തിരിപ്പിക്കുന്ന രീതിയിലുള്ളവയാണ്. വിശുദ്ധമായ ദാമ്പത്യജീവിതത്തിൽ മാത്രം തങ്ങളുടെ ലൈംഗികാസ്വാദനം ഒതുക്കുവാൻ അത് പുരുഷന്മാരെ പ്രേരിപ്പിക്കുന്നു.

പുരുഷന്റെ സൗന്ദര്യം സ്ത്രീയെയും ആകർഷിക്കുമെങ്കിലും അത് അവളിൽ രതിത്വരയുണ്ടാക്കുന്നില്ല. അവളിൽ അത്തരമൊരു ത്വരയുണ്ടാവണമെങ്കിൽ ആദ്യം പുരുഷൻ അവൾക്ക് ഇഷ്ടപ്പെട്ടവനാവണം. തനിക്ക് ഇഷ്ടപ്പെട്ട പുരുഷന്റെ ശൃംഗാരവും വർത്തമാനങ്ങളും സ്പർശവുമാണ് സ്ത്രീയിൽ രതിമോഹം ഉണർത്തുന്നത്. സ്ത്രീസൗന്ദര്യം ആസ്വദിക്കുമ്പോൾ പുരുഷനിലുണ്ടാവുന്ന തരത്തിലുള്ള ഹോർമോൺ ഉത്പാദനവും സ്രവങ്ങളുമെല്ലാം സ്ത്രീയിൽ ഉണ്ടാവുന്നത് തനിക്ക് ഇഷ്ടപ്പെട്ട പുരുഷന്റെ തലോടലേൽക്കുമ്പോഴാണ്. അങ്ങാടിയിൽ വ്യാപകമായ സൗന്ദര്യപ്രദർശനമോ നഗ്നതയുടെയും അർധനഗ്നതയുടെയും വിളയാട്ടങ്ങളോ സ്ത്രീക്ക് വലിയൊരു പരീക്ഷണമാവുന്നില്ല. തനിക്ക് ഇഷ്ടപ്പെട്ട പുരുഷന്റെ സൗന്ദര്യവും നഗ്നതയും മാത്രമേ അവളിൽ രതിത്വരയുണ്ടാക്കുന്നുള്ളൂ. പുരുഷസൗന്ദര്യം പെണ്ണിന് ഒരു പരീക്ഷണമേയല്ല എന്ന സാരം. അതുകൊണ്ടുതന്നെ ആ രംഗത്ത് അവൾക്ക് നൽകുന്ന പ്രത്യേകമായ സമ്മാനങ്ങളെക്കുറിച്ച് എടുത്ത് പറയേണ്ടതില്ല. എന്നാൽ അവൾക്ക് അവൾ ആഗ്രഹിക്കുന്ന തരത്തിലുള്ള എല്ലാ ആസ്വാദനങ്ങളും സ്വർഗ്ഗത്തിലുണ്ടാവുമെന്നും അവളോട് യാതൊരു വിധ അനീതിയുമുണ്ടാവുകയില്ലെന്നും പ്രത്യേകം പറയുകയും ചെയ്തിരിക്കുന്നു. സ്വർഗസ്ത്രീകളെക്കുറിച്ച പരാമർശങ്ങളിൽ നിന്ന് പുരുഷന്മാർക്ക് ഉണ്ടാവുന്നത് പോലെയുള്ള, അധാർമികകാഴ്ചകളിൽ നിന്ന് അകന്നു നിൽക്കാൻ വേണ്ടിയുള്ള പ്രചോദനം സ്വർഗപുരുഷന്മാരെക്കുറിച്ച പ്രതിപാദനം വഴി സ്ത്രീകളിൽ ഉണ്ടാക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെയായിരിക്കണം ആണിനേയും പെണ്ണിനേയും കൃത്യമായി അറിയാവുന്ന അല്ലാഹു അത്തരം പരാമർശങ്ങൾ നടത്താതിരുന്നത്.

പുരുഷനെയും പെണ്ണിനേയും സന്മാർഗ്ഗനിഷ്ഠരാകുവാൻ പ്രചോദിപ്പിക്കുന്ന സ്വർഗ്ഗത്തെക്കുറിച്ച ചില വചനങ്ങളുടെ സാരം കാണുക: "അന്നേ ദിവസം യാതൊരാളോടും അനീതി ചെയ്യപ്പെടുകയില്ല. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ക്ക്‌ പ്രതിഫലം നല്‍കപ്പെടുകയുമില്ല. തീര്‍ച്ചയായും സ്വര്‍ഗവാസികള്‍ അന്ന്‌ ഓരോ ജോലിയിലായിക്കൊണ്ട്‌ സുഖമനുഭവിക്കുന്നവരായിരിക്കും.അവരും അവരുടെ ഇണകളും തണലുകളില്‍ അലംകൃതമായ കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും.അവര്‍ക്കവിടെ പഴവര്‍ഗങ്ങളുണ്ട്‌, അവര്‍ക്ക്‌ തങ്ങള്‍ ആവശ്യപ്പെടുന്നതല്ലാമുണ്ട്‌.സമാധാനം! അതായിരിക്കും കരുണാനിധിയായ രക്ഷിതാവിങ്കല്‍ നിന്ന്‌ അവര്‍ക്കുള്ള അഭിവാദ്യം. (36: 54- 58)

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

രു പാട് പ്രശ്നനങ്ങളുടെ പരിഹാരമായാണ് ഇസ്‌ലാം ബഹുഭാര്യത്വം അവതരിപ്പിക്കുന്നത്. അതിൽ വ്യയക്തിമായ പ്രയാസങ്ങളുണ്ട്; സാമൂഹികമായ പ്രശ്നങ്ങളുണ്ട്. ഈ   പ്രശ്‌നങ്ങള്‍ക്ക്  ഇസ്‌ലാമിന്റെ പക്കല്‍ കൃത്യമായ പരിഹാരമാര്‍ഗങ്ങളുണ്ട്. അതിലൊന്നാണ് ബഹുഭാര്യാത്വം. ഇസ്‌ലാമിനെ വിമര്‍ശിക്കുന്നവരുടെ പക്കലോ? പുരുഷലൈംഗീകതയുടെ സ്വാഭാവികതയായി ലൈംഗീകാശാസ്തജ്ഞന്മാർ പറയുന്ന ലൈംഗീകദാരിദ്ര്യം പോലെയുള്ള പ്രശ്നങ്ങൾക്ക് അവരുടെ പക്കലുള്ള പരിഹാരമെന്താണ്? യുദ്ധം മൂലം വിധവകളും അനാഥകളുമുണ്ടാകുന്ന സാഹചര്യത്തില്‍ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ എന്തുപരിഹാരമാണ് ബഹുഭാര്യത്വ വിരോധികളുടെ പക്കലുള്ളത്?

സാംസ്കാരിക നായകന്മാരെന്നു പറയുന്നവരും മാധ്യമങ്ങളുമെല്ലാം ഈ രംഗത്ത് പലപ്പോഴും കാണിക്കുന്നത് ഇരട്ടമുഖമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പ് കുറെ കാലമായി നട്ത്തുന്ന ചർച്ചകൾ ശ്രദ്ധിക്കുക. മാസങ്ങളായുള്ള ചര്‍ച്ച കുടുംബമെന്ന സ്ഥാപനത്തെ തകര്‍ക്കുന്നതങ്ങനെയെന്നതാണ്; ലൈംഗികതയെ വിവാഹത്തില്‍ നിന്നെങ്ങനെ വേര്‍പെടുത്താം എന്നാണ് ചർച്ചകളിൽ പലതിന്റെയും കാതൽ. കുടുംബബാഹ്യമായ ലൈംഗികതക്ക് അംഗീകാരം നല്‍കണമെന്ന രൂപത്തില്‍ സമൂഹത്തിന്റെ മനസാക്ഷിയെ വളര്‍ത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യത്തോടു കൂടി തന്നെ നിലനില്‍ക്കുന്ന പ്രസിദ്ധീകരണമാണ്  മാതൃഭൂമിയെന്ന് തോന്നിക്കുന്ന തരത്തിലാണ് അതില്‍ ലേഖനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്. സ്ത്രീക്കും പുരുഷനും ലൈംഗിക പങ്കാളികള്‍ എത്രയുമാകാം എന്നാണ് പുരോഗമനക്കാർ എന്ന രൂപത്തിൽ പരിചയപ്പെടുത്തുന്നവരുടെ പക്ഷം. അങ്ങനെ പറയുന്ന ആനുകാലികം തന്നെ കിടപ്പറ പങ്കിടുന്നവരെ നിയമപരമായി ഭാര്യമാരാക്കുമ്പോള്‍ അതിനെതിരെ സംസാരിക്കുന്നത് എങ്ങനെ ന്യായീകരിക്കാനാകും? അത് രണ്ടും കൂടി എങ്ങനെയാണ് യോജിക്കുക.

യുക്തിവാദികളുടെ ആനുകാലികമായ യുക്തിവിചാരം മാസികയില്‍ രസകരമായ ഒരു വൈരുദ്ധ്യമുണ്ടായി. ഒരു ലക്കം യുക്തിവിചാരം എഡിറ്റോറിയലില്‍ ലൈംഗികതയെ വിവാഹത്തില്‍ നിന്ന് വേര്‍പെടുത്തേണ്ടതുണ്ടെന്ന് ശക്തമായി വാദിച്ചു. അഥവാ വിവാഹേതരമായ ബന്ധങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്നും അനുവദിക്കണമെന്നുമാണ് പത്രാധിപപക്ഷം. ഇതേ മാഗസിനിലെ അകത്തുള്ള ലേഖനം 'ഇസ്‌ലാമിലെ ബഹുഭാര്യത്വം അപരിഷ്‌കൃതം' എന്നു സ്ഥാപിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു. എന്താണ് ഇതിനര്‍ഥം? എത്ര സ്ത്രീകളുമായും പുരുഷന് ബന്ധപ്പെടാം. പക്ഷെ, അവരെ നിയമപരമായി ഭാര്യമാരാക്കുന്നതാണ് തെറ്റ്. ഇതിന്റെ യുക്തിയും മാനവികതയും ധാര്‍മികതയും നമുക്ക് മനസ്സിലാകുന്നില്ല. ഇത് സ്ത്രീക്ക് അനുകൂലമാണോ? പ്രതികൂലമാണോ? ഫെമിനിസ്റ്റുകള്‍ മറുപടി പറയേണ്ടതാണ്. ഒരു പെണ്ണ് ഭാര്യയായിത്തീരുന്നതാണോ, അഭിസാരികയായിത്തീരുന്നതാണോ നല്ലത്? ഇസ്‌ലാമിന്റെ ഉത്തരം ഒന്നാമത്തേതാണ് നല്ലതെന്നാണ്. രണ്ടാമത്തേതാണ് ശരിയെന്ന് കരുതുന്നവര്‍ക്കത് സ്വീകരിക്കാം. ഇസ്‌ലാമിന് അവിടെ കൃത്യമായ കാഴ്ചപ്പാടുണ്ട്. ആ കാഴ്ചപ്പാടിന്റെ കാതല്‍ പെണ്ണ് ഒരര്‍ഥത്തിലും പീഡിപ്പിക്കപ്പെട്ടുകൂടാ എന്നു തന്നെയാണ്.

ഇസ്‌ലാം അനുവദിച്ച ബഹുഭാര്യത്വം നിലനില്‍ക്കുമ്പോള്‍ ഒരാളുടെ കീഴിലുള്ള ഭാര്യമാരെല്ലാം പുരുഷന്റെ നിയമപരമായ ഇണകളാണ്. അതിലുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് നിയമപരമായ പരിരക്ഷ ലഭിക്കും. ആ ഭാര്യമാര്‍ക്കും  കുഞ്ഞുങ്ങള്‍ക്കും അനന്തരാവകാശസ്വത്ത് ലഭിക്കും. എല്ലാ ഭാര്യമാര്‍ക്കും ലൈംഗിക സംതൃപ്തി അനുഭവിക്കാനുള്ള അവസരമുണ്ട്; അവകാശവുമുണ്ട്. അവരോട് അനീതിയോടു കൂടി ഒരു കാരണവശാലും പെരുമാറിക്കൂടാ. പിന്നെയെങ്ങനെയാണ് അത് മാനവിക വിരുദ്ധമാവുക? ഇത് മാനവികവിരുദ്ധമാണെന്ന് വാദിക്കുന്നവര്‍ തന്നെയാണ് ലൈംഗികതയുടെ ഉദാരീകരണത്തിന് വേണ്ടിയും ലൈംഗികതൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും കുടുംബബാഹ്യമായ ലൈംഗികതയുടെ അംഗീകാത്തിന് വേണ്ടിയും ശബ്ദമുയര്‍ത്തുന്നത്. ബഹുഭാര്യത്വം നിയമം മൂലം നിരോധിക്കണമെന്ന് വാദിക്കുന്നവര്‍ ധാര്‍മികതയുടെ ആരാച്ചാര്‍മാരാണെന്ന വസ്തുതയാണ് നമുക്കിവിടെ ബോധ്യമാകുന്നത്.

ബഹുഭാര്യത്വ വിരോധികളുടെ ആത്യന്തികലക്ഷ്യം ഇസ്‌ലാമികസമൂഹത്തില്‍ നിലനില്‍ക്കുന്ന ശക്തമായ പാരസ്പര്യത്തിലധിഷ്ഠിതമായ കുടുംബമെന്ന സ്ഥാപനം തകര്‍ക്കുകയാണ്. അത് തകര്‍ത്തുകഴിഞ്ഞാല്‍ മാത്രമേ മുസ്‌ലിംകളെ കൂടി തങ്ങള്‍ക്കാവശ്യമായ ലൈംഗിക ഉദാരീകരണത്തിന്റെ മാര്‍ഗത്തിലേക്ക് കൊണ്ടുവരാന്‍ കഴിയൂ. ഇതാണ് ഏറ്റവും അടിസ്ഥാനപരമായ ലക്ഷ്യം. വിവാഹവും കുടുംബവും തകര്‍ത്തു കഴിഞ്ഞാല്‍ ലൈംഗിക ഉദാരീകരണമാണ് പകരമായി വരുന്നത്. ഫ്രീസെക്‌സിനെക്കുറിച്ച വില്‍ഹം റീഹിന്റെ സങ്കല്‍പത്തിന്റെ പ്രയോഗവല്‍ക്കരണം. എന്നാല്‍ സ്വതന്ത്ര ലൈംഗികതക്കു മുമ്പില്‍ ഇസ്‌ലാമിക നിയമങ്ങള്‍ ശക്തമായ പ്രതിരോധനം തീര്‍ത്ത് നിലകൊള്ളുന്നു. ഒരു പുരുഷന് ഒന്നിലധികം സ്ത്രീകളുമായി ബന്ധപ്പെടേണ്ടി വരികയാണെങ്കില്‍, അതിനവന്റെ പ്രകൃതി അനിവാര്യമാക്കുന്നുവെങ്കില്‍ അവന് വിവാഹം കഴിക്കാനുള്ള അവസരമുണ്ട്. അങ്ങനെയുള്ളവരുടെ മുമ്പില്‍ വിവാഹത്തിന്റെ വാതില്‍ അടഞ്ഞുകഴിഞ്ഞാല്‍ പിന്നീടുള്ള മാര്‍ഗം സ്വതന്ത്രലൈംഗികതയുടേതാണ്.  ലൈംഗിക അരാജകത്വത്തിന് കേരളത്തെ മാര്‍ക്കറ്റാക്കുന്നതിന് വേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെല്ലാം.

ബഹുഭാര്യത്വത്തെ എതിര്‍ക്കുമെന്ന് പുരോഗമനം പറയുന്ന അതേ ആളുകള്‍ തന്നെയാണ് ഇന്ത്യയില്‍  സ്വവര്‍ഗരതി നിയമം മൂലം അനുവദിക്കേണ്ടതുണ്ടെന്ന് പറയുന്നതും. സ്വവര്‍ഗരതി എന്നു പറഞ്ഞാലെന്താണ്? പുരുഷന്മാര്‍ക്ക് പുരുഷന്മാരുമായി ബന്ധപ്പെടാനുള്ള അവസരമാണത്; സ്ത്രീകള്‍ക്ക് സ്ത്രീകളുമായി ബന്ധപ്പെടാനുള്ള അവസരമാണ്. ഒരു പുരുഷന് എത്ര പുരുഷന്മാരുമായും ബന്ധപ്പെടാം; പക്ഷെ, അയാള്‍ ഒന്നിലധികം സ്ത്രീകളെ നിയമാനുസൃതമായ ഇണകളായി സ്വീകരിച്ചുകൂടാ. ഇതാണോ പുരോഗമനവാദം? ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത് ലൈംഗിക ഉദാരീകരണത്തിന് മുസ്‌ലിംങ്ങളെയടക്കം സജ്ജമാക്കുക എന്നതാണ് ബഹുഭാര്യത്വവിരോധനത്തിന്റെ ലക്ഷ്യമെന്നാണ്. ഇസ്‌ലാം പഠിപ്പിക്കുന്ന ബഹുഭാര്യത്വമാകട്ടെ, എല്ലാ കാലത്തും നന്മകൾ മാത്രമേയുണ്ടാക്കൂ. അധാര്മികതകളില്ലാത്ത സമൂഹത്തിന്റെ സൃഷ്ടി ഉദ്ദേശിച്ച് കൊണ്ടുള്ള അനുവാദങ്ങളിലൊന്നാണത്.

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

ഖുര്‍ആനില്‍ തന്നെ ബഹുഭാര്യത്വത്തെ നിരുത്സാഹപ്പെടുത്തുന്ന, അത് ഒരിക്കലും സാധ്യമല്ലെന്ന് വ്യക്തമാക്കുന്ന വചനങ്ങളുണ്ടെന്നും അതുകൊണ്ട് തന്നെ ഖുര്‍ആന്‍ ഏകപത്‌നീവ്രതത്തെയാണ്; ബഹുഭാര്യത്വത്തെയല്ല  അംഗീകരിക്കുന്നതെന്നും ചിലര്‍ വാദിക്കാറുണ്ട്. അടിസ്ഥാനരഹിതമാണ് ഈ വാദം.  സൂറത്തുന്നിസാഇലെ 129-ാമത്തെ വചനത്തിന്റെയടിസ്ഥാനത്തിലാണ് ഈ വാദം ഉന്നയിക്കപ്പെടുന്നത്. പ്രസ്തുത വചനം യഥാര്‍ഥത്തില്‍ എന്താണ് വ്യക്തമാക്കുന്നതെന്ന് അത്  കൃത്യമായി പരിശോധിച്ചാല്‍ തന്നെ നമുക്ക് മനസ്സിലാകും.

''നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ (ഒരാളിലേക്ക്) പൂര്‍ണ്ണമായി തിരിഞ്ഞുകൊണ്ട് മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്. നിങ്ങള്‍ (പെരുമാറ്റം) നന്നാക്കിത്തീര്‍ക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (ഖുര്‍ആന്‍ 4:129)

ഇങ്ങനെയാണ് പരിശുദ്ധഖുര്‍ആന്‍ പറയുന്നത്. തുല്യനീതി എന്നുള്ളത് കൊണ്ടുള്ള വിവക്ഷ എല്ലാ അര്‍ഥത്തിലുമുള്ള നീതി പാലിക്കലാണ്. ഒരാളുടെ കീഴില്‍ രണ്ടു ഭാര്യമാരുണ്ടാകുമ്പോള്‍ ഒരുവളോട് കൂടുതല്‍ ഇഷ്ടമുണ്ടാകാം. ഇഷ്ടം മാനസികമായ ഒരു പ്രതിഭാസമാണ്. ആ ഇഷ്ടം നിങ്ങളുടെ പെരുമാറ്റങ്ങളെ ഒരര്‍ഥത്തിലും സ്വാധീനിക്കരുതെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ആയത്ത് പൂര്‍ണമായും വായിക്കാതെ അതിന്റെ  ആദ്യഭാഗം മാത്രം വായിക്കുന്നതിനാലാണ് കുഴപ്പമുണ്ടാകുന്നത്. നിങ്ങള്‍  നിങ്ങള്‍ ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിച്ചു കൂടെന്നല്ല. മറിച്ച്, തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്ക് സാധ്യമല്ലെന്നാണ് ഈ ഖുര്‍ആന്‍ വചനം വ്യക്തമാക്കുന്നത്. എല്ലാ അര്‍ഥത്തിലുമുള്ള നീതി  മനുഷ്യരെന്ന നിലക്ക് സാധ്യമല്ലാത്ത കാര്യമാണ്. നിങ്ങളുടെ മനസ്സ് എപ്പോഴും നിങ്ങളുടെ അധീനത്തില്‍ മാത്രമല്ല ഉണ്ടാവുക. സ്വാഭാവികമായും രണ്ടാളുകളുടെയും പ്രതികരണങ്ങളുടെ വ്യത്യാസമനുസരിച്ച് നിങ്ങളുടെ മനസ്സില്‍  ഇഷ്ടവും ഇഷ്ടക്കേടുകളും ഉണ്ടാകാം. അവരുടെ സ്വഭാവവും കൂടി ബന്ധപ്പെട്ടുകൊണ്ടാണിതുണ്ടാകുന്നത്. അങ്ങനെ ഒരാളോട് ഇഷ്ടമോ ഇഷ്ടക്കേടോ ഉണ്ടായാലും  നിങ്ങള്‍ ഒരാളെ കെട്ടിയിട്ടതുപോലെയാക്കരുത്. ആ പ്രയോഗം വളരെ കൃത്യമാണ്; ലൈംഗിക ബന്ധത്തിന്റെ കാര്യത്തില്‍ പോലും ഒരാളെ മാത്രം പരിഗണിച്ച്, മറ്റൊരാളെ പരിഗണിക്കാതിരിക്കുന്ന സ്ഥിതിയുണ്ടാവാന്‍ പാടില്ല. ഖുര്‍ആന്‍ പറയുന്നത് അതാണ്.

റസൂൽ (സ) യാണല്ലോ ഖുര്‍ആന്‍ വിശദീകരിച്ചുതരേണ്ടത്. നിങ്ങള്‍ക്കൊരിക്കലും നീതിപുലര്‍ത്താന്‍ സാധ്യമല്ലെന്ന് ഖുര്‍ആന്‍ പറയുമ്പോള്‍, അതുകൊണ്ട് നിങ്ങള്‍ ഒരിക്കലും വിവാഹം ചെയ്തുകൂടാ എന്നാണെന്ന് മനസ്സിലാക്കി ബഹുഭാര്യത്വത്തില്‍ നിന്ന് നബി (സ)ഒഴിഞ്ഞു നിന്നിട്ടില്ല. ഇതില്‍ നിന്ന് സഹാബികളാരും തന്നെ അങ്ങനെ മനസ്സിലാക്കിയിട്ടില്ല. പ്രവാചകനില്‍ നിന്ന് മതം പഠിച്ച ആദിമതലമുറക്കാരാരെങ്കിലും ഖുര്‍ആനില്‍ നിന്ന് ഭാര്യമാരോട് തുല്യനീതി പുലര്‍ത്താന്‍ നമുക്ക് ഒരിക്കലും സാധ്യമല്ല; അതുകൊണ്ട് ഖുര്‍ആന്‍ പറഞ്ഞു തരുന്നത് നമ്മള്‍ മറ്റൊരു വിവാഹം ചെയ്യാന്‍ പാടില്ല എന്നാണ് എന്ന് കരുതി ഏകപത്‌നീവ്രതത്തിലേര്‍പ്പെട്ടതായി കാണുന്നില്ല. ഖുര്‍ആനിലെ ആയത്ത് എന്ത് വിവക്ഷിക്കുന്നുവെന്നത് ആ ആയത്തില്‍ നിന്നു തന്നെ വ്യക്തമാണ്. റസൂലുള്ള (സ) യുടെ വിശദീകരണത്തില്‍ നിന്നും സഹാബിമാരുടെ പ്രയോഗവല്‍ക്കരണത്തില്‍ നിന്നുമത് സ്പഷ്ടമാണ്. അതില്‍ നിന്നും വ്യത്യസ്തമായി പരിശുദ്ധഖുര്‍ആനെ സ്വന്തം ഇഷ്ടമനുസരിച്ച് ദുര്‍വ്യാഖ്യാനം ചെയ്ത് ഖുര്‍ആന്‍ ഉദ്ദേശിക്കാത്ത ഒരര്‍ഥത്തിലേക്ക് ഈ വചനത്തെ വ്യാഖ്യാനിച്ച് കൊണ്ടുപോകുന്നത് ഏതായിരുന്നാലും ശരിയല്ല.

പുരുഷന്മാരെപ്പോലെ ലൈംഗികദാരിദ്ര്യം സ്ത്രീകൾക്കും ഉണ്ടായിക്കൂടെയെന്നും അത്തരം അവസരങ്ങളിൽ എന്തുകൊണ്ടാണ് ഇസ്‌ലാം അവർക്കും ഒന്നിലധികം ഇണകളെ സ്വീകരിക്കുവാനുള്ള അവകാശം നൽകാതിരിക്കുന്നത് എന്ന ചോദ്യമുന്നയിച്ച് ഇസ്‌ലാമിനെ പെൺപീഡനത്തിന്റെ പ്രതിക്കൂട്ടിൽ കയറ്റാൻ ശ്രമിക്കുന്നവരുണ്ട്.

ബഹുഭാര്യത്വമനുവദിച്ച ഇസ്‌ലാം എന്തുകൊണ്ടാണ് ബഹുഭര്‍തൃത്വമനുവദിക്കാത്തത് എന്നാണ് അവർ ഉന്നയിക്കുന്ന ചോദ്യം. ബഹുഭാര്യത്വം പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ്; ബഹുഭര്‍തൃത്വമാകട്ടെ ഒരു പ്രശ്‌നം മാത്രമാണ്. ഒന്നിനുമുള്ള പരിഹാരമല്ല എന്നാണ് അതിനുള്ള ഉത്തരം. 'ബഹുഭാര്യത്വം സ്വീകരിക്കുവാന്‍ പുരുഷനെ നിര്‍ബന്ധിക്കുന്ന സാഹചര്യങ്ങള്‍ക്ക് സമാനമായ സാഹചര്യങ്ങള്‍ സ്ത്രീകള്‍ക്കുണ്ടായാല്‍ അവര്‍ക്ക് എന്തു പരിഹാരമാണുള്ളത്?' എന്ന ചോദ്യമുയർത്തിക്കൊണ്ടാണ് ഇസ്‌ലാമിനെതിരെ ഇത്തരക്കാർ സംസാരിക്കുന്നത്. . പ്രസ്തുത പ്രശ്‌നങ്ങള്‍ പരിശോധിച്ചാല്‍ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ പ്രയാസമുണ്ടാവുകയില്ല.

ഒന്ന്: വൈയക്തികമായ പ്രശ്‌നങ്ങള്‍: സ്ത്രീയുടെ ലൈംഗിക സംതൃപ്തിക്കുവേണ്ടി ഒന്നിലധികം പുരുഷന്മാരെ ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങള്‍ തീരെയില്ലെന്നുതന്നെ പറയാം. ആരോഗ്യവാനായ ഒരു പുരുഷന്‍തന്നെ സ്ത്രീക്ക് തന്റെ ലൈംഗിക ആവശ്യത്തിന് ധാരാളമാണ്. സ്ത്രീയുടെ ആര്‍ത്തവം, പ്രസവം തുടങ്ങിയ അവസ്ഥകളില്‍ ലൈംഗികാസക്തനായ പുരുഷന്‍ പ്രയാസപ്പെടുന്നതുപോലെ സ്ത്രീയുമായി ബന്ധത്തിന് തടസ്സം നില്‍ക്കുന്ന അവസ്ഥകളൊന്നും സാധാരണ നിലയില്‍ പുരുഷനില്ല. അതുകൊണ്ടുതന്നെ സ്ത്രീക്ക് ലൈംഗിക സംതൃപ്തിക്ക് വേണ്ടി ഒന്നിലധികം പുരുഷന്മാരെ ഭര്‍ത്താക്കന്മാരാക്കേണ്ട ആവശ്യം വരുന്നില്ല.

പുരുഷന്റെ ലൈംഗികശേഷിയില്ലായ്മ, വന്ധ്യത എന്നിവയാണ് മറ്റു മുഖ്യപ്രശ്‌നങ്ങള്‍. പുരുഷനില്‍ വന്ധ്യതക്കുള്ള കാരണങ്ങള്‍ ബീജരാഹിത്യം, ബീജങ്ങളുടെ ചലനശേഷിയില്ലായ്മ, ശുക്ലത്തിലെ ബീജങ്ങളുടെ എണ്ണത്തിലുള്ള കുറവ്, ഉല്‍പാദന ഗ്രന്ഥികളുടെ തകരാറുകള്‍ എന്നിവയാണ്. ഇവയൊന്നും സ്ഥിരമായ വന്ധ്യതക്കുള്ള കാരണമല്ല. എല്ലാം ഫലപ്രദമായ ചികില്‍സകൊണ്ട് മാറ്റാവുന്നതാണ്. പുരുഷന് ലൈംഗിക ശേഷിയില്ലെങ്കില്‍ സ്ത്രീക്ക് അയാളില്‍നിന്ന് വിവാഹമോചനം നേടാവുന്നതാണ്. ലൈംഗികശേഷിയില്ലാത്ത ഒരു പുരുഷനോടൊപ്പം ജീവിക്കുവാന്‍ ഇസ്‌ലാം സ്ത്രീയെ നിര്‍ബന്ധിക്കുന്നില്ല. അത്തരം അവസ്ഥയില്‍ വിവാഹമോചനം തന്നെയാണ് യുക്തമായ പരിഹാരം; ബഹുഭര്‍തൃത്വമല്ല.

രണ്ട്: സാമൂഹികമായ പ്രശ്‌നങ്ങള്‍: പുരുഷന്മാരുടെ എണ്ണം സ്ത്രീകളു ടേതിനേക്കാള്‍ കൂടുന്ന അവസ്ഥയില്‍ ബഹുഭര്‍തൃത്വമനുവദിച്ചുകൂടേയെന്ന് ചോദിക്കാവുന്നതാണ്. ഇത്തരമൊരവസ്ഥ സാധാരണഗതിയില്‍ സംജാതമാവുകയില്ല എന്നതാണ് അതിനുള്ള ഉത്തരം. സാധാരണ നടക്കുന്ന പ്രസവങ്ങളില്‍ പുരുഷന്മാരുടെ എണ്ണം വര്‍ധിക്കുവാനുള്ള സാധ്യത തീരെയില്ല. യുദ്ധങ്ങളിലോ മറ്റോ സ്്രതീകള്‍ കൂടുതലായി കൊല്ലപ്പെടുകയും സ്ത്രീകളേക്കാള്‍ അധികം പുരുഷന്മാര്‍ ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയും ഉണ്ടാവുകയില്ല. അപ്പോള്‍ സ്ത്രീ-പുരുഷ അനുപാതത്തില്‍ പുരുഷന്മാരുടെ എണ്ണം വര്‍ധിക്കുകയെന്നത് ഇല്ലാത്ത പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ അതിനുള്ള പരിഹാരമായി ബഹുഭര്‍തൃത്വം നിര്‍ദേശിക്കുന്നത് വ്യര്‍ഥമാണ്.

ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളില്‍ ഈ അടുത്ത കാലത്തെ ജനസംഖ്യാ കണക്കെടുപ്പില്‍ പുരുഷന്മാരുടെ എണ്ണമാണ് സ്ത്രീകളേക്കാള്‍ കൂടുതലെന്ന വസ്തുത ഈ വാദത്തിനെതിരില്‍ ചൂണ്ടിക്കാണിക്കാവുന്നതാണ്. അതിനുള്ള കാരണമെന്താണ്? സ്ത്രീ ഭ്രൂണഹത്യ. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തി പിറക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞാണെങ്കില്‍  അതിനെ ഗര്‍ഭത്തില്‍വെച്ചുതന്നെ നശിപ്പിക്കുന്ന ക്രൂരമായ ഏര്‍പ്പാടിന്റെ പരിണിത ഫലമാണിത്. പെണ്‍കുഞ്ഞുങ്ങളെ കൊല്ലൂന്ന പ്രാകൃത സമ്പ്രദായത്തിന്റെ പുനരാഗമനഫലം. ഇത് ഖുര്‍ആന്‍ ശക്തിയായി വിമര്‍ശിച്ചിട്ടുള്ളതാണ് (16:59, 6:137, 17:31, 81:9). അതുകൊണ്ടുതന്നെ ഒരു ഇസ്‌ലാമിക സമൂഹത്തില്‍ പെണ്‍ഭ്രൂണഹത്യകളോ ആണ്‍ഭ്രൂണഹത്യകളോ ഉണ്ടാവില്ല. സ്വാഭാവികമായ പ്രസവം നടക്കുന്ന ഒരു സമൂഹത്തില്‍ സ്ത്രീകളുടെ എണ്ണമാണ് കൂടുതലുണ്ടാവുക. പ്രകൃതിയിലെ സംവിധാനം അങ്ങനെയുള്ളതാണ്.

ഇനി ഒരു രാജ്യത്ത് സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനേക്കാള്‍ കുറവാണെങ്കില്‍തന്നെ അവിടെ ജീവിക്കുന്ന പുരുഷന്മാര്‍ക്ക് അയല്‍നാടുകളില്‍പോയി ഭാര്യമാരെ കണ്ടെത്താവുന്നതാണ്. പുറംനാടുകളില്‍ സഞ്ചരിക്കുവാനും അവിടെ ഇണകളെ കണ്ടെത്തുന്നതിനും സ്ത്രീകളേക്കാള്‍ സാധിക്കുക പുരുഷന്മാര്‍ക്കാണ്. അധികം വരുന്ന സ്ത്രീകളോട് പുറം നാടുകളില്‍നിന്ന് ഭര്‍ത്താക്കന്മാരെ കണ്ടെത്തുവാന്‍ പറയുന്നത് തീരെ പ്രായോഗികമല്ല. പുരുഷന്മാരുടെ സ്ഥിതി അതല്ല. തങ്ങള്‍ ജീവിക്കുന്ന പ്രദേശത്ത് സ്ത്രീകള്‍ കുറവാണെങ്കില്‍ അവര്‍ക്ക് അന്യനാടുകളില്‍നിന്ന്  ഇണകളെ കണ്ടെത്തുക അത്രതന്നെ പ്രയാസകരമാവുകയില്ല. സാധാരണഗതിയില്‍ ഇത്തരമൊരവസ്ഥ ഉണ്ടാവുകയില്ലെങ്കിലും അഥവാ ഉണ്ടായാല്‍ അതിനുള്ള പരിഹാരവുമുണ്ട് എന്നതാണ് വാസ്തവം. ബഹുഭര്‍തൃത്വം  അനിവാര്യമായിത്തീരുന്ന യാതൊരു സാഹചര്യങ്ങളുമില്ലാത്തതിനാലാണ് ഇസ്‌ലാം അത് അനുവദിക്കാത്തത് എന്നര്‍ഥം.

എല്ലാ അര്‍ഥത്തിലും പ്രകൃതിവിരുദ്ധവും സ്ത്രീവിരുദ്ധവുമാണ് ബഹുഭര്‍തൃത്വമെന്ന ആശയം. ലൈംഗീക ചോദനകയുടെ നരവംശശാസ്ത്രത്തെക്കുറിച്ച് ഗവേഷണം നടത്തിയ മാര്‍ഡോക്കിന്റെ പഠനം വ്യക്തമാക്കിയത് ബഹുഭർതൃത്വം നില നിന്നിരുന്ന സമൂഹങ്ങൾ വളരെ വിരളമായിരുന്നുവെന്നാണ്. 1170 സംസ്‌കാരങ്ങളെ പഠനവിധേയമാക്കിയപ്പോള്‍ അതിലൊരേയൊരു നാഗരികത മാത്രമാണ് ബഹുഭര്‍തൃത്ത്വം അംഗീകരിച്ചതായി കണ്ടത്. അതുതന്നെ പൂര്‍ണമായ അര്‍ഥത്തിലല്ലതാനും. ഇന്ത്യയില്‍ ബഹുഭര്‍തൃത്വം അനുവദിക്കപ്പെട്ടിരുന്നസമൂഹങ്ങള്‍ അതിനെ കയ്യൊഴിച്ചതും അത് പ്രകൃതി വിരുദ്ധമാണെന്ന് അനുഭവത്തില്‍ നിന്ന് പാഠം പഠിച്ചതുകൊണ്ട് തന്നെയായിരിക്കണം. ഇസ്‌ലാം ബഹുഭര്‍തൃത്ത്വം അംഗീകരിക്കാതിരിക്കാനുള്ള കാരണവും മറ്റൊന്നല്ല. ഇസ്‌ലാം പ്രകൃതിമതമാണ്; പ്രകൃതിവിരുദ്ധവും മാനവവിരുദ്ധവുമായ ഒരാശയവും ഇസ്‌ലാം പഠിപ്പിക്കുന്നില്ല.

ന്റെ മകളുടെ ഭര്‍ത്താവ് മറ്റൊരു വിവാഹത്തിന് ശ്രമിച്ചപ്പോള്‍ നബി (സ) തടഞ്ഞു എന്ന് സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലും നിവേദനം ചെയ്യപ്പെട്ട ഹദീഥുകളിലുണ്ട്. ഈ ചരിത്രസംഭവത്തില്‍ നിന്നും പ്രവാചകൻ (സ) ബഹുഭാര്യത്വം നിരുല്‍സാഹപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളതെന്നും പ്രത്യേകിച്ച് ഭാര്യാപിതാക്കന്മാര്‍ക്ക് അങ്ങനെ തടയാന്‍ അവകാശവും അവസരവുമുണ്ടെന്നെല്ലാമുള്ള വാദം ചിലര്‍ ഉന്നയിക്കാറുണ്ട്. അടിസ്ഥാനരഹിതമാണ് ഈ വാദം.

എന്തുകൊണ്ട് നബി (സ) അലി (റ) േന മറ്റൊരു വിവാഹത്തില്‍ നിന്ന് തടഞ്ഞുവെന്നത് അതേ ഹദീഥിലൂടെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അലി (റ)വിവാഹത്തിന് തുനിഞ്ഞതിനെയല്ല നബി (സ) തടഞ്ഞത്. മറിച്ച്, വിവാഹാലോചന നടന്നത് അന്നത്തെ മുശ്‌രിക്കുകളുടെ നേതാവായ അബൂജഹലിന്റെ മകളുമായിട്ടാണ്. റസൂൽ (സ) പറഞ്ഞു: "അല്ലാഹുവിന്റെ ദൂതന്റെ മകളും അല്ലാഹുവിന്റെ ശത്രുവിന്റെ മകളും ഒരേ പുരുഷന്റെ കീഴില്‍ യോജിക്കുകയില്ല." (ബുഖാരി, കിതാബുനിക്കാഹ്‌)

പ്രവാചകൻ (സ) യുടെ മകള്‍, ഇസ്‌ലാമിന്റെ ശത്രുവിന്റെ മകള്‍, രണ്ടുപേരും ഒരു ഭര്‍ത്താവിന്റെ ഭാര്യമാരായി വരുന്നത് ഭൂഷണമല്ലെന്നും അത് അനുവദിക്കേണ്ടതില്ലെന്നും റസൂൽ (സ) തീരുമാനിക്കുകയായിരുന്നു. അതല്ലാതെ താന്‍ തന്ന സ്വയം ബഹുഭാര്യത്വത്തിലേര്‍പ്പെടുകയും അനുയായികളെയൊന്നും അതില്‍ നിന്ന് തടയാതിരിക്കുകയും ചെയ്ത മുഹമ്മദ് നബി (സ) സ്വന്തം മകളുടെ കാര്യം വന്നപ്പോള്‍ മാത്രം സ്വാര്‍ഥത കാണിച്ചുവെന്ന് ആ ജീവിതത്തെക്കുറിച്ച് സത്യസന്ധമായി പഠിച്ചവരൊന്നും തന്നെ പറയുകയില്ല. പ്രവാചകൻ (സ) യുടെ നിര്‍ദേശങ്ങള്‍ നേരിട്ട് പഠിച്ചവരാണ് സഹാബിമാര്‍. ആ സഹാബിമാരാരെങ്കിലും ഈ തലം വെച്ചുകൊണ്ട് തങ്ങളുടെ മക്കളുടെ ഭര്‍ത്താക്കന്മാരെ അവരുടെ രണ്ടാം വിവാഹത്തില്‍ നിന്ന് തടഞ്ഞതായി നമുക്ക് കാണാന്‍ കഴിയുന്നില്ല. ഇതിൽ നിന്ന് വളരെ വ്യക്തമാണ് കാര്യം. സഹാബിമാരാരും തന്നെ അലി (റ) യെ പ്രവാചകന്‍ രണ്ടാം വിവാഹത്തില്‍ നിന്ന് തടഞ്ഞതില്‍ നിന്ന് അങ്ങനെ മനസ്സിലാക്കിയില്ലെന്നര്‍ഥം.

സഹാബികള്‍ മാത്രമല്ല; താബിഉകളും താബിഊതാബിഉകളും (പ്രവാചകനില്‍ നിന്നും മതം പഠിച്ച മൂന്ന് തലമുറകളും ഈ സംഭവത്തില്‍ നിന്ന് തങ്ങളുടെ മരുമക്കളെ രണ്ടാം വിവാഹത്തില്‍ നിന്ന് തടയാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് മനസ്സിലാക്കിയിട്ടില്ല. പ്രവാചകനില്‍ നിന്ന് മതം പഠിച്ച ഒന്നാമത്തെ തലമുറ. അതിന്റെടുത്തത് രണ്ടാത്തേത്. അവരില്‍ നിന്ന് പഠിച്ചവര്‍ മൂന്നാമത്തേത്. ഈ മൂന്ന് തലമുറകളെക്കുറിച്ചാകട്ടെ, റസൂലുല്ലാഹി (സ) 'എന്റെ തലമുറയാണ് ഏറ്റവും നല്ല തലമുറയെന്നും അതിന് ശേഷം അതിന് ശേഷം വരുന്ന തലമുറയെന്നും അതിന് ശേഷം അതിന് ശേഷം വരുന്ന തലമുറയെന്നും' പ്രത്യേകമായ അംഗീകാരം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് ഈ തലമുറകളൊന്നും പ്രവാചകൻ (സ) യുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിവാഹത്തിന്റെ കാര്യത്തില്‍ തങ്ങളുടെ പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാര്‍ മറ്റൊരു വിവാഹം ചെയ്യുന്നത് തടഞ്ഞതായി നമുക്ക് ചരിത്രത്തില്‍ കാണാന്‍ സാധ്യമല്ല. അതിനര്‍ഥം പ്രവാചകനില്‍ നിന്ന് മതം പഠിച്ചവര്‍ അങ്ങനെ മനസ്സിലാക്കിയിട്ടില്ല എന്നാണ്. എന്താണ് തടഞ്ഞതിന് കാരണമെന്ന് മുഹമ്മദ് നബി (സ) തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് അതിനെക്കുറിച്ച് പിന്നീടൊരു വിശദീകരണത്തിന്റെ ആവശ്യവുമില്ല.

ബഹുഭാര്യത്വം പ്രാകൃതമല്ല; മാനവികമാണ്, അത് ഇസ്‌ലാം അനുവദിച്ചതാണ്. പരിശുദ്ധഖുര്‍ആനും തിരുസുന്നത്തും വരച്ചുകാണിക്കുന്ന ധാര്‍മികജിവിതം നയിക്കാന്‍ സദാചാരത്തിലധിഷ്ഠിതമായ സമൂഹത്തില്‍ ചിലര്‍ക്കെങ്കിലും ബഹുഭാര്യത്വം അനിവാര്യമായിത്തീരും; പ്രകൃതിവിരുദ്ധമായ വിവാഹേതരരതിയെ അംഗീകരിക്കാത്തേടത്തോളം കാലം ഒരു സമൂഹത്തിലും ബഹുഭാര്യത്വത്തെ നിയമം മൂലം നിരോധിക്കാന്‍ സാധ്യമല്ല. ഇന്ത്യയിലെ നിലവിലുള്ള മുസ്‌ലിം വ്യക്തിനിയമം വ്യക്തിപരമായ വിഷയങ്ങളില്‍ (വിവാഹം, വിവാഹമോചനം, വഖ്ഫ്, അനന്തരാവകാശം) മുസ്‌ലിംകള്‍ക്ക് അവരുടെ പ്രമാണങ്ങളനുസരിച്ച് ജീവിക്കുവാനുള്ള അവകാശം നല്‍കുന്നുണ്ട്. ഈ അവകാശം നിലനിര്‍ത്തേണ്ടതുണ്ടോ എന്ന പ്രശ്‌നമുന്നയിച്ചുകൊണ്ടാണ് ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂടുപിടിക്കാറുള്ളത്. മുസ്‌ലിം വ്യക്തിനിയമത്തിന് പകരം ഏകസിവില്‍കോഡ് നടപ്പാക്കണമെന്ന വാദത്തിന് ഉപോല്‍ബലകമായാണ് ബഹുഭാര്യത്വം മൂലം കഷ്ടപ്പെടുന്ന മുസ്‌ലിം പെണ്ണുങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചക്ക് വരാറുള്ളത്.

ഇന്ത്യയിലെ പ്രബലന്യൂനപക്ഷമാണ് മുസ്‌ലിംകള്‍. അങ്ങനെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്ക് ഭരണഘടന നല്‍കുന്ന അടിസ്ഥാനപരമായ അവകാശമാണ് അവരുടെ വ്യക്തിനിയമമനുസരിച്ച് ജീവിക്കുവാനുള്ള അവകാശം. ഇത് ആരുടെയെങ്കിലും ഔദാര്യമായി കിട്ടിയതല്ല. മറിച്ച്, ഈ രാഷ്ട്രത്തിലെ പൗരന്മാരെന്ന നിലയ്ക്ക് ഈ രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തിലെ പങ്കാളികളെന്ന നിലയ്ക്ക്, ഈ രാഷ്ട്രത്തിന്റെ ഭരണഘടന അനുവദിച്ചു തന്നിട്ടുള്ളതാണ്. ആ അനുവാദം എന്തെങ്കിലും ഒരു പ്രത്യേകസംഭവത്തിന്റെ അടിസ്ഥാനത്തില്‍ എടുത്തുകളയുവാന്‍ അനുവദിക്കേണമോ എന്നതാണ് വിഷയത്തിന്റെ മര്‍മം. സ്വാഭാവികമായും നിയമത്തിന് അതിന്റേതായ രീതിയുണ്ട്. നിയമത്തെ ദുര്‍വിനിയോഗിക്കുന്ന ആളുകളുണ്ടാകാം. ആ ആളുകളെ നിലയ്ക്ക് നിര്‍ത്തേണ്ടതുമുണ്ട്. പക്ഷെ, അത് മറ്റൊരാളുടെ അവകാശത്തെ ഹനിച്ചുകൊണ്ടായിക്കൂടാ. ഒരാള്‍ ബഹുഭാര്യത്വത്തിലേര്‍പ്പെടുകയും ആദ്യഭാര്യയെ പരിഗണിക്കാതെ അവള്‍ക്കാവശ്യമായ അവകാശങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്യുന്നത് തെറ്റാണ്. അതിനെന്ത് പരിഹാരമുണ്ടെന്ന് ആലോചിക്കണം. അതിന് നിയമം മൂലമാണോ ബോധവല്‍ക്കരണം വഴിയാണോ, അതല്ല സമൂഹ്യമായ മറ്റു മാര്‍ഗങ്ങളുപയോഗിച്ചുകൊണ്ടാണോ പരിഹാരം കാണേണ്ടത് എന്ന് ആലോചിക്കേണ്ടതാണ്.

എന്നാല്‍ ഒറ്റപ്പെട്ട സംഭവങ്ങളെ ചൂണ്ടിക്കാണിച്ച് ധാര്‍മിക ജീവിതം നയിക്കുന്നതിന് വേണ്ടി അനിവാര്യമായ അവസരത്തില്‍ ബഹുഭാര്യത്വത്തിലേര്‍പ്പെടുനുള്ള ഒരാളുടെ അവകാശം നിഷേധിക്കുന്നതിന് മേല്‍നിയമം കാരണമായിക്കൂടാ. ഇന്ത്യന്‍ ഭരണഘടന അനുവദിച്ച മതമനുസരിച്ച് ജീവിക്കാനുള്ള അവകാശം ഒറ്റപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ നിഷേധിക്കാന്‍ കഴിയുമോ? അത് പാടില്ലെന്ന് വ്യക്തം. ബഹുഭാര്യത്വം നിരോധിക്കണമെന്നാണ് ഇസ്‌ലാം വിരുദ്ധര്‍ക്ക് പറയാനുള്ളത്. പക്ഷെ, ബഹുഭാര്യത്വം നിരോധിക്കണം, ബഹുഭാര്യത്വം പാടില്ല, ബഹുഭാര്യത്തിന് ഇന്നിന്ന പ്രശ്‌നങ്ങളുണ്ട് എന്നെല്ലാം പറയുന്നവരോട് പുരുഷന് ഒന്നിലധികം സ്ത്രീകളുമായി ബന്ധപ്പെടുന്ന കാര്യത്തിലും ഇത്തരം നിയമങ്ങള്‍ വേണമെന്ന് നിങ്ങള്‍ വാദിക്കുമോ എന്ന് ചോദിച്ചു നോക്കുക. ഉത്തരമില്ലാത്ത ഉരുണ്ടുകളി മാത്രമേ അവരില്‍ നിന്നുണ്ടാകൂ.

ഇന്ത്യയിലൊരു നിയമവും വ്യഭിചാരത്തിന് തടസ്സം നില്‍ക്കുന്നില്ല. അതിന് ആര്‍ക്കും യാതൊരു പ്രശ്‌നവുമില്ല. ഇന്ത്യയില്‍ ഒരു പുരുഷന് ഒന്നിലധികം ഭാര്യമാരുണ്ടാകുകയാണെങ്കില്‍ പ്രശ്‌നമാണ്; എന്നാല്‍ ഭാര്യയുണ്ടായിരിക്കെ അയാള്‍ മറ്റൊരു സ്ത്രീയുമായി ശാരീരികമായി ബന്ധപ്പെട്ടാലോ? ആ ബന്ധം തെളിയിച്ചാല്‍ വേണമെങ്കില്‍ ഭാര്യക്ക് വിവാഹമോചനത്തിന്നവകാശമുണ്ടെന്നതൊഴിച്ച് ആ ബന്ധം പാടില്ലാ എന്ന് വിധിക്കാന്‍, ആ ബന്ധത്തിലേര്‍പ്പെട്ടതുകൊണ്ട് എന്തെങ്കിലും ശിക്ഷ വിധിക്കാന്‍ ഇന്ത്യയില്‍ യാതൊരു മാര്‍ഗവുമില്ല. അതേ സമയം അത് നിയമപരമാകുമ്പോഴാണ്; അതായത് വിവാഹത്തിലൂടെയാകുകയാകുമ്പോഴാണ് പ്രശ്‌നം. ഒരാള്‍ക്ക് പത്തോ ഇരുപതോ സ്ത്രീകളുമായി ബന്ധപ്പെടാം. പക്ഷെ, രണ്ടാമതൊരു ഭാര്യയായാല്‍ കുഴപ്പമായി. പത്തോ ഇരുപതോ സ്ത്രീകളുമായി തന്റെ ഭര്‍ത്താവ് ബന്ധപ്പെടുമ്പോള്‍ ഭാര്യക്ക് അതിനെതിരെ കേസ് കൊടുക്കാന്‍ വല്ല വകുപ്പുമുണ്ടോ? വകുപ്പില്ല. അയാള്‍ക്കെന്തുമാകാം. ഭാര്യക്ക് വിവാഹമോചനമാവശ്യപ്പെടാം. അങ്ങനെ അവള്‍ക്കു കിട്ടുന്ന ജീവിതവിഭവങ്ങള്‍കൂടി ഇല്ലാതെയാകുന്ന അവസ്ഥ സംജതമാകാം. ഇതല്ലാതെ അതിനെതിരില്‍ നിയമപരമായി നടപടിയെടുക്കാന്‍ ഇന്ത്യയില്‍ എന്തെങ്കിലും സംവിധാനങ്ങളുണ്ടോ? നിയമങ്ങളുണ്ടോ? ഇല്ല. അതേസമയം ബന്ധം നിയമപരമായ വിവാഹത്തിലൂടെയാകുമ്പോള്‍ കുഴപ്പമായി. ഇതാണ് ജനാധിപത്യം പെണ്ണിന് നൽകുന്ന അംഗീകാരം !!!

ഇസ്‌ലാം അനുവദിച്ച ബഹുഭാര്യത്വത്തില്‍ പുരുഷന്‍ വിവാഹം ചെയ്യുന്ന സ്ത്രീകള്‍ക്കെല്ലാം നിയമപരമായ അവകാശങ്ങളുണ്ട്. അവള്‍ക്ക് അടിസ്ഥാനപരമായ അവകാശങ്ങള്‍ നല്‍കിയിട്ടില്ലെങ്കില്‍ കോടതിയില്‍ പോകാനുള്ള അധികാരമുണ്ട്. പെണ്ണിന്റെ ഏതൊരവകാശമാണെങ്കിലും അത് ജീവിത വിഭവങ്ങളുടെ കാര്യത്തിലും നീതിയോടുകൂടി വര്‍ത്തിക്കുക എന്നുള്ള കാര്യത്തിലുമെല്ലാം അവഗണിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുവെങ്കില്‍ അതിനെതിരെ കോടതിയെ സമീപിക്കാന്‍ ഇസ്‌ലാം അവള്‍ക്കനുവാദം നല്‍കുന്നുണ്ട്.

ഇസ്‌ലാം വിമര്‍ശകര്‍ പകരം നിര്‍ദേശിക്കുന്ന സ്വതന്ത്രരതിയില്‍ ഇത്തരം അവകാശങ്ങളൊന്നും അനുവദിക്കപ്പെടുന്നില്ല. അവളൊരു കേവലം സുഖഭോഗ വസ്തു മാത്രമാണവിടെ. സ്ത്രീത്വമാണ് അവിടെ അപമാനിക്കപ്പെടുന്നത്. അതിനെതിരെ ഒന്നും ഉരിയാടാന്‍ പെണ്‍വാദികള്‍ക്കൊന്നും തന്നെ നട്ടെല്ലുമില്ല. ഏകസിവില്‍കോഡ് വിവാദങ്ങള്‍ യഥാര്‍ഥത്തില്‍ നിയമത്തിനോടോ മുസ്‌ലിം സമുദായത്തിനോടോ ഉള്ള മമതയില്‍ നിന്നുണ്ടായതല്ല. സമൂഹത്തെ വളരെ മെല്ല ധാര്‍മികമായ ചട്ടക്കൂടുകളില്‍ നിന്നകറ്റി സ്വതന്ത്രരതിയുടെ പ്രദേശമാക്കി ഇന്ത്യയെ മാറ്റുവാന്‍ വേണ്ടിയുള്ള കരുതിക്കൂട്ടിയ ഗൂഢാലോചനകളുടെ ഭാഗമാണിത്.

ബഹുഭാര്യത്വം നിയന്ത്രിക്കുന്നതിനായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന ബില്ലില്‍ ബഹുഭാര്യത്വത്തിലേര്‍പ്പടുകയാണെങ്കില്‍ ഉണ്ടാകേണ്ട കുറെ നിബന്ധനകളെക്കുറിച്ച് പറയുന്നുണ്ട്. പലപ്പോഴും വൈയക്തികമായ പ്രശ്‌നങ്ങളാണ് ബഹുഭാര്യത്വത്തിന് നിമിത്തമായി വരുന്നത്. അതിന് നിബന്ധനകള്‍ നിര്‍ദേശിക്കുമ്പോള്‍ മനുഷ്യന്റെ അടിസ്ഥാനപരമായ അവകാശമാണ് നിഷേധിക്കപ്പെടുന്നത്. ലൈംഗികത അടിസ്ഥാനപരമായ ചോദനയാണ്. ആ ചോദനയുടെ പൂര്‍ത്തീകരണമെന്നുള്ളത് അവന്റെ അടിസ്ഥാനാവശ്യമാണ്. അതിന് നിയതമായ മാര്‍ഗങ്ങളുണ്ടാകണം എന്നതാണ് ഇസ്‌ലാമികനിയമങ്ങളുടെ താല്‍പര്യം.

തന്റെ മതമനുസരിച്ച് ജീവിക്കുവാന്‍ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ട്. മുസ്‌ലിമിനെസംബന്ധിച്ചേടത്തോളം മതമെന്നാല്‍ ജീവിതത്തെ പ്രകാശമാനമാക്കുന്ന ദൈവിക വിധിവിലക്കുകളുടെ പ്രയോഗമാണ്. അവ പ്രയോഗവല്‍ക്കരിക്കുവാന്‍ ഇന്ത്യന്‍ മുസ്‌ലിമിന് അവകാശമുണ്ട്. ആ അവകാശത്തെ നിഷേധിക്കാന്‍ ഒരു ജനാധിപത്യസമ്പ്രദായം സന്നദ്ധമാകുകയെന്നു പറഞ്ഞാല്‍ അതിന് ജനാധിപത്യസ്വഭാവം നഷ്ടപ്പെടുന്നുവെന്നതാണ് അര്‍ഥം. മറ്റുള്ള മതസമൂഹങ്ങള്‍ക്ക് ഇതേ പ്രശ്‌നങ്ങളില്ലേ എന്നു ചോദിക്കാവുന്നതാണ്. മറ്റുള്ള മതസമൂഹങ്ങളെ സംബന്ധിച്ചേടത്തോളം ഉദാരലൈംഗികതയുടെ തലത്തിലേക്ക് പോകുന്നതില്‍ നിന്ന് അവരെ തടയുന്ന ഇസ്‌ലാമിലേത് പോലെയുള്ള ശക്തമായ വിലക്കുകളില്ലായിരിക്കാം. എല്ലാവരും അങ്ങനെ ചെയ്യുന്നുണ്ടോ എന്നയാരിക്കും അടുത്ത ചോദ്യം. ഇല്ലായിരിക്കാം. പക്ഷെ, അവര്‍ക്ക് സ്വതന്ത്രലൈംഗികത ആസ്വദിക്കുവാന്‍ ഇന്ത്യയില്‍ അനുവാദമുണ്ട്. എന്നാല്‍ മുസ്‌ലിന് ഒരു കാരണവശാലും അതു പറ്റുകയില്ല. മുസ്‌ലിംകളെ മതേതരവല്‍ക്കരിച്ച് ഇവര്‍ പറയുന്ന ഉദാരലൈംഗികതയുടെ വക്താക്കളാക്കുകയാണ് ഈ ഉദ്യമങ്ങളുടെയെല്ലാം ആത്യന്തികലക്ഷ്യം.

ഉദാരലൈംഗികതയുടെ വക്താക്കള്‍ പറയുന്ന രൂപത്തിലുള്ള ധാര്‍മികത നടപ്പിലാക്കിയ പ്രദേശങ്ങളുടെ അവസ്ഥയെന്താണെന്ന് പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്. ചൈനയാണെങ്കിലും റഷ്യയാണെങ്കിലും എല്ലാം ദീര്‍ഘകാലത്തെ മതേതരവല്‍ക്കരണത്തിലൂടെ എവിടെയെത്തി എന്നു നാം കണ്ടതാണ്. ഈ ഒരു അവസ്ഥയിലേക്ക് ഇന്ത്യയും പോയിക്കൊണ്ടിരിക്കുകയാണ്. പക്ഷെ, അങ്ങോട്ട് മുസ്‌ലിംകളെക്കൂടി കൂടെ കൊണ്ടുപോകേണമോ എന്നതാണ് പ്രശ്‌നം. ബുദ്ധിജീവികളെ സംബന്ധിച്ചേടത്തോളം മുസ്‌ലിം സ്ത്രീകളുടെ കണ്ണുനീരാണ് അവരെ ഏകസിവില്‍കോഡിന് വേണ്ടി വാദിപ്പിക്കുന്നതിന് പിന്നിലുള്ള പ്രശ്‌നമെന്നാണ് പറയുന്നത്. അവരുടെ സ്ത്രീസ്‌നേഹം ആത്മാര്‍ഥമാണെങ്കില്‍ മുസ്‌ലിം സമൂഹത്തിന്റെ മതവല്‍ക്കരണത്തിനാണ് അവര്‍ ശ്രമിക്കേണ്ടത്. മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ മുസ്‌ലിം സമൂഹത്തിന്റെ തന്നെ പൂര്‍ണമായ അര്‍ഥത്തിലുള്ള മതവല്‍ക്കരണമാണാവശ്യം, മതപരമായ ബോധവല്‍ക്കരണമാണാവശ്യം.

മുസ്‌ലിം സമൂഹത്തിലെ ഒരു പ്രശ്‌നമായിരുന്നു ത്വലാഖ്. പക്ഷെ, കേരളമുസ്‌ലിം സമൂഹത്തെ സംബന്ധിച്ചേടത്തോളം മതപരമായി കൂടുതല്‍ ബോധം നേടിയപ്പോള്‍ വിവാഹമോചനത്തിന്റെ തോത് സമുദായത്തില്‍ ഗണ്യമായി കുറഞ്ഞു. മതവല്‍ക്കരണമാണ് അവിടെ നടന്നത്. അത് നാം മനസ്സിലാക്കണം. മതനിഷേധത്തിനപ്പുറത്ത് മതപരമായ വിഷയങ്ങള്‍ കൃത്യമായി പഠിക്കുവാനും മതമനുസരിച്ചുള്ള ബോധനം നേടുവാനും സാധിക്കണം. അപ്പോള്‍ ഈ രംഗത്തെല്ലാമുള്ള ചൂഷണങ്ങളെ ഇല്ലാതാക്കാന്‍ കഴിയും.

മുസ്‌ലിം സമുദായത്തിലെ പ്രശ്‌നങ്ങളില്‍ കണ്ണുനീരുമായി നടക്കുന്ന ആളുകളെ സംബന്ധിച്ചേടത്തോളം യഥാര്‍ഥത്തിലുള്ള സ്ത്രീ പ്രശ്‌നത്തില്‍ അവര്‍ക്കൊന്നും ചെയ്യാനില്ല. സ്ത്രീധനത്തെപ്പോലെയുള്ള പ്രശ്‌നങ്ങളില്‍ അവരെന്തു ചെയ്തു? സ്ത്രീധനം നിയമം മൂലം നിരോധിക്കപ്പെട്ട നാടാണ് ഇന്ത്യ. ഏറ്റവും വലിയ സ്ത്രീവിരുദ്ധമായ, സ്ത്രീകളെ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കുന്ന ഇക്കാര്യം പക്ഷെ, നിയമം മൂലം നിരോധിക്കപ്പെട്ട നാട്ടില്‍ നിര്‍ലോഭം നടന്നുകൊണ്ടിരിക്കുന്നു. അതില്‍ യാതൊരു കുഴപ്പവും ആരും കാണുന്നില്ല. അതിനെതിരെ എന്തെങ്കിലും ശക്തമായ കാല്‍വെയ്പ് നടത്തുന്നുണ്ടെങ്കില്‍ അത് ഈ രാജ്യത്തെ മതസംഘടനകളാണ്. അവരോടൊപ്പം നില്‍ക്കാന്‍ ഈ സ്ത്രീസ്‌നേഹികള്‍ സന്നദ്ധമാകുമോ?

നിയമം എന്തിനുവേണ്ടി എന്ന ചോദ്യത്തിന് നിയമമനുസരിച്ച് ജീവിക്കുന്നവനെ പ്രയാസപ്പെടുത്തുന്നതിന് വേണ്ടി എന്നാകരുത് ഉത്തരം. നിയമം, അതനുസരിച്ച് ജീവിക്കുന്നവന് നീതി ലഭിക്കുന്നതിന് വേണ്ടിയാണ്. പൗരന്മാരില്‍ പലരും നിയമമനുസരിച്ച് ജീവിക്കുന്നില്ല എന്നതാണ് നമ്മെ സംബന്ധിച്ചേടത്തോളമുള്ള പ്രശ്‌നം, അല്ലാതെ ബഹുഭാര്യത്വത്തിനുള്ള അനുവാദമല്ല. പൗരബോധമുള്ളവരാക്കി ഭാരതീയരെ മാറ്റിത്തീര്‍ക്കുന്നതിനും നിയമലംഘനത്തില്‍ നിന്ന് അവരെ അകറ്റി നിര്‍ത്തുന്നതിനും വേണ്ടിയുള്ള കൂട്ടായ പരിശ്രമമാണ് വേണ്ടത്. അതല്ലാതെ മതമനുസരിച്ച് ജീവിക്കുവാനുള്ള മൗലികാവകാശത്തിനെതിരെയുള്ള ചന്ദ്രഹാസമല്ല. ധാര്‍മികജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെ പ്രയാസപ്പെടുത്താന്‍ വേണ്ടിയുള്ളതാകരുത് നിയമങ്ങള്‍; ഭാരതീയസമൂഹത്തെ ലൈംഗിക ഉദാരീകരണത്തിലേക്ക് നയിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികളില്‍ നിന്ന് മാറി നില്‍ക്കുവാന്‍ മുസ്‌ലിംകളെ അനുവദിക്കണം. അത് അവരുടെ മതപരമായ അനിവാര്യതയാണ്; ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശവും.

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

തന്റെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുമ്പോഴുണ്ടാകുന്ന ആദ്യഭാര്യയുടെ വൈകാരിക പ്രയാസങ്ങള്‍ക്കുള്ള പരിഹാരമെന്ത് എന്ന ചോദ്യം പ്രസക്തമാണ്. ബഹുഭാര്യത്വത്തിലേര്‍പ്പെടുന്ന തന്റെ ഭര്‍ത്താവിനെ മറ്റൊരു സ്ത്രീയും കൂടി പങ്കുവെക്കുമെന്നുള്ള അറിവ് സ്ത്രീയെ സംബന്ധിച്ചേടത്തോളം വൈകാരികമായി പ്രയാസമുണ്ടാക്കുന്നത് തന്നെയാണ്. ഈ രംഗത്തുള്ള പെണ്ണിന്റെ സ്വാര്‍ഥത അവളുടെ അസ്തിത്വത്തിന്റെ ഭാഗം തന്നെയാണ്. നശീകരണാത്മകമായ തലത്തിലുള്ള സ്വാര്‍ഥതയല്ല ഇത്. പൊസസ്സീവ്‌നസ്സ് എന്നു പറയാം. തന്റേത് മാത്രമാകണമെന്ന വിചാരം എന്നര്‍ഥം.

തന്റേത് മാത്രമാക്കി നിലനിർത്താനാഗ്രഹിക്കുകയെന്ന പൊസസ്സീവ്‌നസ് നിലനില്‍ക്കേണ്ടത് സ്ത്രീയുടെ ലൈംഗികജീവിതത്തിനും കുടുംബജീവിതത്തിനും ആവശ്യം തന്നെയാണ്. ഇണക്ക് മുമ്പില്‍ അവള്‍ക്ക് സ്‌നേഹം ചൊരിയാന്‍ കഴിയണമെങ്കിലും നിസ്വാര്‍ഥമായി അവള്‍ക്ക് അവളുടെ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ കഴിയണമെങ്കിലും ആ കുഞ്ഞുങ്ങളെ വളര്‍ത്തുന്ന രംഗത്ത് അവളുടെ പൂര്‍ണമായ ആ സമര്‍പ്പണത്തിന് വേണ്ടിയുല്ലൊം തന്നെ ഈ ഒരടിസ്ഥാനപരമായ സ്വാര്‍ഥതയുണ്ടാകണം.

വൈകാരികമായ ഈ സ്വാർത്ഥത നിലനില്‍ക്കുന്നതുകൊണ്ട് തന്നെ തന്റെ ഇണ പങ്കുവെക്കപ്പെടുന്നുവെന്ന അറിവ് സ്വാഭാവികമായും അവള്‍ക്ക് മനഃപ്രയാസമുണ്ടാക്കിയേക്കാം. ഒരു മുസ്‌ലിം സ്ത്രീയെസംബന്ധിച്ചേടത്തോളം അവള്‍ക്ക് മതം തുണയാകുന്നതവിടെയാണ്. മതത്തിന്റെ നിര്‍ദേശങ്ങള്‍ അവിടെയാണ് അവള്‍ക്ക് സമാധാനമേകേണ്ടത്. ജീവിതത്തിലുണ്ടാവുന്ന പല തരാം പരീക്ഷണങ്ങളെപ്പോലെ ഇതുമൊരു പരീക്ഷണമായി അവള്‍ക്ക് കാണാൻ കഴിയും. തനിക്കുണ്ടായ ഈ വൈകാരിക പരീക്ഷണത്തിൽ സഹനമവലംബിച്ച് പടച്ചവന്‍ പറഞ്ഞതനുസരിച്ച് അവള്‍ മുന്നോട്ട് പോകുമ്പോള്‍ തീര്‍ച്ചയായും തനിക്ക് ഇഹലോകത്തും പരലോകത്തും അതിനുള്ള പ്രതിഫലം നല്‍കപ്പെടുമെന്ന ചിന്ത അവൾക്ക് ആശ്വാസം നൽകും.

അനിവാര്യമായ സാഹചര്യത്തിൽ തന്റെ ഇണ മറ്റൊരു ഭാര്യയെ സ്വീകരിക്കുമ്പോൾ അയാളും ആ സമയത്ത് ക്ഷമ അവലംബിക്കുന്ന താനും പടച്ചവന്റെ കല്‍പന അനുസരിക്കുകയാണെന്ന ചിന്ത അവൾക്ക് സന്തോഷവും സമാധാനവും നൽകും. ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാകാം. പ്രയാസങ്ങളുണ്ടാകാം. ആ സമയത്ത് ഒരു വിശ്വാസി ഏത് രൂപത്തില്‍ ക്ഷമിക്കേണമോ അതേ രൂപത്തില്‍ ഈ രംഗത്തും ക്ഷമിക്കുവാന്‍ വിശ്വാസിയായ അവള്‍ക്ക് കഴിയും.. ക്ഷമ പ്രതിഫലദായകമാണെന്ന പാഠം അവള്‍ക്ക് ആശ്വാസം നല്‍കും.

സ്ത്രീകളുടെ വൈകാരികപ്രയാസങ്ങൾക്കു പോലും മതത്തിന് അതിന്റേതായ കൃത്യമായ കാഴ്ചപ്പാടുണ്ട്. ഒന്നിലധികം ഇണകളുള്ള പുരുഷന്മാരുടെ ഭാര്യമാരായ സ്ത്രീകൾക്ക് സംതൃപ്തിയും ശാന്തിയുമുണ്ടാകുന്നതിനു വേണ്ടിയുള്ള നിര്‍ദേശങ്ങളുണ്ട്. നിയമത്തിന്റെ രീതിയില്‍ ഈ വൈകാരികപ്രയാസത്തെ പരിഹരിക്കാന്‍ കഴിയുമോ? കഴിയില്ല. നിയമം സംസാരിക്കുന്നത് നീതിയുമായി ബന്ധപ്പെട്ടാണ്. പെണ്ണിനെതിരില്‍ എന്തെങ്കിലും അനീതിയുണ്ടാകുന്നുവെങ്കില്‍ നിയമത്തിന് പരിഹരിക്കാന്‍ കഴിയും. പെണ്ണിനെതിരില്‍ ഒരക്രമം ഉണ്ടാകുന്നുവെങ്കില്‍ നിയമത്തിന് അവള്‍ക്കായി സംസാരിക്കാന്‍ കഴിയും. പെണ്ണിനെ ഏതെങ്കിലും രൂപത്തില്‍ അവഗണിക്കുന്നുവെങ്കില്‍ നിയമത്തിന് അതില്ലാതെയാക്കുവാന്‍ കഴിയും. എന്നാല്‍ ഇവിടെ പെണ്ണിന് മാനസികമായുണ്ടാകുന്ന പ്രയാസങ്ങള്‍ നിയമം മൂലം പരിഹരിക്കാന്‍ കഴിയുന്നതല്ല. അതൊരു വൈകാരികപ്രശ്‌നമാണ്. അതുകൊണ്ട് തന്നെ ധാര്‍മികമായ മതത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചുകൊണ്ട് അവിടെ പരിഹാരം നിര്‍ദേശിക്കുവാനേ സാധിക്കൂ. അതല്ലാതെ മറ്റു മാര്‍ഗങ്ങളില്ല.

വിശ്വാസിയായ മുസ്‌ലിം പുരുഷൻ അഥവാ ബഹുഭാര്യത്വത്തിലേര്‍പ്പെടുമ്പോള്‍ അതുവഴിയുണ്ടാകുന്ന ഇണയുടെ പ്രയാസങ്ങളില്‍ കൂടി താങ്ങായിത്തീരാന്‍ അയാള്‍ക്ക് കഴിയും. സ്‌നേഹത്തിന്റെ കവിഞ്ഞൊഴുക്ക് വഴി ഇത്തരം പ്രയാസങ്ങള്‍ കൂടി പരിഹരിക്കാന്‍ കഴിയും എന്നാണ് പ്രവാചകന്റെയും സഹാബിമാരുടെയും അതേ പോലെ പിന്‍കാലമുസ്‌ലിംകളുടെയുമെല്ലാം സംഭവങ്ങളും ജീവചരിത്രവും നമുക്ക് മനസ്സിലാക്കിത്തരുന്നത്.

മനുഷ്യപ്രകൃതിയുടെ മതമായ ഇസ്‌ലാം ബഹുഭാര്യത്വം പ്രകൃതിപരമായതിനാൽ അത് അനുവദിക്കുകയും ബഹുഭര്‍തൃത്വം പ്രകൃതിവിരുദ്ധമായതിനാൽ അത് നിരോധിക്കുകയും ചെയ്യുന്നുവെന്നാണ് എന്തുകൊണ്ട് ബഹുഭർതൃത്വം പാടില്ല എന്ന ചോദ്യത്തിനുള്ള മറുപടി.

ബഹുഭർതൃത്വം പ്രകൃതിവിരുദ്ധമാണെന്ന് പറയാനുള്ള കാരണമെന്താണ്? ചില പുരുഷന്മാര്‍ക്കെങ്കിലും ഒന്നിലധികം സ്ത്രീകളുമായി ബന്ധപ്പെടേണ്ട പ്രകൃതിപരവും അനിവാര്യവുമായ ചില കാരണങ്ങളുണ്ടാകും. എന്നാല്‍ സ്ത്രീപ്രകൃതി അങ്ങനെയുള്ളതല്ല. അവള്‍ക്ക് ഒന്നിലധികം പുരുഷന്മാര്‍ ആവശ്യമായി വരുന്ന അവസ്ഥകളൊന്നും തന്നെയില്ല. ഈ രംഗത്തെ ലൈംഗികശാസ്ത്രപഠനങ്ങള്‍ എടുത്തു പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാകും. ഇത്തരമൊരു അവസ്ഥ സ്ത്രീകള്‍ക്കുണ്ടാകുമെന്ന് ലൈംഗികശാസ്ത്രജ്ഞന്‍മാരൊന്നും പറയുന്നില്ല. ആരോഗ്യമുള്ള ഒരു പുരുഷനുള്ളിടത്തോളം ഒരു സ്ത്രീക്ക് മറ്റൊരു പുരുഷനെ അവളുടെ ലൈംഗികതക്ക് പ്രകൃതിപരമായ ആവശ്യമായി ഉപയോഗിക്കേണ്ടി വരുമെന്ന് വിലാസമുള്ള ഏതെങ്കിലൊരു ലൈംഗികശാസ്ത്രജ്ഞന്‍ വസ്തുനിഷ്ഠമായി തെളിയിക്കട്ടെ; അപ്പോള്‍ നമുക്ക് ഈ വിഷയം ചര്‍ച്ച ചെയ്യാവുന്നതാണ്. എന്നാല്‍ അതല്ല വസ്തുത.

സ്ത്രീക്ക് ബഹുഭര്‍തൃത്ത്വത്തിന് കഴിയില്ല. സ്ത്രീയുടെ മനസ്സും ശരീരവും ആ രൂപത്തിലുള്ളതാണ്. ലൈംഗികത്തൊഴിലാളികളില്ലേ എന്ന് മറുചോദ്യം ഉന്നയിക്കപ്പെടാവുന്നതാണ്. ലൈംഗികത്തൊഴിലാളികള്‍ അതിനെ തൊഴിലായി സ്വീകരിച്ചവരാണ്; അതിനായി അവരുടെ ശരീരവും മനസ്സും സമര്‍പ്പിക്കപ്പെട്ടിട്ടില്ല. രണ്ടോ മൂന്നോ നാലോ ഇണകളുണ്ടാകട്ടെ, പുരുഷന് അവര്‍ക്കോരോരുത്തര്‍ക്കും തന്റെ മനസ്സില്‍ സ്ഥാനമനുവദിക്കാനും സ്‌നേഹം കൊടുക്കാനും ആവശ്യമായ അവകാശങ്ങള്‍ കൊടുക്കാനും ലൈംഗികമായി അവരെയെല്ലാം തൃപ്തിപ്പെടുത്താനും കഴിയും.  എന്നാല്‍ സ്ത്രീക്കോ? ഒന്നിലധികം പുരുഷന്മാരെ തങ്ങളുടെ മനസ്സുകള്‍ക്കകത്തേക്ക് സന്നിവേശിപ്പിക്കാന്‍ കഴിയില്ല. അതു കൊണ്ട് തന്നെ ബഹുഭര്‍തൃത്ത്വം പ്രകൃതിവിരുദ്ധമാണ്.

പല പുരാതന സമൂഹങ്ങളിലും ബഹുഭര്‍തൃത്വം നിലനിന്നിരുന്നുവെന്നത് നേരാണ്. ടിബറ്റ്, സിലോണ്‍, സൈബീരിയ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ബഹുഭര്‍തൃത്വം നിലനിന്നിരുന്നു. ഇന്ത്യയിലാകട്ടെ ഇതിഹാസകാലത്ത് ഈ സമ്പ്രദായം നിലനിന്നിരുന്നുവെന്ന് മനസ്സിലാവുന്നുണ്ട്. വേദകാലത്ത് ബഹുഭര്‍തൃത്വം നിലനിന്നിരുന്നതായി യാതൊരു സൂചനകളുമില്ല. ഐതരേയ ബ്രാഹ്മണത്തിലും തൈത്തിരീയ സംഹിതയിലും ബഹുഭാര്യത്വത്തെക്കുറിച്ച സൂചനകളുണ്ടെങ്കിലും ബഹുഭര്‍തൃത്വത്തെക്കുറിച്ച യാതൊരു പരാമര്‍ശവുമില്ലെന്ന വസ്തുത വേദകാലത്ത് ആ സമ്പ്രദായം നിലനിന്നിരുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ മഹാഭാരതത്തിലെ പാഞ്ചാലിയുടെ കഥയില്‍നിന്ന് ഇവിടെ ഇതിഹാസകാലമായപ്പോഴേക്ക് ബഹുഭര്‍തൃത്വ സമ്പ്രദായം നിലവില്‍ വന്നിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്. അടുത്തകാലം വരെയും കേരളത്തി ല്‍ ബഹുഭര്‍തൃത്വം നിലനിന്നിരുന്നു. കൊല്ലന്മാര്‍ക്കിടയിലും ആശാരിമാര്‍ക്കിടയിലും അനേകം സഹോദരന്മാര്‍ക്ക് ഒരു ഭാര്യയെന്ന സമ്പ്രദായമാണുണ്ടായിരുന്നത്. ഈഴവന്മാര്‍ക്കിടയിലും നായന്മാര്‍ക്കിടയിലുമെല്ലാം ഇതു നിലനിന്നിരുന്ന പ്രദേശങ്ങളുണ്ടായിരുന്നു. മലബാറിലും തിരുവിതാംകൂറിലും നായന്മാര്‍ക്കിടയില്‍ നിലനിന്നിരുന്ന സംബന്ധം പ്രസിദ്ധമാണല്ലോ. സുന്ദരികളായ സ്ത്രീകള്‍ക്ക് നാലും അഞ്ചും സംബന്ധക്കാരുണ്ടായിരുന്നുവത്രേ. ബഹുഭര്‍തൃത്വം അഭികാമ്യമായ ഒരു സാമൂഹ്യസ്ഥാപനമായിരുന്നെങ്കില്‍ ഈ സമൂഹങ്ങള്‍ അത് നിലനിര്‍ത്തേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഈ സമൂഹങ്ങളിലെല്ലാം ഒരു പ്രത്യേകകാലത്ത് മാത്രമാണ് ബഹുഭര്‍തൃത്വം നിലനിന്നത്. കാലാന്തരത്തില്‍ പ്രസ്തുത സമൂഹങ്ങള്‍ തന്നെ ബഹുഭര്‍തൃത്വസമ്പ്രദായം ഉപേക്ഷിക്കുകയായിരുന്നു.

പുരുഷാധിപത്യത്തിലധിഷ്ഠിതമായ വ്യവസ്ഥിതി നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് പെണ്‍കോയ്മയില്‍ അധിഷ്ഠിതമായ ബഹുഭര്‍തൃത്വസമ്പ്രദായം ഉപേക്ഷിക്കപ്പെട്ടത് എന്ന വാദത്തില്‍ കഴമ്പില്ല. രതിസുഖമനുഭവിക്കുന്ന പുരുഷന് ഉത്തരവാദിത്തങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞു നില്‍ക്കാന്‍ സൗകര്യം നല്‍കുന്നതാണ് ബഹുഭര്‍തൃത്വവ്യവസ്ഥ. അതുകൊണ്ട് തന്നെ ആണ്‍കോയ്മ ബോധപൂര്‍വം ഉപേക്ഷിച്ചതാണ് അതെന്ന് കരുതാന്‍ ന്യായമില്ല. ഒരു സ്ഥാപനമെന്ന നിലക്ക് സമൂഹത്തിന്റെ സംതുലിതത്വം നിലനിര്‍ത്തുവാന്‍ സാധിക്കാത്തതിനാല്‍ സ്വാഭാവികമായി ബഹുഭര്‍തൃത്വം ഇല്ലാതാവുകയാണ് ചെയ്തത്. ജോര്‍ജ് പീറ്റര്‍ മര്‍ഡോക്കിന്റെ പഠനത്തിന് വിധേയമായ 1170 നാഗരികതകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ബഹുഭര്‍തൃത്വം പേരിനെങ്കിലും നിലനിന്നിരുന്നത് എന്ന വസ്തുത അതൊരു സ്വീകാര്യമായ വ്യവസ്ഥിതിയായി ചരിത്രത്തിലൊന്നും ദീര്‍ഘകാലം നിലനിന്നിട്ടില്ലെന്ന വസ്തുത വ്യക്തമാക്കുന്നുണ്ട്.

സ്ത്രീവിരുദ്ധവുമാണ് യഥാര്‍ഥത്തില്‍ ബഹുഭര്‍തൃത്ത്വം. ബഹുഭാര്യത്വത്തില്‍ രണ്ടോ മൂന്നോ നാലോ ഇണകളുണ്ടാകട്ടെ നാല് പേരും പരിഗണിക്കപ്പെടുകയാണ്; എല്ലാ അര്‍ഥത്തിലും സംരക്ഷിക്കപ്പെടുകയാണ്. അവര്‍ക്കെല്ലാം ജീവസന്ധാരണത്തിന് ആവശ്യമായ സംവിധാനങ്ങളുണ്ടാക്കപ്പെടുകയും അവര്‍ക്കെല്ലാം ലൈംഗികമായ അവകാശങ്ങള്‍ നല്‍കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ബഹുഭര്‍തൃത്ത്വത്തിൽ അവളുടെ അവകാശങ്ങൾ ഹനിക്കപ്പെടുകയും അവൾ അവഗണിക്കപ്പെടുകയുമാണുണ്ടാവുക.

ഒന്നാമത്തെ പ്രശ്‌നം ലൈംഗികതയുമായി ബന്ധപ്പെട്ടത് തന്നെയാണ്. പെണ്ണിന് ലൈംഗികതയുടെ ഉണര്‍വിന് സ്വകാര്യതയും സ്പര്‍ശവുമാണ് ആവശ്യം. സ്വകാര്യതയില്ലാതെ അവള്‍ക്ക് സംതൃപ്തമായ ലൈംഗികബന്ധം സാധ്യമാകില്ല. ലൈംഗികമായ ഉണര്‍വുണ്ടാകുവാന്‍ അവള്‍ക്ക് സാഹചര്യമുണ്ടാകണം; സ്വകാര്യതയുണ്ടാകണം; ഇണയുടെ ശ്രമകാരമുണ്ടാവണം; ഒപ്പം തന്നെ അയാളുടെ സ്നേഹത്തോടെയുള്ള സ്പർശമനുഭവിക്കുവാനും കഴിയണം . സ്ത്രീ ലൈംഗികതയുടെ ഉദ്ദീപനാവയവങ്ങളിൽ പ്രധാനപ്പെട്ടതാണ് ത്വക്ക്. ചർമ്മത്തിലെ ഉദീപനകേന്ദ്രങ്ങളിൽ സ്നേഹത്തോടെ തലോടുമ്പോഴാണ് അവള്‍ക്ക് ആസക്തിയുണ്ടാകുന്നത്.

പെണ്ണിനെ സംബന്ധിച്ചിടത്തോളം അവളെ കൂടാതെ തന്റെ ഭര്‍ത്താവിന് മറ്റൊരു ഭാര്യയുണ്ടെങ്കിലും ലൈംഗികതയുടെ കാര്യത്തില്‍ ഒരു പ്രയാസമുണ്ടാകുന്നില്ല. അവന്റെ സാന്നിധ്യത്തിലും അവന്റെ സ്വകാര്യതയിലുമല്ലാതെ അവള്‍ക്ക് അവന്‍ ലൈംഗികമായി അനിവാര്യമായി വരുന്നൊരു സാഹചര്യമുണ്ടാകുന്നില്ല. എന്നാല്‍ പുരുഷനതല്ലതാനും. കാഴ്ചയാണ് പുരുഷന്റെ പ്രധാനമായും ആസക്തിയുള്ളവനാക്കിത്തുതീർക്കുന്നത്. അവന്റെ ഒന്നാമത്തെ ഉത്തേജനന്കേന്ദ്രം കണ്ണാണ്. കാഴ്ചമൂലം അവന്‍ പ്രലോഭിതനാവുകയും സ്നേഹസ്രവമാടക്കം ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും. അതുകൊണ്ടാണ് മുഹമ്മദ് നബി (സ) പറഞ്ഞത് 'നിങ്ങള്‍ പുറത്ത് ഏതെങ്കിലും പെണ്ണിനെ കണ്ട് ആഗ്രഹം തോന്നിപ്പോയാല്‍ നിങ്ങളുടെ വീടുകളിലെ ഇണകളിലേക്ക് പോകണം' എന്ന്. പുരുഷന്റെ പ്രകൃതിപരമായ സ്വാഭാവികതയാണത്. ആസക്തനായാല്‍ ഇണകളിലെത്തിച്ചേരാനുള്ള മാര്‍ഗം വേണം. താന്‍ ആഗ്രഹത്തോടുകൂടി ഇണയുടെ അടുത്തെത്തുമ്പോള്‍ അവളോടൊപ്പം മറ്റൊരു ഭര്‍ത്താവുണ്ടാവുന്നത് പ്രശ്‌നം സൃഷ്ടിക്കും. വലിയ കുഴപ്പത്തിന് അത് കാരണമാകും. ഇത്തരം കുഴപ്പങ്ങളില്‍ പുരുഷനെക്കാളധികം പ്രയാസപ്പെടേണ്ടി വരിക സ്ത്രീയായിരിക്കും.

ബഹുഭാര്യത്വം പോലെ ഒരു അവകാശമല്ല ബഹുഭര്‍തൃത്വം. ബഹുഭാര്യത്വത്തിലൂടെ സ്ത്രീ സംരക്ഷിക്കപ്പെടുകയും സാമൂഹികമായ ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാവുകയും ചെയ്യുമ്പോള്‍ ബഹുഭര്‍തൃത്വം മുഖേന സ്ത്രീയുടെയോ പുരുഷന്റെയോ ഒരു അവകാശവും നിറവേറ്റപ്പെടുകയോ സാമൂഹികമായ മറ്റെന്തെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയോ ചെയ്യുന്നില്ല. ബഹുഭര്‍തൃത്വം ഒന്നിനും ഒരു പരിഹാരമല്ല. മറിച്ച് ഒരുപാട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഒരു പ്രശ്‌നം മാത്രമാണ്. കുടുംബജീവിതം തകരാറിലാവുകയും സാമൂഹിക ഭദ്രത തകരുകയുമാണ് ഇതിന്റെ ഫലം. വൈവാഹിക ജീവിതത്തിന്റെ അടിസ്ഥാനപരമായ ഉദ്ദേശ്യങ്ങളിലൊന്നുപോലും ബഹുഭര്‍തൃത്വം മുഖേന നിറവേറ്റപ്പെടുന്നില്ല. സ്ത്രീയുടെ നിലവാരം ഇടിയുകയും അവള്‍ അടിമയായി ആപതിക്കുകയും ചെയ്യുകയാണ് ബഹു ഭര്‍തൃത്വത്തിന്റെ പ്രായോഗിക പരിണതി.

ബഹുഭര്‍തൃത്വം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്.

ഒന്ന്: ലൈംഗികബന്ധത്തിന്റെ കാര്യത്തില്‍ വിവിധ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പെരുമാറ്റച്ചട്ടം ആവശ്യമായി വരുന്നു. മഹാഭാരതത്തില്‍ ബഹുഭര്‍തൃത്വം സ്വീകരിച്ച ദ്രൗപതിയുടെ ജീവിതത്തില്‍നിന്നുള്ള ഒരു സംഭവം ഇതിന് തെളിവാണ്. പഞ്ചപാണ്ഡവരില്‍ ഓരോരുത്തര്‍ക്കും രണ്ടര മാസക്കാലം വീതം പാഞ്ചാലി വീതിച്ചുനല്‍കിയിരുന്നുവത്രേ. ഒരാളോടൊപ്പം ശയനമുറിയിലിരിക്കുമ്പോള്‍ മറ്റുള്ളവരൊന്നും കടന്നുവരരുതെന്നായിരുന്നു അവര്‍ തമ്മിലുണ്ടായിരുന്ന കരാര്‍. ഒരിക്കല്‍ യുധിഷ്ഠിരനും പാഞ്ചാലിയുംകൂടി ശയനമുറിയിലായിരിക്കുമ്പോള്‍ അര്‍ജുനന്‍ അങ്ങോട്ട് കടന്നുചെന്നുകൊണ്ട് കരാര്‍ ലംഘിച്ചു. ഇതിനുള്ള പ്രായശ്ചിത്തമായി അര്‍ജുനന് പന്ത്രണ്ട് വര്‍ഷത്തെ വനവാസത്തിനു പോകേണ്ടിവന്നു എന്നാണ് കഥ. ലൈംഗികബന്ധത്തിന്റെ കാര്യത്തില്‍ പെരുമാറ്റച്ചട്ടമുണ്ടാക്കുന്നതിന്റെ അപ്രായോഗികത ഈ കഥയില്‍നിന്ന് സുതരാം വ്യക്തമാവുന്നുണ്ട്. വിവിധ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സംഘട്ടനത്തിനും പ്രശ്‌നങ്ങള്‍ക്കും അതു നിമിത്തമാകുന്നു.

രണ്ട്: ഗര്‍ഭധാരണത്തിനുശേഷമുണ്ടാകുന്ന പ്രശ്‌നങ്ങള്‍: ഒന്നിലധികം ഭര്‍ത്താക്കന്മാരുള്ള സ്ത്രീ ഗര്‍ഭിണിയായാല്‍ ആരാണ് പ്രസ്തുത ഗര്‍ഭത്തിന് ഉത്തരവാദിയെന്നു തീരുമാനിക്കാനാവില്ല. ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് ലഭിക്കേണ്ട ശുശ്രൂഷയെയും പരിചരണത്തെയും ഇത് പ്രതികൂലമായി ബാധിക്കും. ഗര്‍ഭിണിക്ക്  അസ്വസ്ഥതയും കഷ്ടതയും മാത്രമായിരിക്കും ഇത്തരമൊരു അവസ്ഥയിലുണ്ടാവുക. ഗര്‍ഭസ്ഥശിശു ആരുടേതാണെന്ന് അറിയാത്തതിനാല്‍ ആരുംതന്നെ ആത്മാര്‍ഥമായ ശുശ്രൂഷക്ക് തയാറാവുകയില്ല. സ്‌നേഹം മനസ്സിനകത്തുനിന്ന് സ്വമേധയാ നിര്‍ഗളിക്കുന്നതാണ്. യാന്ത്രികമായി നിര്‍മിച്ചെടുക്കാവുന്നതല്ല. ഗര്‍ഭിണികളുടെ ശുശ്രൂഷയും മറ്റു പരിചരണങ്ങളും സ്‌നേഹത്തില്‍നിന്ന് ഉയിര്‍കൊള്ളുന്നതാണ്; ആവണം. അല്ലാത്തപക്ഷം അത് യാന്ത്രികമായിരിക്കും. ഭര്‍ത്താവില്‍നിന്നും പരിചാരികയില്‍നിന്നും ലഭിക്കുന്ന ശുശ്രൂഷകള്‍ തമ്മില്‍ അത്തരം അവസ്ഥയില്‍ വ്യത്യാസമൊന്നുമുണ്ടാവുകയില്ല. ഗര്‍ഭിണി ആഗ്രഹിക്കുന്നത് അതല്ല. ഗര്‍ഭത്തിന്റെ ഉത്തരവാദിയില്‍നിന്നുള്ള സ്‌നേഹോഷ്മളമായ പരിചരണമാണ് അവള്‍ക്കാവശ്യം. അത് ആരാണെന്നറിയാത്തതിനാല്‍ അത്തരമൊരു പരിചരണം ലഭിക്കാതെ പോകുന്നു. അതുകൊണ്ടുതന്നെ ബഹുഭര്‍തൃത്വം സ്‌ത്രൈണ പ്രകൃതിയോടുതന്നെ ചെയ്യുന്ന അനീതിയായി ഭവിക്കും.

മൂന്ന്: കുട്ടികളുടെ പിതൃത്വത്തിന്റെ പ്രശ്‌നം: ബഹുഭര്‍തൃത്വത്തിലൂടെ ഉണ്ടാവുന്ന കുട്ടികളുടെ പിതാക്കള്‍ ആരൊക്കെയാണെന്ന് മനസ്സിലാക്കാന്‍ കഴിയില്ല. പിതാക്കളില്‍നിന്നു ലഭിക്കേണ്ട സ്‌നേഹം കുട്ടികള്‍ക്കു ലഭിക്കാതിരിക്കുന്നതിന് ഇതു കാരണമാകുന്നു. കുട്ടികളുടെ സംരക്ഷണം മാതാക്കളുടെ ബാധ്യതയായിത്തീരുന്നു. അത് അവര്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കുന്നു. രക്തപരിശോധനയിലൂടെയും 'ഡി.എന്‍.എ-വിരലടയാള' പരിശോധനയിലൂടെയും യഥാര്‍ഥ പിതാവിനെ കണ്ടുപിടിക്കാ'മല്ലോയെന്നു വേണമെങ്കില്‍ വാദിക്കാമെന്നത് ശരിയാണ്. പക്ഷേ, ഒരു കുഞ്ഞിന് പിതൃവാല്‍സല്യം ലഭിക്കണമെങ്കില്‍ ലാബോറട്ടറി റിസല്‍ട്ട് കാത്തിരിക്കണമെന്ന സാഹചര്യം എന്തുമാത്രം വലിയ അനീതിയല്ല! വൈദ്യപരിശോധനയിലൂടെ തെളിയിക്കപ്പെട്ട പിതൃത്വത്തിന് തന്റെ സന്താനങ്ങളോട് എത്രത്തോളം വൈകാരികമായ ബന്ധമുണ്ടാവുമെന്ന് ഊഹിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. ചുരുക്കത്തില്‍ പിതൃ-പുത്രബന്ധത്തിന് പ്രകൃതി നിശ്ചയിച്ച വൈകാരികഭാവങ്ങള്‍ക്ക് വിരുദ്ധമാണ് ബഹുഭര്‍തൃത്വമെന്ന സമ്പ്രദായം.

നാല്: അനന്തരാവകാശത്തിന്റെ പ്രശ്‌നം: പിതാവിനെ തിരിച്ചറിയാതിരിക്കുന്നതുമൂലം വന്നുഭവിക്കുന്ന ഒരു പ്രശ്‌നമാണിത്. ബഹുഭര്‍തൃത്വത്തിലൂടെ ജനിച്ച കുഞ്ഞിന് ഏത് ഭര്‍ത്താവിന്റെ സ്വത്താണ് നല്‍കുക? കുഞ്ഞുങ്ങള്‍ക്കെല്ലാം തുല്യമായി വീതിക്കാമെന്ന് കരുതാന്‍ കഴിയില്ല. ഒരു ഭര്‍ത്താവ് പണക്കാരനും മറ്റെയാള്‍ പാവപ്പെട്ടവനുമായിരിക്കാനുള്ള സാധ്യതയുണ്ടല്ലോ. അത്തരം അവസരങ്ങളില്‍ ഏതൊക്കെ മക്കള്‍ക്ക് ആരുടെയൊക്കെ സ്വത്താണ് വീതിക്കുക? ഏതെങ്കിലും ഒരു ഭര്‍ത്താവ് മരണപ്പെട്ടാല്‍ എല്ലാ മക്കള്‍ക്കും സ്വത്ത് നല്‍കണമോ? അതല്ല അയാളുടെ മക്കള്‍ക്ക് മാത്രം നല്‍കണമോ? ഇങ്ങനെ ഒട്ടനവധി പ്രശ്‌നങ്ങളുണ്ട്.

അഞ്ച്: വാര്‍ധക്യത്തിലെ സംരക്ഷണത്തിന്റെ പ്രശ്‌നം: ഒന്നിലധികം ഭര്‍ത്താക്കന്മാരുള്ള സ്ത്രീയെ ആരാണ് സംരക്ഷിക്കുക? വാര്‍ധക്യത്തില്‍ അവരുടെ തുണയ്ക്ക് ആരാണുണ്ടാവുക? അവളുടെ സംരക്ഷണ ഉത്തരവാദിത്തം ഭര്‍ത്താക്കന്മാര്‍ പങ്കിട്ടെടുത്തുവെന്ന് കരുതുക. അത്തരമൊരവസ്ഥയില്‍ ഈ സംരക്ഷണം തികച്ചും യാന്ത്രികമായിരിക്കും. സ്‌നേഹത്തില്‍നിന്നുണ്ടാവുന്ന സംരക്ഷണമല്ല അപ്പോള്‍ ലഭിക്കുക. സംരക്ഷണത്തിന്റെ കാര്യത്തില്‍ ഭര്‍ത്താക്കന്മാര്‍  തമ്മില്‍ കലഹമുണ്ടാവാനും അങ്ങനെ സ്ത്രീ അരക്ഷിതയായിത്തീരുവാനുള്ള സാധ്യതയുമുണ്ട്. സ്ത്രീയുടെ സംരക്ഷണത്തിനുവേണ്ടി ജഗന്നിയന്താവ് നിശ്ചയിച്ച സംവിധാനങ്ങളെ നിഷേധിക്കുന്നവര്‍ക്കു മാത്രമേ ബഹുഭര്‍തൃത്വം കരണീയമായി തോന്നൂ.

ആറ്: പുരുഷന്മാര്‍ തമ്മിലുള്ള കലഹം: ഭാര്യയെച്ചൊല്ലി ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ കലഹമുണ്ടാകുവാന്‍ സാധ്യതയേറെയാണ്. ലൈംഗികബന്ധത്തിന്റെയും കുഞ്ഞിന്റെയും കുഞ്ഞിന്റെ പിതൃത്വത്തിന്റെയുമെല്ലാം  പേരില്‍ കലഹങ്ങളുണ്ടാവാം. ഈ കലഹങ്ങള്‍ കുടുംബസംവിധാനത്തിന്റെ തകര്‍ച്ചക്കും സ്ത്രീയുടെ നാശത്തിനും നിമിത്തമാകും.

ചുരുക്കത്തിൽ ബഹുഭാര്യത്വം പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ്; ബഹുഭർതൃത്വമാകട്ടെ, നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒരു പ്രശ്നം മാത്രമാണ്. അത് കൊണ്ട് തന്നെയായിരിക്കണം മനുഷ്യരെക്കുറിച്ച് കൃത്യമായറിയാവുന്ന സ്ര്ഷ്ടാവ് ബഹുഭർതൃത്വം അനുവദിക്കാതിരുന്നത്.

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

ബഹുഭാര്യത്വം ഇസ്‌ലാം അനുവദിച്ചത് ഉഹ്ദ് യുദ്ധാനന്തരമുള്ള സാഹചര്യത്തിലാണ് എന്ന് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പറയുന്നുണ്ടെന്നും അതുകൊണ്ട് തന്നെ അത് അക്കാലഘട്ടത്തിലേക്ക് മാത്രമുള്ള ഒരു നിയമമാണെന്നും ചില ബുദ്ധിജീവികള്‍ ഈയിടെ എഴുതിക്കെണ്ടിരിക്കുന്നുണ്ട്. ഖുര്‍ആനിലെ നാലാമത്തെ അധ്യായം: സൂറ: നിസാഇലെ 3-ാം വചനത്തിന്റെ അവതരണപശ്ചാത്തലം ഉഹ്ദ് യുദ്ധത്തിന് ശേഷമുള്ള സാഹചര്യമാണെന്ന് പല പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ടെന്നത് ശരിയാണ്.

ഇസ്‌ലാം ഒരു നിയമം നടപ്പാക്കുന്നത് പരിശുദ്ധഖുര്‍ആനിന്റെ പദപരമായ വ്യാഖ്യാനത്തിലധിഷ്ഠിതമായിക്കൊണ്ടല്ല. അല്ലാഹുവിന്റെ വചനങ്ങളായി അവതരിപ്പിക്കപ്പെട്ട  ഖുര്‍ആനിന്റെ പ്രായോഗിക വിശദീകരണം നല്‍കിയത് പ്രവാചകൻ (സ) ആണ്. പ്രവാചകനില്‍ നിന്ന് മതം നേരിട്ട് പഠിച്ച സഹാബികള്‍ അത് പ്രയോഗവല്‍ക്കരിച്ച് ലോകത്തിന് മാതൃകയായി. അപ്പോള്‍ ഖുര്‍ആനാകുന്ന പ്രമാണം പ്രവാചകൻ (സ) എങ്ങനെ വിശദീകരിച്ചു, അതനുസരിച്ച് സഹാബികള്‍ എങ്ങനെ ജീവിച്ചു, എന്നതാണ് ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെയും നിയമങ്ങളുടെയും അടിത്തറ. അടിസ്ഥാനസോത്രസ്സ് ഖുര്‍ആന്‍, അതിന്റെ പ്രയോഗവല്‍ക്കരണം പ്രവാചകചര്യ അഥവാ സുന്നത്ത്, ഇവയില്‍ നിന്ന് സഹാബി സമുച്ചയം മനസ്സിലാക്കിയതെന്ത് എന്നീ കാര്യങ്ങള്‍ മൊത്തത്തില്‍ പരിഗണിച്ചുകൊണ്ടാണ് ഇസ്‌ലാമിക നിയമങ്ങള്‍ നിര്‍ധരിക്കപ്പെടുന്നത്.

ഈ രീതിശാസ്ത്രപ്രകാരം ഖുര്‍ആനിലെ 4:3ന്റെ അവതരണശേഷം പ്രവാചകന്‍ എന്തു നിലപാട് സ്വീകരിച്ചു. പ്രവാചകനില്‍ നിന്ന് മതം പഠിച്ച സഹാബിമാര്‍ എന്തു നിലപാട് സ്വീകരിച്ചു, ഇതാണ് പരിശോധനാവിധേയമാക്കേണ്ടത്. അവ നമ്മെ അറിയിക്കുന്ന സത്യം,  ഈ ഖുര്‍ആനികവചനമിറങ്ങിയതോടു കൂടി നാലിലധികം ഭാര്യമാരുണ്ടായിരുന്ന ആളുകളോട് നാലില്‍ പരിമിതപ്പെടുത്തുവാന്‍ റസൂൽ (സ) നിഷ്‌കര്‍ഷിച്ചുവെന്നതാണ്. അതായത്, യുദ്ധത്തിന് ശേഷമുള്ള സാഹചര്യങ്ങളിലും യുദ്ധമില്ലാത്ത സാഹചര്യങ്ങളിലുമെല്ലാം ഒന്നിലധികം ഭാര്യമാരെ വേള്‍ക്കുന്നത് പ്രവാചകൻ (സ) നിരോധിച്ചില്ല; എതിര്‍ത്തില്ല. സഹാബിമാരില്‍ ഒരുവിധമെല്ലാവര്‍ക്കും ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നു. അവരെല്ലാവരും യുദ്ധസാഹചര്യത്തിലൊന്നുമല്ല കല്യാണം കഴിച്ചത്. യുദ്ധസാഹചര്യത്തില്‍ വിവാഹിതരായിട്ടുണ്ട്; അതല്ലാത്തപ്പോഴും വിവാഹം കഴിച്ചിട്ടുണ്ട്. അപ്പോള്‍ ഇതില്‍ നിന്ന് ഒരു നിയമം എന്ന നിലക്ക് അടിസ്ഥാനസ്രോതസ്സ്, അതിന്റെ വിശദീകരണം, അതിന്റെ പ്രയോഗവല്‍ക്കരണം, ഇവ മൂന്നും കൂടി വെച്ചുനോക്കുമ്പോള്‍ മനസ്സിലാകുന്നത് ഖുര്‍ആന്‍ പറഞ്ഞ ബഹുഭാര്യത്വത്തിനുള്ള അനുവാദം യുദ്ധസാഹചര്യത്തില്‍ മാത്രമല്ലയെന്നാണ്.

ഇനി, ബഹുഭാര്യത്വമനുവദിച്ചത് യുദ്ധസാഹചര്യത്തില്‍ മാത്രമാണെന്ന് വിചാരിച്ചാല്‍ തന്നെ, ഇസ്‌ലാമിക നിയമങ്ങള്‍ ഇപ്പോള്‍ പ്രയോഗവല്‍ക്കരിക്കാന്‍ കഴിയുന്നതല്ലെന്ന് നമുക്കെങ്ങനെ പറയാന്‍ പറ്റും? എങ്ങനെ ഈ നിയമം വേണ്ട എന്നു പറയാന്‍ പറ്റും? യുദ്ധസാഹചര്യം എപ്പോഴും ഉണ്ടാകാമല്ലോ? യുദ്ധസാഹചര്യത്തില്‍ ഇറങ്ങിയതാണ്; അത്‌കൊണ്ട് ഇന്ത്യയില്‍ ബഹുഭാര്യത്വം നിരോധിക്കണമെന്നാണ് ചില ബുദ്ധിജീവികളുടെ വാദം. ഇന്ത്യയിലത് വിരോധിക്കപ്പെട്ടുവെന്ന് കരുതുക ബഹുഭാര്യത്വം അനുവദിച്ച യുദ്ധസാഹചര്യം ഇന്ന് ഉണ്ടായാല്‍ എന്തുചെയ്യും?  യുദ്ധത്തിന്റെ ഫലമെന്താണ്? അവിടെ അനാഥകളുടെ പ്രശ്‌നമുണ്ടാകും, യുദ്ധത്തില്‍ വിധവകളുണ്ടാകും. കാരണം, പുരുഷന്മാരാണ് യുദ്ധത്തില്‍ നേര്‍ക്കുനേരെ പങ്കെടുക്കുന്നവര്‍. ഇസ്‌ലാമികസമൂഹത്തില്‍ പുരുഷന്മാര്‍ തന്നെയാണ് ഭൂരിപക്ഷവും യുദ്ധത്തില്‍ പങ്കെടുക്കുന്നത്. അങ്ങനെ പങ്കെടുക്കുമ്പോള്‍ സ്വാഭാവികമായും സ്ത്രീകളുടെ വൈധവ്യം, കുട്ടികളുടെ അനാഥത്വം എന്നിവയുണ്ടാകും. ആ സമയത്ത് മാത്രമുള്ള ഒരു നിയമമാണെങ്കില്‍ പോലും ആ നിയമം ഇന്നും പ്രസക്തമാണ്. ഏതു സമയത്തും യുദ്ധമുണ്ടാകാറുണ്ട്. ഏത് സമയത്തും യുദ്ധം മൂലമുള്ള പ്രയാസങ്ങളുണ്ടാകാം. ഏത് സമയത്തും സ്ത്രീകളുടെ എണ്ണം കൂടുന്ന അവസ്ഥയുണ്ടാകാം. അതിനുള്ള സാഹചര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അങ്ങനെയാകുമ്പോള്‍ ഈ നിയമം അപ്രസക്തമാണ്; അപരിഷ്‌കൃതമാണ് എന്നു പറയുന്നതിൽ ന്യായമില്ല.

ഇസ്‌ലാം സ്ത്രീയെ ലൈംഗികജീവിയായി ആപതിപ്പിച്ചുവെന്നും അതുകൊണ്ടാണ് ഇസ്‌ലാം ബഹുവഭാര്യത്വം പോലെയുള്ള കാര്യങ്ങൾ അനുവദിച്ചന്നതെന്നുമാണ് ആരോപണം. അവളുടെ വ്യക്തിത്വത്തിന്റെ പ്രകാശനത്തിന് പറ്റുന്ന കാര്യങ്ങളൊന്നും ഇസ്‌ലാം അനുവദിച്ചിട്ടില്ലെന്നും ഇസ്‌ലാം ഈ രംഗത്ത് സ്ത്രീയെ തീരെ പരിഗണിച്ചിട്ടില്ലെന്നും ആരോപിക്കപ്പെടുന്നു.

സ്ത്രീയും പുരുഷനും ലൈംഗികജീവികളാണെന്ന് സമര്‍ഥിക്കാന്‍ വേണ്ടി തന്റെ ആയുസ്സ് മുഴുവനും ചെലവഴിച്ച ഫ്രോയിഡിനെ അംഗീകരിക്കുകയും ആദരിക്കുകയും, അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളാണ് ശരി എന്നു വാദിക്കുകയും ചെയ്യുന്നവര്‍ സ്ത്രീ ലൈംഗികതയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മാത്രമെന്തുകൊണ്ടാണ് ഏകപക്ഷീയമായ നിലപാടെടുക്കുന്നത്? ലൈംഗികജീവിയെന്നതിന് ലൈംഗികത മാത്രം കഴിയുന്ന ഒരാള്‍ എന്ന അര്‍ഥം ഫ്രോയിഡ് കൊടുത്തിട്ടില്ല. സെക്‌സിനുള്ള ഒരുപകരണം മാത്രമാണ് സ്ത്രീയെന്ന് ഇസ്‌ലാമും പറഞ്ഞിട്ടില്ല. മനുഷ്യന്റെ നാഗരിക മുന്നേറ്റങ്ങള്‍ക്കെല്ലാമുള്ള അടിത്തറയായി വര്‍ത്തിച്ചത് ലൈംഗികതയെ പ്രത്യുല്‍പാദനത്തിനപ്പുറത്ത് തൃപ്തിക്കുവേണ്ടിയും സ്‌നേഹത്തിനുവേണ്ടിയുമുള്ള ഏര്‍പ്പാടാക്കി മനുഷ്യന്‍ പരിണമിപ്പിച്ചതാണ് എന്നാണ് ഫ്രോയിഡ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. അതിന്റെ ശരിതെറ്റുകള്‍ ഇപ്പോള്‍ നമ്മുടെ വിഷയമല്ല. പക്ഷെ ഒരു കാര്യം ഉറപ്പാണ്. മനുഷ്യന്റെ വൈയക്തികവും കുടുംബപരവും സാമൂഹികവുമായ സ്വാസ്ഥ്യത്തിന് ലൈംഗികത അനിവാര്യമാണ് എന്നുള്ള സത്യം. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.

മനുഷ്യരുടെ സ്വാസ്ഥ്യവും സമാധാനവും ലൈംഗിക സംതൃപ്തിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ലൈംഗിക സംതൃപ്തി മനുഷ്യന് അനിവാര്യമാണ്. ആ തൃഷ്ണ പൂര്‍ത്തീകരിക്കപ്പെടണം. പൂര്‍ത്തീകരിക്കപ്പെടേണ്ട ലൈംഗികതയില്‍ പുരുഷന് അവന്റെ പങ്കുണ്ട്, സ്ത്രീക്ക് അവളുടെ പങ്കുണ്ട്. സ്ത്രീയുടെ ലൈംഗികചോദനവും ലൈംഗികതലവും ലൈംഗികമായ ആസ്വാദനവും പുരുഷന്റേതില്‍ നിന്ന്് വ്യത്യസ്തമാണ്. പുരുഷന്റേത് സ്ത്രീയില്‍ നിന്നും വ്യത്യസ്തമാണ്. എന്നാല്‍ ഇവ തമ്മില്‍ ഒരു പാരസ്പര്യം നില നില്‍ക്കുന്നുമുണ്ട്. ഇത് വളരെ കൃത്യമായി മനസ്സിലാക്കാന്‍ ആള്‍ഫ്രഡ് കിന്‍സെയുടെ റിപ്പാര്‍ട്ടുകള്‍ പരിശോധിച്ചാല്‍ മതി. അതില്‍ Sexual behaviour in the human male എന്നും  Sexual behaviour in the human female എന്നും രണ്ടായി തന്നെ തരംതിരിക്കുന്നുണ്ട്. മനുഷ്യന്റെ സ്വാസ്ഥ്യത്തിനും അവന്റെ നിലനില്‍പ്പിനും അവന്റെ പുരോഗതിക്കും അവന്റെ അസ്തിത്വത്തിന് തന്നെയും അനിവാര്യമായ ലൈംഗികയുടെ അതിന്റെ തൃപ്തമായ പൂര്‍ത്തീകരണത്തില്‍ പുരുഷന് അവന്റെ പങ്കുണ്ട്, സ്ത്രീക്ക് അവളുടെ പങ്കുണ്ട്. ആ പങ്കു നിര്‍വഹിക്കുവാന്‍ പറ്റിയ രൂപത്തിലാണ് സ്ത്രീ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്; പുരുഷനും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് അവന്റെ പങ്ക് നിര്‍വഹിക്കുവാന്‍പറ്റിയ രൂപത്തില്‍ തന്നെ. സ്ത്രീക്ക് പ്രത്യുല്‍പാദനത്തില്‍ കൂടുതല്‍ പങ്കുണ്ട് എന്നതിനാല്‍ ആ പ്രത്യുല്‍പാദനവുമായി ബന്ധപ്പെട്ട് പ്രയാസങ്ങള്‍ സഹിക്കേണ്ടതും ബാധ്യതകളുള്ളതും  പ്രശ്‌നങ്ങളുള്ളതും അബലതകള്‍ കടന്നുവരുന്നതും സ്ത്രീക്കാണ്. അതിനാല്‍ സ്ത്രീയെ സംരക്ഷിക്കേണ്ടത് പുരുഷന്റെ ഉത്തരവാദിത്തമാണെന്ന് ഇസ്‌ലാം പറഞ്ഞുവെന്ന് മാത്രമേയുള്ളു.

വിവാഹം കുടുംബമെന്ന സ്ഥാപനത്തിലേക്കുള്ള പ്രവേശനമാണ്. ലൈംഗിക സംപൂര്‍ത്തീകരണം രണ്ടുപേര്‍ക്കും ആവശ്യമാണ്. രണ്ടുപേരുടെയും വ്യക്തിപരമായ സ്വാസ്ഥ്യത്തിന് അത് അനിവാര്യമാണ്;  കുടുംബത്തിലെ സമാധാനത്തിന് അനിവാര്യമാണ്; സാമൂഹികമായ നന്മകള്‍ക്കും അനിവാര്യമാണ്. ഫ്രോയിഡിന്റെ പഠനങ്ങളെടുത്ത് നോക്കിയാല്‍ രസകരമായ ചില കാര്യങ്ങള്‍ നമ്മളറിയും. സാമൂഹ്യദ്രോഹികളായി അറിയപ്പെടുന്ന ആളുകളുടെ മനോവിശ്ലേഷണത്തിലൂടെ അദ്ദേഹം എത്തിച്ചേര്‍ന്ന നിഗമനം ഇവയുടെയെല്ലാം അടിസ്ഥാനകാരണം അതൃപ്തമായ ലൈംഗികതയാണെന്നാണ്. അപ്പോള്‍ സമൂഹത്തിന്റെ സ്വാസ്ഥ്യത്തിന് സംതൃപ്ത ലൈംഗികത ആവശ്യമാണ്. അതിന് സ്ത്രീ ആവശ്യമാണ്; അവിടെ പുരുഷനും ആവശ്യമാണ്. അവിടെ രണ്ടു കൂട്ടര്‍ക്കും അവരുടേതായ റോളുകളുണ്ട്. പാരസ്പര്യത്തിന് അനിവാര്യമായ നിയമങ്ങള്‍ ആവശ്യമായി വരുന്നത് ഇവിടെയാണ്. പെണ്ണിന്റെയും ആണിന്റെയും ലൈംഗികതകൾ വ്യത്യസ്തമാണ്. ഇവയുടെ പാരസ്പര്യത്തെക്കുറിച്ച് പഠിക്കാന്‍ മാസ്‌റ്റേഴ്‌സിനും ജോണ്‍സണും സ്വന്തത്തെ തന്നെ സമര്‍പ്പിക്കേണ്ടി വന്നു. ഭാര്യഭര്‍ത്താന്മാരായ അവരുടെ ലൈംഗിക ചോദനയെക്കുറിച്ച്, അവരുടെ ലൈംഗികസ്വഭാവങ്ങളെക്കുറിച്ചുള്ള പഠനങ്ങളാണവര്‍ പുറത്ത് വിട്ടത്. സ്ത്രീയുടെ ലൈംഗികതയെക്കുറിച്ചോ, അവളുടെ ലൈംഗികമായ  അസ്തിത്വത്തെക്കുറിച്ചോ പൂര്‍ണമായി അവള്‍ക്ക് തന്നെ പൂർണമായും അറിയില്ലെന്നാണ് അവരുടെ പഠനങ്ങൾ വ്യക്തമാക്കിയത്. . പുരുഷന്റേതും അങ്ങനെത്തന്നെ. അവന്റെ സാധ്യതകളെന്തൊക്കെയെന്നും, അവളുടെ സാധ്യതകളെന്തൊക്കെയെന്നും കൃത്യവും വ്യക്തമായി അവര്‍ക്കറിയില്ല. ആ സാധ്യതകളെ മുഴുവനും പൂര്‍ണമായി പ്രകാശിപ്പിക്കാന്‍ കഴിയുന്ന രൂപത്തിലുള്ളതാകണം അവരുടെ പാരസ്പര്യവുമായി ബന്ധപ്പെടുന്ന നിയമങ്ങള്‍. പുരുഷന് വേണ്ടി സ്ത്രീ നിയമമുണ്ടാക്കിയാലും സ്ത്രീക്ക് വേണ്ടി പുരുഷന്‍ നിയമമുണ്ടാക്കിയാലും അവ മാനവികമാകുകയില്ല. രണ്ടിനും അപ്രായോഗികതയുണ്ടാകും. സ്ത്രീക്ക് വേണ്ടി സ്ത്രീ നിയമമുണ്ടാക്കിയാലും തഥൈവ. അതിന് പുരുഷപ്രകൃതിയെ ഉള്‍ക്കൊള്ളാനാവാതെ അത് ഒറ്റപ്പെട്ടുപോകും. പുരുഷന് വേണ്ടി പുരുഷന്‍ നിയമമുണ്ടാക്കിയാലും അങ്ങനെത്തന്നെയാണുണ്ടാവുക. ഇവിടെയാണ് രണ്ടുപേരെയും കൃത്യമായി അറിയാവുന്ന പടച്ചവന്റെ നിയമങ്ങള്‍ പ്രസക്തമാകുന്നത്. ആ നിയമത്തിന് മാത്രമെ സ്തീപുരുഷ പാരസ്പര്യത്തെ പ്രകാശമാനമാക്കാനാവൂ; രണ്ടു പേര്‍ക്കും പൂര്‍ണാര്‍ഥത്തിലുള്ള ആസ്വാദനം നല്‍കൂ; പടച്ചവന്റെ നിയമത്തില്‍ സ്ത്രീക്ക് കൊടുത്ത സ്ഥാനമല്ല പുരുഷന് കൊടുത്തിരിക്കുന്നത്. ആ സ്ഥാനങ്ങള്‍ക്ക് യാതൊരു കുഴപ്പവുമില്ല. അതിനെ കേവലം വിമര്‍ശനാത്മകമായി കണ്ട് പ്രാകൃതവല്‍ക്കരിക്കാന്‍ വേണ്ടി ശ്രമിക്കുമ്പോഴാണ് കുഴപ്പം.

ലൈംഗികതയുമായി ബന്ധപ്പെട്ട ഇസ്‌ലാമിക നിയമങ്ങളുടെ അടിത്തറ അവരുടെ പാരസ്പര്യത്തിലാണ് ഊന്നുന്നത്. ലൈംഗികത അനിവാര്യമാണ് രണ്ടു കൂട്ടര്‍ക്കും. ആ ലൈംഗികപൂര്‍ത്തീകരണത്തിന്റെ ഓരോ രംഗത്തും പെണ്ണ് സംരക്ഷിക്കപ്പെടണം. എന്തുകൊണ്ട്? പെണ്ണിന് മറ്റൊരു വലിയ ദൗത്യം ഏറ്റെടുക്കാനുണ്ട്; മാതാവാകുകയെന്ന ദൗത്യം. അതുകൊണ്ടാണ് വിവാഹത്തിന്റെ സമയത്ത് പെണ്ണിന് മഹര്‍ കൊടുക്കണമെന്ന് ഇസ്‌ലാം പ്രത്യേകമായി പറഞ്ഞത്. രണ്ടുകൂട്ടര്‍ക്കും ലൈംഗികത ആവശ്യമാണെങ്കില്‍  പിന്നെ  പെണ്ണിന് പുരുഷന്‍ ധനം കൊടുക്കണമെന്ന നിയമം എന്തുകൊണ്ടുണ്ടാകുന്നു; രണ്ട് പേര്‍ക്കും ആവശ്യമുള്ള വിവാഹത്തില്‍ പെണ്ണിന് ധനം ആവശ്യപ്പെടാനുള്ള അവകാശം എന്തുകൊണ്ടുണ്ടാകുന്നു? ലൈംഗികത വഴി ജൈവികമായ നഷ്ടങ്ങളുണ്ടാകുന്നത് പെണ്ണിനാണ്. അവളുടെ കൂടുതല്‍ സമര്‍പ്പണം ആവശ്യമുണ്ടവിടെ. കുടുംബമെന്ന സ്ഥാപനത്തിന്റെ നിലനില്‍പ്പിന്ന് പെണ്ണിന്റെ സമര്‍പ്പണം കൂടുതലാവശ്യമുണ്ട്. സ്ഥാപനത്തിന്റെ നിലനില്‍പിന്ന് അനിവാര്യമാണ് വിവാഹം; അത് സ്ത്രീ ശാക്തീകരണത്തിനെതിരല്ല.  മറിച്ച്, പെണ്ണ് വിചാരിച്ചാലേ ഗര്‍ഭിണിയാകാന്‍ കഴിയൂ. പെണ്ണ് വിചാരിച്ചാലേ പ്രസവിക്കാന്‍ കഴിയൂ. പെണ്ണിനേ മുലയൂട്ടാന്‍ കഴിയൂ. പെണ്ണിനേ കുട്ടികള്‍ക്ക് ചെറിയ പ്രായത്തിലുള്ള മാനസികവികാസത്തിനാവശ്യമായ ഗൃഹാന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയൂ. ഇതെല്ലാം പുരുഷനാവശ്യമാണ്; സ്ത്രീക്ക് ആവശ്യമാണ്; അടുത്ത തലമുറക്കാവശ്യമാണ്; സമൂഹത്തിനാവശ്യമാണ്; കുടുംബത്തിന്റെ സ്വാസ്ഥ്യത്തിന് ആവശ്യമായ മാതൃത്വമെന്ന കടമ അവള്‍ നിര്‍വഹിക്കുമ്പോള്‍ പുരുഷന്‍ അവള്‍ക്ക് താങ്ങാകണം. അവളെ ഒരു സാമ്പത്തിക ജീവിയായി കണ്ടുകൂടാ. സാമ്പത്തികസ്രോതസ്സ് അവളല്ല. അത് പുരുഷനായിത്തീരണം. അതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്.

ലൈംഗികത പൂര്‍ത്തീകരിക്കപ്പെടേണ്ട  അനിവാര്യമായ വികാരണമാണെന്ന് തന്നെയാണ് ഇസ്‌ലാമിന്റെ വീക്ഷണം.  സ്ത്രീയെയും പുരുഷനെയും  ആ വികാരം നിലനില്‍ക്കുന്ന ജീവികളായി കാണണം. പ്രസ്തുത വികാരത്തിന്റെ പൂര്‍ത്തീകരണം വിവാഹത്തിലൂടെ നടക്കണം. കുടുംബജീവിതത്തിന്റെ ഓരോ രംഗത്തും അവരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും കൃത്യമായി പഠിപ്പിക്കുന്നുണ്ട് ഇസ്‌ലാം. അതല്ലാതെ സ്ത്രീ വിരോധമോ പുരുഷ വിരോധമോ ഇസ്‌ലാമിക നിയമങ്ങളിലില്ല. ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട നിയമങ്ങളും അങ്ങനെ തന്നെ. സ്ത്രീയുടെ ഏതെങ്കിലും ഒരവകാശം അതുവഴി നിഷേധിക്കപ്പെടുന്നില്ല. അതേസമയം ബഹുഭാര്യത്വം നിരോധിക്കുകയും ഒപ്പം തന്നെ ധാര്‍മികജീവിതം നിര്‍ബന്ധിക്കുകയും ചെയ്യുന്നത് പുരുഷന്റെ അടിസ്ഥാനപരമായ പ്രകൃതി ചിലയാളുകള്‍ക്കെങ്കിലും അടിച്ചമര്‍ത്തേണ്ടിവരുന്ന സാഹചര്യമുണ്ടാകുന്നു. ആ രംഗത്തെ പ്രഗല്‍ഭരായ ആളുകളുടെ പഠനമാണിത്. ഇവിടെ ഇസ്‌ലാമിക നിയമം പെണ്ണിനെ പരിഗണിക്കുന്നു. അവളുടെ അവസ്ഥകള്‍ പൂര്‍ണമായും മനസ്സിലാക്കുന്നു. അവളെ അടിച്ചമര്‍ത്തുവാനോ പ്രയാസപ്പെടുത്താനോ ഇസ്‌ലാം ഉദ്ദേശിക്കുന്നില്ല. ഇസ്‌ലാമിലെ നിയമങ്ങള്‍ അവളോട് യാതൊരുവിധ അനീതിയും ചെയ്യുന്നില്ല.

ലോകത്തെ മറ്റു സമൂഹങ്ങളിലേതുപോലെതന്നെ, പലപ്പോഴും മറ്റു സമൂഹങ്ങളെ കവച്ചുവെക്കുന്ന രീതിയില്‍ ബഹുഭാര്യത്വം അറേബ്യയില്‍ നിലവിലുണ്ടായിരുന്നു. അനിയന്ത്രിതമായ അനുവാദമായിരുന്നു ഇക്കാര്യത്തില്‍ അറബികള്‍ക്കിടയില്‍ നിലനിന്നിരുന്നത്. ഇതിനൊരു നിയന്ത്രണമുണ്ടാക്കുകയും നാലില്‍ പരിമിതിപ്പെടുത്തുകയുമാണ് ഖുര്‍ആന്‍ ചെയ്തത്. പല പ്രവാചകാനുചരന്മാര്‍ക്കും ഇസ്‌ലാം ആശ്ലേഷിക്കുന്നതിനു മുമ്പ് ഒരുപാട് ഭാര്യമാരുണ്ടായിരുന്നുവെന്ന വസ്തുത അറേബ്യന്‍ സമൂഹത്തില്‍ ഭാര്യമാരുടെ എണ്ണത്തിന് യാതൊരു പരിധിയുമുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ്. ഗീലാനുബ്‌നു സല്‍മത്തുസ്സക്കഫിക്ക് പത്തുഭാര്യമാരുണ്ടായിരുന്നു. അമീറത്തുല്‍ അസദിക്ക് എട്ട് ഭാര്യമാരും നൗഫലുബ്‌നു മുആവിയത്തുദ്ദയ്‌ലമിക്ക് അഞ്ച് ഭാര്യമാരുമുണ്ടായിരുന്നു. ഇസ്‌ലാം സ്വീകരിക്കുന്ന സമയത്ത് ഇഷ്ടമുള്ള നാലു ഭാര്യമാരെ നിലനിര്‍ത്തി ബാക്കിയുള്ളവരെ ഒഴിവാക്കാനാണ് പ്രവാചകന്‍ ല അവരോടാവശ്യപ്പെട്ടത്. കൈയും കണക്കുമില്ലാതെ എത്രയും ഭാര്യമാരെ വെച്ചുകൊണ്ടിരിക്കാമെന്ന അവസ്ഥ നിലനിന്നിരുന്ന സമൂഹത്തിലാണ് നീതി പുലര്‍ത്താനാവുമെങ്കില്‍ നാലു വരെ ആകാമെന്നും അതിനാവില്ലെങ്കില്‍ ഒന്നു മാത്രം മതിയെന്നുമുള്ള നിയമം കൊണ്ടുവന്നതെന്ന് സാരം.

അനിവാര്യമെന്നു തോന്നുന്നുവെങ്കില്‍ ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കാന്‍ ഖുര്‍ആന്‍ അനുവാദം നല്‍കുന്നു. അവര്‍ക്കിടയില്‍ നീതി പാലിക്കണമെന്ന നിബന്ധനയോടെ.

ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുന്നതിനെ ആധുനികത വിലക്കുന്നു. നിയമാനുസൃതം ഒരു ഭാര്യ മാത്രമേ പാടുള്ളുവെന്ന് നിഷ്‌കര്‍ശിക്കുമ്പോള്‍തന്നെ കാള്‍ഗേളുകളുമായോ മറ്റോ ബന്ധം പുലര്‍ത്തുന്നതില്‍ അത് യാതൊരു തെറ്റും കാണുന്നില്ല.

ഏതാണ് സ്ത്രീകള്‍ക്ക് ഹിതകരമായ നിയമം?

വിവാഹേതര ബന്ധങ്ങള്‍, അതിന് എന്ത് പേരിട്ട് വിളിച്ചാലും ഇസ്‌ലാം അംഗീകരിക്കുന്നില്ല- വെറുക്കുന്നു എന്ന വസ്തുതയുടെ അടിത്തറയില്‍നിന്നുകൊണ്ടാണ് നാം ഈ പ്രശ്‌നത്തെ പരിശോധിക്കേണ്ടത്. ഇസ്‌ലാമികമായ ഭരണക്രമം നിലനില്‍ക്കുന്ന രാഷ്ട്രത്തിലാണെങ്കില്‍ വ്യഭിചരിച്ചവര്‍ക്ക്- നാല് ദൃക്‌സാക്ഷികളുടെ സാക്ഷ്യം കൊണ്ട് കുറ്റം തെളിഞ്ഞാല്‍- വിവാഹിതരല്ലെങ്കില്‍ നൂറ് അടിയും വിവാഹിതരെങ്കില്‍ മരണം വരെ കല്ലേറും ലഭിക്കും. വിവാഹത്തിന് പുറത്തുള്ള ലൈംഗിക ബന്ധത്തെ ഇസ്‌ലാം എന്തുമാത്രം വെറുക്കുന്നുവെന്ന് ഈ ശിക്ഷകള്‍ വ്യക്തമാക്കുന്നു. സമൂഹത്തിന്റെ അടിസ്ഥാന സ്ഥാപനമായ കുടുംബത്തിന്റെ തകര്‍ച്ചക്കും അതുവഴി ധാര്‍മികത്തകര്‍ച്ചക്കും വ്യഭിചാരം നിമിത്തമാവുമെന്നാണ് ഇസ്‌ലാമിന്റെ വീക്ഷണം. അതുകൊണ്ടുതന്നെ സദാചാര നിഷ്ഠമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്കുവേണ്ടി ശ്രമിക്കുന്ന ഒരു ദര്‍ശനത്തിന് അത് പൂര്‍ണമായി ഇല്ലാതാക്കുവാനാശ്യമായ നിയമങ്ങള്‍ ആവിഷ്‌കരിക്കേണ്ടി വരുന്നത് സ്വാഭാവികമാണ്. അതോടൊപ്പം മനുഷ്യപ്രകൃതിക്ക് ഇണങ്ങുന്ന നിയമങ്ങളില്‍ വികാരപൂര്‍ത്തീകരണമെന്ന ജൈവിക ആവശ്യം നിര്‍വഹിക്കുവാനുള്ള മാര്‍ഗങ്ങള്‍ ഉണ്ടാകുകയും വേണം. ഇവിടെയാണ് ഇസ്‌ലാം ബഹുഭാര്യത്വം അനുവദിച്ചതിലെ യുക്തി മനസ്സിലാക്കാനാവുന്നത്.

സദാചാരനിഷ്ഠമായ ഒരു സമൂഹത്തില്‍ ബഹുഭാര്യത്വം അനിവാര്യമാകുന്ന വൈയക്തികവും സാമൂഹികവുമായ അവസ്ഥകളുണ്ട്. വ്യക്തിപരമായ അവസ്ഥകളെ ഇങ്ങനെ സംക്ഷേപിക്കാം:

ഒന്ന്) പുരുഷന്റെ ലൈംഗികാസക്തി: ചില പുരുഷന്മാര്‍ക്കെങ്കിലും തങ്ങളുടെ ലൈംഗികാവശ്യങ്ങള്‍ക്ക് ഒരു സ്ത്രീ മതിയാകാതെ വരുന്ന സാഹചര്യങ്ങളുണ്ടെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. സ്ത്രീയുടെ ആര്‍ത്തവകാലം, പ്രസവകാലം തുടങ്ങിയ കാലയളവുകളില്‍ ലൈംഗികബന്ധം അസാധ്യമാണല്ലോ. ഇത്തരം അവസ്ഥകളില്‍ ലൈംഗിക വികാരം നിയന്ത്രിക്കാന്‍ കഴിയാത്തവരുണ്ടാകാം. ബഹുഭാര്യത്വം അല്ലെങ്കില്‍ വ്യഭിചാരമാണ് അത്തരം ആളുകള്‍ക്ക് മുന്നിലുള്ള മാര്‍ഗം.

രണ്ട്) ഭാര്യയുടെ ലൈംഗികശേഷിയില്ലായ്മ: സ്ത്രീകളിലെ ലൈംഗികശേഷിക്കുറവ് ചിലപ്പോള്‍ ചികില്‍സിച്ചുമാറ്റാന്‍ കഴിയാത്തതാവാം. ഏതുതരം ശേഷിക്കുറവാണെങ്കിലും അതു നിലനില്‍ക്കുന്ന കാലയളവില്‍ പുരുഷന് വികാരശമനത്തിന് മാര്‍ഗം വേണമെന്നാണ് പ്രകൃതിയുടെ താല്‍പര്യം. ഒന്നുകില്‍ ബഹുഭാര്യത്വം അല്ലെങ്കില്‍ വ്യഭിചാരം. അതുമല്ലെങ്കില്‍ വിവാഹമോചനം. ഇങ്ങനെ മൂന്നു മാര്‍ഗങ്ങളുണ്ട് പുരുഷനു മുമ്പില്‍. വ്യഭിചാരം അധാര്‍മികമാണ്. വിവാഹമോചനം അനുവദനീയമെങ്കിലും കഴിയുന്നത്ര ഒഴിവാക്കാന്‍ ശ്രമിക്കേണ്ട കാര്യമാണ്. ഇത്തരം ഒരവസ്ഥയില്‍ ബഹുഭാര്യത്വമാണ് ഏറ്റവും കരണീയമായിട്ടുള്ളത്.

മൂന്ന്) ഭാര്യയുടെ വന്ധ്യത: ഭാര്യ വന്ധ്യയാണെങ്കില്‍ പുരുഷനു മുമ്പില്‍ മൂന്നു മാര്‍ഗങ്ങളുണ്ട്. ഒന്ന്. ജീവിതകാലം മുഴുവന്‍ കുട്ടികളില്ലാതെ ജീവിക്കുക. രണ്ട്. വന്ധ്യയായ സ്ത്രീയെ വിവാഹമോചനം ചെയ്തുകൊണ്ട് മറ്റൊരുത്തിയെ വേള്‍ക്കുക. മൂന്ന്. വന്ധ്യയായ സ്ത്രീയെ നിലനിര്‍ത്തിക്കൊണ്ടുതന്നെ മറ്റൊരുത്തിയെ വിവാഹം ചെയ്യുക.

ഒന്നാമത്തെ പരിഹാരം സ്വന്തത്തോടുചെയ്യുന്ന ക്രൂരതയാണ്. രണ്ടാമത്തേത് ഭാര്യയോടുള്ള ക്രൂരതയും: അവര്‍ ചെയ്ത തെറ്റുകൊണ്ടല്ല അവര്‍ വന്ധ്യയായിത്തീര്‍ന്നത്. മൂന്നാമത്തെ നിര്‍ദേശമാണ് മാനവികം. അതുവഴി ഭര്‍ത്താവിന്റെ കുഞ്ഞുങ്ങളെ തന്‍േറതെന്നവണ്ണം വളര്‍ത്തിക്കൊണ്ട് സായൂജ്യമണിയാന്‍ വന്ധ്യയായ സ്ത്രീക്കും അവസരം ലഭിക്കുന്നു. അങ്ങനെ മാതൃത്വത്തിന്റെ ദാഹം ശമിപ്പിക്കുവാന്‍ അവള്‍ക്കും സാധിക്കുന്നു.

നാല്) ഭാര്യയുടെ മാറാവ്യാധി: ചില രോഗങ്ങള്‍ ലൈംഗികബന്ധത്തെയും ഗര്‍ഭധാരണത്തെയും വിലക്കുന്നവയായുണ്ട്. അത്തരം രോഗങ്ങളുള്ള സ്ത്രീകളുടെ ഭര്‍ത്താക്കന്മാര്‍ എന്തുചെയ്യണം? മാറാരോഗം കാരണം ഗാര്‍ഹികജോലികള്‍ ചെയ്യാന്‍ പ്രയാസപ്പെടുന്നവരുമുണ്ടാകും. ഇവിടെയെല്ലാം പരിഹാരമായി നിര്‍ദേശിക്കപ്പെടുന്നത് വ്യഭിചാരമോ വിവാഹമോചനമോ ബഹുഭാര്യത്വമോ ആണ്. മാറാവ്യാധി പിടിപെട്ട സ്ത്രീയെ ഒഴിവാക്കുന്നതിലൂടെ അവളെ വഴിയാധാരമാക്കുകയാണ് ചെയ്യുന്നത്. ഇവിടെയും മാനവികമായ മാര്‍ഗം ബഹുഭാര്യത്വംതന്നെയാണ്.

മുകളില്‍ പറഞ്ഞ സാഹചര്യങ്ങളില്‍ വിവാഹമോചനമാണ് ചില മതഗ്രന്ഥങ്ങള്‍ ശുപാര്‍ശ ചെയ്യുന്നത്. മനുസ്മൃതിയുടെ കല്‍പന കാണുക:

വന്ധ്യാഷ്ട മേധി വേദ്യാബ്‌ദേ ദേശമേതുമൃതപ്രജാ

ഏകാ ദശേ സ്ത്രീ ജനനീ സത്യസ്ത്വപ്രിയ വാദിനീ

(മനുസ്മൃതി 9:81)

(വന്ധ്യയായ ഭാര്യയെ എട്ടു വര്‍ഷം കഴിഞ്ഞും, ചാപിള്ള പ്രസവിക്കുന്നവളെ പത്തുവര്‍ഷം കഴിഞ്ഞും, പെണ്ണുമാത്രം പ്രസവിക്കുന്നവളെ പതിനൊന്നുവര്‍ഷം കഴിഞ്ഞും, അപ്രിയം പറയുന്നവളെ ഉടനെയും ഉപേക്ഷിച്ച് വേറെ വിവാഹം ചെയ്യേണ്ടതാണ്. ഈ സ്ത്രീകള്‍ക്ക് സന്തോഷത്തിനായി യാതൊന്നും കൊടുക്കേണ്ടതില്ല).

യുക്തിവാദത്തിന്റെ പരിഹാരവും വിവാഹമോചനംതന്നെ. നിരീശ്വരത്വത്തിന്റെ ഏറ്റവും വലിയ തത്ത്വജ്ഞാനിയായി അറിയപ്പെടുന്ന ബര്‍ട്രന്‍ഡ് റസ്സല്‍ നിര്‍ദേശിക്കുന്ന പരിഹാരം കാണുക:

'സന്താനങ്ങളില്ലാത്ത വൈവാഹിക ജീവിതത്തില്‍, ഇരുകൂട്ടരും നന്നായി പെരുമാറുവാന്‍ പരമാവധി പരിശ്രമിക്കുന്നുണ്ടെന്നുവരികിലും, വിവാഹമോചനംതന്നെയാണ് ഏറ്റവും നല്ല പരിഹാരം' Marriage and Morals, Page:96)

ഇത്തരം അവസരങ്ങളില്‍ ബഹുഭാര്യത്വമോ വിവാഹമോചനമോ വ്യഭിചാരമോ ഏതാണ് ഒരു സ്ത്രീ ഭര്‍ത്താവില്‍നിന്ന് ആഗ്രഹിക്കുക? സന്മാര്‍ഗനിഷ്ഠയും സ്‌നേഹവതിയുമായ സ്ത്രീ തീര്‍ച്ചയായും കാംക്ഷിക്കുന്നത് ബഹുഭാര്യത്വമായിരിക്കും. ഇസ്‌ലാം ബഹുഭാര്യത്വം അനുവദിച്ചിരിക്കുന്നത് സ്ത്രീകളുടെകൂടി രക്ഷ കണക്കിലെടുത്തുകൊണ്ടാണ്. ഖുര്‍ആനിക ദര്‍ശനം മാനവികമാണെന്ന വസ്തുതയാണ് നമുക്കിവിടെ കാണാന്‍ കഴിയുന്നത്.

ബഹുഭാര്യത്വം സാമൂഹികമായ അനിവാര്യതയായിത്തീരുന്ന സന്ദര്‍ഭങ്ങളുമുണ്ട്. അവയെ ഇങ്ങനെ സംക്ഷേപിക്കാം:

ഒന്ന്) സ്ത്രീ-പുരുഷ അനുപാതത്തിലുണ്ടാവുന്ന വ്യത്യാസം: ഇതു രണ്ടു രൂപത്തില്‍ സംഭവിക്കാം; സ്വാഭാവികമായും യുദ്ധത്തിന്റെ ഫലമായും. ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയുന്ന ഒരു യാഥാര്‍ഥ്യമുണ്ട്. ഏതാണ്ട് എല്ലാ സമൂഹങ്ങളിലും എല്ലാ കാലഘട്ടങ്ങളിലും സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനേക്കാള്‍ കൂടുതലായിരുന്നുവെന്ന വസ്തുതയാണത്. ആധുനിക ശാസ്ത്രം ഈ അവസ്ഥക്ക് വിശദീകരണം നല്‍കുന്നുണ്ട്. മനുഷ്യരുടെ ജനിതകനില പ്രകാരം ഗര്‍ഭസ്ഥശിശുക്കളുടെ ലിംഗവ്യത്യാസം ഏതാണ്ട് സമമായിരിക്കുമെങ്കിലും പെണ്‍ഭ്രൂണത്തിന് ആണ്‍ഭ്രൂണത്തെക്കാള്‍ രോഗപ്രതിരോധശേഷി കൂടുതലായതിനാല്‍ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ കൂടുതല്‍ പെണ്‍കുട്ടികളായിരിക്കുമത്രേ. ആയിരം ആണ്‍കുട്ടികള്‍ക്ക് ഏകദേശം ആയിരത്തിപത്ത് പെണ്‍കുട്ടികള്‍ എന്ന നിരക്കിലായിരിക്കും ഈ വ്യത്യാസമെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

യുദ്ധത്തിന് ശേഷമുണ്ടാകുന്ന അവസ്ഥയാണ് മറ്റൊന്ന്. സ്വാഭാവികമായും യുദ്ധത്തില്‍ പങ്കെടുക്കുന്നത് പുരുഷന്മാരായിരിക്കും. അങ്ങനെ സ്ത്രീ- പുരുഷ അനുപാതത്തില്‍ വലിയ വ്യത്യാസമുണ്ടാവും. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മനിയിലെ അമ്പത് ലക്ഷം പുരുഷന്മാരാണ് മരിച്ചുവീണത്. യുദ്ധത്തിന് മുമ്പ് അവിടത്തെ സ്ത്രീ-പുരുഷ അനുപാതം സമമായിരുന്നുവെങ്കില്‍ യുദ്ധശേഷം അമ്പത് ലക്ഷം സ്ത്രീകള്‍ അധികമായി ഭവിച്ചിട്ടുണ്ടാകുമെന്നര്‍ത്ഥം. ഭര്‍ത്താക്കന്മാരെ നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജപ്പാനിലെയും ജര്‍മനിയിലെയും സ്ത്രീകള്‍ പ്രകടനം നടത്തി. അവരുടെ  വീടുകള്‍ക്കു മുമ്പില്‍ 'ഒരു സായാഹ്‌ന അതിഥിയെ ആവശ്യമുണ്ട് (wanted an evening guest)  എന്ന ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. ഇത് ജര്‍മനിയുടെ മാത്രം അവസ്ഥയല്ല. യുദ്ധം കഴിഞ്ഞാല്‍ ഏതു സമൂഹത്തിലുമുണ്ടാവുന്ന സ്വാഭാവികമായ സ്ഥിതിവിശേഷമാണ്.

സമൂഹത്തില്‍ സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനേക്കാള്‍ വര്‍ധിക്കുമ്പോള്‍ മൂന്നു പ്രതിവിധികളാണ് സമൂഹത്തിന് സ്വീകരിക്കുവാന്‍ കഴിയുക.

  1. ഓരോ പുരുഷനും ഓരോ സ്ത്രീയെ മാത്രം വിവാഹം ചെയ്യുക. ബാക്കിയുള്ള സ്ത്രീകള്‍ ലൈംഗികതൃഷ്ണ ഒതുക്കിക്കൊണ്ട് ജീവിക്കുക.
  2. ഓരോ പുരുഷനും ഓരോ സ്ത്രീയെ വിവാഹം ചെയ്യുക. ബാക്കിയുള്ള സ്ത്രീകള്‍ വ്യഭിചാരത്തിലേര്‍പ്പെടുക.
  3. പ്രാപ്തരും ഭാര്യമാരോട് നീതിയില്‍ വര്‍ത്തിക്കുവാന്‍ കഴിയുമെന്ന് തോന്നുന്നവരുമായ പുരുഷന്മാര്‍ ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുക.

ഈ മൂന്നു പരിഹാരങ്ങളില്‍ ഏതാണ് മാനവികം? വിവാഹത്തിന് കഴിയാത്ത സ്ത്രീകളെ പരിഗണിക്കുമ്പോള്‍  ഒന്നാമത്തെ പ്രതിവിധി ക്രൂരവും പ്രകൃതിവിരുദ്ധവുമാണ്. രണ്ടാമത്തെ പ്രതിവിധിയാകട്ടെ ധാര്‍മിക വ്യവസ്ഥയെ തകര്‍ക്കുന്നതിലൂടെ സമൂഹത്തെ നശിപ്പിക്കാന്‍ പോന്നതാണ്. മൂന്നാമത്തെ പ്രതിവിധിതന്നെയാണ് സദാചാരനിഷ്ഠമായ സമൂഹത്തിന്റെ നിലനില്‍പ് കാംക്ഷിക്കുന്നവര്‍ തെരഞ്ഞെടുക്കുക. അതുകൊണ്ടാണല്ലോ 1948- ല്‍ മ്യൂണിക്കില്‍ സമ്മേളിച്ച ലോകയുവജനസംഘടന ജര്‍മനിയുടെ പ്രശ്‌നത്തിന് പരിഹാരമായി ബഹുഭാര്യത്വം നിര്‍ദേശിച്ചത്. ഇസ്‌ലാം നിര്‍ദേശിക്കുന്ന പരിഹാരവും ഇതുതന്നെ. ഒരു പരിഹാരം, ലോക യുവജനസംഘടന നിര്‍ദേശിക്കുമ്പോള്‍ മാനവികവും ഇസ്‌ലാം നിര്‍ദേശിക്കുമ്പോള്‍ അപരിഷ്‌കൃതവുമാകുന്നതെങ്ങനെയാണ്?

ഇത്തരമൊരു പ്രതിസന്ധിക്ക്, പരിശുദ്ധാത്മാവ് സകലസത്യത്തിലും വഴി നടത്തുന്നുവെന്ന് വിശ്വസിക്കുന്ന ക്രൈസ്തവസഭക്ക് നിര്‍ദേശിക്കുവാന്‍ കഴിയുന്ന പ്രതിവിധിയെന്താണ്? അധികം വരുന്ന സ്ത്രീകളെ എന്തു ചെയ്യണമെന്നാണ് അവര്‍ക്ക് പറയാനുള്ളത്? അവരെയെല്ലാം കര്‍ത്താവിന്റെ മണവാട്ടികളാണെന്ന മിഥ്യാബോധത്തില്‍ കുരുക്കി കന്യാസ്ത്രീകളാക്കാമെന്ന് സഭ കരുതുന്നുവോ? അതല്ല, ധാര്‍മികതയുടെ അതിരുകള്‍ അതിലംഘിച്ച് വേശ്യാവൃത്തിയിലേക്ക് നയിക്കപ്പെടുവാന്‍ സഭ അവര്‍ക്ക് കൂട്ടുനില്‍ക്കുമോ? സത്യത്തില്‍, ഏകഭാര്യാവ്രതമാണ് തങ്ങളുടെ മതത്തിന്റെ അനുശാസനയെന്ന് വീരവാദം മുഴക്കുന്നവരുടെ കൈയില്‍ സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്ന സാമൂഹികസാഹചര്യത്തില്‍ സ്വീകരിക്കേണ്ടത് എന്തു നിലപാടാണെന്നതിനെക്കുറിച്ച യാതൊരു ധാരണയുമില്ലെന്നതാണ് യാഥാര്‍ഥ്യം.

ബഹുഭാര്യത്വത്തെ അപരിഷ്‌കൃതമായി കാണുന്ന യുക്തിവാദികളുടെ കൈയില്‍ ഈ സാമൂഹിക സാഹചര്യത്തിനുള്ള പരിഹാരം വ്യഭിചാരമാണ്. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ യഥേഷ്ടം ഉപയോഗിച്ചുകൊണ്ടുള്ള വ്യഭിചാരം! ബര്‍ട്രാന്‍ഡ് റസ്സല്‍ എഴുതുന്നു:

'മുകളില്‍ പറഞ്ഞ സാഹചര്യങ്ങളില്‍ സാമ്പത്തിക കാരണങ്ങളാല്‍ പുരുഷന്മാരില്‍ മിക്കവരും നേരത്തേ വിവാഹിതരാവുന്നത് അസാധ്യമായി കരുതുകയും അതേസമയം സ്ത്രീകളില്‍ കുറേപേര്‍ക്ക് വിവാഹിതരാവാന്‍തന്നെ കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം സ്ത്രീ-പുരുഷന്മാര്‍ തമ്മിലുള്ള തുല്യാവകാശം സ്ത്രീകളുടെ ചാരിത്ര്യത്തെ സംബന്ധിച്ച പരമ്പരാഗത സങ്കല്‍പത്തില്‍ ഒരു മാറ്റം ആവശ്യപ്പെടുന്നു.  ലൈംഗികബന്ധം അനുവദിക്കപ്പെടുന്നുവെങ്കില്‍ (സത്യത്തില്‍ അത് നിലനില്‍ക്കുന്നുണ്ട്) സ്ത്രീകള്‍ക്കും അത് അനുവദിക്കപ്പെടണം. സ്ത്രീകള്‍ മിച്ചം വരുന്ന  നാടുകളില്‍ അവിവാഹിതരായി കഴിയുന്ന സ്ത്രീകളെയെല്ലാം ലൈംഗികാനുഭൂതിയില്‍നിന്ന് ഒഴിച്ചുനിര്‍ത്തുന്നത് വ്യക്തമായ അനീതിയാണ്. വനിതാ പ്രസ്ഥാനങ്ങളുടെ ആദ്യകാല വക്താക്കള്‍ക്ക് ഇക്കാര്യങ്ങള്‍ കാണാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും അവരുടെ ആധുനികരായ അനുയായികള്‍ ഇവ വ്യക്തമായി നോക്കിക്കാണുന്നുണ്ട്. ഈ അഭിപ്രായങ്ങളെ അനുകൂലിക്കാത്തവര്‍ സ്ത്രീ ലൈംഗികതയോട് നീതി ചെയ്യുന്നതിന് എതിരാണെന്ന് പറയേണ്ടിവരും (Marriage and morals, Page 59)

സ്വതന്ത്ര ലൈംഗികത അനുവദിക്കപ്പെടുന്ന സമൂഹത്തില്‍ സന്താനോല്‍പാദനം വിവാഹവൃത്തിയില്‍ മാത്രം ഒതുക്കണമെന്നും വിവാഹബാഹ്യമായ ലൈംഗികവേഴ്ചകളെല്ലാം ഗര്‍ഭനിരോധന മാര്‍ഗങ്ങളുപയോഗിച്ചുകൊണ്ടുള്ളതായിരിക്കണമെന്നും റസ്സല്‍ നിര്‍ദേശിക്കുന്നുണ്ട്.

സ്ത്രീ-പുരുഷ അനുപാതത്തില്‍ വ്യത്യാസമുണ്ടാവുന്ന സാമൂഹിക സാഹചര്യങ്ങൡ സാധിക്കുന്ന പുരുഷന്മാര്‍ ഒന്നിലധികം സ്ത്രീകളെ ഭാര്യമാരാക്കിവെച്ചുകൊണ്ട് അവര്‍ക്കിടയില്‍ നീതിയോടുകൂടി വര്‍ത്തിക്കണമെന്ന ഖുര്‍ആനിക നിര്‍ദേശമോ അധികം വരുന്ന സ്ത്രീകള്‍ വ്യഭിചാരത്തിലേര്‍പ്പെടണമെന്ന യുക്തിവാദ നിര്‍ദേശമോ ഏതാണ് മാനവികം? സ്ത്രീയോട് നീതി ചെയ്യുന്നത് ഏത് നിര്‍ദേശമാണ്?

അവിഹിതബന്ധം മൂലം സ്ത്രീ ക്രൂരമായി വഞ്ചിക്കപ്പെടുന്നുവെന്നതല്ലേ സത്യം! ഏതു നിമിഷവും അവളെ പുറംതള്ളാം. ഈ ബന്ധത്തില്‍ ജനിക്കുന്ന കുഞ്ഞിനെ-ഒരു ഗര്‍ഭ നിരോധനമാര്‍ഗവും നൂറുശതമാനം കുറ്റമറ്റതല്ലെന്നോര്‍ക്കുക- അതിന്റെ പിതാവിനോട് ചേര്‍ക്കാന്‍ പോലും അവള്‍ക്ക് അവകാശമില്ല. അവളുടെ മാംസളത കുറയുകയും തൊലി ചുളിയുകയും ചെയ്താല്‍ പിന്നെ അവളെ ആരും തിരിഞ്ഞുനോക്കുകയില്ല. അവകാശങ്ങളുള്ള അധികൃതമായ ഭാര്യ എന്ന പദവിയോ വേശ്യ എന്ന പേരോ ഏതാണ് അഭികാമ്യം? ഒന്നാമത്തെതായിരുന്നാലും നാലാമത്തെതായിരുന്നാലും അവകാശങ്ങളുള്ള അധികൃത ഭാര്യ എന്ന പദവിയും പെരുമാറ്റവും ലഭിക്കുവാന്‍ ഏതു സ്ത്രീക്കും അവകാശമുണ്ടെന്നാണ് ഇസ്‌ലാമിന്റെകാഴ്ചപ്പാട്. സപത്‌നിയായി ജീവിച്ച് തന്റെയും സന്താനങ്ങളുടെയും ചെലവുകള്‍ കണക്കുതീര്‍ത്തു വാങ്ങുകയും ഭര്‍ത്താവിന്റെ മരണശേഷം താനും കുട്ടികളും സ്വത്തില്‍  അവകാശികളുമായിത്തീരുകയും ചെയ്യുന്നതോ, ഒരു അവകാശവുമില്ലാതെ വേശ്യയായി ജീവിക്കുകയും അവസാനം നരകിച്ച് സമൂഹത്തിന് ഭാരമായിത്തീരുന്നതോ ഏതാണ് സ്ത്രീക്ക് അഭിമാനകരമായിട്ടുള്ളത്?

രണ്ട്) വിധവകളുടെയും അനാഥകളുടെയും സംരക്ഷണം: വിധവകളെയും അനാഥകളെയും  സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. ഈ ബാധ്യത യഥോചിതം നിര്‍വഹിക്കുന്നതിന് ബഹുഭാര്യത്വം ചിലപ്പോള്‍ അനിവാര്യമായിത്തീരുമെന്ന് കാണാനാവും. യുദ്ധങ്ങളിലും പൊതുജീവിതത്തിലെ അത്യാഹിതങ്ങളിലുമെല്ലാം കൂടുതല്‍ മരണപ്പെടുന്നത് പുരുഷന്മാരാണല്ലോ. അപ്പോള്‍ വിധവകളും അവരുടെ അനാഥരായ മക്കളും കൂടുതലായുണ്ടാവുകയും അവരുടെ സംരക്ഷണം സമൂഹത്തിന്റെ ബാധ്യതയായിത്തീരുകയും ചെയ്യുന്നു.

വിധവകളുടെ സംരക്ഷണമെന്നു പറയുമ്പോള്‍ കേവലം ഭക്ഷണസാമഗ്രികളോ പാര്‍പ്പിടമോ നല്‍കിയതുകൊണ്ട് അത് പൂര്‍ത്തിയാവുമെന്ന് പറയാന്‍ വയ്യ. പലപ്പോഴും വിധവകളായിത്തീരുന്നത് യുവതികളായിരിക്കും. അവര്‍ക്ക് ഒന്നോ രണ്ടോ കുട്ടികളുണ്ടെങ്കിലും മജ്ജയും മാംസവുമുള്ള മനുഷ്യരെന്ന നിലക്ക് ലൈംഗിക വികാരവുമുണ്ടാകും. ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും ലഭിക്കുന്നതുകൊണ്ട് ലൈംഗികതൃഷ്ണ ശമിപ്പിക്കപ്പെടുകയില്ലല്ലോ. അവരെ അങ്ങനെ വിടുന്നത് അസാന്മാര്‍ഗിക വൃത്തികളിലേക്ക്  ചായുന്നതിന് കാരണമാകും. സമൂഹത്തിന്റെ ധാര്‍മികതയെതന്നെ തകര്‍ക്കുന്ന നടപടിയാണത്. അപ്പോള്‍ അവര്‍ പുനര്‍വിവാഹം ചെയ്യപ്പെടണം. അതാണ് വിധവകളെ സംരക്ഷിക്കുന്നതിനുള്ള യഥാര്‍ഥ മാര്‍ഗം.

ആരാണ് വിധവകളെ സംരക്ഷിക്കുന്നതിന് സന്നദ്ധരാവുക? വിശേഷിച്ചും ഒന്നോ രണ്ടോ കുഞ്ഞുങ്ങളുള്ള വിധവകളാണെങ്കില്‍ പൊതുവേ പുരുഷന്മാര്‍ ആദ്യഭാര്യമാരായി വിധവകളെ സ്വീകരിക്കാന്‍ മടിക്കും. ഈ മടി പ്രകൃതിപരമായതിനാല്‍ അവര്‍ അക്കാര്യത്തില്‍ വിമര്‍ശിക്കപ്പെടുന്നത് നീതിയല്ല. ഇവിടെയാണ് ബഹുഭാര്യത്വം വിധവകളുടെ സംരക്ഷണത്തിനെത്തുന്നത്. ഒരു പുരുഷന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ ഭാര്യയായിത്തീരാന്‍ അവള്‍ സന്നദ്ധയാണെങ്കില്‍ മാനുഷികമായ എല്ലാ അവകാശങ്ങളും അനുഭവിക്കാന്‍ അവള്‍ക്ക് സാധിക്കും.

അനാഥകള്‍ക്കും അമ്മയുടെ രണ്ടാം വിവാഹം ആശ്വാസവും സംരക്ഷണവുമാണ് നല്‍കുക. അനാഥാലയങ്ങളില്‍ എന്തൊക്കെ സൗകര്യങ്ങളുണ്ടായാലും ഒരു കുടുംബത്തിന്റെ സാഹചര്യമുണ്ടാവുകയില്ലല്ലോ. ചെറുപ്പത്തില്‍തന്നെ അമ്മയില്‍നിന്നു പറിച്ചെടുക്കപ്പെട്ട് അനാഥാലയത്തില്‍ അയക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ മനോനിലയെ അത് കുറച്ചൊന്നുമല്ല ബാധിക്കുക. അമ്മയുടെ മടിയില്‍ വളരേണ്ട കാലത്ത് അവര്‍ അവിടെതന്നെ വളരണം. ഒരു കുടുംബാന്തരീക്ഷത്തില്‍തന്നെ ജീവിക്കുവാന്‍ അവര്‍ക്ക് അവസരം ലഭിക്കണം. ഇതിനുള്ള അവസരമൊരുക്കാന്‍ വിധവയുടെ രണ്ടാം വിവാഹത്തിന് സാധിക്കുന്നു. ധാര്‍മികബോധവും മതനിഷ്ഠയുമുള്ളയാളാണ് അമ്മയുടെ പുതിയ ഭര്‍ത്താവെങ്കില്‍ പിതാവിന്‍േറതിന് തുല്യമായ പെരുമാറ്റവും സംതൃപ്തമായ കുടുംബാന്തരീക്ഷവും ആ അനാഥകള്‍ക്ക് ലഭിക്കുന്നു. അനാഥാലയത്തിലെ ജീവിതത്തെക്കാള്‍ എത്രയോ ഉത്തമമാണ് ഇതെന്നുള്ളതാണ് സത്യം.

വിധവകള്‍ക്ക് നിത്യദുഃഖമാണ് പല മതങ്ങളും നിഷ്‌കര്‍ഷിക്കുന്നത്. മനുസ്മൃതിയുടെ വിധി നോക്കുക.

ആ സീതാ മരണാല്‍ക്ഷാന്താ നിയതാ ബ്രഹ്മചാരിണീ

യോ ധര്‍മ്മ ഏക പത്‌നി നാം കാംക്ഷന്തി നമനുത്തമം (5:158)

(ഭര്‍ത്താവു മരിച്ചശേഷം സ്ത്രീ ജീവാവസാനം വരെ സഹനശീലയാ യും പരിശുദ്ധയായും ബ്രഹ്മധ്യാനമുള്ളവളായും മദ്യ-മാംസഭക്ഷണം ചെയ്യാത്തവളായും ഉല്‍കൃഷ്ടയായ പതിവ്രതയുടെ ധര്‍മത്തെ ആഗ്രഹിക്കുന്നവളായും ഇരിക്കേണ്ടതാകുന്നു)

ഇത്തരം നിയമങ്ങളില്‍നിന്നാണ് കാലക്രമേണ ഭര്‍ത്താവിന്റെ ചിതയില്‍ ഭാര്യയും മരിക്കണമെന്ന സതി സമ്പ്രദായം ഉടലെടുത്തത്. ഇസ്‌ലാമാകട്ടെ വിധവകളുടെ പ്രശ്‌നങ്ങളെ തൊട്ടറിയുകയും അതിനുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. ബഹുഭാര്യത്വം വഴി പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങള്‍ക്ക് നടുവില്‍നിന്ന് കണ്ണടച്ച് ഇരുട്ടാക്കുവാന്‍ അത് ആരോടും ആവശ്യപ്പെടുന്നില്ല. അത്തരം അവസരങ്ങളില്‍ ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുവാന്‍ അത് അനുവാദം നല്‍കുന്നു. വിധവകളുടെയും അനാഥകളുടെയും സംരക്ഷണത്തിനുതകുന്ന തികച്ചും മാനവികമായ ഒരു സംവിധാനമാണത്. അതുകൊണ്ടുതന്നെ ഇത്തരം ഒട്ടനവധി അവസരങ്ങളില്‍ ബഹുഭാര്യത്വം സ്ത്രീയുടെ സംരക്ഷണത്തിനെത്തുന്നതായാണ് നമുക്ക് കാണാന്‍ കഴിയുന്നത്.

ബഹുഭാര്യത്വമനുവദിക്കുന്നതിലൂടെ ഇസ്‌ലാം സ്ത്രീകളെ തരംതാഴ്ത്തിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന വസ്തുതയാണിവിടെ വ്യക്തമാവുന്നത്. സദാചാരനിഷ്ഠമായ ഒരു സാമൂഹിക സംവിധാനം കാംക്ഷിക്കുന്നവര്‍ക്കൊന്നുംതന്നെ ബഹുഭാര്യത്വത്തെ അപ്പടി അധിക്ഷേപിക്കുവാന്‍ കഴിയില്ല.

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

അല്ല. ബഹുഭാര്യത്വം ഇസ്‌ലാം കൊണ്ടുവന്ന ഒരു സമ്പ്രദായമേയല്ല. എല്ലാ സമൂഹങ്ങളിലും നാഗരികതകളിലും നിലനിന്നിരുന്നു, ബഹുഭാര്യത്വം. . പൗരാണിക സമുഹങ്ങളിലെല്ലാം ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ബഹുഭാര്യത്വം നിലനിന്നിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ രംഗത്തെ ഗവേഷകനായ മര്‍ഡോക്കിന്റെ പഠനങ്ങൾ. പുരാതന സംസ്‌കാരങ്ങളില്‍ പൊതുവായി കാണപ്പെട്ടിരുന്ന ഒരു സമ്പ്രദായമാണത്. എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക എഴുതുന്നത് കാണുക: 'പൗരാണിക നാഗരികതയില്‍ അധിക സമൂഹങ്ങളിലും ബഹുഭാര്യത്വമോ വെപ്പാട്ടികളെ ഉപയോഗിക്കുന്ന സമ്പ്രദായമോ നിലനിന്നതായി കാണാന്‍ കഴിയും. നിയമാനുസൃതമായ ഭാര്യക്കുപുറമെ അനവധി സ്ത്രീകളെ വെച്ചുകൊണ്ടിരിക്കുന്ന സമ്പ്രദായം നിലനിന്നിരുന്ന ചൈനയില്‍ അത് സദാചാരത്തിനോ മാന്യതയ്‌ക്കോ വിരുദ്ധമായി കണക്കാക്കപ്പെട്ടിരുന്നില്ല. വെപ്പാട്ടിമാരെ ഉപയോഗിക്കുന്ന സമ്പ്രദായം ജപ്പാനില്‍ 1880 വരെ നിലനിന്നിരുന്നു. പുരാതന ഈജിപ്തില്‍ ബഹുഭാര്യത്വത്തിന് അനുമതിയുണ്ടായിരുന്നുവെങ്കിലും അത് സര്‍വസാധാരണമായിരുന്നില്ല. രാജാക്കന്മാര്‍ക്കിടയില്‍ അത് പതിവായിരുന്നു താനും'' (vol. xviii page 188)

റോമക്കാര്‍ക്കിടയില്‍ ഒരു പ്രത്യേക കാലഘട്ടത്തിലൊഴിച്ച് എല്ലാ പൗരാണിക സമൂഹങ്ങളിലും ബഹുഭാര്യത്വം സാര്‍വത്രികമായിരുന്നുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. മധ്യാഫ്രിക്കയിലും ആസ്‌ട്രേലിയയിലുമുള്ള ചില സമൂഹങ്ങളില്‍ ധനികരായവര്‍ വിവാഹപ്രായമെത്തിയ പെണ്‍കുട്ടികളെ ഭാര്യമാരാക്കാന്‍ മല്‍സരിച്ചിരുന്നുവത്രേ. അവിടങ്ങളിലെ യുവാക്കള്‍ ഇക്കാരണത്താല്‍ വിവാഹം ചെയ്യാനാവാതെ പ്രയാസപ്പെട്ടിരുന്നുവെന്നും പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ പത്‌നിമാരെ വിവാഹം കഴിക്കുകയായിരുന്നു പലരും ചെയ്തിരുന്നതെന്നുമാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. സിംബാബ്‌വേയിലെ മോണോമട്ടാവോ രാജാക്കന്മാര്‍ക്ക് മൂവായിരത്തോളം ഭാര്യമാരുണ്ടായിരുന്നുവത്രേ. സൈരേയിലെ ബകുബാ, ബകേത്തേ വര്‍ഗങ്ങളുടെ തലവന്മാര്‍ക്കായിരുന്നു ഏറ്റവും കൂടുതല്‍ ഭാര്യമാരുണ്ടായിരുന്നത് എന്നാണ് ഗിന്നസ് ബുക്കിന്റെ വിലയിരുത്തല്‍. അവര്‍ക്ക് നൂറുകണക്കിന് ഭാര്യമാരുണ്ടായിരുന്നുവത്രെ!

ബൈബിള്‍ പഴയനിയമത്തിലെ പല പ്രവാചകന്മാര്‍ക്കും ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നു. യഹൂദ സമുദായത്തിന്റെ ആദര്‍ശപിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന അബ്രഹാമിന് സാറായ്, ഹാഗാര്‍ എന്നീ രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നുവെന്ന് ഉല്‍പത്തി പുസ്തകം (16:1-3) വ്യക്തമാക്കുന്നു. സാറയുടെ മരണശേഷം അദ്ദേഹം കെതൂറയെന്നവളെയും വിവാഹം കഴിച്ചുവെന്നും ഇതുകൂടാതെ അനേകം ഉപഭാര്യമാരും അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും ബൈബിളില്‍ കാണാം (ഉല്‍പത്തി 25:1-6). ഇസ്രായേല്‍ ഗോത്രത്തിന്റെ പിതാവായിരുന്ന യാക്കോബിന് ലേയാ (ഉല്‍പത്തി 29:21), ലാബാന്‍ (29:29), ബില്‍ഹാ (30:4), സില്‍വാ (30:9) എന്നീ നാലു ഭാര്യമാരുണ്ടായിരുന്നു. സങ്കീര്‍ത്തനകര്‍ത്താവായി അറിയപ്പെടുന്ന ദാവീദിനാവട്ടെ മീകല്‍ (1 ശാമുവേല്‍ 18:28), ബത്‌ശേബ (2 ശാമുവേല്‍ 11:27), അബീനോവം (2 ശാമുവേല്‍ 3:3) അബിഗായാല്‍, മാക്‌യ്, ഹഗ്ഗീതി, അബീതാല്‍, എഗ്ലായ്, (2 ശാമുവേല്‍ 3:4-5) തുടങ്ങി അനേകം ഭാര്യമാരുണ്ടായിരുന്നതായി കാണാന്‍ കഴിയും. അദ്ദേഹത്തിന്റെ പുത്രനും സുഭാഷിതങ്ങളുടെ കര്‍ത്താവുമായ സോളമനാകട്ടെ എഴുന്നൂറു ഭാര്യമാരും മുന്നൂറു ഉപഭാര്യമാരുമുണ്ടായിരുന്നുവത്രേ! (1 രാജാക്കന്മാര്‍ 11:3) പലരുടെയും മഹത്വമായി പഴയ നിയമം പറയുന്നത് തന്നെ 'അവര്‍ക്ക് അനേകം ഭാര്യമാരും പുത്രന്മാരുമുണ്ടായിരുന്നു'വെന്നാണ് (1 ദിനവൃത്താന്തം 7:3). പഴയ നിയമകാലത്ത് ബഹുഭാര്യത്വം സര്‍വസാധാരണമായിരുന്നുവെന്നാണല്ലോ ഇവ കാണിക്കുന്നത്.

യഹൂദമതത്തിന്റെ തുടര്‍ച്ചയായി വന്ന ക്രിസ്തുമതവും ബഹുഭാര്യത്വം നിഷിദ്ധമാണെന്ന് വിധിച്ചതായി ആദ്യകാല രേഖകളിലൊന്നും കാണുന്നില്ല. സുവിശേഷങ്ങളിലോ പ്രവൃത്തി പുസ്തകത്തിലോ വെളിപാടു പുസ്തകത്തിലോ അജപാലകലേഖനങ്ങളിലോ പൗലോസിന്റെ എഴുത്തുകളില്‍ പോലുമോ ബഹുഭാര്യത്വത്തെ നിരോധിക്കുന്ന ഒരു വചനം പോലും കാണാന്‍ കഴിയില്ല. എന്നാല്‍, പൗലോസിന്റെ ലേഖനങ്ങളില്‍ പൊതുവെ വിവാഹത്തെ തന്നെ പ്രോല്‍സാഹിപ്പിക്കാത്ത നിലപാടാണുള്ളത്. 'വിവാഹം കഴിക്കാതിരിക്കുന്നുവെങ്കില്‍ ഏറെ നല്ലത്' (1കൊരിന്ത്യര്‍ 7:38) എന്നു പഠിപ്പിച്ച പൗലോസിന്റെ അനുയായികള്‍ സന്യാസത്തിന് പ്രേരിപ്പിക്കുകയും അതു സാധ്യമല്ലാത്തവര്‍ ഒരൊറ്റ ഭാര്യയെ മാത്രം വേള്‍ക്കട്ടെയെന്ന തത്ത്വത്തിലെത്തിച്ചേരുകയുമാണുണ്ടായത്.

യേശുക്രിസ്തു അദ്ദേഹത്തിന്റെ വചനങ്ങളില്‍ എവിടെയെങ്കിലും ബഹുഭാര്യത്വത്തെ നിരോധിക്കുന്നതായി നമുക്ക് കാണാന്‍ കഴിയുന്നില്ല. അദ്ദേഹം വിവാഹിതനായതായി ബൈബിളില്‍ ഒരിടത്തുമില്ല. എന്നാല്‍ അന്ന് നിലനിന്നിരുന്ന ബഹുഭാര്യത്വമെന്ന സമ്പ്രദായത്തെ നിരോധിക്കുകയോ നിഷേധിക്കുകയോ വിമര്‍ശിക്കുകയോ എതിര്‍ക്കുകയോ ചെയ്തതായി പുതിയനിയമത്തിലെവിടെയും കാണാന്‍ കഴിയുന്നില്ല. എന്നാല്‍ ബൈബിളില്‍ തന്നെയുള്ള യേശുവിന്റെ ചില ഉപമകളില്‍ ബഹുഭാര്യത്വം കടന്നുവരുന്നുണ്ട്- ഉപമാലങ്കാരങ്ങളാല്‍ സമൃദ്ധമാണല്ലോ സുവിശേഷങ്ങള്‍. മത്തായിയുടെ സുവിശേഷത്തില്‍ പത്തു കന്യകമാരുടെ ഉപമയുണ്ട്. ഒരൊറ്റ മണവാളനെ കാത്തുനില്‍ക്കുന്ന പത്തുകന്യകമാര്‍. അവിടെ ഈ കന്യകമാരെക്കുറിച്ച് പറയുമ്പോള്‍ ബഹുഭാര്യത്വം ശരിയല്ലെന്ന സൂചനപോലും യേശു നല്‍കുന്നില്ല. മത്തായിയുടെ സുവിശേഷം നോക്കുക (മത്തായി 25:1-13) പൗലോസ് വിവാഹവിരുദ്ധനും സ്ത്രീ വിരുദ്ധനുമായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ ലേഖനങ്ങളിലും ബഹുഭാര്യത്വത്തെ നേര്‍ക്കുനേരെ വിമര്‍ശിക്കുന്നത് കാണാന്‍ സാധിക്കുന്നില്ല. മാത്രമല്ല, യേശുക്രിസ്തു വിവാഹിതനായിരുന്നും ഒന്നിലധികം സ്ത്രീകളുടെ ഭര്‍ത്താവായിരുന്നുവെന്നും ബൈബിളിന്റെ വെളിച്ചത്തില്‍ വാദിച്ചവരുണ്ടായിട്ടുണ്ട്. ഉയിര്‍ത്തെഴുന്നേല്‍പിനുശേഷം മഗ്ദലനമറിയം, സലോമി തുടങ്ങിയ സ്ത്രീകള്‍ക്കാണ് ക്രിസ്തു പ്രത്യക്ഷപ്പെട്ടതെന്നും തന്റെ അപ്പോസ്തലന്മാരെക്കാള്‍ അദ്ദേഹത്തിന് അടുപ്പമുണ്ടായിരുന്നത് ഈ സ്ത്രീകളോടായിരുന്നുവെന്നാണ് ഇതു കാണിക്കുന്നതെന്നും അവര്‍ യേശുവിന്റെ ഭാര്യമാരായിരിക്കാനാണ് സാധ്യതയെന്നുമാണ് അവര്‍ സമര്‍ഥിച്ചത്. ആദ്യകാലത്ത് ബഹുഭാര്യത്വം അനുവദനീയമാണെന്നുതന്നെയായിരുന്നു ക്രൈസ്തവ വീക്ഷണം. എന്‍സൈക്‌ളോപീഡിയ ബ്രിട്ടാണിക്കയില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. 'ബഹുഭാര്യത്വം മധ്യകാലത്ത് ക്രൈസ്തവസഭയില്‍ അംഗീകരിക്കപ്പെട്ടിരുന്നു. നിയമാനുസൃതമായി അത് നിലനിന്നിരുന്നു. പതിനാറാം നൂറ്റാണ്ടിന്റെ നടുവില്‍വരെ മതവും രാജ്യവും അനുവദിച്ചതിനാല്‍ നിയമാനുസൃതമായിത്തന്നെ പലയിടങ്ങളിലും അത് നിലനിന്നിരുന്നു. (vol xiv page:950)

ക്രൈസ്തവര്‍ക്കിടയില്‍ ബഹുഭാര്യത്വത്തിന് അനുകൂലവും പ്രതികൂലവുമായ വീക്ഷണങ്ങള്‍ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. അവര്‍ക്കിടയില്‍ ഇന്ന് നിലനില്‍ക്കുന്ന വ്യത്യസ്തസംഘടനകള്‍, പാശ്ചാത്യര്‍ക്കിടയിലുള്ള സംഘടനകള്‍, ബഹുഭാര്യത്വമാണ് പാശ്ചാത്യസമൂഹമനുഭവിക്കുന്ന, പ്രത്യേകിച്ച്, ക്രൈസ്തവസമൂഹമനുഭവിക്കുന്ന ധാര്‍മികച്യുതിയില്‍ നിന്ന് അവരെ രക്ഷപ്പെടുത്തുവാനുള്ള ഒരേയൊരു മാര്‍ഗമെന്ന് വാദിച്ചുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്. ഇക്കാര്യം ആര്‍ക്കും പരിശോധിക്കാന്‍ കഴിയും  www.christianpolygamy.comഎന്ന വെബ്അഡ്രസിലോ അല്ലെങ്കില്‍ christian polygamy.info എന്ന അഡ്രസിലോ അതല്ലെങ്കില്‍ www.lovenotforce.com- എന്ന വിലാസത്തിലോ സെര്‍ച്ചുചെയ്താല്‍  ഈ രംഗത്തെ പഠനങ്ങള്‍ കാണാന്‍ കഴിയും. അമേരിക്കയില്‍ ബഹുഭാര്യത്വം നിരോധിക്കപ്പെട്ടിട്ടുണ്ട്. നിയമപരമായി ഒന്നിലധികം ഭാര്യമാരെ വെക്കാന്‍ അവര്‍ക്ക് പാടില്ല. ക്രൈസ്തവര്‍ക്ക് ഒന്നിലധികം ഭാര്യമാരെ വെക്കുവാന്‍ അനുവാദം വേണമെന്ന് പറഞ്ഞു പോരാടിക്കൊണ്ടിരിക്കുകയാണ്  ഈ ക്രൈസ്തവ വിഭാഗങ്ങള്‍. ധാര്‍മികത നിലനിര്‍ത്താന്‍ ബഹുഭാര്യത്വം അനുവദിക്കണമെന്നാണ് അവരുടെ വാദം.

ക്രൈസ്തവര്‍ക്കിടയില്‍ നിന്ന് ഉണ്ടായിവന്ന മറ്റൊരു വിഭാഗമാണ് Fundamentalist Church of Jesus  Christ of Latterday Saints  അഥവാ മോര്‍മോണുകള്‍. ഇവര്‍ ബഹുഭാര്യത്വത്തെ അംഗീകരിക്കുകയും അനുവദിക്കുകയും ചെയ്തു. ആയിരത്തിയെണ്ണൂറുകള്‍ വരെ അവര്‍ക്കിടയില്‍ ബഹുഭാര്യത്വം സാര്‍വത്രികമായിരുന്നു. പ്രത്യേകിച്ച്, അമേരിക്കയിലെ Utah State ലുള്ള മോര്‍മോണുകള്‍ക്കിടയില്‍. ഇപ്പോള്‍ നിയമം മൂലം നിരോധിക്കപ്പെട്ടതുകൊണ്ട്, സ്വകാര്യമായി ബഹുഭാര്യത്വത്തിലേര്‍പ്പെടുകയാണിവര്‍ ചെയ്യുന്നത്. ഒന്നിലധികം ഭാര്യമാരുള്ള ഇരുപതിനായിരത്തോളം കുടുംബങ്ങള്‍ ഇന്ന് അവര്‍ക്കിടയിലുണ്ട്. ഇതെല്ലാം നമ്മെ പഠിപ്പിക്കുന്ന വസ്തുതകളോട് സൃഷ്ടിപരമായി പ്രതികരിക്കാന്‍ ബുദ്ധിജീവികള്‍ സന്നദ്ധമാകണം.

ഇന്ത്യയിലെ ഹൈന്ദവസമൂഹത്തിലാണെങ്കില്‍ ഭാര്യമാരുടെ എണ്ണം ഒരു മഹത്വമായി നിശ്ചയിക്കപ്പടുകയും നിര്‍ണയിക്കപ്പെടുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു. ഋഗ്വേദത്തിലെ പ്രധാന ദേവനായ ഇന്ദ്രന്  ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നുവെന്നാണ് മനസ്സിലാവുന്നത്. ഇന്ദ്രപത്‌നിമാരില്‍ പ്രധാനിയായിരുന്ന ഇന്ദ്രാണിയുടേതായി ഒരു സൂക്തമുണ്ട് (ഋഗ്വേദം 10-ാം മണ്ഡലം 17-ാം സൂക്തം). പ്രസ്തുത സൂക്തത്തിലെ പ്രധാന പ്രതിപാദ്യം സപത്‌നീമര്‍ദനത്തിനുള്ള മന്ത്രമാണ്. സപത്‌നിയോട് രാജാവിനുള്ള പ്രേമം നശിപ്പിച്ച് തന്നിലേക്ക് ആകര്‍ഷിക്കാനുള്ള മന്ത്രമാണത്. ഇതില്‍നിന്ന് വേദകാലത്ത് ബഹുഭാര്യത്വം സാര്‍വത്രികമായിരുന്നുവെന്ന് മനസ്സിലാക്കാനാവും. ഇതിഹാസങ്ങളുടെ കാലമായപ്പോഴേക്കും ബഹുഭാര്യത്വം സമൂഹത്തിന്റെ പൂര്‍ണമായ അംഗീകാരത്തോടെ, വ്യാപകമായി നിലനിന്നിരുന്നുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ശ്രീകൃഷ്ണന്‍ ഇന്ത്യയില്‍ ഏറ്റവും അധികം ആരാധിക്കപ്പെട്ട ദേവനാണ്. അദ്ദേഹത്തിന്റെ ഗുണഗണങ്ങളില്‍ പ്രധാനപ്പെട്ടതായി പറയുന്നത് തന്നെ 16008 ഭാര്യമാരുണ്ടായിരുന്നു എന്നതാണ്. അത്് സാങ്കല്‍പികമാണോ അതല്ല; ഉപമാലങ്കാരമാണോ എന്നത് വേറെ പ്രശ്‌നം. രുഗ്മിണി,ജാംബവതി,സത്യഭാമ, കാളിന്തി, ചിത്രവന്ദ, സരസ്വതി,കൈകേയി, ലക്ഷ്മണ തുടങ്ങിയ എട്ടുപേരും നരകാസുരന്റെ പതിനാറായിരം പുത്രിമാരുമായിരുന്നു ശ്രീകൃഷ്ണഭാര്യമാര്‍ എന്നാണ് പുരാണങ്ങളിലുള്ളത്. ഒരു ഉപമാകഥ മാത്രമാണ് ശ്രീകൃഷ്ണ വിവാഹങ്ങള്‍ എന്ന വാദം ശരിയല്ലെന്ന് തന്നെയാണ് ഇത് കാണിക്കുന്നത്. കേവമൊരു കഥ മാത്രമാണിതെന്ന് വന്നാല്‍ പോലും ഇന്ത്യന്‍ മനസ്സില്‍ അദ്ദേഹത്തിന്റെ ഭാര്യമാരുടെ എണ്ണം ഒരു ബഹുമാനമായി, ഈ വിഗ്രഹവല്‍ക്കരണം എന്ന നിലക്ക് നിന്നിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്.

ശ്രീരാമന്റെ പിതാവിന് കൗസല്യ, കൈകേയി, സുമിത്ര എന്നീ മൂന്ന് ഭാര്യമാരുണ്ടായിരുന്നതായി നമുക്ക് രാമായണത്തില്‍ കാണാന്‍ സാധിക്കും. പിന്നീട് മറ്റെല്ലാം നിയമങ്ങളെയും പോലെ ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട നിയമങ്ങളും   വര്‍ണാശ്രമവ്യവസ്ഥയുടെ അടിസ്ഥാനത്തിലായിത്തീര്‍ന്നു. അപ്പോള്‍ ബ്രാഹ്മണന് ഭാര്യമാര്‍ കൂടുതലാകാം, ക്ഷത്രിയനത്ര പാടില്ല, വൈശ്യന് അത്ര പാടില്ല, ക്ഷൂദ്രന് സ്വന്തം ജാതിയില്‍ പെട്ട ഭാര്യമാരെ മാത്രമെ പറ്റൂ എന്നെല്ലാമുള്ള നിയമങ്ങള്‍ വന്നു. യാജ്ഞവല്‍ക്യസമൃതിയുടെ നിയമം കാണുക.

തിസ്വോവര്‍ണാനു പൂര്‍വ്യേണ ദ്വോ തഥൈകാ യഥാക്രമം

ബ്രാഹ്മണ ക്ഷത്രിയ വിശാം ഭാര്യാ സ്വാ ശൂദ്രജന്മനഃ

(യാജ്ഞവല്‍ക്യസ്മൃതി 1:57)

(വര്‍ണക്രമമനുസരിച്ച് ബ്രാഹ്മണന് മൂന്നും ക്ഷത്രിയന് രണ്ടും വൈശ്യന് ഒന്നും ഭാര്യമാരാകാം. ശൂദ്രന് സ്വജാതിയില്‍ നിന്നുമാത്രമേ വിവാഹം പാടുള്ളൂ)

ഇതെല്ലാമായിരുന്നിട്ടും ഭാര്യാസംസര്‍ഗത്തിനു പുറത്തുള്ള ബന്ധങ്ങള്‍, അറിഞ്ഞും അറിയാതേയും  ഭാരതീയര്‍ അംഗീകരിക്കുകയും ചെയ്തു. ഇതെല്ലാം നമുക്ക് മനുസ്മൃതിയായിരുന്നാലും യാജ്ഞവല്‍ക്യസ്മൃതിയിലായിരുന്നാലും പരാശരസ്മൃതിലായിരുന്നാലും കാണാന്‍ കഴിയുന്ന കാര്യങ്ങളാണ്. ഏകപത്‌നീവ്രതം നിലനില്‍ക്കുന്നുവെന്നവകാശപ്പെടുന്ന ആധുനിക സമൂഹങ്ങളിലും ഒന്നിലധികം സ്ത്രീകളുമായി ലൈംഗികവേഴ്ചയിലേര്‍പ്പെടുന്ന സമ്പ്രദായം സാര്‍വത്രികമാണെന്നതാണ് വസ്തുത. അതിന് പല വിധ ഓമനപ്പേരുകള്‍ നല്‍കുന്നുവെന്നു മാത്രമെയുള്ളൂ. 'പബ്ലിക് റിലേഷന്‍സി'ല്‍ ഏര്‍പ്പെട്ടിരിക്കുന്ന കാള്‍ഗേളുകളില്‍ പണക്കാരന്‍ ലൈംഗികദാഹം ശമിപ്പിക്കുമ്പോള്‍ വേശ്യാതെരുവുകളിലാണ് സാധാരണക്കാരന്‍ സമാധാനം കണ്ടെത്തുന്നത് എന്ന വ്യത്യാസമേയുള്ളൂ. പലതരം പേരുകളില്‍ വിളിക്കപ്പെടുന്ന അഭിസാരികകളെ ഒരു പ്രാവശ്യമെങ്കിലും സമീപിക്കാത്തവര്‍ ആധുനിക സമൂഹത്തില്‍ വളരെ വിരളമാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. അതൊരു തെറ്റായി ആധുനിക സമൂഹം കാണുന്നേയില്ല. ഇവ കൂടാതെതന്നെ സമൂഹത്തിലെ ഉന്നതരില്‍ നടക്കുന്ന  ഭാര്യാവിക്രയം (wife swaping)-,- സംഘരതി (group sex or daisy chain),  തുടങ്ങിയ ലൈംഗിക വൈകൃതങ്ങളും വര്‍ധിച്ചുവരികയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബഹുഭാര്യത്വത്തിനെതിരെ ശക്തമായി സംസാരിക്കുന്നവരില്‍ പലരും ഇത്തരം ലൈംഗികബന്ധങ്ങളുടെ അടിമകളാണെന്നതാണ് വാസ്തവം.

ചരിത്രത്തില്‍ എല്ലാ കാലത്തും നിലനിന്ന ഒരു സ്ഥാപനമാണ്ബഹുഭാര്യത്വമെന്നതാണ് വാസ്തവം. ഈ വസ്തുതകള്‍ നല്‍കുന്ന പാഠത്തോട് മുഖം തിരിഞ്ഞുനില്‍ക്കുന്നതുകൊണ്ട് കാര്യമില്ല. അവ തെളിയിക്കുന്ന യാഥാര്‍ഥ്യത്തോട് ക്രിയാത്മകവും വസ്തുനിഷ്ഠവുമായി സംവദിക്കാന്‍ നമുക്കു കഴിയണം. അപ്പോള്‍ മനസ്സിലാവും, ഏകഭാര്യത്വം ചില വ്യക്തികളുടെയെങ്കിലും സ്വാഭാവികവും പ്രകൃതിപരവുമായ ദാഹം തീര്‍ക്കാന്‍ പര്യാപ്തമായ സമ്പ്രദായമല്ലെന്ന്. ഈ സത്യത്തിന് നേരെ കണ്ണടച്ചുകൊണ്ട് ബഹുഭാര്യത്വമെന്ന പ്രശ്‌നം ചര്‍ച്ച ചെയ്യുന്നത് വെറുതെയാണ്.

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

ലൈംഗികതയുമായി ബന്ധപ്പെട്ട വീക്ഷണങ്ങള്‍ രണ്ടാണ്. ഒന്ന്, ലൈംഗികതയുടെ സംപൂര്‍ത്തികരണത്തിന് വിവാഹമെന്ന സ്ഥാപനം അനിവാര്യമാണ് എന്ന വീക്ഷണം.  അതാവശ്യമില്ലെന്നുള്ള വീക്ഷണമാണ് രണ്ടാമത്തേത്. വിവാഹത്തിന്റെ ലക്ഷ്യം മനുഷ്യന്റെ അടിസ്ഥാനചോദനയായ ലൈംഗികതയുടെ സംപൂര്‍ത്തീകരണമാണ്. ലൈംഗികപൂര്‍ത്തീകരണത്തിന്റെ അനുബന്ധമായി വരുന്നതാണ് കുടുംബത്തിന്റെ നിലനില്‍പ്പ്, സന്താനങ്ങളുടെ വളര്‍ച്ച, കുട്ടികളുടെ മുലയൂട്ടല്‍ തുടങ്ങിയവ. ലൈംഗികത വിവാഹത്തിലൊതുങ്ങി നില്‍ക്കണമെന്ന ഒന്നാമത്തെ കാഴ്ചപ്പാടിനോടൊപ്പം നില്‍ക്കുന്നു ഇസ്‌ലാം. വിവാഹേതരലൈംഗികബന്ധങ്ങള്‍ ധാര്‍മികവിരുദ്ധമാണെന്നും പ്രകൃതിവിരുദ്ധമാണെന്നും മാനവവിരുദ്ധമാണെന്നും ഇസ്‌ലാം വിചാരിക്കുന്നു. ഇസ്‌ലാമിക നിയമങ്ങളുടെ മുഴുവന്‍ കാതലതാണ്.

വിവാഹത്തിൽ ഒതുങ്ങി നിൽക്കേണ്ടതല്ല ലൈംഗികതയെന്ന് കരുതുന്നവരുണ്ട്. . 1945ല്‍ വില്‍ഹം റീഹി (Wilham Reich)ന്റെ 'ലൈംഗിക വിപ്ലവം' (the sexual Revelution)  എന്ന പുസ്തകം പുറത്ത് വന്നു. ലൈംഗികരംഗത്തെ വിപ്ലവം! ആ പുസ്തകത്തിലൂടെ അദ്ദേഹം മുന്നോട്ട് വെച്ച ചില ആശയങ്ങളുണ്ട്. വിവാഹേതരലൈംഗികതയെ ധാര്‍മികമാക്കുന്നതിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പരിശ്രമിച്ചിട്ടുള്ളത്. വിവാഹം ആവശ്യമില്ലാത്ത ഒരു സ്ഥാപനമാണെന്ന് തോന്നിപ്പിക്കുന്ന രൂപത്തിലുള്ള ചര്‍ച്ചകളാണ് അതിലിള്ളുത്. ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഗ്രന്ഥമാണത്. അതിനുശേഷം വിവാഹ ബാഹ്യലൈംഗികതയെ വിഗ്രഹവല്‍ക്കരിക്കുന്നതിനുവേണ്ടി ഹ്യൂമണിസ്റ്റുകള്‍ വ്യാപകമായി പരിശ്രമിച്ചു. സിനിമയും നാടകങ്ങളും സാഹിത്യങ്ങളുമെല്ലാം ഈ ആവശ്യത്തെ മുന്‍നിര്‍ത്തിയുള്ളതായി. യൂറോപ്പിലും പാശ്ചാത്യരാജ്യങ്ങളിലും ഹ്യൂമണിസ്റ്റുകള്‍ തുടങ്ങിവെച്ച സ്വതന്ത്ര ലൈംഗികതയെന്ന ആശയം ലോകത്തെ വിവിധ ഭാഗങ്ങളിലേക്ക് ഇവയിലൂടെ കയറ്റി അയക്കപ്പെട്ടു. വിവാഹമെന്ന കാലഹരണപ്പെട്ട സ്ഥപനത്തിന്റെ ദൃംഷ്ടങ്ങളില്‍ നിന്ന് സമൂഹത്തെ രക്ഷിച്ചാല്‍ മാത്രമെ കപട സദാചാരത്തിന്റെ മുഖം മുടിക്കു പിന്നില്‍ മനുഷ്യന്‍ അനുഭവിക്കുന്ന ലൈംഗിക ദാരിദ്രത്തിന് പരിഹാരം കാണാനാകുവെന്ന സന്ദേശമാണ് ഇവ ലോകത്തിന് നല്‍കിയത്. കഴിഞ്ഞ അര നൂറ്റാണ്ടിലേറെ കാലമായി യൂറോപ്പിലെ ഹ്യൂമണിസ്റ്റുകള്‍ ഉന്നയിച്ചകൊണ്ടിരിക്കന്ന സ്വതന്ത്രലൈംഗികതയുടെ പ്രത്യയ ശാസ്ത്രത്തെ മഹത്വവല്‍കരിച്ചുകൊണ്ടിരിക്കുകയാണ് ഇന്ന് കേരളത്തിലെ ചില മുഖ്യധാരാ മാധ്യമങ്ങളും ആനുകാലികളും ചെയ്തുന്നത്. യൂറോപ്പ് ചവച്ചുതുപ്പിയതിന്റെ മഹത്വമുല്‍ഘോഷിക്കുവാനാണല്ലോ നമ്മുടെ വിധി!

വിവാഹേതരബന്ധങ്ങള്‍ കാലാകാലങ്ങളില്‍ നിലനിന്നുപോന്നിട്ടുണ്ട്. ചരിത്രത്തില്‍ നമുക്കത് കാണാന്‍ കഴിയും. പക്ഷെ, അതിനെ സമൂഹം നോക്കിക്കണ്ടത് ഒരു തിന്മയായിട്ടായിരുന്നു. അതിനെ ധാര്‍മികവല്‍ക്കരിക്കാനുള്ള ശ്രമങ്ങളും ധാരാളമായി നടന്നിട്ടുണ്ട്. വിവാേഹതരലൈംഗികതയുടെ ധാര്‍മികവല്‍ക്കരണം എന്നത്  തൊള്ളായിരത്തി നാല്‍പതുകള്‍ക്ക് ശേഷം ആധുനിക സമൂഹത്തിന്റെ ജനാധിപത്യച്ചുവയുടെയെല്ലാം പ്രതിഫലനമായി പൊതുവെ പരിചയപ്പെടുത്തപ്പെടുന്ന അവസ്ഥയുണ്ടായി; വിക്‌ടോറിയന്‍ സദാചാരസങ്കല്‍പങ്ങളെ വെല്ലുവിളിച്ചതെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഈ 'ലൈംഗിക വിപ്ലവ'ത്തിന്റെ ആകെത്തുക വിവാഹേതരബന്ധങ്ങള്‍ അധാര്‍മികമല്ലെന്ന ആശയത്തിന്റെ പ്രയോഗവല്‍കരണമാണ്. അതിപ്പോഴെത്തിനില്‍ക്കുന്നത്, വിവാഹേതരബന്ധങ്ങള്‍ മാത്രമല്ല സ്വവര്‍ഗരതിയടക്കമുള്ള, ലൈംഗികവ്യതിയാനങ്ങളായി ഇതുവരെ കരുതിപ്പോന്ന കാര്യങ്ങളെല്ലാം, അനുവദിക്കപ്പെടേണ്ടതാണെന്നയിടത്താണ്. ഇണകള്‍ക്ക് തൃപ്തി നല്‍കുന്ന ലൈംഗികബന്ധങ്ങളെല്ല ശരിയാണ്; നന്മായാണ്. വിവാഹേതരബന്ധങ്ങളാകാം; സ്ത്രീയും സ്ത്രീയും തമ്മിലുള്ള ലെസ്ബിയന്‍ ലൈംഗികബന്ധങ്ങളാകാം. പുരുഷനും പുരുഷനും തമ്മിലുള്ള സഡോമിയാകാം; ഗ്രൂപ്പ് സെക്‌സിനെപ്പോലെയുള്ള ലൈംഗിക വൈകൃതങ്ങളാകാം- ഇതെല്ലാം അനുവദിക്കപ്പെടണമെന്നും ധാര്‍മികമായി പരിഗക്കപ്പെടണമെന്നുമാണ് വാദം. ഇസ്‌ലാം ഇതിനെതിര് നില്‍ക്കുന്നു. ഇസ്‌ലാം, ലൈംഗികതയുടെ പൂര്‍ത്തീകരണം നിയമപരമായി ഇണകളായിക്കഴിഞ്ഞവര്‍ തമ്മിലുള്ള ബന്ധത്തിലൂടെ മാത്രമേ ആകാന്‍ പാടുള്ളുവെന്ന് നിഷ്‌കര്‍ഷിക്കുന്നു. ഈയൊരു തലത്തില്‍ നിന്നുകൊണ്ടാണ് ഇസ്‌ലാം പറയുന്ന ബഹുഭാര്യത്വം പ്രകൃതിപരമാണോ അല്ലേ എന്ന പ്രശ്‌നം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

ചരിത്രത്തിലുടനീളം നമുക്ക് കാണാന്‍ കഴിയുന്ന ഒരു സത്യമുണ്ട്. ബഹുഭാര്യത്വം എക്കാലത്തും നിലനിന്നിരുന്നുവെന്നതാണത്. പ്രസിദ്ധ അമേരിക്കന്‍ ആന്ത്രോപോളജിസ്റ്റായ ജോര്‍ജ് പീറ്റര്‍ മര്‍ഡോക്, 1170 നാഗരികതകളെക്കുറിച്ച് പഠിച്ച്, ആ നാഗരികതകളില്‍ നിലനിന്ന വിവാഹബന്ധങ്ങളെക്കുറിച്ചുള്ള ഒരു ഗ്രാഫ് തയ്യാറാക്കിയിട്ടുണ്ട്.  അതില്‍ നമ്മള്‍ കാണുന്ന വസ്തുത, ബഹുഭൂരിപക്ഷം സമൂഹങ്ങളിലും നാഗരികതകളിലും ബഹുഭാര്യത്വം നിലനിന്നിരുന്നു എന്നതാണ്. മൊത്തം 1170 നാഗരികതകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ബഹുഭര്‍തൃത്വം പേരിനെങ്കിലും നിലനിന്നിരുന്നതെന്നാണ് അദ്ദേഹം കണ്ടെത്തിയിട്ടുള്ളത്. ഏകഭാര്യത്വം നിലനിന്ന സമൂഹത്തേക്കാള്‍ എത്രയോ ഇരട്ടി സമൂഹങ്ങളില്‍ ബഹുഭാര്യത്വം നിലനിന്നിരുന്നു. ഇത് നമുക്ക് നല്‍കുന്ന ഒരറിവുണ്ട്. ആ അറിവിനോട് സൃഷ്ടിപരമായി പ്രതികരിക്കുവാന്‍ നമുക്ക് കഴിയണം. ഇസ്‌ലാം പറയുന്നുവെന്നതുകൊണ്ട് ആ അറിവിനെ പ്രാകൃതവല്‍ക്കരിക്കാന്‍ നാം ശ്രമിച്ചുകൂടാ. ബുദ്ധിജീവികള്‍ സത്യസന്ധരാണെങ്കില്‍ ഈ അറിവുമായി സത്യസന്ധമായി സംവദിക്കേണ്ടതുണ്ട്.POLYGYNY

Frequency of Marriage Types Across Cultures from the Standard Cross-Cultural Sample of pre-industrial societies (Murdock & White 1969)

ലൈംഗികതയെക്കുറിച്ച് ഒരുപാട് പഠനങ്ങള്‍ വന്നിട്ടുണ്ട്. ഈ പഠനങ്ങള്‍ ഒന്ന് വായിച്ചുനോക്കണം എന്നാണ് ഇസ്‌ലാമിന്റെ വിമര്‍ശകരോട് സൂചിപ്പിക്കാനുള്ളത്. ലൈംഗികപഠനരംഗത്ത് ഏറ്റവും അധികം അംഗീകരിക്കപ്പെടുന്ന മാസ്റ്റര്‍സ് ആന്റ് ജോണ്‍സന്റെ Human Sexual Responseഎന്ന കേസ് സ്റ്റഡികളാകട്ടെ, ഹാവ്‌ലോക്ക് എല്ലിസിന്റെ Studies in the psychology of sex എന്ന ഗവേഷണമാവട്ടെ, ആല്‍ഫ്രഡ് കിന്‍സെയുടെ  The Kinsey Report കളാകട്ടെ  പഠനവിധേയമാക്കിയാല്‍ നമുക്ക് ബോധ്യപ്പെടുന്നൊരു സത്യമുണ്ട്. പുരുഷന്മാരില്‍ ചിലര്‍ക്കെങ്കിലും അവരുടെ പ്രകൃതിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ബഹുഭാര്യത്വം എന്നതാണത്. ഇതൊരു കേവലവാദമല്ല. ലോകത്തുടനീളം നിലനില്‍ക്കുന്ന വ്യഭിചാരത്തിന്റെ വ്യാപനം തന്നെ ഇക്കാര്യം വ്യക്തമാക്കുന്നു. കേരളത്തില്‍ തന്നെ നടന്ന പഠനങ്ങളില്‍ നിന്ന് മനസ്സിലാകുന്നത് 'സെക്‌സ് വര്‍ക്കേഴ്‌സി'ന്റെ അടുത്ത് പോകുന്ന ആളുകളില്‍ ബഹുഭൂരിപക്ഷവും വിവാഹിതരാണ് എന്നുള്ളതാണ്. അതു എന്തുകൊണ്ടെന്ന് പഠിക്കാന്‍ നാം സന്നദ്ധരാകണം. മാര്‍ക്‌സിന് ജെന്നി എന്ന ഭാര്യയെക്കൂടാതെ ഹെലന എന്ന വെപ്പാട്ടിയുമുണ്ടായിരുന്നു എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഭൗതികവാദത്തിന്റെ എക്കാലത്തെയും വലിയ ധിഷണാശാലിയായി അറിയപ്പെടുന്ന റസ്സലിന് നാലു ഭാര്യമാരുണ്ടായിരുന്നു. ഇവര്‍ക്ക് പുറമെ മറ്റു പല സ്ത്രീകളുമായും അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു; പുത്രന്റെ ഭാര്യയടക്കമുള്ളവരുമായിപ്പോലും അവിഹിതബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. എന്ത് കൊണ്ടായിരുന്നു ഇതെന്ന് പഠിക്കുവാന്‍ റസ്സലിന്റെ അനുയായികളെന്ന് അഭിമാനിക്കുന്ന യുക്തിവാദികളെങ്കിലും സന്നദ്ധമാകണം.

പുരുഷലൈംഗികതയുമായി ബന്ധപ്പെട്ട് പറയുമ്പോള്‍ ബഹുഭാര്യത്വമെന്നത് പ്രകൃതിപരമാണ്; ചില പുരുഷന്മാര്‍ക്കെങ്കിലും അത് അനിവാര്യമാണ്; അതല്ലെങ്കില്‍ അധാര്‍മികതിയിലേക്ക് അവര്‍ പോകേണ്ടിവരും; വിവാഹേതരബന്ധങ്ങളില്‍ അവര്‍ അഭയം കണ്ടെത്തേണ്ടി വരുമെന്ന് ഈ വിഷയത്തെ ശാസ്ത്രീയമായി പഠിച്ചവരെല്ലാം വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതില്‍ ഇനിയും സംശയമുള്ളവര്‍ മരീലാന്റിലെ കിന്‍സെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനങ്ങളെടുത്ത് പരിശോധിച്ചാല്‍ മതിയാകും (www.kinseyinstitute.com)എന്ന വെബ് അഡ്രസില്‍ ഈ പഠനങ്ങള്‍ കാണാം) പ്രകൃതിപരമായ മനുഷ്യന്റെ ഈയൊരവസ്ഥയെ സൃഷ്ടിപരമായി നോക്കിക്കാണുകയും  കൃത്യമായ നിയമങ്ങളുടെ വെളിച്ചത്തില്‍ അതിനെ നിയന്ത്രിക്കുകയുമാണ്  ഇസ്‌ലാം ചെയ്യുന്നത്. മുഹമ്മദ് നബി(സ)കടന്നുവന്ന സമയത്ത് മക്കയില്‍ ഭാര്യമാരുടെ എണ്ണത്തിന് ഒരു പരിധിയുണ്ടായിരുന്നില്ല. അവരുടെ ലൈംഗികജീവിതം വളരെ കുത്തഴിഞ്ഞതായിരുന്നു. ഭാര്യമാര്‍ അവരുടെ ആഭിജാത്യത്തിന്റെ അടയാളമായിരുന്നു. ലൈംഗികത എന്നത് അവര്‍ക്ക് എപ്പോഴുമുള്ള ഒരേര്‍പ്പാടായിരുന്നു.  ഭാര്യമാരുടെ എണ്ണത്തിന് പരിധിയുണ്ടായിരുന്നില്ല. ഇസ്‌ലാം ഇതിന് നിയന്ത്രണമേര്‍പ്പെടുത്തി. നാലു വരെയേ ഭാര്യമാരാകാവൂ എന്ന് പഠിപ്പിച്ചു. ലൈംഗികസംപൂര്‍ത്തീകരണത്തിനും സംതൃപ്തിക്കും ഇസ്‌ലാം അനുവദിച്ചു. ഒപ്പം തന്നെ കൃത്യമായ കല്‍പന പുറപ്പെടുവിച്ചു; നിയമപരമായി ഇണകളായിത്തീര്‍ന്നവരുമായിട്ടല്ലാതെ ലൈംഗികബന്ധം പാടില്ല. അതോടൊപ്പം തന്നെ ഭാര്യമാര്‍ തമ്മില്‍ നീതിയോടു കൂടി പെരുമാറണമെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്തു. അവരോട് അനീതി കാണിക്കാതിരിക്കുക. ഇസ്‌ലാം ബഹുഭാര്യത്വത്തെ നിയമമാക്കുന്നതിങ്ങനെയാണ്. ആ നിയമമാകട്ടെ, തികച്ചും പ്രകൃതിപരമാണ്; മാനവികമാണ്; സ്ത്രീ വിരുദ്ധമല്ല. അത് യഥാര്‍ഥത്തില്‍ എല്ലാ സമൂഹങ്ങളിലും നില നിന്നുപോന്നതാണ്. പഠനങ്ങള്‍ അത് പ്രകൃതിപരമാണെന്ന വസ്തുത വ്യക്തമാക്കുന്നുമുണ്ട്.

പുരുഷലൈംഗികതയുടെ സംപൂര്‍ത്തീകരണം ലക്ഷ്യമാക്കിക്കൊണ്ടാണ് ആധുനികസാമൂഹിക വ്യവസ്ഥതന്നെ ഡിസൈന്‍ ചെയ്യപ്പെട്ടിരിക്കുന്നത്. പരസ്യങ്ങള്‍ മുതല്‍ ഓഫീസ് ജീവനക്കാരികളുടെ വസ്ത്രങ്ങള്‍ വരെ ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടു തന്നെയാണ് തയ്യാറാക്കപ്പെടുന്നത്. ''ഇഷ്ടമുള്ള ജോലി നേടാനും ഇഷ്ടമില്ലാത്ത ജോലി മാറാനു''മുള്ള മാതൃഭൂമി തൊഴില്‍ വാര്‍ത്താ പരസ്യം മാത്രം മതി ഇതിന്റെ ഉദാഹരണമായി. വിവാഹേതരലൈംഗികതയെ പാപമായി കാണാതിരിക്കുന്ന തലത്തിലേക്ക് മലയാളിമനസ്സിനെ നയിച്ചുകൊണ്ടുപോകുകയെന്ന ദൗത്യമേറ്റെടുത്തിരിക്കുന്നതും ഇസ്‌ലാമികനിയമങ്ങളെ വികൃതവല്‍ക്കരിച്ച് അവതരിപ്പിക്കുവാനായി കിട്ടാവുന്ന സകലരെയും ഉപയോഗപ്പെടുത്തി പരമാവധി പരിശ്രമിച്ചുകൊണ്ടിരിക്കുന്നതും മാതൃഭൂമി ആഴ്ചപ്പതിപ്പാണെന്നത് യാദൃച്ഛികതയൊന്നുമല്ല. ഇതു മൂന്നും യോജിക്കുന്നത് ഒരേയൊരു ബിന്ദുവിലാണ്. പുരുഷന്റെ അതിരില്ലാത്ത ലൈംഗികസുഖത്തിന് പറ്റിയ രൂപത്തിലുള്ള സാമൂഹികക്രമത്തിന്റെ സൃഷ്ടിയെന്ന ബിന്ദുവില്‍. പുരുഷന് എപ്പോഴും ഏത് സമയത്തും എങ്ങനെയും ലൈംഗികത ആസ്വദിക്കാവുന്ന പരുവത്തിലുള്ള സാമൂഹ്യസൃഷ്ടി. അവിടെ വിവാഹേതരബന്ധങ്ങള്‍ വിലക്കപ്പെടേണ്ട തെറ്റൊന്നുമല്ല; അത് വ്യത്യസ്തമായ പേരുകളില്‍ ന്യായീകരിക്കപ്പെടുകയാണ് ചെയ്യുന്നത്.

നിയമവിരുദ്ധമായ ലൈംഗികബന്ധങ്ങള്‍, അതിന് ഏത് പേരിട്ട് വിളിച്ചാലും ഇസ്‌ലാം അംഗീകരിക്കുന്നില്ല- വെറുക്കുന്നു. ഇസ്‌ലാമികമായ ഭരണക്രമം നിലനില്‍ക്കുന്ന രാഷ്ട്രത്തിലാണെങ്കില്‍ വ്യഭിചരിച്ചവര്‍ക്ക്-നാല് ദൃക്‌സാക്ഷികളുടെ സമ്മതം കൊണ്ട് കുറ്റം തെളിഞ്ഞാല്‍-വിവാഹിതരല്ലെങ്കില്‍ നൂറ് അടിയും വിവാഹിതരെങ്കില്‍ മരണം വരെ കല്ലേറും ലഭിക്കും. വ്യഭിചാരത്തെ ഇസ്‌ലാം എത്രമാത്രം വെറുക്കുന്നുവെന്ന് ഈ ശിക്ഷകള്‍ വ്യക്തമാക്കുന്നു. സമൂഹത്തിന്റെ അടിസ്ഥാനസ്ഥാപനമായ കുടുംബത്തിന്റെ തകര്‍ച്ചക്കും അതുവഴി ധാര്‍മികത്തകര്‍ച്ചക്കും വ്യഭിചാരം നിമിത്തമാവുമെന്നാണ് ഇസ്‌ലാമിന്റെ വീക്ഷണം. അതുകൊണ്ട് തന്നെ സദാചാരനിഷ്ഠമായ ഒരു സാമൂഹത്തിന്റെ സൃഷ്ടിക്കുവേണ്ടി ശ്രമിക്കുന്ന ഒരു ദര്‍ശനത്തിന് അത് പൂര്‍ണമായി ഇല്ലാതാക്കാനാവശ്യമായ നിയമങ്ങള്‍ ആവിഷ്‌കരിക്കേണ്ടി വരുന്നത് സാഭാവികമാണ്. അതോടൊപ്പം മനുഷ്യപ്രകൃതിക്ക് ഇണങ്ങുന്ന നിയമങ്ങളില്‍ വികാരപൂര്‍ത്തീകരണമെന്ന ജൈവികാവശ്യം നിര്‍വഹിക്കുവാനുള്ള മാര്‍ഗങ്ങള്‍ ഉണ്ടാകുകയും വേണം. ഇവിടെയാണ് ഇസ്‌ലാം ബഹുഭാര്യത്വം അനുവദിച്ചതിലെ യുക്തി മനസ്സിലാക്കാനാവുന്നത്.

ഇസ്‌ലാം ബഹുഭാര്യത്വം അനുവദിച്ചുവെന്ന് പറയുന്നതിനേക്കാള്‍ ശരിയാവുക, നിയമപരമായി ഇണകളായിത്തീന്നവര്‍ തമ്മിലുള്ളതല്ലാതെയുള്ള ലൈംഗികതയെ നിരോധിക്കുകയും പെണ്ണിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്തം ഏറ്റെടുക്കുവാന്‍ സന്നദ്ധതയുള്ളവരെന്ന് സ്വയം പ്രഖ്യാപിച്ച് അവളെ പരസ്യമായി സ്വീകരിക്കുന്നവരുമായി മാത്രം ബന്ധപ്പെടണമെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്തു എന്ന് പറയുന്നതാവും. ഇക്കാര്യത്തില്‍ ഇസ്‌ലാമിനെ കുറ്റപ്പെടുത്തുന്നവര്‍ ഒന്നിലധികം പേരുമായി ബന്ധപ്പെടാനുള്ള വ്യക്തിയുടെ അവകാശം അംഗീകരിച്ചുകൊടുക്കണമെന്നും എന്നാല്‍ ഒന്നിലധികം വിവാഹം പാടില്ലെന്നു പറയുന്നവരുമാണ്. രണ്ടുപേര്‍ക്കും സമ്മതമാണങ്കില്‍ വിവാഹതരുമായോ അല്ലാത്തവരുമായോ ബന്ധപ്പെടുവാന്‍ എല്ലാവര്‍ക്കും സ്വാതന്ത്യമുണ്ടെന്നും പ്രലോഭനമോ പീഡനമോ കൂടാതെയാണ് പ്രസ്തുത ബന്ധം നടക്കുന്നതെങ്കില്‍ അതിലിടപെടുവാന്‍ നിയമത്തിന് കഴിയില്ലെന്നുമാണ് ആധുനിക ജനതാധിപത്യ രാഷ്ട്രങ്ങളുടെ ഭരണഘടനകളുടെയെല്ലാം നിലപാട്. ഇന്ത്യന്‍ ഭരണഘടനയും ഇതിന്നപപാദമല്ല. എത്രപേരുമായും ശാരീരികമായി ബന്ധപ്പെടാം, എന്നാല്‍ അവരെ നിയമാനുസൃതമായ ഇണയാക്കി തീര്‍ക്കുവാന്‍ പാടില്ലെന്ന നിലപാട് മാനവികവും ജനാധിപത്യവുപരവുമാണെന്ന് കൊട്ടിഘോഷിക്കുന്നവരാണ് ഒന്നിലധികം സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടേണ്ട അനിവാര്യമായ സാഹചര്യങ്ങളുണ്ടെങ്കില്‍ അത് വിവാഹിത്തിലൂടെ മാത്രമെ പാടുള്ളുവെന്നും നാലിലധികം പേരെ വിവാഹം ചെയ്യാന്‍ പാടില്ലെന്നും നിഷ്‌കര്‍ഷിക്കുന്ന ഇസ്‌ലാമിനു നേരെ വാളോങ്ങുന്നതെന്ന വസ്തുത എത്രമാത്രം വലിയ വലിയ വിരോധാഭാസമല്ല! ഒന്നിലധികം സ്ത്രീകളെ ഇണകളാക്കേണ്ടിവരുന്നത് ചില പുരുഷന്‍മാര്‍ക്കെങ്കിലും പ്രകൃതിപരമാണെന്ന് വസ്തുതയുടെ വെളിച്ചത്തില്‍ അത് അനുവദിക്കുകുയം ഇണകളോട് നീതിപൂര്‍വ്വം പെരുമാറണമെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്ത ഇസ്‌ലാമിന്റെ നിലാപടുതന്നെയാണ് ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട ഏറ്റവും മാനവികമായ നിലപാടെന്ന വസ്തുത സത്യസന്ധമായി വിഷയത്തെ അപഗ്രഥിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും.

പുരുഷാധിപത്യപരമാണ് ഇസ്‌ലാമികനിയമങ്ങളെന്നത് അടിസ്ഥാനരഹിതമായ ഒരു ആരോപണമാണ്. പുരുഷന്റെയും സ്ത്രീയുടെയും സ്രഷ്ടാവിനാണല്ലോ അവരുടെ പ്രകൃതിയെക്കുറിച്ച് നന്നായറിയുക. പടച്ചവൻ നിര്‍ദേശിക്കുന്ന ധാര്‍മിക വ്യവസ്ഥ ഒരിക്കലും തന്നെ ഒരു വിഭാഗത്തിന്റെ ആധിപത്യത്തിനും മറ്റേ വിഭാഗത്തിന്റെ അധഃസ്ഥിതത്വത്തിനും നിമിത്തമാവുകയില്ല. ഇസ്‌ലാമികനിയമങ്ങൾ സൂക്ഷ്മമായി അപഗ്രഥിച്ചാൽ അവയൊന്നും തന്നെ പുരുഷയാധിപത്യപരമോ പെണ്ണാധിപത്യപരമോ അല്ലെന്ന വസ്തുത മനസ്സിലാവും. പെണ്ണിന്റെ ശരീരത്തെ മാത്രം പരിഗണിക്കുന്ന ഭൗതികവാദത്തിന്റെ കണ്ണിലൂടെ നോക്കുന്നത് കൊണ്ടാണ് ചിലർക്ക് ഇസ്‌ലാം ആൺകോയ്മയിലധിഷ്ഠിതമാണെന്ന് തോന്നുന്നത്. പ്രശ്‌നം ഇസ്‌ലാമിക ധാര്‍മിക വ്യവസ്ഥയുടേതല്ല. മറിച്ച്, അതിനെ അളക്കാനുപയോഗിക്കുന്ന അളവുകോലിന്റേതാണ് എന്നർത്ഥം.

പുരുഷന്റെയും സ്ത്രീയുടെയും സഹകരണവും പാരസ്പര്യവുമാണ് കുടുംബമെന്ന സ്ഥാപനത്തിന്റെ നിലനില്‍പിന് ആധാരമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ധാര്‍മിക വ്യവസ്ഥ നിലനില്‍ക്കണമെങ്കില്‍ കുടുംബ മെന്ന സ്ഥാപനം കെട്ടുറപ്പോടുകൂടി നിലനില്‍ക്കണമെന്ന അടിത്തറയില്‍നിന്നുകൊണ്ടാണ് ഇസ്‌ലാം നിയമങ്ങളാവിഷ്‌കരിച്ചിരിക്കുന്നത്. കുടുംബംതന്നെ തകരേണ്ടതാണെന്ന തത്ത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇസ്‌ലാമിക നിയമങ്ങള്‍ അസ്വീകാര്യമായി അനുഭവപ്പെട്ടേക്കാം. എന്നാല്‍, ധാര്‍മികതയില്‍ അധിഷ്ഠിതമായ മനുഷ്യ സമൂഹത്തിന്റെ നിലനില്‍പിനെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്കൊന്നും തന്നെ ഏതെങ്കിലുമൊരു ഇസ്‌ലാമിക നിയമം പുരുഷാധിപത്യത്തില്‍ അധിഷ്ഠിതമാണെന്ന് പറയാന്‍ കഴിയില്ല.

കുടുംബമെന്ന സ്ഥാപനത്തിന്റെ കെട്ടുറപ്പും ഭദ്രതയും ഉറപ്പുവരുത്തുന്നതിന് സ്ത്രീക്കും പുരുഷനും അവരുടേതായ പങ്കുവഹിക്കാനുണ്ടെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അവരുടെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും ബാധ്യതകളെയും കുറിച്ച ഇസ്‌ലാമിക നിയമങ്ങള്‍ ഈ അടിത്തറയില്‍നിന്നുകൊണ്ടുള്ളതാണ്. സ്ത്രീയെയും പുരുഷനെയും സംബന്ധിച്ച ഇസ്‌ലാമികവീക്ഷണത്തെ ഇങ്ങനെ സംഗ്രഹിക്കാം:

ഒന്ന്: സ്ത്രീയും പുരുഷനും ഒരേ ആത്മാവില്‍നിന്നുണ്ടായവരാണ്. ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍പോലെയാണവര്‍. രണ്ടുപേരും സ്വതന്ത്രരാണെങ്കിലും ഇരുവരുടെയും പാരസ്പര്യമാണ് രണ്ടുപേര്‍ക്കും പൂര്‍ണത നല്‍കുന്നത്.

രണ്ട്: സ്ത്രീ പുരുഷനോ പുരുഷന്‍ സ്ത്രീയോ അല്ല. ഇരുവര്‍ക്കും തികച്ചും വ്യത്യസ്തവും അതേസമയം പരസ്പര പൂരകവുമായ അസ്തിത്വമാണുള്ളത്.

മൂന്ന്: സ്ത്രീക്കും പുരുഷനും അവകാശങ്ങളുണ്ട്. ഈ അവകാശങ്ങള്‍ നേടിയെടുക്കേണ്ടത് സംഘട്ടനത്തിലൂടെയല്ല, പാരസ്പര്യത്തിലൂടെയാണ്.

നാല്: രണ്ടു കൂട്ടര്‍ക്കും ബാധ്യതകളുണ്ട്. ഈ ബാധ്യതകള്‍ നിര്‍വഹിക്കുന്നതിലൂടെ മാത്രമേ വ്യഷ്ടിക്കും സമഷ്ടിക്കും നിലനില്‍ക്കാന്‍ കഴിയൂ.

അഞ്ച്: സ്ത്രീ പുരുഷധര്‍മം നിര്‍വഹിക്കുന്നതും പുരുഷന്‍ സ്ത്രീ ധര്‍മം നിര്‍വഹിക്കുന്നതും പ്രകൃതിയുടെ താല്‍പര്യത്തിനെതിരാണ്. ഓരോരുത്തരും അവരവരുടെ ധര്‍മങ്ങള്‍ നിര്‍വഹിക്കുകയാണ് വേണ്ടത്. ആറ്: ഓരോരുത്തരും അവരവരുടെ ധര്‍മം നിര്‍വഹിക്കുന്നതും അവകാശ ങ്ങള്‍ അനുഭവിക്കുന്നതും അപരന്റെ അവകാശങ്ങളെ ഹനിച്ചുകൊണ്ടായിക്കൂടാ.

പാരസ്പര്യത്തിന്റേതായ ഈ ഇസ്‌ലാമിക നിയമങ്ങളെല്ലാം തന്നെ പുരുഷനെയും സ്ത്രീയെയും തുല്യമായി പരിഗണിക്കുന്നവയാണ്. ഇവയിലൊന്നും തന്നെ ആൺകോയ്മയോ പെൺകോയ്മയോ ആർക്കും കാണാൻ കഴിയില്ല.

ഭര്‍ത്താവ് മരിച്ച സ്ത്രീ നാലുമാസവും പത്തു ദിവസവും ദുഃഖമാചരിക്കണമെന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നുണ്ട്.”നിങ്ങളാരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചുകൊണ്ട് മരണപ്പെടുകയാണെങ്കില്‍ അവര്‍ തങ്ങളുടെ കാര്യത്തില്‍ നാലു മാസവും പത്തുദിവസവും കാത്തിരിക്കേണ്ടതാണ്. എന്നിട്ട് അവരുടെ ആ അവധിയെത്തിയാല്‍ തങ്ങളുടെ കാര്യത്തില്‍ അവര്‍ മര്യാദയനുസരിച്ചു പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമൊന്നുമില്ല” (2:224).എന്തിനാണത്?

വിധവയുടെ ദുഃഖാചരണത്തിന് പിന്നിൽ രണ്ടു ഉദ്ദേശ്യങ്ങളാണുള്ളത്. തന്റെ ജീവിത പങ്കാളിയുടെ വേര്‍പാടില്‍ ദുഃഖാചരണം നടത്തുകയും മറ്റൊരു വിവാഹത്തിലേർപ്പെടുവാനുള്ള മാനസികപക്വത നേടിയെടുക്കുകയുമാണ് ഒന്ന്. അന്തരിച്ച ഭര്‍ത്താവില്‍നിന്ന് താന്‍ ഗര്‍ഭം ധരിച്ചിട്ടുണ്ടോ എന്ന സംശയം ദുരീകരിക്കുകയാണ് മറ്റൊന്ന്.

ദുഃഖാചരണകാലത്ത് അവള്‍ ചെയ്യേണ്ടതെന്താണ്? ദുഃഖാചരണകാലത്ത് അവള്‍ വിവാഹിതയാകാന്‍ പാടില്ല. വിവാഹാലോചനകളും ഇക്കാലത്ത് വിലക്കപ്പെട്ടിരിക്കുന്നു. അഴകും മോടിയും കൂട്ടി പുരുഷന്മാരെ ആകര്‍ഷിക്കുകയോ സ്വമനസ്സില്‍ ലൈംഗികതൃഷ്ണ വളര്‍ത്തുകയോ ചെയ്തുകൂടാ. വര്‍ണശബളമായ ആടയാഭരണങ്ങള്‍ ധരിക്കുകയും ചായവും സുറുമയും ഉപയോഗിക്കുകയും സുഗന്ധദ്രവ്യങ്ങള്‍ പുരട്ടുകയും ചെയ്യുന്നതില്‍നിന്ന് ഇക്കാലത്ത് അവള്‍ വിലക്കപ്പെട്ടിരിക്കുന്നു. അത്യാവശ്യകാര്യങ്ങള്‍ക്കായി പുറത്തുപോകുന്നതിനെയോ മാന്യവും വൃത്തിയുള്ളതുമായ വസ്ത്രം ധരിക്കുന്നതിനെയോ നിരോധിച്ചതായി കാണാന്‍ കഴിയില്ല. ചുരുക്കത്തില്‍, ലൈംഗിക ചിന്തയുണ്ടാക്കുന്ന എല്ലാ കാര്യങ്ങളില്‍നിന്നും അകന്നുനില്‍ക്കാന്‍ ദുഃഖാചരണകാലത്ത് സ്ത്രീ ബാധ്യസ്ഥയാണ്.

ഭര്‍ത്താവ് മരിച്ച് നാലു മാസവും പത്തു ദിവസവും കഴിഞ്ഞാല്‍- ഗര്‍ഭിണിയാണെങ്കില്‍ പ്രസവിച്ചാല്‍- അവള്‍ക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യാവുന്നതാണ്. ഒന്നുകില്‍ പുനര്‍വിവാഹം ചെയ്യാം. അല്ലെങ്കില്‍ തല്‍ക്കാലം വിവാഹം വേണ്ടെന്നു വെക്കാം. എല്ലാം അവളുടെ ഇഷ്ടത്തിന് വിടേണ്ടതാണ്.

അജ്ഞാന കാലത്ത് അറേബ്യയില്‍ വിധവകള്‍ ഒരു വര്‍ഷം ദുഃഖാചരണം നടത്തുമായിരുന്നു. അങ്ങേയറ്റം മലിനമായി വസ്ത്രം ധരിച്ച്, കുളിക്കുകയോ വൃത്തിയാവുകയോ ചെയ്യാതെയുള്ള ദുഃഖാചരണം. ഇതില്‍നിന്ന് പരിവര്‍ത്തനം ഉണ്ടാക്കുകയാണ് ഇസ്‌ലാം ചെയ്തത്.

ഭര്‍ത്താവ് മരിച്ച ഹൈന്ദവ സ്ത്രീ എന്തു ചെയ്യണം?

മനുസ്മൃതിയുടെ വിധി കാണുക:

കാമം തുക്ഷ പയേ ദ്ദേഹം പുഷ്പ മൂല ഫലൈഃ ശുഭൈഃ

ന തു നാമാഭി ഗൃഹ്ണീ യാത്പത്യൗ പ്രേത പരസ്യതു

ആസീതാ മരണാല്‍ ക്ഷാന്താ നിയതാ ബ്രഹ്മചാരിണീ

യോ ധര്‍മ്മ ഏകപത്‌നീ നാം കാംക്ഷന്തീ തമനുത്തമം (5:157, 158).

(ഭര്‍ത്താവ് മരിച്ച ശേഷം പരിശുദ്ധമായ കിഴങ്ങ്, ഫലം, പുഷ്പം മുതലായ ആഹാരങ്ങള്‍കൊണ്ട് ദേഹത്തിന് ക്ഷതം വരുത്തി കാലം നയിക്കേണ്ടതാണ്. കാമവികാരോദ്ദേശ്യത്തിന്മേല്‍ മറ്റൊരു പുരുഷന്റെ പേരുപറയരുത്. ഭര്‍ത്താവ് മരിച്ച ശേഷം ജീവാവസാനം വരെ സഹനശീലയായി പരിശുദ്ധയായി ബ്രഹ്മധ്യാനമുള്ളവളായും മധുമാംസഭക്ഷണം ചെയ്യാത്തവളായും ഉത്കൃഷ്ടയായ പതിവ്രതയുടെ ധര്‍മത്തെ ആഗ്രഹിക്കുന്നവളായും ഇരിക്കേണ്ടതാകുന്നു).

ഇത് മനുസ്മൃതിയുടെ വിധി. ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന അവസ്ഥ ഇതിലും ഭീകരമായിരുന്നു. ഭര്‍ത്താക്കന്മാര്‍ മരിച്ചാല്‍ അവരുടെ ചിതയില്‍ ചാടി മരിക്കണമെന്ന് സ്ത്രീ നിര്‍ദേശിക്കപ്പെട്ടിരുന്നു. ക്രൂരമായ സതി സമ്പ്രദായം! അത് അനുഷ്ഠിക്കുവാന്‍ വിസമ്മതിക്കുന്ന വിധവകള്‍ തലമൊട്ടയടിച്ച് സമൂഹത്തില്‍ ഒറ്റപ്പെട്ടു കഴിയണമായിരുന്നു. ശൈശവ വിവാഹത്തിന് ശേഷം വിധവകളാകുന്ന ആറും ഏഴും വയസ്സ് പ്രായമുള്ള പെണ്‍കിടാങ്ങള്‍പോലും തലമൊട്ടയടിച്ച് ജീവിതകാലം മുഴുവന്‍ ഭിക്ഷുണികളായി കഴിഞ്ഞുകൂടണമെന്നായിരുന്നു നിയമം. ഇവര്‍ക്ക് അനുവദിക്കപ്പെട്ടിരുന്നതോ ഒരു നേരത്തെ ഭക്ഷണം മാത്രം!

വിധവകളെ പുനര്‍വിവാഹത്തില്‍നിന്ന് ഖുര്‍ആന്‍ വിലക്കുന്നില്ല. അവര്‍ നാലു മാസവും പത്തു ദിവസവും കാത്തിരിക്കണമെന്നു മാത്രമാണ് അനുശാസിക്കുന്നത്. ഈ കാത്തിരിപ്പാകട്ടെ തികച്ചും ശാസ്ത്രീയവും സ്ത്രീക്ക് ഗുണം ചെയ്യുന്നതുമാണുതാനും. പുരുഷനിൽ നിന്ന് വ്യത്യസ്തമായി ഇണയായി ഒരാളെ മാത്രമേ സ്ത്രീക്ക് തന്റെ മനസ്സിൽ ഉൾക്കൊള്ളാൻ കഴിയൂ. പുതിയൊരു ദാമ്പത്യം വിജയകരമായാവണമെങ്കിൽ മനസ്സിലുള്ള ഇണയെ താഴെയിറക്കാൻ കഴിയണം. ഏറെക്കാലം കൂടെ ജീവിച്ച ഇണയെ മനസ്സില്നിന്നിറക്കി വെക്കാനും മറ്റൊരു ഇണയെ സ്വീകരിക്കുവാൻ മാനസികമായി ഒരുങ്ങാനും ദുഃഖാചരണം വഴി അവൾക്ക് കഴിയും.

ഭർത്താവിന്റെ മരണം നടന്ന ഉടനെ സ്ത്രീ വിവാഹിതയാവുകയും  ഗര്‍ഭിണിയായി അവര്‍ക്ക് കുഞ്ഞുണ്ടാവുകയുമാണെങ്കില്‍ അതിന്റെ പിതൃത്വത്തെക്കുറിച്ച് സംശയം ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ഈ സംശയം തന്റെ കുടുംബഭദ്രതയും മനസ്സമാധാനവും തകര്‍ക്കുന്നതിലേക്ക് നയിച്ചേക്കും. ഖുര്‍ആന്‍ പറഞ്ഞ പ്രകാരം കാത്തിരുന്ന ശേഷം പുനര്‍വിവാഹം ചെയ്യുന്ന സ്ത്രീ ഗര്‍ഭിണിയാകുമ്പോള്‍ ഈ പ്രശ്‌നം ഉദിക്കുന്നില്ല. അത് രണ്ടാം ഭര്‍ത്താവിന്റെ കുഞ്ഞുതന്നെയാണെന്ന് ഉറപ്പിക്കാനാവും. വിധവയുടെ ദുഃഖാചരണം സംബന്ധിച്ച ഖുര്‍ആനിക ഇദ്ദയുടെ നിയമവും സ്ത്രീക്ക് അനുഗുണമാണെന്നും പ്രയാസപ്പെടുത്താതിരിക്കാനുള്ളതാണെന്നുമുള്ള വസ്തുതയാണ് ഇവിടെ വ്യക്തമാകുന്നത്.

മുന്നോട്ടു പോകാൻ കഴിയാത്ത വിധം പരാജയമാണ് ദാമ്പത്യജീവിതമെങ്കിൽ വിവാഹമോചനത്തിന് ആവശ്യപ്പെടാൻ സ്ത്രീക്കും അവകാശമുണ്ട്. സ്ത്രീയുടെ വിവാഹമോചനം രണ്ടു തരമാണ്. ഖുല്‍ഉം ഫസ്ഖും.

തന്റെ ഭര്‍ത്താവിനെ വെറുക്കുകയും അയാളോടൊപ്പം ജീവിക്കുവാന്‍ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്ന സ്ത്രീക്ക് അയാളോട് വിവാഹമോചനത്തിന് ആവശ്യപ്പെടാവുന്നതാണ്. ഇതാണ് ‘ഖുല്‍അ്‘.ഭര്‍ത്താവില്‍നിന്ന് ലഭിച്ച വിവാഹമൂല്യം തിരിച്ചുകൊടുക്കണമെന്നുള്ളതാണ് ‘ഖുല്‍ഇ‘നുള്ള നിബന്ധന. വിവാഹം വഴി ഭാര്യക്ക് ലഭിച്ച സമ്പത്ത് തിരിച്ചുകൊടുക്കണമെന്നര്‍ഥം. ഇക്കാര്യം വിവരിക്കുന്ന ഖുര്‍ആന്‍ സൂക്തം നോക്കുക: ”അങ്ങനെ അവര്‍ക്ക് (ദമ്പതികള്‍ക്ക്) അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കുവാന്‍ കഴിയില്ലെന്ന് നിങ്ങള്‍ക്ക് ഉത്കണ്ഠ തോന്നുകയാണെങ്കില്‍ അവള്‍ വല്ലതും വിട്ടുകൊടുത്ത് സ്വയം മോചനം നേടുന്നതിന് അവര്‍ ഇരുവര്‍ക്കും കുറ്റമില്ല. (2:229).

‘ഖുല്‍ഇ‘നുള്ള നിബന്ധനകള്‍ താഴെ പറയുന്നവയാണ്.

ഒന്ന്: ത്വലാഖിനെപ്പോലെതന്നെ അനിവാര്യമായ സാഹചര്യങ്ങളില്ലാതെ ഖുല്‍അ് ചെയ്യാന്‍ പാടില്ലാത്തതാകുന്നു. പ്രവാചകന്‍ (ﷺ) പറഞ്ഞു: ”പ്രയാസമുണ്ടാവുമ്പോഴല്ലാതെ ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെടുന്ന സ്ത്രീക്ക് സ്വര്‍ഗത്തിന്റെ സുഗന്ധം പോലും നിഷിദ്ധമാണ്” (അബൂദാവൂദ്, തിര്‍മുദി).

രണ്ട്: സ്ത്രീ ഖുല്‍അ് ആവശ്യപ്പെട്ടാല്‍ അവളെ മോചിപ്പിക്കേണ്ടത് പുരുഷന്റെ ബാധ്യതയാണ്.

മൂന്ന്: താന്‍ നല്‍കിയ വിവാഹമൂല്യം പൂര്‍ണമായോ ഭാഗികമായോ ആവശ്യപ്പെടാന്‍ പുരുഷന് അവകാശമുണ്ട്. വിവാഹമൂല്യത്തില്‍ കവിഞ്ഞ യാതൊന്നും ആവശ്യപ്പെടാവതല്ല.

നാല്: താന്‍ ആവശ്യപ്പെട്ട തുക നല്‍കുന്നതോടുകൂടി ഖുല്‍അ് സാധുവായിത്തീരുന്നു. അഥവാ ആ സ്ത്രീ പുരുഷന്റെ ഭാര്യയല്ലാതായിമാറുന്നു.

ഇത്തരം വിവാഹമോചനങ്ങള്‍ പ്രവാചകന്റെ(ﷺ) കാലത്തു നടന്നതായി കാണാനാവും. താന്‍ ഇഷ്ടപ്പെടാത്ത ഭാര്യയെക്കൊണ്ട് ഖുല്‍അ് ചെയ്യിക്കുന്നതിനുവേണ്ടി അവളെ പ്രയാസപ്പെടുത്തുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു. താന്‍ നല്‍കിയ വിവാഹമൂല്യം തിരിച്ചുവാങ്ങുന്നതിനുവേണ്ടിയായിരുന്നു അത്. ഖുര്‍ആന്‍ ഇൗ സമ്പ്രദായത്തെ ശക്തിയായി വിലക്കുന്നുണ്ട്.

”നിങ്ങള്‍ കൊടുത്തിട്ടുള്ളതില്‍ ഒരു ഭാഗം തട്ടിയെടുക്കാനായി നിങ്ങള്‍ അവരെ മുടക്കിയിടുകയും ചെയ്യരുത്” (4:19).

സ്ത്രീയുടെ രണ്ടാമത്തെ വിവാഹമോചന രീതിയാണ് ‘ഫസ്ഖ്‘.ഭാര്യയുടെ അവകാശങ്ങള്‍ നിഷേധിക്കുകയും അതോടൊപ്പം വിവാഹമോചനം നല്‍കാതിരിക്കുകയും ചെയ്യുന്ന പുരുഷന്മാരില്‍നിന്ന് ന്യായാധിപന്റെ സഹായത്തോടെ നേടുന്ന വിവാഹമോചനമാണിത്. ഭര്‍ത്താവിന് സന്താനോല്‍പാദനശേഷി ഇല്ലെന്ന് തെളിയുക,ലൈംഗികബന്ധത്തിന് സാധിക്കാതിരിക്കുക, അവിഹിത വേഴ്ചകളില്‍ മുഴുകുക, ക്രൂരമായി പെരുമാറുക, തന്നെ അധാര്‍മിക വൃത്തിക്ക് നിര്‍ബന്ധിക്കുക, ജീവിതത്തിന്റെ അടിസ്ഥാനാവശ്യങ്ങള്‍ നിഷേധിക്കുക,തന്റെ സ്വത്തുക്കള്‍ അന്യായമായി ഉപയോഗിക്കുക, ഒന്നിലധികം ഭാര്യമാരുള്ളയാളാണെങ്കില്‍ തന്നോട് നീതിപൂര്‍വം വര്‍ത്തിക്കാതിരിക്കുക, തുടങ്ങിയ അവസരങ്ങളില്‍ ഭാര്യക്ക് ന്യായാധിപന്‍ മുഖേന വിവാഹബന്ധം വേര്‍പെടുത്താവുന്നതാണ്. ഇതാണ് ഫസ്ഖ്. തന്റെ അനുവാദമില്ലാതെ രക്ഷാധികാരികള്‍ വിവാഹം ചെയ്തുകൊടുത്താലും ഭര്‍ത്താവ് എവിടെയാണെന്നറിയാത്ത സ്ഥിതി ഉണ്ടെങ്കിലും ഭാര്യക്ക് ഫസ്ഖ് ചെയ്യാവുന്നതാണ്.

ഫസ്ഖ് ചെയ്യുന്നത് ന്യായാധിപനിലൂടെയായിരിക്കണമെന്നുള്ളതാണ് അതിനുള്ള നിബന്ധന. ഭാര്യ ഉന്നയിക്കുന്ന കാരണങ്ങള്‍ ഫസ്ഖിന് പ്രേരിപ്പിക്കാവുന്ന തരത്തിലുള്ളതാണോ എന്ന് പരിശോധിക്കുന്നത് ന്യായാധിപനാണ്. അങ്ങനെയാണെങ്കില്‍ വിവാഹമൂല്യം തിരിച്ചുനല്‍കാതെതന്നെ അവള്‍ക്ക് അവനുമായുള്ള ബന്ധത്തില്‍നിന്ന് പിരിയാനുള്ള സംവിധാനമുണ്ട്.

അനിവാര്യമായ സാഹചര്യത്തിൽ ഇസ്‌ലാം വിവാഹമോചനം അനുവദിക്കുന്നുണ്ട്. പുരുഷന്‍ തന്റെ അധികാരമുപയോഗിച്ച് വിവാഹബന്ധം വേര്‍പെടുത്തുന്നതിനാണ് സാങ്കേതികമായി ത്വലാഖ് എന്നു പറയുന്നത്. ത്വലാഖിലെത്തിച്ചേരാതെ സൂക്ഷിക്കുവാന്‍ കഴിയുന്നത്ര ശ്രമിക്കണമെന്നാണ് ഖുര്‍ആനിന്റെ താല്‍പര്യം. പുരുഷന്‍ തന്റെ ഇണയെ ഇഷ്ടപ്പെടുന്നില്ലെങ്കില്‍തന്നെ സാധ്യമാകുന്നത്ര അവളോടൊത്തു ജീവിക്കുവാന്‍ പരിശ്രമിക്കണമെന്നാണ് അത് അനുശാസിക്കുന്നത്. ”അവരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് അവരോട് വെറുപ്പ് തോന്നിയേക്കാം. എന്നാല്‍, നിങ്ങള്‍ക്ക് വെറുപ്പ് തോന്നുന്ന ഒന്നില്‍ തന്നെ അല്ലാഹു ധാരാളം നന്മ നിശ്ചയിച്ചിരിക്കുകയും ചെയ്യാം” (4:19)

ദമ്പതിമാര്‍ക്കിടയില്‍ ഐക്യം നിലനിര്‍ത്താന്‍ ആവുന്നതൊക്കെ ചെയ്യേണ്ടതുണ്ടെന്നാണ് ഖുര്‍ആനിന്റെ നിലപാട്. എന്നാല്‍, സ്‌നേഹവും ഐക്യവും ഇല്ലാതായിത്തീരുകയും വൈവാഹിക ജീവിതത്തിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമായാല്‍ അവര്‍ തമ്മില്‍ വേര്‍പിരിയുന്നതിന് വിരോധമില്ല. ഈ വേര്‍പിരിയലിന് പുരുഷന്‍ മുന്‍കൈയെടുക്കുമ്പോള്‍ അതിന് ത്വലാഖ് എന്നു പറയുന്നു. സ്ത്രീയാണ് മുന്കയ്യെടുക്കുന്നതെങ്കിൽ അത് ഖുൽഅ എന്നും ന്യായാധിപനിലൂടെ നടക്കുന്നതാണെങ്കിൽ ഫസ്ഖ് എന്നുമാണ് അറിയപ്പെടുക.

ആര്‍ത്തവ സമയത്ത് സ്ത്രീയെ ത്വലാഖ് ചെയ്യുന്നത് ഇസ്‌ലാം വിലക്കിയിട്ടുണ്ട്. ഇക്കാലത്ത് സ്ത്രീയുടെ ശാരീരിക-മാനസിക നിലകളില്‍ സ്പഷ്ടമായ മാറ്റമുണ്ടാവുമെന്ന കാര്യം തെളിയിക്കപ്പെട്ടതാണ്. അവള്‍ക്ക് ശുണ്ഠിയും മറവിയും കൂടുതലായിരിക്കും. അക്കാരണത്താല്‍തന്നെ ആര്‍ത്തവകാലത്ത് തമ്മില്‍ പിണങ്ങാനും സാധ്യത കൂടുതലാണ്. ഈ പിണക്കം വിവാഹമോചനത്തിലേക്ക് നയിച്ചുകൂടാ. ദമ്പതികള്‍ തമ്മില്‍ താല്‍പര്യവും ആഭിമുഖ്യവുമുണ്ടാക്കുവാനുതകുന്ന ലൈംഗികബന്ധം ഇക്കാലത്ത് നിഷിദ്ധവുമാണ്. പിണക്കമെല്ലാം തീരുന്നത് കിടപ്പറയില്‍ വെച്ചാണല്ലോ. ആര്‍ത്തവകാലത്തുണ്ടാകുന്ന പിണക്കം തീരാന്‍ ശുദ്ധിയായതിന് ശേഷമുള്ള ലൈംഗികബന്ധം മതിയാവും. അതുകൊണ്ടുതന്നെ ആര്‍ത്തവകാലത്ത് ഭാര്യയെ മോചിപ്പിക്കുന്നത് ശരിയല്ലെന്നും അങ്ങനെ മോചിപ്പിച്ചവര്‍ അവളെ തിരിച്ചെടുക്കേണ്ടതുണ്ടെന്നും പ്രവാചകന്‍ (ﷺ) പഠിപ്പിച്ചിട്ടുണ്ട്.

ശുദ്ധികാലത്ത് തന്റെ ഭാര്യയെ ത്വലാഖ് ചെയ്യുന്ന പുരുഷന്‍ പക്ഷേ, അവളെ വീട്ടില്‍നിന്ന് പുറത്താക്കാന്‍ പാടില്ല. അവള്‍ പുറത്തുപോകാനും പാടില്ല. മൂന്നു തവണ ആര്‍ത്തവമുണ്ടാകുന്നതുവരെ അവള്‍ ഭര്‍തൃഗൃഹത്തില്‍തന്നെ താമസിക്കേണ്ടതാണ്. ആര്‍ത്തവം നിലച്ചവര്‍ക്ക് മൂന്നു മാസക്കാലവും ഗര്‍ഭിണികള്‍ക്ക് പ്രസവം വരെയുമാണ് ഈ കാലാവധി. ഇദ്ദാ കാലമെന്നാണ് ഈ കാലാവധിക്ക് സാങ്കേതികമായ പേര്. ഈ കാലത്ത് വിവാഹമോചിത ഭര്‍തൃഗൃഹത്തില്‍തന്നെ താമസിക്കണമെന്നാണ് ഖുര്‍ആനിന്റെ വിധി.

”വിവാഹമുക്തകള്‍ തങ്ങളുടെ സ്വന്തം കാര്യത്തില്‍, മൂന്ന് തവണ ആര്‍ത്തവമുണ്ടാവുന്നത് വരെ കാത്തിരിക്കേണ്ടതാണ്. അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ തങ്ങളുടെ ഗര്‍ഭാശയങ്ങളില്‍ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതിനെ അവര്‍ ഒളിച്ചുവെക്കുവാന്‍ പാടില്ല” (2:228).

”നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവരുടെ ഇദ്ദാ കാലത്തിന് (കണക്കാക്കി) വിവാഹമോചനം ചെയ്യുകയും ഇദ്ദാകാലം നിങ്ങള്‍ എണ്ണികണക്കാക്കുകയും ചെയ്യുക. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. അവരുടെ വീടുകളില്‍നിന്ന് അവരെ നിങ്ങള്‍ പുറത്താക്കരുത്. അവര്‍ പുറത്തുപോവുകയും ചെയ്യരുത്. പ്രത്യക്ഷമായ വല്ല നീചവൃത്തിയും അവള്‍ ചെയ്യുകയാണെങ്കിലല്ലാതെ… അങ്ങനെ അവര്‍ അവരുടെ അവധിയില്‍ എത്തുമ്പോള്‍ നിങ്ങള്‍ ന്യായമായ നിലയില്‍ അവരെ പിടിച്ചുനിര്‍ത്തുകയോ ന്യായമായ നിലയില്‍ അവരുമായി വേര്‍പിരിയുകയോ ചെയ്യുക” (65:1,2).

ഇദ്ദയുടെ കാലത്ത് സ്ത്രീയും പുരുഷനും ഭാര്യാഭര്‍ത്താക്കന്മാരല്ല. എന്നാല്‍, അന്യരുമല്ല. പുരുഷന്റെ വീട്ടിലാണ് അവള്‍ കഴിയുന്നത്. വിവാഹമോചനം ചെയ്ത ശേഷവും സ്ത്രീ ഭര്‍ത്താവിന്റെ വീട്ടില്‍തന്നെ താമസിക്കുന്നത് ഇരുവരുടെയും മനസ്സ് മാറ്റുവാന്‍ ഉപകരിക്കും. ഇന്നലെവരെ കൂടെക്കിടന്നവര്‍ ഇന്ന് രണ്ടായി കഴിയുകയാണ്. അവളെയാണെങ്കില്‍ അയാള്‍ കാണുകയും ചെയ്യുന്നു. അയാളുടെ ആസക്തിയെ ഇളക്കിവിടുവാനും കോപം ശമിപ്പിക്കുവാനും ഇതുമൂലം കഴിഞ്ഞേക്കും. ഇദ്ദാകാലത്ത് അവളെ മടക്കിയെടുക്കുവാന്‍ പുരുഷന് അവകാശമുണ്ട്. നിരുപാധികം അയാള്‍ക്ക് അതിന് സാധിക്കും. കുടുംബസ്ഥാപനം തകരാതിരിക്കുന്നതിന് എത്ര ശാസ്ത്രീയമായ മാര്‍ഗങ്ങളാണ് ഖുര്‍ആന്‍ സ്വീകരിക്കുന്നത്; കര്‍ക്കശമായ നിയമങ്ങള്‍ അടിച്ചേല്‍പിക്കാതെതന്നെ.

വിവാഹമോചനം നടത്തി. മൂന്ന് ആര്‍ത്തവകാലം കഴിയുന്നതുവരെ ഭര്‍തൃഗൃഹത്തില്‍ അവള്‍ താമസിക്കുകയും ചെയ്തു. എന്നിട്ടും അവര്‍ തമ്മില്‍ ഇണങ്ങാന്‍ മാര്‍ഗമില്ല. എങ്കില്‍ പിന്നെ മോചനംതന്നെയാണ് പരിഹാരം. ഈ മോചനംപോലും മാന്യമായിരിക്കണമെന്നാണ് ഖുര്‍ആനിന്റെ അനുശാസന. ”ഒന്നുകില്‍ മാന്യമായി അവളെ പിടിച്ചുനിര്‍ത്തുക, അല്ലെങ്കില്‍ മാന്യമായി അവളെ പിരിച്ചയക്കുക” (65:2).

വിവാഹസമയത്ത് വരന്‍ നല്‍കിയ വിവാഹമൂല്യം പൂര്‍ണമായി ഇങ്ങനെ മോചിപ്പിക്കുന്ന സ്ത്രീക്ക് അവകാശപ്പെട്ടതാണ്. കൂടുതലായാലും കുറച്ചായാലും അത് തിരിച്ചുവാങ്ങാന്‍ പാടില്ല. ഖുര്‍ആന്‍ പറയുന്നു:”നിങ്ങള്‍ ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ പകരം സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നപക്ഷം അവരില്‍ ഒരുവള്‍ക്ക് നിങ്ങള്‍ ഒരു കൂമ്പാരംതന്നെ കൊടുത്തിട്ടുണ്ടായിരുന്നുവെങ്കിലും അതില്‍നിന്ന് യാതൊന്നുംതന്നെ നിങ്ങള്‍ തിരിച്ചുവാങ്ങരുത്”(4:20).

”എന്നാല്‍, ഭാര്യയെ സ്പര്‍ശിക്കുന്നതിനു മുമ്പാണ് മോചനമെങ്കില്‍ നിശ്ചയിക്കപ്പെട്ട വിവാഹമൂല്യത്തിന്റെ പകുതി അവള്‍ക്ക് നല്‍കിയാല്‍ മതിയാകുന്നതാണ്”(2:237).

വിവാഹമോചന സമയത്ത് സ്ത്രീകള്‍ക്ക് മാന്യമായ പാരിതോഷികം നല്‍കണമെന്നും ഖുര്‍ആന്‍ അനുശാസിക്കുന്നുണ്ട്. ”വിവാഹമോചിതരായ സ്ത്രീകള്‍ക്ക് ന്യായപ്രകാരം എന്തെങ്കിലും ജീവിതവിഭവമായി നല്‍കേണ്ടതുണ്ട്. ഭയഭക്തിയുള്ളവര്‍ക്ക് അതൊരു ബാധ്യതയത്രേ” (2:241).

ഒരാള്‍ ഒരു സ്ത്രീയെ വിവാഹമോചനം നടത്തി. അല്‍പകാലത്തിനുശേഷം തന്റെ പ്രവൃത്തിയില്‍ അയാള്‍ക്ക് പാശ്ചാതാപം തോന്നി. മോചിതയായ സ്ത്രീയാണെങ്കില്‍ പുനര്‍വിവാഹം ചെയ്യപ്പെട്ടിട്ടുമില്ല. അയാള്‍ക്ക് അവളെ തന്റെ ഭാര്യയായി സ്വീകരിക്കണമെന്ന് ആഗ്രഹം ജനിച്ചു. എങ്കില്‍ അയാള്‍ക്ക് അവളെ തിരിച്ചെടുക്കാന്‍ ഖുര്‍ആന്‍ അനുവദിക്കുന്നു. ഇങ്ങനെ തിരിച്ചെടുത്തതിനുശേഷം ഒരിക്കല്‍കൂടി അതേസ്ത്രീയെതന്നെ വിവാഹമോചനം ചെയ്യുന്നുവെന്നു കരുതുക. ഒരു പ്രാവശ്യം കൂടി മാത്രമേ അയാള്‍ക്ക് അവളെ തിരിച്ചെടുക്കാന്‍ അവകാശമുള്ളൂ. മൂന്നാം തവണയും അയാള്‍ അവളെ ത്വലാഖ് ചെയ്യുകയാണെങ്കില്‍ പിന്നെ അയാള്‍ക്ക് അവളെ തിരിച്ചെടുക്കാന്‍ കഴിയില്ല. ഇതാണ് ഖുര്‍ആന്‍ പ്രതിപാദിക്കുന്ന മൂന്നു ത്വലാഖുകള്‍. ഖുര്‍ആന്‍തന്നെ പറയട്ടെ:”(മടക്കിയെടുക്കാന്‍ അനുമതിയുള്ള) വിവാഹമോചനം രണ്ടു പ്രാവശ്യം മാത്രമാകുന്നു. പിന്നെ ഒന്നുകില്‍ മര്യാദയനുസരിച്ച് കൂടെ നിര്‍ത്തുകയോ അല്ലെങ്കില്‍ നല്ല നിലയില്‍ പിരിച്ചയക്കുകയോ ആണ് വേണ്ടത്… ഇനിയും (മൂന്നാമതും) അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിനുശേഷം അവളുമായി ബന്ധപ്പെടല്‍ അവന് അനുവദനീയമാവില്ല” (2:229-230).

ഇതാണ് ഖുര്‍ആനില്‍ പ്രതിപാദിക്കുന്ന മൂന്ന് ത്വലാഖുകള്‍. മൂന്നും മൂന്നു പ്രാവശ്യമായി നടക്കുന്ന വിവാഹമോചനങ്ങളാണവ. ഒരേസമയം മൂന്ന് ത്വലാഖ് ചൊല്ലുന്നത് നിഷിദ്ധമാണെന്ന കാര്യത്തില്‍ പ്രമുഖ മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയില്‍ പക്ഷാന്തരമില്ല. മൂന്നു ത്വലാഖും ഒന്നിച്ചു ചൊല്ലിയ ഒരാളെ ഉമര്‍(റ) ചമ്മട്ടികൊണ്ട് അടിക്കുവാന്‍ കല്‍പിക്കുകയുണ്ടായി. ഇതില്‍ നിന്ന് ഇത്തരമൊരു നടപടിയെ ഇസ്‌ലാം എന്തുമാത്രം വെറുക്കുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും.

മൂന്ന് ത്വലാഖുകള്‍ എന്ന പദ്ധതി യഥാര്‍ഥത്തില്‍ സ്ത്രീക്ക് ഗുണകരമാണെന്നതാണ് വാസ്തവം. ഖുര്‍ആന്‍ പറഞ്ഞ രീതിയില്‍ ജീവിക്കുന്ന ഒരാള്‍ക്ക് അയാളുടെ ഹൃദയത്തിനകത്ത് സ്‌നേഹത്തിന്റെ ലാഞ്ഛനയെങ്കിലും ബാക്കിയുണ്ടെങ്കില്‍ മൂന്നാമത് ത്വലാഖ് ചെയ്യാന്‍ കഴിയില്ല. സ്വന്തം ഭാര്യയോടൊപ്പം ഒന്നിച്ചുകഴിയാന്‍ എന്തെങ്കിലും പഴുതുണ്ടോയെന്ന് അന്വേഷിക്കുകയും ഉണ്ടെങ്കില്‍ അതുപയോഗപ്പെടുത്തുകയും ചെയ്യുകയാണ് മൂന്നാമത്തെ ത്വലാഖിന് മുമ്പ് അയാള്‍ ചെയ്യുക. രണ്ടു പ്രാവശ്യം അയാള്‍ സഹിച്ച വിരഹദുഃഖം അയാളെ അലട്ടിക്കൊണ്ടിരിക്കും. ഇനിയൊരിക്കലും ഒന്നിച്ചുകഴിയാന്‍ സാധിക്കില്ലെന്ന് ഉറപ്പായതിന് ശേഷം മാത്രമേ മൂന്നാം പ്രാവശ്യം അയാള്‍ അവളെ വിവാഹമോചനം ചെയ്യുകയുള്ളൂ. ഏറ്റവും ശാസ്ത്രീയവും സ്ത്രീയെ പരിഗണിക്കുന്നതുമാണ് ഇസ്‌ലാമിലെ വിവാഹമോചനം എന്ന് പറയുന്നത് അതുകൊണ്ടാണ്.

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

”ഭാര്യമാരെ അടിക്കുന്നവര്‍ മാന്യന്മാരല്ല” എന്ന് പഠിപ്പിച്ച മുഹമ്മദ് നബി (സ) പൂര്ത്തീകരിച്ച ഇസ്‌ലാം നിരുപാധികം പെണ്ണിനെ അടിക്കാൻ പുരുഷൻ യാതൊരു അവകാശവും നൽകിയിട്ടില്ല. എന്നാൽ ഒരു ശിക്ഷണനടപടി എന്ന നിലയിൽ, വിവാഹമോചനം എന്ന ദുരന്തം ഇല്ലാതാക്കുന്നതിനുള്ള ഒരു അവസാന ശ്രമമെന്ന രീതിയിൽ ഇന്നലെ വരെ സ്നേഹിച്ച് തലോടിയ കൈ കൊണ്ടുള്ള ഒരു താഡനം ഇസ്‌ലാം അനുവദിച്ചിട്ടുണ്ട്. അത് എപ്പോൾ എങ്ങനെയെന്നും ഇസ്‌ലാം കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്.

കുടുംബമെന്ന സ്ഥാപനത്തിലെ രണ്ട് പാതികളാണ് പുരുഷനും സ്ത്രീയും. എന്നാല്‍, സ്ഥാപനത്തിന്റെ നിയന്ത്രണാധികാരം പുരുഷനിലാണ് നിക്ഷിപ്തമായിരിക്കുന്നത്. സ്ഥാപനം തകരാതെ സൂക്ഷിേക്കണ്ടത് അവന്റെ ബാധ്യതയാണ്. ഇതിനുവേണ്ടി പരമാവധി പരിശ്രമിക്കണമെന്ന് ഖുര്‍ആന്‍ പുരുഷനോട് നിഷ്‌കര്‍ഷിക്കുന്നു. അതിനുവേണ്ടിയുള്ള നടപടിക്രമങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന സൂക്തം ശ്രദ്ധിക്കുക:

”അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അച്ചടക്കമുള്ളവരും അല്ലാഹു കാത്തത് മറവിലും കാത്തുസൂക്ഷിക്കുന്നവളുമാണ്. അച്ചടക്കരാഹിത്യം നിങ്ങള്‍ ഭയപ്പെടുന്ന സ്ത്രീകളെ നിങ്ങള്‍ ശാസിക്കുക; കിടപ്പറകളില്‍ അവരുമായി അകന്നുനില്‍ക്കുക; അവരെ അടിക്കുകയും ചെയ്യുക. എന്നിട്ട് അവര്‍ നിങ്ങളെ അനുസരിക്കുന്നപക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ യാതൊരു മാര്‍ഗവും തേടരുത്” (4:34).

ഈ സൂക്തത്തില്‍ അച്ചടക്കരാഹിത്യത്തെക്കുറിച്ച് പറയുന്നത് നല്ല സ്ത്രീ ആരാണെന്ന് നിര്‍വചിച്ചതിനുശേഷമാണ്. ”അച്ചടക്കമുള്ളവളും അല്ലാഹു കാത്തത് മറവിലും കാത്തുസൂക്ഷിക്കുന്നവളും” ആണ് ഖുര്‍ആനിക വീക്ഷണത്തിലെ നല്ല സ്ത്രീ. കുടുംബത്തിന്റെ ഭദ്രതയ്ക്കും സമൂഹത്തിന്റെ ധാര്‍മികതക്കും സ്ത്രീകളില്‍ ഈ സ്വഭാവങ്ങള്‍ ആവശ്യമാണ്. അവള്‍ അച്ചടക്കമുള്ളവളായിരിക്കണം. അതോടൊപ്പംതന്നെ അല്ലാഹു കാത്തത് മറവിലും സംരക്ഷിക്കുന്നവളുമായിരിക്കണം.

ഭര്‍ത്താവിനോട് കയര്‍ക്കുകയും അയാള്‍ പറയുന്നതിനോടെല്ലാം എതിരു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഭാര്യയുമൊത്തുള്ള ജീവിതം സഹിക്കാന്‍ എത്ര പേര്‍ക്ക് കഴിയും? പരസ്പരം പിണങ്ങിയും ശണ്ഠ കൂടിയും നിലനില്‍ക്കുന്ന കുടുംബാന്തരീക്ഷത്തില്‍ വളരുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയെന്തായിരിക്കും? അത്തരമൊരു അവസ്ഥയുണ്ടാകുവാന്‍ പാടില്ലെന്ന് ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്നു. ഭാര്യയില്‍നിന്ന് ഭര്‍ത്താവിന് മാത്രം അര്‍ഹതപ്പെടുന്ന പലതുമുണ്ട്. അവ അയാളുടെ സാന്നിധ്യത്തില്‍ അയാള്‍ക്ക് നല്‍കുകയും അസാന്നിധ്യത്തില്‍ മറ്റു പലര്‍ക്കും നല്‍കുകയും ചെയ്യുക നല്ല സ്ത്രീയുടെ സ്വഭാവമല്ല. ഭര്‍ത്താവിന് മാത്രം അവകാശപ്പെട്ട ഒരു നോട്ടമോ വാക്കോ പോലും അവളില്‍നിന്ന് അന്യര്‍ക്കായി ഉണ്ടായിക്കൂടാ. അതുണ്ടാവുന്നത് കുടുംബത്തിന്റെ തകര്‍ച്ചക്ക് കാരണമാവും. ഒരു കാരണവശാലും അത്തരമൊരു തകര്‍ച്ചയുണ്ടാവരുത്. ഖുര്‍ആനികമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഈയൊരു ലക്ഷ്യത്തോടുകൂടിയുള്ളവയാണ്.

കുടുംബത്തിന്റെ തകര്‍ച്ചക്ക് നിമിത്തമായേക്കാവുന്ന അച്ചടക്കരാഹിത്യത്തെ മുളയിലേ നുള്ളിക്കളയണമെന്നാണ് ഖുര്‍ആനിന്റെ അനുശാസന. അത് പരമകാഷ്ഠ പ്രാപിച്ച് ധിക്കാരത്തിന്റെ പാരമ്യത്തിലെത്തുന്നതുവരെ കാത്തിരിക്കുന്നത് കുടുംബമെന്ന സ്ഥാപനം പൊട്ടിപ്പിളരുന്നതിന് കാരണമാവും. ആ തലത്തിലെത്തിയാല്‍ പിന്നെ ചികില്‍സകള്‍ ഫലിക്കുകയില്ല. ശാന്തിയും സമാധാനവും തകര്‍ന്ന് സര്‍വനാശത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന കുടുംബത്തില്‍ ജീവിക്കുന്ന കുട്ടികളുടെ സ്ഥിതി പരിതാപകരമായിരിക്കും. അതിനാല്‍ അച്ചടക്കരാഹിത്യത്തിന്റെ ലക്ഷണങ്ങള്‍ വളരെ വിദൂരത്തുതന്നെ പ്രത്യക്ഷമായിത്തുടങ്ങിയാല്‍ കുടുംബത്തെ നാശത്തില്‍നിന്നു രക്ഷിക്കുവാന്‍ ക്രമപ്രവൃദ്ധമായ ചില നടപടികളാവശ്യമാണ്.അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ അച്ചടക്കരാഹിത്യം ഇല്ലാതാക്കുന്നതിനുവേണ്ടി ചില നടപടികള്‍ കൈക്കൊള്ളുവാന്‍ പുരുഷനെ ഇസ്‌ലാം അനുവദിച്ചിട്ടുണ്ട്. ഈ നടപടികള്‍ നിന്ദിക്കുന്നതിനോ പ്രതികാരം ചെയ്യുന്നതിനോ വേണ്ടിയുള്ളതല്ല. പ്രത്യുത, സംസ്‌കരണത്തിനും അച്ചടക്കരാഹിത്യം ഇല്ലാതാക്കുന്നതിലൂടെ ഐക്യപ്പെടുത്തുന്നതിനും വേണ്ടിയുള്ളതാകുന്നു.

ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന പ്രസ്തുത നടപടിക്രമം ഇങ്ങനെയാണ്:”ശാസിക്കുക, കിടപ്പറയില്‍ അവളെ ബഹിഷ്‌കരിക്കുക, പിന്നെ അവളെ അടിക്കുക”.

അച്ചടക്കമില്ലാത്ത സ്ത്രീയെ ആദ്യം ശാസിക്കുകയാണ് വേണ്ടത്. അവളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഇഹത്തിലും പരത്തിലുമുണ്ടാകുവാന്‍ പോകുന്ന പ്രതിഫലനങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തുക. പെണ്ണിന്റെ പ്രത്യേകമായ സ്വഭാവങ്ങളാല്‍ സംഭവിച്ചുപോയ പാകപ്പിഴവുകളാണെങ്കില്‍ തിരുത്തുവാന്‍ ഉപദേശം ഫലം ചെയ്യും.

ശാസനയും ഉപദേശവും ഫലം ചെയ്യാത്ത സ്ഥിതിയുണ്ടാവാം. ഭര്‍ത്താവിന്റെ സ്‌നേഹവായ്‌പോടെയുള്ള ശാസനയും വികാരസാന്ദ്രമായ ഉപദേശവും ഫലം ചെയ്യാതിരിക്കുന്നതിന് കാരണം പലപ്പോഴും അഹങ്കാരമായിരിക്കും. സൗന്ദര്യത്തിന്റെയും ധനത്തിന്റെയും കുടുംബ മാഹാത്മ്യത്തിന്റെയും പേരിലുള്ള അഹന്ത. ഇവിടെയാണ് രണ്ടാമത്തെ നടപടിക്രമം വരുന്നത്. കിടപ്പറയില്‍ അവളെ ബഹിഷ്‌കരിക്കുക. ആകര്‍ഷണത്തിന്റെയും പ്രലോഭനത്തിന്റെയും കേന്ദ്രമാണ് കിടക്ക. അച്ചടക്കമില്ലാത്ത അഹങ്കാരിയായ സ്ത്രീയുടെ അധീശത്വത്തിന്റെ ഉച്ചകോടി അവിടെയാണല്ലോ. അവിടെ അവള്‍ ബഹിഷ്‌കരിക്കപ്പെടുകയെന്നു പറഞ്ഞാല്‍ അവളുടെ അഹന്തയെ പുല്ലുവില പോലും കല്‍പിക്കാതെ പുച്ഛിച്ചുതള്ളുന്നുവെന്നര്‍ഥം. അച്ചടക്കമില്ലാത്ത സ്ത്രീയുടെ ഏറ്റവും മൂര്‍ച്ചയുള്ള ആയുധത്തിനെതിരെയുള്ള ശക്തമായ നടപടി. ഈ നടപടിക്കു മുതിരുന്ന പുരുഷന് അപാ രമായ നിയന്ത്രണവും നിശ്ചയദാര്‍ഢ്യവുമാവശ്യമാണ്. ഏതൊരു അഹങ്കാരിയെയും ചിന്തിപ്പിക്കുന്ന രാത്രികളായിരിക്കും അത്. എന്തിന്റെ പേരിലാണോ താന്‍ അധീശത്വം നടിച്ചിരുന്നത് അത് തന്റെ ഇണയ്ക്ക് ആവശ്യമില്ലെന്ന രീതിയിലുള്ള ബഹിഷ്‌കരണം സ്ത്രീയുടെ മനസ്സ് മാറ്റുകതന്നെ ചെയ്യും.

ബഹിഷ്‌കരണവും പരാജയപ്പെടുന്ന സന്ദര്‍ഭങ്ങളിലും കുടുംബത്തെ തകരാന്‍ അനുവദിക്കരുതെന്നാണ് ഖുര്‍ആനിന്റെ അനുശാസന. ശാസനകള്‍ ഫലിക്കാതിരിക്കുകയും ശയ്യാബഹിഷ്‌കരണം വിജയിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം വളരെ വിരളമായിരിക്കും. അത്തരം സാഹചര്യങ്ങളുണ്ടാവുകയാണെങ്കില്‍ അവിടെ അച്ചടക്കരാഹിത്യം അതിന്റെ പരമകാഷ്ഠയിലെത്തിയിരിക്കും. ചെറിയ ശിക്ഷകളല്ലാതെ ഇനി മാര്‍ഗങ്ങളൊന്നുമില്ല.

അടുത്ത മാര്‍ഗമെന്ന നിലയ്ക്കാണ് ഖുര്‍ആന്‍ ‘പ്രഹരം‘നിര്‍ദേശിക്കുന്നത്. സമാധാനപരമായ മാര്‍ഗങ്ങളെല്ലാം പരാജയപ്പെടുമ്പോള്‍ ഒരു കരുതല്‍ നടപടിയെന്ന നിലയില്‍ നിര്‍ദേശിക്കപ്പെട്ടതാണ് അവളെ അടിയ്ക്കുകയെന്നത്. സാധാരണ ഗതിയില്‍ സ്ത്രീയെ അടിക്കുന്നതിനെതിരെ ശക്തമായി സംസാരിച്ചിട്ടുള്ള വ്യക്തിയാണ് മുഹമ്മദ്(ﷺ). ”ഭാര്യമാരെ അടിക്കുന്നവര്‍ മാന്യന്മാരല്ല” (അബൂദാവൂദ്, ഇബ്‌നുമാജ) എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അദ്ദേഹം ചോദിച്ചു: ”നാണമില്ലേ നിങ്ങള്‍ക്ക്? അടിമയെ അടിക്കുന്നതുപോലെ സ്വന്തം ഭാര്യയെ അടിക്കാന്‍; പിന്നെ അവളോടൊത്ത് ശയിക്കാനും” (മുസ്‌ലിം, അഹ്മദ്). ”നിങ്ങളില്‍ ഭാര്യമാരോട് നന്നായി പെരുമാറുന്നവരാണ് ഏറ്റവും നല്ലവന്‍” (ബുഖാരി,തുര്‍മുദി) എന്നു പഠിപ്പിച്ച പ്രവാചകനിലൂടെ അവതീര്‍ണമായ ഖുര്‍ആന്‍ വെറുതെ സ്ത്രീയെ അടിക്കണമെന്ന് കല്‍പിക്കുകയില്ലെന്നുറപ്പാണ്.

വലിയ തിന്മയില്ലാതാക്കുവാനുള്ള ശിക്ഷണമായി, മറ്റു മാര്‍ഗങ്ങള്‍ പരാജയപ്പെടുമ്പോഴുള്ള അവസാന മാര്‍ഗമായിട്ടാണ് ഖുര്‍ആന്‍ അടി നിര്‍ദേശിക്കുന്നത്. അതുതന്നെ അവള്‍ക്ക് അഭിമാനക്ഷതമുണ്ടാകുന്ന രീതിയില്‍ മുഖത്തോ മറ്റോ ആകരുതെന്ന് പ്രവാചകന്‍ (ﷺ) പ്രത്യേകം നിര്‍ദേശിച്ചിട്ടുമുണ്ട്. സ്ത്രീയെ നിന്ദിക്കുവാനോ അപമാനിക്കുവാനോ വേണ്ടിയല്ല, പ്രത്യുത നന്നാക്കുന്നതിനും സംസ്‌കരിക്കുന്നതിനും വേണ്ടിയുള്ള അവസാനത്തെ മാര്‍ഗമെന്ന നിലയ്ക്കാണ് ഖുര്‍ആന്‍ അടി നിര്‍ദേശിക്കുന്നത്. പിതാവ് മക്കളെ അടിക്കുന്നതുപോലെ, അധ്യാപകന്‍ വിദ്യാര്‍ഥികളെ കൈകാര്യം ചെയ്യുന്നതുപോലെ, ഒരു പരിശീലകന്റെ വികാരത്തോടെയുള്ള ശിക്ഷണമാണത്. എപ്പോഴും സ്‌നേഹം നല്‍കുകയും തന്റെ സ്‌നേഹപ്രകടനങ്ങള്‍ക്ക് പാത്രമാവുകയും ചെയ്യുന്ന തന്റെ ഇണയുടെ പ്രഹരം അവളെ വീണ്ടു വിചാരത്തിനും ഖേദപ്രകടനത്തിനും അങ്ങനെ തെറ്റുതിരുത്തലിനും പ്രേരകമാക്കിയേക്കാം. അങ്ങനെ തകര്‍ച്ചയുടെ വക്കിലെത്തിനില്‍ക്കുന്ന കുടുംബം തകരാതെ രക്ഷപ്പെടാനിടയുണ്ട്. ഈ ശിക്ഷണത്തിന്റെ ആത്യന്തിക ലക്ഷ്യം കുടുംബമെന്ന സ്ഥാപനത്തെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കുകയാണെന്നര്‍ഥം.

ഇസ്‌ലാമിക വസ്ത്രധാരണം അടിമത്തത്തിന്റെ അടയാളമല്ല. പ്രത്യുത ആഭിജാത്യത്തിന്റെ ചിഹ്‌നമാണ് എന്ന് അല്‍പം ചിന്തിച്ചാല്‍ ബോധ്യമാകും. മുഖവും മുന്‍കൈയും ഒഴികെയുള്ള ശരീരഭാഗങ്ങളെല്ലാം മറക്കണമെന്ന് ഇസ്‌ലാം സ്ത്രീയോട് കല്‍പിക്കുന്നുവെന്നത് ശരിയാണ്. എന്തിനാണ് ഈ കല്‍പന? സ്ത്രീകളെ അടിമത്തത്തിന്റെ കാരാഗൃഹത്തിലടക്കുകയോ സുരക്ഷിതത്വത്തിന്റെ താഴ്‌വരയില്‍ വിഹരിക്കാനനുവദിക്കുകയോ എന്താണ് ഈ കല്‍പന ചെയ്യുന്നത്?ഇസ്‌ലാമിക വസ്ത്രധാരണം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഖുര്‍ആന്‍ സൂക്തങ്ങള്‍ ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കുന്നുണ്ട്. അത് ഇങ്ങനെയാണ്:

”നബിയേ, താങ്കളുടെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടുവാനും അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (33:59).

”സത്യവിശ്വാസിനികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുരക്ഷിക്കാനും അവരുടെ ഭംഗിയില്‍നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ” (24:31).

”പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലെയുള്ള സൗന്ദര്യ പ്രകടനം നിങ്ങള്‍ നടത്തരുത്” (33:33).

സ്ത്രീയോട് മാന്യമായ വസ്ത്രധാരണരീതി സ്വീകരിക്കാന്‍ കല്‍പിച്ചതിന് പിന്നിലുള്ള ലക്ഷ്യങ്ങള്‍ ഈ സൂക്തങ്ങളില്‍ല്‍നിന്ന് സുതരാം വ്യക്തമാണ്.

ഒന്ന്, തിരിച്ചറിയപ്പെടുക.

രണ്ട്, ശല്യം ചെയ്യപ്പെടാതിരിക്കുക.

സമൂഹത്തിന്റെ വ്യത്യസ്ത തുറകളില്‍ ജീവിക്കുന്നവര്‍ തിരിച്ചറിയപ്പെടുന്നതിനുവേണ്ടി വ്യത്യസ്ത വസ്ത്രധാരണരീതികള്‍ സ്വീകരിക്കാറുണ്ട്. സ്ത്രീകെള സംബന്ധിച്ചിടത്തോളം അവരുടെ വസ്ത്രധാരണരീതിയില്‍നിന്നുതന്നെ ഒരളവോളം അവരുടെ ജീവിതരീതിയെയും പെരുമാറ്റ രീതിയെയും നമുക്ക് അളക്കുവാന്‍ സാധിക്കും.

ആവശ്യക്കാര്‍ക്ക് തിരിച്ചറിയുവാന്‍ സാധിക്കുന്ന രീതിയിലുള്ള വസ്ത്രധാരണരീതിയാണ് വേശ്യകള്‍ സ്വീകരിക്കുക. ക്ഷേത്രങ്ങളോട് ബന്ധപ്പെട്ട് ജീവിച്ചിരുന്ന ദേവദാസികള്‍ക്ക് അവരുടേതായ വസ്ത്രധാരണ രീതിയുണ്ടായിരുന്നു. ഗ്രീസിലെ ഹെറ്റേയ്‌റേകള്‍ക്കും ചൈനയിലെ ചിന്‍കുവാന്‍ ജെന്നുകള്‍ക്കും ജപ്പാനിലെ ഗായിഷേകള്‍ക്കുമെല്ലാം അവരുടേതായ വസ്ത്രധാരണരീതികളുണ്ടായിരുന്നതായി കാണാന്‍ കഴിയും. ഈ വസ്ത്രധാരണത്തില്‍ നിന്ന് അവരെ മനസ്സിലാക്കാം. ആവശ്യക്കാര്‍ക്ക് ഉപയോഗിക്കുവാന്‍ ക്ഷണിക്കുകയും ചെയ്യാം.

ഇസ്‌ലാം വിഭാവനം ചെയ്യുന്ന സ്ത്രീ, മാന്യയും കുലീനയുമാണ്;ചാരിത്രവതിയും സദ്‌വൃത്തയുമാണ്. അവളുടെയടുത്തേക്ക് ലൈംഗികദാഹം പൂണ്ട ചെന്നായ്ക്കള്‍ ഓടിയടുക്കേണ്ടതില്ല. കാമാഭ്യര്‍ഥനയുമായി അവളെ ആരും സമീപിക്കേണ്ടതില്ല. ഇത് അവളുടെ വസ്ത്രത്തില്‍നിന്നുതന്നെ തിരിച്ചറിയണം. പതിനഞ്ചാം നൂറ്റാണ്ടിലെ വെനീസിലെ നിയമസംഹിതയില്‍ വേശ്യകള്‍ മാറുമറയ്ക്കാതെ ജനാലക്കല്‍ ഇരുന്നുകൊള്ളണമെന്ന കല്‍ പനയുണ്ടായിരുന്നു. മാംസദാഹം തീര്‍ക്കുവാന്‍ വരുന്നവര്‍ക്ക് മാംസഗുണമളക്കുവാന്‍ വേണ്ടിയുള്ള നടപടി! ഇന്നലെകളില്‍ ആവശ്യക്കാരെ ആകര്‍ഷിക്കുന്നതിനുവേണ്ടി അഭിസാരികകള്‍ സ്വീകരിച്ചിരുന്ന വസ്ത്രങ്ങള്‍ക്ക് സമാനമായ ഉടയാടകളാണ് ആധുനിക വനിതകളുടെ വേഷമെന്ന കാര്യം എന്തു മാത്രം വിചിത്രമല്ല! സത്യവിശ്വാസികളെയും മാംസവില്‍പനക്കാരികളെയും തിരിച്ചറിയണമെന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നു; അവരുടെ വസ്ത്രധാരണത്തിലൂടെ.

എക്കാലത്തും ശല്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് സ്ത്രീകള്‍. അവരുടെ മാംസത്തിനുവേണ്ടി-ചാരിത്ര്യത്തിനുവേണ്ടി-കടിപിടി കൂടുന്നവരാണ് എന്നത്തെയും സാഹിത്യ-സാംസ്‌കാരിക രംഗത്തെ നായകന്മാര്‍. നഗ്‌നനൃത്തങ്ങളും നഗ്‌നതാ വിവരങ്ങളുള്‍ക്കൊള്ളുന്ന കവിതകളും ഉപയോഗിച്ചുകൊണ്ടായിരുന്നു ഇന്നലെ സ്ത്രീയുടെ മാനത്തെ പിച്ചിച്ചീന്തിയിരുന്നതെങ്കില്‍ ഇന്നത്‘വിഡ്ഢിപ്പെട്ടി‘കളിലൂടെയും ഇന്റര്‍നെറ്റിലൂടെയും കുടുംബത്തിന്റെ ഇടനാഴികളിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുകയാണ്. ആധുനിക ജനതയുടെ മുഴുജീവിതവും ലൈംഗികവത്കരിക്കപ്പെട്ടിരിക്കുകയാണ്. അതിരാവിലെ കുടിക്കേണ്ട കാപ്പിയേതാണെന്ന് തെരഞ്ഞെടുക്കുന്നതിനും രാത്രി ഉറങ്ങുമ്പോള്‍ വെയ്‌ക്കേണ്ട തലയിണ ഏതാണെന്ന് തീരുമാനിക്കുന്നതിനുംപോലും പെണ്ണിന്റെ നിമ്‌നോന്നതികളിലൂടെ കണ്ണ് പായിക്കണമെന്നുള്ള അവസ്ഥയാണിന്നുള്ളത്.

അതുകൊണ്ടുതന്നെ, പെണ്ണിനു നേരെയുള്ള കൈയേറ്റങ്ങളും കൂടി ക്കൊണ്ടിരിക്കുന്നു. സ്വന്തം മകളെ മാനഭംഗം ചെയ്യുന്ന അച്ഛനും പെറ്റമ്മയുമായി ലൈംഗികകേളികളിലേര്‍പ്പെടുന്ന മകനും നമ്മുടെ മസ്തിഷ്‌കങ്ങളില്‍ യാതൊരു ആന്ദോളനവും സൃഷ്ടിക്കാത്ത കഥാപാത്രങ്ങളായിക്കൊണ്ടിരിക്കുന്നു. വിദ്യാര്‍ഥിനികളെ മാനഭംഗപ്പെടുത്തുന്ന അധ്യാപകര്‍! അധ്യാപികമാരുമായി ഊരുചുറ്റുന്ന വിദ്യാര്‍ഥികള്‍! വനിതാ സെക്രട്ടറിയുമായി ബന്ധപ്പെട്ട ലൈംഗിക അപവാദങ്ങള്‍ മൂലം രാജിവെച്ചൊഴിയേണ്ടിവരുന്ന ഉദ്യോഗസ്ഥ പ്രമുഖര്‍! പലരുമായി ലൈംഗികബന്ധമുണ്ടെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന രാജകുമാരിമാര്‍! ഇങ്ങനെ പോകുന്നു ദിനപത്രങ്ങളില്‍ ദിനേന നാം വായിക്കുന്ന വര്‍ത്തമാനങ്ങള്‍. സ്ത്രീകള്‍ക്ക് സൈ്വരമായി യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥ! സ്വൈര്യമായി ജോലി ചെയ്യാനാവാത്ത സ്ഥിതി! എന്തിനധികം, സ്വൈര്യമായി വീട്ടില്‍ അടങ്ങിക്കൂടി നില്‍ക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്കാണ് നമ്മുടെ സമൂഹം പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇതിനെന്താണ് കാരണം?പക്വമതികളായ വിദഗ്ധര്‍ പറയുന്ന ഉത്തരം ശ്രദ്ധിക്കുക:

‘കുമാരി‘ വാരികയിലെ ‘പ്രതിവാര ചിന്തകള്‍‘ എന്ന പംക്തിയില്‍ എന്‍. വി. കൃഷ്ണവാരിയര്‍ എഴുതി: ”സ്ത്രീകളുടെ മാദകമായ വസ്ത്രധാരണവും ചേഷ്ടകളും നിമിത്തം മതിമറന്ന് താല്‍ക്കാലികമായ ഒരു ഉന്മാദാവസ്ഥയിലാണ് പുരുഷന്‍ ബലാല്‍സംഗം നടത്തുന്നതെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. പുരുഷനെ ഉത്തേജിപ്പിക്കുമാറ് വസ്ത്രം ധരിച്ച ഒാരോ സ്ത്രീയും ബലാല്‍സംഗം അര്‍ഹിക്കുന്നുവെന്ന് ഇന്ത്യയില്‍ ഒരു സുപ്രീംകോടതി ജഡ്ജി കുറെമുമ്പ് പരസ്യമായി പ്രസ്താവിക്കുകയുണ്ടായി” (കുമാരി വാരിക 11.3.83).

അപ്പോള്‍ വസ്ത്രധാരണത്തില്‍ മാന്യത പുലര്‍ത്തുന്നതുവഴി സ്ത്രീ സ്വന്തം ശരീരത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. പടച്ചതമ്പുരാന്‍ പറഞ്ഞതെത്ര ശരി!

”അവര്‍ തിരിച്ചറിയപ്പെടാനും ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ് അനുയോജ്യം” (33:59).

വ്യഭിചാരവും ബലാല്‍സംഗങ്ങളും സ്ത്രീകള്‍ക്ക് നേരെയുള്ള കൈയേറ്റങ്ങളും അവസാനിപ്പിക്കുന്നതിന്റെ ആദ്യപടിയെന്ന നിലക്കാണ് മാന്യമായി വസ്ത്രധാരണം ചെയ്യണമെന്ന് ഖുര്‍ആന്‍ സ്ത്രീകളോട് ഉപദേശിക്കുന്നത്.

മുഖവും മുന്‍കൈയും ഒഴികെയുള്ള ശരീരഭാഗങ്ങളെല്ലാം മറയ്ക്കണമെന്നുതന്നെയായിരുന്നു സത്യവിശ്വാസിനികളായ സ്ത്രീകളോട് മുന്‍ പ്രവാചകന്മാരും പഠിപ്പിച്ചിരുന്നത് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അന്യപുരുഷന്മാരെ കാണുമ്പോള്‍ മൂടുപടം അണിയുന്ന പതിവ് ഇസ്രായേല്‍ സമൂഹത്തില്‍ ആദ്യം മുതല്‍ക്കുതന്നെ നിലനിന്നിരുന്നുവെന്നാണ് പഴയനിയമ ചരിത്രം നല്‍കുന്ന സൂചന (ഉല്‍പത്തി 24:62-65). ഒരു സ്ത്രീയുടെ മൂടുപടം എടുത്തുകളയുന്നത് അവളെ മാനഭംഗം ചെയ്യുന്നതിന് തുല്യമായിക്കൊണ്ട് വിശേഷിപ്പിക്കപ്പെട്ടതില്‍നിന്ന് (ഉത്തമഗീതം 5:7) അതിനുണ്ടായിരുന്ന പ്രാധാന്യം എത്രത്തോളമായിരുന്നുവെന്ന് ഊഹിക്കുവാന്‍ കഴിയും.

യേശുക്രിസ്തുവിന് ശേഷവും മൂടുപടം ഉപയോഗിക്കുന്ന സമ്പ്രദായം നിലനിന്നിരുന്നതായി കാണാന്‍ കഴിയും. പൗലോസിന്റെ എഴുത്തുകളില്‍നിന്ന് നമുക്ക് ഇക്കാര്യം മനസ്സിലാക്കാനാവും. അദ്ദേഹം എഴുതി: ”സ്വന്തം ശിരസ്സ് മൂടാതെ പ്രാര്‍ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന സ്ത്രീ തന്റെ ശിരസ്സിനെ അപമാനിക്കുന്നു. അവളുടെ തല മുണ്ഡനം ചെയ്യുന്നതിന് സമമാണത്. തല മൂടാത്ത സ്ത്രീ തന്റെ മുടി മുറിക്കണം. മുടി മുറിക്കുന്നതും മുണ്ഡനം ചെയ്യുന്നതും അപമാനമാണെന്ന് കരുതുന്നവര്‍ ശിരോവസ്ത്രം ധരിക്കട്ടെ” (1കൊരിന്ത്യര്‍ 11:5-7).

”വ്യഭിചാരത്തെ സമീപിക്കുകപോലും ചെയ്യരുത്” (17:32) എന്ന സത്യവിശ്വാസികളോടുള്ള ഖുര്‍ആനിക കല്‍പനയുടെ പ്രയോഗവത്കരണത്തിന്റെ ഭാഗമായിട്ടാണ് മാന്യമായ വസ്ത്രധാരണം വേണമെന്ന് അത് സ്ത്രീകളോട് അനുശാസിക്കുന്നത്. കാമാര്‍ത്തമായ നോട്ടവും വാക്കും അംഗചലനങ്ങളുമെല്ലാം വ്യഭിചാരത്തിന്റെ അംശങ്ങളുള്‍ക്കൊള്ളുന്നവയാണെന്നാണ് മുഹമ്മദ് നബി(ﷺ)പഠിപ്പിച്ചത്. വ്യഭിചാരത്തിലേക്കും തദ്വാരാ സദാചാര തകര്‍ച്ചയിലേക്കും നയിക്കുന്ന ‘കൊച്ചു വ്യഭിചാരങ്ങ‘ളുടെ വാതിലടയ്ക്കണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. മാദകമായ വസ്ത്രധാരണവും ലൈംഗികചേഷ്ടയിലെ അംഗചലനങ്ങളുള്‍ക്കൊള്ളുന്ന നൃത്തനര്‍ത്യങ്ങളും ഇസ്‌ലാം നിരോധിക്കുന്നത് അതുകൊണ്ടാണ്.

മാന്യമായാണ് സ്ത്രീ വസ്ത്രം ധരിക്കേണ്ടതെന്ന് കാര്യബോധമുള്ളവരെല്ലാം സമ്മതിക്കും. സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾക്കുള്ള കാരണങ്ങളിലൊന്ന് പുരുഷനെ ത്രസിപ്പിക്കുന്ന അവളുടെ വസ്ത്രധാരണയാണെന്നും അവർ പറയും. എങ്ങനെയാണ് ഒരു സ്ത്രീ മാന്യമായി വസ്ത്രം ധരിക്കേണ്ടത്?കാര്‍ക്കൂന്തലുകളും മാറിന്റെ സിംഹഭാഗവും വയറുമെല്ലാം പുറത്തുകാണിച്ചുകൊണ്ടുള്ള പഴയ ദേവദാസികളുടേതിനു തുല്യമായ വസ്ത്രധാരണാ രീതിയോ? കാല്‍മുട്ടുവരെയും കഴുത്തും കാര്‍ക്കൂന്തലുകളും പുറത്ത് കാണിച്ചുകൊണ്ടുള്ള ഗ്രീസിലെ ഹെറ്റയ്‌റേകളുടെ വസ്ത്രധാരണ സമ്പ്രദായമോ? ഇറുകിയ വസ്ത്രങ്ങളിലൂടെ ശരീരത്തിന്റെ നിമ്‌നോന്നതികള്‍ പുരുഷന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന ചൈനയിലെ ചിന്‍കുവാന്‍ ജെന്നുകളുടെ ഉടയാടകള്‍ക്ക് തുല്യമായ പുടവകളോ? അതല്ല, മുഖവും മുന്‍കൈയും മാത്രം പുറത്തുകാണിക്കുകയും ശരീരഭാഗങ്ങള്‍ വെളിവാകാത്ത രൂപത്തില്‍ അയഞ്ഞ വസ്ത്രം ധരിക്കുകയും ചെയ്യുന്ന ഇസ്‌ലാമിക രീതിയോ?മുന്‍ധാരണയില്ലാത്ത ആര്‍ക്കും അവസാനത്തേതല്ലാത്ത മറ്റൊരു ഉത്തരം തെരഞ്ഞെടുക്കാന്‍ കഴിയില്ല.

ഇസ്‌ലാം സ്ത്രീയോട് മാന്യമായി വസ്ത്രം ധരിക്കാന്‍ പറയുക മാത്രമല്ല, എങ്ങനെയാണ് ആ വസ്ത്രധാരണരീതിയെന്ന് പഠിപ്പിക്കുക കൂടി ചെയ്തുവെന്നുള്ളതാണ് അതിന്റെ ഏറ്റവും വലിയ സവിശേഷത. പുരുഷന്മാരെ വഴിതെറ്റിക്കുന്ന രീതിയിലുള്ള വസ്ത്രധാരണം സ്വീകരിക്കരുതെന്ന് പറയുന്ന മറ്റുള്ളവര്‍ക്ക് പലപ്പോഴും പ്രസ്തുത വസ്ത്രധാരണ രീതിയെക്കുറിച്ച് വ്യക്തമായൊരു ചിത്രം നല്‍കാന്‍ കഴിയാറില്ല. ഇസ്‌ലാം വിജയിക്കുന്നത് ഇവിടെയാണ്. ഇസ്‌ലാമിക വസ്ത്രധാരണാരീതി സ്വീകരിച്ചിരിക്കുന്ന സമൂഹങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തുലോം വിരളമാണെന്ന വസ്തുത ‘അവര്‍ ശല്യപ്പെടാതിരിക്കാന്‍ വേണ്ടി” (33:59)എന്ന ഖുര്‍ആനിക നിര്‍ദേശത്തിന്റെ സത്യതയും പ്രായോഗികതയും വ്യക്തമാക്കുന്നതാണ്.

ഇസ്‌ലാമിക വസ്ത്രധാരണം സ്ത്രീയെ അടുക്കളയില്‍ തളച്ചിടുന്നതിനുവേണ്ടി സൃഷ്ടിച്ചെടുത്തതാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഈ വസ്ത്രധാരണാരീതി സ്വീകരിച്ചുകൊണ്ടുതന്നെ സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രശോഭിച്ച ഒട്ടനവധി മഹിളാരത്‌നങ്ങളെക്കുറിച്ച് ചരിത്രം നമുക്ക് പറഞ്ഞുതരുന്നുണ്ട്. പ്രവാചകനില്‍നിന്ന് കാര്യങ്ങള്‍ പഠിക്കുകയും അദ്ദേഹത്തിന്റെ ജീവിതകാലത്തും ശേഷവും പ്രവാചകാനുചരന്മാരെ പഠിപ്പിക്കുകയും ചെയ്യുന്നതിന് പ്രവാചകപത്‌നി ആഇശ(റ)ക്ക് ഇസ്‌ലാമിക വസ്ത്രധാരണം ഒരു തടസ്സമായി നിന്നിട്ടില്ല. പ്രസ്തുത വസ്ത്രം ധരിച്ചുകൊണ്ടുതന്നെയായിരുന്നു അവര്‍ ജമല്‍ യുദ്ധം നയിച്ചത്. പുരുഷന്മാരില്‍ ഭൂരിപക്ഷവും യുദ്ധരംഗം വിട്ടോടിയ സന്ദര്‍ഭത്തില്‍ -ഉഹ്ദ് യുദ്ധത്തില്‍ -ആയുധമെടുത്ത് അടരാടിയ ഉമ്മു അമ്മാറ(റ)ധരിച്ചത് ഹിജാബ് തന്നെയായിരുന്നു. ഏഴ് യുദ്ധങ്ങളില്‍ പ്രവാചകനോടൊപ്പം പങ്കെടുത്ത് പരിക്കേറ്റവരെ പരിചരിച്ചും ഭക്ഷണം പാകം ചെയ്തും പ്രശസ്തയായ ഉമ്മുഅത്വിയ്യ(റ)ക്ക് തന്റെ ദൗത്യനിര്‍വഹണത്തിനു മുമ്പില്‍ ഇസ്‌ലാമിക വസ്ത്രധാരണം ഒരു വിലങ്ങായിത്തീര്‍ന്നിട്ടില്ല. ഇങ്ങനെ പ്രവാചകാനുചരന്മാരില്‍തന്നെ എത്രയെത്ര മഹിളാരത്‌നങ്ങള്‍! മുഖവും മുന്‍കൈയും മാത്രം പുറത്തുകാണിച്ചുകൊണ്ടുതന്നെ സമൂഹത്തിന്റെ വ്യത്യസ്ത തുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മഹതികള്‍!

ഇന്നും ഇസ്‌ലാമിക സമൂഹത്തില്‍ ഇത്തരം സഹോദരിമാരുണ്ട്. ഇസ്‌ലാമിക വസ്ത്രധാരണരീതി സ്വീകരിച്ചുകൊണ്ട് സാമൂഹിക മേഖലകളിലേക്ക് സേവന സന്നദ്ധരായി സധൈര്യം കയറിച്ചെല്ലുന്ന സഹോദരികള്‍. ഇസ്‌ലാമിക വസ്ത്രധാരണം സ്ത്രീയെ ചങ്ങലകളില്‍ ബന്ധിക്കുന്നുവെന്ന ആരോപണം അര്‍ഥമില്ലാത്തതാണെന്ന വസ്തുത ഇവിടെ അനാവൃതമാകുന്നു.

സത്യത്തില്‍, മാന്യമായി വസ്ത്രം ധരിക്കണമെന്ന് നിര്‍ദേശിക്കുക വഴി ഖുര്‍ആന്‍ സ്ത്രീകളുടെ ആത്മാഭിമാനം ഉയര്‍ത്തുകയും അവര്‍ ആക്രമിക്കപ്പെടുന്ന അവസ്ഥ ഇല്ലാതാക്കുവാനുള്ള പ്രായോഗിക പദ്ധതിക്ക് രൂപം നല്‍കുകയുമാണ് ചെയ്യുന്നത്.

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

ഒരു പുരുഷനു പകരം രണ്ടു സ്ത്രീകള്‍ സാക്ഷികളായി ഉണ്ടാവണമെന്ന ഖുര്‍ആനിന്റെ അനുശാസന സ്ത്രീയെ അവഗണിക്കുകയും അവളോട് അനീതി ചെയ്യുന്നതുമല്ലേയെന്നാണ് വിമർശനം.

കടമിടപാടുകളെ സംബന്ധിച്ച് പ്രതിപാദിക്കുന്നിടത്ത് ഖുര്‍ആന്‍ പറയുന്നു:

”നിങ്ങളില്‍പെട്ട രണ്ടു പുരുഷന്മാരെ നിങ്ങള്‍ സാക്ഷിനിര്‍ത്തുക. ഇനി ഇരുവരും പുരുഷന്മാരായില്ലെങ്കില്‍ നിങ്ങളിഷ്ടപ്പെടുന്ന സാക്ഷികളില്‍നിന്ന് ഒരു പുരുഷനും രണ്ടു സ്ത്രീകളും ആയാലും മതി. അവരില്‍ ഒരുവള്‍ക്ക് തെറ്റുപറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കുവാന്‍ വേണ്ടി” (2:283).

പല മതഗ്രന്ഥങ്ങളും സ്ത്രീ, സാക്ഷ്യത്തിനുതന്നെ അയോഗ്യയാണെന്നാണ് വിധിച്ചിരിക്കുന്നത്. ഉദാഹരണത്തിന്,യാജ്ഞവല്‍ക്യസ്മൃതിയുടെ വിധി കാണുക:

സ്ത്രീ ബാലവൃദ്ധ കിവത മത്തോന്‍മത്താഭിശസ്തകാഃ

രംഗാവതാരി പാഖണ്ഡി കുടകൃദ്വിലേന്ദ്രിയഃ

പതിതാപതാര്‍ത്ഥ സംബന്ധി സഹായരി പുതസ്‌കരാഃ

സാഹസീ ദൃഷ്ട ദോഷശ്ച നിര്‍ദ്ധുതാദ്യാസ്ത്വ സാക്ഷിണഃ (2:70,71).

(സ്ത്രീ, ബാലന്‍, വൃദ്ധന്‍ ചൂതുകളിക്കാരന്‍, മത്തനായവന്‍,ഉന്മാദമുള്ളവന്‍, ബ്രഹ്മഹത്യ തുടങ്ങിയ പാപമുള്ളവന്‍, ചാരണന്‍ (ഗായകന്‍, നടന്‍ തുടങ്ങിയവര്‍), പാഖണ്ഡി (നാസ്തികന്‍), വ്യാജരേഖ ചമക്കുന്നവന്‍, വികലാംഗന്‍, പതിതന്‍, സുഹൃത്ത്, പണം കൊടുക്കുന്നവന്‍, സഹായി, ശത്രു, കള്ളന്‍, സാഹസി (പിടിച്ചുപറിക്കാരന്‍), പ്രത്യക്ഷമായ ദോഷമുള്ളവന്‍, ബന്ധുക്കള്‍ ഉപേക്ഷിച്ചവന്‍ തുടങ്ങിയവര്‍ സാക്ഷികളാവാന്‍ യോഗ്യരല്ല)

എന്തുകൊണ്ടാണ് സ്ത്രീകളെ സാക്ഷ്യത്തിനു പറ്റാത്തത്?മനുസ്മൃതിയുടെ വിശദീകരണം ഇങ്ങനെയാണ്:

ഏകോലുബ്ധസ്തു സാക്ഷീസ്യാല്‍ ബഹ്യശ്ശൂ ച്യോപിന സ്ത്രീയഃ

സ്ത്രീ ബുദ്ധേര സ്ഥിരത്വാത്തു ദോഷൈശ്ചാന്യോപിയേ വൃതാഃ

(8:77)

(നിഷ്‌കാമനായ ഒരുത്തനെ സാക്ഷിയായി സ്വീകരിക്കാം. സ്ത്രീകള്‍ വളരെപ്പേരായാലും അവരുടെ ബുദ്ധിക്കു സ്‌ഥൈര്യമില്ലാത്തതിനാലും അവരെയും മുന്‍പറഞ്ഞ ദോഷികളെയും കടം മുതലായ വിഷയത്തില്‍ സാക്ഷിത്വേന സ്വീകരിക്കരുത്).

സ്ത്രീയെ സാക്ഷ്യത്തിനേ കൊള്ളുകയില്ലെന്ന നിലപാടുമായി ഇസ്‌ലാം വിയോജിക്കുന്നു. അവളെ സാക്ഷിയാക്കാമെന്നുതന്നെയാണ് ഇസ്‌ലാമിന്റെ നിലപാട്. എന്നാല്‍, അവളുടെ സാക്ഷ്യത്തിന് വ്യത്യസ്ത തലങ്ങളുണ്ട്. വിവാഹമോചനത്തെയും മരണസമയത്തെ വസ്വിയത്തിനെയും കുറിച്ച് പ്രതിപാദിക്കുമ്പോള്‍ ഖുര്‍ആന്‍ അവക്ക് രണ്ടു സാക്ഷികള്‍ വേണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട് (65:2, 5:106).ഇവിടെയെല്ലാം സ്ത്രീയായിരുന്നാലും പുരുഷനായിരുന്നാലും രണ്ടു സാക്ഷികളാണ് വേണ്ടതെന്ന അഭിപ്രായക്കാരാണ് പ്രമുഖരായ ഇസ്‌ലാമിക പണ്ഡിതന്മാര്‍. അതുപോലെതന്നെ ആര്‍ത്തവം, പ്രസവം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്ത്രീകളുടെ സാക്ഷ്യം മാത്രമേ സ്വീകാര്യമാകൂ എന്ന കാര്യത്തില്‍ ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായാന്തരങ്ങളൊന്നുമില്ല. സാദാചാരലംഘനം ആരോപിക്കപ്പെടുന്ന ഘട്ടങ്ങളില്‍ സത്യം ചെയ്യുകയും സ്വയം സാക്ഷ്യം വഹിക്കുകയും ചെയ്യേണ്ടിവരുമ്പോഴും സ്ത്രീ-പുരുഷ വ്യത്യാസങ്ങളൊന്നുമില്ലെന്നതാണ് ഖുര്‍ആനിക നിലപാട്. (ഖുര്‍ആന്‍ 24:6-9). എന്നാല്‍, കടമിടപാടുകളുടെ സ്ഥിതി ഇതില്‍നിന്ന് വ്യത്യസ്തമാണ്. സാക്ഷ്യത്തിനുതന്നെ സ്ത്രീകളെ കൊള്ളുകയില്ലായെന്ന ‘മത‘ വീക്ഷണം പുലര്‍ത്തുന്ന കാലത്താണ് സ്ത്രീയെ സാക്ഷ്യത്തിന് കൊള്ളുമെന്നും കടമിടപാടുകളുടെ കാര്യത്തില്‍ രണ്ടു സ്ത്രീകള്‍ ഒരു പുരുഷനു പകരം സാക്ഷ്യം വഹിച്ചാല്‍ മതിയെന്നുമുള്ള നിയമം ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്. എന്തുകൊണ്ട് ഒരു പുരുഷനുപകരം രണ്ട് സ്ത്രീകള്‍ വേണം? ഉത്തരവും ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്: ”അവരില്‍ ഒരുവള്‍ക്ക് തെറ്റു പറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കുവാന്‍ വേണ്ടി”.

സത്യത്തില്‍ ഈ ഖുര്‍ആനിക നിര്‍ദേശം അതിന്റെ ദൈവികത മനസ്സിലാക്കിത്തരികയാണ് ചെയ്യുന്നത്; സ്ത്രീയെയും പുരുഷനെയും വ്യക്തമായി അറിയാവുന്ന സ്രഷ്ടാവിന്റെ നിയമസംഹിതയാണ് ഖുര്‍ആന്‍ എന്ന വസ്തുത. സ്ത്രീയെ തരം താഴ്ത്തുകയല്ല പ്രത്യുത അവളുടെ അബലതകള്‍ മനസ്സലാക്കുകയാണ് ഇവിടെ ഖുര്‍ആന്‍ ചെയ്യുന്നത്. നീതി നിര്‍വഹണത്തിന് ഉപയുക്തമാകുംവിധമായിരിക്കണം സ്ത്രീയുടെയും പുരുഷന്റെയും ഓരോ രംഗത്തെയും പങ്കാളിത്തം നിര്‍ണയിക്കേണ്ടതെന്ന ഖുര്‍ആനിന്റെ പൊതുതത്ത്വംതന്നെയാണ് ഇവിടെയും തെളിഞ്ഞുകാണുന്നത്. താഴെ പറയുന്ന വസ്തുതകള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം ബോധ്യമാവും.

ഒന്ന്: ഈ സൂക്തത്തില്‍ കടമിടപാടുകളെക്കുറിച്ചാണ് പരാമര്‍ശിച്ചിരിക്കുന്നത്. സാമ്പത്തിക ബാധ്യത പുരുഷന്മാരിലാണ് ഇസ്‌ലാം നിക്ഷിപ്തമാക്കുന്നതെന്നതിനാല്‍തന്നെ സാമ്പത്തിക ക്രയവിക്രയങ്ങളില്‍ പൊതുവേ പുരുഷന്മാരായിരിക്കും പങ്കാളികളായുണ്ടാവുക. ഇസ്‌ലാമിക സമൂഹത്തില്‍ പരസ്ത്രീ-പുരുഷ സംഗമം പ്രോല്‍സാഹിപ്പിക്കപ്പെടാത്തതിനാല്‍ പുരുഷന്മാര്‍ പരസ്പരമുള്ള ഇടപാടുകളിലും അവര്‍ മാത്രം വിഹരിക്കുന്ന രംഗങ്ങളിലും സ്ത്രീകള്‍ സാക്ഷികളായുണ്ടാവുക സ്വാഭാവികമല്ല. ഇടപാടുകള്‍ക്ക് സ്ത്രീകള്‍ സാക്ഷികളാണെങ്കില്‍തന്നെ അവര്‍ ഇസ്‌ലാമികമായ അച്ചടക്കം പാലിക്കാന്‍ ബാധ്യസ്ഥരുമാണ്. അങ്ങനെ അച്ചടക്കം പാലിക്കപ്പെടുന്ന അവസ്ഥയില്‍ ഇടപാടുകളുമായി ബന്ധപ്പെട്ട വ്യക്തികളെ വേണ്ട വിധം തിരിച്ചറിയാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല.

രണ്ട്: സ്ത്രീകള്‍ പൊതുവേ വികാരജീവികളാണ്. ചടുലമായ വികാരത്താല്‍ സ്വാധീനിക്കപ്പെടുന്ന സ്ത്രീ സത്യത്തില്‍നിന്നും വ്യതിചലിച്ചേക്കാന്‍ ഇടയുണ്ട്. സാക്ഷ്യം വഹിക്കപ്പെടുന്നത് സാക്ഷിനില്‍ക്കുന്നവളുടെ അസൂയയെ ഇളക്കിവിടാന്‍ മാത്രം സൗന്ദര്യമുള്ളവളുടെ കാര്യത്തിലായിരിക്കാം. അല്ലെങ്കില്‍ അവളിലെ മൃദുല വികാരങ്ങളെ തൊട്ടുണര്‍ത്താന്‍ പോന്ന ഒരു യുവാവിന്റെ കാര്യത്തിലായിരിക്കാം. മാതൃത്വത്തെ തഴുകിയുണര്‍ത്തുന്ന സാഹചര്യങ്ങളുടെ സ്വാധീനമുണ്ടാകാനും സാധ്യതയുണ്ട്. ഈ അവസ്ഥകളിലെ വൈകാരിക സമ്മര്‍ദങ്ങള്‍ അവളുടെ സാക്ഷ്യത്തെ സ്വാധീനിക്കാനിടയുണ്ട്.

മൂന്ന്: സ്ത്രീയുടെ ശാരീരികമായ പ്രത്യേകതകള്‍ അവളില്‍ പല തരത്തിലുള്ള പ്രയാസങ്ങളുമുണ്ടാക്കാറുണ്ട്. ആര്‍ത്തവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ മനഃസംഘര്‍ഷം, ഗര്‍ഭധാരണത്തിന്റെ ആദ്യനാളുകളിലെ ശാരീരിക- മാനസിക പ്രശ്‌നങ്ങള്‍, ആര്‍ത്തവ വിരാമത്തോടനുബന്ധിച്ചുള്ള പ്രയാസങ്ങള്‍, പ്രസവകാലത്തെ പ്രശ്‌നങ്ങള്‍,ഗര്‍ഭഛിദ്രമുണ്ടാക്കുന്ന മാനസികാഘാതം ഇങ്ങനെ ഒട്ടനവധി പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ മാത്രം നേരിടേണ്ടവയാണ്. ഈ സാഹചര്യങ്ങളില്‍ ശാരീരിക പ്രയാസങ്ങള്‍ക്കുപുറമെ ഒട്ടനവധി മാനസിക പ്രശ്‌നങ്ങള്‍ക്കും സ്ത്രീകള്‍ വിധേയരാവുന്നുവെന്നാണ് ശാസ്ത്രീയ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. മനോമാന്ദ്യം (slow mindedness), ഏകാഗ്രതയില്ലായ്മ, ഓര്‍മക്കുറവ് തുടങ്ങിയവ ഈ സാഹചര്യങ്ങളിലെ മാനസിക പ്രശ്‌നങ്ങളാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പറയുമ്പോള്‍ ഇത്തരം സാഹചര്യങ്ങളെകൂടി കണക്കിലെടുക്കേണ്ടതുണ്ടല്ലോ. ഒരു പുരുഷനുപകരം രണ്ടു സ്ത്രീകള്‍ സാക്ഷികളാവണമെന്ന് പറഞ്ഞ സൂക്തത്തില്‍ ‘ഒരുവള്‍ക്ക് തെറ്റിയാല്‍ മറ്റെവള്‍ ഓര്‍മിപ്പിക്കാന്‍ വേണ്ടി‘യെന്നാണ് പറഞ്ഞിട്ടുള്ളതെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്.

സത്യത്തില്‍, ഈ ഖുര്‍ആനിക നിയമം സ്ത്രീകളുടെ വിലയിടിക്കുകയല്ല, പ്രത്യുത അവളുടെ അബലതകളും പ്രയാസങ്ങളും മനസ്സിലാക്കി അതിനുള്ള പരിഹാരമാര്‍ഗം നിര്‍ദേശിക്കുകയും അവള്‍ക്കുകൂടി പുരുഷനെപ്പോലെ സാക്ഷിയാകുവാനുള്ള അവസരം നല്‍കുകയുമാണ് ചെയ്യുന്നത്. മനോമാന്ദ്യത്തിന്റെയും ഓര്‍മക്കുറവിന്റെയും അവസ്ഥകളില്‍ ഒരുവളെ തിരുത്താന്‍ മറ്റവള്‍ക്ക് സാധിക്കുകയെന്നതാണ് ഇതിന്റെ താല്‍പര്യം. അതേസമയം,സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും അവളുടേതായ ഇടപാടുകളിലും ഒറ്റ സ്ത്രീയുടെ സാക്ഷ്യംതന്നെ പൂര്‍ണമായി പരിഗണിക്കപ്പെടുകയും ചെയ്യും. പ്രകൃതിമതത്തിന്റെ നിയമ നിര്‍ദേശങ്ങളെല്ലാം പ്രകൃതിയുമായി പൂര്‍ണമായും പൊരുത്തപ്പെടുന്നതാണെന്ന യാഥാര്‍ഥ്യമാണ് ഇവിടെ നമുക്ക് കാണാന്‍ കഴിയുന്നത്.

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

അനന്തര സ്വത്തില്‍ പുരുഷന് സ്ത്രീയുടേതിന്റെ ഇരട്ടി അവകാശമുണ്ടെന്നാണല്ലോ ഖുര്ആന്‍ അനുശാസിക്കുന്നത്. ഇത് വ്യക്തമായ വിവേചനമല്ലേ?

ത്യത്തില്‍, സ്ത്രീകള്‍ക്ക് അനന്തരസ്വത്ത് നല്‍കുവാന്‍ ആഹ്വാനം ചെയ്യുന്ന ഏക മതഗ്രന്ഥമാണ് ഖുര്‍ആന്‍. പരിഷ്‌കൃതമെന്നു വിശേഷിപ്പിക്കപ്പെടുന്ന പല രാജ്യങ്ങളും ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണ് സ്ത്രീക്ക് അനന്തര സ്വത്തില്‍ അവകാശം നല്‍കിയത്. ഖുര്‍ആനാകട്ടെ ഏഴാം നൂറ്റാണ്ടില്‍തന്നെ അസന്നിഗ്ധമായി പ്രഖ്യാപിച്ചു.”മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും അവകാശമുണ്ട്” (4:7).

ബൈബിള്‍ പഴയനിയമപ്രകാരം പുത്രന്മാരുണ്ടെങ്കില്‍ അവര്‍ക്കു മാത്രമാണ് അനന്തര സ്വത്തില്‍ അവകാശമുള്ളത്. മരിച്ചയാളുടെ സ്വത്തുക്കള്‍ മക്കള്‍ക്കാണ് ഭാഗിച്ചുകൊടുക്കപ്പെടുന്നതെന്ന് സൂചിപ്പിക്കുന്ന വചനങ്ങള്‍ കാണാനാവും (ആവര്‍ത്തനം 21:15-17). പുത്രന്മാരില്ലെങ്കില്‍ പുത്രിമാര്‍ക്ക് അവകാശം നല്‍കണമെന്ന് നിര്‍ദേശമുണ്ട്. ”പുത്രനില്ലാതെ മരിക്കുന്നയാളുടെ പിന്തുടര്‍ച്ചാവകാശം പുത്രിക്കു ലഭിക്കുമാറാകണം” (സംഖ്യ 27:8). വിധവയ്ക്കുപോലും ഭര്‍ത്താവിന്റെ സ്വത്തില്‍ അവകാശമുണ്ടായിരുന്നില്ല (റവ. എ.സി. ക്ലെയ്റ്റണ്‍: ബൈബിള്‍ നിഘണ്ടു, പുറം 113).

ബൈബിള്‍ പുതിയ നിയമത്തിലാകട്ടെ ദായക്രമത്തെക്കുറിച്ച് പുതിയ നിയമങ്ങളൊന്നുംതന്നെ കാണാന്‍ കഴിയുന്നില്ല. ക്രൈസ്തവസഭ പൊതുവെ ഇക്കാര്യത്തില്‍ പഴയ നിയമത്തിലെ കല്‍പനകള്‍ അനുസരിക്കുകയായിരുന്നു ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ക്രൈസ്തവ ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഈ അടുത്ത കാലംവരെ അനന്തരാവകാശം മാത്രമല്ല, സ്വത്തു സമ്പാദിക്കുവാന്‍ വരെ സ്ത്രീകള്‍ക്ക് അവകാശം നല്‍കപ്പെട്ടിരു ന്നില്ല. സ്വന്തം പേരില്‍ സ്വത്ത് സമ്പാദിക്കാന്‍ ന്യൂയോര്‍ക്കിലെ സ്ത്രീകളെ അനുവദിക്കുന്നത് 1848-ലാണ്. 1850-ലാണ് അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകള്‍ക്ക് അനന്തരാവകാശം നല്‍കുന്ന നിയമം പ്രാബല്യത്തിലായത്.

പുരുഷന്റെ സ്വകാര്യ സ്വത്തായി സ്ത്രീയെ കണക്കാക്കുകയും അതുപ്രകാരമുള്ള നിയമങ്ങളാവിഷ്‌കരിക്കുകയും ചെയ്യുന്ന ഹൈന്ദവഗ്രന്ഥങ്ങള്‍ അവളെ അനന്തര സ്വത്തില്‍ പങ്കാളിയാക്കുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുന്നുപോലുമില്ല. ഭര്‍ത്താവിനു ദാനം ചെയ്യാനും വില്‍ക്കാനും ഉപയോഗിക്കുവാനുമെല്ലാം അവകാശമുള്ള സ്വകാര്യ സ്വത്താണ് ഭാര്യ എന്നാണ് ഇതിഹാസകഥകള്‍ വായിച്ചാല്‍ നമുക്ക് ബോധ്യപ്പെടുക. അതിഥി പൂജക്കുവേണ്ടി സ്വന്തം ഭാര്യയെ നല്‍കുന്ന സുദര്‍ശനനും (മഹാഭാരതം അനുശാസനപര്‍വം) ഭാര്യയെ വസിഷ്ഠന് നല്‍കുന്ന മിത്രസഹനും (ശാന്തിപര്‍വം) നല്‍കുന്ന സൂചനയിതാണ്. പിതാവിന്റെ സ്വത്തില്‍ പെണ്‍മക്കള്‍ക്ക് അവകാശമുള്ളതായി സൂചിപ്പിക്കുന്ന വചനങ്ങളൊന്നും ഹിന്ദുമതഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയില്ല. പുത്രന്മാരാണ് അനന്തര സ്വത്തില്‍ അവകാശികളായിട്ടുള്ളവരെന്നാണ് മനുസ്മൃതിയുടെ നിയമം.

ഉൗര്‍ദ്ധ്വം പിതുശ്ച മാതുശ്ച സമേത്യ ഭ്രാതരഃ സ്സമം

ഭജേരന്‍ പൈതൃകം രിക്ഥമനീശാസ്‌തേ ഹി ജീവതൊ (9:104)

(മാതാപിതാക്കള്‍ രണ്ടുപേരും മരിച്ചശേഷം പുത്രന്മാരെല്ലാം ഒന്നുചേര്‍ന്ന് അവരുടെ സമ്പാദ്യം വിഭജിച്ച് എടുക്കണം. എന്തുകൊണ്ടെന്നാല്‍ മാതാപിതാക്കന്മാര്‍ ഇരിക്കുമ്പോള്‍ അവരുടെ ധനം പുത്രന്മാര്‍ക്കു സ്വാധീനമല്ല).

മാതാപിത