Latest Quran Studies

/Latest Quran Studies
സൂറത്തുൽ ബഖറ (പശു)

ബഖറയെപറ്റി...

പ്രാരംഭാദ്ധ്യായത്തിലെ പ്രാർത്ഥനയോടെ നാം ഖുർആനിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. 'സ്തുതികളെല്ലാം അർഹിക്കുന്നവനായ സർവ്വ ലോകങ്ങളുടെയും രക്ഷിതാവും പരമകാരുണികനും കരുണാനിധിയും പ്രതിഫലനാളിന്റെ ഉടമസ്ഥനും ഒരേയൊരു ആരാധനാമൂർത്തിയും ആത്യന്തികമായ സഹായദാതാവുമായ അല്ലാഹുവിനോട്… തുടർന്നു വായിക്കുക

പ്രാരംഭാദ്ധ്യായത്തിലെ പ്രാർത്ഥനയോടെ നാം ഖുർആനിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. 'സ്തുതികളെല്ലാം അർഹിക്കുന്നവനായ സർവ്വ ലോകങ്ങളുടെയും രക്ഷിതാവും പരമകാരുണികനും കരുണാനിധിയും പ്രതിഫലനാളിന്റെ ഉടമസ്ഥനും ഒരേയൊരു ആരാധനാമൂർത്തിയും ആത്യന്തികമായ സഹായദാതാവുമായ അല്ലാഹുവിനോട് അവൻ അനുഗ്രഹിച്ചവരുടെ മാർഗത്തിലൂടെ നയിക്കുവാനും അവൻ കോപിച്ചവരുടെയും വഴിതെറ്റിയവരുടെയും പാതയിൽ നിന്ന് അകറ്റുവാനും പ്രാർത്ഥിച്ചുകൊണ്ടാണ് നാം ഖുർആനിനകത്തേക്ക് കടന്നത്. നാം പടച്ചവനോട് ചോദിച്ചത് മാർഗദർശനമാണ്. അവൻ അനുഗ്രഹിച്ചവരുടെ മാർഗത്തിലൂടെ നയിക്കണമെന്നാണ്; അവർ കോപിച്ചവരുടെ പാതയിൽ നിന്നും വഴിപിഴച്ചവരുടെ പാന്ഥാവിൽ നിന്നും രക്ഷിക്കേണമേയെന്നാണ്. നേരായ മാർഗത്തിലൂടെ ചരിക്കണമെങ്കിൽ നാഥന്റെ ആന്തരികവും ബാഹ്യവുമായ അനുഗ്രഹങ്ങൾ വേണം. നന്മയുടെ പാതയേതാണെന്ന് അറിഞ്ഞു കഴിഞ്ഞാൽ അത് സ്വീകരിക്കുവാനുള്ള മനസ്സുണ്ടാകുന്നതാണ് ആന്തരികമായ അനുഗ്രഹം. സത്യമാർഗം കാണാനും മനസ്സിലാക്കാനുമുള്ള അവസരമുണ്ടാവുകയാണ് ബാഹ്യമായ അനുഗ്രഹം. ഈ രണ്ട് അനുഗ്രഹങ്ങളും ആഗ്രഹിച്ചുകൊണ്ടും അവയ്ക്കായി പ്രാർത്ഥിച്ചുകൊണ്ടും ഖുർആനിനകത്തേക്ക് പ്രവേശിക്കുന്നവരെ സമ്പൂർണമായി സംതൃപ്തമാക്കുന്ന അധ്യായമാണ് സൂറത്തുൽ ബഖറ. രണ്ട് തരം അനുഗ്രഹങ്ങളുടെയും സംഗമസ്ഥാനമാണ് ഖുർആൻ എന്ന പ്രഖ്യാപനം കൊണ്ടാരംഭിക്കുന്ന അൽ ബഖറ യഥാർത്ഥത്തിൽ ഫാതിഹയുടെ തുടർച്ചയായാണ് അനുവാചകന് അനുഭവപ്പെടുക. ആന്തരാനുഗ്രഹമായ ഭയഭക്തിയുൾക്കൊള്ളാൻ കഴിഞ്ഞിട്ടുള്ളവർക്കുള്ള ബാഹ്യാനുഗ്രഹമായ മാർഗദർശകവെളിപാടാണ് ഈ ഗ്രന്ഥമെന്ന പ്രഖ്യാപനത്തോടെ തുടങ്ങുന്ന അൽ ബഖറ, ഫാത്തിഹയുടെ ഒടുക്കത്തിലെ വിശ്വാസിയുടെ പ്രാർത്ഥനക്കുള്ള ഉത്തരമാണ്; ദൈവികമായ മറുപടി!

ഖുർആനിലെ ഏറ്റവും വലിയ അധ്യായമാണ് സൂറത്തുൽ ബഖറ. 286 ആയത്തുകളും 6,201വാക്കുകളും 25,500 അക്ഷരങ്ങളുമുള്ള ബ്രഹത്തായ സൂറത്ത്. പ്രവാചകന്റെ മദീനാജീവിതത്തിന്റെ തുടക്കത്തിലാണ് ഇതിലെ മിക്ക ആയത്തുകളും അവതരിക്കപ്പെട്ടത്; അവസാനത്തിൽ അവതരിപ്പിക്കപ്പെട്ട ചുരുക്കം ചില ആയത്തുകളും ഈ അധ്യായത്തിലുണ്ട്. ആകാശാരോഹണസന്ദർഭത്തിലാണ് ബഖറയുടെ അവസാനസൂക്തങ്ങൾ പ്രവാചകന്ന് അവതരിപ്പിക്കപ്പെട്ടതെന്ന് അബ്ദുല്ലാഹി ബ്നു ഉമർ (റ) പറഞ്ഞതായി സ്വഹീഹ് മുസ്‌ലിമിൽ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. (കിതാബുൽ ഈമാൻ) അതുകൊണ്ട് തന്നെയായിരിക്കണം, ഈ വചനങ്ങൾക്ക് പ്രത്യേകമായ പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവാചകവചനങ്ങൾ കാണാനാവുന്നത്. "ആരെങ്കിലും രാത്രിയിൽ സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ പാരായണം ചെയ്‌താൽ അത് അവർക്ക് മതിയാകുന്നതാണ്" എന്ന് പ്രവാചകൻ (സ) പറഞ്ഞതായി അബൂ മസ്ഊദുൽ അൻസാരിയിൽ നിന്ന് ബുഖാരിയടക്കമുള്ള പ്രമുഖമായ ഹദീഥ് സമാഹാരങ്ങളെല്ലാം നിവേദനം ചെയ്തിട്ടുണ്ട്. (ബുഖാരി, അബൂദാവൂദ്, തിർമിദി, ഇബ്നു മാജ, നസാഈ)

സൂറത്തുൽ ബഖറയുടെ പാരായണത്തിന് പ്രവാചകൻ (സ) പ്രത്യേകം പ്രോത്സാഹിപ്പിച്ചതായി കാണാൻ കഴിയും. പ്രവാചകൻ പറഞ്ഞത് താൻ കേട്ടതായി അബൂ ഉമാമ നിവേദനം ചെയ്യുന്നു. "നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക; ഉയിർത്തെഴുന്നേൽപ്പിന്റെ നാളിൽ അത് പാരായണം ചെയ്യുന്നവർക്ക് ശിപാർശകനായി വരും. രണ്ട് ഉജ്ജ്വലപ്രകാശങ്ങൾ, അഥവാ സൂറത്തുൽ ബഖറയും സൂറത്ത് ആലുഇമ്രാനും പാരായണം ചെയ്യുക. പുനരുത്ഥാനനാളിൽ അവ രണ്ട് മേഘങ്ങളോ തണലുകളോ അനുഗ്രഹീതമായ രണ്ട് പക്ഷിക്കൂട്ടങ്ങളോ ആയി അവ പാരായണം ചെയ്തവർക്ക് വേണ്ടി യാചിച്ച് കൊണ്ട് വന്നെത്തും. സൂറത്തുൽ ബഖറ പാരായണം ചെയ്യുക; അതിനെ അവലംബിക്കുന്നത് അനുഗ്രഹവും അതിനെ അവഗണിക്കുന്നത് ദുഃഖകാരണവുമാണ്. മാരണവിദ്യക്കാർക്ക് അതിനോട് എതിരിടുവാൻ കഴിയുകയുമില്ല" (സ്വഹീഹു മുസ്‌ലിം, കിതാബു സ്സ്വലാത്തിൽ മുസാഫിരീന വ ഖസറിഹാ)

അല്ലാഹുവിന്റെ ദൂതൻ പറഞ്ഞതായി അബൂ ഹുറൈറ (റ) നിവേദനം ചെയ്യുന്നു. "നിങ്ങളുടെ വീടുകൾ കബറിടങ്ങളെപ്പോലെയാക്കരുത്. സൂറത്തുൽ ബഖറ പാരായണം ചെയ്യുന്ന വീടുകളിൽ നിന്ന് ചെകുത്താൻ ഓടിപ്പോകുന്നു." (സ്വഹീഹു മുസ്‌ലിം, കിതാബു സ്സ്വലാത്തിൽ മുസാഫിരീന വ ഖസറിഹാ)

ഉസൈദ് ബ്നു ഹുദൈറിൽ നിന്ന് നിവേദനം: ഒരു രാത്രിയിൽ അദ്ദേഹം കെട്ടിയിട്ട തന്റെ കുതിരക്കടുത്ത് വെച്ച് സൂറത്തുൽ ബഖറ പാരായണം ചെയ്തപ്പോൾ കുതിര ഭയചകിതമാകുവാനും പ്രയാസങ്ങളുണ്ടാക്കുവാനും തുടങ്ങി. പാരായാണം നിർത്തിയപ്പോൾ കുതിര ശാന്തനായി. വീണ്ടും പാരായണം തുടങ്ങിയപ്പോൾ കുതിര ഭയചകിതമാകുവാനും പ്രയാസങ്ങളുണ്ടാക്കുവാനും തുടങ്ങി. പിന്നെ പാരായാണം നിർത്തിയപ്പോൾ കുതിര ശാന്തനായി. ഇത് വീണ്ടും ആവർത്തിച്ചു. അദ്ദേഹത്തിന്റെ മകൻ യഹ്‌യ കുതിരയ്ക്കടുത്തുണ്ടായിരുന്നു. കുതിര അവനെ ചവിട്ടിത്തള്ളിയിടുമോയെന്ന് അദ്ദേഹം ഭയന്നു. മകനെ കുതിരക്കടുത്ത് നിന്ന് മാറ്റിയിട്ട് അദ്ദേഹം ആകാശത്തിലേക്ക് നോക്കിയപ്പോൾ അദ്ദേഹം അത് കണ്ടില്ല. പിറ്റേന്ന് പ്രവാചകനെ ഇത് അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "ഇബ്നു ഹുദൈറേ നീ ഓതുക, ഇബ്നു ഹുദൈറേ നീ ഓതുക". അദ്ദേഹം മറുപടി പറഞ്ഞു: "പ്രവാചകരേ, കുതിരയ്ക്കടുത്തുണ്ടായിരുന്ന എന്റെ മകൻ യഹ്‌യയെ അത് ചവിട്ടിത്തള്ളിയിടുമോയെന്ന് ഞാൻ ഭയന്നു. അതിനാൽ ഞാൻ ആകാശത്തേക്ക് നോക്കിക്കൊണ്ട് അവന്റെയടുത്തേക്ക് ചെന്നു; ആകാശത്തേക്ക് നോക്കിയപ്പോൾ വിളക്കുകളെ പോലെ തോന്നിപ്പിക്കുന്ന എന്തോ ഉള്ളടങ്ങിയ മേഘത്തെപ്പോലെയുള്ള ഒരു സാധനം ഞാൻ കണ്ടു. അത് കാണാതിരിക്കാനായി ഞാൻ അവിടെനിന്ന് പോയി. നബി ചോദിച്ചു: "അതെന്താണെന്ന് താങ്കൾക്കറിയാമോ?" ഇല്ലെന്ന് ഇബ്നു ഹുദൈർ മറുപടി പറഞ്ഞു. പ്രവാചകൻ പ്രതിവചിച്ചു: "താങ്കളുടെ സ്വരം കേട്ട് നിന്റെയടുക്കലേക്ക് വന്ന മലക്കുകളാണത്. പ്രഭാതോദയം വരെ നീ അത് പാരായണം ചെയ്തിരുന്നുവെങ്കിൽ നേരം വെളുക്കുന്നതു വരെ അത് അവിടെയുണ്ടാകുമായിരുന്നു. അത് അപ്രത്യക്ഷമാകാത്തതുകൊണ്ട് തന്നെ ജനം അത് കാണുമായിരുന്നു" (സ്വഹീഹുൽ ബുഖാരി, കിതാബു ഫദാഇലിൽ ഖുർആൻ)

ആശയസമൃദ്ധമാണ് സൂറത്തുൽ ബഖറ. മൗലികതത്വങ്ങള്‍, വിശ്വാസ സിദ്ധാന്തങ്ങള്‍, കര്‍മപരമായ വിധിവിലക്കുകള്‍, നിയമ നിര്‍ദ്ദേശങ്ങള്‍, സാരോപദേശങ്ങള്‍, ഉപമകള്‍, ദൃഷ്ടാന്തങ്ങള്‍, ചരിത്ര സംഭവങ്ങള്‍, സദാചാരമൂല്യങ്ങള്‍, സന്തോഷ വാര്‍ത്തകള്‍, താക്കീതുകള്‍ എന്നിങ്ങനെ അതിലെ പ്രതിപാദ്യവിഷയങ്ങൾ നിരവധിയാണ്. 'എല്ലാ വസ്തുക്കൾക്കും ഒരു പൂഞ്ഞയുണ്ട്. ഖുർആനിന്റെ പൂഞ്ഞ സൂറത്തുൽ ബഖറ'യാണെന്ന് (അബൂ ഹുറൈറയിൽ നിന്ന് ജാമിഉത്തിർമിദിയിലെ, 'കിതാബു ഫദാഇലിൽ ഖുർആനി'ൽ ഉദ്ധരിച്ച ഈ ഹദീഥിന്റെ നിവേദക പരമ്പരയിൽ ദുർബലതയുണ്ടെങ്കിലും ശൈഖ് അൽബാനി തന്റെ സിൽസിലത്ത് സ്വഹീഹായിൽ അബ്ദുല്ലാഹി ബ്നു മസ്ഊദിൽ നിന്ന് സ്വീകാര്യമായ പരമ്പരയുടെ ഇതേ വചനങ്ങൾ ഉദ്ധരിക്കുന്നുണ്ട്, ഹദീഥ് 588 ) നബി (സ) പറയാനുള്ള കാരണം ഇതിലെ ആശയങ്ങളുടെ സമൃദ്ധിയാകാം. ഒട്ടകത്തിന്റെ പൂഞ്ഞ അതിന്റെ വ്യക്തിത്വത്തെ വെളിപ്പെടുത്തി ഉയർന്നു നിൽക്കുന്നതുപോലെ ഖുർആനികാശയങ്ങളെ ഏകദേശം സമഗ്രമായിത്തന്നെ ഉൾക്കൊണ്ടുകൊണ്ട് തലയുയർത്തി നിൽക്കുന്ന അധ്യായമാണ് അൽ ബഖറയെന്ന് പറയാം.

ആശയങ്ങളാൽ സമൃദ്ധമായ സൂറത്തുൽ ബഖറയുടെ കേന്ദ്രപ്രമേയമെന്താണ്? ആശയങ്ങൾ ചിതറിക്കിടക്കുന്നതുപോലെ തോന്നിക്കുന്ന സൂറത്തുൽ ബഖറയ്ക്ക് ഒരു കേന്ദ്രപ്രമേയമില്ലെന്ന് കരുതുന്നവരുണ്ടാവാം. സശ്രദ്ധമായ പഠനം അത് ശരിയല്ലെന്ന നിഗമനത്തിലാണ് നമ്മെ കൊണ്ട് ചെന്നെത്തിക്കുക. കേന്ദ്രപ്രമേയമെന്താണെന്ന ചോദ്യത്തിനുള്ള ഉത്തരം 286 ആയത്തുകളുള്ള ഈ സൂറത്തിന്റെ കേന്ദ്രത്തിൽ തന്നെയുണ്ട്. 143ആമത്തെ ആയത്ത് നോക്കുക. "അപ്രകാരം നാം നിങ്ങളെ ഒരു മാധ്യമസമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക്‌ സാക്ഷികളായിരിക്കുവാനും ദൂതൻ നിങ്ങള്‍ക്ക്‌ സാക്ഷിയായിരിക്കുവാനും വേണ്ടി." മുഴുവൻ മനുഷ്യർക്കും വേണ്ടി നിയോഗിക്കപ്പെട്ട മധ്യമസമുദായമായുള്ള മുഹമ്മദ് നബിയുടെ ഉമ്മത്തിന്റെ നിയോഗം പ്രഖ്യാപിക്കുന്നതാണ് ഈ വചനം. ഈ വചനത്തിന് ചുറ്റുമാണ് സൂറത്തുൽ ബഖറയിലെ മറ്റു വചനങ്ങളെല്ലാം ഭ്രമണം ചെയ്യുന്നതെന്ന് സൂക്ഷ്മമായി പഠിച്ചാൽ കാണാൻ കഴിയും. സ്രഷ്ടാവിന് മാത്രമുള്ള ആരാധനയുടെ പ്രോജ്ജ്വലപ്രവാചകനായിരുന്ന ഇബ്‌റാഹീമിന്റെ മക്കളിൽ രണ്ടാമത്തെവനായ ഇസ്‌ഹാഖിന്റെ പുത്രപാരമ്പര്യത്തിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു വന്ന ദൈവികമതത്തിന്റെ പ്രചാരണദൗത്യം ഒന്നാമത്തെ മകനായ ഇസ്മാഈലിന്റെ പുത്രപാരമ്പര്യത്തിലെ മുഹമ്മദ് നബിയിലൂടെ മുഴുവൻ മനുഷ്യരിലേക്കുമായി പറിച്ച് നടുന്നതിന്റെ പ്രഖ്യാപനമാണ് 143 ആമത്തെ വചനം. ഈ വചനമാണ് സൂറത്തുൽ ബഖറയുടെ കേന്ദ്രപ്രമേയമെന്ന് പറയാവുന്നതാണ്.

ഖുർആൻ സൂക്തങ്ങളുടെ വളയഘടനെക്കുറിച്ച് ഗവേഷണം നടത്തിയവരും സൂറത്തുൽ ബഖറയുടെ കേന്ദ്രമായി സൂചിപ്പിച്ചിട്ടുള്ളത് ഈ വചനമാണ്. സൂറത്തുൽ ബഖറയിലെ മുഴുവൻ വചനങ്ങളേയും ഒമ്പത് വിഭാഗങ്ങളാക്കിയാൽ ആദ്യത്തെ പാതി രണ്ടാമത്തെ പാതിയുടെ നേർപ്രതിഫലനങ്ങളായി കാണാൻ കഴിയുമെന്നാണ് ഗവേഷകനായ കുവൈറ്റ് അമേരിക്കൻ സർവകലാശാലയിലെ അറബിക് പ്രൊഫസറായ റെയ്മണ്ട് ഫാരിൻ തന്റെ പഠനത്തിൽ സമർത്ഥിക്കുന്നത്.(Raymond Farrin: Structure and Qur'anic interpretation : a study of symmetry) അദ്ദേഹത്തിന്റെ വിഭാഗീകരണം ഇങ്ങനെയാണ്:

1. വിശ്വാസവും അവിശ്വാസവും (1 – 20).

2. അല്ലാഹുവിന്റെ സൃഷ്ടിയും അറിവും (21 – 39).

3. ഇസ്രായീല്യർക്ക് നിയമങ്ങൾ നൽകിയത് (40 – 103).

4. ഇബ്രാഹിം പരീക്ഷിക്കപ്പെട്ടത് (104 – 141).

5. കഅ്ബയാണ് പുതിയ ഖിബ്‌ല (142 – 152).

6. മുസ്‌ലിംകൾ പരീക്ഷിക്കപ്പെടും (153 – 177).

7. മുസ്‌ലിംകൾക്ക് നൽകുന്ന നിയമങ്ങൾ (178 – 253).

8. അല്ലാഹുവിന്റെ സൃഷ്ടിയും അറിവും (254 – 284).

9. വിശ്വാസവും അവിശ്വാസവുംf (285 – 286).

ഇതിൽ ഒന്നാം ഭാഗവും ഒൻപതാം ഭാഗവും വിശ്വാസവും അവിശ്വാസവുമായി ബന്ധപ്പെട്ട ഒരേ വിഷയങ്ങളുടെ പ്രതിഫലങ്ങളാണ്. അല്ലാഹുവിന്റെ സൃഷ്ടിയെയും ജ്ഞാനത്തെയും കുറിച്ച പ്രതിപാദനങ്ങൾ വഴി രണ്ടും എട്ടും സമാനമായ വിഷയങ്ങളുടെ പ്രതിഫലനമായിത്തീരുന്നു. മൂന്ന് ഇസ്രായീല്യർക്ക് നൽകിയ നിയമങ്ങളെക്കുറിച്ചും അവിടെ അവർ കാണിച്ച അനുസരണക്കേടുകളെക്കുറിച്ചും തന്മൂലം അവർക്കുണ്ടായ കെടുതികളെക്കുറിച്ചുമാണെങ്കിൽ ഏഴ് മുസ്‌ലിംകൾക്ക് നൽകുന്ന നിയമങ്ങളെക്കുറിച്ചും അവ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്. നാല് ഇബ്റാഹീം നബി അനുഭവിച്ച പരീക്ഷണങ്ങളെയും ദൈവികസമർപ്പണം വഴി അദ്ദേഹം അവയെ നേരിട്ടതുവഴി ഉണ്ടായ വലിയ വിജയത്തെക്കുറിച്ചുമുള്ളതാണെങ്കിൽ ആറ് മുസ്‌ലിംകൾക്ക് ഉണ്ടാകാൻ പോകുന്ന പരീക്ഷണങ്ങളെയും ദൈവസർപ്പണം വഴി അവയെ നേരിടുന്നതെങ്ങനെയെന്ന പാഠത്തെയും കുറിച്ച പരാമർശങ്ങളാണുൾക്കൊള്ളുന്നത്.

ഇബ്റാഹീമീപുത്രനായ ഇസ്‌ഹാഖിന്റെ പാരമ്പര്യത്തിൽ വന്ന ഇസ്രാഈലി പ്രാവാചകന്മാരിൽ പലരും തങ്ങളുടെ പ്രാർത്ഥനാകേന്ദ്രമായി ഉപയോഗിച്ചിരുന്ന ഫലസ്തീനിലെ ബൈത്തുൽ മുഖദ്ദസിൽ നിന്ന് ഇബ്‌റാഹീമിന്റെ മറ്റൊരു പുത്രനായ ഇസ്മാഈലിപാരമ്പര്യത്തിൽ നില നിന്നുപോന്ന, മനുഷ്യർക്കായി നിർമിക്കപ്പെട്ട ആദ്യത്തെ ദൈവികഗേഹമായ മക്കയിലെ കഅബയിലേക്കുള്ള ഖിബ്‌ലമാറ്റത്തിന്റെ പ്രഖ്യാപനമാണ് അഞ്ചാം ഭാഗത്തിലുള്ളത്. മക്കയിലെ മുഹമ്മദിൽ നിന്ന് മദീനയിലെ മുഹമ്മദിലേക്കുള്ള മാറ്റം പ്രഖ്യാപിക്കുന്ന ഭാഗമാണിത്. ഇസ്‌ഹാഖിന്റെ പാരബര്യത്തിലുള്ള യേശുവിന്റെ പിൻഗാമിയായി ഇസ്മായിലിന്റെ മക്കളായ അറബികൾക്കിടയിൽ അറബികളെ പ്രാഥമികസംബോധിതരാക്കി നിയോഗിക്കപ്പെട്ടവനായ മുഹമ്മദ് ഇവിടെ വെച്ച് ലോകത്തിന്റെ മാർഗദർശിയെന്ന ഇബ്റാഹീമീപഥത്തിലേക്ക് പ്രവേശിക്കുകയാണ്. ഇബ്‌റാഹീമിന്റെ മകനായ ഇസ്ഹാഖിന്റെ മകനായ യാക്കോബിന്റെ മകനായ യൂദായുടെ മകനായ പെരസിന്റെ മകനായ സാൽമോന്റെ മകനായ ബോവസിന്റെ മകനായ ദാവീദ് നിർമിച്ച ജറൂസലമിൽ നിന്ന് ദൈവികമതത്തിന്റെ കേന്ദ്രം അവരുടെയെല്ലാം പൂർവ്വപിതാവും എന്നാൽ ആർക്കും തങ്ങളുടെ ഗോത്രപിതാവെന്ന് അവകാശവാദമുന്നയിക്കാനാവാത്ത വ്യക്തിത്വവുമായ ഇബ്‌റാഹീം തന്നെ നിർമ്മിച്ച കഅബയിലേക്ക് തന്നെ പറിച്ച് നടുകയാണ്. ഈ പറിച്ചു നടലിനെ നടുവിൽ നിർത്തി അതിന്ന് ഇരുവശത്തുമായി പ്രതിഫലനങ്ങളായി വിന്യസിച്ചിരിക്കുന്ന ആയത്തുകളുടെ കൂട്ടത്തെ പഠനവിധേയമാക്കുമ്പോഴാണ് മധ്യമസമുദായം എന്ന പ്രമേയത്തിനു ചുറ്റും അൽബഖറയിലെ ആയത്തുകൾ ഭ്രമണം ചെയ്യുന്നത് ആസ്വദിക്കാനാവുക.

ഇസ്രാഈലിയ്യത്തിൽ നിന്ന് ഇസ്മായീലിയ്യത്തിലേക്കല്ല, ഇബ്‌റാഹീമിയത്തുൾക്കുള്ളുന്ന സമ്പൂർണമായ മാനവികതയിലേക്കുള്ള പരിവർത്തനമാണ് ഖിബ്‌ലമാറ്റത്തിലൂടെ നടന്നതെന്ന് മനസ്സിലാക്കാൻ മാറ്റത്തെക്കുറിച്ച് സംസാരിക്കുന്ന അഞ്ചാം കൂട്ടത്തിലെ ഒന്നാമത്തെ, അഥവാ സൂറത്തിലെ 142ആമത്തെ ആയത്തിന്റെ ഉള്ളടക്കം പരിശോധിച്ചാൽ മതി. 'കിഴക്കും പടിഞ്ഞാറുമെല്ലാം അല്ലാഹുവിന്നുള്ളതാണ്'! ഇനിയെന്ത് ഗോത്രമാഹാത്മ്യം ?! എന്ത് പ്രാദേശികൗന്നത്യം?!! ഈ മാറ്റം വഴി ലോകത്തുള്ള മനുഷ്യർക്കെല്ലാം സാക്ഷികളായിത്തിത്തീരാൻ പോവുകയാണ് മുഹമ്മദ് നബിയുടെ സമുദായം. അതാണ് സൂറത്തിന്റെ മധ്യത്തിലെ പ്രഖ്യാപനം. 286 വചനങ്ങളുള്ള സൂറത്തിന്റെ മധ്യത്തിൽ 143 ആം വചനത്തിൽ തന്നെ മധ്യമസമുദായമായുള്ള നിയോഗത്തെയും അതിന്റെ ദൗത്യത്തെയും പറ്റിയുള്ള പരാമർശം വന്നത് യാദൃച്ഛികമാണെന്ന് കരുതുക വയ്യ. അതാണ് അല്ലാഹുവിന്റെ രീതി. ആർക്കും അനുകരിക്കാൻ കഴിയാത്ത വിധം തന്റെ വചനങ്ങളുടെ ക്രമം പോലും നിർണയിച്ചവനാണവൻ. ഖുർആനിന്റെ പൂഞ്ഞയെന്ന് മുഹമ്മദ് നബി വിശേഷിപ്പിച്ച സൂറത്തുൽ ബഖറയുടെ പൂഞ്ഞയാണീ നടുവിലെ വചനം. "അപ്രകാരം നാം നിങ്ങളെ ഒരു മധ്യമസമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക്‌ സാക്ഷികളായിരിക്കുവാനും ദൂതൻ നിങ്ങള്‍ക്ക്‌ സാക്ഷിയായിരിക്കുവാനും വേണ്ടി." അതെ. അതാണ് ഈ സൂറത്തിന്റെ പ്രമേയം.

ഈ പ്രമേയത്തന്റെ വെളിച്ചത്തിൽ നോക്കുമ്പോഴാണ് സൂറത്തിന് അല്ലാഹു നൽകിയ തലക്കെട്ടിനെയും യഥാവിധം ആസ്വദിക്കാനാവുക. അൽബഖറ എന്നാൽ കേവലമൊരു പശുവല്ല. പ്രത്യേകമായ പശുവാണ്. The Cow എന്നാണ് ഇംഗ്ലീഷിലെ അതിനുള്ള പരിഭാഷ. ഈ സൂറത്തിലെ 67 മുതൽ 73വരെയുള്ള വചനങ്ങളിലാണ് ആ പശുവെക്കുറിച്ച കഥനം കടന്നുവരുന്നത്. ഇതേപോലുള്ള ഒരു പശുവിനെപ്പറ്റി ബൈബിളിലെ സംഖ്യാപുസ്തകത്തിൽ പറയുന്നുണ്ടെങ്കിലും (പത്തൊന്പതാം അദ്ധ്യായം) ഖുർആൻ പ്രതിപാദിക്കുന്ന അനുസരണക്കേടിന്റെ ചിത്രീകരണം മറ്റെവിടെയുമില്ല. സ്വീകരിക്കാതിരിക്കുവാനുള്ള ഉപായങ്ങൾ കണ്ടെത്തുന്നതിന് വേണ്ടിയുള്ള അനാവശ്യമായ ചോദ്യം ചെയ്യലുകൾ വഴി വളരെ എളുപ്പത്തിൽ നടപ്പാക്കാമായിരുന്ന ഒരു ദൈവികകല്പനയുടെ പ്രയോഗവൽക്കരണം പ്രയാസകരമായിത്തീർന്ന കഥയാണത്. (കഥാപാഠം നമുക്ക് അതേക്കുറിച്ച വചനങ്ങൾ ആസ്വദിക്കുമ്പോൾ മനസ്സിലാക്കാം). അല്ലാഹുവിന്റെ കല്പന ചോദ്യം ചെയ്യാതെ അനുസരിക്കുകയെന്ന വിശ്വാസിസമൂഹത്തിനുണ്ടാവേണ്ട ഗുണത്തിൽ നിന്ന് 'യുക്തിബന്ധുരം' എന്ന് തങ്ങൾ കരുതുന്ന ചോദ്യം ചെയ്യലുകൾ വഴി നന്മയ്ക്ക് പകരം വലിയ തിന്മയും പ്രയാസങ്ങളുമാണുണ്ടാവുകയെന്ന പാഠത്തിന്റെ സൂചകമാണ് ഇവിടെ ആ പശു. സൂറത്തിന്റെ കേന്ദ്രപ്രമേയത്തെ ഈ സൂചകം പ്രകാശമാനമാക്കുന്നു. പ്രവാചകൻ തങ്ങൾക്ക് സാക്ഷികളായ രീതിയിൽ മനുഷ്യർക്ക് മുഴുവൻ സാക്ഷികളാവേണ്ടവർ ദൈവികകല്പനകളെ ചോദ്യം ചെയ്യാതെ അനുസരിക്കുകയാണ് വേണ്ടതെന്നും അല്ലെങ്കിൽ പശുവിന്റെ കാര്യത്തിൽ മൂസാനബിയുടെ ജനതയ്ക്കുണ്ടായതുപോലെയുള്ള പ്രയാസങ്ങളിലേക്കാണ് അവർ ആപതിക്കുക എന്നുമുള്ള വലിയ സന്ദേശമാണ് ഈ തലക്കെട്ട് നൽകുന്നത്. ഏഴ് വചനങ്ങളിൽ പ്രതിപാദിച്ചുപോകുന്ന ഒരു കഥയിലെ ജീവി മാത്രമല്ല സൂറത്തിന്റെ തലക്കെട്ടായ അൽബഖറ. സൂറത്തിന്റെ മൊത്തം പ്രമേയത്തെ ദ്യോതിപ്പിക്കുന്ന രൂപകമാണത്; ആശയബാഹുല്യങ്ങൾക്കിടയിൽ ഉയർന്നുനിൽക്കേണ്ട സൂറത്തിന്റെ കൊടുമുടി.

ഈ കൊടുമുടിയിൽ കയറി നിന്നുകൊണ്ടാണ് നാം സൂറത്തുൽ ബഖറയെ ആസ്വാദിച്ച് പഠിക്കേണ്ടത്. അതിനായുള്ള പരിശ്രമമാണ് അടുത്ത പുറങ്ങളിൽ.....

ചുരുക്കുക

51. وَإِذْ وَاعَدْنَا مُوسَى أَرْبَعِينَ لَيْلَةً ثُمَّ اتَّخَذْتُمُ الْعِجْلَ مِن بَعْدِهِ وَأَنتُمْ ظَالِمُونَ

51. മൂസാക്ക് നാം നാല്പത് രാത്രികൾ നിശ്ചയിച്ച സന്ദർഭവും; എന്നിട്ടും അതിന് ശേഷം നിങ്ങൾ ഒരു കാളക്കുട്ടിയെ സ്വീകരിച്ചു; നിങ്ങൾ അക്രമികളുമായിത്തീർന്നു.

പാരായണം
വിവര്‍ത്തനം
ആസ്വാദനം
പാരായണ നിയമം
ആസ്വാദനം

51. وَإِذْ وَاعَدْنَا مُوسَى أَرْبَعِينَ لَيْلَةً ثُمَّ اتَّخَذْتُمُ الْعِجْلَ مِن بَعْدِهِ وَأَنتُمْ ظَالِمُونَ

52. ثُمَّ عَفَوْنَا عَنكُمِ مِّن بَعْدِ ذَلِكَ لَعَلَّكُمْ تَشْكُرُونَ

52. പിന്നീട്, അതിന്ന് ശേഷം നാം നിങ്ങൾക്ക് പൊറുത്തുതന്നു; നിങ്ങൾ നന്ദി ചെയ്യുന്നവരാവുന്നതിനായി.

പാരായണം
വിവര്‍ത്തനം
ആസ്വാദനം
പാരായണ നിയമം
ആസ്വാദനം

52. ثُمَّ عَفَوْنَا عَنكُمِ مِّن بَعْدِ ذَلِكَ لَعَلَّكُمْ تَشْكُرُونَ