സാഹോദര്യം: ഇസ്‌ലാമിക പാഠങ്ങൾ

//സാഹോദര്യം: ഇസ്‌ലാമിക പാഠങ്ങൾ
//സാഹോദര്യം: ഇസ്‌ലാമിക പാഠങ്ങൾ
ആനുകാലികം

സാഹോദര്യം: ഇസ്‌ലാമിക പാഠങ്ങൾ

“ഒരേയൊരു ദൈവം. ഒരൊറ്റ ജനത” എന്ന സാഹോദര്യത്തിന്റെ, മാനവികതയുടെ സന്ദേശമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. മനുഷ്യരെല്ലാം ഒരു മാതാവിന്റെയും പിതാവിന്റെയും സന്തതികളാണെന്നും, അതിനാൽ ലോകത്തുള്ള സർവ്വമനുഷ്യരും അടിസ്ഥാനപരമായി സഹോദരങ്ങളാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു.
“ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു” (ഖുർആൻ 49:13).

അതുകൊണ്ട്തന്നെ മനുഷ്യർ തമ്മിൽ ദേശ-ഭാഷാ-വർഗ-വർണ്ണ വ്യത്യാസങ്ങൾക്കതീതമായി ഒരു സഹോദര്യബന്ധം സ്ഥാപിക്കപ്പെടണമെന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. പ്രവാചകൻ മുഹമ്മദ്‌ (സ്വ) പറയുന്നത് നോക്കൂ: “ജനങ്ങളേ, അറിഞ്ഞുകൊള്ളുക; നിശ്ചയം, നിങ്ങളുടെ നാഥൻ ഏകനാകുന്നു. അറബിക്ക് അനറബിയേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ ഒരു ശ്രേഷ്ഠതയുമില്ല- ദൈവഭയത്തിന്റെ അടിസ്ഥാനത്തിലല്ലാതെ. അല്ലാഹുവിങ്കൽ നിങ്ങളിൽ ഏറ്റവും ആദരണീയൻ ഏറ്റവും സൂക്ഷ്മതയുള്ളവനത്രെ” (ബൈഹഖി). ഒരാളുടെയും നിറമോ വർഗ്ഗമോ അവനെ ഉന്നതനാക്കുന്നില്ലെന്നും സ്രഷ്ടാവിന് മുന്നിൽ എല്ലാ മനുഷ്യരും തുല്യരാണെന്നുമുള്ള മാനവിക സാഹോദര്യത്തിന്റെ മഹിതമായ സന്ദേശമാണ് ഇസ്‌ലാമിക പ്രമാണങ്ങൾ ഉദ്ഘോഷിക്കുന്നത്. അതുകൊണ്ട് തന്നെ ഏകപിതാവിന്റെയും മാതാവിന്റെയും സന്തതികളായ മനുഷ്യർ തമ്മിൽ അത്തരത്തിലുള്ള ഒരു സഹിഷ്ണുതാമനോഭാവവും ഉണ്ടാവണമെന്ന് ഖുർആൻ കൽപിക്കുന്നുണ്ട്. “മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍…”(4:1).
ഇത്തരത്തിലുള്ള മാനുഷികമായ സാഹോദര്യബന്ധങ്ങളിൽ മുസ്‌ലിമെന്നോ അമുസ്‌ലിമെന്നോ വ്യത്യാസം കാണിക്കേണ്ടതില്ലെന്നുകൂടി ഇസ്‌ലാമികാദ്ധ്യാപനങ്ങൾ പഠിപ്പിക്കുന്നു.

വിശ്വാസികൾ തമ്മിലുള്ള സാഹോദര്യബന്ധം

സത്യവിശ്വാസികൾ തമ്മിൽ വളരെ രൂഢമൂലമായ സാഹോദര്യം കാത്തുസൂക്ഷിക്കണമെന്ന് ഇസ്‌ലാം നിഷ്കർഷിക്കുന്നു. ഖുർആൻ പറയുന്നു: “സത്യവിശ്വാസികള്‍ (പരസ്പരം) സഹോദരങ്ങള്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങളുടെ രണ്ടു സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം” (49:10). പരസ്പരസഹോദര്യത്തിന് ഭംഗം വരുത്തുന്ന രീതിയിലുള്ള ഒന്നുംതന്നെ അവർക്കിടയിൽ ഉണ്ടാവരുതെന്നുമാണ് ഖുർആൻ പഠിപ്പിക്കുന്നത്.

വിശ്വാസികൾ പരസ്പരമുള്ള ബന്ധത്തെപ്പറ്റി പ്രവാചകന്റെ(സ്വ) ഉപമ വളരെ ഹൃദയസ്പർശിയായ ഒന്നാണ്. നുഅ്മാനുബ്നു ബഷീറിൽ(റ) നിന്ന് ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്യുന്ന ഒരു പ്രവാചകവചനം ഇങ്ങനെ വായിക്കാം: “പരസ്പരസ്നേഹത്തിലും കാരുണ്യത്തിലും അനുകമ്പയിലുമുള്ള വിശ്വാസികളുടെ ഉപമ ഒരു ശരീരം പോലെയാണ്. ഏതെങ്കിലും ഒരു അവയവത്തിന് വല്ല അസുഖവും ബാധിച്ചാൽ ശരീരം മുഴുവൻ പനിച്ചും ഉറക്കമിളച്ചും അതിനോട് അനുഭാവം പുലർത്തും”. ഒന്ന് ചിന്തിച്ചുനോക്കൂ.. എത്രമനോഹരമാണ് ഈ ഉപമ ! ഇത്തരത്തിൽ ഒരു വിശ്വാസിക്കുണ്ടാവുന്ന പ്രയാസം മൊത്തത്തിൽ വിശ്വാസിസമൂഹത്തിനെ സംബന്ധിക്കുന്ന വിഷയമാവണമെന്നും, തന്റെ വിശ്വാസിയായ സഹോദരന്റെ സന്തോഷത്തിലും ദുഃഖത്തിലും ഒരു വിശ്വാസി പങ്കുകൊള്ളണമെന്നും പ്രവാചകൻ മുഹമ്മദ്‌ (സ്വ) ഈ ഉപമയിലൂടെ പഠിപ്പിക്കുന്നു. ഒരേ ആദർശത്തിൽ വിശ്വസിക്കുന്നവർ തമ്മിലുണ്ടാവേണ്ട അഭേദ്യമായ ബന്ധം എത്രത്തോളമാണെന്ന് പ്രവാചകൻ (സ്വ) പഠിപ്പിക്കുന്നുണ്ട്. അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം; നബി(സ്വ) പറഞ്ഞു: “ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിയുടെ സഹോദരനാണ്. അവൻ അപരനെ വഞ്ചിക്കുകയില്ല. അവനെ അവിശ്വസിക്കുകയില്ല. അവനെ കൈവെടിയുകയില്ല. ഓരോ വിശ്വാസിക്കും മറ്റൊരു വിശ്വാസിയുടെ അഭിമാനവും രക്തവും സമ്പത്തും പവിത്രമാണ്. തഖ്‌വ(സൂക്ഷ്മത) ഇവിടെ(ഹൃദയത്തിൽ)യാണ്. തന്റെ മുസ്‌ലിമായ സഹോദരനെ നിന്ദിക്കുന്നത് തന്നെ ഒരാൾക്ക് മതിയായ പാപമാണ്” (തിർമിദി 1927). തന്റേതെന്നതുപോലെ തന്റെ സഹോദരന്റെ ദേഹവും, സമ്പത്തും, അഭിമാനവും സംരക്ഷിക്കുവാൻ ഓരോ വിശ്വാസിയും ബാധ്യസ്ഥനാണെന്ന് ഈ നബിവചനം പഠിപ്പിക്കുന്നു. തന്റെ സഹോദരനെ ഒരു സന്ദർഭത്തിലും കൈവിടരുതെന്നും, അവനെ പ്രയാസങ്ങളിൽ സഹായിക്കണമെന്നും ഏതെങ്കിലും ന്യൂനത മറച്ചുവെച്ച് അവന്റെ അഭിമാനം സംരക്ഷിച്ചാൽ അല്ലാഹു നമ്മുടെ ന്യൂനതയും മറച്ചുവെക്കുമെന്നും പ്രവാചകവചനങ്ങൾ പഠിപ്പിക്കുന്നു (ബുഖാരി, മുസ്‌ലിം). മാത്രമല്ല, തന്റെ സഹോദരനെ സഹായിക്കുന്ന സമയമത്രയും അല്ലാഹു വിശ്വാസിയെ സഹായിച്ചുകൊണ്ടിരിക്കുമെന്നും പ്രവാചകൻ (സ്വ) പറഞ്ഞിട്ടുണ്ട് (മുസ്‌ലിം: 2699).

തന്നോട് മോശമായി പെരുമാറിയാൽ പോലും അതേരൂപത്തിലുള്ള പെരുമാറ്റം ഒരു വിശ്വാസിയുടെ ഭാഗത്തുനിന്ന് ഉണ്ടാവരുത് എന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. തന്റെ മകളെപ്പറ്റി വ്യഭിചാരാരോപണം നടത്തുന്നതിൽ മുൻപന്തിയിൽ നിന്ന തന്റെ ആശ്രിതന് ഇനിമേലിൽ താൻ സഹായങ്ങൾ നൽകില്ലെന്ന് ശപഥം ചെയ്ത പ്രവാചകാനുചരനെ തിരുത്തിയ ഖുർആനികവചനവും ഈ സന്ദേശത്തിലേക്ക് വെളിച്ചം വീശുന്നതാണ്.

വിശ്വാസികൾ പരസ്പരമുള്ള സാഹോദര്യബന്ധം ഊട്ടിയുറപ്പിക്കാൻ ഇസ്‌ലാം ചിലനിർദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. അബൂഹുറൈറയിൽ(റ) നിന്ന് ഉദ്ധരിക്കപ്പെടുന്ന ഒരു പ്രവാചകവചനം ഇപ്രകാരമാണ്: നബി (സ്വ) പറഞ്ഞു: “ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോടുള്ള ബാധ്യതകൾ ആറെണ്ണമാകുന്നു”. ഒരാൾ ചോദിച്ചു: “അവ ഏതൊക്കെയാണ് പ്രവാചകരേ..?” തിരുമേനി മറുപടി നൽകി: “അവനെ കണ്ടുമുട്ടിയാൽ സലാം പറയുക, അവൻ നിന്നെ ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുക, ഉപദേശം തേടിയാൽ ഉപദേശം നൽകുക, അവൻ തുമ്മുകയും എന്നിട്ട് الحمد ﷲ (സർവ്വസ്തുതികളും അല്ലാഹുവിന്) എന്ന് പറയുകയും ചെയ്താൽ അവന് കാരുണ്യത്തിന് വേണ്ടി (يرحمك ﷲ എന്ന്) പ്രാർത്ഥിക്കുക, അവൻ രോഗിയായാൽ സന്ദർശിക്കുക, മരിച്ചാൽ (ജനാസയെ) അനുഗമിക്കുക ” (മുസ്‌ലിം).

വിശ്വാസികൾ പരസ്പരം ഒറ്റക്കെട്ടായി നിൽക്കണമെന്നും ബാധ്യതകൾ നിർവഹിക്കണമെന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

അനസ്(റ) നിവേദനം ചെയ്യുന്നു; പ്രവാചകൻ (സ്വ) അരുളി : “ഒരാൾ തനിക്കുവേണ്ടി ഇഷ്ടപ്പെടുന്നതെന്തോ അത് തന്റെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ല ” (ബുഖാരി :12, മുസ്‌ലിം :45).

കൂടാതെ വിശ്വാസികൾ തമ്മിലുള്ള ബന്ധം ഒരു കെട്ടിടം പ്രബലവും സുഭദ്രവുമാണെന്നും ഒരുഭാഗം മറ്റൊരു ഭാഗത്തിന് ബലം നൽകുന്നുവെന്നെല്ലാം വ്യക്തമാക്കുന്ന പ്രവാചകവചനങ്ങൾ നമുക്ക് വായിച്ചെടുക്കാൻ സാധിക്കും. മാത്രമല്ല, പരിശുദ്ധ ഖുർആൻ വിശ്വാസികളെ വിളിച്ചുകൊണ്ട് പറയുന്നത് നോക്കൂ: “…..പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌ ” (5:2).

മാത്രമല്ല, രണ്ട് സത്യവിശ്വാസികൾ മൂന്ന് ദിവസിത്തിലധികം പിണങ്ങിനിൽക്കരുതെന്നും പ്രവാചകാദ്ധ്യാപനങ്ങൾ പഠിപ്പിക്കുന്നു (മുത്തഫഖുൻ അലൈഹി).

സത്യവിശ്വാസികളും വിശ്വാസിനികളും പരസ്പരം മിത്രങ്ങളാകുന്നു എന്നും ഖുർആൻ (9:71) പഠിപ്പിക്കുന്നു. ഈ രൂപത്തിൽ വളരെ ഐക്യത്തോടെയും സ്നേഹത്തോടെയും വിശ്വാസിസമൂഹം ജീവിക്കണമെന്നാണ് ഇസ്‌ലാം കൽപിക്കുന്നത്.

അമുസ്‌ലിംകളുമായുള്ള വിശ്വാസിയുടെ ബന്ധം

മതത്തിന്റെ പേരിൽ മുസ്‌ലിംകളുമായി യുദ്ധം ചെയ്യാത്ത, അതിന്റെ പേരിൽ ദ്രോഹിക്കാത്ത എല്ലാ അമുസ്‌ലിംകളുമായും നല്ലരീതിയിൽ വർത്തിക്കണമെന്നും അവർക്ക് നന്മ ചെയ്യണമെന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. “മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു” (ഖുർആൻ 60:8). മതത്തിന്റെ പേരിൽ മുസ്‌ലിംകളോട് തിന്മ ചെയ്യാത്ത എല്ലാ അമുസ്‌ലിംകളോടും നീതിയോടുകൂടി വർത്തിക്കണമെന്നുകൂടിയാണ് ഈ ആയത്തിന്റെ താല്പര്യം. അത്തരം നീതിമാന്മാരെ അല്ലാഹു ഇഷ്ടപ്പെടുന്നു എന്നുമാണ് ഖുർആൻ പ്രഖ്യാപിക്കുന്നത്. മാത്രമല്ല, മുസ്‌ലിമെന്നോ അമുസ്‌ലിമെന്നോ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരോടും നന്മ ചെയ്യണമെന്നാണ് ഇസ്‌ലാം പഠിപ്പിച്ചത്. മുഹമ്മദ്‌ നബി (സ്വ) പറഞ്ഞു: “ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക; ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും” (ത്വബ്റാനി).

മാത്രമല്ല, അയൽവാസിയുടെ വിഷയത്തിൽ ഇസ്‌ലാം വളരെ വലിയ പ്രാധാന്യം കൽപ്പിക്കുന്നു. എത്രത്തോളമെന്നാൽ, അയൽവാസിയോടുള്ള കടമകൾ ജിബ്‌രീൽ മാലാഖ തന്നോട് ഉപദേശിച്ചുകൊണ്ടിരുന്നപ്പോൾ അനന്തരസ്വത്തിൽ പോലും അയൽവാസിക്ക് അവകാശമുണ്ടാകുമോ എന്ന് ഞാൻ ആശങ്കപ്പെട്ടു എന്ന പ്രവാചകവചനം നമ്മെ പഠിപ്പിക്കുന്നത് അതാണ്. അവിടെയൊന്നും അയൽവാസിയുടെ മതം നോക്കി അവനോട് നന്മ കാണിക്കണമെന്നല്ല ഇസ്‌ലാം പറഞ്ഞത്. മറിച്ച് പ്രവാചകൻ (സ്വ) അരുളി: “അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറുനിറക്കുന്നവൻ സത്യവിശ്വാസിയല്ല” (ത്വബ്റാനി). മതവർഗ്ഗ ഭേദങ്ങൾക്കപ്പുറം അയൽവാസിയെ പരിഗണിക്കണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

ഒരു ഇസ്‌ലാമിക രാഷ്ട്രത്തിൽ എല്ലാ മതസ്ഥരുടെയും ആരാധനാസ്വാതന്ത്ര്യം വകവെച്ചുനൽകണമെന്നും, മറ്റു മതസ്ഥരുടെ ആരാധനാലയങ്ങൾ സംരക്ഷിക്കണമെന്നും ഖുർആൻ പറയുന്നു: “യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്‍റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്‍റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്‌ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു” (22:40). ശത്രുക്കളുടെ പീഡനം സഹിക്കവയ്യാതായപ്പോൾ മാത്രമാണ് വിശ്വാസികൾക്ക് യുദ്ധത്തിന് അനുമതി ലഭിച്ചത്. മുസ്‌ലിം പള്ളികൾക്ക് പുറമെ സന്ന്യാസി മഠങ്ങളും, ക്രിസ്തീയ-യഹൂദ ദേവാലയങ്ങളും സംരക്ഷിക്കണമെന്നും പഠിപ്പിക്കുന്നതിലൂടെ മറ്റു മതസ്ഥരുടെ മതസ്വാതന്ത്ര്യത്തെയാണ് ഇസ്‌ലാം അംഗീകരിക്കുന്നത്.

മാത്രമല്ല, ഒരു മനുഷ്യനെയും അവൻ വിശ്വാസിയോ അവിശ്വാസിയോ ആകട്ടെ, അകാരണമായി വധിക്കരുതെന്നും അത് അല്ലാഹുവിങ്കൽ മഹാപാപമാണെന്നുമുള്ള മാനവികതയുടെ പാഠമാണ് ഇസ്‌ലാം ഉദ്ഘോഷിക്കുന്നത്. “.. മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു..”(ഖുർആൻ 5:32).

ഇവിടെ ഒരു മുസ്‌ലിമിനെ എന്നല്ല മറിച്ച് ഒരു മനുഷ്യനെ എന്ന് പറഞ്ഞത് വളരെ പ്രാധാന്യമർഹിക്കുന്നു. ഒരു മനുഷ്യജീവൻ സംരക്ഷിച്ചാൽ അത് വളരെ വലിയ പുണ്യമാണെന്നുകൂടി ഈ ആയത്തിലൂടെ ഖുർആൻ പഠിപ്പിക്കുകയാണ്. ഇന്ന് തീവ്രവാദത്തിന്റെയും ഭീകരതയുടെയും പേരിൽ ഇസ്‌ലാമിനെയും ഖുർആനെയും മുഹമ്മദ്‌ നബി(സ്വ)യേയുമെല്ലാം പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നവർ ഈ ഖുർആനിക വചനങ്ങളെല്ലാം ഒന്ന് മനസ്സിരുത്തി വായിക്കുന്നത് നല്ലതാണ്.

അമുസ്‌ലിം സഹോദരന്മാരുമായി നല്ല ബന്ധം സ്ഥാപിക്കുവാനും സൗഹൃദം പുലർത്തുവാനും ഇസ്‌ലാം വിശ്വാസിയെ അനുവദിക്കുന്നു. എന്നാൽ ഏകദൈവ വിശ്വാസത്തിന് കളങ്കമുണ്ടാവുന്ന രൂപത്തിൽ യാതൊരു പ്രവർത്തനങ്ങളിലും ആരുമായും ഒരു വിശ്വാസി സഹകരിക്കരുത് എന്നുകൂടി ഇസ്‌ലാം നിഷ്കർഷിക്കുന്നുണ്ട്. സത്യസന്ദേശവുമായി എല്ലാ പ്രവാചകന്മാരും നിയോഗിക്കപ്പെട്ടതും അവർ ജീവിച്ചതുമെല്ലാം അമുസ്‌ലിം സമൂഹത്തിലായിരുന്നുവെന്നും, ആ സമൂഹങ്ങളോട് പ്രവാചകന്മാർ നല്ല രൂപത്തിലാണ് വർത്തിച്ചത് എന്നുമെല്ലാം നമുക്ക് ഖുർആനിക ചരിത്രങ്ങളിൽ നിന്ന് വായിച്ചെടുക്കാൻ കഴിയും. മാത്രമല്ല, തന്റെ എത്രയോ സമ്പന്നരായ അനുചരന്മാർ ഉണ്ടായിട്ടുപോലും പ്രവാചകൻ മുഹമ്മദ്‌ (സ്വ) മരണവേളയിൽ തന്റെ പടയങ്കി പണയം വെച്ചത് ഒരു ജൂതന്റെ അടുക്കലായിരുന്നു എന്ന് നമുക്ക് സ്വഹീഹായ ഹദീസുകളിൽ കാണാൻ സാധിക്കും (ബുഖാരി).

ഒരു അമുസ്‌ലിമിന് ഇസ്‌ലാമിന്റെ മഹിതമായ സന്ദേശം അറിയിച്ചുകൊടുക്കലാണ് അവനോടുള്ള ഏറ്റവും വലിയ ഗുണകാംക്ഷയെന്നും അതിന് വലിയ പ്രതിഫലമുണ്ടെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. അതേസമയം, നിർബന്ധ മതപരിവർത്തനം പാടില്ലെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു (ഖുർആൻ 2:256).

വർണ്ണ-വിഭാഗീയ ചിന്തകളെയെല്ലാം എതിർക്കുന്ന ഇസ്‌ലാം വർഗ്ഗീയതയെ ശക്തമായി വിരോധിക്കുന്നതും നമുക്ക് കാണാവുന്നതാണ്. പ്രവാചകൻ (സ്വ) പ്രഖ്യാപിച്ചു: “വർഗ്ഗീയത്തിലേക്ക് ക്ഷണിക്കുന്നവൻ നമ്മിൽ പെട്ടവനല്ല. വർഗ്ഗീയതക്ക് വേണ്ടി യുദ്ധം ചെയ്യുന്നവൻ നമ്മിൽ പെട്ടവനല്ല. വർഗ്ഗീയതയുടെ പേരിൽ മരിക്കുന്നവനും നമ്മിൽ പെട്ടവനല്ല” (തിർമിദി).

ഒന്ന് ചിന്തിച്ചു നോക്കൂ.. എത്ര മഹിതമാണീ ആദർശം..!! ഇസ്‌ലാം മുന്നോട്ടുവെക്കുന്ന സാഹോദര്യത്തിന്റെ പാഠങ്ങൾ നടപ്പാക്കി ജീവിച്ചാൽ സമാധാനപൂർണ്ണമായ, ഐക്യത്തിലധിഷ്ഠിതമായ ഒരു ജീവിതം നയിക്കാൻ ഏതൊരു വ്യക്തിക്കും സാധിക്കും. അതിന്റെ നേർസാക്ഷ്യമാണ് സംഭവബഹുലമായ പ്രവാചകജീവിതം…

print

2 Comments

  • മാഷാ അല്ലാഹ്… very good notes……… my whatsapp no. 9895978800

    Baiju rahman 27.04.2020
  • Peace be with you may A L L A H showers his bliss upon you for each and every beautiful words that may conceive millions of hearts…

    Haris Ismail 13.10.2023

Leave a comment

Your email address will not be published.