സ്വഹീഹുൽ ബുഖാരിയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം? -2

//സ്വഹീഹുൽ ബുഖാരിയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം? -2
//സ്വഹീഹുൽ ബുഖാരിയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം? -2
ആനുകാലികം

സ്വഹീഹുൽ ബുഖാരിയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം? -2

ഇമാം ബുഖാരി വായിച്ച ഹദീസ് കൃതികൾ

ഇതിനകം ഇബ്നുൽ മുബാറകിന്റെയും വകീഇന്റെയും ഹദീസ് കൃതികൾ മനഃപാഠമാക്കിയ ബുഖാരി, ഉമ്മയുടെ കൂടെ പതിനാറാം വയസിൽ ഹജ്ജിനെത്തിയപ്പോൾ മക്കയിൽ തങ്ങുകയും പ്രമുഖ ഹദീസ് ഗുരുക്കന്മാരിൽ നിന്നും ഹദീസ് പഠിക്കുകയും ചെയ്തു. അബുൽ വലീദ് അഹ്മദ് ബ്നു മുഹമ്മദ് അൽ അസ്‌റഖി (റഹി), ഇസ്മാഈൽ ബ്നു സാലിം അസ്സാഇഗ് (റഹി) എന്നിവർ അവരിൽ പ്രമുഖരാണ്. പിന്നീട് ഇമാം ബുഖാരി ഹദീസ് പണ്ഡിതന്മാരുടെ സംഗമ ഭൂമിയായ മദീനയിലേക്ക് നീങ്ങി. വിവിധ പ്രശ്നങ്ങളിൽ സ്വഹാബികളുടെയും ‌താബിഉകളുടെയും വിധിതീർപ്പുകൾ സമാഹരിച്ചു ഗ്രന്ഥമാക്കിയത്, തന്റെ പതിനെട്ടാം വയസിൽ മദീനയിൽ വെച്ചായിരുന്നു. ഹദീസ് നിവേദകരുടെ വിശദമായ ചരിത്രം സമാഹരിക്കുന്നതും ക്രോഡീകരിക്കുന്നതും അവ സംക്ഷിപ്തമായി ‘താരീഖുൽ കബീർ’ എന്ന പേരിൽ ഇദംപ്രഥമമായി ഗ്രന്ഥമാക്കുന്നതും മദീനയിലെ താമസക്കാലത്താണ്. മദീനയിൽ നിന്നും ഇമാം പോയത് ബസ്വറയിലേക്ക്. അവിടെ അഞ്ചുവർഷം താമസിച്ചു. പിന്നീട് ശാമിലും മിസ്റിലും രണ്ടുതവണ അൾജീരിയയിലും ഹദീസ് അന്വേഷിച്ചെത്തി. ഇതിനിടയിൽ നാലുതവണ ബസ്വറയിൽ വന്നുപോയി. മക്ക മദീനയിൽ നിരവധി തവണ സന്ദർശിച്ചു. കൂഫയിലും ബാഗ്ദാദിലും അനേകതവണ സന്ദർശിച്ചു. ഹദീസുകൾ തേടി മക്കയിലും മദീനയിലും ശാമിലും ബാഗ്ദാദിലും വാസിഥിലും ബസ്വറയിലും കൂഫയിലും മിസ്റിലും അസ്ഖലാനിലും ഹിംസിലും ബുഖാറയിലും മർവിലും ബൽഖിലും ഹിറാഇലും റയ്യിലും നൈസാബൂരിലും ഖൈസാരിയ്യയിലും ഖുറാസാനിലും (യമനിലേക്ക് ശൈഖ് അബ്ദുറസാഖുമായി നേരിൽ സംസാരിക്കാൻ പുറപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ മരണവർത്തയറിഞ്ഞപ്പോൾ യാത്ര ഉപേക്ഷിച്ചു. ഇബ്നുൽ ഹുമ്മാം- മുഅമ്മർ വഴി ലഭിച്ച ലക്ഷണമൊത്ത നിരവധി ഹദീസുകൾ അദ്ദേഹത്തിന്റെ ശേഖരത്തിൽ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ നിന്നും ഇമാം ബുഖാരി ഇവയെല്ലാം പഠിച്ചിട്ടുണ്ടായിരുന്നു) മറ്റു പ്രധാന വൈജ്ഞാനിക കേന്ദ്രങ്ങളിലും സഞ്ചരിച്ചെത്തിയ ഇമാം ബുഖാരി സമാഹരിച്ച ഹദീസ് കൃതികൾ ധാരാളമുണ്ടായിരുന്നു.

രാഷ്‌ടീയ- സാമൂഹിക – സാമ്പത്തിക വിഷയങ്ങളിൽ മുഹമ്മദ് നബി (സ്വ) എഴുതിയ നിരവധി കത്തുകളും കരാറുകളും ഉടമ്പടികളും, എഴുതപ്പെട്ട സുന്നത്തുകളിൽ അതിപ്രധാനമാണ്. വിവിധ സ്രോതസ്സുകളിൽ നിന്നും അവ സമാഹരിച്ച് ‘അൽവസാഇഖ് അസ്സിയാസിയ്യ: ഫിൽ അഹ്‌ദി ന്നബവിയ്യ: വൽഖിലാഫത്തി റാശിദഃ’ എന്ന പേരിൽ ഡോക്ടർ ഹമീദുല്ലയും, ‘മകാത്തീബുർറസൂൽ’ എന്ന പേരിൽ ശൈഖ് അലി അൽ അഹ്മദിയും പ്രസിദ്ധം ചെയ്തിട്ടുണ്ട്. മുഹമ്മദ് നബി (സ്വ) നേരിട്ടെഴുതിപ്പിക്കുകയും സൂക്ഷിപ്പിക്കുകയും ചെയ്ത ഈ എഴുത്തുകൾ, ഹദീസ് രചനാ ചരിത്രത്തിലെ പ്രഥമ സംരംഭമായി പരിഗണിക്കപ്പെടുന്നു. എല്ലാവരെയും പൊതുവായി അനുവദിച്ചില്ലെങ്കിലും, തന്റെ ഉപദേശങ്ങൾ എഴുതിവെക്കാൻ എഴുത്തറിയുന്ന അടുത്ത ചില ശിഷ്യന്മാർക്ക് അവിടുന്ന് അനുവാദം നൽകിയിരുന്നു. “നബിയുടെ ചുറ്റുമിരുന്ന്‌ അവിടുത്തെ ഉപദേശങ്ങളും പ്രസ്താവനകളും ഞങ്ങൾ എഴുതിയെടുക്കാറുണ്ടായിരുന്നു” വെന്ന് പ്രമുഖ സ്വഹാബി അബ്ദുല്ലാഹി ബ്നു അംറ്ബ്നുൽ ആസ്വ് (റളി) പ്രസ്താവിക്കുന്നു. ഇപ്രകാരം അനുവാദം ലഭിച്ച മറ്റൊരു ശിഷ്യപ്രമുഖനായിരുന്നു റാഫിഉബ്നു ഖുദൈജ് (റളി). ഓർമ്മ ശക്തി കുറവാണെന്നു പരാതിപ്പെട്ട മറ്റൊരു അൻസ്വാരി ശിഷ്യനെയും തന്റെ മൊഴികൾ എഴുതിവെക്കാൻ പ്രവാചകൻ (സ്വ) അനുവദിക്കുന്നുണ്ട്. മക്ക ഫതഹ് വേളയിൽ പ്രവാചകൻ ചെയ്ത പ്രസിദ്ധമായ ദീർഘനേരപ്രസംഗം(പൊതുവെ ഹ്രസ്വ പ്രഭാഷിയായിരുന്നു) ഇങ്ങനെ രേഖപ്പെടുത്തപ്പെട്ടതാണ്. പ്രഭാഷണം കഴിഞ്ഞപ്പോൾ ശിഷ്യൻ അബൂ ശാഹ് അൽയമനി നബിയോട് ആ പ്രഭാഷണം എഴുതിത്തരാൻ ആവശ്യപ്പെട്ടു. അപ്പോൾ, സന്നിഹിതരായിരുന്ന അനുചരന്മാരോട്, ‘അബൂ ശാഹിന് ഈ പ്രസംഗം എഴുതിക്കൊടുക്കൂ’ എന്ന് നിർദ്ദേശിച്ചു. അങ്ങനെയത് രേഖീയമാവുകയും പിൽക്കാല സീറകളിലും ഹദീസ് സമാഹാരങ്ങളിലും ഇടംപിടിക്കുകയും ചെയ്തു. അനന്തരാവകാശം, ദിയത്ത് തുടങ്ങിയ വിഷയങ്ങളിലെ ഇസ്‌ലാമിക നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി നബി (സ്വ) അനുചരൻ അംറ് ബ്നു ഹസ്‌മി(റളി)ന്റെ പക്കൽ യമനിലേക്ക് കൊടുത്തയച്ച ദീർഘ എഴുത്ത്, നബിയുടെ നിർദ്ദേശപ്രകാരം എഴുതപ്പെട്ട ‘സുന്നത്തു’കളായിരുന്നു. അതിൽ നിന്നും വിവിധ ഹദീസ് ഗ്രന്ഥങ്ങളിലേക്ക് പകർത്തപ്പെട്ടു. ഇമാം ഹാകിം തന്റെ മുസ്‌തദ്‌റകിൽ ഇതിലെ അറുപത്തിമൂന്ന് ഹദീസുകൾ ഉദ്ധരിക്കുന്നുണ്ട്. ഇതുപോലെ യമനിലേക്ക് നബി (സ്വ) അയച്ച വേറെയും എഴുത്തുകളിൽ നിന്നും ഇമാം ശിഅബി(റഹി) പകർത്തിയ കുറെ ഹദീസുകൾ ഇബ്നു ശൈബയുടെ മുസ്വന്നഫിൽ വായിക്കാം. അവസാന നാളുകളിൽ വിവിധ പ്രദേശങ്ങളിലേക്ക് നബി നിയോഗിച്ച സകാത്ത് ഉദ്യോഗസ്ഥർക്ക് നൽകാൻ നബി(സ്വ)യുടെ നിർദ്ദേശപ്രകാരം ക്രോഡീകരിച്ച സകാത്ത് ഹദീസുകളാണ് കിതാബുസ്സ്വദഖ:. ഇതിന്റെ ക്രോഡീകരണം പൂർത്തിയാവുന്നതിന് മുമ്പ് പ്രവാചകൻ (സ്വ) വഫാത്തായതിനാൽ, ഒന്നാം ഖലീഫ അബൂബക്കർ (റളി) അത് പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവരെ പ്രേരിപ്പിക്കുകയും, വിവിധ നാടുകളിലേക്ക് അതയച്ചുകൊടുക്കുകയും ചെയ്തു.

പ്രവാചക ചര്യകൾ/ വചനങ്ങൾ വാചികമായും പ്രാവർത്തികമായും മാതാപിതാക്കളും ഗുരുനാഥന്മാരും മക്കൾക്കും ശിഷ്യന്മാർക്കും ഉപദേശമായും ഖത്വീബുമാർ വെള്ളിയാഴ്ച പ്രഭാഷണമായും ഖാസിമാർ വിധി പ്രഖ്യാപനവുമായും തലമുറകൾക്ക് പകർന്നുകൊടുക്കുന്ന രീതിയായിരുന്നു ആദ്യഘട്ടത്തിൽ വ്യാപകം. അനുവാചകരെ ലക്‌ഷ്യം വെച്ചുള്ള ഗ്രന്ഥങ്ങൾ ഉണ്ടായിരുന്നില്ല. പ്രവാചക പ്രസ്താവനകളും പ്രവൃത്തികളും സംബന്ധമായ അനുഭവങ്ങളും അറിവുകളും അവരവരുടെ സ്വന്തം ശേഖരമായി പലരും രേഖപ്പെടുത്തി വെച്ചിരുന്നു എന്നുമാത്രം. നബിയുടെ ജീവിതകാലത്തും വിയോഗാനന്തരവും നബി ശിഷ്യന്മാർ പലരും ഇങ്ങനെയായിരുന്നു സുന്നത്ത് കാത്തുസൂക്ഷിച്ചത്. സ്വഹാബി വര്യനായിരുന്ന അബ്ദുല്ലാഹി ബ്നു അംറ് ബ്നുൽ ആസ്വി(റളി)ന്റെ സ്വന്തം ഹദീസ് നോട്ട്സ് ആയിരുന്ന ‘അസ്സ്വഹീഫത്തുസ്സ്വാദിഖ:’ ഇത്തരം എഴുത്തുകളിൽ പ്രസിദ്ധമാണ്. വളരെ ബഹുമാനത്തോടെയായിരുന്നു അബ്ദുല്ലാഹി ബ്നു അംറ് ബ്നുൽ ആസ്വ് (റളി) ഈ ഹദീസ് ശേഖരം കാത്തുസൂക്ഷിച്ചിരുന്നത്. മറ്റാരെയും അത് തൊടാൻ അനുവദിക്കുമായിരുന്നില്ല. അതൊന്നു തൊടണമെന്ന ആഗ്രഹത്തോടെ അതിനു തുനിഞ്ഞ പ്രമുഖ താബിഈ പണ്ഡിതൻ മുജാഹിദ് (റഹി)ക്കുണ്ടായ അനുഭവം അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ‘തൊടരുത്’ എന്നുവിലക്കിയപ്പോൾ അദ്ദേഹം ആശ്ചര്യത്തോടെ ചോദിച്ചു: “എന്തിനാണ് താങ്കളെന്നെ തടയുന്നത്?!”. അപ്പോൾ അബ്ദുല്ലാഹി ബ്നു അംറ് ബ്നുൽ ആസ്വ് (റളി) പ്രതിവചിച്ചു: “ഒരാളും ഇടയിൽ കണ്ണിചേരാതെ ഞാൻ നേരിട്ടു അല്ലാഹുവിന്റെ ദൂതരിൽ നിന്നും കേട്ട കാര്യം നഷ്ടമാകുന്നതിലും വലിയ നഷ്ടമായി ഞാൻ മറ്റൊന്നിനെയും കാണുന്നില്ല. അങ്ങയുടെ ഉപദേശങ്ങളാണ് ഈ ഏടുകളിൽ”. “അസ്സ്വാദിഖ എന്ന് ഞാൻ വിളിക്കുന്ന വിശിഷ്ട താളുകൾ എഴുതിയെടുക്കട്ടെ എന്ന് അനുവാദം ചോദിച്ചപ്പോൾ അനുവാദം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഞാൻ എഴുതിവെച്ച കാര്യങ്ങളാണിതിൽ”(ഇമാം റാമ ഹുർമുസി / തഖ് യീദുൽ ഇൽമ്). “എനിക്ക് ജീവിതത്തിൽ പ്രതീക്ഷ നൽകുന്ന രണ്ടുകാര്യങ്ങളാകുന്നു ‘അസ്സ്വഹീഫ’യും വഹത്വ് ഭൂമിയും”, അബ്ദുല്ലാഹി ബ്നു അംറ് ഇതേക്കുറിച്ച് പറയാറുണ്ടായിരുന്നു (സുനദ്ദാരിമി). അദ്ദേഹം വഖ്ഫ് ദാനമായി നൽകിയ ത്വാഇഫിലെ തോട്ടഭൂമിയായിരുന്നു വഹത്വ്.

ഈ ബഹുമാന്യ താളുകൾ അദ്ദേഹത്തിന്റെ തറവാട്ടിൽ സൂക്ഷിക്കപ്പെട്ടു. പിന്നീട് ഹദീസ് റിപ്പോർട്ടിങ് വ്യാപകമായ കാലത്ത് അദ്ദേഹത്തിന്റെ പൗത്രനും മക്കയിലെ(കുറച്ചുകാലം ത്വായിഫിലും പാർത്ത) പ്രമുഖ താബിഈ പണ്ഡിതനുമായ അംറ് ബ്നു ശുഐബ് (റഹി) ഈ ഹദീസുകൾ ശിഷ്യന്മാർക്ക് പകർന്നുനൽകി. പിതാവിൽ നിന്നുള്ള ഹദീസുകളാണ് അധികവും അംറ് നിവേദനം ചെയ്തത്. അബ്ദുല്ലാഹി ബ്നു അംറ് ബ്നുൽ ആസ്വിന്റെ(റളി) ശേഖരത്തിൽ ‘അസ്സ്വഹീഫത്തുസ്സ്വാദിഖ:’ മാത്രമായിരുന്നില്ല ഉണ്ടായിരുന്നതെന്നും അദ്ധേഹത്തിന്റെ പെട്ടിയിൽ ഇതുപോലെയുള്ള വിജ്ഞാന ശേഖരങ്ങൾ വേറെയും ബഹുമാനത്തോടെ സൂക്ഷിച്ചുവെച്ചിരുന്നുവെന്നും, ആവശ്യം വരുമ്പോൾ അവ തുറന്നു പരിശോധിക്കാറുണ്ടായിരുന്നുവെന്നും ചരിത്രത്തിൽ രേഖപ്പെട്ടുകാണുന്നു. ഇബ്നു ഖബീൽ ഒരിക്കൽ അബ്ദുല്ലാഹി ബ്നു അംറ് ബ്നുൽ ആസ്വിനോട്(റളി) ചോദിച്ചു: കോൺസ്റ്റാന്റിനോപ്പിളിലെ നഗരങ്ങളാണോ റോമൻ നഗരങ്ങളാണോ ആദ്യം മുസ്‌ലിംകൾ കീഴടക്കുക?’. ചോദ്യം കേട്ട അബ്ദുല്ലാ തന്റെ ഒരു പെട്ടി കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അതിൽ നിന്നും ചില എഴുത്തുകൾ എടുത്തു. അതുനോക്കി പറഞ്ഞു: ‘ഹിർഖൽ രാജാവിന്റെ നഗരമായിരിക്കും ആദ്യം കീഴടക്കപ്പെടുക”.

പ്രമുഖ സ്വഹാബിവര്യൻ ജാബിർ ബ്നു അബ്ദില്ലാഹിൽ അൻസ്വാരി(റളി)യുടെ ഹദീസ് നോട്ട്സ് ആണ് ശ്രദ്ധേയമായ മറ്റൊന്ന് (ഇബ്നു അബ്ദിൽ ബർറ് / ജാമിഉൽ ബയാനിൽ ഇൽമ്). ഇദ്ദേഹത്തിൽ നിന്നും താബിഈ പണ്ഡിതൻ അബുസ്സുബൈർ പകർത്തിയെഴുതിയ ‘സ്വഹീഫത്ത്’ മക്കയിൽ വെച്ച് നേരിൽ കണ്ടതും അതിന്റെ വിശ്വാസ്യത ഉറപ്പുവരുത്തിയതുമായ അനുഭവം പ്രമുഖ താബിഈ പണ്ഡിതൻ ലൈസ് ബ്നു സഅദ് (റഹി) പങ്കുവെക്കുന്നുണ്ട്(ദഹബി/ സിയർ). ഈ എഴുത്തുകളുടെ നേർപകർപ്പ് ജാബിറിന്റെ(റളി) ശിഷ്യന്മാരായ അബൂ സുഫ്‌യാൻ (റഹി), ത്വൽഹത്ത് ബ്നു നാഫിഅ (റഹി) എന്നിവരുടെ അടുക്കൽ ഉണ്ടായിരുന്നു. സ്വഹാബി പ്രമുഖൻ അഖീൽ ബ്നു അബ്ബാസിന്റെ(റളി) പൗത്രൻ അബ്ദുല്ലാഹിബ്നു മുഹമ്മദ് (റഹി), നബിയുടെ ദൗഹിത്രൻ ഹുസൈൻ ബ്നു അലി(റളി)യുടെ പൗത്രൻ മുഹമ്മദ് അൽബാഖിർ (റഹി) എന്നിവർ ജാബിർ ബ്നു അബ്ദില്ലാഹിൽ അൻസ്വാരി(റളി)യുടെ ഹദീസുകൾ എഴുതിയെടുത്തവരാണ്. ഇതുപോലെ പകർത്തിയ ഒരു കോപ്പി ആസിം ബ്നു ഉമർ ബ്നു ഖതാദ(റഹി)യുടെ പക്കൽ ഉണ്ടായിരുന്നു. ബസ്വറക്കാരുടെ അടുക്കലുമുണ്ടായിരുന്നു മറ്റൊരു പകർപ്പ്. അവരിൽ നിന്നാണ് പ്രമുഖ താബിഈ പണ്ഡിതൻ ഹസനുൽ ബസ്വരി ജാബിർ (റളി) വഴിയ്ക്കുള്ള ഹദീസുകൾ പഠിക്കുന്നത്.

സ്വഹാബി പ്രമുഖനായിരുന്ന അനസ് ബ്നു മാലികിന്റെ(റളി) ഹദീസ് താളുകളായിരുന്നു മറ്റൊന്ന്. ഒരിക്കൽ അതദ്ദേഹം പ്രവാചകന്റെ(സ്വ) മുമ്പാകെ കാണിച്ചു. സുഹൃത്തുക്കൾ ഒന്നിക്കുമ്പോൾ ഇദ്ദേഹം ആ താളുകൾ പ്രദർശിപ്പിക്കുമായിരുന്നു(തഖ് യീദുൽ ഇൽമ്). സമകാലികരായ സതീർഥ്യരിൽ നിന്നും അറിവായ നബി ചര്യകൾ രേഖപ്പെടുത്തിയ മറ്റൊരു എഴുത്തും ഇദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. അബ്ബാന് ബ്നു മാലിക് അൽബദ്‌രി (റളി) ഒരിക്കൽ നബി(സ്വ)യുടെ വചനങ്ങൾ ജനങ്ങൾക്ക് പറഞ്ഞുകൊടുത്തപ്പോൾ, അതുകേട്ടു കൗതുകത്തോടെ ‘ഞാനിതെഴുതി എടുക്കട്ടെ’ എന്ന് പറഞ്ഞു എഴുതിവെക്കുന്ന സംഭവം രേഖീയമാണ്. “ഞങ്ങൾ അനസിന്റെ(റളി) അടുക്കലേക്ക് ഹദീസ് പഠിക്കാൻ ആവർത്തിച്ചു പോയപ്പോൾ, ഒരിക്കൽ അദ്ദേഹം ഒരു ഫയലെടുത്ത് “ഇതാ ഞാൻ എഴുതിവെച്ച നബിവചനങ്ങൾ” എന്ന് പറഞ്ഞു അത് തുറന്നു കാണിച്ചുകൊടുക്കുന്ന രംഗവും രേഖീയമാണ്.

ഹദീസ് സമാഹരിച്ചെഴുതി വെക്കുന്നതിൽ വലിയ പങ്കുവഹിച്ച പ്രമുഖ സ്വഹാബിയാണ് അബ്ദുല്ലാഹി ബ്നു അബ്ബാസ് (റളി). നബി(സ്വ)യുടെ വിയോഗസമയത്ത് പന്ത്രണ്ട് – പതിമൂന്നു വയസ്സ് മാത്രം ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ വിജ്ഞാന അന്വേഷണ തൃഷ്ണയും ജീവിച്ചിരിക്കുന്ന സ്വഹാബികളെ തേടിപ്പിടിച്ചു നബിവചനങ്ങളും അനുഭവങ്ങളും സമാഹരിച്ചു എഴുതിവെക്കുകയും ചെയ്യുന്ന പതിവ് പ്രസിദ്ധമാണ്. മത സംബന്ധമായി ലഭിക്കുന്ന അറിവുകളെല്ലാം എഴുതിവെക്കാറുണ്ടായിരുന്നു ഇബ്നു അബ്ബാസ് (റളി). അതിൽ പ്രധാനമായിരുന്നു നബിചര്യകൾ. ഇങ്ങനെയുള്ള വലിയൊരു രേഖീയ ശേഖരം തന്നെ അദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നു. ഒരൊട്ടകത്തിനു വഹിക്കാൻ മാത്രം ഉണ്ടായിരുന്നുവെന്നാണ് ചിലരുടെ വിവരണം. വിയോഗാനന്തരം ഇദ്ദേഹത്തിന്റെ വിമോചിത അടിമ അൽഇമാമുൽ ഹുജ്ജ: അബൂ റിശ്ദൈൻ കുറൈബ് ബ്നു അബീ മുസ്‌ലിം (റഹി) ഈ എഴുത്തുകളെല്ലാം ഇമാമുൽ മഗാസി മുഹമ്മദ് ബ്നു ഇസ്‌ഹാഖിനുമുന്നിൽ വെച്ചുകൊടുത്തു. അതേക്കുറിച്ച് ഇമാമുൽ മഗാസി പറഞ്ഞു: ‘ഇബ്നു അബ്ബാസിന്റെ ഗ്രന്ഥങ്ങളിൽ നിന്നും ഒരൊട്ടകത്തിനു ചുമക്കാവുന്നത് കുറൈബ് എന്റെ മുമ്പാകെ എടുത്തുവെച്ചു” എന്നത്രെ. സുഹൈർ ബ്നു മുആവിയ(റഹി)യും ഇതേ പ്രസ്താവന നടത്തുന്നു(ദഹബി / സിയർ). ഇബ്നു അബ്ബാസ് അവർകളുടെ പുത്രൻ അലി (റഹി) ഹദീസ് എഴുത്ത് ഉദ്ദേശിക്കുമ്പോൾ കുറൈബിനോട് പിതാവിന്റെ ശേഖരത്തിലെ ആവശ്യമുള്ള എഴുത്തുകൾ കൊണ്ടുവരാൻ കല്പിക്കുമായിരുന്നു.

ദിയത്ത്, ഖിസ്വാസ് ,യുദ്ധത്തടവുകാർ, സകാത്, മദീന ഹറം തുടങ്ങിയവ സംബന്ധമായ ഹദീസുകൾ മാത്രം ക്രോഡീകരിച്ചുകൊണ്ട് പ്രമുഖ സ്വഹാബിയും നാലാം ഖലീഫയുമായ അലിയ്യ് ബ്നു അബീ ത്വാലിബ് (റളി) എഴുതിയ സ്വഹീഫ ഈ ഗണത്തിൽ പ്രധാനമാണ്. ഇതിലെ ഹദീസുകൾ പിൽക്കാലത്ത് വിരചിതമായ വിവിധ ഹദീസ് സമാഹാരങ്ങളിൽ കാണാം. അബ്ദുല്ലാഹി ബ്നു ഉമറിന്റെ(റളി) ഹദീസ് എഴുത്തുകൾ ഇക്കൂട്ടത്തിൽ അവിസ്മരണീയമാണ്. നബിചര്യകൾ കൂടുതൽ നിവേദനം ചെയ്ത സ്വഹാബിയാണ് ഇബ്നു ഉമർ. ഇദ്ദേഹം പറഞ്ഞുകൊടുക്കുന്ന ഹദീസുകൾ തന്റെ ശിഷ്യന്മാർ നിശ്ചിത ക്രമത്തിൽ തരംതിരിച്ചു രേഖപ്പെടുത്തി വെക്കുമായിരുന്നു. ഇവയിൽ പ്രസിദ്ധമാണ് നാഫിഇന്റെ പകർപ്പുകൾ. ഇത് പിൽക്കാലത്തേക്ക് പകർപ്പുകളായി കൈമാറ്റം ചെയ്യപ്പെട്ടു. നാഫിഇൽ നിന്നും ശുഐബും തുടർന്ന് അബുൽ യമാനും പകർത്തിയ കോപ്പിയെക്കുറിച്ച് ഖത്വീബുൽ ബാഗ്ദാദി രേഖപ്പെടുത്തുന്നുണ്ട്. നബി(സ്വ)യെ സദാസമയത്തും സേവിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന അബ്ദുല്ലാഹിബ്നു മസ്ഊദ്(റളി) പ്രവാചക മൊഴികൾ എഴുതിവെക്കുന്ന പതിവുകാരനായിരുന്നു. ഖലീഫ ഉമർ ബ്നുൽ ഖത്വാബ് (റളി ) അദ്ദേഹത്തെ കൂഫയിലേക്ക് പ്രധാന അധ്യാപകനായി അയച്ചു. കൂഫയിലെ തദ്ദേശീയരും വിദേശികളുമായ വിദ്യാർഥികൾ അദ്ധേഹത്തിന്റെ ഹദീസെഴുത്തുകൾ തലമുറകളിലേക്ക് പ്രസരിപ്പിച്ചു. അദ്ദേഹത്തിന്റെ പൗത്രൻ മഅനു ബ്നു അബ്ദിറഹ്മാൻ (റഹി) തന്റെ പിതാവ് പിതാമഹന്റെ ഹദീസ് എഴുത്തുകൾ എടുത്തുതന്ന കാര്യം അനുസ്മരിക്കുന്നത് നിവേദകചരിത്രത്തിൽ വായിക്കാം.

സ്വഹാബി മുഖ്യൻമാരായ മുആദ് ബ്നു ജബലി(റളി)ന്റെയും സമുറത്ത് ബ്നു ജുൻദുബി(റളി) ന്റെയും ഹദീസ് എഴുത്തുകൾ കൂടി പരിചയപ്പെടാം. ഹലാൽ ഹറാം വിഷയങ്ങളിൽ നിപുണനായിരുന്ന മുആദ് (റളി) ശിഷ്യന്മാർക്ക് പകർന്നുനൽകിയ ഹദീസുകൾ അവരെഴുതിവെക്കുകയും അതിൽ നിന്നും മറ്റുള്ളവർക്ക് പഠിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇതിന്റെ പകർപ്പ് കാണാനിടയായ കാര്യം ഇബ്നു ആഇദ് (റഹി) അനുസ്മരിക്കുന്നു. നബിയുടെ വിയോഗാനന്തരം സമുറത്ത് (റളി) ബസ്വറയിലായിരുന്നു താമസം. മക്കൾ സുലൈമാൻ, സഅദ് എന്നിവർക്കുവേണ്ടിയായിരുന്നു അദ്ദേഹം തന്റെ അറിവിലുള്ള നബി വചനങ്ങൾ രേഖപ്പെടുത്തി അയച്ചുകൊടുത്തത്. ഈ കത്തിനെക്കുറിച്ച് താബിഈ പ്രമുഖൻ മുഹമ്മദ് ബ്നു സീരീൻ(റഹി) പറഞ്ഞു: ‘സമുറത്തിന്റെ കത്തിൽ ധാരാളം വിജ്ഞാനങ്ങൾ ഉണ്ടായിരുന്നു”. സന്താനപരമ്പരകളിലേക്ക് ഈ കത്ത് കൈമാറ്റം ചെയ്യപ്പെട്ടുവെന്നു ചരിത്രം (തഹ്ദീബുത്തഹ്ദീബ്).

ഇങ്ങനെ അമ്പതിലധികം സ്വഹാബികളുടെ സ്വന്തം ഹദീസ് താളുകളെക്കുറിച്ച് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. (ഡോക്ടർ മുഹമ്മദ് മുസ്തഫാ അഅളമിയുടെ ദിറാസാത്തുൻ ഫിൽ ഹദീസിന്നബവിയ്യി വ താരീഖി തദ്‌വീനിഹി’ പരിശോധിക്കുക). നബിയുടെ കാലത്തുതന്നെ ഹദീസ് സമാഹരണം ആധികാരികമായി നടന്നിരുന്നു എന്നാണിതെല്ലാം കാണിക്കുന്നത്. ഇസ്‌ലാം വിരോധികൾ ഈ ചരിത്രം കറുപ്പടിച്ചു മറച്ചുവെക്കാൻ വൃഥാ പരിശ്രമിക്കുകയാണ്.

രണ്ടാം നിരക്കാരായ താബിഉകളിൽ പ്രധാനിയായ ഹുമ്മാം ബ്നു മുനബ്ബിഹ് (റഹി) യുടെ ‘അസ്സ്വഹീഫത്തുസ്സ്വഹീഹ:’ പ്രമുഖ സ്വഹാബിവര്യൻ അബൂഹുറൈറ(റളി)യുടെ മദീനയിലെ ഹദീസ് മജ്‌ലിസുകളിൽ നിന്നും ലഭിച്ച ഹദീസുകൾ മാത്രം രേഖപ്പെടുത്തിയ വിലപ്പെട്ട ഹദീസ് കൃതിയാണ്. ഇതിൽ നൂറ്റിനാല്പതോളം ഹദീസുകൾ ഉണ്ടെന്നാണ് ഇമാം ദഹബി രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാം സ്വഹീഹുകൾ. ഇതേ സദസ്സുകളിൽ പങ്കെടുത്ത അഅറജ് (റഹി) ഇപ്രകാരം മറ്റൊരു രചന നിർവ്വഹിച്ചിട്ടുണ്ട്. അബൂഹുറൈറ (റളി) ഹിജ്‌റ 58 ൽ മരണപ്പെട്ടു. അതായത്, ഹിജ്‌റ അമ്പതുകളിൽ ആയിരിക്കണം’അസ്സ്വഹീഫത്തുസ്സ്വഹീഹ:’ യുടെയും അഅറജ് (റഹി)യുടെയും രചന. നഷ്ടപ്പെടാതെ അവശേഷിച്ച ‘അസ്സ്വഹീഫത്തുസ്സ്വഹീഹ:’യുടെ (ഡമാസ്കസിലെ അൽ മക്തബതു ളാഹിരിയ്യയിലെയും ബെർലിനിലേയും കയ്യെഴുത്തുപ്രതികൾ അവലംബമാക്കി) ആദ്യമായി 1953 ൽ ഡോക്ടർ മുഹമ്മദ് ഹമീദുല്ലായുടെ നേതൃത്വത്തിൽ ഹൈദരാബാദിൽ അച്ചടിച്ച് പ്രസിദ്ധം ചെയ്യപ്പെട്ടു. (ഇതിന്റെ ഹി 557 ലെഴുതിയ മറ്റൊരു പ്രതി 1981 ൽ ഈജിപ്തിലെ ദാറുൽ കുതുബിൽ കണ്ടെത്തുകയുണ്ടായി. മൂന്നു കയ്യെഴുത്തു പ്രതികൾ ആസ്പദമാക്കിയുള്ള പഠനങ്ങൾ ഇപ്പോൾ ലഭ്യമാണ്). മുആവിയ (റളി), ഇബ്നു അബ്ബാസ് (റളി) തുടങ്ങിയ നിരവധി പേരിൽ നിന്നും പഠിച്ച ഹദീസുകളുടെ വ്യത്യസ്ത ശേഖരങ്ങളും ഹുമ്മാം ബ്നു മുനബ്ബിഹിന്റെ(റഹി) പക്കൽ ഉണ്ടായിരുന്നു. (ഇദ്ദേഹത്തിൽ നിന്നും അവ കേട്ടുപടിച്ച മുഅമ്മറിൽ നിന്നും അബ്ദുറസാഖ് സ്വന്ആനി എല്ലാം പകർത്തിവെച്ചു. അവ വ്യത്യസ്ത ശിഷ്യന്മാരിലൂടെ പിൽക്കാല കൃതികളിൽ രേഖപ്പെടുത്തപ്പെട്ടു). സ്വഹാബികളും താബിഉകളും രേഖപ്പെടുത്തിയ സ്വഹീഫകൾ ക്രോഡീകരിച്ചാൽ, മൂന്നാം നൂറ്റാണ്ടിൽ സമാഹരിക്കപ്പെട്ട ഹദീസുകളെക്കാൾ ഏറെ നിലവാരമുള്ളതും ലക്ഷണമൊത്തതുമായ കൂടുതൽ എണ്ണം ഹദീസുകൾ ഉണ്ടാകുമായിരുന്നുവെന്നാണ് വിദഗ്‌ധർ രേഖപ്പെടുത്തിയിരിക്കുന്നത്. അവകൾ പിന്നീട്, പിൽക്കാല രചനകളിൽ ലയിക്കുകയായിരുന്നു.

വിവിധ പടയോട്ടങ്ങളിൽ പ്രമുഖ ഹദീസ് പണ്ഡിതർ കൊല്ലപ്പെടുന്നതും, അവാന്തരവിഭാഗങ്ങൾ വ്യാജ ഹദീസുകൾ പ്രചരിപ്പിക്കുന്നതും കണ്ടുമനസ്സിലാക്കിയ ഖലീഫ ഉമർ ബ്നു അബ്ദിൽ അസീസ് (റഹി) ഹദീസുകൾ സമാഹരിച്ചെഴുതിവെക്കാൻ എല്ലാ മുസ്‌ലിം കേന്ദ്രങ്ങളിലെയും ജ്ഞാനികളോട് ആഹ്വാനം ചെയ്തപ്പോൾ, പലരും ഈ രംഗത്തേക്ക് കൂടുതൽ വ്യവസ്ഥാപിതമായ സംഭാവനകൾ സമർപ്പിക്കുകയായിരുന്നു. മക്കയിലെ ഖാസിയും ഗവർണ്ണരുമായിരുന്ന അബൂബക്ർ ബ്നു ഹസ്മിനോട് ഖലീഫ നിർദ്ദേശിച്ചത്, സ്വഹാബി വര്യനായ അബ്ദുറഹ്‌മാനുൽ അൻസ്വാരി(റളി)യുടെ മകൾ ഇമ്രയുടെയും ഒന്നാം ഖലീഫ അബൂബക്കറിന്റെ(റളി) പുത്രൻ മുഹമ്മദിന്റെ പുത്രൻ പുകൾപെറ്റ ജ്ഞാനി ഖാസി(റഹി)യുടെയും പക്കലുള്ള ഹദീസുകൾ എഴുതിവെക്കണമെന്നായിരുന്നു. ഖലീഫയുടെ നിർദ്ദേശപ്രകാരം എല്ലാ നഗരങ്ങളിലെയും ഹദീസ് ജ്ഞാനികൾ അവരവർക്ക് പകർന്നുലഭിച്ച ഹദീസുകളുടെ രചനകൾ ആരംഭിച്ചു. പ്രമുഖ പണ്ഡിതൻ ഇമാം മുസ്‌ലിം ബ്നു ശിഹാബ് അസ്സുഹ്‌രി(റഹി. മരണം ഹി 124)യുടെ സംഭാവന ഈ അവസരത്തിൽ അദ്വിതീയമായിരുന്നു. ഈ ഘട്ടത്തിൽ ബസ്വറയിൽ ഹദീസുസമാഹരണ ദൗത്യം നിർവ്വഹിച്ച റബീഉബ്നു സ്വബീഹ് (റഹി)(മ.ഹി 160), സഈദ് ബ്നു അബീ ഉറൂബ (റഹി)(മ.ഹി 156) തുടങ്ങിയവരുടെ രചനകൾ വളരെ പരിമിതമായിരുന്നു.

ഹദീസ് പണ്ഡിതന്മാരിലെ മൂന്നാം തട്ടിലുള്ള പ്രമുഖർ വിധിവിലക്കുകളുടെ അധ്യായങ്ങൾ തിരിച്ചു ഗ്രന്ഥരചന ആരംഭിച്ചു. തിരുനബിയുടെ മദീനയിൽ ജനിക്കുകയും പഠനത്തിലും അധ്യാപനത്തിലും നബിചര്യയുടെ സമാഹരണത്തിലും സംശോധനത്തിലുമായി മരണം വരെ അവിടെ ജീവിക്കുകയും ചെയ്ത ഇമാം മാലിക് ബ്നു അനസിന്റെ(റഹി)(മ.ഹി 171) മുവത്വ ഇവയിൽ സുപ്രധാനമാണ്. മക്ക മദീന ത്വായിഫ് അടങ്ങിയ ഹിജാസിലെ ജ്ഞാനികളിൽ നിന്നും സമാഹരിച്ച ഹദീസുകളും സ്വഹാബികളുടെ പ്രസ്താവനകളും താബിഉകളുടെയും ശേഷക്കാരുടെയും ഫത്‌വകൾ എന്നിവയെല്ലാം കൂടിക്കുഴഞ്ഞ ഗ്രന്ഥസംവിധാനമായിരുന്നു മുവത്വയുടെത്. മക്കയിലെ അബൂമുഹമ്മദ് അബ്ദുൽ മലിക് ബ്നു അബ്ദിൽ അസീസ് ബ്നു ജുറൈജ് (റഹി)(മ.ഹി 150), ഇബ്നു ഇസ്‌ഹാഖ്‌ (റഹി) (മ.ഹി 151), ശാമിലെ അബൂ അംറ് അബ്ദുറഹ്മാൻ ബ്നു അംറ് അൽ ഔസാഈ (റഹി)(മ.ഹി 156), കൂഫയിലെ അബൂ അബ്ദില്ലാഹ് സുഫ്‌യാനു ബ്നു സഈദ് അസ്സൗരി (റഹി)(മ.ഹി 161), ബസ്വറയിലെ അബൂ സലമത്ത് ഹമ്മാദ് ബ്നു സലമത്ത് ബ്നു ദീനാർ (റഹി)(മ.ഹി 176), വാസിഥിലെ ഹഷീം ബ്നു ബഷീർ (റഹി)(മ.ഹി 188), ശുഅബത് ബ്നുൽ ഹജ്ജാജ് (റഹി)(മ.ഹി 160), ഖുറാസാനിലെ അബ്ദുല്ലാഹി ബ്നുൽ മുബാറക് (റഹി)(മ.ഹി 181), യമനിലെ മുഅമ്മർ (റഹി)(മ.ഹി 153), റയ്യിലെ ജരീർ (റഹി)(മ.ഹി 175), ഈജിപ്തിലെ അബ്ദുല്ലാഹി ബ്നു വഹബ് (റഹി)(മ.ഹി 197) എന്നിവരുടെ ഹദീസ്- ഫത്‍വ സമാഹാരങ്ങളാണ് ഇമാം ബുഖാരി വായിച്ച മറ്റു ഹദീസ് കൃതികൾ. ഇവരുടെ പാതയും ഗ്രന്ഥാവതരണ രീതിയും പിന്തുടർന്നുകൊണ്ട് അനേകം സമകാലികർ എഴുതിയ ഗ്രന്ഥങ്ങളും ഇമാം ബുഖാരിയുടെ വായനയിലെത്തുന്നുണ്ട്.

ഇത്തരം ഗ്രന്ഥങ്ങളുടെ അവസാന ഘട്ടത്തിൽ, ചില ജ്ഞാനികൾ പ്രവാചക ചര്യകൾ മാത്രം ഉൾകൊള്ളുന്ന ഗ്രന്ഥങ്ങൾ രചിച്ചതായും കാണാം. അത് ഏതാണ്ട് രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലായിരുന്നു. അങ്ങനെ രചിക്കപ്പെട്ട മുസ്നദ് കൃതികളായിരുന്നു കൂഫക്കാരൻ അബ്ദുല്ലാഹി ബ്നു മൂസ അൽ അബസി (റഹി), മിസ്റിൽ ജീവിച്ചിരുന്ന നുഐം ബ്നു ഹമ്മാദ് അൽ ഖസാഈ (റഹി) എന്നിവരുടേത്. ഇവയും ഇമാം ബുഖാരിയുടെ ശേഖരത്തിൽ എത്തി. ഹദീസ് രചന മുസ്നദിലേക്ക് നീങ്ങിയപ്പോൾ ധാരാളം ജ്ഞാനികൾ ആ വഴിയിൽ ഹദീസുകൾ സമാഹരിക്കുന്ന ശ്രമങ്ങൾ തുടങ്ങി. അക്കാലത്ത് ജീവിച്ചിരുന്ന ദശകണക്കിന് ഹാഫിളുകളിൽ (ഒരു ലക്ഷം ഹദീസ് നിവേദനങ്ങൾ- കണ്ടന്റുകൾ അല്ല- മനഃപാഠമോ ലിഖിതമായോ അറിയുന്നവരാണ് ഹദീസ് ശാസ്ത്രത്തിലെ ഹാഫിളുകൾ) കുറഞ്ഞ പേർ മാത്രമേ അവരവർ പ്രവാചകനിലേക്ക് കണ്ണിചേരുന്ന ഹദീസുകൾ ഗ്രന്ഥമാക്കാതിരിന്നിട്ടുള്ളൂ. ഇവയെല്ലാം ഇമാം ബുഖാരിയുടെ പരിശോധനയ്ക്ക് വിധേയമായി. ഇമാം ശാഫിഈ (റഹി), ഇമാം അഹ്മദ് ബ്നു ഹമ്പൽ (റഹി), ഇസ്ഹാഖ് ബ്നു റാഹവൈഹി (റഹി), ഉസ്മാനുബ്നു അബീ ശൈബ (റഹി) തുടങ്ങിയ ധാരാളം വിശ്വ പ്രസിദ്ധരുടെ ഹദീസ് രചനകൾ ഇവയിലുൾപ്പെടുന്നു. ഇതിൽ അബൂ ശൈബയുടെ മുസ്നദ് അദ്ധ്യായം തിരിച്ചുകൊണ്ടുള്ളത് കൂടിയാണ്. ഇമാം ബുഖാരിയുടെ നിശിത പരിശോധനയിൽ ഇവയിൽ സ്വഹീഹ് ഇനത്തിലുള്ളതും ഹസൻ ഇനത്തിലുള്ളതും ധാരാളം ളഈഫ് ഇനത്തിലുള്ളതുമായ ഹദീസുകൾ ഉണ്ടായിരുന്നു. അങ്ങനെയാണ്, ഗുരുനാഥന്മാരുടെ പ്രേരണയിൽ, സ്വഹീഹ് ഇനത്തിലുള്ള മുസ്നദുകൾ മാത്രം സമാഹരിക്കുന്ന യജ്ഞത്തിലേക്ക് നീങ്ങുന്നത്. മുൻഗാമികളിൽ നിന്നും വ്യത്യസ്തമായ, കണിശമായ നിബന്ധനകൾ വെച്ചുകൊണ്ടാണ് ഇമാം ബുഖാരി ഹദീസുകളെ നിരൂപിച്ചത്. തന്റെ സ്വഹീഹിൽ സ്വഹീഹ് ആയ മുസ്നദുകൾ മാത്രമേ ഉണ്ടാകാവൂ എന്ന കണിശബുദ്ധിയോടെയാണ്, നീണ്ട പതിനഞ്ചുവർഷത്തെ പരിശോധനകളിലൂടെയും പര്യാലോചനയിലൂടെയും ഹദീസുകൾ തന്റെ സ്വഹീഹിൽ അദ്ദേഹം രേഖപ്പെടുത്തുന്നത്.

print

No comments yet.

Leave a comment

Your email address will not be published.