സൂറത്ത് കൊറോണയും ഖുർആനിലെ വ്യാകരണപ്പിശകുകളും

//സൂറത്ത് കൊറോണയും ഖുർആനിലെ വ്യാകരണപ്പിശകുകളും
//സൂറത്ത് കൊറോണയും ഖുർആനിലെ വ്യാകരണപ്പിശകുകളും
വായനക്കാരുടെ സംവാദം

സൂറത്ത് കൊറോണയും ഖുർആനിലെ വ്യാകരണപ്പിശകുകളും

ളരെ കാലമായി നാസ്തികർ ഖുർആനിന്റെ ഭാഷാപരമായ ഉന്നതിയെ തള്ളിപ്പറയുന്നു. ഖുർആനിനൊരു ബദൽ ഗ്രന്ഥം അവരുടെ വാക്കുകളിൽ അസാധ്യമായിരുന്നില്ല. എങ്കിലും മനസാ അവർക്കറിയാമായിരുന്നു അത് വളരെ പണിപ്പെട്ട കാര്യമായിരുന്നെന്ന്.

അതിനാലാകാം, ഒരു മഹാ തൊലിക്കട്ടിയുടെ ഉടമയുടെ കോവിഡ്ബാധിത കൃതിയിൽ അവർ വളരെയധികം അഭിമാനം കൊണ്ടു. പക്ഷേ ആ കൃതിയാൽ തന്നെ അവർക്ക് ബോധ്യമായി അത് അസാധ്യമാണെന്ന്.

അതിനാൽ കേരളത്തിലെ നിരീശ്വരവാദി നേതാവ് ബഹു: ഇഎ ജബ്ബാർ തന്റെ പഴക്കമേറിയ അബദ്ധജഡില വാദവുമായി വീണ്ടും വന്നിരിക്കുകയാണ്. ഖുർആനിൽ വ്യാകരണപ്പിശകുണ്ടുപോലും.

ഭാഷയുടെ ആഴങ്ങളിലിറങ്ങി ഇവ്വിഷയകമായി ചർച്ച ചെയ്യാൻ ഞാൻ യോഗ്യനല്ല. ഈ വാദം യുക്തിപരമായി എത്രത്തോളം ബാലിശമാണെന്ന് പരിശോധിക്കൽ മാത്രമാണ് ഉദ്ദേശ്യം.

സാധാരണഗതിയിൽ ഭാഷ കാലാന്തരത്തിൽ രൂപപ്പെടുന്ന ഒന്നാണ്. ഭാഷ കൗമാരം പ്രാപിക്കുമ്പോൾ പണ്ഡിതന്മാർ കൂടുതൽ പഠനം നടത്തി നിർമ്മിക്കുന്നതാണ് ഭാഷാ വ്യാകരണം. അല്ലാതെ വ്യാകരണത്തോടു കൂടി ഭാഷ രൂപം കൊള്ളാറില്ല.

എങ്ങനെയാണ് ഭാഷക്ക് നിയമം നൽകുന്നത്? അത് പ്രസ്തുത ഭാഷക്കാർ സംസാരിക്കുന്ന സ്വാഭാവിക രീതി അനുസരിച്ചാണ്.

അറബി ഭാഷയുടെ സുവർണ്ണകാലത്താണ് ഖുർആൻ ഇറങ്ങിയത്. ഖുർആൻ ഇറങ്ങിയ കാലത്തെ പ്രസിദ്ധ കവി വലീദുബ്നു മുഗീറയുടെയടുക്കൽ ഖുർആനിന്റെ അമാനുഷികതയെ ചോദ്യം ചെയ്യാൻ വേണ്ടി മാത്രം ചില ആളുകളെത്തി. അവിശ്വാസിയായിട്ട് കൂടി അദ്ദേഹം ഖുർആനിന്റെ ഭാഷാ പരമായ ഉന്നതിയെ പ്രശംസിക്കുകയാണുണ്ടായത്.

അറേബ്യയിലെ ഏറ്റവും മികച്ച കവയിത്രി ഖൻസാഅ് ഇസ്‌ലാം മതം സ്വീകരിച്ച മഹതിയാണ്. അവരുടെ കവിതകൾ ഇന്നും പഠിപ്പിക്കപ്പെടുന്നു. എത്രയോ വിദ്യാർത്ഥികൾ അവരുടെ കാവ്യശകലങ്ങൾ ഇന്നും മനപാഠമാക്കുന്നു.

അറബി ഭാഷാ ചരിത്രത്തിലെ ആദ്യ വൈയാകരണൻ നബി(സ്വ) യുടെ ജാമാതാവും അടുത്ത അനുയായിയുമായിരുന്ന ഹസ്രത്ത് അലി (റ) ആയിരുന്നു. നബി(സ്വ) യുടെ മറ്റു പല അനുയായികളെയും പോലെ ഇദ്ദേഹവും ഒരു കവിയായിരുന്നു.

ഇവരെപ്പോലെയുള്ള സാഹിത്യ അതികായരൊന്നും കാണാത്ത മഹാ കണ്ടെത്തലാണ് നിരീശ്വരഭാഷാപാമരർ കണ്ടെത്തിയിട്ടുള്ളത്.

ഖുർആൻ അവതരണത്തിന് ശേഷമാണ് ഭാഷാ വ്യാകരണ ഗ്രന്ഥങ്ങൾ വ്യാപകമായി രചിക്കപ്പെട്ടത്. ഖുർആനിനെ അടിസ്ഥാനമാക്കി രചിച്ച അറബി വ്യാകരണ ഗ്രന്ഥങ്ങൾ തന്നെയുണ്ട്. അറബി പാഠ്യമേഖലയിൽ പാഠ്യ ഗ്രന്ഥങ്ങളായ അത്തരത്തിലുള്ള യാണ് ‘തുഹ്ഫതുൽ വർദിയ’ , ‘ഖത്വറുന്നിദ’ , ‘ഖുലാസ്വതുൽ അൽഫിയ’ തുടങ്ങിയവ. പുതിയ പാഠ്യപദ്ധതി പ്രകാരമുള്ള ഗ്രന്ഥം ‘തഖ്-വീമുല്ലിസാനി’ലടക്കം പല സ്ഥലങ്ങളിലും ഖുർആൻ ഉദ്ധരിച്ചത് കാണാം..അതായത് ഈ വികല വാദം അറബി ഭാഷയോ, അറബി ഭാഷാ ചരിത്രമോ അറിയുന്ന ഒരാളുടെ മുന്നിലും ഉന്നയിക്കാൻ കൊള്ളില്ലെന്നർത്ഥം.

ഖുർആൻ ഭാഷാ പരമായി എത്ര മാത്രം ഉന്നതിയിലാണെന്ന് വിമർശകർക്ക് തന്നെ അറിയാം.

എങ്കിലും ഖുർആൻ അവരുടെ ഭൗതിക താൽപര്യങ്ങളോട് കാണിക്കുന്ന എതിർപ്പ് മൂലം ഇസ്‌ലാമിനും ഖുർആനിനും എതിരായി അതിലെ ആയത്തുകൾ അവർ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി സ്വന്തം താൽപര്യമനുസരിച്ച് വ്യാഖ്യാനം നൽകുന്നു. അവരിൽ തന്നെ മറ്റു ചിലർ വിവരദോഷികളായ നേതാക്കളോടുള്ള അന്ധമായ ആരാധന മൂത്ത് സത്യാവസ്ഥ എന്തെന്ന് പരിശോധിക്കാതെ ചെവിയിലൂടെ കയറിയത് മസ്തിഷ്കത്തിൽ കയറ്റാതെ നേരെ വായിലൂടെ പുറത്തുവിടുന്നു. ഇതിന് നാസ്തികരുടെ ഭാഷയിൽ സ്വതന്ത്ര ചിന്തയെന്ന് പറയും.

ഇവരുടെ മിക്ക വാദങ്ങൾക്കും കാലങ്ങൾക്കു മുമ്പ് തന്നെ പണ്ഡിതന്മാർ മറുപടി പറഞ്ഞിട്ടുണ്ട്. എന്നെങ്കിലും മതത്തിനെതിരെ പുതിയ ആയുധം കിട്ടിയാൽ യാചകന് ലോട്ടറിയടിച്ചാലെന്നപോലെ വൻ ആഘോഷമാക്കും. അത്തരത്തിലൊന്നായിരുന്നു ഒരാഴ്ച മുമ്പ് മൃതിയടഞ്ഞ കോവിഡ് ബാധിത കൃതി. എടുത്തു നോക്കിയാൽ എല്ലാ ആരോപണങ്ങളും ഓരോ മാരക രോഗങ്ങൾ ബാധിച്ച് ജനനത്തിൽ തന്നെ മൃതിയടഞ്ഞതായി കാണാം.

നാസ്തികരുടെ വാദങ്ങളിൽ ചിലത് ആദ്യമായി കേൾക്കുന്നൊരാൾക്ക് ശരിയാണല്ലോ എന്ന് തോന്നിയേക്കാം. ഇത് സംബന്ധമായി ചെറിയൊരു അന്വേഷണം മതി എല്ലാം തികച്ചും ബാലിശമാണെന്ന് മനസ്സിലാകാൻ.

തൂലികക്ക് താൽക്കാലിക വിശ്രമം നൽകുന്നതിന് മുമ്പായി വിശ്വാസകാര്യങ്ങളിൽ സംശയങ്ങളുള്ളവരോട് ഒരു കാര്യം പറയട്ടെ: സംശയങ്ങൾ മനുഷ്യ സഹജമാണ്. അത് തനിക്ക് മാത്രമുള്ളതല്ലെന്ന് മനസ്സിലാക്കുക. ബുദ്ധിയുള്ളവൻ സംശയങ്ങൾ അറിവ് തേടുന്നതിനുള്ള മാർഗമായി കാണും. സംശയം മറ്റാർക്കുമില്ലെന്നും തനിക്കു മാത്രം പ്രത്യേകമായി ലഭിച്ച വരദാനമാണെന്നും കരുതുന്നവനെ മടയനെന്നു വിളിക്കാതെ തരമില്ല.

പ്രപഞ്ചനാഥൻ ചിന്തകൾക്ക് ഉണർവ്വ് നൽകുമാറാവട്ടെ……..

ആമീൻ

print

No comments yet.

Leave a comment

Your email address will not be published.