സയ്‌നബ് ബിന്‍ത് ജഹ്ശ്: നബിവിമര്‍ശകര്‍ ഒളിച്ചുകടത്തുന്നത് സെക്‌സ് ഭീതി -6

//സയ്‌നബ് ബിന്‍ത് ജഹ്ശ്: നബിവിമര്‍ശകര്‍ ഒളിച്ചുകടത്തുന്നത് സെക്‌സ് ഭീതി -6
//സയ്‌നബ് ബിന്‍ത് ജഹ്ശ്: നബിവിമര്‍ശകര്‍ ഒളിച്ചുകടത്തുന്നത് സെക്‌സ് ഭീതി -6
ആനുകാലികം

സയ്‌നബ് ബിന്‍ത് ജഹ്ശ്: നബിവിമര്‍ശകര്‍ ഒളിച്ചുകടത്തുന്നത് സെക്‌സ് ഭീതി -6

ബി(സ)-സയ്‌നബ്(റ) വിവാഹത്തെ സംബന്ധിച്ച തങ്ങളുടെ ആഖ്യാനത്തെ സാധൂകരിക്കാനായി ആധുനിക ഇസ്‌ലാം വിമര്‍ശകർ ഉദ്ധരിക്കുന്ന ചില മുസ്‌ലിം ഗ്രന്ഥങ്ങളുണ്ട്. സി. ഇ. ഒന്‍പത്, പത്ത് നൂറ്റാണ്ടുകളില്‍ ജീവിച്ച പ്രസിദ്ധനായ മുസ്‌ലിം പണ്ഡിതന്‍ ഇബ്‌നു ജരീറുത്ത്വബ്‌രിയുടെ ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥമാണ് അതില്‍ പ്രധാനപ്പെട്ടത്. സയ്‌ദ് (റ) സയ്‌നബിനെ (റ) വിവാഹമോചനം ചെയ്യാനുള്ള അനുമതിക്കായി സയ്‌ദ് (റ) വന്നപ്പോഴൊക്കെ അദ്ദേഹത്തെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ നബി (സ) ശ്രമിച്ചതിനെക്കുറിച്ച് പരാമര്‍ശിക്കവെ, ”അല്ലാഹു വെളിപ്പെടുത്താനിരിക്കുന്നതിനെ നീ നിന്റെ മനസ്സില്‍ ഒളിപ്പിച്ചുവെച്ചു” എന്ന ഒരു പ്രയോഗമുണ്ട്. ”നിന്റെ ഭാര്യയെ നിലനിര്‍ത്തുക, അല്ലാഹുവിനെ സൂക്ഷിക്കുക” എന്ന് നബി (സ) സയ്ദിനോട് (റ) പറയുമ്പോള്‍ അദ്ദേഹം മനസ്സില്‍ എന്തായിരിക്കും ഒളിപ്പിച്ചുവെച്ചിട്ടുണ്ടാവുക എന്ന കാര്യം ഇതിന്റെ അടിസ്ഥാനത്തില്‍ ക്വുർആന്‍ പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തതായി കാണാം. ഇബ്‌നു ജരീര്‍ ഇതിലിടപെട്ടുകൊണ്ട് അഭിപ്രായപ്പെടുന്നത്, സയ്‌ദ് സയ്‌നബിനെ വിവാഹമോചനം ചെയ്യുന്നതും അങ്ങനെ സയ്‌നബിനെ തനിക്ക് വിവാഹം കഴിക്കാന്‍ പരിസരമൊരുങ്ങുന്നതും ആയിരുന്നു നബി(സ)ക്ക് ഇഷ്ടം എന്നും എന്നാല്‍ അദ്ദേഹം അതിന് നേര്‍വിപരീതമായ കാര്യമാണ് ജനങ്ങളെ പേടിച്ചുകൊണ്ട് സയ്‌ദിനോട് (റ) പറഞ്ഞത് എന്നും ഇതിനെക്കുറിച്ചാണ് അല്ലാഹു ഇപ്രകാരം സംസാരിച്ചത് എന്നും ആണ്.(29) താബിഉകളുടെ കൂട്ടത്തിലെ പ്രസിദ്ധനായ ക്വുര്‍ആന്‍ വ്യാഖ്യാതാവ് ക്വതാദ(റ) ഇതേ അഭിപ്രായം പറഞ്ഞതായും ത്വബ്‌രി സൂചിപ്പിക്കുന്നു. ഈ വ്യാഖ്യാനത്തെക്കുറിച്ച് ഒരു അഭിപ്രായം എന്നേ പറയാന്‍ കഴിയൂ; ശരിയോ തെറ്റോ ആകാന്‍ സാധ്യതയുള്ള ഒരു അഭിപ്രായം. കാരണം ഖുര്‍ആനിലോ നബിവചനങ്ങളിലോ സ്വഹാബിമാരുടെ വാക്കുകളിലോ ഒന്നും ‘അല്ലാഹു വെളിപ്പെടുത്താനിരുന്നത് നബി (സ) ഒളിച്ചുവെക്കാന്‍ ശ്രമിച്ചു’ എന്ന വചനഭാഗത്തിന് ഇങ്ങനെയൊരു വിശദീകരണം ഇല്ല. സയ്‌ദ് (റ) – സയ്‌നബ് (റ) ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോകില്ലെന്ന് സയ്‌ദിന്റെ(റ) സംസാരങ്ങളില്‍ നിന്നും അല്ലാഹുവിന്റെ വഹ്‌യില്‍ നിന്നും നബി(സ)ക്കു മനസ്സിലായിരുന്നുവെന്ന് ഈ ലേഖനത്തില്‍ തന്നെ നേരത്തെ നല്‍കിയ വിശദാംശങ്ങളില്‍ നിന്ന് വേണമെങ്കില്‍ ഒരാള്‍ക്ക് ഊഹിക്കാവുന്നതാണ്. സയ്‌ദിനും സയ്‌നബിനും നല്ലത് വിവാഹമോചനം ആണെന്നും അതിനെത്തുടര്‍ന്ന് താന്‍ സയ്‌നബിനെ(റ) വിവാഹം ചെയ്യുന്നത് വഴി മാത്രം നിറവേറാന്‍ പോകുന്ന, അല്ലാഹു നിര്‍ദ്ദേശിച്ച സാമൂഹികമായ നന്മകള്‍ ഉണ്ടെന്നും അറിയുന്ന നബി (സ) പ്രസ്തുത വിവാഹമോചനവും വിവാഹവും നടക്കാന്‍ അകമേ ആഗ്രഹിക്കുകയും പുറമേക്കത് പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായി എന്ന് വരുന്നത് മൊത്തം സംഭവങ്ങള്‍ വെച്ചുനോക്കുമ്പോള്‍ ഘടനാപരമായി തീര്‍ത്തും അസംഭവ്യമൊന്നുമല്ല. അല്ലാഹുവിന്റെ ഇംഗിതം തന്നെയായിരിക്കുമല്ലോ നബി(സ) ആത്യന്തികമായി നടപ്പിലാക്കാന്‍ ആഗ്രഹിക്കുക; അത് തനിക്ക് വ്യക്തിപരമായി എത്ര പ്രയാസകരമായിരുന്നാലും. സയ്‌ദിനോട് സയ്‌നബിനെ (റ) വിവാഹമോചനം ചെയ്യാന്‍ നിര്‍ദ്ദേശിച്ചാല്‍ ആ വിവാഹമോചനത്തിനു പിന്നാലെ സയ്‌നബിനെ താന്‍ വിവാഹം ചെയ്യാനുള്ള അല്ലാഹുവിന്റെ കല്‍പന വരുമെന്ന് അറിയാമായിരുന്ന പ്രവാചകന്‍ (സ), തനിക്കു സയ്‌നബിനെ വിവാഹം ചെയ്യാന്‍ വേണ്ടിയാണ് താന്‍ സയ്‌ദിന്‌ വിവാഹമോചന ഉപദേശം കൊടുത്തത് എന്ന് ശത്രുക്കള്‍ പ്രചരിപ്പിക്കുമോ എന്ന് ഭയന്നുവെന്നും അതാണ് ”നിന്റെ ഭാര്യയെ നിലനിര്‍ത്തുക; അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക” എന്ന നബിനിര്‍ദേശത്തിന് വഴിവെച്ചതെന്നും ”നീ ജനങ്ങളെ ഭയപ്പെട്ടു; നിന്റെ ഭയം അർഹിച്ചിരുന്നതാകട്ടെ, അല്ലാഹു മാത്രവുമാണ്” എന്ന് ഖുർആന്‍ പറയുന്നത് ഇതിനെ സംബന്ധിച്ചാണെന്നും ത്വബ്‌രി അനുബന്ധമായി അഭിപ്രായപ്പെടുന്നുണ്ട്. നേരത്തെ ഈ പ്രബന്ധത്തില്‍ വിശദീകരിച്ച കാര്യങ്ങള്‍ക്കു പുറമെ ത്വബ്‌രി അനുമാനിക്കുന്ന ഈയൊരു ആലോചന കൂടി നബി (സ)യുടെ മനസ്സില്‍ അസ്വസ്ഥതയുണ്ടാക്കിയിരുന്നു എന്നും അതിനെക്കൂടിയാണ് അല്ലാഹു വിമര്‍ശിച്ചത് എന്നും വരുന്നത്, തീര്‍ച്ചയായും, അസാധ്യമൊന്നും അല്ല. എന്നാല്‍ കൃത്യമായ രേഖകളുടെ പിന്‍ബലമില്ലാത്തതുകൊണ്ട് ത്വബ്‌രിയുടെ ഈ രണ്ട് വീക്ഷണങ്ങളെയും അസന്നിഗ്ധമായ ചരിത്രമായി പരിഗണിക്കാനാവില്ല. എന്തുതന്നെ ആയിരുന്നാലും, ഇസ്‌ലാമോഫോബുകളുടെ ഇത്‌ സംബന്ധമായ വാദങ്ങളെയൊന്നും ഈ വ്യാഖ്യാനങ്ങൾ തെളിയിക്കുന്നില്ല.

പരാമൃഷ്ട ഖുര്‍ആന്‍ സൂക്തത്തിലെ പ്രയോഗങ്ങള്‍ക്ക് ഈ വ്യാഖ്യാനങ്ങള്‍ നൽകിയ ശേഷം, ത്വബ്‌രി വിഷയവുമായി ബന്ധപ്പെട്ട് നിരവധി നിവേദനങ്ങള്‍ എടുത്തുചേര്‍ത്തിട്ടുണ്ട്. അതില്‍ ഒരു നിവേദനം, നബി (സ) ഒരിക്കല്‍ സയ്‌ദിനെ (റ) തിരക്കി അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നപ്പോള്‍ അവിചാരിതമായി ഒരു കാറ്റടിച്ച് ജനല്‍വിരി നീങ്ങുകയും നബി (സ) സയ്‌നബിനെ (റ) കാണുകയും അവരുടെ സൗന്ദര്യം നബി(സ)യെ അത്ഭുതപ്പെടുത്തുകയും ചെയ്തുവെന്ന് പറയുന്നതാണ്. ഇതിനെയാണ് ഓറിയന്റലിസ്റ്റുകളും മിഷനറിമാരും തെളിവായുദ്ധരിക്കുന്നത്. എന്നാല്‍ ഈ നിവേദനത്തിന്റെ പരമ്പര തീര്‍ത്തും അസ്വീകാര്യമാണ്.(30) ഏകദേശം സമാനമായ വിവരണമുള്ള ഒരു നിവേദനം ത്വബ്‌രി തന്റെ താരീഖിലും എടുത്തുചേര്‍ത്തിട്ടുണ്ട്. നബി (സ) ഇടയ്ക്കിടെ സയ്‌ദിനെ അന്വേഷിക്കുമായിരുന്നുവെന്നും കുറേയധികം സമയം കാണാതായാല്‍ അദ്ദേഹത്തെ തിരക്കി ഇറങ്ങുമായിരുന്നെന്നും ഇങ്ങനെ ഒരു ദിവസം സയ്‌ദിനെ(റ) കാണാന്‍ വേണ്ടി അദ്ദേത്തിന്റെ വീട്ടില്‍ നബി (സ) പോയപ്പോള്‍ അവിടെ സയ്‌ദ് (റ) ഇല്ലാതിരുന്നതിനാല്‍ നബി(സ)യോട് വീട്ടിലേക്ക് കയറിയിരിക്കാന്‍ പറയാനായി സയ്‌നബ് (റ) പുറത്തേക്കു വന്നുവെന്നും അന്നേരം സയ്‌നബിന്റെ(റ) സൗന്ദര്യം നബി(സ)യെ ആശ്ചര്യപ്പെടുത്തിയെന്നും അദ്ദേഹം വീട്ടില്‍ കയറാതെ തിരിച്ചുപോയെന്നും ആണ് അതിലുള്ളത്.(31) ഇതിന്റെ നിവേദക പരമ്പര ദുര്‍ബലമാണെന്നു മാത്രമല്ല, വ്യാജ നിവേദനങ്ങളും പരമ്പരകളും സ്വന്തമായി മെനഞ്ഞുണ്ടാക്കുന്നതിന് കുപ്രസിദ്ധനായിരുന്ന ചരിത്രകാരൻ(32) വാക്വിദി ആണ് ത്വബ്‌രിക്ക്‌ ഈ കഥയുടെയും അതിന്റെ പരമ്പരയുടെയും സ്രോതസ്സ്. മറ്റൊരു മുസ്‌ലിം ചരിത്രകാരനായ ഇബ്‌നു സഅദും ഈ കഥ ഉദ്ധരിക്കുന്നുണ്ട്. വാക്വിദിയുടെ എഴുത്തുകാരനായിരുന്ന ഇബ്‌നു സഅദിനും, സ്വാഭാവികമായും, ഇതിന്റെ സ്രോതസ്സ് വാക്വിദിയല്ലാതെ മറ്റാരുമല്ല. വാക്വിദിയില്‍ നിന്നുള്ള ഈ നിവേദനം, പരമ്പരയിലെ വ്യക്തികള്‍ കാരണം ദുര്‍ബലം എന്നതുപോലെത്തന്നെ വാക്വിദിയാണ് ഉദ്ധരിച്ചത് എന്നതു കാരണം ‘മൗദൂഅ്’ (നിര്‍മിതം) കൂടിയാണെന്ന് ആധുനിക ഹദീഥ് നിദാനശാസ്ത്ര വിശാരദന്മാരില്‍ പ്രഗല്‍ഭനായ ശയ്‌ഖ്‌ നാസ്വിറുദ്ദീനുൽ അല്‍ബാനി (റ) സ്ഥാപിക്കുന്നുണ്ട്(33). ജോണിനെപ്പോലുള്ളവർ ചമച്ച പ്രണയസിദ്ധാന്തം കാഥികരിലൂടെ ഇസ്‌ലാമിക‌ സമൂഹത്തിന്റെ പാർശ്വങ്ങളിലെത്തിയതിന്റെയും അതിന്റെ വെളിച്ചത്തിൽ ചില സംഭവങ്ങൾ സങ്കൽപിക്കപ്പെട്ടതിന്റെയും ഒടുവിൽ അവക്ക്‌ നിവേദക പരമ്പരകൾ പടച്ചുണ്ടാക്കപ്പെട്ടതിന്റെയും പ്രത്യക്ഷങ്ങളാകാം ചരിത്രഗ്രന്ഥങ്ങളിലെയും തഫ്‌സീറുകളിലെയും ഇത്തരം ഖണ്ഡികകൾ. തനിക്കുചുറ്റും നബിജീവിതത്തെ സംബന്ധിച്ച് ഉപലബ്‌ധമായിരുന്ന നിവേദനങ്ങളെല്ലാം, അവ വ്യാജമാണോ ദുര്‍ബലമാണോ സത്യസന്ധമാണോ എന്ന പരിശോധന വായനക്കാര്‍ക്ക് വിട്ടുകൊണ്ട്, ശേഖരിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുക എന്ന ശൈലിയാണ് ത്വബ്‌രിയെപ്പോലുള്ളവര്‍ ഖുര്‍ആന്‍ വ്യാഖ്യാനത്തിലും ചരിത്രരചനയിലും സ്വീകരിച്ചിട്ടുള്ളതെന്ന് അറിവുള്ളവര്‍ക്ക്, നബി (സ) സയ്‌നബിന്റെ(റ) സൗന്ദര്യം കാണാനിടയായി ആശ്ചര്യപ്പെട്ടു എന്ന കല്‍പിത കഥ ഈ ഗ്രന്ഥത്തില്‍ കടന്നുവന്നതിനെ മനസ്സിലാക്കാന്‍ യാതൊരു പ്രയാസവുമുണ്ടാകില്ല. നിവേദനങ്ങളുടെ സമാഹാരം/ വിജ്ഞാനകോശം എന്ന വിഭാവനത്തോടെ തയ്യാറാക്കപ്പെട്ട ഗ്രന്ഥങ്ങളിലുള്ളതെല്ലാം ചരിത്രമല്ലെന്നും ചരിത്രത്തെക്കുറിച്ച് ഉന്നയിക്കപ്പെട്ടിട്ടുള്ള അവകാശവാദങ്ങളെല്ലാം അത്തരം സോഴ്‌സ് ബുക്കുകളില്‍ ഉണ്ടാകുമെന്നും ചരിത്രരചനാശാസ്ത്രം ഇത്രയും വികസിച്ചുകഴിഞ്ഞിട്ടുള്ള ആധുനിക കാലത്തും മനസ്സിലാക്കാന്‍ കഴിയാത്ത ഇസ്‌ലാം വിമര്‍ശകരുടെ ബൗദ്ധിക പരിമിതി സഹതാപം പോലും അര്‍ഹിക്കുന്നില്ല!

ചരിത്രനിവേദനങ്ങളിലെ നെല്ലും പതിരും വേര്‍തിരിക്കാനുള്ള നിദാനശാസ്ത്ര പരിശോധനകളില്‍ വ്യാജമെന്ന് തെളിയുന്ന വിവരണങ്ങളെ അവലംബിക്കുന്നു എന്നതു മാത്രമല്ല ഈ വിഷയത്തില്‍ ആധുനിക നബിവിമര്‍ശകര്‍ ചെയ്യുന്ന അപരാധം; മറിച്ച് കെട്ടിച്ചമക്കപ്പെട്ട ആ നിവേദനങ്ങളുടെ പോലും അര്‍ത്ഥം സ്വേച്ഛപ്രകാരം മാറ്റുന്നു എന്നതുകൂടിയാണ്. നബി (സ) സയ്‌ദിന്റെ (റ) വീട്ടില്‍ ചെന്നപ്പോള്‍ സയ്‌നബിനെ (റ) സാധാരണ ഒരു സ്ത്രീ ഉപയോഗിക്കുന്ന ഗൃഹവേഷത്തില്‍ കാണാനിടയായി എന്നു മാത്രമാണ് ഇതു സംബന്ധമായ നിവേദനങ്ങളിലുള്ളത്. മുഖവും മുന്‍കയ്യുമൊഴികെയുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായി മറക്കണമെന്ന ഇസ്‌ലാമിക ഹിജാബ് നിയമം അവതരിക്കപ്പെടുന്നതിന് മുമ്പായിരുന്നതുകൊണ്ടും ആനുഷംഗികമായി സംഭവിച്ചതായതുകൊണ്ടും സയ്‌നബിന്റെ(റ) തലയില്‍ തട്ടമുണ്ടായിരുന്നില്ല എന്നേ അവയിലെ ആഖ്യാനത്തില്‍ പറയുന്നുള്ളൂ. എന്നാല്‍ ഓറിയന്റലിസ്റ്റുകളുടെയും മിഷനറിമാരുടെയും വിവര്‍ത്തനങ്ങളില്‍, സയ്‌നബ് (റ) അർധനഗ്നയായിരുന്നു/വിവസ്ത്രയായിരുന്നു എന്ന് ധ്വനിപ്പിക്കുന്ന തരത്തിലുള്ള പ്രയോഗങ്ങളാണുള്ളത്! വ്യാജനിവേദനങ്ങളുടെ പോലും പിന്‍ബലമില്ലാത്ത പെരുംകള്ളമാണിത്. ഇസ്‌ലാമിക പാരമ്പര്യത്തില്‍ തലയിൽ തട്ടമില്ലാത്തത് പ്രത്യേകം പരാമര്‍ശവിധേയമാകുന്നത് അന്യപുരുഷന്മാരുടെ മുന്നിലെ സ്ത്രീവേഷത്തെക്കുറിച്ച അതിന്റെ ഉയർന്ന സങ്കല്പം കാരണമാണ്. മഫ്ത ധരിക്കുന്നത് അനാവശ്യമാണെന്നാണ് ഓറിയന്റലിസ്റ്റുകളുടെയും മിഷനറിമാരുടെയും യുക്തിവാദികളുടെയും സംഘ്പരിവാറുകാരുടെയുമൊക്കെ വീക്ഷണം. അതുപ്രകാരം നബി (സ) സയ്‌നബിനെ(റ) കണ്ടത് തികച്ചും സാധാരണമായ നിലയില്‍ മാത്രമാണ്. എന്നിട്ട് നബി (സ) സയ്‌നബിന്റെ നഗ്നത കണ്ടു എന്നൊക്കെ, മഫ്തയില്ലാതെ കണ്ടു എന്നതുപോലും വ്യാജ നിവേദനം ആയിരിക്കെ, എഴുതിപ്പിടിപ്പിക്കുന്നവരുടെ മനസ്സ് എന്തു മാത്രം കുടിലവും വൃത്തികെട്ടതുമല്ല! നമ്മുടെയൊക്കെ നാട്ടിൽ മാക്സിയോ മറ്റോ ധരിച്ച ഒരു സ്ത്രീ അതിഥികളെ സ്വീകരിക്കാൻ വീടിന്റെ മുന്നിലേക്ക്‌ വരുന്നത്‌ പോലുള്ള തീർത്തും സാധാരണമായ ഒരു സംഭവം മാത്രമാണ്‌ വാസ്തവത്തിൽ ഈ പാരമ്പര്യങ്ങളിൽ ഉള്ളത്‌.

ഓറിയന്റലിസ്റ്റുകളും മിഷനറിമാരും, അവരെത്തുടര്‍ന്ന് നവനാസ്തികരും, നബി (സ) – സയ്‌നബ് (റ) വിവാഹവുമായി ബന്ധപ്പെട്ട് അവതരിപ്പിക്കുന്ന കഥകള്‍ക്ക് ആധികാരികമായ ചരിത്രരേഖകളുടെയൊന്നും പിന്‍ബലമില്ലെന്നു നാം മനസ്സിലാക്കി. ഇനി, വിമര്‍ശകര്‍ അവലംബിക്കുന്ന ഈ കെട്ടിച്ചമക്കപ്പെട്ട രേഖകളെ കണ്ണുമടച്ച് സ്വീകരിക്കണമെന്ന് ഒരാള്‍ വാശി പിടിക്കുകയാണെന്ന് കരുതുക. എങ്കില്‍ തന്നെ എന്താണ് പ്രസ്തുത ‘രേഖകളില്‍’ ഉള്ളത്? അവ മുഹമ്മദ് നബി(സ)യുടെ വ്യക്തിത്വത്തെ എങ്ങനെ ബാധിക്കുമെന്നാണ് വിമര്‍ശകര്‍ കരുതുന്നത്? നബി (സ) സയ്‌നബിനെ(റ) അവരുടെ വീട്ടുവേഷത്തില്‍ കാണാനിടയായി എന്നതാണ് ഒന്ന്. ഇതില്‍ ആക്ഷേപാര്‍ഹമായി എന്താണുള്ളത്? മുഹമ്മദ് നബി (സ) സയ്‌നബിനെ(റ) അവ്വിധം കാണാന്‍ വേണ്ടി ശ്രമിച്ചു എന്നല്ല, മറിച്ച് തീര്‍ത്തും അപ്രതീക്ഷിതമായി അങ്ങനെ കാണാനിടയായി എന്നാണ് നിവേദനത്തിലുള്ളത്. ഏതൊരു പുരുഷനും ഉദ്ദേശ്യപൂര്‍വ്വമല്ലാതെ ഇങ്ങനെയുള്ള അനുഭവങ്ങള്‍ വരാം. അതില്‍ തെറ്റോ കുറ്റമോ ആയി യാതൊന്നുമില്ല; കാരണം അയാളുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല അത്. വളരെ യാദൃഛികമായി ഒരു അന്യസ്ത്രീ പൂര്‍ണ ഇസ്‌ലാമിക വേഷത്തിലല്ലാതെ ഒരു മുസ്‌ലിം പുരുഷന്റെ കാഴ്ചയില്‍ പെട്ടാല്‍ എന്തു ചെയ്യണം എന്ന് ഖുർആൻ പഠിപ്പിക്കുന്നുണ്ട്; ഉടന്‍ കണ്ണു താഴ്ത്തണം എന്നതാണത്.(34) ഹദീഥ് ഗ്രന്ഥങ്ങളില്‍, ‘അവിചാരിതമായ കാഴ്ച’ എന്ന പേരിലുള്ള അധ്യായങ്ങള്‍ തന്നെയുണ്ട്; കണ്ണുകള്‍ ഉടന്‍ അവിടെ നിന്ന് തിരിക്കുകയാണ് അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ചെയ്യേണ്ടതെന്ന് നബി (സ) പഠിപ്പിച്ചത് അത്തരം ഭാഗങ്ങളില്‍ കാണാം.(35) നോട്ടം ഉറപ്പിക്കുകയോ ആവര്‍ത്തിച്ചുനോക്കുകയോ സൗന്ദര്യം ആസ്വദിക്കുകയോ ചെയ്യുന്നതിന് പകരം ഉടനടി അവിടെ നിന്ന് മുഖം തിരിച്ച് ഉയര്‍ന്ന മാന്യത പുലര്‍ത്തണമെന്നാണ് ഇവ്വിഷയകമായ ഇസ്‌ലാമിക സദാചാരാനുശാസനം എന്ന് ചുരുക്കം. സയ്‌നബിനെ(റ) കണ്ടപ്പോള്‍ നബി (സ) ചെയ്തത് അക്ഷരാര്‍ത്ഥത്തില്‍ ഇതായിരുന്നുവെന്ന് തന്നെയാണ് വിമർശകർ ഉദ്ധരിക്കുന്ന ഈ നിവേദനങ്ങളിലെല്ലാം ഉള്ളത്. നബി (സ) രണ്ടാമതൊരു നോട്ടത്തിനു പോലും മുതിരാതെ, ഉടനടി അവിടെ നിന്ന് മുഖം തിരിക്കുകയും എന്തെങ്കിലും സംസാരത്തിലേര്‍പ്പെട്ട് അവിടെ തന്നെ സമയം ചെലവഴിക്കാതെ മടങ്ങിപ്പോകുകയും ചെയ്തതായിട്ടാണ് അവയിലൊക്കെ വിവരിക്കുന്നത്. നബി (സ) ഉജ്ജ്വലമായ ധര്‍മ്മബോധം പുലര്‍ത്തിയതായാണ്, ഈ നിവേദനങ്ങള്‍ ആധികാരികമാണെങ്കില്‍, സ്ഥാപിക്കപ്പെടുക എന്നര്‍ത്ഥം.

സയ്‌നബിന്റെ(റ) സൗന്ദര്യം നബി(സ)യെ വിസ്മയിപ്പിച്ചു എന്നാണ് ഈ നിവേദനങ്ങളിൽ പിന്നെയുള്ളത്. ഇത് ശരിയാണെന്ന് സങ്കൽപിക്കുക. അതില്‍ പാപമായി എന്താണുള്ളത്? ആകസ്മികമായി കാഴ്ചയില്‍ വരുന്ന ഒരു സ്ത്രീയുടെ സൗന്ദര്യം ഒരു പുരുഷനെ ആകർഷിക്കുന്നതിൽ അസാധാരണമായ യാതൊന്നും തന്നെ ഇല്ല. മനുഷ്യന്റെ ലൈംഗിക വ്യവസ്ഥയുടെ സഹജപ്രകൃതമാണത്. അത് പാപമാകുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. പാപമുണ്ടാകുന്നത് അങ്ങനെ ആകര്‍ഷണം തോന്നിയ ഒരു പെണ്ണിന്റെ ശരീരത്തില്‍ നിന്ന് കണ്ണെടുക്കാതിരിക്കുമ്പോഴോ അവരുമായി പ്രേമബന്ധവും സല്ലാപങ്ങളും സ്ഥാപിച്ച് ആസ്വാദനത്തിനുള്ള വഴി തുറക്കുകയോ ചെയ്യുമ്പോഴാണ്. സയ്‌നബിന്റെ(റ) തീക്ഷ്ണസൗന്ദര്യം നബി(സ)യിൽ ഒരു നിമിഷം ആഗ്രഹം ജനിപ്പിച്ചുവെന്ന ഈ നിവേദനങ്ങളുടെ വാദം ശരിയാണെന്നു വന്നാൽ തന്നെയും അതിൽ ധർമവിരുദ്ധമായ യാതൊന്നുമല്ല ഉള്ളത്, മറിച്ച് പച്ചയായ മനുഷ്യാവസ്ഥ മാത്രമാണ്. നമ്മുടെ നാട്ടിലൊക്കെ എല്ലാ സമുദായങ്ങളിലും വിവാഹത്തിന് പെണ്ണു കാണൽ ചടങ്ങുണ്ട്. വധുവിന്റെ സൗന്ദര്യം വരനെ ആകർഷിക്കുന്നുണ്ടോ എന്നറിയുകയാണ് ഇങ്ങനെയൊരു സംവിധാനത്തിന്റെ പ്രാഥമിക ദൗത്യം. കാണാൻ വന്ന പുരുഷന് പെണ്ണിനെ ഇഷ്ടമായാല്‍ അതൊരപരാധമാണോ? അല്ല. വിവാഹം നടക്കണമെങ്കില്‍ പിന്നെയും കുറേ കാര്യങ്ങള്‍ യോജിച്ചു വരേണ്ടതുണ്ടാകാം. പക്ഷേ ജീവശാസ്ത്രപരമായി അയാളുടെ കണ്ണുകള്‍ക്ക് അവളുടെ ശരീരം ഇമ്പം പകരുന്നുണ്ട്. ഇതില്‍ അധര്‍മമായി യാതൊന്നുമില്ല. എന്നാല്‍ ആ വിവാഹം മറ്റു കാരണങ്ങള്‍ കൊണ്ട് നടക്കാതെ പോകുമ്പോള്‍, കൂടിക്കാഴ്ചയില്‍ തോന്നിയ ജൈവികമായ ആകര്‍ഷണത്തെ വികസിപ്പിച്ച് അവളുമായി അവന്‍ പ്രേമം സ്ഥാപിച്ചാല്‍ അത് അധര്‍മമാണ്. സയ്‌നബിന്റെ(റ) സൗന്ദര്യം നബി(സ)ക്ക് ഒരു നിമിഷം ഉജ്ജ്വലമായി തോന്നി എന്നേ ഈ നിവേദനങ്ങളിലുള്ളൂ. നബി (സ) ഉടനടി അവിടെ നിന്ന് പിന്തിരിഞ്ഞു നടന്നുവെന്നല്ലാതെ സയ്‌നബിനെ(റ) പിന്നെ കാണാനോ സംസാരിക്കാനോ സല്ലാപങ്ങള്‍ക്കവസരമുണ്ടാക്കാനോ അദ്ദേഹം ശ്രമിച്ചിട്ടേയില്ലെന്ന് പ്രസ്തുത നിവേദനങ്ങളെ ആധികാരിമായി സ്വീകരിക്കുന്ന ആര്‍ക്കും സമ്മതിക്കേണ്ടി വരും. സയ്ദ് (റ) സയ്‌നബിനെ(റ) വിവാഹമോചനം ചെയ്യാനുള്ള സന്നദ്ധത അറിയിച്ച് വന്നപ്പോള്‍ പോലും നബി(സ) അദ്ദേഹത്തെ മടക്കി അയക്കുകയാണ് ചെയ്തതെന്ന് അസന്നിഗ്ധമായ ചരിത്രരേഖകളില്‍ നിന്ന് നാം മനസ്സിലാക്കിയതുമാണ്. വിവാഹിതയായ ഒരു പെണ്ണിനെ അവിചാരിതമായി കാണാനിട വരികയും അവരുടെ സൗന്ദര്യം ഭ്രമിപ്പിക്കുകയും ചെയ്താല്‍, ഉടനടി അവളില്‍നിന്ന് പിന്തിരിഞ്ഞു കളയണമെന്നാണ് നബി (സ) പ്രായോഗികമായി പഠിപ്പിച്ചത് എന്നത്രെ ഈ നിവേദനങ്ങള്‍, അവ സ്വീകാര്യമാണെങ്കില്‍, തെളിയിക്കുന്നത്. അതിന്റെ പേരില്‍ നബി(സ)യെ വളഞ്ഞിട്ടാക്രമിക്കുന്നവര്‍, ഇത്തരം സന്ദര്‍ഭങ്ങളില്‍ മാനവികമായ നിലപാട് പിന്നെയെന്താണെന്ന് വ്യക്തമാക്കാന്‍ സന്നദ്ധമാകുമോ?

ഭാര്യയല്ലാത്ത മറ്റൊരു സ്ത്രീയെയും ഒരു പുരുഷനും ഒരിക്കലും കാണാനിട വരില്ലെന്നോ അവിചാരിതമായി കണ്ണില്‍ പെടുന്ന ഒരൊറ്റ സ്ത്രീയുടെ സൗന്ദര്യവും പുരുഷനെ ആകര്‍ഷിക്കില്ലെന്നോ വിമര്‍ശകര്‍ക്ക് വാദമുണ്ടോ? ഇല്ലെങ്കില്‍ പിന്നെ, അത്തരം സന്ദര്‍ഭങ്ങളില്‍ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് ജീവിതഗന്ധിയും സമഗ്രവുമായ ദൈവിക മതം പ്രബോധനം ചെയ്യാന്‍ വന്ന പ്രചാചകന്‍ (സ) ജനങ്ങളെ പഠിപ്പിക്കേണ്ടതു തന്നെയല്ലേ? ഹദീഥ് ഗ്രന്ഥങ്ങള്‍ പരിശോധിക്കുക. ‘അവിചാരിതമായി അനാച്ഛാദനം ചെയ്യപ്പെട്ട ഒരു പെണ്ണിന്റെ സൗന്ദര്യം മനസ്സില്‍ കയറിയാല്‍ – ഒരു പെണ്ണിനെ കേവലമായി കാണാനിട വന്നാല്‍ എന്നല്ല, കാണാനിട വന്ന പെണ്ണിന്റെ ലാവണ്യം അത്ഭുതപ്പെടുത്തിയാല്‍ എന്നു തന്നെ- ഉള്ള പ്രവാചക മാതൃക’ എന്ന ആശയത്തിലുള്ള തലക്കെട്ടുകള്‍ തന്നെ അവയില്‍ കാണാം. നബി (സ) ഒരു സ്ത്രീയെ കാണാനിട വന്നപ്പോള്‍ ഉടനടി തന്റെ ഭാര്യ സയ്‌നബ് ബിന്‍ത് ജഹ്ശിനടുത്തേക്ക് പോവുകയും അവരുടെ കൂടെ ശയിക്കുകയും ചെയ്ത ഒരു സംഭവം ഇമാം തിര്‍മിദി ഈ തലവാചകമുള്ള അധ്യായത്തില്‍ ഉദ്ധരിക്കുന്നുണ്ട്. സ്വന്തം ഭാര്യയുമായി ശയിച്ച ശേഷം അനുചരന്‍മാര്‍ക്കടുത്തേക്ക് മടങ്ങിവന്ന നബി (സ) അവരോട് പറഞ്ഞത്, പുറത്തിറങ്ങുമ്പോഴോ മറ്റോ ഭാര്യയല്ലാത്ത അന്യസ്ത്രീകളെ കണ്ട് ഭ്രമം തോന്നിയാല്‍ അതിന്റെ പിറകെ പോകരുതെന്നും അങ്ങനെ പോകാന്‍ തോന്നുന്നത് പിശാചിന്റെ പ്രേരണ കൊണ്ടാണെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ ചെയ്യേണ്ടത് സ്വന്തം ഭാര്യയുടെ അടുത്തേക്ക് ധൃതിപ്പെട്ട് മടങ്ങി അവരില്‍ നിന്ന് വികാരശമനം നേടുകയാണെന്നും കാണാനിടയായ അന്യസ്ത്രീക്കുള്ള പോലൊരു ശരീരം തന്റെ ഭാര്യയ്ക്കുമുണ്ടെന്നിരിക്കെ ആ അന്യപെണ്ണിനു പിറകെ പോകേണ്ട യാതൊരു കാര്യവുമില്ലെന്ന് സ്വയം ഓര്‍മ്മിക്കണമെന്നും ആണ്.(36)

നോക്കൂ, മഹത്തായ മൂല്യബോധമുള്ള, എന്നാല്‍ തികഞ്ഞ സത്യസന്ധതയും പ്രായോഗികതയുമുള്ള സന്ദേശം. ശരിക്കു പറഞ്ഞാല്‍ ആ വാക്കുകളിലുള്ളത് ‘മനുഷ്യപ്പറ്റാണ്’: അന്യപെണ്ണിനെ കണ്ടാല്‍ ആണിന് ചിലപ്പോള്‍ ആഗ്രഹങ്ങള്‍ ജനിച്ചെന്നിരിക്കും; അതിനെ നിഷേധിച്ച് കണ്ണടച്ചിരുട്ടാക്കുന്നതില്‍ യാതൊരര്‍ത്ഥവുമില്ല. എന്നാല്‍ ആ തൃഷ്ണയുടെ മുകളില്‍ പരിശ്രമവും പ്രവര്‍ത്തനവും വരുന്നത് പൈശാചികമാണ്. ശരീരത്തിന്റെ കാമനകളെ പിശാച് ദുരുപയോഗപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അതിന് നിന്നുകൊടുക്കാതെ സ്വന്തം ഇണയിലേക്കു മടങ്ങണമെന്ന ഉജ്ജ്വലമായ സന്ദേശമാണ് നബി (സ) ഇവിടെ പകര്‍ന്നു നല്‍കുന്നത്, അതിന് സ്വന്തം ജീവിതത്തെ തന്നെ സാക്ഷിയാക്കുകയും ചെയ്തു. നബി(സ)ക്ക് വികാരമോ എന്ന് ചോദിക്കുന്നവരുണ്ടാകാം; അവര്‍ക്ക് നബി (സ) ദൈവമോ മലക്കോ അല്ല മറിച്ച് പച്ചയായ മനുഷ്യന്‍ ആണെന്ന് ശരിയാംവിധം മനസ്സിലായിട്ടില്ല. മനുഷ്യന്റെ ശരീരം, മനുഷ്യന്റെ മനസ്സ് – അതാണ് നബി(സ)ക്കുള്ളത്; മുഹമ്മദ് നബി(സ)ക്കു മാത്രമല്ല, എല്ലാ പ്രവാചകന്മാര്‍ക്കും അങ്ങനെത്തന്നെ. ശരീരം മാഞ്ഞുപോയ ആത്മീയ ജീവികളല്ല പ്രവാചകന്മാര്‍. വികാരരാഹിത്യമല്ല നബിമാരുടെ സവിശേഷത, പ്രത്യുത വികാരങ്ങളെ ധര്‍മതത്ത്വങ്ങള്‍ പ്രകാരം വഴി നടത്തുന്നതാണ്. പെണ്ണിന്റെ സൗന്ദര്യത്തില്‍ കൗതുകം തോന്നാതിരിക്കുക എന്നതല്ല, മറിച്ച് അങ്ങനെ തോന്നിയാല്‍ നിയമാനുസൃത ഇണയിലേക്ക് മടങ്ങി അതിനെ മനസ്സില്‍ നിന്ന് കുടഞ്ഞെറിയുമെന്നതാണ് അവരുടെ സവിശേഷത – ആ ‘മാനുഷിക’തയുള്ളതുകൊണ്ടാണ് അവര്‍ മനുഷ്യര്‍ക്കുള്ള മാതൃകയായി നിശ്ചയിക്കപ്പെട്ടത്. മനുഷ്യപ്രകൃതത്തിന്റെ ആന്ദോളനങ്ങളൊന്നുമില്ലാത്തവരായിരുന്നെങ്കില്‍ പ്രവാചകന്മാര്‍ പാപങ്ങള്‍ ചെയ്യാത്തതില്‍ പ്രത്യേകിച്ച് മഹത്വമൊന്നും ഉണ്ടാകുമായിരുന്നില്ല, അവരെ പിന്തുടരാന്‍ മനുഷ്യരോടാവശ്യപ്പെടുന്നതിലാട്ടെ നീതിയും പ്രായോഗികതയും അന്യം നില്‍ക്കുകയും ചെയ്യുമായിരുന്നു. ‘മനുഷ്യരേ, നിങ്ങളെപ്പോലെത്തന്നെ ലൈംഗികവികാരങ്ങള്‍ ഉടലെടുക്കുന്നവരാണ് പ്രവാചകന്മാര്‍, പക്ഷേ അവര്‍ അതിനെ വിഹിതമായ മാര്‍ഗങ്ങളില്‍ ഒതുക്കുന്നു, അതുകൊണ്ട് നിങ്ങളും അങ്ങനെ ചെയ്യുക, കാരണം ആ വിശുദ്ധി മനുഷ്യസാധ്യമാണെന്ന് പ്രവാചകന്മാരുടെ ജീവിതം തെളിയിക്കുന്നു’ – ഇതാണ് പ്രപഞ്ചനാഥന്‍ നമ്മളോട് പറയുന്നത്. നബി(സ) ഒരു പെണ്ണിനെക്കണ്ടപ്പോള്‍ സയ്‌നബിനടുക്കലേക്ക് പോയതും തന്റെ അനുഭവത്തെ യാതൊരു മറച്ചുവെക്കലുമില്ലാതെ വിശദീകരിച്ചതും പച്ചയായി ജനങ്ങളെ കാര്യങ്ങള്‍ പഠിപ്പിച്ചതും ‘പ്രവാചകന്‍’ എന്ന അവസ്ഥയുടെ – അതൊരു മനുഷ്യാവസ്ഥ തന്നെയാണ് – സൗന്ദര്യമാണ് അനാവരണം ചെയ്യുന്നത്. വിമര്‍ശകര്‍ ഉദ്ധരിക്കുന്ന നിവേദനങ്ങളിലും അവ – വ്യാജമാണെങ്കില്‍ കൂടി – ഇതേ പാഠം തന്നെയാണുള്ളത്. നബി (സ) ആ കാഴ്ചയെത്തുടര്‍ന്ന് സയ്‌നബുമായി പ്രേമബന്ധം സ്ഥാപിച്ചുന്നുവെന്ന് ഒരു നിവേദനത്തിലും ഇല്ല. ദുര്‍ബലമായ രേഖകളില്‍ പോലുമില്ലാത്ത പച്ച നുണയാണത്. ആ നുണയാണ് ഇവ്വിഷയകമായ വിമര്‍ശക സാഹിത്യങ്ങളിൽ നിറഞ്ഞാടുന്നത്. അവര്‍ തന്നെ ഹാജരാക്കുന്ന ‘തെളിവുകളില്‍’ നബി (സ) സയ്‌നബിനെ(റ) കണ്ടപ്പോള്‍ തിരിഞ്ഞുപോയതായിട്ടാണുള്ളത് എന്നവര്‍ക്കറിയാതെയല്ല, മറിച്ച്‌ നബി(സ)യെ തെറി പറയാന്‍ വേണ്ടി കടുത്ത തിമിരം അഭിനയിക്കുകയാണ്‌ നബിവിരോധം മൂർഛിച്ച്‌ നീതിബോധം ചോർന്നുപോയ ഇസ്‌ലാമോഫോബുകൾ.

തന്റെ വിശ്വസ്തനായ പടയാളികളിൽ ഒരാളായിരുന്ന ഊറിയായുടെ സുന്ദരിയായ ഭാര്യ ബത്ശേബ ഒരു ജലസ്രോതസ്സിൽ ചെന്ന് കുളിക്കുന്നതോ കൈകാലുകൾ കഴുകുന്നതോ കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ നിന്ന് കാണാനിടയായ ദാവീദ്‌ രാജാവ്,‌ ബത്‌ശേബയെ വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തിലേർപെടുകയും ബത്‌ശേബ ഗർഭിണിയായി എന്ന വിവരം കിട്ടിയപ്പോൾ ഗർഭം ഭർത്താവിന്റെ പേരിൽ തന്നെ വരാൻ വേണ്ടി ഊറിയായെ ഉടനടി ബത്‌ശേബയുടെ കിടപ്പറയിലേക്ക് അയക്കാനുള്ള പരിശ്രമങ്ങൾ നടത്തുകയും എന്നാൽ അത്‌ വിജയിക്കാതെ വന്നപ്പോൾ യുദ്ധക്കളത്തിൽ അപകടകരമായ സ്ഥാനത്ത്‌ കൊണ്ടുനിർത്തി അദ്ദേഹത്തിന്റെ മരണമുറപ്പാക്കുകയും ഊറിയാ മരിച്ച്‌ വിധവയായ ബത്‌ശേബയുടെ വിലാപകാലം കഴിഞ്ഞപ്പോൾ അവരെ വിവാഹം കഴിക്കുകയും ചെയ്ത ബൈബ്‌ൾ കഥയാണ്(37)‌ ഓറിയന്റെലിസ്റ്റുകൾക്കായാലും മിഷനറിമാർക്കായാലും യൂറോപ്യൻ നവനാസ്തികർക്കായാലും ഇസ്‌ലാമിക പാരമ്പര്യത്തിലെ നബി – സയ്നബ്‌ നിവേദനങ്ങളെക്കുറിച്ച്‌ ആലോചിക്കാനുള്ള പ്രരൂപം. ബൈബ്‌ളെഴുത്തുകാരുടെ കഥനവൈഭവത്തിൽ പിറന്ന വിവരണങ്ങളുടെ കണ്ണട വെച്ച്‌ ഇസ്‌ലാമിക ആഖ്യാനങ്ങളെ വായിക്കുമ്പോൾ സംഭവിക്കുന്ന വെള്ളെഴുത്താണ്‌ ഇവ്വിഷയകമായ വിമർശക ഭാവനകളുടെ ഒരു പൊതുഭാവം. ജോൺ ഓഫ്‌ ദമസ്കസ്‌ മുതൽ സമകാലിക നവനാസ്തികർ വരെയുള്ളവർ ബൈബ്‌ൾ അടച്ചുവെച്ച്‌ നബിചരിത്രത്തെ സ്വതന്ത്രമായി വായിക്കാൻ സന്നദ്ധമായാൽ അവർ സങ്കൽപിച്ചുകൂട്ടുന്നതൊന്നും ദുർബലമായ നിവേദനങ്ങളുപയോഗിച്ച്‌ പോലും നബി(സ)-സയ്നബ്‌ (റ) സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട്‌ സ്ഥാപിച്ചെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാകും. ഒന്നുകിൽ ഭൗതികവാദപരമായ സ്വതന്ത്ര ലൈംഗികത, അല്ലെങ്കിൽ മതത്തിന്റെ ബാനർ പിടിച്ചുള്ള ലൈംഗിക മിനിമലിസം – ഈ രണ്ട്‌ ആലോചനാ സാധ്യതകളാണ് നമ്മുടെ‌ ലോകത്ത്‌ പൊതുവിൽ മുന്നോട്ടുവെക്കപ്പെടുന്നത്‌. ഇസ്‌ലാം ആത്മീയതയുടെ പൗരോഹിത്യ രണ്ടുവരക്കോപ്പിയിൽ നിന്ന് പുറത്തുകടന്ന് ലൈംഗികതയുടെ തീർത്തും വ്യത്യസ്തമായ ഒരു വ്യാഖ്യാനത്തെ ഉള്ളടക്കുന്നത്, പ്രവാചക ജീവിതം അതിന്റെ ഏറ്റവും വലിയ പ്രകാശനമാകുന്നത്‌,‌ ഇസ്‌ലാം വിമർശകരെയെല്ലാം അങ്കലാപ്പിലാക്കുന്നുണ്ട്‌. നബി(സ) – സയ്നബ്‌ (റ) ബന്ധത്തെ ഉപജീവിച്ചുള്ള അവരുടെ കുരിശുയുദ്ധങ്ങളെല്ലാം തന്നെ ദമസ്കസിലെ ജോൺ തുടങ്ങിവെച്ച, മതപ്രബോധനത്തിന്റെ കുപ്പായമിട്ട സെക്സ്‌ ഭീതിയുടെ ഒളിച്ചുകടത്തലുകൾ മാത്രമാണ്‌. അതുകൊണ്ട്‌ സർവരാജ്യ വിമർശന തൊഴിലാളികളേ കണ്ണു തുറക്കുവിൻ, നിങ്ങൾക്ക്‌ നഷ്ടപ്പെടാനുള്ളത്‌ ‘പള്ളിയിലച്ചൻ മനശാസ്ത്രം’ മാത്രം; നേടാനുള്ളതാകട്ടെ, നിങ്ങളുടെ മോക്ഷമാർഗത്തെ മുൻവിധികളില്ലാതെ മനസ്സിലാക്കുവാനുള്ള മാനസികാരോഗ്യവും!

അവസാനിച്ചു

കുറിപ്പുകള്‍

29. ഇമാം അബൂ ജഅ്ഫര്‍ മുഹമ്മദ് ഇബ്‌നു ജരീര്‍ അത്ത്വബ്‌രി, ജാമിഉല്‍ ബയാനി അന്‍ തഅ്വീലി ആയിൽ ഖുര്‍ആന്‍, 33: അഹ്സാബ്: 37.
30. സലീമുൽ ഹിലാലി, മുഹമ്മദ് ബ്‌നു മൂസാ ആലു നസ്വ്ർ, അല്‍ ഇസ്തിആബു ഫീ ബയാനിന്‍ അസ്‌ബാബ് (ദമ്മാം: ദാറു ഇബ്‌നുനൽ ജൗസി, 1425 AH).
31. See Landau – Tasseron, op. cit, pp. 180-1.
32. വാക്വിദി നിവേദനങ്ങള്‍ വ്യാജമായി നിര്‍മിച്ചുണ്ടാക്കുന്നതിനെക്കുറിച്ച് മുസ്‌ലിം പരമ്പരാ പണ്ഡിതന്മാര്‍ മാത്രമല്ല സംസാരിച്ചിട്ടുള്ളത്. ഓറിയന്റലിസ്റ്റുകളില്‍ പ്രമുഖരായ M.A. Cook, Patricia Crone, G. R. Hacoting തുടങ്ങിയവരും ഇത് പല രീതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
33. മുഹമ്മദ് നാസ്വിറുദ്ദീന്‍ അല്‍ അല്‍ബാനി, സില്‍സിലതുല്‍ അഹാദീഥിദ്ദഈഫതി വല്‍ മൗദൂഅ വ അഥറുഹസ്സയിഇ ഫില്‍ ഉമ്മ (രിയാദ്: മക്ബതുല്‍ മആരിഫി ലിന്നശ്‌രി വത്തൗസീഅ്, 1425 AH), Vol. 14, PP. 799-800.
34. ക്വുര്‍ആന്‍ 24: നൂര്‍: 30.
35. മുസ്‌ലിം, സ്വഹീഹ്, (കിതാബുല്‍ ആദാബ്- ബാബു നള്വരില്‍ ഫജാഅ); അബൂദാവൂദ്, സുനന്‍ (കിതാബുന്നികാഹ്‌- ബാബു മാ യുഅ്മറു ബിഹി മിന്‍ ഗ്വദ്ദ്വിൽ ബസ്വർ) തുടങ്ങിയവ നോക്കുക.
36. തിര്‍മിദി, ജാമിഅ് (കിതാബുര്‍റദാഅ്)- ബാബു മാ ജാഅ ഫിര്‍റജുലി യറല്‍ മർഅത തുഅ്ജിബുഹു).
37. 2 സാമുവെൽ 11, 12.

print

2 Comments

  • …جزاك الله خيرا

    Fzl BN Fizl 27.12.2020
  • //അതുകൊണ്ട്‌ സർവരാജ്യ വിമർശന തൊഴിലാളികളേ കണ്ണു തുറക്കുവിൻ, നിങ്ങൾക്ക്‌ നഷ്ടപ്പെടാനുള്ളത്‌ ‘പള്ളിയിലച്ചൻ മനശാസ്ത്രം’ മാത്രം; നേടാനുള്ളതാകട്ടെ, നിങ്ങളുടെ മോക്ഷമാർഗത്തെ മുൻവിധികളില്ലാതെ മനസ്സിലാക്കുവാനുള്ള മാനസികാരോഗ്യവും!//
    ❤️❤️

    Anshif 27.12.2020

Leave a Reply to Fzl BN Fizl Cancel Comment

Your email address will not be published.