പ്രാരംഭാദ്ധ്യായത്തിലെ പ്രാർത്ഥനയോടെ നാം ഖുർആനിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. 'സ്തുതികളെല്ലാം അർഹിക്കുന്നവനായ സർവ്വ ലോകങ്ങളുടെയും രക്ഷിതാവും പരമകാരുണികനും കരുണാനിധിയും പ്രതിഫലനാളിന്റെ ഉടമസ്ഥനും ഒരേയൊരു ആരാധനാമൂർത്തിയും ആത്യന്തികമായ സഹായദാതാവുമായ അല്ലാഹുവിനോട് അവൻ അനുഗ്രഹിച്ചവരുടെ മാർഗത്തിലൂടെ നയിക്കുവാനും അവൻ കോപിച്ചവരുടെയും വഴിതെറ്റിയവരുടെയും പാതയിൽ നിന്ന് അകറ്റുവാനും പ്രാർത്ഥിച്ചുകൊണ്ടാണ് നാം ഖുർആനിനകത്തേക്ക് കടന്നത്. നാം പടച്ചവനോട് ചോദിച്ചത് മാർഗദർശനമാണ്. അവൻ അനുഗ്രഹിച്ചവരുടെ മാർഗത്തിലൂടെ നയിക്കണമെന്നാണ്; അവർ കോപിച്ചവരുടെ പാതയിൽ നിന്നും വഴിപിഴച്ചവരുടെ പാന്ഥാവിൽ നിന്നും രക്ഷിക്കേണമേയെന്നാണ്. നേരായ മാർഗത്തിലൂടെ ചരിക്കണമെങ്കിൽ നാഥന്റെ ആന്തരികവും ബാഹ്യവുമായ അനുഗ്രഹങ്ങൾ വേണം. നന്മയുടെ പാതയേതാണെന്ന് അറിഞ്ഞു കഴിഞ്ഞാൽ അത് സ്വീകരിക്കുവാനുള്ള മനസ്സുണ്ടാകുന്നതാണ് ആന്തരികമായ അനുഗ്രഹം. സത്യമാർഗം കാണാനും മനസ്സിലാക്കാനുമുള്ള അവസരമുണ്ടാവുകയാണ് ബാഹ്യമായ അനുഗ്രഹം. ഈ രണ്ട് അനുഗ്രഹങ്ങളും ആഗ്രഹിച്ചുകൊണ്ടും അവയ്ക്കായി പ്രാർത്ഥിച്ചുകൊണ്ടും ഖുർആനിനകത്തേക്ക് പ്രവേശിക്കുന്നവരെ സമ്പൂർണമായി സംതൃപ്തമാക്കുന്ന അധ്യായമാണ് സൂറത്തുൽ ബഖറ. രണ്ട് തരം അനുഗ്രഹങ്ങളുടെയും സംഗമസ്ഥാനമാണ് ഖുർആൻ എന്ന പ്രഖ്യാപനം കൊണ്ടാരംഭിക്കുന്ന അൽ ബഖറ യഥാർത്ഥത്തിൽ ഫാതിഹയുടെ തുടർച്ചയായാണ് അനുവാചകന് അനുഭവപ്പെടുക. ആന്തരാനുഗ്രഹമായ ഭയഭക്തിയുൾക്കൊള്ളാൻ കഴിഞ്ഞിട്ടുള്ളവർക്കുള്ള ബാഹ്യാനുഗ്രഹമായ മാർഗദർശകവെളിപാടാണ് ഈ ഗ്രന്ഥമെന്ന പ്രഖ്യാപനത്തോടെ തുടങ്ങുന്ന അൽ ബഖറ, ഫാത്തിഹയുടെ ഒടുക്കത്തിലെ വിശ്വാസിയുടെ പ്രാർത്ഥനക്കുള്ള ഉത്തരമാണ്; ദൈവികമായ മറുപടി!
ഖുർആനിലെ ഏറ്റവും വലിയ അധ്യായമാണ് സൂറത്തുൽ ബഖറ. 286 ആയത്തുകളും 6,201വാക്കുകളും 25,500 അക്ഷരങ്ങളുമുള്ള ബ്രഹത്തായ സൂറത്ത്. പ്രവാചകന്റെ മദീനാജീവിതത്തിന്റെ തുടക്കത്തിലാണ് ഇതിലെ മിക്ക ആയത്തുകളും അവതരിക്കപ്പെട്ടത്; അവസാനത്തിൽ അവതരിപ്പിക്കപ്പെട്ട ചുരുക്കം ചില ആയത്തുകളും ഈ അധ്യായത്തിലുണ്ട്. ആകാശാരോഹണസന്ദർഭത്തിലാണ് ബഖറയുടെ അവസാനസൂക്തങ്ങൾ പ്രവാചകന്ന് അവതരിപ്പിക്കപ്പെട്ടതെന്ന് അബ്ദുല്ലാഹി ബ്നു ഉമർ (റ) പറഞ്ഞതായി സ്വഹീഹ് മുസ്ലിമിൽ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. (കിതാബുൽ ഈമാൻ) അതുകൊണ്ട് തന്നെയായിരിക്കണം, ഈ വചനങ്ങൾക്ക് പ്രത്യേകമായ പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവാചകവചനങ്ങൾ കാണാനാവുന്നത്. "ആരെങ്കിലും രാത്രിയിൽ സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ പാരായണം ചെയ്താൽ അത് അവർക്ക് മതിയാകുന്നതാണ്" എന്ന് പ്രവാചകൻ (സ) പറഞ്ഞതായി അബൂ മസ്ഊദുൽ അൻസാരിയിൽ നിന്ന് ബുഖാരിയടക്കമുള്ള പ്രമുഖമായ ഹദീഥ് സമാഹാരങ്ങളെല്ലാം നിവേദനം ചെയ്തിട്ടുണ്ട്. (ബുഖാരി, അബൂദാവൂദ്, തിർമിദി, ഇബ്നു മാജ, നസാഈ)
സൂറത്തുൽ ബഖറയുടെ പാരായണത്തിന് പ്രവാചകൻ (സ) പ്രത്യേകം പ്രോത്സാഹിപ്പിച്ചതായി കാണാൻ കഴിയും. പ്രവാചകൻ പറഞ്ഞത് താൻ കേട്ടതായി അബൂ ഉമാമ നിവേദനം ചെയ്യുന്നു. "നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക; ഉയിർത്തെഴുന്നേൽപ്പിന്റെ നാളിൽ അത് പാരായണം ചെയ്യുന്നവർക്ക് ശിപാർശകനായി വരും. രണ്ട് ഉജ്ജ്വലപ്രകാശങ്ങൾ, അഥവാ സൂറത്തുൽ ബഖറയും സൂറത്ത് ആലുഇമ്രാനും പാരായണം ചെയ്യുക. പുനരുത്ഥാനനാളിൽ അവ രണ്ട് മേഘങ്ങളോ തണലുകളോ അനുഗ്രഹീതമായ രണ്ട് പക്ഷിക്കൂട്ടങ്ങളോ ആയി അവ പാരായണം ചെയ്തവർക്ക് വേണ്ടി യാചിച്ച് കൊണ്ട് വന്നെത്തും. സൂറത്തുൽ ബഖറ പാരായണം ചെയ്യുക; അതിനെ അവലംബിക്കുന്നത് അനുഗ്രഹവും അതിനെ അവഗണിക്കുന്നത് ദുഃഖകാരണവുമാണ്. മാരണവിദ്യക്കാർക്ക് അതിനോട് എതിരിടുവാൻ കഴിയുകയുമില്ല" (സ്വഹീഹു മുസ്ലിം, കിതാബു സ്സ്വലാത്തിൽ മുസാഫിരീന വ ഖസറിഹാ)
അല്ലാഹുവിന്റെ ദൂതൻ പറഞ്ഞതായി അബൂ ഹുറൈറ (റ) നിവേദനം ചെയ്യുന്നു. "നിങ്ങളുടെ വീടുകൾ കബറിടങ്ങളെപ്പോലെയാക്കരുത്. സൂറത്തുൽ ബഖറ പാരായണം ചെയ്യുന്ന വീടുകളിൽ നിന്ന് ചെകുത്താൻ ഓടിപ്പോകുന്നു." (സ്വഹീഹു മുസ്ലിം, കിതാബു സ്സ്വലാത്തിൽ മുസാഫിരീന വ ഖസറിഹാ)
ഉസൈദ് ബ്നു ഹുദൈറിൽ നിന്ന് നിവേദനം: ഒരു രാത്രിയിൽ അദ്ദേഹം കെട്ടിയിട്ട തന്റെ കുതിരക്കടുത്ത് വെച്ച് സൂറത്തുൽ ബഖറ പാരായണം ചെയ്തപ്പോൾ കുതിര ഭയചകിതമാകുവാനും പ്രയാസങ്ങളുണ്ടാക്കുവാനും തുടങ്ങി. പാരായാണം നിർത്തിയപ്പോൾ കുതിര ശാന്തനായി. വീണ്ടും പാരായണം തുടങ്ങിയപ്പോൾ കുതിര ഭയചകിതമാകുവാനും പ്രയാസങ്ങളുണ്ടാക്കുവാനും തുടങ്ങി. പിന്നെ പാരായാണം നിർത്തിയപ്പോൾ കുതിര ശാന്തനായി. ഇത് വീണ്ടും ആവർത്തിച്ചു. അദ്ദേഹത്തിന്റെ മകൻ യഹ്യ കുതിരയ്ക്കടുത്തുണ്ടായിരുന്നു. കുതിര അവനെ ചവിട്ടിത്തള്ളിയിടുമോയെന്ന് അദ്ദേഹം ഭയന്നു. മകനെ കുതിരക്കടുത്ത് നിന്ന് മാറ്റിയിട്ട് അദ്ദേഹം ആകാശത്തിലേക്ക് നോക്കിയപ്പോൾ അദ്ദേഹം അത് കണ്ടില്ല. പിറ്റേന്ന് പ്രവാചകനെ ഇത് അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "ഇബ്നു ഹുദൈറേ നീ ഓതുക, ഇബ്നു ഹുദൈറേ നീ ഓതുക". അദ്ദേഹം മറുപടി പറഞ്ഞു: "പ്രവാചകരേ, കുതിരയ്ക്കടുത്തുണ്ടായിരുന്ന എന്റെ മകൻ യഹ്യയെ അത് ചവിട്ടിത്തള്ളിയിടുമോയെന്ന് ഞാൻ ഭയന്നു. അതിനാൽ ഞാൻ ആകാശത്തേക്ക് നോക്കിക്കൊണ്ട് അവന്റെയടുത്തേക്ക് ചെന്നു; ആകാശത്തേക്ക് നോക്കിയപ്പോൾ വിളക്കുകളെ പോലെ തോന്നിപ്പിക്കുന്ന എന്തോ ഉള്ളടങ്ങിയ മേഘത്തെപ്പോലെയുള്ള ഒരു സാധനം ഞാൻ കണ്ടു. അത് കാണാതിരിക്കാനായി ഞാൻ അവിടെനിന്ന് പോയി. നബി ചോദിച്ചു: "അതെന്താണെന്ന് താങ്കൾക്കറിയാമോ?" ഇല്ലെന്ന് ഇബ്നു ഹുദൈർ മറുപടി പറഞ്ഞു. പ്രവാചകൻ പ്രതിവചിച്ചു: "താങ്കളുടെ സ്വരം കേട്ട് നിന്റെയടുക്കലേക്ക് വന്ന മലക്കുകളാണത്. പ്രഭാതോദയം വരെ നീ അത് പാരായണം ചെയ്തിരുന്നുവെങ്കിൽ നേരം വെളുക്കുന്നതു വരെ അത് അവിടെയുണ്ടാകുമായിരുന്നു. അത് അപ്രത്യക്ഷമാകാത്തതുകൊണ്ട് തന്നെ ജനം അത് കാണുമായിരുന്നു" (സ്വഹീഹുൽ ബുഖാരി, കിതാബു ഫദാഇലിൽ ഖുർആൻ)
ആശയസമൃദ്ധമാണ് സൂറത്തുൽ ബഖറ. മൗലികതത്വങ്ങള്‍, വിശ്വാസ സിദ്ധാന്തങ്ങള്‍, കര്‍മപരമായ വിധിവിലക്കുകള്‍, നിയമ നിര്‍ദ്ദേശങ്ങള്‍, സാരോപദേശങ്ങള്‍, ഉപമകള്‍, ദൃഷ്ടാന്തങ്ങള്‍, ചരിത്ര സംഭവങ്ങള്‍, സദാചാരമൂല്യങ്ങള്‍, സന്തോഷ വാര്‍ത്തകള്‍, താക്കീതുകള്‍ എന്നിങ്ങനെ അതിലെ പ്രതിപാദ്യവിഷയങ്ങൾ നിരവധിയാണ്. 'എല്ലാ വസ്തുക്കൾക്കും ഒരു പൂഞ്ഞയുണ്ട്. ഖുർആനിന്റെ പൂഞ്ഞ സൂറത്തുൽ ബഖറ'യാണെന്ന് (അബൂ ഹുറൈറയിൽ നിന്ന് ജാമിഉത്തിർമിദിയിലെ, 'കിതാബു ഫദാഇലിൽ ഖുർആനി'ൽ ഉദ്ധരിച്ച ഈ ഹദീഥിന്റെ നിവേദക പരമ്പരയിൽ ദുർബലതയുണ്ടെങ്കിലും ശൈഖ് അൽബാനി തന്റെ സിൽസിലത്ത് സ്വഹീഹായിൽ അബ്ദുല്ലാഹി ബ്നു മസ്ഊദിൽ നിന്ന് സ്വീകാര്യമായ പരമ്പരയുടെ ഇതേ വചനങ്ങൾ ഉദ്ധരിക്കുന്നുണ്ട്, ഹദീഥ് 588 ) നബി (സ) പറയാനുള്ള കാരണം ഇതിലെ ആശയങ്ങളുടെ സമൃദ്ധിയാകാം. ഒട്ടകത്തിന്റെ പൂഞ്ഞ അതിന്റെ വ്യക്തിത്വത്തെ വെളിപ്പെടുത്തി ഉയർന്നു നിൽക്കുന്നതുപോലെ ഖുർആനികാശയങ്ങളെ ഏകദേശം സമഗ്രമായിത്തന്നെ ഉൾക്കൊണ്ടുകൊണ്ട് തലയുയർത്തി നിൽക്കുന്ന അധ്യായമാണ് അൽ ബഖറയെന്ന് പറയാം.
ആശയങ്ങളാൽ സമൃദ്ധമായ സൂറത്തുൽ ബഖറയുടെ കേന്ദ്രപ്രമേയമെന്താണ്? ആശയങ്ങൾ ചിതറിക്കിടക്കുന്നതുപോലെ തോന്നിക്കുന്ന സൂറത്തുൽ ബഖറയ്ക്ക് ഒരു കേന്ദ്രപ്രമേയമില്ലെന്ന് കരുതുന്നവരുണ്ടാവാം. സശ്രദ്ധമായ പഠനം അത് ശരിയല്ലെന്ന നിഗമനത്തിലാണ് നമ്മെ കൊണ്ട് ചെന്നെത്തിക്കുക. കേന്ദ്രപ്രമേയമെന്താണെന്ന ചോദ്യത്തിനുള്ള ഉത്തരം 286 ആയത്തുകളുള്ള ഈ സൂറത്തിന്റെ കേന്ദ്രത്തിൽ തന്നെയുണ്ട്. 143ആമത്തെ ആയത്ത് നോക്കുക. "അപ്രകാരം നാം നിങ്ങളെ ഒരു മാധ്യമസമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും ദൂതൻ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി." മുഴുവൻ മനുഷ്യർക്കും വേണ്ടി നിയോഗിക്കപ്പെട്ട മധ്യമസമുദായമായുള്ള മുഹമ്മദ് നബിയുടെ ഉമ്മത്തിന്റെ നിയോഗം പ്രഖ്യാപിക്കുന്നതാണ് ഈ വചനം. ഈ വചനത്തിന് ചുറ്റുമാണ് സൂറത്തുൽ ബഖറയിലെ മറ്റു വചനങ്ങളെല്ലാം ഭ്രമണം ചെയ്യുന്നതെന്ന് സൂക്ഷ്മമായി പഠിച്ചാൽ കാണാൻ കഴിയും. സ്രഷ്ടാവിന് മാത്രമുള്ള ആരാധനയുടെ പ്രോജ്ജ്വലപ്രവാചകനായിരുന്ന ഇബ്റാഹീമിന്റെ മക്കളിൽ രണ്ടാമത്തെവനായ ഇസ്ഹാഖിന്റെ പുത്രപാരമ്പര്യത്തിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു വന്ന ദൈവികമതത്തിന്റെ പ്രചാരണദൗത്യം ഒന്നാമത്തെ മകനായ ഇസ്മാഈലിന്റെ പുത്രപാരമ്പര്യത്തിലെ മുഹമ്മദ് നബിയിലൂടെ മുഴുവൻ മനുഷ്യരിലേക്കുമായി പറിച്ച് നടുന്നതിന്റെ പ്രഖ്യാപനമാണ് 143 ആമത്തെ വചനം. ഈ വചനമാണ് സൂറത്തുൽ ബഖറയുടെ കേന്ദ്രപ്രമേയമെന്ന് പറയാവുന്നതാണ്.ഖുർആൻ സൂക്തങ്ങളുടെ വളയഘടനെക്കുറിച്ച് ഗവേഷണം നടത്തിയവരും സൂറത്തുൽ ബഖറയുടെ കേന്ദ്രമായി സൂചിപ്പിച്ചിട്ടുള്ളത് ഈ വചനമാണ്. സൂറത്തുൽ ബഖറയിലെ മുഴുവൻ വചനങ്ങളേയും ഒമ്പത് വിഭാഗങ്ങളാക്കിയാൽ ആദ്യത്തെ പാതി രണ്ടാമത്തെ പാതിയുടെ നേർപ്രതിഫലനങ്ങളായി കാണാൻ കഴിയുമെന്നാണ് ഗവേഷകനായ കുവൈറ്റ് അമേരിക്കൻ സർവകലാശാലയിലെ അറബിക് പ്രൊഫസറായ റെയ്മണ്ട് ഫാരിൻ തന്റെ പഠനത്തിൽ സമർത്ഥിക്കുന്നത്.(Raymond Farrin: Structure and Qur'anic interpretation : a study of symmetry) അദ്ദേഹത്തിന്റെ വിഭാഗീകരണം ഇങ്ങനെയാണ്:
1. വിശ്വാസവും അവിശ്വാസവും (1 – 20).
2. അല്ലാഹുവിന്റെ സൃഷ്ടിയും അറിവും (21 – 39).
3. ഇസ്രായീല്യർക്ക് നിയമങ്ങൾ നൽകിയത് (40 – 103).
4. ഇബ്രാഹിം പരീക്ഷിക്കപ്പെട്ടത് (104 – 141).
5. കഅ്ബയാണ് പുതിയ ഖിബ്ല (142 – 152).
6. മുസ്ലിംകൾ പരീക്ഷിക്കപ്പെടും (153 – 177).
7. മുസ്ലിംകൾക്ക് നൽകുന്ന നിയമങ്ങൾ (178 – 253).
8. അല്ലാഹുവിന്റെ സൃഷ്ടിയും അറിവും (254 – 284).
9. വിശ്വാസവും അവിശ്വാസവുംf (285 – 286).
ഇതിൽ ഒന്നാം ഭാഗവും ഒൻപതാം ഭാഗവും വിശ്വാസവും അവിശ്വാസവുമായി ബന്ധപ്പെട്ട ഒരേ വിഷയങ്ങളുടെ പ്രതിഫലങ്ങളാണ്. അല്ലാഹുവിന്റെ സൃഷ്ടിയെയും ജ്ഞാനത്തെയും കുറിച്ച പ്രതിപാദനങ്ങൾ വഴി രണ്ടും എട്ടും സമാനമായ വിഷയങ്ങളുടെ പ്രതിഫലനമായിത്തീരുന്നു. മൂന്ന് ഇസ്രായീല്യർക്ക് നൽകിയ നിയമങ്ങളെക്കുറിച്ചും അവിടെ അവർ കാണിച്ച അനുസരണക്കേടുകളെക്കുറിച്ചും തന്മൂലം അവർക്കുണ്ടായ കെടുതികളെക്കുറിച്ചുമാണെങ്കിൽ ഏഴ് മുസ്ലിംകൾക്ക് നൽകുന്ന നിയമങ്ങളെക്കുറിച്ചും അവ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്. നാല് ഇബ്റാഹീം നബി അനുഭവിച്ച പരീക്ഷണങ്ങളെയും ദൈവികസമർപ്പണം വഴി അദ്ദേഹം അവയെ നേരിട്ടതുവഴി ഉണ്ടായ വലിയ വിജയത്തെക്കുറിച്ചുമുള്ളതാണെങ്കിൽ ആറ് മുസ്ലിംകൾക്ക് ഉണ്ടാകാൻ പോകുന്ന പരീക്ഷണങ്ങളെയും ദൈവസർപ്പണം വഴി അവയെ നേരിടുന്നതെങ്ങനെയെന്ന പാഠത്തെയും കുറിച്ച പരാമർശങ്ങളാണുൾക്കൊള്ളുന്നത്.
ഇബ്റാഹീമീപുത്രനായ ഇസ്ഹാഖിന്റെ പാരമ്പര്യത്തിൽ വന്ന ഇസ്രാഈലി പ്രാവാചകന്മാരിൽ പലരും തങ്ങളുടെ പ്രാർത്ഥനാകേന്ദ്രമായി ഉപയോഗിച്ചിരുന്ന ഫലസ്തീനിലെ ബൈത്തുൽ മുഖദ്ദസിൽ നിന്ന് ഇബ്റാഹീമിന്റെ മറ്റൊരു പുത്രനായ ഇസ്മാഈലിപാരമ്പര്യത്തിൽ നില നിന്നുപോന്ന, മനുഷ്യർക്കായി നിർമിക്കപ്പെട്ട ആദ്യത്തെ ദൈവികഗേഹമായ മക്കയിലെ കഅബയിലേക്കുള്ള ഖിബ്ലമാറ്റത്തിന്റെ പ്രഖ്യാപനമാണ് അഞ്ചാം ഭാഗത്തിലുള്ളത്. മക്കയിലെ മുഹമ്മദിൽ നിന്ന് മദീനയിലെ മുഹമ്മദിലേക്കുള്ള മാറ്റം പ്രഖ്യാപിക്കുന്ന ഭാഗമാണിത്. ഇസ്ഹാഖിന്റെ പാരബര്യത്തിലുള്ള യേശുവിന്റെ പിൻഗാമിയായി ഇസ്മായിലിന്റെ മക്കളായ അറബികൾക്കിടയിൽ അറബികളെ പ്രാഥമികസംബോധിതരാക്കി നിയോഗിക്കപ്പെട്ടവനായ മുഹമ്മദ് ഇവിടെ വെച്ച് ലോകത്തിന്റെ മാർഗദർശിയെന്ന ഇബ്റാഹീമീപഥത്തിലേക്ക് പ്രവേശിക്കുകയാണ്. ഇബ്റാഹീമിന്റെ മകനായ ഇസ്ഹാഖിന്റെ മകനായ യാക്കോബിന്റെ മകനായ യൂദായുടെ മകനായ പെരസിന്റെ മകനായ സാൽമോന്റെ മകനായ ബോവസിന്റെ മകനായ ദാവീദ് നിർമിച്ച ജറൂസലമിൽ നിന്ന് ദൈവികമതത്തിന്റെ കേന്ദ്രം അവരുടെയെല്ലാം പൂർവ്വപിതാവും എന്നാൽ ആർക്കും തങ്ങളുടെ ഗോത്രപിതാവെന്ന് അവകാശവാദമുന്നയിക്കാനാവാത്ത വ്യക്തിത്വവുമായ ഇബ്റാഹീം തന്നെ നിർമ്മിച്ച കഅബയിലേക്ക് തന്നെ പറിച്ച് നടുകയാണ്. ഈ പറിച്ചു നടലിനെ നടുവിൽ നിർത്തി അതിന്ന് ഇരുവശത്തുമായി പ്രതിഫലനങ്ങളായി വിന്യസിച്ചിരിക്കുന്ന ആയത്തുകളുടെ കൂട്ടത്തെ പഠനവിധേയമാക്കുമ്പോഴാണ് മധ്യമസമുദായം എന്ന പ്രമേയത്തിനു ചുറ്റും അൽബഖറയിലെ ആയത്തുകൾ ഭ്രമണം ചെയ്യുന്നത് ആസ്വദിക്കാനാവുക.
ഇസ്രാഈലിയ്യത്തിൽ നിന്ന് ഇസ്മായീലിയ്യത്തിലേക്കല്ല, ഇബ്റാഹീമിയത്തുൾക്കുള്ളുന്ന സമ്പൂർണമായ മാനവികതയിലേക്കുള്ള പരിവർത്തനമാണ് ഖിബ്ലമാറ്റത്തിലൂടെ നടന്നതെന്ന് മനസ്സിലാക്കാൻ മാറ്റത്തെക്കുറിച്ച് സംസാരിക്കുന്ന അഞ്ചാം കൂട്ടത്തിലെ ഒന്നാമത്തെ, അഥവാ സൂറത്തിലെ 142ആമത്തെ ആയത്തിന്റെ ഉള്ളടക്കം പരിശോധിച്ചാൽ മതി. 'കിഴക്കും പടിഞ്ഞാറുമെല്ലാം അല്ലാഹുവിന്നുള്ളതാണ്'! ഇനിയെന്ത് ഗോത്രമാഹാത്മ്യം ?! എന്ത് പ്രാദേശികൗന്നത്യം?!! ഈ മാറ്റം വഴി ലോകത്തുള്ള മനുഷ്യർക്കെല്ലാം സാക്ഷികളായിത്തിത്തീരാൻ പോവുകയാണ് മുഹമ്മദ് നബിയുടെ സമുദായം. അതാണ് സൂറത്തിന്റെ മധ്യത്തിലെ പ്രഖ്യാപനം. 286 വചനങ്ങളുള്ള സൂറത്തിന്റെ മധ്യത്തിൽ 143 ആം വചനത്തിൽ തന്നെ മധ്യമസമുദായമായുള്ള നിയോഗത്തെയും അതിന്റെ ദൗത്യത്തെയും പറ്റിയുള്ള പരാമർശം വന്നത് യാദൃച്ഛികമാണെന്ന് കരുതുക വയ്യ. അതാണ് അല്ലാഹുവിന്റെ രീതി. ആർക്കും അനുകരിക്കാൻ കഴിയാത്ത വിധം തന്റെ വചനങ്ങളുടെ ക്രമം പോലും നിർണയിച്ചവനാണവൻ. ഖുർആനിന്റെ പൂഞ്ഞയെന്ന് മുഹമ്മദ് നബി വിശേഷിപ്പിച്ച സൂറത്തുൽ ബഖറയുടെ പൂഞ്ഞയാണീ നടുവിലെ വചനം. "അപ്രകാരം നാം നിങ്ങളെ ഒരു മധ്യമസമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും ദൂതൻ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി." അതെ. അതാണ് ഈ സൂറത്തിന്റെ പ്രമേയം.
ഈ പ്രമേയത്തന്റെ വെളിച്ചത്തിൽ നോക്കുമ്പോഴാണ് സൂറത്തിന് അല്ലാഹു നൽകിയ തലക്കെട്ടിനെയും യഥാവിധം ആസ്വദിക്കാനാവുക. അൽബഖറ എന്നാൽ കേവലമൊരു പശുവല്ല. പ്രത്യേകമായ പശുവാണ്. The Cow എന്നാണ് ഇംഗ്ലീഷിലെ അതിനുള്ള പരിഭാഷ. ഈ സൂറത്തിലെ 67 മുതൽ 73വരെയുള്ള വചനങ്ങളിലാണ് ആ പശുവെക്കുറിച്ച കഥനം കടന്നുവരുന്നത്. ഇതേപോലുള്ള ഒരു പശുവിനെപ്പറ്റി ബൈബിളിലെ സംഖ്യാപുസ്തകത്തിൽ പറയുന്നുണ്ടെങ്കിലും (പത്തൊന്‍പതാം അദ്ധ്യായം) ഖുർആൻ പ്രതിപാദിക്കുന്ന അനുസരണക്കേടിന്റെ ചിത്രീകരണം മറ്റെവിടെയുമില്ല. സ്വീകരിക്കാതിരിക്കുവാനുള്ള ഉപായങ്ങൾ കണ്ടെത്തുന്നതിന് വേണ്ടിയുള്ള അനാവശ്യമായ ചോദ്യം ചെയ്യലുകൾ വഴി വളരെ എളുപ്പത്തിൽ നടപ്പാക്കാമായിരുന്ന ഒരു ദൈവികകല്പനയുടെ പ്രയോഗവൽക്കരണം പ്രയാസകരമായിത്തീർന്ന കഥയാണത്. (കഥാപാഠം നമുക്ക് അതേക്കുറിച്ച വചനങ്ങൾ ആസ്വദിക്കുമ്പോൾ മനസ്സിലാക്കാം). അല്ലാഹുവിന്റെ കല്പന ചോദ്യം ചെയ്യാതെ അനുസരിക്കുകയെന്ന വിശ്വാസിസമൂഹത്തിനുണ്ടാവേണ്ട ഗുണത്തിൽ നിന്ന് 'യുക്തിബന്ധുരം' എന്ന് തങ്ങൾ കരുതുന്ന ചോദ്യം ചെയ്യലുകൾ വഴി നന്മയ്ക്ക് പകരം വലിയ തിന്മയും പ്രയാസങ്ങളുമാണുണ്ടാവുകയെന്ന പാഠത്തിന്റെ സൂചകമാണ് ഇവിടെ ആ പശു. സൂറത്തിന്റെ കേന്ദ്രപ്രമേയത്തെ ഈ സൂചകം പ്രകാശമാനമാക്കുന്നു. പ്രവാചകൻ തങ്ങൾക്ക് സാക്ഷികളായ രീതിയിൽ മനുഷ്യർക്ക് മുഴുവൻ സാക്ഷികളാവേണ്ടവർ ദൈവികകല്പനകളെ ചോദ്യം ചെയ്യാതെ അനുസരിക്കുകയാണ് വേണ്ടതെന്നും അല്ലെങ്കിൽ പശുവിന്റെ കാര്യത്തിൽ മൂസാനബിയുടെ ജനതയ്ക്കുണ്ടായതുപോലെയുള്ള പ്രയാസങ്ങളിലേക്കാണ് അവർ ആപതിക്കുക എന്നുമുള്ള വലിയ സന്ദേശമാണ് ഈ തലക്കെട്ട് നൽകുന്നത്. ഏഴ് വചനങ്ങളിൽ പ്രതിപാദിച്ചുപോകുന്ന ഒരു കഥയിലെ ജീവി മാത്രമല്ല സൂറത്തിന്റെ തലക്കെട്ടായ അൽബഖറ. സൂറത്തിന്റെ മൊത്തം പ്രമേയത്തെ ദ്യോതിപ്പിക്കുന്ന രൂപകമാണത്; ആശയബാഹുല്യങ്ങൾക്കിടയിൽ ഉയർന്നുനിൽക്കേണ്ട സൂറത്തിന്റെ കൊടുമുടി.
ഈ കൊടുമുടിയിൽ കയറി നിന്നുകൊണ്ടാണ് നാം സൂറത്തുൽ ബഖറയെ ആസ്വാദിച്ച് പഠിക്കേണ്ടത്. അതിനായുള്ള പരിശ്രമമാണ് അടുത്ത പുറങ്ങളിൽ.....
ചുരുക്കുക21. يَا أَيُّهَا النَّاسُ اعْبُدُواْ رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ
21. മനുഷ്യരേ, നിങ്ങളെയും നിങ്ങൾക്ക് മുമ്പുള്ളവരെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങൾ ആരാധിക്കുക; നിങ്ങൾ സൂക്ഷമതയുള്ളവരായേക്കാം.
ഖുർആൻ ആസ്വാദനം
രണ്ടാം അദ്ധ്യായം
സൂറത്തുൽ ബഖറ:
ഇരുപത്തി ഒന്നാമത്തെ ആയത്ത്
21. മനുഷ്യരേ, നിങ്ങളെയും നിങ്ങൾക്ക് മുമ്പുള്ളവരെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങൾ ആരാധിക്കുക; നിങ്ങൾ സൂക്ഷമതയുള്ളവരായേക്കാം.
ഫാതിഹയുടെ അവസാനത്തെ രണ്ട് വചനങ്ങളിലൂടെ വിശ്വാസി ആവശ്യപ്പെട്ട ഹിദായത്ത് എന്താണെന്ന് കൃത്യമായി വിവരിക്കുന്നതായിരുന്നു അൽബഖറയിലെ ആദ്യത്തെ ഇരുപത് വചനങ്ങൾ. അവയ്ക്ക് ശേഷം ദാസനും അവന്റെ നാഥനും തമ്മിലുള്ള ബന്ധത്തിന്റെ അടിത്തറ വ്യക്തമാക്കുകയാണ് ഈ ആയത്തുകളിൽ. 'നിന്നെ മാത്രമാണ് ഞങ്ങൾ ആരാധിക്കുന്നത്; ഞങ്ങൾ സഹായം ചോദിക്കുന്നതും നിന്നോട് മാത്രമാണ്' എന്ന ഫാതിഹയിലെ അഞ്ചാമത്തെ ആയത്തിലുള്ള ദാസന്റെ പ്രതിജ്ഞയുടെ പ്രതിഫലനം. ഫാതിഹ അവസാനിച്ചിടത്ത് നിന്നാണ് ബഖറ തുടങ്ങിയത്. ഇപ്പോൾ ഫാതിഹയിലെ കേന്ദ്രപ്രാർത്ഥനയുടെ പ്രതിഫലനത്തിലെത്തിയിരിക്കുന്നു. ഖുർആൻ വചനങ്ങളിൽ സ്വീകരിച്ചിരിക്കുന്ന ദർപ്പണത്തിന്റെ സൗന്ദര്യം നോക്കൂ. തിരശ്ചീനമായ ഒരു കണ്ണാടിയിൽ നേരെ നിർത്തിയ ഫാത്തിഹ; കണ്ണാടിയിലെ അതിന്റെ പ്രതിഫലനമായി ബഖറ. ഫാതിഹയിലെ അവസാന വചനങ്ങളിൽ വിശ്വാസി അല്ലാഹുവിനോട് ഹിദായത്ത് ചോദിച്ചു; ഹിദായത്തിനായി നൽകിയ ഗ്രൻഥത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ബഖറ തുടങ്ങി. ദാസൻ ആഗ്രഹിക്കുന്ന അനുഗ്രഹീതരുടെ മാർഗമേതാണെന്ന് അതിനുശേഷമുള്ള ആദ്യ വചനങ്ങളിൽ വിവരിക്കപ്പെട്ടു. അവൻ വെറുക്കുന്ന കോപഗ്രസ്തരുടെയും വഴിപിഴച്ചവരുടെയും പാതയേതാണെന്ന് പിന്നീട് വ്യക്തമായി വിശദീകരിച്ചു. ഇതേ വരെയുള്ള വചനങ്ങളിൽ ഒരു മൂന്നാം വ്യക്തിയായിരുന്നു സംസാരിച്ചിരുന്നത്. ഹിദായത്ത് ആവശ്യപ്പെട്ടവർക്ക് ഹിദായത്ത് എന്താണെന്ന് വിവരിക്കുന്ന മൂന്നാം വ്യക്തി. ഇപ്പോൾ നാഥനും ദാസനും തമ്മിലുണ്ടാകേണ്ട ബന്ധത്തിന്റെ അടിത്തറ പറയാൻ തുടങ്ങുകയാണ്. 'നിന്നെയാണ് ഞങ്ങൾ ആരാധിക്കുന്നത്' എന്ന് ഫാതിഹയിൽ ദാസൻ പ്രതിജ്ഞ ചെയ്തു. ഈ വചനങ്ങളിലുള്ളത് 'എന്തുകൊണ്ട് അല്ലാഹുവിന് ആരാധന?' എന്ന ചോദ്യത്തിനുള്ള മറുപടിയാണ്.
ഹിദായത്തിലെത്തിയ മുത്തഖികളെയും ഹിദായത്തിൽ നിന്ന് ബഹുദൂരം സ്ഥിതി ചെയ്യുന്ന കാഫിറുകളെയും മുനാഫിഖുകളെയും കുറിച്ചാണ് ഇതേവരെയുള്ള വചനങ്ങളിൽ വിശദീകരിച്ചത്. ഹിദായത്തിലെത്തിയാലേ അല്ലാഹുവിന്റെ അനുഗ്രഹത്തിന് പാത്രമാകാനാവൂ. അതിന് മുത്തഖിയാകണം. ഏതൊരു സാധാരണക്കാരനും മുത്തഖിയാകാം. അതിനെന്താണ് മാർഗം? മുത്തഖിയാകാനുള്ള മാർഗമാണ് ഈ രണ്ട് വചനങ്ങളിലുള്ളത്. നാഥനെ ആരാധിക്കുകയാണ് ആ മാർഗം.
'മനുഷ്യരേ' എന്ന് വിളിച്ചുകൊണ്ടുള്ള ഖുർആനിലെ ആദ്യത്തെ വചനമാണിത്. ഈ അഭിസംബോധന എല്ലാ തരം മനുഷ്യരെയുമുൾക്കൊള്ളുന്നു. ജാതി-മത-വർഗ-വർണ-ദേശവ്യത്യാസങ്ങളൊന്നുമില്ലാതെ മുഴുവൻ മനുഷ്യരെയും ഉൾക്കൊണ്ടുകൊണ്ടുള്ള അഭിസംബോധന. എല്ലാവർക്കുമായി തുറന്നു വെച്ചതാണ് സന്മാർഗത്തിന്റെ വാതിൽ. ദൈവികമായ മുഴുവൻ അനുഗ്രഹങ്ങൾക്കുമുള്ള വാതിലാണത്. അവയ്ക്ക് അർഹമാകണമെങ്കിൽ മുത്തഖിയാകണം. മുത്തഖിയാകണമെങ്കിൽ ഓരോരുത്തരും നാഥനെ ആരാധിക്കണം. അപ്പോഴാണ് സൂക്ഷ്മാലുവായി ജീവിക്കുവാൻ എല്ലാവർക്കും കഴിയുക.
'നിങ്ങളെയും നിങ്ങൾക്ക് മുമ്പുള്ളവരെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങൾ ആരാധിക്കുക' എന്നാണ് മനുഷ്യരോടെല്ലാമുള്ള അഭ്യർത്ഥന. 'നാഥൻ' എന്ന് പരിഭാഷപ്പെടുത്തിയ 'റബ്ബ്', 'ആരാധന'യെന്ന് പരിഭാഷപ്പെടുത്തിയ 'ഇബാദത്ത്' എന്നീ പദങ്ങളുടെ അർത്ഥത്തെക്കുറിച്ച് ഫാതിഹയുടെ ആസ്വാദനത്തിൽ നാം മനസ്സിലാക്കിയതാണ്. ഖുർആനിന്റെ ഭാഷയിൽ അല്ലാഹു റബ്ബും മനുഷ്യൻ 'അബ്ദു'മാണ്. 'അബ്ദ്' എന്നാൽ 'ദാസൻ' എന്നാണർത്ഥം. അബ്ദിന്റെ പൂർണമായ ഉടമസ്ഥതയും അധികാരവുമുള്ളവനും അവനെ നാശങ്ങളില്ലാതെ സംരക്ഷിക്കുകയും ശരിയായ രീതിയിൽ നയിക്കുകയും ചെയ്യുന്നവാനുമാണ് റബ്ബ്. തനിക്കുള്ളതെല്ലാം നൽകി തന്നെ സംരക്ഷിക്കുന്ന റബ്ബിന് അബ്ദ് നൽകേണ്ടതെന്തെല്ലാമാണോ അതെല്ലാം ഇബാദത്താണ്. താഴ്മയുടെയും ഭക്തി-ബഹുമാനങ്ങളുടെയും അങ്ങേയറ്റത്തോട് കൂടി ചെയ്യുന്ന മുഴുവൻ മനുഷ്യകർമ്മങ്ങളെയും ഉൾക്കൊള്ളുന്ന ശബ്ദമാണിത്. കാര്യകാരണബന്ധങ്ങളുടെ അടിസ്ഥാനത്തിലുള്ളതല്ലാതെയുള്ള സ്നേഹവും ഭക്തിയും ഭയവും അനുസരണയുമെല്ലാം ഉൾക്കൊള്ളുന്നതാണ് ഇബാദത്ത്. നാഥന്റെ നിർദേശപ്രകാരമുള്ള വെറുപ്പും ശത്രുതയും അനുസരണക്കേടുമെല്ലാം അതിൽ പെടും. പ്രാർത്ഥനാനിർഭരമായ മനസ്സോടെ ചെയ്യുന്ന കർമ്മങ്ങളെയെല്ലാം ഉൾക്കൊള്ളുന്ന പദം. മനുഷ്യസൃഷിടിയുടെ ആത്യന്തികമായ ലക്ഷ്യം തന്നെ നാഥന് ചെയ്യേണ്ട ഈ ആരാധനയാണ്. "എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ മനുഷ്യരെയും ജിന്നുകളെയും ഞാൻ സൃഷ്ടിച്ചിട്ടില്ല"(51:56) എന്നാണ് പടച്ചവൻ പറഞ്ഞിരിക്കുന്നത്.
എന്തുകൊണ്ട് അവനെ ആരാധിക്കണം എന്ന ചോദ്യത്തിനുള്ള ഒന്നാമത്തെ മറുപടി അവൻ മാത്രമേ അത് അർഹിക്കുന്നുള്ളുവെന്നതാണ്. അവനാണ് റബ്ബ്; മനുഷ്യൻ അവന്റെ അബ്ദാണ്. റബ്ബിന് അബ്ദ് ചെയ്യേണ്ടതെന്താണോ അതാണ് ഇബാദത്ത്. ദാസ്യത്തിന്റെ പൂർണതയാണത്. മാനുഷികമായ വ്യവഹാരത്തിലുള്ള ദാസ്യമല്ല അത്. ഭൗതികമായ അളവുകൾക്കപ്പുറത്തുള്ള ദാസ്യം; പരമമായ ദാസ്യം. കാര്യ-കാരണങ്ങൾക്കതീതമായ രക്ഷയാഗ്രഹിച്ചും ശിക്ഷ ഭയന്നും കൊണ്ടുള്ള ദാസ്യം. പ്രാർത്ഥനയുൾക്കൊള്ളുന്ന സൽകർമ്മങ്ങളിലെല്ലാം നിലീനമായിരിക്കുന്നത് ഈ ദാസ്യമാണ്. ആ ദാസ്യത്തിൽ നിന്നാണ് മതപരമായ അനുഷ്ഠാനങ്ങളുണ്ടാവുന്നത്; ആ ദാസ്യത്തിൽ നിന്നാണ് നാഥനും അവന്റെ ദൂതനുമുള്ള നിരുപാധികമായ അനുസരണയുണ്ടാവുന്നത്; അതിൽ നിന്ന് തന്നെയാണ് ഭക്തിയും സ്നേഹവും സൂക്ഷ്മതയുമെല്ലാം നിർഗളിക്കുന്നത്. മാനുഷികമായ അടിമ-ഉടമ ബന്ധമല്ല റബ്ബും അവന്റെ അബ്ദും തമ്മിലുള്ളത്. ഉടമസ്ഥനും അധികാരിയും സംരക്ഷകനും മാർഗദർശിയും മാത്രമല്ല, അബ്ദിനെ ഏറെ സ്നേഹിക്കുന്നവനും അവന്റെ മേൽ തീവ്രമായ കാരുണ്യം ചൊരിഞ്ഞുകൊണ്ടിരിക്കുന്നവനുമാണവൻ; അവനല്ലാതെ മറ്റാരാണ് ഇബാദത്തുകൾ അർഹിക്കുന്നത്?!
അല്ലാഹു തന്നെയാണോ റബ്ബ്? അല്ലാതെ മറ്റാരാണ്? ഒന്നാമതായി അവനാണ് നിങ്ങളെയെല്ലാം പടച്ചത്. സൃഷ്ടിയിൽ ഏതെങ്കിലും തരത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടെന്ന് ആർക്കും അഭിപ്രായമില്ല. ബഹുദൈവാരാധകർ പോലും സമ്മതിക്കുന്നതാണ് അല്ലാഹുവാണ് സ്രഷ്ടാവെന്ന സത്യം. ഖുർആൻ ഇപ്പോൾ അഭിസംബോധന ചെയ്യുന്ന നിങ്ങളെ മാത്രമല്ല, നിങ്ങൾക്ക് മുമ്പുള്ളവരെയും പടച്ചത് അവൻ തന്നെയാണ്. നിങ്ങളുടെ മുൻഗാമികളാണ് നിങ്ങളുടെ ആരാധ്യരിൽ പലരും. അവരായിരുന്നു സ്രഷ്ടാക്കളെന്ന് വാദിച്ചാൽ അവർക്ക് മുമ്പുള്ളവരെ ആര് സൃഷ്ടിച്ചുവെന്ന ചോദ്യമുയരും. പലരെയും പലതിനെയും ആരാധിക്കുന്നവരുണ്ട്. അവയെല്ലാം ഒരിക്കൽ ഉണ്ടായവയാണ്. അവ ഉണ്ടാകുന്നതിന് മുമ്പ് ഈ ലോകമുണ്ട്; മനുഷ്യരുണ്ട്. സൃഷ്ടികളെയാണ് ആരാധിക്കേണ്ടതെന്ന് പറയുന്നവർക്ക് അവർക്ക് മുമ്പുള്ളവർ ആരെയാണ് ആരാധിച്ചിരുന്നതെന്ന ചോദ്യത്തിന് മുമ്പിൽ പതറുകയല്ലാതെ നിർവ്വാഹമില്ല. നിങ്ങളെയും നിങ്ങൾക്ക് മുമ്പുള്ളവരെയും സൃഷ്ടിച്ചവനെ ആരാധിക്കുകയെന്ന സന്ദേശം എക്കാലത്തുമുള്ള എല്ലാവർക്കും സ്വീകരിക്കാനാവുന്ന ആശയമാണ്. മാനവികതയുടെ ആശയം.
നാഥനെ ആരാധിക്കുന്നതിലൂടെ സൂക്ഷ്മാലുവാകാമെന്നാണ് ഈ വചനത്തിന്റെ അന്ത്യം ദ്യോതിപ്പിക്കുന്നത്. തഖ്വയും റബ്ബിനുമുള്ള ആരാധനയും തമ്മിലുള്ള ബന്ധമെന്താണ്? ആരാധനയിലൂടെയാണ് താൻ റബ്ബിന്റെ അബ്ദാണെന്ന് ഒരാൾ അംഗീകരിക്കുന്നത്. നാഥന്റെ ദാസ്യം അംഗീകരിക്കുന്നവർ ആദ്യം ചെയ്യുക അവനെക്കുറിച്ച ശരിയായ അവബോധം മനസ്സിൽ പ്രതിഷ്ഠിക്കുകയാണ്. തന്നിൽ പൂർണ്ണമായ അധികാരവുമുള്ളവൻ; തന്നെ നാശങ്ങളില്ലാതെ സംരക്ഷിക്കുന്നവൻ; തന്നെ ശരിയായ രീതിയിൽ നയിക്കുന്നവൻ; തന്നെ സ്നേഹിക്കുന്നവനും തന്നോട് കാരുണ്യം കാണിക്കുന്നവനും; തന്നെ തന്നെക്കാളധികം അറിയുന്നവർ; അവനെ ആരാധിക്കുമ്പോൾ അവന്റെ രക്ഷാകർതൃത്വത്തെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുകയാണ് ദാസൻ. അയാളുടെ വഴികാട്ടി പിന്നെ തന്റെ നാഥനായിരിക്കും; ഏറ്റവുമധികം ബഹുമാനിക്കുന്നതും സ്നേഹിക്കുന്നതുമെല്ലാം തന്റെ റബ്ബിനെത്തന്നെയായിരിക്കും. റബ്ബിന്റെ സാന്നിദ്ധ്യത്തിലായിരിക്കും ദാസന്റെ ജീവിതം. റബ്ബിന്റെ ദൃഷ്ടി ഇന്ദ്രിയങ്ങളിലൂടെയല്ലാതെ അവൻ അനുഭവിക്കും. തന്നെ തന്റെ നാഥൻ എപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്ന ബോധമുള്ളവന് സൂക്ഷ്മതയോടെയല്ലാതെ ജീവിക്കുവാൻ കഴിയില്ല. താൻ ഏറ്റവും ഇഷ്ടപ്പെടുന്ന, തന്നെ ഏറ്റവും ഇഷ്ടപ്പെടുന്നവന്റെ മുന്നിൽ വെച്ച് തിന്മകളിൽ വ്യാപൃതരാവുന്നതെങ്ങനെ? കാരുണ്യമൂർത്തിയായ തന്റെ നാഥനോട് അനുസരണക്കേട് കാണിക്കുന്നതെങ്ങനെ? അഥവാ അനുസരണക്കേട് വന്നാൽ പോലും നാഥനോട് പശ്ചാത്തപിച്ച് മടങ്ങുന്നവനായിരിക്കും ദാസൻ. പാപമുക്തനായി ജീവിക്കാനായി നിരന്തരം പരിശ്രമിക്കുന്നവനാണവൻ; അവനാണ് മുത്തഖി. അങ്ങനെ ആകാൻ കഴിയുന്നത് റബ്ബിനുള്ള ആരാധനയിലൂടെയാണ്.
21. يَا أَيُّهَا النَّاسُ اعْبُدُواْ رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ
22. الَّذِي جَعَلَ لَكُمُ الأَرْضَ فِرَاشاً وَالسَّمَاء بِنَاء وَأَنزَلَ مِنَ السَّمَاء مَاء فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَّكُمْ فَلاَ تَجْعَلُواْ لِلَّهِ أَندَادًا وَأَنتُمْ تَعْلَمُونَ
22. നിങ്ങൾക്കായി ഭൂമിയെ വിരിപ്പും മാനത്തെ മേൽക്കൂരയുമാക്കുകയും ആകാശത്ത് നിന്ന് മഴ ഇറക്കി അത് മൂലം നിങ്ങൾക്ക് കഴിക്കാനുള്ള കായ്കനികൾ ഉൽപാദിപ്പിക്കുകയും ചെയ്തവൻ. അതിനാൽ നിങ്ങൾ അല്ലാഹുവിന് സമന്മാരെയുണ്ടാക്കരുത്; നിങ്ങൾ അറിയാവുന്നവരായിരിക്കെ.
ഖുർആൻ ആസ്വാദനം
രണ്ടാം അദ്ധ്യായം
സൂറത്തുൽ ബഖറ:
ഇരുപത്തി രണ്ടാമത്തെ ആയത്ത്
22. നിങ്ങൾക്കായി ഭൂമിയെ വിരിപ്പും മാനത്തെ മേൽക്കൂരയുമാക്കുകയും ആകാശത്ത് നിന്ന് മഴ ഇറക്കി അത് മൂലം നിങ്ങൾക്ക് കഴിക്കാനുള്ള കായ്കനികൾ ഉൽപാദിപ്പിക്കുകയും ചെയ്തവൻ. അതിനാൽ നിങ്ങൾ അല്ലാഹുവിന് സമന്മാരെയുണ്ടാക്കരുത്; നിങ്ങൾ അറിയാവുന്നവരായിരിക്കെ.
ഭൂമി, നിലം, നാട്, പ്രദേശം, മണ്ണ്, സ്ഥലം, മേഖല, ഇടം എന്നീ അർത്ഥങ്ങളിലെല്ലാം പ്രയോഗിക്കപ്പെടുന്ന പദമാണ് 'അർദ്'. സ്രഷ്ടാവായ നാഥൻ മനുഷ്യർക്ക് നൽകിയ ഭൗതികമായ അനുഗ്രഹങ്ങളിൽ ഒന്നാമത്തേതായി ഖുർആൻ പറയുന്നത് ഭൂമിയെ വിരിപ്പാക്കിക്കിയെന്നാണ്. 'ഫിറാഷ്'(فِرَاش) എന്ന പദത്തെയാണ് വിരിപ്പെന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. 'ഫറഷ' (فَرَشْ) യെന്ന ക്രിയയുടെ അർത്ഥം വിരിക്കുക, വിതാനിക്കുക എന്നിങ്ങനെയാണ്. ഫ, റ, ഷ (ف ر ش) അക്ഷരത്രയത്തിൽ നിന്നുള്ള പദങ്ങൾ ആറ് തവണ ഖുർആനിൽ പ്രയോഗിച്ചിട്ടുണ്ട്. ഭൂമിയുമായി ബന്ധപ്പെട്ട് 'നാം വിതാനിച്ചു'വെന്ന അർത്ഥത്തിൽ 'ഫറഷ്നാ' (فَرَشْنَا) എന്നും (51:48) എന്നും വിരിപ്പ് എന്ന അർത്ഥത്തിൽ 'ഫിറാഷ്' എന്നുമാണ് പ്രയോഗിക്കപ്പെട്ടിട്ടുള്ളത്. സ്വർഗ്ഗത്തിൽ വിതാനിക്കപ്പെടുന്ന 'മെത്ത' എന്ന അർത്ഥത്തിൽ 'ഫുറുഷ്' (فُرُشٍ) എന്ന് രണ്ട് തവണ ഖുർആനിലുണ്ട്((55:54; 56:34).
'ജഅല ലക്കുമുൽ അർദ ഫിറാഷാ' (جَعَلَ لَكُمُ الْأَرْضَ فِرَاشًا) എന്ന വാചകത്തെ 'നിങ്ങൾക്കായി ഭൂമിയെ വിരിപ്പാക്കി'യെന്നോ 'നിങ്ങൾക്കായി ഭൂമിയെ മെത്തയാക്കി'യെന്നോ പരിഭാഷപ്പെടുത്താവുന്നതാണ്. നിങ്ങൾക്കായി (لَكُمُ) എന്ന പ്രയോഗം ശ്രദ്ധിക്കുക. ഭൂമിയിൽ മനുഷ്യർക്കായി പടച്ചവൻ ഏർപ്പെടുത്തിയ അനുഗ്രഹത്തെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത് എന്നാണീ പ്രയോഗത്തിനർത്ഥം. തനിക്ക് വേണ്ടി വിതാനിക്കപ്പെട്ട ഒരു മെത്തയെപ്പോലെയോ വിരിക്കപ്പെട്ട ഒരു വിരിപ്പിനെപ്പോലെയോ ആണ് മനുഷ്യർക്ക് തങ്ങൾ ജീവിക്കുന്ന ഭൂമി അനുഭവപ്പെടുന്നത്. അത് കൊണ്ടാണ് ഇവിടെ അവന് ജീവിക്കാനാവുന്നത്. ഭൗമോപരിതലവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിൽ ഉരുണ്ട ഭൂമിയെയല്ല, വിതാനിക്കപ്പെട്ട ഭൂമിയെത്തന്നെയാണ് നാം ഇന്നും പരിഗണിക്കുന്നത്. ഭൂമിയെന്ന അർത്ഥത്തിലും ഭൂപ്രദേശമെന്ന അർത്ഥത്തിലും ഖുർആനിൽ തന്നെ അർദ് എന്ന് പ്രയോഗിച്ചിട്ടുണ്ട്. "റോമക്കാരെ പരാജയപ്പെടുത്തിയിരിക്കുന്നു. ഈയടുത്ത ഭൂപ്രദേശത്തിൽ വെച്ച്"(30:1, 2) എന്ന വചനത്തിൽ ഭൂപ്രദേശത്തെപ്പറ്റി 'അർദ്' എന്നാണ് പറഞ്ഞിരിക്കുന്നത്.
മനുഷ്യർക്കായി ഫിറാഷ് ആക്കിയിയിരിക്കുന്നത് ഭൂപ്രതലത്തെയാണ്. ഭൂഗോളത്തിന്റെ ആകൃതിയെക്കുറിച്ച് സൂചിപ്പിക്കുന്നതല്ല'ഫിറാഷ്' എന്ന പ്രയോഗം. ഭൂമിയുടെ ആകൃതിയോ ഭൗതികമായി മനുഷ്യർക്ക് കണ്ടെത്താനാകുന്ന ഭൗമപ്രതിഭാസങ്ങളുടെ ശാസ്ത്രയാപഗ്രഥനമോ പഠിപ്പിക്കുകയല്ല ഖുർആനിന്റെ ദൗത്യം. പ്രാപഞ്ചികവസ്തുക്കളിൽ മിക്കതും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഗോളാകൃതിയിലാണ് എന്നതുകൊണ്ടുതന്നെ ഭൂമിയുടെ മാത്രം ഗോളാകൃതി എടുത്ത് പറഞ്ഞ് അത് അല്ലാഹുവിന്റെ അനുഗ്രഹമാണ് എന്ന പ്രത്യേകമായി പറയുന്നതിൽ സാംഗത്യമൊന്നുമില്ല. ഇവിടെ പറയുന്നത് ഭൂമിയിൽ മനുഷ്യർക്കായി നൽകിയ അനുഗ്രങ്ങളെക്കുറിച്ചാണ്. ഭൂമിയെ വിരിച്ചതും മെത്തയാക്കിയതും തന്നെയാണ് മനുഷ്യരെ സംബന്ധിച്ചിടത്തോളം ഇവിടെ അവൻ ചെയ്ത പ്രധാനപ്പെട്ട അനുഗ്രഹം.
അറിഞ്ഞിടത്തോളമുള്ള പ്രപഞ്ചത്തിൽ ഭൂമിയിൽ മാത്രമേ മനുഷ്യടക്കമുള്ള ജീവികൾക്ക് സുഖകരമായി വസിക്കാനാവൂ. ജീവനുള്ള ഒരേയൊരു ഇടം. കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തിൽ ജീവനുണ്ടാകണമെങ്കിൽ നിരവധി കാര്യങ്ങൾ വേണ്ടതുണ്ട്. അവയെയെല്ലാം ഒത്തുവന്നതായി ഭൂമിയെ മാത്രമാണ് ഇന്നേവരെ നാം കണ്ടെത്തിയിരിക്കുന്നത്. നമ്മുടെ നക്ഷത്രമായ സൂര്യനടുത്ത് മറ്റു നക്ഷത്രങ്ങളൊന്നുമില്ല. ഉണ്ടായിരുന്നെങ്കിൽ അവയുടെ ഗുരുത്വാകർഷണ വലിവുകളും (gravitational tugs), ഗാമാ വികിരണ ചിതറലുകളും (gamma-ray bursts) നക്ഷത്രമരണങ്ങളായ സൂപ്പർനോവകളിൽ(supernovae) നിന്നുണ്ടാവുന്ന ഊർജ്ജപ്രവാഹവുമെല്ലാം കൂടി ഭൂമിയെ ജീവനെപ്പറ്റി ചിന്തിക്കാൻ പോലും പറ്റാത്ത പരുവത്തിലാക്കുമായിരുന്നു. സൂര്യന് ഇപ്പോഴുള്ളതിനേക്കാൾ ഭാരമോ കൂടുതൽ ഊഷ്മാവോ ഉണ്ടായിരുന്നെങ്കിൽ ജീവൻ നിലനിൽക്കാൻ പറ്റിയ ഭൂമിയെപ്പോലെ ഒരു ഗ്രഹത്തിന് സൗരയൂഥത്തിൽ സ്ഥാനമുണ്ടാകുമായിരുന്നില്ല. സൂര്യനിൽ നിന്ന് ഇപ്പോഴുള്ള അകലത്തിലായിരുന്നില്ല ഭൂമിയുടെ പരിക്രമണപഥമെങ്കിൽ ഭൂമിയിൽ ജലത്തിന് ദ്രാവകരൂപത്തിൽ നിലനിൽക്കാൻ കഴിയുമായിരുന്നില്ല; ജലം ദ്രാവകരൂപത്തിൽ നിൽക്കുന്നില്ലെങ്കിൽ ഇവിടെ ജീവൻ അസാധ്യമാകുമായിരുന്നു; ശാസ്ത്രജ്ഞർ ഗോൾഡിലോക്സ് മേഖല (goldilocks zone) എന്ന് വിളിക്കുന്ന സൂര്യനിൽ നിന്ന് ഇപ്പോഴുള്ള അകലത്തിൽ അല്ലായിരുന്നുവെങ്കിൽ ഭൂമി ഒന്നുകിൽ നെപ്ട്യൂണിനെപ്പോലെ തണുത്തുറഞ്ഞ ഗ്രഹമോ അല്ലെങ്കിൽ ബുധനെപ്പോലെ ചുട്ടുപൊള്ളുന്ന ഗ്രഹമോ ആകുമായിരുന്നുവെന്നു; അപ്പോഴും ജീവന് നിലനിൽക്കാൻ കഴിയുമായിരുന്നില്ല. അനിവാര്യമായ റേഡിയോആക്റ്റീവ് മൂലകങ്ങളാൽ സമ്പന്നമായ ഒരു കാമ്പ് (core) ഭൂമിക്കില്ലായിരുന്നുവെങ്കിൽ സൂര്യനിൽ നിന്നുള്ള വൈദ്യുതകാന്തികവികരണങ്ങളുടെ സ്ഫോടനങ്ങൾ (solar flares) ഭൂമിയെ ജീവന് പറ്റാത്ത തരിശുനിലമാക്കിത്തീർക്കുമായിരുന്നു. ഭൗമവ്യാപ്തത്തിന്റെ രണ്ട് ശതമാനമുള്ള ചന്ദ്രൻ എന്ന ഒരു ഉപഗ്രഹം ഭൂമിക്കില്ലായിരുന്നുവെങ്കിൽ ചരിഞ്ഞ അച്ചുതണ്ടിൽ സൂര്യനെ ചുറ്റുമ്പോഴുണ്ടായേക്കാവുന്ന ആടിയുലയൽ കാരണം ഭൂമിയിൽ ജീവൻ സാധ്യമാകുമായിരുന്നില്ല. പ്രപഞ്ചമെന്ന അഗ്നിസാഗരത്തിന് നടുവിൽ ജീവന് നിലനിൽക്കാൻ പറ്റിയ രൂപത്തിൽ വിരിച്ച മെത്ത തന്നെയാണ് ഭൂമി. ഈ അനുകൂലനങ്ങളെല്ലാം സൃഷ്ടിച്ച് ഭൂമിയെ മനുഷ്യർക്ക് പറ്റിയ മെത്തയാക്കിത്തന്നവനല്ലാതെ മറ്റാരാണ് നമ്മുടെ റബ്ബ്? അവനല്ലാതെ മറ്റാരാണ് ആരാധനകൾ അർഹിക്കുന്നത്?!
ആകാശം എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന സമാഅ (سَمَاء) ഉണ്ടായിരിക്കുന്നത് സീൻ, മീം, വാവ് (س م و) അക്ഷരത്രയത്തിൽ നിന്നാണ്. മുകളിലുള്ളത്, ഉന്നതമായത്, വിശിഷ്ടമായത്, ഉയരത്തിലുള്ളത് എന്നീ അർത്ഥങ്ങളിലെല്ലാം ഉപയോഗിക്കുന്ന അക്ഷരത്രയമാണിത്. ഇതിൽ നിന്നുണ്ടായ ക്രിയയായ 'സമാ' (سَمَا)യുടെ അർത്ഥം ഉയർത്തുക, മുകളിലാവുക, ഉന്നതമാവുക, ഉയർന്നിരിക്കുക എന്നിങ്ങനെയാണ്. തലയ്ക്ക് മുകളിലുള്ള എന്തിനെയും കുറിച്ച് പറയാൻ സമാഅ എന്നുപയോഗിക്കാം. ഖുർആനിൽ തന്നെ മുകളിലൂടെയുള്ള പക്ഷികളുടെ പറക്കലിനെപ്പറ്റി 'ഫീ ജവ്വി സ്സമാഇ' (فِىۡ جَوِّ السَّمَآءِ) അഥവാ 'ആകാശത്തിന് നടുവിലൂടെ' എന്ന് പ്രയോഗിച്ചിട്ടുണ്ട്. സമാഅ, അതിന്റെ ബഹുവചനമായ സമാവാത്ത് (سَمَاوَاتٍ) എന്നീ പദങ്ങൾ മൊത്തത്തിൽ 310 തവണ ഖുർആനിൽ ഉപയോഗിച്ചിട്ടുണ്ട്. ഉപരിലോകത്തെ അനുഗ്രഹങ്ങളെയും അവിടെയുള്ള പ്രതിഭാസങ്ങളെയും ഉപരിയിലുള്ള അല്ലാഹുവിന്റെ അസ്തിത്വത്തെയുമെല്ലാം പ്രതിപാദിക്കുന്ന വചനങ്ങളിലാണ് ഇങ്ങനെയുള്ള പ്രയോഗങ്ങളുള്ളത്. നാം കാണുന്ന നീലാകാശത്തെയാണ് ഈ വചനങ്ങളിൽ ഖുർആൻ ഉദ്ദേശിച്ചതെന്ന് കരുതാവുന്ന യാതൊന്നും തന്നെ പ്രസ്തുത ആയത്തുകളിലില്ല. നീലാകാശം ഒരു വസ്തുവായി നിലനിൽക്കുന്നില്ലെന്ന വസ്തുതയുടെ വെളിച്ചത്തിൽ ഖുർആനിലെ ആകാശപ്രയോഗങ്ങൾ അബദ്ധമാണെന്ന് വിമർശിക്കുന്നതിൽ അർത്ഥമില്ല. പ്രസ്തുത പ്രയോഗങ്ങളുടെ പൊതുവായ വിവക്ഷ മുകളിലുള്ളത് എന്നാണെന്ന് അവ വായിച്ചാൽ ബോധ്യമാകും. ആകാശത്തുള്ള നക്ഷത്രങ്ങളെയും സൂര്യനെയും ചന്ദ്രനെയും പറവകളെയുമെല്ലാം പറയുമ്പോൾ അവ നമ്മുടെ ഉപരിലോകത്താണെന്ന സാമാന്യവസ്തുതക്കപ്പുറം യാതൊന്നും തന്നെ ഖുർആൻ വെളിപ്പെടുത്തുന്നില്ല.
ഭൂമിയെ മെത്തയാക്കിയതോടോപ്പം തന്നെ മാനത്തെ മേൽക്കൂരയാക്കിയവനാണ് റബ്ബ്; അതാണ് മനുഷ്യർക്ക് അവൻ നൽകിയ അടുത്ത അനുഗ്രഹം. എഴുപത്തിയെട്ട് ശതമാനം നൈട്രജനും ഇരുപത്തിയൊന്ന് ശതമാനം ഓക്സിജനും ഒരു ശതമാനം നീരാവിയും കാർബൺ ഡയോക്സൈഡുമടക്കമുള്ള മറ്റു വാതകങ്ങളുമടങ്ങുന്ന ഭൂമിയുടെ അന്തരീക്ഷമാണ് മനുഷ്യരടക്കമുള്ള ജീവികൾക്ക് ഇവിടെ ജീവിക്കുവാനുള്ള സാഹചര്യമൊരുക്കുന്ന നിരവധി കാര്യങ്ങളിലൊന്ന്. ഭൗമാന്തരീക്ഷത്തിന്റെ രണ്ടാമത്തെ പാളിയായ സ്ട്രാറ്റോസ്ഫിയറിയന്റെ (stratosphere) ഭാഗമായ, ഭൗമോപരിതലത്ത് നിന്ന് ഏകദേശം പത്ത് കിലോമീറ്ററുകൾക്ക് മുകളിലുള്ള ഓസോൺ പാളി(ozone layer)യാണ് സൂര്യനിൽ നിന്നെത്തുന്ന മാരകമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് നമ്മെ സംരക്ഷിച്ച് നിർത്തുന്നത്. അതില്ലായിരുന്നുവെങ്കിൽ ഭൂമിയിൽ ജീവൻ സാധ്യമാകുമായിരുന്നില്ല. ധൂമകേതുക്കളിൽ(comets) നിന്നും ക്ഷുദ്രഗ്രഹങ്ങളിൽ(meteoroid) നിന്നും തെറിച്ചുവീഴുന്ന ഉൽക്കകൾ(meteoroid) ഭൗമോതരിതലത്തിലേക്ക് പതിക്കാതിരിക്കുന്നതിനായി അവയെ ഘർഷണത്തിലൂടെ കത്തിച്ച് കളഞ്ഞ് കൊള്ളിമീനുകളാക്കി(meteor)ത്തീർക്കുന്ന നമ്മിൽ നിന്ന് അമ്പത് കിലോമീറ്റർ മുകളിലുള്ള അന്തരീക്ഷത്തിന്റെ മൂന്നാമത്തെ പാളിയായ മീസോസ്ഫിയർ (mesosphere) ഇല്ലായിരുന്നെങ്കിൽ ഉൽകാനിപാതത്താൽ ജീവിക്കാനാകാത്ത ഗ്രഹമായി ഭൂമി മാറുമായിരുന്നു. ഓരോ ദിവസവും ഇവിടെയെത്തുന്ന രണ്ടരക്കോടി ഉൽക്കകളെയാണ് ഭൗമാന്തരീക്ഷം നശിപ്പിക്കുന്നത് എന്ന സത്യമറിയുമ്പോൾ മാനത്തെ മേൽക്കൂരയാക്കിയ അല്ലാഹുവിന്റെ അനുഗ്രഹം ശരിക്കും ബോധ്യപ്പെടും; ഒപ്പം തന്നെ നിങ്ങൾക്കായി 'മാനത്തെ മേൽക്കൂരയുമാക്കുകയും' (وَّالسَّمَآءَ بِنَآءً) ചെയ്തവൻ എന്ന ഖുർആൻപ്രയോഗത്തിന്റെ കൃത്യതയും നമുക്ക് മനസ്സിലാവും.
ആകാശത്ത് നിന്നിറക്കുന്ന ജലകണങ്ങളാണ് നാഥൻ നമുക്ക് നൽകിയതായി ഈ സൂക്തത്തിൽ പറയുന്ന മൂന്നാമത്തെ അനുഗ്രഹം. മഴയില്ലെങ്കിൽ ഭൂമിയിൽ ജീവനില്ല. നമ്മുടെ കാലാവസ്ഥയിലെ ജീവൻ നിലനിൽക്കുവാനാവശ്യമായ ഏറ്റവും പ്രധാനപ്പെട്ട പ്രതിഭാസമേതാണ് എന്ന ചോദ്യത്തിനുള്ള ഉത്തരം മഴയെന്നാണ്. ജലചക്രത്തിന്റെ അവസാനത്തെ ഘട്ടമായ മഴയില്ലായിരുന്നുവെങ്കിൽ സമുദ്രങ്ങളും നദികളും തടാകങ്ങളുമെല്ലാം വറ്റുകയും ദാഹജലം ലഭിക്കാതെ ജീവികൾ ചത്തൊടുങ്ങുകയും ചെയ്യുമായിരുന്നു. സമുദ്രജലം ബാഷ്പീകരിക്കപ്പെടുന്നു (evaporation); അത് അന്തരീക്ഷത്തിലൂടെ മുകളിലേക്ക് പോയി തണുക്കുകയും അവിടെയുള്ള പൊടിപടലങ്ങളുമായി ചേർന്ന് സാന്ദ്രീകരിക്കപ്പെട്ട് മേഘങ്ങളുണ്ടാവുകായും ചെയ്യുന്നു (condensation); മേഘങ്ങൾ പൂരിതമാകുമ്പോൾ അവയിൽ നിന്ന് ജലമുണ്ടായി താഴേക്ക് പതിക്കുന്നു (precipitation). സമുദ്രജലത്തിൽ തുടങ്ങി മഴയിൽ അവസാനിക്കുന്ന ജലചക്രത്തിന്റെ ഒരു ചെറിയ ചിത്രമാണിത്. മഴയില്ലെങ്കിൽ ഭൂമിയിൽ വെള്ളമില്ല; വെള്ളമില്ലെങ്കിൽ സസ്യങ്ങളില്ല; സസ്യങ്ങളില്ലെങ്കിൽ മനുഷ്യനോ മറ്റു ജന്തുക്കളോ ഒന്നുമില്ല. ഭൂമിയെ മെത്തയാക്കുകയും 'ആകാശത്ത് നിന്ന് മഴ ഇറക്കിത്തരികയും'(وَّاَنۡزَلَ مِنَ السَّمَآءِ مَآءً) ചെയ്തുകൊണ്ട് ഇവിടെ ജീവിക്കുവാനുള്ള സംവിധാനങ്ങളൊരുക്കിയ നാഥൻ എത്ര വലിയ അനുഗ്രഹമാണ് മനുഷ്യർക്ക് ചെയ്തിരിക്കുന്നത്?!!
'ഥമർ'(ثَمَر)ന്റെ ബഹുവചനമായ 'ഥമാറാത്ത്' (ثَمَرَٰت) പൊതുവായി സസ്യങ്ങളിൽ നിന്നുണ്ടാവുന്ന ഫലങ്ങൾ എന്ന അർത്ഥത്തിലാണ് പ്രയോഗിക്കാറുള്ളതെങ്കിലും എല്ലാ കായ്കനികളെയും ഇങ്ങനെ വിളിക്കാറുണ്ട്. മരത്തിൽ നിന്ന് കായ് ഉണ്ടാവുക എന്ന അർത്ഥത്തിലാണ് 'അഥ്മറ' (أَثْمَرَ) എന്ന ക്രിയ ഉപയോഗിക്കാറുള്ളത്. ഖുർആൻ ഈ ക്രിയ ഉപയോഗിച്ച രണ്ട് സ്ഥലങ്ങളിലും (6:99, 6:141) ഒലീവിനെയും മാതളത്തെയും മുന്തിരിയേയും മറ്റു കൃഷികളെയുമെല്ലാം ഉദ്ദേശിച്ചുകൊണ്ടാണ് അങ്ങനെ പ്രയോഗിച്ചതെന്ന് കാണാൻ കഴിയും. ഥ, മീം, റ (ث م ر) ത്രയാക്ഷരങ്ങളിൽ നിന്നുണ്ടായ പദങ്ങൾ പ്രയോഗിച്ച 24ൽ മിക്കവയിലും സസ്യജന്യമായ കായ്കനികളെയാണ് ഖുർആൻ അർത്ഥമാക്കുന്നത്.
ജലം മൂലമുണ്ടാകുന്ന ഭൗമപ്രതിഭാസങ്ങളിൽ മനുഷ്യർക്ക് ഏറെ ഉപകാരപ്രദവും ആരും പെട്ടെന്ന് ശ്രദ്ധിക്കുന്നതുമായ അനുഗ്രഹമാണ് ചെടികളിലുണ്ടാവുന്ന കായ്കനികൾ. സ്വാദിഷ്ടവും ആകർഷകവുമായ ഫലങ്ങൾ. ആസ്വാദകരമായ എത്രയെത്ര രുചികൾ; ആകർഷകമായ എത്രയെത്ര നിറങ്ങൾ. എല്ലാമുണ്ടാകുന്നതിന് അടിസ്ഥാന നിമിത്തമായ വെള്ളത്തിന് നിറവുമില്ല, രുചിയുമില്ല. എത്ര അത്ഭുതകരമാണ് റബ്ബിന്റെ സൃഷ്ടിവൈഭവം!! ഓരോന്നിലും മനുഷ്യർക്കാവശ്യമായ വ്യത്യസ്ത പോഷകങ്ങൾ; വിറ്റാമിനുകൾ; ധാതുക്കൾ. വിശപ്പ് മാറ്റുവാൻ മാത്രമല്ല രോഗപ്രതിരോധത്തിനും പറ്റുന്നതാണ് ഫലങ്ങൾ. വിറ്റാമിനുകൾ സി, ബി 6, ഇ എന്നിവ ധാരാളമുള്ള പഴങ്ങളും പച്ചക്കറികളുമെല്ലാം പ്രതിരോധശക്തി വർധിപ്പിക്കുന്നതാണ്. നാരങ്ങ, ചെറുനാരങ്ങ, പേരയ്ക്ക, ചെറുമധുര നാരങ്ങ, മധുര മത്തങ്ങ, തക്കാളി, വെണ്ണപ്പഴം(avocado), കിവി, സ്ട്രോബെറി, തുടങ്ങിയ പഴങ്ങളും നെല്ലിക്ക, പച്ച മുളക്, ചീരകൾ, വെണ്ടക്ക, പച്ചപ്പയർ, ബ്രോക്കോളി, കോളി ഫ്ളവർ, കാപ്സിക്കം എന്നീ പച്ചക്കറികളും വിറ്റാമിൻ സി ധാരാളമായി ഉള്ളവയാണ്. ഉരുളക്കിഴങ്ങ്, ബീൻസ് എന്നിവയിൽ വിറ്റാമിൻ ബി 6 ധാരാളമുണ്ട്. . വെണ്ണപ്പഴം, നിലക്കടല, ബദാം എന്നിവയിലുള്ള വിറ്റാമിൻ ഇയും പ്രതിരോധവ്യവസ്ഥയെ ശാക്തീകരിക്കുന്നതാണ്. എല്ലാം ഉണ്ടാകുന്നത് യാതൊരു വിറ്റാമിനുകളുമില്ലാത്ത വെള്ളത്തിൽ നിന്ന്; അല്ലാഹുവിന്റെ സർഗ്ഗവൈഭവം!!
നമ്മുടെ ശാരീരികാവയവങ്ങളും ചില ഫലങ്ങളുടെയും പച്ചക്കറികളുടെയും രൂപവും തമ്മിലുള്ള സാമ്യം അത്ഭുതപ്പെടുത്തുന്നതാണ്. ഛേദിച്ചാൽ കണ്ണിന്റെ കൃഷ്ണമണിയുടെ രൂപം തോന്നിക്കുന്ന കാരറ്റ് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. കാഴ്ചയിൽ തലച്ചോറ് പോലെ തോന്നിക്കുന്ന വാൾനട്ട് (wallnut) മസ്തിഷ്കത്തിന്റെയും നെടുകെ ഛേദിച്ചാൽ ഗർഭാശയത്തെപ്പോലെ തോന്നിക്കുന്ന വെണ്ണപ്പഴം (avocado) ഗർഭാശയത്തിന്റെയും ഛേദിച്ചാൽ സ്തനത്തിനകത്തെ ലോബ്യുളുകളെ (lobules) പോലെ തോന്നിക്കുന്ന ചെറുമധുരനാരാങ്ങ(grape fruit) മുലകളുടെയും ഛേദിച്ചാൽ ഹൃദയത്തിന്റെ ഛേദത്തെപ്പോലെ തോന്നിക്കുന്ന തക്കാളി ഹൃദയത്തിന്റെയും ആമാശയത്തെപ്പോലെ തോന്നിക്കുന്ന ഇഞ്ചി ആമാശയത്തിന്റെയുമെല്ലാം ആരോഗ്യത്തിന് നല്ലതാണെന്ന സത്യം അത്ഭുതപ്പെടുത്തുന്നതാണ്. എന്താണ് ഈ പാരസ്പര്യത്തിന് കാരണം? റബ്ബിന്റെ സൃഷ്ടിവൈഭവം എന്നല്ലാതെയുള്ള ഉത്തരങ്ങളൊന്നുമില്ല !!
ഭൂമിയിൽ ജീവിക്കുന്ന എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ ഖുർആൻ രക്ഷിതാവിന്റെ അനുഗ്രങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തുകയാണീ വചനത്തിൽ. നാടോടികളായ മരുഭൂനിവാസികൾക്ക് എത്തിയിടത്ത് കയ്യിലുള്ള വിരിപ്പ് വിരിച്ച് കിടക്കാൻ കഴിയുന്ന തറ; മുകളിലേക്ക് നോക്കുമ്പോൾ തങ്ങൾക്ക് മുകളിൽ മേൽക്കൂരയായ ആകാശം; ആകാശത്ത് നിന്ന് പെയ്തുവീഴുന്ന മഴ; അതുമൂലം വളരുന്ന സസ്യലതാതികളും അവയിൽനിന്നുണ്ടാവുന്ന ഫലങ്ങളും. എല്ലാം ആരാണ് ഒരുക്കിയത് എന്ന ചോദ്യത്തിനുള്ള മരുഭൂവാസിയുടെ ഉത്തരം തങ്ങളുടെ ആരാധ്യന്മാർ ആരെങ്കിലുമാണെന്നല്ല, നാഥനായ അല്ലാഹുവാണെന്നാണ്. പ്രപഞ്ചത്തെയും ഭൂമിയെയും ജലവിജ്ഞാനീയത്തെയും സസ്യശാസ്ത്രത്തെയുമെല്ലാം കുറിച്ച് പഠിക്കുന്ന ഇക്കാലത്തെ മനുഷ്യർക്കും മറ്റൊരു ഉത്തരവും പറയാനില്ല. അവരിൽ ആൾദൈവങ്ങളെയും വിഗ്രഹങ്ങളെയും പുണ്യപുരുഷന്മാരെയുമെല്ലാം ആരാധിക്കുന്നവരുണ്ടാവാം. എന്നാൽ ഭൂമിയും ഉപരിലോകവും സംവിധാനിച്ചതും മഴ നൽകുന്നതും സസ്യലതാതികൾ മുളപ്പിക്കുന്നതും ഫലമൂലാദികളെ ഉൽപാദിപ്പിക്കുന്നതുമെല്ലാം ലോകത്തിന്റെ നാഥൻ തന്നെയാണെന്ന് അവരും സമ്മതിക്കും. ഇരുപത്തിരണ്ടാം വചനത്തിന്റെ അവസാനം പറയുന്ന 'നിങ്ങൾക്ക് അറിയാവുന്നതുമാണിത്' (وَّاَنۡـتُمۡ تَعۡلَمُوۡنَ) എന്ന പരാമർശം അന്നും ഇന്നും ഒരേപോലെ പ്രസക്തമാണെന്നർത്ഥം.
നിങ്ങളെ സൃഷ്ടിച്ചത് നാഥൻ; നിങ്ങളുടെ മുൻഗാമികളെ സൃഷ്ടിച്ചതും അവൻ; ഭൂമിയിൽ ജീവിക്കാനുള്ള സംവിധാനങ്ങളുണ്ടാക്കിയതും ആകാശത്തെ ജീവജാലങ്ങളെ സംരക്ഷിക്കുന്ന മേൽക്കൂരയാക്കിയതും മഴ നൽകുന്നതും സസ്യലതാതികളെയും ഫലമൂലാദികളെയും ഉത്പാദിപ്പിച്ച് തരുന്നതുമെല്ലാം നാഥൻ തന്നെ. ഇതെല്ലാം നിങ്ങൾക്കറിയാം. അവനോടൊപ്പം ആർക്കും ഇതിലൊന്നും യാതൊരു പങ്കുമില്ലെന്നും നിങ്ങൾക്കറിയാം. 'അതിനാൽ നിങ്ങൾ അല്ലാഹുവിന് സമന്മാരെയുണ്ടാക്കരുത്' (فَلَا تَجۡعَلُوۡا لِلّٰهِ اَنۡدَادًا). മുഴുവൻ മനുഷ്യരോടുമുള്ള ഖുർആനിന്റെ കല്പനയാണിത്. മറ്റൊരാളെയും അല്ലാഹുവിന് തുല്യമായി കാണരുത്; അവന് നൽകേണ്ട ആരാധന മറ്റാർക്കും നൽകരുത്; അവന്റെ സവിശേഷതകൾ മറ്റാരിലും ആരോപിക്കരുത്. ആർക്കും സ്വീകരിക്കാവുന്ന കല്പന. മനുഷ്യരെ വിളിച്ചുകൊണ്ട് ഖുർആൻ ആവശ്യപ്പെടുന്ന ആദ്യത്തെ ഉപദേശം; തികച്ചും മാനവികമായ നിർദേശം.
ഖുർആനിലെ ഒന്നാമത്തെ കല്പനയാണ് ഇരുപത്തിയൊന്ന്, ഇരുപത്തിരണ്ട് വചനങ്ങളിലായി വിശദീകരിച്ചിരിക്കുന്നത്. ഈ കല്പന നാഥനും ദാസനും തമ്മിലുണ്ടാകേണ്ട ബന്ധത്തെ കൃത്യമായി നിർവ്വചിക്കുന്നുണ്ട്. അല്ലാഹുവിനെ സ്രഷ്ടാവും രക്ഷിതാവുമായി അംഗീകരിക്കണമെന്ന് ഈ വചനങ്ങൾ പഠിപ്പിക്കുന്നു; അവന്റെ സവിശേഷതകളൊന്നും മറ്റുള്ളവർക്ക് ആരോപിക്കരുതെന്ന് അവ നിർദേശിക്കുന്നു; അവനാണ് ആരാധനകൾ അർഹിക്കുന്നതെന്നതിനാൽ അവനെയാണ് ആരാധിക്കേണ്ടതെന്നുമുള്ള നിഷ്കർഷയും അവയുൾക്കൊള്ളുന്നു. ഇസ്ലാമിന്റെ അടിത്തറയായ ഏകദൈവവിശ്വാസം അഥവാ തൗഹീദിന്റെ (توحيد) മൂന്ന് വശങ്ങളെയും ഉൾക്കൊള്ളുന്നതാണീ വചനങ്ങൾ. രക്ഷാകർതൃത്വത്തിലുള്ള ഏകത്വവും (توحيد الربوبية), ആരാധ്യതയിലുള്ള ഏകത്വവും (توحيد الألوهية), നാമഗുണവിശേഷങ്ങളിലുള്ള ഏകത്വവും (توحيد الأسماء والصفات) ഈ വചനങ്ങളിലുണ്ട്. നാഥനെ ആരാധിക്കുകയെന്ന് നിർദേശിക്കുന്ന തുടക്കം ആരാധ്യതയിലുള്ള ഏകത്വത്തെയും സ്രഷ്ടാവ്, സംരക്ഷകൻ എന്ന നിലയിൽ അവനെ പരിചയപ്പെടുത്തുന്ന മധ്യഭാഗം രക്ഷാകർതൃത്വത്തിലുള്ള ഏകത്വത്തെയും അവന് സമന്മാരെയുണ്ടാക്കരുത് എന്ന് നിഷ്കർശിക്കുന്ന അവസാനം നാമഗുണവിശേഷങ്ങളിലുള്ള ഏകത്വത്തെയും അടയാളപ്പെടുത്തുന്നു. ഖുർആനിലെ ഒന്നാമത്തെ കല്പന തന്നെ തൗഹീദാണെന്ന വസ്തുത അതിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നുണ്ട്. തൗഹീദ് ഉൾക്കൊള്ളാതെ ഒരാൾക്കും യഥാർത്ഥ ദൈവഭക്തിയുള്ളവരായി ജീവിക്കാനാവുകയില്ലെന്ന സന്ദേശവും ഈ വചനങ്ങൾ നൽകുന്നു. അഥവാ ഖുർആനിന്റെ വീക്ഷണത്തിൽ മതം സ്ഥാപിക്കപ്പെട്ടിരിക്കുന്നത് തൗഹീദിലാണ്. അതിന്റെ തത്ത്വങ്ങൾ മാത്രമല്ല, പ്രായോഗികനിർദേശങ്ങളും തൗഹീദിൽ അധിഷ്ഠിതമാണ്. മുത്തഖിയാവുക എന്നതാണ് മതം. അതിന്ന് തൗഹീദില്ലാതെ കഴിയുകയില്ല.
22. الَّذِي جَعَلَ لَكُمُ الأَرْضَ فِرَاشاً وَالسَّمَاء بِنَاء وَأَنزَلَ مِنَ السَّمَاء مَاء فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَّكُمْ فَلاَ تَجْعَلُواْ لِلَّهِ أَندَادًا وَأَنتُمْ تَعْلَمُونَ
23. وَإِن كُنتُمْ فِي رَيْبٍ مِّمَّا نَزَّلْنَا عَلَى عَبْدِنَا فَأْتُواْ بِسُورَةٍ مِّن مِّثْلِهِ وَادْعُواْ شُهَدَاءَكُم مِّن دُونِ اللَّهِ إِنْ كُنتُمْ صَادِقِينَ
23. നമ്മുടെ ദാസന് നാം അവതരിപ്പിച്ചതിനെപ്പറ്റി നിങ്ങൾ സംശയത്തിലാണെങ്കിൽ അതേപോലെയുള്ള ഒരു സൂറത്തെങ്കിലും നിങ്ങൾ കൊണ്ടുവരിക; അല്ലാഹുവൊഴിച്ചുള്ള നിങ്ങളുടെ സാക്ഷികളെയെല്ലാം വിളിക്കുകയും ചെയ്യുക; നിങ്ങൾ സത്യവാന്മാരാണെങ്കിൽ.
ഖുർആൻ ആസ്വാദനം
രണ്ടാം അദ്ധ്യായം
സൂറത്തുൽ ബഖറ:
ഇരുപത്തി മൂന്നാമത്തെ ആയത്ത്
23. നമ്മുടെ ദാസന് നാം അവതരിപ്പിച്ചതിനെപ്പറ്റി നിങ്ങൾ സംശയത്തിലാണെങ്കിൽ അതേപോലെയുള്ള ഒരു സൂറത്തെങ്കിലും നിങ്ങൾ കൊണ്ടുവരിക; അല്ലാഹുവൊഴിച്ചുള്ള നിങ്ങളുടെ സാക്ഷികളെയെല്ലാം വിളിക്കുകയും ചെയ്യുക; നിങ്ങൾ സത്യവാന്മാരാണെങ്കിൽ.ഇത് വരെയുള്ള ഖുർആൻ വചനങ്ങളിലെ പ്രതിപാദ്യങ്ങളിൽ അല്ലാഹു ഒന്നാം വ്യക്തിയോ രണ്ടാം വ്യക്തിയോ ആയിരുന്നു. 'നീ'യോ 'അവനോ' ആയാണ് അല്ലാഹുവെക്കുറിച്ച് വചനങ്ങളിൽ പറഞ്ഞിരുന്നത്. ആദ്യമായി ഈ വചനത്തിലാണ് അല്ലാഹു ഒന്നാം വ്യക്തിയായി കടന്നുവരുന്നത്. അല്ലാഹു തന്നെ നേരിട്ട് നിഷേധികളോട് സംസാരിക്കുന്ന രീതിയാണ് ഈ വചനങ്ങളിൽ സ്വീകരിച്ചിരിക്കുന്നത്. 'ഇൽതിഫാത്ത്' എന്ന് വിളിക്കുന്ന ഇത്തരത്തിലുള്ള വ്യക്തിത്വമാറ്റം ഖുർആനിന് ചാരുത നൽകുന്ന സവിശേഷതകളിലൊന്നാണ്. 'നമ്മുടെ ദാസന് നാം അവതരിപ്പിച്ചതിനെപ്പറ്റി'(مِّمَّا نَزَّلۡنَا عَلٰى عَبۡدِنَا) എന്നിങ്ങനെ രണ്ട് തവണ തുടർച്ചയായി അല്ലാഹു സ്വന്തത്തെക്കുറിച്ച് പറയുന്നുണ്ട്. രണ്ടിടത്തും ക്രിയകളുടെ അവസാനത്തിൽ 'നാം' എന്ന അർത്ഥത്തിൽ 'നാ'(نَا) എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. നാം എന്നോ ഞങ്ങൾ എന്നോ ഉള്ള അർത്ഥത്തിലാണ് ക്രിയകളുടെ അവസാനത്തിൽ നാ എന്നോ നാമമായി നഹ്നു(نَحۡنُ) എന്നോ പ്രയോഗിക്കാറുള്ളത്. ഏകനായ അല്ലാഹു സ്വന്തത്തെക്കുറിച്ച് പറയുമ്പോൾ ബഹുവചനമുപയോഗിക്കുന്നത് അവന്റെ ഔന്നത്യത്തെയും മഹത്വത്തെയും ദ്യോതിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് അങ്ങനെ ഉപയോഗിച്ചിരിക്കുന്ന വചനങ്ങൾ പരിശോധിച്ചാൽ മനസ്സിലാവും.
ബഹുമാനാർത്ഥം ബഹുവചനമുപയോഗിക്കുന്ന രീതി ഒരു വിധം എല്ലാ ഭാഷകളിലുമുണ്ട്. രാജകല്പനകൾ തുടങ്ങാറുള്ളത് 'നാം കല്പിക്കുന്നു' എന്ന് പറഞ്ഞുകൊണ്ടാണ്. മലയാളത്തിൽ ബഹുമാനിച്ചുകൊണ്ട് മറ്റുള്ളവരെ 'അവർകൾ' എന്ന് വിളിക്കാറുണ്ട്. ഇങ്ങനെയുള്ള പൂജകബഹുവചനങ്ങൾ ദൈവവുമായി ബന്ധപ്പെട്ടും അല്ലാതെയും പൂർവ്വവേദങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. പഴയനിയമത്തിൽ നിരന്തരമായി കാണാൻ കഴിയുന്നതാണ് എലോഹിം (אֶלהִים,-Elohim) എന്ന് ദൈവത്തെ വിളിക്കുന്ന രീതി. 'എലോഹ്' എന്നാൽ ഹിബ്രുവിൽ ആരാധ്യൻ എന്നാണ് അർത്ഥം. അവസാനം 'ഇം' ചേർത്താൽ ദൈവങ്ങൾ എന്നാണ് പരിഭാഷപ്പെടുത്തേണ്ടത്. എന്നാൽ ഇത് പൂജകബഹുവചനം മാത്രമാണെന്ന് ബൈബിൾ അവഗാഢമായി പഠിച്ചാൽ ബോധ്യമാകും. ഫറോവയുടെ അടുത്തേക്ക് പോകുന്ന ദൈവത്തിന്റെ വ്യക്തി എന്ന അർത്ഥത്തിൽ മോശയെക്കുറിച്ചുപോലും എലോഹിം എന്ന് പറഞ്ഞിട്ടുണ്ട്. (പുറപ്പാട് 4:16; 7:1) രാജാക്കന്മാരെ വിളിക്കാൻ പൂജകബഹുവചനം ഉപയോഗിച്ചതും ബൈബിളിൽ കാണാം. (1 രാജാക്കന്മാർ 1: 43). ദൈവത്തെക്കുറിച്ച ഇത്തരം പൂജകബഹുവചനങ്ങൾ ദ്യോതിപ്പിക്കുന്നത് ഏകദൈവത്തിൽ മൂന്ന് വ്യകതിത്വങ്ങളുണ്ട് എന്നാണെന്നും ഖുർആൻ പോലും അത് അംഗീകരിക്കുന്നുണ്ടെന്നുമുള്ള മിഷിണറിവാദം സെമിറ്റിക് ഭാഷകളെക്കുറിച്ചറിയാവുന്ന ബൈബിൾ പണ്ഡിതർ തന്നെ തള്ളിക്കളഞ്ഞതാണ്. ബൈബിളിന്റെ ഭാഷാപ്രയോഗങ്ങൾ പഠിച്ചാൽ ആർക്കും അത്തരം വാദങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് ബോധ്യപ്പെടും.
ഖുർആനിലൂടെ അല്ലാഹു നേർക്കുനേർ ആദ്യമായി സംസാരിക്കുന്നത് 'നമ്മുടെ ദാസന് നാം അവതരിപ്പിച്ചതിനെപ്പറ്റി'എന്നാണ്. മുഹമ്മദ് നബിയാണ് ഇവിടെ 'നമ്മുടെ ദാസൻ'. അല്ലാഹു ഒന്നാമതായി പ്രവാചകനെ പരിചയപ്പെടുത്തുന്നത് തന്റെ ദാസനായാണ്. അന്തിമപ്രവാചകനെ 'റസൂൽ'(ദൂതൻ) എന്നും 'നബി'(പ്രവാചകൻ) എന്നുമെല്ലാം ഖുർആൻ വിളിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ഔന്നത്യം പ്രകടമാക്കുന്ന പല രംഗങ്ങളിലും ഖുർആൻ വിളിച്ചത് 'അബ്ദ്' എന്നാണ്. ഇസ്റാഅ് ഉദാഹരണം. മസ്ജിദുൽ ഹറാമിൽ നിന്ന് മസ്ജിദുൽ അഖ്സയിലേക്കുള്ള നിശാപ്രയാണത്തെയും അതിന് ശേഷം ആകാശലോകങ്ങളിലേക്കുള്ള മിഅ്റാജിനെയും കുറിച്ച് പരാമർശിച്ചപ്പോൾ 'തന്റെ ദാസനെ നിശായാത്ര ചെയ്യിച്ചവൻ എത്ര പരിശുദ്ധൻ' (17: 1) എന്നാണ് ഖുർആൻ പറയുന്നത്. റസൂലും നബിയുമെല്ലാം അല്ലാഹുവിന്റെ തെരെഞ്ഞെടുപ്പാണ്; അവൻ ഉദ്ദേശിക്കുന്നവർക്ക് മാത്രം അവൻ നൽകുന്ന അനുഗ്രഹം. അല്ലാഹുവിന്റെ ദാസ്യം ഇച്ഛാപൂർവ്വം തെരെഞ്ഞെടുക്കാൻ ഏതൊരാൾക്കും കഴിയും. അങ്ങനെ തെരെഞ്ഞെടുക്കുന്നവർക്ക് മാതൃകയാവുകയെന്നതാണ് റസൂലിന്റെ ദൗത്യം. റസൂലും നബിയുമെല്ലാം ക്ലിപ്തമായ പദങ്ങളാണ്. അബ്ദ് അങ്ങനെയല്ല. നല്ല ദാസനും ചീത്ത ദാസനുമാകാനാവും; റബ്ബ് നൽകിയ അനുഗ്രഹങ്ങൾക്ക് കൃതഞ്ജതയുള്ള അബ്ദും കൃതഘ്നനാവുന്ന അബ്ദുമാകാനാവും. അന്തിമപ്രവാചകനിൽ നാം കാണുക കൃതഞ്ജതയുടെ പൂർണതയാണ്. നന്ദിപ്രകടനത്തിന്റെ മൂർത്തഭാവം. നാഥന് നന്ദിയുള്ളവരായി അവന്റെ അനുഗ്രഹങ്ങൾക്ക് പാത്രമാകണമെന്നാഗ്രഹിക്കുന്നവർക്കുള്ള പൂർണമായ മാതൃക.
മനുഷ്യരടക്കമുള്ള സൃഷ്ടികളെല്ലാം യഥാർത്ഥത്തിൽ അല്ലാഹുവിന്റെ അടിമകളാണ്. വിശ്വാസി മാത്രമാണ് ആ ദാസ്യം അംഗീകരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നത് എന്ന് മാത്രമേയുള്ളൂ വ്യത്യാസം. അടിമ-ഉടമ ബന്ധം മൂന്ന് തലങ്ങളെ ഉൾക്കൊള്ളുന്നുവെന്ന് പറയാം. അടിമയും അടിമക്കുള്ളതുമെല്ലാം ഉടമയുടേതാണ്; അടിമ എങ്ങനെയാകണമെന്നും എന്ത് ചെയ്യണമെന്നും തീരുമാനിക്കുന്നത് ഉടമയാണ്; ഉടമയുടെ നിർദേശങ്ങൾ നടപ്പിലാക്കുന്നതിൽ വ്യാപൃതനായിരിക്കും അടിമ. അംഗീകരിച്ചാലും ഇല്ലെങ്കിലും അല്ലാഹുവിന്റെ അടിമകൾ തന്നെയാണ് മനുഷ്യരെല്ലാം. അല്ലാഹുവിനോടുള്ള തന്റെ അടിമത്തം അംഗീകരിക്കുകയും അതിനെ ആസ്വദിക്കുകയും ചെയ്യുന്നുവെന്നതാണ് വിശ്വാസിയുടെ സവിശേഷത. മറ്റുള്ളവർ അതിനെ നിഷേധിക്കുന്നുവെങ്കിലും സ്വന്തമായി എന്തെങ്കിലും ഉണ്ടാക്കുവാനോ നാഥന്റെ നിശ്ചയത്തിന് വിരുദ്ധമായി എന്തെങ്കിലും ചെയ്യാനോ അവന്റെ നിർണയത്തെ ലംഘിക്കുവാനോ ആർക്കും കഴിയില്ല. അവിശ്വാസി നിർബന്ധിതമായി അനുധാവനം ചെയ്യേണ്ടിവരുന്നതാണ് ദാസ്യം. നിർബന്ധിതമായ ദാസ്യത്തോടൊപ്പം തനിക്ക് സ്വാതന്ത്ര്യമുള്ള മേഖലകളിൽ കൂടി വിശ്വാസി അനുസരണയോടെ അത് സ്വീകരിക്കുന്നുവെന്ന് മാത്രം. അവനെ സംബന്ധിച്ചിടത്തോളം നാഥനോടുള്ള ദാസ്യം മധുരതരമായ അനുഭവമാണ്. ബോധപൂർവ്വം അത് അംഗീകരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നവനാണവൻ. പടച്ചവനോടുള്ള ദാസ്യത്തിന്റെ പൂർണതയെങ്ങനെയെന്നതിന് സ്വന്തം ജീവിതത്തെ മാതൃകയാക്കി കാണിച്ചവരാണ് പ്രവാചകന്മാർ. ദൈവദൂതന്മാരിൽ അന്തിമൻ ആ ദാസ്യത്തെ അവസാനനാളുവരെയുള്ളവർക്കെല്ലാമുള്ള മാതൃകയായി സമർപ്പിച്ചയാളാണ്. ദൈവദാസനെന്ന് വിളിക്കപ്പെടാനാണ് അദ്ദേഹം ആഗ്രഹിച്ചത്. 'മർയമിന്റെ മകനെ ക്രൈസ്തവർ പുകഴ്ത്തിയത് പോലെ എന്നെ പുകഴ്ത്തരുത്; ഞാൻ അല്ലാഹുവിന്റെ ദാസൻ മാത്രമാണ്. അതിനാൽ അല്ലാഹുവിന്റെ ദാസൻ എന്നും അവന്റെ ദൂതൻ എന്നും എന്നെ വിളിക്കുക"യെന്ന് നബി (ﷺ) നിഷ്കർഷിച്ചതായി ഉമറിൽ(റ) നിന്ന് ബുഖാരി നിവേദനം ചെയ്യുന്നുണ്ട്.
മുഹമ്മദ് നബിക്ക് അല്ലാഹു അവതരിപ്പിച്ചത് ദൈവികമാണോയെന്ന് സംശയിക്കുന്നവരോടുള്ള വെല്ലുവിളിയാണ് ഈ വചനങ്ങൾ ഉൾക്കൊള്ളുന്നത്. ഖുർആനിലേതിന് തുല്യമായ ഒരു അധ്യായമെങ്കിലും കൊണ്ടുവരാനാകുമോയെന്ന വെല്ലുവിളി. മക്കയിൽ നിന്ന് തുടങ്ങിയതാണ് ഖുർആനിന്റെ അദ്വിതീയതയും ദൈവികതയും അജയ്യതയും വ്യക്തമാക്കിക്കൊണ്ടുള്ള ഈ വെല്ലുവിളി. ഖുർആനിലേതുപോലെയുള്ള വൃത്താന്തം കൊണ്ടുവരാൻ ആർക്കെങ്കിലും കഴിയുമോയെന്നായിരുന്നു ആദ്യത്തെ ചോദ്യം (52:33, 34). മുഴുവൻ മനുഷ്യരും ജിന്നുകളും ഒരുമിച്ച് ചേർന്ന് പരിശ്രമിച്ചാൽപോലും ഖുർആനിന് തുല്യമായ ഒരു രചന നടത്താൻ കഴിയില്ലെന്ന് അർത്ഥശങ്കക്കിടയില്ലാതെ പ്രഖ്യാപിക്കുകയും ചെയ്തു(17: 88). മുഹമ്മദ് നബി (സ) സ്വന്തമായി എഴുതിയുണ്ടാക്കിയതാണ് ഖുർആനെന്ന് വാദിക്കുന്നവരോട് അതിലേത് പോലെയുള്ള പത്ത് അധ്യായങ്ങളെങ്കിലും കൊണ്ടുവരാനാകുമോയെന്നായിരുന്നു പിന്നെയുള്ള വെല്ലുവിളി(11: 13). ഇവയെല്ലാം മക്കക്കാരോടായിരുന്നു. അല്ലാഹുവിനല്ലാതെ മറ്റാർക്കും തന്നെ ഖുർആൻ നിർമ്മിക്കുവാൻ കഴിയില്ലെന്നും അതിലെ ഒരു അധ്യായത്തിന് തുല്യമായ സൃഷ്ടി നടത്താൻ പോലും അല്ലാഹുവല്ലാതെയുള്ള മുഴുവൻ പേരും ഒരുമിച്ച് ചേർന്നാലും കഴിയില്ലെന്നും മക്കയിൽ വെച്ച് തന്നെ ഖുർആൻ വെല്ലുവിളിച്ചിട്ടുണ്ട്.(10: 37, 38). അക്ഷരാഭ്യാസമില്ലാത്തവരെങ്കിലും സാഹിത്യത്തിലെ കുലപതികളായിരുന്നു മക്കക്കാർ. ഈ വെല്ലുവിളിക്ക് ഉത്തരം നൽകാൻ അവരിൽ പലരും പരിശ്രമിച്ച് പരാജയപ്പെട്ടു. അങ്ങനെ പരിശ്രമിച്ചവരിൽ ചിലർ ഖുർആനിന്റെ സ്തുതിപാഠകരായിത്തീരുന്നു. ആർക്കും തന്നെ അതിന് തുല്യമായ യാതൊന്നും തന്നെ അവതരിപ്പിക്കാനായില്ല.
മദീനയിലെത്തിയതിന് ശേഷവും ഖുർആൻ വെല്ലുവിളി തുടർന്നു. ഈ വചനങ്ങളിലുള്ളത് മദീനയിലെ വെല്ലുവിളിയാണ്.
മക്കക്കാരെപ്പോലെ അക്ഷരമറിയാത്തവരെ മാത്രമല്ല ഇപ്പോൾ വെല്ലുവിളിക്കുന്നത്; വേദഗ്രൻഥങ്ങളുടെ വക്താക്കളെന്ന് സ്വയം അവകാശപ്പെടുന്നവരെക്കൂടിയാണ്. അവർക്ക് അവരുടെ വേദങ്ങളിൽ നിന്ന് ലഭിച്ച അറിവുണ്ട്. അവരുടെ സഹായികളായ മക്കക്കാർക്ക് സാഹിത്യത്തിൽ ഉന്നതമായ നൈപുണ്യവുമുണ്ട്. രണ്ട് കൂട്ടരും ഒന്നിച്ച് ചേർന്ന് വേണമെങ്കിൽ ഒന്ന് പരിശ്രമിച്ച് നോക്കാം. ഖുർആനിലെ ഏതെങ്കിലും ഒരു അധ്യായത്തെ വെല്ലുന്ന ഒരു അദ്ധ്യായം രചിച്ച് മുഹമ്മദ് നബിയുടേതാണ് ഖുർആൻ എന്ന് സ്ഥാപിക്കാൻ ശ്രമിക്കാം. പരിശ്രമങ്ങളുണ്ടായി; പക്ഷെ എല്ലാം പാഴ്ശ്രമങ്ങളാവുകയാണ് ചെയ്തത്.
'ഖുർആനിലേതുപോലെയുള്ള ഒരു സൂറത്തെങ്കിലും നിങ്ങൾ കൊണ്ട് വരിക' എന്നാണ് വെല്ലുവിളി. ഖുർആനിലെ അധ്യായത്തെ വിളിക്കുക സൂറത്ത് (سُوۡرَةٍ) എന്നാണ്. 'സുവർ' (سُوَرٍ) എന്നാണ് അതിന്റെ ബഹുവചനം. ഉന്നതി, വളച്ചുകെട്ട്, നഗരത്തിന് ചുറ്റുമുള്ള മതിൽ എന്നീ അർത്ഥങ്ങളിലാണ് സാധാരണയായി 'സൂറത്ത്' എന്ന് പ്രയോഗിക്കുക. ഖുർആനിന് മുമ്പോ ശേഷമോ ഏതെങ്കിലും ഗ്രൻഥങ്ങളിൽ അധ്യായങ്ങളെ സൂറത്തുകൾ എന്ന് വിളിച്ചിട്ടില്ല. അങ്ങനെ വിളിക്കുന്ന സമ്പ്രദായം അറബികൾക്കിടയിലില്ല. സാധാരണ ഗ്രൻഥങ്ങളിലെ അധ്യായങ്ങളെപ്പോലെയല്ല ഖുർആനിലെ സൂറത്തുകൾ. ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകഭാഗത്തെയാണ് സാധാരണയായി അദ്ധ്യായം എന്ന് പറയുക. ഖുർആനിലെ സൂറത്ത് ഇങ്ങനെയുള്ള അധ്യായമേയല്ല. ചില സൂറത്തുകളിൽ ഒരൊറ്റ വിഷയമായുണ്ടാവൂ. മറ്റു ചിലവയിലാകട്ടെ വ്യത്യസ്ത വിഷയങ്ങൾ സമ്മിശ്രമായാണ് കാണപ്പെടുന്നത്. അല്ലാഹു ഉദ്ദേശിച്ച വചനങ്ങളെ അവൻ ഉദ്ദേശിച്ച രൂപത്തിൽ വിന്യസിച്ച് കൃത്യമായ ഒരു അതിർത്തിക്കകത്താക്കിയപ്പോൾ അത് സൂറത്ത് ആയിത്തിത്തീർന്നു. നിശ്ചയിക്കപ്പെട്ട അതിർത്തിക്കകത്ത് നിരന്നു നിൽക്കുന്ന ആശയസമൃദ്ധമായ ആയത്തുകൾക്കുള്ള മതിൽക്കെട്ടാണ് സൂറത്ത്. സൂറത്തുകൾക്കകത്ത് ആയത്തുകൾ എങ്ങനെ വിന്യസിക്കണമെന്നും ഖുർആനിൽ സൂറത്തുകൾ എങ്ങനെ വിന്യസിക്കണമെന്നും തീരുമാനിച്ചത് അല്ലാഹുവാണ്. ഖുർആനിന്റെ പാരായണരീതി നിർണയിക്കുകയും ക്രോഡീകരണം നിർവ്വഹിക്കുകയുമെല്ലാം ചെയ്യുന്നത് അല്ലാഹുവാണെന്ന് ഖുർആൻ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. (75:16-19)
ഖുർആനിലെ സൂറത്തുകളിൽ ഏതിനെങ്കിലും തുല്യമായ രചന നടത്താനാണ് വെല്ലുവിളി. മക്കയിൽ നടത്തിയ വെല്ലുവിളിയുടെ ആവർത്തനമാണ് ഇതെങ്കിലും ചില വ്യത്യാസങ്ങളുണ്ട്. 'അദ്ദേഹം നിർമ്മിച്ചുണ്ടാക്കിയതാണ് അതെന്നാണോ അവർ പറയുന്നത്; പറയുക: എങ്കിൽ, അതേപോലെയുള്ള ഒരു സൂറത്തെങ്കിലും നിങ്ങൾ കൊണ്ടുവരിക. അല്ലാഹുവൊഴിച്ച് നിങ്ങൾക്കാവുന്നവരെയെല്ലാം നിങ്ങൾക്ക് വിളിക്കാം; നിങ്ങൾ സത്യസന്ധരാണെങ്കിൽ' (10: 38) അവിടെ സഹായത്തിന് വിളിക്കാൻ പറഞ്ഞത് കഴിയാവുന്നവരെ മുഴുവനുമാണ്. (وَادۡعُوۡا مَنِ اسۡتَطَعۡتُمۡ). സൂറത്തുൽ ബഖറയിലാകട്ടെ, സഹായികളെയല്ല സാക്ഷികളെയാണ് വിളിക്കാൻ പറഞ്ഞിരിക്കുന്നത്. (وَادۡعُوۡا شُهَدَآءَكُمۡ). ശഹീദിന്റെ ബഹുവചനമായ ശുഹദാഇ'നർത്ഥം സാക്ഷികൾ എന്നാണ്. സഹായികൾ എന്ന അർത്ഥത്തിലും ഇത് പ്രയോഗിക്കാറുണ്ട്. സഹായികളെ വിളിക്കാൻ പറഞ്ഞ സൂറത്ത് യൂനുസിലെ വെല്ലുവിളിയെ ഒന്നുകൂടി ഉറപ്പിക്കുകയാണിവിടെ.
മക്കയിൽ നിന്നുള്ള ഖുർആനിന്റെ വെല്ലുവിളിയെ തോൽപ്പിക്കാനായി മക്കയിലെ സാഹിത്യത്തമ്പുരാക്കന്മാർ എഴുതിയുണ്ടാക്കിയ ചില രചനകളുണ്ടായിരുന്നു. അവയെല്ലാം മറ്റുള്ളവരുടെ പരിശോധനയിൽ ഖുർആനിന്റെ എട്ടയലത്ത് നിർത്താൻ പോലും അർഹമല്ലെന്ന് മനസ്സിലായപ്പോഴാണ് അവർ തന്നെ പ്രസ്തുത ഉദ്യമം നിർത്തിവെച്ചത്. നബി മദീനയിലെത്തി. ഇനിയും നിങ്ങൾക്ക് സൂറത്തുകൾ കൊണ്ടുവരാം. സാഹിത്യമറിയാവുന്ന അല്ലാഹുവല്ലാതെയുള്ള സാക്ഷികളെയാരെയും നിങ്ങൾക്ക് ഹാജരാക്കാം. അവർ പറയട്ടെ, ഇത് ഖുർആനിന് തുല്യമാണെന്ന്. ഇല്ല. മനുഷ്യസൃഷ്ടികളൊന്നും തന്നെ ഖുർആനിന് തുല്യമാണെന്ന് പറയാൻ അറബിയറിയാവുന്ന ആരും സന്നദ്ധമാവില്ല. സ്വഹാബിമാരുടെ കാലത്ത് തന്നെ ഖുർആനികവെല്ലുവിളിക്ക് മറുപടി നൽകാനെന്ന പേരിൽ രചിക്കപ്പെട്ട മുസൈലിമയുടെ ആനസൂറത്ത് കൊള്ളരുതാത്തതാണെന്ന് പറഞ്ഞ് തിരസ്കരിച്ചത് സമകാലികരായ സാഹിത്യകാരന്മാരാണ്. ഖുർആനിന് സമാനമായ സൂറത്തുണ്ടാക്കാൻ ശ്രമിച്ച എട്ടാം നൂറ്റാണ്ടുകാരനായ പേർഷ്യക്കാരൻ ഇബ്നു മുഖഫ്ഫ തന്റെ ശ്രമത്തിൽ പരാജയപ്പെട്ട് അവസാനം മുസ്ലിമായാണ് മരണപ്പെട്ടത്. ശിയാവിശ്വാസം പ്രചരിപ്പിക്കാനായി നിർമ്മിക്കപ്പെട്ട സൂറത്തുൽ വിലായ, സൂറത്തു ന്നൂറൈൻ എന്നിവ ഖുർആനിന്റെ സാഹിത്യഗരിമയുടെ അയലത്ത് പോലും നിൽക്കാൻ അർഹമല്ലാത്തതാണെന്ന് സാക്ഷ്യപ്പെടുത്തുന്നത് ശിയാപണ്ഡിതന്മാർ തന്നെയാണ്. മിഷനറിമാരും നാസ്തികരുമുണ്ടാക്കിയ ഖുർആനിന് 'തുല്യ'മായ സൂറത്തുകൾ അവരിൽ പെട്ട വിവരമുള്ളവർ തന്നെ തിരസ്കരിച്ചതിന് വർത്തമാനകാലവും സാക്ഷിയാണ്. ഖുർആനിന് തുല്യമെന്ന പേരിൽ നിർമ്മിക്കപ്പെടുന്ന രചനകളൊന്നും തന്നെ കൊള്ളാവുന്നവയല്ലെന്ന് ആ രംഗത്തെ വിവരമുള്ളവർ തന്നെ സാക്ഷ്യം വഹിക്കും, തീർച്ച.
23. وَإِن كُنتُمْ فِي رَيْبٍ مِّمَّا نَزَّلْنَا عَلَى عَبْدِنَا فَأْتُواْ بِسُورَةٍ مِّن مِّثْلِهِ وَادْعُواْ شُهَدَاءَكُم مِّن دُونِ اللَّهِ إِنْ كُنتُمْ صَادِقِينَ
24. فَإِن لَّمْ تَفْعَلُواْ وَلَن تَفْعَلُواْ فَاتَّقُواْ النَّارَ الَّتِي وَقُودُهَا النَّاسُ وَالْحِجَارَةُ أُعِدَّتْ لِلْكَافِرِينَ
24. നിങ്ങൾക്കതിന് കഴിഞ്ഞില്ലെങ്കിൽ; നിങ്ങൾക്കതിന് കഴിയില്ലൊരിക്കലും; മനുഷ്യരും കല്ലുകളും ഇന്ധനമായുള്ള അഗ്നിയെ സൂക്ഷിച്ചുകൊള്ളുക; നിഷേധികൾക്കായി ഒരുക്കിവെച്ചതാണത്.
ഖുർആൻ ആസ്വാദനം
രണ്ടാം അദ്ധ്യായം
സൂറത്തുൽ ബഖറ:
ഇരുപത്തി നാലാമത്തെ ആയത്ത്24. നിങ്ങൾക്കതിന് കഴിഞ്ഞില്ലെങ്കിൽ; നിങ്ങൾക്കതിന് കഴിയില്ലൊരിക്കലും; മനുഷ്യരും കല്ലുകളും ഇന്ധനമായുള്ള അഗ്നിയെ സൂക്ഷിച്ചുകൊള്ളുക; നിഷേധികൾക്കായി ഒരുക്കിവെച്ചതാണത്.
ഖുർആനിലേതു പോലെയുള്ള ഒരു അദ്ധ്യായം നിർമ്മിക്കാൻ വെല്ലുവിളിച്ച് നിർത്തുകയല്ല അല്ലാഹു ചെയ്യുന്നത്. 'നിങ്ങൾക്കതിന് കഴിയില്ലൊരിക്കലും' എന്ന് ആണയിടുകയാണ്. എന്തുകൊണ്ട് കഴിയില്ല? ഖുര്‍ആനിനെതിരെ പരസ്യപ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട അബൂജഹ്ലിനോട് ഖുറൈശി നേതാവും അറബിസാഹിത്യത്തിലെ അജയ്യനുമായിരുന്ന വലീദുബ്നു മുഗീറ പറഞ്ഞ വാക്കുകളാണ് ഈ ചോദ്യത്തിനുള്ള മറുപടി: 'ഞാനെന്താണ് പറയേണ്ടത്? ഗദ്യത്തിലും പദ്യത്തിലും ജിന്നുകളുടെ കാവ്യങ്ങളിലും അറബിഭാഷയുടെ മറ്റേതൊരു സാഹിത്യശാഖയിലും നിങ്ങളേക്കാള്‍ എനിക്ക് അറിവുണ്ട്. അല്ലാഹുവാണ് സത്യം! ഈ മനുഷ്യന് സമര്‍പ്പിക്കുന്ന വചനങ്ങള്‍ക്ക് അവയില്‍ ഒന്നിനോടും സാദൃശ്യമില്ല. അല്ലാഹുവാണെ, അവന്റെ വചനങ്ങള്‍ക്ക് വിസ്മയാവഹമായ ഒരു മാധുര്യവും പ്രത്യേകമായൊരു ഭംഗിയുമുണ്ട്. അതിന്റെ കൊമ്പുകളും ചില്ലകളും ഫലങ്ങള്‍ നിറഞ്ഞതും മുരട് പശിമയാര്‍ന്ന മണ്ണില്‍ ഊന്നി നില്‍ക്കുന്നതുമാണ്. തീര്‍ച്ചയായും അത് സര്‍വവചനങ്ങളേക്കാളും ഉന്നതമാണ്. അതിനെ താഴ്ത്തിക്കാണിക്കാന്‍ മറ്റൊരു വചനത്തിനും സാധ്യമല്ല. അതിന്റെ കീഴില്‍ അകപ്പെടുന്ന സകലതിനെയും അത് തകര്‍ത്തുകളയും, തീര്‍ച്ച!'
ഖുര്‍ആനിന്റെ ശൈലിയും ഭാഷയും സാഹിത്യവുമെല്ലാം അതുല്യമാണ്. അനുകരണത്തിന് അതീതമാണ്. അതിസുന്ദരമാണ്. അറബിയറിയാവുന്ന എല്ലാവര്ക്കും മനസ്സിലാക്കാവുന്നതാണിത്. ഖുര്‍ആനിലെ ഓരോ സൂക്തവും അത്യാകര്‍ഷകവും ശ്രോതാവിന്റെ മനസ്സില്‍ മാറ്റത്തിന്റെ വേലിയേറ്റമുണ്ടാക്കുന്നതുമാണ്. ആധുനികരും പൗരാണികരുമായ വിമര്‍ശകർ പോലും സമ്മതിച്ചിട്ടുള്ളതാണിത്. ഓറിയന്റലിസ്റ്റുകളായ രണ്ട് പണ്ഡിതന്മാരുടെ ഉദ്ധരണികൾ നോക്കുക:
"പൗരസ്ത്യാസ്വാദനത്തിന്റെ വ്യക്തമായ ബിംബങ്ങളാല്‍ അലംകൃതമാക്കപ്പെടുകയും ഉപമാലങ്കാരങ്ങളാലും അര്‍ത്ഥ സമ്പുഷ്ടമായ പദപ്രയോഗങ്ങളാലും ചൈതന്യവത്താക്കപ്പെടുകയും ചെയ്തിട്ടുള്ള ഖുര്‍ആനിന്റെ ശൈലി അതിസുന്ദരമാണ്. ദൈവിക ഗുണങ്ങളെയും പ്രതാപത്തെയും കുറിച്ച് പ്രതിപാദിക്കുമ്പോള്‍ അതിന്റെ ഭാഷ പ്രൗഢവും ഗംഭീരവുമായിത്തീരുന്നു"(G. Sale, The Koran: Commonly called Al-Quran, with a preliminery discourse, London 1899 vol 1 page 47)
"ഗഹനവും സങ്കീര്‍ണവുമായ കാവ്യശകലങ്ങളുടെ ഒരു സമ്പന്നമായ കലവറ സരളമല്ലാത്ത പദ്യരചനാരീതിയില്‍ പൂര്‍ണമായി കുറ്റമറ്റതാക്കപ്പെട്ടിരിക്കുന്നു. പ്രമേയങ്ങളുടെയും ബിംബങ്ങളുടെയും രൂപങ്ങളുടെയും വിപുലമല്ലെങ്കിലും ക്ലിപ്തമായ പദസഞ്ചയത്തില്‍ അവ ബലിഷ്ഠമായി സ്ഥാപിക്കപ്പെടുകയും ചെയ്തിരിക്കുന്നു" (A.J. Arberry, The Quran interpreted, London 1955 page 11)
ഖുര്‍ആനില്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്ന ഭാഷാശൈലിയും അതിലെ വിവരണരീതിയുമെല്ലാം മാനുഷിക രചനകളില്‍നിന്നു തികച്ചും വ്യത്യസ്തമാണ്. ഏതാനും സവിശേഷതകള്‍ താഴെ:
1. ഖുര്‍ആനിലെ വചനങ്ങളെല്ലാം വിവരിക്കപ്പെട്ട വിഷയങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹ്രസ്വവും അമിതവികാര പ്രകടനം ഉള്‍ക്കൊള്ളാത്തവയുമാണ്. മാനുഷിക വചനങ്ങള്‍ എപ്പോഴും വ്യക്തിയുടെ മാനസികാവസ്ഥയെ ആശ്രയിച്ചാണ് പ്രകടമാക്കപ്പെടുന്നത്. കോപത്തിലിരിക്കുന്ന ഒരാളുടെ വാക്കുകളില്‍ കോപം പ്രകടമായിരിക്കും. അന്നേരം ദയയും പ്രശംസയും ആ വാക്കുകളിലുണ്ടാവുകയില്ല. സന്തോഷാവസ്ഥയിലും സ്ഥിതി തഥൈവ! കോപത്തിന്റെയും സന്തോഷത്തിന്റെയും തീവ്രമായ അവസ്ഥകളില്‍ പ്രകടിപ്പിക്കപ്പെടുന്ന പദങ്ങളെ പ്രസ്തുത വികാരം നിലനില്‍ക്കുന്ന അവസ്ഥകളുടെ അടിസ്ഥാനത്തില്‍ മാത്രമേ വ്യാഖ്യാനിക്കുവാനാകൂ. പ്രസ്തുത പദങ്ങളില്‍ വികാരങ്ങളുടെ അമിതപ്രകടനം കാണാനാവും. ഏതുസാഹിത്യകാരന്മാരുടെയും കൃതികളില്‍ ഈ അമിതവികാരപ്രകടനം കാണാം. കാരണം അവര്‍ വികാരങ്ങളുള്ള മനുഷ്യരാണെന്നതുതന്നെ! ഖുര്‍ആനിലെ വചനങ്ങള്‍ സന്തോഷവാര്‍ത്ത അറിയിക്കുന്നതാകട്ടെ, മുന്നറിയിപ്പ് നല്കുന്നതാകട്ടെ, നിയമങ്ങള്‍ വിശദീകരിക്കുന്നതാകട്ടെ, ദൈവാനുഗ്രഹങ്ങളെക്കുറിച്ച് സംസാരിക്കുന്നതാകട്ടെ, എവിടെയും അമിതമായ വികാര പ്രകടനങ്ങള്‍ കാണുക സാധ്യമല്ല.
2. ഖുര്‍ആന്‍ ഏതു വിഷയത്തെക്കുറിച്ച് വിശദീകരിക്കുമ്പോഴും അതിന്റെ വാഗ്മിതയും രചനാസൗഷ്ടവവും നിലനിര്‍ത്തുന്നു. വ്യക്തികളുടെ രചനാസൗഷ്ടവം ചില പ്രത്യേക വിഷയങ്ങളോട് ബന്ധപ്പെട്ടായിരിക്കും പ്രകടിപ്പിക്കുക. പ്രസ്തുത വിഷയങ്ങളില്‍ അവരുടെ രചനകള്‍ ഉന്നത നിലവാരം ഉള്‍ക്കൊള്ളുന്നതാകാം. എന്നാല്‍, അവർ തന്നെ മറ്റു വിഷയങ്ങളില്‍ രചന നടത്തിയാല്‍ അവ പലപ്പോഴും ശരാശരി നിലവാരം പോലും പുലര്‍ത്തുകയില്ല. രചയിതാവിന്റെ മാനസിക ഘടന, കുടുംബാന്തരീക്ഷം, വികാരവിചാരങ്ങള്‍, സമൂഹത്തിന്റെ അവസ്ഥ എന്നിവയെല്ലാം അയാളുടെ താല്പര്യത്തെ സ്വാധീനിക്കും. ഖുര്‍ആനിലെ വചനങ്ങള്‍ പ്രകൃതിയെക്കുറിച്ച് വിവരിക്കുമ്പോഴും പരലോകത്തെക്കുറിച്ച് സംസാരിക്കുമ്പോഴും ഒരേ വാഗ്മിത പ്രകടിപ്പിക്കുന്നു. ദൈവമഹത്വത്തെ പ്രകീര്‍ത്തിക്കുമ്പോഴും നിയമനിര്‍ദേശങ്ങള്‍ അവതരിപ്പിക്കുമ്പോഴും ഒരേ രചനാസൗഷ്ടവമാണ് അവയ്ക്കുള്ളത്.
3. ഖുര്‍ആന്‍ വചനങ്ങള്‍ ഉയര്‍ന്ന സാഹിത്യനിലവാരം പുലര്‍ത്തുന്നതോടൊപ്പം സൂക്ഷ്മതയും സത്യസന്ധതയും പുലര്‍ത്തുന്നവയുമാണ്.
സാഹിത്യം സുന്ദരമാകുന്നത്, ഇല്ലാത്തത് വിവരിക്കുമ്പോഴാണല്ലോ. അര്‍ധസത്യങ്ങളുടെയും അസത്യങ്ങളുടെയും മേമ്പൊടിയില്ലാതെ സാഹിത്യത്തെ സൗന്ദര്യവത്കരിക്കാന്‍ കഴിയില്ലെന്ന് പറയാറുണ്ട്. കവിത നന്നാകണമെങ്കില്‍ കളവ് പറയണമെന്നാണല്ലോ ആപ്തവാക്യം. സത്യസന്ധമായ വിവരങ്ങള്‍ മാത്രം നല്കുന്ന സാഹിത്യകൃതികള്‍ വിരസവും വരണ്ടതുമായിരിക്കും. അതുകൊണ്ടുതന്നെ സത്യം പറയണമെന്നാഗ്രഹിക്കുന്ന സാഹിത്യകാരന്മാര്‍ക്കുപോലും അസത്യത്തിന്റെ മേമ്പൊടിയോടുകൂടി മാത്രമേ പ്രസ്തുത സത്യം അവതരിപ്പിക്കുവാനാകൂ. പൊടിപ്പും തൊങ്ങലുമില്ലാതെ മനുഷ്യമനസ്സിന്റെ വൈകാരികതലങ്ങളെ സംതൃപ്തമാക്കാന്‍ കഴിയുകയില്ലെന്ന ധാരണയാണ് ഇതിനു കാരണം. ഖുര്‍ആന്‍ വചനങ്ങള്‍ ഈ പൊതുധാരയില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. വസ്തുതകള്‍ മാത്രമാണ് അതിലെ പ്രതിപാദ്യം. പക്ഷേ, ഉന്നതമായ സാഹിത്യനിലവാരം നിലനിര്‍ത്തുവാനും മനുഷ്യമനസ്സുകളെ സംതൃപ്തമാക്കുവാനും അവയ്ക്ക് സാധിക്കുന്നു.
4. ഖുര്‍ആന്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഉന്നതമായ സാഹിത്യ നിലവാരം പുലര്‍ത്തുന്നു. ഒരു കവിത മനോഹരമാണെന്ന് നാം വിധിയെഴുതുന്നത് അതിലെ ഏതാനും വരികളുടെ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. പ്രസ്തുത കവിതയിലെതന്നെ എല്ലാ വരികളും അതേ നിലവാരം പുലര്‍ത്തിക്കൊള്ളണമെന്നില്ല. ഒരു സാഹിത്യകാരനെ ഉന്നത നിലവാരമുള്ളവനെന്ന് വിളിക്കുന്നത് അയാളുടെ ഏതാനും ചില കൃതികളുടെ അടിസ്ഥാനത്തിലായിരിക്കും. അയാളുടെ തന്നെ മറ്റു രചനകള്‍ പ്രസ്തുത നിലവാരം പുലര്‍ത്തിക്കൊള്ളണമെന്നില്ല. ഓരോരുത്തര്‍ക്കും ഉന്നതമായരചനകള്‍ നിര്‍വഹിക്കപ്പെടുന്ന ചില പ്രത്യേക പ്രായവും സന്ദര്‍ഭവുമെല്ലാം ഉണ്ടായിരിക്കും. പ്രായം, ചുറ്റുപാട്, അന്തരീക്ഷം തുടങ്ങിയവ രചയിതാവിനെ സ്വാധീനിക്കുന്നതുകൊണ്ടാണിത്. ഖുര്‍ആന്‍വചനങ്ങള്‍ മുഴുവൻ ഉന്നതമായ സാഹിത്യനിലവാരം പുലര്‍ത്തുന്നവയാണ്. ആറായിരത്തിലധികം സൂക്തങ്ങളില്‍ ഒന്നുപോലും നിലവാരം കുറഞ്ഞതാണെന്ന് പറയാന്‍ ആര്‍ക്കും സാധ്യമല്ല. നീണ്ട ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ പ്രവാചകദൗത്യത്തിനിടയില്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളിലായിരുന്നു ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടുകൊണ്ടിരുന്നത്. അത് പ്രവാചക രചനയായിരുന്നുവെങ്കില്‍ അവതരണസന്ദര്ഭങ്ങളിലെ പ്രവാചകന്റെ മാനസികാവസ്ഥകള്‍ക്ക് അനുസൃതമായി അവയുടെ നിലവാരത്തില്‍ മാറ്റമുണ്ടാകേണ്ടതായിരുന്നു. എന്നാല്‍, ഖുര്‍ആനിലെ ഓരോ സൂക്തവും മറ്റുള്ളവയോട് കിടപിടിക്കുന്നവയാണ്.
5. ഒരേ സംഗതിതന്നെ ഒന്നിലധികം തവണ വിവരിക്കുമ്പോഴും ഖുര്‍ആന്‍ ഉന്നതമായ സാഹിത്യനിലവാരം പുലര്‍ത്തുന്നു. ഒന്നിലധികം തവണ ഒരേ കാര്യം വിവരിക്കുമ്പോള്‍ സാധാരണ സാഹിത്യകൃതികളില്‍ ആദ്യത്തെ വിവരണം പോലെ മനോഹരമാവുകയില്ല രണ്ടാമത്തെ വിവരണം. ആവര്‍ത്തന വിരസത രചയിതാവിന്റെ വചനങ്ങളിലും ആസ്വാദകന്റെ മനസ്സിലും രൂപപ്പെടുന്നതു കാണാം. മനുഷ്യന്, അവന് എത്ര ഉന്നതനായ സാഹിത്യകാരനാണെങ്കിലും അടിസ്ഥാനപരമായ പരിമിതികള്‍ ഉള്ക്കൊള്ളുന്നവനായതുകൊണ്ടാണിത്. ഖുര്‍ആനാകട്ടെ പല വിഷയങ്ങളും പല തവണ ആവര്‍ത്തിക്കുന്നുണ്ട്. സൃഷ്ടി, മരണം, മരണാനന്തര ജീവിതം, ദൈവമഹത്വത്തെക്കുറിച്ച വിവരണങ്ങള്‍, അവനെ മാത്രം ആരാധിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങള്‍ ഖുര്‍ആനില്‍ ആവര്‍ത്തിച്ചു പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍, ഓരോ തവണ വിവരിക്കുമ്പോഴും ശ്രോതാവിന് അത് പുതുമയുള്ളതായി അനുഭവപ്പെടുകയും അവന്റെ മനസ്സില്‍ മാറ്റത്തിന്റെ ആന്ദോളനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
6. സാഹിത്യകൃതികള്‍ക്ക് വഴങ്ങാത്ത വിഷയങ്ങളാണ് ഖുര്‍ആനില്‍ പ്രതിപാദിക്കപ്പെടുന്നതെങ്കിലും പ്രസ്തുത വിവരണങ്ങളിലെല്ലാം അത് ഉന്നതമായ നിലവാരം പുലര്‍ത്തുകയും മനോഹാരിത കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. മരണാനന്തര ജീവിതം, ദൈവാസ്തിത്വം, അനുഷ്ഠാനമുറകള്‍, നിയമനിര്‍ദേശങ്ങള്‍, വിധിവിലക്കുകള്‍, നന്മചെയ്യുവാനുള്ള പ്രേരണ, സത്യസന്ധമായ ചരിത്രം തുടങ്ങിയവയെല്ലാം സാഹിത്യകാരന്റെ ദൃഷ്ടിയില് വരണ്ട വിഷയങ്ങളാണ്. അതുകൊണ്ടുതന്നെ പ്രസ്തുത വിഷയങ്ങളില്‍ രചന നിര്‍വഹിച്ചാല്‍ സാഹിത്യം സുന്ദരമാവുകയില്ലെന്നാണ് പൊതുവേയുള്ള ധാരണ. അവ ഭാവനയ്ക്ക് വഴങ്ങുന്ന വിഷയങ്ങളല്ല. അതിനാല്‍ ഇത്തരം വിഷയങ്ങളെടുത്തുകൊണ്ട് നിര്‍വഹിക്കപ്പെട്ട രചനകളില്‍ ഒന്നുംതന്നെ ലോകോത്തര കൃതികളായി അറിയപ്പെടുന്നില്ല. മനുഷ്യന്റെ പരിമിതിയാണ് ഇവിടെയും പ്രകടമാവുന്നത്. ഖുര്‍ആനിലെ പ്രതിപാദ്യങ്ങളാകട്ടെ, മിക്കവാറും ഇത്തരം വിഷയങ്ങളാണ് ഉള്‍ക്കൊള്ളുന്നത്. എന്നാല്‍, അവയെല്ലാം ഉന്നതമായ സാഹിത്യനിലവാരം പുലര്‍ത്തുകയും ആസ്വാദകന്റെ മനസ്സിനെ സംതൃപ്തമാക്കുകയും ചെയ്യുന്നു.
7. ഒരു വിഷയത്തില്‍നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോഴും സാഹിത്യഭംഗി ചോര്‍ന്നുപോകാതെ സൂക്ഷിക്കുവാന്‍ ഖുര്‍ആനിന് കഴിയുന്നു.
ഒരൊറ്റ സാഹിത്യകൃതിയില്‍തന്നെ ഒരു വിഷയത്തില്‍നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ അതുവരെ പുലര്‍ത്തിപ്പോന്ന നിലവാരം പുലര്‍ത്താന്‍ പലപ്പോഴും കഴിയാറില്ല. ഒരു വിഷയത്തെക്കുറിച്ച് വിവരിക്കുന്ന സാഹിത്യകാരന്റെ മനസ്സില്‍ രൂപപ്പെടുന്ന ബിംബങ്ങളുടെ ചാരുത അടുത്ത വിഷയത്തെക്കുറിച്ച് സംസാരിക്കാനാരംഭിക്കുമ്പോള്‍ മങ്ങുകയും പുതിയ ബിംബങ്ങള്‍ പ്രശോഭിക്കുവാന്‍ സമയമെടുക്കുകയും ചെയ്യുന്നതുകൊണ്ടാണിത്. വിദഗ്ധമായി ജോലി നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ഒരാളെ പെട്ടെന്ന് മറ്റൊരു ജോലിയില്‍ ഏല്‍പിക്കുന്നതുപോലെയാണിത്. ഇതും മനുഷ്യന്റെ പൊതുവായ പരിമിതിയാണ്. ഖുര്‍ആനിലുടനീളം വിഷയങ്ങളില്‍നിന്ന് വിഷയങ്ങളിലേക്കുള്ള ചാട്ടം കാണാം. എന്നാല്‍ ഈ ചാട്ടങ്ങളിലൊന്നുംതന്നെ അതിന്റെ ചാരുതക്ക് ഭംഗം വരുകയോ മനോഹാരിതക്ക് ഹാനി സംഭവിക്കുകയോ ചെയ്യുന്നില്ല.
8. ഏതാനും പദങ്ങള്‍ മാത്രമുപയോഗിച്ച്, മനോഹാരിതയും സ്ഫുടതയും നഷ്ടപ്പെടാത്ത രൂപത്തില്‍, അര്‍ത്ഥഗംഭീരമായ ആശയം പ്രകടിപ്പിക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. സാധാരണ സാഹിത്യകൃതികളില്‍ പദങ്ങളുടെ സമുദ്രമാണുണ്ടാവുക; പ്രസ്തുത സമുദ്രത്തില്‍ ആശയങ്ങളുടെ മുത്തുകള്‍ തുലോം പരിമിതവും. പ്രൗഢമായ ആശയങ്ങള്‍ പ്രകടിപ്പിക്കുന്നതിനുവേണ്ടി രചിക്കപ്പെട്ട കൃതികളിലാകട്ടെ പദങ്ങളുടെ വേലിയേറ്റം തന്നെ കാണാനാവും. താന്‍ ഉദ്ദേശിക്കുന്ന ആശയങ്ങള്‍ ആസ്വാദകനിലെത്തുവാന്‍ എന്തൊക്കെ രീതിയിലാണ് പദപ്രയോഗം നടത്തേണ്ടതെന്നതിനെക്കുറിച്ച് ഓരോ രചയിതാവിനും അയാളുടേതായ വീക്ഷണമുണ്ടായിരിക്കും. പ്രസ്തുത വീക്ഷണം അയാളുടേതായതുകൊണ്ടുതന്നെ ആസ്വാദകന് അയാളുടെ പദപ്രയോഗങ്ങളില്‍ പലതും അനാവശ്യമായാണ് അനുഭവപ്പെടുക. ഒരു ആസ്വാദകന് അനാവശ്യമെന്നു തോന്നുന്ന പദങ്ങള്‍ മറ്റൊരാളുടെ വീക്ഷണത്തില്‍ അനിവാര്യമാകാം. അതുകൊണ്ടുതന്നെ എല്ലാവരെയും സംതൃപ്തരാക്കുന്നതിനുവേണ്ടി നിരവധി പദങ്ങള്‍ പ്രയോഗിക്കുവാന്‍ അയാള്‍ നിര്‍ബന്ധിതനായിരിക്കും. അന്യരുടെ മനസ്സുകള്‍ വായിക്കുവാനുള്ള മനുഷ്യരുടെ കഴിവില്ലായ്മയാണ് ഇതിന് കാരണം. ഖുര്‍ആനിലാകട്ടെ, അനിവാര്യമായ പദങ്ങള്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. പാരായണം ചെയ്യുന്നവന് അത് ഉദ്ദേശിക്കുന്ന ആശയം പകര്ന്നുനല്കുവാന് ഈ പദങ്ങള്‍ കൊണ്ടുതന്നെ സാധിക്കുന്നു. പ്രൗഢമായ ആശയങ്ങള്‍ അനിവാര്യമായ പദങ്ങള്‍ മാത്രമുപയോഗിച്ച് പ്രകടിപ്പിക്കുകയും അത് മനോഹരമായി അവതരിപ്പിച്ച് എല്ലാത്തരം വായനക്കാരെയും സംതൃപ്തരാക്കുകയും ചെയ്യുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍.
9. സാഹിത്യത്തിന്റെ ഏതു മാനത്തിലൂടെ നോക്കിയാലും ഖുര്‍ആന്‍ ഒരു ഉന്നതമായ സാഹിത്യ കൃതിയാണ്. സാഹിത്യ കൃതികളെല്ലാം മനുഷ്യരുടെ ഏതെങ്കിലുമൊരു വികാരത്തെ ഉത്തേജിപ്പിക്കുവാന്‍ വേണ്ടിയുള്ളതായിരിക്കും. ദുഃഖം, സന്തോഷം, ദയ, കാരുണ്യം, വെറുപ്പ്, പ്രതിഷേധം എന്നിങ്ങനെ. അതുപോലെതന്നെ പ്രഭാവം, മാധുര്യം, സൗന്ദര്യം, ചാരുത തുടങ്ങിയവയെല്ലാം ഒരേ സാഹിത്യകൃതിയില്‍തന്നെ കണ്ടെത്തുക പ്രയാസമാണ്. സാഹിത്യത്തിന്റെ ഏതെങ്കിലും പ്രത്യേകമായ മാനങ്ങളിലൂടെ നോക്കിയാല്‍ മാത്രമേ സാഹിത്യകൃതികളെ ആസ്വദിക്കുവാനും വിലയിരുത്തുവാനും കഴിയൂ. എല്ലാ അംശങ്ങളെയും ഒരേപോലെ ഉള്‍ക്കൊണ്ടു കൊണ്ട് ഒരു രചന നടത്തുക സാധ്യമല്ല. ഇതും മനുഷ്യന്റെ പരിമിതിയാണ്. ഖുര്‍ആനാകട്ടെ മനുഷ്യവികാരത്തിന്റെ എല്ലാ തലങ്ങളെയും സ്പര്‍ശിക്കുന്നു. മനുഷ്യനെ സന്തോഷിപ്പിക്കുവാനും ദുഃഖിപ്പിക്കുവാനും ദയയും കാരുണ്യവും പ്രകടിപ്പിക്കുന്നവനാക്കിത്തീര്‍ക്കുവാനും വെറുപ്പും പ്രതിഷേധവും ഉത്തേജിപ്പിക്കുവാനുമെല്ലാം കഴിയുന്ന വരികളാണ് അതിലുള്ളത്. അതോടൊപ്പംതന്നെ അത് മനുഷ്യബുദ്ധിയെ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുന്നു. പ്രഭാവം, മാധുര്യം, സൗന്ദര്യം, ചാരുത തുടങ്ങിയ ആസ്വാദക പ്രധാനമായ സാഹിത്യത്തിന്റെ സവിശേഷതകള്‍ ഖുര്‍ആനിക വചനങ്ങളില്‍ സമഞ്ജസമായി സമ്മേളിക്കുകയും ചെയ്തിരിക്കുന്നു. സാഹിത്യത്തിന്റെ ഏതു മാനത്തിലൂടെ നോക്കിയാലും അത് ഉന്നതമായ നിലവാരം പുലര്‍ത്തുന്നതാണെന്ന് കാണാം.
10. ഖുര്‍ആനില്‍ മറ്റാരുടെയെങ്കിലും ശൈലിയോ പ്രയോഗങ്ങളോ രീതിയോ ആശയങ്ങളോ കടമെടുക്കപ്പെട്ടിട്ടില്ല. സാഹിത്യകൃതികള്‍ എത്രതന്നെ മൗലികങ്ങളാണെങ്കിലും മറ്റു സാഹിത്യകാരന്മാരുടെ ശൈലികളും പ്രയോഗങ്ങളുമെല്ലാം അതില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടാകും. അത് സ്വാഭാവികമാണ്. മുന്‍ഗാമികളുടെ രചനകളുടെ സ്വാധീനമുള്‍ക്കൊള്ളാതെ ഒരാള്‍ക്കും സാഹിത്യകൃതികള്‍ രചിക്കുക സാധ്യമല്ല. നേരിട്ടുള്ള കോപ്പിയടിയല്ല ഇവിടെ വിവക്ഷിക്കപ്പെട്ടിരിക്കുന്നത്. ശൈലികളുടെയും ബിംബങ്ങളുടെയും സ്വാധീനമാണ്. അതില്ലാതെ രചന നടത്തുവാന്‍ കഴിയില്ല. ഇത് മനുഷ്യമനസ്സിന്റെ പരിമിതിയാണ്. മുന്ഗാമിയില്നിന്ന് പഠിക്കുകയും അത് വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നവനാണല്ലോ മനുഷ്യന്. ഖുര്‍ആന്‍ ഇത്തരം കടമെടുക്കലുകളില്‍നിന്ന് തികച്ചും മുക്തമാണ്. അറബ് സാഹിത്യരംഗത്തുണ്ടായിരുന്ന ആരുടെയും ശൈലിയോ രൂപമോ രീതിയോ ആശയങ്ങളോ ഖുര്‍ആന്‍ കടമെടുത്തിട്ടില്ല. ആരുടെ കൃതിയുടെയും യാതൊരു സ്വാധീനവും ഖുര്‍ആനില്‍ ഇല്ല താനും. എല്ലാ നിലയ്ക്കും ഒരു മൗലിക കൃതിയാണ് ഖുര്‍ആന്‍.
സാഹിത്യപരമായി അദ്വിതീയമായതുപോലെത്തന്നെ മനുഷ്യമനസ്സുകളെ പരിവർത്തിപ്പിക്കുവാനുള്ള ഖുർആനിന്റെ കഴിവും ഉജ്ജ്വലമാണ്.
ഖുര്‍ആനിക വചനങ്ങള്‍ ആസ്വാദനം നല്‍കുന്നതോടൊപ്പം പരിവര്‍ത്തനങ്ങളുണ്ടാക്കുകയും ചെയ്യുന്നു. സന്തോഷത്തോടൊപ്പം ശാന്തിയും നല്കുന്നു. കഥനങ്ങളോടൊപ്പം പാഠങ്ങളും പഠിപ്പിക്കുന്നു. മനുഷ്യരെ ഒന്നും പുറത്തുനിന്ന് അടിച്ചേല്പിക്കുകയല്ല ഖുര്‍ആന്‍ ചെയ്യുന്നത്. അവന് അകത്തുനിന്നുതന്നെ കര്‍മങ്ങള്‍ക്കുള്ള പ്രചോദനമുണ്ടാക്കുകയാണ്. ബുദ്ധിക്ക് സംതൃപ്തിയും വികാരങ്ങള്‍ക്ക് പൂര്‍ത്തീകരണവും നല്‍കിക്കൊണ്ട് ആളുകളെ പ്രവര്‍ത്തനനിരതമാക്കുകയാണ് അവ ചെയ്യുന്നത്. ശ്രോതാവിന്റെ ബുദ്ധിക്ക് തൃപ്തിയും മനസ്സിന് സമാധാനവും നല്‍കുന്നതോടൊപ്പം അവന്റെ ഹൃദയത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുകയും കൂടി ചെയ്യുന്നവയാണ് ഖുര്‍ആന്‍ സൂക്തങ്ങള്‍. മനുഷ്യമനസ്സുകളെ സ്വാധീനിക്കുവാനും അവയില്‍ പരിവര്‍ത്തനത്തിന്റെ ആന്ദോളനങ്ങള്‍ സൃഷ്ടിക്കുവാനുമുള്ള ഖുര്‍ആനിന്റെ കഴിവ് അതിനെ അതുല്യമാക്കുന്ന പല സവിശേഷതകളിലൊന്നാണ്. മുഹമ്മദ് നബി(സ) ഒരിക്കല്‍ കഅ്ബയുടെ സമീപം വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യുകയാണ്. ശ്രോതാക്കളില്‍ മുസ്ലിംകളും അമുസ്ലിംകളുമെല്ലാം ഉണ്ട്. സൂറത്തുന്നജ്മിലെ സാഷ്ടാംഗത്തിന്റെ സൂക്തം ഓതിക്കൊണ്ടിരിക്കെ അല്ലാഹുവിന്റെ കല്പന പ്രകാരം നബി (സ) സാഷ്ടാംഗം ചെയ്തു. അവിടെ കൂടിയിരുന്ന മുഴുവന്‍ ആളുകളും, മുസ്ലിം - അമുസ്ലിം വ്യത്യാസമില്ലാതെ നബിയോടൊപ്പം സാഷ്ടാംഗം ചെയ്തുപോയി. ഉമയ്യത്തുബ്നു ഖലഫ് എന്ന അഹങ്കാരിയൊഴികെ. (അബൂദാവൂദ്, തിര്‍മിദി). ഖുര്‍ആനിന്റെ സ്വാധീനശക്തി! അതിന്റെ കഠിന വിരോധികള്‍ പോലും അതിന്റെ ആജ്ഞയനുസരിച്ച് സാഷ്ടാംഗം ചെയ്യുന്ന അവസ്ഥ!!
ലബീദുബ്നു റബീഅഃ നബി(സ)യുടെ കാലത്തെ അതിപ്രഗത്ഭനായ സാഹിത്യകാരനായിരുന്നു. അദ്ദേഹത്തിന്റെ അതിസുന്ദരമായ ഒരു കവിത കഅ്ബയുടെ വാതിലിന്മേല് പറ്റിച്ചുവെച്ചിരുന്നു. അങ്ങനെ വെക്കുന്നത് ഒരു വെല്ലുവിളിയാണ്. പ്രസ്തുത കവിതയെ വെല്ലുവാന്‍ ആര്‍ക്കെങ്കിലും കഴിയുമോയെന്ന വെല്ലുവിളി. അവിടെയുണ്ടായിരുന്ന ഒരു കവിക്കും അതിനടുത്ത് മറ്റൊരു കവിതയൊട്ടിച്ച് വെക്കാനുള്ള ധൈര്യം വന്നില്ല. അത്രയ്ക്ക് മനോഹരമായിരുന്നു ആ കവിത. എന്നാല്‍ അതിനടുത്തു തന്നെ ഏതാനും ഖുര്‍ആന്‍ സൂക്തങ്ങള്‍ എഴുതിത്തൂക്കുവാന്‍ പ്രവാചകാനുചരന്മാര് തയ്യാറായി. തന്റെ വെല്ലുവിളിക്ക് ഉത്തരം നല്കിയവനെ പരിഹസിക്കുവാനുള്ള വെമ്പലോടെ ലബീദ് ഖുര്‍ആന്‍ വചനങ്ങള്‍ വായിച്ചു. ഏതാനും വചനങ്ങള്‍ വായിച്ചതേയുള്ളൂ; അദ്ദേഹം ഖുര്‍ആനിന്റെ വശ്യതയില്‍ ആകൃഷ്ടനായി ഇസ്ലാം സ്വീകരിച്ചു. പുച്ഛത്തോടെ നോക്കുന്നവന്റെ മനസ്സില്‍പോലും മാറ്റം സൃഷ്ടിക്കുവാനുള്ള ഖുര്‍ആനിന്റെ കഴിവ്!!
ഉമറുബ്നുല്‍ ഖത്താബിന്റെ ഇസ്ലാം ആശ്ലേഷം ചരിത്രപ്രസിദ്ധമാണ്. മുഹമ്മദ് നബി(സ)യുടെ തലയെടുക്കുവാനായി ഊരിയ വാളും കൊണ്ട് പുറപ്പെട്ട ഉമറി(റ)ന്റെ മനസ്സുമാറ്റിയത് സഹോദരിയില്‍നിന്നും ലഭിച്ച ഫലകത്തിലെ ഖുര്‍ആന്‍ വചനങ്ങളുടെ വശ്യതയും ആശയ ഗാംഭീര്യവുമായിരുന്നു. ജുബൈറു ബ്നു മുത്ഇം എന്ന ബഹുദൈവ വിശ്വാസി ഒരിക്കല്‍ വഴിയിലൂടെ നടന്നുപോവുകയാണ്. മുഹമ്മദ് നബി (സ) മഗ്രിബ് നമസ്കാരത്തില്‍ സൂറത്തു ത്വൂര് ഓതിക്കൊണ്ടിരിക്കുന്നത് അദ്ദേഹം കേട്ടു. അതിലെ ഓരോ പദവും അദ്ദേഹത്തിന്റെ ഹൃദയത്തില്‍ പതിഞ്ഞു. അതിന്റെ മനോഹാരിത അദ്ദേഹത്തെ ആകര്‍ഷിച്ചു. അതിന്റെ സ്വാധീനത്തില്‍ അദ്ദേഹം അതിശയിച്ചു. അവിടെ വെച്ചുതന്നെ അദ്ദേഹം ഇസ്ലാം സ്വീകരിച്ചു. ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍!
മനുഷ്യമനസ്സുകളിൽ മാറ്റങ്ങളുണ്ടാക്കുവാൻ അപാരമായ കഴിവുള്ള ഖുർആൻ കൈവശമുള്ളത് കൊണ്ടാണ് മുസ്ലിംകൾക്ക് ജൈത്രയാത്രകൾക്ക് കഴിഞ്ഞതെന്ന് സത്യസന്ധമായി ചരിത്രനിരീക്ഷണം നടത്തിയ പാശ്ചാത്യപണ്ഡിതന്മാർ പോലും എഴുതിയിട്ടുണ്ട്. "അറേബ്യയിലെ ആട്ടിടയന്മാരും കച്ചവടക്കാരും അലഞ്ഞുനടക്കുന്നവരുമായിരുന്ന സാധാരണക്കാരെ പടയാളികളും സാമ്രാജ്യ സ്ഥാപകരുമാക്കിത്തീര്‍ത്തത് ഈ ഗ്രന്ഥമാണ്".(R.V.C Bodley: The Messenger, The Life of Mohammed- Newyork (1943:page239)
ഗൗരവതരമായി പരിശോധിക്കുന്നവർക്കെല്ലാം മനുഷ്യസൃഷ്ടിയല്ലെന്ന് ബോധ്യപ്പെടുന്ന ഖുർആനിനെക്കുറിച്ച് മനസ്സിലാക്കിയ ശേഷവും നിഷേധിക്കുന്നവർക്ക് ശക്തമായ ശിക്ഷയാണ് മരണാനന്തരം ലഭിക്കുകയെന്ന് താക്കീത് നൽകിക്കൊണ്ടാണ് ഖുർആനിനെക്കുറിച്ചക്കുള്ള ഈ വചനദ്വയം അവസാനിക്കുന്നത്. മനുഷ്യരും കല്ലുകളും ഇന്ധനമായുള്ള അഗ്നിയാണ് അത്തരം നിഷേധികൾക്കായി അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നത്. മനുഷ്യർക്കൊപ്പം കല്ലുകൾ കൂടി ഇന്ധനമായുണ്ടെന്ന പ്രതിപാദ്യം നരകത്തിന്റെ കാഠിന്യം വ്യക്തമാക്കുന്നതാണ്. അവിശ്വാസികളുടെ ആരാധ്യരായിരുന്ന ശിലാവിഗ്രഹങ്ങളും നരകത്തിൽ കിടന്ന് കത്തിക്കൊണ്ടിരിക്കുമെന്നുകൂടിയാണ് ഈ വചനം അർത്ഥമാക്കുന്നതെന്ന് ചില വ്യാഖ്യാതാക്കൾ പറഞ്ഞിട്ടുണ്ട്. തങ്ങളെ സഹായിക്കുമെന്ന് കരുതിയിരുന്ന വിഗ്രഹങ്ങൾ കൂടി തങ്ങളോടൊപ്പം എരിഞ്ഞുകൊണ്ടിരിക്കുന്നത് കാണേണ്ടി വരും സത്യനിഷേധികൾക്ക് വരുമെന്നർത്ഥം. അതായിരിക്കും നിഷേധികൾക്ക് ലഭിക്കാവുന്ന ശാരീരികവും മാനസികവുമായ ശിക്ഷകളിൽ കഠിനം. അത്തരം ശിക്ഷകളിൽ നിന്ന് നമ്മെയെല്ലാം അല്ലാഹു കാത്തുരക്ഷിക്കട്ടെ, ആമീൻ.
24. فَإِن لَّمْ تَفْعَلُواْ وَلَن تَفْعَلُواْ فَاتَّقُواْ النَّارَ الَّتِي وَقُودُهَا النَّاسُ وَالْحِجَارَةُ أُعِدَّتْ لِلْكَافِرِينَ
25. وَبَشِّرِ الَّذِين آمَنُواْ وَعَمِلُواْ الصَّالِحَاتِ أَنَّ لَهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الأَنْهَارُ كُلَّمَا رُزِقُواْ مِنْهَا مِن ثَمَرَةٍ رِّزْقًا قَالُواْ هَذَا الَّذِي رُزِقْنَا مِن قَبْلُ وَأُتُواْ بِهِ مُتَشَابِهًا وَلَهُمْ فِيهَا أَزْوَاجٌ مُّطَهَّرَةٌ وَهُمْ فِيهَا خَالِدُونَ
25. വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് താഴ്ഭാഗത്തിലൂടെ നദികളൊഴുകുന്ന തോട്ടങ്ങളുണ്ടെന്ന സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുക. അതിലുള്ള ഫലങ്ങളിലേതെങ്കിലും കഴിക്കാനായി നൽകുമ്പോൾ ഇത് നേരത്തെ ഞങ്ങൾക്ക് നൽകിയതാണല്ലോയെന്നായിരിക്കും അവർ പറയുന്നത്. സാദൃശ്യമുള്ളവയാണ് അവർക്ക് നൽകുക. വിശുദ്ധീകരിക്കപ്പെട്ട ഇണകളുമുണ്ട് അവർക്കവിടെ. അവിടെയവർ ശാശ്വതരായിരിക്കുകയും ചെയ്യും.
ഖുർആൻ ആസ്വാദനം
രണ്ടാം അദ്ധ്യായം
സൂറത്തുൽ ബഖറ:
ഇരുപത്തി അഞ്ചാമത്തെ ആയത്ത്
25. വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് താഴ്ഭാഗത്തിലൂടെ നദികളൊഴുകുന്ന തോട്ടങ്ങളുണ്ടെന്ന സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുക. അതിലുള്ള ഫലങ്ങളിലേതെങ്കിലും കഴിക്കാനായി നൽകുമ്പോൾ ഇത് നേരത്തെ ഞങ്ങൾക്ക് നൽകിയതാണല്ലോയെന്നായിരിക്കും അവർ പറയുന്നത്. സാദൃശ്യമുള്ളവയാണ് അവർക്ക് നൽകുക. വിശുദ്ധീകരിക്കപ്പെട്ട ഇണകളുമുണ്ട് അവർക്കവിടെ. അവിടെയവർ ശാശ്വതരായിരിക്കുകയും ചെയ്യും.
വിശ്വാസി, അവിശ്വാസി, കപട വിശ്വാസി എന്നിവരെ പരിചയപ്പെടുത്തുന്ന ആദ്യത്തെ ഇരുപത് വചനങ്ങൾ; അല്ലാഹുവാണ് ആരാധനകളെല്ലാം അർഹിക്കുന്നതെന്ന് ബോധ്യപ്പെടുത്തുകയും അവനുള്ള ആരാധനയിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന പിന്നീടുള്ള രണ്ട് വചനങ്ങൾ; അന്ത്യദൂതന് നൽകിയ പ്രധാനപ്പെട്ട അമാനുഷികദൃഷ്ടാന്തം ഉയർത്തിക്കാണിച്ച് അതിന്റെ ദൈവികത വ്യക്തമാക്കുന്ന അതിന്ന് ശേഷമുള്ള രണ്ട് വചനങ്ങൾ. അവയ്ക്ക് ശേഷം പടച്ചവൻ നേർക്ക് നേരെ തന്റെ ദൂതനെ അഭിസംബോധന ചെയ്യുകയാണ്. അദ്ദേഹം നിർവ്വഹിക്കേണ്ട ദൗത്യത്തെക്കുറിച്ച് പറഞ്ഞുകൊടുക്കുകയാണ്. ഈ വചനമാരംഭിക്കുന്നത് 'സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുക' (وَبَشِّرِ)എന്ന കല്പനയോടെയാണ്. ദൈവിക ദൃഷ്ടാന്തങ്ങളുടെ അമാനുഷികത ബോധ്യപ്പെട്ടതിന് ശേഷവും അതിനെ കണ്ണടച്ച് നിഷേധിക്കുന്നവർക്കുള്ള കഠിനമായ നരകശിക്ഷയെക്കുറിച്ച് അല്ലാഹു തന്നെ നേർക്കുനേരെ പറഞ്ഞുകൊടുത്ത ശേഷമാണ് പ്രവാചകനോട് സന്തോഷവാർത്ത അറിയിക്കാനാവശ്യപ്പെടുന്നത്. ദൈവദൂതനെന്ന നിലയിൽ അദ്ദേഹം നിർവ്വഹിക്കേണ്ട ദൗത്യത്തിന്റെ നഖചിത്രം നൽകുന്നുണ്ട് ഈ ദൈവികകല്പന. സന്തോഷവാർത്തയറിയിക്കുകയാണ് പ്രവാചകന്റെ ഒന്നാമത്തെ ദൗത്യം. മറ്റു ദൗത്യങ്ങളെല്ലാം ഈ പ്രാഥമികദൗത്യത്തിന്റെ ഉപോൽബലകങ്ങളാണ്.
പ്രവാചകൻ സന്തോഷവാർത്തയറിയിക്കേണ്ടത് വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും (الَّذِيۡنَ اٰمَنُوۡا وَ عَمِلُوا الصّٰلِحٰتِ) ചെയ്യുന്നവരെയാണ്. ഖുർആനിന്റെ ഒരു പൊതുശൈലിയാണിത്. രക്ഷയും വിജയവും സ്വർഗവുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽ പൊതുവായി സ്വീകരിച്ചിരിക്കുന്നത് വിശ്വാസത്തെയും സത്കർമ്മങ്ങളെയും ഒരേ ശ്വാസത്തിൽ പറയുന്ന രീതിയാണ്. ഖുർആൻ ക്ഷണിക്കുന്ന വിജയത്തിന്റെ മാനദണ്ഡം വിശ്വാസം മാത്രമോ സൽകർമങ്ങൾ മാത്രമോ അല്ല രണ്ടും കൂടിയാണ് എന്ന് വ്യക്തമാക്കുന്നതാണീ രീതി. വിശ്വാസം മാത്രമാണ് രക്ഷയുടെ നിദാനമെന്ന വീക്ഷണത്തെ ഖുർആൻ നിരാകരിക്കുന്നു; വിശ്വാസമില്ലാത്ത സൽകർമങ്ങൾ വിജയത്തിന് നിമിത്തമാകുകയില്ലെന്ന് തെര്യപ്പെടുത്തുകയും ചെയ്യുന്നു. ശരിയായ വിശ്വാസം വേണം; ഒപ്പം തന്നെ സത്കർമ്മങ്ങളും സമ്മേളിക്കേണ്ടതുണ്ട്. വിശ്വാസമാണ് ആത്മാവ്; കർമ്മങ്ങൾ ശരീരവും. ആത്മാവില്ലാത്ത കർമങ്ങൾക്ക് ജീവനുണ്ടാവുകയില്ല. ശരീരമില്ലാത്ത വിശ്വാസം കൊണ്ട് ഉപകാരമൊന്നുമില്ല. നല്ല കർമങ്ങൾക്ക് അല്ലാഹു പ്രതിഫലം നൽകുകയില്ലേയെന്ന ചോദ്യത്തിന് ഖുർആനിന്റെ മറുപടി 'അതെ'യെന്ന് തന്നെയാണ്. കർമ്മങ്ങൾ നന്നാവണമെങ്കിൽ അവയുടെ ആത്മാവായ വിശ്വാസം അനിവാര്യമാണെന്ന് അനുബന്ധമായി ഖുർആൻ പറയുമെന്ന് മാത്രം. ആത്മാവില്ലാത്ത കർമങ്ങളുടെ ലക്ഷ്യം ഭൗതികമായിരിക്കും. ചെയ്യുന്നവൻ ഉദ്ദേശിച്ച ഭൗതികമായ ഫലം അവ കൊണ്ട് ലഭിക്കുകയും ചെയ്തേക്കും. പക്ഷെ മരണാനന്തരം അവ ഉപകാരപ്പെടുകയില്ല. ജാഹിലിയ്യാ കാലത്ത് കുടുംബബന്ധം പുലർത്തുകയും ദരിദ്രർക്ക് ഭക്ഷണം നൽകുകയും ചെയ്തിരുന്ന ഇബ്നു ജുദ്ആനിന് ആ കർമങ്ങൾ മരണാനന്തരം ഉപകാരപ്പെടുമോയെന്ന ആയിഷ(റ)യുടെ ചോദ്യത്തിന് 'പ്രതിഫലനാളിൽ എന്റെ പാപങ്ങൾ പൊറുക്കേണമേ നാഥാ' എന്ന് ഒരിക്കൽ പോലും പറയാത്തയാളാതിനാൽ ഉപകാരപ്പെട്ടില്ലയെന്നായിരുന്നു പ്രവാചകന്റെ മറുപടി.(അബൂഹുറൈറയിൽ നിന്ന് സ്വഹീഹ് മുസ്ലിം നിവേദനം ചെയ്തത്)
ജന്നത്തിന്റെ ബഹുവചനമാണ് ജന്നാത്ത് (جَنّٰتٍ); തോട്ടങ്ങൾ എന്നർത്ഥം. സ്വർഗീയമായ അനുഗ്രഹങ്ങളെക്കുറിച്ച സന്തോഷവാർത്തയിൽ ഒന്നാമതായി പറയുന്നത് അവിടെയുള്ള തോട്ടങ്ങളെക്കുറിച്ചാണ്. വിശ്വാസ-സത്കർമങ്ങളാൽ ജീവിതം ധന്യമാക്കിയവർക്ക് ലഭിക്കാനുള്ള ആരാമങ്ങൾ. താഴ്ഭാഗത്തിലൂടെ നദികളൊഴുകുന്ന തോട്ടങ്ങൾ; മണ്ണിനടിയിലൂടെ ഒഴുകുന്ന ജലപ്രവാഹമാകാം; ഉയർന്നു നിൽക്കുന്ന തോട്ടങ്ങളുടെ താഴ്വാരത്തുകൂടി ഒഴുകിക്കൊണ്ടിരിക്കുന്ന അരുവികളാവാം. ഏതായാലും സ്വർഗ്ഗത്തിന്റെ സൗന്ദര്യത്തെ ദ്യോതിപ്പിക്കുന്നതാണ് ഈ വിശേഷണം. അവിടെയുള്ള ഫലങ്ങൾ നിത്യഹരിതമായിരിക്കുമെന്ന വസ്തുത എത്ര സുന്ദരമായാണ് ഖുർആൻ വരച്ചുകാണിക്കുന്നത്!
'അതിലുള്ള ഫലങ്ങളിലേതെങ്കിലും കഴിക്കാനായി നൽകുമ്പോൾ ഇത് നേരത്തെ ഞങ്ങൾക്ക് നൽകിയതാണല്ലോയെന്നായിരിക്കും അവർ പറയുന്നത്. സാദൃശ്യമുള്ളവയാണ് അവർക്ക് നൽകുക'. ഭൂമിയിൽ വെച്ച് ഭക്ഷിച്ച പഴങ്ങളുടെ മാതൃകയിലുള്ളവ; പക്ഷെ വ്യത്യസ്തമായ സ്വാദ് അനുഭവിപ്പിക്കുന്നവ; ഒരേ രൂപത്തിലുള്ള ഫലങ്ങൾ തന്നെ വീണ്ടും തിന്നുമ്പോൾ വ്യത്യസ്തമായ രുചികൾ നൽകുന്നവ; മടുപ്പില്ലാത്ത ആസ്വാദനം പ്രദാനം ചെയ്യുന്നവ; സ്വാദിഷ്ഠമെന്ന വിശേഷണത്തിന്റെ പൂർണതയുൾക്കൊള്ളുന്നവ. വിശ്വാസ-സത്കർമങ്ങളാൽ ഭൂമിയിലെ ജീവിതം ധന്യമാക്കിയവർക്ക് മരണാനന്തരം ലഭിക്കുന്ന തോട്ടങ്ങളിലെ അനുഗ്രഹങ്ങൾ; പ്രവാചകൻ സുവിശേഷമറിയിക്കേണ്ടത് ഈ അനുഗ്രഹങ്ങളെക്കുറിച്ചാണ്.
സ്വർഗ്ഗത്തെക്കുറിച്ച് അല്ലാഹു പറയുന്നതായി പ്രവാചകൻ ﷺ പഠിപ്പിച്ചതിങ്ങനെയാണ്: "സച്ചരിതരായ എന്റെ ദാസന്മാർക്കായി കണ്ണുകളൊന്നും കാണാത്തതും കാതുകളൊന്നും കേൾക്കാത്തതും ആരുടെയും മനസ്സുകളിൽ ഇതുവരെ കടന്ന് വന്നിട്ടില്ലാത്തതുമായ പലതും ഞാൻ ഒരുക്കി വെച്ചിട്ടുണ്ട്. നിങ്ങൾ ഇച്ഛിക്കുന്നുവെങ്കിൽ ഇത് പരായണം ചെയ്യുക: "അവർ ചെയ്തുകൊണ്ടിരിക്കുന്നതിനായി നയനാനന്ദകരമായ എന്തെല്ലാമാണ് അവർക്കായി ഒളിപ്പിച്ച് വെച്ചിരിക്കുന്നതെന്ന് ആർക്കുമറിയില്ല" (32: 17)
സൗജിന്റെ ബഹുവചനമാണ് അസ്വാജ് (اَزۡوَاجٌ); ഇണകൾ എന്നർത്ഥം. എല്ലാ തരം ഇണകൾക്കും അസ്വാജ് എന്ന് പറയും. എല്ലാ അർത്ഥത്തിലും പാരസ്പര്യത്തോടെ യോജിച്ച് പോകുന്ന വിരുദ്ധ ഭാവങ്ങളാണ് അസ്വാജ്. ഇണകളായാണ് എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചതെന്ന് ഖുർആൻ പറയുന്നുണ്ട് (36: 36). പുരുഷൻ സ്ത്രീയുടെ സൗജ് (زوج) ആണ്; സ്ത്രീ പുരുഷന്റെ സൗജത്ത് (زوجة) ആണ്. പക്ഷെ ഖുർആനിലെവിടെയും സ്ത്രീയെ മാത്രം കുറിച്ചുകൊണ്ട് 'സൗജത്ത്' എന്ന് പ്രയോഗിച്ചിട്ടില്ല. ഭാര്യയെ ഖുർആൻ വിളിച്ചിരിക്കുന്നത് ഇംറഅത്ത് (امۡرَاَتِ) എന്നാണ്. മനുഷ്യർക്ക് സ്വന്തത്തിൽ നിന്ന് തന്നെ ഇണകളെയുണ്ടാക്കിയത് അല്ലാഹുവിന്റെ ദൃഷ്ടാന്തമാണെന്നാണ് ഖുർആൻ പറയുന്നത് (30: 21). സ്വർഗീയമായ അനുഗ്രഹങ്ങളെക്കുറിച്ച് ആദ്യമായി പരാമർശിക്കുന്ന ഈ വചനത്തിൽ ലിംഗഭേദങ്ങളൊന്നും സൂചിപ്പിക്കുന്നില്ല. പുരുഷന്മാരെയും സ്ത്രീകളെയും ഉൾക്കൊള്ളുന്ന സർവ്വനാമമായ 'ഹും' (هُم) എന്നാണ് 'അവർ' എന്ന അർത്ഥത്തിൽ പ്രയോഗിച്ചിരിക്കുന്നത്. വിശ്വാസ-സത്കർമങ്ങളാൽ ജീവിതം അർത്ഥപൂർണമാക്കിയ പുരുഷന്മാർക്ക് അവർ ഇഷ്ടപ്പെടുന്ന രൂപത്തിലുള്ള ഇണകൾ സ്വർഗ്ഗത്തിലുള്ളത് പോലെ സ്ത്രീകൾക്കും അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള ഇണകൾ അവിടെയുണ്ടായിരിക്കുമെന്നാണ് ഈ വചനം വ്യക്തമാക്കുന്നത്. സ്വർഗത്തിൽ യാതൊരു രൂപത്തിലുമുള്ള ആൺ-പെൺ വിവേചനങ്ങളുണ്ടാവുകയില്ലെന്ന് വ്യക്തമാക്കുന്ന നിരവധി വചനങ്ങൾ ഖുർആനിലുണ്ട് (4: 124).
സ്വർഗ്ഗത്തിലുള്ളത് വിശുദ്ധീകരിക്കപ്പെട്ട ഇണകളാണ് (اَزۡوَاجٌ مُّطَهَّرَةٌ). യാതൊരുവിധ കളങ്കങ്ങളുമില്ലാത്ത വിധം വിശുദ്ധീകരിക്കപ്പെട്ടവർ. അവിടെ ഭരിക്കുന്ന ഭർത്താവും ഭരിക്കപ്പെടുന്ന ഭാര്യയുമില്ല. ആജ്ഞാപിക്കുന്ന പുരുഷനും നിവൃത്തിയൊന്നുമില്ലാതെ ശിരസ്സാവഹിക്കുന്ന സ്ത്രീയുമില്ല; അസംപ്തൃപ്തനായ ആണും അസൂയാലുവായ പെണ്ണുമില്ല. എല്ലാവിധ ചപലവികാരങ്ങളിൽ നിന്നും വിശുദ്ധീകരിക്കപ്പെട്ട ഇണകൾ മാത്രം. അവിടുത്തെ സ്ത്രീകൾ തങ്ങളുടെ പുരുഷന്മാർക്ക്; ആണുങ്ങൾ തങ്ങളുടെ പെണ്ണുങ്ങൾക്ക്; പരസ്പരം സംതൃപ്തി നൽകിക്കൊണ്ടിരിക്കുന്നു. സ്വർഗ്ഗവാസികളുടെ നെഞ്ചകത്ത് നിന്ന് പകയും വിദ്വേഷവും അസൂയയും മാത്സര്യവുമെല്ലാം അല്ലാഹു എടുത്ത് കളഞ്ഞ് ശുദ്ധീകരിക്കുമെന്ന് ഖുർആൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട് (15: 47). യാതൊരുവിധ മ്ലേച്ഛവികാരങ്ങളുമില്ലാത്ത ഇണജീവിതം; മടുപ്പില്ലാത്ത സംതൃപ്തി; ഓരോ സംസർഗവും പുതിയ അനുഭവങ്ങളാവുന്ന ദാമ്പത്യം; സ്നേഹത്തിന്റെ പൂർണതയനുഭവിക്കാനാവുന്ന പാരസ്പര്യം. 'വിശുദ്ധീകരിക്കപ്പെട്ട ഇണകളുമുണ്ട് അവർക്കവിടെ' എന്ന ദൈവികവാഗ്ദാനം ഇവയെല്ലാം ഉൾക്കൊള്ളുന്നു.
'അവിടെയവർ ശാശ്വതരായിരിക്കും'(هُمۡ فِيۡهَا خٰلِدُوۡنَ). എന്ന വചനം നൽകുന്ന പ്രതീക്ഷ അപാരമാണ്. മരണമില്ലാത്ത ജീവിതം മനുഷ്യരുടെയെല്ലാം ആന്തരാത്മാവ് ആഗ്രഹിക്കുന്നതാണ്. ഈജിപ്ഷ്യൻ പിരമിഡുകൾക്കകത്ത് മമ്മികളായിത്തീരുവാൻ പണം ചെലവഴിച്ച ഫറോവമാരും ജീവാമൃത(elexir of life)ത്തിനായി ഗവേഷണങ്ങളിലേർപ്പെട്ട് ജീവിതം തുലച്ച രസതന്ത്രജ്ഞരും ഈ ആഗ്രഹത്തിന്റെ പൗരാണികപ്രതീകങ്ങളാണ്. മരണത്തെ തോൽപിക്കാനുള്ള വിദ്യ കണ്ടുപിടിച്ചുകഴിഞ്ഞാൽ പുനരുജ്ജീവിപ്പിക്കാൻ പറ്റുന്ന രീതിയിൽ.
ശവശരീരങ്ങൾ ക്രയോജനിക് സാങ്കേതികവിദ്യയുപയോഗിച്ച് സൂക്ഷിച്ചുവെക്കുവാൻ സൗകര്യം നൽകുന്ന റഷ്യയിലെ ക്രിയോറെസിനെ (KrioRus) പോലെയുള്ള പാശ്ചാത്യൻ- യൂറോപ്യൻ ക്രയോണിക്സ് കമ്പനികളാണ് ഇതിന്റെ ആധുനികപ്രതീകങ്ങൾ. മനുഷ്യർ എത്ര ശ്രമിച്ചാലും മരണത്തെ കീഴ്പ്പെടുത്താനാവില്ല. ഈ ഭൂമിയിലെ ജീവിതം മരണത്തോടെ അവസാനിക്കുമെന്നുറപ്പാണ്. ഇക്കാര്യം ഖുർആൻ അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്നുണ്ട്. നിങ്ങള്‍ എവിടെയാണെങ്കിലും മരണം നിങ്ങളെ എത്തിപ്പിടിക്കും; ഭദ്രമായി ഉയര്‍ത്തപ്പെട്ട കോട്ടകൾക്കകത്താണ് നിങ്ങളെങ്കിൽ പോലും"(4: 78). എന്നാണ് ഖുർആൻ പറയുന്നത്. പക്ഷെ മരണം ഇവിടെ മാത്രമേയുള്ളൂ. സ്വർഗ്ഗത്തിലോ നരകത്തിലോ മരണമില്ല. സ്വർഗ്ഗത്തെയും നരകത്തെയും കുറിച്ച് പരാമർശിക്കുമ്പോൾ ഖുർആൻ ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. മനുഷ്യരെ സ്വർഗ്ഗ-നരകങ്ങളിലേക്കായി വേർതിരിച്ച് കഴിഞ്ഞാൽ മരണത്തെ ഒരു ആടിന്റെ രൂപത്തിൽ കൊണ്ടുവരുമെന്നും സ്വർഗ്ഗ-നരകങ്ങളുടെ നടുവിൽ വെച്ച് അതിനെ അറുക്കുമെന്നും സ്വർഗ്ഗക്കാർക്ക് അവിടെയും നരകക്കാർക്ക് അവിടെയും ശാശ്വതവാസമെന്ന പ്രഖ്യാപനമുണ്ടാവുകയും ചെയ്യുമെന്ന പ്രവാചകവചനം അബൂ സഈദിൽ(റ) നിന്ന് ബുഖാരിയും മുസ്ലിമും നിവേദനം ചെയ്തിട്ടുണ്ട്.
സൂറത്തുൽ ബഖറയിലെ ഇരുപത്തിയൊന്നു മുതൽ ഇരുപത്തിയഞ്ച് വരെയുള്ള വചനങ്ങളിൽ ഇസ്ലാമിന്റെ അടിസ്ഥാന തത്ത്വങ്ങളെയെല്ലാം സംപ്ക്ഷിതമായി പ്രതിപാദിച്ചിരിക്കുന്നു. പ്രപഞ്ചനാഥനായ സ്രഷ്ടാവാണ് ആരാനകൾ അർഹിക്കുന്നവൻ; ദൈവദാസനും ദൂതനായ മുഹമ്മദ് നബിയിലൂടെ നാഥൻ ലോകത്തിന് നൽകിയ വേദ-ദൃഷ്ടാന്തമാണ് ഖുർആൻ; മരണാന്തരം നിഷേധികൾക്ക് നരകവും വിശ്വാസികൾക്ക് സ്വർഗ്ഗവും അവൻ നൽകും. ഈ തത്ത്വങ്ങളെയാണ് യഥാക്രമം തൗഹീദ്, രിസാലത്ത്, ആഖിറത്ത് എന്നിങ്ങനെ വിളിക്കുന്നത്. ഈ തത്ത്വങ്ങളെയെല്ലാം സംക്ഷിപ്തമായും ആർക്കും മനസ്സിലാക്കാവുന്ന വിധത്തിലും ഈ പഞ്ചവചനങ്ങളിൽ പ്രതിപാദിക്കുന്നു; പ്രബോധനം ചെയ്യേണ്ട തത്ത്വങ്ങളുടെയെല്ലാം സത്താണ് ഈ വചങ്ങൾ ഉൾക്കൊള്ളുന്നതെന്ന് പറയാം.
25. وَبَشِّرِ الَّذِين آمَنُواْ وَعَمِلُواْ الصَّالِحَاتِ أَنَّ لَهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الأَنْهَارُ كُلَّمَا رُزِقُواْ مِنْهَا مِن ثَمَرَةٍ رِّزْقًا قَالُواْ هَذَا الَّذِي رُزِقْنَا مِن قَبْلُ وَأُتُواْ بِهِ مُتَشَابِهًا وَلَهُمْ فِيهَا أَزْوَاجٌ مُّطَهَّرَةٌ وَهُمْ فِيهَا خَالِدُونَ
26. إِنَّ اللَّهَ لاَ يَسْتَحْيِي أَن يَضْرِبَ مَثَلاً مَّا بَعُوضَةً فَمَا فَوْقَهَا فَأَمَّا الَّذِينَ آمَنُواْ فَيَعْلَمُونَ أَنَّهُ الْحَقُّ مِن رَّبِّهِمْ وَأَمَّا الَّذِينَ كَفَرُواْ فَيَقُولُونَ مَاذَا أَرَادَ اللَّهُ بِهَذَا مَثَلاً يُضِلُّ بِهِ كَثِيرًا وَيَهْدِي بِهِ كَثِيرًا وَمَا يُضِلُّ بِهِ إِلاَّ الْفَاسِقِينَ
26. കൊതുകിനെയോ അതിനേക്കാൾ മുകളിലുള്ളതിനെയോ ഉപമയാക്കുന്നതിന് അല്ലാഹുവിന് ലജ്ജയൊന്നുമില്ല, തീർച്ച. വിശ്വസിക്കുന്നവർക്ക് അത് അവരുടെ നാഥനിൽ നിന്നുള്ള യാഥാർഥ്യമാണെന്നറിയാം. വിശ്വസിക്കാത്തവരാകട്ടെ, 'ഈ ഉപമകൊണ്ട് അല്ലാഹുവെന്താണ് ഉദ്ദേശിച്ചത് !' എന്ന് പറയുകയാണ് ചെയ്യുക. കുറേ പേരെ അതുവഴി അവൻ പിഴവിലാക്കുന്നു; കുറേ പേരെ അത് വഴി നേർവഴിയിലാക്കുകയും ചെയ്യുന്നു; അധാർമ്മികരെയല്ലാതെ അതുവഴി അവൻ പിഴവിലാക്കുകയില്ല"
ഖുർആൻ ആസ്വാദനം
രണ്ടാം അദ്ധ്യായം
സൂറത്തുൽ ബഖറ:
ഇരുപത്തി ആറ്, ഇരുപത്തിയേഴ് ആയത്തുകൾ
26. കൊതുകിനെയോ അതിനേക്കാൾ മുകളിലുള്ളതിനെയോ ഉപമയാക്കുന്നതിന് അല്ലാഹുവിന് ലജ്ജയൊന്നുമില്ല, തീർച്ച. വിശ്വസിക്കുന്നവർക്ക് അത് അവരുടെ നാഥനിൽ നിന്നുള്ള യാഥാർഥ്യമാണെന്നറിയാം. വിശ്വസിക്കാത്തവരാകട്ടെ, 'ഈ ഉപമകൊണ്ട് അല്ലാഹുവെന്താണ് ഉദ്ദേശിച്ചത് !' എന്ന് പറയുകയാണ് ചെയ്യുക. കുറേ പേരെ അതുവഴി അവൻ പിഴവിലാക്കുന്നു; കുറേ പേരെ അത് വഴി നേർവഴിയിലാക്കുകയും ചെയ്യുന്നു; അധാർമ്മികരെയല്ലാതെ അതുവഴി അവൻ പിഴവിലാക്കുകയില്ല"
27. അല്ലാഹുവിന്റെ കരാർ അത് ഉറപ്പിച്ചതിനു ശേഷം ലംഘിക്കുകയും അല്ലാഹു കൂട്ടിച്ചേർക്കാൻ കല്പിച്ചതിനെ മുറിക്കുകയും ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരാണവർ. അവർ തന്നെയാണ് നഷ്ടപ്പെട്ടവർ.
ഖുർആനിലെ ഏതെങ്കിലും ഒരു സൂറത്തിന് തുല്യമെന്ന് വിശേഷിപ്പിക്കാൻ പറ്റിയ എന്തെങ്കിലും കൊണ്ടുവരാനാകുമോയെന്ന വെല്ലുവിളിക്ക് ഉത്തരം നൽകാനാവാതെ വരികയും എന്നാൽ ഖുർആൻ ദൈവികമെന്ന് അംഗീകരിക്കാൻ അഹങ്കാരം സമ്മതിക്കാതിരിക്കുകയും ചെയ്യുമ്പോൾ അവിശ്വാസികൾ അവലംബിക്കുക ഭത്സനത്തിന്റെയും പരിഹാസത്തിന്റെയും പാതയായിരിക്കും. ഖുർആനിൽ പ്രയോഗിച്ചിരിക്കുന്ന ഉപമകളെക്കുറിച്ച് അവമതിപ്പോടെ സംസാരിക്കുന്ന പതിവ് എക്കാലത്തെയും അവിശ്വാസികളുടെ പ്രതിരോധരീതിയാണ്. തുച്ഛമെന്ന് സമൂഹം കരുതുന്ന ചിലന്തിയും (29: 41) ഈച്ചയു(22: 73)മെല്ലാമാണോ ദൈവികവചനങ്ങളിലെ ഉപമകളെന്ന പരിഹാസം ഇന്നലെ; പുരുഷനെ കൃഷിക്കാരനായും സ്ത്രീയെ കൃഷിയിടമായുമെല്ലാമാണോ (2: 223) ഉപമിച്ചിരിക്കുന്നതെന്ന വിമർശനം ഇന്ന്. ഇത്തരം ഭത്സനങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. ഖുർആനിന്റെ ഉജ്ജ്വലപ്രകാശം കെടുത്താനാവാത്തതിലുള്ള നിരാശയിൽ നിന്നുണ്ടാവുന്നതാണ് ഇത്തരം വിമർശനങ്ങൾ.
ഖുർആനിലെ ഉപമാലങ്കാരങ്ങളെക്കുറിച്ച പരിഹാസങ്ങൾക്കൊന്നും യാതൊരു അർത്ഥവുമില്ല. അല്ലാഹുവാണ് എന്തിനെ എങ്ങനെയെല്ലാമാണ് ഉപമിക്കേണ്ടതെന്ന് തീരുമാനിക്കുന്നത്. ഉപമകൾ ഖുർആനിലെ അധ്യാപകനെ അടയാളപ്പെടുത്തുന്നു. പഠിതാക്കളെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനായി അധ്യാപകനുപയോഗിക്കുന്ന രൂപകങ്ങളുടെ പ്രസക്തി ഉപമിക്കുന്ന വസ്തുവിന്റെ വലിപ്പത്തെയോ ചെറുപ്പത്തെയോ ആശ്രയിച്ചല്ല നിലനിൽക്കുന്നത്; രൂപകത്തിലൂടെ സംവേദനം ചെയ്യുന്ന ആശയമാണ് അവിടെ പ്രധാനം. ഈച്ചയെപ്പോലും സൃഷ്ടിക്കാനാവാത്തയും ഈച്ച എടുത്തുകൊണ്ടുപോയ വസ്തുക്കളെ വീണ്ടെടുക്കാൻ കഴിയാത്തവയുമായ വസ്തുക്കളെ ആരാധിക്കുന്നതിന്റെ അർത്ഥരാഹിത്യം വ്യക്തമാക്കുന്ന വചനത്തെ നേരിടേണ്ടത് ഈച്ചയെന്ന നിസ്സാര വസ്തുവിനെ എന്തിന് ഉപമിച്ചുവെന്ന വിമർശനം കൊണ്ടല്ല, അത് വ്യക്തമാക്കുന്ന ആശയത്തിന്റെ പ്രസക്തിയെന്തെന്ന് ചിന്തിച്ചുകൊണ്ടാണ്. തന്റെ ശരീരവലിപ്പവുമായി താരതമ്യം ചെയ്യുമ്പോൾ അതീവ ബലിഷ്ഠമെന്ന് കരുതാവുന്നതാണെങ്കിലും ചെറിയൊരു മർദ്ദമുണ്ടാവുമ്പോഴേക്കും തകർന്നു പോകുന്ന ചിലന്തിവലയെപ്പോലെയാണ് അല്ലാഹുവല്ലാത്തവരെ രക്ഷാധികാരികളാക്കിയവരുടെ പ്രതീക്ഷകളെന്ന് പറയുമ്പോൾ ചിലന്തിയുടെ ചെറുപ്പമല്ല, സംവേദനം ചെയ്യുന്ന ആശയത്തിന്റെ വലുപ്പമാണ് അനുവാചകരുടെ ഹൃദയത്തിലേക്ക് കയറിച്ചെല്ലേണ്ടത്. നിസ്സാരമെന്ന് മനുഷ്യർ കരുതുന്ന അവരുടെ ചുറ്റുപാടുകളിലുള്ള വസ്തുക്കളെ വലിയ പാഠങ്ങളായി അവതരിപ്പിക്കുന്നവയാണ് ഖുർആനിലെ ഉപമകൾ.
ഉപമകൾ കേൾക്കുമ്പോൾ 'തീർച്ചയായും അവരുടെ നാഥനിൽ നിന്നുള്ള യാഥാർഥ്യമാണത്' '(اَنَّهُ الۡحَـقُّ مِنۡ رَّبِّهِمۡۚ) എന്ന് മനസ്സിലാക്കുന്നവരായിരിക്കും വിശ്വാസികൾ. സത്യം, യാഥാർഥ്യം, ഉദ്ദേശ്യം, ലക്ഷ്യം, അവകാശം എന്നീ അർത്ഥങ്ങളിലെല്ലാം പ്രയോഗിക്കപ്പെടുന്ന പദമാണ് ഹഖ് (حَـقُّ). ഉപമകൾ കേൾക്കുമ്പോൾ അതിലെ യാഥാർഥ്യമെന്താണെന്ന് യഥാരൂപത്തിൽ മനസ്സിലാവുക നിഷ്കളങ്കരായ വിശ്വാസികൾക്കാണ്. എന്തിനാണ് അല്ലാഹു പ്രത്യേകമായ ഉപമകൾ ഉപയോഗിച്ചതെന്ന് കൃത്യമായി അറിയില്ലെങ്കിൽ പോലും അതിൽ അല്ലാഹുവിന്ന് കൃത്യമായ ഉദ്ദേശ്യവും അവന്റെ വലിയ യുക്തിയുമുണ്ടാവുമെന്ന് മനസ്സിലാക്കാൻ വിശ്വാസികൾക്ക് കഴിയും. ഉപമാലങ്കാരങ്ങളുടെ ഉദ്ദേശ്യവും ലക്ഷ്യവുമെല്ലാം കൃത്യമായി മനസ്സിലാക്കുവാൻ തുറന്ന ഹൃദയവും സമർപ്പിതമായ മനസ്സുമുണ്ടാവണം. അതുള്ളത് കൊണ്ടാണ് വിശ്വാസികൾക്ക് ഓരോ ഉപമയും അവരുടെ വിശ്വാസവർദ്ധനവിനുള്ള കാരണമായിത്തീരുന്നത്. ദൈവികനിർദേശങ്ങളുടെ സാംഗത്യം കൂടുതൽ കൂടുതൽ ബോധ്യപ്പെടുത്തുന്നവയായാണ് അവർക്ക് ഉപമകളെല്ലാം അനുഭവപ്പെടുക. ഉപമകൾ അവരെ കൂടുതൽ കൂടുതൽ സന്മാർഗ്ഗത്തിലേക്ക് അടുപ്പിക്കുന്നുവെന്നർത്ഥം.
ദൈവികനിർദേശങ്ങൾക്ക് സമർപ്പിതമായ മനസ്സില്ലാത്തവർക്ക് ഉപമകളെല്ലാം തമാശകളായാണ് അനുഭവപ്പെടുക. ഈച്ച, ചിലന്തി, നിസ്സാരമായ ജീവികൾ! ഇവയെയെല്ലാം ഉപമിക്കുമ്പോൾ അല്ലാഹു എന്താണുദ്ദേശിച്ചത് ! (مَاذَآ اَرَادَ اللّٰهُ) എന്ന് ആശ്ചര്യപൂർവ്വം പരിഹസിക്കുകയാണ് അവിശ്വാസികൾ ചെയ്യുക. ഈ പരിഹാസം വഴി യഥാർത്ഥത്തിൽ അവർ വഴികേടിലാവുകയാണ് ചെയ്യുന്നത്. അല്ലാഹുവിന്റെ വചനങ്ങളിലുള്ള ഉപമകളെ പരിഹസിക്കുന്നത് വഴി സ്വതവേ വഴികേടിലായ അവർ കൂടുതൽ വഴികേടിലേക്ക് ആപതിക്കുന്നു. അല്ലാഹുവിന്റെ ഉപമകളാണ് അവർ വഴികേടിലേക്ക് ആപതിക്കാൻ കാരണമെന്ന് പറയാം. അതെ, അല്ലാഹുവാണ് അവരെ വഴികേടിലാക്കുന്നത്. പക്ഷെ അതിന് കാരണമായി ഭവിക്കുന്നത് അവരുടെ നിലപാടുകളാണ്. ദൈവികവചനങ്ങളെ മനസ്സിലാക്കാനോ അത് സത്യമാണോയെന്ന് അന്വേഷിക്കാനോ സത്യമാണെങ്കിൽ സ്വീകരിക്കാനോ ഉള്ള സന്നദ്ധതയില്ലായ്മയാണ് വഴികേടിനുള്ള ആത്യന്തികമായ കാരണം.
വഴികേടിലാകുന്നതിന് നിമിത്തമാകുന്ന അവരുടെ നിലപാടുകളെ മുഴുവൻ ഉൾക്കൊള്ളുന്ന നാമമാണ് ഫാസിഖീൻ(فٰسِقِيۡنَۙ). ഫാസിഖിന്റെ ബഹുവചനമാണത്. തെമ്മാടിത്തം, ധിക്കാരം, തോന്നിവാസം, അധാർമികത എന്ന അർത്ഥങ്ങളുള്ള ഫിസ്ഖിന്റെ കർതൃനാമമാണ് ഫാസിഖ്. സ്വന്തത്തിന് ശരിയെന്ന് തോന്നുന്നതെല്ലാം ചെയ്യുന്നവനാണ് ഫാസിഖ് എന്നു പറയാം. ദേഹേച്ഛകളുടെ അടിമ. ദൈവികനിയമങ്ങളോട് അവന് പുച്ഛമാണ്. അവ അനുസരിക്കേണ്ടതില്ലെന്ന അവന്റെ തീരുമാനം തന്റെ സ്വാർത്ഥതയ്ക്ക് ആ നിയമങ്ങൾ എതിരാകുമെന്നതിനാലാണ്. മാറാൻ അവൻ സന്നദ്ധനല്ല. അധാർമികതകളിൽ തന്നെ അഭിരമിക്കുന്നതിന് തടസ്സമാകുമെന്നതിനാൽ ദൈവികവചനങ്ങളെ തമസ്കരിക്കാൻ ശ്രമിക്കുന്നവനാണവൻ. പടച്ചവന്റെ ഉപമകളെ അവൻ പുച്ഛിക്കുന്നത് ദൈവികവചനങ്ങളെ സ്വീകരിക്കുവാനുള്ള വൈമനസ്യം കൊണ്ടാണ്. അത്തരക്കാരാണ് ഈ ഉപമകൾ വഴി വഴികേടിലാകുന്നത്.
ഉപമാലങ്കാരങ്ങൾ വഴി വഴികേടിലാകുന്ന ഫാസിഖുകളുടെ മൂന്ന് സവിശേഷതകളാണ് അടുത്ത വചനത്തിൽ എണ്ണിപ്പറയുന്നത്. ഒന്നാമതായി അല്ലാഹുവിന്റെ കരാർ അത് ഉറപ്പിച്ചതിനു ശേഷം ലംഘിച്ചവരാണ് അധാർമ്മികർ. ഏതാണ് ഈ കരാർ? ആദം സന്തതികളുടെ മുതുകുകളിൽ നിന്ന് അവരുടെ സന്താനങ്ങളെ പുറത്ത് കൊണ്ടു വരികയും 'ഞാൻ നിങ്ങളുടെ റബ്ബല്ലേ?' എന്ന അല്ലാഹുവിന്റെ ചോദ്യത്തിന് 'അതെ ഞങ്ങൾ സാക്ഷ്യം വഹിച്ചിരിക്കുന്നു' വെന്ന് മുഴുവൻ മനുഷ്യാത്മാക്കളും പ്രഖ്യാപിക്കുകയും ചെയ്തതായി സൂറത്തുൽ അഅ്റാഫിലെ 172 ആം വചനത്തിൽ കാണാം. ആത്മീയലോകത്തുവെച്ച് മനുഷ്യരെല്ലാം അവരുടെ നാഥനുമായുണ്ടാക്കിയ കരാറാണത്. മനുഷ്യരുടെയെല്ലാം പിതാവായ ആദം (അ) സ്വർഗത്തിൽ നിന്ന് നിഷ്കാസിതനാവുമ്പോൾ തന്റെ പക്കൽനിന്ന് മാർഗ്ഗദർശനങ്ങൾ ലഭിക്കുമെന്നും അവ പിൻപറ്റണമെന്നും അങ്ങനെ പിൻപറ്റുന്നവർക്കാണ് രക്ഷയെന്നും അല്ലാഹു തന്നെ തെര്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട് (2: 38, 20: 123). ആത്മീയലോകത്ത് വെച്ച് അല്ലാഹുവുമായുണ്ടാക്കിയ കരാറിന്റെ ഫലമായിത്തന്നെയാകണം, ചുറ്റുപാടുമുള്ള മുഴുവൻ പ്രാപഞ്ചികപ്രതിഭാസങ്ങളെയും കാണുമ്പോൾ ഏതൊരാൾക്കും അവയ്ക്ക് പിന്നിലുള്ള നാഥന്റെ കരവിരുതുകൾ മനസ്സിലാകുന്നത്. നിഷ്കളങ്കമായ മനസ്സുകൾ റബ്ബിനുള്ള സമർപ്പണത്തിനായി സന്നദ്ധമാകുന്നതും അതുകൊണ്ട് തന്നെയായിരിക്കണം. രക്ഷിതാവിനെ തിരിച്ചറിയാനും ആരാധിക്കുവാനുമുള്ള മനുഷ്യമനസ്സുകളിൽ നൈസർഗ്ഗികമായിത്തന്നെയുള്ള സന്നദ്ധതയോട് പുറംതിരിഞ്ഞു നിൽക്കുകയാണ് അവിശ്വാസി ചെയ്യുന്ന ആദ്യത്തെ പാതകം. അല്ലാഹുവുമായുണ്ടാക്കിയ കരാറിന്റെ ലംഘനമാണിത്. അവനെ അധർമ്മകാരിയാക്കുന്ന ഒന്നാമത്തെ സവിശേഷതയും അതുതന്നെ.
അല്ലാഹു കൂട്ടിച്ചേർക്കാൻ കല്പിച്ചതിനെ മുറിക്കുന്നവരെന്നതാണ് അധർമ്മകാരികളുടെ രണ്ടാമത്തെ സവിശേഷത. അല്ലാഹുവുമായുണ്ടാക്കിയ കരാർ ലംഘിക്കുന്നയെന്ന പാതകത്തിന് ശേഷം അവിശ്വാസികൾ ചെയ്യുന്ന തെറ്റ് മനുഷ്യരോടുണ്ടാകേണ്ട ബന്ധങ്ങൾ മുറിക്കുന്നുവെന്നതാണ്. കുടുംബബന്ധം, അയല്പക്കബന്ധം, സാമൂഹ്യബന്ധം, സാമുദായികബന്ധം, മാനുഷികബന്ധം എന്നിങ്ങനെയുള്ള വ്യത്യസ്ത തരം ബന്ധങ്ങളെല്ലാം പാലിക്കണമെന്നത് ദൈവികമായ കല്പനയാണ്. കുടുംബബന്ധങ്ങൾ തകരാതെ സൂക്ഷിക്കണമെന്ന് ഖുർആൻ പറയുന്നത് പടച്ചവനെ സൂക്ഷിച്ച് ജീവിക്കണമെന്ന് പറഞ്ഞ ഉടനെയാണ് (4: 1). 'കുടുംബബന്ധം മുറിക്കുന്നവൻ സ്വർഗത്തിൽ കടക്കുകയില്ല' എന്ന് നബി പറഞ്ഞതായി ജുബൈർ ബ്നു മുത്ഇമിൽ(റ) നിന്ന് ബുഖാരിയും മുസ്ലിമും നിവേദനം ചെയ്യുന്നുണ്ട്. അടുത്തും അകലെയുമുള്ള അയൽക്കാരോട് നന്മ ചെയ്യണമെന്ന് ഖുർആൻ കല്പിക്കുന്നു(4:36). 'അയൽവാസിക്ക് അനന്തരാവകാശം നൽകാൻ കല്പിക്കുമോയെന്ന് തോന്നുവോളം അയാളോടുള്ള ബാധ്യതകളെക്കുറിച്ച് ജിബ്രീൽ എന്നോട് ഉപദേശിച്ചുകൊണ്ടിരുന്നു'വെന്ന് നബി (സ) പറഞ്ഞതായി ഇബ്നു ഉമറി(റ)ൽ നിന്ന് ബുഖാരിയും മുസ്ലിമും നിവേദനം ചെയ്യുന്നുണ്ട്. മാതാപിതാക്കൾ മുതൽ മക്കൾ വരെയും അയൽവാസി മുതൽ സമൂഹത്തിലെ ഓരോരുത്തർ വരെയുമുള്ള എല്ലാവരുമായും എങ്ങനെയുള്ള ബന്ധങ്ങളാണുണ്ടാവേണ്ടാതെന്നും അവർക്കെല്ലാമുള്ള ബാധ്യതകളും അവകാശങ്ങളുമെന്തൊക്കെയാണെന്നും കൃത്യമായി പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം അല്ലാഹു കൂട്ടിച്ചേർക്കാൻ കല്പിച്ച ബന്ധങ്ങളാണ്. അവ പരിഗണിക്കാതെ തന്നിഷ്ടത്തിന് പറ്റിയ രൂപത്തിലുള്ള ബന്ധങ്ങളുണ്ടാക്കുകയും ബന്ധങ്ങൾ മുറിക്കുകയും ചെയ്യുന്നവരാണ് ദൈവികവചനങ്ങളെ അപഹസിക്കുന്ന അധാർമ്മികർ.
അല്ലാഹു വഴികേടിലാക്കുന്ന അധാർമ്മികരുടെ മൂന്നാമത്തെ സവിശേഷത അവർ ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരാണെന്നതാണ്. കപട വിശ്വാസികളെക്കുറിച്ച് പ്രതിപാദിച്ചപ്പോൾ അവർ തന്നെയാണ് നാട്ടിൽ കുഴപ്പമുണ്ടാക്കുന്നതെന്ന് പന്ത്രണ്ടാമത്തെ ആയത്തിൽ പറഞ്ഞിരുന്നു. മദീനാരാജ്യത്ത് മുനാഫിഖുകളുണ്ടാക്കിയ കുഴപ്പം മുസ്ലിംകൾക്കിടയിൽ ഛിദ്രതയും വെറുപ്പുമുണ്ടാക്കാൻ ശ്രമിക്കുകയും ശത്രുക്കളോടോപ്പം ചേർന്ന് നാടിനെ തകർക്കാൻ ശ്രമിക്കുകയും ചെയ്തതായിരുന്നു. ദൈവിക വചനങ്ങളെ പരിഹസിക്കുകയും നാഥന് കീഴൊതുങ്ങാതെ ജീവിക്കുകയും കുടുംബബന്ധങ്ങൾ മുറിക്കുകയുമെല്ലാം ചെയ്യുന്നത് തന്നെ വലിയ കുഴപ്പമാണ്. ദൈവികവചനങ്ങളിൽ നിന്ന് മറ്റുള്ളവരെക്കൂടി അകറ്റാൻ ശ്രമിക്കുക വഴി അധാർമ്മികത വളരാനും നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാനും കൂട്ടുനിൽക്കുക കൂടിയാണ് അത്തരക്കാർ ചെയ്യുന്നത്. അത്തരക്കാരെക്കൊണ്ടാണ് യഥാർത്ഥത്തിൽ കുഴപ്പങ്ങളുണ്ടാവുന്നത്. അവർ കരുതുന്നത് തങ്ങളെ ദുർബോധനങ്ങൾ വഴിയുണ്ടാവുന്ന കുഴപ്പങ്ങൾ വഴി അവർക്ക് നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ്. എന്നാൽ അവരാണ് യഥാർത്ഥത്തിൽ നഷ്ടപ്പെട്ടവർ. അധാർമ്മികജീവിതം വഴി ഈ ലോകത്ത് അവർക്ക് സമാധാനജീവിതം നഷ്ടപ്പെടുന്നു; മരണത്തിന് ശേഷമാകട്ടെ, ദൈവകാരുണ്യത്തിന്റെ പൂർണപ്രകാശനം നടക്കുന്ന സ്വർഗ്ഗം അവർക്ക് നഷ്ടപ്പെടുന്നു. അതാണ് നഷ്ടം; യഥാർത്ഥത്തിലുള്ള നഷ്ടം !!
26. إِنَّ اللَّهَ لاَ يَسْتَحْيِي أَن يَضْرِبَ مَثَلاً مَّا بَعُوضَةً فَمَا فَوْقَهَا فَأَمَّا الَّذِينَ آمَنُواْ فَيَعْلَمُونَ أَنَّهُ الْحَقُّ مِن رَّبِّهِمْ وَأَمَّا الَّذِينَ كَفَرُواْ فَيَقُولُونَ مَاذَا أَرَادَ اللَّهُ بِهَذَا مَثَلاً يُضِلُّ بِهِ كَثِيرًا وَيَهْدِي بِهِ كَثِيرًا وَمَا يُضِلُّ بِهِ إِلاَّ الْفَاسِقِينَ
27. الَّذِينَ يَنقُضُونَ عَهْدَ اللَّهِ مِن بَعْدِ مِيثَاقِهِ وَيَقْطَعُونَ مَا أَمَرَ اللَّهُ بِهِ أَن يُوصَلَ وَيُفْسِدُونَ فِي الأَرْضِ أُوْلَئِكَ هُمُ الْخَاسِرُونَ
27. അല്ലാഹുവിന്റെ കരാർ അത് ഉറപ്പിച്ചതിനു ശേഷം ലംഘിക്കുകയും അല്ലാഹു കൂട്ടിച്ചേർക്കാൻ കല്പിച്ചതിനെ മുറിക്കുകയും ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരാണവർ. അവർ തന്നെയാണ് നഷ്ടപ്പെട്ടവർ.
ഖുർആൻ ആസ്വാദനം
രണ്ടാം അദ്ധ്യായം
സൂറത്തുൽ ബഖറ:
ഇരുപത്തി ആറ്, ഇരുപത്തിയേഴ് ആയത്തുകൾ
26. കൊതുകിനെയോ അതിനേക്കാൾ മുകളിലുള്ളതിനെയോ ഉപമയാക്കുന്നതിന് അല്ലാഹുവിന് ലജ്ജയൊന്നുമില്ല, തീർച്ച. വിശ്വസിക്കുന്നവർക്ക് അത് അവരുടെ നാഥനിൽ നിന്നുള്ള യാഥാർഥ്യമാണെന്നറിയാം. വിശ്വസിക്കാത്തവരാകട്ടെ, 'ഈ ഉപമകൊണ്ട് അല്ലാഹുവെന്താണ് ഉദ്ദേശിച്ചത് !' എന്ന് പറയുകയാണ് ചെയ്യുക. കുറേ പേരെ അതുവഴി അവൻ പിഴവിലാക്കുന്നു; കുറേ പേരെ അത് വഴി നേർവഴിയിലാക്കുകയും ചെയ്യുന്നു; അധാർമ്മികരെയല്ലാതെ അതുവഴി അവൻ പിഴവിലാക്കുകയില്ല"
27. അല്ലാഹുവിന്റെ കരാർ അത് ഉറപ്പിച്ചതിനു ശേഷം ലംഘിക്കുകയും അല്ലാഹു കൂട്ടിച്ചേർക്കാൻ കല്പിച്ചതിനെ മുറിക്കുകയും ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരാണവർ. അവർ തന്നെയാണ് നഷ്ടപ്പെട്ടവർ.
ഖുർആനിലെ ഏതെങ്കിലും ഒരു സൂറത്തിന് തുല്യമെന്ന് വിശേഷിപ്പിക്കാൻ പറ്റിയ എന്തെങ്കിലും കൊണ്ടുവരാനാകുമോയെന്ന വെല്ലുവിളിക്ക് ഉത്തരം നൽകാനാവാതെ വരികയും എന്നാൽ ഖുർആൻ ദൈവികമെന്ന് അംഗീകരിക്കാൻ അഹങ്കാരം സമ്മതിക്കാതിരിക്കുകയും ചെയ്യുമ്പോൾ അവിശ്വാസികൾ അവലംബിക്കുക ഭത്സനത്തിന്റെയും പരിഹാസത്തിന്റെയും പാതയായിരിക്കും. ഖുർആനിൽ പ്രയോഗിച്ചിരിക്കുന്ന ഉപമകളെക്കുറിച്ച് അവമതിപ്പോടെ സംസാരിക്കുന്ന പതിവ് എക്കാലത്തെയും അവിശ്വാസികളുടെ പ്രതിരോധരീതിയാണ്. തുച്ഛമെന്ന് സമൂഹം കരുതുന്ന ചിലന്തിയും (29: 41) ഈച്ചയു(22: 73)മെല്ലാമാണോ ദൈവികവചനങ്ങളിലെ ഉപമകളെന്ന പരിഹാസം ഇന്നലെ; പുരുഷനെ കൃഷിക്കാരനായും സ്ത്രീയെ കൃഷിയിടമായുമെല്ലാമാണോ (2: 223) ഉപമിച്ചിരിക്കുന്നതെന്ന വിമർശനം ഇന്ന്. ഇത്തരം ഭത്സനങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. ഖുർആനിന്റെ ഉജ്ജ്വലപ്രകാശം കെടുത്താനാവാത്തതിലുള്ള നിരാശയിൽ നിന്നുണ്ടാവുന്നതാണ് ഇത്തരം വിമർശനങ്ങൾ.
ഖുർആനിലെ ഉപമാലങ്കാരങ്ങളെക്കുറിച്ച പരിഹാസങ്ങൾക്കൊന്നും യാതൊരു അർത്ഥവുമില്ല. അല്ലാഹുവാണ് എന്തിനെ എങ്ങനെയെല്ലാമാണ് ഉപമിക്കേണ്ടതെന്ന് തീരുമാനിക്കുന്നത്. ഉപമകൾ ഖുർആനിലെ അധ്യാപകനെ അടയാളപ്പെടുത്തുന്നു. പഠിതാക്കളെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനായി അധ്യാപകനുപയോഗിക്കുന്ന രൂപകങ്ങളുടെ പ്രസക്തി ഉപമിക്കുന്ന വസ്തുവിന്റെ വലിപ്പത്തെയോ ചെറുപ്പത്തെയോ ആശ്രയിച്ചല്ല നിലനിൽക്കുന്നത്; രൂപകത്തിലൂടെ സംവേദനം ചെയ്യുന്ന ആശയമാണ് അവിടെ പ്രധാനം. ഈച്ചയെപ്പോലും സൃഷ്ടിക്കാനാവാത്തയും ഈച്ച എടുത്തുകൊണ്ടുപോയ വസ്തുക്കളെ വീണ്ടെടുക്കാൻ കഴിയാത്തവയുമായ വസ്തുക്കളെ ആരാധിക്കുന്നതിന്റെ അർത്ഥരാഹിത്യം വ്യക്തമാക്കുന്ന വചനത്തെ നേരിടേണ്ടത് ഈച്ചയെന്ന നിസ്സാര വസ്തുവിനെ എന്തിന് ഉപമിച്ചുവെന്ന വിമർശനം കൊണ്ടല്ല, അത് വ്യക്തമാക്കുന്ന ആശയത്തിന്റെ പ്രസക്തിയെന്തെന്ന് ചിന്തിച്ചുകൊണ്ടാണ്. തന്റെ ശരീരവലിപ്പവുമായി താരതമ്യം ചെയ്യുമ്പോൾ അതീവ ബലിഷ്ഠമെന്ന് കരുതാവുന്നതാണെങ്കിലും ചെറിയൊരു മർദ്ദമുണ്ടാവുമ്പോഴേക്കും തകർന്നു പോകുന്ന ചിലന്തിവലയെപ്പോലെയാണ് അല്ലാഹുവല്ലാത്തവരെ രക്ഷാധികാരികളാക്കിയവരുടെ പ്രതീക്ഷകളെന്ന് പറയുമ്പോൾ ചിലന്തിയുടെ ചെറുപ്പമല്ല, സംവേദനം ചെയ്യുന്ന ആശയത്തിന്റെ വലുപ്പമാണ് അനുവാചകരുടെ ഹൃദയത്തിലേക്ക് കയറിച്ചെല്ലേണ്ടത്. നിസ്സാരമെന്ന് മനുഷ്യർ കരുതുന്ന അവരുടെ ചുറ്റുപാടുകളിലുള്ള വസ്തുക്കളെ വലിയ പാഠങ്ങളായി അവതരിപ്പിക്കുന്നവയാണ് ഖുർആനിലെ ഉപമകൾ.
ഉപമകൾ കേൾക്കുമ്പോൾ 'തീർച്ചയായും അവരുടെ നാഥനിൽ നിന്നുള്ള യാഥാർഥ്യമാണത്' '(اَنَّهُ الۡحَـقُّ مِنۡ رَّبِّهِمۡۚ) എന്ന് മനസ്സിലാക്കുന്നവരായിരിക്കും വിശ്വാസികൾ. സത്യം, യാഥാർഥ്യം, ഉദ്ദേശ്യം, ലക്ഷ്യം, അവകാശം എന്നീ അർത്ഥങ്ങളിലെല്ലാം പ്രയോഗിക്കപ്പെടുന്ന പദമാണ് ഹഖ് (حَـقُّ). ഉപമകൾ കേൾക്കുമ്പോൾ അതിലെ യാഥാർഥ്യമെന്താണെന്ന് യഥാരൂപത്തിൽ മനസ്സിലാവുക നിഷ്കളങ്കരായ വിശ്വാസികൾക്കാണ്. എന്തിനാണ് അല്ലാഹു പ്രത്യേകമായ ഉപമകൾ ഉപയോഗിച്ചതെന്ന് കൃത്യമായി അറിയില്ലെങ്കിൽ പോലും അതിൽ അല്ലാഹുവിന്ന് കൃത്യമായ ഉദ്ദേശ്യവും അവന്റെ വലിയ യുക്തിയുമുണ്ടാവുമെന്ന് മനസ്സിലാക്കാൻ വിശ്വാസികൾക്ക് കഴിയും. ഉപമാലങ്കാരങ്ങളുടെ ഉദ്ദേശ്യവും ലക്ഷ്യവുമെല്ലാം കൃത്യമായി മനസ്സിലാക്കുവാൻ തുറന്ന ഹൃദയവും സമർപ്പിതമായ മനസ്സുമുണ്ടാവണം. അതുള്ളത് കൊണ്ടാണ് വിശ്വാസികൾക്ക് ഓരോ ഉപമയും അവരുടെ വിശ്വാസവർദ്ധനവിനുള്ള കാരണമായിത്തീരുന്നത്. ദൈവികനിർദേശങ്ങളുടെ സാംഗത്യം കൂടുതൽ കൂടുതൽ ബോധ്യപ്പെടുത്തുന്നവയായാണ് അവർക്ക് ഉപമകളെല്ലാം അനുഭവപ്പെടുക. ഉപമകൾ അവരെ കൂടുതൽ കൂടുതൽ സന്മാർഗ്ഗത്തിലേക്ക് അടുപ്പിക്കുന്നുവെന്നർത്ഥം.
ദൈവികനിർദേശങ്ങൾക്ക് സമർപ്പിതമായ മനസ്സില്ലാത്തവർക്ക് ഉപമകളെല്ലാം തമാശകളായാണ് അനുഭവപ്പെടുക. ഈച്ച, ചിലന്തി, നിസ്സാരമായ ജീവികൾ! ഇവയെയെല്ലാം ഉപമിക്കുമ്പോൾ അല്ലാഹു എന്താണുദ്ദേശിച്ചത് ! (مَاذَآ اَرَادَ اللّٰهُ) എന്ന് ആശ്ചര്യപൂർവ്വം പരിഹസിക്കുകയാണ് അവിശ്വാസികൾ ചെയ്യുക. ഈ പരിഹാസം വഴി യഥാർത്ഥത്തിൽ അവർ വഴികേടിലാവുകയാണ് ചെയ്യുന്നത്. അല്ലാഹുവിന്റെ വചനങ്ങളിലുള്ള ഉപമകളെ പരിഹസിക്കുന്നത് വഴി സ്വതവേ വഴികേടിലായ അവർ കൂടുതൽ വഴികേടിലേക്ക് ആപതിക്കുന്നു. അല്ലാഹുവിന്റെ ഉപമകളാണ് അവർ വഴികേടിലേക്ക് ആപതിക്കാൻ കാരണമെന്ന് പറയാം. അതെ, അല്ലാഹുവാണ് അവരെ വഴികേടിലാക്കുന്നത്. പക്ഷെ അതിന് കാരണമായി ഭവിക്കുന്നത് അവരുടെ നിലപാടുകളാണ്. ദൈവികവചനങ്ങളെ മനസ്സിലാക്കാനോ അത് സത്യമാണോയെന്ന് അന്വേഷിക്കാനോ സത്യമാണെങ്കിൽ സ്വീകരിക്കാനോ ഉള്ള സന്നദ്ധതയില്ലായ്മയാണ് വഴികേടിനുള്ള ആത്യന്തികമായ കാരണം.
വഴികേടിലാകുന്നതിന് നിമിത്തമാകുന്ന അവരുടെ നിലപാടുകളെ മുഴുവൻ ഉൾക്കൊള്ളുന്ന നാമമാണ് ഫാസിഖീൻ(فٰسِقِيۡنَۙ). ഫാസിഖിന്റെ ബഹുവചനമാണത്. തെമ്മാടിത്തം, ധിക്കാരം, തോന്നിവാസം, അധാർമികത എന്ന അർത്ഥങ്ങളുള്ള ഫിസ്ഖിന്റെ കർതൃനാമമാണ് ഫാസിഖ്. സ്വന്തത്തിന് ശരിയെന്ന് തോന്നുന്നതെല്ലാം ചെയ്യുന്നവനാണ് ഫാസിഖ് എന്നു പറയാം. ദേഹേച്ഛകളുടെ അടിമ. ദൈവികനിയമങ്ങളോട് അവന് പുച്ഛമാണ്. അവ അനുസരിക്കേണ്ടതില്ലെന്ന അവന്റെ തീരുമാനം തന്റെ സ്വാർത്ഥതയ്ക്ക് ആ നിയമങ്ങൾ എതിരാകുമെന്നതിനാലാണ്. മാറാൻ അവൻ സന്നദ്ധനല്ല. അധാർമികതകളിൽ തന്നെ അഭിരമിക്കുന്നതിന് തടസ്സമാകുമെന്നതിനാൽ ദൈവികവചനങ്ങളെ തമസ്കരിക്കാൻ ശ്രമിക്കുന്നവനാണവൻ. പടച്ചവന്റെ ഉപമകളെ അവൻ പുച്ഛിക്കുന്നത് ദൈവികവചനങ്ങളെ സ്വീകരിക്കുവാനുള്ള വൈമനസ്യം കൊണ്ടാണ്. അത്തരക്കാരാണ് ഈ ഉപമകൾ വഴി വഴികേടിലാകുന്നത്.
ഉപമാലങ്കാരങ്ങൾ വഴി വഴികേടിലാകുന്ന ഫാസിഖുകളുടെ മൂന്ന് സവിശേഷതകളാണ് അടുത്ത വചനത്തിൽ എണ്ണിപ്പറയുന്നത്. ഒന്നാമതായി അല്ലാഹുവിന്റെ കരാർ അത് ഉറപ്പിച്ചതിനു ശേഷം ലംഘിച്ചവരാണ് അധാർമ്മികർ. ഏതാണ് ഈ കരാർ? ആദം സന്തതികളുടെ മുതുകുകളിൽ നിന്ന് അവരുടെ സന്താനങ്ങളെ പുറത്ത് കൊണ്ടു വരികയും 'ഞാൻ നിങ്ങളുടെ റബ്ബല്ലേ?' എന്ന അല്ലാഹുവിന്റെ ചോദ്യത്തിന് 'അതെ ഞങ്ങൾ സാക്ഷ്യം വഹിച്ചിരിക്കുന്നു' വെന്ന് മുഴുവൻ മനുഷ്യാത്മാക്കളും പ്രഖ്യാപിക്കുകയും ചെയ്തതായി സൂറത്തുൽ അഅ്റാഫിലെ 172 ആം വചനത്തിൽ കാണാം. ആത്മീയലോകത്തുവെച്ച് മനുഷ്യരെല്ലാം അവരുടെ നാഥനുമായുണ്ടാക്കിയ കരാറാണത്. മനുഷ്യരുടെയെല്ലാം പിതാവായ ആദം (അ) സ്വർഗത്തിൽ നിന്ന് നിഷ്കാസിതനാവുമ്പോൾ തന്റെ പക്കൽനിന്ന് മാർഗ്ഗദർശനങ്ങൾ ലഭിക്കുമെന്നും അവ പിൻപറ്റണമെന്നും അങ്ങനെ പിൻപറ്റുന്നവർക്കാണ് രക്ഷയെന്നും അല്ലാഹു തന്നെ തെര്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട് (2: 38, 20: 123). ആത്മീയലോകത്ത് വെച്ച് അല്ലാഹുവുമായുണ്ടാക്കിയ കരാറിന്റെ ഫലമായിത്തന്നെയാകണം, ചുറ്റുപാടുമുള്ള മുഴുവൻ പ്രാപഞ്ചികപ്രതിഭാസങ്ങളെയും കാണുമ്പോൾ ഏതൊരാൾക്കും അവയ്ക്ക് പിന്നിലുള്ള നാഥന്റെ കരവിരുതുകൾ മനസ്സിലാകുന്നത്. നിഷ്കളങ്കമായ മനസ്സുകൾ റബ്ബിനുള്ള സമർപ്പണത്തിനായി സന്നദ്ധമാകുന്നതും അതുകൊണ്ട് തന്നെയായിരിക്കണം. രക്ഷിതാവിനെ തിരിച്ചറിയാനും ആരാധിക്കുവാനുമുള്ള മനുഷ്യമനസ്സുകളിൽ നൈസർഗ്ഗികമായിത്തന്നെയുള്ള സന്നദ്ധതയോട് പുറംതിരിഞ്ഞു നിൽക്കുകയാണ് അവിശ്വാസി ചെയ്യുന്ന ആദ്യത്തെ പാതകം. അല്ലാഹുവുമായുണ്ടാക്കിയ കരാറിന്റെ ലംഘനമാണിത്. അവനെ അധർമ്മകാരിയാക്കുന്ന ഒന്നാമത്തെ സവിശേഷതയും അതുതന്നെ.
അല്ലാഹു കൂട്ടിച്ചേർക്കാൻ കല്പിച്ചതിനെ മുറിക്കുന്നവരെന്നതാണ് അധർമ്മകാരികളുടെ രണ്ടാമത്തെ സവിശേഷത. അല്ലാഹുവുമായുണ്ടാക്കിയ കരാർ ലംഘിക്കുന്നയെന്ന പാതകത്തിന് ശേഷം അവിശ്വാസികൾ ചെയ്യുന്ന തെറ്റ് മനുഷ്യരോടുണ്ടാകേണ്ട ബന്ധങ്ങൾ മുറിക്കുന്നുവെന്നതാണ്. കുടുംബബന്ധം, അയല്പക്കബന്ധം, സാമൂഹ്യബന്ധം, സാമുദായികബന്ധം, മാനുഷികബന്ധം എന്നിങ്ങനെയുള്ള വ്യത്യസ്ത തരം ബന്ധങ്ങളെല്ലാം പാലിക്കണമെന്നത് ദൈവികമായ കല്പനയാണ്. കുടുംബബന്ധങ്ങൾ തകരാതെ സൂക്ഷിക്കണമെന്ന് ഖുർആൻ പറയുന്നത് പടച്ചവനെ സൂക്ഷിച്ച് ജീവിക്കണമെന്ന് പറഞ്ഞ ഉടനെയാണ് (4: 1). 'കുടുംബബന്ധം മുറിക്കുന്നവൻ സ്വർഗത്തിൽ കടക്കുകയില്ല' എന്ന് നബി പറഞ്ഞതായി ജുബൈർ ബ്നു മുത്ഇമിൽ(റ) നിന്ന് ബുഖാരിയും മുസ്ലിമും നിവേദനം ചെയ്യുന്നുണ്ട്. അടുത്തും അകലെയുമുള്ള അയൽക്കാരോട് നന്മ ചെയ്യണമെന്ന് ഖുർആൻ കല്പിക്കുന്നു(4:36). 'അയൽവാസിക്ക് അനന്തരാവകാശം നൽകാൻ കല്പിക്കുമോയെന്ന് തോന്നുവോളം അയാളോടുള്ള ബാധ്യതകളെക്കുറിച്ച് ജിബ്രീൽ എന്നോട് ഉപദേശിച്ചുകൊണ്ടിരുന്നു'വെന്ന് നബി (സ) പറഞ്ഞതായി ഇബ്നു ഉമറി(റ)ൽ നിന്ന് ബുഖാരിയും മുസ്ലിമും നിവേദനം ചെയ്യുന്നുണ്ട്. മാതാപിതാക്കൾ മുതൽ മക്കൾ വരെയും അയൽവാസി മുതൽ സമൂഹത്തിലെ ഓരോരുത്തർ വരെയുമുള്ള എല്ലാവരുമായും എങ്ങനെയുള്ള ബന്ധങ്ങളാണുണ്ടാവേണ്ടാതെന്നും അവർക്കെല്ലാമുള്ള ബാധ്യതകളും അവകാശങ്ങളുമെന്തൊക്കെയാണെന്നും കൃത്യമായി പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം അല്ലാഹു കൂട്ടിച്ചേർക്കാൻ കല്പിച്ച ബന്ധങ്ങളാണ്. അവ പരിഗണിക്കാതെ തന്നിഷ്ടത്തിന് പറ്റിയ രൂപത്തിലുള്ള ബന്ധങ്ങളുണ്ടാക്കുകയും ബന്ധങ്ങൾ മുറിക്കുകയും ചെയ്യുന്നവരാണ് ദൈവികവചനങ്ങളെ അപഹസിക്കുന്ന അധാർമ്മികർ.
അല്ലാഹു വഴികേടിലാക്കുന്ന അധാർമ്മികരുടെ മൂന്നാമത്തെ സവിശേഷത അവർ ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരാണെന്നതാണ്. കപട വിശ്വാസികളെക്കുറിച്ച് പ്രതിപാദിച്ചപ്പോൾ അവർ തന്നെയാണ് നാട്ടിൽ കുഴപ്പമുണ്ടാക്കുന്നതെന്ന് പന്ത്രണ്ടാമത്തെ ആയത്തിൽ പറഞ്ഞിരുന്നു. മദീനാരാജ്യത്ത് മുനാഫിഖുകളുണ്ടാക്കിയ കുഴപ്പം മുസ്ലിംകൾക്കിടയിൽ ഛിദ്രതയും വെറുപ്പുമുണ്ടാക്കാൻ ശ്രമിക്കുകയും ശത്രുക്കളോടോപ്പം ചേർന്ന് നാടിനെ തകർക്കാൻ ശ്രമിക്കുകയും ചെയ്തതായിരുന്നു. ദൈവിക വചനങ്ങളെ പരിഹസിക്കുകയും നാഥന് കീഴൊതുങ്ങാതെ ജീവിക്കുകയും കുടുംബബന്ധങ്ങൾ മുറിക്കുകയുമെല്ലാം ചെയ്യുന്നത് തന്നെ വലിയ കുഴപ്പമാണ്. ദൈവികവചനങ്ങളിൽ നിന്ന് മറ്റുള്ളവരെക്കൂടി അകറ്റാൻ ശ്രമിക്കുക വഴി അധാർമ്മികത വളരാനും നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാനും കൂട്ടുനിൽക്കുക കൂടിയാണ് അത്തരക്കാർ ചെയ്യുന്നത്. അത്തരക്കാരെക്കൊണ്ടാണ് യഥാർത്ഥത്തിൽ കുഴപ്പങ്ങളുണ്ടാവുന്നത്. അവർ കരുതുന്നത് തങ്ങളെ ദുർബോധനങ്ങൾ വഴിയുണ്ടാവുന്ന കുഴപ്പങ്ങൾ വഴി അവർക്ക് നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ്. എന്നാൽ അവരാണ് യഥാർത്ഥത്തിൽ നഷ്ടപ്പെട്ടവർ. അധാർമ്മികജീവിതം വഴി ഈ ലോകത്ത് അവർക്ക് സമാധാനജീവിതം നഷ്ടപ്പെടുന്നു; മരണത്തിന് ശേഷമാകട്ടെ, ദൈവകാരുണ്യത്തിന്റെ പൂർണപ്രകാശനം നടക്കുന്ന സ്വർഗ്ഗം അവർക്ക് നഷ്ടപ്പെടുന്നു. അതാണ് നഷ്ടം; യഥാർത്ഥത്തിലുള്ള നഷ്ടം !!
27. الَّذِينَ يَنقُضُونَ عَهْدَ اللَّهِ مِن بَعْدِ مِيثَاقِهِ وَيَقْطَعُونَ مَا أَمَرَ اللَّهُ بِهِ أَن يُوصَلَ وَيُفْسِدُونَ فِي الأَرْضِ أُوْلَئِكَ هُمُ الْخَاسِرُونَ
28. كَيْفَ تَكْفُرُونَ بِاللَّهِ وَكُنتُمْ أَمْوَاتًا فَأَحْيَاكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ثُمَّ إِلَيْهِ تُرْجَعُونَ
28. നിങ്ങൾക്കെങ്ങനെ അല്ലാഹുവിൽ വിശ്വസിക്കാതിരിക്കാനാവും? നിങ്ങൾക്ക് ജീവനുണ്ടായിരുന്നില്ല; പിന്നെ നിങ്ങൾക്കവൻ ജീവനേകി; ശേഷം നിങ്ങളെയവൻ മരിപ്പിക്കുന്നു; പിന്നീട് നിങ്ങളെയവൻ ജീവിപ്പിക്കുന്നു; ശേഷം നിങ്ങൾ അവങ്കലേക്ക് മടക്കപ്പെടുകയും ചെയ്യും.
ഖുർആൻ ആസ്വാദനം
രണ്ടാം അദ്ധ്യായം
സൂറത്തുൽ ബഖറ:
ഇരുപത്തി എട്ടാമത്തെ ആയത്ത്
28. നിങ്ങൾക്കെങ്ങനെ അല്ലാഹുവിൽ വിശ്വസിക്കാതിരിക്കാനാവും? നിങ്ങൾക്ക് ജീവനുണ്ടായിരുന്നില്ല; പിന്നെ നിങ്ങൾക്കവൻ ജീവനേകി; ശേഷം നിങ്ങളെയവൻ മരിപ്പിക്കുന്നു; പിന്നീട് നിങ്ങളെയവൻ ജീവിപ്പിക്കുന്നു; ശേഷം നിങ്ങൾ അവങ്കലേക്ക് മടക്കപ്പെടുകയും ചെയ്യും.
അല്ലാഹുവുമായുള്ള കരാർ ലംഘിക്കുകയും അല്ലാഹു കൂട്ടിച്ചേർക്കാൻ കല്പിച്ച ബന്ധങ്ങൾ മുറിക്കുകയും മനുഷ്യർക്കിടയിൽ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരെന്ന് കഴിഞ്ഞ വചനത്തിൽ വിശേഷിപ്പിച്ച അവിശ്വാസികളെ അഭിസംബോധന ചെയ്യുകയാണീ വചനത്തിൽ ഖുർആൻ ചെയ്യുന്നത്. അവരോടാണ് ചോദ്യം. അല്ലാഹുവിൽ യഥാരൂപത്തിൽ വിശ്വസിക്കാത്തതുകൊണ്ടാണ് അവർ കുഴപ്പക്കാരായിത്തീരുന്നത്. അവർ എന്തേ സ്വന്തത്തെക്കുറിച്ച് ചിന്തിക്കുന്നില്ല! ജീവനില്ലാത്ത ഒരു കാലം മനുഷ്യർക്കെല്ലാമുണ്ടായിരുന്നു. ഏതാണ് ആ ജീവനില്ലാത്ത കാലം? വചനത്തിൽ 'കുൻത്തും അംവാത്തൻ'(ڪُنۡتُمۡ اَمۡوَاتًا) എന്നാണ് 'നിങ്ങൾക്ക് ജീവനുണ്ടായിരുന്നില്ല' എന്ന അർത്ഥത്തിൽ പ്രയോഗിച്ചിരിക്കുന്നത്. 'മയ്യിത്തി' (مَيِّت)ന്റെ ബഹുവചനമാണ് 'അംവാത്ത്.' മൃതശരീരത്തിനാണ് 'മയ്യിത്ത്' എന്ന് പറയുക. അസ്തിത്വം നിലനിൽക്കുന്ന എന്നാൽ ജീവനില്ലാത്ത അവസ്ഥയാണത്. ഒന്നുമില്ലായ്മയിൽ നിന്നുള്ള മനുഷ്യസൃഷ്ടിയെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നതെങ്കിൽ അങ്ങനെയായിരുന്നു പറയേണ്ടിയിരുന്നത്. ജീവനില്ലാത്ത ഒരു അവസ്ഥ മനുഷ്യർക്ക് കഴിഞ്ഞുപോയിട്ടുണ്ടെന്നാണ് ഈ വചനത്തിൽ നിന്ന് മനസ്സിലാക്കേണ്ടത്. ആത്മീയം മാത്രമായൊരു ജീവിതം. ആ ആത്മീയജീവിതത്തിലാണ് മനുഷ്യരെല്ലാം അവരുടെ നാഥനുമായി കരാറുണ്ടാക്കിയത്; അല്ലാഹു തന്നെയാണ് രക്ഷിതാവെന്നതിന് സാക്ഷ്യം വഹിച്ചത്. മനുഷ്യരുടെ ആത്മാക്കളെയെല്ലാം ഒന്നിച്ച് പുറത്ത്കൊണ്ടുവന്നതായാണ് സൂറത്തുൽ അഅ്റാഫിലെ 172 ആം വചനത്തിൽ നിന്ന് മനസ്സിലാവുന്നത്. ഒരുമിച്ച് സൃഷ്ടിക്കപ്പെട്ട ആത്മാക്കൾ. ആത്മാക്കളുടെ ലോകത്തുള്ളവ(ആലമുൽ അർവാഹ്)രായിരുന്നു എല്ലാവരും. മനുഷ്യാസ്തിത്വത്തിന്റെ ഒന്നാം ഘട്ടമാണത്.
മാതൃശരീരത്തിൽ കുഞ്ഞ് രൂപം കൊള്ളുന്നത് ഒരൊറ്റ കോശം വിഭജിച്ചുകൊണ്ടാണ്. മാതൃശരീരത്തിൽ നിന്നുള്ള അർദ്ധകോശം; പിതൃശരീരത്തിൽ നിന്നുള്ള അർദ്ധകോശം; അവയാണ് മാതൃശരീരത്തിൽ വെച്ച് യോജിച്ച് നമ്മുടെയെല്ലാം ആദ്യകോശമായിത്തീരുന്നത്. സിക്താണ്ഡമെന്ന് വിളിക്കുന്ന ആ പ്രാഥമികകോശം വിഭജിച്ചാണ് നമ്മുടെ ശരീരത്തിലെ ആന്തരികവും ബാഹ്യവുമായ അവയവങ്ങളെല്ലാമുണ്ടായത്. ശാസ്ത്രത്തിന്റെ ഭാഷയിൽ മാതാവിൽ നിന്നും പിതാവിൽ നിന്നുമുള്ള അർദ്ധകോശങ്ങൾക്ക് ജീവനുണ്ട്; അവ സംയോജിച്ചുണ്ടാവുന്ന സിക്താണ്ഡത്തിനും ജീവനുണ്ട്. ജീവനുള്ളതുകൊണ്ടാണ് അവ വിഭജിക്കുന്നതും സഞ്ചരിക്കുന്നതുമെല്ലാം. മാതൃശരീരത്തിൽ വളരുന്ന മനുഷ്യക്കുഞ്ഞിലേക്കാണ് ആത്മീയലോകത്ത് നിന്ന് തെരെഞ്ഞെടുക്കപ്പെട്ട ഒരു ആത്മാവ് നിവേശിക്കപ്പെടുന്നത്. അപ്പോൾ മുതലാണ് കുഞ്ഞിന് വ്യക്തിത്വമുണ്ടാവുന്നത്. അല്ലാഹുവിന്റെ ആജ്ഞപ്രകാരം നിയോഗിക്കപ്പെടുന്ന മലക്കാണ് ഗർഭാശയത്തിൽ വളരുന്ന കുഞ്ഞിലേക്ക് ആത്മാവ് നിവേശിപ്പിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഹദീഥുകൾ ബുഖാരിയും മുസ്ലിമുമെല്ലാം നിവേദനം ചെയ്തിട്ടുണ്ട്. മനുഷ്യാസ്തിത്വത്തിന്റെ രണ്ടാമത്തെ ഘട്ടമാണിത്. മനുഷ്യരുടെയെല്ലാം അസ്തിത്വത്തിന് ജീവൻ ലഭിക്കുന്നത് മാതാക്കളുടെ ഗർഭാശയത്തിൽ വെച്ചാണ്. അപ്പോൾ മുതൽ അവരുടെ ഭൂമിയിലെ ജീവിതം ആരംഭിച്ചുകഴിഞ്ഞു. മാതൃശരീരത്തിലെ ജീവന്റെ തുടർച്ചയാണ് പ്രസവിക്കപ്പെട്ട ശേഷവും മുന്നോട്ടു പോകുന്നത്. ജീവനുള്ള മനുഷ്യൻ എന്ന രണ്ടാമത്തെ ഘട്ടം.
മനുഷ്യാസ്തിത്വത്തിൽ നിന്ന് ജീവൻ വേർപെടുന്നതാണ് അടുത്ത ഘട്ടം. മരണം എന്ന് വിളിക്കുന്ന ഘട്ടം. ഭൂമിയിൽ നിന്ന് ലഭിച്ചതെല്ലാം ഭൂമിയിൽ തന്നെ ഉപേക്ഷിക്കുന്ന ഘട്ടമാണിത്. മാതാവിന്റെ ഗർഭാശയത്തിൽ വെച്ചാണ് മനുഷ്യാസ്തിത്വത്തിന് ശരീരം ലഭിച്ചത്. ആ ശരീരം ഭൂമിയിൽ തന്നെ ഉപേക്ഷിച്ച് പടച്ചവനിൽ നിന്ന് വന്നത് അവന്നടുത്തേക്ക് തന്നെ പോകുകയാണീ ഘട്ടത്തിൽ ചെയ്യുന്നത്. ഗർഭാശയത്തിൽ വെച്ച് മലക്ക് ശരീരത്തിലേക്ക് നിവേശിപ്പിച്ച ആത്മാവ് മരണത്തോടെ ശരീരം വിട്ട് പോകുന്നു. ആത്മാവ് പോകുന്നതോടെ മനുഷ്യൻ മരിക്കുന്നു; ശരീരം മരിക്കാൻ തുടങ്ങുന്നു. ആത്മാവ് ശരീരം വിട്ട് പോയിക്കഴിഞ്ഞാലും കുറെ നേരം കൂടി കോശങ്ങൾക്ക് ജീവനുണ്ടാവും. അതുകൊണ്ടാണ് അവയവങ്ങളിൽ ചിലവ മരണശേഷം മാറ്റി വെക്കാൻ കഴിയുന്നത്. മരണാനന്തര അവയവദാനം വിജയപ്രദമാകുന്നത് ആത്മാവിന്റെ യാത്രയ്ക്ക് ശേഷവും മണിക്കൂറുകളോളം ശരീരകോശങ്ങളിൽ ജീവനുള്ളതുകൊണ്ടാണ്. മരണത്തോടെ അവന്റെ അസ്തിത്വം ശരീരത്തിൽ നിന്ന് വേർപെട്ടുകഴിഞ്ഞു. മൃതശരീരം അവന്റെ പ്രതീകം മാത്രമാണ്. മരണത്തിന് ശേഷം ആത്മീയലോകത്താണ് മനുഷ്യർ ജീവിക്കുന്നത്. ഈ മൂന്നാമത്തെ ഘട്ടത്തെക്കുറിച്ചാണ് 'ബർസഖ്' (برزخ) എന്ന് പറയുക. സീമ, വേലി, അതിര് എന്നെല്ലാമാണ് 'ബർസഖ്' എന്നാലർത്ഥം. മരണത്തിനും പുനരുത്ഥാനത്തിനുമിടയിലുള്ള അതിരാണത് എന്ന് പറയാം. മരണപ്പെടുന്നയാളെക്കുറിച്ച് "അവർക്ക് പിന്നിൽ പുനരുത്ഥാനനാളുവരെ ഒരു മറയുണ്ടായിരിക്കും(ബർസഖ്)" എന്ന് ഖുർആൻ തന്നെ പറയുന്നുണ്ട് (23:100). മരണത്തോടെ ആരംഭിക്കുകയും പുനരുത്ഥാനം വരെ നീളുകയും ചെയ്യുന്ന മനുഷ്യാസ്തിത്വത്തിന്റെ മൂന്നാം ഘട്ടമാണിത്. ആത്മീയഘട്ടത്തിന്റെ ആവർത്തനം.
ആത്മാവിനെ ശരീരത്തിലേക്ക് വീണ്ടും നിവേശിപ്പിക്കുന്നതാണ് മനുഷ്യാസ്തിത്വത്തിന്റെ നാലാമത്തെ ഘട്ടം. 'പിന്നീട് നിങ്ങളെയവൻ ജീവിപ്പിക്കുന്നു'(ثُمَّ يُحۡيِيۡكُمۡ) എന്ന് ഖുർആൻ പറയുന്നത് ഈ ഘട്ടത്തെക്കുറിച്ചാണ്. ശരീരവും ആത്മാവും വീണ്ടും യോജിക്കുന്ന ഘട്ടമാണിത്. ഭൂമിയിലെ ജീവിതത്തെപ്പോലെയുള്ള പുനർജീവിതം. ശരീരവും ആത്മാവും മനസ്സുമെല്ലാമുള്ള, സന്തോഷവും സന്താപവും സുഖവും ദുഃഖവും സംതൃപ്തിയും വേദനയുമെല്ലാമുള്ള ജീവിതത്തിലേക്കുള്ള പുനരുത്ഥാനം. ഭൗമജീവിതത്തിന്റെ തനിപ്പകർപ്പ്; പക്ഷെ, അല്ലാഹുവിന്റെ അധികാരത്തിനല്ലാതെ യാതൊന്നിനും യാതൊരു വിലയുമില്ലാത്ത ഘട്ടമാണിത്. ഉയിർത്തെഴുന്നേൽപ്പിന്റെ ദിനം (يوم القيامة) എന്നു വിളിച്ചിരിക്കുന്നത് ഈ ഘട്ടത്തെക്കുറിച്ചാണ്. ഇവിടെവെച്ചാണ് വിചാരണയുണ്ടാവുക; കർമ്മങ്ങളുടെയെല്ലാം കൃത്യമായ പ്രതിഫലം നിശ്ചയിക്കുക. ഭൂമിയിൽ ജീവിച്ച അതെ വികാരങ്ങളോടുകൂടിയുള്ള പുനരുത്ഥാനം. മനുഷ്യാസ്തിത്വത്തിന്റെ നാലാം ഘട്ടം; ഭൗമജീവിതത്തിന്റെ ആവർത്തനം.
വിചാരണക്ക് ശേഷമാണ് അല്ലാഹുവിലേക്കുള്ള മടക്കം. ഒന്നുകിൽ അവന്റെ തൃപ്തിയിലേക്ക്; അല്ലെങ്കിൽ അവന്റെ കോപത്തിലേക്ക്. തൃപ്തിപ്പെട്ടവർക്ക് സ്വർഗം സമ്മാനമായി ലഭിക്കും; കോപത്തിന് പാത്രമായവർക്ക് നരകം നൽകിക്കൊണ്ട് അവൻ നീതി നടപ്പാക്കും. മനുഷ്യാസ്തിത്വത്തിന്റെ അഞ്ചാമത്തേതും അവസാനത്തേതുമായ ഘട്ടമാണിത്. അല്ലാഹുവിലേക്കുള്ള മടക്കം; ദൈവികകാരുണ്യത്തിന്റെ പൂർണമായ പ്രകാശനത്തിലേക്കുള്ള മടക്കം; ദൈവികനീതിയുടെ കളങ്കമില്ലാത്ത പ്രയോഗവൽക്കരണത്തിലേക്കുള്ള മടക്കം. ഇങ്ങനെ മടങ്ങിയതിന് ശേഷം ദൈവികനീതി നടപ്പാവുമ്പോൾ കുറ്റവാളികൾ ഒരിക്കൽ കൂടി ഈ ചക്രം ആവർത്തിക്കാൻ ആവശ്യപ്പെടുമെന്ന് ഖുർആൻ പറയുന്നുണ്ട്. "അവർ പറയും: ഞങ്ങളുടെ നാഥാ, രണ്ട് തവണ നീ ഞങ്ങളെ ജീവനില്ലാത്തവരാക്കി; രണ്ട് തവണ നീ ഞങ്ങൾക്ക് ജീവൻ നൽകുകയും ചെയ്തു; ഞങ്ങൾ ഞങ്ങളുടെ കുറ്റങ്ങൾ സമ്മതിച്ചിരിക്കുന്നു; പുറത്തേക്കുള്ള വഴികളേതെങ്കിലുമുണ്ടോ?"(40: 11). സൂറത്തുൽ ഗാഫിറിലെ ഈ വചനത്തിലും രണ്ട് മരണങ്ങളും രണ്ട് ജീവിതങ്ങളുമുണ്ടെന്ന് സൂചിപ്പിക്കുന്നു. ആത്മീയലോകത്തെ ജീവനില്ലാത്ത അവസ്ഥയാണ് ഒന്നാമത്തെ മരണം; ഭൂമിയിൽ വെച്ച് ജീവൻ നഷ്ടപ്പെടുന്നതാണ് രണ്ടാമത്തെ മരണം. ഭൂമിയിലെ ജീവനുശേഷം രണ്ടാമതായി ജീവൻ അനുഭവിക്കുന്നത് പുനരുത്ഥാനത്തിന് ശേഷമാണ്. അത് പൂർണമായ ജീവനാണ്; മരണമില്ലാത്ത ജീവൻ.
നാഥനെക്കുറിച്ച ബോധം നിങ്ങളുടെ ആത്മാവിൽ തന്നെയുണ്ട്. വിചാരണയും രക്ഷാശിക്ഷകളും വേണമെന്ന തൃഷ്ണയും മനുഷ്യമനസ്സുകൾക്കകത്തുണ്ട്. ദൈവദൂതന്മാരുടെ പ്രബോധനം കേൾക്കുമ്പോൾ അവർ പറയുന്നതാണ് സത്യമെന്ന് നിങ്ങളുടെ മനസ്സുകൾ മന്ത്രിക്കുന്നത് അത് കൊണ്ടാണ്. എന്നിട്ടും ഇതെല്ലാം കണ്ണടച്ച് നിഷേധിക്കുകയാണ് ധിക്കാരികൾ ചെയ്യുന്നത്. നാഥനെയും പ്രതിഫലനാളിനെയും അറിഞ്ഞുകൊണ്ട് നിഷേധിക്കുകയും മനസ്സാക്ഷി പറയുന്നതിനെതിരായി പ്രവർത്തിക്കുകയുമാണ് അവിശ്വാസികൾ ചെയ്യുന്നത്. മരണമോ പുനരുത്ഥാനമോ ആത്മാർത്ഥമായി നിഷേധിക്കുവാൻ ആർക്കും കഴിയില്ല, തീർച്ച.
28. كَيْفَ تَكْفُرُونَ بِاللَّهِ وَكُنتُمْ أَمْوَاتًا فَأَحْيَاكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ثُمَّ إِلَيْهِ تُرْجَعُونَ
29. هُوَ الَّذِي خَلَقَ لَكُم مَّا فِي الأَرْضِ جَمِيعًا ثُمَّ اسْتَوَى إِلَى السَّمَاء فَسَوَّاهُنَّ سَبْعَ سَمَاوَاتٍ وَهُوَ بِكُلِّ شَيْءٍ عَلِيمٌ
29. ഭൂമിയിലുള്ളതെല്ലാം നിങ്ങൾക്കായി പടച്ചത് അവനാണ്; പിന്നെയവൻ ഉപരിയിലേക്ക് തിരിഞ്ഞ് അതിനെ ഏഴ് ആകാശങ്ങളായി സംവിധാനിച്ചു; കാര്യങ്ങളെയെല്ലാം പറ്റി അറിയുന്നവനുമാണവൻ.
ഖുർആൻ ആസ്വാദനം
രണ്ടാം അദ്ധ്യായം
സൂറത്തുൽ ബഖറ:
ഇരുപത്തിയൊമ്പതാമത്തെ ആയത്ത്
29. ഭൂമിയിലുള്ളതെല്ലാം നിങ്ങൾക്കായി പടച്ചത് അവനാണ്; പിന്നെയവൻ ഉപരിയിലേക്ക് തിരിഞ്ഞ് അതിനെ ഏഴ് ആകാശങ്ങളായി സംവിധാനിച്ചു; കാര്യങ്ങളെയെല്ലാം പറ്റി അറിയുന്നവനുമാണവൻ.
ഭൂമിയിലുള്ളതെല്ലാം നിങ്ങൾക്കായി സൃഷ്ടിച്ചു(خَلَقَ لَـكُمۡ مَّا فِى الۡاَرۡضِ جَمِيۡعًا)വെന്നത് അല്ലാഹുവിന്റെ വലിയൊരു അനുഗ്രഹമായി എടുത്ത് പറയുകയാണിവിടെ. ഭൗമവസ്തുക്കളെയെല്ലാം മനുഷ്യർക്ക് നന്മ നല്കുന്നതിനുവേണ്ടി അല്ലാഹു സൃഷ്ടിച്ചതാണെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. സൗരയൂഥത്തിൽ സൂര്യൻ മാത്രമേ ഊർജസ്രോതസ്സായുള്ളൂ. മനുഷ്യനടക്കമുള്ള ഭൂമിയിലെ ജീവജാലങ്ങളെല്ലാം അവയുടെ ഉപാപചയപ്രവർത്തങ്ങൾക്ക് ഉപയോഗിക്കുന്ന ഊർജ്ജം മുഴുവൻ സൂര്യനിൽ നിന്നുള്ളതാണ്. സൂര്യനിൽ നിന്നുള്ള ഊർജ്ജം ജീവജാലങ്ങൾക്കെല്ലാം ഉപയോഗിക്കാൻ പറ്റുന്ന ഗ്ളൂക്കോസ് ആക്കിത്തതീർക്കുന്നത് ഹരിതസസ്യങ്ങളാണ്. അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡും ഭൂമിയിലെ വെള്ളവും മറ്റ് മൂലകങ്ങളും വലിച്ചെടുത്ത് സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ ഇലകളിലെ ഹരിതകം ഗ്ലൂക്കോസ് നിർമ്മിക്കുന്നു. പ്രകാശസംശ്ലേഷണം(photosynthesis) എന്ന ഈ പ്രക്രിയ വഴിയാണ് നമുക്കും മറ്റു ജീവജാലങ്ങൾക്കുമെല്ലാം ഊർജ്ജം ലഭിക്കുന്നത്. അതുകൊണ്ടാണ് സസ്യങ്ങളാണ് ഭൂമിയിലെ ഉത്പാദകർ(producers) എന്ന് പറയുന്നത്. അവ ഉത്പാദിപ്പിക്കുന്ന ഊർജ്ജപാക്കറ്റായ ഗ്ലുക്കോസിന്റെ ഉപഭോക്താക്കളാണ് (consumers) ജന്തുക്കളെല്ലാം. സസ്യങ്ങളെ നേരിട്ട് ആശ്രയിക്കുന്ന ജീവികൾ പ്രാഥമിക ഉപഭോക്താക്കളും (primary consumers) നേരിട്ടല്ലാതെ ആശ്രയിക്കുന്ന ജീവികൾ ദ്വിതീയ ഉപഭോക്താക്കളു(secondary consumers)മാണ്. പുല്ലു തിന്നുന്ന മാൻ പ്രാഥമിക ഉപഭോക്താവും മാനിനെ തിന്നുന്ന സിംഹം ദ്വിതീയ ഉപഭോക്താവുമാണ് എന്നർത്ഥം. ജന്തുക്കളുടെയും സസ്യങ്ങളുടെയുമെല്ലാം മൃതശരീരങ്ങൾ ഭൂമിയിൽ അലിയുമ്പോൾ ഉണ്ടാവുന്ന പോഷകങ്ങൾ വലിച്ചെടുത്തു കൊണ്ടാണ് സസ്യങ്ങൾ ഭക്ഷണം നിർമ്മിക്കുന്നത്. ഈ മൃതശരീരങ്ങളെ സസ്യങ്ങൾക്ക് വലിച്ചെടുക്കാൻ തക്ക രൂപത്തിൽ മണ്ണിൽ അലിയിക്കുന്നത് മണ്ണിലെ സൂക്ഷ്മജീവികളാണ്. അതിനാൽ അവർ വിഘാടകരാണ് (decomposers). ജന്തുക്കൾ സസ്യങ്ങളെയും സസ്യങ്ങൾ സൂക്ഷ്മജീവികളെയും സൂക്ഷ്മജീവികൾ സസ്യങ്ങളെയും ജന്തുക്കളെയും ആശ്രയിച്ച് നില നിൽക്കുന്ന രീതിയിലുള്ള ഒരു ഭക്ഷണചക്രം (food cycle) ഭൂമിയിൽ നിലനിൽക്കുന്നുണ്ട്. സഹജീവനം (symbiosis) എന്ന് വിളിക്കുന്ന ഈ പരസ്പരാശ്രിതത്വത്തിന്റെ കേന്ദ്രബിന്ദു മനുഷ്യനാണെന്ന് സൂക്ഷ്മമായ അപഗ്രഥനത്തിൽ മനസ്സിലാവും. മനുഷ്യരുടെ നിലനില്പിനുവേണ്ടി നേരിട്ടോ അല്ലാതെയോ സേവനം ചെയ്യുന്നവയാണ് എല്ലാ ഭൗമസൃഷ്ടികളുമെന്നർത്ഥം.
ഭൂമിയിൽ ഇരുനൂറ് കോടി ജീവിവർഗങ്ങളെങ്കിലുമുണ്ടാകുമെന്നാണ് ഗവേഷകരുടെ അഭിപ്രായം. നാല് ലക്ഷത്തോളം സസ്യവർഗ്ഗങ്ങൾ; പന്ത്രണ്ട് ലക്ഷത്തോളം ജന്തുവർഗങ്ങൾ. 68 ലക്ഷത്തോളം കീടവർഗ്ഗങ്ങൾ(insects). എണ്ണമറ്റ സൂക്ഷ്മജീവിവർഗങ്ങൾ. സമുദ്രനിരപ്പിൽ നിന്ന് ഏഴ് നാഴിക വരെ ആഴത്തിലും അന്തരീക്ഷത്തിൽ നാൽപത് നാഴിക വരെ ഉയരത്തിലും ബാക്ടീരിയകളെ കണ്ടെത്തിയിട്ടുണ്ട്. അതേപോലെ തന്നെ വൈറസുകളുമുണ്ടാവും. സൂക്ഷ്മജീവികളുടെ വലിയൊരു സമുദ്രത്തിലാണ് നാം ജീവിക്കുന്നത് എന്നാണ് ഇതിനർത്ഥം. ഉപദ്രവകാരികൾ എന്ന് കരുതുന്ന സൃഷ്ടികൾ പോലും ആത്യന്തികമായി മനുഷ്യർക്ക് ഉപകാരങ്ങൾ നൽകുന്നതിനായി സൃഷ്ടിക്കപ്പെട്ടവയാണ് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ബാക്ടീരിയകളെ കണ്ടുപിടിച്ചപ്പോൾ മനുഷ്യരുടെ ശത്രുക്കളാണ് അവയെന്നായിരുന്നു ധാരണ. ഇന്ന് ആ ധാരണ മാറി. ശരീരത്തിലുള്ള ബാക്ടീരിയകളിൽ 85 ശതമാനവും മനുഷ്യന് ചെയ്യുന്ന ഉപകാരങ്ങളെന്തൊക്കെയാണെന്ന് ഇപ്പോൾ നമുക്കറിയാം. ദോഷകരം മാത്രമായി ഈ അടുത്ത കാലംവരെ കരുതിയിരുന്ന വൈറസുകളും നിർവ്വഹിക്കുന്ന മർമ്മപ്രധാനമായ പല ദൗത്യങ്ങളുമുണ്ടെന്ന് വ്യക്തമാക്കുന്ന പഠനങ്ങളുണ്ട്. മണ്ണും ജലവുമെല്ലാം ജീവയോഗ്യമാക്കുന്നതിലും ഭൂമിയിലെ ഭക്ഷ്യോത്പാദകരായ സസ്യങ്ങളെ നിലനിർത്തുന്നതിലും മനുഷ്യരടക്കമുള്ള ജീവികളുടെ പ്രതിരോധവ്യവസ്ഥയുടെ നിലനിൽപ്പിലുമെല്ലാം വൈറസുകൾ കാര്യമായ പങ്കുവഹിക്കുന്നുണ്ട് . വൈറസുകൾ മാത്രമല്ല, അവയുണ്ടാക്കുന്ന രോഗങ്ങൾപോലും ചിലപ്പോഴെല്ലാം മനുഷ്യരുടെ പ്രതിരോധവ്യവസ്ഥയെ ശാക്തീകരിക്കുന്നതിന് വേണ്ടിയുള്ളതാണ്. പ്രതിരോധവ്യവസ്ഥയെ ഘട്ടം ഘട്ടമായി വളർത്തിക്കൊണ്ടുവരുന്നതിനും അപകടകാരികളായ ബാക്ടീരിയകളെ നശിപ്പിക്കുന്നതിനുമെല്ലാം വൈറസുകൾ നമ്മെ സഹായിക്കുന്നുണ്ട്. അവയുടെ ഉപകാരങ്ങളെക്കുറിച്ച് ഇനിയും മനസ്സിലാക്കാനിരിക്കുന്നതേയുള്ളൂ.
രോഗകാരികളായി കരുതപ്പെടുന്ന സൂക്ഷ്മജീവികൾ പോലും യഥാർത്ഥത്തിൽ സൃഷ്ടിക്കപ്പെട്ടത് മനുഷ്യർക്ക് നന്മകൾ നൽകുന്നതിന് വേണ്ടിയാണെന്ന അറിവ് 'ഭൂമിയിലുള്ളതെല്ലാം നിങ്ങൾക്കായി പടച്ചത് അവനാണ്' എന്ന ഖുർആൻ പ്രസ്താവനയുടെ ആഴം വ്യക്തമാക്കുന്നു. മനുഷ്യശരീരത്തിനകത്ത് വസിക്കുന്ന നമ്മുടെ കോശങ്ങളെക്കാൾ അധികമുള്ള ബാക്ടീരിയകളും മറ്റു സൂക്ഷ്മജീവികളുമെല്ലാം നമ്മുടെ ശരീരവുമായി പരസ്പരയോഗത്തിലാണ് ജീവിക്കുന്നത്. അവകൊണ്ട് നമുക്കും നമ്മെക്കൊണ്ട് അവയ്ക്കും ഉപകാരങ്ങളുണ്ട്. നമ്മുടെ പല ഉപാപചയ പ്രവർത്തത്തനങ്ങളും അവയില്ലെങ്കിൽ യഥാരൂപത്തിൽ നടക്കുകയില്ല. വായയുടെ അറ്റമായ ചുണ്ട് മുതൽ ചെറുകുടലിന്റെ അങ്ങേയറ്റം വരെ നീളുന്ന നമ്മുടെ ദഹനവ്യൂഹത്തിൽ മാത്രം ബാക്ടീരിയകളും വൈറസുകളും ആർക്കിയകളും യൂക്കാരിയോട്ടുകളുമെല്ലാം കൂടി പത്ത് ലക്ഷം കോടി സൂക്ഷ്മജീവികളെങ്കിലുമുണ്ട്. നമ്മുടെ ശരീരത്തിൽ നിന്നാണ് അവയുടെ പോഷണം. പകരമായി നമ്മുടെ ഭക്ഷണത്തിലെ നാരുകളെ വിഘടിപ്പിക്കാനും വിറ്റാമിനുകൾ A, B2, B3, B5, B12, C, D, K എന്നിവയുടെ നിർമ്മാണത്തിനും സഹായിക്കുന്നു. അവയുടെ സേവനമില്ലെങ്കിൽ നമ്മുടെ ശരീരത്തിന് നിലനിൽക്കാനാവില്ല എന്നർത്ഥം. എല്ലാം മനുഷ്യർക്കായി പടക്കപ്പെട്ടവയാണ്.
രോഗങ്ങളുണ്ടാക്കാനുള്ളതല്ല, രോഗങ്ങളിൽ നിന്ന് ശരീരത്തെ പ്രതിരോധിക്കുവാനുള്ളതാണ് യഥാർത്ഥത്തിൽ സൂക്ഷ്മജീവികൾ. അവയുമായി മനുഷ്യർക്കുണ്ടാവേണ്ട സഹജീവനം തകരാറിലാകുമ്പോഴാണ് രോഗങ്ങളുണ്ടാവുന്നത്. സൂക്ഷ്മജൈവലോകം നമ്മുടെ പ്രതിരോധവ്യൂഹത്തിന് ചെയ്യുന്ന സേവനങ്ങൾ നിരവധിയാണ്. അതിക്രമകാരികളായ ശത്രുക്കളുടെ അക്രമണമുണ്ടാകുവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അവ എത്തുന്നതിന് മുമ്പെത്തി അവയെ അങ്ങോട്ട് കടക്കാൻ സമ്മതിക്കാതിരിക്കുകയാണ് ഇവ ചെയ്യുന്ന ഒന്നാമത്തെ സേവനം. നമ്മുടെ പ്രതിരോധവ്യവസ്ഥയെ ശാക്തീകരിക്കുന്നുവെന്നതാണ് ഇവ ചെയ്യുന്ന രണ്ടാമത്തെ സേവനം. പ്രതിരോധകോശങ്ങളെ ഉദ്ദീപിപ്പിച്ച് അവയുടെ വിഭജനത്തിന്റെയും പ്രത്യുത്പാദനത്തിന്റെയും തോത് വർധിപ്പിക്കുന്നത് ഇവയാണ്. നമ്മുടെ പ്രതിരോധകോശങ്ങൾ തന്നെ ശരീരത്തിനെതിരായി മാറുന്ന ഓട്ടോ ഇമ്മ്യൂൺ അസുഖങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിച്ച് നിർത്തുന്നതിലും ഈ സൂക്ഷ്മജീവികൾക്ക് പങ്കുണ്ട്. ശരീരത്തിനകത്ത് നടക്കുന്ന ഉപാപചയപ്രവർത്തനങ്ങളെ ഉദ്ദീപിപ്പിച്ചുകൊണ്ട് അമിതവണ്ണത്തിൽ നിന്ന് രക്ഷിച്ച് ശരീരത്തിന്റെ ആകൃതി സംരക്ഷിക്കുന്നതിലും ഇവ കാര്യമായ പങ്കു വഹിക്കുന്നു. നമ്മുടെ മാനസികനിലകളെപ്പോലും ഗുണപരമായി സ്വാധീനിക്കുന്നുണ്ട് ഈ സൂക്ഷ്മജീവികൾ എന്നാണ് ചില പഠനങ്ങൾ വ്യക്തമാക്കുന്നത്. ജനിക്കുന്ന സമയത്ത് മാതാവിന്റെ ജനനേന്ദ്രിയഭാഗത്തുള്ള സൂക്ഷ്മജീവിക്കൂട്ടം കുഞ്ഞിനാവശ്യമായ പ്രതിരോധങ്ങൾ നല്കുവാനുള്ളതാണ്. അവയാണ് ജനിച്ചതിന് ശേഷം ഉണ്ടാകാനിടയുള്ള അലർജികളിൽ നിന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്. ഇതുവരെ നാം മനസ്സിലാക്കിയ ഉപകാരങ്ങളിൽ ചിലവയാണിവ. അറിയാനിരിക്കുന്നവ എത്രയാണെന്ന് ആർക്കറിയാം !!. ഭൂമിയിലുള്ള യാതൊന്നും തന്നെ മനുഷ്യരെ ഉപദ്രവിക്കുവാനായി പടക്കപ്പെട്ടവയല്ല; മനുഷ്യർക്കായി പടച്ചവൻ സൃഷ്ടിച്ചതാണ് എല്ലാറ്റിനെയും എന്ന വസ്തുതയാണ് ഇവ വ്യക്തമാക്കുന്നത്.
ഭൂമിയിലുള്ളതെല്ലാം മനുഷ്യർക്കായി പടക്കപെട്ടതാണെന്ന അറിവ് അല്ലാഹുവിന്റെ അനുഗ്രഹങ്ങളെക്കുറിച്ച ബോധ്യം നൽകുന്നതോടൊപ്പം ഭൗമപ്രകൃതിയെ സംരക്ഷിക്കേണ്ടത് മനുഷ്യരുടെ ഉത്തരവാദിത്തമാണെന്ന ബോധവുമുണ്ടാക്കുന്നുണ്ട്. മനുഷ്യർക്ക് നന്മ നൽകുന്നതിന് വേണ്ടി സൃഷ്ടിക്കപ്പെട്ട പ്രകൃതിപ്രതിഭാസങ്ങളോട് സമരസപ്പെട്ട് ജീവിക്കുവാനാണ്, അവയെ തകർക്കുവാനല്ല മനുഷ്യർ പരിശ്രമിക്കേണ്ടത് എന്ന ബോധം. ഭൗമപ്രതിഭാസങ്ങളെയും സഹജീവികളെയും ഉപയോഗിക്കുകയാണ്, ഉപദ്രവിക്കുകയല്ല മനുഷ്യർ ചെയ്യേണ്ടത് എന്ന ബോധം. മനുഷ്യക്ക് വേണ്ടിയുള്ള ഭൂമിയേയും അതിലെ സൃഷ്ടിവ്യവസ്ഥയെയും തകരാറിലാക്കുന്നതാണ് മനുഷ്യവർത്തനങ്ങളെങ്കിൽ അവ മൂലം ആത്യന്തികമായ നഷ്ടമുണ്ടാവുക മനുഷ്യർക്ക് തന്നെയാണെന്ന ബോധം. ഈ ബോധമില്ലാതെയുള്ള മനുഷ്യവർത്തനങ്ങളുടെ ഫലമായാണ് കടലിലും കരയിലുമെല്ലാം കുഴപ്പങ്ങളുണ്ടാവുന്നതെന്ന് ഖുർആൻ മുന്നറിയിപ്പ് നൽകുന്നുണ്ട് (30:41). ഭക്ഷണ-പാനീയങ്ങളുടെ കാര്യത്തിലുണ്ടാവണമെന്ന് ഖുർആൻ നിർദേശിക്കുന്ന 'അമിതമാകരുത്' എന്ന നിർദേശം പ്രകൃതിചൂഷണത്തിന്റെ കാര്യത്തിൽ (7:31) മനുഷ്യർ ശ്രദ്ധിച്ചിരുന്നെങ്കിൽ ലോകം അഭിമുഖീകരിക്കുന്ന പാരിസ്ഥിതികപ്രശ്നങ്ങളൊന്നുമുണ്ടാകുമായിരുന്നില്ല. ദുർവ്യയം ചെയ്യുന്നവർ പിശാചിന്റെ കൂട്ടുകാരാണ് എന്നതാണ് ഖുർആനികപാഠം.(17:27).
കാലക്രമത്തെ കുറിക്കാനും വിവരണക്രമത്തെക്കുറിക്കാനും 'ഥുമ്മ' (ثُمَّ) യെന്ന് പ്രയോഗിക്കാറുണ്ട്. മകനോട് പിതാവ് 'ഞാൻ നിനക്ക് നല്ല വിദ്യാഭാസം നൽകി; പിന്നെ ചെറുപ്പത്തിൽ വളർത്തി വലുതാക്കുകയും ചെയ്തു' എന്ന് പറയുന്നതിൽ നിന്ന് വിദ്യാഭ്യാസം നൽകിയതിന് ശേഷമാണ് വളർത്തി വലുതാക്കിയത് എന്ന് ആരും മനസ്സിലാക്കാറില്ല. 'പിന്നെ'യെന്ന് പ്രയോഗിച്ചിരിക്കുന്നത് കാലക്രമത്തെയല്ല, വിവരണക്രമത്തെയാണ് കുറിക്കുന്നതെന്ന് പരാമർശത്തിൽ നിന്ന് തന്നെ വ്യക്തമാവുന്നത് കൊണ്ടാണിത്. 'പിന്നെയവൻ ഉപരിയിലേക്ക് ആരോഹണം ചെയ്ത് അതിനെ ഏഴ് ആകാശങ്ങളായി സംവിധാനിച്ചു' (ثُمَّ اسۡتَوٰۤى اِلَى السَّمَآءِ فَسَوّٰٮهُنَّ سَبۡعَ سَمٰوٰتٍ) വെന്ന വചനഭാഗത്ത് 'പിന്നെ'യെന്ന് പ്രയോഗിച്ചിരിക്കുന്നത് കാലക്രമത്തെ കുറിക്കുന്നതിനല്ലെന്ന് ഖുർആനിലെ മറ്റു വചനങ്ങളിൽ നിന്ന് തന്നെ മനസ്സിലാക്കാൻ കഴിയും. ആകാശഭൂമികളുടെ അടിസ്ഥാനസൃഷ്ടി നടന്നത് ഒന്നിച്ചാണെന്നും സൃഷ്ടിയുടെ ആദ്യഘട്ടത്തിന് ശേഷമാണ് ഭൂമിയിലെ സവിശേഷസംവിധാനങ്ങൾ രൂപപ്പെട്ടതെന്നും ഖുർആൻ വ്യക്തമാക്കുന്നത് കാണാം (41: 9-12). ആകാശങ്ങളുടെ സൃഷ്ടിക്ക് ശേഷമാണ് ഭൂമിയെ ജീവയോഗ്യമാകും വിധം വികസിപ്പിച്ചതെന്ന് സൂചിപ്പിക്കുന്ന വചനങ്ങളുമുണ്ട്.(79:27-33). ഭൂമിയിലുള്ളതെല്ലാം മനുഷ്യർക്കായി സൃഷ്ടിച്ചതിനെക്കുറിച്ച് പറഞ്ഞശേഷം 'പിന്നെ' ആകാശങ്ങളുടെ സൃഷ്ടിയെക്കുറിച്ച് പരാമർശിച്ചിരിക്കുമ്പോൾ അത് കാലക്രമത്തെയല്ല വിവരണത്തിന്റെ തുടർച്ചയെയാണ് അടയാളപ്പെടുത്തുന്നത് എന്നർത്ഥം.
നമുക്ക് മുകളിലുള്ള എന്തിനെക്കുറിച്ചും 'സമാഅ' എന്ന് പറയാമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് 'ഇലസ്സമാഇ'ന് ഉപരിയിലേക്ക് എന്ന പരിഭാഷ നൽകുന്നത്. 'തിരിഞ്ഞു' വെന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് 'ഇസ്തവാ' (اسۡتَوٰۤى) എന്ന ക്രിയയെയാണ്. പക്വതയെത്തുക, നേരെ നിൽക്കുക, കയറുക, തിരിയുക എന്നീ അർത്ഥങ്ങളിലെല്ലാം പ്രയോഗിക്കാറുള്ള ക്രിയയാണിത്.
മൂസാ നബിയെക്കുറിച്ച് പരാമർശിക്കുന്നതിനിടയിൽ 'ഇസ്തവാ'യെന്ന് സൂറത്തുൽ ഖസസിൽ പറയുന്നുണ്ട് (28: 14). പക്വതയെത്തിയെന്നാണ് അവിടെ അതിനർത്ഥം. അല്ലാഹുവുമായി ബന്ധപ്പെട്ടുകൊണ്ട് ഈ ക്രിയ ഖുർആനിൽ പ്രയോഗിച്ചിരിക്കുന്നത് ഒൻപത് തവണയാണ്. ഏഴ് തവണ (7:54, 10:3, 13:2, 20:5, 25:59, 32:4, 57:4) അല്ലാഹു അവന്റെ സിംഹാസനമായ അർശിൽ ആരോഹണം ചെയ്തുവെന്ന് പറയുന്നതിന് വേണ്ടിയും രണ്ട് തവണ (2:29, 41:11) ഉപരിയിലേക്ക് തിരിഞ്ഞു പറയുന്നതിന് വേണ്ടിയുമാണവ. അല്ലാഹുവിന്റെ അർശുമായി ബന്ധപ്പെട്ട ഏഴ് വചനങ്ങളിലും 'ഇസ്തവ'ക്ക് ശേഷം 'അലാ' (عَلَى) എന്ന അവ്യയമാണ് ഉപയോഗിച്ചിരിക്കുന്നത്. 'അലൽ അർശി'(عَلَى الْعَرْشِ) എന്നാൽ 'അർശിന്മേൽ' എന്നർത്ഥം. 'അലാ'ക്ക് മുമ്പ് 'ഇസ്തവാ' എന്ന് പ്രയോഗിക്കുമ്പോൾ അതിന് 'ആരോഹണം ചെയ്തു'വെന്നോ 'ഉപവിഷ്ഠനായി' എന്നോ ആണ് പ്രഗത്ഭരായ വ്യാഖ്യാതാക്കൾ അർത്ഥം നൽകിയിരിക്കുന്നത്. ഉപരിലോകവുമായി ബന്ധപ്പെട്ട രണ്ട് ആയത്തുകളിൽ 'ഇസ്തവ'ക്ക് ശേഷം 'ഇലാ' (اِلَى) എന്ന അവ്യയമാണ് ഉപയോഗിച്ചിരിക്കുന്നത്. 'ഇല സ്സമാഇ' എന്നാൽ 'ഉപരിയിലേക്ക്' എന്നർത്ഥം. 'ഇലാ' ക്ക് മുമ്പ് 'ഇസ്തവാ' എന്ന് പ്രയോഗിക്കുമ്പോൾ അതിന് 'തിരിഞ്ഞു'വെന്നാണ് വ്യാഖ്യാതാക്കൾ നൽകിയ അർത്ഥം. ഥുമ്മ സ്തവാ ഇല സ്സമാഇ' (ثُمَّ اسۡتَوٰۤى اِلَى السَّمَآءِ) യെന്ന വചനഖണ്ഡത്തെ 'പിന്നെയവൻ ഉപരിയിലേക്ക് തിരിഞ്ഞു 'വെന്ന് ഭാഷാന്തരം ചെയ്തിരിക്കുന്നത് അത് കൊണ്ടാണ്.
അല്ലാഹുവെക്കുറിച്ച് 'അവൻ ഉപരിയിലേക്ക് തിരിഞ്ഞു'വെന്നും 'അവൻ സിംഹാസനത്തിൽ ഉപവിഷ്ഠനായി' എന്നുമെല്ലാം പറയുമ്പോൾ എന്താണ് മനസ്സിലാക്കേണ്ടത്? പ്രപഞ്ചത്തിന്റെ സ്രഷ്ടാവാണ് അല്ലാഹു. പദാർത്ഥങ്ങൾ കൊണ്ട് സൃഷ്ടിക്കപ്പെട്ട പ്രപഞ്ചത്തിന് അതീതമാണ് അവന്റെ അസ്തിത്വം. പദാർത്ഥലോകത്തെ അളക്കാനുപയോഗിക്കുന്ന മാപിനികൾ ഉപയോഗിച്ച് അവന്റെ അസ്തിത്വത്തെ മനസ്സിലാക്കാൻ കഴിയില്ല. പദാർത്ഥലോകത്തെക്കുറിച്ച് മാത്രം പഠിക്കാനും അനുമാനങ്ങളുണ്ടാക്കുവാനും കഴിയുന്ന മനുഷ്യർക്ക് പദാർഥാതീതമായ വസ്തുതകളെക്കുറിച്ച് പടച്ചവൻ പറഞ്ഞു തന്നതെന്താണോ അത് മാത്രമാണ് അറിയാൻ കഴിയുക. അവൻ വെളിപ്പെടുത്തിയതിനെ അതേപോലെ മനസ്സിലാക്കുകയല്ലാതെ അക്കാര്യത്തിൽ മനുഷ്യർക്ക് മുന്നിൽ മറ്റു മാർഗങ്ങളൊന്നുമില്ല. പദാർത്ഥലോകവുമായി താരതമ്യം ചെയ്യുകയോ വിശദീകരിക്കുകയോ വ്യാഖ്യാനിച്ച് വികലമാക്കുകയോ ചെയ്യാതെ പടച്ചവൻ പറഞ്ഞത് അതെ പോലെ മനസ്സിലാക്കുകയെന്ന നിലപാടാണ് അല്ലാഹുവെക്കുറിച്ച പരാമർശങ്ങളുടെ കാര്യത്തിൽ സച്ചരിതരായ മുൻഗാമികൾ സ്വീകരിച്ചത്. 'എങ്ങനെയാണ് അല്ലാഹുവിന്റെ ആരോഹണം?' എന്ന ഒരാളുടെ ചോദ്യത്തിന് ഇമാം മാലിക്ക് (റ) പറഞ്ഞ മറുപടി പ്രസിദ്ധമാണ്: "ആരോഹണം അറിയപ്പെടുന്നതാണ്; അത് എങ്ങനെയെന്ന് അറിയാത്തതാണ്; അതേക്കുറിച്ച ചോദ്യം പുതിയതാണ്; തിന്മയുദ്ദേശിച്ച് ചോദിക്കുന്നയാളാണ് താങ്കളെന്നാണ് ഞാൻ മനസ്സിലാക്കുന്നത്" (اسْتِوَاؤُهُ مَعْلُومٌ وَكَيْفِيَّتُهُ مَجْهُولَةٌ وَسُؤَالُك عَنْ هَذَا بِدْعَةٌ وَأَرَاكَ رَجُلَ سُوءٍ) (അൽ ഇസ്തിദ്ഖാർ 2/529). അല്ലാഹു ആരോഹണം ചെയ്തുവെന്ന് അവൻ തന്നെ വെളിപ്പെടുത്തിയതായതിനാൽ അവന്റെ ഔന്നത്യത്തിനും മഹത്വത്തിനും അനുയോജ്യമായ രീതിയിൽ അവൻ ആരോഹണം ചെയ്തുവെന്ന് വിശ്വസിക്കുക; അവന്റെ അസ്തിത്വത്തെയും ഗുണവിശേഷണങ്ങളെയും കുറിച്ച് അവൻ വെളിപ്പെടുത്തിയതല്ലാതെ യാതൊന്നുമറിയാത്തതിനാൽ എങ്ങനെയാണ് ആരോഹണമെന്ന് അറിയില്ലെന്ന് കരുതുക; അവൻ അദ്വിതീയനും താരതമ്യത്തിന് അതീതനുമായതിനാൽ വ്യാഖ്യാനിച്ച് വികലമാക്കാതെ ആരോഹണത്തെ അംഗീകരിക്കുക; പദാർത്ഥലോകത്തുള്ള യാതൊന്നിന്റെയും ആരോഹണവുമായി പദാർഥാതീതനായ അല്ലാഹുവിന്റെ ആരോഹണത്തിന് സാമ്യതയില്ലെന്ന് മനസ്സിലാക്കി ചോദ്യം ചെയ്യാതെ അത് അപ്പടി സ്വീകരിക്കുക. ഇതാണ് സച്ചരിതരായ മുൻഗാമികളുടെ നിലപാട്. സൂക്ഷ്മവും കൃത്യവുമായ നിലപാടാണിത്.
ഉപരിലോകത്തെ 'ഏഴ് ആകാശങ്ങളായി സംവിധാനിച്ചു' (فَسَوّٰٮهُنَّ سَبۡعَ سَمٰوٰتٍ) വെന്ന ഖുർആൻ പ്രസ്താവന ആകാശലോകത്തിന്റെ ബ്രഹദ് ഭാവത്തെ വെളിപ്പെടുത്തുന്നുണ്ട്. ഏഴ് അകാശങ്ങളെക്കുറിച്ച് ഖുർആൻ പല തവണ പരാമർശിക്കുന്നുണ്ട്. 'സബ്അ സമാവാത്തിൻ' (سَبْعَ سَمَاوَاتٍ) എന്ന് അഞ്ചു തവണയും (2: 29, 41:12, 65:12, 67:3, 71:15) 'അസ്സമാവാത്തു സ്സബ്ഉ' (السَّمَاوَاتُ السَّبْعُ) എന്ന് ഒരു തവണയും (17: 44) 'അസ്സമാവാത്തി സ്സബ്ഇ'(السَّمَاوَاتِ السَّبْعِ) എന്ന് ഒരു തവണയുമാണ് (23: 86) പ്രയോഗിച്ചിരിക്കുന്നത്. ആകെ ഏഴു തവണ. ഏഴ് ആകാശങ്ങളെക്കുറിച്ച് ഏഴ് തവണ. ഖുർആനിലുള്ള പദപ്രയോഗങ്ങളിലെ അത്ഭുതങ്ങളിലൊന്നാണിത്. വ്യത്യസ്ത സന്ദർഭങ്ങളിൽ അവതരിച്ച വചനങ്ങളുടെ സമാഹാരമായ ഖുർആനിൽ ഇത്തരം കാര്യങ്ങൾ ഒത്തുവരുന്നത് അത്ഭുതകരം തന്നെയാണ്. ഖുർആനിനെ അനുകരണാതീതമാക്കുന്ന സവിശേഷതകളിലൊന്നാണിത്. വചനങ്ങളുടെ എണ്ണത്തിൽ പോലും കാണാനാകുന്ന ഈ കൃത്യമായ തെരെഞ്ഞെടുപ്പ് അതിന്റെ ദൈവികതയും അന്യൂനതയുമാണ് വെളിപ്പെടുത്തുന്നത്. ആകാശങ്ങളെ ഉദ്ദേശിച്ചുകൊണ്ട് ഇവ കൂടാതെ രണ്ട് തവണ കൂടി ഖുർആൻ ഏഴ് എന്ന് പ്രയോഗിച്ചിട്ടുണ്ട്. പക്ഷെ അവിടെ പ്രയോഗിച്ചിരിക്കുന്നത് സമാവാത്ത് എന്നല്ല; സൂറത്തുൽ മുഅ്മിനൂനിൽ 'സബ്അ ത്വറാഇഖ' (سَبْعَ طَرَائِقَ) എന്നും (23: 17) സൂറത്തു ന്നബഇൽ 'സബ്അൻ ശിദാദാ'(سَبْعًا شِدَادًا) എന്നും (78: 12) ആണ് പറഞ്ഞിരിക്കുന്നത്. 'ഏഴ് പഥങ്ങള്‍' എന്നും 'ബലിഷ്ഠമായ ഏഴെണ്ണം' എന്നുമാണ് യഥാക്രമം ഇവയുടെ പരിഭാഷ. ഈ വചനങ്ങളിലെവിടെയെങ്കിലും 'സമാവാത്ത്' എന്ന് പ്രയോഗിച്ചിരുന്നെങ്കിൽ എണ്ണത്തിലുള്ള കൃത്യതയുണ്ടാകുമായിരുന്നില്ല. അക്ഷരാഭ്യാസമില്ലാതിരുന്ന മുഹമ്മദ് നബിയുടെ നാവിലൂടെ ഇരുപത്തി മൂന്നു വർഷങ്ങൾക്കിടയിലെ വ്യത്യസ്ത സന്ദർഭങ്ങളിൽ ലോകം കേട്ട വചനങ്ങളുടെ സമാഹാരത്തിലുള്ള ഇത്തരം കൃത്യതകൾക്ക് ഒരൊറ്റ വിശദീകരണം മാത്രമേയുള്ളൂ; ഇത് സർവ്വജ്ഞന്റെ വചനകളാണെന്ന വിശദീകരണം.
ഏഴ് ആകാശങ്ങൾ എന്ന ആശയം ഖുർആൻ അവതരിക്കുന്നതിന് മുമ്പ് വ്യാപകമായ ആശയമായിരുന്നുവോ? ആകാശങ്ങൾ എന്ന അർത്ഥത്തിൽ 'ഷമായിമ്' (Shamayim -שָׁמַיִם) എന്ന ഹിബ്രു ബഹുവചനമാണ് ബൈബിളിൽ ഉപയോഗിക്കുന്നതെങ്കിലും ഏഴ് എന്ന എണ്ണം ബൈബിൾ വചനങ്ങളിലൊന്നും കാണുന്നില്ല. ക്രിസ്താബ്ദം ഒന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടതെന്ന് കരുതുന്ന എനോക്കിന്റെ രണ്ടാം പുസ്തകത്തിൽ എനോക്ക് പത്താം ആകാശത്തിൽ വെച്ച് ദൈവത്തെ കണ്ടതായുള്ള പരാമർശമുണ്ടെന്ന് എഡ്വേർഡ് ലങ്ങ്ടൺ തന്റെ Good and Evil Spirits: A Study of the Jewish and Christian Doctrine, Its Origin and Development എന്ന ഗ്രൻഥത്തിൽ (Page248) പറയുന്നുണ്ട്. ഇതിൽ നിന്ന് ഒരുപാട് ആകാശങ്ങളുണ്ട് എന്നല്ലാതെ കൃത്യമായ ഇത്ര എണ്ണം ആകാശങ്ങളാണുള്ളതെന്ന് ഇസ്രായേല്യർ വിശ്വസിച്ചിട്ടില്ലെന്നാണ് മനസ്സിലാവുന്നത്. പതിനാലു വർഷങ്ങൾക്ക് മുമ്പ് മൂന്നാം സ്വർഗം വരെ ഉയർത്തപ്പെട്ട ഒരാളെ എനിക്കറിയാം എന്ന് പൗലോസ് പറയുന്നതായി പുതിയ നിയമത്തിലുണ്ട് (2 കോറിന്തോസ് 12: 3). ഏഴ് ആകാശങ്ങളുള്ളതായി യഹൂദ റബ്ബിമാർ വിശ്വസിച്ചിരുന്നതായി ജ്യൂവിഷ് എൻസൈക്ലോപീഡിയ പറയുന്നുണ്ടെങ്കിലും "(Angelology". Jewish Encyclopedia) അതിന് തക്ക പ്രമാണങ്ങളൊന്നും ഉദ്ധരിച്ചിച്ചുകാണുന്നില്ല. അറബികൾക്കിടയിലും ഏഴ് ആകാശങ്ങളെക്കുറിച്ച അറിവുണ്ടായിരുന്നതായി വ്യക്തമാക്കുന്ന രേഖകൾ ആരും ഉദ്ധരിച്ചതായി കണ്ടി+ട്ടില്ല. ഏഴ് ആകാശങ്ങളെക്കുറിച്ച ഖുർആനിലെ ആവർത്തിച്ചുള്ള പരാമർശങ്ങൾ മറ്റെവിടെയെങ്കിലുമുള്ള ആശയങ്ങളുടെ ആവർത്തനമല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഏതാണീ ഏഴ് ആകാശങ്ങൾ? നാം കാണുന്ന നീലാകാശമല്ലെന്നുറപ്പാണ്. ആകാശങ്ങളെക്കുറിച്ച് പറയുന്ന ഖുർആൻ വചനങ്ങളിലൊന്നും തന്നെ അവയുടെ നിറങ്ങളെക്കുറിച്ച പരാമർശങ്ങളൊന്നും തന്നെയില്ല. മരുഭൂമിവാസിയായ ഒരാളുടെ മനസ്സിൽ തെളിഞ്ഞതായിരുന്നു ഖുർആനിലെ ആകാശപരാമർശങ്ങളെങ്കിൽ ഒരിക്കലെങ്കിലും അതിന് നീല നിറമാണെന്നോ വെള്ള നിറമാണെന്നോ പറയേണ്ടതായിരുന്നു. അങ്ങനെയൊന്നുമില്ല എന്നതിൽ നിന്ന് ഭൂമിയിൽ നിന്ന് നാം കാണുന്ന ആകാശത്തെക്കുറിച്ചല്ല ഖുർആനിൽ പരാമർശിച്ചിട്ടുള്ളതെന്ന് മനസ്സിലാവുന്നുണ്ട്. ഒന്നാമത്തെ ആകാശത്തിലാണ് നക്ഷത്രങ്ങളെ കൊണ്ട് അല്ലാഹു അലങ്കരിച്ചതെന്ന് രണ്ട് തവണ ഖുർആനിൽ പറയുന്നുണ്ട്. (37:6, 67:5). അടുത്തുള്ള ആകാശത്തെ ഈ രണ്ട് വചനങ്ങളിലും ഖുർആൻ വിളിച്ചിരിക്കുന്നത് 'അസ്സമാഅ ദ്ദുൻയാ'(السَّمَآءَ الدُّنۡيَا) എന്നാണ്. 'ഈ ലോകത്തിന്റെ ആകാശം' എന്നാണ് ഇതിന്ന് നേർക്കുനേരെയുള്ള അർത്ഥം. നമ്മുടെ പ്രപഞ്ചത്തെക്കുറിച്ചാണ് ഇവിടെ പരാമർശിച്ചിരിക്കുന്നതെന്ന് ഈ പ്രയോഗത്തിൽ നിന്ന് തന്നെ വ്യക്തമാണ്. നമ്മുടെ പ്രപഞ്ചം മൊത്തത്തിൽ 'അസ്സമാഅ ദ്ദുൻയയാണ്; ഒന്നാം ആകാശം. നമുക്ക് കാണാനോ അനുഭവവേദ്യമാകുവാനോ ഗണിതക്രിയകളിലൂടെ മനസ്സിലാക്കുവാനോ കഴിയുന്ന പ്രപഞ്ചം മുഴുവൻ ഒന്നാം ആകാശത്തിന്റെ ഭാഗമാണ്. നക്ഷത്രങ്ങളും ഗാലക്സികളുമെല്ലാം അടങ്ങുന്ന നമ്മുടെ ലോകമാണത്; അസ്സമാഅ ദ്ദുൻയാ.
നമ്മുടെ പ്രപഞ്ചത്തെക്കുറിച്ച് തന്നെ മനുഷ്യരുടെ അറിവ് പരിമിതമാണ്. നമുക്ക് അറിയാനാകുന്ന പ്രപഞ്ചത്തിൽ (observable universe) തന്നെ രണ്ട് ലക്ഷം കോടി (2 trillion) ഗാലക്സികളുണ്ടാകാമെന്നാണ് കണക്ക്. നമ്മുടെ ഗാലക്സിയായ ക്ഷീരപഥത്തിൽ (milky way ഇരുപത്തി അയ്യായിരം കോടി (250 billion) നക്ഷത്രങ്ങളെങ്കിലുമുണ്ടാകണമെന്നാണ് കണക്കാക്കിയിരിക്കുന്നത്. അതിലൊരു നക്ഷത്രമാണ് നമ്മുടെ സൂര്യൻ. സൂര്യന് ചുറ്റും പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഗ്രഹങ്ങളിലൊന്നാണ് നമ്മുടെ ഭൂമി. അറിയാനാകുന്ന പ്രപഞ്ചത്തിന്റെ തന്നെ ഭൂരിഭാഗവും നമുക്ക് അജ്ഞാതമാണ് ഇന്നും. അവയെല്ലാം അറിഞ്ഞു കഴിഞ്ഞാൽ പോലും പ്രപഞ്ചസമുദ്രത്തിലെ ഒരു തുള്ളിയെക്കുറിച്ച് അറിഞ്ഞുവെന്നേ പറയാനാകൂ. വികസിച്ചുകൊണ്ടിരിക്കുന്നതിനാൽ ആകെയുള്ള പ്രപഞ്ചത്തിന്റെ നാല് ശതമാനത്തെ മാത്രമേ മനുഷ്യർ എത്ര വളർന്നാലും അവർക്ക് മനസ്സിലാക്കാനാവൂയെന്നാണ് പ്രപഞ്ചശാസ്ത്രജ്ഞന്മാർ കരുതുന്നത്. ഇതെല്ലാം ഖുർആൻ പറഞ്ഞ ഒന്നാം ആകാശത്തിന്റെ ഭാഗമാണ്; അസ്സമാഅ ദ്ദുൻയായുടെ ഒരറ്റം പോലും മനുഷ്യർക്ക് ഒരിക്കലും മനസ്സിലാക്കാനാവില്ലെങ്കിൽ മറ്റ് ആറ് ആകാശങ്ങളെക്കുറിച്ചും അവയുടെ സ്രഷ്ടാവ് പറഞ്ഞത് അതേപോലെ മനസ്സിലാക്കുക മാത്രമേ നമുക്ക് നിർവ്വാഹമുള്ളൂ. ഏഴ് ആകാശങ്ങളുണ്ടെന്ന് മനസ്സിലാക്കുക; അവയുടെ യാഥാർഥ്യം നമുക്കറിയില്ലെന്ന് വിനയത്തോടെ സമ്മതിക്കുക. കത്തിക്കൊണ്ടിരിക്കുന്ന കോടാനുകോടി നക്ഷത്രങ്ങളുള്ള അസ്സമാഅ ദ്ദുൻയാക്ക് നടുവിലെ പച്ചത്തുരുത്തായ ഭൂമിയിൽ വസിക്കുവാൻ പടച്ചവൻ അനുഗ്രഹങ്ങൾ നൽകിയ മനുഷ്യർക്ക് മുന്നിൽ ഈ നക്ഷത്രങ്ങൾക്കെല്ലാം അപ്പുറത്തുള്ള ആറ് ആകാശങ്ങളെക്കുറിച്ചുമുള്ള അറിവില്ലായ്മ വിനയത്തോടെ സമ്മതിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല. പടച്ചവൻ പറഞ്ഞത് അതേപോലെ മനസ്സിലാക്കുക മാത്രമാണ് ഏഴ് ആകാശങ്ങളുടെയും കാര്യത്തിൽ കരണീയം.
ബ്രഹത്തായ നമ്മുടെ പ്രപഞ്ചത്തെയും അതിനപ്പുറത്തുള്ള ആകാശങ്ങളെയും മനുഷ്യർക്ക് അറിയാനാകാവുന്നതും അല്ലാത്തതുമായ കാര്യങ്ങളെയെല്ലാം പറ്റിയെല്ലാം കൃത്യമായി അറിയുന്നവനാണ് അല്ലാഹുവെന്ന അതിഗംഭീരമായ സന്ദേശം നൽകിക്കൊണ്ടാണ് ആയത്ത് അവസാനിക്കുന്നത്. ഭൂമിയിലുള്ളതെല്ലാം മനുഷ്യർക്കായാണ് അല്ലാഹു സൃഷ്ടിച്ചതെന്ന് പറഞ്ഞു; ഭൗമവസ്തുക്കളിൽ ചിലതെങ്കിലും നമുക്ക് ദോഷകരമാണെന്നാണ് നമ്മുടെ അനുഭവം. എന്നാൽ അവ പോലും മനുഷ്യർക്ക് വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമായി അല്ലാഹുവിനറിയാം. ഉപരിയിലേക്ക് അല്ലാഹു തിരിഞ്ഞുവെന്ന് പറഞ്ഞു; എങ്ങനെ ഏതു രൂപത്തിൽ എന്ന് അല്ലാഹുവിനാണ് കൃത്യമായറിയുക. ഏഴ് ആകാശങ്ങളായി ക്രമീകരിച്ചതായി വ്യക്തമാക്കി. ഒന്നാനാകാശത്തെക്കുറിച്ച് പോലും ഒന്നുമറിയാത്തവർ പോലും ഏഴ് ആകാശങ്ങളെവിടെയെന്ന് പരിഹസിക്കുന്നു; അസ്സമാഅ ദ്ദുൻയാ എത്രമാത്രമുണ്ടെന്നും അതിന്നപ്പുറത്തുള്ള ആകാശങ്ങളെല്ലാം എങ്ങനെയാണെന്നും അല്ലാഹുവിന്നാണറിയുക. സൃഷ്ടികളുടെ അറിവില്ലായ്മയെയും സ്രഷ്ടാവിന്റെ സമ്പൂർണമായ അറിവിനെയും ദ്യോതിപ്പിച്ചുകൊണ്ടുള്ള 'കാര്യങ്ങളെയെല്ലാം പറ്റി അറിയുന്നവനുമാണവൻ' (وَهُوَ بِكُلِّ شَىۡءٍ عَلِيۡمٌ ) എന്ന് പറഞ്ഞുകൊണ്ടുള്ള സമാപനം ഇരുപത്തിയെട്ട്, ഇരുപത്തിയൊമ്പത് ആയത്തുകളുടെ ഉള്ളടക്കത്തെ ദീപ്തമാക്കുന്നു; അവയിലെ സന്ദേശങ്ങളെയെല്ലാം സ്വാംശീകരിച്ചുകൊണ്ടുള്ള ഉപസംഹാരമാണിത്.
29. هُوَ الَّذِي خَلَقَ لَكُم مَّا فِي الأَرْضِ جَمِيعًا ثُمَّ اسْتَوَى إِلَى السَّمَاء فَسَوَّاهُنَّ سَبْعَ سَمَاوَاتٍ وَهُوَ بِكُلِّ شَيْءٍ عَلِيمٌ
30. وَإِذْ قَالَ رَبُّكَ لِلْمَلائِكَةِ إِنِّي جَاعِلٌ فِي الأَرْضِ خَلِيفَةً قَالُواْ أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ الدِّمَاء وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ قَالَ إِنِّي أَعْلَمُ مَا لاَ تَعْلَمُونَ
30. താങ്കളുടെ നാഥൻ മലക്കുകളോട് ഞാൻ ഭൂമിയിൽ ഒരു പിൻഗാമിയെ നിയോഗിക്കുക തന്നെയാണെന്ന് പറഞ്ഞപ്പോൾ; 'അവിടെ കുഴപ്പമുണ്ടാക്കുകയും ചോര ചിന്തുകയും ചെയ്യുന്നവരെ നീ അവിടെ നിയോഗിക്കുകയാണോ?; ഞങ്ങളാണെങ്കിൽ നിന്റെ മഹത്വത്തെ പ്രകീർത്തിക്കുകയും നിന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നുണ്ടല്ലോ' എന്നാണ് മലക്കുകൾ പറഞ്ഞത്. അവൻ പറഞ്ഞു: 'നിങ്ങൾക്ക് അറിയാത്തത് എനിക്കറിയാം'
ഖുർആൻ ആസ്വാദനം
രണ്ടാം അദ്ധ്യായം
സൂറത്തുൽ ബഖറ:
മുപ്പതാമത്തെ ആയത്ത്
30) താങ്കളുടെ നാഥൻ മലക്കുകളോട് ഞാൻ ഭൂമിയിൽ ഒരു പിൻഗാമിയെ നിയോഗിക്കുക തന്നെയാണെന്ന് പറഞ്ഞപ്പോൾ;'അവിടെ കുഴപ്പമുണ്ടാക്കുകയും ചോര ചിന്തുകയും ചെയ്യുന്നവരെ നീ അവിടെ നിയോഗിക്കുകയാണോ?; ഞങ്ങളാണെങ്കിൽ നിന്റെ മഹത്വത്തെ പ്രകീർത്തിക്കുകയും നിന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നുണ്ടല്ലോ' എന്നാണ് മലക്കുകൾ പറഞ്ഞത്. അവൻ പറഞ്ഞു:'നിങ്ങൾക്ക് അറിയാത്തത് എനിക്കറിയാം'
സൂറത്തുൽ ബഖറയിലെ ഇരുപത്തിയൊന്ന് മുതൽ ഇരുപത്തിയൊമ്പത് വരെ വചനങ്ങളിൽ നമുക്ക് ഒരു ആശയചക്രം കാണാനാവും. 21, 22 വചനങ്ങളിൽ അല്ലാഹുവാണ് ആരാധ്യനെന്ന് പ്രഖ്യാപിക്കുകയും അതിന്ന് തെളിവായി അവനാണ് സ്രഷ്ടാവെന്ന വസ്തുതയും ഭൂമിയിൽ മനുഷ്യർക്കായി ഒരുക്കിയ അനുഗ്രഹങ്ങളും ഉപരിലോകത്തെ മേൽക്കൂരയാക്കിയതുമെല്ലാം പ്രതിപാദിക്കുകയും ചെയ്യുന്നു. 28, 29 വചനങ്ങളിൽ ആർക്കും അല്ലാഹുവിനെ നിഷേധിക്കാനാവില്ലെന്ന യാഥാർഥ്യം പ്രഖ്യാപിക്കുകയും അതിന് ഉപോൽബലകമായി മനുഷ്യരുടെ ജനിമൃതികളെ സംവിധാനിച്ചതിനെയും ആകാശഭൂമികളെ സൃഷ്ടിച്ചതിനെയുമെല്ലാം കുറിച്ച് പറയുന്നു. ചക്രത്തിലെ ആദ്യവചനകളുടെ പ്രതിബിംബമാണ് അവസാനവചനങ്ങൾ. 23, 24 വചനങ്ങളിൽ ദൈവികഗ്രൻഥത്തിന്റെ വെല്ലുവിളിയാണുള്ളത്. 25, 26 വചനങ്ങളിൽ അവയുടെ പ്രതിബിംബമായി ദൈവികവചനങ്ങൾക്കെതിരെയുള്ള വിമർശനങ്ങൾക്കുള്ള മറുപടിയാണ്. ഇവയ്ക്ക് നടുവിലുള്ള 25 ആം വചനത്തിൽ പടച്ചവനെ അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യുകയും അവന്റെ മാർഗനിർദേശങ്ങൾ പ്രകാരം ജീവിക്കുകയും ചെയ്യുന്നവർക്ക് ലഭിക്കാനിരിക്കുന്നതും നിഷേധിക്കുന്നവർക്ക് നഷ്ടപ്പെടുന്നതുമായ സ്വർഗ്ഗത്തിലെ അനുഗ്രഹങ്ങളെക്കുറിച്ച പ്രതിപാദനങ്ങളാണുള്ളത്. സ്വർഗ്ഗമെന്ന കേന്ദ്രപ്രമേയത്തിന് ചുറ്റുമുള്ള വചനങ്ങളുടെ ഒരു ചക്രമായാണ് ഇരുപത്തിയൊന്ന് മുതൽ ഇരുപത്തിയൊമ്പത് വരെയുള്ള വചനങ്ങൾ അനുവാചകർക്ക് അനുഭവപ്പെടുക. സ്വർഗപ്രവേശത്തിന് എന്തുചെയ്യണമെന്ന് ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകുന്ന ചക്രം. സ്വർഗത്തിലാണ് മനുഷ്യർ സൃഷ്ടിക്കപ്പെട്ടത്. അവിടേക്ക് തിരിച്ചു ചെല്ലാനാണ് അവർ പരിശ്രമിക്കേണ്ടത്. എങ്ങനെയവർ സ്വർഗത്തിൽ നിന്ന് പുറത്തായി? അതാണ് മുപ്പത് മുതലുള്ള വചനങ്ങളിലെ പ്രതിപാദ്യം.
മുപ്പതാമത്തെ വചനമാരംഭിക്കുന്നത് 'നിന്റെ നാഥൻ മലക്കുകളോട് പറഞ്ഞപ്പോൾ' (وَاِذۡ قَالَ رَبُّكَ لِلۡمَلٰٓـئِكَةِ) എന്ന് പ്രസ്താവിച്ചുകൊണ്ടാണ്. ഖുർആനിൽ ആദ്യമായാണ് മലക്കുകളെക്കുറിച്ച പരാമർശങ്ങൾ കടന്നുവരുന്നത്. മലക്കി(ملك)ന്റെ ബഹുവചനമായ 'മലാഇകത്ത്'(ملاًئِكة) എന്നാണ് ഈ വചനത്തിൽ പ്രയോഗിച്ചിരിക്കുന്നത്. ഇസ്ലാമിലെ ആറ് വിശ്വാസകാര്യങ്ങളിൽ രണ്ടാമത്തേതാണ് മലക്കുകളിലുള്ള വിശ്വാസം. അല്ലാഹുവിന്റെ സവിശേഷമായ പരിശുദ്ധസൃഷ്ടികളാണ് മലക്കുകൾ. സെമിറ്റിക് ഭാഷകളിലെല്ലാം പടച്ചവന്റെ വിശുദ്ധ സൃഷ്ടികളെ വിളിച്ചിരിക്കുന്ന പേരാണ് മലക്ക്. തോറയിൽ മലക്ക് (מַלְאָךְ) എന്നും ബഹുവചനമായ 'മലാക്കിം' (מלאכים) എന്നും നിരവധി തവണ ഉപയോഗിച്ചിട്ടുണ്ട്. ഹിബ്രുവിൽ 'മലക്ക്' എന്നാൽ 'ദൂതൻ' എന്നാണർത്ഥം. എന്നാൽ മനുഷ്യരായ ദൂതന്മാരെക്കുറിച്ച് പറയുമ്പോൾ തോറയോ മറ്റേതെങ്കിലും പഴയനിയമകൃതികളോ 'മലക്ക്' എന്നല്ല 'ശാലിയാഹ്' (שליח) എന്നാണ് പ്രയോഗിക്കുന്നത്. പടച്ചവന്റെ വിശുദ്ധ സൃഷ്ടിയെ കുറിക്കുവാൻ മാത്രമേ ഖുർആനിലും പഴയ വേദങ്ങളിലുമെല്ലാം മലക്ക് എന്ന് പറഞ്ഞിട്ടുള്ളൂവെന്നാണ് ഇത് മനസ്സിലാക്കിത്തരുന്നത്. തോറയിൽ ആദ്യമായി മലക്കുകളെക്കുറിച്ച പരാമർശം കാണുന്നത് അബ്രഹാമിന്റെ കഥ പറയുമ്പോൾ ഹാഗാറിനോട് സംസാരിക്കുന്നതായാണ് (ഉല്പത്തി 16:7-13). ആദാമിനെക്കുറിച്ചോ മനുഷ്യസൃഷ്ടിയെക്കുറിച്ചോ ഉള്ള പരാമർശങ്ങൾക്കിടയിലൊന്നും തന്നെ മാലാഖമാരെക്കുറിച്ച വർത്തമാനങ്ങളൊന്നും പഴയ-പുതിയ നിയമഗ്രൻഥങ്ങളിലൊന്നുമില്ല. മലക്കുകളുമായുള്ള ഈ ദൈവികസംഭാഷണം പരാമർശിക്കുന്ന ഒരേയൊരു വേദഗ്രൻഥം ഖുർആനാണ്.
ആദാമിന്റെ സൃഷ്ടിക്ക് മുമ്പ് മലക്കുകളുമായി അക്കാര്യം ചർച്ച ചെയ്തിരുന്നതായി ചില യഹൂദ പാരമ്പര്യങ്ങളിലുണ്ടെന്നത് ശരിയാണ്. ഖുർആനിൽ നിന്ന് തികച്ചും വ്യത്യസ്തമായ കഥനമാണ് അവയിലുള്ളത്. തൽമൂദിലെ തോറാ വ്യാഖ്യാനമായ മിദ്രാഷ് തെഹില്ലിമിൽ (Midrash Tehillim) ഇങ്ങനെ വായിക്കാം. "നമ്മുടെ ഛായയിൽ നാം മനുഷ്യനെ നിർമ്മിക്കട്ടെ എന്ന് ദൈവം പറഞ്ഞപ്പോൾ സ്വർഗ്ഗത്തിലെ മലക്കുകൾക്ക് അസൂയയായി: "നീയെന്താണ് മനുഷ്യരെക്കുറിച്ച് കരുതുന്നത്? പൂർണ്ണമായും കള്ളവും വെറുപ്പും സ്പർദ്ധയും മാത്രമുള്ള ഒരു സൃഷ്ടി" എന്നാൽ സ്നേഹത്തിന്റ മലക്കുകൾ അവന് അനുകൂലമായി സംസാരിച്ചു. അപ്പോൾ ദൈവം പറഞ്ഞു: ഭൂമിയിൽ നിന്ന് സത്യം പുറത്തുവരട്ടെ" (Midrash Tehillim viii). ദൈവം കൂടിയാലോചിച്ചപ്പോൾ കള്ളത്തിന്റെയും കുഴപ്പത്തിന്റെയും സൃഷ്ടിയെന്തിനാണെന്ന് ചോദിച്ച് മനുഷ്യസൃഷ്ടിക്ക് എതിര് നിന്നത് സത്യത്തിന്റെയും സമാധാനത്തിന്റെയും മലക്കുകളായിരുന്നുവെന്നും മനുഷ്യസ്നേഹത്തെയും നീതിയോടുള്ള അവന്റെ അഭിവാഞ്ചയെയും കുറിച്ച് സൂചിപ്പിച്ച് അനുകൂലമായി നിന്നത് സ്നേഹത്തിന്റെയും നീതിയുടെയും മലക്കുകളായിരുന്നുവെന്നും പ്രസിദ്ധ അമേരിക്കൻ തൽമൂദ് പണ്ഡിതനായ റബ്ബി ലൂയിസ് ഗിൻസ്ബെർഗ് വിശദീകരിക്കുന്നുണ്ട്. (Louis Ginzberg: Legends of the Jews Volume 1, Page 52-54). ഖുർആനിലേതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് മിദ്രാഷിലുള്ള ഈ സംഭാഷണമെന്ന് അത് വായിക്കുന്നവർക്കെല്ലാം ബോധ്യപ്പെടും. വിശുദ്ധ സൃഷ്ടികളായ മലക്കുകൾക്ക് അസൂയയുണ്ടായിയെന്ന രീതിയിലുള്ള കഥാകഥനം ഖുർആൻ അംഗീകരിക്കുന്നില്ല. മലക്കുകളുമായി പടച്ചവൻ മനുഷ്യസൃഷ്ടിയെക്കുറിച്ച് കൂടിയാലോചിച്ചുവെന്ന് ഖുർആനിലില്ല. അവരെ ഇക്കാര്യം അറിയിക്കുക മാത്രമാണ് ചെയ്തത്. ദൈവതീരുമാനത്തെ മലക്കുകൾ വിമർശിക്കുകയോ ചോദ്യം ചെയ്യുകയോ തിരുത്താൻ ശ്രമിക്കുകയോ അല്ല, അതേക്കുറിച്ച് സംശയമുന്നയിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഖുർആൻ പറയുന്നത്. 'നിങ്ങൾക്ക് അറിയാനാകാത്തത് എനിക്കറിയാം' എന്ന് പടച്ചവൻ പറഞ്ഞതോടെ ആ സംശയം തീരുകയും ചെയ്തു. 'വാക്കുകളാൽ അവര്‍ അവനെ മറികടക്കുകയില്ല; അവന്റെ കല്പനയനുസരിച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്"(21: 27) എന്നാണ് മലക്കുകളെക്കുറിച്ച് ഖുർആൻ പറയുന്നതെന്ന വസ്തുത ദൈവവുമായി മലക്കുകൾ തർക്കിച്ചുവെന്ന മിദ്രാഷ്കഥനത്തെ പൂർണമായും നിരാകരിക്കുന്നു.
'ഞാൻ ഭൂമിയിൽ ഒരു പിൻഗാമിയെ നിയോഗിക്കുക തന്നെയാണ്' (اِنِّىۡ جَاعِلٌ فِى الۡاَرۡضِ خَلِيۡفَةً) എന്നാണ് അല്ലാഹു മലക്കുകളെ അറിയിച്ചത്. 'പിൻഗാമി'യെന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഖലീഫ (خَلِيۡفَةً) എന്ന പദത്തെയാണ്.'പിന്‍ഗാമി, അനന്തരഗാമി, പ്രതിനിധി എന്നെല്ലാം അർത്ഥം നൽകാവുന്ന പദമാണിത്. മുൻഭാഗം എന്ന അർത്ഥത്തിൽ പ്രയോഗിക്കാറുള്ള ഖുദ്ദാമിന്റെ (قُدَّام) വിപരീതമായ 'ഖൽഫ്'( خَلْفُ )ൽ നിന്ന് നിഷ്പന്നമായതാണ് ഖലീഫ. 'ഒരാൾക്ക് പിന്നിൽ വരികയും അയാളുടെ സ്ഥാനത്ത് നിൽക്കുകയും ചെയ്യുന്നയാൾ' (من يخلف غيره ويقوم مقامه) എന്നാണ് ഖലീഫയ്ക്ക് നിഘണ്ടുക്കൾ നൽകുന്ന സാരം. 'ഒരു തലമുറയ്ക്കുശേഷം മറ്റൊരു തലമുറയും ഒരു കാലഘട്ടത്തിലുള്ളവർക്ക് ശേഷം മറ്റൊരു കാലത്തുള്ളവരുമായി വന്നുകൊണ്ടിരിക്കുന്ന ജനം' (قَرْنًا بَعْد قَرْنً وَجِيلاً بَعْد جِيل أَي قَوْما يَخْلُفُ بَعْضُهم بَعْضًا) എന്നാണ് ഖലീഫയ്ക്ക് പ്രസിദ്ധ ഖുർആൻ വ്യാഖ്യാതാവായ ഇമാം ഇബ്നു കഥീർ നൽകുന്ന നിർവ്വചനം.
ഭൂമിയിൽ നേരത്തെയുണ്ടായിരുന്ന ജിന്ന് വർഗത്തെ നീക്കം ചെയ്തശേഷം അവിടെ ആദമിനെ നിയോഗിച്ചത് കൊണ്ടാണ് അദ്ദേഹത്തെക്കുറിച്ച് ഖലീഫയെന്ന് പ്രയോഗിച്ചതെന്ന് ചിലർ; അല്ലാഹുവിന്റെ നിർദേശപ്രകാരം തന്റെ സന്തതികൾക്കിടയിൽ ആദം വിധി കല്പിക്കുന്നത്കൊണ്ടാണ് അദ്ദേഹത്തെ ഖലീഫയെന്ന് വിളിച്ചതെന്ന് മറ്റു ചിലർ; ഒരു തലമുറയ്ക്ക് ശേഷം മറ്റൊരു തലമുറയായി മാറി വരുന്ന സമുദായങ്ങളായാണ് മനുഷ്യരെ സൃഷ്ടിച്ചതെന്നതിനാൽ മനുഷ്യരെല്ലാം ഖലീഫയാണെന്ന് മൂന്നാമത്തെ വിഭാഗം; അല്ലാഹുവിന്റെ വിധിവിലക്കുകൾ പ്രകാരം ഭൂമിയിൽ ജീവിക്കുകയും നീതി നടപ്പാക്കുകയും ചെയ്യേണ്ടവരാണ് മനുഷ്യരെന്നതിനാൽ അവർ ഖലീഫയാണെന്ന് നാലാമത്തെ വിഭാഗം. ഖലീഫയെ നിയോഗിക്കുന്നുവെന്ന അല്ലാഹുവിന്റെ പ്രസ്താവന എന്താണ് അർത്ഥമാക്കുന്നതെന്ന കാര്യത്തിലുള്ള ഭിന്നാഭിപ്രായങ്ങളാണിവ. പണ്ഡിതന്മാരുടെ സ്വന്തമായ ചില നിഗമനങ്ങളൊഴിച്ച് നിർത്തിയാൽ ഈ അഭിപ്രായങ്ങളെല്ലാം ഒരേ വസ്തുതയുടെ വ്യത്യസ്ത മാനങ്ങളാണെന്ന് കാണാനാവും. പിന്തുടർച്ചക്കാരൻ എന്ന രൂപത്തിലും(6: 165), പിൻഗാമി എന്ന അർത്ഥത്തിലും(43: 60), പ്രതിനിധി എന്ന ആശയത്തിലും(35: 39), അധികാരി എന്ന വിവക്ഷയിലുമെല്ലാം(38:26) ഖുർആനിൽ തന്നെ വിവിധ സ്ഥലങ്ങളിൽ ഖലീഫയെന്ന് പ്രയോഗിച്ചതായി മനസ്സിലാകുന്നുണ്ട്. ഇവയെയെല്ലാം ഉൾക്കൊള്ളുന്നതായിരിക്കണം ഈ വചനത്തിലെ ഖലീഫാപ്രയോഗം.
നിർവ്വചനങ്ങൾക്കപ്പുറം, ഖലീഫാനിയോഗത്തിന്റെ ലക്ഷ്യമെന്തെന്ന് കൃത്യമായി വ്യക്തമാക്കുന്നതാണ് അതേക്കുറിച്ച് അറിയിച്ചപ്പോഴുള്ള മലക്കുകളുടെ പ്രതികരണം. 'അവിടെ കുഴപ്പമുണ്ടാക്കുകയും ചോര ചിന്തുകയും ചെയ്യുന്നവരെ നീ അവിടെ നിയോഗിക്കുകയാണോ?; ഞങ്ങളാകട്ടെ, നിന്റെ മഹത്വത്തെ പ്രകീർത്തിക്കുകയും നിന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നുണ്ടല്ലോ' (اَتَجۡعَلُ فِيۡهَا مَنۡ يُّفۡسِدُ فِيۡهَا وَيَسۡفِكُ الدِّمَآءَۚ وَنَحۡنُ نُسَبِّحُ بِحَمۡدِكَ وَنُقَدِّسُ لَـكَؕ). മനുഷ്യാസ്തിത്വത്തിന്റെ തീവ്രവിരുദ്ധഭാവങ്ങളെ വ്യക്തമാക്കുന്നതാണീ പ്രതികരണം. ഭൂമിയിൽ കുഴപ്പങ്ങളുണ്ടാക്കുകയും കലാപങ്ങളുണ്ടാക്കി ചോര ചിന്തുകയും ചെയ്യുക; മനുഷ്യാസ്തിത്വത്തിന്റെ ഋണാത്മകവും വികൃതവുമായ മുഖം. ദൈവമഹത്വത്തെ പ്രകീർത്തിക്കുകയും പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുക; മനുഷ്യാസ്തിത്വത്തിന്റെ ധനാത്മകവും ധന്യവുമായ മുഖം. ഖലീഫ കൊണ്ടുള്ള ആത്യന്തികമായ വിവക്ഷയെന്താണെന്ന് ഈ സംശയത്തിൽ നിന്ന് വ്യക്തം. ജിന്നുകളെപ്പോലെ അധഃപതിക്കാനും മലക്കുകളുടെ ഔന്നത്യത്തിലെത്താനും കഴിയുന്ന, സ്വന്തം ഇഷ്ടപ്രകാരം അവയിൽ ഏതും തെരെഞ്ഞെടുക്കുവാൻ സ്വാതന്ത്ര്യമുള്ള സൃഷ്ടി. ആ സ്വാതന്ത്ര്യം മനുഷ്യരെ തലമുറകളിൽ നിന്ന് തലമുറകളിലേക്ക് അറിവും സംസ്കാരവും പകർന്നുകൊടുക്കാൻ പ്രാപ്തമാക്കുന്നു; ആ സ്വാതന്ത്ര്യം വഴി ഭൂമിയെ അടക്കിവാഴുവാനുള്ള സാമർഥ്യം അവനുണ്ടാകുന്നു; ആ സ്വാതന്ത്ര്യം വഴി ഭൂപ്രദേശങ്ങളിൽ നന്മയും നീതിയും നിലനിൽക്കുന്ന ഭരണസംവിധാനങ്ങളുണ്ടാക്കുവാൻ അവന് കഴിയുന്നു. കലാപങ്ങളും കുഴപ്പങ്ങളുമുണ്ടാക്കി സഹജീവികളെ ദുരിതത്തിലാഴ്ത്തുവാൻ കഴിയുന്നതും ഈ സ്വാതന്ത്ര്യമുള്ളത് കൊണ്ട് തന്നെ.
മനുഷ്യാസ്തിത്വത്തിന്റെ രണ്ട് ഭാവങ്ങളെക്കുറിച്ചും മലക്കുകൾക്കറിയാം എന്നാണ് അവരുടെ പ്രതികരണത്തിനർത്ഥം. എങ്ങനെ അറിഞ്ഞുവെന്ന ചോദ്യത്തിനുള്ള ഉത്തരം മുപ്പത്തിരണ്ടാമത്തെ വചനത്തിലുണ്ട്. "നീ പഠിപ്പിച്ചതല്ലാത്ത വിവരങ്ങളൊന്നും ഞങ്ങള്‍ക്കില്ല."(2: 32). സൃഷ്ടിക്കാൻ പോകുന്ന ഖലീഫയ്ക്ക് സ്വതന്ത്രമായ വിവേചനാധികാരമുണ്ടാകുമെന്നും അവർ അധമരായാൽ കുഴപ്പങ്ങളുണ്ടാക്കുന്നവരും ചോര ചിന്തുന്നവരുമായിത്തീരുമെന്നും ഉന്നതരായാൽ ദൈവികമാർഗനിർദേശങ്ങളനുസരിച്ചുകൊണ്ട് അല്ലാഹുവിന്റെ മഹത്വത്തെ പ്രകീർത്തിക്കുകയും പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരായിത്തീരുമെന്നുമുള്ള അറിവ് അവൻ തന്നെ മലക്കുകൾക്ക് നൽകിയിട്ടുണ്ടായിരിക്കണം. അതിന്റെ അടിസ്ഥാനത്തിലുള്ളതായിരിക്കണം മനുഷ്യസൃഷ്ടിയെക്കുറിച്ച വിവരമറിയിച്ചപ്പോഴുള്ള മലക്കുകളുടെ സംശയം. സ്വതന്ത്രരായ ജിന്നുകൾക്കിടിയിലുള്ള കുഴപ്പങ്ങളും കലാപങ്ങളും ഈ സംശയത്തെ ബലപ്പെടുത്തിയിരിക്കാം. ജിന്നുകളുണ്ടാക്കുന്ന കുഴപ്പങ്ങളിൽ നിന്ന് മാത്രമായാണ് മലക്കുകൾ ഇങ്ങനെ സംശയമുന്നയിച്ചതെന്ന് കരുതിയാൽ അല്ലാഹുവിന്റെ മഹത്വത്തെ പ്രകീർത്തിക്കുകയും പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുകയെന്ന മനുഷ്യരുടെ ധന്യമായ മുഖത്തെക്കുറിച്ച് മലക്കുകൾ എങ്ങനെ മനസ്സിലാക്കിയെന്ന ചോദ്യമുയരും. മനുഷ്യാസ്തിത്വത്തിന്റെ ധന്യവും വികൃതവുമായ മുഖങ്ങളെക്കുറിച്ച് അല്ലാഹു നൽകിയ അറിവിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു അവരുടെ സംശയമെന്ന തന്നെയാണ് ഇതിൽ നിന്ന് മനസ്സിലാവുന്നത്. "നിങ്ങൾക്ക് അറിയാത്തത് എനിക്കറിയാം" എന്ന സംശയത്തിനുള്ള അല്ലാഹുവിന്റെ മറുപടിയിലും പ്രതിഫലിക്കുന്നത് ഇക്കാര്യം തന്നെയാണ്; അവർക്ക് അറിയിച്ച് കൊടുത്തിട്ടില്ലാത്ത സാധ്യതകൾ കൂടി മനുഷ്യാസ്തിത്വത്തിനുണ്ട് എന്ന വസ്തുത.
അല്ലാഹുവിന്റെ മഹത്വത്തെ പ്രകീർത്തിക്കുകയും പരിശുദ്ധിയെ വാഴ്ത്തുകയുമാണ് മനുഷ്യാസ്തിത്വത്തിന്റെ ധന്യമായ മുഖത്തെ അടയാളപ്പെടുത്തുന്നതെന്ന് പറയുമ്പോൾ അതിൽ നിന്ന് കേവലമായ ധ്യാനജീവിയായാണ് മനുഷ്യരെ ഖുർആൻ പരിഗണിക്കുന്നതെന്ന് മനസ്സിലാക്കിക്കൂടാത്തതാണ്. ദൈവികമഹത്വത്തിന്റെ പ്രകീർത്തനവും പരിശുദ്ധിയെ വാഴ്ത്തലുമെല്ലാം കേവലമായ അധരവ്യായാമങ്ങളായല്ല, ജീവിതനിലപാടിന്റെ പ്രഖ്യാപനമായാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഗാർഹികജോലികൾ ചെയ്ത് പ്രയാസപ്പെടുന്ന തന്റെ മകൾ ഫാത്തിമയുടെ ഒരു വേലക്കാരനെ ഏർപ്പെടുത്തിത്തരണമെന്ന അഭ്യർത്ഥന നിരസിച്ചുകൊണ്ട് അതിന്നു പകരമായി അല്ലാഹുവിനെ പ്രകീർത്തിക്കുകയും സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യാൻ പ്രവാചകൻ ആവശ്യപ്പെട്ടത് അതുകൊണ്ടായിരിക്കണം. (അലി(റ)യിൽ നിന്ന് ബുഖാരി നിവേദനം ചെയ്തത്) സമ്പന്നർ ദാനധർമ്മങ്ങൾ വർധിപ്പിച്ചുകൊണ്ട് സൽകർമങ്ങളിൽ മുന്നേറുമ്പോൾ സാധുക്കളായ തങ്ങൾക്ക് അവരുമായി മത്സരിക്കാനാവുന്നില്ലെന്ന് പരാതിപറഞ്ഞ ദരിദ്രരോട് അല്ലാഹുവിനെ പ്രകീർത്തിക്കുകയും സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നാൽ ആർക്കും നിങ്ങളെ പരാജയപ്പെടുത്താനാകില്ലെന്ന് നിർദേശിച്ചതും (അബൂഹുറൈറ(റ)യിൽ നിന്ന് ബുഖാരി നിവേദനം ചെയ്തത്) മറ്റൊന്നുകൊണ്ടുമാകാനിടയില്ല. "പ്രകീർത്തനങ്ങൾ അല്ലാഹുവിന്ന്; സ്തുതികളും അവന്നു തന്നെ"(سُبْحَانَ اللّهِ وَ بِحَمْدِهِ) യെന്ന് ദിവസേന നൂറ് തവണ പറഞ്ഞാൽ സമുദ്രത്തിലെ പതകൾക്ക് സമാനമാണ് പാപങ്ങളെങ്കിലും അവ പൊറുക്കപ്പെടുമെന്നും (അബൂഹുറൈറയിൽ നിന്ന് ബുഖാരിയും മുസ്ലിമും നിവേദനം ചെയ്തത്) രാവിലെയും വൈകുന്നേരവും നൂറു തവണ വീതം അങ്ങനെ പറഞ്ഞാൽ അതിന് തുല്യമായ യാതൊന്നുമായും ആരുംതന്നെ പുനരുത്ഥാനനാളിൽ വരികയില്ലെന്നും (അബൂദർറിൽ നിന്ന് മുസ്ലിം നിവേദനം ചെയ്തത്) അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളതും തുലാസിൽ ഏറ്റവും കനം തൂങ്ങുന്നതുമായ രണ്ട് വചനങ്ങളിലൊന്ന് അതാണെന്നു(അബൂഹുറൈറയിൽ നിന്ന് മുസ്ലിം നിവേദനം ചെയ്തത്) മെല്ലാമുള്ള പ്രവാചകനിർദേശങ്ങൾ പ്രസ്തുത ധ്യാനവചനങ്ങളിൽ നിന്നുണ്ടാവുന്ന ജീവിതനിലപാടിന്റെ മഹത്വം കൂടിയാണ് പ്രഖ്യാപിക്കുന്നത്.
നഹ് നു നുസബ്ബിഹു ബി ഹംദിക്ക (نَحۡنُ نُسَبِّحُ بِحَمۡدِكَ) എന്ന വചനഖണ്ഡത്തെയാണ് 'ഞങ്ങൾ നിന്റെ മഹത്വത്തെ പ്രകീർത്തിക്കുന്നു'വെന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. 'സുബ്ഹാനല്ലാഹി വ ബിഹംദിഹി' (سُبْحَانَ اللّهِ وَ بِحَمْدِهِ) എന്ന ദിക്റിന്റെ മഹത്വത്തെക്കുറിച്ചാണ് മുകളിൽ സൂചിപ്പിച്ച ഹദീഥുകളിലെല്ലാം പ്രതിപാദിച്ചിരിക്കുന്നത്. സീൻ, ബാ, ഹാ (س ب ح) ത്രയാക്ഷരങ്ങളിൽ നിന്നുണ്ടായ സുബ്ഹാനിന്റെ (سُبْحَٰن) ഭാഷാപരമായ അർഥം 'എന്തിലെങ്കിലും പൊങ്ങിക്കിടക്കുക', 'നീന്തിത്തുടിക്കുക' എന്നെല്ലാമാണ്. ആകാശഗോളങ്ങൾ അവയുടെ പഥങ്ങളിൽ നിന്ന് തെറ്റാതെ നീന്തിത്തുടിക്കുന്നതിന് ഖുർആനിൽ 'യസ്ബഹൂൻ' (يَسْبَحُونَ) എന്ന് പ്രയോഗിച്ചിട്ടുണ്ട്. (21:33; 36:40). 'നീന്തി ഒഴുകി വരുന്നത്' എന്ന അർത്ഥത്തിൽ 'സബ്ഹൻ' (سَبْحًا) എന്നും ഖുർആനിലുണ്ട് (79:3). സീൻ, ബാ, ഹാ (س ب ح) ത്രയാക്ഷരങ്ങളാലുള്ള പദങ്ങൾ ഉപയോഗിച്ച 92 ഖുർആൻ വചനങ്ങളിൽ 88 വചനങ്ങളിലും അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുന്ന പരാമർശങ്ങളാണുള്ളത്. എല്ലാവിധ കളങ്കങ്ങൾക്കും മുകളിൽ പൊങ്ങിനിൽക്കുന്നതാണ് അല്ലാഹുവിന്റെ അസ്തിത്വമെന്ന് അംഗീകരിക്കുകയാണ് അവനെ പ്രകീർത്തിക്കുന്നവൻ ചെയ്യുന്നത്. "അവർ ഉണ്ടാക്കിപ്പറയുന്നതിൽ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധൻ" (37:159) എന്ന് പറയുന്നിടത്തും "അവർ പങ്കുചേർക്കുന്നതിൽ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധൻ" (52:43) എന്ന് പറയുന്നിടത്തും എല്ലാവിധ കളങ്കങ്ങളിൽ നിന്നും മുക്തമായവനായി അല്ലാഹുവിനെ അവതരിപ്പിക്കുകവാൻ 'സുബ്ഹാനല്ലാഹി' (سُبْحَانَ اللّهِ) എന്നാണ് ഖുർആൻ ഉപയോഗിച്ചിരിക്കുന്നത്. "പരിശുദ്ധനാണവൻ!അവർ പറഞ്ഞുണ്ടാക്കിയതിൽ നിന്നെല്ലാം ഉന്നതനും; അത്യുന്നതൻ"(17: 43) എന്ന് പറയുന്നിടത്ത് 'സുബ്ഹാനഹു' (سُبۡحٰنَهٗ) എന്നാണുള്ളത്. തെറ്റുകൾ പറ്റാത്തവനും കളങ്കങ്ങളൊന്നുമില്ലാത്തവനുമായി അല്ലാഹുവിനെ അംഗീകരിക്കുകയാണ് 'സുബ്ഹാനല്ലാഹ്' എന്ന് മനസ്സറിഞ്ഞ് പറയുന്നവൻ ചെയ്യുന്നത് എന്നാണ് ഇവ വ്യക്തമാക്കുന്നത്.
കേവലമായി 'നിന്നെ പ്രകീർത്തിക്കുന്നു'വെന്ന് പറയാതെ 'നിന്റെ മഹത്വത്തെ പ്രകീർത്തിക്കുന്നു' (نُسَبِّحُ بِحَمۡدِكَ) എന്നാണ് ഇവിടെ മലക്കുകൾ പറയുന്നതെന്നു കാര്യം ശ്രദ്ധേയമാണ്. അല്ലാഹുവിന്റെ 'ഹംദി'നെയാണ് ഇവിടെ തസ്ബീഹ് ചെയ്യുന്നത്. തഹ്മീദിനേയും തസ്ബീഹിനെയും ബന്ധപ്പെടുത്തിക്കൊടുള്ള നിരവധി വചനങ്ങൾ ഖുർആനിലുണ്ട്. (17: 44, 20:130, 25:58, 32:15, 39:75, 40:7, 40:55, 42:5, 50:39, 52:48, 110:3). മലക്കുകൾ ചെയ്യുന്നത് അല്ലാഹുവിന്റെ ഹംദിനെ തസ്ബീഹ് ചെയ്യുകയാണ്.(39:75, 40:7, 42:5). സപ്തവാനങ്ങളും അവയിലുള്ളവയുമെല്ലാം ചെയ്യുന്നതും (17: 44) അത് തന്നെ. പ്രവാചകനോട് കല്പിച്ചിരിക്കുന്നത് അങ്ങനെ ചെയ്യുവനാണ് (20:130, 25:58, 40:55, 50: 39, 52:48, 110:3). യഥാർത്ഥ വിശ്വാസികളുടെ സ്വഭാവമായി എടുത്ത് പറഞ്ഞിരിക്കുന്നതും അല്ലാഹുവിന്റെ ഹംദിനെ തസ്ബീഹ് ചെയ്യുന്നവരായിരിക്കും അവരെന്നാണ് (32: 15). ഹംദിനെക്കുറിച്ച് ഫാത്തിഹയുടെ ആസ്വാദനത്തിൽ നാം ചർച്ച ചെയ്തിട്ടുണ്ട്. കൃതജ്ഞതയുൾക്കൊള്ളുന്ന സ്തുതിയാണ് ഹംദ് [حمد]. അവന്റെ മഹത്വം ശരിയ്ക്കും ഉൾക്കൊണ്ടുകൊണ്ടുള്ള സ്തുതി. തനിക്കുണ്ടാവുന്ന സുഖങ്ങളും സന്തോഷങ്ങളുമെല്ലാം അല്ലാഹുവിൽ നിന്നുള്ളതായത് പോലെ അവന്റെ വ്യവസ്ഥയുടെ ഭാഗമായി തനിക്കുണ്ടാവുന്ന ദുഃഖങ്ങളെയും പ്രയാസങ്ങളെയും കാണാൻ കഴിയുന്നവർക്കേ അവനെ സ്തുതിക്കാനാവൂ. തനിക്ക് സുഖങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളും പ്രയാസങ്ങളുമെല്ലാം നൽകുന്ന വ്യവസ്ഥകളുടെ മുഴുവൻ രക്ഷിതാവിനെ കൃതജ്ഞതാപൂർവ്വം സ്തുതിക്കുന്നവർ ജീവിതത്തെ സൃഷ്ടിപരമായി മാത്രം നോക്കിക്കാണുന്നവരായിരിക്കും. അവൻ അന്യൂനനാണെന്ന് മനസ്സിലാക്കുകയും അവനിൽ നിന്നുണ്ടാവുന്നതെല്ലാം നന്മയാണെന്ന് ഉൾക്കൊള്ളുകയും ചെയ്യുന്നവർക്കേ 'സുബ്ഹാനല്ലാഹി വ ബിഹംദിഹി' (سُبْحَانَ اللّهِ وَ بِحَمْدِهِ) എന്ന് ആത്മാർത്ഥമായി പറയാൻ കഴിയൂ. പ്രസ്തുത ഉൾക്കൊള്ളലായിരിക്കണം ആ വചനത്തിന് അല്ലാഹുവിന്റെ തുലാസിൽ അത്രയ്ക്കും കനമുണ്ടാക്കുവാൻ കാരണം.
അല്ലാഹുവിന്റെ മഹത്വത്തെ പ്രകീർത്തിക്കുന്നതോടൊപ്പം തന്നെ അവന്റെ പരിശുദ്ധിയെ വാഴ്ത്തുക കൂടി ചെയ്യുന്നവരായിരിക്കും ധന്യമായ ജീവിതം നയിക്കുന്നവർ എന്നുകൂടി മനസ്സിലാക്കുന്നതോടെ മനുഷ്യമഹത്വത്തിന്റെ പാരമ്യത്തിലെത്താനുള്ള മാർഗ്ഗമെന്താണെന്ന് വ്യക്തമാവുന്നു. അവന്റെ മഹത്വത്തെ പ്രകീർത്തിക്കുകയും അവന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവർക്ക് അവനിൽ നിന്നുള്ള മാർഗ്ഗദർശനപ്രകാരമല്ലാതെ ജീവിക്കാനാവില്ല. പരിശുദ്ധനായ അവനിൽ നിന്നുള്ള ജീവിതദർശനമാണ് തന്റെ പരിശുദ്ധിക്കും ആവശ്യമെന്ന ബോധം സ്വാഭാവികമായും അത്തരക്കാർക്കുണ്ടാവും. അങ്ങനെയുള്ള ജീവിതമാണ് മനുഷ്യരെ ഖിലാഫത്തിന്റെ സൃഷ്ടിപരമായ തലങ്ങളിലേക്ക് നയിക്കുന്നത്. നാഗരികതകൾ സൃഷ്ടിക്കുന്നവരായ മനുഷ്യർ ധാർമ്മികമായ ജീവിതം നയിക്കാൻ കൂടി സന്നദ്ധമായാൽ ഭൂമിയിൽ ഏറെ നന്മ വിരിയിക്കാൻ അവർക്ക് കഴിയും; മരണാനന്തരം നന്മകളുടെ കേദാരമായ സ്വർഗം കാത്തിരിക്കുന്നതും അവർക്ക് വേണ്ടിയാണ്.
30. وَإِذْ قَالَ رَبُّكَ لِلْمَلائِكَةِ إِنِّي جَاعِلٌ فِي الأَرْضِ خَلِيفَةً قَالُواْ أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ الدِّمَاء وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ قَالَ إِنِّي أَعْلَمُ مَا لاَ تَعْلَمُونَ