മരണപ്പെട്ട വ്യക്തിയുടെ മൂന്ന് പുത്രിമാരും മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പുണ്ടെങ്കില്‍ ക്വുർആനിക വിധിപ്രകാരം മക്കള്ക്കൊല്ലാംകൂടി അനന്തരസ്വത്തിന്റെ 2/3 ഭാഗവും (ക്വുർആന്‍ 4:11) മാതാപിതാക്കള്ക്ക് 1/3 ഭാഗവും (4:11) നല്കിക്കഴിഞ്ഞാല്‍ പിന്നെ സ്വത്തൊന്നും ബാക്കിയുണ്ടാവുകയില്ലല്ലോ. പിന്നെ ഭാര്യക്ക് ലഭിക്കേണ്ട 1/8 ഭാഗം സ്വത്ത് (4:12) എവിടെനിന്നാണ് കൊടുക്കുക? ക്വുർആനിലെ അനന്തരാവകാശ നിയമങ്ങള്‍ അപ്രായോഗികമാണെന്നല്ലേ ഇത് കാണിക്കുന്നത്?
-
- ഇസ്‌ലാമിന്റെ മൗലികപ്രമാണങ്ങള്‍ ഖുര്‍ആനും ഹദീഥുകളുമാണ്. നിയമനിര്‍ദേശങ്ങളെയോ കര്‍മാനുഷ്ഠാനങ്ങളെയോ കുറിച്ച് വിശദാംശങ്ങള്‍ ഖുര്‍ആനില്‍ വിവരിക്കപ്പെട്ടിട്ടില്ല. നമസ്‌കാരം, സക്കാത്ത്,നോമ്പ്, ഹജ്ജ് തുടങ്ങിയ അതിപ്രധാനങ്ങളായ അടിസ്ഥാനാരാധനകളുടെ പോലും വിശദാംശങ്ങള്‍ ഖുര്‍ആനിലില്ല. പ്രസ്തുത വിശദാംശങ്ങള്‍ വ്യക്തമാക്കപ്പെട്ടിട്ടുള്ളത് ഹദീഥുകളിലാണ്. അനന്തരാവകാശനിയമങ്ങളും തഥൈവ. ഖുര്‍ ആനിന്റെയും ഹദീഥുകളുടെയും അടിസ്ഥാനത്തില്‍ മാത്രമേ ഇസ്‌ലാമിലെ ഏതു നിയമവും പൂര്‍ണമായി നിര്‍ണയിക്കുവാന്‍ കഴിയൂവെന്ന് സാരം.
സൂറത്തുന്നിസാഇലെ 11, 12 സൂക്തങ്ങളില്‍ ദായക്രമത്തിന്റെ മൗലികതത്ത്വങ്ങള്‍ മാത്രമാണ് വിശദീകരിക്കപ്പെട്ടിരിക്കുന്നത്. ഈ തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ അനന്തരസ്വത്ത് എങ്ങനെ കണിശവും വ്യവസ്ഥാപിതവുമായി ഓഹരിവെക്കാമെന്ന് ഹദീഥുകളില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. ഖുര്‍ആനിന്റെ മൗലികതത്ത്വങ്ങള്‍ ലംഘിക്കാതെ ഓരോ അവസ്ഥകളിലും എങ്ങനെ സ്വത്ത് ഓഹരിവെക്കാമെന്ന് ഹദീഥ് വ്യാഖ്യാന ഗ്രന്ഥങ്ങളിലും കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലും വിശദമായി വിവരിക്കപ്പെട്ടിട്ടുണ്ട്.
അനന്തരാവകാശങ്ങള്‍ നിര്‍ണയിക്കപ്പെട്ട ഓഹരികള്‍ തികയാതെ വരുന്ന പല സന്ദര്‍ഭങ്ങളുമുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ഛേദം വര്‍ധിപ്പിച്ചുകൊണ്ട്, കമ്മി ഓരോ അവകാശിയും പങ്കിടുന്ന വിധത്തില്‍ ഓഹരികള്‍ അധികരിപ്പിക്കുകയാണ് വേണ്ടതെന്ന് കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിര്‍ണിത വിഹിതങ്ങള്‍ നല്‍കാന്‍ ഓഹരികള്‍ തികയാതെ വരുമ്പോള്‍ വീതാംശം പൂര്‍ത്തീകരിക്കാനായി ഛേദം വര്‍ധിപ്പിക്കുന്നതിനാണ് ‘ഔല്‍‘ എന്നു പറയുക. ‘ഔല്‍‘ എന്നാല്‍ ‘അധികരിക്കല്‍‘ എന്നര്‍ഥം. ഓഹരികള്‍ തികയാതെ വരുന്ന എല്ലാ സന്ദര്‍ഭങ്ങളിലും ഔല്‍ തത്ത്വമനുസരിച്ചാണ് സ്വത്ത് ഭാഗിക്കേണ്ടതെന്നാണ് ഇസ്‌ലാമിക വിധി.
കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ദായക്രമത്തില്‍ കടന്നുവരുന്ന അടിസ്ഥാന ഛേദങ്ങളെ ഏഴായി നിശ്ചയിച്ചിട്ടുണ്ട്. 2,3,4,6,8,12,24 എന്നിവയാണ് ഏഴ് അടിസ്ഥാന ഛേദങ്ങള്‍. ഇതില്‍ ഔലിന് വിധേയമാകുന്നവ 6,12,24 എന്നീ മൂന്നെണ്ണമാണ്. 2,3,4,8 തുടങ്ങിയ നാലു സംഖ്യകള്‍ ഛേദങ്ങളായി വരുന്ന അവസരങ്ങളില്‍, അവയുടെ അംശങ്ങള്‍ ഒരിക്കലും അവയേക്കാള്‍ അധികമാകാത്തതിനാല്‍, ഔല്‍ ആവശ്യമായി വരികയില്ല. അടിസ്ഥാനഛേദം 6 ആണെങ്കില്‍, ഔല്‍ ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍, അത് ഏഴോ, എട്ടോ, ഒമ്പതോ, പത്തോ ആക്കി വര്‍ധിപ്പിച്ചുകൊണ്ട് സ്വത്ത് വിഭജിക്കാവുന്നതാണ്. അടിസ്ഥാന ഛേദം പന്ത്രണ്ട് ആണെങ്കില്‍ പതിമൂന്നോ പതിനഞ്ചോ പതിനേഴോ ആക്കി വര്‍ധിപ്പിച്ചുകൊണ്ടും 24 ആണെങ്കില്‍ 27 ആക്കി വര്‍ധിപ്പിച്ചുകൊണ്ടുമാണ് ഔല്‍ ആവശ്യമായി വരുന്നുവെങ്കില്‍ സ്വത്ത് വിഭജിക്കേണ്ടത്. ഇങ്ങനെ, ദായക്രമത്തിലെ അംശവര്‍ധനവിനനുസരിച്ച് എങ്ങനെയെല്ലാമാണ് സ്വത്ത് വിഭജനം നടത്തേണ്ടതെന്ന് സൂക്ഷ്മവും വ്യക്തവുമായ രീതിയില്‍ കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.
ചോദ്യത്തില്‍ പ്രതിപാദിക്കപ്പെട്ട പ്രശ്‌നത്തില്‍ പെണ്‍മക്കളെല്ലാം കൂടി സ്വത്തിന്റെ 16/27 ഭാഗവും മാതാപിതാക്കള്‍ക്ക് 8/27 ഭാഗവും ഭാര്യക്ക് 3/27 ഭാഗവുമാണ് ലഭിക്കുക. അഥവാ 24 ആയിരുന്ന ഛേദത്തെ27 ആക്കി ഉയര്‍ത്തിക്കൊണ്ടാണ് ഇവിടെ സ്വത്ത് വിഭജനം നടത്തേണ്ടത്. ഖുര്‍ആനും അതിന്റെ വ്യാഖ്യാനമായ ഹദീഥുകളും ഒരുമിച്ച് പരിശോധിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കാണുക പ്രയാസകരമല്ല. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട് (33:21) എന്നും ‘സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക, ദൂതനെയും നിങ്ങളില്‍നിന്നുള്ള കൈകാര്യ കര്‍ത്താക്കളെയും അനുസരിക്കുക‘ (4:59) എന്നും പഠിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആനിന്റെ താല്‍പര്യംതന്നെയാണ് അത് പ്രതിപാദിപ്പിക്കുന്ന നിയമങ്ങളെ പ്രവാചക ചര്യയുടെയും അദ്ദേഹത്തിന്റെ സഖാക്കളുടെ വ്യാഖ്യാനങ്ങളുടെയും അടിസ്ഥാനത്തില്‍ മനസ്സിലാക്കുക എന്നത്. അങ്ങനെ മനസ്സിലാക്കുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരം കണ്ടെത്തുക പ്രയാസമുള്ള കാര്യമാവുകയില്ല.
ഒരു മകന്‍ മാത്രം അനന്തരാവകാശിയാവുകയാണെങ്കില്‍ അയാൾക്ക് പിതൃസ്വത്ത് മുഴുവനായി ലഭിക്കുമെന്നിരിക്കെ മകള്‍ മാത്രമാണ് അനന്തരാവകാശിയെങ്കില്‍ അവൾക്ക് പകുതി മാത്രവും ഒന്നിലധികം പെണ്മമക്കളുണ്ടെങ്കില്‍ അവർക്കെല്ലാം കൂടി പിതൃസ്വത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം മാത്രവുമാണ് ലഭിക്കുകയെന്ന ഖുര്ആനിക നിയമം വ്യക്തമായ അനീതിയല്ലേ?
ആണ്‍മക്കളില്ലാത്തവരുടെ അനന്തരാവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നമാണിത്. ഖുര്‍ആനിക ദായക്രമപ്രകാരം (4:11) മരണപ്പെട്ടയാള്‍ക്ക് ഒരേയൊരു പെണ്‍കുട്ടി മാത്രമാണുള്ളതെങ്കില്‍ അവള്‍ക്ക് സ്വത്തിന്റെ പകുതിയും ഒന്നിലധികമുണ്ടെങ്കില്‍ അവര്‍ക്കെല്ലാം കൂടി മൂന്നില്‍ രണ്ടു ഭാഗവുമാണ് ലഭിക്കുക. ബാക്കി അടുത്ത ബന്ധുക്കള്‍ക്കാണ് ലഭിക്കുക.
ഇത് ഖുര്‍ആനിക ദായക്രമത്തിലെ പുരുഷമേധാവിത്വമല്ല, പ്രത്യുത മനുഷ്യപ്രകൃതിയെക്കുറിച്ച് വ്യക്തമായി അറിയാവുന്നവനാണ് ഖുര്‍ആനിന്റെ കര്‍ത്താവെന്ന വസ്തുതയാണ് വ്യക്തമാക്കുന്നത്. മനുഷ്യര്‍ക്ക് ആത്യന്തികമായി ഗുണം ചെയ്യുന്ന കാര്യങ്ങളെന്തൊക്കെയാണെന്ന് വ്യക്തമായി അറിയാവുന്നവനാണ് ഖുര്‍ആനിന്റെ കര്‍ത്താവെന്ന യാഥാര്‍ഥ്യം വെളിപ്പെടുത്തുകയാണ് ഈ അനന്തരാവകാശ നിയമവുമെന്ന വസ്തുത അവധാനതയോടെ പ്രശ്‌നത്തെ സമീപിച്ചാല്‍ മനസ്സിലാകും
.മരണപ്പെട്ടയാളുടെ കുടുംബബന്ധങ്ങള്‍ മാത്രം പരിഗണിച്ചു കൊണ്ടല്ല ഖുര്‍ആന്‍ ദായക്രമം അനുശാസിക്കുന്നത്. മരണത്തിന് മുമ്പ് സ്വത്തിന്റെ അവകാശിക്ക് ലഭിക്കേണ്ട ശുശ്രൂഷയും സ്‌നേഹവാല്‍സല്യങ്ങളുമെല്ലാം ദായക്രമം നിശ്ചയിക്കുമ്പോള്‍ ഖുര്‍ആനിന്റെ പരിഗണനക്ക് വരുന്നുണ്ട്. അതോടൊപ്പംതന്നെ, പെണ്‍മക്കള്‍ മാത്രമുള്ള വ്യക്തിയുടെ മരണത്തിനുശേഷം പ്രസ്തുത സന്താനങ്ങളുടെ സംരക്ഷണ ചുമതലയും ഖുര്‍ആന്‍ സജീവമായി പരിഗണിക്കുന്നു. ഓഹരി നിശ്ചയങ്ങളെക്കുറിച്ച് പരാമര്‍ശിക്കവെ ഖുര്‍ആന്‍ പറയുന്ന ഒരു കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ‘നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ സന്താനങ്ങളിലും ഉപകാരം കൊണ്ട് നിങ്ങളോട് ഏറ്റവും അടുത്തവര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്റെ പക്കല്‍നിന്നുള്ള ഓഹരി നിര്‍ണയമാണിത്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു‘ (4:11).മനുഷ്യനെക്കുറിച്ച് സമഗ്രമായി അറിയാവുന്ന നാഥന്റെ നിയമനിര്‍ദേശങ്ങള്‍ സൂക്ഷ്മവും പ്രായോഗികവും മാനവികവുമായിരിക്കും. ഇത് വ്യക്തമാക്കുന്നതാണ് മുകളില്‍ പരാമര്‍ശിക്കപ്പെട്ട പ്രശ്‌നത്തില്‍ ഖുര്‍ആനിക വിധിയുമെന്നുള്ളതാണ് വസ്തുത.
താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധേയമാണ്.
ഒന്ന്: മാതാപിതാക്കളുടെ വാര്‍ധക്യകാലത്ത് അവരെ സംരക്ഷിക്കേണ്ടത് ആണ്‍മക്കളുടെ ബാധ്യതയാണ്: ആണ്‍മക്കളില്ലെങ്കില്‍ സഹോദരന്മാരോ അവരുടെ പുത്രന്മാരോ ആണ് വാര്‍ധക്യത്തിലെത്തിയവരെ സംരക്ഷിക്കേണ്ടത്.
രണ്ട്: വാര്‍ധക്യത്തിലിരിക്കുന്ന മാതാപിതാക്കള്‍ക്ക് ചെലവിനുകൊടുക്കുകയോ അവരെ സംരക്ഷിക്കുകയോ ചെയ്യേണ്ട ഉത്തരവാദിത്തം പെണ്‍മക്കളില്‍ ഇസ്‌ലാം ഭരമേല്‍പിക്കുന്നില്ല. അന്യകുടുംബങ്ങളില്‍ ഭര്‍ത്താക്കന്മാരോടും കുട്ടികളോടുമൊപ്പം കഴിയുന്ന പെണ്‍മക്കളില്‍ മാതാപിതാക്കളുടെ സംരക്ഷണമെന്ന ബാധ്യത ഏല്‍പിക്കുന്നത് പ്രായോഗികമല്ലെന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. വാര്‍ധക്യത്തിലെത്തിക്കഴിഞ്ഞവര്‍ക്ക് ആണ്‍മക്കളില്ലെങ്കില്‍ സഹോദരങ്ങളോ സഹോദരപുത്രന്മാരോ ആണ്, പെണ്‍മക്കളല്ല അവരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടത്.
മൂന്ന്: പിതാവിന്റെ മരണശേഷം പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ (വലിയ്യ്) സഹോദരങ്ങളാണ്. മരണപ്പെട്ടയാള്‍ക്ക് ആണ്‍കുട്ടികളില്ലെങ്കില്‍ അയാളുടെ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പിതൃസഹോദരങ്ങളോ അവരുടെ മക്കളോ അതല്ലെങ്കില്‍ അടുത്ത ബന്ധുക്കളോ ആണ്. മരണപ്പെട്ടയാളുടെ പെണ്‍കുട്ടികളെ വിവാഹം കഴിച്ച് പറഞ്ഞയക്കേണ്ട ബാധ്യത ഈ രക്ഷിതാക്കളിലാണ് നിക്ഷിപ്തമായിരിക്കുന്നത്. അവര്‍ വിധവകളാകുകയും അവരുടെ സന്തതികള്‍ അനാഥരാകുകയും ചെയ്താല്‍ അവരുടെ സംരക്ഷണവും ഈ ബന്ധുക്കളുടെ ബാധ്യതയാണ്. അവര്‍ വിവാഹമോചനം ചെയ്യപ്പെട്ടാല്‍ പുനര്‍വിവാഹത്തിനാവശ്യമായ സംവിധാനങ്ങള്‍ ചെയ്യേണ്ടതും അടുത്ത ബന്ധുക്കളായ രക്ഷിതാക്കളുടെ ഉത്തരവാദിത്തംതന്നെ.
ഈ വസ്തുതകളുടെ വെളിച്ചത്തിലാണ് ആണ്‍മക്കളില്ലാതെ മരണപ്പെടുന്നയാളുടെ അനന്തരാവകാശികളെക്കുറിച്ച് ഖുര്‍ആനിക നിയമങ്ങള്‍ പരിശോധനാവിധേയമാക്കേണ്ടത്്. അപ്പോഴാണ് അവ എത്രമാത്രം കുറ്റമറ്റതാണെന്ന് ബോധ്യമാവുക. യാതൊരു അവകാശങ്ങളും ഇല്ലാതെ ബാധ്യതകള്‍ മാത്രം ഏറ്റെടുക്കുവാന്‍ ബന്ധുക്കള്‍ സന്നദ്ധരായിക്കൊള്ളണമെന്നില്ല. പെണ്‍മക്കള്‍ മാത്രമുള്ള ഒരാളുടെ ബന്ധുക്കള്‍ക്ക് നിരവധി ബാധ്യതകള്‍ ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നുണ്ട്. അയാളുടെ വാര്‍ധക്യത്തിലെ സംരക്ഷണബാധ്യത ഈ ബന്ധുക്കളിലാണ് നിക്ഷിപ്തമായിരിക്കുന്നത്. അയാള്‍ക്ക് ജീവനാംശവും സ്‌നേഹപരിചരണങ്ങളും നല്‍കേണ്ടത് ഇവര്‍തന്നെയാണ്. അയാളുടെ മരണശേഷം പെണ്‍മക്കളുടെ രക്ഷിതാക്കളാവേണ്ടതും ഈ ബന്ധുക്കള്‍തന്നെ. പെണ്‍മക്കളോ അവരുടെ സന്താനങ്ങളോ നിരാലംബരാകുകയാണെങ്കില്‍ അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും ഈ ബന്ധുക്കള്‍ക്കാണ്. ഇങ്ങനെ, ആണ്‍മക്കളില്ലാത്ത ആളുടെ ബന്ധുക്കള്‍ക്ക് നിരവധി ബാധ്യതകളുണ്ട്. ഈ ബാധ്യതകള്‍ നല്‍കുന്നതോടൊപ്പം അയാളുടെ അനന്തര സ്വത്തില്‍ ചെറിയ അവകാശവും ബന്ധുക്കള്‍ക്ക് നല്‍കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. ഉത്തരവാദിത്തങ്ങളും അവകാശങ്ങളും പരസ്പര പൂരകമായി കാണുന്ന ഇസ്‌ലാമിക നിയമങ്ങളുടെ സവിശേഷതയാണ് ഇവിടെയും പ്രകടമാകുന്നത്.
ആണ്‍മക്കളില്ലാത്ത ചിലര്‍ തന്റെ സ്വത്ത് മുഴുവന്‍ പെണ്‍കുട്ടികള്‍ക്ക് ലഭിക്കാനായി ജീവിതകാലത്തു തന്നെ അവര്‍ക്ക് ഇഷ്ദാടനം ചെയ്യാറുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ദൈവിക വിധിവിലക്കുകള്‍ പാലിച്ചുകൊണ്ട് സ്വത്തിന്റെ ചെറിയൊരംശം അടുത്ത ബന്ധുക്കള്‍ക്കുകൂടി നല്‍കുന്നതാണ് തന്റെ വാര്‍ധക്യകാല സംരക്ഷണത്തിനും പെണ്‍മക്കളുടെ ഭാവിക്കും നല്ലതെന്ന വസ്തുതയാണ് അനുഭവങ്ങള്‍ കാണിക്കുന്നത്. നമ്മുടെ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറമുള്ള നന്മകളെയും തിന്മകളെയും കുറിച്ച് വ്യക്തവും കൃത്യവുമായി അറിയാവുന്ന സര്‍വശക്തന്റെ വിധിവിലക്കുകള്‍ അനുസരിക്കുന്നതിലൂടെ മാത്രമേ വ്യക്തിക്കും കുടുംബത്തിനുമെല്ലാം ശാന്തി കൈവരിക്കാന്‍ കഴിയുകയുള്ളൂവെന്നതല്ലോ വസ്തുത. ഖുര്‍ആന്‍ പറയുന്നത് എത്ര ശരി. ‘ഒരു കാര്യം നിങ്ങള്‍ വെറുക്കുകയും (യഥാര്‍ഥത്തില്‍) അത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങള്‍ക്ക് ഒരു കാര്യം ഇഷ്ടപ്പെടുകയും (യഥാര്‍ഥത്തില്‍) അത് നിങ്ങള്‍ക്ക് ദോഷകരമായിരിക്കുകയും ചെയ്‌തെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല‘ (2:216).
അനാഥ പൗത്രന് സ്വത്തവകാശം നല്കുവാന്‍ നിയമമില്ലാത്തതിനാല്‍ അവനെ വഴിയാധാരമാക്കണമെന്നാണോ ഇസ്‌ലാം വിവക്ഷിക്കുന്നത്? ഈ പ്രശ്‌നത്തില്‍ ഇസ്‌ലാമിന്റെ പരിഹാരമെന്താണ്?
- അന്തരാവകാശ നിയമങ്ങള്‍ മാത്രമല്ല ഇസ്‌ലാമിലുള്ളത്; സംരക്ഷണ നിയമങ്ങള്‍ കൂടിയുണ്ട്. ഈ നിയമങ്ങള്‍ രണ്ടും പരസ്പരം ബന്ധപ്പെട്ടാണ് ഇരിക്കുന്നത്. അനന്തരാവകാശത്തിന്റെ അടിസ്ഥാനംതന്നെ അന്യോന്യമുള്ള സംരക്ഷണ ബാധ്യതയാണ്. ഒരാളെ അവശതയില്‍ സംരക്ഷിക്കുവാന്‍ ബാധ്യസ്ഥനാരോ അയാള്‍ക്കാണ് സാധാരണ ഗതിയില്‍ അനന്തരാവകാശം ഉണ്ടാകുന്നത്. പിതാവിനെ സംരക്ഷിക്കാന്‍ പുത്രന്‍ ബാധ്യസ്ഥനാണ്. പുത്രനെ സംരക്ഷിക്കാന്‍ പിതാവും. മകനുണ്ടെങ്കില്‍ പിതാമഹനെ സംരക്ഷിക്കാന്‍ പൗത്രന്‍ ബാധ്യസ്ഥനല്ല; മകനില്ലെങ്കില്‍ ബാധ്യസ്ഥനാണുതാനും. (ഇതുകൊണ്ടുകൂടിയാണ് അനാഥപൗത്രന് നിയമപരമായി സ്വത്തില്‍ അവകാശമില്ലാത്തത്) പിതാവില്ലാത്ത കുട്ടികളെ സംരക്ഷിക്കേണ്ട ബാധ്യത പിതാമഹനാണുള്ളത്. അനാഥകളെ സംരക്ഷിക്കാതിരിക്കുന്നത് മതനിഷേധമായിട്ടാണ് ഖുര്‍ആന്‍ ഗണിച്ചിരിക്കുന്നത്.”മതനിഷേധിയെ നീ കണ്ടുവോ? അനാഥകളെ അവഗണിക്കുന്നവനാണവന്‍” (107:1,2).”അനാഥയെ നീ അടിച്ചമര്‍ത്തരുത്” (93:9).
”മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്മ ചെയ്യണം” (2:83).
അനാഥകളുടെ സമ്പത്ത് അന്യായമായി ഭക്ഷിക്കുന്നത് കൊടുംപാതകമാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.
”അനാഥകള്‍ക്ക് അവരുടെ സ്വത്തുക്കള്‍ നിങ്ങള്‍ വിട്ടുകൊടുക്കുക. നല്ലതിനു പകരം ദുഷിച്ചത് നിങ്ങള്‍ മാറ്റിയെടുക്കരുത്. നിങ്ങളുടെ ധനത്തോട് കൂട്ടിച്ചേര്‍ത്ത് അവരുടെ ധനം നിങ്ങള്‍ തിന്നുകളയുകയുമരുത്. തീര്‍ച്ചയായും അത് ഒരു കൊടുംപാതകമാകുന്നു” (4:2).
”ഏറ്റവും ഉത്തമമായ രൂപത്തിലല്ലാതെ നിങ്ങള്‍ അനാഥരുടെ സ്വത്തിനെ സമീപിച്ചുപോകരുത്. അവന് കാര്യപ്രാപ്തിയെത്തുന്നതുവരെ” (6:152).
അനാഥകളോട് അനാദരവ് കാണിക്കുന്ന യാതൊരുവിധ പ്രവര്‍ത്തനങ്ങളുമുണ്ടാവാന്‍ പാടില്ലെന്നാണ് നബി(ﷺ) പഠിപ്പിച്ചത്. അനാഥകളെ സംരക്ഷിക്കുന്നവന്‍ തന്നോടൊപ്പം സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്ന് സുവിശേഷമറിയിച്ച മുഹമ്മദ്(ﷺ) അനാഥയുടെ സ്വത്ത് അന്യായമായി ഭുജിക്കുന്നത് മഹാപാപങ്ങളിലൊന്നാണെന്ന മുന്നറിയിപ്പുകൂടി നല്‍കിയിട്ടുണ്ട്. കുടുംബബന്ധങ്ങളൊന്നുമില്ലാത്ത അനാഥകളെതന്നെ സംരക്ഷിക്കേണ്ടത് ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണ്. കുടുംബത്തില്‍പെട്ട അനാഥകളുടെ സ്ഥിതി പിന്നെ പറയേണ്ടതുണ്ടോ? അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പ്രധാനമായും പിതാമഹനിലാണ് നിക്ഷിപ്തമായിരിക്കുന്നത്. പിതാമഹന്‍ മരണപ്പെട്ടാല്‍ പിതൃവ്യനാണ് സംരക്ഷണമേറ്റെടുക്കേണ്ടത്.
അനാഥ പൗത്രനെ സംരക്ഷിക്കുന്നത് പിതാമഹനാണ്. അയാള്‍ക്കാവശ്യമായ എല്ലാം നല്‍കുന്നത് പിതാമഹനാണ്. അദ്ദേഹത്തിനറിയാം, അവന്റെ പ്രശ്‌നങ്ങളും പ്രയാസങ്ങളുമെന്തെല്ലാമാണെന്ന്. തന്റെ മരണശേഷം നിയമപ്രകാരം പൗത്രന് അനന്തരാവകാശമില്ലെന്നും അദ്ദേഹത്തിനറിയാം. അവന്റെ സംരക്ഷണത്തിനുവേണ്ടി തന്റെ സ്വത്തിന്റെ നല്ലൊരു ഭാഗം നീക്കിവെക്കുവാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്. ഇത്തരം ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് ഖുര്‍ആന്‍ ‘വസ്വിയ്യത്ത്‘നിര്‍ബന്ധമാക്കിയിട്ടുള്ളത്.
ചെയ്യുന്ന വ്യക്തിയുടെ മരണത്തോടെ ചെയ്യപ്പെടുന്ന വ്യക്തിക്ക് ഉടമസ്ഥാവകാശം ലഭിക്കുന്ന ദാനമാണ് വസ്വിയ്യത്ത്. വിശുദ്ധ ഖുര്‍ആന്‍ വസ്വിയ്യത്തിന് വളരെയേറെ പ്രാധാന്യം കല്‍പിച്ചിട്ടുണ്ട്.
”നിങ്ങളില്‍ ആര്‍ക്കെങ്കിലും മരണം ആസന്നമാകുമ്പോള്‍ അയാള്‍ ധനം വിട്ടുപോകുന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും വേണ്ടി ന്യായപ്രകാരം വസ്വിയ്യത്ത് ചെയ്യുവാന്‍ നിങ്ങള്‍ നിര്‍ബന്ധിതമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് ഒരു കടമയത്രേ അത്” (2:180).
ഏതു സമയത്തും മരണം കടന്നുവരാമെന്നും അത്് പ്രതീക്ഷിച്ചുകൊണ്ട് വസ്വിയ്യത്ത് എഴുതി വെക്കണമെന്നും പ്രവാചകന്‍(ﷺ) നിര്‍ദേശിച്ചതായും കാണാന്‍ കഴിയും (ബുഖാരി,മുസ്‌ലിം). വസ്വിയ്യത്തിന് ദൈവദൂതന്‍ അതിയായി പ്രോല്‍സാഹിപ്പിച്ചിരുന്നു. അത് ചെയ്യാതിരിക്കുന്നതിന് നിരുല്‍സാഹപ്പെടുത്തുകയും ചെയ്തിരുന്നു (അഹ്മദ്, തുര്‍മുദി,അബൂദാവൂദ്) ഇവയില്‍നിന്ന് വസ്വിയ്യത്തിന് ഇസ്‌ലാം വളരെയേറെ പ്രാധാന്യം കല്‍പിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കാനാവും.
ആകെ സ്വത്തിന്റെ മൂന്നിലൊന്നില്‍ അധികമാകാത്തവിധം വസ്വിയ്യത്ത് ചെയ്യാന്‍ ഒരാള്‍ക്ക് അവകാശമുണ്ട്. ആര്‍ക്കുവേണ്ടിയാണ് വസ്വിയ്യത്ത്? അനന്തരാവകാശികള്‍ക്കുവേണ്ടി വസ്വിയ്യത്ത് ചെയ്യാവതല്ലെന്നാണ് പ്രവാചകന്‍ (ﷺ) പഠിപ്പിച്ചിരിക്കുന്നത്.”പിന്തുടര്‍ച്ചക്കാരന് വസ്വിയ്യത്തില്ല” (അഹ്മദ്, തിര്‍മുദി).
പിന്നെയാര്‍ക്കുവേണ്ടിയാണ് വസ്വിയ്യത്ത് ചെയ്യേണ്ടത്? അത് തീരുമാനിക്കേണ്ടത് അത് ചെയ്യുന്ന വ്യക്തിയാണ്. പിന്തുടര്‍ച്ചക്കാരല്ലാത്ത അടുത്ത ബന്ധുക്കളെയാണ് ആദ്യമായി പരിഗണിക്കേണ്ടതെന്നാണല്ലോ നടേ ഉദ്ധരിച്ച ഖുര്‍ആന്‍ സൂക്തം (2.180) വ്യക്തമാക്കുന്നത്. അതില്‍ പ്രധാനമായും ഉള്‍പ്പെടുക അനാഥ പൗത്രന്‍തന്നെയായിരിക്കും. അനാഥരായ പൗത്രന്മാര്‍ക്ക് എത്ര സ്വത്ത് നല്‍കുവാനും പിതാമഹന് അവകാശമുണ്ട്. അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍തന്നെ ദാനമായി എത്രവേണമെങ്കിലും നല്‍കാം. ആകെ സ്വത്തിന്റെ മൂന്നിലൊന്നുവരെ വസ്വിയ്യത്തായും നല്‍കാം. അവകാശികള്‍ക്കും നിരാലംബരായി തീരുന്ന ആശ്രിതര്‍ക്കും നീതി നിഷേധിക്കുന്ന തരത്തിലാകരുത് ഇഷ്ടദാനവും വസ്വിയ്യത്തും എന്നു മാത്രമേയുള്ളൂ.
അനാഥ പൗത്രന്റെ കാര്യത്തില്‍ ഇസ്‌ലാം ചെയ്തിട്ടുള്ളത് ഇതാണ്. അയാളുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തം പിതാമഹനെ ഏല്‍പിച്ചു; പിതാമഹന്‍ മരിച്ചാല്‍ പിതൃവ്യനെയും. അയാളുടെ ആവശ്യങ്ങളും അവശതകളും മനസ്സിലാക്കി എത്ര സ്വത്ത് വേണമെങ്കിലും നല്‍കാനുള്ള സ്വാതന്ത്ര്യം പിതാമഹന് നല്‍കി. അയാളെക്കുറിച്ച് മറ്റാരെക്കാളും അറിയുക പിതാമഹനാണല്ലോ. അയാള്‍ക്കുവേണ്ടി – മറ്റു അവശര്‍ക്കും അശരണര്‍ക്കും വേണ്ടിയും – മൂന്നുലൊന്നുവരെ വസ്വിയ്യത്ത് ചെയ്യുവാനുള്ള അവകാശവും പിതാമഹന് നല്‍കി. പ്രസ്തുത വസ്വിയ്യത്ത് പ്രകാരമുള്ള സ്വത്ത് നീക്കിവെച്ച ശേഷം ബാക്കിയുള്ള സ്വത്തു മാത്രമേ അനന്തരാവകാശികള്‍ ഭാഗിച്ചെടുക്കാന്‍ പാടുള്ളൂവെന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചു.(4:11)അനാഥകള്‍ സ്വത്തിന് അവകാശികളായിത്തീരുമ്പോള്‍ പ്രായപൂര്‍ത്തിയെത്താത്തവരാണെങ്കില്‍ പ്രസ്തുത സ്വത്ത് സംരക്ഷിക്കാന്‍ അടുത്ത ബന്ധുക്കളെ ചുമതലപ്പെടുത്തുകയും അവര്‍ക്ക് കാര്യബോധമെത്തുമ്പോള്‍ കൈമാറണമെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്തു (4:6).
പിതാമഹന്‍ വസ്വിയ്യത്ത് ചെയ്തിട്ടില്ലെങ്കിലും പിതൃവ്യന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ അനാഥരായ പൗത്രനോ പൗത്രന്മാര്‍ക്കോ ന്യായമായ വിഹിതം നല്‍കുന്ന കാര്യം ദായധനം ഭാഗിച്ചെടുക്കുന്ന സമയത്ത് പരിഗണിക്കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ ഗൗരവപൂര്‍വം അനുശാസിച്ചിട്ടുണ്ട് (4:8,9).
നിയമത്തിന് അതിന്‍േറതായ ഒരു രീതിശാസ്ത്രമുണ്ട്. പ്രസ്തുത രീതിശാസ്ത്രമനുസരിക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. എന്നാല്‍,അതോടൊപ്പംതന്നെ നിയമത്തിന്റെ ഊരാക്കുടുക്കുകളില്ലാതെതന്നെ അനാഥപൗത്രന്റെ പ്രശ്‌നം പോലുള്ളവ അത് കൈകാര്യം ചെയ്യുകയും ചെയ്യുന്നു. ധര്‍മബോധത്തെ ഉത്തേജിപ്പിച്ചുകൊണ്ടാണ് ഇസ്‌ലാം ഇത് സാധിക്കുന്നത്. ഏറ്റവും പ്രായോഗികമായ മാര്‍ഗവും, ഇത്തരം വിഷയങ്ങളില്‍ അതുതന്നെയാണ്.
പരേതന്ന് പുത്രനുള്ളപ്പോള്‍ അനാഥ പൗത്രന്‍ അനന്തരാവകാശിയാവുകയില്ലെന്നാണോ ക്വുർആനിക നിയമം. ഇത് അന്യായവും അനാഥരോടുള്ള അനീതിയുമല്ലേ?
- ദായധനത്തെക്കുറിച്ച വിശുദ്ധ ഖുര്‍ആന്റെ സമീപനത്തിലേക്ക് ആഴത്തിലിറങ്ങിച്ചെല്ലാത്തതുകൊണ്ടുള്ള സംശയമാണ് ഇത്. ഇവ്വിഷയകമായ ഏറ്റവും ശാസ്ത്രീയവും നീതിയിലധിഷ്ഠിതവുമായ നിയമമാണ് ഖുര്‍ആന്‍ പ്രദാനം ചെയ്യുന്നതെന്നുള്ളതാണ് സത്യം.അനന്തരാവകാശത്തെക്കുറിച്ച് വിശദീകരിക്കുന്നത് സൂറത്തിന്നിസാഇലെ 11, 12 സൂക്തങ്ങളാണ്. പിതാവോ സന്താനങ്ങളോ ഇല്ലാത്ത വ്യക്തിയുടെ അനന്തരാവകാശത്തെക്കുറിച്ച് ഇതേ അധ്യായത്തിലെ അവസാനത്തിലെ സൂക്തത്തിലും (176) വിവരിക്കുന്നുണ്ട്. ഇവയില്‍നിന്നും പ്രവാചകചര്യയില്‍നിന്നുമാണ് ദായധനത്തെക്കുറിച്ച ഇസ്‌ലാമിക സമീപനം ഉരുത്തിരിഞ്ഞിരിക്കുന്നത്. പ്രസ്തുത സമീപനത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ താഴെ പറയുന്നവയാണ്.
1.ഒരാളുടെ സ്വത്തില്‍ അയാളുടെ ജീവിതകാലത്ത് അയാള്‍ക്കല്ലാതെ മറ്റൊരാള്‍ക്കും യാതൊരവകാശവുമില്ല.
2.അയാളുടെ ജീവിതകാലത്ത് മരിച്ചുപോയ പിന്തുടര്‍ച്ചക്കാര്‍ക്ക് അയാളുടെ അനന്തരസ്വത്തില്‍ അവകാശമൊന്നുമില്ല. (അനന്തര സ്വത്ത് രൂപപ്പെടുന്നതുതന്നെ അയാള്‍ മരിക്കുന്നതോടുകൂടിയാണല്ലോ. അതിനുമുമ്പ് അത് അയാളുടെ സ്വത്തു മാത്രമാണ്. അനന്തരസ്വത്തല്ല).
3.അയാളുടെ മരണസമയത്ത് ജീവിച്ചിരിക്കുന്ന പിന്തുടര്‍ച്ചക്കാര്‍ക്ക് മാത്രമേ അനന്തര സ്വത്തില്‍ അവകാശമുണ്ടാവുകയുള്ളൂ.
4.അനന്തരാവകാശത്തിന്റെ അടിസ്ഥാനമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത് അടുത്ത ബന്ധമാണ്. വിവാഹബന്ധവും രക്തബന്ധവും ഇതില്‍ ഉള്‍പ്പെടുന്നു.
5.അയാളുടെ അടുത്ത ബന്ധുക്കള്‍ അതേ താവഴിയിലെ അകന്ന ബന്ധുക്കളുടെ അവകാശം തടയും. (മാതാപിതാക്കള്‍,ഭാര്യാഭര്‍ത്താക്കന്മാര്‍,പുത്രപുത്രിമാര്‍ എന്നിവരാണ് അടുത്ത ബന്ധുക്കള്‍. ഇവരുടെ സാന്നിധ്യത്തില്‍ അതേ താവഴിയിലുള്ള മറ്റാരും അവകാശികളായി തീരുകയില്ല.)
6.വ്യക്തിയുടെ സാമ്പത്തികാവസ്ഥയോ അവശതയോ അല്ല,മരിച്ചയാളുമായുള്ള ബന്ധത്തിന്റെ സ്വഭാവമാണ് ദായധനവിഭജനത്തിലെ അംഗീകൃത മാനദണ്ഡം.
7.മരിച്ചയാളുടെ ബന്ധുക്കളായി ഏറ്റവും അടുത്ത കണ്ണികളില്ലെങ്കില്‍ അവകാശം തൊട്ടടുത്ത കണ്ണികളിലേക്ക് നീങ്ങുന്നു. പിതാവില്ലെങ്കില്‍ പിതാമഹനും പുത്രനില്ലെങ്കില്‍ പൗത്രനും പിന്തുടര്‍ച്ചാവകാശം ലഭിക്കുന്നത് ഇതുകൊണ്ടാണ്.
ഈ അടിസ്ഥാനതത്ത്വങ്ങളുടെ വെളിച്ചത്തില്‍ പിതാവ് ജീവിച്ചിരിക്കെ മരണപ്പെട്ട മക്കളുടെ മക്കള്‍ക്ക് അദ്ദേഹത്തിന്റെ മരണസമയത്ത് ജീവിച്ചിരിക്കുന്ന മക്കളുണ്ടെങ്കില്‍ നിയമപ്രകാരം ദായധനം ലഭിക്കുകയില്ല. കുടുംബ ശൃംഖലയുടെ ആദ്യത്തെ കണ്ണിയായ മക്കള്‍ ജീവിച്ചിരിക്കുന്നതിനാല്‍ രണ്ടാമത്തെ കണ്ണിയായ പൗത്രന്മാരിലേക്ക് അനന്തരാവകാശം എത്തുന്നില്ലെന്നതാണ് ഇതിന് കാരണം. ഇത് അനീതിയല്ലേ എന്നാണ് ചോദ്യം.
ദായധനത്തിന്റെ വിതരണത്തില്‍ സമ്പൂര്‍ണ നീതി നടപ്പാക്കാന്‍ നിയമങ്ങളെക്കൊണ്ട് കഴിയുമോ എന്ന മറുചോദ്യമാണ് ഇതിനുള്ള ആദ്യത്തെ മറുപടി. ഒരു നിയമവ്യവസ്ഥക്കും ഇക്കാര്യത്തില്‍ നൂറു ശതമാനം നീതി നടപ്പാക്കാന്‍ കഴിയില്ലെന്നതാണ് വസ്തുത. ഈ വസ്തുതക്ക് ഉപോദ്ബലകമായി അവതരിപ്പിക്കാവുന്ന ഏതാനും മോഡലുകള്‍ കാണുക.
1.പരേതന് രണ്ടു മക്കള്‍. ഒരാള്‍ വികലാംഗന്‍. മറ്റെയാള്‍ അരോഗദൃഢഗാത്രന്‍. ഒന്നാമത്തെയാള്‍ക്ക് അധ്വാനിക്കാനാവില്ല. രണ്ടാമന് അധ്വാനിച്ച് പണം സമ്പാദിക്കാം. എങ്ങനെ സ്വത്ത് ഓഹരിവെക്കും?അധ്വാനിക്കാന്‍ കഴിയുന്നവന് കുറച്ചും കഴിയാത്തവന് കൂടുതലുമായി ഓഹരിവെക്കുന്നതാണ് നീതി. ഏതെങ്കിലും വ്യവസ്ഥകള്‍ക്ക് ഈ നീതിയെ നിയമമാക്കുവാന്‍ കഴിയുമോ?
2.പരേതന് മൂന്നു മക്കള്‍. മൂത്തയാള്‍ നാല്‍പതുകാരന്‍. കച്ചവടക്കാരന്‍. പിതാവിന്റെ കച്ചവടത്തില്‍ സഹകാരിയായി തുടങ്ങി സ്വന്തമായി കച്ചവടത്തിലെത്തിച്ചേര്‍ന്നയാള്‍.രണ്ടാമത്തെയാള്‍ ഭിഷഗ്വരന്‍. പിതാവിന്റെ പണം ചെലവഴിച്ചുകൊണ്ടാണയാള്‍ പഠിച്ചത്. ഇന്നയാള്‍ പണം വാരുന്നു. മൂന്നാമന്‍ പതിനെട്ടുകാരന്‍. വിദ്യാര്‍ഥി. എവിടെയെങ്കിലുമെല്ലാം എത്തുന്നതിനുമുമ്പ് പിതാവ് മരിച്ചുപോയി. എങ്ങനെ സ്വത്ത് ഓഹരിവെക്കണം? മൂത്തവര്‍ രണ്ടും സ്വയം സമ്പാദിക്കുന്നവരാണ്. പിതാവിന്റെ സ്വത്തില്‍നിന്നാണവര്‍ സമ്പാദ്യം തുടങ്ങിയത്. ഇളയവനാകട്ടെ പിതാവ് ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സ്വത്തില്‍നിന്ന് കാര്യമായി ഒന്നും ലഭിച്ചില്ല. അപ്പോള്‍ ദായധനമെങ്കിലും ഇളയപുത്രന് കൂടുതല്‍ ലഭിക്കണമെന്നതാണ് നീതി. പക്ഷേ, ഈ നീതി നടപ്പാക്കുന്ന രീതിയില്‍ ദായധനം ഓഹരി വെക്കുന്നതിനാവശ്യമായ നിയമം ഉണ്ടാക്കുവാന്‍ കഴിയുമോ?
3.പരേതന് മൂന്നു മക്കള്‍. ഒരാള്‍ സമര്‍ഥന്‍. പണം കൊണ്ട് പണം വാരാന്‍ കഴിവുള്ളവന്‍. രണ്ടാമന്‍ സാമൂഹിക സേവകന്‍. പണം ചെലവഴിച്ച് മറ്റുള്ളവരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവന്‍. അവസാനത്തെയാള്‍ മഠയന്‍. കിട്ടിയ പണം സൂക്ഷിച്ചുവെച്ച് അതില്‍നിന്ന് മാത്രമായി ചെലവ് കണ്ടെത്തുന്നവന്‍. മൂന്നു പേര്‍ക്കും പത്തു രൂപ വീതം നല്‍കിയാല്‍ ഒന്നാമന്‍ അത് ഇരുപത് രൂപയാക്കും. രണ്ടാമന്‍ തനിക്കും അയല്‍ക്കാരനായ ദരിദ്രനും കൂടി ഒരു നേരത്തെ ഭക്ഷണം ഒരുക്കും,മൂന്നാമന്‍ രണ്ടു നേരത്തെ ഭക്ഷണം കഴിക്കും. ഇവര്‍ക്ക് മൂന്നുപേര്‍ക്കും ദായധനം ഒരേ പോലെ വീതിക്കുകയാണോ വേണ്ടത്? നീതിയതല്ല. പക്ഷേ, പ്രസ്തുത നീതി ഒരു നിയമക്രമത്തിലൂടെ നടപ്പാക്കുക പ്രായോഗികമല്ലെന്നു മാത്രം.
ദായധനത്തിന്റെയും മറ്റു സാമ്പത്തിക പ്രശ്‌നങ്ങളുടെയും കാര്യത്തില്‍ കേവല നിയമങ്ങള്‍ക്ക് എല്ലാ അര്‍ഥത്തിലുമുള്ള സമ്പൂര്‍ണ നീതി നടപ്പിലാക്കുവാന്‍ കഴിയുകയില്ലെന്ന വസ്തുതയാണ് ഇവിടെ വ്യക്തമാകുന്നത്. ഇസ്‌ലാം ഇത്തരം പ്രശ്‌നങ്ങളില്‍ കേവല നിയമങ്ങളെ മാത്രം ആശ്രയിച്ചുകൊണ്ടല്ല പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നത്. മനുഷ്യരുടെ ധര്‍മബോധത്തെ ഉത്തേജിപ്പിക്കുകയും പ്രയാസങ്ങളനുഭവിക്കുന്നവരോട് കരുണ കാണിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഇത്തരം കാര്യങ്ങളില്‍ നീതി നടപ്പാക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുന്നത്.
എന്തുകൊണ്ട് അനാഥ പൗത്രന് സ്വത്തവകാശം നല്‍കിക്കൊണ്ട് ഒരു നിയമം ഉണ്ടാക്കിക്കൂടാ? അത്തരം ഒരു നിയമം ഉണ്ടാക്കുന്നത് ദായധനക്രമത്തില്‍ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന അടിസ്ഥാനാശയങ്ങളെയെല്ലാം തകര്‍ത്തുകളയുമെന്നതാണ് യാഥാര്‍ഥ്യം.
അനാഥപൗത്രന് സ്വത്തവകാശം നല്‍കുന്നതിന് ഒരു മാര്‍ഗമേയുള്ളൂ. മരിച്ച മകന്‍ ജീവിച്ചിരിക്കുന്നതായി സങ്കല്‍പിക്കുക. അയാളുടെ സന്താനങ്ങളെ മരിച്ചയാളുടെ പ്രതിനിധികളാക്കി തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുക. എന്നിട്ട് മരിച്ച മകനു നല്‍കേണ്ട സ്വത്ത് അയാളുടെ മക്കള്‍ക്ക് വിഭജിച്ച് നല്‍കുക. ഒരാള്‍ക്ക് രണ്ടു മക്കളുണ്ട്, മൂത്ത മകന് മൂന്നും ഇളയവന് രണ്ടും മക്കള്‍ വീതമുണ്ട്. പിതാവ് ജീവിച്ചിരിക്കെ മൂത്തയാള്‍ മരിച്ചു. പിതാവ് മരിക്കുമ്പോള്‍ ഇളയമകനേയുള്ളൂ. അനന്തര സ്വത്തായി ആയിരം രൂപയുണ്ട്. ഇളയമകന്‍ അഞ്ഞൂറ് രൂപയെടുക്കുക. ബാക്കി അഞ്ഞൂറു രൂപ മരിച്ച മൂത്തമകന്റെ മൂന്നു മക്കള്‍ക്കും വിഭജിച്ച് നല്‍കുക. ഇതാണ് പൊതുവായി നിര്‍ദേശിക്കപ്പെടുന്ന പ്രാതിനിധ്യതത്ത്വം.
ഇസ്‌ലാമികദായക്രമത്തില്‍ ഈ പ്രാതിനിധ്യതത്ത്വം എന്തുമാത്രം പ്രായോഗികമാണ്? അനന്തരാവകാശ വ്യവസ്ഥയിലെവിടെയെങ്കിലും പ്രാതിനിധ്യതത്ത്വം അംഗീകരിക്കുകയാണെങ്കില്‍ അതിന്റെ എല്ലാ വശങ്ങളിലും അതു നടപ്പാക്കേണ്ടിവരുമെന്ന വസ്തുത മറക്കരുത്. ഇത് എത്രമാത്രം ശരിയാവും? പരിശോധിക്കുക. ഏതാനും ചില കാര്യങ്ങള്‍ കാണുക:
1.ഭാര്യയുടെ അനന്തര സ്വത്തില്‍ ഭര്‍ത്താവിന് അവകാശമുണ്ട്. സന്തതിയുണ്ടെങ്കില്‍ നാലിലൊന്നും ഇല്ലെങ്കില്‍ പകുതിയുമാണ് അയാളുടെ അവകാശം. ഭാര്യ മരിക്കുന്നതിനു മുമ്പ് ഭര്‍ത്താവ് മരിച്ചുവെന്ന് കരുതുക. പ്രാതിനിധ്യതത്ത്വം അംഗീകരിക്കുകയാണെങ്കില്‍ ഭാര്യയുടെ അനന്തര സ്വത്തില്‍ ഭര്‍ത്താവിന്റെ പിതാവ്,മാതാവ്, മറ്റു ഭാര്യമാരിലുള്ള മക്കള്‍ എന്നിവര്‍ക്കെല്ലാം അവകാശമുണ്ടായിരിക്കും.
2.ഭര്‍ത്താവിന്റെ അനന്തരസ്വത്തില്‍ ഭാര്യക്കുള്ള അവകാശത്തിന്റെ സ്ഥിതിയും ഇതുതന്നെ. ഭാര്യയുടെ മരണശേഷമാണ് ഭര്‍ത്താവിന്റെ മരണമെങ്കില്‍ അവളുടെ വിഹിതം അവളുടെ മാതാവ്,പിതാവ് തുടങ്ങിയ ബന്ധുക്കള്‍ക്ക് നല്‍കേണ്ടിവരും.
3.മക്കളുടെ സ്വത്തില്‍ പിതാക്കന്മാര്‍ക്ക് അവകാശമുണ്ട്. മകന്റെ മുമ്പ് പിതാവ് മരണപ്പെട്ടു എന്ന് കരുതുക. പിതാവിന് വേറെയും മക്കളുണ്ട്താനും. മകന് മക്കളുണ്ടെങ്കിലും അയാളുടെ മരണശേഷം പിതാവ് ജീവിച്ചിരിക്കുന്നുവെങ്കില്‍ അയാള്‍ക്ക് ലഭിക്കുമായിരുന്ന അനന്തരാവകാശ സ്വത്ത് അയാളുടെ അടുത്ത ബന്ധുക്കള്‍ക്ക് നല്‍കേണ്ടിവരും.
4.മാതാക്കള്‍ക്ക് മക്കളുടെ സ്വത്തിലുള്ള അവകാശത്തിന്റെ അവസ്ഥയും ഇതുതന്നെ. മകനുമുമ്പ് മാതാവ് മരിച്ചിട്ടുണ്ടെങ്കിലും അവരുടെ അടുത്ത ബന്ധുക്കള്‍ക്ക് മകന്റെ സ്വത്തില്‍ അവകാശമുണ്ടെന്ന അവസ്ഥയാണ് പ്രാതിനിധ്യതത്ത്വം അംഗീകരിച്ചാല്‍ വന്നുചേരുക.
പ്രാതിനിധ്യതത്ത്വം അംഗീകരിക്കുന്നത് ദായക്രമത്തില്‍ അസന്തുലിതത്വം ഉണ്ടാകുന്നതിന് നിമിത്തമാകും. ഒരാള്‍ക്ക് രണ്ടു മക്കള്‍,രണ്ടുപേരും മരിച്ചു. ഒരു മകന് ഒരു പുത്രനും മറ്റേയാള്‍ക്ക് രണ്ടു പുത്രന്മാരുമാണുള്ളത്. പിതാമഹന്റെ സ്വത്തില്‍ ഇസ്‌ലാമികദായധന വിതരണക്രമപ്രകാരം മൂന്നു പൗത്രന്മാര്‍ക്കും ഒരേ അവകാശമാണുണ്ടാവുക. പ്രാതിനിധ്യ സിദ്ധാന്തം അംഗീകരിക്കുകയാണെങ്കില്‍ സഹോദരനില്ലാത്ത പൗത്രന് ലഭിക്കുന്നതിന്റെ പകുതി മാത്രമേ അയാളുടെ പിതൃവ്യന്റെ മക്കളില്‍ ഓരോരുത്തര്‍ക്കും ലഭിക്കുകയുള്ളൂ. ഒരാളുമായി ഒരേബന്ധം പുലര്‍ത്തുന്ന വ്യത്യസ്ത വ്യക്തികള്‍ക്ക് വ്യത്യസ്ത രൂപങ്ങളില്‍ അവകാശം നല്‍കുന്നത് ദായക്രമത്തില്‍ അസന്തുലിതത്വം സൃഷ്ടിക്കുമെന്ന് പറയേണ്ടതില്ല.
ഒരു നിയമമെന്ന നിലയ്ക്ക് പ്രാതിനിധ്യതത്ത്വം അംഗീകരിക്കുമ്പോഴുള്ള പ്രായോഗിക പ്രശ്‌നങ്ങളാണ് മുകളില്‍ വിവരിച്ചത്. ഇതുകൊണ്ടായിരിക്കാം മക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ പേരക്കുട്ടികള്‍ക്ക് സ്വത്തില്‍ അവകാശം നല്‍കുന്ന രീതിയിലുള്ള ഒരു നിയമം ഖുര്‍ആന്‍ കൊണ്ടുവരാതിരുന്നത്. ഒരു നിയമം കൊണ്ടുവരുമ്പോള്‍ അതിന്റെ പ്രായോഗികമായ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കേണ്ടതുണ്ടല്ലോ. പൗത്രന് സ്വത്തവകാശം ഒരു നിയമനിര്‍മാണം വഴി കൊണ്ടുവരികയാണെങ്കില്‍, ഇസ്‌ലാമിക ദായക്രമത്തിന്റെ അടിത്തറ തകരുകയും അത് അപ്രായോഗികമായി തീരുകയും ചെയ്യുമായിരുന്നു. നിയ മങ്ങളുടെ വരുംവരായ്കകളെക്കുറിച്ച് വ്യക്തമായി അറിയുന്നവനാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത് എന്ന സത്യമാണ് ഇവിടെ നമുക്ക് വ്യക്തമാകുന്നത്.
അനന്തര സ്വത്തില്‍ പുരുഷന് സ്ത്രീയുടേതിന്റെ ഇരട്ടി അവകാശമുണ്ടെന്നാണല്ലോ ഖുര്ആന്‍ അനുശാസിക്കുന്നത്. ഇത് വ്യക്തമായ വിവേചനമല്ലേ?
സത്യത്തില്‍, സ്ത്രീകള്‍ക്ക് അനന്തരസ്വത്ത് നല്‍കുവാന്‍ ആഹ്വാനം ചെയ്യുന്ന ഏക മതഗ്രന്ഥമാണ് ഖുര്‍ആന്‍. പരിഷ്‌കൃതമെന്നു വിശേഷിപ്പിക്കപ്പെടുന്ന പല രാജ്യങ്ങളും ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണ് സ്ത്രീക്ക് അനന്തര സ്വത്തില്‍ അവകാശം നല്‍കിയത്. ഖുര്‍ആനാകട്ടെ ഏഴാം നൂറ്റാണ്ടില്‍തന്നെ അസന്നിഗ്ധമായി പ്രഖ്യാപിച്ചു.”മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും അവകാശമുണ്ട്” (4:7).
ബൈബിള്‍ പഴയനിയമപ്രകാരം പുത്രന്മാരുണ്ടെങ്കില്‍ അവര്‍ക്കു മാത്രമാണ് അനന്തര സ്വത്തില്‍ അവകാശമുള്ളത്. മരിച്ചയാളുടെ സ്വത്തുക്കള്‍ മക്കള്‍ക്കാണ് ഭാഗിച്ചുകൊടുക്കപ്പെടുന്നതെന്ന് സൂചിപ്പിക്കുന്ന വചനങ്ങള്‍ കാണാനാവും (ആവര്‍ത്തനം 21:15-17). പുത്രന്മാരില്ലെങ്കില്‍ പുത്രിമാര്‍ക്ക് അവകാശം നല്‍കണമെന്ന് നിര്‍ദേശമുണ്ട്. ”പുത്രനില്ലാതെ മരിക്കുന്നയാളുടെ പിന്തുടര്‍ച്ചാവകാശം പുത്രിക്കു ലഭിക്കുമാറാകണം” (സംഖ്യ 27:8). വിധവയ്ക്കുപോലും ഭര്‍ത്താവിന്റെ സ്വത്തില്‍ അവകാശമുണ്ടായിരുന്നില്ല (റവ. എ.സി. ക്ലെയ്റ്റണ്‍: ബൈബിള്‍ നിഘണ്ടു, പുറം 113).
ബൈബിള്‍ പുതിയ നിയമത്തിലാകട്ടെ ദായക്രമത്തെക്കുറിച്ച് പുതിയ നിയമങ്ങളൊന്നുംതന്നെ കാണാന്‍ കഴിയുന്നില്ല. ക്രൈസ്തവസഭ പൊതുവെ ഇക്കാര്യത്തില്‍ പഴയ നിയമത്തിലെ കല്‍പനകള്‍ അനുസരിക്കുകയായിരുന്നു ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ക്രൈസ്തവ ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഈ അടുത്ത കാലംവരെ അനന്തരാവകാശം മാത്രമല്ല, സ്വത്തു സമ്പാദിക്കുവാന്‍ വരെ സ്ത്രീകള്‍ക്ക് അവകാശം നല്‍കപ്പെട്ടിരു ന്നില്ല. സ്വന്തം പേരില്‍ സ്വത്ത് സമ്പാദിക്കാന്‍ ന്യൂയോര്‍ക്കിലെ സ്ത്രീകളെ അനുവദിക്കുന്നത് 1848-ലാണ്. 1850-ലാണ് അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകള്‍ക്ക് അനന്തരാവകാശം നല്‍കുന്ന നിയമം പ്രാബല്യത്തിലായത്.
പുരുഷന്റെ സ്വകാര്യ സ്വത്തായി സ്ത്രീയെ കണക്കാക്കുകയും അതുപ്രകാരമുള്ള നിയമങ്ങളാവിഷ്‌കരിക്കുകയും ചെയ്യുന്ന ഹൈന്ദവഗ്രന്ഥങ്ങള്‍ അവളെ അനന്തര സ്വത്തില്‍ പങ്കാളിയാക്കുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുന്നുപോലുമില്ല. ഭര്‍ത്താവിനു ദാനം ചെയ്യാനും വില്‍ക്കാനും ഉപയോഗിക്കുവാനുമെല്ലാം അവകാശമുള്ള സ്വകാര്യ സ്വത്താണ് ഭാര്യ എന്നാണ് ഇതിഹാസകഥകള്‍ വായിച്ചാല്‍ നമുക്ക് ബോധ്യപ്പെടുക. അതിഥി പൂജക്കുവേണ്ടി സ്വന്തം ഭാര്യയെ നല്‍കുന്ന സുദര്‍ശനനും (മഹാഭാരതം അനുശാസനപര്‍വം) ഭാര്യയെ വസിഷ്ഠന് നല്‍കുന്ന മിത്രസഹനും (ശാന്തിപര്‍വം) നല്‍കുന്ന സൂചനയിതാണ്. പിതാവിന്റെ സ്വത്തില്‍ പെണ്‍മക്കള്‍ക്ക് അവകാശമുള്ളതായി സൂചിപ്പിക്കുന്ന വചനങ്ങളൊന്നും ഹിന്ദുമതഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയില്ല. പുത്രന്മാരാണ് അനന്തര സ്വത്തില്‍ അവകാശികളായിട്ടുള്ളവരെന്നാണ് മനുസ്മൃതിയുടെ നിയമം.
ഉൗര്‍ദ്ധ്വം പിതുശ്ച മാതുശ്ച സമേത്യ ഭ്രാതരഃ സ്സമം
ഭജേരന്‍ പൈതൃകം രിക്ഥമനീശാസ്‌തേ ഹി ജീവതൊ (9:104)
(മാതാപിതാക്കള്‍ രണ്ടുപേരും മരിച്ചശേഷം പുത്രന്മാരെല്ലാം ഒന്നുചേര്‍ന്ന് അവരുടെ സമ്പാദ്യം വിഭജിച്ച് എടുക്കണം. എന്തുകൊണ്ടെന്നാല്‍ മാതാപിതാക്കന്മാര്‍ ഇരിക്കുമ്പോള്‍ അവരുടെ ധനം പുത്രന്മാര്‍ക്കു സ്വാധീനമല്ല).
മാതാപിതാക്കളുടെ സ്വത്തില്‍ പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കുമുള്ള അവകാശം ഖുര്‍ആന്‍ അംഗീകരിക്കുന്നു. പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും മാത്രമല്ല, മാതാപിതാക്കള്‍ക്കും ഭാര്യാഭര്‍ത്താക്കന്മാര്‍ക്കും സഹോദരീസഹോദരന്മാര്‍ക്കുമെല്ലാം മരണപ്പെട്ടയാളുടെ സ്വത്തിലുള്ള അവകാശം എത്രയാണെന്നും എങ്ങനെയാണെന്നുമെല്ലാം ഖുര്‍ആന്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഇതിന്റെ ഭാഗം മാത്രമാണ് പുത്രന്റെയും പുത്രിയുടെയും അവകാശം. അനന്തരാവകാശത്തെക്കുറിച്ച് വിശദമായി വിവരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ (4:11,12) തുടക്കം ഇങ്ങനെയാണ്: ”നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു. ആണിന് രണ്ട് പെണ്ണിന്‍േറതിന് തുല്യമായ ഓഹരിയാണുള്ളത്” (4:11) മരിച്ചയാളുടെ പുത്രന് പുത്രിക്കു ലഭിക്കുന്നതിന്റെ ഇരട്ടി സ്വത്ത് അനന്തരമായി ലഭിക്കുമെന്ന് സാരം.
ഇത് സ്ത്രീകളോടുള്ള അവഗണനയാണോ? പുരുഷപക്ഷപാതം പ്രകടിപ്പിക്കുന്ന നിയമമാണോ? വിധി പറയുന്നതിനുമുമ്പ് താഴെ പറയുന്ന വസ്തുതകള്‍ മനസ്സിലാക്കുക.
ഒന്ന്: സ്ത്രീക്ക് സ്വത്ത് സമ്പാദിക്കുവാനുള്ള അവകാശം ഖുര്‍ആന്‍ അംഗീകരിക്കുന്നു. എത്ര വേണമെങ്കിലും സമ്പാദിക്കാം. പ്രസ്തുത സമ്പാദ്യത്തില്‍ പുരുഷന് യാതൊരു അവകാശവുമില്ല. അവളുടെ സമ്പാദ്യം അവളുടേതു മാത്രമാണ്.
രണ്ട്: സ്ത്രീയുടെയോ കുട്ടികളുടെയോ മാതാപിതാക്കളുടെയോ സംരക്ഷണത്തിനുള്ള ഉത്തരവാദിത്തം ഒരു പരിതസ്ഥിതിയിലും സ്ത്രീയുടെ ബാധ്യതയായിത്തീരുന്നില്ല. എത്രതന്നെ സമ്പത്തുള്ളവളായിരുന്നാലും തന്റെയും മക്കളുടെയും മാതാപിതാക്കളുടെയും ഭര്‍ത്താവിന്റെയും ചെലവ് വഹിക്കാന്‍ സ്ത്രീക്ക് ബാധ്യതയില്ലെന്നര്‍ഥം.
മൂന്ന്: വിവാഹാവസരത്തില്‍ വരനില്‍നിന് വിവാഹമൂല്യം നേടിയെടുക്കുവാന്‍ സ്ത്രീക്ക് അവകാശമുണ്ട്. പ്രസ്തുത വിവാഹമൂല്യം (മഹ്ര്‍) അവളുടെ സമ്പത്തായാണ് ഗണിക്കപ്പെടുന്നത്.
നാല്: കുടുംബത്തിന്റെ സംരക്ഷണം പുരുഷന്റെ ബാധ്യതയാണ്. ഭാര്യയുടെയും കുട്ടികളുടെയും ചെലവുകള്‍ വഹിക്കാന്‍ പുരുഷന്‍ ബാധ്യസ്ഥനാണ്. മാതാപിതാക്കളെയും അടുത്ത ബന്ധുക്കളെയും സംരക്ഷിക്കേണ്ട ബാധ്യതയും പുരുഷന്റെതുതന്നെ. എല്ലാവിധ സാമ്പത്തിക ബാധ്യതയും പുരുഷനാണുള്ളതെന്നര്‍ഥം.
അഞ്ച്: ഭാര്യ എത്രതന്നെ വലിയ പണക്കാരിയാണെങ്കിലും അവളുടെ സ്വത്തില്‍നിന്ന് അവളുടെ അനുവാദമില്ലാതെ ഒന്നും എടുത്തുപയോഗിക്കുവാന്‍ ഭര്‍ത്താവിന് അവകാശമില്ല.
ഇനി പറയൂ, സ്ത്രീയോട് നീതി പുലര്‍ത്തുകയാണോ അതല്ല വിവേചനം കാണിക്കുകയാണോ എന്താണ് ഖുര്‍ആന്‍ ചെയ്തിട്ടുള്ളത്?
സ്ത്രീക്ക് ലഭിക്കുന്ന അനന്തരസ്വത്ത് അവളുടേത് മാത്രമാണ്. മറ്റാര്‍ക്കും അതില്‍ യാതൊരു പങ്കുമില്ല. പുരുഷന് ലഭിക്കുന്നതോ?അവന്‍ വിവാഹമൂല്യം നല്‍കണം, സ്ത്രീയുടെ സംരക്ഷണം ഏറ്റെടുക്കണം, അവള്‍ക്കും കുട്ടികള്‍ക്കുമുള്ള ചെലവുകള്‍ വഹിക്കണം. എല്ലാം പുരുഷന്റെ ഉത്തരവാദിത്തം. അപ്പോള്‍ സ്ത്രീയെയാണോ പുരുഷനെയാണോ ഖുര്‍ആന്‍ കൂടുതല്‍ പരിഗണിച്ചിരിക്കുന്നത്?
സാമ്പത്തിക ബാധ്യതകള്‍ പുരുഷനില്‍ നിക്ഷിപ്തമാക്കുന്ന മറ്റു മതഗ്രന്ഥങ്ങളെല്ലാം പ്രസ്തുത ബാധ്യതകള്‍ക്കു പകരമായി അനന്തരാവകാശം പുരുഷനില്‍ പരിമിതപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ഖുര്‍ആനാകട്ടെ എല്ലാ സാമ്പത്തിക ബാധ്യതകളും പുരുഷനാണെന്ന് പഠിപ്പിക്കുന്നതോടൊപ്പംതന്നെ സ്ത്രീക്ക് അനന്തരാവകാശം നല്‍കുകയും ചെയ്യുന്നു. പുരുഷന്റെ പകുതി അനന്തരസ്വത്ത് നല്‍കിക്കൊണ്ട് അത് അവളെ ബഹുമാനിക്കുകയാണ് ചെയ്തിരിക്കുന്നത്.
ഖുര്‍ആനിന്റെതല്ലാത്ത ഏത് നിര്‍ദേശമാണ് ഈ രംഗത്ത് വിമര്‍ശകരുടെ കൈവശമുള്ളത്? രണ്ട് നിര്‍ദേശങ്ങള്‍ ഉന്നയിക്കപ്പെടാം.
1.സ്ത്രീക്ക് പുരുഷന്റെ ഇരട്ടി സ്വത്ത് നല്‍കുക. സാമ്പത്തിക ബാധ്യതകള്‍ സ്ത്രീയില്‍ നിക്ഷപ്തമാക്കുക.
2.സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യാവകാശം നല്‍കുക. സാമ്പത്തിക ബാധ്യതകള്‍ തുല്യമായി വീതിച്ചെടുക്കുക.
ഈ രണ്ട് നിര്‍ദേശങ്ങളിലും സാമ്പത്തിക ബാധ്യതകള്‍ സ്ത്രീയില്‍ കെട്ടിയേല്‍പിക്കുകയാണ് ചെയ്യുന്നത്. സ്‌ത്രൈണപ്രകൃതിക്ക് വിരുദ്ധമായ ഒരു ആശയമാണിത്. ഗര്‍ഭകാലത്തും പ്രസവകാലത്തുമെല്ലാം പുരുഷന്റെ പരിരക്ഷയും സഹായവുമാണ് അവള്‍ കാംക്ഷിക്കുന്നത്. സാമ്പത്തിക ബാ ധ്യതകള്‍ ഒരു നിയമമെന്ന നിലയില്‍ സ്ത്രീയുടെ ചുമലില്‍ വെക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കു കാരണമാകും. അതുകൊണ്ട് സ്ത്രീക്ക് ഏറ്റവും അനുഗുണമായ നിയമംതന്നെയാണ് സ്വത്തവകാശത്തിന്റെ വിഷയത്തില്‍ ഖുര്‍ആന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.