ആദർശം

//ആദർശം

മതം ഇല്ലെങ്കിലും മനുഷ്യർക്ക് മനുഷ്യരായി ജീവിച്ചു കൂടെ?

ഷമീം ബാദ്‌ഷാ

'മനുഷ്യരായി ജീവിക്കുക' എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇതിന്റെ ഉത്തരം. മനുഷ്യരെങ്ങനെ മനുഷ്യരാകണം എന്ന് പഠിപ്പിക്കാനായി മനുഷ്യരെ പടച്ചവൻ പറഞ്ഞയച്ച പ്രവാചകന്മാർ ജീവിച്ചു കാണിച്ച് തന്ന ദൈവികമായ ജീവിതദർശനമാണ് മതം. മാനവികതയിലേക്ക് മനുഷ്യരെ നയിക്കുന്ന നന്മകൾ എന്തൊക്കെയാണെന്നും പൈശാചികതയിലേക്ക് മനുഷ്യരെ ആപതിപ്പിക്കുന്ന തിന്മകൾ എന്തൊക്കെയാണെന്നും പഠിപ്പിക്കുകയാണ് പ്രവാചകന്മാർ ചെയ്തത്. നന്മകളായി മനുഷ്യർ മനസ്സിലാക്കുന്ന കാര്യങ്ങളും തിന്മകളായി മനസ്സിലാക്കുന്ന കാര്യങ്ങളുമെല്ലാം വ്യവച്ഛേദിച്ച് പഠിപ്പിച്ചത് പ്രവാചകന്മാരാണ്, അതല്ലാതെ ആരും ഗവേഷണം ചെയ്ത് കണ്ടുപിടിച്ചതല്ല. പ്രവാചകന്മാരെ അംഗീകരിച്ചില്ലെങ്കിലും അവർ പഠിപ്പിച്ച നന്മ-തിന്മകൾ അംഗീകരിക്കുകയും അവയനുസരിച്ച് ജീവിതം മുന്നോട്ടു നയിക്കുകയുമാണെങ്കിൽ മാനവികതയുൾക്കൊണ്ട് ജീവിക്കാൻ ആർക്കും കഴിയും. പ്രവാചകന്മാരെ അംഗീകരിക്കുന്നവരാണെങ്കിലും അവർ പഠിപ്പിച്ച നന്മകൾ പുലർത്താതെയും തിന്മകളിൽ നിന്ന് അകന്നു നിൽക്കാതെയുമാണ് ഒരാൾ ജീവിക്കുന്നതെങ്കിൽ അയാളുടെ ജീവിതം പൈശാചികമായിരിക്കും. നന്മ-തിന്മകളുടെ വ്യവച്ഛേദനത്തിന് കൃത്യമായ ദൈവികവെളിപാടുകളുടെ അകമ്പടിയുണ്ടാവുമ്പോൾ എന്താണ് നന്മയെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാവുകയില്ല. നന്മകൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്ക്‌ തന്നെ എന്താണ് നന്മയെന്ന് തീരുമാനിക്കാൻ കഴിയാത്ത സാഹചര്യങ്ങളുണ്ടാകാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ ദൈവികവെളിപാടുകൾ പ്രകാരമുള്ള നന്മ-തിന്മകളുടെ വ്യവച്ഛേദനം വഴി മതവിശ്വാസിക്ക് യഥാർത്ഥ മാനവികതയുടെ വക്താവാകാൻ കഴിയും. ദൈവപ്രീതി മാത്രം ലക്ഷ്യമാക്കി കർമങ്ങൾ ചെയ്യുമ്പോൾ മാത്രമേ സ്വാർത്ഥതയോ ലോകമാന്യമോ ഇല്ലാതെ നന്മകളാൽ ജീവിതത്തെ പുഷ്കലമാക്കാൻ കഴിയൂ. അതാണ് യാഥാർത്ഥത്തിലുള്ള മാനവികത.

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ
ശിർക്ക്‌ എന്ന മഹാപാപം ഒരിക്കലും പൊറുക്കപ്പെടുകയില്ലെന്ന് ഖുര്‍ആനിലെ ചില സൂക്തങ്ങളിൽ (4:48, 4:116) വ്യക്തമാക്കുന്നു. ഇതിനു വിരുദ്ധമായി ശിർക്ക്‌ ചെയ്തവർക്ക്‌ അല്ലാഹു പൊറുത്തു കൊടുക്കുന്നതായി (4:153,25:68-71) സൂക്തങ്ങളിൽ പറയുന്നുണ്ട്. ഇവയെങ്ങനെ പൊരുത്തപ്പെടും?

പാപങ്ങള്‍ പല തരമുണ്ട്. അതില്‍ ഏറ്റവും ഗുരുതരമായതാണ് ശിര്‍ക്ക് അഥവാ ബഹുദൈവാരാധന. സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന് മാത്രം അവകാശപ്പെട്ട ആരാധനകള്‍ സൃഷ്ടികള്‍ക്ക് സമര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ പാപങ്ങളേതുമില്ല. ശിര്‍ക്ക് ചെയ്യുന്നവന് ദൈവിക കാരുണ്യത്തിന്റെ ഭവനമായ സ്വര്‍ഗം നിഷിദ്ധമാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അല്ലാഹുവോട് വല്ലവനും പങ്ക് ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും.(5:72)

ശിര്‍ക്കില്‍ നിന്ന് പൂര്‍ണമായി മുക്തനാവുമ്പോഴാണ് ഒരാള്‍ സത്യവിശ്വാസിയായിത്തീരുന്നത്. ബഹുദൈവാരാധന ഉള്‍കൊള്ളുന്ന സകലമാന പ്രവര്‍ത്തനങ്ങളില്‍ നിന്നും പരിശുദ്ധി പ്രാപിച്ച്, അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇസ്ലാമിലേക്ക് പ്രവേശിക്കുന്നത്. ഇങ്ങനെപ്രവേശിക്കുന്ന വ്യക്തിയുടെ മുന്‍കഴിഞ്ഞ പാപങ്ങളെല്ലാം –ബഹുദൈവാരാധനയും ദൈവനിഷേധവുമടക്കം– പൊറുക്കപ്പെടുന്നതാണ്. ബഹുദൈവാരാധകരായിരുന്ന ജനങ്ങളിലേക്കാണ് അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചത്. പ്രവാചകന്‍മാരുടെ ശിഷ്യന്‍മാരായിത്തീരുകയും ഏകദൈവവിശ്വാസത്തിന്റെ പ്രചാരണത്തിനുവേണ്ടി ജീവന്‍ വരെ ത്യജിക്കുവാന്‍ സന്നദ്ധരാവുകയും ചെയ്തവര്‍ മുമ്പ് ബഹുദൈവാരാധകരായിരുന്നു. ഇസ്ലാം സ്വീകരിച്ചതോടുകൂടി അവരുടെ പാപങ്ങളെല്ലാം പൊറുക്കപ്പെടുകയും ജനിച്ചുവീണ കുഞ്ഞിനെപ്പോലെ പരിശുദ്ധരായിത്തീരുകയും ചെയ്തു. നരകത്തിന്റെ പാതയായ ശിര്‍ക്കില്‍നിന്ന് രക്ഷപ്പെട്ട് സ്വര്‍ഗത്തിന്റെ മാര്‍ഗമായ ഏകദൈവ വിശ്വാസത്തില്‍ എത്തിച്ചേര്‍ന്നവരെ സംബന്ധച്ചിടത്തോളം അവരുടെ മുന്‍കാല പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിചാരണയില്ലെന്നും മുസ്‌ലിമായതിനുശേഷമുള്ള കര്‍മ്മങ്ങളെ സംബന്ധിച്ചു മാത്രമെ ചോദ്യം ചെയ്യപ്പെടുകയുള്ളൂവെന്നും വ്യക്തമാക്കുന്ന ഒട്ടനവധി ഹദീസുകളുണ്ട്. എത്രകൊടിയ ബഹുദൈവാരാധകനും തോന്നിവാസിയുമാണെങ്കിലും സത്യവിശ്വാസം സ്വീകരിക്കുന്നതോടെ അയാള്‍ പാപമുക്തി പ്രാപിക്കുന്നുവെന്നര്‍ഥം.

സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്ന് സ്വന്തം ജീവിതത്തെ സമര്‍പ്പിച്ചവനാണ് മുസ്‌ലിം. ദൈവിക വിധി വിലക്കുകള്‍ പാലിക്കുന്നതാണ് മുസ്‌ലിമിന്റെ ജീവിതത്തെ വിമലീകരിക്കുകയും മാതൃകായോഗ്യമാക്കുകയും ചെയ്യുന്നത്. എങ്കിലും മനുഷ്യന്‍ എന്ന നിലക്ക് മുസ്ലിമിന്റെ ജീവിതത്തിലും തെറ്റുകള്‍ കടന്നുവരാം; കുറ്റങ്ങളുണ്ടാകാം. ഏതെങ്കിലുമൊരു ദുര്‍ബല നിമിഷത്തില്‍ വല്ല തെറ്റുകുറ്റങ്ങളിലും ഏതെങ്കിലും ഒരു മുസ്‌ലിം അകപ്പെട്ടുപോയാല്‍ അതിനുള്ള പരിഹാരനിര്‍ദ്ദേശങ്ങളും ഖുര്‍ആനിലും നബി വചനങ്ങളിലുമുണ്ട്. പശ്ചാത്താപമാണ് പാപത്തിനുള്ള പരിഹാരമായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ചെയ്തുപോയ തെറ്റില്‍ ആത്മാര്‍ഥമായി അനുതപിക്കുകയും ഇനിയത് ആവര്‍ത്തിക്കുകയില്ലെന്ന് പ്രതിജ്ഞ ചെയ്യുകയും, പൊറുത്തു തരുന്നതിനു വേണ്ടി അല്ലാഹുവിനോട് അകമുരുകി പ്രാര്‍ഥിക്കുകയും ചെയ്തുകൊണ്ടുള്ള പശ്ചാത്താപമാണ് പാപത്തിനുള്ള പരിഹാരം.

പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു ബാധ്യതയേറ്റിരിക്കുന്നത് അറിവുകേട് നിമിത്തം തിന്‍മ ചെയ്യുകയും, എന്നിട്ട് താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. പശ്ചാത്താപമെന്നത് തെറ്റുകള്‍ ചെയ്തു കൊണ്ടിരിക്കുകയും എന്നിട്ട് മരണം ആസന്നമാവുമ്പോള്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല.സത്യനിഷേധികളായി മരണമട യുന്നവര്‍ക്കുമുള്ളതല്ല. അങ്ങനെയുള്ളവര്‍ക്ക് വേദനയേറിയ ശിക്ഷയാണ് നാം ഒരുക്കിവെച്ചിട്ടുള്ളത്. (4:17,18).

ഏതുതരം പാപങ്ങളും പശ്ചാത്താപം വഴി അല്ലാഹു പൊറുത്തുതന്നേക്കുമെന്ന പ്രതീക്ഷ നല്‍കുന്നുണ്ട് ഖുര്‍ആന്‍. ഒരു മുസ്‌ലിമിന്റെ ജീവിതത്തില്‍ വന്നു ഭവിക്കുന്ന ചെറിയ ചെറിയ തെറ്റുകള്‍ അവന്‍ ചെയ്യുന്ന സല്‍കര്‍മ്മങ്ങള്‍ വഴി പൊറുത്തു കൊടുക്കുമെന്ന് ഹദീസുകളില്‍ വ്യക്തമാക്കപ്പെട്ടിട്ടുമുണ്ട്. പാപം പൊറുക്കുക എന്നത് അല്ലാഹുവിന്റെ ഔദാര്യമാണ്. എത്ര തന്നെ പാപപങ്കിലമായ ജീവിതം നയിച്ച വ്യക്തിയാണെങ്കിലും അവന്‍ ആത്മാര്‍ഥമായി പശ്ചാത്തപിച്ചു മടങ്ങിയാല്‍ അല്ലാഹു അവനില്‍ നിന്ന് വന്നുപോയ പാപങ്ങള്‍ പൊറുത്തു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്:

പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ ദാസന്‍മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെപൊറുക്കുന്നവനും കരുണാനിധിയും (39:53).

എന്നാല്‍, ഒരു മുസ്‌ലിമിന്റെ ജീവിതത്തില്‍ ഒരിക്കലും വന്നു ഭവിക്കാന്‍ പാടില്ലാത്ത പാപമാണ് ശിര്‍ക്ക്. അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുകയെന്ന പാപം അവന്റെ ജീവിതത്തിലുണ്ടാവുകയെന്ന് പറഞ്ഞാല്‍ അത് അവന്റെ വിശ്വാസത്തില്‍ നിന്നുള്ള വ്യതിചലനമാണ്. കേവല പശ്ചാത്താപം കൊണ്ടോ മറ്റു സല്‍കര്‍മ്മങ്ങള്‍ വഴിയോ പൊറുക്കപ്പെടുന്ന പാപമല്ല അത്. പ്രത്യുത, സകലമാന സല്‍കര്‍മ്മങ്ങളെയും വിഴുങ്ങിക്കളയുന്ന അത്യുഗ്ര പാപമാണത്. സത്യമത പ്രബോധനത്തിന് വേണ്ടി നിയോഗിക്കപ്പെടുകയും ആ മാര്‍ഗത്തില്‍ ഒട്ടനവധി ത്യാഗപരിശ്രമങ്ങള്‍ നടത്തുകയും ചെയ്ത പ്രവാചകന്‍മാരുടെ ജീവിതത്തിലെവിടെയെങ്കിലും ശിര്‍ക്ക് എന്ന മഹാ പാപം വന്നുപോയാല്‍ അവരുടെ കര്‍മ്മങ്ങളെല്ലാം നിഷ്ഫലമാവുകയും അവര്‍ നരകാവകാശികളില്‍ പെടുകയും, ചെയ്യുമെന്നാണ് ഖുര്‍ആന്‍പഠിപ്പിക്കുന്നത്.

നീ ശിര്‍ക്ക് ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മം നിഷ്ഫലമായിപ്പോവുകയും തീര്‍ച്ചയായും നീ നഷ്ടകാരുടെ കൂട്ടത്തിലാവുകയും ചെയ്യും (39:65) എന്നാണ് അന്തിമ പ്രവാചകന്‌ പോലും ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ശിര്‍ക്ക് ഒരിക്കലും പൊറുക്കപ്പെടാത്ത പാപമാണെന്ന് ഖുര്‍ആന്‍ പലതവണ വിശ്വാസികളെ ഉല്‍ബോധിപ്പിക്കുന്നുണ്ട്: തീര്‍ച്ചയായും അല്ലാഹു അവനോട് പങ്ക് ചേര്‍ക്കപ്പെടുന്നത് പൊറുക്കുകയില്ല. അതിനുപുറമെയുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറു ത്തുകൊടുക്കുകയും ചെയ്യും. ആര് അല്ലാഹുവിനോട് പങ്ക് ചേര്‍ക്കുന്നുവോ അവന്‍, തീര്‍ച്ചയായും വമ്പിച്ച കുറ്റം ചമച്ചുണ്ടാക്കിയിരിക്കുന്നു. (4:48)

ശിര്‍ക്ക് ഒരിക്കലും പൊറുക്കുകയില്ലെന്നു പറഞ്ഞതിനര്‍ത്ഥം കേവല പശ്ചാത്താപം കൊണ്ടോ സല്‍കര്‍മ്മങ്ങള്‍ വഴിയായി മാത്രമോ അത് പൊറുക്കപ്പെടുകയില്ലെന്നാണ്. ശിര്‍ക്ക് ചെയ്യുന്നതോടെ അത് ചെയ്യുന്നയാള്‍ സത്യവിശ്വാസത്തിന്റെ വൃത്തത്തില്‍ നിന്ന് പുറത്തു കടന്നു കഴിഞ്ഞു. സല്‍കര്‍മ്മങ്ങള്‍ വഴി തെറ്റുകള്‍ പൊറുക്കാമെന്നത് വിശ്വാസികളോടുള്ള വാഗ്ദാനമാണ്. വിശ്വാസ വൃത്തത്തില്‍ നിന്ന് പുറത്തു കടന്നവന് ഈ വാഗ്ദാനം ബാധകമല്ല. ശിര്‍ക്ക് ചെയ്യുന്നതോടെ അവന്റെ സല്‍കര്‍മ്മങ്ങളെല്ലാം നിഷ്ഫലമായിപ്പോയി. അറിവുകേടു കൊണ്ടോ അബദ്ധവശാലോ ഒരു വിശ്വാസിയുടെ പ്രവര്‍ത്തനങ്ങളില്‍ ശിര്‍ക്കു വന്നുപോയാല്‍ പിന്നെ അയാള്‍ക്ക് ഒരിക്കലും മോചനമില്ലെന്നല്ല ഇതിനര്‍ഥം. പിന്നെയോ? അയാള്‍ക്ക് ഇനി മോചനം വേണമെങ്കില്‍ വിശ്വാസത്തിലേക്ക് മടങ്ങണം. ഒരു അവിശ്വാസി എങ്ങനെയാണോ വിശ്വാസിയായിത്തീരുന്നത്, ആ രൂപത്തില്‍ ഏകദൈവാദര്‍ശത്തിന്റെ സാക്ഷ്യവചനങ്ങള്‍ മനസ്സില്‍ ഉള്‍കൊണ്ട് പ്രഖ്യാപിക്കണം. ബഹുദൈവാരാധനയുടെ ലാഞ്ഛനയെങ്കിലും ഉള്‍ക്കൊള്ളുന്ന വിശ്വാസാചാരങ്ങളില്‍ നിന്ന് പൂര്‍ണമായും ഖേദിച്ചുമടങ്ങുകയും വേണം.

ശിര്‍ക്ക്, കൊലപാതകം, വ്യഭിചാരം തുടങ്ങിയ പാപങ്ങള്‍ ചെയ്തവര്‍ക്ക് പാപമോചനത്തിനുള്ള മാര്‍ഗമെന്താണെന്നതിനെ കുറിച്ചാണ് സൂറത്തുല്‍ ഫുര്‍ഖാനിലെ വചനങ്ങളില്‍ (25:68-71) വ്യക്തമാക്കുന്നത്:

പക്ഷേ, ആരെങ്കിലും പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായാല്‍, അങ്ങനെയുള്ളവരുടെ തിന്മകളെ അല്ലാഹു നന്മകളാക്കി മാറ്റുന്നതാണ്. അല്ലാഹു ഏറെപൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (25:70).

ശിര്‍ക്കു ചെയ്ത വ്യക്തികള്‍ പശ്ചാത്തപിക്കുന്നതോടൊപ്പം സുദൃഢവും കളങ്കലേശമില്ലാത്തതുമായ ഏകദൈവ വിശ്വാസത്തിലേക്ക് മടങ്ങുക കൂടി ചെയ്യണമെന്ന് ഈ വചനങ്ങളില്‍ നിന്ന് സുതരാം വ്യക്തമാണ്.

ഇക്കാര്യത്തിലുള്ള ഒരു സംഭവ വിവരണമാണ് സൂറത്തുന്നിസാഇലെ വചനത്തി (4:153)ലുള്ളത്. പശുക്കുട്ടിയുടെ വിഗ്രഹമുണ്ടാക്കി അതിനെ ആരാധിച്ചവര്‍ക്ക് അല്ലാഹു പൊറുത്തു കൊടുത്തത് അവര്‍ വിശ്വാസത്തിലേക്ക് മടങ്ങുകയും പശ്ചാത്തപിക്കുകയും ചെയ്തതുകൊണ്ടാണ്. ഇക്കാര്യം സൂറത്തു അഅ്‌റാഫിലെ 152,153 വചനങ്ങളില്‍ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്:

നിശ്ചയമായും പശുക്കുട്ടിയെ ഉണ്ടാക്കി (ആരാധന നടത്തിയ)വര്‍ക്കു തങ്ങളുടെ റബ്ബിങ്കല്‍ നിന്ന് കോപവും, ഐഹിക ജീവിതത്തില്‍ നിന്ദ്യതയും ബാധിക്കുന്നതാണ്. അപ്രകാരമത്രേ (വ്യാജം) കെട്ടിച്ചമക്കുന്നവര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്. തിന്മകള്‍ പ്രവര്‍ത്തിക്കുകയും പിന്നീട് അതിനുശേഷം പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും ചെയ്തവരാകട്ടെ, നിശ്ചയമായും അതിനുശേഷം നിന്റെ റബ്ബ് (അവര്‍ക്ക്) പൊറുത്ത് കൊടുക്കുന്നവനും കരുണാനിധിയും തന്നെ.’

ഗോപൂജകന്‍മാരായിത്തീര്‍ന്ന ഇസ്‌റാഈല്‍ മക്കളില്‍ ഏകദൈവാദര്‍ശത്തിലേക്ക് തിരിച്ചുവന്ന് കളങ്കലേശമില്ലാത്ത വിശ്വാസം സ്വീകരിക്കുകയും, ചെയ്തുപോയ തെറ്റില്‍ ആത്മാര്‍ഥമായി പശ്ചാത്തപിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു പൊറുത്തു കൊടുത്ത കാര്യമാണ് ഈ സൂക്തങ്ങളില്‍ പ്രതിപാദ്യം.

ശിര്‍ക്ക് മഹാപാപമാണെന്നും അത് പൊറുക്കുകയില്ലെന്നും പറഞ്ഞതിന്റെ താല്‍പര്യം, അതു ചെയ്ത ശേഷം പശ്ചാത്തപിച്ച് സത്യവിശ്വാസത്തിലേക്ക് മടങ്ങാതെ മരണപ്പെട്ടവര്‍ക്ക് സ്വര്‍ഗം നിഷിദ്ധമാണെന്ന വസ്തുത വ്യക്തമാക്കുകയാണ്. വിശ്വാസിയായിരിക്കെ സംഭവിക്കുന്ന മറ്റു പാപങ്ങളെപ്പോലെ അല്ലാഹു പൊറുത്തു കൊടുക്കുമെന്ന പ്രതീക്ഷ ശിര്‍ക്കിന്റെ കാര്യത്തില്‍ അസ്ഥാനത്താണെന്നാണ് ഇതിന്നര്‍ഥം. അല്ലാതെ, ശിര്‍ക്ക് ചെയ്തുപോയവര്‍ക്ക് ഒരിക്കലും യാതൊരുവിധ മോചനവുമില്ലെന്ന് പഠിപ്പിക്കുകയല്ല, ശിര്‍ക്ക് പൊറുക്കപ്പെടാത്ത പാപമാണെന്ന് പറയുന്ന സൂക്തങ്ങള്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ വിശ്വാസത്തിലേക്ക് മടങ്ങുകയും പശ്ചാത്തപിക്കുകയും ചെയ്തവര്‍ക്ക് അവര്‍ ചെയ്തുപോയ ശിര്‍ക്ക് പൊറുത്തു കൊടുക്കുമെന്ന് വ്യക്തമാക്കുന്ന സൂക്തങ്ങളുമായി ഇവ യാതൊരു വിധ വൈരുധ്യങ്ങളും വെച്ചുപുലര്‍ത്തുന്നില്ല. എന്നാല്‍ വിശ്വാസത്തില്‍ നിന്നും അവിശ്വാസത്തിലേക്കും വീണ്ടും വിശ്വാസത്തിലേക്കും പിന്നെയും അവിശ്വാസത്തിലേക്കും മാറി കൊണ്ടിരിക്കുന്ന പാപം അല്ലാഹു പൊറുക്കുകയേയില്ലെന്ന് 4:137 ല്‍ വ്യക്തമാക്കിയിട്ടുണ്ട്: ഒരിക്കല്‍ വിശ്വസിക്കുകയും പിന്നീട് അവിശ്വസിക്കുകയും വീണ്ടും വിശ്വസിച്ചിട്ട് പിന്നെയും അവിശ്വസിക്കുകയും അനന്തരം അവിശ്വാസം കൂടിക്കൂടിവരികയും ചെയ്തവരാരോ അവര്‍ക്ക് അല്ലാഹു പൊറുത്തു കൊടുക്കുകയേ ഇല്ല. അവരെ അവന്‍ നേര്‍വഴിയിലേക്ക് നയിക്കുന്നതുമല്ല.

മനുഷ്യന്റെ സൃഷ്ടിപ്പില്‍ ഒരു ന്യൂനതയും ചൂണ്ടിക്കാണിക്കാനില്ലെങ്കിലും മുതലാളിത്തവും ഭൂപ്രഭുത്വവും രാജാധിപത്യവും അടിമവ്യാപാരവും വെപ്പാട്ടി സമ്പ്രദായവും നിരോധിക്കാത്ത ഇസ്‌ലാമിക ത്വശാസ്ത്രം, ന്യൂനതകളുള്ളതും കാലഹരണപ്പെട്ടതുമായ ഗോത്രനിയമങ്ങളാന്നും പറയുന്നതില്‍ വസ്തുതയില്ലേ?

ദൈവം മനുഷ്യനെ സൃഷ്ടിച്ചത് തികച്ചും അന്യൂനമായിട്ടാണെന്ന വസ്തുത ശക്തിയുക്തം സമര്‍ത്ഥിക്കുന്ന ഏക വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. മുഹമ്മദ് നബി(ല)ക്ക് ഏറ്റവും ആദ്യമായി ദൈവത്തിങ്കല്‍നിന്ന് ജിബ്രീല്‍  എന്ന മാലാഖ മുഖേന കേള്‍പിക്കപ്പെട്ട അഞ്ച് വചനങ്ങളില്‍ മനുഷ്യനെ ഭ്രൂണത്തില്‍നിന്ന് സൃഷ്ടിച്ച് വളര്‍ത്തി എഴുത്തുകാരനും ജ്ഞാനിയുമാക്കി തീര്‍ക്കുന്ന രക്ഷിതാവിന്റെ നാമത്തില്‍ വായിക്കണം എന്നാണ് ആഹ്വാനം ചെയ്യുന്നത്. മുലപ്പാലിന്റെയും മസ്തിഷ്‌ക കോശങ്ങളുടെയും ഘടനതന്നെ മനുഷ്യന്‍ നാവിലൂടെയും വിരല്‍തുമ്പിലൂടെയും ആശയ പ്രകാശനം നടത്തുകയും ബൗദ്ധികമായ കഴിവുകള്‍ വികസിപ്പിക്കുകയും ചെയ്യുന്നതിന് ഉപയുക്തമായ രീതിയില്‍ പ്രത്യേകമായി സംവിധാനിക്കപ്പെട്ടതാണെന്ന് ആധുനിക ശാസ്ത്രം തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്.

മനുഷ്യന്‍ ഏത് രാഷ്ട്രീയവ്യവസ്ഥിതിയില്‍ ജീവിച്ചാലും അവനെ സംബന്ധിച്ചേടത്തോളം ഏറ്റവും മൗലികമായിട്ടുള്ളത് അവന്റെ ഘടനാപരമായ സവിശേഷതകളാകുന്നു. ഘടനാപരമായ സാധ്യതകളുടെ സദ്‌വിനിയോഗമോ ദുരുപയോഗമോ ആണ് അവന്റെ ഭാഗധേയത്തെ സംബന്ധിച്ചേടത്തോളം നിര്‍ണായകമാകുന്നത്. ഇസ്‌ലാം എന്ന പദത്തിന്റെ അര്‍ത്ഥം ജീവിതം അല്ലാഹുവിന് സ്വയം സമര്‍പ്പിക്കുക എന്നാണ്. വിശ്വാസത്താല്‍ പ്രചോദിതരായിട്ടാണ് വ്യക്തികള്‍ ഇസ്‌ലാമികമായ അനുഷ്ഠാനങ്ങളും ധര്‍മങ്ങളും നിര്‍വഹിക്കേണ്ടത്. ഇസ്‌ലാമിക ധര്‍മത്തിന്റെ കാതലായ ഭാഗം നീതിയും സദ്ഭാവവും ഔദാര്യവുമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് നോക്കുക: ''തീര്‍ച്ചയായും അല്ലാഹു കല്‍പിക്കുന്നത് നീതി പാലിക്കാനും കുടുംബബന്ധമുള്ളവര്‍ക്ക് സഹായം നല്‍കാനുമാണ്. അവന്‍ വിലക്കുന്നത് നീചവൃത്തിയും ദുരാചാരവും അതിക്രമവുമാകുന്നു. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കാന്‍വേണ്ടി അവന്‍ നിങ്ങള്‍ക്ക് ഉപദേശം നല്‍കുന്നു'' (16:90). ഈ സൂക്തമനുസരിച്ച് നീതിക്ക് വിരുദ്ധമായതും അതിക്രമപരമായതും നീചവും ദുഷ്ടവുമായ എല്ലാ നടപടികളും ആചാരങ്ങളും ഒരു മുസ്‌ലിമിന് നിഷിദ്ധമാകുന്നു. ഇതില്‍ കാലഹരണപ്പെട്ട യാതൊരു തത്വവും ഉള്‍പ്പെട്ടിട്ടില്ല. ഇസ്‌ലാമിന്റെ സാമ്പത്തിക ധര്‍മവും നീതിയില്‍ അധിഷ്ഠിതമത്രെ. ചൂഷണവും കൃത്രിമവും കബളിപ്പിക്കലും അടങ്ങിയ എല്ലാ സാമ്പത്തിക ഇടപാടുകളും ഇസ്‌ലാം നിഷിദ്ധമായി വിധിച്ചിരിക്കുന്നു. മുതലാളിത്തത്തിന്റെ ആധാരശിലയായ പലിശയെ ഇസ്‌ലാം കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ധനം സമ്പര്‍ക്കിടയില്‍ മാത്രം കറങ്ങുന്നതായിരിക്കരുതെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. (വി.ഖു. 59:7 നോക്കുക).

വിശുദ്ധ ഖുര്‍ആനിലും നബിവചനങ്ങളിലും നിര്‍ദേശിക്കപ്പെട്ട ധനവിനിമയ നിയമങ്ങളിലെല്ലാം ഈ നിഷ്‌കര്‍ഷത തെളിഞ്ഞുകാണാം. പൊതുധനവും സ്വകാര്യസ്വത്തിന്റെ നിശ്ചിത വിഹിതവും ദരിദ്രര്‍, അഗതികള്‍, അനാഥകള്‍, കടബാധിതര്‍ തുടങ്ങിയ അത്യാവശ്യക്കാര്‍ക്കിടയില്‍ വിതരണം ചെയ്യണമെന്ന് ഖുര്‍ആന്‍ സൂക്തങ്ങളിലും നബിവചനങ്ങളിലും അനുശാസിച്ചിട്ടുണ്ട്. നിര്‍ദിഷ്ട മാര്‍ഗങ്ങളില്‍ ചെലവഴിക്കാതെ ധനം സമാഹരിച്ചുവെക്കുന്നവര്‍ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് വിശുദ്ധ ഖുര്‍ആനില്‍ താക്കീത് നല്‍കിയിട്ടുമുണ്ട്. ''സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി നീ 'സന്തോഷവാര്‍ത്ത' അറിയിക്കുക. നരകാഗ്‌നിയില്‍ അവ ചുട്ടുപഴുപ്പിക്കുകയും എന്നിട്ട് അതുകൊണ്ട് അവരുടെ നെറ്റികളിലും പാര്‍ശ്വങ്ങളിലും മുതുകുകളിലും ചൂടുവെക്കുകയും ചെയ്യുന്ന ദിവസം (അവരോട് പറയപ്പെടും:) നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിതന്നെ നിക്ഷേപിച്ചുവെച്ചതാണിത്. അതിനാല്‍ നിങ്ങള്‍ നിക്ഷേപിച്ചുവെച്ചിരുന്നത് നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക'' (വി.ഖു. 9:34,35).

സ്വകാര്യ സ്വത്തവകാശം പൂര്‍ണമായി നിരോധിക്കുക എന്ന അന്യായവും അപ്രായോഗികവുമായ നിലപാട് ഇസ്‌ലാം സ്വീകരിച്ചിട്ടില്ല എന്നത് ശരിയാണ്. എന്നാല്‍ മുതലാളിത്തത്തിന്റെ ദുഷ്പ്രവണതകളെയെല്ലാം വിലക്കിക്കൊണ്ട് സന്തുലിതമായൊരു സാമ്പത്തിക സമീപനമാണ് ഇസ്‌ലാം സ്വീകരിച്ചിട്ടുള്ളത്. സ്വകാര്യ സ്വത്തവകാശം നിരോധിച്ചിരുന്ന ചീന ഇപ്പോള്‍ ആ നിലപാട് അപ്രായോഗികമാണെന്ന് ബോധ്യപ്പെട്ട് ഉപേഭൂമിയുടെ മേല്‍ കുത്തകാവകാശം സ്ഥാപിച്ച് സ്വന്തമായി കൃഷി ചെയ്യാതെ കൃഷിഭൂമിയെ ഒരു ചൂഷണോപാധിയാക്കിത്തീര്‍ക്കാന്‍ ഇസ്‌ലാം ആരെയും അനുവദിക്കുന്നില്ല. ഒന്നുകില്‍ സ്വന്തമായി കൃഷി ചെയ്യുകയോ അതല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് കൃഷി ചെയ്യാന്‍ ഭൂമി വിട്ടുകൊടുക്കുകയോ ചെയ്യണമെന്നാണ് നബി (സ) കല്‍പിച്ചത്. കാര്‍ഷികോല്‍പന്നങ്ങളുടെ മേല്‍ പത്ത് ശതമാനം സകാത്ത് ചുമത്തിയ ഇസ്‌ലാം ഈ രംഗത്ത് സാമൂഹിക നീതി ഉറപ്പ് വരുത്തിയിരിക്കുന്നു.

ഭരണത്തലവന്റെ പേര് രാജാവെന്നോ ഖലീഫയെന്നോ പ്രസഡന്റെന്നോ പ്രധാനമന്ത്രിയെന്നോ ആകുന്നതല്ല മൗലികമായ വിഷയം. ഭരണത്തില്‍ ഏകാധിപത്യവും അനീതിയും അക്രമവും അഴിമതിയും ഉണ്ടാകാതിരിക്കുകയും ജനാഭിലാഷം മാനിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. മദീനയിലെ സത്യവിശ്വാസികളുടെമേല്‍ ഭരണാധികാരമുണ്ടായിരുന്ന നബിതിരുമേനി ഇത്തരം സ്ഥാനപ്പേരുകളൊന്നും സ്വീകരിക്കുകയുണ്ടായില്ല. അദ്ദേഹം സ്വയം വിശേഷിപ്പിച്ചത് അല്ലാഹുവിന്റെ ദാസനായ ദൂതന്‍ എ ന്നായിരുന്നു. അദ്ദേഹത്തിന്റെ ശേഷം ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരിയായി നിയോഗിക്കപ്പെട്ട അബൂബക്കര്‍(്യ), ഖലീഫത്തുല്‍ റസൂല്‍ (റസൂലിന്റെ പിന്‍ഗാമി) എന്ന പേരിലാണ് അറിയപ്പെട്ടത്. അദ്ദേഹത്തിന്റെ പിന്‍ഗാമി ഉമര്‍ (്യ) 'അമീറുല്‍ മുഅ്മിനീന്‍' (വിശ്വാസികളുടെ നേതാവ്) എന്നാണ് വിളിക്കപ്പെട്ടത്. ഭരണാധികാരിയുടെ സ്ഥാനപ്പേര് എന്തായിരുന്നാലും ജനങ്ങളുമായി കൂടിയാലോചിച്ച് നീതിപൂര്‍വം ഭരണം നടത്തണമെന്ന് വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു കല്‍പിച്ചു. (5:42, 42:38 എന്നീ സൂക്തങ്ങള്‍ നോക്കുക).

സ്വതന്ത്രമായ സമൂഹത്തില്‍നിന്ന് ബലം പ്രയോഗിച്ച് ആരെയെങ്കിലും അടിമയാക്കി മാറ്റാന്‍ ഇസ്‌ലാം ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ല. മുസ്‌ലിം യുദ്ധത്തടവുകാരെ ശത്രുക്കള്‍ അടിമകളാക്കി മാറ്റിയിരുന്ന സാഹചര്യത്തില്‍ തത്തുല്യ നടപടി മുസ്‌ലിംകളും സ്വീകരിക്കേണ്ടിവരികയാണുണ്ടായത്. ഇസ്‌ലാം ഇതൊരു സ്ഥായിയായ നിയമമാക്കിയിട്ടില്ല. യുദ്ധത്തടവുകാരുടെ കാര്യത്തില്‍ വിശുദ്ധ ഖുര്‍ആനിലുള്ള നിര്‍ദേശം (47:4) അവരെ നിരുപാധികമോ മോചനദ്രവ്യം വാങ്ങിയോ വിട്ടയക്കണമെന്നാണ്. സ്ത്രീകളായ യുദ്ധത്തടവുകാര്‍ ലൈംഗികമായ അതിക്രമത്തിനും ചൂഷണത്തിനും ഇരയാകുന്നതായാണ് ആധുനിക രാഷ്ട്രങ്ങളില്‍ നിന്നുപോലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അവര്‍ക്ക് കുടുംബജീവിതത്തിന്റെ സ്വാസ്ഥ്യം നഷ്ടപ്പെടുകയും മക്കളുണ്ടായാല്‍ അവര്‍ക്ക് പിതൃത്വമോ നിയമാനുസൃതമായ അവകാശങ്ങളോ ലഭിക്കാതെ പോവുകയും ചെയ്യുന്നു. ലൈംഗിക അരാജകത്വത്തെ ശക്തിയായി എതിര്‍ക്കുന്ന ഇസ്‌ലാം അടിമത്വം അനുഭവിക്കേണ്ടിവരുന്ന യുദ്ധത്തടവുകാരിക്കും ഉത്തരവാദിത്ത പൂര്‍വകമായ ലൈംഗിക ജീവിതത്തിന് അവസരം നല്‍കിയിരിക്കുന്നു. യജമാനന്‍ ജീവിതപങ്കാളിയായി സ്വീകരിക്കുന്ന അടിമസ്ത്രീക്ക് ഒരു കുഞ്ഞ് പിറക്കുന്നതോടെ അവള്‍ സ്വതന്ത്ര സ്ത്രീയുടേത് പോലുള്ള സ്ഥാനത്തിന് അവകാശിയാവുകയും ആ ബന്ധത്തില്‍ ജനിച്ച കുട്ടിക്ക് കുടുംബത്തില്‍ തുല്യസ്ഥാനവും മറ്റുമക്കള്‍ക്കുള്ളപോലെ അനന്തരാവകാശവും ലഭിക്കുകയും ചെയ്യുമെന്നാണ് ഇസ്‌ലാമിക നിയമം. മറ്റ് സമൂഹങ്ങളിലെ വെപ്പാട്ടി സമ്പ്രദായത്തില്‍നിന്ന് ഏറെ വ്യത്യസ്തമാകുന്നു അടിമസ്ത്രീയെയും മക്കളെയും സ്വതന്ത്ര പൗരന്മാരാക്കി പരിവര്‍ത്തിപ്പിക്കുന്ന ഇസ്‌ലാമിക നിയമം. യുദ്ധത്തടവുകാരെ അടിമകളാക്കേണ്ട സാഹചര്യം ഒഴിവായാല്‍ ഈ പ്രശ്‌നങ്ങളൊക്കെ തനിയെ ഇല്ലാതായിത്തീരുന്നതാണ്.

വിശുദ്ധ ഖുര്‍ആനിലെ അഭിസംബോധനകള്‍ ഏറെയും മനുഷ്യരേ എന്നോ വിശ്വാസികളെ എന്നോ ആണ്. ഏതെങ്കിലുമൊരു ഗോത്രക്കാരെ മാത്രം അഭിസംബോധന ചെയ്യുന്നതോ ഗോത്ര ദുരഭിമാനം വളര്‍ത്തുന്നതോ ആയ യാതൊരു വചനവും ഖുര്‍ആനിലില്ല. ഗോത്രവംശ വിഭാഗീയതകള്‍ക്ക് അതീതമായി വിശ്വമാനവികത ഉയര്‍ത്തിക്കാണിക്കുന്ന ഒരു ഖുര്‍ആന്‍ സൂക്തം നോക്കുക: ''ഹേ, മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരാണില്‍നിന്നും ഒരു പെണ്ണില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെയടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠപാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു'' (49:13).

യാതൊരു ഗോത്രത്തിനും മറ്റൊരു ഗോത്രത്തേക്കാള്‍ യാതൊരു മഹത്വവുമില്ലെന്ന് ഉറപ്പിച്ച് പറയുന്ന ഇസ്‌ലാമിന്റെ നിയമങ്ങളെ കേവലം ഗോത്ര നിയമങ്ങളാക്കി ചുരുക്കുന്നത് സങ്കുചിത വീക്ഷണക്കാര്‍ക്ക് മാത്രമെ ഭൂഷണമാകൂ.

എല്ലാ മനുഷ്യരെയും സൃഷ്ടിച്ച് അവരുടെ വിധികള്‍ നിശ്ചയിച്ച് നമ്മെ ഭൂമിയിലേക്ക് അയച്ച അല്ലാഹു തന്നെ ചിലരെ നല്ലവരും മറ്റു ചിലരെ ചീത്തവരുമാക്കിയെന്നും അല്ലാഹു തീരുമാനിച്ചവര്‍ മാത്രമെ നന്നാകൂവെന്നും പഠിപ്പിക്കുന്ന ഇസ്‌ലാമിലെ വിധിവിശ്വാസമനുസരിച്ച് പിന്നെ മനുഷ്യർക്ക് തെരെഞ്ഞെടുക്കുവാൻ എന്ത് സാധ്യതയാണുള്ളത്?

അല്ലാഹു സര്‍വജ്ഞനും സര്‍വശക്തനുമാണെന്ന് വിശുദ്ധ ഖുര്‍ആനിലെ അനേകം സൂക്തങ്ങള്‍ നമുക്ക് മനസ്സിലാക്കിത്തരുന്നു. അല്ലാഹുവിന്റെ അറിവ് ഒരിക്കലും തെറ്റാവുകയില്ല. അവന്റെ യാ തൊരു തീരുമാനവും നടപ്പാക്കാതെപോവുകയില്ല. പ്രപഞ്ചത്തില്‍ ചെറുതും വലുതമായ ഏത് കാര്യം സംഭവിക്കുന്നതും അവന്‍ നിശ്ചയിച്ചതനുസരിച്ചാണ്. ഇതില്‍ മാറ്റംവരുത്താന്‍ സൃഷ്ടികളില്‍ ആര്‍ക്കും സാധ്യമല്ല. ''ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരാപത്തും ബാ ധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിനു മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീ ര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു'' (വി.ഖുര്‍ആന്‍ 57:22).

അല്ലാഹുവിന്റെ തീരുമാനമാണ് പരമവും നിര്‍ണായകവുമെന്ന് വ്യക്തമാക്കുന്ന ഖുര്‍ആനില്‍ തന്നെ മനുഷ്യരുടെ അഭിപ്രായ-പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ സംബന്ധിച്ച് അല്ലാഹു വ്യക്തമായി പ്രതിപാദിച്ചി ട്ടുണ്ട്. ''പറയുക. സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ. അക്രമികള്‍ക്ക് നാം നരകാഗ്നി ഒരുക്കി വെച്ചിട്ടുണ്ട്'' (18:29).

അല്ലാഹുവിന്റെ കാലാതീതമായ അറിവോ തീരുമാനമോ, ശരിയും തെറ്റും തെരഞ്ഞെടുക്കാനും സ്വന്തം ഹിതമനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള മനുഷ്യന്റെ സ്വാതന്ത്ര്യത്തിന് തടസ്സമാവുകയില്ല എന്നത്രെ ഇതില്‍നിന്ന് വ്യക്തമാകുന്നത്. നന്മ തെരഞ്ഞെടുക്കാനും സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യവും സൗകര്യവും ഉണ്ടായിട്ടും അന്യായമായി തിന്മയിലേക്ക് നീങ്ങിയതിനാലാണ് മനുഷ്യര്‍ നരകശിക്ഷ അനുഭവിക്കേണ്ടിവരുന്നതെന്നും ഈ സൂക്തം സൂചിപ്പിക്കുന്നു.

ഞങ്ങള്‍ ബഹുദൈവാരാധകരായത് അങ്ങനെ അല്ലാഹു മുന്‍കൂട്ടി നിശ്ചയിച്ചതുകൊണ്ടാണ് എന്ന് വാദിക്കുന്നവരെ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു ഖണ്ഡിക്കുകയാണ് ചെയ്തിട്ടുള്ളത്. ''ആ ബഹു ദൈവാരാധകര്‍ പറഞ്ഞേക്കും; ഞങ്ങളോ ഞങ്ങളുടെ പിതാക്കളോ (അല്ലാഹുവോട് ഇതര ദൈവങ്ങളെ) പങ്കുചേര്‍ക്കുമായിരുന്നില്ല; ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുമായിരുന്നുമില്ല എന്ന്. ഇതേപ്രകാരം അവരുടെ മുന്‍ഗാമികളും, നമ്മുടെ ശിക്ഷ ആസ്വദിക്കുന്നതുവരെ നിഷേധിച്ചുകളയു കയുണ്ടായി. പറയുക: നിങ്ങളുടെ പക്കല്‍ വല്ല വിവരവുമുണ്ടോ? ഉണ്ടെങ്കില്‍ ഞങ്ങ ള്‍ക്ക് നിങ്ങള്‍ അതൊന്ന് വെളിപ്പെടുത്തിത്തരൂ. ഊഹത്തെമാത്രമാണ് നിങ്ങള്‍ പി ന്തുടരുന്നത്. നിങ്ങള്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്'' (6:148). ഈ വിഷയം 16:35 സൂക്തത്തിലും പരാമര്‍ശിച്ചിട്ടുണ്ട്.

നമ്മെ സംബന്ധിച്ച് അല്ലാഹു ഉദ്ദേശിച്ചത് ഇന്നവിധത്തിലാണെന്ന് അറിയാന്‍ യാതൊരു മാര്‍ഗവുമില്ല. അത് സംബന്ധിച്ച നമ്മുടെ ഊഹവും അനുമാനവും ശരിയാകണമെന്നില്ല. എന്നാല്‍ സത്യം പറയാനും അസത്യം പറയാനുമുള്ള സ്വാതന്ത്ര്യം നാം ഇവിടെ അനുഭവിക്കുന്നു എന്നത് അനിഷേധ്യ സത്യമാണ്. അതിന്റെ അടിസ്ഥാനത്തില്‍ സ്രഷ്ടാവും മാര്‍ഗദര്‍ശകനുമായ അല്ലാഹുവോടുള്ള ബാധ്യത നിറവേറ്റിയാല്‍ യാതൊരു ആശങ്കയ്ക്കും സ്ഥാനമില്ല. സര്‍വജ്ഞനായ അല്ലാഹുവിന്റെ അറിവും തീരുമാനവും നമുക്ക് പൂര്‍ണമായി ഉള്‍കൊള്ളാന്‍ കഴിയണമെന്ന് ശഠിക്കുന്നത് ശരിയല്ല. നമ്മുടെ പരിമിതികള്‍ അറിഞ്ഞും അംഗീകരിച്ചും കൊണ്ട് നമ്മുടെ മുമ്പിലുള്ള സാധ്യതകള്‍ കണ്ടെത്തുകയാണ് ശരിയായ മാര്‍ഗം.

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

സ്വന്തം അറിവിന്റെയും യുക്തിയുടെയും ശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ ചിന്തിച്ചാൽ തന്നെ സ്രഷ്ടാവുണ്ടെന്നും സൃഷ്ടിപൂജയുടെ നിരര്‍ഥകതയും ബോധ്യപ്പെടുമെന്നിരിക്കെ തമ്മിൽ തല്ലാൻ വേണ്ടി മാത്രം എന്തിനാണ് മനുഷ്യന് മതങ്ങളും ജാതികളും? ദൈവത്തോട് പ്രാര്‍ഥിക്കാന്‍ മതത്തിന്റെ ആവശ്യമുണ്ടോ? വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം മനുഷ്യസൃഷ്ടിയല്ലേ?

ലോകരക്ഷിതാവ് കാലാകാലങ്ങളിൽ നിയോഗിച്ച പ്രവാചകന്മാരും അവരുടെ യഥാര്‍ഥ ശിഷ്യന്മാരും സ്വീകരിച്ച വിശ്വാസമാണ് ശരിയെന്നാണ് മുസ്‌ലിംകള്‍ കരുതുന്നത്. പ്രവാചകന്മാരാരും ഈ വിശ്വാസം ജനങ്ങളുടെമേല്‍ അടിച്ചേല്‍പിച്ചിട്ടില്ല. വിശ്വസിക്കാത്തവരെ തല്ലാനും കൊല്ലാനും മുതിര്‍ന്നിട്ടുമില്ല. അതിനാല്‍ ഈ വിശ്വാസം കലഹത്തിന് നിമിത്തമാവുകയില്ല . അല്ലാഹു പ്രവാചകന്മാര്‍ക്ക് അവതരിപ്പിച്ചുകൊടുത്ത വേദഗ്രന്ഥങ്ങളെല്ലാം അവയുടെ സാക്ഷാല്‍ രൂപത്തില്‍ സത്യമാണെന്നാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്. ഒട്ടും സങ്കുചിതത്വമില്ലാത്ത വിശ്വാസമാണിത്. ഒരു പ്രവാചകനില്‍ വിശ്വസിക്കുകയും മറ്റൊരു പ്രവാചകനെ തള്ളിക്കളയുകയും ചെയ്യുന്നവന്‍ യഥാര്‍ഥ മുസ്‌ലിമല്ല. അതുപോലെതന്നെയാണ് ഒരു വേദഗ്രന്ഥത്തില്‍ വിശ്വസിക്കുകയും മറ്റൊരു വേദഗ്രന്ഥത്തെ തള്ളിക്കളയുകയും ചെയ്യുന്നവന്റെ സ്ഥിതിയും.

മനുഷ്യന്റെ അറിവിനും യുക്തിക്കും ശാസ്ത്രത്തിനുമെല്ലാം അതാതിന്റേതായ മൂല്യമുണ്ട്. എന്നാല്‍ സര്‍വജ്ഞനായ ലോകരക്ഷിതാവിന്റെ അറിവ്‌പോലെ ഒട്ടും തെറ്റുപറ്റാത്ത അവസ്ഥ മനുഷ്യരുടെയൊന്നും അറിവിനില്ല. ഇറാഖിലെ അമേരിക്കന്‍ അധിനിവേശം തികച്ചും ന്യായമാണെന്ന് കരുതുന്നവരും തികച്ചും അന്യായവും തെറ്റുമാണെന്ന് കരുതുന്നവരുമുണ്ട്; അറിവും യുക്തിയും ശാസ്ത്രബോധവുമെല്ലാമുള്ള ആളുകളുടെ കൂട്ടത്തില്‍. വിവാഹം പവിത്രവും മൗലികവുമാണെന്ന് കരുതുന്നവരും, അത് കാലഹരണപ്പെട്ട ഒരു പഴഞ്ചന്‍ ഏര്‍പ്പാടാണെന്ന് കരുതുന്നവരും ഏറെയുണ്ട് വലിയ ബുദ്ധിമാന്മാരുടെ കൂട്ടത്തില്‍. വിവാഹത്തിന് പുറത്തുള്ള സ്വതന്ത്രരതിയെയും പ്രകൃതിവിരുദ്ധ രതിയെയും മ്ലേഛമായിഗണിക്കുന്നവരും അതിനെയൊക്കെ ന്യായീകരിക്കുന്നവരും ശാസ്ത്രബോധമുള്ളവരുടെ കൂട്ടത്തില്‍തന്നെയുണ്ട്. ഈ കാരണത്താല്‍ സത്യവും അസത്യവും ആത്യന്തികമായി നിര്‍ണയിക്കുന്നതിന്, പരിമിതികള്‍ പലതുമുള്ള മനുഷ്യന്റെ ജ്ഞാനത്തെയും യുക്തിയെയും ശാസ്ത്രത്തെയും അവലംബിക്കുന്നത് അന്യൂനമായ മാര്‍ഗമല്ലെന്ന് വ്യക്തമാകുന്നു.

ജാതിയെയും മതത്തെയും ഇണചേര്‍ത്തുകൊണ്ടാണ് പല വിമര്‍ശകരും സംസാരിക്കാറുള്ളത്. ഇത് ശരിയല്ല. മതങ്ങൾ മനുഷ്യനിര്‍മിതമാണ്.  മതങ്ങളില്‍ സാക്ഷാല്‍ ലോകരക്ഷിതാവായ ദൈവം തന്റെ ദൂതന്മാര്‍ മുഖേനയും വേദഗ്രന്ഥങ്ങളിലൂടെയും അറിയിച്ച കാര്യങ്ങളും പുരോഹിതന്മാരും മറ്റും സ്വന്തം വകയായി കൂട്ടിച്ചേര്‍ത്ത അധികപ്പറ്റുകളുമുണ്ട്. മതവും ജാതിയും ഒന്നല്ല. ജാതിചിന്തകൊണ്ട് മനുഷ്യര്‍ക്ക് എക്കാലത്തും ദോഷം മാത്രമെ ഉണ്ടായിട്ടുള്ളൂ. ഉയര്‍ന്ന ജാതിക്കാര്‍ അഹങ്കാരികളും അതിക്രമകാരികളുമായിത്തീരുകയും അതവര്‍ക്ക് പലവിധത്തില്‍ ദോഷകരമായിത്തീരുകയും ചെയ്തിട്ടുണ്ട്. താഴ്ന്ന ജാതിക്കാര്‍ക്കൊക്കെ മിക്കപ്പോഴും അവഹേളനവും പീഡനവും ഏറ്റുവാങ്ങേണ്ടിവരികയാണുണ്ടായിട്ടുള്ളത്.ജാതി കൊണ്ട് മാനവരാശിക്ക് നാശം മാത്രമേയുണ്ടായിട്ടുള്ളൂ; മതം അങ്ങനെയല്ല.  ദൈവദൂതന്മാര്‍ പഠിപ്പിച്ച സാക്ഷാല്‍ മതം മാനവരാശിക്ക് എപ്പോഴും അളവറ്റ നന്മ നേടിക്കൊടുത്തിട്ടുണ്ട്.

'മനുഷ്യമതം' അബദ്ധങ്ങളില്‍നിന്ന് മുക്തമാവുകയില്ല. സ്ഥലകാല പരിമിതികള്‍ക്കുള്ളില്‍ കഴിയുന്ന മനുഷ്യന്‍ എത്ര വലിയ പ്രതിഭാശാലിയാണെങ്കിലും അവന്‍ സ്വയം ആവിഷ്‌കരിക്കുന്ന മതം പ്രമാദമുക്തമാവുകയില്ല. മറ്റുള്ളവര്‍ക്കെല്ലാം അതിനോട് യോജിക്കാന്‍ കഴിയുകയുമില്ല. ലോകം കണ്ട ഏറ്റവും വലിയ ബുദ്ധിമാന്മാരില്‍ പലരുടെയും സ്വഭാവ സമീപനങ്ങളിലെ വൈകല്യങ്ങള്‍ ചരിത്രകാരന്മാരും സാമൂഹ്യശാസ്ത്രജ്ഞരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആയതിനാല്‍ ത്രികാലജ്ഞാനിയായ, മനുഷ്യജീവിതത്തിന്റെ എല്ലാ തലങ്ങളെയും സംബന്ധിച്ച് സമ്പൂര്‍ണ ജ്ഞാനമുള്ള ലോകരക്ഷിതാവിന്റെ മാര്‍ഗദര്‍ശനം പിന്തുടരുന്നത് അനുപേക്ഷ്യമാകുന്നു. സാക്ഷാല്‍ ലോകരക്ഷിതാവ് പഠിപ്പിച്ച വിശ്വാസങ്ങളും ആചാരങ്ങളുമുണ്ട്. അതൊക്കെ ഗുണകരവും മോക്ഷദായകവുമാണ്. പുരോഹിതന്മാരും മറ്റും കെട്ടിച്ചമച്ച അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇതില്‍നിന്ന് വ്യത്യസ്തമാണ്. അവയെ അനുധാവനം ചെയ്യുന്നവര്‍ ദുര്‍മാര്‍ഗത്തിലാണ് ചെന്നെത്തുക.

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ
ഇസ്‌ലാമിമിന്റേത് കുറ്റമറ്റ തത്ത്വശാസ്ത്രമാണെങ്കില്‍ എന്തുകൊണ്ട് മുസ്‌ലിംകള്‍ അത് പൂര്‍ണമായും പ്രയോഗവത്കരിക്കുന്നതില്‍ പരാജയപ്പെടുന്നു? ഇസ്‌ലാമിന്റെ സിദ്ധാന്തങ്ങളില്‍ പലതും അപ്രായോഗികമായതുകൊണ്ടല്ലേ മുസ്‌ലിംകള്‍ അവയെ അവഗണിക്കുന്നത്?
  • ഭക്ഷ്യവസ്തുക്കളിലും ഉപഭോഗ സാധനങ്ങളിലും മരുന്നുകളില്‍പോലും വ്യാപകമായി മായം ചേര്‍ക്കപ്പെടുന്നുണ്ടല്ലോ. എല്ലാ സമുദായങ്ങളില്‍പെട്ടവരും മതവിശ്വാസമില്ലാത്തവരും മായക്കാരുടെ കൂട്ടത്തിലുണ്ട്. ഭക്ഷണത്തിലെ മായം നിമിത്തം ജനലക്ഷങ്ങള്‍ രോഗികളായിത്തീരുന്നു. മരുന്നിലെ മായം നിമിത്തം മരിച്ചവരും നിത്യരോഗികളായവരും ഏറെയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മായം നിഷിദ്ധമാണെന്ന തത്ത്വം അപ്രായോഗികമാണെന്നും തള്ളിക്കളയേണ്ടതാണെന്നും ചിന്താശീലമുള്ള ആരും പറയാനിടയില്ല. മുസ്‌ലിം സമുദായത്തിലെ ഇസ്‌ലാമിക പ്രതിബദ്ധതയില്ലാത്ത ആളുകള്‍ അന്ധവിശ്വാസങ്ങളെ അനുധാവനം ചെയ്യുകയോ അധാര്‍മിക വൃത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നത് ഇസ്‌ലാമിക തത്ത്വങ്ങള്‍ അപ്രായോഗികമായതുകൊണ്ടല്ല; ഉല്‍കൃഷ്ടമായ ഒരു ജീവിതത്തിന്റെ മൗലികതയും മഹനീയതും അവര്‍ മനസ്സിലാക്കാത്തതുകൊണ്ടാണ്. പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും അവനോട് മാത്രം പ്രാര്‍ഥിക്കുകയും ചെയ്യുക എന്നതാണ് ഇസ്‌ലാമിന്റെ സുപ്രധാന തത്ത്വം. മാനവരാശിയുടെ ആരംഭം മുതല്‍ ഇന്നേവരെ അനേകകോടി വിശ്വാസികള്‍ ഈ തത്ത്വം മുറുകെ പിടിച്ചിട്ടുണ്ട്. പ്രത്യക്ഷവും പരോക്ഷവുമായ ദുര്‍വൃത്തികള്‍ വര്‍ജിക്കുകയും സദ്ഗുണങ്ങളും സദ്പ്രവൃത്തികളും ശീലിക്കുകയും ചെയ്യുക എന്നതാണ് മറ്റൊരു പ്രധാന തത്ത്വം. ഇതും മുറുകെ പിടിക്കുന്ന ജനകോടികളുണ്ട്. യാതൊരു തെറ്റും വീഴ്ചയും സംഭവിക്കരുതെന്ന് ഇസ്‌ലാം ശഠിക്കുന്നില്ല. ബോധപൂര്‍വം ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ ഒഴികെയുള്ള മനുഷ്യസഹചമായ തെറ്റുകുറ്റങ്ങള്‍ അല്ലാഹു പൊറുക്കുമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മനുഷ്യനെ സംബന്ധിച്ച് സൂക്ഷ്മമായി അറിയുന്ന കരുണാവാരിധിയായ ജഗന്നിയന്താവ് മനുഷ്യജീവിതം എല്ലാവിധത്തിലും വിജയകരമായിത്തീരേണ്ടതിന് വേണ്ടി നല്‍കിയ മാര്‍ഗദര്‍ശനം അപ്രായോഗികമാകുന്ന പ്രശ്‌നമേയില്ല.