സമുദ്രാന്തര്‍ തിരമാലയും അന്ധകാരങ്ങളും -2

//സമുദ്രാന്തര്‍ തിരമാലയും അന്ധകാരങ്ങളും -2
//സമുദ്രാന്തര്‍ തിരമാലയും അന്ധകാരങ്ങളും -2
ആനുകാലികം

സമുദ്രാന്തര്‍ തിരമാലയും അന്ധകാരങ്ങളും -2

ظلمات ഇരുട്ടുകൾ

ഖുർആനിലെ മെറ്റാഫറുകളിൽ വളരെ പ്രധാനമായിട്ടുള്ളതാണ് ഇരുട്ടുകളും പ്രകാശവും. ഇവിടെ ശ്രദ്ധേയമായ സംഗതി, ഖുർആനിൽ ‘ഇരുട്ടുകൾ’ മാത്രമേ ഉള്ളൂ; ഇരുട്ടില്ല. പ്രകാശമേ കാണൂ; പ്രകാശങ്ങൾ ഇല്ല. ഇരുപത്തിമൂന്ന് തവണ ‘ഇരുട്ടുകൾ’ പരാമർശിക്കപ്പെട്ടപ്പോൾ, നാല്പത്തിമൂന്ന് തവണ ‘പ്രകാശം’ കടന്നുവരുന്നു. മറ്റെവിടെയും പരിചയപ്പെടുത്താത്ത വിധം ‘ഇരുട്ടുകൾ’ പ്രമേയമാക്കിയ (നാം വിശകലനം ചെയ്യുന്ന) സൂറത്തു നൂറിലെ നാല്പതാം സൂക്തം ‘ആയത്തുള്ളലാം’ = ഇരുട്ടുസൂക്തം എന്നറിയപ്പെടുന്നു; ഇതിനു മുന്നിൽ, മുപ്പത്തഞ്ചാം സൂക്തത്തിൽ, പ്രകാശം പ്രത്യേകം പ്രമേയമാക്കിയ ഒരു സൂക്തമുണ്ട്; ‘ആയത്തുന്നൂർ= പ്രകാശസൂക്തം’ എന്നാണതറിയപ്പെടുക.

വിശുദ്ധ ഖുർആനിൽ വന്നിട്ടുള്ള ഇരുട്ടുകളും, ആയത്തുള്ളലാമിലെ ഇരുട്ടുകളും തമ്മിലുള്ള അന്തരം പ്രകടമാണ്. മൂന്നു തരത്തിലാണ് ഇരുട്ടുകൾ ഖുർആനിൽ പരാമർശിക്കുന്നത്.

• ഒന്ന്: പ്രകൃതിയിലെ വെളിച്ചത്തിനു വിപരീതമായിട്ടുള്ള ഇരുട്ടെന്ന പ്രതിഭാസം എന്ന അർത്ഥത്തിൽ.
• രണ്ട്: മനുഷ്യരുടെ നിലപാടുകൾ പ്രകൃതിയിലെ പ്രതിഭാസവുമായി സാദൃശ്യപ്പെടുത്തിക്കൊണ്ട്.
• മൂന്ന്: അവിശ്വാസത്തിന്റെ/ വഴികേടിന്റെ പ്രതീകമായിക്കൊണ്ട് (മെറ്റഫറിക്കൽ)

ആദ്യഇനത്തിലുള്ള ചില പ്രയോഗങ്ങൾ പരിചയപ്പെടാം.

ٱلْحَمْدُ للَّهِ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلأَرْضَ وَجَعَلَ ٱلظُّلُمَٰتِ وَٱلنُّورَ ثْمَّ ٱلَّذِينَ كَفَرُواْ بِرَبِّهِمْ يَعْدِلُونَ

“ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും ഇരുട്ടുകളും വെളിച്ചവും സംവിധാനിക്കുകയും ചെയ്തവനായ അല്ലാഹുവിനാകുന്നു സർവ്വ സ്തുതികളും” (അൻആം /1).

ഈ സൂക്തത്തിലെ ഇരുട്ടുകളും വെളിച്ചവും അലങ്കാരികം അല്ല. അല്ലാഹുവിന്റെ പ്രകൃതിയിലെ അത്ഭുത പ്രവൃത്തികൾ പരിചയപ്പെടുത്തുകയാണ്. ആകാശങ്ങളും ഭൂമിയും ആലങ്കാരികമല്ലെങ്കിൽ ഇരുട്ടുകളും വെളിച്ചവും അപ്രകാരം തന്നെ ആയിരിക്കണം. സൂറ അൻആം 59 ൽ അല്ലാഹുവിന്റെ സർവ്വജ്ഞാനത്തെ വിവരിക്കുന്ന ഭാഗത്ത് ഇങ്ങനെ കാണാം:

وَعِندَهُ مَفَاتِحُ ٱلْغَيْبِ لاَ يَعْلَمُهَآ إِلاَّ هُوَ وَيَعْلَمُ مَا فِي ٱلْبَرِّ وَٱلْبَحْرِ وَمَا تَسْقُطُ مِن وَرَقَةٍ إِلاَّ يَعْلَمُهَا وَلاَ حَبَّةٍ فِي ظُلُمَٰتِ ٱلأَرْضِ وَلاَ رَطْبٍ وَلاَ يَابِسٍ إِلاَّ فِي كِتَٰبٍ مُّبِينٍ

“അവന്റെ പക്കലാണ് അദൃശ്യങ്ങളുടെ താക്കോലുകൾ; അവനല്ലാതെ അവയെക്കുറിച്ച് അറിയുന്നില്ല. കരയിലും കടലിലും ഉള്ളതെല്ലാം അവനറിയുന്നു. ഒരിലപോലും വീഴുന്നില്ല, അവനറിയാതെ. വ്യക്തമായ രേഖയിൽ രേഖപ്പെടുത്താത്തതായി ഭൂമിയിലെ ഇരുട്ടുകളിൽ യാതൊരു ധാന്യമണിയും ഇല്ല, പച്ചയോ ഉണങ്ങിയതോ ആയ യാതൊരു വസ്തുവും ഇല്ല.”

ഇവിടെയും ഇരുട്ടുകൾ ആലങ്കാരികമല്ലെന്നു വ്യക്തമാണ്. സൂറ അൻആം 64 ൽ അല്ലാഹുവിന്റെ അനുഗ്രഹത്തെ കുറിച്ചാണ് പറയുന്നത്:

قُلْ مَن يُنَجِّيكُمْ مِّن ظُلُمَاتِ ٱلْبَرِّ وَٱلْبَحْرِ تَدْعُونَهُ تَضَرُّعاً وَخُفْيَةً لَّئِنْ أَنجَانَا مِنْ هَـٰذِهِ لَنَكُونَنَّ مِنَ ٱلشَّاكِرِينَ

“നബിയേ/പ്രബോധകാ ചോദിക്കുക: കരയിലെയും കടലിലെയും ഇരുട്ടുകളിൽ നിന്നും നിങ്ങളെ രക്ഷിക്കുന്നവൻ ആരാണ്, ഈ വിപത്തുകളിൽ നിന്നും അവൻ ഞങ്ങളെ രക്ഷിക്കുകയാണെങ്കിൽ തീർച്ചയായും ഞങ്ങൾ കൃതജ്ഞരുടെ ഗണത്തിൽ ആയിക്കൊള്ളാമെന്ന് അവനോടു നിങ്ങൾ താഴ്മയോടെയും സ്വകാര്യമായും/ പതുക്കെയും പ്രാർത്ഥിക്കുന്ന സമയത്ത്?”

ഇവിടെയും കരകടലുകളിലെ ഇരുട്ടുകൾ മെറ്റാഫർ അല്ല. സൂറ അൻആം 97 ൽ വീണ്ടും വായിക്കുന്നത് അല്ലാഹു ചെയ്യുന്ന അനുഗ്രഹത്തെ കുറിച്ചാണ്:

وَهُوَ ٱلَّذِي جَعَلَ لَكُمُ ٱلنُّجُومَ لِتَهْتَدُواْ بِهَا فِي ظُلُمَٰتِ ٱلْبَرِّ وَٱلْبَحْرِ قَدْ فَصَّلْنَا ٱلآيَٰتِ لِقَوْمٍ يَعْلَمُونَ

“കരയിലെയും കടലിലെയും ഇരുട്ടുകളിൽ നിങ്ങൾക്ക് നേർവഴി കണ്ടെത്താൻ വേണ്ടി, നക്ഷത്രങ്ങളെ നിങ്ങൾക്കായി സംവിധാനിച്ചവനാണവൻ”. ഇതേ ആശയം സൂറ നംല് 63 ലും വായിക്കാം: “കരയിലെയും കടലിലെയും ഇരുട്ടുകളിൽ നിങ്ങളെ നേർവഴി കാണിക്കുന്നവർ ആരാണ്?”.

സൂറ അമ്പിയാ 87 ൽ, മത്സ്യത്തിന്റെ വയറ്റിൽ പെട്ടുപോയ യൂനുസ് നബിയുടെ കഥ ഓർമ്മപ്പെടുത്തമ്പോൾ,
“ഇരുട്ടുകൾക്കകത്ത് നിന്നും ‘നീയല്ലാതെ മറ്റൊരു ആരാധ്യനില്ല, നിന്നെ ഞാൻ പരിശുദ്ധനാക്കുന്നു; നിശ്ചയമായും ഞാൻ അനൗചിത്യം ചെയ്തവരിൽ പെട്ടുപോയി’ എന്ന് വിളിച്ചുപറഞ്ഞ” സന്ദർഭം എടുത്തുപറയുന്നു.

وَذَا ٱلنُّونِ إِذ ذَّهَبَ مُغَاضِباً فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَىٰ فِي ٱلظُّلُمَاتِ أَن لاَّ إِلَـٰهَ إِلاَّ أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ ٱلظَّالِمِينَ

ഇതിലെ ഇരുട്ടുകൾ ആലങ്കാരികമല്ല. ഇനിയും പ്രകൃതിയിലെ ഇരുട്ടുകൾ അക്ഷരാർത്ഥത്തിൽ വരുന്നത്, സൂറ സുമർ ആറാം സൂക്തത്തിലാണ്. ഇവിടെ ഇരുട്ടുകൾ എന്ന ബഹുവചനത്തോടൊപ്പം മൂന്ന് എന്ന് നിജപ്പെടുത്തിയത് കാണാം. ആലങ്കാരികമായോ അക്ഷരർത്ഥത്തിലോ ഇരുട്ടുകൾ വരുന്ന മറ്റെവിടെയും ഇങ്ങനെ എണ്ണവും ക്ലിപ്തപ്പെടുത്തിയിട്ടില്ല.

സൂക്തമിതാണ്:

خَلَقَكُمْ مِّن نَّفْسٍ وَاحِدَةٍ ثُمَّ جَعَلَ مِنْهَا زَوْجَهَا وَأَنزَلَ لَكُمْ مِّنَ ٱلأَنْعَامِ ثَمَانِيَةَ أَزْوَاجٍ يَخْلُقُكُمْ فِي بُطُونِ أُمَّهَاتِكُـمْ خَلْقاً مِّن بَعْدِ خَلْقٍ فِي ظُلُمَاتٍ ثَلاَثٍ ذَٰلِكُمُ ٱللَّهُ رَبُّكُمْ لَهُ ٱلْمُلْكُ لا إِلَـٰهَ إِلاَّ هُوَ فَأَنَّىٰ تُصْرَفُونَ

“നിങ്ങളുടെ അമ്മമാരുടെ വയറുകളിൽ നിങ്ങളെ അവൻ സൃഷ്ടിക്കുന്നു; ഒരു പടപ്പിന് ശേഷം മറ്റൊരു പടപ്പായി; മൂന്നു ഇരുട്ടുകൾക്കുള്ളിൽ”.

മുകളിൽ പരിചയപ്പെട്ട സൂക്തങ്ങളിലെ പ്രയോഗങ്ങൾ ശ്രദ്ധിക്കുക. ആകാശഭൂമികളിലെ ‘ഇരുട്ടുകൾ’, ധാന്യമണി നിലകൊള്ളുന്ന ഭൂമിയിലെ ‘ഇരുട്ടുകൾ’, കരയിലെയും കടലിലെയും ‘ഇരുട്ടുകൾ’, യൂനുസ് നബി അകപ്പെട്ട ‘ഇരുട്ടുകൾ’, ഗർഭാവസ്ഥയിലെ ‘ഇരുട്ടുകൾ’. ഇവിടെയെല്ലാം ബഹുവചനമായിട്ടാണ് ഇരുട്ടെന്ന പ്രതിഭാസത്തെ പരാമർശിക്കുന്നത്.

വെളിച്ചത്തിന്റെ സ്രോതസ്സായി സൂര്യനെയാണ് ഖുർആൻ പരിചയപ്പെടുത്തുന്നത്. അതായത്, സൂര്യന്റെ വെളിച്ചം ലഭിക്കുന്ന ആകാശലോകങ്ങളും കരയും കടലുമാണ് ഖുർആന്റെ പ്രതിപാദ്യം. എന്നിരിക്കേ, ഇരുട്ടുകൾ എന്ന പദപ്രയോഗം എന്തിനാണ്? തീർച്ചയായും ഇതിൽ സൂചനകൾ, പാഠങ്ങൾ ഉണ്ടാകണം. വെളിച്ചത്തിന്റെ ഏകഭാവത്തിൽ നിന്നും ഭിന്നമായ, ഇരുട്ടിന്റെ വൈവിധ്യങ്ങളെക്കുറിച്ച് മനസ്സിലാക്കണം. ഗർഭാവസ്ഥയിൽ കഴിയുന്ന സമയത്തെ മൂന്നിരുട്ടുകൾ എന്താണെന്ന് പ്രവാചകൻ (സ്വ) വിവരിച്ചതായി ഉദ്ദരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ആദ്യകാല മുഫസ്സിറുകൾക്ക് ഇതുസംബന്ധമായ കൃത്യമായ ധാരണയുമില്ല. ഇബ്നു അബ്ബാസ് / ശിഷ്യൻ ഇക്‌രിമ/ശിഷ്യൻ ഖതാദ തുടങ്ങിയവരിൽ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുള്ള വ്യാഖ്യാനം “വയർ, പിന്നെ ഗർഭാശയം, പിന്നെ മറുപിള്ള എന്നിവയാകുന്നു മൂന്നിരുട്ടുകൾ” (ത്വബ്‌രി) എന്നത്രെ. വിശുദ്ധ വേദത്തിലെ ശാസ്ത്രപ്പൊരുളുകൾ പുറത്തുകൊണ്ടുവരുന്ന വ്യാഖ്യാനരീതിയിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ള ഹിജ്റ ആറാം നൂറ്റാണ്ടിലെ ഇമാം റാസി ഈ അഭിപ്രായത്തെ അത്രയ്ക്ക് ഉൾക്കൊണ്ടിട്ടില്ല. “ഇങ്ങനെ പറയപ്പെട്ടിരിക്കുന്നു” എന്ന പരാമർശമാണ് ഇതേക്കുറിച്ച് ഇമാം റാസി രേഖപ്പെടുത്തിയിരിക്കുന്നത്. ഏതായാലും, ഇവിടെ ‘മൂന്നിരുട്ടുകൾ’ മൂന്നും വ്യത്യസ്തമാണ്; മൂന്നു മറകൾ കാരണമായി ഉണ്ടാകുന്നതാണ്. അതിനാൽ ഇരുട്ടുകൾ എന്ന പ്രയോഗം സാർത്ഥകമാണ്.

യൂനുസ് നബി അകപ്പെട്ട ഇരുട്ടുകൾ ഏതായിരിക്കും? നബി(സ്വ)യിൽ നിന്നും ഒരു വ്യാഖ്യാനം ഇതേക്കുറിച്ച് വന്നിട്ടില്ല. അതിനാൽ, വ്യാഖ്യാതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ട്. ത്വബ്‌രി രേഖപ്പെടുത്തുന്നു:

.اختلف أهل التأويـل فـي الـمعنـيّ بهذه الظلـمات، فقال بعضهم: عُنـي بها ظلـمة اللـيـل، وظلـمة البحر، وظلـمة بطن الـحوت

“ഈ ഇരുട്ടുകളുടെ താല്പര്യം എന്താണെന്ന കാര്യത്തിൽ വ്യാഖ്യാതാക്കൾ ഭിന്നിച്ചിരിക്കുന്നു. ചിലർ പറഞ്ഞു: രാത്രിയുടെ ഇരുട്ട്, കടലിലെ ഇരുട്ട്, മത്സ്യത്തിന്റെ വയറ്റിലെ ഇരുട്ട് എന്നിവയാകുന്നു മൂന്നിരുട്ടുകൾ”.
ഇബ്നു അബ്ബാസിൽ നിന്നും ഈ വ്യാഖ്യാനം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവിടെയും ഇരുട്ടിന്റെ മൂന്നു പ്രതലങ്ങൾ മനസ്സിലാക്കപ്പെടാമെന്നതിനാൽ ‘ഇരുട്ടുകൾ’ എന്ന പ്രയോഗം സാർത്ഥകമാണ്. ഒരുവേള മത്സ്യത്തിന്റെ വയറ്റിൽ അകപ്പെടുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് ഇതിൽ കൂടുതൽ ഇരുട്ടുകൾ ഉണ്ടാകുമെന്ന അറിവ് വികസിച്ചാലും ‘ഇരുട്ടുകൾ’ എന്ന പ്രയോഗം ശരിയായി നിലനിൽക്കും. മൽസ്യത്തിനകത്തു ആമാശയം മറ്റൊരു കവറിങ് ആയി എടുക്കാം. മത്സ്യത്തിന്റെ വയറിനകത്ത് കൂടുതൽ ലയറുകൾ ഉണ്ടെന്നു വരാം. വിഴുങ്ങിയ മൽസ്യം എത്ര ആഴത്തിൽ പോകുന്നുവോ, അതിനനുസരിച്ച് കടലിലെ ഇരുട്ടുകൾ വർദ്ധിക്കാം. ഇക്കാര്യങ്ങളെല്ലാം ഖുർആനിലെ ഇരുട്ടുകൾ എന്ന പ്രയോഗത്തിന്റെ പരിധിയിൽ വരുന്നു. ഇത്തരം സാധ്യതകളെല്ലാം മുഫസ്സിറുകൾ സൂചിപ്പിച്ചു പോയിട്ടുണ്ട്.

ഹബ്ബത്ത് (ധാന്യമണി) കിടക്കുന്ന ഭൂമിയിലെ ‘ഇരുട്ടുകൾ’ وَلاَ حَبَّةٍ فِى ظُلُمَـٰتِ ٱلأَرْضِ ഏതാണ് ? മുഫസ്സിറുകൾക്ക് കൃത്യമായ ഉത്തരമില്ല. കാരണം, നബിയുടെ വ്യാഖ്യാനം കണ്ടുകിട്ടിയിട്ടില്ല. കടലിലെയും കരയിലെയും ഇരുട്ടുകളുടെ കാര്യവും ഇതുതന്നെ. ആകാശഭൂമികളിൽ സംവിധാനിച്ച ഇരുട്ടുകളും ഇപ്രകാരം കൃത്യമായി വ്യാഖ്യാനിക്കപ്പെട്ടിട്ടില്ല. ഭൂമിയിലെയും ആകാശത്തിലെയും ഇരുട്ടുകളിൽ വൈവിധ്യം ഉണ്ടോ, കരയിലും കടലിലും ഇങ്ങനെ വൈവിധ്യം കാണുമോ, അവയെ തട്ടുകൾ ആക്കാമോ തുടങ്ങിയ ചോദ്യങ്ങൾ മുന്നിൽവെച്ച് അന്വേഷണവും പഠനവും പുരോഗമിക്കേണ്ട കാര്യങ്ങളാണിത്. മനുഷ്യർ പഠന ഗവേഷങ്ങളിലൂടെ കണ്ടെത്താൻ വിട്ടുതന്ന പരാമർശങ്ങളാണിതെല്ലാം.

പൂർണ്ണമായും ആലങ്കാരികമായി പ്രയോഗിച്ച ‘ഇരുട്ടുകൾ’ ഖുർആനിൽ ഉണ്ടെന്നു പറഞ്ഞല്ലോ. ഒമ്പതിടങ്ങളിൽ ഇത്തരം പ്രയോഗങ്ങൾ വന്നിട്ടുണ്ട്. “ഇരുട്ടുകളിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കുക” എന്ന ആശയമാണ് അവയിൽ ഏഴിടത്തും പറയുന്നത്. ഇങ്ങനെ ഇരുട്ടുകളിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്ന പ്രവർത്തനത്തിന്റെ ഉടമാവകാശം അല്ലാഹുവാണെന്നു വെളിപ്പെടുത്തുന്ന പരാമർശം അൽബഖറ 257, ഇബ്റാഹീം 1, അഹ്സാബ് 43, ഹദീദ് 9 എന്നിടങ്ങളിൽ കാണുന്നു.

മാഇദ 16, ത്വലാഖ് 11 എന്നീ സൂക്തങ്ങളിൽ ഈ ദൗത്യം നിർവ്വഹിക്കുവാൻ മുഹമ്മദ് നബിയെ നിയോഗിച്ചതായും, ഇബ്റാഹീം അഞ്ചിൽ മൂസാ നബിയെ നേരത്തെ ഇതിന്നായി നിയോഗിച്ചിരുന്നതായും വായിക്കാം.

അൻആം 39 ൽ “നമ്മുടെ ദൃഷ്ടാന്തങ്ങൾ വ്യാജമാണെന്ന് വാദിക്കുന്നവർ ബധിരരാണ്; ഊമകളാണ്; ഇരുട്ടുകളിലാണ്” എന്ന് പ്രസ്താവിക്കുന്നു. ജനങ്ങളെ വെളിച്ചത്തിൽ നിന്നും ഇരുട്ടുകളിലേക്ക് നയിക്കുന്ന ത്വാഗൂത്തിനെ കുറിച്ച് അൽബഖറ 257 ൽ പ്രസ്താവിക്കുന്നു. അവിശ്വാസത്തിലേക്കും അധർമ്മത്തിലേക്കും പ്രേരിപ്പിക്കുന്ന എല്ലാ വ്യക്തികളും സ്ഥാപനവും വ്യവസ്ഥിതിയും താഗൂത്തിന്റെ പരിധിയിൽ വരുന്നു.
മുകളിൽ സൂചിപ്പിച്ച സൂക്തങ്ങളിലെല്ലാം വെളിച്ചം പ്രപഞ്ചനാഥന്റെ വഴിയായ ഇസ്‌ലാമും ഇരുട്ടുകൾ ഇസ്‌ലാം അന്യവും വിരുദ്ധവുമായ വിശ്വാസാചാരങ്ങളുമാകുന്നു. അത്തരം ദർശനങ്ങളും മതങ്ങളും പ്രസ്ഥാനങ്ങളും അനേകം ഉള്ളതിനാൽ, ഇസ്‌ലാമിനെ ഏക പ്രകാശമായും ഇസ്‌ലാമേതരങ്ങളെ പലജാതി ‘ഇരുട്ടുകൾ’ ആയും സദൃശാലങ്കാരം ചെയ്യുന്നതിൽ ഒട്ടും അസാംഗത്യമില്ല. ഈ സൂക്തങ്ങളിലെ ഇരുട്ടുകളും വെളിച്ചവും ശുദ്ധ ആലങ്കാരിക പ്രയോഗം മാത്രമാണെന്നാണ് നാം പറഞ്ഞുവരുന്നത്. അപ്പോഴും പ്രപഞ്ചത്തിൽ ‘ഇരുട്ടുകൾ’ പലതുണ്ടെന്നും വെളിച്ചം ഒന്നേയുള്ളൂവെന്നും തന്നെയാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുക.
പ്രകൃതിയിലെ ഇരുട്ടുകളും വെളിച്ചവും ഉപമയാക്കി കപട വിശ്വാസികളെ വിവരിക്കുന്ന ചിത്രീകരണങ്ങൾ അൽബഖറ 17 മുതൽ 20 വരെ സൂക്തങ്ങളിൽ വായിക്കാം.

ഇരുട്ടത്ത് കഴിയുന്ന ആളുകൾക്ക് വേണ്ടി ഒരാൾ അഗ്നിയൊരുക്കി. അവർക്ക് വെളിച്ചമാകട്ടെ എന്നുകരുതി. ചുറ്റും വെളിച്ചം പരന്നപ്പോൾ, തങ്ങൾക്ക് വെളിച്ചം വേണ്ടെന്നു പറഞ്ഞു അവർ പുറംതിരിഞ്ഞു നിന്നു. അവർക്ക് വെളിച്ചം നഷ്ടപ്പെട്ടു. അവർ ഇരുട്ടുകളിൽ കണ്ണുകാണാതെ വീണ്ടും മുന്നോട്ടുപോയി. ഇതാണ് ഒരു ചിത്രീകരണം.

മറ്റൊന്നിങ്ങനെ:

ഇരുട്ടുകൾ നിറഞ്ഞ അന്തരീക്ഷം. ഇടിയും മിന്നലും ഘോരഘോരം. തുടർന്ന് പേമാരി പെയ്യുന്നു. ഇടിനാദങ്ങൾ കാരണം മരണഭയത്തിൽ അവർ ചെവിയിൽ വിരൽ തിരുകിക്കയറ്റുന്നു. അവരുടെ കാഴ്ച പറിച്ചെടുക്കുന്ന വിധത്തിലുള്ള മിന്നൽപിണറുകൾ. മിന്നൽവെട്ടത്തിൽ നടന്നു പോകാൻ ഭാവിക്കുമ്പോഴേക്കും വെളിച്ചം പോയി ഇരുട്ടാകും, അപ്പോൾ അവർ വഴിമുട്ടി നിൽക്കും. ഇടിയും മിന്നലും രൂക്ഷമാക്കിക്കൊണ്ട് അവരുടെ കാതുകളും കണ്ണുകളും നിർവീര്യമാക്കാൻ അല്ലാഹുവിന്നു സാധിക്കാഞ്ഞിട്ടല്ല.

ഈ ഉപമകളിൽ ഇരുട്ടുകളും വെളിച്ചവും അഗ്നിയും പേമാരിയും ഇടിയും മിന്നലുമെല്ലാം പ്രകൃതിയിലെ സാധാരണ സംഭവങ്ങൾ ആണെങ്കിലും ആലങ്കാരികമായാണ് ഉപയോഗിച്ചിരിക്കുന്നത്. ധിക്കാരത്തോടെ സൗഭാഗ്യം നഷ്ട്ടപ്പെടുത്തിയവരാണ് ഒന്നാം ഉപമയിലെ ഉപമേയം. അവർക്ക് വേണ്ടി കത്തിച്ചുവെച്ച വിളക്കിലെ വെളിച്ചത്തിനുമുന്നിൽ അവർ സ്വയം മറയുണ്ടാക്കി ഇരുട്ടുകളിൽ രമിച്ചു. രണ്ടാമത്തെ ഉപമ ഉപമേയമായ കപടന്മാരെ മറ്റൊരു ദിശയിൽ പരിചയപ്പെടുത്തുകയാണ്. അപ്പോഴും അവർ ഇരുട്ടുകളിൽ കഴിയുന്നവർ തന്നെ. എന്താണീ ഉപമകളിലെ ഇരുട്ടുകൾ? ഓരോന്നും എന്തിനെ പ്രതിനിധീകരിക്കുന്നു എന്ന ബയാൻ നബിയിൽ നിന്നും വന്നെത്തിയിട്ടില്ല. പ്രസ്തുത വചനങ്ങൾ വ്യാഖ്യാനിച്ചവർക്ക് ഉപമാനവും ധർമ്മവും (വജ്ഹ്) കൃത്യമായ ഒരു പോയിന്റിൽ ഏകോപിക്കാൻ കഴിഞ്ഞിട്ടില്ല. കൃത്യമായ വിശദീകരണം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. അവർ നൽകിയ വിശദീകരണങ്ങളിൽ നിന്നെല്ലാം കപടന്മാർ സ്വയം നഷ്ടം വരുത്തിയവരാണെന്നും അവരെക്കുറിച്ച് ഖുർആനിൽ വരുന്ന താക്കീതുകൾ അവരുടെ കണ്ണും കാതും നഷ്ടപ്പെടുത്തുമാറ് ഭീഷണമാണെന്നും ആകെത്തുക മനസിലാക്കാമെന്നു മാത്രം.

(തുടരും)

print

1 Comment

  • جزاكم الله خيرا كثيرا في اعمالك العلمية
    …. آمين

    SALIH K Muttil wayanad 27.01.2021

Leave a comment

Your email address will not be published.