സ്വഹീഹുൽ ബുഖാരിയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം? -1

//സ്വഹീഹുൽ ബുഖാരിയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം? -1
//സ്വഹീഹുൽ ബുഖാരിയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം? -1
ആനുകാലികം

സ്വഹീഹുൽ ബുഖാരിയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം? -1

മാം ബുഖാരിയുടെ പേര് മുഹമ്മദ് ബിൻ ഇസ്മാഈൽ ബിൻ മുഗീറ എന്നാകുന്നു. സ്ഥലം റഷ്യയിലെ സമർഖന്ദിനടുത്ത ബുഖാറ. ജനനം ഹിജ്‌റ 194 ശഅബാൻ 13 വെള്ളിയാഴ്ച. പിതാമഹൻ മുഗീറ മജൂസി മതക്കാരനായിരുന്നു (ജൂത മതം അല്ല). അറബികളിലെ ഖഹ്ത്വാനി വംശജരായിരുന്നു ബുഖാരിയുടെ കുടുംബമെന്ന ചരിത്രമാണ് പ്രബലം. ബുഖാറയിലെത്തിയ കുടുംബം അന്നാട്ടിലെ മജൂസി മതത്തിൽ ലയിക്കുകയായിരുന്നു. ബുഖാറയുടെ ഗവർണറായിരുന്ന അൽയമാനുൽ ജുഅഫി(اليمان بن أخنس بن خنيس الجعفي)യുടെ മുമ്പാകെ മുഗീറ ഇസ്‌ലാം സ്വീകരിച്ചു. അന്നുമുതൽ ഇസ്‌ലാമികമായി ജീവിക്കുന്ന കുടുംബമായിരുന്നു ഇമാം ബുഖാരിയുടേത്. പിതാവ് ഇസ്മാഈൽ പണ്ഡിതനും സൂക്ഷ്മജീവിതം നയിച്ച വ്യക്തിയുമായിരുന്നു. ഹി 179 ൽ ഹജ്ജ് ചെയ്ത ഇസ്മാഈൽ, മദീനയിലെ വിശ്വഗുരു ഇമാം മാലിക് ബ്നു അനസുമായി കണ്ടുമുട്ടുകയും (ശിഷ്യത്വമില്ല), മദീനയിലെ പ്രമുഖ ഗുരു ഹമ്മാദിനെയും അബ്‌ദുല്ലാഹിബ്നുൽ മുബാറകിനെയും ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. അബൂ മുആവിയത്ത് ബ്നു സ്വാലിഹ് തുടങ്ങിയ പലഗുരുക്കന്മാരിൽ നിന്നും ഹദീസ് നിവേദനം ചെയ്ത ഇസ്മാഈലുൽ ബുഖാരി, വിശ്വസ്തനായ ഹദീസ് നിവേദകൻ(സികത്ത്) ആണെന്ന് ഇബ്നു ഹിബ്ബാൻ രേഖപ്പെടുത്തുന്നു. ഇസ്മാഈൽ മരണപ്പെടുമ്പോൾ ഇമാം ബുഖാരി കൈക്കുഞ്ഞായിരുന്നു.

ഇമാം ബുഖാരിയുടെ മാതാവ് ഭക്തയും വിജ്ഞാനപ്രേമിയുമായിരുന്നു. ഇമാം ലാൽകാഈ ശറഹുസ്സുന്നയിൽ കറാമത്ത് ബഹുമതിയുള്ള സ്ത്രീകളുടെ ഗണത്തിലാണ് ഈ സ്ത്രീയെ പരിചയപ്പെടുത്തുന്നത്. ചെറുപ്പത്തിൽ കാഴ്ചശേഷിയില്ലായിരുന്ന ഇമാം ബുഖാരിയ്ക്ക് മാതാവിന്റെ പ്രാർത്ഥനാ ഫലമായിട്ടായിരുന്നു കാഴ്ച ലഭിച്ചതെന്നാണ് അദ്ദേഹം രേഖപ്പെടുത്തുന്നത്. (+ ഖത്വീബുൽ ബാഗ്ദാദി, സുബ്കി/ ത്വബഖാത്ത്) ഇബ്നു കസീർ/ അൽ ബിദായയിൽ രേഖപ്പെടുത്തുന്നത്, മഹതി ഇബ്‌റാഹീം നബിയെ സ്വപ്നം കാണുകയും ‘നിന്റെ ഇടതടവില്ലാത്ത കരച്ചിലും നിരന്തരമായ പ്രാർത്ഥനയും നിമിത്തം അല്ലാഹു കുഞ്ഞിന് കാഴ്ച നൽകിയിരിക്കുന്നു’ എന്ന് സുവിശേഷിക്കുകയും ചെയ്തുവെന്നാണ്. ഭർത്താവ് ബാക്കിവെച്ച ഹദീസ് സമാഹാരങ്ങളും ബന്ധങ്ങളും ഉപയോഗപ്പെടുത്തുന്ന മകനായി മുഹമ്മദിനെ (ഇമാം ബുഖാരിയെ) വളർത്തിയെടുക്കാൻ, ആ മാതാവ് ഭർത്താവിന്റെ അനന്തര സ്വത്തുക്കൾ മുഴുവൻ വിനിയോഗിച്ചു. മദ്റസ പഠനകാലത്തുതന്നെ ഓർമ്മശക്തിയിൽ അസാധാരണ മികവുകാണിച്ച ഇമാം ബുഖാരിയെ, ഹദീസ് മേഖലയിലേക്ക് തിരിച്ചുവിട്ടത്, മാതാവായിരുന്നു.

ഹദീസ് പാണ്ഡിത്യത്തിന്റെ പാരമ്പര്യമുള്ള ഇമാം ബുഖാരിയുടെ ഹദീസ് ഗുരുക്കളിൽ പ്രധാനിയായിരുന്നു അബൂ ജഅഫർ അൽമുസ്നദി (റഹി). മുകളിൽ പരാമർശിച്ച ബുഖാറ ഗവർണർ അൽയമാനുൽ ജുഅഫിയുടെ പൗത്രനും, നബി(സ്വ)യിലേക്ക് കണ്ണിചേരുന്ന ഹദീസുകളിൽ(മുസ്നദ്) പ്രത്യേക താല്പര്യം പ്രകടിപ്പിക്കുകയും മറ്റുള്ളതെല്ലാം അവഗണിക്കുകയും മുസ്നദിൽ പ്രാവീണ്യം നേടുകയും നിമിത്തം ‘അൽ മുസ്നദി’ എന്ന വാഴ്ത്തുനാമത്തിൽ അറിയപ്പെകയും ചെയ്ത പ്രസിദ്ധ ഹദീസ് ഗുരുവാണ് അബൂ ജഅഫർ. അൽ മുസ്നദിയുമായുള്ള ശിഷ്യബന്ധം ഇമാം ബുഖാരിയിലെ മുസ്നദ് പ്രേമത്തെ സജീവമാക്കിയെന്നു വ്യക്തം. തന്റെ വിശ്വപ്രസിദ്ധ ഹദീസ് സമാഹാരത്തിന്റെ നാമം الجامع المسند الصحيح المختصر من أُمور رسول الله صلى الله عليه وسلّم وسننه وأيامه‬ (അല്ലാഹുവിന്റെ ദൂതരുടെ നിർദ്ദേശങ്ങളും ചര്യകളും നാളുകളും സംബന്ധമായതും വിശ്വസനീയമായ നിലയിൽ നബിയിലേക്ക് കണ്ണിചേർന്നതുമായ ഹദീസുകളുടെ സംക്ഷിപ്തസമാഹാരം) എന്നായതും ഈ പാരമ്പര്യ – ഗുരു സ്വാധീനം കൊണ്ടായിരിക്കണം.

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.