ഹദീസൊഴുകുന്ന നിർത്ധരികൾ

//ഹദീസൊഴുകുന്ന നിർത്ധരികൾ
//ഹദീസൊഴുകുന്ന നിർത്ധരികൾ
ആനുകാലികം

ഹദീസൊഴുകുന്ന നിർത്ധരികൾ

സ്‌ലാം പരിപൂർണ്ണമാണ്. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി ﷺ യിലൂടെ പൂര്‍ത്തീകരിക്കപ്പെട്ട ഈ വിശുദ്ധമതം കേവലം ചില തത്ത്വങ്ങളോ മൂല്യങ്ങളോ അല്ല. മനുഷ്യന്റെ വ്യക്തിപരവും കുടുംബപരവും സാമൂഹികപരവുമായ എല്ലാ തലങ്ങളെയും സ്പര്‍ശിക്കുന്ന ജീവിത വ്യവസ്ഥയാണത്. കാലദേശങ്ങള്‍ക്കതീതമായി ലോകാന്ത്യം വരെ നിലനില്‍ക്കുന്നതുമാണ്. അതുകൊണ്ടുതന്നെ അലിഖിതമായ ചില ധാരണകളോ പാരമ്പര്യങ്ങളോ അല്ല, നിയതമായ പ്രമാണങ്ങളില്‍ അധിഷ്ഠിതമാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ മൂലപ്രമാണങ്ങളില്‍ പ്രഥമമായത് അല്ലാഹുവിന്റെ വചനങ്ങളായ വിശുദ്ധ ഖുർആനാണ്. ഇസ്‌ലാമിലെ രണ്ടാമത്തെ പ്രമാണം നബി ﷺ കാണിച്ചുതന്ന ജീവിതമാതൃകയാണ്. അത് സാങ്കേതികമായി നബിചര്യ അല്ലെങ്കില്‍ സുന്നത്ത് എന്നറിയപ്പെടുന്നു. എന്നാൽ കര്‍മശാസ്ത്ര ഭാഷയില്‍ ‘സുന്നത്ത്’ എന്ന പദം ഉപയോഗിക്കുന്നത് ‘ചെയ്താൽ കൂലിയുള്ളതും ഉപേക്ഷിച്ചാല്‍ ശിക്ഷയില്ലാത്തതുമായ’ ഐഛികമായ കാര്യ ങ്ങള്‍ക്കാണ്. മുഹദ്ദിസുകളാവട്ടെ സുന്നത്തിനെ നിര്‍വചിക്കുന്നത് ‘പ്രവാചകന്റെ വാക്കുകള്‍, പ്രവര്‍ത്തനങ്ങള്‍, അംഗീകാരങ്ങള്‍ എന്നിവക്ക് മൊത്തത്തില്‍ പറയുന്ന പേരാണ് ‘സുന്നത്ത്’ അല്ലെങ്കിൽ ഹദീഥ് എന്നാണ്.

പ്രവാചകന്‍ ﷺ സുന്നത്തായി തന്റെ സമുദായത്തിന് നല്‍കിയിട്ടുള്ള മുഴുവന്‍ കാര്യങ്ങളും അല്ലാഹുവിങ്കല്‍ നിന്നുള്ള ദിവ്യസന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്. അല്ലാഹു പറയുന്നു: ”അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു” (സൂറഃ അന്നജ്മ് 3-4).

പ്രവാചകന് ക്വുര്‍ആന്‍ കൂടാതെ വേറെയും വഹ്‌യ് ലഭിച്ചിട്ടുണ്ടെന്നതിന് അനേകം തെളിവുകള്‍ പ്രമാണങ്ങളില്‍ കാണാനാവും.

عَنِ الْمِقْدَامِ بْنِ مَعْدِ يَكْرِبَ – رضي الله عنه – عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ: أَلاَ إِنِّي أُوتِيتُ الْكِتَابَ وَمِثْلَهُ مَعَهُ،
മിക്ദാദ് ഇബ്‌നു മഹ്ദീകരിബ് അല്‍കിന്‍ദി പറയുന്നു: ”പ്രവാചകന്‍ ﷺ പറഞ്ഞു: ‘അറിയുക, എനിക്ക് ക്വുര്‍ആനും അതിനോടൊപ്പം അതുപോലെയുള്ള വേറെയൊന്നും നല്‍കപ്പെട്ടിരിക്കുന്നു.’ (അഹ്മദ്).

വിശുദ്ധ ക്വുര്‍ആന്‍ സംരക്ഷിക്കപ്പെട്ടതു പോലെ തന്നെ പ്രവാചകന്റെ ഹദീഥുകളും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ക്വുര്‍ആനിന്റെ സംരക്ഷണം അല്ലാഹു തന്നെ ഏറ്റടുത്തിട്ടുണ്ട്. അതുപോലെ ഹദീഥും മറ്റൊരു രൂപത്തില്‍ സംരക്ഷിതമാണ്. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തു സൂക്ഷിക്കുന്നതുമാണ്” (സൂറഃ അല്‍ഹിജ്‌റ് 9).

ഇവിടെ ‘ദിക്‌റ്’ എന്ന പദത്തിന് ‘ഉല്‍ബോധനം’ എന്നാണ് അർത്ഥം നല്‍കിയിട്ടുള്ളത്. ഈ ഉല്‍ബോധനത്തില്‍ പ്രവാചകന്റെ സുന്നത്തും ഉള്‍പ്പെടുന്നു. അപ്പോൾ വിശുദ്ധ ക്വുര്‍ആന്‍ സംരക്ഷിക്കപ്പെട്ടതു പോലെ തന്നെ പ്രവാചകന്റെ ഹദീഥുകളും സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ഖുർആനിൽ നിന്നു തന്നെ വ്യക്തമാണ്.

വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഖുർആനിന്റെ കൂടെ ഹദീഥുകളെയും സ്വീകരിക്കൽ നിർബന്ധമാണ്. ഹദീഥുകൾ സ്വീകരിക്കാതെ വെറും ക്വുര്‍ആന്‍ മാത്രം സ്വീകരിച്ചുകൊണ്ട് സത്യവിശ്വാസിയായി ജീവിക്കുവാന്‍ ലോകത്ത് ഒരാള്‍ക്കും സാധ്യമല്ല. കാരണം വിശുദ്ധ ക്വുര്‍ആനിന്റെ വിശദീകരണം ഹദീഥുകളാണ്. ക്വുര്‍ആനിലൂടെ അല്ലാഹു കൽപിച്ച പല മതവിധികളും വിശദമാക്കുന്നത് നബിയുടെ ﷺ ഹദീഥുകളിലൂടെയാണ്. നമസ്‌കാരം, നോമ്പ്, സകാത്ത് തുടങ്ങി ഇസ്‌ലാമിക ആരാധനാ കർമ്മങ്ങളുടെ രൂപവും രീതിയും സമയക്രമങ്ങളും എന്ന് തുടങ്ങി അവയുടെ സർവ്വതലങ്ങളും ഹദീസിൽ നിന്ന് മാത്രമെ ഒരു വിശ്വാസിക്ക് ലഭിക്കുകയുള്ളു. ഹദീഥിന്റെ പ്രാമാണികതക്ക് തെളിവാകുന്ന ചില ആയത്തുകൾ ചേർക്കുന്നു:

അല്ലാഹു പറയുന്നു:
فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا۟ فِىٓ أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا۟ تَسْلِيمًا
(നബിയേ,)എന്നാല്‍, ഇല്ല – നിന്‍റെ റബ്ബിനെത്തന്നെയാണ (സത്യം!) – അവര്‍ വിശ്വസിക്കുകയില്ല, അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധി കര്‍ത്താവാക്കുന്നതു വരേക്കും, പിന്നെ (അതിനു പുറമെ), നീ തീരുമാനിച്ചതിനെക്കുറിച്ച് അവരുടെ മനസില്‍ ഒരു വിഷമവും അവര്‍ക്കനുഭവപ്പെടാതിരിക്കുകയും, ഒരു (ശരിയായ) കീഴൊതുക്കം അവര്‍ ഒതുങ്ങുകയും (ചെയ്യുന്നത് വരേക്കും) (നിസാഅ് – 4:65)

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَأُو۟لِى ٱلْأَمْرِ مِنكُمْ ۖ فَإِن تَنَـٰزَعْتُمْ فِى شَىْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവിന്‍; റസൂലിനെയും, നിങ്ങളില്‍ നിന്നുള്ള അധികാരസ്ഥന്മാരെയും അനുസരിക്കുവിന്‍. എന്നാല്‍, വല്ല കാര്യത്തിലും നിങ്ങള്‍ പരസ്പരം (ഭിന്നിച്ച്) പിണക്കമുണ്ടാകുന്ന പക്ഷം, അതിനെ നിങ്ങള്‍ അല്ലാഹുവിലേക്കും, റസൂലിലേക്കും മടക്കിക്കൊള്ളുവിന്‍; നിങ്ങള്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍. അത് ഏറ്റവും ഉത്തമവും, കൂടുതല്‍ നല്ല പര്യവസാനമുള്ളതുമാകുന്നു. (നിസാഅ് – 4:59)

قُلْ إِن كُنتُمْ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحْبِبْكُمُ ٱللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌ
നീ പറയുക: നിങ്ങള്‍അല്ലാഹുവിനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ എന്നെ പിന്‍പറ്റുവിന്‍; (എന്നാല്‍) അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും, നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരുകയും ചെയ്യും. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു. (ആലു ഇംറാന്‍ – 3:31)

ۚ فَلْيَحْذَرِ ٱلَّذِينَ يُخَالِفُونَ عَنْ أَمْرِهِۦٓ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ
.. ആകയാല്‍, അദ്ദേഹത്തിന്റെ കല്‍പനക്ക്‌ എതിരു പ്രവര്‍ത്തിക്കുന്നവര്‍ അവര്‍ക്ക് വല്ല പരീക്ഷണവും [ആപത്തും] ബാധിക്കുകയോ, അല്ലെങ്കില്‍ വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് കരുതി (സൂക്ഷിച്ചു) കൊള്ളട്ടെ! (നൂര്‍ – 24:63)

وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمْ عَنْهُ فَٱنتَهُوا۟ ۚ وَٱتَّقُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ
(റസൂല്‍ നിങ്ങള്‍ക്കു (കൊണ്ടു) തന്നതെന്തോ അതു നിങ്ങള്‍ സ്വീകരിച്ചുകൊള്ളുക. അദ്ദേഹം നിങ്ങളോടു എന്തിനെക്കുറിച്ചു വിരോധിച്ചുവോ (അതില്‍നിന്നു) വിരമിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. നിശ്ചയമായും അല്ലാഹു ശിക്ഷാനടപടി കഠിനമായവനാകുന്നു. (സൂറഃ അല്‍ഹശ്ര്‍ 7).

ഹദീഥിന്റെ പ്രാമാണികത ഹദീഥുകളിൽ നിന്ന്:
അല്ലാഹുവിന്റെ തിരുദൂതൻ ﷺ തന്റെ നിയോഗ ദൗത്യം പൂര്‍ത്തിയാക്കി ഈ ലോകത്തോട് വിടപറയും മുന്‍പായി പ്രഖ്യാപിക്കുകയുണ്ടായി: ”ഞാന്‍ നിങ്ങളില്‍ രണ്ടുകാര്യങ്ങള്‍ വിട്ടേച്ചുകൊണ്ടാണ് വിടപറയുന്നത്. അവ രണ്ടും നിങ്ങള്‍ മുറുകെപ്പിടിക്കുന്നപക്ഷം നിങ്ങള്‍ ഒരിക്കലും വഴിപിഴക്കില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ ചര്യയുമാണ് ആ രണ്ടു കാര്യങ്ങള്‍.” (ഹാകിം)

അല്ലാഹുവിന്റെ തിരുദൂതൻ ﷺ പറഞ്ഞു: “എന്റെ ഉമ്മത്തിലെ എല്ലാ ആളുകളും സ്വർഗത്തിൽ പ്രവേശിക്കും. വിസമ്മതിച്ചവൻ ഒഴികെ, സ്വഹാബികൾ ചോദിച്ചു: ആരാണ് നബിയെ വിസമ്മതിച്ചവൻ? തിരുദൂതൻ ﷺ പറഞ്ഞു; എന്നെ അനുസരിച്ചവൻ സ്വർഗത്തിൽ പ്രവേശിച്ചു.
എന്നെ ധിക്കരിച്ചവൻ വിസമ്മതിച്ചു. (ബുഖാരി)

ഇര്‍ബാള് ബ്നു സാരിയ(റ) നിവേദനം: ഒരിക്കല്‍ നബി ﷺ ഞങ്ങളെ ഉപദേശിച്ചു. ഹൃദയ സ്പര്‍ശിയും കണ്ണുകളെ നനയിക്കുന്നതുമായിരുന്നു ആ ഉപദേശം. അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു: പ്രവാചകരെ ഇതൊരു വിടവാങ്ങല്‍ ഉപദേശം പോലുണ്ടല്ലോ? ഞങ്ങള്‍ക്ക് വസ്വിയ്യത്ത് നല്‍കിയാലും. നബി ﷺ പറഞ്ഞു: “ഞാന്‍ നിങ്ങളെ വിട്ടേച്ച് പോകുന്നത് തെളിഞ്ഞ ഒരു മാർഗത്തിലാണ്. അതിന്റെ രാത്രി പകൽ പോലെ വ്യക്തമാണ്. നശിച്ചവനല്ലാതെ എനിക്ക് ശേഷം അതില്‍ നിന്നും വഴി തെറ്റുകയില്ല. നിശ്ചയം, നിങ്ങളില്‍ ആരാണോ എനിക്ക് ശേഷം ജീവിക്കുന്നത് അവര്‍ക്ക് ധാരാളം ഭിന്നതകള്‍ കാണാം. അപ്പോള്‍ എന്‍റെ സുന്നത്തും സച്ചരിതരായ എന്‍റെ ഖുലഫാഉറാഷിദുകളുടെ (സഹാബികൾ) ചര്യയും നിങ്ങളുടെ മേല്‍ നിര്‍ബന്ധമാണ്. അവ മുറുകെ പിടിക്കുകയും അണപ്പല്ലുകള്‍ കൊണ്ട് കടിച്ച് പിടിക്കുകയും ചെയ്യുക.. (ഇബ്നുമാജ 1/145)

മുകളിലെ ആയത്തുകളിൽ നിന്നും ഹദീഥുകളിൽ നിന്നും മനസിലാവുന്നത് പ്രവാചകന്റെ ഹദീഥുകളെ സ്വീകരിക്കൽ നിര്‍ബന്ധമാണെന്ന കാര്യമാണ്. ഹദീസുകളുടെ പ്രാമാണികതയെ സംബന്ധിച്ച് പരാമർശിക്കപ്പെടുന്ന ധാരാളം ആയത്തുകളും ഹദീഥുകളും വേറെയുമുണ്ട്.

എന്നാൽ പിൽകാലത്ത് ഹദീസുകൾ നിഷേധിക്കുകയും പ്രവാചക ചര്യയെ വില കുറച്ച് കണ്ട് കേവലം ക്വുർആനിനെ മാത്രം സ്വീകരിക്കുകയും ചെയ്യുന്ന ഒരു കൂട്ടരുടെ കടന്നുവരവിനെപറ്റി അല്ലാഹുവിന്റെ തിരുദൂതൻ ﷺ പ്രവചിക്കുകയുണ്ടായി.

عَنِ الْمِقْدَامِ بْنِ مَعْدِ يَكْرِبَ – رضي الله عنه – عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ: (أَلاَ إِنِّي أُوتِيتُ الْكِتَابَ وَمِثْلَهُ مَعَهُ، أَلاَ يُوشِكُ رَجُلٌ شَبْعَانُ عَلَى أَرِيكَتِهِ، يَقُولُ: عَلَيْكُمْ بِهَذَا الْقُرْآنِ! فَمَا وَجَدْتُمْ فِيهِ مِنْ حَلاَلٍ فَأَحِلُّوهُ! وَمَا وَجَدْتُمْ فِيهِ مِنْ حَرَامٍ فَحَرِّمُوهُ!)
“വയറുനിറയെ ഭക്ഷിച്ച് തന്‍റെ ചാരുകസേരയില്‍ ഇരുന്ന്, ‘നിങ്ങള്‍ ഈ ഖുര്‍ആന്‍ മാത്രം അവലംബിക്കുക; അതിലെ ഹലാല്‍ മാത്രം ഹലാലായും അതില്‍ കാണുന്ന ഹറാം മാത്രം ഹറാമായും എടുക്കുക’ എന്നിങ്ങനെ പറയുന്ന ഒരാള്‍ താമസിയാതെ വെളിപ്പെടുന്നതാണ്. ‘അറിയുക, എനിക്ക് ക്വുര്‍ആനും അതിനോടൊപ്പം അതുപോലെയുള്ള വേറെയൊന്നും നല്‍കപ്പെട്ടിരിക്കുന്നു.” (അബൂദാവൂദ്)

ഇസ്‌ലാമിന്റെ ശത്രുക്കൾ ഇസ്‌ലാമിന്റെ അതിവ്യാപനത്തിന് തടയിടാൻ പ്രയോഗിച്ച കുതന്ത്രങ്ങളിൽ ഒന്നാണ് മതകാര്യങ്ങളിൽ സംശയങ്ങളും, അവ്യക്ത്തകളും പടച്ചുവിടുകയെന്നത്, ഇസ്‌ലാമിന്റെ ശത്രുക്കൾ അവ ഏറ്റവും കൂടുതൽ പ്രയോഗിച്ചിരുന്നത് ഹദീഥുകൾക്ക് നേരെയാണ്. കാരണം ഹദീഥുകൾ വിശ്വാസയോഗ്യമല്ലെന്ന് വരുത്തി തീർത്താൽ ഖുർആനിന് നേരെ തിരിയാൻ അവർക്ക് യാതൊരു പ്രയാസവുമുണ്ടാകില്ല.
ഹദീസുകളെ പൂർണ്ണമായും ഭാഗികമായും വ്യത്യസ്ത താൽപര്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും വേണ്ടി നിഷേധിച്ചു കളഞ്ഞ ഒട്ടനവധി ആളുകളെ ചരിത്രത്തിൽ കാണാം എന്നാൽ ഹദീസുകളുടെ സംരക്ഷണത്തിനായി ഒരു പുരുഷായുസ്സ് മുഴുവൻ ചെലവഴിച്ച പ്രവാചക ചര്യയുടെ പ്രതിരോധ ഭടന്മാരായി ഒരു പാട് മുഹദ്ദിസുകളും രംഗത്ത് വന്നിട്ടുണ്ട്.

أتي الخليفةَ هارون الرشيد بأحد الزنادقة ليقتله، فقال الزنديق : أين أنت من ألف حديث وضعتها؟ فقال الرشيد : فأين أنت يا عدو الله من أبي إسحاق الفزاري، والي المبارك ينخلانها فيخرجانها حرفاً حرفاً. تذكرة الحفاظ للذهبي (۱/ ۲۷۳)

ഒരിക്കൽ ഹാറൂൺ റഷീദിന്റെ സന്നിധിയിൽ ഒരു കപടവിശാസിയെ കൊണ്ടുവരപെട്ടപ്പോൾ കപട വിശ്വാസി പറഞ്ഞു: ഞാൻ പ്രവാചകൻ്റെ മേൽ കെട്ടിച്ചമച്ച ആയിരം ഹദീഥുകളെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ സാധ്യമല്ല! എപ്പോൾ ഹാറൂൺ റഷീദ് പറഞ്ഞു: ഹെ അല്ലാഹുവിന്റെ ശത്രു അബു ഇസ്ഹാകുൽ ഫസാരിയും ഇബ്നുൽ മുബാറകുമുള്ളപ്പോൾ നീ എവിടെ കിടക്കുന്നു. അവർ രണ്ടു പേരും കൂടി പദാനുപദം ശരിയായ ഹദീഥുകളെ വേർതിരിച്ചെടുക്കുന്നതാണ്. (തദ്കിറത്തുൽ ഹുഫ്ഫാള് 1/273)

ഹദീഥ് നിഷേധ പ്രവണതയുടെ ചരിത്രം പരിശോധിച്ചാൽ ആയിരക്കണക്കിനു വ്യാജ ഹദീഥുകൾ ആദ്യ നൂറ്റാണ്ടുകൾ മുതൽക്കേ നിർമിതമായി തുടങ്ങിയതായി നമുക്ക് കാണാം. പ്രവാചകൻ പറഞ്ഞ കാര്യങ്ങളെ സ്വഹാബികൾ തന്നെ പ്രമാണ തുല്യമായി അംഗീകരിച്ചു പോന്നത് കൊണ്ടാണ് അതേ പ്രവാചകന്റെ പേരിൽ തന്നെ ശത്രുക്കൾ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി നബിയുടെ മേൽ കള്ള ഹദീഥുകൾ നിർമ്മിച്ചിരുന്നതെന്ന കാര്യം ഹദീഥ് പ്രാമാണമാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

ഹിജ്‌റയുടെ ആദ്യ നൂറ്റാണ്ടിൽ സ്വഹാബികളുടെ കാലഘട്ടത്തിൽ തന്നെ ഹദീഥ് നിഷേധികൾ തലപ്പൊക്കി തുടങ്ങിയിട്ടുണ്ട്. ഇക്കാലയളവിൽ ഇസ്‌ലാമിന്റെ നിയമനിർമാണ പ്രക്രിയയിൽ ഹദീഥിന്റെ സ്ഥാനത്തെ നിഷേധിച്ചുകൊണ്ടുള്ള സമീപനം ഉയർന്നു വന്ന രംഗം ഇങ്ങനെയാണ്, സ്വഹാബിമാരിൽ പ്രമുഖനായ ഇമ്രാൻ ബിൻ ഹുസൈന്റെ(റ) മത വിഞ്ജാന സദസിൽ, ഇസ്‌ലാമിക നിയമ നിർമാണത്തിൽ ഹദീഥിന്റെ ആധികാരികതയെ നിഷേധിച്ചുകൊണ്ട് ഒരാൾ തന്നോട് സംസാരിച്ചപ്പോൾ ആ വ്യക്തിക്ക് നൽകിയ മറുപടി പ്രസിദ്ധമാണ്. പ്രവാചകചര്യയിൽ നിന്നും മുസ്‌ലിം സമൂഹം പകർത്തിവരുന്ന നിസ്കാരരീതി, വ്രതാനുഷ്ഠാനം തുടങ്ങിയ ആരാധനാകർമങ്ങളുടെ രൂപമോ ക്രമമോ ഖുർആൻ വിശദീകരിക്കുന്നുണ്ടോ? എന്ന യുക്തിപരമായ മറുചോദ്യമുന്നയിച്ചാണ് അദ്ദേഹം മറുപടി നൽകിയത്. ഖുർആൻ ഒരു വിധി പ്രഖ്യാപിക്കുമ്പോൾ അതിന്റെ രീതിശാസ്ത്രം വിശദീകരിക്കുകയാണ് ഹദീഥ് നിർവഹിക്കുന്ന ധർമ്മമെന്ന് അയാളെ ബോധ്യപ്പെടുത്തുകയാണ് ഇമ്രാൻ (റ) ചെയ്തത്. പിന്നീടവിടന്നങ്ങോട്ട് കാലന്തരികത്തിൽ വ്യത്യസ്ത കക്ഷികൾ വ്യത്യസ്ത ലക്ഷ്യങ്ങൾക്കായി ഹദീഥുകളെ നിഷേധിച്ചു പോന്നിരുന്നു.

ഹദീഥ് നിഷേധ പ്രവണതയുടെ തുടക്കം ശിയാക്കളിലേക്കാണ് എത്തിചേരുന്നത്. ശിയാക്കൾ ഖവാരിജുകൾ മുഅ്തസിലികൾ തുടങ്ങി ഇസ്‌ലാമില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ ഉടലെടുത്തപ്പോഴാണ് ഇത്തരം ചിന്തകള്‍ കടന്നുവരാന്‍ തുടങ്ങിയത്. ശിയാക്കളെ സംബന്ധിച്ചിടത്തോളം അലിക്കാണ് (റ) ഇമാമത്ത് നല്‍കേണ്ടത് എന്ന വാദവുമായി പുറപ്പെട്ട കാലഘട്ടത്തില്‍ അവരുടെ ആ തത്ത്വം അംഗീകരിക്കാത്ത സ്വഹാബികളോട് അവര്‍ക്ക് വെറുപ്പ് വന്നത് കാരണത്താല്‍ ആ സ്വഹാബിമാരുടെ ഹദീഥ് വേണ്ട എന്ന് വെച്ചത് അല്ലാതെ ഹദീഥുകള്‍ മൊത്തത്തില്‍ വേണ്ട എന്ന് അവര്‍ പറഞ്ഞിട്ടില്ല. എന്നാൽ ശരിയായ ചില ഹദീസുകളെ തങ്ങളുടെ വാദഗതിക്ക് വേണ്ടി ദുർവ്യാഖ്യാനിക്കുവാനും തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുവാൻ പുതിയ പുതിയ കള്ള ഹദീഥുകൾ വരെ ഉണ്ടാക്കി. അവര്‍ അംഗീകരിക്കുന്ന സ്വഹാബികളുടെ ഹദീഥുകള്‍ അവര്‍ തള്ളിയിട്ടില്ല. കൂടാതെ അവര്‍, അവര്‍ ഇഷ്ടപ്പെടുന്ന ഇമാമുകളുടെ പേരില്‍ കള്ള ഹദീഥുകള്‍ ഉണ്ടാക്കുകയും ചെയ്തു. ഇബ്‌നു അബില്‍ ഹദീദ് എന്ന ശിയാ പണ്ഡിതന്‍ വ്യാജ ഹദീഥിന്റെ ഉത്ഭവത്തെ കുറിച്ച് പറയുന്നത്: ‘ശിയാക്കള്‍ അലിയെ(റ)ക്കുറിച്ച് എഴുന്നള്ളിച്ച വാക്കുകളായിരുന്നു ആദ്യമായി ഉണ്ടായ വ്യാജ ഹദീസുകള്‍. സുന്നികളിലെ അവിവേകികളും ഇവരുടെ പ്രതിയോഗികളായി വ്യാജ ഹദീസുകള്‍ പ്രചരിപ്പിച്ചു’ (നഹ്ജുല്‍ ബലാഗഃ: പേജ്: 254, 263).

ഇറാഖില്‍ നിന്നാണ് ആദ്യമായി വ്യാജ ഹദീഥുകള്‍ പ്രചരിച്ചിരുന്നത്. ഈ പ്രചാരണത്തിന്റെ പിന്നില്‍ നബി ﷺ യുടെ അനുചരന്മാരായിരുന്നില്ല. അവരുടെ തുടര്‍ച്ചക്കാരായി വന്നവരായിരുന്നു വ്യാജന്മാര്‍. ഇതില്‍ ഏറ്റവും കൂടുതല്‍ റാഫിദുകളായിരുന്നു. ഇമാം മാലിക് (റ) പറയുന്നു: ‘റാഫിദുകളുമായി സഹവസിക്കരുത്. അവരില്‍നിന്ന് ഹദീഥ് റിപ്പോർട് ചെയ്യുകയും ചെയ്യരുത്. അവര്‍ കളവ് പറയുന്നവരാണ്’. ഇമാം ശാഫിഈ (റ) പറയുന്നു: ‘റാഫിദുകളേക്കാള്‍ കള്ള സാക്ഷ്യം വഹിക്കുന്ന ഭൗതികതല്‍പരരെ ഞാന്‍ കണ്ടിട്ടില്ല’. ശിയാക്കൾ വിശുദ്ധരായി അംഗീകരിച്ച സ്വഹാബികളും ഇമാമുകളും റിപോർട്ട് ചെയ്യുന്ന ഹദീസുകള്‍ മാത്രമേ അവർ സ്വീകരിക്കുകയുള്ളൂ. അലി(റ) ഖലീഫയാകാതിരുന്നതാണ് മറ്റു സ്വഹാബികളെ കാഫിറാക്കാന്‍ ശിയാക്കൾക്ക് പ്രേരണയായത്.

ഭാഗികമായി ഹദീസുകളെ നിഷേധിച്ച ഖവാരിജുകളും ഇതുപോലെയാണ്. അവരും ഹദീഥുകളെ മൊത്തത്തില്‍ തള്ളിയിരുന്നില്ല. അവടെ തത്ത്വങ്ങള്‍ അംഗീകരിക്കാത്ത സ്വഹാബികളുടെ ഹദീഥ് വേണ്ട എന്നാണവര്‍ തീരുമാനിച്ചത്. അവര്‍ അംഗീകരിക്കുന്നവരുടെ ഹദീഥുകള്‍ അവര്‍ സ്വീകരിച്ചു. കാഫിറായി എന്ന വാദമായിരുന്നു നിയമനിഷേധികളായ ഖവാരിജുകളുടേത്. ഈ രാഷ്ട്രീയ സംഘർഷത്തിൽ നിഷ്പക്ഷരായി നിന്ന ഏതാനും സ്വഹാബികള്‍ ഒഴിച്ച് മറ്റുള്ളവരെല്ലാം മുർതദ്ദുകളായി (മതഭ്രഷ്ടരായതായി) ശിയാക്കള്‍ പ്രഖ്യാപിച്ചു. അതിനാല്‍ അവര്‍ വിശ്വസ്തരല്ല. അവര്‍ റിപോർട്ട് ചെയ്യുന്ന നബിവചനങ്ങള്‍ സ്വീകാര്യമല്ല എന്ന നിലപാടായിരുന്നു അവർക്ക്. എന്നാൽ മുസ്‌ലിം പൊതുസമൂഹം സ്വഹാബികളെല്ലാം സത്യസന്ധരാണെന്നും നീതിമാന്മാരാണെന്നും അവരുടെ റിപ്പോര്‍ട്ടുകള്‍ സ്വീകാര്യയോഗ്യമാണെന്നും വിശ്വസിച്ചു. പരിശുദ്ധ ഖുര്‍ആനിലും തിരുശിക്ഷണങ്ങളിലും സ്വഹാബികളുടെ ശ്രേഷ്ഠതകൾ വിവരിക്കപ്പെട്ടത് ഇതിന് ഏറ്റവും വലിയ തെളിവാണ്. എന്നാൽ ഭൂരിപക്ഷം സ്വീകരിച്ച ഹദീസുകളെല്ലാം ശിയാക്കൾ നിഷേധിച്ചുതള്ളുകയാണുണ്ടായത്. പകരം വ്യാജ ഹദീസുകള്‍ കെട്ടിച്ചമച്ചു. ഖവാരിജുകളാവട്ടെ, ആഭ്യന്തരകലഹം പുറപ്പെട്ട ശേഷം പ്രചരിച്ച ഹദീസുകളത്രയും തള്ളിക്കളഞ്ഞു. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ചിന്താപരമായ വ്യതിയാനത്തിനും ഹദീസ് നിഷേധം പ്രധാന പങ്കുവഹിച്ചു.

പ്രമാണങ്ങളേക്കാൾ ബുദ്ധിക്ക് പ്രാധാന്യം നൽകിയ, ദൈവശാസ്ത്ര ചിന്തയുടെ പേരില്‍ പൊതു സമൂഹത്തില്‍നിന്ന് മാറിപ്പോയ ചിന്താസരണിയാണ് മുഅ്തസിലികള്‍. ചിന്താസ്വാതന്ത്ര്യം അവകാശപ്പെടുന്നതിനാല്‍ ഇവര്‍ പല വിഭാഗങ്ങളായി തെറ്റി പിരിഞ്ഞു. ഓരോ വിഭാഗത്തിലും ഹദീസിന് നേരെയുള്ള സമീപനം വ്യത്യസ്തമായിരുന്നു. ഹദീസുകളില്‍ ഒറ്റ റിപ്പോര്‍ട്ടര്‍ (ആഹാദ്) മാത്രമുള്ളവ ഊഹം മാത്രമേ പ്രദാനം ചെയ്യുകയുള്ളൂ. ഒരു സംഘം ആളുകള്‍ (മുതവാതിര്‍) റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രമേ ജ്ഞാനത്തിന് അവലംബമാകൂ. എന്നാല്‍ ഇത്തരം ഹദീസുകള്‍ വളരെ വിരളവുമാണ്. ഭൂരിപക്ഷം ഹദീസുകളും ഏക റിപ്പോര്‍ട്ടര്‍മാരുള്ളതാണ്.
മുഅ്തസിലയില്‍ പ്രധാനിയായ അബൂ അലിയ്യില്‍ ജൂബാഈ ഈ ഹദീസുകളൊന്നും അവലംബമാക്കാന്‍ പാടില്ല എന്ന പക്ഷക്കാരനാണ്. ഹദീസുകള്‍ പ്രമാണയോഗ്യമാണെന്ന പൊതുസമൂഹത്തിന്റെ ഏകകണ്ഠമായ അഭിപ്രായം ഖണ്ഡിക്കുകയായിരുന്നു ഇവര്‍. സ്വഹാബികള്‍ ഫാസിഖുകളായെന്നു പോലും വാദിക്കുന്നവർ ആ കൂട്ടത്തിലുണ്ട്. ബുദ്ധിപൂജകന്മാരാണ് മുഅ്തസിലുകള്‍. ബുദ്ധിക്ക് യോജിക്കുന്നത് കൊള്ളാമെന്നും അല്ലാത്ത ഹദീഥുകള്‍ തള്ളാമെന്നും പറയുന്നവരാണവര്‍. അങ്ങനെയുള്ളവര്‍ ഉടലെടുത്തപ്പോള്‍ അവര്‍ക്ക് ഹദീഥിനോട് വിരോധവും നിഷേധവും വന്നു.

പിന്നീട് പിൽകാലത്ത് ക്വുര്‍ആന്‍ മാത്രം മതി, ഹദീഥിന്റെ ആവശ്യമേ ഇല്ല എന്ന വാദവും പൊട്ടിപുറപ്പെട്ടു, അപ്രകാരം പൂർണ്ണമായും ഭാഗികമായും പ്രാവാചകചര്യകളെ നിരാകരിക്കുന്ന കപടന്മാർ രംഗപ്രവേശം ചെയ്തുവെങ്കിലും അഹ്ലുസ്സുന്നയുടെ അഗ്രഗണ്യരായ വിഞ്ജാന കുതികികളും പണ്ഡിതന്മാരും അവർക്ക് നൽകിയിരുന്ന മറുപടികൾ ഇന്നും പ്രസക്തമാണ്.

print

No comments yet.

Leave a comment

Your email address will not be published.