1921: സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ ചരിത്രവും പാഠവും

//1921: സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ ചരിത്രവും പാഠവും
//1921: സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ ചരിത്രവും പാഠവും
ആനുകാലികം

1921: സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ ചരിത്രവും പാഠവും

രിത്രത്തിലെവിടെയും ഫാഷിസം അവരുടെ വർഗീയ-തീവ്ര-വിദ്വേഷ പ്രചാരണങ്ങൾക്ക് ആശയാടിത്തറ നൽകിയത് ചരിത്രത്തെ പരമാവധി വക്രീകരിച്ചു കൊണ്ടാണ്. ജർമനിയിൽ ഹോളോകോസ്റ്റ്‌ ഒരു സുപ്രഭാതത്തിൽ പൊട്ടിപ്പുറപ്പെട്ടത് ആയിരുന്നില്ല. മറിച്ച് ജർമ്മനിയിലെ ജൂത സമൂഹത്തിനു നേരെ ഇല്ലാ കഥകൾ മെനഞ്ഞുണ്ടാക്കി ജർമ്മനിയുടെ ചരിത്രത്തെ മാറ്റിത്തിരുത്തി അവിടുത്തെ ജൂതരെ ചരിത്രത്തിലെയും രാജ്യത്തിലെയും വില്ലന്മാരാക്കി ചിത്രീകരിച്ച് തങ്ങളുടെ വെറുപ്പും വിദ്വേഷവും ചരിത്രത്തിന്റെ പട്ടിൽ പൊതിഞ്ഞുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു പൊതുബോധത്തെ മുഴുവൻ അതും പറഞ്ഞു വിശ്വസിപ്പിച്ചു ഒരു വലിയ പ്രക്രിയയിലൂടെയാണ് ഹിറ്റ്ലറിന്റെ നാസി ജർമ്മനി ഹോളോകോസ്റ്റ് നടപ്പിലാക്കിയത്.
ഫാഷിസത്തിന് ജർമ്മനി എന്നോ ഇറ്റലി എന്നോ ഇന്ത്യയെന്നോ വിവേചനമില്ല. അതിന്റെ സ്വഭാവം എല്ലായിടത്തും ഒരുപോലെയാണ്. ഒരു ജനതയെ രാജ്യത്തിന്റെ ശത്രുവാക്കി ചിത്രീകരിച്ചു അതിനെ ന്യായീകരിക്കാൻ വേണ്ടി ചരിത്രത്തെ വക്രീകരിക്കുക എന്നുള്ളത് എല്ലാ ഫാഷിസ്റ്റ് ഗവൺമെന്റുകളും ചെയ്തുപോന്ന ഒരു പ്രക്രിയയായിരുന്നു. അതിന്റെ ഒരു തുടർച്ച മാത്രമാണ് ഇന്ന് ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന മുസ്‌ലിം അപരവൽക്കരണവും ചരിത്ര വക്രീകരണവും.

ഇന്ത്യൻ സ്വാതന്ത്രസമര പോരാട്ടങ്ങളിലെ വളരെയേറെ പ്രസിദ്ധമായ മലബാർ സ്വാതന്ത്ര്യ സമരത്തെ കേവലം വർഗീയലഹളയായി ചിത്രീകരിച്ചു തങ്ങളുടെ തീവ്രഹിന്ദുത്വ നിലപാടുകളെ വെളുപ്പിച്ചെടുക്കുവാൻ വേണ്ടി ഇന്ത്യയിലെ സംഘപരിവാർ ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈയിടെ മലബാർ വിപ്ലവകാരികളെ സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയിൽ നിന്നും ഒഴിവാക്കിയ ദൗർഭാഗ്യകരവും അത്യന്തം അപകടകരവുമായ തീരുമാനം.

ഫാഷിസം അന്നും ഇന്നും എന്നും ഭയന്നിരുന്നത് ചരിത്രത്തെ ആയിരുന്നു. അന്നത്തെ ബ്രിട്ടീഷ് സർക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും വാങ്ങിച്ചുകൊണ്ട് അവരുടെ ഷൂസ് നക്കിക്കൊണ്ട് അവർക്ക് വിധേയത്വം പ്രഖ്യാപിച്ച ഭൂജന്മിമാരും സ്വന്തം നാടിനെ ഒറ്റിക്കൊടുത്ത സവർണ്ണ മേധാവിത്വത്തിനുമെതിരെ കീഴാളൻമാരും കർഷകരും മറ്റു മർദ്ദിത ജനങ്ങളും ഒരുമിച്ച് നടത്തിയ കാർഷിക- സ്വാതന്ത്ര്യ- ദേശീയ പോരാട്ടമായിരുന്നു മലബാർ വിപ്ലവം. അന്നത്തെ ബ്രിട്ടീഷ് സർക്കാരിന്റെ പാവകൾ ആയിരുന്നു ഭൂജന്മികൾ. അവരുടെ കീഴിൽ ജോലി ചെയ്തിരുന്ന എല്ലാവരെയും അന്നത്തെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പിന്തുണയോടെ പരമാവധി അടിച്ചമർത്തി ചൂഷണം ചെയ്തവരായിരുന്നു ഈ ഭൂജന്മികൾ. അവർ അക്ഷരാർത്ഥത്തിൽ കൊളോണിയൽ സർക്കാരിന്റെ സഖ്യകക്ഷികൾ തന്നെയായിരുന്നു. ഇതൊക്കെയാണ് ആ കാലഘട്ടത്തിലെ കേരളത്തിലെ വിശിഷ്യാ മലബാറിലെ സാമൂഹികാന്തരീക്ഷം. ഈ സാമൂഹികാന്തരീക്ഷം മലബാർ കലാപത്തിന് ആക്കം കൂട്ടുവാൻ കാരണമായിട്ടുണ്ട്. 1921 തിരൂരങ്ങാടിയിൽ മാർച്ച് ചെയ്തെത്തിയ പട്ടാളവും പോലീസും കലക്ടർ തോമസിന്റെയും ഡി.വൈ.എസ്.പി ഹിച്ച്കോക്കിന്റെയും നേതൃത്വത്തിൽ മമ്പുറം പള്ളിയും ഖിലാഫത്ത് കമ്മിറ്റി ഓഫീസും വളയുകയും മൂന്നു ഖിലാഫത്ത് പോരാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ സമയത്ത് പട്ടാളം മമ്പുറം മഖാം പൊളിച്ചു എന്ന വ്യാജ വാർത്ത പ്രചരിച്ചതിനെ തുടർന്ന് രണ്ടായിരത്തോളം മുസ്‌ലിംകൾ തിരൂരങ്ങാടിയിൽ തടിച്ചുകൂടി. ഇവർക്കെതിരെ ഏകപക്ഷീയമായി കൊളോണിയൽ പട്ടാളം വെടിയുതിർത്തു. ആ സംഭവത്തിൽ 300 പേരാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിനെ പ്രതിരോധിച്ച അവിടുത്തെ മുസ്‌ലിംകളെ വീണ്ടും അടിച്ചമർത്താൻ വേണ്ടി പിന്നെയും പട്ടാളത്തെ ഇറക്കിക്കൊണ്ട് ബ്രിട്ടീഷ് പട്ടാളം അവരുടെ ക്രൂരത തുടർന്നുകൊണ്ടിരുന്നു. ഇതിനെതിരെ അവിടുത്തെ ഖിലാഫത്ത് സംഘാംഗങ്ങൾ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന ധീരദേശാഭിമാനിയുടെ നേതൃത്വത്തിൽ സംഘടിതമായ ചെറുത്തുനിൽപ്പ് ആരംഭിച്ചു. ഈ സംഘട്ടനങ്ങളിൽ അവിടുത്തെ മേധാവികളായ ഭൂജന്മിമാർക്ക് കൂറ് ഉണ്ടായിരുന്നത് ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടത്തോട് ആയിരുന്നു. അതുകൊണ്ടുതന്നെ മലബാർ സമര പോരാളികൾ ഈ ഭൂജന്മിമാരുടെ അടിച്ചമർത്തലുകൾക്ക് എതിരെയും ചെറുത്തുനിൽപ്പും പ്രത്യാക്രമണങ്ങളും അഴിച്ചുവിട്ടിരുന്നു. ബ്രിട്ടീഷ് സഖ്യകക്ഷികളായ ഈ ജന്മിമാർക്കെതിരെ വാരിയൻകുന്നത്തിന്റെ നേതൃത്വത്തിലുള്ള ഖിലാഫത്ത് സൈന്യം നടത്തിയ പോരാട്ടത്തെ ആണ് തീവ്രഹിന്ദുത്വ ചരിത്രകാരന്മാർ ഹിന്ദു കൂട്ടക്കൊല ആയി ചരിത്രത്തെ വക്രീകരിച്ചു കൊണ്ട് അവതരിപ്പിക്കുന്നത്. വാരിയൻകുന്നത്ത് ഒരിക്കലും ഒരു വർഗീയവാദി ആയിരുന്നില്ല മറിച്ച് മതേതര മൂല്യങ്ങളെ നെഞ്ചോട് ചേർത്ത ധീരനായ പോരാളിയായിരുന്നു. ഖിലാഫത്ത് സൈന്യത്തിൽ പെട്ട ചിലർ അവിടുത്തെ നമ്പൂതിരി ബാങ്ക് കവർച്ച നടത്തിയപ്പോൾ അത് അവിടുത്തെ നമ്പൂതിരിമാർക്ക് തിരിച്ചുകൊടുക്കാൻ മുന്നിട്ടിറങ്ങിയത് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായിരുന്നു. മലബാർ പ്രദേശത്ത് അദ്ദേഹം ബ്രിട്ടീഷുകാരിൽനിന്നും സ്വന്തന്ത്രമായ ഒരു രാഷ്ട്രം തന്നെ സ്ഥാപിച്ചിരുന്നു. അതിന് അദ്ദേഹം നൽകിയ പേര് മലയാളരാജ്യം എന്നുമായിരുന്നു. അദ്ദേഹം സൃഷ്ടിച്ച ആ സാമ്രാജ്യത്തിൽ മതസൗഹാർദ്ദത്തിന്റെയും ഐക്യത്തിന്റെയും ഈറ്റില്ലമായിരുന്നു. മുസ്‌ലിം പള്ളിയുടെ മുമ്പിൽ പന്നിയുടെ ശവവും ക്ഷേത്രത്തിനു മുൻപിൽ പശുക്കിടാവിന്റെ ശവവും കൊണ്ടിട്ടുകൊണ്ട് ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മിൽ തെറ്റിച്ച് അദ്ദേഹം സ്ഥാപിച്ച മലയാള രാജ്യത്തിൽ ആഭ്യന്തര കലാപം ഉണ്ടാക്കി വാരിയംകുന്നത്തിനെ തറ പറ്റിക്കുവാൻ അന്നത്തെ കൊളോണിയൽ ഭരണകൂടം ശ്രമിച്ചുവെങ്കിലും അതിനെയൊക്കെ മറികടന്നുകൊണ്ട് പരസ്പരം മതസൗഹാർദ്ദ അന്തരീക്ഷം തകർക്കാതെ എല്ലാം രമ്യമായി പരിഹരിച്ച് കൊണ്ടായിരുന്നു അദ്ദേഹം അവിടെ ഭരണം നടത്തിയിരുന്നത്.

1921 ഒക്ടോബർ 18 ന് ദ ഹിന്ദു ദിനപത്രത്തിൽ അച്ചടിച്ചുവന്ന വരിയൻ കുന്നത്തു കുഞ്ഹമ്മദ് ഹാജി എഴുതിയ കത്തിന്റെ മലയാള വിവർത്തനം ഇങ്ങനെയാണ്: “ബഹുമാനപ്പെട്ട എഡിറ്റർ, ഇനിപ്പറയുന്ന വസ്തുതകൾ നിങ്ങളുടെ പേപ്പറിൽ പ്രസിദ്ധീകരിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. നിങ്ങൾക്ക് ലഭിക്കുന്ന മലബാറിൽ നിന്നുള്ള പത്ര റിപ്പോർട്ടുകൾ പ്രകാരം മലബാറിലെ ഹിന്ദു-മുസ്‌ലിം ഐക്യം ഇല്ലാതായി (എന്നു കണ്ടിട്ടുണ്ടാകും). ഹിന്ദുക്കളെ (ഏതെങ്കിലും ആളുകൾ) ബലമായി പരിവർത്തനം ചെയ്യുന്നു എന്ന റിപ്പോർട്ട് പൂർണമായും അസത്യമാണെന്ന് തോന്നുന്നു. ഇത്തരം മതപരിവർത്തനങ്ങൾ നടത്തുന്നത് വിമതരായി വേഷമിട്ട് അഭിനയിച്ച് കലാപകാരികളുമായി ഇടപെഴകുന്ന സർക്കാർ പാർട്ടിയും റിസർവ് പോലീസുകാരും ആണ്. മാത്രമല്ല, സൈന്യത്തെ സഹായിക്കുന്ന ചില ഹിന്ദു സഹോദരന്മാർ സൈന്യത്തിൽ നിന്ന് ഒളിച്ചിരുന്ന നിരപരാധികളായ (മാപ്പിളമാരെ) സൈന്യത്തിന് കൈമാറിയതിനാൽ കുറച്ച് ഹിന്ദുക്കൾ ചില കുഴപ്പങ്ങളിൽ അകപ്പെട്ടു. കൂടാതെ, ഈ പ്രക്ഷോഭത്തിന് കാരണമായ നമ്പൂതിരിയും സമാനമായി അനുഭവിച്ചിട്ടുണ്ട്. സൈനിക സേവനത്തിന് ഹിന്ദുക്കൾ നിർബന്ധിക്കപ്പെടുന്നു. അതിനാൽ (അതിൽ നിന്ന് രക്ഷപ്പെടാൻ) നിരവധി ഹിന്ദുക്കൾ എന്റെ കുന്നിൽ സംരക്ഷണം തേടുന്നുണ്ട്. നിരവധി മാപ്പിളമാരും എന്റെ സംരക്ഷണം തേടിയിട്ടുണ്ട്. ഇപ്പോൾ [ഗവൺമെന്റിന്റെ] ചീഫ് മിലിട്ടറി കമാൻഡർ ഹിന്ദുക്കളെ ഈ താലൂക്കുകളിൽ നിന്ന് ഒഴിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. ഒന്നും ചെയ്യാത്തതും ഒന്നും കൈവശമില്ലാത്തതുമായ നിരപരാധികളായ സ്ത്രീകൾക്കും ഇസ്‍ലാമിലെ കുട്ടികൾക്കും സ്ഥലം വിടാൻ അനുവാദമില്ല. കഴിഞ്ഞ ഒന്നര മാസമായി, നിരപരാധികളെ പിടികൂടി ശിക്ഷിക്കുകയല്ലാതെ ഒരു ലക്ഷ്യവും കൈവരിക്കാനായില്ല. ലോകത്തിലെ എല്ലാ ആളുകളും ഇത് അറിയട്ടെ. മഹാത്മാഗാന്ധിക്കും മൗലാനയ്ക്കും അത് അറിയട്ടെ. ഈ കത്ത് പ്രസിദ്ധീകരിച്ചതായി കണ്ടില്ലെങ്കിൽ, ഞാൻ നിങ്ങളുടെ വിശദീകരണം ഒരു സമയത്ത് ചോദിക്കും.”

നേർക്കുനേരെയുള്ള സൈനിക ആക്രമണങ്ങളിലൂടെ വാരിയൻകുന്നത്തിനെയും ഖിലാഫത്ത് സമര പോരാളികളെയും തോൽപ്പിക്കാൻ കഴിയുകയില്ലെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷ് സൈന്യം അവസാനം അദ്ദേഹത്തെ പിടികൂടിയത് ഒരു ചതിയിലൂടെ ആയിരുന്നു. അദ്ദേഹത്തിന്റെ സ്നേഹിതനെ ഉപയോഗിച്ച് ചതിയിൽ പെടുത്തി കൊണ്ടാണ് ബ്രിട്ടീഷ് സൈന്യം വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അറസ്റ്റ് ചെയ്തത്. തന്നെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോൾ കളക്ടർ ആർ ഗേളി, ഡി.വൈ.എസ്.പി ഹിച്ച്ക്കോക്ക്, പട്ടാള ഭരണത്തലവൻ ഹെൽബർട് ഹംഫ്രി, ഡി.വൈ.എസ്.പി ആമു, സർക്കിൾ ഇൻസ്‌പെക്ടർ നാരായണ മേനോൻ, സുബേദാർ കൃഷ്ണപ്പണിക്കർ എന്നിവരുടെ മുന്നിൽ തല ഉയർത്തി പിടിച്ച ഹാജി ഹംഫ്രിയോട് ചിരിയോടെ പറഞ്ഞു: “വഞ്ചനയിലും കാപട്യത്തിലും നിങ്ങളുടെ മിടുക്ക് സമ്മതിച്ചിരിക്കുന്നു. മാപ്പുതന്ന് മക്കയിലേക്കയക്കാമെന്ന് വാഗ്ദാനാം ചെയ്ത് താങ്കളെഴുതിയ കത്ത് എന്നെ അത്ഭുതപ്പെടുത്തി. വഞ്ചനയ്ക്കു വേണ്ടി പുണ്യഭൂമിയെ കരുവാക്കിയ നിങ്ങളുടെ സ്വാർത്ഥത. എന്നെ പ്രലോഭിപ്പിക്കാൻ മക്കയെ ഉപയോഗിച്ച തരംതാണ പ്രവർത്തിക്കിടെ അങ്ങൊരു കാര്യം മറന്നു. ഞാൻ മക്കയെ ഇഷ്ടപ്പെടുന്നു. പക്ഷെ ഞാൻ പിറന്നത് മക്കയിലല്ല. വീരേതിഹാസങ്ങൾ രചിക്കപ്പെട്ട ഈ ഏറനാടൻ മണ്ണിലാണ്. ഇതാണെന്റെ നാട്. ഈ ദേശത്തേയാണ് ഞാൻ സ്നേഹിക്കുന്നത്. ഈ മണ്ണിൽ മരിച്ചു ഈ മണ്ണിൽ അടങ്ങണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. നിങ്ങളുടെ അടിമത്തത്തിൽ നിന്ന് ചില മാസങ്ങളെങ്കിലും മോചിപ്പിക്കപ്പെട്ട ഈ മണ്ണിൽ മരിച്ച് വീഴാൻ എനിക്കിപ്പോൾ സന്തോഷമുണ്ട്. നിങ്ങൾ തിരിച്ചുപിടിച്ചുകൊണ്ടിരിക്കുക തന്നെയാണ്. പക്ഷേ പൂർണ്ണമായും കൈപ്പിടിയിൽ ഒതുക്കാൻ നിങ്ങൾക്ക് മാസങ്ങൾ വേണ്ടിവരും. ഇപ്പോൾ സ്വതന്ത്രമാണ് ഈ മണ്ണ്.” 1922 ജനുവരി 13ന് മലപ്പുറം തൂക്കിടി കല്ലേരിയിൽ വെച്ച് ഹാജിയേയും രണ്ട് പോരാളികളേയും മാർഷൽ കോടതി വിചാരണ ചെയ്യുകയും മൂന്നുപേരേയും വെടിവെച്ച് കൊല്ലാൻ വിധിച്ചു. വിധി കേട്ട കുഞ്ഞമ്മദാജി പറഞ്ഞു; “എന്റെ നാടിനു വേണ്ടി രക്തസാക്ഷിയാവാൻ അവസരം തന്നതിന് രണ്ട് റക്അത്ത് നിസ്കരിച്ചു ദൈവത്തോട് നന്ദി പ്രകാശിപ്പിക്കാനുള്ള ഒഴിവ് തരണം” നിങ്ങൾ കണ്ണ് കെട്ടി പിറകിൽ നിന്നും വെടി വെച്ചാണല്ലോ കൊല്ലാറ്. എന്നാൽ എന്റെ കണ്ണുകൾ കെട്ടാതെ, ചങ്ങലകൾ ഒഴിവാക്കി മുന്നിൽ നിന്ന് വെടിവെക്കണം. എന്റെ ജീവിതം നശിപ്പിക്കുന്ന വെടിയുണ്ടകൾ വന്നു പതിക്കേണ്ടത് എന്റെ നെഞ്ചിലായിരിക്കണം. അതെനിക്ക് കാണണം, ഈ മണ്ണിൽ മുഖം ചേർത്ത് മരിക്കണം.

ബ്രിട്ടീഷുകാരുടെ ഷൂസ് നക്കികളായിരുന്ന സംഘപരിവാറിന് മലബാർ സമരം വർഗീയ ലഹളയായിരിക്കാം എന്നാൽ ചിന്തിക്കാൻ ശേഷിയുള്ള എല്ലാ മതേതര വിശ്വാസികൾക്കും അത് സ്വാതന്ത്ര്യസമരം തന്നെയാണ്.
നിങ്ങൾ ചരിത്രം എത്ര മാറ്റിയെഴുതാൻ ശ്രമിച്ചാലും ശഹീദ് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന ധീര ദേശാഭിമാനിയെ മതേതര ഇന്ത്യൻ മനസ്സുകളിൽനിന്ന് പറിച്ചു മാറ്റാൻ കഴിയുകയില്ല. ആളുകളെ നശിപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം അവരുടെ ചരിത്രത്തെക്കുറിച്ചുള്ള സ്വന്തം ധാരണയെ നിഷേധിക്കുകയും ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ്.” ~ജോർജ് ഓർവെൽ.

print

3 Comments

  • Mashallah💐❤️

    Faizan Azeez 04.10.2021
  • ഒരു പാട് അറിവുകൾ നൽകിയതിന് നന്ദി.നാഥൻ അനുഗ്രഹിക്കട്ടെ

    Safwan 06.10.2021
  • ശഹീദ്

    Vahab 09.10.2021

Leave a comment

Your email address will not be published.