സയ്‌നബ് ബിന്‍ത് ജഹ്ശ്: നബിവിമര്‍ശകര്‍ ഒളിച്ചുകടത്തുന്നത് സെക്‌സ് ഭീതി -2

//സയ്‌നബ് ബിന്‍ത് ജഹ്ശ്: നബിവിമര്‍ശകര്‍ ഒളിച്ചുകടത്തുന്നത് സെക്‌സ് ഭീതി -2
//സയ്‌നബ് ബിന്‍ത് ജഹ്ശ്: നബിവിമര്‍ശകര്‍ ഒളിച്ചുകടത്തുന്നത് സെക്‌സ് ഭീതി -2
ആനുകാലികം

സയ്‌നബ് ബിന്‍ത് ജഹ്ശ്: നബിവിമര്‍ശകര്‍ ഒളിച്ചുകടത്തുന്നത് സെക്‌സ് ഭീതി -2

യ്‌നബ് ബിന്‍ത് ജഹ്ശിന്റെ(റ) ആദ്യ വിവാഹമായിരുന്നില്ല സയ്‌ദ് ഇബ്ന്‍ ഹാരിഥ(റ)യുമായി നടന്നത് എന്നാണ് ചരിത്രകാരന്‍മാരുടെ അഭിപ്രായം. നേരത്തെയുണ്ടായിരുന്ന ഭര്‍ത്താവ് മരണപ്പെട്ടതിനെ തുടര്‍ന്നാണ് അവരെ സയ്‌ദ് (റ) വേള്‍ക്കുന്നത്. സയ്‌നബിന് (റ) അന്ന് മുപ്പത്തിയഞ്ചു വയസ്സിനടുത്ത് പ്രായമുണ്ടാകും; സയ്‌ദിന് (റ) അന്‍പതിനോടടുത്തും. സയ്‌നബ് (റ) പുതിയ വിവാഹത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ മുഹമ്മദ് നബി(സ)യാണ് അവര്‍ക്ക് സയ്‌ദിനെ (റ) ഭര്‍ത്താവായി നിര്‍ദേശിച്ചുകൊടുത്തത്. സയ്‌ദുമായുള്ള (റ) വിവാഹത്തിന് സയ്‌നബിന് (റ) താല്‍പര്യമില്ലായിരുന്നുവെന്ന് ചില നിവേദനങ്ങളില്‍ കാണാം. അവരുടെ ഗോത്രാഭിജാത്യ വിചാരങ്ങളായിരുന്നു ഇഷ്ടക്കേടിന്റെ നിദാനമെന്നും ‘തബന്നീ’ നടന്നിട്ടും സയ്‌ദിനെ (റ) പുറത്തുനിന്നുള്ള ആളായിത്തന്നെ അവര്‍ ഗണിച്ചുവെന്നും നേരത്തെ ഒരു യഥാര്‍ത്ഥ ഖുറയ്‌ശിയുടെ ഭാര്യയായിരുന്ന തന്റെ ഭര്‍ത്താവാകന്‍ സയ്‌ദ് (റ) അര്‍ഹനല്ലെന്ന തോന്നല്‍ അവര്‍ക്കുണ്ടായെന്നുമൊക്കെയാണ് ചരിത്രകാരന്‍മാര്‍ സൂചിപ്പിക്കുന്നത്.(2) എന്നാല്‍ നബി (സ) നിര്‍ദേശത്തില്‍ ഉറച്ചുനിന്നപ്പോള്‍ അവര്‍ അംഗീകരിക്കുകയായിരുന്നുവത്രെ. രക്തത്തിന്റെ പേരിലുള്ള ഔന്നത്യബോധങ്ങള്‍ വിശ്വാസിക്കുചേര്‍ന്നതല്ല എന്നതുകൊണ്ടാണ് നബി (സ) സയ്‌നബിന്റെ (റ) നിലപാടിനെ അംഗീകരിക്കാതിരുന്നത് എന്നും തന്റെ സ്വന്തം അമ്മായിയുടെ പുത്രിയിലൂടെത്തന്നെ വിശ്വാസികള്‍ക്കിടയിലെ സമത്വം എന്ന ദര്‍ശനത്തെ പ്രായോഗികമായി ഉയര്‍ത്തിപ്പിടിക്കാനും സമൂഹത്തില്‍ ആഴത്തില്‍ പടര്‍ന്നുകിടക്കുന്ന ഉച്ചനീചത്വ ഭാവനകളെ അതിലൂടെ ആഞ്ഞുപ്രഹരിക്കാനും നബി (സ) ആഗ്രഹിച്ചു എന്നും ചില പണ്ഡിതന്‍മാരുടെ വിശദീകരണങ്ങളില്‍ കാണാം. മുഹമ്മദ് നബി (സ) സയ്‌നബിന്റെ വീട്ടില്‍ചെന്ന് വിവാഹത്തിന്റെ കാര്യം സംസാരിച്ചപ്പോള്‍ സയ്‌നബ് (റ), നബി (സ) തന്നെ തന്നെ ഭാര്യയായി സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചുവെന്നും എന്നാല്‍ സയ്‌ദിന്റെ (റ) കാര്യമാണ് പറയുന്നത് എന്ന് മനസ്സിലാക്കിയപ്പോള്‍ നബി(സ)യെ തനിക്ക് ലഭിക്കില്ലെന്ന് മനസ്സിലാക്കി അവര്‍ ദുഃഖിതയായെന്നും ഇതുകൊണ്ടാണ് അവര്‍ സയ്‌ദ് (റ) എന്ന നിര്‍ദേശത്തോട് വിമുഖയായതെന്നുമാണ് മറ്റു ചില നിവേദനങ്ങളിൽ ഉള്ളത്‌.(3) മുഹമ്മദ് നബി(സ)യെ ഭര്‍ത്താവായി കിട്ടുക എന്നത് അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ജീവിക്കുന്ന ഒരു വിശ്വാസിനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹമാണ്. ഒരു വിവാഹാലോചനയുമായി നബി (സ) വരുമ്പോള്‍ അത് അദ്ദേഹത്തിനുവേണ്ടിത്തന്നെ ആയേക്കും എന്ന തികച്ചും സ്വാഭാവികമായ സന്തോഷത്തിലേക്കാണ്, അങ്ങനെ നോക്കുമ്പോള്‍ സയ്‌നബ് (റ) പ്രവേശിച്ചത്. കിട്ടാന്‍ സാധ്യതയുണ്ടെന്നു തോന്നിച്ച ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആള്‍ക്കുപകരം മറ്റൊരാള്‍ എന്നു കേട്ടപ്പോഴുണ്ടായ മനുഷ്യസഹജമായ വിമ്മിഷ്ടമാണ് സയ്‌നബ് (റ) സയ്‌ദിനോട് (റ) പ്രകടിപ്പിച്ചത് എന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ വരാം. ‘അല്ലാഹുവും റസൂലും ഒരു കാര്യത്തില്‍ ഒരു തീരുമാനം എടുത്താല്‍ ഒരു സത്യവിശ്വാസിക്കോ സത്യവിശ്വാസിനിക്കോ അതില്‍ പിന്നെ മറ്റൊരഭിപ്രായമുണ്ടാകരുത്’ എന്ന ആശയമുള്ള സുപ്രസിദ്ധമായ ക്വുര്‍ആന്‍ വചനം അവതരിപ്പിക്കപ്പെട്ടത് ഈ വിവാഹത്തോട് സയ്‌നബ് (റ) തുടക്കത്തില്‍ പ്രകടിപ്പിച്ച നിഷേധാത്മക നിലപാടിനെ പരാമര്‍ശിച്ചുകൊണ്ടാണെന്ന് പറയുന്ന നിവേദനങ്ങളും ഉണ്ട്. ചില ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അവ ഉദ്ധരിച്ചതായി കാണാം.(4)

സീറാ ഗ്രന്ഥങ്ങളിലും തഫ്‌സീറുകളിലും കാണുന്ന സയ്‌നബിന്റെ(റ) വിസമ്മതത്തെക്കുറിച്ചുള്ള ഈ വൃത്താന്തങ്ങളൊന്നും അസന്നിഗ്‌ധമായ ചരിത്രസത്യങ്ങളുടെ രേഖീകരണങ്ങളാവണം എന്നില്ല. അങ്ങനെ ചില പാരമ്പര്യങ്ങളുണ്ട് എന്നേ അവയെക്കുറിച്ച് പറയാനാവൂ. വിവാഹത്തിനുമുന്നേ തന്നെ സയ്‌നബിന്(റ) അനിഷ്ടമുണ്ടായിരുന്നു എന്ന തരത്തിലുള്ള വിവരണങ്ങള്‍ വസ്തുനിഷ്ഠമാണെങ്കിലും അല്ലെങ്കിലും, സയ്‌ദും(റ) സയ്‌നബും(റ) തമ്മിലുള്ള വിവാഹം നല്ല രീതിയില്‍ മുന്നോട്ടുപോയില്ല എന്നത് തീര്‍ത്തും പ്രബലമായ നിവേദനങ്ങളിലൂടെ തന്നെ വ്യക്തമാകുന്ന യാഥാര്‍ത്ഥ്യമാണ്. വളരെ കുറഞ്ഞകാലം മാത്രമേ ആ ബന്ധം നിലനിന്നുള്ളൂ. സയ്‌നബിനെക്കുറിച്ച്(റ) പരാതികള്‍ പറഞ്ഞുകൊണ്ടും അവരെ വിവാഹമോചനം ചെയ്യാനുള്ള അനുമതി ആവശ്യപ്പെട്ടുകൊണ്ടും സയ്‌ദ്(റ) നബി(സ)യുടെ സന്നിധിയില്‍ വരാന്‍ തുടങ്ങിയതിനെക്കുറിച്ച് ഹദീഥുകളില്‍ തന്നെയുണ്ട്. എന്നാല്‍ ക്ഷമിക്കാനും അല്ലാഹുവിനെയോര്‍ത്ത് സയ്‌നബുമായുള്ള(റ) ബന്ധം തുടരാനുമാണ് പ്രവാചകന്‍ (സ) സയ്‌ദിനെ(റ) ഉപദേശിച്ചത്.(5) നബി(സ)യുടെ ഈ ഉപദേശത്തെക്കുറിച്ച് ക്വുര്‍ആനില്‍ തന്നെ സൂചനയുണ്ട്.(6) പ്രവാചകന്‍ എന്ന നിലയിലും പിതൃതുല്യന്‍ എന്ന നിലയിലും സയ്‌നബുമായുള്ള(റ) വിവാഹത്തിന് മുന്‍കയ്യെടുത്തയാള്‍ എന്ന നിലയിലും തിരുനബി(സ)യുടെ ഉപദേശം സയ്‌ദിനെ സംബന്ധിച്ചേടത്തോളം ഈ വിഷയത്തില്‍ തീര്‍ത്തും പ്രാധാന്യമുള്ളതായിരുന്നു.

സയ്‌ദും(റ) സയ്‌നബും(റ) തമ്മില്‍ പ്രശ്‌നങ്ങളുണ്ടായതിന്റെ കാരണങ്ങളെന്തായിരുന്നുവെന്ന് വ്യക്തമാക്കുന്ന പ്രബലമായ നിവേദനങ്ങളൊന്നും തന്നെയില്ല. സയ്‌നബ് (റ) കടുപ്പമുള്ള സ്വഭാവക്കാരിയായിരുന്നുവെന്നും സയ്‌ദിനെ(റ) പല കാരണങ്ങളും പറഞ്ഞ് വിമർശിക്കലും മാറ്റിനിര്‍ത്തലുമൊക്കെ അവരില്‍നിന്നുണ്ടായി എന്നുമുള്ള തരത്തിലൊക്കെ ചില വിശദീകരണങ്ങള്‍ ചില ചരിത്രകാരന്‍മാര്‍ നല്‍കിയതായി കാണാം. എന്നാല്‍ അതിനെയൊന്നും തീര്‍ച്ചപ്പെടുത്തുന്ന കൃത്യമായ തെളിവുകളില്ല. വിവാഹബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടാകുന്നത് മാനുഷികമാണ്. രണ്ടു വ്യക്തികളുടെ സ്വകാര്യമായ പിണക്കങ്ങള്‍ ചികഞ്ഞുനോക്കുകയോ അവയുടെ ന്യായാന്യായങ്ങൾ പരിശോധിക്കുകയോ ചരിത്രത്തില്‍ രേഖപ്പെടുത്തുകയോ ചെയ്യേണ്ട യാതൊരാവശ്യവുമില്ലാത്തതുകൊണ്ടാകാം ആധികാരികമായ നിവേദനങ്ങളൊന്നും ഈ വിഷയത്തില്‍ ഇല്ലാത്തത്. ഏത് വിവാഹബന്ധവും സാധ്യമാകുന്നത്ര പൊട്ടാതെ നോക്കുകയാണ് വേണ്ടത് എന്നതുകൊണ്ടായിരിക്കണം സയ്‌നബുമായുള്ള ബന്ധം അറുത്തുമാറ്റാതെ തുടരാന്‍ നബി (സ) ഉപദേശിച്ചത്. അതനുസരിച്ച് സയ്‌ദ് (റ) സയ്‌നബിനെ(റ) ത്വലാക്വ് ചൊല്ലാതെ ക്ഷമാപൂര്‍വം മുന്നോട്ടുപോയി. എന്നാല്‍ നബി(സ)യുടെ ഉപദേശത്തില്‍ അധികകാലം ഉറച്ചുനില്‍ക്കാന്‍ കഴിയാത്തവിധം സയ്‌ദും(റ) സയ്‌നബും(റ) തമ്മിലുള്ള പ്രശ്‌നങ്ങള്‍ അനുദിനം വഷളായി വരികയാണ് ചെയ്തത്. ഒടുവില്‍ സയ്‌ദ് (റ) സയ്‌നബിനെ (റ) വിവാഹമോചനം നടത്തുക തന്നെ ചെയ്തുവെന്നത് ചരിത്രത്തില്‍ സംശയരഹിതമായി അറിയപ്പെട്ടിട്ടുള്ള കാര്യമാണ്.

സയ്‌ദ് (റ)- സയ്‌നബ് (റ) വിവാഹത്തിലും വിവാഹമോചനത്തിലും എല്ലാ കാലത്തെയും വിശ്വാസികള്‍ക്കുള്ള ഒട്ടേറെ പാഠങ്ങള്‍ കാണാം. വിവാഹമോചനം എത്ര വലിയ മഹത്തുക്കളുടെ ജീവിതത്തിലും സംഭവിച്ചേക്കാവുന്ന ഒന്നാണെന്നും അനിവാര്യമായ അവസ്ഥയില്‍ വിവാഹമോചനം നടത്തേണ്ടി വരുന്നവര്‍ അതില്‍ അപകര്‍ഷത പേറുകയോ മറ്റുള്ളവര്‍ അവരെ നിന്ദിക്കുകയോ ചെയ്യേണ്ട യാതൊരു കാര്യവുമില്ല എന്നും ളള്ളതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. പിന്നീട് നബി(സ)യുടെ പത്‌നിയും അതുവഴി ലോകത്തുള്ള സകല മുസ്‌ലിംകളുടെയും മാതാവുമായിത്തീര്‍ന്ന സയ്‌നബിന്(റ) വരെ ഒരു വിവാഹമോചനാനുഭവം കടന്നുപോകേണ്ടി വന്നിട്ടുണ്ടെങ്കില്‍ സാധാരണക്കാരില്‍ സാധാരണക്കാരായ മുസ്‌ലിം സ്ത്രീകള്‍ വിവാഹമോചിതകളാകുമ്പോള്‍ അപമാനിതരാകേണ്ട കാര്യമെന്താണ്! ഇസ്‌ലാമിക ചരിത്രത്തിലെ തന്നെ ഏറ്റവും മഹത്വമുള്ള സ്ത്രീകളുടെ ആദ്യസംഘത്തില്‍ തന്നെ നിശ്ചയമായും വരുന്ന സയ്‌നബിനെ(റ) ഓര്‍ക്കുന്ന മുസ്‌ലിം സമൂഹത്തിനെങ്ങനെയാണ് വിവാഹമോചിതരില്‍ അധമത്വം കല്‍പിക്കാനാവുക! ആഇശ (റ) കഴിഞ്ഞാല്‍ നബി(സ)യുടെ ഭാര്യമാരില്‍ ഏറ്റവും പ്രാമുഖ്യമുണ്ടായിരുന്നത് തന്നെ സയ്‌നബിനായിരുന്നു(റ). സമൂഹത്തിലെ ദുര്‍ബലരോടും അശരണരോടുമുള്ള അനുകമ്പ കൊണ്ട് പ്രവാചകപത്‌നിമാര്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്നുനിന്നിരുന്നത് സയ്‌നബ് (റ) ആയിരുന്നു. പാവങ്ങളെ സഹായിക്കാനുള്ള പണം കണ്ടെത്താന്‍വേണ്ടി മാത്രം കൈവേലകളില്‍ ഏര്‍പ്പെട്ട് ദീനദയാലുത്വത്തിന് പുതിയ ഭാഷ്യം നല്‍കിയ മാതൃകാമഹതിയായിരുന്നു അവര്‍. ‘നീണ്ട കൈകളുള്ളവള്‍’ എന്നാണ് പാവങ്ങളിലേക്ക് എപ്പോഴും നീളുന്ന കൈകളാണ് സയ്‌നബിന്റേത് എന്നു സൂചിപ്പിച്ചുകൊണ്ട് നബി (സ) അവരെക്കുറിച്ച് പ്രശംസിച്ചുപറഞ്ഞത്.(7) ഭക്തിയുടെയും നന്മയുടെയും വിളനിലമായിരുന്നിട്ടും സയ്‌നബിന്(റ) സയ്‌ദിന്റെ(റ) കൂടെ ഒത്തുപോകാനായില്ലെന്നത് നമുക്ക് മറക്കാതിരിക്കുക.

ഇനി സയ്‌ദിന്റെ(റ) കാര്യമെടുത്തുനോക്കുക. പ്രവാചകത്വത്തിനുമുമ്പുതന്നെ നബി(സ)യുടെയും ഖദീജയുടെയും ഒരു കുടുംബാംഗം പോലെ കഴിഞ്ഞിരുന്ന, നബി(സ)യെ ഏറ്റവും അടുത്തറിയാമായിരുന്ന ആള്‍ എന്ന നിലയില്‍ നബി (സ) പ്രവാചകനായി നിയോഗിക്കപ്പെട്ട ഉടന്‍ തന്നെ ഇസ്‌ലാം സ്വീകരിച്ച, ഒരുപക്ഷേ നബി(സ)ക്കും ഖദീജ(റ)യ്ക്കും അബൂബക്റിനും (റ) ഒപ്പം ചരിത്രത്തില്‍ മുഹമ്മദീയ ഇസ്‌ലാമിന്റെ ആദ്യത്തെ അനുയായി എന്നു പറയാവുന്ന വ്യക്തിയാണദ്ദേഹം.(8) ഇസ്‌ലാമിന്റെ ഒന്നാം ദിവസം മുതല്‍ അതിന്റെ നിഷ്‌കളങ്കനായ വക്താവും പ്രചാരകനുമായി നബി(സ)യുടെ നിഴല്‍പോലെ നടക്കാനാരംഭിക്കുകയും മരണം വരെ ആ നില തുടരുകയും ചെയ്ത സയ്‌ദിന്റെ(റ) മഹത്വം ആര്‍ക്കാണ് വര്‍ണിക്കാനാവുക! നബി(സ)യുടെ പിതാവ് അബ്ദുല്ലയുടെ അടിമയും നബി(സ)യുടെ വളർത്തുമ്മയും ആയിരുന്ന ഉമ്മു അയ്‌മനെ സയ്ദ്‌ വിവാഹം ചെയ്തിരുന്നുവെന്നും അവരിലുണ്ടായ ഉസാമ ഇബ്നു സയ്ദ്‌ (റ) ഹസനും (റ) ഹുസയ്നും (റ) സമശീർഷരായി നബി(സ)യുടെ തന്നെ വീട്ടില്‍ അദ്ദേഹത്തിന്റെ സ്വന്തം പേരമകനെ പോലെയാണ് വളര്‍ന്നതെന്നും നബി(സ)യുടെ മരണം വരെ ഉസാമ ആ സ്‌നേഹപരിലാളനകൾ സമൃദ്ധമായി ആസ്വദിച്ചുവെന്നുമുള്ള കാര്യങ്ങള്‍ കൂടി ഓർത്താൽ നബി (സ)യുമായി അഗാധമായി കെട്ടുപിണഞ്ഞാണ്‌ സയ്ദിന്റെ (റ) ജീവിതമാകമാനം നിലനിന്നത്‌ എന്ന് മനസ്സിലാക്കാനാവും.(9) മക്കയിലെ പ്രശ്‌നകലുഷിതമായ നാളുകളില്‍ മുഴുവന്‍ നബി (സ) അനുഭവിച്ച പ്രധാന സാന്ത്വനങ്ങളിലൊന്ന് തന്റെ വാത്സല്യഭാജനമായ സയ്‌ദ് (റ) തന്നെയായിരുന്നു. ഖദീജ(റ)യും അബൂത്വാലിബും മരണപ്പെട്ട് മക്കയില്‍ സംരക്ഷിക്കാനാളില്ലാത്ത അവസ്ഥ വന്നപ്പോള്‍ നബി (സ) ത്വാഇഫിലേക്ക് അഭയം തേടിപ്പോയപ്പോഴും സയ്‌ദ് (റ) കൂടെയുണ്ടായിരുന്നുവെന്നും ത്വാഇഫുകാര്‍ കല്ലെറിഞ്ഞോടിച്ചപ്പോള്‍ തിരുനബി(സ)യെ ശുശ്രൂഷിച്ചതും ശരീരത്തില്‍നിന്ന് കിനിഞ്ഞിറങ്ങിയ ചോരയൊപ്പിയതും ത്വാഇഫില്‍നിന്ന് നബി(സ)യെ മടക്കിക്കൊണ്ടുവന്ന് മക്കക്കുള്ളിലേക്ക് സുരക്ഷിതനായി തിരിച്ചുപ്രവേശിക്കാനുള്ള സാഹചര്യമൊരുക്കാന്‍വേണ്ടി മുത്വ്ഇം ബ്‌നു അദിയ്യ് അടക്കമുള്ള ഖുറയ്‌ശീ പ്രമുഖരോട് രഹസ്യകൂടിക്കാഴ്ചകള്‍ നടത്തിയതുമെല്ലാം സയ്‌ദ് (റ) ആയിരുന്നുവെന്നും പറയുന്ന നിവേദനങ്ങള്‍ കാണാം.(10) ഇതുകൊണ്ടൊക്കെ തന്നെ, ഹിജ്‌റക്കുശേഷം മദീനയില്‍ ഭദ്രമായിത്തീര്‍ന്ന ഇസ്‌ലാമിക സമൂഹത്തില്‍ സമാദരണീയനായിരുന്നു സയ്‌ദ് (റ). മദീനയിലായിരിക്കെ സയ്‌ദ് (റ) സന്ദര്‍ശിക്കാന്‍ വരുമ്പോള്‍ നബി (സ) എഴുന്നേറ്റുചെന്ന് ആലിംഗനം ചെയ്ത് ഉമ്മവെച്ച് സ്വീകരിക്കുന്നതിനെക്കുറിച്ചൊക്കെയുള്ള നിവേദനങ്ങള്‍ ഹദീഥ് പാരമ്പര്യത്തിലുണ്ടായത്(11) നബി(സ)യും സയ്‌ദും (റ) തമ്മിലുള്ള ആത്മബന്ധം ആദിമകാല ഇസ്‌ലാമിക സമൂഹത്തിന്റെ വിഭാവനകളില്‍ ശക്തമായി നിലനിന്നിരുന്ന ഒരു പ്രമേയമായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. മദീനയില്‍ യുദ്ധങ്ങള്‍ ഒന്നിനുപുറകെ ഒന്നായി വന്നു. യുദ്ധങ്ങളില്‍ ധീരമായ നേതൃസാന്നിധ്യമായി ജ്വലിച്ചുനിന്ന അസാമാന്യ വില്ലാളിവീരനായിരുന്നു സയ്‌ദ് (റ). നബി (സ) നേരിട്ടുപങ്കെടുക്കാത്ത മിക്കവാറും സൈനിക ദൗത്യങ്ങളില്‍(12) തന്റെ വിശ്വസ്തനായ പടനായകന്‍ എന്ന നിലയില്‍ സയ്‌ദിനെയാണ് (റ) അവിടുന്ന് നേതൃത്വം ഏല്‍പിച്ചിരുന്നത്. ഇതൊക്കെയാണ് സയ്‌ദിന്റെ പശ്ചാത്തലം. അങ്ങനെയുള്ള അദ്ദേഹത്തിന്റെ വിവാഹബന്ധമാണ് തകര്‍ന്നത്, അതും നബി(സ)യുടെ അമ്മായിയുടെ പുത്രിയുമായുള്ള, നബി(സ)യുടെ സ്വന്തം താല്‍പര്യത്തിലും മുന്‍കയ്യിലും ഉണ്ടായ വിവാഹം! അതെ, വൈവാഹിക പ്രശ്‌നങ്ങള്‍ മനുഷ്യസഹജമാണ്, അവ ആരെയും അപകര്‍ഷതയിലേക്കോ അപമാനത്തിലേക്കോ തള്ളിവിടേണ്ടതില്ല; ഇസ്‌ലാമിക മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നുകൊണ്ടാണ് പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കുന്നതെങ്കില്‍!

വിവാഹമോചിതരെ കുറ്റവാളികളെപ്പോലെ കാണുന്ന ഇന്‍ഡ്യന്‍ മാനസികാവസ്ഥയ്ക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത ഉയരത്തിലുള്ള മാനവികതയാണ് സയ്‌ദ് (റ) സയ്‌നബിനെ(റ) ത്വലാക്വ് ചൊല്ലിയ സംഭവത്തെ തുടര്‍ന്നെടുത്ത നിലപാടുകളിലൂടെ മുഹമ്മദ് നബി (സ) ലോകത്തിന് പകര്‍ന്നുനല്‍കിയത്. നോക്കൂ, നബി(സ)യുടെ പിതൃസഹോദരീപുത്രിയുമായുള്ള ബന്ധം പിരിഞ്ഞ ഒരാള്‍ എന്ന നിലയ്ക്കുള്ള ഒരു നിന്ദയും സയ്‌ദ് (റ) പ്രവാചകനില്‍നിന്ന് നേരിട്ടില്ല. സയ്‌ദിന് ഇസ്‌ലാമിക സമൂഹത്തിലുള്ള മഹോന്നതമായ സ്ഥാനത്തെ അതൊരു നിലക്കും ബാധിച്ചതുമില്ല. നബി(സ)യും സയ്‌ദും(റ) തമ്മിലുള്ള ഹൃദയബന്ധം ഈ സംഭവത്തിനുശേഷവും കൂടുതല്‍ കൂടുതല്‍ അഗാധമായി വന്നതേയുള്ളൂ. സയ്‌ദ് (റ) വിവാഹമോചനം ചെയ്ത സയ്‌നബിനെ(റ) നബി (സ) വിവാഹം ചെയ്തിട്ടുപോലും ഒരു തരത്തിലുള്ള ഉലച്ചിലും അവര്‍ക്കിടയിലുണ്ടായില്ല. എപ്പോഴും കണ്ടും തൊട്ടും പിരിശം പങ്കിട്ടുതന്നെയാണ് ആ സ്‌നേഹിതര്‍ പിന്നെയും ജീവിച്ചത്. സയ്‌ദിന്(റ) നബി (സ)-സയ്‌നബ് (റ) ദാമ്പത്യത്തിലോ സയ്‌നബിന് (റ) നബി (സ)-സയ്‌ദ് (റ) ചെങ്ങാത്തത്തിലോ യാതൊരെതിര്‍പ്പുമുണ്ടായില്ല. ഇസ്‌ലാമിക ചരിത്രത്തിൽ സുപ്രസിദ്ധമായ മുഅ്ത യുദ്ധത്തിന്‌ പ്രവാചകൻ നിർദേശിച്ചത്(13)‌ പ്രകാരം ധീരമായി പടനായകത്വം വഹിച്ചുകൊണ്ടിരിക്കവെ അടർക്കളത്തിൽ പ്രവാചകന്റെ ശത്രുക്കളുടെ പ്രഹരമേറ്റ്‌ പിടഞ്ഞുവീണ് രക്തസാക്ഷ്യം വഹിച്ചാണ്‌ സയ്ദ്‌ (റ) ഈ ലോകത്തോട്‌ വിട പറഞ്ഞത്‌ എന്ന വസ്തുത മാത്രം ഓർത്താൽ മതിയാകും നബി-സയ്ദ് ബന്ധം‌ നിത്യഹരിതമായി നിന്നതിന്റെ പൂർണത മനസ്സിലാകാൻ.

ഭാര്യയായിരിക്കെ തനിക്ക് പലതവണ ഇടയേണ്ടിവന്ന സയ്‌നബിനെ (റ) നബി(സ)യുടെ ഭാര്യയെന്ന നിലയില്‍ സ്വന്തം ഉമ്മയെപ്പോലെ -നബി(സ)യുടെ ഭാര്യമാര്‍ സത്യവിശ്വാസികളുടെ മാതാക്കളാണ്(14)– സയ്‌ദ് (റ) സ്‌നേഹിക്കാനും ആദരിക്കാനും തുടങ്ങി. നബി (സ) സയ്‌നബിനെ(റ) വിവാഹം കഴിക്കാന്‍ തീരുമാനിച്ച നിമിഷം മുതല്‍ സയ്‌ദ് (റ) സയ്‌നബിനോട്(റ) പെരുമാറിയത് അതിവിനയാന്വിതനായി അനിര്‍വചനീയമായ ബഹുമാനത്തോടെയാണ്. പ്രവാചകന്റെ (സ) പത്‌നിയോട് കാലുഷ്യം സൂക്ഷിക്കാന്‍ ഏത് മുസ്‌ലിമിനാണ് കഴിയുക! അവരോട് ഒരു സാധാരണ സ്ത്രീയോടെന്നപോലെ ഇടപെടാന്‍ ആര്‍ക്കാണാവുക! ഈ കഥയിലെ ഏറ്റവും ശ്രദ്ധേയവും മനോഹരവുമായ വസ്തുത, നബി (സ) സയ്‌നബിനെ (റ) വിവാഹം ചെയ്യാന്‍ പോകുന്നുവെന്ന കാര്യം അവരെ നബി(സ)യുടെ ദൂതന്‍ എന്ന നിലയില്‍ ചെന്നറിയിച്ചത് സയ്‌ദ് (റ) തന്നെയാണ് എന്നതത്രെ. താന്‍ വിവാഹമോചനം ചെയ്ത സ്ത്രീയെ ലോകത്തില്‍ വെച്ചേറ്റവും മികച്ച വേറൊരു ദാമ്പത്യത്തിന്റെ സുവിശേഷം സന്തോഷമറിയിക്കുന്ന മുന്‍ ഭര്‍ത്താവ്! നബി(സ)യില്‍നിന്നുള്ള വിവാഹസംബന്ധമായ ദൂത് അറിയിക്കാന്‍ സയ്‌നബിന്റെ(റ) താമസസ്ഥലത്തുചെന്ന നേരത്തെ തന്റെ മാനസികാവസ്ഥ സയ്‌ദ് (റ) തന്നെ വിവരിച്ചത് അതിപ്രബലമായ പരമ്പരയിലൂടെ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. മാവ് കുഴച്ചുകൊണ്ടിരിക്കുകയായിരുന്ന സയ്‌നബിനെ(റ) കണ്ടപ്പോള്‍, അല്ലാഹുവിന്റെ തിരുദൂതരുടെ പ്രതിശ്രുത വധുവാണല്ലോ തന്റെ മുന്നില്‍ നില്‍ക്കുന്നത് എന്ന ആദരവ് സയ്‌ദിന്റെ (റ) മനസ്സില്‍ നിറഞ്ഞു. ”എന്റെ ഹൃദയത്തില്‍ അവരുടെ മഹത്വം പ്രതിഫലിച്ചു. ബഹുമാനം കാരണം അവരുടെ നേരെ നോക്കാന്‍ ഞാന്‍ അശക്തനായിരുന്നു. അതിനാല്‍ നേരെ നോക്കാതെ മറുവശത്തേക്ക് തിരിഞ്ഞുനിന്നാണ് ഞാനവരോട് സംസാരിച്ചത്” എന്ന ആശയത്തിലുള്ളതാണ് സയ്‌ദിന്റെ(റ) വാചകങ്ങള്‍ (ഫലമ്മാ റ്വഅയ്തഹാ അളുമത് ഫീ സ്വദ്‌രീ ഹത്താ മാ അസ്തത്വീഉ അന്‍ അന്‍ളുറ ഇലയ്ഹാ അന്ന റസൂലില്ലാഹി ദകറഹാ ഫവല്ലയ്തഹാ ളഹ്‌രീ വ നകസ്വ്തു അലാ അക്വിബീ)(15). താന്‍ വിവാഹമോചനം ചെയ്ത ഭാര്യയുടെ പുതിയ ജീവിതത്തെ ബഹുമാനിക്കാന്‍ സര്‍വാത്മനാ സന്നദ്ധമാകുന്ന ഈ സംസ്‌കാരം, വിവാഹമോചനം പലപ്പോഴും ആജീവാനന്ത ശത്രുതക്കുള്ള നിമിത്തമായിത്തീരുന്ന നമ്മുടെ നാട്ടുകാര്‍ക്ക് എത്രയെത്ര പാഠങ്ങളാണ് പകര്‍ന്നുനല്‍കുന്നത്! വിവാഹ/വിവാഹമോചന വിഷയങ്ങളില്‍ ആധുനിക പടിഞ്ഞാറന്‍ സംസ്‌കാരം ജനാധിപത്യത്തിന്റെ ബലത്തില്‍ സ്വാംശീകരിച്ചുവെന്നു പറയുന്ന വ്യക്തിയുടെ തെരഞ്ഞെടുപ്പുകളെ ആദരിക്കാനുള്ള ആര്‍ജവം, ഒന്നര സഹസ്രാബ്ദത്തിനുമുമ്പേ തന്നെ ഇസ്‌ലാമിന് സഹജമായി ഉള്ളതാണെന്ന വസ്തുതക്കു കൂടിയാണ് ഇത് അടിവരയിടുന്നത്.

കുറിപ്പുകള്‍

2. See Ibid, p. 180.
3. മുഹമ്മദ് ബ്‌നു ജരീറുത്ത്വബ്‌രി, ജാമിഉല്‍ ബയാനി അന്‍ തഅ്‌വീലി ആയില്‍ ഖുര്‍ആന്‍– 33: അഹ്‌സാബ്: 36.
4.Ibid.
5. ബുഖാരി, സ്വഹീഹ് (കിതാബുത്തൗഹീദ്, ബാബു വ കാന അര്‍ശുഹു അലല്‍ മാഅ്/വഹുവ റബ്ബുല്‍ അര്‍ശില്‍ അളീം); മുഹമ്മദ്ബ്‌നു ഈസാ അത്തിര്‍മിദി, ജാമിഅ് (കിതാബു തഫ്‌സീരില്‍ ഖുര്‍ആനി അന്‍ റസൂലില്ലാഹ്).
6. 33: അഹ്‌സാബ്: 37.
7. ബുഖാരി, സ്വഹീഹ് (കിതാബുസ്സകാത്); മുസ്‌ലിം, സ്വഹീഹ് (കിതാബു ഫദാഇലിസ്സ്വഹാബ -ബാബു മിന്‍ ഫദാഇലി സയ്‌നബ ഉമ്മില്‍ മുഅ്മിനീന്‍).
8. See W. Montgomery Watt and M. V. McDonald (Tr.), The History of al-Tabari Volume VI: Muhammad at Mecca (State University of New York Press, 1988), pp. 80-7.
9. ‘അല്‍ ഹിബ്ബു ഇബ്‌നുല്‍ ഹിബ്ബ്’ (സ്‌നേഹഭാജനത്തിന്റെ പുത്രനായ സ്‌നേഹഭാജനം -നബി(സ)യുടെ പ്രിയ തോഴനായിരുന്ന സയ്‌ദിന്റെ പുത്രനും സയ്‌ദിനെപ്പോലെ തന്നെ തിരുനബിക്ക് പ്രിയപ്പെട്ടവനും എന്ന അര്‍ത്ഥത്തില്‍) എന്നാണ് ഉസാമ (റ) അറിയപ്പെട്ടിരുന്നത്. ഉസാമ (റ)-നബി (സ) ബന്ധം വ്യക്തമാക്കുന്ന ഏതാനും നിവേദനങ്ങള്‍ക്ക് കാണുക: ബുഖാരി, അല്‍ അദബുല്‍ മുഫ്‌റദ് (കിതാബു അഹ്‌ലില്‍ കിതാബ്-ബാബുത്തസ്‌ലീമി അലാ മജ്‌ലിസിന്‍ ഫീഹില്‍ മുസ്‌ലിമു വല്‍ മുശ്‌രിക്); ബുഖാരി, സ്വഹീഹ് (കിതാബു ഫദാഇലി അസ്ഹാബിന്നബിയ്യി); നസാഇ, സുനന്‍ (കിതാബു മനാസികിൽ ഹജ്ജ്); അബൂദാവൂദ്, സുനന്‍ (കിതാബുല്‍ ഹുദൂദ് -ബാബു ഫില്‍ ഹദ്ദി യുശ്ഫഉ ഫീഹി); ബുഖാരി, സ്വഹീഹ് (കിതാബുല്‍ മഗാസീ -ബാബു ദുഖൂലുന്നബിയ്യി മിന്‍ അഅ്ലാ മക്ക).
10. ഇബ്‌നു സഅദ്, അത്ത്വബക്വാതുൽ കുബ്‌റാ (ബയ്‌റൂത്: ദാറുല്‍ കുതുബുൽ ഇൽമിയ്യ, 1997), pp.165-6.
11. തിര്‍മിദി, ജാമിഅ് (കിതാബുല്‍ ഇസ്തിഅ്ദാനി വല്‍ ആദാബി അന്‍ റസൂലില്ലാഹ് -ബാബു മാ ജാഅ ഫിൽ മുആനക്വതി വല്‍ ക്വുബ്‌ലതി). ഇമാം യഹ്‌യാ അന്നവവി തന്റെ പ്രസിദ്ധമായ രിയാദുസ്സ്വാലിഹീനില്‍ ഈ ഹദീഥ് ഉള്‍പ്പെടുത്തിയിട്ടുണ്ട് (കിതാബുസ്സലാം). നിവേദക പരമ്പര ദുര്‍ബലമാണെന്ന് ആധുനിക ഹദീഥ് പണ്ഡിതനായ ശയ്ഖ് നാസ്വിറുദ്ദീന്‍ അല്‍ അല്‍ബാനിക്ക് അഭിപ്രായമുണ്ട് –സ്വഹീഹു വ ദഈഫു സുനനിത്തിര്‍മിദി -2732.
12. നബി(സ)യുടെ കാലത്ത്, അദ്ദേഹം നേരിട്ട് പങ്കെടുക്കാത്ത, മറ്റുള്ളവരെ ദൗത്യമേല്‍പ്പിച്ച് പറഞ്ഞയച്ച, മദീന ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സൈനികനടപടികളെ സീറാ സാഹിത്യങ്ങള്‍ സാങ്കേതികമായി ‘സരിയ്യ’കള്‍ എന്നുവിളിക്കുന്നു. നബി (സ) യുദ്ധക്കളത്തില്‍ ചെന്ന് നേതൃത്വം നല്‍കിയ യുദ്ധങ്ങളാണ് ‘ഗസ്‌വ’കള്‍ എന്നറിയപ്പെടുന്നത്.
13. See for some details, Dr. Mahdi Rizqullah Ahmad, A Biography of the Prophet of Islam In the Light of the Original Sources– An Analytical Study (Riyadh: Darussalam, 2005), Vol. 2, pp. 580-4.
14. ക്വുര്‍ആന്‍ 33: അഹ്‌സാബ്: 6.
15. മുസ്‌ലിം, സ്വഹീഹ് (കിതാബുന്നികാഹ്-ബാബു സവാജി സയ്‌നബ ബിന്‍തി ജഹ്‌ശിൻ വനുസൂലില്‍ ഹിജാബി വ ഇഥ്ബാതി വലീമതിൽ ഉര്‍സ്).

print

No comments yet.

Leave a comment

Your email address will not be published.