സൂര്യൻ ജലാശയത്തിലേക്കോ?

//സൂര്യൻ ജലാശയത്തിലേക്കോ?
//സൂര്യൻ ജലാശയത്തിലേക്കോ?
ഖുർആൻ / ഹദീഥ്‌ പഠനം

സൂര്യൻ ജലാശയത്തിലേക്കോ?

വിശുദ്ധ ഖുർആനിലെ പതിനെട്ടാം അധ്യായമായ അൽ കഹ്ഫിലെ എൺപത്തിയാറാം വചനത്തിൽ സൂര്യൻ ചെളിവെള്ളമുള്ള ഒരു ജലാശയത്തിൽ അസ്തമിക്കുന്നതായി പറയുന്നുണ്ടെന്ന് നാസ്തികരടക്കമുള്ള ഖുർആൻ വിമർശകർ ആരോപിക്കാറുണ്ട്. ഭൂമിയെക്കാൾ അനേകം മടങ്ങ് വലിപ്പമുള്ള സൂര്യൻ ഭൂമിയിലെ ഒരു ജലാശയത്തിൽ അസ്തമിക്കുന്നുവെന്ന പ്രസ്താവനവഴി വളരെയധികം അശാസ്ത്രീയമായ കാര്യമാണ് ഖുർആൻ പറയുന്നതെന്നാണ് വിമർശനം. “സൂര്യൻ ചുടുവെള്ളത്തിന്റെ ഉറവയിൽ അസ്തമിക്കുന്നു” എന്നും “സൂര്യൻ അല്ലാഹുവിന്റെ സിംഹാസനത്തിന് (അർശിന്) ചുവട്ടിൽ സുജൂദ് ചെയ്യുന്നു” എന്നുമുള്ള പരാമർശങ്ങളടങ്ങിയ ഹദീഥുകളും ചില വിമർശകർ ഇതോടനുബന്ധിച്ച് വിമർശനത്തിനായി ഉപയോഗിക്കാറുണ്ട്.

എന്താണ് ഖുർആൻ പറയുന്നത്?

വിമര്‍ശിക്കപ്പെട്ട ഖുര്‍ആൻ വാക്യങ്ങള്‍ പരിശോധിക്കുക. “അവര്‍ നിന്നോട് ദുല്‍ഖര്‍നൈനിയെക്കുറിച്ച് ചോദിക്കുന്നു. നീ പറയുക: അദ്ദേഹത്തെക്കുറിച്ചുള്ള വിവരം ഞാന്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിച്ചു തരാം. തീര്‍ച്ചയായും നാം അദ്ദേഹത്തിന് ഭൂമിയില്‍ സ്വാധീനം നല്‍കുകയും, എല്ലാ കാര്യത്തിനുമുള്ള മാര്‍ഗം നാം അദ്ദേഹത്തിന് സൗകര്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം ഒരു മാര്‍ഗം പിന്തുടര്‍ന്നു. അങ്ങനെ അദ്ദേഹം സൂര്യാസ്തമനസ്ഥാനത്തെത്തിയപ്പോള്‍ അത് ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞ് പോകുന്നതായി അദ്ദേഹം കണ്ടു. അതിന്റെ അടുത്ത് ഒരു ജനവിഭാഗത്തെയും അദ്ദേഹം കണ്ടെത്തി. (അദ്ദേഹത്തോട്) നാം പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈൻ, ഒന്നുകില്‍ നിനക്ക് ഇവരെ ശിക്ഷിക്കാം. അല്ലെങ്കില്‍ നിനക്ക് അവരില്‍ നന്മയുണ്ടാക്കാം.” (18:83-86).

ഈ വചനങ്ങളില്‍ സൂര്യന്‍ ചെളിവെള്ളത്തില്‍ ആഴ്ന്നു പോകുന്നുവെന്ന് പറഞ്ഞിട്ടില്ലെന്ന വസ്തുത ശ്രദ്ധിക്കുക. ദുല്‍ഖര്‍നൈനിയെക്കുറിച്ചും അദ്ദേഹത്തിന്റെ യാത്രകളെക്കുറിച്ചുമാണ് ഈ വചനങ്ങളിലെ പ്രതിപാദ്യം. അദ്ദേഹത്തിന്റെ യാത്രകള്‍ക്കിടയിൽ സൂര്യന്‍ അസ്തമിക്കുന്ന സ്ഥലത്ത് എത്തിയപ്പോള്‍ “സൂര്യന്‍ ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞു പോകുന്നതായി അദ്ദേഹം കണ്ടു”വെന്നാണ് ഖുര്‍ആൻ ഈ സൂക്തങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ളത്. സൂര്യന്‍ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല എന്ന് ഇന്ന് നമുക്കറിയാവുന്നതാണ്. ഭൂമിക്ക് ആപേക്ഷികമായി സൂര്യന്‍ നിശ്ചലാവസ്ഥയിലാണെന്നും ഭൂമിയുടെ സ്വയംഭ്രമണം മൂലമാണ് സൂര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതുമായി നമുക്കനുഭവപ്പെടുന്നതെന്നുമുള്ളതാണല്ലോ വസ്തുത. എന്നാല്‍, ഭൂമിയില്‍ ജീവിക്കുന്ന ഓരോ മനുഷ്യരും സൂര്യോദയവും അസ്തമയവും അനുഭവിക്കുന്നുണ്ട്. ഭൂമിയിലുള്ളവര്‍ക്ക് ആപേക്ഷികമായി സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നുണ്ടെന്ന് സാരം. ഭൂമിയില്‍ ജീവിച്ചിരുന്ന ഒരാളായിരുന്ന ദുല്‍ഖര്‍നൈനിയും സൂര്യോദയവും സൂര്യാസ്തമയവും കണ്ടിട്ടുണ്ടാവണം. അദ്ദേഹത്തിന്റെ യാത്രയ്ക്കിടയിൽ സൂര്യാസ്തമയം നടക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ ചെളിവെള്ളമുള്ള ഒരു ജലാശയത്തിൽ സൂര്യൻ അസ്തമിക്കുന്നതായി അദ്ദേഹം കണ്ട കാര്യമാണ് ഖുര്‍ആനിൽ ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്. ‘ചെളിവെള്ളമുള്ള ജലാശയത്തില്‍ സൂര്യന്‍ മറഞ്ഞുപോയി’യെന്നത് ഖുര്‍ആനിന്റെ കേവല പരാമര്‍ശമല്ല, പ്രത്യുത ദുൽഖര്‍നൈനി കണ്ട കാര്യത്തിന്റെ പ്രതിപാദനം മാത്രമാണ്. ‘ഞാന്‍ ഇന്നലെ സൂര്യാസ്തമയ സമയത്ത് കോഴിക്കോട് കടപ്പുറത്ത് പോയപ്പോള്‍ കടലിൽ സൂര്യന്‍ മറഞ്ഞു പോകുന്നതായി കണ്ടു’വെന്ന പരാമര്‍ശത്തിൽ എന്തെങ്കിലും അശാസ്ത്രീയതയുണ്ടോ? ഇല്ലെങ്കില്‍ സൂചിപ്പിക്കപ്പെട്ട ഖുർആൻ വചനങ്ങളിലും യാതൊരു അശാസ്ത്രീയതയുമില്ല.(https://qrgo.page.link/fk9qC).

ഈ ഖുർആൻ വചനങ്ങളിൽ “അങ്ങനെ അദ്ദേഹം സൂര്യാസ്തമനസ്ഥാനത്തെത്തിയപ്പോള്‍ അത് ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞ് പോകുന്നതായി അദ്ദേഹം കണ്ടു” എന്ന ഭാഗത്തിന്റെ അറബി മൂലത്തിന്റെ മലയാള ലിപ്യന്തരണം “ഹത്താ ഇദാ ബലഗ മഗ്‌രിബശ്ശംസി വജദഹാ തഗ്റുബു ഫീ ഐനിൻ ഹമിഅതിൻ” എന്നാണ്. ഇവിടെ ‘വജദഹാ'(وجدها) എന്ന പദമാണ് ഖുർആൻ ഉപയോഗിച്ചിട്ടുള്ളത്. ‘അതിനെ അദ്ദേഹം കണ്ടു’ എന്നർത്ഥം. ‘വജദഹാ'(وجدها) എന്നത് ‘വജദ'(وجد) എന്ന പദത്തിൽ നിന്നുള്ളതാണ്. ‘വജദ'(وجد) എന്ന പദത്തിന് എഡ്വേഡ് വില്യം ലെയ്‌നിന്റെ അറബിക്-ഇംഗ്ലീഷ് ലെക്സിക്കണിൽ ‘Experienced it'(അതിനെ അനുഭവിച്ചു) എന്നും അർത്ഥം നല്കിയിട്ടുള്ളതായി കാണാം.(http://lexicon.quranic-research.net/). ജലാശയത്തിൽ സൂര്യൻ മറഞ്ഞു പോകുന്നുവെന്നത് ദുൽഖർനൈനിയുടെ അനുഭവത്തിൽ വന്ന കാര്യം മാത്രമാണെന്നത് വിശുദ്ധ ഖുർആൻ തന്നെ എടുത്തു പറഞ്ഞിട്ടുണ്ടെന്ന് സാരം. പൗരാണിക കാലത്തെ ഖുർആൻ വ്യാഖ്യാതാക്കളടക്കം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.(www.altafsir.com).

ഹദീഥുകളുടെ ആശയങ്ങള്‍ക്കാണ് അമാനുഷികത

“സൂര്യൻ ചുടുവെള്ളത്തിന്റെ ഉറവയിൽ അസ്തമിക്കുന്നു” എന്ന ഹദീഥിനെക്കുറിച്ചും “സൂര്യൻ അല്ലാഹുവിന്റെ സിംഹാസനത്തിന് (അർശിന്) ചുവട്ടിൽ സുജൂദ് ചെയ്യുന്നു” എന്ന ഹദീഥിനെക്കുറിച്ചുമാണ് ഈ വിഷയത്തിൽ പിന്നെയുള്ള വിമർശനങ്ങൾ. ഇതിൽ “സൂര്യൻ ചുടുവെള്ളത്തിന്റെ ഉറവയിൽ അസ്തമിക്കുന്നു” എന്ന ഹദീഥ് ആധികാരികമല്ലെന്നാണ് ഹദീഥുകളെക്കുറിച്ചും അവയുടെ നിവേദകപരമ്പരകളെക്കുറിച്ചും സൂക്ഷ്മപഠനം നടത്തിയ പണ്ഡിതന്മാർ സ്ഥിരീകരിച്ചിട്ടുള്ളത്.(https://qrgo.page.link/AGCNL). “സൂര്യൻ അല്ലാഹുവിന്റെ സിംഹാസനത്തിന് (അർശിന്) ചുവട്ടിൽ സുജൂദ് ചെയ്യുന്നു” എന്ന ഹദീഥ് സ്വഹീഹുൽ ബുഖാരിയും സ്വഹീഹ് മുസ്‌ലിമുമുൾപ്പെടെയുള്ള പ്രബലമായ ഹദീഥ് ഗ്രന്ഥങ്ങളിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഈ ഹദീഥ് ആധികാരികമാണെന്നും ഹദീഥ് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.(https://qrgo.page.link/AGCNL). പ്രസ്തുത ഹദീഥ് കാണുക:
حَدَّثَنَا يَحْيَى بْنُ أَيُّوبَ، وَإِسْحَاقُ بْنُ إِبْرَاهِيمَ، جَمِيعًا عَنِ ابْنِ عُلَيَّةَ، – قَالَ ابْنُ أَيُّوبَ حَدَّثَنَا ابْنُ عُلَيَّةَ، – حَدَّثَنَا يُونُسُ، عَنْ إِبْرَاهِيمَ بْنِ يَزِيدَ التَّيْمِيِّ، – سَمِعَهُ فِيمَا، أَعْلَمُ – عَنْ أَبِيهِ، عَنْ أَبِي ذَرٍّ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ يَوْمًا ‏”‏ أَتَدْرُونَ أَيْنَ تَذْهَبُ هَذِهِ الشَّمْسُ ‏”‏ ‏.‏ قَالُوا اللَّهُ وَرَسُولُهُ أَعْلَمُ ‏.‏ قَالَ ‏”‏ إِنَّ هَذِهِ تَجْرِي حَتَّى تَنْتَهِيَ إِلَى مُسْتَقَرِّهَا تَحْتَ الْعَرْشِ فَتَخِرُّ سَاجِدَةً وَلاَ تَزَالُ كَذَلِكَ حَتَّى يُقَالَ لَهَا ارْتَفِعِي ارْجِعِي مِنْ حَيْثُ جِئْتِ فَتَرْجِعُ فَتُصْبِحُ طَالِعَةً مِنْ مَطْلِعِهَا ثُمَّ تَجْرِي حَتَّى تَنْتَهِيَ إِلَى مُسْتَقَرِّهَا تَحْتَ الْعَرْشِ فَتَخِرُّ سَاجِدَةً وَلاَ تَزَالُ كَذَلِكَ حَتَّى يُقَالَ لَهَا ارْتَفِعِي ارْجِعِي مِنْ حَيْثُ جِئْتِ فَتَرْجِعُ فَتُصْبِحُ طَالِعَةً مِنْ مَطْلِعِهَا ثُمَّ تَجْرِي لاَ يَسْتَنْكِرُ النَّاسُ مِنْهَا شَيْئًا حَتَّى تَنْتَهِيَ إِلَى مُسْتَقَرِّهَا ذَاكَ تَحْتَ الْعَرْشِ فَيُقَالُ لَهَا ارْتَفِعِي أَصْبِحِي طَالِعَةً مِنْ مَغْرِبِكِ فَتُصْبِحُ طَالِعَةً مِنْ مَغْرِبِهَا ‏”‏ ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ أَتَدْرُونَ مَتَى ذَاكُمْ ذَاكَ حِينَ لاَ يَنْفَعُ نَفْسًا إِيمَانُهَا لَمْ تَكُنْ آمَنَتْ مِنْ قَبْلُ أَوْ كَسَبَتْ فِي إِيمَانِهَا خَيْرًا ‏”‏ ‏.‏
അബൂദര്‍റ്‌(റ) നിവേദനം: നബി ﷺ ഒരു ദിവസം (സ്വഹാബിമാരോട്) ചോദിച്ചു; ‘ഈ സൂര്യന്‍ എവിടേക്കാണ് പോകുന്നതെന്ന് നിങ്ങള്‍ക്കറിയാമോ?’ അവര്‍ പറഞ്ഞു: ‘അല്ലാഹുവിനും അവന്‍റെ ദൂതനുമാണ് ശരിക്കും അറിയുക.’ അപ്പോൾ നബി ﷺ പറഞ്ഞു: ‘ഇത് അര്‍ശിന്റെ ചുവട്ടിലുള്ള അതിന്റെ സ്ഥിരമായ സ്ഥാനത്തെത്തുന്നത് വരെ സഞ്ചരിക്കുകയും അനന്തരം സാഷ്ടാംഗം (സുജൂദ്) ചെയ്തു കൊണ്ട് വീഴുകയും ചെയ്യും. അനന്തരം നീ ഉയരുകയും വന്ന സ്ഥിതില്‍ തന്നെ മടങ്ങുകയും ചെയ്യുക എന്ന് പറയുന്നത് വരെ അത് സാഷ്ടാംഗം ചെയ്തുകൊണ്ടേയിരിക്കും. അങ്ങനെ പറയപ്പെടുമ്പോള്‍ അത് മടങ്ങുകയും ചെയ്യും. പിന്നെയും അത് അര്‍ശിന്‍റെ ചുവട്ടിലുള്ള അതിന്‍റെ സ്ഥിരമായ സ്ഥാനത്ത് എത്തുന്നതുവരെ സഞ്ചരിക്കുകയും അനന്തരം സാഷ്ടാംഗം ചെയ്തുകൊണ്ട് വീഴുകയും ചെയ്യും. പിന്നെയും നീ ഉയര്‍ന്നു വന്ന വിധത്തില്‍ തന്നെ മടങ്ങുക എന്ന് പറയപ്പെടുകയും ചെയ്യുന്നത് വരെ അത് സാഷ്ടാംഗത്തിലായിക്കൊണ്ട് കഴിച്ചു കൂട്ടും. ഉടനെ അത് മടങ്ങുകയും ഉദയ സ്ഥാനത്ത് നിന്ന് (സാധാരണപോലെ) ഉദിക്കുകയും ചെയ്യും. പിന്നെയും അത് സാധാരണ ഗതിയില്‍ സഞ്ചരിക്കുകയും അര്‍ശിന്‍റെ ചുവട്ടില്‍ എത്തുകയും ചെയ്യും. അന്നേരം അതിനോട് പറയപ്പെടും; നീ ഉയരുകയും പടിഞ്ഞാറ് ഭാഗത്ത് നിന്ന് ഉദിക്കുകയും ചെയ്യുക. ഉടനെ അത് പടിഞ്ഞാറു ഭാഗത്ത് നിന്നും ഉദിക്കും.’ അനന്തരം നബി ﷺ തുടർന്നു: ‘അത് എപ്പോഴാണെന്ന് നിങ്ങള്‍ക്ക്‌ അറിയാമോ? മുമ്പ് വിശ്വസിക്കുകയോ അല്ലെങ്കില്‍ വിശ്വസിച്ചു കൊണ്ട് വല്ല നന്മയും പ്രവര്‍ത്തിക്കുകയോ ചെയ്യാത്ത യാതൊരാള്‍ക്കും വിശ്വാസം യാതൊരു പ്രയോജനവും ചെയ്യാത്ത സമയമാണത്.’ (സ്വഹീഹ് മുസ്‌ലിം 159, https://sunnah.com/muslim/1).

ഈ ഹദീഥിനെതിരെയുള്ള വിമർശനങ്ങളെ മൂന്നായി തിരിക്കാം. (1) സൂര്യന്റെ സുജൂദ്(പ്രണാമം). (2) സൂര്യൻ സിംഹാസനത്തിനു ചുവട്ടിലേക്ക് പോകുന്നു. (3) സൂര്യൻ ഭൂമിയെ പരിക്രമണം ചെയ്യുന്നു.
ഈ മൂന്ന് വിമർശനങ്ങളെയും നമുക്ക് പരിശോധിക്കാം:

1. സൂര്യന്റെ സുജൂദ്.

സൂര്യൻ പ്രണാമം ചെയ്യുന്നുവെന്ന വാദം തീർത്തും അശാസ്ത്രീയമാണെന്നാണ് ആരോപണം. യഥാർത്ഥത്തിൽ ജൈവികവും അജൈവികവുമായ എല്ലാം അല്ലാഹുവിന് സുജൂദ് ചെയ്യുന്നുണ്ടെന്നാണ് ഖുർആൻ പറയുന്നത്. എന്നാൽ, മനുഷ്യേതര സൃഷ്ടികളുടെ സുജൂദ് എങ്ങനെയാണെന്ന് നമുക്ക് മനസ്സിലാകണമെന്നില്ല. ഖുർആൻ പറയുന്നത് കാണുക:
“ഏഴ്‌ ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു യാതൊരു വസ്തുവും അവനെ സ്തുതിച്ച്‌ കൊണ്ട്‌ (അവന്‍റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷെ അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു.”(17:44).
“ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, പര്‍വ്വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും, മനുഷ്യരില്‍ കുറെപേരും അല്ലാഹുവിന്‌ പ്രണാമം അര്‍പ്പിച്ചു കൊണ്ടിരിക്കുന്നു എന്ന്‌ നീ കണ്ടില്ലേ? (വേറെ) കുറെ പേരുടെ കാര്യത്തില്‍ ശിക്ഷ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും അപമാനിതനാക്കുന്ന പക്ഷം അവനെ ബഹുമാനിക്കുവാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത്‌ ചെയ്യുന്നു.”(22:18).
“ചെടികളും വൃക്ഷങ്ങളും (അല്ലാഹുവിന്‌) പ്രണാമം അര്‍പ്പിച്ചു കൊണ്ടിരിക്കുന്നു.”(55:6). വിമർശകർ ആരോപിക്കുന്നതുപോലെയല്ല കാര്യങ്ങൾ എന്നർത്ഥം.

2. സൂര്യൻ സിംഹാസനത്തിനു ചുവട്ടിലേക്ക് പോകുന്നു.

സൂര്യൻ സിംഹാസനത്തിനു ചുവട്ടിലേക്ക് പോകുന്നുവെന്ന് ഹദീഥിൽ പറയുന്നുവെന്നാണ് അടുത്ത വിമർശനം. ഭൂമിയുടെ സ്വയം ഭ്രമണത്തിനിടയിൽ സൂര്യൻ മറ്റെവിടെയും പോകുന്നില്ലെന്നും അതിനാൽ ഈ ഹദീഥ് അശാസ്ത്രീയമാണെന്നുമാണ് ആരോപണം. യഥാർത്ഥത്തിൽ ദൈവിക സിംഹാസനമെന്നത് പ്രപഞ്ചത്തെയാകമാനം ഉൾക്കൊള്ളുന്നത്ര വിശാലമാണ്. അല്ലാഹുവുന്റെ കുർസിയ്യിനെക്കുറിച്ച് വിശുദ്ധ ഖുർആൻ പറയുന്നത് കാണുക.
“അവന്റെ അധികാരപീഠം(കുർസിയ്യ്) ആകാശഭൂമികളിലാകെ വിശാലമായിരിക്കുന്നു.”(2:255). പ്രപഞ്ചത്തെയാകെ ഉൾക്കൊള്ളുന്നതാണ് അല്ലാഹുവിന്റെ കുർസിയ്യ് എന്നർത്ഥം. അല്ലാഹുവിന്റെ അർശ്(സിംഹാസനം) കുർസിയ്യിനെക്കാളും എത്രയോ വിശാലമാണെന്ന് ഹദീഥുകൾ വ്യക്തമാക്കിയിട്ടുണ്ട് (https://islamqa.info/en/answers/9566/what-is-the-difference-between-the-arsh-of-the-lord-and-his-kursiy). അത് സൃഷ്ടികൾക്കെല്ലാം മീതെയാണ് സ്ഥിതി ചെയ്യുന്നതെന്നും നബി ﷺ പറഞ്ഞിട്ടുണ്ട്.(https://islamqa.info/en/answers/47048/is-the-throne-above-the-seventh-heaven). പ്രാപഞ്ചിക വസ്തുക്കളെല്ലാം അർശിനു താഴെയാണെന്നർത്ഥം. അപ്പോൾ പ്രപഞ്ചത്തെയാകമാനം ഉൾക്കൊള്ളുന്ന അർശിനു കീഴിൽ സൂര്യൻ അല്ലാഹുവിന് സുജൂദ് ചെയ്യുന്നു എന്ന ആശയത്തിൽ യാതൊരു അശാസ്ത്രീയതയുമില്ല.

3. സൂര്യൻ ഭൂമിയെ പരിക്രമണം ചെയ്യുന്നു.

സൂര്യൻ ഭൂമിക്ക് ചുറ്റും സഞ്ചരിക്കുന്നുവെന്നാണ് ഈ ഹദീഥിൽ പറയുന്നതെന്നും അതിനാൽ ഈ ഹദീഥ് ഭൗമകേന്ദ്രപ്രപഞ്ചസങ്കല്പത്തിലധിഷ്ഠിതമാണെന്നുമാണ് മറ്റൊരു വിമർശനം. ഈ വിമർശനവും ശരിയല്ലെന്നതാണ് യാഥാർത്ഥ്യം. കാരണം, ഭൂമിയിൽ നിന്നുള്ള നിരീക്ഷണത്തെയടിസ്ഥാനമാക്കിയുള്ളതാണ് ഈ ഹദീഥിലെ പ്രതിപാദ്യവിഷയം. ഭൂമി ഭ്രമണം ചെയ്യുന്നത് മൂലം നമുക്കെല്ലാം സൂര്യോദയവും സൂര്യാസ്തമയവും അനുഭവപ്പെടുന്നുണ്ട്. ‘സൂര്യൻ ഉദിച്ചുയർന്നു’, ‘അസ്തമയ സൂര്യൻ’, ‘കടലിൽ മറഞ്ഞു പോകുന്ന സൂര്യൻ’ തുടങ്ങിയ പ്രയോഗങ്ങളിലൊന്നും യാതൊരു അശാസ്ത്രീയതയുമില്ലല്ലോ. വിക്കിപീഡിയയിൽ സമയത്തെക്കുറിച്ച് ശാസ്ത്രീയമായി വിവരിക്കുന്ന Solar time (സൗര സമയം) എന്ന അധ്യായത്തിലെ ഒരു പരാമർശം കാണുക: “When the Sun has covered exactly 15 degrees, local apparent time is 13:00 exactly.”(https://en.m.wikipedia.org/wiki/Solar_time). “സൂര്യൻ കൃത്യമായി 15 ഡിഗ്രി നീങ്ങുമ്പോൾ പ്രാദേശിക പ്രത്യക്ഷ സമയം കൃത്യമായി 13:00 ആണ്” എന്നർത്ഥം. യഥാർത്ഥത്തിൽ ഭൂമിയുടെ സ്വയം ഭ്രമണം മൂലമാണല്ലോ സൂര്യൻ ഓരോ നാലു മിനിട്ടിലും ഒരു ഡിഗ്രിയും ഓരോ മണിക്കൂറിലും പതിനഞ്ച് ഡിഗ്രിയും നീങ്ങുന്നതായി നമുക്കനുഭവപ്പെടുന്നത്. ശാസ്ത്രബോധനങ്ങളിൽ പോലും ഇത്തരം പരാമർശങ്ങൾ നാം ഉപയോഗിക്കാറുണ്ടെന്ന് സാരം. അതുപോലെ കലണ്ടറുകളിൽ സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയുമെല്ലാം സമയങ്ങൾ ശാസ്ത്രീയമായ നിരീക്ഷണങ്ങളുടെയടിസ്ഥാനത്തിൽ രൂപീകരിച്ച ഗണിത ക്രിയകളെ അടിസ്ഥാനമാക്കി നാം രേഖപ്പെടുത്താറുണ്ട്. യഥാർത്ഥത്തിൽ സൂര്യൻ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യാത്തതിനാൽ ഈ കലണ്ടറുകളെല്ലാം അശാസ്ത്രീയമാണെന്ന് ആരും പറയില്ല. നമ്മുടെ നിത്യാനുഭവവുമായി ഒരു കാര്യത്തെ ബന്ധിപ്പിച്ചു പറയുന്നതിന് പ്രസക്തിയുണ്ടെന്നർത്ഥം. അതുപോലെ മുഹമ്മദ് നബി ﷺ ഒരു സ്വഹാബിക്ക് സൂര്യൻ അല്ലാഹുവിന്റെ അർശിന്‌ ചുവട്ടിൽ സുജൂദ് ചെയ്യുന്നതിനെ, ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരുടെ നിത്യാനുഭവങ്ങളായ സൂര്യോദയവുമായും സൂര്യാസ്തമയവുമായും ബന്ധപ്പെടുത്തി പറഞ്ഞുകൊടുക്കുന്നതാണ് പ്രസ്തുത ഹദീഥിൽ നാം കാണുന്നത്.

നേരത്തെ വ്യക്തമാക്കിയതുപോലെ, വിശുദ്ധ ഖുർആനിൽ ദുൽഖർനൈൻ സംഭവം പരാമർശിച്ചപ്പോൾ ജലാശയത്തിൽ സൂര്യൻ മറഞ്ഞു പോകുന്നത് ദുൽഖർനൈൻ കണ്ട കാഴ്ച്ച മാത്രമാണെന്ന് വിശുദ്ധ ഖുർആൻ കൃത്യമായി പറഞ്ഞു-‘വജദഹാ'(അതിനെ അദ്ദേഹം കണ്ടു). ഖുർആൻ അല്ലാഹുവിന്റെ വചനങ്ങളാണ്. എന്നാൽ ഹദീഥ് അല്ലാഹുവിൽ നിന്നുള്ള ബോധനത്തിന്റെ അടിസ്ഥാനത്തിലുള്ള നബിﷺയുടെ വാക്കുകളുടെയോ അതല്ലെങ്കില്‍ പ്രവര്‍ത്തനങ്ങളുടെയോ അതുമല്ലെങ്കില്‍ അനുവാദത്തിന്റേയോ രേഖീകരണമാണ്. ഇവിടെ, ഹദീഥും ഖുര്‍ആനും തമ്മിലുള്ള വ്യത്യാസമെന്താണെന്ന ചോദ്യം പ്രസക്തമാണ്. അല്ലാഹുവിന്റെ ദൂതനിൽനിന്നുള്ളതാണ് എന്നുറപ്പുള്ള സ്വഹീഹായ ഹദീഥുകളും പരിശുദ്ധ ഖുര്‍ആനിനെപ്പോലെ അല്ലാഹുവിന്റെ വഹ്‌യ്‌ തന്നെയാണ്. പക്ഷെ, ഖുര്‍ആന്‍ അല്ലാഹുവിന്റെ തന്നെ വചനങ്ങളാണ്. ഹദീഥുകള്‍ പ്രവാചകന്റെ വചനങ്ങളോ പ്രവാചകന്റെ പ്രവര്‍ത്തനങ്ങളോ പ്രവാചകന്റെ അനുവാദമോ ആണ്. അതുകൊണ്ടുതന്നെ പണ്ഡിതന്മാര്‍ പറയുന്നത്, ഹദീഥിന്റെ പദങ്ങള്‍ പടച്ചവനില്‍നിന്നുള്ളതല്ല എന്നതുകൊണ്ടുതന്നെ ആ പദങ്ങള്‍ ഖുര്‍ആനിലെ പദങ്ങളെപ്പോലെ അമാനുഷികമാണ് എന്നു പറയാന്‍ സാധ്യമല്ല എന്നാണ്. പ്രവാചകനില്‍നിന്ന് ഒരു പ്രവര്‍ത്തനം കണ്ട സ്വഹാബി ആ സഹാബിയുടേതായ പദങ്ങളിലാണ് ആ പ്രവര്‍ത്തനം വിവരിക്കുന്നത്; അല്ലെങ്കില്‍ നബിയില്‍ നിന്ന് കേട്ട കാര്യം വിശദീകരിക്കുന്നത്. അതുപോലെത്തന്നെ അല്ലാഹുവിന്റെ വചനങ്ങളുടെ തലവും ഹദീഥുകളുടെ തലവും തമ്മില്‍ വ്യത്യാസമുണ്ട്. അല്ലാഹുവിന്റെ വചനങ്ങള്‍ അമാനുഷികതയുള്ളവയാണ്. ഹദീഥുകളുടെ ആശയങ്ങള്‍ക്കാണ് അമാനുഷികതയുള്ളത്. (http://nicheoftruthonline.com/malayalam/articles.php?articleId=11).

സൂര്യൻ അർശിന്‌ താഴെ സുജൂദ് ചെയ്യുമ്പോഴും രാപ്പകലുകളുടെ മാറ്റമെന്ന പ്രതിഭാസം നടന്നുകൊണ്ടിരിക്കുന്നുണ്ടെന്ന വസ്തുതയിലേക്ക് വെളിച്ചം വീശുന്ന സ്വഹീഹായ(ആധികാരികമായ) ഒരു ഹദീഥ് കാണുക:
عن أبي هريرة قال : جاء رجل إلى رسول الله صلى الله عليه وسلم
فقال : أرأيت قوله تعالى : ( جنة عرضها السماوات والأرض ) فأين النار ؟
قال : ” أرأيت الليل إذا جاء لبس كل شيء ، فأين النهار ؟”
قال : حيث شاء الله . قال : ” وكذلك النار تكون حيث شاء الله عز وجل ”
അബൂഹുറൈറ (റ) പറയുന്നു: ഒരാൾ നബിﷺയോട് “ആകാശഭൂമികളോളം വിശാലമായ സ്വർഗം” എന്ന ഖുർആൻ സൂക്തമുദ്ധരിച്ചുകൊണ്ട് ചോദിച്ചു: “അപ്പോൾ നരകമെവിടെയായിരിക്കും?” ചോദ്യത്തോടു പ്രതികരിച്ചുകൊണ്ട് നബി ﷺ തിരിച്ചു ചോദിച്ചു: “രാത്രി വന്ന് സര്‍വത്തെയും മൂടുമ്പോള്‍ പകല്‍ എവിടെയായിരിക്കും?” ആ വ്യക്തി പറഞ്ഞു: “അല്ലാഹു ഇച്ഛിക്കുന്നിടത്ത്.” അപ്പോള്‍ നബി ﷺ പ്രതിവചിച്ചു: “അങ്ങനെത്തന്നെ നരകവും. അല്ലാഹു ഇച്ഛിക്കുന്നിടത്ത് അതുണ്ടായിരിക്കും.”
(മുസനദ് ബസാർ 9380, www.quran7m.com/searchResults/003133.html).

ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസകാര്യങ്ങളിലൊന്നാണ് പരലോകവിശ്വാസം. പരലോകജീവിതം യാഥാർത്ഥ്യമാണെന്ന് വിശുദ്ധ ഖുർആൻ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. ഇതനുസരിച്ച് പരലോകവിചാരണയ്ക്കു ശേഷം സജ്ജനങ്ങൾ സ്വർഗ്ഗത്തിലേക്കും ദുർജ്ജനങ്ങൾ നരകത്തിലേക്കും നയിക്കപ്പെടും. ഒരു ജനത നരകത്തിലും മറ്റൊരു ജനത സ്വർഗ്ഗത്തിലുമെന്നപോലെ ഭൂമിയിലെ ഒരു ജനതക്ക് രാത്രി അനുഭവപ്പെടുമ്പോൾ മറ്റൊരു ജനത പകൽ അനുഭവിക്കുന്നുണ്ടെന്ന് നബിﷺയുടെ ഈ ഉപമയിൽനിന്ന് മനസിലാക്കാം. എ.ഡി. പതിനാലാം നൂറ്റാണ്ടിൽ ജീവിച്ച പ്രമുഖ ഖുർആൻ വ്യാഖ്യാതാവായ ഇബ്‌നു കഥീർ തന്റെ ഖുർആൻ വ്യാഖ്യാന ഗ്രന്ഥത്തിൽ ഈ ഹദീഥ് ഉദ്ധരിച്ചുകൊണ്ട് പറയുന്നു:
وهذا يحتمل معنيين :
أحدهما : أن يكون المعنى في ذلك : أنه لا يلزم من عدم مشاهدتنا الليل إذا جاء النهار ألا يكون في مكان ، وإن كنا لا نعلمه ، وكذلك النار تكون حيث يشاء الله عز وجل ، وهذا أظهر كما تقدم في حديث أبي هريرة ، عن البزار .
الثاني : أن يكون المعنى : أن النهار إذا تغشى وجه العالم من هذا الجانب ، فإن الليل يكون من الجانب الآخر ، فكذلك الجنة في أعلى عليين فوق السماوات تحت العرش ، وعرضها كما قال الله ، عز وجل : ( كعرض السماء والأرض ) [ الحديد : 21 ] والنار في أسفل سافلين
“ഇതിന് രണ്ട് അര്‍ത്ഥങ്ങളുണ്ടാവാം. ഒന്ന്: പകല്‍ സമയത്ത് നാം രാത്രിയെ കാണുന്നില്ല എന്നതുകൊണ്ട് ഒരിടത്തും രാത്രി ഇല്ല എന്നര്‍ത്ഥമില്ല. ‏‏നമുക്കത് അനുഭവപ്പെടുന്നില്ലെങ്കിലും. അപ്രകാരം തന്നെയാണ് നരകവും. അല്ലാഹു ഇഛിക്കുന്നിടത്ത് അതുണ്ടായിരിക്കും. രണ്ട്: ഭൂഗോളത്തിന്റെ ഒരു ഭാഗത്ത് പകല്‍ പ്രകാശിക്കുമ്പോള്‍ അതിന്റെ മറ്റൊരു ഭാഗത്ത് രാത്രിയായിരിക്കും. അതുപോലെ സ്വര്‍ഗം ആകാശങ്ങളുടെ അത്യുന്നതങ്ങളില്‍ ദൈവിക സിംഹാസനത്തിനുസമീപം (‘ആകാശഭൂമികളോളം വിശാലമായ സ്വർഗം’ എന്ന്)അല്ലാഹു വിവരിച്ച പ്രകാരം ‏‏‏‏‏ആകാശഭൂമികളുടെ വിസ്തൃതിയോടെത്തന്നെ ‏‏‏‏‏സ്ഥിതിചെയ്യുമ്പോള്‍ നരകം അത്യഗാധതകളില്‍ സ്ഥിതിചെയ്യും.”(www.quran7m.com/searchResults/003133.html).

സൂര്യൻ അർശിന്‌ താഴെ സുജൂദ് ചെയ്യുന്നതുമായി ബന്ധപ്പെട്ട സ്വഹീഹ് മുസ്‌ലിമിലെ ഹദീഥ് അവസാനിക്കുന്നത് ലോകാവസാനത്തോടനുബന്ധിച്ച് സൂര്യൻ പടിഞ്ഞാറുദിക്കുന്നതിനെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ടാണ്. പ്രസ്തുത ഹദീഥിലെ ‘മുമ്പ് വിശ്വസിക്കുകയോ അല്ലെങ്കില്‍ വിശ്വസിച്ചു കൊണ്ട് വല്ല നന്മയും പ്രവര്‍ത്തിക്കുകയോ ചെയ്യാത്ത യാതൊരാള്‍ക്കും വിശ്വാസം യാതൊരു പ്രയോജനവും ചെയ്യാത്ത സമയമാണത്’ എന്ന പരാമർശം ലോകാവസാനത്തെയാണ് കുറിക്കുന്നത്. ലോകാവസാനത്തിനു മുന്നോടിയായി പ്രാപഞ്ചിക പ്രതിഭാസങ്ങളിൽ പല മാറ്റങ്ങളും സംഭവിക്കുമെന്ന് വിശുദ്ധ ഖുർആനും ഹദീഥുകളും വ്യക്തമാക്കിയിട്ടുണ്ട്. അക്കൂട്ടത്തിലൊന്നാണ് സൂര്യൻ പടിഞ്ഞാറുദിക്കുകയെന്ന പ്രതിഭാസം. ഭൂമി പടിഞ്ഞാറുനിന്ന് കിഴക്കോട്ടു കറങ്ങുന്നതുകൊണ്ടാണല്ലോ സൂര്യൻ കിഴക്കുദിക്കുന്നതായി നമുക്കനുഭവപ്പെടുന്നത്! സൂര്യൻ പടിഞ്ഞാറുദിക്കുന്നതിനു മുന്നോടിയായി ദിവസങ്ങളുടെ ദൈർഘ്യം വളരെയധികം വർദ്ധിക്കുമെന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്. നവ്വാസ് ബിൻ സംആൻ (റ) എന്ന സ്വഹാബിയിൽ നിന്നുദ്ധരിക്കപ്പെട്ട ദീർഘമായ ഹദീഥിൽ ലോകാവസാനത്തോടനുബന്ധിച്ചുള്ള ദജ്ജാലിന്റെ വരവിനെക്കുറിച്ച് നബിﷺയും അനുചരന്മാരും (സ്വഹാബികൾ) തമ്മിലുള്ള ചർച്ചയ്ക്കിടെ അപ്പോഴത്തെ ദിവസങ്ങളുടെ ദൈർഘ്യത്തെക്കുറിച്ച് പറയുന്ന ഭാഗം കാണുക:
قُلْنَا يَا رَسُولَ اللَّهِ وَمَا لُبْثُهُ فِي الأَرْضِ قَالَ ‏”‏ أَرْبَعُونَ يَوْمًا يَوْمٌ كَسَنَةٍ وَيَوْمٌ كَشَهْرٍ وَيَوْمٌ كَجُمُعَةٍ وَسَائِرُ أَيَّامِهِ كَأَيَّامِكُمْ ‏”‏ ‏.‏ قُلْنَا يَا رَسُولَ اللَّهِ فَذَلِكَ الْيَوْمُ الَّذِي كَسَنَةٍ تَكْفِينَا فِيهِ صَلاَةُ يَوْمٍ قَالَ ‏”‏ فَاقْدُرُوا لَهُ قَدْرًا ‏”‏
ഞങ്ങൾ ചോദിച്ചു: ‘അവൻ എത്ര കാലം ഭൂമിയിൽ താമസിക്കും?’ നബി ﷺ മറുപടി പറഞ്ഞു: “നാൽപത് ദിവസം. അതിലെ ഒരു ദിവസം ഒരു വർഷത്തിനും മറ്റൊരു ദിവസം ഒരു മാസത്തിനും വേറൊരു ദിവസം ഒരാഴ്ചയ്ക്കും തുല്യമാണ് (അത്രയധികം ദൈർഘ്യമേറിയ ദിനങ്ങൾ). ബാക്കിയുള്ള ദിവസങ്ങൾ നിങ്ങളുടെ സാധാരണ ദിവസങ്ങൾപോലെത്തന്നെ.” അപ്പോൾ ഞങ്ങൾ ചോദിച്ചു: ‘ഒരു വർഷം നീണ്ടു നിൽക്കുന്ന ആ ദിനത്തിൽ ഒരു ദിവസത്തെ നമസ്ക്കാരങ്ങൾ മതിയാകുമോ?’ നബി ﷺ പറഞ്ഞു: “മതിയാവില്ല. നിങ്ങൾ കണക്കു കൂട്ടി അതനുസരിച്ച് നമസ്ക്കാരങ്ങൾ നിർവ്വഹിക്കണം.” (ഇബ്നുമാജ 4075, https://sunnah.com/ibnmajah/36/150).

ഒരു വർഷം വരെ ദൈർഘ്യമുള്ള അഥവാ ആറു മാസം രാത്രിയും ആറു മാസം പകലും അനുഭവപ്പെടുന്ന ഒരു ദിനം വരാനുണ്ടെന്നും ആ ദിവസത്തെ നമ്മുടെ സാധാരണ ദിനങ്ങൾ പോലെ കൃത്യമായി ഭാഗിച്ച് സമയനിർണയം നടത്തി നമസ്‌കാരങ്ങൾ നിർവഹിക്കണമെന്നുമാണ് നബി ﷺ ഇതിലൂടെ പഠിപ്പിക്കുന്നത്. അത്ഭുതകരമായ വസ്തുത, പ്രസ്തുത ഹദീഥിൽ പറഞ്ഞപോലെ ഒരു വർഷത്തിന്റെ ദൈർഘ്യമുള്ള ദിവസങ്ങൾ അനുഭവപ്പെടുന്ന സ്ഥലങ്ങൾ ഒരു ദൃഷ്ടാന്തം പോലെ ഇന്നും ഭൂമിയിലുണ്ട് എന്നതാണ്. ഉത്തരധ്രുവരേഖയിൽനിന്നു വടക്കോട്ടു പോകുന്തോറും സൂര്യൻ അസ്‌തമിക്കാത്ത പകലുകളുടെയും സൂര്യൻ ഉദിക്കാത്ത രാത്രികളുടെയും എണ്ണം കൂടുന്നു. അന്റാർട്ടിക് സോണിലും ഇതേ പ്രതിഭാസം നടക്കുന്നു. അങ്ങനെ, ധ്രുവങ്ങളിൽ ആറു മാസം പകലും ആറു മാസം രാത്രിയുമായിരിക്കും. അതിനാൽ ഉത്തര ധ്രുവത്തിലും ദക്ഷിണ ധ്രുവത്തിലും ഒരു ദിവസത്തിന്റെ ദൈർഘ്യം ഒരു വർഷത്തേതിന് തുല്യമാണ്. ഭൂമിയുടെ 23.5 ഡിഗ്രി ചരിവും സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ പരിക്രമണവും നിമിത്തമാണിത്. ഈ ഹദീഥ് ഉൾക്കൊണ്ടുകൊണ്ടാണ് പ്രസ്തുത പ്രദേശങ്ങളിലെ മുസ്‌ലിംകൾ നമസ്ക്കാരത്തിന്റെയും വ്രതാനുഷ്ഠാനത്തിന്റെയുമെല്ലാം സമയനിർണയം നടത്തുന്നത്. (https://islamqa.info/en/answers/5842/how-to-pray-and-fast-in-countries-where-the-day-or-night-is-continuous). നബിﷺയുടെ കാലത്തെ അറബികൾ ഇത്തരം പ്രദേശങ്ങൾ ഭൂമിയിലുണ്ടെന്നതിനെക്കുറിച്ച് ധാരണയൊന്നുമില്ലാത്തവരായിരുന്നുവെന്നുറപ്പാണ്. കൃത്യമായ സമയനിർണയത്തിനുള്ള സംവിധാനങ്ങളെക്കുറിച്ച ധാരണയും അന്നില്ലായിരുന്നു. അക്കാലഘട്ടത്തിലാണ് ഒരു വർഷത്തെ ദൈർഘ്യമുള്ള ദിനത്തെക്കുറിച്ചും ആ ദിനത്തിൽ നമസ്ക്കാരസമയം നിർണയിക്കുന്നതിനെക്കുറിച്ചുമെല്ലാം നബി ﷺ പറഞ്ഞത്. അല്ലാഹുവിൽ നിന്നുള്ള ബോധനത്തിന്റെയടിസ്ഥാനത്തിലായിരുന്നു പ്രവാചകന്റെﷺ അധ്യാപനങ്ങൾ.

എല്ലാം ചലനത്തിലാണ്

ഈ പ്രപഞ്ചത്തിലുള്ള എല്ലാം ചലിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ആധുനികശാസ്ത്ര നിരീക്ഷണങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നത്. ഭൂമിയുടെ ഉപ ഗ്രഹമായ ചന്ദ്രൻ സ്വയം ഭ്രമണത്തോടൊപ്പം ഭൂമിയെ ചുറ്റുകയും ചെയ്യുന്നു. അതുപോലെ ഭൂമിയും സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളുമെല്ലാം സ്വയം ഭ്രമണം ചെയ്യുന്നതോടൊപ്പം സൗരയൂഥത്തിന്റെ കേന്ദ്രമായ സൂര്യനെ ചുറ്റുകയും ചെയ്യുന്നു. ഭൂമിയെ ചുറ്റുന്ന ചന്ദ്രനും ഭൂമിയോടൊപ്പം സൂര്യനെ ചുറ്റുന്നുണ്ടെന്നോർക്കണം. സ്വയം കറങ്ങുന്നതിനെ ഭ്രമണമെന്നും മറ്റൊന്നിനെ ചുറ്റുന്നതിനെ പരിക്രമണമെന്നുമാണ് വിളിക്കുന്നത്. സൂര്യനും ചലനമുണ്ട്. സൂര്യൻ സ്വയം ഭ്രമണം ചെയ്യുകയും, സൂര്യനുൾപ്പെടെ സൗരയൂധം മൊത്തത്തിൽ നമ്മുടെ ഗാലക്സിയായ ആകാശഗംഗയുടെ കേന്ദ്രത്തെ പരിക്രമണം ചെയ്യുകയും ചെയ്യുന്നു. സൂര്യനെപ്പോലെത്തന്നെ മറ്റു നക്ഷത്രങ്ങളും ഇങ്ങനെ പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്നു. ഇതുപോലെ എല്ലാ ഗാലക്സികളിലുമുള്ള നക്ഷത്രങ്ങളും ആ ഗാലക്സികളുടെ കേന്ദ്രത്തെ ചുറ്റുന്നുണ്ട്. പ്രപഞ്ചവികാസത്തിന്റെ ഫലമായി ഗാലക്സികൾ പരസ്പരം അകന്നുകൊണ്ടേയിരിക്കുന്നു. ഭൂമിയിൽ ജീവിക്കുന്ന നാം ഏതെല്ലാം വിധം ചലനങ്ങൾക്കു വിധേയമാണെന്ന് ചിന്തിച്ചു നോക്കൂ. ഭൂമി സ്വയം കറങ്ങുകയും സൂര്യനെ ചുറ്റുകയും ചെയ്യുന്നു. സൗരയൂധത്തോടൊപ്പം ഗാലക്സിയുടെ കേന്ദ്രത്തെ ചുറ്റുന്നു. പ്രപഞ്ചവികാസത്തിന്റെ ഫലമായുള്ള നമ്മുടെ ആകാശഗംഗയുടെ ചലനത്തിലും ഭൂമിയുൾപ്പെടുന്നു. ചുരുക്കത്തിൽ പ്രപഞ്ചത്തിലെ എല്ലാം ചലനത്തിലാണെന്നർത്ഥം.

ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നും നിശ്ച്ചലമായ ഈ ഭൂമിയെ ആകാശഗോളങ്ങൾ ചുറ്റിക്കൊണ്ടിരിക്കുകയാണെന്നുമായിരുന്നു പുരാതന കാലഘട്ടങ്ങളിൽ മനുഷ്യർ കരുതിയിരുന്നത്. ഭൗമകേന്ദ്ര പ്രപഞ്ചസിദ്ധാന്തം (Geocentrism) എന്നാണിതറിയപ്പെടുന്നത്. പിൽക്കാലത്ത് സൂര്യനാണ് പ്രപഞ്ച കേന്ദ്രമെന്നും ഗ്രഹങ്ങളെല്ലാം സൂര്യനെ ചുറ്റുകയാണെന്നും തെളിയിക്കപ്പെട്ടു. ഇതാണ് സൗരകേന്ദ്ര പ്രപഞ്ചസിദ്ധാന്തം (Heliocentrism) എന്നറിയപ്പെടുന്നത്. നിക്കോളാസ് കോപ്പർനിക്കസ് ഇതിന് ഗണിതീയ വിശദീകരണം നൽകി. എ.ഡി. 1543-ല്‍ ‘ആകാശഗോളങ്ങളുടെ പ്രദക്ഷിണത്തെക്കുറിച്ച്'(On the revolution of heavenly spheres) എന്ന അദ്ദേഹത്തിന്റെ പുസ്തകം പ്രസിദ്ധീകരിച്ചതോടെ പ്രപഞ്ചത്തെപ്പറ്റിയുള്ള മനുഷ്യന്റെ കാഴ്ചപ്പാടില്‍ വമ്പിച്ചൊരു വിപ്ലവം തന്നെ നടന്നു എന്നുപറയാം. ശാസ്ത്രം പിന്നെയും മുന്നോട്ടു പോയി. സൂര്യനും പ്രപഞ്ചകേന്ദ്രമല്ലെന്നും പ്രപഞ്ചത്തിലെ കോടാനുകോടി നക്ഷത്രങ്ങളിലൊന്നു മാത്രമാണ് സൂര്യനെന്നും സൂര്യനുൾപ്പെടെ സൗരയൂധം നമ്മുടെ ഗാലക്സിയായ ആകാശഗംഗയുടെ കേന്ദ്രത്തെ ചുറ്റുന്നുണ്ടെന്നും പിൽക്കാലത്തെ ഗവേഷണങ്ങൾ സ്ഥിരീകരിച്ചു. ഭൗമകേന്ദ്ര പ്രപഞ്ചസങ്കൽപം ശരിയല്ലെന്ന് ശാസ്ത്രീയമായി സ്ഥാപിച്ചുകൊണ്ടുള്ള പ്രമുഖ ശാസ്ത്രജ്ഞൻ കോപ്പർ നിക്കസിന്റെ വിശദീകരണം ലോകചരിത്രത്തിലെ തന്നെ ഒരു വൻ വിപ്ലവമായിരുന്നുവല്ലോ! എന്നാൽ അദ്ദേഹത്തിനും നാലു നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രമുഖ ഖുർആൻ വ്യാഖ്യാതാവായ ഇമാം റാസി, വിശുദ്ധ ഖുർആനിനെ അടിസ്ഥാനമാക്കി ഭൗമകേന്ദ്ര പ്രപഞ്ചസങ്കല്പം ശരിയല്ലെന്ന് പറഞ്ഞിട്ടുണ്ട്. (https://en.wikipedia.org/wiki/Cosmology_in_medieval_Islam).

ആകാശഗോളങ്ങളുടെയും പ്രകൃതിപ്രതിഭാസങ്ങളുടെയും ചലനത്തെക്കുറിച്ചുള്ള സൂക്തങ്ങൾ ഖുർആൻ അവസാനിപ്പിക്കുന്നത് “ഓരോന്നും ഓരോ ഭ്രമണ പഥത്തിൽ നീണ്ടിക്കൊണ്ടിരിക്കുന്നു”(കുല്ലുൻ ഫീ ഫലകി’യ്യസ്ബഹൂൻ) എന്ന് പറഞ്ഞുകൊണ്ടാണ്. ‘ഫലക്’ എന്നാൽ വൃത്താകൃതിയിലുള്ള സഞ്ചാരപാതയാണെന്നാണ് പ്രമുഖ സ്വഹാബിയും ഖുർആൻ വ്യാഖ്യാതാവുമായ ഇബ്നു അബ്ബാസ് (റ) വ്യക്തമാക്കിയിട്ടുള്ളത്. (https://qrgo.page.link/o6czs) ചില സൂക്തങ്ങൾ “എല്ലാം നിശ്ചിതമായ ഒരവധി വരെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു”(കുല്ലു’യ്യജ്രീ ലി അജലി’മ്മുസമ്മാ) എന്ന പ്രസ്താവനയോടെയും അവസാനിക്കുന്നു. വിളക്കുപോലെ പ്രകാശസ്രോതസ്സായിക്കൊണ്ട് അല്ലാഹു നിശ്ചയിച്ച അനുഗ്രഹമായ സൂര്യന്റെയും സൂര്യപ്രകാശം പ്രതിഫലിപ്പിച്ച് ഭൂവാസികൾക്ക് രാത്രിയിലെ നിലാവായിത്തത്തീരുന്ന ചന്ദ്രന്റെയും ചലനങ്ങളെ വിശുദ്ധ ഖുർആൻ പ്രത്യേകം പേരെടുത്ത് തന്നെ പരാമർശിക്കുന്നുണ്ട്.
“അവനത്രെ രാത്രി, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ സൃഷ്ടിച്ചത്‌. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ നീന്തിക്കൊണ്ടിരിക്കുന്നു.” (ഖുർആൻ 21:33)
സൂറത് യാസീനിലെ പരാമർശം കാണുക: “സൂര്യന്‌ ചന്ദ്രനെ പ്രാപിക്കാനാവില്ല. രാവ്‌ പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു.”(36:40)

ഗോളങ്ങളുടെ സഞ്ചാരത്തെക്കുറിച്ച് പറയുമ്പോൾ വിശുദ്ധ ഖുർആൻ ഉപയോഗിച്ച പദം ‘യസ്‌ബഹൂൻ’ അഥവാ ‘നീന്തിക്കൊണ്ടിരിക്കുന്നു’ എന്നാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ‘യസ്‌ബഹൂൻ'(يسبحون) എന്നത് ‘സബഹ'(سبح) എന്ന ക്രിയയിൽ നിന്നുള്ളതാണ്. വെള്ളത്തിലുള്ള ഒരു വ്യക്തിയെക്കുറിച്ച് ഈ പദം ഉപയോഗിക്കുമ്പോൾ, അവൻ വെള്ളത്തിൽ കേവലം ഒഴുകിക്കൊണ്ടിരിക്കുകയാണെന്നല്ല, മറിച്ച് ശാരീരിക ചലനങ്ങളോടെ നീന്തിക്കൊണ്ടിരിക്കുകയാണെന്നാണ് ഈ പദംകൊണ്ട് വിവക്ഷിക്കുന്നത്. അതുപോലെ ഗോളങ്ങളെക്കുറിച്ച് ഈ പദമുപയോഗിക്കുമ്പോൾ, ഗോളങ്ങൾ കേവലം ഒഴുകിക്കൊണ്ടിരിക്കുകയാണെന്ന അർത്ഥത്തിലല്ല, മറിച്ച് അവ കറങ്ങി നീങ്ങുന്നു അഥവാ സ്വയം ഭ്രമണം ചെയ്ത് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു എന്ന അർത്ഥത്തിലാണീ പദമുപയോഗിക്കുന്നത്. ആകാശഗോളങ്ങളുടെ ഭ്രമണവും പരിക്രമണവുമെല്ലാം ‘ഓരോന്നും ഓരോ ഫലകിലൂടെ നീന്തിക്കൊണ്ടിരിക്കുന്നു’ എന്ന പ്രസ്താവനയിൽ ഖുർആൻ ഉൾക്കൊള്ളിച്ചിരിക്കുന്നുവെന്നർത്ഥം. നക്ഷത്രങ്ങളും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്ന് മുകളിലുദ്ധരിച്ച സൂറത് യാസീനിലെ വചനത്തെ വിശദീകരിച്ചുകൊണ്ട് പൗരാണിക ഖുർആൻ വ്യഖ്യാന ഗ്രന്ഥമായ തഫ്സീർ ജലാലൈനിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (www.altafsir.com) ശ്രദ്ധേയമായ മറ്റൊരു വസ്തുത ‘രാത്രി’, ‘പകൽ’ എന്നീ പ്രതിഭാസങ്ങളും അവയുടെ ഭ്രമണ പഥത്തിലൂടെ നീന്തിക്കൊണ്ടിരിക്കുന്നതായി വിശുദ്ധ ഖുർആൻ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട് എന്നതാണ്. രാപ്പകലുകൾ ഭ്രമണപഥത്തിൽ നീന്തിക്കൊണ്ടിരിക്കുന്നതെങ്ങനെയെന്ന് ഇന്ന് നമുക്ക് ശാസ്ത്രീയമായിട്ട് കൃത്യമായി മനസിലാക്കുവാൻ സാധിക്കും. ഇതിനെക്കുറിച്ച് ധാരണ ലഭിക്കുവാൻ പര്യാപ്തമായ ഒരു വീഡിയോ കാണുക-https://www.youtube.com/watch?v=z8aBZZnv6y8&feature=youtu.be.

ഭൂമിയുടെ ചലനം വഴി മനുഷ്യർക്ക് അല്ലാഹു നൽകിയ അനുഗ്രഹങ്ങളായ രാത്രി, പകൽ എന്നീ പ്രതിഭാസങ്ങളെ ‘യസ്‌ബഹൂൻ’ എന്ന ക്രിയയുമായി ബന്ധപ്പെടുത്തി പേരെടുത്ത് പരാമർശിച്ചിരിക്കുന്നു. ഭൂമിയുടെ സ്വയം ഭ്രമണത്തിലേക്കും ഭൂമി സൂര്യനെ പരിക്രമണം ചെയ്യുന്നതിലേക്കും ഇത് കൃത്യമായ സൂചന നൽകുന്നു. “സൂര്യന്‌ ചന്ദ്രനെ പ്രാപിക്കാനാവില്ല. രാവ്‌ പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു” എന്ന ഖുർആൻ സൂക്തത്തെ വിശദീകരിച്ചുകൊണ്ട് മലയാളത്തിലെ പ്രമുഖ ഖുർആൻ വ്യാഖ്യാനങ്ങളിലൊന്നായ ‘വിശുദ്ധ ഖുർആൻ വിവരണ’ത്തിൽ (അമാനി തഫ്സീർ) പറയുന്നത് നോക്കൂ:
كُلٌّ فِي فَلَكٍ يَسْبَحُونَ (എല്ലാവരും ഓരോ സഞ്ചാരമണ്ഡലത്തില്‍ നീന്തിക്കൊണ്ടിരിക്കുന്നു) എന്ന വാക്യത്തിലെ ക്രിയ (يَسْبَحُونَ) ബഹുവചന രൂപത്തിലും, ബുദ്ധിജീവികളില്‍ മാത്രം ഉപയോഗപ്പെടാറുള്ള രൂപത്തിലുമാണുള്ളത്. സാധാരണ നിലക്കു ഇതിന്‍റെ കര്‍ത്താവ് രണ്ടിലധികം വസ്തുക്കള്‍ അടങ്ങിയതും, അവ ബുദ്ധിജീവികളുമായിരിക്കേണ്ടതുമാണ്. അപ്പോള്‍, സൂര്യനും ചന്ദ്രനും മാത്രമല്ല, ഭൂമിയും, രാവും, പകലും എല്ലാംതന്നെ ചലിച്ചുകൊണ്ടിരിക്കുന്നുവെന്നും, ഇവ ഓരോന്നും ബുദ്ധി വര്‍ഗ്ഗത്തെപ്പോലെ അതതിന്റെ ചലനങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നുവെന്നും അതില്‍ സൂചന കാണാം. കൂടാതെ, ‘ചലിക്കുന്നു’ വെന്നോ മറ്റോ പറയാതെ ‘നീന്തുന്നു’ വെന്നു പ്രയോഗിച്ചതും ശ്രദ്ധേയമാകുന്നു. (https://malayalamqurantafsir.com/thafseer.php)

ചുരുക്കത്തിൽ എല്ലാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നത്. ആധുനിക ശാസ്ത്രം സ്ഥിരീകരിക്കുന്നതും അതുതന്നെ. ഖുർആൻ ഒരു ശാസ്ത്രഗ്രന്ഥമല്ല. എന്നാൽ, മനുഷ്യനിലേക്ക് ദൈവിക മാർഗദർശനമെത്തിക്കുന്നതിന് സഹായകമാകുംവിധം മനുഷ്യന്റെ ചിന്തയെ ഉത്തേജിപ്പിക്കാനും കാര്യങ്ങൾ ബോധ്യപ്പെടുത്താനും ആവശ്യമായ ചില ചരിത്ര സൂചനകളും ശാസ്ത്ര സൂചനകളും അതിലുണ്ട്. ശാസ്ത്ര പുരോഗതിയിലൂടെ മനുഷ്യൻ വളരെയേറെ മുന്നോട്ടു പോയിട്ടും, പതിനാലു നൂറ്റാണ്ടുകൾ പഴക്കമുള്ള ആ ഗ്രന്ഥത്തിലെ പ്രസ്തുത പരാമർശങ്ങളിലൊന്നെങ്കിലും തെറ്റാണെന്ന് ശാസ്ത്രവസ്തുതകളെയോ ചരിത്രവസ്തുതകളെയോ അടിസ്ഥാനമാക്കി തെളിയിക്കുവാൻ ആർക്കും ഇതുവരെ സാധിച്ചിട്ടില്ല. അതിന്റെ പ്രതിഫലനമാണ് ഖുർആനിനെതിരെ നാസ്തികരടക്കമുള്ളവർ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ വിമർശനങ്ങൾ. വിമർശകർ ആരോപിക്കുന്നതുപോലെ സൂര്യൻ ജലാശയത്തിലേക്ക് പോകുന്നുവെന്നല്ല ഖുർആൻ പറയുന്നത്, പ്രത്യുത സൂര്യനും ചന്ദ്രനുമുൾപ്പെടെയുള്ള ഗോളങ്ങൾ അവയുടെ ഭ്രമണ പഥങ്ങളിലൂടെ നീന്തിക്കൊണ്ടിരിക്കുന്നുവെന്നാണ്. വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ വചനങ്ങളാണ്. സൂര്യനെയും ചന്ദ്രനെയും ആകാശലോകത്തെയുമെല്ലാം സൃഷ്ടിച്ച ഏകനായ സ്രഷ്ടാവിന്റെ വചനങ്ങൾ. അതിനാലാണ് വിശുദ്ധ ഖുർആനിലെ പരാമർശങ്ങളിൽ അബദ്ധങ്ങളൊന്നും കാണാൻ സാധിക്കാത്തത്. “തീർച്ചയായും ഇത് മഹത്വമേറിയ ഒരു ഖുർആൻ തന്നെയാകുന്നു.” (ഖുർആൻ 56:77)

print

No comments yet.

Leave a comment

Your email address will not be published.