സയ്‌നബ് ബിന്‍ത് ജഹ്ശ്: നബിവിമര്‍ശകര്‍ ഒളിച്ചുകടത്തുന്നത് സെക്‌സ് ഭീതി -1

//സയ്‌നബ് ബിന്‍ത് ജഹ്ശ്: നബിവിമര്‍ശകര്‍ ഒളിച്ചുകടത്തുന്നത് സെക്‌സ് ഭീതി -1
//സയ്‌നബ് ബിന്‍ത് ജഹ്ശ്: നബിവിമര്‍ശകര്‍ ഒളിച്ചുകടത്തുന്നത് സെക്‌സ് ഭീതി -1
ആനുകാലികം

സയ്‌നബ് ബിന്‍ത് ജഹ്ശ്: നബിവിമര്‍ശകര്‍ ഒളിച്ചുകടത്തുന്നത് സെക്‌സ് ഭീതി -1

മുഹമ്മദ് നബി(സ)യും സയ്‌നബ് ബിന്‍ത് ജഹ്‌ശും (റ) തമ്മിലുള്ള വിവാഹം ഇസ്‌ലാം വിമര്‍ശകരുടെ പ്രമേയമാകാന്‍ ആരംഭിച്ചത് ആധുനിക കാലഘട്ടത്തിലൊന്നും അല്ല. പ്രവാചകന്റെ ജീവിതകാലത്തു തന്നെ ശത്രുക്കളുടെ അധിക്ഷേപങ്ങള്‍ക്ക് വിധേയമായിത്തുടങ്ങിയ ഒരേയൊരു നബിവിവാഹം, ഒരു പക്ഷേ, സയ്‌നബുമായി ഉള്ളതാണ്. പക്ഷേ, ആധുനിക നബിവിമര്‍ശകര്‍ പ്രാധാന്യത്തോടെ ഉന്നയിക്കുന്ന ആരോപണങ്ങളല്ല നബി(സ)യുടെ ജീവിതകാലത്ത് തത്‌സംബന്ധിയായി ഉയര്‍ന്നത് എന്ന വ്യത്യാസമുണ്ട്. ഈ വ്യത്യാസം, നബി-സയ്‌നബ് ദാമ്പത്യത്തെ പറ്റിയുള്ള ഇസ്‌ലാമോഫോബിക് വ്യവഹാരങ്ങളുടെയെല്ലാം പൊള്ളത്തരം തുറന്നുകാണിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. നവനാസ്തികരും മിഷനറിമാരും ഇവ്വിഷയകമായി പ്രചരിപ്പിക്കുന്ന പ്രണയ/ലൈംഗിക സിദ്ധാന്തങ്ങളൊന്നും നബി(സ)യുടെ സമകാലീനരായ അറേബ്യന്‍ ബഹുദൈവാരാധകരോ കപട വിശ്വാസികളോ -അവര്‍ അദ്ദേഹത്തിന്റെ കഠിനവിരോധികളായിരുന്നിട്ടുപോലും- ഒരിക്കല്‍പോലും അവതരിപ്പിച്ചിട്ടില്ല എന്നതുതന്നെ, പ്രസ്തുത വിമര്‍ശകഭാവനകള്‍ക്ക് വസ്തുതാപരമായ അടിത്തറയില്ലെന്ന് വ്യക്തമാക്കുന്നുണ്ട്.

മുഹമ്മദ് നബി(സ)യുടെ പിതൃസഹോദരി ഉമയ്മ ബിന്‍ത് അബ്ദില്‍ മുത്വലിബിന്റെയും ബനൂ അസദ്‌ ഗോത്രക്കാരനായ ജഹ്‌ശിന്റെയും മകളായിരുന്ന സയ്‌നബ് (റ) മക്കയില്‍ വെച്ചുതന്നെ ഇസ്‌ലാം സ്വീകരിച്ച സ്വഹാബിയ്യ വനിതകളില്‍ പ്രമുഖയാണ്. നബി(സ)യെ പിന്തുടര്‍ന്ന് മദീനയിലേക്ക് പോയ ആദ്യ മുസ്‌ലിം സംഘങ്ങളിലൊന്നില്‍ തന്നെ ഉണ്ടായിരുന്ന സയ്‌നബിനെ(റ) ഹിജ്‌റ അഞ്ചാം വര്‍ഷമാണ് പ്രവാചകന്‍ (സ) വിവാഹം ചെയ്യുന്നത്. ഭര്‍ത്താവായിരുന്ന സയ്‌ദ് ബ്‌നു ഹാരിഥ (റ) വിവാഹമോചനം ചെയ്തതിനെത്തുടര്‍ന്നാണ് സയ്‌നബ് (റ) നബി(സ)യുടെ ജീവിതത്തിലേക്ക് സ്വീകരിക്കപ്പെട്ടത്. സയ്‌നബിനെപ്പോലെത്തന്നെ ഇസ്‌ലാമിക ചരിത്രത്തില്‍ പ്രസിദ്ധനാണ് സയ്‌ദും (റ). സയ്‌ദ് ജന്മം കൊണ്ട് ഹിജാസുകാരന്‍ ആയിരുന്നില്ല. നജ്‌ദിലെ കല്‍ബ് ഗോത്രക്കാരനായ ഹാരിഥ് ഇബ്‌നു ശറാഹീലിന്റെ പുത്രനായിരുന്ന സയ്‌ദിനെ, ചെറിയ പ്രായത്തില്‍ കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി മക്കയിലെ ഉക്കാദ് ചന്തയില്‍ അടിമയായി വിറ്റതാണ്. കച്ചവടക്കാരിയും ധനാഢ്യയുമായിരുന്ന ഖദീജ ബിന്‍ത് ഖുവയ്‌ലിദിന്റെ ഭൃത്യനായിത്തീര്‍ന്ന സയ്‌ദിനെ, മുഹമ്മദും (സ) ഖദീജയും (റ) തമ്മിലുള്ള വിവാഹം നടന്നപ്പോള്‍ ഖദീജ (റ) മുഹമ്മദിന് (സ) സഹായിയായി നല്‍കി. മുഹമ്മദ് (സ) പ്രവാചകനായി നിയോഗിക്കപ്പെടുന്നതിന്റെ ഏകദേശം ഒന്നര പതിറ്റാണ്ട് മുമ്പാണ് ഈ സംഭവം. അടിമ-ഉടമ ബന്ധത്തിന്റെ അന്നത്തെ സമവാക്യങ്ങളെയൊക്കെ മുറിച്ചുകടന്നുകൊണ്ട് മുഹമ്മദ് (സ) തന്നെക്കാള്‍ പത്തുവയസ്സോളം ഇളയതായിരുന്ന സയ്‌ദിനെ സ്‌നേഹവാത്സ്യങ്ങള്‍ കൊണ്ട് മൂടുകയും സന്തതസഹചാരിയായി സ്വീകരിക്കുകയും ചെയ്തു. സയ്‌ദ് ‘അടിമ’യായി തുടര്‍ന്നത് സാങ്കേതികമായി മാത്രമാണ്. സയ്‌ദ് ‘ഹിബ്ബു മുഹമ്മദ്’ (മുഹമ്മദിന്റെ സ്‌നേഹഭാജനം) എന്ന അപരാഭിധാനത്തില്‍ മക്കക്കാര്‍ക്കിടയില്‍ അറിയപ്പെടാന്‍ തുടങ്ങുമാറ് ഗാഢമായിരുന്നു ഇരുവരും തമ്മിലുള്ള ആത്മബന്ധം. ‘സയ്‌ദ് ഇബ്നു ഹാരിഥ അല്‍ ഹിബ്ബ്’ എന്നാണ് സയ്‌ദ് പിന്നീടിതുവരെ ഇസ്‌ലാമിക പാരമ്പര്യത്തില്‍ വിശേഷിപ്പിക്കപ്പെട്ടുപോരുന്നത്.

സയ്‌ദ് മക്കയിലുണ്ടെന്നറിഞ്ഞ പിതാവ് ഹാരിഥയും ബന്ധുക്കളും, അദ്ദേഹത്തെ തിരിച്ചു കുടുംബത്തിലേക്ക് കൂട്ടാനായി മക്കയിലെത്തുകയും മുഹമ്മദ് നബി (സ) തീരുമാനം സയ്‌ദിനു (റ) വിടുകയും ചെയ്തപ്പോള്‍ സയ്‌ദ് (റ) പിതാവിനോടും കൂട്ടാളികളോടും തന്റെ യജമാനന്റെ സ്വഭാവ വൈശിഷ്ട്യവും തനിക്ക് അദ്ദേഹത്തോടുള്ള സ്‌നേഹബഹുമാനങ്ങളും വിശദീകരിച്ചതും താന്‍ അദ്ദേഹത്തിനരികില്‍ തീര്‍ത്തും സുരക്ഷിതനാണെന്നും തന്നെക്കുറിച്ച് വേവലാതികളാവശ്യമില്ലെന്നും അറിയിച്ചതും മുഹമ്മദു(സ)മായി പിരിയാന്‍ കഴിയാത്തവിധമുള്ള സഹചരത്വം രൂഢമൂലമായിക്കഴിഞ്ഞിട്ടുള്ളതിനാല്‍ താന്‍ മക്കയില്‍തന്നെ തുടരുകയാണെന്ന തീരുമാനം പ്രഖ്യാപിച്ചതും നബി(സ)യുടെ പ്രവാചകപൂര്‍വ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നാണ്. പിതാവും പിറന്ന നാടും മാടിവിളിച്ചിട്ടും മുഹമ്മദി(സ)നെ വേര്‍പിരിയാന്‍ കഴിയാതെ മക്കയില്‍ ‘അടിമ ജീവിതം’ തുടരാനുള്ള സയ്‌ദ് ഇബ്‌നു ഹാരിഥ(റ)യുടെ നിശ്ചയം അനാവൃതമാക്കുന്നത് മുഹമ്മദ് നബി (സ) എന്ന ‘ഉടമ’യുടെ ‘അധികാരജീവിതം’ അനിതരസാധാരണമാംവിധം ഹൃദയപൂര്‍വമുള്ളതായിരുന്നു എന്ന സത്യമാണ്. സയ്‌ദിന്റെ (റ) തീരുമാനം കേട്ട മുഹമ്മദ് (സ) ചെയ്തത് ഹാരിഥയുടെയും മറ്റും സന്നിധിയില്‍വെച്ചുതന്നെ സയ്‌ദിനെ അടിമ എന്ന അവസ്ഥയില്‍ നിന്ന് സാങ്കേതികമായും മോചിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയും അദ്ദേഹത്തെ താന്‍ മകനായി സ്വീകരിക്കുന്നുവെന്ന് വിളംബരം ചെയ്യുകയുമാണ്. തങ്ങളുടെ മകന്‍ ഒരു മഹാസ്‌നേഹത്തണലിലാണ് അന്യനാട്ടില്‍ ഇത്രയും നാള്‍ കഴിഞ്ഞുകൂടിയതെന്ന തിരിച്ചറിവില്‍ ഉള്ളം തണുത്തുനില്‍ക്കുകയായിരുന്ന ഹാരിഥയും ബന്ധുക്കളും, അതിനേക്കാള്‍ മികച്ച ജീവിതസാഹചര്യങ്ങളിലേക്കാണ് ഇനിയവന്‍ പ്രവേശിക്കാനിരിക്കുന്നത് എന്നുകൂടി മനസ്സിലായപ്പോള്‍ തികഞ്ഞ മനസമാധാനത്തോടുകൂടിയാണ് സയ്‌ദിനെ (റ) കൂട്ടാനാകാഞ്ഞിട്ടും മക്കയില്‍നിന്നും മടങ്ങിയത്.(1) സയ്‌നബ് ബിന്‍ത് ജഹ്‌ശുമായുള്ള നബിവിവാഹത്തില്‍ അസ്വസ്ഥരാകുന്ന വിമര്‍ശകര്‍ പലരും പ്രസ്തുത വിവാഹത്തെ മനസ്സിലാക്കാന്‍ അനിവാര്യമായ ഈ പശ്ചാത്തല വിവരങ്ങളിലേക്കൊന്നും ആഴ്ന്നിറങ്ങാത്തത്, നബിവ്യക്തിത്വത്തിന്റെ ഔന്നത്യം പ്രകടമാകുന്നതിലെ അസഹിഷ്‌ണുത കൊണ്ടുതന്നെയാകാനേ തരമുള്ളൂ!

സയ്‌ദ് ഇബ്‌നു ഹാരിഥ, മുഹമ്മദ്‌ നബി(സ)യുടെ ദത്തുപുത്രനായി സ്വീകരിക്കപ്പെട്ട ഈ ഇസ്‌ലാം പൂര്‍വ ചരിത്രസംഭവമാണ് നബി-സയ്‌നബ് വിവാഹവുമായി ബന്ധപ്പെട്ട് നബി(സ)യുടെ കാലഘട്ടത്തില്‍ തന്നെയുണ്ടായ വിവാദങ്ങളുടെ അടിസ്ഥാനം. ദത്തുപുത്രന്‍ എന്നു പറയുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഇപ്പോള്‍ വരുന്ന ആശയങ്ങള്‍ മാത്രം വെച്ചുകൊണ്ട് നബി (സ) സയ്‌ദിന് (റ) അന്നുനല്‍കിയ സ്ഥാനത്തെ പൂര്‍ണാര്‍ത്ഥത്തില്‍ മനസ്സിലാക്കാനാവില്ല. മക്കക്കാര്‍ക്ക് അപരിചിതമായ ഒരു രീതി സ്വന്തമായി ആവിഷ്‌കരിച്ച് നടപ്പിലാക്കുകയല്ല സയ്‌ദിന്റെ കാര്യത്തില്‍ നബി (സ) ചെയ്തത്. ‘തബന്നീ’ എന്നറിയപ്പെട്ടിരുന്ന, അപൂര്‍വമായിരുന്നെങ്കിലും ഹിജാസില്‍ അന്ന് നിലവിലുണ്ടായിരുന്ന ഒരു സമ്പ്രദായത്തിന്റെ സാധ്യതകളിലേക്കാണ് നബി (സ) സയ്‌ദിനെ (റ) ചേര്‍ത്തുപിടിച്ചത്. ‘മകനാക്കല്‍’ എന്നാണ് ‘തബന്നീ’ എന്ന പ്രയോഗത്തെ സാമാന്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താവുന്നത്. നബി(സ)യുടെ കാലത്ത് മക്കക്കുണ്ടായിരുന്നത് ഗോത്രാധിപത്യപരമായ സാമൂഹിക ഘടനയാണല്ലോ. ഗോത്രങ്ങള്‍ക്കായിരുന്നു അവകാശങ്ങളും ആദരവും. ഗോത്രങ്ങളുടെ പദവിക്കനുസരിച്ചായിരുന്നു അവയിലെ മനുഷ്യരുടെ സാമൂഹിക പദവി. ആഭിജാത്യം കല്‍പിക്കപ്പെട്ടിരുന്ന മക്കയിലെ പ്രമുഖ തദ്ദേശീയ ഗോത്രങ്ങളിലെ അംഗങ്ങള്‍ക്കുള്ള നിലയും വിലയും മക്കയിലേക്ക് കുടിയേറിപ്പാര്‍ത്തവര്‍ക്കും അടിമകള്‍ക്കുമൊന്നും ഒരിക്കലും നല്‍കപ്പെട്ടിരുന്നില്ല. മുഹമ്മദ് നബി(സ)യെപ്പോലുള്ള നല്ല മനുഷ്യര്‍ സാമൂഹ്യവഴക്കങ്ങളെ ഉല്ലംഘിക്കുന്ന മാനവികത പ്രസരിപ്പിച്ചിരുന്നുവെങ്കിലും ഘടനാപരമായി ഇസ്‌ലാംപൂര്‍വ മക്കയുടെ പൊതുവായ സ്വഭാവം ഇതായിരുന്നു. ‘തബന്നീ’, പരദേശിയായ ഒരാളെ ഏതെങ്കിലും ഒരു മക്കൻ ഗോത്രത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച് മക്കയില്‍ അയാളുടെ സാമൂഹിക പദവി ആ ഗോത്രത്തിലുള്ളവരുടേതിന് തുല്യമാക്കുന്ന സംവിധാനമാണ്. മക്കയിലെ ഏതെങ്കിലും പ്രമുഖ ഗോത്രത്തില്‍പ്പെട്ട ഒരാള്‍ താനിഷ്ടപ്പെടുന്ന ഒരു കുടിയേറ്റക്കാരനെ തന്റെ മകനായി സര്‍വാത്മനാ അവരോധിച്ചാല്‍ ആ കുടിയേറ്റക്കാരന്‍ അന്നുമുതല്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ അയാളുടെ മകനും അയാളെപ്പോലെത്തന്നെ ആ ഗോത്രക്കാരനുമായി നാട്ടുകാരാല്‍ സ്വീകരിക്കപ്പെടുന്ന സ്ഥിതിവിശേഷമായിരുന്നു അതിന്റെ അടിത്തറ. ഗോത്രനിയന്ത്രണങ്ങളെല്ലാം തന്നെ രക്തബന്ധത്തെ മാത്രം പ്രമാണമാക്കുന്നതാണ്. അതുകൊണ്ടുതന്നെ, ഒരാളെ ഗോത്രത്തിലേക്ക് സ്വീകരിക്കുക എന്നു പറയുന്നതിന്റെ അര്‍ത്ഥം അയാളുടെ യഥാര്‍ത്ഥ വംശാവലി മായ്ച്ചുകളഞ്ഞ് അയാളുടെ ‘പുതിയ’ പിതാവിന്റെ വംശാവലി അയാള്‍ക്ക് ബാധകമാക്കുക എന്നതാണ്.

തബന്നീ വഴി, നജ്‌ദിലെ കല്‍ബ് ഗോത്രത്തില്‍ ശറാഹീലിന്റെ പുത്രന്‍ ഹാരിഥിന്റെ പുത്രനായാണ് സയ്‌ദ് (റ) പിറന്നത് എന്ന വസ്തുതയെ പൊതുബോധത്തില്‍നിന്ന് നിഷ്‌കാസനം ചെയ്യുകയും മക്കയിലെ ഖുറയ്‌ശ് ഗോത്രത്തിലെ അബ്ദുല്‍ മുത്വലിബിന്റെ മകന്‍ അബ്ദുല്ലയുടെ മകന്‍ മുഹമ്മദിന്റെ (സ) മകനായി അദ്ദേഹത്തെ പുനഃപ്രതിഷ്ഠിക്കുകയുമാണ് ചെയ്യുന്നത്. ‘തബന്നീ’ നടന്നതുമുതല്‍ ‘സയ്‌ദ് ഇബ്‌നു മുഹമ്മദ്’ (മുഹമ്മദിന്റെ പുത്രന്‍) എന്നാണ് സയ്‌ദ്‌ (റ) അറിയപ്പെട്ടത്. ‘സയ്‌ദ് ഇബ്‌നു ഹാരിഥ അല്‍ കല്‍ബി’ ‘സയ്‌ദ് ബ്ന്‍ മുഹമ്മദ് അല്‍ ഖുറശി’ ആയി മാറുന്നതോടെ ഒരു യഥാര്‍ത്ഥ ഖുറയ്‌ശിക്കുകിട്ടുന്ന എല്ലാ സ്വീകാര്യതയും സയ്‌ദിന് (റ) മക്കയില്‍ ലഭിക്കുന്നു; അബൂലഹബിനും അബൂത്വാലിബിനും മുഹമ്മദിനും (സ) അലിക്കും (റ) കിട്ടുന്ന സാമൂഹിക ദൃശ്യതയും അംഗീകാരവും സംജാതമാകുന്നു, ഖുറയ്‌ശികളുമായുള്ള വിവാഹബന്ധങ്ങള്‍ക്ക് തടസ്സമില്ലാതാകുന്നു, മുഹമ്മദുമായി (സ) അനന്തരാവകാശബന്ധം സ്ഥാപിക്കപ്പെടുന്നു, മുഹമ്മദിന്റെ (സ) മക്കള്‍ സഹോദരന്‍മാരായി അംഗീകരിക്കപ്പെടുന്നു.

ഇസ്‌ലാം ഈ ‘പുത്രവല്‍ക്കരണ’ വ്യവസ്ഥിതിയുടെ രണ്ടു മാനങ്ങളോടും യോജിക്കാത്ത ആദര്‍ശമാണ്. ഒന്നാമതായി ഗോത്രത്തിനും ദേശത്തിനും പുറത്തുള്ളവര്‍ മനുഷ്യാവകാശങ്ങള്‍ക്കര്‍ഹരല്ല എന്ന പരികല്‍പന ഇസ്‌ലാമിന്റെ മാനവിക സാഹോദര്യ വിഭാവനക്ക് കടകവിരുദ്ധമാണ്. അതുകൊണ്ടുതന്നെ ഇമ്മാതിരി ഏര്‍പ്പാടുകള്‍ക്കൊന്നും ഒരു യഥാര്‍ത്ഥ ഇസ്‌ലാമിക സമൂഹത്തില്‍ പ്രസക്തിയില്ല. രണ്ടാമതായി, ഒരാളുടെ രക്തബന്ധങ്ങള്‍ നിഷേധിക്കുന്നത്, വിശിഷ്യാ ശരിക്കുള്ള പിതൃത്വം മറച്ചുവെച്ച് വ്യാജകുടുംബ പരമ്പര നിര്‍മിക്കുന്നത്, എത്ര നല്ല ലക്ഷ്യത്തോടെയാണെങ്കിലും, ഇസ്‌ലാമില്‍ സാധൂകരണമില്ലാത്തതാണ്. ഹിജാസിലുണ്ടായിരുന്ന പല വിധത്തിലുള്ള തെറ്റായ നടപടിക്രമങ്ങളെ ഇസ്‌ലാമിക നിയമവ്യവസ്ഥയുടെ വിശദാംശങ്ങള്‍ അവതരിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന മുറക്ക് ക്രമപ്രവൃദ്ധമായാണ് മുഹമ്മദ് നബി (സ) തിരുത്തിയത് എന്ന കാര്യം ഇസ്‌ലാമിക ചരിത്രത്തെക്കുറിച്ച് സാമാന്യധാരണയെങ്കിലുമുള്ളവര്‍ക്കെല്ലാം അറിയാവുന്നതാണ്. ഇപ്രകാരം ‘തബന്നീ’ സംവിധാനത്തെ നിഷിദ്ധമായി പ്രഖ്യാപിച്ചുകൊണ്ടുള്ള അല്ലാഹുവിന്റെ ഇടപെടലിന് ഭൂമികയായി വര്‍ത്തിച്ചത് നബി-സയ്‌നബ് വിവാഹമായിരുന്നു. ആലംബഹീനരായവരെ സ്വന്തം വീട്ടിലേക്ക് കൂട്ടുന്നതും സംരക്ഷിക്കുന്നതുമൊക്കെ മഹത്തായ പുണ്യങ്ങളായി പഠിപ്പിക്കുമ്പോള്‍ തന്നെ, അവരെ മക്കളായി പ്രഖ്യാപിക്കുന്നത് നിരോധിക്കുന്ന ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ ഉറവിടം പ്രധാനമായും നബി (സ)-സയ്‌നബ് (റ) വിവാഹത്തിന് പശ്ചാതലമായ ഖുര്‍ആന്‍ വചനങ്ങളാണ്.

കുറിപ്പുകള്‍

1. സയ്‌ദ് ഇബ്‌നു ഹാരിഥ(റ)യെ സംബന്ധിച്ച അടിസ്ഥാന ചരിത്രവിവരങ്ങള്‍ക്ക് കാണുക. Ella Landeu- Tasseron (Tr.), The History of al-Tabari Vol. XXXIX: Biographies of the Prophet’s Companions and Their Successors (State University of New York Press, 1998), pp. 6-9.

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.